Thursday, November 12, 2009

സക്കറിയ- അഭിമുഖം. കഥാഖ്യാനം, എഴുത്തുകാരൻ കഥയിൽ, ദൈവം, യേശു,,,,,,,,,,,

സക്കറിയയുമായി നടത്തിയ അഭിമുഖത്തിൽ നിന്നും പ്രസക്തഭാഗങ്ങൾ. കഥാഖ്യാനം, എഴുത്തുകാരൻ കഥയിൽ, ദൈവം, യേശു, ബുദ്ധിജീവികളെക്കൊണ്ട് പ്രയോജനം, മുരടിച്ച പുരോഗതി, ലൌ ജിഹാദ്……..ഒട്ടേറേ കാര്യങ്ങൾ.

ഒന്നാം ഭാഗം

ഞാൻ: ആദ്യകഥകളിൽ നിന്നും വ്യത്യസ്തമായ ഒരു പരിണാമം പിൽക്കാലത്തെ കഥകളിലെ ആഖ്യാനരീതിയ്ക്ക് വന്നു ഭവിച്ചിട്ടുണ്ട്. മോണൊലൊഗ് സമൃദ്ധമായി ഉപയോഗിച്ചിട്ടുണ്ട് പിന്നീട് പലതും ആത്മഭാഷണങ്ങൾ പോലെയാണ്. “കഥ പറയുക” തന്നെയാണോ എളുപ്പം?


സക്കറിയ: കഥയിൽ നിന്നും കഥയിലേക്ക് ആഖ്യാനരീതിയ്ക്കു മാറ്റം വരും. ഒരു വിഷയം നമ്മുടെ കയ്യിൽ കിട്ടുമ്പോൾ അതനുസരിച്ച് നമ്മുടെ ഭാഷണം രൂപീകരിയ്ക്കുന്നു എന്നേ ഉള്ളു. അതല്ലാതെ പ്രത്യേകിച്ച് നേരത്തെ ആസൂത്രണം ചെയ്ത് ഇതിനകത്തേയ്ക്കു വരുന്നില്ല. കഥ പറയുക- ‘പറയുക’ എന്നർത്ഥർത്തിൽ കഥ പറയുക തന്നെ. ഏതായാലും ഒരു പറച്ചിലുകാരൻ ഇതിനകത്തുണ്ട്. എഴുത്തുകാരൻ ഞാനെന്ന സ്ഥാനത്തു നിന്ന് കൊണ്ട് പറഞ്ഞേക്കാം. അയാൾ അല്ലെങ്കിൽ അവൾ/അവൻ എന്ന സ്ഥാനത്തു നിന്നുകൊണ്ടൂം പറഞ്ഞേക്കാം. ആ പറച്ചിലേ ഉള്ളു. പിന്നെ ഒരോ കഥയുടേയും ‘വോയ്സ്’ എന്നുപറയുന്ന ആ സംഭവം. ‘സ്പീകിങ് വോയ്സ്’ കൃത്യമായി പറഞ്ഞാൽ. ആരാണു പറയുന്നത്, ഏതു വീക്ഷണകോണിൽ നിന്നാണു പറയുന്നത്, ഇതൊക്കെ ആ കഥയുടെ വിഷയം ആണു തീരുമാനിയ്ക്കുന്നത്. എഴുതാനിരുന്നു കഴിയുമ്പോൾ അതു കൈവന്നു ചേരുന്നതാണ്. ചിലപ്പോൾ ഒരു വീക്ഷണകോണിൽ നിന്നു തുടങ്ങി വേറൊന്നിലേക്ക് പോകേണ്ടി വന്നേക്കാം. പലപ്പൊഴും അങ്ങനെ വന്നിട്ടുണ്ട്., തുടങ്ങിയിട്ട് വേറൊന്നിലേക്ക് മാറിയിട്ടുണ്ട്. ‘അയാൾ’ എന്നു തുടങ്ങിയിട്ട് ‘ഞാൻ’ എന്നായിട്ടുണ്ട്. മറിച്ചും.

“കഥ പറയുന്നതേ ഒരു വിധിയ്ക്കലാണ്. പേനയെടുക്കുമ്പോഴേ ഒരു ഭാഗം ചേർന്നു കഴിഞ്ഞു. മറുഭാഗത്തെ സത്യത്തോടുള്ള പോര് തുടങ്ങിക്കഴിഞ്ഞു“ ഇങ്ങനെ എഴുതിയിട്ടുണ്ട്. എന്തൊക്കെയാണ് ഈ പോരാട്ടങ്ങൾ?

ആത്യന്തികമായി അവനവനോടു തന്നെയുള്ള പോരാട്ടമാണ്. പിന്നെ നമുക്കു ചുറ്റുമുള്ള സമൂഹത്തോടും എഴുതപ്പെട്ടു വരുന്നതിനോടുമുള്ളത്. രണ്ടുമൂന്നാലു കാര്യങ്ങൾ ഉണ്ട്. ഒന്ന് ഭാഷ. അത് പുതുമയോടെ വച്ചുകൊണ്ടിരിയ്ക്കുക എന്നതാണ്. ഒരുതവണ എഴുതിയ പോലെ രണ്ടാമതു വരാതിരിയ്ക്കാനുള്ള കഠിനമായ ശ്രമങ്ങൾ നടത്തിയേ തീരൂ. എന്നാൽ അത് സ്വാഭാവികവും നൈസർഗ്ഗികവും ആയിരിക്കുകയും വേണം. ഒരു കഥ അടുത്ത പോലെ ഇരിയ്ക്കരുത് എന്ന നിർബ്ബന്ധം നമ്മുടെ തലയ്ക്കു പുറകിൽ ഉണ്ടായിരിക്കണം. ഭാഷയുടെ കാര്യത്തിൽ പ്രത്യേകിച്ചും. ആത്മാനുകരണം ആണ് ഏറ്റവും അപകടകരം. ഇങ്ങനെ എഴുതിയ കഥ വിജയിച്ചു, ധാരാളം പ്രശംസ നേടി എന്നു വന്നുകഴിഞ്ഞാൽ, എന്നാൽ ശരി, അടുത്ത കഥയും ഇതുപോലെ എഴുതാം എന്നു തീരുമാനിച്ചാൽ നമ്മൾ പൊട്ടിപ്പൊളിഞ്ഞു പാളീസായിപ്പോകും. അതുകൊണ്ട് ആ നവീകരണം അത്യാവശ്യമാണ്. ആ അബദ്ധത്തിൽ ചെന്നു ചാടാതെ നേരത്തെ ഞാൻ എങ്ങനയോ അതിൽ നിന്നും വിമോചനം നേടി എന്നാണെന്റെ വിശ്വാസം. I believe I did not imitate myself too much. പിന്നെയുള്ള പോരാട്ടം കഥാപാത്രവുമായിട്ടെന്നതിനേക്കാൾ കഥയുമായിട്ടാണ്. കഥാപാത്രത്തെ എങ്ങനെ പറഞ്ഞു ഫലിപ്പിയ്ക്കുമെന്നതാണ്. അതിന്റെ യുക്തി, സ്ഥല-കാലങ്ങളിലെ അവന്റെ അല്ലെങ്കിൽ അവളുടെ പെരുമാറ്റങ്ങളും ചലനങ്ങളും, അവരുടെ ബന്ധങ്ങൾ, അവയ്ക്കുള്ളിലെ യുക്തി ഇതൊക്കെ. യുക്തിസഹമാക്കുന്നതിൽ വലിയ പ്രശ്നമുണ്ട്. അസാദ്ധ്യമായ കാര്യങ്ങൾ പോലും യുക്തിസഹമായിട്ട് പറഞ്ഞുവയ്ക്കണം.. കഥാപാത്രത്തെ അങ്ങനെ നമ്മൾ കരുപ്പിടിപ്പിച്ചുകൊണ്ടേ ഇരിയ്ക്കും.. എന്നാൽ അതിൽ
വലിയ പരിശ്രമം ഇല്ല. കഥാപാത്രം നമ്മുടെ കയ്യിൽ വന്നാൽ അയാളെ ഉരുട്ടിക്കൊണ്ടു പോകുക എന്നേ ഉള്ളു. അവനെക്കൊണ്ട് പുത്തനായിട്ട് ചിന്തിപ്പിയ്ക്കണം. ഞാൻ പുതുതായി ചിന്തിയ്ക്കണം. പിന്നെ ആവശ്യം പരിസരശ്രദ്ധയാണ്. നമുക്കു ചുറ്റുമുള്ള എഴുത്തൊക്കെ സശ്രദ്ധം വീക്ഷിച്ചുകൊണ്ടേ ഇരിയ്ക്കണം.എന്റെ peer group ന്റെ പ്രായക്കാരും ചെറുപ്പക്കാരുമായിട്ടുള്ള എഴുത്തുകളെല്ലാത്തിനേയും പറ്റിയുള്ള awareness. ഇതെല്ലാം വായിയ്ക്കാൻ പറ്റിയെന്നിരിക്കില്ല. പക്ഷെ നമുക്ക് ഏതാണ്ടറിയാം, വാരികകൾ മറിച്ചു നോക്കുന്നതിലൂടെ. അവരുണ്ടാക്കി വയ്ക്കുന്ന ചതിക്കുഴി- ചതിക്കുഴി എന്നത് അതിശയോക്തിയായിട്ട് പറഞ്ഞതാണ്-യിൽ വീഴാതെ നോക്കുക. ആ കെണിയിൽ പെടാതെ നോക്കുക. ഞാൻ അതുപോലെ എഴുതാൻ ഇടയുണ്ടെന്നുള്ളത് ഒരു കെണി തന്നെ. ആ ചതിക്കുഴിയിൽ നിന്നും ചാടിക്കയറുക എന്നതാണ് അടുത്ത പോരാട്ടം. ഞാൻ സേതുവിനെപ്പോലയോ മുകുന്ദനേപ്പോലെയോ കുഞ്ഞബ്ദുള്ളയെപ്പോലെയോ ആനന്ദിനേപ്പോലെയോ ആണ് എഴുതുന്നതെങ്കിൽ പിന്നെ കഷ്ടപ്പെട്ടിട്ട് കാര്യമില്ല. അല്ലെങ്കിൽ പുതിയ തലമുറയിൽ നിന്നുള്ള കെ. ആർ. മീരയെപ്പോലെയോ ബെന്യാമിനെപ്പോലെയോ ആണ് ഞാൻ എഴുതുന്നതെങ്കിൽ തീർന്നു- ഫിനിഷ് ഡ്. പിന്നെ ഒന്നു കൂടെയുള്ളത്, താങ്കൾ ചോദിച്ചതു കൊണ്ട്, എന്റെ കഥാപാത്രങ്ങൾ ഞാൻ വിശ്വസിക്കുന്ന മൂല്യങ്ങൾ- അതായത് പോസിറ്റീവ് ആയ കഥാപാത്രങ്ങളാണെങ്കിൽ- അവർ ഉൽ‌പ്പാദിപ്പിയ്ക്കുന്നു എന്ന് ഉറപ്പുവരുത്തുകയാണ്. സമത്വം, ലൈംഗിക സമത്വം, മതേതരത്വം, ജനാധിപത്യം ഇവയൊക്കെ എന്റെ വിശ്വാസപ്രമാണങ്ങൾക്ക് അനുസൃതമാണെന്ന്. അവയെ പരാമർശിക്കേണ്ട ആവശ്യം വന്നാൽ അവയൊക്കെ ഞാൻ സമർത്ഥിച്ചിരിക്കും., സത്യസന്ധമായിട്ട് അതു ഉറപ്പു വരുത്തണം എനിയ്ക്ക്. ഒരു സ്ത്രീയേപ്പറ്റി പരാമർശിക്കുമ്പോൾ കേരളത്തിലെ ശരാശരി പുരുഷമേധാവിത്വ പിഗ്ഗിനെപ്പോലെ ഞാനും എന്റെ കഥാപാത്രങ്ങളും സംസാരിച്ചാൽ-ഫിനിഷ് ഡ്.

കഥയെഴുതിത്തുടങ്ങുമ്പോൾ ഒരു മുൻ വിധിയ്ക്കു സാധ്യതയുണ്ടെന്നും അത് ഒഴിവാ‍ക്കുക അത്യാവശ്യമാണെന്നും പറഞ്ഞിട്ടുണ്ട്. എന്തൊക്കെയാണ് ഈ മുൻ വിധി പ്രശ്നങ്ങൾ?
ഈയിടെ എഴുതിയ അല്ഫോൻസാമ്മയുടെ കഥയിൽ മുൻ വിധികളെ നേരിടേണ്ടി വന്നോ?കഴിയുന്നതും മുൻ വിധികളില്ലാതെ ഞാനെഴുതും. കഥ എങ്ങനെ വരണം എന്നതേ ഉള്ളു. അല്ഫോൻസാമ്മയുടെ കഥ എടുത്താൽ ഏക മുൻവിധി അവർക്കു ചുറ്റും ഉണ്ടാക്കിവച്ച ആരാധനയുടേയും ഭംഗിവാക്കുകളുടേയും അതിമാനുഷികതയുടേയും പരിവേഷം ഇല്ലാതെ വേണം ആ സ്ത്രീയെ കൈകാര്യം ചെയ്യാൻ എന്നതായിരുന്നു. അതൊക്കെ വച്ച് ഞാൻ അൽഫോൻസാമ്മയെക്കുറിച്ച് കഥയെഴുതിയാൽ-പോയി. തീർച്ചയായിട്ടും അങ്ങനെ അതൊക്കെ മുൻ വിധിയാണ്. അക്കാര്യങ്ങളിൽ I am absolutely sure what I am going to do.. കഥയുടെ അന്ത്യം എന്റെ കയ്യിൽ തന്നെ ഉണ്ടായിരുന്നു അത് ഞാൻ എഴുതാൻ തുടങ്ങുമ്പോൾ. ഇന്ന രീതിയിൽ അവസാനിക്കണം എന്ന്. അതാണു മുൻ വിധി.


പ്രകൃതി-സ്ത്രീ-പുരുഷവിലയനം പല കഥകളിലും പ്രത്യക്ഷമായോ അപ്രത്യക്ഷമായോ കടന്നു വരുന്നുണ്ട്. “മഴ”, “കുഴിയാനകളുടെ ഉദ്യാനം‘ ഒക്കെ. ഇതൊരു ആസക്തി ആണോ?

അങ്ങനെയൊന്നും ഞാൻ കരുതിയിട്ടില്ല, ഒരു തരത്തിലും ചിന്തിച്ചിട്ടേ ഇല്ല. കഥയക്കനുസൃതമായി സ്ത്രീകൾ പ്രത്യക്ഷപ്പെടുന്നു, പോകുന്നു. പ്രകൃതിയിൽ നടക്കുന്ന കഥയാണെങ്കിൽ പ്രകൃതി വരും. എന്നല്ലാതെ യാതൊരു ആസൂത്രണവും ഇതിലെങ്ങുമില്ല.

പക്ഷേ ‘മഴ’ യിൽ തോമാ പ്രകൃതിയും സ്ത്രീയ്മായി വിലയിക്കുക ആണല്ലൊ?

എന്റെ ആദ്യകാല കഥകളിലൊന്നാണത്. അത് എങ്ങനെ അവസാനിപ്പിക്കണമെന്ന് അന്ന് അറിയില്ലായിരുന്നു. തോമയെ അങ്ങനെ വെള്ളത്തിൽ എടുത്തിട്ടതാണ്. (ചിരിയ്ക്കുന്നു)

പെൺകഥകൾ എന്നു തരം തിര്യ്ക്കപ്പെട്ടവയിലും മറ്റു കഥകളിലും പെണ്ണ് ശക്തിസ്വരൂപിണിയും പ്രാ‍യോഗിക ബുദ്ധിക്കാരിയുമാണ്. ചോദനകൾ വരെ മറച്ചുവച്ച് ആണിനെ നിയന്ത്രിയ്ക്കുന്ന പെണ്ണിനെ സലാം അമേരിക്കയിലും പ്രെയിസ് ദ ലോർഡിലും ‘കന്യാകുമാരി‘ യിലും ഒക്കെ കാണാം. ‘ക്രിസ്തുമസ് കഥ‘ യിലെ വേശ്യയിലും. ‘മന്ത്രവാദ’ ത്തിലെ രാമാനുജം തികച്ചും ബലഹീനൻ. മുൻപു പറഞ്ഞ ചില സത്യങ്ങളുടെ ആവർത്തനമാണോ ഇത്?

നേരത്തെ പറഞ്ഞ മാനസികപരിശീലനത്തിന്റെ ഭാഗം തന്നെ ഇതും. കേരളത്തിലെ പുരുഷമേധാവിത്തത്തിന് എതിരേയുള്ള എന്റെ മാനസിക നില, നിലപാട് ഇങ്ങനെയൊക്കെയായിരിക്കും പ്രതിഫലിച്ചു വരുന്നത്. കേരളത്തിലെ പുരുഷന്മാർ എറ്റവും വലിയ പൊങ്ങച്ചക്കാരാണ്. സ്ത്രീകൾ അതിനു വഴങ്ങിക്കൊടുക്കുന്നുമുണ്ട്. അങ്ങനെയുള്ളൊരു സമൂഹത്തിൽ ഞാനെടുത്തിര്യ്ക്കുന്ന നിലപാടിനനുസൃതമായി, മനഃപൂർവ്വമല്ലാതെ മലയാളി പുരുഷനോട് എന്റെ പ്രതികരണത്തിന്റെ ഭാഗമാണത്, അടിസ്ഥാനപരമായി.

“എനിയ്ക്കു പേടിയാകുന്നു” എന്ന് ആവർത്തിച്ചു പറയുന്നുണ്ട് “കന്യാകുമാരി” യിലെ ചെറിയാൻ തോമസ്. സെക്സ് പാപമാണെന്ന ഒരു സാദാ ക്രിസ്ത്യാനിയുടെ ഭീതി?

സെക്സ് പാപമാണെന്നാണല്ലൊ ക്രിസ്ത്യാനികളെ പഠിപ്പിച്ചിട്ടുള്ളത്. പൊതുവിൽ പുതിയ പഠനങ്ങൾ ധാരാളം നടന്നിട്ടുണ്ടെങ്കിലും. ‘ഏദൻ മിത്ത് എന്നതിനെ വച്ചാണ് ‘ആദിമ പാപം’ എന്നു വന്നത്. അത് ക്രിസ്ത്യാനികൾക്കു കിട്ടുന്ന മതപരിശീലനത്തിന്റെ ഭാഗമാണ്. ലൈംഗിതയെക്കുറിച്ചുള്ള വിഹ്വലതകൾ. ചെറിയാൻ തോമസും ഇങ്ങനെ പല അരക്ഷിതാബോധങ്ങളുള്ള ആളാണ്. തീർച്ചയാ‍യിട്ടും.

സ്നേഹം, പ്രേമം, കാമം, ശരീരം വിവാഹം ഇവയിലെയൊക്കെ പാരസ്പര്യങ്ങളോ കുഴമറിച്ചിലുകളൊ വിസ്മയിപ്പിക്കുന്ന കഥാപാത്രങ്ങളല്ലെ പല കഥകളിലും?

സ്ത്രീപുരുഷ ബന്ധങ്ങളെക്കുറിച്ച് എന്റെ മനസ്സിലുള്ളത് പ്രതിഫലിച്ചിട്ടുണ്ടാവും. പക്ഷെ അങ്ങനെ പ്രത്യേകിച്ച് ഉദ്ദേശിച്ചു എന്ന് പറയാനാവില്ല. ഒരു കഥ കിട്ടിക്കഴിഞ്ഞാൽ അതിനെ എങ്ങനെ ഫലിപ്പിക്കുക, അതു മാത്രമേ ഉള്ളു. ബാക്കിയുള്ളതൊക്കെ എഴുതാനിരിയ്ക്കുമ്പോൾ താനേ വന്നു കയറിക്കോളും. പണ്ടു വായിച്ചതുകളുടെ ഓർമ്മയും ഭാഷകളും പല കഥാപാത്രങ്ങളും ഒക്കെച്ചേർന്ന് കഥാപാത്രത്തിനെ കൊണ്ടുപോകുകയാണു ചെയ്യുന്നത്. അങ്ങനെയാണ് കഥയുടെ narrative ന്നിർമ്മിക്കപ്പെടുന്നത്- creativity, finally. ഈ കഥ തന്നെ വേറേ തരത്തിലും എഴുതാം. ഈ ഈ തരത്തിൽ ഞാൻ എഴുതി എന്നത് എന്റെ മാനസികപരിശീലനത്തിന്റെ ഫലമായിട്ട്, എന്റെ creativity നിർമ്മിച്ചെടുത്തു എന്നേ ഉള്ളു. അതിനപ്പുറത്തേയ്ക്ക്, അതിനുള്ളിലുണ്ടായിരിക്കുന്ന structure നു വേറേ ഒരു അർത്ഥവുമില്ല. ഇപ്പറഞ്ഞ ഒന്നിനും കഥയെ പറഞ്ഞുഫലിപ്പിയ്ക്കുക എന്നതിൽ കൂടുതൽ വേറേ ഒരു ഊന്നലും ഞാൻ കൊടുത്തിട്ടില്ല. അതേ സമയം, മുൻപേ പറഞ്ഞപോലെ ഈ ബന്ധങ്ങളെപ്പറ്റിയൊക്കെ എന്റെ ചില നിലപാടുകൾ നറെറ്റീവ് നിർമ്മിയ്ക്കുമ്പോൾ യഥാസ്ഥാനത്തു വന്നു വീഴുന്നതാണ്..

പക്ഷേ വായനക്കാരന് അതിനപ്പുറത്തുള്ള ചില ഫിലോസഫികൾ വായിച്ചെടുക്കാൻ പറ്റുന്നുണ്ടല്ലോ……..

അതാണ് സാഹിതത്തിന്റെ, പൊതുവേ കലയുടെയും വിശേഷവും ഗുണവും. കഥയായാലും കവിതയായാലും ചിത്രമായാലും സംഗീതമായാലും കലാകാരൻ സൃഷ്ടിയ്ക്കുന്നതിനപ്പുറം അനുവാചകനു ലഭിയ്ക്കുക എന്നത് കലയുടെ ഉദ്ദേശവുമാണ്. അതുകൊണ്ടാണ് art is larger than life എന്നു പറയുന്നത്. Each person reads his meaning. അങ്ങനെ കിട്ടുന്നെങ്കിൽ എഴുത്തുകാരൻ ഒരു പരിധി വരെ വിജയിച്ചു എന്നു വേണം കരുതാൻ.

ഉദ്ധരണികൾ പലേ കഥകളുടെയും തുടക്കത്തിലുണ്ട്. ചിലത് അനുബന്ധമായും. ആത്മീയ-വേദാന്ത പ്രഹേളികകൾ കഥകളായി പൊട്ടിപ്പുറപ്പെട്ടതാണെന്ന മുന്നറിയിപ്പാണോ ഇത്? അതോ ചില മുൻ കൂർ ജാമ്യങ്ങളോ?

ഞാനെടുത്തിരിയ്ക്കുന്ന ഉദ്ധരണികൾ എല്ലാം തന്നെ alternative spirituality യുടെ ആളുകളിൽ നിന്നാണ്. സൂഫിവര്യൻമാർ മുതൽ ചട്ടമ്പി സ്വാമികൾ വരെ. നാരായണഗുരുവിന്റേയും സെൻ ബുദ്ധിസത്തിന്റേയും സൂക്തങ്ങളുമുണ്ട്. It is a declaration of my intend. ഞാനെവിടെ നിൽക്കുന്നു എന്നത് തെളിയിക്കാനാണ്. എന്റെ ചില പ്രീതികൾ. സമർപ്പണം നടത്തുന്നതു പോലെ. എന്റേതല്ലാതെ മറ്റു ചിലത്. എന്നാൽ എനിയ്ക്കു സാംഗത്യമുള്ളവ തന്നെ.

ഇന്ദുചൂഡന്റെ കേരളത്തിലെ പക്ഷികളിൽ നിന്നും എടുത്തിട്ടുണ്ട്…….

ഏറ്റവും നല്ല മലയാളം എഴുതപ്പെട്ടിട്ടുള്ള രണ്ടോ മൂന്നോ പുസ്തകങ്ങളിലൊന്നാണ് ഇന്ദുചൂഡന്റെ കേരളത്തിലെ പക്ഷികൾ എന്നു വിശ്വസിക്കുന്ന ആളാണു ഞാൻ. അതുപോലെ തന്നെ മാ‍ര്ത്താണ്ഡവർമ്മയിൽ നിന്നുള്ള കള്ളിയങ്കാ‍ട്ട് നീലിയുടേതും ചേർത്തിട്ടുണ്ട്. എന്റെ favorite narrative എന്റെ പുസ്തകത്തിന്റെ ആദ്യം ഒരു മുദ്ര പോലെ വെച്ചെന്നേ ഉള്ളു.

സൈക്കിളിൽ ഡബിൾ എടുക്കുന്ന, ഓലത്തുമ്പത്തിരുന്നൂയലാടും പാടുന്ന ആ‍ാളാണു ദൈവം.പരിമിതികളില്ലാത്ത അധോവായുവിനാണു മതപ്രഭാഷണങ്ങളെക്കാൾ ആർജ്ജവം. ദൈവസങ്കൽപ്പം ഇങ്ങനെ അതിലളിതമാക്കിയത് മൌലികവാദം കേട്ടു മടുത്തിട്ടാണോ?


മൌലികവാദം ഒക്കെ പിന്നീടാണു വന്നത്.ഞാൻ ക്രിസ്തുമതത്തിൽ നിന്നും പുറത്തുവന്നപ്പോൾ ദൈവസങ്കൽ‌പ്പം എനിയ്ക്കേതു തരത്തിലും ആക്കാവുന്നതായി.മതത്തിന്റെ പിടി ഇല്ലാതാവുമ്പോൾ ദൈവം പെട്ടെന്ന് ഒരു സ്വതന്ത്ര ഓപറേറ്റർ ആകുന്നു.അപ്പോൾ എങ്ങനെ വേണമെങ്കിലും എനിയ്ക്ക് അതു വച്ചു കളിയ്ക്കാം. ഇങ്ങനെയൊക്കെ പാട്ടും പാടി സൈക്കിളിൽ കയറിപ്പോകുന്ന ദൈവമാണ് എന്റെ കയ്യിൽ കിട്ടിയത്.ഈ കഥ ഞാൻ എഴുതിവന്നപ്പോൾ-ബാബുരാജിന്റെ “ഞാനുറങ്ങാൻ പോകും മുൻപായ്” പഠിച്ചെടുക്കുന്നുണ്ട് ഈ ദൈവം പിന്നീട്-ഇങ്ങനെ ഒരു ദൈവത്തേയും സങ്കൽ‌പ്പിച്ചെടുക്കാമല്ലൊ എന്ന തോന്നലിൽ നിന്നും വന്നതാണത്. അത്രമാത്രം.

ഉല്ലാസവാനായി ചിരിയ്ക്കുന്ന യേശുവിനെ അവതരിപ്പിച്ചിട്ടുണ്ട്.യേശു വാഗ്ദാനം ചെയ്ത ദൈവരാജ്യത്തിലെത്താൻ കൊതിയ്ക്കുന്ന പിലാത്തൊസുമുണ്ട്. എന്നാലും “എന്തു ദാനമാണ് നീ കൊടുത്തത്? കുറച്ച് സ്നേഹവും അരിശവും മാത്രമേ നീ തന്നുള്ളല്ലൊ. നിന്റേത് വാക്കുകൾ കൊണ്ടുള്ള കസർത്തല്ലായിരുന്നൊ?” എന്ന് ‘അന്നമ്മ ടീച്ചർ-ഒരോർമ്മക്കുറിപ്പ്’ ഇൽ ചോദിച്ചു പോകുന്നുണ്ടല്ലോ?

യേശു ആവശ്യകമായി ഒരു ഞാണിൻ മേൽക്കളി നടത്തുകയായിരുന്നു.പഴയനിയമത്തിൽ ഹീബ്രായിക്-ജ്യൂയിഷ് പാരമ്പര്യത്തിൽ നിന്നും ഭയങ്കര ഭീകരനും നാശകാരിയുമായ ദൈവത്തിൽ നിന്നും സ്നേഹവും സാഹോദര്യവും സൃഷ്ടിച്ച ആളായിട്ടാണല്ലൊ മതങ്ങളുടെ ചരിത്രത്തിൽ യേശുവിന്റെ സംഭാവന. ഒരു കവിളത്തടിച്ചാൽ മറ്റെ കവിൾ കാണിച്ചു കൊടുക്കണമെന്നു പറയുന്ന ആൾ. പല്ലിനു പല്ല് നഖത്തിനു നഖം എന്നു പറയുന്നതിനു പകരം. യഹൂദന്മാരുടെ കയ്യിലുണ്ടായിരുന്ന യഹോവയിൽ നിന്നും ചാടിപ്പോകുകയായിരുന്നു യേശുവിന്റെ ദൈവം. A landmark contribution to the history of religion. ഇതു മുഴുവൻ യേശുവിന്റെ ഒരു വാചകക്കസർത്തു പോലെ നമുക്ക് കാണാവുന്നതണ്. എല്ലാം പറഞ്ഞു ഫലിപ്പിയ്ക്കുകയായിരുന്നു. കരുണയുടെയും എല്ലാം കാര്യങ്ങൾ. സുകുമാ‍ർ അഴിക്കോടിനെപ്പോലെ ഒക്കെ ഉള്ള ആളായിരുന്നു. പ്രസംഗമായിരുന്നു അദ്ദേഹത്തിന്റെ കല. പ്രസംഗിച്ച് പ്രസംഗിച്ച് പോയി സ്വന്തം പ്രസംഗം ഗൌരവമായി എടുത്തു. കുരിശുമരണം കിട്ടി എന്നത് സത്യമാണെങ്കിൽ, then he got into trouble. അവനവനെത്തന്നെ വളരെ സീരിയസ് ആയിട്ട് എടുത്തതിനാലാണിത്. പിലാത്തോസ് ഇദ്ദേഹത്തെ രക്ഷിയ്ക്കാനായി പതിനെട്ട് അടവുകളും പ്രയോഗിയ്ക്കുന്നുണ്ട്.
ലീഡിങ് ചോദ്യങ്ങൾ ഒക്കെ ഇട്ടുകൊടുത്ത്. ബൈബിൾ നല്ല വ്യക്തമായി പറയുന്നുണ്ട് ഇത്. ജഡ്ജി തടവുകാരനെ രക്ഷിയ്ക്കാനായി സൂചനകൾ കൊടുക്കുകയാണ്. എളുപ്പസൂചനകൾ കൊടുത്തുകൊണ്ടുള്ള ചോദ്യങ്ങൾ. ഇങ്ങനെയൊക്കെ പറഞ്ഞാൽ നീ രക്ഷപെടും എന്ന മട്ടിലുള്ളവ. പക്ഷേ ഈ വിദ്വാൻ അതുപോലും സമ്മതിയ്ക്കുന്നില്ല. He got trapped in his own verbal mechanism. അല്ലെങ്കിൽ അവിടുന്ന് രക്ഷപെടണമെന്നില്ലായിരിക്കും. ഒരുപക്ഷേ he did not want to live any more. ജീവിയ്ക്കാൻ ആഗ്രഹിച്ചിരുന്നിരിക്കയില്ല. അതുകൊണ്ട് മനഃപൂർവ്വം ശിക്ഷ വാങ്ങിയ്ക്കുക ആയിരുന്നു.പിലാത്തോസ് ഇട്ടുകൊടുക്കുന്ന സൂചനകളൊന്നും മനസ്സിലാകാതെ പോകുന്നവനല്ല യേശു. റോമാ സാമ്രാജ്യത്തെപ്പറ്റിയും മറ്റും ചോദിയ്ക്കുമ്പോൾ തർക്കുത്തരം പറയാൻ തുടങ്ങി. ഇങ്ങനെ സ്വന്തം വാചകങ്ങൾ തന്നെ കൊണ്ടുപോയി അന്ത്യത്തിലെത്തിച്ച ആളാണ് യേശു. ഒരുപക്ഷേ അദ്ദേഹത്തിനു അതായിരുന്നിരിയ്ക്കാം ഇഷ്ടം.

പക്ഷേ അന്നമ്മ ടീച്ചർ വീഴുമ്പോൾ സ്നേഹപൂർവ്വം താങ്ങുന്നത് യേശു തന്നെയാണ്. യേശുവിലുള്ള വിശ്വാസം അല്ലേ ഇതെഴുതിച്ചത്? സ്നേഹവും അരിശവും മാത്രമല്ലെ തന്നുള്ളു എന്നതും നിരാശയുടെ ആവലാതി അല്ലെ?

അത് അന്നമ്മ ടീച്ചറാണ്. ഞാനല്ല.

പക്ഷേ മനസ്സിൽ തട്ടി അല്ലേ ആ വാചകങ്ങൾ എഴുതിയത്?

അത് യേശുവിനെപ്പറ്റിയുള്ള ചരിത്രപരമായ വായനയുടെ പരിണിതഫലമാണ്.

*************************************************************************************
ബുദ്ധിജീവി, മതം, രാഷ്ട്രീയം, ലൌ ജിഹാദ്……..അടുത്ത ഭാഗത്തിൽ.

12 comments:

എതിരന്‍ കതിരവന്‍ said...

സക്കറിയയുമായുള്ള അഭിമുഖത്തിൽ നിന്നും പ്രസക്ത ഭാഗങ്ങൾ. കഥാഖ്യാനം, എഴുത്തുകാരന്റെ പോരാട്ടങ്ങൾ, മുൻ വിധികൾ, ദൈവം, യേശു, ബുദ്ധിജീവികൾ, ലൌ ജിഹാദ്......അദ്ദേഹം മനസ്സു തുറക്കുന്നു.

simy nazareth said...

കിടിലം ചോദ്യങ്ങള്‍.. ഉത്തരങ്ങളും.

പാഞ്ചാലി said...

എനിക്ക് ചോദ്യങ്ങള്‍ വളരെ ഇഷ്ടമായി!

ചേച്ചിപ്പെണ്ണ്‍ said...

ആരാ ഈ അഭിമുഖം നടത്തിയേ ?
നന്നായിട്ടുണ്ട് & അടുത്ത ഭാഗത്തിനായ്‌ കാത്തിരിക്കുന്നു ....

എതിരന്‍ കതിരവന്‍ said...

ചേച്ചിപ്പെണ്ണ്:
ഞാൻ തന്നെയാ അഭിമുഖം നടത്തിയത്.

വികടശിരോമണി said...

അടുത്ത ഭാഗം കൂടി വായ്ച്ചിട്ടു വിശദമായി കമന്റാം എന്നു കരുതിയിരുന്നതാ കെട്ടോ.
എതിരന്റെ ആരാധകരെ പേടിച്ചാണെങ്കിൽ ഈ വഴി വരാൻ പേടി സഹിച്ചൂടാ താനും.
കഴിഞ്ഞ കഥയിലെ ഫാൻസ് ആക്രമണത്തിൽ പേടിപ്പനി പിടിച്ച് മൂന്നൂസം തുള്ളിപ്പനിച്ചതാ.:)

Unknown said...

ഓർമയിലെ ഓണം, വരളുന്ന മലയാളകവിത, തുടങ്ങിയ ക്ലീഷേ ചോദ്യോത്തരങ്ങളില്ലാത്ത ഒരു ഇന്റർ‌വ്യൂ വായിക്കാൻ കഴിയുമ്പോൾ ഉള്ള സുഖം പറഞ്ഞറിയിക്കുക വയ്യ :-)

രാജേഷ് ആർ. വർമ്മ said...

കലക്കീട്ടുണ്ട്. ഇനീം പോരട്ടെ. ഒരിടത്തും നസ്രാണിയുവാവും ആർക്കറിയാമും വായിച്ചു ലഹരിപിടിച്ച കാലം ഓർമ്മവന്നു. വെറും സാംസ്കാരികനായകനായ ഇന്നത്തെ സക്കറിയയെ കുറച്ചുനേരത്തേക്കു മറന്നു.

ശ്രീ said...

നന്നായി, മാഷേ

അനീഷ് രവീന്ദ്രൻ said...

അടുത്ത ഭാഗം ഉടനെയുണ്ടാവില്ലേ? വളരെ നല്ല അഭിമുഖം. പോസ്റ്റ് ചെയ്തതിന് നന്ദി. ഒരു ചെറിയ ഭാഗം വളരെ ഇഷ്ടപ്പെട്ടതെ കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് താങ്കളുടെ ബ്ലോഗിന്റെ ലിങ്കും കൊടുത്തു. വിരോധമില്ല എന്ന് വിശ്വസിക്കുന്നു.

ഉപാസന || Upasana said...

avasaana bhaagaththe enthO "confusion"

Good Ethiran.
waiting for second part
:-)
Upasana

t.k. formerly known as thomman said...

Good probes about Sakaria's belief in Christ. He slipped away shrewdly; but I don't believe he can write such great stories without some affection for Christ at least.