Tuesday, July 24, 2018

മസ്തിഷ്ക്കത്തിലെ മരിയുവാനത്തോട്ടം




        ഏറ്റവും ശക്തിയേറിയ വേദനാസംഹാരികളാണു കറപ്പും കഞ്ചാവും. എന്നാൽ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്നവയും ഇവ തന്നെ. അമേരിക്കയിൽ കഴിഞ്ഞവർഷം 20,000 ഇൽ അധികം ആൾക്കാരാണു കറപ്പിലെ പ്രധാനരാസവസ്തുക്കളായ മോർഫീൻ, കോഡെയ്ൻ ഒക്കെ  ഓവർ ഡോസിൽ കഴിച്ച് മരിച്ചത്. മിക്കതും ഡോക്റ്റർമാരുടെ നിർദ്ദേശത്താൽ വാങ്ങിച്ചവ തന്നെയാണ് എന്നത് വിരോധാഭാസം. വേദനയിൽനിന്നും രക്ഷനേടാൻ ശീലിച്ചു തുടങ്ങിയ കറപ്പ്തീറ്റ ദുരന്തത്തിൽ എത്തിക്കുന്നത് നമ്മുടെ തലച്ചോറിനും നാഡീവ്യവസ്ഥയ്ക്കും ഇണങ്ങിയവയാണിവ എന്നതുകൊണ്ടാണ്. സസ്യങ്ങൾ കറപ്പും കഞ്ചാവും നിർമ്മിച്ചെടുക്കുന്നതിനു മുൻപേ തന്നെ  നമ്മുടെ ശരീരത്തിൽ വേദനാസംഹാരികളായ, അനുഭൂതികൾ പകരുന്ന, സംതൃപ്തി എന്ന തോന്നൽ പൂർത്തീകരിക്കുന്ന, കറപ്പിനും കഞ്ചാവിനും തത്തുല്യമായ തന്മാത്രകൾ സുലഭമായി നിർമ്മിക്കപ്പെട്ടിരുന്നു. സ്വന്തമായി മയക്കുമരുന്നു നിർമ്മിച്ച് വേദനകളെ മറക്കാനുള്ള വേലയൊക്കെ പഠിച്ചാണു നമ്മുടെ –നമ്മുടെ മാത്രമല്ല പലേ ജന്തുക്കളുടേയും- തലച്ചോറും നാഡീവ്യവസ്ഥയും തയാറാക്കപ്പെട്ടത്. വേദന അറിയേണ്ടത് അതിജീവനത്തിനു അത്യാവശ്യമാകയാൽ അതിനുള്ള വഴി ദൈവം നൽകിയെങ്കിൽ വേദന കുറയ്ക്കാനുള്ള സൌകര്യങ്ങളും അതേ ദൈവം മെനഞ്ഞെടുത്തു തന്നു. കറപ്പു പോലെത്ത “ തൻ കറപ്പു“കളും (endogenous opioids) കഞ്ചാവു പോലത്ത “സ്വകഞ്ചാവുകളും (endocannabinoids) വേദനാവഴികളിൽ തടസം സൃഷ്ടിയ്ക്കാനുതകുന്നവയാണ്. നമ്മുടെ സ്വന്തം മയക്കുമരുന്നുകളാണിവ.  പുലിമുരുകന്മാർക്ക് അപ്രാപ്യമായ, മയക്കുമരുന്നു വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന ഡാഡിഗിരിജമാരുടെ സങ്കേതമാണ് തലച്ചോറിലെ ചില ഇടങ്ങൾ. ഉല്ലാസപ്പൂത്തിരികൾ കണ്ണിലണിയിക്കുമ്പോൾത്തന്നെ ഉന്മാദത്തീയലകൾ ചങ്കിലും ശരീരത്തിലും വീശിയടിക്കുന്ന ഈ ആനന്ദക്കുട്ടന്മാരെ നമ്മുടെ ന്യൂറോണുകൾക്ക്    അത്രയ്ക്ക് ഇഷ്ടമാണ്..

    കറപ്പും കഞ്ചാവും സംസ്കാരത്തിന്റെ ഭാഗമെന്ന നിലയിലാണു ഭാരതത്തിലെ സമൂഹനീതികൾ ചിട്ടപ്പെടുത്തപ്പെട്ടത്. വൈദികകർമ്മളിൽ പങ്കെടുത്തിട്ടുണ്ട് ഈ ലഹരിനായകർ, ചില അനുഷ്ഠാനങ്ങളിലേയും പൂജക്രമങ്ങളിലേയും  ഭാഗങ്ങളായി പല സംസ്കാരങ്ങളിലും കഞ്ചാവ് പ്രത്യകഷപ്പെട്ടിട്ടുണ്ട്. 1800 കളുടെ രണ്ടാം പകുതിയിൽ ചൈനയിൽ പൊതുസംസ്കാരത്തിന്റെ ഭാഗം തന്നെയായിരുന്നു കറപ്പു തീറ്റ-പണക്കാരും സ്ത്രീകളും മാത്രമല്ല ബുദ്ധഭിക്ഷുക്കളും സന്യാസിനിമാർ വരെയും കറപ്പ് ആവോളം ആസ്വദിച്ചവരായിരുന്നു. കറപ്പില്ലാതെ ജീവിക്കാൻ പറ്റുകയില്ലെന്നാണു ഒരു കാലത്ത് ബ്രിടീഷുകാരും ചൈനക്കാരും കരുതിയിരുന്നത്; അതിനു വേണ്ടി ഘോരഘോരം യുദ്ധം ചെയ്യുകയും ചെയ്തു-കുപ്രസിദ്ധി ആർജ്ജിച്ച  “കറപ്പു യുദ്ധങ്ങൾ” (Opium wars). ഉത്തരേന്ത്യയിൽ ഹോളി ആഘോഷം തുടങ്ങുന്നതുതന്നെ കഞ്ചാവില അരച്ചു കലക്കിയ പാൽ കുടിച്ചുകൊണ്ടാണ്. കോളെജ് കാമ്പസ്സുകളിൽ ആണിത് നടക്കാറുള്ളത് എന്നത് മറ്റു രാജ്യക്കാർക്ക് വിശ്വസനീയമായിരിക്കില്ല. ഭാംഗ് ജീവിതത്തിന്റെ ഒരു ഭാഗമാണ് വടക്കെ ഇൻഡ്യൻ ഗ്രാമങ്ങളിൽ. ഏകദേശം 25 കൊല്ലം മുൻപു വരെ കറപ്പ് കേരളത്തിലെ ട്രഷറികൾ വഴി പെർമിറ്റ് ഉള്ള വൃദ്ധർക്ക്  വിതരണം ചെയ്തിരുന്നു. കറപ്പു തിന്നു മയങ്ങുന്ന കുഞ്ഞോനാച്ചൻ (പാറപ്പുറത്തിന്റെ ‘അരനാഴികനേരം‘) നമ്മുടെ പ്രിയകഥാപാത്രമാണ്. കറപ്പിൽ കലർത്തിയ വിഷം  അദ്ദേഹത്തിന്റെ മരണകാരണമാകുന്നത് നമ്മെ ദുഃഖിപ്പിക്കുകയും ചെയ്യും. ഒരു ഘട്ടത്തിൽ നമ്മുടെ കഥാകാരന്മാർക്ക് കാൽ‌പ്പനികവിസ്തൃതി പ്രദാനം ചെയ്തത് കഞ്ചാവ് ആയിരുന്നു, നോവലുകളിലും കഥകളിലും അവ പ്രത്യക്ഷപ്പെട്ട് യുവാക്കളെ ഉന്മാദം കൊള്ളിച്ചിട്ടുണ്ട്. ന്യൂറോണുകളുടെ പ്രാഥമികചോദനകൾക്ക് തുറസ്സു നൽകിയിരുന്ന ജനതയാണു നമ്മൾ. അഡിക്ഷനിലേക്ക് കൂപ്പുകുത്തിയത് സമൂഹം പിന്നീട് കളിച്ച കളി.
 
        ചെടികളിലെ കറപ്പോ  കഞ്ചാവോ അല്ല ആദ്യം ഭൂമുഖത്ത് പച്ച പിടിച്ചത്. മൃഗങ്ങളിൽ സ്വതവേ ഉള്ള  തൻകറപ്പ്/ സ്വകഞ്ചാവുകളെ അനുകരിയ്ക്കുകയായിരുന്നു ചെടികൾ. പലപ്പോഴും മൃഗങ്ങൾ തിന്നാതിരിക്കാനുള്ള പ്രതിരോധമായിട്ടാണു വിഷവസ്ത്തുക്കളൊ മയക്കു മരുന്നുകളോ സസ്യങ്ങൾ ഉൽ‌പ്പാദിപ്പിക്കാറ്. പാവയക്കയ്ക്ക് കടും കയ്പ്പ് വച്ചിരിക്കുന്നത് കുരു പഴുത്ത് വിളഞ്ഞ് പാകമാകുന്നതു വരെ ആരും തിന്നു നശിപ്പിച്ചു കളയാതിരിക്കാനാണു. പരിചയം വന്ന മൃഗങ്ങൾ അതുകൊണ്ട് വിഷം കലർന്ന ഇലകൾ അവഗണിയ്ക്കും. തലച്ചോറിനെ മയക്കുന്ന പല രാസവസ്തുക്കളും ചെടികൾ നിർമ്മിച്ചെടുക്കുനുണ്ട് ഈ ഉദ്ദേശത്തിനു. സ്വകഞ്ചാവ് വെള്ളത്തിലുള്ള ജീവികളിലും ഉണ്ട് എന്നത് കരയിലെ ചെടികൾ അല്ല ഇതു തുടങ്ങിവച്ചത് എന്നതിന്റെ തെളിവാണ്. പലേ മൃഗങ്ങളും സ്വതവേ കഞ്ചാവ് ചെടി തിന്നാറില്ല. സസ്യങ്ങൾ അതിവിദഗ്ധമായാണ് തലച്ചോറിലെ രാസവസ്തുവിനെ അനുകരിച്ച്  മയക്കുമരുന്നുകൾ നിർമ്മിച്ചു തുടങ്ങിയത്. പലതും നമ്മൾ നിർമിച്ചെടുക്കുന്ന “തൻകറപ്പു“കളേക്കാൾ പതിന്മടങ്ങ് ശക്തിയുള്ളവയാണ് താനും. കറപ്പ് ചെടിയിൽ കാണുന്ന ‘മോർഫീൻ” എന്ന രാസവസ്തു അതേപടി നമ്മൾ പണ്ടേ നിർമ്മിച്ചെടുത്തിരുന്നു.  ഒരു തവണത്തെ അനുഭവം കൊണ്ട് മൃഗങ്ങൾ കഞ്ചാവു ഇലകളേയും കറപ്പ് തണ്ടുകളെയും അവഗണിയ്ക്കാൻ പഠിയ്യ്ക്കും. ചില മൃഗങ്ങൾക്ക് മണകൊണ്ട് ഇതൊക്കെ തിരിച്ചറിയാനും പറ്റും.

        വികാരങ്ങളുടേയും തോന്നലുകളുടേയും കേന്ദ്രമായ, സുഖത്തിന്റേയും സംതൃപ്തിയുടേയും ഇടങ്ങളിൽ- ലിംബിക് സിസ്റ്റെം എന്ന ഇടമാണിത്- ആണ് കറപ്പും കഞ്ചാവും അധികമായി പ്രവർത്തിക്കുന്നത്, അവയ്ക്കു ചേക്കാറാനുള്ള ഇരിപ്പിടങ്ങളും ഇവിടെ ധാരാളം വാരി വിതറിയിട്ടുണ്ട്. (ചിത്രം 1 കാണുക).  ഒരു ജൈവരാസവസ്തുവിനു ന്യൂറോണുകളിലോ മറ്റു കോശങ്ങളിലോ പ്രവർത്തിക്കാൻ  അതിനെ സ്വീകരിച്ചിരുത്തണം ഉപരിതലത്തിൽ .ഈ കസേരയിൽ ചെന്നിരിന്നിട്ടു വേണം അകത്തേയ്ക്ക് നിർദ്ദേശങ്ങൾ അയച്ച് പുതിയ ധർമ്മങ്ങൾ വികസിപ്പിച്ച് എടുക്കേണ്ടത്. പൊതുവേ ഇവയെ സ്വീകരിണികൾ (receptors) എന്നു വിളിയ്ക്കുന്നു. നമ്മുടെ ശരീരവ്യവസ്ഥയിൽ തന്നെയുള്ള തൻകറപ്പിന്റേയും സ്വകഞ്ചാവിന്റേയും സ്വീകരിണികളിലാണു ചെടികൾ നിർമ്മിക്കുന്ന കറപ്പും കഞ്ചാവും ചെന്നിരിക്കുന്നത്. ചിലപ്പോൾ നമ്മുടെ തന്മാത്രകളേക്കാൾ സസ്യങ്ങൾ നിർമ്മിച്ചവയ്ക്ക് കൂടുതൽ ശക്തിയും ആക്കവും കിട്ടാനും മതി.  തൻകറപ്പിന്റെ സ്വീകരിണികളിൽ ചെന്നിരിക്കാൻ തിരക്കു കൂട്ടുന്നവ വേറേയുമുണ്ട്:. കൊക്കെയ്ൻ, മോർഫിൻ, ഹെറോയിൻ, കോഡീൻ ഇവയൊക്കെ. ഒരു ന്യൂറോണും മറ്റൊരു ന്യൂറോണും തമ്മിൽ സന്ദേശങ്ങൾ കൈമാറുക എന്നതാണ് നാഡീവ്യവസ്ഥയുടെ അടിസ്ഥാനം. ഈ സന്ദേശങ്ങളെ മാറ്റിമറിക്കാൻ പോന്നവയാണ് ഇത്തരം മയക്കുമരുന്നുകൾ. പ്രധാനമായും വേദനയുടെ സന്ദേശങ്ങളെ മയപ്പെടുത്തുകയാണു നമ്മുടെ ഉള്ളിലുള്ള ‘തൻകറപ്പു‘കളും (opiods)) ചെയ്യുന്നത്.  ഈ “തൻകറപ്പ് “ വസ്തുക്കൾ ഇല്ലായിരുന്നെങ്കിൽ നമുക്ക് അനുഭവപ്പെടുന്ന വേദന പതിന്മടങ്ങ് ആയിരുന്നേനേ. കഞ്ചാവാണെങ്കിൽ വിശപ്പ് വർദ്ധിപ്പിക്കും, ആനന്ദതുന്ദിലനാകാനും അധികം സമയം വേണ്ട. നിങ്ങളീ ശരീരത്തിൽ ഇല്ലായിരുന്നെങ്കിൽ സൌന്ദര്യസങ്കൽ‌പ്പ ശിൽ‌പ്പങ്ങളില്ലാ സൌഗന്ധികപ്പൂക്കളില്ലാ എന്നു കവി പാടിയെങ്കിൽ അതു ശാസ്ത്രാനുസാരിയായിട്ടാണ്. വേദനാസംഹാരി എന്ന ലേബൽ മാത്രമല്ല ഇവയ്ക്കുള്ളത്, നമ്മുടെ മാനസികാരോഗ്യത്തെ പരിപാലിയ്ക്കുന്നവയും കൂടിയാണു.  നല്ല തോന്നൽ,  സൌഖ്യാനുഭൂതി  എന്നീ സമ്മാനങ്ങൾ ലഭിയ്ക്കാനാണു നമ്മളുടെ പല ചെയ്തികളും. ഇത്  “പ്രതിഫല വ്യവസ്ഥ” (Reward system) എന്നറിയപ്പെടുന്ന ന്യൂറോൺ സംഘകേന്ദ്രത്തിന്റെ പണിയാണ്. കറപ്പിലേയും കഞ്ചാവിലേയും രാസവസ്തുക്കളുടെ കേളീനിലയം ഇവിടെയാണു. നമുക്കുള്ള തൻകറപ്പ് കണികകളും സ്വകഞ്ചാവ് തന്മാത്രകളും ഈ കേന്ദ്രത്തിലാണു അനുരണനങ്ങൾ സൃഷ്ടിയ്ക്കുന്നത്. കയ് കഴുകുമ്പോൾ നമുക്ക് തൃപ്തി വരുന്നവരെയാണു അതു തുടരുക. ആ തോന്നലിനു തൻകറപ്പ് കണികൾക്കു പങ്കുണ്ട്. ആ തന്മാത്രകളുടെ അളവിനു കുറവ് സംഭവിച്ചാൽ തൃപ്തി കൈവരാതെ കൈ കഴുകൽ തുടർന്നുകൊണ്ടേ ഇരിക്കും.  ഒഴിയാബാധപോലെ നിർബ്ബന്ധബുദ്ധിയോടെ കാര്യങ്ങൾ ചെയ്യുന്നവരുണ്ട് (Obcessive compulsive disorder ബാധിച്ചവർ). അവരിൽ മിക്കപ്പോഴും തൻകറപ്പ് തന്മാത്രകളുടെ ന്യൂനത കാണാറുണ്ട്. സംതൃപ്തി ഉളവാക്കാൻ മാത്രം ഈ രാസവസ്തു തലച്ചോറിൽ ഇല്ലാതെ പോയവർ. പുറം ലോകവും നമ്മുടെ അകങ്ങളും തമ്മിലുള്ള ബന്ധവും അത് അതിജീവനത്തെ പരുവപ്പെടുത്തുന്ന വിദ്യകളും വ്യക്തമാക്കാൻ ഉതകുന്നവയാണ് കറപ്പാത്മകങ്ങളെപ്പറ്റിയുള്ള പഠനങ്ങൾ. ശരീരവും മനസ്സും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് അവ്യക്തത തുടരുന്നതിനു ചില അറുതികളൊക്കെ വന്നു തുടങ്ങിയിരിക്കുന്നു. വേദന എന്ന ശിക്ഷയും തൃപ്തി തോന്നുന്ന കാര്യങ്ങൾക്ക് സമ്മാനവും എന്ന തലച്ചോർ കളി പരസ്പരം  എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും അഡിക് ഷൻ എന്ന ജൈവപ്രക്രിയ എങ്ങനെ ഉരുത്തിരിഞ്ഞു എന്നതും  കറപ്പു- കഞ്ചാവു മായാമോഹിതതന്മാത്രകൾ നമുക്ക് പറഞ്ഞു തരികയാണ്.  തലച്ചോറിലെ കറപ്പാത്മകവസ്തുക്കൾ നിയന്ത്രിക്കുന്നത് പഠിച്ചെടുക്കൽ, ഓർമ്മ, തോന്നലുകൾ, വികാരങ്ങൾ, ദഹനം, ഭക്ഷണരീതികൾ, ഇമ്മ്യൂണിറ്റിയും ജൈവപ്രതിരോധവും, ഇങ്ങനെ വ്യക്തിയുടെ അതിജീവനവും ദൈനന്ദിന ധർമ്മങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകളാണ്. ഈ ചെറിയ ആനന്ദലഹരികളുടെ തകരാറ് അത്യാസക്തി, വിഷാദരോഗം, അമിതഭക്ഷണം, അമിതവണ്ണം ഇവയിലേക്ക് നയിക്കാനും വഴിവയ്ക്കും. സർവ്വനിയന്താവായ മനസ്സിനെ നേർവഴിയ്ക്ക് നടത്താനുള്ള മരുന്നുകളായിട്ടാണു ഇനിയുള്ള ലോകം കറപ്പിനേയും കഞ്ചാവിനേയും വീക്ഷിക്കുന്നത്.
  
                           കറപ്പിലെ ‘മോർഫീൻ’ എന്ന വസ്തു വേർതിരിച്ചെടുത്ത്  1800കൾ മുതൽ വേദന കുറയ്ക്കനും ബോധം കെടുത്തുവാനും ഉപയോഗിച്ചു വന്നിരുന്നു. കറപ്പ് എന്ന വസ്തു ചരിത്രാതീതകാലം മുതൽ മനുഷ്യൻ ഉപയോഗിച്ചിരുന്നതായിരുനു താനും. പന്ത്രണ്ടാം നൂറ്റാണ്ടോടെ ആണു കറപ്പും കഞ്ചാവും ആയുർവ്വേദവിധികളിൽ സ്ഥാനം പിടിച്ചത്.  കറപ്പിൽ പ്രധാനമായും മോർഫീൻ, കോഡീൻ എന്നെ രണ്ട് കർമ്മോദ്യുക്തരായ രാസവസ്തുക്കളാണുള്ളത്. മോർഫീന്റെ രാസവിദ്യാപ്രകരണങ്ങൾ അജ്ഞാതമായി നിലകൊണ്ടു ആധുനിക കാലം വരെ. 1970കൾക്കു ശേഷമാണ് മോർഫീനു ചെന്നിരിക്കാനുള്ള സ്വീകരിണികൾ നാഡീകോശങ്ങളിൽ കണ്ടുപിടിയ്ക്കപ്പെട്ടത്. സ്വീകരിണികൾ ഉണ്ടെങ്കിൽ അവയിൽ ചേക്കേറാൻ തന്മാത്രകളും കാണും എന്ന ലളിതയുക്തി ഉപയോഗിച്ച് അവയ്ക്കുള്ള അന്വേഷണം തുടർന്നു, മോർഫീൻ പോലത്തെ തന്മാത്രകൾ നമ്മുടെ നാഡീവ്യവസ്ഥയിൽ ഉണ്ടെന്ന് കണ്ടു പിടിയ്ക്കപ്പെട്ടു, ഉള്ളിലുള്ള (“endo”)  മോർഫീൻ എന്നു സൂചിപ്പിക്കാൻ എൻഡോമോർഫീൻ എന്ന് പേരുമിട്ടു. ഇതു ലോപിപ്പിച്ച് “എൻഡോർഫിൻ” എന്നാക്കി. തൻ കറപ്പ്തന്മാത്രകൾക്ക് ചെന്നിരിക്കാൻ  മൂന്നുതരം സ്വീകരിണികൾ ഉണ്ട്.-മ്യൂ‍, കാപ്പാ, ഡെൽറ്റാ-എന്നിവ.  (പട്ടിക 1 കാണുക). എൻകെഫാലിൻ എൻഡോർഫിൻ, ഡൈനൊർഫിൻ, ഓർഫാനിൻ എന്നിവയാണ് ഇവയിൽ പറ്റിപ്പിടിക്കുന്നതെന്നും അറിവായി. (ചിത്രം 1) ഉൽക്കണ്ഠ, പേടി, മയക്കുമരുന്നുകളോടുള്ള വിധേയാസക്തി ( addiction) ഇവയുടെ ഒക്കെ തലച്ചോറ് പ്രവർത്തികളെക്കുറിച്ചും നിയന്ത്രണങ്ങളെക്കുറിച്ചുമുള്ള കൂടുതൽ വിശദമായ അറിവാണ് ഈ കറപ്പാത്മക വസ്തുക്കളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഗവേഷണം വിശദമാക്കിയത്.  ന്യൂറോണുകൾ ഏറ്റവും പ്രധാനിയായ എൻഡോർഫിൻ പുറപ്പെടുവിക്കുന്നത് സംഘർഷമോ വേദനയോ ഉളവാകുമ്പോഴാണ്.  ഉൽക്കടമായ കോപം, ഉൽക്കണ്ഠ എന്നിവ തോന്നുമ്പോഴും എൻഡോർഫിൻ സ്രവിക്കപ്പെടാം. വിശപ്പ്, ഹർഷരോമാഞ്ചങ്ങൾ എന്നിവയ്ക്കും പിന്നിൽ തൻകറപ്പ് കണികകളാണ്. തലച്ചോറിന്റേയോ ശരീരത്തിന്റേയോ ഏതു ഭാഗത്ത്, ഏതു ന്യൂറോണുകളിൽ ഈ സ്രവണം സംഭവിക്കുന്നു എന്നതനുസരിച്ചാണ് ഇതിന്റെ പ്രതികരണമോ പ്രത്യാഘാതമോ പ്രത്യക്ഷപ്പെടുക. വ്യായാമം ചെയ്യുമ്പോഴും ഇതു സംഭവിക്കാം, അതുകൊണ്ടാണ് ഒരു പ്രത്യേക ‘സുഖം’ വ്യായാമത്തിനു ശേഷം അനുഭവപ്പെടുന്നത്. കുറേ ദൂരം ഓടിയാലും എൻഡോർഫിൻ അളവ് തലച്ചോറിൽ വർദ്ധിക്കും, ഓട്ടക്കാർക്ക് തോന്നുന്ന ചെറിയ ലഹരി (“runners high”)യുടെ  അടിസ്ഥാനവും ഇതു തന്നെ.ധ്യാനം കൊണ്ടും യോഗ കൊണ്ടും എൻഡോർഫിൻ അളവ് കൂടാറുണ്ട്, ദൈവത്തിന്റെ അനുഗ്രഹം എന്ന് വ്യാഖ്യാനിക്കപ്പെടുന്ന അനുഭൂതി വാസ്തവത്തിൽ എൻഡോർഫിൻ കളിയ്ക്കുന്ന കളിയാണ്.  ഭക്തിയുടെ പാരമ്യത്തിൽ ശരീരം ആടിയുലയുമ്പോൾ വന്നുചേരുന്ന മായികാനന്ദം തലച്ചോറിലെ കറപ്പുകണികകൾ മെനയുന്ന ഫിസിയോളജിയാണ്.  ചെറിയതോതിലുള്ള മദ്യസേവയും എൻഡോർഫിൻ  അളവു കൂട്ടും. തിരുമ്മൽ, അക്ക്യുപങ്ചർ ഇവയും. വെയിലിൽ ഉള്ള അൾറ്റ്രാ വയലറ്റ് രശ്മികൾ എൻഡോർഫിൻ സ്രവിപ്പിക്കാൻ ഇടയാക്കും, വെയ്ലു കൊള്ളുന്നതിലെ സുഖത്തിന്റെ കാരണം ഇതാണ്. ലൈംഗികവേഴ്ചയിലെ ക്ലൈമാക്സിലെ പ്രധാനതാരവും എൻഡോർഫിൻ തന്നെ. എൻകെഫാലിൻ ആകട്ടെ വേദനാസംഹാരി എന്ന ദൌത്യമാണ് ഏറ്റെടുക്കാറുള്ളത്. തലച്ചോറിൽ നിന്നും വേദനയ്ക്കുള്ള നിർദ്ദേശവുമായി സുഷുമ്നാകാണ്ഡം  വഴി വരുന്ന സന്ദേശങ്ങൾക്ക് തടയിടുകയാണു പ്രധാന പണി. സ്വീകരിണികൾ എവിടെയൊക്കെയാണ് ഉത്തേജിതരാകുന്നത്, ഏതു സ്വീകരിണികളാണ്, എപ്പോഴാണ് ഇതൊക്കെ അനുസരിച്ചിരിക്കും തൻകറുപ്പിന്റെ പ്രവർത്തനസ്വഭാവങ്ങൾ.

കറപ്പ്സ്വീകരിണികൾ പണ്ടേയുണ്ട്
       നാഡീകോശങ്ങളുടെ ഉപരിതലത്തിൽ പറ്റിപ്പിടിച്ച് ഉള്ളിലേക്ക് സന്ദേശങ്ങൾ അയയ്ക്കുക എന്നത്ണു സാമാന്യ പ്രവർത്തനരീതി. തൻ കറപ്പുകൾ-എങ്കെഫാലിൻ, എൻഡോർഫിൻ, ഡൈനോർഫിൻ ഓർഫാനിൻ ഇവയെല്ലാം- മേൽ‌പ്പറഞ്ഞ മ്യൂ, കാപ്പാ, ഡെൽറ്റ സ്വീകരിണികളിലാണു ഉപവിഷ്ടരായി സന്ദേശങ്ങളോ ആജ്ഞകളൊ പുറപ്പെടുവിക്കുന്നത്. വേദന എല്ലാ ജീവികൾക്കും അനുഭവഭേദ്യമാണെന്നിരിക്കെ വേദനസംഹാരികളും ഇവയിലെല്ലാമുണ്ട്.  മീനുകളുടെ പ്രപിതാമഹന്മാരായ ലാമ്പ്രികളിലും ഹാഗ്ഫിഷിലും കറപ്പ് സ്വീകരിണികൾ കാണപ്പെടുന്നു എന്ന വസ്തുത വേദന സംഹരിയ്ക്കാനുള്ള സംവിധാനം പരിണാമപരമായി വളരെ നേരത്തെ വന്നു കൂടിയെന്ന് സൂചിപ്പിക്കയാ‍ണ്. ആദ്യം ഒരേ ഒരു ജീൻ ഉണ്ടായിരുന്നത് ക്രോമൊസോം (ജനിതകഘടകങ്ങൾ കോർത്തുവച്ചിരിക്കുന്ന ഡി എൻ യും പ്രോടീനുകളും കൂടി നിർമ്മിക്കുന്ന കഷണങ്ങൾ) ഇരട്ടിക്കലുകളിൽക്കൂടി പലതായി പിരിയുകയാണുണ്ടായത്. നട്ടെല്ലുള്ള ജീവികളിൽ മാത്രമല്ല, മറ്റ് പ്രാണികളിലും   കക്കകളിലും കടൽജീവികളിലും, എന്തിനു ഈച്ചകളിൽ‌പ്പോലും ഈ വേദനാസംഹാരിസ്വീകരിണികൾ കാണപ്പെടുന്നുണ്ട്. രസാവഹമായിരിക്കുന്നത് മ്യൂ വകുപ്പിൽ‌പ്പെട്ട സ്വീകരിണിയുടെ ജീൻ മനുഷ്യനിലും കക്കകളിലും 95% ഉം ഒരേ പോലെയാണ് എന്നതാണ്. വേദന ഏതുജീവിക്കാണെങ്കിലും കഠിനതരം തന്നെ! നാൽക്കാലികൾ (തവള മുതൽ) പരിണമിച്ച് മുന്നേറിയതോടേ ഈ സ്വീകരിണികളുടെ വൈവിദ്ധ്യവും ഏറുകയാണുണ്ടായത്. താടിയെല്ല്ലുകൾ ഉള്ള കശേരുജീവികൾ പരിണമിച്ചപ്പോൾ തന്നെ- 450 മില്ല്യൺ വർഷങ്ങൾക്ക് മുൻപേ-  കറപ്പ് സ്വീകരിണികൾ സങ്കീർണ്ണതയാർജ്ജിച്ചിരുന്നു എന്നാണ് മോളിക്യുലാർ പഠനങ്ങൾ സ്ഥിരീകരിക്കുന്നത്.

 കൂട്ടു വരുമോ –തൻകറപ്പ് സ്വീകരിണികൾ ചോദിക്കുന്നു
       ശരീരത്തിന്റെ വിവിധഭാഗങ്ങളിൽ തൻകറപ്പ് സ്വീകരിണികൾ വിതറിയിരിക്കയാണ്. എന്തു പ്രവർത്തനമാണു പ്രസക്തമാക്കേണ്ടത് എന്നതനുസരിച്ചാണ് അവയുടെ പ്രവർത്തനം ഉത്തേജിക്കപ്പെടുന്നത്.  ഉദാഹരണത്തിനു വികാരങ്ങൾ ഉളവാക്കാനും അവയെ നിയന്ത്രിക്കാനും ഔത്സുക്യമുള്ള എൻകെഫാലിൻ എന്ന തൻകറപ്പ് അതിനുവേണ്ടി പ്രവർത്തനനിരതമാകുന്നത്  തലച്ചോറിലെ അവയുടേ  സർക്യൂട്ടുകളിലാണു, സ്വീകരിണികൾ ഊർജ്ജവത്തായി നിലകൊള്ളുകയുമാണിവിടെ. പ്രധാനമായും “മ്യൂ” സ്വീകരിണികൾക്കാണു (Mu opioid receptor (MOR) കൂടുതൽ പങ്ക്. സുഖകരങ്ങളായതും അസുഖകരങ്ങളായതുമായ വികാരങ്ങളെ നിയന്ത്രിക്കാൻ പാടവമുണ്ടിവയ്ക്ക്. ഇഷ്ടപ്പെട്ട ആൾ/വസ്തുക്കൾ/ഭക്ഷണം അടുക്കുമ്പോൾ സന്തോഷവും നേറെ മറിച്ചാണെങ്കിൽ ദേഷ്യവും വരുത്തുന്നത് ഇവയാണ്. അവ മാ‍റിപ്പോയെങ്കിൽ, അടുത്തു വന്നില്ലെങ്കിൽ ഉളവാകുന്ന പേടിയോ സങ്കടമോ ദൂരീകരിക്കാനും ഇവയ്ക്ക് സാദ്ധ്യമാവുന്നു. പ്രതിഫലകേന്ദ്രത്തെ ത്രസിപ്പിച്ചാണു (ഡോപമീൻ എന്ന കരുത്തേറിയ സമ്പ്രേഷകന്റെ നടപടികളുമായി ബന്ധപ്പെട്ടുകൊണ്ട്) ഈ നടപടികൾ പ്രവർത്തനോന്മുഖമാകുന്നത്.  മറ്റൊരു സ്വീകരിണിയായ ‘ഡെൽറ്റ‘ (എൻകെഫാലിൻ എന്ന തൻകഞ്ചാവിനോടാണു രണ്ടു സ്വീകരിണികൾക്കും പ്രിയം) ഇതിനെ ക്രമീകരിക്കാൻ തയാറെടുത്തു നിൽക്കയാണ്. Delta opioid receptor ( DOP) ഉൽക്കണ്ഠ കുറയാക്കാനാണു ശ്രമിക്കുന്നത്, മ്യൂ സ്വീകരിണികൾ അമിതമായി ഉൽക്കണ്ഠ ഉളവാക്കിയെങ്കിൽ തയാറെടുത്തു നിൽക്കയാണ്. പേടിയുടേയും ഉൽക്കണ്ഠയുടേയും നിയന്ത്രണകേന്ദ്രങ്ങളായ അമിഗ്ദല, തലച്ചോറിനു പിറകിൽ താഴെയായി നിലകൊള്ളുന്ന  PAG  എന്നിവിടങ്ങളിലെ പ്രവർത്തനങ്ങളാണിവ. ഈ രണ്ടു സ്വീകരിണികളും നേർ വിപരീത പ്രയോഗവിധി നടപ്പാക്കുന്നത് തലച്ചോറിന്റെ വെവ്വേറെ ഇടങ്ങളിൽ പ്രവർത്തിച്ചാണ്. തൻ  കറപ്പ് തന്മാത്രകൾക്ക് കുറവു സംഭവിക്കുമ്പോൾ-മ്യൂ സ്വീകരിണികൾ ഒഴിഞ്ഞുകിടക്കുമ്പോൾ -ഇണയേയോ പരിചയക്കാരേയോ ഇഷ്ടഭക്ഷണത്തേയോ തേടാൻ പ്രേരിപ്പിക്കുകയാണ്. ഈ സാമൂഹികപ്രചോദനം  മനസ്സിനും ശരീരത്തിനും പൂർവാപരമായ വൻ ഉണർച്ചയാണു പ്രദാനം ചെയ്യുന്നത്. ഞാൻ ഒരു വികാരജീവിയാണ് എന്ന സിനിമാ ഡയലോഗ് പറയിപ്പിക്കുന്നത് ഡോപമീൻ എന്ന മോഹപ്രദായകനോടൊപ്പം പ്രവർത്തിക്കുന്ന  MOR, DOR എന്നീ തൻകറപ്പ്  സ്വീകരിണികളാണ്.

     പ്രതിഫലം കിട്ടാനും അതുകിട്ടുമ്പോൾ സന്തോഷിക്കാനുമുള്ള മനസ്സാണു നാം രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്. ലഹരിമരുന്നുകളിൽ അത്യാസക്തി (അഡിക് ഷൻ) വന്നു പോകുന്നത് ഈ പ്രതിഫലകേന്ദ്രം നന്നായി പ്രവർത്തിക്കുന്നതുകൊണ്ടാണ്. ഒരിക്കൽ രുചിച്ച ഭക്ഷണത്തിന്റേയോ ലഹരിയുടേയോ അനുഭൂതി പിന്നെയും പിന്നെയും ഉണർത്തിയെടുക്കാൻ പ്രേരിപ്പിക്കുന്ന ഘടനാവിശേഷം. പ്രതിഫലകേന്ദ്രത്തെ സ്വാധീനിക്കുന്നത് തൻകറപ്പും സ്വകഞ്ചാവും തന്നെ. ഇവ രണ്ടും പരസ്പരം ചിലചുറ്റിക്കളികളിൽ ഏർപ്പെടാറുണ്ട്, ചില ധാരണകളിലും എത്താറുണ്ട്.  അത്യാസക്തിയുടെ സ്വഭാവവിശേഷങ്ങളെ മാറ്റി മറിക്കാൻ,  മറ്റു ലഹരിമരുന്നുകളോടുള്ള  അഡിക് ഷൻ നിയന്ത്രിക്കാൻ കറപ്പിലേയും കഞ്ചാവിലേയും വസ്തുക്കൾക്ക് സാധിക്കും എന്നത് ഒരു വിരോധാഭാസമായി തോന്നിയേക്കാം. രണ്ടും ഉപയോഗപ്രദമായിരിക്കും എന്നാണ് പുതിയ നിരീക്ഷണങ്ങൾ തെളിയിക്കുന്നത്. തൻകറപ്പിന്റെ ഡെൽറ്റാ സ്വീകരിണികളെ നിയന്ത്രിച്ചാൽ മദ്യത്തോടുള്ള അത്യാസക്തി ന്യൂനീകരിക്കാൻ പറ്റും എന്ന് പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. അഡിക്ഷൻ ബാധിച്ചവർക്ക് സമൂഹത്തിൽനിന്നും അകന്നു കഴിയാൻ താൽ‌പ്പര്യമുണ്ട്. ഇത് മാറ്റിയെടുക്കാൻ തൻകറപ്പ് സ്വീകരിണികളെ ഉത്തേജിപ്പിക്കുക ഒരു പോംവഴിയാണ്.

സ്വകഞ്ചാവീയങ്ങൾ (Endocannabinoids)
      പല ഓമനപ്പേരുകളിൽ അറിയപ്പെടുന്ന കഞ്ചാവ് ( മരിയുവാനാ, പോട്, ഹഷീഷ്, ഭാംഗ് ഇങനെ നിരവധി) മരുന്നാണോ മയക്കുമരുന്നാണോ എന്ന തർക്കം പണ്ടേയ്ക്കു പണ്ടേ ഉള്ളതാണ്. വിശപ്പ് വർദ്ധിപ്പിക്കുന്ന ഒരു ഇലക്കൂട്ട് എങ്ങനെയാണ് വേദന, മനമ്പിരട്ടൽ, ചുഴലി, ഉൽക്കണ്ഠ ഇവയൊക്കെ ശമിപ്പിക്കുന്നത്?  ഇലയും മൊട്ടും ഉണക്കിപ്പൊടിച്ച് പുകയെടുത്തൊ മധുരപലഹാരത്തിൽ ചേർത്തോ ഗുളികയാക്കിയോ ഇല തിളപ്പിച്ച് ചായയാക്കിക്കുടിച്ചോ എങ്ങിനെ ഉള്ളിലാക്കിയാലും കഞ്ചാവ് നിർവ്വചിക്കാനാകാത്തവിധത്തിലാണ് നമ്മളെ സ്വാ‍ധീനിക്കുന്നത്.  തലച്ചോറിന്റേയും ആസകലം ശരീരത്തിന്റേയും വിവിധഭാഗങ്ങളാണ് കഞ്ചാവിനാൽ ത്രസിക്കപ്പെടാൻ തയാറെടുത്ത് നിൽക്കുന്നത്. (ചിത്രം 2 കാണുക) ഔഷധപരവും ചികിത്സാസംബന്ധിയും ധാർമ്മികവും നിയമപരവുമായ സങ്കീർണ്ണതകളാണ് ഇതിന്റെ ഉപയോഗം ബോദ്ധ്യപ്പെടുത്തുന്നത്.

       മനുഷ്യർ കഞ്ചാവ് ഉപയോഗിച്ചു തുടങ്ങിയിട്ട് എത്രയോ വർഷങൾ ആയിക്കാണണം. ആർക്കിയോളജി തെളിവുകൾ പറയുന്നത് 11,000 വർഷങ്ങൾക്ക്‌ മുൻപു തന്നെ സന്തോഷകാരകമായും ആത്മശാന്തിപ്രദാനത്തിനും ഉപയോഗിച്ചിട്ടുണ്ടായിരിക്കണം എന്നാണ്.  സംതൃപ്തിയും വിശപ്പും തോന്നാൻ, വേദനകുറയ്ക്കാൻ, നന്നായിട്ട് ഉറങ്ങാൻ, ബോധം കെടുത്താൻ ഒക്കെ കഞ്ചാവു പണ്ടേയ്ക്കു പണ്ടേ നമ്മൾ കൈവശം വച്ചിരുന്നു. ആത്മീയതാപരിവേഷവുമുണ്ട് കഞ്ചാവിനു: അനുഷ്ഠാനങ്ങളിലും വൈദികസംബന്ധിയായ ആചാരങ്ങളിലും കഞ്ചാവിനെ പ്രധാന നടൻ ആക്കിയിട്ടുണ്ട് പലപ്പോഴും.  പത്തൊൻപതാം നൂറ്റാണ്ടു മുതൽ കഞ്ചാവിലെ എന്തു ഘടകമാണ് “സൈക്കോ ആക്റ്റീവ്” ആണെന്ന് കണ്ടുപിടിയ്ക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. ഇന്നു വരെ 60 ഓളം രാസവസ്തുക്കൾ കഞ്ചാവിൽ നിന്നു വേർ തിരിച്ചെടുത്തിട്ടുണ്ട്. അവയിൽ പലതും മേൽ‌പ്പറഞ്ഞ മാനസികനിലകൾ ഉളവാക്കുന്നവയല്ല. 1964 ഇലാണ് “സൈക്കോ ഇഫക്റ്റ്” നൽകുന്നത്‌ “റ്റി എഛ് സി” (Tetrahydrocannabinol) എന്ന രാസവസ്തു ആണെന്ന് കണ്ടുപിടിച്ചത്.
എന്നാൽ 1980 കൾ വരെ കാത്തിരിക്കേണ്ടി വന്നു കഞ്ചാവീയങ്ങളുടെ സ്വീകരിണികളെക്കുറിച്ച് കൂടുതലറിവുകൾ കിട്ടിത്തുടങ്ങാൻ.  ലോകത്തെമ്പാടും കഞ്ചാവ് ഒരു ലഹരി എന്നുമാത്രമല്ലാതെ മനുഷ്യാവസ്ഥകൾക്ക്  ഉപകാരപ്രദമെന്ന രീതിയിൽ പണ്ടേ  ഉപയോഗിച്ചു വന്നിട്ടുള്ളതാ‍ണെന്നുള്ള അറിവാണ്‌ ഗവേഷകരെ ഈ വഴിയിലേക്ക് നയിച്ചത്. കഞ്ചാവീയവ്യവസ്ഥ തലച്ചോറ് പ്രവർത്തനങ്ങളെ മാറ്റിക്രമീകരിക്കുന്നതിൽ  പ്രധാനപങ്ക് വഹിക്കുന്നു എന്നത് നിർണ്ണായകമായ അറിവ് ആയിരുന്നു   കറപ്പ് കണികക്കൾ പോലെ ന്യൂറോണുകൾ തമ്മിലുള്ള സന്ദേശകൈമാറ്റങ്ങളെ മാറ്റിമറിയ്ക്കുക എന്നതാണു സ്വകഞ്ചാവീയങ്ങളും (endocannabinoids) ചെയ്യുന്നത്. മാനസികനിലകളെയും ചലനങ്ങളെയും മന്ദീഭവിപ്പിക്കാനുള്ള സന്ദേശങ്ങളെ ഒന്ന് മയപ്പെടുത്തുകയോ എതിരിടുകയോ ചെയ്യും ഇവ. ഉദാഹരണത്തിനു ഉണർന്നിരിക്കുമ്പോൾ നമ്മുടെ കൺ പോളകളിലെ പേശികൾ വലിഞ്ഞു മുറുകിയിരിരിക്കും കണ്ണടയ്ക്കാൻ വേണ്ടി ഒന്ന് അയയും. എന്നാൽ സിനിമാ കാണുമ്പോഴോ പുസ്തകം വായിയ്ക്കുമ്പോഴോ ഉറക്കം വരുമ്പോൾ ഈ വലിഞ്ഞുമുറുകാനുള്ള സന്ദേശത്തിനു നേർ വിപരീതമായി അവയുടെ മുറുക്കം വിട്ട് അയയാനുള്ള സന്ദേശമാണു കൈമാറ്റം ചെയ്യപ്പെടുക. ഈ സന്ദേശവാഹകർ “ഗാബാ”, “ഗ്ലൂടമേറ്റ്” എന്നിവയൊക്കെയാണ്, അടുത്ത ന്യൂറോണിനെ ഉത്തേജിപ്പിക്കുന്നതിനു പകരം മന്ദീഭവിപ്പിക്കാനുള്ള ദൌത്യമാണിവരുടേത്. ഇവയെ നിർവ്വീര്യമാക്കി ആ മന്ദീഭവിപ്പിക്കലിനു തടയിടും സ്വകഞ്ചാവീയങ്ങൾ. തലച്ചോർ അപചയ അസുഖങ്ങൾ, ചുഴലി, ബോധജ്ഞാനപ്പിഴവുകൾ ഇവയെ  നമ്മുടെ തന്നെ കഞ്ചാവീയങ്ങൾക്ക് നിയന്ത്രിക്കാനാകും എന്നത് അറിഞ്ഞിരുന്നെങ്കിലും നമ്മുടെ ശരീരത്തിൽ തന്നെയുള്ള ഈ വൻ നിയന്ത്രണാധികാരിയെ വരുതിയിലാക്കി ഔഷധം എന്ന നിലയിൽ എത്തിക്കാൻ എളുപ്പമല്ല. ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ട വസ്തുതകളിൽ  വൈകാരികസ്ഥിതി, അവബോധം, പഠിച്ചെടുക്കൽ, ഓർമ്മ  ഇവയിലെല്ലാം നിയന്ത്രണാധീനമുള്ള സ്വകീയമായ തന്മാത്രകളാണിവ എന്നത് പ്രാധാന്യമർഹിക്കുന്നു. മാത്രമല്ല തലച്ചോറിനെ ആഘാതത്തിൽ നിന്നും കരകയറ്റുക, അറ്റകുറ്റപ്പണികൾക്ക് സഹായിക്കുക ഇവയൊക്കെയും സ്വകഞ്ചാവുകളുടെ പ്രവർത്തനമേഖലയിൽ പെടും. മറ്റു മയക്കുമരുന്നുകളിന്മേൽ ഉള്ള അഡിക്ഷൻ നിയന്ത്രിക്കുന്നതിലും നമ്മുടെ നാഡികളിൽ വിഹരിക്കുന്ന ഈ സ്വകഞ്ചാവ് കണികകൾക്ക് ഭാഗമുണ്ട്.

          കഞ്ചാവ് ന്യൂറോണുകൾക്ക് ഇഷ്ടമാണെങ്കിൽ അവയെ  സ്വീകരിച്ചിരുത്തുന്ന തന്മാത്രകളും  കാണപ്പെടേണ്ടവയാണെന്ന് ശാസ്ത്രജ്ഞന്മാർക്ക് നിശ്ചയമുണ്ടായിരുന്നു. കഞ്ചാവിലെ പ്രധാന രാസവസ്തു റ്റി എഛ് സി (Tetrahydrocannabinol) ന്യൂറോൺ കോശങ്ങളുടെ ഉപരിതലത്തിൽ പറ്റിപ്പിടിയ്ക്കുന്ന സ്വീകരിണികളാണു ആദ്യം കണ്ടുപിടിയ്ക്കപ്പെട്ടത്. ഈ സ്വീകരിണികൾ എന്തുകൊണ്ട് നമ്മളുടെ നാഡീവ്യവസ്ഥയുടെ നിയന്ത്രണങ്ങൾ ഏറ്റെടുത്തു എന്ന ചോദ്യം ഉടൻ സംഗതമായി.  ഒരിയ്ക്കൽ മനുഷ്യർ കഞ്ചാവുപുക വലിച്ചേക്കും, ഭാംഗു കലർത്തിയ പാൽ കുടിച്ചേയ്ക്കും എന്നു കരുതി  ആയിരമായിരം കൊല്ലങ്ങൾക്കു മുൻപേ തന്നെ സ്വീകരിണികൾ നിർമ്മിച്ചു വയ്ക്കാൻ മാത്രം വിഡ്ഢിയല്ല തലച്ചോറ്‌. പന്നികളുടെ തലച്ചോറിലെ ആയിരക്കണക്കിനു തന്മാത്രകൾ പരിശോധിക്കപ്പെട്ടു, റ്റി എഛ് സി യെപ്പോലിരിക്കുന്നത് ഏവൻ എന്ന് കണ്ടു പിടിയ്ക്കാനായി. അവസാനം 1992 ഇൽ ഒരു പ്രത്യേക തന്മാത്ര  റ്റി എഛ് സി വന്നിരിക്കാ‍റുള്ള  പീഠത്തിൽ ആസനസ്ഥനാകാ‍ാറുണ്ടെന്ന്‌ പിടികിട്ടി. സ്വതവേ ഭാവന തൊട്ടുതേച്ചിട്ടില്ലാത്ത  ശാസ്ത്രജ്ഞർ തെല്ലും മടിയില്ലാതെ ഇന്നോളം ലഹരി പകർന്ന ഈ അജ്ഞാതനു ഇത്തവണ ഉചിതമായ പേരിട്ടു. “ആനന്ദമൈഡ്”!  (Anandamide). താമസിയാതെ  കഞ്ചാവ് ഛായയുള്ള മറ്റൊരു കണികയും കണ്ടുപിടിയ്ക്കപ്പെട്ടു:   2-അരാക്കൈഡൊണൊയിൽ ഗ്ലിസെറോൾ (2-AG).  കൊഴുപ്പുകണികകളിൽ നിന്നും ഉറവിടുന്നവയായ ഇവ സ്വകഞ്ചാവീയങ്ങൾ (endocannabinoids) എന്ന പേരിൽ അറിയപ്പെടുന്നു ഇന്ന്‌.  ആനന്ദമൈഡും 2 എ ജിയും  ന്യൂറോണിന്റെ ഉപരിതലത്തിലുള്ള  രണ്ടു സ്വീകരിണി (receptor) കളിന്മേലാണു പറ്റിപ്പിടിയ്ക്കുന്നത്, അതുമൂലം കോശത്തിനകത്തേയ്ക്ക് സന്ദേശങ്ങൾ കടത്തി വിടുകയുമാണ്. സി ബി 1, സി ബി 2  (Cannabinoid എന്നതിന്റെ ചുരുക്കമാണ് CB) എന്നറിയപ്പെടുന്നു ഇവ. (പട്ടിക 1 കാണുക) കഞ്ചാവിലെ പ്രധാനവസ്തു (റ്റി എഛ് സി) പറ്റിപ്പിടിയ്ക്കുന്നതും ഇതേ സി ബി കളിലാണ്.

.      വേദനനിർമ്മാർജ്ജനത്തിനപ്പുറം ഇവ പലേ പ്രവർത്തികളെ ആണ് ബാധിയ്ക്കുന്നത്:   സി ബി 2 സ്വീകരിണികൾ പ്രതിരൊധം (ഇമ്മ്യൂണിറ്റി) നിർമ്മിച്ചെടുക്കാൻ സഹായിക്കൻ പോന്നവയാണ്. നീർവീക്ക (inflammation) ത്തിന്റെ നിയന്ത്രണവും ഇവ സൌജന്യപൂർവ്വം നിർവ്വഹിക്കും.  ചുഴലി, ആസക്തി,  എന്നിവ ഒക്കെ നിയന്ത്രിക്കപ്പെടാനുള്ള  ന്യൂറോസമ്പ്രേഷകർ ആയി വർത്തിക്കുകയും മറ്റൊരു ജോലി ആണ്. പലപ്പോഴും മേൽ പ്രസ്താവിച്ച  ഗാബാ, ഗ്ലൂടമേറ്റ് എന്നിവയുടെ സ്രവണം കുറയ്ക്കുക ആണു ചെയ്യുന്നത് സിബി 1 ഉം സി ബി 2 ഉം. കഞ്ചാവ് പുകയിൽ ആയിരത്തോളം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഉണക്കിയ ഇലയിൽ 460 രസവസ്തുക്കൾ ഉള്ളതിൽ 80 എണ്ണമെങ്കിലും നമ്മുടേ സി ബി 1/സി ബി 2 സ്വീകരിണികളിൽ പറ്റിപ്പിടിയ്ക്കുന്നവയാണ്. ചെടികൾ അതീവ മിടുക്കാണ് കാണിച്ചിരിക്കുന്നത്, നമ്മളെ മയക്കാൻ അവ ഉണ്ടാക്കുന്ന റ്റി എച് സി യോടാണു നമ്മുടെ സ്വന്തം തന്മാത്രകളേക്കാൾ ഇഷ്ടം, ഏറ്റവും തീക്ഷ്ണപ്രതിപ്രവർത്തനം ഉളവാക്കുകയും ചെയ്യും.

    കഞ്ചാവിൽ റ്റി എഛ് സി എന്ന വൻപനെക്കൂടാതെ കാന്നബൈഡിയോൾ (cannabidiol സി ബി ഡി)  തീക്ഷ്ണകനുമുണ്ട്. റ്റി എഛ് സിയെപ്പോലെ അത്യാസക്തി ഉണ്ടാക്കുകയോ സൈക്കോ ആക്റ്റീവൊ അല്ല ഈ സിബിഡി. എന്നാൽ ഏകദേശം നിർദ്ദിഷ്ടഫലം ഉളവാക്കുകയും ചെയ്യും മരുന്നുകഞ്ചാവിൽ ഇതിന്റെ അളവ് കൂടുതൽ കാണും, രഹസ്യവിപണിയിൽ കിട്ടുന്നതിൽ തുലോം കുറവും.   സി ബി 1 നോടോ സി ബി 2 നോടോ അത്ര പ്രതിപത്തി ഇല്ലെങ്കിലും റ്റി എഛ് സിയോടൊപ്പം ചേർന്ന് അതിന്റെ പ്രവർത്തനത്തെ സഹായിക്കും. പാർശ്വഫലങ്ങൾ കുറവായ സി ബി ഡിയുടെ ഗുണങ്ങൾ വസൂലാക്കാനാണു ഇപ്പോൾ കൊണ്ടുപിടിച്ച പരിശ്രമങ്ങൾ.  

ഡോപമീൻ എന്ന ബോസ്, അതുക്കും മേലേ സ്വകഞ്ചാവ്
  പെരുമാറ്റത്തെ നിയന്ത്രികുന്ന ന്യൂറോസമ്പ്രേകവസ്തുവാണ് ഡോപമീൻ. ശരീരചലനങ്ങൾ, ഒരു കാര്യം ചെയ്യാനുള്ള പ്രചോദനം (motivation), പഠിച്ചെടുക്കൽ (learning), ഓർമ്മ ഇവയൊക്കെയും ഡോപമീൻ പ്രവർത്തനങ്ങളുടെ ഫലമാണ്. പല ന്യൂറോ-സൈക്കിയാട്രിക് അസുഖങ്ങൾക്കും ഇവയുടെ പ്രകർത്തനവൈകല്യം കാരണമാകും-പാർക്കിൻസൺസ് അസുഖം, ഷ്കൈസോഫ്രീനിയ ഒക്കെ. മയക്കുമരുന്ന് ആസക്തി  നിലനിർത്തുന്നതിലും പങ്കുണ്ട്. ഡോപമീൻ സ്രവിക്കുന്നത് തലച്ചോറിലെ ചില പ്രത്യേക ന്യൂറോണുകളാണ്. ഈ ന്യൂറോൺ കൂട്ടങ്ങൾക്കിടയിൽത്തന്നെ സ്വകഞ്ചാവിന്റെ സ്വീകരിണികളും കാണപ്പെടുന്നു. സ്വകഞ്ചാവിന്റെ ഇടപെടൽ ആവശ്യപ്പെടുന്നുണ്ട്  ഡോപമീൻ എന്നു മാത്രമല്ല പലപ്പോഴും പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുന്നുമുണ്ട്  സ്വകഞ്ചാവ് സ്വീകരിണികളുടെ പ്രവർത്തനം. ഡോപമീൻ അയയ്ക്കുന്ന സന്ദേശങ്ങൾക്ക് ഒപ്പം നിന്ന് അവയെ ശതഗുണീഭവിപ്പിക്കുകയും സ്വകഞ്ചാവിനു സാധിക്കും. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ഡോപമീൻ പ്രവർത്തികളെ മന്ദീഭവിപ്പിക്കാനും സ്വകഞ്ചാവ് തന്മാത്രകൾക്ക് കഴിയും. സി ബി 2 സ്വീകരിണികൾക്ക് മയക്കുമരുന്ന് ഉളവാക്കുന്ന “പ്രതിഫല തോന്നൽ” (drug reward) കുറയ്ക്കുവാനുള്ള കഴിവുണ്ട്.  വിലക്ഷണമോ ക്രമവിരുദ്ധമായതോ ആയ ഡോപമീൻ പ്രവൃത്തികൾ കൊണ്ട് വരുന്ന അസുഖങ്ങളുടെ (മേൽ‌പ്പറഞ്ഞ പാർകിൻസൺസ്, ഷ്കൈസൊഫ്രീനിയ) ചികിത്സയ്ക്ക് കഞ്ചാവ് ഉത്തമമായിരിക്കാനുള്ള സാദ്ധ്യതയുടെ പിന്നിൽ ഈ സ്വാധീനമാണ്.

  വേദനയുടെ വഴികളിൽ സ്വകഞ്ചാവ്
      നാഡീവ്യവസ്ഥയിൽ പലയിടത്തായിട്ടാണു സ്വകഞ്ചാവിന്റെ പ്രവർത്തിസ്ഥലങ്ങൾ. പരീക്ഷണശാലയിൽ നിർമ്മിച്ചെടുത്ത രാസവസ്തുക്കൾ- സ്വീകരിണികളിൽ ശരിയായി ചേരുന്നവ- ഉപയോഗിച്ചും ഇവയുടെ ജീനുകൾ എലികളിൽ നിർവ്വീരീകരിച്ചുമാണ് പല നിഗമനങ്ങളിലും എത്തിച്ചേർന്നത്. തലച്ചോറിന്റെ കൃത്യമായ ഇടങ്ങളിൽ സ്വകഞ്ചാവ് സന്നിവേശിപ്പിച്ചാണ് പ്രവർത്തനരീതി പഠിക്കപ്പെട്ടിട്ടുള്ളത്.  തലച്ചോറിലെ കൃത്യമായ ചില ഇടങ്ങളിൽ (തലാമസ്, പി എ ജി) സ്വകഞ്ചാവ് വേദനാസംഹാരിയായി പെരുമാറുന്നു. വേദന ഉണ്ടാക്കുന്ന തലച്ചോർ കേന്ദ്രങ്ങളിൽ നേരിട്ട് പ്രവർത്തിയ്ക്കുകയല്ല ഈ തൻ കാര്യക്കാരായ ലഹരിയുടെ കുഞ്ഞുമക്കൾ, വേദനാസന്ദേശങ്ങളെ മാറ്റിമറിയ്ക്കയാണ്. സുഷുംന (spinal chord) യിൽ പല ഭാഗത്തും സ്വകഞ്ചാവ് സ്വീകരിണികൾ വാരി വിതറിയിട്ടുണ്ട്. തലച്ചോറിൽ നിന്നും വേദനയുടെ സംവേദനങ്ങൾ വേദന ഉളവാക്കുന്ന ഇടത്തേയ്ക്ക് മറുപടിയുമായി പോകുന്ന വഴിയ്ക്കാണ് ഈ സ്വീകരിണികൾ  ആ സന്ദേശങ്ങൾക്ക് തടയിടുന്നത്. വെറും വേദന മാത്രമല്ല സ്വകഞ്ചാവ് കുറയ്ക്കുന്നത്; നാഡികൾക്ക് ക്ഷതമേറ്റാൽ അത് പരിഹരിക്കാനും ഈ സ്വന്തം ലഹരിപ്രദായകൻ ഓടിയെത്തും. പരിതസ്ഥിതി ഉളവാക്കുന്ന തീവ്രമായ ക്ഷതി (environmental stress)  കുറയ്ക്കാനും സ്വകഞ്ചാവ് തന്മാത്രയായ  2 AG പര്യാപ്തമാണ്. ഇത്തരം വേളകളിൽ ഇതിന്റെ അളവു കൂട്ടുകയും ചെയ്യും നമ്മുടെ ശരീരം.  സ്വകഞ്ചാവിന്റെ മറ്റൊരു പ്രവർത്തിസ്ഥലം ത്വക്കിനടിയിലാണ് . വിയർപ്പ് ഗ്രന്ഥിയുടേയും എണ്ണ ഗ്രന്ഥിയുടേയും അടുക്ക ഈ സ്വീകരിണികൾ നിബന്ധിച്ചിട്ടുണ്ട്. സ്വകഞ്ചാവ് ഈ ഇടങ്ങളിൽ പ്രവർത്തിക്കുന്ന വിധങ്ങൾ അറിയേണ്ടത് അത്യാവശ്യമാണ്: തലച്ചോറിനെ ബാധിക്കാതെ അഡിക്ഷൻ ഉണ്ടാക്കാതെ സ്വകഞ്ചാവ് വേദനാസംഹാരിയായി വളർത്തിയെടുക്കണമെങ്കിൽ ഈ വിവരങ്ങൾ അറിഞ്ഞേ തീരൂ. ആവശ്യാനുസരണമാണ് ചില നിർമ്മിതികൾ: സുഷുംനാകാണ്ഡം ചില പ്രത്യേക ഇടങ്ങളിൽ സ്വകഞ്ചാവ് സ്വീകരിണികൾ നിർമ്മിച്ചെടുത്ത്  വേദനയുടെ ഉറവിടങ്ങൾ (ഉപരിതല) ലേക്ക് അയക്കുന്ന സൂത്രവേലയിൽ തൽ‌പ്പരനാണ്. വേദനയുടേ തീവ്രത കുറയ്ക്കാൻ ശരീരം സർവ്വ പണിയും നോക്കുന്നുണ്ടെന്ന് സാരം. ഈ വേലകളെ ത്വരിതപ്പെടുത്തുന്ന വിദ്യയാണ് പഠിച്ചെടുക്കേണ്ടത്- വേദന നിർവ്വാരണത്തിനു വിപ്ലവാത്മകമായ പുരോഗമനം സാദ്ധ്യമാകും.

  വേദനസംഹാരത്തിനു സ്വന്തം കഞ്ചാവ് ഉപയോഗിക്കുക!
 സ്വന്തം കഞ്ചാവീയ തന്മാത്രകളുടെ നിർമ്മാണം ത്വരിതപ്പെടുത്തിയാൽ വേദന അതുകൊണ്ട് അമർച്ച ചെയ്യപ്പെടുകയില്ലെ? തീർച്ചയായും.. ഇന്ന് ഏറെ ഗവേഷണം നടക്കുന്ന മേഖലയാണിത്. കറപ്പ്  അഡിക്ഷൻ തീവ്രമായിക്കൊണ്ടിരിക്കയാണ്, മരണങ്ങൾ അനവധി ,കഞ്ചാവാണു പകരക്കാരൻ.  സ്വന്തം കഞ്ചാ‍വു തന്മാത്രകൾ നശിപ്പിക്കപ്പെടുന്നത് തടയുക, സ്രവിക്കപ്പെട്ട തന്മാത്രളെ തിരിച്ചു പിടിയ്ക്കുന്നത് തടയുക ഇവയൊക്കെ ചെയ്ത്  അളവു കൂട്ടാൻ സദ്ധ്യത തേടുകയാണ് ഇന്ന് ഗവേഷകർ. ഇതിനാവശ്യമായ നിരവധി രാസൌധങ്ങൾ ഇന്ന് പരീക്ഷിക്കപ്പെട്ടു വരുന്നുണ്ട്.

           രണ്ട് ന്യൂറോണുകൾ തമ്മിൽ സന്ധിച്ച് സംവേദനങ്ങൾ കൈമാറുന്ന ഇടങ്ങളിലാണ് സ്വകഞ്ചാവുകൾ പ്രവർത്തിക്കുന്നത്. സ്വന്തം ജോലി കഴിഞ്ഞാൽ ഉടൻ നിർവ്വീര്യമാക്കപ്പെടുകയാണ് ഈ തന്മാത്രകൾ.  FAAH  എന്നൊരു എൻസൈം ആണ് സ്വകഞ്ചാവിനെ നശിപ്പിക്കുന്നത്. ഈ എൻസൈമിനെ നിയന്ത്രിച്ച് വരുതിയിലാക്കിയാൽ  സ്വതവേ ഉള്ള കഞ്ചാവ് ദീർഘസമയം പ്രവർത്തിക്കും, വേദന കുറയും. ചില വേദന കുറയ്ക്കുന്ന മരുന്നുകൾ (ഐബുപ്രോഫെൻ, അബുഫെൻ, ആക്റ്റൊമോൾ,   റോഫെക്കൊക്സിബ് ഒക്കെ) ഫലം ഉളവാക്കുന്നത് ഇപ്രകാരമാണ്. എന്നുവച്ചാൽ ആ മരുന്നുകൾ നേരിട്ട് വേദന കുറയ്ക്കുകയല്ല, സ്വകഞ്ചാവിനെ ന്യൂറുണകൾ   തിരിച്ചു പിടിച്ച് നശിപ്പിക്കാതെ ഉണർത്തി നിറുത്തുകയാണിവർ.

കഞ്ചാവ് ചികിത്സ-സാദ്ധ്യതകൾ
       പലേതരത്തിൽ നാഡീക്ഷയങ്ങൾ സംഭവിക്കുന്ന മാരക അസുഖമാണ് മൾടിപിൾ സ്ക്ലീറോസിസ്. ന്യൂറോണുകളുടെ നീണ്ട തന്തുക്കളെ ചുറ്റുന്ന ‘ഇൻസുലേഷൻ” ഇല്ലാതെ പോവുകയാണിവിടെ. കൈകാലുകൾ നിർജ്ജീവമാകുന്ന സ്ഥിതി. കന്നാബൈഡയോൾ അടങ്ങിയ കഞ്ചാവ്ചാറ് സ്പ്രേ ചെയ്താൽ ചില ലക്ഷണങ്ങൾ മാറ്റിയെടുക്കാം. കഞ്ചാവിന്റെ സ്വീകരിണികളിന്മേൽ പറ്റിപ്പിടിയ്ക്കുന രാസവസ്തുക്കൾ, റ്റി എഛ് സി ഉൾപ്പെടെ  ഇടപെടുകയാണിവിടെ. മേൽ പ്രസ്താവിച്ച സി ബി 1, സി ബി 2 എന്നീ സ്വീകരിണികളാണു ഇതിലെ പ്രധാന മാദ്ധ്യമാംഗങ്ങൾ. തലച്ചോറിലെ പല തരത്തിലുള്ള ന്യൂറോണുകളേയും നേർവഴിക്ക് നടത്താൻ ഈ കഞ്ചാവ് സ്വീകരിണികളുടെ ഉത്തേജനം സഹായകമാവുന്നുണ്ട്.  പാരമ്പര്യമായി ലഭിച്ചേക്കാവുന്ന ഹണ്ടിങ്ടൺ സുഖക്കേട്- ന്യൂറോണുകൾ നശിച്ചു തുടങ്ങുന്ന അസുഖമാണ്, മനസ്സിനേയും ശരീരത്തേയും തളർത്തുന്നതാണിത്.  ഏറ്റവും നല്ലപ്രായത്തിൽ, 20 വയസ്സു കഴിയുമ്പോൾ അസുഖം തുടങ്ങും. ചികിത്സയില്ല. ഈ അസുഖം ഉള്ളവർക്ക്  സ്വകഞ്ചാവിനെ ആനയിച്ചിരുത്തുന്ന സി ബി സ്വീകരിണികൾ തീരെക്കുറവാണ്, ഉള്ളവ പ്രവർത്തനോന്മുഖവുമല്ല.   ഇവയെ ഉത്തേജിപ്പിച്ചു നിറുത്തന്നത് ഈ അസുഖത്തിനു മറുമരുന്ന് ആയേക്കാൻ സാദ്ധ്യതയുണ്ട്.  വേദന കുറയ്ക്കാൻ വേണ്ടി മാത്രം  പ്രകൃതി നമുക്കു നിർമ്മിച്ചു നൽകിയതല്ലെന്നും തലച്ചോറിന്റേയും നാഡീവ്യവസ്ഥയുടേയും നല്ലനടപ്പ് ഉറപ്പാക്കാനും അറ്റകുറ്റപ്പണികൾ വേണ്ടസമയത്ത് നടത്താനുമൊക്കെയാണ് നമ്മുടെ ഉള്ളിലെ ഈ കള്ളക്കഞ്ചാവിനെ നിയോഗിച്ചിട്ടുള്ളതുമെന്നാണ് തെളിയുന്നത്. ഇവയുടെ സ്വീകരിണികളുടെ തകരാറുകൾ തലച്ചോറിന്റെ സുപ്രധാന പ്രവൃത്തികളെ ബാധിയ്ക്കുമെന്നും അസുഖങ്ങൾക്ക് കാരണമാകുമെന്നും വ്യക്തമാകുന്നു ഇപ്രകാരം.

          ആത്സൈമേഴ്സ് അസുഖത്തിനും സ്വകഞ്ചാവ് സ്വീകരിണികളുടെ പ്രവർത്തനവൈകല്യം കാരണമാകുന്നു  എന്നാണ് പുതിയ അനുമാനം. സ്വകഞ്ചാവിന്റെ ഫിസിയോളജി വ്യവസ്ഥകളിൽ പലതിനും മാറ്റങ്ങളുണ്ട് ആത്സൈമേഴ്സ് ബാധിച്ചവർക്ക്. സ്വീകരിണികൾ ന്യൂറോണുകൾക്കുള്ളിലേക്ക് അയയ്ക്കുന്ന സന്ദേശങ്ങളിൽ പിഴവുകളുണ്ടാകുന്നത് ഒരു വ്യത്യാസമാണ്. സി ബി 1, സി ബി 2 സ്വീകരിണികൾ നേരാം വണ്ണം ന്യൂറോണുകളുടെ ഉള്ളിലേക്ക് സന്ദേശങ്ങൾ അയയ്ക്കാത്തതാണു കാരണങ്ങളിലൊന്ന്.  ആത്സൈമേഴ്സിന്റെ ചില ദുർഘടഘട്ടങ്ങളിൽ സി ബി 1, സി ബി 2 സ്വീകരിണികളെ ഉത്തേജിപ്പിക്കുന്നത്  അസുഖത്തിന്റെ ആക്കം കുറയ്ക്കുന്നു  എന്ന് അറിവു കിട്ടിയിട്ടുണ്ട്. തലച്ചോറിലെ ചില അഴിച്ചുപണിയലിനും കേടുപാടുതീർക്കലിനും സ്വകഞ്ചാവ് പ്രയത്നിക്കുന്നുണ്ടെന്നതിനാൽ ഇതിൽ വരുന്ന മാറ്റങ്ങളായിരിക്കണം ആത്സൈമേഴ്സിലേക്ക്  നയിക്കുന്നത് എന്ന നിഗമനവും ഉണ്ട്. ഈ സ്വീകരിണികളെ ഉണർത്തി നിറുത്തുന്നത് ആത്സൈമേഴ്സ് രോഗത്തിന്റെ കാഠിന്യം കുറച്ചെക്കാമെന്ന അനുമാനം ആശാവഹമാണ്.   ചുഴലി ദീനത്തിനു കഞ്ചാവു ഫലപ്രദമാണെന്ന അറിവ്‌ പണ്ടേ ഉള്ളതാണ്.  അമിതവണ്ണം ഉടലെടുക്കുന്നതിൽ കൊഴുപ്പുകോശങ്ങളിലുള്ള സ്വകഞ്ചാവു സ്വീകരിണികൾക്ക് പങ്കുണ്ട്, ഇവയെ പ്രതിരോധിച്ചാൽ  വണ്ണം കുറയാൻ സാദ്ധ്യതയുണ്ട്. ക്യാൻസർ ബാധിച്ചവർക്കു കീമോതെറാപ്പി സമയത്ത്  സുഖം തോന്നാൻ, എയിഡ്സ് ബാ‍ധിതർക്ക്‌ വിശപ്പുണ്ടാവാൻ ഒക്കെ കഞ്ചാവ് ഉത്തമം.

        വാർദ്ധക്യമാണു ന്യൂറോൺ സംബന്ധമായ പല അസുഖങ്ങൾക്കും വഴിതുറക്കുന്നത് എന്നത് സുവിദിതമാണ്. വിഭജിച്ച് ഉണർവ്വ് നൽകേണ്ട പല ന്യൂറോണുകളും അലസരാകുന്നു എന്നത് ഇതിനൊരു കാരണമാണ്. ന്യൂറോണുകളുടെ വിഭജനവും  നാഡീവ്യവസ്ഥോൽ‌പ്പാദനവും  കഞ്ചാവ് സ്വീകരിണികൾ ഉത്സാഹമേറ്റുന്ന പ്രക്രിയകളാണ്, സ്വതവേ തന്നെ. പ്രായമാകുമ്പോൾ ഇതിൽ വരുന്ന ക്ഷീണങ്ങൾ നാഡികളെ തളർത്തുന്നു, കഞ്ചാവ് സ്വീകരീണികളിൽ വരുന്ന മാറ്റങ്ങൾക്ക് ഇതിൽ പങ്കുണ്ട്. കഞ്ചാവിന്റെ മരുന്നുപയോഗസാദ്ധ്യതകൾ വിപുലമാകുകയാണ് ഇതുമൂലം.  ബോധജ്ഞാനം, വികാരങ്ങൾ, സ്വപ്നം ഇവയിൽ എല്ലാം  സ്വകഞ്ചാവ് സ്വാധീനം ചെലുത്തുന്നുണ്ട്. ഉണർവ്വ്-സുഷുപ്തി ചാക്രികത (wake-sleep cycle) ഉദാഹരണം.  സ്വീകരണി സി ബി 1 നെ അമർച്ച ചെയ്താൽ ഉണർവ്വിനു സാദ്ധ്യതയേറും, മറ്റൊരു സ്വകഞ്ചാവ് തന്മാത്രയായ  ആനന്ദമൈഡിനെ സ്വാംശീകരിക്കുന്ന വ്യവസ്ഥയെ തടസ്സപ്പെടുത്തിയാൽ ഉറക്കം വരികയായി. സ്വപ്നവ്യാപാരങ്ങളെ നേരിട്ട് സ്വാധീനിക്കുന്നില്ലങ്കിലും സ്വപ്നങ്ങൾക്ക് കാരണമാകുന്ന, ജാഗ്രദ് അവസ്ഥയിലെ ഘടകങ്ങളിൽ സ്വകഞ്ചാവു ഇടപെടുന്നു എന്നതിനാൽ സ്വപ്നക്കാഴ്ച്ചകൾ സ്വാധീനിക്കപ്പെടുന്നുണ്ടെന്നാണ് ശാസ്ത്രാഭിമതം. 

കറപ്പു വേണോ കഞ്ചാവു വേണോ? കഞ്ചാവു മതി
    പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ യൂറോപ്പിലെ ചില ഡോക്റ്റർമാർ ഇൻഡ്യയിൽ നിന്നുള്ള ഒരു പച്ച മരുന്നിൽ ആകൃഷ്ടരായതാണ് കഞ്ചാവ്  വൈദ്യചികിത്സയായി തുടങ്ങുന്ന ചരിത്രസന്ദർഭം. എഷ്യയിൽ പണ്ടേയ്ക്കു പണ്ടേ മരുന്നുൾപ്പെടെ പല ചികിത്സാവിധികളിലും പ്രത്യക്ഷപ്പെട്ട ഈ വിശേഷ പച്ചമരുന്ന് രോഗികളിൽ പരീക്ഷിക്കാൻ തീരുമാനിച്ചു, വിക്ടോറിയ മഹാറാണിയുടെ കൊട്ടാരം ഭിഷഗ്വരൻ സർ ജോൺ റസ്സൽ റെയ്നോൾഡ്സ്.  1890 ഇൽ പ്രസിദ്ധ മെഡിക്കൽ ജേണലായ ‘ലാൻസെറ്റ്’ ഇൽ അദ്ദേഹം എഴുതിയത് ഏതു അതിവേദനയുളവാക്കുന്ന അസുഖത്തിനും ഇത്ര ഉചിതമായ മറ്റൊരു മരുന്ന് ഈ ഇൻഡ്യൻ പച്ചിലയോളം ഫലപ്രദമായിട്ടില്ല എന്നാണ്. കറപ്പ് അന്നേ വേദനാസംഹാരിയായി ഉപയോഗിക്കപ്പെട്ടിരുന്നു, എന്നാൽ ദുരുപയോഗത്തിനും ഓവർഡോസ് പ്രശ്നങ്ങ്ൾക്കും നിമിത്തമാകുന്നു എന്നത് ഡോക്റ്റർമാരെ സ്ഥിരം അലട്ടിയിരുന്നു. “ഒരുമണിക്കൂറോ ഒരു ദിവസമോ ആശ്വാസം കിട്ടും, പക്ഷേ അതിനു ശേഷം വരുന്ന ദുരിതം അതിനു കൂലിയായി കൊടുക്കേണ്ടി വരികയാണ്  എന്നാൽ ഈ ഇൻഡ്യൻ പച്ചമരുന്ന് അങ്ങനെ ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല”  എന്നാണു സർ റെയ്നോൾഡ്സ്  കറപ്പിനേയും കഞ്ചാവിനേയും താരതംയപ്പെടുത്തി എഴുതിയത്.  ഇന്നു, 125 കൊല്ലങ്ങൾക്കപ്പുറം കറപ്പ് ഉണ്ടാക്കുന്ന ദുരിതം മൂർദ്ധന്യത്തിലാണ്. അമേരിക്കയിൽ 2014 ഇൽ 2 മില്ല്യൺ ആൾക്കാരാണു കറപ്പാത്മകങ്ങളായ മോർഫീൻ കോഡൈൻ എന്നിവയ്ക്കൊക്കെ അഡിക്ഷൻ ഉള്ളവരോ ഡോക്റ്റർ കുറിപ്പടിയോടെ വാങ്ങിച്ചു ദുരുപയോഗം ചെയ്യുന്നവരോ ആയുള്ളത്. മരുന്നുകഞ്ചാവ് (medicinal endocannabinoid) ഇതിനൊരു അറുതി വരുത്തിയില്ലെങ്കിലും  ഈ ഭയനാക ഉപയോഗരീതിയിൽ ഒരു വിള്ളൽ ഉണ്ടാക്കാൻ പര്യാപ്തമായിരിക്കും എന്നാണ് വൈദ്യവിദഗ്ധരുടെ കണക്കുകൂട്ടൽ. കഞ്ചാവു നിയമപരമായി അനുവദിക്കുന്ന സംസ്ഥാനങ്ങളിൽ കറപ്പ് (മോർഫീൻ, കൊഡെയ്ൻ ഒക്കെ) ഉപയോഗവും മരണങ്ങളും കുറവാണെന്നാണ് 1999 മുതൽ പത്തുകൊല്ലത്തെ നിരീക്ഷണങ്ങൾ (മരണ സർടിഫിക്കറ്റുകൾ പരിശോധിച്ച്) തെളിയിക്കുന്നത്. അമേരിക്കയിൽ 25 സംസ്ഥാനങ്ങളിൽ മരുന്ന് കഞ്ചാവു നിയമാനുസൃതമാണ്, എന്നാൽ കേന്ദ്ര നിയമം അതിനെതിരാണ്, കഞ്ചാവ് അതേപടി വിൽക്കുന്നതോ വാങ്ങുതോ കുറ്റകരമാണ്. ചുഴലിയ്ക്ക് ഫലപ്രദമാണ് കഞ്ചാവ്, മറ്റു മരുന്നുകൾ പോലെ തലചുറ്റൽ, ഛർദ്ദി എന്ന പാർശ്വഫലങ്ങളില്ലെന്നു മാത്രമല്ല ആകപ്പടെ ഒരു സുഖം തോന്നുകയും ചെയ്യും. കീമോ തെറാപ്പി യുടെ വിഷമതകൾ കുറയ്ക്കും കഞ്ചാവ്, വിശപ്പില്ലായ്മ മാറ്റുകയും ചെയ്യും. ഗ്ലൌക്കോമ (കണ്ണിൽ നീർകെട്ടൽ), പാർക്കിൻസൺസ് അസുഖം,  എ എൽ എസ്  (Amyotrophic lateral sclerosis-ന്യൂറോണുകൾ നാശോന്മുഖമാകുന്ന അസുഖം)  വൻ കുടലിലെ നീർവീക്കം (inflammatory bowel disease) ഇവയ്ക്കൊക്കെ മരുന്നുകഞ്ചാവ്‌ ഫലപ്രദമാണ്. Multiple sclerosis  ഉളവാക്കുന്ന വിങ്ങൽ വേദന കെടുത്താൻ 27 രാജ്യങ്ങൾ അംഗീകരിച്ച മരുന്നാണ് സാറ്റിവെക്സ് (Sativex). THC എന്ന കഞ്ചാവ് രാ‍സവസ്തുവിനോടൊപ്പം മേൽ പ്രസ്താവിച്ച  കാന്നാബൈഡിയൊൾ എന്ന, കഞ്ചാവിൽ തന്നെയുള്ള മറ്റൊരു രാസവസ്തു കൂടിയ അളവിൽ കലർത്തിയതാണിത്. ഈ വസ്തു റ്റി എഛ് സി ഉളവാക്കുന്ന ഉൽക്കണ്ഠയും ബോധജ്ഞാനപ്രയാസങ്ങളും നിർവ്വീര്യമാക്കാൻ പോന്നതാണ്. കഞ്ചാവിലെ പലവസ്തുക്കൾ ഒന്നിച്ചു ചെർത്ത ‘മരുന്നുകഞ്ചാവ്’ ക്ലിനിക്കുകളിൽ പരീക്ഷണങ്ങൾക്കു ശേഷം പൊതുവിൽ‌പ്പനയ്ക്കു തയാറെടുക്കുകയാണ് ഇന്ന്. 1996 ഇൽത്തന്നെ മരുന്നുകഞ്ചാവ് നിയമാനുസൃതമാക്കിയ കാലിഫോർണിയ സംസ്ഥാനം ഇക്കാര്യത്തിൽ ബഹുദൂരം പിന്നിട്ടിട്ടുണ്ട്. ഡോക്റ്റർ നൽകുന്ന ഒരു പ്രത്യേക തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിൽ മരുന്നു കഞ്ചാവിന്റെ വകഭേദങ്ങൾ കടകളിൽ പോയി വാങ്ങിക്കാം. ഓൺലൈൻ ഓർഡർ ചെയ്താൽ വീട്ടിലെത്തും ഈ മര്യാദക്കഞ്ചാവ്! ചെറിയ ഡോസുകളിൽ കഞ്ചാവ്പുക വലിയ്ക്കുന്നതിലും കഞ്ചാവ് കലർന്ന ആവി സ്പ്രേ ചെയ്യുന്നതുമൊക്കെ സാധാരണമാകുകയാണ് പല സംസ്ഥാനങ്ങളിലും. മറ്റു ചികിത്സകൾ ഫലിക്കാതെ വരുമ്പോൾ കഞ്ചാവിനെ സമീപിക്കുക എന്നത് പത്രപ്പരസ്യം ആകുന്ന നാളുകൾ അതിവിദൂരമല്ല. നടുവേദന, പെടലി വേദന –ഏറ്റവും വ്യാപകമായ വേദനകൾ- എന്നിവയ്ക്ക് മരിയുവാനാ തന്നെ ഫലപ്രദം, കറപ്പല്ലാ എന്ന്  വിസ്തൃതമായ പഠനങ്ങൾ തെളിയിച്ചു കൊണ്ടിരിക്കയാ‍ണ്.
 
      ചെറിയ തോതിലുള്ള കഞ്ചാവ് ഉപയോഗം വലിയ പ്രത്യാഘാതങ്ങൾ വരുത്തുകയില്ല,  കൂടിയ അളവിൽ നെടുനാളത്തെ ഉപയോഗം  ശ്വാസതടസ്സത്തിനും ക്യാൻസറിനും വഴി തെളിച്ചേക്കും. കൂടാതെ കഞ്ചാവ് പുകയിൽ സിഗററ്റിലുള്ളതിനേക്കാൾ 50% കൂടുതൽ ടാർ ഉണ്ട്. കഞ്ചാവുപുക ശ്വാസകോശത്തിൽ കൂടുതൽ നേരം തങ്ങിനിൽക്കാൻ അനുവദിക്കപ്പെടുന്നതുകൊണ്ട് (നല്ല “കിക്ക്” കിട്ടാൻ ഇതു വേണം) സിഗററ്റിനേക്കാൾ അഞ്ചിരട്ടിയാണ് കാർബൺ മോണോക്സൈഡ് എന്ന വിഷവാതകം ശ്വാസകോശത്തിന്റെ ഉള്ളിലേക്ക് പ്രവേശിക്കുന്നത്.  എന്നാൽ കഞ്ചാവ് ഉപയോഗിക്കുന്നത് തെല്ലുനേരത്തേയ്ക്ക് മാത്രം ആണെന്നതിനാൽ തീക്ഷ്ണത കുറവാണ്.  നെടുനാളത്തെ സിഗററ്റ് വലിയോളം മാരകമല്ല മിതമായ കഞ്ചാവ് ഉപയോഗം എന്നാണ് യു എസ് ഗവണ്മെന്റ് ഇന്റെ പിന്തുണയുള്ള ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഹൃദ്രോഗികൾക്ക് അപകടമാണിത്, ചങ്കിടിപ്പ് കൂട്ടും എന്നതിനാൽ. നിത്യോപയോഗികളിൽ പുരുഷഹോർമോൺ ആയ ടെസ്റ്റൊസ്റ്റീറോൺ അളവു കുറഞ്ഞ്  ബീജങ്ങളൂടെ എണ്ണം കുറയും, വന്ധ്യത വന്നുഭവിച്ചേക്കാം, കഞ്ചാവ് പുകയ്ക്കുന്ന സ്ത്രീകളിൽ മാസമുറ മാറിയേക്കാം എന്നൊക്കെ നിരീക്ഷപ്പെട്ടുട്ടുണ്ട്.

കറപ്പാത്മകപ്രശ്നങ്ങൾ
      മരുന്നെന്നമട്ടിൽ തുടങ്ങുന്ന കറപ്പുസേവ മരണത്തിലാണെത്തിയ്ക്കുന്നത്. മോർഫീനും കോഡൈനും  ഉഗ്രൻ വേദനാസംഹാരി കളാണെങ്കിലും എപ്പോഴാണു വിപരീതഫലങ്ങളിലേക്ക് വഴുതുന്നതെന്ന് പറയാൻ വയ്യ. കൂടിയ ഡോസിൽ അതിവേദനയാണു കറപ്പ് സമ്മാനിക്കുന്നത്. Opioid-induced hyperalgesia –OIH  എന്നറിയപ്പെടുന്നു ഈ പ്രതിഭാസം. വേദനാസംവേദനങ്ങൾ തലച്ചോറിലേക്ക് പോകുന്നവയെ തളർത്തുന്നതിനു പകരം ഗുരുതരമായി ത്വരിതപ്പെടുത്തുന്ന വില്ലൻ റോളിലേക്ക് ഈ നായകൻ പകർന്നാട്ടം നടത്തുകയാണ്. ഈ അതിവേദനയെക്കുറിച്ച് നിർണ്ണായകമായ അറിവുകൾ നൽകുന്ന പഠനങ്ങൾ തീരെയില്ല എന്നത് തീരുമാനങ്ങളിൽ എത്തുക എന്നത് അപ്രാപ്തമാക്കുന്നു. കോഡീൻ, ഓക്സികോഡോൺ എന്നിവയൊക്കെ ഡോക്ടർമാർ നിർദ്ദേശിക്കുന്നവയാണെങ്കിലും അതിവേദനയെ കൈകാര്യം ചെയ്യുന്നതിൽ കൃത്യമായ നീക്കുപോക്കുകൾ തെളിയുന്നില്ല. മാത്രമല്ല കറപ്പാത്മകങ്ങൾ കഴിക്കുന്നവർക്ക് ചെറിയ വേദന പോലും താങ്ങാനാവത്ത സ്ഥിതിയിലെത്തുന്ന പ്രതിഭാസവും ഉണ്ട്. കൈവിട്ടുപോകുകയാണു കാര്യങ്ങൾ. വേദന സ്വാഭാവികം ആണ്, കൂടുതൽ പരിക്കുകൾ വരാതെ ശരീരത്തെ രക്ഷിക്കുന്നു എന്നതൊക്കെ പരിണാമപരമായി  അതിജീവനത്തിനു രക്ഷ നൽകുന്നു എന്നത് സത്യമാണ്. വേദന നമുക്ക് ആവശ്യമാണെന്ന നിലപാടാണു നമ്മുടെ ശരീരത്തിനു എങ്കിലും വേദന തീരെ ഇല്ലാതാക്കുന്ന കൃത്രിമവേളകളിൽ ശരീരം അതു തിരിച്ചു പിടിക്കാൻ ശ്രമിക്കുകയാണ്, വേദന കൂടുതൽ ശക്തിയോടെ തിരിച്ചു വരികയാണ് എന്നൊക്കെയാണ് ആധുനികശാസ്ത്രം അനുമാനിക്കുന്നത്.    

   മ്യൂ വകുപ്പ് സ്വീകരിണികളിൽ ചെന്നിരിക്കുന്ന ഒരു കൃത്രിമ കറപ്പ് രാസവസ്തു ഇന്ന് ലോകമാസകലം  കള്ളക്കടത്ത് വഴി പ്രചരിച്ചു കൊണ്ടിരിക്കയാണ്. ഫെന്റാനിൽ എന്ന ഈ മാരകവസ്തു ആദ്യം  ബോധം കെടുത്താൻ ഉപയോഗിച്ചു വന്നതായിന്നു. പിന്നീട് ഇതിന്റെ രാസമാറ്റവിധേയമായ പകർപ്പുകൾ പ്രത്യക്ഷപ്പെട്ടു, സാധാരണ കറപ്പാത്മകവസ്തുക്കളേക്കാൾ 10,000 തവണ ശക്തിയാർജ്ജിച്ച ഫെന്റാനിൽ ‘അനലോഗു’കൾ നിയമവിരുദ്ധമായ ലഹരി പദാർത്ഥമായിത്തീർന്നിരിക്കയാണ്. ആശുപത്രികളിലെ ഉപയോഗത്തിനു നിർമ്മിച്ചവയും അതിവീര്യമുള്ളതും പ്രബലവുമായ കള്ള  ഫെന്റാനിലും തമ്മിൽ തിരിച്ചറിയാൻ പ്രയാസമാണ്, അധോലോകങ്ങളിൽ വ്യാപിക്കുകയുമാണ് ഈ ഭീകരൻ. പരിചയമില്ലാത്തവർ ഉപയോഗിച്ചാൽ തൽക്ഷണം മരിച്ചുപോകാൻ സാദ്ധ്യതയുള്ള ഈ രാസവസ്തു ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് പടർന്നു കയറുകയാണ്.  ലോലമാസ്മരികാനുഭൂതികൾ ഉണർത്താൻ പോന്നവയായ മ്യൂ സ്വീകരീണികൾ നിമിഷനേരം കൊണ്ട് ഘോരരൂപിണികളായി പ്രചണ്ഡസംഹാരത്തിനൊരുമ്പെടുന്നത് തൻ കറപ്പ് സ്വീകരിണികൾ എത്രമാത്രം പ്രബലവും പ്രതാപശാലിയും വീര്യവത്തും ആണെന്ന്‌ ഓർമ്മിപ്പിക്കുന്നു.

            കറപ്പ് മരണങ്ങൾ ശ്വാസതടസ്സം. കൊണ്ടാണു പലപ്പോഴും സംഭവിക്കുക. മ്യൂ സ്വീകരിണികൾ ശ്വാസോഛ്വാസത്തെ നിയന്ത്രിക്കുന്ന തലച്ചോറ് കേന്ദ്രത്തിൽ ധാരാളമായുണ്ട്.. അഡിക്ഷൻ  ഉള്ളവർക്ക് മോർഫീൻ കൊടുക്കാം. പക്ഷേ അമിതമായാൽ ശ്വാസം നിന്നു പോകയാണ് പൊടുന്നനവേ.  കഞ്ചാവ് ഒരു പകരക്കാരനാവുകയാണ് പ്രായോഗികമായ നടപടി എന്ന് പല ഡോക്റ്റർമാരും സമ്മതിക്കുന്നുണ്ട്. മരുന്നുകഞ്ചാവ് നിയമപരമാക്കിയ സംസ്ഥനങ്ങളിൽ കറപ്പ്തീറ്റ കൊണ്ടുള്ള മരണം ഗണ്യമായി കുറഞ്ഞിട്ടുണെന്ന് മേൽ പ്രസ്താവിച്ചത് ഓർക്കുക. ആസക്തി നിലനിറുത്തുന്നതും ശ്വാസതടസ്സം ഉളവാക്കുന്നതും ആയ വസ്തുക്കൾ മാറ്റിയിട്ട് വളരെ കൃത്യമായി വേദന കുറയ്ക്കുന്ന തന്മാത്രകൾ വിഘടിപ്പിച്ചെടുത്ത് മരുന്നാക്കി മാറ്റിയെങ്കിൽ മാത്രമേ കറപ്പ് വസ്തുക്കൾ മരുന്നായി ഉപയോഗിക്കാൻ പറ്റൂ. മേൽ പ്രസ്താവിച്ച കറപ്പ് സ്വീകരിണികളിൽ ഒന്നായ കാപ്പാ യെ ഉത്തേജിപ്പിച്ചാൽ വേദന കുറയും, നിരന്തമായ ചില ചൊറിച്ചിൽ അസുഖത്തിനു ശമനം കിട്ടും. പക്ഷേ പാർശ്വഫലങ്ങളുണ്ട്-ഗാഢമായ ഉറക്കം വരിക എന്നത്. ഈ സ്വീകരിണികളിൽ ചെന്ന് കൃത്യമായി ഇരിക്കുന്ന രാസവസ്തുക്കൾ നിർമ്മിച്ചെടുക്കുകയാണ് പോം വഴി. പരീക്ഷണശാലയിൽ ഇതിനു തുടക്കങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. കൃത്രിമ കറപ്പാത്മകങ്ങൾ (Synthetic opioids) ഒരു വൻ സാധ്യതയാണ് ഇന്ന്.

കഞ്ചാവ്‌ മരുന്നുവിപണിയിൽ-ഔഷധമോ ലഹരിയോ?
. കഞ്ചാവ് അതേപടിയോ രൂപാന്തരപ്പെടുത്തിയോ വിപണിയിലെത്താൻ കാത്തിരിക്കുന്നത് രോഗികൾ മാത്രമല്ല ഡോക്റ്റർമാരുമാണ്. ഉദാഹരണത്തിനു  ചുഴലി (എപിലെപ്സി) ബാധിച്ചവർ ഇന്നു ആവേശപൂർവ്വം കാത്തിരിക്കുന്നത് പറ്റിയ മരുന്നായ കഞ്ചാവിനാണ്.   പാർശ്വഫലങ്ങൾ കുറവ്. മനം പിരട്ടലും തലകറക്കവും ഉണ്ടാക്കുന്നില്ല മറ്റ് മരുന്നുകൾ പോലെ. ഡോസ് കൃത്യമായിരിക്കണം അത്രേ ഉള്ളൂ. എന്നാൽ ഒരു ലഹരിവസ്തു മരുന്നായി അംഗീകരിക്കപ്പെടാൻ എളുപ്പമല്ല. അഡിക് ഷന്റേയും ഔഷധത്തിന്റേയും അതിർവരമ്പുകൾ നേർത്തതാണ്. സ്വതവേ ഉള്ള  കഞ്ചാവു കണികാസ്വീകരിണികളെ ഉണർത്തി ത്വരിതപ്പെടുത്തുന്നതാണെങ്കിൽ അത് മരുന്നായി ഉപയോഗിക്കുന്നതിൽ സ്വാഭാവികതയുടെ ആധിക്യം അല്ലെ ഉള്ളത്? പല രാജ്യങ്ങളിലും ചൂടേറിയ ചർച്ചകൾ നടന്നു വരികയാണ്.  ലഹരിക്കഞ്ചാവിൽ നിന്നും മരുന്നുകഞ്ചാവിലേക്കുള്ള വഴി തെളിയ്ക്കാൻ മാർഗ്ഗങ്ങൾ തേടപ്പെടുകയാണ്: ചില സാദ്ധ്യതകൾ ഇതാ:
  1. അഡിക് ഷനു വഴിപ്പെടുന്ന രാസവസ്തുക്കൾ മാറ്റിയെടുത്ത് നിർദ്ദിഷ്ട പ്രതിവിധികൾ മാത്രം പ്രയോഗത്തിൽ വരുത്തുന്ന തന്മാത്രകൾ ശുദ്ധീകരിച്ച് എടുക്കുക.
  2. ഒരു പ്രത്യക അസുഖത്തിനു അതുമായ ബന്ധപ്പെട്ട സ്വകഞ്ചാവ് സ്വീകരിണികളെ സ്വാധീനിക്കുക. സ്വീകരിണികൾ ശരീരത്ത് എമ്പാടും ഉണ്ട്, പ്രവർത്തനം വ്യത്യാസപ്പെടുന്നുണ്ട് ശരീരത്തിന്റെ അല്ലെങ്കിൽ തൽച്ചോറിന്റെ ഏത് ഇടങ്ങളിലെ ആണെന്ന് അനുസരിച്ച് ഉപയോഗം ക്രമപ്പെടുത്തുക.
  3. കഞ്ചാവിലെ രാസവസ്തുക്കൾ ഉപയോഗിക്കാതെ സ്വീകരിണികളെ ഊർജ്ജപ്പെടുത്തുന്ന രാസവസ്തുക്കൾ ഉപയോഗിക്കുക
  4. തലച്ചോറിനെ ബാധിയ്ക്കാതെ ശരീരത്തിന്റെ മറ്റിടങ്ങളിൽ സ്വകഞ്ചാവിനെ ഉത്തേജിപ്പിക്കുകയഓ കഞ്ചാവു മരുന്നു പ്രയോഗം നടത്തുകയോ സാദ്ധ്യമാവുമോ എന്ന് പരിശോധിയ്ക്കുക. അപ്പോൾ ലഹരിയ്ക്ക് അടിമപ്പെടുന്ന പ്രശ്നമില്ല.

   എങ്കിലും കഞ്ചാവ് ലഹരിമരുന്നായിത്തന്നെ നിലകൊള്ളുന്നു. അമേരിക്കൻ ഗവണ്മെന്റ് കഞ്ചാവിനെ  ഷെഡ്യൂൾ 1 ലഹരിവസ്തുവായിത്തന്നെ പ്രഖ്യാപിച്ചിരിക്കുന്നത് മാറ്റുന്നൊന്നുമില്ല.  FDA  യുടെ അഭിപ്രായത്തിൽ പല ക്ലിനിക്കൽ പഠനങ്ങളും പൂർത്തിയാകാത്തവയാണ്. കഞ്ചാവ് മരുന്നാകുമ്പോൾ രോഗിക്ക് എങ്ങനെയാണു ഏതുരൂപത്തിലാണു നൽകേണ്ടത് എന്നതിനെക്കുറിച്ചും തീർച്ചകളില്ല. “പൊഹ” എടുക്കുകയോ?  സ്പ്രേ ചെയ്യുകയോ?  തിന്നുകയോ? കുടിയ്ക്കുകയോ? പുകയാണെങ്കിൽ എത്രതവണ വലിയ്ക്കണം? ചോദ്യങ്ങൾ ഇതുപോലെ നിരവധിയുണ്ട്. കഞ്ചാവിൽ തന്നെ വകഭേദങ്ങളുണ്ട്, ഇതും പ്രശ്നങ്ങളെ സങ്കീർണ്ണമാക്കുന്നു.  ചിലതിൽ നിർദ്ദോഷിയായ കന്നാബൈഡിയോളിന്റെ അളവു കുറവാണ്, ചിലതിൽ കൂടുതലും. ഡോസ് നിർണ്ണയിക്കുന്നത് എളുപ്പമല്ല. കഞ്ചാവ് അരച്ചുകലക്കിയതിലുള്ള രാസവസ്തുക്കളും പുകയിലുള്ളവയും തമ്മിൽ വ്യത്യാസങ്ങളുണ്ട്-പുകയിൽ കൂടുതൽ എണ്ണങ്ങളുണ്ട്. നിയന്ത്രിതവസ്തു ആയതിനാൽ വിപുലമായ പഠനങ്ങൾ സാ‍ദ്ധ്യമാവുന്നുമില്ല. എന്നാലും ഗവണ്മെന്റിന്റെ പക്ഷത്തുനിന്നും വിട്ടുവീഴ്ച്ചകൾ സാദ്ധ്യമാവുന്നതിന്റെ ലക്ഷണങ്ങൾ തെളിയുന്നുണ്ട്- പോളിസികളിലും സമീപനത്തിലും തുറസ്സുകൾ കാണുന്നുണ്ട്. കഞ്ചാവ് നിയമപരമാക്കുകയാണ് പല രാജ്യങ്ങളും. മരുന്നായിട്ട് ഉപയോഗിക്കാനുള്ള അവസരം നൽകുകയാണ് ഉദ്ദെശം.  

ഉല്ലാസക്കഞ്ചാവ് (Recreational cannabis) അഥവാ ഇടുക്കി ഗോൾഡ്
     മരുന്നിനുവേണ്ടി ഉപയോഗിക്കാമെന്നാണെങ്കിലും പലരാജ്യങ്ങളിലും –അമേരിക്കയിലെ കേന്ദ്ര ഗവണ്മെന്റ് ഉൾപ്പെടെ‌-ഉല്ലാസത്തിനു കഞ്ചാവ്‌ വലിയ്ക്കുന്നത് നിരോധിച്ചിരിക്കയാണ്.. എന്നാൽ യു എസ്സിൽ എട്ടു സംസ്ഥാനങ്ങൾ ഇത് അനുവദിച്ചിട്ടുണ്ട്. ലഹരിക്കു വേണ്ടിമാത്രമുള്ള ഉപയോഗത്തിനു നിയമസാധുത കിട്ടിയാൽ ചെറുതലമുറ ആസക്തിയിൽ‌പ്പെടുമെന്നും മസ്തിഷ്കവളർച്ചയെ ബാധിക്കുമെന്നുമാണ് ഇതിനെതിരേ നിൽക്കുന്നവർ വാദിക്കുന്നത്. എന്നാൽ മദ്യത്തോളം ഉപദ്രവകാരിയല്ലാത്ത കഞ്ചാവ് നിയന്ത്രിതരീതിയിൽ ഉപയോഗിക്കാനാവുമെന്നും അതിനനുവദിക്കുന്നത് സാമൂഹ്യപ്രശ്നമായിരിക്കില്ലെന്നും കഞ്ചാവ് പ്രേമികൾ മറുപടി നൽകുന്നുണ്ട്. മരുന്നു കഞ്ചാവ് നിയമപരം ആയ ഒറിഗോൺ സംസ്ഥനത്ത് പലരീതിയിൽ വിറ്റഴിക്കപ്പെടുന്നുണ്ട്. പല സംസ്ഥനങ്ങളിലും കഞ്ചാവ് കലർത്തിയ ചോക്കളേറ്റ് ബിസ്ക്കറ്റ്, കുക്കി, ബ്രൌണികൾ, മധുരബിസ്ക്കറ്റ് ആദിയായവ ലഭ്യമാണ്. കഞ്ചാവ് തൊട്ടു കൂട്ടി പാചകം ചെയ്ത പലതരത്തിലുള്ള ഭക്ഷണങ്ങൾ പാർട്ടികളിൽ വിളമ്പുന്നത് പ്രചാരത്തിൽ വരുന്നുണ്ട്.   വൻ കോർപൊറേറ്റ് കമ്പനികൾ ഈ ബിസിനസ്സിൽ പ്രവേശിക്കുകയാണെന്നു കേട്ടുകേവിയുമുണ്ട്. മൊൻസാന്റൊ, ജെനെറൽ മിത്സ്, മാർൽബറോ ഒക്കെ തൽ‌പ്പരരാണെന്നാണറിവ്. ഹൈ റ്റൈംസ്, ഡോപ്, കൾചർ (High Times, Dope, Culture) എന്നിവ കഞ്ചാവ് സ്പെഷ്യൽ മാഗസീനുകൾ ആണ്, വളരെ പ്രചാരം സിദ്ധിച്ചു കൊണ്ടിരിക്കയാണ് ഇവ. ഫുഡ് ഫെസ്റ്റിവലുകളിൽ കഞ്ചാവ്ശാപ്പാട് സ്റ്റാളുകൾ പ്രത്യക്ഷപ്പെടുന്നു. കഞ്ചാവു ചേർത്ത വിവിധതരം ഭക്ഷണങ്ങളും പലഹാരങ്ങളും ഒരുക്കിയെടുക്കുന്ന പാചകവിധികൾ അന്വേഷിച്ച് പരക്കം പായുന്നവർ ധാരാളം. പാശ്ചാത്യസമൂഹത്തിൽ കഞ്ചാവ് കൂടുതൽ സ്വാഗതാർഹവും  ജനപ്രിയവും ആകുന്നതിനെപ്പറ്റി ആവലാതികൾ ഏറെയുണ്ടെങ്കിലും മരുന്ന്- ലഹരി  എന്ന  ദ്വന്ദങ്ങൾകിടയിൽ തെളിഞ്ഞ് നായകനാകുകയാണ് ഈ ആനന്ദകാരകൻ.

മദ്യമല്ലേ കഞ്ചാവിനേക്കാൾ മാരകം?
അതെയേന്നു പറയുന്നവർ ഏറിവരികയാണ്. 2014 ഇൽ അന്നത്തെ പ്രെസിഡന്റ് ഒബാമ   “അത് (മരിയുവാനാ) ആൽക്കഹോളിനെക്കാൾ അപകടകാരിയാണെന്നു എനിക്ക് തോന്നുന്നില്ല “ (”I don’t think it (marijuvana) is more dangerous than alcohol”) എന്ന് ന്യൂയോർക്കർ മാഗസീനിനു നൽകിയ അഭിമുഖത്തിൽ പ്രസ്താവിച്ചത് കഞ്ചാവ് അനുകൂലികൾക്ക് ചില്ലറയല്ല ഹർഷോന്മാദം നൽകിയത്.  ആൽക്കഹോൾ കൂടുതൽ ചെലുത്തിയതുകാരണം ഓരോ വർഷവും 88,000 മരണങ്ങൾ സംഭവിക്കുന്നു എന്ന് സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ റിപോറ്ടിലുള്ളത് ചൂണ്ടിക്കാണിക്കുന്നു ഈ കഞ്ചാവ് പ്രേമികൾ. കഞ്ചാവ് അടിച്ച് ആരും മരിച്ചതായി റിപ്പോറ്ടുകൾ ഇല്ല. കഞ്ചാവ് കഴിച്ച് മരിക്കണമെങ്കിൽ  15-70 ഗ്രാം റ്റി എഛ് സി ഉള്ളിൽ ചെല്ലണം, ഒരു തവണത്തെ സാ‍ധാരണ കഞ്ചാവ് പ്രയോഗം (“ജോയിന്റ്” എന്ന് കഞ്ചാവികളുടെ ഭാഷയിൽ)  വെറും അര ഗ്രാം മാത്രമാണ്, അതിൽ വളരെക്കുറച്ചേ റ്റി എഛ് സി ഉള്ളൂ.  ഒരു ദിവസം  238-1113 “ജോയിന്റ്” വേണ്ടി വരും മാരകമാകണമെങ്കിൽ. ആൽക്കഹോൾ കരളിനു കേടു വരുത്തുന്നതുപോലെ കഞ്ചാവ് മിതമായ രീതിയിൽ നെടുനാൾ ഉപയോഗിക്കുകയാണെങ്കിലും അവയങ്ങളെ ബാധിക്കാറില്ല എന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു. ‘മരുന്നിനു പോലും” ഗുണമില്ലാത്ത, കരളിനു കേടുവരുത്തുന്ന മദ്യം നിയമവിധേയമാണെന്നുള്ളത് വൻ വിരോധാഭാസമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആൽക്കഹോൾ കഴിച്ചവർ അവനവനേയോ മറ്റുള്ളവരേയോ അപായപ്പെടുത്തുന്നതും കഞ്ചാവ്  പ്രയോഗക്കാരിൽ കാണാറില്ലെ. മദ്യം കഴിച്ച് ഭാര്യയെ ഉപദ്രവിക്കുന്നതുപോലെയുള്ള പെരുമാറ്റരീതികൾ കഞ്ചാവികളിൽ കാണാറില്ല എന്നും നിരീക്ഷപ്പെട്ടിട്ടുണ്ട്. വ്യക്തവും വിസ്തൃതവും ആയ തുടർപഠനങ്ങൾക്ക് ശേഷം മാത്രമേ ഇതിൽ ഒരു തീർപ്പു കൽ‌പ്പിക്കാനാവൂ എന്നാണ് അഭിജ്ഞമതം.  

സമൂഹ ന്യൂറോശാസ്ത്രം (Social Neuroscience)-തൻ കറപ്പും സ്വകഞ്ചാവും

കഞ്ചാവിന്റേയും കറപ്പിന്റേയും സ്വാധീനങ്ങൾ പെരുമാറ്റത്തെ എങനെ ബാധിയ്ക്കുന്നു എന്നത് സംബന്ധിച്ച പഠനങ്ങൾ ധാരാളമുണ്ട്. പരസ്പരാശ്രിതമായ ഒരു സമൂഹം നിർമ്മിച്ചെടുത്തും  ഭാഷ ഉൾപ്പടെ വിനിമയോപാധികൾ ഉപയോഗിച്ച് അതിന്റെ ഘടനയെ നിലനിർത്തിയും അതിജീവനത്തെ ത്വരിതപ്പെടുത്തിയത് മനുഷ്യരുടെ പരിണാമത്തിൽ നിർണ്ണായക ഘട്ടങ്ങളായിരുന്നു. അതനുസരിച്ച് തലച്ചോറിൽ സാമൂഹികവിവരങ്ങൾ   വ്യവഹരിച്ച് ഉചിതമായി പാകപ്പെടുത്താനും  പെരുമാറ്റങ്ങളെ നിശ്ചിതപ്പെടുത്താനുമുള്ള സർക്യൂട്ടുകൾ ഉളവായി വരികയാണുണ്ടായത്. ചില ഹോർമോണുകളും (ഓക്സിറ്റോസിൻ ഉദാഹരണം) തദനുസാരിയായി പ്രവർത്തനനിരതരായി. ഇത്തരം തന്മാത്രാപഠനങ്ങളും ന്യൂറോൺ ചാഞ്ചല്യങ്ങളും പെരുമാറ്റരീതികളും ബന്ധപ്പെടുത്തി  Social neuroscience എന്നൊരു ശാസ്ത്രശാഖ തന്നെ ഉരുവപ്പെട്ടും പ്രബലപ്പെട്ടും വരികയാണിപ്പോൾ.   സ്വകഞ്ചാവിനും തൻ കറപ്പിനും സമൂഹപെരുമാറ്റങ്ങളെ സ്വാധീനിക്കുന്നതിൽ വലിയ പങ്കാണുള്ളത്. സമൂഹത്തിൽ തുറന്നു പെരുമാറാനുള്ള സങ്കോചങ്ങളേയോ ഉത്കണ്ഠയേയൊ തെല്ല് അകറ്റാൻ കഞ്ചാവിനു സാധിയ്ക്കും എന്നത് രഹസ്യമൊന്നുമല്ല. സ്വകഞ്ചാവിനെ ഉത്തേജിപ്പിക്കുമ്പോൾ ഭീഷണികളെയോ പേടിപ്പെടുത്തലിനേയോ സംബന്ധിച്ചുള്ള അവബോധം, ശത്രുതാമനോഭാവം  ഒക്കെ കുറയുന്നതായി പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. സ്വകഞ്ചാവുകളിലൊന്നായ ആനന്ദമൈഡിന്റെ  അളവ് പരീക്ഷണാത്മകമായി വർദ്ധിക്കപ്പെട്ട എലികൾ മറ്റ് എലികളുമായി കൂടുതൽ കളികളിൽ ഏർപ്പെടാൻ താൽ‌പ്പര്യം കാണിയ്ക്കുന്നതായാണ് പരീക്ഷണങ്ങൾ തെളിയിക്കുന്നത്. മനുഷ്യൻ സമൂഹത്തിൽ പെരുമാറുമ്പോൾ മസ്തിഷ്ക്കത്തിലെ “പ്രതിഫലകേന്ദ്രങ്ങൾ” (reward centers)  ഉണർന്നു പ്രവർത്തിക്കും, വീണ്ടും അതിലേക്ക് ആകർഷിക്കാനും ആ വഴി പിൻതുടരാനുമാണ് ഈ സമ്മാനവിദ്യ. സ്വകഞ്ചാവുകൾ ഈ സ്വഭാത്തെ പരിപോഷിപ്പിക്കാനുതകുന്നവയാണ്. ഇത്തരം സ്വതന്ത്രപെരുമാറ്റത്തിനു വിഘാതമാകുന്നുണ്ട് ഷ്കൈസോഫ്രീനിയ പോലത്തെ അസുഖങ്ങൾ; ഇതിനെ ന്യൂനീകരിക്കാൻ നമ്മുടെ കഞ്ചാവു കണികകൾക്ക് സാദ്ധ്യമാവുന്നുണ്ട്. ഓടിസം ബാധിച്ചവർക്കും ഇതേ സ്വഭാവകളങ്കങ്ങളുണ്ട് പെരുമാറ്റങ്ങളിൽ. സ്വകഞ്ചാവുകളുടെ രാസപരിണാമത്തെ ബാധിക്കുന്ന പ്രവർത്തികൾക്ക് തടയിട്ടാൽ ഇത്തരം സ്വഭാവങ്ങൾക്ക് മാറ്റമുണ്ടാക്കുന്നതായി ചില പരീക്ഷണഫലങ്ങൾ  വെളിവാക്കുന്നു. ഓടിസത്തിനുള്ള ചികിത്സയിൽ കഞ്ചാവ് ഇടം പിടിച്ചേക്കാൻ സാദ്ധ്യതയുണ്ടെന്നർത്ഥം. എന്നാൽ കുട്ടിക്കാലത്ത് കഞ്ചാവിനു അടിമപ്പെടുന്നവരുടെ സ്വകഞ്ചാവ് പ്രവർത്തനങ്ങൾ മാറ്റിമറിക്കപ്പെടുന്നതിനാൽ ഇവർക്ക് പ്രായമാവുമ്പോഴും പെരുമാറ്റദൂഷ്യങ്ങൾ ,പ്രത്യേകിച്ചും   ഭീഷണിയോടുള്ള സമീപന (threat perception) ത്തിൽ മാറ്റങ്ങൾ വന്നുഭവിക്കുന്നതായി തെളിയിക്കപ്പെട്ടത് ആശങ്കയുണർത്തുന്നുണ്ട്.  

          സമൂഹത്തിൽ ഒരു ഇടം നേടുന്നത് മനുഷ്യർക്കു മാത്രമല്ല മറ്റു ജന്തുക്കൾക്കും ആഹ്ലാദകരമാണ്. കുരങ്ങുകൾക്കും എലികൾക്കും കൂട്ടം ചേരുന്നതിലെ താൽ‌പ്പര്യം ചെറിയ ഉദാഹരണം. തൻ കറപ്പു സ്വീകരിണികൾക്കും സമൂഹത്തിന്റെ ഭാഗമായി പെരുമാറുന്നതിന്റെ നാഡീവ്യവസ്ഥകൾ ചിട്ടപ്പെടുത്തുന്നതിൽ പങ്കുണ്ട്. മേൽ‌പ്പറഞ്ഞ “മ്യൂ” എന്ന തൻ കറപ്പു സ്വീകരിണികൾക്ക് കൂട്ടായ്മയുടെ ആനന്ദപ്രദാനത്തിൽ പങ്കുണ്ട്: ഈ സ്വീകരിണികൾക്ക് മാറ്റം സംഭവിച്ചവരിൽ സമൂഹപെരുമാറ്റത്തിൽ വൈകല്യങ്ങൾ വന്നുകൂടുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒറ്റപ്പെടലിന്റെ വേദന കുറയ്ക്കാൻ കഞ്ചാവിലോ കറപ്പിലോ  അഭയം തേടുന്നതും സാധാരണമാണ്. പ്രശസ്ത മാനസികവിശ്ലേഷകനായ പാങ്ക്സെപ്പും കൂട്ടു ഗവേഷകരും  “തലച്ചോറ്-തൻകറപ്പ് സമൂഹബന്ധ സിദ്ധാന്തം“ (BOTSA- The Brain Opioid Theory of Social Attachment)  രൂപവൽക്കരിച്ചിട്ടുണ്ട്, പരസ്പരാശ്രിതമായ സമൂഹം മനുഷ്യനു ആനന്ദപ്രദമാകുന്നതിന്റെ അടിസ്ഥാനന്വേഷണഫലമായിട്ട്. മാതൃ-പിതൃ നിർവ്വിശേഷ ബന്ധങ്ങൾക്കും മറ്റ് കൂട്ടായ്മകൾക്കും പിന്നിൽ മനുഷ്യനും മനുഷ്യനും തമ്മിലുള്ള അടുപ്പം തലച്ചോറിൽ വരുത്തുന്ന അനുരണങ്ങൾ ഉണർന്നു പ്രവർത്തിക്കുന്നു, തൻകറപ്പ് സ്രവിക്കപ്പെട്ട് ഒറ്റപ്പെട്ടു പോകുന്നതിലെ ദുഃഖം ഒഴിവാക്കപ്പെടുന്നു എന്നൊക്കെയാണ് ഈ സിദ്ധാന്തം ഉപലബ്ധമാക്കുന്നത്. തലച്ചോറിൽ എൻഡോർഫിൻ കുറയുമ്പോൾ ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ സാമീപ്യം കൊതിയ്ക്കാൻ പ്രേരിക്കപ്പെടുകയും അത് ലഭ്യമാകുമ്പോൾ എൻഡോർഫിൻ അളവു പഴയപടി ആകുകയുമാണ്.  “മ്യൂ” സ്വീകരിണികളിൽ പതിഞ്ഞ് അവയെ ഊർജ്ജവത്താക്കുന്ന മോർഫീൻ ചെറിയ അളവിൽ ഒറ്റപ്പെട്ടുപോകുന്ന വ്യഥയും പരിഭ്രമവും ഇല്ലാതാക്കുന്നുണ്ടത്രേ.  ചിലപ്പോൾ കൂട്ടുകൂടുന്നതിലെ സന്തോഷം പ്രദാനം ചെയ്യുന്ന പകരക്കാരനായിട്ടും തൻ കറപ്പ് വസ്തുക്കൾ അഭിനയിക്കാറുണ്ട്. സമൂഹപെരുമാറ്റങ്ങളിൽ വൈകല്യം സംഭവിക്കാറുണ്ട് മാനസികാരോഗ്യം താറുമാറായവരിൽ. ഷ്കൈസോഫ്രീനിയ ബാധിച്ചവർ ഉദാഹരണം. ഓടിസം ബാധിച്ചവരിലും ഇതെ കുറവുകൾ കാണാം. കഞ്ചാവിലെയോ കറപ്പിലേയോ അംശങ്ങൾ ഇവർക്കുള്ള ചികിത്സയ്ക്ക് ഉപയോഗപ്രദമാകുമെന്ന്‌ മുകളിൽ പരാമർശിച്ചിട്ടുണ്ട്.

         പേടി, ഭീഷണി ഇവയോടുള്ള സമീപനവും നേരിടാനുള്ള തയാറെടുപ്പും അമിഗ്ദല, തലച്ചോറിന്റെ പിറകിലുള്ള പി എ ജി  (periaquaductal grey) മുതലായ കേന്ദ്രങ്ങളിൽ തൻ കറപ്പ് സ്വീകരിണികൾ ഊർജ്ജസ്വലമാക്കിയാണ് പ്രാവർത്തികമാകുന്നതെന്നു തെളിഞ്ഞിട്ടുണ്ട്. നേരിട്ടുള്ള അനുഭവം ആവശ്യമില്ല, ഇതിനു; ഭീഷണിയോ ആക്രമണമോ കാണുമ്പോൾ തന്നെ മനസ്സ് സജ്ജമാകുകയാണ് അവയെ നേരിടാൻ. സമൂഹത്തിലെ ചര്യകളെ മനസ്സ് സ്വാംശീകരിച്ച് ഓർമ്മകളിൽ സൂക്ഷിച്ച് ആവശ്യമാകുമ്പോൾ പുറത്തെടുക്കുകയാണ്. സമൂഹം പഠിപ്പിക്കുന്ന പാഠങ്ങൾ തലച്ചോറിൽ അനുരണനങ്ങൾ സൃഷ്ടിക്കുന്നതിൽ തൻ കറപ്പ് കണികകളുടെ പ്രാഭവം കൂടുതൽ തെളിഞ്ഞു വരികയാണ്.

ഒരു ചിരികണ്ടാൽ കണികണ്ടാൽ അതുമതി
   അംഗങ്ങൾ കൂടുതലുള്ള, നിശ്ചിതഘടനാബന്ധിതമായ വലിയ സമൂഹങ്ങൾ നിർമ്മിച്ചെടുത്തത് ഹോമോ സാപിയൻസ് ആയ നമ്മൾ തന്നെയാണ്. അതിനു മുൻപ് ചെറിയ കൂടിച്ചേരലുകളേ ഉണ്ടായിരുന്നുള്ളു. അംഗബലം കൂടുന്നതനുസരിച്ച് അതിജീവനസാഹചര്യം മെച്ചപ്പെട്ടതാകും. ഭാഷ ഉരുത്തിരിഞ്ഞതോടെ കൂടുതൽ വിസ്തൃതിയുള്ള ഭൂഭാഗങ്ങളിലെക്ക് സമൂഹം പടർന്നു പന്തലിക്കാൻ ഇടയായി. വിനിമയോപാധി ഉത്തമതരം ആകുന്നത് സമൂ‍ഹത്തിന്റെ നിലനിൽ‌പ്പിനു ബലമേറ്റും. എന്നാൽ ഭാഷ രൂപപ്പെട്ടു വരുന്നതിനു മുൻപേ തന്നെ മറ്റൊരു മനുഷ്യവിശിഷ്ടത ഈ ധർമ്മങ്ങൾ നിറവേറാൻ ഹോമോ സാപ്പിയൻസിനെ പ്രാപ്തമാക്കിയിരുന്നു-ചിരി എന്ന അപൂർവ്വ പ്രതിഭാസം. സ്നേഹബന്ധത്തെ ഉറപ്പിക്കുന്നതും പരസ്പരസഹായം വാഗ്ദാനം ചെയ്യുന്നതുമായ ഈ മുഖചേഷ്ട  ബ്രഹുത്തായ കർത്തവ്യങ്ങൾ നിറവേറുന്നു എന്നത് സുവിദിതമാണ്. മേൽ പ്രസ്താവിച്ച മാതിരി  സമൂഹബന്ധ നിർമ്മിതിയ്ക്ക് എൻഡോർഫിൻ സ്രവണം ആവശ്യമാണ്.  ആധുനിക പരീക്ഷണങ്ങൾ പ്രകാശിതമാക്കുന്നത് ചിരി തലച്ചോറിൽ ഉണർത്തുന്ന  സൂക്ഷ്മരൂപാന്തരങ്ങളാണ്. ഒരു നിശ്ചിത സംഘം ചിരിക്കുമ്പോൾ അതിലെ അംഗങ്ങളുടെ തലച്ചോറിൽ എൻഡോർഫിന്റെ  അളവ് കൂട്ടുന്നുവെന്നാണ്. ആധുനിക ആലേഖനവിദ്യയായ PET  സ്കാനിങ്ങും റേഡിയോ ആക്റ്റീവ് ആയ തൻ കറപ്പ് തന്മാത്രകളും ഉപയോഗിച്ച് നടത്തിയ പഠനങ്ങളിൽ ആണ് ഇത് തെളിഞ്ഞത്.  കൂട്ടായ്മയുടെ വേളയിൽ ഒരുമിച്ച് ഉല്ലസിച്ച് ചിരിയ്ക്കുമ്പൊൾ തലച്ചോറിലെ മ്യൂ  എന്ന തൻ കറപ്പ് സ്വീകരിണികൾ വളരെ ഊർജ്ജസ്വലമാകുന്നതായാണു വെളിപ്പെട്ടത്. സമൂഹബന്ധനിർമ്മിതിയ്ക്ക് ഏറ്റവും ചിലവു കുറഞ്ഞ ഉപാധികളാണു പരിണാമം തേടാറ്, ചിരി അത് എളുപ്പം സാദ്ധ്യമാക്കുന്നു.  ചിരിക്കുമ്പോൾ കൂടെച്ചിരിക്കാൻ തൻ കറപ്പ് എത്തുകയാണ്. ന്യൂറോണുകളുടെ രാസവിദ്യാതന്ത്രങ്ങളിലൂടെ സമൂഹബന്ധങ്ങൾ ഉറപ്പിക്കുന്നതും ചിരി എന്ന പരിചാലനം തൻകറപ്പിന്റെ ഉചിതോപയോഗത്താൽ അതു സാദ്ധ്യമാക്കുന്നതും ന്യൂറോഫിസിയോളജിയിലെ മാത്രമല്ല  സോഷ്യൽ ആന്ത്രോപോളജിയിലേയും നിർണ്ണായകമായ വഴിത്തിരിവാണ്.

    കൂട്ടുകൂടാനുള്ള ത്വര ആവിഷ്ക്കരിച്ചതും സമൂഹം നിർമ്മിച്ചെടുത്ത് അതിൽ ഉചിതമായി പെരുമാറാനും അതിൽ ആനന്ദം കൊള്ളാനും സാദ്ധ്യമാകുന്നതുമാണ് മനുഷ്യരും ആൾക്കുരങ്ങുകളും തമ്മിലുള്ള വ്യത്യാസം.  ഉറുമ്പിനും ചിതലുകൾക്കും തേനീച്ചകൾക്കും സമൂഹങ്ങൾ നിർമ്മിക്കാനറിയാം പക്ഷേ ഓരോ തവണയും മാറിച്ചിന്തിക്കാൻ മനുഷ്യർക്കേ കഴിവുള്ളു. തേനീച്ചക്കൂടിന്റെ ഒരു വശം പൊളിഞ്ഞാൽ രാജ്ഞിയെ ഗില്ലറ്റിനിരയാക്കി പുതിയ റിപ്പബ്ലിക് പടുത്തുയർത്താൻ അവർക്ക് കഴിവില്ല എന്ന് പ്രശസ്ത ചരിത്രകാരനായ യുവൽ നോവ ഹരാരി. ഇന്നത്തെ ലോകം കെട്ടിപ്പടുത്തിയത്  തലച്ചോറിന്റെ ഈ സവിശേഷതകളുടെ ഉചിതോപയോഗസാമർത്ഥ്യം ഒന്നുകൊണ്ട് മാത്രമാണ്. ഡോപമീൻ പോലത്ത ന്യൂറോസമ്പ്രേഷകരും ഓക്സിറ്റോസിൻ, വാസൊപ്രെസ്സിൻ മുതലായ ഹോർമോണുകളും ഓജസ്വികളായി കളിച്ച കളികൾ. ആ നിരയിലേക്ക് തൻ കറപ്പും സ്വകഞ്ചാവും ഒക്കെ കയറിക്കൂടിയതോടെ ഈ വ്യവസ്ഥകൾക്ക് സൂക്ഷ്മനിയതരൂപവും  സങ്കീർണ്ണനിയന്ത്രണപ്രയോഗങ്ങളും വിശേഷാൽ ചമൽക്കാരമായി.  ലക്ഷക്കണക്കിനു ആൾക്കാരുടെ തലച്ചോറിനെ ഒരേ ഒരു വ്യക്തിയ്ക്ക്  കീഴടക്കാമെന്നായി, ആയിരക്കണക്കിനു ആൾക്കാർ അതേപോലെ മറ്റൊരു സംഘത്തെ അമർച്ച ചെയ്യുന്ന യുദ്ധം എന്ന ആശയം പ്രബല‌പ്പെട്ടു, കൂട്ടായ്മ എന്ന ആശയത്തെ ഉച്ചതരമായ രീതിയിൽ തൻകറപ്പും സ്വകഞ്ചാവുകളും പിൻതുണച്ചതിനാൽ. വൻ ആൾബലത്തിൽ, കൂട്ടപ്രയത്നത്താൽ  ആകാശഗോപുരങ്ങൾ, ആയിരമദ്ഭുതശിൽ‌പ്പങ്ങൾ, അളകാപുരികൾ, മധുരാപുരികൾ, കലയുടെ അമരാവതികൾ പടുത്തുയർത്തപ്പെട്ടു,  പുഴയൊഴുകും വഴി വേറെയാക്കപ്പെട്ടു. സിററ്റോണിൻ, ഡോപമീൻ എന്നിവയൊക്കെ സൃഷ്ടിച്ചു വിടുന്ന സുഖസന്തോഷവികാരം ഭക്തി വഴി സാദ്ധ്യമാകുന്നുവെന്നത് ആ പ്രകരണത്തെ വിൽ‌പ്പനച്ചരക്കാക്കി. കൊലപാതകത്തിലും ഹിംസയിലും ആഹ്ലാദം കണ്ടെത്തുന്നവർ   ഒറ്റക്കെട്ടാകുന്ന വാതാവരണം ദൃഢമായി-ജൈവലോകം മുഴുവൻ സ്വാധീനിക്കപ്പെട്ട വ്യവസ്ഥ സംജാതമായി.നാഡീവ്യവസ്ഥയിലെ ചെറുതന്മാത്രകൾ ഇത്തിരിപ്പോന്ന അനുരണങ്ങൾ സൃഷ്ടിയ്ക്കുന്നത് ബ്രഹുത്തായ പരിണിതിയിലേക്കാണു ചുവടുമാറിയത്.

പിരിയുകില്ല നാം മരണം വരെയും-തൻകറപ്പ് സൃഷ്ടിയ്ക്കുന്ന നിത്യപ്രണയദാഹം
       മനുഷ്യരെപ്പോലെ ഒരേ ഒരു ഇണയുമായി ദീർഘകാലം കഴിയുന്ന, എലി വർഗ്ഗത്തിൽ‌പ്പെടുന്ന പ്രെയറി വോൾ (praire vole) ഇലെ പരീക്ഷണങ്ങൾ ദാമ്പത്യസുഖത്തിന്റെ ഫിസിയോളജി വെളിവാക്കാൻ ഉപയുക്തമാകുന്നുണ്ട്. മരണം വരെയും ദമ്പതികളാണിവർ, ഭാര്യ മരിച്ചാലും മറ്റൊരുവളെ നോക്കുക പോലുമില്ല വോൾ കുടുംബത്തിലെ മര്യാദാപുരുഷോത്തമൻ. (ചിത്രം 3)  ആദ്യരാത്രിയിൽത്തന്നെ വോൾ ദമ്പതികളുടെ തലച്ചോറിലെ തൻ കറപ്പു സ്വീകരിണികൾ എന്നന്നേയ്ക്കുമായി മാറപ്പെടുകയാണ്, പിരിയില്ല നാം മരണം വരേയും എന്ന ദൃഢപ്രതിജ്ഞ എടുക്കപ്പെടുകയാണ്. “മണവോളന്റെ”  തൻകറപ്പിന്റെ “മ്യൂ’ സ്വീകരിണികൾ പ്രവർത്തനിരതമാകുകയാണ് ഇതിനുവേണ്ടി. അവളുടെയും. കുഞ്ഞുങ്ങൾ ഉണ്ടായാൽ അവയെ പരിപാലിക്കാൻ വോളച്ഛനാണു താൽ‌പ്പര്യം കൂടുതൽ . വേഴ്ച്ചയ്ക്ക് ശേഷം അവൾ ഉടൻ ഗർഭിണി ആയാൽ വോൾച്ചെറുക്കനു അവളെ പിരിയാതിരിക്കാൻ നിർണ്ണായകകാരണമായി.  വോൾപ്പെണ്ണ് ഗർഭിണി ആകുമ്പോഴേ അവന്റെ തൻകറപ്പ് സ്വീകരിണികൾ പൂർവ്വാധികം ഊർജ്ജസ്വലമാകുകയാണ്.  കുഞ്ഞുങ്ങൾ പിറന്നാൽ മ്യൂ സ്വീകരിണികൾ നിരന്തരം  പ്രവർത്തനത്തിലാണ്.  പ്രേയസി അല്ലാതെ വേറൊരു വോൾ സുന്ദരി അടുത്തു വന്നാൽ  വോൾ ചെറുക്കനു യാതൊരു ആകർഷണവും തോന്നില്ല എന്ന് മാത്രമല്ല അവളു വേണ്ട്രാ ഇവളു വേണ്ട്രടാ എന്ന മട്ടിൽ ആട്ടിയോടിയ്ക്കുയും ചെയ്യും. ഈ പ്രവർത്തനത്തിനു വോൾച്ചെറുക്കൻ  തൻകറപ്പിന്റെ ഒരു വകഭേദത്തിന്റെ സ്വീകരിണിയായ ‘കാപ്പാ‘ ഉത്തേജിക്കപ്പെടുത്തുകയാണ്. ഇണയുമായി ഗാഢബന്ധം രൂപീകരിച്ചവനിൽ മാത്രമേ ഈ ഫിസിയോളജി ഉണരുകയുള്ളൂ. തലച്ചോറിലെ വികാരനിയന്ത്രണസൂക്ഷ്മകേന്ദ്രമായ ന്യൂക്ലിയസ് അക്കുംബെൻസ് (Nucleus accumbens) എന്ന ഇടത്തിൽ, ഡോപമീൻ കൂടുതലുള്ള ന്യൂറോണുകളിലാണ് ഈ കാപ്പാ സ്വീകരിണികൾ ഊർജ്ജപ്രകമ്പനം കൊള്ളുന്നത്. ഡൈനോർഫിൻ എന്ന തൻകറപ്പാണ് ഈ കാപ്പാ സ്വീകരിണിയിൽ പറ്റിപ്പിടിക്കുന്നത്. മേൽ പ്രസ്താവിച്ച ‘പ്രതിഫലകേന്ദ്രം‘ തന്റെ സ്വഭാവം ഒന്ന് മാറ്റിപ്പിടിയ്ക്കും ഇതിനു ശേഷം. മാനസോല്ലാസദായകമായ യാതൊന്നിലും താൽ‌പ്പര്യമില്ലതെ പ്രതിഫലകേന്ദ്രം ഇണയുടെ സാമീപ്യം മാത്രം കാംക്ഷിക്കുന്ന മാതൃകാദമ്പതികളായി മാറ്റിയിരിക്കുകയാണ്. ഓക്സിറ്റോസിൻ എന്ന ഹോർമോണിന്റെ പ്രാഭവവുമുണ്ട് ഈ നിത്യപ്രണയോന്മാദത്തിനു പിന്നിൽ. വിവാഹത്തിനു മുൻപ്
‘ആംഫീറ്റമീൻ’  എന്ന ലഹരിപദാർഥത്തോട് ആസക്തി കാണിച്ചിരുന്ന യൌവ്വനയുക്തൻ വോൾപ്പയ്യനും വൊൾകുമാരിയും ഇണചേർന്ന ശേഷം അതിനോട് യാതൊരു പ്രതിപത്തിയും കാണിയ്ക്കില്ല.. എല്ലാ പ്രതിഫലങ്ങളും ഇണയോടുള്ള ഗാഢസ്നേഹത്തിൽ നിന്നുണരുന്ന ഹർഷോന്മാദത്തിൽ ഒതുക്കപ്പെടുകയാണ്. ഈ രാസപ്രതിപ്രവർത്തനങ്ങൾ-മ്യൂ, കാപ്പാ എന്നീ തൻകറപ്പ് സ്വീകരിണികളുടെ പണി തന്നെ ഇത്-  ആയുഷ്ക്കാലം മുഴുവൻ തന്റെ പ്രേയസിയോടൊപ്പം ചിലവഴിക്കാൻ അവനെ പ്രാപ്തനാക്കുകയാണ്. പ്രേമത്തിന്റെ  ന്യൂറോബയോളജിയിലെ പുതിയ അറിവുകളാണു പ്രെയറി വോളിന്റെ തൻകറപ്പ് പ്രവർത്തനങ്ങളെപ്പറ്റിയുള്ള പഠനങ്ങൾ വെളിച്ചം വീശി തെളിയിച്ചു നൽകുന്നത്. ശരീരവും മനസ്സും തമ്മിലുള്ള ബന്ധമെവിടെ എന്ന പ്രഹേളികയ്ക്ക് ചില ഉത്തരങ്ങൾ കിട്ടിത്തുടങ്ങുകയാണ്. പ്രണയികൾക്ക് വേർപാട് സംഭവിച്ചാൽ ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിടുത്തെ അരികിൽ ഞാനിപ്പോൾ വന്നെങ്കിൽ എന്ന് പാടിപ്പിക്കുന്നത് തലച്ചോറിലെ തൻ കറപ്പ് സ്വീകരിണികളാണു. പ്രണയം എന്ന നിഗൂഢഫിസിയോളജിയുടെ അടിത്തട്ടിൽ തൻകറപ്പ് കണികകൾ  തിളങ്ങുന്നു, നിതാന്തപ്രേമത്തിന്റെ തന്മാത്രാരഹസ്യം പുറത്താവുന്നു.

വേദനയുടെ നാമ്പുകൾ  സമൂഹനിർമ്മിതിയ്ക്ക്
ആത്യന്തികമായി വേദനാസംഹാരികളാണു  തൻകറപ്പും സ്വകഞ്ചാവും. എന്നാൽ ഇതിലുപരി വികാരനിയന്ത്രണവും പരസ്പരസ്നേഹവും- പ്രണയബന്ധങ്ങൾ വരെയും- ഇവയുടെ വരുതിയിലാകാമന്ന്  ആധുനിക നാഡീശാസ്ത്രം  തെളിയിച്ചിരിക്കയാണ്. വേദന ഇല്ലാതാക്കാനുള്ള തന്മാത്രകൾ തന്നെയാണ് പരസ്പരബന്ധങ്ങൾ സ്ഥാപിച്ചെടുക്കാനും അവ നിലനിർത്താനും ഉപയുക്തമാകുന്നത്. വേദന അതിജീവനത്തിനുള്ള അത്യാവശ്യവികാരമാണ്, ശരീരത്തെ സംരക്ഷിച്ചു നിറുത്താനുള്ള നാഡീവ്യവസ്ഥാതന്ത്രമാണ്.  വേദന കുറയ്ക്കാൻ ഉരുത്തിരിയുന്ന ഇതേ തന്മാത്രകൾ തന്നെ     ആശ്വാസവും സൌഖ്യവും ഉണർത്തിയെടുക്കാൻ സഹജീവികളുടെ സാമീപ്യവും സാന്ത്വനവും തേടാൻ പ്രേരിപ്പിക്കയാണ്. വേദന ഉളവാക്കുന്ന സാഹചര്യങ്ങളോ ശാരീരികപീഡനങ്ങളോ  വ്യക്തിയിൽ  മാത്രം ഒതുക്കാതെ സമൂഹത്തിലേക്ക് വ്യാപിപ്പിക്കപ്പെടുമ്പോൾ അതിജീവനം എളുപ്പമാകുകയാണ്.

      വ്യക്തിയുടെ വേദനയാണ് സമൂഹനിർമ്മിതിയിലേക്ക് നയിക്കുന്നത്, പരിണാമം മനുഷ്യനു വച്ചു നീട്ടിയിട്ടുള്ള ഔദാര്യം. ഒറ്റപ്പെടൽ എന്നത് വേദനയാണെന്നും ഒത്തൊരുമിക്കുക എന്നത് അതിനുള്ള പ്രതിവിധിയുമാണെന്നാണ് ഈ യുക്തി യുടെ വിപുലീകരണം സമർത്ഥിക്കുന്നത്. പ്രണയത്തിൽ വിരഹം എന്നൊന്നു എല്ലാ സംസ്കാരത്തിലുമുണ്ട്, അതിനു വേദനയുണ്ട് എന്ന് എല്ലാ ഭാഷകളിലേയും പ്രയോഗമാണു താനും. പ്രേമത്തിന്റെ ലഹരിഭാവത്തെക്കുറിച്ച് പാടിയ കവികൾ ലോകമെമ്പാടുമുണ്ട്. ഒഴിഞ്ഞുകിടക്കുന്ന തൻകറപ്പോ സ്വകഞ്ചാവോ സ്വീകരിണികൾ അവ നിറയ്ക്കാൻ വേണ്ടി അലയുന്നതായിരിക്കണം ക്ലാസിക് കഥകളിലേയും പാട്ടുകളിലേയും ഇണയെ തേടലിന്റെ  ഐതിഹാസികത നിർമ്മിച്ചെടുക്കുന്നത്.  പ്രണയം എന്നത് കാൽ‌പ്പനികതയ്ക്ക് വിട്ടുകൊടുക്കേണ്ടതല്ല, ശരീരധർമ്മവ്യവസ്ഥയുടെ ഭാഗമാണ്. ന്യൂറോണുകളുടെ ഉപരിതലചർമ്മത്തിന്മേൽ കറപ്പുതന്മാത്രകൾ നൃത്തം ചെയ്യുന്നതിന്റെ അനുരണനങ്ങളുടെ ഫലസ്വരൂപമാണ്.

References
  1. Miller, G. Hints are emerging that cannabis could be an alternative to opioid pain killers. Science 354: 566-568, 2016
  2. Servick, K. and Rakola M. Primer for pain-Do opioids make chronic users more sensitive to pain? Science 354: 569-577, 2016
  3. Bodnar, R.J. Endogenous opioids and behavior. Peptides 75: 18-70 2016
  4. Dunbar, R.I.M. Bridging the bonding gap: the transition from primates to humans. Phil Trans. R Soc. 367: 1837-1846, 2012
  5. Amadai, E.A., Johnson, Z.V., Jun Kwon, Y., Shipner, A.C. et al. Dynamic corticostriatal activity biases social bonding in monogamous prairie voles. Neture 546: 297-301, 2017
  6. Manninen S., Tuominen, L., Dunbar, R.I., Karjalainen T. et.al. J Neurosci. 37: 6125-6131, 2017
  7. Kendall, D.A., Yudowiski, G.A. Cannabinoid receptors in the central nervous system: Their signaling and roles in disease. Front. Cell. Neurosci. 10: 1-10, 2017
  8. Alger, B.E. Getting high on endocannabinoid system. Cerebrum 14: 1-9, 2013
  9. Lu, H-C and Mackie, K. An introduction to endogenous cannabinoid system. Biol. Psychaitry 79: 516-525, 2016
  10. Wei, D., Alsop S., Tye, K. and Piomelli, D. Endocannabinoid signaling in the control of social behavior. Trends in Neurosci. 40: 385-396, 2017
  11. Resendez, S.L., Kuhnmuench, M., Krzywosinski T., Aragona, B.J.  k-opioid receptors within the nucleus accumbens shell mediate pair bond maintenance. The J. Neurosci. 32: 6771-6784, 2012
  12. Resendez, S.L., Keyes, P.C. et al. Dopamine and opioid systems interact within the nucleus accumbens to maintain mmonogamous pair bonds. eLife 5: 15325 2016
  13.  Winters, B.L., Gregoriou, G.C., Kissiwas, S.A. et al. Nature Commun. 8: 14611, 2016
  14.  Elphick,  M.R., Egetova, M. The neurobiology and evolution of cannabinoid signaling. Phil. Trans. R. Soc. Lond. 356: 381-408, 2001
  15.  Paanksep, J. and Biven, L. The Archeology of Mind. W. W. Norton and Company , New York 2012 pp1-562
  16. 16. Murillo-Rodreguez, E., Pastrana-Trejo, J. C., Salas-Crisostomo, M. and de-la-Cruz, M. The endocannabinoid system modulating levels of consciousness, emotions and likely dream contents. CNS Neurol. Disord. Drug Targets. 16: 370-379, 2017













പട്ടിക 1. കഞ്ചാവിലേയും കറപ്പിലേയും പ്രധാന രാസവസ്തുക്കളും അവയുടെ സ്വീകരിണികളും

കഞ്ചാവ്
സ്വകഞ്ചാവ് (നമ്മളിൽ)
പ്രധാന രാസവസ്തു
റ്റി എഛ് സി
ആനന്ദമൈഡ്, 2 എ ജി
സ്വീകരിണികൾ
സി ബി 1, സി ബി 2
സി ബി 1, സി ബി 2


കറപ്പ്
തൻകറപ്പ് (നമ്മളിൽ)
പ്രധാന രാസവസ്തു
മോർഫീൻ, കോഡീൻ
എൻഡൊർഫിൻ, എൻകെഫാലിൻ
സ്വീകരിണികൾ
മ്യൂ, ഡെൽറ്റ, കാപ്പാ
മ്യൂ, ഡെൽറ്റ, കാപ്പാ


ചിത്രം 1.തലച്ചോറിൽ തൻ കറപ്പിന്റേയും കറപ്പിന്റേയും സ്വീകരിണികൾ നിലകൊള്ളുന്ന ഇടങ്ങൾ. കൂടുതൽ ചുവപ്പ് സ്വീകരിണികളുടെ  അധികസാന്ദ്രത സൂചിപ്പിക്കുന്നു.










ചിത്രം 2. തലച്ചോറിൽ സ്വകഞ്ചാവ് പ്രവർത്തിക്കുന്ന ഇടങ്ങൾ.








ചിത്രം 3. പ്രെയറി വോൾ കുടുംബം. കുഞ്ഞുങ്ങളെ പരിപാലിക്കാൻ അച്ഛനും.