Sunday, May 11, 2025

കാൽപ്പനിക അമ്മ, പരിണാമത്തിലെ അമ്മ

 

 


   ഏറെ ദിവ്യത്വം കൽപ്പിച്ചു നൽകപ്പെട്ടിട്ടുണ്ട് സാംസ്കാരികവ്യവഹാരത്തിലെ അമ്മയ്ക്ക്. പൊക്കിൾക്കൊടിബന്ധം എന്നത് ജൈവികമായ ഒരു തീവ്രാടുപ്പം സൃഷ്ടിയ്ക്കുകയാണെന്നും ഒരു മനുഷ്യനു ഏറ്റവും അടുത്ത ബന്ധം അമ്മയോടാണെന്നും  സ്ഥപിച്ചെടുക്കാൻ ഈ  physical structure സഹായിക്കുന്നുണ്ട്. ബന്ധങ്ങളുടെ മേന്മയുടെ തോത് അളന്നെടുക്കേണ്ടത് ആവശ്യമായി വരികയും ഈ ബന്ധം നിസ്തുലവും അദ്വിതീയവുമാണെന്ന് അങ്ങനെ എളുപ്പം തെളിയിക്കപ്പെട്ട് പരിപാവനത്വത്തിലേക്ക് കയറിയതാണ്  മനുഷ്യർ സങ്കൽപ്പിച്ചെടുത്ത മാതൃത്വം. 

  ദൈവങ്ങളെ അമ്മയായി കാണാനും ഇത് പ്രേരിപ്പിച്ചിട്ടുണ്ട്. പ്രകൃതി തന്നെ അമ്മ എന്നത് സർവ്വപ്രദായിനി എന്ന അനുഭവത്തിൽ നിന്ന് ഉടലെടുത്തതാകണം. പ്രകൃതി പോലെ ക്ഷണപ്രഭാചഞ്ചലമാണ് അമ്മ മനസ്സും എന്ന്  യുക്തി കണ്ടുപിടിയ്ക്കാൻ ഉഴറിയ മനുഷ്യമനസ്സ് കൽപ്പിച്ചെടുത്തിരിക്കണം. ഭാരതീയ അമ്മദൈവങ്ങൾ ഉഗ്രരൂപിണികളും കരാളവതികളും ആകുന്നതും ഈ പ്രകൃതിദർശനസമന്വയ  സവിശേഷതകൊണ്ടായിരിക്കണം. ജീവിയുടെ ഉദ്ഭവവും നിലനിൽപ്പും അമ്മദൈവങ്ങളുടെ നിയന്ത്രണത്തിലാണെന്നുള്ള സങ്കൽപ്പം അമ്മയുടെ പ്രതാപം പ്രോജ്വലിപ്പിക്കുന്നതുമാണ്. ഗർഭധാരണം, പ്രസവം എന്നതിലെ അദ്ഭുതങ്ങൾ നിർവ്വചിച്ചെടുക്കാൻ അമ്മദൈവങ്ങളുടെ വിദ്യകളാണവ എന്ന് സങ്കൽപ്പിച്ചാൽ മതി.  മുക്കാൽ പിള്ളയെ ഗർഭതി കൊല്ലും, മുഴുപ്പിള്ളയാകുമ്പൊ ഈറ്റതി കൊല്ലുന്നവളുമാണ് ആ അമ്മ,  അന്നു പിറന്നൊരിളമ്പിള്ളയെത്താൻ അമ്മാനമാടി രസിപ്പവളുമാണ് ഈ നിഷ്ഠൂര. അമ്മയുടെ ഔദാര്യത്തിൽ മാത്രം കുഞ്ഞ് ജീവനോടെ ഇരിയ്ക്കും എന്നത് ഭീതി ഉളവാക്കുന്നതാണ്. ഈ ഭീതിയിലൂടെ അമ്മ=ദൈവം എന്നത് രൂഢമൂലമാകുന്നു, അമ്മ ദൈവമായി മാറുന്നതും ദൈവം അമ്മയായി മാറുന്നതും ഒരുമിച്ച് സംഭവിക്കുന്നു. 

       ആവിഷ്ക്കാരങ്ങളുടെ വിസ്തൃതി അനുവദിക്കപ്പെട്ട് ദൈവത്തിനും ഒരു അമ്മയുണ്ട് എന്ന് പ്രഖ്യാപിക്കാം. ആദിയിൽ മാനവും ഭൂമിയും തീർത്തത് ദൈവമായിരിക്കാം, ആറാം നാളിൽ മനുഷ്യനെ തീർത്തത് ദൈവമായിരിക്കാം, പക്ഷേ ആ ദൈവത്തെ പെറ്റുവളർത്തിയത്, മുലപ്പാലൂട്ടിയത് അമ്മയാണ് എന്ന് പ്രഖ്യാപിച്ച് ദൈവസങ്കൽപ്പത്തിനും മുൻപ് അമ്മദൈവസങ്കൽപ്പം രൂഢമൂലമായെന്ന് കവികൾക്ക് ശഠിയ്ക്കാം, തെറ്റില്ല താനും. മാനുഷികമായതിൽ നിന്നൊക്കെ വിടുതൽ നൽകി അമേയവും അമൂർത്തവുമായ പ്രഭാപൂരത്തിൽ വിലയിക്കപ്പെടുമ്പോൾ അമ്മ ദാർശനിക മാനങ്ങളും കൈക്കൊള്ളുകയാണ്. എന്നാൽ ആദ്യമായി അമ്മ എന്ന പേരിൽ നോവെൽ എഴുതപ്പെടുമ്പോൾ പ്രായോഗികചിന്തക്കാരിയെ ആവിഷ്ക്കരിക്കാനാണു മാക്സിം ഗോർക്കി തുനിഞ്ഞത് എന്നത് ശ്രദ്ധിക്കേണ്ടതു തന്നെ. അപനിർമ്മാണത്തിന്റെ ഉദാഹരണമായി വാഴ്ത്തപ്പെട്ട ഈ കഥാപാത്രം അണ്ഡകടാഹം നിർമ്മിച്ചെടുത്ത ദൈവത്തിന്റെ അമ്മയല്ല, വെറും മനുഷ്യസ്ത്രീയാണ്. 

  ഇൻഡ്യയിൽ പൊതുബോധത്തിലെ അമ്മസ്വരൂപത്തിന്റെ പശ്ചാത്തലനിർമ്മിതി അമ്മദൈവങ്ങളുടെ സ്വാധീനവലയത്തിൽ പെട്ടുകൊണ്ടു തന്നെയാണ്. മതങ്ങളിലെ അമ്മ സാധാരണസമൂഹത്തിലെ അമ്മയുമായി താദാത്മ്യം പ്രാപിക്കുന്നതോടെ വിഗ്രഹവൽക്കരിക്കപ്പെട്ട അമ്മയ്ക്ക് ദൈനംദിനവ്യഹാരങ്ങളിൽ നിന്ന് അകൽച്ച പ്രഖ്യാപിക്കപ്പെട്ടു. തെക്കേ ഇന്ത്യയിൽ സ്ത്രീകളെ അമ്മ ചേർത്ത് വിളിച്ചാൽ അവർ ബഹുമാനിക്കപ്പെടുകയാണെന്ന് പ്രഖ്യാപിക്കാപിക്കാനുള്ള കരുത്ത് ഇങ്ങനെയാണ് നേടിയെടുക്കപ്പെട്ടത്. ഇങ്ങനെ അമ്മ വിളികൾക്ക് പ്രസിദ്ധിയാർജ്ജിച്ച തമിഴ്നാട്ടിലാണ്  ഏറ്റവും കൂടുതൽ പെൺശിശുഹത്യകൾ നടക്കുന്നത് എന്നത് വിരോധാഭാസമെന്ന് കരുതേണ്ട, അമ്മ എന്ന വിഗ്രഹം പെട്ടെന്നുടയുന്നതാണെന്ന  മുൻ കൂർ അറിവുള്ളതുകൊണ്ടാണ്.  മുഴുപ്പിള്ളയാകുമ്പോൾ ഈറ്റില്ലത്തിൽ വച്ച് കുഞ്ഞിനെക്കൊല്ലുന്ന അമ്മ ദൈവമായി തുണയുണ്ടായിരിക്കും എന്ന ലളിതയുക്തിയെക്കാൾ വിഷപ്പാൽ ഇറ്റിച്ച് കുഞ്ഞിനെക്കൊല്ലുന്നതിൽ സമൂഹം സൃഷ്ടിച്ഛ അതും ആണുങ്ങൾ സൃഷ്ടിച്ച- സ്ത്രീധനം എന്ന പ്രായോഗികപ്രശ്നം കണ്മുന്നിൽ പ്രത്യക്ഷപ്പെടുന്നതുകൊണ്ടാണെന്നുള്ളതും കൃത്യമായി മനസ്സിലാക്കിക്കൊണ്ടു തന്നെയാണ്. മാതൃത്വത്തോടോ സ്ത്രീയോടോ ഉള്ള മിനിമം ആദരവ് ഇല്ലാതെ പോകുന്നത്  അമ്മ എന്ന സംബോധന കൊണ്ട് മറയ്ക്കപ്പെടുന്നു.

സ്ത്രീയോടുള്ള ആദരവും അമ്മയോടുള്ള ആദരവും വേർപെടുന്നില്ലിവിടെ, ഹിംസാത്മകതയുടെ ഭാഗം തന്നെ ആയിപ്പെടുകയാണ്. അന്ന് പിറന്നൊരിളം പിള്ളയെ കൊല്ലുന്നത് അമ്മദൈവങ്ങളല്ല, പ്രത്യുത മാനുഷിക ചിന്തകളും പ്രായോഗികതയും മനസ്സിലേറ്റിയ അമ്മ തന്നെയാണ്. മതങ്ങളിലെ അമ്മ ആധുനികസമ്പദ്വ്യവസ്ഥയ്ക്കനുസരിച്ച് പെരുമാറുന്ന അമ്മയ്ക്ക് വഴിമാറുന്നു. 

 കാൽപ്പനിക അമ്മയെ ആർക്കാണ് വേണ്ടത്? 

  ബന്ധങ്ങളിലെ ഊഷ്മളത ഊർജ്ജം നിറയ്ക്കുന്ന തലച്ചോർ വയറിങ്ങാണു മനുഷ്യനുള്ളത്. ഹോർമോൺ ഫിസിയോളജിയും ഇതിനു സഹായകമാകുന്നുണ്ട്. ഇതിനുവേണ്ടിയുള്ള അന്വേഷണം സ്വാഭാവികമാകുന്നു അപ്രകാരം. ബന്ധങ്ങളിലെ ആശ്രയപരത ആധാരമാകുകയാണിവിടെ.  പരിപാലനവേളയിൽ ദൃഢീകരിക്കപ്പെട്ട അമ്മബന്ധം നിതാന്ത ഓർമ്മയായി മനുഷ്യരിൽ കുടി കൊള്ളും , തിരിച്ച് ഗർഭപാത്രത്തിൽ കയറി സുഷുപ്തിയിലാകുന്നത് കാവ്യാവിഷ്ക്കാരങ്ങളിൽ കടന്നു വരുന്നത് സ്വപ്നസാഫല്യസമമാണ്.  മനുഷ്യനെ അമ്മയുമായി ബന്ധിക്കാനുള്ള ത്വര ആക്കം കൂട്ടപ്പെട്ടത് കാൽപ്പനികചിന്താശേഷി അവനു ലഭ്യമായതുകൊണ്ടാണ്. പ്രായപൂർത്തിയായിക്കഴിഞ്ഞാൽ  വേറിട്ടു പോയി ഇണയുമായി ബന്ധപ്പെട്ടാലും അത് താൽക്കാലികമാണെന്ന് തീർച്ചയുണ്ട്, ഇണ പിന്നീട് മാറപ്പെടുന്നതുമാണ്.. ചിമ്പാൻസികളിൽ പ്രായപൂർത്തിയായ് ആണുങ്ങൾ ദീർഘകാലം കഴിഞ്ഞും അമ്മയെ കണ്ടെത്തിയാൽ മമത പുലർത്തുന്നതായി  ഇക്കാര്യ്യത്തിൽ വിശദപഠനം നടത്തിയ പ്രസിദ്ധ behaviour scientist  ജെയ്ൻ ഗുഡാൾ   (Jane Goodall)കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്.  ആനകളിലും ഇത് നിരീക്ഷിക്കപ്പെട്ടിടുണ്ട്.  കുടുംബവ്യവസ്ഥ നിലവിൽ വന്നതിനു ശേഷം അമ്മ, ഭാര്യ എന്നീ ദ്വന്ദങ്ങൾക്കിടയ്ക്ക് പെട്ടു പോകുകയാണ് ആണുങ്ങൾ. അമ്മായിയമ്മ എന്ന മറ്റൊരു സ്വഭാവരൂപം ഉടലെടുക്കുന്നത് പ്രായോഗികതലത്തിൽ ഭാര്യയ്ക്കാണ് ബുദ്ധിമുട്ട് ഉളവാക്കുന്നതെങ്കിലും മാനസികമായി ആണിനാണു പ്രശ്നം. അല്ലെങ്കിൽത്തന്നെ മാതൃഭാവത്തിൽ വ്യതിചലനം സ്വാഭാവികമായി സംഭവിയ്ക്കുന്നുമുണ്ട്.  പ്രായോഗിക അമ്മ തന്നെയാണ് മറ്റൊരിടത്തെ അമ്മായിയമ്മ. ഈ ദ്വന്ദവ്യക്തിത്വം ചിന്താക്കുഴപ്പത്തിലാക്കിയ ആണിനു കാൽപ്പനികമായ അമ്മയെ ആവശ്യമായി വരികയാണ്.  സർവ്വം സഹയായ, നിതാന്തവാൽസല്യവതിയായ അമ്മയെ  പ്രത്യേകിച്ചും ആണുങ്ങൾക്കാണു വേണ്ടത്. വിഗ്രഹവൽക്കരിക്കപ്പെട്ട അമ്മ അവനു ആശ്വാസമാണ്. നിത്യ മാതൃത്വം ഉദാരമായി സംഭാവന ചെയ്യുന്ന, സൗജന്യമായി ആലിംഗനം ചെയ്യുന്ന അമ്മമാരെ തേടുകയായി അയാൾ. പച്ചമനുഷ്യരായ അമ്മദൈവങ്ങൾ ആവിർഭവിക്കുകയായി, ആണുങ്ങൾ അവരെ നിലനിറുത്തുകയുമായി, മാത്രമല്ല  വിപണിയുടെ ഭാഗവുമായി മാറുന്നു നിത്യാനന്ദ നിർവ്വാണപ്രസാരിണി അമ്മമാർ. കലണ്ടർ ചിത്രങ്ങളെ വെല്ലു വിളിയ്ക്കും വിധം ദേവീവേഷം ധരിച്ച്  സ്വയം ദൈവമായി പ്രഖ്യാപിക്കുമ്പോൾ രണ്ട് സിദ്ധിലാഭങ്ങൾ ലഭിയ്ക്കുകയായി അവനു, അമ്മയും ദൈവവും.   അമ്മയായി, അമ്മ എന്നതിന്റെ തനിമ മനസ്സിലാക്കിക്കഴിഞ്ഞ സ്ത്രീയ്ക്ക് അത്രമാത്രം ഈ കാൽപ്പനിക അമ്മയെ ആവശ്യം വരുന്നില്ല. ആണുങ്ങളിൽ ഈ സ്വർത്ഥചിന്ത അടിയുറയ്ക്കുകയും മാതൃത്വം വിഗ്രഹവൽക്കരിക്കപ്പെടുന്നതിനു ആക്കം കൂട്ടുകയും ചെയ്യുന്നു. 

പരിണാമത്തിലെ അമ്മ 

  കാൽപ്പനിക അമ്മയുമായി വളരെ വ്യത്യസ്തമാണ് പരിണാമത്തിലെ അമ്മ. പരിണാമം നിഷ്ക്കർഷിക്കുന്നത് ജീവികളുടെ നൈരന്തര്യമാണ്, ഏറ്റവും അനുയോജ്യവരായവർ അതിജീവിക്കുന്ന വ്യവസ്ഥ. അതിനു സഹായിക്കാൻ ചെറുപ്രായത്തിൽ തുണയേറ്റുന്നവരാണ് അമ്മമാർ. എല്ലാ ജന്തുക്കളിലും പലേ തരത്തിൽ ഇത് പ്രായോഗികമാക്കപ്പെടുന്നു. അതുകൊണ്ട് ദിവ്യത്വം കൽപ്പിക്കേണ്ടതോ ആരാധിക്കപ്പെടേണ്ടതോ അല്ല മാതൃത്വം. ഏതു ഹിംസ്രജന്തുവും പ്രസവിച്ചു കഴിഞ്ഞാൽ സ്വന്തം കുഞ്ഞുങ്ങളുടെ അടുത്ത് സ്നേഹമസൃണകളും തരളിതഹൃദയവതികളും ആയിരിക്കും. ഒരു മുതല മറ്റ് ജന്തുക്കളെ നിഷ്ക്കരുണം കടിച്ചുകീറാൻ ഉപയോഗിക്കുന്ന, പേടിപ്പെടുത്തുന്ന പല്ലുകൾക്കിടയിൽ സ്വന്തം കുഞ്ഞുങ്ങളെ അതീവ ശ്രദ്ധയോടെ കൊണ്ട്നടക്കുന്നത് കാണാം.  അല്ലെങ്കിൽ ഒരു എലിയോ സിംഹമോ എങ്ങനെ അമ്മയായി പരിപാലിയ്ക്കുന്നുവോ അത്രയുമുള്ളു മനുഷ്യരിലെ അമ്മയുടെ പരിപാവനത്വം. 

  മുട്ടയിടുന്ന ജീവികളും വിരിഞ്ഞുവരുന്ന കുഞ്ഞുങ്ങളെ പരിപാലിക്കാറുണ്ട്, മൽസ്യങ്ങളിൽ മുതൽ ഇങ്ങോട്ട് പരിണാമവഴിയിൽ.  ചില മീനുകളുടെ ശരീരത്തിൽ നിന്ന് ഉറവയെടുക്കുന്ന മുലപ്പാലിനു സമാനമായ സ്രവങ്ങൾ മുട്ടവിരിഞ്ഞ കുഞ്ഞുങ്ങളെ അമ്മയുടെ ശരീരത്തിൽ പറ്റിത്തൂങ്ങാൻ പ്രേരിപ്പിക്കുന്നുണ്ട്. മറ്റു ചില മീനുകൾ സ്വശരീരത്തിലെ ചെറിയ അറകളിലോ വായിലോ കുഞ്ഞുങ്ങളെ കൊണ്ട് നടക്കാറുണ്ട്.    പക്ഷികളുടെ ശിശുപരിപാലനം സുവിദിതമാണ്. താൻപോരിമ നേടിക്കഴിഞ്ഞാൽ ഈ മഹിമയിയന്ന മാതൃത്വം ഇല്ലാതാകുകയാണ്, അടുത്ത തലമുറയ്ക്ക് അതിജീവനം സാദ്ധ്യമാക്കുക എന്നതേ മാതൃത്വത്തിന്റെ സാധുത ഉദ്ദേശിക്കുന്നുള്ളു. സസ്തനികൾക്ക് ഇത് ചിലപ്പോൾ നീണ്ടകാലം ആയിരിക്കാം. 

    അമ്മയാകൽ ഒരു അവകാശവും അധീശസ്വഭാവാധികാരവുമാണ് ചില സസ്തനികളിൽ. ഹയെന സംഘത്തെ നയിക്കുന്നത് ഏറ്റവും കരുത്തുള്ള ഹയെനപ്പെണ്ണാണ്. ഏറ്റവും മെച്ചപ്പെട്ടവനെ ബീജധാരണത്തിനു തെരഞ്ഞെടുക്കുന്നതും അവൾ തന്നെ. പ്രസവിക്കാനുള്ള അവകാശം ഇവൾക്കും മറ്റ് ചില ചുരുക്കം ഹയെനപ്പെണ്ണുങ്ങൾക്കും മാത്രമേ ഉള്ളു. വിഭവങ്ങൾ സ്വാംശീകരിക്കാനും ഇവർക്ക് പ്രത്യേക അവകാശമാണ്.  സമൂഹത്തിന്റെ അതിജീവനം സാദ്ധ്യമാക്കാനുള്ള ഏറ്റവും ഉചിതമായ മാർഗ്ഗങ്ങൾ നിക്ഷേപിക്കപ്പെടുകയാണ് മാതൃത്വത്തിൽ. തേനീച്ചക്കൂട്ടത്തിലെ രാജ്ഞിയ്ക്ക് ലഭിയ്ക്കുന്ന സൗകര്യലാഭങ്ങൾക്ക് സമാനമാണിത്. അതിജീവനത്തിനു വേണ്ടി നിജപ്പെടുത്തിയിട്ടുള്ള ഘടനാവിന്യാസങ്ങളുടെ ഒരു പ്രധാനകണ്ണി ആകുക എന്നത് പരിണാമനിയമം മാത്രമാണ്. മെച്ചപ്പെട്ട ജനിതക ഘടകങ്ങൾ അടുത്ത തലമുഋയ്ക്ക് കൈമാറുക എന്ന ലളിതകർത്തവ്യം മാത്രമേ ഉള്ളൂ മാതൃത്വത്തിനു എന്ന് വാദിച്ചാൽ മറുവാദങ്ങൾ അധികമില്ല. 

    മനുഷ്യരിലെ ശിശുസംരക്ഷണകാലം നീണ്ടതാണ്. ജീവികളിൽ സ്വയം പര്യാപ്തത നേടാൻ ഏറ്റവും കാലയളവ് ആവശ്യമായത് മനുഷ്യശിശുക്കൾക്കാണ്. എഴുന്നേറ്റ് നിൽക്കാൻ ഇത്രയും കാലതാമസമുള്ള മറ്റൊരു ജന്തുവില്ല. തലച്ചോറിന്റെ പല കേന്ദ്രങ്ങളും വളർച്ച പ്രാപിക്കുന്നത് പിറന്നതിനു ശേഷം ആദ്യ വർഷങ്ങളിലാണ്, പ്രത്യേകിച്ചും ചലനങ്ങളെ നിയന്ത്രിക്കുന്ന് motor cortex ഇനു. ഭാഷണകേന്ദ്രങ്ങളും സാവധാനം ഉണർന്നു വരുന്നവയാണ്. ഖരാഹാരം സാദ്ധ്യമല്ലാത്ത നിസ്സഹായജീവികൾ. അതുകൊണ്ട് പരാധീനതയിൽ നിന്ന് ഉളവാകുന്ന തീവ്രമായ ബന്ധനം നെടുനാളത്തെ ബന്ധത്തിനു വഴിതെളിയ്ക്കുന്നു.  ഈ പരാധീനതയുടെ ഓർമ്മശേഷിപ്പുകൾ സങ്കീർണ്ണമായി പരിണമിച്ച തലച്ചോർ സ്ഥിരം കൊണ്ടു നടക്കുമ്പോൾ മാതൃത്വം വിഗ്രഹവൽക്കരിക്കപ്പെടാനുള്ള സാദ്ധ്യതയേറുന്നു. ദൈവചിന്തയുടെ ആവിർഭാവത്തോടെ സംഭവിച്ചതാകണമിത്. 

  പത്തുമാസം ചുമന്ന് നൊന്ത് പ്രസവിച്ചതാണ് എന്ന അവകാശവാദം പരിണാമത്തിലെ അമ്മയക്ക് ഉയർത്താനാവില്ല. പത്തു മാസത്തിൽക്കൂടുതൽ ഗർഭധാരണകാലം ഉള്ള് മറ്റ് ജന്തുക്കൾ ഇതിനെ പ്രതിരോധിച്ചേയ്ക്കും. ആനകളുടെ ഗർഭകാലം രണ്ടു കൊല്ലത്തോളമാണ്. നൊന്ത് പ്രസവിയ്ക്കുക എന്നത് വാസ്തവത്തിൽ വളരെ പെട്ടെന്ന് പരിണമിച്ച് വികസം പ്രാപിച്ച തലച്ചോർ ലഭിച്ചതിനു കൊടുത്ത വിലയാണ്. കൂടുതൽ വിസ്താരമുള്ള മസ്തിഷ്ക്ക കോർടെക്സ് ഇനു ഇടം കിട്ടാൻ ധാരാളം മടക്കുകൾ നിർമ്മിച്ചെടുത്തെങ്കിലും ശരീരത്തെ അപേക്ഷിച്ച് വലിയ തലയോട്ടിയാണ് മനുഷ്യനുള്ളത്. അതിജീവനത്തിനുള്ള വിദ്യകൾ ചമച്ചെടുക്കാൻ സങ്കീർണ്ണമസ്തിഷ്ക്കം ആവശ്യമായി വന്നപ്പോൾ സംഭിവച്ചതാണിത്. തലയോട്ടി സ്വൽപ്പം വലുതായിട്ടുണ്ട്.   ഈ വലിപ്പത്തിനനുസരിച്ച് ഇടുപ്പെല്ലുകൾ സൃഷ്ടിയ്ക്കുന്ന, കുഞ്ഞിനു നൂഴ്ന്ന് പുറത്ത് കടക്കേണ്ട ദ്വാരം വലുതായിട്ടില്ല. പരിണാമം അത് ശരിയാക്കിക്കൊണ്ടിരിക്കുന്നതേ ഉള്ളു. രണ്ട് ഇടുപ്പെല്ലുകൾ കൂടിയോജിച്ച് തീർക്കപ്പെടുന്ന ത്രികോണ ഇടത്തിനു കൂടുതൽ പരപ്പും വികാസവുമുണ്ട് പുരുഷന്മാരുടേതിനേക്കാൾ സ്ത്രീകളിൽ. കുഞ്ഞിനു കടന്നു വരാൻ എളുപ്പം സൃഷ്ടിയ്ക്കാൻ വേണ്ടി. ഇനിയും അത് വികസിക്കേണ്ടിയിരിക്കുന്നു.  അതുകൊണ്ട് മനുഷ്യർക്ക് മാത്രമുള്ള താണ് പ്രസവവേദന. നൊന്ത് പ്രസവിക്കുക എന്നത് ത്യാഗത്തിന്റെ ലക്ഷണമൊന്നുമല്ല, പരിണാമ തൽക്കാലം നിഷ്ക്കർഷിച്ചിട്ടുള്ളത് മാത്രമാണെന്ന് സാരം. 

കടം വാങ്ങുന്ന മാതൃത്വം അഥവാ Allomaternal care

    പ്രസവിച്ചർ മാത്രം മാതൃത്വം എന്ന വിശിഷ്ടപ്ദവിയ്ക്ക് അർഹരാകണമെന്ന് നിർബ്ബന്ധമൊന്നുമില്ല ജന്തുലോകത്തിനു. ഹനുമാൻ കുരങ്ങുകളിൽ പലേ സീനിയർ സ്ത്രീകളും ശിശുപരിപാലനത്തിനു സന്നദ്ധരാണ്.  നീണ്ടവാലൻ കുരങ്ങുകളിൽ ഒരു സ്ത്രീ മാത്രം ഇതിനു ഒരുമ്പെടുകയാണ് പതിവ്. ആനകളിൽ അമ്മായിമാരും ചിറ്റമാരും മൂത്ത ചേച്ചിയുമൊക്കെ കുട്ടിയാനയ്ക്ക് പരിചരണം നൽകുക പതിവാണ്. ഇവരിൽ പ്രസവിച്ചവർ ഉണ്ടെങ്കിൽ മറ്റ് കുഞ്ഞുങ്ങൾക്ക് മുലയൂട്ടലും പതിവാണ്. സ്വന്തം ജനിതകവസ്തു ശാശ്വതീകരിക്കാനുള്ള തത്രപ്പാടിന്റെ ഭാഗമായിട്ട് ഇതിനെ കാണാം. അതുകൊണ്ടുതന്നെ പെൺശിശുക്കൾക്കാണ് ഈ പരിചരണം കൂടുതൽ കിട്ടാറ്. ചിമ്പാൻസികളിലും ചിലയിനം വവ്വാലുകളിലും ഇങ്ങനെ പങ്കുവയ്ക്കപ്പെടുന്ന മാതൃത്വം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സ്വന്തം അമ്മയോടെന്നവണ്ണം സ്നേഹാതിരേകബന്ധത്തിൽ പെട്ടു പോകാറുണ്ട് ചില ചിമ്പാൻസിക്കുട്ടികൾ.  ഗോത്രകാലം മുതലോ അതിനും മുൻപോ മനുഷ്യർ ശിശുപരിപാലനപ്രക്രിയ കുടുംബശ്രീ കൂട്ടായ്മയുടെ ഭാഗമാക്കിയിരുന്നു എന്നത് സത്യമാണ്. കൂട്ടുകുടുംബ വ്യവസ്ഥയിലും ഇത് പരിപാലിക്കപ്പെട്ടിരുന്നു. മാതൃത്വത്തിന്റെ നിർവ്വചനം ഇടുങ്ങിയതല്ല. 

    അച്ഛന്മാർ അമ്മമാരിൽ നിന്ന് ഈ കുത്തക ഏറ്റുവാങ്ങിയത് മനുഷ്യർക്ക് വളരെ മുൻപേ തന്നെ സംഭവിച്ചതാണ്. മുയൽ വർഗ്ഗത്തിൽപ്പെട്ട പ്രെയറി വോൾ ദാമ്പത്യജീവിതം നെടുനാൾ കാത്തു സൂക്ഷിയ്ക്കുന്നവരാണ്, അച്ഛന്മാർക്ക് വലിയ താൽപ്പര്യമാണ് കുഞ്ഞുങ്ങളെ താലോലിച്ചു വളർത്താൻ. ചിലയിനം കിളികളിൽ കുഞ്ഞുങ്ങളെ പാട്ട് പഠിപ്പിക്കുന്നത് അച്ഛന്മാരാണ്. വ്യാവസായിക വിപ്ലവത്തിനു ശേഷം. അമ്മമാർ ജോലി ചെയ്യുന്നവരാകുകയും കൂടുതൽ  അച്ഛന്മാർ പരിപാലനത്തിൽ പങ്കെടുക്കുകയും ചെയ്യുന്നത് പിന്നീട് വ്യാപകമാകുകയും ഇന്ന് മാതൃത്വം എന്നത് വിഘടീകരിക്കപ്പെട്ട് തുല്യ പങ്കാളിത്തത്തിൽ എത്തിനിൽക്കുന്നതു പോലെ മാറിയിട്ടുമുണ്ട്. താരാട്ടു പാടുവാൻ അമ്മയുണ്ടെങ്കിൽ താളം പിടിയ്ക്കുവാൻ അച്ഛനുണ്ട് എന്ന് മാത്രമല്ല ആ ബലിഷ്ഠ കയ്കൾ തൊട്ടിലാട്ടാനും പരിശീലക്കപ്പെട്ട് തരളിതമാക്കപ്പെട്ട് തുടങ്ങിയിരിക്കുന്നു. 

   മാതൃത്വം മനുഷ്യരുടെ പ്രത്യേക സിദ്ധി ആണെന്ന് തെറ്റിദ്ധരിച്ചവരാണ് അതിനെ ദൈവീകവും  ദാർശനികസിദ്ധിവിശേഷവുമായി കരുതിയത്.     ദൈവത്തിനു മുലപ്പാലൂട്ടുന്ന  കവിഭാവനയിലെ അമ്മ ഒരു മനുഷ്യസ്ത്രീ ആയിരിക്കണമെന്നില്ല. മൽസ്യമോ മുതലയോ ചിമ്പാൻസിയോ ആകാം.  ദൈവങ്ങൾ തന്നെ മൽസ്യവും കൂർമ്മവും വരാഹവുമൊക്കെ ആവുമ്പോൾ അവരുടെ അമ്മമാരും അങ്ങനെയൊക്കെ ആകണമല്ലൊ. എന്നാൽ പിറന്നു വീണ സ്വന്തം പെൺകുഞ്ഞിന്റെ വായിൽ വിഷം ഇറ്റിക്കുന്ന അമ്മമാർ ജന്തുകുലത്തിൽ ഇല്ല.

 

Biomechanics and Dynamics of the Pelvic Girdle - Physiopedia

 

  ആണിന്റേയും പെണ്ണിന്റേയും ഇടുപ്പെല്ലുകൾ നിർമ്മിയ്ക്കുന്ന ദ്വാരത്തിലെ വ്യത്യാസം.

Wednesday, March 12, 2025

ക്വാണ്ടം ലോകത്തെ കെട്ടുപിണയൽ— ‘പട്ടുനൂൽപ്പുഴു’വിൻ്റെ കഥാപരിസരം................ എസ്. ഹരീഷിൻ്റെ പുതിയ നോവെൽ പട്ടുനൂൽപ്പുഴുവിനെക്കുറിച്ച്

 


 

ലോകത്ത് എന്തും സംഭവിക്കാം, മരങ്ങൾ ഓടിമറയാം, സമയത്തിന് വേഗം കൂടാം കുറയാം, നിന്ന നിൽപ്പിൽ ആളുകൾ അപ്രത്യക്ഷമാകുകയും മറക്കപ്പെടുകയും ചെയ്യാം.  ഒരിടത്ത് നിൽക്കുമ്പോൾ മറ്റൊരിടത്തായിരിക്കാൻ സാംസയ്ക്കറിയാം. അവൻ നിൽക്കുന്ന സ്ഥലത്തല്ല, അകമേയുള്ള സ്ഥലത്താണ് സാംസയുള്ളത്. അതുകൊണ്ട് ഒരു സ്ഥലത്ത് എത്രനേരം വേണമെങ്കിലും കാത്തുനിൽക്കാൻ അവന് പറ്റും…..”

   സത്യവും മിഥ്യയും ആപേക്ഷികമാണെന്ന് ചരിത്രത്തിലെ സന്ദർഭങ്ങൾ ഉണർത്തിയെടുത്ത് സാക്ഷ്യപ്പെടുത്താൻ ഉൽസുകതയുണ്ട് എസ്. ഹരീഷിനു. ആഗസ്റ്റ് 17 ഇൽ ഇത് കൃത്യമായി സാധിച്ചെടുത്തു അദ്ദേഹം ഒരു സമാന്തരചരിത്രം നിർമ്മിച്ചും  അതാണ് സത്യം എന്നും ശഠിച്ചും കൊണ്ട് തന്നെ. ജീവലോകവും പരിണാമവും കാലം എന്ന സങ്കൽപ്പവും മനുഷ്യൻ്റെ പഞ്ചേന്ദ്രിയങ്ങൾ നൽകുന്ന അറിവുകളുടെ പരിമിതികളും ദ്യോതിപ്പിച്ചു കൊണ്ട് സത്യത്തെക്കുറിച്ച്  പുതിയ ചോദ്യങ്ങൾ ചോദിക്കാൻ പ്രേരിപ്പിക്കുകയാണ് പട്ടുനൂൽപ്പുഴുവിലൂടെ നോവലിസ്റ്റ്. ആയിരമായിരം വർഷങ്ങൾ കൊണ്ട് സംഭവിക്കുന്നതാണ് ജൈവപരിണാമം, അത് ചുരുക്കിയെടുത്ത്, അനുകരിച്ച് കുറച്ച് മാസങ്ങൾക്കുള്ളിൽ പ്രദർശിപ്പിക്കപ്പെടുകയാണ് ചിത്രശലഭങ്ങളുടെ ജീവിതം. കൊഞ്ച് വർഗ്ഗത്തിൽപ്പെട്ട ജീവികൾ ചിറക് വെച്ച് പറന്നു തുടങ്ങാൻ മില്യൺ കണക്കിനു വർഷങ്ങൾ വേണ്ടി വന്നു, അത് പെട്ടെന്ന് സംഭവിക്കുകയാണ് ഇവയുടെ രീതി. പട്ടുനൂൽപ്പുഴുക്കളാകട്ടെ അതിമനോഹരവും നുനുത്തതുമായ സിൽക് ഉദ്പ്പാദിപ്പിച്ചാണ് ഈ ജീവിതഘട്ടത്തിൽക്കൂടെ കടന്നു  പോകുന്നത്. പരിണാമത്തിൻ്റെ ഈ സമയബന്ധിതനിലപാടുകളെ മുൻ നിറുത്തിയാണ് ഈ നോവലിലെ കഥ വിടർത്തിയെടുക്കുന്നത്.

 

   കാഫ്കയുടെ രൂപപരിണാമം’ (  Metamorphosis) എന്ന ആശയത്തിൻ്റെ തുടർച്ച എന്നരീതിയിലാണ് ആ കഥയിൽ നായകൻ്റെ പേരുള്ള പതിമൂന്നുവയസ്സുകാരൻ്റെ ജീവിതം ആപേക്ഷികമായ സമയത്തിൽ ബന്ധിക്കപ്പെട്ട് തെക്കൻ തിരുവിതാം കൂറിലെ ഒരു ഗ്രാമത്തിൽ അന്യനായി വർത്തിക്കുന്നതെന്ന് കഥ വിദിതമാക്കുന്നത്.. കാഫ്കയുടെ കഥാപാത്രത്തിൻ്റെ അതേ പേരാണ് ഈ പയ്യന്- ഗ്രെഗർ സാംസ. ഗ്രെഗർഇല്ലെന്നേ ഉള്ളു. കാഫ്കയുടെ സാംസയ്ക്ക് പരിണാമസമയത്തിലൂടെ പിന്നോട്ട് സഞ്ചരിച്ച് ഒരു ഷഡ്പദമായിത്തീരാണാണ് കാലം കൽപ്പിച്ചതെങ്കിൽ പട്ടുനൂൽപ്പുഴുവിലെ സാംസ മുന്നോട്ടും പിറകോട്ടും സഞ്ചരിക്കുന്നുണ്ട്. സാംസ തന്നെ ആണോ അത്? നിശ്ചയമില്ല. പലപ്പൊഴും, പലർക്കും അദൃശ്യനാണവൻ.

 

എന്താണ് യാഥാർത്ഥ്യം (reality)? സാംസയുടെ വെല്ലുവിളിയാണത്. അവൻ ഒരേ സമയം ഒരു പ്രസിദ്ധപുസ്തകത്തിലെ കഥാപാത്രവും ആനിയുടെ മകനുമാണ്. അവനിൽ ആണും പെണ്ണുമുണ്ട്. ആനിയ്ക്ക്കു പോലും അവനിൽ പെണ്ണത്തം തോന്നുന്നുണ്ട് (എന്താ നിനക്ക് ഒരു പെണ്ണിൻ്റെ മണം?”). അവനു തന്നെ പലപ്പൊഴും തോന്നുന്നുണ്ട് മറ്റൊരാൾ കൂടെയുണ്ടെന്ന്. അവൻ്റെ പട്ടി ഇലു രണ്ടുപേരെക്കാണുന്നപോലെയാണ് സ്നേഹം പ്രകടിപ്പിക്കുന്നത്.  വളരെ പെട്ടെന്ന് കാലങ്ങളിൽക്കൂടി സഞ്ചരിക്കാനുള്ള കഴിവുമുണ്ട് സാംസയ്ക്ക്. അതുകൊണ്ട് തന്നെ ഭൂമിയിൽ നിന്ന് ഇല്ലാതാകുന്ന പ്രക്രിയ ആയ മരണവുമായി ബന്ധവുമുണ്ട്. മരണം വിധിക്കപ്പെട്ട ആട് പട്ടണത്തിൽ വന്നിറങ്ങിയപ്പോൾ അവനെയാണ് ആദ്യം നോക്കിയത്. ഒരാളുടെ പല ജീവിതങ്ങൾ അവനു നേരിട്ട് ദൃശ്യമാകുന്നുണ്ട്. സ്ഥലം ലൈബ്രറിയിലെ ലൈബ്റേറിയൻ മാർക്ക് സാറിനെ മറ്റൊരു മനുഷ്യനായി അത്യുൽസാഹത്തോടേ വാഹനങ്ങളുടെ ഉൾഭാഗങ്ങൾ അഴിച്ച് വേർതിരിക്കുന്നിടത്ത് അവൻ കാണുന്നുണ്ട്.  മുപ്പതോ നാൽപ്പതോ വർഷങ്ങൾ മുൻപ് മരിച്ചു പോയ നടാഷയുമായി അവന് സംസാരിക്കാം.

 

ക്വാണ്ടം ലോകത്തെ ജീവിതങ്ങൾ

 സമയം ആപേക്ഷികമായ ഒരു ക്വാണ്ടം ലോകത്താണ് സാംസയുടെ ജീവിതം. നോവലിസ്റ്റ്  ക്വാണ്ടം ലോകം പ്രത്യക്ഷമായി വിവക്ഷിച്ചിട്ടില്ല, നോവൽ സയൻസ് ഫിക്ഷനുമല്ല, ശാസ്ത്രം ആധാരമാക്കിയുള്ള കഥനവും അല്ല. കേരളത്തിലെ സാധാരണ ഗ്രാമത്തിൽ വളരുന്ന സൗമ്യനായ ഒരു പയ്യൻ്റെ ദൈനദിനജീവിതത്തെ മുൻ നിർത്തി കാലത്തിൻ്റെ ഒരു ബിന്ദുവിൽ പെട്ടുപോകുന്ന അനേകം ജീവികളിലൊന്നിൽ മാത്രമായ സാംസ പരിണാമത്തിൻ്റെ നൈര്യന്തര്യത്തിൽ എവിടെയാണ് സ്വയം അടയാളപ്പെടുത്തേണ്ടതെന്നുള്ള വ്യഥയുടേയും പ്രപഞ്ചസമസ്യകൾ വട്ടം ചുറ്റിയ്ക്കുന്ന വേളകളിൽ മനുഷ്യനോ അല്ലെങ്കിൽ ഒരു ജീവിയോ സ്വയം തിരിച്ചറിയുന്നതെങ്ങനെ, അല്ലെങ്കിൽ സ്വയം തിരിച്ചറിയേണ്ടതുണ്ടൊ എന്ന് അന്വേഷിക്കുന്നതിൻ്റേയും കഥയാണ് ഇത്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ഇല്ലാത്ത ലോകത്താണ് അത് സംഭവിക്കുന്നത്. ആഗസ്റ്റ് 17 ഇൽ മരിച്ചവരേയും (ജീവിച്ചിരുന്നവരേയും) സ്ഥാനാന്തരണം ചെയ്തുകൊണ്ട് ഇടം, കാലം എന്നീ രണ്ടിലും ഇത് സംഭവിപ്പിക്കുന്നുണ്ട് ഹരീഷ്. സമാന്തരമോ ഏകാന്തരമോ പര്യായക്രമിക (alternate)മോ ആയ വാതാവരണത്തിലാണ് കഥാപാത്രങ്ങൾ ചരിത്രപരമായി പ്രതിഷ്ഠിക്കപ്പെടുന്നതെങ്കിൽ അത്തരം വിഹ്വലതകൾ ആധാരമാക്കിക്കൊണ്ട് തന്നെ ഒരേ സമയം ഇന്ന് തന്നെ സത്യവും മിഥ്യയും ആയ ലോകങ്ങളിലേക്കും തിരിച്ചും ചാഞ്ചാടുന്ന ജൈവ അവസ്ഥാവിശേഷങ്ങളാണ് ദ്യോതിക്കപ്പെടുന്നത്. അസ്തിത്വം എന്നതിൻ്റെ പൊരുൾ തേടുന്ന കാഫ്കയൻ സംഹിതകൾ ധാരാളം പ്രത്യക്ഷപ്പെടുന്നുണ്ട്, എന്നാൽ അന്യവൽക്കരണം (alienation) ആശയങ്ങൾ വിട്ടിട്ട് അതിനുമപ്പുറം ഇന്നത്തെ സമസ്യകൾക്ക്, പരിഹാരം കാണാനുള്ള, അതിജീവിക്കാനുള്ള, പരിണാമത്തിൻ്റെ വഴികളിൽ ചേരാൻ ഉള്ള പ്രയത്നങ്ങളുമാണ് കഥാപാത്രങ്ങളുടെ അസ്തിത്വപ്രഹേളികകൾ. ഇന്നത്തെ ലോകവ്യവഹാരങ്ങളിൽ വിജയിക്കാനാവാതെ എങ്ങോ മറയുന്ന വിജയൻ (പേര് വിപരീതാാർത്ഥത്തിൽ അന്വർത്ഥമാണ്) സാംസയുടെ അച്ഛനാണ്. എന്നാൽ അവൻ അച്ഛൻ തന്നെയല്ലേ എന്ന് സാംസ സംശയിക്കുന്നുമുണ്ട്. (അവൻ അയാളുടെ രൂപത്തിലേക്കാണ് മാറുന്നതെന്ന് ആളുകൾ പറയാറുണ്ട്. അയാൾ എല്ലാം മറച്ചുവെക്കുന്നതുപോലെ അവൻറെ ഉള്ളിലും നിഗൂഢലോകമുണ്ട്. അയാൾക്ക് നടപ്പില്ലാത്ത കാര്യങ്ങളിൽ ഭ്രാന്തുള്ളതുപോലെ അവനും സംഭാവ്യമല്ലാത്ത കഥകളിലും പുസ്തകങ്ങളിലും ഭ്രാന്തുണ്ട്. അയാൾ അടച്ചിട്ട കടയിലെ ഉഷ്ണിച്ച ചാക്കുകൾക്കിടെ ഒറ്റയ്ക്കിരിക്കുന്നതുപോലെ അവനും പുസ്തകറാക്കുകൾക്കിടെ തനിച്ചിരിക്കുന്നു. ഞാൻ അച്ഛൻ തന്നെയാണ്. സാംസ പേടിച്ചു.”). ഇങ്ങനെ വ്യക്തിത്വം നിജപ്പെടുത്തിയില്ലാത്ത ഒരു ആശയം അല്ലെങ്കിൽ പുസ്തകത്തിൽ നിന്നിറങ്ങി വന്ന കഥാപാത്രം മാത്രമായ സാംസയുടെ കഥയാണ് നോവലിൻ്റെ കാതൽ. (സാംസ ആനിയുടെ മകനാണെന്നോ വളരെ പ്രധാനപ്പെട്ട ഒരു പുസ്തകത്തിലെ കഥാപാത്രമാണെന്നോ ആലോചിക്കാതെ നിന്നു)

 

  സമയം എന്നത് ആപേക്ഷികം മാത്രമായ ലോകമാണ് ഇന്നത്തെ ക്വാണ്ടം ഫിസിക്സ്  നിർദ്ധാരനം ചെയ്യുന്നത്. അപ്പോൾ തുടക്കം, ഒടുക്കം എന്നിവയൊക്കെ ഇല്ലാതാവുകയാണ്. സാംസയെ ആരും കാണാത്തതും സാംസയ്ക്ക് നടാഷയുമായി സംസാരിക്കാൻ പറ്റുന്നതുമൊക്കെ ക്വാണ്ടം ലോകത്ത് അസാധരണമല്ല. അടയുടെ മധുരമുള്ള ഭാഗം തിന്നുമ്പോൾ സാംസയുടെ മുന്നിൽ പെട്ടെന്ന് പണ്ട് ആ വീട്ടിൽ നടന്ന സംഭവത്തിനു ദൃക്സാക്ഷിയാവുകയാണ് അവൻ. മാർക്ക് സാർ മരിച്ചപ്പോൾ ലൈബ്രററിയിൽ പുസ്തകമെടുക്കാൻ വന്നവരാരും വരാത്തതും അദ്ദേഹത്തെ ആരും അറിയാതിരിക്കുന്നതും ഇതുകൊണ്ടാണ്. മരണം എന്നതിൻ്റെ നിർവ്വചനവും ഇവിടെ മാറിപ്പോയേക്കാം. മരണം അടുത്തെത്തിയ ആട് അതറിഞ്ഞില്ല എന്ന മട്ടിൽ പുല്ലുതിന്നുകൊണ്ടിരിക്കുന്നത് അസാധാരണമല്ലാതാകുന്നു. കാലവും ദൂരവും തമ്മിൽ കെട്ടുപിണയുന്നുമുണ്ട്. സാംസ ജനൽ തുറക്കുമ്പോൾ മുപ്പതൊ നാൽപ്പതോ വർഷങ്ങൾക്കപ്പുറത്തുണ്ടായിരുന്ന വീട് കാണുകയാണ്. സമയം എന്നത് ദൂരംഎന്ന് വിവക്ഷിക്കപ്പെടുന്നു. ഇല്ലാത്ത അച്ഛനെയാണ് സാംസ എന്നും രാത്രിയിൽ അന്വേഷിച്ചു പോകുന്നത്. അവനെ ഒരിക്കലും മകൻ എന്ന് കരുതാത്ത അച്ഛനെ. കാഫ്കയുടെ മെറ്റമൊർഫോസിസിലെപ്പോലെ ഒരു അച്ഛൻ പ്രശ്നബോധം  (father complex) അവനുണ്ട്.

 

  ക്വാണ്ടം കെട്ടുപിണയലുകൾ  (Quantum Entanglement)

   സാംസയ്ക്ക് നടാഷയുമായി സംവദിക്കാൻ സാധിക്കുന്നത് ഇന്നത്തെ ക്വാണ്ടം തിയറിക്ക് അനുയോജ്യമായാണ്. ഇത് ഒരു അതിവായന ആണെന്ന് തോന്നുമെങ്കിലും സാഹിത്യത്തിലെ ഭാവനകൾ യഥാലോകത്ത് സത്യത്തിൻ്റെ പിന്തുണയുമായി എത്തുവയാണെന്ന് സ

മർത്ഥിക്കുന്നത് ഇന്ന് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങളാണ്. ഒരേ പോലത്തെ രണ്ട് കണികകൾ വളരെ ദൂരത്താണെങ്കിലും ഒരേ പോലെ  ഭ്രമണം ചെയ്യൂമെന്നതാണ് വളരെ ലളിതമായി ക്വാണ്ടം കെട്ടുപിണയലിനെ ( entanglement  ) വിശദീകരിക്കാവുന്നത്. ഒരേ സമയം രണ്ടിടത്ത് കണികകൾ പ്രത്യക്ഷപ്പെടുന്നതും ക്വാണ്ടം ഫിസിക്സ് നമുക്ക് വിദിതമാക്കുന്നു. സാംസയും നടാഷയുമായുള്ള സംവേദനങ്ങൾ ഈ കെട്ടുപിണയലിൻ്റെ സ്വഭാവം പേറുന്നു. സാംസയും ഇലുവുമായും സാംസയും ആടുമായും ഇതേ ഒരുമിയ്ക്കൽ ഉണ്ട്.  സാംസയ്ക്ക് ഏറ്റ അവമതിയാൽ ഇലു ആത്മഹത്യ  ചെയ്തതാണെന്ന ഒരു തോന്നലും ഉൾക്കൊള്ളിച്ചിട്ടുണ്ട് നോവലിൽ.  പുരാണങ്ങളിലെ വിചിത്രവും അതിരസകരവും വിസ്മയകരവും ജിജ്ഞാസയുണർത്തുന്നതുമായ ഭാവനകൾ പലതും ഇന്ന് ശാസത്യമായി മാറിയിട്ടുണ്ടെന്നുള്ളത് സാഹിത്യത്തെ അതതുകാലത്തെ ശാസ്ത്രവുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്ന് സൂചിപ്പിക്കുകയാണ്. മിത്തുകളുടെ ആസ്വാദ്യത അവയുടെ അസംഭാവ്യതയിലാണ് ഉറയ്ക്കുന്നത്. ആധുനിക ഫിസിക്സ്  ഇന്ന് ക്ളാസിക് ഫിസ്ക്സ് നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് മുന്നേറുകയാണ്. ഭാവനകളുടെ ഭ്രാന്തൻ പരിവേഷങ്ങൾക്ക് ശാസ്ത്രം എന്നെങ്കിലും സത്യത്തിൻ്റെ ചാരുത അണച്ചേയ്ക്കും.

 

 പ്രേമിക്കുന്നവരുടെ അനുഭവങ്ങൾ  ക്വാണറ്റ്ം കെട്ടുപിണയലിൻ്റെ തത്വം വിശദീകരിക്കാൻ ഉപയോഗിക്കപ്പെടാറുണ്ട്.  അവർ ഒരേ പോലെ ചിന്തിക്കുന്നു, ഒരാൾ മറ്റേ ആളെ ഓർക്കുന്ന സമയം അയാളും/അവളും അതുപോലെ ഓർമ്മകൾ ഉണർത്തുന്നു, ഒരേ പോലത്ത അനുഭവങ്ങൾ രണ്ടുപേർക്കും സംഭവിക്കുന്നു... അങ്ങനെയങ്ങനെ.

 

 സമാന്തരപ്രപഞ്ചം (parallel universe) -സാംസയുടെ വിപര്യയങ്ങൾ

      സാംസ അദൃശ്യനാകുന്ന സമയത് അവൻ എവിടെയാണ്? തീർച്ചയായും മറ്റൊരു പ്രപഞ്ചത്തിലേക്ക് പ്രവേശിച്ചുകാണണം അവൻ. ഇതരമോ അധികമോ ആയ പരിമാണത്തിലോ മാനത്തിലോ (extra dimension) സഞ്ചരിക്കുന്നവനാണ് അവൻ. (....സാംസ ഒരു സ്ഥലത്തുള്ളപ്പോൾ അവനവിടെ ഇല്ലാത്തതുപോലെ തോന്നാറുണ്ട്. പെട്ടെന്ന് ആനിയുടെ കണ്ണിൽ പോലും അവൻ തടയില്ല. അവനൊരു വീടിന് മുന്നിൽ നിന്നാൽ വീടേ ആളുകൾക്ക് കാണാൻ പറ്റൂ. ഒഴിഞ്ഞ മൈതാനത്ത് നിന്നാൽ സ്ഥലമേ മറ്റുള്ളവർ ശ്രദ്ധിക്കൂ. വോളിബോൾ കോർട്ടിലെ കാണികളുടെ ആരവങ്ങൾക്കിടെ നിന്നാൽ സാംസ എല്ലാവരേയും കാണുന്നുണ്ട്. പക്ഷേ അവനെ അവിടെവെച്ച് കണ്ടതായി ആരും ഓർമ്മിക്കാറില്ല) . ആധുനിക ക്വാണ്ടം കണക്കുകൂട്ടലുകളും  കമ്പ്യൂട്ടർ അനുരൂപതാക്രിയ (simulations) കളും പറഞ്ഞ് തരുന്നത് നമ്മുടെ പ്രപഞ്ചത്തിനു സമാന്തരമായി മറ്റൊന്നു കാണാൻ സാദ്ധ്യതയുണ്ടെന്നാണ് . കോസ്മിക്  മൈക്രോവേവ് റേഡിയേഷൻ ഭൂമിയിൽ പതിയ്ക്കുന്നത് സമാന്തര പ്രപഞ്ചവുമായി സമ്പർക്കം പുലർത്തുന്നതിൻ്റെ ലക്ഷണമാണത്രെ.    മേൽച്ചൊന്ന കുരുക്ക്  രൂപീകരണ(  entanglement) വുമായി ചേർക്കുമ്പോൾ നമ്മെപ്പോലെ തന്നെയുള്ള മറ്റാളുകളും അവിടെ കാണുമത്രെ. കണക്കു കൂട്ടലുകളിൽ നിന്ന് തെളിയുന്ന സാദ്ധ്യതകൾ മാത്രമാണിവ, തെളിവുകൾ ഒന്നും ഇല്ല എങ്കിലും മിത്ത് നിർമ്മിതിക്ക് വസ്തുവകകൾ ഇത്തരം ഭ്രാന്തൻ ചിന്തകളാണ് സമ്മാനിക്കുന്നത്. ഇത്തരം സമാന്തരലോകങ്ങളിൽ സമയം പുറകോട്ട് പോകാൻ സാദ്ധ്യതകളുമുണ്ടത്രെ. സാംസ ഇതേപോലെയുള്ള ലോകങ്ങളിലാണോ പ്രവേശിക്കുന്നത്? നടാഷയോട് അവൻ സംസാരിക്കുന്നത് സമാന്തരപ്രപഞ്ചത്തിൻ്റെ സൗജന്യങ്ങളാലാണോ? ആലോചനാമൃതം തന്നെ. സാംസയുടെ സംശയങ്ങൾ ഇങ്ങനെ: നമ്മൾ ഇത്രകാലം നടന്നുവന്ന സ്ഥലത്തേക്ക് തിരിഞ്ഞുനോക്കിയാൽ എല്ലാം കുഴഞ്ഞു കിടക്കുകയായിരിക്കും. അവിടെ ദിവസങ്ങളും നടന്ന സംഭവങ്ങളും അങ്ങോട്ടുമിങ്ങോട്ടും മാറിക്കിടക്കും. ഏതൊക്കെ കാര്യങ്ങളാണ് ആദ്യമാദ്യം ഉണ്ടായതെന്ന് ആർക്കറിയാം? ചിലതൊക്കെ ഓർക്കുമ്പോൾ നമ്മൾ സഞ്ചരിച്ച സ്ഥലങ്ങളും കണ്ടുമുട്ടിയ ആളുകളും തന്നെയാണോ ഇതെന്ന് സംശയവും തോന്നാം….” ഒരു  simulated reality ഇൽ ജീവിക്കുന്ന നമ്മൾക്ക് കഴിഞ്ഞ കാലങ്ങളിൽ ചെന്നെത്താം, പരിണാമത്തിൻ്റെ ഘട്ടങ്ങളിൽ തിരിച്ചു ചെന്ന് ഒരു ഷഡ്പദം ആയി മാറാം, കാഫ്കയുടെ ഗ്രെഗർ സാംസയെപ്പോലെ. പട്ടുനൂൽപ്പുഴു ആയിയും മാറാം. വാസ്തവികത എന്നത് സമാന്തരപ്രപഞ്ചത്തിൽ എവിടെയാണ് നിലയുറപ്പിക്കുന്നത് എന്നതനുസരിച്ച് തീരുമാനിക്കപ്പെടാം. സത്യം ഇതാണ്: നമ്മുടെ വാസ്തവികത എന്നത് ക്വാണ്ടം പ്രപഞ്ചങ്ങളിലെ ഇടങ്ങളും സമയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.(Our reality seems to be compatible with a quantum multiverse).

 

 മരിച്ചുകിടക്കുന്ന മാർക്ക് സാറ് വളരെ പെട്ടെന്ന് അപരിചിതനായ ഒരാളായി മാറിയതും സമയം, ഇടം എന്നതിൽ വരുന്ന കുഴമറിച്ചിൽ കൊണ്ടായിരിക്കണം. ..അവിടെ വീട്ടുമുറ്റത്ത് സംസ്കാരത്തിന് തയ്യാറായി അലങ്കരിച്ച തടിപ്പെട്ടിയിൽ കിടക്കുന്ന മാർക്ക് സാറിനെക്കുറിച്ച് സാംസയ്ക്കും ഒരു ധാരണ കിട്ടിയില്ല….  നോവലിൽ സമാന്തരമായ പ്രപഞ്ചം ലൈബ്രറി ആണ്. ഈ കാണുന്നവരൊക്കെ കഥാപാത്രങ്ങളാണ്, പുസ്തകങ്ങളിൽ അവർ അധിവസിക്കുന്നു. എപ്പോഴാണ് പുറത്തിറങ്ങി വരിക എന്നത് പറയുക വയ്യ. മാർക്ക് സാറും ഒരു പുസ്തകത്തിൽ നിന്ന് ഇറങ്ങി വന്ന് പിന്നീട് അതേ പുസ്തകത്തിലേക്ക് തിരിച്ചു പോയിക്കാണണം. എല്ലാവരും അഭിനയിക്കുകയാണ്, നടനായ പാപ്പുട്ടി ഇത് സമർത്ഥിക്കുന്നുണ്ട്. “…ഒരു മനുഷ്യൻ പ്രത്യേകകസേരയിൽ വേഷപ്രച്ഛന്നനായിരുന്ന് ജഡ്ജിയായി അഭിനയിക്കുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് അവരുടെ തലയിൽ കൃത്രിമമുടി കൂടി വെച്ച് രൂപം മാറ്റുമായിരുന്നു. അയാള് സാധാരണ പാൻറും ഷർട്ടുമിട്ട് ചന്തയിൽ മത്തി വാങ്ങാൻ പോയാൽ അന്നേരം ജഡ്ജിയല്ല. പോലീസുകാരാണെങ്കിൽ നാടകത്തിലേത് പോലെ പ്രത്യേക കോസ്റ്റ്യൂം ഇട്ടാണ് അഭിനയിക്കുന്നത്. പോലീസ് സ്റ്റേഷനും ഒരു സ്റ്റേജാണ്. ഒരു എസ് ഐ സാധാരണ മട്ടിൽ പെരുമാറിയാൽ ആരെങ്കിലും അംഗീകരിക്കുമോ?...”

സമയത്തിൻ്റെ  വലയങ്ങൾ (time loops), ആപേക്ഷികത

  ഫിസിക്സിലെ പുതിയ നിയമങ്ങളും ആഗമങ്ങളും ഹോളിവുഡ് സിനിമകളിൽ സന്നിവേശിക്കപ്പെടുന്നതിനു നമ്മൾ സാക്ഷിയായിട്ടുണ്ട്. പക്ഷേ ഈ ശാസ്ത്രസാധുത പിൻബലം നൽകിയില്ലെങ്കിലും ആസ്വാദ്യതയ്ക്ക് കുറവ് അനുഭവപ്പെടുന്നില്ല..

 വിഭ്രമാത്മകമായ ലോകമാണ് ആനിയ്ക്കും സാംസയ്ക്കും കഥാകാരൻ കൽപ്പിച്ച് നൽകിയിരിക്കുന്ന്ത്. ആനി തിമൂന്ന് വയസ്സിൽ മരിച്ചു പോയ നടാഷ തന്നെ ആകാം. പതിമൂന്നാം വയസ്സിൽ ആനിക്കും അത്ര അസുഖം ആയിരുന്നു. പള്ളിയിൽ അടക്കേണ്ട, ഈ പറമ്പിൽ മതി എന്ന് അവൾ ശഠിക്കുന്നുണ്ട്. അയല്പക്കത്ത് സാംസ  തന്നെ സുഹൃത്ത് ആയി ഉണ്ട്.  ആനി എന്ന ടാഷയെ ആണോ സാംസ തേടുന്നത്?  ആയിരിക്കാം. മാന്തര പ്രപഞ്ചം പുറകോട്ട് അഞ്ചരിക്കുന്നു, സമയം എന്ന മാനത്തിൽ. അവിടെ എത്തിയാൽ ഒരു വലയം ( time loop ) നിർമ്മിച്ചെടുക്കാം. ..അങ്ങനെ നിന്നുനിന്ന് മാർക്ക് സാറിനേക്കാൾ പ്രായമെത്തിയതായി അവന് തോന്നി. കൌമാരം കഴിഞ്ഞപ്പോഴും യൌവനത്തിലും മദ്ധ്യവയസ്സിലുമൊക്കെ അവനങ്ങനെത്തന്നെ നോക്കിനിൽക്കുകയായിരുന്നു. നിമിഷനേരം കൊണ്ട് ഒരുപാട് വർഷങ്ങൾ കടന്നുപോയിരിക്കുന്നു. പിന്നിൽ, അവൻ ഉണ്ടാക്കിയെടുത്ത പുസ്തകങ്ങളുടെ പുതിയക്രമം വളരെപ്പഴയതായി അങ്ങനെതന്നെ തുടരുന്നുണ്ട്. തീരെ ചെറുപ്പത്തിലേ തനിക്ക് പറ്റിയ രഹസ്യസ്ഥലം സ്വയം കണ്ടെത്തിക്കഴിഞ്ഞതായി സാംസയ്ക്ക് മനസ്സിലായി. അവൻറെ പ്രായത്തിൽ അത് സാധിച്ചവർ വേറാരുമില്ല. ഏതാണ്ട് സാംസയുടെ അതേസമയത്ത് ജനിച്ചവർ ഫുട് ബോളോ ക്രിക്കറ്റോ കളിക്കുമ്പോൾ അവൻ സ്വന്തമായി, യഥാർത്ഥത്തിലുള്ള, കളിയല്ലാത്ത ഒരു കാര്യത്തിലാണേർപ്പെട്ടിരിക്കുന്നത്. അവരുടെ കളിപോലും ശരിക്കുമുള്ളതല്ല. ഫുട് ബോൾ എന്നതിൽ നിന്ന് ഏറെ അകലത്തിലുള്ള വേറൊരു കളിയാണവരുടേത്. അവർ കളിക്കുന്ന സ്ഥലം യഥാർത്ഥത്തിലുള്ള ഫുട് ബോൾ ഗ്രൌണ്ടുമായി വിദൂരസാമ്യം മാത്രമുള്ളതാണ്. അവരുപയോഗിക്കുന്ന പന്ത് ശരിക്കുമുള്ളതിൻറെ എട്ടോ പത്തോ അനുകരണങ്ങൾ കഴിഞ്ഞുള്ളതാണ്. അവരുടെ കളിനിയമങ്ങളും ഉള്ളതല്ല. തൻറെ സമപ്രായക്കാരുടെ ജീവിതം എത്രയോ കുറഞ്ഞതാണെന്ന് ജനലരികിൽ ഒറ്റയ്ക്ക് നിൽക്കുമ്പോൾ സാംസ വിചാരിച്ചു. അവരൊന്നും ഒരു വ്യക്തിയായി മാറിയിട്ടില്ല. പതിമൂന്ന് വയസ്സിൽ അങ്ങനെയൊരു ചിന്തപോലും അവരുടെ ഉള്ളിലില്ല. അനുകരണത്തിൻറേയും അനുകരണമായ കളികൾ കൂട്ടമായി കളിക്കുക മാത്രം ചെയ്യുകയാണവർ. തനിയെയാകുന്ന ഒരു സമയം അവർക്കിനിയും ഉണ്ടായിട്ടില്ല. ചുറ്റും ആരെങ്കിലും ഇല്ലാതാകുന്ന നിമിഷം അവർ പേടിച്ചുതുടങ്ങും. അവരുടെ ചിന്തകൾ പോലും അവരറിയാതെ ഉണ്ടായിവന്ന് തലയ്ക്ക് ചുറ്റും വെറുതേ വിലയില്ലാതെ പാറിക്കളിക്കുകയാണ്. സാംസയാകട്ടെ രാത്രികളിൽ അവൻറെ അച്ഛനെ അന്വേഷിച്ച് തനിയെ പോകുന്നു. ജീവിതം മുഴുവൻ തീർന്നാലും അവർക്ക് സ്പർശിക്കാൻ കഴിയാത്ത ആയിരം അനുഭവകഥകളും ഭാവനകളും നിറഞ്ഞ ലൈബ്രറിയിൽ തനിയെ നിൽക്കുന്നു.”  സാംസ അറിയുന്നതിനു മുൻപ് ആശയങ്ങൾ അവനിൽ കയറിക്കൂടുന്നു, പിന്നീട് അവൻ അത് മനസ്സിലാക്കുന്നു , ആ അറിവ് പണ്ടേ വന്നതായിരുന്നു എന്ന് അറിയുന്നു, ഒരു time loop സൃഷ്ടിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ഐൻസ്റ്റീൻ തൻ്റെ സിദ്ധാന്തം ആവിഷ്ക്കരിക്കുന്നതിനു മുൻപ് നിങ്ങൾ ആ സിദ്ധാന്തം അദ്ദേഹത്തെ അറിയിക്കുന്നു, അത് പ്രസിദ്ധീകരിക്കപ്പെടുന്നു, പിന്നീട് അത് ഒരു പുസ്തക്ത്തിൽ നിങ്ങൾ വായിക്കുന്നുഇത് ഒരു വട്ടം പൂർത്തിയായ time loop ആണ്.

 സാംസ വെറുതേ നിൽക്കുമ്പോൾ സമയം അവൻ്റെ മുന്നിൽക്കൂടെ കടന്നു പോകുന്നുണ്ട്. ആനി കുഞ്ഞ് സാംസയേയും എടുത്തുകൊണ്ട് ഈന്തിനു മുൻപിൽ നിൽക്കുമ്പോൾ പിറകിൽ ഈന്ത് പൂത്ത്, കായകൾ വിളഞ്ഞ്  അവ പഴുത്ത് മണ്ണിൽ വീഴുന്നത് സംഭവിക്കുന്നുണ്ട്.  സമയവലയങ്ങൾ വഴി പുറകോട്ട് പോകാൻ സാദ്ധ്യമായതുകൊണ്ടാണ് പതിമൂന്ന് വയസ്സിൽ പനി വന്ന് മരിക്കാറായിക്കിടക്കുന്ന നടാഷ ആനി തന്നെ ആകുന്നത്.  അവൾക്ക് നടാഷ എന്ന് പേർ നിർദ്ദേശിച്ച് അങ്ങനെ വിളിച്ച ബന്ധുക്കാരനുണ്ട്. അന്ന് മരിച്ച നടാഷ ഇന്ന് ആനിയായി  സമയവലയത്തിലൂടെ എത്തിയിരിക്കുന്നു. അന്നത്തെ സ്നേഹിതൻ ആണ് ഇന്നത്തെ സാംസ. അച്ഛനെ തേടിപ്പോയ സാംസ തിരിച്ചു വരുന്നത് ആനിയായ നടാഷയാണ് നോക്കി നിൽക്കുന്നത്. ആനിയാണെങ്കിൽ വഴിവിളക്കിനു കീഴെ നടന്നു വരുന്ന ആൾ സാംസയല്ല, അവൾ സ്നേഹിച്ച വിജയൻ തന്നെ ആയിരിക്കാം.   ആനിയും നടാഷയും വിജയനും സാംസയും രണ്ട് ലോകങ്ങളിൽ വ്യവഹരിച്ചിരുന്നവർ, ഒന്നു ചേരുന്ന നിമിഷം. സമയം എന്ന അപ്രമേയ വസ്തുവിൻ്റെ ഇടപെടൽ.

   മരിയ്ക്കുമ്പോഴാണ് അത്രയും നാളും ജീവിച്ചിരുന്ന ആൾ മറ്റൊരാളായിരുന്നു എന്ന് അറിയുന്നത്. മറ്റൊരു ലോകത്ത് നിന്നും വന്നവർ അങ്ങോട്ട് തിരിയെപ്പോകൂകയാണ് . ജനിക്കാത്തവരാണ് സത്യസന്ധർ. മാർക്ക് സാർ രേഖപ്പെടുത്തിയവർ പലരും ജനിക്കാത്തവരാണ്. അവർ വായിച്ചിടത്തോളം പുസ്തകങ്ങൾ വേറെ ആരും വായിച്ചിട്ടില്ല. ഇവിടെ ജനിക്കാത്തവർ പുസ്തകങ്ങളിൽ കഥാപാത്രങ്ങളായി വർത്തിക്കുന്നു. ജനിക്കാത്തവർ അവരുടെ കഥകൾ വായിച്ചെടുക്കുന്നു. അവരുടെ രേഖകൾ നിർമ്മിച്ച മാർക്ക് സാറും മറ്റൊരു പ്രപഞ്ചത്തിൽ നിന്ന് എത്തിയ ആളാണ്. ഇവിടുത്തെ മനുഷ്യരുടെ ആന്തിരക അവയവങ്ങളെ നിരീക്ഷിക്കാൻ ഔൽസുക്യം ഉള്ള ആള്. അതിനു സമാന്തരമായ വാഹങ്ങളുടെ അവയവങ്ങൾ പറിച്ചു മാറ്റുന്നതുകാണാൻ രാത്രിയിൽ ഗൂഢമായി എത്തുന്നു അയാൾ. ഇതെല്ലാം അറിയുന്നത്  സാംസ മാത്രം.

ഈന്തും ഭ്രാന്തും പരിണാമദശകളും

 കാലം തെറ്റി നിലനിൽക്കുന്ന മരമാണ് ഈന്ത്, അത് പരിണാമചരിത്ര സത്യവുമാണ്. ദിനോസോറുകളുടെ കാലത്തും ഉണ്ടയിരുന്ന മരമാണ് ഈന്ത്. അത് ശാസ്ത്രസത്യവുമാണ്. ഈന്ത് എന്ന മരം മില്യൺ മില്യൺ വർഷങ്ങളെ യുഗാന്തരങ്ങളെ ഘടിപ്പിച്ചു നിറുത്തുകയാണ്. ആ കാലത്തുള്ള  മറ്റൊരു മരങ്ങളും ഇന്ന് ഇല്ല. പരിണാമ ദശകൾ പലതിനും സാക്ഷ്യം വഹിച്ച ഈന്ത്. ക്വാണ്ടം ഫിസിക്സ് നിയമങ്ങൾ അനുവദിക്കുന്നതു പോലെ  ചരിത്രാതീതകാലത്തു നിന്നും ഇവിടെ, നമ്മുടെ ഇടയ്ക്ക് കൊണ്ടുവെച്ച മരം തന്നെ ഈന്ത്..കോടാനുകോടി വർഷങ്ങൾക്കപ്പുറം തുടങ്ങിയെ ജീവൻ്റെ തുടിപ്പുകൾ അടക്കം ചെയ്ത മണ്ണിനു മുകളിലാണു നമ്മൾ എന്ന ഓർമ്മ പലപ്പൊഴും സാംസയുടെ മനസ്സിൽ ഉദിക്കുന്നുണ്ട്. ജീവിച്ചിരിക്കുനവരേക്കാൾ കൂടുതൽ അവിടെയുണ്ട്. ഇവയെ എല്ലാം ബന്ധിപ്പിക്കുന്ന സാധാരണ ജൈവവസ്തു ആണത്രെ ഈന്ത്. ഭ്രാന്തുള്ളവരെ ചങ്ങലയ്ക്കിടാൻ അതിൻ്റെ തടിയിൽ തുളകൾ ഉണ്ടാക്കപ്പെടുന്നു. അത് ഭ്രാന്ത് സാവധാനം വലിച്ചെടുക്കുന്നു. ആ മരം വളരുന്നത് അധികം പ്രത്യക്ഷത്ത്റോടെ അല്ല. ഈന്തിൻ്റെ കായ്കൾക്ക് കട്ട്ഉള്ളത് അതുകൊണ്ടായിരിക്കുമത്രെ. സാംസയ്ക്ക് കുഞ്ഞിലെ ഈന്തിങ്കായ് കുറുക്കിയതു മാത്രമേ ഇഷ്ടമായിരുന്നുള്ളു, അതുകൊണ്ടായിരിക്കുമോ അവൻ്റെ മനസ്സ് വേറിട്ടതായിപ്പോയത്? അമ്മ ആനിക്ക് സംശയമുണ്ട്. മനുഷ്യമനസ്സ് മില്യൺ മില്യൺ വർഷങ്ങൾക്കപ്പുറം നിന്നും വന്ന മരങ്ങളിലാണ് ഉടക്കിപ്പോകുന്നത്. പരിണാമത്തിൻ്റെ സത്യം ഉദ്ഘോഷിക്കപ്പെടാൻ, ജൈവചൈതന്യത്തെ പരസ്പരം ക്വാണ്ടം കെട്ടുപിണയൽ പോലെ ബന്ധിപ്പിച്ചു നിറുത്താൻ  ഈ മരമാണ് ആധാരവസ്തു. ഈ നോവലിൻ്റെ ആശയദ്യോതകത്തിൽ ഈന്ത് ഒരു പ്രധാനപ്രായോഗികവസ്തു ആകുന്നുണ്ട്.

 

”…….തീരെപ്പതിയെ ഇലകൾ വിരിയുകയും വളരുന്നുണ്ടെന്ന് അല്പവും തോന്നിക്കാതെ വളരുകയും ചെയ്യുന്ന മരമാണ് ഈന്ത്. ഭൂമിയിലെ വേറൊരു വൃക്ഷവും കാണാത്ത പഴയ ഭീമാകാരൻ ജീവികളെ അത് കണ്ടിട്ടുണ്ട്. തങ്ങളുടെ പറമ്പിലെ ഈന്ത് ഒരു വർഷംകൊണ്ട് അല്പം ക്ഷീണിച്ചതായി അവർക്ക് തോന്നി. തടി മെലിഞ്ഞതുപോലെ. ഇലകൾ ആരോഗ്യമില്ലാത്തതുപോലെ. മരവും സ്റ്റീഫന് ഭ്രാന്തിളകുന്ന സമയം നോക്കിയിരിപ്പാണ്. അവൻറെ ഭ്രാന്ത് വലിച്ചെടുത്ത് അതിൻറെ ഓലകളും തടിയും പിന്നെയും ഉത്സാഹത്തിലാകും. കവിളിൽ നിന്ന് കുലകളായി കായ്കൾ വരും….”

 

 

 

ഇരുമ്പ് ചങ്ങല, ഇരുട്ടിൽ സ്റ്റീഫൻറെ ഭ്രാന്ത് കുറേശ്ശേയായി ഈന്തുമരത്തിന് കൈമാറുന്നത് അവൻ കണ്ടു. വിഭ്രാന്തിയെ അത് ഊർജ്ജമായി വലിച്ചെടുക്കുന്നു. ഭ്രാന്തന്മാരെ അഴിച്ചു കഴിയുമ്പോൾ ഈന്തിന് പുതിയ ഇലകളും പിന്നാലെ കായ്കളും വരും. മറ്റുമരങ്ങൾ മണ്ണിലെ പോഷകങ്ങൾ ആഹാരമാക്കുന്നതുപോലെ മനുഷ്യരിലെ ഭ്രാന്ത് വലിച്ചെടുത്താണ് ഈന്ത് വളരുന്നത്. ഭ്രാന്തിൻറെ കട്ടുമായാണ് അത് കായ്ക്കുന്നത്.

 മറ്റൊരു കാലയളവിൽ നിന്ന് ഇന്നേയ്ക്ക് വന്നെത്തുന്നവരുടെ വിഭ്രാന്തി ആയിരിക്കണം ഭ്രാന്ത്. സാംസയുടെ വീടും ചുറ്റുപാടും  പ്രാന്തൻ മൂല എന്നറിയപ്പെടുന്നിടത്താണ്. ഭ്രാന്ത് വന്ന ഒരുപാട് പേർ അവിടെയുണ്ട്. ഈന്ത് മറ്റൊരു യുഗത്തിൽ നിന്ന് ഇവിടെ എത്തി നിലനിൽക്കുന്നതുപോലെ മറ്റൊരുകാലത്തെ മാനസികനില ഇന്ന് പൊടുന്നനവേ വന്നു ചേരുന്നതാണത്രെ ഭ്രാന്ത്. ഇവിടെ നിന്ന് എന്നെന്നേയ്ക്കുമായി മറയാൻ സമയം ആകുമ്പോൾ ഈ മായാവിഭ്രാന്തി ഇല്ലാതാകുന്നു. യുഗങ്ങൾക്കപ്പുറത്തു നിന്ന് തിരിച്ചു വന്ന് കയറുന്ന മാനസികനില ഊറ്റിയെടുക്കാൻ യുഗങ്ങൾക്കപ്പുറത്ത് നിന്ന് വന്ന ഈന്തിനു സാധിക്കുന്നു. സാംസയ്ക് തീരെ കുഞ്ഞിലെ തന്നെ ഈന്തിൻ കായ് കുറുക്കിയതു മാത്രം ഇഷ്ടമായിരുന്നു. ഏതു കാലത്തും ഏതു യുഗത്തിലും പ്രത്യക്ഷപ്പെടാനുള്ള മായാവിദ്ദ്യ സാംസ സ്വാംശീകരിച്ചിരിക്കുന്നു, കുഞ്ഞിലേ തന്നെ ഈന്തിൻകായിലെ സത്ത് അവൻ്റെ ആവശ്യമാണ്. അതിലെ വിഷാംശമായ കട്ട്പരിണാമഘട്ടങ്ങളിലൂടെ സഞ്ചരിക്കാനുള്ള മാജിക്ക് മരുന്നാണ്, വെറും സാധാരണക്കാർക്ക് അത് വിഷമായി അനുഭവപ്പെടുന്നതാണ്. കായകളിൽ നിന്ന് അവൾ ഊറ്റിക്കളയാൻ ശ്രമിച്ച കട്ടിൻറെ അവശേഷിപ്പുകളാണോ അവനെ ഇത്രമാത്രം കടന്ന് ആലോചിക്കുന്നവനാക്കി മാറ്റിയത്? എപ്പോഴും മാറിയിരിക്കാൻ ഒരു രഹസ്യസ്ഥലം അന്വേഷിക്കുന്നവനാക്കി മാറ്റിയത്? “

 

മരണം,  പരിണാമം, യുഗാന്തരജീവിതം, മനസ്സ്….സാംസ എന്ന കാലാതിവർത്തി

 അതിവിശാലവും ഗഹനവും യുക്ത്യാനുശീലനത്തിനു വഴങ്ങാത്തതുമായ പ്രപഞ്ചത്തെയാണ് എസ് ഹരീഷ് കഥാപരിസരമായി ഏറ്റെടുത്തിട്ടുള്ളത്. അതിൽ ഒരു ചെറിയ അംശമായ മനുഷ്യൻ എങ്ങനെ ഉൾച്ചേരുമെന്നും അതിൻ്റെ പ്രവർത്തിക്രമങ്ങളെ പുറമേ നിന്നും അകമേ നിന്നും എങ്ങനെ  വീക്ഷിക്കുമെന്നും ഉള്ള ഉത്ക്കണ്ഠകൾ പേറുന്ന മനുഷ്യൻ്റെ വെല്ലുവിളികളെയാണ് സാംസയെ സാക്ഷ്യപ്പെടുത്തി കഥയായി ഉണർന്നെഴുന്നത്. മരിച്ചുകഴിയുമ്പോൾ നമ്മളറിഞ്ഞിരുന്ന ആൾ അല്ലായിരുന്നു അത്, ആരായിരുന്നു എന്ന് മനസ്സിലാക്കാൻ പ്രയാസം ഉള്ളതായും അങ്ങനെ ഒരാൾ ഇല്ലായിരുന്നു എന്നും അറിയുന്നുണ്ട് സാംസ, മാർക്ക് സാറിൻ്റെ മരണത്തോടെ.  കേരളത്തിലെ നാട്ടിൻപുറത്തെ ഒരു അതിസാധാരണ പയ്യനാണ് തീവ്രവേദാന്തരഹസ്യത്തെ മനസ്സിലാക്കനുഴറുന്ന യുഗപുരുഷനെ പ്രതിനിധീകരിക്കുന്നത്. കാഫ്ക ഗ്രെഗർ സാംസ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് നാഗരികനായ ആധുനികമനുഷ്യൻ്റെ ദൈനന്ദിന അസ്തിത്വ ഉത്ക്കണ്ഠകളുടെ പൊരുൾ തിരിക്കാനാണെങ്കിൽ സാംസ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് പ്രപഞ്ചത്തിൻ്റെ ഒരു കോണിൽ പെട്ടുപോയവൻ്റെ, സമയം, ഇടം എന്നിവ വേർതിരിക്കാൻ പറ്റാത്ത ക്വാണ്ടം അവസ്ഥയിൽ വന്നുപിറന്നവൻ്റെ ആകുലതകൾ വിദിതമാക്കാനാണ്.  വേദാന്തികൾ എന്നും തിരഞ്ഞുകൊണ്ടിരിക്കുന്ന ഉത്തരം കിട്ടാത്ത പ്രഹേളികയിൽ അതിൻ്റെ ബഹിർസ്ഫുരണൾ അറിയാതെ സംഭവിച്ചു പോയ മനുഷ്യൻ്റെ അത്യാശ്ചര്യങ്ങളുടെ ഉടൽ എഴുന്നതാണ് സാംസ. മനസ്സ് മനസ്സിൻ്റെ കാതിൽ രഹസ്യങ്ങൾ മന്ത്രിക്കുന്നത് യുഗങ്ങൾക്കപ്പുറവും ഇപ്പുറവുമായാണ് എന്ന് മനസ്സിലാകുമ്പോൾ ആരാണ് ഞെട്ടി വിറച്ചു പോകാത്തത്? മരണം അടുത്തെന്നറിയുന്ന, തൻ്റെ ഉയിരിൻ്റെ സത്ത് മറ്റുള്ളവർക്ക് ആയുസ്സ് നീട്ടിക്കൊടുക്കും എന്നറിയുന്ന ആടിന് സാംസയെ മനസ്സിലാകുന്നത് അതുകൊണ്ടാണ്. തൻ്റെ ഉള്ളിൽ വിലപ്പെട്ട ഗോരോചനം കാത്തുവെയ്ക്കുന്നത്  നിതാന്തജീവൻ്റെ ചെറുരഹസ്യങ്ങൾ ആർക്കെങ്കിലും കിട്ടിക്കോട്ടെ എന്ന സന്മനസ്സാലാണ്.

       മനസ്സിൻ്റെ ആവിഷ്ക്കാരങ്ങൾ  സത്യം എവിടെ എങ്ങനെ എന്നത് മനസ്സിലാക്കി എടുക്കും,   മനസ്സ് എന്ന  പ്രതിഭാസം അനന്തതയിലേക്ക് നീട്ടി വരച്ച ഒരു വരയാണ്.മോഹങ്ങൾ മരവിച്ചാലും മോതിരക്കൈ മുരടിച്ചാലും മനസ്സ് മുരടിക്കാതിരിക്കുന്നത് ഈ നിത്യതയുടെ അംശങ്ങൾ പേറുന്നതുകൊണ്ടാണ്. യുഗങ്ങൾ നീന്തിനടക്കും ഗംഗയിൽ കാലാകാലം വിരിയുന്ന താമരമുകുളങ്ങൾ ആ മനസ്സിൻ്റെ ശരീരം ആർജ്ജിക്കൽ പോലെയാണ്. ഇതിനു സാദ്ധ്യതകൾ ചമയ്ക്കാനെന്നവണ്ണം ചിതാഭസ്മം ജലത്തിൽ ഒഴുക്കുന്നത് ലോകത്ത് പല ഇടത്തും ഉള്ള ആചാരമാണ്, വിശ്വാസമാണ്. പരിണാമത്തിൻ്റെ നീർച്ചാലിൽ ഇനിയും ജന്മങ്ങൾ പേറേണ്ടവരാണ് ജീവികൾ. ആത്മാവിനു വസിക്കാനുള്ള വാഹനമാണ് ശരീരം.(ഭഗവദ് ഗീതയിലെ വാസാംസി ജീർണ്ണാനി..... എന്ന ശ്ളോകം). പഴയ കാറുകൾ പൊളിക്കുമ്പോൾ ഉള്ളിലെ അവയവങ്ങൾ സാകൂതം വീക്ഷിക്കുന്ന മാർക്ക് സാറന്മാർ ഇതിൻ്റെ പൊരുൾ തേടാനുള്ള വ്യഗ്രതയിലാണ്. സാംസയ്ക്ക് മാത്രം അത് മനസ്സിലാകുന്നുണ്ട്. ചില സത്യങ്ങൾ ഉള്ളിൽ ഉണർന്നു വരുമ്പോൾ ഭ്രാന്ത്എന്ന്  നിർവ്വചിക്കുകയേ തൽക്കാലം സാദ്ധ്യമാവുന്നുള്ളു. സത്യം എന്തെന്നറിയും വരെ വിശ്വാസങ്ങൾ കാവൽ നിൽക്കും. സ്വയം പ്രതിരൂപം സൃഷ്ടിച്ച് വിഭജിച്ചു പെരുകാൻ കഴിവുള്ള ജീവൻഎന്ന പ്രതിഭാസം ഒരു ദിവസം വെറുതേ അങ്ങനെ സംഭവിച്ചതാണ് എന്ന് വിശ്വസിക്കണമെന്ന് മനുഷ്യർ തെര്യപ്പെടുന്നതിനെപ്പറ്റി പരാമർശമുണ്ട് നോവലിൽ. പരിണാമം എന്നത് മുൻപോട്ട് നേർ രേഖയിൽ മാത്രം സഞ്ചരിക്കുന്നതല്ലെന്ന് തെര്യപ്പെടുത്താനും ശ്രമിക്കുന്നു, ‘പട്ടുനൂൽപ്പുഴു