Friday, September 25, 2009

പൊൻ വെയിൽ മണിക്കച്ചയഴിഞ്ഞുവീണു.........

ശ്രവണസുഖത്തിന്റെ നിദർശനമായി കണക്കാക്കാവുന്നതാണ് “പൊൻ വെയിൽ മണിക്കച്ച അഴിഞ്ഞു വീണൂ സ്വർണ്ണപീതാംബരമുലഞ്ഞു വീണു…“ എന്ന യേശുദാസ് കളകണ്ഠ നിസ്വനഗാനം. ലോലവും മൃദുവുമാണ് ഗാനപരിചരണം. നൂപുരങ്ങൾ അഴിച്ചു വച്ച കാളിന്ദിയുടെ ഒഴുക്ക്. തീക്ഷ്ണപ്രണയഭാവത്തെ സ്നിഗ്ദ്ധതയിൽ നീറ്റിയെടുക്കൽ. നാദസ്വരത്തിന്റെ ഉചിത നിയോഗസാന്നിദ്ധ്യം അണയ്ക്കുന്ന പ്രത്യേകത. ഇവയോടെല്ലാം യോജിച്ചുപോകുന്ന കവിത. ആലാപനപ്രസന്നതയുടെ നറുമധുരം വിട്ടുംവച്ചു പോകുന്നത് പാട്ടിന്റെ മണിക്കച്ച ഉലഞ്ഞുവീഴുമ്പോഴുള്ള അനുഭവസായൂജ്യം.

ദക്ഷിണാമൂർത്തി-ശ്രീകുമാരൻ തമ്പി സഖ്യത്തിൽ നിന്നും ഉടലെടുത്ത നിരവധി കേൾവിക്കുളിർ ഉൾക്കൊള്ളുന്ന പാട്ടുകളിലൊന്നായി കണക്കാക്കാമെങ്കിലും വളരെ പ്രത്യേകതകൾ പേറുന്നു, ‘പൊന് വെയിൽ മണിക്കച്ച …‘ ഓർകെസ്ട്രേഷനിലെ പുതുമകളും ശിൽ‌പ്പപരിചരണത്തിൽ ആവിഷ്ക്കരിയ്ക്കപ്പെട്ട വ്യത്യസ്ത സങ്കേതങ്ങളും ഈ പാട്ടിനെ ഇവരുടെ മറ്റു പാട്ടുകളേക്കാൾ ഒരുപടി മേലെ നിറുത്തുന്നു. ശങ്കരാഭരണത്തിന്റെ ഗാംഭീര്യപ്രൌഢി ഒഴിച്ചു നിറുത്തി മന്ദ്രത കുറുക്കിയെടുത്ത് പ്രണയലോലന്റെ പ്രേമപൂർത്തിയ്ക്കുള്ള അഭിലാഷയാചനങ്ങൾക്കായി ഒരുക്കിയെടുത്തിരിക്കയാണ് ഇവിടെ. ശ്രീകുമാരൻ തമ്പി ശ്രദ്ധിച്ചെഴുതിയ ഗാനത്തിൽ നാദസ്വരത്തെ ഒരു പശ്ചാത്തലം എന്നല്ലാതെ സംഗീതസമഷ്ടിയിൽ വിളക്കിച്ചേർത്ത് ഭാവസാന്ദ്രമാക്കിയതിൽ സംഗീതസംവിധായകന്റെ വിരുതും ചില്ലറയല്ല. പാശ്ചാത്യസംഗീതസങ്കേതങ്ങൾ വിദഗ്ധവും എന്നാൽ ഒട്ടും പ്രകടവുമല്ലാതെയാണ് നിബന്ധിച്ചിരിക്കുന്നത്.

കണ്ണന്റെ മന്മഥലീലാവിനോദങ്ങൾ അനുകരിയ്ക്കുന്ന പ്രകൃതിയെ പ്രിയതമയിലേക്ക് ആവാഹിക്കാനുള്ള നായകന്റെ ഉദ്യമമാണ് ഗാനപ്രമേയം. രതിലീലയ്ക്കു തയാറാകാ‍ാനുള്ള ക്ഷണം പ്രകൃതിസൂചകങ്ങളിൽക്കൂടിയാണ് നായകൻ വെളിവാക്കുന്നത്. ‘പ്രകൃതി ഇതാ വിവസ്ത്രയാകുന്നു എന്തുകൊണ്ടു നീയും ഇല്ല’ എന്ന ചോദ്യം ഗാനരചയിതാവ് ഒളിപ്പിച്ചു വച്ചിരിക്കുന്നത് അതീവപാടവത്തോടെയാണ്. പ്രണയബദ്ധരായ മൂന്നു ഇണകളാണ് ഈ ഗാനത്തിൽ. കണ്ണനും രാധയും, രാധയെപ്പോലെ രതിയ്ക്കു തയാറാകുന്ന സുന്ദരി വനറാണി, പിന്നെ കഥാനായകനും നായികയും. സമയം സന്ധ്യയാവുകയാണ്. വെയിൽ മങ്ങുന്നത് പൊൻ മണിക്കച്ച അഴിഞ്ഞുവീഴലാണ്, സ്വർണ്ണപീതാംബരം ഉലഞ്ഞു വീഴലാണ്. സന്ധ്യാവേളയിലെ സിന്ദൂരവർണ്ണം അവളുടെ മുഖം തുടുക്കലാണ്, വനറാണിയും സന്ധ്യയും കാളിന്ദിയും രതിലീലാമോഹാവേശിതരായി സ്വയംസമർപ്പണത്തിനൊരുങ്ങുകയാണ്. സന്ധ്യ ഒരു ഗോപസ്ത്രീ തന്നെ. നക്ഷത്രങ്ങൾ ഉദിച്ചത് അവളുടെ ചെന്തളിർ മേനിയിലെ നഖക്ഷതങ്ങൾ തന്നെ. നിലാവിൽ മന്ദതയാർന്ന തെല്ലു നിശബ്ദയായ കാളിന്ദിയാകട്ടെ നൂപുരങ്ങൽ അഴിച്ചു വച്ച് മയക്കത്തിലാകുന്നതാണെന്നാണ് നായികയെ ബോദ്ധ്യപ്പെടുത്തുന്നത്. മന്മഥലീലയ്ക്ക് അനുയോജ്യപശ്ചാത്തലമൊരുക്കുകയല്ല പ്രകൃതി, മന്മഥലീല കൊണ്ടാടുക തന്നെയാണ്. വിജൃംഭിതയായ പ്രകൃതി കാമമുണർത്താൻ പര്യാപ്തം. പ്രകൃതിയുടെ ഈ കാമസംത്രാസം പ്രണയിനിയിൽ മോഹാവേശമുണർത്തുമെന്ന്, കണ്ടു കണ്ടു കൊതി കൊണ്ടു നിൽക്കുമെന്ന് മാത്രമല്ല, മണിക്കച്ച അഴിച്ച അവൾ തന്റെ രതിവീണയാകുമെന്ന് കൂടിയാണ് പ്രത്യാശ. അവൻ സ്വയം രാജീവനയനനാകുകയും അവൾ രാധികയുമായാൽ കണ്ണന്റെ മാറിൽ വനമാലയായി പറ്റിച്ചേരാം. ശ്രീകുമാരൻ തമ്പി ബിംബ-പ്രതിബിംബങ്ങൾ മിഴിവോടെയും യുക്തിസഹമായുമാണ് വിന്യസിച്ചിട്ടുള്ളത്. സാ‍ധാരണ സിനിമാഗാനങ്ങളിൽ കാണാത്തതാണ് ഇതിലെ കാവ്യസങ്കേതനിലകൾ.

മധുരസംഗീതനിബന്ധനം കൊണ്ട് ഗാനത്തിലെ കൊഴുപ്പിച്ച കാമത്തെ, തീവ്രശൃംഗാരത്തെ ലഘൂകരിച്ചിരിയ്ക്കയാണ് ദക്ഷിണാമൂർത്തി. ഈ നേർപ്പിച്ചെടുക്കൽ പാട്ടിലുടനീളം വിളങ്ങി വിലസുകയാണ്, റൊമാൻസിന്റെ കടുപ്പച്ചായ ഒന്നയച്ചിരിക്കയാണ്. നായകന്റെ ചോദ്യം ചോദിയ്ക്കലൊക്കെ സൌമ്യതരമായാണ്. സാവധാനം അഴിഞ്ഞുവീഴുന്ന മണിക്കച്ച പോലെ ആദ്യവരിയും മെല്ലെ അഴിഞ്ഞടരുകയാണ്. “പൊൻ വെയിൽ മണിക്കച്ച അഴിഞ്ഞു വീണു” അയത്നലളിതമായ നിപാതം പോലെയാണ് ഈ ചിട്ടപ്പെടുത്തൽ. മെനഞ്ഞെടുത്ത ഗാനപരിസരം സന്ധ്യയാകയാൽ സന്ധ്യയുടെ പ്രതീതി വരുത്താൻ എതോ അമ്പലത്തിലേയെന്നപോലത്തെ നാദസ്വരാലാപനം. തുടക്കത്തിലെ നാദസ്വരബിറ്റിനു ശേഷം ഇടയ്ക്കയുമുണ്ട്. ഈ ഇടയ്ക്ക പല്ലവിയിലെ ആദ്യഭാഗത്തേയ്ക്കും സംക്രമിയ്ക്കുന്നുണ്ട്. ഒരു ദീപാരാധനപ്രതീതി. നാദസ്വരത്തെ ഇത്രയം സമാകലിച്ച വേറൊരു ഗാനം ഉണ്ടോ എന്നു സംശയമാണ്. മറ്റു ഗാനങ്ങളിൽ ചരണങ്ങൾക്കിടയ്ക്കോ ഒരു പശ്ചാത്തലം എന്ന നിലയ്ക്കോ അല്ലെങ്കിൽ സിനിമാ ഗാനചിത്രീകരണത്തിൽ നാദസ്വരം വായിക്കുന്ന കഥാപാത്രം വരികയോ ചെയ്യുമ്പോൾ ആവശ്യമെന്ന നിലയ്ക്കോ ആണ് നാദസ്വരം ഉപയോഗിക്കാറ്. ‘ശിങ്കാരവേലനേ ദേവാ“ (കൊഞ്ചും ശിലങ്കൈ) “നലം താനാ“ (തില്ലാനാ മോഹനാംബാൾ) ‘അനുരാഗനർത്തനത്തിൻ“ (സപ്തസ്വരങ്ങൾ) എന്നിവയിലെപ്പോലെ നായകൻ നാദസ്വരക്കാരനാവുമ്പോൾ പാട്ടിൽ അതിനുചിതമായി നാദസ്വരാലാപനം ഇഴചേർക്കുന്നതിൽ യുക്തിയുണ്ട്. കല്യാണഘോഷത്തെയോ ഉത്സവത്തെയോ ധ്വനിപ്പിക്കാൻ നാദസ്വരം ഉപയോഗിക്കപ്പെടാറുണ്ട്. (ദക്ഷിണാമൂർത്തിയുടെ തന്നെ “നാദസ്വരത്തിന്റെ നാദം കേൾക്കുമ്പോൾ“). എന്നാൽ ഇവയിലൊക്കെ നാദസ്വരം പാട്ടിനെ പിന്തുടരുകയോ പാട്ടിന്റെ വരികൾ ആവർത്തിക്കാനുള്ള ധർമ്മം എറ്റെടുക്കുകയോ ആണ്. ദക്ഷിണാമൂർത്തി-ശ്രീകുമാരൻ തമ്പി സഖ്യത്തിന്റെ തന്നെ “ഗോപീചന്ദനക്കുറിയണിഞ്ഞു” യിലും നാദസ്വരം ഇടയ്ക്ക് ഉണ്ടെങ്കിലും ഒരു ഫില്ലർ പോലെയേ ഉള്ളു. പാട്ടിന്റെ വരികളെ പിന്തുടരുക മാത്രം. ‘പൊൻ വെയിൽ മണിക്കച്ച ’യിൽ നാദസ്വരമാണ് ഭാവോന്മീലനത്തിനും ശിൽ‌പ്പചാരുതയ്ക്കും നിദാനം. ചരണങ്ങൾക്കിടയ്ക്ക് അത്യുത്സാഹം ദ്യോതിപ്പിക്കുന്ന സ്വരസംഘാതങ്ങൾ ഒരു ട്യൂൺ തന്നെ നിർമ്മിച്ചെടുക്കുന്നു. ചരണവരികളുടെ ആവർത്തനത്തിലും വോക്കലിനു പിന്നിലായി മന്ദ്രമായി ചില നാദസ്വര സ്വരസഞ്ചാരങ്ങൾ. അതിവിദൂരതയിൽ നിന്നും ഒഴുകിയെത്തുന്ന പോലെയാണ് ഇത് മൂളിവരുന്നത്. ദൂരെ നടക്കുന്ന ഒരു കല്യാണാഘോഷത്തേയോ ഉത്സവത്തിന്റെ പ്രതീതിയൊ ഈ ബിറ്റ് തോന്നിപ്പിയ്ക്കുന്നു എന്നു മാത്രമല്ല ആവർത്തിയ്ക്കപ്പെടുന്ന വരികൾ പുനർപ്രബലമാകുകയും ചെയ്യുന്നുണ്ട്. ഡിജിറ്റൽ റെകോറ്ഡിങ് ഇല്ലാത്ത കാലത്ത് എളുപ്പമായിരുന്നിരിക്കില്ല ഈ സാങ്കേതികത ഉൾച്ചേർക്കൽ.

ഹാർമണൈസിങ് വിദ്യകൾ

ഒരു മെലഡിയ്ക്ക് അനുപൂരകമായി അതിലെ ശ്രുതിയുടെ മേലായോ കീഴായോ മറ്റൊരു മെലഡി (counter melody)ചേർക്കുന്നതും ഒരേ മെലഡി മേലോ കീഴോ ആയി കൂടെപ്പാടി ഹാര്ര്മണൈസിങ് വരുത്തുന്നതും പാശ്ചാത്യസംഗീതത്തിലെ സങ്കേതങ്ങളാണ്. സംഘഗാനങ്ങളിൽ പലപ്പോഴും ഉപയോഗിക്കപ്പെട്ടിട്ടുണ്ട് ഇത്, പ്രത്യേകിച്ചും സലിൽ ചൌധരിയുടെ ചില ഗാനങ്ങളിൽ. ‘നദി’യിലെ ‘നിത്യവിശുദ്ധയാം കന്യാമറിയമേ’ യിലും ഹാർമണൈസിങ്ങ് പരിചയപ്പെടുത്തിയ ഉദാഹരണങ്ങൾ കാണാം. 1972 ഇൽ “പൊൻവെയിൽ“ കമ്പോസ് ചെയ്യുമ്പോൾ ഇങ്ങനെ വളരെ അപൂർവ്വമായേ ഹാർമണൈസിങ് മലയാളം പാട്ടുകളിൽ നിബന്ധിയ്ക്കപ്പെട്ടിട്ടുള്ളു. കൌണ്ടർമെലഡിയും ഇത്ര കൃത്യമായും പ്രത്യക്ഷമായും പ്രയോഗിക്കപ്പെട്ടതും വിരളം. പിന്നീട് തികച്ചും സങ്കീർണ്ണമായിത്തന്നെ ഹാർമണൈസിങ്ങ് ഉപയോഗിയ്ക്കപ്പെട്ടിട്ടുള്ളത് 1981 ഇൽ എസ്. ജാനകി പാടിയ “കൌമാരസ്വപ്നങ്ങൾ പീലി വിടർത്തിയ” (ചിത്രം ആരതി, എം. ബി ശ്രീനിവാസൻ സംഗീതം) എന്ന പാട്ടിലാണ്. ദക്ഷിണാമൂർത്തി ഈ പാശ്ചാത്യസംഗീതവിദ്യയെ സ്വീകരിച്ചിരിക്കുന്നത് അപൂർവ്വമാണ്. പൊൻ വെയിൽ മണിക്കച്ചയിലെ രണ്ടു ചരണങ്ങളിലും ഹാർമണൈസിങ്ങിന്റെ ഒരു വേറിട്ട ഉപയോഗം കാണാം. മെലഡിയും ഹാർമണൈസിങ് മെലഡിയും ഒന്നിച്ചാകാതെ വേർപെട്ടാണിവിടെ പ്രത്യക്ഷമാകുന്നത്. “സന്ധ്യയാം ഗോപസ്ത്രീ തൻ മുഖം തുടുത്തു” എന്ന വരിയുടെ അതേ ട്യൂണാണ് “ചെന്തളിർ മെയ്യിൽ താരനഖമമർന്നൂ’ എന്ന വരിയ്ക്ക് പക്ഷേ ശ്രുതി ഒന്നുയർത്തിയാണ്. കാ‍ഞ്ചന നൂപുരങ്ങൾ അഴിച്ചു വച്ചൂ’ എന്ന വരിയുടെ സംഗീതം തന്നെ ‘കാളിന്ദി പൂനിലാവിൽ മയക്കമായി’ എന്ന വരിപാടുമ്പോൾ. രണ്ടുപേർ ഇത് ഒന്നിച്ചു പാടിയാൽ ഒന്നിന്റെ ഹാർമണൈസെഡ് മെലഡിയാകും മറ്റൊന്ന്. ഹിന്ദി പാട്ടുകളിൽ ഇത്തരം പ്രയോഗങ്ങൾ പണ്ടേ കാണാറുണ്ട്. ‘ഗൈഡ്' (Guide-1965 സംഗീതം എസ്. ഡി. ബർമ്മൻ) ഇലെ പ്രസിദ്ധ പാട്ടായ “പിയാ തോസെ നൈനാ ലാഗെ രേ’ (http://www.youtube.com/watch?v=S_gzVisz0XI) യിൽ ഇതേ വിദ്യ ചെയ്തിരിക്കുന്നു. ചരണങ്ങളിൽ ഒന്നായ “ഭോർ കി ബേലാ സുഹാനീ നദിയാ കേ തീരേ’ (3മി. 34 സെ.) തന്നെ യാണ് “ഭർ കേ ഗാഗര് ജിസ് ഘഡി മേ…”യുടെ റ്റ്യൂണും. മറ്റൊരു ചരണമായ “രാത് കൊ ജബ് ചാന്ദ് ചമ്‌കേ ജൽ ഉഢീ മൻ മോരാ’ (7മി. 46 സെ.) ധുൻ തന്നെയാണ് പിന്നെ വരുന്ന “മേ കഹൂ മത് കരൊ ചന്ദാ..’യുടേതും. പക്ഷേ സ്ഥായി ഒന്നു മുകളിൽ. മലയാളത്തിൽ പിന്നീട് പലപാട്ടുകളിലും ഇത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1977 ഇൽ ശ്യാം സംഗീതം നൽകിയ “ സന്ധ്യ തന്നമ്പലത്തിൽ” എന്ന പാട്ടിൽ ചരണങ്ങളുടെ ആദ്യവരി ആവർത്തിയ്ക്കുന്നതും ഇതേ സങ്കേതത്തിൽ തന്നെ. “മാഘമുകിൽ മാലികകൾ വന്നു തൊഴുതു“ തന്നെയാണ് മേത്സ്ഥായിയിൽ “രാഗമധുരാഞ്ജലികൾ വീണു തൊഴുതൂ“. അതുപോലെ “മാളികയിൽ നിന്റെ നിഴൽ….ന്റെ ഹാർമണൈസ്ഡ് മെലഡിയാണ് “പാദസരം പാടുമെന്നു കാത്തു സഖി ഞാൻ“. 1972 ഇൽ ദക്ഷിണാമൂർത്തി ‘പൊൻ വെയിൽ മണിക്കച്ച ..….’ ആവിഷക്കരിയ്ക്കുമ്പോൾ അദ്ദേഹത്തിന്റെ തന്നെ സംഗീതപ്പുതുമയായിരുന്നു. ചരണങ്ങൾ ആവർത്തിയ്ക്കുമ്പോൾ നാദസ്വരാലാപനം കൊണ്ട് വ്യത്യസ്തമായ കൌണ്ടർ മെലഡി തിളങ്ങിത്തെളിയുന്നുണ്ട്. ‘സന്ധ്യയാം ഗോപസ്ത്രീതൻ …..‘ ഉം ‘കാഞ്ചന നൂപുരങ്ങൾ’ ഉം രണ്ടാമതു പാടുമ്പോൾ വോക്കലിനു പിന്നിലായി മറ്റൊരു ശ്രുതിയിൽ മന്ദ്രമായ നാദസ്വരം കേൾക്കാം. പാട്ടിന്റെ ട്യൂണിൽ നിന്നും തികച്ചും വ്യത്യസ്തമാണിത്, അതിന്റേതായ ആരോഹണാവരോഹണക്രമങ്ങളുമുണ്ട്. തബല വിട്ട് തകിൽ ആകുന്നു താളാനുസാരി. ഈ ചമൽക്കാരങ്ങൾ ആവർത്തിക്കപ്പെടുന്ന ചരണത്തിനു താരള്യം നൽകുന്നു, ആശയത്തിനു പ്രബലതയും. നാദസ്വരം സൃഷ്ടിക്കുന്ന ഈ ഭാവപ്രചുരിമ ഒന്നു വേറെതന്നെ. ചരണങ്ങൾക്കിടയ്ക്കു വരുന്ന നാദസ്വരം അത്യുത്സാഹപ്രകമ്പനം അനുഭവഭേദ്യമാക്കുന്നെങ്കിൽ ചരണങ്ങളോടൊപ്പം കൌണ്ടർ മെലഡി സൃഷ്ടിയ്ക്കുന്ന നാദസ്വരം സ്നിഗ്ദ്ധതക്കുളിർ തൊട്ടുപുരട്ടുന്നു.


യേശുദാസിന്റെ മന്ദ്രമായ ആലാപനം നായകന്റെ മോഹാവേശിത പ്രലാപത്തെ പ്രേമാനന്ദമിഴിനീരിൽ മുക്കി തോറ്റിയെടുത്തിരിയ്ക്കയാണ്. ശങ്കരാഭരണത്തിൽ തന്നെ ചിട്ടപ്പെടുത്തിയ, പ്രണയിനിയോടുള്ള മറ്റൊരു നായകാപേക്ഷയായ “മാണിക്യ വീണയുമായെൻ..” താരതമ്യേന ലളിതമാണ് ആവിഷ്കാരത്തിലും ശില്പരൂപത്തിലും. ഗമകങ്ങൾ വളരെ കുറവാണ് ഇതിൽ. ഈ ലാളിത്യമായിരിക്കണം ആ പാട്ടിന്റെ പ്രചാരത്തിനു പിന്നിൽ. “നിന്റെ വേദന എന്നോടു ചൊല്ലുകില്ലെ? മുഖത്തു മറഞ്ഞ പുഞ്ചിരി എന്നിനി കാണും“ എന്നും മറ്റും ആശങ്കാകുലമാകുന്ന ഭാവത്തിലുള്ള പാട്ടിൽ തോരണങ്ങൾ അധികം ചാർത്തേണ്ടെന്ന് ദേവരാജൻ കരുതാനും മതി. എന്നാൽ ‘പൊൻ വെയിൽ…...’ ഇൽ രാധികേ, കാമിനീ സംബോധനകളൊക്കെ ഗമകങ്ങളാൽ സുഭിക്ഷം. “നഖമമർന്നൂ” “മയക്കമായി” എന്നിവിടങ്ങളിലെ അവസാന അക്ഷരം തീർത്തെടുക്കുന്നതിൽ സൂക്ഷ്മ സ്വരനിബന്ധനകൾ. “മയക്കമായീ“ എന്നിടത്ത് ആലസ്യഭാവം നൽകാൻ യേശുദാസ് വളരെ ശ്രദ്ധിച്ചിട്ടുമുണ്ട്.

ഓർകെസ്ട്രേഷനിൽ ലാളിത്യഭംഗി വിരചിയ്ക്ക്യ്ക്കുന്നതാണു ദക്ഷിണാമൂർത്തിക്കു ശീലമെങ്കിലും ചില വേറിട്ടവഴികളുമാവാമെന്നാണിവിടെ.ഇടയ്ക്കയും തകിലും ഭാവചാരുതയ്ക്കു ചേരും പടിയേ ചേർത്തിട്ടുള്ളു. പല്ലവിയിലെ അക്ഷരവിന്യാസക്രമത്തിനനുസരിച്ച് നടകൾ തീർക്കുന്ന തബല ചരണങ്ങളിൽ കാലം മുറുക്കിയെടുക്കുന്നു, പല സിനിമാഗാനങ്ങളിലേയും പോലെ. പക്ഷെ ചരണത്തിനു ശേഷം പല്ലവി ആവർത്തിയ്ക്കുമ്പോൾ ഇരട്ടിച്ച താളത്തിൽനിന്നും തിരിച്ചു സംക്രമിയ്ക്കുമ്പോൾ പല്ലവിയിലെ ഓരോ അക്ഷരത്തിന്മേലും വന്നു പതിയ്ക്കുന്ന തബല ബീറ്റ്സ് വളരെ ആകർഷകമാണ്.

29 comments:

  1. പൊൻ വെയിൽ മണിക്കച്ച അഴിഞ്ഞു വീഴുമ്പോൾ കേൾക്കുന്ന ചെറിയ കിലുക്കങ്ങൾ.

    ReplyDelete
  2. ചേതോഹരമായ ഒരു പാട്ടിന്റെ സമർത്ഥമായ ആസ്വാദനം.കുറേക്കൂടി സമഗ്രമാക്കാനാവുമായിരുന്നു കതിരവന്.
    ശങ്കരാഭരണത്തിന്റെ വ്യത്യസ്തലോകങ്ങളെ സ്വാമി തിരിച്ചറിഞ്ഞപോലെ അറിഞ്ഞവർ ചുരുക്കം.സ്വാമിയുടെ കച്ചേരിയിൽ ശങ്കരാഭരണം പാടൂന്നത് കേട്ടാലേ അതു ബോധ്യമാകുമല്ലോ.‌“ജനഗണമന”മുതൽ “പാഞ്ചാലരാജതനയേ”വരെ നീളുന്ന വിശാലമായ ക്യാൻ‌വാസ് ശങ്കരാഭരണത്തിനുണ്ട്.പൊൻ‌‌വെയിൽമണിക്കച്ചയുടെ സാന്ദ്രതയിൽ അത് ആവിഷ്കൃതമായ അനേകം മറ്റു സിനിമാഗാനങ്ങൾ പറയാനാവില്ല.ആഴമേറിയ ലയം ലഭിച്ച ഗാനം.
    ----------------
    ഓഫ്:"പൊൻ‌വെയിൽ മണിക്കച്ച”എന്നു കേട്ടാൽ എനിക്ക് മറ്റൊരാളെ ഓർമ്മവരും-കലാ.ഹൈദരാലിമാഷ്.മാഷ് ഈ പാട്ടു പാടുന്നത് ഒരു തീവ്രമായ അനുഭവമായിരുന്നു...

    ReplyDelete
  3. എതിരന്‍ ഇഫക്റ്റില്ലെങ്കിലും നല്ല കുറിപ്പ്.

    പഴയകുറേ പാട്ടുകള്‍ ഓര്‍ത്തെടുത്തു.



    കഷ്ടകാലത്തിന് കുറച്ചുകഴിഞ്ഞപ്പോള്‍ യൂട്യൂബില്‍ പോയി അതിന്റെ ഒക്കെ വീഡിയോ കാണാന്‍ തോന്നി.


    ‌‌മധുരസംഗീതനിബന്ധനം കൊണ്ട് ഗാനത്തിലെ കൊഴുപ്പിച്ച കാമത്തെ, തീവ്രശൃംഗാരത്തെ ലഘൂകരിച്ചിരിയ്ക്കയാണ് ദക്ഷിണാമൂർത്തി.‌‌ <<< സ്വാമി വെറുതെ പാടുപെടണ്ടായിരുന്നല്ലോ. നസീറിന്റെ അഭിനയം കണ്ടിട്ട് എനിക്ക് ഉടുത്തിരുന്ന ലുങ്കി അഴിച്ചു കുറുക്കിനുടുത്ത് കാശിക്ക് പോകാന്‍ തോന്നി. പൊന്‍?വെയില്‍ മണിക്കച്ച അഴിഞ്ഞു വീണു എന്ന് പാടുമ്പോള്‍ കാണിക്കുന്നത് നായികയുടെ നെഞ്ചത്തുനിന്ന് മുണ്ടൂര്‍ന്ന് പോകുന്നതും നസീര്‍ ഗ്രഹണിപിടിച്ച കുഞ്ഞ് ചക്കക്കൂട്ടാന്‍ കണ്ടതുപോലെ നോക്കുന്നതും. എതിരന്മാഷ് സംഗീതത്തില്‍ കണ്ട എവോക്കറ്റീവ് സൌന്ദര്യം ഒക്കെ ഒലിച്ചുപോയി.

    പണ്ടത്തെ കൊറിയോഗ്രഫി നാടകീയത എന്നൊക്കെ പറഞ്ഞ് താഴെ നോക്കിയപ്പോള്‍ അടുത്ത സൂപ്പര്‍ഹിറ്റ്. -ഉത്തരാസ്വയംവരം. മൂക്കിനുതാഴെയുള്ള മാസപേശികള്‍കൊണ്ട്മാത്രം എങ്ങനെ ഇത്രയും നൊസ്റ്റാള്‍ജിക്ക് ആയ ഒരു രംഗം ‘പാടാന്‍’ കഴിയുമെന്നറിയാന്‍ നസീറിനെ നോക്കിപ്പഠിക്കണം.

    (ഈ പാര്‍ട്ടിയാണ് മലയാളത്തിലെ സര്‍വവും തികഞ്ഞ നടന്‍ എന്ന് എഴുതിയത് ചോദ്യം ചെയ്തതിനാണീശ്വരാ ഹരികുമാര്‍ വിവാദം തുടങ്ങുന്നത്! ജന്മം പാഴാവാന്‍ ഉള്ള ഓരോ വഴികളേ!!)

    എഴുതിവന്നപ്പോള്‍ കമന്റ് മൊത്തം ഓഫായി. ക്ഷ്മിക്ക് കേട്ടാ :)

    ReplyDelete
  4. കൊള്ളാം :)

    ഓഫ്.
    വികടന്‍സ്, ഹൈദ്രാലി പാടുന്നത് ഒരുതവണ നേരില്‍ കേട്ടിട്ടുണ്ട്

    ReplyDelete
  5. ഗുപ്തൻ:
    പാട്ട് എങ്ങനെയാണ് ചെയ്തുവച്ചിരിക്കുന്നത് എന്നൊന്നും അറിയാത്ത പാവങ്ങളാണ് ഈ സീനൊക്കെ സംവിധാനം ചെയ്യുന്നത്. ജയഭാരതിയുടെ മേൽമുണ്ട് വീഴിയ്ക്കാൻ ഉണ്ടാക്കിയ പാട്ടാണെന്നു സംവിധായകൻ കരുതി.

    ആ സീനുകൾ കാണേണ്ടിയിരുന്നില്ല എന്ന് എന്റെ പല സ്നേഹിതരും പറഞ്ഞു. യു ട്യൂബ് ലിങ്ക് അറിഞ്ഞുകൊണ്ടാൺ ഇടാതെ ഇരുന്നത്.

    ReplyDelete
  6. EthiraNNaa,

    That is also my favorite song. Mobilil unde.

    I have heard that some people (not Ravi Menon or Sarath, Pattupetti) gave the credit of this song to oher lyricist, due to arrogance. can you say anyone's name who did so (just to know).

    Nice evaluation
    :-)
    Upasana

    Off : Song neril kandittilla, means in TV/...

    ReplyDelete
  7. സ്വാമിയുടെയ്‌ സംഗീതത്തിന്റെ പ്രത്യേകത - (ശാസ്ത്രീയ) സംഗീതത്തിന്റെ നിയമങ്ങള്‍ നൂറു ശതമാനം പാലിച്ചുകൊണ്ട്‌, എന്നാല്‍ സാധാരണ മനുഷ്യര്‍ക്ക്‌ ഹൃദയം കൊണ്ട് ആസ്വദിക്കാന്‍ പറ്റുന്ന പാട്ടുകള്‍ ഉണ്ടാക്കി എന്നുള്ളതാണെന്നു തോന്നുന്നു. എതിരാന്ജി യുടെ ആസ്വാദനവും - നിരീക്ഷണങളും വളരെ നന്നായി.
    നമ്മുടെയ്‌ പാട്ടുകളില്‍ group violin - counter melody - ധാരാളം വന്നിട്ടുണ്ട്. ശ്രീകുമാരന്‍ തമ്പി എന്ന ഗാന രചയിതാവിന് മലയാളികള്‍ അദ്ദേഹം അര്‍ഹിക്കുന്ന സ്ഥാനം നല്‍കിയിട്ടുണ്ടോ എന്നതില്‍ സംശയം ഉണ്ട് . കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് എനിക്കേറ്റവും ഇഷ്ടപ്പെട്ട മലയാളം പാട്ടുകളുടെ ഒരു list ഉണ്ടാക്കിയതില്‍ 75 ശതാമാനവും അദ്ദേഹം എഴുതിയ പാട്ടുകള്‍ ആണ് വന്നത് :-)

    ReplyDelete
  8. മാഷെ, നല്ല ലേഖനം. തമ്പിയങ്ങുന്നു പോലും എഴുതുമ്പോൾ ഇത്ര ഗഹനമായി ചിന്തിച്ചിരിക്കാനിടയില്ല :)

    മാഷ്ടെ വാസന്തപഞ്ചമി നാളീൽ എന്ന പാട്ടിന്റെ ആസ്വാദനവും ഓർമ്മ വന്നു. അതു വായിച്ച ശേഷം ആ പാട്ടീനോടൂള്ള ഇഷ്ടം കൂടി.

    പല പാട്ടുകളും വീഡിയോ കാണാതിരിക്കുകയാണ് ബുദ്ധി. തമ്പിയങ്ങുന്നിന്റെ മംഗളം നേരുന്നു ഞാൻ എന്ന പാട്ട് മുൻപെനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു.ഇപ്പൊ കേട്ടാൽ ചിരിയാൺ വരാറ്‌.അതിന്റെ തുട്ടക്കതിൽ ഒരു പത്തുസെക്കന്റ് മധുവിന്റെ ഇടതുപുരികം കൊണ്ടൊരു ഭാവാഭിനയമുണ്ട്. ഹൗ !

    ചിർച്ചിർച്ച്യാ‍ാവും മൻഷ്യൻ!

    ഗുപ്തമഹാരാജൻ പറഞ്ഞ ഗ്രഹണിയും പൊൻ വെയിൽമണിച്ചക്കകൂട്ടാനും ആലോചിച്ച് വിഷമസന്ധികളിൽ ആലോചിച്ച് ചിരിക്കാൻ ഒരു പാട്ടുകൂടിയായി.

    ReplyDelete
  9. വികട്സ്:
    ശങ്കരാഭരണം-പലവഴിയേ വരും പല വഴിയേ പോകും. നമ്മളിൽ ഇത്രയും ലയിച്ചു ചേർന്ന വേറെ ഒരു രാഗം ഉണ്ടോ എന്നു സംശയം. ഒരിയ്ക്കൽ ചിദംബരനാഥ് പറയുകയുണ്ടായി തിരുവനന്തപുരംകാരുടെ ആക്സെന്റിൽ ശങ്കരാഭരണമുണ്ടെന്ന്!
    ഹൈദരാലിയുടെ ‘പൊൻ വെയിൽ...” കേൾക്കാനുള്ള ഭാഗ്യമുണ്ടായിട്ടില്ല.

    ഉപാസന:
    ദക്ഷിണാമൂർത്തിയും തമ്പിയും തമ്മിൽ പലപ്പോഴും തീക്ഷ്ണമായിട്ട് ഇടഞ്ഞിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ആത്മകഥയിൽ ഉണ്ട്. തമ്പിയുടെ കടുമ്പിടുത്തം തന്നെ കാരണം. പക്ഷേ ഈ പാട്ട് വേറേ ആരെങ്കിലും എഴുതിയതാകാൻ സാദ്ധ്യത ഇല്ല.

    തഹ്സീൻ:
    1972 നു മുൻപ് മലയാളസിനിമാഗാനങ്ങളിൽ counter melody യോ ഹാർമണൈസിങോ അത്ര ഉപയോഗിച്ചു കണ്ടിട്ടില്ല. പലപാട്ടുകളിലും വയലിൻ പാട്ടിനെ പിന്തുടരുന്ന പോലെ ചെയ്തു വയ്ക്കാറുണ്ട്. “കായാമ്പൂ കണ്ണിൽ വിടരും”(1969) ഇൽ “ പൊന്നരഞ്ഞാണം ഭൂമിയ്ക്കു ചാർത്തും‘ എന്നിടത്ത്, “നീലനിശീഥിനീ’ (1971) ഇൽ ചിലടത്തൊക്കെ, “കരയുന്നോ പുഴ’ യിൽ അവിടവിടെ, “നിൻ മണിയറയിലെ” ചിലടത്ത്, അങ്ങിനെ പോകുന്നു. “മഞ്ഞണിപ്പൂനിലാവ്’ ഇൽ വയലിൻ പിൻ തുടരുന്നു വോക്കലിനെ. “സ്വർണ്ണത്താമര ഇതളിലുറങ്ങും“ (1965) ഇൽ ദേവരാജൻ അപൂർവ്വമായി വോക്കലിനു സപ്പോർട് എന്ന നിലയിൽ വയലിൻ പ്രയോഗിച്ചിട്ടുണ്ട്. കൌണ്ടർ മെലഡി എന്നു പറയാൻ വയ്യ. “ദുഃഖമേ നിനക്കു പുലർകാല വന്ദനം” ഇൽ പാശ്ചാത്യ രീതിയിൽ ഒരു ഗ്രൂപ് ഹമ്മിങ് ഉണ്ട്.
    1970 നു മുൻപ് കൃത്യമായി കൌണ്ടർ മെലഡി ഉപയോഗിച്ച പാട്ടുകൾ ഉണ്ടോ? സലിൽ ചൌധരിയുടെ അല്ലാതെ?
    ബഹു:
    സിനിമാപ്പാട്ടുകൾ കേൾക്കാൻ മാത്രമുള്ളതാണെന്ന പാഠം പഠിപ്പിയ്ക്കുന്നു ഇത്തരം വൈകൃതങ്ങൾ. ചുരുക്കം ചില പാട്ടുകളെ കണ്ടിരിയ്ക്കാൻ പറ്റുകയുള്ളു.

    ReplyDelete
  10. @ എതിരന്‍

    വേറെ ആരെങ്കിലുമാണ് എഴുതിയതെന്നല്ല ഞാന്‍ ഉദ്ദേശിച്ചത് (എഴുതിയത് തമ്പി തന്നെ). ചില കോളമെഴുത്തുകാര്‍ സൃഷ്ടാവിനെ മറന്ന് ക്രഡിറ്റ് മറ്റുചിലര്‍ക്കു കൊടുത്തെന്ന് കേട്ടിട്ടുണ്ട്. അതാണ് ഉദ്ദേശിച്ചത്
    :-)
    ഉപാസന

    ReplyDelete
  11. പാട്ടിന്റെ ഉള്ളുകള്ളികളൊന്നും അറിഞ്ഞുകൂടെങ്കിലും ലിതും ലതും (സൂ‍ര്യകാന്തിയും) ഒക്കെ എന്റെയും പ്രിയപ്പെട്ട പാട്ടുകളാണ്. ഇതില്‍ ഇത്രയും ‘സംഗതി’കള്‍ ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് മനസ്സിലാക്കിത്തന്നതിന് (ഒന്നും കാര്യമായി മനസ്സിലായില്ല, ഒരു ജാഡയ്ക്ക് അങ്ങ് പറയുന്നതാ....) നന്ദി.
    (തമ്പിയേയും സാമിയേയും ഇരുത്തി എതിരനെക്കൊണ്ട് ഈ ബ്ലോഗ് വായിച്ച്കേള്‍പ്പിച്ചുള്ള ഡിസ്കഷന്‍ എങ്ങനെയായിരിക്കുമെന്ന് കേട്ടിരുന്നെങ്കില്‍ എന്ന്(എനിക്കൊന്നും മനസ്സിലാ‍കുകയില്ലെങ്കില്‍ കൂടി) ആലോചിച്ചിരുന്നു)

    ഇഡ്ഡലി ഗുപ്തര്‍ പറഞ്ഞതുപോലെ ആ പാട്ടുകളുടെയൊക്കെ വീഡിയോ യൂ റ്റ്യൂബില്‍ കണ്ട് കരഞ്ഞില്ലെന്നേയുള്ളൂ......പിന്നെ അതിന്റെ ക്ഷീണം മാറിയത് ഒരു പൈതല്‍ ‘ഇന്ദ്രവല്ലരിപ്പൂ ചൂടിവരു’വും (ഹൊ, എങ്ങനെ മറക്കും ഈ പാട്ട്! മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്റ്റേജില്‍ കയറി, ആദ്യമായും അവസാനമായും,ഞാന്‍ പാടിയ ഈ പാട്ട്!ഹോ...ഭയങ്കര നൊസ്റ്റി..നൊസ്റ്റി...) മറ്റും വളരെ കൂളായിട്ട് പാടുന്ന വീഡിയോ (അതിനടുത്തു കിടന്ന) അവിചാരിതമായി കണ്ടപ്പോഴാണ്! ആരാ പറഞ്ഞത് പുതിയ തലമുറ ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന്? ഏതായാലും ആ കുട്ടനും അഭിനന്ദനങ്ങള്‍!

    ആഫ് ടാപ്പിങ്ങ്:
    ഉപാസനെ, കക്കാടിന്റെ കഥാകാരാ, സൃഷ്ടിയും ‘സ്രഷ്ടാവും’ അല്ലെ ശരി?
    :)
    (ഇനി എനിക്കു തെറ്റിയോ എതിര്‍സ്?)
    ഞാന്‍ ഓവറാക്കിയോ? എങ്കില്‍ ഒരു കുണ്ഠിതം ഉണ്ട് കേട്ടോ..
    :)

    ReplyDelete
  12. തലനാരിഴ കീറിയ അസ്വാദനം, എതിരൻ‌ജീ....

    ‘പൊൻ‌വെയിലിൽ’ ഇത്രയും രതിഭാവമുണ്ടെന്ന് വിചാരിച്ചിരുന്നില്ല. നാദസ്വരപ്രയോഗങ്ങൾ ഉഗ്രൻ.

    ReplyDelete
  13. സുഗ്രീവാ ആ ബാലിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇതൊക്കെ പറഞ്ഞു തരുമായിരുന്നില്ലെ? വെറുതേ ഒളിയമ്പെയ്തു കൊല്ലിച്ചിട്ട്....
    ശ്രീകുമാരൻ തമ്പിയോട് ഈ പാട്ടിന്റെ കാര്യം ഒന്നു ചോദിച്ചാൽ കൊള്ളാമെന്നുണ്ട്. സ്വാമി ഒക്കെ മറന്നു കാണും.
    സൃഷ്ടി, സ്രഷ്ടാവ്....ഈ മലയാളത്തിന്റെ ഒരു കാര്യമേ.

    ReplyDelete
  14. പൊന്‍‌വെയില്‍ കേള്‍ക്കുമ്പോള്‍ രതിഭാവമോ ശൃംഗാരമോ തോന്നുന്നുണ്ടോ?

    വരികളില്‍ ഉള്ള സെന്‍ഷ്വാലിറ്റി സംഗീതത്തിലോ ആലാപനത്തിലോ ഇല്ല എന്നാണ്‌ എനിക്ക് തോന്നിയിട്ടുള്ളത്. സിനിമയോ സീനോ കണ്ടിട്ടില്ല.

    ReplyDelete
  15. കണ്ണൂസ്:
    ശരിയാണ്. പ്രണയത്തിന്റെ ഒരു ഫീലിങ്ങേ സംഗീതത്തിന് ഉള്ളു. സെൻഷ്വാലിറ്റി വളരെ കൂടുതലാണ് വരികളിൽ. “നാണമാവുന്നോ മേനി നോവുന്നോ” എന്ന് വരെ ആയില്ലെ എന്നേ ഉള്ളു.

    ReplyDelete
  16. എതിരവന്‍ ജി
    "In music, counter-melody (often countermelody) is a sequence of notes, perceived as a melody, written to be played simultaneously with a more prominent melody." - വിക്കിപീഡിയ
    ഈ രീതിയില്‍ group violin - 1972 മുന്‍പ് പാട്ടുകളില്‍ വന്നിട്ടുണ്ട് എന്നാണു പറഞ്ഞത്. പാട്ടിനെ വെറുതേ പിന്‍ തുടര്‍ന്നതല്ല, പലപ്പോഴും ഈ group violin melodies ഒരു സാധാരണ ശ്രോതാവിന്റെ ചെവിയില്‍ വീഴാറില്ല . അത്ര പതിഞ്ഞ volume ത്തില്‍ ആയിരിക്കും , പക്ഷെ അത് തീര്ച്ചയ്യയും പാട്ടിന്റെ background spread നെ affect ചെയ്യുന്നുണ്ട്. ഈ പാട്ടിലെ നാദസ്വരത്തിന്റെ അത്ര prominent melody - അല്ലെങ്കില്‍ കൂടി , ഈ വയലിന്‍ വായനയെ , counter melody അല്ല എന്ന് പറയുന്നതെങ്ങിനെ ? .. 1962 ഇല്‍ ഇറങ്ങിയ .. ഭാര്യ എന്നാ ചിത്രത്തിലെ "പെരിയാറേ" എന്ന പാട്ട് കേട്ട് നോക്കൂ .. ഇതിലെ പല്ലവിയില്‍ വായിച്ചിരിക്കുന്ന വയലിന്‍ counter melody തന്നെയാണ് .. പിന്നെ എല്ലാ ഇന്‍സ്ട്രുമെന്റ്സും ഒരു main vocal മുസിക്കിനെ സപ്പോര്‍ട്ട് ചെയ്യാന്‍ ഉദ്ദേശിച്ചു ഉള്ളതാണല്ലോ :-)

    ReplyDelete
  17. തഹ്സീൻ, ശരിയാണ്. 1970 നു മുൻപ് ഇതൊന്നും ഇല്ലായിരുന്നു എന്നമട്ടിൽ ഞാൻ ചെയ്ത പ്രസ്താവന വീണ്ടുവിചാരമില്ലാത്തതാ‍ായി. പലേ പാട്ടുകളും കേട്ടു നോക്കി. “പെരിയാറേ” യുടെ തുടക്കം തന്നെ കൌണ്ടർ മെലഡിയോടു കൂടിയാണ്. “മായാജാലവാതിൽ തുറക്കും” വേറൊരു ഉദാഹരണം. “ദേവലോക രഥവുമായ്...” മറ്റൊന്ന്.
    മറ്റു പലപാട്ടുകളിലും മെലഡിയെ അതേ പടി പിന്തുടരുന്നതാണു ഞാൻ ശ്രദ്ധിച്ചത്.

    ഹാർമണൈസിങ് നന്നായി പ്രയോഗിച്ച അത്ര പഴയതല്ലാത്ത ഒരു പാട്ട്: “മഴമുകിലിൻ അർജ്ജുനനൃത്തം...” ചിത്രം-നാടൻ പെണ്ണും നാട്ടുപ്രമാണിയും.
    ചിത്ര ആദ്യകാലത്തു പാടിയ (കൂടെ അരുന്ധതിയാണോ ബീനയാണോ) “അകലെയോ അരികിലോ...” (നവംബറിന്റെ നഷ്ടം) യിലും അവസാനം ഹാർമണൈസിങ് പ്രയോഗമുണ്ട്.
    ഒരു കാര്യം മറക്കാതിരിക്കണം നമ്മൾ. പ്രശസ്ത സംഗീതസംവിധായകരുടെ പാട്ടുകൾക്ക് ഇത്തരം ഗംഭീര ഓർക്കെസ്ട്രേഷൻ ചെയ്തു കൊടുത്തിട്ടുള്ളത് ആർ. കെ. ശേഖർ ആണ്. “പൊൻ വെയിൽ മണിക്കച്ച...’യും അദ്ദേഹത്തിന്റെ ആയിരിക്കാം. ദക്ഷിണാമൂർത്തിയ്ക്ക് ഈ പതിവില്ല എന്നു ഞാൻ വ്യക്തമാക്കിയല്ലൊ. അങ്ങനെയാണെങ്കിൽ ഈ പാട്ടിന്റെ ക്രെഡിറ്റ് മിക്കതും ആർ. കെ. ശേഖറിനു അവകാശപ്പെട്ടത്.

    ReplyDelete
  18. I have only basic knowledge of
    music but I feel the following
    statement is a bit misleading.

    ഒരു മെലഡിയ്ക്ക് അനുപൂരകമായി അതിലെ ശ്രുതിയുടെ മേലായോ കീഴായോ മറ്റൊരു മെലഡി (counter melody)ചേർക്കുന്നതാണ് പാശ്ചാത്യസംഗീതത്തിലെ ‘ഹാർമണൈസിങ്’ എന്ന സങ്കേതം.

    As far as I know, Counter and
    Harmony are two different things
    in Western music. You really don't
    get harmony when you use counters.
    When multiple notes are played at
    same time (chords - that too
    depending on note in melody and
    scale of song), we get harmony.
    There is only one melody stream
    here. Where as in counter point,
    we have multiple/independent
    melody streams and they are
    combined in a smart way by the musician. There are no chords involved in counter point.
    Yes, we do get a nice feeling
    when we counters (either vocal
    or instrumental). But that is
    different from the feel given by
    harmony.

    Please give your thoughts!!

    Thanks,
    Vikas

    ReplyDelete
  19. വികാസ്:
    എന്റെ പ്രസ്താവന അത്ര വ്യക്തമല്ല എന്നു തോന്നുന്നു.
    ഇതൊന്നു കേട്ടു നോക്കുക. മെലഡിയും കഔന്റെർ മെലഡിയും. നോക്കുകhttp://www.youtube.com/watch?v=-UL6y8YDdSU

    ഹാർമണൈസിങ്:

    http://www.youtube.com/watch?v=Hn8Goy2Ts4k&feature=related

    കൂടുതൽ വിശദമായി ഉടൻ.

    ReplyDelete
  20. Sure.. thanks...

    Please see:

    http://library.thinkquest.org/27110
    /noframes/periods/counterpoint.html

    While I agree to an extend that we
    get some type of pleasant feel or
    some harmony when we hear a counter
    (especially when two notes of two
    melodies happen at same time), it
    is incidental. Harmony, IMHO, involves selecting the right
    chord depending on scale of song
    and the note in the single melody
    stream. For eg., if a song is in
    C Major and the melody note is C,
    the right chord is C Major (CEG),
    F Major (CFA) and A Minor (ACE).
    Playing any of above three chords
    along with C in melody gives
    Harmony. I really do not think
    that the rules for creating Counter
    is same as those to create Harmony
    as in selecting right chord etc.
    Of course, Counters should not
    produce disharmony. But I feel it's
    main purpose/effect is quite
    different from Harmony produced by
    Chords.

    As explained in above article,
    Counter is more "horizontal" thing
    (ie multiple melody streams)
    while Harmony is more "vertical"
    (ie single melody with right
    chords).

    (Please note that above is not for
    an argument and all. It's just for
    better appreciation/understanding
    of music!!)

    Thanks,
    Vikas

    ReplyDelete
  21. എതിരവന്‍ ജി :
    ഇനിയും ധാരാളം ലേഖനങ്ങള്‍ - ആസ്വാദനങ്ങള്‍ - പ്രതീക്ഷിക്കുന്നു
    നന്ദി ...
    Thahseen

    ReplyDelete
  22. വികാസ്:
    counterpoint ഉം countermelody യും തമ്മിൽ വ്യത്യാസങ്ങളുണ്ട്. ഇതു നോക്കുക:
    http://www.aboutmusictheory.com/counterpoint.html

    കൌണ്ടർ മെലഡിയും ഹാർമണൈസിങ്ങും കൂടെ കൂട്ടിക്കുഴച്ച് എഴുതി കൺഫ്യാഷൻ ആക്കി ഞാൻ. വാചകം വേർതിരിച്ചെഴുതിയിട്ടുണ്ട്. പരാമർശത്തിനു നന്ദിയുണ്ട്.
    ഒരു സിനിമാപ്പാട്ടിനെക്കുറിച്ചെഴുതുമ്പോൾ കാര്യങ്ങൽ ലളിതമായിരിക്കട്ടെ എന്നു വിചാരിച്ച് എഴുതിയതാണ് ആ‍ വാചകം. ഉദാഹരണം പറഞ്ഞ് വിവരിക്കുക മാത്രമായിരുന്നു നല്ലതെന്ന് ഇപ്പോൾ തോന്നുന്നു. ചരണത്തിന്റെ ആവർത്തനത്തിൽ (“സന്ധ്യയാം.....“ “കാഞ്ചനനൂപുര...”) പുറകിൽ നാദസ്വരം വരുന്നത് കൌണ്ടർ മെലഡി. “സന്ധ്യയാം.....” കഴിഞ്ഞ് “ചെന്തളിർ...” അതേ ട്യൂണിൽ ആവർത്തിയ്ക്കുന്നത് ഹാ‍ാർമണൈസിങ്.

    കൌണ്ടർ മെലഡി ഉണ്ടാക്കിയിട്ട് അത് ഹാരമണൈസ് ചെയ്യാനും പറ്റും.

    ReplyDelete
  23. കൌണ്ടർ മെലഡി നിറഞ്ഞു വിലസുന്ന മറ്റൊരു പഴയ പാട്ട്: ‘നഗരം നഗരം മഹാസാഗരം‘ (നഗരമേ നന്ദി, കെ. രാഘവൻ)

    ReplyDelete
  24. Thanks Ethiranji.. I really lost track of this after a few days.

    I think my reading of Counter melody as Counter point led to this discussion.

    At the same time, while counter melody is termed harmony line also, the effect produced by it
    entirely different from the harmony generated by chords
    or choirs which go stacked with the melody. Chords has to go along with the melody + counter melody and has to be in same scale as main melody.

    ReplyDelete
  25. ഈ "മന്ദ്രത" എന്ന് വച്ചാല്‍ എന്താ? അറിവില്ലായ്മ പൊറുക്കുക.

    ReplyDelete
  26. ബാബൂ:
    ‘മന്ദ്രം ആയിട്ടുള്ള സ്ഥിതിവിശേഷം’ എന്നാണ് ഉദ്ദേശിച്ചത്.
    ഈ വാക്ക് നിഘണ്ടുവിൽ ഉടൻ ചേർക്കാൻ നിർദ്ദേശിയ്ക്കുന്നു.

    ReplyDelete
  27. Thanks ethiran. A very technically correct answer indeed!!! Really appreciate it. Thanks once again :-)

    ReplyDelete
  28. ഈ ആസ്വാദനം ആസ്വദിച്ചു. വളരെ ഇഷടമുള്ള ഒരു പാട്ട്. ഇതു വായിച്ച ശേഷം പാട്ടു കേട്ടപ്പോള്‍ ഒന്നുകൂടീ ഹൃദ്യമായി തോന്നി.

    ReplyDelete