എസ്. ഗുപ്തന് നായര്‍, കാക്കനാടന്, തോപ്പില്‍ ഭാസി എന്നിവര്‍ ഈ രണ്ടാം ഭാഗ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.
എസ്. ഗുപ്തന് നായര്‍
ജീവിതത്തില്‍ ശ്ലീലമേത്, അശ്ലീലമേത് എന്നതിനെപ്പറ്റി വലിയ സംശയമുണ്ടാവാന്‍ നഴിയില്ല. പക്ഷെ സാഹിത്യത്തിലേക്ക് കടക്കുമ്പോള്‍ അവസ്ഥ മാറി. ഇവിടെ അശ്ലീലമെന്നതിനു കേവലവും നിരുപാധികവുമായ ഒരു നിര്‍വചനം അസാധ്യമെന്ന മട്ടാണ്. കാലം ദേശം മുതലായ ഉപാധികളനുസരിച്ച് മാനദണ്ഡം മാറിക്കൊണ്ടിരിക്കും. പത്തൊന്‍പതാം നൂറ്റാണ്ടില്‍ അശ്ലീലമായിരുന്നത് ഇന്ന് സഭ്യമായി എന്നു വരാം. അതുപോലെ മറിച്ചും.
......വിലക്കുകള്‍ കുറഞ്ഞ (പെര്‍മിസ്സീവ്)പാശ്ചാത്യസമൂഹത്തില്‍ അനുവദനീയമായതൊക്കെ ഭാരതീയരുടെ നിബദ്ധ (closed)സമൂഹത്തില്‍ അനുവദനീയമല്ലെന്നുള്ളതും നാം കണക്കിലെടുക്കണം. ...നമ്മുടെ സിനിമാചിത്രങ്ങള്‍-വിശേഷിച്ചും ഹിന്ദി സിനിമാ ചിത്രങ്ങള്‍ കണ്ടാല്‍ സിനിമാലോകമെങ്കിലും ‘പെര്‍മിസ്സീവ്‘ ആയി മാറിക്കഴിഞ്ഞുവെന്നാണ്‍തോന്നുക. എന്നിട്ടൂം പാശ്ചാത്യരെപ്പോലെ കാമിനീ കാമുകന്മാര് പൊതുനിരത്തില്‍ വച്ച് കെട്ടിപ്പിടിയ്ക്കാന്‍ ഇവിടെയാരും മുതിരുകയില്ല എന്നു തോന്നുന്നു.
....സാഹിത്യത്തില്‍ തിരുക്കിക്കയറ്റുന്ന തെറികൊണ്ട് ഒരു സാമൂഹ്യപരിഷ്കാരവും ഇവിടെ സംഭവിക്കുന്നില്ല. ബഷീറിന്റെ ‘ശബ്ദങ്ങള്‍’ ഇവിടെ എന്ത് ബോധവല്‍ക്കരണമാനിവിടെ ഉണ്ടാക്കിയത്? ശബ്ദങ്ങളെഴുതിയ ബഷീറല്ല ‘ന്റുപ്പാപ്പ’യും പൂവന്‍പഴവും എഴുതിയ ബഷീറാന്ണ് ജീവിക്കാന്‍ പോകുന്നത്. ധര്‍മ്മപുരാണമെഴുതിയ ഒ. വി. വിജയനല്ല, ഖസാക്കും ഗുരുസാഗരവും വിജയനാണ് ഭാവിയില്‍ ഓര്‍ക്കപ്പെടുക.
സമൂഹത്തെ ഞെട്ടിയ്ക്കുന്നത് തീര്‍ച്ചയായും തെറ്റല്ല. പക്ഷെ ആ ഞെട്ടിക്കല്‍ കലാപരമായി നിര്‍വഹിക്കുമ്പോള്‍ മാത്രമേ അത് സാഹിത്യത്തിന്റെ ഗണനാകോടിയിലെത്തുകയുള്ളു. അല്ലാതെയുള്ള തെറിയെഴുത്തുകളെല്ലാം സാഹിത്യത്തിന്റെ മേല്‍ വിലാസത്തില്‍ പ്രചരിക്കാനാഗ്രഹിക്കുന്ന ചില കള്ളനാണയങ്ങ്ള്‍ മാത്രമാണ്. നമ്മുടെ വായനക്കാരേയും പ്രേക്ഷകരേയും കുളിപ്പുരയിലെ ചുവരെഴുത്തുകള്‍ വായിച്ച് രസിക്കുന്നവരുടെ നിലവാരത്തിലേക്കു വലിച്ച് താഴ്ത്തുന്നത് സാമൂഹ്യസേവനുവുമല്ല സാഹിത്യ സേവനുമല്ല.
----------------------------------------------
കാക്കനാടന്
അസ്ഥാനത്താവുന്നത് അശ്ലീലം
ശ്ലീലാശ്ലീലങ്ങളെ നിര്‍വചിക്കുമ്പോള്‍ നാം പലപ്പോഴും അബദ്ധധാരണകളില്‍ ചെന്നു ചാടാറുണ്ട്. സെക്സ് പ്രതിപാദിക്കുന്ന സാഹിത്യവും കലയും അശ്ലീലമാണെന്നു തോന്നുന്നതാണ് നമ്മുടെ ഏറ്റവും വലിയ തെറ്റിദ്ധാരണ. അല്ലെങ്കില്‍ ചില പ്രത്യേകം പദങ്ങളുടെ പ്രയോഗം അശ്ലീലമായി നാം കണക്കാക്കുന്നു. ചില മലയാള പദങ്ങള്‍ക്കു പകരം സംസ്കൃതമോ ഇംഗ്ലീഷോ പദങ്ങള്‍ ഉപയോഗിച്ചാല്‍ അശ്ലീലം ശ്ലീലമായി മാറുന്നു എന്നു നാം ധരിച്ചുവച്ചിരിക്കുന്നു.......
....നമ്മുടെ പ്രാചീനമായ ഭക്തിസങ്കല്‍പ്പങ്ങ്നളിലും ദൈവസങ്കല്പ്പങ്ങളിലും സെക്സിനു പ്രമുഖമായ സ്ഥാനമുണ്ട്. ഭാര്യയോ കാമുകിയോ ആയ സ്ത്രീയുമായുള്ള ഒരു പുരുഷന്റെ ബന്ധം മാത്രമല്ല അവന് അവന്റെ ആരാധനാമൂര്‍ത്തിയായ ദേവിയോടുള്ള ബന്ധം പോലും പലപ്പോഴും സെക്സില്‍ അധിഷ്ഠിതമാണ്....സെക്സിനെ അത്തരം ഉദാത്തതയിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അത് ഒരിക്കലും അശ്ലീലമാവുന്നില്ല.
സ്ഥാനം
‘സ്ഥാനം തെറ്റിയിരിക്കുന്നതെന്തോ അത് മാലിന്യം’ (Anything out of place is dirt) എന്നൊരു ചൊല്ലുണ്ടല്ലൊ......ഖജുരാഹോയിലെ ശില്പ്പങ്ങള് രതിവൈകൃതങ്ങള്‍ വരെ പ്രകടമാക്കുന്നു. പക്ഷേ ഒരു കലാശില്‍പ്പമെന്ന രീതിയില്‍ അവയെ സമീപിക്കുമ്പോള്‍ രതിവൈകൃതങ്ങളേക്കാള്‍ ഒരു ആസ്വാദകനോട് പ്രതികരിക്കുന്നത് അവയില്‍ പ്രകടമാകുന്ന ശില്‍പ്പചാതുരിയാണ്. നവോത്ഥാനകാല (Renaissance)ത്തെ പാശ്ചാത്യ ചിത്രകലയിലെ നഗ്നചിത്രങ്ങ്നളും ഈ വസ്തുത വിളിച്ചോതുന്നു......സെക്സ് കൈകാര്യം ചെയ്യേണ്ടത് ഇതിവൃത്തത്തിന് അത്യന്താപേക്ഷിതമാണെങ്കില്‍ മറ്റൊരു സത്യത്തിലേക്കുള്ള അന്വേഷണപ്രയാണത്തിന്‍ അത്യാവശ്യമാണെങ്കില്‍ സെക്സ് പ്രതിപാദിക്കുന്നത് ഒരിക്കലും തെറ്റല്ല. മാലിന്യമല്ല, അശ്ലീലമല്ല.
.........
ഹെന്രി മില്ലറുടെ “റ്റ്രോപിക് ഓഫ് ക്യാന്‍സര്‍” എന്ന കൃതിയില്‍ വഴിവക്കില്‍ നടക്കുന്ന ഒട്ടേറേ രതിക്രീഡകളുടേയും രതിവൈകൃതങ്ങളുടേയും ചിത്രങ്ങളുണ്ട്. അവ വര്‍ണ്ണിച്ചിരിക്കുന്ന രീതി ചിലപ്പോള്‍ അറപ്പുളവാക്കുകപോലും ചെയ്യുന്നു. എന്നാല്‍ അത്തരം വര്‍ണ്ണനകള്‍ക്കു ശേഷം പിന്നീടു വരുന്ന ഒട്ടേറെ താളുകളില്‍ മില്ലര്‍ ചര്‍ച്ച ചെയ്യുന്നത് ആധുനിക മനുഷ്യന്റെ ദാര്‍ശ്നിക പ്രശ്നങ്ങളാണ്. ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ ജീവിത വീക്ഷണത്തില്‍ അധിഷ്ഠിതമായ ചിന്താപദ്ധതികളാണ്. അതുകൊണ്ടാവണം ലോറന്‍സ് ഡുറല്(അല്ക്സാന്ഡ്രിയ ക്വാര്‍ട്ടറ്റിന്റെ കര്‍ത്താവ്) മില്ലറെ “ജനനേന്ദ്രിയമുള്ള ഒരു ഗാന്ധി”(A Gandhi with a penis) എന്നു വിശേഷിപ്പിച്ചത്.
.......ഒരു മൃതദേഹത്തിനുമുന്നില്‍ ഭയന്നു വിറച്ചുനിന്ന് മുഷ്ടിമൈഥുനം നടത്തുന്ന ഒരു ചെറുപ്പക്കാരന്റെ മാനസികവിഭ്രാന്തി ഴാങ് ഷെനെ (Jean Genet)വരച്ചുവയ്ക്കുമ്പോള് വായനക്കാരന് മുഷ്റ്ടിമൈഥുനം നടത്താനല്ല കഥാപാത്രത്തിന്റെ മാനസികവൈകല്യവും ഭീതിയും പങ്കുവൈയ്ക്കനാണ് തോന്നുക.......
..അതൊന്നും അശ്ലീലമായി സാമാന്യബോധമുള്ള ഒരാള്‍ കണക്കാക്കുകയില്ല. കാരണം അവര്‍ പുട്ടിനു തേങ്ങാ ഇടുകയല്ല ചെയ്യുന്നത്. മറിച്ച് ജീവിതത്തിന്റെ ഒരവിഭാജ്യഘടകമായി സെക്സ് അവതരിപ്പിക്കുകയാണ്. നമ്മുടെ അങ്ങാടി സാഹിത്യത്തിലും അങ്ങാടി സിനിമയിലും-ഇവ കുടുംബസാഹിത്യമെന്നും കുടുംബസിനിമയെന്നുമുള്ള ഓമനപ്പേരുകളില്‍ അറിയപ്പെടുന്നു-ലൈംഗികത അതിന്റെ ഏറ്റവും വൃത്തികെട്ട രൂപത്തില്‍-പകുതി മൂടിയിട്ടാണെങ്കിലും പ്രത്യക്ഷപ്പെടുന്നു. അതാണ് അശ്ലീലം. അതാണ് അസ്വീകാര്യം. അതാണ് അനഭികാമ്യം.
......വാക്കുകളുടെ കാര്യത്തിലും ഇതുണ്ട്. ഈ വിവേചനം മലയാളത്തില്‍ തെറി എന്നു തോന്നുന്ന പലവാക്കുകളും സംസ്കൃതത്തിലോ ഇംഗ്ലീഷിലോ പറഞ്ഞാല്‍ തെറി അല്ലാതാവുന്നു. അല്ലെങ്കില്‍ ചുറ്റിവളച്ച് പറയേണ്ടിവരും. .....’ഒന്നു തൂറണം’ അല്ലെങ്കില്‍ ‘പെടുക്കണം’ എന്ന് നമ്മള് നാലാള് ഒന്നിച്ചിരിക്കുമ്പോള്‍ പറയാറില്ല. അതുവൃത്തികേടാണ്. ഒന്നു മലവിസര്‍ജ്ജനം നടത്തിയിട്ടു വരാം അല്ലെങ്കില്‍ മൂത്രമൊഴിച്ചിട്ടു വരാം എന്നോ മാത്രമേ പറയാറുള്ളു....ഇതിനേക്കാള്‍ ഗൌരവമേറിയ കട്ടിയായ ഒട്ടേറെ ഒട്ടനവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണീക്കാനുണ്ട്..
ലൈംഗിക ബന്ധം -രതിവൈകൃതങ്ങളുള്‍പ്പെടെ- അശ്ലീലമാവുന്നില്ല. സന്ദര്‍ഭമനുസരിച്ചാണ് അത് ശ്ലീലമോ അശ്ലീലമോ ആവുന്നത്. അസ്ഥാനത്താവുന്നതെന്തോ അഴുക്ക് എന്ന വാക്യം ഒന്നുകൂടി ഉദ്ധരിക്കട്ടെ.
അതു തന്നെയാണ് അശ്ലീലവും.
------------------------------------------------------------
തോപ്പില്‍ ഭാസി
‘അശീല’ മാണ് അശ്ലീലം.അശീലമെന്നാല്‍ ‘ദുശീല‘ മെന്നും ‘മര്യാദ കെട്ടത്’ എന്നുമാണ് ഡിക്ഷണറി അര്‍ത്ഥം. നമുക്ക് ശീലമില്ലാത്തതിനേയും അശീലത്തില്‍ പെടുത്താം. ഇന്നാ വാക്കിനെ ലൈംഗിക കാര്യങ്ങളില്‍ ഒതുക്കിയിരിക്കുന്നു.
രാഷ്ട്രീയത്തിലുണ്ട് അശ്ലീലം (മര്യാദകേട്). ലൈംഗികകാര്യങ്ങളെപ്പറ്റി പ്രതിപാദിക്കാത്ത കലയിലും സാഹിത്യത്തിലും അശ്ലീലമുണ്ട്. കലയുടേയും സാഹിത്യത്തിന്റേയും മൌലിക ധര്‍മ്മങ്ങളെ വ്യഭിചരിക്കുമ്പോഴാണ്‍ അശ്ലീലമാകുന്നത്. ദൈവചിന്തയിലുമുണ്ട് അശ്ലീലം (അതിന്റെ ഉദാഹരണമെഴുതിയാല്‍ ഭക്തന്മാര് എന്നെ തല്ലും).
നഗ്നതയോ സംഭോഗമോ അശ്ലീലമാണെന്ന് ഞാന്‍ കരുതുന്നില്ല. ...ആദാമിന്റേയും ഹവ്വയുടേയും ഒരു ചിത്രം വരച്ചാല്‍ ആദിമമനുഷ്യരുടെ ചിത്രം വരച്ചാല്‍ അത് അശ്ലീലമാവുകയില്ല. സംഭോഗം ഏറ്റവും വലിയ സൃഷ്ടികര്‍മ്മമാണ്.....അതശ്ലീലമാണെങ്കില്‍ അശ്ലീലത്തിന്റെ ഉല്‍പ്പന്നമല്ലേ നമ്മള്.
മനുഷ്യര്‍ സമൂഹജീവിയായി വളര്‍ന്നപ്പോള്‍ സമൂഹത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും വേണ്ടി ചില ആചാര്യമര്യാദകള്‍ ഉണ്ടാക്കി. അതു വിശ്വാസപ്രമാനങ്ങളായി.ലൈംഗികബന്ധങ്ങള്‍ തന്നെ ഉദാഹരനം....ലൈംഗികബന്ധത്തെപ്പറ്റിയുള്ള നമ്മുടെ വ്യത്യസ്തമായ വിശ്വാസപ്രമാണങ്ങള്‍ നോക്കുക. ഹിന്ദുക്കള്‍ക്ക് അമ്മയുടെ സഹോദരന്റെ മകളോ മകനോ അച്ഛന്റെ സഹോദരിയുടെ മകളോ മകനൊ മുറപ്പെണ്ണും മുറച്ചെറുക്കനുമാണ് ക്രിസ്ത്യാനികള്‍ക്ക് അമ്മയുടെ സഹോദരന്റെ മകളും മകനും അച്ഛന്റെ സഹോദരിയുടെമകനും മകളും സഹോദരരാണ്. തമിഴരില്‍ ഒരുകൂട്ടരുടെ മുറപ്പെണ്ണും മുറച്ചെറുക്കനും സഹോദരിയുടെ മക്കളാണ്..........ആചാരം അനുഷ്ഠിയ്ക്കുന്നവരുടെ വികാരം ഉള്‍ക്കൊണ്ട് നാമതിനെ മനസ്സിലാക്കുവാന്‍ ശ്രമിച്ചാല്‍ നമുക്കശ്ലീലമായി തോന്നുന്നത് ശ്ലീലമായി തോന്നും.
.....തകഴിയുടെ കയര്‍ നോവലിലേയും അതിന്റെ റ്റെലിവിഷന് സീരിയല്‍ ആവിഷ്കരണത്തിലേയും ‘അശ്ലീല’മെന്നു പറയപ്പെടുന്ന ഭാഗാങ്ങളെപ്പറ്റി പരിശോധിക്കുക.ആ കാലഘട്ടത്തിന്റെ ചരിത്രപശ്ചാത്തലം അറിയാവുന്നവര്‍ക്കാര്‍ക്കും അതില്‍ അശ്ലീലം തോന്നുകയില്ല. ലൈംഗികവേഴ്ച്ചകള്‍ക്ക് അന്ന് ഇന്നുള്ള ഭദ്രത ഇല്ലായിരുന്നു. ഏകപത്നീവ്രതവും ഏകഭര്‍തൃവ്രതത്തിന്റെ പാതിവ്രത്യവും അന്നില്ലായിരുന്നു.
എന്റെ ചെറുപ്പത്തില്‍ചില തറവാടുകളിലെ വലിയമ്മമാര് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.- “എന്നെ സംബന്ധം ചെയ്തത് ഇലഞ്ഞിക്കലെ നീലകണ്ഠപ്പിള്ളയാണ്. അങ്ങേര്‍ക്ക് പിറന്നതാണ് കൊച്ചുരാമന്.പ്ലാവിലയില കാരണവരാണ് എന്റെ മോന് നാണുവിന്റെ അച്ഛന്. മോള് പാറുവിന്റെതന്ത ചെങ്ങരത്തേ നടുവന്’ എന്നിങ്ങനെ. ഒരു പുളിപ്പുമില്ല അവര്‍ക്കിതു പറയുന്നതിനു. അതറിയുന്ന്നതില്‍ അവരുടെ ഭര്‍ത്താവിനും കേസില്ല. അദ്ദേഹത്തിനു വേറെ പലേടത്തും മക്കള്‍ കാണുമല്ലൊ.
...തകഴി കേട്ടറിഞ്നതും നേരില്‍ അറിഞ്ഞതുമായ സത്യങ്ങളാണ് കലാപരമായി ആവിഷ്കരിച്ചത്.
ലൈംഗിക കാര്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്നതും നഗ്നതയെ ചിത്രീകരിക്കുന്നതു കൊണ്ടും ഒരു സാഹിത്യകൃതിയോ കലാസൃഷ്ടിയോ അശ്ലീലമാവില്ല. സംസ്കൃതത്തില്‍ നൂറുനൂറ് ഉദാഹരണങ്ങളുണ്ട്. ശകുന്തളയുട്റ്റെ ശരീരം ദഹിപ്പിക്കുന്ന കാമവികാരത്തെ- ദുഷന്തനുമായി ഇണചേരാാനുള്ള തീവ്രമോഹത്തെ- കാളിദാസന് വര്‍ണിക്കുന്നുണ്ട്....ശ്രീപാര്‍വതിയുടെ സ്തനങ്ങളെപ്പറ്റി കാളിദാസനു വലിയ മതിപ്പായിരുന്നു വെന്നു തോന്നുന്നു. മറ്റൊരിടത്ത് “മൃണാളസൂത്രാന്തരമപ്യലഭ്യം” എന്നു പറഞ്ഞിട്ടുണ്ട്. (മുലകളുടെ മധ്യത്തു കൂടി ഒരു താമരനൂലുപോലും കടക്കുകയില്ലെന്നു സാരം). പച്ചത്തെറി പോലും കാളിദാസന് എഴുതിയിട്ടുണ്ടത്രേ.
“അഹോ ഭാഗ്യവതീ നാരീ
ഏകഹസ്തേന ഗോപ്യതേ”
...ശ്ലൊകത്തിന്റെ ഉത്തരാര്‍ത്ഥം അച്ചടീക്കാന്‍ കൊള്ളരുതാത്തതായതുകൊണ്ട് എഴുതുന്നില്ല.
....
സാഹചര്യം
ജീവിതസാഹചര്യമനുസരിച്ച് അശ്ലീലം ശ്ലീലമായി മാറും. എറ്റ്വും ഒടുവിലത്തെ ഒരുദാഹരണമെഴുതട്ടെ. ‘സൌമ്യനും ദുശ്ശീല’ങ്ങളൊന്നുമില്ലാത്തവനുമായ പ്രധാനമന്ത്രി നരസിംഹ റാവു ഗര്‍ഭനിരോധനസാമഗ്രികളും ഗര്‍ഭം തടയാനുള്ള മരുന്നുകളും റേഷന്‍ കട വഴി വിതരണം ചെയ്യനമെന്നു പറഞ്ഞിരിക്കുന്നു. സാധാരണ രക്ഷാകര്ത്താക്കള് കുട്ടികളെയാണ് റേഷന്‍ കടകളില്‍ അയയ്ക്കാറ്. അപ്പോള്‍ ഇനിമുതല്‍ മാതാപിതാക്കള്‍ക്ക് മക്കളോടു പറയേണ്ടിവരും ‘നീ പോയി റേഷനരിയും പഞ്ചസാരയും പാമോയിലും ഒരു ഡസന്‍ നിരോധും വാങ്ങിച്ചുകൊണ്ടു വരൂ, കേടില്ലാത്തതു വാങ്ങിക്കണേ’ എന്ന്.പ്രായമായ മക്കള്‍ വയസ്സായ മാതാപിതാക്കളോടും ഇങ്ങനെ പറഞ്ഞ്കൂടെന്നില്ല.
കൊച്ചുകുട്ടികളെയാണ് റേഷന്‍ കടയില്‍ അയയ്ക്കുന്നതെങ്കില്‍ അമ്മ ഇങ്ങനെകൂടി പറയും-“മോനേ നിരോധ് വഴിയിലെങ്ങും കളയല്ലേ. ഈയാഴ്ച നിരൊധ് റേഷന്‍ കുറവാണ്“.
അശ്ലീലം ശ്ലീലമാകുന്നു.
Thursday, June 21, 2007
Saturday, June 9, 2007
കാളന് രണ്ടുതരം
കാളന്-തിരുവിതാംകൂര്‍ രീതി.
ഒരു ഏത്തയ്ക്ക തൊലി ചീകി ഒരിഞു നീളത്തില്‍ അരിഞ്ഞു ഒരു സ്പൂണ്‍ മഞ്ഞളും പാകത്തിന് ഉപ്പും മൂന്നു പച്ചമുളകു കീറിയതുമിട്ട് വേവിക്കുക.വേറൊരു പാത്രത്തില്‍ കടുകു വറക്കുക (എണ്ണ,കടുക്, ജീരകം കരിവേപ്പില). തീ കുറച്ചിട്ട്ട് രണ്ടു സ്പൂണ്‍ ഉലുവ ഇട്ട് മൂപ്പിയ്ക്കുക. ഉലുവ പെട്ടെന്ന് കരിഞ്ഞുപോകാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. വേവിച്ച ഏത്തയ്ക്കായും രണ്ടു കപ് തേങ്ങാ ചിരകിയത് നാലു വത്തല്‍ മുളക് കൂട്ടി വെള്ളം തീര്‍ത്തും കുറച്ച് അരച്ചതും കടുക് വറത്തതില്‍ ചേര്‍ത്ത് ഇളക്കി അഞ്ച് മിനിട് വേവിക്കുക. മൂന്ന് കപ് കട്ടിത്തൈര്് ചേര്‍ത്ത് ഇളക്കുക. ചൂടായിക്കഴിഞ്ഞാല്‍ തീ അണയ്ക്കാം. തൈരൊഴിച്ചാല്‍ ഇളക്കിക്കൊണ്ടിരിക്കണം, അല്ലെങ്കില്‍ പിരിഞ്ഞു പോകും.
കാളന്- തൃശൂരിനും വടക്കോട്ട്.
ഒരു ഏത്തയ്ക്കാ തൊലി കളഞ്ഞ് വളരെ ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് ഒരു സ്പൂണ്‍ മഞ്ഞളും രണ്ട് സ്പൂണ്‍ കുരുമുളക് പൊടിയും ചേര്‍ത്ത് വേവിക്കുക.കഷണങ്ങള്‍ വെന്താല്‍ ഉടച്ച് കുഴമ്പു പരുവത്തിലാക്കുക. മൂന്നു കപ് തയിര് ചേര്ത്ത്ത് ഇ
ളക്കി നന്നായി കുറുക്കിയ ശേഷം രണ്ട് കപ് തേങ്ങാ ചിരകിയത് അര സ്പൂണ്‍ ജീരകത്തോടെ കഴിയുന്നതും വെള്ളം കുറച്ച് അരച്ചത് ചേര്‍ത്ത് രണ്ട് മിനിറ്റ് തിളപ്പിക്കുക. ഉലുവ മൂപ്പിച്ച് പൊടിച്ചത് രണ്ട് സ്പൂണ്‍ ചേര്‍ക്കുക. പാകത്തിനു ഉപ്പു ചേര്‍ത്ത് വാങ്ങുക. കടുക് വറക്കുക, കരിവേപ്പില സഹിതം.
ഇതില്‍ രണ്ടാമത്തേത് ആയിരിക്കണം പഴയ രീതി. കാരണം വത്തല്‍ മുളക് ആന്ധ്രായില്‍ നിന്നും വന്നതാണ്. മലയാളി പാചകത്തില്‍ പണ്ട് വത്തല്‍ മുളക് ഉപയോഗിക്കാറില്ല.

Thursday, June 7, 2007
ശ്ലീലമെന്ത് അശ്ലീലമെന്ത്?
ശ്ലീല/അശ്ളീലത്തെക്കുറിച്ച് ആധികാരികമായി പറയാന്‍ കഴിയുന്നവര്‍ അണിനിരന്നുകൊണ്ടുള്ള ഒരു ചര്‍ച്ചയില്‍ നിന്നും കുറെ ഭാഗങ്ങള്‍. 1992 ല്‍ ഭാഷാപോഷിണിയില്‍ വന്നത്. പമ്മന്റെ ചരമത്തോടനുബന്ധിച്ച് ബ്ലോഗില്‍ നടന്ന ചര്‍ച്ചയ്ക്ക് ഒരു അനുബന്ധം.
തകഴി-
അശ്ലീലം വ്യക്തിനിഷ്ഠമാണ്.
അശ്ലീലം! ആലോചിക്കുന്തോറും അശ്ലീലാവബോധം വ്യക്തിനിഷ്ഠമാണെന്നു തോന്നിപ്പോകുന്നു.ഒരാള്‍ക്ക് അശ്ലീലമെന്നു തോന്നുന്നത് മറ്റൊരാള്‍ക്ക് അങ്ങിനെ ആയിരിക്കണമെന്നില്ല. മറിച്ച് ആനന്ദദായകമായിരിക്കും...എന്താണ് അശ്ലീലം എന്ന് ഇതേവരെ നിര്‍വചിക്കപ്പെട്ടിട്ടില്ല.കലയിലെ അശ്ലീല സങ്കല്പം വിചിത്രമായി തോന്നുന്നു.ഓരൊ കലാരൂപത്തേയും കുറിച്ച് ആലോചിക്കുമ്പോള്‍ അശ്ലീലസങ്കല്പം മാറി മാറി വരുന്നതായി കാണാം.
കരിങ്കല്ലില്‍ കൊത്തിയുണ്ടാക്കിയൊരു ശില്പം ഞാനോര്‍ക്കുന്നു. തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലാണെന്നു തോന്നുന്നു, സ്വവര്‍ഗരതിയുടെപൈശാചികമാായ ഒരു സങ്കല്പമാണ് ആ ശില്പത്തില്‍ക്കണ്ടത്. ഒരു മനുഷ്യമൃഗം നിസ്സഹായനായ ബാലനെ സ്വവര്‍ഗരതിയ്ക്കു കീഴടക്കുന്നതാണ് ശില്പം. കാണുമ്പോള്‍ ശില്പത്തിന്റെ വിഷയം പ്രാധാന്യമില്ലാത്തതാകുന്നു.
ഒരു മനുഷ്യനു എത്രത്തോളം ഭീകരമൃഗം ആകാനൊക്കും എന്നതു മാത്രമേ നമ്മുടെ അനുഭവത്തില്‍ വരൂ. അതുപോലെ നിസ്സഹായതയുടെ, ദൈന്യതയുടെ പാരമ്യവും കാണാം. സ്വവര്‍ഗരതി എന്ന ആഭാസമായചിത്രം നാം കാണുന്നതേ ഇല്ല.ഈ ശില്പത്തെ അശ്ലീലം എന്നു പറയാനൊക്കുമോ?
......അനുഗ്രഹീതരായ കലാകാരന്മാര് രചിച്ച നഗ്നചിത്രങ്ങളുണ്ട്.ലോകമെമ്പാടും ഇവ ഉണ്ട്.നഗ്നതയോടുള്ള വെറുപ്പ് ആ ചിത്രങ്ങള്‍ കാണുന്മ്പോള്‍ നമുക്ക് ഉണ്ടായി എന്നുവരാം.ഇല്ലാതായി എന്നും വരാം. നഗ്നതയെ രണ്ടുവിധത്തിലും ആവിഷ്കരിക്കാം.
സാഹിത്യത്തിന്റെ കഥയെടുത്താല്‍ നമ്മുടെ പുരാണങ്ങളിലെല്ലാം പച്ചത്തെറിയുണ്ട്........പുരാണങ്ങളിലെ സ്ത്രീവര്‍ണന പലതും അശ്ലീലമല്ലേ? മുലയെ എന്തെല്ലാം തരത്തിലാണ് വിവരിച്ചിരിക്കുന്നത്? മുലയെ മാത്രമോ?
..എന്റെ ചെറുപ്പത്തില്‍ അയല്പക്കത്തെ ചേച്ഛിമാരാരും തന്നെ മാറു മറയ്ക്കാറില്ലായിരുന്നു.....മുലയും തള്ളിച്ചു നടക്കുന്നതില്‍ ഒരു നാണക്കേടും ഇല്ലായിരുന്നു.....അപ്പോള്‍ അശ്ലീലസങ്കല്പം മാറിക്കൊണ്ടിരിയ്ക്കുന്നു എന്നര്‍ത്ഥം. കാലം ഇവിടെ ഒരു പ്രധാന ഘടകമാണ്.
....അശ്ലീലതയും ബീഭത്സതയും തമ്മില്‍ വളരെ അകലമില്ലെന്നു തോന്നുന്നു. അശ്ലീലത ബീഭത്സമാണോ?ബീഭത്സത വെറുപ്പുണ്ടാക്കുന്നു. എന്നാല്‍ അശ്ലീലത ഉണ്ടാക്കുന്ന വെറുപ്പ് അതാണോ? കിടപ്പറയിലെ ചേഷ്ടകള്‍ അശ്ലീലമാണോ? എങ്കില്‍ മനുഷ്യരാശി മുഴുവന്‍ അശ്ലീലതയ്ക്ക് അടിമയാണ്.
....ഞാന്‍ ഒരുകാലത്ത് ഭയങ്കരമായ തെറിക്കഥകള്‍ എഴുതുന്നവനായിരുന്നു. അമ്മപെങ്ങന്മാര്ക്ക് കൂടിയിരുന്ന് എന്റെ കഥ വായിക്കാന്‍ കൊള്ളുകയില്ല എനായിരുന്നു പരാതി. ...എന്തിന് അമ്മപെങ്ങന്മാറര്‍ ഒരുമിച്ചിരുന്ന് ഒരു സാഹിത്യസൃഷ്ടി വായിക്കണം? മകള്‍ തനിച്ചിരുന്ന് ഒരു ചെറുകഥ വായിക്കട്ടെ. അമ്മ വേറിട്ടൊരിടത്തിരുന്ന് രാമായണം വായിച്ചു കൊള്ളട്ടെ. ....എല്ലാവരും ഒരുമിച്ചിരുന്നു വായിക്കണമെന്ന് നിര്‍ബ്ബന്ധം പിടിയ്ക്കുന്നതെന്തിനാണ്?
....ലൈമ്ഗികബോധത്തെ ആശ്രയിച്ചിരിക്കുന്നു അശ്ലീലബോധം. പണ്ടത്തെ ആളുകള്‍ക്കില്ലാതിരുന്ന ലൈം ഗികബോധം ഇന്നുണ്ട്. ലൈം ഗികബോധത്തിന്റെ വേലിയേറ്റമാണ് അശ്ലീലബോധത്തെ വളര്‍ത്തുന്നത്.
----------------------------------------------------------
ഒ. വി. വിജയന്
.....ഭക്ഷണത്തിലെന്ന പോലെ ലൈംഗികാസ്വാദനത്തിലും ഓരോ മനുഷ്യരും അവന്റേതായ അതിരുകള്‍ കണ്ടെത്തിയേ പറ്റൂ. സമൂഹത്തില്‍ ഭൂരിപക്ഷവും ഇത്തരം അതിരുകള്‍ പ്രവേശനദശയിലെ ചില്ലറ ജാള്യങ്ങളോടു കൂടിത്തന്നെ കണ്ടെത്തുകയും സൂക്ഷിക്കുകയും തങ്ങളുടെ സന്തതികള്‍ക്കു പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു......സാംസ്കാരികവും പാരമ്പര്യസ്വഭാവമുള്ളവയും ആയ ഒട്ടേറെ ചുറ്റുപാടുകളാണ് ദൃശ്യത്തേയോ വിവരണത്തേയോ അശ്ലീലമോ ശ്ലീലമോ ആക്കിത്തീര്‍കുന്നത്.....
രതി, ഒരു ശക്തി
ഒരു ഭാവമെന്ന നിലയ്ക്ക് അടിസ്ഥാനപരമായ രസമെന്ന നിലയ്ക്ക് രതി മനുഷ്യബോധത്തിന്റെ അടിനൂലുകളില്‍ ഒന്നാണ്......കലയിലും സംഗീതത്തിലും ആരാധനയിലും (ഏതാനും തീവ്രവാദസംഹിതകളൊഴിച്ചാല്‍)ഒക്കെത്തന്നെ ഈ ഭാവത്തിന്റെ കലര്‍പ്പുകള്‍നമുക്കു കാണാം. പരിണാമംത്തിന്റെ പ്രചോദനമെന്ന നിലയ്ക്ക് രതി ഒരു മഹാശക്തിയായി തെളിയുന്നു. ശക്തിശിവന്മാരുടെ ലീലയെ വാഴ്ത്തുന്ന നമുക്കു ലഭിച്ച ഈ അറിവ് പുരാതനമാണ്.
പാകപ്പിഴകള്‍ ഏത് അറിവിന്റേയും കൂടപ്പിറപ്പുകളാണ്...രതിയുടെ കഥയും ഇപ്രകാരം തന്നെ. മനുഷ്യവര്‍ഗ്ഗത്തിന്റെ ആരോഗ്യ്ത്തിനും വംശഗുണത്തിനും ഘോരമായ ഒരു ഭീഷണിയായിത്തീര്‍ന്നിരിക്കുന്ന വ്യഭിചാരത്തിന്റെ ചരിത്രവുന്ം ഇത്തരമൊരു പാളിച്ചയുടെ കഥയാണ്....
പിന്നെ എവിടെയാന് അന്തരം?വ്യഭിചാരത്തിലെ സംഭോഗക്രിയയില്‍ സ്നേഹമില്ല, രസമുണ്ട്.....രസം സ്വാര്‍ത്ഥപരവും പരസ്പരചൂഷണപ്രധാനവുമായി അധ;പതിയ്ക്കുന്നു.....
സാാഹിത്യത്തിലും ദൃശ്യകലകളിലുമുള്ള ശ്ലീലാശ്ലീലഭാവങ്ങളുടെ കാര്യവും ഇപ്രകാരം തന്നെ.....
സദാചാരം
വ്യഭിചാരത്തിന്റെ ഒരു സഹചാരിയുണ്ട്. പ്രകടനപരമായ സദാചാരം....അശ്ലീലത്തിനെതിരേ സാഹിത്യത്തില്‍ ‘ജിഹാദു’കള്‍പ്രഖ്യാപിക്കുന്നത് ‘ഫിലിസ്റ്റൈന്മാര്‍’ (philistines) അഥവാ അധമ പണ്ഡിതരാണ്. അധമമായ അഭിരുചിയെ പുലര്‍ത്തി സര്‍ഗ്ഗനാശംവരുത്തുന്നവരാണിവര്‍. എല്ലാ സമൂഹങ്ങളുടേയും ചരിത്രത്തില്‍, എല്ലാ കാലഘട്ടങ്ങളുടേയും അനുഭവത്തില്‍, അധമവും ആഢ്യ്വുമായ അഭിരുചികള്‍ തമ്മിലുള്ള സംഘട്ടനം ഒഴിച്ചുകൂടാത്തതാണ്. സംഘട്ടനം നിരന്തരമാകയാല്‍ ശാശ്വതമായ ജയങ്ങളും തോല് വികളും സാധ്യമല്ല.
അന്നന്നത്തെ ചുറ്റുപാടനനുസരിച്ച് നടത്തപ്പെടുന്ന നന്മതിന്മകളുടെ തുലനം മാത്രമേ നമുക്കു വിധിച്ചിട്ടുള്ളു. പിന്നെ നന്മയേത് തിന്മയേത് എന്ന് ആര് എങ്ങനെ തീരുമാനിക്കും എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. അതിനു വെറും ഭൌതികതലത്തില്‍ ഉത്തരമില്ല......സാഹിത്യത്തിന്റെ സ്ഥിതിയും ഏറെക്കുറെ ഇപ്രകാരം തന്നെ. ഏതാന്ണ് ഉത്തമമായ പദപ്രയോഗം ഏതാണ് ആഢ്യമായ ആശയം എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് യാന്ത്രികവും ക്ലിപ്തവുമായ ഉത്തരങ്ങളില്ല. എന്നാല്‍ അദ്ഭുതമെന്നേ പറയാവൂ ശ്രേഷ്ഠമായതിനെ ലോകം എന്നും ആദരിച്ചിട്ടുണ്ട്.
സത്യസന്ധത
ഈ പശ്ചാത്തലത്തില്‍ വേണം അശ്ലീലത്തിന്റെ പ്രശ്നത്തേയും കാണാന്‍. സത്യസന്ധവും സോദ്ദേശപരവുമായ കല ഒരിക്കലും അശ്ലീലമാകുന്നില്ല. ഉത്തമമായ രതിഭാാവം പ്രകാശിപ്പെടുന്നത് ശരീരത്തിന്റെ ‘പച്ച’യൊ പ്രതീകാത്മകമായതോ ആയ വിവരണങ്ങളിലൂടെയാണ്. ഇതിനെ വിലയിരുത്താന്‍ നാം പാടുപെടേണ്ടതില്ല. അത്തരം വിലയിരുത്തല്‍ സ്വാദ്ധ്യായത്തിലൂടെ ജനത നടത്തിക്കൊള്ളും.
സാഹിത്യത്തില്‍ നാം തേടേണ്ടതു സ്നേഹമാണ്, നിസ്വാര്‍ത്ഥതയാണ്. ഇത് എളുപ്പവുമല്ല. ഈ ഭാവങ്ങളെ യാന്ത്രികമായി ആവിഷ്കരിക്കുമ്പോള്‍ഫിലിസ്റ്റിനിസവും പൈങ്കിളിയും അവതരിക്കുന്നു. സ്നേഹത്തോടെ, നിസ്വാര്‍ത്ഥതയോടെ കണ്ടാല്‍ പോര്‍മുലക്കുടങ്ങള്‍ അമ്മയുടെ പാല്‍നിറവാണ്, ജൈവധാരയാണ്. ഈ വിവേചനം ഏത് അശിക്ഷിതനായ മനുയ്ഷ്യന്റേയും ജന്മസിദ്ധിയും.
-------------------------------------------------------
മാധവിക്കുട്ടി
എന്താണ് അശ്ലീലം?
ഒരാള്‍ക്ക് ഒരു ഗുഹ്യാവയവം ഉണ്ടാവുന്നതില്‍ യാതൊരു അശ്ലീലതയുമില്ല. കാരണം ആ അവയവം ശരിയായ സ്ഥാനത്തു തന്നെ സ്ഥിതി ചെയ്യുന്നു. തെറ്റായ സ്ഥാനത്ത്-എന്നുവച്ചാല്‍ മനസ്സില്‍- ഒരു ഗുഹ്യാവയവം സ്ഥിതി ചെയ്താല്‍ അശ്ലീലത ജനിക്കുന്നു.
കുളിയ്ക്കുന്ന സ്ത്രീയെ വാതില്‍പ്പഴുതിലൂടെ നോക്കിക്കാണുന്നത് അശ്ലീലമാണ്. പക്ഷെ കുളിയ്ക്കുന്ന ആ നിമിഷങ്ങളുടെ അശ്ലീലതയില്‍ യാതൊരു പങ്കുമില്ല.
സ്ത്രീ തന്റെ കുഞ്ഞിനു മുല കൊടുക്കുനതില്‍ അശ്ലീലതയില്ല. സ്നേഹിക്കുന്ന പുരുഷന് ആ മുലയില്‍ സ്പര്‍ശിച്ചാല്‍ ആ സ്പര്ശത്തില് അശ്ലീലതയില്ല. സ്നേഹിക്കാത്തവന് അതു തൊട്ടാല്‍ ആ സ്പര്‍ശം അശ്ലീലമായിത്തീരുന്നു. ബലാത്സഗം അശ്ലീലമാണ് . പക്ഷേ ബലാത്സംഗത്തിന് ഇരയായിത്തീരുന്ന്വള്‍ക്ക് ആ അശ്ലീലതയില്‍ യാതൊരു പങ്കുമില്ല. ഒരാള്‍ തന്റെ അമ്മയുടെ സമപ്രായക്കാരിയെപ്പറ്റി ലൈംഗികഫലിതങ്ങള്‍ പറയുകയോ അത്തരം ഒരു കമന്റടിയ്ക്കുകയൊ ചെയ്യുന്നത് അശ്ലീലമാണ്.....അപ്രാപ്യരായ സ്ത്രീകളെ കാമവികാരത്തോടെ നോക്കുന്നതും അശ്ലീലമാണ്.അങ്ങനെ നോക്കപ്പെടുന്ന സ്ത്രീയ്ക്ക് ആ നോട്ടത്തിന്റെ അശ്ലീലതയില്‍ പങ്കില്ല. ഇത്തരം പെരുമാറ്റച്ചട്ടങ്ങള്‍ ഓര്‍മ്മിച്ചുകൊണ്ട് സാഹിത്യരചന നടത്തിയാല്‍ ആ രചനയില്‍ ജന്മനാ അശ്ലീലര്‍ മാത്രമേ അശ്ലീലം കാണുകയുള്ളു. അവരുടെ കണ്ണുകള്‍ക്ക് സദാസമയവും അശ്ലീലത്തിന്റെ ചോരയും ചലവും ഒലിപ്പിക്കാനാണ് വിധി. ഭിഷഗ്വരന്റെ മുന്പില് നഗ്നയായിക്കിടക്കുന്ന രോഗിണിയ്ക്കും അശ്ലീലത അവര്‍ കല്പ്പിയ്ക്കും. അവരുടെ വികലമായ വീക്ഷണം കാര്യമാക്കാനില്ല എന്നെനിയ്ക്ക് തോന്നുന്നു.
(തുടരും)

Sunday, June 3, 2007
ഉലുവായും മഞ്ഞളും പിന്നെ NFkBയും
ഉലുവയുടേയും മഞ്ഞളിന്റേയും ഔഷധഗുണങ്ങള്‍ സുവിദതങ്ങളാണ്. മഞ്ഞള്‍ ചര്‍മ്മ രോഗത്തിനും നീരുവീക്കത്തിനും വാതത്തിനും ഉപയോഗിച്ചുവരുന്നു. ഉലുവ ആയുര്‍വേദത്തിലെ വിശേഷവിധി ഔഷധത്തിനു ഉപയോഗിക്കുന്നതുമാണ്. പ്രമേഹത്തിന് ഉലുവക്കഷായം അത്യുത്തമം എന്ന് ആപ്തവാക്യം.
ഇവ രണ്ടിലും അടങ്ങിയിരിക്കുന്ന രാസവസ്തുക്കളുടെ യഥാര്ത്ഥപ്രകാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരുന്നില്ല. മഞ്ഞളിലെ “കുര്കുമിന്” എന്ന വസ്തുവും ഉലുവയിലെ “ഡയോസ്ജെനിന്‍”നും ജീവകോശങ്ങളിലെ നിശ്ചിതപ്രവൃത്തികളെ നിയന്ത്രിക്കുന്നതെങ്ങിനെ എന്നും അതിന്റെ നിയാമകകാര്യവിധി എപ്രകാരമെന്നും കൃത്യമായി തെളീയിക്കപ്പെട്ടിരിക്കുന്നു,ഈയടുത്തകാലത്ത്. കോശങ്ങളിലെ സങ്കീര്‍ണമായ യന്ത്രാവലിയിലെ സുപ്രധാനകണ്ണികളെയാണ് ഇവയുടെ പ്രവര്‍ത്തനം ബാധിക്കുന്നത്.ഒരു ജീനില്‍ നിന്നും പ്രോടീന്‍ തന്മാത്ര ഉണ്ടാക്കിയെടുക്കുന്ന പ്രക്രിയയുടെ നിയന്ത്രണാധികാരം കയ്യാളുന്ന മൂലസ്ഥാനത്താണ് കുര്‍കുമിനും ഡയോസ്ജെനിനും തങ്ങളുടെ അധികാരം വിനിയോഗിക്കുന്നത്.
കോശങ്ങളിലെ ജോലികളെല്ലാം ചെയ്യുന്നതുമാത്രമല്ല ഈ ജോലികളെ നിയന്ത്രിക്കുന്നതും പ്രോടീനുകളാണ്. ഒരു കോശം വിഭജിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് ഒരു പ്രൊടീന്‍ സംഘമാണ്. ഒരു ജീന്‍ അതിന്റെ ഡി. എന്‍ .എ യില്‍ നിന്നും മെസ്സെന്ജെര് ആര്. എന്‍. എ പതിപ്പെടുക്കുന്നതാണ് പ്രോടീന്‍ തന്മാത്ര നിര്‍മ്മിക്കപ്പെടുന്നതിന്റെ ആദ്യ കര്‍മ്മം. പക്ഷെ ഈ കര്‍മ്മത്തിന്റെ മുഖ്യതന്ത്രി, ജീനിന്റെ ആദ്യം DNA യില്‍ പ്രത്യേകം വച്ചിരിക്കുന്ന പ്രൊമോട്ടര്‍ (promoter) എന്ന പീഠത്തില്‍ വന്നിരുന്നാലേ ഈ മെസ്സെന്ജെര് ആര്. എന്‍. എ.-പതിപ്പെടുക്കല് നടക്കുകയുള്ളു. പ്രൊമൊട്ടറില് വന്ന് ഡി. എന്‍ എ യെ പൊതിഞ്ഞിരുന്ന് പതിപ്പെടുക്കലിനു അനുമതി നല്കുന്ന ഈ പ്രോടീനുകള്‍ അറിയപ്പെടുന്നത് അനുലേഖനഘടകം -transcription factor- എന്ന പേരിലാണ്.
ഇത്തരം ചില transcription factor കള്‍ തെമ്മാടികളായി വിഭജനത്തിനാവശ്യമായ പ്രോടീനുകളുണ്ടാക്കാന് തന്നെ നിര്‍ദ്ദേശം കൊടുക്കുമ്പോഴാണ് കോശങ്ങള്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നത്.ഒരു സാധാരണ കോശം വളര്‍ച്ചാഘട്ടത്തില്‍ ഇങ്ങനെ ചിന്താക്കുഴപ്പത്തിലൊന്നും പെടാറില്ല.കുറെ വിഭജനങ്ങള്‍ക്കു ശേഷം ഒരു ന്യൂറോണോ മസില്കോശമോ,ചര്‍മ്മ-ഉപരിതല (epithelia)കോശമൊ ആകാനുള്ള സ്വപ്നവുമായാണ് ഇവ കഴിഞ്ഞുകൂടാറ്. ഒരു ന്യൂറോണായിക്കഴിഞ്ഞാല് പിന്നെ വിഭജനമേ ഇല്ല ജീവിതത്തില്‍. വിഭജനത്തിന്റെ എല്ലാ ജീനുകളും എന്നന്നേക്കുമായി അടച്ച് പൂട്ടപ്പെടും. പക്ഷെ കോശത്തിന്റെ ഭാവി നിശ്ചയിക്കപ്പെടുന്ന ഒരു സംഘം ജീനുകള്‍ ജാഗ്രതയോടെ എപ്പോഴും ഉണരാനുള്ള സാദ്ധ്യതയുമായി ഉറങ്ങിക്കിടക്കും.
കോശ ആത്മഹത്യ-ജീവന്റെ നിലനില്‍പ്പിന്
ഒരു ജീവിയില്‍ ആകെയുള്ള ക്ങ്ങോളുടെ എണ്ണം നിശ്ചിതമാാക്കി സ്ഥിരപ്പെടുത്തിയിരിക്കയാണ്. കോശങ്ങള്‍ക്ക് പ്രായമാകുക, പരിക്കു പറ്റുക, റേഡിയേഷനോ വിഷവസ്തുക്കളോകൊണ്ട് പരിക്ഷീണിക്കുക വൈറസ് ബാധിക്കുക, എന്നൊക്കെ വന്നാല്‍ സ്വയം ഒരു ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കും. നിയന്ത്രിത മരണപദ്ധതി (programmed cell death) എന്ന ഈ പ്രതിഭാസത്തിനു അപോറ്റോസിസ് (apoptosis) എന്നാണ് പേര്. ഒരു പറ്റം ജീനുകള്‍ വളരെ സൂക്ഷ്മമായി പടിപടിയായിട്ട് കോശത്തെ മരണത്തിലേക്ക് നീക്കും. മൃതകോശങ്ങളും കോശശകലങ്ങളും പരിപൂര്‍ണമായി നിര്‍മാര്‍ജ്ജനം ചെയ്യപ്പെടും ഈ പ്രക്രിയ വഴി. ഒരാളുടെ ശരീരത്തില്‍ ഒരുദിവസം 50 മുതല്‍ 70 ബില്യന്‍ കോശങ്ങള്‍ ഇങ്ങനെ മരിക്കുന്നുണ്ടെന്നുള്ള വസ്തുത ഇതിന്റെ വ്യാപ്തിയും പരിണിതഫലവും വ്യക്തമാക്കുന്നു. ഒരു കൊല്ലം കൊണ്ട് വിഭജിച്ചും മരിച്ചും കാലം കഴിക്കുന്ന കോശങ്ങളുടെ കണക്കെടുത്താല്‍ ഒരാളുടെ ശരീരഭാരത്തോളം വരും. അപോറ്റോസിസ് മൂലം അനേകം കോശങ്ങള്‍ മരിക്കേണ്ടത് ഭ്രൂണവളര്‍ച്ചയില്‍ അത്യാവശ്യമാണ്. ഉദാഹര ണത്തിനു കൈവിരലുകള്‍ ഒരു ഭ്രൂണത്തില്‍ ഒട്ടിച്ചേര്‍ന്ന പോലെയാണ്. ഒരു പാട വിരലുകളെ ബന്ധിക്കുന്നതായി അള്‍ട്രാസൌണ്ട് ചിത്രങ്ങളില്‍ കണ്ടിട്ടു കാണുമല്ലൊ. ഈ പാട ഇല്ലാതായി കൈവിരലുകള്‍ ഒറ്റയ്ക്കൊറ്റയ്ക്കാവുന്നത് വിരലകളുടെ ഇടയ്ക്കുള്ള ഈ ചര്‍മ്മകോശങ്ങള്‍ കൂട്ടത്തോടെ അപോറ്റോസിസിലേക്കു നയിക്കപ്പെടുന്നതുകൊണ്ടാണ്. ഒരു ജീവിയുടെ രൂപം നിര്‍മ്മിച്ചെടുക്കുന്നത് ഇങ്ങനെ വികൃതമായ ചിത്രത്തിലെ അനാവശ്യഭാഗം മായ്ച്ചു കളഞ്ഞിട്ടാണ്. വാല്‍മാക്രിയുടെ വാല് അപ്രത്യക്ഷമാകുന്നത് ഒരു കൂട്ട ആത്മഹത്യ കൊണ്ടാണ്. പക്ഷെ അപോറ്റോസിസ് നിയന്ത്രിക്കപ്പെടുന്നത് സങ്കീര്‍ണമായ ഒന്നിനൊന്നു തൊട്ടു കിടക്കുന്ന, ശൃംഖലാപരമായ നിരവധി കാര്യപരിപാടികള്‍ വഴിയാണ്, അതുകൊണ്ട് പിഴവു പറ്റാന്‍ എളുപ്പവുമാണ്. ഈ അനുക്രമത്തില്‍ ഏതെങ്കിലും ഒന്നിനു പിഴവുപറ്റിയാല്‍ മാനം മര്യാദയ്ക്ക് ആത്മഹത്യ ചെയ്യേണ്ട സെല്ലുകള്‍ വഴി മാറി വിഭജനത്തിലേക്കു തിരിഞ്ഞ് ക്യാന്‍സര്‍ സെല്ലുകളായി മാറാന്‍ സാദ്ധ്യതയുണ്ട്. അപോറ്റോസിസ് നെ അനുകൂലിയ്ക്കുന്നവരും പ്രതികൂലിയ്ക്കുന്നവരുമായി രണ്ട് ജീന്‍ സംഖങ്ങളുണ്ട്. ഇവയുടെ പ്രകാശനത്തിലുള്ള അനുപാതത്തില്‍ മാറ്റം വന്ന് പ്രതികൂലികളുടെ സംഘബലം വര്‍ദ്ധിച്ചാല്‍ ക്യാന്‍സറാണ് ഫലം. എയിഡ്സ് വൈറസ് ഇമ്മ്യൂണിറ്റിയെ തകര്‍ക്കുന്നത് ഇമ്മ്യൂണ്‍ കോശങ്ങളെ അപോറ്റോസിസ്നു പ്രേരിപ്പിച്ച് ആത്മഹത്യയിലേക്കു നയിക്കുന്നതിനാലാണ്. നേരത്തെ സൂചിപ്പിച്ച അനുലേഖനഘടകങ്ങള്-transcription factors- അപോറ്റോസിസ്-ക്യാന്‍സര്‍ പന്ഥാവുകളില്‍ കോശങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശികളാണ്.
NFkB (Nuclear Factor kB)
അനുലേഖനഘടകങ്ങളില് പ്രധാനി ഇയാള്‍ തന്നെ, NFkB. ഇമ്മ്യൂണിറ്റി, പ്രതിജ്വലനം (inflammation) ക്യാന്‍സര്‍, അപോറ്റോസിസ് ഇങ്ങനെ നിരവധി പ്രക്രിയകള്‍ക്കു വേണ്ടിയുള്ള പ്രോടീന്‍ നിര്‍മാണതിന്റെ നിയന്ത്രണം വഹിക്കുന്ന മഹാതന്ത്രി. ഇദ്ദേഹത്തിന് ഉപവിഷ്ടനാകുള്ള പ്രൊമോടര്‍ പീഠം പല ജീനുകള്ഉടേയും തുടക്കത്തില്‍ ഒരുക്കിയിട്ടുണ്ട്. സാധാരണ ന്യൂക്ലിയസിനു പുറത്ത് മൌഢ്യം ബാധിച്ചാവനെപ്പോലെ നില്ക്കുന്ന NFkB മിക്കവാറും ഒരു ചീഫ് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥനായ IkB യുടെ പിടിയിലാണ്. കോശത്തിന്റെ ഉപരിതലത്തില്‍ നിന്നും ഉന്നതന്മാരുടെ നിര്‍ദ്ദേശം പലപല ശ്രേണികളിലായി IkB യിലെത്തുമ്പോള്‍ NFkB യെ സ്വതന്ത്രനാക്കി ന്യൂക്ലിയസ്-ശ്രീകോവിലില്‍ പ്രവേശിക്കാന്‍ അനുവദിക്കും. IkB അപ്രത്യക്ഷനാകും ഇതോടെ. ഊര്‍ജ്ജസ്വലനായ എനെഫ് കാപ ബി ഓടി ന്യൂക്ലിയസില്‍ കയറി പ്രൊമോടര്‍ പീഠത്തിലിരുന്ന് പ്രോടീന്‍ തന്മാത്രാനിര്മ്മാണ പൂജാവിധികള്‍ തുടങ്ങുകയായി.ആദ്യം നിര്‍മ്മിക്കുന്ന പ്രോടീന്‍ തന്റെ സഹചാാരിയായ IkB യാണ്. ഇതൊരു വിഡ്ഢിത്തമാണ്, തന്ത്രി അറിയുന്നില്ല. നിര്‍മ്മിക്കപ്പെട്ട അനേകം IkB കള്‍ പെട്ടെന്നു ന്യൂക്ലിയസില്‍ കയറി NFkB യെ പിടിച്ച് പുറത്തു കൊണ്ടുവരും. പക്ഷേ പ്രൊമോടര്‍ പീഠത്തിലിരുന്ന് തന്ത്രി ഇതിനിടയ്ക്ക് തന്നെ ഉദ്ദേശിക്കുന്ന പ്രോടീന്‍ തന്മാത്രകള്ക്കൊക്കെ അനുലേഖനനനിര്ദ്ദേശം കൊടുത്തിരിക്കും. കുറച്ച് സെക്കന്റുകള്‍ക്കകമാണ് ഈ സംഭവങ്ങളൊക്കെ നടക്കുന്നത്.
NFkB യുടെ ഒരു പ്രധാന കര്‍മ്മം അപോറ്റോസിസിലേക്ക് കോശങ്ങളെ നയിക്കാതിരിക്കുക എന്നതാണ്. എന്നുവച്ചാല്‍ വിഭജനത്തിനെ അനുകൂലിയ്ക്കുന്ന പ്രോടീനുകളെയാണ് കൂടുതലും നിര്‍മ്മിക്കാന്‍ പ്രേരിപ്പിക്കുന്നത്. ചിലപ്പോള്‍ ഈ NFkB ഒരു മഹാതെമ്മാടിയായി മാറും. ന്യൂക്ലിയസില്‍ത്തന്നെ ഇരുന്ന് വിഭജനജീനുകളെത്തന്നെ പ്രോത്സാഹിപ്പിക്കും, കോശങ്ങള്‍ ക്യാന്‍സറിന്റെ വഴിയെ നീങ്ങും. മിക്കവാറും Ikb കുറവുള്ളതോ അതിന് മ്യൂടേഷന്‍ സംഭവച്ചതോ ആയ കോശങ്ങളിലാണ് ഇതു നടക്കാറ്. ഇങ്ങനെ ജീവിതമോ മരണമോ എന്ന സ്ഥിതിവിശേഷമാണ് NFkB കൈകാര്യം ചെയ്യുന്നത്. മാത്രവുമല്ല, ഇമ്മ്യൂണിറ്റിയെ ബാധിക്കുന്ന ബഹുവിധ ജീനുകളുടെ നിയന്ത്രാണവും ഈ എനെഫ് കപാ ബീയുടെ വരുതിയിലാണ്.
ഈ മഹാവീരന് NFkB യെയാണ് മഞ്ഞള്‍-ഉലുവക്കുട്ടികള് നിലയ്ക്കു നിറുത്തുന്നത്. മഞ്ഞളിലെ കുര്കുമിന് ശക്തിസ്വരൂപിണിയായി NFkB യെ വരച്ച വരയില്‍ നിറുത്തുമെന്നത് വിസ്മയകരമാണ്. IkB യുടെ പിടിയില്‍ നിന്നും NFkB യെ വേര്‍തിരിക്കുന്നതും NFkB ന്യൂക്ലിയസിലേക്ക് ഓടിക്കയറുന്നതും മാത്രമല്ല കുര്കുമിന് കുമാരി തന്റെ പേലവകരങ്ങളാല്‍ തടയിടുന്നത്. സിഗ്നല്‍ ശ്രേണീശൃംഖലയില് IkB യെ ഉത്തേജിപ്പിക്കുന്ന IKK യുടെ വേലത്തരങ്ങള്‍,ഈ IKK യെ ഊര്‍ജ്ജസ്വലനാക്കുന്ന Akt എന്ന എന്‍സൈമിന്റെ വികൃതികള്‍ ഇവയൊക്കെയും കൂടി കുര്ക്കുമിന് നിയന്ത്രിക്കാന്‍ കഴിയും. ഇപ്രകാരം NFkB യെ കടിഞ്ഞാണിടുന്നതു കൊണ്ട് വിഭജിച്ച് ക്യാന്‍സറാകാന്‍ പോകുന്ന കോശങ്ങളെ അപോറ്റോസിസിലേക്ക് തിരിച്ചുവിടും ഈ മഞ്ഞള്പ്പെണ്കൊടി. ഈ പ്രഭാവം കൊണ്ട് ഇമ്മ്യൂണ്‍ സെല്ലുകള്‍ കൂടുതല്‍ പ്രവര്‍ത്തനനിരതരാകും. inflammation കുറയും. ആത്സൈമേഴ്സ് രോഗത്തിലേക്കുള്ള നീക്കത്തിനും കുര്കുമിന് കണികകള്‍ക്ക് ഇടങ്കോലിടാന്‍ സാധിക്കും.
ഉലുവയിലെ ഡയൊസ്ജെനിന്‍ ഉം ഇതുപോലെ NFkB യുടെ അതിക്രമങ്ങളെ നിയന്ത്രിക്കുന്നു. Type 2 പ്രമേഹത്തിന് ഇന്‍സുലിന്‍ പ്രതിരോധ (insulin resistance)മാണ് കാരണം. IRS എന്ന, ഇന്‍സുലിന്‍ പ്രതിരോധത്തിനു കാരണമാക്കുന്ന ജീനിനെ പ്രവര്‍ത്തനനിരതമാക്കുന്നത് PPAR എന്ന മറ്റൊരു ജീനാണ്. ഈ PPAR ആകട്ടെ NFkB യുടെ ആജ്ഞാനുവര്‍ത്തിയുമാണ്. ഉലുവയിലെ ഡയൊസ്ജെനിന്‍ എനെഫ് കപ ബിയെ നിയന്ത്രിക്കുമ്പോള്‍ PPAR ന് IRS ജീനിനെ പ്രകാശിപ്പിക്കാന്‍ പറ്റാതെ വരും. കോശങ്ങള്‍ ഇന്‍സുലിനെ തിരിച്ചറിഞ്ഞു തുടങ്ങും.മഞ്ഞളിലെ കുര്കുമിനേക്കാള് ഡയൊസ്ജെനിന്‍ ഇക്കാര്യത്തില്‍ എങ്ങനെ മെച്ചപ്പെട്ടു നില്ക്കുന്നു എന്ന് അറിവായിട്ടില്ല.
ചെടികള്‍ ചുമതലയേറ്റ് നടത്തിക്കൊണ്ടിരിക്കുന്നത് അതിവിപുലവും അതിഗംഭീരവുമായ production "plants" ആണ്. നിര്‍മ്മിച്ചെടുക്കുന്ന രാസവസ്തുക്കള്‍ രസതന്ത്രത്തിന്റേയും ബയോളൊജിയുടെയും അദ്ഭുതങ്ങളും. ക്യാന്‍സറിനുപയോഗിക്കുന്ന വിന്‍ബ്ലാസ്റ്റിന്‍ (ക്രോമസോമുകളെ രണ്ടു ഭാഗത്തേയ്ക്കും വലിയ്ക്കുന്ന മൈക്രോറ്റ്യൂബുകള് എന്ന നാരുകളെ കഷണം കഷണമാക്കി കോശവിഭജനം അസാദ്ധ്യമാക്കുന്ന അതിതീഷ്ണന്) എന്ന മരുന്നു ഉഷമലരി/നിത്യകല്ല്യാണി എന്ന പാവം പൂക്കാരിച്ചെടി നിഷ്പ്രയാസമാണ് ഉണ്ടാക്കിയെടുക്കുന്നത്. പത്തോളം സങ്കീര്‍ണമായ പടികളുണ്ട് വിന്‍ബ്ലാസ്റ്റിന്‍ നിര്‍മ്മിച്ചെടുക്കാന്‍. എത്രയും സമ്പന്നവും വിപുലവും ആയ പരീക്ഷണശാലയില്പ്പോലും ഇതു നിര്‍മ്മിച്ചെടുക്കാന്‍ ദിവസങ്ങളോളം വേണ്ടി വരും ചിലവും കൂടുതലാണ്. ഉഷമലരി ഇത് ഒരു ദിവസം കൊണ്ട് സാധിച്ചെടുക്കും!
മോളിക്യുലാര്‍ ബയോളജി ഇനിയും കാത്തിരിക്കുകയാണ് സസ്യജാലങ്ങളില്‍ നിന്നുള്ള രാസവിസ്മയങ്ങളുടെ, കൃതകൃത്യങ്ങളുടെ വിശദാംശങ്ങള്‍ക്കു വേണ്ടി.
**********************************************************************************
കുറിപ്പ്: മഞ്ഞളും ഉലുവയും ധാരാളം ഉപയോഗിക്കപ്പെടുന്ന പാചകവിധി (കാളന് രണ്ടുതരം) പാചകം വകുപ്പില്‍ കാണുക.