Friday, September 25, 2020

കുരുക്കിൽപ്പെടാത്ത ആലേഖനങ്ങൾ-പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ കഥകൾ

 


 

      സാഹിത്യകാരൻ എന്നല്ലാതെ വാത്സല്യമതിയായ സുഹൃത്ത് ആയിക്കാണപ്പെടാനായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ളയ്ക്ക് താൽപ്പര്യം. എഴുത്തിലൂടെ ഉണ്ടാക്കിയെടുത്ത വലിപ്പം എവിടെയാണ് കുഞ്ഞബ്ദുള്ള ഒളിപ്പിച്ചു വച്ചിരുന്നത് എന്നത് ഇന്നും അദ്ഭുതം.ഉൽക്കടകാമത്തെപ്പറ്റി, കാരുണ്യത്തെപ്പറ്റി, മരണത്തെപ്പറ്റി, ഭൂമിയിൽ ഇറങ്ങി വരുന്ന ദൈവത്തെപ്പറ്റി, വിഭ്രമാത്മക ജീവിതത്തെപ്പറ്റി ധാരാളം എഴുതിയ അദ്ദെഹത്തിനു ഇവയുടെ ഈതിബാധകൾ ഏൽക്കാത്ത നിർമ്മലവും  സ്വച്ഛമായതുമായ ജീവിതം ഇണക്കിയെടുക്കാൻ  പറ്റിയതായിരിക്കണം ഇതിന്റെ രഹസ്യം. മൈത്രീഭാവം കൂമ്പാരംകൂട്ടി നിർമ്മിച്ച മലമുകളിലെ അബ്ദുള്ളയണ് കുഞ്ഞിക്ക’.  പക്ഷെ മരണത്തിന്റെ കഥകൾ എഴിതാൻ പ്രത്യേകതാൽപ്പര്യം കാത്തു സൂക്ഷിച്ചത് മരണത്തെ കഥയിൽ ഒതുക്കി നേരിടാനുള്ള ഉൾവിളി ആയിരുന്നോ? അതിസാധാരണത്വവും ഭ്രമാത്മകതയും കമ്പോടു കമ്പ് വെച്ചു കെട്ടി ഒരു വൃക്ഷചിത്രം വരച്ചെടുക്കുകയായിരുന്നു പുനത്തിലിന്റെ കഥാവിനോദ ഔത്സുക്യം. ഫാന്റസി എല്ലാം ദൈനന്ദിന ജീവിതചര്യാ നിമിഷങ്ങളിലും വന്നുടക്കുന്നതു കാരണം  മരണം കാലമാം കടലിന്നക്കരെയോ ഇക്കരയോ എന്ന ചിന്താക്കുഴപ്പങ്ങളൊന്നുമില്ല. കുഞ്ഞബ്ദുള്ളാ, നിങ്ങൾ ഇക്കഴിഞ്ഞ ഒക്റ്റോബർഇരുപത്തി ഏഴാന്ത്യേ മരിച്ചു, അറിഞ്ഞോഎന്നു അദ്ദേഹത്തോട് ചോദിച്ചാൽ സ്വതവെ സ്വൽപ്പം കിണുക്കമുള്ള തുറന്ന ചിരിയായിരിക്കും മറുപടി.മരണാന്തരം-1ഇലെ ജേഷ്ഠൻ തന്നെ അദ്ദേഹം.

 

         ജീവിതത്തിൽ സുഖങ്ങൾക്ക് പ്രാധാന്യം കൽപ്പിച്ചിരുന്നുവെങ്കിലും ഉള്ളിന്റെയുള്ളിൽ നിർമ്മമത കാത്തു സൂക്ഷിച്ച ആത്മാവ് മരണത്തെ ഒരു അന്തിമ നിമിഷമായി കരുതാൻ വിസമ്മതിച്ചിരുന്നുവോ? ദയാവധത്തിനു തയാറാകുന്ന ഡോക്ടറുടെ കഥയിൽ ആത്മപ്രകാശനത്തിന്റെ ലാഞ്ഛന തോന്നിയെങ്കിൽ കുറ്റം പറയാനില്ല. നാം ഇരുവർ ഇലെ ഡോക്റ്റർ ജീവിതം ഒരു ഭാവനമാത്രമായിക്കണുന്നതും (ഞാൻ എന്ന ഭാവന അവസാനിക്കുകയാണ്) അല്ലെങ്കിൽ ഇത്രയും നാളത്തെ ജീവിതം പലേതിൽ ഒന്നു മാത്രമായ ഒരു സാദ്ധ്യതയായി മാത്രം മരണാസന്നതയിൽ അനുഭവഭേദ്യമാവുന്നതും ദാർശനികന്റെ സർവ്വസ്വതന്ത്രത  പ്രാമാണിതമാക്കപ്പെടുന്നതാണ്. കഥാകാരൻ മരണം എന്ന സത്യത്തെ ലാളിത്യവൽക്കരിച്ച്, ലാളിച്ച് ഏകാന്തയാത്രയിലെ അദൃശ്യകൂട്ടുകാരനാക്കി യാത്രതുടരുകയാണ് ആ കഥയിൽ. അവസാനത്തെ തിരിയും കെട്ടിട്ട് പോയാൽപ്പോരേ എന്ന് ചോദിക്കുന്ന അജ്ഞാത യുവതി (ക്ഷേത്രവിളക്കുകൾ) ആരാണെന്നതിൽ സംശയമില്ല.

        മരണം കൊണ്ടു വരുന്ന മലക്ക് സമയമായിഐ ആം സോറി മൈ ഡീയർ ബോയ്എന്ന് പറയുന്നത് കേട്ടാൽ ഹോട്ടൽ അടയ്ക്കാൻ പോവുകയാണ്, പെട്ടെന്ന് ശാപ്പാട് കഴിച്ചു തീർത്തോ എന്ന് പറയുന്ന ലാഘവമേ തോന്നൂ. പതിനാലാം വയസ്സിൽ ഞാൻ മരിച്ചുഎന്ന് ഒരു കഥയുടെ ആദ്യവാചകമായെഴുതാൻ കിട്ടിയ ധൈര്യത്തിനു പുറകിൽ ഈ നിർല്ലിപ്തതയാണ്. എന്റെ കൊലപാതകം നടന്നത്  ജഡ്ജിയുടെ വീടിന്റെ തൊട്ടുമുന്നിൽ വച്ചായിരുന്നു എന്ന് എഴുതിയതും ഇതേ അനാസക്തിയെ കൂട്ടുപിടിച്ചാണ്. മരണം ഒരു വിച്ഛേദമേ അല്ല കുഞ്ഞബ്ദുള്ളയ്ക്ക്. മരണത്തിന്റെ തൊട്ടുമുൻപത്തെ നിമിഷങ്ങൾക്ക് ഗാഢഗാംഭീര്യതയൊന്നും ആഖ്യാനത്തിൽ വരുത്തിയിട്ടില്ല. അപ്പോൾ മലക്ക് എന്റെ ചന്തിയ്കിട്ട് ഒരു കീച്ച് കീച്ചി എന്നൊക്കെ എഴുതാനാണു താൽപ്പര്യം. മരണാന്തരം-1 ഇലെ മരിച്ചു പോയ ജ്യേഷ്ഠൻ വന്നു കയറുന്നത് ടൗണിൽപ്പോയിട്ട് തിരിച്ചു വരുന്നതു പോലെയാണ്. മരിച്ചവർ തമ്മിലുള്ള ഉടമ്പടിയുടെ ആ കഥയിൽ നേരത്തെ മരിച്ച ജ്യേഷ്ഠനു പിന്നീടു മരിച്ച അനിയൻ പുനർജ്ജന്മം നൽകുകയാണ്. കറകളഞ്ഞസ്നേഹത്തിനു ഇതു സാദ്ധ്യമാകുമെന്നാണു കുഞ്ഞബ്ദുള്ളയുടെ സിദ്ധാന്തം.

              തന്റെ ചരമദിനത്തെ അലങ്കോലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ് തന്നിട്ടുണ്ട് അദ്ദേഹം. മൂന്നു ഹൃദ്രോഹികൾ ഇൽ  സ്വന്തം ചരമദിനം താറുമാറാക്കുന്നവർക്ക്  മരിച്ചു പോയ ബറാമി വന്ന് മരണം തന്നെ വിധിയ്ക്കുന്നു.  മൃത്യു സ്വയം മനസ്സിലാക്കുന്നവരോ അത് തേടിപ്പോകുന്നവരോ പല കഥകളിലേയും പ്രധാന കഥാപാത്രങ്ങളാണ്. മരണത്തിന്റെ അങ്ങേപ്പുറവും ഇങ്ങേപ്പുറവും ഉള്ള ലോകങ്ങൾ തൊട്ടുതൊട്ടു കിടക്കുന്നവ, സ്ഥിരം പോക്കുവരവ് സാദ്ധ്യമായുള്ളവയാണ് കുഞ്ഞബ്ദുള്ളയുടെ ലോകത്ത്.  ശൂന്യാകാശത്തിൽ ഒരു   മൃതദേഹം ഇലെ  രാമനാഥനെപ്പൊലെ സ്വന്തം ശവശരീരം തനേ കുഴികുത്തി അടക്കുന്നവർക്ക് രണ്ട് ലോകങ്ങളില്ല.  മരിച്ചു കഴിഞ്ഞ് കഥ പറയുന്ന കഥാപാത്രങ്ങളെ കുഞ്ഞബ്ദുള്ളയ്ക്ക് പ്രിയമായിരുന്നു. സമൂഹം ഇലെ നായകനെപ്പോലെ, മരണം കൊതിയ്ക്കുന്ന മരണപത്രത്തിലെ നായകനെപ്പോലെ.  “…സ്വന്തം വീട്ടിൽ നിന്നും അത് എത്രയൊ അകലെയാണു. മരണം ഒരു നക്ഷത്രത്തെപ്പോലെ ഏഴാനാകാശത്തിൽ അയാളുടെ വീടിനെ കാത്തുസൂക്ഷിച്ചുകൊണ്ട് മുനിഞ്ഞു മുനിഞ്ഞു കത്തുന്നു. ആ ഭാഗ്യനക്ഷത്രം ഇനിയും ഈ ഭൂമിയിൽ ഇറങ്ങി വരണമെങ്കിൽ ഇനി എത്രയോ പ്രകാശവർഷങ്ങൾ അയാൾ കാത്തിരിക്കണം. ശ്മശാനത്തിലെ സുഹൃത്തുക്കൾഇൽ നായകൻ സ്വന്തം ശവക്കല്ലറയിൽ വന്നു വീഴുകയാണ്. എന്നെ ശ്മശാനത്തിലേക്കു നയിക്കുന്ന ഞാൻആത്മകഥാംശം നിറഞ്ഞതാണ്. സ്വമേധയാ ശവക്കുഴിയിൽ കയറി കിടക്കുന്നു ഞാൻ എന്ന നായകൻ. മരിച്ചവർ ഉറങ്ങുന്ന വീട് ഇലെ ഛായാചിത്രങ്ങളിലെ കഥാപാത്രങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പുറത്തിറങ്ങി നമ്മോട് സംസാരിക്കാം. കഥയിലെ നായകനും ഒരു ഛായാചിത്രമായി മാറുകയാണ്. :മരണാനന്തരം-2 ഇലെ നായകൻ മരണമെത്തുന്ന നേരത്ത് ആത്മാവിന്റെ പ്രവർത്തനം നേരിട്ട് അനുഭവിക്കുന്നതിൽ സന്തോഷിക്കയാണ്. “”വിലപ്പെട്ട ജീവൻ പോയാൽ ഇത്രനല്ല ഒരാത്മാവുണ്ടെന്നുള്ളത് ഇപ്പോഴല്ലേ മനസ്സിലാവുന്നത്? അൽപ്പം കൂടെ നേരത്തെ മരിയ്ക്കമായിരുന്നു  എന്ന തോന്നലിലാണ് മരണത്തിന്റെ പുണ്യം.ഒരാൾ മരിച്ചതുകൊണ്ട്’, ‘ദൈവം സാക്ഷി ഇങ്ങനെ ഒരു പറ്റം കഥകൾ മരണം എന്ന അപൂർവ്വനിർവൃതിയെ ഉദാത്തവൽക്കരിക്കാൻ, നിർവ്വചനം മാറ്റിമറിയ്ക്കാൻ ഉദ്ദേശിച്ച് എഴുതിയവ തന്നെ.

 

      ത്രിശൂരെ സാഹിത്യ അക്കാഡമിയിൽ ഫോടോ വച്ചാൽ അതിൽ നിന്ന് ഇറങ്ങി വന്ന് നമ്മോട് സംസാരിച്ചേക്കും കുഞ്ഞബ്ദുള്ള. ചില്ലിട്ടു വച്ച ഫോടോകൾക്കു പിന്നിൽ സുഖലാലസജീവിതമാണെന്നു തെറ്റിദ്ധാരണ പരത്തുന്നതാണു നാട്ടുനടപ്പ്, ഭീകരദുരന്തങ്ങൾ പേറിയവരാണവർ എന്ന സത്യം അറിഞ്ഞ കുഞ്ഞബ്ദുള്ള (മരിച്ചവർ ഉറങ്ങുന്ന വീട്) ആ ഗതികേട് വരാതെ ഒരു തോന്നിയവാസിയുടെ ജീവിതം മാത്രമാണ് ജീവിച്ചു തീർത്തതെന്ന് എന്നോട് പറയുമെന്നാണ് എന്റെ വിശ്വാസം.  ഇനി ഞാൻ ഫോൺ വിളിയ്ക്കുമ്പോൾ ഞാൻ മരിച്ചത് അറിഞ്ഞല്ലോ ഇല്ലേ. ആഴ്ചപ്പതിപ്പുകളൊക്കെ നന്നായിട്ട് ഘോഷിച്ചുഎന്ന് പറയാനും മതി. 

       ജീവിതാസക്തി അമിതമായി സ്വാധീനിച്ചിരുന്നതിനാലായിരിക്കുമോ മരണം ഒരിക്കലും അന്തിമനിർവ്വാസമല്ലെന്ന് വാശിപിടിച്ചിരുന്നത്? രതി എന്ന  ജന്മവാസന അതിസാ‍ധാരണ ചോദനാപരിണതി തന്നെയായിട്ടാണ് കുഞ്ഞബ്ദുള്ളക്കഥകളിൽ തെളിഞ്ഞു വിലസുന്നത്. മരണവും രതിയും കൂടിക്കുഴയുന്നതും രതിയിൽ മരണം ഒളിപ്പിച്ചിട്ടുണ്ട്, മരണത്തിൽ രതി ഉണ്ട് എന്നതും പല കഥകളിലെയും ഒളിഞ്ഞ ദർശനമായി കനൽ നീറുന്നു. ആറാമിന്ദ്രിയം, പുത്രകാമന എന്നീ കഥകളൊക്കെ രതിയുടെ ഭാവദർശനവൈവിദ്ധ്യം പേറുന്നവയാണ്.  യാഥാസ്ഥിതിക കുടുംബത്തിലെ മുസ്ലിം പെൺകുട്ടി സ്വച്ഛന്ദരതി തേടിപ്പോകുന്നത് കഥാങ്കുരമാക്കാൻ പണ്ടേ ധൈര്യം കാണിച്ചിരുന്നു ഈ സ്മാരകശിലാസ്ഥാപകൻ. സ്വന്തം പേരു തന്നെ ആ കാമവിവൃതാകാരനു നൽകാനും ആയിരത്തൊന്നു രാവുകളിലെ അബ്ദുള്ളാസങ്കൽപ്പമാണ് ആധാരമെങ്കിലും- മറന്നില്ല അദ്ദേഹം. കഥ ആ പെൺകുട്ടിയക്കുറിച്ചല്ല, സർവ്വകാമനാഭീഷ്ടദായകനായ അബ്ദുള്ളയെക്കുറിച്ചാണെന്നുള്ളത് യാദൃശ്ചികമാകാനിടയില്ല.

            സത്യസന്ധതയില്ലാതെ സാഹിത്യമില്ല. സ്വന്തം പേരുവച്ചാലും പരോക്ഷമായി വല്ലതും പ്രയോഗിക്കണംഎന്നാണു കിളിപ്പാട്ട് എന്ന കഥയിലെ പ്രസ്താവന. ഞാൻഎന്ന നായകന്റെ കഥനം ഉൾക്കൊള്ളുന്ന കഥകളിൽ ആത്മകഥാംശം എത്രയുണ്ട്? അതിവിദഗ്ധമായി വായനക്കാരുടെ മനസ്സിനെക്കൊണ്ട് ചെപ്പും പന്തും കളിപ്പിച്ചില്ലേ ഇദ്ദേഹം?  ഈ കഥകളിലെ വ്യക്തിത്വങ്ങൾ പലതും ആവേശിച്ച അല്ലെങ്കിൽ കയറിക്കൂടി ജീവാംശങ്ങളും ശരീരാംശങ്ങളും സ്വരൂപിച്ചതായിരുന്നു പുനത്തിലിന്റെ സ്വകാര്യജീവിതവും. ഒരേ സമയം തെറ്റും ശരിയുമാണ് പ്രദർശിതമാകുന്നത്. നേരിട്ടു പറഞ്ഞ സ്വജീവിതാനുഭവങ്ങൾ പലപ്പോഴും അതേ പടി കയറിക്കൂടിയിട്ടുണ്ട് പല കഥകളിലും. സ്വന്തം  രത്യോന്മുഖമായ എസ്ക്കെപ്പേഡി എത്രമാത്രം സത്യമാണ്, അവയിലെ കഥം എത്ര, യഥാതഥം എത്ര എന്ന് ആർക്കും പിടി തരാതെ വഴുതി മാറിക്കളഞ്ഞു അദ്ദേഹം. ഈ നിഗൂഢത കഥകളിൽ ആവിഷ്ക്കരിച്ച് നമ്മെ കുഴക്കുന്നത് കുഞ്ഞബ്ദുള്ളയുടെ രചനാതന്ത്രം തന്നെ ആയിരുന്നില്ലേ? ഇതല്ലേ അദ്ദേഹത്തിന്റെ കഥാചാരുതയുടെ മർമ്മം? കർമ്മകാണ്ഡത്തിന്റെ മർമ്മം?  കാമനകൾ തുറന്നറിയിക്കാൻ മടിയില്ലാതിരുന്ന ആൾ അതിന്റെ പ്രായോഗികതയിൽ യുക്തിതേടിയില്ലെങ്കിൽ അദ്ഭുതപ്പെടാനില്ല.  രതിയോടുള്ള പ്രിയം തുറഞ്ഞുപറഞ്ഞിരുന്നതു പോലെ ആഹാരത്തോടുള്ള ആസക്തിയും ഒളിച്ചു വച്ചിരുന്നില്ല. എളുപ്പം നിർമ്മിച്ചെടുക്കുന്ന സുഹൃൽബന്ധങ്ങൾ പരാശ്രയം മാത്രമാണ് അതിജീവനത്തിന്റെ കാമ്പ് എന്ന ബോധത്തിന്റെ   ദൃഷ്ടാന്തങ്ങൾ ആയിരുന്നില്ലേ?പരാശ്രയനിബദ്ധമായ ജീവിതമല്ലേ പെണ്ണിന്റെ ചുണ്ടിൽത്തന്നെ ഉമ്മവയ്ക്കാനുള്ള സാദ്ധ്യതകൾ ഒരുക്കിത്തരുന്നത്? (‘വിളിച്ചാൽ വരുന്ന വസ്തുക്കൾ എന്ന കഥ).

 

    എന്നോടൊപ്പം താമസിച്ച കാലത്ത് എന്റെ ഒരു ഷർട് വേണമെന്ന് വാശി പിടിച്ച ആളാണദ്ദേഹം എന്നത് ഈ ഔത്സുക്യത്തിന്റെ അനുരണനം തന്നെ. ഞാൻ ഉപയോഗിച്ചതാണിത്,  പുതിയ ഒരെണ്ണം വങ്ങിത്തരാം എന്ന് അറിയച്ചപ്പോൾ സമ്മതമല്ല. ആ ഷർട് അതി സുന്ദരമാണെന്നും അതു മാത്രം മതിയെന്നും പുതിയത് വേണ്ടെന്നും വാശി പിടിച്ചിട്ടുണ്ട്.    അദ്ദേഹത്തിന്റെ കഥകളെപ്പറ്റി വിശദമായി ചർച്ച ചെയ്യാൻ കിട്ടിയ അവസരം ഞാൻ പാഴാക്കിയില്ല. അതിൽ നിഷ്ക്കളങ്കാഹ്ലാദം കൊള്ളുകയായിരുന്നു ആ ബ്രഹുദ് മനസ്സ്. പിന്നീട് നാട്ടിൽച്ചെന്ന് പ്രിയപ്പെട്ട കഥകൾ പുസ്തകമാക്കിയപ്പോൾ എനിക്ക് സമർപ്പിക്കുന്നെന്ന പോലെ  ആമുഖം എഴുതി എന്നെ വിസ്മയിപ്പിച്ചു.  അദ്ദേഹത്തിന്റെ കഥകളെല്ലാം എന്റെ പ്രേമഭാജനങ്ങൾ ആണെന്ന് തലക്കെട്ടിൽ തന്നെ എഴുതി എനിക്ക് ഷോക്ക് തന്നതും കുഞ്ഞബ്ദുള്ളയുടെ അദ്ഭുത സ്നേഹദാർഢ്യപ്രത്യക്ഷം. പത്തുകഥകൾ മാത്രം തെരഞ്ഞെടുക്കാനുള്ള പ്രയാസം, വായനക്കാർക്ക് എല്ലാ കഥകളും ഇഷ്ടമാണെന്ന്  സമർത്ഥിക്കാൻ എന്റെ പ്രസ്താവന കൊണ്ട് വ്യംഗ്യമായി സൂചിപ്പിക്കുകയല്ലായിരുന്നോ എന്ന്  സംശയം.       

     കുഞ്ഞബ്ദുള്ളയുമായി വിശദമായ ഒരു അഭിമുഖം റെക്കോർഡ് ചെയ്തിരുന്നു ഞാൻ, ഓഡിയോ ടേപ്പിൽ. സാഹിത്യം, സിനിമാ, രചനാതന്ത്രങ്ങൾ, എന്നു വേണ്ട കൊച്ചു ദുഃഖങ്ങൾ, വലിയ സങ്കടങ്ങൾ ഒക്കെ കാടുകയറിപ്പടർന്ന ഒരു നീണ്ട വർത്തമാനം. എം റ്റിയോടുള്ള ആരാധന, സക്കറിയയുമായുള്ള ഗാഢസ്നേഹബന്ധം ഇങ്ങനെ വ്യക്തിപരവും അല്ലാത്തതുമായ കാര്യങ്ങൾ ഇടമുറിയാതെ ധാര ചൊരിഞ്ഞ അവസരം. ഗൾഫ് ദേശത്തെ മലയാളികൾ അവാർഡുകൾക്കൊന്നും പരിഗണിക്കാതെ അദ്ദേഹത്തെ വിട്ടു കളഞ്ഞതിലുള്ള  സങ്കടം വ്യക്തമാക്കി ഇടയ്ക്ക്. പഴയ ഒരു ടേപ്പ് പ്ലേയറിൽ അത് വച്ച്  എഴുതിയെടുത്തു കൊണ്ടിരുന്നപ്പോൾ  ടേപ്പ് അകത്തൊക്കെ ചുറ്റിപ്പിടിച്ച് കുരുങ്ങി. രക്ഷപെടുത്താൻ നോക്കിയത് കൂടുതൽ കുരുക്കിലാക്കി, പൊട്ടിപ്പോയി. ഇതു തീരാനഷ്ടമായി ഇന്നും വ്യഥ സമ്മാനിക്കുന്നു.  

       പക്ഷേ ഞാൻ കുണ്ഠിതപ്പെടേണ്ടതില്ല. കഥാചരിത്രത്തിന്റെ, വായനാവഴികളിലെ സ്മാരകശിലകളിൽ എന്നെന്നേയ്ക്കുമായി ആലേഖനം ചെയ്യപ്പെട്ട് അവ ആഖ്യാനമാന്ത്രികതയുടെ തിളക്കത്തിൽ സ്വയം പ്രകാശിക്കുന്നുണ്ട്.  അമരത്വത്തിന്റെ മാണിക്യക്കല്ല് തലയിലേറ്റിയ  കഥാഖ്യാനസർപ്പം( ചില ജീവിതയാഥാർഥ്യങ്ങൾഇലെ പാമ്പ് തന്നെ) കാലം വിരിച്ചിട്ട വലകൾക്കിടയിലൂടെ വളഞ്ഞ് പുളഞ്ഞ് നിത്യപ്രയാണം ചെയ്യുകയാണ്. 

 ഒന്നിലും കുരുങ്ങാതെ.

 

Thursday, June 18, 2020

ചാത്തങ്കുളങ്ങര ഹനുമാൻ-സീത ദാരുശിൽപ്പം: സ്ഥല-കാല- ചലന പ്രഭാവങ്ങൾ



  ദൂരെ ഹനുമാൻ ഒരു മരത്തിനു മുകളിൽ ഇരിയ്ക്കുന്നത് കാണുന്നു. പെട്ടെന്ന് ചാടാൻ തയാറെടുത്താണ് ഇരിപ്പ്. താഴെ ദുഃഖിതയായ സീത. പിന്നെ താഴെച്ചാടിയിട്ട് സീതയോട് രഹസ്യസന്ദേശം കൈമാറുന്ന ഹനുമാൻ. ഒരു പുണ്യപുരാണചിത്രത്തിലെ രംഗമല്ല ഇത്; ചെങ്ങന്നൂരെ ചാത്തങ്കുളങ്ങര അമ്പലത്തിലെ ദാരുശിൽപ്പമാണ്. ഭാരതത്തിലെ ദാരുശിൽപ്പങ്ങളിൽ അപൂർവ്വമായി കാണുന്ന  സ്ഥല/കാല  (time/space) പ്രത്യക്ഷങ്ങൾ ഉൾക്കൊള്ളിച്ചെടുത്ത അദ്ഭുതശിൽപ്പമാണിത്.

     തടിയിൽ കൊത്തിയെടുത്ത ശിൽപ്പങ്ങൾ കേരളത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടേ ഇല്ല. നമ്മുടെ കലാസാംസ്കാരിക വിനിമയങ്ങളിൽ എത്തപ്പെടാതെ അമ്പലങ്ങളുടെ ഉള്ളിൽ അത്ര ശ്രദ്ധയാകർഷിക്കാതെ നിഴൽ പറ്റി ഒതുങ്ങിക്കൂടുന്നവയാണിവ. പഠനങ്ങൾ ഉൾക്കൊള്ളിച്ച പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച്ട്ടില്ല, ഫോടൊഗ്രാഫുകൾ കാണാനേ ഇല്ല. ക്യാമെറയുമായി അലഞ്ഞുതിരിയുന്ന ആയിരക്കണക്കിനു ഫോടൊഗ്രാഫർമാർ കേരളത്തിൽ ഉണ്ടെങ്കിലും അവരുടെ ശ്രദ്ധ ഇതിലേക്ക് തിരിഞ്ഞിട്ടില്ല.. ചിലവയെ ഒന്നും ചെയ്യാനും പറ്റുകയില്ല കാരണം ദൈവീകമെന്ന ബ്രാൻഡിങിൽ ആർക്കും തൊട്ടുകളിക്കാൻഅനുവാദവുമില്ല.
 നമസ്കാരമണ്ഡപങ്ങൾക്ക് മുകളിൽ, നാലമ്പലവഴികൾക്കരികിൽ, മുഖപ്പുകളിൽ, ശ്രീകോവിലിനു ചുറ്റിലും മേൽക്കൂരയ്ക്ക് താങ്ങായി  അനന്യസൗന്ദര്യവിലാസങ്ങൾ വിലസുന്നത് കലാപാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്ന മലയാളികൾ അവഗണിയ്ക്കുന്നത് അറിവില്ലായ്മ തന്നെ എന്ന് കരുതണം. അറുനൂറോളം വർഷങ്ങൾ നീണ്ടു നിന്ന അത്യുദാത്തകലാവിദ്യ  നാശോന്മുഖമാകുന്നുമുണ്ട്.  കാരണം ദാരുശിൽപ്പങ്ങളെ അറിയാനും കലാപരമായ വിശദീകരണങ്ങൾക്ക് ശ്രമിക്കാനും മറുനാട്ടിൽ നിന്നും വന്ന സായിപ്പോ മദാമ്മയോ മാത്രമേ ഇതു വരെ ഉണ്ടായിരുന്നിട്ടുള്ളൂ. സ്റ്റെല്ലാ ക്രേമ്രിഷോ  റോണൽഡ് ബെർണിയറൊ അവരുടെ പുസ്തകങ്ങളിൽ നമ്മുടെ ദാരുശിൽപ്പങ്ങളെ വാഴ്ത്തിയെങ്കിൽ അതു പോലും നമ്മുടെ സാംസ്കാരികചിന്തകളിൽ ഇടം നേടിയിട്ടില്ല. എം. ജി ശശിഭൂഷൺ സാമാന്യപഠനം നടത്തിയത് വിസ്മരിക്കുന്നില്ലമറ്റുചില കലാനിരീക്ഷകരുടേതായിട്ട് അവിടവിടെ ചുരുക്കം ചില വിവരണാത്മകലേഖനങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. വാഴപ്പള്ളി അമ്പലമോ കോഴിക്കോട് തളി ക്ഷേത്രമോ തൃച്ചംബരം അമ്പലമോ നമുക്ക് കലാകേന്ദ്രങ്ങളായി കാണാനുള്ള വിദ്യാഭ്യാസം ഇനിയും ലഭിക്കേണ്ടിയിരിക്കുന്നു. പാഴൂരും പൊന്മേരിയും കവിയൂരും നിസ്തുലങ്ങളായ ദാരുശിൽപ്പങ്ങളോട് ബന്ധപ്പെടുത്തി ചിന്താപദ്ധതിയിൽ ഉൾക്കൊള്ളാൻ കാലം ഇനിയും കഴിയണം എന്നതാണ് ദയനീയത. മിത്തുകളിൽ മോഹമുഗ്ധരാകുന്ന മലയാളി ജനത പെരുന്തച്ചനെ സ്തുതിപ്രശംസകളാൽ ഉന്നതപീഠമേറ്റിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെയൊ മറ്റ് തച്ചന്മാരുടേയൊ ആവിഷക്കാരങ്ങളെ വാസ്തുശാസ്ത്രപരമായിട്ടോ തച്ചുശാസ്ത്രപരമായിട്ടോ താരതമ്യചരിത്ര (comparative history)പരമായിട്ടോ പഠിയ്ക്കാൻ പോയിട്ട് അറിയാൻ പോലും താൽപ്പര്യപ്പെട്ടിട്ടില്ല.

    ചെങ്ങന്നൂരെ ചാത്തങ്കുളങ്ങര ക്ഷേത്രം ദാരുശിൽപ്പങ്ങൾക്ക് ഒട്ടൊരു പ്രസിദ്ധി ആർജ്ജിച്ചിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല.  പക്ഷേ അമ്പലത്തിൽ പോകുന്നവർക്ക് ഒരു നോക്കിനായി സ്വരൂക്കൂട്ടിയ വേലകൾ എന്നതിനപ്പുറം ആ ശിൽപ്പങ്ങളെ പഠിയ്ക്കാൻ അമ്പലം അധികൃതരോ ദേവസ്വം ബോർഡോ തുനിഞ്ഞിട്ടുണ്ടോ എന്ന് സംശയം. ഭക്തിയിൽ നിന്നും വേർപെടുത്തി കലയുടെ തനത് ആവിഷ്ക്കാരം എന്ന നിലയ്ക്കാണ് കേരളക്ഷേത്രങ്ങളിലെ ചുവർചിത്രങ്ങളും കൊത്തുപണികളും സ്വരൂപം പ്രാപിച്ചത്. അമ്പലത്തിലെ പ്രതിഷ്ഠയുമായി ബന്ധമില്ലാത്തതാണ് ഈ സുന്ദരാവിഷ്ക്കാരങ്ങൾ. പുരാണങ്ങളും മിത്തുകളും പ്രമേയമാക്കി എടുത്തിട്ടുണ്ടെങ്കിലും അവയിലെ നാടകീയാംശങ്ങളാണ് മേൽപ്പറഞ്ഞ രൂപകൽപ്പനകളിൽ തെളിഞ്ഞുവിലസുന്നത്. ഏറ്റുമാനൂരമ്പലത്തിൽ ശിവന്റെ പ്രതിഷ്ഠയാണെങ്കിലും ശ്രീകോവിലിനു ചുറ്റും രാമായണകഥകളും മറ്റുമാണ് തെളിഞ്ഞു വിടരുന്നത്. ഏറ്റവും ജനസമ്മതിയാർജ്ജിച്ച കഥ എന്ന നിലയ്ക്കേ രാമായണത്തിന്റെ സാംഗത്യത്തെ  വീക്ഷിക്കാനാവൂ. കാൽപ്പനികസൗന്ദര്യത്തിന്റെ വിശദീകരണത്തിനും പ്രത്യക്ഷത്തിനും കൃഷ്ണകഥകൾ പലേ അമ്പലങ്ങളിലും ചുവർചിത്രങ്ങളായും കൊത്തുപണികളായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രധാന ഉപാസനാമൂർത്തിയുടെ പ്രസക്തിയുമായി വിഘടിച്ചു നിൽക്കുന്നു ഇത്.

  ഈ വാതാവരണത്തിലാണ് ചാത്തങ്കുളങ്ങര അമ്പലത്തിലെ ദാരുശിൽപ്പങ്ങളെ വീക്ഷിക്കേണ്ടത്. നേരത്തെ ശാസ്താക്ഷേത്രമായിരുന്നത് നരസിംഹപ്രതിഷ്ഠയോടെ വൈഷ്ണവവൽക്കരിക്കപ്പെട്ടതായിരിക്കണം. 14-)0 നൂറ്റാണ്ടിൽ നവീകരിക്കപ്പെട്ടതാകയാൽ ദാരുശിൽപ്പങ്ങൾ അതോടൊപ്പമായിരിക്കണം നിർമ്മിച്ചെടുക്കപ്പെട്ടത്. 1200 കൾ   മുതലാണ് കേരളത്തിലെ ദാരുശിൽപ്പകല വികാസം പ്രാപിച്ചത് എന്ന് ചരിത്രം. അതിനും മുൻപത്തെ ശിൽപ്പങ്ങൾ നശിച്ചുപോയതായിരിക്കാനും സാദ്ധ്യതയുണ്ട്.  ദാരുശിൽപ്പങ്ങളുടെ ബാല്യകാലമായതിനാലും ചുവർചിത്രകല സാങ്കേതികയിൽ മികവ് നേടിയിട്ടില്ലാത്തതിനാലും  ചാത്തങ്കുളങ്ങര ദാരുശിൽപ്പങ്ങൾ  1500 കളിൽ ആവിഷ്ക്കരിക്കപ്പെട്ട ഏറ്റുമാനൂർ ദാരുശിൽപ്പങ്ങളോളം  സൂകഷ്മത കൈവരിച്ചിട്ടില്ല എന്ന് പറയുമ്പോൾ ഒരു താരതമ്യത്തിനു സാദ്ധ്യതയില്ലെന്നും സമ്മതിക്കേണ്ടതാണ്. ലംബമായിത്തീർത്ത പാനെലുകളിലാണ് മിക്കവാറും ശിൽപ്പങ്ങൾ എഴുന്നരുളുന്നത്. ഗജേന്ദ്രമോക്ഷം, അനന്തശയനം, ഗോപികാവസ്ത്രാപഹരണം, ദശാവതാരം , നരസിംഹം, പൊക്കിയെടുത്ത പശുവിന്റെ പാൽ കുടിയ്ക്കുന്ന ശ്രീകൃഷ്ണൻ എന്നിവയൊക്കെയാണ് പ്ലാവിന്റെ കാതലിൽ കൊത്തിയെടുത്ത ശിൽപ്പങ്ങളിൽ പ്രധാനം. ശ്രീകോവിലിന്റെ ചുറ്റും  നിബന്ധിച്ചിരിക്കുനന ഇവയിൽ പലവയും രാമായണത്തിലെ രംഗങ്ങളാണ്. 1300 കളിൽ രാമായണത്തിലെ നാടകീയസന്ദർഭങ്ങൾ ശിൽപ്പികളെ സ്വാധീനിച്ചിരുന്നു എന്നത് ആ മഹദ് കഥ ജനസമ്മതിയാർജ്ജിച്ചിരുന്നതുകൊണ്ടു തന്നെ. ഈ ശിൽപ്പങ്ങൾക്കു ശേഷം, 200 കൊല്ലം കഴിഞ്ഞ് , 1500 കളിൽ എഴുത്തച്ഛൻ കിളിപ്പാട്ടായി എഴുതി മലയാളിക്കൊണ്ട് പാടിയ്ക്കാൻ പോകുന്നതേ ഉള്ളൂ  ഈ കൃതി എന്നത് ഓർമ്മിക്കേണ്ടതാണ്.
   
 അശോകവനത്തിൽ ശിംശപാവൃക്ഷച്ചുവട്ടിൽ അതിദുഃഖഭാരത്താൽ വലതുകയ്യിന്മേൽ തലചായ്ച്ചിരിക്കുന്ന സീതയെ ഹനുമാൻ കണ്ട് സന്ദേശമോതുന്ന ചിത്രീകരണം പേറുന്ന ദാരുശിൽപ്പം ഇവയിൽ പ്രാമാണികത ഏറ്റവും ഏറുന്ന ഒന്നാണ്. ചതുർ മാനങ്ങളെ മാത്രമല്ല സ്ഥലം കാലം ഇവയൊക്കെ ആഴത്തിൽ നിബന്ധിച്ച് വിസ്മയങ്ങൾ തീർക്കാൻ പ്രാപ്തനായിരുന്നു ഇതിന്റെ ശിൽപ്പി എന്നത് സുനിശ്ചിതമാണ്. ലങ്കയിലേക്ക് വലിയ കുന്നിൻ മുകളിൽ നിന്ന് ചാടാനുദ്യമിക്കുന്ന ഹനുമാന്റെ പാനലിനു താഴെയാണിത് എന്നതിനാൽ  കഥാഭാഗത്തിന്റെ അനുസ്യൂയത നിലനിർത്തിയിട്ടുമുണ്ട്. ആഡംബരങ്ങൾ തീരെ വർജ്ജിച്ചിരിക്കുന്ന രീതിയിലാണ് ചിത്രീകരണം, സന്ദർഭത്തിനൊത്ത്. ക്ഷേത്രത്തിനു മുൻ വശത്തുള്ള ദ്വാരപാലകശിൽപ്പം ശ്രദ്ധിച്ചാലറിയാം ശിൽപ്പിക്ക് ആഡംബരനിബന്ധനയിൽ എത്ര ആവേശം ഉണ്ടെന്ന്. 1300 കളിലെ കൽശിൽപ്പങ്ങളിലോ ദാരുശിൽപ്പങ്ങളിലോ പ്രധാന കഥാപാത്രത്തിന്റെ, അതും നായികയുടെ കദനഭാവം ചിത്രീകരിക്കാൻ ഒരുമ്പെടുക എന്നത് ഇൻഡ്യയിൽ മറ്റൊരിടത്തും കാണാവതല്ല എന്നത് പ്രസ്താവ്യമാണ്. പിന്നീട് വന്നചുവർ ചിത്രങ്ങളും ഈ സീതാദുരന്തരംഗം ഏറ്റെടുത്തിട്ടില്ല.  ശ്രീരാമന്റെ വീരാപദാനങ്ങൾ വ്യാഖ്യാനിക്കാൻ തക്കവണ്ണമുള്ള രംഗങ്ങളാണ് സാധാരണ മറ്റ് കൽ/ദാരു ശിൽപ്പങ്ങളിലെ പ്രമേയം. അല്ലെങ്കിൽ ശ്രീകൃഷ്ണന്റെ ലീലകൾ.  വീരമോ ശൃംഗാരമോ പ്രധാന രസമായി കൊണ്ടാടപ്പെടുന്ന ശിൽപ്പങ്ങൾക്ക് നേർ വിപരീതമാണ് ഈ സീത. മുഖത്തെ ഭാവം തീവ്രമായിട്ട് രേഖപ്പെടുത്തിയിരിക്കുന്നു; വിതുമ്പുന്ന ചുണ്ടുകൾ പ്രത്യേകം ശ്രദ്ധയർഹിക്കുന്നു. 

        ശിൽപ്പത്തിന്റെ ഇടത്തെക്കോണിൽ സ്വൽപ്പം വലത്തോട്ട് ചാഞ്ഞാണ് സീതയുടെ ഇരിപ്പ്. ഈ ചായലിന്റെ വക്രതയ്ക്ക് സമീകരണം എന്ന നിലയ്ക്ക് മരത്തിന്റെ വർത്തുളത വലത്തുനിന്നും ഇടത്തോട്ട് ചാഞ്ഞ് വീണ്ടും വലതുഭാഗത്ത് എത്തുകയാണ്. മരത്തിന്റെ താഴത്തെ ഭാഗം സാങ്കൽപ്പികമാണ്,ശിൽപ്പത്തിലില്ല.  സീതയ്ക്കും ഹനുമാനുമിടയ്ക്ക് ലയിച്ചില്ലാതെയാകുകയാണ് ഈ ഭാഗം. കുറച്ചു പുറകിലായി പെട്ടെന്ന് പ്രത്യക്ഷപ്പെടുകയാണ് മരം.എന്നാൽ പാനലിന്റെ ആകെ ഇടത്തിന്റെ പകുതിയിലേറെ മരവും ചില്ലകളും ദൃശ്യമാക്കാൻ ഉപയോഗിച്ചിരിക്കുകയാണ്. മറ്റ് ദാരുശിൽപ്പങ്ങളിലെന്ന പോലെ അലങ്കാരദ്യോതകമായ ചിത്രപ്പുല്ല് (പന്നൽച്ചെടി-fern) പാറ്റേണുകളാണ് ഇലകൾക്കും ചില്ലകൾക്കും. കദനഭാവത്തിനു തെല്ലൊരു ആശ്വാസമണയ്ക്കാനായിരിക്കണം ഈ വിദ്യ.  പിന്നീട്  വന്ന കവിയൂരെ ഗോപികാവസ്ത്രാപഹരണശിൽപ്പത്തിൽ ഇടതൂർന്ന ഇലകൾ അത്ര കലാപരമല്ലാതെ യഥാതഥമായാണ് ചിത്രീകരിച്ചിരിക്കുന്നത് എന്ന് ഓർക്കേണ്ടതാണ്.  സീതയുടെ തലമുടി കാഴ്ച്ച പിടിച്ചെടുക്കുന്നു, ആകർഷണീയത ഒഴിവാക്കി നീണ്ട നാരുപോലെ, അഭംഗി തോന്നത്തക്ക വിധം വളവുകൾ വർജ്ജിച്ച്  ശരീരത്തെ ഒരു പൊതിയ്ക്കുള്ളിൽ നിബന്ധിക്കുന്ന പോലെയാണ് വിന്യാസം. ഇത് അവരുടെ തീവ്രസങ്കടത്തിനു ആക്കം കൂട്ടുന്നു എന്നുള്ളത് പ്രത്യേകതയാണ്. ശിൽപ്പങ്ങളിൽ കാണാത്ത സ്വരൂപവിശേഷമാണ് തലമുടിയ്ക്ക്. സ്വന്തം തലമുടി കയറുപോലെ ഉപയോഗിച്ച ആത്മഹത്യ ചെയ്താലോ എന്ന് ആലോചിക്കുന്നതായി രാമായണത്തിൽ ഉണ്ടെന്നുള്ളത് ശിൽപ്പ്ക്ക് ഈ ആശയം പ്രദാനം ചെയ്തുകാണണം. കൊത്തുപണികളിലേയും ചുവർചിത്രങ്ങളിലേയും ലാവണ്യസങ്കൽപ്പങ്ങളെ വെലുവിളിച്ചുകൊണ്ടാണ് ഈ ചിത്രീകരണം. (1700 കളിൽ മെനഞ്ഞ പദ്മനാഭപുരം രാമസ്വാമി അമ്പലത്തിലെ ശ്രീരാമന്റെ മടിയിൽ കിടക്കുന്ന സീതയ്ക്ക് ഏകദേശം ഇതേ കേശഭാരസ്വരൂപമാണെങ്കിലും അതീവചാരുത നിബന്ധിച്ചാണ് അവതരണം). സീതയുടെ കൈകൾക്ക് അസാമാന്യമായ നീളമാണ്; വിരലുകൾ വളരെ നീണ്ടുമെലിഞ്ഞതും കൂർത്തതുമാണ്. അവരുടെ അവസ്ഥയുടെ കരാളത തീവ്രതരമാക്കപ്പെട്ടിരിക്കയാണ് ഈ കൈകളുടെ രൂപവൈചിത്ര്യത്താൽ. ശ്രീകോവിലിലെ പ്രധാനവാതിലിനു വശത്തുള്ള ദ്വാരപാലകനു ഇതേ രൂപവൈചിത്രമുള്ള കൈകൾ നിർമ്മിച്ചുകൊടുത്തിട്ടുണ്ടെങ്കിലും ശരീരത്തിന്റെ അളവുകൾ വച്ച് നോക്കിയാൽ വലിപ്പത്തിൽ വല്യ അസാധാരണത്വം കാണാനാവില്ല.  മറ്റു മനുഷ്യരൂപങ്ങൾക്കൊന്നും ശിൽപ്പി ഈ നീണ്ടുകൂർത്ത വിരലുകൾ നൽകിയിട്ടില്ല.  ശരീരഭാഗങ്ങളുടേയോ മുഖത്തിന്റേയോ അനുപാതത്തിനപ്പുറമാണ്  സീതയുടെ കയ്പ്പത്തികളുടെ നീളം.

  ഈ ചിത്രചട്ടത്തിന്റെ പകുതിയോളം ഭാഗം അശോകമരത്തെ ഒരു പ്രധാന ചിത്രീകരണവസ്തുവായി  പ്രദർശിപ്പിക്കാൻ ഉപയോഗിച്ചിരിക്കയാണ്. ചില്ലകളിൽ പതുങ്ങി മറ്റൊരു ഹനുമാൻ ഉണ്ടെന്നുള്ളതാണ് ഈ ദാരുശിൽപ്പത്തിന്റെ സവിശേഷത. ഹനുമാൻ ചവിട്ടുന്നതിനാൽ നടുഭാഗത്തെ ചില്ലകൾ താഴോട്ട് മടങ്ങിയിരിക്കുകയാണ്. ഒറ്റനോട്ടത്തിൽ ഭംഗിയാർന്ന ചില്ലകൾ കാഴ്ച്ച പിടിച്ചെടുക്കുമെങ്കിലും താഴത്തെപ്പകുതി നാടകീയതയാൽ വിജൃംഭിക്കയാണ്.

ഇട (space) ത്തിന്റെ പ്രത്യക്ഷം

 അപാരചാതുരിയോടെയാണ്  ഇടങ്ങൾ വിന്യസിച്ചിരിക്കുന്നത്.  ഒരേ പ്രതലത്തിൽ രണ്ട് ഇടങ്ങൾ എന്നത് ഒരു മാന്ത്രികവിദ്യപോലെ  ഉൾക്കൊള്ളിച്ചിരിക്കുന്നു.  മരത്തിൽ ഇരിയ്ക്കുന്ന ഹനുമാൻ, താഴെ നിൽക്കുന്ന ഹനുമാൻ എന്നിങ്ങനെ രണ്ട്  രൂപങ്ങളാണ് ഈ ഇടങ്ങളുടെ കേന്ദ്രീകരണം. മരത്തിലെ ഹനുമാൻ കുറച്ചു പിന്നിൽ, ദൂരെയാണ്, അതുകൊണ്ട് ചെറുതും. ഒരേ ഒരു കാഴ്ചയുടെ രണ്ട് പ്രതലങ്ങൾ എന്നത് വെളിവാക്കാനെന്ന വണ്ണം. ഈ രണ്ട് സ്പെയ്സ്നേയും വേർതിരിക്കുന്നതും ഒന്നിക്കുന്നതും അശോകമരം തന്നെ. സീതയ്ക്കും ഹനുമാനുമിടയ്ക്ക് അദൃശ്യതയിൽ നിന്നും പൊന്തിവരുന്നതുപോലെയാണ് മരത്തിന്റെ ചിത്രീകരണം. ഹനുമാൻ ചവിട്ടി മടക്കുന്ന ചില്ലകൾ ദൂരെ പിറകിൽ ദൃശ്യമാവുന്ന മരത്തിന്റേതെന്ന പോലെ ചെറുതാണ്, എന്നാൽ സീതയുടെ മേൽ ചായുന്ന ചില്ലകളും ഹനുമാന്റെ തലയ്ക്കു മുകളിൽ ഉള്ള ഇലക്കൂട്ടങ്ങളും മുൻപിലുമാണെന്ന പ്രതീതിയാണ് ദൃശ്യസമക്ഷം ബോധിപ്പിക്കുന്നത്. പിറകിൽ തറയ്ക്കുന്ന  നമ്മുടെ നോട്ടം പതുക്കെ മുന്നോട്ട് വന്ന് മുൻപിൽ ഹനുമാനിലും സീതയിലും കേന്ദ്രീകരിക്കണം എന്നാണ്  ഈ ചിത്രക്കാഴ്ച്ച നിർദ്ദേശിക്കുന്നത്.   മരത്തിനു മുകളിലത്തെ ഹനുമാൻ അതീവശ്രദ്ധാലുവും ജാഗരൂകനുമാണെന്ന മട്ടിൽ മുഖഭാവം കൊത്തിയെടുത്തിട്ടുണ്ട്. പിന്നീട് വന്ന ചുവർച്ചിത്രങ്ങളിലോ കൊത്തുപണികളിലോ ഒരേ ചട്ടത്തിൽ രണ്ട് സ്പെയ്സ് എന്നത് പരീക്ഷിക്കപ്പെട്ടിട്ടേ ഇല്ല എന്നത് ഈ ദാരുശിൽപ്പത്തെ അനന്യവും നിസ്തുലവുമാക്കുന്നു.

 സമയ ( time)ത്തിന്റെ പ്രത്യക്ഷം

  ഈ രണ്ട് സ്പെയ്സും രണ്ട് സമയങ്ങളിലുമാണ്. പിറകിൽ മരത്തിനു മുകളിൽ നിന്നും ചാടാൻ തുടങ്ങുന്ന ഹനുമാൻ ആദ്യം നടന്ന സംഭവവും മുന്നിൽ  നിലത്തിറങ്ങിയ ഹനുമാൻ സന്ദേശമോതുന്നത്  അതിനു ശേഷം നടന്ന സംഭവവും എന്നിങ്ങനെ രണ്ട് കാലനിബന്ധനകൾ ആണിവിടെ. സ്പേയ്സ് നിബന്ധനയിൽ സന്നിവേശിക്കപ്പെട്ട മരത്തിന്റെ തായ്ത്തടിയുടെ വിനിയോഗം ഇവിടെയും കാലങ്ങളെ ബന്ധിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നു. രണ്ട് സമയങ്ങൾക്കും ഇടയിൽ നിന്നാണ് മരം ആവിർഭവിക്കുന്നത്. ഇവിടെയും മുൻപ് നടന്ന സംഭവം എന്ന് സൂചിപ്പിക്കാൻ ഹനുമാൻ രൂപം ചെറുതാക്കിയെടുത്തിരിക്കുന്നു. തൊട്ട് മുകളിലത്തെ പാനലിൽ മലമുകളിൽ നിന്നും ചാടാൻ തുടങ്ങുന്ന ഹനുമാനാണ്, കഥാഗതിയിലെ അനുസ്യൂയത പരിപാലിക്കപ്പെടുകയാണ്, ഒരു ഫലകത്തിൽ രണ്ട് സമയങ്ങൾ എന്ന വിചിത്ര പര്യാലോചനയിൽ ഈ തുടർച്ച എളുപ്പം പരിപാലിക്കപ്പെടുന്നു. (ചിത്രം 2)

   സ്ഥല-കാല ഭ്രമാത്മകത ഇപ്രകാരം സ്വരൂക്കൂട്ടിയെടുക്കാൻ പതിനാലാം നൂറ്റാണ്ടിലെ ശിൽപ്പിക്ക് സാധിച്ചു എന്നത് ഭാരതീയ ശിൽപ്പകലയ്ക്ക് നിസ്തുലമായ സംഭാവന നൽകിയ വേളയാണ്.. ഒറ്റനോട്ടത്തിൽ രാമണീയകത്തിൻ ധാമം പോലെ വിടർന്നുല്ലസിക്കുന്ന മരച്ചില്ലകൾ  -അതും വരകളുടെ വളവുകളാൽ ഭംഗിയേറ്റിയതും-ആണ് കണ്ണിലുടക്കുന്നതെങ്കിലും താഴെ തീവ്രസങ്കടമുണർത്തുന്ന ദൃശ്യം നേർവിപരീതമാണ്. രണ്ട് കാഴ്ച്ചകൾ കാണാനാണ് ശിൽപ്പം നമ്മെ ക്ഷണിയ്ക്കുന്നത്. ചെറിയകള്ളിയിലൊതുക്കപ്പെട്ട ദാരുശിൽപ്പം ബ്രഹുത്തായി പരിണമിക്കുകയാണ്.

ചലനാത്മകത
    ശിൽപ്പങ്ങളിൽ ചലനമോ വേഗമോ ചിത്രീകരിക്കുക എന്നത് ദുഷ്ക്കരമാണ്. എന്നാൽ നമ്മുടെ ശിൽപ്പികൾ ഈ വെല്ലുവിളി സധൈര്യം ഏറ്റെടുത്തിട്ടുണ്ട്. കയ്യിലും തലയിലും മറ്റും കുടങ്ങൾ ഉരുട്ടിയും തത്തിയും നൃത്തം ചെയ്യുന്ന കുടക്കൂത്ത്നർത്തകികളെ 11-)0 നൂറ്റാണ്ടിൽ തന്നെ കല്ലിൽ കൊത്തിയെടുത്തിരുന്നു എന്നതിനു തെളിവാണ് കിടങ്ങൂർ അമ്പലത്തിലെ  സോപാനത്തിന്റെ വശത്തെ കല്ലുപാളികളിൽ തെളിയുന്നത്. (ചിത്രം 3) വായുവിൽ പാറി നിൽക്കുന്ന കുടങ്ങളും നീട്ടിയ കയ്യന്മേൽ ഒഴുകിനീങ്ങുന്ന കുടങ്ങളും നൃത്തത്തിന്റെ വിന്യാസത്തോടൊപ്പം ചിത്രീകരിച്ചിരിക്കുന്നത് ചലനം എന്നത് എങ്ങനെ കല്ലിൽ കൊത്തിയ ശിൽപ്പത്തിൽ  വെളിവാക്കാം എന്നതിന്റെ ഗംഭീര ഉദാഹരണമാണ്. ഇതേ ശിൽപ്പത്തിന്റെ പകർപ്പോ അനുകരണമോ എന്നു തോന്നുമാറ് ത്രിവിക്രമമംഗലത്തിലെ അമ്പലത്തിലെ സോപാനത്തിനു മുൻപിലെ കൽപ്പാളി (12-)0 നൂറ്റാണ്ട്) യിലും ഒഴുകിനീങ്ങുന്ന കുടങ്ങൾ നർത്തകികളോടൊപ്പം പ്രത്യക്ഷ്പ്പെടുന്നുണ്ട്. (ചിത്രം 4)  എന്നാൽ ചാത്തങ്കുളങ്ങരയിലെ ഹനുമദ് ദൂത് ശിൽപ്പത്തിൽ ചടുലപ്രത്യക്ഷമാകുന്ന ചലനാത്മകതയല്ല, ശരീരവിന്യാസങ്ങൾ  ഗൂഢമായി നിബന്ധിച്ചിരിക്കയാണ്. ശിൽപ്പത്തിനുള്ളിലാണ് ഈ അദൃശ്യ ചലനം. മരത്തിൽ നിന്നും ചാടാനായുന്ന ഹനുമാനു ശേഷം നിലത്തിറങ്ങിയ ഹനുമാനെ തൊട്ടുമുന്നിൽ വെളിവാക്കുമ്പോൾ ആ ചാട്ടം കഴിഞ്ഞു എന്ന് സൂചിപ്പിക്കുകയാണ്. ഒരു ഫലകത്തിന്മേൽ തന്നെ സൃഷ്ടിച്ചെടുത്ത ഒരേ കഥാപാത്രം രണ്ട് നിലപാടുകൾ കൈക്കൊള്ളുന്ന, സ്ഥല-കാല വ്യത്യാസത്തോടെ ഭ്രമാത്മകത സൃഷ്ടിച്ചെടുക്കുമ്പോൾ അവർക്കിടയിൽ ചലനം എന്നത് മാത്രമാണ് ബന്ധസൂചകമായിട്ടുള്ളത്. 

  എന്നാൽ തീക്ഷ്ണമായ ചലനവേഗങ്ങൾ ചിത്രീകരിച്ചിട്ടുള്ള മറ്റൊരു ദാരുശിൽപ്പം ചാത്തങ്കുളങ്ങരെത്തന്നെയുണ്ട്. സേതുബന്ധനസമയത്ത് കല്ലുകൾ ശേഖരിക്കുന്ന കുരങ്ങിന്റെ (ഹനുമാൻ രൂപിയാണ്) തലയിൽ നിന്നും കയ്യിൽ നിന്നും കല്ലുകൾ വീണുപോകുന്ന ഊർജ്ജസ്വല ചലനചിത്രീകരണത്തിന്റെ ഉദാഹരണമാണിത്. (ചിത്രം 5) കല്ലുകളുടെ നിപാതത്തിലെ പലേ നിമിഷങ്ങൾ  ചലച്ചിത്രത്തിലെ അനുസ്യൂതഫ്രെയിമുകൾ പോലെയാണ് കൊത്തിയെടുത്തിരിക്കുന്നത്. 1300 കളിലെ അദ്ഭുതമായി ഗണിക്കേണ്ടതാണ് ഈ ഭാവനാവിലാസം. തോൾ വരെ എത്തിയ കല്ല്, കയ്ക്കു താഴെ എത്തിയ കല്ലുകൾ, നിലത്ത് തൊട്ടു തൊട്ടില്ല എന്ന മട്ടിലെത്തിയ കല്ല് ഒക്കെ ചലത് ശിൽപ്പത്തിൽ പ്രദർശിതമാവുകയാണ്. കല്ലുകൾ വീണു പോവുന്നതിലുള്ള ജാള്യത കൃത്യമായാണ് വെളിവാക്കിയിരിക്കുന്നത് എന്നതിനാൽ ആകസ്മികമാണിതെന്നും സൂചനയുണ്ട്.

   ചാത്തങ്കുളങ്ങരയിലെ ശിൽപ്പി/ശിൽപ്പികൾ എടുത്ത സ്വാതന്ത്ര്യവും തുറസ്സായി സാത്മീകരിച്ച ഭാവനയും അതേ രീതിയിൽ പിന്തുടരപ്പെട്ടില്ല. ഏറ്റുമാനൂരേയും കവിയൂരേയും ചില ദാരുശിൽപ്പങ്ങൾ അദ്ഭുതകരമായി അതിസാങ്കേതികതയും ചാരുതയും സമ്മിളിതമാക്കിയിട്ടുണ്ട് എങ്കിലും സ്ഥല-കാല നിബന്ധനയും  ഗൂഢമായ ചലനപദ്ധതികളും 1300 കളിൽ പ്ലാവിൻ തടിയിൽ വിരിയിച്ചെടുത്തത് ചാത്തങ്കുളങ്ങരത്തന്നെ. 1800 കളോടെ കേരളത്തിലെ ദാരുശിൽപ്പകല നവീകരണത്തിന്റെയോ ഭാവനാവികാസത്തിന്റേയോ വഴി സഞ്ചരിക്കാതെ അന്യം നിന്നു പോകയാണുണ്ടായത്. സമർത്ഥമായ ചില അനുകരണങ്ങൾ മാത്രം ബാക്കിവച്ചിട്ടാണ്  600 ഓളം വർഷങ്ങൾ നീണ്ടു നിന്ന ഈ മഹദ് പാരമ്പര്യം കലാകേരളത്തെ വിട്ടുപോയത്.

കടപ്പാട്:
  1. Kramrisch, S., Cousins J. H. and Poduval V. The Arts and Crafts of Travancore. The Royal India Society and the Government of Travancore 1948 pp 191
  2. Bernier R. M. Temple Arts of Kerala. S. Chand and Company Ltd.  1982 pp 131
      3. എം. ജി. ശശിഭൂഷൺ. കേരളത്തിലെ ദാരുശിൽപ്പങ്ങൾ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്




ചിത്രം 1



ചിത്രം 2. പാനലുകളുടെ വിന്യാസം.


ചിത്രം 3. കുടനൃത്തം. കിടങ്ങൂർ അമ്പലം. 11-ആം നൂറ്റാണ്ട്






ചിത്രം 4. കുടനൃത്തം-ത്രിവിക്രമമംഗലം. 12-ആം നൂറ്റാണ്ട്





ചിത്രം 5. ചാത്തങ്കുളങ്ങര. വീഴുന്ന കല്ലുകൾ

Wednesday, April 15, 2020

വവ്വാലുകൾ- വൈറസുകളുടെ സുഖവാസകേന്ദ്രം



  ചൈനയിലെ വുഹാൻ പട്ടണത്തിലെ ചന്തയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടതാണ് കൊറോണ വൈറസുകൾ. മാരകമായ ഇവ വവ്വാലുകളിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടവയാണ്. പാമ്പുകളിൽ പകർന്ന് മനുഷ്യരിൽ എത്തി എന്നൊരു നിഗമനവും ഉണ്ട്. വവ്വാലുകളേയും പാമ്പുകളേയും ഒക്കെ വിൽക്കുന്ന ചന്തകൾ ചൈനയിൽ സുലഭമാണ്.  സാർസ്, മെർസ് എന്നീ മാരക കൊറോണ വൈറസുകളും വവ്വാലുകളിൽ നിന്നാണ് പടർന്നത്. നിപ വൈറസുകൾ പടർന്നതിന്റെ കഥ നമുക്ക് നേരിട്ട് അറിവുള്ളതാണ്.. വവ്വാലുകൾ വൈറസുകളുടെ ഒരു റിസെർവോയർ (സംഭരണി) ആയി വർത്തിക്കുകയാണ്. 1200 ഓളം സ്പീഷീസുകൾ ഉണ്ട് വവ്വാലുകളിൽ, അവയുടെ കുടലിലോ ശ്വാസകോശത്തിലോ ഒക്കെ സുഖവാസം ചെയ്യ്കയാണ് ഈ വൈറസുകൾ.

 എന്നാൽ വവ്വാലുകളെ ഈ വൈറസുകൾ ഒന്നും ബാധിയ്ക്കുന്നില്ല എന്നതാണ് രസകരമായ സത്യം. പരിണാമത്തിൽ ഇനിയും പുരോഗമിക്കാനുള്ള ജീവിയാണ്  നായ്ക്കൾ ഇനത്തിൽപ്പെടുന്ന വവ്വാലുകൾ. സൂക്ഷിച്ചു നോക്കിയാൽ തല കുറുക്കന്റെ പോലെയാണ്. സസ്തനികളിൽ പറക്കാൻ തുടങ്ങിയ അപൂർവ്വ ജന്തുക്കൾ. പക്ഷികളെപ്പോലെ പറക്കാനുള്ള പല  സംവിധാനങ്ങൾ ഇവയ്ക്കില്ല. അതുകൊണ്ട് കഠിനാദ്ധ്വാനം വേണ്ടി വരുന്നു പറക്കാൻ. ഇതോടൊപ്പം പ്രകൃതി കനിഞ്ഞനുഗ്രഹിച്ചതാണ് വൈറസുകളെ കൂടെ പാർപ്പിക്കുമ്പോഴും അവ ഒട്ടും ബാധിക്കാത്ത ഫിസിയോളജി. നമുക്ക് വരുന്നതുപോലെ ഒരു അണുബാധ ഉണ്ടായാൽ നീർവീക്കം (Inflammation) ഇവയ്ക്ക് ഉണ്ടാകില്ല., അതുകൊണ്ട് രോഗങ്ങളിലേക്ക് കൂപ്പുകുത്തുകയില്ല.

     പറക്കുമ്പോഴുണ്ടാവുന്ന കഠിനാദ്ധ്വാനം കൊണ്ട് വവ്വാലുകളുടെ ഡി എൻ എ ചെറിയ കഷണങ്ങളായി കോശങ്ങൾക്ക് വെള്യിൽ വന്നേയ്യ്ക്കാം. വൈറസ് ബാധയാലും ഇത് സംഭവിക്കാം. ഈ ഡി എൻ എ കഷണങ്ങൾ വൈറസുകളെണെന്ന് ധരിച്ച് അവയ്ക്കെതിരെ പ്രതിരോധം തുടങ്ങിയാൽ അത് ശരീരത്തിലെ കല (tissue) കളെ നശിപ്പിച്ചു തുടങ്ങിയേക്കാം. പറക്കാൻ പഠിച്ച വവ്വാലുകളിൽ ഇത് സംഭവിക്കാതിരിക്കാൻ മുൻ കരുതലുകൾ എടുക്കേണ്ടിയിരിക്കുന്നു. വൈറസ് ബാധയാൽ ഉരുത്തിരിയുന്ന ഈ ഡി എൻ കഷണങ്ങളെ തെല്ലും വക വയ്ക്കാതിരിക്കാനുള്ള ഉപായങ്ങളാണ് വവ്വാലുകൾ ആവിഷ്ക്കരിക്കുന്നത്. നമുക്കാണെങ്കിൽ ഇന്റെർഫെറോൺ എന്ന രാസവസ്തു നിർമ്മിക്കപ്പെടുകയായി, രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയായി. ക്ലേശപിരിമുറുക്കങ്ങൾ(stress) കൂടുകയായി. നീർവീക്കം (Inflammation) കഠിനമാവുമ്പോൾ ഒരു പ്രത്യേക പ്രോട്ടീൻ (NLRP3 ) കൂടുതൽ അളവിൽ ഉദ്പ്പാദിക്കപ്പെടുന്നു. അണുബാധയെ ചെറുക്കാനും പിരിമുറുക്കം കുറയക്കാനും.   എന്നാൽ വവ്വാലുകളുടെ പ്രതിരോധവകുപ്പ് നിശബ്ദത പാലിക്കുകയാണ് ഈ വേളയിൽ. ഇന്റെർഫെറോണോ മേൽപ്പറഞ്ഞ പ്രോടീനോ കൂടുതൽ നിർമ്മിക്കപ്പെടുന്നില്ല.  കുറഞ്ഞ രീതിയിൽ ആ പ്രോടീൻ നിർമ്മിക്കപ്പെട്ടാലും അവ അത്ര ഉശിരുള്ളവയുമല്ല. അതുകൊണ്ട്  ഏതു മാരകവൈറസിനും വവ്വാലുകളിൽ സുഭിക്ഷമായി ജീവിക്കാം. വവ്വാലിന്റെ കോശങ്ങൾ വിഭജിക്കുമ്പോൾ ഈ വൈറസുകൾക്കും വിഭജിക്കാം, പരസ്പരധാരണയിലുള്ള ജീവിതം.  ഓരോ അണുബാധയ്ക്കും അസുഖങ്ങൾക്കുമൊപ്പം വന്നു കൂടുന്ന പിരിമുറുക്കം ( stress) കൊണ്ട് നമ്മുടെ ആയുസ്സ് കുറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഇവയിൽ നിന്ന് വിമുക്തമായ വവ്വാലുകൾ നെടുനാൾ ജീവിച്ചിരിക്കുന്നുമുണ്ട് എന്നതാണ് സത്യം.

   എന്നാൽ വവ്വാലുകൾ എമ്പാടും വാരി വിതറുകയാണ് ഈ വൈറസുകളെ എന്ന് വിചാരിച്ചാൽ തെറ്റി. വളരെ അപൂർവ്വമെന്നു വേണം പറയാൻ ഈ സംഭവം. വവ്വാലുകൾ കൊണ്ടു നടക്കുന്ന വൈറസുകൾ ക്രമാതീതമായി വർദ്ധിച്ചാൽ മാത്രമേ അവ മറ്റ് ജന്തുക്കളിലേക്കോ മനുഷ്യരിലേക്ക്ക്കോ വൈറസുകളെ വിതറുകയുള്ളു. യഥേഷ്ടം ഞാലിപ്പൂവൻ പഴവും മാമ്പഴവും ചെറുപ്രാണികളേയും തിന്ന് പറക്കുന്ന  ഇവയുടെ ആവാസവ്യവസ്ഥയ്ക്ക് ആഘാതം വരുമ്പോഴാണ് പിരിമുറുക്കം വർദ്ധിച്ച്, പ്രതിരോധശക്തിയിൽ മാറ്റങ്ങൾ സംഭവിച്ച്  ഇവയിലെ വൈറസുകൾ പെരുകുന്നതും അവ പുറത്തു കടക്കുന്നതും.

Saturday, April 4, 2020

വാഴ്ത്തപ്പെട്ടവരുടെ ലോകം ഭ്രമണം നിറുത്തുമ്പോൾ




ന്യൂയോർക് സിറ്റി.
ചരിത്രം എന്നും എഴുതപ്പെടുന്ന നഗരം. പുതുക്കിയും മാറ്റിയും തിരുത്തിയും. ദൃശ്യമേളകളുടെ ഫോർടി സെക്കന്റ് സ്ട്രീറ്റ്. ഇലക്ട്രോണിക് ബിൽ ബോർഡുകൾ കണ്ണഞ്ചിച്ച്  അനാദൃശമായ പാർശ്വദൃശ്യങ്ങൾ സമ്മാനിക്കുന്ന തെരുവുകൾ. വാൾ സ്ട്രീറ്റിലെ കാളക്കൂറ്റന്റെ പ്രതിമയ്ക്ക് ചുറ്റും ഇടതടവില്ലാതെ ഫോടോ എടുത്ത് നീങ്ങുന്ന ടൂറിസ്റ്റുകൾ. നദികളിൽ സുന്ദരി ഹഡ്സൻ റിവർ ചെന്ന് ചേരുന്ന, തുറമുഖങ്ങളിൽ സുന്ദരി അറ്റ് ലാന്റിക് സമുദ്രത്തെ ഉരുമ്മുന്ന നഗരം.  ആയിരക്കണക്കിനു ആഫ്രിക്കൻ അടിമകളെ കൊന്നു കുഴിച്ചു മൂടിയ അജ്ഞാതമായ അദൃശ്യകുടീരങ്ങൾക്ക് മുകളിൽ കെട്ടിപ്പൊക്കിയ കൂറ്റൻ അംബരചുംബികളിൽ കണ്ണി കൊരുത്ത് ലോകമെമ്പാടും ചലിയ്ക്കുന്ന ബിസിനെസ് വലകൾ. തിരക്കേറിയ ആർട് മ്യൂസിയങ്ങൾ, ബ്രോഡ് വേ ഷോകളിലെ വിസ്മയമായ റേഡിയോ സിറ്റി മ്യൂസിക് ഹാൾ, അതിലെ നൃത്തങ്ങൾ.ലോകത്തിലെ എല്ലാ വൈവിദ്ധ്യങ്ങളേയും  ആൾക്കാരേയും ഏറ്റുവാങ്ങി പരിപാലിച്ച്  ഉറങ്ങാൻ മറക്കുന്ന നഗരം. എട്ടര മില്ല്യൺ ആൾക്കാരുടെ സ്വപ്നലോകം.  സെൻട്രൽ പാർക്കിലോ റ്റൈം സ്ക്വയറിലോ സ്വയം മറക്കാനുള്ള ഇടങ്ങൾ സമ്മാനിക്കുന്ന ന്യൂയോർക് സിറ്റി. ലോകത്തിന്റെ കേന്ദ്രം എന്ന് സ്വയം വിശേഷണം.

    ഇന്ന് ന്യൂയോർക് സിറ്റി നിശ്ചലമാണ്. നാനൂറുകൊല്ലത്തെയെങ്കിലും ചരിത്രത്തിൽ ഒരിക്കലും സംഭവിക്കാത്ത കാര്യം. ഏറ്റവും ചലനാത്മകമായ ഇടം എന്ന് അവകാശപ്പെട്ട നഗരം ഹോളിവുഡ് ഹൊറർ സിനിമകളിലെ ശൂന്യതാദൃശ്യങ്ങൾ സത്യമാക്കപ്പെട്ടപോലെ നിലകൊള്ളുന്നു. ഭീതിദമാണിത്.   2001 ഇൽ ട്വിൻ ടവറുകൾ തകർന്നപ്പൊഴും ഇത്രയും ഭീകരത ഏറ്റെടുത്തിട്ടില്ലായിരുന്നു ഈ  വിസ്തൃതജനപദവീഥികൾ. ഇന്ന് അനേകം  ചരമക്കുറിപ്പുകളാണ് കൂറ്റൻ കെട്ടിടങ്ങളുടെ ഇടനാഴികകളിലെ മങ്ങിയ നിഴലുകൾ  വരച്ചിടുന്നത്.  52,000 പേരാണ് ന്യൂയോർക്ക് സംസ്ഥാനത്ത് കൊറോണ യുടെ പിടിയിലമർന്നത്, മരിച്ചതോ 728 പേരും. തൊട്ടടുത്ത ന്യൂജേഴ്സി സംസ്ഥാനത്ത് 140 ഓളം ജീവനുകൾ നഷ്ടപ്പെട്ടിരിക്കുന്നു. ന്യൂയോർക്കിൽ പോലീസ് ഫോഴ്സിൽ തന്നെ അഞ്ഞൂറോളം പേർക്കാണ് ഈ അസുഖം ബാധിച്ചിട്ടുള്ളത്. അതിൽ നാലുപേരെ കൊറോണ കൊണ്ടുപോയി എന്നത് വൈറസിന്റെ വ്യാപനവ്യാപ്തി ദൃഷ്ടാന്തമാണ്. കാലിഫോർണിയയിൽ 120 മരണങ്ങൾ. ആകെ യു എസിൽ രണ്ടായിരത്തോളം ജീവൻ പൊലിഞ്ഞു..  സാധാരണ ഫ്ലു വന്ന് ഒരു സീസണിൽ 30,000 ആൾക്കാർ മരിക്കുന്ന നാടാണെങ്കിലും കൊറോണ വൈറസ് പിടിച്ചാൽ കൊണ്ടേ പോകുകയുള്ളൂ എന്ന മട്ടുകാരനാണ് എന്നത് ചില്ലറക്കാര്യമല്ല. വെറുങ്ങലിപ്പും ഉൾഭയവും ന്യൂയോർക്ക്കാരുടേത് മാത്രമല്ല എല്ലാ അമേരിക്കക്കരുടേതുമായി മാറിക്കഴിഞ്ഞു.  മറ്റു രാജ്യങ്ങളെപ്പോലെ വൻ ദുരന്തങ്ങൾ അനുഭവിക്കാനിട വന്നിട്ടില്ലാത്ത അമേരിക്കൻ ജനതയ്ക്ക് ഇത് സഹിക്കാവുന്നതിൽ അപ്പുറമെന്നല്ല അനുസ്യൂതമായ നടുക്കമുൾപ്പെട്ട ഭയപ്പാടാണ്, അപരിചമായ ദൈന്യതയാണ് വന്നുചേർന്നിരിക്കുന്നത്. പൊതുവേ ഉല്ലാസം മുഖമുദ്രയായിട്ടുള്ള, മറ്റേതു രാജ്യക്കാരിൽ നിന്നും വേറിട്ട് തരം കിട്ടുമ്പോഴൊക്കെ വിനോദോപാധികളിൽ  മുഴുകി ലോകത്തിലെ എല്ലാ രുചികളും സ്വാദുനോക്കുന്ന ലളിതമനസ്കരായ ജനതയെ ആണ് ഒരു മഹാമാരി ദുരന്തഭീതിയുടെ മുൾമുനയിൽ ഇപ്പോൾ നിറുത്തിയിർക്കുന്നത്. ഭാഗ്യങ്ങളാൽ അനുഗ്രഹീതരായവരുടെ സമൂഹം  എന്ന് വാഴ്ത്തപ്പെട്ടവർക്ക്, land of opportunity യിൽ ജനിച്ചു വളർന്നവർക്ക് നിനച്ചിരിയാതെ വന്ന അഗ്നിവർഷം.

   ഭരണാധികാരികളുടെ അതിരുകലർന്ന ആത്മവിശ്വാസവും അധികാരക്കൊതിയും സമ്പദ് വ്യവസ്ഥയാണ്  ജീവനെക്കാൾ രക്ഷിക്കപ്പെടേണ്ടത് എന്ന വാശിയും ഒക്കെ ഇതിനു കാരണങ്ങളായിട്ടുണ്ട്.  കോവിഡ്-19 അമേരിക്കയിൽ പടർന്ന് രണ്ട് മാസത്തിൽക്കൂടുതൽ കഴിഞ്ഞിട്ടും ട്രമ്പ് ഭരണകൂടത്തിനു ഏകീകൃതമായ നയോപായ തന്ത്രങ്ങൾ മെനഞ്ഞെടുക്കാൻ കഴിഞ്ഞില്ല. ഷിക്കാഗോയിലും ന്യൂയോർക്കിലുമുള്ള വിമാനത്താവളങ്ങളിൽ ലോകത്തെമ്പാടും നിന്നും വരുന്നവരെ ഒരു പരിശോധനയുമില്ലാതെ മാർച് 22 വരെ പുറം സമൂഹത്തിലേക്ക് ഇറക്കി വിട്ടു. വ്യവസായശാലകൾ നിശ്ചലങ്ങളാകുകയും തൊഴിലില്ലായ്മ രൂക്ഷമാകുകയും ചെയ്തതോടെ പ്രെസിഡെന്റ് ട്രമ്പ് സമ്പദ് വ്യവസ്ഥയുടെ അപചയത്തിനു മുൻ തൂക്കം കൊടുത്തു പൊതുജനാരോഗ്യത്തേക്കാൾ എന്ന് മാത്രമല്ല അതിൽ മാത്രം വ്യാകുലനാവുകയും ചെയ്തു.  അതുകൊണ്ട് വീട്ടിലിരിക്കാതെ തിരിച്ച് ജോലിയ്ക്ക് പോകാനും ഏപ്രിൽ 12 ഇനു ഈസ്റ്റർ ആഘോഷിക്കാൻ തയാറിക്കൊള്ളാൻ ഉദ്ഘോഷിക്കുകയും ചെയ്തു.  വെറും 19 ദിവസം കൊണ്ട് കോവിഡ്-19 ഇല്ലാതാകുമെന്ന് പ്രഖ്യാപിക്കുകയും  അത് എളുപ്പമായി സാധിച്ചെടുക്കാമെന്ന് വീണ്ടും വീണ്ടും ഉറപ്പ് നൽകി ജനങ്ങൾക്ക് വ്യാജമായ പ്രത്യാശ നൽകാനും മടിച്ചില്ല അദ്ദേഹം.. സാമൂഹ്യ അകലം പാലിക്കൽ അനുവർത്തില്ലെങ്കിൽ കൂടുതൽ മാരകമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പൊതുജനാരോഗ്യ കാര്യാധികാരികൾ നിർദ്ദേശിക്കുന്നതിനു കടകവിരുദ്ധമാണ് ഇത്തരം പ്രസ്താവനകൾ. വളരെ പെട്ടെന്ന്, ഒന്നു രണ്ടാഴ്ച്ചയ്ക്കുള്ളിൽ  എല്ലാം ശരിയാകും എന്ന് എനിക്ക് ഒട്ടും തോന്നുന്നില്ല “’ എന്ന് ആന്റണി ഫൗസി എന്ന വിദഗ്ധശാസ്ത്രജ്ഞൻ (ഗവണ്മെന്റിന്റെ ഉപദേഷ്ടാവുമാണ് ഇദ്ദേഹം) പ്രഖ്യാപിച്ചത്. അദ്ദേഹം പ്രെസിഡെന്റുമായി തോറ്റ് പിന്മാറിയ ലക്ഷണമാണിപ്പോൾ. ട്രമ്പിന്റെ സ്വന്തം ഉൾപ്പെടെ ബിസിനസ് സംരംഭങ്ങൾ തകർന്നതോടെയാണ് നേരം വെളുത്തു എന്ന തോന്നൽ തെല്ലെങ്കിലും വൈറ്റ് ഹൗസിൽ ഉദിച്ചത്. അപ്പൊഴേയ്ക്കും രണ്ട്മാസത്തിൽക്കൂടുതൽ താമസിച്ചു പോയിരുന്നു കോവിഡ്-19 നെ നേരിടലിൽ. ഒരു പാവപ്പെട്ട മൂന്നാം ലോകരാജ്യത്തിന്റെ സ്ഥിതിയിൽ നിന്നു പോലും താഴത്തേയ്ക്ക് ന്യൂ യോർക്കിലെ പൊതുജനാരോഗ്യം നിപതിച്ചു കഴിഞ്ഞിരുന്നു അപ്പോഴേയ്ക്കും.

  ഗവണ്മെന്റ്  ചില ഇടപെടലുകൾ നടത്താൻ തുനിഞ്ഞിട്ടുണ്ട് കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ. രണ്ട് ട്രില്ല്യൺ ഡോളറിന്റെ തകർച്ചനിവാരണ പദ്ധതി (bailout) നടപ്പാക്കുന്നതായി പ്രഖ്യാപനം വന്നിട്ടുണ്ട്. ഓരോ അമേരിക്കനും തൽക്കാല ആശ്വാസത്തിനായി 1200 ഡോളർ വീതം നൽകുക, തൊഴിലില്ലായ്മ വേതനം ദീർഘിപ്പിക്കുക, ആരോഗ്യപാലനത്തിനു 150 ബില്ല്യൺ, ചെറുകിട ബിസിനെസ്കാർക്ക് കടവായ്പ്പ, സംസ്ഥാനങ്ങൾക്കും വ്യവസായങ്ങൾക്കും വായ്പാപദ്ധതികൾ ഇവയൊക്കെയാണ് വാഗ്ദാനങ്ങൾ. ന്യൂയോർക്കിലെ ആശുപത്രികളിൽ ഇപ്പോഴും അവശ്യസാധനങ്ങൾ എത്തിയിട്ടില്ല. വെന്റിലേറ്ററുകൾക്കും മാസ്കുകൾക്കും  വൻ ക്ഷാമം തന്നെ. മൃതശരീരങ്ങൾ സൂക്ഷിക്കാൻ ഇടമില്ലാതെ വലയുന്നു ചില ആശുപത്രികൾ. ‘Defence Production Act’ (യുദ്ധകാലത്ത് അവശ്യം വേണ്ട സാമഗ്രികൾ നിർമ്മിച്ചെടുക്കാൻ കമ്പനികൾക്ക് നിർദ്ദേശം കൊടുക്കാമെന്ന നിയമം) അനുസരിച്ച് വെന്റിലേറ്ററുകൾ നിർമ്മിക്കാൻ പ്രെസിഡെന്റ് ചില കമ്പനികളെ തെര്യപ്പെടുത്തിയിട്ടുണ്ട്, പക്ഷേ പെട്ടെന്ന് നിർമ്മിച്ചെടുക്കാവുന്നവ അല്ല അവ. വ്യവസായങ്ങൾ ദേശസാൽക്കരിക്കാൻ ആഹ്വാനങ്ങൾ ഉയരുന്നുണ്ടെങ്കിലും പ്രെസിഡെന്റിനു താൽപ്പര്യമില്ല. ആശുപത്രിസാമഗ്രികൾ നിർമ്മിച്ച് പരിചയമില്ലാത്ത കമ്പനികൾക്ക് താൽപ്പര്യമുണ്ടെങ്കിലും അതിനുള്ള പരിചയമോ സാങ്കേതികജ്ഞാനമോ ഉടൻ സ്വരൂക്കൂട്ടാൻ പറ്റാതെ വലയുകയാണ്. നേർമുൻപിൽ കണ്ട ദുരന്തത്തെ അഭിമുഖീകരിക്കാൻ തയാറെടുപ്പ് ആവശ്യമാണെന്ന്  മനസ്സിലാക്കിയില്ലെന്ന് നടിയ്ക്കുകയാണ് ഇപ്പോൾ ഗവണ്മെന്റ്. ന്യൂയോർക്കിൽ നിന്നുള്ളവരെ മറ്റുള്ള സംസ്ഥാനക്കാർ പ്രതിരോച്ചു തുടങ്ങിയിട്ടുണ്ട്. അമേരിക്കയിൽ ഒരിക്കലും സംഭവിക്കാത്ത സംസ്ഥാനങ്ങൾ തമ്മിലുള്ള സ്പർദ്ധ.

     ശുചിത്വം പാലിക്കാനും സുരക്ഷയ്ക്കും പകർച്ചയെ നേരിടാനും മറ്റും  വേണ്ടിയുള്ള സാമഗ്രികൾ ഇല്ലാതെ വലയുന്ന ആശുപത്രി പ്രവർത്തകർ വ്യവസ്ഥയോട് പൊരുതി തളർന്നവരായിട്ടുണ്ട്. ഭീമമായ ചികിൽസാ ചെലവുകൾ പൊടുന്നനവേ വന്നുകൂടിയത് രോഗികളെ പരിഭ്രാന്തിയിലേക്കും വിഷാദത്തിലേക്കും നയിക്കുന്നു. ഇൻഷ്വറൻസ് ഇല്ലാത്തവർക്ക് പേറാൻ പറ്റാത്ത ഭാരം. എല്ലാവർക്കും ചികിൽസ വൻ ഇളവുകളോടെ ലഭ്യമാക്കുന്ന മെഡികെയർ പദ്ധതി നടപ്പിലാക്കാൻ കോവിഡ്-19 എന്ന ദുരനുഭവം അധികാരികളെ പ്രേരിപ്പിക്കുമെന്ന് ജനങ്ങൾ ആശിക്കുന്നു. ഏതായാലും ഈ മഹാമാരിയ്ക്കു ശേഷം അമേരിക്കൻ സമൂഹം  പുതുദിശയിലേക്ക്  പ്രയാണം ചെയ്യുമെന്നാണ് പരക്കെയുള്ള വിശ്വാസം. പക്ഷേ അവിടെയെത്താനുള്ള വഴികൾ സ്വയം ദുർഘടമാക്കിയിരിക്കുകയാണ് ഭരണാധികാരികൾ.