Wednesday, April 15, 2020

വവ്വാലുകൾ- വൈറസുകളുടെ സുഖവാസകേന്ദ്രം  ചൈനയിലെ വുഹാൻ പട്ടണത്തിലെ ചന്തയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടതാണ് കൊറോണ വൈറസുകൾ. മാരകമായ ഇവ വവ്വാലുകളിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടവയാണ്. പാമ്പുകളിൽ പകർന്ന് മനുഷ്യരിൽ എത്തി എന്നൊരു നിഗമനവും ഉണ്ട്. വവ്വാലുകളേയും പാമ്പുകളേയും ഒക്കെ വിൽക്കുന്ന ചന്തകൾ ചൈനയിൽ സുലഭമാണ്.  സാർസ്, മെർസ് എന്നീ മാരക കൊറോണ വൈറസുകളും വവ്വാലുകളിൽ നിന്നാണ് പടർന്നത്. നിപ വൈറസുകൾ പടർന്നതിന്റെ കഥ നമുക്ക് നേരിട്ട് അറിവുള്ളതാണ്.. വവ്വാലുകൾ വൈറസുകളുടെ ഒരു റിസെർവോയർ (സംഭരണി) ആയി വർത്തിക്കുകയാണ്. 1200 ഓളം സ്പീഷീസുകൾ ഉണ്ട് വവ്വാലുകളിൽ, അവയുടെ കുടലിലോ ശ്വാസകോശത്തിലോ ഒക്കെ സുഖവാസം ചെയ്യ്കയാണ് ഈ വൈറസുകൾ.

 എന്നാൽ വവ്വാലുകളെ ഈ വൈറസുകൾ ഒന്നും ബാധിയ്ക്കുന്നില്ല എന്നതാണ് രസകരമായ സത്യം. പരിണാമത്തിൽ ഇനിയും പുരോഗമിക്കാനുള്ള ജീവിയാണ്  നായ്ക്കൾ ഇനത്തിൽപ്പെടുന്ന വവ്വാലുകൾ. സൂക്ഷിച്ചു നോക്കിയാൽ തല കുറുക്കന്റെ പോലെയാണ്. സസ്തനികളിൽ പറക്കാൻ തുടങ്ങിയ അപൂർവ്വ ജന്തുക്കൾ. പക്ഷികളെപ്പോലെ പറക്കാനുള്ള പല  സംവിധാനങ്ങൾ ഇവയ്ക്കില്ല. അതുകൊണ്ട് കഠിനാദ്ധ്വാനം വേണ്ടി വരുന്നു പറക്കാൻ. ഇതോടൊപ്പം പ്രകൃതി കനിഞ്ഞനുഗ്രഹിച്ചതാണ് വൈറസുകളെ കൂടെ പാർപ്പിക്കുമ്പോഴും അവ ഒട്ടും ബാധിക്കാത്ത ഫിസിയോളജി. നമുക്ക് വരുന്നതുപോലെ ഒരു അണുബാധ ഉണ്ടായാൽ നീർവീക്കം (Inflammation) ഇവയ്ക്ക് ഉണ്ടാകില്ല., അതുകൊണ്ട് രോഗങ്ങളിലേക്ക് കൂപ്പുകുത്തുകയില്ല.

     പറക്കുമ്പോഴുണ്ടാവുന്ന കഠിനാദ്ധ്വാനം കൊണ്ട് വവ്വാലുകളുടെ ഡി എൻ എ ചെറിയ കഷണങ്ങളായി കോശങ്ങൾക്ക് വെള്യിൽ വന്നേയ്യ്ക്കാം. വൈറസ് ബാധയാലും ഇത് സംഭവിക്കാം. ഈ ഡി എൻ എ കഷണങ്ങൾ വൈറസുകളെണെന്ന് ധരിച്ച് അവയ്ക്കെതിരെ പ്രതിരോധം തുടങ്ങിയാൽ അത് ശരീരത്തിലെ കല (tissue) കളെ നശിപ്പിച്ചു തുടങ്ങിയേക്കാം. പറക്കാൻ പഠിച്ച വവ്വാലുകളിൽ ഇത് സംഭവിക്കാതിരിക്കാൻ മുൻ കരുതലുകൾ എടുക്കേണ്ടിയിരിക്കുന്നു. വൈറസ് ബാധയാൽ ഉരുത്തിരിയുന്ന ഈ ഡി എൻ കഷണങ്ങളെ തെല്ലും വക വയ്ക്കാതിരിക്കാനുള്ള ഉപായങ്ങളാണ് വവ്വാലുകൾ ആവിഷ്ക്കരിക്കുന്നത്. നമുക്കാണെങ്കിൽ ഇന്റെർഫെറോൺ എന്ന രാസവസ്തു നിർമ്മിക്കപ്പെടുകയായി, രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയായി. ക്ലേശപിരിമുറുക്കങ്ങൾ(stress) കൂടുകയായി. നീർവീക്കം (Inflammation) കഠിനമാവുമ്പോൾ ഒരു പ്രത്യേക പ്രോട്ടീൻ (NLRP3 ) കൂടുതൽ അളവിൽ ഉദ്പ്പാദിക്കപ്പെടുന്നു. അണുബാധയെ ചെറുക്കാനും പിരിമുറുക്കം കുറയക്കാനും.   എന്നാൽ വവ്വാലുകളുടെ പ്രതിരോധവകുപ്പ് നിശബ്ദത പാലിക്കുകയാണ് ഈ വേളയിൽ. ഇന്റെർഫെറോണോ മേൽപ്പറഞ്ഞ പ്രോടീനോ കൂടുതൽ നിർമ്മിക്കപ്പെടുന്നില്ല.  കുറഞ്ഞ രീതിയിൽ ആ പ്രോടീൻ നിർമ്മിക്കപ്പെട്ടാലും അവ അത്ര ഉശിരുള്ളവയുമല്ല. അതുകൊണ്ട്  ഏതു മാരകവൈറസിനും വവ്വാലുകളിൽ സുഭിക്ഷമായി ജീവിക്കാം. വവ്വാലിന്റെ കോശങ്ങൾ വിഭജിക്കുമ്പോൾ ഈ വൈറസുകൾക്കും വിഭജിക്കാം, പരസ്പരധാരണയിലുള്ള ജീവിതം.  ഓരോ അണുബാധയ്ക്കും അസുഖങ്ങൾക്കുമൊപ്പം വന്നു കൂടുന്ന പിരിമുറുക്കം ( stress) കൊണ്ട് നമ്മുടെ ആയുസ്സ് കുറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഇവയിൽ നിന്ന് വിമുക്തമായ വവ്വാലുകൾ നെടുനാൾ ജീവിച്ചിരിക്കുന്നുമുണ്ട് എന്നതാണ് സത്യം.

   എന്നാൽ വവ്വാലുകൾ എമ്പാടും വാരി വിതറുകയാണ് ഈ വൈറസുകളെ എന്ന് വിചാരിച്ചാൽ തെറ്റി. വളരെ അപൂർവ്വമെന്നു വേണം പറയാൻ ഈ സംഭവം. വവ്വാലുകൾ കൊണ്ടു നടക്കുന്ന വൈറസുകൾ ക്രമാതീതമായി വർദ്ധിച്ചാൽ മാത്രമേ അവ മറ്റ് ജന്തുക്കളിലേക്കോ മനുഷ്യരിലേക്ക്ക്കോ വൈറസുകളെ വിതറുകയുള്ളു. യഥേഷ്ടം ഞാലിപ്പൂവൻ പഴവും മാമ്പഴവും ചെറുപ്രാണികളേയും തിന്ന് പറക്കുന്ന  ഇവയുടെ ആവാസവ്യവസ്ഥയ്ക്ക് ആഘാതം വരുമ്പോഴാണ് പിരിമുറുക്കം വർദ്ധിച്ച്, പ്രതിരോധശക്തിയിൽ മാറ്റങ്ങൾ സംഭവിച്ച്  ഇവയിലെ വൈറസുകൾ പെരുകുന്നതും അവ പുറത്തു കടക്കുന്നതും.

Saturday, April 4, 2020

വാഴ്ത്തപ്പെട്ടവരുടെ ലോകം ഭ്രമണം നിറുത്തുമ്പോൾ
ന്യൂയോർക് സിറ്റി.
ചരിത്രം എന്നും എഴുതപ്പെടുന്ന നഗരം. പുതുക്കിയും മാറ്റിയും തിരുത്തിയും. ദൃശ്യമേളകളുടെ ഫോർടി സെക്കന്റ് സ്ട്രീറ്റ്. ഇലക്ട്രോണിക് ബിൽ ബോർഡുകൾ കണ്ണഞ്ചിച്ച്  അനാദൃശമായ പാർശ്വദൃശ്യങ്ങൾ സമ്മാനിക്കുന്ന തെരുവുകൾ. വാൾ സ്ട്രീറ്റിലെ കാളക്കൂറ്റന്റെ പ്രതിമയ്ക്ക് ചുറ്റും ഇടതടവില്ലാതെ ഫോടോ എടുത്ത് നീങ്ങുന്ന ടൂറിസ്റ്റുകൾ. നദികളിൽ സുന്ദരി ഹഡ്സൻ റിവർ ചെന്ന് ചേരുന്ന, തുറമുഖങ്ങളിൽ സുന്ദരി അറ്റ് ലാന്റിക് സമുദ്രത്തെ ഉരുമ്മുന്ന നഗരം.  ആയിരക്കണക്കിനു ആഫ്രിക്കൻ അടിമകളെ കൊന്നു കുഴിച്ചു മൂടിയ അജ്ഞാതമായ അദൃശ്യകുടീരങ്ങൾക്ക് മുകളിൽ കെട്ടിപ്പൊക്കിയ കൂറ്റൻ അംബരചുംബികളിൽ കണ്ണി കൊരുത്ത് ലോകമെമ്പാടും ചലിയ്ക്കുന്ന ബിസിനെസ് വലകൾ. തിരക്കേറിയ ആർട് മ്യൂസിയങ്ങൾ, ബ്രോഡ് വേ ഷോകളിലെ വിസ്മയമായ റേഡിയോ സിറ്റി മ്യൂസിക് ഹാൾ, അതിലെ നൃത്തങ്ങൾ.ലോകത്തിലെ എല്ലാ വൈവിദ്ധ്യങ്ങളേയും  ആൾക്കാരേയും ഏറ്റുവാങ്ങി പരിപാലിച്ച്  ഉറങ്ങാൻ മറക്കുന്ന നഗരം. എട്ടര മില്ല്യൺ ആൾക്കാരുടെ സ്വപ്നലോകം.  സെൻട്രൽ പാർക്കിലോ റ്റൈം സ്ക്വയറിലോ സ്വയം മറക്കാനുള്ള ഇടങ്ങൾ സമ്മാനിക്കുന്ന ന്യൂയോർക് സിറ്റി. ലോകത്തിന്റെ കേന്ദ്രം എന്ന് സ്വയം വിശേഷണം.

    ഇന്ന് ന്യൂയോർക് സിറ്റി നിശ്ചലമാണ്. നാനൂറുകൊല്ലത്തെയെങ്കിലും ചരിത്രത്തിൽ ഒരിക്കലും സംഭവിക്കാത്ത കാര്യം. ഏറ്റവും ചലനാത്മകമായ ഇടം എന്ന് അവകാശപ്പെട്ട നഗരം ഹോളിവുഡ് ഹൊറർ സിനിമകളിലെ ശൂന്യതാദൃശ്യങ്ങൾ സത്യമാക്കപ്പെട്ടപോലെ നിലകൊള്ളുന്നു. ഭീതിദമാണിത്.   2001 ഇൽ ട്വിൻ ടവറുകൾ തകർന്നപ്പൊഴും ഇത്രയും ഭീകരത ഏറ്റെടുത്തിട്ടില്ലായിരുന്നു ഈ  വിസ്തൃതജനപദവീഥികൾ. ഇന്ന് അനേകം  ചരമക്കുറിപ്പുകളാണ് കൂറ്റൻ കെട്ടിടങ്ങളുടെ ഇടനാഴികകളിലെ മങ്ങിയ നിഴലുകൾ  വരച്ചിടുന്നത്.  52,000 പേരാണ് ന്യൂയോർക്ക് സംസ്ഥാനത്ത് കൊറോണ യുടെ പിടിയിലമർന്നത്, മരിച്ചതോ 728 പേരും. തൊട്ടടുത്ത ന്യൂജേഴ്സി സംസ്ഥാനത്ത് 140 ഓളം ജീവനുകൾ നഷ്ടപ്പെട്ടിരിക്കുന്നു. ന്യൂയോർക്കിൽ പോലീസ് ഫോഴ്സിൽ തന്നെ അഞ്ഞൂറോളം പേർക്കാണ് ഈ അസുഖം ബാധിച്ചിട്ടുള്ളത്. അതിൽ നാലുപേരെ കൊറോണ കൊണ്ടുപോയി എന്നത് വൈറസിന്റെ വ്യാപനവ്യാപ്തി ദൃഷ്ടാന്തമാണ്. കാലിഫോർണിയയിൽ 120 മരണങ്ങൾ. ആകെ യു എസിൽ രണ്ടായിരത്തോളം ജീവൻ പൊലിഞ്ഞു..  സാധാരണ ഫ്ലു വന്ന് ഒരു സീസണിൽ 30,000 ആൾക്കാർ മരിക്കുന്ന നാടാണെങ്കിലും കൊറോണ വൈറസ് പിടിച്ചാൽ കൊണ്ടേ പോകുകയുള്ളൂ എന്ന മട്ടുകാരനാണ് എന്നത് ചില്ലറക്കാര്യമല്ല. വെറുങ്ങലിപ്പും ഉൾഭയവും ന്യൂയോർക്ക്കാരുടേത് മാത്രമല്ല എല്ലാ അമേരിക്കക്കരുടേതുമായി മാറിക്കഴിഞ്ഞു.  മറ്റു രാജ്യങ്ങളെപ്പോലെ വൻ ദുരന്തങ്ങൾ അനുഭവിക്കാനിട വന്നിട്ടില്ലാത്ത അമേരിക്കൻ ജനതയ്ക്ക് ഇത് സഹിക്കാവുന്നതിൽ അപ്പുറമെന്നല്ല അനുസ്യൂതമായ നടുക്കമുൾപ്പെട്ട ഭയപ്പാടാണ്, അപരിചമായ ദൈന്യതയാണ് വന്നുചേർന്നിരിക്കുന്നത്. പൊതുവേ ഉല്ലാസം മുഖമുദ്രയായിട്ടുള്ള, മറ്റേതു രാജ്യക്കാരിൽ നിന്നും വേറിട്ട് തരം കിട്ടുമ്പോഴൊക്കെ വിനോദോപാധികളിൽ  മുഴുകി ലോകത്തിലെ എല്ലാ രുചികളും സ്വാദുനോക്കുന്ന ലളിതമനസ്കരായ ജനതയെ ആണ് ഒരു മഹാമാരി ദുരന്തഭീതിയുടെ മുൾമുനയിൽ ഇപ്പോൾ നിറുത്തിയിർക്കുന്നത്. ഭാഗ്യങ്ങളാൽ അനുഗ്രഹീതരായവരുടെ സമൂഹം  എന്ന് വാഴ്ത്തപ്പെട്ടവർക്ക്, land of opportunity യിൽ ജനിച്ചു വളർന്നവർക്ക് നിനച്ചിരിയാതെ വന്ന അഗ്നിവർഷം.

   ഭരണാധികാരികളുടെ അതിരുകലർന്ന ആത്മവിശ്വാസവും അധികാരക്കൊതിയും സമ്പദ് വ്യവസ്ഥയാണ്  ജീവനെക്കാൾ രക്ഷിക്കപ്പെടേണ്ടത് എന്ന വാശിയും ഒക്കെ ഇതിനു കാരണങ്ങളായിട്ടുണ്ട്.  കോവിഡ്-19 അമേരിക്കയിൽ പടർന്ന് രണ്ട് മാസത്തിൽക്കൂടുതൽ കഴിഞ്ഞിട്ടും ട്രമ്പ് ഭരണകൂടത്തിനു ഏകീകൃതമായ നയോപായ തന്ത്രങ്ങൾ മെനഞ്ഞെടുക്കാൻ കഴിഞ്ഞില്ല. ഷിക്കാഗോയിലും ന്യൂയോർക്കിലുമുള്ള വിമാനത്താവളങ്ങളിൽ ലോകത്തെമ്പാടും നിന്നും വരുന്നവരെ ഒരു പരിശോധനയുമില്ലാതെ മാർച് 22 വരെ പുറം സമൂഹത്തിലേക്ക് ഇറക്കി വിട്ടു. വ്യവസായശാലകൾ നിശ്ചലങ്ങളാകുകയും തൊഴിലില്ലായ്മ രൂക്ഷമാകുകയും ചെയ്തതോടെ പ്രെസിഡെന്റ് ട്രമ്പ് സമ്പദ് വ്യവസ്ഥയുടെ അപചയത്തിനു മുൻ തൂക്കം കൊടുത്തു പൊതുജനാരോഗ്യത്തേക്കാൾ എന്ന് മാത്രമല്ല അതിൽ മാത്രം വ്യാകുലനാവുകയും ചെയ്തു.  അതുകൊണ്ട് വീട്ടിലിരിക്കാതെ തിരിച്ച് ജോലിയ്ക്ക് പോകാനും ഏപ്രിൽ 12 ഇനു ഈസ്റ്റർ ആഘോഷിക്കാൻ തയാറിക്കൊള്ളാൻ ഉദ്ഘോഷിക്കുകയും ചെയ്തു.  വെറും 19 ദിവസം കൊണ്ട് കോവിഡ്-19 ഇല്ലാതാകുമെന്ന് പ്രഖ്യാപിക്കുകയും  അത് എളുപ്പമായി സാധിച്ചെടുക്കാമെന്ന് വീണ്ടും വീണ്ടും ഉറപ്പ് നൽകി ജനങ്ങൾക്ക് വ്യാജമായ പ്രത്യാശ നൽകാനും മടിച്ചില്ല അദ്ദേഹം.. സാമൂഹ്യ അകലം പാലിക്കൽ അനുവർത്തില്ലെങ്കിൽ കൂടുതൽ മാരകമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പൊതുജനാരോഗ്യ കാര്യാധികാരികൾ നിർദ്ദേശിക്കുന്നതിനു കടകവിരുദ്ധമാണ് ഇത്തരം പ്രസ്താവനകൾ. വളരെ പെട്ടെന്ന്, ഒന്നു രണ്ടാഴ്ച്ചയ്ക്കുള്ളിൽ  എല്ലാം ശരിയാകും എന്ന് എനിക്ക് ഒട്ടും തോന്നുന്നില്ല “’ എന്ന് ആന്റണി ഫൗസി എന്ന വിദഗ്ധശാസ്ത്രജ്ഞൻ (ഗവണ്മെന്റിന്റെ ഉപദേഷ്ടാവുമാണ് ഇദ്ദേഹം) പ്രഖ്യാപിച്ചത്. അദ്ദേഹം പ്രെസിഡെന്റുമായി തോറ്റ് പിന്മാറിയ ലക്ഷണമാണിപ്പോൾ. ട്രമ്പിന്റെ സ്വന്തം ഉൾപ്പെടെ ബിസിനസ് സംരംഭങ്ങൾ തകർന്നതോടെയാണ് നേരം വെളുത്തു എന്ന തോന്നൽ തെല്ലെങ്കിലും വൈറ്റ് ഹൗസിൽ ഉദിച്ചത്. അപ്പൊഴേയ്ക്കും രണ്ട്മാസത്തിൽക്കൂടുതൽ താമസിച്ചു പോയിരുന്നു കോവിഡ്-19 നെ നേരിടലിൽ. ഒരു പാവപ്പെട്ട മൂന്നാം ലോകരാജ്യത്തിന്റെ സ്ഥിതിയിൽ നിന്നു പോലും താഴത്തേയ്ക്ക് ന്യൂ യോർക്കിലെ പൊതുജനാരോഗ്യം നിപതിച്ചു കഴിഞ്ഞിരുന്നു അപ്പോഴേയ്ക്കും.

  ഗവണ്മെന്റ്  ചില ഇടപെടലുകൾ നടത്താൻ തുനിഞ്ഞിട്ടുണ്ട് കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ. രണ്ട് ട്രില്ല്യൺ ഡോളറിന്റെ തകർച്ചനിവാരണ പദ്ധതി (bailout) നടപ്പാക്കുന്നതായി പ്രഖ്യാപനം വന്നിട്ടുണ്ട്. ഓരോ അമേരിക്കനും തൽക്കാല ആശ്വാസത്തിനായി 1200 ഡോളർ വീതം നൽകുക, തൊഴിലില്ലായ്മ വേതനം ദീർഘിപ്പിക്കുക, ആരോഗ്യപാലനത്തിനു 150 ബില്ല്യൺ, ചെറുകിട ബിസിനെസ്കാർക്ക് കടവായ്പ്പ, സംസ്ഥാനങ്ങൾക്കും വ്യവസായങ്ങൾക്കും വായ്പാപദ്ധതികൾ ഇവയൊക്കെയാണ് വാഗ്ദാനങ്ങൾ. ന്യൂയോർക്കിലെ ആശുപത്രികളിൽ ഇപ്പോഴും അവശ്യസാധനങ്ങൾ എത്തിയിട്ടില്ല. വെന്റിലേറ്ററുകൾക്കും മാസ്കുകൾക്കും  വൻ ക്ഷാമം തന്നെ. മൃതശരീരങ്ങൾ സൂക്ഷിക്കാൻ ഇടമില്ലാതെ വലയുന്നു ചില ആശുപത്രികൾ. ‘Defence Production Act’ (യുദ്ധകാലത്ത് അവശ്യം വേണ്ട സാമഗ്രികൾ നിർമ്മിച്ചെടുക്കാൻ കമ്പനികൾക്ക് നിർദ്ദേശം കൊടുക്കാമെന്ന നിയമം) അനുസരിച്ച് വെന്റിലേറ്ററുകൾ നിർമ്മിക്കാൻ പ്രെസിഡെന്റ് ചില കമ്പനികളെ തെര്യപ്പെടുത്തിയിട്ടുണ്ട്, പക്ഷേ പെട്ടെന്ന് നിർമ്മിച്ചെടുക്കാവുന്നവ അല്ല അവ. വ്യവസായങ്ങൾ ദേശസാൽക്കരിക്കാൻ ആഹ്വാനങ്ങൾ ഉയരുന്നുണ്ടെങ്കിലും പ്രെസിഡെന്റിനു താൽപ്പര്യമില്ല. ആശുപത്രിസാമഗ്രികൾ നിർമ്മിച്ച് പരിചയമില്ലാത്ത കമ്പനികൾക്ക് താൽപ്പര്യമുണ്ടെങ്കിലും അതിനുള്ള പരിചയമോ സാങ്കേതികജ്ഞാനമോ ഉടൻ സ്വരൂക്കൂട്ടാൻ പറ്റാതെ വലയുകയാണ്. നേർമുൻപിൽ കണ്ട ദുരന്തത്തെ അഭിമുഖീകരിക്കാൻ തയാറെടുപ്പ് ആവശ്യമാണെന്ന്  മനസ്സിലാക്കിയില്ലെന്ന് നടിയ്ക്കുകയാണ് ഇപ്പോൾ ഗവണ്മെന്റ്. ന്യൂയോർക്കിൽ നിന്നുള്ളവരെ മറ്റുള്ള സംസ്ഥാനക്കാർ പ്രതിരോച്ചു തുടങ്ങിയിട്ടുണ്ട്. അമേരിക്കയിൽ ഒരിക്കലും സംഭവിക്കാത്ത സംസ്ഥാനങ്ങൾ തമ്മിലുള്ള സ്പർദ്ധ.

     ശുചിത്വം പാലിക്കാനും സുരക്ഷയ്ക്കും പകർച്ചയെ നേരിടാനും മറ്റും  വേണ്ടിയുള്ള സാമഗ്രികൾ ഇല്ലാതെ വലയുന്ന ആശുപത്രി പ്രവർത്തകർ വ്യവസ്ഥയോട് പൊരുതി തളർന്നവരായിട്ടുണ്ട്. ഭീമമായ ചികിൽസാ ചെലവുകൾ പൊടുന്നനവേ വന്നുകൂടിയത് രോഗികളെ പരിഭ്രാന്തിയിലേക്കും വിഷാദത്തിലേക്കും നയിക്കുന്നു. ഇൻഷ്വറൻസ് ഇല്ലാത്തവർക്ക് പേറാൻ പറ്റാത്ത ഭാരം. എല്ലാവർക്കും ചികിൽസ വൻ ഇളവുകളോടെ ലഭ്യമാക്കുന്ന മെഡികെയർ പദ്ധതി നടപ്പിലാക്കാൻ കോവിഡ്-19 എന്ന ദുരനുഭവം അധികാരികളെ പ്രേരിപ്പിക്കുമെന്ന് ജനങ്ങൾ ആശിക്കുന്നു. ഏതായാലും ഈ മഹാമാരിയ്ക്കു ശേഷം അമേരിക്കൻ സമൂഹം  പുതുദിശയിലേക്ക്  പ്രയാണം ചെയ്യുമെന്നാണ് പരക്കെയുള്ള വിശ്വാസം. പക്ഷേ അവിടെയെത്താനുള്ള വഴികൾ സ്വയം ദുർഘടമാക്കിയിരിക്കുകയാണ് ഭരണാധികാരികൾ.