Saturday, January 3, 2015

“നിറങ്ങൾ തൻ നൃത്തം…” ഭൂതാവേശപ്പെടുത്തുന്ന പാട്ട്


    

          Haunting എന്നു തന്നെ പറയണം ഈ പാട്ടിനെപ്പറ്റി. ഒരു തവണകേട്ടാൽ വിടാതെ പിടികൂടും. ആവർത്തിച്ചു വരുന്ന ഈരടികൾ ഒരേ ഫോക്കസിലേക്ക് എത്തിയ്ക്കുന്നരീതിയിലാണ് എം. ബി. ശ്രീനിവാസന്റെ വിദഗ്ധ കമ്പോസിങ്. ജോഗ് രാഗത്തിന്റെ ആർദ്രത മുഴുവൻ ആവാഹിച്ച് സ്ഫുരിപ്പിക്കുന്ന വിരഹനൊമ്പരങ്ങൾ എസ് ജാനകിയാണ് ശോകസങ്കീർത്തനമാക്കുന്നത്. ചങ്കിൽ കൊളുത്തി വലിയ്ക്കുന്ന വരികളാണ് ഒ എൻ വി നമുക്കു മുന്നിലേക്ക് ഇട്ടു തന്നിരിക്കുന്നത്. സ്വന്തം ജീവിതത്തിന്റെ സന്നിഗ്ദ്ധാവസ്ഥയെക്കുറിച്ച് ഒരു നിമിഷം ചിന്തിച്ചിരിക്കാത്തവർ ആരുമില്ല. അത് “അലിഞ്ഞലിഞ്ഞുപോം അരിയ ജന്മമാം പവിഴദ്വീപിൽ ഞാൻ ഇരിപ്പതെന്തിനോ” എന്നായി ആവിഷ്കരിക്കപ്പെടുമ്പോൾ സാർത്ഥകവും സാത്മീയവുമാവുകയാണ്.

          എപ്പോഴേ അണയാവുന്ന  അഗ്നിനാളമാണെന്നാണ് നായികയുടെ ആത്മവിലാപം. ഓരോ ഋതുക്കളും കടന്നു പോകുന്നു , പദസ്വനത്തിന്റെ കാതോർക്കലിലും ഓർമ്മ യുടെ കിളുന്നു തൂവൽ തഴുകളിലും വ്യർത്ഥമാകുകയാണ് അവളുടെ അരിയ ജന്മം. അതൊരു പവിഴദ്വീപുപോലെ അലിഞ്ഞലിഞ്ഞു പോകുകയാണു താനും. മറഞ്ഞ പക്ഷികൾ വിട്ടും വച്ചു പോയ തൂവലുകളാണ് അവളുടെ ഓർമ്മകൾ. സന്ധ്യകൾ ചമച്ച വർണ്ണ നൃത്തം മണ്ണിൽ നിന്നും ഒഴിഞ്ഞു പോയിരിക്കുന്നു, ഇനി അവ പുനർജ്ജനിക്കുമോ?

          ഷാജീയെം സംവിധാനം ചെയ്ത ‘പരസ്പരം’എന്ന ചിത്രത്തിലെ പാട്ടാ‍ണിത്. പാട്ടിന്റെ കമ്പോസിങ് പശ്ചാത്തലത്തെപ്പറ്റി അദ്ദേഹം ഓർത്തെടുക്കുന്നു. അന്ന് ഷാജിയെം ഇനു 25 വയസ്സുപോലും ആയിട്ടില്ല. പാട്ടിനു വേണ്ടി എം. ബി. ശ്രീനിവാസനേയും ഒ എൻ വിയേയും സമീപിച്ചു. അവരാണെങ്കിൽ വളരെ സീനിയർ. പ്രേമ/ജീവിത നൈരാശ്യം ദ്യോതിപ്പിക്കുന്ന പാട്ടാണു വേണ്ടതെന്നു പറഞ്ഞപ്പോൾ ഈ കൊച്ചു പയ്യനു ഇതിനെപ്പറ്റി ഒക്കെ എന്തറിയാം എന്ന രീതിയിൽ അവർ കളിയാക്കി. ചിത്രകാരനായ ഷാജിയെം (ചിത്രകലയിൽ ഡിഗ്രി ഉണ്ട് ഷാജീയെം ഇനു, അതു കൊണ്ട് കിട്ടിയ സർക്കാർ ജോലി കളഞ്ഞിട്ടാണ് സിനിമയിൽ വന്നു കയറിയത്) നെ തന്നെ പാട്ടിൽ പ്രത്യക്ഷപ്പെടുത്താൻ ഓ എൻ വി തീരുമാനിച്ചു അതുകൊണ്ട്  “നിറങ്ങൾ തൻ നൃത്തം” എന്ന് തുടങ്ങി പാട്ടെഴുതി.  സിനിമയിലെ കഥ ഒരു പക്ഷി നിരീക്ഷകന്റെ ആയതു കൊണ്ട് പക്ഷി സംബന്ധമായ് ഇമേജറികൾ  ഉപയോഗിച്ചു പാട്ടിൽ. “മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോ’ ,‘ഓർമ്മതൻ കിളുന്നു തൂവലും തഴുകി’ എന്നൊക്കെ.   എം. ബി. ശ്രീനിവാസനാകട്ടെ  വിരഹനൊമ്പരത്തിരിയിൽ     എരിയുന്ന , വെറുരോർമ്മ യുടെ കിളുന്നു തൂവൽ തഴുകി, അലിയുന്ന പവിഴദ്വീപിൽ ഇരിയ്ക്കുന്ന നായികയുടെ മനോവ്യഥ  ജോഗ് രാഗത്തിന്റെ സാദ്ധ്യതകൾ ഉപയോഗിച്ച് ആർദ്രത അലിയിച്ചു ചേർത്ത് എസ് ജാനകിയുടെ സ്നിഗ്ധത തൊട്ടുപുരട്ടിയ ആലാപനരീതി ഇണക്കിച്ചേർക്കുകയും ചെയ്തു. അക്കൊല്ലത്തെ സംസ്ഥാന അവാർഡ്-അവാർഡുകൾ മേന്മയുടെയോ കഴിവിന്റേയോ നിദർശനങ്ങൾ അല്ലെങ്കിൽത്തന്നെ-ഈ പാട്ടിനു ലഭിച്ചു എന്നത്  പൊതുസമ്മതി നേടി എന്നതിന്റെ തെളിവ് മാത്രം.

നമ്മൾ മൂളിയ “ജോഗ്” ഈണങ്ങൾ

          മലയാളസിനിമയിൽ  ആദ്യം ജോഗ് രാഗത്തിൽ ചിട്ടപ്പെടുത്തിയ (രാഗത്തിന്റെ സ്വരക്കൂട്ടമോ സഞ്ചാരമോ ഉപയോഗിച്ച് ട്യൂൺ നിർമ്മിച്ചെടുക്കുക എന്നതാണ് കൂടുതൽ ശരി) പാട്ടുമായെത്തിയത് എം. ബി. ശ്രീനിവാസൻ തന്നെയാണ്. 1969 ഇൽ ‘നേഴ്സ്’ എന്ന സിനിമയിലെ ‘ഹരിനാമകീർത്തനം പാടാനുണരൂ അരയാൽക്കുരുവികളേ” എന്ന പാട്ട്.

പക്ഷേ ഈ രാഗത്തിന്റെ സാദ്ധ്യതകൾ സർവ്വസമ്മതമായി അതിസംഘാത ആഘോഷമട്ടിൽ  പൊതുജനം മുഴുവൻ അംഗീകരിച്ചത്  ‘പ്രമദവനം വീണ്ടും’ നമ്മൾ മൂളിത്തുടങ്ങിയപ്പോഴാണ്. ഇതിനു മുൻപ് പലമട്ടിൽ ജോഗ് നമ്മുടെ ഈണം മൂളലിൽ കയറി ഇറങ്ങിയിട്ടുണ്ട്. 1970 ഇൽ ദേവരാജൻ ‘ശ്രീനഗരത്തിലെ ചിത്രവനത്തിലെ ശിശിരമനോഹര ചന്ദ്രികേ” ജോഗിനെ ചടുലതയ്ക്ക് വേണ്ടിയാണ് ഉപയോഗിച്ചത്. പിന്നെ നമ്മൾ കേട്ടത് എം ബി ശ്രീനിവാസന്റെ തന്നെ “മൌനങ്ങൾ പാടുകയായിരുന്നു” ആണ്-‘പ്രയാണ‘ത്തിൽ. ദേവരാജൻ  72 ഇൽ വീണ്ടൂം “കാമിനീ കാവ്യമോഹിനി“  ഇതേ രാഗത്തിൽ കമ്പോസ് ചെയ്തിട്ട് ജോഗ് ഇനെ വിട്ടുകളയുകയായിരുന്നു. എസ് പി വെങ്കിടേഷ് രണ്ടുമൂന്നെണ്ണം ചെയ്തു, അർജ്ജുനനും ഒന്നോരണ്ടൊ എണ്ണം മാത്രം. ജോൺസണാകട്ടെ 83 ഇൽ “മോഹം കൊണ്ടു ഞാൻ” ചിട്ടപ്പെടുത്തിയതിനു ശേഷം 98 ഇലാണ് “സ്വർണ്ണദലകോടികൾ’  കമ്പോസ് ചെയ്യുന്നത്.  വിദ്യാസാഗറിന്റെ “ശ്രുതിയമ്മ ലയമച്ഛൻ’ ശ്രദ്ധിക്കപ്പെട്ടു,  രവീന്ദ്രൻ പാടുകയും ചെയ്തു എന്നത് കൌതുകം തന്നെ.  എസ് പി   വെങ്കിടേഷ്  “പൊൻ മേഘമേ” (സോപാനം)  അത്ര പ്രത്യേകതയൊന്നുമില്ലാതെ ചിട്ടപ്പേടുത്തി. ‘പറയാൻ മറന്ന പരിഭവങ്ങളു“മായി രമേഷ് നാരായണൻ വന്നു, ഹരിഹരനെക്കൊണ്ട് പാടിയ്ക്കുകയും ചെയ്തു. ഇതൊക്കെയാണെങ്കിലും രവീന്ദ്രൻ മാത്രമാണ് ജോഗ് ഇനെ വിടാതെ പിടികൂടിയത്. 13 ഓളം പാട്ടുകൾ-  ‘ഇരുഹൃദയങ്ങളിൽ‘, ‘വാർമുകിലേ‘, ‘ഒരു കിളി പാട്ടു മൂളവേ‘ ഒക്കെ എളുപ്പം മനസ്സിൽ കയറിക്കൂടാൻ പ്രാപ്തമാണെന്ന് നമുക്കറിയാം.

          ഇന്ന് ജോഗ് രാഗത്തിന്റെ ദൃഷ്ടാന്തമായി ‘പ്രമദവനം വീണ്ടും’ തന്നെയാണ് ഉദാഹരിക്കപ്പെടാറ്‌. ഈ രാഗത്തിന്റെ ആരോഹണവരോഹണക്രമങ്ങളും സ്വരസഞ്ചാരസാദ്ധ്യതകളും അങ്ങേയറ്റം ഉപയോഗിച്ചിട്ടുണ്ട് രവീന്ദ്രൻ, വോക്കൽ വഴിയും ഉപകരണങ്ങൾ വഴിയും. കർണാടകസംഗീതാനുസാരിയായ ചിട്ടകളാണ് കമ്പോസിങ്ങിൽ നിബന്ധിച്ചിട്ടുള്ളത്. പ്രണയത്തിന്റെ നുനുത്തഭാവങ്ങളും നൊസ്റ്റാൾജിയയും പ്രകടിപ്പിക്കാനാണ് ജോഗ് ഇവിടെ ഉപയൊഗപ്പെടുത്തിയിട്ടുള്ളത്. ഈ പാട്ടിലും  ‘ഇരുഹൃദയങ്ങളിൽ’ ‘ഒരു കിളി പാട്ടു മൂളവേ‘ എന്നതിലും മന്ദ്രസ്ഥായിയിലാണ് തുടക്കം. എന്നാൽ ‘വാർമുകിലേ’ വിപരീതമായി സ്വൽ‌പ്പം മേത്സ്ഥായിയിലാണ്.‘മോഹം കൊണ്ടു ഞാൻ’ കമ്പോസ് ചെയ്തപ്പോൾ ജോൺസണും  മന്ദ്രസ്ഥായിയിലാണു തുടങ്ങിയത്, വെസ്റ്റേൺ ഛായയിലുള്ള കയറ്റിറങ്ങളുമാണ് ഈ പാട്ടിൽ ഉപയോഗിച്ചത്. ജോൺസൺ തന്നെ  ‘സ്വർണ്ണദലകോടികൾ ‘ ഒരു കീർത്തനത്തിന്റെ ചിട്ടവട്ടങ്ങളോടെ, തികച്ചും കർണാടകസംഗീതാലാപനശൈലിയിൽ ആണ് കമ്പോസ് ചെയ്തിട്ടുള്ളത്.  എന്നാൽ  എം ബി  ശ്രീനിവാസൻ ചിട്ടപ്പെടുത്തിയ ‘ മൌനങ്ങൾ പാടുകയായിരുന്നു (ചാരുകേശിയും ഈ പാട്ടിലുണ്ട്)  ഇവയിൽ നിന്നൊക്കെ വ്യത്യസ്തമാണ്. തനി കർണാടശൈലിയിലും ഹിന്ദുസ്ഥാനി ശൈലിയിലും വരുന്ന ‘അ’കാരങ്ങൾ, പലസ്ഥായികളിലുള്ള ആലാപനസന്നിവേശങ്ങൾ, ഹാർമണൈസിങ് പോലത്തെ വിദ്യകൾ ഒക്കെ സങ്കലിച്ച് സങ്കീർണ്ണമാക്കിയതാണ് ആ പാട്ട്. കേൾവി സുഖത്തെ ഇത് തെല്ല് ബാധിക്കുന്നുണ്ടെങ്കിലും ജോഗ് രാഗത്തെ ഇത്രയും ആഴത്തിൽ വിശകലനം ചെയ്ത മറ്റൊരു പാട്ട് നമുക്കില്ല. യേശുദാസിനും എസ്. ജാനകിക്കും വിവിധ ചലഞ്ചുകളാണ് എം. ബി. ശ്രീനിവാസൻ നൽകിയിട്ടുള്ളതെന്നതും പ്രത്യേകതയാണ്. 1975 ഇൽ ഇത് അപൂർവ്വം തന്നെ. കഥാപരിസരം ആവശ്യപ്പെടുന്ന ഭ്രമാത്മകത ഉൾക്കൊള്ളാനായിരിക്കും ഈ സാങ്കേതിക ട്രിക്കുകൾ അദ്ദേഹം നിബന്ധിച്ചത്.

     എന്നാൽ 1981 ഇൽ ‘കാന്തമൃദുലസ്മേരമധുമയലഹരികളിൽ’  (വേനൽ) കമ്പോസ് ചെയ്യുമ്പോൾ എം. ബി. എസ് ഉദ്ദേശിച്ചിരുന്നത് പ്രണയത്തിന്റെ ദീപ്തമായ ഭാവോന്മീലനം തന്നെയായിരിക്കണം. അത്രമാത്രം മാധുര്യമാണ് പാട്ടിൽ. വികാസപരിണാമങ്ങളോ അയത്നലളിതവും. താരള്യം തേൻ കിനിയുന്ന ആലാപനവും.
 “നിറങ്ങൾ തൻ നൃത്തം“ 1983 ഇൽ കമ്പോസ് ചെയ്യുമ്പോൾ എം ബി ശ്രീനിവാസനു ഈ രണ്ടു പാട്ടുകളുടെയും ആചരണം മനസ്സിലുണ്ടായിരുന്നു എന്നു വേണം അനുമാനിക്കാൻ. പ്രണയത്തിന്റെ ഉൽക്കടാവേശങ്ങളെയാണ് ‘മൌനങ്ങൾ’ ഉം ‘കാന്തമൃദുല‘ യും ദ്യോതിപ്പിക്കുന്നതെങ്കിൽ ഇതേ ആവേശത്തിന്റെ ഓർമ്മകളുടെ  പരിതാപമാണ് “നിറങ്ങൾ തൻ നൃത്ത“ത്തിൽ ഒഴുകിയണയുന്നത്. നായികയുടെ മനോനില അനുസരിച്ച്  പാട്ടിൽ  ഭാവനില വന്നുവെന്നത് മനസ്സിലാക്കാവുന്നതാണ്. പാട്ട് വളരെ ഋജുവായാണ് അവതരിക്കപ്പെടുന്നത്. ലാളിത്യം മുഖമുദ്ര. ആറക്ഷരം രണ്ടുതവണ ആവർത്തിക്കുന്നതാണ് എല്ലാ വരികളും. ഈ ഓരോ അക്ഷരത്തിലും ബീറ്റുകൾ പതിയ്ക്കുന്ന തബല ഏകതാനമായി പിൻ തുടരുന്നു. എന്നാൽ ഈ തബല ബീറ്റ്സ് മടുപ്പിക്കുന്നതല്ല, സംഗീതമുണർത്തുന്ന വിരഹനൊമ്പര ആകുലതകളെ ഒന്നുകൂടെ സ്ഫുരിപ്പിക്കുന്നതേ ഉള്ളു.

           ഒരേ പടിയുള്ള രണ്ടു ചരണങ്ങളാണ് നഷ്ടവസന്തത്തിൻ തപ്തനിശ്വാസങ്ങൾ മനസ്സിൽ കൊള്ളിയ്ക്കാൻ   എം.ബി. ശ്രീനിവാസൻ  ഈ പാട്ടിൽ   നിർമ്മിച്ചെടുത്തിരിക്കുന്നത്. പല്ലവി ഇടയ്ക്ക് ആവർത്തിയ്ക്കുന്നില്ല.   ആദ്യം  പല്ലവി കഴിഞ്ഞുവരുന്ന    “വിരഹനൊമ്പര തിരിയിൽ.” വേറിട്ടു നിൽക്കുന്നു. ഇതേ ട്യൂണാണ് പിന്നീട്  ചരണത്തിന്റെ രണ്ടാം പാദത്തിനു.   “ വെറുമൊരോർമ്മ തൻ……” എന്നതിനും, ‘അലിഞ്ഞലിഞ്ഞുപോം’ എന്നതിനും.  ഇതേ ട്രിക്ക് മറ്റൊരു പാട്ടിനും –ഇതേ സിനിമയിലെ തന്നെ “അനന്തനീല വിണ്ണിൽ” അദ്ദേഹം പ്രയോഗിച്ചിട്ടുണ്ട്. “വർണ്ണരേണു വാരി വിതറി..” എന്നു തുടങ്ങുന്ന ഈരടി ആവർത്തിച്ചു വരുന്നുണ്ട്. എന്നാൽ ഈ പാട്ടിൽ പല്ലവിയും ആവർത്തിക്കപ്പെടുന്നു എന്നതുകൊണ്ട് പ്രത്യേകത അവകാശപ്പെടാനില്ല. ചരണങ്ങൾക്കിടയ്ക്ക് ‘നിറങ്ങൾ തൻ നൃത്തം” ആവർത്തിയ്ക്കുന്നില്ല എന്നത് പ്രത്യേകതയാണ്.  പല്ലവിയുടെ താളഘടന തന്നെയാണ് എല്ലാ ചരണങ്ങൾക്കും. അതു കൊണ്ട് പല്ലവി മനസ്സിൽ ഉറപ്പിച്ചതിന്റെ പ്രതീതി വരുന്നതിനാൽ ഈ ഒഴിവാക്കൽ തീരെ അനുഭവപ്പെടുയില്ല.  ആദ്യം മൂന്നു തവണ ആവർത്തിച്ച   ‘മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ‘ , ‘മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോ എന്ന,സന്ദേഹമെങ്കിലും സാദ്ധ്യതാനിരാസം  ഉൽക്കടമായ പ്രസ്താവനകൾ നിരാശദ്യോതകമായ രണ്ടു ചരണങ്ങൾക്കിടയ്ക്കിടയ്ക്ക് നിബന്ധിക്കേണ്ട എന്ന്  കമ്പോസർക്കു തോന്നിക്കാണണം.  എന്നാൽ ‘വിരഹനൊമ്പര‘ ട്യൂൺ വീണ്ടും വീണ്ടും ആവർത്തിച്ചു കേൾക്കുന്നതിനാൽ പല്ലവിയിലേക്ക് തിരിച്ചു പോകുന്നതായി തോന്നുകയും ചെയ്യും. കൂടാതെ പല്ലവി,ചരണം എന്നൊക്കെയുള്ളവ്യവാസ്ഥകൾ വിട്ട്. പാടിലെ മേത്സ്ഥായി പ്രയോഗങ്ങൾ ഉൾപ്പെടുന്ന “വിരഹ നൊമ്പര..’, ‘വെറുമൊരോർമ്മ തൻ…….’, ‘അലിഞ്ഞലിഞ്ഞ്പോം’ എന്നീ ഈരടികൾക്ക് മേൽ പാട്ട് കെട്ടിപ്പണിഞ്ഞതാവാനും മതി. അങ്ങനെയാണെങ്കിൽ വെസ്റ്റേൺ രീതിയിലുള്ള ഘടന നിബന്ധിക്കാൻ കമ്പോസർ ഉദ്യമിച്ചതാവാനും മതി. ചരണങ്ങളിലെ വരികൾ ആവർത്തിക്കുമ്പോൾ ഗമകങ്ങളേ ഇല്ല എന്നത് പ്രത്യേകതയാണ്. പാട്ടിന്റെ പൊതുവേ ഉള്ള  ക്രമാനുസാരവൃദ്ധിയും ഗമക ഒഴിവാക്കലും കൂടുതൽ വെസ്റ്റേൺ രീതിയിയിലേക്ക് പാട്ടിനെ നയിയ്ക്കുന്നുണ്ട്.

           ആറരക്ഷരങ്ങൾ വീതം രണ്ടുതവണ ആവർത്തിക്കുന്നതാണ് ഓരോ വരിയും. ഒരു നാടൻപാട്ടിന്റെ  മന്ദതയാർന്നതെങ്കിലും സ്വൽ‌പ്പം ചെറിയ ചടുലത പ്രദാനം ചെയ്യുന്നുണ്ട് വാക്കുകളും അക്ഷരങ്ങളും. ഇതിൽ നിന്നും എം ബി എസ് തന്നെ ഒരു ആന്തരികതാളം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. തബല മാത്രമല്ല ഫ്ലൂടും സിതാറും ഇതേ താളക്രമത്തിൽ നിബദ്ധമാണ്. വാക്കുകൾ ഈ താളക്രത്തിലൊതുക്കുവാനും കേൾ വിക്കാരനെ ആ ആന്ദോളനത്തിൽ ഉടനീളം നിലനിർത്തുവാനും ചില വിട്ടുവീഴ്ച്ചകൾ  ചേയ്യേണ്ടീ വന്നിട്ടുണ്ട് അദ്ദേഹത്തിനു, ഉച്ചാരണസംബന്ധമായി ശരിയല്ലെങ്കിലും. ‘വിരഹനൊമ്പര……..’ യിലെ രണ്ടാം അക്ഷരം ‘ര’ ഒന്നു സ്വൽ‌പ്പം നീട്ടിയിട്ടുണ്ട്. എന്നാൽ ‘വിരാഹനൊമ്പര’ എന്നാകുന്നില്ല താനും. ‘തിരിയിൽ’ ഇൽ “രി”, ‘വെറുമൊരോർമ്മതൻ’ ഇലെ ‘റു’, ‘തഴുകി’ ഇലെ “ഴു”, ‘നിമിഷപാത്രങ്ങളി‘ലെ “മി”, ‘അരിയജന്മമാം’ ഇലെ “രി” പവിഴ’ ഇലെ “വി” ഒക്കെ ഇപ്രകാരം നീട്ടപ്പെട്ടവയാണ്. പക്ഷെ ഇവയൊക്കെ ഒട്ടും അരോചകമാകാതെയും  വൈകല്യമുദ്രിതമാകാതെയുമാണ്  എസ് ജാനകി വിദഗ്ധമായിത്തന്നെ മറച്ചു വച്ചിട്ടുള്ളത്.  പാട്ടിന്റെ ഒഴുക്കിനോടൊപ്പം അലസഗമനം ചെയ്യുന്ന നമുക്ക് അപ്രധാനമെന്ന് തോന്നിപ്പിക്കുന്ന ചെപ്പടി വിദ്യ.  കൃതഹസ്തതയുടെ  നിദർശനം, അവർക്കു മാത്രം സാധിയ്ക്കുന്നതും.

          ഫ് ളൂടും സിതാറും വയലിൻ വൃന്ദവും ഈണത്തോട് ചേർന്നുനിന്ന്  അതിനെ ഉദ്ധൃതമാക്കുന്ന രീതിയിലാണ് ചിട്ടപ്പെടുത്തൽ. വളരെ മിതത്വവും ലാളിത്യവും പരിപാലിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട് എം ബി ശ്രീനിവാസൻ. വയലിൻ സംഘം പാട്ടിന്റെ ഭാവതലത്തോട് ചേർന്ന് നിന്ന്, അതിഗാംഭീര്യതയോ പ്രകടനപരതയോ ഉദ്യമിക്കാതെ അവിടവിടെ ആഴം തോന്നിപ്പിക്കുന്ന രീതിയിൽ പാട്ടിനു ഭാവപരിസരം നിർമ്മിച്ചെടുക്കുകയാണ്. ഫ്ലൂടും സിതാറുമാകട്ടെ  നിശ്ചിത ഫ്രെയ്സുകൾ , രാഗത്തിന്റെ സ്വരസഞ്ചാരങ്ങൾ ആയിത്തന്നെ നിലനിന്ന് വോക്കലിനു പ്രകാശനമേറ്റിയും തനിമയോടെ വേറിട്ടു നിന്നും ഉടനീളം പാട്ടിൽ ലയിച്ചിരിക്കുന്നതായിട്ട് അനുഭവപ്പെടുന്നത് ആസ്വാദയേറ്റുന്നു. ഈ പാട്ട് മനസ്സിൽ പതിയാൻ ഇടയാക്കുന്നത് ഈ കേൾവിസുഖപ്രദാനമാണ് എന്നതിൽ തർക്കമില്ല. ഫ്ലൂട് ബിറ്റ് സമ്മാനിക്കുന്ന തുടക്കത്തോടൊപ്പം ചെല്ലോ ഉൾപ്പടെ നിരവധി സ്റ്റ്രിങ് വാദ്യങ്ങൾ പശ്ചാത്തലം നിർമ്മിച്ചെടുക്കുന്നുണ്ട്.  ഏതായാലും പരിപൂർണ്ണശോകമയമാണ് പാട്ട്,  സ്വൽ‌പ്പം ഉത്സാഹദ്യോതകമായ സിതാർ ബിറ്റ് ആയിക്കോട്ടെ ആദ്യം എന്ന്  എം. ബി. ശ്രീനിവാസനുതോന്നിയോ എന്ന മട്ടിലാണ് സിതാർ ബിറ്റിന്റെ ചെറുസ്വ്വരസഞ്ചാരം. ഈ സിതാർ ബിറ്റ് താളത്തിന്റെ ഗതിക്രമം (pace) സ്ഥിരീകരിക്കാനുതകുന്നു എന്നു മാത്രമല്ല അവസാനത്തെ രണ്ട് സ്വരങ്ങൾ തബലയുടെ രണ്ടു ബീറ്റുകളിൽ  നേരേ ലയിക്കുകയാണ്, അല്ലെങ്കിൽ തബല നേരിട്ട് സിതാറിൽ നിന്നും ഏറ്റെടുക്കുക എന്ന മട്ട്.. പല്ലവി ഒന്നുകൂടി ആവർത്തിക്കുന്നതിനു ആദ്യം മീട്ടിയ ഫ്ലൂട് ബിറ്റ് അതേപടി സഹായവുമായി എത്തുന്നുണ്ട്. പിന്നീട് വരുന്ന “വിരഹനൊമ്പര.’മേത്സ്ഥായിയിൽ തുടങ്ങുന്നതിനാൽ അതിമധുരതരമായ ഒരു സിതാർ ബിറ്റ് ആ സ്ഥായിയിൽ എത്തിച്ചു കൊടുക്കുന്നുണ്ട്. ഒരു പല്ലവി ആവർത്തനവും കൂടെക്കഴിഞ്ഞശേഷം വരുന്ന സംഘവാദ്യം- പ്രധാനമായും വയലിൻ സംഘം തന്നെ- ഒരു സഞ്ചാരപ്രകടനം കാഴ്ചവയ്ക്കുമ്പോൾ ജാനകിയുടെ ഹമ്മിങ്ങിലേക്ക് അതിവിദഗ്ദ്ധമായി ലയിച്ചു പോകുകയാണ്. വയലിൻ എവിടെ തീരുന്നു ജാനകിയുടെ ഹമ്മിങ് എവിടെ തുടങ്ങുന്നു എന്ന് പിടികിട്ടാത്തവിധം അദ്ഭുതകരമായാണ് ഈ സ്ഥാനാന്തരണം. (1.46 ഇൽ ഇതു ശ്രദ്ധിക്കാം). വയലിൻ ശ്രുതിയുമായി ഇത്രയും യോജിപ്പിക്കാൻ കഴിയുന്ന മറ്റൊരുശബ്ദം നമുക്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ലതാ മങ്കേഷ്കരുടെ ചില പാട്ടുകളിൽ ഇത് കേട്ടിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല.  “വെറുമൊരോർമ്മ തൻ.”, ‘അലിഞ്ഞലിഞ്ഞുപോം……’ എന്നീ ഈരടികൾ ആവർത്തിക്കുമ്പോൾ ഗുരുത്വമേറ്റാനായിട്ട് അനുപൂരക മെലഡി പോലെ ഫ്ലൂട് വിന്യാസങ്ങൾ നിജപ്പെടുത്തിയിട്ടുണ്ട്. ചരണങ്ങൾ രണ്ടും തുടങ്ങുന്നതിനു മുൻപ് വളരെ പ്രത്യേകതയേറുന്ന സിതാർ-വയലിൻ സംഘ വിന്യാസം കൂടുതലും മൃദുലമായ ഭാവപ്രചുരിമയാണ് കൈവരുത്തുന്നത്.  പാട്ടിന്റെ ശോകമയമായ ഭാവതാരള്യം ഒന്നൂടെ ഊട്ടിയുറപ്പിക്കാൻ ഇത് സഹായിക്കുന്നു. മൂന്നുസ്വരങ്ങൾ വീതം ഇടവിട്ടണയ്ക്കുന്ന സിതാർ ബിറ്റിന്റെ ഇടയ്ക്ക് തന്ത്രിവാദ്യങ്ങൾ കൌതുകകരമായ “ഊം..” ഊം……” കൊരുത്താണ് ഇത് സാദ്ധ്യമാക്കിയെടുത്തിരിക്കുന്നത്.  ഏകദേശം ഒരു കോറസ്സിന്റെ സാന്നിദ്ധ്യം അനുഭവപ്പെടുത്തുന്ന തരത്തിലാണ് ഈ മൂളക്കം. (ഒരേ സ്വരം നീട്ടിയെടുക്കുന്ന legato പ്രയോഗം പോലെയാണിത്).  ഈ “ഊം” “നിമിഷപാത്രങ്ങൾ” ക്കു മുൻപും ഇണക്കിയിട്ടുണ്ട് എന്നു മാത്രമാല്ല, പാട്ട് തീർത്തെടുക്കുന്നതും ഈ ശബ്ദവിന്യാസമാണ്  “ഇനിയുമെത്തുമോ’ എന്നത് ഫ്ലൂട് ആവർത്തിക്കുമ്പോൾ  ഇതേ “ഊം” മറ്റൊരു ഫ്ലൂട്ടിന്റെ മേത്സ്ഥായി യിൽ ആലപിക്കപ്പെടുന്നുണ്ട്.
         
          ഓർക്കെഷ്റ്റ്രെഷൻ മറ്റൊരു വൻ വിദ്യയും ചെയ്യുന്നുണ്ട് ഈ പാട്ടിൽ. തുടങ്ങുമ്പോഴുള്ള ‘നിറങ്ങൾ തൻ നൃത്ത‘മല്ല അവസാനിക്കുമ്പോൾ നമുക്ക് അനുഭവഭേദ്യമാക്കുന്നത്. ഫ്ലൂട്, സിതാർ,  വയലിനും മറ്റ് സ്റ്റ്രിങ് വാദ്യങ്ങളും ഇവയെല്ലാം പടിപടിയായി ശോകസാന്ദ്രത ഘനീഭവിച്ചെടുപ്പിക്കുകയാണ്. ആദ്യത്തെ ചരണം (‘ഋതുക്കൾ ഒരോന്നും……’) കഴിഞ്ഞ് വ്യക്തമായ ഭാവവ്യത്യാസം ദർശിക്കാവുന്നതാണ് ഓർക്കെഷ്ട്രേഷനിൽ. അവസാനം ‘നിറങ്ങൾ തൻ നൃത്തം..’ ആവർത്തിക്കുമ്പോൾ ശോകത്തിന്റെ പരിപൂർത്തിയാണ് അനുവാചകനിൽ ഉളവാകുന്നത്. “ഇനിയുമെത്തുമോ..’ ഫ്ലൂട് വീണ്ടും വീണ്ടും ആലപിക്കുമ്പോൾ  ഇതൊരു വെറും സന്ദേഹമല്ല,  ഇനിയും എത്തുകയില്ല എന്ന് നായികയ്ക്ക് ബോദ്ധ്യമായിക്കഴിഞ്ഞു, എന്നും എല്ലാം വ്യർത്ഥമായി എന്നും നാം മനസ്സിലാക്കുന്നു. ദുഃഖത്തിന്റെ  കയങ്ങളിലാർന്നു കഴിഞ്ഞിരിക്കുന്നു പാട്ടും നമ്മളും.

              മനുഷ്യ മസ്തിഷ്ക്കം സംഗീതത്തെ ആസ്വദിക്കുന്നത് അതിലെ  ആവർത്തനപരതയിൽ ഉള്ള ആഭിമുഖ്യം സൃഷ്ടിക്കപ്പെടലിലൂടെയാണ്. പിന്നെയും പിന്നെയും ഒരേ “ലൂപ്” കേൾക്കുമ്പോൾ അതിൽ കൂടുതൽ സംഗീതം തോന്നുന്നതും തലച്ചോറിന്റെ കളിയാണ്.  അതിപരിചയമുള്ളതും കൃതാർത്ഥതയേകുന്നതുമായ ഒരു വഴി തുറന്നെടുക്കുകയാണ് മനസ്സ്.  പല്ലവി (refrain)  അല്ലെങ്കിൽ ആവർത്തിച്ച് വരുന്ന ഒരു വരി എന്നത് ലോകവ്യാപകമായികാണപ്പെടുന്നതിന്റെ പൊരുളും തലച്ചോറിന്റെ ഈ കളിയെ തൃപ്തിപ്പെടുത്തി നിലനിർത്താനാണ് എന്നതാണ്. നിയതമായ ഒരു സ്വരസഞ്ചാരമോ ഫ്രേയ്സോ പാട്ടിൽ വീണ്ടും വീണ്ടും വന്നുകയറിയാൽ നമ്മുടെ തലച്ചോറിനു സന്തോഷമായി. ചെറുതും ലളിതവുമായ, എന്നാൽ ആവർത്തിച്ചു വരുന്നതുമായ ഫ്രേയ്സുകളിൽ നമ്മൾ പെട്ടുപോകുന്നത് ഈ പ്രതിഭാസത്തിന്റെ ഒരു ഭാഗമാണ്. എ ഐ ആറിൽ സ്റ്റേഷൻ തുറക്കുമ്പോഴുള്ള  സംഗീതവും ‘ദി ഗുഡ് ദി ബാഡ് ആൻഡ് ദി അഗ്ലി’ യിലെ സിഗ്നേച്ചർ റ്റ്യൂണുമൊക്കെ എത്ര ആവർത്തിച്ചാലും സന്തോഷപൂർവ്വം കേൾക്കുന്നവരാണു നമ്മൾ. സംഗീതത്തിന്റെ മാന്ത്രികതയുടെ ഉറവിടം ഇവിടെത്തന്നെ. ‘നിറങ്ങൾ തൻ നൃത്ത‘ത്തിന്റെ ആകർഷണപരതയുടെ വലിയൊരു പങ്ക് ഇത്തരം ആവർത്തനങ്ങൾ  സമൃദ്ധമായി ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്നതാണ്. ആറക്ഷരം കഴിഞ്ഞ് യതി, പിന്നെ ആറക്ഷരം എന്നിങ്ങനെ കൃത്യമായിപ്പോകുന്ന ഒരോ വരികളും, തുടക്കം മുതൽ ഒടുക്കം വരേ ഒരേ ബീറ്റ് പാറ്റേൺ പിൻ തുടരുന്ന തബല, “വിരഹനൊമ്പര..” ഈരടിയുടെ ആവർത്തനമായി അതേറ്റ്യൂൺ പിന്നെ രണ്ടു ചരണങ്ങളിലും പ്രത്യക്ഷമാകൽ, ‘വെറുമൊരോർമ്മതൻ. , ‘അലിഞ്ഞലിഞ്ഞുപോം..‘   ഇവരണ്ടും ആവർത്തിക്കുമ്പോൾ മുന്നോടിയായായി ഒരേ ഫ്ലൂട് ബിറ്റ് തന്നെ, തുടങ്ങുമ്പോഴുള്ള ഫ്ലൂട് ബിറ്റ് തന്നെ പല്ലവി ആവർത്തിക്കുമ്പോഴും നിബന്ധിച്ചിരിക്കുക, അവസാനം “ഇനിയുമെത്തുമോ..” ഫ്ലൂടിൽ ആവർത്തിക്കുക, ചരണങ്ങൾക്ക് മുൻപ് ഒരേ സിതാർ ബിറ്റും വയലിൻ സഞ്ചാരങ്ങളും കേൾപ്പിക്കുക ഇങ്ങനെ പോകുന്നു ഈ  പാട്ട് മനതാരിലെന്നും പൊൻ കിനാവായ് നിലനിൽക്കാനുള്ള കാര്യകാരണങ്ങൾ.

നിശിതം,  ലളിതം, ആർദ്രമൃദുലം- എം. ബി. ശ്രീനിവാസൻ -എസ്. ജാനകി ദ്വയം തീർത്തെടുത്ത പാട്ടുകളിൽ ഒന്നാമത് “നിറങ്ങൾ തൻ നൃത്തം”തന്നെ.