Saturday, February 16, 2008

Beginning of the Beginning-ഫ്യൂഷന്‍ സി. ഡി.കളിലെ വമ്പന്‍‍

Beginning of the Beginning
Golden Krithis
Vol 3
Universal Music India Pvt. Ltd. Mumbai. 2003
www.musicindia.com
Retail Prize: Rs. 150


“ഫ്യൂഷന്‍” എന്നത് ഭാരതീയസംഗീതത്തില്‍ നിര്‍വചിക്കാന്‍ എളുപ്പമല്ലാതെ ഏതു വലയത്തില്‍‍പ്പെടുത്തിയാലും വഴുതുന്ന ഒരു സംജ്ഞയാണ്. വിപണിയില്‍ ഇറങ്ങിയിട്ടുള്ള ഭാരതീയസംഗീതാലേഖന സഞ്ചയത്തില്‍‍ ഇതിന്റെ കൈവഴികള്‍ ഏറെയാണ്. രുചിഭേദമനുസരിച്ച് നിര്‍വചനവും മാറിമറിയും. ഒന്നില്‍ക്കൂടുതല്‍ സംഗീതശൈലികള്‍ ഒന്നിച്ചൊന്നാകുന്ന സവിശേഷതയാണെന്ന് സമ്മതിക്കുകയാണെങ്കില്‍ 2003 ല്‍ പുറത്തു വന്ന “The Beginning of the Beginning" തീര്‍ച്ചയായും മുന്‍പിലെത്തി കാതും മനസ്സും പിടിച്ചെടുത്ത് കീഴടക്കും. തികച്ചും വശ്യവും സമ്മോഹനവും പുതുമയാര്‍ന്നതുമാണ് ഈ സി. ഡി യിലെ കൂട്ടുനാദക്കലവികള്‍. വിശ്വമോഹന ഭട്ടും രൊണു മജുംദാരും ഔസേപ്പച്ചനും ബിക്രം ഘോഷും ശിവമണിയുമൊക്കെ ചേരുന്ന അപൂര്‍വ സംഗമം.

രവി ശങ്കറും യഹൂദി മെനുഹിനും കൂടിച്ചേര്‍ന്നൊരുക്കിയ “East Meets West" നമുക്ക് തുറന്നു തന്നതാണ് പുതിയ വഴി, ഭാരതീയ ഫ്യൂഷന്‍ സംഗീതത്തിലെ ചാലകം. അവരുടെ “സ്വരകാകളി” പോലത്ത ശ്രുതിവിജൃംഭിത പരീക്ഷണങ്ങള്‍ താളമേളക്കൊഴുപ്പിന്റേയും ശ്രവണസുഖത്തിന്റേയും നിദര്‍ശനങ്ങളാണ്. ആകാശവാണി, വിജയരാഘവ റാവുവിന്റേയും പ്രപഞ്ചം സീതരാമിന്റേയും വിവിധ ഭാരതീയ ഉപകരണങ്ങളുടെ നൂതനസങ്കലനം വാദ്യവൃന്ദം എന്ന പേരില്‍ പണ്ടേ പ്രക്ഷേപണം ചെയ്യുകയുണ്ടയിട്ടുണ്ട്. ഇന്നത്തെ പ്രേം ജോഷ്വായുടെ പല പരീക്ഷണങ്ങളും ഇതിന്റെ പിന്തുടര്‍ച്ച പോലെ കാണപ്പെടുന്നു. ചെറുപ്പക്കാര്‍ക്കിടയില്‍ വളരെ പ്രചാരമുള്ള തല്‍വീന്‍‍ സിങ്ങിന്റെ കൃതികളാവട്ടെ ഇലക്ട്രോണിക് പശ്ചാത്തലവും തബലയുടെ ഏകതാനവിന്യാസങ്ങളുമായി വേറിരു ദിശയില്‍ സഞ്ചാരമാണ്. കാരൈക്കുടി മണിയും വിക്കു വിനായകറാമും മറ്റും താളങ്ങളുടെ സങ്കീര്‍ണമേഖലകളില്‍ വ്യപരിച്ച് നൂതന ഭാവന പാട്ടുകേള്‍വിക്കാര്‍ സമക്ഷം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ശൈലീസങ്കരപരീക്ഷണങ്ങള്‍ക്ക് തയാറായിട്ടീല്ല. എന്നാല്‍ ശരത്-കാരൈക്കുടി മണി ടീമിന്റെ “അമൃതം” പോലുള്ള റിലീസുകള്‍ ഹൃദ്യമായ പുതുമയ്ക്ക് ധൈര്യപ്പെട്ടിട്ടുണ്ടെന്നത് വിസ്മരിക്കാവുന്നതല്ല. ഫ്യൂഷന്‍ എന്ന വിവക്ഷയില്‍ സാമ്പ്രദായികമായിട്ട് ഒരു കീര്‍ത്തനമോ കൃതിയോ അവതരിപ്പിച്ചിട്ട് പിന്നില്‍ പക്ഷിചിലയ്ക്കുന്നതോ മറ്റു ഇലെക്ട്രോണിക് ശബ്ദമോ നല്കി ഈ ജനുസ്സില്‍ കയറിപ്പറ്റാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. East-West-meet പദസംഘാതങ്ങള്‍ രവിശങ്കറിനെത്തന്നെ പിന്നീട് മടുപ്പിച്ചിരിക്കണം. ‘West Eats Meat' എന്നൊരു പ്രകാശനത്തിനു പേരിടനുള്ള സ്വാരസ്യം ഈ മനോഭാവമായിരുന്നില്ലെ എന്നു സംശയം. വെസ്ടേണ്‍ ഗാനം ഭാരതീയ ഉപകരണത്തിന്റെ വരുതിയിലാക്കുന്നത്‍ ഫ്യൂഷന്‍ എന്ന നിര്‍വചനത്തോടടടുത്തു നില്‍ക്കുന്നുണ്ടെങ്കില്‍ വീണ ഇ. ഗായത്രിയുടെ Wow Classical Instrumental Remix എന്ന സി. ഡി ലിസ്റ്റില്‍പ്പെടുത്താം. പല പ്രസിദ്ധ വെസ്റ്റേണ്‍ പാട്ടുകാരുടെ പാട്ടുകളും കര്‍ണാടകസംഗീതത്തിന്റെ ഛായയില്‍ വരുത്തനുള്ള സഫലശ്രമമാണിത്. സ്റ്റീവി വണ്ഡറിന്റെ “I just called to say I love you", മൈക്കിള്‍ ജാക്സന്റെ Heal the World ഒക്കെ ഗായത്രി അനായാസമായി വീണയില്‍ സന്നിവേശിപ്പിക്കുമ്പോള്‍ അരോചകത്വമോ നാടന്‍ മണ്ണില്‍ പറിച്ചു നട്ടതിന്റെ യുക്തിരാഹിത്യമോ അനുഭവപ്പെടുകയില്ല. എന്നാല്‍ ഇമ്മാതിരി ഒരുമ്പെടലുകള്‍ക്ക് ഒരു നിശ്ചിത ഓര്‍ക്കെസ്ട്രേഷന്‍ നിഷകര്‍ഷയോ വാദകരുടെ നിയോഗപ്പെടുത്തലില്‍ അനുഭവഭേദ്യമായ സീക്വന്‍സോ നിരീക്ഷിക്കാന്‍ പ്രയാസമാണ്.

ഇവിടെയാണ് "Beginning of the Beginning" എന്ന സി. ഡി വ്യത്യസ്തമാകുന്നത്. നിരവധി സംഗീതജ്ഞര്‍ കൂട്ടായി പ്രകമ്പനമൊരുക്കിയെടുത്തതാണ‍ ഈ കേള്‍വിക്കുളിര്‍. പ്രധാന വാദകരല്ലാതെ റിതം അറേഞ്മെന്റിനും സ്കോര്‍ നൊടേഷനും മ്യൂസിക് ഡിസൈനുമൊക്കെ ചുമതലക്കാരുണ്ട്. ഒരു സമഗ്ര ഓറ്കെസ്ട്രേഷന്‍ അണിനിരത്തല്‍. പാട്ടിന്റെ ഗതി അതുകൊണ്ടു തന്നെ വളവു തിരിവുകള്‍ സ്വാംശീകരിച്ച് ഒഴുകുകയാണ്.വെസ്റ്റേണ്‍ ഓര്‍കെസ്ട്ര നിഷ്കര്‍ഷ പോലെ വാദകരുടെ വ്യക്തിത്വത്തെക്കാള്‍ ഓറ്കെസ്ട്രായുടെ പ്രത്യക്ഷത്തിനു പ്രാധാന്യം നല്‍കുന്ന മുറ. വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നത് നിസ്സാരക്കാരല്ല. മോഹന വീണ വിശ്വമോഹന്‍ ഭ്ട്ട്. ഫ്ലൂട് രൊണു മജുംദര്‍. നാദസ്വരം മാമ്പലം എം. കെ. എസ് ശിവ. തബലയ്ക്ക് ബിക്രം ഘോഷ്. മൃദംഗം അനൂര്‍ അനന്തകൃഷ്ണ ശര്‍മ്മ. വയലിന്‍ സാക്ഷാല്‍ ഔസേപ്പച്ചന്‍ തന്നെ. ഡ്രംസിന്‍് മറ്റാരുമല്ല,ഇക്കാര്യത്തില്‍ ബഹുകേമന്‍ ശിവമണി. ജൈപാല്‍ രാജിന്റെ കീ ബോര്‍ഡും എല്‍. ശേഖറിന്റെ സോളോ ചെല്ലൊ (cello)യും. ഇതു കൂടാതെ വയലിനും വിയോലയ്ക്കും ചെല്ലോയ്ക്കും ഡബിള്‍ ബാസ്സിനും വേറെ വന്‍ സംഘവുമുണ്ട്. സ്കോര്‍ നൊടേഷനും കണ്ഡക്റ്റിങും കെ. ശങ്കര്‍.കണ്‍സെപ്റ്റ് ആന്‍ഡ് മ്യൂസിക് ഡിസൈന്‍ പി. ഘനശ്യാം എന്ന് സ്ലീവ് നോട്സില്‍ കാണുന്നതിനാല്‍ ഇദ്ദേഹമായിരിക്കണം ഇതിന്റെ സൂത്രധാരന്‍. ഒഴുക്കു തിരിച്ചു വിടുന്ന സംഗീതജ്ഞന്‍. അങ്ങനെയാണെകില്‍ അതീവ ബുദ്ധിയോടെയും ചാരുതയോടെയുമാണ് ഹംസധ്വനിയും നളിനകാന്തിയുമൊക്കെ മധുരദ്രവണലായനിയാക്കിയിരിക്കുന്നത്. സങ്കീര്‍ണതയില്ലാത്ത സംലയനം. നേരത്തെ തയാറാക്കിയ നിശ്ചിത നൊടേഷനില്‍ ഭാരതീയ ഉപകരണസംഗീതജ്ഞര്‍ വഴി തുടരുന്ന അപൂര്‍വവേള.അതും സഞ്ചാരങ്ങള്‍ കര്‍ണാടക- ഹിന്ദുസ്ഥാനി-പാശ്ചാത്യ വഴികള്‍ പിന്തുടര്‍ന്നു പുതുഭാവവും ഊര്‍ജ്ജസ്വലതയും ഉള്‍ക്കൊള്ളുന്ന നിഷ്കര്‍ഷാപൂര്‍വമുള്ള പ്രയോഗങ്ങള്‍. ഇതില്‍ ഒരു പ്രത്യേക ശൈലിയും എഴുന്നരുളുകയോ ഒരു വാദകനും പ്രാമുഖ്യം നിലവിലാക്കുകയോ അങ്ങനെയൊരു നിര്‍ബ്ബന്ധബുദ്ധി പ്രകടമാക്കുകയോ ചെയ്യുന്നില്ല എന്നതും പ്രത്യേകതയാണ്. തുടക്കം മുതല്‍ ഒടുക്കംവരെ ഒരു സംഘമായി നീങ്ങുന്ന അവതരണരീതി മറ്റു ഫ്യൂഷന്‍ സി. ഡികളില്‍ നിന്നും തികച്ചും വ്യത്യസ്തമാക്കുന്നു. രാഗച്ഛായ പ്രകടിപ്പിക്കാനുള്ള അതിരു കവിഞ്ഞ വ്യഗ്രത നിശ്ശേഷമാക്കപ്പെട്ടിരിക്കുനന്നു, സമഗ്രമായ അവതരണത്തിനു മുന്‍തൂക്കം നല്‍കിയിരിക്കുന്നു എന്ന കാര്യങ്ങളാല്‍ ‍ കേള്‍വി സുഖം ഏറെയാണ്. കീര്‍ത്തനങ്ങളുടെ ഭാവപ്രചുരിമ അശേഷവും നഷ്ടപ്പെടാതെ അതിനെ നവീന ഓര്‍ക്കെസ്ട്രേഷനില്‍‍ മുക്കിയുരുക്കിയിരിക്കുന്നു.

ആകെ അഞ്ചു ട്രാക്കുകളില്‍ മൂന്നെണ്ണമാണ് ഈ സിംഫണിചാതുര്യങ്ങള്‍‍ വിളമ്പുന്നത്. Beginning of the Beginning (ഹംസധ്വനിയില്‍ ‘വാതാപി ഗണപതിം), Listen to Me (നളിനകാന്തിയില്‍ “മനവി ആലകിഞ്ചരാദടെ”) പിന്നെ പിലു രാഗത്തിന്റെ വര്‍ണക്കാഴചകള് അവതരിപ്പിക്കുന്ന “Spectrum of Piloo" എന്നതും. മറ്റു രണ്ടു ട്രാക്കുകളും വിശ്വമോഹന്‍ ഭട്ടിനു വിട്ടുകൊടുത്തിരിക്കുന്നു,പരമ്പരാഗത രീതിയില്‍ ഭൈരവിയും ‘വൈഷ്ണവ ജനതോ‘യും വാദനം ചെയ്യാന്‍. മേല്‍പ്പറഞ്ഞ മൂന്നു ട്രാക്കുകളിലും ഓര്‍കെസ്ട്ര ആണ് പാട്ടിനെ നയിക്കുന്നത്.പലയിടത്തും സംഘം ചേര്‍ന്ന വയലിനും ചെല്ലൊയും കീബോറ്ഡിലെ നാനാതരം ഉപകരണങ്ങളും പ്രത്യേക സ്വരതാളങ്ങളിലൂടെ മെലഡിയെ പലയിടങ്ങളിലും എത്തിച്ച്ചേര്‍ക്കുകയാണ്.

നാദസ്വരത്തില്‍ മംഗളാവേശം പോലെ ഉയരുന്ന ഹംസധ്വനി ആലാപത്തോടെയാണ് തുടക്കം.ആചാരപ്രകാരമുള്ള വിഘ്നേശ്വരന്റെ ആശീര്‍വാദം തേടലല്ല ‘വാതാപി‘ വാദനം കൊണ്ടുദ്ദേശിക്കുന്നത്, Beginning of the Beginning എന്ന പേരു സൂചിപ്പിയ്ക്കുന്നതു പോലെ ഗംഭീരമായ തുടക്കമാണെന്ന വിളംബരമാണ്. തികച്ചും കര്‍ണടക ശൈലിയിലുള്ള ഈ ആലാപനം ഹിന്ദുസ്ഥാനി ശൈലിയില്‍ മോഹനവീണ ഏറ്റെടുക്കുന്നുണ്ട്. ഉണര്‍ത്തുപാട്ട് പ്രതീതിയുളവാക്കാന്‍ chimes/gongs മണിയടികള്‍. ആലാപനം പിന്തുടരുന്ന ഓടക്കുഴലിനു (1 min. 23 sec.) പിന്നില്‍ വെസ്റ്റേണ്‍ വയലിന്റെ അകമ്പടിയുണ്ട്. കീ ബോര്‍ഡില്‍ പിയാനോ സ്വരങ്ങള്‍ പടിപടിയായി ആരോഹണം ചെയ്ത് വീണ്ടും വീണ- വയലിന്‍- നാദസ്വരത്തിലെത്തുന്നു. 2 min 20 sec ല്‍ orchestrated violin ല്‍ രാഗഭാവം ഭാരതീയവും പാശ്ചാത്യവുമായ വാദനത്തില്‍ സഞ്ചരിക്കുകയാണ്. സഞ്ചാരങ്ങള്‍ ശ്രുതി താഴ്ത്തിയും ഉയര്‍ത്തിയും ആവര്‍ത്തിക്കുന്നു. കര്‍ണാടിക് ഛായയില്‍ മറ്റൊരു വയലിന്‍‍ സംഘം വ്യാപൃതരാവുന്നു, concerto രീതി പിന്തുടരുന്ന വാദ്യവൃന്ദത്തില്‍ തബലയും മൃദംഗവും ഇടകലരുന്നു. ഈ സ്വരസംയോഗങ്ങള്‍ തീവ്രതയാര്‍ന്ന് ഒരു വന്‍ ഓര്‍കെസ്ട്രയുടെ നടുവിലാണ് നമ്മള്‍ എന്ന പ്രതീതി ഉളവാക്കുന്നുണ്ട്. കര്‍ണാറ്റിക് വയലിനു വ്യത്യസ്തത അണയ്ക്കാ‍ന്‍ ഡ്രംസ് അകമ്പടി. 4m 05s ല്‍ തബലയുടെ നടകള്‍ക്കു അപ്പുറത്തും ഇപ്പുറത്തുമായി ചില staccato പ്രയോഗങ്ങള് (കൃത്യവും നിശിതവുമായി ഒരു സ്വരമോ വ്യത്യസ്ത സ്വര‍മോ വിട്ട് വിട്ട് പ്രയോഗിക്കുന്നതാണ് staccato). 4m 15s ലാണ് നാദസ്വരത്തില്‍ ‘വാതാപി’ പല്ലവി ആവിര്‍ഭവിക്കുന്നത്. മോഹനവീണയുമായി പല്ലവിയുടെ ആവര്‍ത്തനം സംഗതികള്‍ സഹിതം. മൃദംഗവും തബലയും മാറി മാറി. ഈ മെലഡിയ്ക്കു പിന്നില്‍ മന്ദ്രമായി ഉയര്‍ന്നു താഴുന്ന വയലിന്‍ സംഘത്തിന്റെ ഹാര്‍മണിയുണ്ടെന്നുള്ളത് വ്യത്യസ്തയുളവാക്കുന്ന സവിശേഷതയാണ്.5m 51s ല്‍ വെസ്റ്റേണ്‍ ശൈലിയില്‍ ആവര്‍ത്തനമുണ്ട്. അതിനു ശേഷം കീബോര്‍ഡിലെ ഹാര്‍മണി അകമ്പടിയോടെ ഓടക്കുഴല്‍. തബല-മൃദംഗം താളക്രമവിന്യാസങ്ങള്‍ക്ക്കു ശേഷം ഡ്രംസ് അകമ്പടിയോടെ മധുരതരമായി വയലിനില്‍ ചില സ്വരപ്പെടുത്തലുകള്‍. (6m 54s വരെ). ‘ഭൂതാദി സംസേവിത ചരണം“ നാദസ്വരത്തിലും വീണയിലും ആവര്‍ത്തിച്ചശേഷം “ഭൂത ഭൌതിക......” ആവര്‍ത്തനങ്ങള്‍ക്കു ശേഷം എല്ലാ വാദ്യവും ഒരുമിച്ച് ഒന്നുകൂടി ഉയര്‍ത്തി എടുക്കുന്നുണ്ട്. “വീതരാഗിണം......” എന്ന കല്‍പ്പനാസ്വരം വയലിന്‍+ഡ്രംസ്,നാദസ്വരം+മൃദംഗം,വീണ+തബല എന്നിങ്ങനെ സങ്കലിച്ച് മുന്നേറിയിട്ട് അവസാ‍നം മോഹനവീണയില്‍ ശൃതി ഒന്നു താഴ്ത്തി പൂര്‍ത്തീകരിക്കുന്നു. 8m 05s ല്‍ സ്വരസംയോഗങ്ങള്‍ ഉളവാക്കുന്ന പശ്ചാത്തലം അതിമധുരമാണ്. പാശ്ചാത്യവും ഭാരതീയവുമായ വയലിന്‍ ശൈലികളില്‍ ‍ ഇടകലര്‍ന്ന് ഹാര്‍മണൈസിങ് ഇണക്കിച്ചേര്‍ത്തിരിക്കുന്നു. സ്വരസംയോഗങ്ങളുടെ കയറ്റിറക്കങ്ങള്‍ ചാരുതയാര്‍ന്നവയാണ്. ഓടക്കുഴലില്‍ മെലഡി ഉണര്‍ത്തുമ്പോള്‍ ഉന്നത റേഞ്ചില്‍ ഹാര്‍മണി പ്രതിധവനിക്കുന്നു, ചിലപ്പോള്‍ മെലഡിയൊപ്പമോ അതില്‍ മേലെയോ എത്താനുള്ള വ്യഗ്രതയും ഇവിടെ കാണാം. Orchestrated violin പുതിയ ഗതിവിഗതികള്‍ തേടുന്ന പ്രതീതിയാണ് (8m 44s). 9m 26s ല്‍ staccato പ്രയോഗങ്ങള്‍ വീണ്ടും ഉണരുന്നു, ശേഷം വെസ്റ്റേണ്‍ നോട്സിലാണ് ഹംസധ്വനിയുടെ മുദ്രാസ്വരങ്ങള്‍ എഴുന്നുവരുന്നത്.‍9m 36s ല്‍ തരംഗരീതിയില്‍ ഉയര്‍ന്നു താണു പൊങ്ങുന്ന ഓര്‍കെസ്ട്ര നിശ്ചിത ശൈലിയില്‍ പെടുന്നില്ല എന്ന തോന്നല്‍ ഉളവാക്കുന്നു.9m 51s ല്‍ വീണ്ടും ഓര്‍കെസ്ട്ര ഗതിമാറുന്നു, ചില legatto (സ്വരങ്ങള്‍ വിട്ടു വിട്ടല്ലാതെ സൌമ്യമായി ഒന്നോടൊന്നു ചേരല്‍, staccatoയ്ക്കു വിപരീതമായി) സഹിതം.’പുരാകുംഭസംഭവം....’ നാദസ്വരം മാത്രമണെടുക്കുന്നത്. “പ്രണവസ്വരൂപം വക്രതുണ്ഡം‘ ആവര്‍ത്തനത്തിനിടയ്ക്ക് വെസ്റ്റേണ്‍ വയലിന്‍ പ്രയോഗമുണ്ട്. “കരാംബുജ പാശ ബീജാരൂപം....’വയലിന്‍+മൃദങ്ഗം ആവര്‍ത്തനത്തിനു ശേഷം നാദസ്വരവും ഓര്‍കെസ്ട്രയും ഒന്നിച്ച് ഏറ്റുപാടി, മോഹനവീണ ശ്രുതി താഴ്ത്തി അതാവര്‍ത്തിച്ച് ആ ചരണഖണ്ഡം വ്യത്യസ്തമാക്കുന്നു. സാമ്പ്രദായിക ഓര്‍കെസ്ട്ര അവസാനിപ്പിക്കുന്ന രീതിയില്‍‍ ഡ്രംസിലും സിംബത്സിലുമുള്ള പ്രയോഗത്തോടെ ആദിയില്‍ ഉണ്ടായ പ്രണവസ്വരൂപമായ നാദം ഹംസധ്വനിതരംഗമായി അവസാനിക്കുന്നു.


രണ്ടാം സംഗീതദ്രവണം നളിനകാന്തി രാഗത്തിന്റെ അഭൌമസൌന്ദര്യത്തെ തൊട്ടു തലോടി ഉണര്‍ത്തലാണ്. (Track 3). “Listen to me" എന്ന പേര്‍ അന്വര്‍ത്ഥമാകുന്നത് “മനവി ആലകിഞ്ചരാദടേ” (“മണവ്യാളകിഞ്ചരാ” എന്നു ചെമ്പൈയും മറ്റും പ്രചാരത്തിലാക്കിയ പാഠഭേദമുണ്ട്) എന്ന ത്യാഗരാജകൃതിയുടെ അപേക്ഷാഭാവം പിടിച്ചെടുത്തതിനാലാണ്. “എന്റെ അപേക്ഷ കേള്‍ക്കുന്നില്ലേ മനസ്സേ” എന്നതിന്റെ സാരം . കീ ബോര്‍ഡില്‍ രാഗത്തിന്റെ ചില സ്വരങ്ങള്‍‍ പൊടിതൂളിക്കൊണ്ടാണ് തുടക്കം. ആദ്യത്തെ 50 സെക്കന്റിലുള്ള ഇലെക്ട്രോണിക് ശബ്ദകോലാഹലങ്ങള്‍ സ്വല്‍പ്പം അരൊചകമുളവാക്കുന്നുണ്ട്, സംഗീതശില്‍പ്പത്തെ ബാധിക്കുന്നുണ്ട്. പക്ഷേ കീബോര്‍ഡില്‍ ‘മനവി ആലകിഞ്ചരാ എന്ന ചൊല്ലും(1m 15 s) തുടര്‍ന്നു വരുന്ന തനി പാശ്ചാത്യ നോട്സില്‍ നളിനകാന്തി വിരിയിക്കുന്നന്ന വയലിന്‍ ഓര്‍ക്കെസ്ടെഷന്നും ഈ അരോചകതയെ നിസ്സാരമാക്കുന്നു. ഹിന്ദുസ്ഥാനി ഫ്ലൂട് തബലയുടെ പിന്തുണയോടെ തുടക്കത്തിന്റെ കുളിര്‍മയേകുന്നു.2m 44s ല്‍ മധുരതരമായ കര്‍ണാറ്റിക് വയലിന്‍ വാദനത്തിനു വെസ്റ്റേണ്‍ ഹാര്‍മണിയുടെ അകമ്പടി. തബല‍/ഡ്രംസ് പകരുന്ന വിന്യാസങ്ങള്‍, 3m 15s ല്‍ നാദസ്വരത്തില്‍ പല്ലവി ആരംഭിയ്ക്കുന്നതില്‍ എത്തിയ്ക്കുന്നു. ഇതിനെ അനുഗമിയ്ക്കുകയാണ് മോഹന വീണ.കീര്‍ത്തനത്തിന്റെ അപേക്ഷാഭാവം മുഴുവന്‍ ആവര്‍ത്തനങ്ങളില്‍ ഉരുത്തിരിയുന്ന ‘സംഗതി‘കളില്‍ പ്രതിഫലിച്ചിരിക്കുന്നു. 5m 26s ല്‍ കര്‍ണാടിക് വയലിനു ശേഷം വരുന്ന ഓര്‍കെസ്ട്രേഷന്‍ വെസ്റ്റേണ്‍ രീതി ആണെങ്കിലും കീര്‍ത്തനത്തിന്റെ ഭാവം തെല്ലും ഉപേക്ഷിച്ചിട്ടില്ല. “ഘനുഡൈനി ശ്രീ രാമചന്ദ്രുനീ” എന്ന ആദ്യചരണം ആദ്യവരി നാദസ്വരതില്‍ എടുത്തതിനെ‍ (5m 52s) വയലിന്‍ ഓറ്കസ്ട്രേഷന്‍ പിന്തുണയ്ക്കുകയാണ്. ഈ ചരണാദ്യം മോഹനവീണ രാഗാലാപനയിലൂടെയാണ് വിസ്തരിക്കുന്നത്. പല്ലവിയുടെ ആവര്‍ത്തനം നാദസ്വരവും മോഹനവീണയും ഒരുമിച്ച്. പിന്നീടുള്ള ഫ്ലൂട് സ്വല്‍പ്പമേ ഉള്ളുവെങ്കിലും മധുരതരമാണ്. (8m 20s).ഓര്‍കെസ്ട്രാ സംഘം ഹാര്‍മണി ഉണര്‍ത്തുന്നത് പിയാനോസ്വരം ഉളവാക്കുന്ന മെലഡിയ്ക്ക് കൂട്ടു ചേരാനാണ്. “കര്‍മ്മകാണ്ഡമതാകൃഷ്ടുലൈ“ ചരണം നാദസ്വരത്തിനു ശേഷം മോഹനവീണ ആവര്‍ത്തിക്കാതെ ചില സ്വരസഞ്ചാരങ്ങളില്‍ കര്‍ണ്ണമധുരമാക്കപ്പെടുകയാണ്. തബല്യ്ക്കു പകരം പലപ്പോഴും ഡ്രംസ് പിന്തുണ. പാശ്ചാത്യ ഓര്‍കെസ്ട്രേഷന്‍ രീതിയില്‍ അവസാനിപ്പിക്കുന്നത് മോഹനവീണയുടെ സ്വനങ്ങള്‍ക്ക് തബലയും ഡ്രംസും സിംബല്‍സു സഹിതം കൂട്ടു ചെര്‍ന്നാണ്.

അവസാന ട്രാക്കായ “Spectrum of Piloo" അദ്ഭുതാവഹമായ ഗതിവിഗതികളും താളവിന്യാസങ്ങളും പിലു രാഗത്തിന്റെ നിംനോന്നതങ്ങളുടെ സൂക്ഷ്മമേഖലകള്‍ തേടിപ്പോകുന്ന അനുഭവവും ഒക്കെക്കൂടി സംഗീതധാരാസംഗമത്തിലെ മുങ്ങിക്കുളി തന്നെ. വെസ്റ്റേണ്‍ ഓറ്കെസ്ട്രേഷന്റെ പല സാദ്ധ്യതകളും ഉപയോഗിച്ചാണ് ഇതിലെ ഭാവപ്രകടനം. മോഹനവീണയ്ക്കോ നാദസ്വരത്തിനോ ഓടക്കുഴലിനോ അകമ്പടി സേവിക്കുന്നെന്ന മട്ടില്‍ ഉളവാക്കപ്പെടുന്ന ഹാര്‍മണി, മെലഡിയ്ക്കൊപ്പമോ അതിനു മുകളിലോ വര്‍ത്തിച്ചെന്നു വരും, ഊര്‍ജ്ജപ്രകരണം വഴി.‍അനുഭൂതി വിശേഷങ്ങള്‍ ഉണത്തിയെടുക്കുന്ന ജോലി പ്രധാന വാദകരുടെ മെലഡി മാത്രമല്ലാതെ ഓര്‍ക്കെസ്ട്രേഷന്റെ പ്രകടനവും ഏറ്റെടുക്കുന്നു. രാഗപ്രകാശനം ധുന്‍ ന്റേയും ഗസലിന്റേയും നാടന്‍പാട്ടിന്റേയും നേര്‍ഛായ വഴി തുറന്നെഴുമ്പോള്‍ വയലിനും ചെല്ലോയും വിയോലയും വെസ്റ്റേണ്‍ ഓറ്ക്കെസ്ട്രേഷന്റെ തനിമ വിടാതെ ഒപ്പം സഞ്ചരിക്കുന്നു. പേരു സൂചിപ്പിക്കുന്നതുപോലെ പിലു രാഗത്തിന്റെ വര്‍ണക്കാഴചകള്‍. സ്വല്‍പ്പം വിസ്തരിച്ചുള്ള ആലാപനം മോഹന വീണ മീട്ടിയെടുക്കുന്നതോടെയാണ് തുടക്കം. വരാന്‍ പോകുന്ന വന്‍തിരയിളക്കത്തിന്റെ സൂചനകളൊന്നുമില്ല. 3m 9s ലാണ് കീബോര്‍ഡിലെ സ്വനപ്പെടുത്തലോടെ ഫ്ലൂടിലുള്ള ചില ചെറു വിദ്യകളിലൂടെ തനതു‍ രാഗച്ഛയ വിടര്‍ത്തുന്നത്. പിന്നീട് (4m 21s-ല്‍) പ്രാരൂപികമായ വെസ്റ്റേണ്‍ ഓര്‍ക്കെസ്ട്രെഷന്‍ വയലിന്‍ സംഘത്തിനു പിയാനോ സ്വരങ്ങളോടെ അകമ്പടിയിടുന്നത് ഫ്ലൂട്ടിന്റെ മെലഡിയ്ക്കാണ്, harmonic chords മെല്ലെ നിര്‍മ്മിച്ചു വരികയാണ്. ചെല്ലോയുടെ മുഴക്കമുള്ള ധ്വനി (5m 20 s) ഗൌരവഭാവം അണച്ചതിനു ശേഷം ശക്തമായ ഓര്‍ക്കെസ്ട്ര സഞ്ചാരങ്ങള്‍ ഉണര്‍ന്നുയരുന്നു. ഇത്രയും നേരം മെലഡിയില്ല എന്നത് പ്രത്യേകതയാണ്. 6 m 46 s ല്‍ മോഹന വീണ പല്ലവിയുണര്‍ത്തുമ്പോള്‍ ചെല്ലോയും ബേസും ഒന്നിച്ച് താഴത്തെ ഒക്ടെവുകളില്‍ ആവര്‍ത്തിക്കുന്നുണ്ട്.(6 m 56s). ഇവിടം മുതല്‍ തബല ഊര്‍ജ്ജ്വസ്വലമാകുകയാണ്. ഓര്‍ക്കെസ്ട്ര അതിശക്തി പ്രാപിച്ച് മുന്‍പോട്ട് കുതിയ്ക്കുകയാണ്. ചടുലമായ സഞ്ചാരങ്ങള്‍. മോഹനവീണയുടെ മന്ദമായ മെലഡിയ്ക്ക് ദ്വന്ദമെന്നപോലെ വയലിന്‍ സംഘം ശീഘ്രതരമായി കുതിച്ചൊഴുകുന്നു. മെലഡിയോടൊപ്പമുള്ള അതിതീവ്രതയും ഈ ഓര്‍കെസ്ട്രല്‍‍ ഹാര്‍മണി ഉളവാക്കുന്നുണ്ട്. ഗതിവേഗം ആധിക്യം പൂണ്ട് ഒരു മൂര്‍ച്ഛന്യത്തിലെത്താനുള്ള ഒരുമ്പെടല്‍. 8 m40 s ല്‍ ഈ ആരോഹണശ്രമം ഒരു ഉത്തുംഗമേഖലയിലെത്തിച്ചേരുന്നു.

ഒരു ഗസല്‍ സ്വഭാവമുള്ള ഈണവുമായി എത്തുകയാണ് മോഹന വീണ 9 m 30 s ല്‍. പ്രണയലോലുപമായ അഭ്യര്‍ത്ഥനാഭാവം തുടിച്ചുനില്‍ക്കുന്ന ഈ പല്ലവിയുടെ ചരണം നാദസ്വരം ആവര്‍ത്തിക്കുന്നു. ഹിന്ദുസ്ഥാനി മട്ടില്‍ ഓര്‍ക്കെസ്ട്ര ഇതാവര്‍ത്തിക്കുന്നുണ്ട്.പിന്നീട് (12m 2 s ല്‍)നാദസ്വരത്തിനു പിന്നില്‍ ഓര്‍ക്കെസ്ട്ര ഉണര്‍ത്തുന്ന counter melody സൂക്ഷ്മഭാവനയുടേയും കേള്‍വിസുഖത്തിന്റേയും ഉദാഹരണം. ആവര്‍ത്തിച്ച് വരുന്ന ചില സഞ്ചാരങ്ങള്‍ polyphonic പ്രതീതി ഉളവാക്കുന്നു.ശേഷം ഹാര്‍മണിയുടെ ആവര്‍ത്തന ഫ്രെയ്സസ് സുഖകരമാണ്. ചെല്ലോയും കീബോര്‍ഡ് സ്വരങ്ങളും പ്രധാനമായി. മോഹന വീണയും വയലിന്‍ സംഘവുമായി ചില ഡയലോഗുകളുമുണ്ടിവിടെ.15 m 49 s ല്‍ മെലഡി ഏറ്റെടുക്കുന്നത് വയലിനാണെന്നത് പ്രധാനം, ചെല്ലോയുടെ അകമ്പടിയ്ക്ക് പ്രാമുഖ്യം. 16 m 18 s ലെ ചെല്ലോ-വയലിന്‍ ഡ്യൂഎറ്റ് തികച്ചും ഭാരതീയമാണ്, ഒരു പുതുമയ്ക്കുവേണ്ടി. തുടര്‍ന്ന് മറ്റൊരു ഈണവുമായി മോഹന വീണ എത്തുമ്പോള്‍ ഓര്‍ക്കെസ്ട്ര ആരോഹണ-അവരോഹണസ്വരങ്ങളിലൂടെ വഴി തേടുകയാണ്. ഇനിയും വാദ്യസംഘമാണ് രാഗവിഗതികള്‍ തീരുമാനിയ്ക്കുന്നത്. ഇവിടത്തെ ഗിറ്റാര്‍ ബിറ്റുകള്‍ അതിമനോഹരം തന്നെ. പിന്നീടുള്ള നാദസ്വരവായന പീലു രാഗത്തിന്റെ കര്‍ണാടകസംഗീത സമാനമായ കാപി രാഗത്തിലാണ്. ചില staccato പ്രയോഗങ്ങള്‍ നാദസ്വരത്തിനു പിന്നില്‍. അവസാനം ഒരു കച്ചേരിയുടെ പ്രതീതി ഉളവാക്കാനെന്നവണ്ണം അതിഗംഭീരമായ തനിയാവര്‍ത്തനത്തിലേക്കു തിരിയുകയാണ്, ബിക്രം ഘോഷും അനന്തകൃഷ്ണ ശര്‍മ്മയും ശിവമണിയും. തബലയും മൃദമ്ഗവും ഡ്രംസും പ്രകമ്പനം കൊള്ളിയ്ക്കുന്നത് മത്സരപ്രതീതിയില്‍ തന്നെ. താമസിയാതെ ചെല്ലോയുടെ മുഴക്കത്തോടെ, ഡ്രംസും സിംബത്സും അകമ്പടിയോടെ പതിവിനനുസൃതമായി ഓര്‍ക്കെസ്ട്ര കലാശിക്കുന്നു.

പിലുവിന്റെ നാലു വ്യത്യസ്ത സംഗീതഭാവനയാണ് Spectrum of Piloo എന്ന ഈ ട്രാക്കില്‍ ഉരുത്തിരിയുന്നത്. അതും വ്യത്യസ്ത താളങ്ങളില്‍ക്കൂടി.എന്നാല്‍ ഓര്‍ക്കെസ്ടേഷന്‍ സംഘവും സ്വന്തം മെലഡികള്‍ ഹിന്ദുസ്ഥാനി/കര്‍ണാടിക് മട്ടില്‍ ഉണര്‍ന്നുയര്‍ത്തുണ്ട്. വീണ- ഫ്ലൂട്-നാദസ്വരം വാദനം സാമ്പ്രദായികമായ ശൈലി നിലനിറുത്തുമ്പോള്‍ത്തന്നെ പാശ്ചാത്യ ഓര്‍ക്കെഷ്ട്രേഷന്‍ ഇതിനെ വെല്ലുവിളിക്കാനോ മറികടക്കാനോ ഒരുമ്പെടുന്നില്ല.വയലിന്‍ സംഘം പാശ്ചാത്യ ശൈലിയും ഭാരതീയശൈലിയും മാറിമാറി ആശ്ലേഷിക്കുന്നത് അസാമാന്യ നിഷ്ക്കര്‍ഷയോടും കൃത്യതയോടുമാണ്. മൂന്നു ട്രാക്കുകള്‍ക്കും ഇംഗ്ലീഷ് പേരുകളണെന്നുള്ളത് അന്വര്‍ത്ഥമാണ്. Beginning of the Beginning, Listen to Me, Spectrum of Piloo. ഈ ആംഗലേയവല്‍ക്കരണത്തെ സാധൂകരിക്കുന്നതാണ് ഇതിലെ ഓര്‍ക്കെസ്ട്രേഷന്‍ സംഘത്തിന്റെ ഭാവനാവിന്യാസങ്ങള്‍. ശൈലീസങ്കലനത്തിന്റെ ചൊരുക്കോ ഭാരതീയ സംഗീതശുദ്ധിയിലേക്കുള്ള കടന്നുകയറ്റമൊ ആയി തോന്നാതെയാണ് സമഗ്രലയം സ്വരൂപിച്ചെടുത്തിരിക്കുന്നത്. സിന്തസൈസര്‍ ഉളവാക്കുന്ന എലെക്ട്രോണിക് ശബ്ദങ്ങള്‍ പലയിടത്തും ശ്രദ്ധിക്കപ്പെടാമെങ്കിലും അവയൊന്നും സ്ഥായിയായ രസമാധുരിയില്‍ ചവര്‍പ്പുചേരുവയാകുന്നില്ല. ശ്രവണസുഖത്തിനു മുന്‍ തൂക്കം കൊടുത്തുകൊണ്ടുള്ള അവതരണം തന്നെയാണ് പ്രധാന ആകര്‍ഷണം. പാ‍ാശ്ചാത്യസംഗീതജ്ഞരുമായി സഹകരിച്ച് വിവിധ ഫ്യൂഷന്‍ പരീക്ഷണങ്ങള്‍ നിലവിലുണ്ടെങ്കിലും അവയിലെല്ലാം ഒരു കമ്പോസറുടേയോ കണ്ഡക്ടറുടേയോ അഭാവം പ്രകടമാണ്. പി. ഘനശ്യാം വിഭാവനം ചെയ്ത് സംവിധാനം ചെയ്ത ഈ സി. ഡി. അതുകൊണ്ടുതന്നെ അസാധാരണമാകുന്നു.

Tuesday, February 5, 2008

കഥ-തിരക്കഥ-സംഭാഷണം:എം. ടി യും ഞാനും മുഖാമുഖം

ശ്രീ എം. ടി. വാസുദേവന്‍ നായരുമായി ഞാന്‍ നടത്തിയ അഭിമുഖത്തിന്റെ സംക്ഷിപ്തം.നിശ്ചിത സമയത്തില്‍ തീര്‍ക്കേണ്ടി വരുമെന്ന പേടിയാല്‍ ചോദ്യങ്ങളില്‍ നിന്നും ചോദ്യങ്ങളിലേക്ക് ചാടുകയായിരുന്നു. അങ്ങനെയാകുമ്പോള്‍ ഒരു വിഷയത്തില്‍ തന്നെ ആഴത്തിലുള്ള പരിചിന്തനത്തിനു വകയില്ലല്ലൊ. കഥയുടെ കാതല്‍, തിരക്കഥയെഴുത്തിന്റെ കൌശലങ്ങള്‍, പിന്നെ മറ്റു ചിലതൊക്കെ സംഭാഷണം.


ഞാന്‍: കഥയുടെ ഡി. എന്‍ എ. എന്നൊരു പ്രയോഗം കേട്ടിട്ടുണ്ട്. ജീവിതത്തിലല്ലെ ഈ ഡി. എന്‍. എ. ചുറ്റിപ്പിരിഞ്ഞു കിടക്കുന്നത്?

എം. ടി: കഥ ജീവിതം തന്നെ. മലയാളത്തില്‍ പലപ്പോഴും കഥ എന്ന വാക്ക് ഉപയോഗിക്കുന്നത് തന്നെ നിത്യജീവിതത്തെ ബന്ധപ്പെടുത്തിയാണ്. അവ്ന്റെ കഥ കേട്ടൊ, അവന്റെ കഥ പറയാതിരിക്കുകയാണു ഭേദം, അയാളുടെ കഥ കഴിഞ്ഞു എന്നൊക്കെയുള്ള പ്രയോഗങ്ങള്‍. അങ്ങനെ കഥ ജീവിതം തന്നെയായി മാറുകയാണ്. അത് വെറും കെട്ടു കഥയല്ല. ജീവിതത്തിന്റെ സന്ധികളെപ്പറ്റി പറയുമ്പോള്‍ കഥ എന്ന വാക്ക് ഉപയോഗിക്കും. അനന്തമായ പരിണാമങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് ജീവിതം. അതില്‍ പുതിയ പുതിയ അലകളും ചുഴികളും മാറി മാറി വരും. അത് അന്വേഷിക്കുക എന്നതാണ് ഒരു കഥയെഴുത്തുകാരന്റെ ലക്ഷ്യം. അത് അയാള്‍ അന്വേഷിച്ചു കൊണ്ടേയിരിക്കും.

കാലം ആപേക്ഷികമാണെന്നു സിദ്ധാന്തം. കാലവുമായുള്ള ബന്ധം ഉറപ്പുവരുത്തുകയാണു ജീവിതം. കാലവുമായുള്ള പോരാട്ടം. ഇതൊക്കെയാണോ കഥയ്ക്കു പിന്നില്‍?

കഥ എന്നുപറഞ്ഞാല്‍ മാനുഷികമായ സന്ധി-പ്രതിസന്ധികളുടെ വിശകലനമാണ്. ഏതു കഥയെടുത്താലും അത് മനുഷ്യാവസ്ഥയുടെ ചിത്രീകരണം തന്നെയാണെന്നു കാണാം. മനുഷ്യാവസ്ഥയുടെ ആവിഷ്കാരം. എന്റെ മാത്രമല്ല ലോകത്തില്‍ എവിടേയും എഴുതപ്പെട്ടിട്ടുള്ള കഥകള്‍ നോക്കിയാലും ഈ ആവിഷ്കാരം കാണാം. ഇങ്ങനെയും സംഭവിക്കാമല്ലൊ, ഇങ്ങനെയും പെരുമാറാമല്ലൊ, ഇങ്ങനെയും പ്രതികരിക്കാമല്ലൊ എന്നൊക്കെ ഒരു അദ്ഭുതം, ഒരു ഉല്‍ക്കണ്ഠ ഒരു ആകാംക്ഷ ഉണ്ടാക്കിത്തീര്‍ക്കുന്നതാണ് കഥാസന്ധികള്‍. അങ്ങനെയുള്ള സന്ധികളാണ് എവിടെയും എഴുത്തുകാരുടെ വിഭവങ്ങളായി തീരുന്നത്.

ഏതു പാശ്ചാത്യപ്രവണത വന്നു കയറിയാലും മലയാളി സ്വന്തം സ്വാദില്‍ പിടിച്ചു നിന്നിട്ടില്ലെ? ഉത്തരാധുനികത വന്നു കയറിപ്പോയോ?

ഈ ഉത്തരാധുനികത എന്നതൊക്കെ ‍ ചില സൌകര്യത്തിനു വേണ്ടി നിരൂപകര് വിളിക്കുന്ന പേരാണ്. ആധുനികത, ഉത്തരാധുനികത എന്നതൊക്കെ ചില ചില കാലഘട്ടങ്ങളെ സൂചിപ്പിക്കാന് അവര്‍ ഉപയോഗിക്കുന്നു. ഇത് ഒരു അക്കാഡെമിക് എക്സൈര്‍സൈസ് മാത്രമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഒരു കഥയുടേയോ കവിതയുടേയോ ലേബല്‍ പ്രധാനമല്ല. അത് മോഡേണ്‍ ആണോ പൊസ്റ്റ്മോഡേണ്‍ ആണോ എന്നൊക്കെ നോക്കുന്നത്. ബഷീറിന്റെ കാര്യമെടുക്കുക. ഏകദേശം അറുപത് വര്‍ഷക്കാലം എഴുതിയിരുന്നു അദ്ദേഹം. അദ്ദെഹത്തെ നമ്മള്‍ ഏതിലാണു പെടുത്തേണ്ടത്? ആധുനികനോ? ഉത്തരാധുനികനോ? അദ്ദേഹം ഇതെല്ലാം എഴുതിയിട്ടില്ലെ? അങ്ങനെ ഒരു അക്കഡെമിക് എക്സൈര്‍സൈസിന്റെ പ്രാധാന്യമേ ഞാന്‍ കല്‍പ്പിക്കുന്നുള്ളു. ഉത്തരാധുനികതയുടെ ലേബല്‍ കിട്ടാന്‍ വേണ്ടി ഇന്ന രീതിയില്‍ എഴുതണമെന്ന് ഒരു എഴുത്തുകാരനും ചിന്തിയ്ക്കുകയില്ല. എഴുതിയാല്‍ അത് അപകടമായിത്തീരുകയും ചെയ്യും. അവനവന് എഴുതാന്‍ ഒരു ഉള്‍പ്രേരണയുണ്ടെങ്കില്‍ തന്റെ കയ്യില്‍ ഒരു വിഭവം, ഒരു അസംസ്കൃത പദാര്‍ത്ഥം വന്നുപെട്ടിട്ടുണ്ടെങ്കില്‍ അത് ഏറ്റവും ശക്തമായി സംവേദിപ്പിക്കാനുള്ള ഉപാധി കണ്ടെത്തുക എന്നതാണ്, അതിനാവശ്യമായ രൂപഘടന കണ്ടെത്തുക എന്നതാണ് കാര്യം. അതു വിശകലനം ചെയ്യുന്നവര്‍ സൌകര്യത്തിനു വേണ്ടി പൊസ്റ്റ്മോഡേണ്‍ അപ്പ്രോച് എന്നൊക്കെപ്പറയും. ഈ ലേബലിനെക്കായിലും പ്രാധാന്യം അതിലെ ഉള്ളടക്കമാണ്.‍ ‍


മിക്ക കൃതികളിലും അര്‍ഹത നിഷേധിക്കപ്പെട്ടവരെയും മോചനം കാംക്ഷിക്കുന്നവരേയും ചിത്രീകരിച്ചിട്ടുണ്ട്. പക്ഷെ അതിനു സമാന്തരമായി അതു പോലെ സ്ത്രീ കഥാ‍പാത്രങ്ങള്‍ കാണാറില്ല അധികം. പഞ്ചാഗ്നി സിനിമയിലെ കഥാപാത്രം, കുട്ട്യേടത്തി എന്നിവരൊഴിച്ചാല്‍?

അങ്ങനെയൊന്നുമില്ല.നമുക്കറിയാവുന്ന ചില ജീവിതഖണ്ഡങ്ങളെടുത്താണ് എഴുതുന്നത്.നമ്മുടെ മനസ്സിലേക്കു ചില കഥാപത്രങ്ങള്‍ കടന്നു വരും. നമ്മള്‍ കണ്ടൊ അറിഞ്ഞോ പരിചയമുള്ളവര്‍. സാദൃശ്യമുള്ള കഥാപാത്രങ്ങളെ നമ്മള്‍ സൃഷ്ടിയ്ക്കും. അതേസമയം സ്ത്രീകള്‍ക്കു പ്രാധന്യം നല്‍കുന്ന കഥകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്.ഉദാഹരണത്തിനു “കാഴ്ച’ പോലുള്ള കഥകള്‍. ചിലതൊക്കെ സ്ത്രീപക്ഷരചനകളാണോ എന്ന ചോദ്യവും വന്നിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ അത് നോക്കാറില്ല. തോന്നുന്നെങ്കില്‍ എഴുതും. നോവലുകളില്‍ വന്നത് ചില പ്രോടോടൈപ് ആണ്.നാട്ടില്‍ നടക്കുന്ന ചില സംഭവങ്ങളുമുണ്ട്. അസുരവിത്തിലെ ഗോവിന്ദന്‍കുട്ടി അങ്ങനെയൊരു പ്രോടൊഗണിസ്റ്റ് ആണ്, ഏകദേശം സമാനമായ ഒരു കഥാപാത്രം ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്നത് എഴുതുമ്പോള്‍ മന‍സ്സില്‍ ഉണ്ടായിരുന്നു. അങ്ങനെ ഡോമിനേറ്റ് ചെയ്യുന്ന കഥാപാത്രങ്ങള്‍ വന്നു കയറിയതിനാല്‍, അവര്‍ കൂടുതലും പുരുഷന്മാര്‍ ആയതിനാല്‍ അത്തരം കഥാപാത്രങ്ങള്‍ കൂടുതലായി. അമ്മ ഒരു കഥാ പാത്രമായി ധാരാളം ഞാന്‍ എഴുതിയിട്ടുണ്ടല്ലൊ. എന്റെ കഥയിലെ അമ്മ സങ്കല്‍പ്പത്തെക്കുറിച്ച് ചില സ്റ്റഡികളൊക്കെ വന്നിടുണ്ട്. ഒരു തരംതിരിവുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല.

സ്വാതന്ത്ര്യം കാംക്ഷിക്കുന്ന കഥാപാത്രങ്ങളില്‍ ആത്മപ്രകാശനം വന്നു കൂടിയിട്ടുണ്ടോ?

കുറച്ചൊക്കെ വന്നു കാണും. നീതി നിഷേധിക്കപ്പെടുക എന്നതാണ് പ്രപഞ്ചത്തിലെ ഏറ്റവും വലിയ ദുരന്തം.വിശപ്പൊ ഒന്നുമല്ല. നിഷ്കളങ്കത അംഗീകരിക്കപ്പെടതിരിക്കുക എന്നതാണ് മഹാദുരന്തം. അത് ശാശ്വതമായ സാര്‍വലൌകികമായ പ്രമേയമാണ്. അത് ഉപയോഗിക്കാന്‍ സൌകര്യമുള്ള സന്ദര്‍ഭങ്ങളിലൊക്കെ ഞാന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പിന്നെ സ്വാതന്ത്ര്യത്തിലുള്ള അഭിവാഞ്ഛ എല്ലാവരിലും ഉള്ളതാണ്. തനിയ്ക്കിഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാന്‍ പറ്റുന്നതാണ് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം. തനിയ്ക്കിഷ്ടപ്പെട്ട ജീവിതം തെരഞ്ഞെടുക്കല്‍. തൊഴില്‍ മാത്രമല്ല, സാഹചര്യങ്ങളെല്ലാം. അത് നിഷേധിക്കപ്പെടുമ്പോളുള്ള ധര്‍മ്മസങ്കടം എന്നും ഒരു പ്രമേയമാണ്-എല്ലാ എഴുത്തുകാര്‍ക്കും. എനിയ്ക്കും.

സെലിബ്രിറ്റീസ് അവരുടെ സ്വത്താണെന്ന് പൊതുജനത്തിനു ധാരണ വന്നു കയറാറുണ്ട്. വായനക്കാരെ അല്ലെങ്കില്‍ പൊതുജനത്തിനെ തൃപ്തിപ്പെടുത്തണമെന്ന് തോന്നിയിട്ടുണ്ടോ?

പൊതുജനമെന്തു വിചാരിക്കുന്നെന്നു കരുതി വേഷം കെട്ടാനൊന്നും നമുക്ക് സാധിക്കുകയില്ല. നമുക്കെന്തെങ്കിലും പറ്റിയാല്‍ ഒരുത്തനും തിരിഞ്ഞു നോക്കുകയില്ല. എന്നു പറയാന്‍ പറ്റുകയില്ല താനും. ഞാന്‍ ആശുപത്രിയില് ‍കിടന്നപ്പോള്‍ എന്നെ കാണാന്‍ എന്റെ പ്രിയപ്പെട്ട വായനക്കാര്‍ ധാരാളം വന്നിടുണ്ട്, എന്നെ ശുശ്രൂഷിക്കാന്‍ തയാറായി.അതു മറക്കുന്നില്ല. പൊതുവേ ഈ പൊതുജനം എന്നു പറയുന്നതിനു ഇതൊന്നും പ്രശ്നമല്ല. മരിച്ചുകഴിഞ്ഞാല്‍ മൂന്നു ദിവസം കണ്ണീരൊഴുക്കും. പത്രങ്ങളില്‍ വാര്‍ത്തകളും മറ്റു കാര്യങ്ങളും വരും. പിന്നെ അത് മറക്കും. പൊതുജനത്തിന്റെ മുന്നില്‍ നാടകം കളിയ്ക്കാനൊന്നും ഞാന്‍ തയാറല്ല. ഞാന്‍ എനിയ്ക്കു വേണ്ടിത്തന്നെയാണ് നില്‍ക്കുന്നത്.

ഞാനുദ്ദേശിച്ചത്, ഇംഗ്ലീഷില്‍ കഥകള്‍ വന്നിട്ടുണ്ട്, ഹോളീവുഡില്‍ സിനിമകള്‍ വന്നിട്ടുണ്ട്, എഴുത്തുകാരനെ തടവിലാക്കിയിട്ട് വായനക്കാരന്‍/വായനക്കാരി അവര്‍ക്കാവശ്യമുള്ളത് എഴുതിയ്ക്കുന്നതായി.....


ഇല്ല, ഇല്ല. ഇന്ന രീതിയില്‍ എഴുതണമെന്ന് ആര്‍ക്കും ഡിമാന്റ് ചെയ്യാന്‍ പറ്റുകയില്ല. മുന്‍പൊരു കാലഘട്ടത്തില്‍ എഴുത്തുകാരോട് സ്നേഹം ഭയങ്കരമായിട്ട് ഉണ്ടായിരുന്നു. ചങ്ങമ്പുഴയ്ക്ക് ക്ഷയരോഗം പിടിച്ച് ഇടപ്പള്ളിയില്‍ കിടക്കുകയാണെന്നറിഞ്ഞ് ആസാമിലൊക്കെ പട്ടാളത്തില്‍ ജോലി ചെയ്തിരുന്നവര്‍ ചെറിയ ചെറിയ മണി ഓര്‍ഡറുകള്‍ അയച്ചിരുന്നു. ആയിരക്കണക്കിനു മണി ഓര്‍ഡറുകള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി ഒരു ചെറിയ പോസ്റ്റ് ഓഫീസ് അവിടെ തുറക്കേണ്ടി വന്നു. അങ്ങനെ നമ്മളെ അമിതമായി സ്നേഹിക്കണമെന്നല്ല. നമ്മുടെ പുസ്തകം ഇഷ്ടമാണെങ്കില്‍ വായിച്ചോട്ടെ . അത്രേയുള്ളു.


സിനിമ ഒരു സ്വന്തം സൃഷ്ടി എന്ന നിലയ്ക്ക് എങ്ങനെ സംതൃപ്തി നല്‍കുന്നു? സാഹിത്യകൃതിയില്‍ നിന്നും കിട്ടുന്ന സംതൃപ്തി സിനിമയ്ക്കു നല്‍കാന്‍ പറ്റുമോ? സിനിമ ഒരു വ്യത്യസ്ത മീഡിയം ആയതിനാല്‍.

സിനിമ ഞാന്‍ യാദൃശ്ചികമായി എത്തപ്പെട്ട മേഖലയാണ്. മുന്‍പ്, 65ലോ 66ലോ മറ്റൊ എന്റെ ഒരു കഥ സിനിമയാക്കണമെന്നും ഞാന്‍ തന്നെ സ്ക്രിപ്റ്റ് എഴുതണമെന്നും ആവശ്യം വന്നപ്പോള്‍ ഒരു രസം തോന്നി അവരുടെ കൂടെ പ്രവര്‍ത്തിച്ചു. പിന്നെ കൂടുതല്‍ സ്ക്രിപ്റ്റുകളെഴുതി. ഞാന്‍ തന്നെ ചില സിനിമകള്‍ ചെയ്തു. എന്നെ സംബന്ധിച്ചിടത്തോളം ഒരു സാഹിത്യസൃഷ്ടിയില്‍ നിന്നും കിട്ടുന്ന ആഹ്ലാദം എനിയ്ക്കു സിനിമയില്‍ നിന്നും കിട്ടുകയില്ല. അതിന്റെ കാരണം എനിയ്ക്ക് കുറച്ച് ഏകാന്തതയും ഒരു പ്രമേയത്തിന്റെ ബീജവുമുണ്ടെങ്കില്‍ ഒറ്റയ്ക്കിരുന്ന് എഴുതിയുണ്ടാക്കാം. ആരെയും ആശ്രയിക്കേണ്ട കാര്യമില്ല.സിനിമ ഒരു സങ്കീര്‍ണമായ എന്നും അതിന്റേതായ തനിമയും സ്വത്വവും ഉള്ള കലാസൃഷ്ടിയാണ്, വളരെ ശക്തമായ കലാരൂപവുമാണ്. പകുതി ക്രിയേറ്റീവാണത്. ബാക്കി കാര്യങ്ങളൊക്കെ സാങ്കേതികത്വത്തേയും ഒരുപാട് കാര്യങ്ങളേയുമാശ്രയിച്ചാണിരിക്കുന്നത്. പലരുടേയും സ്വഭാവവിശേഷങ്ങള്‍, പണം മുടക്കിയ ആള്‍ക്ക് അതു തിരിച്ചു കിട്ടുമോ, ആള്ക്കാരില്‍ എത്തിച്ചേരുമോ എന്നെ ആശങ്കകള്‍ എന്നിങ്ങനെ. സാഹിത്യത്തില്‍ ഞാന്‍ തന്നെ എല്ലാം തീരുമാനിച്ചാല്‍ മതി.

ഒരേ സമയം സാഹിത്യവും സിനിമയും അയത്നലളിതമായി കൈകാര്യം ചെയ്തിട്ടുണ്ട്. സാഹിത്യം എഴുതുന്നതുപോലെയല്ലല്ലൊ തിരക്കഥ എഴുതുന്നത്. വളരെ visual sensibility ആവശ്യമുള്ളതാണിത്. എന്താണ് ഇതിന്റെ പിന്നിലുള്ള കൌശലം?

സിനിമയെ ആദ്യം മുതല്‍ക്കു പഠിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ മനസ്സിലാക്കിയത് സ്ക്രിപ്റ്റ് ഒരു പരിപൂര്‍ണസാഹിത്യമല്ല എന്നതാണ്.ഒരു കഥയെടുത്ത് സിനിമയുണ്ടാക്കാന്‍ തീരുമാനിച്ചാല്‍ നമ്മുടെ മനസ്സില്‍ ആ സിനിമ ഓടിച്ചെടുക്കാന്‍ സാധിക്കണം. അതിന്റെ ഓരൊ ഘട്ടത്തിലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുമെങ്കിലും മനസ്സില്‍ ഒരു ദൃശ്യവല്‍ക്കരണം വേണം. അതു ചെയ്യാന്‍ സാധിയ്ക്കുന്നതുകൊണ്ടാണ് എനിയ്ക്ക് സ്ക്രിപ്റ്റ് എഴുതാന്‍ സാധിയ്ക്കുന്നത്. ആ ദൃശ്യവല്‍ക്കരണം കുറച്ചൊക്കെ എന്റെ സാഹിത്യത്തിലും കാണാം.മനപൂര്‍വമല്ലത്. ഒരു ഇടവഴി വിവരിക്കുമ്പോള്‍ അപ്രതും ഇപ്രത്തും ഉള്ള ചെടികളും മരങ്ങളും മറ്റു ചില സൂക്ഷ്മതകളുമൊക്കെ ഞാന്‍ വര്‍ണിയ്ക്കാറുണ്ട്. ഒരു ഫോടോ ഫോകസ് പോലെ ചില ദൃശ്യങ്ങള്‍. അങ്ങനെ വിഷ്വലൈസ് ചെയ്യാനുള്ള പ്രവണത പല കൃതികളിലും കാണാം. സിനിമ ഒരു സാങ്കേതിക വിദ്യയാണെന്നും ഇതിനു വേറേ നിയമസാധ്യതകളുള്‍ലതാണെന്നും പിന്നീട് പഠിച്ചുവന്നതു കൊണ്ടും എനിയ്ക്കു സ്ക്രിപ്റ്റ് എഴുത്ത് സാദ്ധ്യമായി. പക്ഷെ ഞാന്‍ തന്നെ അറിയാതെ ,പണ്ട് എഴുതിയ കഥകള്‍ സിനിമയ്ക്കു പറ്റിയയാണെന്നു ചിലര്‍ പറയുമ്പോഴേ ഞാന്‍ അതിനെപ്പറ്റി ചിന്തിക്കാറുള്ളു. സാഹിത്യം എഴുതിക്കൊണ്ടിരിക്കുമ്പോള് ‍സിനിമാപരമായ യാതൊരു ചിന്തയും ഉണ്ടായിരുന്നില്ല.

നേരത്തെ പറഞ്ഞതുപോലെ ഒരു visual sensibility എങ്ങനെ വന്നു ഭവിച്ചു? ധാരാളം സിനിമകള്‍ കണ്ട പരിചയം കൊണ്ടാണോ?

ഇല്ല ഇല്ല. ഞാനൊരു സിനിമ കണ്ടത് എത്രയോ വൈകിയിട്ടാണ്. അന്ന് നാട്ടുമ്പുറത്ത് സിനിമയൊന്നുമില്ല. ഒരു പതിനഞ്ചു വയസ്സെങ്കിലും കഴിഞ്ഞിട്ടാണ് സിനിമ കാണുന്നത്. സിനിമയില്‍ എനിയ്ക്കു വലിയ കമ്പവുമില്ലായിരുന്നു. ഞാന്‍ നേരത്തെ പറഞ്ഞില്ലെ, യാദൃശ്ചികമായി എന്റെ ഒരു കഥ സിനിമ ആക്കുന്നു, അതിന്റെ കൂട്ടത്തില്‍ പ്രവര്‍ത്തിയ്ക്കുന്നു, സ്ക്രിപ്റ്റെഴുതുന്നു.പിന്നീട് ആണ് സിനിമയെപ്പറ്റി പഠിച്ചു തുടങ്ങിയത്. കിട്ടാവുന്ന പുസ്തകങ്ങള്‍ ഒക്കെ തേടിപ്പിടിച്ച് വായിച്ചു തുടങ്ങി. എനിയ്ക്ക് ഭാഗ്യം ഉണ്ടായത് പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില് ഗസ്റ്റ് ലെക്ചര്‍ ആയി വിളിച്ചപ്പോഴാണ്. അതൊരു നല്ല അവസരമായിരുന്നു. ലോകത്തിലുള്ള ക്ലാസിക്കുകളൊക്കെ കാണാന്‍ അവസരം കിട്ടി. അവരുടെ അടുത്തെങ്ങും എത്തിയിട്ടില്ലെങ്കിലും അവരുടെ രചനകളെ ആരാധിച്ചു കൊണ്ടു തന്നെ അതിനടുത്തെത്തുന്ന എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന തോന്നല്‍. അതെന്നെ സഹായിച്ചു.‍

ഒരു ദൃശ്യമാദ്ധ്യമം എന്ന മുന്‍ കരുതലോടെയാണല്ലൊ തിരക്കഥകള്‍ എഴുതുന്നത്. വളരെ വ്യത്യസ്തമായ സമീപനവും സംവിധാനശൈലിയും നറേഷന്‍ ട്രിക്കും കൈവശമുള്ള സേതുമാധവന്‍, പി. എന്‍. മേനോന്‍, ഐ. വി. ശശി, ഭരതന്‍ , വിന്‍സെന്റ്, ഹരിഹരന്‍ ഇങ്ങനെയുള്ളവര്‍ക്കുവേണ്ടി എഴുതുമ്പോള്‍ മനസ്സിലുള്ള വിഷ്വല്‍ സെന്‍സിബിലിറ്റി മാറ്റിയെഴുതണോ? എന്തെങ്കിലും കോമ്പ്രമൈസ്........


ഇല്ല ഇല്ല. അങ്ങനെയൊന്നും ചെയ്യാറില്ല. ഒരാളു വന്നു അയാള്‍‍ക്ക് സ്യൂടബിള്‍ ആയതെഴുതുന്നു , അങ്ങനെയില്ല. ഞാന്‍ എന്റേതായ രീതിയില്‍ എഴുതുന്നു, അതുകഴിഞ്ഞ് അവരുമായി ഇരുന്നിട്ട് വളരെ വിശദമായി ചര്‍ച്ചകള്‍ നടത്തും. ഞാനിതാണ് ഉദ്ദേശിച്ചത്, ഞാനിതാണ് മനസ്സില്‍ കാണുന്നത്....അതു മിക്കവാറും മനസ്സിലാക്കുന്നവരാണ് ഇപ്പറഞ്ഞ സംവിധായകര്‍ മുഴുവന്‍. ഇന്നാള്‍ക്ക് ഇന്ന സ്ട്രോങ് പോയിന്റ് ഉണ്ടെന്നു വിചാരിച്ച് ആ രീതിയില്‍ ഞാന്‍ ഒരിക്കലും ചെയ്തിട്ടില്ല.‍ചര്‍ച്ച ചെയ്യുമ്പോള്‍ ഇന്ന ഒരു സാധ്യത ഇന്നതില്‍ കാണുന്നു എന്നു പറയുമ്പോള്‍ അവരില്‍ നിന്നും നല്ല ഒരു പ്രതികരണം ഉണ്ടായിക്കഴിഞ്ഞാല്‍ തിരക്കഥയെഴുതുകയായി. അതെഴുതിക്കഴിഞ്ഞാലും പിന്നെ ഇരുന്നിട്ട് ധാരാളം ഡിസ്ക്കസ് ചെയ്യാറുണ്ട്. അവരൊക്കെ വളരെ കഴിവുള്ളവരാണ്. എന്റെ സങ്കല്‍പ്പങ്ങളും ദൃശ്യവല്‍ക്കരണങ്ങളും സ്വീകരിക്കാനുള്ള ഹൃദയവിശാലത ഉള്ളവരാണ് മിക്കവാറും എല്ലാവരും.

പക്ഷെ finished product നമ്മള്‍ ഉദ്ദേശിച്ചതിലും വ്യത്യാസമുള്ളതാകാന്‍ സാദ്ധ്യതയില്ലെ?

മാറും. കുറച്ചൊക്കെ മാറും. പക്ഷെ totality- സമഗ്രതയില്‍ വലിയ മാറ്റം ഉണ്ടാവില്ല. കാരണം അവരുടേതായ ചില പ്രത്യേകതകള്‍. ഉദാഹരണത്തിന് ഭരതനുമായി ഞാന്‍ ചെയ്ത വൈശാലി. ഭരതന്‍ നല്ല ക്രാഫ്റ്റ്സ്മാന്‍ ആണ്‍, നല്ല ചിത്രകാരന്‍. വൈശാലിയുടെ നിര്‍മ്മാണസമയത്ത് പലപ്പോഴും ഞാന്‍ കൂടെയുണ്ടായിരുന്നു. വര്‍ണ്ണങ്ങളോടുല്ല അമിതമായ അഭിനിവേശം കൊണ്ട്, പെയ്ന്റര്‍ ആയതുകൊണ്ടു ആവശ്യത്തില്‍ കൂടുതല്‍ നിറങ്ങള്‍ പ്രയോഗിച്ചു വൈശാലിയില്‍. ഇതൊന്നും എനിയ്ക്കത്ര തൃപ്തികരമായി തോന്നിയില്ല. അങ്ങനെ finished productല്‍ ഞാന്‍ സങ്കല്‍പ്പിക്കാത്ത കാര്യങ്ങള്‍ വന്നുകൂടിയിട്ടുണ്ട്. അത്രയും വര്‍ണ്ണ ശബളം ആക്കിയത് ഞാന്‍ ഉദ്ദേശിച്ചിട്ടില്ലെങ്കിലും അതൊക്കെ ഒരോരുത്തരുടേയും വ്യക്തിത്വം. ഞാന്‍ കുറ്റപ്പെടുത്തുകയല്ല. തെറ്റോ ശരിയോ എന്ന അര്‍ത്ഥത്തിലുമല്ല. പറഞ്ഞുവരുന്നത് ഫിനിഷ്ഡ് പ്രോഡക്റ്റില്‍ ചില മാറ്റങ്ങള്‍ കാണാമെന്നാണ്.

പക്ഷേ ഇതിലൊക്കെ മനസ്സറിഞ്ഞോ അറിയാതെയോ ഒരു സംവേദനം നടന്നതായിട്ടാണ് കാണുമ്പോള്‍ തോന്നുന്നത്.


അതെ അതെ. തുടക്കത്തില്‍ ഞങ്ങള്‍ ഇരുന്നു സംസാരിക്കുമെന്നു പറഞ്ഞല്ലൊ. പി. എന്‍. മേനോനുമായി ഞാന്‍ ചെയ്തിട്ടുള്ള ഓളവും തീരവും മലയാളചലച്ചിത്ര ചരിത്രത്തിലെ വഴിത്തിരിവാണെന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. ആ സ്ക്രിപ്റ്റ് എഴുതാന്‍ തുടങ്ങുന്നതിനു മുന്‍പു തന്നെ ഒരു മാസത്തോളം ഞങ്ങള്‍ വെറുതെ ഇരുന്നു സംസാരിച്ചിട്ടുണ്ട്. നിലമ്പൂര്‍ നിന്നും തടി വെട്ടിക്കൊണ്ടുവരുന്നവരുടേയും ചങ്ങാടത്തില്‍ പുഴയിലൂടെ കൊണ്ടു വരുന്നവരുടേയും ജീവിതത്തെപ്പറ്റിയുമൊക്കെ. അവിടെ നിന്നും തുടങ്ങി ഞങ്ങള്‍ ഒരു ധാരണയിലെത്തി. അതില്‍ നിന്നുമാണ് സ്ക്രിപ്റ്റ് ഉണ്ടായത്.നല്ല ധാരണയിലെത്തിക്കഴിഞ്ഞിട്ടേ സംവിധായകന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റുകയുള്ളു. ഞാനങ്ങനയേ ചെയ്തിട്ടുള്ളു താനും.

മലയാള സിനിമാ സാഹിത്യത്തില്‍ നിന്നും അകന്നല്ലൊ. വളരെ ചുരുക്കമായേ സാഹിത്യകൃതികള്‍ സിനിമയാകുന്നുള്ളു. നല്ല പ്രമേയങ്ങളില്ല, കരുത്തുറ്റ തിരക്കഥാകൃത്തുക്കളില്ല, ആസ്വാദനശേഷിയില്‍ മാറ്റം വന്നിരിക്കുന്നു ഇവയൊക്കെയാണോ കാരണങ്ങള്‍?


സാഹിത്യകൃതികളെ ആശ്രയിച്ച് സിനിമയുണ്ടാക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. സാഹിത്യത്തില്‍ മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു. നേരത്തെ ആദിമദ്ധ്യാന്തങ്ങളുള്ള നോവലുകളും കഥകളും ഉണ്ടായിരുന്നു. പുതിയ കാലഘട്ടത്തിലെ കഥകള്‍ ഒരു പ്ലോട് നെ ആധാരമാക്കിയിട്ടുള്ളവയല്ല, ഒരു പ്ലോട് പറയാവുന്ന രീതിയിലുള്ളവയല്ല. ചില ജീവിതചിത്രങ്ങളാണവ, അതുകൊണ്ട് പറ്റിയ കൃതികള്‍ വരുന്നില്ല എന്നത് കാരണങ്ങള്‍ ആരോപിക്കുന്നവരുടെ കാ‍്ഴ്ച്ചപ്പാടില്‍ ശരിയായിരിക്കാം. എന്നുവച്ച് സിനിമയ്ക്കു പറ്റണമെന്നു വച്ച് ആരും എഴുതിന്നില്ലല്ലൊ. എഴുതുന്നുണ്ടാവും.ഈ പറയന്നുതു മുഴുവന്‍ ശരിയല്ല. സിനിമയെ സംബന്ധിച്ചിടത്തോളം നോവലുകള്‍ വേണമെന്നില്ല. ചെറുകഥ മതി. സിനിമയുടെ ആചാര്യനായി ഞാന്‍ കരുതുന്ന ഹിച്കോക്ക് പറഞ്ഞിട്ടുള്ളത് ഏറ്റവും ഉചിതമായത് ചെറുകഥയാണെന്നാണ്. നോവല്‍ മുഴുവനായി സിനിമയാക്കാന്‍ പ്രയാസമാണ്. ഡോക്ടര്‍ ഷിവാഗോ സിനിമയാക്കുകയാണെങ്കില്‍ 65 മണിക്കൂറ് വേണ്ടി വരും. പിന്നെ തിരക്കഥാകൃത്തുക്കളുടെ കാര്യം. ഇല്ലെങ്കില്‍ അവരെ നമ്മള്‍ ഉണ്ടാക്കണം. ചെറുപ്പക്കാരായ നല്ല കഥാകൃത്തുക്കള്‍ക്ക് ഓറീയെന്റേഷന്‍ കൊടുക്കാം. ഞാന്‍ ബന്ധപ്പെട്ട സംഘടനായ മാക്ട 45 ദിവസം നീണ്ട ഒരു ക്യാമ്പ് ആലുവായില്‍ നടത്തിയിട്ടുണ്ട്. തിരക്കഥ, സംവിധാനം മുതലായവയുടെ ഓറിയെന്റേഷന്‍ ക്യാമ്പ്. അതില്‍ നിന്നും കുറെപ്പേര്‍ ഇപ്പോള്‍ സജീവമായി സിനിമാ രംഗത്തുണ്ട്. പക്ഷെ സ്ക്രീന്‍ പ്ലേ എഴുതുന്നതൊക്കെ പഠിപ്പിച്ചെടുക്കാന്‍ വയ്യ. How to Write a Screenplay എന്ന പുസ്തകങ്ങളൊന്നുമില്ല.എന്നാല്‍ ഒന്നുണ്ട്. പ്രസിദ്ധ സംവിധായകര്‍- ബെര്‍ഗ് മാന്‍, കുറോസോവ, അന്റോണിയോനി, ഫെല്ലിനി- ഇവരൊക്കെ സ്വന്തം സിനിമാസ്ക്രിപ്റ്റ് അവര്‍ തന്നെയാണ് എഴുതിയിട്ടുള്ളത്.‍

ആസ്വാദനനിലവാരത്തിലുണ്ടായ തകര്‍ച്ചയാണോ സാഹിത്യവും സിനിമയുമായി അകലാന്‍ കാരണം?


ആസ്വാദന നിലവാരം താഴ്ന്നെന്നു തോന്നുന്നില്ല. ഒരേ തരത്തിലുള്ളതു കൊടുത്തുകൊണ്ടിരുന്നാല്‍ ആളൂകളുടെ സംവേദനക്ഷമതയ്ക്കു വ്യത്യാസം വരും. വേറൊന്നും കിട്ടാനില്ല. വ്യത്യസ്തമായ ഒരു സിനിമാ നല്‍കിയാല്‍ അത് തീര്‍ത്തും നിഷേധിക്കുമെന്നു തോന്നുന്നില്ല. പക്ഷെ ആളുകളില്‍ ഒരു film culture സിനിമാ സംസ്കാരം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. കോളേജു നിലവാരത്തില്‍ തന്നെ തുടങ്ങണം ഇതിനുള്ള തയാറെടുപ്പുകള്‍. നല്ലതും ചീത്തയും തെരഞ്ഞെടുക്കാന്‍ ഉള്ള സംസ്കാരം കോളേജു ക്യാമ്പസുകളില്‍ നിന്നു തന്നെ ആരംഭിക്കണം. ഫിലിം സൊസൈറ്റികള്‍ വേണം. ഭാഗ്യവശാല്‍ ചിലതൊക്കെ തുടങ്ങിയിട്ടുണ്ട്. ഫിലിം അക്കാഡെമി വന്നതില്‍പ്പിന്നെ ക്ലാസിക്സ് ന്റെ ഫെസ്റ്റിവല്‍ ഒക്കെ തുടങ്ങി. ഫിലിം സൊസൈറ്റികള്‍ ഉണ്ടായിരുന്ന കാലം തിരിച്ചു പിടിയ്ക്കണം.


റ്റെലിവിഷന്റെ കടന്നുകയറ്റം വ്യാപകമായിട്ടുള്ളപ്പോള്‍ ഒരു തിരിച്ചു പോക്ക് സാദ്ധ്യമാണോ?

റ്റെലിവിഷന്‍ വന്നതുകൊണ്ട് സിനിമ മരിയ്ക്കുന്നില്ലല്ലൊ. സിനിമ വന്നപ്പോള്‍ നാടകം പോകുമെന്നായിരുന്നു പേടി. പക്ഷെ നാടകം നില നിന്നു. റ്റെലിവിഷന്‍ വന്നതുകൊണ്ട് സിനിമ കാണല്‍ കുറഞ്ഞിട്ടില്ല. പുസ്തകങ്ങള്‍ ഇല്ലാതാകുന്നില്ല. ഒരു പുസ്തകം വായനയില്‍ നിന്നും കിട്ടുന്ന അനുഭവം റ്റെലിവിഷനില്‍ നിന്നും കിട്ടുകയില്ല. ഒരു ദൃശ്യമാദ്ധ്യമത്തില്‍ നിന്നും കിട്ടുന്ന താല്‍ക്കാലിക വിനോദം അല്ല വായന കൊണ്ടു ലഭിക്കുന്നത്. റ്റെലിവിഷന്റെ കടന്നുകയറ്റം എന്നൊക്കെപ്പറയുന്നത് ശാശ്വതമല്ല. കടന്നുപോകുന്ന ചില പരിണാമ ഘട്ടങ്ങളാണിതൊക്കെ.

അതിനോടനുബന്ധിച്ച് ഒരു ചോദ്യം. മലയാളം ഒരു വ്യവഹാരഭാഷ മാത്രമായിത്തീരും എന്നൊരു പേടി നമ്മള്‍ക്കു വേണോ? പ്രത്യേകിച്ചും വായനയിലെ കുറവ്, ഇംഗ്ലീഷിന്റെ തള്ളിക്കയറ്റം ഇവ മൂലം?


ഇല്ല, തീര്‍ച്ചയായും ഇല്ല. കേരളത്തിലെ പ്രസാധനരംഗമെടുക്കുക. ഒരു ശാഖയായി തുടങ്ങിയവര്‍ പല ശാഖകളായി. പുസ്തകങ്ങളുടെ എണ്ണം കൂടുന്നുണ്ട്. സെയിത്സ് വര്‍ദ്ധിയ്ക്കുന്നു. ഭാഗ്യവശാല്‍ പുസ്തകപ്രകാശനം കൂടിവരികയാണ്. പ്രധാന പബ്ലിഷേഴ്സുമായിട്ട് എനിയ്ക്കു ബന്ധമുണ്ട്. അവരൊക്കെ പുതിയ ശാഖകളിടുകയാണ്. ഇനി മലയാളം പഠിയ്ക്കാത്ത മലയാളം പറയാനറിയാത്ത ഒരു തലമുറ വരുന്നെങ്കില്‍ പേടിയ്ക്കണം. ഇപ്പോള്‍ ഒന്നും പേടിയ്ക്കാനില്ല.


മലയാളി സമൂഹത്തിനു എന്താണ് സംഭവിച്ചതെന്ന് ഒരു വ്യാകുലതയുണ്ട്. ആത്മഹത്യകള്‍ പെരുകുന്നു, രാഷ്ട്രീയ ക്രൂരതയില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ വരെ കൈകാലുകള്‍ വെട്ടിയെറിയപ്പെടുന്നു, ആളുകള്‍ കൂട്ടത്തോടെ ആള്ദൈവങ്ങള്‍ക്കും ധ്യാനകേന്ദ്രങ്ങള്‍ക്കും അടിയറവു പറയുന്നു. മലയാളിക്ക് എന്താണ് സംഭവിച്ചത്?


ശരിയാണ്. എന്നെ അദ്ഭുതപ്പെടുത്തുന്ന കാര്യമാണിത്. ഒരു സംഭവം ഓര്‍ക്കുന്നു. തിരുവനന്തപുരത്ത് പദ്മതീര്‍ത്ഥക്കുളത്തില്‍ ഒരാള്‍ വേറൊരാളെ മുക്കിക്കൊല്ലുമ്പോള്‍ മുന്നൂറോളം പേര് നോക്കി നിന്നു, ഒരു കൌതുകക്കാഴ്ച കാണുന്നതു പോലെ. അതുകൊണ്ട് ആ ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ട്. മലയാളി മനസിനെന്തു പറ്റി? നമ്മള്‍ ഓരോരുത്തരും സ്വയം നമ്മോടും സമൂഹത്തോടും ചോദിക്കേണ്ട ‍ ചോദ്യങ്ങള്‍ തന്നെയാണ്. മനസ്സിനെ അസ്വസ്ഥമാക്കുന്ന പലതും സംഭവിക്കുന്നുണ്ട്. കൂട്ട ആത്മഹത്യകള്‍ ഉപഭോഗസംസ്കാരത്തിന്റെ പ്രതിഫലനമാണ്. അയല്പക്കക്കാരനുമായി മത്സരിക്കേണ്ടി വരുക. ചില പ്രോഡക്റ്റ്സിന്റെ പരസ്യം neighbor's envy എന്നൊക്കെയാണ്. അവനവന് എന്തു വേണമെന്ന് നിശ്ചയമില്ല. എന്തിനോ അപ്പുറത്തേയ്ക്കുള്ള നോട്ടമാണ്.കടക്കെണിയില്‍ വീഴുന്നു. അയല്പക്കവും കൂട്ടായ്മയും ഇല്ലാതാവുന്നു. പിന്നെ ആത്മഹത്യയായി.ഇതിന്റെ കൊടും ക്രൂരത നാളെ എന്തൊക്കെ ആയിത്തീരാവുന്ന കുട്ടികളേയും കൂട്ടിയാണ് ആത്മഹത്യ എന്നതാണ്. സാമൂഹ്യശാസ്ത്രജ്ഞര്‍ പഠിയ്ക്കേണ്ടതാണിത്. ജപ്പാനില്‍ വളരെയധികം പ്രചാരത്തിലായ ഒരു പുസ്തകം ഉണ്ട്. The Philosophy of Honest Poverty. അതിസമ്പത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് അതില്‍ പറയുന്നത് ഒരു മാതിരി ഗാന്ധിയന്‍ ഫിലോസഫിയാണ്. അവനവന്റെ ആവശ്യങ്ങള്‍ അറിഞ്ഞുകഴിഞ്ഞാല്‍ സമ്പന്നതയിലാണ് ജീവിക്കുന്നത്. അതാണ് honest poverty.

പ്രവാസികളായ ഞങ്ങള്‍ എങ്ങനെയാണ് സാംസ്കാരികമായ, സാമൂഹികമായ പ്രതിബദ്ധത കാത്തു സൂക്ഷിക്കേണ്ടത്? ഞങ്ങള്‍ക്ക് ഇങ്ങനെ ചോദ്യങ്ങള്‍ എറിയാനേ പറ്റു.

നിങ്ങള്‍ മലയാളം മറന്നിട്ടില്ല എന്നതും ചില സാഹിത്യസംബന്ധിയായ കൂട്ടായ്മകളുണ്ടെന്നുള്ളതും വളരെ നല്ല കാര്യമാണ്. ഞങ്ങള്‍ ചോദിക്കുന്നതുപോലെ നിങ്ങള്‍ക്കും ചോദിക്കാം എന്തു പറ്റി എന്ന്. വേറൊന്നും അതിനെപ്പറ്റിപറയാന്‍ പറ്റുകയില്ല.

ഇപ്പോഴത്തെ സാഹിത്യമോ മറ്റു കലാരൂപങ്ങളോ ഈ പ്രശ്നങ്ങളുമായി സംവദിക്കുന്നുണ്ടോ?

ഉണ്ട്. ഞങ്ങള്‍ ഇക്കാര്യങ്ങളില്‍ വളെരെ ഇന്‍ വോള്‍വ്ഡ് ആണ്. നന്മ എന്ന തൃശൂര്‍ കേന്ദ്രമായ സംഘടനയില്‍ അദ്ധ്യാപകര്‍, കന്യാസ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍ ഇവരൊക്കെ പണിചെയ്യുന്നുണ്ട്. ഉള്‍പ്രദേശങ്ങളിലൊക്കെ ഇവരുടെ പ്രവര്‍ത്തനം എത്തിച്ചേരുന്നുണ്ട്. ആല്‍ക്കഹോളിക്സ് അനോണിമസ് പോലെ ആളറിയാതെ സമീപിക്കാനുള്ള സംവിധാനമൊക്കെയുണ്ട്. ചെറിയ തോതില്‍ ഇങ്ങനെ ഒരു തടയണ ഇടാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍‍ നടത്തുന്നുണ്ട്.

വിദേശയാത്രകളില്‍ താല്‍പ്പര്യമുണ്ടെന്നു തോന്നുന്നു. പ്രവാസികളുടെ നൊമ്പരങ്ങള്‍ സ്വനപ്പെടുത്തിയ ‘ഷെര്‍ലോക്ക്’ പോലത്തെ കഥകള്‍ എഴുതിയിട്ടുണ്ട്. ഞങ്ങളുടെ ജീവിത പ്രതിസന്ധികള്‍ ഇനിയും കഥകള്‍ക്കു വിഷയമാകുമോ? ഈ യാത്രകളും അനുഭവങ്ങളും ജീവിതവീക്ഷണത്തെ വിപുലപ്പെടുത്തിയിട്ടുണ്ടോ?

യാത്രകള്‍ പണ്ടേ എനിയ്ക്കിഷ്ടമാണ്. ധാ‍ാരാളം ചെയ്തിട്ടുണ്ട്. എല്ലാ യാത്രകളില്‍ നിന്നും അനുഭവകഥകള്‍ ഉണ്ടാവണമെന്നില്ല. striking ആയി തോന്നുന്നത് ചിലപ്പോള്‍ കഥയാകും. ബോംബേയില്‍ ചെന്നിട്ട് ബോംബേ പശ്ചാത്തലമായി ചില കഥകള്‍ എഴുതിയിട്ടുണ്ട്. ഇവിടെ പലവട്ടം വന്നിട്ടുണ്ട്. എഴുപതു മുതല്‍ യു. എസില്‍ ഒരുപാട് തവണ. പക്ഷെ ഒരിക്കല്‍ മാത്രമേ ഒരു കഥയുടെ ബീജം മനസ്സില്‍ വന്നു വീണത്. അതാണ് ‘ഷെര്‍ലോക്ക്’.എന്തെങ്കിലുമൊക്കെ വീണു കിട്ടും എന്ന പ്രതീക്ഷയിലാണ് യാത്രകളൊക്കെ. ഞാന്‍ മനസ്സു കാത്തിരിക്കുന്നു, ആഗ്രഹിക്കുന്നു.

ഒരു വ്യക്തിപരമായ ചോദ്യമാണ്. താ‍ങ്കളെക്കുറിച്ച് മാധവിക്കുട്ടി ഒരിക്കല്‍ പറഞ്ഞിരുന്നു അമിതമായ വികാരസമ്മര്‍ദ്ദങ്ങള്‍ സഹിച്ചു ജീവിക്കാന്‍ കുറുക്കുവഴികള്‍ തേടാത്തവരുണ്ടോ എന്ന്. ജീവിതത്തില്‍ ശീലങ്ങളോ ദുശ്ശീലങ്ങളോ വികാരസമ്മര്‍ദ്ദം മൂലം വന്നു കൂടിയിട്ടുണ്ടോ?

അങ്ങിനെയൊന്നുമില്ല. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ ഞാന്‍ ധാരാളം കുടിച്ചിരുന്നു. കുറെക്കഴിഞ്ഞപ്പോള്‍ അതു നിറുത്തി. ഇതൊന്നും ഒന്നിനും പരിഹാരം അല്ല.


പുതിയ നോവല്‍, കഥ, സിനിമ.....?

ഒരു നോവലിന്റെ പണി തുടങ്ങി വച്ചിട്ടുണ്ട്. സമയം പ്രശ്നമാണ്, രണ്ടുമൂന്നു പ്രസ്ഥാനങ്ങളുമായി ബന്ധമുള്ളതുകൊണ്ട്. തുഞ്ചന്‍ മെമ്മോറിയല്‍, സാഹിത്യ അക്കാഡെമി ഇവയൊക്കെ. പിന്നെ വേറൊരു പ്രോജെക്റ്റ് വന്നു പെട്ടു. പഴയതുപോലെ ഉറക്കമൊഴിച്ചിരുന്ന് എഴുതാനൊന്നും പറ്റുകയില്ല. പിന്നെ മറ്റു സാദ്ധ്യതകള്‍, യാത്രകള്‍. ഇതൊക്കെ കഴിഞ്ഞാല്‍ പുസ്തകം തീര്‍ക്കാം എന്നു കരുതുന്നു. സിനിമ? ഇപ്പോഴൊന്നും ആലോചിട്ടില്ല.