Friday, December 20, 2013

അംഗുലീചാലിതം- വിരൽ തിന്നുന്നതിന്റെ സുഖം

  

അംഗുലീചാലിതം   ഇവിടെ കാണുക. അതിനുശേഷം ഈ കുറിപ്പ് വായിക്കുക.

 പീഡനത്തിന്റേയും സഹനത്തിന്റേയും വഴി യേശു സ്വയം തെരഞ്ഞെടുത്തതാണോ? ലോകത്തിന്റെ സകല പാപങ്ങളും ഏറ്റെടുത്ത് ക്ലിഷ്ടപീഡകളുമനുഭവിച്ച് മരണത്തിലേക്ക് നീങ്ങിയപ്പോൾ അതിന്റെ സംതൃപ്തി മനസ്സിൽ നിറഞ്ഞു കാണണം. യേശുവിൽ സാഡിസത്തിന്റെ  ഘടകാംശം ഉണ്ടോ എന്നത് താർക്കികരുടെ പതിവ് ആലോചനാവിഷയമാണെങ്കിലും  Bansky യുടെ പ്രസിദ്ധപ്പെട്ട ചിത്രം-കൺസ്യൂമെറിസത്തിന്റെ കുരിശിലേറ്റപ്പെട്ട, കാരിരുമ്പാണിപ്പഴുതുള്ള കൈകളിൽ ഷോപ്പിങ് ബാഗുകൾ തൂക്കിയിടപ്പെട്ട യേശുവിന്റെ പ്രസിദ്ധ ചിത്രം- കാണിച്ചു കൊണ്ടാണ് അംഗുലീചാലിതം എന്ന ഷോർട് ഫിലിമിലെ ആദ്യരംഗങ്ങൾ കൺമുന്നിലെത്തുന്നത്. ആത്മാവിന്റെ രക്ഷയ്ക്കു വേണ്ടി ശരീരത്തെ ശിക്ഷിക്കുക മതാത്മക ബോധാനുസാരിയാണെങ്കിൽ കൺസ്യൂമെറിസത്തിന്റെ കൾട് മെമ്പർമാർ മോഹസാഫല്യത്തിനു ശരീരത്തെ ശിക്ഷിയ്ക്കുകയാണ്, സ്വന്തം മോതിരക്കൈവിരലുകൾ സാപ്പിടുകയാണ്.
           വിപണിയിൽ ഒരു വസ്തു പരീക്ഷക്കപ്പെടണമെങ്കിൽ കേരളത്തിലാണ് അത് നടപ്പാക്കുക കാരണം ഇൻഡ്യയിൽ ഏറ്റവും ഉപഭോഗാസക്തി കൂടുതലുള്ള സ്ഥലമാണ് കേരളം. പുതുമയെ തേടാനും വെല്ലുവിളികൾ ഏറ്റെടുക്കാനുമുള്ള  മലയാളിയുടെ പ്രത്യേക ത്വര തന്നെയായിരിക്കണം ഇതിനു പിന്നിൽ. അക്ഷയതൃതീയ പോലത്ത സ്വർണ്ണവിപണി ആഘോഷം പെട്ടെന്ന് സമൂഹത്തിൽ പ്രചലിതമാകാൻ കാരണം മറ്റൊന്നല്ല. മാർകെറ്റിങ് തന്ത്രശാലികളാൽ ചലിപ്പിക്കപ്പെടുന്ന പാവരൂപങ്ങൾ ആയി മാറിയത് നമ്മൾ അറിഞ്ഞെങ്കിലും അറിഞ്ഞില്ലെന്നു നടിയ്ക്കുകയാണ്. ഈ ചരടുവലിയിലെ കരാളത അതീവലാളിത്യത്തോടെയും ഋജുവായും പ്രകടമാക്കുകയെന്നതാണ് അംഗുലീചാലിതം (Manipulated by Fingers) എന്ന സിനിമ ലക്ഷ്യമിടുന്നത്.  

കല്യാണസൌഗന്ധികന്യൂറോണുകൾ

          അന്വേഷണവും തത് ഫലമായുള്ള കണ്ടു പിടിത്തവും പ്രതിഫലം എന്ന ആത്യന്തികലക്ഷ്യം സാധൂകരിക്കുന്നതാണ്.  മനുഷ്യന്റെ തലച്ചോറിൽ   അന്വേഷണത്തിന്റെ പതിക്രമങ്ങൾ (seeking circuits) നിലവിലുണ്ട്. മറ്റു ജീവികളിലും ഇതേ വ്യവസ്ഥ കാണാം. അതിജീവനത്തിനു അവശ്യമാണ് ഈ അന്വേഷണങ്ങൾ.  അവ ആസക്തികളെ വെളിവാക്കി യൂഫോറിയ നിർമ്മിച്ചെടുമ്പോൾ  കേവലം ശാരീരികാവശ്യങ്ങൾ മാത്രമല്ല നിറവേറപ്പെടുന്നത്. തലച്ചോറിലെ ഈ സർക്യൂടുകൾ പൂത്തിരി കത്തുകയും ന്യൂറോ ട്രാൻസ്മിറ്റർ ആയ ഡോപമിൻ പുറപ്പെടുവിക്കുകയും ചെയ്യുമ്പോൾ അത്യാകാംക്ഷയും ആസന്നമായ ഉദ്ദേശ്യവും ഉണർത്തി ഉളവാകലാണ് പരിണിതഫലം.  ഈ ഡോപമിൻ “ഫയറിങ്ങ്’കൾ വഴി ഈ വ്യവസ്ഥയെ ഊർജ്ജസ്വലമാക്കി നിറുത്തുക എന്നത് ആനന്ദകരമാണ് നമുക്ക്.  അതിജീവനത്തിനു അത്യാവശ്യമായ പ്രതിഫലങ്ങൾക്കപ്പുറവും ഈ തേടലിനെ വ്യാപിപ്പിച്ചതാണ് മനുഷ്യൻ എന്ന ജന്തുകുലത്തിന്റെ പ്രത്യേകത. കല്യാണസൌഗന്ധികങ്ങൾ തേടാൻ പ്രേരിപ്പിക്കുന്ന ഈ ഉപഭോഗാസക്തിയുടെ പിന്നിൽ മോഹജാലക്കളിയുടെ ത്രസിപ്പിക്കൽ ഉണ്ടെന്നു മാത്രമല്ല ചെറിയൊരു സർഗ്ഗപ്രവർത്തി കൂടെയാണെന്ന് തോന്നിപ്പിക്കുകയും ചെയ്യും ഈ മസ്തിഷ്കകേന്ദ്രങ്ങൾ. തേടലിന്റെ ആക്കവും ക്ലിഷ്ടതയും കൂടുതലാകുമ്പോൾ ഇത് നേടിത്തരുന്ന സംത്രാസവും ആഹ്ലാദവും ചില്ലറയല്ല. സിനിമയിലെ സ്നേഹിതർ പ്രത്യേക തരം ആനന്ദദായക സൂപ്പ് വിൽക്കുന്ന സ്ഥലം കഷ്ടപ്പെട്ട് അന്വേഷിച്ചു പോകുന്നത് ഈ ത്രിൽ അനുഭവിക്കാനാണ്. അത് കൂടുതൽ നിഗൂഢമാകുമ്പോൾ ഈ ഹർഷോന്മാദത്തിന്റെ  പരിമാണവും വർദ്ധിക്കും. അത്ര പെട്ടെന്ന് കണ്ടു പിടിയ്ക്കാനാവാത്ത, തിരക്കു പിടിച്ച പലേതരം കടകൾക്കുള്ളിൽ അതിവിശിഷ്ട സൂപ്പു കേന്ദ്രം കണ്ടുപിടിയ്ക്കേണ്ടത്  ‘വെറൈറ്റി’ തേടുന്ന തലച്ചോറിന്റെ ധർമ്മങ്ങളിൽ ഒന്നാണെങ്കിൽ അതിനെ വിറ്റ് കാശാക്കുക എന്നതാണ് വിപണിയുടെ ഉദ്ദേശം. ഡൊപമിൻ ഇറ്റിയ്ക്കലിന്നെ ത്വരിതപ്പെടുത്താനാണ് ഹോടലുടമ തെറ്റിദ്ധാരണകളിൽക്കൂടി ആസക്തരെ പരീക്ഷിക്കുന്നമട്ടിൽ പെരുമാറുന്നത്.  “അർഹിക്കുന്നവർ തന്നെ’ എന്ന് ഹോട്ടലുടമ അവസാനമേ പറയുന്നുള്ളു. കൊണ്ടുപിടിച്ച ഉപഭോഗാസക്തിയാൽ  ഉൽക്കടമായി മുന്നോട്ടു തള്ളപ്പെടുന്ന കൂട്ടുകാർ വഴിനീളെ പതിച്ചിരിക്കുന്ന തൊലിവെളുപ്പ് വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങള കാണുകയും അവയെപ്പറ്റി പരാമർശിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവർ അതിനൊക്കെ അതീതരാണെന്നും വിശിഷ്ടസൂപ്പ് അവരെപ്പോലെ ചിലർക്കു മാത്രം അറിയാവുന്നതാണെന്നും ഉള്ള ബോധം അവർക്ക് നൽകുന്നത് ചില്ലറ ആത്മധൈര്യം അല്ല. അന്വേഷണത്തിന്റെ ഫലപ്രാപ്തി ആന്ദമൂർച്ഛയിലാണെത്തിയ്ക്കുന്നത് എന്ന തോന്നൽ അതിനു വേണ്ടീവരുന്ന വേദനകളെ മറക്കുവാൻ പോലും പ്രേരിപ്പിക്കുന്നതാണ്. വിരലുകൾ എത്രയെങ്കിലും വെട്ടിമാറ്റിയാലും അതിന്റെ കൊടുംപീഡാകഷ്ടങ്ങളെ  വെറുതെ സഹിക്കാൻ പ്രാപ്തരാക്കുന്നത് ഈ ന്യൂറോൺ മായാജാലക്കളികളാണ്. അത്രയ്ക്കാണ് അതിന്റെ മോഹനസുന്ദരവാഗ്ദാനഘോഷങ്ങൾ. “ഇവിടെ ഒരുപാടു പേർക്കു വിരലുകൾ നഷ്ടപ്പെട്ടിട്ടുണ്ട്” എന്ന് ഹോട്ടലുടമ പ്രഖ്യാപിക്കുമ്പോൾ അത് മോഹാവേശത്തിൽ വീണുപോയവർക്ക് ഉത്തേജകമായേ തോന്നുന്നുള്ളു.
          ഉപഭോക്താവാദത്തിന്റെ (കൺസ്യൂമെരിസം)  ട്രിക്കുകളിലൊന്ന് മതം, ആത്മീയത, പുണ്യം ഇവയുമൊക്കെയായി ബന്ധിപ്പിച്ച് വിപണി അനുഷ്ഠാനപരമാക്കി അതുവഴി ഫലപ്രാപ്തിയിലേക്കുള്ള നടകൾ കയറാൻ പ്രേരിപ്പിച്ച് അതോടൊപ്പം വിശ്വാസയോഗ്യത നേടുക എന്നതാണ്. ഇഗോ പരിപൂർത്തി മാത്രമല്ല ആത്മീയമായ സംതൃപ്തിയും പ്രദാനം ചെയ്യുമെന്ന് നമ്മളെ നമ്മൾ തന്നെ ധരിപ്പിക്കാൻ ഈ അനുഷ്ഠാനപരത സഹായിക്കും. വിരലുകൾ മുറിച്ചെടുക്കാനുള്ള നിയമങ്ങൾ അനുഷ്ഠാനത്തിനു കൃത്യതയും അതോടൊപ്പം പ്രമാണബലവും നൽകുകയാണ്. അപ്രാപ്യമായതിനു സ്വാദ് കൂടും എന്ന മാനുഷ ഉപബോധം തന്നെ ഇവിടെയും. പുറത്ത് പരസ്യപ്പലകളോ  ഒന്നും ഇല്ലാതെ ആർക്കും പെട്ടെന്ന് തിരിച്ചറിയാൻ സാദ്ധ്യതയില്ലാത്ത ഗുഹാസമാനമായ ചായക്കട നിഗൂഢമാണ്, അതുകൊണ്ടു തന്നെ ആസക്തിയുടെ കല്യാണസൌഗന്ധികങ്ങൾ തേടി വരുന്നവർ സാഫല്യനിർവൃതി എളുപ്പം കയ്യാളുന്നു. വിരലുകൾ വെട്ടിയെടുക്കുന്നതിനു മുൻപേ വെളുത്തകോട്ട് അണിയൽ, പൊളിഞ്ഞ ചായക്കടയാണെങ്കിലും വ്യക്തമായി സമയം കാണിയ്ക്കുന്ന ക്ലോക്കിന്റെ സാന്നിദ്ധ്യം,  വലതു കയ് വിരലുകൾ ഉപയോഗിക്കില്ല എന്ന നിയമം ഒക്കെ അനുഷ്ഠാനപരത വളർത്തിയെടുത്ത് ആത്മസൌഭാഗ്യം വരുത്തിത്തരുമെന്ന ബോധം അരക്കിട്ടുറപ്പിക്കാനാണ്. “ഏതുവിരലിനാ ടേസ്റ്റ്” എന്നതിനു തള്ളവിരലിനു തന്നെ (“തള്ളയോടൊപ്പം വരുമോ പിള്ള?”) എന്ന പ്രമാണവും  സൂപ്പ് കുടിയ്ക്കുന്നതിനു മുൻപ് വായ് കഴുകണം എന്ന നിയമവും ഒക്കെ നിശ്ചിതചര്യകൾ ഉൾപ്പെടുത്തി ഉപഭോക്താവിന്റെ ന്യൂറൽ സർക്യൂട്ടുകളെ ത്രസിപ്പിച്ചു നിർത്തുകയാണ്.
വിരലുകൾ, വിരലുകൾ, വിപണികൾ
          കർമ്മങ്ങളുടെ ശരീരപ്രത്യക്ഷവും ഉപയോഗവിധിയും ഉപകരണവുമാണ് വിരലുകൾ. ബ്രിടീഷ് ഭരണകാലത്ത് അധികനികുതി ഈടാക്കിയതിനെതിരെ പ്രതിഷേധിയ്ക്കാൻ ബെംഗാളിലെ നെയ്ത്തുകാർ ജോലിയ്ക്കാവശ്യമായ തള്ളവിരൽ സ്വയം മുറിച്ചു കളഞ്ഞതായി ചരിത്രം. ഇതു പരാമർശിച്ച് നമ്മുടെ കർമ്മത്തെ അധീശപ്പെടുത്താൻ വിരൽ മുറിച്ചെടുക്കാനായി ജോലിസ്ഥലത്ത് മറഞ്ഞുനിൽക്കുന്ന കുടിലാധികാരികളെ ആനന്ദ് തന്റെ ഒരു നോവലിൽ വരച്ചു കാട്ടിയിട്ടുണ്ട്. സ്വന്തം വിരലുകൾ തന്നെ മുറിച്ച് സൂപ്പാക്കിക്കുടിയ്ക്കുമ്പോൾ സ്വന്തം കർമ്മസാദ്ധ്യതകളെ സ്വയം വിഴുങ്ങിക്കളയുകയാണ്. ഉപഭോഗാസക്തിയുടെ ദാരുണദൃഷ്ടാന്തമാണിത്. പരിപൂർണ്ണമായ കീഴടങ്ങലും. പ്രാഥമികാവശ്യങ്ങൾ പോലും നിറവേറ്റാനാവത്ത വ്യക്തിയായി പരിണമിക്കുന്നവൻ ഒറ്റപ്പെട്ടവനും അസ്വതന്ത്രനുമാകുന്നതെങ്ങിനെ എന്ന് സിനിമ വ്യക്തമാക്കുന്നുണ്ട്.  സിഗരറ്റ് കത്തിയ്ക്കാനോ മധുരഡപ്പിയുടെ അടപ്പ് തുറക്കാനോ കഴിയുന്നില്ല അവർക്ക്. സൂപ്പ് എന്ന ഒരേ ഒരു ആസക്തിയിലേക്ക് എന്നന്നേയ്ക്കുമായി ചുരുക്കപ്പെട്ടിരിക്കയാണിവർ. വിരലുകളുടെ  ലിംഗസൂചന സുവിദിതമാണ്, വിരൽ തിന്നുന്നത് ആത്മരതിയുടെ സൂചകമായി കരുതാൻ പ്രയാസമില്ല. എല്ലാം വിരൽ സൂപ്പിലേക്ക് കേന്ദ്രീകരിക്കുന്നവൻ കൂട്ടുകാരിയുടെ ഫോൺ സന്ദേശങ്ങൾ അവഗണിയ്ക്കുന്നുണ്ട്. പ്രേമം, കാമം എന്നൊക്കെയുള്ള ആന്തരികചോദനയെപ്പോലും മറവിയിലാക്കുന്നു ഉപഭോഗാസക്തി.
                   ഇതേ വിരലുകളാണ്  വിപണിയുടെ കേന്ദ്രസ്ഥാനത്ത് കച്ചവടതന്ത്രം മെനഞ്ഞെടുക്കുന്ന മാർകെറ്റിങ് ഓഫീസർമാർ ചലിപ്പിക്കുന്നത് എന്നത് കൌതുകകരമാണ്. പാവക്കൂത്തുകാരൻ സ്വന്തം വിരലുകൾ കൊണ്ട് പാവയുടെ കയ്കളാണ് പ്രധാനമായും ചലിപ്പിക്കാറ്. പക്ഷേ ഇവിടെ കവർന്നെടുക്കുന്നത് ഉപഭോക്താ‍വിന്റെ വിരലുകളെയാണ് എന്നതാണ് ഐറണി. പരിപൂർണ്ണമായ കീഴടങ്ങലാണിത്.. കല്ല് കടലാസ് കത്രിക (‘rock-paper-scissors’) എന്ന വിരലുകൾ കൊണ്ടുള്ള കളിയിൽ കടലാസിനെ മുറിയ്ക്കാൻ പറ്റുന്ന കത്രിക എന്ന യോജനാദ്വന്ദങ്ങൾ വന്നുക്കൂടുന്നത് പെർമ്യൂടേഷൻ-കോംബിനേഷനിലെ ഒരു സാദ്ധ്യത മാത്രമാണെങ്കിലും വിരലുകൾ കൊണ്ടുള്ള ഈ മോഹസിദ്ധിവിദ്യ   യാഥാർത്ഥ്യത്തെ മറന്നുകൊണ്ടുള്ള ഭീകരപരിണതിയിലാണ് എത്തിച്ചേരുന്നത്.

നൃശംസതയുടെ  സൌമ്യത

 പരമസാധുപ്രകൃതമുള്ള വൃദ്ധനായിട്ടാണ് വിപണിയുടെ കിരാതത്വം ഒളിച്ചു വരുന്നത്. ആസക്തി സമർപ്പിക്കപ്പെടുന്ന ബലിപീഠത്തിനു മേൽ വൻ കത്തി ഉയർത്തുമ്പോൾ സ്വൽ‌പ്പം ക്രൌര്യം മിന്നി മായുന്നെന്നു മാത്രം. കഥകളിയിൽ ബീഭത്സത്തിന്റേയും രൌദ്രത്തിന്റേയും മുഖമണിയുന്ന എന്നാൽ സൌമ്യനായ നെല്ലിയോട് വാസുദേവൻ നമ്പൂതിരി തന്നെ ഈ വേഷമണിയുന്നത് ഒരു കാവ്യനീതിത്തമാശ തന്നെ. “ഒളിപ്പിച്ചു വച്ചിരിക്കുന്ന ദംഷ്ട്രകൾ’ എന്ന് വെള്ളെഴുത്ത് നേരത്തെ തന്നെ ഇതിനെ പരാമർശിച്ച് എഴുതിയിട്ടുണ്ട്. അതീവ വാത്സല്യത്തോടേ എന്നപോലെയാണ് “അർഹിക്കുന്നവർ തന്നെ” എന്ന ഡയലോഗിൽ ക്കൂടെ ഉപഭോഗിയെ വരുതിയിലാക്കുന്ന ട്രിക്ക് ഈ ശരീഫ് ബദ് മാശ് ചെയ്യുന്നത്. വിരൽസൂപ്പ് കുടിച്ചിട്ട് ഇറങ്ങുന്നവർ ഒരു മസാലദോശ തിന്നതിന്റെ ലാഘവസംതൃപ്തി പോലെയാണ് ‘ഞങ്ങൾ ഇനിയും വരും’ എന്ന് പറയുന്നത്.
        ‘കാശു കൊടുത്താൽ എല്ലാം കിട്ടുമെന്നാണോ’ എന്നൊരു ഡയലോഗുണ്ട് ഹോട്ടലുടമയുടേതായിട്ട്. സ്വയം മറന്ന, വെറും ഉപകരണങ്ങൾ മാത്രം ആയിത്തീർന്ന ന്യൂനസാംസ്കാരികപ്രതീകങ്ങളായവരെ പരിഹസിയ്ക്കാനുതകുന്നതാണിത്. ഉപഭോഗസംസ്കാരം യാഥാർത്ഥ്യങ്ങളിൽ നിന്നും അകറ്റാൻ പര്യാപ്തമാണ്; മിക്കവാറും ഒരു ഫാന്റസി ലോകത്തേയ്ക്ക് സ്ഥാനാന്തരണം ചെയ്യപ്പെടുകയും ചെയ്യും. സിനിമ ഈ ഭ്രമാത്മകലോകത്തെ യഥാതഥമായാണ് നിർമ്മിച്ചെടുത്തിരിക്കുന്നത്. അലുമിനിയം പാത്രങ്ങളും ഹാൻഡ് ബാഗുകളും കുടകളും തുണിത്തരങ്ങളും തിരക്കുകൂട്ടി വിൽക്കപ്പെടുന്ന തെരുവകളുടെ അവസാനത്തെവിടെയോ ഉള്ള അതിസാധാരണമായ ചായക്കടയും കൃത്യമായി സത്യം എന്ന് തോന്നിപ്പിക്കുന്ന അടുക്കളയുമൊക്കെ ഭ്രമകൽ‌പ്പനയ്ക്ക് ഇടംകൊടുക്കാതെയാണ് സിനിമയിൽ ദർശനം നേടുന്നത്.  അലംഭാവസംതൃപ്തി മാത്രം തേടുന്ന വിവേക് (വിരോധാഭസമായിരിക്കണം ഈ പേർ) ഉം കൂട്ടുകാരനും  കൺസ്യൂമർ യന്ത്രങ്ങളെ ചലിപ്പിക്കുന്ന ബാറ്റെറികൾ മാത്രമായിത്തീർന്നവരാണ്, പക്ഷേ സിനിമ വിഭ്രാമവ്യക്തികളാക്കി  അവരെ ചിത്രീകരിക്കുന്നില്ല. കൺസ്യൂമെറിസത്തിനു അടിമപ്പെടുന്നവരെ ഹോളിവുഡ് സിനിമകളിൽ‌പ്പോലും വിചിത്രജീവികളായിട്ടാണ് പ്രകാശിപ്പിക്കാറ്‌. The Incredible Shrinking Woman  പോലെ. റിയൽ എസ്റ്റേറ്റ് മാഫിയയുടെയും റ്റെലിവിഷന്റേയും ഒക്കെ ഈതിബാധകൾ കുട്ടിച്ചാത്തനെന്ന രീതിയിലാണ് Poltergeist ഇൽ അവതരിക്കുന്നത്.
         സിനിമയിൽ കൺസ്യൂമെറിസത്തിന്റെ ആഴം ദ്യ്യോതിപ്പിക്കാൻ ആഹാരസാധനങ്ങളോടുള്ള അമിത ഭോഗലാലസ ഒരുക്കിയിട്ടുണ്ട്. എപ്പോഴും എന്തെങ്കിലും ചവച്ചോ കൊറിച്ചോ നടക്കുന്നു അഭിനായകൻ.  ‘അയല പൊരിച്ചതുണ്ട്“ എന്ന പാട്ട് പശ്ചാത്തലത്തിൽ വരുന്നു എന്നു മാത്രമല്ല, ആഹാരത്തോടുള്ള ഫെറ്റിഷ് പാട്ടായ ‘ചെമ്പാവു പുന്നെല്ലിൻ ചോറ്” ന്റെ വായ്ത്താരികളാണ് അയാളുടെ ഫോണിന്റെ   റിങ് ടോൺ. വിവാഹങ്ങളും കമ്പോളവ്യവസ്ഥിതിയിൽ നടത്തപ്പെടുന്നതിന്റെ സൂചനയായിട്ട്  ഭാവി വധുവിനെ അവളുടെ പിതാക്കൾ വിൽ‌പ്പനച്ചരക്കായി കരുതുന്നു എന്ന മട്ടിലുള്ള ഡയലോഗുമുണ്ട്. തെരുവിൽ ഇവർക്കു പിറകിലായി പുതിയ സെൽ ഫോണിന്റെ സാദ്ധ്യതകളിൽ അഭിരമിക്കുന്ന ചെറുപ്പക്കാരുണ്ട്. ഫെയർനെസ്സ് ക്രീമിന്റെ പരസ്യങ്ങൾ പലടത്തും  പ്രത്യക്ഷപ്പെടുന്നു. എന്നാൽ “He lies” എന്ന് വിളിച്ചോതുന്ന കരിമ്പൂച്ചയും ഹോടലിന്റെ പ്രവേശനസ്ഥാനത്തു കാണാം.
                  സ്വന്തം വിരൽ കൊണ്ടുള്ള അമൃതേത്ത് കഴിച്ചവരെന്ന് വിശ്വസിച്ചവരെ അടുക്കളക്കാരൻ “പാവങ്ങൾ” എന്നു വിശേഷിപ്പിക്കുന്നത്  വിശ്വാസം അതല്ലേ എല്ലാം എന്ന മാർകെറ്റിങ് മന്ത്രത്തിന്റെ അനുബന്ധം മാത്രമായിട്ടാണ്. ഇത്  ചരടു വലിയ്ക്കുന്നവരുടെ ചോദ്യപ്രഖ്യാപനം ആകുന്നത് വിരലില്ലാത്ത വിരൽസൂപ്പിൽ വിശ്വസിച്ച് ആത്മത്യാഗം ചെയ്യുമെന്ന് അംഗുലീചാലനക്കാർക്ക് അറിവുള്ളതുകൊണ്ടാണ്,  അവരാൽ ചലിപ്പിക്കപ്പെടുന്ന പാവകളോടുള്ള സഹതാപമാണ്.   
        “ആരാണു നിങ്ങളുടെ ചരടുകൾ വലിയ്ക്കുന്നത്” (Who pulls your strings?)എന്ന ചോദ്യം സിനിമ തെല്ലും അവശേഷിപ്പിക്കുന്നില്ലെങ്കിലും ഉപഭോഗാന്വേഷണത്വരയുടെ മിത് ആയ കല്യാണസൌഗന്ധികത്തിലെ “ആരിഹ വരുന്നത് ഇവനാരും എതിരില്ലയോ“ എന്ന കഥകളിപ്പദത്തിൽ സിനിമ അവസാനിപ്പിച്ചതിൽ ഔചിത്യമുണ്ട്.




.