Tuesday, August 30, 2022

മണ്ണിനെ വിണ്ണോളമുയർത്തിയ ശിൽപ്പിയുടെ കഥ-ലാറി ബേക്കറുടെ ചരിത്രം

 

  

 

  മാനം തൊട്ട മണ്ണ്എന്ന പുസ്തകത്തിലൂടെ ഗീതാഞ്ജലി കൃഷ്ണൻ ലാറി ബേക്കർ എന്ന വ്യക്തിയുടെ തനിമ സമൂലം പരിചയപ്പെടുത്തുന്നു.

 

  ലാറി ബേക്കർ ഗ്രാമീണ ഇന്ത്യയെ നോക്കിക്കണ്ടു. വരണ്ട കടൽത്തീരങ്ങളും, കുന്നും മലകളും, ഹിമാലയത്തിലെ മഞ്ഞുപ്രദേശങ്ങളും , സമതലത്തിലെ വെള്ളപ്പൊക്കം ഉണ്ടാവുന്ന ഇടങ്ങളും, കൊടുങ്കാറ്റും പേമാരിയുമുള്ള തീരങ്ങളും അനുഭവിച്ചു. കന്യാകുമാരിയിലെ ചൂടും, ഒറീസ്സയിലെ കൊടുങ്കാറ്റും ചന്ദാഗിലെ ഹിമപാതവും കണ്ടു. നാനാത്വത്തിൽ ഏകത്വമുള്ള ഇന്ത്യ കണ്ടു. പലപല ഭാഷക്കാരുമായി ഇടപഴകി. അവിടങ്ങളിലെ നിർമ്മാണരീതികൾ പരിചയിച്ചു.

   ഗീതാഞ്ജലി കൃഷ്ണൻ ലാറി ബേക്കറുടെ ഇൻഡ്യയുമായുള്ള ഇടപഴകലിൻറ്റെ പശ്ചാത്തലം വിദിതമാക്കുന്നു ഇങ്ങനെ. നിർമ്മിച്ച കെട്ടിടങ്ങളല്ലാതെ മലയാളികൾ  പലരും മറക്കാൻ ഇഷ്ടപ്പെട്ട മലയാളി അല്ലാത്ത മലയാളി ആയിരുന്നു ലാറി ബേക്കർ. മുണ്ടുടുക്കാത്ത, മലയാളം പറയാത്ത എന്നാൽ ഹൃദയം കൊണ്ട് ഈ മണ്ണിനേയും സംസ്കൃതിയേയും ആവാഹിച്ച് ആവാസശിൽപ്പങ്ങൾ മെനഞ്ഞെടുത്ത മനീഷി. ചരിത്രപരമായും സമൂഹപരമായും മലയാളികൾ ചെയ്തുകൂട്ടാനാവില്ലാത്ത ആശയങ്ങൾ മൂർത്തീകരിച്ച് മണ്ണിൽ നിന്നും മുളച്ചുപൊന്തിയ മനോഹരശിൽപ്പങ്ങൾ ഇന്നും പ്രൗഢിയോടെ വിളങ്ങുന്നു ഈ ബ്രിടീഷുകാരൻ്റെ കൗശലസാകല്യങ്ങളാൽ.

 

    ലാറി ബേക്കറെ അതേപടി നമ്മുടെ മുൻപിൽ നിറുത്തുകയാണ് ഗീതാജ്ഞലി കൃഷ്ണൻ ഈ പുസ്തകത്തിലൂടെ. വാകമണ്ണിൽ താമസമാക്കിക്കഴിഞ്ഞുള്ള ലാറിയെ ആണ് നമുക്ക് പരിചയം. അതിനു മുൻപിലെ ഭ്രമാത്മകമായ സംഭവങ്ങൾ നിറഞ്ഞ അദ്ദേഹത്തിൻ്റെ ജീവിതം പൂർണ്ണ വിവരങ്ങളോടെ സമാഹരിക്കപ്പെട്ടിരിയ്ക്കുന്നു ഇവിടെ. കേരളത്തിലെ മണ്ണും തനത് വാസ്തുവിദ്യയും  കണ്ട് ഭ്രമിച്ച് പുതിയ ആർക്കിടെക്ചർ കൗശലവുമായി വന്ന ആളാണ് ലാറി ബേക്കർ എന്ന് വിചാരിച്ചാൽ തെറ്റി. നീണ്ടകാലത്തെ ജീവിതപരിചയം, അതും ചൈനീസ് കുഷ്ഠരോഗികളെ പരിചയിച്ചുള്ളത്,  ദൈന്യതയും മരണങ്ങളും ധാരളം കണ്ട് അനുഭവിച്ചറിഞ്ഞ്, മനുഷ്യൻറ്റെ ആന്തരികവും ബാഹ്യവുമായ അത്യാവശ്യങ്ങൾ ഏതൊക്കെ, എന്തൊക്കെ എന്ന് മനസ്സിലാക്കിയെടുത്ത്  സ്വാസ്ഥ്യം നിറഞ്ഞ ആവാസഗേഹങ്ങൾ അവനു എങ്ങനെ സംതൃപ്തി നൽകിയേക്കും എന്ന് കണ്ടറിഞ്ഞ ജ്ഞാനിയായിരുന്നു ബേക്കർ.  ബേക്കറുടെ വാസ്തുവിദ്യകളെ നിരത്തുകയോ പ്രകീർത്തിയ്ക്കുകയോ അല്ല ഈ പുസ്തകത്തിൻ്റെ ഉദ്ദേശം, പക്ഷേ അദ്ദേഹത്തിൻ്റെ തനിമ എന്താണെന്നുള്ള വെളിപ്പെടുത്തലാണ്. ഓരോ അദ്ധ്യായവും അതിനുവേണ്ടി ഘടനപ്പെടുത്തിയാണ് ആഖ്യാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാനം തൊട്ട മണ്ണ്എന്നതിലെ മണ്ണ് ബേക്കർ തന്നെ. ( മനുഷ്യാ നീ മണ്ണാകുന്നു എന്ന ബൈബിൾ വചനം ഓർക്കുക). മാനം തൊടുന്ന മണ്ണ്. ഉയരം കൊണ്ടല്ല, പ്രൗഢി കൊണ്ടും തനിമ കൊണ്ടും ആവിഷക്കാര ലാളിത്യത്തിൻ്റെ ഗരിമ കൊണ്ടും.

 

          മാനുഷികമൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരു തച്ചുശാസ്ത്രവിദഗ്ധൻ എങ്ങനെ സ്വാഭാവികമായി രൂപപ്പെട്ടു വന്നു എന്നതിൻ്റെ ചരിത്രമായി ആഖ്യാനം നിർവ്വഹിക്കാനാണ് ലേഖിക ശ്രമിച്ചിരിക്കുന്നത്. ആർക്കിടെക്റ്റ് ആകണം എന്ന് തീരുമാനിച്ച് കോളേജിൽപ്പോയി പഠിച്ച ആളല്ല ബേക്കർ, പ്രത്യുത ഒരു ജീവിതശൈലി എന്ന നിലയ്ക്ക് ആവാസ ഇടങ്ങൾ രൂപപ്പെടുത്താനുള്ള മാനസികനില ആർജ്ജിക്കുകയാണ് സംഭവിച്ചത് എന്നത് കൃത്യമായി രേഖപ്പെടുത്തുന്നു. അതിനുവേണ്ടി ബേക്കറുടെ മുൻ കാലജീവിതം വിശദമായി തുറന്നുകാട്ടിയിട്ടുണ്ട്. മാനവികതയിൽ ഊന്നിയ ക്വാക്കെർ സംഘത്തിൽ എത്തി കുഷ്ഠരോഗികളെ ചികിൽസിക്കുന്നത്- അതും സ്വന്തം നാട് വിട്ട് ചൈനയിൽ എത്തിയാണ്-   ജീവിതോദ്ദേശമായി സ്വീകരിച്ചാണ് ബേക്കർ മനുഷ്യൻ്റെ പ്രാഥമിക ആവശ്യങ്ങളെ സംബന്ധിച്ച് തിരിച്ചറിവുകൾ സ്വാംശീകരിച്ചത്. നിന്ദിതരുടേയും പീഡിതരുടെയും ഇടയിലേക്ക്   ഉൾവിളി പോലെ ചെന്നെത്തിയ അദ്ദേഹത്തിനു എളുപ്പത്തിൽ ഗാന്ധിമാർഗ്ഗത്തിൽ എത്തപ്പെടാനായി, അദ്ഭുതമില്ല.  റോയൽ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ബ്രിടീഷ് ആർക്കിടെക്ചറിൽ നിന്ന് വാസ്തുവിദ്യയിൽ ഡിഗ്രി ഉണ്ടെങ്കിലും ജനസേവനത്തിനു വിട്ടുകൊടുത്ത ആത്മാവുമായാണ് ചൈനയിലും പിന്നീട് ഇൻഡ്യയിലും രോഗികളെ ചികിൽസിക്കാൻ എത്തുന്നത്. എന്നാൽ പലപ്പോഴും തൻ്റെ ഉള്ളിൽ എന്നും തുടിച്ചുകൊണ്ടിരുന്ന വാസ്തുവിദ്യാലോലനെ  പുറത്തെടുക്കാൻ മറന്നില്ല  അദ്ദേഹം. ചൈനയിൽ പലപ്പോഴും രോഗിപരിചാരകൻ ആർക്കിടെകെക്റ്റ് ആയി കൂടു വിട്ട് കൂടുമാറാറുള്ളത് വ്യക്തമാക്കപ്പെടുന്നുണ്ട് പുസ്തകത്തിൽ.  ചാരിറ്റിയോ ആതുരശിശ്രൂഷയോ വാസ്തുവിദ്യയുമായി എങ്ങനെ ബന്ധപ്പെടുത്താം എന്ന് ആരെങ്കിലും വിസ്മയിക്കുന്നുണ്ടെങ്കിൽ ഇതാ ഒരു മനുഷ്യൻ സ്വന്തം ജീവിതം കൊണ്ട് അത് വെളിപ്പെടുത്തുന്നു. ലേഖിക ഈ പുസ്തകം മലയാളികൾക്ക് സമർപ്പിച്ചപ്പോൾ സാധിച്ചത്  മനുഷ്യരേയും പ്രകൃതിയേയും ഒരേ പോലെ സ്നേഹിച്ച ഒരു ഇംഗ്ളണ്ടുകാരൻ ഇത് രണ്ടിനേയും സമന്വയിപ്പിച്ച്  കേരളത്തിൻ്റെ തനതു വാസ്തുശൈലി പുനരുജ്ജീവിപ്പിച്ചെടുത്ത കഥ കൃത്യമായി, വിശദമായി രേഖപ്പെടുത്തുക എന്നതാണ്.

 

         അമ്മയോടുള്ള് അഗാധ സ്നേഹം, ബഹുമാനം എന്നിവ പ്രകടമാക്കുന്നതാണ് ലാറി അമ്മയ്ക്കയച്ച കത്തുകളിൽ നിന്നും വിദിതമാകുന്നത്. ഗീതാജ്ഞലി കൃഷ്ണൻ എല്ലാ എഴുത്തുകളും അവതരിപ്പിക്കുന്നുണ്ട്. ആദ്യമായിട്ടാണ് മലയാളത്തിൽ ഈ കത്തുകൾ എത്തുന്നത്.  ബേക്കറുടെ പിൽക്കാല സ്വഭാവങ്ങൾ, തീരുമാനങ്ങൾ, കാഴച്ചപ്പാടുകൾ, സമീപനങ്ങൾ ഒക്കെ എങ്ങനെ ഉരുത്തിരിഞ്ഞു വന്നു എന്നതിൻ്റെ പാഠപശ്ചാത്തലമാണ് ഈ എഴുത്തുകൾ.  ഇവിടെ എല്ലാവരും എനിക്ക് വട്ടാണെന്ന് വിചാരിക്കുന്നുഎന്ന് സ്വയം സമർത്ഥിക്കുന്നതിൽ നിന്നും അദ്ദേഹത്തിൻറ്റെ വേറിട്ട  ചിന്താഗതികൾ, പ്രത്യേകിച്ചും വാസ്തുസംബന്ധമായുള്ളത്  എങ്ങനെ ഉരുവം കൊണ്ടു എന്ന് മനസ്സിലാക്കാം. കുഷ്ഠരോഗപരിചരണം, വാസ്തുവിദ്യ- യാതൊരു ബന്ധവുമില്ലാത്ത ഈ രണ്ടുകാര്യങ്ങളാണ് ലാറി ബേക്കറെ ഇൻഡ്യയിൽ എത്തിച്ചത് എന്നത് ഇപ്പോൾ ആശ്ചര്യകരമായി തോന്നാം.മിഷൻ റ്റു ലെപേഴ്സ്‘’ ഇൻറ്റെ  ആർക്കിട്ക്റ്റ് പ്രതിനിധിയായി  ഫൈസാബാദിൽ എത്തുന്നത് അവിടെ ആശുപത്രി കൾ പണിയാനാണ്.  ഡോ. ചാണ്ടിയുടെ ആശുപത്രിയിൽ എത്തുന്നതും പിന്നീട് അദ്ദേഹത്തിൻ്റെ സഹോദരി കോട്ടയംകാരി ഡോ. എലിസബെത്തിനെ പരിചയപ്പെടുന്നതും ഒക്കെ വഴിത്തിരിവുകളാണ്. ലാറി ബേക്കറുടെ കുടുംബവുമായി വളരെ അടുപ്പമുള്ള് ലേഖികയ്ക്ക് ധാരാളം വിശദാംശങ്ങൾ നൽകാനുണ്ട്.

 

 ഒരു ലളിതമനസ്കൻ സായിപ്പിൻ്റെ ചെമ്മൺ നിറക്കഥ

   ഒരു സായിപ്പിനു കേരളത്തിലെ പൊതുമദ്ധ്യത്തിൽ, പൊതുസമൂഹത്തിൽ ഇറങ്ങി അഭിരുചികൾ മാറ്റി മറിയ്ക്കാനും നവശൈലികൾ  പ്രചാരത്തിലാക്കാനും സാധിക്കുക എന്നത് അപൂർവ്വം എന്നല്ല വിസ്മയകരം തന്നെയാണ്. എന്തുകൊണ്ട്, എങ്ങിനെ ബേക്കർ ശൈലി പ്രചാരത്തിലായി എന്നതിൻ്റെ വിശദമായ സാമൂഹ്യപശ്ചാത്തലം ഈ പുസ്തകത്തിൽ തെളിയിച്ചിട്ടുണ്ട്. വാകമണ്ണിൽ നിർമ്മിച്ചെടുത്ത ആശുപത്രിയും മറ്റ് ചില കെട്ടിടങ്ങളും ജനകീയനിർമ്മിതികൾ എന്ന ഖ്യാതി പതുക്കെ  പടരാൻ ഇടയായിരുന്നു, തിരുവല്ലാബിഷപ്പ് അങ്ങനെയാണ്പള്ളി പണിയാൻ ബേക്കറെ ഏൽപ്പിക്കുന്നതും പിന്നീട് പ്രസിദ്ധമായ കൂടാരപ്പള്ളിസംജാതമാകുന്നതും. ഇതിനു ശേഷം തിരുവനന്തപുരത്ത് വെറും 2500 രൂപയ്ക്ക് ഒരു വീട് വെച്ചതും മലങ്കര ആർച്ച് ബിഷപ് ഇതിൽ ആകൃഷ്ടനായി പള്ളി വക പാവപ്പെട്ടവർക്ക് വീടുകൾ നിർമ്മിക്കുന്നത് ബേക്കറെ ചുമതലപ്പെടുത്തിയതും  ചരിത്രം. കരാറുകാർക്കുള്ള ലാഭവും എഞ്ചിനീയർമാർക്കുള്ള ലാഭവിഹിതവും കിട്ടാതാക്കുന്ന ഈ പ്രവർത്തി അന്നേ പി ഡബ്ള്യു ഡിയ്ക്ക് പിടിച്ചില്ല. നിർമ്മാണമേഖല ഇന്നും പലതരം മാഫിയകളുടെ പിടിയിലാണ്. മണൽ വാരലും പാറപൊട്ടിയ്ക്കലും സിമെൻ്റും പെയിൻ്റും വിൽക്കുന്നതും എല്ലാം മാഫിയകൾ. എഞ്ചിനീയർമാരും കോണ്ട്രാക്റ്റർമാരും കൂടുതൽ കൂടുതൽ ചെലവാക്കുക എന്ന മുദ്രാവാക്യം വിളിയ്ക്കുന്നവരാണ്.  എന്നാലേ അവരുടെ ലാഭം കൂടൂ. കോണ്ട്രാക്റ്റർമാർ ചെലവാക്കുന്നതിൻ്റെ ഒരു നിശ്ചിതശതമാനമാണ് എഞ്ചിനീയർമാരുടെ പറ്റ്‘. ഗീതാഞ്ജലി കൃഷ്ണൻ തുറന്നെഴുതുന്നു. പാശ്ചാത്യരാജ്യങ്ങളിലെ കെട്ടിടങ്ങളെ അനുകരിക്കുന്നതിനെ എതിർത്തതുകൊണ്ട് തിരുവനന്തപുരം എഞ്ജിനീയറിങ് കോളേലിൽ ഒരു പ്രസംഗത്തിനു ശേഷം അദ്ദേഹത്തെ പിന്നെ അങ്ങോട്ട് അടുപ്പിച്ചില്ല. വെ റും ഇഷ്ടിക മേസ്തിരിഎന്ന് വിളിച്ച് കളിയാക്കുകയും ചെയ്തു.

    ലാറി ബേക്കറുടെ  അധികം അറിയപ്പെടാത്ത ജീവിതമുഹൂർത്തങ്ങൾ അനാവരണം ചെയ്യപ്പെടുന്നുണ്ട് ഈ പുസ്തകത്തിൽ. എലിസബെത്തുമായുള്ള പ്രണയവേളകൾ, ഫാദർ ഡാമിയനെപ്പോലെ ലാറിയ്ക്കും ചൈനയിൽ വെച്ച് കുഷ്ഠരോഗം പിടിപെട്ടത്, ചന്ദാഗിലെ വീട് വിൽക്കുമ്പോൾ കരാർ പണം തരാതെ വാങ്ങിച്ചയാൾ കടന്നു കളഞ്ഞത്, വാകമണ്ണിൽ നിന്ന് മധുര വരെ കൂസലെന്യേ നടന്നു പോയത് അങ്ങനെ വിസ്മയകരങ്ങളായ പലതും. ലാറി ബെക്കർ എന്ന വാസ്തുവിദ്യാവിദഗ്ധനെ പരിചയപ്പെടുത്തുകയോ അദ്ദേഹത്തെ പ്രശംസകൾ കൊണ്ട് മൂടുകയോ ലേഖിക ചെയ്യുന്നില്ല. ലാറി ബേക്കർ എന്ന ബിർമിങ്ഹാംകാരൻ്റെ പലേ പരിണാമവഴികൾ പിൻതുടരുകയും കർമ്മം കൊണ്ട് കേരളീയനായിത്തീർന്നതും ലളിതമനസ്കനായ വാസ്തുകാരൻ ആയി അറിയപ്പെടുന്നതും ഒരു കഥപോലെ രേഖപ്പെടുത്താനാണ് ഗീതാഞ്ജലി കൃഷ്ണൻ തുനിയുന്നത്. അതുകൊണ്ട് ചില ജീവചരിത്രഗ്രന്ഥങ്ങൾ പോലെ മടുപ്പിക്കുന്നതോ അനാകർഷമോ ആകുന്നില്ല ആഖ്യാനം. ഓരോ ഇഷ്ടികയ്ക്കും ഓരോ മുഖമുണ്ട്. അതുകൊണ്ട് ഇഷ്ടികയുടെ മേൽ സിമൻ്റ് ചാന്ത് പൂശുന്നത് അദ്ദേഹത്തിനു ഇഷ്ടമല്ലഎന്ന രീതിയിൽ അദ്ദേഹത്തിൻ്റെ വ്യക്തിപര ഇഷ്ടങ്ങളും സാങ്കേതികതാനിബദ്ധതയും തമ്മിൽ രസകരമായി പലയിടത്തും ബന്ധിപ്പിക്കുന്നുണ്ട്.

 

 പി ഡബ്ള്യു ഡി എന്ന ഉഗ്രസർപ്പം

  ലാറി ബേക്കറുടെ ആശയങ്ങൾ നടപ്പിൽ വരുത്താതിരിക്കാൻ ആവുന്നത്ര ശ്രമിച്ചിട്ടുണ്ട് പി ഡബ്ള്യു ഡി എന്ന് പലേ ഉദാഹരണങ്ങൾ സഹിതം ചരിത്രവസ്തുതകൾ നിരത്തിയിട്ടുണ്ട് ലേഖിക. ഇന്ന് ഏറെ പ്രശസ്തമായ സെൻറ്റർ ഫോർ ഡെവെലപ്മെൻ്റൽ സ്റ്റഡീസ് (സി. ഡി. എസ്) കെട്ടിടങ്ങളുടെ രചനാകൗശലത്തെ ആദരിച്ചില്ലെന്ന് മാത്രമല്ല ആ ആശയത്തെ മുച്ചൂടും നശിപ്പിക്കാൻ ഒരുമ്പെട്ട കഥകൾ വിദിതമാക്കിയിട്ടുണ്ട്. (പേജ് 178) ‘ഓപറേഷൻ ബ്ളാക് ബോർഡ്എന്ന പദ്ധതി അനുസരിച്ച് കേന്ദ്രഗവണ്മെൻ ഫണ്ടിങ് നൽകിയ കോസ്റ്റ്ഫോർഡ് കെട്ടിടങ്ങൾക്ക്  പി ഡബ്ള്യു ഡി സുരക്ഷാ അനുവാദ സർട്ടിഫിക്കേറ്റ് കൊടുത്തില്ല. ബേക്കർ കെട്ടിടങ്ങൾ കേരളത്തിൽ വരുന്നത് തടയുക എന്നതായിരുന്നു ഉദ്ദേശം. കളക്റ്ററായ വിജയാനന്ദ് ഐ എ എസ് വിചാരിച്ചിട്ടും പി. ഡബ്ള്യു ഡിയുടെ  അധികാരത്തിൽ ഒരു രോമം പോലും അനക്കാൻ സാധിച്ചില്ല. സർക്കാർ തലത്തിൽ നിർമ്മിക്കുന്ന ഒരു കെട്ടിടത്തിനും ഇന്നും ബേക്കർ ശൈലി ഉപയോഗിക്കാൻ പി. ഡബ്ള്യു. ഡിയുടെ അനുവാദം ഇല്ലലേഖിക തുറന്നെഴുതുന്നു.  സി. അച്യുതമേനോൻ്റെ കാലത്തും രണ്ടും ലക്ഷം രൂപ ബഡ് ജെറ്റ് പറഞ്ഞ കെട്ടിടം ബേക്കർ മുപ്പത്തെണ്ണായിരം രൂപയിൽ പണിതീർത്തത് കൂടുതൽ ശത്രുതയ്ക്ക് വഴിവെച്ചു. സി. ഡി. എസിൻ്റെ കെട്ടിടനിർമ്മാണത്തിനു സർക്കാർ പ്രത്യേക ഓർഡർ ഇറക്കേണ്ടി വന്നു.  40% കുറവ് സിമൻ്റും കമ്പിയും ഇഷ്ടികയും, ഇത് പാടില്ല എന്ന് പി ഡബ്ള്യു ഡി. ലാറി ബേക്കറിലെ ശിൽപ്പിക്ക് അനേകം മാനങ്ങൾ നൽകിയതിൽ , ലാറി ബേക്കർ ഒരു വിശ്വപൗരനായതിൽ, അച്യുതമേനോൻ്റെ പങ്ക് വളരെ വലുതാണ്ലേഖിക വ്യക്തമാക്കുന്നു. എങ്കിലും സത്യങ്ങൾ നില നിൽക്കുന്നു നാൽപ്പത്തിയാറു വർഷങ്ങൾ കഴിഞ്ഞിട്ടും ഭയം മൂലം പി ഡബ്ള്യു ഡി ഈ നിർമ്മാണരീതി സ്വീകരിക്കുന്നില്ല. തകർന്നു വീഴുമൊ എന്ന ഭയമല്ല, കിട്ടുന്ന വരുമാനം നഷ്ടപ്പെടുമോ എന്ന ഭയം. മനസ്സിലാവാത്ത ഇംഗ്ളീഷ് പറയുന്ന സായിപ്പ്“ . കലയും ശാസ്ത്രവും ഒത്തിണങ്ങിയ ആർക്കിടെക്ചർ ശൈലി......... പുതിയത്, വേറിട്ട വഴികളിൽ നടക്കാനുള്ള സ്വഭാവിക വൈമനസ്യംലേഖികയ്ക്ക്  പറയാൻ ഏറെയുണ്ട്.

  ബേക്കർ എന്ന വ്യക്തി

 

    ഈ ഗ്രന്ഥനിർമ്മാണത്തിലെ സൂക്ഷ്മതയും വിശദമായ ചരിത്രനിരീക്ഷണങ്ങളും ലാറി ബേക്കറുടെ സമൂലവ്യക്തിക്ത്വത്ത്ൻ്റെ നേർക്കാഴ്ച്ച സമ്മാനിക്കുന്നു എന്നതാണ് മാനം തൊട്ട മണ്ണ്ൻ്റെ സവിശേഷത. ഒരു കോട്ടയംകാരിയുടെ ഹൃദയത്തിലൂടെ കേരളത്തിൻ്റെ ഹൃദയസ്പന്ദനം ശ്രവിച്ചറിഞ്ഞ് ആ  മണ്ണിൽ എന്തുതരം ആവാസവ്യവസ്ഥയായിരിക്കണം കെട്ടിപ്പടുക്കേണ്ടത് എന്ന് ദുർവ്വാശിക്കാരും അഹന്താശാലികളുമായ മലയാളികളെ ബോദ്ധ്യപ്പെടുത്താനായി എന്നതു ബേക്കറുടെ ജീവിതോദ്ദേശത്തിൻ്റെ ഭാഗമായി അറിയാതെ സംഭവിക്കുകയായിരുന്നു. അമ്മയോടുള്ള അനിർവാച്യമായ സ്നേഹബന്ധത്തേയും ആദരവിനേയും കുറിച്ച് പഴയ എഴുത്തുകൾ വായിച്ചാൽ മനസ്സിലാവുന്നതാണ്, ഈ മണ്ണു തന്നെ അമ്മ (ജനനീ ജന്മഭൂമിശ്ച...) എന്ന് അദ്ദേഹത്തിനു തോന്നിയതിൽ അദ്ഭുതത്തിനു അവകാശമില്ല തന്നെ.

 

 ജീവിതവും രചനകളുംഎന്ന വാക്കാണ് പുസ്തകത്തിൻ്റെ തലക്കെട്ടിൽ ഉപയോഗിച്ചിരിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ലാറി ബേക്കറുടേ ഓരൊ കെട്ടിടങ്ങളും നിർമ്മിതി എന്ന് വിളിക്കപ്പെടേണ്ടവയല്ല, ആവിഷ്ക്കാരങ്ങളാണെന്ന് സമർത്ഥിക്കാനാണ് ലേഖിക രചനഎന്ന വാക്ക് മനഃപൂർവ്വം ഉപയോഗിച്ചിരിക്കുന്നത്. ഒരോ കെട്ടിടങ്ങളും വ്യത്യസ്തമാണ്, ജ്യോമെട്രി ഇത്രമാത്രം നിബന്ധിച്ച മറ്റൊരു വാസ്തുശൈലി ആവാസത്തിനുള്ള വീടുകളിൽ അപൂർവ്വമാണ്.  അനുബന്ധമായിച്ചേർത്തിരിക്കുന്ന കെട്ടിടങ്ങളുടെ ഫോടോകൾ അത് സത്യമാണെന്ന് സമർത്ഥിക്കുന്നുമുണ്ട്. മണ്ണിൽ നിന്നും മുളച്ചുപൊന്തിയ പ്രതീതി ജനിപ്പിക്കുന്ന ഈ ഹർമ്മ്യങ്ങൾ വിസ്മയത്തിൻ്റെ മാനം തൊടുകയാണ്, ‘മാനം തൊട്ട മണ്ണ്എന്നത് അന്വർത്ഥമാക്കിക്കൊണ്ട്.

 

    സമ്പൂർണ്ണതയ്ക്കു വേണ്ടി കഠിനമായി പരിശ്രമിച്ചിട്ടുണ്ട് ലേഖിക. ബേക്കർ വരച്ച രേഖാചിത്രങ്ങൾ, ചൈനയിൽ നിന്നുള്ള ഫോടോകൾ, കുഷ്ഠരോഗികളുടെ ഫോടൊകൾ, ബേക്കറുടെ ശേഖരത്തിലെ ചരിത്രസൂചകങ്ങളായ ഫോടോകൾ എല്ലാം സമഗ്രമായ വിവരങ്ങളാണ് അവതരിക്കപ്പെടാൻ സഹായകമാകുന്നത്. 30 പേരെയാണ് അഭിമുഖം ചെയ്തിരിക്കുന്നത് ബേക്കറുടെ രചനാചരിത്രം പൂർത്തിയാക്കാൻ.

 

   ലാറി ബേക്കറുടെ കുറിപ്പുകളും ലേഖനങ്ങളും അനുബന്ധമായി ചേർത്തിട്ടുള്ളത് ഈ ഗ്രന്ഥത്തെ അന്യൂനമാക്കുന്നുണ്ട്. ആർക്കിടെക്റ്റ് ആരായിരിക്കണം, എന്തായിരിക്കണം എന്നത് വിശദീകരിയ്ക്കുന്ന അദ്ദേഹത്തിൻ്റെ ലേഖനം വാസ്തവത്തിൽ ലാറി ബെക്കറുടെ ജീവിതഫിലോസഫി തന്നെയാണ്. അദ്ദേഹത്തെ മനസ്സിലാക്കുവാൻ ഇത് വായിച്ചാൽ മതി, വ്യക്തിത്വം സ്ഫുരിപ്പിക്കുന്നവയാണവ.  ബേക്കർ ശൈലിയുടെ സ്വീകാര്യതയുടെ പൊരുൾ ഈ അനുബന്ധങ്ങളിൽ നിന്ന് കൂടുതൽ മനസ്സിലാക്കാൻ സാധിയ്ക്കുന്നതാണ്. അത്രമാത്രം ദൃഢതയാണ് അദ്ദേഹത്തിൻറ്റെ വിശ്വാസസംഹിതകൾക്ക്. എത്ര എതിർപ്പുകൾ ഉണ്ടായിട്ടും ബേക്കർ ശൈലി പ്രചാരത്തിൽ ആയത് അദ്ദേഹത്തിൻ്റെ ഈ ആത്മധൈര്യം മറ്റുള്ളവരിലേക്ക് സ്വമേധയാ പടർന്നതുകൊണ്ടാണ്. അദ്ദേഹത്തിൻ്റെ പ്രയോഗങ്ങളെല്ലാം ഉദ്ദേശശുദ്ധിയിയന്നതാണെന്ന്  ചരിത്രം തെളിയിച്ചു പിന്നീട്.

 

  

Sunday, August 28, 2022

ആഗോളതാപനം—ആര് പേടിക്കണം?

  

      പരിണാമത്തിൻറ്റെ വഴികളിൽ നിന്ന് മാറിനടന്നവനാണ് മനുഷ്യൻ. പലപ്പൊഴും പരിണാമത്തെ വെല്ലുവിളിയ്ക്കുകയോ ഒഴിവാക്കാൻ ശ്രമിയ്ക്കുകയോ ചെയ്യുന്നുണ്ട് ഇന്നും. സങ്കീർണ്ണമായ ഒരു മസ്തിഷ്ക്കം പരിണാമം വെച്ചുകൊടുത്തപ്പോൾ അതുപയോഗിച്ച് സാങ്കേതികത ആവിഷ്ക്കരിച്ച് യന്ത്രങ്ങൾ നിർമ്മിച്ചെടുത്ത് അവയെക്കൊണ്ട് അതിജീവനം സാദ്ധ്യമാക്കിക്കുക എന്നതു തന്നെ ഉദാഹരണം. തീയ് സ്വയം നിർമ്മിച്ചെടുക്കാൻ പ്രാപ്തമായത്, ചക്രം എന്ന ആവിഷ്ക്കാരം എന്നതൊക്കെ പരിണാമത്തെ എങ്ങനെ മാറ്റിമറിച്ചു എന്നത് നിത്യോദഹരണങ്ങളുമാണ്. ഇന്ന് ഈ സാങ്കേതികയിലുള്ള പുരോഗതി അവനെ മാത്രമല്ല തിരിച്ചടിക്കുന്നത്, ലോകത്തെ സമസ്ത ജീവജാലങ്ങളേയുമാണ്. ആന്ത്രോപോസീൻ യുഗം കഴിഞ്ഞിരിക്കുന്നു, മനുഷ്യനെ ഒരു സ്പീഷ്സ് മാത്രമായിക്കരുതിയാൽ മതി എന്ന പോസ്റ്റ് ഹ്യൂമനിസം ചിന്താഗതി വേരുറപ്പിച്ചും കഴിഞ്ഞു. പക്ഷേ അടങ്ങാത്ത ആസകതികൾ -ഭക്ഷണം ഉൾപ്പെടെ-കൊടും നാശത്തിലേക്ക് ജീവലോകത്തെ നയിച്ചും തുടങ്ങിയിരിക്കിരിക്കുന്നു എന്നത് തിരിച്ചറിയാൻ വൈകി, അത്യുഗ്രൻ ചൂടും വരൾച്ചയും പലേ ഭാഗങ്ങളിൽ അനുഭവപ്പെട്ടും കഴിഞ്ഞു. ഗ്ളേസിയറുകൾ ഉരുകുന്നു, പലേതരം ചിത്രശലഭങ്ങൽ ഇല്ലാതാകുന്നു, സമുദ്രങ്ങളിൽ അമ്ളാംശം കൂടുന്നു-പ്രകൃതിനാശങ്ങൽ വിപുലമാണ്. 

ആറാമത്തെ വംശനാശം (The Sixth Extinction)

     മനുഷ്യൻ എന്നും പ്രകൃതിയോടിണങ്ങി ജീവിച്ചു എന്നതും വലിയ തെറ്റിദ്ധാരണയാണ്. പലേ ജീവികളുടെ വംശനാശത്തിനു ചരിത്രാതീതകാലങ്ങളിൽത്തന്നെ മനുഷ്യൻ വഴിവെച്ചിട്ടുണ്ട്. വൻ വലിപ്പമുള്ള മാമൊതുകൾ, കരടികൾ  (സ്ളോത്) ഇവയൊക്കെ മനുഷ്യൻ ഇല്ലാതാക്കിവയാണത്രെ. പ്രത്യേകിച്ചും ആസ്ട്റേലിയയിലെ വൻ സസ്തനികളുടെ വംശനാശത്തിനു വഴി വെച്ചത് മനുഷ്യർ തന്നെ എന്നതിനു തെളിവുകൾ ലഭിച്ചിട്ടുണ്ട്.  കടുത്ത വേനലുകളും വറുതികളും മില്ല്യണുകൾ കൊല്ലങ്ങളോളം അതിജീവിച്ചിട്ടുള്ള ഇവർ മനുഷ്യൻ്റെ വരവോടെ ഇല്ലാതായത് കാലാവസ്ഥവ്യതിയാനം കൊണ്ടല്ല.  അവസാനത്തെ ice age ഇനു മദ്ധ്യേ  വൻ തുടച്ചുനീക്കലിനു പ്രാരംഭം കുറിച്ചു മനുഷ്യർ. മറ്റൊരു തരംഗം 25,000 കൊല്ലത്തിനു മുൻപ് വടക്കും തെക്കും അമേർക്കകളിലെ വൻ സസ്തനികളെ ഇല്ലാതാക്കി. മഡഗാസ്കറിലെ ഭീമൻ ലെമുറുകൾ, പിഗ്മി ഹിപ്പോകൾ, വൻ പക്ഷികൾ (ആനപ്പക്ഷികൾ) മദ്ധ്യകാലം വരെ ജീവിച്ചിരുന്നവയാണ്. ന്യൂസിലൻ്റിലെ മോവകൾ (moa ) നവോത്ഥാനകാലഘട്ടം വരെ ജീവിച്ചിരുന്നു. മനുഷ്യൻ ജനപദങ്ങളും നഗരങ്ങളും നിർമ്മിച്ചു, അണകൾ കെട്ടി. കാടുകൾ വെളിമ്പറമ്പുകളാക്കി , അങ്ങനെ തദ് ഭൂമിവാസികളായ ജന്തുജാലങ്ങളുടെ അതിജീവനത്തിനു വേണ്ടിയുള്ള സ്വര്യവിഹാരം തടസപ്പെടുത്തി. എലിസബെത് കോൽബെർട് അവരുടെ പ്രസിദ്ധ പുസ്തക ( The Sixth Extinction) ത്തിൽ ഇത് കൃത്യമായ് വിശദീകരിച്ചിട്ടുണ്ട്. അങ്ങനെ അഞ്ച്  ചരിത്രപ്രസിദ്ധമായ വംശനാശങ്ങൾക്കു ശേഷം ആറാമത്തെ വംശനാശമാണത്രേ മനുഷ്യർ നടപ്പാക്കിയത്, നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.   മറ്റൊരു സ്പീഷീസ് ആയ നിയാൻഡെർതാൽ മനുഷ്യരുടെ വംശനാ ശത്തിനും നമ്മൾ കാരണക്കാരായിടുണ്ട്. ഓരോ സ്പീഷീസ് ഇല്ലാതാകുമ്പോഴും പാരിസ്ഥിതിക തുടർഗമനങ്ങൾ (environmental cascades  ) സംഭവിക്കയാണ്, ആവാസവ്യവസ്ഥ ആകെ തകിടം മറിയുകയാണ്.

    വംശനാശം സംഭവിച്ച ജന്തുക്കളുടെ മൃതദേഹങ്ങൾക്കിങ്ങേ അറ്റം നിന്ന് ഇന്ന് അടുത്ത ഫോസിൽ ആകാൻ തയാറാകുകയാണ് മനുഷ്യൻ. ആറാമത്തെ വംശനാശം അവൻ സൃഷ്ടിയ്ക്കുന്നു, അവനേയും കൊണ്ടുപോകുന്നു എന്ന സ്ഥിതിവിശേഷം. പരിണാമത്തെ വെട്ടിച്ച്  കടക്കുന്നവനാണെങ്കിലും ഭൂമിയുടെ ജൈവപരമായതും ജിയോകെമിക്കൽ ആയതുമായ വ്യവസ്ഥകളെ ആശ്രയിച്ചാണ് അവൻ്റെ അതിജീവനം. അന്തരീക്ഷചേരുവകളെ മാറ്റിമറിച്ചും സമുദ്രങ്ങളെ അമ്ളപൂരിതമാക്കിയും മഴക്കാടുകളെ വെട്ടി നശിപ്പിച്ചും സ്വന്തം അതിജീവനം അപകടകരമാക്കിയിരിക്കുന്നു അവൻ. ഒരേ സമയം വേട്ടക്കാരനും ഇരയും ആകുകയാണവൻ. ഇരിയ്ക്കുന്ന കൊമ്പ് മുറിയ്ക്കുന്നവൻ.

 എന്നാൽ കാലാവസ്ഥാവ്യതിയാനത്തെ സാങ്കേതികതാഭ്യാസങ്ങൾ കൊണ്ട് മനുഷ്യൻ നേരിടും എന്ന് ചിലർ വാദിയ്ക്കുന്നുണ്ട്. അതിചാതുര്യം കൊണ്ട് സംഭവിപ്പിച്ച അത്യാപത്തുകളെ അതേ അതിചാതുര്യം കൊണ്ട്  നേരിടുക എന്നതാണിത്.  ആഗോളതാപനത്തിൻ്റെ കെടുതികളെ അന്തരീക്ഷമാറ്റങ്ങൾ കൊണ്ട് വ്യതിചലിപ്പിക്കുക എന്ന വിദ്യ. മേഘങ്ങൾക്കും മുകളിൽ സൾഫേറ്റ് വിതറി സൂര്യതാപരശ്മികളെ തിരിച്ചയക്കുക, പസഫിക് സമുദ്രത്തിനു മുകളിൽ ജലബിന്ദുക്കൾ പ്രസരിപ്പിച്ച് മഴമേഘങ്ങളെ ത്വരിതപ്പെടുത്തുക, ഇങ്ങനെ പോകുന്നു സാങ്കേതികവിദ്യാമോഹങ്ങൾ. അന്യഗ്രഹങ്ങളിൽ, സ്പെയ്സ് സ്റ്റേഷനുകളിൽ കുടിയേറി വംശം നിലനിർത്തുമത്രെ. പക്ഷേ അതിസമ്പത്തിൻ്റെ ചാരുകസേരയിന്മേൽ സുഖശയനം സാധിയ്ക്കുന്ന രാജ്യങ്ങൾക്ക് മാ ത്രമുള്ളതാണിത്.

   പക്ഷേ മരങ്ങൾ വെട്ടിക്കളയുന്നതും കാട്ടിലെ മണ്ണ് മാന്തിപ്പൊളിയ്ക്കുന്നതും  കാർബൺ ഡയോക്സൈഡിൻ്റെ  അളവ് കൂട്ടുകയാണ്. കന്നുകാലികൾ മിതെയ്ൻ ഗ്യാസ് പുറപ്പെടുവിക്കുന്നത് വേറെ.  വരൾച്ചയും ചൂടും കാടുതീകളും 17 മില്ല്യണോളം ജന്തുകളെ ഇല്ലാതാക്കിയിട്ടുണ്ട്. . ഡെൽഹിയിൽ ചൂട് 44 ഡിഗ്രി സെൽഷ്യസ്, ഇംഗ്ളണ്ടിൽ 41 ഡിഗ്രി ഇങ്ങനെ പോകുന്നു ദുസ്സഹജീവിതത്തിൻ്റെ മാനങ്ങൾ. പാരിസ്  തീരുമാനം   ശരാശരി താപമാനത്തിലുള്ള വർദ്ധനവ്  2 °C  നും താഴെയായി നിലനിറുത്താനാണ്.  എന്നാലും 21-ആം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ 51 ശതമാനത്തോളം ഭൂമിയുടെ ഉപരിതലത്തിൽ  ഏകദേശം 3°C  താപവർദ്ധന ഉണ്ടായേക്കും എന്ന കണക്കുകൾ സൂചിപ്പിയ്ക്കുന്നു.

 അസന്തുലിതമായ അതിജീവനം

   കാലാവസ്ഥയിലുള്ള വ്യതിയാനം ഏറ്റവും കൂടുതൽ ബാധിയ്ക്കുന്നത് പാവപ്പെട്ടവരെ ആണ്.  പ്രത്യേകിച്ചും അവികസിതരാജ്യങ്ങളിലെ. അതേസമയം നമ്മളേക്കാൾ ലോലചേതനയുള്ള സസ്യജന്തുജാലങ്ങളേയും . മാറുന്ന പരിതസ്ഥിതിയുമായി പെട്ടെന്ന് പൊരുത്തപ്പെടാൻ കഴിയാത്തവരാണ് ഈ രണ്ട് കൂട്ടരും. വികസിതരാജ്യങ്ങളിലെ അനിയന്ത്രിതമായ  ഗ്രീൻ ഹൗസ് വാതക പ്രസരണം ഇപ്രകാരം അവരുടെ അടുത്തെങ്ങുമില്ലാത്ത പാവം രാജ്യങ്ങളെ കുട്ടിച്ചോറാക്കുകയാണ്.  അവരുടെ കൃഷിയെ ബാധിച്ച് ക്ഷാമത്തിലേക്ക് നയിയ്ക്കുന്നു എന്ന് മാത്രമല്ല ഉഗ്രതരമായ താപതരംഗ ങ്ങളാലും     വെള്ളപ്പൊക്കങ്ങളോ വരൾച്ചകളോ  കാരണത്താലും മഹാമാരികളും മരണങ്ങളും അവരാണ് അനുഭവിക്കേണ്ടി വരുന്നത്. ഈ നൂറ്റാണ്ടിൻ്റെ മദ്ധ്യത്തോടേ ഏകദേശം 30% സസ്യജന്തുജാലങ്ങൾ വംശനാശം വന്ന് അപ്രത്യക്ഷമായേക്കും എന്നാണ് കണക്കുകൂട്ടൽ.

           വിഭവങ്ങളുടെ വിനിയോഗരീതികളും സാമ്പത്തികശ്രേണീ ബദ്ധമായി തരംതിരിവുകൾ സൃഷ്ടിയ്ക്കുന്നുണ്ട്. അനിയന്ത്രീതമായ ചൂടിൽ നിന്ന് രക്ഷ നേടാൻ ശീതീകരണികൾ ലഭ്യമാകുന്നത്  മേലേക്കിടയിൽ ഉള്ളവർക്ക് തന്നെ. പ്രകൃതിക്ഷോഭങ്ങളിൽ നിന്ന് രക്ഷപെടാനോ കര കയറാനോ എളുപ്പം സാധിയ്ക്കുന്നതും അവർക്കാണ്. ഒരു രാജ്യത്തിൻ്റെ സാമ്പത്തികനിലയാണ് ആഗോളതാപനത്തിൻ്റെ കെടുതികൾ രൂക്ഷതരമോ എന്ന് തീരുമാനിക്കുന്നതെന്ന് ചുരുക്കം. ഈ വ്യത്യാസം ഇനിയുള്ള കാലങ്ങളിൽ കൂടുതൽ വിസ് തൃതമാകാനാണ് സകല സാദ്ധ്യതകളും എന്ന് അനുമാനിയ്ക്കാൻ അതിബുദ്ധി ഒന്നും വേണ്ട.

കൂടുതൽ ബീഫ് തിന്നാൻ?

   വൈദ്യുതി അതിപുരോഗമനം സംഭാവനചെയ്തു മനുഷ്യകുലത്തിനു. പക്ഷേ കൽക്കരി കത്തിച്ചു ധാരാളം നമ്മൾ അതിനു വേണ്ടി, ഇന്നും കത്തിച്ചുകൊണ്ടിരിക്കുന്നു. ഫോസിൽ ഇന്ധനങ്ങളെ ആധാരമാക്കി മോടൊറുകൾ പ്രവർത്തിപ്പിച്ച് പലതും നേടി. പക്ഷേ കാർബൺ ഡയോക്സൈഡും (മോണോക്സൈഡും) കണക്കില്ലാതെ അന്തരീക്ഷത്തിലേക്ക് തുറന്നു വിട്ടു, ഇന്നും ചെയ്തുകൊണ്ടിരിക്കുന്നു. മിതെയ്ൻ വായുവിൽ കൂടുതൽ കലർത്തി. ഗ്രീൻ ഹൗസ് വാതകങ്ങളിൽ 16-20 % മിതെയ്ൻ ആണ്. കാർബൺ ഡയോക്സൈഡീനെക്കാൾ പലേ മടങ്ങാണ് മിതെയ്ൻ ചൂട് പിടിച്ചുവെയ്ക്കുന്നത്. പകുതിയിലധികം മിതെയ്ൻ ബഹിർഗ്ഗമനം സംഭവിക്കുന്നത് മനുഷ്യൻ്റെ ചെയ്തികൾ കാരണത്താൽത്തന്നെയാണ്. റിഫൈനറികളിൽ നിന്ന് ചോരുന്നവ, കൽക്കരി ഖനികളിൽ നിന്ന് , നിലം ഉഴുതുമറിയ്ക്കുമ്പോൾ ,  വളങ്ങൾ ഉപയോഗിക്കുമ്പോൾ ഇങ്ങനെയൊക്കെ. പശുക്കൾ നല്ല തോതിൽ മിതെയ്ൻ പുറപ്പെടുവിക്കുന്നുണ്ട് എന്നത് സുവിദിതമാണ്. ചാണകവും. 5 പശുക്കളെക്കൊണ്ട് ഒരു വീട് ഒരുകൊല്ലത്തേയ്ക്കുള്ള ഊർജ്ജം ഉത്പാദിപ്പിക്കാമത്രെ.  

     പാലിനേക്കാൾ  ബീഫിനോടാണ്  മനുഷ്യനു ആസക്തി.  കൂടുതൽ ബീഫ് ——കൂടുതൽ  പശുക്കൾ ——കൂടുതൽ മീതെയ്ൻ ഇങ്ങനെയാണ്  അന്തരീക്ഷമാറ്റകാരണങ്ങൾ പ്രവർത്തിക്കുന്നത്.  പശുക്കളുടെ കുടലിലെ ബാക്റ്റീരിയകൾ പുല്ലും ഇലകളും ദഹിപ്പിക്കുമ്പോൾ സംജാതമാക്കുന്നതാണ് മിതെയ്ൻ വാതകം.  സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടതോടെ ആഗോളപരമായി ബീഫ് തീറ്റ കൂടിയിട്ടുണ്ട്. ആഹാരസമ്പാദനത്തിനു വേണ്ടിയാണ് നമ്മൾ ഗ്രീൻ ഹൗസ് വാതകങ്ങൾ കൂടുതൽ ബഹിർഗ്ഗമിപ്പിക്കുന്നതെന്നത് തമാശയായിത്തോന്നാം. ആകപ്പാടെയുള്ള കാലാവസ്ഥാവ്യതിയാനപ്രശ്നത്തിൻ്റെ നാലിലൊന്ന് കൃഷിയും കന്നുകാലിവളർത്തലും  മൂലമുള്ളതു തന്നെ. ഇത് ഗണ്യമായി വർദ്ധിക്കാനാണ് സാധ്യത, കാരണം ലോകത്ത് ബില്ല്യൺ കണക്കിനു ആൾകാരാണ് പണക്കാരായി മാറിയിരിക്കുന്നത്, അവർക്ക് കൂടുതൽ ബീഫ്  തിന്നാൻ ആശയുമുണ്ട്. 2050 ഇലെ ആഗോളതാപനത്തിനു കടിഞ്ഞാണിട്ട സങ്കൽപ്പലോകത്തെക്കുറിച്ചുള്ള  ഒരു ആവിഷ്ക്കാരസംഭാഷണത്തിൽ അമേരിക്കക്കാർ ബീഫ് തിന്നുന്നത് വളരെക്കുറച്ചു എന്ന് വ്യക്തമായി കുറിച്ചിട്ടുണ്ട്. പലേ വൻ കാലിത്തൊഴുത്തുകളും ഗ്രീൻ ഹൗസ് വാതകങ്ങൾ മിതപ്പെടുത്താൻ യത്നിക്കുന്നുണ്ട്. 

എത്രമാത്രം ആഗോളപരം?

     How global is ‘global? എന്ന ചോദ്യം ഇന്ന് വളരെ സംഗതമാണ്. ഭൂമിയുടെ വെറും  8% ഉപരിതലവിസ്തീർണ്ണത്തിൽ നിന്നും മാത്രം ആണ്  90%  ഹരിതവാടി വാതകങ്ങൾ ( green house gases ) ഉളവാക്കുന്നത്. ലോകത്തിലെ രണ്ടോ മൂന്നോ രാജ്യങ്ങൾ മാത്രമാണ് ഭൂരിഭാഗം കാർബൺ വമിപ്പിക്കുന്നതും മലിനീകരണത്തിനു കാരണമേറ്റുന്നതും.  ഇന്ന് ചൈനയും അമേരിക്കയും ആണ്  പ്രകൃതിനാശക വാതകങ്ങൾ കൂടുതൽ പുറന്തള്ളുന്നത്. തൊട്ട് താഴെ ഇൻഡ്യയുമുണ്ട്. പക്ഷേ ഇത് ധാരാളമാണ് ലോകം മുഴുവൻ താപനില ഉയർത്താൻ. ആന്ത്രോപോജെനിക് ആയ ഈ വാതകവമിയ്ക്കൽ കൂടുതൽ മനുഷ്യവാസമുള്ളിടത്ത് കേന്ദ്രീകരിച്ചാണ്, മിക്കവാറും ഭൂമിയുടെ വടക്കെ അർദ്ധഗോളത്തിൽ. ഇതാണ് ലോകം മുഴുവൻ താപനില മാറ്റുന്നത്. പോളാർ ആർക്റ്റിക് ഭാഗത്ത് ഈ ചൂടാകൽ തീവ്രതരവുമാണ്. വാതകനിർഗ്ഗമനം കേന്ദ്രീകൃതമാണ് പക്ഷേ താപനിലയിലുള്ള മാറ്റം സർവ്വപ്രചാരിതവുമാണ്.  ഭൂമിശാസ്ത്രപരമായി വൻ അസമമിതി ( asymmetry ) യാണുള്ളത് എന്നതാണ് ശ്രദ്ധേയം. (ചിത്രം 1 കാണുക).


ചിത്രം 1. കേന്ദ്രീകൃതമായ ഇടങ്ങളിൽ ബഹിർഗ്ഗമിക്കുന്ന  ഗ്രീൻ ഹൗസ് വാതകങ്ങൾ (ചുവപ്പു നിറത്തിൽ)  ലോകത്താകമാനം  (താഴത്തെ ചിത്രം) താപനില മാറ്റിയെടുക്കുന്നു.


 ഒരു ചെറിയ ഇടത്തിലെ രാഷ്ട്രീയ/സാമൂഹ്യനിലപാടുകൾ ആഗോളപരമായി വ്യാപിക്കുകയും ഗണ്യമായി സ്വാധീനിക്കുകയും ചെയ്യുന്ന മറ്റൊരു പ്രതിഭാസം ഇന്ന് ഇല്ല തന്നെ. വാതകപ്രസാരണവും കാലാവസ്ഥാവ്യതിയാനവും തമ്മിലുള്ള ബന്ധം എകതാനമായി രേഖീയ  ( nonlinear)  മല്ലെന്നുള്ളത് സങ്കീർണ്ണമാക്കുന്നുണ്ട്. വാതകങ്ങളുടെ ചേരുവ, എവിടെ എങ്ങനെ, എന്ന്, എങ്ങോട്ട് എന്നതൊക്കെ താപനിലയിലുള്ള മാറ്റങ്ങളെ സ്വാധീനിക്കുന്നുണ്ട്.  അതുകൊണ്ട് ഒരു ചെറിയ സംസ്ഥാനത്തിൻ്റേയോ നഗരത്തിൻ്റേയോ   തീരുമാനങ്ങൾ ആഗോളവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചേയ്ക്കാം.  അതുകൊണ്ട് തന്നെ  ശാന്തസമുദ്രത്തിൻ്റെ ഉപരിതലത്തിൽ വന്ന് ഭവിക്കുന്ന എൽ നിനൊ എന്ന താപവ്യത്യാസപ്രതിഭാസം  പലേ ഭൂഖണ്ഡങ്ങളിലേയും ആവാസവ്യവസ്ഥയെ സ്വാധീനിക്കുന്നതാണ്.  ഒരു "പൂമ്പാറ്റ പ്രഭാവം"  (butterfly effect) പോലെ നിസ്സാരമോ അത്യന്തസൂക്ഷ്മമോ ആയ ആകസ്മികവ്യതിക്രമം ( random perturbation  ) ഒരേ അവസ്ഥയിൽ  സംഭവിച്ചാൽ എൽ നിനൊയുടെ പ്രതികരണങ്ങളോ പ്രത്യാഘാതങ്ങളോ വ്യത്യസ്തമായിരിക്കാറുണ്ട്, ഇത് greenhouse effect നെ വളരെ വർഷങ്ങൾക്കു ശേഷം ബാധിച്ചേക്കാവുന്നതുമാണ്.

     ഇപ്പോഴുള്ള ആഗോളതാപനം പണ്ട്   ഉളവായ കാരണങ്ങൾ കൊണ്ടാവാം. അതുകൊണ്ടു തന്നെ ഒരിടത്തെ കാർബൺ ഡയോക്സൈഡ് പ്രസാരണം പല ഇടങ്ങളിൽ പല രീതിയിൽ പ്രത്യാഘാതങ്ങൾ ഉണർത്തിയേക്കാം. ഒരേ ഗ്രീൻ ഹൗസ് വാതകപ്രഭാവം അമേരിക്കയുടെ തെക്കുപടിഞ്ഞാറും മെക്സിക്കോയുടെ വടക്കുഭാഗത്തും കരീബിയൻ സ്ഥലങ്ങളിലും  വരൾച്ചയുണ്ടാക്കുമ്പോൾ  വടക്കെ അമേരിക്കയിലും വടക്കൻ യൂറേഷ്യയിലും ഈർപ്പം നിറയാനോ മഴയ്ക്കോ സാദ്ധ്യതയുണ്ടാക്കുന്നു.ആൻഡിസ് /ഹിമാലയ പർവ്വതനിരകളിലെ ഹിമക്കട്ടകൾ ഉരുകി യൊഴുകി വെള്ളപ്പൊക്കം ഉണ്ടായെങ്കിൽ അതിനുശേഷം വരൾച്ചയാണ് സംഭവിക്കുന്നത്. ഗ്ളേസിയറുകൾ ഉരുകിയൊഴുകുമ്പോൾ ഹിമക്കട്ടകൾ  നദീതീരങ്ങളിൽ പ്രത്യേകിച്ചും താഴ്ന്ന പ്രദേശങ്ങളിൽ ജനജീവിതം അസാദ്ധ്യമാക്കിത്തീർക്കും.  കടലിലെ ജലനിരപ്പ് ഉയരുന്നു, തീരങ്ങൾ മുങ്ങിപ്പോകുന്നു. താപനിലയിലുള്ള മാറ്റങ്ങൾ കോറൽ പുറ്റുകളെ ഇല്ലാതാക്കുന്നു.

രാഷ്ട്രീയം തീരുമാനിക്കുന്നു-ഫോസിൽ ഇന്ധനങ്ങൾ എത്രനാൾ കത്തിയ്ക്കണം?

   രാജ്യങ്ങളുടെ ബന്ധങ്ങളിൽ പാളിച്ച വന്നാൽ ഇളകിപ്പോകുന്നതാണ് ഇന്നത്തെ നിശ്ചയദാർഢ്യങ്ങൾ. ഉക്രെയ്ൻ ആക്രമണത്തിനു ശേഷം  റഷ്യ natural gas പൈപ് ലൈനുകൾ നിയന്ത്രണത്തിലാക്കി, ഫിൻലൻ്റിനു ഊർജ്ജം നൽകുന്നതേ ഇല്ല എന്ന തീരുമാനവും എടുത്തു. പലേ യൂറോപ്യൻ രാജ്യങ്ങളും പാരിസ് എഗ്രിമെൻ്റിൽ വെള്ളം ചേർക്കാൻ നിർബ്ബന്ധിതരായി. ജെർമ്മനി കൽക്കരി കത്തിയ്ക്കുന്നത് വളരെക്കുറച്ചുമതി എന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയി, ഇനി വരുന്ന തണുപ്പുകാലത്തിനു വേണ്ടി ഊർജ്ജം സംഭരിക്കേണ്ടിയിരിക്കുന്നു എന്ന കാരണത്താൽ. ഓസ്ട്രിയ ആകട്ടെ അടച്ചുപൂട്ടപ്പെട്ട കൽക്കരി ഖനികൾ തുറന്നിരിക്കയാണ്. ഇതേ തീരുമാനത്തിലാണ് ഫ്രാൻസും. കൽക്കരി ഉപയോഗത്തിനു അടപ്പിട്ട നെതർലൻ്റ് അത് തുറന്നിരിക്കയാണ്. ഇംഗ്ളണ്ടാകട്ടെ അടയ്ക്കാനുദ്ദേശിച്ച രണ്ട് കൽക്കരി പവർ സ്റ്റേഷനുകൾ തുടർന്നു പ്രവർത്തിക്കാൻ അനുവാദവും കൊടുത്തിട്ടുണ്ട്. സ്റ്റീൽ നിർമ്മിതിയ്ക്ക് ഊർജ്ജം പകരാൻ കുംബ്രിയയിൽ കൽക്കരി ഖനി തുടങ്ങാൻ ഉദ്ദേശിച്ചത് വിവാദങ്ങളിൽപ്പെട്ട് നീണ്ടു പോയെങ്കിലും അത് ആരംഭിയ്ക്കാൻ തന്നെയാണ് തീരുമാനം. അല്ലെങ്കിൽ സ്റ്റീൽ കമ്പനികൾ കൽക്കരി ഇറക്കുമതി ചെയ്തേയ്ക്കും എന്ന പേടിയുമുണ്ട് ഗവണ്മെൻ്റിനു. ഒരു വർഷം 2.8 മില്ല്യൺ ടൺ കൽക്കരിയാണ് കുംബ്രിയ ഖനി ഉത്പാദിപ്പിക്കാൻ പോകുന്നത്. ഇവിടെ നിന്ന് ബഹിർഗ്ഗമിക്കുന്ന കാർബൺ ഡയോക്സൈഡിൻ്റെ അളവ് മാത്രം രാജ്യത്തെ മറ്റ് ഖനികൾ ആകപ്പാടെ ഉത്പ്പാദിപ്പിക്കുന്നതിനോടൊപ്പമായിരിക്കുമത്രെ.  കൽക്കരി കത്തിയ്ക്കുന്നത് തുടരും, ഡീസലും പെട്റോളും ഇനിയും വാഹനങ്ങളിൽ നിറയും.    കാലാവസ്ഥാവ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ‘രാഷ്ട്രീയ ഓക്സിജെൻ’ തീരെ ഇല്ലാതായിരിക്കുന്നു എന്ന് പ്രസിദ്ധ മാഗസീൻ ന്യൂ സയൻ്റിസ്റ്റ് പ്രഖ്യാപിച്ചു കഴിഞ്ഞു.

  “Clean energy, renewable energy” എന്നൊക്കെ ഉച്ചൈസ്തരം ഘോഷിയ്ക്കുന്ന അമേരിക്ക തന്നെ പിന്തിരിപ്പൻ നയങ്ങളിലേക്ക് കൂപ്പ് കുത്തുന്നത് നാം കണ്ടതാണ്. പാരിസ് എഗ്രിമെൻ്റിനെ തെല്ലും വകവെച്ചില്ല ട്രമ്പ്. Environmental Protection Agency യെ നിർവ്വീര്യവുമാക്കി. റീഗൻ ആവട്ടെ ഊർജ്ജത്തിനുള്ള സമാന്തരസംവിധാനങ്ങളെ അവഗണിയ്ക്കുകയും എണ്ണക്കമ്പനികളുടെയും കൽക്കരി ഖനികളുടേയും ബിസിനെസ് താൽപ്പര്യങ്ങ്ൾക് ഒരു പോറൽ പോലുമേൽക്കുന്നില്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. കാലാവസ്ഥാവ്യതിയാനപ്രതിരോധത്തിൽ ഇങ്ങ് നെ പിന്നോട്ടടിച്ചു പോയ അമേരിക്ക ഇപ്പോൾ പണിപ്പെടുന്നുണ്ട് നഷ്ടപ്പെട്ടുപോയ സമയം തിരിച്ചു പിടിയ്ക്കാൻ. 


ആഗോളതാപനത്തെ ആർക്കാണു പേടി?

    വൻ രാജ്യങ്ങൾക്ക് മുൻപോട്ടും പിറകോട്ടും ചാടിക്കളിയ്ക്കാനുള്ള കരുത്തും സ്വാതന്ത്ര്യവുമുള്ളപ്പോൾ ചെറിയ രാജ്യങ്ങൾക്ക് പൊതുജനതയുടെ അതിജീവനത്തിൻറ്റേയും സ്വാസ്ഥ്യത്തിൻറ്റേയും പ്രശ്നമാണ്  ഫോസിൽ ഇന്ധനം എരിയ്ക്കണമോ വേണ്ടയോ എന്നത്. കോംഗോ റിപബ്ളിക്  ഉദാഹരണം. ലോകത്തെ ഏറ്റവും വലിയതും പഴക്കം ചെന്നതുമായ മഴക്കാടുകളിലൊന്നാണ് എണ്ണക്കമ്പനികൾക്ക് തീറെഴുതിക്കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. അപൂർവ്വമായ പർവ്വതഗോറില്ലകൾ വസിയ്ക്കുന്ന ഇടവുമാണിത്. “ഭൂമി എന്ന ഗ്രഹത്തെ രക്ഷിയ്ക്കുക എന്നതല്ല ഞങ്ങളുടെ ഇപ്പൊഴത്തെ മുൻഗണന” എന്ന്  കോംഗോ യിലെ കാലാവസ്ഥാവിഷയങ്ങൾ വകുപ്പ് തലവൻ      റ്റോസി മ്പാനു മ്പനു (  Tosi Mpanu Mpanu) കഴിഞ്ഞയാഴ്ച തുറന്നടിച്ചിരിക്കുന്നു. മുനയുള്ള ഈ വാക്കുകൾ പ്രകാശിപ്പിക്കുന്നത് അതിനിർണ്ണായകമായ ഒരു ചോദ്യം തന്നെയാണ്: കാലാവസ്ഥാടിയന്തിരാവസ്ഥയെ സംബന്ധിച്ച്: എങ്ങനെ, എന്തുകൊണ്ട്  ഫോസിൽ ഇന്ധനങ്ങൾ കത്തിച്ചും മറ്റ് ഇടങ്ങളിലെ സ്വാഭാവിക വിഭവങ്ങളെ ചൂഷണം ചെയ്തും ഐശ്വര്യപൂർണ്ണമായ ധനികരാജ്യങ്ങൾ പാവപ്പെട്ട രാജ്യങ്ങളോട്  എണ്ണയും കൽക്കരിയും മണ്ണിനടിയിൽത്തന്നെ വെച്ചു കൊള്ളാൻ ആജ്ഞാപിക്കുന്നത്?  “ഒരുപക്ഷേ ഞങ്ങൾക്കും അവർ കളിച്ച കളികൾക്കുള്ള സമയമായിരിക്കുന്നു, അവർക്ക് ലഭിച്ച പ്രതിഫലം ഞങ്ങളുടെ ജനതയ്ക്കും അവകാശപ്പെട്ടതാണ്” മ്പാനു തുറന്നടിയ്ക്കുന്നു. 

       ഇതേ ചോദ്യം ഇൻഡ്യയിലും നേരത്തെ ചോദിക്കപ്പെട്ടതാണ്. കൽക്കരി വൻ രീതിയിൽ നിർബ്ബാധം ഇന്നും കത്തിയ്ക്കുന്ന രാജ്യവുമാണ് ഭാരതം.  പാരീസ് സമ്മിറ്റിൽ  ഗ്രീൻ ഹൗസ് വാതകങ്ങൾ പൂജ്യത്തിലെത്തിയ്ക്കാൻ (നെറ്റ് സീറോ) 2070 വരെ സമയം ചോദിച്ചാണ് പ്രധാനമന്ത്രി മോദി തിരിച്ചെത്തിയത്.അമേരിക്ക 2030 ഇലും ചൈന 2050 ഇലും നെറ്റ് സീറോ വാഗ്ദാനം ചെയ്തിട്ടുള്ളപ്പൊഴാണിത്. ചെറിയ തോതിലുള്ള ആണവനിലയങ്ങൾ പണിയാനുള്ള തത്രപ്പാടിലാണ് അമേരിക്കയും ചൈനയും. ഹൈഡ്രജൻ ഫ്യൂഷനിൽ നിന്ന് ഊർജ്ജം കിനിയിക്കുന്ന പുതിയ വിദ്യകളും ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു അവർ. കാർബൺ പ്രസരണത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇൻഡ്യ. കാലാവസ്ഥ അപായസാദ്ധ്യതാലിസ്റ്റിൽ വളരെ മുകളിലുമാണ്. ഗ്രീൻ ഹൗസ് വാതകങ്ങളിൽ 79% കാർബൻ ഡയോക്സൈഡും 14% മിതെയ് നും 5% നൈട്രസ് ഓക് സൈഡും ഇൻഡ്യ പുറന്തള്ളുന്നു. ഓരോ ഇൻഡ്യക്കാരനും ഒരു വർഷം രണ്ട് ടൺ ഗ്രീൻ ഹൗസ് വാതകങ്ങൾ പുറപ്പെടുവിക്കുന്നുണ്ടെന്ന് കണക്കുകൾ. Climate Action Tracker പ്രഖ്യാപിച്ചിരിക്കുന്നത് ഇൻഡ്യയുടെ ഇന്നത്തെ പ്രവർത്തനങ്ങൾ “ അതിതീവ്രമായി അപര്യാപ്തമാണ് “എന്നു തന്നെയാണ്.  

    സാങ്കേതികതയിലുള്ള കുറവുകളൊ കുറ്റങ്ങളോ  അപര്യാപ്തതയോ അല്ല ആഗോളതാപനത്തെ നേരിടാൻ കടമ്പകൾ സൃഷ്ടിയ്ക്കുന്നത്. അത് “ആഗോളം” ആണെന്നുള്ളതു തന്നെയാണ്. സമൂഹപരവും രാഷ്ട്രീയപരവുമായ തീരുമാനങ്ങളും പ്രായോഗികവിധികളുടെ ഉചിത തെരഞ്ഞെടുപ്പുമാണ് നിർണ്ണായകമായിട്ടുള്ളത്. രണ്ടോ മൂന്നോ രാജ്യങ്ങൾ മാത്രം വിചാരിച്ചാൽ നടപ്പാകുന്ന സംഗതിയുമല്ല. കോംഗോ റിപബ്ളിക് ചോദിയ്ക്കുന്ന ചോദ്യം അസ്ഥാനത്തുമല്ല.  സ്വന്തം ജനതയുടെ സുധാരണത്തിനും സ്വാസ്ഥ്യത്തിനും ഊർജ്ജസ്രോതസ്സുകൾ നേടേണ്ടത് ഒരു രാജ്യത്തിൻ്റെ അവകാശമാണ്. പക്ഷേ അതിനു ഫോസിൽ ഇന്ധനങ്ങൾ കത്തിയ്ക്കേണ്ടി വരുന്നെങ്കിൽ അത് ഒഴിവാക്കാൻ സഹായങ്ങളുമായി വികസിതരാജ്യങ്ങൾ മുന്നോട്ട് വരേണ്ടിയിരിക്കുന്നു. ഈ സഹജാവബോധവും പാരസ്പര്യവും സഹകരണവും അടിസ്ഥനമാക്കിയെങ്കിൽ മാത്രമേ പവിഴപ്പുറ്റുകൾ മറന്നുപോയ ഇന്ദ്രനീല നിറം വീണ്ടും പുതയ്ക്കുകയുള്ളു, പറന്നുപോയ മൊണാർക്ക് ചിത്രശലഭങ്ങൾ തിരിച്ചെത്തുകയുള്ളു, സഹാദ്രിയിലെ കുളിർമ്മ നിലനിൽക്കുകയുള്ളു.    









Wednesday, August 24, 2022

പരിണാമത്തിലെ അച്ഛൻ

    ജീവികളെ സംബന്ധിച്ച് ആരാണ് അച്ഛൻ എന്നത് ഒട്ടും സംഗതമായ ചോദ്യമല്ല. തന്തയില്ലാഴിക നടമാടുന്ന ജന്തുലോകത്ത് അദ്ഭുതം സൃഷ്ടിയ്ക്കുന്ന പ്രഹേളിക ഒന്നുമല്ലിത്. തന്തയില്ലാതെ ആരും ജനിക്കുന്നില്ല എന്നതുകൊണ്ട് തന്നെ ആ ചോദ്യത്തിൽ യുക്തി ഇല്ല താനും.

 

  പിറക്കുന്ന കുഞ്ഞുങ്ങൾ ഓരോന്നും വ്യത്യസ്തമാകാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് ആൺ-പെൺ എന്ന രണ്ട് വർഗ്ഗം. അടുത്ത തലമുറയിലെ സാഹചര്യങ്ങൾ വ്യത്യസ്തമാണ് അതിൽ അതിജീവിക്കാൻ പുതിയ തന്ത്രങ്ങൾ ആവശ്യമാണ്. അതുകൊണ്ട് വൈവിദ്ധ്യമുള്ള ഉള്ള കുഞ്ഞുങ്ങളാണ് ജനിക്കേണ്ടത്. ജനിതകവ്യവസ്ഥയിൽ  വ്യത്യാസങ്ങളുള്ള രണ്ട് വിഭിന്ന ജീവികൾ പരസ്പരം  അവരുടെ പകുതി ക്രോമൊസോമുകൾ സംഭാവന ചെയ്ത് പുതിയ പ്രജകൾ ജനിക്കുമ്പോൾ അവർ ഓരോന്നും വ്യത്യസ്തരായിരിക്കും. അമ്മയെപ്പോലെയോ അച്ഛനെപ്പോലെയോ കൂടപ്പിറപ്പുകളെപ്പോലെയോ ആയിരിക്കില്ല അവയിൽ ഓരോന്നും. ആർക്കാണ് അതിജീവനചാതുര്യം കൂടുതൽ എന്നതാണ് പരിണാമവ്യവസ്ഥയ്ക്ക് ശ്രദ്ധിക്കാനുള്ളത്. ഏറ്റവും സമർത്ഥമായി പരിതസ്ഥിതിയുമായി ഇണങ്ങുന്നതും അതിനോട് പൊരുതി ജയിക്കുന്നതും ആയ പ്രജ ആണ് അതിജീവിക്കാൻ തെരഞ്ഞെടുക്കപ്പെടുന്നത്. അവർ വീണ്ടും ഇണചേർന്ന് ഈ ബലവത്തായ ജനിതകഘടന തലമുറകളിലേക്ക് കൈമാറുകയും ആ സ്പീഷീസ് സമൂഹം ഭൂമുഖത്ത് തുടരുകയും ചെയ്യുന്നു.

 

  ഒരേ സ്പീഷീസിലുള്ള രണ്ട് ജീവികൾ, ആണും പെണ്ണും എങ്ങനെയാണ് വൈവിദ്ധ്യം അണയ്ക്കുന്നത്? അവർക്ക് ഒരേ ജനിതകം അല്ലേ?നിർബ്ബന്ധമില്ല. അവർ രണ്ട് വ്യത്യസ്ത പരിതസ്ഥിതിയിലാണ് അതിജീവിച്ചതെങ്കിൽ ചെറിയ ചില മാറ്റങ്ങൾ സ്വായത്തമാക്കിയിട്ടുണ്ടാവണം. ഓരോ ജീനിനും (സ്വഭാവം അല്ലെങ്കിൽ പ്രവർത്തി നിർണ്ണയിക്കുന്ന ഏകകം) അതിന്റെ കണ്ണാടി പ്രതിരൂപങ്ങളുണ്ട്. അല്ലീൽഎന്ന് വിളിയ്ക്കുന്നു ഇതിനെ. നമ്മുടെ രക്തഗ്രൂപ് പലർക്കും വിഭിന്നമാണ്, A, B, AB, O എന്നിങ്ങനെ . അവയാണ് അല്ലീലുകൾ.  A ഗ്രൂപ് ആൾ B  ഗ്രൂപ്  ആളെ കല്യാണം കഴിച്ചാൽ കുട്ടികൾ മിക്കവാറും AB  ഗ്രൂപ് ആയിരിക്കും. ചില പാരമ്പര്യ അസുഖങ്ങളുടെ ജീൻ ബലഹീനമായിരിക്കും അതിനെ അമർച്ച ചെയ്യാനുള്ള ശക്തിയുള്ള അതിന്റെ അല്ലീൽ ആ അസുഖം വരാതെ സൂക്ഷിച്ചു കൊള്ളും. ഇതിൽ ഏത് രണ്ടെണ്ണമാണ് കുട്ടികൾക്ക് ലഭിയ്ക്കുന്നത് എന്നതനുസരിച്ച് അസുഖം വരാനോ വരാതിരിക്കാനോ സാദ്ധ്യതയുണ്ട്. എന്നു വച്ചാൽ ഒരു അല്ലീൽ അച്ഛന്റെ സംഭാവനയാണ്, മറ്റേ അല്ലീൽ അമ്മയുടെതും, ഇവയുടെ സമ്മിശ്രണം ആ ജീനിന്റെ പ്രവൃത്തി നിശ്ചയിച്ചുകൊള്ളും. നമ്മുടെ ജനിതകവസ്തുവായ ഡി എൻ എ കട്ടിയുള്ള നാരുകളായി അടുക്കിക്കെട്ടിയുള്ള ക്രോമസോംഎന്ന വസ്തുവായാണ് കോശങ്ങളിൽ നില കൊള്ളുന്നത്. 46 എണ്ണമുണ്ട് നമുക്ക്. അതിൽ 23 അച്ഛനിൽ നിന്നും 23 അമ്മയിൽ നിന്നും ലഭിച്ചതാണ്. ഇതിൽ ഓരോന്നിലുമുള്ള ഏതൊക്കെ ജീൻ അല്ലീലുകളാണ് നമുക്ക് ലഭിയ്ക്കുന്നത് എന്നതനുസരിച്ച് നിങ്ങളുടെ സഹോദരനോ സഹോദരിയ്ക്കോ നിങ്ങളുടെ ജീൻ സമ്മിശ്രണം ആയിരിക്കില്ല ലഭിയ്ക്കുന്നത്. അണും പെണ്ണും എന്നിങ്ങനെ രണ്ട് വർഗ്ഗമായി ജീവികളെ തരം തിരിച്ചത് ഇപ്രകാരം ജീൻ സമ്മിശ്രണം നടക്കാൻ വേണ്ടിയാണ്.

 

     ഇങ്ങനെ രണ്ട് തുല്യരുടെ ക്രോമസോമുകൾ സംയോജിച്ചാണ് പുതിയ ജീവി ഉണ്ടാകുന്നത് എങ്കിലും ആ ജീവിയ്ക്ക് വളരാൻ സാഹചര്യമൊരുക്കേണ്ടതാണ്, രണ്ടിൽ ഒന്ന് അതിനു നിശ്ചയിക്കപ്പെട്ട ജീവിയാണ്. നമ്മൾ പെണ്ണ്   (female ) എന്ന് അതിനെ വിളിയ്ക്കുന്നു. സസ്യങ്ങളിൽ മിക്കപ്പോഴും രണ്ടും ഒന്നിച്ചാണ്. ആൺ ക്രോമസോമുകളാണ് പൂമ്പൊടിയ്ക്കുള്ളിൽ.  പൂവിന്റെ ഒത്ത നടുക്ക് അടിയിൽ അണ്ഡ ( ovum)വുമുണ്ട്. പരാഗണം കഴിഞ്ഞാൽ പൂവിനു ഈ അണ്ഡത്തെ വളരാൻ അനുവദിക്കേണ്ടതുണ്ട്. ഇത് മനുഷ്യരിൽ വരെ ഇങ്ങനെ തന്നെ. സ്ത്രീയ്ക്ക് അണ്ഡത്തെ വളർത്തേണ്ട ചുമതലയുണ്ട്. പൂമ്പൊടി (ബീജം) വിതറിക്കഴിഞ്ഞാൽ ആണിനു അവന്റെ പാട്ടിനു പോകാം. എന്നു വച്ചാൽ അച്ഛൻ എന്നത് വെറും ക്രോമസോം ദാതാവ് മാത്രം എന്ന്. മനുഷ്യരിലാകട്ടെ 15-200 മില്ല്യൺ ബീജങ്ങളാണ് ഒരു മില്ലിലിറ്ററിൽ ഉള്ളത്. ഇതിൽ ഓരോന്നിനും ഓരോ അണ്ഡവുമായി യോജിക്കാനുള്ള സാദ്ധ്യതയുണ്ട്. എങ്കിൽ അത്രയും കുഞ്ഞുങ്ങളുടെ അച്ഛനാകാനുള്ള യോഗം പരിണാമം അവനു വച്ച് കൊടിത്തിരിക്കയാണെന്ന് സാരം.

 

    അതുകൊണ്ട് ഏറ്റവും കൂടുതൽ പെൺജാതികളുമായി ഇണചേരാനാണ് ജന്തുക്കളിലെ എല്ലാ ആണുങ്ങളേയും സൃഷ്ടിച്ചിട്ടുള്ളത്. ചങ്കൂറ്റവും തടിമിടുക്കുമുള്ള ആണുങ്ങളെ തെരഞ്ഞെടുക്കാനാണു പെണ്ണിനു ഇഷ്ടം. ജനിയ്ക്കുന്ന കുഞ്ഞുങ്ങൾക്ക് അതിജീവനത്തിനുള്ള കോപ്പുകൾ എല്ലാം ഉണ്ടായിരിക്കണം എന്ന നിഷ്ക്കർഷ. ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ടവൻ കൂടുതൽ പെണ്ണുങ്ങളുമായി ഇണചേരും. കുടുംബവ്യവസ്ഥ ഉടലെടുക്കുന്നതു വരെ മനുഷ്യരിലും ഇതു തന്നെയായിരുന്നു രീതി. കുടുംബവ്യവസ്ഥയാകട്ടെ സമ്പത്തിന്റെ സമാഹരണവും കൂട്ടിവയ്പ്പും ഉദ്ദേശിക്കപ്പെട്ട് നിർമ്മിച്ചെടുത്തതാണു താനും. ആൺജാതി ബീജദാതാവ് മാത്രമാകുമ്പോൾ, പലരിലും കുഞ്ഞുങ്ങൾ ജനിയ്ക്കുമ്പോൾ ആ കുഞ്ഞുങ്ങളുമായി ജൈവബന്ധം ഒന്നും പരിണാമം ആവശ്യപ്പെടുന്നില്ല.  പല പെണ്ണുങ്ങളിലും കുഞ്ഞിനെ ജനിപ്പിക്കുക എന്നത് പരിണാമം അവനിൽ ഏൽപ്പിച്ച ചുമതലയായതുകൊണ്ട് ജൈവബന്ധം പ്രായോഗികമാകുന്നില്ല.  അമ്മയുടെ ആവശ്യമാണ് ശിശുപരിപാലനം-വാൽസല്യം എന്ന വികാരത്തിന്റെ അതിജീവനപശ്ച്ചാത്തലം. 50 വയസ്സോടെ അണ്ഡനിർമ്മാണം സ്ത്രീകളിൽ നിലയ്ക്കുകയാണ്; ശക്തിയുള്ള ബീജങ്ങളുമായി ആണുങ്ങൾ വളരെക്കാലം ജീവിച്ചിരിക്കുകയാണ്. ബീജദാതാവ് എന്ന  പ്രാക്തനസ്വഭാവം ഇന്നും മനുഷ്യരിലെ ആണുങ്ങളിൽ നിലനിൽക്കുന്നുണ്ട്, അതുകൊണ്ട് മക്കളെ പരിപാലിക്കാതെ വീടുവിട്ടു പോകുന്ന അച്ഛൻ പരിണാമം അവനു കൽപ്പിച്ചു നൽകിയ സ്വാതന്ത്ര്യം  ഉപയോഗിക്കുന്നു എന്നേയുള്ളു. എന്നും നിത്യകന്യകയെ തേടുന്ന നമ്മുടെ ഒരു കവിയേ ഓർമ്മിക്കാം. കാൽപ്പനികത മാത്രമാണ്  ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതെങ്കിലും ലൈംഗികസ്വാതന്ത്ര്യം ജൈവപരവും പ്രകൃത്യാനുശീലപരവും ആണെന്നുള്ളത് സത്യമാണ്..

 

   മനുഷ്യൻ പെറ്റുപെരുകി വലിയ സമൂഹങ്ങളുണ്ടായി ഭൂമി നിറഞ്ഞപ്പോൾ ഈ സ്വാതന്ത്ര്യം വിപുലമായതേ ഉള്ളു. കുഞ്ഞുങ്ങളെ പരിരക്ഷിക്കാൻ സമൂഹത്തിന്റെ ആകെയുള്ള സഹായം ലഭ്യമാകുന്നതുകൊണ്ട് അതിജീവനം എളുപ്പമായി. വളരെ ചെറിയ സമൂഹങ്ങളുള്ള, എണ്ണത്തിൽ കുറവായ prairie vole (ഏകദേശം ചെറിയ മുയലിനെപ്പോലെ ഇരിക്കും)  കൾക്ക് സ്വന്തം സ്പീഷീസിനെ അത്യാവശ്യമായി നിലനിറുത്തേണ്ടതുകൊണ്ട് അമ്മയുടെ കൂടെ അച്ഛനും ചേരും കുഞ്ഞുങ്ങളെ നോക്കാൻ. ഒരു ഭാര്യമാത്രമേ ഉണ്ടാകുകയുള്ളു ഇവരിലെ ആണുങ്ങൾക്ക്. ആദ്യത്തെ വേഴ്ച്ചയ്ക്കുശേഷം ഇണപിരിയാതെ ആജീവനാന്തം ആൺ വോൾ അവളുടെ കൂടെ ഉണ്ടാകും.  ഹിംസ്രമൃഗങ്ങളെ പ്രതിരോധിയ്ക്കാൻ വലിയ സംവിധാനങ്ങളൊന്നും മനസ്സിലും ശരീരത്തിലും ഇല്ലാത്തവയാണ് ഈ പാവം സസ്തനികൾ. മുട്ടവിരിയിക്കാൻ കൂട്ടിരിക്കുന്ന അച്ഛൻമ്മാരുണ്ട്, മീനുകളിൽപ്പോലും. ആഹാരം കഴിയ്ക്കാതെ വായിൽ മുട്ടകൾ വിരിയുന്നതുവരെ കൊണ്ടുനടക്കുന്ന മീനുകളുണ്ട്. കുഞ്ഞുങ്ങളെ നോക്കുന്ന പക്ഷികളുണ്ട്. പക്ഷേ ഇവരിൽ ഒന്നും ജൈവബന്ധം ഉരുത്തിരിയുന്നില്ല. നീന്താനോ പറക്കാനോ പ്രാപ്തിയായാൽ അച്ഛന്മാർ വിട്ട്പോകും. കോഴിക്കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്ന ചുമതല തള്ളക്കോഴിയുടേതാണ്. ബീജദാതാവായ അച്ഛൻ കോഴി പൂവാലനായി വിലസുന്നുണ്ടാവണം. പരിണാമത്തിന്റെ നിയമമാണത്, “കോഴി എന്നത് പല സ്ത്രീകളെ പ്രാപിക്കുന്ന മനുഷ്യനു ഇട്ടുകൊടുക്കുന്ന നികൃഷ്ടവിശേഷണമാണ്. പരിണാമത്തിന്റെ വിധി നടപ്പാക്കാൻ ശ്രമിക്കുകയാണ് അയാൾ . സ്വത്ത് പകർന്ന് കൊടുക്കൽ, സാമ്പത്തിക ആശ്രിതത്വം എന്നിവ പരിണാമവിധികളിൽ കൈ കടത്തുന്ന നിയമങ്ങളായി ആണുങ്ങൾ തന്നെ സൃഷ്ടിച്ചതാണ്. തന്റെ സ്വത്തിനവകാശി തന്റേ തന്നെ ക്രോമൊസോമുകൾ പേറിയവരായിരിക്കണം എന്ന സ്വാർത്ഥബുദ്ധി. ഇവ മാറ്റി നിറുത്തിയാൽ എല്ലാ ആണുങ്ങളും കോഴികൾ ആകേണ്ടവരാണ്.

 

    സമ്പദ് വ്യവസ്ഥ മാറിമറിയുമ്പോൾ അച്ഛൻ വെറും ബീജദാതാവ് മാത്രമാകുന്നു. ഉദാഹരണം മരുമക്കത്തായം. അച്ഛനുമായി ജൈവബന്ധം ഒന്നും ഉരുത്തിരിയുന്നില്ല, അച്ഛൻ ആരെന്നു പോലും അറിയേണ്ടതില്ല.  അച്ഛന്റെ സ്വത്തിൽ അവകാശം എന്ന രീതി നടപ്പുള്ള ഇൻഡ്യയിൽ മക്കൾ ആജ്ഞാനുവർത്തികളും അച്ഛൻ അധികാരിയും നിയന്ത്രിതാവും ആകുന്നു. ജൈവബന്ധമുണ്ടെന്ന് ഇരുകൂട്ടരും വിശ്വസിക്കുന്നു.സ്വന്തം ഭാര്യ പ്രസവിച്ചതെങ്കിലും മറ്റൊരാളുടേതാണ് കുട്ടി എന്നത് അച്ഛനു സഹിക്കാൻ പറ്റാതാവുന്നു. ഈയിടെ അന്തരിച്ച ഒരു സാഹിത്യകാരി ബീജദാതാവല്ലാത്ത അച്ഛനിൽ നിന്ന് സഹിക്കേണ്ടിവന്ന ഉപദ്രവങ്ങളേയും പീഡനങ്ങളേയും വെളിപ്പെടുത്തിയത് ഓർക്കുക. അച്ഛനെ ശിശ്രൂഷിക്കുന്ന അവരെ നിരന്തരം ഓർമ്മിപ്പിച്ചിരുന്നുവത്രേ  അയാളുടെ സ്വത്ത്  ഒരിയ്ക്കലും അവർക്ക് നൽകുകയില്ല എന്ന്.

  ഇത്തരം വ്യവഹാരനീതികളാണ്  കൃത്യമായി ഒരച്ഛനെ ചൂണ്ടിക്കാണിക്കാനില്ലെങ്കിൽ ആ ആൾ നികൃഷ്ടതെ അർഹികുന്നതാണെന്നുള്ള സമൂഹകൽപ്പന നിർമ്മിച്ചെടുത്തത്. തന്തയില്ലാത്തവൻഎന്ന വിശേഷണം അച്ഛൻ എന്ന കൽപ്പിതസ്വരൂപത്തിന്റെ നിഴലിൽ വളർന്നവനല്ല, അതുകൊണ്ട് സ്വഭാവദൂഷ്യം പേറുന്നവൻ ആണെന്നും കൃത്യമായി വിവക്ഷിക്കാനുള്ളതാണ്.ജൈവപരമായ അച്ഛനും സമൂഹപരമായ അച്ഛനും വേർ തിരിയുകയാണിവിടെ. അച്ഛൻ എന്ന അധീശസ്വരൂപത്തിനു പ്രാമാണ്യം നിർമ്മിച്ചെടുക്കണമെങ്കിൽ അതില്ലാത്തവനെ (ജൈവപരമായി ഉണ്ടെങ്കിലും) ഇകഴ്ത്തുകയാണ് എളുപ്പം. സമൂഹത്തിൽ പ്രാമുഖ്യവും അംഗീകാരവും ബഹുമാനവും  ഇത്തരം കൃത്രിമശ്രേണീബന്ധത്താൽ സൃഷ്ടിക്കപ്പെടുകയാണ്. വ്യക്തിയുടെ മഹത്വം ആ ആളിന്റെ അച്ഛൻസ്വരൂപമാണ് നിർണ്ണയിക്കുന്നതത്രേ. പരിണാമം സംഭാവന ചെയ്യാത്ത ആഢ്യസ്ഥാനം മക്കളെ ചൂണ്ടിക്കാട്ടി നേടുകയാണ്.

 

    പരിണാമവിധികൾക്കെതിരെ പൊരുതേണ്ടി വരുന്ന, ജൈവബന്ധം എന്ന കൃത്രിമത്വവുമായി പൊരുതുന്ന ആണുങ്ങൾ സ്വാതന്ത്ര്യത്തിനു വേണ്ടി ചുരമാന്തുകയാണ്. അവർ കലിപ്പ് തീർക്കുന്നത് ആണുങ്ങളായ സ്വന്തം മക്കളെ തല്ലിയും ഭേദ്യം ചെയ്തുമാണ്. പക്ഷേ മനുഷ്യൻ സമൂഹജീവിയാണ്, സ്നേഹവും വാൽസല്യവും ആണുങ്ങൾക്കും ഉദ്ദേശിക്കപ്പെടുന്നതാണ്. അതിനുള്ള ഹോർമോണുകളും പേറിയാണ് ആണുങ്ങൾ വിന്യസിക്കുന്നത്. പ്രായപൂർത്തിയാകാൻ വളരെയേറെ വർഷങ്ങൾ വേണ്ടിവരുന്ന അപൂർവ്വ ജന്തുവാണ് മനുഷ്യർ. അതുകൊണ്ട് അച്ഛന്റെ സാമീപ്യവും സംരക്ഷണയും നമ്മുടെ സ്പീഷീസിനേയും അതിജീവനത്തിനു സഹായിക്കുന്നുണ്ട്. അതും പരിണാമത്തിന്റെ നിഷ്ക്കർഷ തന്നെ.