Sunday, July 2, 2023

പാൽതു ജാൻവർ-തൊഴിൽ ആത്മാർത്ഥത മൃഗപരിപാലനത്തിലും ആനിമേഷൻ കമ്പ്യൂട്ടർ ജോലിയിലും.

      പാൽതു ജാൻവർ  വളർത്തുമൃഗങ്ങളെ സ്നേഹിക്കേണ്ടതിൻ്റെ സാംഗത്യം വിളമ്പുന്ന സിനിമയാണ്, നാടൻ ജീവിതം കൃത്യമായി വരച്ചുകാട്ടുന്നു എന്നതാണ് ആകർഷകം, കുട്ടികൾക്ക് കൂടുതൽ ഇഷ്ടപ്പെട്ടേയ്ക്കും എന്നൊക്കെ അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. സിനിമയുടെ അന്തർദ്ധാര മനസ്സിലാകാതെ പോയതിൻ്റെ ഒരു പ്രതിഫലനമാണ്. സിനിമ അതീവ വൈദഗ്ദ്ധ്യത്തോടെ നേരേ ചൊവ്വെ പറയാതെ ഒളിപ്പിച്ചിട്ടുണ്ട് ചില കാര്യങ്ങൾ. സിനിമയുടെ സാമൂഹികതലം തൊഴിലിലെ ആത്മാർത്ഥതയ്ക്ക് വില കൊടുക്കേണ്ടതിൻ്റെ ആവശ്യകത വ്യക്തമാക്കുന്നതും കമ്പ്യൂടർ ജോലിക്കാർ  (ആനിമേഷൻ ഉദാഹരണമായി എടുത്തിരിക്കയാണ്) ഇതിൽ എങ്ങനെ അകപ്പെട്ടിരിക്കുന്നു എന്നതുമാണ്. 

    ആനിമേഷൻ കമ്പനി തുടങ്ങി അത് പൊളിഞ്ഞു പാളീസായതിൻ്റെ വ്യഥ അനുഭവിക്കുന്നവനാണ് പ്രസൂൺ കൃഷ്ണകുമാർ. ആനിമേഷൻ മേഖല വൻ ഡിമാൻഡ് ഉള്ളതാണ് മറ്റ് ഐ റ്റി മേഖലകൾ പോലെ, പക്ഷേ കമ്പനികൾ തുടങ്ങി പലർക്കും കൈ പൊള്ളിയിട്ടുള്ളതുമാണ്. ആനിമേഷൻ അറിയാം, പക്ഷേ ഒരു ബിസിനെസ് നടത്താനുള്ള കെല്പ് ഇല്ല പ്രസൂണിനു എന്ന് അയാളുടെ ചേച്ചി സൂചിപ്പിക്കുന്നുണ്ട്. ആത്മർത്ഥതയുടെ പ്രശ്നം പ്രസൂണിൻ്റെ തോൽവിയുടെ ഒരു കാരണമാണെന്നും ചേച്ചി തീർത്തു പറയുന്നുണ്ട്. പ്രസൂൺ വരുത്തി വെച്ച കടങ്ങൾ കൊടുത്തുതീർത്തുകൊണ്ടിരിയ്ക്കുന്നത് ചേച്ചിയും അവരുടെ ഭർത്താവുമാണ്.  ലൈവ് സ്റ്റോക്ക് ഇൻസ്പെക്റ്ററായി കിട്ടിയ ജോലി എടുക്കാൻ പ്രസൂൺ ഇപ്രകാരം നിർബ്ബന്ധിതനാകുകയാണ്. അതിൽ പിടിച്ചു നിൽക്കാൻ ശ്രമിയ്ക്കുന്നുമുണ്ട്. പക്ഷേ അത് സാധിക്കാനുള്ള വാതാവരണമല്ല അവിടെ എന്ന് ആദ്യദിവസം തന്നെ പ്രസൂൺ തിരിച്ചറിഞ്ഞതാണ്. 

   പ്രസൂൺ എത്തപ്പെടുന്നത് പൂർവ്വപരിചയമില്ലാത്ത, നാടൻശീലങ്ങൾ വിളയാടുന്ന ഗ്രാമത്തിലാണ്. കുടിയാൻമല പഞ്ചായത്തിലെ കടുവാപ്പറമ്പ് വെറ്റിനറി ഡിസ്പെൻസറിയിൽ ആണു ജോലി.  വെറും തണുത്ത വെള്ളം കോരിയൊഴിച്ചു കുളിയ്ക്കേണ്ടി വരുന്നുണ്ട്, അയാളുടെ അസഹ്യതയുടെ ഒരു ഭാഗമായി. പരിചയക്കാരി സ്റ്റെഫി ഫോൺ വഴി സഹായിക്കാനുണ്ട് എന്നതാണ് ഒരേ ഒരു ആശ്വാസം. പക്ഷേ ആടിനെ ചികിൽസിച്ചു കഴിഞ്ഞ് ആനയെ ചികിൽസിക്കേണ്ടി വരുമോ എന്ന പേടി പ്രസൂണിൻ്റെ തൊട്ടു മുൻപിൽക്കൂടി സത്യമെന്നവണ്ണം നടന്നു നീങ്ങുന്നുണ്ട്. പ്രസൂൺ ആദ്യത്തെ ദിവസം തന്നെ തൻ്റെ ബോസ് ആയ ഡോക്റ്ററെ പരിചയപ്പെടുമ്പോൾ നമനിറഞ്ഞവൻ എന്ന് വിചാരിച്ചു പോയെങ്കിലും സത്യങ്ങൾ അധികം താമസിയാതെ മറനീക്കി പുറത്തു വരുന്നുണ്ട്. 

       പരിചയമില്ലാത്ത പുതിയ ജോലിയിൽ പ്രവേശിക്കുന്ന അപരിചിതൻ വ്യവസ്ഥകളുടെ അപചയത്തെക്കുറിച്ച് അറിയുന്നതും അതിൽ നവീകരണമോ സുധാരണമോ സാദ്ധ്യമാകുമോ എന്ന് പരീക്ഷിക്കുന്നതും സിനിമയിൽ പുതുതൊന്നുമല്ല. ഹോളിവുഡ് സിനിമകൾ ധാരാളമുണ്ട് ഈ കഥാതന്തുവുമായി. മറ്റ് ജോലികളൊന്നും തരപ്പെടാതെ അദ്ധ്യാപകജോലി കള്ള സർടിഫിക്കെറ്റ് ഹാജരാക്കി നേടിയെടുത്ത നായകൻ ആ സ്കൂളിൻ്റെ നടത്തിപ്പിലെ അപാകതകൾ പരിഹരിക്കാൻ ശ്രമിക്കുന്നതും സ്വയം നവീകരണത്തിൽ എത്തുന്നതും  നമ്മൾ മോഹൻ ലാലിൻ്റെ  ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന സിനിമയിൽ കണ്ടിട്ടുണ്ട്.  കള്ളത്തരം വഴിയാണ് അദ്ധ്യാപകനായി എത്തിയതെങ്കിലും അതിലും വലിയ അനീതികൾക്കാണ്  നായകൻ ദിവാകരൻ സാക്ഷിയാവുന്നത്. സ്കൂൾ നടത്തിപ്പിലെ കെടുകാര്യസ്ഥതകൾ ആകസ്മികമായി മനസ്സിലാക്കി വ്യവസ്ഥയോട് പൊരുതുകയാണ് ദിവാകരൻ. നന്ദി വീണ്ടും വരികയിൽ ഇഷ്ടമില്ലാത്ത പോലീസ് ജോലിയിൽ എത്തപ്പെട്ട് സ്വയം നവീകരിക്കപ്പെടുകയും വ്യവസ്ഥയിൽ മാറ്റം ഉണ്ടാക്കുകയും ചെയ്യുന്ന മോഹൻ ദാസിനെ (മമ്മുട്ടി) നമ്മൾക്ക് പരിചയമുണ്ട്. പക്ഷേ എസ്റ്റാബ്ളിഷ്മെൻ്റ് മോഹൻ ദാസിനെ സ്ഥലം മാറ്റം എന്ന ശിക്ഷകൊടുത്ത് കൈ കഴുകുകയാണ്. സാമൂഹ്യ-രാഷ്ട്രീയ അപചയങ്ങൾ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കാൻ മിടുക്കനായ ശ്രീനിവാസൻ തന്നെയാണ് രണ്ടു സിനിമകളുടേയും തിരക്കഥയും സംഭാഷണവും. ആദ്യത്തെ സിനിമയുടെ കഥയും അദ്ദേഹത്തിൻ്റേതാണ്. രണ്ടും 1986 ഇൽ ഇറങ്ങിയ സിനിമകളാണ്. രണ്ട് സിനിമകളും നമ്മുടെ പ്രധാനവ്യവസ്ഥകളുടെ വിദ്യാഭ്യാസവും നീതിന്യായവും- അപകർഷങ്ങളും ദൂഷണങ്ങളും നിർമ്മാർജ്ജനം ചെയ്യേണ്ടുന്നതിൻ്റെ ആവശ്യകത ഊട്ടിയുറപ്പിക്കാൻ യത്നിക്കുന്ന സന്ദേശവാഹകരാണ്. പാൽതു ജാൻവർ ഉം ഇതേ ആശയമാതൃകയിൽ ആണ് വാർത്തെടുക്കപ്പെട്ടിട്ടുള്ളത്. 

     കുടിയേറ്റക്കാരായ ക്രിസ്ത്യാനികൾ ധാരാളമുള്ള ഗ്രാമത്തിലെ കുടിൽ വ്യവസായമെന്ന് വിളിച്ചു പോരുന്ന, അതിസാധാരണമായ പശുവളർത്തൽ ഗവണ്മെൻ്റ്  ഏജെൻസികളായ മൃഗസംരക്ഷണവകുപ്പും വെറ്റിനറി സെർവീസും ഗ്രാമപഞ്ചായത്തും  കെടുകാര്യസ്ഥതയാൽ അസാദ്ധ്യമാക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്നു സിനിമ. ആനിമേഷൻ പഠിച്ചിട്ടുള്ള പ്രസൂൺ കൃഷ്ണകുമാർ ഈ സാമൂഹ്യപരിതസ്ഥിയ്ക്ക് ഒട്ടും അനുയോജ്യനല്ല. അയാളുടെ വെല്ലുവിളികളാണ് സിനിമയുടെ കാതൽ. ഗ്രാമപഞ്ചായത്ത് മീറ്റിങ്ങിൽ അയാൾ കുറ്റാരോപിതനാകുകയാണ് ജോലി തുടങ്ങുന്നതിനു മുൻപ് തന്നെ. കർഷകരുടെ സഹായത്തിനു ഫാദർ കവളക്കുന്നേൽ ഉപ്പ് ജപിച്ചു കൊടുക്കുകയാണ്, കാട്ടു പന്നി പറമ്പിൽ കയറുന്നു എങ്കിൽ കടുവയും കരടിയും കയറുന്നില്ലാത്തത് അതിൻ്റെ ശക്തിയാലാണെന്ന് വാദിക്കുന്ന ആളാണദ്ദേഹം. പഞ്ചായത്ത് മെമ്പർ കൊച്ചുജോർജ്ജ് സാർ (പണ്ട് പാരലൽ കോളേജിൽ കുറച്ചു നാൾ പഠിപ്പിച്ചതിൻ്റെ പേരിൽ സാർവിളിയ്ക്ക് അർഹനായ ആളാണദ്ദേഹം) തൻ്റെ മദ്യപാനശീലത്തെ നിലനിറുത്താൻ മാത്രം പരിശ്രമിക്കുന്നവനാണ്, വൻ കള്ളത്തരത്താൽ പ്രസൂണിനെ കുടുക്കുന്നുമുണ്ട് ഇദ്ദേഹം. പ്രസൂണിൻ്റെ മേലധികാരിയായ ഡോക്റ്റർ സുനിലിനാകട്ടെ  വൻ തട്ടിപ്പ് ബിസിനെസിൽക്കൂടെ പണമുണ്ടാക്കാൻ നോക്കുന്നതാണ് മുൻഗണന. ഡോക്റ്റർ ജോലി വെറും സൈഡ് ബിസിനസ്ആണ് എന്ന് സത്യം മനസ്സിലാക്കിയ പ്രസൂൺ അദ്ദേഹത്തോട്  എനിക്ക് ഇത് ഒരു സൈഡ് ബിസിനെസ് അല്ല എന്ന്  ഒരിയ്ക്കൽ ദേഷ്യത്തോടെ പറയുന്നുമുണ്ട്.  മുട്ടക്കോഴി എന്ന വ്യാജേന പൂവൻ കോഴിയെ കൊടുക്കുന്ന തട്ടിപ്പിലും പ്രസൂൺ അറിയാതെ വീണു പോകുന്നുണ്ട്. പോലീസ് നായയെ കുത്തി വെയ്ക്കേണ്ടിരുന്നത്  മറ്റൊരു ഡോക്റ്ററാണ്, അയാൾ അതിനു തയാറാകാതെ പ്രസൂണിനെ ആ ജോലി ഏൽപ്പിക്കുകയാണ്.  ഈ കുറ്റത്തിൽ നിന്ന് ഒഴിവാക്കിക്കിട്ടാൻ റിപോറ്ട് മാറ്റിയെഴിതണം എന്ന് ആ ഡോക്റ്റർ മേലധികാരിയോട് യാചിയ്ക്കുമുണ്ട്. സെൻ്ററിലെ സഹായിയായ മാത്യൂസും പ്രസൂണിനെ ആക്ഷേപിക്കുകയാണ് ആത്മാർത്ഥതയുടെ കാരണവും പറഞ്ഞ്. അഴുകിയും ദ്രവിച്ചും നിലം പൊത്തിയ വ്യവസ്ഥയിൽ ചെന്ന് പെട്ട് അതിൻ്റെ ഇരയും ബലിമൃഗവും ആയി മാറുകയാണ് പ്രസൂൺ.  എന്നാൽ എവെരിതിങ്ങ് വിൽ ബി ഓക്കെഎന്ന് ഉറക്കെ തന്നോട് തന്നെ പറയാൻ പ്രേരിപ്പിച്ച ഡോ. സുനിൽ തന്നെ അടിപടലേ തകർന്ന് ആശുപത്രിയിലായപ്പോൾ ഈ ഉക്തിയുടെ വിരോധാഭാസം മനസ്സിലാക്കിയ പ്രസൂൺ അത് ഡോക്റ്റർ സുനിലിനു തിരിച്ചു കൊടുക്കുന്നുണ്ട്. ചിലസത്യങ്ങൾ പ്രസൂൺ  തിരിച്ചറിയുന്ന വേള. 

     പ്രസൂൺ പലകാര്യങ്ങളും പഠിച്ചെടുക്കുന്നുണ്ടെങ്കിലും ആത്മാർത്ഥതക്കുറവാണ് പോലീസ് നായയ്ക്ക് മരുന്ന് കൂടുതൽ കുത്തി വെച്ച് അത് മരിയ്ക്കാൻ കാരണം എന്ന് പലരും തീർപ്പ് കൽപ്പിക്കുന്നുണ്ട്. പക്ഷേ ഇതും പ്രസൂൺ ചെയ്യേണ്ട ജോലി അല്ലായിരുന്നു, ഡോക്ക്റ്റർ ഏറ്റെടുക്കേണ്ടതായിരുന്നു. പക്ഷേ കുറ്റം ആത്യന്തികമായി പ്രസൂണിൻ്റെ തന്നെ. ആത്മാർത്ഥതയുടെ കുറവ്, ആനിമേഷൻ വർക്കിൽ നിലവാരമില്ലാത്തത് ഇതൊക്കെയാണ് പ്രസൂണിൻ്റെ ആനിമേഷൻ കമ്പനി പൊളിയാൻ കാരണം എന്ന് ചേച്ചി അവനോട് പറയുന്നുണ്ട്. ജീവിതശൈലിയിലും ആത്മധൈര്യത്തിലും ചില തിരുത്തലുകൾ ഒരു വെല്ലുവിളി ആയെടുക്കാനാണ് അയാൾ തിരിച്ചു പോകുന്നത്. എന്നിട്ടും പോലീസ് നായയുടെ മരണത്തിനു കാരണം  പ്രസൂണിൻ്റെ ഉത്തരവാദിത്തമാകുകയും അവിടെ അയാൾ പരാജയപ്പെടുകയുമാണ് എല്ലാം വിട്ടെറിഞ്ഞ് തിരിച്ചു പോകാൻ അയാളെ പ്രേരിപ്പിക്കുന്നത് കൂടെ ജോലി ചെയ്യുന്ന മാത്യൂസും പ്രസൂണിനു തീരെ ആത്മാർത്ഥതയില്ലെന്ന് തെളിച്ച് പറയുമ്പോഴാണ്.  പക്ഷേ ഉത്തരവാദങ്ങളിൽ നിന്ന് ഓടിയൊളിയ്ക്കാൻ പ്രസൂണിനു ആവുന്നില്ല, ഡേവിസിൻ്റെ മോളിക്കുട്ടി എന്ന പശുവിനു ജീവൻ നൽകേണ്ടത് ബാദ്ധ്യതയായി വരികയാണ്, ആത്യന്തികമായ വെല്ലുവിളിയും.അതിലൂടെ പ്രസൂണിനു ഒരു വീണ്ടെടുപ്പ് (redemption) സംഭവിക്കുകയാണ്. തൻ്റെ കൈമുതലായുള്ള ആനിമേഷൻ പ്രാഗൽഭ്യം ഉപയോഗിക്കാനുള്ള അവസരവുമായിരുന്നു അത്.പശുക്കുട്ടിയെ പുറത്തെടുക്കാനുള്ള യത്നസമയത്ത് പശുവിൻ്റെ ഉള്ളിലുള്ള വിന്യാസങ്ങൾ ഒരു ആനിമേഷൻ മായക്കാഴ്ച്ചയായി തോന്നുന്നുമുണ്ട് പ്രസൂണിനു.  ഒരിയ്ക്കൽ തനിക്ക് തോൽവി സമ്മാനിച്ച ആനിമേഷൻ വിദ്യ പ്രസൂണിനു താങ്ങായി വരുന്നതാണ് അയാളുടെ ജീവിതപാഠം. അവിടെക്കൂടിയ ഗ്രാമവാസികളെ- കൊച്ചു ജോർജ്ജും അച്ചനും ഉൾപ്പെടെ- ഉയർന്ന ഒരു സ്ഥലത്തു നിന്ന് ഉറക്കെ പൊട്ടന്മാരേ എന്ന് വിളിക്കാൻ കരുത്തും ആത്മവിശ്വാസവും ആർജ്ജിച്ചു കഴിഞ്ഞിരിക്കുന്നു പ്രസൂൺ. 

  പ്രസൂണിനു ആത്മവിശ്വാസം പകരുന്നത് രണ്ട് സ്ത്രീകളാണ്:  ചേച്ചിയും സ്റ്റെഫിയും. ചേച്ചി ഏകദേശം അമ്മ സ്ഥാനത്താണ്, അവർ സ്വന്തം കുട്ടിയെ വിളിയ്ക്കുന്നത് വാവേ എന്നാണ്, പ്രസൂണും ചേച്ചിയ്ക്ക് വാവആണ്. പ്രസൂൺ ഉണ്ടാക്കിയ കടങ്ങൾ അവരാണ് കൊടുത്തുതീർക്കുന്നതെന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും ചെയ്യുന്ന തൊഴിലിൽ ആത്മാർത്ഥത കാണിച്ചാൽ വിജയം സുനിശ്ചിതം എന്ന് തെര്യപ്പെടുത്തിയാണ് ചേച്ചി രണ്ടാമത് പ്രസൂണിനെ യാത്രയാക്കുന്നത്. സ്റ്റെഫിയാകട്ടെ ഒരിയ്ക്കലും കുറ്റപ്പെടുത്താതെ മൃഗങ്ങളെ സ്നേഹിച്ചു തുടങ്ങുമ്പോൾ എല്ലാം ശരീയായിക്കൊള്ളും എന്ന മട്ടിൽ ചില ഉപദേശങ്ങളും നൽകുന്നുണ്ട്. പശുവിനെ രക്ഷിച്ചെടുക്കാനുള്ള എല്ലാ ഉപായങ്ങളും സ്റ്റെഫി വഴിയാണ് പ്രസൂൺ നടപ്പാക്കുന്നത്. സ്വന്തം അളിയൻ നവീൻ പോലും പ്രസൂണിനോട് വിലക്ഷണമായാണ് പെരുമാറുന്നത്. ആത്മാർത്ഥത തെല്ലും പ്രദർശിപ്പിക്കാത്ത ഒരുകൂട്ടം ആണുങ്ങൾക്കിടയിൽ രണ്ട് സ്ത്രീകൾ പ്രസൂണിനു താങ്ങായി വരുന്നത് കഥാചിത്രീകരണത്തിലെ ആകസ്മികതയല്ല. 

      പാൽതു ജാൻവർ പരിപാലനത്തിനു കുടിയാൻമല പഞ്ചായത്ത് എന്ന വ്യവസ്ഥ (establishment) യാതൊരു സഹായവും ചെയ്യുന്നില്ല എന്ന് മാത്രമല്ല,, കർഷകവിരുദ്ധവുമാണ് നിലപാടുകൾ എന്നത് വ്യക്തമാക്കുന്നത് ഡേവിസ് എന്നയാളുടെ പശുപരിപാലനശ്രമങ്ങൾ ചിത്രീകരിച്ചാണ്. ഗർഭിണിയായ പശുവിനോടും ഗർഭിണിയായ മകളോടും ഒരേ സ്നേഹമാണയാൾക്ക്. പുല്ല് കെട്ട് കൊണ്ട് വന്ന് പശുവിനു മുന്നിൽ ഇടുമ്പോൾ അതിൽ നിന്ന് രണ്ട് പേരയ്ക്കാ എടുത്ത് മകൾക്ക് കൊടുക്കുന്നയാളാണ് ഡേവിസ്. തൊഴുത്തിനു തറകെട്ടാനുള്ള ചെറിയ സഹായം അപേക്ഷിച്ചതുപോലും മുടക്കുകയാണ് പഞ്ചായത്ത്. മുട്ടക്കോഴി എന്ന് വിശ്വസിപ്പിച്ച് കൊടുക്കുന്നത് പൂവങ്കോഴിയെ ആണ്. നിവൃത്തിയില്ലാതെ പള്ളിപ്പറമ്പിൽ അവഗണിക്കപ്പെട്ട് കിടക്കുന്ന പൊട്ടിയ ഉണ്ണിയേശു പ്രതിമയോടാണ് ആവലാതികൾ പറയുന്നത്. ഉണ്ണിയേശുവും ചിന്താക്കുഴപ്പത്തിലാണ്. ഞാൻ ഇപ്പോ എന്താ ചെയ്യേണ്ടേ എന്ന് ഉണ്ണിയേശു ചോദിച്ചു പോകുന്നുണ്ട്. അതും ഞാൻ പറഞ്ഞ് തരണോ, തൽക്കാലം പുല്ല് കരിയാതെ ഒരു ചാറ്റൽ മഴ എങ്കിലും പെയ്യിക്ക് എന്ന് ഡേവിസ് ഉണ്ണിയേശുവിനോട് പറയുന്ന രംഗം രസാവഹമാണ്. അന്ന് വൈകുന്നേരം തന്നെ ഇടിവെട്ടി മഴ പെയ്യുന്നു, പശുവിനു പുല്ലിട്ടുകൊടുക്കുന്ന ഡേവിസ്ന്റ്റെ മുഖത്ത് പുഞ്ചിരി വിരിയുന്നുണ്ട്. അതിസാമർത്ഥ്യം കാണിക്കുന്ന, അന്ധവിശ്വാസപ്രകടനങ്ങൾ കൊണ്ട് നാട്ടുകാരെ വഞ്ചിയ്ക്കാൻ മടിയില്ലാത്ത കവളക്കുന്നേൽ അച്ചനെ ഒരു ഐറണിയായി  സ്ഥാപിച്ചെടുക്കാൻ വഴിതെളിയ്ക്കുകയാണ് ഈ ഉണ്ണിയേശു പ്രകടനം. 

     കോർപൊറേറ്റ് ലോകത്തെ തട്ടിപ്പുകളിലേക്കും ക്യാമെറ തിരിയുന്നുണ്ട്. ‘Motivational speech’ ൻ്റെ അപഹാസ്യത ചിത്രീകരിക്കപ്പടുന്നതിനോടൊപ്പം നാഗരീക (urban) ശൈലികളിലെ വഞ്ചനകളും (നാനോടെക്നോളജി വഴി വൈദ്യുതി നിർമ്മിച്ചെടുക്കാമെന്ന പൊട്ടത്തരം വാഗ്ദാനം നൽകി കമ്പനി തുടങ്ങുക) സിനിമ പരാമർശിച്ചു പോകുന്നുണ്ട്. സിനിമയുടെ പ്രകൃതി പശ്ചാത്തലം പൊടുന്നനവേ ആണ് ഈ രംഗങ്ങളിലേക്ക് സ്ഥാനാന്തരണം ചെയ്യപ്പെടുന്നത്.    

 പ്രസൂൺ കൃഷ്ണകുമാർ തീർച്ചയായും കുടിയാൻമല വിട്ടുപോകുകയില്ല എന്ന് തീർപ്പ് കൽപ്പിക്കാവുന്നതാണ്, അവസാനരംഗങ്ങളിലെ യുക്തി പിന്തുടരുകയാണെങ്കിൽ. അയാൾ തനിക്ക് വൈദഗ്ദ്ധ്യം ഉള്ള ആനിമേഷൻ പാൽതു ജാൻവർ പരിപാലനത്തിനും ചികിൽസാപദ്ധതികൾക്കും ഉപയോഗിച്ചേക്കുമെന്നാണ് സൂചനകൾ.


 

 

No comments: