Thursday, July 2, 2009

ഇദം ന മമ

പൊളിഞ്ഞുതുടങ്ങിയ വീടിന്റെ പുറംകോണിലെ ചെടികൾക്കു പിന്നിൽ അവൻ ബൈക്ക് നിറുത്തി. പുറകിൽ നിന്നും അവളാണ് ആദ്യം ഇറങ്ങിയത്.
“ഒരു ഹോട്ടൽ മുറി കിട്ടാഞ്ഞിട്ടാണോ” അവൾക്ക് നീരസം.
‘ഇവിടെയാകുമ്പം ആരും അത്ര അറിയുകേലല്ലൊ“. അവൻ തോന്നിയ യുക്തി പ്രയോഗിച്ചു. പോക്കറ്റിലെ നോട്ടുകളിൽ തടവിയത് ഇരുട്ടത്തും അവൾ കാണുന്നുണ്ടെന്നു വിചാരിച്ചു.

അകത്ത് ഒരു മുറിയേ കുറച്ചു ഭേദമുള്ളു. ബാക്കിയൊക്കെ നനഞ്ഞൊലിച്ച് വൃത്തികേടായി കിടക്കുന്നു.
ചാരിക്കിടന്ന വാതിൽ തുറന്ന്‌ അവനും പിന്നാലെ അവളും.
“ഇവിടെ ഒരു കട്ടിൽ ഉണ്ടായിരുന്നല്ലൊ” അവൾ പിറുപിറുത്തു.
“ഇവിടെ വന്നിട്ടുണ്ട് അല്ലെ” കട്ടിലില്ലാത്തത് കുറവെന്ന ജാള്യത മറയ്ക്കാൻ അവൻ മറുചോദ്യമെറിഞ്ഞു.

“ഇവിടുന്ന് എടുത്തോണ്ടു പോകാൻ അതേ ബാക്കി ഒള്ളാരുന്നാരിക്കും.” അവൻ മെഴുകുതിരി കൊളുത്തി ഒരുകോണിൽ വച്ചു.

“എന്റെ ബാഗിൽ ഒരു ഷീറ്റ് ഉണ്ട്. അതു വിരിയ്ക്കാം” അവൾക്ക് സമ്മതമാകുമെന്ന ആശ അവന്.

“ഈ വൃത്തികെട്ട നിലത്ത്? ഒരു ഷീറ്റിന്മേൽ കിടക്കാനോ? എനിയ്ക്കു വയ്യ.‘ അവൾ എങ്ങോട്ടെന്നില്ലാതെ നോക്കി.
അവൻ ചുറ്റിനും ഒന്നു പരതി. ഒരു കോണിൽ കൂമ്പാരം കൂട്ടിയിരിക്കുന ഓലക്കെട്ടുകളിൽ നോട്ടം തറച്ചു. അതിബുദ്ധിമാനാണെന്ന തോന്നലിൽ ആഹ്ലാദം കൊണ്ടു. താളിയോലകളാണ്. ഈർപം കൊണ്ട് സ്വൽ‌പ്പം പതം വന്നിട്ടിട്ടുണ്ട്. വാരി മുറിയ്ക്കു നടുക്ക് ഇട്ടിട്ട് ഓരോന്നായി നിലത്ത് അടുപ്പിച്ച് നിരത്തി. നാലഞ്ചു വരികളായി.

ജനലിൽ കൂടെ വന്ന അരണ്ട വെളിച്ചത്തിൽ താളിയോലകളിലെ അക്ഷരങ്ങൾ ഒന്നു കണ്ണുചിമ്മിത്തുറന്നു.

അവൻ ബാഗിൽ നിന്നും ഷീറ്റ് എടുത്ത് ഓലനിരയുടെ മേൽ വിരിച്ചു. ഉടുപ്പഴിച്ച് മാറ്റി അതി്ൻമ്മേൽ ഇരുന്നു. ഒന്നു സംശയിച്ചു നിന്നിട്ട് അവൾ അടുത്തു വന്നു കിടന്നു.
“കുഴപ്പമില്ല. ഒരു മെത്തപ്പായയുടെ ഫീലിങ് ഉണ്ട്’ അവൾക്ക് സ്വൽ‌പ്പം ആശ്വാസം. അവൻ മെഴുകുതിരി ഊതിക്കെടുത്തി.

താഴെ താളിയോലകൾ ഞെരിഞ്ഞു, വിതിർന്നു. കുറച്ചു കഴിഞ്ഞ് ഒരു താളിയോല മറ്റൊരു താളിയോലയോട് സുഖാലസ്യസ്വരത്തിൽ പറഞ്ഞു:
“എപ്പോഴും അത് തന്നെ ഉരുവിട്ടോണ്ടിരിക്കേണ്ടായിരുന്നു”.

“ഏത്?”

“അതേയ്. ഇദം ന മമ.”

11 comments:

  1. ഇദം ന മമ=ഇത് എന്റേതല്ല. സർവ്വവും ത്യജിയ്ക്കുന്നതിന്റെ പ്രസ്താവനാവാക്യം.
    താളിയോലകളുടെ കഥ.

    ReplyDelete
  2. ആദ്യ കമന്റ് എന്റെ വക.

    റൂട്ട് മാറ്റി കഥയിലേയ്ക്ക് തിരിഞ്ഞോ എതിരന്‍‌ജീ?

    കഥ കൊള്ളാം കേട്ടോ.
    :)

    ReplyDelete
  3. ഇന്നത്തെ ജനറേഷന്‍.
    :-(

    എനിക്കും ഇത്പോലെ ചില സീരിയസ് സബ്ജക്ടുകള്‍ പറയാനുണ്ട്. എഴുതി ഫലിപ്പിക്കാനാമോ എന്തോ?
    :-)
    ഉപാസന

    ReplyDelete
  4. താഴെ താളിയോലകൾ ഞെരിഞ്ഞു, വിതിർന്നു. കുറച്ചു കഴിഞ്ഞ് ഒരു താളിയോല മറ്റൊരു താളിയോലയോട് സുഖാലസ്യസ്വരത്തിൽ പറഞ്ഞു:

    അതെങ്ങനെ ശരിയാവും..?ത്യജിച്ചതു കൊണ്ടല്ലേ ആ “സുഖാലസ്യം” കിട്ടിയത്.അപ്പോൾ പിന്നെ “ഇദം ന മമ” എന്നു ഉരുവിട്ടിരുന്നത് നന്നായില്ലേ?

    വ്യത്യസ്തമായ ഈ ശൈലിയും എഴുത്തും നന്നായി.ആശംസകൾ!

    ReplyDelete
  5. ഉദ്ദേശിച്ച മെസേജ് കിട്ടിയില്ല എതിരൻ‌ജി

    ReplyDelete
  6. രതി ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗം തന്നെയാണെന്നാണോ? :-)

    ആണെങ്കിൽ നല്ല ഉശിരൻ കഥ!! തന്ത്രപൂർവ്വം പറഞ്ഞിരിക്കുന്നു.

    ReplyDelete
  7. superrrrrrrrrrrrrrrrrrrrrrrrrrrrr
    rrrrrrrrrrrrrrrrrrrrrrrrrrrrrrrrr
    rrrrrrrrrrrrrrrrrrrrrrrrrrrrrrrrr
    rrrrrrrrrrrrrrrrrrrrrrrrrrrrrrrrr
    suuuuuuuuuper ya

    Mathangan

    ReplyDelete
  8. കഥ രസകരമായി പറഞ്ഞിരിക്കുന്നു.ആശംസകൾ

    ReplyDelete
  9. താളിയോലയെ ഇനി പിടിച്ചാക്കിട്ടൂല്ല ;)

    ReplyDelete
  10. ഇത് കലക്കി! നല്ല കഥ.

    ReplyDelete