Monday, September 6, 2021

മമ്മുട്ടി-ഉടലും നടനും

 

   വൈക്കത്തടുത്തുള്ള ചെമ്പ് എന്ന ഗ്രാമത്തിൽ നിന്ന് മഞ്ചേരിക്ക് പോയ മുഹമ്മദ് കുട്ടിയ്ക്ക് പ്രധാനമായും അവീടെ വക്കീലായി പ്രാക്റ്റീസ് ചെയ്യുക എന്നതായിരുന്നു ഉദ്ദേശം. എന്നാൽ ഉള്ളിൽ ശക്തിയായി തുടിച്ചിരുന്നത് സിനിമയിൽ എത്തിപ്പെടാനുള്ള മോഹാവേശവും. മിമിക്രിയും ചില നാടകാഭിനയ പരിചയവും തന്റെ ആത്മവിശ്വാസത്തെ ഉറപ്പിച്ചെടുത്തിരുന്നു എന്നതിലപ്പുറം  അത് സിനിമ എന്ന ദുഷ്ക്കരപ്രപഞ്ചത്തിൽ എത്തപ്പെടാൻ മതിയാകുന്നതോ എന്ന സന്ദേഹം തീർച്ചയായും മുഹമ്മദ് കുട്ടിയ്ക്ക് ഉണ്ടായിരുന്നിരിക്കണം. എം. റ്റി. വാസുദേവൻ നായരുടെ സഹകരണവും പ്രോൽസാഹനവും ആ അണ്ഡകടാഹത്തിന്റെ പുറം തോട് പൊട്ടിച്ച് ഉള്ളിൽക്കയറുന്നത് സാദ്ധ്യമാക്കി എന്നത് ചരിത്രം. അൻപതു വർഷം ഏതു കലാരംഗത്തും പിടിച്ചു നിൽക്കുക-അതും തലപ്പത്തു തന്നെ- എന്ന അസാദ്ധ്യകൃത്യം സാധിച്ചെടുത്തു എന്നത് മുഹമ്മദ് കുട്ടിയ്ക്ക് മാത്രം സംഭവിച്ച അപൂർവ്വ ജീവിതനിയോഗം തന്നെയാണ്.

 

   താനറിയതെ തന്നെ മമ്മുട്ടിഎന്ന ലളിതനാമപ്രതിഛായയിൽ കയറിക്കൂടേണ്ടി വന്നു എന്നതിൽ വിരോധാഭാസത്തിന്റെ ലാഞ്ഛന ഉണ്ട്. പിൽക്കാലത്ത് ഗ്ലാമറിന്റെ പര്യായമായി മാറിയ  പ്രസിദ്ധനടന് അതിനു വിരുദ്ധമായ ഈ പേരു നൽകുമ്പോൾ എം റ്റി തന്നെ വിചാരിച്ചു കാണുകയില്ല വിപരീതദ്യോതകമായി മാറുന്ന മായാവിലാസം സംഭവിക്കാൻ പോവുകയാണെന്നുള്ളത്. യൂസഫ് ഖാൻ ദിലീപ് കുമാർ ആകേണ്ടുന്നതും അബ്ദുൾ ഖാദർ പ്രേംനസീർ ആകേണ്ടുന്നതും കൃഷ്ണൻ നായർ ജയൻ ആകേണ്ടുന്നതുമായ ലോകത്തിലാണ് ഇത് സംഭവിക്കുന്നത്. നായകനടനു കാൽപ്പനികത മുറ്റി നിൽക്കുന്ന, താരള്യമിയന്ന പേരുകളാവണം വേണ്ടത്. ‘’മമ്മുട്ടി സുന്ദരനല്ലഎന്ന് പണ്ട് സാഹിത്യവാരഫലത്തിൽ എം. കൃഷ്ണൻ നായർ എഴുതിയിട്ടുണ്ടത്രെ. മമ്മുട്ടി എന്നോളം സുന്ദരനല്ല എന്ന് വൈക്കം മുഹമ്മദ് ബഷീറും. ഇതിൽ സത്യമേതുമില്ല എന്ന് പ്രേക്ഷകർക്ക് അറിയാമെന്നുള്ളത് തന്നെയാണ് ഉണ്മയുടെ ദൃഷ്ടാന്തം.  അൻപതുകൊല്ലം  നിരന്തരമായി വെള്ളിത്തിരയിൽ ഒരു മുഖവും ശരീരവും ആകൃഷ്ടതരമായി പ്രത്യക്ഷപ്പെടുത്തുക എന്നത് വളരെ ദുഷ്ക്കരമായ കാര്യമാണ്. മമ്മുട്ടിയുടെ മുഖത്ത് ഏറ്റവും കൂടുതൽ  (കുടുംബത്തിനു പുറത്ത്) സ്പർശിച്ചിട്ടുള്ളത് മേക് അപ്മാൻ പട്ടണം റഷീദ് ആയിരിക്കണം. അമർത്തിയാൽ ചോര പൊടിയുന്നതു പോലത്തെ മുഖം എന്നാണ് പട്ടണം റഷീദിന്റെ സാക്ഷ്യം. എന്നാൽ ആകാരസൗഷ്ഠവം വിജയങ്ങൾ നേടിത്തരുന്ന ഒരു മേഖലയല്ല സിനിമയുടേത്. വികാരവിക്ഷോഭങ്ങൾ പ്രകടിപ്പിക്കുമ്പോൾ വികൃതമായിപ്പോകാത്ത ഒരു മുഖം വേണമെന്നേ ഉള്ളു. സിനിമയിലെ നായകനുമായി തന്മയീഭവിക്കുന്നത് സിനിമയുടെ മാസ്മരികതയിൽ പെടുന്നതാകകൊണ്ട് സുന്ദരനായ നായകൻ പ്രേക്ഷകന്റെ അഹം ഭാവത്തെ പ്രോജ്ജ്വലിപ്പിക്കും തീർച്ചയായിട്ടും. നായകന്റെ തോൽ വിയിൽ കലാശിക്കുന്ന മമ്മുട്ടി സിനിമകൾ പ്രേക്ഷകർ സഹൃദയം ഏറ്റുവാങ്ങിയത് അതിസുന്ദരനായ ഒരാൾക്ക് ജീവിതത്തിൽ വമ്പൻ പരാജയങ്ങൾ വന്ന് ഭവിക്കാമെങ്കിൽ നമ്മുടെ ദുരനുഭവങ്ങൾക്ക് അവയെല്ലാം സാധുത നൽകുന്നു എന്ന ആശ്വാസവിചാരമാണ്. അതിസമർത്ഥമായാണ് മമ്മുട്ടി ഈ സത്യം തന്റെ വിജയത്തിനായി ഒരുക്കിയെടുത്തത്. മുഖകാന്തിയോ ആകാരസൗഷ്ഠവമോ തനിക്കും കഥാപാത്രത്തിനുമിടയിൽ ചോരണങ്ങൾ നടത്താതിരിയ്ക്കാൻ പലപ്പോഴും ശ്രദ്ധ വയ്ക്കുകയും ചെയ്തു. പൊന്തൻ മാടയോ സൂര്യമാനസത്തിലെ പുട്ടുറുമീസോ മൃഗയയിലെ വാറുണ്ണിയോ  ഭാസ്കര പട്ടേലരോ  പ്രാഞ്ചിയേട്ടനോ മുഖസൗന്ദര്യം കൊണ്ട് ഫലിപ്പിച്ചെടുത്ത കഥാപാത്രങ്ങൾ അല്ലെന്നുള്ളത് സുവിദിതമാണ്.

 

   കണിശമുള്ള അർപ്പണബോധവും സ്വയം നവീകരിയ്ക്കുന്നതിൽ ഉള്ള പ്രാവീണ്യവും വിട്ടുവീഴ്ച്ചകൾ അനുവദിക്കാത്ത അഭിനയ കൃത്യനിഷ്ഠയും അൻപതുകൊല്ലങ്ങളായി മമ്മുട്ടിയെ ഉന്നതശൃംഗത്തിൽത്തന്നെ നിലനിറുത്തിയിരിക്കയാണ്. സ്വന്തം ശരീരത്തെ ഇത്രമാത്രം ഒരുക്കി നിറുത്തിയ മറ്റൊരു നടനുണ്ടോ എന്ന് സംശയം. ക്യാമെറയ്ക്ക് അനുരൂപപ്പെടുത്തിയെടുക്കുക-അഭിനയവും ശരീരവും- എന്നത് അത്ര എളുപ്പമായ കാര്യമല്ല. ക്യാമെറയ്ക്ക് മുന്നിലെ പെരുമാറ്റം സ്ക്രീനിൽ എന്ത് പ്രതിഫലിപ്പിക്കും എന്നത് കൃത്യമായി തിരിച്ചറിയുക എന്നത് സിനിമാ അഭിനയത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പാഠമാണ്. ഇതായിരിക്കണം മമ്മുട്ടിയുടെ വിജയരഹസ്യം. സംഭാഷണങ്ങൾ ഉരുവിടുന്നതിൽ ഭാവാത്മകത സന്നിവേശിക്കപ്പെട്ടതും ഇതുപോലെ തപസ്യാരീതിയിൽ അനുവർത്തിച്ച നിഷ്ഠകളുടെ പരിണതി ആയിരിക്കണം. മുഖമാംസപേശികൾ എത്രമാത്രം. എങ്ങനെ ചലിപ്പിക്കണം പ്രേക്ഷകനെ തെര്യപ്പെടുത്താൻ എന്നത് സ്വയം പഠിപ്പിച്ചിരിക്കണം. അതുകൊണ്ടാണ് കരിയിലക്കാറ്റു പോലെ യിൽ സ്റ്റേജിൽ ഇരുന്ന് പണ്ട് പീഡിപ്പിച്ച സ്ത്രീയെ കാണുമ്പോഴുള്ള മനോവിഭ്രാന്തി തന്മയത്വമാർന്നത്, തനിയാവർത്തനത്തിൽ സ്വന്തം അനുജത്തിയെ പെണ്ണൂ കാണാൻ വന്നവരോട് അയല്പക്കക്കാരനാണെന്ന് പറയുമ്പോഴുള്ള ദയനീയത ആന്തരസ്പർശിയായത്.  അവനവനെ  പഠിച്ചെടുക്കുക, അത് പ്രായോഗികമാക്കുക, ഇതൊക്കെത്തന്നെയാണ്  അൻപതുകൊല്ലം നായകസ്ഥാനത്ത് വിരാജിക്കാൻ ഇടയാക്കിയത്.  

 

  ഇപ്രകാരം സൂക്ഷ്മമായും അവധാനതയോടും കൂടി ക്യാമെറയ്ക്ക് അനുരൂപപ്പെടുത്തിയ ശരീരം കൂടുതൽ വഴക്കിയെടുത്തതാണ് മമ്മുട്ടിയുടെ കഥാപാത്രവൈപുല്യത്തിന്റെ സാദ്ധ്യതയിലേക്ക് വഴി തെളിച്ചത്. പോലീസ് വേഷം അദ്ദേഹത്തിന്റേയോ പ്രേക്ഷകരുടേയോ  ഇഷ്ടവേഷം എന്ന് വേർ തിരിക്കാനാവാതെ സമ്മിളിതമായി. വാൽസല്യനിധിയായ വെല്ല്യേട്ടൻമ്മാരോ ദാമ്പത്യത്തിന്റെ നിഗൂഢകളികളിൽ തോറ്റുപോകുന്ന ഭർത്താവോ പ്രേമനാടകങ്ങളിൽ ചതിക്കപ്പെട്ടു പോകുന്ന ചന്തുമാരോ കാമമോഹിതനായിച്ചമയുന്ന യൗവനയുക്തനോ ആർക്കു വേണ്ടിയും ആ ശരീരം വിട്ടു കൊടുക്കപ്പെട്ടു. അതേ സമയം സൂക്ഷ്മതയോടെ ആ ശരീരത്തിൽ കാലത്തിന്റെ അടയാളങ്ങൾ പതിയാതിരിക്കാൻ വ്യക്തിപരമായി കഠിനപ്രയത്നവും ഉൾച്ചേർത്തു. അതുകൊണ്ടാണ്  സ്വന്തം ശരീരഭാഷ കഥാപാത്രത്തിന്റേതായി മാറ്റിയെടുക്കാൻ സാധിച്ചത്. മതിലുകളിലെ ഈ പ്രപഞ്ചത്തെ മുഴുവൻ സ്നേഹിക്കുന്ന ബഷീർ ആകാനും വിധേയനിലെ അതിക്രൂരനായ ഭാസ്കരപട്ടേലർ ആകാനും അത് എളുപ്പവഴി തെളിച്ചു എന്ന് മാത്രമല്ല പ്രതീതിജനകവും വിശ്വസനീയവും ആയി പ്രേക്ഷകർക്ക് അനുഭവപ്പെടുത്താനും ഇടയാക്കി. ഇങ്ങനെ ക്യാമെറയ്ക്കും വെള്ളിത്തിരയിലെ പ്രതിഛായയ്ക്കും വേണ്ടി  പാകപ്പെടുത്തിയ മൃദുചടുലവും അനുകൂലനീയവും ശാഠ്യമില്ലാതെ മയപ്പെടുത്താവുന്നതുമായ ശരീരം അതിന്റേതായ ഭാഷ നിർമ്മിച്ചെടുത്ത് കൂട് വിട്ട് കൂട് മാറുന്ന കളികളിൽ അയത്നലളിതമായി പങ്കെടുത്തു, അതിന്റെ പരിണിതപത്രമാണ് അൻപതുകൊല്ലത്തെ അനുസ്യൂതവിജയം. ഒരു കാലിന്റെ നീളക്കുറവ് പോലെയുള്ള ചില ശാരീരികവൈകല്യങ്ങൾ അതിസമർത്ഥമായാണ് ഒളിപ്പിക്കപ്പെട്ടത്.  ആകാരസൗഷ്ഠവത്തിന്റെ ആകർഷണീയത ഇതോടൊപ്പം കാഴ്ച്ചാശീലങ്ങളെ മെരുക്കി നിറുത്തുകയും ചെയ്തു. Screen presence എന്നത് താനേ വന്ന് ഭവിച്ചതല്ല, നൈസർഗ്ഗികമായ ചാതുരിയും അനുഷ്ഠാനപരമെന്നപോലെയുള്ള പരിപാലനവും പിന്നിലുണ്ട്.

 

   വിദഗ്ധമായ സംഭാഷണചാതുരി ഇതിന്മേൽ ചേർക്കപ്പെട്ടത്  വൈവിദ്ധ്യമിയന്ന കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം സാദ്ധ്യമാക്കി എന്ന് മാത്രമല്ല അത് പ്രേക്ഷകരിലേക്ക് പകർത്താനും നിസ്സന്ദേഹമായി അവരെ ബോദ്ധ്യപ്പെടുത്താനും വഴി തെളിച്ചിട്ടുണ്ട്. അതിനാടകീയത ആവശ്യപ്പെടുന്നതാണ് ഇൻഡ്യൻ സിനിമാസന്ദർഭങ്ങൾ എന്നിരിക്കെ അതിനു അയവ് വരുത്തിക്കൊണ്ടാണ് മമ്മുട്ടിയുടെ പ്രവേശനം തന്നെ. ആദ്യകാലങ്ങളിൽ സത്യന്റെ അഭിനയശൈലികൾ മമ്മുട്ടിയിൽ കണ്ടെങ്കിൽ അത് ഒരു മേന്മ തന്നെയായി അംഗീകരിക്കപ്പെടേണ്ടിയിരിക്കുന്നു. കോടതി രംഗങ്ങൾ സാധാരണ പ്രേക്ഷകരെ ഹരം കൊള്ളിയ്ക്കുന്ന രീതിയിൽ അവതരിപ്പിക്കുമ്പോഴും ഒരു നിപാതം പോലെ അതിന്റെ പര്യവസാനം സ്വാഭാവികതയിലേക്ക് ഊർന്നിറങ്ങുന്നതാക്കാനും ശ്രദ്ധ വച്ചിട്ടുണ്ട്. ഇത്തരം കൃത്യമായ പഠിച്ചെടുക്കലുകൾ സ്വയം നവീകരിക്കാൻ അനുവദിക്കുകയും അത് ഉൾച്ചേർക്കാൻ ശ്രദ്ധിക്കുകയും ചെയ്തതുകൊണ്ടാണ് പ്രാഞ്ചിയേട്ടനെപ്പോലെ അവതരിപ്പിച്ചു ഫലിപ്പിക്കാൻ പ്രയാസമുള്ള കഥാപാത്രങ്ങൾ വിശ്വാസയോഗ്യത നേടിയെടുത്തത്. സംവിധായകൻ എന്താണ് ഉദ്ദെശിക്കുന്നത് എന്നത് കൃത്യമായി മനസ്സിലാക്കിയെടുക്കുന്നത് സിനിമാ അഭിനയത്തിന്റെ ട്രിക്കുകളിൽ ഒന്നാണ്.

 

  ഒരു നൂറ്റാണ്ടിന്റെ പകുതി, രണ്ടോ മൂന്നോ തലമുറ-തൃപ്തിപ്പെടുത്താൻ പ്രയാസമുള്ള കാലയളവും ഘടകങ്ങളും ആണിവ. സിനിമ ആവശ്യപ്പെടുന്ന രാഷ്ട്രീയപരത, കലാമൂല്യപരിസരം, ചരിത്ര-സമകാലീന ബന്ധങ്ങൾ ഇവയോടൊക്കെ സമരസപ്പെടുത്തിയെടുക്കപ്പെടേണ്ട ഉടലും മനസ്സും അതിനു സന്നദ്ധമാക്കി നിലനിറുത്തുക എന്നത് ക്ലിഷ്ടമാണ്. ഇത് സാദ്ധ്യമാക്കാൻ സ്വയം സമർപ്പിക്കുകയും  വഴങ്ങിക്കൊടുക്കുകയും ചെയ്താണ് മമ്മുട്ടി  സിനിമാലോകത്ത് സ്ഥിതപ്രജ്ഞനായി നിലനിന്നിട്ടുള്ളത്.   

 

 

 

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

അതെ , കണിശമുള്ള അർപ്പണബോധവും സ്വയം നവീകരിയ്ക്കുന്നതിൽ ഉള്ള പ്രാവീണ്യവും വിട്ടുവീഴ്ച്ചകൾ അനുവദിക്കാത്ത അഭിനയ കൃത്യനിഷ്ഠയും അൻപതുകൊല്ലങ്ങളായി മമ്മുട്ടിയെ ഉന്നതശൃംഗത്തിൽത്തന്നെ നിലനിറുത്തികൊണ്ടിരിക്കുകയാണ് ...