ഭാരതീയ
ശാസ്ത്രീയസംഗീതത്തിൽ വാദ്യങ്ങൾ വായ്പ്പാട്ടിനു അകമ്പടി സേവിക്കുമ്പോൾ
ഉളവാക്കാവുന്ന അനുഭവങ്ങളും മനോവികാരപ്രകരണങ്ങളും വൈവിവിദ്ധ്യത്തിനു ഉതകുന്നതല്ല.
വായ്പ്പാട്ടിന്റെ സ്വരങ്ങളേ അതേ പടി പിൻ തുടരുകയാണ് ഇന്നും വയലിനും വീണയും ഓടക്കുഴലും മറ്റും ചെയ്യുത്. ഹിന്ദുസ്ഥാനി
രീതിയിലാകട്ടെ സിതാറോ സന്തൂറോ
വായ്പ്പാട്ടിനു അകമ്പടി സേവിക്കാറില്ല താനും. സിനിമയിലെ പാട്ടുകൾ പൊതുജനത്തിനു
വേണ്ടിയുള്ളതാണ്, ഒരു പ്രത്യേക ആസ്വാദകവൃന്ദത്തിന്റെ അല്ല. ഈ പരിമിതി മറി
കടക്കാൻ സിനിമാഗാനങ്ങളിൽ വെസ്റ്റേൺ രീതികൾ
അത്യാവശ്യമായി വരികയാണുണ്ടായത്. മെലഡിയിൽക്കൂടി അല്ലാതെയുള്ള ഭാവവ്യഞ്ജകം.
വിപണിയുടെ വൈപുല്യവും വൈവിദ്ധ്യവും കേമപ്പെട്ടതും ബ്രഹുത്തും ആയ വാദ്യവൃന്ദങ്ങൾ
സിനിമാപ്പാട്ടിനു പിന്തുണയേകാൻ സാദ്ധ്യതകൾ വച്ചു നീട്ടി. ഈണം ചമയ്ക്കാൻ ശാസ്ത്രീയസംഗീതപ്രവീണർ
, ഓർക്കെഷ്റ്റ്രേഷനു ‘അറേഞ്ചർ’ എന്ന് വിളിയ്ക്കപ്പെട്ട നിപുണർ എന്നിങ്ങനെയാണ്
സിനിമാപ്പാട്ട് നിർമ്മിതിയുടെ തൊഴിൽ വിഭജനം എന്ന് നിലവിൽ വന്നു. പ്രസിദ്ധ
വെസ്റ്റേൺ സങ്കേതങ്ങൾ
സിനിമാപ്പാട്ടുകൾക്ക് മുൻപിലും പുറകിലും കൂടെയും അപാരമായ വാതാവരണസാകല്യം നേടലിനു ഉപയുക്തമായി
നിലകൊണ്ടു. അതിലൊരു സങ്കേതമായ ‘വാൽറ്റ്സ്’ (Waltz) ഇന്നും
സിനിമാപ്പാട്ടുകൾക്ക് ഗംഭീരവും ഉറപ്പേറിയുതുമായ താളാത്മകത നൽകിപ്പോരുന്നു.
വെസ്റ്റേൺ
രീതിയിലുള്ള ഓർക്കെസ്റ്റ്രേഷൻ ആണ് നമ്മുടെ ഗാനങ്ങളിൽ ധാരാളം ഉപയോഗിപ്പെടാറ് എന്ന
കാര്യം നമ്മളുടെ ശ്രദ്ധയിൽ പെടാറില്ല. ഈ സംഘങ്ങളിലെ വയലിൻ, ഗിറ്റാർ, മാൻഡൊലിൻ,
ചെല്ലോ മുതലായ ഉപകരണ വാദകർ മിക്കവറും വെസ്റ്റേൺ രീതിയിൽ പരിശീലനം സിദ്ധിച്ചവർ
ആകാറാണു പതിവ്. ഭാരതീയസിനിമാഗാനങ്ങളുടെ അകമ്പടിയായി ആദ്യകാലങ്ങളിൽ കർണാടക-ഹിന്ദുസ്ഥാനി
സംഗീതവഴികളിൽ ചമയ്ക്കപ്പെട്ട പാട്ടുകളിൽ വീണയും മൃദംഗവും തബലയും ഉപയോഗിച്ച് പശ്ചാത്തലം
ഒരുക്കിയിരുന്നുവെങ്കിലും താമസിയാതെ സാമപത്തികവും സാംസ്കാരികവുമായ കാരണങ്ങളാൽ വൈപുല്യം നേടിയ സിനിമാഗനങ്ങളിൽ വെസ്റ്റേൺ
രീതികൾ ആധിപത്യം ഉറപ്പിക്കുകയാണുണ്ടായത്. പാട്ട് രാഗാധിഷ്ഠിതമായാലും ഉപകരണക്കലവികളിൽ
വെസ്റ്റേൺ കീഴ്വഴക്കങ്ങളും ആവിഷ്കാരങ്ങളും പതിവായിത്തീർന്നു. സൈഗാളിന്റെ “സോ ജാ രാജ് കുമാരി..” പിയാനോയുടെ
സ്വരസംഘാതങ്ങൾ പശ്ചാത്തലം അണയ്ക്കുന്നതാണെന്നുള്ളത് ശ്രദ്ധിക്കുക. ഹിന്ദി സിനിമാഗാനചിത്രീകരണങ്ങളിൽ (പലപ്പോഴും
തമിഴിലും) പിയാനോ നായകനോ നായകനോ വായിക്കുന്നതായി
വന്നു ഭവിച്ചതും ഈ കടന്നു കയറ്റത്തിന്റെ പ്രത്യക്ഷോദാഹരണമാണ്. ഭാരതീയ സിനിമാഗാനങ്ങൾ ഇങ്ങനെ ഫ്യൂഷൻ എന്നു
വിശേഷിപ്പിക്കാവുന്ന വ്യവസ്ഥാപരിണതിയിലൂടെ ഉരുത്തിരിഞ്ഞതാണെന്നത്
ആശ്ചര്യകരമെങ്കിലും വസ്തുതയാണ്.
16 –ആം
നൂറ്റാണ്ടിനോടറ്റുത്ത് ബവേറിയ പ്രദേശങ്ങളിലെ കർഷകരുടെ നാടൻ നൃത്തരീതി
ജെർമനിയിലേയും മറ്റും കുലീനർ ഏറ്റെടുത്ത് പിന്നീട് ബാൾ റൂമിൽ എത്തപ്പെട്ടതാണ്
വാൽറ്റ്സ്. നൃത്തത്തിന്റെ താളത്തിൽ നിന്നും ഉളവായതിനാൽ ഒരേ സമയം ഈണവും താളവും
പ്രദാനം ചെയ്യുകയാണ് വാൽറ്റ്സ്. പിയാനോയിലോ മറ്റ് തന്ത്രിവാദ്യങ്ങളിലോ മീട്ടാവുന്നതാണെങ്കിലും വാദ്യ (percussion)
ങ്ങളാലും വാൽറ്റ്സ് പ്രകടിപ്പിക്കാവുന്നതാണ്. ഒരു മാത്രയെ (measure- (ആകെ 4 ഖണ്ഡങ്ങൾ) യെ
3 ആയി തിരിച്ചതാണ് വാൽറ്റ്സ് താളം. അതുകൊണ്ട് ¾ എന്ന് എഴുതും.
വെറ്റ്സേൺ രീതിയിൽ “ഊം പാ പാ” (oom pah pah) എന്നിങ്ങനെ ഉച്ചരിക്കപ്പെടും എളുപ്പത്തിനു.
സ്വരപ്പെടുത്തുകയാണെങ്കിൽ “പാ സാ സാ” എന്ന് വരും. ലളിതമായി “വൺ റ്റൂ ത്രീ”
എന്ന് ഘടനപ്പെടുത്താം. ഭാരതീയസംഗീതതാളക്രമത്തിൽ
‘തിശ്രഗതി‘ എന്ന് വിവക്ഷിയ്ക്കുന്നതു തന്നെ ഈ “ഊം പാ പാ”. ഏറ്റവും കൃത്യമായ
ഉദാഹരണം ‘പെരിയാറേ പെരിയാറേ” ഇൽ ആദ്യം ഹമ്മിങ് കഴിഞ്ഞ് (0.36 ഇൽ) ഈ “ ഊം പാ പാ” നാലുതവണ
ആവർത്തിക്കുന്ന ഭാഗമാണ്.
ഇണകളുടെ നൃത്തരീതിയാണ് വാൽറ്റ്സ്; അതുകൊണ്ട്
പ്രേമവും കാമുകതയും ഭാവാംശങ്ങളാണ്.
മിഥുനങ്ങൾ മുഖത്തോടു മുഖംനോക്കി ഓരോ കൈകൾ പിണച്ച് മറ്റേ കയ് ഇണയുടെ ദേഹത്ത് ചുറ്റി ‘വൺ റ്റൂ ത്രീ,
വൺ റ്റൂ ത്രീ‘ എന്ന താളത്തിൽ മന്ദമായി ഇടത്തേയ്ക്കും വലത്തേയ്ക്കും നീങ്ങുക, ഇടയ്ക്കൊന്നു
വട്ടം ചുറ്റുക എന്ന പ്രകൃതമാണ് വാൽറ്റ്സിന്റെ അടിസ്ഥാന ചലനരീതി. ഒരു മാതൃക ഇവിടെ കാണാം: https://www.youtube.com/watch?v=9yUAzBRnZkI (അന്ന കെര നീന)
നൃത്തഗതിയുടെ താളങ്ങൾ പിന്നീട് സംഗീതവഴികളിൽ
പടർന്നു പരന്നു. വിയന്നീസ് വാൽറ്റ്സ്, ജാസ് വാൽറ്റ്സ്, പെറൂവിയൻ വാൽറ്റ്സ്,
മെക്സിക്കൻ വാൽറ്റ്സ് എന്നിങ്ങനെ വാൽറ്റ്സ് സ്വാംശീകരിച്ച സംഗീതരീതികൾ ഏറേ. അടിസ്ഥാനമായ
‘വൺ റ്റു ത്രീ’ സങ്കീർണ്ണമായ നടകളിലേക്ക് വ്യാപരിച്ച് താളക്കൊഴുപ്പുകൾ
സൃഷ്ടിക്കപ്പെട്ടു. മൊസാർടും സ്റ്റ്രാസും ചൈയ്കോവിസ്കിയും വാൽറ്റ്സിന്റെ സാദ്ധ്യതകൾ സംഗീതത്തിൽ
സന്നിവേശിപ്പിച്ചത് വിപ്ലവാത്മകമെന്നു തന്നെ പറയാം. നുനുത്ത ഭാവതലങ്ങൾ
സൃഷ്ടിയ്ക്കാൻ വാൽറ്റ്സിനുള്ള പങ്ക് ഏറ്റുപിടിയ്ക്കപ്പെടാൻ താമസമുണ്ടായില്ല. നൃത്ത
ചലനങ്ങൾക്കപ്പുറമുള്ള സംഗീതസാദ്ധ്യതയിലേക്ക് വാൽറ്റ്സ് ചേക്കേറി.
പാശ്ചാത്യമായ ഉപകരണങ്ങളും പ്രയോഗരീതികളുമാണ്
സിനിമാഗാനങ്ങളെ അന്നും ഇന്നും തുണയ്ക്കുന്നത് എന്ന് നേരത്തെ പറഞ്ഞു കഴിഞ്ഞു.
പശ്ചാത്യസംഗീതത്തിലെ പ്രവണതകൾ അതുകൊണ്ട് സിനിമാഗാനങ്ങളിൽ പ്രത്യക്ഷപ്പെട്ടാൽ ആശ്ചര്യത്തിനു
അവകാശമില്ല. പാട്ടിന്റെ മെലഡി
നിശ്ചയിക്കുന്നവർക്ക് ഇതിൽ പ്രാവീണ്യമില്ലെങ്കിൽ ഓർക്കെഷ്ട്ര നയിക്കുന്നവർ ഈ
ഉത്തരവാദിത്തമേറ്റെടുക്കുകയാണ് പതിവ്. ‘അറേഞ്ചർ’ മാർ അതിവിദഗ്ധമായി വെസ്റ്റേൺ സങ്കേതങ്ങൾ മെലഡിയോട് കൂട്ടിയിണക്കി തികച്ചും ഭാരതീയമെന്നു
തോന്നിപ്പിക്കുന്ന അന്തിമ ഉദ്പാദ്കം കേൾവിക്ക് കാഴ്ച്ച വയ്ക്കുകയാണ്. വാൽറ്റ്സ്
താളങ്ങളും സമർത്ഥമായി സന്നിവേശപ്പെട്ടതിന്റെ പശ്ചാത്തലം ഇങ്ങനെ ഉരുത്തിരിഞ്ഞതാണ്. നായകനും
നായികയും വാൽറ്റ്സ് നൃത്തം ചെയ്യുന്ന രംഗങ്ങൾ ഹിന്ദി/തമിഴ് ചിത്രങ്ങളിൽ
പ്രത്യക്ഷപ്പെട്ടു തുടങ്ങി, സാംസ്കാരികപരമായും പ്രയോഗപരമായും അങ്ങനെയൊന്ന്
സമൂഹത്തിൽ അപൂർവ്വമായിരുന്നെങ്കിൽക്കൂടി.
“ഹം ആപ് കി ആങ്ഖോം മേ ..’ (പ്യാസ) എന്ന പാട്ട് കമ്പോസിങ്ങിലും
നൃത്തചലങ്ങളാലും വാൽറ്റ്സിനെ ആവാഹിച്ച പാട്ടാണ്.
മലയാളത്തിൽ നല്ലതങ്ക മുതൽ നമ്മൾ വാൽറ്റ്സ്
പ്രയോഗങ്ങൾ കേട്ടു തുടങ്ങിയതാണ്. അതിലെ ‘അമ്മതൻ പ്രേമസൌഭാഗ്യത്തിടമ്പേ” (ദക്ഷിണാമൂർത്തി)എന്ന പാട്ടിൽ ഈ ‘ഊം പാ പാ
വ്യക്തമായി കേൾക്കാം. 1951 ഇലെ ജീവിതനൌകയിലെ “ഗതിയേതുമില്ല തായേ“ (പി ലീല)
വാൽറ്റ്സ് താളത്തിൽ നിബന്ധിക്കപ്പെട്ടതാണ്. തികച്ചും വെസ്റ്റേൺ രീതിയിൽ ട്യൂണിട്ട ‘ഹേ
കളിയോടമേ’ (വിമൽ കുമാർ- തിരമാല) യിൽ വാൽറ്റ്സ് താളം അനുയോജ്യമാണെന്ന് കരുതാനേ
ഉള്ളു. ദക്ഷിണാമൂർത്തിയെപ്പോലെ ചുരുക്കം ചിലരൊഴിച്ചാൽ അന്നത്തെ സംഗീതസം വിധായകർ പലരും –പി എസ് ദിവാകർ, ബ്രദർ ലക്ഷ്മൺ
ഉൾപ്പടെ – വെസ്റ്റേൺ സംഗീതത്തിലും ഓർക്കെഷ്ട്രേഷനിലും കൃതഹസ്തരായിരുന്നു എന്നത്
മറക്കാവതല്ല. പി എസ് ദിവാകർ
ഓർക്കെഷ്റ്റ്രേഷൻ നൽകുന്ന പാട്ടുകളിൽ വാൽറ്റ്സ് പതിവാണ് (മാടപ്പിറാവല്ലേ-ഭൂമിയിലെ
മാലാഖ, റോസിയിലെ പാട്ടുകൾ)
പാശ്ചാത്യരീതിയിൽ
കമ്പോസ് ചെയ്യപ്പെടുന്ന പാട്ടുകൾക്ക് തദനുസാരി ആയി വാദ്യമേളം ചമയ്ക്കുന്നത് ഉചിതം തന്നെ. ക്രിസ്തീയ
ഭക്തിഗാനങ്ങൾ ഈ രീതിയിൽ ചിട്ടപ്പെടുത്തുന്നത് ക്ലാസിക്കൽ വെസ്റ്റേൺ ഈണങ്ങൾ
സംഗീതസംവിധായകർക്ക് പരിചിതമായതുകൊണ്ടാണ്. ആദ്യത്തെ ക്രിസ്തീയഭക്തിഗാനമെന്ന്
വിശേഷിക്കാവുന്ന “ദൈവത്തിൻ പുത്രൻ ജനിച്ചൂ“ (നീലിസാലി-1960) കെ രാഘവൻ
ചിട്ടപ്പെടുത്തിയത് കൃത്യമായി അടയാളപ്പെടുത്തിയ വാൽറ്റ്സ് താളത്തിലാണ്. ഉടനീളം ബാസ് ഗിറ്റാർ നൽകുന്ന ‘വൺ റ്റു ത്രീ..’
താളം ശ്രദ്ധിക്കുക. വയലിൻ ബിറ്റുകളും വാൽറ്റ്സ് സംഗീതപ്രതിമാനത്തിലാണ്. പാശ്ചാത്യ
ഓർക്കെഷ്റ്റ്രേഷൻ വിദ്യകൾ സ്വായത്തമാക്കിയ എം ബി ശ്രീനിവാസൻ അതേ സംഗീതരീതിയിൽ
ചിട്ടപ്പെടുത്തിയ “താമരത്തുമ്പീ വാ വാ..” (പുതിയ ആകാശം പുതിയ ഭൂമി-1962) വാൽറ്റ്സ്
താളത്തിന്റെ കൃത്യമായ സാക്ഷാത്കാരമാണ്. തബലയോ മറ്റ് ഭാരതീയ താളവാദ്യങ്ങളൊ തികച്ചും
വർജ്ജിച്ചാണ് ഈ പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചരണങ്ങൾക്കിടയ്ക്ക് അതിവിദഗ്ധമായി
നിരവധി വാദ്യങ്ങൾ മേളം സൃഷ്ടിക്കുമ്പോഴും ഗിറ്റാർ നൽകുന്ന ‘ഊം പാ പാ’ അവ്യക്തയിൽ
ലയിക്കാതെ സുസ്പഷ്ടത സൃഷ്ടിക്കുന്നു. വെസ്റ്റേൺ
റ്റ്യൂണിലുള്ള, എൽ ആർ ഈശ്വരി പാടിയ “കണ്ണിലെന്താണ്“
(റോസി-ജോബ്/പി എസ് ദിവാകർ)ഇൽ തുടക്കത്തിൽ ഗിറ്റാർ ഇട്ടു കൊടുക്കുന്ന വാൽറ്റ്സ്
ബീറ്റ്സ് വോക്കലിനു പിറകോട്ട് മാറുന്നുണ്ടെങ്കിലും
മറ്റു താളവാദ്യങ്ങളൊന്നും പിന്തുണ നലകാതെ ഈ താളത്തിൽ തന്നെ മുന്നേറുകയാണ്. ഇതുപോലെ
ഗിറ്റാറിന്റെ വാൽറ്റ്സ് താളം ആധാരപ്പെടുത്തിയാണ് ബാബുരാജ് “മധുരിക്കും
മാതളപ്പഴമാണ്’ “ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഗിറ്റാറും തബലയും ഈ താള സ്വരൂപ
നിർമ്മിതിയിൽ പങ്കെടുക്കുന്നു. “യുവാക്കളേ യുവതികളേ“ (ചട്ടക്കാരി) ദേവരാജൻ
വാൽറ്റ്സ് താളത്തിൽ ചിട്ടപ്പെടുത്തി എന്നു മാത്രമല്ല രംഗത്ത് വാൽറ്റ്സ്
നൃത്തചലനങ്ങൾ പ്രകടമാക്കുന്ന ഇണകളുമുണ്ട്. ആർ കെ ശേഖർ ആദ്യമായി അറെഞ്ച്മെന്റ്
ചെയ്ത ജ്ഞാനസുന്ദരിയിലെ (ദക്ഷിണാമൂർത്തി- സംഗീതം) “ഒന്നു ചിരിക്കൂ ചിരിക്കൂ സഖീ..”
വാൽറ്റ്സിന്റെ തെളിമ പ്രകടിപ്പിക്കന്നതാണ്.
തന്റെ വാൽറ്റ്സ് മമത വീണ്ടു ഇതേ സിനിമയിലെ “മിണ്ടാത്തതെന്താണു തത്തേ..” യിൽ വ്യക്തമാക്കിയിട്ടുണ്ട് ശേഖർ. മകൻ എ. ആർ റെഹ്മാൻ ‘ലഗാൻ‘ ഇൽ ക്ലാസിക്കൽ
വാൽറ്റ്സ് ഉചിതമായ വാദ്യങ്ങളോടെ
പുനർപ്രസന്നമാക്കിയിട്ടുണ്ടെന്നുള്ളത് ഓർമ്മിക്കാം.
എന്നാൽ പാശ്ചാത്യ ഈണങ്ങളോ സ്വരൂപമോ പാട്ടിൽ
വരണമെന്നില്ല ഈ താളഗതി നിബന്ധിയ്ക്കാൻ. നാടൻ ഈണങ്ങൾക്കും വാൽറ്റ്സ് താളങ്ങൾ
ഇണങ്ങുമെന്ന് വ്യക്തമായി പൊരുളറിയിച്ചതാണ്
1958 ഇലെ “തുമ്പപ്പൂ പെയ്യണ പൂനിലാവേ..” (ബ്രദർ
ലക്ഷ്മൺ- രണ്ടിടങ്ങഴി). തുടക്കത്തിൽ വ്യക്തമാക്കുന്ന ഗിറ്റാർ വാൽറ്റ്സ്
താമസിയാതെ തബല ബീറ്റ്സിനു വഴിമാറുകയാണ്., തിശ്രഗതിയിൽത്തന്നെ. മൂന്നക്ഷരങ്ങളുടെ
സ്വരങ്ങൾ നടകൾ ചമയ്ക്കുന്നതായാണ് പാട്ടും ചിട്ടപ്പെടുത്തിയിരിക്കുന്നത് (തുമ്പപ്പൂ/പെയ്യണ/പൂനിലാ/വേ
ഏനു/ എന്നിങ്ങനെ). “ഫ്യൂഷൻ” എന്ന വിശേഷണം സംഗീതലോകത്ത് എത്തപ്പെടുന്നതിനു വളരെ
മുൻപേ ബ്രദർ ലക്ഷ്മൺ ചെയ്ത ഈ പരീക്ഷണം ആ വാക്കിന്റെ ആദ്യനിർവ്വചനം തന്നെ ആയിരുന്നു
എന്നത് ചരിത്രവിദ്യാർത്ഥികൾ കുറിച്ചു വയ്ക്കേണ്ടതാണ്. അത്രമാത്രമാണ് കെ സുലോചനയുടെ
നൂറുശതമാനം നാടൻ ശബ്ദവും ആലാപനരീതിയും വെസ്റ്റേൺ താളത്തോട് ഇണക്കിയിരിക്കുന്നത്.
പ്രത്യേകിച്ചും “ഞാറു നടുമ്പം അടുത്തു വന്ന്” എന്ന ഭാഗത്ത്. “ഊം പാ പാ“ താളത്തിൽ
അധിഷ്ടിതമായ ‘മധുരിക്കും മാതളപ്പഴമാണ്’
താരാട്ട് ഈണമാണ്. ഭാവത്തിൽ തനി നാടൻ ആയ, ബാബുരാജിന്റെ ഒറിജിനൽ “പച്ചപ്പനം തത്തേ..”
ഇതുപോലെ തിശ്രഗതിയിലാണ്. പിന്നീട് എം.
ജയചന്ദ്രൻ ഇതു പുനരാവിഷ്ക്കരിച്ചപ്പോൾ
വളരെ വ്യക്തമായി വാൽറ്റ്സ് ബീറ്റ്സ് നിബന്ധിക്കുകയാണുണ്ടായത്. സിന്ധുഭൈരവിയുടെ ദയനീയഭാവം ആവാഹിച്ചെടുത്ത
“തലയ്ക്കുമീതേ ശൂന്യാകാശം” (കെ രാഘവൻ) വാൽറ്റ്സ് താളത്തിലാണ് സൃഷ്ടിക്കപ്പെട്ടത്
എന്നത് അവിശ്വസനീയമായി തോന്നിയേക്കാം. പാട്ടിന്റെ തുടക്കത്തിൽ വ്യക്തമായാണ്
ഗിറ്റാർ ഈ താളം ചമയ്ക്കുന്നത്. പിന്നീട് തബല ഈ താളം ഏറ്റെടുക്കുകയാണ്. ചരണങ്ങളുടെ
രണ്ടാം പകുതിയിൽ നടകൾ മാറുന്നുണ്ടെങ്കിലും ഇടയ്ക്ക് ഈ പാറ്റേൺ കൃത്യമായി വന്നുകയറുന്നുണ്ട്. ആനന്ദഭൈരവിയിൽ
ചിട്ടപ്പെടുത്തിയ, ശാസ്ത്രീയരീതിയിൽത്തന്നെ
പി. ജയചന്ദ്രൻ ആലാപനം നിർവ്വഹിച്ച “അരികിൽ നിന്നരികിൽ” (റോക്ക് സ്റ്റാർ-പ്രശാന്ത് പിള്ള) ഗിറ്റാറിന്റെ
“വൺ റ്റു ത്രീ’ താളങ്ങളാൽ നിബിഡമാണ്. ഇതിലെ ‘തത്തര തര തത്തര താത്തര താരാ….”
വാൽറ്റ്സ് താളത്തിനു കർണാടകസംഗീതം നൽകുന്ന വ്യാഖ്യാനം പോലെയാണെന്നുള്ളത്
“ക്യൂട്” ആണെന്നു പറയാതെ വയ്യ. തികച്ചും
ഭാരതീയമായി മാറ്റിയെടുത്ത പാശ്ചാത്യപ്രകരണമാണിവിടെയെല്ലാം പ്രകടമാകുന്നതെന്ന്
അറിയാതെ അറിയുന്നു നമ്മൾ.
“മലരേ..“,
“ മുക്കത്തെ പെണ്ണേ..”
വാൽറ്റ്സ് താളം അണയ്ക്കുന്ന നുനുത്തതും എന്നാൽ
ഗംഭീരവുമായ താളാത്മകത ജീവൻ പകർന്ന രണ്ടു പാട്ടുകളാണിവ. പാട്ടിന്റെ ആസ്വാദകത ഈ
താളത്തിലാണ് ആധാരം കൊള്ളുന്നതെന്ന് പറഞ്ഞാൽ അതിശയോക്തി ഇല്ല. ‘മലരേ….‘ യിൽ അടിസ്ഥാന ബീറ്റുകളുടെ നടകൾ
മാറ്റിയെടുത്ത് സങ്കീർണ്ണത സൃഷ്ടിച്ചിട്ടുണ്ട്. മെലഡിയേക്കാൾ ചടുലതയാണു താളത്തിനു. പാട്ടിനു
പിറകിൽ നേർരേഖയിൽ ചലിയ്ക്കുകയാണ് തന്ത്രിവാദ്യങ്ങളുടെ പ്രകമ്പനം. അവ്യക്തമായി
ചെല്ലോ അണയ്ക്കുന്ന വാൽറ്റ്സ് താളം പ്രത്യക്ഷമാക്കുന്നുണ്ട്. ‘ഞാനെന്റെ
ആത്മാവിനാഴത്തിനുള്ളിൽ…‘ , ‘താളങ്ങളായി
രാഗങ്ങളായി..’ .എന്നീ ഭാഗങ്ങളിൽ വാൽറ്റ്സ് സംഗീതം അതിന്റെ എല്ലാ
തനിമകളോടും തന്നെ ഉൽക്കടമായി പ്രത്യക്ഷീഭവിയ്ക്കുകയാണ്.
പിന്നെ അവസാനം വരുന്ന “ഓ …..”
എന്ന ഹമ്മിങ്ങ്ലും. രാജേഷ് മുരുകേശന്റെ
ഓർക്കെഷ്റ്റ്രേഷനിലുള്ള വൈദഗ്ധ്യം ശ്ലാഘനീയമാണ്. ഗോപീസുന്ദറിന്റെ മുക്കത്തെ പെണ്ണേ…” ഇൽ തന്ത്രിവാദ്യങ്ങൾ പ്രധാനമായും അകൌസ്റ്റിക് ഗിറ്റാർ കൃത്യമായി വാൽറ്റ്സ് അടയാളപ്പെടുത്തുകയാണ്. ഈ ഗിറ്റാർ ബീറ്റുകൾ
ആദ്യവസാനം ഇത് ഉത്പന്നമാക്കുന്നുണ്ട് വാക്കുകളും വരികളും പല തിരിമറിവുകളിൽക്കൂടെ സഞ്ചരിക്കുന്നുണ്ടെങ്കിലും.
‘യാഹൈ നൂറുള്ളാ യാഹൈ ദീൻ അള്ളാ…..‘ എന്ന ഭാഗത്തും “യെഹെ മേരെ ദിൽ കെ ഹെ മൊഹബത് യെ ഹെ മേരെ ദിൽ കെ
ഹെ കിസ്മത്“ എന്നിടത്തും മെലഡി മാറുന്നുണ്ടെങ്കിലും താളം അതേ ബീറ്റ് പിന്തുടരുകയാണ്..
തുടക്കത്തിലെ ‘സാ മ ഗാ പ മനിധപ ..’ മുറുകിയകാലത്തിലൂടെ സഞ്ചരിച്ച് മറ്റൊരു മെലഡി
ആയ “എന്നിലേ എല്ലിനാൽ പടച്ച പെണ്ണേ“ഇലെത്തുമ്പോഴും
വാൽറ്റ്സ് ബീറ്റ്സ് തന്നെ പിന്തുണ
നൽകുന്നു. മഴയുടെ താളവും ഇരുവഞ്ഞിപ്പുഴയിലെ ഓളങ്ങളുടെ ചാഞ്ചാട്ടവും
അനുഭവഭേദ്യമാക്കുന്ന സിനിമയിൽ ഗോപി സുന്ദർ ഈ പാട്ടിന്റെ താളലയത്തിലൂടെ സിനിമയ്ക്ക്
അലൌകികമാനം നൽകുന്നുവെന്ന് സമ്മതിയ്ക്കേണ്ടിയിരിക്കുന്നു.
പ്രത്യക്ഷമാകുന്ന വഴികൾ
പലപാട്ടുകളും ഈ താളവ്യവസ്ഥയിൽ
ചിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയിൽ ഇത് പ്രകടമാകുന്നത് പലരീതിയിലാണ്,
ഏതെങ്കിലും തന്ത്രിവാദ്യം തന്നെ “ഊം പാ പാ“ ഉപലബ്ധമാക്കണമെന്നില്ല.. “താനേ പൂവിട്ട
മോഹം“ (ജോൺസൺ-ജി. വേണുഗോപാൽ-സസ്നേഹം)ഇൽ
തബലയുടെ ബീറ്റ്സിലാണ് വാൽറ്റ്സ് താളം ഘടിപ്പിച്ചിരിക്കുന്നത്. കെ രാഘവന്റെ
‘അന്നു നിന്നെ കണ്ടതിൽപ്പിന്നെ‘ (ഉണ്ണിയാർച്ച) വെള്ളിനക്ഷത്രമേ (രമണൻ) ‘താരമേ താരമേ’ (ബാബുരാജ്-ലൈല മജ്നു) ഇവയിലൊക്കെ
വൺ റ്റു ത്രീ ബീറ്റുകൾ പ്രകടമാകുന്നത് ഗിറ്റാറിലൂടെയോ മറ്റ് തന്ത്രിവാദ്യങ്ങളിലൂടെയോ
അല്ല.. ജോൺസന്റെ “മന്ദാരച്ചെപ്പുണ്ടൊ”
വാൽറ്റ്സിൽ കൃത്യമായി ചിട്ടപ്പെടുത്തിയതാനെങ്കിലും ഡ്രംസും തബലയുമാണ്
ഗിറ്റാറിനൊപ്പം താളങ്ങൾ വിളക്കിയെടുക്കുന്നത്.. “പീലിയേഴും വീശി വാ”…. (കണ്ണൂർ രാജൻ-പൂവിനു പുതിയ പൂന്ത്ന്നൽ) അടിസ്ഥന ടെമ്പോയ്യുടെ മുകളിൽ വേഗത കൂടിയ ടെമ്പോ
പ്രതിഷ്ഠിച്ചിട്ടുണ്ട്. എന്നാൽ ചിത്രണം ബാലേ ചലനങ്ങൾ അനുകരിക്കുന്ന, മന്ദമായി
നീങ്ങുന്ന നർത്തകരുടേതാണു താനും. ഗിറ്റാർ
ബീറ്റുകൾ ചടുലമാക്കിയിട്ടുണ്ട്. ലളിതമായ വാൽറ്റ്സ് ഗതി മോഹൻ സിതാരയുടെ
“പൊന്നോലത്തുമ്പീ പൂവാലിത്തുമ്പീ (മഴവില്ല്) യിൽ കാണാം. ദേവരാജന്റെ
അതുല്യപ്രതിഭാവിളയാട്ടമായ “സംഗമം സംഗമം…”
(ത്രിവേണി) വാൽറ്റ്സിന്റെ മന്ദഗതി സ്വായത്തമാക്കിയതാണ്: സിനിമയിൽ ആ പാട്ട് രംഗത്ത്
നർത്തകർ വാൽറ്റ്സ് ചലനങ്ങൾ അനുകരിയ്കുന്നുമുണ്ട്. തികച്ചും വെസ്റ്റേൺ രീതിയിൽ
ചിട്ടപ്പെടുത്തിയതാണ് ഈ പാട്ട്. ഒരു പറ്റം ഉപകരണങ്ങളാണ് താളനിർമ്മിതിയിൽ
പങ്കെടുക്കുന്നത്. അതിലെ ‘കൈമാറാത്ത വികാരമുണ്ടോ‘ കഴിഞ്ഞ് ഓ ഓ …ഭാഗത്ത് സ്വരങ്ങൾ കയറ്റിറങ്ങൾ
സൃഷ്ടിക്കുമ്പോഴും വൺ റ്റു ത്രീ താളം തിരശ്ചീനമായി
നേർ രേഖയിൽ സഞ്ചരിക്കുകയാണ്. ആ ഹമ്മിങ്ങിന്റെ അവസാനം വരുന്ന “ര രരരാ ര രരരാ….മൂന്നു ബീറ്റുകളുടെ ഗുണനങ്ങളിൽ
നിബന്ധിച്ചതാണ്. പിന്നിൽ പാടുന്ന കോറസ് മൂളുന്നത് വാൽട്സിന്റെ കയ്യൊപ്പായ മൂന്നു
സ്വരങ്ങളാണെന്നുള്ളത് ദേവരാജന്റേയും അറേഞ്ചർ സംഘത്തിന്റേയും നിപുണത തെളിയിക്കുന്നതാണ്.
1970 ഇൽ ഈ പാട്ട് ചിട്ടപ്പെടുത്തപ്പോൾ
വരാൻ പോകുന്ന പലേ പാട്ടുകളൂടേയും മുന്നോടി ആകുകയായിരുന്നു എന്ന ചരിത്രനിയോഗവും ഈ
പാട്ട് പേറുന്നു. ദേവരാജന്റെ തന്നെ “എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ” (അച്ചാണി)
ഗംഭീരമായ വാൽറ്റ്സിലൂടെയാണ് തുടങ്ങുന്നത്. പല്ലവിയിൽത്തന്നെ “രൂപവതീ
യ്ക്കും “നീലത്താമരമിഴികൾ“ക്കും ഇടയ്ക്ക് അതിചാതുര്യത്തോടെ “വൺ റ്റു ത്രീ “
ഗിറ്റാർ ബീറ്റ്സ് ഘടിപ്പിച്ചിരിക്കയാണ്. ഇതിനു മുൻപുള്ള മൂന്നു ബീറ്റുകൾ
രൂപവതിയിലെ “പ, വ, തി” അക്ഷരങ്ങളിലാണു പതിയ്ക്കുന്നത്. രണ്ടു ചരണങ്ങൾക്കും ശേഷം വരുന്ന “ആ ആ…“ ഹമ്മിങ് കൃത്യമായ
വാൽറ്റ്സ് ബീറ്റിലാണ്. അദ്ദേഹത്തിന്റെ “പഞ്ചതന്ത്രം
കഥയിലെ..” (നദി- പി സുശീല) ചരണങ്ങൾക്കിടയ്ക്ക്
വ്യക്തതയോടെ വാൽറ്റ്സ് ബീറ്റ്സ് നിബന്ധിച്ചിതാണ് . തബലയുടെ നടകൾ മാറ്റി
മാറ്റി ചടുലതയിൽ തിരിമറിവു സൃഷ്ടിയ്ക്കുന്നത് ദേവരാജന്റെ ഔത്സുക്യമായതുകൊണ്ട്
താളം പല ടെമ്പോകളിലൂടെ കടന്നു പോകുകയാണ്.
“കൂട്ടുകാരറിഞ്ഞില്ല വീട്ടുകാരറിഞ്ഞില്ല“ ..എന്ന ഭാഗത്തെയും “കൂട്ടിലിരുന്നവർ കനവു
കണ്ടു“ എന്ന ഭാഗത്തേയും “ഓരോ കിനാവിലും“ ….എന്ന
ഭാഗത്തേയും തബലയുടെ നടകൾ മാറ്റിയെടുത്തിരിക്കുന്നത് അതീവ ചാതുര്യത്തോടെയാണ്, അടിസ്ഥാന വാൽറ്റ്സ് താളത്തിനു ചഞ്ചലത
സൃഷ്ടിയ്ക്കാതെ തന്നെ. ചരണങ്ങളുടെ അവസാനത്തിൽ നിന്നും തിരിച്ച് പല്ലവിയിലേക്ക്
പ്രവേശിക്കുമ്പോൾ വൺ റ്റു ത്രീ ബീറ്റുകൾ നാലു തവണ അതിമനോഹരമായി ആവർത്തിക്കുന്നുണ്ട്..
.
വാൽറ്റ്സിന്റെ അനന്തരസാദ്ധ്യതകൾ വിസ്തൃതമായി ഉപയോഗിച്ചിട്ടുള്ള
ഇളയരാജ തബലയും തന്ത്രിവാദ്യങ്ങളും ഇഴചേർത്തു പിരിച്ച
വാൽറ്റ്സ് താളഘടന പ്രയോഗിച്ചിട്ടുണ്ട്. “ഓലത്തുമ്പത്തിരുന്നൂയലാടും
ചെല്ലപ്പൈങ്കിളീ…” ഇൽ. ഇതേ
സിനിമയിലെ “സ്നേഹത്തിൻ പൂഞ്ചോല” മന്ദമായ
വാൽറ്റ്സ് ടെമ്പോയിലാണ് ചിട്ടപ്പെടുത്തിയിർക്കുന്നത്. അദ്ദേഹത്തിന്റെ “ഉണരുമീ ഗാനം“
(മൂന്നാം പക്കം) തബല അണയ്ക്കുന്ന വാൽറ്റ്സ് താളത്താൽ സമ്പന്നമാണ്. “വേഴാമ്പൽ കേഴും ..” ഇൽ തബല ഉണർത്തുന്ന സുതാര്യമായ
തിശ്രഗതിയാണുള്ളത്. തമിഴിൽ ധാരാളം സാധാരണ വാൽറ്റ്സും ജാസ് വാൽറ്റ്സും പ്രയോഗങ്ങൾ
നിബന്ധിച്ചിട്ടുണ്ട് കൃതഹസ്തനായ ഇളയരാജ. “രാസാത്തി ഉന്നൈ..” (വൈദേഹി
കാത്തിരുന്താൾ) ഉദാഹരണം. “പരുവമേ പുതിയ പാടൽ പാട്“ (നെഞ്ചത്തെ കിള്ളാതെ) ഇൽ നിരത്തിൽ
ഓടുന്നവരുടെ കാലടി ശബ്ദമാണ് വൺ റ്റു ത്രീ എന്ന താളമായി ഉപയോഗിച്ചിട്ടുൾലത്. ബാസ്
ഗിറ്റാർ ഇടയ്ക്ക് ചേരുന്നുണ്ട്.
(പൂട്ടുക്കൾ പോട്ടാലും, ദേവൻ കോയിൽ ദീപം ഒക്കെ അദ്ദേഹം വാൽറ്റ്സ് സാദ്ധ്യതകൾ സമർത്ഥമായി
ഉപയോഗിച്ചിട്ടുള്ള നിരവധി പാട്ടുകളിൽ ചിലതു മാത്രം.) തന്നന്നം തന്നന്നം
താളത്തിലാടി (യാത്ര) ജാസ് വാൽറ്റ്സിൽ അദ്ദേഹം ചിട്ടപ്പെടുത്തിയത് സൌണ്ട് ഓഫ്
മ്യൂസിക്കിലെ അതേ ബീറ്റ്സിലുള്ള “ These are a few of my favorite things” അനുകരിച്ചാണ്.
വാൽറ്റ്സിനോടുള്ള തികഞ്ഞ പ്രതിപത്തി ആയിരിക്കണം പല പാട്ടുകളിലേക്കുമുള്ള
പ്രവേശം അതിന്റെ താള ത്തിലൂടെയാക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. “പാലരുവീ പാടി
വരൂ“(ദൂരം അരികെ) തുടങ്ങുന്നത് റിതം ഗിറ്റാറും
ബാസ് ഗിറ്റാറും ചേർന്നുള്ള സങ്കരലീലയിലൂടെയാണ്.
ഭാവവ്യഞ്ജകം
തരളമായ താളാത്മകത പ്രദാനം ചെയ്യുക
മാത്രമല്ല പാട്ടിനെ ഭാവതലങ്ങളിലേക്ക് വ്യാപരിപ്പിക്കാനും വാൽറ്റ്സ് ബീറ്റുകൾ
ഉപയുക്തമാകുന്നുണ്ട് പൊതുവേ സിനിമാഗാനങ്ങളിൽ. മന്ദമായി ഇരുവശങ്ങളിലേക്കും ചലിയ്ക്കുന്ന
രീതിയാണ് വാൽറ്റ്സ് നൃത്തത്തിനു. ഈ ചലനഗതി ബഹിർസ്ഫുരിക്കുന്നതാണ് ഊഞ്ഞാലിൽ.
അതുകൊണ്ടായിരിക്കണം വാൽറ്റ്സ് താളം കൃത്യമായും ശക്തിയോടെയും ബാബുരാജ്
“പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു ..” (ഭാർഗ്ഗവീനിലയം) ഇൽ നിബന്ധിച്ചത്. നായികയുടെ
ഊഞ്ഞാലാട്ടത്തിലൂടെയാണ് ഈ പാട്ട്
വെളിപാടാകുന്നത്. ബാസ് ഗിറ്റാർ നൽകുന്ന താളത്തിന്മേലാണ് പാട്ടിന്റെ ഗതി
നിർമ്മിച്ചുറപ്പിച്ചിരിക്കുന്നത്. ഇതേ
പാട്ടിന്റെ മറ്റൊരു വേർഷനായ “പൊട്ടാത്ത പൊന്നിൻ കിനാവു കൊണ്ടൊരു…” ഉം ഊഞ്ഞാലിന്മേൽ തന്നെ പാടുന്നപാട്ട്. ഇവിടെ
ഗിറ്റാറും തബലയും ഇടകലശി വരുന്നുണ്ട്. സന്തോഷദ്യോതകമായതിനാൽ മേളക്കൊഴുപ്പ്
പകരാനെന്ന വണ്ണം. ഈ താളവ്യവസ്ഥയും ഗതിയും അതേ പടി കാണാവുന്നത് എം.
ജയചന്ദ്രന്റെ വേർഷനായ “പച്ചപ്പനം തത്തേ..” യിലാണ്. പൊട്ടിത്തകർന്ന കിനാവു’മായി
പാട്ടിനു യാതൊരു സാമ്യവുമില്ലെങ്കിലും വാൽറ്റ്സിന്റെ ശക്തമായ സാന്നിദ്ധ്യം
പാട്ടുകൾക്ക് അതീവസാ ദൃശ്യമാണ്
തോന്നിപ്പിക്കുന്നത്. ഇതുമൂലം എം ജയചന്ദ്രൻ കേട്ട പഴി ചില്ലറയല്ല. മന്ദമായി ആടുന്ന
തൊട്ടിലിന്റെ താളപ്രതീതി ഉണർത്താൻ ബാബുരാജ് ഒരു താരാട്ടായ “മധുരിക്കും മാതളപ്പഴമാണ്..” (തങ്കക്കുടം) ഇൽ വാൽറ്റ്സ് ഉപയോഗിച്ചിട്ടുണ്ട്. ‘രാരിരം പാടുന്നു രാക്കിളികൾ.. (എം കെ
അർജ്ജുനൻ-അഷ്ടമി രോഹിണി) എന്ന മറ്റൊരു താരാട്ടിലും ഈ പ്രയോഗങ്ങൾ ധാരാളം.
ഇന്റെർല്യൂഡിൽ വൃത്തിയായിട്ട് ഗിറ്റാർ പ്രയോഗങ്ങൾ ഉണ്ട്. ജെറി അമൽദേവിന്റെ “കമ്പിളി മേഘം പുതച്ച് ..”ഇതേ
താളക്രമത്തിൽ ചിട്ടപ്പെടുത്തിയ മറ്റൊരു താരാട്ടാണ്. ഓളത്തിനോടൊപ്പം ചാഞ്ചാടുന്ന തോണിയുടെ
ചലനപ്രതീതിയുണർത്താൻ എം. ബി. ശ്രീനിവാസൻ വാൽറ്റ്സ് താളാത്മകത
സന്നിവേശിപ്പിച്ചിട്ടുണ്ട് “താമരത്തുമ്പീ വാ വാ..”ഇൽ. ഇതേ പ്രതീതിയാണ് മറ്റൊരു
തോണിതുഴയൽപ്പാട്ടായ “ആമ്പൽപ്പൂവേ..” യിൽ
ദേവരാജൻ വാൽറ്റ്സ് താളത്താൽ ഉണർത്തിയെടുക്കുന്നത്. ‘പെരിയാറേ പെരിയാറേ …” വള്ളത്തിലുള്ള പാട്ടായതിനാലായിരിക്കണം
ദേവരാജൻ ആ പാട്ടിന്റെ തുടക്കത്തിൽ നാലുതവണ “ ഊം പാ പാ” നിബന്ധിച്ചത്. എന്നാൽ
ഉൽക്കടമായ കാമത്തിന്റെ താളഗതി പ്രത്യക്ഷമാക്കാൻ ദേവരാജനും സംഘവും “സംഗമം സംഗമം..” ഇൽ വാൽറ്റ്സിന്റെ പലേ സാദ്ധ്യതകളും
ഉപയോഗിച്ചിട്ടുണ്ടെന്നുള്ളത് മറക്കാവതല്ല. “ഇവിടെയോരോ മാംസപുഷ്പവും ഇതളിട്ടുണരും
രാവിൽ” എന്ന വരിയ്ക്ക് ഇണങ്ങുന്നത് മെല്ലെ മെല്ലെ
ആയുന്ന താളമാണെന്ന് സ്വാഭാവികമായി തോന്നിപ്പിക്കുകയാണ് സംഗീതനിർമ്മിതി.
പ്രേമഭാവത്തിന്റെ താരള്യം തെല്ലും ചോരാതെയാണ് രവീന്ദ്രൻ വാൽറ്റ്സ് താളങ്ങൾ “എന്തിനു
വേറൊരു സൂര്യോദയം” “ഏതോ നിദ്ര തൻ..” എന്നി
പാട്ടുകളിൽ സങ്കലിപ്പിച്ചത്.
എം. ബി. ശ്രീനിവാസൻ, എം എസ് വിശ്വനാഥൻ തമിഴിൽ
വാൽറ്റ്സിന്റെ ശക്തമായ സാന്നിദ്ധ്യം
തെളിയിച്ചവരാണ് മേൽപ്പറഞ്ഞ രണ്ടു സംഗീതസംവിധായകരും. എം. ബി. ശ്രീനിവാസന്റെ തെന്നൻകീറ്റ്രു ഊഞ്ചലിലെ….. ( പി ബി ശ്രീനിവാസ്, എസ്. ജാനകി-പാതൈ
തിരിയുത് പാർ)ഇന്ന് വാൽറ്റ്സിന്റെ ക്ലാസിക് ഉദാഹരണമായി അംഗീകരിക്കപ്പെട്ടതാണ്.
പിയാനോ പ്രധാനതാളം സമ്മാനിയ്ക്കുന്നു. ഹമ്മിങ്ങിനു പോലും വാൽറ്റ്സ് താളം നൽകിയിട്ടുണ്ട്
അദ്ദേഹം. തെക്കൻ കാറ്റും ചില്ലയിൽ
മന്ദമായി ആടുന്ന ചിട്ടുക്കുരുവിയും ഒക്കെ പ്രേമപശ്ചാത്തലം ഒരുക്കുമ്പോൾ ഈ താളം
തന്നെ അനുയോജ്യം. വാൽറ്റ്സിന്റെ പല
സാദ്ധ്യതകളും സ്വരുക്കൂട്ടിയിട്ടുണ്ട് ‘ഒരു വട്ടം കൂടിയെൻ‘ യേശുദാസ് വെർഷനിൽ. ബാസ് ഗിറ്റാറിന്റെ ബീറ്റുകൾ വോക്കലിനു
പുറകിൽ മറയുന്നു എങ്കിലും മദ്ധ്യാന്തര
(ചരണത്തിനു ഇടയ്ക്കുള്ള interlude) ത്തിൽ വയലിൻ സംഘവും ഫ്ലൂടും തനി വാൽറ്റ്സ് ആലാപനത്തിൽ
നിലയുറപ്പിക്കുകതന്നെയാണ്. ‘മിഴികളിൽ നിറകതിരായി..” (യവനിക) കൂടുതൽ സങ്കീർണ്ണതയിലേക്ക്
കടക്കുന്നതിനുമുൻപ് വാൽറ്റ്സ് താളത്തിലാണ്
തുടക്കം കുറിക്കുന്നത്. അളത്താരയിലെ
“പാതിരാപ്പൂവൊന്നു കൺ തുറക്കാൻ..” ഇൽ തബലയും മറ്റ് ഉപകരണങ്ങളും സൃഷ്ടിക്കുന്ന
ടെമ്പോയ്ക്കിടയിൽ വാൽറ്റ്സ് ഒതുക്കിയിരിക്കയാണ്.
“നഷ്ടവസന്തത്തിൻ തപ്തനിശ്വാസമേ”
ഇലെ മദ്ധ്യാന്തരങ്ങളിൽ ആദ്യത്തെ ബീറ്റ്
പ്രകടമാക്കിയിട്ട് തുടർന്ന രണ്ട് ബീറ്റുകൾ നിശബ്ദമാക്കിയിരിക്കുകയാണ്.
വെസ്റ്റേൺ ഓർക്കെഷ്റ്റ്രേഷനിൽ അതിവിദ്വാനായ്
രാമമൂർത്തിയോടൊപ്പം സംഗീതസംവിധാനം ചെയ്തിരുന്ന എം. എസ്. വിശ്വനാഥൻ തനിയെ സംഗീതം
നൽകിത്തുടങ്ങിയപ്പോഴും വാൽറ്റ്സ് പ്രേമം കൈവിട്ടില്ല. തമിഴ് സിനിമാഗാനങ്ങൾക്ക്
വാൽറ്റ്സ് താളങ്ങൾ വഴി നിർമ്മിച്ചെടുത്ത വ്യക്തിത്വത്തിനു എം. എസ്. വി. തന്നെ ഉത്തരവാദി.
“യാരതു യാരതു തങ്കമാ..” (എൻ കടമൈ-റ്റി എം സൌന്ദരരാജൻ, പി സുശീല) വാൽറ്റ്സ് താളങ്ങളുടെ ഒരു വിവരണത്തോടെ ആണ്
തുടങ്ങുന്നത്. എം. ജി. ആറും സരോജാ ദേവിയും
വാൽറ്റ്സ് നൃത്തചലനങ്ങൾ രസകരമായി പിന്തുടരുന്നതായാണു ചിത്രീകരണം. അവസാനത്തെ ചരണം
ടെമ്പോ കൂട്ടി ബോൻഗ്ഗൊ ഡ്രം ഈ താളം ഏറ്റെടുക്കുകയാണ്. “പൊൺ ഒന്രു കണ്ടേൻ ..(റ്റി
എം സൌന്ദരരാജൻ, പി ബി ശ്രീനിവാസൻ-പടിത്താൽ മട്ടും പോതുമാ) വൃന്ദാവനസാരംഗയിൽ
ചിട്ടപ്പെടുത്തിയിട്ട് കൃത്യമായി വാൽറ്റ്സ് താളങ്ങൾ ഗിറ്റാറും മറ്റ്
തന്ത്രിവാദ്യങ്ങളാലും നിർമ്മിച്ചെടുത്തിരിക്കയാണ്. “കൺപോണ പോക്കിലെ കാൽ പോകലാമാ (പണം
പടൈത്തവൻ-റ്റി എം സൌന്ദരരാജൻ) വാൽറ്റ്സ് നൃത്തവും സംഗീതവും സമർത്ഥമായി യോജിപ്പിച്ച
സംഭവം ആണ്. ‘കല്യാണ നാൾ പാർക്ക ചൊല്ലലാമാ“ മെലഡിയുടെ ടെമ്പോ മാറുമ്പോഴും വാൽറ്റ്സ്
താളത്തിന്റെ ടെമ്പോ മാറുന്നില്ല. “നാളൈ ഇന്ര വേളൈ പാർത്തു..” ഇൽ തന്ത്രിവാദ്യങ്ങൾക്കു
പകരം ബോങ്ഗൊ ഡ്രം ആണ് ബീറ്റ് നിലനിർത്തുന്നത്. എന്നാൽ വാൽറ്റ്സ് താളത്തിൽ തന്നെ
ചിട്ടപ്പെടുത്തിയ “അത്താൻ എന്നത്താൻ..” ഇൽ അതിവിദഗ്ധമയിട്ട് ബീറ്റുകൾ ഒളിപ്പിച്ചു
വച്ചിരിക്കയാണ്. നുനുത്ത പ്രേമഭാവത്തിന്റെ സ്നിഗ്ധത വിട്ടൂപോകാതിരിക്കാൻ നിശിതമായ
താളങ്ങൾ ഒഴിവാക്കാമെന്നു കരുതിക്കാണും അദ്ദേഹം. ഇതുമൂലം പാട്ടിനു വന്നുചേറുന്ന
മാധുര്യം അളവിനും മീതെയാണ്. മലയാളത്തിൽ അദ്ദേഹം ഈ ധാരാളിത്തം
കാണിച്ചിട്ടില്ല. ‘കണ്ണുനീർത്തുള്ളിയെ
സ്ത്രീയോടുപമിച്ച…..” എന്നപോലെ
ചുരുക്കം ചിലതിലൊഴിച്ചാൽ വാൽറ്റ്സ് താളങ്ങൾ അപൂർവ്വം തന്നെ.
പാശ്ചാത്യരീതിയിള്ള
താളമേളങ്ങളിൽ ആഭിമുഖ്യം പുലർത്തുന്ന മ്യൂസിക് മൊജൊ-കപ്പ റ്റി വി ക്കാർ “എന്തിനു
വേറൊരു“ (പ്രദീപ് സോമസുന്ദരം) “മന്ദാരച്ചെപ്പുണ്ടോ” (സിദ്ധാർത്ഥ് മേനോൻ)
“തുമ്പപ്പൂ പെയ്യണ” (സിതാര ബാലകൃഷ്ണൻ) ഒക്കെ ഏറ്റെടുത്തപ്പോൾ വാൽറ്റ്സ് താളങ്ങൾ
മാത്രം ചികഞ്ഞെടുത്ത് അവതരിപ്പിച്ചത് അതിലെ പ്രമുഖമായ അന്തർധാര ഈ താളം
ആയതുകൊണ്ടാണ്. നല്ലതങ്കയിലെ ‘അമ്മതൻ പ്രേമസൌഭാഗ്യത്തിടമ്പേ’
യിൽ തുടങ്ങി, രണ്ടിടങ്ങഴിയിലെ ‘തുമ്പപ്പൂ പെയ്യണ പൂനിലാവിലൂ‘ടെ “താമരത്തുമ്പീ വാ വാ” യിലൂടെ, “മലരേ…. “യിലും “മുക്കത്തെ പെണ്ണി“ലൂടെയും നിലനിൽക്കുന്ന വാൽറ്റ്സ് പൌരസ്ത്യവും പാശ്ചാത്യവുമായുള്ള സങ്കേതങ്ങളുടെ
ഫ്യൂഷൻ ആണ് നമ്മുടെ പ്രിയപാട്ടുകൾ എന്ന്
എളുപ്പം ധരിപ്പിക്കുകയാണ് നമ്മെ. തനിമ എന്നത് ഒരു വിഷമം പിടിച്ച വാക്കാണ്.
ഈ
ലിങ്ക് വാൽറ്റ്സിനെപ്പറ്റി മനസ്സിലാക്കാൻ ഉപകരിക്കും:
ക്ലാസിക്കൽ
വാൽറ്റ്സിനു ഉദാഹരണം. അവസാനം ടെമ്പോയിലെ വേഗത സംഭ്രമാവസ്ഥ ഉളവാക്കാൻ ഉപയോഗിച്ചിട്ടുണ്ട്:
വേറൊരു
ഉദാഹരണം: https://www.youtube.com/watch?v=mDL15Rox43c
ഹിന്ദിയിലെ വാൽറ്റ്സ് കൃത്യമായി പ്രയോഗിച്ച രണ്ട്
പാട്ടുകൾ:
നല്ലതങ്കയിലെ “അമ്മതൻ
പ്രേമസൌഭാഗ്യത്തിടമ്പേ”:
https://www.youtube.com/watch?v=AdqqTCEyni4
പച്ചപ്പനം തത്തേ ബാബുരാജിന്റെ ഒറിജിനൽ ട്യൂൺ:
ആനന്ദഭൈരവിയും
വാൽറ്റ്സും. റോക് സ്റ്റാർ:
https://www.youtube.com/watch?v=rdVSpYuPIJc
എം എസ് വിശ്വനാഥന്റെ
“യാരതു യാരതു തങ്കമാ”:
എം എസ് വിശ്വനാഥന്റെ
“അത്താൻ എന്നത്താൻ”:
ഇളയരാജയുടെ “പരുവമേ
പുതിയ പാടൽ പാട്“:
https://www.youtube.com/watch?v=yeBs2V0C4f0