Friday, May 18, 2007

ഭരതനാട്യം-ഒരു ആധുനിക നൃത്തരൂപം-`

അഞ്ചോ ആറോ പെണ്‍കുട്ടികള്‍ ചേര്‍ന്നവതരിപ്പിച്ച, ജോഗ് രാഗത്തില്‍ നിബന്ധിച്ച തുളസീരാമായണത്തിലെ ഒരു ഭാഗം ഭരതനാട്യാവതരണത്തിന്റെ ഭാഗമായി നിങ്ങള്‍ കണ്ടിട്ടു കാണും. നുനുത്ത കോട്ടണിലോ ഓര്‍ഗന്‍സാ തുണിയിലോ തയ്ച്ച അനുയോജ്യമായ കസവുകര പാകിയ അവരുടെ വേഷം ആധുനിക ഫാഷന്‍ ദിസൈനേഴ്സിനെ വെല്ലുവിളിക്കാന്‍ പോന്നതും ദേഹവടിവിനെ എടുത്തു കാണിയ്ക്കുന്നതുമാണ്. സ്റ്റേജില്‍ നിയന്ത്രിത വിന്യാസങ്ങളിലൂടെ ജ്യോമിതീയരൂപങ്ങള്‍ മെനഞ്ഞ് അവര്‍ രാമനും സീതയും രാവണനും ഹനുമാനുമൊക്കെയായി മാറിമാറി ഇന്നിനും ഇന്നലെയ്ക്കുമിടയിലെ വിഭ്രാന്തരൂപങ്ങളായി വിസ്മയം സൃഷ്ടിച്ചിട്ടുണ്ടാകും.

എങ്കില്‍ നിങ്ങള്‍ കണ്ട ഈ ഭരതനാട്യം അന്‍പതോ അറുപതോ കൊല്ലങ്ങള്‍ക്കകം മാത്രം വിടര്‍ന്നു വികസിച്ച ഒരു കലാരൂപമാണ്. ഇത്രയും ചുരുങ്ങിയ കാലയളവില്‍ ഒരു നൃത്തരൂപവും പടര്‍ന്നു പന്തലിച്ച് ഒരു രാജ്യത്തിന്റെ മുഴുവന്‍ നൃത്തപ്രതിഫലനമായിട്ടില്ല. രൂപത്തിലും ഭാവത്തിലും അവതരണത്തിലും ഉള്ളടക്കത്തിലും എന്തിനു പേരില്‍ പോലും പുതുമ അണിയുന്ന നൃത്തവിശേഷമാണ് ഭരതനാട്യം.

1930 കളുടെ അവസാനത്തോടെയാണ് ഭരതനാട്യം എന്ന പേര്‍ തമിഴ് നാട്ടില്‍ നിലവിലുണ്ടായിരുന്ന “സദിര്‍“ അല്ലെങ്കില്‍ ദാസിയാട്ടത്തെ ഇ. കൃഷ്ണയ്യര്‍ എന്ന സാഹിത്യ-കലാവിചക്ഷണന്‍ വിശേഷിപ്പിച്ചത്. ക്ഷയോന്മുഖവും അപചയദീനവും അവഗണനാപാത്രവുമായിരുന്ന സദിരിനു ഒരു സംസ്കൃതീയവല്‍ക്കരിക്കപ്പെട്ട പേരു നല്‍കി അതിനെ മാന്യമായ ഒരു പദവിയിലേക്കുയര്‍ത്തുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം. ഭരതനാട്യം എന്ന പേര്‍ പുരന്ദരദാസനും പിന്നീട് ഭാരതിയാറും ഉപയോഗിച്ചിട്ടുണ്ടെങ്കിലും അതു വെറും കാവ്യഭാവന മാത്രമായിരുന്നു, ഒരു നിര്‍ദ്ദിഷ്ട നൃത്തത്തെ ചൂണ്ടിക്കാണിക്കാനായിരുന്നില്ല. കാരണം അങ്ങിനെയൊന്നില്ലായിരുന്നു ഈ ഭൂമുഖത്ത്. ദേശീയതയും നവഭാവുകത്വവും സാഹിത്യകലാരൂപങ്ങളില്‍ പ്രതിഫലിക്കപ്പെടാന്‍ തുടങ്ങിയ മുപ്പതുകള്‍ പുതിയ അനുഭവങ്ങളെ സ്വായത്തമാക്കന്‍ തയാറായിരുന്നതിനാല്‍ നൃത്ത രംഗത്തും ചില മാറ്റങ്ങള്‍ കുറിക്കപ്പെടാന്‍ തയാറായി നിന്നിരുന്നു. ഈ മാറ്റങ്ങളുടെ സ്ഫുലിങ്ഗങ്ങള്‍ സ്വയം ആവാഹിച്ച ബാലസരസ്വതിയും രുക്മിണീദേവി അരുണ്ഡേലും നിലപാടുതറകള്‍ സ്വയം സൃഷ്ടിച്ച് പാദവിന്യാസങ്ങളാല്‍ ഉറപ്പു വരുത്തി,പിന്നീട് നൃത്തചരിത്രത്തിന്റെ വഴികളില്‍ ഉജജ്വലവിളക്കുമാടങ്ങളായി നില കൊണ്ടു.

ഈ നൃത്തരൂപത്തിന്റെ ചരിത്രം ഇവിടെ സംഗതമല്ലെങ്കിലും അതു കടന്നുപോയ പരിണാമദശകളും വളര്‍ച്ചയുടെ ഘട്ടങ്ങളും എങ്ങനെ ഒരു പുതിയ കലാരൂപമായെന്നന്വേഷിക്കാന്‍ അതിന്റെ തുടക്കത്തിലേക്കു പോയേ മതിയാവൂ. 1850 നോടടുത്ത് തഞ്ചാവൂരിലെ മരാത്താ രാജാവിന്റെ സദസ്സിലുണ്ടായിരുന്ന അത്യുജ്ജ്വലപ്രതിഭകളായ നാല് സഹോദരര്‍ (ചിന്നയ്യ, പൊന്നയ്യ, ശിവാനന്ദം, വടിവേലു) ആ‍ദ്യം പ്രകാശിക്കുന്ന സ്പോട് ലൈറ്റില്‍ നില്‍ക്കന്നതാണ് നമ്മള്‍ കാണുന്നത്. സാക്ഷാല്‍ മുത്തുസ്വാമി ദീക്ഷിതരില്‍ നിന്നും സംഗീതം അഭ്യസിച്ച ഈ അപൂര്‍വ സഹോദരര്‍ വാഗ്ഗേയകാരന്മാര്‍ എന്നു മാത്രമല്ല, നൃത്തത്തിലും പ്രാവീണ്യമുള്ളവരായിരുന്നു. ഒരു തലമുറയുടേതു മാത്രമല്ല, പലതലമുറകളുടേയും ജീവിതദൌത്യം ഒന്നിച്ചു നിറവേറ്റപ്പെട്ടതാണ് ഈ പുണ്യ ജീവിതങ്ങള്‍. സംഗീതനൃത്തസംബന്ധിയായതെന്തും ഇവരുടെ ധിഷണയ്ക്കടുത്തുകൂടെ പോയാല്‍ അതിനു മറ്റൊരു രൂപം കൈവരുമെന്നത് ഇവരുടെ കണിശങ്ങളായിരുന്നു. ഉദാഹരണത്തിനു പാശ്ചാത്യ തന്ത്രിവാദ്യമായ വയലിന്‍ സ്വല്പം മാറ്റങ്ങളോടെ കര്‍ണാടകസംഗീതത്തിനു അകമ്പടിയായി വച്ചുകൊടുത്തത് ഇവരിലെ ഇളയവനായ വടിവേലുവാണ്. പില്‍ക്കാലത്ത് സ്വാതിതിരുനാളിന്റെ സഭയില്‍ വന്നെത്തി കേരള‍ത്തില്‍ അന്നു നിലവിലുണ്ടായിരുന്ന ലാസ്യപ്രധാനമായ നൃത്തങ്ങളെ സംഘടിപ്പിച്ച് മോഹിനിയാട്ടമാക്കി മാറ്റിയതും ഇവര്‍ തന്നെ. രാജസദസ്സിലെ “സദിര്‍” ഉം ക്ഷേത്രങ്ങളിലെ ദാസിയാട്ടവും കോര്‍ത്തിണക്കി സദിരാട്ടമാക്കിയത് ഇവരുടെ വിനോദങ്ങളിലൊന്നായി കണക്കാക്കിയാലും അതിനു നിശ്ചിത സ്വരൂപവും പാഠ്യപദ്ധതിയും കൈവന്നത് ഇതോടെയാണ്. അലാരിപ്പില്‍ തുടങ്ങി ‍ തില്ലാനയില്‍ അവസാനിപ്പിക്കുന്ന അവതരണരീതിയും ഇവരുടെ നിഷ്കര്‍ഷ തന്നെ. പൊന്നയ്യയുടെ മകളുടെ മകന്‍ മീനാക്ഷി സുന്ദരം പിള്ളയുടെ ശിഷ്യയായി രുക്മിണീദേവി അരുണ്ഡേലെത്തുന്നതോടെ സദിരാട്ടത്തിന്റെ ചരിത്രം തിരുത്തിക്കുറിക്കപ്പെടുകയാണ്. ഇ. കൃഷ്ണയ്യരുടെ സഹായത്തോടെ തന്റെ നൃത്തപ്രകടനം “ഭരതനാട്യം” എന്ന പരിഷ്കാരപ്പേരിലാണ് രുക്മിണീദേവി അവതരിപ്പിച്ചത്. വീണാ ധനംബാളിന്റെ തായ്‌വഴിയില്‍പ്പെട്ട ബാലസരസ്വതി ദാസികുലത്തില്‍പ്പെട്ടവളായിരുന്നതു കൊണ്ട് തന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്ന സദിരാട്ടം ആര്‍ജ്ജവത്തോടും നിഷ്കര്‍ഷ്ഷയോടും ജീവിതസപര്യയായി അനുശീലിച്ചുപോന്നു. ഈ രണ്ടു മഹതികളും തങ്ങളുടെ ചരിത്രദൌത്യം വെവ്വേറെ നിറവേറ്റുകയായിരുന്നു. പക്ഷേ സദിരിനോടുള്ള ‍ വേശ്യാവൃത്തിയോടനുബന്ധിച്ച പൊതുവീക്ഷണങ്ങള്‍ അതിനെ രണ്ടു വിളിപ്പാടകലെ മാത്രമേ നിറുത്തിയിരുന്നുള്ളു.

ഭരതനാട്യം എന്ന പേരുമാറ്റവും രുക്മിണീദേവിയുടെ സദിര്‍ പഠിത്തവും ഒരു ചരിത്രസംഭവം മാത്രമല്ല സാമൂഹികവും സാംസ്കാരികവുമായ ചില പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്നതുമാ‍ണ്. ഒന്നാമത് “ആളും വിലയുമുള്ള” ഒരു ബ്രാഹ്മണസ്ത്രീയുടെ, ദാസികളുടെ ചെയ്തികളിലേക്കുള്ള ചുവടുവയ്പ്പ് സദിരിന്റെ ജാതീയമായ അയിത്തത്തെ ഒരുക്കിയൊലിപ്പിക്കാന്‍ പോന്നതായിരുന്നു. നേരത്തെ തന്നെ എല്ലാ അര്‍ത്ഥത്തിലും “ഒരുമ്പെട്ടവള്‍” എന്ന പേരു സമ്പാദിച്ചിരുന്നു, രുക്മിണീ ദേവി-ഒരു ഇംഗ്ലീഷുകാരനായ ഡോ. അരുണ്ഡേലിനെ 16-)0 വയസ്സില്‍ വിവാഹം ചെയ്തതിനാല്‍. പിന്നീട് അന്ന പാവ് ലോവയുടെ കൂടെ ബാലെയുമായി ലോകപര്യടനം നടത്തി, പാവ് ലോവയുടെ നിര്‍ദ്ദേശപ്രകാരമാണ് നൃത്തം പഠിക്കാന്‍ തുനിഞ്ഞത്. വളരെപ്പെട്ടെന്നു യാഥാസ്ഥിക ബ്രാഹ്മണരുടെ ഇടയില്‍ ഭരതനാട്യം എന്ന സദിരാട്ടം സമ്മതി നേടി, തിരസ്കരണത്തിന്റെഅംശം അപ്രത്യക്ഷമായി . രുക്മിണീദേവി‍ പെരുമാറിയിരുന്ന തിയോസൊഫിക്കല്‍ സൊസൈറ്റിയുള്‍പ്പെടെയുള്ള ആഢ്യരുടെഇടയിലും ഈ നൃത്തരൂപം അംഗീകരിക്കപ്പെട്ടു. പക്ഷെ ഒരു പ്രശ്നം-ശൃംഗാരം ആഭാസമായിമാത്രം കാണുന്ന ഉന്നതകുലജാതര്‍ക്കും വിക്റ്റോറിയന്‍ സദാചാരമനോഭാവമുള്ളവര്‍ക്കും ഇതിന്റെ തനിമ അത്ര ശരിയല്ല എന്ന തോന്നല്‍. അതുകൊണ്ട് രുക്മിണീദേവി ഇതിലെ ശൃംഗാരത്തിന്റെ അംശം കോരിമാറ്റിയിട്ടാണ് അവതരിപ്പിച്ചത്. പകരം അതു ഭക്തിയുടെ പൂരിതലായനിയില്‍ മുക്കി മധുരം കലര്‍ത്തി ബേക്കു ചെയ്തു അവര്‍ക്കു വിളമ്പിയപ്പോള്‍ “ക്ഷ” പിടിച്ചു. (പ്രധാനകലാംശവും ജീവനുമായ ശൃംഗാരത്തെ കഷണിച്ച് മാറ്റിയതില്‍ ബാലസരസ്വതിക്കു ചെറുതല്ലാത്ത രോഷമാണ് ഉണ്ടായത്. പക്ഷേ പിന്നീട് ശൃംഗാരഭാവങ്ങള്‍ പ്രതികാരബുദ്ധിയോടെ ഭരതനാട്യത്തില്‍ വന്നുചേര്‍ന്നത് ചരിത്രത്തിന്റെ കളി). രുക്മിണീദേവി പടുത്തുയര്‍ത്തിയ ഭരതനാട്യത്തിന്റെ നെടുംതൂണായി ബാലസരസ്വതിയും നിലകൊണ്ടു. രുക്മിണീദേവി “കലാക്ഷേത്രം” തുടങ്ങിയതോടെ ഭരതനാട്യം സ്ഥാപനവല്‍ക്കരിക്കപ്പെട്ടു. 1940 കളോടെ “സദിര്‍” എന്ന പേര്‍ വിസ്മരിക്കപ്പെട്ടു.

പക്ഷേ 1930 കളില്‍ത്തന്നെ ഭരതനാട്യം/സദിര്‍ തമിഴ നാട്ടുകാരുടെ കൈവിട്ടു ലോകപ്രശസ്തിയാര്‍ജ്ജിച്ച് കഴിഞ്ഞിരുന്നു. "Dances of India" എന്ന പേരില്‍ കഥകളിയും സദിരും ഇന്‍ഡ്യയ്ക്കു പുറത്തവതരിപ്പിച്ചു പോന്ന രാം ഗോപാലും ഇതെല്ലാം ഒന്നിപ്പിച്ച് Contemporary Dance of India എന്ന പേരില്‍ അവതരിപ്പിച്ച ഉദയശങ്കരും. വിപുലമായ ജനസമ്മതി നേടിയതുകൊണ്ട് ഈ നൃത്തങ്ങളുടെ പ്രാദേശികത ഒരു പരിധി വരെ ഇല്ലാതാവുകയാണുണ്ടായത്. പ്രേക്ഷക-പ്രേക്ഷ്യ ബന്ധങ്ങളില്‍ സംവേദനത്തിന്റെ തീവ്രതയ്ക്കാണ് പ്രാധാന്യം. ഒപ്പം ലാളിത്യത്തിനും. ഇതേ സമയത്ത് മീനാക്ഷീസുന്ദരം പിള്ളയുടെ മറ്റൊരു പ്രഗല്‍ഭശിഷ്യയും ഭരതനാട്യക്കുഞ്ഞിനെ താലോലിച്ചു വളര്‍ത്തിത്തുടങ്ങിയിരുന്നു. ശാന്തിനികേതനത്തില്‍ പഠിച്ച് പിന്നീട് അമേരിക്കയില്‍ തിയേറ്റര്‍ കോഴ്സും പൂര്‍ത്തിയാക്കി തിരിച്ചുവന്ന പാലക്കാടുകാരിയായ മൃണാളിനി സാരഭായി. പാശ്ചാത്യമായ പരിശീലനവും ചിന്താഗതിയും രുക്മിണീദേവിയേയും മൃണാളിനിയേയും ഭരതനാട്യത്തിന്റെ അവതരണം കാഴക്കാര്‍ക്ക് എളുപ്പം ആസ്വദിക്കാവുന്ന രീതിയിലാക്കാന്‍ സഹായിച്ചു. ഈ പുതിയ സംവേദനപ്രക്രിയ ഭരതനാട്യത്തിന്റെ വിപണനതന്ത്രങ്ങളിലൊന്നായി സ്ഥാനം ഏറ്റെടുത്തു .രാം ഗോപാലും ഉദയശങ്കറും നേരത്തെ വെട്ടിയിരുന്ന പാത ഈ സംവേദനത്തിന്റെ തരംഗദൈര്‍ഘ്യം കുറയ്ക്കാന്‍ സഹായിച്ചിരുന്നു.

ഭരതനാട്യം എന്ന പേര് ഈ നൃത്തരൂപത്തിനു തല്‍ക്കാലം എടുത്താല്‍ പൊങ്ങാത്ത ധാര്‍മ്മികഭാരമാണ് വച്ചു കൊടുത്തത്. ഭരതമുനിയുടെ നാട്യശാസ്ത്രവുമായി ഭരതനാട്യത്തിനു മറ്റു ഭാരതീയ നൃത്തങ്ങള്‍ക്കുള്ള ബന്ധമേ ഉള്ളു. നാട്യശാസ്ത്രത്തിലെ നാട്യം എന്ന വാക്ക് അതിലെ dramatic element നെ സൂചിപ്പിക്കുന്നതായതുകൊണ്ട് ഒരാള്‍തന്നെ ചെയ്യുന്ന ഈ നൃത്തത്തിനു ഭരതനൃത്യം എന്ന പേരാവണം കൂടുതല്‍ അനുയോജ്യമായത്. സദിരാട്ടം നൂറുശതമാനവും തമിഴ് സംസ്കാരത്തിന്റെ ചൂടും ചൂരും പേറുന്നതാണ്, അതിന്റെ പ്രതിഫലനമാണ്. അല്ലെങ്കിലും അലാരിപ്പു തില്ലാന എന്നും മറ്റുമുള്ള നാമസങ്കേതങ്ങള്‍ (തഞ്ചാവൂര്‍ നാല്‍ വരുടെ “മാര്‍ഗ്ഗം” ഫോര്‍മാറ്റ്) നാട്യശാസ്ത്രസംബന്ധിയുമല്ലല്ലൊ. ഭരതനാട്യത്തിലെ “അടവു” നാട്യശാസ്ത്രത്തിലെ കരണം തന്നെയാണെങ്കിലും എതാണ് ആദ്യം വന്നതെന്നു ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. ചിലപ്പതികാരത്തില്‍ “നാട്യ നാണൂല്‍’ എന്ന നൃത്തസംഹിതയെക്കുറിച്ചു പരാമര്‍ശവുമുണ്ട്. അതിനും മുന്‍പുള്ള തൊല്‍കാപിയത്തില്‍ നിരവധി നൃത്തരീതികളെക്കുറിച്ചുള്ള വിവരണങ്ങള്‍ കാണാം. പക്ഷെ മദ്രാസിലെ ആഢ്യ യാഥാസ്തിതികരുടെ നവഭാവുകത്വത്തിനു യോജിച്ചത് മിത്തോളൊജിക്കല്‍ പരിവേഷമുള്ള ഒരു വാക്ക് ആയിരുന്നു. അവരുടെ സാമൂഹിക ജീവിതാവശ്യങ്ങള്‍ക്കും ഇത് അത്യന്താപേക്ഷിതമായിരുന്നു. കാരണം 40 കളിലും 50 കളിലും തമിഴ് ബ്രാഹ്മണപ്പെണ്‍കുട്ടികള്‍ക്ക് കല്യാണമാര്‍കെറ്റില്‍ കൈമുതലായി കണക്കെടുക്കുന്നതില്‍ ഭരതനാട്യവുമുള്‍പ്പെട്ടിരുന്നു. നാട്യശാസ്ത്രത്തിന്റെ ഏടില്‍ നിന്നും ചീന്തിയെടുത്ത താളുകളാണ് ചിലങ്ക കെട്ടിച്ച് തങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് അവര്‍ വാദിച്ചു. ഒരു പാട്ടുകച്ചേരിയെ മാത്രം വിശേഷിപ്പിക്കാന്‍ പോന്ന , ഭ, ര, ത എന്നീ അക്ഷരങ്ങള്‍ ഭാവം, രാഗം, താളം എന്ന അര്‍ത്ഥങ്ങള്‍ പേറി നാട്യത്തെ വിശേഷിപ്പിക്കുന്നുവെന്ന പരമവിഢിത്തം അവര്‍ അപ്പാടെ വിഴുങ്ങാന്‍ തയറായത് ഈ കടും പിടുത്തം കൊണ്ടാണ്, ചിന്താശൂന്യത കൊണ്ട് മാത്രമല്ല. ഭാവവും രാഗവും താളവും എല്ലാ നൃത്തരൂപങ്ങളിലുമുണ്ടെന്ന സത്യം മറച്ചുപിടിയ്ക്കാന്‍ പറ്റുമെന്ന് ഇവര്‍ വൃഥാ വിശ്വസിച്ചു. ഈ യുക്തിഹീനത അവരുടെ പ്രൈവറ്റ് പ്രൊപര്‍ടിയായ കര്‍ണാടകസംഗീതത്തിന്റെ ഉടപ്പിറന്നവളായി ഭരതനാട്യത്തെ പ്രദര്‍ശിപ്പിച്ച് തെറ്റിദ്ധാരണയുളവാക്കാനും സ്വന്തം വരുതിയില്‍ നിര്‍ത്താനുള്ള അധികാരം പിടിച്ചുവയ്ക്കുവാനും ഒരു പരിധി വരെ സഹായിച്ചു. വാസ്തവത്തില്‍ നാട്യശാസ്ത്രത്തെ കൊച്ചാക്കുകയാണ് ഈ ചെയ്തി. നാട്യശാസ്ത്രം നൃത്തം, നാടകം, അഭിനയം, എന്നു വേണ്ട നൃത്തസംവിധാനം, നൃത്തമണ്ഡപം, അണിയറ, മേക്കപ്, യവനിക മറ്റ് ലോജിസ്റ്റിക്സ് ഇവയൊക്കെ വിസ്തരിക്കുന്ന അതിബ്രഹുത്തായ, പാരാവാരസംഹിതയാണ്. അതുകൊണ്ട് ഏത് ഭാരതീയ നൃത്തത്തില്‍ നിന്നോ നാടകത്തില്‍ നിന്നോ പുറകോട്ട് വരയ്ക്കുന്ന വര നാട്യശാസ്ത്രത്തില്‍ ചെന്നു നില്‍ക്കാന്‍ എളുപ്പമാണ് ചരിത്രപരമായി ശരിയല്ലെങ്കില്‍ക്കൂടി. ഭരതനാട്യത്തിനു രണ്ടായിരത്തി അഞ്ഞൂറുവര്‍ഷങ്ങളില്‍ക്കൂടുതല്‍ ‍ പഴക്കമുണ്ടെന്നും അതുകൊണ്ട് ഏറ്റവും പുരാതനമായ നൃത്തം ഇതാണെന്നും മറ്റുമുള്ള പ്രസ്താവന‍ ലഘുലേഘകളില്‍ ക്കൂടി പ്രചരിക്കപ്പെട്ടു. ഇത് ഒരു വിപണനതന്ത്രമായി ഇന്നും നിലനില്‍ക്കുന്നു.

ഇന്ന് ഭരതനാട്യത്തിന്റെ പുതുമ വിളിച്ചോതുന്ന പ്രധാന കാര്യം അതിന്റെ വേഷവിധാനമാണ്. രുക്മിണീദേവിയുടെ അടുത്ത് ഭരതനാട്യപ്പെണ്ണ് എത്തുന്നത് വെറും സാരിയുമുടുത്തുകൊണ്ടാണ്. ബാലസരസ്വതി ചിലപ്പോള്‍ രണ്ടായി പകുത്ത് കാലുകള്‍ക്കിടയിലൂടെ ചുറ്റി മുന്താണി (പല്ലു‌) വിശറി പോലെ ഞൊറിഞ്ഞ് മുന്‍പില്‍ ഭംഗി വരുത്തിയിരുന്നു. അല്ലെങ്കില്‍ പാവാട പോലെ ഞൊറിഞ്ഞുടുത്ത് മുന്താണി വിശറിയാക്കി മുന്‍പില്‍ വിടര്‍ത്തിയിരുന്നു. പ്രതിമാശില്‍പ്പങ്ങളും ഭിത്തിച്ചിത്രങ്ങളും മോഡലാക്കി സ്വല്പം ഗ്രീക്-ഇറ്റാലിഅന്‍ അംശം കലര്‍ത്തി രുക്മിണീദേവി ഞൊറിഞ്ഞു ചുറ്റിയ പോലെ പൈജാമയും ചെറിയ വിശറിയുമുള്ള മുലക്കച്ചയും രൂപകല്‍പ്പന ചെയ്തു, തയ്ച്ചത് ഒരു ഇറ്റാലിയന്‍ തയ്യല്‍ക്കാരിയാണ്. മൃണാളിനി സാരാഭായി പലനാട്ടില്‍ കിട്ടാവുന്ന വിവിധ തുണിത്തരങ്ങള്‍ ഉപയോഗിച്ച് ഏതാണ്ട് ഇതേ മാതിരി ഉടയാട നിലവില്‍ വരുത്തിയിരുന്നു. 50 കളിലാണ് ഇന്നു കാണുന്ന രീതിയിലുള്ള വൈവിധ്യമാര്‍ന്ന വിശറികളും നിശ്ചിതമായ ഞൊറികള്‍ തയ്ച്ച മേലാക്കും മടക്കുകള്‍ തയ്ച്ച പൈജാമയും നിലവില്‍ വന്നത്. മദ്രാസില്‍ താമസമാക്കിയിരുന്ന ലളിത-പദ്മിനി-രാഗിണിമാരുടെ ആവശ്യമാണ് ഈ സൃഷ്ടിയുടെ മാതാവ്. ഇവരുടെ നൃത്തപരിപാടിയില്‍‍ വളരെപ്പെട്ടെന്ന് വേഷം മറാനുള്ള എളുപ്പത്തിനു അവരുടെ മിടുക്കനായ തയ്യല്‍ക്കാരന്റെ ഭാവനയാണ് ഇതിന്റെ പിന്നില്‍. ബട്ടണുകള്‍ കൊണ്ട് കൂട്ടിപ്പിടിപ്പിക്കാവുന്ന ഈ വേഷം പ്രത്യേകം കഷണങ്ങളായതിനാല്‍ ഇടാനും ഊരി മാറ്റാനും വളരെ എളുപ്പമുള്ളതുമാണ്. തയ്ച്ചു ബലപ്പെടുത്തിയ പൈജാമ കരണങ്ങളുടെ പ്രകാശനത്തിനുള്ള സ്വാതന്ത്ര്യം വഴിവിട്ടു നല്‍കി. ഉദാഹരണത്തിന് വലതുപാദം മുഖത്തിനു സമം ഉയര്‍ത്തേണ്ടുന്നതായ വൃശ്ചിക, വിഷ്ണുക്രാന്ത മുതലായ കരണങ്ങള്‍ ചെയ്യാന്‍ ഈ വേഷസംവിധാനം സാദ്ധ്യമാക്കി. ഈ ആധുനിക വേഷം ഇന്നു ഭരതനാട്യത്തിന്റെ മുഖമുദ്രയായിക്കഴിഞ്ഞിരിക്കുന്നു, അതിന്റെ തനിമ ഇതാണെന്നു സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.

അതിശയപ്പെടുത്തുന്ന ഒരു കാര്യം പ്രത്യേക ആഭരണങ്ങളൊന്നും ഇതു വരെ ഭരതനാട്യത്തിനു വേണ്ടി രൂപകല്പന ചെയ്യപ്പെട്ടിട്ടില്ല എനാതാണ്. തമിഴ് നാട്ടുകാര്‍ വിശേഷാവസരത്തിലണിയുന്ന നെറ്റിച്ചുട്ടിയും കുണ്ഡലതിനു മേലുള്ള മാട്ടിയുമാണ് ഇന്നും ഭരതനാട്യത്തിന്റെ ആഭരണങ്ങള്‍. നെറ്റിച്ചുട്ടിയ്ക്ക് ചില ചെറിയ വ്യത്യാസങ്ങള്‍ വന്നിട്ടു, ഉഡ്യാണം എന്ന ബെല്‍റ്റിനും. പ്രതിമാശില്‍പ്പങ്ങളില്‍ നിന്നും പ്രചോദനം നേടി വേഷങ്ങളില്‍ വന്ന മാറ്റങ്ങളിലെ ധരാളിത്തം എന്തു കൊണ്ടോ ആഭരണങ്ങളില്‍‍ എത്തിപ്പെട്ടിട്ടില്ല, ഇതുവരെ.

ജനസമ്മതിയാര്‍ജ്ജിക്കനുള്ള വശ്യതയും സ്വീകാര്യതയും നൃത്തനാടകങ്ങള്‍ക്കാണെന്നു തന്റെ ബാലെ അനുഭവം ശ്രീമതി അരുണ്ഡേലിനെ പഠിപ്പിച്ചിരുന്നു.അവര്‍ സ്ഥാപിച്ച കലാക്ഷേത്രത്തില്‍ രാമായണം നൃത്തനാടകം അരങ്ങേറിയതോടെ ഭരതനാട്യം രൂപത്തിലും ഘടനയിലും പുതിയ മാനങ്ങള്‍ തേടി. വ്യക്തിഗതം മാത്രമായിരുന്ന നൃത്തം സംഘതലത്തിലേക്കു നീങ്ങിയപ്പോള്‍ പുതിയതായി പലതും കൂട്ടിച്ചേര്‍ക്കേണ്ടതുണ്ടായിരുന്നു. നാടകാംശമേ ഇല്ലാതിരുന്ന ഈ നൃത്തത്തിനു അതു പ്രദാനം ചെയ്തത് കഥകളിയാണ്, ഭാഗവത മേളയും കുറച്ചൊന്നു സഹായിച്ചു. തമിഴരുടെ നാടന്‍ നൃത്തനാടകമായ കുറവഞ്ചിയില്‍ ക്ലാസിക് കലയ്ക്കു വേണ്ടി കടം കൊള്ളാന്‍ ഒന്നുമുണ്ടായിരുന്നില്ല താനും. കഥാഗതിയെ ഇണക്കിച്ചേര്‍ക്കാനുള്ള സംഭാഷണവിധികള്‍ കഥകളി സമ്മാനിച്ചു. മുദ്രാവിന്യാസങ്ങള്‍ വിപുലീകരിക്കാന്‍ ഇത് സഹായിച്ചു. നാടകീയത്വം വിപുലീകരിക്കാന്‍ അതിവേഗജതികള്‍ ആവശ്യമായി വന്നു. കഥകളിയിലെ ചെണ്ടയും ചേങ്ങിലയുമൊക്കെ താളവാദ്യങ്ങളുടെ ഭാഗമായി. മൃണാളിനി സാരാഭായി തന്റെ നൃത്തനാടകങ്ങളില്‍ കഥകളി തന്നെ ഇണക്കിച്ചേര്‍‍ത്തു. കഥകളി വിദഗ്ദ്ധര്‍ ഗ്രൂപ്പിലെ നിത്യസാന്നിധ്യമായി. ചിലപ്പോള്‍ കഥകളിയിലെ സന്ദര്‍ഭങ്ങള്‍ അതേപടി ഭരതനാട്യത്തില്‍ കൊണ്ടാടി. പാഞ്ചാലീവസ്ത്രാക്ഷേപം ഉദാഹരണം. അക്കാലത്ത് മദ്രാസില്‍ താമസമുറപ്പിച്ചിരുന്ന കഥകളി ആചാര്യന്‍ കീഴ്പ്പടം കുമാരന്‍ നായര്‍ ഭരതനാട്യവും കഥകളിയും സംയോജിപ്പിച്ച് നൃത്തനാടകങ്ങള്‍ സംവിധാനം ചെയ്തത് ഈ സമ്പ്രദായത്തിന്റെ പ്രാമാണികത വര്‍ദ്ധിപ്പിച്ചു. പില്‍ക്കാലത്ത് വി. പി.ധനഞ്ജയനും ഇതേ രീതി പിന്തുടര്‍ന്നു.പക്ഷെ പലപ്പോഴും ലോകധര്‍മ്മിയായ സംകേതങ്ങള്‍ മാത്രമാണ് ഭരതനാട്യത്തില്‍ സ്വീകരിക്കപ്പെട്ടത്.

ഒരു “സോളോ” നൃത്തം സംഘനൃത്തമായി പരിവര്‍ത്തനം ചെയ്യാനുള്ള വെല്ലുവിളികള്‍ ഇതിനോടു കൂടി നേരിടാന്‍ ഭരതനാട്യം നിര്‍ബ്ബന്ധിക്കപ്പെട്ടു. നൃത്തമണ്ഡപനിലം വിപുലമായി ഉപയോഗിക്കേണ്ടി വന്നതിനാല്‍ പുതിയ വിന്യാസക്രമങ്ങള്‍ ചമയ്ക്കേണ്ടി വന്നു. ഇത് ജതികള്‍‍ ചവിട്ടുന്നതിനോടൊപ്പം വശങ്ങളിലേക്കും നീങ്ങേണ്ടത് അത്യാവശ്യമാക്കി. സഞ്ചാരീഭാവത്തിന്റെ വിസ്ത്രുത പതിപ്പ്. പ്രേക്ഷകരെ അഭിമുഖീകരിച്ചിരുന്ന നര്‍ത്തകി എല്ലാവശങ്ങളിലേക്കും തിരിഞ്ഞ് കളിക്കേണ്ടി വന്നു.ലക്ഷണശാസ്ത്രം വികസിച്ചു. സാങ്കേതികമായി ഭരതനാട്യം സ്ഥനാന്തരണം ചെയ്യപ്പെട്ടതിന്റെ ലളിതമായ ഉദാഹരണം മാത്രമാണിത്. പിന്നീട് മൃദംഗത്തിന്റെ സങ്കീര്‍ണജതികളും ഈ നൃത്തത്തില്‍ പരീക്ഷിക്കപ്പെട്ടു. വര്‍ദ്ധിച്ച ചടുലതയും ഊര്‍ജ്ജവും ഭരതനാട്യത്തെ വളരെ ദൂരം കൊന്നക്കോലടികളുടെ മാസ്മരസ്വനത്തിലൂടെ യാത്രചെയ്യിച്ചു.

60കളില്‍ ഈസമന്വയപ്രവണത കുച്ചിപ്പുടിയില്‍ നിന്നും കഥകളിയില്‍ നിന്നും കലവറയില്ലാതെ അടവുകളും മുദ്രാസങ്കേതങ്ങളും പിന്നെയും സ്വാംശീകരിക്കാന്‍ സാദ്ധ്യമാക്കി. ഭരതനാട്യത്തിന്റെ ശക്തമായ സാന്നിധ്യവും ജനസമ്മതിയും അത് സ്വായത്തമാക്കിയതൊക്കെ അതിന്റെ സ്വന്തമെന്ന തോന്നലുണ്ടാക്കാനും വ്യവസ്ഥപ്പെടുത്താനും‍‍ കാരണമായി. ഉദാഹരണത്തിനു കൈകള്‍ ഡയഗണലായി ഒന്നുയര്‍ത്തിയും ഒന്നു താഴ്ത്തിയും പിടിച്ച്, അലപദ്മ-കടകമുഖ മുദ്രകള്‍ മാറി മാറി ചെയ്യുന്ന നാട്ടടവ് മുദ്ര കുച്ചിപുഡിയില്‍ നിന്നും കടന്നു വന്നത് ഇന്നു ഭരതനാട്യത്തിന്റെ ടെക്സ്റ്റ് പുസ്തകത്തിന്റെ പുറം കവര്‍ ചിത്രമായി വന്നിട്ടുണ്ട്. കലാക്ഷേത്രത്തിന്റെ പ്രിന്‍സിപ്പലായ ലീലാ സാംസണ്‍ ചെണ്ട, ചേങ്ങില മദ്ദളമേളത്തോടെ കഥകളിയിലെ മുഴുമണ്‍ഡലനിലയില്‍ ചുഴിപ്പു ചെയ്യുന്നത് ഭരതനാട്യമായി അനുഭവപ്പെടുന്നതു വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍. ഇക്കഴിഞ്ഞ പത്തു കൊല്ലത്തിനകം മോഹിനിയാട്ടത്തിലെ ചില പാദവിന്യാസങ്ങളും ഭരതനാട്യം സ്വായത്തമാക്കിയിട്ടുണ്ട്.

വിപ്ലവകരമായ മാറ്റങ്ങള്‍ സമ്മാനിച്ചത് പദ്മ സുബ്രമണ്യമാണ്. കഥകളിയിലെ പകര്‍ന്നാട്ടം അതേപടി ഭരതനാട്യത്തില്‍ സന്നിവേശിപ്പിച്ച് യാഥാസ്ഥിതികരെ ഞെട്ടിച്ചു കള‍ഞ്ഞു അവര്‍. അതീവ അഭിനയപാടവമുള്ളവരുടെ നൃത്തം ആയിത്തീരുമോ എന്ന പേടിയായിരുന്നു ഈ പ്രതിലോമകാരികളെ ശത്രുപക്ഷത്ത് കൊണ്ടെ നിറുത്തിയത്. സാഹിത്യകാരനും ദൃശ്യകലാവിദഗ്ദ്ധനുമായിരുന്ന ഡോക്ടര്‍ എസ്. കെ. നായരുമായുള്ള സമ്പര്‍ക്കം ആണ് പദ്മയ്ക്ക് തുണയായത്. “കൃഷ്ണായ തുഭ്യം നമ:“ പോലുള്ള നിര്‍മ്മിതികളില്‍ ഒരാള്‍ തന്നെ ബഹുരൂപിയായി വിഭ്രമകരമായ നാടകാന്തരീക്ഷം സൃഷ്ടിക്കുന്ന മാന്ത്രിക വിദ്യയ്ക്ക് “ഭരതനൃത്തം” എന്നു പേരിട്ട് ആഢ്യവിഭാഗത്തെ നേരിട്ടു ഇവര്‍. 108 കരണങ്ങളേയും കൂട്ടിയിണക്കി അത് പ്രത്യക്ഷീഭവിപ്പിക്കാനുള്ള കോപ്പുകളും ഇവരുടെ നൃത്തത്തില്‍ സന്നിവേശിക്കപ്പെട്ടിരുന്നു. ഒരു തിരിച്ചുപോക്കിനു സാദ്ധ്യതയില്ലാത്തവിധം ഭരതനാട്യം പുതിയ മേച്ചില്‍പ്പുറങ്ങളില്‍ വിഹരിച്ചു കളിച്ചു.

ഇക്കാലത്തു തന്നെയാണ് ഭരതനാട്യം സിനിമയുമായി ബന്ധം സ്ഥാപിക്കുന്നത്. 40 കളില്‍ ത്തന്നെ ബോംബേയില്‍ ഈ നൃത്തപഠനം തുടങ്ങിയിരുന്നു. നളിനി ജയ്‌വന്ത്, കാമിനി കൌശല്‍ മുതലായ ഭരതനാട്യനര്‍ത്തകികള്‍ ഹിന്ദിസിനിമയില്‍ നായികമാരായി അരങ്ങേറുകയും ചെയ്തു. കമലാ‍ ലക്ഷ്മണ്‍ തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും രാജ് കപൂറിന്റെ സിനിമകളില്‍ നൃത്തം ചെയ്യാന്‍ വരെ വിളിക്കപ്പെട്ടു. നര്‍ത്തകിമാരായ പദ്മിനിയും വൈജയന്തിമാലയും ഹിന്ദി-തമിഴ് സിനിമകളിലെ നായികമാരായി യഥേഷ്ടം വിളങ്ങി. സിനിമയില്‍ നിന്നും സ്റ്റേജിലെ നൃത്തപരിപാടികളിലേക്കു വരുമ്പോല്‍ ഇവര്‍ക്കു പലതും പുതുതായി പുറത്തെടുക്കാനുണ്ടായിരുന്നു. സിനിമയിലെ ശരീരഭാഷ. ഇത് നൃത്തപ്രേക്ഷകരുമായുള്ള സംവേദനം കുറെക്കൂടി എളുപ്പമാക്കി. സിനിമയിലെ ചില അതിശയോക്തി കലര്‍ന്ന ചലനങ്ങള്‍ നൃത്തത്തോട് ചേര്‍ന്നു നിന്നു. പിന്നീട് ഇത് ഭരതനാട്യത്തിന്റെ സ്വാഭാവികതയിലൊന്നായിത്തീര്‍ന്നു.

50 കളുടെ അവസാനത്തോടെ ഭരതനാട്യം ഭാഷയുടേയും തമിഴ് പ്രാദേശികതയുടേയും അതിരുകള്‍ ഭേദിച്ച് പുറത്തുകടക്കാന്‍ സഹായകമാക്കിയത് സുധ ചന്ദ്രശേഖരന്‍ മീര ഭജന്‍ നൃത്തരൂപത്തിലാക്കിയപ്പോഴാണ്. ഹിന്ദിയും ഹിന്ദുസ്ഥാനി സംഗീതവും മാത്രമല്ല മീരയുടെ സ്വത്വപരിസരവും ഭരതനാട്യത്തിനിണങ്ങുമെന്നുള്ള ഈ പ്രത്യക്ഷത്തെളിവ് വിസ്തൃതമായ ഒരു വലയത്തിനകത്തു പ്രതിഷ്ഠിക്കയാണ് ചെയ്തത്. പലപ്പോഴും ഈവലയം തന്നെ ഭേദിക്കപ്പെട്ട് ഭരതനാട്യം ചിത്രകലയോട് ചേര്‍ന്നുനിക്കുന്ന ഉപാഖ്യാനരീതികള്‍ വരെ തേടിപ്പോയി. 70 കളില്‍ കണ്ട സര്‍ റിയലിസ്റ്റിക് രീതി സന്നിവേശിപ്പിക്കപ്പെട്ട മൃണാളിനി സാരാഭായി- മല്ലിക സാരാഭായി ടീമിന്റെ “മീര” ഇതിനൊരു ഉദാഹരണം മാത്രം. ആധുനികത കൈക്കൊണ്ട് ഏതുദിശയിലേക്കും പ്രയാണം ചെയ്യാന്‍ ഭരതനാട്യത്തെ ഇത് പ്രാപ്തമാക്കി.

ഈയടുത്തായി ചില പ്രത്യേക ദര്‍ശനവിധികള്‍ ഭരതനാട്യത്തിന്റെ കാഴ്ച്ചപ്പാടിലും സാങ്കേതികതയിലും അരങ്ങുസമക്ഷത്തിനും വേറിട്ട പ്രകൃതികള്‍‍ സമ്മാനിച്ചു. മാളവിക സരുക്കായ് മുതലായവര്‍ നര്‍ത്തകിയെ/നര്‍ത്തകനെ കഥാപാത്രത്തില്‍ നിന്നും വേറിട്ടു നിര്‍ത്തുന്ന ക്ലിഷ്ടമായ ആശയം പ്രകടമാക്കാന്‍ താല്‍പ്പര്യപ്പെട്ടു. കഥകളിയില്‍ ഇതാണ് പണ്ടേ രീതി. ഒരു സുന്ദരിയുടെ ലാവണ്യഭംഗിയോ സമ്മോഹനമായ അംഗചലങ്ങളൊ കൊണ്ട് ത്രസിപ്പിക്കാതെ നൃത്തത്തിന്റെ പരമമായ അനുഭവം പകര്‍ത്തപ്പെടുക മാത്രമാണ് പ്രധാനം എന്ന ആശയം പ്രത്യക്ഷമാക്കാനുള്ള പണിപ്പാടുകള്‍ തുടങ്ങി. സ്ത്രീശരീരാസ്വാദനത്തിനുള്ളതല്ല ഭരതനാട്യം എന്ന ലളിതവാദം നൃത്തത്തെ ശരീരത്തില്‍ നിന്നും വിഘടിപ്പിക്കാനുള്ള യത്നമായിരുന്നു. ശൃംഗാരത്തെ രതിയില്‍ നിന്നും വേര്‍പെടുത്തി ആ രസസ്ഫൂര്‍ത്തി മാത്രം പ്രകരണം ചെയ്യാനുള്ള ഉദ്യമത്തിന്റെ ഉദാഹരണമാണ് പ്രിയദര്‍ശിനി ഗോവിന്ദിന്റെ പുതിയ പദം അവതരണം. ഇങ്ങനെ പോകുന്നു അത് “ എന്റെ ഭര്‍ത്താവ് ഉറങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്റെ അമ്മയും. വേലക്കാരിയാകട്ടെ അവളുടെ വീട്ടിലും പോയി. ഞാനിതാ വാതില്‍ തുറന്ന് നിന്നെ കാത്തിരിക്കുന്നു. പ്രിയനേ വന്നാലും”. ഇതിന്റെ പിന്തുടര്‍ച്ചയായി സി. വി. ചന്ദ്രശേഖറും കൂട്ടരും “പുരുഷ്” പോലുള്ള, ആണുങ്ങള്‍ മാത്രം പങ്കെടുക്കുന്ന നൃത്തശില്‍പ്പങ്ങള്‍ മെനഞ്ഞെടുത്തു. വി. പി.ധനഞ്ജയന്റെ ആറു ശിഷ്യന്മാര്‍ ഒന്നിച്ച് ആകാരസൌഷ്ഠവമോ മുഖകാന്തിയൊ പ്രകടമാക്കാതെ “ആനന്ദ നടമിടും പാദം പൊന്നമ്പല വാണന്‍ ചിദംബരനാഥന്‍” ആടി നൃത്തത്തിന്റെ പരിപൂര്‍ണത അനുഭവഭേദ്യമാക്കുന്നത് ഇതേ ആശയത്തിന്റെ അനുരണനമായാണ്. സ്റ്റേജില്‍ അത്യല്‍ഭുതമായ ജ്യൊമിതീയ കളങ്ങള്‍ നൃത്തചലനങളാല്‍ വരയ്ക്കുന്ന അലര്‍മേല്‍ വള്ളി ഭരതനാട്യത്തെ സ്ഥലപരിമിതികളില്‍ നിന്നും ത്രികോണക്കളത്തില്‍ വിന്യസിക്കുന്നരീതിയില്‍ നിന്നും വിടുതലാക്കി. ഭരതനാട്യത്തിന് പ്രേക്ഷകര്‍ മറ്റൊരു ഡിമെന്‍ഷന്‍ സ്മൃതിപ്പെടുത്താനു ഇതു നിര്‍ബ്ബന്ധിച്ചു. അലര്‍മേല്‍ വള്ളിയുടെ അവതരണത്തിലെ നിരന്തരശില്പഘടന ഒരു ജതിശൃംഘലയ്ക്കു ശേഷം വിശ്രമിക്കുന്നതുപോലെയുള്ള സ്വഭാവത്തോടുള്ള ആക്ഷേപം ഇല്ലാതാക്കി. ചന്ദ്രലേഖയുടെ ധീരപരീക്ഷണങ്ങള്‍ പലപ്പോഴും ഭരതനാട്യ്യത്തിന്റെ വലയത്തിനു പുറത്തുമായി.

ബാലസരസ്വതിയുടെ പ്രിയംകരമായ ശിവനര്‍ത്തനം “ഇടതുപാദം തൂക്കി ആടും നടരാജനടി പണിവയേ നെഞ്ചേ”ഇന്നു പല്ലവി മൂന്ന് ആവര്‍ത്തിക്കുന്നത് മുദ്രാവിന്യാസത്തിലും പദചലനത്തിലും മൂന്നു കാലങ്ങളിലേക്ക് കയറിപ്പോയിട്ടാണ്. താണ്ഡവത്തിന്റെ വിവിധ കരണങ്ങളില്‍ ഫ്രീസ് ചെയ്തശേഷം മൃദംഗത്തിന്റെ സങ്കീര്‍ണമായ ജതിയിലൂടെ നര്‍ത്തകി വിസ്തൃതമായ സ്ഥാനചലനങ്ങളില്‍ ഒഴുകിയിറങ്ങുന്നു.

ബാലസരസ്വതി ഇന്നു ഇതുകണ്ടാല്‍ അമ്പരന്നു പോയേക്കും.

Saturday, May 12, 2007

“ബ്രദര്‍ ഇന്‍ ലോ“

സാന്‍ഡോസിന്റെ “സണ്‍ ഇന്‍ ലോ” വായിച്ചവര്‍ക്കു വേണ്ടി മാത്രം.

ബിജുവിന്റെ ചേട്ടനാണ് ഞാന്‍. അവന്‍ കാരണം ആശുപത്രിയിലായെങ്കിലും പിന്നെ അമേരിക്കന്‍ വിസ കിട്ടി ഇങ്ങോട്ടു വന്നു. ബിജുവിനു ഡോളര്‍ അയച്ചുകൊടുക്കുന്നുണ്ടായിരുന്നെങ്കിലും അടുത്തവീട്ടിലെ കരിയ്ക്കു മോഷ്ടിക്കുന്നത് അവനെ ഞങ്ങള്‍ കൊഞ്ചിച്ചു വഷളാക്കിയതുകൊണ്ടാണ്.
കേശവപിള്ളച്ചേട്ടനെ ഒരിക്കലും മറക്കാന്‍ പറ്റാത്തതുകൊണ്ടാണ് പെട്ടെന്ന് ഇതെഴുതാന്‍ തോന്നിയത്. ബിജു കാരണം ഞങ്ങളുടെ അടുപ്പത്തില്‍ ചില പാളിച്ചകള്‍ വന്നു, സാരമില്ല. പാവം ലീല!

എന്റെ പെണ്ണുകാണല്‍ സോഷ്യല്‍ ഡെഡിക്കേഷന്‍സും കേശവപിള്ളച്ചേട്ടന്റെ മനൂവറുകളായിരുന്നു.
അവസാനത്തേത് “അവള്‍ക്കിതുവരെ ആരേം കിട്ടിയില്ല ഇനി നീയാണെങ്കിലും മതിയെന്ന് ആ വീട്ടുകാര്‍ വിചാരിച്ചു” എന്ന എന്നെ ഉത്സാഹപ്പെടുത്തുന്ന ആമുഖത്തൊടെയായതിനാല്‍‍ ഞാനും ചീര്‍ഫുള്‍ ആയിരുന്നു. “വിവരോം വിദ്യാഭ്യാസോം ഉള്ള വീട്ടുകാരാ കെട്ടൊ“ എന്നു ചേട്ടന്‍ ആദ്യം തന്നെ വാണിങ് തന്നിരുന്നെങ്കിലും തന്റേടിയും വായാടിയുമായ അനിയത്തിപ്പെണ്ണിനെയാണ് ആദ്യം നേരിടേണ്ടിവരുമെന്ന് അറിഞ്ഞിരുന്നില്ല. ഈ വിദുഷിയുമായുള്ള തര്‍ക്ക വിതര്‍ക്കങ്ങളില്‍ വിജയിച്ചാലേ സ്വയംവരം നടക്കൂ എന്ന ദൈവനിശ്ചയത്താല്‍ ആ വീട്ടില്‍ കല്യാണസദ്യത്തീപ്പുക ഉയര്‍ന്നിട്ട് നാളുകളായത്രേ. തര്‍ക്കവിഷയം “രാജാരവിവര്‍മ്മയുടെ ചിത്രപാര്‍ശ്വങ്ങളിലെ പ്രകൃതിദൃശ്യങ്ങളില്‍ ആത്മാവിഷ്കാരസ്വാംശീകരണമുണ്ടോ“ എന്നായിരുന്നത് “പുരുഷന്മാര്‍ പര്‍ദ്ദ ധരിക്കേണ്ടതിന്റെ ആ‍ാവശ്യകത” എന്നാക്കി അവള്‍ മാറ്റിയത് എന്റെ മുഖകാന്തി കണ്ടശേഷമാണത്രെ. ഇതും പോരാഞ്ഞ് എന്തോ വറക്കുന്ന മണം കേട്ട് ഓടിക്കൂടിയ പിള്ളേരെ വട്ടത്തിലിരുത്തി ഒരു സറൌണ്ട് സൌണ്ട് സിസ്റ്റം ഉണ്ടാക്കി ചോദ്യോത്തരക്കളി ആരംഭിച്ചതും എന്റെ മുഖരിതഭംഗി ഉദ്ദേശിച്ചായിരുന്നു. (“കുഞ്ചാക്കോ ബോബനിലുണ്ട്, സലിം കുമാറിലില്ല, എന്താണ്?“ എന്നിങ്ങനെ പോയി അത്). ആദ്യം ചായയുമായി വന്ന അതിമനോഹരസുന്ദരി എന്നെ രോമാഞ്ചം കൊള്ളീച്ചു. പക്ഷേ കേശവപിള്ളച്ചേട്ടന്‍ പുളകങ്ങള്‍ തൂത്തുകളഞ്ഞു. പുറകെ ഫോറിന്‍ പ്ലേറ്റില്‍ വടയുമായി വരുന്നവളാണ് പ്രതി, പ്രതിശ്രുതകീര്‍ത്തി. “ഞാന്‍ കണ്ടിട്ടുണ്ട്, നിനക്കു ചേരും” എന്നു ചേച്ചി നേരത്തെ പറഞ്ഞതിന്റെ പൊരുള്‍ എനിക്കു പിടികിട്ടി. ആദ്യം വന്ന മാധുരി ദീക്ഷിത് കല്യാണം കഴിഞ്ഞ് രണ്ടുകുഞ്ഞുങ്ങളുമുള്ള അയല്‍ക്കാരിയാണ്. ഇത്തരം കാര്യങ്ങളില്‍ ഹെല്പ് ചെയ്യാന്‍ വരുന്നവളാണ്. അതിസുന്ദരികളെയെല്ലാം മറ്റുവല്ലവനും കെട്ടാന്‍ വിട്ടുകൊടുക്കുന്ന എന്റെ ത്യാഗസുരഭിലമനോഭാവത്തെ എളിമയോടെ ഞാന്‍ തന്നെ അഭിനന്ദിച്ചു. വിശാലമന‍സ്കന്‍ എന്ന മാറാപ്പേരിനാല്‍ ശിഷ്ടജീവിതം കഴിക്കാന്‍ തീരുമാനിച്ചു.

തിരിയെ വാടകക്കാറീല്‍ പോകുമ്പോള്‍‍ “എന്തു പറയുന്നു” എന്ന പതിവുചോദ്യം പിള്ളച്ചേട്ടനു ചോദിക്കേണ്ടി വന്നില്ല. കാരണം ഈ കല്യാണം നേരത്തെ നിശ്ചയിക്കപ്പെട്ടിരുന്നു.അതും വേറൊരു ത്യാഗത്തിന്റെ കഥ. എല്ലാതീരുമാനങ്ങളും കൂട്ടുകാരോടു ചോദിച്ചുമാത്രമേ എടുക്കുകയുള്ളു എന്ന ഉഗ്രന്‍ സിദ്ധാന്തമാണ് എന്നെ ജീവിതപന്ഥാവിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയിക്കൊണ്ടിരുന്നത്. കല്യാണത്തിന്റെ ഫൈനല്‍ ഡിസിഷനും അവരുടേത്. ഈ പെണ്ണിനെത്തന്നെ ഞാന്‍ കെട്ടണമെന്ന് തീരുമാനമെടുക്കാന്‍ അവര്‍ക്ക് വളരെ എളുപ്പമായിരുന്നു. കാരണം പെണ്ണിന്റെ ചേട്ടന്‍ കസ്റ്റംസിലെ വലിയ ഉദ്യോഗസ്ഥനാണ്. അതും ബോംബേ എയര്‍പോര്‍ടില്‍! ബാള്‍ടിമോറില്‍ നിന്നും സെന്റ് ലൂയിസില്‍ നിന്നും കാന്‍സാസില്‍ നിന്നുമൊക്കെ ജങ്ക് സാധനങ്ങള്‍ വലിച്ചുകൊണ്ടുപോകുന്ന അവര്‍ക്ക് അണ്ടര്‍വയറില്‍‍ പോക്കറ്റുണ്ടാക്കി കറുത്തകടലാസില്‍ സ്വര്‍ണബിസ്കറ്റുകള്‍ ഒളിപ്പിക്കേണ്ടതില്ല. ബോംബേ എയര്‍പോര്‍ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പുറകേ വന്ന് “മിസ്റ്റര്‍ കതിരവന്റെ ആളല്ലേ, സാറ് പറഞ്ഞിരുന്നു“ എന്ന് സ്നേഹിച്ച് അവരുടെ ലൌന്‍ചില്‍ കൊണ്ടിരുത്തി ചായ കൊടുത്ത് കണക്റ്റിങ് ഫ്ലൈറ്റില്‍ കയറ്റിവിടുന്നത് അവരുടെ സ്വപ്നങ്ങളില്‍ വിടര്‍ന്നു വിലസി. വിവാഹക്കരാറില്‍ അവരിടെ അദൃശ്യകരങ്ങളാണ് ഒപ്പു വയ്കുക എന്ന സത്യം എനിയ്ക്കു മനസ്സിലായി.എനിയ്ക്കെന്ത് ഐഡെന്റിറ്റി ക്രൈസിസ്? വിശാലമന‍സ്കന്‍ ഞാന്‍ തന്നെയല്ലേ? .ഇവരുടെ പാപങ്ങള്‍ പോക്കുവാനാണ് എന്റെ ജന്മമെന്ന തിരിച്ചറിവ് എന്നില്‍ സ്വല്പം അന്ധാളിപ്പുണ്ടാക്കി. “God! why me? why me?" എന്ന എന്റെ വിലാപം പ്രസിദ്ധമായി. ഹോളിവുഡ്ഡുകാര്‍ യേശുവിന്റെ സിനിമയുണ്ടാക്കുമ്പോള്‍ ഈ സീന്‍ അഭിനയിച്ചു കാണിച്ചുകൊടുക്കുവാന്‍ എന്നെ വിളിക്കുക പതിവായി.

ഏതൊരു ത്യാഗത്തിനും അതിന്റേതായ വില കൊടുക്കേണ്ടി വരുമല്ലൊ. കല്യാണം കഴിഞ്ഞ് രണ്ടുമാസത്തിനകം അളിയനു വന്‍പന്‍ പ്രൊമൊഷന്‍! ലക്ഷദ്വീപിലെ ചീഫ് കസ്റ്റംസ് ഓഫീസര്‍! എന്റെ കൂട്ടുകാര്‍ ലക്ഷദ്വീപിലേയ്ക്കുള്ള ഫ്ലൈറ്റ് വിവരങ്ങള്‍‍ തന്നു എന്റെ വിരസ നിമിഷങ്ങള്‍ ആനന്ദതുന്ദിലങ്ങളാക്കി. “നീ അതിലേ ചെല്ല്. ഒന്നുമല്ലേലും ദ്വീപുവാസികള്‍ രക്ഷപെട്ടോട്ടടാ“എന്നും മറ്റും പറഞ്ഞത് എന്റെ ത്യാഗമനോഭാവത്തെ പ്രോത്സാഹിപ്പിക്കാന്‍ മാത്രമാണ്.

കല്യാണത്തിനു ശേഷം: പര്‍ദ ധരിക്കാന്‍ തയാറാണെന്നു ഭാര്യയോട് ചില പാര്‍ടിയ്ക്കു പോകുന്നതിനു മുന്‍പ് സമ്മതിച്ചിട്ടുണ്ട്. “എന്തിനാ കണ്ണ് മാത്രം കാണിച്ച് ആളുകളെ ഭയങ്കരമായി ഞെട്ടിക്കുന്നേ, മുഖം മുഴുവനും കാണിച്ച് സ്വല്പം ഔട് ഓഫ് ഫോക്കസ്സിലാക്കുകയാണെങ്കില്‍ അവരുടെ ഞെട്ടലിന്റെ എഫെക്റ്റ് കുറഞ്ഞേക്കും” എന്ന് ആ പരമസാധ്വി സ്വാന്തനിപ്പിക്കാറുണ്ട്. കേശവപിള്ളച്ചേട്ടന് സ്വസ്തി!

Tuesday, May 8, 2007

“പ്രകാശം പരത്തുന്ന ആണ്‍കുട്ടി“-കെ. പി. രാമനുണ്ണിയുടെ കഥ

കെ. പി രാമനുണ്ണിയുടെ പുതിയ കഥയാണ് “പ്രകാശം പരത്തുന്ന ആണ്‍കുട്ടി” (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, ഏപ്രില്‍ 22). റ്റി. പദ്മനാഭന്റെ “പ്രകാശം പരത്തുന്ന പെണ്‍കുട്ടി” യുടെ പ്രതിബിംബാത്മകമായ സമകാലിക രൂപമാണ് ഈ കഥ. പ്രകാശം പരത്തുന്നതിന്റെ ഉറവിടത്തിന്റെ വ്യത്യാസം തലക്കെട്ട് സൂചിപ്പിക്കുന്ന ലിംഗപരമായ വ്യത്യാസമല്ല.

രണ്ടിലേയും മൂലപ്രമേയങ്ങളൊന്നുതന്നെ. സമൂഹത്തില്‍ ഒറ്റപ്പെടല്‍ വന്നു ഭവിച്ചവര്‍ ഈ ലോകത്ത് ജീവിക്കേണ്ടതുണ്ടോ? ജീവിതം തോല്‍പ്പിച്ചവര്‍ ആത്മഹത്യ ചെയ്യുകയല്ലേ വേണ്ടൂ അവരുടെ ആത്മാവിനു സ്വല്പമെങ്കിലും ശാന്തത കിട്ടാന്‍? ആത്മഹത്യയില്‍ നിന്ന് പിന്തിരിയണമെങ്കില്‍ അതിനു തക്കതായ കാരണം വേണ്ടേ? ഇത്രയും നാള്‍ ജീവിച്ചതില്‍ നിന്നും വ്യത്യസ്ഥമായി ജീവിക്കാന്‍ ലോകം എന്തെങ്കിലും വാഗ്ദാനം ചെയ്യുന്നുണ്ടോ? ഇനിയും ജീവിക്കാനുള്ള ത്വര പരിപൂര്‍ത്തികരിക്കാന്‍ മാത്രം അതിഗംഭീരമായ മോഹനവാഗ്ദാനങ്ങള്‍ പ്രകൃതിയും സമൂഹവും വച്ചു നീട്ടുന്നുണ്ടോ? രണ്ടു കഥയിലും ഇതിനുള്ള ഉത്തരങ്ങള്‍ ഏതാണ്ടു സാമ്യമുള്ളവയാണ്.

റ്റി. പദ്മനാഭന്റെ കഥയില്‍ നായകനേയും രാമനുണ്ണിയുടെ കഥയില്‍ നായികയേയും പിടികൂടിയ ജീവിതദുരന്തങ്ങളാണ് ആത്മഹത്യയിലേക്കു അവരെ നയിക്കുന്നത്. പദ്മനാഭന്റെ നായകന്‍ ലോകത്തിലെ എല്ല നന്മയുടേയും വിശുദ്ധിയുടേയും നൈര്‍മല്യത്തിന്റേയും പ്രതീകമായ പെണ്‍കുട്ടി ശുഭപ്രതീക്ഷയുടെ പ്രതീകമായി പ്രത്യക്ഷപ്പെട്ടതുകൊണ്ട് ജീവന്‍ അറുത്തുമുറിച്ചു കളയുന്നില്ല. അല്പമെങ്കിലും മിച്ചം വന്ന സത്യത്തിന്റെ കണികയെ നുള്ളിപ്പെറുക്കാന്‍ തീരുമാനിക്കുകയാണയാള്‍. അകലെയെങ്ങാനും പ്രഭാതമുണ്ടെന്നുള്ള സൂചന പെണ്‍കുട്ടിയുടെ സാന്നിദ്ധ്യം അയാള്‍ക്കു നല്‍കിയതോടെ അയഞ്ഞുപോയ മനസ്സും മാംസപേശികളും‍ ദാര്‍ഢ്യം നേടുന്നു.

രാമനുണ്ണിയുടെ കഥയിലെ സരിതയെ സമൂഹവും അതിന്റെ നിയമങ്ങളും സമീപനങ്ങളും എന്തിനു‍ അവളുടെ അടുത്തബന്ധു പോലും ദാരുണമായി ചവിട്ടിമെതിച്ച് അവളുടെ ജീവിതമോഹത്തെ ഞെരിച്ച് ഇനിയും ഒരു നാളെ ഉണ്ടാവരുതേ എന്നു മാത്രമുള്ള സ്വപ്നത്തിലേക്ക് തള്ളിയെറിയുന്നു. അവളെ മാത്രമല്ല അവള്‍ താമസിക്കുന്ന ലക്ഷം വീടു കോളനിയെ ത്തന്നെ തീറെഴുതുന്ന ബന്ധുവിന്റെ തനിസ്വഭാവം ഈ ആത്മഹത്യയോടെ വെളിവാക്കാന്‍ അവള്‍ ചില പണികള്‍ ചെയ്തു വയ്കാന്‍ തീരുമാനിക്കുന്നു. ഈ പ്രതികാരസ്വഭാവം തന്നെ പ്രേമിക്കുന്നെന്നു നടിച്ച് ഗര്‍ഭച്ഛിദ്രത്തിനു ശേഷം വലിച്ചെറിഞ്ഞുകളഞ്ഞ സാഹിത്യകാരനോടുമുണ്ട്. കഥയില്‍..” പഠനത്തില്‍ മാര്‍ക്കു കുറഞ്ഞത്-പി.എസ്.സി. ടെസ്റ്റ് കിട്ടാതായത്-ജോലിയില്‍ അപമാനിക്കപ്പെട്ടത്-കിടപ്പാടം തുച്ഛവിലയ്ക്ക് പോയത്-ഗര്‍ഭച്ഛിദ്രം നടത്തേണ്ടിവന്നത്- എല്ലായിടത്തും പീഡനത്തിന്റേയും ചൂഷണത്തിന്റേയും അവഹേളനത്തിന്റേയും മാലിഗ്നന്‍സി തന്നെയായിരുന്നു..........” “ ഇത്രകാലം ഇത് സഹിച്ച് ജീവിച്ചതിന് തന്നോടുള്ള പകയും ഇത്രകാലം ഇത് സഹിപ്പിച്ച് ജീവിപ്പിച്ചതിന് ലോകത്തോടുള്ള പകയും ഏതാണ് തീക്ഷ്ന്ണമെന്നറിയാതെ കത്തി. ആകെക്കൂടി പ്രതികരിക്കാനുള്ള ഒരേയൊരു മാര്‍ഗമായതിനാലാകാം ആത്മഹത്യയുടെ പരിപാടി അവള്‍ മുറി അടച്ചിരുന്ന് സൂക്ഷമായി ആസൂത്രണം ചയ്തത്.” ഐ. എ. എസ്. ഓഫീസറും അടുത്തബന്ധുവുമായ ദിനേശേട്ടന്റെ ചെയ്തികളുടെ വിശദവിവരങ്ങള്‍ തെളിവു സഹിതം വിജിലന്‍സ് ഡിപ്പാര്‍ട്മെന്റിനു നല്‍കുക, ഗര്‍ഭച്ഛിദ്രം നടത്തിച്ച് മാറിക്കളഞ്ഞ കവി കരുണനുമായുള്ള സംഭാഷണം ടേപ് ചെയ്തത് ക്രൈം വാരികകയ്ക്ക് അയച്ചു കൊടുക്കുക ഇതൊക്കെ അക്കമിട്ടെഴുതി സൂക്ഷ്മതയോടെ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഒന്നും നടക്കാതെ പോയത് ആത്മഹത്യയിലൂടെ പ്രതികാരം എന്ന അവളുടെ തീരുമാനത്തോടുള്ള ആക്ഷേപമായിത്തീര്‍ന്നു. “സ്വയമൊന്ന് അര്‍ത്ഥവത്തായി കൊല്ലാന്‍ കൂടി പറ്റാത്ത ഭാഗ്യക്കേടിനു മുന്നില്‍ സരിത ആളിക്കത്തി”........”ദിനേശേട്ടനെ പ്രതിസ്ഥാനത്തു നിര്‍ത്തിയോ, കവി കരുണനെ തോലുരിച്ചോ ചെയ്യുന്ന വിവാദപൂര്‍ണമായ ആത്മഹത്യക്കൊന്നും നില്‍ക്കേണ്ട. പകരം സമസ്ത അപരാധങ്ങളും തന്നോട് ചെയ്ത ഈ ഭൂമിയെ അതിശക്തം മര്‍ദ്ദിച്ച്കൊണ്ടുള്ള ഒടുങ്ങല്‍ മതി.” ടെറസ്സില്‍ നിന്നും ചാടാനൊരുങ്ങുമ്പോള്‍ ജന്മനാ ഉശിരനായ സ്നേഹിതന്‍ ജബ്ബാര്‍ അത്യുഗ്രസ്ഫോടകവസ്തുക്കളുമായി സ്നേഹപുരസ്സരം ”ചേച്ചീ” എന്നു വിളിച്ചുകൊണ്ട് വന്നതു അവളുടെ തീരുമാനങ്ങളെ വഴി തിരിച്ചു വിട്ടു. “ പൊട്ടണം” “അവള്‍ തന്റേതായ ദാര്‍ഢ്യവും നേര്‍ന്നു. നീതിയുക്തവും സന്മാര്‍ഗനിഷ്ഠവും പലിശരഹിതവും ദൈവസംരക്ഷിതവുമായ പുതുലോകം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ജബ്ബാര്‍ എന്തെല്ലാമോ പറഞ്ഞുകൊണ്ടിരുന്നെങ്കിലും സരിതയ്ക്കു ഒന്നും മനസ്സിലായില്ല.............എന്നാല്‍ പി. എസ്. സി. റ്റെസ്റ്റില്‍ കള്ളത്തരം കാട്ടുന്ന , സ്വാധീനമില്ലാത്തവള്‍ക്ക് പീറശമ്പളം നല്‍കുന്ന, സ്വന്തക്കാര്‍ കൂടി അടിയാളന്റെ കിടപ്പാടം തട്ടുന്ന, കണ്ണില്‍ചോരയില്ലാതെ പ്രേമിച്ചവളെ ചവിട്ട്യകറ്റുന്ന ഈ ലോകത്തെ മുച്ചൂടും തകര്‍ക്കണമെന്നതില്‍ അവള്‍ക്ക് സംശയമുണ്ടായിരുന്നില്ല”. അങ്ങനെയാണ്‍ ജബ്ബാര്‍ പ്രകാശം പരത്തുന്നതായി അവള്‍ക്ക് അനുഭവപ്പെട്ടത്.

ആത്മഹത്യ=പ്രതികാരം എന്ന സമവാക്യം നിറവേറ്റപ്പെടാതെ പോകുമ്പോഴാണ് ആത്മഹത്യയ്ക്ക് വിലയില്ലാതായിപ്പോകുന്നത്. അപ്പോള്‍ പ്രതികാരം മറ്റുവഴികള്‍ തേടിപ്പോകുന്നു, ഹിംസയിലെത്തപ്പെടുന്നു. റ്റി. പദ്മനാഭന്റെ പെണ്‍കുട്ടി പ്രകാശം എന്നും പരത്തട്ടെ എന്ന് നമ്മള്‍ ആശ്വസിച്ച് ആശീര്‍വദിക്കുമ്പോള്‍ ‍ജബ്ബാറിനെപ്പോലുള്ളവര്‍ തനിക്കുതന്നെയും സരിതമാര്‍ക്കുവേണ്ടിയും പ്രകാശം പരത്തുമ്പോള്‍ നടുക്കം മാത്രമേ നമുക്കുള്ളു. ഇത് കാലത്തിന്റെ വ്യതിയാനം മാത്രമാണോ എന്ന് പരിശോധിക്കപ്പെടേണ്ടതാണ്. ജബ്ബാര്‍ എന്ന പേരും സ്ഫോടനം എന്ന വാക്കും അടുത്തടുത്ത് വരുന്നുണ്ടെങ്കിലും മുസ്ലിം തീവ്റവാദവുമായി ബന്ധമുണ്ടെന്ന വിവക്ഷയില്ല. എന്നാല്‍ അങ്ങിനെ ആരോപിക്കപ്പെടാതെ അവരുടെ താല്‍പ്പര്യങ്ങളെ കഥാകാരന്‍ സാധൂകരിക്കുകയാണെന്ന ആരോപണം ഈ കഥ ബാക്കിയിട്ടേക്കാം.

അടുത്ത് പ്രസിദ്ധീകരിച്ച രാമനുണ്ണിയുടെ “ജീവിതത്തിന്റെ പുസ്തകം” എന്ന നോവലിലെപ്പോലെ മലയാളിജാടയുടേയും സാംസ്കാരികാപചയത്തിന്റേയും നേര്‍ക്കാഴ്ചയുമാണ് ഈ ചെറുകഥ.

Saturday, May 5, 2007

പാചകം-ക്യാബേജ് പടക്കം (cabbage pockets)

(മലയാളികള്‍ക്കും അല്ലാത്തവര്‍ക്കും വിളമ്പാന്‍ പറ്റിയതെന്നു പരീക്ഷിച്ചു തെളിയിക്കപ്പെട്ടത്)

ക്യാബേജ്- ഒന്ന്
ഉള്ളിത്തണ്ട് (സ്കാലിയന്‍സ്/green onion)- 8 എണ്ണം
ഉരുളക്കിഴങ്ങ്-4 എണ്ണം പുഴുങ്ങി ഉടച്ചത്
സവാള-3 ചെറുത്
പച്ചമുളക്- 2 ചെറുത് അരിഞ്ഞത്
ഇഞ്ചി -ഒരിഞ്ച് കഷണം
മുളകുപൊടി-2 റ്റീസ്പൂണ്‍,മല്ലിപ്പൊടി-അര സ്പൂണ്‍, ജീരകം ഒരു സ്പൂണ്‍, ഉപ്പ് പാകത്തിന്.
(കോഴി വേണമെന്നു നിര്‍ബ്ബന്ധമുള്ളവര്‍ക്കു ഉരുളക്കിഴങ്ങ്നു പകരം എല്ലില്ലാത്ത ഭാഗം വേവിച്ച് കഷണമാക്കിയത്)

ക്യാബേജിന്റെ മൂടു ഭാഗം ചെത്തി ഒരോ ഇലയും പൊട്ടിപ്പോകാതെ അടര്‍ത്തിയെടുത്ത് ആവിയില്‍ വച്ചോ മൈക്രോവേവില്‍ 4-5 മിനിട്ട് വച്ചോ വാട്ടിയെടുക്കുക. ഉള്ളിത്തണ്ടും ആവിയിലോ മൈക്രോവേവിലോ വാട്ടിയെടുക്കുക.

കോരി നിറയ്ക്കാന്‍:
ചെറുതാ‍യി അരിഞ്ഞ സവാളയും ഇഞ്ചി അരിഞ്ഞതും പച്ചമുളകും എണ്ണയില്‍ വഴറ്റുക. ഉള്ളിയുടെ നിറം മാറിയാല്‍ ഉരുളക്കിഴങ്ങും മറ്റു ചേരുവകളും ചേര്‍ത്ത് രണ്ടു മിനിറ്റു വഴറ്റി വാങ്ങിവയ്ക്കുക.

വാട്ടിയെടുത്ത ക്യാബേജിലയുടെ നടുവിലെ ത‍ണ്ട് ഇലയുടെ പുറകു ഭാഗത്ത് ചീകി കട്ടി കുറയ്ക്കുക. മടക്കാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെയും വാട്ടുക. വഴറ്റിവചിരിക്കുന്ന മിശ്രിതം അരക്കപ്പ് വീതം ഇലയുടെ തണ്ടിനോടടുപ്പിച്ച് വച്ച് ആദ്യം തണ്ടുഭാഗം, പിന്നെ വശങ്ങള്‍ പിന്നെ മുകള്‍ഭാഗം എന്നെ ക്രമത്തില്‍ മിശ്രിതത്തിനു മുകളിലൂടെ മടക്കി ഒരു അടച്ച പോക്കറ്റുപോലെയാക്കുക. ഓരോ ഉള്ളിത്തണ്ടും രണ്ടോ മൂന്നോ ആയി കീറിയെടുത്ത് ഓരൊ പോക്കറ്റും മടക്ക് അഴിഞ്ഞുവരാത്ത വിധം കെട്ടുക. കെട്ടിനു മുകളില്‍ വലിയ തീപ്പെട്ടീക്കോല്‍ വലുപ്പത്തില്‍ മുറിച്ച ക്യാരറ്റ് കഷണങ്ങള്‍ “X" ആകൃതിയില്‍ തിരുകി ഭംഗി വരുത്തുക. 350 ഡിഗ്രിയില്‍ 20 മിനുട്ട് ബേക്ക് ചെയ്യുക.

ക്യാബേജിലയ്ക്കു പുറത്തു നിന്നും അകത്തോട്ടു പൊളിയ്ക്കുന്നതനുസരിച്ച് വലിപ്പം കുറഞ്ഞുവരുന്നതിനാല്‍ രണ്ടു ക്യാബേജിന്റെ ഇലകളെടുത്ത് ഈ വ്യത്യാസം പരിഹരിക്കാം. കൂടുതല്‍ വെറൈറ്റിയ്ക്ക് പര്‍പ്പിള്‍ നിറമുള്ള ക്യാബേജിലകള്‍ ഉപയോഗിക്കുക. ഉരുളക്കിഴങ്ങിനു പകരം ചോറും തോരനും വച്ചു നിറച്ച് ചോറു തിന്നാന്‍ വിസമ്മതിയ്ക്കുന്ന കുട്ടികള്‍ക്കു പടക്കമാണെന്ന തട്ടിപ്പു പറഞ്ഞ് തീറ്റിയ്ക്കാം. ഈ ട്രിക്ക് വര്‍ക്കു ചെയ്യും, എനിക്കറിയാം.

തിന്നേണ്ട വിധം: കെട്ടിയ ഉള്ളിത്തണ്ടുവള്ളി അഴിക്കാതെ ഓരോ പടക്കവും അതേപടി എടുത്തു കടിയ്ക്കാന്‍ മലയാളികളല്ലാത്ത അതിഥികളെ പ്രേരിപ്പിക്കണം. മലയാളികള്‍ ക്ലെവര്‍ ആണ്, സംശയിച്ച് ഇത് എടുക്കാതിരിക്കും. യാഹൂ കുടുംബത്തിലെ ആരേയും ഇന്‍്വൈറ്റ് ചെയ്യരുത് (യഹൂദി മെനുഹിന്‍, ഹൂമയൂണ്‍, ബ്യാഹുലേയന്‍, ഹൂര്‍മ്മിളാ ഹുണ്ണി മുതല്‍പ്പേര്‍). മറ്റുകൂട്ടുകാരുടെ കൂടെ വന്നാല്‍ പഴയ മുഹമ്മദ് റഫി പാട്ട് “ഹേ വെബ്‌ ദുനിയാ കേ രഹ് വാലേ’ ഉറക്കെ വയ്ക്കണം.

ഡിന്നറിന്റെ മെയ്ന്‍‍ കോഴ്സ് ഐറ്റമായി വയ്ക്കുയാണെങ്കില്‍ തക്കാളി-ഉള്ളി ഗ്രേവി ഉണ്ടാക്കി പടക്കം നിരത്തിയതിന്റെ മുകളില്‍ ഒഴിക്കണം.

Tuesday, May 1, 2007

കമന്റുകള്‍ പറയാനിരുന്നത്

സംത്രാസത്തിന്റെ ചാലകശക്തിയാല്‍ നയിക്കപ്പെടുവാനിഷ്ടപ്പെടുന്നു, മലയാളി. അവന്റെ ഹൃദയമിടിപ്പ് മറ്റു സംസ്ഥാനക്കാരെക്കാളും ഒന്ന് കൂടുതലാണ്. എന്നാലും ആഘോഷങ്ങളിലും ആചാരങ്ങളിലും അത്യോത്സാഹം സ്വയം ആരോപിക്കാന്‍ അവരെപ്പോലെ വിവാഹാഘോഷങ്ങളുടെ ഭാഗമായി വഴിയിലിറങ്ങി തുള്ളീച്ചാടുകയോ വിള‍വെടുപ്പ് അതിചടുലമായ നൃത്തമാക്കി മാറ്റി ആഘോഷിക്കുകയോ ചെയ്യാറില്ല. ആരാധനാക്രമങ്ങളിലും ഈ വ്യക്തിപരത ഒരു പരിധി വരെ അവന്‍ കാത്തുസൂക്ഷിക്കുന്നുണ്ട്.

എന്നാല്‍ ഇങ്ങനെയൊരു പരിമിതി സ്വയം ബോധിക്കേണ്ട ആവശ്യം ഒരു മലയാളിക്കും ഉദിക്കുന്നില്ല. ഇതൊരു പരിമിതിയായും അവന്‍ കരുതുന്നില്ല. തനിയെയിരുന്നു ആള്‍ക്കൂട്ടത്തിന്റെ ഭാഗമാകുന്ന ഒടിവിദ്യ അവന്‍് വശമാണ്. “തനിരൂപി” ആയിരിക്കുമ്പോള്‍ത്തന്നെ ബഹുരൂപി ആകുന്ന മാന്ത്രികം. വര്‍ത്തമാനപ്പത്രത്തിന്റെ പ്രചാരത്തോടെയാണ് ഈ നവവ്യക്തിത്വത്തിന്റെ പൊരുള്‍ അവനിലുണ്ടെന്നു മനസ്സിലാക്കിയത്. പത്രത്തിലെ ഒരു വാര്‍ത്താകോളത്തിലേക്ക് ഉറ്റുനോക്കുമ്പോള്‍ അവന്‍ ആഹ്ലാദം കൊള്ളുന്നത് ആയിരം അല്ലെങ്കില്‍ ലക്ഷക്കണക്കിനു ആള്‍ക്കാര്‍ അതേ കോളത്തിലേക്കു നോക്കിക്കൊണ്ടിരിക്കുകയാണെന്നും അങ്ങനെ ബ്രഹുത്തായ ഒരു “വിര്‍ച്വല്‍‍” ആള്‍ക്കൂട്ടത്തിലാണ്‍ താന്‍ എന്ന ബോധം (connectedness) അവനിലുദിക്കുന്നതുകൊണ്ടാണ്.. മലയാളം പത്രങ്ങള്‍ ഏറ്റവും കൂടുതല്‍ എണ്ണം വിറ്റഴിക്കപ്പെടുന്നത് മലയാളിയുടെ ഈ സ്വഭാവവിശേഷം കൊണ്ടും കൂടി ആകാന്‍ സധ്യതയുണ്ട്. വായിച്ച കാര്യങ്ങള്‍ ലോകത്തുള്ള എല്ല മലയാളികളും അറിഞ്ഞെന്നുള്ള സന്തോഷം ചായക്കടയിലോ ബാര്‍ബര്‍ ഷാപ്പിലോ കല്യാണപ്പന്തലിന്റെ മൂലയ്ക്കോ ഒരു അയവിറക്കലില്‍ക്കൂടെ പങ്കുവയ്ക്കും. ഒളിഞ്ഞിരുന്നു തെളിയാനാണ് മലയാളിക്കിഷ്ടം.

എല്ലാ മധ്യമങ്ങളുടേയും മുന്‍പേ ഓടുന്ന സൈബര്‍ മാധ്യമത്തിലും ഇങ്ങനെ ഒരു സ്വത്വം കണ്ടെത്തി തനിയെ ആള്‍ക്കൂട്ടത്തിലാവാനുള്ള ആവേശം മലയാളി പ്രകടമാക്കുന്നുണ്ട്. ചാറ്റ്റൂമുകളും ബ്ലോഗിങ്ങും എല്ലാ ഭാഷയിലുമുണ്ടെങ്കിലും പത്രപാരായണത്തിനു അവനെ അത്യുദാരമായി പ്രേരിപ്പിച്ച അതേ പ്രത്യേകഘടകങ്ങള്‍ ഇവിടെയും വര്‍ത്തിക്കുന്നുണ്ട്. കമ്പ്യൂടറിലെ സംവേദനമാകട്ടെ പത്രവായനയുടെ ആള്‍ക്കൂട്ട വ്യക്തിത്വത്തിന്റെ വളരെ മടങ്ങ് ശക്തിയുള്ളതാണ്. ഒരേ സമയം വായിക്കുകയും എഴുതുകയും പലരുമായും ചര്‍ച്ചയിലേര്‍പ്പെടുകയും ചെയ്യാന്‍ പറ്റുന്ന വിചിത്ര വിദ്യ. ഇത് അവന്റെ ഒറ്റയ്ക്കിരുന്നുള്ള ആള്‍ക്കൂട്ടം മെനയലിനെ എളുപ്പമാക്കുന്നു. ഇങ്ങനെ ഒരു പ്രതിഭാസത്തിന്റെ ദൃഷ്ടാന്തമാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 27നും 28നും മലയാളം ബ്ലോഗില്‍ സംഭവിച്ചത്.ലോകത്തിന്റെ പലഭാഗത്തുനിന്നുമുള്ള ബ്ലോഗുപ്രിയരായ മലയാളികള്‍ പെട്ടെന്ന് ഒരു പ്രകോപനവുമില്ലാതെ മേല്‍പ്പറഞ്ഞതരത്തിലുള്ള ആള്‍ക്കൂട്ടം സ്വരൂപിച്ചെടുക്കുകയും രണ്ടു ദിവസത്തോളം അത് ഒന്നിച്ചു നീങ്ങുന്ന ഒരു ഉറുമ്പിന്‍പറ്റം പോലെ നടന്നു നീങ്ങുകയും ചെയ്തു. വെറും ഒരു ദോശ ഉണ്ടാക്കാന്‍ വച്ചിരുന്ന എണ്ണ കിനിഞ്ഞിറങ്ങി അതില്‍ ഒരു കമന്റിന്റെ തീപ്പൊരി പാറി വീഴുകയും അത് പെട്ടെന്ന് ആളിക്കത്തി കൂടുതല്‍ ബ്ലോഗ് ശലഭങ്ങളെ ആകര്‍ഷിക്കുകയും ചെയ്തു. (ഈ എണ്ണയില്‍ പെട്രോളിന്റെ അംശം ഉണ്ടായിരുന്നോ?) ഇതു കെടുത്താന്‍ അവര്‍ തന്നെ ഒഴിച്ച വെള്ളം പെട്ടെന്നു പ്രളയസ്വരൂപം പൂണ്ട് എല്ലാവരേയും ഒരു ചുഴിയിലാക്കുകയും ആ ചുഴിയുടെ ഭ്രമണപഥത്തില്‍ നിന്നും വേര്‍പെട്ടു് മുങ്ങിയും പൊങ്ങിയും നീന്തിയും തുടിച്ചും തിമിര്‍ത്താടി ക്രീഡാലോലുപസ്ഥിതിവിശേഷം വന്നു ചേര്‍ന്നു. അവരറിയാതെ ഒരു ഉത്സവമോ മത്സരക്കളിയോ രൂപപ്പെട്ടു. നിറുത്താനാവാത്ത ഒരു സുരതോത്സവം പോലെ രണ്ടുദിവസത്തോളം ഇതില്‍പ്പെട്ടവര്‍ മോഹാലസ്യസുഖത്തില്‍ ആണ്ടു മയങ്ങി. പലപ്പോഴും ഒരിക്കലും നിറുത്താത്ത ഒരു ഹൈസ്പീഡ് തീവണ്ടി പെട്ടെന്നു നിറുത്തിയതിന്‍ വണ്ണം പദ്യങ്ങള്‍, ശ്ലോകങ്ങള്‍, തത്വചിന്തകള്‍, സ്നേഹപ്രീണനങ്ങള്‍, ഭര്‍സനങ്ങള്‍, വാചാടോപങ്ങള്‍ എന്നിവയൊക്കെ ചാടിയിറങ്ങി. തമ്മില്‍ കെട്ടിപ്പുണര്‍ന്നും വെട്ടിയും കുത്തിയും കവിളില്‍ തലോടിയും കൂരമ്പെയ്തും പൂക്കള്‍ വര്‍ഷിച്ചും ഈ കളി മുന്നേറി. സാഹിത്യവും കലയും എന്നുവേണ്ട, വിവിധ മേഖലകളുടെ നിമ്ന്നോന്നതങ്ങളില്‍ ഒഴുകിയിറങ്ങി, വലിഞ്ഞ്കയറി രസിച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ഉയരങ്ങളിലേക്കു ചാണ്ടിയെറിയപ്പെട്ട ഭാഷക്കിളുന്തുകള്‍ അനേകം ഫ്ലൂറസന്റ് റ്റെന്നീസ് പന്തുകള്‍ പോലെ ശീഘ്രം‍ അങ്ങോട്ടുമിങ്ങോട്ടും ചാടിക്കളിക്കുന്ന മനോഹരദൃശ്യമായി സ്പേസ് യാത്രക്കാര്‍ക്കു ഇത് അനുഭവപ്പെട്ടിരിക്കണം. നര്‍മ്മത്തിന്റെ കണ്ണികള്‍ ഇണക്കിയ ഒരു വല താഴെ വലിച്ചുകെട്ടപ്പെട്ടീരുന്നതിനാല്‍ ‍ ആരും വീണ് പരിക്കേറ്റില്ല. ഒടുവില്‍ തളര്‍ന്നു മയങ്ങി ആലസ്യം വിട്ടെഴുന്നേറ്റപ്പോഴേയ്ക്കും 630 ഓളം ഭാഷാശകലങ്ങള്‍ അവര്‍ക്കു നടുവില്‍ കൂമ്പാരം കൂട്ടപ്പെട്ടിരുന്നു.

ഈ അപൂര്‍വ്വ ഭാഷക്കളിയെ വെറുതേ വിടാമോ? ഇരുപത്തിനാലു കാരറ്റിന്റെ ആശയങ്ങളണിഞ്ഞോ ആഴമുള്ള പഠനങ്ങളുടെ ഓലക്കെട്ടുഭാണ്ഡമേറിയോ തത്വചിന്തയുടെ പുതുപ്ലാസ്റ്റിക് സുഗന്ധം വമിക്കുന്ന മെഴ്സിഡെസ് ബെന്‍സിലോ അല്ല ഈ കമന്റുകളൊക്കെ എത്തിയത്. ഇതൊരു അര്‍ത്ഥശൂന്യമായ തമാശയാണെന്നാണ് പങ്കെടുത്ത ഒരാള്‍‍ക്ക് ആദ്യം തോന്നിയത്.. “എന്തിലും പ്രകടമായ അര്‍ത്ഥങ്ങള്‍ കണ്ടുപിടിക്കണമെന്ന ആധുനികലോകത്തിന്റെ ഇടുങ്ങിച്ചുരുങ്ങിയ മനശ്ശാസ്ത്രത്തിനു നേരേയുള്ള ഒരു കൊഞ്ഞനം കുത്തലാണെ“ന്ന നിര്‍വ്വചനം അദ്ദേഹം മുന്‍പില്‍ വച്ചു. പക്ഷെ അടുത്തനിമിഷത്തില്‍ അദ്ദേഹത്തില്‍ തിരിച്ചറിവിന്റെ കുളിര്‍ പാഞ്ഞു, തന്റെ സംശയത്തിന്റെ കുരുക്കുകള്‍ ഇങ്ങനെ അഴിച്ചു: “ലോകവ്യാപകമായി ചിതറിക്കിടക്കുകേം ഇരിക്കേം നടക്കേം ചെയ്യുന്ന മലയാളികളെ ഏകോപിപ്പിക്കുവാന്‍ ഒരുപുതുലോകക്രമം ഉണ്ടാകേണ്ടത് കാലഘട്ടപ്പൊട്ടന്റെ ആവശ്യമാണ്.” മണിക്കൂറുകള്‍ക്കകം ഇതിന്റെ വിശദമായ സാധൂകരണവും മറ്റൊരു ബ്ലൊഗിന്റെ കമന്റാക്കി ഇദ്ദേഹം തന്നെ കുറ്റിയടിച്ചു കൊടിനാട്ടി. “ഒരു അച്ചടി മാധ്യമത്തെക്കാള്‍ വൈവിധ്യമാര്‍ന്ന സാധ്യതകളും ബാധ്യതകളും ബ്ലോഗുകള്‍ പലപ്പോഴും കൈക്കൊള്ളാറുണ്ട്. ഭൂമിശാസ്ത്രപരമായ അതിരുകള്‍ പ്രശ്നമാക്കപ്പെടാതിരിക്കുക, വിപുലമായ കണ്ടെന്റുകളും കണ്ടെന്റ് ഫോറ്മാറ്റുകളും ഉള്‍ക്കൊള്ളാന്‍ കഴിയുക, ഇന്ററാക്റ്റീവ് കണ്ടന്റ് മോഡിഫിക്കേഷന്‍ സാധ്യമാവുക എന്നതൊക്കെ തന്നെ ബ്ലോഗുകള്‍ക്ക് വ്യതസ്തമായ ഒരു തലം അല്ലെങ്കില്‍ നിലനില്‍പ്പ് സാധ്യമാക്കാറുണ്ട്.............സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങിന്നായി ഉപകരിക്കപ്പെടുന്ന തരം ബ്ലോഗുകള്‍ക്ക് കുറേക്കൂടി വലിയ കാഴ്ച്ചക്കാര്‍/ഇടപെടുന്നവര്‍ ഉണ്ടാകും...........ഒരു ബ്ലോഗില്‍ (ദോശയോ ഇഡ്ഡലിയോ ആയിക്കോട്ടെ) 600 കമന്റ് വീഴുമ്പോള്‍ സൃഷ്ടിക്കപ്പെടുന്നത് അരാജകത്വമല്ല, പല രാജ്യങ്ങളില്‍ ചിതറിപ്പോയവരുടെ ഒരു ഗെറ്റ് റ്റുഗതറാണ്...... ........“ (പൊന്നപ്പന്‍, ശോണിമയുടെ ചോദ്യരൂപേണയുള്ള ബ്ലോഗിന്റെ കമന്റ്. )

എന്നാല്‍ ഒരു “ഗെറ്റ് റ്റുഗതര്‍’ എന്നതു മാത്രമല്ല ഇത്തരം ഭാഷാക്കലവികളുടെ സാംഗത്യവും പ്രാധാന്യവും. സൈബര്‍ മലയാളത്തെ സംബന്ധിച്ച് ചരിത്രപരമായ കാര്യമാണ്, വളര്‍ച്ചാഘട്ടത്തിന്റെ സാക്ഷ്യപ്പെടുത്തലാണ്. “ഓടുന്ന പട്ടിയ്ക്ക് ഒരുമുഴം മുന്‍പേ” എറിഞ്ഞിരിക്കുകയാണ് നമ്മള്‍. ഇനിയും എഴുതാനുള്ള പരീക്ഷകളിലൊന്നാമത്തെ എഴുതി പാസ്സായിരിക്കുകയാണ്. സൈബര്‍ സ്പേസില്‍ നാമ്പു കിളിര്‍ത്തു നില്‍ക്കുന്ന കുഞ്ഞു മലയാളത്തിനു വേണ്ടി ഉറക്കമിളച്ചു നടത്തിയ വെള്ളം കോരലാണ് ആ രണ്ടു ദിവസങ്ങളില്‍ നടന്നത്. നാമ്പിനു ചുറ്റും തടമെടുത്ത് ശാഖകള്‍ നീളുമ്പോള്‍ ചാഞ്ഞുപോകാതെ താങ്ങു കമ്പുകള്‍ ഇപ്പോഴേ ഉറപ്പിച്ചിരിക്കുന്നു. ഇനി വരാനുള്ള ഇന്റെര്‍നെറ്റ് മലയാളത്തിലെ ചില പ്രയോഗങ്ങള്‍‍ ഇതിലൂടെ വ്യവസ്ഥാപിതമായിരിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. പുതിയ “പഴ”ഞ്ചൊല്ലുകളും രസോക്തികളും നിലവില്‍ വന്നിരിക്കുന്നത് ഉദാഹരണം. “”പോസ്റ്റു കിടക്കും കമന്റോടും”. “കമന്റാത്തവര്‍ കമന്റുമ്പോള്‍ കമന്റുകൊണ്ടാറാട്ട്”. “ബ്ലോഗനാര്‍ കാവ്” “ഒരു പൂ ചോദിച്ചാല്‍ ഒരു പൂക്കാലം തന്നെ കൊടുക്കുന്നവര്‍ ആണ് ബൂലോകര്‍”..എന്നിങ്ങനെ പോകുന്നു.

എന്നാല്‍ വളരെ നീണ്ടുപോയ അസംബന്ധമായ ഒരു ചാറ്റിന്റെ പ്രതിരൂപമല്ലേ ഇത്, അതിന്റെ മൂലപരിസരത്തുനിന്നും അടര്‍ത്തിമാറ്റി പരിശോധിക്കണമോ എന്നൊക്കെയുള്ള സംശയങ്ങള്‍ തികച്ചും ന്യായമായി ഗണിക്കപ്പെട്ടേക്കാം. ഇതില്‍ പങ്കെടുത്ത മിക്കവരും കമ്പ്യൂടര്‍ കൊണ്ട് ഉപജീവനം കഴിക്കുന്നവരാണ്. ഏകതാനതയിലുള്ള ഈ ജോലിയിലെ മടുപ്പ് അവരുടെ ജോലിയുടെ ഭാഗമായ യന്ത്രം കൊണ്ടു തന്നെ വിനോദോപാധിയായും മാറ്റാമെന്നതു കൊണ്ട് കമ്പ്യൂടര്‍ ഉപയോഗിച്ചുള്ള കളികളില്‍ അവര്‍ മുങ്ങിത്താഴുന്നതും നീന്തിത്തുടിയ്ക്കുന്നതും അത്ര അസ്വാ‍ഭാവികമൊന്നുമല്ല. പണ്ടുകാലത്ത് നമ്പൂതിരിമാര്‍ സമൃദ്ധമായുള്ള ഊണു കഴിഞ്ഞു മുറുക്കിത്തുപ്പി കൂ‍ട്ടം കൂടിയിരുന്ന് നടത്തിയ വിനോദങ്ങള്‍ക്കപ്പുറം പോകുമോ ഈ കമ്പ്യൂടര്‍ കഥകളികള്‍? ഒരു നേര്‍താരതമ്യം സാദ്ധ്യമല്ലെങ്കില്‍ക്കൂടി ഇത്തരം വിനോദങ്ങളെ ‍ അന്നേ തന്നെ കളികളായി തൂത്തുവാരിക്കളഞ്ഞിട്ടില്ല, കാലം എന്നു നമ്മള്‍ ധരിക്കേണ്ടതാണ്. പടര്‍ന്നുപന്തലിച്ചുകൊണ്ടിരുന്ന ഭാഷയ്ക്കു അക്ഷരശ്ലോകം സമസ്യാപൂരണം ഇവയൊക്കെ താങ്ങായിരുന്നിട്ടുണ്ട്. ശൃംഗാരകാവ്യങ്ങളുടെ ഒരു ശാഖതന്നെ പൊട്ടിമുളയ്ക്കാന്‍ പ്രേരകശക്തിയായി എന്നു മാത്രമല്ല യാത്രക്കളി പോലെയുള്ള ദൃശ്യകലകള്‍ക്കും നിമിത്തമായിത്തീര്‍ന്നു ഈ നേരമ്പോക്കുകള്‍‍. കഥകളിയുടെ വളര്‍ച്ചയേയും ഈ നിര്‍ദ്ദോഷഗെറ്റ് റ്റുഗതര്‍ സഹായിച്ചിട്ടുണ്ട്.

ഏപ്രില്‍27-28 കമന്റോല്‍‍സവം മൂന്നു കാര്യങ്ങളാണ്‍ പ്രധാനമായും സാധിച്ചെടുത്തത്.ഒന്ന് ഇന്റെര്‍നെറ്റില്‍ മലയാളം വാരിക്കോരി ഉപയോഗിക്കപ്പെടും എന്ന നിശ്ചയ ദാര്‍ഢ്യവും സത്യ്‌വാങ്മൂലവും പ്രദാനം ചെയ്യപ്പെട്ടതിനു പുറമേ സജീവമായി നിലകൊള്ളുമെന്ന മുന്കൂര്‍‍ ജാമ്യവും ഇത് നേടിത്തന്നു. വര്‍ദ്ധിച്ച ഉപയോഗം ഭാഷയെ വളര്‍ത്തുമെന്ന ലളിതതത്വം ഇവിടെ സംഗതമാണ്. രണ്ട്, സൈബര്‍ മാധ്യമത്തെ സംബന്ധിച്ചിടത്തോളം മലയാളത്തിലുള്ള സംവേദന-പ്രതിസംവേദന പ്രക്രിയ ക്ഷിപ്രസാദ്ധ്യമാണെന്നു തെളിയിക്കപ്പെട്ടു.. മൂന്നാമതായുള്ളത് രണ്ടാമത്തെ കാര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വരമൊഴിയുടെ ആത്യന്തികമായ അംഗീകാരവും ആഘോഷവുമായിരുന്നു ഈ ഉത്സവം. വരമൊഴിയുടെ പ്രായോഗിക നിബന്ധനകളും സംവിധാനത്തിലെ പരികല്‍പ്പനകളുടെ വേഗതതയും പരീക്ഷിക്കപ്പെട്ടു. സ്വല്‍പ്പം കൈത്തഴക്കം സ്വായത്തമായാല്‍‍ അതിവേഗം പ്രയോഗിക്കവുന്ന എഴുത്തുരീതിയാണെന്നുള്ളതിന്റെ തെളിവ്. വിരല്‍ത്തുമ്പും കീബോര്‍ഡുംകൊണ്ടുള്ള ഈ അതിവേഗ അക്ഷരതില്ലാന മിക്കവരും പഠിച്ചെടുത്തിരിക്കുന്നു. ഈ ചടുലനൃത്തരൂപത്തിന്റെ വിന്യാസങ്ങള്‍ വരമൊഴിയുടെ ധന്യനിമിഷങ്ങള്‍ക്ക് താളം പകരുന്നു.

തല്‍ക്കാലം ഇതു ധാരാളം.