Sunday, June 5, 2011

“ദിവ്യം”-പുതിയ ഭക്തിഗാന ആൽബം

ദിവ്യം
സംഗീതം-മുരളി രാമനാഥൻ
ഓർക്കെഷ്ട്രേഷൻ-ദാമോദർ നാരായണൻ
പാടിയത്-ശരത്ത്, ശ്വേത മോഹൻ, മുരളി രാമനാഥൻ
രചന-രാഹുൽ സോമൻ, മീന മേനോൻ, ലീല നാരായണസ്വാമി


ഇവിടെ കേൾക്കാം

സംഗീതത്തിന്റെ ആത്യന്തികമായ ഉദ്ദേശവും ലക്ഷ്യവും ദൈവമാഹാത്മ്യവും ആത്മനവീകരണവുമാണെന്നാണ് ജൊനാതൻ ബാക്കിന്റെ വിശ്വാസപ്പൊരുൾ. സംഗീതജ്ഞാനമു ഭക്തി വിനാ സന്മാർഗ്ഗമു ഗലദേ അതായത് ഭക്തി സമന്വയമില്ലാത്ത സംഗീതം സംഗീതമേ അല്ലെന്നാണ് ത്യാഗരാജസ്വാമികൾ വിശ്വസിച്ചതും അതിനാൽ അദ്ദേഹത്തിന്റെ കൃതികൾ ഭാവപൂരിതം ആകപ്പെട്ടതും. ഭക്തിയും സംഗീതവും ലയിച്ചു ചേരുന്നത് ഭാരതീയർക്ക് ആത്മനിർവൃതിയാണ്.

നാമജപസങ്കീർത്തനങ്ങളിൽ നിന്നും ഉറവെടുത്തതാണ് മലയാളിയുടെ ഭക്തിഗാനപാരമ്പര്യം. കർണാടകസംഗീത കീർത്തനങ്ങളുടെ ഛായ ഏറ്റുടുത്ത് ഇവ വളർന്നു വികസിച്ചു. പല പ്രസിദ്ധ കീർത്തനങ്ങൾക്കും അതേ രൂപത്തിലും ഭാവത്തിലും ക്ലോണുകളുണ്ടായി വന്നു. ലളിതഗാനങ്ങൾ എന്ന വിപുല ക്യാറ്റഗറി പാട്ടുകൾ റേഡിയൊ വഴി ജനസമ്മതി നേടി പടർന്നു പന്തലിച്ചതോടെ ഭക്തി ഗാനങ്ങളും സ്വാധീനിക്കപ്പെട്ടു. ഇതിനും മുൻപേ സുബ്ബലക്ഷ്മിയുടെ വെങ്കിടേശ സുപ്രഭാതം വൻ പ്രചാരം നേടിയിരുന്നു. ഭക്തി വിറ്റഴിയ്ക്കപ്പെടാനുള്ളതാണെന്ന വിശ്വാസം രൂഢമൂലമായതൊടെ അമ്പലങ്ങൾ ഭക്തിഗാന കസ്സെറ്റുകളുടെ വിപണനകേന്ദ്രങ്ങൾ ആകുകയും ചെയ്തു. ഇവയിൽ ഏതൊക്കെ ഭക്തി ജനിപ്പിക്കാൻ പര്യാപ്തമാണെന്നത് തികച്ചും വ്യക്തിപരമാണ്. കാലത്തിന്റെ മാറ്റമനുസരിച്ച് ഗായകരിലും ആലാപനത്തിലും രൂപഭാവങ്ങളിലും വ്യത്യാസങ്ങളും അവയുടെ സ്വീകാര്യതയ്ക്ക് മലക്കം മറിച്ചിലും സംഭവിക്കാറുണ്ട് താനും. അസ്വാദനക്ഷമതയിൽ വന്ന മാറ്റമാണ് പരിണാമഗുപ്തിയിൽ ഒന്ന്.

പതിവു രീതികളിൽ നിന്നും തെല്ലു വ്യത്യസ്തമാണ് “ദിവ്യം” എന്ന പുതിയ ആൽബം. സംഗീതവും ഭക്തിയും പിരിയാ ഇഴചേർക്കാനുള്ള തീവ്രശ്രമത്തിന്റെ ദൃഷ്ടാന്തം. സാധാരണ ഭക്തിഗാന ആൽബത്തിന്റെ ഫോർമാറ്റ് ആദ്യം നാട്ട രാഗത്തിൽ ഒരു ഗണപതി സ്തുതി, കല്യാണിയിലോ മോഹനത്തിലോ ഒന്നു രണ്ട് കീർത്തനഛായഗീതങ്ങൾ, ഒരു “ഫാസ്റ്റ് നമ്പർ”, ഒരു വിലാപ-ആത്മരോദന ഗാനം ഇങ്ങനെയൊക്കെയാണ്. ഭക്തിഗാന കസ്സെറ്റിന്റെ നിർമ്മാണച്ചേരുവകൾ ഇപ്രകാരം എളുപ്പം നിർവ്വചിച്ചെഴുതപ്പെട്ട് വച്ചിട്ടുണ്ട്. ഇതിൽ നിന്നും വേറിട്ടു നിൽക്കുന്നുണ്ട് “ദിവ്യം”. ഭക്തിഗാനങ്ങൾ ഭക്തിസംവർദ്ധകമോ ശ്രവണമധുരമോ ഏതാണു കൂടുതൽ ആകേണ്ടതെന്ന് തർക്കിക്കാമെങ്കിലും രണ്ടും അടങ്ങിയതായിരിക്കണം എന്നായിരിക്കും ഭൂരിപക്ഷത്തിന്റേയും നിലപാട്. ഈ യുക്തിയിലൂടെ നിരീക്ഷിച്ചാൽ “ദിവ്യം” എന്ന ആൽബത്തിലെ ഗാനങ്ങൾ അവയുടെ ദൌത്യം നിറവേറ്റിയിട്ടുണ്ടെന്നു കൃത്യമായി തെളിയുന്നു. ആലാപനത്തിലെ മികവും മിതത്വമാർന്ന ഓർക്കെഷ്ട്രേഷനും രാഗഛായയിൽ നിന്നും അധികം വ്യതിചലിക്കാത്ത കമ്പോസിങ്ങും ഇതിനെ തുണച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാം. ഏതെങ്കിലും പ്രതിഷ്ഠാമൂർത്തിയേയോ അമ്പലത്തേയോ പ്രകീർത്തിച്ചുള്ള ആൽബം എന്ന പതിവു വിട്ട് നിരവധി ദേവീദേവന്മാരെയാണ് സ്തുതിയ്ക്കാൻ ഒരുമ്പെടുന്നത്. ഗണപതി, സരസ്വതി, ശിവൻ, കൃഷ്ണൻ (മൂന്ന് കൃഷ്ണന്മാർ-അമ്പലപ്പുഴ, ഗുരുവായൂർ, രാധയുടെ), ശ്രീരാമൻ, മുരുകൻ, അയ്യപ്പൻ ഇങ്ങനെ ഒരു നിര ദൈവങ്ങളാണ് കീർത്തനാ‍ാലാപസ്തുതിയ്ക്ക് വശംവദരാവുന്നത്. സംഗീതം സംവിധാനം ചെയ്ത മുരളീ രാമനഥൻ ഇവയ്ക്കെല്ലാം ഉചിതമായ രൂപഭാവങ്ങളണയ്ക്കാൻ നിഷ്കർഷ ചെലുത്തിയിട്ടുമുണ്ട്. ആലപിയ്ക്കുന്നതാകട്ടെ സംഗീതകാരനെക്കൂടാതെ ശരത്, ശ്വേത മോഹൻ എന്നിങ്ങനെ കൃതഹസ്തരായവരും. രാഹുൽ സോമൻ, മീന മേനോൻ, ലീല നാരായണസ്വാമി എന്നിവരൊക്കെയാണ് ഗാനരചയിതാക്കൾ. ദാമോദർ നാരായണന്റെ ഓർക്കെഷ്ട്രേഷനും.

രാഗമാലികയിൽ ചിട്ടപ്പെടുത്തിയ ഗണേശസ്തുതിയോടെയാണ് തുടക്കം. രാഹുൽ സോമൻ നിരവധി ഗണപതിവിശേഷണങ്ങൾ കോർത്തെടുത്ത രീതിയിലാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. സംഗീതപ്രാധാന്യമുള്ളതായിരിക്കേണ്ടതാണ് ഈ ആൽബം എന്ന നിശ്ചയദാർഢ്യമായിരിക്കണം രാഗമാലികയിൽത്തന്നെ വിനായകസ്തുതി ചിട്ടപ്പെടുത്താനിടവരുത്തിയത്. (ഈ ആൽബം തടങ്ങുന്നതും അവസാനിക്കുന്നതും രാഗമാലികയിൽ ആണെന്നുള്ളത്ത് യാദൃശ്ചികമാണോ?) ആദ്യം തുടങ്ങുന്ന ചക്രവാകത്തിൽ നിന്നും ഷണ്മുഖപ്രിയയിലേക്ക് ആയാസരഹിതമായി വഴുതിയിറങ്ങുകയാണ്. അവിടുന്ന് നാട്ടക്കുറിഞ്ഞിയിലേക്കും. പല്ലവി തുടങ്ങിയ രാഗത്തിൽ തിരിച്ച് എത്തിയ്ക്കാതെ ഷണ്മുഖപ്രിയയിൽ ആവർത്തിച്ചതിൽ തികച്ചും ഔചിത്യമുണ്ട്. മൃദംഗത്തിന്റെ നടകൾ ഏകതാനത കൈവെടിഞ്ഞ് വൈവിദ്ധ്യം അണയ്ക്കുന്നുണ്ടെന്നുള്ളത് പ്രത്യേകതയാണ്. ശരത്തിന്റെ ആലാപനത്തിൽ അദ്ദേഹത്തിന്റെ പതിവു മാനറിസങ്ങൾ വർജ്ജിച്ചിട്ടുണ്ടെന്നതും ആശ്വാസകരം തന്നെ. നാട്ടക്കുറിഞ്ഞിയിലുള്ള ചരണം അതീവ ശ്രദ്ധയോടെ ആലപിച്ചിട്ടുമുണ്ട്. അയ്യപ്പകീർത്തനങ്ങളിൽ സാധാരണ പ്രത്യക്ഷപ്പെടാറുള്ള “ശരണം ശരണം…’ എന്ന സംഘാലാപനം ഒരു രൂപാന്തരം പ്രാപിച്ച് പ്രധാനഗായകനെ തുണയ്ക്കുന്നുണ്ട്. (ഇതിലെ ചെണ്ട നൽകുന്ന ബിറ്റുകൾ ആലാപനത്തോടു ചേർന്നു പോകുന്നുണ്ടെന്നുള്ളത് ആകർഷകമാണ്). ഒരു ഭജനയുടെ മട്ട് നൽകുന്നില്ലെങ്കിലും ഗാനത്തിന്റെ രൂപഭദ്രതയ്ക്ക് ഇതുപ്രകാരം വളവുപുളവുകൾ വന്നുഭവിയ്ക്കുന്നുണ്ടെന്നുള്ളത് മധുരോദാരം തന്നെ. അവസാനം പല്ലവി ആവർത്തിയ്ക്കുമ്പോൾ ബി ജി എം മന്ദ്രമധുരമായ ചില പ്രയോഗങ്ങൾ ഇട്ടുകൊടുക്കുന്നുമുണ്ട്.

ഗണപതി കഴിഞ്ഞു സരസ്വതിയാവട്ടെ എന്ന പതിവുമുറ ആകാമെന്നു വിചാരിച്ചായിരിക്കണം രണ്ടാമത് സരസ്വതീദേവീ പരിവേദനം ഉൾക്കൊള്ളിച്ചത്. മീനാ മേനോന്റെ രചനാകൌശലം കമ്പോസിങ്ങിനെ സഹായിച്ചിട്ടുണ്ടാകണം. അർത്ഥവത്തായതും യുക്തിബന്ധിതവുമാണ് വരികൾ. വലചി രാഗത്തിന്റെ സ്നിഗ്ധത മൃദുത്വം അണയ്ക്കാൻ ഉപയുക്തമാക്കിയിട്ടുണ്ട്. ശ്വേതാ മോഹൻ ആലാപനത്തിൽ ശ്രദ്ധ വച്ചിട്ടുണ്ട്. ശോകച്ഛായയൊ ആവലാതി, വേവലാതി, ദൈന്യത ഇവയൊക്കെയോ സ്വൽ‌പ്പം കവിഞ്ഞുപോയോ എന്ന് ആശങ്കപ്പെടാവുന്നതുമാണ്, ഇത് ഒരു ദോഷമായി വീക്ഷിക്കേണ്ടതല്ലെങ്കിലും. മിതത്വമാർന്ന ഓർക്കെഷ്ട്രേഷൻ പൊതുഭാവത്തിനു കൃത്യമായ മൂഡു ചാർത്തിക്കൊടുത്തിട്ടുണ്ട്. തുടക്കം ഗംഭീരമാണ്. പല്ലവിയ്ക്കും ചരണങ്ങൾക്കിടയ്ക്കും ഒരേ ഓർക്കെഷ്ട്രേഷൻ പാറ്റേൺ കൊടുക്കുക എന്ന പതിവു രീതി വിട്ട് വ്യത്യസ്ത ബിറ്റുകളാണ് ഈ സന്ദർഭങ്ങളിൽ. രണ്ടാം ചരണത്തിനു (“സ്വരമായ് ലയമായ്….”) മുൻപ് വീണയും ഫ്ലൂടും കലർന്ന അതിമധുരമായ ഒരു ഇന്റെർല്യൂഡ് നിർമ്മിച്ചെടുത്തത് ശ്ലാഘനീയം തന്നെ.

ഹമീർ കല്യാണിയിൽ മനോഹരമായി ചിട്ടപ്പെടുത്തിയ “അടിയങ്ങൾക്കാശ്രയം…’ ശരത്താണു പാടിയിരിക്കുന്നത്. രാഗച്ഛായ അതേപടി നിലനിർത്തിയിരിക്കുന്നതിനാൽ ശ്രവണക്ഷമത കൂടുതലുണ്ടെന്നുള്ളതിൽ മുരളീ രാമനാഥനു ആശ്വസിക്കാം. ഭക്തിഭാവം നിലനിറുത്താൻ ശരത്ത് ശ്രദ്ധവച്ചിട്ടുണ്ടെങ്കിലും ‘അഷ്ടപതി’ എന്നൊക്കെ യുള്ള ഉച്ചാരണവൈകല്യം ഒഴിവാക്കാമായിരുന്നു. ആലാപനത്തിൽ അനായാസത ചിലടത്ത് ചോർന്നു പോയിട്ടില്ലേ എന്നു സംശയത്തിനും ഇട വന്നിട്ടുണ്ട്. ചരണങ്ങൾക്കിടയ്ക്ക് ഫ്ലൂട് സഞ്ചാരങ്ങൾ സുന്ദരമായി നിബന്ധിച്ചതും അതിനോടു ചേരുന്ന വീണയും ഈ ഗാനത്തിന്റെ സവിശേഷത തന്നെ. ലീല നാരായണസ്വാമിയുടെ പാട്ടെഴുത്തിനു ഏകാഗ്രതയില്ലെന്ന ദോഷമുണ്ട്. യുക്തിഭദ്രമല്ലാത്ത മറ്റു രചനാവൈകല്യങ്ങളും ആസ്വാദ്യതയെ സാരമായി ബാധിയ്ക്കുന്നുണ്ട്.

“കണ്മുന്നിലെന്നും അയ്യന്റെ രൂപം” ശരണം വിളികളാലൊക്കെ ശബ്ദമുഖരിതമാക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അവതരണം വളരെ സൌമ്യമായാണ്. മുരളീ രാമനാഥൻ തന്നെ നിർവ്വഹിച്ച ആലാപനത്തിൽ ആത്മാർത്ഥത ഉടനീളം തെളിയുന്നുണ്ട്. അയ്യപ്പഭക്തിഗാനങ്ങളിൽ സാധാരണ കാണാത്ത ആർദ്രതയും സ്വച്ഛതയും വേണ്ടുവോളം ഉൾക്കൊള്ളിച്ചിട്ടുണ്ട് ഗായക-സംവിധായകൻ. ഭക്തിസംവാഹകമാക്കാൻ കിണഞ്ഞുശ്രമിച്ചിട്ടുണ്ടെന്നു സാരം. രാഹുൽ സോമന്റെ രചന സംഗീതമൂല്യം ഉചിതമായണക്കാൻ സഹായിച്ചിട്ടുമുണ്ട്. സംഗീതനിബന്ധനയ്ക്ക് അത്ര പുതുമ അവകാശപ്പെടാനില്ലെങ്കിലും ഈണവും താളാത്മകതയും ശ്രവണക്ഷമതയണയ്ക്കുന്നു. കല്യാണി രാഗത്തിന്റെ മാധുര്യം തീർച്ചയായും കിനിഞ്ഞിറങ്ങുന്നുണ്ട്. ചരണങ്ങൾക്കിടയ്ക്ക് നിബന്ധിച്ചിട്ടുള്ള റിഥം പാറ്റേണുകൾ (ഫ്ലൂട്, വയലിൻ, വീണ) വൈവിധ്യം ഉണർത്തുന്നതും മധുരതരവും ആണ്. നിശ്ചിതമായ ചില മെലഡികൾ സമ്മാനിയ്ക്കുന്നുമുണ്ട് ഈ സഞ്ചാരങ്ങൾ. തകിലിനോടു സാമ്യമുള്ള ഡ്രം ബീറ്റ്സും പാട്ടിനു ചില പ്രത്യേകതകൾ നൽകുന്നു.

ആൽബത്തിനു വൈവിദ്ധ്യമണയ്ക്കാൻ അമൃതവർഷിണിരാഗത്തിലാണ് “കായാമ്പൂ വർണ്ണൻ‘ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ശ്വേതയുടെ ആലാപനത്തിനാൽ മിഴിവു കിട്ടിയ ഒരു ഗാനം തന്നെ ഇത്. ഭക്തിഭാവം ഉടനീളം അനുഭവഭേദ്യവുമാണ്. ലളിതമാണ് പരിചരണം. ഘടനയിലെ പ്രത്യേകതകളും ആകർഷണീയമാണെന്നു പറയാം. ഇടവിട്ടു വരുന്ന “കൃഷ്ണ ഹരേ…രാധാമാധവ…” എന്ന കാലം മുറുകിയുള്ള ഭജനമട്ട് താളാത്മകത നൽകുന്നുവെങ്കിലും പാട്ടിനു സ്വലപ്പം വേഗം കൂടിയോ എന്ന തോന്നൽ വന്നു പോവുന്നുണ്ട്. പ്രകടമായ ചില പാകപ്പിഴകൾ ഗാനരചയിതാവ് ഒഴിവാക്കേണ്ടിയിരുന്നു എന്നത് ബാക്കി നിൽക്കുന്നു. ആൽബത്തിലെ പാട്ടുകൾ ഒന്നിച്ചു കേൾക്കുമ്പോൾ തികച്ചും വേറിട്ടു നിൽക്കുന്ന ട്രീറ്റ്മെന്റ് ആസ്വാദനക്ഷമത കൂട്ടുന്നുണ്ടെന്നു തന്നെ പറയാം.

ഈ ആൽബത്തിലെ ഏറ്റവും മികച്ചതെന്ന് അവകാശപ്പെടാവുന്നതാണ് “പഴനിമല പുണ്യമല വേൽ മുരുകൻ വാഴും മല”. ലളിതമായ പരിചരണവും മന്ദ്രവും ആർദ്രവും ആയ ആലാപനവും കേൾവിസുഖം ഏറെയാണ് അനുഭവഭേദ്യമാക്കുന്നത്. കാവടിയാട്ടമാണ് തീം എങ്കിലും അതിന്റെ ചടുലത ഉപേക്ഷിച്ചിട്ട് ആരാധനയും അർത്ഥനയും ഗാനരചനയിലും സംഗീതത്തിലും സന്നിവേശിച്ചിട്ടുണ്ട്. സിന്ധുഭൈരവിയുടെ പ്രകടനപരതയോ നാടകീയതയോ തീർത്തും ഉപേക്ഷിച്ച് ആ രാഗത്തിന്റെ സ്നിഗ്ധത മാത്രം സംഗീതത്തിൽ ആവിഷ്ക്കരിക്കാൻ മുരളീ രാമനാഥൻ ചെയ്ത ശ്രമം അഭിനന്ദനാർഹം തന്നെ. അദ്ദേഹം വളരെ ശ്രദ്ധയോടെ തന്നെ പാടിയിട്ടുമുണ്ട്. രാഹുൽ സോമന്റെ ഗാനരചനയിൽ യുക്തിസഹവും
അർത്ഥപൂർത്തിനിബന്ധിതവും ആയ പ്രയോഗങ്ങളാണ്. പാട്ടിന്റെ ഘടനയ്ക്ക് കെട്ടുറപ്പേകാനും ഇത് സഹായിച്ചിട്ടുണ്ട്. അപേക്ഷയുടേയും യാചനയുടേയും ഫീൽ ആദ്യവസാനം നിലനിർത്തിയിട്ടുമുണ്ട്. കീഴ്സ്ഥായിയിൽ “ഹര ഹരോ” യും മേത്സ്ഥായിയിൽ “വേൽ മുരുകാ” യും പ്രതിഷ്ഠിച്ചിരിക്കുന്നത് ഔചിത്യത്തോടെയാണ്. മിതമായ ഓർക്കെഷ്ട്രേഷൻ ഗാനഗാത്രത്തിൽ ഒട്ടിച്ചേർന്നു നിൽക്കുന്നു എന്നത് പ്രത്യേകതയാണു താനും. ഒരു നിശ്ചിത റിഥം പാറ്റേണിൽ ഡ്രംസ് നേർ രേഖയിൽ സഞ്ചരിക്കുയാണ് ആദ്യാവസാനം. ഈ രേഖയിൽ ചുറ്റിയ പോലാണ് ഗാനാവിഷ്കാരം. ഏകതാനത മടുപ്പുളവാക്കുന്നതുമല്ല. ശബ്ദായമാനമായി കൈവിട്ടുപോകാൻ ഏറെ സാദ്ധ്യതയുള്ളിടത്ത് കയ്യടക്കവും മിതത്വം പാലിച്ചു എന്നതിൽ സംഗീതകാരനും രചയിതാവിനും ഓർക്കെഷ്ട്രെഷൻ ചെയ്ത ദാമോദർ നാരായണനും അഭിമാനിയ്ക്കാം.

വളരെ വ്യത്യസ്തമായി സംഗീതഭാവനകൾ വിടർത്തി വിലസാമെന്ന് തെളിയിക്കുകയാണ് മുരളി രാമനാഥൻ “ശംഭോ മഹാദേവാ” യിലൂടെ. രുദ്രശിവനോട് കലിയുഗവിനാശങ്ങളെ സംഹരിക്കാനായി താണ്ഡവമാടാനുള്ള അപേക്ഷയാണ് മീനാ മേനോൻ വിദഗ്ധമായി രചിച്ച ഗാനത്തിന്റെ ഉള്ളടക്കം. “ഇരുളും മനസ്സുകൾ കലിതുള്ളിയാടുമീ ചുടലക്കളങ്ങളിൽ ചുവടുവയ്ക്കൂ” എന്നൊക്കെ കാവ്യഭംഗിയും ഉചിത പദഘടനയും കലർന്ന രചനാകൌശലം മീനാ മേനോൻ പുറത്തെടുക്കുമ്പോൾ അതിനൊപ്പിച്ച് ചടുലതയും ഊർജ്ജവും കലർന്ന ട്രീറ്റ്മെന്റും യോജിപ്പിച്ച് സംത്രാസം നിലനിർത്തുന്നു ഈ ഗാനം. ഭാവലയപൂരിതമാണ് ശരത്തിന്റെ ആലാപനം. ഏകാഗ്രതയോടെ പാടിത്തീർത്തിട്ടുമുണ്ട് അദ്ദേഹം. തന്റെ ഗുരുവായ ബാലമുരളീകൃഷ്ണ ജീവൻ നൽകിയ ലവംഗി രാഗം ആവേശിക്കാൻ ശരത്തിനു പണിപ്പെടേണ്ടി വന്നു കാണുകയില്ല. “ഓംകാരാകാരിണി….” യുടെ ഒരു നിഴൽ ഈ കീർത്തനത്തിലും വീണു കിടക്കുന്നുണ്ടോ എന്നു സംശയിക്കുകയും ആവാം. ഒരു ക്ലൈമാക്സിലെന്നപോലെ മേത്സ്ഥായിയിലെ ചിലപ്രയോഗങ്ങൾ കൊണ്ട് അവസാനം ശിൽ‌പ്പചാതുരി വെളിവാക്കിയിട്ടുണ്ട് സംഗീത സംവിധായകൻ. ഒരു ‘ക്ലാസിക്കൽ ടച്ച്’ വാർത്തെടുക്കാനെന്നപോലെ അവസാനം ഒരു ഹമ്മിങ്ങിലാണ് പാട്ട് തീരുന്നത്. അതുകൊണ്ടു തന്നെ സാധാരണ ഭക്തിഗാന കസ്സെറ്റുകളിൽ പരിചയപ്പെട്ടിട്ടുള്ള പാട്ടുകളിൽ നിന്നും വേറീട്ടു നിൽക്കുന്നു ഈ ശിവകീർത്തനം. വാങ്മയ ചിത്രങ്ങൾ, അതും സംഹാരതാണ്ഡവത്തിന്റെ തെളിയിച്ചെടുക്കാൻ പര്യാപ്തമാണ് ഓർക്കെഷ്ട്രേഷൻ. ചെണ്ടയുടേയും മറ്റു ഡ്രമ്മുകളൂടേയും ഇലത്താളത്തിന്റേയും ഉചിത പരിചരണത്തിൽ മിടുക്കനാണ് ദാമോദർ നാരായണൻ എന്ന് തെളിയിക്കുന്നു.

ഒരു റൊമാന്റിക് ഭാവഗീതത്തിന്റെ അന്തരീക്ഷമാണ് “സന്ധ്യാനേരം’ വിരിയിക്കുന്നത്. ഭക്തിയേക്കാൾ രാധയുടെ പ്രേമം തന്നെ പ്രമേയം. അതും ചുംബനത്തിൽ വരെ എത്തിനിൽക്കുന്ന പ്രേമപ്രഹർഷം. .ചന്ദനത്തിരിയുടെ സുഗന്ധം പോലെ തന്നിൽ നിറയുന്ന കൃഷ്ണനെ കാത്തിരിക്കുന്ന രാധയെ രാഹുൽ സോമൻ ചാരുതയോടെ വരച്ചെടുത്തിട്ടുമുണ്ട്. അതുകൊണ്ടൊക്കെത്തന്നെ ഒരു ഭക്തിഗാനത്തിന്റെ പരിസരങ്ങളിൽ നിന്നും തെല്ലു മാറിയുള്ള തനതായ ഐഡെന്റിറ്റിയും ഈ ഗാനം നേടിയെടുക്കുന്നു. വരികളും സംഗീതവും ഇത്രയും ഇഴചേർന്ന മറ്റൊരു ഗാനം ഈ ആൽബത്തിൽ ഇല്ല തന്നെ. ഗാനത്തിനു ബാഗേശ്രീ രാഗം നിബന്ധിയ്ക്കാനുള്ള തീരുമാനവും അനുമോദനീയമാണ്. “ചന്ദനം മണക്കുന്ന…’ എന്ന സിനിമാഗാനം ഓർമ്മവന്നെങ്കിൽ അത് ഈ പാട്ടിന്റെ മേന്മ എന്നേ കരുതാനുള്ളു. ശ്വേത മോഹന്റെ നല്ല പാട്ടുകളിലൊന്നായി ഇതിനെ ഗണിച്ചാൽ വിസ്മയമില്ല. ആലാപനമാധുരിയും ഭാവചാരുതയും അത്രയ്ക്ക് നിറഞ്ഞിട്ടുണ്ട്. ഓർക്കെഷ്ട്രേഷനിൽ ആദ്യം ആധുനികതയുടെ ഒരു ലാഞ്ഛന ഉണ്ടെന്നതൊഴിച്ചാൽ (അതും മധുരതരമാണ്) ബാക്കി ഇൻസ്റ്റ്രമെന്റൽ ജിമ്മിക്കുകളൊന്നുമില്ലാത്ത സ്വച്ഛതയാണ് ഉളവാക്കുന്നത്. അതും സംഗീതത്തോട് ചേർന്നു നിൽക്കുന്ന രീതിയിൽ തന്നെ. മൃദംഗത്തിന്റെ നടകൾ സഞ്ചരിക്കുന്നത് മനോഹരമായാണ്. വീണ ബിറ്റുകൾ പലയിടത്തും ആലാപനത്തെ പിന്തുണയ്ക്കുന്നതും ശ്രദ്ധേയമാണ്. ഫ്ലൂട്-വയലിൻ പ്രയോഗങ്ങൾ ബാഗേശ്രീയുടെ കുളിർമ്മ വാരി വിതറുന്നുമുണ്ട്.

ഭക്തിയുടെ ലാളിത്യവും നൈർമ്മല്യവുമായിരിക്കണം “ശ്രീരാമ രാമ…“ ചിട്ടപ്പെടുത്തുന്നതിനെ സ്വാധീനിച്ചത്. ആദ്യകേൾവിയിൽത്തന്നെ ഭക്തിയുടെ സമ്പന്നത ഉള്ളിൽത്തട്ടും വിധമാണ് കമ്പോസിങ്.‘ശ്രീരാമ രാമാ “ എന്ന് ആവർത്തിക്കുന്നതാണ് മുഖമുദ്ര.. ഒരോ ചരണവും ഓരോ രാഗത്തിൽ നിബന്ധിച്ചതു മാത്രമല്ല ഈ നാമജപവും അതതു രാഗങ്ങളിലൂടെയാണ് ആലാപനാസാദ്ധ്യമാകുന്നത് എന്നത് സവിശേഷത തന്നെ. ചരണങ്ങൾ പുരുഷശബ്ദത്തിലെങ്കിൽ സംഘാലാപനമാവുമ്പോൾ സ്ത്രീശബ്ദത്തിനു മുൻ തൂക്കം നൽകുന്നു എന്ന ഘടനാപരമായ വൈവിദ്ധ്യം സൂക്ഷ്മസമീപനത്തിന്റെ ഉദാഹരണം. രീതിഗൌളയിൽ തുടങ്ങി ശുദ്ധധന്യാസി, മായാമായവഗൌള വഴി മദ്ധ്യമാവതിയിലാണ് അവസാനിപ്പിക്കുന്നത്. ആൽബത്തിലെ അവസാനഗാനമെന്ന നിലയിൽ ഔചിത്യപൂർവ്വമെടുത്ത നിഷ്കർഷവൃത്തി. രാഗങ്ങളുടെ ഒഴുക്കിനെ നയിക്ക്ന്നത് വീണാലാപനം മാത്രമാണ്, മറ്റു ഘോഷങ്ങളൊന്നുമില്ല. രാമായണകഥാഭാഗങ്ങളെ ലോകയുക്തിബിംബങ്ങളാക്കുന്ന കാവ്യരചനയ്ക്ക് അതിന്റേതായ ഗുണങ്ങളുണ്ട്.

ബഹുജനപ്രീതിയ്ക്കുവേണ്ടി ഫോർമുലകൾ പിന്തുടരുകയോ ട്രെൻഡിനനുസരിച്ച് സർഗ്ഗശേഷിയെ അടിയറവു വയ്ക്കുകയോ ചെയ്യുന്നില്ല എന്നുള്ളതുകൊണ്ടു തന്നെയാണ് “ദിവ്യം” നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.