Tuesday, July 29, 2014

നീ മധു പകരൂ.... മണൽ ചൊരിയൂ......ബാഹ്യാരോപവിഭ്രാന്തി (psychological projection) ബാധിച്ച മലയാളി

  
 Psychological projection or projection bias is a psychological defense mechanism where a person subconsciously denies his or her own attributes, thoughts, and emotions, which are then ascribed to the outside world, usually to other people. Thus, projection involves imagining or projecting the belief that others originate those feelings.‌‌‌‌‌----വിക്കിപ്പീഡിയ 

                        ആർഭാട വീട്, സ്വർണ്ണം, മദ്യം, മക്കളെക്കൊണ്ട് പണം വാരിയ്ക്കാൻ സ്വാശ്രയകോളേജിൽ അയയ്ക്കൽ ഒക്കെയാണ് മലയാളിയുടെ ആസക്തികൾ. ആഗോളവൽക്കരണം, അരാഷ്ട്രീയത, സാമ്രാജ്യത്വത്തിന്റെ  സാംസ്കാരിക അധിനിവേശം  എന്നൊക്കെയുള്ള ഘടാഘടിയൻ മോഹജാലശബ്ദങ്ങളാണ് ഇത്തരം സാമൂഹികപ്രശ്നങ്ങൾക്ക് കാരണമായി ഉയർന്നു പൊങ്ങുന്നത്. കാമനാപൂരണത്തിനിടയ്ക്ക്  ജീവസന്ധാരണത്തിനുള്ള ചില ലോജിസ്റ്റിക്സ് ചിട്ടപ്പെടുത്താൻ മടിയോ താൽ‌പ്പര്യക്കുറവോ കാരണം ആഹാരത്തിനുള്ള  വക വിഷലിപ്തമാണെങ്കിലും മറ്റേതു സംസ്ഥാനത്തു നിന്നോ ആയാലും മതിയെന്നുമാണ് വെയ്പ്പ്.  ഇവയിലെ വിനാശാംശങ്ങളെക്കുറിച്ച് ഏറ്റവും വിലപിയ്ക്കുന്നതും മലയാളി തന്നെ. മറ്റാരോ ചെയ്തുകൂട്ടുന്നതാണ് ഇവയൊക്കെ എന്ന മട്ടിലാണ് ആരോപണങ്ങൾ. ഭ്രമാത്മകമായി നിർമ്മിച്ചെടുത്ത ഉല്ലാസോന്മാദത്തിലാണ്  അവന്റെ തൃപ്തി തേടൽ.

     കുത്തകമുതലാളിത്തത്തിനു തീർച്ചയായും ചൂഷണാംശങ്ങളുണ്ട്. പല ഗവണ്മെന്റുകളും വൻ ബിസിനസ്സിന്റെ താങ്ങിലൂടെയാണ് നിവർന്നു നിൽക്കുന്നത്.  പൌരനെ സംബന്ധിച്ച് ഉത്കർഷോന്മുഖമായിരിക്കണമെന്നില്ല ഈ വാതാവരണം.  അതുകൊണ്ട് വ്യവസ്ഥിതിയെ പഴിക്കലിനു സാധൂകരണം ഉണ്ടെങ്കിലും ഉള്ളിലുള്ള മോഹാവേശിയെ നേരിടാനാകാതെ വരുമ്പോൾ തൽ സ്വരൂപനെ പുറത്തുകാണുമ്പോൾ അവന്റെ മേൽ പഴിചാരുന്നത് psychological projection തന്നെ. ഉള്ളിലെ കള്ളനെ കാണാതിരിക്കാനുള്ള ഈ തന്ത്രവിദ്യ പുറത്തുള്ള യഥാർത്ഥ കള്ളനെ അകത്തു പ്രതിഷ്ഠിയ്ക്കുന്ന തരത്തിലുള്ള മനോവ്യാപരമാകുന്നത്  ദൂരവ്യാപക ഫലങ്ങൾ സമൂഹത്തിൽ വ്യാപരിപ്പിക്കാൻ പോന്നതാണ്.  പുതിയ ശീലങ്ങൾ, പ്രത്യേകിച്ചും പടിഞ്ഞാറൻ രീതികളുടെ അനുകരണങ്ങൾ ഇത്തരം ആത്മസംഘർഷങ്ങൾക്ക് വഴി തെളിക്കാറുണ്ട്.

         പാശ്ചാത്യരീതികളും സംസ്കാരവും കടന്നു കയറുന്നത് പ്രതിരോധിക്കാനാവാത്ത ശക്തിയാണ്-ലോകക്രമം ചിട്ടപ്പെട്ടു വരുന്നത് പടിഞ്ഞാറു നിന്നുള്ള കാറ്റനുസരിച്ചാണ്. ജപ്പാനിൽ നിന്നുള്ള ചെരിപ്പും ഇംഗ്ലണ്ടിൽ നിന്നുള്ള കളസവും  റഷ്യയിൽ നിന്നുള്ള തൊപ്പിയുമിട്ടാലും ഹൃദയം ഹിന്ദുസ്ഥാനിയുടേത് തന്നെ എന്ന് ഉറപ്പുവരുത്തണമെന്ന് രാജ് കപൂറും മുകേഷും പണ്ട് പാടിപ്പറഞ്ഞ് തെര്യപ്പെടുത്താൻ നോക്കിയിട്റ്റുണ്ട് (“മേരാ ജൂത്താ ഹൈ ജാപാനി…….”ചിത്രം ശ്രീ 420).  തൊപ്പിയും കോട്ടും മാത്രമല്ല കുടിയ്ക്കുന്നെങ്കിൽ വിദേശ മദ്യം ആയിരിക്കണമെന്നും വാസസ്ഥലവും വീടും ഫ്ലാറ്റും വിദേശ രീതിയിൽ  വിന്യസിക്കപ്പെടണമെന്നും ഒക്കെയാണ് ഫാഷൻ ലോകവും ആസക്തികേന്ദ്രീകൃതശീലങ്ങളും  ഇന്ന് പറഞ്ഞുതരുന്നത്. ഇവിടെയാണ് ഹിന്ദുസ്ഥാനി ഹൃദയം രാജ് കപൂറിന്റെ ഭാവനയിൽ നിന്നും അകന്നു പോകുന്നത്. പാശ്ചാത്യരീതികൾ എങ്ങനെയാണെന്നും ഏതൊക്കെയാണെന്നും വൻ തെറ്റിദ്ധാരണകളാണു നിലവിലുള്ളത്. പലതും അബദ്ധധാരണകൾ എന്നുംകൂടെ പറയേണ്ടിയിരിക്കുന്നു. ഭാരതീയ ഹൃദയത്തിനു മേലുള്ള ആവരണങ്ങൾ മിഥ്യകളാൽ തുന്നിക്കൂടിയതാകുമ്പോൾ അതിന്റേ മിടിപ്പിലുള്ള താളംതെറ്റൽ നിമിത്തമാകുന്നത് സംഘർഷങ്ങളിലേക്കുള്ള അതിക്രമണങ്ങൾക്കാണ്.     

പാറമടകൾ ഉണ്ടാകുന്നത്

        പാർപ്പിട സൌകര്യം അത്ര കുറഞ്ഞതൊന്നുമല്ല കേരളത്തിലെ സ്ഥിതി, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ. പരിസ്ഥിതിയ്ക്ക് അനുയോജ്യമല്ലാത്തതും ആവശ്യമില്ലാത്തതും ആയ കോൺക്രീറ്റ് കെട്ടിടങ്ങിളിലേക്ക്  ഉത്കടേച്ഛകൾ ചാഞ്ഞതാണ് മണൽ വാരാൻ മലയാളിയെ ഉത്സുകനാക്കിയത്. ഫാഷൻഭ്രമത്തിന്റെ ദാരുണ ദൃഷ്ടാന്തം. ചുറ്റുപാടു നിന്നും സംഭരിച്ചെടുത്ത വസ്തുക്കളാൽ (കല്ല് തടി, മണ്ണ്, കുമ്മായം) വീടുപണിഞ്ഞിരുന്ന മലയാളി പുതുമ എന്നുകേട്ടാൽ പുളകമണിഞ്ഞ് ചാടിവീഴുന്ന പ്രകൃതം തുറന്നുപയോഗിച്ചു. മണൽ വാരി വാരി മണൽവീടു മതി പുഴ വേണ്ട എന്ന ഘട്ടം വരെ എത്തി. “ഫ്ലാറ്റ്’ എന്ന മറ്റൊരു ചലഞ്ച് ഫാഷൻ ഭ്രമത്തിൽ വന്നുകൂടി.

        സുരക്ഷ എന്ന അനുഭാവം ഫ്ലാറ്റുകൾ നൽകുന്നുണ്ടെന്നതല്ലാതെ ഗ്രാമങ്ങളിൽ കിട്ടാത്ത സൌഭാഗ്യങ്ങളൊന്നും ഫ്ലാറ്റുകൾ നൽകുന്നില്ല. ഫ്ലാറ്റു ജീവിതമാണ് ഗ്ലാമർ ജീവിതം എന്ന് ധരിപ്പിക്കാൻ റിയൽ എസ്റ്റേറ്റു പരസ്യങ്ങളും (“ഫോർ ഇന്റെർനാഷണൽ ക്വാളിറ്റി ലൈഫ്” എന്നൊക്കെ പരസ്യവാചകം) പ്രചലിത ചൊൽ മാലകളായി വന്നു. കേരളത്തിലെ ഗ്രാമങ്ങൾ നഗരവൽക്കരിക്കപ്പെട്ട രീതിയിലാണ് വളർന്നു വന്നത് എന്ന സത്യം നിലനിൽക്കേ  നഗരസൌകര്യങ്ങൾക്കുവേണ്ടിയാണ് ഫ്ലാറ്റുകളിലേക്ക് ഓടിക്കയറിയതെന്ന് യുക്തി ഉന്നയിക്കേണ്ടതില്ല. പാശ്ചാത്യരാജ്യങ്ങളിൽ പൊക്കമുള്ള കെട്ടിടങ്ങളിലാണ് കൂടുതൽ‌പ്പേരും വസിക്കുന്നതെന്ന ഭീമൻ മിഥ്യാബുദ്ധിയാണിതിനു കാരണം. വൻ നഗരങ്ങളിൽ ജോലിസൌകര്യത്തിനായി ചില പൊക്കക്കെടിടങ്ങളിൽ ആൾപ്പാർപ്പ് ഉണ്ടെന്നല്ലാതെ അത്തരം കെട്ടിടങ്ങളിൽ  കുടുംബങ്ങൾ താമസിക്കാറില്ല എന്നത് മലയാളി  ഉൾക്കൊള്ളാത്ത ഒരു വൻ സത്യമാണ്. പൊക്കമുള്ള കെട്ടിടത്തിൽ താമസിച്ചാൽ പാശ്ചാത്യരായി എന്നത്  വിഡ്ഢിത്തധാരണയാണ്. ചില പെന്റ് ഹൌസുകൾ ഒഴികെ മിക്കവയും  ഓഫീസുകളാണ്. കുട്ടികൾ ഉള്ളവർക്ക് പ്രത്യേകിച്ചും ഊഞ്ഞാൽ കെട്ടാനോ കളിസ്ഥലമുണ്ടാക്കാനോ ഇടമുള്ള പിൻ മുറ്റങ്ങളുള്ള വീടുകളാണു പ്രിയം. നിലത്തു കൂടെ ഓടിക്കളിച്ചും മരം കയറിയും മാമ്പഴം പെറുക്കിയും വളരേണ്ട കുട്ടികളെ, അതിനുള്ള സൌകര്യങ്ങൾ ഉള്ളവർ തന്നെ ഫ്ലാറ്റിലെ ഇടുക്കത്തിൽ  വളർത്തിയെടുക്കുന്നു എന്നത് ഇന്ന് മലയാളി ചെയ്യുന്ന വൻ തെറ്റാണ്. “പൊക്കമില്ലായ്മയാണ് എന്റെ പൊക്കം “ എന്ന് പ്രഘോഷിച്ച കുഞ്ഞുണ്ണി മാഷെ  നമ്മൾ ഇങ്ങനെയാണ് ഒതുക്കിയമർത്തുന്നത്. കേരളം മുകളിലേക്ക് വളരണം എന്ന് സാം പിത്രോഡ പറയുമ്പോൾ എല്ലാവരും പൊക്കമുള്ള ഫ്ലാറ്റുകളെലേക്ക് താമസം മാറ്റണമെന്ന് ഉദ്ദേശിച്ചിട്ടില്ല. വികസനത്തിന്റെ ലക്ഷണമാണ് പൊക്കമുള്ള കെട്ടിടങ്ങൾ എന്നൊരു ധാരണയും വന്നു കൂടിയിട്ടുണ്ട്. എമേർജിങ്ങ് കേരള യുടെ പരസ്യചിത്രങ്ങളിൽ തെങ്ങിൻ തലപ്പുകൾക്കും  മുകളിലേക്കു പൊങ്ങി നിൽക്കുന്ന കെട്ടിടങ്ങളാണ് പുരോഗമനലക്ഷണങ്ങളായി  സൂചിപ്പിക്കപ്പെടുന്നത്.ഫ്ലാറ്റുടമസ്ഥത ആഢ്യതയുടെ ലക്ഷണവും കൂടിയായപ്പോൾ  മണൽ വാരൽ എന്ന നാശകാരിപ്രക്രിയ ആ യശസ്സിൽ മറയ്ക്കപ്പെട്ടു. സമ്പത്തിന്റെ ചാക്രികതയിലെ ഒരംശമായി മാത്രം, നിരന്തരം പൂട്ടിക്കിടക്കുന്ന എത്രയോ ഫ്ലാറ്റുകൾ ഇന്ന് നിലവിലുണ്ട്. തെളിവെള്ളത്തിനടിയിലെ കുഞ്ഞുവെള്ളാരങ്കല്ലിന്റെ സൂര്യശോഭ സിമന്റിനോട് ചേർന്ന് സൃഷ്ടിയ്ക്കുന്ന പൊൻ കാശിന്റെ മായാമോഹത്തിളക്കം  മഞ്ചിച്ച കണ്ണുകൾ വറ്റിപ്പോയ പുഴകളിലും അതുമൂലം സംജാതമായ പരിസ്ഥിതിനാശങ്ങളിലും ഉടക്കുന്നില്ലെന്നു വേണം കരുതാൻ.  സഹ്യപർവ്വതത്തിലെ പാറകൾ പൊളിച്ച് പാറമണൽ എന്ന നൂതന വിപണിവസ്തു നിർമ്മിച്ചെടുത്തത് സ്വന്തം  വീടു പണിയാനാണ് എന്ന് സമ്മതിയ്ക്കുന്ന മലയാളികൾ ഇന്ന് എത്ര പേരുണ്ട്?   വൻ രോദനമായി ഇന്ന് മലയാളി കൊണ്ടു നടക്കുന്നത് ഏതൊ അജ്ഞാതശത്രുവിന്റെ ചെയ്തികളാണിതൊക്കെ എന്ന മട്ടിലാണ്. വലിയ കോൺക്രീറ്റ്  കെട്ടിടങ്ങൾ, എന്തിനു റിസോർടുകൾ വരെ സ്വന്തമായുള്ള സാംസ്കാരികനായകന്മാരിൽ നിന്നു തന്നെ  ഈ നിലവിളി കൂടുതൽ കേൾക്കുന്നുണ്ട്. ഭാരതപ്പുഴ നശിയ്ക്കുന്നെന്ന് മുറവിളി കൂട്ടുന്നവർ സ്വന്തമായ നിർമ്മിച്ച കെട്ടിടങ്ങളിലെ മണൽ എവിടെ നിന്നും വന്നുവെന്ന് ഒരു നിമിഷമെങ്കിലും ചിന്തിക്കേണ്ടതാണ്. . മണൽ വാരി മറ്റാർക്കോ നൽകുന്നുവെന്നോ അന്യസംസ്ഥനങളിലേക്ക് കടത്തുന്നുവെന്നോ തോന്നും ഈ കള്ളക്കരച്ചിൽ കണ്ടാൽ.  മണൽ മാഫിയ എന്നു പേർ വിളിച്ച് നമുക്ക് വേണ്ടപ്പെട്ടവനെ വേലിക്കു പുറത്തു നിറുത്തുകയാണെന്ന് നടിയ്ക്കുകയാണ് നമ്മൾ. കെട്ടിടനിർമ്മാണത്തിനു  ഇതരമാർഗ്ഗങ്ങൾ സ്വീകരിക്കണ്ടേ എന്ന ചോദ്യം പോലും ചോദിക്കപ്പെടതിരിക്കുകയാണ് ആത്മനിഷേധം കൊണ്ട് രക്ഷപെടാനുഴറുന്ന നമ്മൾക്കെളുപ്പം. ഉള്ളിലെ കള്ളൻ വാരിയ മണലാണ് നമ്മുടെ ടിപ്പർ ലോറികളിൽ. അതിന്റെ നെട്ടോട്ടം കഥകളിപ്പാട്ടുകാരനായിരുന്ന ഹൈദരാലിയെ കൊന്നത് നമ്മൾ തന്നെ സംസ്കാരത്തിനുമേൽ നടത്തിയ ക്രൂരമായ ഇല്ലാതാക്കലിന്റെ പ്രതീകാത്മക അനുക്രമപ്രക്രിയ ആയിരുന്നു.  

മദ്യം-അനുകരണത്തിലെ അപമാനങ്ങൾ

    ഉള്ളിലെ കുടിയനെ തുരത്തിയകറ്റാനോ ഡി അഡിക്ഷൻ സെന്ററിൽ കൊണ്ടാക്കാനോ പറ്റാത്തവരാണ് മുൻപിൽ കാണുന്ന മദ്യപാനസമൂഹത്തെ പുച്ഛിച്ചു തള്ളുന്നത്.  ആർഷഭാരതസംസ്കാരത്തെ പ്രകീർത്തിച്ച് ആദ്ധ്യാത്മികതയിൽ മനസ്സ് വ്യാപരിക്കണമെന്ന് ഉദ്ഘോഷിച്ച്  ഭഗവദ് ഗീതയിലെ “ദൃഢം മേ ഇഷ്ടോfസി” (നീ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനാകുന്നു) എന്ന പ്രസ്താവനയിലെ ദൈവ-മനുഷ്യപാരസ്പര്യം ഉറപ്പു വരുത്തി മദ്യപാനം ദൈവവിരുദ്ധമെന്ന് സമർത്ഥിച്ച് ദൈവസായൂജ്യം മാത്രമാണ് പരമാനന്ദം എന്ന് അടിവരയിട്ടെഴുതുന്ന ചിലർക്ക് വൈകുന്നേരമായൽ ഭഗവദ് ഗീതാ വാക്യം തന്നെ ആശ്രയം. ഗ്ലാസിൽ പകർന്ന ഡ്രിങ്കിനോടാണിവർ “ദൃഢം മേ ഇഷ്ടോfസി“ ചൊല്ലുന്നത്. ഈ ഇരട്ടത്താപ്പിന്റെ സംഘർഷം ബാഹ്യരൂപം ആർജ്ജിക്കുന്നത് മറ്റ് മദ്യപാനികളെ കുറ്റപ്പെടുത്തിക്കൊണ്ടാണ്.. മലയാളിയുടെ ഏറ്റവും വലിയ  മാനസിക പ്രൊജെക്ഷൻ ആണിത്. തലേ ദിവസം ലഹരിയാൽ കൂമ്പിയടഞ്ഞ കണ്ണുകളാണ് പിറ്റേന്ന് രാവിലെ ഓണത്തിനു കുടിച്ചു തീർത്ത കോടികളുടെ കണക്ക് കണ്ട് തള്ളിപ്പോകുന്നത്. നിരാകരണ (denial) ത്തിന്റെ ഒന്നാന്തരം ലക്ഷണമാണിത്. “മദ്യപാനം അന്തസ്സല്ല അപമാനമാണ്” എന്ന് പോസ്റ്റർ ഇറക്കുന്നതും ഇതേ ബാഹ്യാരോപത്തിന്റെ പരാവർത്തനാഭാസമാണ്. പൊക്കമുള്ള കെട്ടിടങ്ങളെപ്പറ്റിയുള്ള മിഥ്യാബോധം പോലെ മദ്യപാനത്തെ സംബന്ധിച്ചും വൻ തെറ്റിദ്ധാരണയാണ് മലയാളിയ്ക്ക്. “ഇങ്ങനെ പോയാൽ ഇവിടം അമേരിക്ക പോലെ ആയിത്തീരും” എന്നു പറയുന്നത് കേട്ടിട്ടുണ്ട്. കുടിയുടെ കാര്യത്തിൽ അമേരിക്ക പോലെ ആയിത്തീരുന്നെങ്കിൽ അതു തന്നെ അഭികാമ്യം.  മദ്യപാനം അന്തസ്സാണ് വിദേശങ്ങളിൽ. ഉപചാരത്തിന്റേയും സ്നേഹബലത്തിന്റേയും ബിംബങ്ങൾ. പോളണ്ടിലും മറ്റു കിഴക്കൻ യൂറോപ്പ് രാജ്യങ്ങളിലും അതിഥിയ്ക്ക് –ആരായാലും ഏതു സമയത്തായാലും- ഒരു ചെറിയ “ഷോട്” നൽകണമെന്നാണ് ആചാരം. ഫ്രാൻസിലും മറ്റും ഡിന്നറിനു വൈൻ നിർബ്ബന്ധമാണ്. പെൺകുട്ടികൾക്ക് പത്തു പന്ത്രണ്ടു വയസ്സാകുമ്പോൾ ഇതിൽ പങ്കുചേരാം. എന്നാൽ കുടിച്ചു കുതികുന്തം മറിയാറില്ല ആരും. പ്രിയ പാനീയങ്ങൾ വൈനും ബിയറുമാണ് പാശ്ചാത്യരിൽ. ഔപചാരികതയുടെ സൂചകമാണ് വൈൻ പലപ്പോഴും. ഒരു ഓപെറയോ മറ്റ് ക്ലാസിക് കലാപ്രകടനമോ അവതരിക്കപ്പെടുമ്പോൾ ഓഡിറ്റോറിയത്തിന്റെ വാതിലിനരികിൽ നിന്നും ഒരു ഗ്ലാസ് വൈൻ വാങ്ങി നുകർന്നിട്ട് അകത്തു കയറുന്നത് അന്തസ്സിനു ചേരുന്നതാണ്. ആൽക്കഹോൾ അനുപാതം കൂടിയ പല വിസ്കികളും –മലയാളിയുടെ വിശിഷ്ടപാനീയങ്ങളായവ-അമേരിക്കയിലെ പൊതുസമൂഹത്തിനു അത്ര പരിചയമില്ല എന്നത് സത്യം മാത്രമാണ്. (അമിതമദ്യപാനവും ഔപചാരികമദ്യപാനവും തമ്മിലുള്ള അന്തരം കുറച്ചെങ്കിലും ചിത്രീകരിക്കാൻ “സ്പിരിറ്റ്” എന്ന സിനിമയിൽ രഞ്ജിത്ത് ശ്രമിച്ചിട്ടുണ്ടെന്നത് മറക്കുന്നില്ല). മദ്യപാനം അന്തസ്സല്ല അപമാനമാണ് എന്ന് പോസ്റ്ററുകൾ നമ്മൾ ഇറക്കുന്നത്  ലോകക്രമത്തിനു വിരുദ്ധമാണെന്നും ഇവിടെ വിലപ്പോവുകയില്ലെന്നും നമ്മൾക്കു തന്നെ അറിയാം. അനുകരണത്തിലെ അപാകതകളും സമൂഹനിയന്ത്രണവും  അപമാനാടയാളങ്ങളും ചെറുപ്പക്കാർക്ക് മദ്യം സേവിക്കുന്നത് ഒരു ‘റിബൽ’ ആണെന്ന ഗൂഢസംതൃപ്തി നൽകുന്നത് മദ്യപാനം വ്യാപകമാകാൻ സഹായിച്ചിട്ടുണ്ട്. നിഷേധിക്കപ്പെട്ടവ സ്വാംശീകരിക്കാനുള്ള ത്വര  നൽകുന്ന വിജയസംതൃപ്തിപ്രാഭവം ഏറെയാണ്, ഏതു പോസ്റ്റർ പ്രഖ്യാപനങ്ങളേയും മറികടക്കാൻ പോന്നതാണ്. ഇത്തരം പ്രഖ്യാപനങ്ങൾ അനുത്പാദകം (counter productive) ആകാനേ സഹായിക്കൂ എന്നത് ഓർമ്മയിരിക്കേണ്ടതാണ്.  ‘വിദേശി’ എന്ന ലേബൽ ഈ അപമാനയുക്തിയ്ക്കു മേൽ ചാർത്തിയാൽ അത്   കേമമാകുമെന്നു രാജ്കപൂർ വിവക്ഷിച്ച ഭാരതീയ ഹൃദയത്തിനു ഇന്ന് തെല്ലുമേ തോന്നുകയില്ല. മലയാളിക്കു പണ്ടേ ഉള്ള സർവ്വരക്ഷാ‍ധികാരി മനോഭാവ (patronizing trait)വും നാടൻ വാറ്റോ കള്ളോ  കുടിയ്ക്കുന്ന അയ്യപ്പ ബൈജുവിന്റെ മദ്യചേഷ്ടകൾ ചിരിച്ചു പുച്ഛിക്കാനുള്ളതാണെന്നു വരുത്താൻ സഹായകമായിട്ടുണ്ട്.. ഉള്ളിലെ അയ്യപ്പബൈജുവിനെ ഒളിച്ചുകൊണ്ടാണ് ഈ പുച്ഛച്ചിരി.  ഇത് മനസ്സു തുറന്നു സ്വീകരിക്കാത്തതിന്റെ അടയാളമാണ് മദ്യവിൽ‌പ്പന ഇന്നും വൃത്തിഹീനമായപരിസരങ്ങളിൽ നടന്നു വരുന്നത്. കള്ളക്കടത്തുകാരന്റെ വൈദഗ്ധ്യത്തോടെയാണ് കുപ്പി വാങ്ങിച്ചാൽ കൊണ്ടു നടക്കേണ്ടത്.. പെട്ടെന്നഴിയാൻ സാദ്ധ്യതയുള്ള മുണ്ട് കെട്ടിയുടുത്തതിനിടയിൽ തിരുകുന്ന കുപ്പി എളുപ്പം താഴെ വീണ് പൊട്ടാവുന്ന തരത്തിലുമാണ്. “ഒളിസേവ” എന്ന വാക്ക് അറം പറ്റിയതുപോലായി ഇത്. ഗവണ്മെന്റിനു ഏറ്റവും കൂടുതൽ സമ്പാദ്യമുണ്ടാക്കാനുതകുന്ന ബിവറേജസ് കോർപ്പറേഷൻ വിൽ‌പ്പനസ്ഥലങ്ങൾക്ക് ശൌചാലയത്തിന്റെ വെടിപ്പോ മാന്യതയോ പോലും നൽകപ്പെട്ടിട്ടില്ല. സാരിയോ സ്വർണ്ണമോ  വാങ്ങിയാൽ  പളപളപ്പുള്ള പേടകങ്ങൾക്കകമേ ആണ് അവ നൽകപ്പെടുന്നതെങ്കിൽ വെറും പഴംപത്രക്കടലാസിൽ പൊതിയപ്പെടാനുള്ള ഭാഗ്യമേ വിലകൂടിയ മദ്യക്കുപ്പിയ്ക്കുള്ളു. മലയാളി സ്വയം സൃഷ്ടിച്ചെടുക്കുന്നതാണീ സ്ഥിതിവിശേഷം. മദ്യപാനത്തെ  ഇകഴ്ത്തിപ്പറയാൻ വേണ്ടുവോളം അടയാളങ്ങളും സൂചനകളും ഇട്ടു പോകലാണിത്. ഉള്ളിലെ മറ്റവനു ഇതോടെ തൃപ്തിയായി.


എന്റെ ഖൽബിലെ സദാചാരപ്പോലീസ്

        “I am not a virgin” എന്നു പ്രണയത്തിന്റെ ആദ്യകാലങ്ങളിൽ തന്നെ കാമുകനോട് പറയുന്ന നായികമാരുടെ കാലമാണിത്. വില്ലന്മാരാകട്ടെ “Can I have sex with you?” എന്ന് മര്യാദയ്ക്കു ചോദിച്ചിട്ടു ബലാത്സംഗം ചെയ്യുന്നവരുമാണ്. ചെറുപ്പകാർക്കിടയിൽ സാമ്പത്തികസ്വാതന്ത്ര്യത്തോടൊപ്പം വ്യക്തിസ്വാതന്ത്ര്യം വികസിച്ചപ്പോൾ അതിൽ ലൈംഗികസ്വാതന്ത്ര്യവും ഉൾച്ചേർന്നിട്ടുണ്ട്. ഇത് സൃഷ്ടിച്ച വിഭ്രാന്തി ചുരമാന്തുകയാണ് ഇന്ന് മലയാളിയ്ക്കുള്ളിൽ. ലൈംഗികതയുടെ തുറസ്സിൽ ഇക്കാര്യത്തിൽ ഇരട്ടത്താപ്പുകാരനായ മലയാളി അന്ധാളിച്ചു നിൽക്കുകയാണ്. ഏതോ സദാചാരസംഹിതകൾ അവന്റെ മൊറാലിറ്റിയെ കാത്തുസൂക്ഷിക്കുമെന്ന മോഹവലയത്തിൽ പെട്ടവൻ ഉള്ളിലെ കാമുകനെ ഒളിപ്പിക്കുന്നവനാണ്. അകത്ത് കെട്ടുപൊട്ടിയ്ക്കാനുഴറുന്ന ഈ കാമുകനെ ദുന്മാർഗ്ഗിയായി കാണുകയും അവനെ ശിക്ഷിക്കാൻ പറ്റാതെ വരികയും ചെയ്യുമ്പോൾ ഉരുത്തിരിയുന്ന സംഘർഷമാ‍ാണ് വഴിയിൽ കാണുന്ന യഥാർത്ഥകാമുകനെ പിടികൂടാൻ വാൾത്തലപ്പിനു മൂർച്ച കൂട്ടുന്നത്. ലൈംഗികതാനിബദ്ധമല്ലാത്ത ആൺ-പെൺ സ്നേഹബന്ധങ്ങളും ഒതുക്കിയ മോഹങ്ങളിൽ ഉൾപ്പെടും, വിലക്കിന്റെ വിലങ്ങുകളാൽ കണ്ണി വിളക്കിയവ.
സ്നേഹിതനോടൊപ്പ്പം രാത്രിയിൽ ചായ കുടിയ്ക്കാൻ ബൈക്കിൽ പോയവളേയും കൂട്ടുകാരനേയും  തല്ലിയൊതുക്കി ഉള്ളിലെ സ്വാഭാവികമായ ലൈംഗിതയെ ശിക്ഷിച്ച് വിമലീകരിച്ച് സായൂജ്യമടയാം ബാഹ്യാരോപ വിഭ്രാന്തി ബാധിച്ച നമുക്ക്. സാങ്കേതികത നിത്യജീവിതത്തിന്റെ ഭാഗമായത് നമ്മളെ കൂടുതൽ വിഷമിപ്പിക്കുന്നുണ്ട്. ദൂതിനു മേഘമോ മയൂരമോ ഹംസമോ തോഴിയോ വേണ്ട, മൊബൈൽ ഫോൺ വഴി. വേഴ്ചകൾക്ക് രഹസ്യസ്വഭാവം അനുരക്ഷണം ചെയ്യാം. സദാചാരപ്പോലീസിനു കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരികയാണ്.

സാങ്കേതികത വളരാൻ കാത്തുനിന്ന ദൈവങ്ങൾ

        മൊബൈൽ ഫോൺ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത് കേരളത്തിലാണെന്ന് കണക്കുകൾ.  സാങ്കേതികത  ശക്തമായി വന്നുകയറിയതിന്റെ    ഉഗ്ര നിദർശനമാണ് ‘സൂപ്പർ സ്പെഷ്യാലിറ്റി” എന്ന ആശുപത്രി വിശേഷണം. ചൂഷണാംശം ഏറുന്നതെങ്കിലും ഇന്ന്  സങ്കീർണ്ണമായ പല ശസ്ത്രക്രിയകളും കേരളത്തിൽ തന്നെ സാധിച്ചെടുക്കാം. എന്നാൽ സങ്കേതികതയുടെ വരവിനെ തള്ളിപ്പറയുക എന്നത് ചെറിയ അസുഖത്തിനും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലേക്ക് ഓടുന്നവരുടെ ശീലമായി മാറിയിട്ടുണ്ട്. കവികളും കഥയെഴുത്തുകാരും  യാന്ത്രികത വന്നുകേറിയേ എന്ന്  വിലാപം തുടങ്ങിയിട്ട് കുറച്ചായി. ലാപ് ടോപ് എന്നത് അമ്മയുടെ മടിത്തട്ടു തന്നെയാണെന്ന് സ്ഥാന/സ്വരൂപാന്തരണം നടത്തിയാണ് സിനിമക്കാരും  ഇതിനെ നേരിടുന്നത്. നൊസ്റ്റാൾജിയയിൽ കൊണ്ടെ ഒതുക്കാവുന്നതു മാത്രമേ താങ്ങാവൂ എന്ന വ്യർത്ഥവിചാരം. എന്നാൽ ഈ വ്യാജവിലാപം ഇന്ന് ദൈവങ്ങളും കേൾക്കുകയില്ല. വളർന്ന സാങ്കേതികതകളിൽ സന്തോഷിക്കുന്നവരായിരിക്കണം ഇന്നത്തെ ദൈവങ്ങൾ.  പൂജാബുക്കിങ്ങുകൾ ഇന്റെർനെറ്റ് വഴിയാണ് കൂടുതലും.  ക്ലോസ് സർക്യൂട് റ്റി വി വഴി  പ്രത്യേക ദർശനവേളകൾ ചുറ്റുപാടും കാണിയ്ക്കാനുള്ള സംവിധാനം  ശബരി മല ഇക്കൊല്ലം ഏർപ്പാടാക്കി. ഗുരുവായൂർ അമ്പലത്തിൽ സുരക്ഷാസംവിധാനത്തിന്റെ ഭാഗമായിട്ടാണെങ്കിലും ക്യാമെറ വയ്ക്കുന്നതിനെപ്പറ്റി സംവാദങ്ങൾ തുടങ്ങിക്കഴിഞ്ഞു.  നെറ്റിലേക്ക് നേരിട്ടു പകർത്തുന്ന ക്യാമെറയാലോ സ്കൈപ് പോലത്തെ സംവിധാനങ്ങൾ ഉപയോഗിച്ചോ നടതുറക്കലും ദീപാരാധനയും ലോകമെമ്പാടും തത്സമയം ഭക്തർക്കു ദർശിക്കാൻ സാദ്ധ്യമാവുന്ന കാലം അതി വിദൂരമല്ല. നടവരവു കൂടുന്നതിനാലും നിരവധി പേർക്ക് ഒരേ സമയം അഭീഷ്ടങ്ങൾ വാരിച്ചൊരിയാനുള്ള എളുപ്പത്താലും ദൈവങ്ങൾ സന്തോഷിക്കാനാണിട. നാലമ്പലം തൊഴീൽ എന്ന  ആധുനികതയുടെ സംഭാവനയായ ദർശനസവിധാനവും ദൈവങ്ങൾക്ക്  അമ്പരപ്പു നൽകുന്നുണ്ടായിരിക്കണം. ഒരേദിവസം നാലു ബന്ധപ്പെട്ട
(ഒരു ദൈവത്തിന്റെ ബന്ധുക്കളായ മറ്റു ദൈവങ്ങൾ-ശ്രീരാമനാണെങ്കിൽ സഹോദരങ്ങൾ) പ്രതിഷ്ഠകളുള്ള അമ്പലങ്ങളിൽ തൊഴുക എന്നതാണ് സാങ്കേതികതയുടേ സംഭാവനയായ ഈ പുണ്യലബ്ധീവൃത്തി. മെച്ചപ്പെട്ടതോ പുതുതായി പണിതതോ ആയ റോഡുകളാണ് ഈ സൌജന്യത്തിന്റെ പ്രധാന പോംവഴി. സ്വന്തം കാറ് ഉണ്ടായിരിക്കുക എന്നത് മറ്റൊരു സൌകര്യം. കേരളം പരക്കേ ബസ്സുകൾ ഓടിയ്ക്കൊണ്ടിരിക്കുന്ന കാലത്തും ഇത് സാധ്യമായിരുന്നില്ല. കാരണം നാലു സ്ഥലത്തുള്ള അമ്പലങ്ങളും ഒരു ദിവസം ബസ്സിൽത്തന്നെ യാത്ര ചെയ്ത് എത്താനുള്ള സൌകര്യം ഇല്ല എന്ന സത്യത്താൽ. ടാറിട്ട റോഡുകളും കാറുകളും കൂടിയാണ് ഈ അഭീഷ്ടസൌകര്യത്തിനു വഴിയൊരുക്കിരുക്കിയിരിക്കുന്നത് എന്നത് സാങ്കേതികപുരോഗതിയും പുണ്യാഭിലാഭവുമായി  സമവാക്യം നിർമ്മിച്ചെടുക്കുന്നതിന്റെ ഉദാഹരണം തന്നെ. ചൊരിയാനുള്ള അഭയവരങ്ങൾ ഇത്രയും നാൾ അടക്കിപ്പിടിച്ചിരുന്നതിനു ശേഷം പൊടുന്നനവേ കൈവന്ന ആയാസരാഹിത്യം ദൈവങ്ങൾക്ക് ആശ്വാസം നൽകുന്നുണ്ടായിരിക്കണം.ടെക്നോളജി നേരത്തെ വന്നെത്താത്തതുകൊണ്ട് നഷ്ടപ്പെട്ടുപോയ പുണ്യങ്ങളെ ഓർത്ത് വിലപിക്കുകയേ വേണ്ടൂ മലയാളിക്ക്. ഇതൊക്കെക്കഴിഞ്ഞിട്ടും-ദൈവങ്ങൾ സമ്മതിച്ചിട്ടും- ആധുനികവിദ്യകൾക്കു നേരേ അവൻ ചൊരിയുന്ന ശകാരത്തിനു കണക്കില്ല. ബാഹ്യാരോപവിഭ്രാന്തിയ്ക്ക് മറ്റൊരുദാഹരണം തേടേണ്ടതില്ല.

 പൊറോട്ട വേണം പൊറോട്ട വേണ്ട

        മലയാളിയുടെ ആഹാരചര്യകളിൽ നിന്നും ചക്ക ഏറെക്കുറെ അപ്രത്യക്ഷ്യമായതിനു കുടുംബപരവും  സാമൂഹികപരവുമായ കാരണങ്ങളുണ്ട്. ചക്കപ്പഴം  ആർക്കും വേണ്ടാതെ വെട്ടിക്കുഴിച്ചു മൂടേണ്ടി വരുന്നതിൽ വ്യാകുലപ്പെടുന്ന പഴമക്കാരെ  കാണാം ഇന്ന്. കമ്പോളത്തിൽ വന്ന മാറ്റങ്ങൾ, കമ്പോളാഭിമുഖ്യത്തിലേക്ക് തിരിയൽ, സ്വന്തം പറമ്പിലെ കൃഷിയെ ആശ്രയിക്കാതിരിക്കൽ ഇവയൊക്കെയും കാരണങ്ങളായുണ്ട്. കൂടാതെ ഭക്ഷണരീതിയിലുള്ള മാറ്റവും.  ചുരുങ്ങിയ കാലത്തിനുള്ളിൽ ഭോജനരീതിയിൽ വൻ മാറ്റം കൊണ്ടു വന്നവരാണു നമ്മൾ. പോഷകമൂല്യങ്ങൾ തുലോം കുറഞ്ഞ പൊറോട്ട നാലുനേരവും ഭക്ഷിക്കുന്നത് ആദ്യം പരിഷ്കാരവും ഇപ്പോൾ ശീലവുമാണ്. ലോകത്തൊരിടത്തും മൈദ കൊണ്ടുണ്ടാക്കിയ ഒന്നും പ്രധാന ആഹാരമല്ല. മധുരപലഹാരങ്ങൾക്ക് മാത്രമാണ് മൈദ ഉപയോഗിക്കാറ്. കൺസ്യ്യൂമറിസത്തിനു എളുപ്പം വഴങ്ങുന്ന മലയാളിക്ക് ശീലങ്ങൾ മാറ്റിയെടുക്കാനും പ്രയാസമില്ല. കപ്പ പണ്ട് ബ്രസീലിൽ നിന്നെത്തിയപ്പോഴും നമ്മൾ പെട്ടെന്ന് പുഴുങ്ങിത്തിന്നു തുടങ്ങിയതാണ്. എന്നാൽ പൊറോട്ട തിന്നുന്ന മറ്റവനെ പിടികൂടിത്തുടങ്ങി നമ്മൾ.  രാവിലെ തന്നെ തിന്ന പൊറോട്ട കറിയോടൊപ്പം സ്വന്തം വയറ്റിൽ ചീർത്തു തുടങ്ങിയിരിക്കുമ്പോൾ തന്നെയാണ് പൊറോട്ടയ്ക്കെതിരെ ആഹ്വാനവുമായി എത്തുന്നത്. സ്കൂൾ കലോത്സവ വേദികളിൽ കുട്ടികളെക്കൊണ്ട് പൊറോട്ട തീറ്റയ്ക്കെതിരെ സ്കിറ്റുകളും മോണോ ആക്റ്റുകളും വരെ കളിപ്പിച്ച്  അവരിലും ഇത് മറ്റാരുടേയോ പ്രശ്നമാണെന്ന ധാരണ ഉണ്ടാക്കുകയാണ്.


        കാർഷികവൃത്തി, ആഹാരക്രമം എന്നവയിലൊക്കെ വന്ന മാറ്റങ്ങൾ വയൽ നികത്തൽ പോലുള്ള പ്രക്രിയകളിൽ എത്തിച്ചേർന്നതു നമുക്കറിയാം. നമ്മുളുണ്ടാക്കിയ റിയൽ എസ്റ്റേറ്റ് സിസ്റ്റവും ഇതിൽ കൂട്ടു ചേർന്നു.  വയൽ നികത്തലിനെപ്പറ്റി വിലപിയ്ക്കുന്ന മലയാളി അത് മറ്റാരോ  ചെയ്യുന്നു എന്ന ദോഷാരോപണത്തിലാണ് സ്വാന്തനം നേടുന്നത്. സാമൂഹിക കാഴ്ച്ചപ്പാടിലും പ്രവർത്തികളിലും   കുത്തകമുതലാളിത്തം,  സാമ്രാജ്യത്തിന്റെ സാംസ്കാരിക അധിനിവേശം ഇവയ്ക്കെല്ലാമുള്ള  സ്വാധീനം വിഘടിച്ചെടുക്കേണ്ടതുണ്ട്. ആത്മദമന(Denial) ത്തിൽ ജീവിക്കുന്ന  സമൂഹത്തിനു രക്ഷപെടാൻ പഴുതുകൾ കുറവാണ്.

8 comments:

എതിരന്‍ കതിരവന്‍ said...

ആത്മദമന (denial)ത്തിൽ ജീവിക്കുന്ന, ബാഹ്യാരോപവിഭ്രാന്തി ബാധിച്ച മലയാളി. ചന്ദ്രിക ആഴ്ച്ചപ്പതിപ്പിൽ കവർ ഫീച്ചർ ലേഖനം.

ശ്രീ said...

ഇന്ത്യക്കാരെ, പ്രത്യേകിച്ച് മലയാളികളെ ചൂഷണം ചെയ്യാന്‍ എളുപ്പമാണല്ലോ...

ലേഖനം നന്നായി, മാഷേ

ajith said...

Bare truths

Unknown said...

എത്രയോ പരമാർത്ഥം..നല്ല ലേഖനം..

Anonymous said...

!!!

ഇട്ടിമാളു അഗ്നിമിത്ര said...

!!!

vettathan said...

ലേഖനം നന്നായി

Arun Kumar said...

പറഞ്ഞതിനോടെല്ലാം തന്നെ ശക്തിയായി യോജിക്കുന്നു.