Sunday, January 31, 2021

‘അകലെയാണെങ്കിലും...’ സ്റ്റീവ് മാത്തൻ പുതിയ പ്രേമഗാനവുമായി

 

 

    തികച്ചും ക്ലാസിക്ക് രീതിയിലുള്ള സംഗീതസംവിധാനവുമായാണ് അകലെയാണെങ്കിലുംഅവതരിക്കപ്പെടുന്നത്. 60 കളിലേയും 70 കളിലേയും ഗാനങ്ങളെ ഓർമ്മിപ്പിക്കുന്നു എന്ന് പ്രസ്താവിച്ചാൽ അതിൽ അതിശയോക്തി ഇല്ല. പൊന്നു എന്ന പ്രണയിനിയോട് നേരിട്ട് സംവദിക്കുന്നതായിട്ടാണ് പാട്ട് എഴുതിയിരിക്കുന്നതും ചിട്ടപ്പെടുത്തിയിരിക്കുന്നതും. സ്റ്റീവ് മാത്തന്റെ ഈ പ്രേമസംഗീതാവിഷ്ക്കാരം ഹൃദയദ്രവീകരണശക്തി ആർജ്ജിച്ചതുതന്നെയാണ്.

 

   സുദീപ്കുമാറിന്റെ ആലാപനമാണ് വശ്യതയുടെ പ്രധാനകാരണം. ശ്രുതിശുദ്ധി എന്നത് സുദീപിന്റെ കൈമുതലാണ്, പണ്ടേ തന്നെ. ശബ്ദത്തിലെ സൗകുമാര്യം ഇതിനോട് ചേരുമ്പോൾ പാട്ട് എളുപ്പത്തിൽ അനുഭവഭേദ്യമാകുന്നത് ആഴത്തിൽത്തന്നെയാണ്. പഴയ ക്ലാസിക് പാട്ടുകളുടെ ശൈലികൾ ആവോളം ഉൾക്കൊണ്ട പാട്ടുകാരനാണ്, അതുകൊണ്ട് അകലെയാണെങ്കിലും സുദീപിന്റെ ആലാപനമികവിന്റെ കയ്യൊപ്പ് പതിഞ്ഞതാണ്. തന്റെ ഗ്രൂമിങ്ചരിത്രം ശക്തമായ സംഭാവനയുമായി പിൻ തുണച്ച്  അവതരണ സൗഭഗത്തിനു മിഴിവേറ്റുന്നുമുണ്ട്.. പ്രണയാത്മകതയുടെ അനുരണനങ്ങൾ സ്വാംശീകരിക്കാൻ ഏറെ ശ്രദ്ധിച്ചിട്ടുമുണ്ട് സുദീപ്കുമാർ.

 

സംഗീതം ചിട്ടപ്പെടുത്തിയതിലെ സൂക്ഷ്മതകൾ

 

  തീരെ ആയാസരഹിതമെന്ന് തോന്നിപ്പിക്കാൻ സ്റ്റീവ് മാത്തൻ ശ്രമിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. പാട്ടിനു ഉടനീളം സൗമ്യതയണയ്ക്കാൻ ഈ നിർബ്ബന്ധബുദ്ധി സഹായിച്ചിട്ടുമുണ്ട്. സ്റ്റീവിന്റെ മറ്റ് ചിലപാട്ടുകളിൽ കാണാറുള്ള തിടുക്കമോ ധിറുതിയോ പാടേ മാറ്റിവച്ചിട്ടുമുണ്ട്. ആദ്യം മുതൽ അവസാനം വരെ നുനുത്ത ഭാവോന്മീലനസ്വഭാവവും മന്ദമായ ഒഴുക്കും നിലനിറുത്താനും സ്റ്റീവ് ശ്രമിച്ചിട്ടുണ്ട്. ആധുനികതയുടെ ചെപ്പടിവിദ്യകൾ പാടേ അകറ്റിനിറുത്താൻ ശ്രദ്ധിച്ചത് ഈ കാലഘട്ടത്തിൽ വെല്ലുവിളി തന്നെയാണ്. ഇത്തരം പാട്ടുകൾ പഴഞ്ചരക്കാണെന്ന് പുഛിച്ച് തള്ളുന്നവരുടെ ഇടയിലേക്ക് ഒരു മണ്മറഞ്ഞ കാലത്തെ ശൈലി സന്നിവേശിപ്പിക്കാൻ ധൈര്യം വേണം തന്നെ. സുദീപ്കുമാർ തന്റെ ആലാപനത്തിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്.

 

    പ്രിയതമ അകലെയാണെങ്കിലും ഉള്ളിലുയുന്ന പ്രേമഗീതത്തിന്റെ പല്ലവിയായിട്ട് അരികിലെത്തുന്നതും പ്രണേതാവ് അടുത്തെത്തുമ്പോൾ അവൾ പ്രേമപുളകിതയാകുന്നതും ഒക്കെയാണ് പാടി ഫലിപ്പിക്കപ്പെടുന്നത്. പൊന്നൂ എന്ന പ്രേമമസൃണസംബോധന ആവർത്തിക്കുന്നതോടെയാണ് തുടക്കം. പല്ലവി എന്ന നില്യ്ക്ക് ഇത് ആവർത്തിക്കുന്നുമുണ്ട്. അകതാരിലുണരുന്ന..എന്ന ആദ്യചരണത്തിൽ അനുഭൂതി പുൽകിയഎന്ന ഭാഗത്തെ പുൽകിയ സംഗതിയോടെ ആവർത്തിക്കുന്നത് പ്രകാശമാനസൗഭഗത്തോടെയാണ്. അതുപോലെ അകലെയാണെങ്കിലുംആവർത്തിക്കുമ്പോൾ ണെങ്കി എന്നിടത്തും അറിയാതെ  എന്നിടത്തെ യാതെഭാഗത്തും സ്ഥായി തെല്ല് ഉയർത്തിയുള്ള പ്രയോഗങ്ങൾ കൗതുകതരം തന്നെ എന്ന് പറയാം. കമ്പോസിങ്ങിൽ സൂക്ഷ്മത പുലർത്താൻ സംഗീതകാരൻ ശ്രദ്ധിച്ചു എന്നതിന്റെ മാത്രമല്ല സുദീപ്കുമാറിന്റെ അനായാസമായ ശബ്ദവിന്യാസചാതുരിയുടേയും ഉദാഹരണങ്ങളാണിവ. പക്ഷേ രണ്ടാം ചരണത്തിൽ ഇതിനു തുല്യവും സമാന്തരവുമായ ഭാഗങ്ങളിൽ ഈ സൂക്ഷ്മാവിഷ്ക്കാരം തെല്ല് വിട്ടു പോയ പോലെയാണ് (നെയ്യുന്ന’, ‘കൊണ്ടുനീഎന്ന ഭാഗങ്ങളിൽ). പക്ഷേ കരിനീലമിഴികളിൽഎന്ന രണ്ടാം ചരണം ആവർത്തിക്കുമ്പോൾ  നീ , ല എന്നീ അക്ഷരങ്ങൾക്കിടയ്ക്കും മി ,ഴി എന്നീ അക്ഷരങ്ങൾക്കിടയ്ക്കും ചില സൂക്ഷ്മസഞ്ചാരങ്ങൾ വിനിയോഗിച്ച് മധുരതരമാക്കിയിട്ടുണ്ട്. കാമിനീ ഞാൻ എന്ന ഭാഗത്ത് കാമിനിയുടെ നീ വ്യത്യസ്തതയോടെ നീട്ടിയെടുത്തതും ശ്രദ്ധിക്കപ്പെടും. ഇത്തരം ചില പൊടിക്കൈകൾ സംഗീതകാരനും പാട്ടുകാരനും ഒരുമിച്ച് കേൾവിസുഖം പ്രദാനം ചെയ്യാൻ ഇടയാക്കിയിട്ടുണ്ട്. കൊണ്ടു നീഎന്ന ഭാഗത്തും സൂക്ഷ്മ സംഗതി പ്രത്യക്ഷമാക്കിയിട്ടുണ്ട്. ആദ്യത്തെ ചരണത്തിനു ശേഷം പല്ലവി മുഴുവൻ പാടാതെപൊന്നൂഎന്ന വിളി മാത്രമേ നിബന്ധിച്ചിട്ടുള്ളൂ എന്നത് ആവർത്തന വിരസത ഒഴിവാക്കിയിട്ടുണ്ട്.

 

 സ്റ്റീവും നന്ദു കർത്തയും ഓർക്കേഷ്ട്രെഷൻ ക്ലാസിക് ശൈലിയിൽ തന്നെ ആവിഷ്ക്കരിച്ചിരിക്കുന്നു. വയലിൻ ബിറ്റുകൾ ഉദാത്തവും ഗൃഹാതുരത്വം വിളിച്ചോതുന്നതുമാണ്. ഫ്ലൂട് ആണ് പ്രേമഭാവനകൾ ഉണർത്തിയെടുക്കാൻ പര്യാപ്തമാക്കിയെടുത്തിട്ടുള്ളത്. സിതാറിന്റെ കിലുക്കങ്ങൾ അവിടവിടെയായുണ്ട്. ജോമോൻ ചെങ്ങന്നൂർ തന്റെ തബല വിന്യാസങ്ങളാൽ സാന്നിദ്ധ്യം അറിയിച്ചിട്ടുള്ളത് പലയിടത്തുമാണ്. പ്രത്യേകിച്ചും  രണ്ടാമത്തെ പൊന്നൂ എന്ന വിളിയ്ക്ക് ശേഷം ചില സുന്ദരപെരുക്കപ്രയോഗങ്ങളാൽ. പാട്ടിന്റെ പൊതുസ്വഭാവവുമായി ചേർന്നു നിൽക്കുന്നുമുണ്ട് തബലപ്രയോഗങ്ങൾ. ചരണങ്ങളുടെ ആദ്യരണ്ട് വരികളുടെ ആലാപനത്തിനു പിന്നിൽ ബി ജി എം വർജ്ജിച്ച്  പിന്നെയുള്ള ഭാഗത്ത് മാത്രമാണ് അത് കൂട്ടിനു വരുന്നത് . അതുകൊണ്ട് തന്നെ അകലെയാണെങ്കിലും’ ‘കാമിനീ ഞാൻ നിന്റെഎന്നീ രണ്ടാം ഭാഗങ്ങൾക്ക് പ്രത്യേക ഉണർവ്വും ഗാംഭീര്യവും ലഭിച്ചിട്ടുണ്ട്.   

 

  ഗാനം സ്വയം എഴുതാൻ സംഗീതകാരൻ തന്നെ തീരുമാനിച്ചത് കമ്പോസിങ്ങിനു ചാരുതയണയ്ക്കാൻ സാദ്ധ്യത കൈവരുത്തിയിട്ടുണ്ടാവണം. അകതാരിലുണരൊന്നരസുലഭഗാനത്തിൻ അനുഭൂതിയും കാതരസ്വപ്നങ്ങൾ കവിതകൾ നെയ്യുന്നതും കവിത്വഗുണം പേറുന്നതിന്റെ നിദർശനങ്ങൾ തന്നെ.      സ്റ്റീവ് മാത്തന്റെ നേരത്തെയുള്ള ഗാനങ്ങൾക്ക് മറ്റ് കവികൾ ആവിഷ്ക്കരിച്ച സാഹിത്യാംശം അപേക്ഷിച്ച് ഇത് മെച്ചമാണെന്ന് പറയാമെങ്കിലും നൂറ്റൊന്നാവർത്തിക്കപ്പെട്ടിട്ടുള്ള കാൽ വിരൽ കൊണ്ട് കളമെഴുതി ഒക്കെ പ്രത്യക്ഷപ്പെടുന്നത് സ്വൽപ്പം അരോചകം തന്നെ. കവിതകൾ നെയ്യുന്ന കളിയാട്ടംഎന്ന പ്രയോഗം വികലമല്ലേ എന്ന് സംശയം. കളിയാട്ടം നെയ്തെടുക്കുന്നതാണോ എന്ന ചോദ്യത്തിനുത്തരം ലഭിയ്ക്കുക എളുപ്പമല്ല. പിന്നെ വരുന്ന കാമിനീ ഞാൻഎന്ന ഭാഗത്തോട് ഈ ആശയം ബന്ധിപ്പിക്കാനും പ്രയാസമുണ്ട്. പക്ഷേ സുദീപ്കുമാറിന്റെ ആലാപനസുഭഗത ഈ വൈഷമ്യങ്ങളെ മറയ്ക്കാൻ പോന്നതാണ് എന്നത് തന്നെ ആശ്വാസം..

 

   സംഗീത ആൽബങ്ങൾക്ക് ഇമേജുകൾ വേണമെന്നുള്ളത് ഒരു നിർബ്ബന്ധം പോലെ ഉൾച്ചേർന്നിരിക്കയാണ് ഇക്കാലത്ത്. ഗാനം സൃഷ്ടിയ്ക്കുന്ന വാങ് മയചിത്രങ്ങളോ സംഗീതഭാവനകൾ പ്രത്യക്ഷമാക്കുന്ന ഭാവോന്മീലനങ്ങളോ പോരാതെ വരുമെന്നുള്ള പേടിയായിരിക്കണം ഈ സൃഷ്ടികർമ്മം പരക്കെ സ്വീകാര്യമായതിന്റെ പിന്നിൽ. പാട്ടിനെ നോക്കിക്കാണുക എന്നത് ചിലപ്പോൾ ഒരു ദുർവിധി ആകുന്നുമുണ്ട്. അകലെയാണെങ്കിലുംചില സുന്ദരദൃശ്യങ്ങൾ കാട്ടിത്തരുന്നുണ്ടെങ്കിലും അവകൾക്ക് പാട്ടിന്റെ ആസ്വാദനമേന്മ പൊലിപ്പിക്കാനായിട്ടുണ്ടോ എന്നത് സംശയകരമാണ്. ഫ്രെയ്മുകൾ നിജപ്പെടുത്തിയതിൽ ചാരുത ദർശിക്കാമെങ്കിലും പല ദൃശ്യങ്ങളും പാട്ടിലെ വരികളുമായോ ആശയമായോ പൊരുത്തപ്പെടുന്നുണ്ടോ എന്ന് ആശ്ചര്യപ്പെടാൻ വഴി വെയ്ക്കുന്നുമുണ്ട്.. പല കൂട്ടിച്ചേർക്കലുകളും ക്രമരഹിതമോ എന്ന തോന്നൽ വന്നാൽ കുറ്റം പറയാനും വയ്യ. കോവിഡ് മഹാമാരിയുടെ ദുരന്തകാലം പരിമിതികൾ സൃഷ്ടിച്ചു എന്ന് അനുമാനിയ്ക്കാം. പൊന്നു എന്ന സുന്ദരിപ്രണയിനിയെ ഉചിതവും മനോഹരവുമായ വാതാവരണങ്ങളിൽ അവതരിപ്പിക്കുന്നതിൽ ഈ ദൃശ്യങ്ങൾ വിജയിച്ചു എങ്കിലും അവ കണ്ടില്ലെങ്കിലും പാട്ട് മനസ്സിൽ പതിഞ്ഞിരിക്കും, പിന്നെയും പിന്നെയും മൂളാൻ പ്രേരിപ്പിക്കുകയും ചെയ്യും.

 

 

Monday, January 18, 2021

പേരൻപ്-ലിംഗനീതിയിലെ പൊള്ളത്തരങ്ങൾ

 

          അച്ഛനു മകളോടുള്ള വാൽസല്യത്തിന്റെ കഥയാണു പേരൻപ് എന്ന സിനിമയിലേത് എന്നാണ്  പുറമേ തോന്നുക. എന്നാൽ രതി, ലൈംഗികത, ഭാര്യാഭർതൃത്വം എന്നിവയുടെ സാമൂഹ്യ/രാഷ്ട്രീയ കാഴ്ച്ചപ്പാടും വ്യക്തികളുടെ നിലപാടുകളും ഒക്കെ പരിശോധിക്കാനും നിർവ്വചിക്കാനുമാണ് സംവിധായകൻ ഉള്ളാലെ ശ്രമിച്ചി ട്ടുള്ളത് എന്നത് പ്രകടമാണ്. കഥാപാത്രങ്ങളെ സന്നിവേശിപ്പിച്ചതിലും കഥാസന്ദർഭങ്ങൾ തെരഞ്ഞെടുക്കുന്നതിലും ഈ പരിശ്രമം വ്യക്തമായി കാണാനുണ്ട്.രതിയുടെ സന്താനോൽപ്പാദനോദ്ദേശവും തെളിയിക്കാൻ ശ്രമിക്കുന്നു സംവിധായകൻ.  ലിംഗപദവി (gender) യുടെ നിലവിലുള്ള സാമൂഹ്യനിർവ്വചനത്തെ ചോദ്യം ചെയ്യാനുരുമ്പെടുന്നുണ്ട് ഈ സിനിമ. മേൽപ്പറഞ്ഞ നിർമ്മിതികൾ  ഒന്നിച്ച് നായകനെ കുഴക്കുന്നുമുണ്ട് എന്നതിനാൽ സങ്കീർണ്ണതയേറുകയാണ്. രതിയോടുള്ള സമൂഹനീതിശാഠ്യങ്ങളും നിലവിലുള്ള നിയമങ്ങളും പരാജയപ്പെടുത്തുന്ന നായകന്റെ ആത്മസഘർഷങ്ങളിക്കൂടിയാണ് ചില ദാരുണ സത്യങ്ങളും വ്യക്തിയിൽ എൽപ്പിക്കുന്ന അപമാനങ്ങളും  സംവിധായകൻ വെളിവാക്കുന്നത്. അവസാനം നായകന്റെ പേരു സൂചിപ്പിക്കുന്നതുപോലെ അമുദവൻ-അമൃതവൻ എന്നതിന്റെ തമിഴ് രൂപം, നെടുനാൾ ജീവിച്ചിരിക്കുന്നവൻ -എന്ന പദവിയിൽ എത്തുന്നുമുണ്ട്. സമൂഹകാർക്കശ്യങ്ങൾക്കെതിരെ പൊരുതി ജയിക്കുന്ന ചുരുക്കം ചില വ്യക്തികൾ സ്വര്യം സമ്മേളിക്കുന്ന രംഗത്തോടെ സിനിമ തീരുന്നു.

 

       അമുദവൻ ഒരു സാധാരണ മനുഷ്യനാണ്, ഒരു ടാക്സി ഡ്രൈവർ. ഒരു ആല്ഫ മെയിൽ ആകാനുള്ള കോപ്പുകളൊന്നും കൈവശമില്ലാത്ത അതിസാധാരണക്കാരൻ തന്നെ അയാൾ. മമ്മുട്ടിയെത്തന്നെ ഈ റോൾ ഏൽപ്പിച്ചതിൽ ഒരു വിരുദ്ധ കാവ്യനീതി കാണ്ടെങ്കിൽ തെറ്റില്ല.ഭർത്താവ് എന്ന നിലയ്ക്ക് തികച്ചും തോൽ വിയാണയാൾ. എട്ടു കൊല്ലത്തിനിടയിൽ ഗൽഫിൽ നിന്നും നാട്ടിൽ വന്നിട്ടുള്ളത് കുറച്ചു ദിവസങ്ങൾ മാത്രം. അഛൻ എന്ന നിലയിലും ഇതു തന്നെ. അമുദവൻ ഭർത്താവ്, അഛൻ എന്നീ സമൂഹനിർമ്മിതി (social construct) കളുടെ തനിമ കണ്ടുപിടിയ്ക്കുന്ന രീതിയിലാണ് കഥ മുന്നേറുന്നത്. ഈ രണ്ട് നിലകളേയും ഖണ്ഡിയ്ക്കുന്ന കഥാസന്ധികളിലൂടെയാണ് അമുദവന്റെ തിരിച്ചറിവുകൾ പുരോഗമിക്കുന്നത്. ഈ ബോധജ്ഞാനം സമൂഹം കൽപ്പിച്ചരുളിയ മൂല്യങ്ങളെ ചോദ്യം ചെയ്യുന്നതും നീതിബോധങ്ങളുടേയും അവയുടെ സാംഗത്യങ്ങളുടെയും പൊള്ളത്തരം മറകൾക്കിപ്പുറം പ്രതിഷ്ഠിക്കുന്നവയുമാണ്

 

 ദാമ്പത്യത്തിലെ സങ്കീർണ്ണതയും ചതിക്കുഴികളും

 

       എന്തുകൊണ്ടാണ് അമുദവന്റെ ജീവിതതിൽ ഭാര്യ അപ്രസക്തമാകുന്നത്? അയാളുടെ ജീവിതത്തിൽ നിന്നു മാത്രമല്ല സിനിമയിലെ സീനുകളിൽ നിന്നും മാറ്റപ്പെട്ടിരിക്കുന്നു അവൾ. അവൾക്ക് ഒരു രൂപം നിർമ്മിച്ചുകൊടുത്താൽ കൂടുതൽ വെറുക്കപ്പെട്ടവളായിത്തീരുമോ എന്ന ശങ്ക സംവിധായകനു ഉണ്ടായിരുന്നുരിക്കണം. കാരണം ഭർത്താവിനെ മാത്രമല്ല നിരാലംബയായ മകളേയുമാണവൾ വിട്ടു പോയിരിക്കുന്നത്. എന്നാൽ അമുദവനു ചില സത്യങ്ങൾ മനസ്സിലായതോടെ യാതൊരു പരാതിയോ പരിഭവമോ ഇല്ല. കഥാഗതി അവൾക്ക് പുതിയ രൂപവും ഭാവവും നൽകിയിട്ടുണ്ട്. അവളെ വിചാരണ ചെയ്യാൻ സിനിമ ആവശ്യപ്പെടുന്നതുമില്ല. പാപ്പയുടെ അമ്മ, അമുദവന്റെ ഭാര്യ തങ്കം അല്ല ഇന്നവൾ .സ്റ്റെല്ല ആണ്. മറ്റൊരു കൊച്ചുകുഞ്ഞിന്റെ അമ്മയും.പാപ്പയുടെ അമ്മ എന്ന പദവി അവൾക്കില്ല എന്ന് സൂചിപ്പിക്കുന്നത് അമുദവന്റെ ചില ആത്മഗതങ്ങളിൽക്കൂടിയാണ്. അവൾ പാപ്പയെക്കുറിച്ച് ഒരു തവണയെങ്കിലും അന്വേഷിച്ചിരുന്നെങ്കിൽ ഞാൻ ചില അപേക്ഷകൾ നിരത്തിയേനേഎന്നാണിത്.ഇപ്പഴത്തെ കുഞ്ഞ് നോർമൽ ആണെന്ന് സ്റ്റെല്ല (തങ്കം)യുടെ ഭർത്താവ് സാക്ഷ്യപ്പെടുത്തുന്നതിലൂടെ പാപ്പയുടെ അസുഖത്തിനു അവൾ ഉത്തരവാദിയേ അല്ല എന്ന് സൂചിപ്പിക്കുന്നു. ഭാര്യ മരിച്ച ഭർത്താവ് കുഞ്ഞിനെ നോക്കാൻ മറ്റുള്ളവളെ സ്വീകരിക്കുന്ന പഴയ തമിഴ് സിനിമാ ക്ലീഷേ വന്നു ഭവിക്കാതിരിക്കാൻ സംവിധായകൻ ശ്രദ്ധിച്ചിരിക്കുന്നു. ഇത് ഭർത്താവ് എന്ന പദവിയുടെ പുനർനിർവ്വചനവുമാണ്. കുഞ്ഞുങ്ങളെ സംരക്ഷിക്കാനും വളർത്താനുമാണ് ഭാര്യയും ഭർത്താവും യോജിക്കുന്നത് എന്ന പരിണാമനീതി ഭേദിപ്പിക്കപ്പെടുകയാണിവിടെ. ഭർത്താവ് എന്നതിന്റെ പുതിയ നിർവ്വചനത്തിലേക്ക് എടുത്തെറിയപ്പെടുകയാണ് അമുദവൻ.

 

       ഇതിനു മുൻപ് തന്നെ ഭാര്യ/ഭർത്താവ് നിർവ്വചനങ്ങൾ മാറിപ്പോയ അവസ്ഥയിൽ ഇയാൾ എത്തപ്പെട്ടിട്ടുണ്ട്. മകളുമായി നന്നായി ഇണങ്ങുന്നതും വീട്ടിലെ കാര്യങ്ങളിൽ ശുഷ്കാന്തിയുള്ളവളുമായി വിജയലക്ഷ്മി സ്ഥാനം നേടിയപ്പോൾ അവളെ സർവ്വാത്മനാ സ്വീകരിച്ചവനാണയാൾ. മുൻ ദാമ്പത്യസംബന്ധിയായ ചില വിഭ്രാന്തികൾ ഉറക്കത്തിൽ വന്നു ചേരുന്നത് അയാൾ മനസ്സിലാക്കുന്നത് വിജയലക്ഷ്മി അത് പ്രത്യേകം സൂചിപ്പിച്ചപ്പോഴാണ്. അവളുമായുള്ള രതിയിലേക്കാണ് ഇത് നയിക്കുന്നത്. ഇന്നലെ രാത്രി എന്തു നടന്നു എന്ന് വീണ്ടും വീണ്ടും ഉയർത്തുന്ന ചോദ്യത്തിലൂടെയാണ് ഇന്നലെ രാത്രി അത് നടന്നു എന്നത് തീർച്ചയാക്കുന്നത്.  ഈ രതിസംഭവം ശ്രദ്ധിക്കണമെന്ന് സംവിധായകനു നിർബ്ബന്ധമുള്ളതു പോലെയാണ് ആവർത്തിച്ചുള്ള ഈ സമർത്ഥനം.  തന്നിലെ രത്യോന്മുഖത്തെ തിരിച്ചറിഞ്ഞ അമുദവൻ അവളെ കല്യാണം കഴിക്കുകയാണ്. പുതുതായിക്കിട്ടിയ ഭർത്താവ് പദവി അയാളെ ഏറെ സന്തുഷ്ടനാക്കുന്നുമുണ്ട്. പക്ഷേ ഇത് ഒരു വൻ കള്ളക്കളിയുടേയും ചതിയുടേയും ഭാഗമായിരുന്നു എന്നതും  അയാൾ ഒരു ഭർത്താവേ അല്ലായിരുന്നു എന്നതും ശുദ്ധസത്യമായി വെളിവാക്കപ്പെടുകയാണ് അധികം താമസിയാതെ. ആ വിവാഹം പോലും നിയമപരമല്ലായിരുന്നു എന്ന അറിവും  വള്ളക്കാരൻ വഴി അയാൾക്ക് കിട്ടുന്നുണ്ട്. ദാമ്പത്യം എന്ന പ്രഹസനം സമ്മാനിച്ച നിർവ്വികാരതയാണ് അമുദവനു പിന്നീട്. വീടിന്റെ സർവ്വ അവകാശവും ഒരു ചോദ്യവും ചോദിക്കാതെ വിജയലക്ഷ്മിക്ക് വിട്ടു കൊടുക്കുമ്പോൾ അയാൾക്കുള്ളത് തികഞ്ഞ നിസ്സംഗതയാണ്. പിന്നൊരിക്കൽ പാപ്പയുടെ ചില മറന്നു വച്ച സാധനങ്ങൾ എടുക്കാൻ വരുമ്പോൾ വിജയലഷ്മിയുടെ കുഞ്ഞിനെയാണ് അയാൾ ശ്രദ്ധിക്കുന്നത്. മിടുക്കനായ കുഞ്ഞുള്ളതിൽ ആനന്ദിക്കുകയാണ് ചെയ്യേണ്ടത് എന്ന് പക ലേശമില്ലാതെ അയാൾ പ്രസ്താവിക്കുന്നു. ഭർത്താവ് എന്ന പദവി ഭോഷ്ക് ആണെന്ന് അറിവ് നിർമ്മമത അയാൾക്ക് നൽകുകയാണ്. കള്ളക്കളിയുടെ പിറകിലെ സത്യാവസ്ഥ എന്താണെന്ന് അറിയേണ്ടേ എന്ന് വിജയലക്ഷ്മി കരഞ്ഞുകൊണ്ട് ചോദിച്ചിട്ടും സമൂഹനീതിയുടെ ദയനീയ ഉണ്മകൾ പിടികിട്ടിയ അയാൾക്ക് ഇനി ഒന്നും അറിയേണ്ട.   അയാൾ വിശ്വസിച്ച ദാമ്പത്യത്തിലെ രതിയും കള്ളക്കളിയുടെ ഭാഗമായിരുന്നു എന്ന അറിവായിരിക്കണം അച്ഛൻ എന്ന സത്യമായ വ്യക്തിത്വലേക്ക് പൂർണ്ണമായി പ്രവേശിക്കാൻ അയാളെ സമർത്ഥനാക്കുന്നത്.സ്റ്റെല്ലയായി മാറിയ തങ്കത്തിനെ കാണാൻ പോയപ്പോഴും ഒരു മുൻ ഭർത്താവ് എന്ന നിലയിലല്ല അയാൾ പെരുമാറിയത്. പാപ്പയുടെ അച്ഛൻ എന്നായി മാത്രം.

 

      ദാമ്പത്യത്തിലെ ലിംഗപദവി (gender status) യെക്കുറിച്ചുള്ള ധാരണകൾ അപ്പാടെ മാറിമറിയുകയാണ് അമുദവനിൽ. അമ്മ എന്ന പദവിയും ഭാവവും നിരാകരിച്ചവളാണ് തങ്കം. ദാമ്പത്യത്തിലേക്ക് നയിച്ച സെക്സും ദാമ്പത്യത്തിലെ സെക്സും നിരർത്ഥകമാണെന്ന് വിജയലക്ഷ്മിയുമായുള്ള ഇടപാട് തെളിയിച്ചും കഴിഞ്ഞു. ഭർത്താവ് എന്ന വ്യക്തിത്വവും പദവിയും പല രീതിയിൽ അയാളിൽ കയറി ഇറങ്ങുകയും ചെയ്തു. അച്ഛനാകട്ടെ അമ്മയാകട്ടെ വാൽസല്യം എന്ന ഭാവം ഭർത്താവിന്റേയോ ഭാര്യയുടേയൊ ഉള്ളിൽ മുൻ തൂക്കം നേടാവുന്നതാണെന്നും അതിൽ ലിംഗപദവി അത്ര സാർത്ഥകമല്ലെന്നും അയാൾക്ക് അനുഭവങ്ങൾ പഠിപ്പിച്ച് കൊടുത്തിരിക്കയാണ്. ആണത്തം എന്നത് ആപേക്ഷികമാണെന്ന് തീർപ്പുകൽപ്പിക്കാൻ അയാൾക്ക് സാധിച്ചിരിക്കുന്നു.  അംഗപരിമിതികളുള്ള മകളുടെ തീണ്ടാരി സമയത്ത് ഒരു അമ്മ ചെയ്യേണ്ട/ചെയ്യാറുള്ള സാനിറ്ററി പാഡ് മാറ്റൽ അയാൾ ചെയ്യുന്നതോടെ ആണത്തം, അച്ഛൻ പദവി എന്നിവയൊക്കെ അയാളിൽ നിന്ന് ഒഴിഞ്ഞു പോകുന്നു.  അതുകൊണ്ടാണ്  പിന്നീട്  ഒരു ട്രാൻസ് ജെൻഡറിനെ സഖിയായി ഏറ്റെടുക്കാൻ അയാൾക്ക് എളുപ്പം സാധിയ്ക്കുന്നത്. ആണോ പെണ്ണോ എന്നതല്ല കാര്യം എന്നും കുടുംബവ്യവസ്ഥയിലെ ചില അവശ്യഭാവങ്ങൾക്ക് വശംവദരാകുന്നവരാണ് ജീവിതം പങ്കിടേണ്ടത് എന്നും അയാൾ തീരുമാനിക്കുന്നതിൽ ഈ മനോഭാവത്തിനു സാംഗത്യമുണ്ട്. തന്റേയും പാപ്പയുടെയും ജീവൻ രക്ഷിച്ചത് രണ്ടാമത്തെ കാരണമായേ വരുന്നുള്ളു.. മീര അയാളുടെ മനൈവി  തന്നെ എന്ന് സാക്ഷ്യപ്പെടുത്താൻ അമുദവനു മടിയില്ല.  പാപ്പയും മീരയും തമ്മിൽ ലൈംഗിക ചായ്വുകൾ ഇല്ലെന്ന് നേരത്തെ തന്നെ അമുദവൻ തീർച്ചപ്പെടുത്തിയിട്ടുണ്ടു താനും. ദാമ്പത്ത്യത്തിന്റെ നീതിസംഹിതകളെപ്പറ്റി ഇനി ആരും അയാളോട് സംവദിക്കേണ്ടതില്ല.  വിവാഹം പ്രകൃതി വിരുദ്ധമാണ് എന്ന പ്രഖ്യാപിച്ച സംവിധയകനിൽ നിന്ന് ഇത് പ്രതീക്ഷിക്കുന്നതിൽ അദ്ഭുതമില്ല. ആല്ഫ മെയ് ൽ റോളുകൾ കൈകാര്യം ചെയ്യുന്ന  മമ്മുട്ടിയെപ്പോലത്ത നടൻ ചെയ്യുന്ന  കഥാപാത്രം ഒരു ട്രാൻസ്ജെൻഡറിനെ വിവാഹം കഴിച്ച് സംതൃപതായി ജീവിക്കുന്നതായി ചിത്രീകരിക്കുന്നത് ഒരിക്കലും എളുപ്പമല്ല.   സംവിധായകൻ റാം വളരെ സൂക്ഷ്മതയോടെയാണ് സംഭവഗതികൾ കോർത്തിണക്കി വിശ്വസനീയമായി കഥാന്ത്യം കരുപ്പിടിപ്പിച്ചിരിക്കുന്നത്.  

 

ഒറ്റയ്ക്കാകുന്ന സ്ത്രീയുടെ കാമപൂരണത്തിനു എന്തു വഴികൾ

 

  മിടുക്കരായ സന്താനങ്ങൾ എന്ന ദാമ്പത്യാഭിലാഷം തീക്ഷ്ണമായി ഉള്ളിലുണ്ടെന്ന് അമുദവൻ തിരിച്ചറിയുന്നത് അയാളെ പ്രശ്നത്തിലാക്കിയ രണ്ടു സ്ത്രീകൾ വഴി തന്നെയാണ്. രതിയെ സന്താനോൽപ്പാദനോദ്ദേശത്തിൽ നിന്ന് വിഘടിപ്പിച്ച മനുഷ്യനു നിരുപാധികമായ സെക്സ്  സമൂഹം  നിഷ്ക്കർഷിച്ചിട്ടുമുണ്ട്. പാപ്പ ഋതുമതിയായെന്ന് അറിയുന്നതോടെ ഇത്തരം സമസ്യകൾ അമുദവനിലെക്ക് എത്തിത്തുടങ്ങുകയാണ്. ഒറ്റയ്ക്കാകുന്ന സ്ത്രീയുടെ ലിംഗചോദന അംഗീകരിച്ച് സ്വീകരിക്കാനോ തദ് ജന്യമായ കാമപൂരണത്തിനോ സമൂഹം വഴികൾ തുറക്കുന്നുണ്ടോ എന്ന പൊതു പര്യാലോചന സംവിധായകൻ സ്വന്തം അജെണ്ടയിൽ കൊണ്ടുവരികയാണ്.  വിവാഹം എന്നത് നിഷിദ്ധമായിപ്പോയ ആണുങ്ങൾക്ക് വേശ്യാവൃത്തി എന്ന സമൂഹനിർമ്മിതി  ലൈംഗികശമനം സാദ്ധ്യമാക്കുമ്പോൾ സ്ത്രീകൾക്ക് ഇതു നിഷേധിക്കപ്പെടുന്നതെങ്ങനെയെന്ന് അമുദവന്റെ വെല്ലുവിളികളിൽക്കൂടെ സമർത്ഥിക്കപ്പെടുകയാണ്. രണ്ടു സഹോദരങ്ങളുടെ സംഭാഷണം വഴി ആണുങ്ങളുടെ ലോകത്ത്  വേശ്യാസംഗമം അത്യാവശ്യമായി വരുന്നത് വിശദമാകുന്നുണ്ട്. പാപ്പയുടേത് പോലെയല്ലെങ്കിലും സമാനമായ മാനസികവൈകല്യമുള്ള അനിയനു വിവാഹം അസാദ്ധ്യമാണെന്ന് അവനോടൊപ്പം താമസിക്കുന്ന് ചേട്ടൻ പറയുന്നുണ്ട്. കാമശമനം വേശ്യകൾ വഴി മാത്രമേ സാധിക്കുകയുള്ളു എന്ന് അയാൾ തുറന്നു സമ്മതിക്കുന്നുണ്ട്. അയാൾ സംരക്ഷിക്കുന്ന അനിയന്റെ ഈ സ്ഥിതി കാരണം അയാൾക്കും കല്യാണം കഴിക്കാൻ സാധിയ്ക്കാത്ത സ്ഥിതി ആണ്. വിവാഹം എന്നതിന്റെ പൊതുസമ്മതിയാർജ്ജിച്ച നിർവ്വചനത്തെ ചോദ്യം ചെയ്യുകയാണിത്.  സഹജജഞാനം അല്ലെങ്കിൽ ഉൾ ചോദനയാണ് രത്യോന്മുഖത. അത് വിവാഹം എന്ന കെട്ടുപാടിനുമപ്പുറമാണ്. വേശ്യാവൃത്തി ലോകത്തെഏറ്റവും ആദ്യമുണ്ടായ ജോലി ആയത് ഇപ്രകാരമാണ്. Prostituition is the world’s oldest profession എന്ന് പഴമൊഴി. സ്ത്രീകൾക്ക് അങ്ങനെയൊരു തുറസ്സ് നിഷേധിക്കപ്പെടുന്ന ഇരട്ടത്താപ്പ് സമൂഹനീതിയും  അമുദവനു പിടികിട്ടുകയാണ്. പെൺകുട്ടികളിൽ ഉണരുന്ന ലൈംഗികാഭിനിവേശത്തെക്കുറിച്ച് ഉപദേശങ്ങളും അയാൾക്ക് ലഭിയ്ക്കുന്നു. അത് തികച്ചും ഗോപ്യമാക്കി വയ്ക്കേണ്ടതാണ് എന്നതാണ് ലിംഗരാഷ്ട്രീയത്തിന്റെ ഒന്നാം പാഠം. അതുകൊണ്ടാണ് പരസ്യമായി മാസ്ചർബേറ്റ് ചെയ്ത പാപ്പയെ അടിച്ചു നിലം പരിശാക്കേണ്ടത് ആവശ്യമായി വന്നത്. ശരീരത്താകമാനം ചോരയൊലിപ്പിച്ച് അവശയായിക്കിടക്കുന്ന പാപ്പയുടെ മുറിവുകളിൽ തലോടുന്ന അമുദവനു  ലൈംഗികനീതികളിലെ വിശ്വാസം പാടേ നഷ്ടപ്പെടുകയാണ്. ഈ ഒരു രംഗനിർമ്മിതിയ്ക്ക് വേണ്ടിയാണ് മാനസികവൈകല്യമുള്ള ഒരു പെൺ കഥാപാത്രത്തെ സംവിധായകൻ സൃഷ്ടിച്ചതെന്ന് തോന്നിയാൽ തെറ്റു പറയാനാവില്ല. ഒരു ആൺ വേശ്യയെ തേടുകയാണു അയാൾ കാണുന്ന പോം വഴി. (ഈ ആശയത്തിനു ഒരു മുൻ കൂർ ജാമ്യം എന്ന നിലയ്ക്കായിരിക്കണം ആൺ ശക്തിയുടെ പ്രതീകമായ കുതിരയെ അയാൾ നേരത്തെ പാപ്പയ്ക്ക് സമ്മാനമായി കൊണ്ടു വരുന്നത്). എന്നാൽ ഇനി കുതിരയെ വാങ്ങിച്ചു കൊടുത്ത് സന്തോഷിപ്പിക്കാൻ  പറ്റുകയില്ല അവളെ. ട്രാൻസ്ജെന്റർ ലൈംഗികത്തൊഴിലാളിയായ മീരയ്ക്ക് പോലും ഇക്കാര്യത്തിൽ അയാള അധികം സഹായിക്കാൻ സാധിക്കുന്നില്ല. വേശ്യാലയനടത്തിപ്പുകാരിയോട് കാര്യം തുറന്നു പറയുന്നു അയാൾ. സ്വന്തം മകൾക്കു  ആൺ വേശ്യയെ കൊണ്ടെക്കൊടുക്കാൻ ശ്രമിക്കുന്ന അയാൾക്ക് ചെവിട്ടത്ത് അടിയാണു കിട്ടുന്നത്.  സ്വന്തം  മകൾക്കു വേണ്ടി അച്ഛൻ തന്നെ വന്നിരിക്കുന്നു!   വേശ്യകളുടെ ധാർമ്മികതയിലും അങ്ങനെയൊരു അച്ഛൻ ഇല്ല., മകൾക്ക് ലൈംഗികനിറവേറലിനു സാദ്ധ്യതകൾ ആരായുന്ന അച്ഛൻ. അത് അച്ഛന്റെ കർമ്മപദ്ധതിയിൽ പെടുത്തേണ്ടതല്ല.  അമുദവനു കിട്ടിയ ആ അടി യുടെ നീതിയും സാംഗത്യവും അന്വേഷിക്കാനാണ് സംവിധായകൻ നമ്മോട് ആവശ്യപ്പെടുന്നത്. അവളെ അടിച്ച് നിലം പരിശാക്കുകയാണു വേണ്ടതെന്ന് വ്യംഗ്യമായിട്ടല്ല സൂചിക്കപ്പെടുന്നതും.അച്ഛൻ, മകൾ, മകളുടെ ലൈംഗികത എന്നത് ഒറ്റവരയിൽ കൊണ്ടുവരാൻ നിയുക്തനായ അയാളിൽ ഒരു ലിംഗരാഷ്ട്രീയനീതികളും സഹായത്തിനു എന്നല്ല, ഒരു സൂചനയായിപ്പോലും എത്തുന്നില്ല.  നിരാലംബയായ സ്ത്രീയുടെ കാമപൂരണം എന്നത് സമൂഹം ചിന്തിക്കേണ്ടതതേ അല്ലാ എന്നാണ് ലിംഗനീതിത്തീർപ്പുകൾ. വാൽസല്യത്തിന്റേയും ദയയുടേയും കഥയാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന വിധം സിനിമാ നിർമ്മിച്ചെടുത്ത സംവിധായകന്റെ വൻ വിജയമാണ് ഈ ലിംഗനീതികളിലെ ഭോഷ്ക്കും അതിന്റെ പാപ്പരത്തവും വെളിവാക്കുന്ന ഈ സന്ദർഭചിത്രീകരണങ്ങൾ. ഇൻഡ്യൻ സിനിമയിൽ ആദ്യമായി ഇത്തരം വെല്ലുവിളികളായുള്ള ദൃശ്യവ്യവസ്ഥകൾ ഇണക്കിയ സംവിധായകന്റെ ചങ്കൂറ്റം അപാരം തന്നെ.

         ആണും പെണ്ണും, അവരുടെ ലൈംഗികത ഇവയൊക്കെ  നടുവിലൂടെ വരയിട്ട് രണ്ടായി  തിരിക്കുന്നതിലെ നിരർത്ഥകത വീണ്ടും ചർച്ചചെയ്യപ്പെടണമെന്ന ആവശ്യവുമായി സംവിധായകൻ എത്തുന്നത് ആണാഹി പെണ്ണാഹി നിന്താനവൻ എന്ന പഴയ പാട്ടിലെപ്പോലെ ഒരു ട്രാൻസ്ജെൻഡറിനെ കഥയിൽ സന്നിവേശിപ്പിച്ചാണ്. സെക്സ് വർക്കറായ അവളെ യാദൃശ്ചികമായി അയാൾ പരിചയപ്പെട്ടതാണെങ്കിലും അവർ തമ്മിൽ ചില സാജാത്യങ്ങൾ ഉണ്ടെന്ന രീതിയിൽ സുഹൃത്തുക്കൾ ആകുകയാണ്. ഭർത്താവ് എന്ന പദവിയിൽ അയാൾ പരാജയമാണെന്ന് രണ്ട് തവണ തീർപ്പ് കൽപ്പിച്ചിരിക്കുന്നു. തൃപ്തിയോടെ ഏർപ്പെട്ട സെക്സ് പോലും കള്ളക്കളിയുടെ ഭാഗമായിരുന്നു. അച്ഛനും അമ്മയുമായി മാറിമാറിക്കളിയ്ക്കുന്നവനാണ് അമുദവൻ.  ഇത്തരം തിരിച്ചറിവുകളായിരിക്കണം മീരയെ വിവേചനഭാവമില്ലാതെ അയാൾ സുഹൃത്തായി കാണുന്നത്. ആൺ-പെൺ നിർവ്വചനത്തേയും ലൈംഗികതയെയും ലിംഗനീതികളേയും പറ്റി   ഒക്കെ ദൃഢവും നിർമ്മലവുമായ അറിവുകൾ ഉണ്ടായിരിക്കണം ഒരു ട്രാൻസ്ജെൻഡർ സെക്സ് വർക്കറിനു. ആൺ പെൺ വ്യത്യാസമില്ലാത്ത ലൈംഗികതയുടെ ഏകശിലാരൂപമാണവർ.   മീരയ്ക്ക് ആഢ്യത്തവും കൽപ്പിച്ചു നൽകിയിട്ടുണ്ട് സംവിധായകൻ.  അമുദവൻ അവളെ ഒരു റെസ്റ്റോറന്റിലേക്ക് ക്ഷണിച്ചപ്പോൾ  വീതിയുള്ള കസവുള്ള സെറ്റ് സാരിയും ബ്ലൗസും അണിഞ്ഞ് തികഞ്ഞ ആത്മവിശ്വാസത്തോടെയാണവൾ  പ്രത്യക്ഷപ്പെടുന്നത്. ഓണത്തിനും വിഷുവിനുമൊക്കെ പ്രത്യേകം ധരിക്കുന്ന വേഷമാണിതെന്ന് മലയാളിയായ അവൾ അമുദവനെ ധരിപ്പിക്കുന്നുമുണ്ട്. മകളുടെ സെക്സിനെക്കുറിച്ച് വേവലാതിയുള്ള അച്ഛനെയാണ് സന്ധിക്കുന്നത് എന്ന് മീരയ്ക്ക് നന്നായറിയാം. പൊതുസമൂഹം അവളെ അതിലെ ഒരംഗമായി സ്വീകരിച്ചു കാണുന്ന അപൂർവ്വ വേള ആയിരുന്നിരിക്കണം അവൾക്ക്. സ്വതവേ ട്രാൻസ് ആയിപ്പിറന്നവരുടേയും ശസ്ത്രക്രിയയിലൂടെയും മറ്റും ലിംഗമാറ്റം നേടിയവരുടേയും വ്യക്തിത്വത്തെക്കുറിച്ച് ആശങ്കകൾ പങ്കുവയ്ക്കുന്ന സിനിമകൾ ചിലവ ഉണ്ടായിട്ടുണ്ടെകിലും അവരുടെ ലൈഗികതയെ വ്യക്തിത്വത്തിൽ നിന്ന് മാറ്റി നിറുത്തി പരിശോധിയ്ക്കുന്ന സിനിമകൾ നമുക്കധികമില്ല.

 

        സമൂഹം കയ്യൊഴിഞ്ഞ അമുദവനേയും പാപ്പയേയും എന്തുകൊണ്ട് ഒരു ട്രാൻസ്ജെൻഡർ രക്ഷപെടുത്തണം? ഒന്നാമതായി അവൾ പാപ്പയെ ആണ്   രക്ഷപെടുത്തുന്നത്.  ലിംഗഭേദങ്ങളില്ലാത്ത നൈസർഗ്ഗികരതിയെക്കുറിച്ച് അറിവുള്ളവളാണവൾ. സ്വന്തം ജീവിതത്തിൽ മരണത്തെക്കുറിച്ച് ചിന്തിക്കേണ്ടി വന്നവളായിരിക്കണം അവൾ. സമൂഹം നിഷ്ക്കർഷിക്കുന്ന രീതിയിൽ ലിംഗപദവിയും രത്യോന്മുഖതയും ഏറ്റെടുത്തവളല്ല അവൾ. . രണ്ടാമതായി  ആണിനേയും പെണ്ണിനേയും ഒരു പോലെ അകമേയും പുറമേയും മനസ്സിലാക്കിയവളാണ് മീര. അമുദവനും അതു പോലെ തന്നെ. അയാൾ കടന്നു പോയ പ്രതിസന്ധികളുടെ ദയനീയത ഉൽച്ചേർക്കാൻ അറിയുന്നവൾ. പാപ്പയേയും അയാളേയും മനസ്സിലാക്കാൻ കഴിയുന്നവൾ അവൾ മാത്രമേ ഉള്ളൂ.

 

       പ്രകൃതിയുടെ നിലപാടുകളുടെ പരിണതിയാണ് സ്വകാര്യമായതോ  പൊതുവായതോ ആയ ജീവിതങ്ങൾ എന്ന് സമർത്ഥിക്കാനാണു സംവിധായകനു താൽപ്പര്യം. പ്രകൃതി എന്നതുകൊണ്ട് ഫിസിയോളജിയും ജെനറ്റിക്സും  ഉൾപ്പെടുന്ന ആന്തരിക സ്വഭാവങ്ങളോ , വായുവും വെള്ളവും മണ്ണും  ഇക്കോസിസ്റ്റങ്ങളും അടങ്ങുന്ന പ്രകൃതിയോ, സമൂഹത്തിന്റെ കാഴ്ച്ചപ്പാടും  വാശികളും വൈകൃതങ്ങളും വിവക്ഷിക്കുന്ന പ്രകൃതിയോ എന്നത് മാറിമറിയുന്നതും ക്ഷണപ്രഭാചഞ്ചലങ്ങളും ആണെന്നാണ് അമുദവൻ എഴുതുന്ന പുസ്തകത്തിൽ വിദിതമാക്കപ്പെടുന്നത്.  ഇവയുടെ എല്ലാം സങ്കലന വ്യപകലനങ്ങൾ അനുഭവിച്ചറിഞ്ഞവനാണ് അയാൾ . അതുകൊണ്ടുതന്നെ സ്വന്തം സ്വാസ്ഥ്യത്തിനും സ്വര്യത്തിനും അനുകൂലമായ പ്രകൃതി അയാൾ നേടുന്നുണ്ട്, അത് അയാൾക്ക് ആനന്ദം നൽകുന്നുമുണ്ട് എന്ന് സിനിമയുടെ അവസാനരംഗങ്ങൾ  സമർത്ഥിക്കുകയും ചെയ്യുന്നു.  എന്നാൽ വിധികല്പിതമലംഘനീയം എന്ന നിയതിവാദം (fatalism)  ഇതിൽ തേടേണ്ടതില്ല എന്നായിരിക്കണം സംവിധായകൻ ആവശ്യപ്പെടുന്നത്.

 

 

   

ദാമ്പത്യം പരിണാമം നിഷ്ക്കർഷിക്കുന്നതല്ല

 

    ജീവികളെ സംബന്ധിച്ച് ആരാണ് അച്ഛൻ എന്നത് ഒട്ടും സംഗതമായ ചോദ്യമല്ല. തന്തയില്ലാഴിക നടമാടുന്ന ജന്തുലോകത്ത് അദ്ഭുതം സൃഷ്ടിയ്ക്കുന്ന പ്രഹേളിക ഒന്നുമല്ലിത്. തന്തയില്ലാതെ ആരും ജനിക്കുന്നില്ല എന്നതുകൊണ്ട് തന്നെ ആ ചോദ്യത്തിൽ യുക്തി ഇല്ല താനും. 

  പിറക്കുന്ന കുഞ്ഞുങ്ങൾ ഓരോന്നും വ്യത്യസ്തമാകാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് ആൺ-പെൺ എന്ന രണ്ട് വർഗ്ഗം. അടുത്ത തലമുറയിലെ സാഹചര്യങ്ങൾ വ്യത്യസ്തമാണ് അതിൽ അതിജീവിക്കാൻ പുതിയ തന്ത്രങ്ങൾ ആവശ്യമാണ്. അതുകൊണ്ട് വൈവിദ്ധ്യമുള്ള ഉള്ള കുഞ്ഞുങ്ങളാണ് ജനിക്കേണ്ടത്. ജനിതകവ്യവസ്ഥയിൽ  വ്യത്യാസങ്ങളുള്ള രണ്ട് വിഭിന്ന ജീവികൾ പരസ്പരം  അവരുടെ പകുതി ക്രോമൊസോമുകൾ സംഭാവന ചെയ്ത് പുതിയ പ്രജകൾ ജനിക്കുമ്പോൾ അവർ ഓരോന്നും വ്യത്യസ്തരായിരിക്കും. അമ്മയെപ്പോലെയോ അച്ഛനെപ്പോലെയോ കൂടപ്പിറപ്പുകളെപ്പോലെയോ ആയിരിക്കില്ല അവയിൽ ഓരോന്നും. ആർക്കാണ് അതിജീവനചാതുര്യം കൂടുതൽ എന്നതാണ് പരിണാമവ്യവസ്ഥയ്ക്ക് ശ്രദ്ധിക്കാനുള്ളത്. ഏറ്റവും സമർത്ഥമായി പരിതസ്ഥിതിയുമായി ഇണങ്ങുന്നതും അതിനോട് പൊരുതി ജയിക്കുന്നതും ആയ പ്രജ ആണ് അതിജീവിക്കാൻ തെരഞ്ഞെടുക്കപ്പെടുന്നത്. അവർ വീണ്ടും ഇണചേർന്ന് ഈ ബലവത്തായ ജനിതകഘടന തലമുറകളിലേക്ക് കൈമാറുകയും ആ സ്പീഷീസ് സമൂഹം ഭൂമുഖത്ത് തുടരുകയും ചെയ്യുന്നു. 

  ഒരേ സ്പീഷീസിലുള്ള രണ്ട് ജീവികൾ, ആണും പെണ്ണും എങ്ങനെയാണ് വൈവിദ്ധ്യം അണയ്ക്കുന്നത്? അവർക്ക് ഒരേ ജനിതകം അല്ലേ?നിർബ്ബന്ധമില്ല. അവർ രണ്ട് വ്യത്യസ്ത പരിതസ്ഥിതിയിലാണ് അതിജീവിച്ചതെങ്കിൽ ചെറിയ ചില മാറ്റങ്ങൾ സ്വായത്തമാക്കിയിട്ടുണ്ടാവണം. ഓരോ ജീനിനും (സ്വഭാവം അല്ലെങ്കിൽ പ്രവർത്തി നിർണ്ണയിക്കുന്ന ഏകകം) അതിന്റെ കണ്ണാടി പ്രതിരൂപങ്ങളുണ്ട്. അല്ലീൽഎന്ന് വിളിയ്ക്കുന്നു ഇതിനെ. നമ്മുടെ രക്തഗ്രൂപ് പലർക്കും വിഭിന്നമാണ്, A, B, AB, O എന്നിങ്ങനെ . അവയാണ് അല്ലീലുകൾ.  A ഗ്രൂപ് ആൾ B  ഗ്രൂപ്  ആളെ കല്യാണം കഴിച്ചാൽ കുട്ടികൾ മിക്കവാറും AB  ഗ്രൂപ് ആയിരിക്കും. ചില പാരമ്പര്യ അസുഖങ്ങളുടെ ജീൻ ബലഹീനമായിരിക്കും അതിനെ അമർച്ച ചെയ്യാനുള്ള ശക്തിയുള്ള അതിന്റെ അല്ലീൽ ആ അസുഖം വരാതെ സൂക്ഷിച്ചു കൊള്ളും. ഇതിൽ ഏത് രണ്ടെണ്ണമാണ് കുട്ടികൾക്ക് ലഭിയ്ക്കുന്നത് എന്നതനുസരിച്ച് അസുഖം വരാനോ വരാതിരിക്കാനോ സാദ്ധ്യതയുണ്ട്. എന്നു വച്ചാൽ ഒരു അല്ലീൽ അച്ഛന്റെ സംഭാവനയാണ്, മറ്റേ അല്ലീൽ അമ്മയുടെതും, ഇവയുടെ സമ്മിശ്രണം ആ ജീനിന്റെ പ്രവൃത്തി നിശ്ചയിച്ചുകൊള്ളും. നമ്മുടെ ജനിതകവസ്തുവായ ഡി എൻ എ കട്ടിയുള്ള നാരുകളായി അടുക്കിക്കെട്ടിയുള്ള ക്രോമസോംഎന്ന വസ്തുവായാണ് കോശങ്ങളിൽ നില കൊള്ളുന്നത്. 46 എണ്ണമുണ്ട് നമുക്ക്. അതിൽ 23 അച്ഛനിൽ നിന്നും 23 അമ്മയിൽ നിന്നും ലഭിച്ചതാണ്. ഇതിൽ ഓരോന്നിലുമുള്ള ഏതൊക്കെ ജീൻ അല്ലീലുകളാണ് നമുക്ക് ലഭിയ്ക്കുന്നത് എന്നതനുസരിച്ച് നിങ്ങളുടെ സഹോദരനോ സഹോദരിയ്ക്കോ നിങ്ങളുടെ ജീൻ സമ്മിശ്രണം ആയിരിക്കില്ല ലഭിയ്ക്കുന്നത്. അണും പെണ്ണും എന്നിങ്ങനെ രണ്ട് വർഗ്ഗമായി ജീവികളെ തരം തിരിച്ചത് ഇപ്രകാരം ജീൻ സമ്മിശ്രണം നടക്കാൻ വേണ്ടിയാണ്. 

     ഇങ്ങനെ രണ്ട് തുല്യരുടെ ക്രോമസോമുകൾ സംയോജിച്ചാണ് പുതിയ ജീവി ഉണ്ടാകുന്നത് എങ്കിലും ആ ജീവിയ്ക്ക് വളരാൻ സാഹചര്യമൊരുക്കേണ്ടതാണ്, രണ്ടിൽ ഒന്ന് അതിനു നിശ്ചയിക്കപ്പെട്ട ജീവിയാണ്. നമ്മൾ പെണ്ണ്   (female ) എന്ന് അതിനെ വിളിയ്ക്കുന്നു. സസ്യങ്ങളിൽ മിക്കപ്പോഴും രണ്ടും ഒന്നിച്ചാണ്. ആൺ ക്രോമസോമുകളാണ് പൂമ്പൊടിയ്ക്കുള്ളിൽ.  പൂവിന്റെ ഒത്ത നടുക്ക് അടിയിൽ അണ്ഡ ( ovum)വുമുണ്ട്. പരാഗണം കഴിഞ്ഞാൽ പൂവിനു ഈ അണ്ഡത്തെ വളരാൻ അനുവദിക്കേണ്ടതുണ്ട്. ഇത് മനുഷ്യരിൽ വരെ ഇങ്ങനെ തന്നെ. സ്ത്രീയ്ക്ക് അണ്ഡത്തെ വളർത്തേണ്ട ചുമതലയുണ്ട്. പൂമ്പൊടി (ബീജം) വിതറിക്കഴിഞ്ഞാൽ ആണിനു അവന്റെ പാട്ടിനു പോകാം. എന്നു വച്ചാൽ അച്ഛൻ എന്നത് വെറും ക്രോമസോം ദാതാവ് മാത്രം എന്ന്. മനുഷ്യരിലാകട്ടെ 15-200 മില്ല്യൺ ബീജങ്ങളാണ് ഒരു മില്ലിലിറ്ററിൽ ഉള്ളത്. ഇതിൽ ഓരോന്നിനും ഓരോ അണ്ഡവുമായി യോജിക്കാനുള്ള സാദ്ധ്യതയുണ്ട്. എങ്കിൽ അത്രയും കുഞ്ഞുങ്ങളുടെ അച്ഛനാകാനുള്ള യോഗം പരിണാമം അവനു വച്ച് കൊടിത്തിരിക്കയാണെന്ന് സാരം. 

    അതുകൊണ്ട് ഏറ്റവും കൂടുതൽ പെൺജാതികളുമായി ഇണചേരാനാണ് ജന്തുക്കളിലെ എല്ലാ ആണുങ്ങളേയും സൃഷ്ടിച്ചിട്ടുള്ളത്. ചങ്കൂറ്റവും തടിമിടുക്കുമുള്ള ആണുങ്ങളെ തെരഞ്ഞെടുക്കാനാണു പെണ്ണിനു ഇഷ്ടം. ജനിയ്ക്കുന്ന കുഞ്ഞുങ്ങൾക്ക് അതിജീവനത്തിനുള്ള കോപ്പുകൾ എല്ലാം ഉണ്ടായിരിക്കണം എന്ന നിഷ്ക്കർഷ. ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ടവൻ കൂടുതൽ പെണ്ണുങ്ങളുമായി ഇണചേരും. കുടുംബവ്യവസ്ഥ ഉടലെടുക്കുന്നതു വരെ മനുഷ്യരിലും ഇതു തന്നെയായിരുന്നു രീതി. കുടുംബവ്യവസ്ഥയാകട്ടെ സമ്പത്തിന്റെ സമാഹരണവും കൂട്ടിവയ്പ്പും ഉദ്ദേശിക്കപ്പെട്ട് നിർമ്മിച്ചെടുത്തതാണു താനും. ആൺജാതി ബീജദാതാവ് മാത്രമാകുമ്പോൾ, പലരിലും കുഞ്ഞുങ്ങൾ ജനിയ്ക്കുമ്പോൾ ആ കുഞ്ഞുങ്ങളുമായി ജൈവബന്ധം ഒന്നും പരിണാമം ആവശ്യപ്പെടുന്നില്ല.  പല പെണ്ണുങ്ങളിലും കുഞ്ഞിനെ ജനിപ്പിക്കുക എന്നത് പരിണാമം അവനിൽ ഏൽപ്പിച്ച ചുമതലയായതുകൊണ്ട് ജൈവബന്ധം പ്രായോഗികമാകുന്നില്ല.  അമ്മയുടെ ആവശ്യമാണ് ശിശുപരിപാലനം-വാൽസല്യം എന്ന വികാരത്തിന്റെ അതിജീവനപശ്ച്ചാത്തലം. 50 വയസ്സോടെ അണ്ഡനിർമ്മാണം സ്ത്രീകളിൽ നിലയ്ക്കുകയാണ്; ശക്തിയുള്ള ബീജങ്ങളുമായി ആണുങ്ങൾ വളരെക്കാലം ജീവിച്ചിരിക്കുകയാണ്. ബീജദാതാവ് എന്ന  പ്രാക്തനസ്വഭാവം ഇന്നും മനുഷ്യരിലെ ആണുങ്ങളിൽ നിലനിൽക്കുന്നുണ്ട്, അതുകൊണ്ട് മക്കളെ പരിപാലിക്കാതെ വീടുവിട്ടു പോകുന്ന അച്ഛൻ പരിണാമം അവനു കൽപ്പിച്ചു നൽകിയ സ്വാതന്ത്ര്യം  ഉപയോഗിക്കുന്നു എന്നേയുള്ളു. എന്നും നിത്യകന്യകയെ തേടുന്ന നമ്മുടെ ഒരു കവിയേ ഓർമ്മിക്കാം. കാൽപ്പനികത മാത്രമാണ്  ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതെങ്കിലും ലൈംഗികസ്വാതന്ത്ര്യം ജൈവപരവും പ്രകൃത്യാനുശീലപരവും ആണെന്നുള്ളത് സത്യമാണ്.. 

   മനുഷ്യൻ പെറ്റുപെരുകി വലിയ സമൂഹങ്ങളുണ്ടായി ഭൂമി നിറഞ്ഞപ്പോൾ ഈ സ്വാതന്ത്ര്യം വിപുലമായതേ ഉള്ളു. കുഞ്ഞുങ്ങളെ പരിരക്ഷിക്കാൻ സമൂഹത്തിന്റെ ആകെയുള്ള സഹായം ലഭ്യമാകുന്നതുകൊണ്ട് അതിജീവനം എളുപ്പമായി. വളരെ ചെറിയ സമൂഹങ്ങളുള്ള, എണ്ണത്തിൽ കുറവായ prairie vole (ഏകദേശം ചെറിയ മുയലിനെപ്പോലെ ഇരിക്കും)  കൾക്ക് സ്വന്തം സ്പീഷീസിനെ അത്യാവശ്യമായി നിലനിറുത്തേണ്ടതുകൊണ്ട് അമ്മയുടെ കൂടെ അച്ഛനും ചേരും കുഞ്ഞുങ്ങളെ നോക്കാൻ. ഒരു ഭാര്യമാത്രമേ ഉണ്ടാകുകയുള്ളു ഇവരിലെ ആണുങ്ങൾക്ക്. ആദ്യത്തെ വേഴ്ച്ചയ്ക്കുശേഷം ഇണപിരിയാതെ ആജീവനാന്തം ആൺ വോൾ അവളുടെ കൂടെ ഉണ്ടാകും.  ഹിംസ്രമൃഗങ്ങളെ പ്രതിരോധിയ്ക്കാൻ വലിയ സംവിധാനങ്ങളൊന്നും മനസ്സിലും ശരീരത്തിലും ഇല്ലാത്തവയാണ് ഈ പാവം സസ്തനികൾ. മുട്ടവിരിയിക്കാൻ കൂട്ടിരിക്കുന്ന അച്ഛൻമ്മാരുണ്ട്, മീനുകളിൽപ്പോലും. ആഹാരം കഴിയ്ക്കാതെ വായിൽ മുട്ടകൾ വിരിയുന്നതുവരെ കൊണ്ടുനടക്കുന്ന മീനുകളുണ്ട്. കുഞ്ഞുങ്ങളെ നോക്കുന്ന പക്ഷികളുണ്ട്. പക്ഷേ ഇവരിൽ ഒന്നും ജൈവബന്ധം ഉരുത്തിരിയുന്നില്ല. നീന്താനോ പറക്കാനോ പ്രാപ്തിയായാൽ അച്ഛന്മാർ വിട്ട്പോകും. കോഴിക്കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്ന ചുമതല തള്ളക്കോഴിയുടേതാണ്. ബീജദാതാവായ അച്ഛൻ കോഴി പൂവാലനായി വിലസുന്നുണ്ടാവണം. പരിണാമത്തിന്റെ നിയമമാണത്, “കോഴി എന്നത് പല സ്ത്രീകളെ പ്രാപിക്കുന്ന മനുഷ്യനു ഇട്ടുകൊടുക്കുന്ന നികൃഷ്ടവിശേഷണമാണ്. പരിണാമത്തിന്റെ വിധി നടപ്പാക്കാൻ ശ്രമിക്കുകയാണ് അയാൾ . സ്വത്ത് പകർന്ന് കൊടുക്കൽ, സാമ്പത്തിക ആശ്രിതത്വം എന്നിവ പരിണാമവിധികളിൽ കൈ കടത്തുന്ന നിയമങ്ങളായി ആണുങ്ങൾ തന്നെ സൃഷ്ടിച്ചതാണ്. തന്റെ സ്വത്തിനവകാശി തന്റേ തന്നെ ക്രോമൊസോമുകൾ പേറിയവരായിരിക്കണം എന്ന സ്വാർത്ഥബുദ്ധി. ഇവ മാറ്റി നിറുത്തിയാൽ എല്ലാ ആണുങ്ങളും കോഴികൾ ആകേണ്ടവരാണ്. 

    സമ്പദ് വ്യവസ്ഥ മാറിമറിയുമ്പോൾ അച്ഛൻ വെറും ബീജദാതാവ് മാത്രമാകുന്നു. ഉദാഹരണം മരുമക്കത്തായം. അച്ഛനുമായി ജൈവബന്ധം ഒന്നും ഉരുത്തിരിയുന്നില്ല, അച്ഛൻ ആരെന്നു പോലും അറിയേണ്ടതില്ല.  അച്ഛന്റെ സ്വത്തിൽ അവകാശം എന്ന രീതി നടപ്പുള്ള ഇൻഡ്യയിൽ മക്കൾ ആജ്ഞാനുവർത്തികളും അച്ഛൻ അധികാരിയും നിയന്ത്രിതാവും ആകുന്നു. ജൈവബന്ധമുണ്ടെന്ന് ഇരുകൂട്ടരും വിശ്വസിക്കുന്നു.സ്വന്തം ഭാര്യ പ്രസവിച്ചതെങ്കിലും മറ്റൊരാളുടേതാണ് കുട്ടി എന്നത് അച്ഛനു സഹിക്കാൻ പറ്റാതാവുന്നു. ഈയിടെ അന്തരിച്ച ഒരു സാഹിത്യകാരി ബീജദാതാവല്ലാത്ത അച്ഛനിൽ നിന്ന് സഹിക്കേണ്ടിവന്ന ഉപദ്രവങ്ങളേയും പീഡനങ്ങളേയും വെളിപ്പെടുത്തിയത് ഓർക്കുക. അച്ഛനെ ശിശ്രൂഷിക്കുന്ന അവരെ നിരന്തരം ഓർമ്മിപ്പിച്ചിരുന്നുവത്രേ  അയാളുടെ സ്വത്ത്  ഒരിയ്ക്കലും അവർക്ക് നൽകുകയില്ല എന്ന്.

  ഇത്തരം വ്യവഹാരനീതികളാണ്  കൃത്യമായി ഒരച്ഛനെ ചൂണ്ടിക്കാണിക്കാനില്ലെങ്കിൽ ആ ആൾ നികൃഷ്ടതെ അർഹികുന്നതാണെന്നുള്ള സമൂഹകൽപ്പന നിർമ്മിച്ചെടുത്തത്. തന്തയില്ലാത്തവൻഎന്ന വിശേഷണം അച്ഛൻ എന്ന കൽപ്പിതസ്വരൂപത്തിന്റെ നിഴലിൽ വളർന്നവനല്ല, അതുകൊണ്ട് സ്വഭാവദൂഷ്യം പേറുന്നവൻ ആണെന്നും കൃത്യമായി വിവക്ഷിക്കാനുള്ളതാണ്.ജൈവപരമായ അച്ഛനും സമൂഹപരമായ അച്ഛനും വേർ തിരിയുകയാണിവിടെ. അച്ഛൻ എന്ന അധീശസ്വരൂപത്തിനു പ്രാമാണ്യം നിർമ്മിച്ചെടുക്കണമെങ്കിൽ അതില്ലാത്തവനെ (ജൈവപരമായി ഉണ്ടെങ്കിലും) ഇകഴ്ത്തുകയാണ് എളുപ്പം. സമൂഹത്തിൽ പ്രാമുഖ്യവും അംഗീകാരവും ബഹുമാനവും  ഇത്തരം കൃത്രിമശ്രേണീബന്ധത്താൽ സൃഷ്ടിക്കപ്പെടുകയാണ്. വ്യക്തിയുടെ മഹത്വം ആ ആളിന്റെ അച്ഛൻസ്വരൂപമാണ് നിർണ്ണയിക്കുന്നതത്രേ. പരിണാമം സംഭാവന ചെയ്യാത്ത ആഢ്യസ്ഥാനം മക്കളെ ചൂണ്ടിക്കാട്ടി നേടുകയാണ്. 

    പരിണാമവിധികൾക്കെതിരെ പൊരുതേണ്ടി വരുന്ന, ജൈവബന്ധം എന്ന കൃത്രിമത്വവുമായി പൊരുതുന്ന ആണുങ്ങൾ സ്വാതന്ത്ര്യത്തിനു വേണ്ടി ചുരമാന്തുകയാണ്. അവർ കലിപ്പ് തീർക്കുന്നത് ആണുങ്ങളായ സ്വന്തം മക്കളെ തല്ലിയും ഭേദ്യം ചെയ്തുമാണ്. പക്ഷേ മനുഷ്യൻ സമൂഹജീവിയാണ്, സ്നേഹവും വാൽസല്യവും ആണുങ്ങൾക്കും ഉദ്ദേശിക്കപ്പെടുന്നതാണ്. അതിനുള്ള ഹോർമോണുകളും പേറിയാണ് ആണുങ്ങൾ വിന്യസിക്കുന്നത്. പ്രായപൂർത്തിയാകാൻ വളരെയേറെ വർഷങ്ങൾ വേണ്ടിവരുന്ന അപൂർവ്വ ജന്തുവാണ് മനുഷ്യർ. അതുകൊണ്ട് അച്ഛന്റെ സാമീപ്യവും സംരക്ഷണയും നമ്മുടെ സ്പീഷീസിനേയും അതിജീവനത്തിനു സഹായിക്കുന്നുണ്ട്. അതും പരിണാമത്തിന്റെ നിഷ്ക്കർഷ തന്നെ.