Thursday, July 4, 2019

കോട്ടയംമണ്ണിന്റെ അതിജീവനതന്ത്രങ്ങൾ



       മനുഷ്യർ വരച്ചിട്ട അതിർത്തികൾ നിർമ്മിച്ചെടുക്കുന്ന ഇടങ്ങളിൽ അവയുടേതായ പ്രത്യേകതകൾ-പ്രത്യേകിച്ചും  മനോനിലകൾ, സ്വഭാവരീതികൾ ഒക്കെ  വ്യത്യസ്തമായിരിക്കാൻ സാദ്ധ്യതയുണ്ടോ? തീർച്ചയായും ഉണ്ട്. മണ്ണിന്റെ ഗുണം എന്ന് നമ്മൾ വിവക്ഷിക്കുന്ന പ്രകൃതിയുടെ ഇടപെടൽ മനുഷ്യർക്കും പ്രത്യേകതകൾ സമ്മാനിക്കും.  ഇൻഡ്യയിൽ മറ്റെങ്ങും കാണാത്തവിധത്തിൽ കേരളത്തിലെ ഓരോ പ്രദേശങ്ങൾക്കും അവയുടേതായ പൊതുസ്വഭാവലക്ഷണങ്ങൾ-പ്രകൃതിയും മനുഷ്യരും കൂടി നിർമ്മിച്ചെടുത്തതാണിത്-വീക്ഷിക്കാവുന്നതാണെന്ന് നമുക്ക് പണ്ടേ അറിയാം. കോട്ടയം ജില്ലക്കാർ അവരുടെ തന്മയീഭാവം വെളിവാക്കുന്നത്- പ്രകൃതി നൽകിയതായിരിക്കണം ഇത്-അതിജീവനത്തിന്റെ തന്ത്രങ്ങൾ സ്വാംശീകരിച്ചാണ്. സർഗ്ഗാത്മകതയോ ബിസിനസ് നിശിതബുദ്ധി (business acumen) യോ ഭരണതന്ത്രനിപുണതയോ ഇതിലുൾപ്പെടും. വ്യക്തികളുടെ വിജയമാണ് സമൂഹത്തിന്റേതും. നേരേ മറിച്ചും.

          കേരളം നാളെ ചിന്തിക്കുന്നത് കോട്ടയം ജില്ലക്കാർ ഇന്നലെ ചിന്തിച്ചു കഴിഞ്ഞു കാണും.  ചിന്തിച്ചാൽ മാത്രം പോരാ ലോകം മുഴുവൻ ആ ചിന്താപദ്ധതികൾ വിളംബരം ചെയ്യണമെന്നുമുണ്ട് കോട്ടയംകാർക്ക് നിർബ്ബന്ധം.  ദക്ഷിണേന്ത്യയിലെ ആദ്യത്തെ കോളേജ് കോട്ടയത്തായിരിക്കണം എന്ന് ലണ്ടൻ സായിപ്പ് തീരുമാനിച്ചത് ഇവിടുത്തെ കാറ്റാണു കാറ്റ് എന്നു തോന്നിയതിനാലായിരിക്കണം. അക്ഷരങ്ങൾ അച്ചടിച്ച് വിതരണം ചെയ്യണമെന്ന് ബെഞ്ചമിൻ ബെയിലിയെ 1821 ഇൽ തോന്നിപ്പിച്ചതും കോട്ടയം മണ്ണ് തന്നെ. സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ഏക ജില്ല കോട്ടയം ആയത് എന്തുകൊണ്ടെന്ന് ചോദിക്കേണ്ട കാര്യമില്ല. കാരൂരും വെട്ടൂർ രാമൻ നായരും സക്കറിയയും ഉണ്ണി ആറും എസ് ഹരീഷും അടുത്തടുത്ത സ്ഥലങ്ങളിലെ മണ്ണിൽ സ്വരൂപമാർജ്ജിച്ചതാണ്. ജീവിതത്തോട് സമരസപ്പെടാൻ വെല്ലുവിളികൾ കഥകളാക്കിയ തലയോലപ്പറമ്പ്കാരൻ ബഷീറിന്റെ അപ്പുറത്തെ വേലിയ്ക്കരികേ ആണ് വിജയസംതൃപ്തിയുടെ ചിരിയുമായി മമ്മുട്ടി പിന്നീട് പ്രത്യക്ഷപ്പെട്ടത്. കോട്ടയം ജില്ലയിൽ ആണെങ്കിൽ കന്യാസ്ത്രീയ്ക്കും കവിത എഴുതണം എന്ന് സിസ്റ്റർ മേരി ബെനീഞ്ഞ. അല്ഫോൻസാമ്മയും രാമപുരത്തു വാര്യരും സി ജെ തോമസും പാലാ നാരായണൻ നായരും കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയും തൊട്ടടുത്ത പറമ്പുകളിൽ മുളച്ചു പൊന്തിയതാണ്. മന്നത്ത് പദ്മനാഭനേയും  മാമ്മൻ മാപ്പിളയേയും മണർകാട് പാപ്പനേയും കെ എം മാണിയേയും കൊട്ടാരത്തിൽ ശങ്കുണ്ണിയേയും മണക്കുന്നത് ഈ മണ്ണിന്റെ ഗന്ധമാണ്. ഇടമറുകും ജോസഫ് പുലിക്കുന്നേലും ഇവിടത്തെ  മണ്ണ്  കുഴിച്ചെടുത്ത് ചുട്ട, ഇന്നും ചൂടാറാത്ത ഇഷ്ടികക്കഷണങ്ങളാണ്. അപൂർവ്വ വാസ്തുവിദ്യയുടെ നിദർശനമായ പാലാ സെന്റ് തോമസ് ഹൈസ്കൂൾ (ഒരു കാലത്ത് തിരുവിതാംകൂറിലെ ഏറ്റവും വലിയ കെട്ടിടമായിരുന്നു ഇത്) ഇവിടത്തെ മണ്ണിന്റെ പശിമയിലാണ് ഇന്നും ഗംഭീരമായി നിലകൊള്ളുന്നത്. ജിമ്മി ജോർജ്ജ് പന്തടിക്കാൻ കുതിച്ചു ചാടിയതും ഈ മണ്ണിൽ നിന്ന് തന്നെ. സമത്വം, സ്വാതന്ത്ര്യം എന്നൊക്കെ മറ്റ് നാട്ടുകാർ ചിന്തിച്ചു തുടങ്ങിയപ്പോഴേ മലയാളി മെമ്മോറിയലും വൈക്കം സത്യഗ്രഹവും കോട്ടയം ജില്ലക്കാർ പ്രവർത്തിയിൽ കൊണ്ടു വന്നു കഴിഞ്ഞു. കുറിച്ചി കുഞ്ഞൻ പണിക്കരും കുടമാളൂർ കരുണാകരൻ നായരും കഥകളി ചവിട്ടിയത് ഈ മണ്ണ് അതിനു വേണ്ടി നിലമൊരുക്കിയതുകൊണ്ടാണ്. ഈ മണ്ണ് തന്നെയാണ് റബർ വളർത്താൻ കർഷകരെ പ്രേരിപ്പിച്ച് നൂറുമേനി കൊയ്തെടുപ്പിച്ചത്. കിടങ്ങൂരിൽ കുഞ്ചൻ നമ്പ്യാരെ കൊണ്ടു വന്ന് താമസിപ്പിച്ചത്. ഏറ്റുമാനൂർ അമ്പലത്തിൽ ലോകപ്രസിദ്ധ ഭിത്തിച്ചിത്രങ്ങൾ വരഞ്ഞത് ഈ മണ്ണിലെ ചായക്കൂട്ടുകൾ കൊണ്ടാണ്.  വൈക്കത്തമ്പലത്തിനു ചുറ്റും കർണാടകസംഗീതം പാടി നടന്നിരുന്ന ദക്ഷിണാമൂർത്തിയുടെ തലച്ചോറിൽ ഒന്നാന്തരം കോട്ടയംജില്ല കളിമണ്ണാണ്, ഇമ്പമാർന്ന ട്യൂണുകൾ നിർമ്മിച്ചെടുക്കാൻ പ്രകൃതി ചെയ്ത ജാലവിദ്യ. ഇ. സി. ജി. സുദർശന്റെ തലയിൽ എന്താണ്,പരിശോധിക്കേണ്ടതില്ല.  

       ഇതൊക്കെത്തന്നെ അതിജീവനപ്രേരകങ്ങൾ, അക്ഷരനഗരിയെ ക്ഷീര (റബർപ്പാൽ) നഗരിയും ആക്കിയത്. കോട്ടയത്ത് പണ്ടൊരിക്കൽ സുറുമവിൽക്കുന്നവൻ കോങ്കണ്ണിപ്പെണ്ണിന്റെ  കണ്ണീൽ സുറുമ എഴുതിച്ച്  തണ്ടുലയും താമരകൾ രണ്ട് കണ്ണിലും വിരിയിക്കുന്നതിനും വളരെ വളരെ മുൻപ്, ഏറ്റവും കൂടുതൽ പ്രചാരമുള്ള വനിത മാസിക വഴി സൗന്ദര്യശാസ്ത്രതന്ത്രങ്ങൾ ലോകത്തെമ്പാടുമുള്ള സ്ത്രീകളെ തെര്യപ്പെടുത്തിയത് ഈ ജില്ലയുടെ നിശ്ചയദാർഢ്യമാണ്. കേശാലങ്കാരത്തെക്കുറിച്ച് ഇൻഡ്യയിൽത്തന്നെ ആദ്യത്തെ പുസ്തകമെഴുതാൻ മിസ്സിസ് കെ എം മാത്യുവിനെ പ്രേരിപ്പിച്ചത് എന്താണ്? ലോകത്തെവിടെ ചെന്നും ജീവിതവിജയം കൊയ്യുന്ന ക്നാനായക്കാർ മൊത്തം ഈ ജില്ലക്കാർ ആയത് എന്തുകൊണ്ടാണ്? മിസ് കുമാരിയുടേയും അക്കമ്മ ചെറിയാന്റേയും ജീവിതവിജയങ്ങൾ ആരുടേതും കൂടിയാണ്? മനോരമ മാത്രമല്ല നിരവ്ധി ’’ പ്രസിദ്ധീകരണങ്ങൾ കേരളം മൊത്തം ചിന്തിക്കുന്നത് കടലാസുതാളുകളിലാക്കി ബ്രഹുത് പാരമ്പര്യം  സൃഷ്ടിച്ചതിന്റേയും മലയാളികളെ മൊത്തം വായനക്കാരാക്കിയതിന്റേയും ലോകം മുഴുവൻ പുസ്തകങ്ങൾ വിറ്റ് ഡി സി ബുക്ക്സ് അതി വിപുലമായി പിന്നീട് പന്തലിച്ചതിന്റേയും രഹസ്യം എന്താണ്? എൻ. ബി. എസും സാഹിത്യപ്രവർത്തക സഹകരണസംഘവും ഉരുത്തിരിഞ്ഞതിന്റെ ഊർജ്ജം എവിടെ നിന്ന് വന്നു? മീനച്ചിലാറ്റിൽ പെരുവെള്ളത്തിൽ ഒഴുകിവരുന്ന നീലക്കൊടുവേലി സർവ്വൈശ്വര്യദായകമാണെന്ന മിത്ത് ഇവിടത്തെ ആശ്വാസമാണ്. ആ ശുഭാപ്തിവിശ്വാസമാണ് കോട്ടയം ജില്ലയുടെ അടിസ്ഥാന അതിജീവനതന്ത്രം.