Friday, July 14, 2023

വൃദ്ധർ വരിഷ്ഠ പൗരർ (senior citizens) ആകുന്നത്

     ഇൻഡ്യക്കാർ പൊതുവേ വൃദ്ധജീവിതം അന്യരെ ആശ്രയിച്ചു കഴിയാനുള്ള വേളയെന്ന്  ധരിച്ചു വശായവരാണ്. സാംസ്കാരികമായ പൊതുബോധം അതി ശക്തമായിട്ടാണ് ഇത് തെര്യപ്പെടുത്തിയിരിക്കുന്നത്. ചരിത്രപരമായും ധാർമ്മികബോധത്തിൽപ്പെട്ടു പോയതാണ് ഈ ധാരണയും അതിലുള്ള ബലമായ വിശ്വാസവും. ആധുനിക അവസ്ഥയിൽ ആഗോളീകരണത്തിൻ്റെ ബാക്കിപത്രങ്ങൾ സമൂഹത്തിൽ ഏൽപ്പിക്കുന്ന ഇടപെടലുകൾ ഈ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നവയാണ്. അത് ഒരു സ്വാഭാവികസംഗതിയായി ഉരുത്തിരിഞ്ഞതാണ്, സാമൂഹ്യവും സാമ്പത്തികവുമായ  ഇടപെടലുകളും മാറ്റങ്ങളും സംഭാവന ചെയ്തതുമാണ്. ഇന്നത്തെ വൃദ്ധർ പകച്ചുനിൽക്കുന്നെങ്കിൽ അത് സ്വാഭാവികമാണ്, അവർ അതിൻ്റെ കുറ്റം ഏറ്റെടുക്കേണ്ടതുമില്ല. നമ്മുടെ പാരമ്പര്യം ഏൽപ്പിച്ചതാണ് ആ ആഘാതം. 

അധികാരം നിർണ്ണയിക്കുന്ന അവകാശം

  അമ്മയും അച്ഛനും എന്നും കുടുംബനാഥർ ആയിരിക്കേണ്ടതുണ്ട് എന്ന വിശ്വാസമാണ് ഇതിൽ പ്രാഥമികമായിട്ടുള്ളത്. ഇൻറ്റെർനെറ്റ്/കമ്പ്യൂട്ടർ യുഗത്തിൽ കുടുംബം എന്നത് പുനർനിർവ്വചിച്ചു കഴിഞ്ഞിരിക്കുന്നു. കുടുംബത്തിൻ്റെ ഘടനയിൽ മാറ്റം വന്നതുമാത്രല്ല  മക്കളുടെ സാമീപ്യം എന്നതും ഇന്ന് ആപേക്ഷികമായി തീർന്നിട്ടുണ്ട്. ദൂരെയുള്ള മക്കളെ കണ്ടുകൊണ്ട് സംസാരിക്കാം. എന്നാൽ ഇത് പ്രശ്നങ്ങളുടെ പരിഹാരമാകുന്നില്ല.  ജോലിയുണ്ടായിരുന്നവർ ആയിരുന്നെങ്കിൽ റിട്ടയർ ചെയ്തു കഴിയുമ്പോൾ, തൊഴിൽ ചെയ്തിരുന്നവർക്ക് അത് വയ്യാണ്ടാകുമ്പോൾ, മക്കൾ ജോലിയ്ക്കായി വീട് വിട്ട് പോയിക്കഴിയുമ്പോഴാണ് വാർദ്ധക്യം എന്നത് ഒരു ബാധയായി പിടികൂടിക്കഴിഞ്ഞിരിക്കുന്നു  എന്ന ബോധം ഉണ്ടാകുന്നത്. നഷ്ടപ്പെട്ടു പോയ അധികാരത്തിൻ്റെ അംശങ്ങൾ തിരിച്ചുപിടിയ്ക്കാൻ വ്യഗ്രതയായി പിന്നെ. ഇത് നേരത്തെ തിരിച്ചറിയാതെ പോയവർക്കാണ് വാർദ്ധക്യം ഒരു ഷോക്ക് ആയിത്തീരുന്നത്. വൃദ്ധസദനം എന്ന ആശയത്തോട് വെറുപ്പോ പകയോ തോന്നിത്തുടങ്ങുന്നതും ആവലാതികളാൽ സ്വയം സാധൂകരണവിദ്യകൾ കണ്ടു പിടിയ്ക്കുന്നതും. 

   ഈ കുടുംബാാധികാര അവകാശം ഫൂഡൽ വ്യവസ്ഥയുടെ ബാക്കിപത്രമായിട്ടാണ് ഇന്നും ഇൻഡ്യയിൽ നില നിൽക്കുന്നത്. കാർഷിക-ഭൂസമ്പത് വ്യവസ്ഥയാണതിൻ്റെ അടിസ്ഥാനം. കാലം മാറിയിട്ടും ഇൻഡ്യയിൽ ഇത് ഇന്നും ആഴത്തിൽ പണ്ട് പാകിയ വേരുകളുടെ ബലത്തിൽ പിടിച്ചു നിൽക്കുന്നു. വ്യവസായിക വിപ്ളവത്തോടെ പാശ്ചാത്യരാജ്യങ്ങളിൽ വന്ന മാറ്റങ്ങൾ ഇവിടെ അധികം അനുരണനങ്ങൾ സൃഷ്ടിച്ചില്ല. പൊടുന്നനവയെ ആണ് ആഗോളവൽക്കരണം ഫ്യൂഡൽ വ്യവസ്ഥകളേയും സാമൂഹ്യ/കുടുംബനീതികളേയും വെല്ലുവിളിച്ചുകൊണ്ട് ഇൻഡ്യയിൽ മുന്നറിയിപ്പില്ലാതെ, താനെ വീശിയടിച്ചത്. മക്കൾ അന്യദേശങ്ങളിലോ അന്യരാജ്യങ്ങളിലോ ചേക്കേറുന്ന പ്രവണത മാതാപിതാക്കൾ പ്രതീക്ഷിച്ച പരിണതി അല്ലാ എന്ന് വരുമ്പോൾ അതിനെ നേരിടാനുള്ള ആന്തരിക മനസ്ഥിതി വളർന്നു വന്നിട്ടില്ലാത്തതിനാൽ തരിച്ചു നിൽക്കേണ്ടി വരികയാണ്.  മക്കളുടെ ഉടമസ്ഥാവകാശം തങ്ങളിലാണെന്ന സമൂഹനീതി ആഴത്തിൽ വേരോടിയ ഇൻഡ്യൻ കുടുംബനീതിവ്യവസ്ഥയിൽ നിന്ന് രക്ഷപെടാൻ എളുപ്പം ആവതില്ല മാതപിതാക്കൾക്ക്. ഇത് മാറിച്ചിന്തിക്കാനും അശക്തരാണ് അവർ. പേരൻറ്റ്സ്- പുത്രർ ബന്ധങ്ങളിലെ അപാകതകൾ- ഉടമസ്ഥാവകാശം, അധീശത്വം എന്നിവയൊക്കെ- വിപരീതഫലവും ഉളവാക്കുന്നുണ്ട്. മാതാപിതാക്കളുടെ സ്വത്തിൽ അവകാശമുണ്ടെന്ന് ധരിയ്ക്കുകയോ അവരുടെ സ്വത്ത് കൈക്കലാക്കുന്നതിൽ ധാർമ്മികത കണ്ടുപിടിയ്ക്കുകയോ മക്കളുടെ സമ്പദ് ദർശനങ്ങളിൽ പെട്ടതാകാനും മതി. ഇത് സംഘർഷങ്ങളിലേക്ക് നയിയ്ക്കാൻ ഇടവരുത്തുകയും ചെയ്യുന്നു. 

   മക്കളെ അന്യ സംസ്ഥനങ്ങളിലേക്കോ അന്യരാജ്യങ്ങളിലേക്കോ വിദ്യാഭ്യാസത്തിനു വേണ്ടി അയയ്ക്കാൻ യത്നിച്ചവർ തന്നെയാണ് അവർ ഒറ്റയ്ക്കാകുമ്പോൾ കണ്ണീരു പൊഴിയ്ക്കുന്നത്. ഉടമസ്ഥാവകാശം ചോർന്നു പോയതിലുള്ള കുണ്ഠിതവുമായിരിക്കണം ഇത്. മക്കളിൽ നിന്നുള്ള മോചനം ഇൻഡ്യൻ മാതാപിതാക്കൾക്ക് അത്യവശ്യമായി വന്നു ചേരേണ്ടിയിരിക്കുന്നു. പക്ഷെ ഇതിനു സ്വന്തമായി നിലനിൽപ്പിനുള്ള തയാറെടുപ്പുകൾ ആവശ്യമാണ്. ആവുന്ന കാലത്ത് വാർദ്ധക്യകാലത്തെക്കുറിച്ച്  ചില തീരുമാനങ്ങളെടുത്ത് അതിനു വേണ്ടിയുള്ള വിഭവങ്ങൾ സമാഹരിക്കണമെന്നുള്ള ബോധം തെളിയേണ്ടിയിരിക്കുന്നു. മക്കൾക്ക് വേണ്ടി എല്ലാം ത്യജിക്കുന്ന മനോഭാവത്തിൻ്റെ മറുവശം വാർദ്ധക്യകാലത്ത് അവർ തങ്ങളെ പരിപാലിക്കാനുള്ളവരാണെന്നുള്ള വാശിയുടെ ഭാഗമാണ്. മക്കൾക്ക് വേണ്ടി എത്ര സ്വത്ത് ചെലവാക്കണം എന്നുള്ളത് ശ്രദ്ധയോടെ ചിന്തിച്ചുറപ്പിക്കേണ്ടതുണ്ട്. വാർദ്ധക്യത്തിലെ  ജീവിത വൈശിഷ്ട്യം (quality of life) എന്തായിരിക്കണം എന്നതിനെക്കുറിച്ചുള്ള ബോധം  പ്രാഥമികാവശ്യങ്ങളിൽ പ്പെടുന്നതായിരിക്കണം. 

പാശ്ചാത്യരാജ്യങ്ങളിലെ വരിഷ്ഠ പൗരർ

 വ്യാവസായിക വിപ്ളവത്തോടെ സമൂഹനീതികൾ മാറിമറിഞ്ഞതാണ് പാശ്ചാത്യരാജ്യങ്ങളിൽ വ്യക്തിനിഷ്ഠമായ ആലോചനകൾ ദൃഢതരമാക്കിയത്. വ്യക്തിയുടെ സ്വാസ്ഥ്യം എന്നത് ജനാധിപത്യത്തിൻ്റെ ഒന്നാം പരീഗണനയാണ് അവിടങ്ങളിൽ പണ്ടേ തന്നെ.. വൃദ്ധർഎന്ന വാക്ക് നിഷിദ്ധമാണ്,

വരിഷ്ഠ പൗരർ (senior citizens) ആണവർ. ഈ മാറ്റത്തിനു വേണ്ടിയുള്ള  നിയമനിർമ്മാണങ്ങൾ ഒരൊറ്റദിവസം കൊണ്ട് രൂപീകരിച്ചെടുത്തതല്ല, പ്രത്യുത പലേ സാമൂഹ്യ/സാമ്പത്തിക ഘട്ടങ്ങളിൽക്കൂടെ കടന്നു പോയപ്പോൾ ആവശ്യാനുസരണം മാറ്റിയെടുക്കപ്പെട്ടതും  പുനർമൂല്യാങ്കനം ചെയ്യപ്പെട്ടതും നവീകരിക്കപ്പെട്ടതും ആണ്. വാർദ്ധക്യത്തിലേക്ക് കടക്കുന്നവരുടെ പരിപാലന രീതിവ്യവസ്ഥകൾ പലേ ആശയങ്ങളിൽ നിന്ന് കടം കൊള്ളാനും പാശ്ചാത്യരാജ്യ ഭരണകൂടങ്ങൾ തയറായിട്ടുണ്ട്. അമേരിക്കയിലെ സോഷ്യൽ സെക്യൂരിറ്റി’ ,മെഡി കെയർ (Medicare) ആശയങ്ങൾ കാൾ മാക്സിൻ്റെ ദാസ് ക്യാപിറ്റൽനിന്ന് കടം കൊണ്ടതാണെന്നുള്ള സത്യം തെല്ല് വിസ്മയിപ്പിച്ചേക്കും നമ്മളെ.  ഇത്തരം നയങ്ങൾ പൊതുബോധത്തിൽ എത്തിച്ചേരുകയും സാവധാനം സ്വന്തം വാർദ്ധക്യത്തെക്കുറിച്ചും ആ വേളയിലെ സ്വാസ്ഥ്യപാലനത്തെക്കുറിച്ചും കൂടുതൽ അറിവ് ഉൾച്ചേർക്കാൻ പാകമാകുകയും ചെയ്തു. ഇത് സാവധാനം നടന്ന ഒരു പരിണാമമാണ്. ഇൻഡ്യയിൽ ഇങ്ങനെ ഒരു നയം ഭരണകൂടം ഇന്നു വരെ ചിന്തിച്ചിട്ടില്ല എന്ന് മാത്രമല്ല, അധികാരികളുടെ മനസ്സിൽ തോന്നുലുകൾ വന്നു ചേർന്നിട്ടുമില്ല. രാഷ്ട്രീയക്കാർക്ക് ഇത്തരം കാര്യങ്ങളിൽ അവബോധം തെല്ലുമില്ലെങ്കിൽ അത് നമ്മൾ തന്നെ സൃഷ്ടിച്ചെടുത്ത വ്യവസ്ഥയുടെ ഭാഗമാണെന്ന് സമ്മതിച്ച് പിൻ വാങ്ങുകയാണ് ഭേദം, അതിനുള്ള സാദ്ധ്യത ഉടനെങ്ങും ഉദയം ചെയ്യുമെന്ന് കരുതാനും വയ്യ. 

ക്രൂരതയുടെ പര്യായങ്ങളായ അച്ഛൻ, അമ്മ

    ഇൻഡ്യയിൽ പൊതുവേ പുരാണപ്രോക്തവും പഴഞ്ചരക്കും ആയ സൂക്തങ്ങൾ കുട്ടികളിൽ  കള്ളത്തരങ്ങൾ അടിച്ചേൽപ്പിക്കാൻ ഉപയുക്തമാകാറുണ്ട്. മാതാപിതാക്കളെ വന്ദിക്കണമെന്ന് സ്കൂളുകളിലും ഉപദേശങ്ങൾ നൽകപ്പെടുകയാണ്. പലപ്പോഴും ഇത് സത്യമല്ലെന്നും ഒരു വൻ മറ സൃഷ്ടിക്കലാണെന്നും കുട്ടികൾക്ക് തന്നെ മനസ്സിലാകാറുണ്ട് എന്നത് സമൂഹം അംഗീകരിക്കുന്നില്ല. കുട്ടികളെ ദേഹോപദ്രവമേൽപ്പിക്കുന്നത് കഠിനമായ കുറ്റമാണ്, പലേ രാജ്യങ്ങളിലും. അടികൊടുക്കുന്നതുകൊണ്ട്, അതുകൊണ്ട് മാത്രം, അച്ചടക്കം (discipline) കൈവരുത്താമെന്ന് ദൃഢമായി വിശ്വസിച്ച് അത് നടപ്പാക്കുന്നവരുടെ ലോകമാണ് ഇൻഡ്യ. അതുകൊണ്ട് സ്വജീവിതം മെച്ചപ്പെട്ടെന്നും സ്വഭാവരൂപീകരണത്തിനു സഹായിച്ചെന്നും വിശ്വസിക്കുന്ന മക്കൾ ധാരാളമായുണ്ട് എന്ന സത്യം എങ്ങനെ ക്രൂരത പൊതു സൈക്കിൽ വെളുപ്പിച്ചെടുക്കപ്പെടുന്നു എന്നതിൻ്റെ ഉദാഹരണമാണ്. ഉടമസ്ഥാവകാശം എന്ന തെറ്റിദ്ധാരണ കൽപ്പിച്ചു നൽകിയ അധീശത്വം മാത്രമാണിത്.  മക്കൾ അവഗണിയ്ക്കുന്നതായി വിലപിക്കുന്ന മാതാപിതാക്കൾ അവർ ചെയ്ത ക്രൂരതകൾ മറന്നേ പോകുന്നു. കഠിനമായ നിയമനിർമ്മാണങ്ങൾ കൊണ്ടേ ഈ മാനസികസ്ഥിതി മാറ്റിയെടുക്കാൻ സാധിയ്ക്കൂ. ഗുരുവായൂരിൽ നടതള്ളപ്പെടുന്ന വൃദ്ധജനങ്ങളിൽ ചിലർ, ഓണത്തിനു വീട്ടിൽ എത്താത്ത മക്കളെക്കുറിച്ച് വിലപിക്കുന്നവരിൽ ചിലർ,  സ്വയം ആലോചിക്കേണ്ടതാണ് അവരുടെ പണ്ടുകാലത്തെ മക്കൾ സമീപനം. 

 വൃദ്ധസദനങ്ങൾ, ക്ഷമിക്കണം, വരിഷ്ഠ പൗരസദനങ്ങൾ  അത്യാവശ്യം 

      ആയുർദൈർഘ്യം കൂടി വരുന്നത് ആഗോളപ്രതിഭാസമാണ്. 1900 ഇൽ ആയുർദൈർഘ്യം 50 വയസ്സ് ആയിരുന്നെങ്കിൽ 1930കളായപ്പോഴേയ്ക്കും അത് 60 ആയിത്തീർന്നു. പോഷകാഹരലഭ്യത കൂടി,  മെച്ചപ്പെട്ട ശുചിത്വരീതികൾ പലരോഗങ്ങളേയും അകറ്റി, മെഡിക്കൽ പരിപാലനത്തിനു വൻ ആക്കം കൂടി, ഇന്ന് ഇൻഡ്യയിൽ 70 ആണത്. ജപ്പാനിൽ 84 ഉം അമേരിക്കയിൽ 79ഉം.  റിട്ടയർ ചെയതവരുടെ എണ്ണം കൂടുകയാണ്, വാർദ്ധക്യത്തിൻ്റെ പ്രശ്നങ്ങൾ സമൂഹത്തിൻ്റെ മൊത്തം ബാദ്ധ്യതയായിരിക്കയാണ്. 55 വയസ്സിലോ 60 വയസ്സിലോ റിടയർ ചെയ്യിപ്പിച്ച് വീട്ടിലിരുത്തുന്ന രീതിയാണ് നമുക്കുള്ളത്.  അവരിൽ നിന്ന് സമൂഹത്തിനു എന്തെങ്കിലും ലഭിയ്ക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യമുണ്ടെങ്കിൽ അവരെ ചെറിയ ഉത്തരവാദിത്തങ്ങളുള്ള ജോലികൾ ഏൽപ്പിക്കേണ്ടതാണ്. പരസഹായം ആവശ്യമുള്ളവർക്ക്  ആധുനിക സൗകര്യങ്ങളും വിനോദങ്ങൾക്കും കൂട്ടായ പ്രവർത്തികൾക്കും സൗകര്യങ്ങളും പ്രയോഗോപകരണങ്ങളും ഉള്ള വൃദ്ധസദനങ്ങൾ വേണ്ടിയിരിക്കുന്നു. മുൻ ചൊന്നതു പോലെ പാശ്ചാത്യരാജ്യങ്ങളിൽ വരിഷ്ഠ പൗര സദനങ്ങളാണ്., വൃദ്ധസദനങ്ങൾ അല്ല. പക്ഷേ ഇന്ന് വൃദ്ധ സദനം എന്ന പേരു കേട്ടാൽ ഞെട്ടിത്തെറിയ്ക്കുന്ന സമൂഹമാണുള്ളത്. മക്കൾ തന്നെ മാതാപിതാക്കളെ പരിപാലിക്കണം എന്ന അപ്രായോഗികമായ നിർബ്ബന്ധബുദ്ധിയിൽ കുടുങ്ങിക്കിടക്കുകയാണ് നമ്മൾ. വയ്യാതായ അച്ഛനെ പരിപാലിയ്ക്കാൻ പ്രാപ്തിയുള്ള റോബോട് ഏർപ്പാടാക്കിയ മകനെ കുറ്റബോധത്തിലാക്കി അവൻ തന്നെ റഷ്യയിലെ ജോലി കളഞ്ഞ് കേരളത്തിലെ ഗ്രാമത്തിൽ വന്ന് താമസിക്കണം എന്ന് തെര്യപ്പെടുത്തുന്ന സിനിമകൾ (ആൻഡ്റോയിഡ് കുഞ്ഞപ്പൻ) നമ്മുടെ പൊതുബോധത്തിൽ പിന്തിരിപ്പൻ ആശയങ്ങൾ ആഞ്ഞു തറപ്പിച്ചിട്ടുണ്ട്. അച്ഛൻ്റെ അടുത്തില്ലാത്ത മകനെ പ്രതിക്കൂട്ടിലാക്കി മാത്രമാണ് കഥ മുന്നേറുന്നത്. 

 

    പക്ഷേ ഫ്യൂഡൽ ചിന്തകളും പിന്തിരിപ്പൻ മതബോധങ്ങളും പഴകിദ്രവിച്ച കാർഷികവ്യവസ്ഥ (Agrarian) യെ പുണരുന്ന സമൂഹബോധവും  വരിഷ്ഠ പൗരരെ നിർമ്മിച്ചെടുക്കുന്നത് ദുഷ്ക്കരമാക്കുന്നു. പാശ്ചാത്യ രീതികളുമായുള്ള സാംസ്കാരികവ്യത്യാസം അവിടത്തെപ്പോലെ സീനിയർ സിറ്റിസൻസ്ഇനെ ബഹുമാനിക്കാനും അവർക്ക് ഉചിത ഇടം മാനസികമായും ഭൗതികമായും സ്വരൂപിച്ചെടുക്കാനും തടസ്സങ്ങൾ സൃഷ്ടിയ്ക്കുന്നുണ്ട്. വന്ദിപ്പിൻ മാതാവിനെ..എന്നൊക്കെയുള്ള കവിതകൾ കാൽപ്പനികത സൃഷ്ടിയ്ക്കുന്ന ചമൽക്കാരങ്ങൾ മാത്രമായിത്തീരുകയാണുണ്ടാകുന്നത് എന്ന് തിരിച്ചറിഞ്ഞ് അവർക്ക് സ്വാതന്ത്ര്യവും സ്വന്തം ഇടവും  സൃഷ്ടിച്ചു കൊടുത്ത് ശരിക്കും ബഹുമാനിക്കാൻ പുതിയ തലമുറ പരിശീലിക്കേണ്ടിരിക്കുന്നു, പരിശീലിപ്പിച്ചെടുക്കേണ്ടത്  മാതാപിതാക്കൾ തന്നെയാണ്, മാറിയ   സമൂഹത്തിൻ്റെ ഉത്തരവാദിത്തവുമാണ്‌. മക്കളുടെ ഉടമസ്ഥരല്ല തങ്ങൾ എന്ന് മാതാപിതാക്കൾ സ്വയം ബോദ്ധ്യപ്പെടേണ്ടതുമാണ്.. ഭരണകൂടം നിയമങ്ങൾ നിർമ്മിച്ചെടുക്കുകയും അവബോധം ആഴത്തിൽ വേരോടാനുള്ള വാതാവരണം സൃഷ്ടിയ്ക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. പക്ഷേ ഇത് ഒരു ചെറിയ കാലയളവ് കൊണ്ട് സാധിച്ചെടുക്കാവുന്നതല്ല. ഭരണകൂടത്തിൻ്റെ ചക്രം തിരിക്കാൻ കയറുന്ന രാഷ്ട്രീയക്കാർ വിവേകജന്യമായ വിദ്യാഭ്യാസം ലഭിച്ചവരോ ദീർഘവീക്ഷണം ഉള്ളവരോ അല്ല എന്നത് വൻപ്രതിബന്ധമാണ് സൃഷ്ടിയ്ക്കുന്നത്.

Sunday, July 2, 2023

രവീന്ദ്രൻറ്റേത് സങ്കീർണ്ണ പാട്ടുകളോ?

      സംഗീതസംവിധായകൻ രവീന്ദ്രൻ്റെ പാട്ടുകൾ  ആവശ്യമില്ലാതെ സങ്കീർണ്ണമാക്കപ്പെട്ടവയാണെന്നും അതുകൊണ്ട് അദ്ദേഹം മാസ്റ്റർഎന്ന് വിളിയ്ക്കപ്പെടാൻ അർഹനല്ലെന്നും പി. ജയചന്ദ്രൻ ഈയിടെ പ്രസ്താവിക്കുകയുണ്ടായി. പക്ഷേ ആ പ്രസ്താവനയിൽ ഉടൻ അദ്ദേഹം ഈ അഭിപ്രായം മാറ്റിപ്പറയുന്നുണ്ട്. ചില പാട്ടുകൾ മാത്രമാണിവയെന്നും അദ്ദേഹം തന്നെ പാടിയ ആലീലത്താലിയുമായ’ (മിഴിരണ്ടിലും) വളരെ സൗമ്യതരവുമാണെന്ന് സംർത്ഥിയ്ക്കുന്നുമുണ്ട്, ഒരു തെറ്റ് തിരുത്തുന്നതുപോലെ. പക്ഷേ മാദ്ധ്യമങ്ങൾ അദ്ദേഹത്തിൻ്റെ ആദ്യത്തെ വാചകം മാത്രം ഏറ്റെടുത്ത് ഒരു വിവാദം സൃഷ്ടിച്ചെടുക്കുകയും ചെയ്തു. നല്ലപാട്ടുകൾ കമ്പോസ് ചെയ്തിരുന്ന രവീന്ദ്രൻ കോമ്പ്ളിക്കേറ്റെഡ്പാട്ടുകൾ കമ്പോസ് ചെയ്യാൻ നിർബ്ബന്ധിതനായിത്തീരുകയായിരുന്നു എന്നും അഭിപ്രായപ്പെടുന്നുണ്ട് അദ്ദേഹം. 

   ശ്രീ ജയചന്ദ്രൻ രവീന്ദ്രനെ ജോൺസണുമായി താരതമ്യപ്പെടുത്തുന്നുമുണ്ട്. സംഗീതസംവിധായകകരെ താരതമ്യപ്പെടുത്തുന്നത് യുറക്തിഭദ്രമല്ല, ഒരേ കാലത്ത് രംഗത്തുണ്ടായിരുന്ന ഇവർ രണ്ടു പേരും അത്യാകർഷകവും പോപുലറുമായ പാട്ടുകൾ വിരചിച്ചവുരുമാണ്. 

   സങ്കീർണ്ണമായ പാട്ടുകൾ രവീന്ദ്രൻ നിർമ്മിച്ചു എന്നാണ് ജയചന്ദ്രൻ്റെ പരാതി. അതിൽ ശരിയുണ്ട് താനും.യേശുദാസുമായി ചേർന്ന് അങ്ങനെയൊരു പതിവ്  വന്നുഭവിച്ചിട്ടുണ്ട്, സത്യമാണ്. പക്ഷേ ഇത് രവീന്ദ്രൻ്റെ പാട്ടുകളെ അടച്ചാക്ഷേപിക്കാനുള്ള വക നൽകുന്നതേ ഇല്ല. അത്രമാത്രം വൈവിദ്ധ്യമിയന്നതായിരുന്നു രവീന്ദ്രൻ്റെ സംഗീതസംവിധാന സപര്യ. യേശുദാസിനെക്കുണ്ട് അദ്ദേഹം പാടിപ്പിച്ച ജനപ്രിയഗീതങ്ങളൊക്കെ വൻ പ്രചാരത്തിലായവയാണ്. അവയിൽ ചിലതു മാത്രമേ സങ്കീർണ്ണമായിട്ടുള്ളു.  ആദ്യകാല പാട്ടുകളായ തേനും വയമ്പും’ , ‘ഒറ്റക്കമ്പി നാദം മാത്രംഒക്കെ ക്ളിഷ്ടതരമോ മനഃപൂർവ്വം ജടിലത ഉൾച്ചേർത്തവയോ അല്ല. 

  അധികം താമസിയാതെയാണ് ഉത്രാടപ്പൂനിലാവേ വാ’, ‘മാമാങ്കം പലകുറി.ഒക്കെ മലയാളികൾ സഹർഷം നെഞ്ചിലേറ്റുന്നത്. സങ്കീർണ്ണത നിർമ്മിച്ചെടുത്തതിനെപ്പറ്റി പരാതി പറയുന്ന ശ്രീ ജയചന്ദ്രൻ തീർച്ചയായും അതിമനോഹരം ആദ്യത്തെ ചുംബനം കേട്ടിട്ടുണ്ടാവണം. ലാളിത്യത്തോടൊപ്പം മാധുര്യം നിറച്ചിരിക്കയാണ്.  ഒരു സംഭാഷണം പോലെ സ്വരങ്ങൾ തിരിച്ചും മറിച്ചും പാടുന്ന സംഘങ്ങൾ കൂടെയുണ്ട്. പാട്ടുകാരന്മാരും പാട്ടുകാരികളും. ജിമ്മിക്കുകൾ തൻ്റെ ലക്ഷ്യങ്ങളിലൊന്നല്ല എന്ന രവീന്ദ്രൻ്റെ പ്രഖ്യാപനം കൂടിയാണ് ഈ പാട്ട്. പ്രശ്നം ഗുരുതരത്തിലെ ലീലാതിലകം ചാർത്തി…” വ്യക്തമായി രാഗം അടിസ്ഥാനമാക്കിയ പാട്ടാണെങ്കിലും സങ്കീർണ്ണത തെല്ലുമില്ല, സ്വരാലാപനങ്ങൾ സർക്കസ് കളിയ്ക്കുന്ന മട്ടിൽ ചിട്ടപ്പെടുത്തിയവയുമല്ല. 

 താരകേ മിഴിയിതളിൽ.. ആദ്യം യേശുദാസിനെക്കൊണ്ട് പാടിപ്പിയ്ക്കുമ്പോൾത്തന്നെ ലളിതമെന്ന് തോന്നിപ്പിയ്ക്കുന്ന മന്ദഗതിയിലാണെങ്കിലും താഴ്ന്ന സ്ഥായിയിലാണ്. യേശുദാസ് അനായാസമായി പാടുന്നുണ്ടെങ്കിലും ഈ കീഴ്സ്ഥായിയിൽ പലർക്കും സുന്ദരമായി പാടാൻ സാധിയ്ക്കുകയില്ല. താഴ്ന്ന സ്ഥായിയിൽ പലരുടെയും ശബ്ദസൗകുമാര്യം പമ്പ കടന്നേയ്ക്കും.  യേശുദാസിനു വെല്ലുവിളികൾ നൽകുക എന്നത് രവീന്ദ്രൻ്റെ പതിവായിത്തീർന്നു എന്നത് സത്യമാണ്. പിന്നീട് കമ്പോസിങ്ങ് സമയത്ത് ഇരുവരും തീക്ഷ്ണമായ അഭിപ്രായപ്രകടങ്ങൾ പ്രകാശിപ്പിക്കുക് വഴി ചൂടൻ ചർച്ചയിൽ എത്താറുണ്ടായിന്നു എന്ന് പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. യേശുദാസിൻ്റെ എല്ലാ ആലാപനമികവുകളും പുറത്തെടുക്കാനുള്ള യത്നം ആയിട്ടു വേണം ഈ സംഭവങ്ങളെ വിലയിരുത്തേണ്ടത്. 

   1986 ലെ ശ്രീലതികകൾ’ (സുഖമോ ദേവീ) ആയിരിക്കണം ഇത്തരം നിഷ്ക്കർഷകൾ തീക്ഷ്ണമായതിൻ്റെ ആദ്യ സൂചന. ചടുലമായ അക്ഷരവിന്യാസങ്ങളും യമകപ്രയോഗങ്ങളും സ്ഥയികളുടെ ഉയർച്ചകളും നിപാതങ്ങളും ആവോളം നിറച്ചിട്ടുണ്ട് ഈ പാട്ടിൽ.  നൃത്തരംഗൾക്ക് വേണ്ടിയുള്ളതോ കച്ചേരി മട്ടിൽ പാടുന്നതോ ആയ പാട്ടുകളിൽ മാത്രമേ അന്ന് വരെ സ്വരങ്ങൾ ഉപയോഗിച്ചിരുന്നുള്ളു. ഈ കീഴ് വഴക്കം പാടേ മാറ്റി മറിച്ചുകൊണ്ടാണ് ഒരു സാധാരണ പാട്ടിൽ സ്വരാലാപനം രവീന്ദ്രൻ നിബന്ധിച്ചത്.  ചരണത്തിൻ്റെ ആദ്യവരി കഴിഞ്ഞ് സരിമ സരിമപ സരിമപനിസ...എന്നിങ്ങനെ ഓരോ ആവർത്തനത്തിനും ഓരോ സ്വരങ്ങൾ ഒന്ന് വെച്ച്  കൂട്ടി വ്യാപ്തികൂട്ടുന്ന കച്ചേരി പ്രയോഗവും വ്യത്യസ്തത വരുത്താനുള്ള വ്യഗ്രതയുടെ ഉദാഹരണമാണ്.  ഒന്നിടവിട്ട് ‘" പോരികെൻ- കരളിൽ- ആകവേ- മലയസാനുവിൽ- നിറനിലാവുപോൽ" എന്നതിൽ ഉയർന്നതും താഴ്ന്നതുമായ സ്ഥായികൾ ഒന്നിടവിട്ട് പ്രയോഗിച്ചിട്ടുമുണ്ട്.  ചടുലമായ മൃദംഗ നടകൾ അത്യപൂർവ്വമായ ചാതുരിയോടെയാണ് താളക്കൊഴുപ്പ് സൃഷ്ടിയ്ക്കുന്നത്. ഇതിനും തൊട്ടുമുൻപ് 1984 ഇൽ മനതാരിലെന്നും കൊണ്ടുവാ.... അയത്നസുന്ദരമായി ചിട്ടപ്പെടുത്തിയിതാണ് എന്നത് ഓർമ്മിക്കാം. പക്ഷേ ചരണങ്ങളുടെ അവസാനം ഹൃദയം-പിടയും-പുതുലഹരിയിൽ-മിഴികൾ-തിരയും-തവവദനം എന്ന രീതിയിൽ ചടുലത  നിബന്ധിച്ചിട്ടുണ്ട്. ഇത് രവീന്ദ്രൻ്റെ ചിട്ടപ്പെടുത്തലുകളിൽ ഒരു കയ്യൊപ്പ് പോലെ പതിഞ്ഞു കിടക്കുന്നതാണ്. ഒരു സങ്കീർണ്ണതയും അനുഭവപ്പെടുന്നില്ല, എന്ന് മാത്രമല്ല, പാട്ടിൻ്റെ ഗതി ഒന്ന് മാറി ഒഴുകുന്നത് ആസ്വാദ്യത വർദ്ധിപ്പിക്കുന്നുമുണ്ട്. 1984 ഇൽത്തന്നെ മനസ്സേ നിൻ്റെ മണിനൂപുരങ്ങൾ..അതിമന്ദ്രമായി ചിട്ടപ്പെടുത്തി വെച്ചിരുന്നിട്ടുമുണ്ട്, ഓരോ വാക്കിലും പരമശാന്തത ഘനീഭിവിപ്പിച്ചിട്ടുമുണ്ട്. 

   ഭരതത്തിലെ രാമകഥാഗാനലയം (1991) ജയചന്ദ്രനെ തെല്ല് ചൊടിപ്പിക്കുന്നുണ്ട്. സങ്കീർണ്ണതയുടെ ഉദാഹരണമായി ആ ട്യൂൺ ചൊല്ലിക്കേൾപ്പിക്കുന്നുമുണ്ട്. ചടുലമായും അതി വേഗതയോടും സ്ഥയികൾ ഉയർത്തി താഴ്ത്തുന്നത് ആവർത്തിച്ച് സംഘർഷാത്മകത സൃഷിടിയ്ക്കുന്നുണ്ട് എന്നതാണ് അദ്ദേഹത്തെ സ്വൽപ്പം രോഷാകുലനാക്കുന്നത്, രവീന്ദ്രൻ മാസ്റ്റർ ബിരുദത്തിനു അർഹനല്ലെന്ന് വിധിയ്ക്കാൻ പ്രേരിപ്പിക്കുന്നത്. രാമകഥാ-ഗാനലയം-മംഗളമെൻ- തംബുരുവിൽ എന്ന വാക്കുകളാണ് പൊടുന്നനവേ ഉയരുകയും താഴുകയും ചെയ്യുന്നത്. മൃദംഗത്തിൻ്റെ ശ്രുതിയും ഇതോടൊപ്പം പൊങ്ങിത്താഴുന്നുണ്ട്.  പിന്നെ വരുന്ന സ്വരങ്ങൾ സങ്കീഋണ്ണാലാപനമാക്കിയിട്ടുണ്ട് സത്യമാണ്. സ്ഥായി ഉയർത്തിത്താഴ്ത്തുന്നത് സർക്കസ്സിൻ്റെ ചാതുര്യത്തോടെ തന്നെ.കച്ചേരികളിൽ സംഗീതജ്ഞർ തങ്ങളുടെ പാടവം പ്രദർശിപ്പിക്കാനുള്ള വിദ്യകളുടെ ഭാഗമാകാറുണ്ട് എന്നത് വിസ്മരിക്കാൻ വയ്യ. ഇന്ദ്രധനുസ്സുകൾ മീട്ടിദേവകൾ.. എന്ന ഭാഗം അത്യന്തം ക്ളിഷ്ടതരമാണ്, “പ്രണവം വിടർന്നുലഞ്ഞ സരയുവിൽ പാടുമ്പോഴൊക്കെ സ്ഥായി പെട്ടെന്ന് ഉയർന്ന് താഴുകയാണ്. സിനിമയിലെ ആ രംഗത്തിൻ്റെ സംഘർഷാവസ്ഥ കൃത്യമായി ആവിഷ്ക്കരിക്കപ്പെടുകയാണിവിടെ. നായകൻ്റെ മനസ്സ് പ്രക്ഷുബ്ധമാണ്. ഈ പാട്ട് പാടാൻ എളുപ്പമല്ല. രവീന്ദ്രൻ്റെ കമ്പോസിങ്ങ് ചാതുര്യവും യേശുദാസിൻ്റെ ആലാപനവൈദഗ്ദ്ധ്യവും സമ്മിളിതമാകുന്ന വേളയാണിത്. സിനിമാസംഗീതത്തിൽ ഭാവതീവ്രത ആവശ്യപ്പെടുമ്പോൾ അത് നൽകുന്നത് ഉചിതമെന്നേ കരുതാനാകൂ. അത് കച്ചേരികളിലെ ചില ട്രിക്കുകൾ വിപുലീകരിച്ചെടുക്കുന്നതായാൽ തെറ്റ് പറയാനില്ല. ഇതേ സിനിമയിലെ മറ്റ് കർണാടക സംഗീത കീർത്തനങ്ങൾ -

ശ്രീവിനായകം നാമാമ്യഹം’,  രഘുവംശപതേ എന്നിവ യേശുദാസിനെക്കൊണ്ട് പാടിപ്പിച്ചപ്പോൾ രവീന്ദ്രൻ ഈ സങ്കീർണ്ണതകളൊന്നും നിബന്ധിച്ചില്ല എന്നത് രാമകഥാഗാനലയത്തിൻ്റെ ചിട്ടപ്പെടുത്തൽ ആ രംഗത്തിൻ്റെ തീവ്രതയോട് യോജിച്ചു പോകുവാനാണ് എന്നത് വ്യക്തമാക്കുന്നു. ജയചന്ദ്രൻ ഇക്കാര്യം ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു.കോമ്പ്ളിക്കേറ്റഡ്ആക്കാൻ രവീന്ദ്രനെ ആരും വഴിതിരിച്ചു വിട്ടതല്ല എന്ന് തെളിയുകയാണ്. 

  ഈ പാട്ട് കമ്പോസ് ചെയ്യുന്നതിനു തൊട്ടു മുൻപ് 1990 ഇൽ ഹിസ് ഹൈനെസ് അബ്ദുള്ളയിൽ പ്രമദവനം വീണ്ടും ,’ഗോപികാവസന്തം’,, ‘ദേവസഭാതലം ഒക്കെ യേശുദാസിനെക്കൊണ്ട് പലരീതിയിൽ ആവിഷ്ക്കരിച്ചെടുത്തത് രവീന്ദ്രൻ്റെ മിടുക്ക് എന്ന് തന്നെയേ പറയേണ്ടൂ. പ്രമദവനം ഗമകപ്രയോഗങ്ങളാൽ സമൃദ്ധമാണ്, പാടി ഫലിപ്പിക്കാൻ എളുപ്പവുമല്ല. മന്ദ്രമായാണ് പാട്ട് തുടങ്ങുന്നത്,  പക്ഷേ കവിയുടെ ഗാനരസാമൃതലഹരിയിൽ..... പടിപടിയായി സ്ഥായി ഉയർത്തി ഒരു  ക്ളൈമാക്സിൽ ഇന്നിതായിൽ എത്തിക്കുന്നതൊക്കെ രവീന്ദ്രൻ്റെ ചില വിദ്യകളിൽപ്പെടുന്നതാണ്, ആസ്വാദ്യത വർദ്ധിപ്പിക്കുന്നതേ ഉള്ളു. 1991 ഇലെത്തന്നെ അരുണകിരണമണിയുമുടയും”’ (കിഴക്കുണരും പക്ഷി) നാലു സ്വരങ്ങൾ മാത്രം ഉപയോഗിക്കുന്ന ലവംഗി രാഗത്തിൽ ചിട്ടപ്പെടുത്തിയതാണ്. എന്നിട്ടും അപാര ചടുലതയാണ്, സ്ഥായി ഉയർത്തി താഴ്ത്തുന്നുണ്ട് പാട്ടിൽ ഉടനീളം. ഗാനരചയിതാവിനെക്കൊണ്ട് യമകപ്രയോഗങ്ങൾ പോലെ അനുപമസ്വരഗതി അതിലൊരു നിർവൃതിഎന്നതൊക്കെ എഴുതി വാങ്ങിയിട്ടുണ്ട് രവീന്ദ്രൻ. മദനഭരം-സ്വരസദനം-മമസദനം-തവ ഹൃദയം ഒക്കെ ഉയർന്നു താഴാനുള്ള വാക്കുകളാണ്.  ഇതിനും വളരെ മുൻപേ 1986 ഇൽ ശ്രീലതികകൾഇൽ ഇത് തുടങ്ങി വെച്ചിരുന്നു: അത് നേരത്തെ പരാമർശിച്ചിട്ടുണ്ട്.  1997 ഇലെ പാടീ തൊടിയിലേതോ.. താളങ്ങളെക്കൊണ്ടുള്ള ലീലാവിനോദമാണ്, അക്ഷരങ്ങളെ അമ്മാനമാടുന്നുമുണ്ട്.  ഗോപികേ ഹൃദയമൊരു ‘ (നന്ദനം)  പല്ലവിയിൽ തന്നെ അഗാധമായി താഴുന്ന ശ്രുതി പൊടുന്നനവേ അത്യുയരത്തിൽ എത്തുന്ന പടിയാണ് കമ്പോസ് ചെയ്യപ്പെട്ടിരിക്കുന്നത്. “ഗംഗേ തുടിയിൽ.. (വടക്കുന്നാഥൻ) അക്ഷരക്കൂട്ടങ്ങൾ പെരുമഴപോലെ ഉതിർന്നു വീഴുന്ന പോലെയാണ് ചിട്ടപ്പെടുത്തൽ. കാർ കൂന്തൽ-ചുരുളിലരിയവര-വാർതിങ്കൾ-തുളസി- ഭാഗത്ത്  അക്ഷരങ്ങളും സ്ഥായി കയറ്റിറങ്ങളും കൂടെ കളിയിലേർപ്പെടുകയാണ്.  തംബുരു കുളിർ ചൂടിയോ   സൂക്ഷ്മമായ സ്വരനിബന്ധനകളും അവയുടെ അവിചാരിതമായി പ്രതിഷ്ഠിക്കപ്പെടുന്ന രീതിയും കൊണ്ട് സാധാരണ പാട്ടുകാർക്ക് പാടി ഫലിപ്പിക്കാൻ പ്രയാസമേറിയതാണ്. പക്ഷേ പാട്ടാകട്ടെ ആകപ്പാടെ സ്നിഗ്ദ്ധത തൊട്ടുപുരട്ടപ്പെട്ടതാണ്. രവീന്ദ്രൻ്റെ പാട്ടുകളെ വേറിട്ടതാക്കുന്നത് ഇത്തരം സാഹസികമായ ഒരുമ്പെടലുകളാണ്, അത് സർഗ്ഗാത്മകതയുടെ നിദർശനവുമാണ്. 

   1981 ഇൽ തേനും വയമ്പും നാവിൽ തൂകി മാധുര്യം ഇറ്റിച്ചാാണ് രവീന്ദ്രൻ സ്വയം പരിചയപ്പെടുത്തിയതു തന്നെ. പിന്നീട് ഏഴുസ്വരങ്ങളും തഴുകി വരുന്നൊരു ഗാനം എന്ന് വരാൻ പോകുന്ന പാട്ടുകളെക്കുറിച്ച് പ്രവചിച്ചിട്ടുമുണ്ട്. സമുദ്രദിഗന്തങ്ങളുടെ ശാന്തതയും  സൗമ്യതയും സാന്ദ്രമാക്കിയ എത്രയൊ പാട്ടുകൾ ആദ്യചുംബനം പോലെ അതി മനോഹരങ്ങളായി നമ്മുടെ ചുണ്ടുകളിൽ മാധുര്യം ഇറ്റിച്ചു, കാതിൽ തേന്മഴയായി പെയ്തിറങ്ങി. വികാരനൗകയുമായി ഏതോ നിദ്രതൻ”, ‘മനസ്സിൻ മണിച്ചിമിഴിൽ’, ‘നിറങ്ങളേ പാടൂ’, ‘ഹൃദയം ഒരു വീണയായ്’, ‘ചന്ദനമണിവാതിൽ പാതി ചാരി’, ‘കുടജാദ്രിയിൽ’, ‘ആത്മാവിൻ പുസ്തകത്താളിൽ’, ‘ഇരുഹൃദയങ്ങളിൽ ഒന്നായ്’, ‘ഇന്നുമെൻ്റെ കണ്ണുനീരിൽ....... ലിസ്റ്റ് നീളുകയാണ്. നിശിതമായി ആത്മനൊമ്പരവും വിരഹവേദനയും നഷ്ടബോധവും സൃഷ്ടിച്ച് ആ പാട്ടുകൾ ഹൃദയത്തിൽ തറച്ച് കയറ്റാൻ ഉദ്ദേശിക്കപ്പെട്ടവ തന്നെ.  കസർത്തുകൾ നിബന്ധിച്ച പാട്ടുകളേക്കാൾ (ജയചന്ദ്രൻ്റെ വീക്ഷണത്തിൽ): ഇത്തരം പാട്ടുകളണേറെ. എന്തുകൊണ്ട് രവീന്ദ്രനെ സൗമ്യമായ ആത്മനൊമ്പര ഗാന കമ്പോസർ എന്ന് വിശേഷിപ്പിക്കുന്നില്ല എന്ന് ചോദിക്കേണ്ടത് സംഗതമാണ്. 

  സിനിമാഗാനങ്ങൾ കഥയുടെ ഘട്ടങ്ങൾക്കും വികാരപരതയ്ക്കും അനുയോജ്യമായി ചിട്ടപ്പെടുത്തുന്നവയാണ്. യേശുദാസ് ആവട്ടെ കച്ചേരി പാടുന്ന സംഗീത്ജ്ഞനാണ്, കയ്യിലിരിപ്പുകൾ ചില്ലറയല്ല. അദ്ദേഹത്തെക്കൊണ്ട് സാദ്ധ്യമാകുന്നതൊക്കെ സന്ദർഭമനുസരിച്ച് പുറത്തെടുക്കാനായിരുന്നു രവീന്ദ്രൻ നിഷ്ണാതനായത്. വെല്ലുവിളികൾ ധാരാളം ഇട്ടു കൊടുത്തു, യേശുദാസ് അതിലെല്ലാം വിജയിച്ചു എന്ന് രവീന്ദ്രൻ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കച്ചേരികളിൽ കേൾവിക്കാർ സമക്ഷം അവതരിക്കപ്പെടുന്ന ട്രിക്കുകൾ പലതും ചുരുക്കിയോ വിപുലീകരിച്ചോ എടുക്കാൻ യേശുദാസിനെ പ്രേരിപ്പിക്കുകയായിരൂന്നു രവീന്ദ്രൻ. കച്ചേരികൾക്ക് സാധകവും കൃത്യപരിശീലനവും ഒക്കെ അനുഷ്ഠിച്ച ശേഷമാണ് അവതരണം. പക്ഷേ സിനിമാപ്പാട്ടുകൾ പെട്ടെന്ന് പാടിത്തീർക്കുന്നവയാണ്. ട്രാക്ക് പാടിയത് ഒന്നോ രണ്ടോ തവണ കേട്ട് പെട്ടെന്ന് പാടി റെക്കോർഡ് ചെയ്യുകയാണ് പതിവ്. യേശുദാസിനു പോലും അത്തരം എളുപ്പങ്ങൾ നിഷേധിച്ചു രവീന്ദ്രൻ. അത് സംഗീതത്തിൻ്റെ പൂർണ്ണതയ്ക്ക് വേണ്ടി മാത്രം ആയിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.കമ്പോസിങ്ങ് സമയത്ത് എന്ത് കശപിശകൾ നടന്നാലും നമുക്ക് ലഭിച്ചത് ഗംഭീരവും വെല്ലുവിളികൾ നിറഞ്ഞതും പാടി ഫലിപ്പിക്കാൻ പ്രയാസമേറിയതുമായ  ചില പാട്ടുകളാണ്. ആകെയുള്ള പാട്ടുകളിൽ ഒരു ചെറിയ ശതമാനമേ ഉള്ളു ഇത്തരം പാട്ടുകൾ  പക്ഷേ ഇത് രവീന്ദ്രൻ്റെ മുഖമുദ്രയായിരുന്നില്ല. മലയാളികളുടെ ഹൃദയത്തിൻ്റെ നുനുത്ത കോണുകളിലാണ് ആന്തരസ്പർശിയായ പാട്ടുകളെ  അദ്ദേഹം പ്രതിഷ്ഠിച്ചത്.

 

 

 

 

 

 

 

പാൽതു ജാൻവർ-തൊഴിൽ ആത്മാർത്ഥത മൃഗപരിപാലനത്തിലും ആനിമേഷൻ കമ്പ്യൂട്ടർ ജോലിയിലും.

      പാൽതു ജാൻവർ  വളർത്തുമൃഗങ്ങളെ സ്നേഹിക്കേണ്ടതിൻ്റെ സാംഗത്യം വിളമ്പുന്ന സിനിമയാണ്, നാടൻ ജീവിതം കൃത്യമായി വരച്ചുകാട്ടുന്നു എന്നതാണ് ആകർഷകം, കുട്ടികൾക്ക് കൂടുതൽ ഇഷ്ടപ്പെട്ടേയ്ക്കും എന്നൊക്കെ അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. സിനിമയുടെ അന്തർദ്ധാര മനസ്സിലാകാതെ പോയതിൻ്റെ ഒരു പ്രതിഫലനമാണ്. സിനിമ അതീവ വൈദഗ്ദ്ധ്യത്തോടെ നേരേ ചൊവ്വെ പറയാതെ ഒളിപ്പിച്ചിട്ടുണ്ട് ചില കാര്യങ്ങൾ. സിനിമയുടെ സാമൂഹികതലം തൊഴിലിലെ ആത്മാർത്ഥതയ്ക്ക് വില കൊടുക്കേണ്ടതിൻ്റെ ആവശ്യകത വ്യക്തമാക്കുന്നതും കമ്പ്യൂടർ ജോലിക്കാർ  (ആനിമേഷൻ ഉദാഹരണമായി എടുത്തിരിക്കയാണ്) ഇതിൽ എങ്ങനെ അകപ്പെട്ടിരിക്കുന്നു എന്നതുമാണ്. 

    ആനിമേഷൻ കമ്പനി തുടങ്ങി അത് പൊളിഞ്ഞു പാളീസായതിൻ്റെ വ്യഥ അനുഭവിക്കുന്നവനാണ് പ്രസൂൺ കൃഷ്ണകുമാർ. ആനിമേഷൻ മേഖല വൻ ഡിമാൻഡ് ഉള്ളതാണ് മറ്റ് ഐ റ്റി മേഖലകൾ പോലെ, പക്ഷേ കമ്പനികൾ തുടങ്ങി പലർക്കും കൈ പൊള്ളിയിട്ടുള്ളതുമാണ്. ആനിമേഷൻ അറിയാം, പക്ഷേ ഒരു ബിസിനെസ് നടത്താനുള്ള കെല്പ് ഇല്ല പ്രസൂണിനു എന്ന് അയാളുടെ ചേച്ചി സൂചിപ്പിക്കുന്നുണ്ട്. ആത്മർത്ഥതയുടെ പ്രശ്നം പ്രസൂണിൻ്റെ തോൽവിയുടെ ഒരു കാരണമാണെന്നും ചേച്ചി തീർത്തു പറയുന്നുണ്ട്. പ്രസൂൺ വരുത്തി വെച്ച കടങ്ങൾ കൊടുത്തുതീർത്തുകൊണ്ടിരിയ്ക്കുന്നത് ചേച്ചിയും അവരുടെ ഭർത്താവുമാണ്.  ലൈവ് സ്റ്റോക്ക് ഇൻസ്പെക്റ്ററായി കിട്ടിയ ജോലി എടുക്കാൻ പ്രസൂൺ ഇപ്രകാരം നിർബ്ബന്ധിതനാകുകയാണ്. അതിൽ പിടിച്ചു നിൽക്കാൻ ശ്രമിയ്ക്കുന്നുമുണ്ട്. പക്ഷേ അത് സാധിക്കാനുള്ള വാതാവരണമല്ല അവിടെ എന്ന് ആദ്യദിവസം തന്നെ പ്രസൂൺ തിരിച്ചറിഞ്ഞതാണ്. 

   പ്രസൂൺ എത്തപ്പെടുന്നത് പൂർവ്വപരിചയമില്ലാത്ത, നാടൻശീലങ്ങൾ വിളയാടുന്ന ഗ്രാമത്തിലാണ്. കുടിയാൻമല പഞ്ചായത്തിലെ കടുവാപ്പറമ്പ് വെറ്റിനറി ഡിസ്പെൻസറിയിൽ ആണു ജോലി.  വെറും തണുത്ത വെള്ളം കോരിയൊഴിച്ചു കുളിയ്ക്കേണ്ടി വരുന്നുണ്ട്, അയാളുടെ അസഹ്യതയുടെ ഒരു ഭാഗമായി. പരിചയക്കാരി സ്റ്റെഫി ഫോൺ വഴി സഹായിക്കാനുണ്ട് എന്നതാണ് ഒരേ ഒരു ആശ്വാസം. പക്ഷേ ആടിനെ ചികിൽസിച്ചു കഴിഞ്ഞ് ആനയെ ചികിൽസിക്കേണ്ടി വരുമോ എന്ന പേടി പ്രസൂണിൻ്റെ തൊട്ടു മുൻപിൽക്കൂടി സത്യമെന്നവണ്ണം നടന്നു നീങ്ങുന്നുണ്ട്. പ്രസൂൺ ആദ്യത്തെ ദിവസം തന്നെ തൻ്റെ ബോസ് ആയ ഡോക്റ്ററെ പരിചയപ്പെടുമ്പോൾ നമനിറഞ്ഞവൻ എന്ന് വിചാരിച്ചു പോയെങ്കിലും സത്യങ്ങൾ അധികം താമസിയാതെ മറനീക്കി പുറത്തു വരുന്നുണ്ട്. 

       പരിചയമില്ലാത്ത പുതിയ ജോലിയിൽ പ്രവേശിക്കുന്ന അപരിചിതൻ വ്യവസ്ഥകളുടെ അപചയത്തെക്കുറിച്ച് അറിയുന്നതും അതിൽ നവീകരണമോ സുധാരണമോ സാദ്ധ്യമാകുമോ എന്ന് പരീക്ഷിക്കുന്നതും സിനിമയിൽ പുതുതൊന്നുമല്ല. ഹോളിവുഡ് സിനിമകൾ ധാരാളമുണ്ട് ഈ കഥാതന്തുവുമായി. മറ്റ് ജോലികളൊന്നും തരപ്പെടാതെ അദ്ധ്യാപകജോലി കള്ള സർടിഫിക്കെറ്റ് ഹാജരാക്കി നേടിയെടുത്ത നായകൻ ആ സ്കൂളിൻ്റെ നടത്തിപ്പിലെ അപാകതകൾ പരിഹരിക്കാൻ ശ്രമിക്കുന്നതും സ്വയം നവീകരണത്തിൽ എത്തുന്നതും  നമ്മൾ മോഹൻ ലാലിൻ്റെ  ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന സിനിമയിൽ കണ്ടിട്ടുണ്ട്.  കള്ളത്തരം വഴിയാണ് അദ്ധ്യാപകനായി എത്തിയതെങ്കിലും അതിലും വലിയ അനീതികൾക്കാണ്  നായകൻ ദിവാകരൻ സാക്ഷിയാവുന്നത്. സ്കൂൾ നടത്തിപ്പിലെ കെടുകാര്യസ്ഥതകൾ ആകസ്മികമായി മനസ്സിലാക്കി വ്യവസ്ഥയോട് പൊരുതുകയാണ് ദിവാകരൻ. നന്ദി വീണ്ടും വരികയിൽ ഇഷ്ടമില്ലാത്ത പോലീസ് ജോലിയിൽ എത്തപ്പെട്ട് സ്വയം നവീകരിക്കപ്പെടുകയും വ്യവസ്ഥയിൽ മാറ്റം ഉണ്ടാക്കുകയും ചെയ്യുന്ന മോഹൻ ദാസിനെ (മമ്മുട്ടി) നമ്മൾക്ക് പരിചയമുണ്ട്. പക്ഷേ എസ്റ്റാബ്ളിഷ്മെൻ്റ് മോഹൻ ദാസിനെ സ്ഥലം മാറ്റം എന്ന ശിക്ഷകൊടുത്ത് കൈ കഴുകുകയാണ്. സാമൂഹ്യ-രാഷ്ട്രീയ അപചയങ്ങൾ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കാൻ മിടുക്കനായ ശ്രീനിവാസൻ തന്നെയാണ് രണ്ടു സിനിമകളുടേയും തിരക്കഥയും സംഭാഷണവും. ആദ്യത്തെ സിനിമയുടെ കഥയും അദ്ദേഹത്തിൻ്റേതാണ്. രണ്ടും 1986 ഇൽ ഇറങ്ങിയ സിനിമകളാണ്. രണ്ട് സിനിമകളും നമ്മുടെ പ്രധാനവ്യവസ്ഥകളുടെ വിദ്യാഭ്യാസവും നീതിന്യായവും- അപകർഷങ്ങളും ദൂഷണങ്ങളും നിർമ്മാർജ്ജനം ചെയ്യേണ്ടുന്നതിൻ്റെ ആവശ്യകത ഊട്ടിയുറപ്പിക്കാൻ യത്നിക്കുന്ന സന്ദേശവാഹകരാണ്. പാൽതു ജാൻവർ ഉം ഇതേ ആശയമാതൃകയിൽ ആണ് വാർത്തെടുക്കപ്പെട്ടിട്ടുള്ളത്. 

     കുടിയേറ്റക്കാരായ ക്രിസ്ത്യാനികൾ ധാരാളമുള്ള ഗ്രാമത്തിലെ കുടിൽ വ്യവസായമെന്ന് വിളിച്ചു പോരുന്ന, അതിസാധാരണമായ പശുവളർത്തൽ ഗവണ്മെൻ്റ്  ഏജെൻസികളായ മൃഗസംരക്ഷണവകുപ്പും വെറ്റിനറി സെർവീസും ഗ്രാമപഞ്ചായത്തും  കെടുകാര്യസ്ഥതയാൽ അസാദ്ധ്യമാക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്നു സിനിമ. ആനിമേഷൻ പഠിച്ചിട്ടുള്ള പ്രസൂൺ കൃഷ്ണകുമാർ ഈ സാമൂഹ്യപരിതസ്ഥിയ്ക്ക് ഒട്ടും അനുയോജ്യനല്ല. അയാളുടെ വെല്ലുവിളികളാണ് സിനിമയുടെ കാതൽ. ഗ്രാമപഞ്ചായത്ത് മീറ്റിങ്ങിൽ അയാൾ കുറ്റാരോപിതനാകുകയാണ് ജോലി തുടങ്ങുന്നതിനു മുൻപ് തന്നെ. കർഷകരുടെ സഹായത്തിനു ഫാദർ കവളക്കുന്നേൽ ഉപ്പ് ജപിച്ചു കൊടുക്കുകയാണ്, കാട്ടു പന്നി പറമ്പിൽ കയറുന്നു എങ്കിൽ കടുവയും കരടിയും കയറുന്നില്ലാത്തത് അതിൻ്റെ ശക്തിയാലാണെന്ന് വാദിക്കുന്ന ആളാണദ്ദേഹം. പഞ്ചായത്ത് മെമ്പർ കൊച്ചുജോർജ്ജ് സാർ (പണ്ട് പാരലൽ കോളേജിൽ കുറച്ചു നാൾ പഠിപ്പിച്ചതിൻ്റെ പേരിൽ സാർവിളിയ്ക്ക് അർഹനായ ആളാണദ്ദേഹം) തൻ്റെ മദ്യപാനശീലത്തെ നിലനിറുത്താൻ മാത്രം പരിശ്രമിക്കുന്നവനാണ്, വൻ കള്ളത്തരത്താൽ പ്രസൂണിനെ കുടുക്കുന്നുമുണ്ട് ഇദ്ദേഹം. പ്രസൂണിൻ്റെ മേലധികാരിയായ ഡോക്റ്റർ സുനിലിനാകട്ടെ  വൻ തട്ടിപ്പ് ബിസിനെസിൽക്കൂടെ പണമുണ്ടാക്കാൻ നോക്കുന്നതാണ് മുൻഗണന. ഡോക്റ്റർ ജോലി വെറും സൈഡ് ബിസിനസ്ആണ് എന്ന് സത്യം മനസ്സിലാക്കിയ പ്രസൂൺ അദ്ദേഹത്തോട്  എനിക്ക് ഇത് ഒരു സൈഡ് ബിസിനെസ് അല്ല എന്ന്  ഒരിയ്ക്കൽ ദേഷ്യത്തോടെ പറയുന്നുമുണ്ട്.  മുട്ടക്കോഴി എന്ന വ്യാജേന പൂവൻ കോഴിയെ കൊടുക്കുന്ന തട്ടിപ്പിലും പ്രസൂൺ അറിയാതെ വീണു പോകുന്നുണ്ട്. പോലീസ് നായയെ കുത്തി വെയ്ക്കേണ്ടിരുന്നത്  മറ്റൊരു ഡോക്റ്ററാണ്, അയാൾ അതിനു തയാറാകാതെ പ്രസൂണിനെ ആ ജോലി ഏൽപ്പിക്കുകയാണ്.  ഈ കുറ്റത്തിൽ നിന്ന് ഒഴിവാക്കിക്കിട്ടാൻ റിപോറ്ട് മാറ്റിയെഴിതണം എന്ന് ആ ഡോക്റ്റർ മേലധികാരിയോട് യാചിയ്ക്കുമുണ്ട്. സെൻ്ററിലെ സഹായിയായ മാത്യൂസും പ്രസൂണിനെ ആക്ഷേപിക്കുകയാണ് ആത്മാർത്ഥതയുടെ കാരണവും പറഞ്ഞ്. അഴുകിയും ദ്രവിച്ചും നിലം പൊത്തിയ വ്യവസ്ഥയിൽ ചെന്ന് പെട്ട് അതിൻ്റെ ഇരയും ബലിമൃഗവും ആയി മാറുകയാണ് പ്രസൂൺ.  എന്നാൽ എവെരിതിങ്ങ് വിൽ ബി ഓക്കെഎന്ന് ഉറക്കെ തന്നോട് തന്നെ പറയാൻ പ്രേരിപ്പിച്ച ഡോ. സുനിൽ തന്നെ അടിപടലേ തകർന്ന് ആശുപത്രിയിലായപ്പോൾ ഈ ഉക്തിയുടെ വിരോധാഭാസം മനസ്സിലാക്കിയ പ്രസൂൺ അത് ഡോക്റ്റർ സുനിലിനു തിരിച്ചു കൊടുക്കുന്നുണ്ട്. ചിലസത്യങ്ങൾ പ്രസൂൺ  തിരിച്ചറിയുന്ന വേള. 

     പ്രസൂൺ പലകാര്യങ്ങളും പഠിച്ചെടുക്കുന്നുണ്ടെങ്കിലും ആത്മാർത്ഥതക്കുറവാണ് പോലീസ് നായയ്ക്ക് മരുന്ന് കൂടുതൽ കുത്തി വെച്ച് അത് മരിയ്ക്കാൻ കാരണം എന്ന് പലരും തീർപ്പ് കൽപ്പിക്കുന്നുണ്ട്. പക്ഷേ ഇതും പ്രസൂൺ ചെയ്യേണ്ട ജോലി അല്ലായിരുന്നു, ഡോക്ക്റ്റർ ഏറ്റെടുക്കേണ്ടതായിരുന്നു. പക്ഷേ കുറ്റം ആത്യന്തികമായി പ്രസൂണിൻ്റെ തന്നെ. ആത്മാർത്ഥതയുടെ കുറവ്, ആനിമേഷൻ വർക്കിൽ നിലവാരമില്ലാത്തത് ഇതൊക്കെയാണ് പ്രസൂണിൻ്റെ ആനിമേഷൻ കമ്പനി പൊളിയാൻ കാരണം എന്ന് ചേച്ചി അവനോട് പറയുന്നുണ്ട്. ജീവിതശൈലിയിലും ആത്മധൈര്യത്തിലും ചില തിരുത്തലുകൾ ഒരു വെല്ലുവിളി ആയെടുക്കാനാണ് അയാൾ തിരിച്ചു പോകുന്നത്. എന്നിട്ടും പോലീസ് നായയുടെ മരണത്തിനു കാരണം  പ്രസൂണിൻ്റെ ഉത്തരവാദിത്തമാകുകയും അവിടെ അയാൾ പരാജയപ്പെടുകയുമാണ് എല്ലാം വിട്ടെറിഞ്ഞ് തിരിച്ചു പോകാൻ അയാളെ പ്രേരിപ്പിക്കുന്നത് കൂടെ ജോലി ചെയ്യുന്ന മാത്യൂസും പ്രസൂണിനു തീരെ ആത്മാർത്ഥതയില്ലെന്ന് തെളിച്ച് പറയുമ്പോഴാണ്.  പക്ഷേ ഉത്തരവാദങ്ങളിൽ നിന്ന് ഓടിയൊളിയ്ക്കാൻ പ്രസൂണിനു ആവുന്നില്ല, ഡേവിസിൻ്റെ മോളിക്കുട്ടി എന്ന പശുവിനു ജീവൻ നൽകേണ്ടത് ബാദ്ധ്യതയായി വരികയാണ്, ആത്യന്തികമായ വെല്ലുവിളിയും.അതിലൂടെ പ്രസൂണിനു ഒരു വീണ്ടെടുപ്പ് (redemption) സംഭവിക്കുകയാണ്. തൻ്റെ കൈമുതലായുള്ള ആനിമേഷൻ പ്രാഗൽഭ്യം ഉപയോഗിക്കാനുള്ള അവസരവുമായിരുന്നു അത്.പശുക്കുട്ടിയെ പുറത്തെടുക്കാനുള്ള യത്നസമയത്ത് പശുവിൻ്റെ ഉള്ളിലുള്ള വിന്യാസങ്ങൾ ഒരു ആനിമേഷൻ മായക്കാഴ്ച്ചയായി തോന്നുന്നുമുണ്ട് പ്രസൂണിനു.  ഒരിയ്ക്കൽ തനിക്ക് തോൽവി സമ്മാനിച്ച ആനിമേഷൻ വിദ്യ പ്രസൂണിനു താങ്ങായി വരുന്നതാണ് അയാളുടെ ജീവിതപാഠം. അവിടെക്കൂടിയ ഗ്രാമവാസികളെ- കൊച്ചു ജോർജ്ജും അച്ചനും ഉൾപ്പെടെ- ഉയർന്ന ഒരു സ്ഥലത്തു നിന്ന് ഉറക്കെ പൊട്ടന്മാരേ എന്ന് വിളിക്കാൻ കരുത്തും ആത്മവിശ്വാസവും ആർജ്ജിച്ചു കഴിഞ്ഞിരിക്കുന്നു പ്രസൂൺ. 

  പ്രസൂണിനു ആത്മവിശ്വാസം പകരുന്നത് രണ്ട് സ്ത്രീകളാണ്:  ചേച്ചിയും സ്റ്റെഫിയും. ചേച്ചി ഏകദേശം അമ്മ സ്ഥാനത്താണ്, അവർ സ്വന്തം കുട്ടിയെ വിളിയ്ക്കുന്നത് വാവേ എന്നാണ്, പ്രസൂണും ചേച്ചിയ്ക്ക് വാവആണ്. പ്രസൂൺ ഉണ്ടാക്കിയ കടങ്ങൾ അവരാണ് കൊടുത്തുതീർക്കുന്നതെന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും ചെയ്യുന്ന തൊഴിലിൽ ആത്മാർത്ഥത കാണിച്ചാൽ വിജയം സുനിശ്ചിതം എന്ന് തെര്യപ്പെടുത്തിയാണ് ചേച്ചി രണ്ടാമത് പ്രസൂണിനെ യാത്രയാക്കുന്നത്. സ്റ്റെഫിയാകട്ടെ ഒരിയ്ക്കലും കുറ്റപ്പെടുത്താതെ മൃഗങ്ങളെ സ്നേഹിച്ചു തുടങ്ങുമ്പോൾ എല്ലാം ശരീയായിക്കൊള്ളും എന്ന മട്ടിൽ ചില ഉപദേശങ്ങളും നൽകുന്നുണ്ട്. പശുവിനെ രക്ഷിച്ചെടുക്കാനുള്ള എല്ലാ ഉപായങ്ങളും സ്റ്റെഫി വഴിയാണ് പ്രസൂൺ നടപ്പാക്കുന്നത്. സ്വന്തം അളിയൻ നവീൻ പോലും പ്രസൂണിനോട് വിലക്ഷണമായാണ് പെരുമാറുന്നത്. ആത്മാർത്ഥത തെല്ലും പ്രദർശിപ്പിക്കാത്ത ഒരുകൂട്ടം ആണുങ്ങൾക്കിടയിൽ രണ്ട് സ്ത്രീകൾ പ്രസൂണിനു താങ്ങായി വരുന്നത് കഥാചിത്രീകരണത്തിലെ ആകസ്മികതയല്ല. 

      പാൽതു ജാൻവർ പരിപാലനത്തിനു കുടിയാൻമല പഞ്ചായത്ത് എന്ന വ്യവസ്ഥ (establishment) യാതൊരു സഹായവും ചെയ്യുന്നില്ല എന്ന് മാത്രമല്ല,, കർഷകവിരുദ്ധവുമാണ് നിലപാടുകൾ എന്നത് വ്യക്തമാക്കുന്നത് ഡേവിസ് എന്നയാളുടെ പശുപരിപാലനശ്രമങ്ങൾ ചിത്രീകരിച്ചാണ്. ഗർഭിണിയായ പശുവിനോടും ഗർഭിണിയായ മകളോടും ഒരേ സ്നേഹമാണയാൾക്ക്. പുല്ല് കെട്ട് കൊണ്ട് വന്ന് പശുവിനു മുന്നിൽ ഇടുമ്പോൾ അതിൽ നിന്ന് രണ്ട് പേരയ്ക്കാ എടുത്ത് മകൾക്ക് കൊടുക്കുന്നയാളാണ് ഡേവിസ്. തൊഴുത്തിനു തറകെട്ടാനുള്ള ചെറിയ സഹായം അപേക്ഷിച്ചതുപോലും മുടക്കുകയാണ് പഞ്ചായത്ത്. മുട്ടക്കോഴി എന്ന് വിശ്വസിപ്പിച്ച് കൊടുക്കുന്നത് പൂവങ്കോഴിയെ ആണ്. നിവൃത്തിയില്ലാതെ പള്ളിപ്പറമ്പിൽ അവഗണിക്കപ്പെട്ട് കിടക്കുന്ന പൊട്ടിയ ഉണ്ണിയേശു പ്രതിമയോടാണ് ആവലാതികൾ പറയുന്നത്. ഉണ്ണിയേശുവും ചിന്താക്കുഴപ്പത്തിലാണ്. ഞാൻ ഇപ്പോ എന്താ ചെയ്യേണ്ടേ എന്ന് ഉണ്ണിയേശു ചോദിച്ചു പോകുന്നുണ്ട്. അതും ഞാൻ പറഞ്ഞ് തരണോ, തൽക്കാലം പുല്ല് കരിയാതെ ഒരു ചാറ്റൽ മഴ എങ്കിലും പെയ്യിക്ക് എന്ന് ഡേവിസ് ഉണ്ണിയേശുവിനോട് പറയുന്ന രംഗം രസാവഹമാണ്. അന്ന് വൈകുന്നേരം തന്നെ ഇടിവെട്ടി മഴ പെയ്യുന്നു, പശുവിനു പുല്ലിട്ടുകൊടുക്കുന്ന ഡേവിസ്ന്റ്റെ മുഖത്ത് പുഞ്ചിരി വിരിയുന്നുണ്ട്. അതിസാമർത്ഥ്യം കാണിക്കുന്ന, അന്ധവിശ്വാസപ്രകടനങ്ങൾ കൊണ്ട് നാട്ടുകാരെ വഞ്ചിയ്ക്കാൻ മടിയില്ലാത്ത കവളക്കുന്നേൽ അച്ചനെ ഒരു ഐറണിയായി  സ്ഥാപിച്ചെടുക്കാൻ വഴിതെളിയ്ക്കുകയാണ് ഈ ഉണ്ണിയേശു പ്രകടനം. 

     കോർപൊറേറ്റ് ലോകത്തെ തട്ടിപ്പുകളിലേക്കും ക്യാമെറ തിരിയുന്നുണ്ട്. ‘Motivational speech’ ൻ്റെ അപഹാസ്യത ചിത്രീകരിക്കപ്പടുന്നതിനോടൊപ്പം നാഗരീക (urban) ശൈലികളിലെ വഞ്ചനകളും (നാനോടെക്നോളജി വഴി വൈദ്യുതി നിർമ്മിച്ചെടുക്കാമെന്ന പൊട്ടത്തരം വാഗ്ദാനം നൽകി കമ്പനി തുടങ്ങുക) സിനിമ പരാമർശിച്ചു പോകുന്നുണ്ട്. സിനിമയുടെ പ്രകൃതി പശ്ചാത്തലം പൊടുന്നനവേ ആണ് ഈ രംഗങ്ങളിലേക്ക് സ്ഥാനാന്തരണം ചെയ്യപ്പെടുന്നത്.    

 പ്രസൂൺ കൃഷ്ണകുമാർ തീർച്ചയായും കുടിയാൻമല വിട്ടുപോകുകയില്ല എന്ന് തീർപ്പ് കൽപ്പിക്കാവുന്നതാണ്, അവസാനരംഗങ്ങളിലെ യുക്തി പിന്തുടരുകയാണെങ്കിൽ. അയാൾ തനിക്ക് വൈദഗ്ദ്ധ്യം ഉള്ള ആനിമേഷൻ പാൽതു ജാൻവർ പരിപാലനത്തിനും ചികിൽസാപദ്ധതികൾക്കും ഉപയോഗിച്ചേക്കുമെന്നാണ് സൂചനകൾ.