Tuesday, June 23, 2009

ബിഗ് ഫിഷ് സ്മാൾ ഫിഷ്

അച്ഛൻ ഗോവണിയിറങ്ങി വന്നതോടെ രാജൻ ചായ ഡൈനിങ് മേശയിൽ എടുത്തു വച്ചു. “ജെറ്റ് ലാഗ് മാറാൻ ഒരാഴ്ചയെങ്കിലും എടുക്കും”
“ഞാൻ നാലുമണ്യ്ക്കേ ഉണർന്നതാ. നിന്നെ ഉണർത്തെണ്ട എന്നു കരുതി” അമ്മ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു.രാജൻ അച്ഛന്റെ പാദങ്ങൾ കസേരയിൽ കയറ്റി വച്ചു. “നീര് ഇപ്പഴും ഉണ്ട് കുറച്ച്”

“ഷൂസ് ഇട്ടതുകൊണ്ടാ നീരു വന്നതെന്നാ നിന്റെ അച്ഛൻ പറയുന്നെ” അമ്മയുടെ സ്വരത്തിൽ കളിയാക്കൽ ധ്വനി ഉണ്ടോ എന്ന് അച്ഛൻ സംശയിച്ചു കഴിഞ്ഞു.“പിന്നെ ഞാൻ നാട്ടിൽ ഷൂസുമിട്ടല്ലെ നടന്നിട്ടുള്ളത്. ഈ പാന്റു തന്നെ കഷ്ടിച്ചാ വലിച്ചിട്ടോണ്ടു നടക്കുന്നേ”

അച്ഛൻ സ്വരം കടുപ്പിച്ചെന്നു കരുതി അമ്മ അകത്തേക്കു വലിഞ്ഞു. സ്വകാര്യം മാതിരി ശബ്ദം മയത്തിലാക്കി. ‘‘മോനേ, വിസാ കിട്ടിയ അന്നുമുതൽ എനും ബ്ലഡ് ഷുഗർ ചെക്കു ചെയ്തു തുടങ്ങിയതാ അച്ഛൻ. കാലു മുറിഞ്ഞാൽ ഭേദമാകുമോ എന്ന പേടിയുമായിട്ടു നടക്കുകാ ആളിപ്പോ”.

“ഇന്ന് ഷൂസ് ഇട്ടേ പറ്റുകയുള്ളു. ലാബിൽ സേഫ്റ്റി നിയമങ്ങൾ അനുസരിക്കണം. നിർബ്ബന്ധമാണ്.”രാജൻ ശ്രദ്ധിച്ചത് അച്ഛൻ പുരികം ചുളിച്ച് നെറ്റിയിൽ മടക്കുകകളുണ്ടാക്കി സ്ഥിരം ചോദ്യഭാവം കൈക്കൊള്ളുന്നുണ്ടോ എന്നാണ്.

“ഓ ഇട്ടേക്കാം. അതിന്റെ പേരിൽ നാണക്കേടു വേണ്ട”. മകന്റെ മേൽനോട്ടത്തിലുള്ള കെമിക്കൽ ലാബ് കാണാൻ അച്ഛന്റെ ഉത്സാഹം തെളിഞ്ഞുവന്നു. പേരുകേട്ട ഫാർമസ്യൂടിക്കൽ കമ്പനിയല്ലെ.

“അച്ഛനു ചട്ണി ഞാനുണ്ടാക്കാം. ഇന്ദു ഉണ്ടാക്കിയത് വേറെ വയ്ക്കാം. സ്വൽ‌പ്പം ഇഞ്ചിയും കൂടെ അരച്ചതാ അച്ഛനിഷ്ടം. എനിയ്ക്കറിയാം. കടുകു വറക്കുമ്പോൽ ചുവന്നുള്ളിയും മൂപ്പിക്കണം“. രാജൻ അടുക്കളയിലേക്കു നീങ്ങി. അമ്മ ചുണ്ടിൽ വന്ന ചിരി ഒതുക്കാൻ ശ്രമിച്ചു.തന്റെ ഇഷ്ടങ്ങൽ എന്നും വാശി പോലെ കൊണ്ടു നടന്നത് ഓർത്ത് അച്ഛൻ താഴേക്ക് നോക്കി ഇരുന്നു.

കൊച്ചുമോൻ പുസ്തകവുമായി എത്തി. “മുത്തച്ഛൻ വായിച്ചു തരട്ടെ മോന്?” “വേണ്ട, അച്ചൻ വായിച്ചാ മതി’ അവൻ കൊഞ്ചി.
“ഇവിടെ അച്ഛനും മോനും ഒരു സെറ്റാ. ഞാൻ വെറും കാഴ്ചക്കാരി “ ഇന്ദു ചെറുതായി ചിരിച്ചു.

മുൻപിൽ നിരന്ന ഇഡ്ഡലിയും ചട്ണിയും അച്ഛൻ ഒരു നിമിഷം നോക്കിയിരുന്നു. കടുകുമണികൾ എണ്ണമയത്തിൽ തിളങ്ങുന്നതതും മൂപ്പിച്ച കരിവേപ്പിലമടക്കുകളിൽ അവ ഒഴുകി നീങ്ങുന്നതും മൊരിഞ്ഞ ചുവന്നമുളക് നിശ്ചലം അടങ്ങിക്കിടക്കുന്നതും അച്ഛൻ വെറുതെ കണ്ടിരുന്നു. കൊച്ചുമോനെ മടിയിലിരുത്തി രാജൻ ഇഡ്ഡലി പൊട്ടിച്ചു കൊടുക്കുന്നു. കൊച്ചുമോൻ ചട്ണിയിൽ കഷണം മുക്കി വായിൽ വച്ച് “ശ്ശ്…” എന്ന് എരിവ് അഭിനയിക്കുന്നു. “ഇനി അച്ചൻ” രാജനും ഇഡ്ഡലികഷണം ചട്ണിയിൽ മുക്കി വായിൽ വച്ച് എരിവ് അഭിനയിച്ചു. “ശ്ശ്”..വീണ്ടും. ഒരൊ ‘ശ്ശ്’നും കൊച്ചുമോന്റെ കുടുകുടെ ചിരി.

അച്ഛൻ അതു മാത്രം കണ്ണിമയ്കാതെ നോക്കിയിരുന്നു. ചട്ണിയുടെ സ്വാദ് കൃത്യമായിരിക്കും എന്നു കണക്കുകൂട്ടി. തികട്ടിവന്ന വിമ്മിഷ്ടം എവിടെ ഒളിക്കെണമെന്നറിയാതെ ….

കൊച്ചുമോൻ താഴെയിട്ട പുസ്തകം എടുക്കാൻ രാജൻ കുനിഞ്ഞപ്പോഴാൺ അച്ഛൻ അതു ശ്രദ്ധിച്ചത്.ഇടതുകാലിന്റെ പുറകിൽ കണ്ണ മുതൽ മുട്ടിനു പുറകു വരെ നീണ്ട പാട്. അതെ അതു തന്നെ. ഒരു നീണ്ട മണ്ണിര കടിച്ചുകിടക്കുന്നതു പോലെ വികൃതമായത്. ഇത്രനാൾ കഴിഞ്ഞിട്ടും മാഞ്ഞില്ല?

രാജൻ കണ്ടു അച്ഛന്റെ കണ്ണുകൾ തന്റെ ആ മുറിപ്പാടിൽ ഉടക്കിയത്. പെട്ടെന്നു മുഖം തിരിച്ചു. മോന്റെ പുസ്തകത്തിൽ നോക്കുന്നെന്നു ഭാവിച്ചെങ്കിലും അതിശക്തമായി ഒരു ഒരു ശ്വാസം മുട്ടൽൽ വന്നതു പോലെ അറിഞ്ഞു. ഇരമ്പിവന്ന ഒരു ഉൾക്കാറ്റ് ദിശാബോധമില്ലാതെ അവിടെയും ഇവിടെയും തല്ലിയാർക്കുന്നത്ത് അടക്കാൻ ശ്രമിച്ചു. കൊച്ചുമോന്റെ പുസ്തകത്തിലെ പേജ് നോക്കി വായിക്കുന്നെന്ന തോന്നൽ വരുത്താൻ ശ്രമിച്ചു.

ബിഗ് ഫിഷ് സ്മാൾ ഫിഷ്
One fish, Two fish, Red fish, Blue fish
Black fish, Blue fish, Old fish, New fish
Some are old and some are new
Some are sad and some are glad
And some are very very bad
Why are they sad and glad and bad?
I do not know, go ask your dad.

ബിഗ് ഫിഷ് സ്മാൾ ഫിഷ്………
ബിഗ് ഫിഷ്....... സ്മാൾ ഫിഷ്..........

ബി. എസ്. സി ഫൈനൽ പരീക്ഷ എഴുതിയ രാജശേഖർ എസ്. മുഖത്തു സദാ ചോദ്യഭാവം മാത്രം കൊണ്ടുനടക്കുന്ന അച്ഛന്റെ മുൻപിൽ പരുങ്ങി നിന്നു. പുരികങ്ങൽ ചുരുക്കി നെറ്റിയിൽ ചുളിവുകൾ വരുത്തി തറച്ചു നോക്കുന്നത് രാജൻ സ്ഥിരം കാണുന്നതാണ്. എങ്കിലും ഒന്നു പതറി. തിയറി നന്നായിടെഴുതിയിട്ടുണ്ട്. അതിന്റെ ധൈര്യവുമുണ്ട്. ഇനി പ്രാക്റ്റിക്കൽ ഈ ആഴ്ച ഒരു ദിവസം.

പെട്ടെന്നാണ് അച്ഛന്റെ പോലീസുമുറ ചോദ്യം.

“എന്നാടാ പ്രാക്റ്റിക്കൽ പരീക്ഷ?”
കസേരയിൽ കയറി നിന്നു ബൾബു തിരിച്ച് എന്തോ അറ്റകുറ്റപ്പണി ചെയ്യുന്നു അച്ഛൻ. ചുറ്റിലും ഇലക്ട്രിക് വയറുകൾ വീണു കിടക്കുന്നു.
രാജൻ ഒരിക്കലും നേരിടേണ്ടതില്ലെന്നു കരുതിയ ചോദ്യം. ഈ ആഴ്ച എന്നോ ഒരു ദിവസമാണ്. അടുത്തയാഴ്ച ഹോസ്റ്റലിലെ കൂട്ടുകാരൊക്കെ പോയ് മറയുകയാണ്. എന്നും രാവിലെ പത്തുമണിയോടു കൂടി കോളേജിലെത്തുക, ടൌണിൽ കറങ്ങുക, കാശുണ്ടെങ്കിൽ ഹോട്ടലിൽ കയറുക, അല്ലെങ്കിൽ ഹോസ്റ്റലിൽ കൂട്ടുകാർ ഊണ് തരപ്പെടുത്തുക ഇങ്ങനെ പോകുന്നു അവസാന ദിവസങ്ങൾ. എന്നും രാത്രി പ്രാക്റ്റിക്കലിനുവേണ്ടി പഠിയ്ക്കുന്നതു കൊണ്ട് വേവലാതി ഇല്ല. ഹാ‍ൾ ടിക്കറ്റ് വിനോദിന്റെ മുറിയിൽ വച്ചിട്ടുണ്ട്. അതെയോ ബാബുരാജിന്റെ? ശ്രീധർ ബാലന്റെ മുറിയിൽ? പ്രാക്റ്റിക്കൽ പന്ത്രണ്ടു മണിക്കാണു തുടങ്ങുന്നതെന്നറിയാം. അവിടെയെത്തുമ്പോൾ കൂട്ടുകാർ പറയുമല്ലൊ. നേരേ കെമിസ്ട്രി ലാബിലെത്തിയാൽ മതി.

“നിന്നോടാ ചോദിച്ചത്. എന്നാ പ്രാക്റ്റിക്കൽ?”

ഈ ആഴ്ച ഒരു ദിവസം എന്ന സത്യം പറയേണ്ടി വന്നു.

“ഹാൾ ടിക്കറ്റ് എവിടെടാ?”

“ഹാൾ ടിക്കറ്റ് എവിടയാണെന്നാ ചോയിച്ചേ”
കലി ആവേശിച്ചു കഴിഞ്ഞു അച്ഛന്.

ബാക്കി സത്യവും പുറത്തു വന്നു.

“ഹാൾ ടിക്കറ്റ് വല്ലവന്റേം കയ്യിൽ കൊടുത്തിട്ട് നീ ഇവിടെ എന്നാ ചെയ്യുകാണെടാ.”. ഭ്രാന്തനായ അച്ഛൻ തന്റെ രണ്ടു തോളും പിടിച്ച് കുലുക്കി. “ഹാൾ ടിക്കറ്റ് കയ്യിലില്ലേടാ പട്ടിക്കഴുവേറീ” പിന്നെ കൊടും തെറി വാക്കുകൾ. ബാധ കയറി വിറയ്ക്കുന്ന അച്ഛന്റെ മുൻപിൽ ഒരിക്കൽ കൂടി രാജൻ പകച്ചു നിന്നു. അച്ഛന് കയ്യിൽ കിട്ടിയത് ഇലക്ട്രിക് വയറാണ്. അതു മടക്കിയെടുത്ത് ആഞ്ഞടിച്ചു. പലതവണ. ഒരു തവണ വള്ളി കാലിൽ ചുറ്റിപ്പിണഞ്ഞു ഊക്കോടെ വലിച്ചെടുത്തപ്പോൾ തൊലി പിളർന്നു കൊണ്ട്ടാണ് വള്ളി പാഞ്ഞത്. ഇടതുകാലിൽ കണ്ണ മുതൽ മുട്ടിനു പുറകുവരെ ഏങ്കോണിച്ച് നീണ്ട ഒരു മുറിവ്. പിന്നത്തെ അടിയൊക്കെ ചോരത്തുള്ളികൽ തെറിപ്പിച്ചുകൊണ്ട്. ഇറയത്തിന്റെ കോണിൽ കിടന്നതോർമ്മയുണ്ട്. രാത്രിയിൽ മുറിവു തുന്നിക്കെട്ടേണ്ടതല്ലെ എന്നൊക്കെയുള്ള അമ്മവിലാപങ്ങൾ എവിടെയുമെത്താതെ അലഞ്ഞു.

“ഞാനും വരുന്നുണ്ട് അച്ചാ അച്ചന്റെ ആപ്പീസിൽ” കൊച്ചുമോൻ കാലിൽ കെട്ടിപ്പിടിയ്ക്കുന്നു. പെട്ടെന്നു പുസ്തകം മടക്കി അവനുകൊടുത്തു.

“ഉടനെ ഇറങ്ങുകയായ്ണോ മോനേ?” അമ്മ ചോദിക്കുന്നു.
“അതേ. റെഡി ആയിക്കോളുക, പെട്ടെന്ന്. ഒരു മണിക്കൂറോളം ഡ്രൈവ് ഉണ്ട്.“

ഭിത്തിയ്ക്കു പകരം ചില്ലുകൾ കൊണ്ട് പണിതിട്ട കമ്പനിക്കെട്ടിടത്തിനു സുതാര്യതയല്ലെ കൂടുതൽ എന്ന് അച്ഛൻ വിസ്മയിച്ചു. അകത്ത് മകന്റെ ഡിപാർറ്റ്മെന്റിൽ ഡോക്ടർ രാജശേഖർ എസ്. ഡയറക്റ്റർ റിസേർച ആൻഡ് ഡെവലപ്മെന്റ് എന്നു കോറിയിട്ട പിച്ചളഫലകത്തിന്റെ മഞ്ഞപ്രകാശം നെറ്റിയിലെ രേഖകളിലെ ആഴങ്ങൾ നിറച്ചുമാച്ചു.

പ്രൊഡക്ഷൻ പ്ലാന്റ് എല്ലാം ചുറ്റിക്കണ്ട ആലസ്യം അച്ചനിൽ ഒരു മന്ദതകോരിയിട്ടു. പുറത്ത് നടകൾക്കു മുകളിൽ അച്ഛനും അമ്മയും പാർകിങ് ലോടിൽ നിന്നും രാജൻ കാറ് എടുത്തുകൊണ്ടുവരുന്നത് കാത്തു നിന്നു. ഒരു കോണിൽ മനോഹരമായ വെള്ളിക്കമ്പിവലപ്പെട്ടിയിൽ കമ്പനി വക പ്രസിദ്ധീകരണങ്ങൾ അടുക്കിവച്ചിരിക്കുന്നതിൽ ൽ അച്ചന്റെ നോട്ടം ചെന്നു പെട്ടു. തന്റെ പേര് പുറം കവറിൽ തന്നെ വലുതായി അച്ചടിച്ചിരിക്കുന്നത് കണ്ട് വിശ്വസിക്കാനാവാതെ എടുത്തു. ഇതെങ്ങനെ? നിവർത്തി നോക്കി. മകന്റെ പേർ വിസ്തരിച്ച് എഴുതിയിരിക്കയാണ് അവസാന ഇനിഷ്യൽ മുഴുവനാക്കുമ്പോൾ തന്റെ പേരു തന്നെ. മകനെ Employee of the Year ആയി പ്രഖ്യാപിച്ചിരിക്കുന്ന വാർത്തയാണ്. കാര്യക്ഷമതയ്ക്കുള്ള ഈ അവാർഡു വാങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ ഗവേഷകൻ. പടിയിറങ്ങുമ്പോൾ കടലാസുകൾ ചെറുതായി വിറച്ചു. അക്ഷരങ്ങൽ ഓടിക്കളിക്കുന്നെന്നതോന്നൽ വിഭ്രാന്തിയോ? ഇടതുകാലിലെ ഷൂസ് ചെറുതായി ഇളകി മാറി. ഒരു പടിയുടെ വക്കിൽ കാൽ തെന്നി കയ്‌വരിയിൽ പിടിച്ചിട്ടും താഴെ നടയുടെ കോണിൽ വീണു കഴിഞ്ഞു അച്ഛൻ. വശത്തുള്ള പൂച്ചെടികളുടെ മേലെ ചെരിഞ്ഞു കിടന്നു പോയ അച്ഛനെ പിടിച്ചെഴുനേൽ‌പ്പിക്കേണ്ടി വന്നു.

കാറിൽ വച്ചു അമ്മയാണു കണ്ടത്. മുട്ടിനു താഴെ പാന്റ് ചോരകൊണ്ടു നനയുന്നു. രാജൻ കാറു നിറുത്തി. ഇടതുകാലിൽ കണ്ണ മുതൽ മുട്ടിനു പുറകു വരെ ഏങ്കോണിച്ച് തൊലി നന്നായി കീറിയിരിക്കുന്നു. പൂച്ചെടി താങ്ങിനിറുത്താൻ നാട്ടിയ കമ്പി കൊണ്ടതാകണം.

കട്ടിലിൽ തലയിണകളിൽ ചാരിയിരിക്കുന്ന അച്ഛന്റെ മുറിവിൽ രാജൻ ആന്റിബയോടിക് ക്രീം പുരട്ടി. തന്റെ കണ്ണുകളിൽ തന്നെ പെട്ടുപോയ നോട്ടത്തിനു നനവുണ്ടായിരുന്നത് നീറ്റൽ കൊണ്ടല്ല എന്ന തോന്നൽ അച്ഛനുണ്ടെന്നു രാജനും അറിഞ്ഞു. കൊച്ചുമോൻ ഓടിവന്ന് കട്ടിലിൽ കയറാൻ ശ്രമിച്ചു.

“മോനെ മുത്തച്ഛനു ഉവ്വാവൂ ആണ്. ബുദ്ധിമുട്ടിയ്ക്കാതെ”

“അവൻ ഇവിടെ ഇരുന്നോട്ടെ സാരമില്ല” നീറ്റൽ സഹിക്കാതെ അച്ഛന്റെ സ്വരം കലമ്പിച്ചു.

“ഇവിടെയാണോ മുത്തച്ഛന്റെ ഉവ്വാവൂ?” അവൻ മുറിവിനുമുകളിൽ തൊട്ടു. അച്ഛൻ കൊച്ചുമോനെ വാരിയെടുത്ത് ചേർത്തു കിടത്തി.

കതകുചാരാൻ തിരിഞ്ഞ രാജൻ ഒരു നിമിഷം മുഖം തിരിച്ചു അച്ഛനെ നോക്കി.

അച്ഛൻ വ്യക്തമായി കണ്ടു.

രാജന്റെ കാലിലെ മുറിപ്പാട് അവിടെയില്ല.

19 comments:

  1. ബിഗ് ഫിഷ് സ്മാൾ ഫിഷ്
    Some are old and some are new
    Some are sad and some are glad
    And some are very very bad
    Why are they sad and glad and bad?

    അഛൻ-മകൻ കഥ.

    ReplyDelete
  2. മനസിനെ തൊട്ടു... തലമുറകൾ പിറകിലോട്ട് കൈമാറിയ മുറിവ്....

    ഓഫ്...: ജെറ്റ് ലാഗ് എന്നതിനു ജെൽ ലാഗ് എന്നൊരു ടൈപോ കാണുന്നു....

    ReplyDelete
  3. മനോഹരമായ കഥ, മാഷേ. അറിയാതെ കണ്ണു നിറഞ്ഞല്ലോ.

    ReplyDelete
  4. മകരം മരങ്ങളിലോർമ്മകൾ പൊഴിച്ചാലും,
    പകരം സ്വപ്നത്തിന്റെ പച്ചകൾ പൊടിച്ചാലും
    നിന്റെ ചൂരലിൻ നീലപ്പാടുകൾ തിണർത്തതാണെന്റെ കൈപ്പടയിന്നും,
    നിന്റെ കോപത്തിൻ ലോഹലായിനിയെരിയുന്നുണ്ടെന്റെ തൊണ്ടയിലിന്നും….
    ബാലചന്ദ്രന്റെ ഒരു കാര്യം! ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും ഓർമ്മയിൽ കേറി വരും.
    അല്ല,ഇച്ചായോ,എന്നതാ ഉദ്ദേശം?എന്നെ കരയിപ്പിക്കാനാ?

    ReplyDelete
  5. Nice one.. kannu nananju poyi.. ee tharathilulla murivukal palarkkum undavum, alle?

    ReplyDelete
  6. കൊച്ചായിരുന്നപ്പോള്‍ എന്റെ കൈ പിടിച്ച് കടിക്കുകയായിരുന്നു അച്ഛന്റെ ശീലം (അച്ഛന്‍ എന്നെ എന്നെങ്കിലും കവിളത്ത് ഉമ്മ വച്ചിട്ടുള്ളതായി എനിക്കോര്‍മയില്ല), വേദനിപ്പിക്കും വിധം.
    അതില്‍ അതിരറ്റ വാത്സല്യമുണ്ടെന്ന് ഞാന്‍ ഇന്നറിയുന്നു, പ്രത്യേകിച്ചും ചേട്ടന്റെ കൊച്ചിന്റെ കയ്യില്‍ ഞാന്‍ കടിക്കുമ്പോള്‍! :-)))

    വന്യമായ സ്നേഹപ്രകടനങ്ങള്‍ ആയിരുന്നു എന്റെ അച്ഛന്റേത്. എന്റേതും

    എതിരന്‍‌ജി ആത്മകഥ ചുവയ്ക്കുന്ന നല്ല പോസ്റ്റ്, അല്ലെന്ന് പറഞ്ഞെങ്കിലും.
    :-)
    സുനില്‍ || ഉപാസന

    ReplyDelete
  7. എന്റെ എതിരാ

    എന്തൊരു കഥ!
    തൊട്ടല്ലോ മന‌സ്സില്‍.. ആര്‍ദ്രമാകുന്നു മനം.

    ReplyDelete
  8. അക്ഷരങ്ങള്‍ക്ക് ഇത്ര ശക്തിയുണ്ടോ എന്ന് തോന്നുന്ന രചന.മനസ്സില്‍ എവിടെയോ ഒരു വിങ്ങല്‍
    ഒരു നല്ല കഥ

    ReplyDelete
  9. ഇന്നലെ വായിച്ചിരുന്നു. കമന്റാനിരുന്നപ്പോ വേറേ എന്തോ പ്രശ്നം വന്നു.പിന്നെ മറന്നു.

    കഥ വെഷമിപ്പിച്ചു.

    നന്നായിട്ടുണ്ട്.എങ്കിലും അവസാനത്തെ കൃഷ്ണന്റെ സാഹിത്യവും ഇതും താരതമ്യപ്പെടുതുമ്പോൾ.. :)

    എനിക്ക് ഏറ്റവും ഇഷ്ടമായ മാഷ്ടെ സൃഷ്ടി അതു തന്നെയാണ്.

    ReplyDelete
  10. ആ മുറിവ് അവിടെ തന്നെയുണ്ട്‌ , കണ്ണിലെ നനവ് കാരണം അച്ഛന്‍ കാനഞ്ഞതാണ് !

    ReplyDelete
  11. ഉഗ്രൻ കഥ എതിരാ. ഇതു കരയിക്കാനായി എഴുതിയതല്ലെങ്കിലും കരയിക്കുകതന്നെ ചെയ്യും. ഭാഷാപോഷിണിയിൽ ശിഹാ‍ബുദീന്റെ ആത്മകഥ വായിച്ചിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ. അതിലും ഉണ്ട് ഉണങ്ങാത്ത ഇത്തരം ചില മുറിവുകൾ.

    ReplyDelete
  12. രാജേഷ്‌ ,
    പക്ഷെ , എല്ലാ മുറിവുകളും മാഞ്ഞു പോയല്ലോ, റെയില്‍വേ പാളത്തില്‍ വീണു കിടന്ന ആ സ്ത്രീയെ എടുത്തുകൊണ്ടു പോയപ്പോള്‍!


    :-)

    ReplyDelete
  13. കതിരനോട്‌ ഞാന്‍ പലതവണ പറഞ്ഞു സെന്റി എഴുതരുത്‌ എഴുതരുത്‌ എന്ന്‌ എവിടെ അനുസരണ വേണ്ടേ.
    വല്ല തമാശക്കഥയും എഴുതിക്കൂടേ ഇഷ്ടാ

    ReplyDelete
  14. ബിനീഷ്‌
    binishjoseph.blogspot.com

    ReplyDelete
  15. ഈ അച്ഛന്മാര്‍ ചെറുപ്പമായിരിക്കുമ്പോള്‍ അവര്‍ക്കിത്ര ദേഷ്യം എന്തെന്നാണ് എനിക്കതിശയം. എനിക്കും അറിയാം, കുട്ടികള്‍ ചെറുതായിരുന്നപ്പോള്‍ അവരോട് വല്ലാത്തൊരു ശത്രുമനോഭാവത്തോടെ പെരുമാറുന്ന ഒരച്ഛനേയും ഈ അച്ഛന്റേയും മക്കളുടേയും ഇടയില്‍ പെട്ട് വിഷമിക്കുന്ന ഒരമ്മയുടേയും കഥ.
    കഥ കരയിപ്പിച്ചു എതിരന്‍ ജീ.

    ReplyDelete
  16. .മനസ്സില്‍ എവിടെയോ ഒരു വിങ്ങല്‍

    ReplyDelete