Monday, August 2, 2010

പുളിങ്കറി വയ്ക്കേണ്ടി വരുമ്പോൾ


അമേരിക്കൻ പ്രവാസികൾക്കിടയിൽ ഭാരത/കേരള സംസ്കാരം പുതിയ തലമുറയിലേക്ക് കൈമാറേണ്ടത് അനിവാര്യമോ എന്ന ചർച്ചയിൽ അവതരിപ്പിച്ചത്.   

  സംസ്കാരം കൈമാറേണ്ടത് അനിവാര്യമോ എന്ന ചോദ്യത്തിൽൽ തന്നെ അനിവാര്യതയില്ല എന്ന സന്ദേഹമോ വാദഗതിയോ ഉണ്ട്. അപ്പോൾ ഇതൊരു പുതിയ കാര്യമാണെന്നും ഇതു വരെ ഈ സന്ദേഹത്തിനു തീരുമാനം ഒന്നും ആയില്ലെന്നും കരുതേണ്ടിയിരിക്കുന്നു. മലയാളികൾ ഇവിടെ കുടിയേറിയിട്ട്  നാളുകളായി, ഇത്തരം കാര്യങ്ങളിൽ തീരുമാനമായില്ലെങ്കിൽ അത് എളുപ്പമുള്ള പണിയല്ലെന്നു തന്നെ അനുമാനം.

    കുടിയേറ്റക്കാർക്ക്  വന്നുചേർന്ന സമൂഹവുമായി അലിയാതെ വയ്യ. എന്നാൽ സ്വത്വം കാത്തുസൂക്ഷിക്കാനുള്ള വ്യഗ്രതയുമുണ്ട് ആവോളം. സംസ്കാരം എന്നതിന്റെ നിർവ്വചനം അനുസരിച്ചിരിക്കും അതിന്റെ സമന്വയ സാദ്ധ്യതകൾ.  കേരളസംസ്കാരം നിർവ്വചിക്കപ്പെടുന്നത് അടുക്കളയലമാരിയിലെ കുടമ്പുളിയോ ഫ്രീസറിൽ അവിയലിനു വേണ്ടി നീളച്ചതുരവടിവിൽ അരിഞ്ഞു സൂക്ഷിയ്ക്കുന്ന മുരിങ്ങക്കായോ വീതിക്കസവുകര പാകിയ സെറ്റു മുണ്ടോ അല്ല.  ചില്ലിട്ട രവിവർമ്മച്ചിത്രത്തിലോ  പ്ലാ‍സ്റ്റർ ഓഫ് പാരീസിൽ വികലമായിത്തീർത്ത പറങ്കിമാങ്ങാസ്വരൂപത്തിലോ അല്ല. പക്ഷെ ഇതൊക്കെ സംസ്കാര സൂചകങ്ങൾ ആണു താനും. ഭാഷ,  ആചാരങ്ങൾ,  കലാവിദ്യകൾ ഇവയിലൊക്കെയും സംസ്കാര ചിഹ്നങ്ങൾ തെളിഞ്ഞു വിളങ്ങുകയാണ്.  വ്യക്തി, കുടുംബം, സമൂഹം എന്നിവ തമ്മിലുള്ള പാരസ്പര്യവും ഇഴചേർക്കുന്ന മാനസികനിലകളും സംസ്കാര സങ്കേതങ്ങൾ തന്നെ.

      ബഹുസ്വരതയിൽ അധിഷ്ഠിതമാണ് അമേരിക്കൻ സംസ്കാരം. കുടിയേറ്റക്കാരുടെ നാടായതു കൊണ്ട്  ഇത് ആ യുക്തിയിൽ കെട്ടിപ്പടുത്തതാണു താനും. പക്ഷെ ഈ ബഹുസ്വരതയെ ഒന്നിച്ചലിയിച്ചാണ് സമൂഹം അതിന്റേതായ ദർശനവിധികൾ സ്വരൂപിച്ചിരിക്കുന്നത്. സമൂഹത്തിന്റെ ബലവും  ശക്തിയും ഈ ബഹുസ്വരതയിലാണ് ആഴവേരുകൾ പടർത്തിയിരിക്കുന്നത്.  സംസ്കാരസമന്വയം അതുകൊണ്ടു തന്നെ ആവശ്യവും നിൽനിൽ‌പ്പിനുള്ള വളവുമാവുകയാണ്. വന്നിറങ്ങിയവരുടെ പ്രതിഭയും വിശിഷ്ടസംസ്കൃതിയും ഇഷ്ടികക്കല്ലുകൾ പാകിയും അടുക്കിയുമാണ് അമേരിക്കൻ സംസ്കാരം മാളിക പണിതിരിക്കുന്നത്. അതിന്റെ കെട്ടുറപ്പ്  ഈ പ്രക്രിയ നിതാന്തമായി അനുസന്ധാനം ചെയ്യുന്നതിനെയാണ് അവലംബിയ്ക്കുന്നത്..  അതിനെ വാതാനുശീലമാക്കി നിലകൊള്ളിക്കാൻ ഈ ethnic ഊർജ്ജം സ്വാഭാവികമായും അനുശീലനപരമായും  തലമുറകളിലെക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടത് ആവശ്യമായും വരുന്നു. സാംസ്കാരികബഹുസ്വരതയുടെ ആർജ്ജവത്തിലാണ്  പുരോഗമനോന്മുഖസമൂഹത്തിന്റെ കടലിരമ്പുന്നത്.  അതുകൊണ്ടു തന്നെ എന്തിനേയും അലിയിച്ചെടുക്കാനുള്ള രാസവിദ്യ കൈമുതലുണ്ടു താനും. എന്നാൽ ഇട്ടാൽ അലിയുന്ന മധുരക്കട്ടയായി സംസ്കാരത്തെ വിളയിച്ചെടുത്താലേ  ഈ അലിഞ്ഞു ചേരൽ നടക്കൂ. സ്വന്തം സംസ്കാരത്തിനു അമേരിക്കൻ പരിപ്രേക്ഷ്യത്തിൽ പുനർ നിർവ്വചനം ചമയ്ക്കേണ്ടി വരുന്നു എന്നത് നേർവെളിവ്, നേർതെളിവ്. ഇങ്ങനെ നവീകരിക്കപ്പെട്ടതേ ഇവിടെ നിലനിൽക്കുന്നുള്ളു. ഈ സമൂഹത്തിന്റെ കളങ്ങൾക്കുള്ളിൽ വ്യാപരിച്ച്  അതിജീവിക്കണമെങ്കിൽ ചില ചെത്തിമിനുക്കലുകളും ആവശ്യമായി വരുന്നു.  ഭാരത/കേരള സംസ്കാരം എന്നു നിർവ്വചിക്കപ്പെട്ട പരിപ്പെല്ലാം ഈ വെള്ളത്തിൽ  അത്ര എളുപ്പം വേവുകയില്ലെന്നു കണ്ടും കൊണ്ടും അറിയേണ്ടതുണ്ട്. 

      ഇവിടെയൊരു  വേഷം മാറൽ അത്യാവശ്യമാണ്. അകം പുറം തിരിയലും. അടുത്ത തലമുറയിലേക്ക് കേരളസംസ്കാരം പകർത്തപ്പെടണമെങ്കിൽ  ഇവിടെ വേവുന്ന പരിപ്പ് കുതിരാൻ ഇടണം. അത് മുതിർന്ന തലമുറയുടെ ഉത്തരവാദിത്തം ആണ്. ഇവിടെയാണു പ്രശ്നം. അകത്തുള്ളതേ പുറത്തു വരൂ. അകത്ത് എന്തുണ്ട്,  എന്തൊക്കെ വേണം എന്ന് മുതിർന്ന തലമുറയ്ക്ക് ബോദ്ധ്യം വേണം. ഇവിടെയാണ് സൂക്ഷ്മാംശങ്ങളുടെ പ്രസക്തി. കുടുംബ ബന്ധങ്ങളുടെ പവിത്രത, ഇഴയടുപ്പം ശക്തി ഇവയൊക്കെ വീട്ടിൽ  വേവിച്ചെടുത്തത് ഉണ്ടെങ്കിലേ പുറത്ത് വിളമ്പാൻ പറ്റൂ. നൂറ്റാണ്ടുകളുടെ ശർക്കരയിൽ വിളയിച്ചെടുത്ത സംസ്കാര അവിൽപ്പൊതി കയ്യിലുണ്ടെങ്കിലും  ചില പഴയ ഉടുപ്പുകളുമായാണ് ഇവിടെ നമ്മൾ  ബസ്സിറങ്ങിയത്.   നാടൻ കീഴ്വഴക്കങ്ങ്ങൾ, ജഡിലമായ സമൂഹനിയമങ്ങളും ശീലങ്ങളും, നവീകരിക്കാൻ കൂട്ടാക്കാത്ത പൊതുബോധം, വിവാഹം എന്നത് കമ്പോളവ്യവസ്ഥയിലാണ് ചിട്ടപ്പെടുത്തേണ്ടതെന്ന  വിചിത്ര തീരുമാനങ്ങൾ   ഇവയുടെ ഒക്കെ ദുർഗ്ഗന്ധം പേറുന്ന വസ്ത്രങ്ങളുമണിഞ്ഞ്.  ലൈംഗികതെയെക്കുറിച്ചുള്ള  പഴഞ്ചൻ ശാഠ്യദുർഗ്ഗന്ധം  എതു സുഗന്ധതൈലം   കൊണ്ടാണ് മറയ്ക്കാൻ പറ്റുക?   അതിനെക്കുറിച്ചുള്ള വികലധാരണകൾ, പ്രത്യേകിച്ചും ആധുനികതയുടെ വെളിച്ചത്തിൽ കെട്ടുപോകുന്നവ പുതുതലമുറയുമായി സംവദിക്കുന്നതിൽ പരാജയപ്പെടാനും ബന്ധശൈഥില്യത്തിനു വഴിതെളിയ്ക്കാനും ഇടയാവുകയും ചെയ്യുന്നു. ലൈംഗികതയെക്കുറിച്  ഭാരതീയ കാഴ്ച്ചപ്പാടുകളിലെ നിറങ്ങൾ ചാലിച്ചല്ല അമേരിക്കൻ വ്യക്തി-സമൂഹ പരിസരബോധങ്ങൾ ചുവർച്ചിത്രങ്ങൾ വരയുന്നത്. കുടുംബാ‍ംഗങ്ങളുടെ കൂട്ടുത്തരവാദിത്തവും അതിലൂടെ ഉറവെടുക്കുന്ന സ്വാതന്ത്ര്യവും ഒക്കെ മിഥ്യാബോധത്തിന്റെ ഇരുൾത്തണലിലാണ്   മുതിർന്ന തലമുറ നോക്കിത്തപ്പുന്നത്.  എന്നാൽ നവബോധത്തിന്റെ സോപ്പുകൊണ്ട് അലക്കി ചില വെട്ടിത്തയ്യലുകൾ നടത്തി ഇസ്തിരിയിട്ടാൽ ഇണങ്ങിവരുന്നതാണ് ഈ വേഷങ്ങൾ. വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച് തിരിച്ചറിവുള്ളവരായിട്ടാണ് ഇവിടത്തെ പൊതുസത്വബോധപരിണിതിയിലെ പൌരർ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.. ഈ സത്യം സ്വാംശീകരിച്ച്  സ്വന്തം ബോധവൽക്കരണത്തിന്റെ ഒന്നാം ക്ലാസിൽ ഇരുന്നാലെ ഇവിടത്തെ രണ്ടാം ക്ലാസു കുരുന്നുമായി സംവദിക്കാൻ പറ്റൂ.  ഇത് ഒരു കൂട്ടായ്മയിലൂടെ സാധിച്ചെടുക്കുന്നതല്ല. ഒരോ കുടുംബത്തിലേയും മുതിർന്നവർ  ഇടുക്കുചിന്താഗതിയുടെ  ചെകിളയും ചെതുമ്പലും വെട്ടിമാറ്റി ആധുനികതയുടെ ഓവനിൽ ചുട്ട് സമുചിതത്വത്തിന്റെ ഇല വാട്ടി അതിൽ പൊതിഞ്ഞ് കൊടുത്താലേ കൊച്ചു തലമുറയുടെ  ത്യാജ്യഗ്രാഹ്യവിവേചനത്തിന്റെ ലഞ്ച്ബോക്സിൽ ഇടം കിട്ടുകയുള്ളു.. 

        എളുപ്പമായി വിളമ്പാവുന്ന, പെട്ടെന്നു ദഹിക്കുന്ന സാംസ്കാരികസാൻഡ് വിച്ചാണ് കേരളീയ/ഭാരതീയ കലകൾ- പ്രത്യേകിച്ചും നൃത്തങ്ങളും സംഗീതവും. അത് ഇന്നു പുതിയ തലമുറ വേണ്ടുവോളം, അത്യദ്ഭുതകരമായി എന്നുവേണം പറയാൻ, സ്വാംശീകരിച്ചിട്ടുമുണ്ട്.  പക്ഷെ അതിനോടനുബന്ധിച്ച മൽസരക്കളികൾ നാടൻ രാഷ്ട്രീയക്കളികളെ തോൽ‌പ്പിക്കുന്ന ചവിട്ടുനാടകങ്ങളാണ്. പുതുതലമുറ ഇതിൽ‌പ്പെടാൻ വൈമനസ്യം കാണിച്ചെങ്കിൽ നമ്മൾ ഒരുക്കുന്ന സംസ്കാരവിളമ്പൽ സദ്യയിൽ അവർ പങ്കുചേരുന്നില്ലെന്നു സാരം. ബഹുമാനവും ആദരവും നേടിയെടുക്കുന്നവർക്കേ കിട്ടൂ,  മുതിർന്ന തലമുറയോട് ബഹുമാനം ഇല്ലെങ്കിൽ അവർ അത് അർഹിക്കപ്പെടാതെ പോവുകയാണെന്ന് ഒരു മാത്ര വെറുതേ നിനക്കേണ്ടതാണ്.  പുതു അവബോധത്തിന്റെ വെള്ളത്തിൽ സാസ്കാരികക്കുടമ്പുളി അലിയിക്കാനിടുകതന്നെ ഉചിതം, ആവശ്യം.