Monday, June 16, 2008

നായരീഴവ ക്രിസ്ത്യാനി പുലയ മുസ്ലീം നമ്പൂരി മഹാജന സഭ

കടലിലി നിന്നും കയറി വന്നവര്‍, മലയിറങ്ങി വന്നവര്‍ അങ്ങനെ കേരളത്തില്‍ കുടിയേറിയവര്‍ നിരവധി. വടക്കു നിന്നും ബ്രാഹ്മണര്‍ വന്നു, ഈഴവര്‍ ശ്രീലങ്കയില്‍ നിന്നും ‘ഏഴു കടലോടി വന്നു’ എന്നും പാടി നടക്കുന്നതിനിടയില്‍ ചില നമ്പൂരിമാര്‍ ഓടിപ്പോയി ക്രിസ്ത്യാനിയായെന്നു വേറെ വീരഗാഥകള്‍. പുലയര്‍ക്ക് രാജ്യാധികാരം വരെ ഉണ്ടായിരുന്നു എന്ന് ചരിത്രതെളിവുകള്‍. നായന്മാര്‍ അങ്ങു വടക്കു നിന്നും നാഗാരാധനയുമായി എത്തിയെന്ന് സാംസ്കാരിക ചരിത്രകാരന്മാര്‍ക്ക് തോന്നല്‍. ‘പറയി പെറ്റ പന്തിരുകുലം’ മിത്തോളജി യില്‍ ചരിത്രത്തിന്റെ ഒരു കണിക ലയിച്ചു കിടക്കുന്നുണ്ടോ എന്ന സംശയവും.

ആദിദ്രാവിഡര്‍ എന്നു വിശേഷിക്കപ്പെടുന്ന ഗോത്രവര്‍ഗ്ഗക്കാര്‍ ധാരാളമാണ് കേരളത്തില്‍, 34 ഓളം വരും ഈ ഗോത്രങ്ങള്‍. വളരെ പ്രാചീനവും പരിണാമപരമായി സംരക്ഷിക്കപ്പെട്ടവുരമായ ഇക്കൂട്ടരെ ഭാരതത്തില്‍ വേറെങ്ങും കാണാനില്ല. ആക്രമണങ്ങള്‍ക്കും പലായനങ്ങള്‍ക്കും വശംവദരായ വടക്കരെപ്പോലെ കലര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടില്ല ഇവര്‍ക്ക്. പ്രതിരോധത്തിനു തനതായ ദ്രവീഡിയന്‍ ഭാഷയും സഹായത്തിന്‍് എത്തിയിട്ടുണ്ടാവണം. അതുപോലെ കേരളത്തിലെ ഹിന്ദുക്കളുടേയും ക്രിസ്ത്യാനികളുടെയും മുസ്ലീമുകളുടെയും പരിണാമ ചരിത്രങ്ങളും ഭാരതത്തിലെ സമാന്തരവിഭാഗക്കാരുമായി വിഘടിച്ചു നില്‍ക്കുന്നു.നരവംശശാസ്ത്രജ്ഞന്മാര്‍ക്കും ചരിത്രകാരന്മാര്‍ക്കും മാത്രമല്ല മോളിക്യുലാര്‍‍ പരിണാമ ഗവേഷകര്‍ക്കും ഇഷ്ടപരീക്ഷണ കരുക്കളാണ് കേരള ജനത.

മനുഷ്യന്റെ ഉദ്ഭവവും ലോകപര്യടനവഴികളും വിപ്ലവകരമായി തെളിച്ചത് ഡി. എന്‍. എ. സീക്വെന്‍സ് പഠനങ്ങള്‍ ആണ്. അവന്റെ ചരിത്രം ഈ സീക്വെന്‍സുകളില്‍ കൊരുത്തു വച്ചാണ് നടപ്പ്. ഈ ഡി. എന്‍. എ കണ്ണികള്‍ ബന്ധങ്ങളുടെ കണ്ണികള്‍ കൂടിയാണ്. ഒരു ഗോത്രം മറ്റൊരു ഗോത്രവുമായി സങ്കലിച്ചാല്‍ സന്തതി പരമ്പര ആ കലര്‍പ്പിന്റെ അടയാളങ്ങള്‍ ഡി. എന്‍. എയില്‍ കോര്‍ത്തു വയ്ക്കും. കോര്‍ത്തു വയ്ക്കുകയല്ല, ചെറിയതോ വലുതോ ആയ ഡി. എന്‍. എ കണ്ണികള്‍ പൂര്‍വസ്മൃതിയുമായി വിളയാടും. വിഹിതമോ അവിഹിതമോ ആയ ബന്ധങ്ങളുടെ രഹസ്യ ഡയറികളുമാണ് ഈ നേരിയ ന്യൂക്ലിയോറ്റൈഡ് ശൃംഖല. കാരണം ഒരു സെറ്റ് ക്രോമൊസോം അച്ഛനില്‍ നിന്നും മറ്റേ സെറ്റ് അമ്മയില്‍ നിന്നും കിട്ടിയതാണ്. അത് പരിശോധിച്ചാല്‍ ‘എവിടെ നിന്നോ വന്നു ഞാന്‍’ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ചില മറുപടികള്‍ കിട്ടും. കേരളത്തിലെ നായര്‍-ഈഴവ-നമ്പൂതിര്‍-ക്രിസ്ത്യാനി-മുസ്ലീം ഡി. എന്‍. എ. തന്തുക്കള്‍ വെളിവാക്കുന്ന വാസ്തവങ്ങള്‍ അദ്ഭുതമല്ലെങ്കിലും സവര്‍ണ-അവര്‍ണ വ്യത്യാസങ്ങള്‍ സ്ഥിരപ്രതിഷ്ഠമാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന നമ്മെ അങ്കലാപ്പിലാക്കുകയാണ്. ‘ആരുവലിയവന്‍ ആരുചെറിയവന്‍’ എന്നത് വെറും സിനിമാപ്പാട്ടുവിസ്മയമല്ലെന്നും കെട്ടിമച്ചവിശ്വാസങ്ങളുടെ നേര്‍ക്ക് വലിച്ചെറിഞ്ഞ ചോദ്യമാണെന്നും മനസ്സിലാക്കുന്നത് അരോചകമാക്കും. ഗോത്രവര്‍ഗ്ഗങ്ങളും മറ്റു ജാതി-മതസഥരുമായുള്ള ബന്ധം ഈയിടെ നടത്തിയ പഠനങ്ങളില്‍ കൂടി വെളിപ്പെടുത്തുന്നത് അതിസാധാരണരാണ് നമ്മളൊക്കെയും എന്നാണ്. കലര്‍പ്പിന്റെ അയ്യരുകളി എന്നു പറഞ്ഞാല്‍ വാച്യാര്‍ത്ഥത്തില്‍ അതു ശരിയാകാനും സാധ്യതയുണ്ട്. ബ്രാഹ്മണ(നമ്പൂരിമാര്‍)രും ഈ സംഘക്കളിയില്‍ പങ്കു ചേര്‍ന്നിട്ടുണ്ട്.

പണ്ട് ഇഴ പിരിഞ്ഞ, ഇണചേര്‍ന്ന ഡി. എന്‍. എ മാലകള്‍ കണ്ണികള്‍ പരിശോധിയ്ക്കുപ്പെടുകയാണ് ഇന്ന് പരീക്ഷണശാലയില്‍. മനുഷ്യരുടെ ഒരു ജീനിനു പൊതുവേ ഒരു ഡി. എന്‍. എ സീക്വെന്‍സായിരിക്കുമെങ്കിലും ചില ജീനുകളില്‍ കണ്ണികളുടെ വിന്യാസത്തില്‍ നേരിയ മാറ്റം കാണാം. Polymorphism എന്ന് ലളിതമായി പറയാം ഈ പ്രതിഭാസത്തെ. രണ്ടു വ്യത്യസ്ത പോളിമോര്‍ഫിസമുള്ള അച്ഛനും അമ്മയ്ക്കും ഉണ്ടാകുന്ന സന്തതിയ്ക്ക് ഇരട്ട വ്യത്യസ്ഥത കാണും. എല്ലാ ജീനുകളും രണ്ടെണ്ണം വീതമുണ്ട് ജീവികളില്‍. അല്ലീല്‍ (allele)എന്നു വിളിക്കും ഈ ഇണകളെ. ചില ജീനുകള്‍ക്ക് പല അല്ലീല്‍ കാണപ്പെടാം. ജീനുകളുടെ നടുക്ക് വെറുതെ കിടക്കുന്ന ഡി. എന്‍.എ സീക്വെന്‍സു (introns)കളുടെ വ്യത്യാസം കാരണം ഇങ്ങനെ നിരവധി അല്ലീലുകള്‍ പെറുക്കിയെടുക്കാം. ഈ അല്ലീല്‍ സീക്വെന്‍സുകള്‍ ഓരോ ചെറു സമൂഹത്തിന്റേയും വ്യതസ്ത വ്യക്തിത്വം വ്യഞ്ജിപ്പിക്കുന (രഹസ്യ?) കോഡുകളാണ്. നിരവധി അല്ലീലുകള്‍ ഉള്ള ജീനുകളില്‍‍ അവയിലെ ഡി. എന്‍. എ സീക്വെന്‍സുകളാല്‍ സൃഷ്ടിക്കുന്ന ഈ ‘കോഡ്’ താരതമ്യം ചെയ്താല്‍ സമൂഹങ്ങളോ ജാതികളോ മതങ്ങളോ ആയി വേര്‍തിരിഞ്ഞവരുടെ ബന്ധങ്ങള്‍ ഊര്‍ത്തി വലിച്ചു പുറത്തിടാന്‍ പര്യാപ്തമാക്കും.അമ്മയില്‍ നിന്നും ലഭിച്ച മൈറ്റോക്കോന്‍ഡ്രിയല്‍ ഡി. എന്‍. എയും ഇത്തരം ബന്ധങ്ങളെ സൂചിപ്പിക്കും. അച്ഛനില്‍ നിന്നും കിട്ടിയ Y ക്രോമൊസോമിലും ഇത്തരം നിഗൂഢകണ്ണികള്‍ ചരിത്രരഹസ്യങ്ങളും പേറി ഇരിപ്പാണ്. ഇവയെല്ലാം നരവംശശാസ്ത്രത്തിന്റെ അദ്ഭുതാവഹമായ വിസ്മയങ്ങള്‍ മാത്രമായിരിക്കുന്നില്ല, സമൂഹ്യ-സാംസ്കാരിക ചരിത്രത്തിന്റെ ബലം പുനര്‍നിര്ണ്ണയിക്കപ്പെടുകയും വിശ്വാസങ്ങള്‍ക്ക് ആഘാതമേല്‍പ്പിക്കുകയും ചെയ്യുന്നു.

ഹുമന്‍ ല്യൂകോസൈറ്റ് ആന്റിജെന്‍ (Human leukocyte antigen- HLA) വിവിധ പൊപുലേഷനുകളുടെ ജനിതകശാസ്ത്രപഠനങ്ങള്‍ക്കും സാജാത്യ-വ്യത്യാസങ്ങളുടെ അടയാളമായും പരക്കെ ഉപയോഗിക്കപ്പെട്ടു വരുന്ന ഒരു ജീന്‍ ആണ്. മേല്‍പ്പറഞ്ഞ അല്ലീലുകള്‍ നിരവധി കാണപ്പെടുന്നതുകൊണ്ട് ഓരോ സമൂഹങ്ങളുടെ കൃത്യ അടയാളങ്ങളായി ഈ HLA അല്ലീലുകള്‍ വര്‍ത്തിക്കുന്നു. ജനിതക-നരവംശഗവേഷണങ്ങള്‍ക്കും ദേശാടനത്തിന്റേയും കലര്‍പ്പിന്റേയും വഴികള്‍ വരച്ചെടുക്കാനും HLA അല്ലീലുകളുടെ പഠനങ്ങള്‍ സഹായിക്കുന്നു. A, B, C എന്ന് വേര്‍തിരിക്കപ്പെട്ട പോളിമോര്‍ഫിസങ്ങളില്‍ കാണപ്പെടുന്ന അല്ലീലുകളുടെ വ്യത്യാസങ്ങള്‍ സാംസ്കാരികമായോ ജാതി-മതപരമായോ ഭാഷാപരമായോ വേര്‍തിരിഞ്ഞ അടരുകളെ ബന്ധപ്പെടുത്താനോ വെവ്വേറെ കള്ളികളിലാക്കാനോ ഉതകും. ഏകദേശം രക്ത ഗ്രൂപ് A, B, O എന്ന പോളിമോര്‍ഫിസം പോലെയാണ് HLA യുടെ A, B, C തരംതിരിവുകള്‍. ഒരു വ്യത്യാസം ഒരാളില്‍ ഇവ മൂന്നും കാണപ്പെടാന്‍ സാദ്ധ്യത ഉണ്ടെന്നുള്ളതാണ്. ഓരോ ഗ്രൂപ്പിലും ഡി. എന്‍. എ. കണ്ണികളുടെ അനുക്രമങ്ങളില്‍ ചെറിയ വ്യത്യാസങ്ങള്‍ കാണപ്പെടും. നേരത്തെ പറഞ്ഞ അല്ലീലുകള്‍ തന്നെ. വ്യത്യസ്ത അല്ലീലുകളുടെ ഡി. എന്‍. എ അനുക്രമം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്, ഈ അനുക്രമങ്ങള്‍ ലോകത്തെ മനുഷ്യവംശത്തിന്റെ ചെറിയ ഗ്രൂപ്പുകളില്‍ പോലും ഏത് അനുപാതത്തില്‍ കാണപ്പെടുന്നു എന്നു കണ്ടു പിടിച്ചിട്ടുമുണ്ട്. ഉദാഹരണത്തിനു HLA B യുടെ നിരവധി അല്ലീലുകളില്‍ ഏതൊക്കെയാണ് ഒരു പ്രത്യേക വംശത്തിലോ കുലത്തിലോ കൂടിയ ആവൃത്തി (frequency)യില്‍ കാണപ്പെടുന്നത് എന്നത് തീര്‍ച്ചയാക്കപ്പെട്ടിട്ടുണ്ട്. ഈ ഫ്രീക്വെന്‍സി പഠനങ്ങള്‍ ഇന്ന് നരവംശശസ്ത്രജ്ഞരുടെയും മോളിക്യുലാര്‍ ജനിതകശാസ്ത്രജ്ഞരുടെയും പ്രിയതരമായ വ്യാപാരമാണ്. കേരളത്തിലെ ആദിദ്രാവിഡരുടേയും പില്‍ക്കാലത്ത് ഉരുത്തിരിഞ്ഞ ജാതി-മതബന്ധങ്ങളുടേയും കൃത്യതരമായ നിര്‍വചനമാണ് HLA allele പഠനങ്ങള്‍ വഴി തെളിയിച്ചെടുക്കുന്നത്. സെന്റെര്‍ ഫോര്‍ ബയോടെക്നോളൊജി (തിരുവനന്തപുരം) യിലെ ഡോ. ബാനെര്‍ജിയും സഹഗവേഷകരും ((ആര്‍. തോമസ്, എസ്. ബി. നായര്‍, മൊയ്ന ബാനെര്‍ജി സംഘം) വെളിച്ചത്തെടുക്കുന്ന വസ്തുതകളാല്‍‍ കേരളത്തിലെ ജാതി-മത ബന്ധങ്ങള്‍ പുന:പരിശോധിക്കപ്പെടുകയാണ്.

ഗോത്രവര്‍ഗ്ഗക്കാരുടെ HLA അല്ലീലുകള്‍ നിര്‍ണ്ണയിച്ച് അവര്‍ തമ്മിലുള്ള സാജാത്യ-വൈജാത്യങ്ങള്‍ പഠിയ്ക്കുകയാണ് ഡോ. ബാനെര്‍ജിയും കൂട്ടരും ആദ്യം ചെയ്തത്. പണിയര്‍, മലമ്പണ്ടാരം, അടിയര്‍, കുറിച്യര്‍, കാണിക്കാര്‍, കാട്ടുനായ്ക്കര്‍, കുറുമര്‍ എന്നീ ആ‍ാദിദ്രാവിഡ ഗോത്രങ്ങളിലെ അല്ലീലുകള്‍ തരം തിരിയ്ക്കുകയും അതോടൊപ്പം ഗോത്രവര്‍ഗ്ഗക്കാരല്ലാത്ത മറ്റു കേരളീയര്‍ (Random nontribal Ddravidian group, RND)ഉടെ അല്ലീലുകളും പരിശൊധിക്കപ്പെട്ടു. ഗോത്ര-അഗോത്ര താരതമ്യത്താല്‍ ‍ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍:
1.ഗോത്രവര്‍ഗ്ഗക്കാര്‍ എല്ലാം ഒരു ഗ്രൂപ്പില്‍ പെടുത്താവുന്നവരാണ്, RND മറ്റൊരു ഗ്രൂപും. 2. ഗോത്രവര്‍ഗ്ഗക്കാരിലെ മിക്ക അല്ലീലുകളും കുറഞ്ഞ ഫ്രീക്വന്‍സിയിലെങ്കിലും RND ഗ്രൂപ്പില്‍ കാണപ്പെടുന്നുണ്ട്. 3. കുറിച്യര്‍ മാത്രം ഗോത്രവര്‍ഗ്ഗക്കാരില്‍ നീനും സ്വല്‍പ്പം വേറിട്ട് RND ഗ്രൂപ്പിനോടടുത്ത് നില്‍ക്കുന്നു. 4. ഗോത്ര വര്‍ഗ്ഗക്കാര്‍ മറ്റു ലോക ഗ്രൂപ്പുകളില്‍ നിന്നും വ്യത്യസ്തമായി നിലകൊള്ളുന്നു, RND ഗ്രൂപ് ഇന്‍ഡോ-യൂറോപ്യന്‍ വംശാവലിയുടെ അതിസ്വാധീനമുള്ള വടക്കെ ഇന്‍ഡ്യന്‍ ഗ്രൂപ്പിനോട് അടുത്ത് ഇടം തേടുന്നു.5. ദ്രവീഡിയന്‍ വംശാവലിയില്‍ പിന്നറ്റത്ത് നിലയുറപ്പിച്ചിരിക്കുന്നത് കുറുമരും മലമ്പണ്ടാരവും കാട്ടുനായ്ക്കരുമാണ്, ഇവരായിരിക്കണം ശുദ്ധദ്രവീഡിയന്‍ പിന്തുടര്‍ച്ചക്കാര്‍. 6. ദക്ഷിണഭാരതീയരില്‍ മാത്രം, ഉത്തരേന്ത്യയില്‍ കാണാത്ത അല്ലീലുകളുടെ സാന്നിധ്യം തെക്കു-വടക്ക് കലര്‍പ്പുകള്‍ ക്ക് അതിര്‍വരമ്പിടുന്നു. അഗോത്രവര്‍ഗ്ഗക്കാരായ മറ്റു കേരളീയര്‍ വടക്കന്‍ അല്ലീലുകളുടേ സ്വാധീനത്താല്‍ ‘ഗുപ്തദ്രാവിഡര്‍’‍ (Crypto-dravidians) എന്ന പേരിലാണ് ഇന്ന് അറിയപ്പെടുന്നത്.

അടുത്തതായി ഈ ഗവേഷകസംഘം ഗോത്രവര്‍ഗ്ഗക്കാരുടേയും മറ്റു മത-ജാതിക്കാരുടേയും (നായര്,ഈഴവ,നമ്പൂതിരി‍, മുസ്ലീം, സിറിയന്‍ ക്രിസ്ത്യന്‍) ഗോത്രവര്‍ഗ്ഗത്തില്‍ പെടാത്ത പുലയരുടേയും അല്ലീലുകളുമായി താരതമ്യം ചെയ്യാനാണ്‍ ഒരുമ്പെട്ടത്. ഗവണ്മെന്റ് ഓര്‍ഡിനന്‍സ് പ്രകാരം പുലയരെ ഗോത്രവര്‍ഗ്ഗക്കാരില്‍ നിന്ന്നും മാറ്റി പ്രതിഷ്ഠിച്ചിരുന്നു അന്‍പതുകളില്‍. അല്ലീലുകളുടെ കൊള്ളക്കൊടുക്കകഥകള്‍ ഇങ്ങനെ:

HLA-A
ഈ അല്ലീലുകള്‍ ഏറ്റവും കൂടുതല്‍ നായന്മാരില്‍ ആണ് കണ്ടെത്തിയത്. എന്നുവച്ചാല്‍ ഏറ്റവും വ്യാപകമായി സ്വീകരിക്കപ്പെട്ടിരിക്കുന്നു, പല ഗ്രൂപ്പുകളില്‍ നിന്നുമായി. ഏറ്റവും കുറവ് പുലയരില്‍ ആണ് കാണപ്പെടുന്നത്. ഏറ്റവും ഫ്രീക്വന്റ് ആയ അല്ലീല്‍ HLA-A 24 പുലയരിലും നമ്പൂതിരിമാരിലും ഒരു പോലെയാണ് (freqvency=0.25)നായന്മാരില്‍ 0.23, സുറിയാനി‍ ക്രിസ്ത്യാനികളില്‍ 0.27, ഈഴവരില്‍ 0.1, മുസ്ലീമുകളില്‍ 0.177 ഇങ്ങനെ പോകുന്നു. HLA-A02 ഈഴവരിലും മുസ്ലീമുകളിലും ആണ് ഏറ്റവും കൂടുതല്‍ ഫ്രീക്വസിയില്‍. A 23 ആകട്ടെ നായരിലും ഈഴവരിലും മാത്രം. A 29 നായന്മാര്‍ക്കു മാത്രം. പുലയരിലുള്ള ആറു അല്ലീലുകളും നമ്പൂതിരിമാരുള്‍പ്പെടെ എല്ലാവരിലുമുണ്ട്. A 33 നമ്പൂതിരിമാരില്‍ ഏറ്റവും കൂടുതല്‍ (ഫ്രീക്വസി 0.2). സുറിയാനി ക്രിസ്ത്യാനികളിലും ഈഴവരിലും മുസ്ലീമുകളിലും ഈ അല്ലീല്‍ 0.15 നോടടുത്ത്. എന്നാല്‍ പുലയരിലും നായന്മാരിലും തീരെ കുറവ് (0.063). നമ്പൂതിര്‍മാരില്‍ നിന്നും മറ്റു ജാതി-മതക്കാര്‍ സ്വീകരിച്ചതാകാം ഈ അല്ലീല്‍.

HLA-B
27 എണ്ണമുള്ളതില്‍ നായന്മാരില്‍ 19 ഉം കാണപ്പെടുന്നു. HLA-B 07 ഏറ്റവും കൂടുതല്‍ പുലയരിലും നമ്പൂതിരിമാരിലും (0.281, 0.288 ഫ്രീക്വന്‍സികള്‍). ഈഴവരില്‍ ഇത് വളരെ കുറവ്. നായന്മാരിലും മുസ്ലീമുകളിലും ഏകദേശം ഒരുപോലെ. കുറിച്യരില്‍ ഇതു കൂടുതലാണ്: 0.35 ഫ്രീക്വന്‍സി. B 40 ആണ് നമ്പൂതിര്‍മാരിലും പുലയരിലും ഒരൊപോലെ കൂടുതലായി കാണപ്പെടുന്ന ഒരു അല്ലീല്‍. B 14 സുറിയാനി ക്രിസ്ത്യാനികളില്‍ മാത്രം കാണപ്പെടുമ്പോള്‍ B 38 ഈഴവരില്‍ മാത്രം.സിറിയന്‍ ക്രിസ്ത്യാനികളിലും നമ്പൂതിരി‍മാരിലും മാത്രമായി കുറഞ്ഞ ഫ്രീക്വന്‍സിയില്‍ കാണപ്പെടുന്നു B 18. B 35 ആകട്ടെ സുറിയാനി ക്രിസ്ത്യാനികള്‍, ഈഴവര്‍, മുസ്ലീം, നമ്പൂതിരി എന്നിവരില്‍ ധാരാളം.

HLA-C
ആകെ 12 എണ്ണം പരിശോധിക്കപ്പെട്ടതില്‍ C 06 എല്ലാഗ്രൂപ്പിലും കാണപ്പെടുന്നുണ്ട്. Cw 04മുസ്ലീമുകളിലാണു കൂടുതല്‍, തൊട്ടു താഴെ സിറിയന്‍‍ ക്രിസ്ത്യന്‍ ,പിന്നെ നമ്പൂതിരി. ഈഴവരിലും പുലയരിലും ഇത് ഒരുപോലെ. സ്വല്‍പ്പം നായന്മാരിലും. Cw 07നായന്മാരില്‍ എറ്റവും കൂടുതല്‍, ഈഴവരിലും നമ്പൂതിരിമാരിലും പുലയരിലും ഏകദേശം ഒരുപോലെ ഫ്രീക്വെസി. ഗോത്രവര്‍ഗ്ഗക്കാരില്‍ കൂടുതല്‍ കാണപ്പെടുന്ന C 14 പുലയരിലും നായന്മാരിലും സുറിയാനി ക്രിസ്ത്യാനികളിലും ഏകദേശം ഒരുപോലെയാണ്.

കൂട്ടപ്പകര്‍ച്ച (Haplotypes)

രണ്ടോ മൂന്നോ അല്ലീലുകള്‍ ഒരു ഗ്രൂപ്പായി തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടാം. ഇതിന് 'haplotype' എന്നു പറയുന്നു. ഒരു അല്ലീല്‍ കൊണ്ടു മാത്രം ബന്ധപ്പെടുത്തുന്നതിനേക്കാള്‍ തീവ്രതയും അടുപ്പവുമാണ് രണ്ടോ അതിലധികമോ അല്ലീലുകള്‍ ഒരു ഗ്രൂപ്പായി കാണപ്പെടുന്ന രണ്ടു ജാതികളെ ബന്ധപ്പെടുത്തുന്നതില്‍. ഉദാഹരണത്തിനു HLA B യുടേയും C യുടേയും രണ്ടു നിശ്ചിത അല്ലീലുകള്‍ രണ്ടു കൂട്ടരില്‍ കാണുന്നുവെന്നാല്‍ അവ രണ്ടും കൂടുതല്‍ ജീന്‍ കൈമാറ്റത്തിനു വശംവദരായെന്നു സാരം. Bilocus haplotype എന്ന് ഇതിനു പേര്. ഉദാഹരണത്തിന് B 35 എന്ന അല്ലീലും C 14 എന്ന അല്ലീലും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്ന B 35 C 14 എന്ന ഹാപ്ലോറ്റൈപ് കാട്ടുനായ്ക്കരിലാണ് ഏറ്റവും കൂടുതല്‍ ഫ്രീക്വന്‍സിയില്‍ കാണപ്പെടുന്നത്. ഇതേ ഹാപ്ലോറ്റൈപ് ചെറിയ തോതിലെങ്കിലും നായര്‍-മുസ്ലീം-ഈഴവ-ക്രിസ്ത്യാനി-നമ്പൂതിരി മാരില്‍ കാണപ്പെടുന്നുണ്ട്. ആകെ 48 ഹാപ്ലോറ്റൈപ് പരിശോധിക്കപ്പെട്റ്റതില്‍ 29 എണ്ണം സുറിയാനിക്രിസ്ത്യാനികളിലും 27 എണ്ണം നമ്പൂതിരിമാരിലും 25 എണ്ണം നായന്മാരിലും 23 എണ്ണം മുസ്ലീമുകളിലും കാണുന്നു. ഇങ്ങനെ വാരി വിതറപ്പെട്ടവ പലതും ഒരേ തരം തന്നെയാണ്. കാട്ടുനായ്ക്കരില്‍ 23 ഉം കുറിച്യരില്‍ 22ഉം. B 61 C 14 കുറിച്യരൊഴിച്ച് എല്ലാ ഗ്രൂപ്പുകളിലുമുണ്ട്. B 35 C 04 എന്ന ഹാപ്ലോറ്റൈപ് കാണിക്കാരില്‍ കൂടുതല്‍ കാണുന്നു, ഇത് ഇതേ പടി സുറിയാനി‍ ക്രിസ്ത്യാനികളിലേക്ക് പകര്‍ന്നിട്ടുണ്ട്. മുസ്ലീമുകളും നമ്പൂതിരിമാരും ഇതു ലോഭമില്ലാതെ പിടിച്ചെടുത്തിട്ടുണ്ട്.ഈഴവരും നായന്മാരും സ്വല്‍പ്പം പിന്നില്‍. B 07 C 07 ആകട്ടെ നായര്‍-നമ്പൂതിരി-ഈഴവര്‍ എന്നിവരില്‍ നന്നായിട്ട് പ്രകടമാണ് , പുലയരില്‍ ഇത് കൂടുതലായി കാണപ്പെടുന്നുള്ളതിനാല്‍ അവരില്‍ നിന്നും സ്വംശീകരിച്ചതാകാന്‍ സാദ്ധ്യത. ഗോത്രവര്‍ഗ്ഗക്കാരിലേക്കു പകരാതെ നില്‍ക്കുന്ന ഹാപ്ലോറ്റൈപ് ആണ് B 44 C 07. B 7 A 24 നമ്പൂതിരിമാരില്‍ ഫ്രീക്വസി കൂടുതല്‍. മറ്റു നാട്ടുകാര്‍ ഇത് ഏറ്റുവാങ്ങിയിട്ടില്ല ഇതുവരെ. മൂന്നു അല്ലീലുകള്‍ ഒരുമിച്ച് (trilocus haplotype)പകര്‍ന്നതിന്റെ കണക്കുകള്‍ പുലയിരില്‍ നിന്നും സംക്രന്മിച്ച അല്ലീലുകളുടെ കഥകളാണ് ചൊല്ലിത്തരുന്നത്.( B 07 C 07 A 11). ചില മൂവര്‍ അല്ലീല്‍ക്കൂട്ടം ഗോത്രവര്‍ഗ്ഗക്കാരില്‍ നിന്നും ‘മേല്‍’ ജാതിയിലേക്ക് പകര്‍ന്നിട്ടേ ഇല്ല. B 40 C 14 A 24 എന്ന അല്ലീല്‍ക്കൂട്ടം തെക്കേ ഇന്‍ഡ്യക്കാരില്‍ മാത്രം കാണപ്പെടുന്നതാണ്. നമ്പൂതിര്‍മാരിലേക്ക് ഇത് ഇനിയും പടര്‍ന്നിട്ടില്ല. B 52 C 14 A 24 കൂട്ടല്ലീല്‍ ഗോത്രവര്‍ഗ്ഗക്കാരില്‍ മാത്രം, അതും കാട്ടുനായ്ക്കരില്‍ ഏറ്റവും കൂടുതല്‍ ഫ്രീക്ക്വസിയില്‍. ഈ അല്ലീല്‍കൂട്ടമായിരിക്കണം പ്രാചീനമായിരുന്ന ദ്രവീഡിയന്‍ പോപുലേഷനിലെ പ്രപിതാമഹന്മാരുടെ ഹാപ്ലോറ്റൈപ്.

ഈ ഇടകലശല്‍ വ്യാപകമ്മണെങ്കിലും ഗോത്ര-അഗോത്ര വര്‍ഗ്ഗങ്ങള്‍ ചില വ്യക്തിസ്വത്വങ്ങള്‍ കാത്തു സൂക്ഷിയ്ക്കുന്നുമുണ്ട്. HLA-A, B, C അല്ലീലുകളുടെ ഫ്രീക്വെന്‍സി വിശദമായ സ്റ്റാറ്റിറ്റിക്കല്‍ പഠനങള്‍ക്കും മറ്റു ലോക പോപുലേഷനുകളുമായി താരതമ്യവിശകലനങ്ങള്‍ക്കും വിധേയമാക്കിയപ്പോള്‍ തെളിഞ്ഞത് ഗോത്രവര്‍ഗ്ഗക്കാര്‍ ഒരു ഗ്രൂപ്പിലും മറ്റുജാതി-മതക്കാര്‍ ലോകപോപുലേഷനുമായി ബന്ധപ്പെട്ട മറ്റൊരു ഗ്രൂപ്പിലും ആണെന്നാണ്. രണ്ട് ‘cluster groups' ഉള്ളതില്‍ കുറിച്യര്‍ വേറിട്ടു നില്‍ക്കുന്ന ഗോത്ര വര്‍ഗ്ഗവും അതിനേക്കാള്‍ വലിയ മറ്റു ജാതി-മതക്കാരും. ഗോത്രവര്‍ഗ്ഗക്കാര്‍ കൃത്യമായ ദ്രവീഡിയന്‍ 'gene pool' നിലനിര്‍ത്തുന്നുണ്ടെങ്കില്‍ മറ്റുള്ള കേരളീയരുടെ gene pool-ല്‍‍ ദ്രവീഡിയനും ഇന്‍ഡോ‍ായൂറോപ്യനും ( (ബാലൊക്-പാകിസ്താന്‍,ബുറുഷോ-പാകിസ്താന്‍, കലാഷ്-പാകിസ്താന്‍, പഠാന്‍-പാകിസ്താന്‍, സിന്ധി-പാകിസ്താന്‍, വടക്കെ ഇന്‍ഡ്യന്‍) ഈസ്റ്റ് ഏഷ്യനും ( (സൌത് കൊറിയ,തായ് ലന്‍ഡ്, വുഹാന്‍-ചൈന) വ്യക്തമായ സ്വാധീനമുണ്ട്. ഈ സ്വാധീനം വടക്കെ ഇന്‍ഡ്യക്കാരുമായി അടുത്തു നിര്‍ത്തുന്നു. B 35 , C 04 എന്നീ അല്ലീലുകള്‍ കൂടുതല്‍ കാണപ്പെടുന്ന മെഡിറ്ററേനിയന്‍ (ഗ്രീക് ഏജിയന്‍, ഗ്രീക് അറ്റിക്ക , ഗ്രീക് സൈപ്രിയോട്സ്, വടക്കെ ഇറ്റലി, ടര്‍ക്കി) ജീന്‍ പൂളിന്റെ സ്വാധീനം ഏറ്റവും കൂടുതല്‍ കാണുന്നത് മുസ്ലീമുകളിലും സുറിയാനി ക്രിസ്ത്യാനികളിലുമാണ്. എന്നാല്‍ നായന്മാരിലുള്ള സ്വാധീനം വെസ്റ്റേണ്‍ യൂറോപ്യന്‍ (ബെല്‍ജിയം, എസ്സെന്‍-ജെര്‍മനി, ഓര്‍കിനി-സ്കോട് ലന്‍ഡ്, വടക്കെ അയര്‍ലന്‍ഡ്) ആണ്, B 07, C 07 എന്നീ അല്ലീലുകളുടെ ആധിക്യം കാരണം. എന്നാല്‍ ഈഴവരിലും നമ്പൂതിരിമാരിലും യൂറോപ്യന്‍, സെന്റ്രല്‍ ഏഷ്യന്‍ ( ഖാല്‍ക്ക-ഊല്‍ഡ്-റ്റ്സാറ്റന്‍- എന്നീ മംഗോള്‍ വര്‍ഗ്ഗം) ഈസ്റ്റ് ഏഷ്യന്‍ ( വുഹാന്‍-ചൈന, തെക്കന്‍ കൊറിയ, തായ് ലന്‍ഡ്) ജീന്‍ പൂളുകളുടെ സ്വാധീനം കാണുന്നുണ്ട്. രണ്ടു വ്യത്യസ്തമായ ദേശാടന കുടിയേറ്റ സംഭവങ്ങള്‍-കിഴക്കനും പടിഞ്ഞാറനുമായ വംശാവലികള്‍ -കടന്നു കയറിയതിന്റെ തെളിവ് കണ്‍പെട്ടിട്ടുണ്ടു താനും. ബാനെര്‍ജിയുടേയും കൂട്ടരുടേയും ലേഖനത്തില്‍ ഇങ്ങനെ: ‘It is evident from the HLA class I allelic and haplotypic frequencies that the Dravidian communities of Kerala have been influenced by the gene pools of different world populations during different time periods, giving rise to a unique and distinct population having crypto-Dravidian features'.

പറയി പെറ്റ പന്തിരുകുലം
ഈ പഠനങ്ങളില്‍ ശ്രദ്ധിക്കപ്പെടേണ്ടത് പറയിയുടെ/പുലയിയുടെ മക്കള്‍ നമ്മള്‍ എന്ന മിത്തിനോടടുത്ത് നില്‍ക്കുന്നു ഈ നിഗമനങ്ങള്‍ എന്ന രസാവഹമായ കണ്‍പാര്‍ക്കലാണ്. ഗോത്രവര്‍ഗ്ഗക്കാരല്ലാത്ത നായര്‍-ക്രിസ്ത്യാനി-ഈഴവ- മുസ്ലീം -നമ്പൂതിരി പ്രഭൃതികളുടെ പ്രപിതാമഹരുടെ സ്ഥാനം പുലയര്‍ക്കാണ്. അല്ലീലുകളുടെ വ്യാപനം ഇതാണ് സൂചിപ്പിക്കുന്നത്. വന്നുകയറുന്ന ജനസമൂഹങ്ങള്‍ക്ക് സങ്കലിയ്ക്കാന്‍ യോജ്യമായ സാമൂഹിക-സാംസ്കാരിക ഇഴയടുപ്പം പുലയരായിരിക്കണം സജ്ജമാക്കിയത്. സാവിത്രി-ചാത്തന്‍ സംഗമങ്ങള്‍ പദ്യഭാവനകളില്‍‍ മാത്രം ഒതുക്കേണ്ടതില്ല. സാമൂഹ്യകാരണങ്ങള്‍ക്ക് ഇത്തരം വിലയനങ്ങളില്‍ സാംഗത്യമുണ്ട്. ഗോത്രവര്‍ഗ്ഗങ്ങളില്‍ വേറിട്ടുനില്‍ക്കുന്നത് കുറിച്യരാണ്. അസ്ത്രവിദ്യ കൈമുതലായിട്ടുള്ള കുറിച്യര്‍ പ്രതിരോധത്തിനു നിയോഗിക്കപ്പെട്ടതായിയിരിക്കണം അവരുടെ സമൂഹത്തിനു വെളിയില്‍ നിന്നുള്ള വ്യാപനത്തിനു വഴിയൊരുക്കയത്. മറ്റ് ഇന്‍ഡോ-യൂറോപ്യന്‍ സമൂഹങ്ങളുമായി അടുപ്പം കാണിയ്ക്കുന്ന നായന്മാരുടെ ഉദ്ഭവം വടക്കുള്ള നേവാര്‍ (നേപാള്‍ താഴ്വരയിലെ)സമൂഹമായിരിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് ബാനെര്‍ജിയുടേയും കൂട്ടരുടെയും നിഗമനം. ഈഴവരുടെ ഉദ്ഭവം ദുരൂഹതയിലാണ്. ശക്തമായ കിഴക്കന്‍ യൂറോപ്യന്‍(ഭാരതത്തിനു കിഴക്കും മദ്ധേഷ്യയിലുമുള്ള ജനസമൂഹം) മൂലകങ്ങള്‍ അല്ലീലുകളുടെ താരതമ്യത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മംഗോള്‍ സമൂഹവുമായും ഈഴവരുടെ അല്ലീലുകള്‍ സാജാത്യം പ്രകടമാക്കുന്നുണ്ട്. ബുദ്ധമതായനുനായികള്‍ ഈ സ്ഥലങ്ങളില്‍ നിന്നും ശ്രീലങ്ക വഴി എത്തിച്ചേര്‍ന്നതോ എന്ന സംശയം ബാക്കി.നമ്പൂതിരിമാര്‍ക്കാകട്ടെ ഇന്‍ഡോ-യൂറോപ്യന്‍ കൂടാതെ മദ്ധ്യേഷ്യ, കിഴക്കന്‍ ഏഷ്യ എന്നീ ജീന്‍ പൂളുകളുടെ സ്വാധീനം‍ കാണാനുണ്ട്. ഭാരതത്തില്‍ പരക്കെയുള്ള ബ്രാഹ്മണര്‍ക്ക് പല ഉദ്ഭവ-ദേശാടനചരിത്രവും കുടിയേറ്റത്തില്‍ വൈജാത്യങ്ങളും കാണുന്നുണ്ടെന്നുള്ളത് സുവിദിതമാണ്. തമിഴ് ബ്രാഹ്മണര്‍ (അയ്യര്‍, അയ്യങ്കാര്‍) ഉമായി മലയാളി ബ്രാഹ്മണര്‍ അല്ലീലുകള്‍ പങ്കിടുന്നില്ല. മലബാര്‍ മുസ്ലീമുകള്ഉം സുറിയാനി ക്രിസ്ത്യാനികളും മെഡീറ്റെറേനിയന്‍ ജീന്‍ പൂളിന്റെ കലര്‍പ്പുള്ളവരാണ്. ബാനെര്‍ജിയും കൂടരും എഴുതുന്നു: “Although nontribal communities display greater Dravidian influence but genetic admixture with the Mediterranean, Western European, Central Asian and East Asian populations characterize their crypto-Dravidian features. Therefore it can be suggested that evolution of different caste groups and religious groups representing the non-tribal communities is through demic diffusion. The local progressive demes that displayed logistic growth such as Kurichya and Pulaya diffused with the immigrant communities. These local progressive communities evolved radially and over a period of time separated from the centroid to form independent communities."

ജനസമൂഹങ്ങളുടെ വ്യാപനവും കുടിയേറ്റവും കലര്‍പ്പും കൃത്യമ്മയി വിശകലനം ചെയ്യാന്‍‍ ഇന്ന് ഉപയോഗിക്കുന്ന മറ്റു തന്ത്രങ്ങളില്‍ y ക്രൊമൊസോമിലെ ഹാപ്ലോ ഗ്രൂപുകളും മൈറ്റൊക്കോണ്ഡ്രിയല്‍ ഡി. എന്‍. എ യിലെ ഹാപ്ലോഗ്രൂപുണ് പ്രധാനികള്‍. Y ക്രോമൊസോം അച്ഛനില്‍ നിന്നും ലഭിയ്ക്കുന്നതാണ്, അതിലെ ഹാപ്ലോ ഗ്രൂപ്പിന്റെ വ്യാപനം അടയാളപ്പെടുത്തുന്നത് ആണുങ്ങള്‍ വഴിയുള്ള കലര്‍പ്പിന്റെ വഴികളാണ്. ഒരു സമൂഹത്തിലേക്ക് വേഴ്ചയുമായി എത്തുന്ന ആണുങ്ങള്‍ അവരുടെ മുദ്ര അവിടെ പതിപ്പിയ്ക്കുകയാണ്. മൈറ്റൊക്കോന്‍ഡ്രിയല്‍ ഡി. എന്‍. എ ആകട്ടെ അമ്മയുടെ അണ്ഡംവഴി പകര്‍ന്നുവ്യാപിക്കുന്നതും അങ്ങനെ സ്ത്രീകളില്‍ നിന്നും പകര്‍ന്നു കിട്ടിയ ‘പൈതൃക‘ത്തിന്റെ സൂക്ഷ്മ കോഡുകളും. തലമുറകള്‍ കഴിഞ്ഞും ഇത്തരം വ്യാപനങ്ങള്‍ കണ്ടുപിടിക്കപ്പെടാം എന്നത് ശാസ്ത്രം മന:സാക്ഷിയുമായി ചെയ്യുന്ന ലീലാവിനോദം. ഭാരതത്തിലെ ഗോത്രവര്‍ഗ്ഗക്കാരിലും ഹിന്ദു ജാതികളിലും മാതൃ ജീന്‍ പൂള്‍ (മൈറ്റൊക്കോന്‍ഡ്രിയല്‍ ഡി. എന്‍. എ അടയാളപ്പെടുത്തുന്ന maternal gene pool) വന്‍ ശതമാനവും ഒരുപോലത്തവയാണ്, അവര്‍ ദ്രാവിഡരാകട്ടെ, ഇന്‍ഡോ-യൂറോപ്യന്‍ വംശാവലിയിലുള്ളവരാകട്ടെ. ‘ഏകാംബ പുത്രരാം കേരളീയര്‍’ എന്നു കവി പാടിയത് മൊത്തം ഭാരതീയര്‍ക്കും ബാധകമാക്കാം. എന്നാല്‍ y ക്രോമൊസോം പരമ്പര തെളിയിക്കുന്നത് വ്യത്യസ്ഥമായ വംശാവലികള്‍ വന്നുകയറിപ്പോയതിന്റെ കഥകളാണ്. കുടിയേറ്റത്തിനു വന്നവരിലെ ആണുങ്ങള്‍ നാടന്‍ പെണ്മണികളെ വശംവദരാക്കിയതിന്റെ ശേഷപത്രം. ദുഷ്യന്ത-ശകുന്തള മഹാകാവ്യങ്ങള്‍. പാടത്തെ ഉഴവുചാലില്‍ നിന്നും കിട്ടിയ സുന്ദരിക്കുട്ടിയെ പട്ടമഹിഷിയാക്കുന്ന താന്‍പോരിമകള്‍. മലയാളികളുടെ Y ക്രൊമൊസോം പഠനങ്ങള്‍ കൊടുക്കല്‍ വാങ്ങലിന്റേയും കലര്‍പ്പുകളുടേയും നിജസത്യങ്ങള്‍ക്കു വഴിതെളിച്ചേക്കും.

പക്ഷെ ശാസ്ത്രം മാജിക് തൊപ്പിയില്‍ നിനും പുറത്തെടുക്കുന്നത് അപ്രിയസത്യത്തിന്റെ വെണ്മുയലുകളെയാണ്. പുലയരുടേയും കുറിച്യരുടേയും ജീനുകളുമായാണ് നമ്പൂതിരി-നായര്‍ ക്രിസ്ത്യന്‍ മുസ്ലീം ഈഴവ പ്രഭൃതികള്‍ വിലസുന്നതെന്നതും ഈ ‘മേല്‍‍’ജാതിക്കാര്‍ ‘താഴേ‘യ്ക്കും സ്വന്തം ഡി. എന്‍. എ. വീരശൃങ്ഖലകള്‍ എടുത്തെറിഞ്ഞിട്ടുണ്ടെന്നും ഉള്ള സത്യങ്ങള്‍ ഇന്ന് കേരളത്തില്‍ കെട്ടിപ്പടുത്തിരിക്കുന്ന രാഷ്ട്രീയ-സാമൂഹ്യ-സാമുദായിക മൂലഭൂത വ്യവസ്തിതികള്‍ക് വേണ്ടതേ അല്ല. ഇതൊക്കെ അറിഞ്ഞെങ്കിലും അറിഞ്ഞില്ലെന്നു നടിയ്ക്കുകയാണ് ഇന്ന് നമ്മള്‍ക്കാവശ്യം. ഉലഞ്ഞുപോകുന്ന വ്യാജസ്വത്വം പിടിച്ചുനിറുത്താന്‍ ബാഹ്യപ്രകടങ്ങളേയും സൂചകങ്ങള്‍ എടുത്തണിയലിനേയും കൂട്ടുപിടിയ്ക്കുന്നു. നെടുകെ നാട്ടി നിറുത്തിയിട്ടുള്ള ഏണിയിലെ പടികള്‍ മായയാണെങ്കിലും സമൂഹത്തിന് അത് നിലനില്‍പ്പിന്റെ പ്രശ്നമാണ്, ആവശ്യവുമാണ്, ശാസ്ത്രം തണ്ട് ഊരി മാറ്റിയിട്ടൂം ഈ മായക്കോവണിപ്പടികള്‍ നിലനില്‍ക്കുന്നുവെന്ന് ബാലിശമായി ശഠിയ്ക്കുന്നു.

Reference:
1. Thomas R., Nair S. B., Banerjee M. A crypto-Dravidian origin for the nontribal communities of South India based on human leukocyte antigen class I diversity.
Tissue Antigens 68:225-234, 2006

2. Thomas R., Nair S. B., Banerjee M. HLA-B and HLA-C alleles and haplotypes in the Dravidian tribal populations of southern India. Tissue Antigens 64: 58-65, 2004

3. Thanseem I., Thangaraj K., Chaubey G., Singh V. J., Bhaskar L., Reddy B. M., Reddy A. G., Singh L. Genetic affinities among the lower castes and tribal groups of India: Inference from Y chromosome and mitochondrial DNA. BMC Genetics 7:42-53, 20006

കൂടുതല്‍ വായനയ്ക്ക്:

1. Sahoo S., Singh A., Himabindu G., Banerjee J., Sitalaxmi T., Gaikawad S., Trivedi R., Endicott P., Kivisild T., Metspalu m., Villems R., Kashyap V.K.
A prehistory of Indian Y chormosomes: Evaluating demic diffusion scenarios. Proc. Natl. Acad. Sci. USA 103: 843-848, 2006

2. Majumder P. A. People of India: Biological diversity and affinities. Evolutionary Anthropology 6:100-110. 1998

3. Bamshad M., Kivisild T., Watkins W. S., Dixon M. E., Ricker C. E., Rao B. B., Naidu J., Ravi Prasad B., V., Reddy P. G., Rasanayagam A., Papiha S., Villems R., Redd A. J., Hammer M. F., Nguuen S. V., Caroll M. L., Batzer M. A., Jorde L. B.
Genetic evidence on the origin of Indian caste populations. Genome Research 11:994-1004, 2001
4. റോബി കുര്യന്റെ ഈ പോസ്റ്റ്:
മൈറ്റൊകോണ്ഡ്രിയല്‍ ഡി. എന്‍. എ യുടെ അമ്മപാരമ്പര്യങ്ങളെപ്പറ്റി.
http://being-iris.blogspot.com/2008/03/blog-post_29.html