ഒബാമയുമായുള്ള അടുപ്പം പറഞ്ഞ് വീരസ്യം നടിക്കാന്‍ സമയം ഇതാ സമാഗതമായി.
ഗാഢമായ മലയാളി ബന്ധമാണ് ഒബാമയ്ക്കുള്ളത്. നേരത്തെ അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത മലയാളി ഫിലിപ് കാലയിലിന്റെ മൂത്ത മകള്‍ ആന്‍ കാലയില്‍ പണ്ടേ ഒബാമയുടെ സഹപ്രവര്‍ത്തകയാണ്. സൌത് ഏഷ്യന്‍ പോളിസി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റേയും ഏഷ്യന്‍ അമേരിക്കന്‍ ലീഡര്‍ഷിപ് കൌണ്‍സിലിന്റേയുമൊക്കെ തലപ്പത്താണ് ചരിത്രത്തില്‍ പി. എഛ്. ഡിയുള്ള ശ്രീമതി ആന്‍. ഒബാമ ക്യാമ്പെയിന്‍ ഊര്‍ജ്ജിതപ്പെടുത്തുവാന്‍ ഇന്‍ഡോ അമേരിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ചതും ഇവര്‍ തന്നെ. ഒബാമയുടെ ഭരണക്രമീകരണങ്ങളില്‍ ആന്‍ കാലയില്‍ വലിയ പങ്കു വഹിക്കും.പറഞ്ഞു വന്നത്.......ഒബാമയും ഞാനും എന്നല്ലെ? മൂന്നാലു കൊല്ലം മുന്‍പ് ഇന്‍ഡ്യന്‍ നെഴ്സസ് അസ്സൊസിയേഷന്‍ ഉല്‍ഘാടനം ചെയ്യാന്‍ വന്നത് ഒബാമയാണ്. ആന്‍ കാലയിലിന്റെ സ്വാധീനം വഴി. ഉല്‍ഘാടനമഹോത്സവം കൊണ്ടാടുന്നത് ഞാന്‍ സ്ക്രിപ്റ്റെഴുതി സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന "The Nightingales" എന്ന മെഗാ സ്റ്റേജ് ഷോയോടെയാണ്. ഉല്‍ഘാടനപ്രസംഗത്തിനും നിലവിളക്കുകൊളുത്താനും തയാറായി സ്റ്റേജിനു വശത്തു നിന്ന ഒബാമയെ ശ്രദ്ധിക്കാതെ നടീനട-നര്‍ത്തകരുടെ മേക് അപ്പിലും കോസ്റ്റ്യൂമിലും ലൈറ്റിങ്ങിലും ഒക്കെ വേവലാതിപൂണ്ടു നടന്ന എന്നെ വേണം പറയാന്‍! ചരിത്രത്തിലേക്കു നടന്നു കയറി കൊള്ളിയാന്‍ മിന്നിക്കാന്‍ പോകുന്ന ആളാണെന്നു ആരറിഞ്ഞു? എന്റെ സ്റ്റേജ് ഷോ കുറച്ചൊരു നേരം കാണാന്‍ അദ്ദേഹമുണ്ടായിരുന്നു എന്നത് ഇപ്പോഴോര്‍ത്ത് ആനന്ദപുളകിതനാകുന്നു.
ഒബാമ ഞങ്ങളുടെ യൂണിവെഴ്സിറ്റിയില്‍ Law School ഇല്‍ അദ്ധ്യാപകനായിരുന്നെങ്കിലും ക്യാമ്പസില്‍ കണ്ടിട്ടില്ല. പക്ഷെ ഭാര്യ മിഷേല്‍ ഈയിടെ വരെ ജോലി ചെയ്തിരുന്നത് ഞാന്‍ ജോലി ചെയ്യുന്ന മെഡിക്കല്‍ സ്കൂള്‍ കെട്ടിടത്തില്‍ തന്നെ. കഫെറ്റീരിയയില്‍ ട്രേയില്‍ സൂപ്പും ബേക്ഡ് പൊട്ടറ്റോയുമായി മുന്‍പിലോ പിന്നിലോ ക്യൂവില്‍ കാണാറുള്ളത് അവര്‍ തന്നെ. എന്റെ സഹപ്രവര്‍ത്തകന്‍ വിശ്വാസിന്റെ അപാര്‍ട്മെന്റ് കെട്ടിടത്തില്‍ സ്ഥിരമായി work out നു വരാറുണ്ട് ഒബാമ. ഒരു തവണ എലെവേറ്ററില്‍ കണ്ടതും ക്യാമ്പെയിനു ബെസ്റ്റ് വിഷസ് പറഞ്ഞു കൈ കൊടുത്തതും ഞാന്‍ തന്നെ! മിനിയാന്ന് സിഗററ്റു വലിക്കാന്‍ പുറത്തിറങ്ങി ഒതുങ്ങിയ സ്ഥലം നോക്കിയ വിശ്വാസിനെ സെക്യൂരിറ്റിക്കാര്‍ ഓടിച്ചു വിട്ടു. ഒബാമ വരുന്നു! തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിന്റെ പിറ്റേന്ന് രാവിലെ ഞാന്‍ സ്ഥിരം കാറോടിയ്ക്കാറുള്ള Hyde Park ലെ ഒരു റെസ്റ്റോറന്റിന്റെ മുന്‍പില്‍ വന്‍ ആള്‍ക്കൂട്ടവും റ്റി. വിക്കാരുടെ വാനുകളും. ഒബാമ ബ്രേക് ഫാസ്റ്റിനു വന്നിരിക്കുകയാണ്. ഹൈഡ് പാര്‍ക്കിലെ 51st Street ലെ ഒബാമാ വീട്ടിനടുത്തു കൂടെ സ്ഥിരം പൊയ്ക്കൊണ്ടിരുന്ന എന്റെ വഴി ഇന്ന് സെക്യൂരിറ്റിക്കാര്‍ തിരിച്ചു വിടുന്നു. ജോലിയ്ക്കു പോകുന്ന വഴിയായ Lake Shore Drive ല്‍ ചീറിപ്പായുന്ന രണ്ട് കറുത്ത SUV കണ്ടാല്‍ മാറിപ്പോകാന്‍ കൂട്ടുകാര്‍ പറഞ്ഞു. ഒബാമാ വാഹനങ്ങളാണവ. മിനിയാന്ന് ഇതിനു മുന്‍പിലേക്കൊരുവന്‍ ഒന്നുമറിയാതെ ലെയിന്‍ മാറിക്കയറി, ഒരു മാതിരി കമാന്‍ഡോസ് പുറത്തുചാടി അയാളെ പിടി കൂടി.
51st Street ലെ ഒരു ബാര്‍ബര്‍ ഷോപ്പില്‍ ആണു ഞാനും ഒബാമയും സ്ഥിരമായി തലമുടി വെട്ടിച്ചു കൊണ്ടിരുന്നത്! സത്യം! ആ ചുരുണ്ട മുടി ക്ലിക് ക്ലിക് എന്നു വെട്ടി വീഴ്ത്തിയ അരുമ കത്രിക തന്നെ എന്റെ തലയിലും....ഹോ രോമഞ്ചം! രോമാഞ്ചം!