Tuesday, August 30, 2016

പാട്ട് പഠിയ്ക്കുമ്പോൾ സംഭവിക്കുന്നത്

"ഒരു കിളിയും വെറുതെ പാടുന്നില്ല" എന്ന തലക്കെട്ടിൽ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ വന്ന ലേഖനം.
     സങ്കീർണ്ണമായ പാട്ടുകൾ കേൾക്കുകയും പഠിയ്ക്കുകയും പാടുകയും ചെയ്യുകയാണ് ചില കിളികൾ നിരന്തരം. കേൾക്കുന്ന മറ്റ് കിളികളുടെ പെരുമാറ്റത്തെ സ്വാധീനിയ്ക്കുക മാത്രമാല്ല സഹജബോധം ഉണരുകയും പരസ്പര ബന്ധങ്ങൾ ഊഷ്മളമാക്കുകയും ചിലപ്പോൾ സ്വയം പരിരക്ഷയ്ക്കായി അക്രമാസക്തരുമായേക്കാം ഇവർ. വൈകാരികമായ ചോദനകൾക്ക് ബഹിർസ്ഫുരണമാണ് പാട്ടുകൾ ഉദ്ദീപിപ്പിക്കുന്നത്, പക്ഷികളിലും മനുഷ്യരിലും. . താളങ്ങളുടെയും ശ്രുതികളുടെയും ഇടകലശൽ, സ്വരങ്ങളിലെ വൈവിദ്ധ്യങ്ങൾ ഇവയൊക്കെ പക്ഷികളുടെ തലച്ചോറിലും അനുരണങ്ങൾ ഉളവാക്കുകയാണ്- ആശ, പ്രത്യാശ, ഉദ്വേഗം. പ്രേരണ, മാനസികസംഘർഷങ്ങളിൽ അയവ്, വിസ്മയം എന്നിവയൊക്കെ. കേൾവിക്കാരിൽ സൂക്ഷ്മമായ പെരുമാറ്റവിന്യാസങ്ങൾ വരുത്തുകയാണ് പാട്ടിന്റെ ലക്ഷ്യം എന്നത് വ്യക്തം. ആധുനികവിദ്യകളാൽ -ജനിതകശാസ്തരം, തന്മാത്രാ വിജ്ഞാനം, മസ്തിഷ്ക സ്കാനിങ്ങ് സംവിധാനങ്ങൾ ഇവയൊക്കെ –പക്ഷികൾ പാട്ട് പഠിച്ചെടുക്കുന്നതിന്റേയും പാട്ടുകളാൽ ആശയവിനിമയം ചെയ്യുന്നതിന്റേയും രഹസ്യങ്ങൾ വെളിവാക്കപ്പെടുകയാണ്. മനുഷ്യരുടെ ഭാഷാപഠനത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുകയുമാണ് ഈ പഠനങ്ങൾ. മനസ്സും തലച്ചോറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ വഴിത്തിരിവിൽ എത്തുകയുമാണ് ചിന്നംചെറുകിളി ചിത്തിരപ്പൈങ്കിളിയുടെ  മസ്തിഷ്ക പശ്ചാത്തലം തേടുമ്പോൾ. ന്യൂറോണുകളുടെ ഘടനാവിന്യാസപ്രവർത്തനങ്ങളെ സംഗീതത്തിന്റെ മാസ്മാരികതയുമായി ബന്ധപ്പെടുത്തൽ എളുപ്പമായിത്തീർന്നിരിക്കുന്നത് ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളികൾ നമ്മോട് പലതും പറഞ്ഞുതരുന്നതുകൊണ്ടാണ്.
.
        ഭാഷാപഠനത്തിന്റെ കണ്ടകാകീർണ്ണവഴികൾ പലതും ഇന്നും അജ്ഞേമായി അടഞ്ഞു കിടക്കുന്നു. കേൾവി അനുസരിച്ച് നിശ്ചിതസ്വരസംഘാതങ്ങളായ വാക്കുകളും അവയുടെ വിന്യാസങ്ങളായ വാചകവും  വേർതിരിച്ചെടുക്കുകയും അവയ്ക്ക് ഒരു അർത്ഥം സങ്കൽ‌പ്പിച്ചെടുക്കുകയും ചെയ്യുന്നത് തലച്ചോറിന്റെ സങ്കീർണ്ണകേളിയാണ്. കേൾവിയും ഭാഷണവും പഠിച്ചെടുക്കുന്ന രണ്ടു കാര്യങ്ങളാണ്, ഭാഷയുടെ അനിവാര്യമായ സങ്കേതങ്ങൾ. കേൾവി  സാർത്ഥകമാകുന്നത്  അല്ലെങ്കിൽ കേൾക്കുന്ന കാര്യത്തിൽ നിന്ന് അർത്ഥം കണ്ടുപിടിച്ചെടുക്കുക എന്നത് ആദ്യപടിയാണ്, അതനുസരിച്ച് ഭാഷണം രൂപപ്പെടുത്തുന്നത് രണ്ടാമത്തേതും. ഇതു രണ്ടും ഉള്ളത് മനുഷ്യനാണ്. പിന്നെ പക്ഷികൾക്കും.  ഡോൾഫിനുകൾ, തിമിംഗലങ്ങൾ, വാവ്വാലുകൾ എന്നീ ജന്തുക്കൾക്കും ചില ശബ്ദക്കൂട്ടങ്ങൾ പഠിച്ചെടുക്കാനും പിന്നീട് ഉച്ചരിക്കാനും കഴിവുണ്ട്. ഒരു ആനയ്ക്കോ നായയ്ക്കോ കേൾവികൊണ്ടുള്ള തിരിച്ചറിവ് ധാരാളമുണ്ടെങ്കിലും ഭാഷണക്കഴിവ് ഇല്ല. തലച്ചോറിലെ രണ്ട് കേന്ദ്രങ്ങളുടെ –ഭാഷണ, കേൾവി- യുടെ വളർച്ചയും വികാസവും മൂലമാണ്  അന്തസ്സാരനിബദ്ധമായ സംസാരം സാദ്ധ്യമാകുന്നത്. .

     പരിണാമത്തിൽ വ്യത്യസ്തമായ രണ്ട് ഘട്ടങ്ങളിൽ വെവ്വേറെ ഉരുത്തിരിഞ്ഞ സ്വഭാവരീതിയാണ് കേൾവിയിൽ നിന്നും അർത്ഥം മെനഞ്ഞെടുക്കാനുള്ള കഴിവും അർത്ഥവത്തായ ശബ്ദങ്ങൾ പുറപ്പെടുവിച്ച് മറ്റു ജീവികളുമായി സംവേദനസാദ്ധ്യതയ്ക്കുള്ള കഴിവും. ആനകൾക്കോ നായകൾക്കോ ചുരുക്കം ചില വാക്കുകൾ/ ചെറിയ നിർദ്ദേശങ്ങൾ  കേട്ടാൽ അതിന്റെ ഉദ്ദേശിക്കപ്പെടുന്ന അർത്ഥം പിടികിട്ടുമെന്നല്ലാതെ ഒന്നോ രണ്ടോ വാചകങ്ങളുടെ പൊരുൾ പിടികിട്ടാറില്ലല്ലോ.  സംസാരിക്കാനോ അർത്ഥവത്തായ ശബ്ദം പുറപ്പെടുവിക്കാനോ സാദ്ധ്യത നൽകുന്ന ന്യൂറോൺ കേന്ദ്രങ്ങളും  അവയുടെ തലച്ചോറിലില്ല.  കേൾവി എല്ലാ ജന്തുക്കൾക്കും ഉണ്ടെങ്കിലും അതിൽ നിന്നു പൊരുൾ തിരിച്ചെടുക്കാനുള്ള കഴിവ് വേറേ ആണെന്ന് സാരം. പക്ഷികളിൽ ചുരുക്കമായിട്ടും മനുഷ്യരിലും നീണ്ട സ്വര സംഘാതങ്ങൾ കേട്ട് അതിന്റെ അർത്ഥം മനസ്സിലാക്കി മറുപടി ശബ്ദങ്ങളാക്കിയെടുക്കാനുള്ള സംവിധാനങ്ങൾ അവരുടേ തലച്ചോറിൽ സജ്ജമാക്കിയിട്ടുണ്ട്. അതിജീവനതന്ത്രത്തിന്റെ ഭാഗമായിട്ടാണ് പ്രകൃതി  ഈ തന്ത്രവിദ്യകൾ നിബന്ധിച്ചത്.  ‘ഏകകേന്ദ്രാഭിമുഖ പരിണാമം’ (convergent evolution)  എന്ന പ്രതിഭാസം ആണിത്. ഒരേ ഉപയോഗത്തിനുള്ള ഒരേ പോലെയുള്ള അവയവം രണ്ടോ അതിൽക്കൂടുതലോ ജീവികളിൽ  വേറിട്ട രീതികളിൽ വേറിട്ട സമയങ്ങളിൽ സ്വായത്തമാകുക എന്നത്.  ചിലതരം മത്സ്യങ്ങൾ, ഓന്തുകൾ, പക്ഷികൾ, വാവലുകൾ  ഇവയൊക്കെ  പറക്കാനുള്ള കഴിവ് പരിണാമത്തിന്റെ പലഘട്ടങ്ങളിൽ  സ്വായത്തമാക്കിയത് ഒരു ഉദാഹരണമാണ്. പക്ഷികളിൽത്തന്നെ ചിലവ മാത്രമേ പാട്ടു പഠിയ്ക്കാനും അത് പിന്നീട് പാടാനുമുള്ള കഴിവ് ഏറ്റെടുത്തുള്ളു.  ചുരുക്കത്തിൽ പറഞ്ഞാൽ പക്ഷികളിലെ ഈ കഴിവ് കൂടുതൽ പരിണമിച്ചല്ല മനുഷ്യരുടെ സംസാരശേഷി വന്നു കൂടിയത് എന്ന്.  പരിണാമത്തിൽ രണ്ടു ഘട്ടങ്ങളിലായി രണ്ട് അതിജീവനസാദ്ധ്യതകൾക്കായി ഉരുത്തിരിഞ്ഞതാണിവ.  എന്നാൽ രണ്ടും തമ്മിൽ വളരെയേറെ സാമ്യം ഉണ്ടു താനും.

 കേവലം മർത്യഭാഷ എന്നല്ല, പാട്ടുപക്ഷികൾ മിടുക്കരാണ്
 പെരുമാറ്റപരം, നാഡീസംബന്ധം, ജനിതകം, ബോധജ്ഞാനപരം എന്നിങ്ങനെയുള്ള സമാന്തരങ്ങളാണ് മനുഷ്യരുടെ ഭാഷാശേഷിയും പക്ഷികളുടെ പാട്ടുമായി. രണ്ടുകൂട്ടർക്കും മൂന്ന് സംവിധാനങ്ങളാണ് സംസാരിക്കാനായി അല്ലെങ്കിൽ  പാട്ട് പഠിച്ചെടുത്ത് പാടാ‍നായി തലച്ചോറിലുള്ളത്. ഒന്ന് കേൾവിക്കായുള്ള കേന്ദ്രം. രണ്ട് അത് അപഗ്രഥിച്ച് ഓർമ്മകേന്ദ്രത്തിലേക്കും പാട്ട് കേന്ദ്രത്തിലേക്കും അയയ്ക്കൽ മൂന്ന് ഇവയെല്ലാം തൊണ്ടയിലേക്ക് അയച്ച് പാട്ടായി പുറപ്പെടുവിക്കാനുള്ള നാഡികളും കേന്ദ്രങ്ങളും. പാട്ടു പക്ഷിയുടേയും മനുഷ്യന്റേയും തലച്ചോറിൽ ഈ കേന്ദ്രങ്ങൾ താരതമ്യപ്പെടുത്താവുന്ന രീതിയിൽ കാണപ്പെടുന്നു. കേൾവിക്കുള്ളതും പാടാൻ/സംസാരിക്കാൻ ഉള്ളതുമായ ന്യൂറോൺ കേന്ദ്രങ്ങൾ പാട്ടുപക്ഷികളിൽ വെവ്വേറേ നിലകൊള്ളുകയാണ്.. അതുകൊണ്ട് ഈ കേന്ദ്രങ്ങളുടെ പ്രവർത്തനവും സ്വാധീനവും പഠിയ്ക്കാൻ എളുപ്പമുണ്ട്. പാട്ടുപക്ഷികൾ ഏറ്റവും യോജ്യമായ മോഡൽ ആകുന്നതിന്റെ പ്രധാന കാരണം ഇതാണ്.

     ശബ്ദങ്ങൾ കേൾക്കാനുള്ള തലച്ചോർ സംവിധാനങ്ങൾ മിക്ക നാൽക്കാലികൾ (തവള മുതൽ) ക്കും ഉണ്ട്. പിന്നീട് തൊണ്ട കൊണ്ട്  ഇതിന്റെ അനുരണനം എന്ന മട്ടിൽ ശബ്ദം പുറപ്പെടുവിക്കുക എന്നത് പരിണാമ വഴി വളരെക്കഴിഞ്ഞാണ് സാദ്ധ്യമായത്. കേൾവിയുമായി ബന്ധപ്പെടുത്തിയാണ് ശബ്ദം പുറപ്പെടുവിക്കാനുള്ള ഈ കഴിവ് വികസിച്ചു വന്നത്. അതിനു ശേഷം പക്ഷികളിലും പിന്നീട് മനുഷ്യരിലും ഈ കേന്ദ്രങ്ങൾ ഓർമ്മയുമായും നിശ്ചിത സീക്ക്വെൻസിൽ സംവേദിക്കുന്ന തരത്തിലുള്ള ശബ്ദനിയന്ത്രണങ്ങൾക്കായുള്ള കേന്ദ്രങ്ങളായും വളർന്നു വികസിക്കുകയും കേൾവികേന്ദ്രവുമായി ബന്ധപ്പെട്ട് പാട്ട്/ഭാഷ എന്നിവ ഉളവാക്കുനുള്ള നിർദ്ദേശങ്ങളുമായി പ്രത്യേക നാഡി തൊണ്ടയിലേക്ക് വളരുകയും ചെയ്തു.  തലച്ചോറ് കേന്ദ്രത്തിൽ നിന്നുള്ള നിർദ്ദേശങ്ങളനുസരിച്ച് തൊണ്ടയിലെ സ്വരതന്തികൾ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന സംവിധാനം പരിണാമവഴിയിൽ ഇങ്ങനെ സംജാതമായി. പരസ്പരസംവേദനം ഭാഷ പോലെ തന്നെ പാട്ടുകളെക്കൊണ്ട് നിറവേറാൻ പക്ഷികൾക്ക് സാദ്ധ്യമായി ഇതോടെ.

സംസാരശേഷിയും തലച്ചോറും- വിശദാംശങ്ങൾ പാട്ടുപക്ഷികൾ വഴി

  മനുഷ്യക്കുഞ്ഞുങ്ങൾ അച്ഛനമ്മമാരെ അനുകരിച്ച് സംസാരിച്ചു തുടങ്ങുന്ന രീതി പാട്ടുപക്ഷികളിലും കാണപ്പെടുന്നു. എന്നാൽ മനുഷ്യരോട് പരിണാമപരമായി ഏറ്റവും അടുത്തു നിൽക്കുന്ന ആൾക്കുരങ്ങകളിൽ‌പ്പോലും ഈ കഴിവ് കാണപ്പെടുന്നില്ല. 10,000 ഓളം  പക്ഷി സ്പീഷീസുകൾക്കാണ് പാട്ടു പഠിച്ചെടുത്ത് പാടി കാതോടു കാതോരം തേൻ ചോരുമാ മന്ത്രം വഴി ആശയവിനിമയത്തിനുള്ള കഴിവ്. തത്തകൾക്കും ഹമ്മിങ് പക്ഷികൾക്കും അനുകരണത്തിനുള്ള കഴിവ് പ്രസിദ്ധമാണ്. തന്റേതായ ഇടം പ്രഖ്യാപിച്ച് കാത്തുസൂക്ഷിക്കുന്നതിനും ഇണയെ ആകർഷിക്കുന്നതിനുമാണ് പ്രധാനമായും പക്ഷികൾ മധുവാണികളാകുന്നത്.  എന്നാൽ പ്രേരണാപരം, പോഷണസംബന്ധി, സാംസ്കാരികം, വളർച്ച ഇങ്ങനെ പല സ്ഥിതിഗതികളുടേയും ആശയസംവഹനദൌത്യവും പാട്ട് വഹിക്കുന്നുണ്ട്. മിക്കവാറും ആണുങ്ങളാണ് പാട്ടുകാർ. എന്നാൽ ചില ‘വിളി’കളും കുറുകലും ഉണ്ട് ആണിനും പെണ്ണിനും. കൂട്ടത്തോടേ പറന്നു പൊങ്ങാനും ശത്രുവിന്റെ വരവ് അറിയിക്കാനും കുഞ്ഞുങ്ങളെ വിളിച്ചു കൂട്ടാനും ഒക്കെയാണ് ഈ കൂജനങ്ങൾ. ഭാഷ പഠിച്ചെടുത്താൽ ആജീവനാന്തം അത് ഓർമ്മയിലിരിക്കും എന്ന മനുഷ്യസ്വഭാവത്തിന്റെ സാമ്യമാണ്  ചില പക്ഷികൾ ആജീവനാന്തം പാട്ട് മറക്കാതെ വച്ച് പാടി തെളിയിക്കുന്നത്.  

        ഭാഷയോ പാട്ടൊ പഠിച്ചെടുത്ത് ഓർമ്മയിൽ സൂക്ഷിച്ച് പിന്നീട് പുറപ്പെടുവിക്കുന്നതിനു തലച്ചോറിൽ അസംഖ്യം നാഡീവലയങ്ങൾ ഉണ്ട്. ഈ കെട്ടുപിണഞ്ഞ വലയങ്ങളുടെ വൈദ്യുതതേജസ്സോടെയുള്ള സങ്കീർണ്ണ സംവേദനങ്ങളാണ് ഇത് നിർമ്മിച്ചെടുക്കുന്നത്. പാട്ടു പാടാൻ കഴിവില്ലാത്ത പക്ഷികളിൽ- ഇവയ്ക്ക് പലതരം ശബ്ദങ്ങൾ ഉണ്ടാക്കാൻ സാധിയ്ക്കുമെങ്കിലും- ഇതൊന്നും കാണപ്പെടുന്നില്ല. (ചിത്രം 2)  ഫിഞ്ച് കിളികൾ (finches), കാനറി, മൈന, പലതരം കുരുവികൾ, മനുഷ്യർ ഇവർക്കൊക്കെ പലതരം സ്വരങ്ങൾ നിബന്ധിച്ച പാട്ടുകളോ സംഭാഷണങ്ങളോ  ആവുമെങ്കിൽ  തത്തകൾക്കൊക്കെ അനുകരിക്കാനാണു പാടവം.  ചെറുപ്പകാലത്തു കേട്ട ശബ്ദങ്ങൾ വീണ്ടും പ്രകാശിപ്പിക്കുകയാണ് ഇവ.  സംസാരശേഷി മനുഷ്യർ ആർജ്ജിക്കുന്നതും പക്ഷികൾ പാട്ട് പഠിച്ചെടുക്കുന്നതുമായി സാമ്യങ്ങൾ ഏറെ. പെരുമാറ്റപരമായും നാഡീപരമായും (ന്യൂറൽ) പാരമ്പര്യപരമായും തന്മാത്രാപരമായും  ഇവ രണ്ടും ഒരുപോലെയാണ്.  മർത്യഭാഷയുമായി മറ്റു സാമ്യങ്ങളുമുണ്ട്  പക്ഷിപ്പാട്ടിനു. സ്വരങ്ങൾ മാത്രമല്ല സ്വരങ്ങൾ ചേർത്ത വ്യഞ്ജനങ്ങൾ (syllables), പദസമുച്ചയങ്ങൾ, ഇവ സ്വരൂക്കൂടിയ രൂപാങ്കനങ്ങൾ (motifs) ഇവയൊക്കെ ചേർത്ത് ശ്രേണീബദ്ധമായ ഘടനയാണ് നിർമ്മിച്ചെടുക്കുന്നത്. വിഷുപ്പക്ഷിയുടെ “വിത്തും കൈക്കോട്ടും/ചക്കയ്ക്കുപ്പുണ്ടോ” പോലെ. ചിട്ടയും ക്രമവിമില്ലാതെയല്ല മനുഷ്യക്കുഞ്ഞുങ്ങൾ ഭാഷ പഠിയ്ക്കുന്നത്, അമ്മയിൽ നിന്നോ അച്ഛനിൽ നിന്നോ ആണ്,  അതും അതേ ഭാഷ. ഇതേ പോലെ ഒരു സ്പീഷീസിനു നിജപ്പെടുത്തിയിരിക്കുന്ന പാട്ടേ പക്ഷികൾ പാടുകയുള്ളു. കുട്ടികൾ പഠിച്ചെടുക്കുന്നതു പോലെ ഘട്ടം ഘട്ടമായണ് ഈ ഗാനലോലർ പാട്ട്  പഠിച്ച് സ്വായത്തമാക്കുന്നത്. മനുഷ്യരെപ്പോലെ കുഞ്ഞുന്നാളിലേ പാട്ട് പഠിച്ചെടുത്തില്ലെങ്കിൽ ഊമയായിപ്പോകും ഈ പക്ഷികളും. മറ്റൊന്നു കൂടിയുണ്ട് മനുഷ്യനും പാട്ടുപക്ഷികൾക്കും പൊതുവായി: ജനിതകമായ ഒരു സ്വഭാവവിശേഷം –പറയാനോ പാടാനോ ഉള്ളത്- തലച്ചോറിൽ ഘടിക്കപ്പെട്ടാണ് ജനിച്ചു വീഴാറ്.   ഉച്ചാരണശേഷിയും തലച്ചോറിന്റെ ഘടനയും പെരുമാറ്റവുമായി ബന്ധിപ്പിക്കാൻ ഇതിലും ഭേദമായ മറ്റൊരു പ്രതിദർശനരൂപം ഇല്ല.


                                                ചിത്രം 1 സീബ്രാ ഫിഞ്ചുകൾ



   
ചിത്രം 2പാട്ട്പക്ഷിയുടേയും (a) പാട്ട് പാടാൻ കഴിവില്ലാത്ത പക്ഷിയുടേയും (b) തലച്ചോർ താരതമ്യം.  പാട്ട് പക്ഷിയിലെ നിബിഡമായ വലയങ്ങൾ ശ്രദ്ധിക്കുക.



സീബ്ര ഫിഞ്ചുകൾ-സ്വരജതി പാടും പൈങ്കിളികൾ
        നമ്മുടെ സംസാരശേഷിവികാസവുമായി ഏറേ സാമ്യം സീബ്ര ഫിഞ്ചുകൾക്കാണ്,അതിനാൽ ഏറ്റവും കൂടുതൽ പഠനങ്ങൾ ഇവയിലാണ്.  കുഞ്ഞുങ്ങളെ പാട്ടു പഠിപ്പിച്ച് വളർത്തുന്നവരാണിവർ. ഭാര്യ ഭർത്താവ് എന്ന മട്ടിൽ ദീർഘകാലം ഒരുമിച്ച് ജീവിക്കുന്നവരുമാണ് ഇവർ.  ഒരു ഭാഷ പഠിച്ചെടുക്കുന്നതുപോലെ  വളരെ ചെറുപ്പത്തിൽ ഒരു പാട്ട് പ്രധാനമായും പഠിയ്ക്കുന്നു സീബ്ര ഫിഞ്ചുകൾ. ഇതു തന്നെ സ്വൽ‌പ്പം മാറ്റങ്ങളോടെ പാടുകയാണ് പിന്നെ. പഠിച്ച പാട്ട് ഒരിക്കലും മറക്കുകയുമില്ല.  മറ്റൊരു സ്പീഷീസിന്റെ പാട്ടും ഇവർ നിർബ്ബന്ധമായും പഠിച്ചെടുക്കുകയില്ല.വളരെ ലളിതവും  സ്ഥിരാക്ഷരപ്പതിപ്പും (സ്റ്റീരിയോടൈപ്ഡ്) ആയ പാട്ട് ആയതിനാൽ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും എളുപ്പം ആകുകയുമാണ്. കൂടുകളിൽ വളർത്താൻ എളുപ്പം, ഇണചേർന്ന് മുട്ടയിട്ട് പെരുകും, മുതലായ കാരണങ്ങളാൽ സീബ്ര ഫിഞ്ചുകൾ ഇന്ന് ഭാഷാപഠനത്തിന്റെ മസ്തിഷ്ക പ്രതിരൂപം ആയി വാഴ്ത്തപ്പെടുകയാണ്. കഴിഞ്ഞ മുപ്പതു കൊല്ലങ്ങളായി നിരവധി പഠനങ്ങളാണ് ഇവയുടെ തലച്ചോർ പ്രവർത്തികളെക്കുറിച്ച് പുറത്തു വന്നിട്ടുള്ളത്. ബന്ധപ്പെട്ട സ്പീഷീസ് ആയ ബെംഗാളി ഫിഞ്ചുകളും വളരെയേറേ പഠനങ്ങൾക്ക് വിധേയമായിട്ടുണ്ട്. പാട്ടുകൾ സ്വൽ‌പ്പം സങ്കീർണ്ണമാണ് ഇവയുടെ.  ന്യൂറോളജി, ജനിതശാസ്ത്രം. തന്മാത്രാശാസ്ത്രം പെരുമാറ്റം ഈ വകയിലെല്ലാം ധാരാളം വിവരങ്ങൾ ഇന്ന് ലഭ്യമാണ് സീബ്ര ഫിഞ്ചുകളെപ്പറ്റി. മുഴുവൻ ജീനോം (എല്ലാ ജീനുകളുടേയും ഡി എൻ എ വിവരങ്ങൾ) വിശ്ലേഷണവും നടന്നു കഴിഞ്ഞിരിക്കുന്ന് ഈ പക്ഷികളിൽ.

  സീബ്ര ഫിഞ്ചുകളുടെ പാട്ടിൽ സ്വരങ്ങൾ അക്ഷരങ്ങൾ പോലെ മാറ്റിയെടുക്കുന്നതു കേൾക്കാം. . ഒരേ സ്വരസംഘാതം ആവർത്തിക്കും.  സ്വരാക്ഷരങ്ങൾ (syllables സ്വരങ്ങൾ ചേർന്ന വ്യഞ്ജനങ്ങൾ) കൊണ്ട് ഉരുത്തിരിയുന്ന  മോടിഫ് പാട്ടിന്റെ മൂലകം എന്ന് പറയാം. പല മോടിഫുകൾ ആവർത്തിച്ച് ഒരു ആവൃത്തി (ബൌട്) പാട്ട് പാടപ്പെടുകയാണ്.  ബന്ധപ്പെട്ട സ്പീഷീസ് ആയ ബെംഗാളി ഫിഞ്ചുകൾ ചില സ്വരാക്ഷരങ്ങൾ- ഉദാഹരണത്തിനു  പധനി പധനി എന്ന മട്ടിൽ- ഇടയ്ക്ക് ആവർത്തിക്കും. ചിലപ്പോൾ ഇത് തിരിച്ചും മറിച്ചും നിധപ നിധപ എന്ന മട്ടിലും പാടും. ഇങ്ങനെ ഉളവാക്കുന്ന വിവധ മോടിഫുകൾ മാറിയും മറിച്ചും സങ്കീർണ്ണമായ പാട്ട് ഉണ്ടാക്കിയെടുക്കാൻ വിരുതരാണിവർ. പ്രായമായിക്കഴിഞ്ഞാൽ പുതിയ പാട്ടുകൾ പഠിയ്ക്കാൻ താൽ‌പ്പര്യമില്ല ഫിഞ്ചുകൾക്ക്. എന്നാൽ സ്റ്റാർലിങ് പക്ഷികൾക്ക് ഏതുപ്രായത്തിലും പുതിയ പാട്ടുകൾ പഠിച്ചെടുക്കുന്നതിൽ കമ്പമുണ്ട്.

കാട്ടിലെ മൈനയെ പാട്ട് പഠിപ്പിച്ചതാര്

      അവന്റെ അച്ഛൻ എന്ന് ഉത്തരം വന്നാൽ അതിൽ അതിശയോക്തി തെല്ലും ഇല്ല. സീബ്ര ഫിഞ്ചുകളിലും ബെംഗാളി ഫിഞ്ചുകളിലും അച്ഛൻ ആണ് കുഞ്ഞുങ്ങളെ പാട്ട് പഠിപ്പിയ്ക്കുന്നത്. മുട്ട വിരിയിക്കാനുമൊക്കെ താൽ‌പ്പര്യമുള്ള കുടുംബവ്യവസ്ഥയാണ് ഫിഞ്ചു കിളികൾക്ക്.  മിക്കപാട്ടുകാരും ആണുങ്ങളാണ്. പെറ്റമ്മതന്നുടെ വെണ്മുലപ്പാൽ തീരെ വറ്റിയിട്ടില്ലാത്ത പൂങ്കണ്ഠത്താൽ പാട്ടു പഠിയ്ക്കാൻ അതീവ താൽ‌പ്പരരാണ് ഈ കൂട്ടിന്നിളംകിളികൾ. അഛൻ ഇല്ലാതെ വരികയാണെങ്കിൽ പറ്റത്തിലുള്ള മറ്റൊരു മുതിർന്നയാൾ പാട്ട്മാഷ് ആകും.

      മുട്ട വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങൾക്ക് തന്നെ അച്ഛൻ പാട്ട് പാടിക്കൊടുത്തു തുടങ്ങും ഫിഞ്ച് പക്ഷികളിൽ. മറ്റ്  പക്ഷികളിൽ ചുറ്റുപാടുമുള്ള ആൺപക്ഷികളിൽ നിന്നും കേട്ട് തുടങ്ങുകയാണ് കുഞ്ഞുങ്ങൾ. സ്വന്തം സ്പീഷിസിന്റെ പാട്ട് മാത്രം, മറ്റ് ശബ്ദങ്ങൾ അല്ലെങ്കിൽ മറ്റ് പാട്ടുകൾ ഇവയിൽ നിന്നും വേർതിരിച്ചെടുത്തു പഠിയ്ക്കാനുള്ള പാടവത്തോടെയാണിവ ജനിക്കുക തന്നെ. ജനിച്ച് 5-6 ആഴ്ച്ചകൾക്കകം പാട്ട് പഠിച്ചെടുക്കേണ്ടതുണ്ട്.. 40 ദിവസം ആകുമ്പോഴേയ്ക്കും  ഫിഞ്ച്പയ്യൻ അച്ഛന്റെ പാട്ടിനോട് അത്ര സാമ്യമില്ലെങ്കിലും ഏകദേശം ആ ഘടന ഉള്ള പാട്ട് പാടിത്തുടങ്ങും. ഇതിനു ഉപഗാനം (subsong)എന്നു പറയാം. 60 നും 80നും ദിവസങ്ങൾക്കിടയ്ക്ക് ഈ ഉപഗാനം പതുക്കെ മെച്ചപ്പെട്ട ആവിഷ്കാരസംവിധാനം ഉള്ള പാട്ടായി മാറും. എങ്കിലും ഇപ്പോഴും ഈ പാട്ട് ഇഷ്ടരൂപത്തിൽ വാർത്തെടുക്കാവുന്ന “പ്ലാസ്റ്റിക്” പാട്ടാണ്, അഛന്റെ പാട്ടിനോട് ഏറെ സാമ്യം ഉണ്ടെന്നേ ഉള്ളു.  ഈ പ്രായത്തിൽ രാവിലെ എഴുനേറ്റ് രണ്ടു മണിക്കൂറോളം പാട്ട് പ്രാക്റ്റീസ് ചെയ്യും  ഈ പിഞ്ച് ഫിഞ്ച്കുട്ടികൾ എന്നത് തമാശ ആയിത്തോന്നുമെങ്കിലും സത്യമാണ്. ഏകദേശം നൂറു ദിവസം ആകുമ്പോഴേയ്ക്കും സ്ഫടികസമാനമായ  സ്പഷ്ടതയും വ്യക്തതയുമുള്ള, അച്ഛൻപാട്ടിന്റെ തനി പാട്ട് മകൻ പാടിത്തുടങ്ങും. മറ്റ്  പക്ഷികളുടെ കലപില എത്ര കേട്ടാലും അതൊക്കെ ഒഴിവാക്കി ഫിഞ്ചുകൾക്ക് മാത്രം അവകാശപ്പെട്ട പാട്ട് മാത്രമേ പഠിച്ചെടുക്കുകയുള്ളു. (ചിത്രം 3 നോക്കുക). ‘സോണോഗ്രാം’ എന്ന റെക്കൊർഡ് യന്ത്രത്തിൽ ഓരോ സ്വരാക്ഷരത്തിന്റേയും രൂപഘടന ആലേഖനം ചെയ്തതാണ് ചിത്രത്തിൽ.  ഏകദേശം രണ്ടര സെക്കന്റാണ് ഒരു രൂപാങ്കന (മോടിഫ്) സമയം.

ചിത്രം 3 പാട്ട് പഠിയ്ക്കുന്ന ഫിഞ്ച് കിളിമകന്റേയും  പഠിപ്പിക്കുന്ന അച്ഛന്റേയും  സോണോഗ്രാം ആലേഖനങ്ങൾ.  നെടുകേ ഉയർന്നു നിൽക്കുന്ന ഓരോ  മുനക്കൊടിയും ഒരോ സ്വരാക്ഷരം (syllable)  ആണ്. ഏറ്റവും താഴെ അച്ഛന്റെ പാട്ട് റെക്കോർഡിങ്. ഏറ്റവും മുകളിൽ 40 ദിവസം പ്രായമായ മകൻ പാടുന്ന ഉപഗാനം (Subsong).  60 ദിവസം ആകുമ്പോൾ കൃത്യമായി നിജപ്പെട്ട് കിട്ടാത്ത ‘പ്ലാസ്റ്റിക്’ പാട്ട് പാടാറാകും. 90 ദിവസം ആകുമ്പോൾ അച്ഛന്റെ പാട്ട് മിക്കവാറും അതേപോലെ പാടാറാകും. മുനക്കൊടികളെ താരതമ്യപ്പെടുത്തി നോക്കുക.  100 ദിവസം ആകുമ്പോൾ ശുദ്ധവും സ്പഷ്ടവും സ്ഫടികസമാനവുമായ പാട്ട് പാടും മകൻ. 


   ഫിഞ്ച് കിളികൾ ഉപഗാനം പാടിത്തുടങ്ങുമ്പോഴേ തലച്ചോറിൽ വിശദവിവരങ്ങൾ ശേഖരിച്ചു വച്ചു തുടങ്ങും. പിന്നെ പാട്ടിനു വ്യക്തതയും കൃത്യതയും ലഭിക്കുന്നതിനനുസരിച്ച് ഈ ഓർമ്മ മാറ്റിക്കൊണ്ടിരിക്കും. എന്നാൽ കുരുവി (song sparrow) കളിൽ പാട്ട് കേൾക്കുന്നത് മുഴുവൻ  അപ്പോഴേ ഓർമ്മയിൽ സൂക്ഷിയ്ക്കുകയാണു പതിവ്. പാടിപ്പതിയാൻ മെനക്കെടാറില്ല. ഇത് വസന്തകാലത്ത്. പിന്നീട് ശരൽക്കാലത്താണ് പതുക്കെ പാടിപ്പഠിച്ചു തുടങ്ങുന്നത്.     ഈ രണ്ടുകൂട്ടർക്കും പാട്ട് പഠിയ്ക്കാൻ സ്വന്തം പാട്ട് കേൾക്കേണ്ടത് അത്യാവശ്യമാണ്, മനുഷ്യരുടേത് പോലെ. കേൾവിശക്തി നഷ്ടപ്പെട്ടാൽ പാട്ട് പഠിയ്ക്കാനേ സാധിയ്ക്കുകയില്ല.

   പാടാത്ത പൈങ്കിളികളുടെ കുടുംബമാണ് മിക്ക പാട്ടുപക്ഷികളുടേയും; പെൺപക്ഷികൾക്ക് പാട്ട് ഇല്ല. പാട്ട് കേട്ടാണു വളരുന്നതെങ്കിലും അവരുടെ തലച്ചോറിൽ പാട്ട് പഠിച്ചെടുക്കുന്നതിന്റെ സാമഗ്രികൾ ഒന്നും നിബന്ധിച്ചിട്ടില്ല. എങ്കിലും മിക്ക മൌനരാഗപ്പൈങ്കിളികൾക്കും- സീബ്ര ഫിഞ്ച് പെൺകൊടികൾ ഉൾപ്പടെ- ഏറ്റവും നല്ല പാട്ടുകാരനെ ആണ് ഇണയായിട്ട് കിട്ടാൻ ഇഷ്ടം. പാട്ട് പാടാനുള്ള വൈഭവമൊന്നും കൈക്കലില്ലെങ്കിലും കൊച്ചുന്നാളിൽ ചേട്ടന്മാരും അനിയന്മാരും ഒക്കെ പഠിയ്ക്കുന്നത് കേട്ട് ഓർമ്മ വയ്ക്കും ഇവർ. അച്ഛൻ പാടുന്ന പാട്ട് കടുകിടെ തെറ്റാതെയാണ് ഇവർ ഓർമ്മയിൽ സൂക്ഷിയ്ക്കുന്നത്. തെറ്റുകൂടാതെ ആവർത്തിച്ച് പാടുന്ന ഗാനഗന്ധർവ്വന്മാരെ തെരഞ്ഞെടുക്കാൻ പ്രത്യേകകഴിവാണ് ഈ സംഗീതവിദുഷികൾക്ക്. ഒരു പാട്ട് തന്നെ സങ്കീർണ്ണമായി അവതരിപ്പിക്കുന്ന ചെക്കന്മാരേയും ഫിഞ്ച്കിളിപ്പെണ്ണ് പ്രത്യേകനോട്ടമിടും. കമിതാക്കൾ പാട്ടു പാടി വശത്താക്കാൻ ശ്രമിച്ചാൽ അച്ഛനെപ്പോലെ മിടുക്കോടേ പാടുന്നവനെ ആയിരിക്കും അവൾ തെരഞ്ഞെടുക്കുന്നത്.   കാവിലെ പാട്ടുമത്സരത്തിനു ജയിക്കുന്നവനു സുന്ദരിനായികയെ ലഭിയ്ക്കുന്നത് മനുഷ്യരുണ്ടാക്കുന്ന സിനിമകളിൽ മാത്രമല്ല. എന്നും നല്ല പാട്ടുകേട്ട് കുടുംബജീവിതം നയിക്കാമെന്ന വ്യാമോഹത്തിലൊന്നുമല്ല  മിടുക്കികളുടെ ഈ തെരഞ്ഞെടുപ്പ്.  നന്നായി പാടുന്നവനു പുരുഷഹോർമോൺ ടെസ്റ്റസ്റ്റെറോൺ കൂടുതലാണ്; ആണത്തം വിജൃംഭിക്കുന്ന ഇവൻ നല്ല മിടുക്കരു മക്കളെ തരും എന്ന, പരിണാമം വച്ചുകൊടുത്തിരിക്കുന്ന അതിജീവനമാർഗ്ഗപ്രയോഗമാണിത്. ചില പക്ഷികളിൽ (സ്റ്റാർലിങ്ങുകൾ-പെൺ കിളികളും പാടും) ഡ്യൂവെറ്റ് പാടാൻ ഏറ്റവും പ്രാപ്തനാകുന്നവനെയാണ് പെണ്ണ് തെരഞ്ഞെടുക്കുന്നത്. മുകളിലേക്ക് പാറിപ്പറക്കുമ്പോൾ അകലെ അകലെ നീലാകാശം സമർത്ഥമായി കൂടെപ്പാടാൻ വെല്ലുവിളിയ്ക്കുന്ന റിയാലിറ്റി ഷോ പെൺകൊടികളാണിവർ.

തലച്ചോറിലെ വലയങ്ങൾ-  പാട്ട് പഠിക്കാനും ഓർമ്മിക്കാനും പാടാനും

        സീബ്ര ഫിഞ്ചിന്റേയും മനുഷ്യന്റേയും തലച്ചോറിലെ പാട്ട്/ഭാഷ സംബന്ധമായ ഇടങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നു ചിത്രം 4 ഇൽ. ഒരേ നിറത്തിൽ സൂചിപ്പിച്ചിരിക്കുന്ന  ഭാഗങ്ങൾ സാമ്യമുള്ളവയാണ്. പക്ഷികളിൽ പച്ച നിറം ദ്യ്യോതിപ്പികുന്ന ഭാഗങ്ങൾക്ക് വിസ്താരമുണ്ട്, മൻഷ്യരിൽ ‘കോർടെക്സ്’ എന്ന ഭാഗത്ത് ഒതുക്കിയിരിക്കുന്നു ഇത്. ഒരേ ധർമ്മങ്ങൾ ഉള്ള ഭാഗങ്ങൾ തവിട്ടു നിറത്തിലുള്ള വരകൾ കൊണ്ട് യോജിപ്പിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഓറഞ്ച് നിറത്തിൽ ചെറിയ വലയങ്ങൾ  തമ്മിൽ ബന്ധിപ്പിക്കപ്പെടുന്നതു കാണാം. ഇത് സ്വരൂക്കൂട്ടിയ വിവരങ്ങൾ ശബ്ദമാക്കി മാറ്റുന്ന സംവിധാനത്തിന്റെ ഭാഗങ്ങളാണ്. ഇവയെല്ലാം ന്യൂറോണുകളുടെ കൂട്ടം ആണ്. ശബ്ദവീചികൾ അന്തർ കർണ്ണ (inner ear) ങ്ങളിൽ എത്തിക്കഴിഞ്ഞ് അവയെ വൈദ്യുതീ കരിക്കപ്പെട്ട് നാഡികൾ തലച്ചോറിലെ കേൾവി കേന്ദ്രത്തിൽ എത്തിയ്ക്കുകയാണ് ആദ്യം. ഈ വൈദ്യുതീതരംഗങ്ങളെ ശബ്ദങ്ങളായി മാറ്റുകയാണ് മസ്തിഷ്കകേന്ദ്രങ്ങൾ.  പക്ഷികളിൽ രണ്ട് ഭാഗങ്ങളിലാണ് ഈ പ്രവർത്തനങ്ങളുടെ വിന്യാസം. മുൻഭാഗത്ത് പാട്ട്  പഠിച്ചെടുക്കുന്നതിന്റേയും അത് ഓർമ്മയിൽ നിലനിറുത്തുന്നതിന്റേയുംയും കേന്ദ്രങ്ങളാണെങ്കിൽ  പിൻഭാഗത്ത് ഇവയെ വിശ്ലേഷണം ചെയ്ത് തൊണ്ടയിലേക്ക് അയച്ച് ശബ്ദമായി പരിണമിപ്പിക്കുന്ന ഭാഗങ്ങളാണ്. ഒന്ന് ഓർമ്മശേഖരമാണെങ്കിൽ മറ്റേത് ശബ്ദനിർമ്മിതിസ്ഥലമാണ്, കൂടുതൽ യാന്ത്രികവും. പാട്ടുപക്ഷികളിൽ പ്രത്യേകിച്ചും ഫിഞ്ചുകളിൽ ഈ ഭാഗങ്ങൾ വെവ്വേറേ കാണപ്പെടുന്നു, സങ്കീർണ്ണത കുറവാണ്.  ഘടനയും ധർമ്മവും അവയുടെ ബന്ധങ്ങളും വേർതിരിച്ച് പഠിക്കാൻ ഫിഞ്ചുകൾ ഉപയുക്തമാകുന്നത് ഇതുകൊണ്ടാണ്.

ചിത്രം 4 പാട്ട് പക്ഷിയുടേയും മനുഷ്യന്റേയും തലച്ചോർ ഛേദങ്ങൾ. ഒരേ പോലെ പ്രവർത്തിക്കുന്ന ഇടങ്ങൾക്ക് ഒരേ നിറം കൊടുത്തിരിക്കുന്നു. പാട്ട്/ഭാഷ പഠിച്ചെടുക്കാനും പിന്നീട് പാടാനും/പറയാനും ആവശ്യമായ് ഇടങ്ങൾ. കുറുകേ ഉള്ള തവിട്ട് വരകൾ സമാന്തരങ്ങളായ ഇടങ്ങൾ സൂചിപ്പിക്കുന്നു.  നെടുകേ ഉള്ള നീല വരകൾ നിയന്ത്രണകേന്ദ്രങ്ങളുടെ ബന്ധങ്ങളും തൊണ്ടയിലേക്ക് ശബ്ദനിർമ്മിതിയ്ക്കായി നിർദ്ദേശങ്ങൾ പോകുന്ന വഴിയും സൂചിപ്പിക്കുന്നു. പക്ഷികളിലെ പച്ച നിറമുള്ള ഭാഗങ്ങൾ എല്ലാം കൂടി മനുഷ്യരിൽ ‘കോർടെക്സ്’ ഇൽ ഒതുക്കിയിരിക്കുന്നത് ശ്രദ്ധിക്കുക

   പാട്ട് പഠിച്ചെടുക്കാനും നിലനിർത്താനും ശബ്ദങ്ങളായി മാറ്റാനുമുള്ള സംവിധാനങ്ങളിൽ പ്രധാനകേന്ദ്രങ്ങൾ  എഛ് വി സി (HVC), ഏരിയ എക്സ് (Area X), എൽമാൻ (LMAN), ആർ എ (RA), ഡി. എൽ. എം (DLM) എന്നിവയാണ്. ചിത്രം 5  ഇൽ  ഈ കേന്ദ്രങ്ങൾ വിശദമായി കാണാം.

എഛ് വി സി
  പാട്ട് പഠിച്ചെടുക്കുക, ശബ്ദങ്ങളായി മാറ്റുക എന്നീ രണ്ട് ധർമ്മങ്ങളേയും  (നീല, കറുപ്പ്-പഠിച്ചെടുക്കുക,ശബ്ദമാക്കുക ചിത്രം 5)  കൂട്ടിയിണക്കി നിയന്ത്രിക്കുന്ന ‘റ്റീം ലീഡ്’ പദവിയാണ് എഛ് വി സി ( high vocal center മുകൾ വോക്കൽ കേന്ദ്രം)യ്ക്ക്. പല ന്യൂറോൺ സംഘങ്ങൾ ഒന്നിച്ചും വേറിട്ടും പ്രവർത്തിക്കുന്ന ഇടം.  ചിത്രം 5 ഇൽ ഏറ്റവും മുകളിലായി കറുത്ത ദീർഘവൃത്തം എഛ് വി സി ആണ്. പാട്ട് പഠിയ്ക്കുന്ന സമയത്ത് പല  സംഘം ന്യൂറോണുകളും ഉത്തേജിതമാകുന്നു.  പിന്നീട് പാടുന്നതു നിയന്ത്രിക്കുന്നതും ഈ ന്യൂറോൺ കേന്ദ്രമാണ്. രണ്ട് തരത്തിലുള്ള ന്യൂറോണൂകൾ ഉണ്ടിവിടെ. കേൾവിയുടെ വലയങ്ങളിൽ നിന്നും പാട്ട് സ്വരൂപിച്ചെടുത്ത് അത് ഓർമ്മകേന്ദ്രത്തിലേക്ക് നിക്ഷേപിക്കാനും അവിടുന്ന് ആവശ്യമാകുന്ന സമയത്ത് വെളിയിൽ കൊണ്ടുവരാനും ഒരു പറ്റം ന്യൂറോണുകളും ആർ എ എന്ന കേന്ദ്രത്തിലേക്ക് പാട്ട് പാടേണ്ടസമയത്ത് ആ വിവരങ്ങളും നിർദ്ദേശങ്ങളും അയയ്ക്കാൻ മറ്റൊരു പറ്റം ന്യൂറോണുകളും. ആർ എയിലേക്ക് 40,000 ന്യൂറോണുകളണ് ഒരു സമയം സന്ദേശവുമായി പോകുന്നത്. സ്വന്തം സ്പീഷീസിന്റെ പാട്ട് മാത്രം തെരഞ്ഞെടുത്ത്  ഓർമ്മയുടെ ബാങ്കിൽ (ഇത് മറ്റൊരു ന്യൂറോൺ സംഘമാണ്) സൂക്ഷിക്കാനുള്ള കഴിവുണ്ട് എച്ച് വി സിയ്ക്ക്. പാട്ടിന്റെ ഖണ്ഡങ്ങൾ വേർതിരിക്കാനും മറ്റ് വലയങ്ങളുമായി സംവദിച്ച് ഈ ഖണ്ഡങ്ങളെ അനുസ്യൂതമായി കൊരുത്തു കെട്ടാനുമൊക്കെ എഛ് വി സി കേന്ദ്രത്തിനു വിരുതേറെയുണ്ട്. തലച്ചോറിന്റെ താഴേ ഭാഗമായ്  തലാമസിലെ‘ ഉവ’  (uva) എന്ന കേന്ദ്രം പാട്ട് നിരന്തരമായി പാടിത്തീർത്തുകൊണ്ടിരിക്കാൻ നിർദ്ദേശങ്ങൾ നൽകുന്നുമുണ്ട് എഛ് വി സിയ്ക്ക്.




ചിത്രം 5. പാട്ട് പക്ഷികളിലെ തലച്ചോർ വലയങ്ങൾ. എൽമാൻ, ഏരിയ എക്സ്, ഡി എൽ എം (നീലനിറം) പരസ്പരം ബന്ധപ്പെടുന്നു, ഇവ എഛ് വി സി, ആർ എ ( കറുപ്പ്) എന്നിവടങ്ങുളമായി സംവദിക്കുന്നു. ചുവപ്പ് നിറത്തിലുള്ള എൻ സി എം ഓർമ്മകേന്ദ്രമാണ്. ആർ എ യിൽ നിന്നുള്ള സന്ദേശങ്ങൾ nXIIts വഴി  syrinx എന്ന ശബ്ദപേടകത്തിലേക്ക്.


ഏരിയ എക്സ്  (Area X)- പാട്ട് പഠിയ്ക്കുന്നതിന്റേയും പാടുന്നതിന്റേയും മാജിക് കേന്ദ്രം  

    പാട്ട് പഠിച്ചെടുക്കുന്നതിൽ പ്രധാന ന്യൂറോൺ കേന്ദ്രമാണ് ഏരിയ എക്സ്. തനിയെ പാടാനുള്ള വിവരങ്ങൾ സമാഹരിക്കാനും സൂക്ഷ്മവശങ്ങളെ സംഘടിതമാക്കാനും സമന്വയിക്കാനും ഈ ന്യൂറോൺ സംഘങ്ങൾ വ്യാപൃതരാണ്.  ആദ്യകാലങ്ങളിൽ പാട്ട് പഠിച്ചെടുക്കുമ്പോൾ അത്യന്തം പ്രവർത്തനനിരതമാകുന്നതും ഏരിയ എക്സ് ആണ്. പാട്ടിലെ സ്വരങ്ങളുടെ സമയബന്ധിതമായ വിന്യാസങ്ങളും സിലബിളുകളുടെ അനുക്രമങ്ങളും ധോരണികളുമൊക്കെ ഈ കേന്ദ്രത്തിന്റെ പ്രവർത്തനഫലമായാണ് ഉടലെടുക്കുന്നത്.   ഈ കേന്ദ്രം അത്യന്തം ജാഗരൂകമാകും പാട്ട് പാടുമ്പോൾ. (ചിത്രം 5 ഇൽ നീലനിറത്തിൽ കാണിച്ചിരിക്കുന്നു). ഏരിയ എക്സ് നിർവ്വീരികരിക്കപ്പെട്ടാൽ പാട്ട് പഠിച്ചെടുക്കുന്നത് സാരമായി ബാധിക്കപ്പെടും. എഛ് വി സിയിൽ നിന്നും ചിലനിർദ്ദേശങ്ങളും സ്വീകരിക്കും ഏരിയ എക്സ്,. പ്രധാന റിലേ കേന്ദ്രവുമാണ് ഈ ന്യൂറോൺ കേന്ദ്രം.  പാട്ട് പഠിച്ചെടുക്കുന്ന പ്രായത്തിൽ ഈ ഭാഗത്തിനു ഹാനി സംഭവിച്ചാൽ ശുദ്ധതയും സ്ഫഷ്ടതയും നഷ്ടപ്പെടും, സ്വരാക്ഷരങ്ങൾക്ക് “ഷഡ്ജം ഇട്ടില്ല” എന്ന മട്ട് വരും. ‘അച്ചരസ്പുടത’ നന്നേ കമ്മിയും. പാട്ട് പഠിച്ചു കഴിഞ്ഞാണ് ക്ഷതം സംഭവിക്കുകയെങ്കിൽ  അത്ര വലിയ ആഘാതമില്ല, ഒരു ചെറിയ വിക്ക് വന്നേയ്ക്കും, പാട്ടിന്റെ ടെമ്പോയും മാറ്റപ്പെടും. മനുഷ്യരിൽ ഇതിനു സമാനമായ ന്യൂറോൺ കേന്ദ്രം ഉണ്ട് തലച്ചോറിലെ കോർടെക്സിൽ. വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങൾ ആകും ഈ ഭാഗം വളർന്നു വികാസം പ്രാപിച്ചില്ലെങ്കിൽ.


എൽമാൻ (LMAN) 
    പാട്ടിലെ വൈവിദ്ധ്യവും ചഞ്ചലതയും എൽമാൻ എന്ന ഇടത്തിന്റെ പ്രദാനമാണ്. ശബ്ദങ്ങളുടെ ശുദ്ധതയും പ്രകമ്പനമാനങ്ങളും ഈ ന്യൂറോൺ സംഘം നിയന്ത്രിക്കുന്നു. മാത്രമല്ല ഉത്തേജനത്താൽ  പാട്ടിന്റെ  വിപുലത (amplitude)യും സ്വരമാന (pitch)വും  ആവശ്യാനുസരണം മാറ്റുന്നതും എൽമാൻ ആണ്. പാട്ട് പഠിയ്ക്കുന്ന കാലത്ത്”ടൈമിഗ്” കാത്തു സൂക്ഷിയ്ക്കുന്നത് എൽമാൻ തന്നെ. ശബ്ദങ്ങളുടെ വിന്യാസക്രമങ്ങളെപ്പറ്റിയും അവയുടെ വ്യത്യാസങ്ങളെപ്പറ്റിയും കുറിപ്പ് സൂക്ഷിക്കുകയും എൽമാന്റെ ധർമ്മമാണ്. പാട്ട് കേൾക്കുമ്പോൾ സൂക്ഷ്മാവബോധം ഉണ്ടാവുന്നതും എൽമാൻ വഴിയാണ്. ഈ കേന്ദ്രത്തിലെ പകുതി ന്യൂറോണുകൾ  പാട്ട് നിർമ്മിച്ചെടുക്കുന്ന ഇടത്തിലേക്കും പകുതിന്യൂറോണൂകൾ മേൽ‌പ്പറഞ്ഞ  ഏരിയ എക്സിലേക്കും സംവേദനങ്ങൾ അയച്ചുകൊണ്ടിരീക്കും. പാട്ടിന്റെ സ്വരവിന്യാസങ്ങളിൽ ഏകാഗ്രത നിലനിറുത്താനും അന്യശബ്ദങ്ങളോ സ്വരങ്ങളോ വന്നു കൂടി പാളിപ്പോകാതിരിക്കാനും എൽമാൻ ന്യൂറോണുകൾ സദാ ജാഗരൂകരാണ്. ഇതിനുള്ള നിർദ്ദേശങ്ങളും അവ അയച്ചുകൊണ്ടിരിക്കും. പാട്ടുകൾ മാറ്റിപ്പാടേണ്ടപ്പോൾ അതിനുള്ള സംവിധാനങ്ങൾ ഈ ന്യൂറോൺ കേന്ദ്രത്തിലുണ്ട്. (പല പക്ഷികളും ഒരേ പാട്ട് സന്ദർഭമനുസരിച്ച് മാറ്റിപ്പാടും. ഇണയോടുള്ള പാട്ടല്ല വെറുതേ ഇരുന്നു പാടുമ്പോൾ. വസന്തകാലത്തുള്ള പാട്ട് സ്വൽ‌പ്പം മാറ്റി ആയിരിക്കും ശരൽക്കാലത്തിൽ പാടുക). മനുഷ്യരിൽ  ഭാഷ ശരിയായിട്ട് മനസ്സിലാകാതെ പോകുന്ന അവസ്ഥ ഉണ്ടാകുന്നതും എൽമാന്റെ തത്തുല്യ കേന്ദ്രത്തിനു ക്ഷതി വന്നുകൂടിയാലാണ്.

ഡി എൽ എം (DLM)
  പാട്ട് തുടങ്ങാനുള്ള സംവേദനങ്ങൾ ഇവിടെ നിന്നാണ് പുറപ്പെടുക. തലച്ചോറിന്റെ താഴേഭാഗത്തെ തലാമസിലാണ് ഡി എൽ എം നിലകൊള്ളുന്നത്. ഏരിയ എക്സിൽ നിന്നും ചില നിർദ്ദേശങ്ങൾ കിട്ടണം പാട്ട് തുടങ്ങാൻ എങ്കിലും ഡി എൽ എംന്റെ തീരുമാനമില്ലാതെ പാട്ടിലേക്ക് പ്രവേശിക്കാൻ സാധിയ്ക്കുകയില്ല. ആദ്യം ചെയ്യുക എൽമാൻ എന്ന കേന്ദ്രത്തിലേക്ക് ഒരു അറിയിപ്പ് കൊടുക്കുക എന്നതാണ്. പിന്നീട് പാട്ടിലെ വിന്യാസങ്ങൾക്ക് ചാതുര്യം വരുത്തുന്നതിൽ എൽമാൻ കേന്ദ്രത്തിനു ഈ ഡി എൽ എം ന്റെ അനുമതിയും വേണം.  ഇതേ സർക്യൂടുകൾ മനുഷ്യരുടെ ഭാഷാവലയങ്ങളിലും ഉണ്ട്.
ഏരിയ എക്സ്, എൽമാൻ, ഡി എൽ എം എന്നീ കേന്ദ്രങ്ങൾ വലക്കണ്ണികൾ തീർക്കുന്നത് നീലനിറത്തിൽ  ചിത്രം 5 ഇൽ കാണിച്ചിരിക്കുന്നു.

ആർ എ (R. A)-അനുഭൂതികളെ ശബ്ദങ്ങളാക്കുന്ന കേന്ദ്രം
 പാട്ട് പുറപ്പെടുവിക്കുന്നതിനു തുടക്കമിടുകയും പാടുമ്പോൾ എച് വി സിയുടെ നിർദ്ദേശമനുസരിച്ച് വിവരങ്ങൾ തൊണ്ടയിലേക്ക് അയയ്ക്കുകയും ചെയ്യുന്ന കേന്ദ്രം. ഇതിലെ ന്യൂറോണുകളെ നിർവ്വീര്യമാക്കിയാൽ പാടാൻ പറ്റുകയില്ല. എന്നാൽ പാട്ടിന്റെ വിശദാംശങ്ങളും മറ്റ് സാമഗ്രികളും ഒന്നാന്തരമായി സൂക്ഷിക്കപ്പെടുകയും ചെയ്യും. ഏരിയ എക്സിൽ നിന്നും എൽമാൻ വഴി പാട്ടുവിവരങ്ങൾ എത്തുകയാണിവിടെ. പൊതുവേ ഉള്ള നിയന്ത്രണത്തിനു മാസ്റ്റർകേന്ദ്രമായ എച് വി സി ഉണ്ട്. പാട്ടിലെ സ്വര-താളക്രമങ്ങളെപ്പറ്റിയുള്ള സന്ദേശങ്ങളുമായി  എഛ് വി സിയിൽ നിന്നും ആയിരക്കണിക്കിനു ന്യൂറോണുകളാണ് ഇവിടെ എത്തുന്നത്.  ഈ ന്യൂറോണുകളുടെ  “ഫയറിങ്” അനുസരിച്ച് സ്വരാക്ഷരങ്ങളും അവയുടെ ഘടകങ്ങളും ക്രമപ്പെടുത്തും.  ഒരു സി ഡിയിലോ പെൻ ഡ്രൈവിലോ റെക്കോർഡ് ചെയ്തിരിക്കുന്ന പാട്ട് ശബ്ദങ്ങളാക്കി മാറ്റുന്ന യാന്ത്രിക  “മോടോർ“ കേന്ദ്രമാണ് ആർ എ.  ഒരു പാട്ട് മോടിഫിൽ ഓരോ ന്യൂറോണും ഏകദേശം പത്ത് ഉയർന്ന ഫ്രീക്വൻസിയിലുള്ള  പൊട്ടിപ്പുറപ്പെടൽ (spike) എന്നതാണ് തോത്. ശബ്ദക്രമീകരണത്തിന്റെ താളമാണ് ഇത്. എന്നാൽ നിർദ്ദേശങ്ങളയക്കുന്ന എച് വി സി ഒരു മോടിഫിനു ഒരു പൊട്ടിപ്പുറപ്പെടൽ എന്ന തോതിലെ വർത്തിക്കുന്നുള്ളു. ഏകദേശം 6 മില്ലിസെക്കൻഡ് (ഒരു സെക്കന്റിന്റെ ആയിരത്തിലൊന്ന് ആണ് ഒരു മില്ലിസെക്കന്റ്) മാത്രം നീണ്ടു നിൽക്കും ഇത്.  പലേ ആർ ഏ  ന്യൂറോണുകളുമായി മാറിയും തിരിഞ്ഞും ബന്ധപ്പെടുന്നതുകൊണ്ട് ഈ സന്ദേശങ്ങൾ ശതഗുണീഭവിക്കപ്പെടുകയാണ്. എഛ് വി സിയിലെ 5-30 വരെ പരസ്പരം ഘടിപ്പിച്ചിട്ടില്ലാത്ത ന്യൂറോൺസംഘങ്ങൾ  ഒരു സ്വരാക്ഷരവുമായി ബന്ധപ്പെട്ടിരിക്കും എന്നാണ് കണക്ക്. ഇവയുടെ വൈദ്യുതവിസ്ഫോടനത്തിന്റെ അനുക്രമം  ശബ്ദവിന്യാസത്തിന്റെ താളാനുസൃതമായ സ്ഫുരണത്തിനു സഹായിക്കുന്നു. ഈ നിർദ്ദേശങ്ങൾ ആർ എ യിലെ ഒരുപറ്റം ന്യൂറോണുകൾ തൊണ്ടയിലേക്ക്  അയയ്യ്ക്കുകയാണ് പിന്നീട്. യാന്ത്രികമായ അഥവാ ശബ്ദനിർമ്മിതിയുമായി ബന്ധപ്പെട്ട ഊർജ്ജസ്വലരാകയാൽ ‘മോടോർ ന്യൂറോണുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്.  ഒരു മോടോർ ന്യൂറോണിനു 1000 ആർ എ ന്യ്യൂറോൺ എന്ന കണക്കിനു. എച് വി സിയിൽ നിന്നും 40,000 ന്യൂറോണൂകളാണ് നിർദ്ദേശങ്ങളുമായി ആർ എയിൽ എത്തുന്നത്. അതുകൊണ്ട് ഈ സംവേദനങ്ങളൊക്കെ സങ്കീർണ്ണമെങ്കിലും തിരുതകൃതിയായി നടന്നുകൊള്ളും. എപ്പോഴും. ആർ എ സ്വാംശീകരിച്ച വിവരങ്ങളെല്ലാം തൊണ്ടയ്ക്കടുത്തുള്ള nXIIts എന്ന കേന്ദ്രത്തിൽ എത്തിയിട്ട് പ്രത്യേക നാഡി വഴി തൊണ്ടയിലെ ശബ്ദതന്ത്രികളെ പ്രകമ്പനം കൊള്ളിച്ചു കൊള്ളും. പാട്ട് പഠിയ്ക്കുന്ന സ്മയത്തും ഈ ആർ എ കേന്ദ്രം വികസിക്കും-പിന്നീട് പാടാനുള്ളതെന്ന കണക്കിൽ. എച് വി സി, ആർ  എ എന്നീ കേന്ദ്രങ്ങൾക്ക് ഹാനി സംഭവിച്ചാൽ പാടാൻ  പറ്റാതാകുന്നത് മനുഷ്യരിൽ സമാന ഇടങ്ങൾക്ക് സംഭവിക്കുന്ന ക്ഷതിയുമായി സാമ്യമുണ്ട്. കുഞ്ഞുന്നാളിലെ പറ്റുന്ന ഹാനി ആണെങ്കിൽ സാവധാനം അത് മാറിക്കിട്ടും പക്ഷികളിലും മനുഷ്യരിലും.  

   പാട്ട് പാടിത്തുടങ്ങുമ്പോൾ മേൽപ്പറഞ്ഞ വലയങ്ങൾ (മറ്റ് അനവധി സർക്യൂട്ടുകളും-വിസ്താരഭയത്താൽ അവ ഇവിടെ ചേർത്തിട്ടില്ല)  തമ്മിൽ സമ്പർക്കസമ്പ്രേഷണങ്ങൾ നടക്കുകയാണ്. പല ന്യൂറോൺ കേന്ദ്രങ്ങളിലും ജീനുകൾ ഉണർന്നു വിലസും. വൈദ്യുതീ തരംഗങ്ങൾ നീളെയും കുറുകെയും പായും. എഛ് വി സിയിലും ആർ എയിലും ഉള്ള ന്യൂറൽ ഫയറിങ് സ്വരാക്ഷരങ്ങളുടെ അനുക്രമവുമായി  പരസ്പരബന്ധം ചമയ്ക്കാനുള്ളതാണെങ്കിൽ ഏരിയ എക്സിലും എൽമാനിലുമുള്ള ഫയറിങ്  നാനാരൂപമാർന്നതും  പാട്ടിന്റെ വൈവിദ്ധ്യവും പരിവർത്തനശീലതയും ആയി ബന്ധപ്പെടുന്നതുമാണ്.  പാട്ടിൽ ആവർത്തിച്ചു വരുന്ന ഖണ്ഡങ്ങൾ കൂടുതൽ  ചമൽക്കാരത്തോടെ വേണോ എന്ന തീരുമാനത്തിനു എഛ് വി സിയും എൽമാനും കൂടെ  ചില കളികൾ കളിയ്ക്കുന്നുണ്ട്. അടിസ്ഥാനപരമായി ഈ സർക്യൂടുകളാണ് പാട്ട് ഉളവാക്കുന്നത്. (ഓർമ്മ കേന്ദ്രമായ എൻ സി എം ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല). എല്ലാ സന്ദേശങ്ങളും ‘മോടോർ” കേന്ദ്രമായ ആർ എ യിൽ എത്തുന്നത് ശ്രദ്ധിക്കുക.  അവിടെ നിന്നും  ഇവയെല്ലാം  “നാദങ്ങളായ് നീ വരൂ” എന്ന മട്ടിൽ  nXIIts എന്ന നാഡീകേന്ദ്രത്തിൽ എത്തുകയാണ്. തൊണ്ടയിലേക്കുള്ള നാഡികൾ ഇവയെ ശബ്ദങ്ങളാക്കി മാറ്റുകയാണ്, സ്വരതന്തികൾ കമ്പനം ചെയ്ത്.

   മേൽ‌പ്പറഞ്ഞ ന്യൂറോൺ കേന്ദ്രങ്ങൽ തമ്മിലുള്ള കൊടുക്കൽ വാങ്ങൽ അത്ര തീവ്രമായി  എന്നെന്നേയ്ക്കുമായി നിജപ്പെടുന്നില്ല, പലപ്പോഴും. ഇണ ചേരേണ്ട കാലങ്ങളിൽ ചില മാറ്റങ്ങൾ സംഭവിച്ചെന്നിരിക്കും. ഒരു വർഷത്തിൽത്തന്നെ എഛ് വി സിയിൽ മാറ്റങ്ങൾ കാണാവുന്നതാണ്. (ചിത്രം 6) ന്യൂറോൺ ബന്ധങ്ങൾ ചാക്രികമായി മാറി മറിയുകയാണ് ഒരു വർഷത്തിൽത്തന്നെ.. വിഷുക്കാലത്ത് പാട്ട് പാടുന്ന വിഷുപ്പക്ഷി ഉദാഹരണം. പാട്ട് പാടാത്ത കാലങ്ങളിലെ വിഷുപ്പക്ഷിയുടെ തലച്ചോർ വലയങ്ങൾ തീർച്ചയായും വ്യത്യാസപ്പെട്ടിരിക്കും. കാനറികൾക്ക് പ്രായപൂർത്തി ആയാലും പുതിയ പാട്ട് പഠിച്ചെടുക്കാം. ഇവയിൽ എഛ് വി സിയിൽ മാറ്റങ്ങൾ വരും. എന്നാൽ പുതിയ പാട്ട് പഠിച്ചെടുക്കാത്ത ഫിഞ്ച് കിളികളിലും ഇതിനു തുല്യമായ മാറ്റങ്ങൾ-പുതിയ ന്യൂറോണുകൾ നിർമ്മിച്ചെടുക്കൽ- നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പാട്ട് പാടാനുള്ള നിർദ്ദേശങ്ങളേക്കാൾ പാട്ടിന്റെ ഘടനാവിന്യാസങ്ങളെപ്പറ്റിയും അത് പുറപ്പെടുവിക്കപ്പെടുന്നതിന്റെ വിശദാംശങ്ങളെപ്പറ്റിയും ഈ പക്ഷികളിൽ ആഴധാരണ ഉരുത്തിരിയാൻ വേണ്ടിയാണിത് എന്നാണ് നിഗമനം.




 ചിത്രം 6. സ്റ്റെർലിങ് പക്ഷിയുടെ തലച്ചോർ സ്കാനിങ് ചിത്രം. വസന്തത്തിലും വേനലിലും ന്യൂറോൺ ബന്ധങ്ങൾ മാറുന്നു. പ്രത്യേകിച്ചും എഛ് വി സിയിൽ നിന്നും ആർ എ യിലേക്കുള്ളവ. (സൂചകവരകൾ നോക്കുക)


 ഉണർത്തൂ ശ്രുതിക്കൂട്ടിനുള്ളിൽ ജീനുകൾ
    പാട്ട് കേൾക്കുമ്പോഴും പഠിയ്ക്കുമ്പോഴും മേൽ‌പ്പറഞ്ഞ ന്യൂറോൺ കേന്ദ്രങ്ങൾ പലതും ഉണർന്ന് വശാകുകയാണ് എന്നത് വ്യക്തമാണ്.  ന്യൂറോണുകൾ തമ്മിൽ സംവദിക്കുന്നത് ഓരോ ന്യൂറോൺ കോശങ്ങളുടേയും നീണ്ട തന്തുവായ ‘ആക്സോൺ’ വഴി വൈദ്യുതതരംഗം പായിച്ചാണ്. ശരിക്കും ഇലക്ട്രിക്കൽ വയറിങ് മാതിരി. അടുത്ത ന്യൂറോൺ കോശമെത്തുമ്പോഴേയ്ക്കും ഈ തരംഗസന്ദേശം രാസവസ്തുക്കളാലുള്ള സന്ദേശമാക്കി മാറ്റപ്പെടും. ഈ രാസവസ്തു അടുത്ത ന്യൂറോണിൽ വൈദ്യുതീതരംഗം ഉളവാക്കും. ഒരേ സമയം ഒരു ന്യൂറോണിനു പലേ ന്യൂറോണൂകളുമായി ബന്ധം ഉള്ളതുകൊണ്ട് സന്ദേശങ്ങൾ വളരെപ്പെട്ടെന്ന് പ്രവഹിച്ചു പരക്കുകയാണ്. അതുകൊണ്ട് ന്യൂറോണുകൾ ഉത്സാഹിച്ചുണരുന്നതിന്റെ അടയാളം വൈദ്യുതിയാണ്; ഇതുണ്ടോ എന്ന് നോക്കിയാൽ ആ ന്യൂറോണൂകൾ സന്ദേശങ്ങൾ പരത്തുന്നോ എന്നറിയാം. പക്ഷികൾ പാട്ട് പാടുമ്പോഴും പഠിയ്ക്കുമ്പോഴും എലെക്ട്രിക്കൽ ഉത്തേജനം  മസ്തിഷ്കകേന്ദ്രങ്ങളിൽ നിരീക്ഷക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ന്യൂറോൺ കോശങ്ങൾക്കുള്ളിലെ മറ്റ് ഉണർവ്വുകളെപ്പറ്റി അറിവ് ലഭിച്ചിരുന്നില്ല. ഓരോ കോശങ്ങളും അവയ്ക്കുള്ളിൽ എന്തൊക്കെ പ്രവർത്തനങ്ങൾക്കുള്ള തയാറെടുപ്പുകളാണു നടത്തുന്നതെന്നുള്ള അറിവ് അത്യാവശ്യമാണ്.  പാട്ട് പാടുമ്പോഴും പഠിയ്ക്കുമ്പോഴും ന്യൂറോണുകളിലെ ജീനുകൾ ഉണർന്നു തുടങ്ങുന്നതിന്റെ തെളിവ്1992 ഇൽ ആദ്യമായി  ലഭിച്ചു.  റോക്ഫെല്ലർ യൂണിവേഴ്സിറ്റിയിലെ മെല്ലോ, വികാറിയോ, ക്ലെയ്റ്റൺ എന്നീ ശാസ്ത്രജ്ഞർ പാട്ടുകേന്ദ്രങ്ങളിൽ “സെങ്ക്” എന്ന് പൊതുവേ വിളിയ്ക്കപ്പെടുന്ന ജീനുകൾ ഉന്മേഷോത്സാഹത്തോടേ ഉണർന്നെഴുന്നതായി കണ്ടുപിടിച്ചത് വിപ്ലവാത്മകം തന്നെ ആയിരുന്നു. ഇതേ ജീൻ കോശവിഭജനത്തിന്റെ ആദ്യപടിയായി  അതിന്റെ രീതിക്രിയകൾക്ക് സജ്ജമാകാൻ കോശത്തെ സഹായിക്കുന്ന ഇ ജി ആർ (egr--1 early growth response gene-1) എന്ന പേരിൽ 1987 ഇൽത്തന്നെ കണ്ടുപിടിയ്ക്കപ്പെട്ടിട്ടുണ്ടായിരുന്നു. ആ ജീനിനു പുതിയ ധർമ്മങ്ങൾ ഉണ്ടെന്നുള്ളതാണ് മെല്ലോ ഗ്രൂപ് പ്രഖ്യാപിച്ചത് .കോശങ്ങളിലെ തന്മാത്രാപ്രവർത്തനവും  ജീവികളുടെ പുറമേ ഉള്ള പെരുമാറ്റവും തമിലുള്ള ഇതുവരെ വെളിവാകാതിരുന്നിരുന്ന ബന്ധം ഇതോടെ പെട്ടെന്ന് ശാസ്ത്രലോകത്തിനു പിടികിട്ടുകയായിരുന്നു. പാട്ടിന്റെ ഘടനകൾ ഓർമ്മയിൽ സൂക്ഷിക്കുന്ന  NCM എന്ന ന്യൂറോൺ കേന്ദ്രത്തിലാ‍ണ് ഈ സെങ്ക് ജീൻ പ്രകാശിക്കപ്പെടുന്നത് എന്നായിരുന്നു ആദ്യത്തെ അറിവ്. സ്വന്തം സ്പീഷീസിന്റെ പാട്ട് കേൾക്കുമ്പോൾ മാത്രമേ ഈ ജീൻ ഉണരുകയുള്ളു എന്നത് അദ്ഭുതാവഹമായി ഇന്നും നിലകൊള്ളുന്നു.  പാട്ടല്ലാതെ മറ്റ് ശബ്ദവിന്യാസങ്ങൾ കേട്ടാൽ ഇത് സംഭവിക്കുകയുമില്ല എന്ന സത്യകാരണത്താൽ സംഗീത പരതയ്ക്കും സംഗീതത്തിന്റെ സാംസ്ക്കാരികസ്വാധീനപ്പൊരുളുകൾക്കും  തന്മാത്രാപരമായ അടിസ്ഥാനം നിർമ്മിച്ചു കൊടുക്കുകയായിരുന്നു ഈ പ്രതിഭാസവെളിപാട്.
        വിപുലമായ പഠനങ്ങൾക്കാണ് മെല്ലോ ഗ്രൂപ്പിന്റെ ഈ പുതിയ കണ്ടുപിടിത്തം വഴി തുറന്നത്. പാട്ട് പഠിയ്ക്കുമ്പോൾ ‍ആദ്യമായി ഏരിയ എക്സിൽ ഈ ജീൻ ഉണരുന്നതായി നിരീക്ഷിക്കപ്പെട്ടു താമസിയാതെ. പാട്ട് കേൾക്കുമ്പോൾ എഛ് വി സി, ആർ എ, എൽ മാൻ എന്നീ ന്യൂറോൺ കേന്ദ്രങ്ങളിൽ ‘സെങ്ക്’ പ്രകാശനം ചെയ്യപ്പെടുന്നു, ഏരിയ എക്സിൽ പതിന്മടങ്ങാണു പ്രകാശനം. (ചിത്രം 7 നോക്കുക) .  ഈ പ്രകാശനത്തിന്റെ അളവ് സ്വരാക്ഷരങ്ങളുടെ (syllables) എണ്ണം കൂടുന്നതനുസരിച്ച് വർദ്ധിക്കുമെന്നത് കൌതുകകരം തന്നെ. കൂടാതെ പാട്ട് കൂടുതൽ സ്ഥിരീകരിക്കപ്പെടുകയും  ശുദ്ധമായി ഉരുത്തിരിയുകയും ചെയ്യപ്പെടുന്നതനുസരിച്ച് ഏരിയ എക്സിലെ സെങ്ക് അളവ് വർദ്ധിക്കുകയുമാണ്.  ഇതൊക്കെ സാധിച്ചു കഴിഞ്ഞാൽ ഈ ജീനിന്റെ പ്രകാശനത്തോത് ഗണ്യമായി കുറയും. ഫിഞ്ച് കിളികളിൽ അച്ഛനിൽ നിന്നും പഠിച്ച പാട്ട് അതേപടി വീണ്ടും കേൾക്കുമ്പോഴാണ് ഈ ജീൻ കൂടുതൽ ഉത്സാഹത്തോടേ ഉണർന്നു പ്രവർത്തിക്കുന്നത്. പാട്ട് നന്നായി പഠിച്ച, കച്ചേരി പാടിത്തുടങ്ങുന്ന ഫിഞ്ച് യേശുദാസന്മാരിൽ ഈ സെങ്ക് പ്രകാശനം അത്ര തീവ്രമല്ല താനും.




ചിത്രം 7. കാനറിയുടെ തലച്ചോർ ഛേദങ്ങൾ. സെങ്ക് ജീൻ പ്രകാശിക്കപ്പെടുന്ന ഇടങ്ങൾ വെളുത്ത പൊട്ടുകളാൽ കാണപ്പെടുന്നു. ഏരിയ എക്സിലും എൽമാനിലും എഛ് വി സിയിലും പാട്ട് കേട്ടുകൊണ്ട് പാടുമ്പോൾ ഉയർന്ന അളവിൽ സെങ്ക് പ്രകാശനം കാണപ്പെടുന്നു. പാട്ട് കേൾക്കുമ്പോൾ മാത്രം ഈ ജീനുകൾ ഉത്തേജിക്കപ്പെടുന്നില്ല. നിശബ്ദമായി ഇരിയ്ക്കുമ്പോൾ ഈ ജീൻ തീരെ ഉണരുന്നില്ല എന്നത് ശ്രദ്ധിക്കുക

ചിത്രം 7 നോക്കുക. കാനറിയുടെ തലച്ചോർ ഛേദമാണ്.  വെളുത്ത പൊട്ടുകൾ സെങ്ക് ജീനിന്റെ ഉണർവ്വ് സൂചിപ്പിക്കുന്നു. പാട്ട് കേൾക്കുമ്പോൾ മുകളിലുള്ള ചില ഭാഗങ്ങളിൽ സെങ്ക് പ്രകാശിക്കപ്പെടുകയാണ്. എന്നാൽ ഏരിയ എക്സ്, എൽ മാൻ എന്നീകേന്ദ്രങ്ങളിൽ അത് സംഭവിക്കുന്നില്ല. കേൾക്കുകയും പാടുകയും ചെയ്യുമ്പോൾ ഏരിയ എക്സിൽ ഇത് ശതഗുണീഭവിക്കുകയാണ്, അതുകൊണ്ട് ഏരിയ എക്സ് മുഴുവനും വെളുത്ത് കാണുന്നു. എൽമാനിലും എഛ് വി സിയിലും ഈ ജീൻ  കൂടുതൽ പ്രകാശിക്കപ്പെടുന്നു. എന്നാൽ പാടുമ്പോൾ മാത്രം (കേൾവി നിർവ്വീകരിക്കപ്പെട്ട പക്ഷികളിൽ) ഈ പ്രകാശനം കുറഞ്ഞ തോതിലാണ്.

   പാട്ട് കൂടുതൽ പാടുന്നതനുസരിച്ച്, പ്രത്യേകിച്ചും പാട്ട് പഠിയ്ക്കുന്ന കാലത്ത് സെങ്ക് ജീൻ ഏരിയ എക്സിൽ കൂടുതൽ പ്രകാശിക്കപ്പെടും.  ചിത്രം 8 ശ്രദ്ധിക്കുക. ഒന്നും പാടാത്ത മൈനയുടെ  ഏരിയ എക്സിൽ സെങ്ക് ജീൻ ഉണരുന്നതേ ഇല്ല.  ഒരു മണിക്കൂറിൽ 27 പാട്ട് പാടിയ മൈനയിൽ സെങ്ക് പ്രകാശനം ത്വരിതപ്പെടുകയാണ്. ഒരുമണിക്കൂറിൽ 61 പാട്ട് പാടിയപ്പോൾ ഇതേ ജീനിന്റെ പ്രകാശനം വളരെ ഉയർന്നതോതിൽ പ്രത്യക്ഷമാകുകയാണ്.




ചിത്രം 8. പാട്ട് പക്ഷിയുടെ ഏരിയ എക്സ് കേന്ദ്രം. പാട്ട് കൂടുതൽ പാടുന്നതനുസരിച്ച്  ഏരിയ എക്സിൽ സെങ്ക് ജീൻ ഉണർന്നു പ്രവർത്തിക്കുന്നു. ഒരു മണിക്കൂറിൽ 27 പാട്ട് പാടിയപ്പോൾ പ്രകാശനം ചെയ്യപ്പെടുന്ന സെങ്ക് ജീനുകളേക്കാൾ വളരെക്കൂടുതലാണ് മണിക്കൂറിൽ 61 പാട്ട് പാടിയപ്പോൾ. കറുത്ത പൊട്ടുകൾ സെങ്ക് ജീൻ പ്രകാശനം അടയാളപ്പെടുത്തുന്നു



ഫോക്സ് പി2 എന്ന സംസാരശേഷിജീൻ
      മനുഷ്യരിൽ സംസാരശേഷിയ്ക്ക് അത്യന്തം ആവശ്യമുള്ള ഒരു ജീൻ ആണ് ഫോക്സ് പി 2. ഈ ജീനിന്റെ തകരാറുമൂലം ഉച്ചാരണത്തിൽ വളവ് പുളവുകൾ വരുത്താനോ ശബ്ദക്രമീകരണങ്ങൾ നടത്തുവാനോ കേൾക്കുമ്പോൾ ഇവയൊക്കെ മനസ്സിലാക്കുവാനോ സാധിയ്ക്കുകയില്ല.  ഉദാഹരണത്തിനു ഒരു ചോദ്യം ചോദിക്കുമ്പോൾ അതിൽ വരുത്തുന്ന ശബ്ദവിന്യാസക്രമമാറ്റങ്ങൾ പ്രകടിപ്പിക്കാനോ അത് കേട്ട് മനസ്സിലാക്കാനോ പറ്റാതെ വരും. പാരമ്പര്യമായി ചില കുടുംബങ്ങളിൽ ഇത് വന്നുഭവിക്കാറുണ്ട്. സംസാരശേഷിയെ തീവ്രമായി ബാധിയ്ക്കുന്ന അസുഖങ്ങൾക്ക് പ്രധാനകാരണക്കാരൻ ഈ ജീൻ തന്നെ.  പാട്ട്പക്ഷികളിലും ഇതേ ജീൻ പാട്ട് പാടുന്നതിനേയും പഠിക്കുന്നതിനേയും നിയന്ത്രിക്കുന്നുണ്ട്. മനുഷ്യരും പക്ഷികളുമായി സംസാരം, പാട്ട് എന്നിവയെ ദൃഢമായി ബന്ധിപ്പിക്കുന്നതായിരുന്നു ഈ കണ്ടുപിടിത്തം.  ഏരിയ എക്സിലാണ് ഈ ജീൻ വിളയാടുന്നത് കൂടുതലായും. സീബ്ര ഫിഞ്ചുകളിൽ മുട്ട വിരിഞ്ഞ് 35-50 ദിവസങ്ങളിൽ- പാട്ട് തകൃതിയായി പഠിയ്ക്കുന്ന സമയം- ആണ് ഈ ജീനിന്റെ അത്യുദാരമായ പ്രകാശനം.  പാട്ട് പഠിച്ചുകഴിഞ്ഞാൽ ഈ അളവ് ഗണ്യമായി കുറയുകയാണ്.   ജീൻ നിർവ്വീകരിക്കപ്പെട്ടാൽ പാട്ട് മാഷ് പാട്ട് പഠിപ്പിക്കുമ്പോൾ ശരിയായി പഠിച്ചെടുക്കാൻ പറ്റുകയില്ല. പാട്ട് പാടാത്ത പക്ഷികളിൽ ഈ ജീൻ കാണപ്പെടുന്നതേ ഇല്ല. പാട്ടിന്റെ ഈണവും വിന്യാസങ്ങളും ദൃഢമാക്കാൻ ഈ ജീൻ ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു അതുകൊണ്ട് പ്രായമായ ഗാനഗന്ധർവ്വന്മാരും ഈ ജീനിന്റെ ഉണർച്ചയെ ആശ്രയിക്കും.  കൂടുതൽ പാടുമ്പോൾ ഈ ജീനിന്റെ അളവ് കുറയുകയാണ്. ബെംഗാളി ഫിഞ്ചുകൾക്ക് പാട്ടുകൾ മാറ്റിമാറ്റിപ്പാടാനുള്ള പാടവമുണ്ട്. അതുകൊണ്ട് അവ പാട്ട് കൊണ്ടുപിടിച്ച് പാടുന്നതനുസരിച്ച് ഫോക്സ് പി 2ന്റെ അളവ് തെല്ല് കുറയുകയും പാട്ടിൽ വൈവിദ്ധ്യമണയ്ക്കാനും സാദ്ധ്യമാകുന്നു. ഏരിയ എക്സിൽ ഇതൊക്കെ കൃത്യമായി അടയാളപ്പെടുന്നുണ്ട്.   മനുഷ്യരിൽ സംസാരശേഷി ഉടലെടുക്കുന്നതും അത് ആജീവനാന്തം നിലനിറുത്തുന്നതും പ്രായമായിക്കഴിഞ്ഞാൽ ഭാഷ പഠിച്ചെടുക്കുന്നതിൽ പ്രയാസം നേരിടുന്നതും സംസാരവൈകല്യങ്ങളുമൊക്കെ വ്യക്തമായും ആഴത്തിലും പഠിയ്ക്കാൻ പക്ഷികളിലെ ഫോക്സ്പി2 പഠനം ഉപയുക്തമാകുകയാണ് ഇന്ന്.
         
       പാട്ട് പഠിയ്ക്കുന്ന സമയത്ത്  മേൽ‌പ്പറഞ്ഞതല്ലാതെ നിരവധി ജീനുകളാണ് പ്രാവർത്തികമാകുന്നത്. പ്രധാനമായും എഛ് വി സി എന്ന കേന്ദ്രത്തിലും ഏരിയ എക്സിലും. ചിലവയുടെ അളവ് കൂടുകയാണെങ്കിൽ  ചിലവ മന്ദീഭവിക്കുകയാണ്. ന്യൂറോണുകൾ തമ്മിലുള്ള സംവേദനങ്ങളെ സ്വാധീനിക്കുന്ന ജീനുകളാണ് മിക്കവയും. അല്ലെങ്കിൽ ഇവയെ ഉണർത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന അധികാരി ജീനുകൾ. സെങ്ക്, ഫോക്സ് പി2 ഒക്കെ ഈ വകുപ്പിൽ പെടുന്നവയാണ്.  ചില ജീനുകൾ സദാ ഉണർന്നിരിക്കാൻ വിധിയ്ക്കപ്പെടുമ്പോൾ ചിലവ അണയുകയാണ് ദീർഘകാലത്തേയ്ക്ക്. ഇപ്രകാരം പാട്ട് പഠിച്ചെടുക്കുന്ന വേളയിൽ പല ന്യൂറൂണുകളിലേയും  ജീനുകളുടെ ക്രമരൂപങ്ങൾ മാറ്റിയെടുത്ത് സ്ഥിരമായ വ്യത്യാസങ്ങൾക്ക് വഴി തെളിയ്ക്കുകയാണ്. ജീനുകൾ കോശങ്ങളിൽ സ്ഥിര മുദ്ര പതിപ്പിക്കുകയാണ്.  

     ഈ ജീനുകൾ പ്രകാശിക്കപ്പെടുന്നത് ചില രസകരങ്ങളായ സാമൂഹ്യ അവസ്ഥകളിലുമാണ്.  പുലർ വേളയിലാണ് പലേ പാട്ടുപക്ഷികൾക്കും തദനുസാരിയായി പാട്ടുജീനുകൾക്കും ഉത്സാഹമേറുന്നത്.  പുറത്തെ വെളിച്ചം അനുസരിച്ച് ഉത്തേജിതമാകുന്ന ഹോർമോണുകൾക്ക് ഇതിൽ പങ്കുണ്ട്. വേനലിലും വസന്തത്തിലും ന്യൂറോൺ ബന്ധങ്ങളും ജീൻ ഉത്തേജനവും ഒരേ പക്ഷിയിൽ മാറി മാറി വരാം.  ബെംഗാളി ഫിഞ്ചുകൾക്ക് രണ്ടു തരം പാട്ടുകളുണ്ട്. സ്വന്തം പ്രണയിനോട് പാടുമ്പോൾ വളരെ വേഗത്തിലുള്ളതും ആവർത്തിച്ച് വരുന്ന അക്ഷരപ്രയോഗങ്ങൾ   ഒക്കെയുണ്ട്. ഒറ്റയ്ക് പാടുന്ന പൂങ്കുയിൽ ആകുമ്പോൾ ഈ വിശേഷങ്ങളൊന്നുമില്ലാത്ത സാദാ പാട്ട്. ഈ രണ്ടു വേളകളിലും സെങ്ക് ജീനിന്റേയും ഫോക്സ് പി 2 ജീനിന്റേയും പ്രകാശനവും വ്യത്യസ്തമാണ്.  ഈ രണ്ടു പാട്ടുകളും ബെംഗാളി ഫിഞ്ച് പെൺകൊടി തിരിച്ചറിയും; അവൾക്കു വേണ്ടിയുള്ള പാട്ട് മാത്രമേ അവളെ കാമോത്സുകയാക്കുകയുള്ളു. കാനറികൾക്ക് പല പാട്ടുകൾ പാടാനറിയാം; ഇവയ്ക്കോരോന്നിനും ഫോക്സ് പി2 ഉണർവിൽ വ്യത്യാസമുണ്ട്.  നേരത്തെ പരാമർശിച്ച സെങ്ക് ജീനിനും സമാന്തരമായ പ്രവർത്തനങ്ങളുണ്ട്. മനസ്സു മനസ്സിന്റെ കാതിൽ രഹസ്യങ്ങൾ മന്ത്രിക്കും മധുവിധു രാവിൽ കാമുകന്റെ  ‘സെക്സി പാട്ട്’ കേൾക്കുന്ന  ഫിഞ്ച് പെൺകൊടി പാടാൻ കഴിവില്ലെങ്കിലും ഇത് കേൾക്കുമ്പോൾ സെങ്ക് ജീൻ പ്രകാശിപ്പിച്ച് ആനന്ദം കൊള്ളുകയാണ്. പാട്ട് കേൾക്കുമ്പോൾത്തന്നെ  ന്യൂറോണുകളിൽ തന്മാത്രാവിന്യാസങ്ങളും പ്രതിപ്രവർത്തനങ്ങളും നടക്കുകയാണെന്നു സാരം. മനസ്സും മസ്തിഷ്കവും തമ്മിലുള്ള ബന്ധത്തിനു വ്യക്തതയേറുകയാ‍ണ്.

എങ്ങിനെ നീ മറക്കും കുയിലേ-ജീനുകൾ ഓർമ്മകൾ
  പക്ഷിക്കുഞ്ഞുങ്ങൾ  നേരത്തെ തന്നെ പാട്ട് പഠിച്ചുതുടങ്ങുന്നത് എന്നെന്നും ഓർമ്മിക്കാൻ വേണ്ടിത്തന്നെയാണ്. പാട്ട് പഠിയ്ക്കുമ്പോൾത്തന്നെ  ഓർമ്മകേന്ദ്രത്തിലേക്ക് പകർപ്പുകൾ അയയ്ക്കപ്പെടുകയാണ്, അച്ഛൻപാട്ടിന്റെ രൂപവും പഠിച്ചെടുത്ത പാട്ടിന്റെ രൂപവുമൊക്കെ ഇവിടെ സൂക്ഷിക്കപ്പെടുകയാണ്. പാട്ടുകൾ ഓർമ്മിച്ചിരിക്കുന്നതിന്റെ ഘടനാപരമായ അടിസ്ഥാനവിദ്യകളിൽ പ്രമുഖമായത് ജീനുകളുടെ കളി തന്നെയാണ്. എപ്പൊഴും മാറ്റങ്ങൾക്ക് വിധേയരാകാൻ വേണ്ടി തയാറെടുത്ത് നിൽക്കുന്ന ഒരു പറ്റം ന്യൂറോണുകളാണ് NCM  എന്ന ഓർമ്മകേന്ദ്രത്തിലുള്ളത്. ഈ ന്യൂറോണൂകളിൽ ചില ജീനുകൾ- പ്രധാനമായും “ആർക്” (arc) എന്ന ജീൻ- പ്രകാശിക്കപ്പെടുകയും (അവയുടെ ധർമ്മമായ  പ്രോടീനുകൾ  നിർമ്മിച്ചെടുക്കുകയും അതുവഴി ചില സ്ഥിരതീരുമാനങ്ങൾ എടുക്കുകയും ചെയ്യുകയാണീ ന്യൂറോണുകൾ) ഓർമ്മ കോശങ്ങളായി മാറുകയും ചെയ്യുകയാണ്. പിന്നീട് ഇതേ പാട്ട് കേൾക്കുമ്പോൾ  ഇതേ ന്യൂറോണൂകളിൽ ഇതേ ജീനുകളാണ് ഉണർന്ന് പണ്ട് കേട്ട പാട്ടാണല്ലോ ഇത് എന്ന് എൻ സി എം കേന്ദ്രത്തിനു തോന്നപ്പെടുന്നത്. മറ്റു പാട്ടുകൾ കേൾ‌പ്പിച്ചാൽ ഈ ജീനുകളൊന്നും ഉണരുകയില്ല എന്ന രീതിയിലുള്ള കൃത്യതയാണ് ഈ ന്യൂറോണുകൾക്ക്. എൻ സി എം ഇനു കേടു പറ്റിയാൽ പാട്ട് മാഷ് പഠിപ്പിച്ച പാട്ട് ഇതു തന്നെയോ എന്ന അന്ധാളിപ്പ് അവസ്ഥയിൽ എത്തും. പാട്ടു പഠിയ്ക്കാൻ കഴിവില്ലെങ്കിലും പെൺകിളികൾക്ക് അച്ഛന്റെ പാട്ടുകൾ ഓർമ്മ വരുന്നത് ഈ കേന്ദ്രത്തിലെ ന്യൂറോണുകൾ മേൽ‌പ്പറഞ്ഞ ജീനുകളെ ഉണർത്തിയാണ്. ഏരിയ എക്സ്, എൽമാൻ എന്നീ കേന്ദ്രങ്ങളും പാട്ടിന്റെ ഘടനാവിന്യാസങ്ങളുടെ സൂക്ഷ്മകോഡുകൾ ആലേഖനം ചെയ്ത് വച്ചിട്ടുണ്ട്.  ന്യൂറോണുകളുടെ വഴങ്ങുന്ന സ്വഭാവം (neuronal plasticity)  ഇത്തരം പഠിച്ചെടുക്കലിലും ഓർമ്മശേഖരത്തിലും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വൈദ്യുതീ  തരംഗങ്ങളാൽ ഉള്ള വിജൃംഭനം, ഉത്തേജനത്തിനനുസരിച്ച് പ്രത്യുത്തരണം , ന്യൂറോണൂകൾ തമ്മിലുള്ള സങ്കീർണ്ണബന്ധങ്ങൾ ഇവയിലൊക്കെ മാറ്റങ്ങൾ കടന്നു കൂടുകയാണ് പാട്ട് ഓർമ്മയിൽ ശേഖരിക്കപ്പെടുമ്പോൾ.  

  പാട്ട്പക്ഷികളിലെ എൽമാൻ, ഏരിയ എക്സ്, എഛ് വി സി, ആർ എ മുതലായ ന്യൂറോൺ കേന്ദ്രങ്ങൾക്ക് തത്തുല്യമായ കേന്ദ്രങ്ങൾ മനുഷ്യമസ്തിഷ്ക്കത്തിൽ നിജപ്പെടുത്തിയിട്ടുണ്ട്. ചിത്രം 9 ഈ വലയങ്ങളുടെ പാരസ്പര്യം ലളിതമായി സൂചിപ്പിച്ചിരിക്കുന്നു. പക്ഷികളുടെ വലയബന്ധങ്ങളാണ് ചിത്രം സൂചിപ്പിക്കുന്നതെങ്കിലും ഇതിനു സമമായ ന്യൂറോൺ കേന്ദ്രങ്ങൾ മനുഷ്യമസ്തിഷ്ക്കത്തിന്റെ ഉപരിതലത്തിനു താഴെയുള്ള കോർടെക്സ് എന്ന ഭാഗത്ത് നിലകൊള്ളുകയാണ്.. പക്ഷികളിൽ ഈ കേന്ദ്രങ്ങൾ വെവ്വേറേ ആണെന്നുള്ളത് പഠനങ്ങൾ എളുപ്പമാക്കുകയാണ്, മനുഷ്യകോർടെക്സിൽ  ഇവയെല്ലാം കൂടി ഒതുക്കിയിരിക്കുകയാണ്.  പക്ഷികളിലെ മേൽ‌പ്പറഞ്ഞ കേന്ദ്രങ്ങളിലെ  ക്ഷതിയോ അവഗുണമോ മൂലം പാട്ട് പാടുന്നതിനു വരുന്ന ന്യൂ‍നതകൾ മനുഷ്യർക്ക് സംസാരസംബന്ധിയായി വരുന്ന അസുഖങ്ങളുമായി കൃത്യസമാനതയുള്ളവയാണ്. പെറ്റ്, എം ആർ ഐ (PET, MRI)  മുതലായ സ്കാനിങ് വിദ്യകൾ കൊണ്ട് ഈ ന്യൂറോൺ കേന്ദ്രങ്ങളിലെ ഉണർവ് പരിശോധിക്കപ്പെട്ടിട്ടുണ്ട്. ഭാഷണമോ പാട്ട് കൊണ്ടോ മനുഷ്യരിൽ ഉത്തേജനം സംഭവിക്കുന്ന ഭാഗങ്ങൾ എഛ് വി സിയ്ക്കും ആർ എയ്ക്കും സമാനമായ ഇടങ്ങളാണെന്ന് തെളിഞ്ഞിട്ടുണ്ട്. തലാമസ് എന്നഭാഗം മനുഷ്യരിലും പക്ഷികളിലും ഒരുപോലെ ശബ്ദനിർമ്മാണ നിയന്ത്രണപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. ഫോക്സ്പി 2 അല്ലാതെ ഫോക്സ്പി1, റോബോ1 എന്നീ ജീനുകളും പാ‍ട്ടുപക്ഷികളിലും മനുഷ്യരിലും ഒരേപോലെ ഉത്തേജിക്കപ്പെടുന്നുണ്ട്. തെല്ലൊരു ആശ്ചര്യകരമായ കാര്യം പക്ഷികളിലും മനുഷ്യരിലും ശരീരത്തിന്റേയും  കൈകാലുകളുടേയും ചലനങ്ങൾ നിയന്ത്രിക്കുന്ന കേന്ദ്രം ഭാഷണകേന്ദ്രത്തിന്റെ അടുത്തു തന്നെയാണെന്നുള്ളതാണ്. പാട്ട് പാടുമ്പോൾ നൃത്തവും കൂടെ പ്രകടമാക്കാൻ തോന്നുന്ന വികാരം തലച്ചോറിൽ  തൊട്ട് തൊട്ട് നിബന്ധിച്ചിരിക്കുകയാണെന്നു സാരം. മസ്തിഷ്ക്കകേന്ദ്രങ്ങളുടെ കൊടുക്കൽ വാങ്ങൽ ഉളവാക്കുന്നതായിരിക്കാം പാട്ട് പാടുമ്പോഴുള്ള സ്വാഭാവികമായ ശരീരചലനങ്ങൾ.   



ചിത്രം 9. തലച്ചോറിലെ പാട്ട് സംബന്ധിയായ കേന്ദ്രങ്ങളും അവയുടെ ബന്ധങ്ങളും. ലളിതവും സംക്ഷിപ്തവുമായ ചിത്രീകരണം. RA, nXIIts എന്നീ കേന്ദ്രങ്ങൾ ശബ്ദനിർമ്മിതിയുടെ നിയന്ത്രണത്തിനുള്ളവയാണ്

   ഹോർമോണുകളും ന്യൂറോണുകൾ തമ്മിൽ സംവദിക്കുന്ന ഡോപമിനും അതുപോലയുള്ള മറ്റ്  പ്രേഷകവസ്തുക്കളും സംവേദകവസ്തുക്കളും പ്രഭാവം ചെലുത്തുന്നുണ്ട് പക്ഷികളുടെ പാട്ട് പാടലിൽ. ഈ വസ്തുക്കൾ പെരുമാറ്റങ്ങളെ നിയന്ത്രിക്കുന്നവയുമാണ്.  പക്ഷികളിൽ പാട്ട്കേന്ദ്രങ്ങൾ പലതും ഡോപമിൻ നിയന്ത്രണത്തിലാണ്. മനുഷ്യരിൽ ഡോപമിൻ ബാധിക്കുന്നത് അവബോധജ്ഞാനം (cognition) പഠനം,  ജീവപ്രചോദനങ്ങൾ,  മനോദശയും മറ്റ് ചിത്തവൃത്തികളും , ഉറക്കം  ഇങ്ങനെ നിരവധി പെരുമാറ്റങ്ങളേയും മനോവൃത്തികളേയുമാണ്. ഇവയുടെ ഘടനാപരമായ പ്രവർത്തനങ്ങളും പാരസ്പരികതയും പഠിച്ചെടുക്കാൻ മാത്രമല്ല, സാമൂഹികാവസ്ഥയും മസ്തിഷ്കവ്യവഹാരങ്ങളും ധർമ്മങ്ങളും ആയി ബന്ധപ്പെടുത്താനും കിളിമൊഴിഗവേഷണങ്ങൾ ഉപയുക്തമാകുകയാണ്. മനുഷ്യരിലും  പക്ഷികളിലും സാമൂഹികാവസ്ഥകളാണ് സംസാരശേഷിയേയെയും പാട്ട് പഠിത്തത്തേയും ക്രമപ്പെടുത്തുന്നതും വ്യവസ്ഥാപിതമാക്കുന്നതും.  മാനസമൈനകൾ കിള്ളിത്തരുന്ന മധുരങ്ങൾക്കപ്പുറമാണ് ഇത്തരം പഠനങ്ങളുടെ സാംഗത്യം.   നിഗൂഢതകൾ ഏറെയുള്ള മനുഷ്യമനസ്സിന്റെ വ്യാപാരങ്ങളെ മസ്തിഷ്ക ഘടനയും പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്താൻ ഇത്തരം മാതൃകാരൂപപഠനങ്ങളേ ഉതകുകയുള്ളു.  ഭാഷാശാസ്ത്രജ്ഞനായ നോം ചോംസ്കി പക്ഷികളുടെ മസ്തിഷ്ക്കത്തിന്റേയും പാട്ടുപാടലിന്റേയും വിശദാംശങ്ങൾ സ്വരൂക്കൂട്ടിയ ഒരു പുസ്തകത്തിന്റെ ആമുഖത്തിൽ ഇങ്ങനെ പറയുന്നു. ”.പക്ഷിപ്പാട്ടുകളെപ്പറ്റിയുള്ള നിരന്തരമായ അന്വേഷണപഠനങ്ങൾ  ഭാഷയും പുറം ലോകവും തമ്മിലുള്ള കൊടുക്കൽ വാങ്ങൽ ഇടം എങ്ങനെ വികാസപരിണാമങ്ങൾ കൈവരിച്ചു എന്നതിനെപ്പറ്റിയും പ്രവർത്തിക്കുന്നു എന്നതിനെപ്പറ്റിയുമുള്ള നമ്മുടെ അറിവുകൾക്ക് തീവ്രോത്തേജനം നൽകുകയാണ്”. തലച്ചോറിന്റെ രോഗലക്ഷണവിദ്യാപഠനങ്ങൾ എളുപ്പമാവുകയുമാണ് ‘പക്ഷിശാസ്ത്ര’ ത്തിന്റെ സഹായത്താൽ. ഓടിസം, സ്കിസോഫ്രീനിയ(ഭ്രാന്ത്)  മറ്റ് മനോരോഗങ്ങൾ, സംസാരശേഷിക്കുറവ്   മുതലായവയെക്കുറിച്ച്  ആഴത്തിലുള്ള അറിവുകളാണ്  ശാരികപ്പൈതലുകൾ  കഥാശേഷമായി ചൊല്ലിത്തരുന്നത്.

Abreviations: HVC, High Vocal Center, RA: Robustus Arcopallialis nucleus, LMAN: lateral magnocellular nucleus of anterior nidopallium DLM: medial nucleus of  dorsolateral thalamus NCM: caudal medial nidopallium, Area X: area X of the striatum 

Referances
1.      Jarvis E. D. Learned birdsong and the neurobiology of human language Ann N Y Acad Sci. 1016: 749. 2004
2.  Walton C., Pariser E., Nottebahm F. The zebra finch paradox: song is little                                    changed, but number of neurons doubles. J. Neuroscience 32: 761-774, 2012
  1. Jarvis E. D. and Nottebahm F.  Motor-driven gene expression  Proc. Natl. Acad. Sci. USA 94: 4097–4102,  1997
  2. Bolhuis J. J., Everaert M. (ed) Birdsong, Speech and Language. Exploring the Evolution of Mind and Brain. The MIT Press, Cambridge 2013
  3. Sukhatme V.P., Kartha S., Toback F.G., Taub R., Hoover R.G., Tsai-Morris C.H. A novel early growth response gene rapidly induced by fibroblast, epithelial cell and lymphocyte mitogens. Oncogene Res. 1:343–35, 1987
  4. Mooney R. Neural mechanisms for learned birdsong.  Learning and Memory 16: 655-669, 2009
 7. Clayton D. F. The genomics of memory and learning in songbirds. Ann. Rev Genomics      Hum Genet. 14: 45-65, 2013
  1. Moorman S., Mello C. V., Bolhuis J. J. From songs to synapses: molecular mechanisms of birdsong memory. Molecular mechanisms of auditory learning in songbirds involve immediate early genes, including zenk and arc, the ERK/MAPK pathway and synapsins. Bioessays 33: 377-385, 2011
9.  Thompson C. K., Schwabe F., Schoof A.,Mendoza E., Gampe J., Rochefort C and Scharff C. Young and intense: FOXP2 immunoreaactivty in Area X varies with age, song stereotypy and singing in  male zebra finches. Front. Neur. Circuits 7: 1-17, 2013
  1. Ihle E. C., van der Hart M., Jongsma M., Tecott L. H. and Doupe A. J. Dopamine physiology in the basal ganglia of male zebra finches during social stimulation. Eur. J. Neuroscience 41: 1506-1514, 2015
  2. Kubokova L., Wada K. and Jarvis E. D. Dopamine receptors in a songbird brain J. Comp. Neurology 518: 741-769, 2010
  3. Lynch K. S., Kleitz-Nelson H. K. and Ball G. F. HVC lesions modify immediate early gene expression in auditory forebrain regions of female songbirds. Develop.Neurobiology  73:315-323 2012
  4. Dunning J. L., Pant S., bass A., Coburn Z and Prather J. F. Mate choice in adult female Bengalese finches: females express consistent preferences for individual males and prefer female-directed song performances. PLoS One 9: e89438, 2014
  5. Chen Q., Heston J. B., Burkett Z. D. and White S. A. Expression analysis of the speech-related genes FoxP1 and FoxP2 and their relation to singing behavior in two songbird species. J. Exp. Biology 216:3682-3692, 2013
  6. Bolhuis J. J. and Gahr M. Neural mechanisms of birdsong memory. Nat. Reviews 7:347-357, 2006

Friday, August 19, 2016

ലിംഗം എന്ന മൂർച്ചയുള്ള ആയുധം

ആൺകോയ്മയുടെ ഇരുമ്പുദണ്ഡാണ് ഡെൽഹി നിർഭയയുടേയും പെരുമ്പാവൂർ ജിഷയുടേയും ശരീരത്തിൽ തുളച്ചുകയറ്റപ്പെട്ടത്. ഹിംസാത്മകമാകുന്ന രതി.

    പക്ഷികൾ ഉൾപ്പടെ ജന്തുകുലത്തിൽ പെണ്ണാണ് ആണിനെ തെരഞ്ഞെടുക്കുന്നത്.  ഏറ്റവും കരുത്തരും പരിസ്ഥ്തിയെ അതിജീവിക്കാൻ പ്രാപ്തരുമായ കുഞ്ഞുങ്ങൾ വേണമെന്നാണ് ജന്തുകുലസ്ത്രീകളുടെ ജൈവികതീരുമാനം. ആൺവർഗ്ഗങ്ങൾ തമ്മിൽ പൊരുതിയാണ് പലപ്പോഴും പെണ്ണിനു സ്വീകാര്യമാണെന്ന് തെളിയിക്കുന്നത്. ഏറ്റവും കരുത്തന്റെ ബീജം ആയിരിക്കണം അടുത്ത തലമുറയെ നിർമ്മിക്കേണ്ടത്.. ഇത് പാമ്പിനും പക്ഷിയ്ക്കും പല്ലിയ്ക്കും  ഒക്കെ ബാധകമാണ്. ലൈംഗികവേഴ്ച്ചയിലെ നിയന്ത്രണം പെണ്ണിനു അവകാശപ്പെട്ടതാണ്. എന്നാൽ മനുഷ്യരിൽ മാത്രമാണ് ഇത് അവളുടെ മേൽ അധികാരം സ്ഥാപിക്കേണ്ട ഉദ്യമമായി മാറുന്നത്.  

    ജന്തുക്കൾ ഹിംസ പ്രയോഗിക്കുന്നത് പ്രധാനമായും സംരക്ഷണത്തിനാണ്, കുഞ്ഞുങ്ങളേയും സ്വന്തം പറ്റത്തേയും ഒക്കെ.  അതിരു കടന്ന് സ്വന്തം ഇടത്തിൽ ആരും വന്നുകൂടാതിരിക്കാനും ഭക്ഷണത്തിൽ അനധികൃതമായി പങ്കുപറ്റാൻ വരുന്നവരെ പേടിപ്പിച്ചു വിടാനും അവർ ഹിംസയുടെ ഉപായങ്ങൾ പ്രയോഗിച്ചെന്നിരിക്കും.  പെൺ സംഘങ്ങളെ സൂക്ഷിക്കുന്ന ഗറില്ല മറ്റ് നേതാക്കൾ വന്ന് ആധിപത്യം നേടാതിരിക്കാൻ അധികാരത്തിന്റെ ഗർവ് ഹിംസ വഴി പ്രദർശിപ്പിച്ചേക്കാം. എന്നാൽ മനുഷ്യരിൽ ക്രിയാത്മകവും അതിജീവനത്തിനു അത്യന്താപേക്ഷിതമോ ആകാറില്ല ഹിംസ. കുടുംബം എന്ന വ്യവസ്ഥ നിലവിൽ വനതിനു ശേഷമാണ് മനുഷ്യഹിംസ പല മാനങ്ങൾ തേടി പടർന്നു പന്തലിച്ചത്. ആണിനു മേൽക്കോയ്മ എന്ന് വന്നു കൂടിയതോടേ ഇതു നിലനിർത്താനും മറ്റുള്ളവരെ ശിക്ഷിച്ച് അധികാരം പ്രദർശിപ്പിക്കാനും സ്വത്ത് കൈവശം വയ്ക്കാനും പിടിച്ചെടുക്കാനും അക്രമമാർഗ്ഗം സ്വീകരിക്കലായി അവൻ. കുടുംബത്തിന്റെ നിലനിൽ‌പ്പിനു-പ്രധാനമായും പ്രജനനത്തിനു- അത്യാവശ്യമായ പെണ്ണിനെ നിലനിർത്താൻ  ഹിംസ ആവശ്യമാണ് എന്നു കരുതി അവൻ. അവന്റെ ആണത്തത്തെ വെല്ലുവിളിയ്കാൻ പോന്ന വ്യക്തി അവൾ മാത്രമാണെന്നതിനാൽ അവൾ കീഴടങ്ങിയിരിക്കേണ്ടത് അവന്റെ ആവശ്യമായി വന്നു കൂടി. ആൺ-പെൺ ബന്ധങ്ങളിൽ ജൈവപരമായി തുല്യതയാണെങ്കിലും ഈ പ്രകൃതിനിയമത്തെ വെല്ലു വിളിച്ചുകൊണ്ട് പെണ്ണിനുമേൽ ശക്തി പ്രയോഗിക്കുക എന്നത്  സ്വാഭാവികവും സാധാരണവും ആണെന്ന മട്ടിൽ ആണുങ്ങൾ നീതിശാസ്ത്രങ്ങൾ മെനയുകയും ക്രൂരതയും ഹിംസയും  ഇതിനാൽ സാധൂകരിക്കപ്പെടുകയും ചെയ്യുന്നു എന്ന് വരുത്തിക്കൂട്ടുകയും ചെയ്തു അവർ.

      എളുപ്പം ചെയ്യാവുന്നത് രതി എന്നത് കീഴ്പ്പെടുത്തലിനു ഉപയോഗിക്കുക എന്നതാണ്. സംഭോഗം എന്നത് പ്രജനനത്തിനു അത്യാവശ്യമാണ്, അത്യന്തം ആനന്ദകരമാണ്. പെണ്ണിനു ഗർഭം ധരിച്ച് കുഞ്ഞിനെ പ്രസവിക്കണം എന്ന ഉത്തരവാദിത്തത്തിന്റെ ആരംഭവേളയുമാണിത്. ഈ കൃത്യം ഇതിൽ നിന്നെല്ലാം വേർപെടുത്തി അധികാരപ്രയോഗം മാത്രമാകുമ്പോൾ പെണ്ണിനു അത്  തീവ്രാഘാതമാണ്. രതിയിലെ ആനന്ദാനുഭവമേ ഇല്ലാതാക്കുക എന്നതാണ് ഈ ഹിംസയുടെ ക്രൂരോദ്ദേശം. ഇത് ഉളവാക്കുന്ന മാനസികാഘാതം തീവ്രമാണ് പെണ്ണിനു എന്ന് അവനറിയാം. മനസ്സിനേറ്റ ഈ മുറിവ് ഉണങ്ങാൻ നാളുകളെടുക്കും. അങ്ങനെ മനസ്സിനെ കീഴ്പ്പെടുത്തലാണ് ഉദ്ദേശം, അത് എളുപ്പം സാധിച്ചെടുക്കുകയും ചെയ്യാം. ശരീരത്തിനു മുറിവേൽ‌പ്പിച്ചാൽ അത് പെട്ടെന്ന് ഉണങ്ങിയേക്കും.  കൂടാതെ ആൺകോയ്മ നിർമ്മിച്ചെടുത്ത രതിയോടു ബന്ധപ്പെട്ട അഭിമാനം പെണ്ണിനു നഷ്ടപ്പെടുക എന്ന സമൂഹനീതി  നിലനിൽക്കുമ്പോൾ രതി കഴിഞ്ഞ പെണ്ണ് കളംകിതയും അപമാനിതയും ആണെന്ന  പൊതുബോധരീതി അവൾക്ക് പിൽക്കാലജീവിതം അസഹ്യമാക്കുകയും ചെയ്യുന്നു. ഇത് ഒരു കെണി ആണ്. ഡെറ്റോൾ ഇട്ട് കഴുകിയൽ പോകാനുള്ളതേ ഉള്ളു ഈ അപമാനം എന്ന് മാധവിക്കുട്ടി പറഞ്ഞതിൽ സത്യമുണ്ട്. തന്റെ അധികാരവും ആണത്തവും സാധിച്ചെടുക്കുക, പെണ്ണിനു ഇത്തരം വിവിധ കഷ്ടതകൾ സമ്മാനിക്കുക ഇങ്ങനെ ബഹുവിധ പരിണതികളാണ് ഒരൊറ്റ ക്രിയയിൽക്കൂടി സാദ്ധ്യമാകുന്നത്.

      സെക്സ് ആണു പരമാധികാരത്തിന്റെ അടയാളം എന്ന് തീർപ്പ് കൽ‌പ്പിക്കുന്നതിൽ അസൂയയ്ക്കും ഒരു ഇടമുണ്ട്. ഈ അസൂയ, സെക്സിൽ തന്നെ കടത്തി വെട്ടാൻ പറ്റുന്നവനെ തറപറ്റിയ്ക്കാൻ വഴിതെളിയ്ക്കും. ഭാര്യയുടെ വേഴ്ച്ചക്കാരനെ വകവരുത്തുന്നത് അധികാരപ്രയോഗത്തിന്റെ വഴിതെളിയ്ക്കലുമാണ്. രതിക്കുറ്റം ചെയ്ത് കണ്ടു പിടിയ്ക്കപ്പെട്ടവനെനെ ക്രൂരമായി പൊതുജനമദ്ധ്യത്തിൽ മർദ്ദിച്ച് കൊല്ലാറാക്കുന്നത് ഈ അസൂയയുടെ ക്രൂരപ്രദർശനമാണ്.  മറ്റൊരാളുടെ ഭാര്യയെ ബലാത്സംഗം ചെയ്തും ഈ അസൂയ തീർക്കാം, അധികാരഭാവം അണിയാം.

         യുദ്ധത്തിന്റെ പരമോന്നതവിജയമായി ലക്ഷണം കൊള്ളുന്നത് അതിലൊന്നും പങ്കില്ലാത്ത സ്ത്രീകളെ ബലാത്സംഗം ചെയ്തുകൊണ്ടാണ്. തോറ്റ രാജ്യത്തിന്റെ മാനസികാവസ്ഥ കൂടുതൽ ബലഹീനമാക്കാനുള്ള തന്ത്രമാണിത്.  ഇവിടെ സ്ത്രീ, പുരുഷൻ, ലൈംഗികത എന്നിങ്ങനെയുള്ള ഘടകങ്ങൾ മാറി ജയിച്ചവനും തോറ്റവനും എന്ന ദ്വന്ദങ്ങൾ മാത്രം ബാക്കിയാവുന്നു, അതിനു കൂടുതൽ ആഴം തോണ്ടിത്തീർക്കുകയാണ് കൂട്ടബലാത്സംഗങ്ങൾ.  രതി എന്നതിനു ക്രൂരത എന്നു മാത്രം അർത്ഥം വന്നുപോകുകയാണ് ഈ ഘട്ടങ്ങളിൽ.

  വ്യക്തിപരമായ സംഘർഷ (conflict)  ങ്ങൾക്ക് തീർപ്പ് കൽ‌പ്പിക്കുന്നത് ഹിംസ വഴി എന്ന രീതി നടപ്പായത്  സ്ത്രീകൾ ആണുങ്ങളോളം ആക്രമണശീലരും രണോത്സുകരും അല്ല എന്നുള്ള തിരിച്ചറിവ് തന്നെയാണ്. ആധുനികയുഗത്തിൽ ആൺ-പെൺ വ്യതാസങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം നൽകി വളർത്തപ്പെട്ടവർ  പ്രായപൂർത്തിയാകുമ്പോൾ യജമാനന്മാരായിത്തീരുകയാണ്.  ഈ കൃത്രിമവ്യത്യാസമനോഗതി  സ്ത്രീകൾ ഹിംസ കൈക്കൊള്ളാൻ വിധിക്കപ്പെട്ടവരാണെന്ന ചിന്ത പുരുഷന്മാരിൽ വളർത്തിവിടുകയാണുണ്ടായത്. ചെയ്യാത്ത കുറ്റത്തിനു ഏറ്റവും വലിയ ശിക്ഷ അനുഭവിക്കുന്ന  അവസ്ഥാവിശേഷമാണ്  ഹിംസാത്മകമായ രതി.

ലിംഗം ആയുധമാകുമ്പോൾ

      ഏറ്റവും മൃദുവും  തരളവുമായ എന്നാൽ ഏറ്റവും വലിയ മുറിവ് ഏൽ‌പ്പിക്കാൻ കെൽ‌പ്പുള്ള മൂർച്ചയേറിയ ആയുധമാണ് ലിംഗം.  ഇത് പെണ്ണിൽ മാത്രമല്ല ആണുങ്ങളിലും പ്രത്യേകിച്ച് കുട്ടികളിലും പ്രയോഗിക്കപ്പെടാം. ആനന്ദ മൂർഛയ്ക്ക് ഉപയുക്തമായ അവയവം പരപീഡനരതിമൂർഛയാണ് ഉളവാക്കുന്നതെന്ന മറിമായം. ഇണചേരാൻ തക്കവണ്ണം ഒരു പെണ്ണിനെക്കിട്ടാതെ ബലഹീനയായ സ്ത്രീയെ കാമപൂരണത്തിനു ഉപയോഗിക്കാൻ വേണ്ടി പീഡനം ചെയ്യുന്നവരേക്കൾ പതിന്മടങ്ങു കൂടുതലാണ് കീഴടക്കലിന്റെ ആനന്ദത്തിനു വേണ്ടി ബലാത്സംഗം ചെയ്യുന്നവരുടെ എണ്ണം.  സ്ത്രീയ്ക്ക് ഈ ബന്ധപ്പെടൽ വഴി ഒരു ആനന്ദവും ലഭിക്കരുതെന്ന് ഉറപ്പു വരുത്തും ഇവർ.  മാത്രമല്ല, വേദനാജനകമായ ഒരു ഇടപെടലാണെങ്കിൽ ഈ പരപീഡകർക്ക് അത് അത്യാനന്ദവും നൽകും. സാധാരണ ഹിംസ്യ്ക്ക് ഉപയോഗിക്കുന്ന ആയുധങ്ങൾ (വാൾ, റിവോൾവർ, മറ്റ് തോക്കുകൾ)ക്ക് ലിംഗപ്രതീകമാണ് ആണുങ്ങൾ കൽ‌പ്പിച്ച് നൽകുന്നത്.  അതുകൊണ്ടാണ് പട്ടാളക്കാർ പലപ്പോഴും കത്തിയോ തോക്കിന്റെ ബയണറ്റോ യോനിയിൽ കയറ്റുന്നത്. അല്ലെങ്കിൽ യോനിയിലേക്ക് തന്നെ വെടി വയ്ക്കുന്നത് (“വെടി വ്യ്ക്കുക” എന്നാണ് ലൈംഗികബന്ധത്തിനു മലയാളത്തിൽ തമാശവിവരണം എന്നത് ശ്രദ്ധിക്കുക. തോക്കിൽ നിന്നും ഉണ്ടയുതിരും പോലെ ശക്തിയോടേ സ്ഖലനം സംഭവിക്കുന്നു എന്ന് ഉപമ).  ‘മാനഭംഗം’ എന്ന പ്രയോഗം ആൺകോയ്മ നിർമ്മിച്ചെടുത്തതാണ്. നവദ്വാരങ്ങിളിൽ ഏതൊന്നിലും എന്തെങ്കിലും പ്രവേശിക്കപ്പെട്ടാൽ അത് മാനത്തിനു ഭംഗം വരുത്തിന്നില്ലെങ്കിൽ യോനിയിൽ അത് സംഭവിക്കുമ്പോൾ മാനം പോകേണ്ട കാര്യമില്ല  എന്ന കേവലയുക്തി പാടേ തള്ളപ്പേടുകയാണിവിടെ.. ലിംഗസമാനമായ ഏതൊരു സാധനവും ഇതിനു വേണ്ടി ഉപയോഗിക്കപ്പെടുമ്പോൾ ഈ മാനംപോ ക്കിന്റെ രൂക്ഷത്യും കൂടുമെന്നാണ് ഇതിലെ വിചിത്രയുക്തി. ഇവിടെ ലിംഗം രതിയിലൂടെയുള്ള ആനന്ദത്തിന്റെ അവയവം പോയിട്ട് ഒരു അവയവം പോലും അല്ലാതാകുന്നു, അത് മാനം കളയാനുള്ള ആയുധം മാത്രം ആകുന്നു. അതുകൊണ്ട്  ഇരുമ്പു ദണ്ഡോ കമ്പിപ്പാരയോ ഒക്കെ പകരമായി ഉപയോഗിക്കാം.  കൂടാതെ തന്റെ ലിംഗത്തിന്റെ ബലമോ വലിപ്പമോ നീളമോ പോരായ്മയായി തോന്നുന്നെങ്കിൽ അതിനും പ്രതിവിധിയായി ഇതോടെ. തനിക്കു വഴിപ്പെടാത്തവളെ കൂടുതൽ   പ്രചണ്ഡമായ രതിപ്രകരണരീതികൾ കൊണ്ട് തറപറ്റിയ്ക്കുക എന്നതാണ് ഇരിമ്പു ദണ്ഡിന്റെ പ്രയോഗം സാദ്ധ്യമാക്കുന്നത്.

ക്രൂരതയും രതിയും- തലച്ചോറിന്റെ  തിരിമറിവുകളി

     രതിയും ഹിംസയും തലച്ചോറിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ബന്ധപ്പെട്ടവയാണ് –എലികളിൽ എങ്കിലും. ഈഎയിടെ നടന്ന പരീക്ഷണങ്ങൾ ഇതാണ് തെളിയിക്കുന്നത്.  ഹൈപൊതലാമസ് എന്ന തലച്ചോർ ഭാഗമാണ് ഇവ രണ്ടിന്റേയും നിയന്ത്രണകേന്ദ്രം.  അടുത്തടുത്തുള്ള ന്യൂറോൺ കേന്ദ്രങ്ങളാണ് രതി വേണോ ഹിംസ വേണോ എന്നൊക്കെ തീരുമാനിക്കുന്നത് എന്നത് വിചിത്രമായിത്തോന്നാം. ഈ ന്യൂറോൺ കേന്ദ്രത്തിലൊന്നിനെ നിർവ്വീരീകരിച്ചാൽ ആണെലികൾ ശാന്തശീലരായി കടന്നുകയറ്റക്കാരെ ആക്രമിക്കാൻ താൽ‌പ്പര്യമില്ലാത്തവരാകും.  ഹൈപൊതലാമസിന്റെ നടുവിലായി, മുൻ ഭാഗത്തോടടുത്തുള്ള ന്യൂറോണുകൾ ആണെലികൾ തമ്മിലുള്ള കയ്യേറ്റവഴക്കു സമയത്ത് ഉത്തേജിക്കപ്പെടുകയാണ്. എന്നാൽ ആശ്ച്ര്യജനകമായ കണ്ടുപിടിത്തം രതിവേളയിലും ഇതേ ഭാഗം ഉത്തേജിക്കപ്പെടുകയാണ് എന്നതാണ്. സംഭോഗസമയത്ത് ഉത്തേജിക്കപ്പെടുന്ന ന്യൂറോണുകൾ  തൊട്ടടുത്തുള്ള ഹിംസാന്യൂറോണുകളെ മന്ദീഭവിക്കുകയാണ്. മനുഷ്യരിലും ഇതിനു സമാനമായ നിയന്ത്രണവിദ്യകളായിരിക്കും പ്രചലിതമാവുന്നത് എന്നാണ് ശാസ്ത്രജ്ഞനിഗമനം. ഈ ന്യൂറോണുകൾ തമ്മിലുള്ള “വയറിങ്” ഇൽ പാകപ്പിഴ പറ്റുന്നവരായിരിക്കും അക്രമാസക്തമായ രതിഹിംസ ചെയ്യുന്നതെന്ന് അനുമാനിക്കാം.  എന്നാൽ സ്ഥിരം പീഡകർ അല്ലെങ്കിൽ സംഘം ചേർന്നുള്ള ബലാൽസംഗങ്ങൾ അതിക്രൂരപീഡനങ്ങളിലേക്ക്ക്ക് വഴിമാറുന്നതിന്റെ  (ഡെൽഹിയിലെ നിർഭയയെ ഹിംസിച്ചവരുടെ രീതി) ന്യൂറോബയോളജി കാരണങ്ങൾ ഇനിയും കണ്ടു പിടിക്കേണ്ടി യിരിക്കുന്നു.