Friday, December 5, 2014

ഭാർഗ്ഗവീനിലയം-മോഹാന്ധത തീർന്നെത്തിയൊരിടം


     ഏകാന്തതയുടെ അപാരതീരങ്ങളിലാണ് ഭാവന വിടർന്നു വികസിക്കാൻ പരിസരസ്വധീനം  വ്യവസ്ഥകൾ നിർമ്മിക്കുന്നത്.  ഭാർഗ്ഗവിക്കുട്ടി മിഥ്യയായും യാഥാർഥ്യമായും സാഹിത്യകാരനിലേക്ക് നിശിതമായി കുടിയേറുന്നത് ഇത്തരം ഒരു പര്യാവരണത്തിലാണ്.. പുതിയ കഥയെഴുതാൻ വന്ന സാഹിത്യകാരനു പ്രധാനകഥാപാത്രം കൃത്യമായി തന്റെ മുൻപിൽ പ്രത്യകഷപ്പെടുമ്പോൾ അമ്പരപ്പു തോന്നിയെങ്കിലും ഭാവനയുടെ പരിപൂർണ്ണവികാസം അനുഭവിച്ചറിഞ്ഞതിലെ ആനന്ദമായിരുന്നിരിക്കണം ഉള്ളിൽ. കുടിയേറിക്കഴിഞ്ഞ കഥാപാത്രമാകട്ടെ ഇരുളിന്റെ പൊരുളുകൾ വെളിച്ചത്താക്കി, എല്ലാ മോഹങ്ങളും മുക്തിയോടു ലയിപ്പിച്ച്  തന്റെ പ്രണേതാവിനൊപ്പം നിതാന്തനിർവൃതിയിൽ വിലയനം പ്രാപിച്ച് തനിക്ക് ഇതു സാദ്ധ്യമാക്കിത്തന്ന എഴുത്തുകാരനെ പ്രേമത്തിന്റെ ശവകുടീരമായ ഭാർഗ്ഗവീനിലയത്തിൽ വിട്ടും വച്ച് യാത്രയാവുകയാണ്.  

      ബഷീറിന്റെ അതുല്യതൂലികയ്ക്കു മാത്രം വരച്ചെടുക്കാൻ പറ്റിയ അപൂർവ്വ കഥാപാത്രമാണ് ഭാർഗ്ഗവിക്കുട്ടി. മലയാളസിനിമയിൽ അപൂർവ്വമായി കാണപ്പെടുന്ന കരുത്തേറിയ സ്ത്രീ കഥാപാത്രം.  രണ്ടു നായക വേഷങ്ങൾ-മധുവും പ്രേം നസീറുമാണ് അവതരിപ്പിക്കുന്നത്- നിറഞ്ഞു നിൽക്കുന്ന രംഗങ്ങൾ ആണ് സിനിമയിൽ ഏറെയെങ്കിലും  ഏറ്റവും സ്ഥൈര്യവും  കരുത്തും  നിശ്ചയദാർഢ്യവുമുള്ള ഭാരഗ്ഗവിക്കുട്ടിയാണ്  സംത്രാസം സൃഷ്ടിച്ച്  മിഴിവേറുന്നത്.   ആർക്കും പിടിയില്ലാതെ പോയ സ്വന്തം കഥ ഒരു എഴുത്തുകാരൻ വഴി നിർമ്മിച്ചെടുക്കാൻ പ്രാപ്തിയുള്ള ഈ സ്ത്രീകഥാപാത്രം മലയാളസിനിമാചരിത്രത്തിൽ ജ്വലിച്ചു നിൽക്കുന്നത് അപ്രകാരമാണ്. താരപ്പൊലിമയും സർവ്വപ്രീതിയും പിന്തുണയ്ക്കുന്ന നായകവേഷങ്ങളെ ആവാഹിച്ചു മാറ്റി പ്രേക്ഷകരെ ഒരേയൊരു കഥാപാത്രത്തിൽ ആകർഷിച്ചു നിറുത്തി  ഉജ്ജ്വലവിജയം നേടുകയാണ് തുടക്കക്കാരിയായ വിജയനിർമ്മല അവതരിപ്പിച്ച ഈ കഥാപാത്രം. ബഷീറിനും  വിൻസന്റിനും പി ഭാസ്കരനും അവകാശപ്പെട്ടതാണ് ഈ വിജയത്തിന്റെ പട്ടും വളയും.

     ഭാർഗ്ഗവിക്കുട്ടി പ്രേതമോ യക്ഷിയോ ഒക്കെയാണെന്ന പൊതുധാരണ ഭാവനയുടെ വികാസപരിണാമങ്ങളെക്കുറിച്ച് പിടിയില്ലാത്തവർ എളുപ്പം കണ്ടു പിടിച്ച യുക്തിയാണ്. ഒരേ സമയം മിഥ്യയും യാഥാർത്ഥ്യവുമായ കഥാപാത്രം ആണ് ഭാർഗ്ഗവി. എഴുത്തുകാർക്ക് സ്ഥിരപരിചയമുള്ള അവസ്ഥാവിശേഷമാണിത്. ഭാർഗ്ഗവീനിലയം എന്ന സിനിമയെ ഒരു “ഹൊറർ ചിത്രം” എന്ന് വിശേഷിപ്പിന്നത് ഈ സത്യം അവഗണിച്ചു കൊണ്ടാണ്, പേടിപ്പിക്കുന്ന രംഗങ്ങൾ ഉണ്ടെന്നിരുന്നാൽ കൂടി.  ധാരാളം അജ്ഞേയതകളും നിഗൂഢതകളും അവശേഷിക്കപ്പെട്ടു പോയ ജീവിതാന്ത്യത്തിന്റെ രഹസ്യവും സത്യവും പുറം ലോകം അറിയണമെന്നുള്ള നിശ്ചയക്കാരി ഒരു കുറ്റാന്വേഷകനെയല്ല കാത്തിരുന്നത്, ഒരു എഴുത്തുകാരനെയാണ്.  സൂചനകൾ മാത്രം നൽകാൻ പര്യാപ്തമായ ലോകത്ത് നിന്നും അവൾ ആവുന്നതു ശ്രമിക്കുന്നുണ്ട് എഴുത്തുകാരന്റെ ഭാവന വിടർത്തി എടുക്കാൻ. എഴുത്തുകാരന്റെ കാലത്ത് ഭാർഗ്ഗവി രക്തരക്ഷസ്സും കൊലപാതകിയുമാണ്, അവളുടെ നേർ വിപരീത സ്വഭാവങ്ങൾ.  പക്ഷേ അയാൾക്ക് പെട്ടെന്നാണ്  അവളുടെ വ്യക്തിത്വം പിടി കിട്ടുന്നത്-ഒരു എഴുത്തുകാരനു മാത്രം അനുഭവഭേദ്യമാകുന്നതാണ് തന്റെ കഥാപാത്രത്തിന്റെ മനോനിലകൾ. രണ്ടു ഭാർഗ്ഗവിക്കുട്ടികളെയും അതീവ തന്മയത്വത്തോടെയാണ് തിരിഞ്ഞും മറിഞ്ഞും ഒളിച്ചും തെളിച്ചും സിനിമ അവതരിപ്പിക്കുന്നത്.  ഭാർഗ്ഗവിയുടെ തനിമ വിഭ്രമാത്മകമാണ്.  സമയത്തിൻ ചിറകടി കേൾക്കാത്തവളാണവൾ. മരണശേഷവും യാഥാർത്ഥ്യത്തിന്റെ ലോകത്ത് വിഹരിക്കേണ്ടി വന്ന അവൾക്ക്  ചിലതു തെളിയിച്ചതിനു ശേഷമേ തന്റെ പ്രണേതാവിന്റെ ഒപ്പം പോകാനൊക്കൂ.

കഥ നിർമ്മിച്ചു കൊടുക്കുന്ന ഭാർഗ്ഗവിക്കുട്ടി

          നേരിന്റെ പൊരുൾ വിടർത്തിയെടുക്കാൻ പ്രാപ്തനായ ഒരേ ഒരാൾ എഴുത്തുകാരൻ ആയിരിക്കുമെന്നും അയാൾ മാത്രമെ രക്ഷാസങ്കേതമായിട്ടുള്ളു എന്നും സിദ്ധിധാരണ തിരിഞ്ഞ ഭാർഗ്ഗവിക്കുട്ടി അയാളെക്കൊണ്ട് കഥ എഴുതിയ്ക്കുകയാണ്.  ഭാർഗ്ഗവീനിലയം വിട്ടുപോകാതെ അവൾ അവിടെ ചുറ്റിക്കറങ്ങുന്നത് സത്യങ്ങൾ സത്യങ്ങളായി പുറം ലോകം അറിയണം എന്ന നിർബ്ബന്ധ തീരുമാനത്താലാണ്. എം എന്നിനെ അവിടെ നിന്നും അകറ്റി നിർത്തുന്നതും അവളുടെ കൃദ്ധ ആത്മാവാണ്. “മരിച്ചാലും നിങ്ങളെ ഞാൻ വിടുകയില്ല” എന്ന് കൊല്ലപ്പെടുന്നതിനു തൊട്ടു മുൻപ് അവൾ പറഞ്ഞതായി എം എൻ പിന്നീട് സാക്ഷ്യപ്പെടുത്തുണ്ട്. എല്ലാ രഹസ്യങ്ങളും നിഗൂഢമായി കാത്തുസൂക്ഷിയ്ക്കുന്ന ഭാർഗ്ഗവീനിലയത്തിൽ എം എനു പ്രവേശനമില്ല; മിറ്റത്തു കയറിയാൽ അവൾ അയാളെ പേടിപ്പിച്ച് വിരട്ടി അകറ്റും. സിനിമ തുടങ്ങുന്നതു തന്നെ ഈ സീനുകളുമായാണ്. സത്യത്തിന്റെ തിരുശേഷിപ്പുകൾ സൂക്ഷിക്കപ്പെടുന്ന നിഗൂഢത ആരെങ്കിലും  പൊളിച്ചു മാറ്റി തന്റെ ഭീകരത പുറത്തറിയുമെന്ന ഭീതിയാലാണ് എം എൻ  ഭാരഗ്ഗവീനിലയത്തിൽ ആരേയും അടുപ്പിക്കാത്തത്.  എന്നാൽ അയാളെ ഭാർഗ്ഗവി അകറ്റി നിർത്തുന്നത് തെളിവുകൾ നശിപ്പിക്കപ്പെടാതിരിക്കാനാണു താനും.   ഭാവനാലോലനായേകനായി വർത്തിക്കുന്ന  ഒരു എഴുത്തുകാരനെയായിരിക്കണം അവൾ തേടുന്നത്.  അയാളെ ആവാഹിച്ചു വരുത്തിയതാകാനും മതി.  “എനിക്കായി ഇത്രയും നാൾ കാത്തിരുന്ന ഭവനമേ” എന്നാണ് ഈ ഉൾവിളി തോന്നിയ എഴുത്തുകാരൻ ആദ്യം ഭാർഗ്ഗവീനിലയത്തിൽ എത്തിയപ്പോൾ പറയുന്നതും. കഥാപാത്രം കഥാകാരനെ വിളിച്ചടുപ്പിക്കുന്ന ഈ ആലോചന ബഷീറിന്റെ സുന്ദരഭാവനയിലേ വിരിയുകയുള്ളു എന്നത് നിശ്ചയമാണ്. എഴുത്തുകാരന്റെ മേശവിളക്കിൽ വിഭ്രാന്തപരമായിത്തന്നെ എണ്ണ നിറച്ച് നീലവെളിച്ചം പരത്തുന്നതും കഥ എഴുതിയ്ക്കാൻ വേണ്ടിത്തന്നെ.  സ്വന്തം ജീവിതസത്യങ്ങളെ  ഒരു പെട്ടിയ്ക്കുള്ളിൽ അടച്ച് താഴിട്ടു പൂട്ടി അതിന്റെ താക്കോൽ ആ പെട്ടിയ്ക്കുള്ളിൽ തന്നെ ഒളിപ്പിക്കുന്ന മാന്ത്രികവിദ്യ ചെയ്തിരിക്കുകയാണ് അവൾ. എന്നാൽ മറ്റാരും അവിടെ പെരുമാറുന്നത് അവൾക്കിഷ്ടമല്ല താനും. സാധുവാണെങ്കിലും ചെറിയ പരീക്കണ്ണിയെ കുസൃതികൾ കാണിച്ച് അവിടെ നിൽക്കക്കള്ളിയില്ലാത്തവനാക്കുന്നതും അവളാണ്. പുരുഷവിദ്വേഷമായിട്ടാണ് ഇതു തെറ്റിദ്ധരിക്കപ്പെടുന്നത്. പാത്രസൃഷ്ടിയിലെ ഈ കൃത്യതയാണ് സിനിമയുടെ വിശ്വാസയോഗ്യതയ്ക്ക് ആധാരം. അവൾ പ്രേതമോ യക്ഷിയോ അല്ല, പ്രത്യുത ഒന്നാന്തരം സംവേദനക്ഷമതയും പ്രതിസ്പന്ദനവും വശമുള്ളവളാണ്.  ആദ്യം എഴുതപ്പെട്ട കഥ ഉൾക്കനമില്ലാത്ത പ്രണയനാടകം പോലെ തോന്നിയതിനാൽ അവൾ കത്തിച്ചു കളയുകയാണ്. എഴുത്തുകാരനെ അന്വേഷകനായി മാറ്റാനുള്ള ഉദ്യമം. ചുരുങ്ങിയ സമയത്തിനുള്ളിൽ ഉൽക്കടപ്രേമം, ചതി, കൊലപാതകം ഇതൊക്കെ അനുഭവിച്ചറിഞ്ഞ അവൾക്ക് ജീവിത സത്യം വെളിപ്പെടുത്താൻ അവസരം കിട്ടിയെങ്കിലേ മുക്തിയുള്ളു. കഥമുഴുവൻ കേട്ടുകഴിഞ്ഞ് അതു ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട് എം എൻ. ചെറിയ ഒരു പിശകൊഴിച്ചാൽ- ശശികുമാറിനു വിഷം നൽകിയ ശേഷം തീവണ്ടിയിൽ നിന്നും ഉടൻ ഇറങ്ങിയില്ല എന്ന ചെറിയ കാര്യം. മരണക്കിണറിനു ചുറ്റും കഥയെഴുതിയ കടലാസുകൾ ചിതറിക്കിടക്കുന്നതും കഥാകാരൻ അതിൻ നടുവിൽ നിൽക്കുന്നതുമായ ഒരു സുന്ദരൻ സീനുണ്ട് സിനിമയിൽ. സാഹിത്യവും സിനിമയും തമ്മിലുള്ള ബന്ധം ഇതിലും ഉജ്ജ്വലമായി മറ്റൊരിടത്തും ദൃശ്യപ്പെടുത്തിയിട്ടില്ല.  കഥയിലേക്ക് സംക്രമിച്ച ഭാർഗ്ഗവിക്കുട്ടിക്ക് ഇനി മുക്തി നേടാം എന്ന്  കഥാകാരനും ഒരുമിച്ചായിരിക്കണം തോന്നിയത്.  ഈ കൂടു വിട്ട് കൂടുമാറൽ സാധിച്ചെടുക്കുന്നത് സാഹിത്യസൃഷ്ടിയിൽ വിലയനം പ്രാപിച്ചാണ് എന്നതാണ് ഏറ്റവും കൌതുകകരം.

            എല്ലാ കഥകളും സത്യത്തിന്റെ വെളിച്ചം തേടി എന്ന പൂർണ്ണ വിശ്വസത്തിലാണ് അവൾ ഭാർഗ്ഗവീനിലയം വിടുന്നത്. മരണശേഷവും യാഥാർത്ഥ്യത്തിന്റെ ലോകത്ത് വിഹരിക്കേണ്ടി വന്ന അവൾക്ക്  ഇനി തന്റെ പ്രണേതാവിന്റെ ഒപ്പം പോകാം     ‘ ഇനി നീ നിന്റെ അകലത്തെ ദേവന്റെ അടുത്തേയ്ക്കു പോകൂ” എന്ന് എഴുത്തുകാരൻ നിർദ്ദേശിക്കുന്നത് ഇതിനാലാണ്. തന്നെക്കൊണ്ട് കഥയെഴുതിച്ച കഥാപാത്രം അയഥാർത്ഥം ആയിമാറുന്നത് എഴുത്തുകാരനു അനുഭവഭേദ്യമാകുന്നുണ്ട്. “നീയും ഞാനും എന്ന യാഥാർത്ഥ്യത്തിൽ നിന്നും ഞാൻ മാത്രം അവശേഷിക്കാൻ പോവുകയാണ്-ഞാൻ ഞാൻ മാത്രം. ’ എന്ന് വിലപിച്ചു പോകുന്നുണ്ട് കഥാകാരൻ.  തന്റെ തൂലിക വിഹരിച്ച താളുകളിലേക്ക് നോക്കിയാണ് എഴുത്തുകാരൻ ഇത് ഉരുവിടുന്നത്.  പൂർണ്ണമായും കഥയിൽ വിലയിച്ചു കഴിഞ്ഞ കഥാപാത്രത്തിനു ഇനി മറ്റൊരു ലോകത്തേയ്ക്ക് സ്വസ്ഥമായി യാത്ര ചെയ്യാം. കാരണം വായനക്കാരുടെ മനസ്സിലേക്ക് കുടിയേറിക്കഴിഞ്ഞല്ലോ. ഇവിടെ സിനിമാപ്രേക്ഷകരിലേക്കും. ഈ സങ്കീർണ്ണത അയത്നലളിതമായി അവതരിപ്പിച്ച് ജനസമ്മതി നേടിയെടുത്തു എന്നതിലാണ് സംവിധായകൻ വിൻസെന്റിന്റെ വിജയം. കഥാപാത്രനിർമ്മിതിയ്ക്ക് പരിപൂർത്തി നൽകാൻ അവരുടെ മനഃശാസ്ത്രമറിഞ്ഞ പി .ഭാസ്കരൻ കൂടെയുണ്ട്. രാത്രിയുടെ ഭീകര ഏകാന്തതയിൽ ഒരു പാട്ട് ഒഴുകിവരുന്നത് ഒരു സാഹിത്യകാരനെ സംബന്ധിച്ചിടത്തോളം സത്യമോ മിഥ്യയോ എന്ന് ആലോചിക്കേണ്ടതില്ല. പാട്ടിന്റെ സാകാരലബ്ധി എഴുത്തുകാരനു ചില പിന്നറിവുകൽ സമ്മാനിക്കുകയാണ്.  കടൽത്തീരത്തു വച്ച് കണ്ട സംഘട്ടനാത്മകസ്വഭാവമുള്ളവളല്ല ഭാർഗ്ഗവിക്കുട്ടി എന്ന് പഴകിപ്പൊളിഞ്ഞ കെട്ടിടത്തിലെ വിഭിന്നസ്ഥാനങ്ങളിൽ അലയടിക്കുന്ന സുഗന്ധപൂരിത സംഗീതം സാക്ഷ്യപ്പെടുത്തുന്നു. ഭാർഗ്ഗവിക്കുട്ടി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് എഴുത്തുകാരനു എളുപ്പം പിടികിട്ടാനായി.  സമയത്തിന്റെ ചിറകടി കേൾക്കാതെ അകലത്തെ ദേവനെ ഇനിയും കാത്തിരിക്കുകയാണവൾ. മരണത്തിന്റെ മൂകമായ് താഴ് വരയിൽ കണ്ണു നീർകൊണ്ട് നനച്ചു വളർതിയ കൽക്കണ്ട മാവിന്റെ കൊമ്പത്ത് ഊഞ്ഞാലു കെട്ടിയവളാണവൾ. അതും പൊട്ടിത്തകർന്ന കിനാവിന്റെ പട്ടുനൂലുകൊണ്ട്.

സിനിമയിലെ കാലങ്ങൾ
      പ്രണയഭാവത്തിന്റെ പതിഞ്ഞ കാലമാണ് കഥയ്ക്കുള്ളിലെ കഥയ്ക്ക്.  തീവ്രാനുരാഗത്തിന്റെ മാമ്പൂക്കൾ പൊട്ടിവിരിയാൻ ധാരാളം സമയം അനുവദിച്ചിട്ടുണ്ട് സംവിധായകൻ. കൂടുതൽ സ്നിഗ്ധത ഇഴചേർന്ന,  ബഷീറിയൻ ശൈലി യിലുള്ള പ്രണയോക്തികൾ വിടർന്നു വിലസുന്ന കാലം തന്നെ ഇത്. സിനിമയുടെ തുടക്കം മുതൽ ഉദ്വേഗവും പിരിമുറുക്കവും അസന്നിഗ്ധമായ അന്തരീക്ഷവുമാണെങ്കിൽ ഉള്ളിലെ പ്രണയ കഥ വിടരുന്നത് മന്ദ്രമായാണ്. പുറം കഥയിലെ ഭാർഗ്ഗവിക്കുട്ടിയ്ക്ക് നേർ വിപരീതമാണ് അകം കഥയിലെ ഭാരഗ്ഗവിക്കുട്ടി. കുസൃതിയും നർമ്മവും കലർന്ന പെരുമാറ്റം, നൃത്തത്തിലും പാട്ടിലും മിടുക്കി, കോളെജിൽ പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തുന്നവൾ അങ്ങ നെയങ്ങനെ. ഈ അവസ്ഥാന്തരം എഴുത്തുകാരൻ കഥ വായിച്ചു കൊടുക്കുന്നതോടെയാണ് ആരംഭിക്കുന്നത്. അതിനു മുൻപ് ഭാർഗ്ഗവിയുടെ പൊതുധാരണാരൂപം മാത്രം പ്രേക്ഷകനു അനുഭവഭേദ്യമെങ്കിൽ വിശ്വസനീയമായൊരു  പരിസരസ്വധീനത്തിലേക്ക്   പറിച്ചു നടപ്പെടുകയാണ് ഇപ്പോൾ.  സിനിമയുടെ ആദ്യത്തെ ഒരു മണിക്കൂർ ഭാർഗ്ഗവിയുടെ രൂപസ്വഭാവങ്ങൾ ഉരുത്തിരിഞ്ഞു വരാൻ നിശ്ചയിക്കപ്പെട്ടിരിക്കയാണ്. ഭാർഗ്ഗവിക്കുട്ടിയുടെ അപ്രത്യക്ഷമായ പ്രത്യക്ഷങ്ങൾ ചെറിയപരീക്കണ്ണിയുടെ ചില ഭ്രാന്തൻ തോന്നലുകൾ, കിണറ്റിൽ വീണുപോയ എഴുത്തുകാരനെ രക്ഷപെടുത്തുന്നത് ഭാർഗ്ഗവി തന്നെ എന്ന അയാളുടെ നിഗമനം ഇവയൊക്കെയാണ്.  സിനിമ തുടങ്ങുമ്പോൾത്തന്നെ എഴുത്തുകാരനെ ഭാർഗ്ഗവീനിലയത്തിനു മുൻപിൽ വിട്ടിട്ട് റിക്ഷാക്കാർ ഓടുകയാണ്. അവിടം തുടങ്ങി ഉദ്വേഗത്തിന്റേയും പിരിമുറുക്കത്തിന്റേഉം വേളകൾ തന്നെയാണ്. ഭാരഗ്ഗവിയുടെ സാന്നിദ്ധ്യം അവൾ ഇല്ലാതെ തന്നെ, പ്രേക്ഷനെ തെല്ലും അലോസരപ്പെടുത്താതെ പൂർത്തീകരിക്കുകയാണ് ഗംഭീര മിടുക്കോടെ ബഷീറും വിൻസന്റും. ഇല്ലാത്ത കഥാപാത്രത്തെ  ഉണ്ടെന്നു തോന്നിപ്പിയ്ക്കുകയെന്ന രീതി.   ഒരു ഇൻഡ്യൻ സിനിമയിലും നടപ്പില്ലാത്ത കാര്യമാണ്, അതും നായികാപ്രാധാന്യമുള്ള കഥയിൽ. “‘ഏകാന്തതയുടെ അപാരതീരം“ പാടിക്കഴിഞ്ഞ് തീക്ഷ്ണമായ ഭാവങ്ങളോടെ എഴുത്തുകാരനേയും പ്രേക്ഷകരേയും അമ്പരപ്പിച്ചു കൊണ്ട് പ്രത്യക്ഷപ്പെടുകയാണ് ഭാർഗ്ഗവിക്കുട്ടി..

      .  ‘സമയകാലത്തെ പിന്നിട്ട്, ഇന്നലയുടെ അനന്തകോടി യുഗങ്ങളിൽ ലയിച്ചു പോയ കുറെയധികം മരണങ്ങളും കണ്ണു നീരും പുഞ്ചിരിയും പിന്നിട്ട് ………ശാപഗ്രസ്തവും അനുഗ്രഹീതവും ആയ ആയിരമായിരം ദിനരാത്രങ്ങളെ പിന്നിട്ട് …….” സംഭവിക്കുന്ന കഥ അല്ലെങ്കിൽ സത്യം  ഫ്ലാഷ് ബാക്ക് എന്ന നിലയിലല്ല അവതരണം, അതുദ്ദേശവുമല്ല.  നേർരേഖീയമായ കാലപ്രമാണങ്ങളനുസരിച്ച് പത്തോ ഇരുപതോ  കൊല്ലത്തിനകം ആയിരിക്കണം സംഭവങ്ങൾ നടന്നിരിക്കുന്നത്. പക്ഷേ എഴുത്തുകാരന്റെ കഥ നടക്കുന്നത് ഒരു സാങ്കൽ‌പ്പിക സമയത്താണ്.  ഭാർഗ്ഗവീനിലയവും ഭാർഗ്ഗവിയും ഇന്ന് ഈ നിലയിൽ ആയതെങ്ങനെ എന്നതിന്റെ ഒരു അന്വേഷണ റിപ്പോർട്ട് കഥാകാരന്റെ പക്കലുണ്ടെങ്കിലും നുനുത്ത പ്രേമകഥയുടെ കാവ്യാവിഷ്കാരം  എന്ന രീതിയിലാണ് കഥയ്ക്കുള്ളിലെ കഥയായി അവതരിപ്പിക്കപ്പെടുന്നത്. തലച്ചോറുകൊണ്ട് മാത്രം  എഴുതിയ കഥയല്ലിത്,ഹൃദയവും കൊണ്ടു കൂടെ എഴുതിയതാണിത്. പ്രണയത്തിന്റെ ലോലഭാവങ്ങൾ ആവോളം പൂത്തുലയുന്ന എഴുത്തുകാരനേ ഭാർഗ്ഗവിക്കുട്ടിയുടെ കഥ സത്യമായി പ്രതിഫലിപ്പിക്കാൻ കഴിയുകയുള്ളു (അവസാനം “ എനിക്ക് വേണ്ടത് നിങ്ങളുടെ തലച്ചോറും ഹൃദയവുമാണ്” എന്ന് എം എൻ പ്രസ്താവിക്കുന്നുണ്ട്).  നൃത്തത്തിന്റേയും സംഗീതത്തിന്റേയും പൂക്കളുടെയും സുഗന്ധത്തിന്റേയും സ്ഥലകാലങ്ങളാണിത്. സിനിമയിലെ നാലു പാട്ടുകളും ഈ ഉൾക്കഥാവേളയിലാണ് നിബന്ധിച്ചിരിക്കുന്നത്.  ഇടുങ്ങിയ പഴഞ്ചൻ മുറിയ്ക്കുള്ളിൽ നിന്നും കഥ വിശാലമായ കടൽത്തീരത്തൊക്കെ എത്തുകയാണ്.  രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് അതീവ സുതാര്യതയേറുന്ന വെളിച്ചത്തിലാണ്.

    എഴുത്തുകാരന്റേത് ഇന്നത്തെ കാലമാണ്, ഇരുളടഞ്ഞ ഭാർഗ്ഗവീനിലയം  സമീപവാസികൾക്ക്  ഒരു യാഥാർത്ഥ്യവുമാണ്. എം എൻ എന്ന കഥാപാത്രമാണ് രണ്ടു കാലങ്ങളിലും ഒരേ പോലെ വർത്തിക്കുന്നത്. ഭാർഗ്ഗവിയുടെ അമ്മയേയും കൂട്ടുകാരികളെയും എഴുത്തുകാരന്റെ കാലത്തിൽ കാണിയ്ക്കുന്നുണ്ടെങ്കിലും ചരിത്രസൂചകങ്ങൾ എന്ന നിലയിലാണ് അവതരണം. ഇരുളിന്റെ പര്യാമായ എം എൻ മരണത്തിന്റെ പര്യായവുമാണ്. നാണുക്കുട്ടൻ നായർ എന്നാണ് ശരിയായ പേരെങ്കിലും ഒരു സ്വത്വബോധവും ജനിപ്പിക്കാത്തെ ‘എം എൻ’  എന്ന പേരാണിപ്പോൾ അയാൾക്കുള്ളത്. എഴുത്തുകാരനും മറ്റു സ്വത്വങ്ങളൊന്നുമില്ല. “സാഹിത്യകാരൻ’ എന്ന് മാത്രമേ ബഷീർ തന്റെ സ്ക്രിപ്റ്റിൽ എഴുതുന്നുള്ളു. സിനിമയിൽ ഒരിടത്തും അയാൾ പേരു ചൊല്ലിവിളിയ്ക്കപ്പെടുന്നില്ല. എഴുത്തുകാർ കാലാകാലങ്ങളിൽ സഞ്ചരിക്കേണ്ടവരാണ്, മിഥ്യകൾക്ക് ഭാഷ്യം ചമയ്ക്കേണ്ടവരാണ്. ‘തൂലിക കഴിഞ്ഞുപോയ കാലങ്ങളേയും വരാനിരിക്കുന്ന അനന്തമില്ലാത്ത ദിനരാത്രങ്ങളേയും ഉള്ളിലൊതുക്കുന്നു‘ എന്ന് ബഷീർ തന്നെ പ്രസ്താവിച്ചിട്ടുണ്ട്. ഈ തൂലിക ചലിപ്പിക്കുന്ന വിരലുകൾക്കോ മസ്തിഷ്കത്തിനോ നിശ്ചിത വ്യക്തിത്വം അത്യാവശ്യമല്ല,  അവർ ഒരു പേരിന്റെ അടിയിൽ ഒതുങ്ങിപ്പോകേണ്ടവരുമല്ല. ഈ തനിമയുടെ പ്രകാശനമാണ് മിഥ്യയും യാഥാർത്ഥ്യവും വേർതിരിച്ചെടുക്കൽ. ഈ വേർ തിരിക്കൽ എഴുത്തുകാരുടെ അവകാശമോ ഉത്തരവാദിത്തമോ അല്ല. ചിലപ്പോൾ വേർതിരിച്ചെന്നുമിരിക്കില്ല. ഭാർഗ്ഗവിക്കുട്ടിയും ഭാർഗ്ഗവീനിലയവും കാലക്കടലിന്റെ അക്കരെയാണോ ഇക്കരയാണൊ എന്ന് തെളിയിക്കുന്നില്ല, തെളിയണമെന്നുമില്ല.

മോഹത്തിന്റെ നേന്ത്രപ്പഴം- മരണത്തിന്റേയും

 കറതീർന്ന പ്രണയത്തിന്റെ സൂചകാങ്കം പൂവൻപഴം-അത് ഓറഞ്ചു പോലെ ഉരുണ്ടിരുന്നാലും- ആണെന്നു പ്രഖ്യാപിച്ച ബഷീറിനു ഇവിടെയും പഴമാണ് പ്രണയഹർഷദ്യോതകം. നേന്ത്രപ്പഴമാണ് .ശശികുമാറിനു ഏറെയിഷ്ടം. ഭാർഗ്ഗവി തന്റെ പ്രാണനായകനു പലപ്പോഴും സമ്മാനിക്കുന്നതും നേന്ത്രപ്പഴം തന്നെ.  ഭാർഗ്ഗവി കൊടുത്തു വിട്ട പഴവുമായി പപ്പു ശശികുമാറിനടുക്കൽ എത്തുമ്പോൾ  എം എൻ ആണതു ആദ്യം തുറന്നു നോക്കുന്നത്  ഭാർഗ്ഗവിയ്ക്ക് ശശികുമാറിനോടുള്ള അനുരാഗതീവ്രത അയാൾക്ക് ഇതോടെ പിടി കിട്ടി.  എം എൻ ഒരിയ്ക്കൽ ഭാർഗ്ഗവിയ്ക്ക് വച്ചു നീട്ടുന്നതും നേന്ത്രപ്പഴം തന്നെ..അവൾ അതു നിരാകരിക്കുമ്പോൾ ‘എന്താ ഇതിൽ വിഷം വല്ലതും ഉണ്ടോ‘ എന്ന  ചോദ്യത്തിനു ‘ആർക്കറിയാം‘ എന്നാണവളുടെ മറുപടി. എം എന്റെ തലയിൽ ഘോരബുദ്ധി ഉദിച്ചതും അപ്പോഴാ‍ണ്. അതുകൊണ്ടായിരിക്കണം തീവണ്ടിയിൽ വച്ച് ഭാർഗ്ഗവി തന്നു വിട്ടതാണെന്ന വ്യാജേന വിഷം കലർത്തിയ നേന്ത്രപ്പഴം  ശശികുമാറിനു സമ്മാനിക്കുന്നത്.  എഴുത്തുകാരന്റെ ഭാവന കൃത്യമായിട്ടാണീ സൂക്ഷ്മവിവരങ്ങളൊക്കെ പിടിച്ചെടുത്തത്. ഇത് ശരിയാണെന്ന് എം എൻ അവസാനം സമ്മതിക്കുന്നുമുണ്ട്. അങ്ങിനെ പ്രണയ വസന്തങ്ങളിൽ പൂവിരിയാൻ  വളക്കൂറ് ചേർത്ത ഈ സൂചകം മരണത്തിനും നിദാനമാകുകയാണ്. പ്രണയത്തിന്റെ മാന്ത്രികമാധുര്യം മരണത്തിന്റേതും ആകുകയാണ്.

        അനന്തമായ ഇരുളിലോ ജല അഗാധതയിലോ ലയിക്കാൻ പര്യപ്തമാക്കിത്തരുന്നതാണ് കിണർ എന്ന ആശയം.  ജീവിതം/മരണം എന്ന ദ്വന്ദങ്ങൾ സിനിമയിൽ അവതരിപ്പിക്കപ്പെടുന്നത് മുറ്റത്തുള്ള കിണർ വഴിയാണ്..  സിനിമയിൽ കിണർ ഒരു പ്രധാന കഥാപാത്രമാണ്.. ഭാർഗ്ഗവിക്കുട്ടി ‘മരണം മാടി വിളിയ്ക്കുന്നതിൻ മുൻപെൻ……” പാടുന്നത് കിണറ്റിലേക്ക് നോക്കിയാണ്. കിണറ്റിന്റെ ഉള്ളിൽ നിന്നുള്ള നിരവധി ഷോടുകൾ നിബന്ധിച്ചിട്ടുണ്ട് സിനിമയിൽ. രണ്ടു തവണ എഴുത്തുകാരനെ മരണസാദ്ധ്യതയിൽ നിന്ന് അകറ്റിയതും ഈ കിണർ തന്നെ. : “നിനക്ക് നൊന്തോ ഭാർഗ്ഗവിക്കുട്ടീ“ എന്ന് കിണറിലേക്ക് നോക്കി എഴുത്തുകാരൻ ചോദിക്കുന്ന ഭാഗം അതീവ സാരസ്യം കലർന്നതാണ്.  “ ഓരോ ഹൃദയത്തിലുമുണ്ടൊരു ശവകുടീരം ഓരോ ഹൃദയത്തിലുമുണ്ടൊരു ശ്മശാനം, പ്രേമത്തിന്റെ ശവകുടീരം, പ്രേമത്തിന്റെ ശ്മശാനം” എന്ന ഡയലോഗ് സാഹിത്യകാരൻ ഉരുവിടുന്നത് ഈ കിണറിലേക്ക് നോക്കിയാണ്. ഇതിൽ ഗ്രസിക്കനുഴറുന്നതോ മോഹവലയങ്ങളുടെ ചുഴികൾ.  ഭാർഗ്ഗവിയുടെ പ്രണയസാക്ഷാത്ക്കാരം എന്ന മോഹം. എം എന്റെ ദുഷ്ട ലാക്ക് മോഹം. എല്ലാം തീരുന്നത് ഈ കിണറ്റിനുള്ളിൽത്തന്നെയാണ്. എല്ലാ  മായാമോഹങ്ങളും  ഒതുങ്ങിയമർന്ന്    കാമനാപരിപൂർത്തി നിതാന്തയ്ക്ക് വിട്ടുകൊടുത്ത്  കഥാപാത്രങ്ങൾ സാഹിത്യസൃഷ്ടിയിൽ വിലയം പ്രാപിക്കുകയാണ്. അറിവിൻ മുറിവുകൾ കരളിൽ ഏന്തി മോഹാന്ധത തീർന്നെത്തിയ ഇടത്തിൽ തന്റെ സൃഷ്ടിയ്ക്കു നടുവിൽ നിൽക്കുന്ന സാഹിത്യകാരനെ ഫോക്കസിലാകി പുറകോട്ടു വലിയുന്ന ക്യാമെറ സമ്മാനിക്കുന്ന ദൃശ്യത്തോടെ സിനിമ അവസാനിക്കുയാണ്.

അവലംബം:
ഭാർഗ്ഗവീനിലയം സിനിമ- ചന്ദ്രതാരാ പ്രൊഡക്ഷൻസ്. സംവിധാനം: വിൻസന്റ്. കഥാപാത്രങ്ങൾ: ഭാർഗ്ഗവി, സാഹിത്യകാരൻ, ശശികുമാർ, എം എൻ (എം. നാരായണൻ), ചെറിയ പരീക്കണ്ണി, കുതിരവട്ടം പപ്പു.

ഭാർഗ്ഗവീനിലയം തിരക്കഥ-ബഷീർ സമ്പൂർണ്ണ കൃതികൾ രണ്ടാം വാല്യം. ഡി സി ബുക്ക്സ്, കോട്ടയം 1992.Tuesday, July 29, 2014

നീ മധു പകരൂ.... മണൽ ചൊരിയൂ......ബാഹ്യാരോപവിഭ്രാന്തി (psychological projection) ബാധിച്ച മലയാളി

  
 Psychological projection or projection bias is a psychological defense mechanism where a person subconsciously denies his or her own attributes, thoughts, and emotions, which are then ascribed to the outside world, usually to other people. Thus, projection involves imagining or projecting the belief that others originate those feelings.‌‌‌‌‌----വിക്കിപ്പീഡിയ 

                        ആർഭാട വീട്, സ്വർണ്ണം, മദ്യം, മക്കളെക്കൊണ്ട് പണം വാരിയ്ക്കാൻ സ്വാശ്രയകോളേജിൽ അയയ്ക്കൽ ഒക്കെയാണ് മലയാളിയുടെ ആസക്തികൾ. ആഗോളവൽക്കരണം, അരാഷ്ട്രീയത, സാമ്രാജ്യത്വത്തിന്റെ  സാംസ്കാരിക അധിനിവേശം  എന്നൊക്കെയുള്ള ഘടാഘടിയൻ മോഹജാലശബ്ദങ്ങളാണ് ഇത്തരം സാമൂഹികപ്രശ്നങ്ങൾക്ക് കാരണമായി ഉയർന്നു പൊങ്ങുന്നത്. കാമനാപൂരണത്തിനിടയ്ക്ക്  ജീവസന്ധാരണത്തിനുള്ള ചില ലോജിസ്റ്റിക്സ് ചിട്ടപ്പെടുത്താൻ മടിയോ താൽ‌പ്പര്യക്കുറവോ കാരണം ആഹാരത്തിനുള്ള  വക വിഷലിപ്തമാണെങ്കിലും മറ്റേതു സംസ്ഥാനത്തു നിന്നോ ആയാലും മതിയെന്നുമാണ് വെയ്പ്പ്.  ഇവയിലെ വിനാശാംശങ്ങളെക്കുറിച്ച് ഏറ്റവും വിലപിയ്ക്കുന്നതും മലയാളി തന്നെ. മറ്റാരോ ചെയ്തുകൂട്ടുന്നതാണ് ഇവയൊക്കെ എന്ന മട്ടിലാണ് ആരോപണങ്ങൾ. ഭ്രമാത്മകമായി നിർമ്മിച്ചെടുത്ത ഉല്ലാസോന്മാദത്തിലാണ്  അവന്റെ തൃപ്തി തേടൽ.

     കുത്തകമുതലാളിത്തത്തിനു തീർച്ചയായും ചൂഷണാംശങ്ങളുണ്ട്. പല ഗവണ്മെന്റുകളും വൻ ബിസിനസ്സിന്റെ താങ്ങിലൂടെയാണ് നിവർന്നു നിൽക്കുന്നത്.  പൌരനെ സംബന്ധിച്ച് ഉത്കർഷോന്മുഖമായിരിക്കണമെന്നില്ല ഈ വാതാവരണം.  അതുകൊണ്ട് വ്യവസ്ഥിതിയെ പഴിക്കലിനു സാധൂകരണം ഉണ്ടെങ്കിലും ഉള്ളിലുള്ള മോഹാവേശിയെ നേരിടാനാകാതെ വരുമ്പോൾ തൽ സ്വരൂപനെ പുറത്തുകാണുമ്പോൾ അവന്റെ മേൽ പഴിചാരുന്നത് psychological projection തന്നെ. ഉള്ളിലെ കള്ളനെ കാണാതിരിക്കാനുള്ള ഈ തന്ത്രവിദ്യ പുറത്തുള്ള യഥാർത്ഥ കള്ളനെ അകത്തു പ്രതിഷ്ഠിയ്ക്കുന്ന തരത്തിലുള്ള മനോവ്യാപരമാകുന്നത്  ദൂരവ്യാപക ഫലങ്ങൾ സമൂഹത്തിൽ വ്യാപരിപ്പിക്കാൻ പോന്നതാണ്.  പുതിയ ശീലങ്ങൾ, പ്രത്യേകിച്ചും പടിഞ്ഞാറൻ രീതികളുടെ അനുകരണങ്ങൾ ഇത്തരം ആത്മസംഘർഷങ്ങൾക്ക് വഴി തെളിക്കാറുണ്ട്.

         പാശ്ചാത്യരീതികളും സംസ്കാരവും കടന്നു കയറുന്നത് പ്രതിരോധിക്കാനാവാത്ത ശക്തിയാണ്-ലോകക്രമം ചിട്ടപ്പെട്ടു വരുന്നത് പടിഞ്ഞാറു നിന്നുള്ള കാറ്റനുസരിച്ചാണ്. ജപ്പാനിൽ നിന്നുള്ള ചെരിപ്പും ഇംഗ്ലണ്ടിൽ നിന്നുള്ള കളസവും  റഷ്യയിൽ നിന്നുള്ള തൊപ്പിയുമിട്ടാലും ഹൃദയം ഹിന്ദുസ്ഥാനിയുടേത് തന്നെ എന്ന് ഉറപ്പുവരുത്തണമെന്ന് രാജ് കപൂറും മുകേഷും പണ്ട് പാടിപ്പറഞ്ഞ് തെര്യപ്പെടുത്താൻ നോക്കിയിട്റ്റുണ്ട് (“മേരാ ജൂത്താ ഹൈ ജാപാനി…….”ചിത്രം ശ്രീ 420).  തൊപ്പിയും കോട്ടും മാത്രമല്ല കുടിയ്ക്കുന്നെങ്കിൽ വിദേശ മദ്യം ആയിരിക്കണമെന്നും വാസസ്ഥലവും വീടും ഫ്ലാറ്റും വിദേശ രീതിയിൽ  വിന്യസിക്കപ്പെടണമെന്നും ഒക്കെയാണ് ഫാഷൻ ലോകവും ആസക്തികേന്ദ്രീകൃതശീലങ്ങളും  ഇന്ന് പറഞ്ഞുതരുന്നത്. ഇവിടെയാണ് ഹിന്ദുസ്ഥാനി ഹൃദയം രാജ് കപൂറിന്റെ ഭാവനയിൽ നിന്നും അകന്നു പോകുന്നത്. പാശ്ചാത്യരീതികൾ എങ്ങനെയാണെന്നും ഏതൊക്കെയാണെന്നും വൻ തെറ്റിദ്ധാരണകളാണു നിലവിലുള്ളത്. പലതും അബദ്ധധാരണകൾ എന്നുംകൂടെ പറയേണ്ടിയിരിക്കുന്നു. ഭാരതീയ ഹൃദയത്തിനു മേലുള്ള ആവരണങ്ങൾ മിഥ്യകളാൽ തുന്നിക്കൂടിയതാകുമ്പോൾ അതിന്റേ മിടിപ്പിലുള്ള താളംതെറ്റൽ നിമിത്തമാകുന്നത് സംഘർഷങ്ങളിലേക്കുള്ള അതിക്രമണങ്ങൾക്കാണ്.     

പാറമടകൾ ഉണ്ടാകുന്നത്

        പാർപ്പിട സൌകര്യം അത്ര കുറഞ്ഞതൊന്നുമല്ല കേരളത്തിലെ സ്ഥിതി, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ. പരിസ്ഥിതിയ്ക്ക് അനുയോജ്യമല്ലാത്തതും ആവശ്യമില്ലാത്തതും ആയ കോൺക്രീറ്റ് കെട്ടിടങ്ങിളിലേക്ക്  ഉത്കടേച്ഛകൾ ചാഞ്ഞതാണ് മണൽ വാരാൻ മലയാളിയെ ഉത്സുകനാക്കിയത്. ഫാഷൻഭ്രമത്തിന്റെ ദാരുണ ദൃഷ്ടാന്തം. ചുറ്റുപാടു നിന്നും സംഭരിച്ചെടുത്ത വസ്തുക്കളാൽ (കല്ല് തടി, മണ്ണ്, കുമ്മായം) വീടുപണിഞ്ഞിരുന്ന മലയാളി പുതുമ എന്നുകേട്ടാൽ പുളകമണിഞ്ഞ് ചാടിവീഴുന്ന പ്രകൃതം തുറന്നുപയോഗിച്ചു. മണൽ വാരി വാരി മണൽവീടു മതി പുഴ വേണ്ട എന്ന ഘട്ടം വരെ എത്തി. “ഫ്ലാറ്റ്’ എന്ന മറ്റൊരു ചലഞ്ച് ഫാഷൻ ഭ്രമത്തിൽ വന്നുകൂടി.

        സുരക്ഷ എന്ന അനുഭാവം ഫ്ലാറ്റുകൾ നൽകുന്നുണ്ടെന്നതല്ലാതെ ഗ്രാമങ്ങളിൽ കിട്ടാത്ത സൌഭാഗ്യങ്ങളൊന്നും ഫ്ലാറ്റുകൾ നൽകുന്നില്ല. ഫ്ലാറ്റു ജീവിതമാണ് ഗ്ലാമർ ജീവിതം എന്ന് ധരിപ്പിക്കാൻ റിയൽ എസ്റ്റേറ്റു പരസ്യങ്ങളും (“ഫോർ ഇന്റെർനാഷണൽ ക്വാളിറ്റി ലൈഫ്” എന്നൊക്കെ പരസ്യവാചകം) പ്രചലിത ചൊൽ മാലകളായി വന്നു. കേരളത്തിലെ ഗ്രാമങ്ങൾ നഗരവൽക്കരിക്കപ്പെട്ട രീതിയിലാണ് വളർന്നു വന്നത് എന്ന സത്യം നിലനിൽക്കേ  നഗരസൌകര്യങ്ങൾക്കുവേണ്ടിയാണ് ഫ്ലാറ്റുകളിലേക്ക് ഓടിക്കയറിയതെന്ന് യുക്തി ഉന്നയിക്കേണ്ടതില്ല. പാശ്ചാത്യരാജ്യങ്ങളിൽ പൊക്കമുള്ള കെട്ടിടങ്ങളിലാണ് കൂടുതൽ‌പ്പേരും വസിക്കുന്നതെന്ന ഭീമൻ മിഥ്യാബുദ്ധിയാണിതിനു കാരണം. വൻ നഗരങ്ങളിൽ ജോലിസൌകര്യത്തിനായി ചില പൊക്കക്കെടിടങ്ങളിൽ ആൾപ്പാർപ്പ് ഉണ്ടെന്നല്ലാതെ അത്തരം കെട്ടിടങ്ങളിൽ  കുടുംബങ്ങൾ താമസിക്കാറില്ല എന്നത് മലയാളി  ഉൾക്കൊള്ളാത്ത ഒരു വൻ സത്യമാണ്. പൊക്കമുള്ള കെട്ടിടത്തിൽ താമസിച്ചാൽ പാശ്ചാത്യരായി എന്നത്  വിഡ്ഢിത്തധാരണയാണ്. ചില പെന്റ് ഹൌസുകൾ ഒഴികെ മിക്കവയും  ഓഫീസുകളാണ്. കുട്ടികൾ ഉള്ളവർക്ക് പ്രത്യേകിച്ചും ഊഞ്ഞാൽ കെട്ടാനോ കളിസ്ഥലമുണ്ടാക്കാനോ ഇടമുള്ള പിൻ മുറ്റങ്ങളുള്ള വീടുകളാണു പ്രിയം. നിലത്തു കൂടെ ഓടിക്കളിച്ചും മരം കയറിയും മാമ്പഴം പെറുക്കിയും വളരേണ്ട കുട്ടികളെ, അതിനുള്ള സൌകര്യങ്ങൾ ഉള്ളവർ തന്നെ ഫ്ലാറ്റിലെ ഇടുക്കത്തിൽ  വളർത്തിയെടുക്കുന്നു എന്നത് ഇന്ന് മലയാളി ചെയ്യുന്ന വൻ തെറ്റാണ്. “പൊക്കമില്ലായ്മയാണ് എന്റെ പൊക്കം “ എന്ന് പ്രഘോഷിച്ച കുഞ്ഞുണ്ണി മാഷെ  നമ്മൾ ഇങ്ങനെയാണ് ഒതുക്കിയമർത്തുന്നത്. കേരളം മുകളിലേക്ക് വളരണം എന്ന് സാം പിത്രോഡ പറയുമ്പോൾ എല്ലാവരും പൊക്കമുള്ള ഫ്ലാറ്റുകളെലേക്ക് താമസം മാറ്റണമെന്ന് ഉദ്ദേശിച്ചിട്ടില്ല. വികസനത്തിന്റെ ലക്ഷണമാണ് പൊക്കമുള്ള കെട്ടിടങ്ങൾ എന്നൊരു ധാരണയും വന്നു കൂടിയിട്ടുണ്ട്. എമേർജിങ്ങ് കേരള യുടെ പരസ്യചിത്രങ്ങളിൽ തെങ്ങിൻ തലപ്പുകൾക്കും  മുകളിലേക്കു പൊങ്ങി നിൽക്കുന്ന കെട്ടിടങ്ങളാണ് പുരോഗമനലക്ഷണങ്ങളായി  സൂചിപ്പിക്കപ്പെടുന്നത്.ഫ്ലാറ്റുടമസ്ഥത ആഢ്യതയുടെ ലക്ഷണവും കൂടിയായപ്പോൾ  മണൽ വാരൽ എന്ന നാശകാരിപ്രക്രിയ ആ യശസ്സിൽ മറയ്ക്കപ്പെട്ടു. സമ്പത്തിന്റെ ചാക്രികതയിലെ ഒരംശമായി മാത്രം, നിരന്തരം പൂട്ടിക്കിടക്കുന്ന എത്രയോ ഫ്ലാറ്റുകൾ ഇന്ന് നിലവിലുണ്ട്. തെളിവെള്ളത്തിനടിയിലെ കുഞ്ഞുവെള്ളാരങ്കല്ലിന്റെ സൂര്യശോഭ സിമന്റിനോട് ചേർന്ന് സൃഷ്ടിയ്ക്കുന്ന പൊൻ കാശിന്റെ മായാമോഹത്തിളക്കം  മഞ്ചിച്ച കണ്ണുകൾ വറ്റിപ്പോയ പുഴകളിലും അതുമൂലം സംജാതമായ പരിസ്ഥിതിനാശങ്ങളിലും ഉടക്കുന്നില്ലെന്നു വേണം കരുതാൻ.  സഹ്യപർവ്വതത്തിലെ പാറകൾ പൊളിച്ച് പാറമണൽ എന്ന നൂതന വിപണിവസ്തു നിർമ്മിച്ചെടുത്തത് സ്വന്തം  വീടു പണിയാനാണ് എന്ന് സമ്മതിയ്ക്കുന്ന മലയാളികൾ ഇന്ന് എത്ര പേരുണ്ട്?   വൻ രോദനമായി ഇന്ന് മലയാളി കൊണ്ടു നടക്കുന്നത് ഏതൊ അജ്ഞാതശത്രുവിന്റെ ചെയ്തികളാണിതൊക്കെ എന്ന മട്ടിലാണ്. വലിയ കോൺക്രീറ്റ്  കെട്ടിടങ്ങൾ, എന്തിനു റിസോർടുകൾ വരെ സ്വന്തമായുള്ള സാംസ്കാരികനായകന്മാരിൽ നിന്നു തന്നെ  ഈ നിലവിളി കൂടുതൽ കേൾക്കുന്നുണ്ട്. ഭാരതപ്പുഴ നശിയ്ക്കുന്നെന്ന് മുറവിളി കൂട്ടുന്നവർ സ്വന്തമായ നിർമ്മിച്ച കെട്ടിടങ്ങളിലെ മണൽ എവിടെ നിന്നും വന്നുവെന്ന് ഒരു നിമിഷമെങ്കിലും ചിന്തിക്കേണ്ടതാണ്. . മണൽ വാരി മറ്റാർക്കോ നൽകുന്നുവെന്നോ അന്യസംസ്ഥനങളിലേക്ക് കടത്തുന്നുവെന്നോ തോന്നും ഈ കള്ളക്കരച്ചിൽ കണ്ടാൽ.  മണൽ മാഫിയ എന്നു പേർ വിളിച്ച് നമുക്ക് വേണ്ടപ്പെട്ടവനെ വേലിക്കു പുറത്തു നിറുത്തുകയാണെന്ന് നടിയ്ക്കുകയാണ് നമ്മൾ. കെട്ടിടനിർമ്മാണത്തിനു  ഇതരമാർഗ്ഗങ്ങൾ സ്വീകരിക്കണ്ടേ എന്ന ചോദ്യം പോലും ചോദിക്കപ്പെടതിരിക്കുകയാണ് ആത്മനിഷേധം കൊണ്ട് രക്ഷപെടാനുഴറുന്ന നമ്മൾക്കെളുപ്പം. ഉള്ളിലെ കള്ളൻ വാരിയ മണലാണ് നമ്മുടെ ടിപ്പർ ലോറികളിൽ. അതിന്റെ നെട്ടോട്ടം കഥകളിപ്പാട്ടുകാരനായിരുന്ന ഹൈദരാലിയെ കൊന്നത് നമ്മൾ തന്നെ സംസ്കാരത്തിനുമേൽ നടത്തിയ ക്രൂരമായ ഇല്ലാതാക്കലിന്റെ പ്രതീകാത്മക അനുക്രമപ്രക്രിയ ആയിരുന്നു.  

മദ്യം-അനുകരണത്തിലെ അപമാനങ്ങൾ

    ഉള്ളിലെ കുടിയനെ തുരത്തിയകറ്റാനോ ഡി അഡിക്ഷൻ സെന്ററിൽ കൊണ്ടാക്കാനോ പറ്റാത്തവരാണ് മുൻപിൽ കാണുന്ന മദ്യപാനസമൂഹത്തെ പുച്ഛിച്ചു തള്ളുന്നത്.  ആർഷഭാരതസംസ്കാരത്തെ പ്രകീർത്തിച്ച് ആദ്ധ്യാത്മികതയിൽ മനസ്സ് വ്യാപരിക്കണമെന്ന് ഉദ്ഘോഷിച്ച്  ഭഗവദ് ഗീതയിലെ “ദൃഢം മേ ഇഷ്ടോfസി” (നീ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനാകുന്നു) എന്ന പ്രസ്താവനയിലെ ദൈവ-മനുഷ്യപാരസ്പര്യം ഉറപ്പു വരുത്തി മദ്യപാനം ദൈവവിരുദ്ധമെന്ന് സമർത്ഥിച്ച് ദൈവസായൂജ്യം മാത്രമാണ് പരമാനന്ദം എന്ന് അടിവരയിട്ടെഴുതുന്ന ചിലർക്ക് വൈകുന്നേരമായൽ ഭഗവദ് ഗീതാ വാക്യം തന്നെ ആശ്രയം. ഗ്ലാസിൽ പകർന്ന ഡ്രിങ്കിനോടാണിവർ “ദൃഢം മേ ഇഷ്ടോfസി“ ചൊല്ലുന്നത്. ഈ ഇരട്ടത്താപ്പിന്റെ സംഘർഷം ബാഹ്യരൂപം ആർജ്ജിക്കുന്നത് മറ്റ് മദ്യപാനികളെ കുറ്റപ്പെടുത്തിക്കൊണ്ടാണ്.. മലയാളിയുടെ ഏറ്റവും വലിയ  മാനസിക പ്രൊജെക്ഷൻ ആണിത്. തലേ ദിവസം ലഹരിയാൽ കൂമ്പിയടഞ്ഞ കണ്ണുകളാണ് പിറ്റേന്ന് രാവിലെ ഓണത്തിനു കുടിച്ചു തീർത്ത കോടികളുടെ കണക്ക് കണ്ട് തള്ളിപ്പോകുന്നത്. നിരാകരണ (denial) ത്തിന്റെ ഒന്നാന്തരം ലക്ഷണമാണിത്. “മദ്യപാനം അന്തസ്സല്ല അപമാനമാണ്” എന്ന് പോസ്റ്റർ ഇറക്കുന്നതും ഇതേ ബാഹ്യാരോപത്തിന്റെ പരാവർത്തനാഭാസമാണ്. പൊക്കമുള്ള കെട്ടിടങ്ങളെപ്പറ്റിയുള്ള മിഥ്യാബോധം പോലെ മദ്യപാനത്തെ സംബന്ധിച്ചും വൻ തെറ്റിദ്ധാരണയാണ് മലയാളിയ്ക്ക്. “ഇങ്ങനെ പോയാൽ ഇവിടം അമേരിക്ക പോലെ ആയിത്തീരും” എന്നു പറയുന്നത് കേട്ടിട്ടുണ്ട്. കുടിയുടെ കാര്യത്തിൽ അമേരിക്ക പോലെ ആയിത്തീരുന്നെങ്കിൽ അതു തന്നെ അഭികാമ്യം.  മദ്യപാനം അന്തസ്സാണ് വിദേശങ്ങളിൽ. ഉപചാരത്തിന്റേയും സ്നേഹബലത്തിന്റേയും ബിംബങ്ങൾ. പോളണ്ടിലും മറ്റു കിഴക്കൻ യൂറോപ്പ് രാജ്യങ്ങളിലും അതിഥിയ്ക്ക് –ആരായാലും ഏതു സമയത്തായാലും- ഒരു ചെറിയ “ഷോട്” നൽകണമെന്നാണ് ആചാരം. ഫ്രാൻസിലും മറ്റും ഡിന്നറിനു വൈൻ നിർബ്ബന്ധമാണ്. പെൺകുട്ടികൾക്ക് പത്തു പന്ത്രണ്ടു വയസ്സാകുമ്പോൾ ഇതിൽ പങ്കുചേരാം. എന്നാൽ കുടിച്ചു കുതികുന്തം മറിയാറില്ല ആരും. പ്രിയ പാനീയങ്ങൾ വൈനും ബിയറുമാണ് പാശ്ചാത്യരിൽ. ഔപചാരികതയുടെ സൂചകമാണ് വൈൻ പലപ്പോഴും. ഒരു ഓപെറയോ മറ്റ് ക്ലാസിക് കലാപ്രകടനമോ അവതരിക്കപ്പെടുമ്പോൾ ഓഡിറ്റോറിയത്തിന്റെ വാതിലിനരികിൽ നിന്നും ഒരു ഗ്ലാസ് വൈൻ വാങ്ങി നുകർന്നിട്ട് അകത്തു കയറുന്നത് അന്തസ്സിനു ചേരുന്നതാണ്. ആൽക്കഹോൾ അനുപാതം കൂടിയ പല വിസ്കികളും –മലയാളിയുടെ വിശിഷ്ടപാനീയങ്ങളായവ-അമേരിക്കയിലെ പൊതുസമൂഹത്തിനു അത്ര പരിചയമില്ല എന്നത് സത്യം മാത്രമാണ്. (അമിതമദ്യപാനവും ഔപചാരികമദ്യപാനവും തമ്മിലുള്ള അന്തരം കുറച്ചെങ്കിലും ചിത്രീകരിക്കാൻ “സ്പിരിറ്റ്” എന്ന സിനിമയിൽ രഞ്ജിത്ത് ശ്രമിച്ചിട്ടുണ്ടെന്നത് മറക്കുന്നില്ല). മദ്യപാനം അന്തസ്സല്ല അപമാനമാണ് എന്ന് പോസ്റ്ററുകൾ നമ്മൾ ഇറക്കുന്നത്  ലോകക്രമത്തിനു വിരുദ്ധമാണെന്നും ഇവിടെ വിലപ്പോവുകയില്ലെന്നും നമ്മൾക്കു തന്നെ അറിയാം. അനുകരണത്തിലെ അപാകതകളും സമൂഹനിയന്ത്രണവും  അപമാനാടയാളങ്ങളും ചെറുപ്പക്കാർക്ക് മദ്യം സേവിക്കുന്നത് ഒരു ‘റിബൽ’ ആണെന്ന ഗൂഢസംതൃപ്തി നൽകുന്നത് മദ്യപാനം വ്യാപകമാകാൻ സഹായിച്ചിട്ടുണ്ട്. നിഷേധിക്കപ്പെട്ടവ സ്വാംശീകരിക്കാനുള്ള ത്വര  നൽകുന്ന വിജയസംതൃപ്തിപ്രാഭവം ഏറെയാണ്, ഏതു പോസ്റ്റർ പ്രഖ്യാപനങ്ങളേയും മറികടക്കാൻ പോന്നതാണ്. ഇത്തരം പ്രഖ്യാപനങ്ങൾ അനുത്പാദകം (counter productive) ആകാനേ സഹായിക്കൂ എന്നത് ഓർമ്മയിരിക്കേണ്ടതാണ്.  ‘വിദേശി’ എന്ന ലേബൽ ഈ അപമാനയുക്തിയ്ക്കു മേൽ ചാർത്തിയാൽ അത്   കേമമാകുമെന്നു രാജ്കപൂർ വിവക്ഷിച്ച ഭാരതീയ ഹൃദയത്തിനു ഇന്ന് തെല്ലുമേ തോന്നുകയില്ല. മലയാളിക്കു പണ്ടേ ഉള്ള സർവ്വരക്ഷാ‍ധികാരി മനോഭാവ (patronizing trait)വും നാടൻ വാറ്റോ കള്ളോ  കുടിയ്ക്കുന്ന അയ്യപ്പ ബൈജുവിന്റെ മദ്യചേഷ്ടകൾ ചിരിച്ചു പുച്ഛിക്കാനുള്ളതാണെന്നു വരുത്താൻ സഹായകമായിട്ടുണ്ട്.. ഉള്ളിലെ അയ്യപ്പബൈജുവിനെ ഒളിച്ചുകൊണ്ടാണ് ഈ പുച്ഛച്ചിരി.  ഇത് മനസ്സു തുറന്നു സ്വീകരിക്കാത്തതിന്റെ അടയാളമാണ് മദ്യവിൽ‌പ്പന ഇന്നും വൃത്തിഹീനമായപരിസരങ്ങളിൽ നടന്നു വരുന്നത്. കള്ളക്കടത്തുകാരന്റെ വൈദഗ്ധ്യത്തോടെയാണ് കുപ്പി വാങ്ങിച്ചാൽ കൊണ്ടു നടക്കേണ്ടത്.. പെട്ടെന്നഴിയാൻ സാദ്ധ്യതയുള്ള മുണ്ട് കെട്ടിയുടുത്തതിനിടയിൽ തിരുകുന്ന കുപ്പി എളുപ്പം താഴെ വീണ് പൊട്ടാവുന്ന തരത്തിലുമാണ്. “ഒളിസേവ” എന്ന വാക്ക് അറം പറ്റിയതുപോലായി ഇത്. ഗവണ്മെന്റിനു ഏറ്റവും കൂടുതൽ സമ്പാദ്യമുണ്ടാക്കാനുതകുന്ന ബിവറേജസ് കോർപ്പറേഷൻ വിൽ‌പ്പനസ്ഥലങ്ങൾക്ക് ശൌചാലയത്തിന്റെ വെടിപ്പോ മാന്യതയോ പോലും നൽകപ്പെട്ടിട്ടില്ല. സാരിയോ സ്വർണ്ണമോ  വാങ്ങിയാൽ  പളപളപ്പുള്ള പേടകങ്ങൾക്കകമേ ആണ് അവ നൽകപ്പെടുന്നതെങ്കിൽ വെറും പഴംപത്രക്കടലാസിൽ പൊതിയപ്പെടാനുള്ള ഭാഗ്യമേ വിലകൂടിയ മദ്യക്കുപ്പിയ്ക്കുള്ളു. മലയാളി സ്വയം സൃഷ്ടിച്ചെടുക്കുന്നതാണീ സ്ഥിതിവിശേഷം. മദ്യപാനത്തെ  ഇകഴ്ത്തിപ്പറയാൻ വേണ്ടുവോളം അടയാളങ്ങളും സൂചനകളും ഇട്ടു പോകലാണിത്. ഉള്ളിലെ മറ്റവനു ഇതോടെ തൃപ്തിയായി.


എന്റെ ഖൽബിലെ സദാചാരപ്പോലീസ്

        “I am not a virgin” എന്നു പ്രണയത്തിന്റെ ആദ്യകാലങ്ങളിൽ തന്നെ കാമുകനോട് പറയുന്ന നായികമാരുടെ കാലമാണിത്. വില്ലന്മാരാകട്ടെ “Can I have sex with you?” എന്ന് മര്യാദയ്ക്കു ചോദിച്ചിട്ടു ബലാത്സംഗം ചെയ്യുന്നവരുമാണ്. ചെറുപ്പകാർക്കിടയിൽ സാമ്പത്തികസ്വാതന്ത്ര്യത്തോടൊപ്പം വ്യക്തിസ്വാതന്ത്ര്യം വികസിച്ചപ്പോൾ അതിൽ ലൈംഗികസ്വാതന്ത്ര്യവും ഉൾച്ചേർന്നിട്ടുണ്ട്. ഇത് സൃഷ്ടിച്ച വിഭ്രാന്തി ചുരമാന്തുകയാണ് ഇന്ന് മലയാളിയ്ക്കുള്ളിൽ. ലൈംഗികതയുടെ തുറസ്സിൽ ഇക്കാര്യത്തിൽ ഇരട്ടത്താപ്പുകാരനായ മലയാളി അന്ധാളിച്ചു നിൽക്കുകയാണ്. ഏതോ സദാചാരസംഹിതകൾ അവന്റെ മൊറാലിറ്റിയെ കാത്തുസൂക്ഷിക്കുമെന്ന മോഹവലയത്തിൽ പെട്ടവൻ ഉള്ളിലെ കാമുകനെ ഒളിപ്പിക്കുന്നവനാണ്. അകത്ത് കെട്ടുപൊട്ടിയ്ക്കാനുഴറുന്ന ഈ കാമുകനെ ദുന്മാർഗ്ഗിയായി കാണുകയും അവനെ ശിക്ഷിക്കാൻ പറ്റാതെ വരികയും ചെയ്യുമ്പോൾ ഉരുത്തിരിയുന്ന സംഘർഷമാ‍ാണ് വഴിയിൽ കാണുന്ന യഥാർത്ഥകാമുകനെ പിടികൂടാൻ വാൾത്തലപ്പിനു മൂർച്ച കൂട്ടുന്നത്. ലൈംഗികതാനിബദ്ധമല്ലാത്ത ആൺ-പെൺ സ്നേഹബന്ധങ്ങളും ഒതുക്കിയ മോഹങ്ങളിൽ ഉൾപ്പെടും, വിലക്കിന്റെ വിലങ്ങുകളാൽ കണ്ണി വിളക്കിയവ.
സ്നേഹിതനോടൊപ്പ്പം രാത്രിയിൽ ചായ കുടിയ്ക്കാൻ ബൈക്കിൽ പോയവളേയും കൂട്ടുകാരനേയും  തല്ലിയൊതുക്കി ഉള്ളിലെ സ്വാഭാവികമായ ലൈംഗിതയെ ശിക്ഷിച്ച് വിമലീകരിച്ച് സായൂജ്യമടയാം ബാഹ്യാരോപ വിഭ്രാന്തി ബാധിച്ച നമുക്ക്. സാങ്കേതികത നിത്യജീവിതത്തിന്റെ ഭാഗമായത് നമ്മളെ കൂടുതൽ വിഷമിപ്പിക്കുന്നുണ്ട്. ദൂതിനു മേഘമോ മയൂരമോ ഹംസമോ തോഴിയോ വേണ്ട, മൊബൈൽ ഫോൺ വഴി. വേഴ്ചകൾക്ക് രഹസ്യസ്വഭാവം അനുരക്ഷണം ചെയ്യാം. സദാചാരപ്പോലീസിനു കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരികയാണ്.

സാങ്കേതികത വളരാൻ കാത്തുനിന്ന ദൈവങ്ങൾ

        മൊബൈൽ ഫോൺ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത് കേരളത്തിലാണെന്ന് കണക്കുകൾ.  സാങ്കേതികത  ശക്തമായി വന്നുകയറിയതിന്റെ    ഉഗ്ര നിദർശനമാണ് ‘സൂപ്പർ സ്പെഷ്യാലിറ്റി” എന്ന ആശുപത്രി വിശേഷണം. ചൂഷണാംശം ഏറുന്നതെങ്കിലും ഇന്ന്  സങ്കീർണ്ണമായ പല ശസ്ത്രക്രിയകളും കേരളത്തിൽ തന്നെ സാധിച്ചെടുക്കാം. എന്നാൽ സങ്കേതികതയുടെ വരവിനെ തള്ളിപ്പറയുക എന്നത് ചെറിയ അസുഖത്തിനും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലേക്ക് ഓടുന്നവരുടെ ശീലമായി മാറിയിട്ടുണ്ട്. കവികളും കഥയെഴുത്തുകാരും  യാന്ത്രികത വന്നുകേറിയേ എന്ന്  വിലാപം തുടങ്ങിയിട്ട് കുറച്ചായി. ലാപ് ടോപ് എന്നത് അമ്മയുടെ മടിത്തട്ടു തന്നെയാണെന്ന് സ്ഥാന/സ്വരൂപാന്തരണം നടത്തിയാണ് സിനിമക്കാരും  ഇതിനെ നേരിടുന്നത്. നൊസ്റ്റാൾജിയയിൽ കൊണ്ടെ ഒതുക്കാവുന്നതു മാത്രമേ താങ്ങാവൂ എന്ന വ്യർത്ഥവിചാരം. എന്നാൽ ഈ വ്യാജവിലാപം ഇന്ന് ദൈവങ്ങളും കേൾക്കുകയില്ല. വളർന്ന സാങ്കേതികതകളിൽ സന്തോഷിക്കുന്നവരായിരിക്കണം ഇന്നത്തെ ദൈവങ്ങൾ.  പൂജാബുക്കിങ്ങുകൾ ഇന്റെർനെറ്റ് വഴിയാണ് കൂടുതലും.  ക്ലോസ് സർക്യൂട് റ്റി വി വഴി  പ്രത്യേക ദർശനവേളകൾ ചുറ്റുപാടും കാണിയ്ക്കാനുള്ള സംവിധാനം  ശബരി മല ഇക്കൊല്ലം ഏർപ്പാടാക്കി. ഗുരുവായൂർ അമ്പലത്തിൽ സുരക്ഷാസംവിധാനത്തിന്റെ ഭാഗമായിട്ടാണെങ്കിലും ക്യാമെറ വയ്ക്കുന്നതിനെപ്പറ്റി സംവാദങ്ങൾ തുടങ്ങിക്കഴിഞ്ഞു.  നെറ്റിലേക്ക് നേരിട്ടു പകർത്തുന്ന ക്യാമെറയാലോ സ്കൈപ് പോലത്തെ സംവിധാനങ്ങൾ ഉപയോഗിച്ചോ നടതുറക്കലും ദീപാരാധനയും ലോകമെമ്പാടും തത്സമയം ഭക്തർക്കു ദർശിക്കാൻ സാദ്ധ്യമാവുന്ന കാലം അതി വിദൂരമല്ല. നടവരവു കൂടുന്നതിനാലും നിരവധി പേർക്ക് ഒരേ സമയം അഭീഷ്ടങ്ങൾ വാരിച്ചൊരിയാനുള്ള എളുപ്പത്താലും ദൈവങ്ങൾ സന്തോഷിക്കാനാണിട. നാലമ്പലം തൊഴീൽ എന്ന  ആധുനികതയുടെ സംഭാവനയായ ദർശനസവിധാനവും ദൈവങ്ങൾക്ക്  അമ്പരപ്പു നൽകുന്നുണ്ടായിരിക്കണം. ഒരേദിവസം നാലു ബന്ധപ്പെട്ട
(ഒരു ദൈവത്തിന്റെ ബന്ധുക്കളായ മറ്റു ദൈവങ്ങൾ-ശ്രീരാമനാണെങ്കിൽ സഹോദരങ്ങൾ) പ്രതിഷ്ഠകളുള്ള അമ്പലങ്ങളിൽ തൊഴുക എന്നതാണ് സാങ്കേതികതയുടേ സംഭാവനയായ ഈ പുണ്യലബ്ധീവൃത്തി. മെച്ചപ്പെട്ടതോ പുതുതായി പണിതതോ ആയ റോഡുകളാണ് ഈ സൌജന്യത്തിന്റെ പ്രധാന പോംവഴി. സ്വന്തം കാറ് ഉണ്ടായിരിക്കുക എന്നത് മറ്റൊരു സൌകര്യം. കേരളം പരക്കേ ബസ്സുകൾ ഓടിയ്ക്കൊണ്ടിരിക്കുന്ന കാലത്തും ഇത് സാധ്യമായിരുന്നില്ല. കാരണം നാലു സ്ഥലത്തുള്ള അമ്പലങ്ങളും ഒരു ദിവസം ബസ്സിൽത്തന്നെ യാത്ര ചെയ്ത് എത്താനുള്ള സൌകര്യം ഇല്ല എന്ന സത്യത്താൽ. ടാറിട്ട റോഡുകളും കാറുകളും കൂടിയാണ് ഈ അഭീഷ്ടസൌകര്യത്തിനു വഴിയൊരുക്കിരുക്കിയിരിക്കുന്നത് എന്നത് സാങ്കേതികപുരോഗതിയും പുണ്യാഭിലാഭവുമായി  സമവാക്യം നിർമ്മിച്ചെടുക്കുന്നതിന്റെ ഉദാഹരണം തന്നെ. ചൊരിയാനുള്ള അഭയവരങ്ങൾ ഇത്രയും നാൾ അടക്കിപ്പിടിച്ചിരുന്നതിനു ശേഷം പൊടുന്നനവേ കൈവന്ന ആയാസരാഹിത്യം ദൈവങ്ങൾക്ക് ആശ്വാസം നൽകുന്നുണ്ടായിരിക്കണം.ടെക്നോളജി നേരത്തെ വന്നെത്താത്തതുകൊണ്ട് നഷ്ടപ്പെട്ടുപോയ പുണ്യങ്ങളെ ഓർത്ത് വിലപിക്കുകയേ വേണ്ടൂ മലയാളിക്ക്. ഇതൊക്കെക്കഴിഞ്ഞിട്ടും-ദൈവങ്ങൾ സമ്മതിച്ചിട്ടും- ആധുനികവിദ്യകൾക്കു നേരേ അവൻ ചൊരിയുന്ന ശകാരത്തിനു കണക്കില്ല. ബാഹ്യാരോപവിഭ്രാന്തിയ്ക്ക് മറ്റൊരുദാഹരണം തേടേണ്ടതില്ല.

 പൊറോട്ട വേണം പൊറോട്ട വേണ്ട

        മലയാളിയുടെ ആഹാരചര്യകളിൽ നിന്നും ചക്ക ഏറെക്കുറെ അപ്രത്യക്ഷ്യമായതിനു കുടുംബപരവും  സാമൂഹികപരവുമായ കാരണങ്ങളുണ്ട്. ചക്കപ്പഴം  ആർക്കും വേണ്ടാതെ വെട്ടിക്കുഴിച്ചു മൂടേണ്ടി വരുന്നതിൽ വ്യാകുലപ്പെടുന്ന പഴമക്കാരെ  കാണാം ഇന്ന്. കമ്പോളത്തിൽ വന്ന മാറ്റങ്ങൾ, കമ്പോളാഭിമുഖ്യത്തിലേക്ക് തിരിയൽ, സ്വന്തം പറമ്പിലെ കൃഷിയെ ആശ്രയിക്കാതിരിക്കൽ ഇവയൊക്കെയും കാരണങ്ങളായുണ്ട്. കൂടാതെ ഭക്ഷണരീതിയിലുള്ള മാറ്റവും.  ചുരുങ്ങിയ കാലത്തിനുള്ളിൽ ഭോജനരീതിയിൽ വൻ മാറ്റം കൊണ്ടു വന്നവരാണു നമ്മൾ. പോഷകമൂല്യങ്ങൾ തുലോം കുറഞ്ഞ പൊറോട്ട നാലുനേരവും ഭക്ഷിക്കുന്നത് ആദ്യം പരിഷ്കാരവും ഇപ്പോൾ ശീലവുമാണ്. ലോകത്തൊരിടത്തും മൈദ കൊണ്ടുണ്ടാക്കിയ ഒന്നും പ്രധാന ആഹാരമല്ല. മധുരപലഹാരങ്ങൾക്ക് മാത്രമാണ് മൈദ ഉപയോഗിക്കാറ്. കൺസ്യ്യൂമറിസത്തിനു എളുപ്പം വഴങ്ങുന്ന മലയാളിക്ക് ശീലങ്ങൾ മാറ്റിയെടുക്കാനും പ്രയാസമില്ല. കപ്പ പണ്ട് ബ്രസീലിൽ നിന്നെത്തിയപ്പോഴും നമ്മൾ പെട്ടെന്ന് പുഴുങ്ങിത്തിന്നു തുടങ്ങിയതാണ്. എന്നാൽ പൊറോട്ട തിന്നുന്ന മറ്റവനെ പിടികൂടിത്തുടങ്ങി നമ്മൾ.  രാവിലെ തന്നെ തിന്ന പൊറോട്ട കറിയോടൊപ്പം സ്വന്തം വയറ്റിൽ ചീർത്തു തുടങ്ങിയിരിക്കുമ്പോൾ തന്നെയാണ് പൊറോട്ടയ്ക്കെതിരെ ആഹ്വാനവുമായി എത്തുന്നത്. സ്കൂൾ കലോത്സവ വേദികളിൽ കുട്ടികളെക്കൊണ്ട് പൊറോട്ട തീറ്റയ്ക്കെതിരെ സ്കിറ്റുകളും മോണോ ആക്റ്റുകളും വരെ കളിപ്പിച്ച്  അവരിലും ഇത് മറ്റാരുടേയോ പ്രശ്നമാണെന്ന ധാരണ ഉണ്ടാക്കുകയാണ്.


        കാർഷികവൃത്തി, ആഹാരക്രമം എന്നവയിലൊക്കെ വന്ന മാറ്റങ്ങൾ വയൽ നികത്തൽ പോലുള്ള പ്രക്രിയകളിൽ എത്തിച്ചേർന്നതു നമുക്കറിയാം. നമ്മുളുണ്ടാക്കിയ റിയൽ എസ്റ്റേറ്റ് സിസ്റ്റവും ഇതിൽ കൂട്ടു ചേർന്നു.  വയൽ നികത്തലിനെപ്പറ്റി വിലപിയ്ക്കുന്ന മലയാളി അത് മറ്റാരോ  ചെയ്യുന്നു എന്ന ദോഷാരോപണത്തിലാണ് സ്വാന്തനം നേടുന്നത്. സാമൂഹിക കാഴ്ച്ചപ്പാടിലും പ്രവർത്തികളിലും   കുത്തകമുതലാളിത്തം,  സാമ്രാജ്യത്തിന്റെ സാംസ്കാരിക അധിനിവേശം ഇവയ്ക്കെല്ലാമുള്ള  സ്വാധീനം വിഘടിച്ചെടുക്കേണ്ടതുണ്ട്. ആത്മദമന(Denial) ത്തിൽ ജീവിക്കുന്ന  സമൂഹത്തിനു രക്ഷപെടാൻ പഴുതുകൾ കുറവാണ്.

Saturday, July 12, 2014

ഏലമണിക്കാടു ചുറ്റി … മനോഹാരിത പൂർത്തീകരിയ്ക്കാൻ സിതാറും സന്തൂറും


ഏലമണിക്കാടു ചുറ്റി ഓടി വരും കാറ്റേ
നീലമലച്ചോലകളിൽ നീന്തിടുന്ന കാറ്റേ

   ദക്ഷിണാമൂർത്തിയും പി സുശീലയും കൂടി അനുഭവഭേദ്യമാക്കുന്ന ഈ കുളിർകാ‍റ്റിന്റെ സൌരഭ്യം സിതാറും സന്തൂറും  ഉൾച്ചേർന്ന്  ശതഗുണീഭവിക്കപ്പെടുകയാണ്.  സന്തൂർ ഇത്രയും പ്രകടമായി ഭാവോന്മീലനത്തിനും കേൾവി  സുഖത്തിനും ഉപയുക്തമാക്കിയിട്ടുള മറ്റൊരു പാട്ട് ഉണ്ടോ എന്ന് സംശയം. ഏലമണിക്കാടുചുറ്റി ഓടി വരുന്നതും നീലമലച്ചോലയിൽ നീന്തി വരുന്നതുമായ കാറ്റിനെ സഖിയാക്കി, പ്രേമതാര ള്യത്തിന്റെ സൂചനകൾ അവളിൽ കാണപ്പെടുന്നത് തന്നിലെ രാഗവിവശതയോട് താദാത്മ്യപ്പെടുത്തുന്ന നായികയെ ആണ് പി ഭാസ്കരൻ വന്യസൌന്ദര്യത്തിനിടയിൽ അവതരിപ്പിക്കുന്നത്.  ഏഴിലം പാലയും നീർമാതളവും പൂക്കുന്നത് അവളുടെ മനസ്സിൽത്തന്നെ. മെയ്യിലെ പൊന്നിലഞ്ഞിപ്പൂമണവും  നെടുവീർപ്പുകളിലെ ചന്ദനത്തിൻ കുളിർമണവും സഖിയായ കാറ്റിന്റേതല്ല തന്റേതു തന്നെ എന്ന തിരിച്ചറിവിൽ അദ്ഭുതം കൂറുകയാണ് പ്രകൃതിയോട് ലയിക്കുന്ന ഇവൾ.

 സാധാരണ പതിവുള്ള രണ്ടു ചരണങ്ങളാൽ അല്ല മൂന്നു ചെറു ചരണങ്ങളിൽക്കൂടിയാണ് ഈ വിസ്മയലാവണ്യം പരിപൂർത്തി നേടുന്നത്.  ചരണങ്ങൾക്കിടെയുള്ള ഓർക്കെഷ്ട്രേഷൻ വ്യത്യസ്ഥമാണ്, പതിവിനു വിപരീതമായി. സിതാറിന്റെ സ്വരസംഘാതം മാത്രം ഒരു തവണ ആവർത്തിക്കുന്നുണ്ട്. പല്ലവിയ്ക്കു ശേഷം വരുന്ന ഈ ഇന്റെർല്യൂഡ്  രണ്ടാം ചരണം കഴിഞ്ഞും നിബന്ധിച്ചിട്ടുണ്ട്, ആവർത്തനവിരസത തീണ്ടാതെ.  ആദ്യം 0.55-1.01, പിന്നെ 1.58-2.12.  (“നിന്റെ വീർപ്പിൽ എന്തേ സഖീ ചന്ദനത്തിൻ കുളിർ മണം” കഴിഞ്ഞ്) ഇവയുടെ അവസാനം വരുന്ന തീർമാനങ്ങൾ ( 3 എണ്ണമുണ്ട് ഇവ)   സിതാർ കച്ചേരികളിൽ കേൾക്കാറൂള്ള ആവർത്തനങ്ങളുമായി സാമ്യമുള്ളവയാണ്.  മലയാള സിനിമാഗാനങ്ങളിൽ ഇത് അപൂർവ്വമാണ്. കേദാർ രാഗത്തിന്റെ പ്രകാരങ്ങളാണ് ഇവിടെ തുടിച്ചു നിൽക്കുന്നത്- പാട്ട് മിശ്ര ഖമാസിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളതെങ്കിലും.   തബലയുടെ നടകൾ ഇവയോട് ചേർന്നു പോകും വിധമാണ് തൊടുത്തിരിക്കുന്നത്.

 ഗമകങ്ങളുടെ സൂക്ഷ്മനിബന്ധനയാണ് ഈ പാട്ടിന്റെ മറ്റൊരു ആകർഷകത്വം. “ഓടി വരും കാറ്റേ” യിലെ “റ്റേ”., പൂത്തുവോ ഇലെ “വോ”, ‘പൊന്നിലഞ്ഞിപ്പൂമണം‘ ഇലെ “ണം” ഒക്കെയാണ് ഗമകങ്ങളാൽ ഉയർത്തെഴുനേൽക്കുന്ന വിജൃംഭണം പാട്ടിനു നൽകുന്നത്. സുശീലയുടെ ആലാപനവൈദഗ്ധ്യം  അണയ്ക്കുന്ന  ഉത്തേജിത പ്രകമ്പനം ഇവിടെ സ്മരിക്കാതെ വയ്യ. എന്നാൽ  ഈ ഓരോ വരികളും ആവർത്തിക്കുമ്പോൾ ഈ ഗമകങ്ങൾ വർജ്ജിച്ചിരിക്കുന്നു.  പക്ഷേ ഫ്ലൂട് അതി സമർത്ഥമായി ഈ ഗമകപ്രയോഗം സാധിച്ചെടുക്കുകയാണ്. ഒരു ഇടപെടൽ തോന്നിപ്പിക്കാതെ തന്നെ.

 രണ്ടാം വരിയുടെ അവസാനം വരുന്ന ഗമകപ്രയോഗങ്ങൾ  (നീർമാതളം പൂത്തുവോ, ചന്ദനത്തിൻ കുളിർ മണം ഇവയുടെ ഒക്കെ അവസാന അക്ഷരം)  സാധാരണ പോലെ പല്ലവിയുടെ ആദ്യസ്വരവുമായി  യോജിക്കാൻ  വേണ്ടി നിബന്ധിക്കപ്പെട്ടതാണ്. ഈ ഒതുക്കം ദക്ഷിണാമൂർത്തിയുടെ പല പാട്ടുകളിലും കാണാവുന്നതു തന്നെ.

ആദ്യ ചരണം

 ഏഴിമലച്ചെരുവിലെ ഏഴിലംപാല പൂത്തുവോ
നീയൊഴുകും പുഴയിലെ നീർ മാതളം പൂത്തുവോ

കഴിഞ്ഞ് സിതാറും സന്തൂറും കൂടിയുള്ള സുന്ദരപ്രയോഗങ്ങളാണ്. (1.23-1.37) ചെറുതെങ്കിലും ശ്രദ്ധനേടുന്നത്.  രണ്ടു സന്തൂർ ബിറ്റുകളും സ്ഥായി വ്യത്യാസപ്പെടുത്തി ഏറ്റക്കുറച്ചിലിന്റെ അനുഭവപ്രതീ‍തി ഉളവാക്കുന്നു. സന്തൂർ പ്രയോഗം സാവധാനം സിതാറിലേക്ക് അലിയുകയാണ്, ഇവിടെ ഫ്ലൂടും ലയിക്കുന്നുണ്ട്. സന്തൂറിന്റെ സ്വരവേഗങ്ങളെ തബല അതേ പടി പിന്തുടരുന്നത് രസാവഹമാണ്.

 രണ്ടാം ചരണം

നിന്റെ മെയ്യിൽ എന്താണിന്നീ പൊന്നിലഞ്ഞിപ്പൂമണം
നിന്റെ വീർപ്പിൽ എന്തേ സഖീ ചന്ദനത്തിൻ കുളിർമണം

കഴിഞ്ഞ് മേൽ സൂചിപ്പിച്ചതു പോലെ   പല്ലവി കഴിഞ്ഞു വരുന്ന ആദ്യത്തെ സിതാർ ബിറ്റിന്റെ ആവർത്തനമാണ്. (1.58-2.12). പാട്ടു തുടങ്ങുമ്പോഴുള്ള “ അ-അ-അ..” ആലാപനം ഏകദേശം ഈ സിതാർ ബിറ്റിന്റെ ചില ഭാഗങ്ങൾക്ക് സാമ്യമണയ്ക്കുന്നുണ്ട്, ഒരു മുഖവുര എന്ന പോലെ.

അടുത്ത ചരണം

പകലൊളിയിൽ ഈ വനമൊരു പരമശാന്തിമന്ദിരം
കാവൽനിൽക്കും വൻതരുക്കൾ നാമം ചൊല്ലും താപസർ
രാവു വന്നുകേറിയാൽ ഇതു കൂരിരുളിൻ ഗഹ്വരം
മൂടുപടം മാറ്റിയാലീ കാടുമൊരു രാക്ഷസൻ


 പ്രത്യേക പരിചരണത്താൽ വിലസുകയാണ്. സന്തൂർ തന്നെ പ്രധാന പ്രഭാവം. “പകലൊളിയിൽ ഈ വനം ഒരു പരമശാന്തി മന്ദിരം” കഴിഞ്ഞ് അതിമധുരമായ സന്തൂർ വിന്യാസമാണ്. (2.18-2.24)  അടുത്ത വരിക്ക് സ്ഥായി മുകളിൽ തൊടുത്തിരിക്കുന്നു. “കാവൽ നിൽക്കും വൻ തരുക്കൾ നാമം ചൊല്ലും താപസർ”. സന്തൂറും ഈ സ്ഥായീ ഭേദം പിൻ തുടരുന്നുണ്ട്. (2.30-2.36) ആദ്യത്തേതും രണ്ടമമത്തേതും ആരോഹണാവരോഹണക്രമങ്ങളിൽ മാറ്റം വരുത്തിയാണ് വ്യത്യസ്തത വരുത്തിയിരിക്കുന്നത്. രണ്ടാമതു വരുന്ന സന്തൂർ ബിറ്റിന്റെ അവസാനം കാലം മുറുക്കിയെടുത്ത സ്വരങ്ങളാൽ അലങ്കരിക്കപ്പെടുന്നത് മധുരതരം തന്നെ. വേഗതയിൽ മുഴങ്ങുന്ന നുനുത്ത മണിനാദം പോലെ.  ഇവിടെ സന്തൂറിനു അകമ്പടിയായി താളവാദ്യങ്ങളില്ല എന്നത് ശ്രദ്ധേയമാണ്. പ്രകടനപരത തന്നെ ഉദ്ദേശം. “പരമശാന്തി മന്ദിരം” കഴിഞ്ഞ് സന്തൂർ നിയോഗിച്ചത് ചില പ്രത്യേക താൽ‌പ്പര്യങ്ങളോടെ ആവാനാണു സാദ്ധ്യത. സന്തൂർ, പ്രത്യേകിച്ചും ശിവകുമാർ ശർമ്മയുടെയും മറ്റും, തുറസ്സായ പ്രകൃതി, പർവ്വതങ്ങൾ, താഴ്വരകൾ ഹരിതവനങ്ങൾ ഇവയുടെ പ്രതീതി നിർമ്മിച്ച്  പ്രഭാതഭാവം പ്രസരിപ്പിച്ച് ഇവിടേയ്ക്ക് പ്രവേശിക്കുന്ന മാതിരി ഭാവസംയോജനം സാദ്ധ്യമാക്കി ഒരു മിസ്റ്റിക്ക് അനുഭവം ഉളവാക്കാറുണ്ട്. ഇതേ ഭാവപരിസരമാണ് ഇവിടെയും സൃഷ്ടിക്കപ്പെടുന്നത്. പാട്ടിന്റെ കാമ്പ് സന്തൂർ നിർമ്മിച്ചെടുക്കുകയാണ്. മലയാളസിനിമാഗാനങ്ങളിൽ ഇത് അപൂർവ്വമെന്നു വേണം പറയാൻ.   ‘മന്ദിരം” ഇലെ ‘രം” ഇനു ഗമകങ്ങൾ ഇല്ല, സന്തൂർ  ഇവിടെ ഗംഭീരമായി പിൻ തുടരുന്നതിനാലാകണം.  മറ്റു ചരണങ്ങളിലെ പോലെ ഈ വരി ആവർത്തിക്കുന്നില്ല, സന്തൂറിനു പ്രാമുഖ്യം വിട്ടുകൊടുത്തിരിക്കയാണ്.

 മറ്റു രണ്ടു ചരണങ്ങൾ പോലെയല്ലാതെ നാലുവരിയിലാണ് ഈ ചരണം ഉരുത്തിരിയുന്നത്. മറ്റവ മേൽ സ്ഥായിയിൽ തുടങ്ങുന്നെങ്കിൽ ഇത് അങ്ങനെയല്ല. ഒരു പ്രസ്താവന പോലെ തുടങ്ങിയ ശേഷം മൂന്നാം വരിയാണ് സ്ഥായിയിൽ പടി കയറുന്നത്  (“രാവു വന്നു കേറിയാൽ..”). എന്നാൽ അവസാന വരി മറ്റു ചരണങ്ങളോട് ഒത്തു പോകുന്നതുമാണ്. ഒരു നാടകീയത  സൃഷ്ടിക്കാനാകണം ഈ രൂപാന്തരങ്ങൾ.

പാട്ടു കേട്ടു കഴിഞ്ഞാൽ സന്തൂറിന്റെ മണിക്കിലുക്കങ്ങളാണ് മനസ്സിൽ അവശേഷിക്കുന്നത് എന്നതാണ് ഈ പാട്ടിന്റെ സവിശേഷത.


Friday, January 10, 2014

“കിളി ചിലച്ചു…….” ഉദയഭാനു എന്ന ഇടയ്ക്കുദിച്ച സൂര്യന്റെ പ്രഭാപൂരം

  
          ഉദയഭാനു അധികം സിനിമാഗാനങ്ങൾക്ക്  സംഗീതം നൽകിയിട്ടില്ല. പാടാൻ ഏൽ‌പ്പിക്കപ്പെട്ട പാട്ടുകൾക്ക് സമർപ്പണഭാവത്തോടേ പൂർണ്ണത വിളക്കിയ അതേ തീക്ഷ്ണതയോടെ കമ്പോസ്  ചെയ്ത പാട്ടുകളിൽ  കേൾവിയുടെ  നിറവ് പൂരിതമാക്കാൻ ശ്രമിച്ചു ഈ ലളിതമനസ്കൻ. 1976 ഇൽ ഇറങ്ങിയ ‘സമസ്യ’യിൽ അദ്ദേഹം രണ്ടുമൂന്നു പാട്ടുകൾക്ക് സംഗീതം നൽകിയിട്ടുണ്ട്. അതിലൊന്നാണ് യേശുദാസ് പാടിയ “കിളി ചിലച്ചൂ .. കിലുകിലെ കയ് വളചിരിച്ചൂ” എന്ന ഓ എൻ വി ഗാനം. പാട്ടിന്റെ ശിൽ‌പ്പചാരുതയിലും ഓർക്കെഷ്ട്രേഷൻ നിർവ്വഹണത്തിലും പ്രയോഗത്തിലും മെലഡി കൊരുത്തെടുത്ത രീതിയിലും അക്കാലത്ത് നിന്നും വളരെ അകലെ ആധുനികതയിൽ ഇടം നേടുന്ന പാട്ടാണിത്. 70 കളിൽ ഇത്തരം ഒരു പാട്ട് ഇറങ്ങുന്നത് അത്യപൂർവ്വം എന്നു പറഞ്ഞാൽ അത് സത്യമാണ്. ഉദയഭാനുവിന്റെ ദീർഘദർശിത്വത്തോടൊപ്പം കമ്പോസിങ് പ്രാവീണ്യവും വൈവിദ്ധ്യമണയ്ക്കാനുള്ള അതിപാടവവും ആണ് ഇവിടെ പ്രത്യക്ഷമാകുന്നത്. ഈ ഒരു പാട്ടുകൊണ്ടു തന്നെ ജീവിതസാഫല്യം നേടിയിരിക്കുന്നു സിനിമാസംഗീതസംവിധാനത്തിൽ ഇടയ്ക്കൊന്ന് ഉദിച്ചുയർന്ന ഈ സൂര്യൻ.

ആദ്യം പാട്ട് കേൾക്കുക:

        പാട്ടിന്റെ പ്രധാന ആകർഷകത്വം അതിന്റെ മന്ദ്രതയാണ്. വളരെ സാവധാനമാണ് പാട്ട് ഉണർന്നെഴുന്നത്, ഗതിചാലനം അത്ര സൂക്ഷ്മായ വിന്യാസത്തിലാണ് ധാരാവാഹിയാകുന്നത്. ഈ മന്ദമായ ഒഴുക്കിന്റെ ആന്തരിക താളത്തിൽ ക്ലിഷ്ടതയോ ഗംഭീരമായ ക്രമപതനങ്ങളോ നിബന്ധിച്ചിട്ടില്ല. വരികളെഴുതിയ ഓ എൻ വിയും ഉൽക്കടപ്രേമവിക്ഷോഭങ്ങൾ വാക്കുകളിലോ കാവ്യപ്രക്ഷേപണത്തിലോ  ഇണക്കിക്കൂട്ടാൻ ഉദ്യമിക്കുന്നുമില്ല. പ്രേമതരിളതനായ നായകൻ കാറ്റിനോടും നിലാവിനോടും പ്രിയസഖിയെ ഇനിയും മനോഹരിയാക്കാൻ   അഭ്യർത്ഥിക്കുന്ന പരിസരസ്വധീനത്തിൽ ലളിതമായ നിർമ്മിതിവിദ്യ തന്നെ അനുചിതം എന്ന് ഉദയഭാനു തീരുമാനിച്ചിരിക്കയാണ്. കളമൊഴിയുടെ കയ്യിൽ കുളിര് ഉമ്മ വച്ചപ്പോൾ കൈവള ചിരിച്ചത് കിളി ചിലച്ചതായിട്ടാണ് കാമുകനു തോന്നുന്നത്. പ്രേമോന്മത്തനു സംഭവിക്കുന്ന വിഹ്വലത.  ഈ വിഹ്വലത ഒരു പൂ വിടർത്തുന്നതു പോലെയാണ് ഉദയഭാനു പ്രസാരിതമാക്കുന്നത്. സുഭഗസംഗീതപരിലാളനയുടെ മൃദുപരിചരണം മൂലം ഈ പാട്ട് അതിലെ വരികൾ അന്വർത്ഥമാക്കും വണ്ണം ഒരു സുഖനിമിഷത്തിൻ നറുമണമോ അതിലൂറും നിർവൃതിയുടെ തേൻകണമോ എന്ന് നമ്മളും സംശയിച്ചുപോയാൽ അതിലൽഭുതമില്ല.

        മെലഡിയ്ക്ക് ആധാരമായ ആഭേരി രാഗത്തിന്റെ അതിസാധാരണത്വം പാടേ മാറ്റിയിട്ടാണ് ഉദയഭാനുവിന്റെ ഈ കിളി ചിലയ്ക്കുന്നത്. ആ രാഗത്തിലുള്ള അസംഖ്യം സിനിമാപ്പാട്ടുകളുടെ സുവിദിതപ്രയോഗങ്ങൾ തെല്ലും അനുസ്മരിപ്പിക്കാത്തവിധമാണ് പരിചരണം. അത്രമാത്രം മെരുക്കിയെടുത്തിരിക്കയാണ് ഈ രാഗത്തെ.  ഇതേ രാഗത്തിൽ ചിട്ടപ്പെടുത്തപ്പെട്ട “സ്വർഗ്ഗ ഗായികേ ഇതിലേ“, “അശോക പൂർണ്ണിമ” ഒക്കെയായി താരതമ്യം ചെയ്താലറിയാം ഈ വിദ്യയുടെ മാജിക്.  പാട്ട് സാധാരണ പോലെ ഒരു പല്ലവിയും രണ്ട് ചരണങ്ങളും എന്ന രീതിയിലാണ് നിർമ്മിച്ചെടുത്തിരിക്കുന്നത്. എന്നാൽ പൊതുവായ സമീപനത്തിനും ശിൽ‌പ്പരീതിയ്ക്കും  ഇതിനു മുൻപിറങ്ങിയ ഏതെങ്കിലും പാട്ട് ഒരു ‘പ്രോടൊറ്റൈപ്’ ആയിരുന്നോ എന്നു പറയാൻ സാദ്ധ്യമല്ലാത്ത വിധം വ്യത്യാസമുണ്ട്. പല്ലവിയിൽ ഒരേ വാക്ക് ആവർത്തിക്കുന്ന രീതി വിട്ട് ‘കിളി ചിലച്ചു‘ എന്നതിനു ശേഷം (ഒരു ഗിറ്റാർ ബിറ്റ് ഇവിടെയുണ്ട്)  പ്രാസമൊപ്പിച്ച് വരുന്ന ‘കിലുകിലെക്കയ് വളചിരിച്ചു‘ എന്ന ഘടനയാണിവിടെ.മന്ദ്രസ്ഥായിയിൽ തുടക്കം. പടി കയറും വിധം മുകളിലേക്ക്. ‘ഇതിലേ വാ നിലാവേ..” ഔന്നത്യത്തിൽ.  ‘……പൂക്കളാൽ അലങ്കരിക്കൂ’ എന്ന കഴിഞ്ഞ് ഒരു നിശ്ചലത പോലെ. പിന്നെ ‘കിളി ചിലച്ചു‘ എന്നു വരുമ്പോൾ ശാന്തമായ ജലപ്പരപ്പിൽ ഒരു ചെറിയ ഓളം ഉളവാകുന്ന സൌമ്യപ്രതീതിയാണ്. ചരണങ്ങളിലെ സ്ഥായീവിന്യാസങ്ങളും ഗതിവിഗതികളും  ശിൽ‌പ്പരീതിയും അനന്യമാണ്.

ഒന്നാം ചരണം ഉദാഹരണമായെടുക്കാം:

കതിർ ചൂടും പുന്നെല്ലിൻ മർമ്മരമോ
കരളിലെ പുളകത്തിൻ മൃദുമന്ത്രമോ
മധുരമൊഴി കാതോർത്തു നീ നുകർന്നൂ

എന്നിടത്തു തന്നെ ചരണം അവസാനിപ്പിക്കാനുള്ളതേ ഉള്ളു, അന്നത്തെ നടപ്പുരീതി അനുസരിച്ച്. പക്ഷേ ഇവിടെ ഒരു ഓബോ-ക്സൈലോഫോൺ ബിറ്റിനു ശേഷം പാട്ട് നെടുകേ നട കയറുകയാണ്.“ഇതിലേ വാ നിലാവേ നീ ഇതിലേ വരൂ.” എന്നത് ഒരു കൂട്ടിച്ചേർക്കൽ തന്നെയാണ്, അതും മേത്സ്ഥായിയിൽ. തബലയുടെ നടകൾ ഇവിടെ ദ്രുതഗതി ആർജ്ജിച്ച് പ്രത്യേക ‘പഞ്ചും‘ നാടകീയതയും സൃഷ്ടിയ്ക്കുന്നു. ഗാനത്തിന്റെ ആകെ ബോധാനുസാരിയായ കാതൽ ഈ രണ്ടു വരികളായിത്തീരുകയാണ്. (രണ്ടാം ചരണത്തിൽ ‘നിലാവേ‘ എന്നത് ‘തെന്നലേ‘ എന്നായി മാറുന്നു) പ്രേമലോലുപന്റെ ആകപ്പാടെയുള്ള ഉദ്ദേശം ഈ മനസ്സലിഞ്ഞ അപേക്ഷ  തന്നെ എന്ന് സംഗീതം വ്യക്തമാക്കുകയാണ്. കാരണം ഉടൻ തന്നെ സ്ഥായി താഴോട്ടിറങ്ങി മന്ത്രജപത്തിന്റെ ഛായ കൈവരികയാണ്, ‘കിളി ചിലച്ചു‘ എന്ന പല്ലവി പ്രയോഗത്താൽ. ഈ സംക്രമണം അതിമധുരതരവുമാണ്.  ഇവിടേ ‘കിളി ചിലച്ചു’ എന്നത് നിശബ്ദതയിലാണ്: താളവാദ്യങ്ങളോ വയലിൻ സംഘമോ പുറകിലില്ല. അതിനു ശേഷം വരുന്ന കുഞ്ഞിടവേളയ്ക്ക് സാംഗത്യം ഏറുകയാണ് ഇപ്രകാരം. ‘ചിലച്ചൂ’ എന്നിടത്തെ ‘ഊ’ നിലനിർത്തി (sustain) ഗിറ്റാറിന്റെ കിണുക്കത്തിൽ അലിയിച്ചിരിക്കയാണ് വിദഗ്ധനായ കമ്പോസറും അതേപോലെ വിദഗ്ധനായ യേശുദാസും.

 ഉപകരണവിനിയോഗത്തിലെ നവീനതകൾ

                എഴുപതിലെ പാട്ടുകളിൽ കടന്നു വരാറുള്ള ഓർക്കെഷ്ട്രേഷൻ രീതികളിൽ നിന്നും വ്യതിചലിച്ച്  പുരോഗമനപരമായ പ്രകൃതിയിലേക്ക് കടന്നിരിക്കയാണ് സവിശേഷമായ വിന്യാസങ്ങൾ. മനഃപൂർവ്വമായിത്തന്നെ ഗംഭീരമായ താളമേളക്കൊഴുപ്പ് വർജ്ജിച്ചിരിക്കയാണ് പാട്ടിന്റെ ഭാവപരിസരം ഉൾക്കൊണ്ട്. ഗിറ്റാറിന്റെ സൂക്ഷ്മപ്രകടനങ്ങൾക്കും വയലിൻ സംഘത്തിന്റെ കൃത്യമായ മീട്ടലുകൾക്കും മിഴിവ് കിട്ടിയിട്ടുണ്ട് ഇപ്രകാരം. ‘കിളി ചിലച്ചു’ എന്നു കഴിഞ്ഞ്  ശേഷം ഒരു സ്പേസ് കഴിഞ്ഞിട്ടാണ് ‘കിലുകിലെ കയ് വളചിരിച്ചൂ‘ എന്നു വരുന്നത്. ആ സ്പേസിൽ ഗിറ്റാറിന്റെ സഞ്ചാരങ്ങൾ നിബന്ധിച്ചിരിക്കയാണ്. അതേ സഞ്ചാരങ്ങൾ ഉയർന്ന സ്ഥായിയിൽ ആവർത്തിക്കുകയാണ് “ കിലുകിലെ കയ് വളചിരിച്ചു“ വിനു ശേഷം. ഇതിലെ സ്വരങ്ങളുടെ ഏറ്റക്കുറച്ചിൽ കൂടെ അനുഗമിക്കുന്ന വാദ്യം അതേ പടി പിൻതുടരുന്നു എന്ന നിബന്ധസാമർത്ഥ്യവും വളരെ വ്യക്തമാണ്. പല ശ്രുതികൾ സാദ്ധ്യമാവുന്ന തരംഗം വാദ്യമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈ സ്വരോക്തി പ്രയോഗം പല്ലവിയോടൊപ്പം സഞ്ചരിക്കുന്നുണ്ട്, മെലഡിയുടെ ഒരു ഭാഗമായിത്തീരുകയാണ്. അതിനാൽ പാട്ടിന്റെ ആകെ മൊത്തം മുദ്രയായി മാറുന്നു ഈ ഗിറ്റാർ അനുരണനങ്ങൾ. കൂടാതെ ഓബോ യുടെ സമർത്ഥമായ ഉപയോഗവുമുണ്ട്, അതിന്റേതായ വൈശിഷ്ട്യം പാട്ടിലുടനീളം വിളങ്ങി വിലസുകയുമാണ്. പല്ലവിയ്ക്കു മുൻപു തന്നെയുള്ള വാദ്യവൃന്ദത്തിൽ ആദ്യം വരുന്ന ഗിറ്റാറിനു ശേഷം, വരാൻപോകുന്ന മാധുര്യത്തിനുള്ള മുൻകൂർ മേമ്പൊടി പോലെ ഒരു ഓബോ പ്രയോഗമുണ്ട്: ചരണത്തിന്റെ അന്ത്യത്തിലുള്ള ‘ഇതിലേ വാ” ഭാഗത്തെ ട്യൂൺ അനുസ്മരിപ്പിക്കുന്നതാണിത്. രണ്ടാം ചരണത്തിനു മുൻപ് ഓബോ-ക്സൈലോഫോൺ ബിറ്റുകൾ ഒരു സംഭാഷണരീതി കൈവരിക്കുന്നത് കൌതുകകരമാണ്.  ഈ ഓബോ- ക്സൈലോഫോൺ  പാരസ്പര്യം പാട്ടിൽ അവിടവിടെയായി പ്രത്യക്ഷപ്പെടുന്നുണ്ട്-പ്രേമതാരള്യഭാവത്തിനു ഇതിനുപരി ഒരു പ്രതീതി അണയ്ക്കുവാനില്ലെന്ന മട്ടിൽ. ‘‘കതിർചൂടും പുന്നെല്ലിൻ മർമ്മരമോ” യുടെഅഗ്രം ഒരു ഗ്രൂപ് വയലിൻപ്രയോഗത്തിലാണ് തൊടുത്തിരിക്കുന്നത്. ഈ വയലിൻ വാദനം അതിസൂക്ഷമായി “കരളിലെ പുളകത്തിൻ മൃദുമന്ത്രമോ“ യുടെ പിന്നിലേക്ക് കിനിഞ്ഞിറങ്ങുകയാണ്. ഈ പ്രയോഗമ്പുതുമയാർന്നതൊന്നുമല്ല, പലപാട്ടുകളിലും കേട്ടിട്ടുള്ളതാണ്. പക്ഷേ ഇവിടെ ഒരു അലയൊലിപോലെ ഇല്ലാതാകുന്ന വിധമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.  “ഇതിലേ വാ” തുടങ്ങുന്നതിനു മുൻപുള്ള സ്ട്രിങ് കിലുക്കങ്ങൾ ചെറുതാണെങ്കിലും ചേതോഹരമാണ്.  അപൂർവ്വമായ മറ്റൊരു വിദ്യയും നിരീക്ഷിയ്ക്കാം താളത്തിന്റെ ക്രമപ്പെടുത്തലുകളിൽ. കിളി ചിലച്ചൂ, വളചിരിച്ചൂ, കയ്യിലൊരു, കുളിരുമ്മ വച്ചൂ എന്നിവയിലെ ഒക്കെ അവസാന രണ്ടരക്ഷരങ്ങൾക്ക് താളവാദ്യം നിശബ്ദമായ ബീറ്റുകളാണ് നൽകുന്നത്. ഇല്ല എന്നാൽ ഉണ്ട് എന്ന മട്ടിൽ. ചരണങ്ങ്നളിൽ ചിലയിടത്തും ഈ ക്രമപ്പെടുത്തൽ കാണാം. ഈ നിശബ്ദപ്രകൃതി പാട്ടിന്റെ മന്ദ്രതയ്ക്കും ഭാവോന്മീലനത്തിനും നൽകുന്ന സവിശേഷമായ ഊന്നൽ പറഞ്ഞറിയ്ക്കാൻ വയ്യാത്തതാണ്. ഓരോ അക്ഷരത്തിന്മേലും ബീറ്റുകൾ വന്നു വീഴണമെന്ന നിർബ്ബന്ധബുദ്ധിക്കാരുടെ ഇടയിലേക്കാണ് ഈ പാട്ടു വന്നു വീണതെന്ന്  ഓർമ്മിക്കുക. ഓർക്കെഷ്ട്രേഷൻ ഇപ്രകാരം പാട്ടിന്റെ  തരളഗതിയോടും സ്നിഗ്ധതയോടും ചേർന്നു നിൽക്കുന്നു എന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. നമുക്ക് ചിരപരിചിതമായിട്ടുള്ള പല പാട്ടുകളേയും ഓർക്കെഷ്ട്രേഷൻ വിഴുങ്ങിക്കളയുന്നതായി തോന്നാം ഒരിക്കൽ ഈ പാട്ടിൽ വിലയിച്ചു കഴിഞ്ഞാൽ.

        അപ്രത്യക്ഷങ്ങളെക്കൊണ്ട് പ്രത്യക്ഷങ്ങളെ ദ്യോതിപ്പിക്കുക എന്ന ഓ എൻ വിയുടെ നിപുണത തെളിഞ്ഞു കാണും വിധമാണ് രചന. ശബ്ദം, മണം, മാധുര്യം ഇവയൊക്കെ നുകരുന്നുവോ ആത്മാവിൽ നിറഞ്ഞോ  എന്നൊക്കെ സംശയിക്കപ്പെടുന്ന പ്രണയിനിക്ക് പൂക്കളും മുത്തുകളും കൊണ്ട് അലങ്കാരങ്ങൾ തീർക്കാൻ നിലാവിനോടും തെന്നലിനോടും പ്രണയതരളിതൻ അപേക്ഷിക്കുന്നതാണ് ഗാനത്തിന്റെ ഉള്ളം. മർമ്മരം പുന്നെല്ലിന്റേയോ, മൃദുമന്ത്രം പുളകത്തിന്റെയോ, നറുമണം സുഖനിമിഷത്തിന്റെയോ, തേൻകണം നിർവൃതിയുടേതോ എന്നൊക്കെയാണ് കമിതാവിന്റെ സന്ദേഹങ്ങൾ.കൈവളകിലുങ്ങിയത് കിളിയൊച്ച എന്ന രൂപകാതിശയോക്തിക്കപ്പുറം  കൈവളകിലുക്കത്തിന്റെ പശ്ചാത്തലമായി കിളിക്കൊഞ്ചൽ കേൾക്കുന്നു എന്നു സമർത്ഥിക്കാനും ഇടം വിട്ടിട്ടുണ്ട് ഓ എൻ വി. കാൽ‌പ്പനികഭാവങ്ങളുടെ അതിരുകൾ അനുസരിക്കാതെയാണ് അദ്ദേഹത്തിന്റെ തൂലികാമഷി ഒഴുകിപ്പടരുന്നത്. ‘നിമിഷത്തിന്റെ മണം’, നിലാവിന്റെ പൂക്കൾ’ ഒക്കെയാണ് ഈ തെളിനീരിൽ വിടരുന്നത്. രണ്ടു ചരണങ്ങളിൽ ഒരേ സ്ഥാനത്ത് ഒരേ പോലത്ത വാക്ക് നിബന്ധിക്കാനുള്ള നൈപുണ്യം ഇവിടെയും പ്രയോഗിച്ചിട്ടുണ്ട് അദ്ദേഹം. “മർമ്മരമോ”- മൃദുമന്ത്രമോ,’  നറുമണമോ- തേൻ കണമോ, മധുരമൊഴി- പ്രിയമൊഴി എന്നിങ്ങനെയൊക്കെയാണീ സാമ്യദ്വന്ദങ്ങൾ. ഈ വാക്കുകളുടെ എല്ലാം മാധുര്യം ചോരാതെ അവയെ സംഗീതമയമാക്കിയത് ഉദയഭാനുവിന്റെ മിടുക്ക്. ഓരോ അക്ഷരങ്ങൾക്കും ഉചിതമായ സ്വരാഘാതം കൊടുക്കുന്ന യേശുദാസിനെ ഇനിയും വാഴ്ത്തേണ്ടതില്ല. എങ്കിലും ‘വള‘ ‘കുളിരുമ്മ’   ‘നിർവൃതിയോ’    ‘മധുരമൊഴി’                ‘പുന്നെല്ലിൻ’ എന്നതിലെയൊക്കെ ആലാപനകൃത്യതയും വൈശിഷ്ട്യവും ‘ഇതിലേ വരൂ‘ എന്നതിലെ “രൂ” വിലെ സൂക്ഷ്മവും ഒഴുകിയിറങ്ങുതുമായ ഗമകങ്ങളും ഒക്കെ സൃഷ്ടിയ്ക്കുന്ന അനുഭൂതിപ്രദാനങ്ങൾ അനുഭവിക്കുമ്പോൾ റിയാലിറ്റി ഷോയിലെ ജഡ്ജിമാരെപ്പറ്റി ഓർക്കേണ്ടതില്ല.

         മലയാള സിനിമാലോകത്ത് അടിഞ്ഞുകൂടിയ ചില ദുഷ് പ്രവണതകൾ ആയിരിക്കും ഉദയഭാനുവിനെ ഇത്തരം പാട്ടുകൾ കമ്പോസ് ചെയ്യുന്നതിൽ നിന്നും പിൻ തിരിപ്പിച്ചത്. പാട്ടുകാരനായാൽ സംഗീത സംവിധായകനാകരുത്, സംഗീതം നൽകുന്നുണ്ടെങ്കിൽ അതു ചെയ്താൽ മതി, പാട്ടുപാടാൻ വേറെ ആളെ വിളിയ്ക്കും എന്നൊക്കെയുള്ള നീചമായ വ്യവഹാരങ്ങൾ സുവിദിതമാണ്. ആ‍കാ‍ശവാണിയ്ക്കുവേണ്ടിയും അല്ലാതെയും നിരവധി ഗാനങ്ങൾക്ക് സംഗീതം നൽകി വിജയിപ്പിച്ചു എന്ന സത്യം സിനിമക്കാർ അവഗണിയ്ക്കുയാണുണ്ടായത്. അയ്യപ്പഭക്തിഗാനങ്ങളിലെ വമ്പൻ എന്നു തെളിയിക്കപ്പെട്ട “ശബരിഗിരീശ്വര സൌഭാഗ്യദായകാ” ഇതിലൊന്നാണ്. ഉദയഭാനുവിനു ഇടം നൽകാത്തതിന്റെ  നഷ്ടം വളരെ വലുതാണ്. ഇതുപോലെ ഗംഭീരം പാട്ടുകൾ പിന്നീട് നമുക്ക് കിട്ടാതെ പോയി.Thursday, January 9, 2014

ഉദയഭാനു-ചരിത്രം,സത്യം

               
                      70കളുടെ പകുതി. ഉദയഭാനു യേശുദാസിനെക്കൊണ്ട് “ശബരിഗിരീശ്വര സൌഭാഗ്യദായകാ ശരണംതവ ചരണം” ഉം”ജീവപ്രപഞ്ചത്തിൻ ആധാരമൂർത്തിയാം” ഉം പാടിയ്ക്കുന്നു. ദേവസ്വംബോർഡ് (ജി. പി.മംഗലത്തുമഠം-പ്രസുഡന്റ്) നിർമ്മിച്ച ‘അയ്യപ്പഭക്തിഗാനങ്ങൾ” എന്ന ആൽബത്തിനു വേണ്ടി. യേശുദാസിനുവേണ്ടി “അല്ലിയാമ്പൽക്കടവിലന്നരയ്ക്കു വെള്ളം“ ഉൾപ്പടെപാട്ടുകൾ നീക്കിവച്ചയാളാണ് ഉദയഭാനു.

              കറുപ്പും വെളുപ്പും: ഉദയഭാനുവിന്റെഷർട് ശ്രദ്ധിക്കുക. കറുപ്പ് ഷേഡിലുള്ളതോ നിറബാഹുല്യമുള്ളതോ  ആയ  വേഷത്തിലാണ്  അദ്ദേഹം കാണപ്പെട്ടത്. ബാല്യകാലം അതികഷ്ടതരമായതിനാലായിരിക്കാം പിൽക്കാലജീവിതം നിറങ്ങൾ നിറഞ്ഞതാക്കാൻ ശ്രമിച്ചത് എന്നൊരു  പരാമർശമുണ്ട്.