Tuesday, April 30, 2019

സമയമാപിനികൾ ഒളിപ്പിക്കുന്നത്-'അതിശയങ്ങളുടെ വേനൽ'ബാലമനസ്സുകളുടെ സങ്കീർണ്ണത വെളിവാക്കുന്ന സിനിമയാണ് അതിശയങ്ങളുടെ വേനൽ  ഗഗനമെന്തൊരദ്ഭുതം സമുദ്രമെന്തൊരദ്ഭുതം
അഖിലലോകജീവജാലമെന്നതെന്തൊരദ്ഭുതം
എന്ന സന്ധ്യാനാമം കേട്ടു കൊണ്ട് വളർന്നവനാണ് എട്ടുവയസ്സുകാരൻ അനു എന്ന് വിളിക്കപ്പെടുന്ന ആനന്ദ്. അദ്ഭുതങ്ങൾ തീർച്ചയായും സംഭവിക്കുമെന്നും  അതിനുവേണ്ടി പരിശ്രമിക്കുകയേ വേണ്ടൂ എന്ന് അവനു നല്ല നിശ്ചയമുണ്ട്. അവന്റെ അച്ഛൻ അപ്രത്യക്ഷനായിടത്തേക്ക് എത്തിച്ചേരണമെന്നാണ് അവന്റെ ഉൽക്കടമായ ആഗ്രഹവും വാശിയും. ദി ഇൻവിസിബിൾ മാൻഎന്ന പുസ്തകത്തിൽ ചില സൂചനകൾ നൽകിക്കൊണ്ട് അച്ഛൻ പൊടുന്നനവേ കാണപ്പെട്ടവനല്ലാതായിത്തീർന്നിരിക്കയാണ്.. ആ ഇൻവിസിബിലിറ്റിയുടെ മായികതന്ത്രങ്ങൾ വശത്താക്കുനുള്ള പരീക്ഷണാത്മകമായ   തേടലിൽ ജീവിതത്തെക്കുറിച്ച് മാത്രമല്ല സമയത്തെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും അവൻ അനുഭവജ്ഞാനങ്ങൾ ഉൾക്കൊള്ളുകയാണ്. ദൈവസങ്കൽപ്പത്തെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും വലിയവരുടെ വിചിത്രമായ പെരുമാറ്റരീതികളെക്കുറിച്ചും അവന്റെ പ്രായത്തിൽ കവിഞ്ഞുള്ള അറിവുകൾ നേടുകയാണ് ആനന്ദ് അക്കൊല്ലത്തെ മദ്ധ്യവേനലവധിയിൽ.

   പ്രശാന്ത് വിജയ് സംവിധാനം ചെയ്ത അതിശയങ്ങളുടെ വേനൽ എന്ന സിനിമ ലോകശ്രദ്ധ ആകർഷിക്കപ്പെട്ടതാണ്, നിരവധി ഇന്റെർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ സമ്മാനങ്ങൾ നേടിയിട്ടുള്ളതുമാണ്. എട്ടു വയസ്സുകാരൻ ആനന്ദ് ആയി അഭിനയിച്ച ചന്ദ്രകിരൺ വിസ്മയിപ്പിക്കുന്ന അഭിനയപാടവം ആണ് കാഴ്ച്ചവച്ചിരിക്കുന്നത്, മികച്ച നടനുള്ള സമ്മാനങ്ങളും നേടിയിട്ടുണ്ട്. അച്ഛനില്ലാതായതിന്റെ സങ്കടവും പെട്ടെന്നുള്ള തിരോധാനത്തിന്റെ കാരണം പിടികിട്ടായ്കയാലുള്ള വിഹ്വലതയും നിരാശയും അദ്ഭുതാവഹമായ ചാതുര്യത്തോടെയാണ് ചന്ദ്രകിരൺ അവതരിപ്പിച്ചത്. ബാല്യകാലസംബന്ധിയായ കളിതമാശകളിൽ പെടാതെ ഒരേയൊരു ലക്ഷ്യം മുൻ നിറുത്തി , വലിയവരുടെ യുക്തിബോധത്തെ ഖണ്ഡിച്ചുകൊണ്ട് നവീന ലോകഘടനകളുടെ സാദ്ധ്യതകൾ ഉൾക്കൊണ്ട് വേനലവധിക്കാലം ചെലവഴിക്കുന്ന  ഈ കുട്ടിയെ അവതരിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, സംവിധായകനും ഇത്  ഒരു വെല്ലുവിളി ആയിരുന്നിരിക്കണം.
      അമ്മയോ അച്ഛനോ നഷ്ടപ്പെട്ട കുട്ടിയുടെ കഥ മലയാളസിനിമയിൽ പുതിയതൊന്നുമല്ല. കണ്ണും കരളും’, ‘അമ്മയെ കാണാൻ തുടങ്ങിയ സിനിമകളിൽ  അമ്മയെ തേടുന്ന കുട്ടി കുടുംബത്തിൽ സൃഷ്ടിയ്ക്കുന്ന പ്രശ്നങ്ങൾ ആഖ്യാനപ്പെടുത്തിയെങ്കിൽ ഇവിടെ ഒരു കുട്ടിയുടെ സങ്കീർണ്ണമായ മനസിക നിലകളാണ് പരിശോധിക്കപ്പെടുന്നത്. അച്ഛനെ തേടുന്ന കുഞ്ഞ് അല്ല അനു; അച്ഛന്റെ തിരോധാനത്തിന്റെ പൊരുൾ അഴിയ്ക്കാനും അതിലെ സത്യങ്ങൾ അറിയാനും അദൃശ്യരുടെ ലോകത്ത് എന്തു നടക്കുന്നു എന്നറിയാനുമുള്ള അഭിവാഞ്ഛയോടൊപ്പം അച്ഛന്റെ പരിലാളന പൊടുന്നനവേ ഇല്ലാതായതിന്റെ സങ്കടം തീർക്കാനുള്ള വഴികളും തേടുന്ന കുഞ്ഞുമനസ്സിന്റെ  വിഭ്രാന്തികളാണ് സിനിമ വരച്ചിടുന്നത്. സംവിധായകൻ പ്രശാന്ത് വിജയിന്റെ അതിശയകരമായ ആഖ്യാനപാടവം സൂക്ഷ്മമായ ചുറ്റുപാടുകൾ ക്യാമെറയിലാക്കിയും കൃത്യമായി ഷോടുകളുടെ വിന്യാസങ്ങൾ നിയന്ത്രിച്ചും പ്രയാസമേറിയ ബാലമനഃശാസ്ത്ര വിശകലനം സാധിച്ചെടുക്കുന്നു. സന്ദർഭങ്ങൾക്ക് വിവിധ അർത്ഥതലങ്ങൾ സൃഷ്ടിച്ചും കുട്ടിയുടെ   മനോവ്യാപാരങ്ങൾ വിദിതമാക്കുന്ന  ചെയ്തികളും അവയുടെ പരിണതികളും നിബന്ധിച്ചും വിരസമായിപ്പോകാവുന്ന പ്രമേയത്തെ രക്ഷിച്ചെടുക്കുന്നുണ്ട് സംവിധായകൻ.  സംഭാഷണങ്ങൾ കുറച്ചുകൊണ്ട് സിനിമ നിശ്ചിതമായും ദൃശ്യാഖ്യാനത്തിന്റെ കല തന്നെ എന്നത് ഉറപ്പിക്കുന്നു. കഥ പറഞ്ഞുപോകലല്ല, ദൃശ്യങ്ങൾ കൊണ്ട് കഥ നിർമ്മിച്ചെടുക്കലാണിവിടെ.  നാടകീയത തീരെ വർജ്ജിച്ചും അനുക്രമമായി വികസിക്കുന്ന സംഭവഗതികളെ സൂക്ഷ്മമായി വിന്യസിപ്പിച്ചും ഘടിപ്പിച്ചുമാണ് കുട്ടിയുടെ മാനസികവ്യാപാരങ്ങൾ വിശ്വസനീയവും ദൃഢനിശ്ചിതവും ആക്കപ്പെടുന്നത്. സ്ക്രീനിലെ ഇരുട്ട് എന്നതും ആശയപ്രദാനുഭാവി ആകുന്നുണ്ടിവിടെ.

അനുവിന്റെ അറിവു നേടൽ
    ദൈവത്തെക്കുറിച്ച്, ‘ഷെയ്പ് മാറുന്ന പ്രായപൂർത്തിയാവരെക്കുറിച്ച്, പ്രാർത്ഥനയുടെ സാംഗത്യത്തെക്കുറിച്ച് പലതും മനസ്സിലാക്കിയെടുക്കുന്നു അനു ചുരുങ്ങിയ മദ്ധ്യവേനലവധിക്കാലം കൊണ്ട്.  സമയം എന്ന സങ്കൽപ്പം- അത് ദൃശ്യമായതിനെ അദൃശ്യമാക്കുന്നു, മറിച്ചും-തൊട്ടനുഭവിക്കാൻ അവനെ സഹായിക്കുന്നത് അച്ഛന്റെ വാച്ചാണ്. അവനും അച്ഛനും തമ്മിലുള്ള ദൂരം സമയം മാത്രമാണ്.  സമയമാപിനിക്ക് ചില ശക്തികളുണ്ട്, സമയത്തിന്റെ ആപേക്ഷികത അവനെ കുഴക്കുന്നുമുണ്ട്. വാക്കുകളിലൂടെ വ്യവഹാരം സാധിക്കുന്ന ലോകത്തിനും അപ്പുറം പരസ്പരം സംവദിക്കാൻ മറ്റ് ഉപായങ്ങൾ ഉപയോഗിക്കപ്പെടാം എന്ന് അവനു തോന്നുണ്ട്. ഗായത്രി മുടി ഉപയോഗിച്ച്  ഇത്തരം സംവേദനങ്ങൾ സാദ്ധ്യമാക്കുന്നു എന്ന് അവനു സംശയമുണ്ട്.

      അവൻ കാണുന്നതോ വിഭാവനം ചെയ്യുന്നതോ ആയ ലോകത്തെക്കുറിച്ച്  ഇത്തരം ചില പ്രത്യേക ധാരണകൾ നിർമ്മിച്ചെടുക്കുന്നതിലേക്കാണ് ഇത് നയിക്കുന്നത്. ഇത് വലിയവരുടെ ആദർശത്തിനു സമാന്തരമോ പകരം വയ്ക്കാനാവുന്നതോ ആണ്.യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ പ്രയാസമാക്കുകയാണ് ഈ പ്രത്യേക കാഴ്ച്ചപ്പാടുകൾ. അതുകൊണ്ട് തന്നെ ചുറ്റുമുള്ളവർ  അവനെ മനസ്സിലാക്കുന്നില്ല. എന്റെ തലയിൽ കളിമണ്ണാണെന്ന് ചേച്ചി പറഞ്ഞുഎന്ന് അവനു പരിതപിക്കേണ്ടി വരുന്നത് ഇതുകൊണ്ടാണ്. പ്രായമായവരുടെ മാനസികവ്യാപാരങ്ങൾ മുഴുവൻ ശരിയാണെന്ന് അവനു വിശ്വാസം വരുന്നുമില്ല. ലോകം നിലനിന്നു പോക്കുന്ന വ്യവഹാരങ്ങൾ കൃത്രിമം ആണെന്നാണ് അവനു തോന്നുന്നത്. അച്ഛന്റെ തിരോധാനം തന്നെ ഉദാഹരണം.പെട്ടെന്ന് ഒരാളെങ്ങിനെ ഇല്ലാതാകും? ഉണ്മ എന്നത് എന്ത്? കനത്ത വിദ്യുച്ഛക്തി പായിച്ചാൽ സത്യത്തിനും അസത്യത്തിനും ഇടയ്ക്കുള്ള നേർ വരമ്പ് ഇല്ലാതാകില്ലേ? അദൃശ്യതയിലേക്ക് കടക്കാനുള്ള അനുവാദം നൽകുന്ന ശക്തി അല്ല്ല്ലെങ്കിൽ പോം വഴിയുടെ നിയന്ത്രിതാവ് ആരാണ്? എന്തുകൊണ്ട്? ആ കുഞ്ഞുമനസ്സിൽ ഇത്തരം പ്രഹേളികകകൾ നുരഞ്ഞ് പൊന്തുകയാണ്.

  ഈ സമസ്യകൾ അനുവിന്റെ മനസ്സിനെ മഥികുന്നതും അവയിൽ എത്തിച്ചേരാനുള്ള സാഹചര്യങ്ങളും അവയുടെ പരിണിതഫലങ്ങളുമാണ് സിനിമയുടെ ആഖ്യാനത്തിന്റെ കാതൽ. ഗായത്രി എന്ന കസിൻ വരുന്നതോടേ സങ്കീർണ്ണമാകുകയാണ് പുറം ലോകവുമായുള്ള അവന്റെ അനുഭവങ്ങൾ. ഫെയ്സ്ബുക്ക് വഴി വ്യാജവ്യക്തിത്വം നിർമ്മിച്ചെടുത്ത് പെൺകുട്ടികളുമായി ബന്ധം സ്ഥാപിക്കുന്ന വേലകൾ ഒക്കെ അവനു മനസ്സിലാകാത്ത കാര്യങ്ങളാണ്. ഗായത്രിയെ കുടുക്കിയ ബാലകൃഷ്ണൻ ഷെയ്പ് മാറുന്ന വിദ്യ കൈവശമുള്ള ആളാണെന്നാണ് അവന്റെ വാദം. വ്യക്തവും ദൃഢവും ആയ യുക്തികൾ അവനുണ്ട്. അമ്മയുമായി ദൈവത്തിന്റെ സാംഗത്യത്തെക്കുറിച്ച് അവൻ വാദിയ്ക്കുന്നുണ്ട്. ദൈവം അപ്രമേയശക്തിയുള്ളവനാണെന്ന അമ്മയുടെ വാദം അവൻ പൊളിയ്ക്കുന്നത്  അപകടങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ പോകുന്ന ദൈവത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ടാണ്. അപകടത്തിനാണോ ദൈവത്തിനാണോ പവർ കൂടുതൽ എന്ന ചോദ്യം എറിയുന്നു അവൻ. അച്ഛൻ തിരിച്ചു വരണ്ടെന്ന് ദൈവം എന്തിനു തീരുമാനിച്ചു എന്ന ചോദ്യത്തിനു അമ്മയ്ക്ക് ഉത്തരമില്ല. പ്രാർത്ഥിച്ചിട്ട് എന്തു കാര്യം എന്ന് നിഷ്ക്കളങ്കമായ അവന്റെ ചോദ്യം സാധുതയേറ്റുന്നു. ശാസ്ത്രം, വിശ്വാസം എന്നീ വിരുദ്ധദ്വന്ദങ്ങളെക്കുറിച്ച് വ്യക്തമായ അറിവുകൾ കിട്ടുകയുമാണവന്. അദ്ഭുതങ്ങൾ സാദ്ധ്യമാണെന്നും പക്ഷേ അത് ശാസ്ത്രത്തിന്റെ യുക്തിയുടെ പരിധിക്കുള്ളിലായിരിക്കുമെന്നത് അവന്റെ കുഞ്ഞുമനസ്സിൽ പതിഞ്ഞുകഴിഞ്ഞു.

    ശരീരത്തിൽ വിദ്യുച്ഛക്തി കടത്തുന്നതാണ് അദൃശ്യത കൈവരിക്കാനുള്ള ആദ്യപടി എന്നാണവൻ വിശ്വസിക്കുന്നത് എന്ന് മാത്രമല്ല പലപ്പോഴും അത് പരീക്ഷിച്ച് അപകടത്തിൽ പെടുന്നവനുമാണ്. അവനോടൊപ്പം നിന്ന് ശാസ്ത്രത്തിന്റെ നിഗൂഢതകളും അനന്തസാദ്ധ്യതകളും തെര്യപ്പെടുത്തിയ ആളാണ് അവന്റെ അച്ഛൻ. പെട്ടെന്നുള്ള തിരോധാനം അവനെ ആകെ വിഷമിപ്പിച്ചിരിക്കുകയാണ്. അതേ ശാസ്ത്രവിധികൾകൊണ്ട് തന്നെ അച്ഛന്റെ ലോകത്ത് എത്താമെന്നാണ് അവന്റെ കണക്കുകൂട്ടൽ.  ശാസ്ത്രപദ്ധതികളിൽ വൻ വിശ്വാസവും  അതിൽ ആകർഷിക്കപ്പെട്ടവനുമാണവൻ. നോട്ടുപുസ്തകത്തിൽ പരീക്ഷണപദ്ധതികൾ വിശദമായി വരച്ചിട്ട് എല്ലാം മുൻ കൂട്ടി തീരുമാനിക്കാനും മിടുക്കനാണവൻ. ഉൽക്കാനിപാതം അവനെ വിസ്മയിപ്പിക്കുന്നുണ്ടെന്ന് മാത്രമല്ല അതിൽ ശ്രദ്ധചെലുത്താത്ത ചേട്ടനോടും അമ്മയോടും നിരാശകലർന്ന വെറുപ്പും ഉണ്ട്. ഗായത്രിയ്ക്കും അദൃശ്യയാകാനുള്ള സിദ്ധിയുണ്ടെന്നും അത് ചില മന്ത്രങ്ങളുടെ സഹായത്തോടെ ആണെന്നെമുള്ള അറിവും അവനു നിരാശയാണ് സമ്മാനിക്കുന്നത്. അതിലൊന്നും സയൻസില്ലേ”? എന്ന് ദയനീയമായാണ് അവൻ ചോദിക്കുന്നത്.

   അച്ഛന്റെ വേർപാട് അവനെ എത്രമാത്രം ദുഃഖിതനാക്കിയിരിക്കുന്നു എന്നതിന്റെ പരോക്ഷമായ ആഖ്യാനം കൂടിയാണ് സിനിമ. അതുമായി സമരസപ്പെടുന്നതിന്റെ വഴികളാണ് സിനിമയിലെ കഥ വേർതിരിച്ചെടുക്കാൻ ശ്രമിക്കുന്നത്. മരണം, കൊലപാതകം എന്നിവയൊന്നും മനസ്സിലാകാനുള്ള പ്രായമായില്ലെങ്കിലും അതുമായി ബന്ധപ്പെട്ട പലതും മനസ്സിലാക്കിയെടുക്കുന്ന  അതിവിശാലമായ, ആഴമുള്ള മനസ്സ് സ്വായത്തമാക്കിയെടുക്കുകയാണവൻ.  ഒരു ഡിറ്റെക്റ്റീവിന്റെ അവധാനതയോടും സൂക്ഷ്മതയോടുമാണ് അവൻ അച്ഛൻ ഇട്ടിട്ടുപോയ സൂചനകൾ പരിശോധിയ്ക്കുന്നത്. കൂടുതൽ വിവരങ്ങൾ താഴെ താമസിക്കുന്ന ഘോഷ് എന്ന പുസ്തകവായനക്കാരനിൽ നിന്നും സ്വായത്തമാകുന്നുണ്ട്. അവൻ കാണുന്ന ലോകം അനുഭവിക്കുന്ന ലോകം സത്യമാണ്, അസത്യമാം വിധം സത്യമാണ്. മറ്റുള്ളവരുടെ ലോകം ഈ അസത്യസത്യം അറിയുന്നില്ലാ എന്നത് അവനെ സംബന്ധിച്ചിടത്തോളം വിശദീകരണം അർഹിക്കുന്ന കാര്യമാണ്.  

     ഭരണകൂടത്തിന്റെ നിഷ്ഠൂരത ഒരു കുഞ്ഞുമനസ്സിൽ എൽപ്പിക്കുന്ന ആഘാതത്തിന്റെ ആഖ്യാനം ഗൂഢമാക്കിയതാണ് പ്രശാന്ത് വിജയ് ന്റെ സംവിധാനചാതുര്യത്തിന്റെ അടയാളം.  അനുവിന്റെ അച്ഛൻ വേണു ഛത്തിസ്ഗഢിൽ എത്തപ്പെട്ട ജേണലിസ്റ്റ് ആണ്. മനുഷാവകാശലംഘനവും പോലീസ് അതിക്രമങ്ങളും വേണുവിന്റെ തിരോധാനവും സിനിമയിൽ അനുവിന്റെ തീവ്രസങ്കടങ്ങളായി പ്രതിപാദിക്കപ്പെടുകയാണ്, അത് ആഖ്യാനത്തിൽ പ്രാധാന്യം നേടുന്നില്ലെങ്കിലും. അവനെ സ്വമേധയാ ഒരിയ്ക്കലും വിട്ടുപോകയില്ല അച്ഛൻ എന്ന് അവനു പൂർണ്ണവിശ്വാസമുണ്ട്. അച്ഛന്റെ പെട്ടി തുറന്ന് അതിൽ അടുക്കി വച്ചിരിക്കുന്ന ഉടുപ്പുകളിലും മറ്റും തഴുകി കണ്ണീർ വാർക്കുന്ന ദൃശ്യം വെളിവാക്കുന്നത് അച്ഛനില്ലാതെയായ കുഞ്ഞിന്റെ തീരാസങ്കടം മാത്രമല്ല വലിയവരുടെ കൃത്രിമലോകത്ത് പെട്ടുപോയ നിഷ്ക്കളങ്ക മനസ്സിന്റെ വ്യഥകളാണ്. അനുവിന്റെ അമ്മയുടെ ദൈന്യമുഖം വീണ്ടും വീണ്ടും ചിത്രീകരിച്ചാണ് വേണുവിന്റെ തിരോധാനത്തിന്റെ ഗാഢത വെളിവാക്കുന്നത്.
    
     അനുവിന്റെ വ്യർത്ഥ അന്വേഷണപരതയിലും തീരാദുഃഖമുണ്ട് അമ്മയ്ക്ക്.
 അവനെ പ്രീതിപ്പെടുത്താനും അപകടകരമായ പരീക്ഷണങ്ങൾക്ക് തെല്ലൊരു അറുതി വരുത്താനും അദൃശ്യത അവനു സിദ്ധിയായി എന്ന് ധരിപ്പിക്കാൻ അമ്മയും ചേട്ടനും സമർത്ഥമായി അഭിനയിക്കുന്നുണ്ട്. പാവം അനു ഇത് കുറച്ചു നാളത്തേയ്ക്ക് വിശ്വസിച്ചു പോകുന്നുമുണ്ട്. വലിയവർ കളിയ്ക്കുന്ന കളിയിൽ ദയനീയമായി അവൻ പെട്ടു പോകുകയാണ്. ഇന്നത്തെ സൈബർ ലോകം അദൃശ്യത എന്നത് കുറ്റകൃത്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതിന്റെ ദൃഷ്ടാന്തമാണ് ഗായത്രി-ബാലകൃഷ്ണൻ ബന്ധങ്ങൾ. അനുവാണ് ഇത് കണ്ടു പിടിയ്ക്കുന്നത്, ഗായത്രിയുടെ ബോയ് ഫ്രണ്ട് അദൃശ്യനാണെങ്കിൽ അത് ആരാണെന്ന അവന്റെ അന്വേഷണത്വര പ്രേരിപ്പിച്ചതാണവനെ. സത്യങ്ങൾ പുറത്തുകൊണ്ടുവന്ന അവന്റെ തലയിൽ കളിമണ്ണാണെന്ന് വലിയവരുടെ ലോകം സമർത്ഥിക്കുന്നതിൽ തകർന്നുപോകുന്നുണ്ട് അവൻ.

   കഥ പറഞ്ഞ്പോകുന്നതിൽ നിന്ന് വിഘടിച്ച്, ദൃശ്യങ്ങൾ കൊണ്ട് ആഖ്യാനവും ആശയവിനിമയവും സാദ്ധ്യമാക്കാനാണ് സംവിധായകൻ ഉദ്ദേശിക്കുന്നത് എന്നതാണ് ഈ ചിത്രത്തിന്റെ മേന്മ. അനുവിന്റെ മാനസികനിലകളും സംഘർഷങ്ങളും ചിത്രീകരിക്കപ്പെടുന്നത് സംഭാഷണങ്ങളിൽ ഊന്നാതെ ദൃശ്യങ്ങളാലാണ്. തൊട്ടിയിൽ നിറച്ച വെള്ളത്തിൽ പ്രതിബിംബം നോക്കി നിൽക്കുന്നതും അതിൽ തരംഗങ്ങൾ സൃഷ്ടിക്കുമ്പോൾ പ്രതിബിംബത്തിനു രൂപവികൽപ്പം സംഭവിക്കുന്നതും അനുവിന്റെ ആശയങ്ങളുടെ സാരൂപ്യം പോലെയാണ്. ഉൽക്കാനിപാതത്തിന്റെ വാർത്തയുടെ പശ്ചാത്തലത്തിൽ സാവധാനം നടന്ന് നട കയറി ഇരുട്ടിൽ മറയുന്ന അനുവിന്റെ ചിത്രീകരണവും ഇതുപോലെ പ്രതീകാത്മകമാണ്. വെയിലും നിഴലും രേഖാചിത്രങ്ങൾ വരയ്ക്കുന്ന മതിലിനു മുൻപിൽ സൈക്കിൾ നിറുത്തി ട്രാൻസ്ഫോർമർ നോക്കുന്നത്, ഗായത്രി അദൃശ്യയായി മുറിയിൽ  ഉണ്ടെന്നുള്ള നിശ്ചയത്താൽ സ്വകാര്യതയ്ക്കു വേണ്ടി കിടക്കവിരി കൊണ്ട് മൂടിപ്പുതച്ച് ഉടുപ്പ് മാറുന്നത്, ഇവയൊക്കെ അനുവിന്റെ മനസ്സിന്റെ ബാഹ്യപ്രകടന ദൃശ്യങ്ങളാണ്.

      ജനലിൽക്കൂടി പുറത്തേക്ക് നോക്കി ബാഹ്യലോകത്തിന്റെ ഗതിവിഗതികൾ നിരീക്ഷിക്കുക അനുവിന്റെ പതിവാണ്. അവസാനം അവൻ ബാൽക്കണിയിൽ ഇറങ്ങി നിന്ന് അനന്തവിഹായസ്സു നോക്കി പ്രപഞ്ചശക്തികളെപ്പറ്റിത്തന്നെയുള്ള അറിവുകൾ നേടുന്നു എന്ന വിധം സ്വയം പരിശോധനയ്ക്ക് വിധേയനാകുന്നുണ്ട്. പ്രപഞ്ചസൂചനയെന്നവണ്ണം ഒരു കാറ്റ് അവനെ തലോടുന്നുണ്ട്. താനേ അടഞ്ഞു തുറക്കുന്ന ബാൽക്കണി വാതിൽ അവൻ നിരീക്ഷിക്കുന്നുണ്ട്. ഇൻ വിസിബിൾ ആകുന്നത് വല്യകാര്യമൊന്നും അല്ല കേട്ടൊ എന്ന സത്യം അവനിൽ വെളിപാടായി ഉണരുകയാണ്. മായ എന്ന വേദാന്തസത്യം തന്നെ ഇത്.മായയുടെ പൊരുൾ തേടി പുരാണങ്ങൾ ചികഞ്ഞവനാണവൻ. കാലം എന്നത് പ്രപഞ്ചത്തിൽ ദുരൂഹമായി വർത്തിക്കുന്നത് അവനു പിടികിട്ടിയ മാതിരിയാണ്. അച്ഛന്റെ വാച്ച് അതുമായി ബന്ധപ്പെടുത്തുന്ന സമയമാപിനിയാണ്. കാലക്കടലിന്റെ അക്കരെ അക്കരെ മരണത്തിൻ മൂകമാം താഴ്വരയിൽ ആയിരിക്കണം അവന്റെ അച്ഛൻ. കാലം എന്നത് നമ്മെ അദൃശ്യരോ ദൃശ്യരോആക്കും. സമയം എന്ന പ്രഹേളികയുടെ ചില പൊരുളുകൾ അവനു പിടികിട്ടിത്തുടങ്ങുകയാണ്. അത് ചിലരെ ഒളിപ്പിക്കും, ചിലരെ വെളിച്ചത്താക്കും. ഗായത്രിയെ കാണാതാകുമ്പോൾ അച്ഛന്റെ വാച്ച് അവളുടെ പക്കൽ ഉണ്ടെന്നും അതുകൊണ്ട് അദൃശ്യരുടെ ലോകത്താണ് അവൾ എന്നും അനു തീർപ്പ് കൽപ്പിക്കുന്നുണ്ട്. അരിപ്പൊടി വിതറി കാൽപ്പാടുകൾ തെളിവായി എടുക്കാം, നൂലുകൊണ്ടോ തുണിക്കീറുകൾ കൊണ്ടോ വല നെയ്ത് അവരുടെ സാന്നിദ്ധ്യം  കണ്ടു പിടിയ്ക്കാം. അസ്പഷ്ടം ദൃഷ്ടമാക്കുന്ന പൊരുളെന്താണെന്നാണ് അന്വേഷണം..   ഒറ്റപ്പെട്ടുപോയ എല്ലാവർക്കും വേണ്ടി, ഒരു കൂട്ട്, ഒരു സ്നേഹസാന്ത്വനം, ഒരു ഉപദേഷ്ടാവ് എന്ന നിലയിൽ കാലം വർത്തിക്കുകയാണ്. അവസാനം ആ വാച്ച് പ്രപഞ്ചത്തിനു തന്നെ സമർപ്പിക്കുകയാണവൻ. അനന്തമായ സാഗരം തന്നെ പ്രപഞ്ചസൂചകം. അതുകൊണ്ട് സമുദ്രത്തിനു വിട്ടുകൊടുക്കുകയാണവൻ അവന്റെ പ്രിയപ്പെട്ട വാച്ച്. അവന്റെ അച്ഛൻ അവനോടു കൂടെത്തന്നെ ഉണ്ടെന്ന സ്വയം വിശ്വാസപ്പെടുത്തൽ കൂടിയാണിത്. ദി ഇൻവിസിബിൾ മാൻഎന്ന പുസ്തകം തന്നെ അച്ഛൻ അവനു കൊടുത്തത് എന്തിനാണെന്നും അവൻ മനസ്സിലാക്കിയിരിക്കുന്നു. അച്ഛൻ ഇനി തിരിച്ചു വരികയില്ല എന്നും പിടികിട്ടിയിരിക്കുന്നു അതിശയങ്ങളുടെ വേനൽക്കാലത്ത്. ഗഗനവും സമുദ്രവും അദ്ഭുതങ്ങളായിരിക്കുന്നതു പോലെ അവനും അദ്ഭുതങ്ങളുടെ ഒരു ഭാഗമാണെന്ന വൻ തിരിച്ചറിവാണ് ആ കുഞ്ഞുമസ്തിഷ്ക്കത്തിൽ വിടർന്നു പടരുന്നത്. അച്ഛൻ അദൃശ്യരുടെ ലോകത്താണെങ്കിലും  അദ്ഭുതങ്ങൾക്ക് ഇനിയും സാദ്ധ്യതകളുണ്ട്, സാംഗത്യമുണ്ട്. ഈ മഹാപൊരുൾ, ആത്യന്തികസത്യം മനസ്സിലാക്കി ആ വേനൽ അവസാനിക്കുകയാണ്. സ്കൂൾ തുറക്കുന്ന ദിവസം ബസ് സ്റ്റോപ്പിൽ അനന്തതയെ നോക്കി നിൽക്കുന്ന അനു എന്ന എട്ടുവയസ്സുകാരന്റെ ഷോടോടെ സിനിമ അവസാനിക്കുന്നു. അവന്റെ അച്ഛൻ കൊടുത്ത കൃത്യസൂചന, എന്നും സ്വപ്നം കാണുക എന്നതനുസരിച്ച് സ്വപ്നങ്ങളുടെ ബസ് വന്നണയാൻ അവൻ കാത്തു നിൽക്കുന്നു.
Wednesday, April 24, 2019

ദേശീയതയുടെ വ്യാജനിർമ്മിതി അഥവാ ആർഷഭാരതശാസ്ത്ര തട്ടിപ്പ്
     ലോകത്തിലെ ഏറ്റവും ആധികാരികവും പെരുമയാർന്നതുമായ രണ്ട് ശാസ്ത്രപ്രസിദ്ധീകരണങ്ങളാണ് നേച്ചറും സയൻസും (Nature, Science). ഈ  ജനുവരിയിലെ നേച്ചർ മാഗസീനിൽ നൂറുകൊല്ലം മുൻപ് എന്ന പംക്തിയിൽ 1900 ആദ്യകാലത്തെ പ്രെസിഡന്റ് ആയിരുന്ന തിയഡോർ റൂസ്വെൽറ്റ് ശ്ലാഖിക്കപ്പെടുന്നുണ്ട്. മറ്റ് കഴിവുകൾക്ക് പുറമേ- ഒരു മികച്ച സ്പോർട്സ്മാൻ എന്നതുൾപ്പെടെ അദ്ദേഹം ഒരു മഹാ പ്രകൃതിമാഹാത്മ്യവാദി (naturalist) ആയിരുന്നു എന്നത് എടുത്തു പറയുന്നു. അതുമാത്രമല്ല  അമേരിക്കൻ ചെറുപ്പക്കാർക്കിടയിൽ സസ്യ-ജന്തുജാലങ്ങളെ (flora and fauna) പരിരക്ഷിക്കുന്നതും അവയെപ്പറ്റി പഠിക്കുന്നതും ഒരു ഫാഷൻ ആകാൻ സ്വയം മാതൃകാരൂപം ആകുകയും ചെയ്തു.  റൂസ് വെൽറ്റിന്റെ  സ്വാധീനത്താൽ  ബൈബിളോ മറ്റ് മതഗ്രന്ഥങ്ങളോ മാത്രം പരിചയമുള്ള  പിതാക്കളോ മുതുമുത്തച്ഛന്മാരോ -ക്രിസ്ത്യാനികളൊ ജൂതരോ ആവട്ടെ- ഉള്ള ചെറുപ്പക്കാർക്കു മുന്നിൽ അത്യദ്ഭുതകരമായ മറ്റൊരു ബൈബിൾ തുറന്നു വച്ചു എന്നതാണ് പ്രത്യേകത. ഭൂമിയുടെ പുസ്തക (Book of the earth) മാണത്. നേച്ചറിലെ കുറിപ്പ് തീർക്കുന്നത് ഇങ്ങനെയാണ് :  റൂസ്വെൽറ്റിന്റെ മതം ജിയോളജി, പാലിയന്റോളജി, ബോടണി, സുവോളജി, എത് നോളജി ഒക്കെ ഉൾക്കൊണ്ടത് മാത്രമായിരുന്നു.
 
  നൂറു കൊല്ലം മുൻപ് അമേരിക്ക ശാസ്ത്രത്തിലൂന്നിയ സമൂഹത്തെ കൂടുതൽ ഊർജ്ജസ്വലമാക്കിയ ചരിത്രനിമിഷങ്ങളുടെ സത്യവാങ് മൂലവും ഭരണകൂടത്തിനു അതിലുണ്ടായിരുന്ന പങ്കും ഭരണത്തലവന്റെ വിവേകകൗശലങ്ങളുടെ സ്വാധീനം വഹിച്ച പങ്കും സുവിദതമാകുകയാണിവിടെ. ഇതേ നേച്ചറിൽ (ജനുവരി 17, 2019 ലക്കമാണിത്) മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യവും കുറച്ചു പുറങ്ങൾക്കിപ്പുറം അച്ചടിച്ചിട്ടുണ്ട്.നൂറുകൊല്ലം ഇപ്പുറത്തേയ്ക്ക് ഇൻഡ്യൻ ചരിത്രം വലിച്ചു കൊണ്ടുവന്ന് എവിടെയാണ് നമ്മുടെ ശാസ്ത്രബോധത്തെ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നതിന്റെ   സത്യപ്രസ്താവനയാണത്. ഈയടുത്ത് കഴിഞ്ഞ ഇൻഡ്യൻ സയൻസ് കോൺഗ്രസ്സിൽ ആന്ധ്ര  യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ നാഗേശ്വര റാവു വിന്റെ പ്രസംഗത്തിനു ശേഷം വന്ന പ്രതിഷേധങ്ങളെക്കുറിച്ചുള്ള കുറിപ്പാണത്.  നാലുകൊല്ലത്തിനിടയിൽ രണ്ടാം തവണയും ഒരു മഹത്വപൂർണ്ണമായ സമ്മേളനത്തെ വിചിത്രവിലക്ഷണമായ വിശ്വാസങ്ങൾക്കുള്ള വേദിയായി ഉപയോഗിച്ചിരിക്കുന്നു (For the second time in four years, a major meeting has been used as a platform for outlandish beliefs) എന്നാണ് തലക്കെട്ടിനു താഴെയുള്ള പ്രസ്താവന.നൂറുകൊല്ലം മുൻപ് അമേരിക്കയിൽ റൂസ് വെൽറ്റ് സൃഷ്ടിച്ച  ശാസ്ത്രം എന്ന പുതിയ മതബോധവുമായി താരതമ്യം ഉദ്ദേശിച്ചിട്ടില്ലെങ്കിലും കുറച്ചു പേജിനിപ്പുറം  ശാസ്ത്രതാൽപ്പര്യങ്ങൾ ഇൻഡ്യൻ പൊതുബോധത്തിൽ ഉൾക്കൊള്ളാതെ പോകുന്നത് ഒരു യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ വിഡ്ഡിത്തത്തിലൂടെ പ്രകടമാക്കുകയാണ് ഈ കുറിപ്പ്. ലജ്ജാവഹവും പ്രാകൃതവുമാണ് വൈസ് ചാൻസലറുടെ ഉക്തികൾ.

        മഹാഭാരതത്തിലെ കൗരവരുടെ ജനനം  ആധുനിക ശാസ്ത്രസങ്കേതങ്ങൾ ഉപയോഗിച്ചാണെന്നും ആയിരക്കണക്കിനു വർഷങ്ങൾക്ക് മുൻപേ സ്റ്റെം സെൽസ്  (വിത്തുകോശങ്ങൾ) വിദ്യകൾ ഇൻഡ്യക്കാർക്ക് അറിവുണ്ടായിരുന്നു എന്നൊക്കെയാണ് ശ്രീ നാഗേശ്വര റാവുവിന്റെ അവകാശവാദങ്ങൾ.  ഒരു സ്വകാര്യസംഭാഷണത്തിൽ അല്ല, ഇൻഡ്യയുടെ പരമോന്നത ശാസ്ത്രവേദിയായ ഇൻഡ്യൻ സയൻസ് കോൺഗ്രസ് മീറ്റിംഗിലാണ് ഈ പ്രസ്താവന അദ്ദേഹം പുറത്തിറക്കിയത് എന്നത് ഗൗരവതരമാണ്.

  ഐൻസ്റ്റീന്റെ ആപേക്ഷികസിദ്ധാന്തത്തിനെതിരെ പോർവിളി ഉയർത്തുകയും ഐസക് ന്യൂട്ടന്റെ ഗുരുത്വാകർഷണനിയമത്തെ വെല്ലുവിളിയ്ക്കുകയും ചെയ്യപ്പെട്ടിരിക്കുന്നു ഈ സയൻസ് കോൺഗ്രസിൽ എന്നും വാർത്തയിലുണ്ട്. കഴിഞ്ഞ സയൻസ് കോൺഗ്രസ്സിൽ വിമാനം കണ്ടു പിടിച്ചത് നമ്മളാണെന്ന് രാമായണത്തെ സാക്ഷിയാക്കി ഒരു ശാസ്ത്രജ്ഞൻ അവകാശപ്പെട്ടത് നമ്മൾ മറന്നിട്ടില്ല. ഹാരപ്പയിലും മൊഹൻ ജെദാരോയിലും കാണപ്പെട്ട മുദ്രകളിൽ ഡി എൻ എയുടെ ഘടനയാണെന്ന് ഉദ്ഘോഷിക്കാനും ഇക്കൂട്ടർ മടിച്ചില്ല. ലോകത്തിനു മുൻപിൽ ചുരുങ്ങിച്ചെറുതാകുകയാണ് ശാസ്ത്രഭാരതം.

ടെക്നോളജി നിർമ്മിച്ചെടുക്കുന്ന ദേശീയത
 വ്യക്തിത്വത്തിന്റെ നിർമ്മിതിയുടെ ഘടകങ്ങൾ സമൂഹത്തിനും അവയുടെ സ്വഭാവങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്. ദേശീയതയുടെ പിന്നിൽ പ്രവർത്തിക്കുന്ന പ്രധാന ഘടകവും ഇതു തന്നെ. ഗാന്ധിജി ഈ തത്വത്തിൽ വിശ്വസിച്ച് ദേശീയത നിർമ്മിച്ചെടുക്കൻ ശ്രമിച്ചത് സുവിദിതവുമാണ്. സ്വദേശി കൈത്തറി വസ്ത്രങ്ങൾ ധരിക്കുന്നതിലൂടെ,ഹിന്ദി സ്വായത്തമാക്കി കൈകാര്യം ചെയ്യുന്നതിലൂടെ വ്യക്തിസ്വഭാവങ്ങൾ ദേശീയത നിർമ്മിതിയ്ക്ക് ഉപയോഗിക്കാമെന്ന ആശയസാധുത. ഇന്ന് വ്യക്തികളുടെ സ്വഭാവനിർമ്മിതിയിലൂടെ ദേശീയതയ്ക്ക് ഏറ്റവും വലിയ മാറ്റം സംഭവിപ്പിച്ചിരിക്കുന്നത് മൊബൈൽ ഫോണുകളുടെ ഉപയോഗമാണ്. 2014 ഇനു ശേഷം തന്നെ മൊബൈൽ ഡാറ്റാ ഉപയോഗം 1400 ശതമാണ് ഉയർന്നത്.. അതിസാങ്കേതികതയുടെ കടന്നുകയറ്റവും നിലപാടുറപ്പിക്കലും എന്ന് പൊതുവായിപ്പറയാം. ആഗോളമായ ഒരു പ്രതിഭാസവുമാണിത്. ഇന്റെർനെറ്റിന്റെ ഉപയോഗത്തിലൂടെ ദൈനദിനവ്യവഹാരങ്ങൾ ക്രമീകരിക്കപ്പെടുന്നത് ദേശീയതയ്ക്ക് പുതിയ മാനങ്ങൾ സംഭാവന ചെയ്തിരിക്കുന്നു. റ്റാക്സി കാർ ഊബർ വഴി ഏർപ്പാട് ചെയ്യുന്നു, ഹോടലിൽ പോയി ആഹാരം വാങ്ങിച്ചു കഴിക്കേണ്ടത് ഊബർ ഈറ്റ്സ് വഴി വീട്ടിലേക്ക് മാറ്റപ്പെടുന്നു. ആഹാരത്തിന്റെ കാര്യത്തിലും സാങ്കേതികത അധികാരം നേടുന്നു. കേരളത്തിലാകട്ടെ കഴിഞ്ഞ വെള്ളപ്പൊക്കത്തിലെ രക്ഷാപ്രവർത്തനങ്ങൾ മുഴുവൻ മൊബൈൽ ഫോണിയാണ് സാദ്ധ്യമാക്കപ്പെട്ടത്. ഏറ്റവും സാർവ്വജനനീയവും പൊതുജന ഉപയോഗം വ്യാപകവുമായ ട്രെയിൻ റിസർവേഷൻ ഇന്ന് നെറ്റ് വഴി മാത്രമാണ്. തീവണ്ടികൾ ഇൻഡ്യയിൽ ദേശീയതാനിർമ്മിതിയിൽ പ്രധാന പങ്ക് വഹിച്ചിട്ടുള്ളവയാണ്. സൂപർ സ്പെഷ്യാൽറ്റി ആശുപത്രികളും അവിടത്തെ സൂപ്പർ സാങ്കേതിക വിദ്യകളും ഭാരതീയ സംസ്കാരത്തിന്റെ ഭാഗമായിത്തീർന്നത് ചരിത്രം സമ്മാനിച്ച ഒഴിവാക്കാനാകാത്ത സൗഭാഗ്യവുമായിക്കരുതി ശരാശരി ഭാരതീയൻ.  ഫെയ്സ്ബുക്ക്, റ്റ്വിറ്റർ അങ്ങനെ സോഷ്യം മീഡിയ വഴിയും യു റ്റ്യൂബും ഡബ്സ്മാഷ്, റ്റിക്റ്റോക്ക് വഴിയും നവദേശീയത ചെറുപ്പക്കാർ നിർമ്മിച്ചെടുത്തു കഴിഞ്ഞു. ആഗോളവൽക്കരണത്തോടെ ദേശീയത എന്നത് ചോദ്യം ചെയ്യപ്പെടുന്നുമുണ്ട് എന്ന് മാത്രമല്ല്ല നാലാം വ്യാവസായികവിപ്ലവത്തോടേ ലോകസമ്പദ് വ്യവസ്ഥ ഒരു രാജ്യത്തിന്റെ ദേശീയതയിൽ അടിസ്ഥാനമാക്കിയായിരിക്കില്ല എന്ന സത്യവും അവശേഷിക്കുന്നുണ്ട്. ഒരു ആഗോളപൗരനെയുമാണ് സാങ്കേതികത നിർമ്മിച്ചെടുത്തത്. അത് ഒഴിവാക്കാൻ പറ്റാത്തതുമായിരുന്നു. ഇൻഡ്യയെന്നല്ല മിക്കവാറും എല്ലാ രാജ്യങ്ങളും ഇതിൽ ഭാഗഭാക്കാകുകയും ചെയ്തിട്ടുണ്ട്. സംസ്കാരം എന്നതിന്റെ നിർവ്വചനം മാറി മറിയുകയും ചരിത്രത്തിലെ സംസ്കാരവുമായി ഒരു ദേശത്തിന്റെ ബന്ധം വിഘടിക്കുകയും ശിഥിലീകൃതമാവുകയും ചെയ്യുന്നു.

ആധുനിക സാങ്കേതികതയെ എന്തിനു വെല്ലു വിളിയ്ക്കുന്നു?

ഈ നവ ദേശീയതാനിർമ്മിതി തീവ്രഹിന്ദുത്വവാദികളെ തെല്ലല്ല അലോസരപ്പെടുത്തിയിട്ടുള്ളത്, അഖണ്ഡത ചോദ്യംചെയ്യാനാവാത്തവിധം ഉറച്ചു പോയത് അവരെ അന്ധാളിപ്പിക്കുകയുമാണ്. കൈവിട്ടുപോയ ആഗോള പൗരനെ തിരിച്ചു പിടിക്കാൻ ശ്രമിക്കുകയാണവർ. ആർഷഭാരതസംസ്കാരം  എന്നതിലെ ആർഷ എന്ന വാക്കിന്റെ അർത്ഥം (ഋഷിയെ സംബന്ധിച്ചത്, വൈദികമായത് എന്ന് ശബ്ദതാരാവലി)  ദ്യോതിപ്പിക്കുന്നതല്ല ഇന്നത്തെ സംസ്കാരം എന്നത് ഇവരെ ഏറെ ക്ലേശപ്പെടുത്തുന്നുമുണ്ട്. പുറം മോടി മാത്രമുള്ള ആചാരങ്ങൾ അവശേഷിപ്പിച്ചുകൊണ്ട് ആർഷത കാൽക്കീഴിൽ നിന്ന് ഒലിച്ചു പോയപ്പോൾ പുതിയ സാങ്കേതികതയുടെ സംസ്കാരം ഓരോ ഭാരതീയനും സഹർഷം സ്വാഗതം ചെയ്തതു കൊണ്ടാണ് മണ്ണിൽ ചുവടുറപ്പിച്ചത്. സാങ്കേതികത പാർന്നുകൊടുക്കുന്ന കഞ്ഞി കുടിച്ചുകൊണ്ട് തന്നെ അതിനെ നിരാകരിക്കുന്നത് വ്യാജവും ഇരട്ടത്താപ്പുമാണ്. ആ കഞ്ഞി വെന്തത് ടെക്നോളജിയുടെ ഇൻഡക്ഷൻ കുക്കറിലാണെന്നുള്ളത് മറന്നു പോകയാണ്.
.
   ഒരു സമാന്തര ദേശീയത നിർമ്മിക്കാൻ ഒരുമ്പെടുകയാണവർ. ഒരു പോംവഴി പ്രാചീനതയിൽ ഊന്നി അന്നത്തെ സംസ്കാരം  ദേശീയത നിർമ്മിച്ചിരുന്നു എന്ന് തെളിയിക്കുകയും അതുവഴി  മഹത്തായ സംസ്കാരത്തിന്റെ ഉടമസ്ഥർ എന്ന തോന്നൽ നിർമ്മിച്ചെടുത്ത് ഒരേ മനോഭാവം സൃഷ്ടിച്ചെടുക്കാൻ പശ്ചാത്തലമൊരുക്കുക എന്നതുമാണ്. മറ്റൊരു വഴി ഇതുമായി ബന്ധപ്പെടുത്തി, പണ്ട് തന്നെ ടെക്നോളജി നിർമ്മിച്ചെടുക്കുക വഴി ദേശീയതയ്ക്ക് ഉറപ്പ് വരുത്തിയിരുന്നു എന്നും ആ പാരമ്പര്യം നവദേശീയത്യ്ക്ക് ഇന്നും അടിസ്ഥാനമുറപ്പിക്കാൻ ഉപോദ്ബലകമാകും എന്ന് വിശ്വസിപ്പിക്കുകയുമാണ്.

 ടെക്നോളജിയുടെ പ്രാമുഖ്യം കുറയ്ക്കാൻ പറ്റില്ല എന്ന് ഇവർക്ക് നന്നായി അറിയാം. പിന്നെ സാദ്ധ്യമാകുന്നത് അത് നമ്മുടെയാണെന്ന് തോന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. വിമാനം കണ്ടുപിടിച്ചത് നമ്മളാണെന്നും സ്റ്റെം സെൽ ടെക്നോളജിയും ക്ലോണിങ്ങും പുരാണപ്രോക്തമാണെന്നും  ഉദ്ഘോഷിക്കുമ്പോൾ സാങ്കേതികതയിലൂന്നിയ സംസ്കാരം പുതുതല്ലെന്ന് പ്രഖ്യാപിക്കുകയാണെങ്കിലും ടെക്നോളജിയെ നിരാകരിച്ചുകൊണ്ട് സ്വീകരിക്കുക എന്ന വ്യാജപ്രയോഗം സാർത്ഥകമാക്കുകയാണ്. അന്ധവിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്ന  സന്ദേശങ്ങൾ, ആധുനികസാങ്കേതികവിദ്യകളെ കളിയാക്കുന്നവ ടെക്നോളജി സമ്മാനിച്ച വിദ്യയായ വാട്സ് ആപ് ഉപയോഗിച്ചാണെന്നുള്ള വിരോധാഭാസം. പിന്തിരിപ്പൻ ആശയങ്ങൾ പ്രചരിപ്പിക്കാൻ ആധുനിക വിദ്യ തന്നെ വേണം. പഴം പുരാണത്തിലും തീവ്രമതവിശ്വാസത്തിലും കുടുങ്ങിയവർ സൃഷ്ടിച്ചെടുത്തതല്ല വാട്സ് ആപ് ടെക്നോളജി എന്നത് ഇവർ മറന്നു പോകുന്നു.

      ഹൈന്ദവതയുമായി ബന്ധപ്പെടുത്തി സമാന്തരദേശീയത നിർമ്മിച്ചെടുക്കാമെന്ന വ്യാമോഹമാണ് ഇതിന്റെ പിന്നിൽ. ലോകശാസ്ത്രവേദിയിൽ ഇൻഡ്യയുടേതായി ഇന്ന് അധികമൊന്നും സംഭാവനകൾ പ്രദാനം ചെയ്യപ്പെടുന്നില്ല, അതിനുള്ള ചുറ്റുപാടുകൾ വളർത്തിയെടുത്തിട്ടുമില്ല എന്ന അപകർഷതാബോധവും ഇതിനു മറ്റൊരു പ്രേരകശക്തിയായി ഭവിക്കുന്നുണ്ട്. ടെക്നോളജി വികസിപ്പിക്കന്നതിൽ പിന്തള്ളപ്പെട്ടുപോയി എന്നതിനെ പ്രതികാരബുദ്ധ്യാ നേരിടൽ ആണിത്. ശാസ്ത്രത്തെ സംബന്ധിച്ച് ഞങ്ങൾക്കൊന്നും ചെയ്യാനില്ല എന്ന് പരോക്ഷമായി അംഗീകരിക്കലും.

   സയൻസ് കോൺഗ്രസ്സിൽ ഒരു വിദ്യാർത്ഥിയോ സാദാ ഗവേഷകനോ അല്ല, ഒരു യൂണിവേഴ്സിറ്റി വൈസ് ചൻസലറാണ് ഇത്തരം അജെൻട നിറച്ച വിഡ്ഡിത്തം വിളമ്പിയെന്നുള്ളത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധമാനമാക്കുകയാണ്. ഒരു വാട്സാപ് സന്ദേശത്തിൽ ഉൾക്കൊള്ളുന്ന അപകടമാനങ്ങളല്ലിതിനു. ഒരു വ്യക്തിയുടെ അമിതഭാഷണം എന്ന നിലയ്ക്കല്ല ഇതിനെ വീക്ഷിക്കേണ്ടത്. പൊതുബോധത്തെ സ്വാധീനിക്കുക മാത്രമല്ല വിദ്യാഭ്യാസമൂല്യങ്ങളേയും ശാസ്ത്രവീക്ഷണങ്ങളേയും ഒറ്റയടിക്ക് തകർത്തിടാൻ പോന്ന ഇത്തരം  ജൽപ്പനങ്ങളെ നേരിടാൻ ഭരണകൂടത്തിനു താൽപ്പര്യമില്ല എന്നതാണ് ഇൻഡ്യൻ ശാസ്ത്രലോകത്തിന്റെ ദയനീയത.

     നേച്ചർ മാഗസീനിൽ ഈ വാർത്തയ്ക്ക്  കുറച്ച് പുറങ്ങൾക്കപ്പുറം വന്ന 100 കൊല്ലങ്ങൾക്കു മുൻപ് റൂസ്വെൽറ്റ് ഉദ്ബോധിപ്പിച്ച, ബൈബിളിനു പകരം വയ്ക്കാവുന്ന ഭൂമിയുടെ പുസ്തകം (Book of earth) ചെറുപ്പക്കാർക്ക് സമക്ഷം അവതരിപ്പിക്കുന്ന കുറിപ്പുമായുള്ള താരതമ്യസാംഗത്യം ഇവിടെ പ്രത്യക്ഷമാകുകയാണ്. 1800 കളുടെ പകുതി മുതൽ യൂറോപ്പിൽ സംഭവിച്ച  ശാസ്ത്രബോധത്തിന്റെ ഉണർച്ച സംഭാവന ചെയ്ത പ്രതിരോധകുത്തിവയ്പ് പദ്ധതിയാലാണ് ഇന്ന്  മഹാമാരികളിൽ നിന്ന് രക്ഷപ്പെട്ട് നമ്മൾ ജീവിച്ചിരിക്കുന്നതെന്ന് അറിഞ്ഞിരിക്കാൻ പ്രയത്നം ആവശ്യമില്ല. അമേരിക്കൻ ഭരണനേതൃത്വത്തിനു നൂറുകൊല്ലം മുൻപ് തോന്നിയ ശാസ്ത്രസമർപ്പണബുദ്ധി ഇവിടെ നേരേ തിരിഞ്ഞിരിക്കയാണെന്നാണ് രണ്ട് പേജിനിപ്പുറം കൊടുത്തിരിക്കുന്ന ഇൻഡ്യൻ സയൻ കോൺഗ്രസ് വാർത്ത സൂചിപ്പിക്കുന്നത്. ദുരുദ്ദേശങ്ങളും അജെണ്ടകളും തിരുകിക്കയറ്റിയ, ശാസ്ത്രബോധത്തിലേക്ക് മാറുകയില്ലെന്ന് വാശി പിടിയ്ക്കുന്ന യൂണിവേഴ്സിറ്റി ഭരണാധികാരികളെ 1900 കളിലെ റൂസ് വെൽറ്റുമായി  താരതമ്യം ചെയ്യാൻ പ്രചോദിപ്പിക്കുന്ന കാഴ്ച്ചയാണ് നേച്ചർ മാഗസീൻ അറിയാതെ തന്നെ പ്രദർശിപ്പിക്കുന്നത്.
  

Sunday, April 14, 2019

കുമ്പളങ്ങിയിലെ രാത്രികളിൽ മീൻ പിടിയ്ക്കുന്നത്   ആർക്കും വേണ്ടാത്ത പൂച്ചക്കുഞ്ഞുങ്ങളെ കൊണ്ടെ കളയുന്ന സ്ഥലത്താണ് നെപ്പോളിയന്റെ നാലു മക്കളുടെ വീട്. അച്ഛനും അമ്മയും ഇവിടെ വിട്ടുപോയവരാണ്  സജിയും ഇളയവർ ബോബിയും ബോണിയും ഫ്രാങ്കിയും. ഒരേ അമ്മയ്ക്ക് പലരിൽ ഉണ്ടായവരാണെന്ന് നാട്ടുകാർ കിംവദന്തി പ്രചരിപ്പിക്കുന്നുമുണ്ട്. ബോബി അവന്റെ ഉള്ളം കയ്യിൽ അവന്റെ മാത്രം പെഡിഗ്രി വരച്ച് കൂട്ടുകാരി ബേബിമോളെ കാണിയ്ക്കുന്നുണ്ട്. നിങ്ങടെ കുടുംബത്തിൽ എത്ര അച്ഛനമാരുണ്ട് എന്ന് ഒരു കുസൃതിച്ചോദ്യം അവൾ ചോദിക്കുന്നുമുണ്ട്.ലോകമേ തറവാട് എന്ന മാതിരി കതകും കെട്ടുറപ്പും ഇല്ലാത്തതാണിത്. പഞ്ചായത്തിലെ ഏറ്റവും മോശം വീട് എന്ന് ഫ്രാങ്കി നിരാശയോടെ പ്രസ്താവിക്കുന്നുമുണ്ട്  തീട്ടപ്പറമ്പിലെ ഈ വീടിനെപ്പറ്റി.

  ഈ വാതാവരണത്തിൽ അവനവനെ സ്വയം കണ്ടുപിടിയ്ക്കുകയും അമ്മ, അച്ഛൻ സ്വരൂപങ്ങളെ ആവാഹിക്കുകയും ചെയ്യുന്ന  മാന്ത്രികവിദ്യാകഥനമാണ് കുമ്പളങ്ങി നൈറ്റ്സിന്റെ ഉള്ളടക്കം. സമാന്തരമായി കുടുംബത്തിന്റെ അധികാരസ്വരൂപത്തെ കൃത്രിമമായി ഉൾക്കൊള്ളാൻ ശ്രമിക്കുന്ന മറ്റൊരു വീട്ടുകാരന്റെ പാളിപ്പോകുന്ന ശ്രമങ്ങളും. സ്വന്തം സ്വത്വം മാത്രമല്ല അവനവന്റെ ഇടങ്ങളും അവയുമായുള്ള താദാത്മ്യവും ഉൾക്കൊള്ളൂന്നത്  എങ്ങനെ എന്നതും സിനിമയുടെ വെളിവാക്കലിൽ പെടുന്നു. രാത്രിയിൽ കായലിലെ സൂക്ഷ്മജീവികൾ ഉജ്ജ്വലമായ ഫ്ളൂറസൻസ് ഉള്ള സ്വയം പ്രഭ (Bioluminescence എന്ന പ്രതിഭാസം‌) കളാകുന്നത് അപാരസുന്ദരകാഴ്ച്ചയാണ്. ഈ കുമ്പളങ്ങിസൗന്ദര്യം ആസ്വദിക്കാനും അവരുടെ ഉള്ളിലെ പ്രകാശം തിരിച്ചറിയാനും സജിസഹോദരങ്ങൾ പ്രാപ്തരാകുന്നിടത്ത് സിനിമ അവസാനിക്കുന്നു. അവർ വലയെറിയുന്നത്  വെറും മീൻ പിട്യ്ക്കാൻ മാത്രമല്ല.
 
       അതിജീവനത്തിന്റെ തന്ത്രങ്ങളൊന്നും പഠിച്ചെടുക്കാനോ അവയെപ്പറ്റി ബോധമുദിക്കാനോ സാധിച്ചവരല്ല  നെപ്പോളിയൻ മക്കൾ. ബോധമുദിപ്പിക്കാൻ ആരുടേയും ഊഷ്മളസാന്നിദ്ധ്യം ഇല്ലാതെ പോയതു തന്നെ കാരണം. ചുറ്റുപാടും ധാരാളം മീൻ ഉണ്ട്, അതു പിടിയ്ക്കാനറിയാം, അതുകൊണ്ട് മീൻകറി വീട്ടിൽ എപ്പോഴുമുണ്ട്.  ഇളയവൻ ഫ്രാങ്കി, മൂത്തവർ ഉള്ളതുകൊണ്ടായിരിക്കണം സ്കോളർഷിപ്പോടേ ദൂരെ പ്ലസ് റ്റു പഠിയ്ക്കുന്നുണ്ട്. പുറം ലോകവുമായുള്ള താരതമ്യം സാദ്ധ്യമാവുന്ന ഒരേ ഒരു കുടുംബാംഗം. ഒരു കുടുംബനാഥൻ (patriarch) ഇല്ലാതെ പോയതിന്റെ ദുഃഖം കൂടുതൽ പേറുന്നവനാണവൻ. പരസ്പരം വെറുതെ തല്ലു കൂടുന്ന സജിയേയും ബോബിയേയും നിരാശകലർന്ന വെറുപ്പോടെയാണവൻ വീക്ഷിക്കുന്നത്. ഇവരുടെ ഇത്തരം തെമ്മാടിത്തരം കൊണ്ടായിരിക്കണം അപ്പൻ വിട്ടു പോയതെന്നാണ് അവന്റെ നിഗമനം. വീട്ടിലേക്ക് വരാൻ ഔൽസുക്യം കാണിയ്ക്കുന്ന കൂട്ടുകാരോട് എല്ലവരും ചിക്കൻ പോക്സ് പിടിച്ച് കിടക്കുകയാണെന്ന് അവനു കള്ളം പറയേണ്ടി വന്നത് ചേട്ടന്മാർ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ കൊണ്ടും കൂടെയാണ്. രാത്രിയിൽ വീട്ടിലേക്ക് വരുന്ന ബോണിയ്ക്ക് വഴക്കുണ്ടാക്കി ഉല്ലസിക്കുന്ന ചേട്ടന്മാർ കാരണം തിരിച്ചു പോകയേ നിവൃത്തി ഉള്ളൂ.

  ഇവരുടേ alter ego എന്ന മാതിരിയാണ് സ്വൽപ്പം ദൂരെ താമസിക്കുന്ന ഷമ്മിയുടെ പ്രകൃതം. എല്ലാത്തിലും കണിശക്കാരൻ. സജിയും അനിയന്മാരും ഷേവ് ചെയ്യാൻ പോലും മടിയുള്ളവരും തങ്ങളുടെ ബാഹ്യരൂപത്തെക്കുറിച്ച്  തികച്ചും ഉദാസീനരും ആയിരിക്കെ ക്ളീൻ ഷേവ് ചെയ്ത് മിനുക്കിയ മുഖം വേണമെന്ന് നിർബ്ബന്ധം പിടിയ്ക്കുന്ന ഷമ്മി മേൽമീശ വെട്ടിയൊതുക്കി അത് തടവി ആകൃതി കൃത്യമാക്കാൻ വെമ്പുന്നവനാണ്. സജിയും ബോബിയും ഷർട് പോലും ധരിക്കാത്തവർ ആണെങ്കിൽ ഷമ്മി  പരസ്യചിത്രങ്ങളിൽ കാണുന്നമാതിരി മുഴുവൻ ജെന്റിൽമാൻആയിരിക്കണമെന്ന് നിർബ്ബന്ധമുള്ളവനാണ്. ഡിസൈനർ ഷർടുകൾ ധരിച്ച് റെയ്മണ്ട്  സ്യൂടിങ്ങിന്റെ പരസ്യമോഡലാണെന്നു വരെ ധാരണയുണ്ട് അയാൾക്ക്. വീട്ടിലെ അംഗങ്ങൾ തമ്മിൽ പരസ്പരസ്നേഹത്തോടെ പെരുമാറണമെന്ന് ശാഠ്യവുമുണ്ട്, ദുർച്ചിന്തകളുടെ ഭാഗമായിട്ടാണെങ്കിലും.  കൂടെയുള്ള ഭാര്യയുടെ അമ്മയേയും ഭാര്യ സിമിയുടെ അനിയത്തി ബേബിമോളെയും കുടുംബനാഥൻ എന്ന നിലയിൽ അയാളെ കാണാൻ പരിശീലിപ്പിക്കുന്നുമുണ്ട്. സജിസഹോദരങ്ങൾക്ക് ജീവിതസത്യങ്ങൾ മനസ്സിലാക്കിയെടുക്കാൻ സൃഷ്ടിച്ച (മോശം) മാതൃകയാണ് ഷമ്മി എന്ന നിലയിലാണ് സിനിമ പുരോഗമിക്കുന്നത്.

           ഈ വിപരീതധ്രുവങ്ങളിലുള്ള രണ്ടു കൂട്ടരും തമ്മിലുള്ള സംഘർഷം ഉടലെടുക്കുമ്പോൾ അച്ഛനമ്മമാരുടെ സ്വാധീനങ്ങൾ, അനുശാസന (ഡിസിപ്ലിൻ) നിർമ്മിതികൾ, കുടംബത്തിലെ ശ്രേണീബദ്ധപദ്ധതികളുടെ ഉരുത്തിരിയൽ, അതിജീവനത്തിനു അത്യാവശ്യമായ ജോലിയുടെ സാംഗത്യം  ഒക്കെ പുനർ നിർവ്വചനം ചെയ്യപ്പെടുകയാണ്. അമ്മയുടെ സാന്നിദ്ധ്യത്തിനു വേണ്ടി കേഴുന്ന സജി സഹോദരങ്ങളും ഭാര്യ, അവരുടെ അമ്മ,അനിയത്തി എന്നിവർ അടങ്ങുന്ന കുടുംബം ഉള്ള ഷമ്മി യും കുടുംബഘടനയും പ്രവർത്തനങ്ങളും  വ്യവസ്ഥപ്പെടുത്താൻ ശ്രമിക്കുകയാനെങ്കിലും രണ്ട് വഴികളിലാണ് അവർക്ക് സഞ്ചരിക്കേണ്ടി വരുന്നത്.

കുടുംബം എന്ന തുഴഞ്ഞാൽ നീങ്ങാത്ത തോണി

    മൂത്തമകൻ സജിയ്ക്കും ഒരു അച്ഛൻ പ്രതിരൂപം ഉണ്ടെങ്കിൽ എന്ന ആശ ചിലപ്പോൾ വന്നു കയറാറുണ്ട്.   അപ്പൻ മരിച്ച ദിവസം എല്ലാരും ഒന്നിച്ച് അത്താഴം കഴിക്കണം എന്ന് ഫ്രാങ്കി പറയുമ്പോഴാണ് അയാൾ അത് ഓർത്തെടുത്തത് എങ്കിലും അപ്പന്റെ ഫോടോ യുടെ മുൻപിൽ മെഴുകുതിരി കൊളുത്തി പ്രാർത്ഥിക്കാൻ ഒരുമ്പെടുന്നത് വെറും പ്രഹസനമായേ ബോബി കാണുന്നുള്ളു. കാരണം അപ്പനെ മക്കളാരും ബഹുമാനത്തോടെ ഓർക്കാറില്ല എന്നത് സത്യമാണെന്ന് അവനറിയാം. സജിയെ ഒരു ജേഷ്ഠൻ എന്ന രീതിയിൽ കാണാനും ബോബിയ്ക്ക് പരിശീലനം കിട്ടിയിട്ടില്ല. ഒരിയ്ക്കൽ സജി തന്നെ അയാളെ ചേട്ടാഎന്ന് വിളിയ്ക്കാൻ ആവശ്യപ്പെടുമ്പോൾ അവൻ പരുങ്ങിപ്പോകുന്നുണ്ട്. മനസ്സില്ലാ മനസ്സോടേ ആ വാക്ക് ഉച്ചരിക്കുന്നുണ്ടെങ്കിലും അത് വികാരരഹിതമാണു താനും. പിതൃത്വത്തെക്കെറിച്ചുള്ള ആശങ്കകൾ സജിയ്ക്ക് മാനസികാഘാതങ്ങൾ വരെ സമ്മാനിച്ചിട്ടുണ്ട്, സൈക്കിയാട്രിസ്റ്റിനോട് ഇത് തുറന്നു പറയുന്നുമുണ്ട്.

          എന്നാൽ കുടുംബം എന്ന സ്ഥാപനത്തെക്കുറിച്ച് പ്രിയപ്പെട്ടവൾ ബേബിമോളുമായുള്ള സംസർഗ്ഗത്താൽ- ചില അറിവുകൾ കിട്ടിത്തുടങ്ങിയതിനു ശേഷം ഇവിടെ ചോദിയ്ക്കാനും പറയാനും ആരുമില്ലേ എന്ന് ചോദിക്കാൻ മാത്രം പ്രാപ്തനാകുന്നുണ്ട് ബോബി. നല്ല കുടുംബത്തിനു ഒരു സംസ്കാരമുണ്ട്. അത് കാത്തു സൂക്ഷിക്കേണ്ടേ....എന്ന് പിന്നീട് അയാൾ ദയനീയമായി ചോദിക്കുന്നുമുണ്ട്, കാരണം അവന്റെ പെണ്ണിനെ അവിടെ കൊണ്ടുവരാനുള്ള പ്രതിബന്ധം ഈ പാളിപ്പോയ കുടുംബഘടനയാണ്. ഇതുമായി ബന്ധപ്പെട്ടതായ ചില അടിസ്ഥാന നിഷ്ക്കർഷകൾ സജിയേയും ബോണിയേയും ബോധിപ്പിക്കാൻ പാഴ്ശ്രമം നടത്തുന്നതും ബോബിയാണ്. ആ വീട്ടിലെ ഏറ്റവും വലിയ തമാശയാണിത്, ഇതിനു പത്തുപൈസയുടെ മൂല്യം പോലുമില്ല എന്ന ഉടൻ  ഇളയവൻ ബോണി അവനെ ധരിപ്പിക്കുന്നുണ്ട്. പലപ്പൊഴും ഒരു അച്ചടക്കവും ശിക്ഷണവും അനുസരണാശീലവും അവരിൽ ഉളവാക്കുന്ന തരത്തിൽ ഒരു അച്ഛൻ പ്രതിരൂപത്തിലേക്ക്ക്ക് കയറിക്കൂടുന്നുണ്ട് ബോണി. ബാറിൽ വച്ച് വഴക്കുണ്ടാക്കിയപ്പോഴും പോലീസ് സ്റ്റേഷനിൽ നിന്ന് സജിയെ ഇറക്കിക്കൊണ്ട് പോകാനെത്തിയപ്പോഴും ബോണി ഈ രക്ഷകർത്താവ് രൂപം നേരിട്ട് എടുത്തണിയുന്നുണ്ട്. സജിയുടെ നല്ലനടപ്പിനുള്ള നിർദ്ദേ ശങ്ങൾ ബോണിയിൽ നിന്നാണ് ഉറവിടുന്നത്. നിശബ്ദമോ അദൃശ്യമോ ആയ ഒരു അച്ഛൻ സാനിദ്ധ്യമെന്ന പ്രതീതിയ്ക്കു വേണ്ടിയായിരിക്കണം ബോണിയെ സംവിധായകനും കഥ/തിരക്കഥാകൃത്തും ഊമയാക്കി സൃഷ്ടിച്ചത്.

   ഷമ്മിയുടെ കുടുംബത്തിലും അച്ഛന്റെ അഭാവം ഉണ്ട്. സിമിയുടെ അച്ഛൻ മരിച്ചു പോയിരിക്കുന്നു, ഷമ്മിയുടേ അച്ഛനമ്മമാരെപ്പറ്റി സൂചനകളൊന്നുമില്ല. ഷമ്മി മാനസിക വൈകൃതങ്ങൾ പ്രദർശിപ്പിച്ചപ്പോൾ സിമി ഫോൺ വിളിച്ചത് ഷമ്മിയുടെ ബന്ധുക്കാരനെയാണ്, അതുകൊണ്ട് ഷമ്മിയ്ക്ക് അങ്ങനെയാരും ഇല്ലാ എന്ന് കരുതാം.എന്നാൽ ബലമായി അച്ഛൻ പ്രതിരൂപം നിർമ്മിച്ചെടുക്കാനാണ് ഷമ്മിയ്ക്ക് ആസക്തി. അത്താഴസമയത്ത് നടുവിലത്തെ കസേരയിൽ തന്നെ ഇരുന്ന് പ്രമാണിത്തം കാണിയ്ക്കണമെന്ന് അയാൾക്ക് നിർബ്ബന്ധമുണ്ട്. സിമിയുടെ അച്ഛന്റെ ഫോടൊയ്ക്ക് സമാന്തരമായി ഷമ്മിയുടെ മുഖം പ്രതിഷ്ഠിക്കുന്ന ഒരു ഷോട് സിനിമയിൽ ഉൾപ്പെടുത്തിയത് യാദൃശ്ചികമല്ല.

   വളരെ കൊച്ചിലെ മുങ്ങിച്ചാകാൻ തുടങ്ങുമ്പോൾ പോലും ശ്രദ്ധ തിരിയ്ക്കാത്ത അമ്മയെക്കുറിച്ച് ദുസ്വപ്നം കാണുന്നവനാണ് ഫ്രാങ്കി. നിലയില്ലാവെള്ളത്തിൽ അവൻ മുങ്ങിപ്പോകുമ്പോഴും തുണി കഴുകുകയാണവർ തൊട്ടടുത്ത്. അധികം ദൂരെയല്ല താമസം എങ്കിലും അവർ ഒരു കൾറ്റ് മെമ്പർ ആയി മാറിയതിനാൽ വീടുമായോ മക്കളുമായോ ബന്ധമില്ല. നാൽവരും അവിടെ ചെന്ന് യാചിച്ചിട്ടും വരാനുളള മനഃസ്ഥിതി അവർക്കില്ല. പണ്ടേ അവർക്ക് അസുഖമായിരുന്നു എന്ന് സജി സാക്ഷ്യപ്പെടുത്തുന്നുണ്ട്. അവരെ പ്രാകരുതെന്ന് സജി ബോബിയോട് നിർദ്ദേശിക്കുന്നുമുണ്ട്. അവരുടെ അമ്മപ്രതിരൂപം അവർ പണ്ടേ ഉപേക്ഷിച്ചതാണ്. അമ്മ ഒരു സങ്കൽപ്പം മാത്രമായി തുടരും എന്ന് നാലുപേരും മനസ്സിലാക്കുന്നത് നിരാശയോടെയാണ്. 

ജോലി, അധികാരം , കുടുംബവ്യവസ്ഥ
  അധികാരത്തിന്റെ പണിയായുധമായാണ് ജോലി എന്നതിനെ ഷമ്മി വീക്ഷിക്കുന്നത്.  ജോലി ഉണ്ടെന്ന കാര്യം വീമ്പുപറച്ചിൽ പോലെ പുറത്തെത്തിയ്ക്കുന്നുണ്ട് അയാൾ. സിമിയുടെ ചിറ്റപ്പന്റെ വീട്ടിൽ അത്താഴം കഴിക്കുന്ന സമയത്തും അയാൾ ഈ വീര്യം പുറത്തെടുക്കുന്നുണ്ട്. അയാൾ വിഭാവനം ചെയ്യുന്ന, ഒരു തീൻ മേശയുടെ ചുറ്റിലും ഇരുന്ന് എല്ലാ കുടുംബാംഗങ്ങളും ആഹാരം പങ്കിടുന്ന പരിപൂർണ്ണതയും ചിറ്റപ്പൻ പാചകത്തിൽ മിടുക്കനാണെന്നതും അയാളെ അലോസരപ്പെടുത്തുന്നുണ്ടാകണം. അവിടെയും ചിറ്റപ്പനു ഒരു ജോലിയില്ല എന്ന് ആരോപമട്ടിൽ വിളിച്ചു പറയുകയാണ് ഷമ്മി. ചിറ്റപ്പനെ അധികാരക്കസേരയിൽ നിന്ന് വലിച്ചു താഴത്തിടുകയുമാണ് ഉദ്ദേശം. ബോബിയ്ക്ക് ജോലി ഇല്ല എന്നതാണ് അയാളെ ബേബിമോളുടെ പ്രതിശ്രുതവരനായി സ്വീകരിക്കാൻ ഷമ്മിയെ തയാറല്ലാതാക്കുന്നത്. വലയെറിയുന്നതിൽ മിടുക്കനാണ് ബോബി എന്ന് ബേബിമോൾക്ക് നന്നായറിയുകയും ചെയ്യാം. (ബേബിമോളുടെ മുഖത്തിനു മുൻപിലൂടെ ബോബി എറിയുന്ന വെളുത്ത വലക്കണ്ണികൾ താഴോട്ട് നിപതിക്കുന്ന ഒരു ബഹുകേമൻ ഷോട്ടുമുണ്ട് സിനിമയിൽ). സജിയും ബോബിയും ഇക്കാര്യത്തിൽ ഷമ്മിയുമായി വിരുദ്ധ ധ്രുവങ്ങളിലാണ്.  തേപ്പുകടയിൽ പാർട്ണർഷിപ് ഉണ്ടെങ്കിലും വലിയ വരുമാനമൊന്നും ഇല്ല. ഓസിനാണു ജീവിതം എന്നത് അയാൾ അറിഞ്ഞില്ലെന്ന് നടിയ്ക്കുകയാണ്. ഇക്കാര്യം തേപ്പുകടക്കാരൻ മുരുകൻ വ്യക്തമായി ബോദ്ധ്യപ്പെടുത്തിയപ്പോൾ ആ സത്യം ഇടിത്തീ പോലെ വന്നു വീഴുകയും സജി ആത്മഹത്യ മാത്രം പോംവഴിയായും കാണുന്നു. പ്രത്യേകിച്ചും സ്വന്തം അനുജനേക്കാളും സ്നേഹിച്ച മുരുകൻ തന്നെ ഇത് പറഞ്ഞത് സജിയ്ക്ക് താങ്ങാനാവുന്നതല്ല. ആത്മഹത്യാശ്രമം വിപരീതഫലമാണ് ഉളവാക്കിയത്, ആ ആഘാതത്തിൽ നിന്ന് അയാൾക്ക് പുറത്തു കടക്കാനുമാവുന്നില്ല.വിളക്കുകാലിൽ തലതല്ലി സ്വയം ആരാണെന്ന അറിവിലേക്ക് സാവധാനം എത്തപ്പെടുകയാണയാൾ.
  ജീവിതത്തിനു അർത്ഥം നൽകുന്നതും അതിജീവനത്തിനു അത്യാവശ്യവുമായ ജോലി എന്നത് ഷമ്മി കൽപ്പിക്കുന്ന അർത്ഥതലങ്ങളിൽ അല്ലെങ്കിലും ബോബിയും അതിൽ പെട്ടുപോകുകയാണ്.. ബേബിമോളെ ലഭിയ്ക്കണമെങ്കിൽ ജോലി ചെയ്യണം. ക്രിസ്ത്യാനി ആണെന്നുള്ളത് അത്രപ്രശ്നവൽക്കരിക്കുന്നില്ല സിനിമ. ജീസസ് നമ്മൾക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ എന്ന ബേബിമോളുടെ പ്രസ്താവന വഴി ലളിതവൽക്കരിച്ച് ഇൻഡ്യൻ സിനിമയിലെ സ്ഥിരം പ്രശ്നം ആയ മതം-ജാതി-വിവാഹസാദ്ധ്യത എന്ന കണ്ണികൾ ഒഴിവാക്കപ്പെട്ടിരിക്കുന്നു.   മൽസ്യ സംസ്കരണ പ്ളാന്റിൽ ജോലി കിട്ടിയെങ്കിലും ജീവിതരീതിയിലെ വൻ മാറ്റങ്ങളുമാമായി പൊരുത്തപ്പെടാനാവുന്നില്ല അയാൾക്ക്. ഒരു വിഭ്രാന്തിയുടെ നിമിഷത്തിൽ അയാൾ അവിടുന്ന് ഇറങ്ങിയോടുകയാണ്. ഇനി ഒരു വിമോചനമില്ല എന്ന് തീർച്ചപ്പെടുത്തി ബേബിമോളോട് തന്നിൽ നിന്നും രക്ഷെപെട്ടുകൊള്ളാൻ അയാൾ ഉപദേശിക്കുന്നുമുണ്ട്.

     കുടുംബത്തിനു ഘടന നിർമ്മിച്ചെടുക്കുക, അതിന്റെ പരിപാലനത്തിനു പോം വഴി കണ്ടെത്തുക ഇങ്ങനെ രണ്ട് മൂല്യാധിഷ്ഠിത സമൂഹനിർമ്മിതിയിൽ വ്യാപൃതരാണ് ഷമ്മിയും സജിയുടെ കുടുംബവും. ആണിന്റെ അധികാരപ്രമത്തത സ്ഥാപിച്ച് അംഗങ്ങളെ അടിമകളെപ്പോലെ നിലനിർത്തുകയാണ് ഷമ്മിയുടെ ലക്ഷ്യമെങ്കിൽ കുടുംബം എന്ന സാംസ്കാരികമൂലകം അടിപടലേ നിർമ്മിയ്ക്കുക എന്നതിൽ തുടങ്ങേണ്ടിയിരിക്കുന്നു സജിയ്ക്കും അനിയന്മാർക്കും. ഫ്രാങ്കി ഇക്കാര്യത്തിൽ കർമ്മോൽസുകനായിക്കഴിഞ്ഞു; സ്കോളർഷിപ്പ് തുകകൊണ്ട് വീട്ടിൽ കക്കൂസ് പണിഞ്ഞു തുടങ്ങിക്കഴിഞ്ഞു അവൻ. സമാന്തരമായി വർത്തിക്കുന്ന രണ്ട് വീട്ടുകാരുടെ ആശയസാമ്യങ്ങൾ സംഘർഷത്തിലേക്ക് നയിക്കുന്നതെങ്ങനെ എന്ന് വിദിതമാക്കുകയാണ് സിനിമയുടെ പ്രധാന ഉദ്ദേശം.

   ബേബിമോളെ  സ്വന്തമാക്കണമെങ്കിൽ അവളുടെ വീട്ടുകാരുമായി, പ്രധാനമായും ഷമ്മിയുമായി സംസാരിക്കേണ്ടി വരും, അതിനു കുടുംബത്തിലെ മൂത്തവനായ സജിയോടൊപ്പം അയാളെ കാണേണ്ടിവരും എന്ന ഘട്ടമെത്തിയപ്പോഴാണ് കുടുംബം എന്നതിന്റെ ചില അടിസ്ഥാനഘടകങ്ങൾ തങ്ങൾക്കില്ല എന്ന് സജിയും ബോബിയും മനസ്സിലാക്കുന്നത്. ബോബിയെക്കൊണ്ട് നിർബ്ബന്ധമായി ചേട്ടാ എന്ന് വിളിപ്പിക്കുന്നുണ്ടെങ്കിലും അതിൽ ആർജ്ജവത്തിന്റെ തരി പോലുമില്ലെന്ന് രണ്ടുപേർക്കുമറിയാം. ആന്തരസംഘർഷങ്ങൾ   കിളിപോയഅവസ്ഥയിൽ എത്തിയ്ക്കുകയാണ് സജിയെ. ഷമ്മിയ്ക്ക് എന്തുണ്ടോ അതൊന്നും ഇല്ലാത്തവനാണ് സജി. മുരുകന്റെ ഭാര്യ സതിയെക്കാണാൻ പോയ അയാൾ അവരുടെ സ്വപ്നസദൃശ്യമായ വീട് നിർന്നിമേഷനായി നോക്കി നിന്ന് പോകുകയാണ്. പൂക്കളാൽ സമൃദ്ധമായ ചെടികളും ചിത്രശലഭങ്ങളും സമ്മോഹനചാരുത നിർല്ലോഭം ചാർത്തിയതാണാ വീട്.  മുരുകൻ എത്തിയടത്ത് എത്തുകയാണെന്ന് പറഞ്ഞ് സതിയുടെ മുന്നിൽ സാഷ്ടാംഗപ്രണാമം ചെയ്യുന്ന സജിയ്ക്ക്  ജീവിതത്തെക്കുറിച്ച് ചില പ്രായോഗിക അറിവുകളും ബാദ്ധ്യതകളും പിടികിട്ടുകയാണ് അവിടെ വച്ചുതന്നെ.ആസന്നപ്രസവത്തിനു സതിയെ ആശുപത്രിയിൽ എത്തിക്കണം. സ്വന്തം വീട്ടുകാർ ഉപേക്ഷിച്ചതിനാൽ പ്രസവശേഷം പോകാൻ അവൾക്കും കുഞ്ഞിനും ഒരിടമില്ല എന്ന് മാത്രമല്ല തുണയ്ക്കും ആരുമില്ല. അവളെയും കുഞ്ഞിനേയും നിസ്സങ്കോചം ഏറ്റെടുക്കുന്ന സജി  ഒരിഞ്ച് സ്ഥലമില്ലാത്ത വീട്ടിലേക്ക് തന്നെ കൂട്ടിക്കൊണ്ടു വരികയാണ്. ഇല്ലാതിരുന്ന മാതൃസ്വരൂപം ആ വീട്ടിൽ വന്നു ചേരുകയാണ് ഇതോടെ. സതിയെ വള്ളത്തിൽ കൊണ്ടുവരുന്ന ദൃശ്യം ചിത്രീകരിച്ചിരിക്കുന്നത് സാർവ്വലൗകിക മാതൃബിംബം ആയ  ഉണ്ണിയേശുവിനെ കയ്യിലേന്തിയ മറിയം എന്ന കൃത്യമായ രൂപകൽപ്പനയിലാണ്. സിനിമയിലെ അർത്ഥവർത്തായ ഈ രംഗം സുന്ദരവുമാണ്. സതിയുടെ താരാട്ടുമൂളൽ ആ വീടിനെ ആകെ മാറ്റിമറിയ്ക്കുന്നതായി അനുഭവപ്പെടുന്നത് ഫ്രാങ്കിയുടെ സന്തോഷം രേഖപ്പെടുത്തുന്നതിലൂടെയാണ്.  അവൾ വാഴ്കൈ ഇടം മുടിഞ്ചുപോകുമെന്ന് അമ്മയുടെ ശാപം കിട്ടിയവളാണ് സതി. അതു പറയുമ്പോൾ ചേച്ചി കൃത്യമായ സ്ഥലത്താണ് എത്തിയിരിക്കുന്നത്, ഇതിലും മുടിഞ്ഞ ഒരു സ്ഥലം വേറേ ഇല്ലെന്നുമാണ് ബോബിയുടെ വാദം. അവളെ ചേച്ചിഎന്നാണ് സംബോധന ചെയ്യുന്നതും.   ആ വീട് അതിനു മുൻപ് തന്നെ സ്ത്രീസാന്നിദ്ധ്യം അറിഞ്ഞു തുടങ്ങിയിരുന്നു: ബോണിയുടെ ഗേൾ ഫ്രണ്ട് ആഫ്രിക്കൻ അമേരിക്കൻ, ന്യൂയോർക്ക് നിവാസി നൈല അവിടെ താമസം തുടങ്ങിയിരുന്നു കുറച്ചു ദിവസം മുൻപ്. ഷമ്മിയെ പ്രകോപ്പിക്കാൻ, അയാളുടെ ഒളിഞ്ഞുനോട്ടത്തിനെ ആക്ഷേപിക്കാൻ ബോണിയെ പരസ്യമായി ഉമ്മ വച്ചവളാണവൾ. അമ്മയും കാമുകിയുമൊക്കെ ചേരുന്ന കുടുംബഘടനാ നിർമ്മിതി എളുപ്പമായി സാധിക്കപ്പെട്ടിരിക്കുന്നു. വീട് എന്ന ബാഹ്യസ്വരൂപത്തെ മറികടന്ന് ഊഷ്മളബന്ധങ്ങൾ കുടുംബം എന്നത് ഉരുത്തിരിയിക്കുന്നത് എങ്ങനെ എന്ന് സൂചിപ്പിക്കാൻ സംവിധായകൻ കണ്ടുപിടിച്ച വഴികളിലൊന്ന്. സൈക്കിയാട്രിസ്റ്റിന്റെ  ക്ളിനിക്കിലേക്ക്  സജിയ്ക്ക് കൂട്ടുപോകുന്നത് പയ്യനായ ഫ്രാങ്കി തന്നെ, തിരിച്ചു പോകുമ്പോൾ തോളിൽ കൈവച്ച് അവർ നടന്നു നീങ്ങുന്ന പുറകിൽ നിന്നുള്ള ഒരു ഷോട് കൊണ്ട് മാത്രം സംവിധായകൻ നിർവ്വഹിച്ചതും ഇതു തന്നെ.

ഏറ്റവും വലിയ മീൻ
  സജിയുടെ ജീവിതത്തിലെ അഴിയാക്കുരുക്കുകൾ വിടർന്നു തുടങ്ങുമ്പോൾ ഷമ്മിയുടെ  സംഘർഷങ്ങൾ മൂർദ്ധ്യന്യത്തിലേക്ക് പായുന്നു. ഇവ രണ്ടിന്റേയും സമാന്തരസഞ്ചാരങ്ങൾ ഉദ്വേഗപൂർണ്ണമായി ആഖ്യാനം ചെയ്യുന്നതാണ് സിനിമയുടെ ദൃശ്യസാദ്ധ്യത വർദ്ധിപ്പിക്കുന്നത്. ഷമ്മിയുടേയും സജിയുടേയും ആന്തരസംഘർഷങ്ങൾ രണ്ട് വ്യത്യസ്ത വീക്ഷണകോണുകളിൽക്കൂടിയാണ് ദൃഷ്ടമാക്കപ്പെടുന്നത്. ഈ വേഷങ്ങൾ ചെയ്ത ഫഹദ് ഫാസിലും സൗബിൻ ഷാഹിറും മലയാളസിനിമയിൽ അനന്യമായ അഭിനയശൈലികളാണ് കൈക്കൊള്ളുന്നത്. സിനിമയുടെ ആഖ്യാനത്തെ സുഗമമാക്കുന്നതും കഥാഗതികൾക്ക് മിഴിവേറ്റുന്നതും ആത്മസംഘർഷങ്ങൾക്ക് ഗാഢതയണയ്ക്കുന്നതും നൂതനവും മിതത്വമാർന്നതുമായ ഈ പ്രകടനങ്ങളാണ്.ഫഹദ് ഫാസിലിന്റെ സ്വതവേ ഭാവദീപ്തങ്ങളായ കണ്ണുകൾ കള്ളത്തരത്തിലൊളിപ്പിച്ച അധികാരത്തിന്റെ ഗർവ്വും ആണത്തത്തിന്റെ അഹങ്കാരവും വിദ്വേഷത്തിന്റെ കനലും ഒരു  സൈക്കോപാത് ആകുമ്പോഴുള്ള ഭ്രാന്തൻ ആവേശവും ഉജ്ജ്വലമായി പ്രകാശിപ്പിച്ചിട്ടുണ്ട്.
        
             ഷമ്മിയുടേയും സജിസഹോദരങ്ങളുടേയും സമാന്തരങ്ങൾ കൂട്ടിമുട്ടേണ്ടത് അനിവാര്യമാകുകയാണ്.  നെഞ്ചിൽ ശർക്കരയുണ്ട വച്ച് മലർന്ന് കിടന്ന് തേങ്ങാമുറി കടിച്ചു തിന്നുന്നവന്റേയും ഡൈനിങ് മേശയ്ക്ക് ചുറ്റും നിശ്ചിതകസേരയിൽ ഇരുന്ന് ഔപചാരികച്ചപ്പാത്തി തിന്നുന്നവന്റേയും വൈരുദ്ധ്യനിർമ്മാർജ്ജനം കുമ്പളങ്ങിയുടെ  നൈസർഗ്ഗികയ്ക്ക് അത്യാവശ്യമാണുതാനും. കുമ്പളങ്ങിയിലെ അസ്വസ്ഥവും കലുഷിതവുമായ ഇരുണ്ട രാത്രികൾക്ക് അറുതിവരുത്തി പ്രകാശമാനമാക്കേണ്ടത് സജിയുടേയും അനിയന്മാരുടേയും ദൗത്യവുമാണ്. ഭാര്യയുടെ അനിയത്തി, അതും ഒരു കിളിന്തുപെണ്ണ് ചില സത്യങ്ങൾ ഷമ്മിയുടെ മുഖത്തുതന്നെ അടിച്ചേൽപ്പിക്കുന്നതും ഭാര്യ സിമി കൊതുകുബാറ്റ് അടിച്ചു വീശി അയാൾക്കെതിരെ പ്രതിരോധം തീർത്തതും ഷമ്മിയുടെ മാനസികവൈകല്യങ്ങളെ പൊലിപ്പിച്ച് മായാവിഭ്രാന്തി (delusion)യും പീഡനോന്മാദവും (paranoia) ഉൾക്കൊണ്ട സൈക്കോപാത് ആക്കി മാറ്റുകയാണ്. തന്റെ പണിയായുധമായ ക്ഷൗരക്കത്തി വരേ അയാൾ അവിടെ വന്നുകയറുന്ന സജിസഹോദരങ്ങൾക്കെതിരേ ഉപയോഗിക്കുന്നുണ്ട്. സ്റ്റാൻലി കുബ്രിക്കിന്റെ ദി ഷൈനിങ്ഇലെ ചില രംഗങ്ങൾ ഓർമ്മപ്പെടുത്തുന്നുണ്ട് ഷമ്മിയുടെ ആക്രമണരീതികൾ.
  
   ഷമ്മിയുടെ പൂർവ്വകാലകഥകളെക്കുറിച്ച് അധികം സൂചനകളില്ല. അയാളിൽ മനോവൈകൃതങ്ങൾ രൂപപ്പെട്ടതിന്റെ അടിസ്ഥാനം ദുരൂഹമാണ്. ബാല്യകാലത്ത് കഠിനശിക്ഷകൾ മാതാപിതാക്കളിൽ നിന്ന് ഏറ്റുവാങ്ങിയവനായിരിക്കണം അവൻ. മുറിയുടെ കോണിൽ ഭിത്തിയോട് ചേർന്ന് കണ്ണു പൊത്തി നിൽക്കുന്നത് പണ്ടത്തെ ശിക്ഷാവിധികളുടെ ഭാഗമോ ഉള്ളിലെ പൈശാചികവ്യക്തിത്വം  ഒളിച്ചു വയ്ക്കാനുള്ള തത്രപ്പാടോ ആയിരിക്കണം. അല്ലെങ്കിൽ ഉൽക്കടമായ വെല്ലുവിളികൾ ഏൽക്കുമ്പോൾ രക്ഷപെടാൻ പഴുതു നോക്കുന്നത് ആയിരിക്കണം. ഈ സ്വഭാവം ഷമ്മിയ്ക്ക് നേരത്തെ ഉള്ളതായി അയാളുടെ ബന്ധുക്കാരൻ സിമിയോട് പറയുന്നുണ്ട്. സ്ത്രീകളെ ഉപദ്രവിക്കുന്ന അച്ഛനും ചേട്ടനും മറ്റ് ആണുങ്ങളും ഉള്ള കുടുംബത്തിൽ (മലയാള സിനിമയുടെ ചരിത്രം തന്നെ ഇത്) വളർന്ന് അതിനെതിരെ പ്രതിരോധിക്കാനുള്ള യത്നത്തിൽ തോറ്റുപോയി അതിനു തന്നെ അടിമപ്പെട്ടവനുമായിരിക്കണം ഷമ്മി. കൊതുകുബാറ്റ് എന്ന വിദ്ധ്വംസനായുധം മാതാപിതാക്കളുടെ ക്രൂരശിക്ഷണവിധികളിൽ പെട്ടതായിരിക്കണം,അത് അയാൾക്ക് ദുരന്തങ്ങളുടെ ഓർമ്മകളായിരിക്കണം സമ്മാനിച്ചിട്ടുള്ളത്. സിമി അതുതന്നെ ഉപയോഗിച്ച് പ്രതിരോധം തീർക്കുമ്പോൾ അയാളുടെ സർവ്വനിയന്ത്രണങ്ങളും കൈവിട്ടുപോകയാണ്. അത് കത്തിച്ചുകളയേണ്ടത് പ്രതികാരനിർവ്വഹണതുല്യമാണ്. പെർഫെക്റ്റ് ജെന്റിൽമാൻവേഷമണിഞ്ഞാണ് അയാൾ പാതിരാത്രിയിൽ ഉറ്റബന്ധുക്കളായ സ്ത്രീകളെ കീഴ്പ്പെടുത്തുന്നത്. തന്റെ വേഷവിധാനത്തെ അധികാരത്തിന്റെ ചിഹ്നം തന്നെ ആക്കിയെടുത്തിരിക്കുന്നു അയാൾ.  ബേബിമോൾ അയാളുടെ ബദ്ധശത്രു ആകുന്നത് അവൾ ചെറുപ്രായത്തിൽത്തന്നെ ജോലി നേടിയവളും ഇംഗ്ളീഷ് സംസാരിക്കുന്നവളും തുല്യത നേടിയ പാശ്ചാത്യരാജ്യങ്ങളിലെ ആൾക്കാരുമായി ഇടപെടുന്നവളുമായതുകൊണ്ടാണ്. മാറുന്ന സ്ത്രീസമത്വനിർവ്വചനങ്ങൾ ഉൾക്കൊള്ളാനാവാതെ വിറളിപിടിച്ചുപോകുന്ന മലയാളി ആണിനു ആ നിലപാടിൽ നിന്ന് മാറേണ്ടത് അത്യാവശ്യമാകുമ്പോൾ ക്ഷൗരക്കത്തി വരെ ആയുധമായി ഉപയോഗിക്കേണ്ടി വരുന്നു.

       ഇൻഡ്യൻ സിനിമ ഇന്നോളം നിഷ്കർഷിച്ചിട്ടുള്ള ആൺസ്വരൂപത്തെ അപനിർമ്മിക്കുന്നതും സിനിമയുടെ ഒരു ഉദ്ദേശമാണെന്ന് തോന്നിയാൽ തെറ്റു പറയാവനാവില്ല. ധീരോദാത്ത നായകൻ-അയാൾ മാത്രം-പ്രദാനം ചെയ്യുന്ന സുരക്ഷയും അതിജീവനോപായങ്ങളും സ്വാസ്ഥ്യവും മലയാള സിനിമയിൽ നിന്ന് അപ്രത്യക്ഷമായത് ഈയിടെയാണ്.  ഇന്നത്തെ രാഷ്ട്രീയ വാതാവരണത്തിൽ വ്യക്തവും കെട്ടുറപ്പുള്ളതും നീതിയുക്തവുമായ ഒരു നേതൃത്വത്തിന്റെ അഭാവം സൂചിപ്പിക്കാനായിരിക്കണം മാതാപിതാക്കൾ നഷ്ടമായ മക്കളെ കുമ്പളങ്ങിയിൽ അണിനിരത്തി അവരുടെ വ്യഥകളും ആത്മസംഘർഷങ്ങളും ആവിഷ്ക്കരിക്കാൻ സംവിധായകൻ തുനിഞ്ഞത്.    

   കുടുംബം നിർമ്മിച്ചെടുക്കുന്നത് ആര്, നിർമ്മിച്ചെടുക്കേണ്ടത് ആര് എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് സജിസഹോദരങ്ങൾക്ക് ഉത്തരം കിട്ടുന്നത് ഷമ്മിയുമായുള്ള സംഘർഷങ്ങളിൽക്കൂടിയാണ്. ആഡംബരവീടുകളിൽ കനത്തസെക്യൂരിറ്റിയുടെ വ്യാജസുരക്ഷിതയ്ക്കുള്ളിൽ ശിഥിലമായ കുടുംബബന്ധങ്ങളെ വകവയ്ക്കാതെ ഊഷ്മളബന്ധങ്ങൾ നിരാകരിച്ചുകൊണ്ടുള്ള മലയാളി ജീവിതത്തെ ഖണ്ഡനപരമായി വിമർശിയ്ക്കുകയാണ് കതകുകളും കെട്ടുപാടുകളുമില്ലാത്ത വീട് ഒരു പ്രസിദ്ധ ടൂറിസ്റ്റ് സ്ഥലത്തു തന്നെ പ്രതിഷ്ഠിച്ചു കൊണ്ട്  സംവിധായകൻ മധു സി നാരായണനും കഥാകൃത്ത് ശ്യാം പുഷ്ക്കരനും. ഒരു ന്യൂയോർക്ക്കാരിക്കും അവിടെ സുഖമായ് വസിക്കാം. അത്യാവശ്യമെങ്കിൽ എടുക്കാൻ പുതിയ തലയണക്കവറുകൾ ഒക്കെ അവിടെ ഉണ്ട്.

    കാട്ടാളനു കവിയായി മാറാൻ പറ്റുമെന്ന് തെളിയിക്കാൻ ശ്രമപ്പെടുന്ന സിനിമാക്കഥ അല്ലെങ്കിലും അത് തെളിഞ്ഞുവരുന്നുണ്ട് അവസാനരംഗങ്ങളിൽ. ബോബിയുടെ ഉള്ളിലെ ജോലിസാദ്ധ്യത അവനു തിരിച്ചറിവായി നൽകുന്നത് ബേബിമോളാണെന്നുള്ളത് സിനിമയുടെ സ്ത്രീപക്ഷനിലപാടുകൾ വ്യക്തമാക്കുന്നുണ്ട്.  ജോലി എന്നത് വ്യവസായികവിപ്ലവത്തിന്റെ ഉപോത്പ്പന്നം മാത്രമല്ലെന്നും സ്വന്തം ചുറ്റുപാടിൽ നൈസർഗ്ഗികമായി ഉളവാകാൻ സാദ്ധ്യതയുള്ളതാണെന്നും അവസാനം സിനിമ സമർത്ഥിക്കുന്നുണ്ട്. സജിയും ബോബിയും ഒന്നിച്ച് മീൻ പിടിയ്ക്കാൻ പുറപ്പെടുന്ന ദൃശ്യം സിനിമയുടെ വെളിപാടാണ്.  ഏകദേശം ഇതേ ആശയം, സ്വന്തം നാടിനെ തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയെന്നമട്ടിൽ ഈയിടെ ഇറങ്ങിയ ഞാൻ പ്രകാശൻ ഇലും പ്രകടമാകുന്നുണ്ട്.

     സജിസഹോദരങ്ങൾക്ക് അവരിൽ തെല്ലുമെങ്കിലും ആണധികാരപ്രമത്തത ഉണ്ടെങ്കിൽ അത് ഇല്ലാതാക്കേണ്ടതുണ്ട്. അവരിൽ പുളയ്ക്കുന്ന വിദ്വേഷത്തിന്റേയും വികലവീക്ഷണങ്ങളുടെ സത്തയേയും  ഉള്ളിലെ ഷമ്മിമാരേയും പിടികൂടേണ്ടതുണ്ട്.  അങ്ങനെ അവർ പിടിച്ച ഏറ്റവും വലിയ മീനാണ് ഷമ്മി. കുമ്പളങ്ങിയിൽ അവരുടെ മുന്നിൽക്കൂടി എന്നും നീന്തിക്കൊണ്ടിരുന്ന മീൻ. ഉള്ളിലെ ദുഷ്ടുകൾ വലയെറിഞ്ഞ്  പിടിച്ച് വരിഞ്ഞുകെട്ടി നിർമ്മാർജ്ജനം ചെയ്യുകയാണവർ. ഇതിനു ഏറ്റവും യോഗ്യമായത് പുറം ലോകവുമായി  കൂടുതൽ ബന്ധമുള്ള ഫ്രാങ്കി തന്നെ.  അവൻ എറിയുന്ന വല മൃദുവും ഊഷ്മളവുമായ പിങ്ക് നിറത്തിലുള്ളതാണെന്നുള്ളത് ശ്രദ്ധേയമാണ്.