Monday, February 8, 2021

ചില്ലു വിളക്കുമായ് അമ്പിളിപ്പെണ്ണാള്....ജോൺസൺന്റെ നാടൻ പാട്ട് നിർമ്മിതി

 

 

    വളരെ വ്യത്യസ്തമായ രീതിയിൽ ജോൺസൺ സംഗീതം നൽകിയ പാട്ടാണ് ചുരംസിനിമയിലെ ലളിതം എന്ന് തോന്നിപ്പിക്കുന്ന, എന്നാൽ നിശിതവുമായ ചില്ലു വിളക്കുമായ്.... പൂർണ്ണമായും ഒരു നാടൻപാട്ട് എന്ന ദൃഢനിശ്ചയത്തോടെയാണ് ചിട്ടപ്പെടുത്തൽ, എന്നാൽ നാടൻ പാട്ടിന്റെ വഴികളെ വെല്ലുവിളിയ്ക്കാനും ജോൺസൺ ഒരുമ്പെടുന്നുണ്ട്.ഒരു രാഗഛായ തോന്നിപ്പിക്കാനോ ശാസ്ത്രീയ സംഗീതാലാപനരീതികളെ സന്നിവേശിക്കാനോ ശ്രമിക്കുന്നില്ലെന്ന് മാത്രമല്ല അത്തരം ഉദ്ദേശങ്ങളെ മാറ്റി നിർത്തിയിട്ടുമുണ്ട്.

 

 കാട്ടിലും മലനിരകളിലും നായികാനായകന്മാർ വിഹരിക്കുന്ന ദൃശ്യങ്ങൾക്ക് വേണ്ടിയാണ് ചിട്ടപ്പെടുത്തൽ എന്ന ധാരണയുള്ളതിനാലായിരിക്കണം മലമുകളുടെ കയറ്റവും താഴ്വാരങ്ങളിലേക്കുള്ള ഇറക്കവും കുത്തനെയുള്ള അഗാധതാ നിപാതവും ഉൾക്കൊള്ളിച്ച് പാട്ട് പ്രയാണം ചെയ്യുന്നത്. ചിലടത്ത് പാഞ്ഞുപോകുന്ന ഒരു അരുവി മന്ദതയാർജ്ജിക്കുന്നതും പെട്ടെന്ന് വെള്ളച്ചാട്ടമാകുന്നതും പിന്നീട് തെല്ല് നിശ്ചലമാകുന്നതും അനുഭവപ്പെട്ടാൽ കുറ്റം പറയാനില്ല. ഒട്ടും നിനച്ചിരിയാതെയാണ് ഈ പാട്ടൊഴുക്കിന്റെ വളവുതിരിവുകൾ ആകസ്മികത സമ്മാനിയ്ക്കുന്നത്. കേൾവി സുഖം ഏറെയാണ് ചില്ലു വിളക്കുമായ്.. പ്രദാനം ചെയ്യുന്നത്.

 

   സാധാരണ നാടൻശീലുകൾ മൂളിപ്പരിചയമുള്ളവർക്ക് ചെറിയ ചില ആകസ്മിതകളും വിസ്മയങ്ങളും തീർത്തുകൊണ്ടാണ് പല്ലവി തന്നെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അന്തിച്ചുരം കടന്നേ ഭാഗത്ത് അന്തിച്ചുരം താഴ്ന്ന സ്ഥായിയിലാക്കി കടന്നേയിലെ ന്നേ. പെട്ടെന്ന് ഉയർന്ന സ്ഥായിയാക്കിയിരിക്കുകയാണ്.  തൂമഞ്ഞിൻ വില്ലീസു നീക്കീ.. യിലെ നീക്കീ കൂടുതൽ സംഗീതാതമകമാക്കിയിട്ടുണ്ട്, നാടൻ പാട്ട് രീതിയിൽ നിന്ന് വ്യത്യസ്തമാക്കി. ഗാനത്മകത വർദ്ധമാനമാക്കാനുള്ള ട്രിക്ക് തന്നെ ഇത്. ഉടൻ തന്നെ കരിമിഴി തെളിയണ് പിടയണ് ഇടനെഞ്ച് കുളിരണ് നിറയണ് ഇരുകിളി കുറുകണ് കുറുകണ് ഊം ഊം.. എന്ന് കാലം മുറുകിയുള്ള പ്രസ്താവനയിലേക്ക് കടക്കുകയാണ്. കുറുകണ് കുറുകണ് ..ഊം ഊംഎന്നത് യേശുദാസ് സ്വതഃസിദ്ധമായ കൊഞ്ചലോടെ ആലപിച്ചിരിക്കുന്നത് സ്നിഗ്ധതയേറ്റുകയാണ്. രണ്ടാം ചരണത്തിന്റെ അവസാനവും ഇതേ വരികൾ ഇതേ ആലാപനരീതിയോടേ ആവർത്തിക്കുന്നുണ്ട്. പാട്ടിനു നാടൻശൈലി കൈവരുത്തുക മാത്രമല്ല കമിതാക്കളൂടെ നിഷ്ക്കളങ്ക പ്രണയലീലകൾ ചിത്രീകരിക്കാൻ പര്യാപ്തമാവുന്നുണ്ട് എന്നതും സാധിച്ചെടുത്തിരിക്കയാണ്. പാട്ട് സാധിച്ചെടുക്കുന്ന പ്രഖ്യാപനവും ഇതു തന്നെ-ഉൽക്കടപ്രണയം.

 

     ചരണങ്ങൾ രണ്ടും പല്ലവിയുടെ പാട്ട് ഘടനയിൽ നിന്നും താളക്രമങ്ങളിൽ നിന്നും വേറിട്ടാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത് തീരെ അലോസരമുണ്ടാക്കുന്നില്ല, കാരണം പാട്ടിന്റെ ആകെപ്പാട്യുള്ള ഫീൽ അതേ പടി നിലനിറുത്തിയിട്ടുണ്ടെന്നുള്ളതുകൊണ്ട് തന്നെ. ഇവിടെയാണ് ജോൺസൺ തന്റെ വൈദഗ്ദ്ധ്യം തെളിയിച്ചിരിക്കുന്നത്. ഈ ചരണത്തിൽ തന്നെ താളത്തിന്റെ നടകൾ മാറുന്നുണ്ട്, “മേടനിലാവിൻ..ഭാഗത്ത് നിന്ന്  സ്നേഹത്തിൻ മാരി പെയ്തു മാറാകെ തിങ്ങിവിങ്ങി..ഇലേയ്ക്കെത്തുമ്പോൾ നമുക്ക് കൂടുതൽ പരിചയമുള്ള നാടൻ താളം കടന്നു വരികയാണ്. ഏകദേശം കാടിന്റെ താളം നമ്മൾ തിങ്കൾ പൊന്നിൻ കലപ്പകൊണ്ടുഴിതിട്ട വയനാടൻ മണ്ണിൽ (കാട് കുളിരണ് കൂടു കുളിരണ്-സലിൽ ചൗധരി) എന്ന ഭാഗത്ത് കേട്ടപോലെ. തബല തീരെ വർജ്ജിച്ചിരിക്കയാണ്, ഉചിതമായിത്തന്നെ നാടൻ താളവാദ്യം എന്ന് തോന്നിപ്പിക്കുന്ന ഡ്രംസ് ആണ് താളദാതാവ്`.  വീണ്ടും കാണാത്ത പൂമറുക് ...ഭാഗത്ത് നേരത്തെ കേട്ട തദ്ധിനധിംതിരിച്ചു വരുന്നുണ്ട്. പക്ഷേ അനായാസമാണ് ഈ ഷിഫ്റ്റ്. പാട്ടിന്റെ അനായാസപ്രയാണത്തിൽ ഇത് അലിഞ്ഞു പോയിരിക്കയാണ്. രണ്ടാം ചരണത്തിൽ ഈ ഭാഗം ഒഴിവാക്കിയിട്ടുണ്ട് പകരം പല്ലവിയുടെ രണ്ടാം ഭാഗമായ (അനുപല്ലവി എന്ന് പറയാൻ വയ്യ) കരിമിഴി തെളിയണ്...”’ ആണ് ഉപയോഗിച്ചിരിക്കുന്നത്.സങ്കീർണ്ണമാണ് ചിട്ടപ്പെടുത്തൽ. പക്ഷേ പാട്ടിന്റെ ഒഴുക്കിനെ തെല്ലും ബാധിച്ചിട്ടില്ല ഇത്.

 

  പല്ലവി കഴിഞ്ഞു വരുന്ന ഓർക്കെസ്ട്രേഷനും ആദ്യത്തെ ചരണം കഴിഞ്ഞു വരുന്ന ഓർക്കേഷ്ട്രേഷനും രണ്ടു തരത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. സാധാരണ നമ്മൾ കേൾക്കുന്ന ഒട്ടുമുക്കാലും പാട്ടുകളിൽ ആദ്യത്തേതിന്റെ ആവർത്തനമാണ് രണ്ടാമത് ഉപയോഗിക്കാറ്, ഈ പതിവ് തെറ്റിച്ചിരിക്കുന്നു ഇവിടെ. എന്നാൽ രണ്ടിലും സന്തൂറിന്റെ കിലുക്കങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ശിവകുമാർ ശർമ്മയും മറ്റും സന്തൂർ സ്വരസങ്കേതങ്ങൾ പർവ്വതങ്ങളിലെ സൂര്യോദയം സൂചിപ്പിക്കാൻ ഉപയോഗിക്കാറുണ്ട്. പലപ്പോഴും ഹിമാലയസാനുക്കൾ പ്രകാശധോരണിയിൽ ഉണർന്നെഴുന്ന അനുഭവം ഉളവാക്കാൻ സന്തൂരിനു കഴിയാറുണ്ട്. ജോൺസൺ ഇത് ഉദ്ദേശിച്ചായിരിക്കണം സന്തൂർ ചെറിയ രീതിയിലെങ്കിലും ഉൾക്കൊള്ളിച്ചത്. ഫ്ലൂട് ആണ് പ്രധാനമായിട്ടും പ്രകൃതിയുടെ ഊർജ്ജസ്വലതയും വിശുദ്ധിയും വിളിച്ചോതാൻ ഉപയോഗിച്ചിട്ടുള്ളത്. ഗ്രാമീണത അനുഭവപ്പെടുത്താൻ രൊണു മജൂംദാർ നിഷ്ക്കർഷിക്കാറുള്ള ഫ്ലൂട് പ്രയോഗങ്ങളെ ഓർമ്മിപ്പിക്കുന്നുണ്ട് ഇത്. വയലിൻ സംഘത്തോടൊപ്പം ഫ്ലൂട് ചെറിയ മെലഡി ബിറ്റുകളും സംഭാവന ചെയ്യുന്നുണ്ട് ഈ ഇടവേളകളിൽ.. ഇതും പാട്ടിന്റെ ചില ഭാഗങ്ങളോട് ചേർന്ന് നിൽക്കുന്നുണ്ട്. ശാസ്ത്രീയസംഗീതത്തിന്റെ ലാഞ്ഛനകൾ തൊട്ടു തൊടാതെയുള്ള പ്രയോഗങ്ങൾ. ജോൺസൺ ഇക്കാര്യത്തിൽ പണ്ടേ നിപുണനാണു താനും.

 

  യേശുദസിന്റെ ആലാപനത്തിലെ താരള്യവും ഗ്രാമീണശാലീനത ഉൾച്ചേർക്കലുമാണ് ഈ പാട്ടിനെ നൂറു ശതമാനവും നാടൻ പാട്ടായി ബോദ്ധ്യപ്പെടുത്തുന്നത്. ഒരുപാട് വർഷങ്ങൾക്ക് മുൻപ്, 1981 ഇൽ ജോൺസണും യേശുദാസും ഒന്നിച്ച സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവിൽ..എന്ന കൊടും ശോകഗാനം നിർമ്മിച്ചെടുത്തിട്ടുണ്ട്. ചില്ലു വിളക്കുമായ്..ഇനു നേർ വിപരീതം. യേശുദാസിന്റെ അനായാസമായ ആലാപനവഴക്കത്തെ  സൂചിപ്പിക്കുന്നുണ്ട് ഈ താരതമ്യം. ജോൺസന്റെ സംഗീതസംവിധാന ചാതുരിയേയും.

  

1 comment:

Anonymous said...

ശരിയാണ്.
സിനിമ കണ്ട് നിരാശപ്പെട്ട ശേഷം കുറച്ചു കാലം കഴിഞ്ഞാണ് ഈ പാട്ട് ശ്രദ്ധയിൽ വന്നത്