Thursday, December 14, 2023

കോണ്ഡം സ്വകാര്യസ്വത്തല്ല

       ഏറ്റവും കൂടുതൽ ഇണ ചേരാൻ വേണ്ടിയാണ്  പലേ ജന്തുക്കളിലും ആൺ കുലത്തിനെ പരിണാമം സൃഷ്ടിച്ചെടുത്തത്. സ്വന്തം ബീജം പരമാവധി വിതറുകയാണ് പരമധർമ്മം.  സസ്തനികളാണെങ്കിൽ മില്ല്യൺ കണക്കിനാണ് ഓരോ ദിവസവും ബീജങ്ങൾ നിർമ്മിച്ചെടുക്കുന്നത്. ഒരേയൊരു ബീജം മാത്രമാണ് അണ്ഡത്തോട് ചേരുക. ഒരു പാഴ്വേല ആണെന്നു തോന്നും ഇത്രമാത്രം ബീജങ്ങൾ നിർമ്മിച്ചെടുക്കുന്നത്. എന്നാൽ പരിണാമവ്യവസ്ഥയ്ക്ക് തെറ്റുപറ്റിയിട്ടില്ല. പ്രജനനം ഒരു സാദ്ധ്യത മാത്രമായിരിക്കരുത്, അത് നടന്നേ തീരൂ എന്ന് നിർബ്ബന്ധമുണ്ട് , അതുകൊണ്ടാണ് ഇത്രമാത്രം വൻ സംഖ്യയിൽ ബീജങ്ങൾ വളർന്നു വരുന്നത്. ജനിതകവസ്തുവായ ക്രോമസോമുകൾ മാത്രമേ ഉള്ളു ബീജങ്ങൾക്കുള്ളിൽ. മില്ല്യൺ മില്ല്യൺ കണക്കിനു സ്വന്തം ക്രോമസോമുകളുടെ പതിപ്പുകൾ പുറത്തിറക്കുകയാണ് ആണുങ്ങൾ ചെയ്യേണ്ടത്. 

    മനുഷ്യരാണെങ്കിൽ എന്നും കാമോൽസുകരാണ്. മറ്റ് മൃഗങ്ങൾക്ക് ഒരു നിശ്ചിത ഇടവേളകളിൽ മാത്രം ചെയ്യേണ്ടുന്ന കർമ്മം മാത്രമാണ് സെക്സ്.  പ്രജനനകാലത്തു മാത്രം തലച്ചോറിൽ നുരയുന്ന ഹോർമോണുകൾ നിയന്ത്രിക്കുന്ന വികാരവേലിയേറ്റങ്ങൾ ഇണയുമായി ചേരാൻ നിർബ്ബന്ധിക്കുകയാണ്. കുഞ്ഞുങ്ങൾക്ക് വളരാൻ

 വേണ്ടിയുള്ള വിഭവങ്ങൾ ലഭ്യമാകുന്ന സമയത്താണ് മറ്റ് ജന്തുക്കൾ ഇണചേരുന്നത്.  എന്നാൽ മനുഷ്യനു കുഞ്ഞിനെ വളർത്താൻ സമയം നോക്കേണ്ടതില്ല. ഒരു സമൂഹ ജീവി ആയതുകൊണ്ട് ശിശുസംരക്ഷണം മറ്റ് ജന്തുക്കളെ അപേക്ഷിച്ച് എളുപ്പമാണ്. കുഞ്ഞിനെ നോക്കാൻ മറ്റ് സ്ത്രീകൾ സഹായിക്കും  ഭക്ഷണത്തിൽ വൈവിദ്ധ്യമുള്ളതുകൊണ്ട് അമ്മയ്ക്ക് പ്രസവശേഷം ദൗർലഭ്യം അനുഭിവിക്കണമെന്നില്ല. പക്ഷേ നീണ്ടകാലശൈശവം എന്നത് കുഞ്ഞിനു വെല്ലുവിളിയാണ്. എഴുനേറ്റുനിൽക്കാൻ പോലും വർഷങ്ങളെടുക്കും,സ്വന്തമായിട്ട് ആഹാരം കണ്ടുപിടിയ്ക്കാൻ സാദ്ധ്യത ഇല്ല. അതിജീവനം എളുപ്പമല്ലാത്ത നിസ്സഹായജീവി. നഷ്ടപ്പെടാൻ എളുപ്പമുള്ള ജീവൻ. അതുകൊണ്ട്  പ്രസവശേഷം അടുത്ത മാസം തന്നെ അണ്ഡം ഉൽപ്പാദിക്കപ്പെടും. ഇങ്ങനെയൊക്കെ സൗകര്യങ്ങൾ നിജപ്പെടുത്തിക്കിട്ടുന്നതിനാൽ ഗർഭധാരണം എപ്പോഴും സാദ്ധ്യമാണ്, സാദ്ധ്യമാക്കേണ്ടതാണ്.  ബീജധാരിയായ പുരുഷൻ അത് പകർന്നുകൊടുക്കാൻ എപ്പോഴും തയാറായി നിൽക്കുകയും വേണം. 

      പക്ഷേ മറ്റ് ജന്തുക്കളിൽ നിന്ന് തുലോം വ്യത്യ്സ്തമായി ലൈംഗികവേഴ്ച്ചയും ഗർഭധാരണവും രണ്ടായി വേർപെടുത്തിയവരാണ് നമ്മൾ. അണ്ഡനിർമ്മിതിയുടെ കാലത്ത് മാത്രം സെക്സ് എന്ന് നിശ്ചയിച്ചുറപ്പിച്ച സന്യാസിനികളാണ് മറ്റ് ജന്തുകുലത്തിലെ പുണ്യാശ്രമങ്ങളിൽ വാഴുന്നത്. സുരതം എന്നത് പലപ്പോഴും ഒരു നീണ്ട പ്രക്രിയയുമല്ല. ജന്തുക്കളിലും പക്ഷികളിലും പെൺ ജാതിയ്ക്ക് ഓർഗാസം ഉണ്ടോ എന്ന് തന്നെ നിശ്ചയമില്ല.  ഗർഭധാരണം എന്നത് വേണ്ടപ്പോൾ മാത്രം എന്ന സ്വയംതീരുമാനം ഉറപ്പിച്ചെടുത്ത സ്പീഷീസ് ആണ് മനുഷ്യർ. ജൈവികതയ്ക്ക് എതിരെ പൊരുതുന്നത് ശീലമാക്കിയിരിക്കുന്നു നമ്മൾ. വേദാന്തികൾക്ക് പിടികിട്ടാത്ത മനോരഹസ്യമാണ് രതിയോടുള്ള ആസക്തി. പാപമാണെന്ന് മതപ്രബോധനങ്ങൾ. എന്തുകൊണ്ടാണ് മനുഷ്യർ എപ്പോഴും ഈ പാപം ചെയ്തുകൊണ്ടിരിയ്ക്കുന്നത് എന്ന അർജ്ജുനന്റെ ചോദ്യത്തിനു വ്യക്തമായ മറുപടി ഭഗവദ് ഗീതയിലെ കൃഷ്ണനും ഇല്ല. അത്, പിന്നെ , അങ്ങിനെയാണ്.. എന്നരീതിയിൽ പറഞ്ഞൊഴിയുകയാണ് ഗീതാകാരൻ. “”ധൂമേനാവ്രിയതേ വഹ്നിർ... എന്ന് തുടങ്ങുന്ന ശ്ലോകം മനുഷ്യനു മേൽ സദാ കാമം പൊതിഞ്ഞിരിക്കുന്നു എന്ന് സമ്മതിയ്ക്കുകയാണ്. 

പൂമ്പൊടി വിതറേണ്ട

 മനുഷ്യന്റെ തലച്ചോർ പരിണാമം വേറേയാണ്, ജന്തുക്കളിലെപ്പോലെ അല്ലാതെ. നിരന്തരമായി മസ്തിഷ്ക്കത്തിലെ പ്രതിഫലകേന്ദ്രം (Reward center) ത്രസിപ്പിച്ചു നിറുത്താനുള്ള വഴികൾ തേടാൻ അവനറിയാം. ആഹാരം എന്നത് അതിജീവനത്തിനു വേണ്ടി എന്നതിൽ നിന്ന് മാറി രുചിയ്ക്ക് എന്ന നില കൈവന്നത് ഒരു ഉദാഹരണമാണ്.  മറ്റ് ജന്തുക്കൾക്കില്ലാത്തപോലെ പല പല രുചികൾ അറിയാനുള്ള രസന കൽപ്പിച്ച് കിട്ടിയിട്ടുണ്ട് നമുക്ക്. അത്യാവശ്യം വേണ്ട ഊർജ്ജം ലഭിയ്ക്കാൻ മാത്രമാണ്   ജന്തുക്കൾക്ക് ആഹാരം. രുചിയ്ക്ക് വേണ്ടി ആഹാരം കഴിയ്ക്കുന്നത്  മനുഷ്യർ മാത്രമാണ്. ഇതു തന്നെയാണ് സെക്സിന്റെ കാര്യത്തിലും. അത്  പ്രജനനത്തിനു അല്ല, ആഹ്ലാദത്തിനു വേണ്ടിയാണെന്ന് തീർപ്പുകൽപ്പിച്ചരവാണ് നമ്മൾ. ഗർഭനിരോധനം ആവശ്യമായി വന്നതിന്റെ  ചരിത്രം ആയിരമായിരം വർഷങ്ങളിലേക്ക് പിന്നിലേക്ക് നീളുന്നു. കുടുംബം എന്ന കൃത്രിമ സംവിധാനം ഇതിനു വഴിത്തിരിവുകൾ നിർമ്മിച്ചു.  എത്ര കുട്ടികൾ എന്നത് സമ്പത്തിന്റെ അവകാശവുമായി ബന്ധപ്പെട്ടു. വേശ്യാവൃത്തി എന്ന സമാന്തരസംവിധാനം നിലവിൽ വന്നു. ഗർഭധാരണം ഒഴിവാക്കാനുള്ള തന്ത്രങ്ങൾ ഇതോടെ ആവിഷ്ക്കരിക്കപ്പെട്ടു, ആണും പെണ്ണും ഗർഭസാദ്ധ്യതകളില്ലാത്ത സുരതോൽസവത്തിനുള്ള പോം വഴികൾ തേടി. ഇന്നും അതേപടി നില നിൽക്കുന്നതാണിത്. പ്ലാസ്റ്റിക് എന്ന വസ്തു ശാസ്ത്രം കണ്ടുപിടിച്ച് സംഭാവന നൽകിയത് ഇത് എളുപ്പമാക്കി. കല്യാണപ്രായത്തിൽ പെണ്ണുങ്ങൾ ചൂടുന്ന കന്മദപ്പൂവിൽ പൂമ്പൊടി പറ്റാതെ സൂക്ഷിക്കുകയാണ് വേണ്ടതത്രെ.  ലൂപ്   നിക്ഷേപം പണ്ട് കേരളത്തിൽ വ്യാപിച്ചത് ചിലരെങ്കിലും ഓർമ്മിയ്ക്കുന്നുണ്ടായിരിക്കണം.  കട്ടി കുറഞ്ഞതും എന്നാൽ ഈടും ബലവുമുള്ള പ്ലാസ്റ്റിക് തന്നെ ഉചിതം, ബീജങ്ങൾ യോനിയിൽ നിക്ഷേപിക്കപ്പെടാതിരിക്കാനുള്ള എളുപ്പവേല. മില്ല്യൺ കണക്കിനു പതിപ്പുകളാക്കിയ സ്വന്തം ക്രോമസോമുകളെ നിഷ്ക്കരുണം ത്യജിക്കുന്നതിന്റെ വില  തലച്ചോറിലെ പ്രതിഫലകേന്ദ്രത്തിനു തീറെഴുതപ്പെടുന്നു.  മനുഷ്യസംസ്കാരത്തിന്റെ ഇന്നത്തെ അവിഭാജ്യഘടകങ്ങളിൽ ഒന്ന് നേർമ്മയുള്ള പ്ലാസ്റ്റിക് സ്തരങ്ങളാണ്. പരിണാമനിയമത്തെ വെല്ലുവിളിയ്ക്കുന്നതുകൊണ്ടായിരിക്കണം ക്രയവിക്രയങ്ങൾ നാണക്കേടെന്ന വിധം ഗോപ്യമാണ്. 

    പ്രായപൂർത്തിയാവവർക്കാണ് ലൈംഗികവേഴ്ച്ചാസ്വാതന്ത്ര്യം സമൂഹം കൽപ്പിച്ചരുളുന്നത്. കല്യാണം കഴിച്ചവർക്ക് കൂടുതലും. ഏകദേശം 12ഓ 13ഓ വയസ്സിൽ ലൈംഗികപ്രായപൂർത്തി സംഭവിക്കുന്ന മനുഷ്യരിൽ ഏറെക്കാലം ഈ പ്രാഥമിക ചോദന പിടിച്ചു കെട്ടി വയ്ക്കണമെന്നാണ് നടപ്പു നിയമങ്ങൾ.  ഇത് ജന്തുസഹജമായ ഫിസിയോളജിയ്ക്ക് നേരേ വിപരീതമാണ്. എല്ലാ ജീവികൾക്കും ഇണചേരാൻ പ്രാപ്തിയായൽ പിന്നീട് അതിനു മുടക്കമില്ല. ആധുനികമനുഷ്യർ കൗമാരക്കാരിൽ വൻ സംഘർഷം വച്ചുകൊടുക്കുന്നവരാണ്.പരിണാമനിയമത്തെ പിൻ തുടരുന്നതിനു ഇത്രമാത്രം  ശിക്ഷ കിട്ടുന്ന മറ്റൊരു ജന്തുവുമില്ല. ഗർഭധാരണനിയന്ത്രണവും വേശ്യാസംഗമവും പ്രായത്തിന്റെ ആനുകൂല്യം എന്ന വിചിത്രവ്യവസ്ഥയിൽ ഒരു വിഭാഗം ആൾക്കാരുടെ മാത്രം സൗഭാഗ്യം ആക്കിത്തീർക്കുന്ന നീതിരാഹിത്യം കണ്ടില്ല എന്ന് നടിയ്ക്കാൻ നിർബ്ബന്ധിക്കപ്പെട്ടവരുടെ ലോകം തന്നെ ഇത്. 

കൗമാര കാലത്തെ സെക്സ് എന്ന സത്യം 

  സംസ്കാരത്തിലും സമൂഹനീതികളിലും വന്ന മാറ്റങ്ങൾ കൗമാരക്കാർക്ക് കൂടുതൽ തുറസ്സുകൾ സൃഷ്ടിയ്ക്കുന്നു. ആൺ-പെൺ ഇടപഴകലുകൾ എളുപ്പവും വ്യാപകവുമായിട്ടുണ്ട്, ഇത് പടിഞ്ഞാറൻ സംസ്കാരത്തിന്റെ കടന്നുകയറ്റമാണെന്ന് ആവലാതിപ്പെടുന്നത് വിഡ്ഡിത്തമാർന്ന മറയാണെന്ന് നമ്മൾ അറിയാത്തതല്ല.   കുമാരീകുമാരന്മാരുടെ പ്രശ്നങ്ങൾ എന്ന ലേഖനപരമ്പര എഴുതുന്നവരും അവരെ എങ്ങനെ ഒതുക്കിനിറുത്താം എന്ന പ്രഛന്നതന്ത്രങ്ങൾ മെനയുന്നവരാണ്.  ഇന്ന് അനധികൃതഗർഭധാരണങ്ങൾ കൂടിക്കൊണ്ടിരിക്കയാണ്. അമേരിക്കയിലെ കണക്കനുസരിച്ച് 75% ആവശ്യമില്ലാത്ത ഗർഭധാരണങ്ങൾ 15 -20 വയസ്സുവരെയുള്ള പെൺകുട്ടികളിലാണ് സംഭവിക്കുന്നത്. ലൈംഗികവേഴ്ച്ച വഴി പകരുന്ന അസുഖങ്ങൾ, പ്രത്യേകിച്ചും എഛ് ഐ വി (എയിഡ്സ് രോഗകാരിയായ വൈറസ്) ബാധ മൂന്നിലൊന്ന് ഭാഗം15-24 വയസ്സുവരെ ഉള്ളവരിലാണ് കാണപ്പെടുന്നത്.

മറ്റ് ലൈംഗികവേഴ്ച്ചാ അസുഖങ്ങളും ഇതേ തോതിലാണ്. ഇൻഡ്യയിൽ നിന്നുള്ള കണക്കുകൾ ലഭ്യമല്ല എന്നത് ഇൻഡ്യയിൽ ഇത്തരം പ്രശ്നങ്ങളേ ഇല്ലാത്തതിനാലാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. ടീൻ ഏജ് ഗർഭധാരണത്തെക്കുറിച്ചുള്ള പത്രവാർത്തകൾ ശ്രദ്ധിച്ചാൽ മതി. ഇത്തരം കാര്യങ്ങൾ ഗോപ്യമായി വയ്ക്കുന്നതും ഇൻഡ്യയിലെ സ്ഥിവിവരക്കണക്കുകളെ ബാധിയ്ക്കുന്നുണ്ട്. കൗമാരക്കാരുടെ ലൈംഗികപ്രശ്നങ്ങൾ ഇന്ന് ലോകത്ത് എവിടെയും ഗൗരവമായി ചർച്ചചെയ്യപ്പെടുകയും പഠിയ്ക്കപ്പെടുകയും ചെയ്യപ്പെടുന്നുണ്ട്. Journal of Adolescent Health എന്നൊരു ശാസ്ത്രമാസിക തന്നെയുണ്ട്. കൗമാരാരോഗ്യ സൊസൈറ്റി ( Society for Adolescent Health and Medicine) യുടേതാണ്  ഈ ശാസ്ത്ര ജേണൽ. 

  കൗമാരക്കാരുടെ പ്രശ്നങ്ങൾ പ്രായദോഷംഎന്ന വകുപ്പിൽപ്പെടുത്തി തള്ളിക്കളയണമെന്നാണ് ഭാരതീയ പാരമ്പര്യനിയമങ്ങൾ അനുശാസിക്കുന്നത്. മാതാപിതാക്കളെ ചോദ്യം ചെയ്യാനുള്ള പ്രാപ്തി അവരെ താന്തോന്നികളും ധിക്കാരികളും നിഷേധികളുമായി കണക്കാക്കാൻ ഉപയോഗിക്കുകയാണ് പതിവ്. ലൈംഗികത എന്ന പുതുമ കൗമാരക്കാർക്ക് ചില അന്ധാളിപ്പ് സമ്മാനിക്കുന്നുണ്ട്. ശരീരത്തിലും ഫിസിയോളജിയിലും വരുന്ന മാറ്റങ്ങൾ അവരുടെ മാനസികനിലയിലും സംഘർഷങ്ങൾ സൃഷ്ടിയ്ക്കുന്നു എന്ന് മനസ്സിലാക്കിയെടുക്കാൻ മുതിർന്നവർ തയാറാകുന്നില്ല എന്നതത്രേ സത്യം. കൗമാരാരോഗ്യം (adolescent health) ശ്രദ്ധിക്കപ്പെടേണ്ടതാണ്, ഭാവിപൗരരുടെ മാനസിക/ശാരീരിക ആരോഗ്യത്തിന്റെ അടിസ്ഥാനവുമാണ്.     

     കോണ്ഡം പ്രായപൂർത്തിയായവരുടെ മാത്രം സ്വകാര്യസ്വത്ത് ആയിരിക്കണമെന്നാണ് പൊതു ബോധം. ഫിസിയോളജി അനുസരിച്ച് കാമോൽസുകനാകുന്ന പയ്യനു

 ഇത് കിട്ടാൻ പാടില്ല എന്ന കടും പിടിത്തത്തിലാണ് സമൂഹം. സുരതം കുടുംബവ്യവസ്ഥയ്ക്ക് പുറത്തേയ്ക്ക് കടത്തിയവർക്ക്  കൗമാരക്കാരുടെ ചോദനയെക്കുറിച്ച് തീരുമാനങ്ങളൊന്നുമില്ല. എന്നാൽ പുരുഷനു, വിവാഹം കഴിച്ചവൻ ആണെങ്കിലും കിളിന്തു പെൺകുട്ടികളെ ആണ് കാമപൂർത്തിയ്ക്ക് വേണ്ടത് എന്നത് കിളിരൂർ, സൂര്യനെല്ലി, പൂവരണി കേസുകൾ കൃത്യമായി പറഞ്ഞു തരുന്നുണ്ട്.

 കൗമാരലൈംഗികതയെ അതിന്റെ എല്ലാ സ്വാഭാവികതകളോടും കൂടി അംഗീകരിക്കാൻ കുട്ടികളെ തയാറാക്കാനുള്ള പദ്ധതികൾ ലോകത്ത് എമ്പാടും, പ്രത്യേകിച്ചും പടിഞ്ഞാറൻ രാജ്യങ്ങളിൽ തയാറാക്കപ്പെട്ട് വരുന്നുണ്ട്. സ്കൂളുകൾ കേന്ദ്രീ കരിച്ചാണ് ആവിഷ്ക്കാരങ്ങളൊക്കെ. ലൈംഗികതയുടെ സ്വാഭാവികതയും ശാരീരിക/മാനസിക മാറ്റങ്ങളെ ഉൾക്കൊള്ളേണ്ട തന്ത്രങ്ങളും വെളിവാക്കുകയും  ആൺ-പെൺ ബന്ധങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുകയുമാണ് പ്രഥമോദ്ദേശം. ലൈംഗികവേഴ്ച്ചയെക്കുറിച്ച് ശാസ്ത്രീയമായ അറിവ് നൽകുക, വേഴ്ച്ചയിൽക്കൂടി പകരുന്ന അസുഖങ്ങളെപ്പറ്റി പ്രാഥമിക വിവരങ്ങൾ ധരിപ്പിക്കുക, സ്വന്തം ആരോഗ്യസംബന്ധിയായ കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കാൻ പരിശീലനം നൽകുക ഇവയൊക്കെ സ്കൂൾ പാഠ്യപദ്ധതിയിൽ പെടും. ഇത്തരം പരിചയങ്ങൾ സ്കൂളിൽ നിന്ന് തന്നെ ലഭിയ്ക്കുന്നതിനാൽ ആദ്യത്തെ ലൈംഗികവേഴ്ച്ച താമസിപ്പിക്കാനും പലരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള സാദ്ധ്യത്യ കുറയ്ക്കുവാനും സുരക്ഷിതമായ വേഴ്ച്ചയെക്കുറിച്ച് ബോദ്ധ്യമുള്ളവരാകാനും പ്രാപ്തരാകുന്നു.  പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് ആർജ്ജിക്കാൻ സാദ്ധ്യതയേറുമെന്നൊക്കെ തെളിയിക്കപ്പെട്ടിട്ടുണ്ട്. പലേ മാദ്ധ്യമങ്ങളിൽ നിന്നും തെറ്റായവിവരങ്ങൾ വിദ്യാർത്ഥികൾ ഉൾക്കൊള്ളാൻ സാദ്ധ്യതയുള്ളതിനാൽ സ്കൂൾ കരിക്കുലത്തിന്റെ ഭാഗമായിട്ടുള്ള ഒരു പാഠ്യപദ്ധതി എന്ന നിലയ്ക്കാണ് ആവിഷ്ക്കാരം.വിദ്യാർത്ഥികളിൽ എഛ് ഐ വി ബാധ പകരുന്നത് ഗണ്യമായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ട് എന്നത് തെളിവായി വിദിതമാക്കപ്പെടുന്നു.   .

    ആരോഗ്യപരിപാലനകാര്യത്തിൽ കണക്കെടുപ്പുകൾ വ്യക്തവും കൃത്യവുമായി നിർവ്വഹിക്കപ്പെടുന്ന രാജ്യമാണ് അമേരിക്ക. 2019 ഇലെ കണക്കുകൾ സൂചിപ്പിക്കുന്നത് ഹൈസ്കൂൾ തലത്തിൽ 38% കുട്ടികൾ ലൈംഗികവേഴ്ച്ചയിൽ ഒരു തവണ എങ്കിലും ഏർപ്പെട്ടവരാണെന്നാണ്. അതിൽ 54% കോണ്ഡം ഉപയോഗിച്ചിട്ടുണ്ട്.  2018 ഇൽ 15 ഇനും 19 ഇനും ഇടയ്ക്ക് പ്രായമുള്ള പെൺകുട്ടികൾ മാത്രം 180,000 കുഞ്ഞുങ്ങളെ പ്രസവിച്ചിട്ടുണ്ട്. ഇതിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ സ്കൂളുകൾ ഊർജ്ജിതമായി പ്രവർത്തിച്ചു വരികയാണ്.

     Condom ന്റെ പ്രസക്തി സ്കൂളുകളിൽ  

       അമേരിക്കയിലെ ഏഴ് പ്രശസ്ത ആശുപത്രികളും ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയും ചേർന്ന് നടത്തിയ ഒരു  പഠന റിപോർട് ഇത്തരുണത്തിൽ വളരെ സംഗതമാണ്. സ്കൂളുകളിൽ കോണ്ഡം ലഭ്യമാക്കുന്നതിന്റെ പ്രായോഗിക മെച്ചങ്ങളാണ് പ്രമേയം. പല രാജ്യങ്ങളിലേയും സ്കൂളുകളിൽ പ്രാവർത്തികമാക്കിയ കോണ്ഡം വിതരണ പദ്ധതികളെ വിശദമായി പഠിച്ച ശേഷം  നടത്തിയ അനുമാനങ്ങൾ Journal of Adolescent Health ഇൽ പ്രസിദ്ധീകരിച്ചതാണിത്. ഗർഭനിരോധന ഉറ വിതരണത്തിന്റെ കാര്യസാദ്ധ്യതകളും ഫലപ്രദാനത്വവും, കൗമാരക്കാരിൽ ഇത് ഉപയോഗിക്കപ്പെടാനുള്ള പ്രതിസന്ധികൾ, സ്കൂളുകളിലെ കോണ്ഡം ലഭ്യതയും ആഗോള സമീപനവും എന്നീ കാര്യങ്ങളാണ് വിശദമായി പഠിയ്ക്കപ്പെട്ടത്. എഛ് ഐ വി പകർച്ച 80 ശതമാനത്തോളം കുറയുകയും ഗോണോറിയ, ക്ലമൈഡിയ എന്നിവയുടെ സംഭാവ്യകതയിൽ നിപാതം കാണപ്പെടുകയും ചെയ്തു. മാത്രമല്ല, ഹെർപിസ് ,സിഫിലിസ്, പാപിലോമ വൈറസ് എന്നിവയുടെ സംക്രമണത്തേയും ചെറുത്തു കോണ്ഡം ഉപയോഗം. ആകസ്മികമോ യാദൃശ്ചികമോ ആയ ഗർഭധാരണത്തിൽ വലിയ കുറവാണ് കാണപ്പെട്ടത്. കോണ്ഡം ഉപയോഗത്തിന്റെ സാദ്ധ്യതകൾ കുറച്ചേക്കാവുന്ന  സാഹചര്യങ്ങളും പഠിക്കപ്പെട്ടിട്ടുണ്ട്. ലഭ്യത തന്നെയാണ് പ്രധാന കടമ്പ എന്നും തെളിഞ്ഞിട്ടുണ്ട്. കടയിൽ നിന്ന് വാങ്ങാനുള്ള ജാള്യതയ്ക്കും ഒരു പങ്കുണ്ട് ഉറ ഉപയോഗിക്കാതിരിക്കുന്നതിൽ. അത് വാങ്ങാനുള്ള പണം കയ്യിലില്ലാതെ വരുന്നത് മറ്റൊരു തടസ്സം. ഇതിനെല്ലാം പ്രതിവിധി സ്കൂളിൽത്തന്നെ ഉറ വിതരണം ചെയ്യുകയാണെന്നാണ് സ്റ്റാറ്റിസ്റ്റിക്കൽ പഠനങ്ങളും തെളിയിച്ചത്. 

   യഥേഷ്ടം കോണ്ഡം ലഭ്യമാക്കുന്നത് ക്രമരഹിതവും അടക്കമില്ലാത്തതുമായ ലൈംഗികവേഴ്ച്ചയ്ക്ക് കാരണമാകും എന്നതാണ് ഈ പദ്ധതിയെ പ്രതികൂലിയ്ക്കുന്നവരുടെ പ്രധാന ആരോപണം. എന്നാൽ പഠനങ്ങൾ തെളിയിച്ചത് ഇങ്ങനെയൊരു സാദ്ധ്യത ഉളവാകുന്നതേ ഇല്ല എന്നാണ്. പ്രത്യുത, പലേ പഠനങ്ങളും തെളിയിക്കുന്നത് കോണ്ഡം ലഭ്യതാപദ്ധതികൾ ലൈംഗികവേഴ്ച്ചയിൽ കുറവ് ഉളവാക്കുന്നു, ആദ്യവേഴ്ച്ചയിൽ കാലതാമസം ഉണ്ടാക്കുന്നു എന്നൊക്കെയാണ്. 

    എന്നാൽ മാദ്ധ്യമങ്ങൾ, ഭരണകൂടങ്ങൾ, സ്കൂൾ ഭരണസമിതികൾ ഒക്കെ ഇത്തരം ആലോചനകളെ തർക്കവിഷയമെന്നവണ്ണമാണ് നോക്കിക്കാണുന്നതെന്നത് വിസ്മരിക്കാവതല്ല.എങ്കിലും സ്കൂളുകൾ തന്നെയാണ് ഇതിനു അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിയ്ക്കുന്നത് എന്നത് സാമൂഹ്യപഠിതാക്കൾ നിർദ്ദേശിച്ചു വരുന്നുണ്ട്. കൗമാരക്കാരെ സ്വാധീനിക്കാൻ പറ്റിയ ഇടം സ്കൂളുകൾ തന്നെയാണ് എന്ന പരമാർത്ഥം അന്യമല്ല. മാതാപിതാക്കൾക്ക് സ്കൂൾ വഴിയുള്ള നിബന്ധനകളും നിർദ്ദേശങ്ങളും കൂടുതൽ സ്വീകാര്യമാണു താനും. മാത്രമല്ല പൊതുജനത്തിന്റെ സമ്മതി സ്കൂൾ പദ്ധതികൾക്ക് എളുപ്പം ലഭിയ്ക്കാവുന്നതുമാണ്. വിദ്യാഭ്യാസവിചക്ഷണരുടെ തീരുമാനങ്ങൾക്കും നിയന്ത്രണങ്ങൾക്കും വശംവദമാകുന്ന പദ്ധതി യാണിത് എന്ന സത്യം ഈ സ്വീകാര്യതയ്ക്ക് പിന്നിലുണ്ട്. ലൈംഗികത എന്നത് സമൂഹപരമായ ചോദനയണെന്ന് വിദ്യാർത്ഥികൾക്ക് ബോദ്ധ്യപ്പെടാൻ സ്കൂൾ പരിസരം തന്നെ സഹായകം. 

 കൗമാരാരോഗ്യ സൊസൈറ്റി  ഉറപ്പിയ്ക്കുന്ന നിലപാടുകൾ

1. സെക്കൻഡറി സ്കൂളുകളിൽ കോണ്ഡം സൗജന്യമായി ലഭ്യമാക്കേണ്ടതാണ്.

2. തടസ്സങ്ങളില്ലാതെ ലഭ്യമാക്കാൻ തക്കവണ്ണമുള്ള ഇടങ്ങളിലാണ് അവ സ്ഥാനപ്പെടുത്തേണ്ടത്. സ്കൂളിലെ ഹെൽത് ക്ലിനിക്കിൽ, നേഴ്സിന്റെ ഓഫീസിൽ, ശുചിമുറികളിൽ എന്നിങ്ങനെ.

3. കോണ്ഡം ലഭ്യതാപദ്ധതികളോടൊപ്പം അറിവും പരിശീലനവും വിദ്യാർത്ഥികൾക്ക് കിട്ടുന്നു എന്ന് ഉറപ്പു വരുത്തേണ്ടതാണ്. പക്ഷേ ഇതിനു വേണ്ടി കാത്തു നിൽക്കേണ്ടതില്ല.

4. ആരോഗ്യപരിപാലനപ്രവർത്തകർ പ്രാദേശിക അധികാരികളെ ഉചിതമാംവണ്ണം ബോദ്ധ്യപ്പെടുത്തേണ്ടതാണ് സ്കൂളുകളിൽ ഉറകൾ ലഭ്യമാക്കുന്നതിനെപ്പറ്റി. അതിനുവേണ്ട നിയമനിർമ്മാണവും പോളിസി തീരുമാനങ്ങളും നടപ്പിലാക്കാൻ നിർദ്ദേശിക്കേണ്ടതുമാണ്. 

  വിദ്യാർത്ഥികളുടെ ശാരീരിക/മാനസികാരോഗ്യം അവരുടെ അക്കാദമിക വിജയങ്ങൾക്ക് അത്യന്താപേക്ഷിതമാണെന്നുള്ളത് ആവർത്തിക്കേണ്ട കാര്യമില്ല.  സ്കൂളുകളിലെ ഈ പരിശീലനം പിൽക്കാലത്തെ ജീവിതരീതിയ്ക്ക് ആരോഗ്യപരമായ അടിത്തറ ഇടുകയാണെന്നും കണക്കുകൂട്ടലുകൾ ഉണ്ട്. എച് ഐ വി പോലത്തെ ലൈംഗികപകർച്ചാ അസുഖങ്ങൾ സമൂഹത്തിൽ പടരാതിരിക്കാനുള്ള മുൻകൂർ സംവിധാനം എന്നും കരുതാം എന്നാണ് ആരോഗ്യപരിപാലനാധികാരികളുടെ പ്രമാണം. 

References:

1.       Brakman A., Borzutzky C., Carey, S., Kang M., Mullins T. K.,Peter N., Shafii T. and Straub D. M. Condom availability in schools: A practical approach to the prevention of sexually transmitted infection/HIV and unintended pregnancy. J Adolesc. Health  60: 754-757 2017

2.        Mueller T. E., Gavin L. E., Kulakarni A. The association between sex education and youth’s engagement in sexual intercourse, age at first intercourse and birth control use at first sex. J Adolesc. Health 42:89096, 20008

3.       Kirby D., Brener N. D., Brown N. L.,  Peterfreund N., Hillard, P. and Harrist R. The                impact of condom availability [correction of distribution] in Seattle schools on sexual behavior and condom use. Am J Public Health 89:182-187, 1997

4.       Charania M. R., Crepaz N., Guenther-Gray C., Henny K., Liau A., Willis L. A. and Lyles C. M .    Efficacy of structural level condom distribution interventions: A meta-analysis of US and international studies.1998-20007. AIDS Behav.  15:1283-1297 2011

Monday, December 11, 2023

ഭ്രാന്ത് എന്ന സ്കിറ്റ്സോഫ്രേനിയ

 അമ്മാവനു ഭ്രാന്തിൻ്റെ ലക്ഷണം കണ്ടു തുടങ്ങിയിട്ടുണ്ട്.   വെളുത്ത വാവിൻ്റെ അന്ന് ഇത് കൂടുതലാകുന്നുണ്ട്. അധികം താമസിയാതെ ചങ്ങലയ്ക്കിടേണ്ടി വരും. അല്ലെങ്കിൽ  വലിയ തടിയിൽ ദ്വാരമിട്ട് അതിൽ ഒരു കാൽ തിരുകിക്കയറ്റുന്ന രീതിയും പരിഗണിക്കാം.  മന്ത്രവാദം പതിവുപോലെ നടക്കട്ടെ. അത്യാവശ്യമെങ്കിൽ എലെക്ട്രിക് ഷോക്ക് അടിപ്പിക്കാം.

  1960 കളിൽ -ചിലപ്പോൾ 70 കളിപ്പോലും കേരളത്തിൽ ഭ്രാന്ത് കൈകാര്യം ചെയ്തിരുന്ന രീതിയാണിത്.   ഭ്രാന്തിനുള്ള അന്നത്തെ മരുന്നുകൾ ,1952 ഇൽ കണ്ടുപിടിയക്കപെട്ട chlorpromazine ഉൾപ്പെടെ ഇൻഡ്യയിൽ വ്യാപകമായിത്തുടങ്ങിയിട്ടുമില്ല.   മോർഫീൻ പോലെ തലച്ചോറിനെ മന്ദീഭവിപ്പിക്കുന്ന മരുന്നകളേ ചികിൽസകരുടെ പക്കൽ ഉണ്ടായിരുന്നുള്ളു. 1970 കളോടെ ചില മരുന്നുകൾ ഇൻഡ്യയിലെ വൻ നഗരങ്ങളിൽ എത്തപ്പെട്ട് തുടങ്ങിയിരുന്നു. ബ്രിടീഷ്കാർ സ്ഥാപിച്ച ഭ്രാന്താലയ’ (asylums) ങ്ങളാകട്ടെ നാടു മുഴുവൻ വ്യാപിച്ചിരുന്നത് അതേപടി പിൻതുടർന്നിട്ടുണ്ട്.  മാനസികരോഗികളെ അടക്കിനിർത്താനും ഇട്ടു പൂട്ടാനും ഉള്ള ഇടമെന്നതിൽക്കൂടുതൽ ഒന്നും സാധിച്ചെടുത്തില്ല ഈ വ്യവസ്ഥ. 1970 കളുടെ അവസാനം വരെ ആധുനിക മരുന്നുകൾ ഉൾപ്പെട്ട ഒരു നിശ്ചിത ചികിൽസ ഇല്ലായിരുന്നു എന്നതുതന്നെ സത്യം. ദൈവകോപവും ശാപങ്ങളും ആഭിചാരപ്രക്രിയകളുടേ പരിണതിയുമായി ഭ്രാന്തിൻ്റെ കാരണങ്ങൾ നിർവ്വചിക്കപ്പെട്ട് ചികിൽസ എന്നത് ആ വഴിയിൽക്കൂടി നീങ്ങുക എന്നത് പൊതുബോധത്തിൽ പണ്ടേ  ആഴ്ന്നിറങ്ങിയിരുന്നു. ഒരു ചെറിയ മാനസികപ്രശ്നത്തിനു വശംവദയായവളെ കഠിനമായ ആഭിചാരപ്രക്രിയ കൊണ്ടു മാത്രമേ രക്ഷപെടുത്താനാവൂ എന്ന് അമേരിക്കയിൽ നിന്നു വന്ന മലയാളി ഡോക്റ്ററെക്കൊണ്ട് പറയിച്ച് , അത് നടപ്പിലാക്കുന്ന കഥയുള്ള സിനിമ (മണിച്ചിത്രത്താഴ്-1993, മറ്റ് ഭാഷകളിൽ പിന്നീട് ഇറങ്ങിയ റിമേക്കുകൾ ) മലയാളി സമൂഹത്തിനും പൊതുവേ ഇൻഡ്യൻ സമൂഹത്തിനും പ്രിയംകരമായിരിക്കുന്നു ഇന്നും. ഭ്രാന്ത് കുടുംബപരേതരുടെ ശാപത്താൽ സംഭവിക്കുന്നതുമാത്രമാണെന്ന് ഒരു സൈക്കിയാട്രിസ്റ്റ് തന്നെ തെര്യപ്പെടുത്തുന്ന സിനിമ (പത്താം നിലയിലെ തീവണ്ടി ഇന്നസെൻ്റ്, സുരേഷ് ഗോപി) 2003 ഇൽ ഇറങ്ങിയതാണ്, മലയാളികൾ വാഴ്ത്തിയതാണ്. ഭ്രാന്ത് ദൈവകോപപരിണിതി മാത്രമാണെന്ന ചിന്തയുടെ ചരിത്രം വളരെ നീണ്ടതാണ്, ലോകം മുഴുവൻ ഇത് വ്യാപിച്ചിരുന്നു താനും. ദയനീയമായ തലച്ചോർ അപഭ്രംശങ്ങളെ ഏറ്റവും കൂടുതൽ വസൂലാക്കിയത് മതങ്ങൾ തന്നെ.

   ചന്ദ്രൻ്റെ ദശകളും മനോനിലയും തമ്മിലുള്ള ബന്ധം എല്ല സമൂഹങ്ങളിലും കെട്ടുകഥയായോ വിശ്വാസമായോ ഉറപ്പിച്ചെടുത്തിട്ടുണ്ട്. വെളുത്തവാവിൻ്റെ അന്നാണ് ഭ്രാന്ത് തീവ്രതരമാകുന്നത് എന്ന വിശ്വാസം ലോകത്താകമാനം ഉണ്ട്. യൂറോപ്പിൽ പരക്കെയുള്ള വിശ്വാസം  പൗർണ്ണമിരാവിൽ മനുഷ്യർ ഹിംസ്രചെന്നായോ   (werewolf) രക്തരക്ഷസ്സോ (vampire ) ആയി മാറും എന്നാണ്. ബൈബിളിൽ മാത്യുവിൻ്റെ സുവിശേഷത്തിൽ lunatic എന്ന വാക്ക് കാണാം, അപസ്മാരത്തെ സൂചിപ്പിക്കാനായി. അരിസ്റ്റോട്ടിലും റോമൻ ചരിത്രകാരൻ പ്ളിനിയും ചന്ദ്രൻ വേലിയേറ്റത്തെ ബാധിക്കുന്നതിനാൽ ജലാംശം കൂടുതലുള്ള തലച്ചോറിൽ സമാനമായ ഫലം ഉളവാക്കുന്നെനും അത് തലച്ചോർ പ്രവർത്തനങ്ങളെ ബാധിയ്ക്കുന്നു എന്നും സമർത്ഥിക്കാൻ ശ്രമിച്ചിട്ടുണ്ട്. തലച്ചോറിലെ ജലാംശത്തെ ബാധിക്കാൻ മാത്രം ചന്ദ്രൻ്റെ ഗ്രാവിറ്റിക്ക് ശക്തിയില്ല, വേലിയേറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട് എങ്കിലും. ചന്ദ്രൻ്റെ വൃദ്ധിക്ഷയങ്ങൾ പലേ ജന്തുക്കളിലും പ്രത്യുൽപ്പാദനപരമായ ഫിസിയോളജിയിൽ മാറ്റമുണ്ടാക്കുന്നു, തലച്ചോറിലെ ഹൈപൊതാലാസ്-പിറ്റുവിറ്ററി ബന്ധങ്ങൾ മാറി ഹോർമോൺ ചാക്രികതയിൽ  ക്രമാന്തരണങ്ങൾ സാധിയ്ക്കുന്നു എന്നൊക്കെ തെളിഞ്ഞിട്ടുണ്ട്. പക്ഷികളിൽ ദിനരാത്രചാക്രികത നിയന്ത്രിക്കുന്ന മെലറ്റോണിൻ ഉം കോർടിക്കോസ്റ്റീറോൺ എന്ന ഹോർമ്മോണും  അവയുടെ അളവിൽ  ദിവസത്തിൽ മാറ്റമുണ്ടാകാറുണ്ട്. എന്നാൽ വെളുത്തവാവിൻ്റെ അന്നിത് സംഭവിക്കുന്നില്ല. മനുഷ്യരിൽ ഇത്തരം ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. വാവുകൾക്ക് തലച്ചോറിനേയോ ന്യൂറോഹോർമോണുകളേയോ സ്വാധീനിക്കാൻ സാദ്ധ്യമാണെന്ന് ഇതു വരെ അസന്നിഗ്ദ്ധമായി തെളിഞ്ഞിട്ടില്ല.  എങ്കിലും വെളുത്തവാവ്-ഭ്രാന്ത് ബന്ധം കഠിനമായിത്തന്നെ എല്ലാ സമൂഹങ്ങളിലും നിലനിൽക്കുന്നുണ്ട്.  വെളുത്തവാവുന്നാളിലെ അമ്പിളിയുടെ ഗുരുത്വാകർഷണവലിവും (graviatational pull) എലെട്റോ മാഗ്നെറ്റിക് റേഡിയേഷനും  മനുഷ്യതലച്ചോറിൽ ന്യൂറോഹോർമോണുകൾ സ്രവിപ്പിക്കപ്പെടാൻ സാദ്ധയതയുളവാക്കുന്നു എന്നത് തള്ളിക്കളയേണ്ടതല്ലെന്ന് വിശ്വസിക്കുന്ന ശാസ്ത്രജ്ഞന്മാരുമുണ്ട്.

   ഭ്രാന്ത് എന്നൊന്ന് ഇല്ല!

  വാസ്തവത്തിൽ ഭ്രാന്ത് എന്നൊരു അസുഖം ഇല്ല തന്നെ.  പലേ മാനസികാസുഖങ്ങളെ ഒന്നിച്ച് വിളിച്ചിരുന്ന പേരാണ് ഭ്രാന്ത്. വ്യത്യസ്ഥങ്ങളായ, ഒരു മുഴു സ്പെക്ട്രം അസുഖങ്ങൾക്ക് പൊതുവെ കൽപ്പിക്കപ്പെട്ട പേര്. അപസ്മാരമോ ചുഴലിയോ ഒക്കെ  ഇതിൽ ഉൽപ്പെട്ട് പോയിരുന്നു ബൈപോളാർ അസുഖം (നേരത്തെ manic depression എന്നറിയപ്പെട്ടിരുന്നു ഇത്), സ്കിറ്റ്സോഫ്രീനീയ  ഇവ രണ്ടുമാണ് സാധാരണ ഭ്രാന്ത്എന്ന് വിവക്ഷിക്കപ്പെട്ടിരുന്ന്ത്. ഇന്ന് insanity എന്ന വാക്ക് വ്യവഹാരങ്ങളിൽ നിന്ന് മാറ്റപ്പെട്ടു കഴിഞ്ഞു, നിയമവ്യവസ്ഥ (legal)യിൽ മാത്രം ഉപയോഗിക്കപ്പെടുന്നു അത്.  ‘Lunatic’ എന്ന വാക്ക്  ആക്ഷേപകരവുമാണ്. ശരീരത്തിലെ മറ്റ് ഏത് അവയവത്തിനും വരുന്ന പീഡകൾ പോലെ മറ്റൊരു അവയവമായ തലച്ചോറിനു വരുന്ന അസുഖം എന്ന് രീതിയിലുള്ള കാഴ്ച്ചപ്പാടിലേക്ക് മാറിക്കഴിഞ്ഞു ലോകസമ്മിതി. ചങ്ങലകളാൽ ബന്ധിപ്പിക്കവരുടേയും തടിയിൽ ഇടപ്പെട്ടവരുടേയും  കാറ്റും വെളിച്ചവും കടക്കാത്ത ഇടുങ്ങിയ മുറിയിൽ പൂട്ടിയിടപ്പെട്ടവരുടേയും ലോകം ഇന്നില്ല, അവർക്ക് പൊതുസമൂഹത്തിൽ വ്യാപരിക്കാൻ വിലക്കുകൾ വിരളം. ഭ്രാന്താശുപത്രീകൾ ഇന്ന്മാസികരോഗാശുപത്രികളായി മാറിയിട്ടുണ്ട്. ഭ്രാന്ത് വന്ന മകനു അമ്മ വിഷം കൊടുത്ത് കൊല്ലേണ്ടതില്ല (തനിയാവർത്തനം സിനിമ). കൊല്ലേണ്ടതെങ്ങിനെഎന്ന് സുഗതകുമാരി കവിതയെഴുതേണ്ടതില്ല.

      ഭ്രാന്ത് എന്ന് വിവക്ഷിച്ചിട്ടുള്ളത് രണ്ട് അസുഖങ്ങളുടെ സങ്കരമായിരുന്നു എന്നതാണ് സത്യം. ബൈപോളാർ രോഗവും സ്കിറ്റ്സോഫ്രീനിയയും. ഇവ രണ്ടിൻ്റേയും ലക്ഷണങ്ങൾ ഭ്രാന്ത് എന്ന് നിർവ്വചിക്കപ്പെട്ടിരുന്ന അസുഖത്തിൽ നിരീക്ഷിക്കാവുന്നതാണ്, കൂടുതലായും  സ്കിറ്റ്സോഫ്രീനിയയിലാണ് ഭ്രാന്ത് ലക്ഷണങ്ങൾ കാണുന്നത് എന്നതുകൊണ്ട്.

     ബൈപോളാർ അസുഖം ലോകത്ത് 48 മില്ല്യൺ ആൾക്കാരിൽ കാണപ്പെടുന്നു. അമേരിക്കയിൽ 2.4% ആൾക്കാരിലും. പേരു സൂചിപ്പിക്കുന്നതുപോലെ വികാരങ്ങളുടെ തള്ളിച്ച വരുന്ന വേളകളും അതിവിഷാദത്തിലേക്ക് വഴുതിവീഴുന്ന വേളകളും ഇടവിട്ട് വരുന്നത് ഇതിൻ്റെ സ്വഭാവമാണ്.  Manic mood  ഉം     depressive mood  ഉം. ഇടയ്ക്ക് സാധാരണ വികാര/പെരുമാറ്റങ്ങൾ തന്നെ. കഠിനതരമാവുമ്പോൾ സൈക്കോസിസ് വന്നു ഭവിച്ചേയ്ക്കാം. ജനിതകപരമായും പരിസ്ഥിതിപരമായും കാരണങ്ങൾ ഈ അസുഖത്തിനു പിന്നിലുണ്ട് താരതമ്യേന ചികിൽസിച്ച് രോഗതീക്ഷ്ണതയിൽ ഗണ്യമായ കുറവ് വരുത്താൻ സാദ്ധ്യതയുള്ളതാണ് ബൈപോളാർ അസുഖം. ആണുങ്ങളും  പെണ്ണുങ്ങളും ഒരേ പോലെ വശംവദരാകാം ഈ മനോരോഗത്തിനു.

സ്കിറ്റ്സോഫ്രേനിയ

     സ്കിറ്റ്സോഫ്രേനിയ തീവ്രതരമായ മാനസികരോഗമാണ്. 24  മില്ല്യണോളം ആൾക്കാർ ഇതു ബാധിച്ചവരാണ്. ലക്ഷണങ്ങളാകട്ടെ വളരെ വ്യത്യസ്തങ്ങളാണു താനും.  ഏകദേശം  0.7% ആൾക്കാർ  അവരുടെ ജീവിതത്തിൽ ഈ രോഗം അനുഭവിച്ചവരാണ്. ആണുങ്ങളിലാണ് ഈ മാനസികരോഗം കൂടുതലായി കാണപ്പെടുന്നത്, നേരത്തെ തന്നെ, ചിലപ്പോൾ കുട്ടികൾ  ആയിരിക്കുമ്പോൾ തന്നെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നതും അവരിലാണ്. രോഗകാരണം ജനിതകമോ പാരിസ്ഥിതികമോ  ആകാം. പാരിസ്ഥിതികമായ കാരണങ്ങൾ പലതാകാം: കുട്ടിക്കാലത്തെ വിഷമതകൾ, വൻ നഗരങ്ങളിൽ വളരാനിടയായത് കഞ്ചാവ് പോലത്തെ ലഹരിമരുന്നുകൾ ഉപയോഗിക്കൽ, ചില അണുബാധകൾ ഭ്രൂണാവസ്ഥയിൽ അമ്മയ്ക്ക് വേണ്ടത്ര പോഷകം ലഭിയ്ക്കാതിരിക്കൽ,   കൂടുതൽ പ്രായമായ അച്ഛനും അമ്മയ്ക്കും ജനിക്കുക എന്നതൊക്കെ.

       യഥാതഥത്വത്തെ   വിലക്ഷണമായും അസ്വാഭാവികവുമായി വീക്ഷിക്കുന്നതാണ് രോഗത്തിൻ്റെ പ്രധാനലക്ഷണം. ബോധജ്ഞാനപരമായ ഈ മാറ്റം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ ശിഥിലമാക്കും, ഓർമ്മയിൽ അപഭ്രംശം സംഭവിക്കും, കാര്യനിർവ്വഹണപ്രാപ്തി ന്യൂനതരമാകും. പെരുമാറ്റത്തിലും  വികാരപ്രകടനങ്ങളിലും സാരമായ മാറ്റങ്ങൾ വന്നുഭവിയ്ക്കും. ലക്ഷണങ്ങളും അടയാളങ്ങളും പലർക്കും പലതായിരിക്കാം, പക്ഷേ പൊതുവായി ഇവയൊക്കെ സൂചകങ്ങളാണ്:

മിഥ്യാഭ്രമം(delusions) യാഥാർഥ്യവുമായ ബന്ധമില്ലാത്ത തോന്നലുകളും വിശ്വാസങ്ങളും. തന്നെ ഉപദ്രവിക്കാൻ ആളുകൾ വരുന്നു, അനന്യമായ കഴിവുകളുണ്ട് തനിക്ക് , മറ്റൊരാൾ തന്നോട് പ്രേമത്തിലാണ്, വൻ ദുരന്തം സംഭവിക്കാൻ പോകുകയാണ്, മറ്റുള്ളവരുടെ ചില ആംഗ്യങ്ങളും  സംഭാഷണങ്ങളും തന്നെ മാത്രം ഉദ്ദേശിച്ചാണ് ഇങ്ങനെയൊക്കെ തോന്നൽ

ഉന്മത്തമായ മായാദൃശ്യത  (hallucinations) ഇല്ലാത്ത കാഴ്ച്ചകൾ കാണുക, സംഭാഷണങ്ങൾ കേൾക്കുക, ഇതൊക്കെ അതിശക്തമായി സാധാരണ അനുഭവവ്യവഹാരങ്ങളായി തോന്നുകയും വിശ്വസിക്കുകയും ചെയ്യുക.

മുകളിൽ പരാമർശിച്ച രണ്ടും ഉൽക്കടമാകുമ്പോൾ സൈക്കോസിസ് (psychosis ) ഉടലെടുക്കുകയാണ്..

അവ്യക്തവും വികലവുമായ ആലോചനകളും സംസാരവും. ചോദ്യങ്ങൾക്ക് മറുപടി തികച്ചും ബന്ധപ്പെട്ടതല്ലായിരിക്കുക. സംസാരം വെറും കുറെ വാക്കുകൾ കൊണ്ട്, അതും  അർത്ഥമില്ലാത്തതാകുക.

ക്രമരഹിതവും അവ്യവസ്ഥാപരവും വിലക്ഷണവുമായ ചലനങ്ങളും പെരുമാറ്റവും. കുട്ടികളെപ്പോലെ പെരുമാറുകയോ അപ്രതീക്ഷിതമായി അക്രമാസക്തമാകുകയോ ചെയ്യുക, ലക്ഷ്യമില്ലാത്ത പ്രവർത്തികൾചെയ്യുക, അസാധാരണമോ വികലമോ ആയ നിൽപ്പോ നടപ്പുരീതികളൊ അല്ലെങ്കിൽ കൊള്ളരുതാത്തതോ ക്രമാതീതമായതോ ആയ ചലനങ്ങൾ.

മുകൾച്ചൊന്നത് ഉള്ളതിൽക്കൂടുതലായ ( positive)  ലക്ഷണങ്ങളാണെങ്കിൽ സാധാരണയിൽ നിന്നും ന്യൂനതരമായ ( negative) രോഗസൂചനകളും ഉണ്ട്. ദൈനന്ദിനകർത്തവ്യങ്ങൾ നിറവേറാൻ സാധിക്കാതെ വരിക എന്നതാണത്. ശരീരശുദ്ധി പാലിക്കുന്നതിൽ ശ്രദ്ധയില്ലയ്മ, വികാരരഹിതമായ നോട്ടവും സംസാരവും,സമൂഹത്തിൽ നിന്ന് ഉൾ വലിയുക, ഒന്നിലും താൽപ്പര്യമില്ലാതിരിക്കുക, ഒരു നിശ്ചിത പ്ളാൻ രൂപീകരിക്കാൻ സാധിക്കാതെ വരിക ഒക്കെ ലക്ഷണമാണ്. സന്തോഷവും സുഖവും അനുഭവിക്കാൻ സാദ്ധ്യമല്ലാതാകുന്നതും  ഇത്തരക്കാരിൽ കാണപ്പെടാം. അവബോധവും ഗ്രഹണശക്തിയും തുലോം ന്യൂനതരമായതിനാൽ ശ്രദ്ധയോ ഏകാഗ്രതയോ കമ്മിയായിരിക്കും.

         പലപ്പൊഴും  കുട്ടിയായിരിക്കുമ്പോൾത്തന്നെ സ്കിറ്റ്സോഫ്രെനിയയുടെ  ലക്ഷണങ്ങൾ കണ്ടുതുടങ്ങിയേക്കാം. ആണുങ്ങൾക്ക് കൗമാരപ്രായത്തിൽ ഇത് കാണപ്പെടാം എങ്കിൽ സ്ത്രീകളിൽ 20 വയസ്സുകഴിഞ്ഞോ 30 വയസ്സു കഴിഞ്ഞോ മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. സൂക്ഷ്മദുർഗ്രഹമായി ചിലപ്പോൾ സ്കൂൾ കാലങ്ങളിൽ ലക്ഷണങ്ങൾ കണ്ടേക്കാം; പഠിത്തതിൽ മോശമായിത്തുടങ്ങുമ്പൊഴോ മറ്റുള്ളവരുമായുള്ള ബന്ധങ്ങൾ പ്രശ്നഭരിതമാകുമ്പോഴോ അല്ലെങ്കിൽ പഠിയ്ക്കാനോ കളിയ്ക്കാനോ ഉൽസാഹം കുറയുമ്പോഴോ ശ്രദ്ധിക്കേണ്ടതാണ്, സ്കിറ്റ്സോഫ്രേനിയ ലക്ഷണങ്ങളായേക്കാം.. വൻ നഗരങ്ങളിൽ വളരുന്നവരിൽ ഈ അസുഖം കൂടുതലായി കാണപ്പെടുന്നതിൻ്റെ കാരണങ്ങൾ ദുർഗ്രഹമാണ്. കുടുംബബന്ധഛിന്നത, ജോലിയില്ലായ്മയും അവഗണനയും , ദാരിദ്ര്യപൂർണ്ണമായ ഗൃഹാന്തരീക്ഷം,  കുട്ടിയായിരിക്കുമ്പോൾത്തന്നെ അച്ഛനു 40 വയസ്സിൽക്കൂടുതൽ പ്രായമുണ്ടായിരിക്കുക ഒക്കെ സ്കിറ്റ്സോഫ്രേനിയയിലേക്ക് നയിച്ചേക്കാം.

തലച്ചോറിൽ എന്തു സംഭവിക്കുന്നു?   

   മറ്റ് പ്രധാനരോഗങ്ങളെപ്പോലെ വ്യാപകമായതാണെങ്കിലും സ്കിറ്റ്സോഫ്രീനിയയുടെ മൂലകാരണങ്ങൾ ഇന്നും കൃത്യമായി വേർതിരിച്ചെടുക്കാൻ സാധിച്ചിട്ടില്ല എന്നതാണു സത്യം. അതുകൊണ്ടുതന്നെ ഉചിതമായ മരുന്നുകൾ രൂപീകരിച്ചെടുക്കാൻ സാധിക്കുന്നില്ല എന്നതും സുവിദിതമാണ്. ന്യൂറോ ഇമേജിങ്ങും തന്മാത്രാശാസ്ത്രവും ജെനെറ്റിക്സും പലേ സൂക്ഷ്മപഠനങ്ങൾ നടത്തിയിട്ടുണ്ട് അവ ചില ദുർഘടങ്ങളെ മാറ്റിത്തന്നിട്ടുമുണ്ട്.  എന്നിട്ടും ഒന്നോ രണ്ടോ ജീനുകളോ തലച്ചോറിലെ ഒരു പ്രത്യേക ഘടനാമാറ്റമോ മാത്രമായി ഈ മാനസികരോഗത്തിൻ്റെ മൂലകാരണത്തെ ചുരുക്കാനാവുന്നില്ല.

  ഘടനാപരമായ ( anatomical) മാറ്റങ്ങൾ പലതും ഈ രോഗബാധിതരുടെ തലച്ചോറിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. രോഗം മൂർച്ഛിക്കുന്നതനുസരിച്ച് ഈ മാറ്റങ്ങളും കൂടുതൽ വിലക്ഷണമാകുന്നുണ്ട്. ആദ്യമായി അറിഞ്ഞത് തലച്ചോറിൻ്റെ ആകപ്പാടെയുള്ള വ്യാപ്തി (volume) കുറഞ്ഞതായിട്ടാണ്. തലച്ചോറിനുള്ളിലെ ദ്രാവകം നിറഞ്ഞ അറകൾ (ventricles) വികസിക്കുന്നതും ഒരു ഘടനാ വ്യത്യാസം ആണ്. തലച്ചോറിൻ്റെ പുറമേയുള്ള അടരായ കോർടെക്സ് പലേ പ്രധാനധർമ്മങ്ങളുടേയും കേന്ദ്രമാണ്. ഓർമ്മ, ചിന്തിക്കൽ. പഠിച്ചെടുക്കൽ, കാര്യകാരണബന്ധം അറിയൽ, വികാരങ്ങൾ , പ്രശ്നങ്ങൾക്ക് എളുപ്പം വഴി കണ്ടുപിടിയ്ക്കൽ, ബോധജ്ഞാനം, സംവേദനങ്ങൾ സ്വീകരിക്കൽ ഇങ്ങനെ പ്രധാന പ്രവർത്തികളെ കൃത്യമായി നിയന്ത്രിക്കുന്ന ഇടം. ഈ കോർടെക്സ് സ്കിറ്റ്സോഫ്രീനിയ രോഗികളിൽ സാധാരണയിൽനിന്നും നേർത്തതാണ്, പ്രത്യേകിച്ചും ഇടതു ഭാഗത്ത്.  കൂടുതൽ നിർണ്ണായകമായ മുൻഭാഗ(frontal)ത്തും, വശത്തുള്ളതും  ( temporal)  ആയ കോർടെക്സിലാണ് ഈ കുറവ് വ്യക്തമായി കാണുന്നത്. ടെമ്പൊറൽ ലോബിൻ്റെ വ്യാപ്തിയും ചെറുതാണ്. നീണ്ടകാലഓർമ്മയുടെയും ഓർമ്മ വീണ്ടെടുക്കുന്നതിൻ്റേയും കേന്ദ്രമായ ഹിപ്പോകാമ്പസ്നു വലിപ്പം കുറവാണ് രോഗികളിൽ. സ്വശരീരത്തിലെ ഇടങ്ങൾ, പുറത്തുള്ള ഇടങ്ങൾ ഇവയെക്കുറിച്ച് അറിവു നൽകുന്നതും ഹിപ്പോകാമ്പസ് ആണ്. കാര്യനിഷ്പാദനവും അറിവും തമ്മിൽ ബന്ധപ്പെടുത്തുന്ന കോഡേറ്റ് ന്യൂക്ളിയസ്   (caudate nucleus), ഉത്തേജനവും അതിൻ്റെ പ്രതിക്രിയയും പ്രകാശിതമാക്കുന്ന പുടാമെൻ’ (putamen) ഇവ രണ്ടും കൂടുതൽ വലിപ്പത്തിലാണ്  സ്കിറ്റ്സോഫ്രീനിയക്കാർക്ക്. വികാരനിയന്ത്രണത്തിൻ്റെ കേന്ദ്രമായ അമിഗ്ദല, റിലേ കേന്ദ്രമായ തലാമസ്, നിറവ്, സംതൃപ്തി എന്നിവ ഉളവാക്കുന്ന (ആഹാരം. ലൈംഗികം, മരുന്ന് ഒക്കെ ഇതിൽപ്പെടും) ന്യൂക്ളിയസ് അക്കുംബെൻസ്  (nucleus accumbens) എന്നിവയൊക്കെ ചില രോഗികളിൽ സാധാരണയിലും ചെറുതാണ്. കോർടെക്സിൽ നിന്ന് ഉള്ളിലെ നിയന്ത്രണകേന്ദ്രത്തിലേക്ക് സംവേദനങ്ങൾ അയയ്ക്കുന്ന ന്യൂറോൺ തന്തുക്കളിൽ  ( axons) വലിയ മാറ്റങ്ങളും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.എന്നാൽ ഈ വക മാറ്റങ്ങൾ ഒന്നും രോഗം നിർണ്ണയിക്കാൻ ഉപയുക്തമല്ല. കാരണം പല രോഗികളിലും ഇതിൽ ചിലതു മാത്രം സംഭവിക്കുന്നു എന്നതുകൊണ്ട്. വ്യക്തികൾ തമ്മിലുള്ള ഈ വ്യത്യാസം കൊണ്ട് സ്കിറ്റ്സോഫ്രീനിയ നിജപ്പെടുത്താൻ സാധാരണസ്കാനിങ്ങ് വിദ്യകൾ ഒരു പോംവഴിയായെടുക്കാൻ സാധിക്കാതെ വരുന്നു.

ന്യൂറോൺ സംവേദനികൾ മര്യാദ വിടുന്നു

  ന്യൂറോണുകളിൽ നിന്ന് ന്യൂറോണുകളിലേക്ക് സന്ദേശങ്ങൾ പായിക്കുന്ന സംവേദനികൾ (ന്യൂറോട്രാൻസ്മിറ്ററുകൾ) വഴിവിട്ട് പെരുമാറുന്നുണ്ട് സ്കിറ്റ്സോഫ്രേനിയയിൽ. ഇതിൽ പ്രധാനി ഡോപമീൻ എന്ന സംവേദനിയാണ്.  ഒരു കാര്യം ചെയ്തുകഴിയുംപ്പോഴുള്ള, പ്രതിഫലം കിട്ടിയതിലെ (reward) ഒക്കെ സുഖ സന്തോഷപ്രദാനം ഈ ഡോപമീൻ്റെ പ്രവർത്തിയാണ്. ചലനങ്ങളെ നിയന്ത്രിക്കുന്നതും തദ് സമയത്തെ ഓർമ്മ നിലനിർത്തുന്നതും ഉന്നതമായ ബോധജ്ഞാനത്തിനു അടിസ്ഥാനമാകുന്നതും ഡോപമീൻ തന്നെ. തലച്ചോറിൻ്റെ  എവിടെ, എങ്ങനെ  ഈ ന്യൂറോസംവേദിനി പ്രവർത്തിക്കുന്നു എന്നത് സുപ്രധാനമാണ്. ഒരു പ്രത്യേക ഇടത്ത് അളവ് കുറഞ്ഞാൽ പാർക്കിൻസൺസ് അസുഖം വന്നു ഭവിക്കും.   സ്കിറ്റ്സോഫ്രീനിയ തലച്ചോറിൽ ഡോപമീൻ്റെ അളവ് കൂടുതലാണ് എന്ന് പണ്ടേ കണ്ടു പിടിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതിൻ്റെ അളവ് കുറയ്ക്കാനുള്ള മരുന്നുകൾ ഫലപ്രദമാണു താനും. ഡോപമീനിൻ്റെ സ്വീകരിണികൾക്ക് തടയിടുകയാണ് മറ്റൊരു മാർഗ്ഗം. സൈക്കോസിസ് കുറയ്ക്കാനുള്ള മരുന്നുകൾ കൃത്യമായും ഡോപമീൻ സ്വീകരിണികളെ നിർവ്വീര്യ്മാക്കുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. പക്ഷേ സ്കിറ്റ്സോഫ്രെനിയയ്ക്ക് ഡൊപമീൻ അളവ് വ്യ്ത്യാസം മാത്രമാണ് കാരണം എന്ന് തെളിയിക്കപ്പെട്ടിട്ടില്ല. സ്വീകരിണികളെ അമർച്ച ചെയ്യുന്നതൊകൊണ്ട് മാത്രമല്ല മിക്ക മരുന്നുകളും ഫലിക്കുന്നത് എന്നും മറ്റു കാര്യവിധികൾ ഇതിൽ സംഗതമായിട്ടുണ്ടെന്നുമാണ് അനുമാനം. ഇപ്പോൾ ഉപയോഗിച്ചു വരുന്ന clozapine, respiridone, quetiapine ഒക്കെ  ഡോപമീൻ സ്വീകരിണികളുമായി ബന്ധപ്പെട്ടതല്ല. ലഹരി മരുന്നായ ആംഫീറ്റമിൻ ഡോപമിനിൻ്റെ അളവ് കൂട്ടുന്നുണ്ടെങ്കിലും സൈക്കോസിസ് വരുന്നത് തുടർച്ചയായ അതിൻ്റെ ഉപയോഗം കൊണ്ട് മാത്രമാണ് എന്നതും ഡോപമൈൻ പ്രകല്പന (dopamine hypothesis) യെ തുണയ്ക്കുന്നില്ല. ഡോപമിൻ അളവ് കൂടുന്നത് മറ്റ് ഘടനാപരമായ അപഭ്രംശങ്ങളാലാവമെന്നും നേരിട്ട് ഡോപമിൻ മാറ്റം കൊണ്ട് മാത്രം സ്കിറ്റ്സോഫ്രീനിയ ഉളവാകുന്നില്ലെന്നും അനുമാനമുണ്ട്.

  മറ്റ് ന്യൂറോ സംവേദിനികളും സ്കിറ്റ്സോഫ്രേനിയ നിദാനത്തിനു കാരണമായേക്കാം. ഗ്ളുടമേറ്റ് ( Glutamate)  എന്ന സംവേദിനി ഇതിലൊന്നാണ്  ഈ ട്രാൻസ്മിറ്ററിൻ്റെ  ധർമ്മം ഓർമ്മ, ബോധജ്ഞാനം, മൂഡ് നിയന്ത്രണം ഒക്കെയാണ്. ഇതിൻ്റെ പ്രവർത്തനത്തെ പ്രതിരോധിക്കുന്ന  ലഹരിമരുന്നായ   പി സി പി (PCP, phencyclidine, “Angel Dust”) സ്കിറ്റ്സോഫ്രേനിയക്ക് സമാനമായ ലക്ഷണങ്ങൾ ഉളവാക്കുന്നുണ്ട്. കൂടാതെ രോഗികളുടെ തലച്ചോറിൽ മാറ്റങ്ങൾ ഭവിച്ചിട്ടുള്ള  ന്യൂറോവലയങ്ങളിലെ പ്രധാന സംവേദിനിയും ഗ്ളൂടമേറ്റ് ആണ്. പോസ്റ്റ് മോർടം തലച്ചോർ പഠനങ്ങളിൽ നിന്ന് ഗ്ളൂടമേറ്റ് സ്വീകരിണികളുടെ വ്യത്യാസങ്ങൾ സ്കിറ്റ്സോഫ്രീനിയയിൽ കൃത്യമായി തെളിയുന്നുണ്ട്. ന്യൂറോസംവേദിനികളിൽ പ്രധാനിയായ സിറടോണിനും സ്കിറ്റ്സോഫ്രീനിയ യിൽ അപമര്യാദയായി പെരുമാറുന്നുണ്ട്. പഠിച്ചെടുക്കൽ ( learning), ഓർമ്മ, ഉറക്കം, സന്തോഷം, ലൈംഗികപെരുമാറ്റം, വിശപ്പ് ഇവയൊക്കെ നിയന്ത്രിക്കുന്നുണ്ട് സിറടോണിൻ. സ്കിറ്റ്സൊഫ്രീനിയ രോഗികളുടെ തലച്ചോറിൽ സിറടോണിൻ്റെറയോ അതിൻ്റെ സ്വീകരീണികളുടേയോ അളവിലും വിന്യാസങ്ങളിലും മാറ്റം ഉണ്ടായതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മറ്റൊരു ന്യൂറോട്രാൻസ്മിറ്റർ ആയ ഗാബാ’ (GABA) യുടെ പ്രവർത്തനങ്ങളും മന്ദീഭവിക്കപ്പെടുന്നുണ്ട് സ്കിറ്റ്സോഫ്രീനിയയിൽ. ന്യൂറോഹോർമൊൺ ആയ നോർഎപിനെഫ്രിൻ, കൂടാതെ കോളിസിസ്റ്റോകൈനിൻ, ന്യൂറോറ്റെൻസിൻ  ഇവയൊക്കെ സ്കിറ്റ്സോഫ്രേനിയയാൽ അപഭ്രംശം സംഭവിച്ച തലച്ചോറിടങ്ങളിൽ അളവ് മാറ്റങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്.

   ഡോപമീൻ സിദ്ധാന്തം സ്കിറ്റ്സോഫ്രേനീയ ഉളവാകുന്നതിൻ്റെ ആധാരമായിരുന്നെങ്കിലും മറ്റ് ന്യൂറോസംവേദിനികളെപ്പറ്റിയുള്ള അറിവുകൾ പുതിയ തിരുത്തലുകൾ ആവശ്യമാക്കിയിരിക്കയാണ്. രക്തപരിശോധന വഴി ഇവയുടെ അളവ് കണ്ടുപിടിയ്ക്കുന്നത് ഒരു ഡയ്ഗ്നോസിസ് അല്ല എന്നുള്ളത് രോഗം നിർണ്ണയിക്കുന്നതിനെ സങ്കീർണ്ണമാക്കുകയാണ്.  Magnetic resonance spectroscopy, functional MRI ഇവയൊക്കെ കൂടുതൽ കൃത്യത സംഭാവന ചെയ്യും എന്ന പ്രത്യാശയുണ്ട്.  തലച്ചോറിൻ്റെ ഘടനാവ്യത്യാസമോ ന്യൂറോട്രാൻസ്മിറ്റർ വ്യത്യാസങ്ങളോ ഏതാണ് ആദ്യം സംഭവിക്കുന്നത് എന്നത് കോഴിയോ മുട്ടയോ എന്ന സംശയച്ചോദ്യത്തിനു സമമായി നിലകൊള്ളുന്നു.

 ജനിതക കാരണങ്ങൾ

    സ്കിറ്റ്സോഫ്രേനിയ ഉണ്ടാകാനുള്ള അപകടസാദ്ധ്യത ജനിതകപരമാണ്, 70-80% ഓളം. ഈ കണക്കുകൂട്ടലിൽ വ്യ ത്യാസം വന്നേക്കാം, കാരണം പരിസ്ഥിതിപരമായ സ്വാധീനം ഇതിൽ ഇടപെടുന്നുണ്ട് എന്നതിനാൽ. കൂടപ്പിറപ്പിറപ്പുകൾക്ക്  സ്കിറ്റ്സൊഫ്രേനിയ ഉണ്ടെങ്കിൽ സാദ്ധ്യത 6.5% ആണ്. മാതാപിതാക്കൾക്കുണ്ടെങ്കിൽ മക്കൾക്ക് ഇത് വരാനുള്ള സാദ്ധ്യത 50% ആണ്.. ഒരു പ്രത്യേക  dominant ജീനോ ഒരു പ്രത്യേക ക്രോമൊസോമിലെ നിശ്ചിത ഇടമോ ( locus) നിജപ്പെടുത്താൻ ഇതു വരെ സാധിച്ചിട്ടില്ല. പല ജീനിനും ചെറിയ ഒരു പ്രഭാവമേ വരുത്താൻ സാധിക്കുന്നുള്ളു. ചില ക്രോമസോമുകളുടെ നിശ്ചിത ഇടങ്ങൾ ഇരട്ടിച്ചതായോ ഇല്ലാതായോ കാണപ്പെടുന്നുണ്ട്. ക്രോമൊസോം 6, 8, 22 കളിൽ ചില ഇടങ്ങൾ സ്കിറ്റ്സൊഫ്രേനിയ വരാനുള്ള സാദ്ധ്യതയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഒരു നിശ്ചിത എണ്ണം രോഗികളിൽ ഒരു ക്രോമൊസോം ഇടമോ ഒരു ജീനോ അസുഖവുമായി ബന്ധപ്പെടുത്തിയാൽത്തന്നെ അത് സാർവ്വലൗകികമല്ലെന്ന് പിന്നീട് തെളിയുകയാണ്. ഡോപമിൻ സ്വീകരിണിയുടെ ജീനുമായി ബന്ധപ്പെടുത്തിയ ജനിതകപഠനങ്ങൾ ഇതാണ് തെളിയിച്ചത്. 60 ഇൽക്കൂടുതൽ ജീനുകളുടെ മാറ്റങ്ങൾ ഇന്ന് സ്കിറ്റ്സോഫ്രേനിയ പട്ടികയിലുണ്ട്.  CRHR1 എന്നൊരു ജീൻ ആത്മഹത്യാപ്രവണതയ്ക്ക് പിന്നിലുണ്ട് എന്നൊരു അനുമാനമുണ്ട്.      പാരമ്പര്യമായി  സ്കിറ്റ്സോഫ്രേനിയ ഉളവാകുമ്പോൾ ജനിതകപരമായി എന്താണ് കൈമാറ്റം ചെയ്യപ്പെടുന്നത് എന്നത് നിശ്ചയിക്കേണ്ടിയിരിക്കുന്നു. ഒരു സാദ്ധ്യത ജീനുകൾ പരിസ്ഥിതിയുടെ പ്രഭാവത്താൽ മാറപ്പെടുന്നു എന്നതാണ്. മറ്റൊരു സാദ്ധ്യത പല ലക്ഷണങ്ങളുടെ സങ്കരമാണ് സ്കിറ്റ്സൊഫ്രീനിയ അതുകൊണ്ട് പലേ ജീനുകൾ സ്വാധീനം ചെലുത്തുന്നുണ്ടായിരിക്കണം എന്നതാണ്. ചിലകുടുംബങ്ങളിൽ ഒരേ മാതിരി ലക്ഷണങ്ങളുള്ള രോഗം കാണപ്പെടുന്നുണ്ട്. എന്നത് ഒരു നിശ്ചിത ജീൻ സംഘം ഒന്നിച്ച് അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു എന്ന അനുമാനത്തിലെത്തിക്കുന്നുണ്ട്.

പരിസ്ഥിതിയുടെ സ്വാധീനം, സാഹചര്യങ്ങളുടെ കെടുതികൾ

  കുടുംബപരമായ പഠനങ്ങൾ അസന്നിഗ്ദ്ധമായി തെളിയിച്ചിട്ടുണ്ട് സാഹചര്യങ്ങൾ സ്കിറ്റ്സോഫ്രേനിയയിലേക്ക്  നയിക്കുന്നതിൻ്റെ സത്യങ്ങൾ. അവ 30 മുതൽ 50 ശതമാനം വരെ ആകാൻ സാദ്ധ്യതയുണ്ട്. ജനിതകഘടകങ്ങൾ പ്രാരംഭപ്പടി തുറക്കുകയാണ്, ന്യൂറോണുകൾ പരിസ്ഥിയ്ക്ക്  വശംവദരാകാൻ അടിമപ്പെട്ട് പോവുകയാണ്. അമ്മയുമായിട്ടുള്ള സ്നേഹബന്ധത്തിലെ വിള്ളലുകൾ, , ദാരിദ്ര്യം, മറ്റ് സംഘർഷങ്ങൾ, അണുബാധകൾ ഇവയൊക്കെ പിന്നീട് സ്കിറ്റ്സോഫ്രേനിയ ഉളവാകാൻ വഴിതെളിച്ചേക്കാം. സൈക്കോസോഷ്യൽ വൈവിദ്ധ്യഘടകങ്ങളേക്കാൾ ഇന്ന് തലച്ചോർ വളർച്ചയെ ബാധിക്കുന്നവയ്ക്ക് പ്രാധാന്യം ഏറുകയാണ്.ആഘാതങ്ങൾ പലതാണ്; ഗർഭ/പ്രസവ സങ്കീർണ്ണതകൾ, ഭ്രൂണത്തിൻ്റെ അണുബാധ, ജനിച്ച കാലാവസ്ഥ,  ഗർഭകാലപട്ടിണി ഇവയൊക്കെ. നീണ്ടസമയം എടുത്തുള്ള പ്രസവം,  അകാലജനനം, പ്രീ എക്ളാമ്പ്സിയ എന്ന പ്രസവപ്രശ്നം, ജനനസമയുത്തുള്ള stress, ആവശ്യത്തിനു ഓക്സിജെൻ കിട്ടാതെ വരിക എന്നതൊക്കെ പിൽക്കാലത്ത് സ്കിറ്റ്സോഫ്രീനിയ ഉടലെടുക്കാനുള്ള സാദ്ധ്യതകൾ വർദ്ധിപ്പിക്കയാണ്. എന്നാൽ സ്വതവേ  ജനിതകപരമായ ദോഷങ്ങൾ ഉള്ളവരെയാണ് ഇത്തരം പരിസ്ഥിതിപരമായ ആഘാതങ്ങൾ  സ്കിറ്റ്സോഫ്രേനിയയിലേക്ക് നയിക്കുന്നത് എന്ന അനുമാനവും ഉണ്ട്.

     മേൽപ്പറഞ്ഞ സങ്കീർണ്ണപ്രശങ്ങൾ എപ്രകാരമാണ് മാനസികാപഭ്രംശത്തിലേക്ക് നയിക്കുന്നത് എന്നതിൽ പ്രധാനം തലച്ചോറിനു ഭവിക്കുന്ന മാറ്റങ്ങൾ തന്നെയായിരിക്കണം. പ്രസവസമയത്ത് ഓക്സിജൻ ലഭ്യത കുറഞ്ഞാൽ ഹിപ്പോകാമ്പസ് എന്ന ഭാഗം വേണ്ടവണ്ണം പരിപക്വമാവുകയില്ല.  സ്കിറ്റ്സൊഫ്റേനിയയിൽ കാണപ്പെടുന്നതുപോലെ കൂടുതൽ വലിപ്പം വെച്ച തലച്ചോർ അറകൾ ( ventricles ) ജനനസമയത്ത് പ്രശ്നങ്ങളുണ്ടായ കുഞ്ഞുങ്ങളിൽ കാണാറുണ്ട്. പക്ഷേ ഇങ്ങനെ സംഭവിച്ച പല കുഞ്ഞുങ്ങൾക്കും സ്കിറ്റ്സോഫ്രേനിയ ഉണ്ടാകുന്നില്ല എന്നത്  ഒരു കൃത്യ അനുമാനം നിർമ്മിച്ചെടുക്കുന്നതിൽ തടസ്സങ്ങൾ സൃഷ്ടിയ്ക്കുന്നു.ഒരേ ഒരു പരിസ്ഥിതി ഘടകം സ്കിറ്റ്സോഫ്രേനിയ ഉളവാക്കാൻ കാരണമാകുന്നു എന്ന് സ്ഥിരീകരിക്കാൻ സാധിക്കുന്നില്ല ഇപ്പോൾ.. പലേ ഘടകങ്ങൾ, ചെറിയ സ്വാധീനങ്ങൾ ചെലുത്തുന്നവ പലേ ജീനുകളെ ചെറുതായിട്ടെങ്കിലും ദോഷപ്പെടുത്തുന്നു,ഇവ ഒന്നിയ്ക്കുമ്പോൾ പരിണതി കൂടുതൽ ദോഷകരം ആവുന്നു എന്ന ആശയമാണ് മിക്ക ശാസ്ത്രജ്ഞർക്കും ഇന്ന്.

എപിജെനെറ്റിക്സ് അഥവാ ഉപരിജനിതകം

  പരിസ്ഥിതിയുടെ സ്വാധീനം കൊണ്ട് ജീനുകളിൽ മാറ്റം വരാം. ഇതിൽ ചിലവ സ്ഥിരമായിത്തീരും, അടുത്ത തലമുറയിലേക്ക് പകരാനും ഇടയാകും. Epigenetics എന്നറിയപ്പെടുന്നു ഇത്. ഡി എൻ എയുടെ തന്മാത്രകളിന്മേൽ വരുത്തുന്ന സൂക്ഷ്മായ മാറ്റങ്ങളാണ് ജീനുകളുടെ പ്രവർത്തനത്തെ ബാധിയ്ക്കുന്നത്. സ്കിറ്റ്സോഫ്രേനിയയിൽ മാറ്റം സംഭവിക്കുന്ന പലേ ജീനുകൾക്കും ഇത്തരം രാസമാറ്റം സംഭവിക്കുന്നുണ്ട്.  രോഗം ബാധിച്ചവരുടെ തലച്ചോറിൻ്റെ പല ഭാഗങ്ങളിൽ നിന്നായി എടുത്ത സാമ്പിളുകളിലെ 60 ഓളം ജീനുകൾ പരിശോധിച്ചപ്പോൾ അവയിൽ ഘടനാവ്യത്യാസങ്ങൾ വന്നതായി തെളിഞ്ഞു. ഡി എൻ യിൽ മിതൈൽ ഗ്രൂപ്  (CH3) ചേർത്തിരിക്കയാണ്. മെതിലേഷൻഎന്നാണിതിനു പേര്. ഭ്രൂണ വളർച്ച, കോശങ്ങളുടെ നിജസ്ഥിതി തീരുമാനിക്കൽ, നാഡീവ്യവസ്ഥയുടെ വളർച്ച, നിജപ്പെടുത്തൽ  ഒക്കെ നിയന്ത്രിക്കുന്ന ജീനുകളാണിവ എന്നും കണ്ടു പിടിക്കപ്പെട്ടു. വേർപെട്ട ഇരട്ടകളിൽ നടത്തിയ പരീക്ഷണങ്ങൾക്ക് കൂടുതൽ അസന്നിഗ്ദ്ധതയുണ്ട്: ഒരേ ജനിതകം പേറുന്നവർ, രണ്ടിടത്തു വളർന്നവരിൽ  പക്ഷേ ഒരാൾക്കു മാത്രം സ്കിറ്റ്സോഫ്രേനിയ ബാധിച്ചവരിൽ, ഈ മെതിലേഷൻ വ്യ്ത്യസ്ഥമായി നിരീക്ഷിക്കപ്പെട്ടു. മറ്റൊരു എപിജെനെറ്റിക്  പ്രവർത്തവിധം ഡി എൻ എയെ പൊതിയുന്ന ഹിസ്റ്റോൺഎന്ന പ്രോടീനിനു രാസമാറ്റം വരുത്തുന്നതാണ്. ഇതും സ്കിറ്റ്സോഫ്രെനിയക്കാരുടെ തലച്ചോറിലെ പലേ ഇടങ്ങളിൽ നിന്നുള്ള ജീനുകളിലാണ് പരിശോധിക്കപ്പെട്ടത്. ജീനുകൾ പ്രോടീൻ നിർമ്മിച്ചെടുക്കാൻ വേണ്ടി ഇടനിലയ്ക്കായി നിജപ്പെടുത്തുന്ന് ആർ എൻ എതന്മാത്രകൾക്ക് ഭംഗം വരുന്നതും മറ്റൊരു ഉപരിജനിതക സംഭവമാണ്. സ്കിറ്റ്സോഫ്രീനിയ ബാധിച്ച തലച്ചോറിലെ പല ജീനുകളും മാറിപ്പോകുന്നതിൻ്റെ പിന്നിൽ ഈ ആർ എൻ എ മാറ്റവും പ്രവർത്തിക്കുന്നുണ്ടത്രെ. ഇങ്ങനെ തന്മാത്രാവടുക്കൾ (molecular scars) പരിസ്ഥിതി ആഘാതങ്ങൾ പ്രകാരം സംജാതമായത് സ്കിറ്റ്സോഫ്രേനിയയുടെ ജനിതകപശ്ചാത്തലമായി കണക്കാക്കുന്നതിൽ അനൗചിത്യമില്ലത്രെ. ഭ്രൂണാവസ്ഥയിലോ വളരുന്ന കാലത്തോ പരിസ്ഥിതി ആഘാതം മാനസികമോ ശാരീരികമോ-മൂലം ഇത് സംഭവിക്കാം, മാനസിക പ്രശ്നങ്ങൾക്ക് വഴിതെളിക്കാം. മേൽച്ചൊന്നപോലെ ഈ ഡി എൻ മാറ്റം സ്ഥായി ആയെങ്കിൽ അടുത്ത തലമുറയിലേക്ക് പകർന്നെന്നുമിരിക്കും.

സൈക്കിയാട്രിസ്റ്റിൻ്റെ വെല്ലുവിളികൾ

   സ്കിറ്റ്സോഫ്രേനിയയ്ക്ക് കൃത്യമായ ചികിൽസ ഇന്നില്ല. പലേ മരുന്നുകളും സൈക്കോസിസിനെ മന്ദീഭവിപ്പിക്കുന്നവയാണ്.  Risperidone,  Aripiprazole പോലത്തെ പുതിയ മരുന്നുകൾ കൂടുതൽ കൃത്യതയുള്ളവയാണ് , ഒരു ഡോസിനു തന്നെ നീണ്ടനാളത്തെ പ്രവർത്തനശേഷിയുമുണ്ട്. Aripiprazole ബൈപോളാർ അസുഖത്തിനും ഉപയോഗയോഗ്യമാണ്..  എന്നാൽ ക്ളോസാപിൻ (Clozapine) എന്ന മരുന്നിനു പല രോഗികളിലും പല രീതിയിലുള്ള പ്രതിക്രിയയാണ്.  രോഗിയുടെ അല്ലെങ്കിൽ രോഗത്തിൻ്റെ ജനിതക ഘടനയിലുള്ള മാറ്റങ്ങളായിരിക്കും കാരണം. മരുന്നിനോടൊപ്പം  പെരുമാറ്റ (behavioural) തെറാപ്പി അത്യാവശ്യമാണ്, ഫലം ചെയ്യുന്നതാണ്. Deep brain stimulation ഫലപ്രദമാണെന്നും തെളിഞ്ഞിട്ടുണ്ട്. തലച്ചോറിലെ മാറ്റങ്ങൾ ഉന്മാദമായോ ഹാലുസിനേഷൻ ആയോ മിഥ്യാഭ്രമം ആയോ പുറമേ വെളിവാകുന്നത് എങ്ങനെയെന്ന് കൃത്യമായ അറിവില്ല. ഏതു ജീൻ ഏതു ലക്ഷണത്തിനു പിന്നിൽ എന്നത് പറഞ്ഞ് തരാൻ അത്യാധുനികസാങ്കേതികത പ്രാപ്തമാകുന്നില്ല..

  സ്കിറ്റ്സോഫ്രേനിയ ഒഴിവാക്കാനോ തടയാനോ സൂത്രങ്ങളില്ല. ലക്ഷണങ്ങൾ ഗുരുതരമാകാതിരിക്കാനുള്ള ഉപാധികളുണ്ട്, അത്രമാത്രം. മേൽ വിവരിച്ച തലച്ചോർ ദോഷങ്ങൾ-ന്യൂറോപാത്തോളജി, ഘടനാപരമായ മാറ്റങ്ങൾ, ജനിതകപരമായ ജടിലത, എപിജെനെറ്റിക് വ്യത്യാസങ്ങൾ-ഓരോ രോഗിയിലും ഓരോ തരത്തിൽ പ്രത്യക്ഷപ്പെടുന്നു എന്നത് ചികിൽസാനിർണ്ണയങ്ങൾ എളുപ്പമല്ലാതാക്കുകയാണ്. ഭാവിയിൽ സൈക്കിയാട്രിക് രോഗനിർണ്ണയം രോഗിയുടെ മസ്തിഷ്ക്കത്തിലെ മാറ്റങ്ങൾ അടിസ്ഥാനമാക്കി ആയിരിക്കും, രോഗലക്ഷണങ്ങൾ മാത്രം വീക്ഷിച്ചിട്ട് ആയിരിക്കില്ല. 3D MRI നിർമ്മിതബുദ്ധിയുടെ സഹായത്തോടെ രോഗം നിശ്ചയിക്കാൻ സഹായിക്കുന്നുണ്ട്. Functional MRI യും.

Reference

  1. Lynn, E. D. What a clinician should know about the neurobiology of schizophrenia: A historical perspective to current understanding. Focus 18:368-374 2020
  2. Ban T. A. Fifty years of chlorpromazine: A historical perspective. Neuropsychiatric Disease and treatment 3:495-500 2007

3.         Zhang, W., Zhang, M., Yan, H., Meng, Q.  Human forebrain organoid-based multi-omics analyses of PCCB as a schizophrenia associated gene linked to GABAergic pathways. Nature Communications   14: Article number 5176, 2023  

4.       Sabe, M., Pillinger, T.,  Kaiser,  S., Solm, M.  Half a century of research on antipsychotics and schizophrenia: A scientometric study of hotspots, nodes, bursts, and trends. Neuroscince and Behavioral Reviews. 136:  104608 2022

 

5.      Weickert, T. W. and Weickert C. S.  A path to novel, effective treatments for schizophrenia.   Neuropsychopharmacology 2023  https://doi.org/10.1038/s41386-023-01705-1

6.  Ursini, G., Di Carlo, P., Weiberger D. R. Prioritization of potential causative genes for schizophrenia in placenta   Nature Communications 14: Article number 2613. 2023

7.      Zhang , J., Rao, V. M., Tian, Y. and Guo, J. Detecting schizophrenia with 3D structural brain MRI using deep learning. Scientific Reports 13: Article number:14433. 2023

8. Mishra, A., Mathai, T. and Ram, D. History of psychiatry: An Indian perspective. Indian  Psychiatry Journal 27:21-26 2018