Wednesday, December 7, 2016

ഒരു നാൾ പോതുമാ? ബാലമുരളീകൃഷ്ണ

    നാദമാ സംഗീതമാ   അതൈ നാൻ പാട് ഇന്റൊരുനാൾ പോതുമാ ?  കഥാപാത്രത്തിന്റെ അഹന്തയോടെയല്ല ഈ ചോദ്യം ബാലമുരളീകൃഷ്ണ കേൾവിക്കാരുടെ മുഖത്ത് എറിയാതെ എറിഞ്ഞത്. ഇന്ന്  നമ്മൾ നമ്മോടു തന്നെ ചോദിക്കുന്ന ചോദ്യം- ഒരു ദിവസം മതിയോ ഈ പാട്ട് കേൾക്കാൻ?

                മാനുഷികമായ വ്യവസ്ഥകളിൽ മാത്രം ആണ് തന്റെ സംഗീതചര്യകളെ ബാലമുരളീകൃഷ്ണ ചിട്ടപ്പെടുത്തിയത്. ഇന്നത്തെ മനുഷ്യനുമായി സംവദിക്കാനുള്ള തന്ത്രങ്ങളൊക്കെ അദ്ദേഹം കച്ചേരികളിൽക്കൂടി വിളംബരം ചെയ്തു, അതിന്റെ ന്യായശാസ്ത്രങ്ങളൊക്കെ കൃത്യമായി സ്വരൂക്കൂട്ടിയശേഷം. ഈ മൺവാസന അദ്ദേഹത്തിന്റെ സംഗീതത്തെ എളുപ്പം  പ്രാപ്യമാക്കാൻ ഉതകി;  രാഗാലാപനങ്ങളിലും സംഗതികളുടെ വിന്യാസങ്ങളിലും വിരസത വന്നുകൂടാതെ, ശൈഥില്യചിന്തകൾക്ക് ഇടം കൊടുക്കാതെ ക്ലാസിക്കൽ പരിചയശീലമില്ലാത്ത അനുവാ‍ചകരേയും അദ്ദേഹം അടുപ്പിച്ചു നിർത്തി. സ്ഥായിയിൽ ഉയർച്ചതാഴ്ച്ചകൾ മാജിക് എന്നപോലെ സൃഷ്ടിച്ച് ശ്രോതാക്കളെ വിഭ്രമലോകത്ത് സംതോലകമാക്കി നിലകൊള്ളിച്ചു   മുരളീമാധുരി.
   
    1950കളിൽ   ബാലമുരളീകൃഷ്ണ മദ്രാസിൽ ബസ്സിറങ്ങുമ്പോൾ ഗാനസഭകളും ക്ലിക്കുകളും ധാരാളം അവിടെ. ജി.എൻ. ബാലസുബ്രഹ്മണ്യവും  മുസീരിയും തെളിച്ചിട്ട വഴികൾ പുതുമയാർന്നതെങ്കിലും ഓർതഡോക്സി ശ്വാസം മുട്ടിച്ചു തുടങ്ങിയിരുന്നു ആ തെരുവുകളെ.  റേഡിയോ സ്റ്റേഷനിൽ ഭക്തിഗാന സമ്പ്രേഷണം വഴി പൊതുജനത്തിന്റെ സംഗീതമിടിപ്പ് അറിഞ്ഞാണ് ഈ ചെറുപ്പക്കാരൻ മദ്രാസിലെ കർണാടകസംഗീത മത്സരലോകത്ത് എത്തിയത് എന്നത് തുണച്ചിട്ടുണ്ടാകണം. സ്വതഃസിദ്ധമായ സംഗീതപാടവം പിന്നീട് അനിഷ്യ്യേദ്ധ്യസ്ഥാനം  കൽ‌പ്പിച്ചു നൽകിയത് ചരിത്രം. നടപ്പുരീതികളെ തകിടം മറിക്കാനുള്ള താൻ പോരിമ അദ്ദേഹം സൃഷ്ടിച്ചെടുത്തത് സാവധാനമാണ്. അത് ഒറ്റയാൾ പട്ടാളമായി നേടിയെടുത്തതാണെങ്കിലും ആരോടും പൊരുതിയല്ല, നേടണമെന്ന് മുൻ കൂട്ടിതീരുമാനിച്ചവാനും വഴിയില്ല.

             പരിണാമം ഒരു വ്യവസ്ഥയുടെ വഴങ്ങാനുള്ള കൌശലക്ഷമത അനുസരിച്ചാണ് രൂപപ്പെടാറ്. കർണ്ണാടകസംഗീതം പ്ലാസ്റ്റികത തീരെയില്ലാത്തതാണെന്ന് യാഥാസ്ഥികർ ഏതുകാലത്തും വിശ്വസിച്ചു പോന്നിട്ടുണ്ട്. ഓരോ പരിണാമങ്ങളും യാഥാർത്ഥ്യങ്ങളായി വളരെക്കാലത്തിനു ശേഷമാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ജടിലതയോടുള്ള കലഹം  ഈയിടെ റ്റി എൻ കൃഷ്ണ തുടങ്ങിയതൊന്നുമല്ല. മുസീരിയും ജി എൻ ബിയും ആധുനികതയുടെ വക്താക്കളാണെങ്കിൽ ആ ആധുനികതയ്ക്ക് പല ശിഖരങ്ങളായി പിരിഞ്ഞ പിൻ തുടർച്ച് സാദ്ധ്യമാണെന്നും  അത്  ക്ഷണപ്രഭാചഞ്ചലമാണെബ്ന്നും മറ്റൊരു ആധുനികത അതിനു മേൽ നവീനതയുടെ ശ്രുതിഭേദങ്ങൾ കെട്ടിപ്പടുക്കുമെന്നും യാഥാസ്ഥിതികർ വിശ്വസിക്കാൻ തയാറാകാത്തത് കാലം എന്നും കളിയ്ക്കുന്ന കുസൃതി തന്നെ.

            ജനസമ്മതി എന്നത് ക്ലാസിക്കൽ കലകളുടെ അധോഗതീപ്രയാണസൂചകം ആണെന്ന മൌഢ്യവിചാരത്തിലാണ് ഓർതഡോക്സിയുടെ ബാലിശത്വം വേരുറപ്പിക്കാറ്.  ബാലമുരളീകൃഷ്ണയെ സംബന്ധിച്ച് ഏവന്റേയും ഹൃദയത്തിനു ഒരു  മിടിപ്പുകൂടി സമ്മാനിച്ചിട്ടേ അദ്ദേഹം പാടിത്തീർക്കാറുള്ളു. നമുക്കു വേണ്ടി പാടുകയാണ് എന്ന് തോന്നിപ്പിക്കുന്നത് ആയാസമന്യേ അദ്ദേഹം സാധിച്ചെടുത്തു. തനിക്കു മുൻപ്  നവീനത ആവിഷ്ക്കരിച്ചവരിൽ നിന്നും വേറിട്ട ഈ രീതിവിശേഷം സമ്മതിച്ചുകൊടുക്കാനുള്ള മടി ആയിരിക്കണം പഴമക്കാരുടെ എതിർപ്പിലേക്ക് വഴിവച്ചത്. പക്ഷേ തലച്ചോർ കൊണ്ട് പാടി തലച്ചോറിന്റെ കണക്കു വഴികളെ തൃപ്തിപ്പെടുത്തുന്ന കടുംപിടിത്തത്തിൽ നിന്ന് അനുവാചകർ മാറിപ്പോയപ്പോൾ മനസ്സിലാക്കാതെ പോയത് ഇവരുടെ ബുദ്ധിഹീനത തന്നെ. ആലാപനസുഭഗത ആവോളം കൈമുതലായിരുന്ന അദ്ദേഹത്തോട് മല്ലിട്ട് നിൽക്കുന്നത് മൂഢതയാണെന്ന് പൊതുജനം പിന്നീട് ഇവർക്ക് മനസ്സിലാക്കിക്കൊടുക്കുകയായിരുന്നു. സമ്മോഹനമായ ശബ്ദതരളിത, ഏകാഗ്രമായി പ്രകമ്പനം കൊള്ളുന്ന ശാരീരം, ഭാവവ്യഞ്ജനത്തിനാവശ്യമായ മൃദുത്വം എന്നാൽ ചടുലത ആവോളം കോരി നിറച്ച അക്ഷരവിന്യാസങ്ങൾ ഇവയെല്ലാം സാരഭൂതമായാണ് അദ്ദേഹത്തിന്റെ സംഗീതവ്യക്തിത്വം നിലനിൽക്കുന്നത്.  സൃഷ്ടിപരമായ കൽ‌പ്പനാസ്വരങ്ങൾ അദ്ദേഹം പല കൃതികളിലും സന്നിവേശിപ്പിച്ച് നൂതനത്വം കൊതിച്ചവരെ ഏറെയാണ് തൃപ്തിപ്പെടുത്തിയത്. ആകസ്മികമായാണ് സംഗതികളും ഗമകങ്ങളും വന്നു കയറുന്നത്, അവയൊക്കെ സ്ഥിരം ശ്രോതാക്കളെ വിസ്മയിപ്പിക്കാൻ പോന്നവയും ആയിരുന്നു. അവതരിപ്പിച്ച  ഭൃഗകൾ മാറിയും മറിഞ്ഞും പഴമയെ അപ്പാടെ തൂത്തുമാറ്റി.

   പാട്ട് പാട്ടിനു വേണ്ടി എന്ന് അനുവാചകരെ ബോധിപ്പിച്ച് ഭക്തിയുടെ അംശം കഴിയുന്നതും വേറിട്ടെടുത്ത് സംഗീതത്തിന്റെ മാനവികത സ്പഷ്ടമാക്കിയത് ബാലമുരളീകൃഷ്ണയുടെ ആധുനികതാവേശത്തിന്റെ ഉദാഹരണമായി കാണാം. 1900 ത്തിന്റെ  ആദ്യപാദം മുതൽ കച്ചേരിയുടെ ഘടനകൾ മാറിവന്ന് തുടങ്ങിയിരുന്നു. ആരാധനയുടെ ഭാഗമായ അനുഷ്ടാനങ്ങളും സങ്കീർത്തനമട്ടിലുള്ള ആലാപനവും സാവധാനം വഴിമാറി സംഗീതത്തിലെ പുതുമകൾ അവതരിപ്പിക്കാനും ആലാപനവൈദഗ്ദ്ധ്യം തെളിയിക്കാനുള്ള കൃതികൾ തെരഞ്ഞെടുക്കുന്ന പതിവും വന്നതോടെ ഭക്തിയുടെ അംശങ്ങൾ കുറഞ്ഞ് വരികയാണുണ്ടായത്. തിരുവയ്യാറിലെ ത്യാഗരാജ ആരാധന ഏകദേശം ഒരു കൾട് സ്വഭാവം പ്രകടിപ്പിച്ചിരുന്നെങ്കിലും. വിപ്ലവം സൃഷ്ടിച്ച ജി എൻ ബി പ്രഭൃതികളും “സംഗീത ജ്ഞാനമു ഭക്തി വിനാ’ എന്ന് വിശ്വസിച്ചു പോന്നവരും  ഈ നിലപാട്  പാടേ വിട്ടുകളയാൻ മടികാണിച്ചിരുന്നു. ബാലമുരളീകൃഷ്ണയാകട്ടെ സംഗീതപരതയിൽ ഊന്നൽ കൊടുത്ത് കൃതികളുടെ ആന്തരികഭാവം ഭക്തിയാണെങ്കിൽക്കൂടി അതിനു ക്ഷണികമായ പ്രാ‍ധാന്യം നൽകി  പാട്ടിന്റെ സുഭഗതയിലേക്ക് ആവാഹിച്ച് അനുവാചകർക്ക് സ്വന്തം അനുഭവം പകർന്നുകൊടുക്കുന്ന പ്രതീതിയാണ് നിർമ്മിച്ചെടുത്തത്. ത്യാഗരാജകൃതികൾ പലതും അദ്ദേഹത്തിന്റെ ആലാപനത്തിൽ ഭക്തിത്തുടിപ്പിനെ വെന്ന് സംഗീതശിൽ‌പ്പത്തിന്റെ രൂപാന്തരം അടിമുടി സ്വാംശീകരിക്കുകയായിരുന്നു. ഒരു പ്രേമതരളിതൻ അദ്ദേഹത്തിൽ എന്നും കുടിയിരിക്കുന്നുണ്ടായിരുന്നു, സംശയമില്ല.  “നഗുമോമു ഗനലേ നാ.’  കേട്ടു നോക്കുക. റൊമാൻസ്  ആഴത്തിൽ കോരി നിറച്ചിരിക്കയാണ്.  “അനിലതരള കുവലയ നയനേനാ…….. (യാ രമിതാ വനമാലി നാ) ഭക്തിയും ശൃംഗാരവും സമരരസപ്പെടുത്തിയ അഷ്ടപദിയിലെ ആണെങ്കിലും ആദ്യചരണമായ ആ വരി ആ കണ്ഠത്തിൽ ഉയിർക്കൊണ്ടുണരുന്നത് പ്രേമം, പ്രേമം ഒന്നുമാത്രം ആത്മസാക്ഷാത്ക്കാരം കൈവരിച്ചാണ്.. (മറ്റൊരു അഷ്ടപദിയായ “നിജഗാദസാ യദു നന്ദനേ………“ യിൽ അദ്ദേഹം ഇതൊക്കെ തന്മയത്വത്തോടെ മാറ്റിപ്പിടിച്ചത് മറക്കുന്നില്ല)  “ജമുനാ കിനാരേ പ്യാരേ” ഈ നിത്യകാമുകൻ തന്നെ പാടി ഫലിപ്പിക്കുന്നത്.  വരമരുളാനുള്ള ദീനാർത്ഥന പ്രേമിയുടെ വിരഹവിലാപമായിട്ടാണ് അവതരിക്കുക ആ ഗളനാളത്തിൽ. “മരുകേലറാ ഓ രാഘവാ” കേട്ടുനോക്കുക. “പലുകേ ബെങ്കാരമയനാ.”  ഭക്തിയുടെ  ഉച്ചൈസ്തരഘോഷണരീതികളിലാണ് ആധാരപ്പെടുത്തിയിട്ടുണ്ടെങ്കിലും ആനന്ദഭൈരവിയുടെ സൌഭഗവിളംബരമാണ് അദ്ദേഹത്തിന്റെ ആലാപനത്തിൽ.   രാഗാലാപനകളിലും വിരുത്തങ്ങളിലും ഈ റൊമാൻസ് തങ്ങി നിൽക്കുന്നുണ്ട്. ഭക്തിയുടെ വൈകാരികതയെ രാഗത്തിന്റെ, ആലാപനത്തിന്റെ വൈകാരിതകൊണ്ട് മറയ്ക്കാൻ വിദഗ്ദ്ധത കാണിയ്ക്കലാണിത്.

   ചടുലമായാണ് അദ്ദേഹം പാട്ടിലേക്ക് പ്രവേശിക്കുക. ആദ്യത്തെ ചില സ്വരങ്ങൾ കൊണ്ട് തന്നെ രാഗത്തിന്റെ ആത്മാവ് പിടിച്ചെടുത്ത് നമുക്ക് സമർപ്പിക്കും. “കൃഷ്ണം കലയ സഖി സുന്ദരം..” മുഖാരിയിലേക്കുള്ള പെട്ടെന്ന് കുതിപ്പ് തന്നെയാണ്. “സുന്ദരി നീയെൻ“  ആദ്യത്തെ ഗമകപ്രയോഗങ്ങൾ കൊണ്ട് തന്നെ  കല്യാണിയെ പൂർണ്ണമായി അവതരിപ്പിക്കും, ചാരുത അനന്യമാണ്. ‘സാമജവരഗമന’ യിലേക്കും ഇതുപോലെ  പെട്ടെന്നുള്ള കൂപ്പുകുത്തലാണ്.   അക്ഷരങ്ങൾ  മൊരിഞ്ഞതും മൂർച്ചയുള്ളതും ആയിരിക്കും, പാട്ടിൽ ഉടനീളം.  പരസ്പരാനുകൂലത എത്ര ദീർഘമേറിയ കൃതി ആണെങ്കിലും അവസാനം വരേ ഒരേ ഉത്ക്കടതയിൽ നിലനിൽക്കുകയാണ്. ഈ ചടുലതയുടെ നേർപ്രത്യക്ഷമാണ്  അദ്ദേഹത്തിന്റെ  പലേ തില്ലാനകളും.  സ്വന്തം കോമ്പസിഷനായ ‘വൃന്ദാവനി‘ തില്ലാന നേരേ നൃത്തമണ്ഡപത്തിലേക്ക് കയറിപ്പോയത് ഈ താളക്രമവിന്യാസങ്ങളിലെ  തീക്ഷ്ണതയാലാണ്. അക്ഷരങ്ങൾ തീർക്കുന്ന ജാലവിദ്യ (.നീര ക്ഷീര ന്യായമൈ മൈമരചി സകലചരാചര മെല്ല പുലകിഞ്ചി……..) തന്നിലെ അദ്വീതീയനായ വാഗ്ഗേയകാരനെ സമർത്ഥിക്കാൻ പോന്നതാണ്.   “ജഗദാനന്ദകാരക..” അദ്ദേഹത്തിന്റെ ‘സിഗ്നേച്ചർ‘  സ്ഥായിയിൽ തീവ്രതരമായ ഹർഷോന്മാദം ചമഞ്ഞു വരികയാണ്, മറ്റാർക്കും പറ്റാത്ത രീതിയിൽ. ഇതിലും കേൾവിക്കാരിൽ അനുഭൂതി നിറയ്ക്കുക എന്ന ദൌത്യം തെളിഞ്ഞു കാണാം.
 
    പാട്ടുവഴികളിൽ അപായസാദ്ധ്യതയുള്ള ഇടങ്ങളിലേക്ക് സധൈര്യം കയറിക്കൂടിയത് പുതുമക്കാരെ എളുപ്പം ആകർഷിക്കാനായിട്ടുണ്ട്. ആദ്യകാലങ്ങളിൽത്തന്നെ കച്ചേരികളിൽ അപൂർവ്വമായ കൃതികൾ, സ്വന്തം കൃതികൾ ഇവയൊക്കെ സന്നിവേശിപ്പിച്ച് ശ്രോതാക്കളെ തെല്ലൊന്ന് അമ്പരപ്പിക്കുക അദ്ദേഹത്തിന്റെ ഒരു രീതിയായി മാറി. നാഗനന്ദിനി, പാലമഞ്ജരി, ഗമനാശ്രമ, ചന്ദ്രജ്യോതി, സിന്ധുകന്നഡ സുനാദവിനോദിനി എന്നീ  രാഗങ്ങളൊക്കെ തലങ്ങും വിലങ്ങും അദ്ദേഹത്തിന്റെ കച്ചേരികളിൽ പാടിത്തിമിർക്കപ്പെട്ടു. രാഗം താനം പല്ലവിയിൽ ചിലപ്പോൾ താളം സങ്കീർണ്ണ ഗതിയിലുള്ള ഖണ്ഡ ജാതി ത്രിപുടയിലേക്ക് കയറിയെങ്കിൽ അദ്ദേഹത്തിന്റെ വിനോദമെന്നേ കണക്കു കൂട്ടേണ്ടൂ.

     മിക്ക കീർത്തനങ്ങൾക്കും സ്വന്തം പാഠാന്തരം നിർമ്മിച്ചെടുത്തിരുന്നു ബാലമുരളീകൃഷ്ണ. എന്നും പുതുമ നിലനിർത്താൻ വഴിതുറന്നത് ഈ വ്യതിരിക്തതയാണ്.  ‘ലയം’ എന്നത് അദ്ദേഹത്തിന്റെ തീവ്രനിഷ്ഠയുള്ള ഉൾക്കൊള്ളലിനേക്കാൾ താനെ ഉരുത്തിരിഞ്ഞു വരുന്നതാണ് എന്നൊരു തോന്നൽ അസ്ഥാനത്തല്ല.  ജി എൻ ബി സൃഷ്ടിയ്ക്കുന്ന ലയമല്ല ബാലമുരളീകൃഷ്ണ സൃഷ്ടിച്ചത്. “ബ്രോചേ വാ എവരുരാ” രണ്ടു പേരും പാടിയത് കേട്ട് നോക്കുക. പാടിപ്പതിഞ്ഞ “വാതാപി ഗണപതിം” ഇൽ നവവിന്യാസങ്ങൾ ചുവടു വയ്ക്കുന്ന ചിട്ടസ്വരപ്രയോഗങ്ങൾ, സ്വരകൽ‌പ്പനകളിൽ ആയാസരഹിതമായ സ്വാതന്ത്ര്യം ഇവയൊക്കെ ബാലമുരളീകൃഷ്ണയ്ക്കു മാത്രം അവകാശപ്പെട്ടതാണ്.  അതിവിശാലതയിലേക്ക് വിരിയുന്ന ആലാപനങ്ങളും സ്വരകൽ‌പ്പനകളും സൌരഭമേറ്റിയവ ധാരാളം- സാമജവരഗമന (ഹിന്ദോളം), കമലാപ്തകുലാ (വൃന്ദാവന സാരംഗ) നഗുമോമു (ആഭേരി) ചിലവ മാത്രം.

    ഏതു കൃതി ആയാലും സാഹിത്യപരതയ്ക്ക് മുറിവേൽക്കാൻ പാടേ വിസമ്മതിച്ചിരുന്നു അദ്ദേഹം. താളക്രമങ്ങൾക്കനുസരിച്ച് വാക്കുകളെ മുറിയ്ക്കുന്ന പതിവ് അവഗണിച്ച് സാഹിത്യം ഉളവാക്കുന്ന ഭാവം അതേപടി അവതരിപ്പിക്കുന്നതിൽ നിഷ്ണാതനായിരുന്നു ഈ വേണുഗാനവിലോലൻ. പ്രത്യേകിച്ചും  ത്യാഗരാജകൃതികൾക്ക് വാഗ്ഗേയകാരൻ  നിക്ഷിപ്തമാക്കിയ വിചാരവികാരങ്ങൾ  മറ്റാരും ഉളവാക്കാത്ത ഭാവചാരുതയോടെ ആണ് വന്നണഞ്ഞത് ഈ കടും പിടുത്തം മൂലം. ചില വാക്കുകൾക്ക് പ്രത്യേക ഊന്നൽ കൊടുത്ത് കൃതിയിലെ ആത്മാവിനെ ഒന്നു തൊട്ടുതലോടിപ്പോവാൻ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ‘മരുകേലറ’ കൃതിയിൽ ആ വാക്ക് പല ധ്വനിപ്പിക്കലാണ് വിടർത്തുന്നത്. എന്നാൽ മധുരഗീതങ്ങൾ തന്നെ അവ എന്ന് നിരന്തരം സൂചിപ്പിക്കപ്പെടുകയും ചെയ്തു. കർണ്ണാടകസംഗീതത്തിലെ  “melody king” എന്ന് വാഴത്തപ്പെട്ടാൽ അതിൽ അദ്ഭുതമില്ല. 
 
        ഏതു കച്ചേരിയിലും പല സ്വാദുകൾ ഉൾപ്പെടുത്തി പല ശ്രേണിയിലുള്ളവരേയും തൃപ്തിപ്പെടുത്തുക എന്നത് സവിശേഷതയായി പരിഗണിക്കാം. ഭക്തിപാരമ്യം ഉൾക്കൊണ്ടേണ്ടിയവർക്കും ആലാപനസൌരഭ്യം വാരിപ്പൂശേണ്ടിയവർക്കും സംഗീതസുരാപാനം വേണ്ടവർക്കും അദ്ദേഹം ധാരാളം വസ്തുവഹകൾ കരുതി വച്ചിരുന്നു. നാടൻ പാട്ടിന്റെ ഈണങ്ങളിൽക്കൂടി ഭക്തിയോ ശൃംഗാരമോ അനുഭവിക്കേണ്ടവവർക്ക് അതും.  അതാകട്ടേ  ശുകനോ സനകനോ കൌശികനോ പാനം ചെയ്യാൻ പാകത്തിനുള്ളതാ‍യിരിക്കും- പിബരേ രാമരസം എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധ ആലാപനപ്രതിപാദനത്തിന്റെ അവസാന വരി പോലെ.

     പോപുലർ സൈക്കിനൊപ്പം നിൽക്കാൻ അദ്ദേഹത്തിനു തുണയായതു സിനിമാ ബന്ധങ്ങളുമാണ്. ക്ലാസിക്കൽ ആണെങ്കിൽക്കൂടി പൊതുജനത്തിന്റെ ഹൃത്സ്പന്ദനം അറിഞ്ഞു വേണം സിനിമാപ്പാട്ട് പാടിഫലിപ്പിക്കാൻ.  സിനിമയുടെ വെള്ളിവെളിച്ചത്തിൽ പ്രശോഭിക്കാനുള്ള ത്വര അല്ലാതെ തന്റെ സംഗീതത്തെ ലോകപ്രിയ വിനോദോപാധിയുമായി ബന്ധിപ്പിച്ച് നിറുത്താനുള്ള, സംവദിക്കാനുള്ള അവസരം സൃഷ്ടിക്കാനുള്ള ഉപകരണമായാണ്  അദ്ദേഹത്തിന്റെ സിനിമാ പ്രത്യക്ഷങ്ങളെ നിരീക്ഷിക്കേണ്ടത്.

                     ഒരു “ബാലമുരളീകൃഷ്ണ ശൈലി” ഉരുത്തിരിഞ്ഞത് അദ്ദേഹം പാടുമ്പോൾ ഉള്ളിൽ ഒരു കമ്പോസ്സറും പുതിയ രാഗം കണ്ടുപിടിയ്ക്കുന്ന ഗവേഷകനും വാഗ്ഗേയകാരനും നിറഞ്ഞു പതയുന്നതുകൊണ്ടായിരിക്കണം.  ആർക്കും അത്ര പെട്ടെന്ന് അനുകരിക്കൻ സാദ്ധ്യമാവാത്തതിന്റെ കാരണം അവർക്കൊന്നും ഈ പശ്ചാത്തലം ഇല്ലാതെ പോയതായിരിക്കണം. ഏറെക്കുറെ  അനുകരിക്കാൻ ശ്രമിച്ചവർ അതിൽ പൂണ്ണമായും വിജയിച്ചില്ല (ഹാവൂ!) എന്നത് നമ്മൾ തിരിച്ചറിഞ്ഞതാണ്. പക്ഷേ ശിഷ്യന്മാർ ഏറെയുണ്ടായിരുന്നിട്ടും പിൻതുടർച്ച ഇല്ലാതെ  പോയത് ഒരു നഷ്ടമാണെന്ന് കണക്കാക്കാൻ വയ്യ, പൈതൃകസമ്പത്ത് പരമ്പരപ്രാപ്തിയായി  മൃത്യുപത്രത്തിൽ ആലേഖനം ചെയ്യപ്പെട്ടതാണ്.

   ഹിന്ദുസ്ഥാനിയിലെ അതിപ്രഗൽഭരോടൊപ്പം പാടാനുള്ള സിദ്ധിയാർജ്ജിച്ച അപൂർവ്വം കർണ്ണാടകസംഗീതജ്ഞരിൽ ഒരാളാണ് ബാലമുരളീകൃഷ്ണ. വടക്കുള്ള വമ്പന്മാരുടെ ഇടയിൽ  കർണ്ണാടകസംഗീതത്തിനു മേൽ വിലാസമുണ്ടെന്ന് തെളിയിച്ച  മഹാനുഭാവൻ.  തൽക്ഷണരചനാപാടവം വേണ്ടുവോളമുള്ളവർക്കു മാത്രം സാധിയ്ക്കുന്ന  അപൂർവ്വ ഉപലബ്ധി.

“എനക്കിണയാക ഈ ദർബാറിൽ എവരുമുണ്ടോ? “

ഈ ചോദ്യം സംഗതമാണ്.

Thursday, November 10, 2016

കലിയിളകുമ്പോൾ

                            

 മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച  ലേഖനം
                                                                                                                                     ആവേശിക്കാൻ തക്കതായ ഒരു കഥാപാത്രമാണ്  കലി.  നളചരിതത്തിൽ നളനെക്കൊണ്ട് പലതും ചെയ്യിച്ചത് ബാധിച്ച കലിയാണെന്ന മട്ടിലാണ് കഥ വിടർന്നു വികസിക്കുന്നത്. കലി ആവേശിച്ചാൽ അറിയാതെ കൊലപാതകം വരെ ചെയ്തു പോകും. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ വെട്ടുന്നതും തോക്കെടുത്ത് വെടി വെയ്ക്കുന്നതും ഒക്കെ  നമ്മൾ സ്ഥിരം കേൾക്കുന്ന കഥകളാണ്. ശാന്തനും സത്സ്വഭാവിയുമായ ആൾ എങ്ങനെ ഇപ്രകാരം പെരുമാറി എന്ന് ആശ്ചര്യം കൂറുമ്പോൾ ചില പ്രത്യേക ന്യൂറോണുകളും രാസവസ്തുക്കളും കൂടിയുള്ള കളിയാണിതെന്നാണ് മനസ്സിലാക്കേണ്ടത്. തലച്ചോറിന്റെ സ്വാഭാവികമായ ചോദനാപരിണതിയാണ് നമ്മെ കലിപൂണ്ടവരാക്കുന്നത്.

     അതിജീവനത്തിനു കടുത്ത മത്സരം ആവശ്യമാണ് മനുഷ്യനു. കാരണം അവൻ ഒരു സമൂഹജീവി ആണെന്നതു തന്നെ. ആഹാരത്തിനും ഇണയെ ലഭിയ്ക്കുന്നതിനും കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന സാമാന്യനീതിയിലാണ് മനുഷ്യപരിണാമം സംഭവിച്ചതു തന്നെ. മനുഷ്യർക്കു മാത്രമല്ല മത്സരിക്കേണ്ടി വരുന്ന ഏതൊരു ജീവിക്കും പ്രതിസന്ധികളിൽ സന്നദ്ധമായിരിക്കാൻ ചില കടന്നകയ് പ്രയോഗങ്ങൾ തലച്ചോറിൽ കൊരുത്തു വയ്ക്കപ്പെട്ടിട്ടുണ്ട്. ആക്രമണം ആണ് ഉദ്ദേശമെങ്കിലും അതിനു വീര്യം കൂട്ടാൻ ദേഷ്യം ആവശ്യമായി വരികയാണ്.  ഹിംസ അതിജീവനത്തിന്റേയും അതുവഴി സംസ്കാരത്തിന്റെ ഭാഗമായി വളർന്നവരാണ് നമ്മൾ മനുഷ്യർ.  ആധിപത്യത്തിനും മേൽക്കോയ്മയ്ക്കും വേണ്ടി പൊരുതി ജയിക്കുക എന്നത് ആണുങ്ങളുടെ ആവശ്യമായിരുന്നു. ആഹാരത്തിനും തന്റെ കൂട്ടത്തിന്റെ സുരക്ഷയ്ക്കും ഇണയെ ലഭിയ്ക്കുന്നതിനും ഇങ്ങനെ അത്യാവശ്യം പ്രയോഗിക്കേണ്ടി വന്ന തന്ത്രങ്ങളുടെ ഭാഗം. ഒരു സമൂഹത്തിനു പുറത്ത് അവനു ജീവിക്കാൻ വയ്യാതായ്തിനു കൊടുക്കേണ്ടി വന്ന വിലയാണിത്.  അതിജീവനത്തിനു മനുഷ്യർ ഇന്ന് പോരാട്ടങ്ങൾ നടത്തേണ്ടതില്ല പുരാതനകാലത്തെപ്പോലെ. ശ്രേണീബദ്ധമായ സമൂഹത്തിൽ മുകളിൽ എത്താൻ പാടുപെടുന്നത് സാധനസമ്പത്തുക്കൾ ഉൾപ്പെടെയുള്ള വിഭവങ്ങൾ കൂടുതൽ കൈപ്പറ്റാൻ വേണ്ടിയാണെങ്കിലും. പെട്ടെന്നുണ്ടാകുന്ന ദേഷ്യത്തിൽ സുഹൃത്തിനെ ആണെങ്കിലും കൊന്നു കളയുന്ന അവസ്ഥ വന്നു ചേരുന്നത് ഇനിയും മാറ്റപ്പെടാത്ത ചില പ്രാചീനതിരുശേഷിപ്പുകൾ അനാവശ്യമായി നമ്മുടെ തലച്ചോറ് കൊണ്ടു നടക്കുന്നതിനാലാണ്.  പുരാണത്തിൽ നിന്നും ഒരു കലി നമ്മളെ ഒരു നിമിഷനേരമെങ്കിലും ആവേശിക്കാൻ തക്കം പാർത്തിരിക്കയാണ്.

എന്തിനു കോപം വച്ചു തലച്ചോറിൽ
        ഭീഷണിയുടെ, പേടിപ്പിക്കലിന്റെ, ബലപ്രയോഗത്താലുള്ള കാര്യസാദ്ധ്യത്തിന്റെ, ആധിപത്യത്തിന്റെ എല്ലാം ഉപകരണമാണ് ദേഷ്യം.  പലതും സാധിച്ചെടുക്കാനായി ചെലവു കുറഞ്ഞ രീതിയിൽ തലച്ചോരിൽ ഘടിപ്പിക്കപ്പെട്ടത്. പരിണാമകാലഘട്ടങ്ങളിൽ. അതിജീവനത്തിന്റെ പൊരുതലുകളിൽ ആവശ്യമായി വന്ന ഒരു പെരുമാറ്റം. പ്രകൃതി നിർദ്ധാരണം ( natural selection ) വിലപേശൽ ചാതുര്യതന്ത്രങ്ങളാൽ ദേഷ്യം വരുന്നയാൾക്ക് ആനുകൂല്യം കിട്ടുന്നതരത്തിൽ പരിഹാരം കാണുന്ന ന്യായവിധികൾ തീർപ്പിച്ചതാണിത്. കോപിഷ്ടനു ക്ഷേമം വരുന്ന വിധത്തിലാണ് ഉദ്ദേശലക്ഷ്യങ്ങൾ ഇണക്കിയിരിക്കുന്നത് എന്നത് തമാശയായിത്തോന്നാമെങ്കിലും ‘പെണ്ണും പിടക്കോഴിയും’ –നിർബ്ബാധമുള്ള പ്രജനനത്തിനു ആവശ്യമായ സെക്സും ആഹാരവും-വരുതിയിലുള്ള ജീവിതം തന്നെയാണ് ആത്യന്തികലക്ഷ്യം. അധികാരപ്രമത്തത സ്ഥാപിച്ചെടുക്കുകയും വിഭവസമ്പത്തുകളിൽ കൂടുതലുടമസ്ഥാവകാശം ഉറപ്പിക്കുകയും ചെയ്യാൻ ഈ കീഴ്പ്പെടുത്തൽ വികാരം ആവശ്യമാകുകയും അത് ഇണയുടെയും കുഞ്ഞുങ്ങളുടെയും അതിജീവനം സാദ്ധ്യമാക്കുകയും ചെയ്യുന്നു. ഇപ്രകാരം ദേഷ്യത്തെ സംബന്ധിച്ചിടത്തോളം ബോധജ്ഞാനപരമായ ന്യൂറോൺ കേന്ദ്രങ്ങൾ ഉരുത്തിരിയുകയും അതിജീവനത്തിനു പ്രയോജനപരമാകയും ചെയ്തു. ജീവിതത്തിന്റെ വിലപേശലിൽ കൂടുതൽ ശക്തിയുള്ള ജീവിക്ക് അർഹത കൂടുന്നുണ്ട്, അതുകൊണ്ട് ശക്തി കൂടുതലുള്ളവർക്ക് ദേഷ്യവും കൂടുതലുണ്ട് എന്നത് ജീവശാസ്ത്രപരമായ സത്യമാണ്.

           ജന്തുകുലങ്ങളുടെ പ്രാഥമിക ചോദനകളായി തലച്ചോറിൽ ഘടിപ്പിക്കപ്പെട്ട ഈ അതിജീവനപ്പൊരുത്തവിശേഷം മനുഷ്യരുടെ  അതിസങ്കീർണ്ണവും ബുദ്ധിയേറിയതുമായ തലച്ചോറിൽ ഇന്നും നിലനിൽക്കുകയാണ്. പക്ഷേ കാലവും പരിസ്ഥിതികളും മാറിയത് അവൻ അറിയാതെ പോയിട്ടുണ്ട്. മോടോർ കാറുകൾ വന്ന കാര്യവും അവകൾ ഓട്ടം മത്സരത്തിനല്ല എന്നതും മനുഷ്യമനസ്സ് അംഗീകരിക്കാൻ കൂട്ടാക്കിയിട്ടില്ല.  കാറിനു ചുറ്റുമുള്ള ഇടം തന്റേത് മാത്രമാണെന്ന് ധരിച്ച് വശാകുകയാണ്   പാവം മനുഷ്യൻ. കാറിലെ കുടുംബാംഗങ്ങളെ രക്ഷിക്കേണ്ടതാണെന്നും അതിനു ഒരു മത്സരം വേണ്ടി വരുമെന്നും ഒരു മാത്ര വെറുതേ നിനച്ചു പോവുകയാണ് പിന്നോട്ട് സഞ്ചരിച്ച മനസ്സ്.  ഹൈവേയിലെ ലെയിനുകൾ തന്റെ കാറിനു മാത്രമാണെന്ന ബോധവുമായി ആ‍ാധുനികയുഗവുമായി സമരസപ്പെടാത്ത മസ്തിഷകം വാശി പിടിയ്ക്കുകയാണ്.  മറ്റേ കാറിന്റെ തരവും നിറവും മറ്റൊരു ഗോത്രസങ്കൽ‌പ്പത്തിലേക്ക്   നയിച്ച് അതിനെ വെല്ലാൻ തയാറെടുക്കുകയാണ് പ്രാകൃതവും പ്രാചീനവും ആയ  ന്യൂറോൺ വലയങ്ങൾ.  പ്രസിദ്ധ ന്യൂറോശാസ്ത്രവിദഗ്ധൻ ഡള്ളസ് ഫീൽഡ്സ് വളരെ രസകരമായി ഇക്കാര്യങ്ങൾ തന്റെ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്.     

ചിന്ന ചിന്ന ആശൈ ചിറകടിക്കും ആശൈ - ഡോപമിനു വേണ്ടി

    പ്രതിഫലം കിട്ടാൻ ഉഴറുന്ന മനസ്സാണ് നമ്മുടേത്. പ്രേമിക്കാനുള്ള മനസ്സാണ്, ആസക്തികളുടെ കൂടാരമാണത്. തേടിത്തേടി അലയുക, തേടുന്നത് കിട്ടുക  അതിൽ ആഹ്ലാദിക്കുക എന്നതാണിതിന്റെ അടിസ്ഥാനക്കണക്കുകൾ. അത് കിട്ടിയില്ലെങ്കിൽ നിരാശയായി, അതിൽ നിന്നും ദേഷ്യം ഉടലെടുക്കുകയായി.  അത് കിട്ടാൻ വേണ്ടി, പ്രതിരോധങ്ങളെ തകർക്കാൻ വേണ്ടി ശരീരത്തെ സജ്ജമാക്കുക എന്നതാണ് ദേഷ്യത്തിന്റെ പ്രധാന ഉദ്ദേശം. മറ്റൊരു ജീവിയോ മനുഷ്യനനോ പരിതസ്ഥിതിയോ എന്തുമാകാം ഈ നേരിടലിൽ അവനു പ്രതിസന്ധിയാകുന്നത്..

      ഈ അന്വേഷണപ്രണാലി (seeking system) പെരുമാറ്റത്തിൽ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. സങ്കീർണ്ണവും സംസക്തവും പരസ്പരബന്ധമാർന്നതുമായ ന്യൂറോൺ വലകൾ ഇതിനുവേണ്ടി നെയ്തെടുക്കുന്നത് അതിജീവനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഉപയോഗസാദ്ധ്യതകൾക്ക് വേണ്ടിയാണ്. ഈ ചിട്ടവട്ടസമ്പ്രദായം ജന്തുക്കളെ പുതുമ തേടാൻ പ്രേരിപ്പിക്കുന്നത് ജീവിതവ്യവ്സ്ഥകൾ മെച്ചപ്പെടുത്താ‍ാൻ വേണ്ടിത്തന്നെയാണ്. അതുകൊണ്ടുതന്നെ അന്വേഷിച്ചത് കണടെത്തുമ്പോഴുള്ള ആഹ്ലാദം ചില്ലറയല്ല. പ്രതീക്ഷാനിർഭരമായി ജീവിക്കാനും അതിജീവനത്തിനുള്ള സാമഗ്രികൾ ഒരുക്കിക്കൂട്ടാനുമാണ് ഈ നിയുക്തി. ആഹാരം, വെള്ളം, തണുപ്പിൽ നിന്നും രക്ഷ ഇവയൊക്കെ തേടുകയാണ് ഉഴറുന്ന മനസ്സ്, പരിണാമം നിഷ്ക്കർഷിക്കുന്ന, പരമവും ആത്യന്തികവുമായ സെക്സ് ഉൾപ്പടെ. അഭിലാ‍ഷങ്ങളും കുതൂഹലങ്ങളും ഉണർത്തിയുയർത്തി  അറിവിന്റേയും പഠനത്തിന്റേയും വഴികളിലേക്ക് തെളിച്ച്  ബൌദ്ധികതലങ്ങളിലേക്ക് മനസ്സിനെ ആവാഹിച്ച്  ഈ അന്തർദ്ദാഹത്തിൽ തൃപ്തി നേടി നാളെയിലേക്ക് നയിക്കുന്നത് ന്യൂറോൺ കേന്ദ്രങ്ങളുടെ മായാജാല വലയങ്ങളാണ്. ഇതിന്റെ സംത്രാസത്തിൽ  വീഴ്ച്ച വന്നാൽ വിഷാദരോഗത്തിലെത്താൻ വഴി യുണ്ട്. അതിരുവിട്ടുപോയാൽ ഷ്കിസ്സോഫ്രീനിയ, സൈക്കോസിസ്, ഭ്രാന്ത് ഈ വഴിയേ ആയിരിക്കും പിടിച്ചാ‍ൽകിട്ടാത്ത ന്യൂറോൺ സംവേദനങ്ങൾ നമ്മെ നയിക്കുന്നത്. ഡോപമിൻ എന്ന നാഡീരാസവസ്തുവാണ് ഈ സമ്മാനലബ്ദ്ധിയിൽ  ആഹ്ലാദം പകരുന്നത്.  ഈ ഡോപ്പമിൻ വലയങ്ങൾ  മറ്റ് കേന്ദ്രങ്ങൾക്ക്  നിരന്തരം അറിവുകൾ നൽകിക്കൊണ്ടിരിക്കയാണ്, നിരന്തരം പുതുമകൾ തേടാൻ പ്രേരിപ്പിച്ചു കൊണ്ടിരിക്കയാണ്.  കോക്കൈൻ പോലത്ത ലഹരിമരുന്നുകൾ ഈ വലയങ്ങളെ കൂടുതൽ ത്രസിപ്പിക്കുന്നവയാണ്. തേടിയെടുത്ത് നേടുന്നതിലെ സുഖം സൂത്രത്തിൽ ലഭിയ്ക്കുകയാണ് ഡോപമിനു പകരക്കാരായി വരുന്ന മയക്കുമരുന്നുകൾ വഴി.  മദ്യത്തിന്റെ പ്രാവർത്തികഫലവും വ്യത്യസ്തമല്ല.

      ഈ വ്യവസ്ഥയിൽ മാറ്റം വരുന്നത് തലച്ചോറിനു സഹിക്കാനാവുകയില്ല. അതിലേക്ക് തിരിച്ചു വരാൻ ആവതും പരിശ്രമിക്കും. പെട്ടെന്ന് അത് സാധിയ്ക്കുകയുമില്ലെങ്കിൽ തലച്ചോറിനു പ്രതിപ്രവർത്തിച്ചേ പറ്റൂ. കോപം ഉടലെടുക്കുകയായി.  തന്റെ ഉദ്ദേശത്തിനോ പ്രതീക്ഷയ്ക്കോ  വിലങ്ങുതടിയായിക്കാണുന്നതിനെ മാറ്റിയെടുക്കാനുള്ള ഉദ്യമം.  ക്യൂ നിന്ന് മടുക്കുമ്പൊഴോ രാവിലെ പത്രക്കാരൻ പയ്യൻ പത്രം ഇടാൻ താമസിച്ചലോ ക്ലാസിൽ വിദ്യാർത്ഥി വർത്തമാനം പറയുന്നത് കണ്ടാലോ ഒക്കെ ഉദ്ദിഷ്ടകാര്യസാദ്ധ്യം നടക്കാതെ പോകുമ്പോൾ തലച്ചോർ പ്രതിപ്രവർത്തിച്ചു പോകയാണ്. പത്രക്കാരൻ പയ്യനെ തിരിച്ചു പത്രം കൊണ്ട് ഏറിഞ്ഞോ വിദ്യാർത്ഥിയേ അടിച്ചോ ക്യൂവിൽ ഉന്തും തള്ളുമുണ്ടാക്കിയോ മാറിപ്പോയ ഡോപമിൻവലയന്യൂറോണുകളെ തിരിച്ചു പൂർവ്വസ്ഥിതിയിൽ കൊണ്ടുവരാൻ ശ്രമിക്കും. നിരാശ എന്നാണ് നമ്മൾ ഇതിനെ പറയുക. ഇതിനു കാരണമായതിനെ മാറ്റിയെടുക്കുക എന്നത് അതിജീവനതന്ത്രത്തിന്റെ ഭാഗം തന്നെ.

      നിരാശ മാത്രമല്ല കലി ആവേശിക്കാൻ.  അസ്തിത്വം നിരന്തരമാക്കണമെന്ന നിർദ്ദേശവുമായാണ് ജീവകുലം ഉടലെടുക്കുന്നതുതന്നെ. ജീവൻ നിലനിർത്താൻ അതിയായി പോരാടാൻ തലച്ചോറിനെ സജ്ജമാക്കുയാണ് ദേഷ്യത്തിനു പ്രേരകശക്തികളിലൊന്ന്.  അധിക്ഷേപമാണ് മറ്റൊന്ന്. സമൂഹത്തിലെ സ്ഥാനം നഷ്ടപ്പെടുമോ എന്ന ആശങ്ക യാണ് ഇതുമൂലമുള്ള കോപാവേശത്തിനു പിന്നിൽ. വിശ്വാസങ്ങൾ ചോദ്യം ചെയ്യപ്പെടുകയോ  അധിക്ഷേപം ഏൽക്കുകയോ (അധിക്ഷേപം എന്നത് സമൂഹത്തിലെ സ്ഥാനത്തെ അവമതിക്കപ്പെടുമ്പോഴാണ്.  അവ മിക്കവയും സമൂഹസ്ഥാനത്തിലെ കീഴ്സ്ഥിതി ദ്യോതിപ്പിക്കുന്നതോ പുറംതള്ളപ്പെട്ടവൻ എന്ന് വിവക്ഷിക്കുന്നതോ ആണെന്ന് ഓർക്കുക)  ചെയ്യുമ്പോഴും ദേഷ്യം വരാം.  ഭീഷണി യോ മറ്റുള്ളവരുടെ അപായകരമായ പ്രവൃത്തിയോ ദേഷ്യത്തിനു കാരണമാകും. ഭീഷണിയുടെ കടുപ്പം അനുസരിച്ച് ദേഷ്യവും കൂടാറുണ്ട്. കുടുംബത്തെ പ്രത്യേകിച്ചും കുഞ്ഞുങ്ങളെ സംരക്ഷിക്കാനും ദേഷ്യഭാവം ഉപകരിക്കും.  പ്രസവിച്ചു കിടക്കുന്ന നായ ആക്രമണകാരിയയി മാറുന്നത് സാധാരണ കാഴചയാണ്. വാസസ്ഥലം കാത്തു സൂക്ഷിക്കുന്നത് അതിജീവനത്തിനു അത്യാവശ്യമാകയാൽ മൃഗങ്ങളും മനുഷ്യരും ഇതിനെച്ചൊല്ലി ക്രോധാവേശപ്പെടും. ചെറിയ അതിർത്തിത്തർക്കങ്ങൾ കൊലപാതകത്തിൽ വരെ എത്താറുണ്ട്. ഇണചേരുമ്പോൾ അലോസരമുണ്ടാക്കുന്നത് മൃഗങ്ങൾക്കെന്നല്ല മനുഷ്യർക്കും ദേഷ്യകാരിയാണ്.  സ്വന്തം ഗോത്രമോ കുലമോ സംരക്ഷിക്കാനും അതിർത്തി കടക്കുന്നവരെ തുരത്താനോ ദേഷ്യത്തിൽ നിന്നുണരുന്ന അക്രമവാസന ഉപയുക്തമാകാറുണ്ട്.  കഠിനമായ വിശപ്പും ദേഷ്യഭാവങ്ങൾ ഉളവാക്കും.  ഉൽക്കടവും നീണ്ടുനിൽക്കുന്നതുമായ  മാനസികസംഘർഷം ദേഷ്യഭാവത്തിലേക്കുള്ള വഴിയാണ്. ശാരീരികമായോ ലൈംഗികമായോ പീഡനങ്ങൾ ഏറ്റുവാങ്ങിയവരുടെ കോപസ്വിച്ച് എളുപ്പം ഉണർത്താവുന്ന രീതിയിൽ ആയിപ്പോവുകയാണ്. ഒരു പ്രതിരോധം എന്ന നിലയ്ക്കാണ് അവർക്ക് പെട്ടെന്ന് ദേഷ്യം വരുന്നത്.  താറുമാറായ വ്യക്തിത്വം, സമൂഹവിരോധം ഇവയൊക്കെയും കോപകാരികളാണ്.

    കലിയുടെ സർക്യൂട്ടുകൾ
     തോന്നലുകളുടേയും അനുഭവങ്ങളുടെയും  കേന്ദ്രങ്ങൾ പലതും സമഗ്രമായി ഇഴചേർത്ത് അത്യന്തം സൂക്ഷ്മായി ഉരുത്തിരിയുന്ന കലി എന്ന ഭാവം ഒരു  ദൂഷ്യമായല്ല പരിണാമം സംഘടിപ്പിച്ചെടുത്തതെങ്കിലും അങ്ങനെയാണ് പ്രത്യക്ഷത്തിൽഅനുഭവപ്പെടുക. എവിടെ എപ്പോൾ എന്ന വ്യതിരിക്തബോധം ഉണ്ടാവുകയാണ് കാര്യം. ക്രോധം പരിത്യജിക്കേണം ബുധജനം എന്ന് എഴുത്തച്ഛൻ പാടിയത് ചുമ്മാതല്ല. ചുറ്റുപാടുകൾ മനസ്സിലാക്കി നെല്ലും പതിരും വേർതിരിച്ചെടുക്കുന്ന ബോധജ്ഞാനകേന്ദ്രങ്ങൾ നൽകുന്ന അറിവുകളാണ് ദേഷ്യം പിടിയ്ക്കണോ വേണ്ടയോ എന്നതിന്റെ ആദ്യതീരുമാനങ്ങൾ മറ്റു കേന്ദ്രങ്ങളെ അറിയിക്കുന്നത്. മനോവികാരവിക്ഷോഭ സ്തോഭ ഭാവങ്ങളും ആന്തരികമായ ബോധജ്ഞാന വ്യവസ്ഥകളും സങ്കലിച്ച്  നിരവധി സർക്യൂടുകൾ ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടിയിരിക്കുന്നു ക്രോധകാരണത്തിനു. സ്ഥലകാലസന്ദർഭങ്ങൾ, അനുബന്ധിതമായ പഠിച്ചെടുക്കൽ, ഓർമ്മ ഇവയൊക്കെ ഒരേ സമയത്ത് ഇതിനോട് കൂട്ടിയിണക്കുന്ന ആസൂത്രണങ്ങൾ വഴി സങ്കീർണ്ണതയ്ക്ക് ആക്കം കൂട്ടുകയണ്.  നാലു കേന്ദ്രങ്ങളാണ് കലിനാടകത്തിൽ   പ്രധാനമായും പങ്കെടുക്കുന്നത്.   പി എഫ് സി (prefrontal cortex), അമിഗ്ദല, ഹൈപൊതലാമസ്, പി എ ജി (Periaquaductal gray) എന്നിവയാണ് മുഖ്യകളിക്കാർ. ചിത്രം 1 ഇൽ ഈ ഭാഗങ്ങളിൽ ചിലവ അടയാളപ്പെടുത്തിയിരിക്കുന്നു. കൂടാതെ പലേ രാസസംവാഹകരും ഇവർ തമ്മിലുള്ള സന്ദേശപ്രദാനത്തിൽ പങ്കെടുക്കുന്നുണ്ട്. തലച്ചോറിന്റെ മുൻ ഭാഗത്ത് നെറ്റിയ്ക്ക് നേരേ പുറകിൽ ആണ് പ്രി ഫ്രൊണ്ടൽ കോർടെക്സ് (Prefrontal cortex) എന്ന പി എഫ് സി. ഇവിടുന്നും നിർദ്ദേശങ്ങൾ അമിഗ്ദല എന്ന ഇരട്ട ന്യൂറോൺ കേന്ദ്രത്തിൽ എത്തുകയാണ്.  അമിഗ്ദല സാഹചര്യം അനുസരിച്ച് ദേഷ്യത്തിന്റെ അവസ്ഥകൾ നിർമ്മിച്ചെടുക്കാൻ തുടങിഗിയിട്ട് പി എ ജി എന്ന, തലച്ചോറിന്റെ താഴേ ഭാഗത്തേയ്ക്ക് നിർദ്ദേശങ്ങൾ അയയ്ക്കും. ഇതിനിടയ്ക്ക് ഹൈപോതലാമസ് എന്ന ന്യൂറോൺ കേന്ദ്രം ഇതിലെന്തെങ്കിലും മാറ്റങ്ങൾ വേണൊ എന്ന് പരിശോധിക്കും. ലൈംഗികത, വിശപ്പ്, ഹോർമോൺ പ്രാഭവങ്ങൾ ഒക്കെ ഇതിൽ‌പ്പെടും.എല്ലാം ഒത്തുവന്നാൽ   ഹൈപോതലാമസിന്റെ മേൽനോട്ടത്തോടെ പി എ ജി കലി ഇളക്കുകയായി.  അന്തിമ തീരുമാനം പി എ ജിയുടേതാണ്.   

    നെറ്റിയ്ക്കു പുറകിൽ പി എഫ് സി എന്ന കേന്ദ്രം

      നമ്മുടെ നെറ്റിക്ക് നേരേ ഉൾഭാഗത്താണ് പി എഫ് സി (Prefrontal cortex).   കാഴ്ച്ച, കേൾവി, മണം, സ്പർശം ഇങ്ങനെ പല അനുഭവങ്ങളും തലച്ചോറിന്റെ അതതുഭാഗങ്ങൾ ഇവിടെ എത്തിയ്ക്കുകയും ചിലതീരുമാനങ്ങൾ എടുത്ത് വിവിധകേന്ദ്രങ്ങളിലേക്ക് സന്ദേശങ്ങൾ അയച്ച് –ഇത് മിക്കവാറും പ്രതിപ്രവർത്തനത്തിനു വേണ്ടിയാണ്-തോന്നലുകൾ, അനുഭൂതികൾ, ധാരണകൾ ഇവയെല്ലാം ഉളവാക്കുകയും ചെയ്യാൻ പി എഫ് സിയുടെ പ്രവർത്തനം അത്യാവശ്യമാണ്.തലച്ചോറിന്റെ മറ്റുഭാഗങ്ങളിൽ നിന്നും അതത് കേന്ദർങ്ങൾക്ക് അപ്പോഴപ്പോൾ കിട്ടുന്ന അറിവുകളും പി എഫ് സിയിൽ ഉടൻ എത്തുകയാണ്. ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ളവ ഉൾപ്പെടെ. അങ്ങനെ പുറമേ നിന്നും അകമേ നിന്നും ഉള്ള സവേദങ്ങനങ്ങൾ എല്ലാം സംഭരിച്ച് ചില തീരുമാനങ്ങൾ എടുക്കുന്ന എക്സിക്യുടീവ് ഓഫീസാണ് പി എഫ് സി.  കൂടാതെ മനോവികാരങ്ങൾ, പ്രചോദനവികാരങ്ങൾ (motivation) ഇവയുടെ വിവരങ്ങളും ഇവിടെ സമാഹരിക്കപ്പെടുന്നു. ന്യൂറോണുകളുടെ പ്രവർത്തനരീതിയെ ബാ‍ധിയ്ക്കുന്ന രാസവസ്തുക്കളുടെ അനുക്രമങ്ങളേക്കുറിച്ചും ചട്ടവട്ടങ്ങളെക്കുറിച്ചും വിവരങ്ങൾ ഇവിടെ എത്തുന്നുണ്ട്.  ഇങ്ങനെ ശരീരത്തേയും ചുറ്റുപാടിനേയും നിരന്തരം ജാഗരൂകമായി ശ്രദ്ധിച്ച് വിവരങ്ങൾ ശേഖരിച്ച് തീരുമാനങ്ങൾ എടുക്കൻ തയാറായി വർത്തിക്കുകയാണ് പി എഫ് സി എന്ന കേന്ദ്ര ഗവണ്മെന്റ്..  പ്രതിഫലം കിട്ടാതാവുമ്പോൾ കലിസർക്യൂട്ടിലേക്ക് സന്ദേശം കൊടുക്കുന്നതും പി എഫ് സി ആണ്.  എന്നാൽ  പ്രചണ്ഡമായ ക്രോധം ഉളവാകുമ്പോൾ വികാരവിചാരങ്ങളെ മറികടന്ന്, അതിനു തെല്ലും സമയം കൊടുക്കാതെ നേരേ അമിഗ്ദലയ്ക്കും ഹൈപോതലാമസിനും നിർദ്ദേശങ്ങൾ പോകുകയാണ്. അമിഗ്ദല ഹൈജാക് ചെയ്യുകയാണ് വിവേകപൂർവ്വപെരുമാറ്റത്തെ.  ഇതുകഴിഞ്ഞ് പി എഫ് സിയ്ക്ക് നിയന്ത്രണം ഏറ്റെടുക്കാൻ കുറച്ചു സമയം വേണ്ടി വരും. സ്ഥിരം കൊലപാതകികളുടെ പി എഫ് സി തീരെ ഉണർവ്വില്ലാത്തതാണെന്നാണ് ആധുനിക സ്കാനിങ് വിദ്യകൾ തെളിയിക്കുന്നത്. 

അമിഗ്ദല- തോന്നലുകളിൽ നിന്ന് ദേഷ്യത്തിലേക്ക്

    തലച്ചോറിന്റെ താഴെ ഭാഗത്ത് ഉള്ള ന്യൂറോൻ സംഘമാണ് അമിഗ്ദല. ഇടതും വലതുമായി രണ്ടെണ്ണം ഉണ്ട് ചെറുനെല്ലിക്കാ വലിപ്പത്തിൽ. നമ്മുടെ ചെവിയുടെ മുൻഭാഗത്തിനു നേരേ അകത്താണിവ. സന്തോഷവും സങ്കടവും തോന്നിപ്പിക്കുന്നത് അമിഗ്ദലയുടെ പണിയാണ്. കൂടെ പേടിയും. പേടിപ്പിക്കുന്ന മുഖം കണ്ടാൽ അമിഗ്ദല ഓർത്തു വയ്ക്കും. ഭീഷണി നേരിടുമ്പോൾ അമിഗ്ദല ഉത്തേജിതമാകും. ആക്രമണസ്വഭാവമുള്ളവരുടെ അമിഗ്ദല അത്യൂർജ്ജത്തോടെ പ്രവർത്തിക്കുന്നരീതിയിൽ സംവിധാനം ചെയ്യപ്പെട്ടിരിക്കയാണ്. പി എഫ് സിയുമായി നിരന്തരസമ്പർക്കത്തിലാണ് ഈ രണ്ട് കുഞ്ഞ് ന്യൂറോൺ കേന്ദ്രങ്ങൾ. ഭീഷണി മനസിലാക്കുന്നത് അമിഗ്ദലയാണ്, ഇതോടെ അലാറം മുഴക്കുന്നതും. പി എഫ് സി ഈ അലാറം ശ്രദ്ധിച്ച് അത് ന്യായീകരിക്കാവുന്നതാണോ എന്ന് പരിശോധിച്ച് തിരിച്ച് അമിഗ്ദലയ്ക്ക് നിർദ്ദേശം കൊടുക്കും. അമിഗ്ദലയിൽ നിന്നും  കോർടെക്സിന്റെ മുൻ ഭാഗത്തേയ്ക്ക് സന്ദേശം  പോകുന്നത് പ്രത്യേക  നാഡികൾ വഴിയാണ്; ഈ നാഡികളുടെ സന്ദേശവാഹകർ  മേൽ‌പ്പറഞ്ഞ‘ഡോപ്പമിൻ’ എന്ന ന്യൂറോസംവഹാനവസ്തുവാണ്.

   പി എഫ് സിയും അമിഗ്ദലയും കൂടെയാണ് തോന്നലുകളേയും അനുഭവങ്ങളേയും വികാരങ്ങളെയും ഉളവാക്കാൻ സഹായിക്കുന്നതും  തീരുമാനങ്ങളെടുക്കുന്നതും. ഇവ രണ്ടും ബന്ധിപ്പിക്കുന്ന ‘വയറിങ്’ തലങ്ങും വിലങ്ങും ഓടുകയാണ്. ചിത്രം 3 ഇവ രണ്ടും വ്യക്തമാക്കുന്നു.  പി എഫ് സിയുടെ താഴേ ഭാഗമായ ഒ എഫ് സി. ( Orbitofrontal cortex) യാണ് പ്രധാനമായും അമിഗ്ദലയുമായി ബന്ധപ്പെടുന്നത്. പുരികത്തിനു നേരെ പുറകിലും കൺ കുഴിയുടെ മുകൾ ഭാഗത്തും ഉള്ള തൽച്ചോറ് ഭാഗമാണിത്. അമിഗ്ദലയുടെ ഓരോ ചെറിയ വിഭാഗങ്ങളുമായും ഒ എഫ് സി പ്രത്യേക വയറിങ് ഇട്ടിട്ടുണ്ട്. ഇവ രണ്ടും നിത്യസമ്പർക്കത്തിൽ ആണ്, അതുകൊണ്ട് വളരെ നിയന്ത്രിതരീതിയിലുള്ള ആസൂത്രങ്ങളാണ് പ്രാവർത്തികമാകുന്നത്. ഇപ്രകാരം ബോധജ്ഞാനപരമായും വികാരപരമായും ഫിസിയോളജിപരമായും സമഗ്രമായ വിവരങ്ങളെ ഇണക്കിച്ചേർത്ത് മാനസികനില പ്രതിനിധീകരിക്കപ്പെടുകയാണ്.

    ദേഷ്യം ഉളവാക്കാനുള്ള നിർദ്ദേശങ്ങൾ അമിഗ്ദലയ്ക്ക് അയയ്ക്കുന്നത് മേൽ‌പ്പറഞ്ഞ ഒ എഫ് സിയാണ്. ഈ ഭാഗത്തിനു ക്ഷതം പറ്റിയവർ വളരെ ദേഷ്യക്കാരും അക്രമകാരികളും ആയിത്തീരാറുണ്ട്. അവർ തീരെ സന്തോഷമില്ലാത്തവരായിത്തീരും. ദേഷ്യം വന്നു കഴിഞ്ഞാൽ  പ്രശ്നക്കാരൻ തന്നിലും പാവമാണെന്നു തോന്നിയാൽ ആക്രമിക്കാനും തന്നെക്കാളും വീരൻ ആണെന്നു തോന്നിയാൽ പിന്മാറാനും സാഹചര്യമൊരുക്കുന്നത് ഒ എഫ് സി ആണ്   കുറച്ചുകൂടി വശത്തുള്ള ഭാഗങ്ങളും വളരെ ജാഗരൂകരാണ്, കണ്ണിന്റെ അനക്കങ്ങൾ നിയന്ത്രിക്കുന്ന ഭാഗം പ്രത്യേകിച്ചും. ചുറ്റുപാടും നോക്കിക്കണ്ട് സൂക്ഷ്മത പുലർത്തണം ദേഷ്യം വരേണ്ട കാര്യമുണ്ടോ എന്ന തീരുമാനത്തിലെത്താൻ.  ഇൻസുല എന്ന ഭാഗത്ത് മറ്റ് സന്ദേശങ്ങൾ എത്തുന്നുണ്ട്: വേദന, കേൾവി ഇവയൊക്കെ സംബന്ധിച്ചുള്ളവ. ദേഷ്യത്തിനു കാരണമുണ്ടോ എന്ന് തീരുമാനത്തിൽ എത്തണമല്ലോ.  ഉദാഹരണത്തിനു കടുത്ത അധിക്ഷേപമോ ദേഷ്യഭാവത്തിലുള്ള സംസാരമോ കേട്ടാൽ ക്രോധവലയങ്ങളിലേക്ക്ക്ക് ഉടൻ നിർദ്ദേശങ്ങൾ എത്തുകയായി. “” ആ പറഞ്ഞവനെ വെറുതേ വിടരുത്” എന്ന മട്ടിൽ.    ഈ സമഗ്രവും സമന്വയീതലവുമുള്ള ഭാഗങ്ങളിൽ നിന്നുമാണ് ദേഷ്യം ബാഹ്യചേഷ്ടകളാൽ ആവിഷ്ക്കരിക്കപ്പെടാൻ സന്ദേശങ്ങൾ പോകുന്നത്. പരിണാമവേളയിൽ മനുഷ്യനു കിട്ടിയതാണ്  വലിയ വ്യാപ്തിയുള്ള പി എഫ് സി. ആൾക്കുരങ്ങൾക്കോ മറ്റു ജന്തുക്കൾക്കോ ഇല്ലാത്ത സൂക്ഷ്മതരമായ വികാര വിചാരങ്ങൾ തന്മൂലം നമുക്ക് സാദ്ധ്യമാണ്. അതുകൊണ്ട് ശാന്തത്തിൽ നിന്നും രൌദ്രത്തിലേക്ക് എളുപ്പം പകർന്നാട്ടം നടത്തുന്ന അദ്വിതീയനടന്മാരാണു നമ്മൾ.

 ഓർമ്മയുണ്ടോ ഈ മുഖം? അമിഗ്ദല ചോദിക്കുന്നു

       പേടിയുമായ ബന്ധപ്പെട്ട വികാരങ്ങളുടെ കേന്ദ്രമാണ് അമിഗ്ദല. പേടിപ്പിക്കുന്ന മുഖം ഓർത്തു വയ്ക്കും അമിഗ്ദല.  ഇതേ മുഖമോ മുഖഛായയോ പിന്നീട് കാണുമ്പോൾ സ്വാഭാവികമായും ചെറുത്തുനിൽ‌പ്പിനാണ് തലച്ചോറ് തയാറെടുക്കുന്നത്.  ദേഷ്യത്തിനു തുടക്കം ഇങ്ങനെ.  കോപാകുലമായ മുഖം കണ്ടാൽ അമിഗ്ദലയും ആ വഴിയ്ക്കു നീങ്ങും. പി എഫ് സിയിൽ നിന്നും കിട്ടുന്ന സംവേദനങ്ങൾ  പുതിയതാണോ പണ്ടത്തെ കാര്യങ്ങളുമായി ബന്ധപ്പെട്ടതാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അതുകൊണ്ട് ഈ വിവരങ്ങൾ അമിഗ്ദലയിലേക്കും ഹിപ്പോകാമ്പസ്  എന്ന ഓർമ്മകേന്ദ്രത്തിലേക്കും അയച്ച് പേടിക്കണോ, ആക്രമണസ്വഭാവമുള്ളതാണോ എന്ന് ചരിത്രസൂക്ഷിപ്പിൽ അന്വേഷിക്കപ്പെടുകയാണ്. പഴയ ഇന്ദ്രിയജ്ഞാനങ്ങളും വൈകാരികബോധങ്ങളുമൊക്കെ പുതിയവയുമായി തട്ടിച്ചുനോക്കാൻ ഹിപ്പോകാമ്പസിനു കഴിവുണ്ട്. പേടിച്ച മുഖം കണ്ടാൽ അമിഗ്ദല ഒട്ടൊന്ന് ശാന്തമാകുകയാണ് കോപത്തിന്റെ വഴിയിലേക്ക് തിരിയുകയില്ല. ഇതും ഓർമ്മയിൽ സൂക്ഷിക്കപ്പെടും. എന്നാൽ  എല്ലാ ഓർമ്മകളും ഒരേപോലെ സൂക്ഷിക്കപ്പെടുന്നില്ല, അതിഘോരമായ സംഭവങ്ങളാണ്  പ്രധാനമായും ഓർമ്മച്ചെപ്പിൽ അടയ്ക്കുന്നത്. ഒരു മുൻ കരുതലിനു വേണ്ടിയാണിത്.  സാദാ സംഭവങ്ങളൊക്കെ അരിച്ചുപേക്ഷിച്ച്, അർത്ഥവ ത്തായ  അനുഭവങ്ങൾ വികാരസാന്ദ്രതയോടെ അമിഗ്ദലയും ഹിപ്പോകാമ്പസും പഠിപ്പിച്ചു പതിപ്പിച്ചു വയ്ക്കുകയാണ്.  നമ്മൾ അറിയാതെ തന്നെ പിന്നീട് വന്നേയ്ക്കാവുന്ന അപകടസന്ധികളെ അതിജീവിയ്ക്കാൻ വേണ്ടി തലച്ചോറ് കളിയ്ക്കുന്ന അത്യദ്ഭുത കളിയാണിത്. പെട്ടെന്ന് വരുന്ന ദേഷ്യം, അതോടുകൂടി പൊടുന്നനേ ഒരിക്കലും ചെയ്യാത്ത കൃത്യം ചെയ്തുപോകൽ ഒക്കെ ഈ അതിജീവനതന്ത്രത്തിന്റെ ഭാഗമാണ്, അമിഗ്ദല പ്ലാൻ ചെയ്തതാണ് ഇതൊക്കെ.

    കോപം നിയന്ത്രിക്കാൻ മുൻകൈ എടുക്കുന്നത് വലതു ഭാഗത്തെ അമിഗ്ദലയാ‍ണ്. ഇടതു അമിഗ്ദല കോപമേറ്റാനും. അമിഗ്ദലയും ഒ എഫ് സിയും തമ്മിലുള്ള സന്ദേശകൈമാറ്റങ്ങളിലൂടെയാണ് കോപനിയന്ത്രണം സാദ്ധ്യമാകുന്നത്.  വിഷാദരോഗത്തിനു അടിമപ്പെടുമ്പോൾ ഈ ബന്ധം താറുമാറാകുകയാണ്, ദേഷ്യം നിയന്ത്രിക്കാനാവാതെ പോകുകയാണ്. അപസ്മാരബാധിതർ ആക്രമണകാരികൾ ആകുന്നതിനു പിന്നിലും ഇതേ കാരണമാണ്.  ക്രോധത്തിന്റേയും പേടിയുടേയും നിയന്ത്രണം കൈവശമുള്ളപോലെ സമൂഹബന്ധനിർമ്മിതിയ്ക്കും അമിഗ്ദലയ്ക്കു പങ്കുണ്ട്.  അമിഗ്ദലയ്ക്ക് ക്ഷതം പറ്റിയാൽ  ഒറ്റപ്പെട്ടവനും  അന്തർ മുഖനും ആയിത്തീരും, സാമൂഹ്യചര്യകളെ നിരാകരിക്കും. പേടിയ്ക്കുന്ന മുഖം കണ്ടാൽ വികാരശൂന്യതയേ ഉളവാകുകയുള്ളു. എന്നാൽ അമിഗ്ദലയുടെ പ്രവർത്തനം നിരന്തരം ആകുമ്പോൾ മാത്രമാണിത്. അമിഗ്ദല പരിപൂർണ്ണ വളർച്ചയെത്തുന്നതു വരെ കുഞ്ഞുങ്ങൾ അപരിചിതരോടു പോലും സ്നേഹത്തോടെ പെരുമാറുന്നതു കാണാം. മറ്റ് കേന്ദ്രങ്ങളുടെ സ്വാധീനവും രൂപപ്പെട്ടു വരുന്നതേ ഉള്ളൂ കുഞ്ഞുങ്ങളിൽ. അവരുടെ സമൂഹചര്യാനിയമങ്ങൾ വ്യത്യസ്തപ്പെട്ടിരിക്കുന്നത് ഇതുകൊണ്ടാണ്. ദേഷ്യം വരാൻ അവർക്കു വേണ്ട കാരണങ്ങൾ നമ്മുടെതുമായി വ്യത്യസ്തപ്പെട്ടിരിക്കുന്നു.

      ഹൈപോതലാമസ്
       മസ്തിഷ്ക്കത്തിന്റെ ഉള്ളിന്റെയുള്ളിൽ സ്ഥലം പിടിച്ചിരിക്കുന്ന ഹൈപോതലാമസ്  വികാരനിയന്ത്രനത്തിന്റെ കേന്ദ്രമാണ്. ചിത്രം 2 ഇൽ ഇതിന്റെ സ്ഥാനം കാണിച്ചിരിക്കുന്നു. ഹോർമോൺ ഗ്രന്ഥികളുടെ തലവൻ പിറ്റുവിറ്ററിയെ നിയന്ത്രിക്കുന്ന രാജാവുമാണ്.  വിശ്പ്പ്, ക്ഷീണം, ഉറക്കം എന്നിവ മാത്രമല്ല പ്രതിരോധപരമായ പെരുമാറ്റങ്ങളും  പേടി ഉളവാക്കുന്നതും ലൈംഗികചോദനകളും ഹൈപോതലാമസ് നിയന്ത്രിക്കുന്നു. ക്രോധം മേൽ‌പ്പറഞ്ഞവ ഒക്കെ ആശ്രയിച്ചുണ്ടാകുന്ന വികാരമാകയാൽ ഹൈപോതലാമസ് അറിയാതെ അതൊന്നും സംഭവിക്കുകയില്ല. രക്തസമ്മർദ്ദം, ഹൃദയമിടിപ്പ്, ശരീരതാപനില ഒക്കെ ഈ ചെറിയ ന്യൂറോൺ കേന്ദ്രത്തിന്റെ പിടിയിലാകയാൽ ക്രോധത്തിന്റെ ശാരീരികാ‍വശ്യങ്ങൾ ഹൈപോതലാമസ് ആണ് കൈകാര്യം ചെയ്യുന്നത്..  ദേഷ്യം വരേണ്ട കാര്യമാണെങ്കിൽ മറ്റ് ന്യൂറോൺ വലയങ്ങൾക്ക്സന്ദേശം കൊടുക്കുന്നതും ഹൈപോതലാമസ് ആണ്. പ്രധാനമായും പി എ ജിയ്ക്ക്.

    പി  എ ജി (periaquaductal gray PAG).

 വെറും ഒരു സെന്റിമീറ്റർ നീളവും 6 മില്ലിമീറ്റർ വ്യാസവുമുള്ള ന്യൂറോൺ കൂട്ടമാണ് പി എ ജി എങ്കിലും മനസ്സിന്റേയും ശരീരത്തിന്റേയും പല ഭാവങ്ങളേയും  നിയന്ത്രിക്കാൻ കെൽ‌പ്പുണ്ട്. പ്രവർത്തനങ്ങൾ പഠിച്ചെടുക്കാൻ ഏറേ വിഷമമുള്ള മസ്തിഷ്കഭാഗം ഇതുതന്നെ. തലച്ചോറിന്റെ ഏറ്റവും ഉള്ളിലായി  ,കാണ്ഡത്തിനു തൊട്ട് മുകളിലായിട്ടു സ്ഥിതി ചെയ്യുന്ന പി എ ജിയെ എം ആർ ഐ  (MRI) വഴി നിരീക്ഷിക്കാനും എളുപ്പം തരുന്നില്ല. ഡിപ്രഷൻ തോന്നലുകൾ , ഉൽക്കണ്ഠ, വേദന, പേടി  എന്നിവയെല്ലാം പി എ ജിയിലെ ചില ന്യൂറോൺ കൂട്ടങ്ങൾ നിയന്ത്രിക്കുമ്പോൾ പ്രതിരോധഭാഗമായി  പോരാട്ടത്തിനു തയാറെടുക്കുക, രക്ഷപ്പെടാനുള്ള പോംവഴികൾ  സ്വരൂപിക്കുക ഒക്കെ മറ്റുചില ന്യൂറോൺ കൂട്ടങ്ങൾ ഏറ്റെടുക്കും. രക്ഷപെടലിന്റെ ഒരു  പോംവഴിയായ മരവിച്ചു നിൽക്കുക പി എ ജി യുടെ കളിയാണ്.  അമിഗ്ദലയിലെ സെന്റ്രൽ ന്യൂക്ലിയസ്ഇൽ നിന്നുള്ള ന്യൂറോണുകൾ വിശദമായ ബന്ധങ്ങളാണ് പി എ ജിയുടെ പലഭാഗങ്ങളിലും വിന്യസിച്ചിട്ടുള്ളത്.  ദേഷ്യത്തെ പ്രകടനപരതയോടെ അവതരിപ്പിക്കുന്നത് പി എ ജിയുടെ ഉത്തരവാദിത്തമാണ്.. ദേഷ്യത്തിന്റെ രൂക്ഷത അനുസരിച്ച് മുകൾ ഭാഗമോ താഴ് ഭാഗമോ ഉത്തേജിതമാകും. മുഖം ചുവപ്പിക്കുന്നതും കണ്ണ് ഉരുട്ടിപ്പിക്കുന്നതും ആക്രമിക്കാൻ പ്രേരിപ്പിക്കുന്നതും ഒക്കെ ഈ ക്രോധകേന്ദ്രമാണ്. ഒന്നോ രണ്ടോ മില്ലീമീറ്റർ നീളമുള്ള ഒരു ഭാഗമാണ് ദേഷ്യത്തിന്റെ കേന്ദ്രം. അമിഗ്ദല, ഹൈപോതലാമസ്, പി എ ജി എന്നിവയുടെ സ്ഥാനങ്ങൾ കോപോത്തേജനത്തിൽ  ഒരു അധികാരക്രമം വച്ച് വാഴിക്കുന്നുണ്ട്. അമിഗ്ദലയാണ് നിർദ്ദേശങ്ങൾ കൊണ്ടു വരുന്നത്. പക്ഷേ അമിഗ്ദലയെ അത്രമാത്രം ആശ്രയിക്കുന്നില്ല പി എ ജി. അമിഗ്ദലയ്ക്ക് ക്ഷതമേറ്റാലും പി എ ജി ദേഷ്യത്തിനു വഴിവയ്ക്കും എന്നാൽ പി എ ജിയ്ക്കാണ് പ്രശ്നമെങ്കിൽ അമിഗ്ദല നിർദ്ദേശിച്ചാലും വഴങ്ങുകയില്ല.  ഹോർമോണുകളുടെ സ്വാധീനങ്ങൾ, ലൈംഗികതയുടെ പ്രശ്നങ്ങൾ, വിശപ്പ് ഇവയൊക്കെ കാരണമാക്കുന്ന ക്രോധത്തിനു അമിഗ്ദലയുടെ നിർദ്ദേശങ്ങൾ ആവശ്യമില്ല എന്ന മട്ടിലാണ് ഈ രണ്ടു മില്ലീമീറ്റർ ന്യൂറോൺ കേന്ദ്രം താൻ പോരിമ നിലനിർത്തുന്നത്.

   ആറു ന്യൂറോൺ കേന്ദ്രങ്ങൾ നിരവധി സമ്പർക്കങ്ങളാൽ ഉന്നതാധികാരമാണ് പി എജിയ്ക്ക് പ്രദാനം ചെയ്യുന്നത്.. അങ്ങോട്ടുമിങ്ങോട്ടും ഡയലോഗുകൾ കൈമാറുന്നവയാണ് ഈ വയറിങ്ങുകളെല്ലം..  ഇവയെല്ലാം തമ്മിൽ സംസാരിച്ചു തീർത്തിട്ടേ ദേഷ്യം വരണമോ എന്ന് തീരുമാനിക്കുകയുള്ളു. 1.നേരത്തെ പരാമർശിച്ച, സമഗ്ര അറിവുകളുടെ തമ്പുരാൻ കേന്ദ്രമായ പി എഫ് സി. നേരേ പി എ ജിയിലേക്ക് വയറിങ് ഉണ്ട് പി എഫ് സിയ്ക്ക്. 2. വേദനയുടേയും കേൾവിയുടെയും സംവേദനങ്ങൾ കൈകാര്യം ചെയ്യുന്ന ഇൻസുല. മറ്റാളുടെ സംസാരത്തിൽ ദേഷ്യം പിടിപ്പിക്കാനുതകുന്ന എന്തെങ്കിലുമുണ്ടോ എന്ന് പരിശോധിച്ച് പി എ ജിയ്ക്ക് അറിയിപ്പ് നൽകും ഇൻസുല. അടികൊണ്ടാൽ  ആ വേദനയാൽ ദേഷ്യം വന്ന് തിരിച്ചടിക്കാൻ തോന്നിപ്പിക്കുന്നതും ഇൻസുല അറിയിക്കുന്ന സന്ദേശം കൊണ്ടാണ്. 3. ഹൈപോതലാമസിൽ നിന്നും എത്തുന്ന ശക്തിയേറിയ സന്ദേശങ്ങൾ. വിശപ്പും ലൈംഗികദാഹവും ഉണർത്തുന്ന കോപത്തിന്റെ സംവാഹകസന്ദേശസ്ഥലമാണ് ഇത്. ക്രോധവലയത്തിലെ ഒട്ടൊക്കെ സ്വതന്ത്രമായ പ്രധാന കണ്ണിയാണിത്. 4. ആന്തരകർണ്ണത്തിലെ ശരീരത്തിന്റെ ബാലൻസ് നിയന്ത്രിക്കുന്ന ഇടം. ജന്തുക്കൾക്ക് ശരീരനിലയിൽ മാറ്റമുണ്ടാകുന്നത് ദേഷ്യകാരിയാണ്. 5.  പി എ ജിയ്ക്കുതാഴെ ഉള്ള “എൽ സി” എന്നറിയപ്പേടുന്ന നീലനിറത്തിലുള്ള ന്യൂറോൺ കേന്ദ്രം കഠിനമായ മാനസികസംഘർഷം, അതിസംഭ്രമം എന്നിവയുടെ സന്ദേശങ്ങൾ അയയ്ക്കുന്നു. 6. ചങ്കിടിപ്പ്, രക്തസമ്മർദ്ദം ഇവയുടെ ഒക്കെ വിവരങ്ങൾ നൽകുന്ന നാഡി പുറപ്പെടുന്ന ന്യൂറോൺ ന്യൂക്ലിയസ്. ഈ ആറുകേന്ദ്രങ്ങളും പി എ ജിയുമായി മാത്രമല്ല അങ്ങോട്ടുമിങ്ങോട്ടും തിരുതക്രുതിയായി സംഭാഷണത്തിലാണ്. തെല്ല് സ്വതന്ത്രമായും മിക്കവാറും സഹകരിച്ചും പ്രവർത്തിക്കും ഇവ. തമ്മിൽ തമ്മിൽ പരസ്പരപൂരകങ്ങളായി ഇവയെല്ലാം വർത്തിക്കുമ്പോൾ പി എ ജിയ്ക്ക് സമഗ്രമായ അറിവ് കിട്ടുകയാണ്, പി എ ജി തിരിച്ചും ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെടും. പെരുമാറ്റവും ശരീരചലനങ്ങളും അത്യന്തം പരിതസ്ഥിതിയോട് ഇണങ്ങുതായി ഭവിക്കുകയാണ് ഇപ്രകാരം. പല നിർദ്ദേശങ്ങളും അമിഗ്ദലയിൽ നിന്നാണ് വരുന്നതെങ്കിലും പി ഇ ജിയ്ക്ക് തീരുമാങ്ങളെടുക്കാൻ പലപ്പോഴും അതിന്റെ ആവശ്യമില്ല. എന്നാൽ അങ്ങോട്ടുമിങ്ങോട്ടുമുള്ള സംഭാഷണങ്ങൾ നിരന്തരമായതിനാൽ അമിഗ്ദല്യ്ക്ക് അറിവു കൊടുക്കും പി ഇ ജി.  പി എ ജി പേടിയുടേയും കേന്ദ്രമാണ്. തലാമസ് എന്ന ഇടം വഴി പി എ ജി ബോധകേന്ദ്രമായ പി എഫ് സിയിലേക്ക് വിവരം കൈമാറും. അമിഗ്ദലയും ഒന്നിച്ച് എന്ത് തോന്നലാണു വേണ്ടതെന്ന തീരുമാനത്തിലെത്തും. പേടിയ്ക്കുമ്പോൾ മൂത്രമൊഴിച്ചുപോകുന്നത്  ഈ കർമ്മം നിയന്ത്രിക്കുന്ന പി എ ജിയ്ക്ക് അമിഗ്ദലയും ഹൈപോതലാമസും പി എഫ് സി വഴി തെറ്റായ നിർദ്ദേശം നൽകുന്നതിനാലാണ്.

       ഭീഷണി വരുമ്പോൾ രണ്ട് പോം വഴികളാണ് പി എ ജിയ്ക്ക് ഉള്ളത്. ഒന്ന് ദേഷ്യം വരുകയോ ഓടിയൊളിയ്ക്കുകയോ ചെയ്യാനുള്ള രീതികളിലേക്ക് പോവുക, മറ്റൊന്ന് വിറങ്ങലിച്ച് ഒന്നും ചെയ്യാനാവാതെ നിൽക്കാനുള്ള ശരീരനിലപാടുകൾ എടുക്കുക എന്നത്. ഈ നിയന്ത്രണകേന്ദ്രങ്ങൾ രണ്ടും തൊട്ടടുത്ത (വെറും മില്ലീമീറ്ററിന്റെ സ്ഥാനവ്യത്യാസമേ ഉള്ളു) കേന്ദ്രങ്ങളിലാണ് നിലകൊള്ളുന്നത്. താഴെ വശങ്ങളിൽ ഉള്ള ന്യൂറോണുകൾ ആദ്യത്തേതിനും മുകളിൽ വശങ്ങളിൽ ഉള്ള ഭാഗം രണ്ടാമത്തേതിനും.  ഈ രണ്ട് പ്രയോഗ പ്രവർത്തിയും പ്രധാനമായ ഒരു അതിജീവനസംഭാവന പ്രയുക്തമാക്കുന്നുണ്ട്. ഈ സമയത്ത് വേദനകളൊന്നും അനുഭവപ്പെടാതിരിക്കുക എന്നതാണത്.  കലിയുടെ പാരമ്യത്തിൽ മുറിവേൽക്കുകയോ ചതവ് പറ്റുകയോ ചെയ്യുന്ന കാര്യങ്ങൾ അതറിയാതെ ചെയ്യാൻ പറ്റുന്നത് ഇതുകൊണ്ടാണ്.   അറിഞ്ഞാൽ അത് പ്രതികരണപ്രവർത്ത്യ്ക്ക് തടസ്സമാകും.  ശരീരത്തിൽ സ്വതവേ ഉള്ള വേദനസംഹാരികളെ ഉണർത്തിയാണ് തലച്ചോർ ഇത് സാധിച്ചെടുക്കുന്നത്.

കലി പല ഓഫീസുകളും തുറക്കുന്നു

     മേൽ‌പ്പറഞ്ഞ  കേന്ദ്രങ്ങൾ പലവഴിയിലുള്ള, സാഹചര്യങ്ങൾക്കനുസൃതമായ സന്ദേശവലക്കണ്ണികളാണ് നെയ്തെടുക്കുന്നത്. കോപത്തിനു കാരണമെന്തെന്നനുസരിച്ചിരിക്കും ഈ പ്രതി[പ്രവർത്തനം.  ഒരു കേന്ദ്രം തന്നെ തീരുമാനിക്കുന്ന, ഒരേ ഭാവമുള്ള പ്രകടനം അല്ല ദേഷ്യം.  വാസ്തവത്തിൽ ക്രോധ (Rage) വും ദേഷ്യ ( Anger) വും രണ്ടും രണ്ടാണ്, പ്രേരകശക്തികളും. ബോധജ്ഞാനം കാരണമാകുന്ന രോഷം അമിഗ്ദല വഴിയാണെങ്കിൽ വിശപ്പ്, സെക്സ് ഇവയൊക്കെ വഴിയുള്ളത് ഹൈപോതലാമസിന്റെ ജോലിയാണ്. ഒരാളുമായി സദാ വിരോധം വച്ചുകൊണ്ടിരിക്കുന്ന ആൾക്ക് അയളെ കാണുമ്പോൾ ദേഷ്യം വരുന്നതും ആത്മരക്ഷാർത്ഥം പൊരുതാനുള്ള രോഷവും രണ്ടു രീതികളിലാണ് തലച്ചോറ് കൈകാര്യം ചെയ്യുന്നത് എന്ന് സാരം.  ഒരു എലിക്കൂടിലേക്ക് ഒരു പൂച്ചയെ കടത്തി വിട്ടാൽ ജീവൽ മരണപ്രശ്നത്തിന്റേതായ ഉത്തേജന (trigger) മാണ്  കോപകേന്ദ്രങ്ങൾക്ക് കിട്ടുന്നത്.  എന്നാൽ അതേ കൂട്ടിലേക്ക് മറ്റൊരു എലിയെ വിട്ടാൽ തന്റെ അധീനപ്രദേശം (territory)  കാത്തുസൂക്ഷിക്കാനുള്ള  കോപവിദ്യകളാണ് ഉണരുന്നത്.  പൂച്ചയെ കാണുമ്പോൾ ഹൈപോതലാമസിന്റെ താഴെ വശത്തുള്ള ഭാഗമാണ് ഉത്തേജിക്കപ്പെടുന്നത്, സ്വസ്ഥലസംരക്ഷണത്തിനു ഹൈപോതലാമസിന്റെ മുകൾ നടു ഭാഗവും. ഈ കേന്ദ്രങ്ങളുടെ ഉത്തേജനശക്തികൾ പലരിലും വിവിധമാനങ്ങളിലാണ്. അതുകൊണ്ട് ഒരേ കോപകാരണം ചിലരിൽ അനുരണനങ്ങൾ തീക്ഷ്ണമായുണർത്തിയെങ്കിൽ മറ്റൊരാളിൽ അത് മൃദുഫലമേ ഉണ്ടാക്കിയെന്നിരിക്കയുള്ളു. ഹൈപോതലാമസിലെ മേൽ‌പ്പറഞ്ഞ രണ്ടു സ്ഥാനങ്ങളും വെവ്വേറേ സന്ദേശങ്ങളാണ് പി എ ജിയിലേക്ക് അയയ്ക്കുന്നത്.  കുഞ്ഞുങ്ങളെ രക്ഷിക്കാൻ വേണ്ടി അമ്മ ക്രോധാവേശത്തിലേക്ക് നീങ്ങുമ്പോൾ ഹൈപോതലാമസിന്റെ മറ്റൊരു ന്യൂറോൺ ന്യൂക്ലിയസ് ആണ് ഉത്തേജിതമാകുന്നത്. ഭക്ഷണലഭ്യതയ്ക്കു വേണ്ടിയുള്ളതോ സ്വസ്ഥലസംരക്ഷണത്തിനുള്ളതോ  ആയ മത്സരത്തിനു ജാഗരൂകമാകുന്ന ഹൈപോതലാമസ് ഇടങ്ങളുടെ എല്ലാം  പ്രാമുഖ്യത്തിനും മുകളിലാണ് ഈ കേന്ദ്രം. അതുകൊണ്ട് രൂക്ഷതയ്ക്ക് വ്യത്യാസവുമുണ്ട്.  പ്രസവിച്ച് കിടക്കുന്ന എലിയ്ക്ക്  മിക്കവാറും മറ്റൊരു ആണിന്റെ സാമീപ്യമാണ് കലിയിളക്കുന്നത്. ഇത് മണം പിടിച്ചാണ് അറിയുന്നത്, മണങ്ങൾ വേർതിരിച്ച് ഉത്തേജിതമാകുന്ന  ഹൈപോതലാമസിന്റെ കേന്ദ്രമാണ് ഇവിടെ ഉണരുന്നത്. കാഴ്ച്ച, കേൾവി, സ്പർശം ഇവയൊക്കെ അറിവുകൾ കൊടുക്കുന്നതനുസരിച്ചാണ് നമ്മുടെ കലികേന്ദ്രങ്ങൾ വെവ്വേറേ ഓഫീസുകൾ തുറക്കുന്നത്.  പലതും അബോധമനസ്സിന്റെ വ്യാപാരമാണ്.

ന്യൂറോപ്രസാരകരുടെ കുഴപ്പങ്ങൾ-ഡിപ്രഷൻ കാലത്തെ ദേഷ്യം

    ന്യൂറോണുകൾ ഇലക്ട്രിക് വയറിങ് മാതിരിയാണ്.  എന്നാൽ രണ്ട് വയറുകൾ കൂട്ടിച്ചേർക്കുന്നിടത്ത് വൈദ്യുതിയല്ല ചില രാസവസ്തുക്കളാണ് സന്ദേശസംവാഹകർ. ഒരു ന്യൂറോണിൽ നിന്നും മറ്റൊന്നിലേക്ക് സന്ദേശം കൈമാറുന്നത് ഒരു മാതിരി റിലേ ഓട്ടം പോലെയാണ്. പലേതരം സന്ദേശങ്ങൾ തലങ്ങും വിലങ്ങും കൈമാറാൻ പ്രാപ്തമാണിവ. ശ്വാസോച്ഛ്വാസം നിയന്ത്രിക്കുന്നതു മുതൽ ഒരു പുസ്തകം വായിച്ച് മനസ്സിലാക്കുമ്പോഴുള്ള തലച്ചോറ് പ്രവർത്തനം വരെ. ഇവയിൽ ചിലവ സന്ദേശങ്ങളെ ത്വരിതപ്പെടുത്തുമ്പോൾ ചിലവ മന്ദീഭവിപ്പിക്കുകയാണ്. സിറടോണിൻ എന്ന ന്യൂറോപ്രസാരകൻ മന്ദീഭാവക്കാരനാണ്.  ദേഷ്യം വരുമ്പോൾ സ്വൽ‌പ്പം വീണ്ടുവിചാരം കൊണ്ടുവന്ന്, ഒന്ന് ചിന്തിച്ച് പിന്നീട് പശ്ചാത്തപത്തിലേക്ക് നയിക്കുന്ന വാക്കോ പ്രവർത്തിയോ വന്നുപോകാതിരിക്കാൻ പ്രേരിപ്പിക്കുന്നത് അധികമായി വിസർജ്ജിക്കപ്പെടുന്ന സിറടോണിൻ ആണ്. സിറടോണിന്റെ അളവ് കുറഞ്ഞവർ പെട്ടെന്ന് കലിയിളകുന്നവരാണ്. മൂക്കിൻ തുമ്പത്ത് ദേഷ്യം ഉള്ളവർ സിറടോണിൻ ദാരിദ്ര്യം അനുഭവപ്പെടുന്നവരാണ് പലപ്പോഴും. വിഷാദരോഗം (depression)  ബാധിച്ചവർക്ക്  കാരണമില്ലാതെ ദേഷ്യം പൊട്ടിപ്പുറപ്പെടുന്നത് അവരുടേ സിറടോണിൻ അളവ് കുറഞ്ഞു പോകുന്നതുകൊണ്ടാണ്. മറ്റൊരു ന്യൂറോഹോർമോൺ ആയ നോർഎപിനെഫ്രിൻ ശത്രുവിൽ നിന്നും ഓടിപ്പോവാതെ തിരിച്ച് ആക്രമിക്കാൻ തയാറാക്കുന്നതാണ്. ഈ ഉത്തേജവസ്തുവിന്റെ അളവു കൂടുകയോ അതിനെ മാറ്റിമറിക്കുന്ന എൻസൈമിന്റെ അളവ് കുറയുകയോ ചെയ്താൽ കലി ഇളകുകയായി. സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള രോഷം ഒരളവിൽ വരെ ഒതുക്കി നിറുത്തുന്നത് “ഗാബാ” (GABA) എന്ന ന്യൂറോപ്രസാരകവസ്തുവാണ്. ഗാബായുടെ അളവ് കുറയുന്നതും ചണ്ഡതയ്ക്ക് വഴിവയ്ക്കും. നേരത്തെ പരാമർശിച്ച പി എഫ് സി ഭാഗത്ത് ഡോപമിൻ ആവശ്യമാണ്: ആക്രമണം ഒഴിവാക്കി ഇതരമാർഗ്ഗം ഉണ്ടോ എന്ന് തീരുമാനിക്കാൻ. എന്നാൽ കൊക്കെയിൻ പോലത്ത ലഹരിയ്ക്ക് അടിമപ്പെടുന്നവർ വേണ്ടുന്നതിലധികം ഡോപ്പമിൻ ഉത്പാദിക്കകുഅയാണ്, അത്തരം പോം വഴികൾ ഇല്ലാതാക്കപ്പെടുകയാണ്. മയക്കുമരുന്നിനടിമപ്പെട്ടവരുടെ അകാരണമായ ക്രോധാവേശത്തിനു പിന്നിലുള്ള കാര്യം വ്യക്തം.

  കണ്ണു ചുവക്കണ്  പല്ല് കടിയ്ക്കണ്  നാഡിഞരമ്പ് വലിഞ്ഞു മുറുകണ്..
   കലി ആവേശിക്കുമ്പോഴുള്ള സ്വാഭാവിക ശരീരമാറ്റങ്ങളാണിവ. ആക്രമണത്തിനു തയാറെടുക്കുക, സ്വരക്ഷയ്ക്ക് വേണ്ടി പൊരുതുക  ഇവയൊക്കെയാണ് ശരീരത്തിന്റെ തൽക്കാലാവശ്യങ്ങൾ. സമൂഹത്തിലേയോ പറ്റത്തിലേയോ സ്ഥാനം നിലനിർത്താന്നും ചൂഷണത്തിനു ഇരയാകാതിരിക്കാനുമൊക്കെ പരിണാമം കൽ‌പ്പിച്ചുകൊടുത്തതാണ് ആക്രമണം. എല്ലാപ്രകാരവുമുള്ള കോപം ആക്രമണത്തിലേക്ക് നയിയ്ക്കുകയില്ല.മറ്റൊരു മനുഷ്യറ്ന്റെ പ്രവർത്തിയോ സംഭാഷണമോ ആണ് സാ‍ധാരണ ആക്രമണത്തിനു വഴി വയ്ക്കുക.     ദേഷ്യകാരിയായ വസ്തുവിനെ അടിയ്ക്കുക എന്നത് പ്രാഥകമികമായ ആയ ഒരു ചോദനാപരിണതി ആണ്. ജീവനില്ലാത്ത വസ്തുവോടും പ്രതികരിച്ചു പോകുന്നത് തലച്ചോറ് നേരത്തെ നിശ്ചയിച്ച ചര്യകൾ ഉത്തേജിക്കപ്പെടുന്നതുകൊണ്ടാണ്. തലച്ചോറിന്റെ ഇടതു വശത്തെ കോർടെക്സ് ആണ് ആക്രമണത്തിന്റെ ആദ്യനിർദ്ദേശങ്ങൾ സ്വരൂക്കൂട്ടുന്നത്. ശബ്ദനിർമ്മിതിയുടേയും കേൾവിയുടെയും കേന്ദ്രങ്ങളെ ജാഗരൂകരാക്കുക എന്നതാണ് പ്രധാന ഉദ്ദേശം. വലതുവശത്തെ ചെവി കൂടുതൽ കേൾവിയ്ക്കു വേണ്ടി തയാറെടുത്തു നിൽക്കും.  തലച്ചോറിന്റെ ഇടതു ഭാഗത്തെ കോർടെക്സ് ആകട്ടെ ഈ കൃത്യങ്ങളിൽ ഭാഗഭാക്കാകേണ്ടാത്ത കേന്ദ്രങ്ങളെ നിർവ്വീരീകരിച്ചും പെരുമാറും. നാഡിഞരമ്പുകൾ വലിഞ്ഞു മുറുകുന്നതും ഒക്കെ  മേൽ പ്രസ്താവിച്ച  പി എ ജിയുടെ നിർദ്ദേശത്താലാണ് പ്രകടമാവുന്നത്. മുകൾഭാഗവും വശവും പ്രകോപിപ്പിക്കുകയാണ്. പി എ ജിയുടെ താഴേ ഭാഗം  ഇതിനു നേർ വിപരീതമായ അവസ്ഥയ്ക്ക് നിർദ്ദേശങ്ങൾ കൊടുക്കാനുള്ളതാണ്. കണ്ണ് ചുവക്കുന്നത് പ്രതിയോഗിയിൽ ഭീതി വളർത്താനാണ്. പേശികൾ വലിഞ്ഞു മുറുകുന്നതും രക്തസമ്മർദ്ദം കൂടുന്നതും എന്തിനും പോരുന്ന തയാറെടുപ്പുകളാണ്. അമിഗ്ദല ഹൈപോതലാസിലേക്ക് നിർദ്ദേശം അയയ്ക്കും. ഹൈപോതലാമസ് ഹോർമോണുകളുടെ സർവ്വനിയന്ത്രാവായ പിറ്റുവിറ്ററിയ്ക്ക് നിർദ്ദേശങ്ങൾ കൊടുക്കുകയായി. ഇതോടെ കിഡ്നിയ്ക്ക് മുകളിലുള്ള ഗ്രന്ഥി ‘അഡ്രീനലിൻ എന്ന ഹൊർമോൺ സ്രവിക്കുകയായി  അതുവഴി രക്തസമ്മർദ്ദം കൂട്ടാൻ.   പിന്നെ നാഡിഞരമ്പ് വലിഞ്ഞുമുറുകുകയായി.
തോമസ്കുട്ടീ വിട്ടോടാ
     സന്നിഗ്ദ്ധാവസ്ഥകൾ വരുമ്പോൾ   “ഓടണോ പൊരുതണോ” (fight or flight) എന്ന ദ്വന്ദത്തിനു തയാറായാണ് ശരീരവ്യവസ്ഥകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇവിടെയും അമിഗ്ദലയാണ് തുടക്കമിടുന്നത്. ഹൈപോതലാമസിനു കൊടുക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച്  കിഡ്നിയുടെ തൊട്ട് മുകളിലുള്ള  ഗ്രന്ഥി എപിനെഫ്രിൻ എന്ന ഹോർമോൺ പുറപ്പെടുവിക്കയായി. മേൽ‌പ്പറഞ്ഞ കലിസംബന്ധിയായ ആവേശപ്രകൃതികൾ പ്രത്യക്ഷവും സ്പഷ്ടവുമാകുകയാണ്.  അഡ്രീനലിൻ എന്ന ഹോർമോൺ ശരീരത്തെ ഒരു യുദ്ധത്തിനു തയാറെടുപ്പിക്കുകയാണ്. വർദ്ധിച്ച കോപം ഇതിലൊന്നാണ്. പി എ ജി യുടെ അനുമതി അനുസരിച്ച്  ആണുങ്ങളിൽ അവരുടെ ഹോർമോൺ ആയ ടെസ്റ്റസ്റ്റെറോൺ രക്തത്തിലേക്ക് ഇരച്ചു കയറുകയാണ്. പേശികളിൽ രക്തയോട്ടം കൂടുകയും ഊർജ്ജത്തിനു വേണ്ടി ഗ്ലൂക്കോസിന്റെ അളവ് രക്തത്തിൽ കൂടുകയുമാണ് ഇപ്പോൾ. ഓടുക മാത്രമാണ് രക്ഷാമാർഗ്ഗമെങ്കിൽ കൈകാലുകളെ അതിനു തയാറാക്കാനാണ് ഈ മസിൽ പെരുപ്പിക്കൽ. തലച്ചോറിന്റെ ഇടതു പകുതിയാണ് കൂടുതൽ ഉത്തേജിക്കപ്പേടുന്നത്, ദേഷ്യത്തിൽ നിന്നും ഉളവാകുന്ന ആക്രമണോത്സുകതയിൽ.  ദേഷ്യം വരാൻ ഉപയുക്തമായ മനുഷ്യന്റെ/ജീവിയുടെ നേരേ പാഞ്ഞടുക്കുക എന്നതാണ് ഈ ആക്രമണത്തിന്റെ ആദ്യലക്ഷണം.  നാഡീരാസവസ്തുക്കളായ സിറടോണിൻ, ഡോപമിൻ എന്നവയൊക്കെ തലച്ചോറിന്റെ വിവിധഭാഗങ്ങളിൽ തീവ്രപ്രവർത്തന നിർദ്ദേശങ്ങളും അയച്ചുകൊണ്ടിരിക്കും. കൈകാലുകളിലെ പേശികൾക്ക് കർശന നിർദ്ദേശങ്ങളാണ് കിട്ടുന്നത് പൊരുതാൻ വേണ്ടി, അവ വിജൃംഭിക്കയാണ്. അതുകൊണ്ട്  ദേഷ്യം ഉളവാക്കിയ ആളിനെ സമൂഹനിയന്ത്രണത്തെ മാനിച്ച് അടിയ്ക്കാനോ തൊഴിക്കാനോ പറ്റിയില്ലെങ്കിൽ മറ്റേതെങ്കിലും നിർജ്ജീവവസ്തുവിനെ ഇതിനു കരുവാക്കും.
    തലച്ചോറിന്റെ ക്ഷതം പലപ്പൊഴും മനുഷ്യരെ ആക്രമണകാരി ആയി മാറ്റാറുണ്ട്. മേൽ‌പ്പറഞ്ഞ ന്യൂറോൺ വലയങ്ങൾ അനാവശ്യമായി, നിരന്തരമായി ഉത്തേജിതമാകുന്ന അവസ്ഥ സംജാതമാകുന്നതാണ് കാരണം. മാനസികപിന്നോക്കാവസ്ഥ, വളർച്ചയിലുള്ള പ്രശ്നങ്ങൾ, ഹണ്ടിങ്ടൺ  എന്ന പാരമ്പര്യഅസുഖം (Huntington  Disease) ഒക്കെ ഇതുപോലെ തലച്ചോർ കേന്ദ്രങ്ങളെ കാരണമില്ലാതെ ഉണർത്താറുണ്ട്. അമിഗ്ദല, ഹൈപോതലാമസ്, കോർടെക്സ് ഒക്കെ ഉത്തരവാദികളാകുകയാണ് ഈ അനാവശ്യ ആക്രമണ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതിൽ.
 കലി അടങ്ങാത്തവർ
    ഇടതുവശത്തെ അമിഗ്ദല കൂടുതൽ ഉത്തേജിതമായാൽ  ക്രോധത്തിലേക്ക് നയിക്കപ്പെടാൻ സാദ്ധ്യത കൂടുതലാണ്. തലച്ചോറിന്റെ രണ്ടു വശങ്ങളിലെ  “ഇതളുകൾ’  (temporal lobes)  ക്ക് ക്ഷതം പറ്റുകയോ ന്യൂറോൺ സംവേദനങ്ങൾ മാറിമറിയാൻ കാരണമുണ്ടാവുകയോ ചെയ്താൽ ബോധമില്ലാത്തതരത്തിൽ ക്രോധാവേശമാണ് ഉണ്ടാവുക. ചിലപ്പോൾ ഇതു കഴിയുമ്പോൾ ഈ വേളയെക്കുറിച്ച് ഓർമ്മ പോലും ഉണ്ടായ്രിക്കില്ല. ന്യൂറോണുകളുടെ ‘ഇലക്ട്രിക്കൽ ഫയറിങ്’‘ കണ്ടമാനം പടർന്ന് പരക്കുകയും പലേ വലയങ്ങളും ഒരേ സമയം ഉത്തേജിതമാകുകയും ചെയ്യുമ്പോൾ ബോധജ്ഞാനകേന്ദ്രങ്ങൾക്ക് കൃത്യമായ അറിവു കിട്ടാതെ പോവുകയാണ്. ഉത്ക്കണ്ഠ തീവ്രമായുള്ള ആണുങ്ങൾക്ക് ക്രോധം നിയന്ത്രിക്കാനാവതെ വരും. ആരുടെയെങ്കിലും സ്വൽ‌പ്പം ദേഷ്യമുഖം കാണുന്ന മാത്രയിൽ ഇവരുടെ ഇടത് അമിഗ്ദല ഉത്തേജിതമാകുകയാണ്. അമിഗ്ദലയും  മേൽച്ചൊന്ന ഒ എഫ് സിയുമായുള്ള ബന്ധത്തിനു തകരാറുണ്ട്  സ്ഥിരമായി ദേഷ്യത്തിലായ വിഷാദ രോഗികൾക്ക്. ഷ്കൈസോഫ്രേനിയ പിടിപെട്ട മുൻ കോപികൾക്കും ഇതേ തകരാറ് കാണപ്പെടുന്നുണ്ട്. ബോധജ്ഞാനപരമായ സംവേദനങ്ങൾ കോർടെക്സിനു സ്വീകരിക്കാൻ പറ്റാതെ പോകുന്നത് ഒരു കാരണമാണ് ഇവരിൽ.

അച്ഛനു പനിയാണ്, എപ്പോഴും ദേഷ്യമാണ്
   അസുഖം വന്ന് കിടക്കുമ്പോൾ ദേഷ്യാവസ്ഥയിലാണ് പലരും. ദൈനംദിനവ്യവസ്ഥകളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുന്നതിനാലോ നിസ്സഹായത മഥിക്കുന്നതിനാലോ ആണിതെന്നാണ് പൊതുധാരണ. എന്നാൽ വാസ്തവം തലച്ചോറിന്റെ കലിവലയങ്ങളുടെ കണ്ണികളിലാണ്. അസുഖം വരുമ്പോൾ പ്രതിരോധശക്തി വർദ്ധിപ്പിക്കേണ്ടത് ശരീരത്തിന്റെ ആവശ്യമാണ്. ഇമ്മ്യൂൺ സിസ്റ്റം ജാഗരൂകമാകുന്നതിന്റെ ഒരു ലക്ഷണം ഇന്റെർല്യൂകിൻ (Interleukin) എന്ന പ്രോടീനിന്റെ അളവ് കൂടുതലായി കാണുന്നതാണ്. ഇമ്മ്യൂൺ കോശങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും ആവശ്യമുള്ളിടത്ത് നീർവീക്കം (inflammation) സംജാതമാക്കി പ്രതിരോധിക്കാനും ഒക്കെ ഇന്റെർല്യൂകിൻ പ്രവർത്തനനിരതമാകുകയാണ്.  ഹൈപോതലാമസിലേയും പി എ ജിയിലേയും രോഷനിയന്ത്രണകേന്ദ്രങ്ങളിൽ ഈ പ്രോടീനിന്റെ അളവ് കൂടുതലായി കാണപ്പെടുന്നുണ്ട് അസുഖവേളയിൽ. ഈ പ്രോടീനുകളിൽ ചിലവ ഡോപമിൻ സ്വീകരണികൾ തന്നെ ഉപയോഗിക്കാറുണ്ട് കോശങ്ങളിൽ സന്ദേശമുണർത്താൻ.  ഹൈപോതലാമസിൽ ഇന്റെർല്യൂകിൻ കുത്തിവയ്ക്കപ്പെട്ട എലികൾ അക്രമാസക്തരായി മാറുന്നത് പരീക്ഷണശാലയിൽ നിരീക്ഷപ്പെട്ടിട്ടുമുണ്ട്.  പ്രതിരോധശക്തി ത്വരിതപ്പെടുത്താനായി ഈ ജാതി പ്രോടീനുകൾ കുത്തി വയ്ക്കപ്പെട്ടവർ ദേഷ്യക്കാരാകുന്നത് ക്ലിനിക്കുകളിൽ നിത്യകാഴ്ച്ചയാണ്. രോഗപ്രതിരോധ (Immunity) വും കോപവും തമ്മിലുള്ള ബന്ധം വ്യക്തമാകുകയാണിവിടെ. രോഗത്തിൽ നിന്നും രക്ഷപെടുന്നതുവരെ സുരക്ഷിതമായി കഴിഞ്ഞുപോകാൻ ശരീരം സ്വീകരിക്കുന്ന അടവാണിതെന്നാണ് ശാസ്ത്രനിഗമനം. കൂടാതെ സമൂഹത്തിൽ രോഗം പടരാതിരിക്കാൻ രോഗിയെ ഒറ്റപ്പെടുത്താൻ പരിണാമം സ്വീകരിച്ച വഴിയുമാകാൻ സാദ്ധ്യതയുണ്ട്.
 മുൻ കോപികളുടെ കുടുംബം
     ഡോപമിൻ സന്ദേശമാണ് ദേഷ്യ നിയന്ത്രണത്തിൽ  പ്രധാനം എന്ന് നേരത്തെ പറഞ്ഞു. ഈ ഡോപമിനെ മാറ്റിമറിക്കുന്നതോ നിർവ്വീരീകരിക്കുന്നതോ ആയ എൻസൈമുകൾ  കലിയിളകുന്നതിനെ ബാധിയ്ക്കും.  ഡോപമിനെ ഉത്തേജിപ്പിയ്ക്കാൻ ഉതകുന്ന മറ്റ് രാസവസ്തുക്കൾ കലിയിളക്കാൻ സാദ്ധ്യതയുണ്ട്.  ഡോപമിൻ ഒരു ന്യൂറോണിന്റെ ഉപരിതലത്തിൽ എത്തുമ്പോൾ കോശത്തിന്റെ സർവ്വനിയന്ത്രണകേന്ദ്രമായ ന്യൂക്ലിയസിനു അറിവു കൊടുക്കേണ്ടത്  DRP  എന്നൊരു പ്രോടീൻ ആണ്. ഈ പ്രോടീൻ നിർമ്മിച്ചെടുക്കുന്ന ജീൻ ദേഷ്യവും ആക്രമണവും സാദ്ധ്യമാക്കുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്.  ഈ ജീനിന്റെ ചില വ്യത്യസ്തരൂപങ്ങൾ   ചിലരിൽ കാണപ്പെടുന്നുണ്ട്. ഇവർ അമിത ദേഷ്യമുള്ളവരും  ചെറിയ പ്രകോപനത്താൽ ആക്രമണത്തിനു തുനിയുന്നവരും ആയിരിക്കുമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വിശ്വാസം, അസൂയ , സ്നേഹം ഇവയെ ഒക്കെ ബാധിയ്ക്കുന്ന ഹോർമോൺ ആയ ഓക്സിറ്റോസിനു സമൂഹപരമായ ബോധജ്ഞാനം ആർജ്ജിക്കുനതിൽ വലിയ പങ്കുണ്ട്.ഓക്സിറ്റോസിനെ സ്വീകരിക്കുന്ന പ്രോടീൻ ജീനിലെ ചില വ്യത്യാസങ്ങൾ ദേഷ്യം വന്ന മുഖത്തേയോ പേടി പ്രകടിപ്പിക്കുന്ന മുഖത്തേയോ മനസ്സിലാക്കുന്നതിൽ വൈകല്യങ്ങൾ വരുത്തും. ഈ മാറ്റം അടുത്ത തലമുറയിലേക്ക് വ്യാപിക്കാൻ സാദ്ധതയുണ്ട് എന്ന നിഗമനം  കോപം ഉളവാക്കുന്ന വഴികൾ പാരമ്പര്യമായി കൈമാറപ്പെടുവാൻ സാദ്ധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു. ഡോപമിന്റെ  അളവു മാറ്റുന്ന എൻസൈം ആയ മോണോ അമിൻ ഓക്സിഡേസ് പല രൂപങ്ങളിൽ പ്രത്യക്ഷമാണ്. അവയിൽ ചിലവ കോപോത്തേജനത്തെ സ്വാധീനിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ എൻസൈമിന്റെ ചിലരൂപങ്ങൾ അമിഗ്ദലയുടെ ഉത്തേജനത്തെ ബാധിക്കുന്നു എന്ന നിരീക്ഷണം കോപകാരണവുമായിട്ടുള്ള നേരിട്ടുള്ള ബന്ധത്തെ വെളിവാക്കുകയാണ്. ഈ പ്രത്യേക “അല്ലീൽ” പാരമ്പര്യമായി കൈമാറപ്പെടുവാൻ സാദ്ധ്യതയുണ്ട്.  ആക്രമണസ്വഭാവം പാരമ്പര്യമായി ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് പണ്ടേ തെളിഞ്ഞിട്ടുള്ളതാണ്. വിശദമായി മറ്റൊരിടത്ത് ചർച്ച ചെയ്തിട്ടുണ്ട് ഇക്കാര്യം. (റെഫറൻസ് 12)

         ക്രോധാവേശകാരണങ്ങൾക്ക് പരിമാണങ്ങളില്ല. ഒരു കാരണം തന്നെ പലരിലും പല അനുരണങ്ങളാണ് ഉളവാക്കുക. .നേരത്തെ പേടിപ്പിച്ചിരുന്ന കാര്യങ്ങൾ അമിഗ്ദല ഓർത്തെടുത്തു പുറത്തുകൊണ്ടുവന്നാൽ അത് രോഷത്തിനു കാരണമാകും. ഇത് സംഭിവിച്ചിട്ടില്ലാത്തവരിൽ ദേഷ്യം ഉണരുകയില്ല, അപ്രകാരം വ്യക്തിനിഷ്ഠമാണ്.  പുറമേ നിന്നുള്ള പ്രേരകശക്തികളും സംവേദനസ്രോതസ്സുകളും പി എഫ് സി വഴി അമിഗ്ദലയിൽ എത്തുന്നതനുസരിച്ചാണ് ശാന്തകോപരൌദ്രവികാരങ്ങൾ ഉടലെടുക്കുന്നത്. എന്നാൽ ഇന്ന് സമൂഹവും ചര്യകളും നിയമങ്ങളും വളരെ മാറിയിട്ടുണ്ടെങ്കിലും മനുഷ്യന്റെ  മനസ്സിന്റെ ചില പ്രവർത്തികൾ ഇനിയും മാറാതിരിക്കുകയാണ്. വിവേകവും വിവേചനവും വ്യതിരിക്തബോധവും അരുളിച്ചെയ്യുന്ന കോർടെക്സ് ചിലപ്പോൾ ബലഹീനതയേറ്റുകയാണ്. മനുഷ്യമസ്തിഷ്ക്കം അതിപുരോഗതി ആർജ്ജിച്ചതാണെന്ന് അവകാശപ്പെടാൻ സമയമായിട്ടില്ല. നമുക്ക് മുൻപുണ്ടായിരുന്ന ‘ഹോമോ എറ്ക്റ്റസ്” (Homo erectus) ഒന്നര മില്ല്യണിൽക്കൂടുതൽ കൊല്ലങ്ങളോളം ഭൂമുഖത്ത് ഉണ്ടായിരുന്നവരായിരുന്നു. നമ്മുടേതിനേക്കാൾ സ്വൽ‌പ്പം വലിയ തലച്ചോറുമായി നിയാൻഡർതാൽ മനുഷ്യർ അതിൽ പകുതിയെങ്കിലും കൊല്ലത്തോളം ഭൂമുഖത്ത് വിരാജിച്ചിരുന്നു. അത്യധികം പുരോഗമിച്ച തലച്ചോറുണ്ടെന്ന അവകാശവാദവുമായി അതിബുദ്ധിമാൻ എന്നു നടിയ്ക്കുന്ന നമ്മൾ(ഹോമോ സാപിയൻസ്) 100,000 കൊല്ലങ്ങൾ പോലും ആയിട്ടില്ല  ഭൂലോകനായകൻ എന്ന മൌഢ്യവിചാരവുമായി കറങ്ങി നടക്കാൻ തുടങ്ങിയിട്ട്. പരിസ്ഥിതിക്കനുസര്ച്ച് തലച്ചോറ് മാറാൻ ഇതൊരു കാലയളവേ അല്ല.  ഇന്ന് വ്യവഹരിക്കപ്പെടുന്ന സംസ്കാരം ആർജ്ജിച്ചിട്ട് 10,000 വർഷങ്ങൾ പോലും കടന്നിട്ടില്ല എന്നത് മറക്കേണ്ട നമ്മൾ.  മസ്തിഷക്കത്തിന്റെ പുറം ഭാഗം അല്ലെങ്കിൽ കോർടെക്സ് പരിണമിച്ചതോടെ  ബുദ്ധികൂർമ്മതയും കലാവിദ്യാനി[പുണതയും  സങ്കീർണ്ണമായ കണക്കുകൾ നിർദ്ധാരണം ചെയ്യുന്ന ആലോചനാക്കലവികളും സ്വായത്തമാക്കിയ തലച്ചോറ് അവശ്യവിഭവങ്ങൾക്ക് വേണ്ടിയുള്ള പൊരുതൽ അനാവശ്യമായി അതേ പടി തുടരുകയാണ്. മതത്തിന്റെ പേരിലോ വംശീയതയുടെ പേരിലോ പ്രദേശികതയുടെ  പേരിലോ സ്വന്തം സ്പീഷിസിനെ കൊന്നൊടുക്കാനുള്ള ശ്രമം ഈ പരിഷക്കരിച്ച കോർടെക്സിനു യോജിച്ചതല്ല. പക്ഷേ അകമേ ഉള്ള അമിഗ്ദലയും ഹൈപോതലാംസും പി എ ജിയുമൊക്കെ പ്രാചീനത കൈവിട്ടിട്ടില്ല. അവ ഇന്നും വർഷങ്ങൾ പോയതറിയാതെ പൊരുതലിനു സജ്ജമായി  തലച്ചോറിനകത്തെ മണിച്ചിത്രത്താഴ് പൂട്ടാത്ത നിലവറയിൽ വാളും പരിചയുമായി നിലകൊള്ളുകയാണ്. മസ്തിഷ്കപരിണാമത്തിന്റെ അടുത്ത മേൽ‌പ്പടവ് വിവേകത്തിന്റെ സന്ദേശങ്ങൾ കോർടെക്സിൽ നിന്നും ഈ ഉൾഭാഗത്തേയ്ക്ക് അയയ്ക്കാനുള്ള കൂടുതൽ ന്യൂറോൺ വലയങ്ങൾ ഉളവായി വരികയാണ് എന്നത് ആവശ്യമായി വന്നിരിക്കുന്നു. പക്ഷേ പരിണാമം ഒരിയ്ക്കലും ഒരു ലക്ഷ്യത്തെ മുൻ നിറുത്തിയുള്ള ക്രമീകരണം അല്ല എന്ന സത്യം ഇവിടെ അത്യാവശ്യം  സ്മരിക്കേണ്ടതുണ്ട്.

References:
  1. Blair R. J. R. Considering anger from a cognitive neuroscience perspective. Wiley Interdiscip. Rev. Cogn. Sci.3: 65-74. 2012.
  2. Fulwiler C. E., King J. A. and Zhang N. Neuroreport. 23:, 606-610, 2012
  3. Carlson M. J., Greenberg T. and Mujica-Parodi L. R.  Psych. Res. Neuroimaging. 182: 281-283, 2010.
  4. Fields R. D. Why We Snap. Penguin Random House (Dutton). pp 408 2015.
  5. Panksepp, J. Affective Neuroscience. The Foundations of Human and Animal Emotions. Oxford University Press pp 466 2005.
  6. Kragel, P. A., LaBar K. S. Decoding the nature of emotion in the brain Trends in Cogn. Sci. 20:444-464, 2016.
  7. Satpute A. B., Wagner T. D., Cohen-Adad J., Bianciardi  M., Cho  Ji-K, Buhle J. T., Wald L. L., Barett L.F. Identification of discrete functional subregions of the human periaqueductal gray. Proc. Ntl. Acad. Sci. 110: 17101-17106, 2013.
  8. Potegal, M. Temporal and frontal lobe initiation and regulation of thetop-down escalation of anger and aggression. Behav. Brain Res. 231: 386-395, 2012.
  9. Zalcman S. S. and A. Siegel The neurobiology of aggression and rage: Role of cytokines. Brain, Behav Immun. 20:   507-514, 2006.
  10. Lane, S. L., Kjome, K. L and Moeller F. G. Neuropsychitry of aggression. Neurol. Clin. 29: 1-12,  2011.
  11. Bhatt, S., Bhatt, R., Zalcman, S. S. and Siegel A. Role of IL-1 beta and 5-HT2 receptors in midbrain periaqueductal gray (PAG) in potentiating rage behavior in cat. Brain Behav. Immun. 22: 224-233, 2008.
  12.  എതിരൻ കതിരവൻ. തെമ്മാടി ജീൻ-ക്രിമിനൽ പെരുമാറ്റത്തിന്റെ പാരമ്പര്യ വാഹനം. http://ethiran.blogspot.com/2012/07/blog-post.html
  13.  Salzman C. D., Fusi, S. Emotion, cognition and mental state representation in amygdale and prefrontal cortex.  Ann Rev. Neurosci.33: 173-202,2010.








ചിത്രം 1. തലച്ചോറിന്റെ മൂന്ന് പ്രധാന വികാര-പ്രതികരണ-ഓർമ്മ കേന്ദ്രങ്ങൾ.

ചിത്രം 2. അമിഗ്ദല, ഹൈപോതലാമസ് എന്നിവയുടെ സ്ഥാനം.


ചിത്രം 3. പി എഫ് സി, അമിഗ്ദല എന്നിവയുടെ സ്ഥാനം.

Sunday, October 23, 2016

Manna Dey-versatility is not just a word

                                                           MANNA DEY

            He did not sing for the movies. He did not sing for the composers. He neither sang for great actors of Hindi and Bengali films.

He sang for us. Just us.

            Many of his songs were philosophical reflections laced with messages. But if there was any message in his songs it was only the call of music straight sinking to our heart. Or it could a  power rod hitting us- as in one the best hummings in Indian film songs-the one at the beginning of  “Sur na saje”. When Manna Dey sings the communicative value is ever-changing depending on the mood of the listener.  Manna Dey was nobody’s singer and also everybody’s singer. Perhaps this beguiling nature was laden in the song “Kasme wade pyar” which rebounds with the sad reality of hypocrisy and deceptiveness. He did not promise anything, his plan being nothing else, but music.

            Manna Dey could be enjoyed, felt, inspired  or motivated by as with the listener.  If you are in an early romance  “Yeh raat bheegi bheegi..” is sung just for you with all the crispness that moment demands. Or an extra load of love could be felt by listening to “Aaja sanam madhur chandni….”   Listen to “Pyar hua ikraar hua” and you are head over heels in love. This master trickster has up in his sleeves the other extremes, ready to capture your sunken sadness. “Poocho na kaise maine rain bitayi…” Don’t ask me how I spent the night’   Ironically  there is a prefix to this song on screen , the dialogue being ‘there is only one call, Its name is music”!  When he pinches your heart with the lines ‘bhor bhi aans ki kiran na laaye’ don’t trust him. Your next door neighbors who are in high spirits are  celebrating the moods of  “Yeh dosti thodenge hum nahi”. More than versatility and wide range, the provision by Dey sahib is not only just his natural penchant for singing but not keeping it within himself. It is bliss unleashed.  He has made it clear in his song Sur na saje “….swar ki sadhna Parameswar ki…” That is it. Sing. Just dissolve in the divine.

            Such is his uncanny skill that no words are uttered by him which does not get impinged with his personally special ‘bhaav’. Listen to “Hasne ki chah ne…” and check the word ”rulaya hain”. The explicit is his highly vibrant but intelligently controlled voice. Equally he was very open in his style. He could easily shift the high gears of classicals to ‘people friendly’ rustic or romantic. “Waquif hoon khoob” with Rafi and Lata would suffice as an example. Or just the humming prelude to “Ai meri Zohra jabeen’, which leads to a soft but reverberating rumbling of  sweetness. But then “mein teri –mein teri ankho mei paa gaya”–he explodes. It is not Manna Dey’s but my own soul openly singing “Yaari hai imaan” .  An unusual Manna Dey could be heard in “Zindagi aisee hai paheli”. You cannot be blamed if you have a secret wish to get out and sing “Dil ka haal sune dilwala” on the streets in gay abandon. “Ee bhai zara dekh chalo” is not sung by a high caliber classical singer but one of your college class mates and you are happy to keep him as your friend.  A search for inspirational voice will lead you to  “Nadiya chale chale” but definitvely not lacking luster.

            Many of the characters or situations in the movies do not make a one-on- one affair with his rendering and are not in order with his sublime voice quality. Branded as a “classical singer” he has a huge repertoire –“Jhanak jhanak tori baaje payaliya”, “Laga chunri mein”, “Sur na saje”, “Re man sur  mein gaa”, “Cham cham baaje paayaliya”-the long list rolls out.  His ability to shift to higher octaves and to sustain was supernatural.  On screen many of these songs conformed to the marketing needs of Hindi films, but Manna Dey rendered them for the eternal, not for the caricature by Shammi Kapoor. Those were decisions made by the demands of film production. Now these songs are not to be looked at but just heard. This detachment was not intended but Manna Dey’s strength  broke the shell. These songs acquire unique individuality alienating the creators. The singer as he is. Sliding to the other extreme is his Padosan songs-both ‘Sanwariya….” and “Ek chatur naar’. Both are heavily set in classic structure.  In “Chatur naar” he is quickly shifting to the “Kishor Kumar mode” and competing with him gaining the final victory although the character in the movie looses. Not that this was an allowance to his integrity. Versatility? Not an enough word.

            When Harivansh Rai Bachchan’s Madhushala was to be set to tune, composer Jaidev had no doubt that Manna Dey was the only choice to vocalize. No other throat would deliver highly existentialistic philosophy laden with romance, pathos, cajoling, exhilaration, and survivalist modalities. Although it has become a cliché at a musician’s eternal departure that music was his soul and substance, in the case of Manna Dey it is ironic that his own voice has embodied the following lines about intoxicating  music being the bare truth-  just at death too.

After my death
 Let my lips be laden with not Tulsi leaves but wine glass
Touch not my tongue with the waters of the Ganges  but with wine
On my funeral procession, you all remember this!
Call not “Ram naam hai saty ”, but call to the truth that is Madhushala.

मेरे अधरों पर हो अंतिम वस्तु न तुलसीदल प्याला
मेरी जीव्हा पर हो अंतिम वस्तु न गंगाजल हाला,
मेरे शव के पीछे चलने वालों याद इसे रखना
राम नाम है सत्य न कहना, कहना सच्ची मधुशाला।




Tuesday, August 30, 2016

പാട്ട് പഠിയ്ക്കുമ്പോൾ സംഭവിക്കുന്നത്

"ഒരു കിളിയും വെറുതെ പാടുന്നില്ല" എന്ന തലക്കെട്ടിൽ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ വന്ന ലേഖനം.
     സങ്കീർണ്ണമായ പാട്ടുകൾ കേൾക്കുകയും പഠിയ്ക്കുകയും പാടുകയും ചെയ്യുകയാണ് ചില കിളികൾ നിരന്തരം. കേൾക്കുന്ന മറ്റ് കിളികളുടെ പെരുമാറ്റത്തെ സ്വാധീനിയ്ക്കുക മാത്രമാല്ല സഹജബോധം ഉണരുകയും പരസ്പര ബന്ധങ്ങൾ ഊഷ്മളമാക്കുകയും ചിലപ്പോൾ സ്വയം പരിരക്ഷയ്ക്കായി അക്രമാസക്തരുമായേക്കാം ഇവർ. വൈകാരികമായ ചോദനകൾക്ക് ബഹിർസ്ഫുരണമാണ് പാട്ടുകൾ ഉദ്ദീപിപ്പിക്കുന്നത്, പക്ഷികളിലും മനുഷ്യരിലും. . താളങ്ങളുടെയും ശ്രുതികളുടെയും ഇടകലശൽ, സ്വരങ്ങളിലെ വൈവിദ്ധ്യങ്ങൾ ഇവയൊക്കെ പക്ഷികളുടെ തലച്ചോറിലും അനുരണങ്ങൾ ഉളവാക്കുകയാണ്- ആശ, പ്രത്യാശ, ഉദ്വേഗം. പ്രേരണ, മാനസികസംഘർഷങ്ങളിൽ അയവ്, വിസ്മയം എന്നിവയൊക്കെ. കേൾവിക്കാരിൽ സൂക്ഷ്മമായ പെരുമാറ്റവിന്യാസങ്ങൾ വരുത്തുകയാണ് പാട്ടിന്റെ ലക്ഷ്യം എന്നത് വ്യക്തം. ആധുനികവിദ്യകളാൽ -ജനിതകശാസ്തരം, തന്മാത്രാ വിജ്ഞാനം, മസ്തിഷ്ക സ്കാനിങ്ങ് സംവിധാനങ്ങൾ ഇവയൊക്കെ –പക്ഷികൾ പാട്ട് പഠിച്ചെടുക്കുന്നതിന്റേയും പാട്ടുകളാൽ ആശയവിനിമയം ചെയ്യുന്നതിന്റേയും രഹസ്യങ്ങൾ വെളിവാക്കപ്പെടുകയാണ്. മനുഷ്യരുടെ ഭാഷാപഠനത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുകയുമാണ് ഈ പഠനങ്ങൾ. മനസ്സും തലച്ചോറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ വഴിത്തിരിവിൽ എത്തുകയുമാണ് ചിന്നംചെറുകിളി ചിത്തിരപ്പൈങ്കിളിയുടെ  മസ്തിഷ്ക പശ്ചാത്തലം തേടുമ്പോൾ. ന്യൂറോണുകളുടെ ഘടനാവിന്യാസപ്രവർത്തനങ്ങളെ സംഗീതത്തിന്റെ മാസ്മാരികതയുമായി ബന്ധപ്പെടുത്തൽ എളുപ്പമായിത്തീർന്നിരിക്കുന്നത് ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളികൾ നമ്മോട് പലതും പറഞ്ഞുതരുന്നതുകൊണ്ടാണ്.
.
        ഭാഷാപഠനത്തിന്റെ കണ്ടകാകീർണ്ണവഴികൾ പലതും ഇന്നും അജ്ഞേമായി അടഞ്ഞു കിടക്കുന്നു. കേൾവി അനുസരിച്ച് നിശ്ചിതസ്വരസംഘാതങ്ങളായ വാക്കുകളും അവയുടെ വിന്യാസങ്ങളായ വാചകവും  വേർതിരിച്ചെടുക്കുകയും അവയ്ക്ക് ഒരു അർത്ഥം സങ്കൽ‌പ്പിച്ചെടുക്കുകയും ചെയ്യുന്നത് തലച്ചോറിന്റെ സങ്കീർണ്ണകേളിയാണ്. കേൾവിയും ഭാഷണവും പഠിച്ചെടുക്കുന്ന രണ്ടു കാര്യങ്ങളാണ്, ഭാഷയുടെ അനിവാര്യമായ സങ്കേതങ്ങൾ. കേൾവി  സാർത്ഥകമാകുന്നത്  അല്ലെങ്കിൽ കേൾക്കുന്ന കാര്യത്തിൽ നിന്ന് അർത്ഥം കണ്ടുപിടിച്ചെടുക്കുക എന്നത് ആദ്യപടിയാണ്, അതനുസരിച്ച് ഭാഷണം രൂപപ്പെടുത്തുന്നത് രണ്ടാമത്തേതും. ഇതു രണ്ടും ഉള്ളത് മനുഷ്യനാണ്. പിന്നെ പക്ഷികൾക്കും.  ഡോൾഫിനുകൾ, തിമിംഗലങ്ങൾ, വാവ്വാലുകൾ എന്നീ ജന്തുക്കൾക്കും ചില ശബ്ദക്കൂട്ടങ്ങൾ പഠിച്ചെടുക്കാനും പിന്നീട് ഉച്ചരിക്കാനും കഴിവുണ്ട്. ഒരു ആനയ്ക്കോ നായയ്ക്കോ കേൾവികൊണ്ടുള്ള തിരിച്ചറിവ് ധാരാളമുണ്ടെങ്കിലും ഭാഷണക്കഴിവ് ഇല്ല. തലച്ചോറിലെ രണ്ട് കേന്ദ്രങ്ങളുടെ –ഭാഷണ, കേൾവി- യുടെ വളർച്ചയും വികാസവും മൂലമാണ്  അന്തസ്സാരനിബദ്ധമായ സംസാരം സാദ്ധ്യമാകുന്നത്. .

     പരിണാമത്തിൽ വ്യത്യസ്തമായ രണ്ട് ഘട്ടങ്ങളിൽ വെവ്വേറെ ഉരുത്തിരിഞ്ഞ സ്വഭാവരീതിയാണ് കേൾവിയിൽ നിന്നും അർത്ഥം മെനഞ്ഞെടുക്കാനുള്ള കഴിവും അർത്ഥവത്തായ ശബ്ദങ്ങൾ പുറപ്പെടുവിച്ച് മറ്റു ജീവികളുമായി സംവേദനസാദ്ധ്യതയ്ക്കുള്ള കഴിവും. ആനകൾക്കോ നായകൾക്കോ ചുരുക്കം ചില വാക്കുകൾ/ ചെറിയ നിർദ്ദേശങ്ങൾ  കേട്ടാൽ അതിന്റെ ഉദ്ദേശിക്കപ്പെടുന്ന അർത്ഥം പിടികിട്ടുമെന്നല്ലാതെ ഒന്നോ രണ്ടോ വാചകങ്ങളുടെ പൊരുൾ പിടികിട്ടാറില്ലല്ലോ.  സംസാരിക്കാനോ അർത്ഥവത്തായ ശബ്ദം പുറപ്പെടുവിക്കാനോ സാദ്ധ്യത നൽകുന്ന ന്യൂറോൺ കേന്ദ്രങ്ങളും  അവയുടെ തലച്ചോറിലില്ല.  കേൾവി എല്ലാ ജന്തുക്കൾക്കും ഉണ്ടെങ്കിലും അതിൽ നിന്നു പൊരുൾ തിരിച്ചെടുക്കാനുള്ള കഴിവ് വേറേ ആണെന്ന് സാരം. പക്ഷികളിൽ ചുരുക്കമായിട്ടും മനുഷ്യരിലും നീണ്ട സ്വര സംഘാതങ്ങൾ കേട്ട് അതിന്റെ അർത്ഥം മനസ്സിലാക്കി മറുപടി ശബ്ദങ്ങളാക്കിയെടുക്കാനുള്ള സംവിധാനങ്ങൾ അവരുടേ തലച്ചോറിൽ സജ്ജമാക്കിയിട്ടുണ്ട്. അതിജീവനതന്ത്രത്തിന്റെ ഭാഗമായിട്ടാണ് പ്രകൃതി  ഈ തന്ത്രവിദ്യകൾ നിബന്ധിച്ചത്.  ‘ഏകകേന്ദ്രാഭിമുഖ പരിണാമം’ (convergent evolution)  എന്ന പ്രതിഭാസം ആണിത്. ഒരേ ഉപയോഗത്തിനുള്ള ഒരേ പോലെയുള്ള അവയവം രണ്ടോ അതിൽക്കൂടുതലോ ജീവികളിൽ  വേറിട്ട രീതികളിൽ വേറിട്ട സമയങ്ങളിൽ സ്വായത്തമാകുക എന്നത്.  ചിലതരം മത്സ്യങ്ങൾ, ഓന്തുകൾ, പക്ഷികൾ, വാവലുകൾ  ഇവയൊക്കെ  പറക്കാനുള്ള കഴിവ് പരിണാമത്തിന്റെ പലഘട്ടങ്ങളിൽ  സ്വായത്തമാക്കിയത് ഒരു ഉദാഹരണമാണ്. പക്ഷികളിൽത്തന്നെ ചിലവ മാത്രമേ പാട്ടു പഠിയ്ക്കാനും അത് പിന്നീട് പാടാനുമുള്ള കഴിവ് ഏറ്റെടുത്തുള്ളു.  ചുരുക്കത്തിൽ പറഞ്ഞാൽ പക്ഷികളിലെ ഈ കഴിവ് കൂടുതൽ പരിണമിച്ചല്ല മനുഷ്യരുടെ സംസാരശേഷി വന്നു കൂടിയത് എന്ന്.  പരിണാമത്തിൽ രണ്ടു ഘട്ടങ്ങളിലായി രണ്ട് അതിജീവനസാദ്ധ്യതകൾക്കായി ഉരുത്തിരിഞ്ഞതാണിവ.  എന്നാൽ രണ്ടും തമ്മിൽ വളരെയേറെ സാമ്യം ഉണ്ടു താനും.

 കേവലം മർത്യഭാഷ എന്നല്ല, പാട്ടുപക്ഷികൾ മിടുക്കരാണ്
 പെരുമാറ്റപരം, നാഡീസംബന്ധം, ജനിതകം, ബോധജ്ഞാനപരം എന്നിങ്ങനെയുള്ള സമാന്തരങ്ങളാണ് മനുഷ്യരുടെ ഭാഷാശേഷിയും പക്ഷികളുടെ പാട്ടുമായി. രണ്ടുകൂട്ടർക്കും മൂന്ന് സംവിധാനങ്ങളാണ് സംസാരിക്കാനായി അല്ലെങ്കിൽ  പാട്ട് പഠിച്ചെടുത്ത് പാടാ‍നായി തലച്ചോറിലുള്ളത്. ഒന്ന് കേൾവിക്കായുള്ള കേന്ദ്രം. രണ്ട് അത് അപഗ്രഥിച്ച് ഓർമ്മകേന്ദ്രത്തിലേക്കും പാട്ട് കേന്ദ്രത്തിലേക്കും അയയ്ക്കൽ മൂന്ന് ഇവയെല്ലാം തൊണ്ടയിലേക്ക് അയച്ച് പാട്ടായി പുറപ്പെടുവിക്കാനുള്ള നാഡികളും കേന്ദ്രങ്ങളും. പാട്ടു പക്ഷിയുടേയും മനുഷ്യന്റേയും തലച്ചോറിൽ ഈ കേന്ദ്രങ്ങൾ താരതമ്യപ്പെടുത്താവുന്ന രീതിയിൽ കാണപ്പെടുന്നു. കേൾവിക്കുള്ളതും പാടാൻ/സംസാരിക്കാൻ ഉള്ളതുമായ ന്യൂറോൺ കേന്ദ്രങ്ങൾ പാട്ടുപക്ഷികളിൽ വെവ്വേറേ നിലകൊള്ളുകയാണ്.. അതുകൊണ്ട് ഈ കേന്ദ്രങ്ങളുടെ പ്രവർത്തനവും സ്വാധീനവും പഠിയ്ക്കാൻ എളുപ്പമുണ്ട്. പാട്ടുപക്ഷികൾ ഏറ്റവും യോജ്യമായ മോഡൽ ആകുന്നതിന്റെ പ്രധാന കാരണം ഇതാണ്.

     ശബ്ദങ്ങൾ കേൾക്കാനുള്ള തലച്ചോർ സംവിധാനങ്ങൾ മിക്ക നാൽക്കാലികൾ (തവള മുതൽ) ക്കും ഉണ്ട്. പിന്നീട് തൊണ്ട കൊണ്ട്  ഇതിന്റെ അനുരണനം എന്ന മട്ടിൽ ശബ്ദം പുറപ്പെടുവിക്കുക എന്നത് പരിണാമ വഴി വളരെക്കഴിഞ്ഞാണ് സാദ്ധ്യമായത്. കേൾവിയുമായി ബന്ധപ്പെടുത്തിയാണ് ശബ്ദം പുറപ്പെടുവിക്കാനുള്ള ഈ കഴിവ് വികസിച്ചു വന്നത്. അതിനു ശേഷം പക്ഷികളിലും പിന്നീട് മനുഷ്യരിലും ഈ കേന്ദ്രങ്ങൾ ഓർമ്മയുമായും നിശ്ചിത സീക്ക്വെൻസിൽ സംവേദിക്കുന്ന തരത്തിലുള്ള ശബ്ദനിയന്ത്രണങ്ങൾക്കായുള്ള കേന്ദ്രങ്ങളായും വളർന്നു വികസിക്കുകയും കേൾവികേന്ദ്രവുമായി ബന്ധപ്പെട്ട് പാട്ട്/ഭാഷ എന്നിവ ഉളവാക്കുനുള്ള നിർദ്ദേശങ്ങളുമായി പ്രത്യേക നാഡി തൊണ്ടയിലേക്ക് വളരുകയും ചെയ്തു.  തലച്ചോറ് കേന്ദ്രത്തിൽ നിന്നുള്ള നിർദ്ദേശങ്ങളനുസരിച്ച് തൊണ്ടയിലെ സ്വരതന്തികൾ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന സംവിധാനം പരിണാമവഴിയിൽ ഇങ്ങനെ സംജാതമായി. പരസ്പരസംവേദനം ഭാഷ പോലെ തന്നെ പാട്ടുകളെക്കൊണ്ട് നിറവേറാൻ പക്ഷികൾക്ക് സാദ്ധ്യമായി ഇതോടെ.

സംസാരശേഷിയും തലച്ചോറും- വിശദാംശങ്ങൾ പാട്ടുപക്ഷികൾ വഴി

  മനുഷ്യക്കുഞ്ഞുങ്ങൾ അച്ഛനമ്മമാരെ അനുകരിച്ച് സംസാരിച്ചു തുടങ്ങുന്ന രീതി പാട്ടുപക്ഷികളിലും കാണപ്പെടുന്നു. എന്നാൽ മനുഷ്യരോട് പരിണാമപരമായി ഏറ്റവും അടുത്തു നിൽക്കുന്ന ആൾക്കുരങ്ങകളിൽ‌പ്പോലും ഈ കഴിവ് കാണപ്പെടുന്നില്ല. 10,000 ഓളം  പക്ഷി സ്പീഷീസുകൾക്കാണ് പാട്ടു പഠിച്ചെടുത്ത് പാടി കാതോടു കാതോരം തേൻ ചോരുമാ മന്ത്രം വഴി ആശയവിനിമയത്തിനുള്ള കഴിവ്. തത്തകൾക്കും ഹമ്മിങ് പക്ഷികൾക്കും അനുകരണത്തിനുള്ള കഴിവ് പ്രസിദ്ധമാണ്. തന്റേതായ ഇടം പ്രഖ്യാപിച്ച് കാത്തുസൂക്ഷിക്കുന്നതിനും ഇണയെ ആകർഷിക്കുന്നതിനുമാണ് പ്രധാനമായും പക്ഷികൾ മധുവാണികളാകുന്നത്.  എന്നാൽ പ്രേരണാപരം, പോഷണസംബന്ധി, സാംസ്കാരികം, വളർച്ച ഇങ്ങനെ പല സ്ഥിതിഗതികളുടേയും ആശയസംവഹനദൌത്യവും പാട്ട് വഹിക്കുന്നുണ്ട്. മിക്കവാറും ആണുങ്ങളാണ് പാട്ടുകാർ. എന്നാൽ ചില ‘വിളി’കളും കുറുകലും ഉണ്ട് ആണിനും പെണ്ണിനും. കൂട്ടത്തോടേ പറന്നു പൊങ്ങാനും ശത്രുവിന്റെ വരവ് അറിയിക്കാനും കുഞ്ഞുങ്ങളെ വിളിച്ചു കൂട്ടാനും ഒക്കെയാണ് ഈ കൂജനങ്ങൾ. ഭാഷ പഠിച്ചെടുത്താൽ ആജീവനാന്തം അത് ഓർമ്മയിലിരിക്കും എന്ന മനുഷ്യസ്വഭാവത്തിന്റെ സാമ്യമാണ്  ചില പക്ഷികൾ ആജീവനാന്തം പാട്ട് മറക്കാതെ വച്ച് പാടി തെളിയിക്കുന്നത്.  

        ഭാഷയോ പാട്ടൊ പഠിച്ചെടുത്ത് ഓർമ്മയിൽ സൂക്ഷിച്ച് പിന്നീട് പുറപ്പെടുവിക്കുന്നതിനു തലച്ചോറിൽ അസംഖ്യം നാഡീവലയങ്ങൾ ഉണ്ട്. ഈ കെട്ടുപിണഞ്ഞ വലയങ്ങളുടെ വൈദ്യുതതേജസ്സോടെയുള്ള സങ്കീർണ്ണ സംവേദനങ്ങളാണ് ഇത് നിർമ്മിച്ചെടുക്കുന്നത്. പാട്ടു പാടാൻ കഴിവില്ലാത്ത പക്ഷികളിൽ- ഇവയ്ക്ക് പലതരം ശബ്ദങ്ങൾ ഉണ്ടാക്കാൻ സാധിയ്ക്കുമെങ്കിലും- ഇതൊന്നും കാണപ്പെടുന്നില്ല. (ചിത്രം 2)  ഫിഞ്ച് കിളികൾ (finches), കാനറി, മൈന, പലതരം കുരുവികൾ, മനുഷ്യർ ഇവർക്കൊക്കെ പലതരം സ്വരങ്ങൾ നിബന്ധിച്ച പാട്ടുകളോ സംഭാഷണങ്ങളോ  ആവുമെങ്കിൽ  തത്തകൾക്കൊക്കെ അനുകരിക്കാനാണു പാടവം.  ചെറുപ്പകാലത്തു കേട്ട ശബ്ദങ്ങൾ വീണ്ടും പ്രകാശിപ്പിക്കുകയാണ് ഇവ.  സംസാരശേഷി മനുഷ്യർ ആർജ്ജിക്കുന്നതും പക്ഷികൾ പാട്ട് പഠിച്ചെടുക്കുന്നതുമായി സാമ്യങ്ങൾ ഏറെ. പെരുമാറ്റപരമായും നാഡീപരമായും (ന്യൂറൽ) പാരമ്പര്യപരമായും തന്മാത്രാപരമായും  ഇവ രണ്ടും ഒരുപോലെയാണ്.  മർത്യഭാഷയുമായി മറ്റു സാമ്യങ്ങളുമുണ്ട്  പക്ഷിപ്പാട്ടിനു. സ്വരങ്ങൾ മാത്രമല്ല സ്വരങ്ങൾ ചേർത്ത വ്യഞ്ജനങ്ങൾ (syllables), പദസമുച്ചയങ്ങൾ, ഇവ സ്വരൂക്കൂടിയ രൂപാങ്കനങ്ങൾ (motifs) ഇവയൊക്കെ ചേർത്ത് ശ്രേണീബദ്ധമായ ഘടനയാണ് നിർമ്മിച്ചെടുക്കുന്നത്. വിഷുപ്പക്ഷിയുടെ “വിത്തും കൈക്കോട്ടും/ചക്കയ്ക്കുപ്പുണ്ടോ” പോലെ. ചിട്ടയും ക്രമവിമില്ലാതെയല്ല മനുഷ്യക്കുഞ്ഞുങ്ങൾ ഭാഷ പഠിയ്ക്കുന്നത്, അമ്മയിൽ നിന്നോ അച്ഛനിൽ നിന്നോ ആണ്,  അതും അതേ ഭാഷ. ഇതേ പോലെ ഒരു സ്പീഷീസിനു നിജപ്പെടുത്തിയിരിക്കുന്ന പാട്ടേ പക്ഷികൾ പാടുകയുള്ളു. കുട്ടികൾ പഠിച്ചെടുക്കുന്നതു പോലെ ഘട്ടം ഘട്ടമായണ് ഈ ഗാനലോലർ പാട്ട്  പഠിച്ച് സ്വായത്തമാക്കുന്നത്. മനുഷ്യരെപ്പോലെ കുഞ്ഞുന്നാളിലേ പാട്ട് പഠിച്ചെടുത്തില്ലെങ്കിൽ ഊമയായിപ്പോകും ഈ പക്ഷികളും. മറ്റൊന്നു കൂടിയുണ്ട് മനുഷ്യനും പാട്ടുപക്ഷികൾക്കും പൊതുവായി: ജനിതകമായ ഒരു സ്വഭാവവിശേഷം –പറയാനോ പാടാനോ ഉള്ളത്- തലച്ചോറിൽ ഘടിക്കപ്പെട്ടാണ് ജനിച്ചു വീഴാറ്.   ഉച്ചാരണശേഷിയും തലച്ചോറിന്റെ ഘടനയും പെരുമാറ്റവുമായി ബന്ധിപ്പിക്കാൻ ഇതിലും ഭേദമായ മറ്റൊരു പ്രതിദർശനരൂപം ഇല്ല.


                                                ചിത്രം 1 സീബ്രാ ഫിഞ്ചുകൾ



   
ചിത്രം 2പാട്ട്പക്ഷിയുടേയും (a) പാട്ട് പാടാൻ കഴിവില്ലാത്ത പക്ഷിയുടേയും (b) തലച്ചോർ താരതമ്യം.  പാട്ട് പക്ഷിയിലെ നിബിഡമായ വലയങ്ങൾ ശ്രദ്ധിക്കുക.



സീബ്ര ഫിഞ്ചുകൾ-സ്വരജതി പാടും പൈങ്കിളികൾ
        നമ്മുടെ സംസാരശേഷിവികാസവുമായി ഏറേ സാമ്യം സീബ്ര ഫിഞ്ചുകൾക്കാണ്,അതിനാൽ ഏറ്റവും കൂടുതൽ പഠനങ്ങൾ ഇവയിലാണ്.  കുഞ്ഞുങ്ങളെ പാട്ടു പഠിപ്പിച്ച് വളർത്തുന്നവരാണിവർ. ഭാര്യ ഭർത്താവ് എന്ന മട്ടിൽ ദീർഘകാലം ഒരുമിച്ച് ജീവിക്കുന്നവരുമാണ് ഇവർ.  ഒരു ഭാഷ പഠിച്ചെടുക്കുന്നതുപോലെ  വളരെ ചെറുപ്പത്തിൽ ഒരു പാട്ട് പ്രധാനമായും പഠിയ്ക്കുന്നു സീബ്ര ഫിഞ്ചുകൾ. ഇതു തന്നെ സ്വൽ‌പ്പം മാറ്റങ്ങളോടെ പാടുകയാണ് പിന്നെ. പഠിച്ച പാട്ട് ഒരിക്കലും മറക്കുകയുമില്ല.  മറ്റൊരു സ്പീഷീസിന്റെ പാട്ടും ഇവർ നിർബ്ബന്ധമായും പഠിച്ചെടുക്കുകയില്ല.വളരെ ലളിതവും  സ്ഥിരാക്ഷരപ്പതിപ്പും (സ്റ്റീരിയോടൈപ്ഡ്) ആയ പാട്ട് ആയതിനാൽ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും എളുപ്പം ആകുകയുമാണ്. കൂടുകളിൽ വളർത്താൻ എളുപ്പം, ഇണചേർന്ന് മുട്ടയിട്ട് പെരുകും, മുതലായ കാരണങ്ങളാൽ സീബ്ര ഫിഞ്ചുകൾ ഇന്ന് ഭാഷാപഠനത്തിന്റെ മസ്തിഷ്ക പ്രതിരൂപം ആയി വാഴ്ത്തപ്പെടുകയാണ്. കഴിഞ്ഞ മുപ്പതു കൊല്ലങ്ങളായി നിരവധി പഠനങ്ങളാണ് ഇവയുടെ തലച്ചോർ പ്രവർത്തികളെക്കുറിച്ച് പുറത്തു വന്നിട്ടുള്ളത്. ബന്ധപ്പെട്ട സ്പീഷീസ് ആയ ബെംഗാളി ഫിഞ്ചുകളും വളരെയേറേ പഠനങ്ങൾക്ക് വിധേയമായിട്ടുണ്ട്. പാട്ടുകൾ സ്വൽ‌പ്പം സങ്കീർണ്ണമാണ് ഇവയുടെ.  ന്യൂറോളജി, ജനിതശാസ്ത്രം. തന്മാത്രാശാസ്ത്രം പെരുമാറ്റം ഈ വകയിലെല്ലാം ധാരാളം വിവരങ്ങൾ ഇന്ന് ലഭ്യമാണ് സീബ്ര ഫിഞ്ചുകളെപ്പറ്റി. മുഴുവൻ ജീനോം (എല്ലാ ജീനുകളുടേയും ഡി എൻ എ വിവരങ്ങൾ) വിശ്ലേഷണവും നടന്നു കഴിഞ്ഞിരിക്കുന്ന് ഈ പക്ഷികളിൽ.

  സീബ്ര ഫിഞ്ചുകളുടെ പാട്ടിൽ സ്വരങ്ങൾ അക്ഷരങ്ങൾ പോലെ മാറ്റിയെടുക്കുന്നതു കേൾക്കാം. . ഒരേ സ്വരസംഘാതം ആവർത്തിക്കും.  സ്വരാക്ഷരങ്ങൾ (syllables സ്വരങ്ങൾ ചേർന്ന വ്യഞ്ജനങ്ങൾ) കൊണ്ട് ഉരുത്തിരിയുന്ന  മോടിഫ് പാട്ടിന്റെ മൂലകം എന്ന് പറയാം. പല മോടിഫുകൾ ആവർത്തിച്ച് ഒരു ആവൃത്തി (ബൌട്) പാട്ട് പാടപ്പെടുകയാണ്.  ബന്ധപ്പെട്ട സ്പീഷീസ് ആയ ബെംഗാളി ഫിഞ്ചുകൾ ചില സ്വരാക്ഷരങ്ങൾ- ഉദാഹരണത്തിനു  പധനി പധനി എന്ന മട്ടിൽ- ഇടയ്ക്ക് ആവർത്തിക്കും. ചിലപ്പോൾ ഇത് തിരിച്ചും മറിച്ചും നിധപ നിധപ എന്ന മട്ടിലും പാടും. ഇങ്ങനെ ഉളവാക്കുന്ന വിവധ മോടിഫുകൾ മാറിയും മറിച്ചും സങ്കീർണ്ണമായ പാട്ട് ഉണ്ടാക്കിയെടുക്കാൻ വിരുതരാണിവർ. പ്രായമായിക്കഴിഞ്ഞാൽ പുതിയ പാട്ടുകൾ പഠിയ്ക്കാൻ താൽ‌പ്പര്യമില്ല ഫിഞ്ചുകൾക്ക്. എന്നാൽ സ്റ്റാർലിങ് പക്ഷികൾക്ക് ഏതുപ്രായത്തിലും പുതിയ പാട്ടുകൾ പഠിച്ചെടുക്കുന്നതിൽ കമ്പമുണ്ട്.

കാട്ടിലെ മൈനയെ പാട്ട് പഠിപ്പിച്ചതാര്

      അവന്റെ അച്ഛൻ എന്ന് ഉത്തരം വന്നാൽ അതിൽ അതിശയോക്തി തെല്ലും ഇല്ല. സീബ്ര ഫിഞ്ചുകളിലും ബെംഗാളി ഫിഞ്ചുകളിലും അച്ഛൻ ആണ് കുഞ്ഞുങ്ങളെ പാട്ട് പഠിപ്പിയ്ക്കുന്നത്. മുട്ട വിരിയിക്കാനുമൊക്കെ താൽ‌പ്പര്യമുള്ള കുടുംബവ്യവസ്ഥയാണ് ഫിഞ്ചു കിളികൾക്ക്.  മിക്കപാട്ടുകാരും ആണുങ്ങളാണ്. പെറ്റമ്മതന്നുടെ വെണ്മുലപ്പാൽ തീരെ വറ്റിയിട്ടില്ലാത്ത പൂങ്കണ്ഠത്താൽ പാട്ടു പഠിയ്ക്കാൻ അതീവ താൽ‌പ്പരരാണ് ഈ കൂട്ടിന്നിളംകിളികൾ. അഛൻ ഇല്ലാതെ വരികയാണെങ്കിൽ പറ്റത്തിലുള്ള മറ്റൊരു മുതിർന്നയാൾ പാട്ട്മാഷ് ആകും.

      മുട്ട വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങൾക്ക് തന്നെ അച്ഛൻ പാട്ട് പാടിക്കൊടുത്തു തുടങ്ങും ഫിഞ്ച് പക്ഷികളിൽ. മറ്റ്  പക്ഷികളിൽ ചുറ്റുപാടുമുള്ള ആൺപക്ഷികളിൽ നിന്നും കേട്ട് തുടങ്ങുകയാണ് കുഞ്ഞുങ്ങൾ. സ്വന്തം സ്പീഷിസിന്റെ പാട്ട് മാത്രം, മറ്റ് ശബ്ദങ്ങൾ അല്ലെങ്കിൽ മറ്റ് പാട്ടുകൾ ഇവയിൽ നിന്നും വേർതിരിച്ചെടുത്തു പഠിയ്ക്കാനുള്ള പാടവത്തോടെയാണിവ ജനിക്കുക തന്നെ. ജനിച്ച് 5-6 ആഴ്ച്ചകൾക്കകം പാട്ട് പഠിച്ചെടുക്കേണ്ടതുണ്ട്.. 40 ദിവസം ആകുമ്പോഴേയ്ക്കും  ഫിഞ്ച്പയ്യൻ അച്ഛന്റെ പാട്ടിനോട് അത്ര സാമ്യമില്ലെങ്കിലും ഏകദേശം ആ ഘടന ഉള്ള പാട്ട് പാടിത്തുടങ്ങും. ഇതിനു ഉപഗാനം (subsong)എന്നു പറയാം. 60 നും 80നും ദിവസങ്ങൾക്കിടയ്ക്ക് ഈ ഉപഗാനം പതുക്കെ മെച്ചപ്പെട്ട ആവിഷ്കാരസംവിധാനം ഉള്ള പാട്ടായി മാറും. എങ്കിലും ഇപ്പോഴും ഈ പാട്ട് ഇഷ്ടരൂപത്തിൽ വാർത്തെടുക്കാവുന്ന “പ്ലാസ്റ്റിക്” പാട്ടാണ്, അഛന്റെ പാട്ടിനോട് ഏറെ സാമ്യം ഉണ്ടെന്നേ ഉള്ളു.  ഈ പ്രായത്തിൽ രാവിലെ എഴുനേറ്റ് രണ്ടു മണിക്കൂറോളം പാട്ട് പ്രാക്റ്റീസ് ചെയ്യും  ഈ പിഞ്ച് ഫിഞ്ച്കുട്ടികൾ എന്നത് തമാശ ആയിത്തോന്നുമെങ്കിലും സത്യമാണ്. ഏകദേശം നൂറു ദിവസം ആകുമ്പോഴേയ്ക്കും സ്ഫടികസമാനമായ  സ്പഷ്ടതയും വ്യക്തതയുമുള്ള, അച്ഛൻപാട്ടിന്റെ തനി പാട്ട് മകൻ പാടിത്തുടങ്ങും. മറ്റ്  പക്ഷികളുടെ കലപില എത്ര കേട്ടാലും അതൊക്കെ ഒഴിവാക്കി ഫിഞ്ചുകൾക്ക് മാത്രം അവകാശപ്പെട്ട പാട്ട് മാത്രമേ പഠിച്ചെടുക്കുകയുള്ളു. (ചിത്രം 3 നോക്കുക). ‘സോണോഗ്രാം’ എന്ന റെക്കൊർഡ് യന്ത്രത്തിൽ ഓരോ സ്വരാക്ഷരത്തിന്റേയും രൂപഘടന ആലേഖനം ചെയ്തതാണ് ചിത്രത്തിൽ.  ഏകദേശം രണ്ടര സെക്കന്റാണ് ഒരു രൂപാങ്കന (മോടിഫ്) സമയം.

ചിത്രം 3 പാട്ട് പഠിയ്ക്കുന്ന ഫിഞ്ച് കിളിമകന്റേയും  പഠിപ്പിക്കുന്ന അച്ഛന്റേയും  സോണോഗ്രാം ആലേഖനങ്ങൾ.  നെടുകേ ഉയർന്നു നിൽക്കുന്ന ഓരോ  മുനക്കൊടിയും ഒരോ സ്വരാക്ഷരം (syllable)  ആണ്. ഏറ്റവും താഴെ അച്ഛന്റെ പാട്ട് റെക്കോർഡിങ്. ഏറ്റവും മുകളിൽ 40 ദിവസം പ്രായമായ മകൻ പാടുന്ന ഉപഗാനം (Subsong).  60 ദിവസം ആകുമ്പോൾ കൃത്യമായി നിജപ്പെട്ട് കിട്ടാത്ത ‘പ്ലാസ്റ്റിക്’ പാട്ട് പാടാറാകും. 90 ദിവസം ആകുമ്പോൾ അച്ഛന്റെ പാട്ട് മിക്കവാറും അതേപോലെ പാടാറാകും. മുനക്കൊടികളെ താരതമ്യപ്പെടുത്തി നോക്കുക.  100 ദിവസം ആകുമ്പോൾ ശുദ്ധവും സ്പഷ്ടവും സ്ഫടികസമാനവുമായ പാട്ട് പാടും മകൻ. 


   ഫിഞ്ച് കിളികൾ ഉപഗാനം പാടിത്തുടങ്ങുമ്പോഴേ തലച്ചോറിൽ വിശദവിവരങ്ങൾ ശേഖരിച്ചു വച്ചു തുടങ്ങും. പിന്നെ പാട്ടിനു വ്യക്തതയും കൃത്യതയും ലഭിക്കുന്നതിനനുസരിച്ച് ഈ ഓർമ്മ മാറ്റിക്കൊണ്ടിരിക്കും. എന്നാൽ കുരുവി (song sparrow) കളിൽ പാട്ട് കേൾക്കുന്നത് മുഴുവൻ  അപ്പോഴേ ഓർമ്മയിൽ സൂക്ഷിയ്ക്കുകയാണു പതിവ്. പാടിപ്പതിയാൻ മെനക്കെടാറില്ല. ഇത് വസന്തകാലത്ത്. പിന്നീട് ശരൽക്കാലത്താണ് പതുക്കെ പാടിപ്പഠിച്ചു തുടങ്ങുന്നത്.     ഈ രണ്ടുകൂട്ടർക്കും പാട്ട് പഠിയ്ക്കാൻ സ്വന്തം പാട്ട് കേൾക്കേണ്ടത് അത്യാവശ്യമാണ്, മനുഷ്യരുടേത് പോലെ. കേൾവിശക്തി നഷ്ടപ്പെട്ടാൽ പാട്ട് പഠിയ്ക്കാനേ സാധിയ്ക്കുകയില്ല.

   പാടാത്ത പൈങ്കിളികളുടെ കുടുംബമാണ് മിക്ക പാട്ടുപക്ഷികളുടേയും; പെൺപക്ഷികൾക്ക് പാട്ട് ഇല്ല. പാട്ട് കേട്ടാണു വളരുന്നതെങ്കിലും അവരുടെ തലച്ചോറിൽ പാട്ട് പഠിച്ചെടുക്കുന്നതിന്റെ സാമഗ്രികൾ ഒന്നും നിബന്ധിച്ചിട്ടില്ല. എങ്കിലും മിക്ക മൌനരാഗപ്പൈങ്കിളികൾക്കും- സീബ്ര ഫിഞ്ച് പെൺകൊടികൾ ഉൾപ്പടെ- ഏറ്റവും നല്ല പാട്ടുകാരനെ ആണ് ഇണയായിട്ട് കിട്ടാൻ ഇഷ്ടം. പാട്ട് പാടാനുള്ള വൈഭവമൊന്നും കൈക്കലില്ലെങ്കിലും കൊച്ചുന്നാളിൽ ചേട്ടന്മാരും അനിയന്മാരും ഒക്കെ പഠിയ്ക്കുന്നത് കേട്ട് ഓർമ്മ വയ്ക്കും ഇവർ. അച്ഛൻ പാടുന്ന പാട്ട് കടുകിടെ തെറ്റാതെയാണ് ഇവർ ഓർമ്മയിൽ സൂക്ഷിയ്ക്കുന്നത്. തെറ്റുകൂടാതെ ആവർത്തിച്ച് പാടുന്ന ഗാനഗന്ധർവ്വന്മാരെ തെരഞ്ഞെടുക്കാൻ പ്രത്യേകകഴിവാണ് ഈ സംഗീതവിദുഷികൾക്ക്. ഒരു പാട്ട് തന്നെ സങ്കീർണ്ണമായി അവതരിപ്പിക്കുന്ന ചെക്കന്മാരേയും ഫിഞ്ച്കിളിപ്പെണ്ണ് പ്രത്യേകനോട്ടമിടും. കമിതാക്കൾ പാട്ടു പാടി വശത്താക്കാൻ ശ്രമിച്ചാൽ അച്ഛനെപ്പോലെ മിടുക്കോടേ പാടുന്നവനെ ആയിരിക്കും അവൾ തെരഞ്ഞെടുക്കുന്നത്.   കാവിലെ പാട്ടുമത്സരത്തിനു ജയിക്കുന്നവനു സുന്ദരിനായികയെ ലഭിയ്ക്കുന്നത് മനുഷ്യരുണ്ടാക്കുന്ന സിനിമകളിൽ മാത്രമല്ല. എന്നും നല്ല പാട്ടുകേട്ട് കുടുംബജീവിതം നയിക്കാമെന്ന വ്യാമോഹത്തിലൊന്നുമല്ല  മിടുക്കികളുടെ ഈ തെരഞ്ഞെടുപ്പ്.  നന്നായി പാടുന്നവനു പുരുഷഹോർമോൺ ടെസ്റ്റസ്റ്റെറോൺ കൂടുതലാണ്; ആണത്തം വിജൃംഭിക്കുന്ന ഇവൻ നല്ല മിടുക്കരു മക്കളെ തരും എന്ന, പരിണാമം വച്ചുകൊടുത്തിരിക്കുന്ന അതിജീവനമാർഗ്ഗപ്രയോഗമാണിത്. ചില പക്ഷികളിൽ (സ്റ്റാർലിങ്ങുകൾ-പെൺ കിളികളും പാടും) ഡ്യൂവെറ്റ് പാടാൻ ഏറ്റവും പ്രാപ്തനാകുന്നവനെയാണ് പെണ്ണ് തെരഞ്ഞെടുക്കുന്നത്. മുകളിലേക്ക് പാറിപ്പറക്കുമ്പോൾ അകലെ അകലെ നീലാകാശം സമർത്ഥമായി കൂടെപ്പാടാൻ വെല്ലുവിളിയ്ക്കുന്ന റിയാലിറ്റി ഷോ പെൺകൊടികളാണിവർ.

തലച്ചോറിലെ വലയങ്ങൾ-  പാട്ട് പഠിക്കാനും ഓർമ്മിക്കാനും പാടാനും

        സീബ്ര ഫിഞ്ചിന്റേയും മനുഷ്യന്റേയും തലച്ചോറിലെ പാട്ട്/ഭാഷ സംബന്ധമായ ഇടങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നു ചിത്രം 4 ഇൽ. ഒരേ നിറത്തിൽ സൂചിപ്പിച്ചിരിക്കുന്ന  ഭാഗങ്ങൾ സാമ്യമുള്ളവയാണ്. പക്ഷികളിൽ പച്ച നിറം ദ്യ്യോതിപ്പികുന്ന ഭാഗങ്ങൾക്ക് വിസ്താരമുണ്ട്, മൻഷ്യരിൽ ‘കോർടെക്സ്’ എന്ന ഭാഗത്ത് ഒതുക്കിയിരിക്കുന്നു ഇത്. ഒരേ ധർമ്മങ്ങൾ ഉള്ള ഭാഗങ്ങൾ തവിട്ടു നിറത്തിലുള്ള വരകൾ കൊണ്ട് യോജിപ്പിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഓറഞ്ച് നിറത്തിൽ ചെറിയ വലയങ്ങൾ  തമ്മിൽ ബന്ധിപ്പിക്കപ്പെടുന്നതു കാണാം. ഇത് സ്വരൂക്കൂട്ടിയ വിവരങ്ങൾ ശബ്ദമാക്കി മാറ്റുന്ന സംവിധാനത്തിന്റെ ഭാഗങ്ങളാണ്. ഇവയെല്ലാം ന്യൂറോണുകളുടെ കൂട്ടം ആണ്. ശബ്ദവീചികൾ അന്തർ കർണ്ണ (inner ear) ങ്ങളിൽ എത്തിക്കഴിഞ്ഞ് അവയെ വൈദ്യുതീ കരിക്കപ്പെട്ട് നാഡികൾ തലച്ചോറിലെ കേൾവി കേന്ദ്രത്തിൽ എത്തിയ്ക്കുകയാണ് ആദ്യം. ഈ വൈദ്യുതീതരംഗങ്ങളെ ശബ്ദങ്ങളായി മാറ്റുകയാണ് മസ്തിഷ്കകേന്ദ്രങ്ങൾ.  പക്ഷികളിൽ രണ്ട് ഭാഗങ്ങളിലാണ് ഈ പ്രവർത്തനങ്ങളുടെ വിന്യാസം. മുൻഭാഗത്ത് പാട്ട്  പഠിച്ചെടുക്കുന്നതിന്റേയും അത് ഓർമ്മയിൽ നിലനിറുത്തുന്നതിന്റേയുംയും കേന്ദ്രങ്ങളാണെങ്കിൽ  പിൻഭാഗത്ത് ഇവയെ വിശ്ലേഷണം ചെയ്ത് തൊണ്ടയിലേക്ക് അയച്ച് ശബ്ദമായി പരിണമിപ്പിക്കുന്ന ഭാഗങ്ങളാണ്. ഒന്ന് ഓർമ്മശേഖരമാണെങ്കിൽ മറ്റേത് ശബ്ദനിർമ്മിതിസ്ഥലമാണ്, കൂടുതൽ യാന്ത്രികവും. പാട്ടുപക്ഷികളിൽ പ്രത്യേകിച്ചും ഫിഞ്ചുകളിൽ ഈ ഭാഗങ്ങൾ വെവ്വേറേ കാണപ്പെടുന്നു, സങ്കീർണ്ണത കുറവാണ്.  ഘടനയും ധർമ്മവും അവയുടെ ബന്ധങ്ങളും വേർതിരിച്ച് പഠിക്കാൻ ഫിഞ്ചുകൾ ഉപയുക്തമാകുന്നത് ഇതുകൊണ്ടാണ്.

ചിത്രം 4 പാട്ട് പക്ഷിയുടേയും മനുഷ്യന്റേയും തലച്ചോർ ഛേദങ്ങൾ. ഒരേ പോലെ പ്രവർത്തിക്കുന്ന ഇടങ്ങൾക്ക് ഒരേ നിറം കൊടുത്തിരിക്കുന്നു. പാട്ട്/ഭാഷ പഠിച്ചെടുക്കാനും പിന്നീട് പാടാനും/പറയാനും ആവശ്യമായ് ഇടങ്ങൾ. കുറുകേ ഉള്ള തവിട്ട് വരകൾ സമാന്തരങ്ങളായ ഇടങ്ങൾ സൂചിപ്പിക്കുന്നു.  നെടുകേ ഉള്ള നീല വരകൾ നിയന്ത്രണകേന്ദ്രങ്ങളുടെ ബന്ധങ്ങളും തൊണ്ടയിലേക്ക് ശബ്ദനിർമ്മിതിയ്ക്കായി നിർദ്ദേശങ്ങൾ പോകുന്ന വഴിയും സൂചിപ്പിക്കുന്നു. പക്ഷികളിലെ പച്ച നിറമുള്ള ഭാഗങ്ങൾ എല്ലാം കൂടി മനുഷ്യരിൽ ‘കോർടെക്സ്’ ഇൽ ഒതുക്കിയിരിക്കുന്നത് ശ്രദ്ധിക്കുക

   പാട്ട് പഠിച്ചെടുക്കാനും നിലനിർത്താനും ശബ്ദങ്ങളായി മാറ്റാനുമുള്ള സംവിധാനങ്ങളിൽ പ്രധാനകേന്ദ്രങ്ങൾ  എഛ് വി സി (HVC), ഏരിയ എക്സ് (Area X), എൽമാൻ (LMAN), ആർ എ (RA), ഡി. എൽ. എം (DLM) എന്നിവയാണ്. ചിത്രം 5  ഇൽ  ഈ കേന്ദ്രങ്ങൾ വിശദമായി കാണാം.

എഛ് വി സി
  പാട്ട് പഠിച്ചെടുക്കുക, ശബ്ദങ്ങളായി മാറ്റുക എന്നീ രണ്ട് ധർമ്മങ്ങളേയും  (നീല, കറുപ്പ്-പഠിച്ചെടുക്കുക,ശബ്ദമാക്കുക ചിത്രം 5)  കൂട്ടിയിണക്കി നിയന്ത്രിക്കുന്ന ‘റ്റീം ലീഡ്’ പദവിയാണ് എഛ് വി സി ( high vocal center മുകൾ വോക്കൽ കേന്ദ്രം)യ്ക്ക്. പല ന്യൂറോൺ സംഘങ്ങൾ ഒന്നിച്ചും വേറിട്ടും പ്രവർത്തിക്കുന്ന ഇടം.  ചിത്രം 5 ഇൽ ഏറ്റവും മുകളിലായി കറുത്ത ദീർഘവൃത്തം എഛ് വി സി ആണ്. പാട്ട് പഠിയ്ക്കുന്ന സമയത്ത് പല  സംഘം ന്യൂറോണുകളും ഉത്തേജിതമാകുന്നു.  പിന്നീട് പാടുന്നതു നിയന്ത്രിക്കുന്നതും ഈ ന്യൂറോൺ കേന്ദ്രമാണ്. രണ്ട് തരത്തിലുള്ള ന്യൂറോണൂകൾ ഉണ്ടിവിടെ. കേൾവിയുടെ വലയങ്ങളിൽ നിന്നും പാട്ട് സ്വരൂപിച്ചെടുത്ത് അത് ഓർമ്മകേന്ദ്രത്തിലേക്ക് നിക്ഷേപിക്കാനും അവിടുന്ന് ആവശ്യമാകുന്ന സമയത്ത് വെളിയിൽ കൊണ്ടുവരാനും ഒരു പറ്റം ന്യൂറോണുകളും ആർ എ എന്ന കേന്ദ്രത്തിലേക്ക് പാട്ട് പാടേണ്ടസമയത്ത് ആ വിവരങ്ങളും നിർദ്ദേശങ്ങളും അയയ്ക്കാൻ മറ്റൊരു പറ്റം ന്യൂറോണുകളും. ആർ എയിലേക്ക് 40,000 ന്യൂറോണുകളണ് ഒരു സമയം സന്ദേശവുമായി പോകുന്നത്. സ്വന്തം സ്പീഷീസിന്റെ പാട്ട് മാത്രം തെരഞ്ഞെടുത്ത്  ഓർമ്മയുടെ ബാങ്കിൽ (ഇത് മറ്റൊരു ന്യൂറോൺ സംഘമാണ്) സൂക്ഷിക്കാനുള്ള കഴിവുണ്ട് എച്ച് വി സിയ്ക്ക്. പാട്ടിന്റെ ഖണ്ഡങ്ങൾ വേർതിരിക്കാനും മറ്റ് വലയങ്ങളുമായി സംവദിച്ച് ഈ ഖണ്ഡങ്ങളെ അനുസ്യൂതമായി കൊരുത്തു കെട്ടാനുമൊക്കെ എഛ് വി സി കേന്ദ്രത്തിനു വിരുതേറെയുണ്ട്. തലച്ചോറിന്റെ താഴേ ഭാഗമായ്  തലാമസിലെ‘ ഉവ’  (uva) എന്ന കേന്ദ്രം പാട്ട് നിരന്തരമായി പാടിത്തീർത്തുകൊണ്ടിരിക്കാൻ നിർദ്ദേശങ്ങൾ നൽകുന്നുമുണ്ട് എഛ് വി സിയ്ക്ക്.




ചിത്രം 5. പാട്ട് പക്ഷികളിലെ തലച്ചോർ വലയങ്ങൾ. എൽമാൻ, ഏരിയ എക്സ്, ഡി എൽ എം (നീലനിറം) പരസ്പരം ബന്ധപ്പെടുന്നു, ഇവ എഛ് വി സി, ആർ എ ( കറുപ്പ്) എന്നിവടങ്ങുളമായി സംവദിക്കുന്നു. ചുവപ്പ് നിറത്തിലുള്ള എൻ സി എം ഓർമ്മകേന്ദ്രമാണ്. ആർ എ യിൽ നിന്നുള്ള സന്ദേശങ്ങൾ nXIIts വഴി  syrinx എന്ന ശബ്ദപേടകത്തിലേക്ക്.


ഏരിയ എക്സ്  (Area X)- പാട്ട് പഠിയ്ക്കുന്നതിന്റേയും പാടുന്നതിന്റേയും മാജിക് കേന്ദ്രം  

    പാട്ട് പഠിച്ചെടുക്കുന്നതിൽ പ്രധാന ന്യൂറോൺ കേന്ദ്രമാണ് ഏരിയ എക്സ്. തനിയെ പാടാനുള്ള വിവരങ്ങൾ സമാഹരിക്കാനും സൂക്ഷ്മവശങ്ങളെ സംഘടിതമാക്കാനും സമന്വയിക്കാനും ഈ ന്യൂറോൺ സംഘങ്ങൾ വ്യാപൃതരാണ്.  ആദ്യകാലങ്ങളിൽ പാട്ട് പഠിച്ചെടുക്കുമ്പോൾ അത്യന്തം പ്രവർത്തനനിരതമാകുന്നതും ഏരിയ എക്സ് ആണ്. പാട്ടിലെ സ്വരങ്ങളുടെ സമയബന്ധിതമായ വിന്യാസങ്ങളും സിലബിളുകളുടെ അനുക്രമങ്ങളും ധോരണികളുമൊക്കെ ഈ കേന്ദ്രത്തിന്റെ പ്രവർത്തനഫലമായാണ് ഉടലെടുക്കുന്നത്.   ഈ കേന്ദ്രം അത്യന്തം ജാഗരൂകമാകും പാട്ട് പാടുമ്പോൾ. (ചിത്രം 5 ഇൽ നീലനിറത്തിൽ കാണിച്ചിരിക്കുന്നു). ഏരിയ എക്സ് നിർവ്വീരികരിക്കപ്പെട്ടാൽ പാട്ട് പഠിച്ചെടുക്കുന്നത് സാരമായി ബാധിക്കപ്പെടും. എഛ് വി സിയിൽ നിന്നും ചിലനിർദ്ദേശങ്ങളും സ്വീകരിക്കും ഏരിയ എക്സ്,. പ്രധാന റിലേ കേന്ദ്രവുമാണ് ഈ ന്യൂറോൺ കേന്ദ്രം.  പാട്ട് പഠിച്ചെടുക്കുന്ന പ്രായത്തിൽ ഈ ഭാഗത്തിനു ഹാനി സംഭവിച്ചാൽ ശുദ്ധതയും സ്ഫഷ്ടതയും നഷ്ടപ്പെടും, സ്വരാക്ഷരങ്ങൾക്ക് “ഷഡ്ജം ഇട്ടില്ല” എന്ന മട്ട് വരും. ‘അച്ചരസ്പുടത’ നന്നേ കമ്മിയും. പാട്ട് പഠിച്ചു കഴിഞ്ഞാണ് ക്ഷതം സംഭവിക്കുകയെങ്കിൽ  അത്ര വലിയ ആഘാതമില്ല, ഒരു ചെറിയ വിക്ക് വന്നേയ്ക്കും, പാട്ടിന്റെ ടെമ്പോയും മാറ്റപ്പെടും. മനുഷ്യരിൽ ഇതിനു സമാനമായ ന്യൂറോൺ കേന്ദ്രം ഉണ്ട് തലച്ചോറിലെ കോർടെക്സിൽ. വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങൾ ആകും ഈ ഭാഗം വളർന്നു വികാസം പ്രാപിച്ചില്ലെങ്കിൽ.


എൽമാൻ (LMAN) 
    പാട്ടിലെ വൈവിദ്ധ്യവും ചഞ്ചലതയും എൽമാൻ എന്ന ഇടത്തിന്റെ പ്രദാനമാണ്. ശബ്ദങ്ങളുടെ ശുദ്ധതയും പ്രകമ്പനമാനങ്ങളും ഈ ന്യൂറോൺ സംഘം നിയന്ത്രിക്കുന്നു. മാത്രമല്ല ഉത്തേജനത്താൽ  പാട്ടിന്റെ  വിപുലത (amplitude)യും സ്വരമാന (pitch)വും  ആവശ്യാനുസരണം മാറ്റുന്നതും എൽമാൻ ആണ്. പാട്ട് പഠിയ്ക്കുന്ന കാലത്ത്”ടൈമിഗ്” കാത്തു സൂക്ഷിയ്ക്കുന്നത് എൽമാൻ തന്നെ. ശബ്ദങ്ങളുടെ വിന്യാസക്രമങ്ങളെപ്പറ്റിയും അവയുടെ വ്യത്യാസങ്ങളെപ്പറ്റിയും കുറിപ്പ് സൂക്ഷിക്കുകയും എൽമാന്റെ ധർമ്മമാണ്. പാട്ട് കേൾക്കുമ്പോൾ സൂക്ഷ്മാവബോധം ഉണ്ടാവുന്നതും എൽമാൻ വഴിയാണ്. ഈ കേന്ദ്രത്തിലെ പകുതി ന്യൂറോണുകൾ  പാട്ട് നിർമ്മിച്ചെടുക്കുന്ന ഇടത്തിലേക്കും പകുതിന്യൂറോണൂകൾ മേൽ‌പ്പറഞ്ഞ  ഏരിയ എക്സിലേക്കും സംവേദനങ്ങൾ അയച്ചുകൊണ്ടിരീക്കും. പാട്ടിന്റെ സ്വരവിന്യാസങ്ങളിൽ ഏകാഗ്രത നിലനിറുത്താനും അന്യശബ്ദങ്ങളോ സ്വരങ്ങളോ വന്നു കൂടി പാളിപ്പോകാതിരിക്കാനും എൽമാൻ ന്യൂറോണുകൾ സദാ ജാഗരൂകരാണ്. ഇതിനുള്ള നിർദ്ദേശങ്ങളും അവ അയച്ചുകൊണ്ടിരിക്കും. പാട്ടുകൾ മാറ്റിപ്പാടേണ്ടപ്പോൾ അതിനുള്ള സംവിധാനങ്ങൾ ഈ ന്യൂറോൺ കേന്ദ്രത്തിലുണ്ട്. (പല പക്ഷികളും ഒരേ പാട്ട് സന്ദർഭമനുസരിച്ച് മാറ്റിപ്പാടും. ഇണയോടുള്ള പാട്ടല്ല വെറുതേ ഇരുന്നു പാടുമ്പോൾ. വസന്തകാലത്തുള്ള പാട്ട് സ്വൽ‌പ്പം മാറ്റി ആയിരിക്കും ശരൽക്കാലത്തിൽ പാടുക). മനുഷ്യരിൽ  ഭാഷ ശരിയായിട്ട് മനസ്സിലാകാതെ പോകുന്ന അവസ്ഥ ഉണ്ടാകുന്നതും എൽമാന്റെ തത്തുല്യ കേന്ദ്രത്തിനു ക്ഷതി വന്നുകൂടിയാലാണ്.

ഡി എൽ എം (DLM)
  പാട്ട് തുടങ്ങാനുള്ള സംവേദനങ്ങൾ ഇവിടെ നിന്നാണ് പുറപ്പെടുക. തലച്ചോറിന്റെ താഴേഭാഗത്തെ തലാമസിലാണ് ഡി എൽ എം നിലകൊള്ളുന്നത്. ഏരിയ എക്സിൽ നിന്നും ചില നിർദ്ദേശങ്ങൾ കിട്ടണം പാട്ട് തുടങ്ങാൻ എങ്കിലും ഡി എൽ എംന്റെ തീരുമാനമില്ലാതെ പാട്ടിലേക്ക് പ്രവേശിക്കാൻ സാധിയ്ക്കുകയില്ല. ആദ്യം ചെയ്യുക എൽമാൻ എന്ന കേന്ദ്രത്തിലേക്ക് ഒരു അറിയിപ്പ് കൊടുക്കുക എന്നതാണ്. പിന്നീട് പാട്ടിലെ വിന്യാസങ്ങൾക്ക് ചാതുര്യം വരുത്തുന്നതിൽ എൽമാൻ കേന്ദ്രത്തിനു ഈ ഡി എൽ എം ന്റെ അനുമതിയും വേണം.  ഇതേ സർക്യൂടുകൾ മനുഷ്യരുടെ ഭാഷാവലയങ്ങളിലും ഉണ്ട്.
ഏരിയ എക്സ്, എൽമാൻ, ഡി എൽ എം എന്നീ കേന്ദ്രങ്ങൾ വലക്കണ്ണികൾ തീർക്കുന്നത് നീലനിറത്തിൽ  ചിത്രം 5 ഇൽ കാണിച്ചിരിക്കുന്നു.

ആർ എ (R. A)-അനുഭൂതികളെ ശബ്ദങ്ങളാക്കുന്ന കേന്ദ്രം
 പാട്ട് പുറപ്പെടുവിക്കുന്നതിനു തുടക്കമിടുകയും പാടുമ്പോൾ എച് വി സിയുടെ നിർദ്ദേശമനുസരിച്ച് വിവരങ്ങൾ തൊണ്ടയിലേക്ക് അയയ്ക്കുകയും ചെയ്യുന്ന കേന്ദ്രം. ഇതിലെ ന്യൂറോണുകളെ നിർവ്വീര്യമാക്കിയാൽ പാടാൻ പറ്റുകയില്ല. എന്നാൽ പാട്ടിന്റെ വിശദാംശങ്ങളും മറ്റ് സാമഗ്രികളും ഒന്നാന്തരമായി സൂക്ഷിക്കപ്പെടുകയും ചെയ്യും. ഏരിയ എക്സിൽ നിന്നും എൽമാൻ വഴി പാട്ടുവിവരങ്ങൾ എത്തുകയാണിവിടെ. പൊതുവേ ഉള്ള നിയന്ത്രണത്തിനു മാസ്റ്റർകേന്ദ്രമായ എച് വി സി ഉണ്ട്. പാട്ടിലെ സ്വര-താളക്രമങ്ങളെപ്പറ്റിയുള്ള സന്ദേശങ്ങളുമായി  എഛ് വി സിയിൽ നിന്നും ആയിരക്കണിക്കിനു ന്യൂറോണുകളാണ് ഇവിടെ എത്തുന്നത്.  ഈ ന്യൂറോണുകളുടെ  “ഫയറിങ്” അനുസരിച്ച് സ്വരാക്ഷരങ്ങളും അവയുടെ ഘടകങ്ങളും ക്രമപ്പെടുത്തും.  ഒരു സി ഡിയിലോ പെൻ ഡ്രൈവിലോ റെക്കോർഡ് ചെയ്തിരിക്കുന്ന പാട്ട് ശബ്ദങ്ങളാക്കി മാറ്റുന്ന യാന്ത്രിക  “മോടോർ“ കേന്ദ്രമാണ് ആർ എ.  ഒരു പാട്ട് മോടിഫിൽ ഓരോ ന്യൂറോണും ഏകദേശം പത്ത് ഉയർന്ന ഫ്രീക്വൻസിയിലുള്ള  പൊട്ടിപ്പുറപ്പെടൽ (spike) എന്നതാണ് തോത്. ശബ്ദക്രമീകരണത്തിന്റെ താളമാണ് ഇത്. എന്നാൽ നിർദ്ദേശങ്ങളയക്കുന്ന എച് വി സി ഒരു മോടിഫിനു ഒരു പൊട്ടിപ്പുറപ്പെടൽ എന്ന തോതിലെ വർത്തിക്കുന്നുള്ളു. ഏകദേശം 6 മില്ലിസെക്കൻഡ് (ഒരു സെക്കന്റിന്റെ ആയിരത്തിലൊന്ന് ആണ് ഒരു മില്ലിസെക്കന്റ്) മാത്രം നീണ്ടു നിൽക്കും ഇത്.  പലേ ആർ ഏ  ന്യൂറോണുകളുമായി മാറിയും തിരിഞ്ഞും ബന്ധപ്പെടുന്നതുകൊണ്ട് ഈ സന്ദേശങ്ങൾ ശതഗുണീഭവിക്കപ്പെടുകയാണ്. എഛ് വി സിയിലെ 5-30 വരെ പരസ്പരം ഘടിപ്പിച്ചിട്ടില്ലാത്ത ന്യൂറോൺസംഘങ്ങൾ  ഒരു സ്വരാക്ഷരവുമായി ബന്ധപ്പെട്ടിരിക്കും എന്നാണ് കണക്ക്. ഇവയുടെ വൈദ്യുതവിസ്ഫോടനത്തിന്റെ അനുക്രമം  ശബ്ദവിന്യാസത്തിന്റെ താളാനുസൃതമായ സ്ഫുരണത്തിനു സഹായിക്കുന്നു. ഈ നിർദ്ദേശങ്ങൾ ആർ എ യിലെ ഒരുപറ്റം ന്യൂറോണുകൾ തൊണ്ടയിലേക്ക്  അയയ്യ്ക്കുകയാണ് പിന്നീട്. യാന്ത്രികമായ അഥവാ ശബ്ദനിർമ്മിതിയുമായി ബന്ധപ്പെട്ട ഊർജ്ജസ്വലരാകയാൽ ‘മോടോർ ന്യൂറോണുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്.  ഒരു മോടോർ ന്യൂറോണിനു 1000 ആർ എ ന്യ്യൂറോൺ എന്ന കണക്കിനു. എച് വി സിയിൽ നിന്നും 40,000 ന്യൂറോണൂകളാണ് നിർദ്ദേശങ്ങളുമായി ആർ എയിൽ എത്തുന്നത്. അതുകൊണ്ട് ഈ സംവേദനങ്ങളൊക്കെ സങ്കീർണ്ണമെങ്കിലും തിരുതകൃതിയായി നടന്നുകൊള്ളും. എപ്പോഴും. ആർ എ സ്വാംശീകരിച്ച വിവരങ്ങളെല്ലാം തൊണ്ടയ്ക്കടുത്തുള്ള nXIIts എന്ന കേന്ദ്രത്തിൽ എത്തിയിട്ട് പ്രത്യേക നാഡി വഴി തൊണ്ടയിലെ ശബ്ദതന്ത്രികളെ പ്രകമ്പനം കൊള്ളിച്ചു കൊള്ളും. പാട്ട് പഠിയ്ക്കുന്ന സ്മയത്തും ഈ ആർ എ കേന്ദ്രം വികസിക്കും-പിന്നീട് പാടാനുള്ളതെന്ന കണക്കിൽ. എച് വി സി, ആർ  എ എന്നീ കേന്ദ്രങ്ങൾക്ക് ഹാനി സംഭവിച്ചാൽ പാടാൻ  പറ്റാതാകുന്നത് മനുഷ്യരിൽ സമാന ഇടങ്ങൾക്ക് സംഭവിക്കുന്ന ക്ഷതിയുമായി സാമ്യമുണ്ട്. കുഞ്ഞുന്നാളിലെ പറ്റുന്ന ഹാനി ആണെങ്കിൽ സാവധാനം അത് മാറിക്കിട്ടും പക്ഷികളിലും മനുഷ്യരിലും.  

   പാട്ട് പാടിത്തുടങ്ങുമ്പോൾ മേൽപ്പറഞ്ഞ വലയങ്ങൾ (മറ്റ് അനവധി സർക്യൂട്ടുകളും-വിസ്താരഭയത്താൽ അവ ഇവിടെ ചേർത്തിട്ടില്ല)  തമ്മിൽ സമ്പർക്കസമ്പ്രേഷണങ്ങൾ നടക്കുകയാണ്. പല ന്യൂറോൺ കേന്ദ്രങ്ങളിലും ജീനുകൾ ഉണർന്നു വിലസും. വൈദ്യുതീ തരംഗങ്ങൾ നീളെയും കുറുകെയും പായും. എഛ് വി സിയിലും ആർ എയിലും ഉള്ള ന്യൂറൽ ഫയറിങ് സ്വരാക്ഷരങ്ങളുടെ അനുക്രമവുമായി  പരസ്പരബന്ധം ചമയ്ക്കാനുള്ളതാണെങ്കിൽ ഏരിയ എക്സിലും എൽമാനിലുമുള്ള ഫയറിങ്  നാനാരൂപമാർന്നതും  പാട്ടിന്റെ വൈവിദ്ധ്യവും പരിവർത്തനശീലതയും ആയി ബന്ധപ്പെടുന്നതുമാണ്.  പാട്ടിൽ ആവർത്തിച്ചു വരുന്ന ഖണ്ഡങ്ങൾ കൂടുതൽ  ചമൽക്കാരത്തോടെ വേണോ എന്ന തീരുമാനത്തിനു എഛ് വി സിയും എൽമാനും കൂടെ  ചില കളികൾ കളിയ്ക്കുന്നുണ്ട്. അടിസ്ഥാനപരമായി ഈ സർക്യൂടുകളാണ് പാട്ട് ഉളവാക്കുന്നത്. (ഓർമ്മ കേന്ദ്രമായ എൻ സി എം ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല). എല്ലാ സന്ദേശങ്ങളും ‘മോടോർ” കേന്ദ്രമായ ആർ എ യിൽ എത്തുന്നത് ശ്രദ്ധിക്കുക.  അവിടെ നിന്നും  ഇവയെല്ലാം  “നാദങ്ങളായ് നീ വരൂ” എന്ന മട്ടിൽ  nXIIts എന്ന നാഡീകേന്ദ്രത്തിൽ എത്തുകയാണ്. തൊണ്ടയിലേക്കുള്ള നാഡികൾ ഇവയെ ശബ്ദങ്ങളാക്കി മാറ്റുകയാണ്, സ്വരതന്തികൾ കമ്പനം ചെയ്ത്.

   മേൽ‌പ്പറഞ്ഞ ന്യൂറോൺ കേന്ദ്രങ്ങൽ തമ്മിലുള്ള കൊടുക്കൽ വാങ്ങൽ അത്ര തീവ്രമായി  എന്നെന്നേയ്ക്കുമായി നിജപ്പെടുന്നില്ല, പലപ്പോഴും. ഇണ ചേരേണ്ട കാലങ്ങളിൽ ചില മാറ്റങ്ങൾ സംഭവിച്ചെന്നിരിക്കും. ഒരു വർഷത്തിൽത്തന്നെ എഛ് വി സിയിൽ മാറ്റങ്ങൾ കാണാവുന്നതാണ്. (ചിത്രം 6) ന്യൂറോൺ ബന്ധങ്ങൾ ചാക്രികമായി മാറി മറിയുകയാണ് ഒരു വർഷത്തിൽത്തന്നെ.. വിഷുക്കാലത്ത് പാട്ട് പാടുന്ന വിഷുപ്പക്ഷി ഉദാഹരണം. പാട്ട് പാടാത്ത കാലങ്ങളിലെ വിഷുപ്പക്ഷിയുടെ തലച്ചോർ വലയങ്ങൾ തീർച്ചയായും വ്യത്യാസപ്പെട്ടിരിക്കും. കാനറികൾക്ക് പ്രായപൂർത്തി ആയാലും പുതിയ പാട്ട് പഠിച്ചെടുക്കാം. ഇവയിൽ എഛ് വി സിയിൽ മാറ്റങ്ങൾ വരും. എന്നാൽ പുതിയ പാട്ട് പഠിച്ചെടുക്കാത്ത ഫിഞ്ച് കിളികളിലും ഇതിനു തുല്യമായ മാറ്റങ്ങൾ-പുതിയ ന്യൂറോണുകൾ നിർമ്മിച്ചെടുക്കൽ- നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പാട്ട് പാടാനുള്ള നിർദ്ദേശങ്ങളേക്കാൾ പാട്ടിന്റെ ഘടനാവിന്യാസങ്ങളെപ്പറ്റിയും അത് പുറപ്പെടുവിക്കപ്പെടുന്നതിന്റെ വിശദാംശങ്ങളെപ്പറ്റിയും ഈ പക്ഷികളിൽ ആഴധാരണ ഉരുത്തിരിയാൻ വേണ്ടിയാണിത് എന്നാണ് നിഗമനം.




 ചിത്രം 6. സ്റ്റെർലിങ് പക്ഷിയുടെ തലച്ചോർ സ്കാനിങ് ചിത്രം. വസന്തത്തിലും വേനലിലും ന്യൂറോൺ ബന്ധങ്ങൾ മാറുന്നു. പ്രത്യേകിച്ചും എഛ് വി സിയിൽ നിന്നും ആർ എ യിലേക്കുള്ളവ. (സൂചകവരകൾ നോക്കുക)


 ഉണർത്തൂ ശ്രുതിക്കൂട്ടിനുള്ളിൽ ജീനുകൾ
    പാട്ട് കേൾക്കുമ്പോഴും പഠിയ്ക്കുമ്പോഴും മേൽ‌പ്പറഞ്ഞ ന്യൂറോൺ കേന്ദ്രങ്ങൾ പലതും ഉണർന്ന് വശാകുകയാണ് എന്നത് വ്യക്തമാണ്.  ന്യൂറോണുകൾ തമ്മിൽ സംവദിക്കുന്നത് ഓരോ ന്യൂറോൺ കോശങ്ങളുടേയും നീണ്ട തന്തുവായ ‘ആക്സോൺ’ വഴി വൈദ്യുതതരംഗം പായിച്ചാണ്. ശരിക്കും ഇലക്ട്രിക്കൽ വയറിങ് മാതിരി. അടുത്ത ന്യൂറോൺ കോശമെത്തുമ്പോഴേയ്ക്കും ഈ തരംഗസന്ദേശം രാസവസ്തുക്കളാലുള്ള സന്ദേശമാക്കി മാറ്റപ്പെടും. ഈ രാസവസ്തു അടുത്ത ന്യൂറോണിൽ വൈദ്യുതീതരംഗം ഉളവാക്കും. ഒരേ സമയം ഒരു ന്യൂറോണിനു പലേ ന്യൂറോണൂകളുമായി ബന്ധം ഉള്ളതുകൊണ്ട് സന്ദേശങ്ങൾ വളരെപ്പെട്ടെന്ന് പ്രവഹിച്ചു പരക്കുകയാണ്. അതുകൊണ്ട് ന്യൂറോണുകൾ ഉത്സാഹിച്ചുണരുന്നതിന്റെ അടയാളം വൈദ്യുതിയാണ്; ഇതുണ്ടോ എന്ന് നോക്കിയാൽ ആ ന്യൂറോണൂകൾ സന്ദേശങ്ങൾ പരത്തുന്നോ എന്നറിയാം. പക്ഷികൾ പാട്ട് പാടുമ്പോഴും പഠിയ്ക്കുമ്പോഴും എലെക്ട്രിക്കൽ ഉത്തേജനം  മസ്തിഷ്കകേന്ദ്രങ്ങളിൽ നിരീക്ഷക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ന്യൂറോൺ കോശങ്ങൾക്കുള്ളിലെ മറ്റ് ഉണർവ്വുകളെപ്പറ്റി അറിവ് ലഭിച്ചിരുന്നില്ല. ഓരോ കോശങ്ങളും അവയ്ക്കുള്ളിൽ എന്തൊക്കെ പ്രവർത്തനങ്ങൾക്കുള്ള തയാറെടുപ്പുകളാണു നടത്തുന്നതെന്നുള്ള അറിവ് അത്യാവശ്യമാണ്.  പാട്ട് പാടുമ്പോഴും പഠിയ്ക്കുമ്പോഴും ന്യൂറോണുകളിലെ ജീനുകൾ ഉണർന്നു തുടങ്ങുന്നതിന്റെ തെളിവ്1992 ഇൽ ആദ്യമായി  ലഭിച്ചു.  റോക്ഫെല്ലർ യൂണിവേഴ്സിറ്റിയിലെ മെല്ലോ, വികാറിയോ, ക്ലെയ്റ്റൺ എന്നീ ശാസ്ത്രജ്ഞർ പാട്ടുകേന്ദ്രങ്ങളിൽ “സെങ്ക്” എന്ന് പൊതുവേ വിളിയ്ക്കപ്പെടുന്ന ജീനുകൾ ഉന്മേഷോത്സാഹത്തോടേ ഉണർന്നെഴുന്നതായി കണ്ടുപിടിച്ചത് വിപ്ലവാത്മകം തന്നെ ആയിരുന്നു. ഇതേ ജീൻ കോശവിഭജനത്തിന്റെ ആദ്യപടിയായി  അതിന്റെ രീതിക്രിയകൾക്ക് സജ്ജമാകാൻ കോശത്തെ സഹായിക്കുന്ന ഇ ജി ആർ (egr--1 early growth response gene-1) എന്ന പേരിൽ 1987 ഇൽത്തന്നെ കണ്ടുപിടിയ്ക്കപ്പെട്ടിട്ടുണ്ടായിരുന്നു. ആ ജീനിനു പുതിയ ധർമ്മങ്ങൾ ഉണ്ടെന്നുള്ളതാണ് മെല്ലോ ഗ്രൂപ് പ്രഖ്യാപിച്ചത് .കോശങ്ങളിലെ തന്മാത്രാപ്രവർത്തനവും  ജീവികളുടെ പുറമേ ഉള്ള പെരുമാറ്റവും തമിലുള്ള ഇതുവരെ വെളിവാകാതിരുന്നിരുന്ന ബന്ധം ഇതോടെ പെട്ടെന്ന് ശാസ്ത്രലോകത്തിനു പിടികിട്ടുകയായിരുന്നു. പാട്ടിന്റെ ഘടനകൾ ഓർമ്മയിൽ സൂക്ഷിക്കുന്ന  NCM എന്ന ന്യൂറോൺ കേന്ദ്രത്തിലാ‍ണ് ഈ സെങ്ക് ജീൻ പ്രകാശിക്കപ്പെടുന്നത് എന്നായിരുന്നു ആദ്യത്തെ അറിവ്. സ്വന്തം സ്പീഷീസിന്റെ പാട്ട് കേൾക്കുമ്പോൾ മാത്രമേ ഈ ജീൻ ഉണരുകയുള്ളു എന്നത് അദ്ഭുതാവഹമായി ഇന്നും നിലകൊള്ളുന്നു.  പാട്ടല്ലാതെ മറ്റ് ശബ്ദവിന്യാസങ്ങൾ കേട്ടാൽ ഇത് സംഭവിക്കുകയുമില്ല എന്ന സത്യകാരണത്താൽ സംഗീത പരതയ്ക്കും സംഗീതത്തിന്റെ സാംസ്ക്കാരികസ്വാധീനപ്പൊരുളുകൾക്കും  തന്മാത്രാപരമായ അടിസ്ഥാനം നിർമ്മിച്ചു കൊടുക്കുകയായിരുന്നു ഈ പ്രതിഭാസവെളിപാട്.
        വിപുലമായ പഠനങ്ങൾക്കാണ് മെല്ലോ ഗ്രൂപ്പിന്റെ ഈ പുതിയ കണ്ടുപിടിത്തം വഴി തുറന്നത്. പാട്ട് പഠിയ്ക്കുമ്പോൾ ‍ആദ്യമായി ഏരിയ എക്സിൽ ഈ ജീൻ ഉണരുന്നതായി നിരീക്ഷിക്കപ്പെട്ടു താമസിയാതെ. പാട്ട് കേൾക്കുമ്പോൾ എഛ് വി സി, ആർ എ, എൽ മാൻ എന്നീ ന്യൂറോൺ കേന്ദ്രങ്ങളിൽ ‘സെങ്ക്’ പ്രകാശനം ചെയ്യപ്പെടുന്നു, ഏരിയ എക്സിൽ പതിന്മടങ്ങാണു പ്രകാശനം. (ചിത്രം 7 നോക്കുക) .  ഈ പ്രകാശനത്തിന്റെ അളവ് സ്വരാക്ഷരങ്ങളുടെ (syllables) എണ്ണം കൂടുന്നതനുസരിച്ച് വർദ്ധിക്കുമെന്നത് കൌതുകകരം തന്നെ. കൂടാതെ പാട്ട് കൂടുതൽ സ്ഥിരീകരിക്കപ്പെടുകയും  ശുദ്ധമായി ഉരുത്തിരിയുകയും ചെയ്യപ്പെടുന്നതനുസരിച്ച് ഏരിയ എക്സിലെ സെങ്ക് അളവ് വർദ്ധിക്കുകയുമാണ്.  ഇതൊക്കെ സാധിച്ചു കഴിഞ്ഞാൽ ഈ ജീനിന്റെ പ്രകാശനത്തോത് ഗണ്യമായി കുറയും. ഫിഞ്ച് കിളികളിൽ അച്ഛനിൽ നിന്നും പഠിച്ച പാട്ട് അതേപടി വീണ്ടും കേൾക്കുമ്പോഴാണ് ഈ ജീൻ കൂടുതൽ ഉത്സാഹത്തോടേ ഉണർന്നു പ്രവർത്തിക്കുന്നത്. പാട്ട് നന്നായി പഠിച്ച, കച്ചേരി പാടിത്തുടങ്ങുന്ന ഫിഞ്ച് യേശുദാസന്മാരിൽ ഈ സെങ്ക് പ്രകാശനം അത്ര തീവ്രമല്ല താനും.




ചിത്രം 7. കാനറിയുടെ തലച്ചോർ ഛേദങ്ങൾ. സെങ്ക് ജീൻ പ്രകാശിക്കപ്പെടുന്ന ഇടങ്ങൾ വെളുത്ത പൊട്ടുകളാൽ കാണപ്പെടുന്നു. ഏരിയ എക്സിലും എൽമാനിലും എഛ് വി സിയിലും പാട്ട് കേട്ടുകൊണ്ട് പാടുമ്പോൾ ഉയർന്ന അളവിൽ സെങ്ക് പ്രകാശനം കാണപ്പെടുന്നു. പാട്ട് കേൾക്കുമ്പോൾ മാത്രം ഈ ജീനുകൾ ഉത്തേജിക്കപ്പെടുന്നില്ല. നിശബ്ദമായി ഇരിയ്ക്കുമ്പോൾ ഈ ജീൻ തീരെ ഉണരുന്നില്ല എന്നത് ശ്രദ്ധിക്കുക

ചിത്രം 7 നോക്കുക. കാനറിയുടെ തലച്ചോർ ഛേദമാണ്.  വെളുത്ത പൊട്ടുകൾ സെങ്ക് ജീനിന്റെ ഉണർവ്വ് സൂചിപ്പിക്കുന്നു. പാട്ട് കേൾക്കുമ്പോൾ മുകളിലുള്ള ചില ഭാഗങ്ങളിൽ സെങ്ക് പ്രകാശിക്കപ്പെടുകയാണ്. എന്നാൽ ഏരിയ എക്സ്, എൽ മാൻ എന്നീകേന്ദ്രങ്ങളിൽ അത് സംഭവിക്കുന്നില്ല. കേൾക്കുകയും പാടുകയും ചെയ്യുമ്പോൾ ഏരിയ എക്സിൽ ഇത് ശതഗുണീഭവിക്കുകയാണ്, അതുകൊണ്ട് ഏരിയ എക്സ് മുഴുവനും വെളുത്ത് കാണുന്നു. എൽമാനിലും എഛ് വി സിയിലും ഈ ജീൻ  കൂടുതൽ പ്രകാശിക്കപ്പെടുന്നു. എന്നാൽ പാടുമ്പോൾ മാത്രം (കേൾവി നിർവ്വീകരിക്കപ്പെട്ട പക്ഷികളിൽ) ഈ പ്രകാശനം കുറഞ്ഞ തോതിലാണ്.

   പാട്ട് കൂടുതൽ പാടുന്നതനുസരിച്ച്, പ്രത്യേകിച്ചും പാട്ട് പഠിയ്ക്കുന്ന കാലത്ത് സെങ്ക് ജീൻ ഏരിയ എക്സിൽ കൂടുതൽ പ്രകാശിക്കപ്പെടും.  ചിത്രം 8 ശ്രദ്ധിക്കുക. ഒന്നും പാടാത്ത മൈനയുടെ  ഏരിയ എക്സിൽ സെങ്ക് ജീൻ ഉണരുന്നതേ ഇല്ല.  ഒരു മണിക്കൂറിൽ 27 പാട്ട് പാടിയ മൈനയിൽ സെങ്ക് പ്രകാശനം ത്വരിതപ്പെടുകയാണ്. ഒരുമണിക്കൂറിൽ 61 പാട്ട് പാടിയപ്പോൾ ഇതേ ജീനിന്റെ പ്രകാശനം വളരെ ഉയർന്നതോതിൽ പ്രത്യക്ഷമാകുകയാണ്.




ചിത്രം 8. പാട്ട് പക്ഷിയുടെ ഏരിയ എക്സ് കേന്ദ്രം. പാട്ട് കൂടുതൽ പാടുന്നതനുസരിച്ച്  ഏരിയ എക്സിൽ സെങ്ക് ജീൻ ഉണർന്നു പ്രവർത്തിക്കുന്നു. ഒരു മണിക്കൂറിൽ 27 പാട്ട് പാടിയപ്പോൾ പ്രകാശനം ചെയ്യപ്പെടുന്ന സെങ്ക് ജീനുകളേക്കാൾ വളരെക്കൂടുതലാണ് മണിക്കൂറിൽ 61 പാട്ട് പാടിയപ്പോൾ. കറുത്ത പൊട്ടുകൾ സെങ്ക് ജീൻ പ്രകാശനം അടയാളപ്പെടുത്തുന്നു



ഫോക്സ് പി2 എന്ന സംസാരശേഷിജീൻ
      മനുഷ്യരിൽ സംസാരശേഷിയ്ക്ക് അത്യന്തം ആവശ്യമുള്ള ഒരു ജീൻ ആണ് ഫോക്സ് പി 2. ഈ ജീനിന്റെ തകരാറുമൂലം ഉച്ചാരണത്തിൽ വളവ് പുളവുകൾ വരുത്താനോ ശബ്ദക്രമീകരണങ്ങൾ നടത്തുവാനോ കേൾക്കുമ്പോൾ ഇവയൊക്കെ മനസ്സിലാക്കുവാനോ സാധിയ്ക്കുകയില്ല.  ഉദാഹരണത്തിനു ഒരു ചോദ്യം ചോദിക്കുമ്പോൾ അതിൽ വരുത്തുന്ന ശബ്ദവിന്യാസക്രമമാറ്റങ്ങൾ പ്രകടിപ്പിക്കാനോ അത് കേട്ട് മനസ്സിലാക്കാനോ പറ്റാതെ വരും. പാരമ്പര്യമായി ചില കുടുംബങ്ങളിൽ ഇത് വന്നുഭവിക്കാറുണ്ട്. സംസാരശേഷിയെ തീവ്രമായി ബാധിയ്ക്കുന്ന അസുഖങ്ങൾക്ക് പ്രധാനകാരണക്കാരൻ ഈ ജീൻ തന്നെ.  പാട്ട്പക്ഷികളിലും ഇതേ ജീൻ പാട്ട് പാടുന്നതിനേയും പഠിക്കുന്നതിനേയും നിയന്ത്രിക്കുന്നുണ്ട്. മനുഷ്യരും പക്ഷികളുമായി സംസാരം, പാട്ട് എന്നിവയെ ദൃഢമായി ബന്ധിപ്പിക്കുന്നതായിരുന്നു ഈ കണ്ടുപിടിത്തം.  ഏരിയ എക്സിലാണ് ഈ ജീൻ വിളയാടുന്നത് കൂടുതലായും. സീബ്ര ഫിഞ്ചുകളിൽ മുട്ട വിരിഞ്ഞ് 35-50 ദിവസങ്ങളിൽ- പാട്ട് തകൃതിയായി പഠിയ്ക്കുന്ന സമയം- ആണ് ഈ ജീനിന്റെ അത്യുദാരമായ പ്രകാശനം.  പാട്ട് പഠിച്ചുകഴിഞ്ഞാൽ ഈ അളവ് ഗണ്യമായി കുറയുകയാണ്.   ജീൻ നിർവ്വീകരിക്കപ്പെട്ടാൽ പാട്ട് മാഷ് പാട്ട് പഠിപ്പിക്കുമ്പോൾ ശരിയായി പഠിച്ചെടുക്കാൻ പറ്റുകയില്ല. പാട്ട് പാടാത്ത പക്ഷികളിൽ ഈ ജീൻ കാണപ്പെടുന്നതേ ഇല്ല. പാട്ടിന്റെ ഈണവും വിന്യാസങ്ങളും ദൃഢമാക്കാൻ ഈ ജീൻ ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു അതുകൊണ്ട് പ്രായമായ ഗാനഗന്ധർവ്വന്മാരും ഈ ജീനിന്റെ ഉണർച്ചയെ ആശ്രയിക്കും.  കൂടുതൽ പാടുമ്പോൾ ഈ ജീനിന്റെ അളവ് കുറയുകയാണ്. ബെംഗാളി ഫിഞ്ചുകൾക്ക് പാട്ടുകൾ മാറ്റിമാറ്റിപ്പാടാനുള്ള പാടവമുണ്ട്. അതുകൊണ്ട് അവ പാട്ട് കൊണ്ടുപിടിച്ച് പാടുന്നതനുസരിച്ച് ഫോക്സ് പി 2ന്റെ അളവ് തെല്ല് കുറയുകയും പാട്ടിൽ വൈവിദ്ധ്യമണയ്ക്കാനും സാദ്ധ്യമാകുന്നു. ഏരിയ എക്സിൽ ഇതൊക്കെ കൃത്യമായി അടയാളപ്പെടുന്നുണ്ട്.   മനുഷ്യരിൽ സംസാരശേഷി ഉടലെടുക്കുന്നതും അത് ആജീവനാന്തം നിലനിറുത്തുന്നതും പ്രായമായിക്കഴിഞ്ഞാൽ ഭാഷ പഠിച്ചെടുക്കുന്നതിൽ പ്രയാസം നേരിടുന്നതും സംസാരവൈകല്യങ്ങളുമൊക്കെ വ്യക്തമായും ആഴത്തിലും പഠിയ്ക്കാൻ പക്ഷികളിലെ ഫോക്സ്പി2 പഠനം ഉപയുക്തമാകുകയാണ് ഇന്ന്.
         
       പാട്ട് പഠിയ്ക്കുന്ന സമയത്ത്  മേൽ‌പ്പറഞ്ഞതല്ലാതെ നിരവധി ജീനുകളാണ് പ്രാവർത്തികമാകുന്നത്. പ്രധാനമായും എഛ് വി സി എന്ന കേന്ദ്രത്തിലും ഏരിയ എക്സിലും. ചിലവയുടെ അളവ് കൂടുകയാണെങ്കിൽ  ചിലവ മന്ദീഭവിക്കുകയാണ്. ന്യൂറോണുകൾ തമ്മിലുള്ള സംവേദനങ്ങളെ സ്വാധീനിക്കുന്ന ജീനുകളാണ് മിക്കവയും. അല്ലെങ്കിൽ ഇവയെ ഉണർത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന അധികാരി ജീനുകൾ. സെങ്ക്, ഫോക്സ് പി2 ഒക്കെ ഈ വകുപ്പിൽ പെടുന്നവയാണ്.  ചില ജീനുകൾ സദാ ഉണർന്നിരിക്കാൻ വിധിയ്ക്കപ്പെടുമ്പോൾ ചിലവ അണയുകയാണ് ദീർഘകാലത്തേയ്ക്ക്. ഇപ്രകാരം പാട്ട് പഠിച്ചെടുക്കുന്ന വേളയിൽ പല ന്യൂറൂണുകളിലേയും  ജീനുകളുടെ ക്രമരൂപങ്ങൾ മാറ്റിയെടുത്ത് സ്ഥിരമായ വ്യത്യാസങ്ങൾക്ക് വഴി തെളിയ്ക്കുകയാണ്. ജീനുകൾ കോശങ്ങളിൽ സ്ഥിര മുദ്ര പതിപ്പിക്കുകയാണ്.  

     ഈ ജീനുകൾ പ്രകാശിക്കപ്പെടുന്നത് ചില രസകരങ്ങളായ സാമൂഹ്യ അവസ്ഥകളിലുമാണ്.  പുലർ വേളയിലാണ് പലേ പാട്ടുപക്ഷികൾക്കും തദനുസാരിയായി പാട്ടുജീനുകൾക്കും ഉത്സാഹമേറുന്നത്.  പുറത്തെ വെളിച്ചം അനുസരിച്ച് ഉത്തേജിതമാകുന്ന ഹോർമോണുകൾക്ക് ഇതിൽ പങ്കുണ്ട്. വേനലിലും വസന്തത്തിലും ന്യൂറോൺ ബന്ധങ്ങളും ജീൻ ഉത്തേജനവും ഒരേ പക്ഷിയിൽ മാറി മാറി വരാം.  ബെംഗാളി ഫിഞ്ചുകൾക്ക് രണ്ടു തരം പാട്ടുകളുണ്ട്. സ്വന്തം പ്രണയിനോട് പാടുമ്പോൾ വളരെ വേഗത്തിലുള്ളതും ആവർത്തിച്ച് വരുന്ന അക്ഷരപ്രയോഗങ്ങൾ   ഒക്കെയുണ്ട്. ഒറ്റയ്ക് പാടുന്ന പൂങ്കുയിൽ ആകുമ്പോൾ ഈ വിശേഷങ്ങളൊന്നുമില്ലാത്ത സാദാ പാട്ട്. ഈ രണ്ടു വേളകളിലും സെങ്ക് ജീനിന്റേയും ഫോക്സ് പി 2 ജീനിന്റേയും പ്രകാശനവും വ്യത്യസ്തമാണ്.  ഈ രണ്ടു പാട്ടുകളും ബെംഗാളി ഫിഞ്ച് പെൺകൊടി തിരിച്ചറിയും; അവൾക്കു വേണ്ടിയുള്ള പാട്ട് മാത്രമേ അവളെ കാമോത്സുകയാക്കുകയുള്ളു. കാനറികൾക്ക് പല പാട്ടുകൾ പാടാനറിയാം; ഇവയ്ക്കോരോന്നിനും ഫോക്സ് പി2 ഉണർവിൽ വ്യത്യാസമുണ്ട്.  നേരത്തെ പരാമർശിച്ച സെങ്ക് ജീനിനും സമാന്തരമായ പ്രവർത്തനങ്ങളുണ്ട്. മനസ്സു മനസ്സിന്റെ കാതിൽ രഹസ്യങ്ങൾ മന്ത്രിക്കും മധുവിധു രാവിൽ കാമുകന്റെ  ‘സെക്സി പാട്ട്’ കേൾക്കുന്ന  ഫിഞ്ച് പെൺകൊടി പാടാൻ കഴിവില്ലെങ്കിലും ഇത് കേൾക്കുമ്പോൾ സെങ്ക് ജീൻ പ്രകാശിപ്പിച്ച് ആനന്ദം കൊള്ളുകയാണ്. പാട്ട് കേൾക്കുമ്പോൾത്തന്നെ  ന്യൂറോണുകളിൽ തന്മാത്രാവിന്യാസങ്ങളും പ്രതിപ്രവർത്തനങ്ങളും നടക്കുകയാണെന്നു സാരം. മനസ്സും മസ്തിഷ്കവും തമ്മിലുള്ള ബന്ധത്തിനു വ്യക്തതയേറുകയാ‍ണ്.

എങ്ങിനെ നീ മറക്കും കുയിലേ-ജീനുകൾ ഓർമ്മകൾ
  പക്ഷിക്കുഞ്ഞുങ്ങൾ  നേരത്തെ തന്നെ പാട്ട് പഠിച്ചുതുടങ്ങുന്നത് എന്നെന്നും ഓർമ്മിക്കാൻ വേണ്ടിത്തന്നെയാണ്. പാട്ട് പഠിയ്ക്കുമ്പോൾത്തന്നെ  ഓർമ്മകേന്ദ്രത്തിലേക്ക് പകർപ്പുകൾ അയയ്ക്കപ്പെടുകയാണ്, അച്ഛൻപാട്ടിന്റെ രൂപവും പഠിച്ചെടുത്ത പാട്ടിന്റെ രൂപവുമൊക്കെ ഇവിടെ സൂക്ഷിക്കപ്പെടുകയാണ്. പാട്ടുകൾ ഓർമ്മിച്ചിരിക്കുന്നതിന്റെ ഘടനാപരമായ അടിസ്ഥാനവിദ്യകളിൽ പ്രമുഖമായത് ജീനുകളുടെ കളി തന്നെയാണ്. എപ്പൊഴും മാറ്റങ്ങൾക്ക് വിധേയരാകാൻ വേണ്ടി തയാറെടുത്ത് നിൽക്കുന്ന ഒരു പറ്റം ന്യൂറോണുകളാണ് NCM  എന്ന ഓർമ്മകേന്ദ്രത്തിലുള്ളത്. ഈ ന്യൂറോണൂകളിൽ ചില ജീനുകൾ- പ്രധാനമായും “ആർക്” (arc) എന്ന ജീൻ- പ്രകാശിക്കപ്പെടുകയും (അവയുടെ ധർമ്മമായ  പ്രോടീനുകൾ  നിർമ്മിച്ചെടുക്കുകയും അതുവഴി ചില സ്ഥിരതീരുമാനങ്ങൾ എടുക്കുകയും ചെയ്യുകയാണീ ന്യൂറോണുകൾ) ഓർമ്മ കോശങ്ങളായി മാറുകയും ചെയ്യുകയാണ്. പിന്നീട് ഇതേ പാട്ട് കേൾക്കുമ്പോൾ  ഇതേ ന്യൂറോണൂകളിൽ ഇതേ ജീനുകളാണ് ഉണർന്ന് പണ്ട് കേട്ട പാട്ടാണല്ലോ ഇത് എന്ന് എൻ സി എം കേന്ദ്രത്തിനു തോന്നപ്പെടുന്നത്. മറ്റു പാട്ടുകൾ കേൾ‌പ്പിച്ചാൽ ഈ ജീനുകളൊന്നും ഉണരുകയില്ല എന്ന രീതിയിലുള്ള കൃത്യതയാണ് ഈ ന്യൂറോണുകൾക്ക്. എൻ സി എം ഇനു കേടു പറ്റിയാൽ പാട്ട് മാഷ് പഠിപ്പിച്ച പാട്ട് ഇതു തന്നെയോ എന്ന അന്ധാളിപ്പ് അവസ്ഥയിൽ എത്തും. പാട്ടു പഠിയ്ക്കാൻ കഴിവില്ലെങ്കിലും പെൺകിളികൾക്ക് അച്ഛന്റെ പാട്ടുകൾ ഓർമ്മ വരുന്നത് ഈ കേന്ദ്രത്തിലെ ന്യൂറോണുകൾ മേൽ‌പ്പറഞ്ഞ ജീനുകളെ ഉണർത്തിയാണ്. ഏരിയ എക്സ്, എൽമാൻ എന്നീ കേന്ദ്രങ്ങളും പാട്ടിന്റെ ഘടനാവിന്യാസങ്ങളുടെ സൂക്ഷ്മകോഡുകൾ ആലേഖനം ചെയ്ത് വച്ചിട്ടുണ്ട്.  ന്യൂറോണുകളുടെ വഴങ്ങുന്ന സ്വഭാവം (neuronal plasticity)  ഇത്തരം പഠിച്ചെടുക്കലിലും ഓർമ്മശേഖരത്തിലും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വൈദ്യുതീ  തരംഗങ്ങളാൽ ഉള്ള വിജൃംഭനം, ഉത്തേജനത്തിനനുസരിച്ച് പ്രത്യുത്തരണം , ന്യൂറോണൂകൾ തമ്മിലുള്ള സങ്കീർണ്ണബന്ധങ്ങൾ ഇവയിലൊക്കെ മാറ്റങ്ങൾ കടന്നു കൂടുകയാണ് പാട്ട് ഓർമ്മയിൽ ശേഖരിക്കപ്പെടുമ്പോൾ.  

  പാട്ട്പക്ഷികളിലെ എൽമാൻ, ഏരിയ എക്സ്, എഛ് വി സി, ആർ എ മുതലായ ന്യൂറോൺ കേന്ദ്രങ്ങൾക്ക് തത്തുല്യമായ കേന്ദ്രങ്ങൾ മനുഷ്യമസ്തിഷ്ക്കത്തിൽ നിജപ്പെടുത്തിയിട്ടുണ്ട്. ചിത്രം 9 ഈ വലയങ്ങളുടെ പാരസ്പര്യം ലളിതമായി സൂചിപ്പിച്ചിരിക്കുന്നു. പക്ഷികളുടെ വലയബന്ധങ്ങളാണ് ചിത്രം സൂചിപ്പിക്കുന്നതെങ്കിലും ഇതിനു സമമായ ന്യൂറോൺ കേന്ദ്രങ്ങൾ മനുഷ്യമസ്തിഷ്ക്കത്തിന്റെ ഉപരിതലത്തിനു താഴെയുള്ള കോർടെക്സ് എന്ന ഭാഗത്ത് നിലകൊള്ളുകയാണ്.. പക്ഷികളിൽ ഈ കേന്ദ്രങ്ങൾ വെവ്വേറേ ആണെന്നുള്ളത് പഠനങ്ങൾ എളുപ്പമാക്കുകയാണ്, മനുഷ്യകോർടെക്സിൽ  ഇവയെല്ലാം കൂടി ഒതുക്കിയിരിക്കുകയാണ്.  പക്ഷികളിലെ മേൽ‌പ്പറഞ്ഞ കേന്ദ്രങ്ങളിലെ  ക്ഷതിയോ അവഗുണമോ മൂലം പാട്ട് പാടുന്നതിനു വരുന്ന ന്യൂ‍നതകൾ മനുഷ്യർക്ക് സംസാരസംബന്ധിയായി വരുന്ന അസുഖങ്ങളുമായി കൃത്യസമാനതയുള്ളവയാണ്. പെറ്റ്, എം ആർ ഐ (PET, MRI)  മുതലായ സ്കാനിങ് വിദ്യകൾ കൊണ്ട് ഈ ന്യൂറോൺ കേന്ദ്രങ്ങളിലെ ഉണർവ് പരിശോധിക്കപ്പെട്ടിട്ടുണ്ട്. ഭാഷണമോ പാട്ട് കൊണ്ടോ മനുഷ്യരിൽ ഉത്തേജനം സംഭവിക്കുന്ന ഭാഗങ്ങൾ എഛ് വി സിയ്ക്കും ആർ എയ്ക്കും സമാനമായ ഇടങ്ങളാണെന്ന് തെളിഞ്ഞിട്ടുണ്ട്. തലാമസ് എന്നഭാഗം മനുഷ്യരിലും പക്ഷികളിലും ഒരുപോലെ ശബ്ദനിർമ്മാണ നിയന്ത്രണപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. ഫോക്സ്പി 2 അല്ലാതെ ഫോക്സ്പി1, റോബോ1 എന്നീ ജീനുകളും പാ‍ട്ടുപക്ഷികളിലും മനുഷ്യരിലും ഒരേപോലെ ഉത്തേജിക്കപ്പെടുന്നുണ്ട്. തെല്ലൊരു ആശ്ചര്യകരമായ കാര്യം പക്ഷികളിലും മനുഷ്യരിലും ശരീരത്തിന്റേയും  കൈകാലുകളുടേയും ചലനങ്ങൾ നിയന്ത്രിക്കുന്ന കേന്ദ്രം ഭാഷണകേന്ദ്രത്തിന്റെ അടുത്തു തന്നെയാണെന്നുള്ളതാണ്. പാട്ട് പാടുമ്പോൾ നൃത്തവും കൂടെ പ്രകടമാക്കാൻ തോന്നുന്ന വികാരം തലച്ചോറിൽ  തൊട്ട് തൊട്ട് നിബന്ധിച്ചിരിക്കുകയാണെന്നു സാരം. മസ്തിഷ്ക്കകേന്ദ്രങ്ങളുടെ കൊടുക്കൽ വാങ്ങൽ ഉളവാക്കുന്നതായിരിക്കാം പാട്ട് പാടുമ്പോഴുള്ള സ്വാഭാവികമായ ശരീരചലനങ്ങൾ.   



ചിത്രം 9. തലച്ചോറിലെ പാട്ട് സംബന്ധിയായ കേന്ദ്രങ്ങളും അവയുടെ ബന്ധങ്ങളും. ലളിതവും സംക്ഷിപ്തവുമായ ചിത്രീകരണം. RA, nXIIts എന്നീ കേന്ദ്രങ്ങൾ ശബ്ദനിർമ്മിതിയുടെ നിയന്ത്രണത്തിനുള്ളവയാണ്

   ഹോർമോണുകളും ന്യൂറോണുകൾ തമ്മിൽ സംവദിക്കുന്ന ഡോപമിനും അതുപോലയുള്ള മറ്റ്  പ്രേഷകവസ്തുക്കളും സംവേദകവസ്തുക്കളും പ്രഭാവം ചെലുത്തുന്നുണ്ട് പക്ഷികളുടെ പാട്ട് പാടലിൽ. ഈ വസ്തുക്കൾ പെരുമാറ്റങ്ങളെ നിയന്ത്രിക്കുന്നവയുമാണ്.  പക്ഷികളിൽ പാട്ട്കേന്ദ്രങ്ങൾ പലതും ഡോപമിൻ നിയന്ത്രണത്തിലാണ്. മനുഷ്യരിൽ ഡോപമിൻ ബാധിക്കുന്നത് അവബോധജ്ഞാനം (cognition) പഠനം,  ജീവപ്രചോദനങ്ങൾ,  മനോദശയും മറ്റ് ചിത്തവൃത്തികളും , ഉറക്കം  ഇങ്ങനെ നിരവധി പെരുമാറ്റങ്ങളേയും മനോവൃത്തികളേയുമാണ്. ഇവയുടെ ഘടനാപരമായ പ്രവർത്തനങ്ങളും പാരസ്പരികതയും പഠിച്ചെടുക്കാൻ മാത്രമല്ല, സാമൂഹികാവസ്ഥയും മസ്തിഷ്കവ്യവഹാരങ്ങളും ധർമ്മങ്ങളും ആയി ബന്ധപ്പെടുത്താനും കിളിമൊഴിഗവേഷണങ്ങൾ ഉപയുക്തമാകുകയാണ്. മനുഷ്യരിലും  പക്ഷികളിലും സാമൂഹികാവസ്ഥകളാണ് സംസാരശേഷിയേയെയും പാട്ട് പഠിത്തത്തേയും ക്രമപ്പെടുത്തുന്നതും വ്യവസ്ഥാപിതമാക്കുന്നതും.  മാനസമൈനകൾ കിള്ളിത്തരുന്ന മധുരങ്ങൾക്കപ്പുറമാണ് ഇത്തരം പഠനങ്ങളുടെ സാംഗത്യം.   നിഗൂഢതകൾ ഏറെയുള്ള മനുഷ്യമനസ്സിന്റെ വ്യാപാരങ്ങളെ മസ്തിഷ്ക ഘടനയും പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്താൻ ഇത്തരം മാതൃകാരൂപപഠനങ്ങളേ ഉതകുകയുള്ളു.  ഭാഷാശാസ്ത്രജ്ഞനായ നോം ചോംസ്കി പക്ഷികളുടെ മസ്തിഷ്ക്കത്തിന്റേയും പാട്ടുപാടലിന്റേയും വിശദാംശങ്ങൾ സ്വരൂക്കൂട്ടിയ ഒരു പുസ്തകത്തിന്റെ ആമുഖത്തിൽ ഇങ്ങനെ പറയുന്നു. ”.പക്ഷിപ്പാട്ടുകളെപ്പറ്റിയുള്ള നിരന്തരമായ അന്വേഷണപഠനങ്ങൾ  ഭാഷയും പുറം ലോകവും തമ്മിലുള്ള കൊടുക്കൽ വാങ്ങൽ ഇടം എങ്ങനെ വികാസപരിണാമങ്ങൾ കൈവരിച്ചു എന്നതിനെപ്പറ്റിയും പ്രവർത്തിക്കുന്നു എന്നതിനെപ്പറ്റിയുമുള്ള നമ്മുടെ അറിവുകൾക്ക് തീവ്രോത്തേജനം നൽകുകയാണ്”. തലച്ചോറിന്റെ രോഗലക്ഷണവിദ്യാപഠനങ്ങൾ എളുപ്പമാവുകയുമാണ് ‘പക്ഷിശാസ്ത്ര’ ത്തിന്റെ സഹായത്താൽ. ഓടിസം, സ്കിസോഫ്രീനിയ(ഭ്രാന്ത്)  മറ്റ് മനോരോഗങ്ങൾ, സംസാരശേഷിക്കുറവ്   മുതലായവയെക്കുറിച്ച്  ആഴത്തിലുള്ള അറിവുകളാണ്  ശാരികപ്പൈതലുകൾ  കഥാശേഷമായി ചൊല്ലിത്തരുന്നത്.

Abreviations: HVC, High Vocal Center, RA: Robustus Arcopallialis nucleus, LMAN: lateral magnocellular nucleus of anterior nidopallium DLM: medial nucleus of  dorsolateral thalamus NCM: caudal medial nidopallium, Area X: area X of the striatum 

Referances
1.      Jarvis E. D. Learned birdsong and the neurobiology of human language Ann N Y Acad Sci. 1016: 749. 2004
2.  Walton C., Pariser E., Nottebahm F. The zebra finch paradox: song is little                                    changed, but number of neurons doubles. J. Neuroscience 32: 761-774, 2012
  1. Jarvis E. D. and Nottebahm F.  Motor-driven gene expression  Proc. Natl. Acad. Sci. USA 94: 4097–4102,  1997
  2. Bolhuis J. J., Everaert M. (ed) Birdsong, Speech and Language. Exploring the Evolution of Mind and Brain. The MIT Press, Cambridge 2013
  3. Sukhatme V.P., Kartha S., Toback F.G., Taub R., Hoover R.G., Tsai-Morris C.H. A novel early growth response gene rapidly induced by fibroblast, epithelial cell and lymphocyte mitogens. Oncogene Res. 1:343–35, 1987
  4. Mooney R. Neural mechanisms for learned birdsong.  Learning and Memory 16: 655-669, 2009
 7. Clayton D. F. The genomics of memory and learning in songbirds. Ann. Rev Genomics      Hum Genet. 14: 45-65, 2013
  1. Moorman S., Mello C. V., Bolhuis J. J. From songs to synapses: molecular mechanisms of birdsong memory. Molecular mechanisms of auditory learning in songbirds involve immediate early genes, including zenk and arc, the ERK/MAPK pathway and synapsins. Bioessays 33: 377-385, 2011
9.  Thompson C. K., Schwabe F., Schoof A.,Mendoza E., Gampe J., Rochefort C and Scharff C. Young and intense: FOXP2 immunoreaactivty in Area X varies with age, song stereotypy and singing in  male zebra finches. Front. Neur. Circuits 7: 1-17, 2013
  1. Ihle E. C., van der Hart M., Jongsma M., Tecott L. H. and Doupe A. J. Dopamine physiology in the basal ganglia of male zebra finches during social stimulation. Eur. J. Neuroscience 41: 1506-1514, 2015
  2. Kubokova L., Wada K. and Jarvis E. D. Dopamine receptors in a songbird brain J. Comp. Neurology 518: 741-769, 2010
  3. Lynch K. S., Kleitz-Nelson H. K. and Ball G. F. HVC lesions modify immediate early gene expression in auditory forebrain regions of female songbirds. Develop.Neurobiology  73:315-323 2012
  4. Dunning J. L., Pant S., bass A., Coburn Z and Prather J. F. Mate choice in adult female Bengalese finches: females express consistent preferences for individual males and prefer female-directed song performances. PLoS One 9: e89438, 2014
  5. Chen Q., Heston J. B., Burkett Z. D. and White S. A. Expression analysis of the speech-related genes FoxP1 and FoxP2 and their relation to singing behavior in two songbird species. J. Exp. Biology 216:3682-3692, 2013
  6. Bolhuis J. J. and Gahr M. Neural mechanisms of birdsong memory. Nat. Reviews 7:347-357, 2006