തികച്ചും ക്ലാസിക്ക് രീതിയിലുള്ള സംഗീതസംവിധാനവുമായാണ് ‘അകലെയാണെങ്കിലും’ അവതരിക്കപ്പെടുന്നത്. 60 കളിലേയും 70 കളിലേയും ഗാനങ്ങളെ ഓർമ്മിപ്പിക്കുന്നു
എന്ന് പ്രസ്താവിച്ചാൽ അതിൽ അതിശയോക്തി ഇല്ല. പൊന്നു എന്ന പ്രണയിനിയോട് നേരിട്ട്
സംവദിക്കുന്നതായിട്ടാണ് പാട്ട് എഴുതിയിരിക്കുന്നതും
ചിട്ടപ്പെടുത്തിയിരിക്കുന്നതും. സ്റ്റീവ് മാത്തന്റെ ഈ പ്രേമസംഗീതാവിഷ്ക്കാരം
ഹൃദയദ്രവീകരണശക്തി ആർജ്ജിച്ചതുതന്നെയാണ്.
സുദീപ്കുമാറിന്റെ ആലാപനമാണ് വശ്യതയുടെ
പ്രധാനകാരണം. ശ്രുതിശുദ്ധി എന്നത് സുദീപിന്റെ കൈമുതലാണ്, പണ്ടേ തന്നെ. ശബ്ദത്തിലെ സൗകുമാര്യം ഇതിനോട് ചേരുമ്പോൾ
പാട്ട് എളുപ്പത്തിൽ അനുഭവഭേദ്യമാകുന്നത് ആഴത്തിൽത്തന്നെയാണ്. പഴയ ക്ലാസിക്
പാട്ടുകളുടെ ശൈലികൾ ആവോളം ഉൾക്കൊണ്ട പാട്ടുകാരനാണ്, അതുകൊണ്ട് ‘അകലെയാണെങ്കിലും’ സുദീപിന്റെ ആലാപനമികവിന്റെ കയ്യൊപ്പ് പതിഞ്ഞതാണ്. തന്റെ ‘ഗ്രൂമിങ്’ ചരിത്രം ശക്തമായ
സംഭാവനയുമായി പിൻ തുണച്ച് അവതരണ
സൗഭഗത്തിനു മിഴിവേറ്റുന്നുമുണ്ട്.. പ്രണയാത്മകതയുടെ അനുരണനങ്ങൾ സ്വാംശീകരിക്കാൻ ഏറെ
ശ്രദ്ധിച്ചിട്ടുമുണ്ട് സുദീപ്കുമാർ.
സംഗീതം ചിട്ടപ്പെടുത്തിയതിലെ സൂക്ഷ്മതകൾ
തീരെ ആയാസരഹിതമെന്ന് തോന്നിപ്പിക്കാൻ സ്റ്റീവ്
മാത്തൻ ശ്രമിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. പാട്ടിനു ഉടനീളം സൗമ്യതയണയ്ക്കാൻ ഈ
നിർബ്ബന്ധബുദ്ധി സഹായിച്ചിട്ടുമുണ്ട്. സ്റ്റീവിന്റെ മറ്റ് ചിലപാട്ടുകളിൽ കാണാറുള്ള
തിടുക്കമോ ധിറുതിയോ പാടേ മാറ്റിവച്ചിട്ടുമുണ്ട്. ആദ്യം മുതൽ അവസാനം വരെ നുനുത്ത
ഭാവോന്മീലനസ്വഭാവവും മന്ദമായ ഒഴുക്കും നിലനിറുത്താനും സ്റ്റീവ് ശ്രമിച്ചിട്ടുണ്ട്.
ആധുനികതയുടെ ചെപ്പടിവിദ്യകൾ പാടേ അകറ്റിനിറുത്താൻ ശ്രദ്ധിച്ചത് ഈ കാലഘട്ടത്തിൽ
വെല്ലുവിളി തന്നെയാണ്. ഇത്തരം പാട്ടുകൾ പഴഞ്ചരക്കാണെന്ന് പുഛിച്ച് തള്ളുന്നവരുടെ ഇടയിലേക്ക്
ഒരു മണ്മറഞ്ഞ കാലത്തെ ശൈലി സന്നിവേശിപ്പിക്കാൻ ധൈര്യം വേണം തന്നെ. സുദീപ്കുമാർ
തന്റെ ആലാപനത്തിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്.
പ്രിയതമ അകലെയാണെങ്കിലും ഉള്ളിലുയുന്ന പ്രേമഗീതത്തിന്റെ
പല്ലവിയായിട്ട് അരികിലെത്തുന്നതും പ്രണേതാവ് അടുത്തെത്തുമ്പോൾ അവൾ
പ്രേമപുളകിതയാകുന്നതും ഒക്കെയാണ് പാടി ഫലിപ്പിക്കപ്പെടുന്നത്. ‘പൊന്നൂ’ എന്ന പ്രേമമസൃണസംബോധന
ആവർത്തിക്കുന്നതോടെയാണ് തുടക്കം. പല്ലവി എന്ന നില്യ്ക്ക് ഇത്
ആവർത്തിക്കുന്നുമുണ്ട്. ‘അകതാരിലുണരുന്ന..’ എന്ന ആദ്യചരണത്തിൽ ‘അനുഭൂതി പുൽകിയ’ എന്ന ഭാഗത്തെ “പുൽകിയ” സംഗതിയോടെ ആവർത്തിക്കുന്നത് പ്രകാശമാനസൗഭഗത്തോടെയാണ്. അതുപോലെ
‘അകലെയാണെങ്കിലും’ ആവർത്തിക്കുമ്പോൾ “ണെങ്കി” എന്നിടത്തും ‘അറിയാതെ’ എന്നിടത്തെ ‘യാതെ’ ഭാഗത്തും സ്ഥായി തെല്ല്
ഉയർത്തിയുള്ള പ്രയോഗങ്ങൾ കൗതുകതരം തന്നെ എന്ന് പറയാം. കമ്പോസിങ്ങിൽ സൂക്ഷ്മത
പുലർത്താൻ സംഗീതകാരൻ ശ്രദ്ധിച്ചു എന്നതിന്റെ മാത്രമല്ല സുദീപ്കുമാറിന്റെ അനായാസമായ
ശബ്ദവിന്യാസചാതുരിയുടേയും ഉദാഹരണങ്ങളാണിവ. പക്ഷേ രണ്ടാം ചരണത്തിൽ ഇതിനു തുല്യവും
സമാന്തരവുമായ ഭാഗങ്ങളിൽ ഈ സൂക്ഷ്മാവിഷ്ക്കാരം തെല്ല് വിട്ടു പോയ പോലെയാണ് (‘നെയ്യുന്ന’, ‘കൊണ്ടുനീ’ എന്ന ഭാഗങ്ങളിൽ). പക്ഷേ ‘കരിനീലമിഴികളിൽ’ എന്ന രണ്ടാം ചരണം
ആവർത്തിക്കുമ്പോൾ നീ , ല എന്നീ അക്ഷരങ്ങൾക്കിടയ്ക്കും മി ,ഴി എന്നീ അക്ഷരങ്ങൾക്കിടയ്ക്കും ചില സൂക്ഷ്മസഞ്ചാരങ്ങൾ
വിനിയോഗിച്ച് മധുരതരമാക്കിയിട്ടുണ്ട്. ’കാമിനീ ഞാൻ ‘ എന്ന ഭാഗത്ത് ‘കാമിനിയുടെ’ നീ” വ്യത്യസ്തതയോടെ നീട്ടിയെടുത്തതും ശ്രദ്ധിക്കപ്പെടും.
ഇത്തരം ചില പൊടിക്കൈകൾ സംഗീതകാരനും പാട്ടുകാരനും ഒരുമിച്ച് കേൾവിസുഖം പ്രദാനം
ചെയ്യാൻ ഇടയാക്കിയിട്ടുണ്ട്. ‘കൊണ്ടു നീ’ എന്ന ഭാഗത്തും സൂക്ഷ്മ സംഗതി പ്രത്യക്ഷമാക്കിയിട്ടുണ്ട്.
ആദ്യത്തെ ചരണത്തിനു ശേഷം പല്ലവി മുഴുവൻ പാടാതെ’പൊന്നൂ’ എന്ന വിളി മാത്രമേ
നിബന്ധിച്ചിട്ടുള്ളൂ എന്നത് ആവർത്തന വിരസത ഒഴിവാക്കിയിട്ടുണ്ട്.
സ്റ്റീവും നന്ദു കർത്തയും ഓർക്കേഷ്ട്രെഷൻ
ക്ലാസിക് ശൈലിയിൽ തന്നെ ആവിഷ്ക്കരിച്ചിരിക്കുന്നു. വയലിൻ ബിറ്റുകൾ ഉദാത്തവും
ഗൃഹാതുരത്വം വിളിച്ചോതുന്നതുമാണ്. ഫ്ലൂട് ആണ് പ്രേമഭാവനകൾ ഉണർത്തിയെടുക്കാൻ
പര്യാപ്തമാക്കിയെടുത്തിട്ടുള്ളത്. സിതാറിന്റെ കിലുക്കങ്ങൾ അവിടവിടെയായുണ്ട്. ജോമോൻ
ചെങ്ങന്നൂർ തന്റെ തബല വിന്യാസങ്ങളാൽ സാന്നിദ്ധ്യം അറിയിച്ചിട്ടുള്ളത് പലയിടത്തുമാണ്. പ്രത്യേകിച്ചും രണ്ടാമത്തെ ‘പൊന്നൂ’ എന്ന വിളിയ്ക്ക് ശേഷം ചില സുന്ദരപെരുക്കപ്രയോഗങ്ങളാൽ.
പാട്ടിന്റെ പൊതുസ്വഭാവവുമായി ചേർന്നു നിൽക്കുന്നുമുണ്ട് തബലപ്രയോഗങ്ങൾ. ചരണങ്ങളുടെ
ആദ്യരണ്ട് വരികളുടെ ആലാപനത്തിനു പിന്നിൽ ബി ജി എം വർജ്ജിച്ച് പിന്നെയുള്ള ഭാഗത്ത് മാത്രമാണ് അത് കൂട്ടിനു
വരുന്നത് . അതുകൊണ്ട് തന്നെ ‘അകലെയാണെങ്കിലും’ ‘കാമിനീ ഞാൻ നിന്റെ’ എന്നീ രണ്ടാം ഭാഗങ്ങൾക്ക്
പ്രത്യേക ഉണർവ്വും ഗാംഭീര്യവും ലഭിച്ചിട്ടുണ്ട്.
ഗാനം സ്വയം എഴുതാൻ സംഗീതകാരൻ തന്നെ
തീരുമാനിച്ചത് കമ്പോസിങ്ങിനു ചാരുതയണയ്ക്കാൻ സാദ്ധ്യത കൈവരുത്തിയിട്ടുണ്ടാവണം. ‘അകതാരിലുണരൊന്നരസുലഭഗാനത്തിൻ അനുഭൂതി’യും ‘കാതരസ്വപ്നങ്ങൾ കവിതകൾ നെയ്യുന്ന’തും കവിത്വഗുണം പേറുന്നതിന്റെ നിദർശനങ്ങൾ തന്നെ. സ്റ്റീവ് മാത്തന്റെ നേരത്തെയുള്ള ഗാനങ്ങൾക്ക്
മറ്റ് കവികൾ ആവിഷ്ക്കരിച്ച സാഹിത്യാംശം അപേക്ഷിച്ച് ഇത് മെച്ചമാണെന്ന്
പറയാമെങ്കിലും നൂറ്റൊന്നാവർത്തിക്കപ്പെട്ടിട്ടുള്ള “കാൽ വിരൽ കൊണ്ട് കളമെഴുതി” ഒക്കെ പ്രത്യക്ഷപ്പെടുന്നത്
സ്വൽപ്പം അരോചകം തന്നെ. ‘കവിതകൾ നെയ്യുന്ന കളിയാട്ടം’ എന്ന പ്രയോഗം വികലമല്ലേ എന്ന് സംശയം. കളിയാട്ടം
നെയ്തെടുക്കുന്നതാണോ എന്ന ചോദ്യത്തിനുത്തരം ലഭിയ്ക്കുക എളുപ്പമല്ല. പിന്നെ വരുന്ന ‘കാമിനീ ഞാൻ’ എന്ന ഭാഗത്തോട് ഈ
ആശയം ബന്ധിപ്പിക്കാനും പ്രയാസമുണ്ട്. പക്ഷേ സുദീപ്കുമാറിന്റെ ആലാപനസുഭഗത ഈ
വൈഷമ്യങ്ങളെ മറയ്ക്കാൻ പോന്നതാണ് എന്നത് തന്നെ ആശ്വാസം..
സംഗീത ആൽബങ്ങൾക്ക് ഇമേജുകൾ വേണമെന്നുള്ളത് ഒരു
നിർബ്ബന്ധം പോലെ ഉൾച്ചേർന്നിരിക്കയാണ് ഇക്കാലത്ത്. ഗാനം സൃഷ്ടിയ്ക്കുന്ന വാങ്
മയചിത്രങ്ങളോ സംഗീതഭാവനകൾ പ്രത്യക്ഷമാക്കുന്ന ഭാവോന്മീലനങ്ങളോ പോരാതെ വരുമെന്നുള്ള
പേടിയായിരിക്കണം ഈ സൃഷ്ടികർമ്മം പരക്കെ സ്വീകാര്യമായതിന്റെ പിന്നിൽ. പാട്ടിനെ “നോക്കിക്കാണുക” എന്നത് ചിലപ്പോൾ
ഒരു ദുർവിധി ആകുന്നുമുണ്ട്. ‘അകലെയാണെങ്കിലും’ ചില സുന്ദരദൃശ്യങ്ങൾ കാട്ടിത്തരുന്നുണ്ടെങ്കിലും അവകൾക്ക്
പാട്ടിന്റെ ആസ്വാദനമേന്മ പൊലിപ്പിക്കാനായിട്ടുണ്ടോ എന്നത് സംശയകരമാണ്. ഫ്രെയ്മുകൾ
നിജപ്പെടുത്തിയതിൽ ചാരുത ദർശിക്കാമെങ്കിലും പല ദൃശ്യങ്ങളും പാട്ടിലെ വരികളുമായോ
ആശയമായോ പൊരുത്തപ്പെടുന്നുണ്ടോ എന്ന് ആശ്ചര്യപ്പെടാൻ വഴി വെയ്ക്കുന്നുമുണ്ട്.. പല
കൂട്ടിച്ചേർക്കലുകളും ക്രമരഹിതമോ എന്ന തോന്നൽ വന്നാൽ കുറ്റം പറയാനും വയ്യ. കോവിഡ്
മഹാമാരിയുടെ ദുരന്തകാലം പരിമിതികൾ സൃഷ്ടിച്ചു എന്ന് അനുമാനിയ്ക്കാം. പൊന്നു എന്ന
സുന്ദരിപ്രണയിനിയെ ഉചിതവും മനോഹരവുമായ വാതാവരണങ്ങളിൽ അവതരിപ്പിക്കുന്നതിൽ ഈ
ദൃശ്യങ്ങൾ വിജയിച്ചു എങ്കിലും അവ കണ്ടില്ലെങ്കിലും പാട്ട് മനസ്സിൽ പതിഞ്ഞിരിക്കും, പിന്നെയും പിന്നെയും മൂളാൻ പ്രേരിപ്പിക്കുകയും ചെയ്യും.
1 comment:
സംഗീത ഭാവനകളിലൂടെ അസ്സലൊരു യാത്ര
Post a Comment