സാഹിത്യകാരൻ എന്നല്ലാതെ വാത്സല്യമതിയായ സുഹൃത്ത്
ആയിക്കാണപ്പെടാനായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ളയ്ക്ക് താൽപ്പര്യം. എഴുത്തിലൂടെ
ഉണ്ടാക്കിയെടുത്ത വലിപ്പം എവിടെയാണ് കുഞ്ഞബ്ദുള്ള ഒളിപ്പിച്ചു വച്ചിരുന്നത് എന്നത്
ഇന്നും അദ്ഭുതം.ഉൽക്കടകാമത്തെപ്പറ്റി,
കാരുണ്യത്തെപ്പറ്റി, മരണത്തെപ്പറ്റി, ഭൂമിയിൽ ഇറങ്ങി വരുന്ന ദൈവത്തെപ്പറ്റി, വിഭ്രമാത്മക ജീവിതത്തെപ്പറ്റി ധാരാളം എഴുതിയ അദ്ദെഹത്തിനു
ഇവയുടെ ഈതിബാധകൾ ഏൽക്കാത്ത നിർമ്മലവും സ്വച്ഛമായതുമായ ജീവിതം ഇണക്കിയെടുക്കാൻ പറ്റിയതായിരിക്കണം ഇതിന്റെ രഹസ്യം. മൈത്രീഭാവം
കൂമ്പാരംകൂട്ടി നിർമ്മിച്ച മലമുകളിലെ അബ്ദുള്ളയണ് ‘കുഞ്ഞിക്ക’. പക്ഷെ മരണത്തിന്റെ
കഥകൾ എഴിതാൻ പ്രത്യേകതാൽപ്പര്യം കാത്തു സൂക്ഷിച്ചത് മരണത്തെ കഥയിൽ ഒതുക്കി
നേരിടാനുള്ള ഉൾവിളി ആയിരുന്നോ? അതിസാധാരണത്വവും
ഭ്രമാത്മകതയും കമ്പോടു കമ്പ് വെച്ചു കെട്ടി ഒരു വൃക്ഷചിത്രം
വരച്ചെടുക്കുകയായിരുന്നു പുനത്തിലിന്റെ കഥാവിനോദ ഔത്സുക്യം. ഫാന്റസി എല്ലാം
ദൈനന്ദിന ജീവിതചര്യാ നിമിഷങ്ങളിലും വന്നുടക്കുന്നതു കാരണം മരണം
കാലമാം കടലിന്നക്കരെയോ ഇക്കരയോ എന്ന ചിന്താക്കുഴപ്പങ്ങളൊന്നുമില്ല. “കുഞ്ഞബ്ദുള്ളാ, നിങ്ങൾ
ഇക്കഴിഞ്ഞ ഒക്റ്റോബർഇരുപത്തി ഏഴാന്ത്യേ മരിച്ചു, അറിഞ്ഞോ” എന്നു അദ്ദേഹത്തോട്
ചോദിച്ചാൽ സ്വതവെ സ്വൽപ്പം കിണുക്കമുള്ള തുറന്ന ചിരിയായിരിക്കും മറുപടി.’മരണാന്തരം-1’ ഇലെ ജേഷ്ഠൻ തന്നെ അദ്ദേഹം.
ജീവിതത്തിൽ സുഖങ്ങൾക്ക് പ്രാധാന്യം കൽപ്പിച്ചിരുന്നുവെങ്കിലും ഉള്ളിന്റെയുള്ളിൽ നിർമ്മമത കാത്തു സൂക്ഷിച്ച ആത്മാവ് മരണത്തെ ഒരു അന്തിമ നിമിഷമായി കരുതാൻ വിസമ്മതിച്ചിരുന്നുവോ? ദയാവധത്തിനു തയാറാകുന്ന ഡോക്ടറുടെ കഥയിൽ ആത്മപ്രകാശനത്തിന്റെ ലാഞ്ഛന തോന്നിയെങ്കിൽ കുറ്റം പറയാനില്ല. “നാം ഇരുവർ” ഇലെ ഡോക്റ്റർ ജീവിതം ഒരു ഭാവനമാത്രമായിക്കണുന്നതും (“ഞാൻ എന്ന ഭാവന അവസാനിക്കുകയാണ്”) അല്ലെങ്കിൽ ഇത്രയും നാളത്തെ ജീവിതം പലേതിൽ ഒന്നു മാത്രമായ ഒരു സാദ്ധ്യതയായി മാത്രം മരണാസന്നതയിൽ അനുഭവഭേദ്യമാവുന്നതും ദാർശനികന്റെ സർവ്വസ്വതന്ത്രത പ്രാമാണിതമാക്കപ്പെടുന്നതാണ്. കഥാകാരൻ മരണം എന്ന സത്യത്തെ ലാളിത്യവൽക്കരിച്ച്, ലാളിച്ച് ഏകാന്തയാത്രയിലെ അദൃശ്യകൂട്ടുകാരനാക്കി യാത്രതുടരുകയാണ് ആ കഥയിൽ. ‘അവസാനത്തെ തിരിയും കെട്ടിട്ട് പോയാൽപ്പോരേ” എന്ന് ചോദിക്കുന്ന അജ്ഞാത യുവതി (‘ക്ഷേത്രവിളക്കുകൾ’) ആരാണെന്നതിൽ സംശയമില്ല.
തന്റെ
ചരമദിനത്തെ അലങ്കോലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ് തന്നിട്ടുണ്ട് അദ്ദേഹം. ‘മൂന്നു ഹൃദ്രോഹികൾ’ ഇൽ സ്വന്തം ചരമദിനം താറുമാറാക്കുന്നവർക്ക് മരിച്ചു പോയ ബറാമി വന്ന് മരണം തന്നെ
വിധിയ്ക്കുന്നു. മൃത്യു
സ്വയം മനസ്സിലാക്കുന്നവരോ അത് തേടിപ്പോകുന്നവരോ പല കഥകളിലേയും പ്രധാന
കഥാപാത്രങ്ങളാണ്. മരണത്തിന്റെ അങ്ങേപ്പുറവും ഇങ്ങേപ്പുറവും ഉള്ള ലോകങ്ങൾ
തൊട്ടുതൊട്ടു കിടക്കുന്നവ, സ്ഥിരം പോക്കുവരവ്
സാദ്ധ്യമായുള്ളവയാണ് കുഞ്ഞബ്ദുള്ളയുടെ ലോകത്ത്.
‘ശൂന്യാകാശത്തിൽ ഒരു മൃതദേഹം’ ഇലെ
രാമനാഥനെപ്പൊലെ സ്വന്തം ശവശരീരം തനേ കുഴികുത്തി അടക്കുന്നവർക്ക് രണ്ട് ലോകങ്ങളില്ല.
മരിച്ചു കഴിഞ്ഞ് കഥ പറയുന്ന കഥാപാത്രങ്ങളെ
കുഞ്ഞബ്ദുള്ളയ്ക്ക് പ്രിയമായിരുന്നു. ‘സമൂഹം’ ഇലെ നായകനെപ്പോലെ, മരണം
കൊതിയ്ക്കുന്ന “മരണപത്ര”ത്തിലെ നായകനെപ്പോലെ. “…സ്വന്തം
വീട്ടിൽ നിന്നും അത് എത്രയൊ അകലെയാണു. മരണം ഒരു നക്ഷത്രത്തെപ്പോലെ ഏഴാനാകാശത്തിൽ
അയാളുടെ വീടിനെ കാത്തുസൂക്ഷിച്ചുകൊണ്ട് മുനിഞ്ഞു മുനിഞ്ഞു കത്തുന്നു. ആ
ഭാഗ്യനക്ഷത്രം ഇനിയും ഈ ഭൂമിയിൽ ഇറങ്ങി വരണമെങ്കിൽ ഇനി എത്രയോ പ്രകാശവർഷങ്ങൾ അയാൾ
കാത്തിരിക്കണം. “ശ്മശാനത്തിലെ
സുഹൃത്തുക്കൾ” ഇൽ നായകൻ സ്വന്തം ശവക്കല്ലറയിൽ വന്നു
വീഴുകയാണ്. “എന്നെ ശ്മശാനത്തിലേക്കു നയിക്കുന്ന ഞാൻ” ആത്മകഥാംശം നിറഞ്ഞതാണ്. സ്വമേധയാ ശവക്കുഴിയിൽ കയറി
കിടക്കുന്നു ഞാൻ എന്ന നായകൻ. ‘മരിച്ചവർ ഉറങ്ങുന്ന വീട്’ ഇലെ ഛായാചിത്രങ്ങളിലെ കഥാപാത്രങ്ങൾക്ക്
എപ്പോൾ വേണമെങ്കിലും പുറത്തിറങ്ങി നമ്മോട് സംസാരിക്കാം. കഥയിലെ നായകനും ഒരു
ഛായാചിത്രമായി മാറുകയാണ്. :മരണാനന്തരം-2 ഇലെ നായകൻ മരണമെത്തുന്ന നേരത്ത്
ആത്മാവിന്റെ പ്രവർത്തനം നേരിട്ട് അനുഭവിക്കുന്നതിൽ സന്തോഷിക്കയാണ്. “”വിലപ്പെട്ട ജീവൻ
പോയാൽ ഇത്രനല്ല ഒരാത്മാവുണ്ടെന്നുള്ളത് ഇപ്പോഴല്ലേ മനസ്സിലാവുന്നത്? അൽപ്പം കൂടെ നേരത്തെ മരിയ്ക്കമായിരുന്നു” എന്ന തോന്നലിലാണ്
മരണത്തിന്റെ പുണ്യം.‘ഒരാൾ മരിച്ചതുകൊണ്ട്’, ‘ദൈവം സാക്ഷി’ ഇങ്ങനെ ഒരു പറ്റം
കഥകൾ മരണം എന്ന അപൂർവ്വനിർവൃതിയെ ഉദാത്തവൽക്കരിക്കാൻ, നിർവ്വചനം മാറ്റിമറിയ്ക്കാൻ ഉദ്ദേശിച്ച് എഴുതിയവ തന്നെ.
ത്രിശൂരെ സാഹിത്യ അക്കാഡമിയിൽ ഫോടോ വച്ചാൽ അതിൽ നിന്ന് ഇറങ്ങി വന്ന് നമ്മോട് സംസാരിച്ചേക്കും കുഞ്ഞബ്ദുള്ള. ചില്ലിട്ടു വച്ച ഫോടോകൾക്കു പിന്നിൽ സുഖലാലസജീവിതമാണെന്നു തെറ്റിദ്ധാരണ പരത്തുന്നതാണു നാട്ടുനടപ്പ്, ഭീകരദുരന്തങ്ങൾ പേറിയവരാണവർ എന്ന സത്യം അറിഞ്ഞ കുഞ്ഞബ്ദുള്ള (മരിച്ചവർ ഉറങ്ങുന്ന വീട്) ആ ഗതികേട് വരാതെ ഒരു തോന്നിയവാസിയുടെ ജീവിതം മാത്രമാണ് ജീവിച്ചു തീർത്തതെന്ന് എന്നോട് പറയുമെന്നാണ് എന്റെ വിശ്വാസം. ഇനി ഞാൻ ഫോൺ വിളിയ്ക്കുമ്പോൾ “ഞാൻ മരിച്ചത് അറിഞ്ഞല്ലോ ഇല്ലേ. ആഴ്ചപ്പതിപ്പുകളൊക്കെ നന്നായിട്ട് ഘോഷിച്ചു” എന്ന് പറയാനും മതി.
ജീവിതാസക്തി അമിതമായി സ്വാധീനിച്ചിരുന്നതിനാലായിരിക്കുമോ മരണം ഒരിക്കലും അന്തിമനിർവ്വാസമല്ലെന്ന് വാശിപിടിച്ചിരുന്നത്? രതി എന്ന ജന്മവാസന അതിസാധാരണ ചോദനാപരിണതി തന്നെയായിട്ടാണ് കുഞ്ഞബ്ദുള്ളക്കഥകളിൽ തെളിഞ്ഞു വിലസുന്നത്. മരണവും രതിയും കൂടിക്കുഴയുന്നതും രതിയിൽ മരണം ഒളിപ്പിച്ചിട്ടുണ്ട്, മരണത്തിൽ രതി ഉണ്ട് എന്നതും പല കഥകളിലെയും ഒളിഞ്ഞ ദർശനമായി കനൽ നീറുന്നു. ആറാമിന്ദ്രിയം, പുത്രകാമന എന്നീ കഥകളൊക്കെ രതിയുടെ ഭാവദർശനവൈവിദ്ധ്യം പേറുന്നവയാണ്. യാഥാസ്ഥിതിക കുടുംബത്തിലെ മുസ്ലിം പെൺകുട്ടി സ്വച്ഛന്ദരതി തേടിപ്പോകുന്നത് കഥാങ്കുരമാക്കാൻ പണ്ടേ ധൈര്യം കാണിച്ചിരുന്നു ഈ സ്മാരകശിലാസ്ഥാപകൻ. സ്വന്തം പേരു തന്നെ ആ കാമവിവൃതാകാരനു നൽകാനും –ആയിരത്തൊന്നു രാവുകളിലെ അബ്ദുള്ളാസങ്കൽപ്പമാണ് ആധാരമെങ്കിലും- –മറന്നില്ല അദ്ദേഹം. കഥ ആ പെൺകുട്ടിയക്കുറിച്ചല്ല, സർവ്വകാമനാഭീഷ്ടദായകനായ അബ്ദുള്ളയെക്കുറിച്ചാണെന്നുള്ളത് യാദൃശ്ചികമാകാനിടയില്ല.
‘സത്യസന്ധതയില്ലാതെ സാഹിത്യമില്ല. സ്വന്തം പേരുവച്ചാലും
പരോക്ഷമായി വല്ലതും പ്രയോഗിക്കണം” എന്നാണു ‘കിളിപ്പാട്ട്’ എന്ന കഥയിലെ
പ്രസ്താവന. “ഞാൻ’ എന്ന നായകന്റെ കഥനം ഉൾക്കൊള്ളുന്ന കഥകളിൽ ആത്മകഥാംശം എത്രയുണ്ട്? അതിവിദഗ്ധമായി
വായനക്കാരുടെ മനസ്സിനെക്കൊണ്ട് ചെപ്പും പന്തും കളിപ്പിച്ചില്ലേ ഇദ്ദേഹം? ഈ കഥകളിലെ
വ്യക്തിത്വങ്ങൾ പലതും ആവേശിച്ച അല്ലെങ്കിൽ കയറിക്കൂടി ജീവാംശങ്ങളും ശരീരാംശങ്ങളും
സ്വരൂപിച്ചതായിരുന്നു പുനത്തിലിന്റെ സ്വകാര്യജീവിതവും. ഒരേ സമയം തെറ്റും ശരിയുമാണ്
പ്രദർശിതമാകുന്നത്. നേരിട്ടു പറഞ്ഞ
സ്വജീവിതാനുഭവങ്ങൾ പലപ്പോഴും അതേ പടി കയറിക്കൂടിയിട്ടുണ്ട് പല കഥകളിലും. സ്വന്തം രത്യോന്മുഖമായ “എസ്ക്കെപ്പേഡി”കൾ എത്രമാത്രം സത്യമാണ്, അവയിലെ കഥം എത്ര, യഥാതഥം
എത്ര എന്ന് ആർക്കും പിടി തരാതെ വഴുതി മാറിക്കളഞ്ഞു അദ്ദേഹം. ഈ നിഗൂഢത കഥകളിൽ ആവിഷ്ക്കരിച്ച് നമ്മെ കുഴക്കുന്നത്
കുഞ്ഞബ്ദുള്ളയുടെ രചനാതന്ത്രം തന്നെ ആയിരുന്നില്ലേ? ഇതല്ലേ അദ്ദേഹത്തിന്റെ കഥാചാരുതയുടെ മർമ്മം? കർമ്മകാണ്ഡത്തിന്റെ മർമ്മം? കാമനകൾ തുറന്നറിയിക്കാൻ
മടിയില്ലാതിരുന്ന ആൾ അതിന്റെ പ്രായോഗികതയിൽ യുക്തിതേടിയില്ലെങ്കിൽ
അദ്ഭുതപ്പെടാനില്ല. രതിയോടുള്ള പ്രിയം
തുറഞ്ഞുപറഞ്ഞിരുന്നതു പോലെ ആഹാരത്തോടുള്ള ആസക്തിയും ഒളിച്ചു വച്ചിരുന്നില്ല.
എളുപ്പം നിർമ്മിച്ചെടുക്കുന്ന സുഹൃൽബന്ധങ്ങൾ പരാശ്രയം മാത്രമാണ് അതിജീവനത്തിന്റെ കാമ്പ്
എന്ന ബോധത്തിന്റെ ദൃഷ്ടാന്തങ്ങൾ
ആയിരുന്നില്ലേ?പരാശ്രയനിബദ്ധമായ ജീവിതമല്ലേ പെണ്ണിന്റെ
ചുണ്ടിൽത്തന്നെ ഉമ്മവയ്ക്കാനുള്ള സാദ്ധ്യതകൾ ഒരുക്കിത്തരുന്നത്? (‘വിളിച്ചാൽ വരുന്ന വസ്തുക്കൾ’ എന്ന കഥ).
എന്നോടൊപ്പം താമസിച്ച കാലത്ത് എന്റെ ഒരു ഷർട് വേണമെന്ന് വാശി പിടിച്ച ആളാണദ്ദേഹം എന്നത് ഈ ഔത്സുക്യത്തിന്റെ അനുരണനം തന്നെ. ഞാൻ ഉപയോഗിച്ചതാണിത്, പുതിയ ഒരെണ്ണം വങ്ങിത്തരാം എന്ന് അറിയച്ചപ്പോൾ സമ്മതമല്ല. ആ ഷർട് അതി സുന്ദരമാണെന്നും അതു മാത്രം മതിയെന്നും പുതിയത് വേണ്ടെന്നും വാശി പിടിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കഥകളെപ്പറ്റി വിശദമായി ചർച്ച ചെയ്യാൻ കിട്ടിയ അവസരം ഞാൻ പാഴാക്കിയില്ല. അതിൽ നിഷ്ക്കളങ്കാഹ്ലാദം കൊള്ളുകയായിരുന്നു ആ ബ്രഹുദ് മനസ്സ്. പിന്നീട് നാട്ടിൽച്ചെന്ന് “പ്രിയപ്പെട്ട കഥകൾ “ പുസ്തകമാക്കിയപ്പോൾ എനിക്ക് സമർപ്പിക്കുന്നെന്ന പോലെ ആമുഖം എഴുതി എന്നെ വിസ്മയിപ്പിച്ചു. അദ്ദേഹത്തിന്റെ കഥകളെല്ലാം എന്റെ പ്രേമഭാജനങ്ങൾ ആണെന്ന് തലക്കെട്ടിൽ തന്നെ എഴുതി എനിക്ക് ഷോക്ക് തന്നതും കുഞ്ഞബ്ദുള്ളയുടെ അദ്ഭുത സ്നേഹദാർഢ്യപ്രത്യക്ഷം. പത്തുകഥകൾ മാത്രം തെരഞ്ഞെടുക്കാനുള്ള പ്രയാസം, വായനക്കാർക്ക് എല്ലാ കഥകളും ഇഷ്ടമാണെന്ന് സമർത്ഥിക്കാൻ എന്റെ പ്രസ്താവന കൊണ്ട് വ്യംഗ്യമായി സൂചിപ്പിക്കുകയല്ലായിരുന്നോ എന്ന് സംശയം.
കുഞ്ഞബ്ദുള്ളയുമായി വിശദമായ ഒരു അഭിമുഖം റെക്കോർഡ് ചെയ്തിരുന്നു ഞാൻ, ഓഡിയോ ടേപ്പിൽ. സാഹിത്യം, സിനിമാ, രചനാതന്ത്രങ്ങൾ, എന്നു വേണ്ട കൊച്ചു ദുഃഖങ്ങൾ, വലിയ സങ്കടങ്ങൾ ഒക്കെ കാടുകയറിപ്പടർന്ന ഒരു നീണ്ട വർത്തമാനം. എം റ്റിയോടുള്ള ആരാധന, സക്കറിയയുമായുള്ള ഗാഢസ്നേഹബന്ധം ഇങ്ങനെ വ്യക്തിപരവും അല്ലാത്തതുമായ കാര്യങ്ങൾ ഇടമുറിയാതെ ധാര ചൊരിഞ്ഞ അവസരം. ഗൾഫ് ദേശത്തെ മലയാളികൾ അവാർഡുകൾക്കൊന്നും പരിഗണിക്കാതെ അദ്ദേഹത്തെ വിട്ടു കളഞ്ഞതിലുള്ള സങ്കടം വ്യക്തമാക്കി ഇടയ്ക്ക്. പഴയ ഒരു ടേപ്പ് പ്ലേയറിൽ അത് വച്ച് എഴുതിയെടുത്തു കൊണ്ടിരുന്നപ്പോൾ ടേപ്പ് അകത്തൊക്കെ ചുറ്റിപ്പിടിച്ച് കുരുങ്ങി. രക്ഷപെടുത്താൻ നോക്കിയത് കൂടുതൽ കുരുക്കിലാക്കി, പൊട്ടിപ്പോയി. ഇതു തീരാനഷ്ടമായി ഇന്നും വ്യഥ സമ്മാനിക്കുന്നു.
പക്ഷേ ഞാൻ കുണ്ഠിതപ്പെടേണ്ടതില്ല. കഥാചരിത്രത്തിന്റെ, വായനാവഴികളിലെ സ്മാരകശിലകളിൽ എന്നെന്നേയ്ക്കുമായി ആലേഖനം ചെയ്യപ്പെട്ട് അവ ആഖ്യാനമാന്ത്രികതയുടെ തിളക്കത്തിൽ സ്വയം പ്രകാശിക്കുന്നുണ്ട്. അമരത്വത്തിന്റെ മാണിക്യക്കല്ല് തലയിലേറ്റിയ കഥാഖ്യാനസർപ്പം( ‘ചില ജീവിതയാഥാർഥ്യങ്ങൾ’ ഇലെ പാമ്പ് തന്നെ) കാലം വിരിച്ചിട്ട വലകൾക്കിടയിലൂടെ വളഞ്ഞ് പുളഞ്ഞ് നിത്യപ്രയാണം ചെയ്യുകയാണ്.
ഒന്നിലും കുരുങ്ങാതെ.