Monday, February 20, 2023

മനുഷ്യർക്കു മുൻപേ ബുദ്ധിജീവികൾ ഉണ്ടായത്

 

    ബോധജ്ഞാനം (consciousness) എവിടുന്ന് ഉദിച്ചു വന്നു? പരിണാമവഴിയിൽ അവസാനകാലത്ത് വന്നു ചേർന്നതാണോ അത്? അതോ ആദ്യത്തെ നാഡീവ്യവസ്ഥ രൂപപ്പെടുന്ന സമയത്തുതന്നെ അതിൻ്റെ തുടക്കമായിരുന്നോ?        

      ബുദ്ധി എന്നത് പെട്ടെന്ന് ഒരിക്കൽ ചിലജീവികളുടെ തലച്ചോറിൽ കയറിക്കൂടിയതൊന്നുമല്ല. കാഴ്ച്ചയും കേൾവിയും മറ്റ് ഇന്ദ്രിയാനുഭവങ്ങളും ജന്തുക്കൾ സ്വാംശീകരിച്ചു തുടങ്ങയപ്പോൾത്തന്നെ ബോധജ്ഞാനത്തിൻ്റെ നാമ്പുകൾ മുളച്ചു തുടങ്ങിയിരുന്നു എന്നു വേണം കരുതാൻ. 

      ബോധജ്ഞാനം എന്നത് മനുഷ്യേതരജീവികളിൽ നിലവിലുണ്ടോ എന്നത് അതിനെ സമീപിക്കുന്നതെങ്ങനെയെന്നും എന്തൊക്കെ മാനദണ്ഡങ്ങളാണ് അതിനെ മനസ്സിലാക്കാൻ  ഉപയോഗിക്കുന്ന് എന്നതനുസരിചും നിശ്ചയിക്കപ്പെടുന്നതാണ്. ചിലർ വാദിച്ചേക്കാം ബോധജ്ഞാനം ഏറ്റവും മിടുക്കരായ ജീവികൾക്ക് മാത്രം അവകാശപ്പെട്ടതാണെന്ന്. അതിൻപ്രകാരം ഈ അടുത്തകാലത്ത് മനുഷ്യൻ്റെ വരവോട് കൂടി മാത്രം ഉദയം ചെയ്തതാണെന്നും അനുമാനങ്ങളും ഉണ്ടായേക്കാം. ചില സൈദ്ധാന്തികർ വാദിക്കാറുള്ളത് കൂടുതൽ അവബോധശക്തി  (cognitive capacity) അളന്നെടുക്കുന്നത് ബോധജ്ഞാനവുമായി നേരിട്ട് ബന്ധപ്പെടുത്താവുന്നതാണെന്നാണ്. എന്നുവെച്ചാൽ കാഴ്ച്ച, കേൾവി, മണം, രുചി എന്നിങ്ങനെ ഇന്ദ്രിയപ്രമായ അനുഭവങ്ങൾ സ്വരൂക്കൂട്ടി എടുക്കുന്നത് ബോധജ്ഞാനത്തിൻ്റെ ലക്ഷണം തന്നെ എന്ന വാദം.  എന്നാൽ അടിസ്ഥാനപരമായ, കഠിനപ്രശ്നമെന്ന് വിവക്ഷിക്കാവുന്ന വിനിയോഗാത്മകമായ, ബോധപരമായ അറിവ് എന്നതിനേയും ആത്മനിഷ്ഠാപരമായ അതിൻ്റെ ഉണർവ്വിനേയും ഈ വാദം അഭിസംബോധന ചെയ്യുന്നില്ല എന്നത് കുറവ് തന്നെയാണ്. കൂടാതെ തികഞ്ഞ ജ്ഞാനശേഷിയും   ബോധജ്ഞാനവും തലച്ചോറിൻ്റെ  സങ്കീർണ്ണതയും പരിണാമവും തമ്മിൽ ബന്ധപ്പെടുത്താവുന്നതാണെന്ന് പരികൽപ്പനകൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും അത് അങ്ങനെ തന്നെ ആയിരിക്കണം എന്നതിനു  കാരണങ്ങളൊന്നുമില്ല. ഉദാഹരണത്തിനു മനുഷ്യൻ ഒരു സ്പീഷീസ് എന്നനിലയ്ക്ക് മറ്റ് പ്രൈമേറ്റുകളെക്കാൾ ബുദ്ധിയുണ്ടെങ്കിലും ഒരു മരത്തെ മനുഷ്യൻ കാണുന്നത്  ഒരു ഉറാങുട്ടാൻ കാണുന്നതിൽ നിന്ന്  കൂടുതൽ തീവ്രമായോ അടിസ്ഥാനപരമായ ബോധജ്ഞാനപരമായ വ്യത്യാസങ്ങളോടെയോ ആകണമെന്നില്ല. 

      സങ്കീർണ്ണമായി പരിണമിച്ച തലച്ചോറോടെ ജനിയ്ക്കുന്ന ഒരു കുഞ്ഞ് പക്ഷേ ബുദ്ധി വികാസം പ്രാപിച്ചിട്ടില്ലെങ്കിലും അതിൻ്റെ  ഇന്ദ്രിയാവബോധങ്ങൾ പ്രായപൂർത്തിയായവരുടേതാണ്. അവബോധം അളന്നെടുക്കാൻ ഉപയുക്തമാക്കുന്ന  സൂചകങ്ങൾ ആകട്ടെ - യുക്തിപൂർവ്വം ന്യായവാദം ചെയ്യുക, സംവേദനം സാദ്ധ്യമാക്കുക, പഠിച്ചെടുക്കുകയും ഓർമ്മിക്കുകയും ചെയ്യുക തുടങ്ങിയവ-മിക്കപ്പോഴും ബോധജ്ഞാനത്തിൻ്റെ വികാരസംബന്ധിയായ വൈദഗ്ദ്ധ്യങ്ങളുടെ (അസഹനീയമായ  വേദന, വിശപ്പ്, തണുപ്പറിയൽ ഒക്കെ) സ്വഭാവമോ ഉറവിടമോ കണക്കിലെടുക്കാറുമില്ല. ബോധജ്ഞാനത്തിൻ്റെ ഈ വികാരപരത എന്ത്, എങ്ങിനെ എന്ന് അറിയേണ്ടതുണ്ട്.

    മനുഷ്യനു മാത്രമല്ല ബോധജ്ഞാനപ്രാപ്തി കൈവന്നിട്ടുള്ളതെന്ന ആശയം കൂടുതൽ പ്രബലമായ കാലം ആണിത്.  നീരാളി (ഒക്റ്റോപ്പസ്)കൾക്കും തേനീച്ചകൾക്കും പക്ഷികൾക്കും അവബോധാത്മകമായ പെരുമാറ്റങ്ങളും സ്വാംശീകരണങ്ങളും ഉണ്ടെന്ന് തെളിഞ്ഞു കൊണ്ടിരിക്കയാണ്. ചിമ്പൻസികളുടേയും ഗൊറില്ലകളുടേയും ബോധജ്ഞാനത്തെക്കുറിച്ച് ധാരാളം പഠനങ്ങളും പുറത്തു വന്നിട്ടുണ്ട്. ഈ പ്രതിഭാസത്തെക്കുറിച്ച് പഠിയ്ക്കണമെങ്കിൽ ചോദ്യം ഇങ്ങനെ മാറ്റപ്പെടേണ്ടിയിരിക്കുന്നു: ഒരു നാഡീവ്യവസ്ഥയ്ക്ക് അവബോധപരമായ, ആത്മനിഷ്ഠാപരമായ പ്രവർത്തനങ്ങൾ നിർവ്വഹിച്ചെടുക്കാൻ എന്തുതരം ന്യൂറോൺ സംവിധാനങ്ങളും ഘടനയും ആവശ്യമാണ്? 

   ഏറ്റവും സങ്കീർണ്ണമായ തലച്ചോർ അത്യാവശ്യമാണെന്നാണ് മനുഷ്യൻ്റെ അതിബുദ്ധിശക്തി തെളിയിക്കുന്നത്. പഞ്ചേന്ദ്രിയങ്ങളിൽ നിന്ന് സ്വാംശീകരിക്കുന്ന  അവബോധങ്ങൾ സ്വരൂപിച്ച് നിർമ്മിച്ചെടുക്കുന്ന സംവിധാനം ലളിതമായിരിക്കും എന്ന് പൊതുവേ പറയാൻ സാധിക്കുകയില്ല.  എന്നാൽ ബുദ്ധി എന്നതിൻ്റെ പല പ്രകടങ്ങനളും ദർശിതമാക്കുന്ന ഒക്റ്റോപ്പസിനു സങ്കീർണ്ണമായ തലച്ചോറേ ഇല്ല. ന്യൂറോൺസ് കൂടുതലും നീണ്ട കൈകൾആയ  റ്റെൻ്റക്കിളുകളിലാണ്. അതായത് തലച്ചോറിൻ്റെ ഘടനയും ബുദ്ധിയും തമ്മിലുള്ള ബന്ധം നിർവ്വചിക്കാൻ പ്രയാസമുണ്ടെന്ന് സാരം. ഇവിടെ നാലു മാനദണ്ഡങ്ങൾ പ്രധാനമായും കനക്കിലെടുക്കേണ്ടിയിരിക്കുന്നു:

1. പരസ്പര ഇടപഴകൽ, അവയിൽ നിന്ന് കിട്ടുന്ന പ്രതികരണങ്ങൾ ഇവയെ സ്വരൂപിക്കൽ

2.വിവിധ ഇന്ദ്രിയങ്ങളുടെ അനുഭൂതികളേയും അറിവുകളേയും  ഒരു ബിന്ദുവിൽ എത്തിക്കുക (convergence), ബോധജ്ഞാനം സമഗ്രമാക്കി ഒന്നിപ്പിക്കുക

3. ഓർമ്മയുടെ കേന്ദ്രത്തിൻ്റെ വികാസം.

4. വ്യതിരിക്തമായ ശ്രദ്ധാപദ്ധതികൾ (attention schema). പലേ പ്രാണി (insects)കൾക്കും ഒക്റ്റോപ്പസിനും ഇവയിൽ പലതുമുണ്ട്. 

     ബുദ്ധിയും ബോധജ്ഞാനവും ജീവികളിൽ പരന്നു പടർന്നിട്ടുണ്ട്. സ്വതന്ത്രമായി പരിണമിച്ചതാണ് അവ. ആർത്രോപ്പോഡുകൾക്കൊ ഒക്റ്റോപ്പസ്സിനോ ലഭിച്ച ബുദ്ധി പരിണമിച്ചല്ല മനുഷ്യൻ്റെ അതിബുദ്ധിയിൽ എത്തിയത്. പക്ഷേ തലച്ചോറിൻ്റെ ഘടനയും പ്രവർത്തനവും ഇതിലെല്ലാം സാമ്യമുള്ളവയാണു താനും. 

നീരാളിയുടെ ബുദ്ധിചാതുര്യം

  അകശേരുകികളുടെ (invertebrates) ഇടയിൽ ഏറ്റവും വലിയ തലച്ചോർ ഉള്ളവയാണ് ഒക്റ്റോപ്പസ്സുകൾ. അവരുടെ പെരുമാറ്റം വളരെ സങ്കീർണ്ണമാണ്, പഠിച്ചെടുക്കാനുള്ള കഴിവ് ഏറെയുണ്ട്, പെരുമാറ്റങ്ങളിൽ വഴക്കം കാണാം, ജ്ഞാനശേഷി (cognition) ധാരാളമുണ്ട്. ഉപകരണങ്ങൾ ഉപയോഗിയ്ക്കാനുള്ള പൂർവ്വജ്ഞാനം,  കൗശലങ്ങൾക്കും സൂത്രപ്പണികൾക്കുമുള്ള  പാടവം ഇവയൊക്കെ എട്ടുകയ്യുകളുമായി നീന്തി നടക്കുന്ന ഈ ജീവികൾക്കുണ്ട്. ഇന്ദ്രിയപരമായ ബോധജ്ഞാനം (sensory consciousness) ഇവയ്ക്കുണ്ടെന്നാണ് ശാസ്ത്രാഭിമതം. 300 മില്ല്യൺ ന്യൂറോണുകളാണ് ഇവയുടെ കേന്ദ്രനാഡീ വ്യവസ്ഥ (central nervous system)യിൽ.  ഇതിൽ മൂന്നിൽ രണ്ട് ഭാഗവും കയ്കളിലാണ്, 50 മില്ല്യൺ തലച്ചോറിലും. ഇത് മീനുകളിലും ഉഭയജീവികളിലും ഉള്ളതിനേക്കാൾ കൂടുതലാണ്. കശേരുകി (vertebrates)കളെപ്പോലെ ദൂര്യം വ്യക്തമായി കാഴ്ച്ച വഴി ഗണിയ്ക്കാൻ പ്രാപ്തിയുണ്ടിവയ്ക്ക്. കണ്ണുകൾ അത്രമാത്രം പരിണമിച്ച് മുന്നേറിയിട്ടുണ്ട്. മണമറിയാനും സമതുലിതാവസ്ഥ നിലനിറുത്താനുമുള്ള അവയവങ്ങൾ തലയിൽത്തന്നെ ഘടിപ്പിച്ചിട്ടുണ്ട്. ശബ്ദതരംഗങ്ങൾ അറിയാൻ പാർശ്വരേഖയും ഉണ്ട്.കേൾവിസാദ്ധ്യമാണ്. എല്ലാ ഇന്ദ്രിയങ്ങളും തലച്ചോറുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. പക്ഷേ കയ്യുകളുടെ നിയന്ത്രണം ഏറെക്കുറെ സ്വതന്ത്രമാണ്. പലേ ദിശകളിലും പലേ രീതികളിലും ഒരുമിച്ചല്ലാതെ, സ്വതന്ത്രമായി ചലിക്കാൻ കഴിയുന്ന കയ്യുകളെ ഒരേ ഒരു കേന്ദ്രം നിയന്ത്രിക്കുന്നില്ല എന്നതുകൊണ്ട് എല്ലാ സംവേദനങ്ങളേയും ഒരുമിച്ച് കൂട്ടുന്ന ഒരു നിശ്ചിത ഇടത്തിനു സാദ്ധ്യതയില്ലാതെ വരുന്നു. ബോധജ്ഞാനം ഉണ്ടെന്നുള്ളതിൻ്റെ മാനദണ്ഡം പാലിക്കപ്പെടുന്നില്ല എന്നർത്ഥം. പക്ഷേ, മറ്റെല്ലാ സംവേദനങ്ങളും തലച്ചോർ സ്വീകരിച്ച് വിശ്ളേഷണം ചെയ്യുന്നതിനാൽ ഈ വാദം വിലപ്പോകുന്നില്ല എന്നാണ് പുതിയ അവകാശവാദം. കാഴ്ച്ച കയ്കളുടെ ചലനങ്ങളെ നിയന്ത്രിക്കുന്നുണ്ട് എന്ന് ചില പരീക്ഷണങ്ങൾ തെളിയിച്ചിട്ടുമുണ്ട്. കുപ്പിയുടെ അടപ്പ് തുറക്കുന്നതും അതിൻ്റെ അടപ്പ് കൊണ്ട് കളിയ്ക്കുന്നതും ഒക്കെ ബുദ്ധിയുടെ ലക്ഷണങ്ങളായിട്ട് കരുതേണ്ടതുണ്ട്. അക്വേ റിയം ടാങ്കിൻ്റെ പൈപ്പ് അടച്ച്  ടാങ്കിലെ വെള്ളത്തിൻ്റെ വിതാനം കൂട്ടാൻ ശ്രമിക്കുന്നതായി നിരീക്ഷണങ്ങൾ ഉണ്ട്. കാഴ്ച്ച, ചലനങ്ങൾ, ഓർമ്മ എന്നിവയുള്ളതും  പെരുമാറ്റങ്ങളെ നിയന്ത്രിക്കാനും  വരാൻ പോകുന്ന അപകടങ്ങളെ ഒഴിവാക്കാനും കഴിയുന്ന ഒക്റ്റോപ്പസ്സുകൾക്ക് ബുദ്ധി ഉണ്ടെന്ന കാര്യത്തിൽ സംശയമില്ല. ബോധജ്ഞാനത്തിൻ്റെ പേരിലേ സന്ദേഹമുള്ളു. 

  പക്ഷേ, പരിണാമപരമായി ഒരു അടഞ്ഞ വഴിയാണ് ഒക്റ്റോപ്പസ്സുകൾക്ക് പ്രകൃതി വച്ചു കൊടുത്തത്. ബുദ്ധിയും വിവേകൗം വേണ്ടത്ര ഉണ്ടെങ്കിലും ചെ റിയ ജീവിതദൈർഘ്യമേ ഉള്ളൂ ഇവയ്ക്ക്. കശേരു ഉള്ള ജീവികളെ (മീൻ ഉദാഹരണം) പ്പോലെ നീന്തൽ വിദഗ്ധരാണ്, ഒതുക്കമുള്ള ശരീരവുമുണ്ട്. ആർത്രൊപ്പോഡുകളെപ്പോലെ കാലുകൾ ധാരാളം, വസ്തുക്കൾ, ഭക്ഷണം ഉൾപ്പടെ കൈകാര്യം ചെയ്യാൻ  എളുപ്പം. ഈ രണ്ട് പ്രത്യേക സിദ്ധികളും, പരിജ്ഞാനത്തിനുതകുന്ന നാഡീവ്യവസ്ഥയും കൊണ്ട് സമുദ്രങ്ങളിൽ ആധിപത്യവും അധികാരവും നേടേണ്ടതല്ലെ ഇവർ? പക്ഷേ അങ്ങനെ സംഭവിച്ചില്ല. കട്ടിയുള്ള പുറംചട്ടയോ, കുറഞ്ഞത് ശൽക്കങ്ങളെങ്കിലും ഇല്ലാത്തതും മാംസളമായ ശരീരവും എളുപ്പം കിട്ടുന്ന ഭക്ഷണവസ്തു ആക്കുകയായിരുന്നു ഇവരെ. വഴക്കമുള്ള ശരീരവും കൈകളും ഉണ്ടായതിനു കൊടുക്കേണ്ടി വന്ന വില. ജീവിതദൈർഘ്യം കുറവായ ഒക്റ്റോപ്പസ്സുകൾക്ക് അത്ജീവനതന്ത്രങ്ങൾ പഠിച്ചെടുത്ത് പ്രയോഗിക്കാൻ സാവകാശം കിട്ടാത്തതും അവരെ സാധുജീവികളാക്കി ഒതുക്കിയിരിക്കണം. 

തേനീച്ചയും മറ്റ് പ്രാണികളും (Insects)

       വളരെ ചെറിയ തലച്ചോർ ആണെങ്കിലും ബുദ്ധിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട് ആർത്രൊപ്പോഡ്വംശജരായ പ്രാണികൾ. പഠിച്ചെടുക്കാനുള്ള കഴിവ്, പരസ്പരം സംവേദനം കൈമാറാനുള്ള കഴിവ്, മനം അറിഞ്ഞ് അതിനനുസരിച്ച് പെരുമാറാനുള്ള കഴിവ്, ഓർമ്മ ഇവയൊക്കെ ഈ പ്രാണികളിൽ രൂഢമൂലമായിടുണ്ട്..  തലച്ചോറിൽ ഒരു ലക്ഷം മുതൽ പത്തുലക്ഷം വരെ ന്യൂ റോണുകളുണ്ട്.  ഇത് കശേരുകികളുടെ തലച്ചോർ ന്യൂ റോണുകളെക്കാൾ എണ്ണത്തിൽ വളരെക്കുറവാണ്, ശരീരത്തിൻ്റെ വലിപ്പക്കുറവ് കണക്കിലെടുത്താലും. പക്ഷേ കാഴ്ച്ച, കേൾവി, സ്പർശം , മണം ഇവയൊക്കെ വിശ്ളേശിച്ചെടുക്കാനുള്ള ഇടങ്ങൾ തലച്ചോറിൽ സജ്ജമാക്കിയിട്ടുണ്ട്.  പഴഈച്ച ( drosophila)കൾക്ക് കാഴ്ച്ചയുടെ വിശ്ളേഷണത്തിനുള്ള തൽച്ചോർ ഭാഗം സങ്കീർണ്ണതയോടെ വികസിച്ചിട്ടുണ്ട്. ചുറ്റുപാടുമുള്ള അനക്കങ്ങളുടെ വേഗത തിരിച്ചറിയുന്നത് മനുഷ്യരുടേതിനേക്കാളും വളരെ പെട്ടെന്നാണ്. ഗന്ധങ്ങൾ തിരിച്ചറിയാനുള്ള കഴിവും മനുഷ്യരുടെതിനെക്കാളും കൂടുതലാണ്.  ഒർമ്മയ്ക്ക് വേണ്ടി ഒരു പ്രത്യേക ഇടം നിജപ്പെടുത്തിയിട്ടുണ്ട്, ‘മഷ്റൂം ബൊഡീസ് ( mushroom bodies) എന്നറിയപ്പെടുന്നു ഇത്. ഷഡ്പദങ്ങളുടെ ന്യൂറോണുകൾക്കും പ്രത്യേകതയുണ്ട്. അവയുടെ നീണ്ട തന്തുക്കളായ ആക്സോണുകളും ശാഖോപശാഖികളായി പിരിയുന്ന ഡെൻഡ്രൈറ്റ്കളും  പല പ്രാവർത്തിക  ഇടങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. അവയ്ക്കൊക്കെ പലേ സംവേദനങ്ങളുടെ വരവും പോക്കും നിയന്ത്രിക്കാനുള്ള ചാതുര്യമുണ്ട്. അതുകൊണ്ട് അവയുടെ ഒരു ന്യൂറോൺ തന്നെ ഡസൻ കണക്കിനു കശേരുകി ന്യൂ റോണുകൾക്ക് തുല്യമാണെന്ന് ഒരു അനുമാനവുമുണ്ട്. 

    തേനീച്ചകളെക്കുറിച്ചാണ് കൂടുതൽ പഠനങ്ങളും, കാരണം ഏറ്റവും വൈവിദ്ധ്യമാർന്ന പെരുമാറ്റങ്ങളും പഠിച്ചെടുക്കലും അവയുടെ പ്രത്യേകതയാണ്. കണക്കിൽ മിടുക്കരാണത്രെ അവർ; പൂജ്യവും (ഒന്നുമില്ലാമയും) ഒന്നും രണ്ടും തിർച്ചറിയാവുന്നവർ ആണവർ. പൂമ്പൊടി നി റഞ്ഞപൂക്കൾ ഉള്ള സ്ഥലം മറ്റ് തേനീച്ചകളോട് പറഞ്ഞുകൊടുക്കുന്നത് 8 എന്ന ആകൃതിയിൽ തിരിഞ്ഞും മറിഞ്ഞും നൃത്തം ചെയ്തുകൊണ്ടാണ്.  ചില ട്രിക്കുകൾ പഠിച്ചെടുക്കുക മാത്രമല്ല, കൂട്ടത്തിലുള്ളവരെ പഠിപ്പിച്ചെടുക്കാനും പ്രാപ്തിയുണ്ട്. നിറങ്ങൾ വേർതിരിച്ചറിയാനും നിറങ്ങളും തേൻ ഉണ്ടാവാനുള്ള സാദ്ധ്യതയും കൂട്ടി യോജിപ്പിച്ച് തീരുമാനങ്ങൾ എടുക്കാനും  തേനീച്ചകൾക്ക് കഴിവുണ്ട്. ചില ലാബ് പരീക്ഷണങ്ങൾ തെളിയിച്ചത് ചില പ്രത്യേക ഡിസൈനുകൾ ഓർത്തിരുന്ന് ആഹാരം കണ്ടുപിടിയ്ക്കാനുള്ളവൈദഗ്ധ്യം അവർക്ക് തേടാമെന്നുള്ളതാണ്. ഒരു പരീക്ഷണത്തിൽ  ഒരു ചെറിയ ഗോളം ഉരുട്ടി ഒരു വൃത്തത്തിനു നടുക്ക് വെച്ചാൽ ആഹാരം കിട്ടുമെന്ന് അവർ പഠിച്ചെടുത്തു. അതു മാത്രമല്ല, മറ്റുള്ള തേനീച്ചകളെ ഇത് പഠിപ്പിച്ചെടുക്കുകയും ചെയ്തുവത്രേ. ഓർമ്മയെ പ്രായോഗികതയുമായി ബന്ധിപ്പിക്കാനുള്ള ബുദ്ധിചാതുര്യത്തിൻ്റെ ഉദാഹരണമായിട്ടാണ് ഇത്തരം പരീക്ഷണഫലങ്ങൾ നിലനിൽക്കുന്നത്. 

പക്ഷികൾ-വേറിട്ട പരിണാമവഴി 

        സസ്തനികൾക്കു പോലും സാധിക്കാത്ത ബുദ്ധിചാതുര്യപ്രയോഗം പലേ പക്ഷികൾക്കുമുണ്ടെന്ന് പണ്ടേ അറിവുള്ളതാണ്. നിരവധി തരം ഘടനകൾ ഉൾച്ചേർന്ന കൂട് നിർമ്മിതികൾ, മനുഷ്യ ശബ്ദം മാത്രമല്ല, സംഭാഷണവും പാട്ടും അതേ പടി ആവിഷ്ക്കരിക്കാനുള്ള പാടവം, ദേശാടനസമയത്ത് കൃത്യമായി വഴികണ്ടുപിടിയ്ക്കാനുള്ള സങ്കീർണ്ണ ബുദ്ധി, പഠിച്ചെടുക്കാനുള്ള കഴിവ് ഇവയൊക്കെ പക്ഷികളെ ബുദ്ധികൂർമ്മതയുടെ ലക്ഷണമുള്ള ജന്തുക്കളിൽ പെടുത്തുന്നു. രണ്ടു വഴികളിൽ വ്യ്ത്യസ്ത കാലങ്ങളിൽ പരിണമിച്ചു വന്നതാണ് പക്ഷികളുടേയും മനുഷ്യൻ്റേയും ബുദ്ധിവികാസങ്ങൾ. Convergent evolution ൻ്റെ ഉദാഹരണം. 

   പക്ഷികളുടെ തലച്ചോറ് തീരെ ചെറുതാണെന്നും അവർക്ക് ബുദ്ധി കുറവാണെന്നും പൊതുവിശ്വാസമുണ്ട്, ‘bird brain‘ എന്നൊരു വിശേഷണം തന്നെ ഇത് സൂചിപ്പിക്കുന്നതാണ്. സസ്തനികളുടെ തലച്ചോറിലെപ്പോലെ ഒരു സെറിബ്രൽ കോർടെക്സ്പക്ഷികളിൽ കാണാനില്ല എന്ന കാരണം കൊണ്ടായിരുന്നു ഈ നികൃഷ്ടവിശേഷണം. ന്യൂ റോണുകൾ ചെറുതാണ് അതിബുദ്ധിയുള്ള കാക്കകളിലും പാട്ടുപക്ഷികളിലും തത്തകളിലും, അതുകൊണ്ട് പാലിയം‘ (pallium) എന്നറിയപ്പെടുന്ന ഇടം ചെറുതാണ്, പക്ഷേ വിവരങ്ങൾ വ്യവഹരിച്ചെടുക്കുന്ന ന്യൂ റോൺ യൂണിറ്റുകൾ കൂടുതലുണ്ട്,  അതേ വലിപ്പമുള്ള സസ്തനികളെക്കാൾ. പുതിയ സ്കാനിങ് വിദ്യകളും ജനിതകപഠനങ്ങളും പാലിയം എന്ന ഇടത്തിൻ്റെ ബോധജ്ഞാനസമ്പാദനസാദ്ധ്യതകൾ പരിശോധിയ്ക്കുകയാണ്. കൂടുതൽ ന്യൂ റോണുകൾ പാലിയത്തിൽ ഉണ്ടോ, കൂടുതൽ ബോധജ്ഞാനവും സാദ്ധ്യമാവുകയാണ്.  ഒരു ആനയുടെ പാലിയത്തിൻ്റെ പകുതി തൂക്കമേ മനുഷ്യൻ്റേതിനു ഉള്ളു, പക്ഷേ, മൂന്നിരട്ടിയാണ് ന്യൂ റോണുകളുടെ എണ്ണം. മാത്രമല്ല ഈ ഇടത്തിൽ സർക്യൂട്ടുകൾ എത്രമാത്രം സങ്കീർണ്ണമായിരിക്കുന്നു എന്നതും പ്രധാനമാണ്. പക്ഷികളുളെ, പ്രധാനമായും കാക്കവർഗ്ഗത്തിൽപ്പെടുന്നവയുടേയും (corvids) പ്രാവുകളുടെയും ന്യൂ റോൺ സർക്യൂടുകൾ ഏകദേശം മനുഷ്യരുടേതുപോലെയാണ്. അവരുടെ പാലിയത്തിൽ അര ബില്ല്യണിൽക്കൂടുതൽ ന്യൂ റോണുകളാണുള്ളത്. അവയിൽ ചിലരിൽ ഒന്നോ രണ്ടോ ബില്ല്യൺ വരെ ന്യൂ റോണുകൾ കാണാം-കുരങ്ങുകളിലെപ്പോലെ. 

  പ്രാവുകളുടേയും മൂങ്ങകളുടേയും  പാലിയം ഭാഗം  ത്രിമാന ധ്രുവീകൃത പ്രകാശം (three dimensional polarized light) ഉപയോഗിച്ച് പരിശോധിച്ചപ്പോൾ സസ്തനികളുടെ കോർടെക്സിലെപ്പോലെ ന്യൂ റോണുകൾ കോണോട് കോൺ അന്യോന്യം മുറിച്ചു കടക്കുന്നവയും പല നേരിയ പാളികൾ ( lamina) ആയി ഇവ നിബന്ധിക്കപ്പെടുന്നവയുമാണെന്ന് കണ്ടുപിടിയ്ക്കുകയുണ്ടായി. ഈ ഘടനാ സാമ്യം അതിൻ്റെ പ്രാവർത്തനക്ഷമതയുമായും സാമ്യപ്പെട്ടിരിക്കും എന്നാണ് അനുമാനം. സംവേദനങ്ങൾ സ്വീകരിക്കാനും അവയെ തിരിച്ചറിഞ്ഞ് പ്രായോഗികനടപടികൾ പ്രാവർത്തികമാക്കാനും ഓർമ്മകളുമായി ബന്ധപ്പെടുത്താനുമൊക്കെയുള്ള ഇടങ്ങൾ, ബ്രഹുത്തായി കെട്ടുപിണഞ്ഞ ബന്ധങ്ങൾ തീർത്ത് വിവരങ്ങൾ കൈമാറുന്ന ഹബ്ബുകൾ ഒക്കെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ചിന്തകൾക്കനുസരിച്ച് പ്രവർത്തിക്കാനും വികാരങ്ങൾ അനുഭവിക്കാനും അതനുസരിച്ച് തീരുമാനങ്ങൾ എടുക്കാനും ഇത്തരം പക്ഷികൾക്ക് കഴിയും എന്നാണ് പുതിയ അറിവ്.

   മറ്റൊരു പരീക്ഷണം കാക്കകളുടെ കാഴ്ച്ചയും അതിൻ്റെ തുടർച്ചയായി സംഭവിക്കുന്ന ബോധപ്രതികരണങ്ങളും പഠിച്ചെടുക്കുക എന്നതായിരുന്നു. ഒരു നിശ്ചിതപ്രതിരൂപം കണ്ടശേഷം കാക്കകളുടെ തലച്ചോറിലെ പാലിയം ഭാഗത്ത് ന്യൂറോണുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതായിരുന്നു പരീക്ഷണത്തിൻ്റെ കാതൽ. ഇതിനായി ഒറ്റന്യൂറോൺ പഠനം  (single neuron study) എന്ന ആധുനിക സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്. ഓരോ കാഴ്ച്ചയിലും പാലിയത്തിൻ്റെ വ്യത്യസ്ത ഭാഗങ്ങളാണ് ഉത്തേജിപ്പിക്കപ്പെടുന്നതായി കണ്ടത്. വ്യത്യസ്ത കാഴ്ച്ചകളിൽ നിന്ന് അറിവ്സമ്പാദിക്കുന്നു എന്നതിൻ്റെ തെളിവാണിത്. ഈ സൂചനകൾ ( signals) സസ്തനികളുടെ കോർടെക്സിനു സമാനമായ നിയോപാലിയത്തിൻ്റെ ഒരു ഭാഗത്താണ് പ്രത്യക്ഷപ്പെട്ടത്. ഘടനാപരമായും പ്രായോഗികമായും പക്ഷികളുടെ പാലിയം സസ്തനികളുടെ പ്രി-ഫ്രൊണ്ടൽ കോർടെക്സിനു സമാനമാണെന്ന് തെളിയിക്കപ്പെടുകയായിരുന്നു ഇപ്രകാരം. 

      പക്ഷികൾക്ക് ബോധജ്ഞാനത്തിനുള്ള (consciousness) കഴിവ്  ഉണ്ടെന്ന വാദത്തിനു തെളിവുകൾ ആണത്രെ ഈ നിരീക്ഷണങ്ങൾ. 320മില്ല്യൺ വർഷങ്ങൾക്ക് മുൻപാണ് പക്ഷികളുടേയും സസ്തനികളുടേയും പൊതുപൂർവ്വ ജീവി (common ancestor) ജീവിച്ചിരുന്നത്. ആ ജീവികളിൽ ബോധജ്ഞാനത്തിൻ്റെ സങ്കീർണ്ണതകൾ ഉറവിട്ടിരുന്നു കാണുമോ? അതോ ബുദ്ധിവികാസം വെവ്വേറെ പരിണമിച്ചു വന്നതാണോ? പ്രാവുകളിലും മൂങ്ങകളിലും നടത്തിയ പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത് ഈ പൊതുപൂർവ്വജീവിയുടെ ന്യൂറോൺ സർക്യൂട്ടുകൾ പരിഷ്ക്കരിക്കപ്പെട്ട് വികാസം പ്രാപിച്ചതാണ് പക്ഷികളിലേയും സസ്തനികളിലേയും തലച്ചോറിൻ്റെ ഘടനകൾ എന്നാണ്. എങ്കിലും ഇക്കാര്യത്തിൽ സന്ദിഗ്ദ്ധമായ തെളിവുകൾ ഇനിയും ലഭിക്കേണ്ടിയിരിക്കുന്നു. 

      പരിസരങ്ങൾ നിർബ്ബന്ധപൂർവ്വം ആവശ്യപ്പെടുന്ന രീതിയിൽ പരിണാമം സഞ്ചരിക്കുകയും അതിജീവനം സാദ്ധ്യമാക്കപ്പെടുകയും ചെയ്യുന്നത് പൊതുരീതിയാണ്. പൊതു പൂർവ്വജീവി ഇല്ലെങ്കിലും തലച്ചോറിൻ്റെ വികസനം സംഭവിക്കുമായിരുന്നു. പക്ഷികൾക്ക് കാഴ്ച്ചകളുടെ ഓർമ്മയ്ക്ക് പ്രാധാന്യം കിട്ടിയപ്പോൾ സസ്തനികളിൽ മണങ്ങളുടെ ഓർമ്മകൾ കൂടുതൽ സ്ഥിരീകരിയ്ക്കുന്ന സ്വഭാവമാണ് തലച്ചോറിൽ വന്നുകൂടിയത്. ഓർമ്മ കൂടിയതോടെ ഇന്ദ്രിയങ്ങൾ നൽകുന്ന അ റിവുകൾ വസ്തുക്കളെ എളുപ്പം തിരിച്ച റിഞ്ഞു, അവയെ ശ്രദ്ധിക്കാനോ അവയോട് പ്രതികരിക്കാനോ  വളരെ എളുപ്പവുമായി. ശ്രദ്ധ എന്നത് തെരഞ്ഞെടുക്കപ്പടാവുന്ന ഒരു ഗുനവിശേഷമായി, പാലിയമോ കോർടെക്സോ ഇതിൻ്റെ മേൽനോട്ടം വഹിച്ചു.  ഏതെങ്കിലും ഉത്തേജന (stimulus) ത്തിൻ്റെ പ്രാധാന്യം എളുപ്പം തിരിച്ചറിയുകയും അതിനോട് പ്രതികരിക്കാനുള്ള കഴിവ് നേടുകയും അതിനെ പഠിച്ചെടുക്കുക എന്ന പ്രക്രിയ ഉരുത്തിരിയുകയും ചെയ്തു. പക്ഷികളിലും സസ്തനികളിലും വെവ്വേറെ നടന്ന തലച്ചോർ പരിണാമം. 

    ഓർമ്മ ഇപ്രകാരം പക്ഷികളേയും സസ്തനികളേയും പ്രാഥമിക ബോധജ്ഞാനത്തിൻ്റെ മറ്റൊരു പടിയിലേക്ക് ഉയർത്തിയപ്പോൾ അറിവ് ഉൾക്കൊള്ളുന്നതിൻ്റെ മേഖലകൾ വിസ്തൃതമാക്കുകയുമായിരുന്നു. പാലിയം/കോർടെക്സ്  വിവരങ്ങളെ ക്രമപ്പെടുത്തിയും സംസ്ക്കരിച്ചും എടുക്കാാൻ പാകത്തിൽ  വികാസം പ്രാപിച്ചു.  ഇതോടൊപ്പം ഓർമ്മയുടെ ത്വരിതപ്പെടൽ പ്രാഥമിക പ്രിതിബിംബങ്ങളേയും അനുഭവങ്ങളെയും വിശാദമായി വ്യാഖ്യാനിച്ചെടുക്കാൻ പ്രാപ്തി സമ്മാനിച്ചു. ഇതോടെ വിശാലമായ ലോകപരിസരത്തെക്കുറിച്ച് കൂടുതൽ അറിവ് നിർമ്മിച്ചെടുക്കാൻ സാദ്ധ്യതകൾ തെളിഞ്ഞു. എന്നാൽ തലച്ചോറിൻ്റെ പല പ്രവൃത്തികളും വികാസം പ്രാപിക്കുന്നത് സാഹചര്യങ്ങളും ജീവിതപരിസരങ്ങളും ആവശ്യപ്പെടുന്നതനുസരിച്ചാണ്. ആദ്യകാല പക്ഷികളും സസ്തനികളും കാട്ടിനുള്ളിലാണ് ജീവിച്ചിരുന്നത്, പാലിയവും കോർടെക്സും പരിണമിക്കാൻ ഉതകുന്ന സാഹചര്യങ്ങളിൽ. ചെറിയ സസ്തനികൾക്ക് മണവും സ്പർശവും പോലുള്ള സംവേദനങ്ങൾ അതിജീവനത്തിനു അത്യാവശ്യമായിരുന്നു. മരത്തിനു മുകളിലുള്ള പക്ഷികൾക്ക് ദൂരക്കാഴ്ച്ചകളും; അതും ത്രിമാനരൂപത്തിൽ. ഈ സമയത്ത് ഈ രണ്ട് വിഭാഗത്തിൽ പെട്ടവർക്കും ശരീരവലിപ്പം കുറവായിരുന്നു. ഒരു വിഭാഗം ഡൈനസോറുകൾ  (റ്റീറോഡാക്റ്റയ്ൽ) പരിണമിച്ച്  പക്ഷികളായി മാ റിത്തുടങ്ങുമ്പോൾ ഈ ശരീരാകൃതി ചുരുക്കൽ അതിജീവനത്തിനു അത്യാവശ്യമായിരുന്നു. ആ സമയത്ത് തലച്ചോർ അത്ര വലുതായിരിക്കാൻ സാദ്ധ്യതയില്ല, അത് പിന്നീടായിരിക്കണം സംഭവിച്ചത്. പക്ഷേ കൂടുതൽ സംവേദനങ്ങൾ സമാഹരിച്ചു തുടങ്ങിയ മസ്തിഷ്ക്കം ചെ റിയ ശരീരവലിപ്പം ഒരു ബാദ്ധ്യതയാകാതെ രക്ഷിച്ചു എന്നു വേണം കരുതാൻ. ഇപ്രകാരം പക്ഷികളും സസ്തനികളും  ഉറവുകൊണ്ട അസാധാരണമായ ചുറ്റുപാടുകൾ  ഓർമ്മ സഹായിക്കുന്ന ബോധ്ജ്ഞാനസവിശേഷതകൾ ആർജ്ജിച്ചെടുക്കാൻ ആനുകൂല്യങ്ങൾ പ്രദാനം ചെയ്യുകയായിരുന്നു. പക്ഷികളിൽ പാലിയവും സസ്തനികളിൽ കോർടെക്സും വികാസം കൊണ്ടു, ഇത് രണ്ട് വിഭാഗങ്ങളിലും സ്വതന്ത്രമായി സംഭവിക്കുകയുമായിരുന്നു. ഏകകേന്ദ്രാഭിമുഖ പരിണാമത്തിൻ്റെ (Convergent evolution) ൻ്റെ ഉദാഹരണം. 

പലവട്ടം പരിണാമത്തിൽ 

      കശേരുകികളിൽ കാഴ്ച്ചയും മണവും  സ്വാംശീകരിച്ചെടുക്കുന്ന കേന്ദ്രങ്ങൾ വികസിച്ചതോടെ ബോധജ്ഞനത്തിൻ്റെ ആദ്യപടികൾ നിർമ്മിച്ചെടുക്കുകയായിരുന്നു. കേൾവി സ്പർശം എന്നിവയും മറ്റ് ഇന്ദ്രിയാനുഭൂതികൾക്കുള്ള ഇടങ്ങളും ഇവയോടൊപ്പം വളർന്ന് വികസിച്ചു. ഈ സംവേദനങ്ങളെ തിരിച്ചറിയുക മാത്രമല്ല, അവയെ എല്ലാം കൂട്ടിയിണക്കി പൊതുബോധം എന്നത് ഉളവാക്കാൻ സങ്കീർണ്ണമായ വലയീകൃത ഘടന (reticular formation), ഇസ്ത് മസ് (isthmus)  പോലെയുള്ള സങ്കീർണ്ണ കണക് ഷനുകൾ, പെരുമാറ്റങ്ങളേയും ചലങ്ങളേയും നിയന്ത്രിക്കുന്ന ടെക്റ്റം (tectum) ഒക്കെ വികസിച്ചു വന്നത് ബോധജ്ഞാനത്തിൻ്റെ മേഖലകളിലേക്കുള്ള കയറ്റത്തിൻ്റെ വിവിധ ഘട്ടങ്ങളായി പരിഗണിയ്ക്കാം. ഓർമ്മയുടെ കേന്ദ്രമായ ഹിപ്പോകാമ്പസ്സിനോട് ചേർന്ന് പാലിയം (pallium) വികാസം പ്രാപിച്ചതും ഇതിനു ബലമേറ്റുന്നു. 

      പരിണാമവ്യവസ്ഥ അനുസരിച്ച് സാഹചര്യങ്ങൾക്ക് അനുസാരിയായി അതിജീവനം സാധിച്ചെടുക്കാൻ ബുദ്ധി അനിവാര്യമാണോ എന്ന ചോദ്യം ഉദിയ്ക്കുന്നുണ്ട്. എപ്പോഴും അങ്ങനെ ആയിരിക്കണമെന്ന് നിർബ്ബന്ധമില്ല എന്നതും സത്യമാണ്. പാറയിൽ പറ്റിപ്പിടിച്ച്, ഒരിയ്ക്കലും അനങ്ങേണ്ടാത്ത, കടുത്ത തോടുള്ള നത്തയ്ക്കകൾ (clams) കൃത്യമായി അതിജീവനം സാദ്ധ്യമാക്കുന്നവയാണ്. അവയ്ക്ക് ബുദ്ധിവികാസമേ ആവശ്യമില്ല. ബോധജ്ഞാനം സാർവ്വലൗകികമായി പ്രയോജനകരമായ ഒരു പരിതസ്ഥിതിപ്പൊരുത്തം ( adaptation) അല്ല എന്ന് സാരം. വളരെ സങ്കീർണ്ണമായതുകൊണ്ട് അത് ഊർജ്ജപരമായി വളരെ ചെലവു കൂടിയ ഏർപ്പാടാണ്. അകശേരുകികൾക്ക് തീരെ ചെലവു കുറഞ്ഞ സംവിധാനങ്ങളുണ്ട്. അതായത് അതിജീവനത്തിനു ബുദ്ധിവികാസം ആവശ്യമായി വരുന്നില്ല. ആർത്രൊപ്പോഡ് വിഭാഗത്തിൽപ്പെടുന്ന ഒരു ജീവി (Rhizocephalan) ഞണ്ടുകളുടെ കുടലിൽ ജീവിയ്ക്കുന്ന പരാദമാണ്. ഇവയിൽ നാഡീവ്യവസ്ഥ ( nervous system) പൂർണ്ണമായും ഇല്ലാതായിരിക്കയാണ്. എളുപ്പത്തിൽ ആഹാരം ലഭിയ്ക്കുന്നു, പരിപൂർണ്ണ സംരക്ഷണം ലഭിയ്ക്കുന്ന ചുറ്റുപാടുകളുണ്ട്, അനങ്ങേണ്ട ആവശ്യം വരുന്നുമില്ല. പിന്നെയെന്തിനു തലച്ചോറ്? പിന്നെയെന്തിനു ന്യൂറോണുകൾ? 

      മില്ല്യൺ കണക്കിനു ന്യൂറോണുകളുടെ സംഘാതമോ അവയുടെ പരസ്പരകണ്ണിചേർക്കലുകളോ മാത്രം ബുദ്ധി ഉളവാക്കുന്നില്ല. അതിസങ്കീർണ്ണമായ കെട്ടുപിണയലുകളും ന്യൂറോഹോർമോണുകളുടെ സംവേദനചാതുര്യങ്ങളും പല പല വലയനിർമ്മിതികളും അവ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളും തീവ്രവേഗ സന്ദേശങ്ങളും ഒക്കെ ഉൾപ്പെടുന്ന, ഭാഗങ്ങൽ കൂട്ടിച്ചേർക്കുമ്പോൾ മാത്രം ഉളവാകുന്ന പ്രതിഭാസമാണ്  (emergent property) ബുദ്ധി എന്നത്. പരിണാമത്തിൻ്റെ പല ഘട്ടങ്ങളിലും സ്വതന്ത്രമായി സംഭവിച്ചതാണിത്. ആ ജീവികളൈൽ പലതിൻ്റേയും ബുദ്ധിയ്ക്കു സാദ്ധ്യമാകുന്നത് മനുഷ്യൻ്റെ തലച്ചോറ് സ്വാംശീകരിച്ചിട്ടില്ല എന്നത് സത്യമാണ്. ഒരു പക്ഷിയ്ക്ക് ദിശ കണ്ടുപിടിയ്ക്കാനുള്ള തലച്ചോർ യന്ത്രമുണ്ട്, ഒരു മണ്ണെലി  (mole rat) യ്ക്ക് കാഴ്ച്ച ഇല്ലെങ്കിലും പിറകോട്ട് ഓടാൻ സാധിയ്ക്കുന്നുണ്ട്. ചിതലുകൾക്ക് തകർന്നുപോയ ചിതൽപ്പുറ്റുകൾ കൃത്യമായ സമമിതി (symmetry) യോടെ പുനർനിർമ്മിക്കാനറിയാം. ബുദ്ധിയും അനുബന്ധിച്ചുള്ള ചതുരതയും മനുഷ്യൻ്റെ സ്വകാര്യസ്വത്തല്ല.

      

 

 

 

 

 

 

 

 

 

 

 

 

Brain structures comprising the (left) basal ganglia and (right) limbic system. The cerebral cortex shown on the outside of the brain projects to the caudate and putamen of the dorsal (top) striatum, and nucleus accumbens of the ventral (bottom) striatum of the basal ganglia. The output of the basal ganglia from the globus pallidus projects to the thalamus, which then project back to the cortex, forming a loop (see Fig. 3). The limbic system, which means ‘‘ring’’ and circles the thalamus, regulates emotion, behavior, motivation, long-term memory, and olfaction. The limbic system includes the cingulate cortex on the inside, or medial wall of the cortex, the hippocampus and the amygdala. (Courtesy of Paul Wissmann.) 

Sunday, February 19, 2023

ഡി എൻ എ: വ്യക്തിത്വത്തിൻറ്റെ ഉൾപ്പൊരുൾ, പുരാവൃത്തങ്ങളുടെ സഞ്ചയം

 


   കോശങ്ങളുടെ ന്യൂക്ളിയസിൽ നാരുകളായി രൂപാന്തരം പ്രാപിച്ച് കുടികൊള്ളുന്ന നീണ്ടകണ്ണികളുടെ മാല എല്ലാ പ്രവർത്തനങ്ങളുടെയും അധിപനാണ്, തീരുമാനങ്ങൾ എടുക്കുന്ന നേതാവാണ്. ഈ ഡി എൻ എ കണ്ണികൾ ഒരു ഗ്രന്ഥശാലതന്നെ, പ്രോടീനുകൾ നിർമ്മിച്ചെടുക്കാനുള്ള വിവരങ്ങൾ അടങ്ങുന്ന ഒരു വൻ പുസ്തകം, ജനിതകവിധികളുടെ രഹസ്യകോഡുകൾ പേറുന്ന അക്ഷരമാലാവിന്യാസം. ജീവികൾ വന്ന വഴികളുടെ ചരിത്രം ഉറങ്ങുന്ന ഭൂമിക. നാലക്ഷരങ്ങൾ (നാല് തന്മാത്രാസ്വരൂപങ്ങളാണിവ) കൊണ്ട് സങ്കീർണ്ണഭാഷ നിർമ്മിച്ചെടുക്കുന്ന വൻ തന്മാത്രാവിദ്വാൻ. ഇന്നലെയുടെ പുരാവൃത്തങ്ങൾ, നാളെയുടെ കഥകൾ, പരിണാമത്തിൻ്റെ രഹസ്യചരിത്രങ്ങൾ ഒക്കെ ആലേഖനം ചെയ്ത ചുരുളുകൾ. ഇനി എന്തൊക്കെ അസുഖങ്ങൾ വരാൻ സാദ്ധ്യതയുണ്ടെന്ന് അറിയാൻ ഈ കണ്ണികൾ വലിച്ചുനീട്ടി പരിശോധിച്ചാൽ മതി, വ്യക്തിത്വത്തിൻ്റെ വിശദാംശങ്ങൾ അറിഞ്ഞെടുക്കാനും. 

 ഡി എൻ എ എന്തു ചെയ്യുന്നു?

   വാസ്തവത്തിൽ ഒന്നും ചെയ്യുന്നില്ല, വെറുതേ കിടന്നു കൊടുക്കുന്നതേ ഉള്ളൂ, പകർപ്പ് എടുക്കാൻ അനുവദിച്ചുകൊണ്ട്. നാലുതരത്തിൽ ഉള്ള ന്യൂക്ളിയോറ്റൈഡുകൾ ( nucleotides) രണ്ടെണ്ണം വീതം പരസ്പരം ഇണ ചേർന്നുണ്ടാക്കുന്ന, ചുറ്റിപ്പിണഞ്ഞ നീണ്ട മാലകളാണ് ഡി എൻ എ. A, T, C, G  എന്നീ നാലെണ്ണം. അതിൽ  A,   T യോടും   C,  G യോടും ബന്ധിക്കുകയാണ്. നിശ്ചിതക്രമമില്ലാതെ, ചിട്ടയില്ലാതെ CTAAGATCCAGTGCAT എന്ന രീതിയിൽ നീണ്ടുപോകുന്ന ഈ ന്യൂക്ളിയോടൈഡ് അനുക്രമങ്ങൾ (sequence)  ആണ് അതിൻ്റെ പ്രവൃത്തിസ്വഭാവം നിർണ്ണയിക്കുന്നത്.  DNA sequencing വഴിയാണ് ഒരു ജീവിയുടെ തനിമ നിശ്ചയിക്കപ്പെടുന്നത്.      ശൃംഖലയിൽ മൂന്നെണ്ണം വീതം ഒരോ അമിനൊആസിഡുകളുടേയും കോഡ് ആണ്. ഈ അമിനൊ ആസിഡുകൾ കണ്ണി ചേർന്നാണ് പ്രോടീൻ നിർമ്മിച്ചെടുക്കുന്നത്. ഒരു ജീൻ എന്നാൽ ഒരു പ്രോടീൻ നിർമ്മിച്ചെടുക്കാനുള്ള അമിനോ ആസിഡ് ശൃംഖലയുടേ കോഡുകളാണ് എന്ന് ലളിതമായിപ്പറയാം. ഒരു ജീനിൻ്റെ പകർപ്പ് എടുക്കുന്നത് ആർ എൻ എ ആണ്, സന്ദേശവാഹകരാണ് ഇവർ അതുകൊണ്ട് mRNA (messenger RNA)   എന്ന് വിളിയ്ക്കുന്നു. ഈ പകർപ്പെടുക്കൽ തുടങ്ങാനോ ത്വരിതപ്പെടുത്താനോ നിയന്ത്രിക്കാനോ ജീനിൻ്റെ അപ്പുറത്തോ ഇപ്പുറത്തോ ഉള്ള ഡി എൻ എ ശൃംഖലകൾക്ക് ഉത്തരവാദിത്തമുണ്ട്. അവയുടെ നിർദ്ദേശപ്രകാരം  എം ആർ എൻ എ പകർപ്പെടുക്കാൻ വെറുതേ സമ്മതം മൂളുകയേ ഡി എൻ എയ്ക്ക് (നിശ്ചിത ജീനിനു) ചെയ്യാനുള്ളു.  കോശങ്ങളിലെ പണിചെയ്യുന്നതൊക്കെ ഈ ജീൻ പകർപ്പ് വഴി നിർമ്മിക്കപ്പെടുന്ന പ്രോടീനുകളാണ്. 

 ഡാർവിൻ അറിയാതെ പോയത്

    ജന്തുക്കളുടെ അനാറ്റമിയിലെ സാദൃശ്യങ്ങൾ, ആഹാരക്രമവും വൈവിദ്ധ്യവും   അനുസരിച്ച് പക്ഷികളുടെ കൊക്ക് രൂപപ്പെട്ട് വന്നത്, ഫോസിൽ വിവരങ്ങൾ ഇവയൊക്കെ ആധാരപ്പെടുത്തിയാണ് ഡാർവിൻ തൻ്റെ പരിണാമസിദ്ധാന്തം തെളിയിച്ചെടുത്തത്. ഡി എൻ എ എന്നൊരു വസ്തുവിനെക്കുറിച്ച് യാതൊരു അറിവും ഇല്ലാതിരുന്ന കാലം. ജനിതകം (Genetics) എന്നൊരു ശാസ്ത്രശാഖ ഇല്ല എന്ന് മാത്രമല്ല അങ്ങനെ ഒരു വാക്കുപോലും വ്യവഹാരത്തിൽ ഇല്ലാതിരുന്ന കാലം. ഗ്രെഗർ മെൻഡെൽ  എന്ന പാതിരി ഓസ്ട്രിയയിൽ തൻ്റെ പരീക്ഷണങ്ങൾ വഴി ജനിതകവിന്യാസങ്ങൾ ലളിതമായ രീതിയിൽ സാവധാനം അറിയിച്ചുകൊണ്ടിരുന്ന കാലം.  ഈ അടുത്ത കാലത്താണ് ഡി എൻ എ ചൊല്ലിത്തരുന്ന വ്യാഖ്യാനങ്ങൾ പരിണാമത്തിൻ്റെ പ്രബല തെളിവുകളായി മാറിയത്. വൈറസ്/ബാക്റ്റീരിയ മുതൽ മനുഷ്യൻ വരെയുള്ള എല്ലാ ജന്തു/സസ്യജാലങ്ങളുടേയും പരിണാമ രഹസ്യങ്ങൾ ഡി എൻ എ വലക്കണ്ണികൾ എളുപ്പം വലിച്ചു പുറത്തിട്ടു. ഡി എൻ എ കോഡുകൾ ആധാരമാക്കി പ്രോടീൻ നിർമ്മിച്ചെടുക്കുന്നത് ബാക്റ്റീരിയയിലും മനുഷ്യരിലും ഒരുപോലെയാണെന്നും ബില്ല്യൺ വർഷങ്ങളോളം ഈ ആധാരതന്ത്രം നില നിൽക്കുന്നു, ജീവൻ തുടിയ്ക്കുന്ന എല്ലാറ്റിലും ഒരേ ഡി എൻ എ പ്രവർത്തികൾ ആവർത്തിക്കുന്നു എന്നുമുള്ള അറിവ് പരിണാമത്തിൻ്റെ നീണ്ട വഴികളിലെ പ്രത്യേക ഇടങ്ങളിൽ ജീവജാലങ്ങളെ പ്രതിഷ്ഠിക്കുന്നു. 

 മനുഷ്യചരിത്രം വഴി മാറുന്നു 

     ചില എല്ലിൻ തുണ്ടുകൾ, പല്ലുകൾ, കല്ലുകൾ കൊണ്ടുള്ള ചെറിയ പണിയായുധങ്ങൾ,  കൂടെക്കിട്ടിയ  മൃഗങ്ങളുടെ എല്ലുകൾ, ഭാഷാപരമായ സാജത്യ വൈജാത്യങ്ങൾ ഇവയൊക്കെ ആധാരമാക്കിയായിരുന്നു മനുഷ്യപരിണാമത്തിൻ്റെ രൂപരേഖകൾ വരഞ്ഞെടുത്തിരുന്നത്. ഫോസിലുകളിലെ ഡി എൻ എ പരിശോധനകളും വിശദമായ അറിവുകളും മനുഷ്യചരിത്ര നിർമ്മിതിയെ അപ്പാടെ മാറ്റിമറിച്ചിട്ടുണ്ട്. ആഫ്രിക്കയിൽ മനുഷ്യൻ പരിണമിച്ചു വന്നതും യൂറോപ്പിൽ എത്തിയതും അവിടെ നിയാൻഡെർതാൽ എന്ന മറ്റൊരു സ്പീഷീസുമായി വേഴ്ച്ചയിൽ ഏർപ്പെട്ടതും ഒക്കെ സുവിദിതമാക്കി കാലഗണന തീർപ്പാക്കിയത് ഡി എൻ എ പഠനങ്ങളാണ്. ഇൻഡ്യയിലേക്ക് ആര്യൻ അധിനിവേശത്തിൻ്റെ കാര്യത്തിലുണ്ടായിരുന്ന വാഗ്വാദത്തിനു അറുതി വന്നതും ഡി എൻ എ തെളിച്ചു കൊണ്ടുവന്ന അറിവുകളാലാണ്. ഡെനിസോവൻ എന്നൊരു പുതിയ ഹോമിനിൻ വകഭേദത്തെ കണ്ടു പിടിച്ചതും ഈ ഡി എൻ എ തന്ത്രങ്ങളാലാണ്. ആന്ത്രോപോളജി എന്ന മേഖല മോളിക്യുലാർ ബയോളജിസ്റ്റുകൾ പെട്ടെന്നാണ് വന്ന് കയ്യേറിയത്. നിരീക്ഷകരുടെ ലോകം പരീക്ഷകരുടെ ലോകത്തിനു വഴി മാറിയ ചരിത്രസന്ധി. തുലോം തുച്ഛമായ മൈക്രോ അളവിൽ ലഭിയ്ക്കുന്ന ഡി എൻ എ ശുദ്ധീകരിച്ചെടുക്കുന്നതിൽ നിപുണനായ സ്വാൻ്റെ പാബോയ്ക്കാണ് ഈ വർഷത്തെ നോബെൽ സമ്മാനം കിട്ടിയത്. സൈബീരിയയിൽ ഒരു ഗുഹയിൽ നിന്ന് കിട്ടിയ നിയാൻഡെർതാൽ ഫോസിൽ എല്ലുകൾ അവ അച്ഛനും അമ്മയും കുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിൻ്റേതാണെന്ന് പെട്ടെന്ന് സ്ഥിരീകരിച്ചതും ഡി എൻ എ അപഗ്രഥനത്താലാണ്. ഒരേ സ്ത്രീയുടെ പല മക്കൾ പല ഇടങ്ങളിൽ കണ്ടതിനാൽ സ്ത്രീകൾ കുടുംബങ്ങളിൽ വന്നും പോയിയുമിരുന്നു എന്ന് നിരീക്ഷിക്കപ്പെട്ടത് പൂർവ്വമനുഷ്യരുടെ സമൂഹചര്യകളിലേക്ക് വെളിച്ചം വീശുന്നു.പരിണാമചരിത്രത്തോടൊപ്പം സാമൂഹ്യചരിത്രവും ഡി എൻ എ വിശകലനങ്ങളുടെ പുസ്തകത്താളുകളിൽ വിദിതമാകുന്നു. മനുഷ്യൻ പശുവിൻ പാൽ കുടിച്ചു തുടങ്ങിയതിൻ്റേയും പാൽ ദഹിക്കാനുള്ള ജീൻ പരിണാമം തെരഞ്ഞെടുത്തതിൻ്റേയും കാരണങ്ങൾ ഇന്ന് ഡി എൻ എ പഠനങ്ങൾ വിശദമാക്കുന്നുണ്ട്. ബെംഗ്ളാദേശിലുള്ളവർക്ക് കോവിഡ് ബാധ തീവ്രതരമാകുന്നതിൻ്റെ കാരണം അവരിലുള്ള് ചില നിയാൻഡെർതാൽ ജീനുകൾ കാരണമാണെന്ന് തെളിയിക്കാനൊക്കെ ഡി എൻ എ വിശകലനങ്ങൾക്ക് സാധിയ്ക്കുന്നുണ്ട്. 

   നിങ്ങൾ ആരാണെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ.... 

           നിങ്ങളുടെ ഡി എൻ എ പറഞ്ഞുതരും നിങ്ങളേക്കുറിച്ചുള്ള വിശദവിവരങ്ങൾ.

 പ്രോടീൻ നിർമ്മിച്ചെടുക്കാൻ വേണ്ടിയുള്ള വിവരവും ഗ്രന്ഥക്കെട്ടും സമാഹരിച്ചിരിയ്ക്കുന്ന ഒരു വല്യമ്മാവൻ മാത്രമാണ് ഈ നീണ്ട വലക്കണ്ണികൾ എന്നു കരുതിയാൽ തെറ്റി. ഒരു കോശം എന്തൊക്കെ പ്രോടീനുകൾ എപ്പൊഴൊക്കെ, എത്രയൊക്കെ നിർമ്മിച്ചെടുക്കണം എന്നത് വലിയ ഒരു തീരുമാനമാണ്. എപ്പോൾ വിഭജിക്കണം എന്നതും മറ്റൊരു പ്രധാന തീരുമാനം. പല പ്രോടീനുകളും ഡി എൻ യ്ക്ക് അറിവുകൾ കൊടുക്കുന്നുമുണ്ട് ഇക്കാര്യത്തിൽ. ഡി എൻ യുടെ ഈ തീരുമാനങ്ങളാണ് നിങ്ങളുടെ സ്വരൂപത്തിൻ്റെ ആധാരം. പെരുമാറ്റത്തിൻ്റേയും ഫിസിയോളജിയുടെയും. അതുകൊണ്ട് ഡി എൻ എയുടെ സീക്വെൻസ് വിശദവിവരങ്ങൾ നിങ്ങളുടെ സ്വത്വത്തിൻ്റെ ആധാരം തന്നെ. 23 and Me എന്നൊരു കമ്പനിയ്ക്ക് സാമ്പിൾ അയച്ചാൽ അവർ നിങ്ങളുടെ പ്രപിതാമഹന്മാരുടെ ചരിത്രവും ഏതൊക്കെ അസുഖങ്ങൾ വരാനുള്ള സാദ്ധ്യതകൾ ഉണ്ട് എന്നതൊക്കെ വിശദമായി പറഞ്ഞു തരും. ഇൻഡ്യയിലും ഇപ്പോൾ ഇത്തരം Genetic testing ലാബുകൾ പ്രവർത്തനനിരതമായിട്ടുണ്ട്. നിങ്ങളിൽ എത്രശതമാനം വടക്കെ ഇൻഡ്യയിൽ കൂടുതൽ കാണപ്പെടുന്ന ജീനുകളുമായി സാമ്യമുണ്ടെന്നൊക്കെ പ്രഖ്യാപിക്കുന്നുണ്ട് ചില ടെസ്റ്റുകൾ. നമ്മളിലെ നിയാൻഡെർതാൽ, ഡെനിസോവൻസ് (മറ്റ് ഹോമൊനിൻ സ്പീഷീസുകൾ) ഡി എൻ എയുടെ ശതമാനവും ഈ ടെസ്റ്റൂകൾ പറഞ്ഞുതരും. 

      ഇന്ന് ഹെർബൽ മെഡിസിൻഎന്ന പേരിലുള്ള ചില തട്ടിപ്പുകമ്പനികൾ വരെ ഡി എൻ എ പരിശോധിച്ച് ഇഞ്ചിയും വെളുത്തുള്ളിയും ആടലോടകത്തിൻ്റെ വേരും കൂട്ടിത്തിരുമ്മിയത് മതി ജനിതക അസുഖങ്ങൾ ഭേദമാക്കാൻ എന്ന് അവകാശപ്പെടുന്നിടത്തോളം എത്തിയിട്ടുണ്ട് കാര്യങ്ങൾ. എന്നാൽ ചില കമ്പനികളുടെ ഡി എൻ എ അനാലിസിസ് കൃത്യമായി   38 ഓളം അസുഖങ്ങൾ വരാനുള്ള സാദ്ധ്യത ജനിതകമായി നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ എന്ന് വെളിവാക്കുന്നുണ്ട്. ഇതിൽ സ്തനാർബുദം, ഗ്ളൂടെൻ പ്രശ്നങ്ങങ്ങൾ, പ്രമേഹം, ചില ക്യാൻസറുകൾ, സ്കൈസൊഫ്രേനിയ, വാതം, സൊറയായിസിസ് ഒക്കെ ഉൾപ്പെടും. നിങ്ങൾ ചില അസുഖജീനുളുടെ  കാരിയർആണോ എന്നത്, (നൂറിൽപ്പരം ജീനുകൾ ടെസ്റ്റ് ചെയ്യപ്പെടും ചിലപ്രത്യേക സാഹചര്യങ്ങളിൽ ഈ അസുഖങ്ങൾ വരാൻ സാദ്ധ്യതയുള്ളത്), ജനിതകപരമായി ഡി എൻ യിൽ മ്യൂടേഷൻ (ഡി എൻ എ യിലെ ന്യൂക്ളിയോടൈഡുകൾ ഒന്നിനു പകരം മറ്റൊന്ന് ആയിത്തീരുക) കൊണ്ട് വരാവുന്ന അസുഖങ്ങൾ (സ്തനാർബുദം, അണ്ഡാശയ ക്യാൻസർ, പാങ്ക്രിയാസ് ക്യാൻസർ, റെക്റ്റൽ ക്യാൻസർ. ആമാശയ ക്യാൻസർ ഒക്കെ) താക്കീതായി എത്തുകയാണ്.  ബയോമാർക്കറുകൾ (Biomarkers) എന്നറിയപ്പെടുന്നവയുടെ സാന്നിദ്ധ്യം പരിശോധിച്ച്, ലിവർ, തൈറോയിഡ്  പ്രശ്നങ്ങൾ, ഹോർമോൺ അളവ്,  രക്തത്തിലെ പ്രോടീനുകൾ, കോശങ്ങളിലെ  വ്യതിയാനങ്ങൾ ഇവയിലൊക്കെ മാറ്റങ്ങൾ വരാനുള്ള സാദ്ധ്യതയും , പലേ മരുന്നുകളോടുള്ള പ്രതികരണവും ഒക്കെ കണ്ടു പിടിച്ച് നമുക്ക് അറിവുകൾ ലഭിയ്ക്കുകയാണ്. ആൽസൈമേഴ്സ് അസുഖം വരാനുള്ള സാദ്ധ്യതയുണ്ടോ എന്നറിയാനുള്ള ടെസ്റ്റുകളും നിലവിലുണ്ട്. പലേ അസുഖങ്ങൾക്കുംആക് ഷൻ പ്ളാനുകൾ  മുൻകാലേ സ്വരൂക്കൂട്ടിയെടുക്കാൻ സാധ്യ്ക്കുകയാണ് ഇങ്ങനെ. 

        പക്ഷേ ഇത്തരം ടെസ്റ്റുകളുടെ ചില ന്യൂനതകളും ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. അസുഖങ്ങൾ വരാനുള്ള സാദ്ധ്യത മാത്രമേ ഈ ടെസ്റ്റുകൾസൂചിപ്പിക്കുന്നുള്ളു. പക്ഷേ മനുഷ്യരുടെ സാധാരണ ചിന്താപദ്ധതിയനുസരിച്ച് ഇത് കടുത്ത ഉൽക്കണ്ഠയിലേക്ക് നയിയ്ക്കുന്നുണ്ട് ചിലരെ. ഇത്തരം ഒരു ഭീതിയിൽ ജീവിക്കേണ്ടി വരുന്നത് അത്ര എളുപ്പമല്ല. ഒരിയ്ക്കലും വരാത്ത അസുഖത്തെ പേടിയ്ക്കുക എന്നത് ചില്ലറക്കാര്യമല്ല. ചില മെഡിക്കൽ ഇൻഷ്വറൻസ് കമ്പനികൾ നിങ്ങൾക്ക് ഇൻഷ്വറൻസ് നിഷേധിക്കാനും സാദ്ധ്യതയുണ്ട്, ചിലവു കൂടിയ ചില പ്രത്യേക അസുഖങ്ങൾ നിങ്ങൾക്ക് വന്നേയ്ക്കും എന്നുള്ളതിനാൽ. നിങ്ങൾക്ക് മാത്രമല്ല, നിങ്ങളുടെ കുട്ടികൾക്കും ഇൻഷ്വറൻസ് നിഷേധിക്കപ്പെട്ടേയ്ക്കാം, ജനിതക അസുഖ സാദ്ധ്യത ഉണ്ടെങ്കിൽ. 

   രക്തത്തിൽ പാറി നടക്കുന്ന ഡി എൻ എ  ശകലങ്ങൾ 

     ശരീരത്തിലെ കലകൾ (tissues) ദ്രവിക്കുമ്പോൾ മൃതരായ കോശങ്ങൾ മുറിഞ്ഞുടയുമ്പോൾ ഡി എൻ എ കഷണങ്ങളായി രക്തത്തിൽ എത്തും. ഈ ഡി എൻ എ ചില അറിവുകൾ സമ്മാനിക്കുന്നുമുണ്ട്. പലപ്പൊഴും ഗർഭസമയത്ത് ഗർഭസ്ഥശിശുവിൻ്റെ കോശങ്ങളിൽ നിന്നുള്ള ഡി എൻ എ രക്തത്തിൽ എത്താറുണ്ട്. ഈ ഡി എൻ എ ഭ്രൂണത്തിൻ്റെ ചില കഥകൾ ചൊല്ലിത്തരാൻ പര്യാപ്തമാണ്. പലപ്പൊഴും ഓരോ ഗർഭസമയത്തും ഇങ്ങനെ രക്തത്തിലെത്തിയ ഡി എൻ എ തുണ്ടുകൾ നീണ്ടകാലം നിലനിന്നേയ്ക്കാം. അവ അടുത്ത കുഞ്ഞിൻ്റെ പെരുമാറ്റരീതികളെ ബാധിച്ചേയ്ക്കാം എന്നും പഠനങ്ങൾ ഉണ്ട്. ഭ്രൂണത്തിൻ്റെ ജനിതകാസുഖസാദ്ധ്യതകൾ പരിശോധിക്കാൻ മറുപിള്ള (placenta) യിൽ നിന്നുള്ള കോശങ്ങൾ കുത്തിയെടുക്കേണ്ട, രക്തത്തിലെ ഡി എൻ എ പരിശോധിച്ചാൽ മതി എന്നത് കാര്യങ്ങൾ എളുപ്പമാക്കുകയാണ്. പക്ഷേ ഏറ്റവും പ്രധാനപ്പെട്ടത് ക്യാൻസറിൻ്റെ ലക്ഷണങ്ങൾ ഇവ വിദ്യ ഉപയോഗിച്ച് കണ്ടു പിടിയ്ക്കാം എന്നുള്ളതാണ്. ക്യാൻസർ സംശയിക്കപ്പെടുന്നുണ്ടെങ്കിൽ രക്തത്തിലുള്ള ഡി എൻ എ ചെറിയ അളവിലെ ഉള്ളു എങ്കിലും- പരിശോധിച്ച് ഏത് അവയവത്തിനാണ് ക്യാൻസർ, എത്രത്തോളം തീവ്രതരമായി എന്നൊക്കെ തീരുമാനത്തിൽ എത്താം. ശരീരം മുഴുവൻ സ്കാൻ ചെയ്ത് അല്ലെങ്കിൽ പലേ അവയവങ്ങളുടെ ബയോപ്സി എടുത്ത് എവിടെയാണ് ക്യാൻസർ എന്ന് കണ്ടുപിടിക്കുന്നത് എത്ര ലഘുതരമായി മാറുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. അവയവമാറ്റശസ്ത്രക്രിയക്കു ശേഷം ആ അവയവത്തിൻ്റെ സ്വാസ്ഥ്യനിലകളും അറിഞ്ഞെടുക്കാം ഈ ഡി എൻ എ പരിശോധന വഴി. 

   ഡി എൻ എ തേടിപ്പിടിയ്ക്കുന്നു കുറ്റവാളികളെ DNA Profiling   

   ഇന്ന് ഡി എൻ എ പരിശോധനയുടെ സാംഗത്യം പല മേഖലകളിലേക്ക് കടന്നിട്ടുണ്ട്. കുറ്റവാളികളെ കണ്ടു പിടിച്ച് സ്ഥിരീകരിക്കാനും പിതൃത്വപ്രശ്നങ്ങളിൽ കുട്ടിയുടെ അച്ഛനാരെന്ന് നിജപ്പെടുത്താനും അപകടസ്ഥലത്തു നിന്നോ സംശയാസ്പദമായ രീതിയിലോ ശരീരമോ അവയവങ്ങളോ ലഭിച്ചത് ആരുടേതെന്ന് തീരുമാനിക്കാനോ ഒക്കെ ഡി എൻ എ അനാലിസിസ് ഉപയോഗപ്പെടുത്തുന്നു. ഇന്ന് വ്യക്തിയെ നിജപ്പെടുത്തുന്നത് ഡി എൻ എ ആണെന്നുള്ള അറിവ് ഇപ്രകാരം സാർവ്വജനനീയമായിരിക്കുന്നു, തൻ്റെ സ്വത്വം നിശ്ചയിക്കപ്പെടുത്തും ഡി എൻ എ ആണെന്നുള്ള സത്യം പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. മനുഷ്യരുടെ ഡി എൻ എ 99 ശതമാനവും ഒരേ പോലെയാണെങ്കിലും ജീനുകൾ എന്ന് നിജപ്പെടുത്താത്ത ഇടങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ട്. 

     1984 ഇൽ  ഇംഗ്ളണ്ടിലെ ലൈസെസ്റ്റർ യൂണിവേഴ്സിറ്റിയിലെ അലെക് ജെഫ്രീസ് എന്ന ശാസ്ത്രജ്ഞൻ ഓരോ വ്യക്തിയ്ക്കും തനതായ ചില ഡി എൻ എ പാറ്റേണുകൾ ഉണ്ടെന്ന് കണ്ടുപിടിയ്ക്കുന്നതാണ് ഇന്ന് DNA profiling എന്ന പരിശോധനാരീതിയുടെ തുടക്കം. തൻ്റെ ഭാര്യയുടെയും മാതാപിതാക്കളുടേയും തൻ്റ്റേയും ഡി എൻ യിൽ വ്യത്യാസങ്ങളുള്ള ഇടങ്ങളുണ്ടെന്ന് അദ്ദേഹം യദൃശ്ഛയാ നിരീക്ഷിക്കുകയായിരുന്നു. സാറ്റലൈറ്റ് ഡി  എൻ എഎന്നറിയപ്പെട്ടിരുന്ന ഇടങ്ങളിൽ. ഇതെനിക്കുറിച്ച് അറിഞ്ഞ ഒരു വക്കീൽ അദ്ദേഹത്തെ ബന്ധപ്പെടുകയായിരുന്നു, 13 വയസ്സുകാരനാ ആൻഡ്ര്യു എന്ന കുട്ടിയുടെ അച്ഛൻ, അമ്മ ആരാണെന്ന് നിജപ്പെടുത്താൻ. ഘാനായിൽ നിന്ന് ലണ്ടനിൽ എത്തിയ ഈ കുട്ടിയെ ഇമിഗ്രേഷൻകാർ തടഞ്ഞു വെയ്ക്കുകയായിരുന്നു, കുട്ടി പറയുന്ന അമ്മയുടെയും അച്ഛൻ്റേയും മകൻ ആണെന്ന് വിശ്വസിക്കാൻ പറ്റാത്തതിനാൽ. ഡോ ജെഫ്രീസ് ഡി എൻ എ പരിശോധിച്ചു, കുട്ടിയുടേയും ബന്ധുക്കളുടെയും. ആ അമ്മയുടെ മകൻ തന്നെ എന്ന് തീരുമാനമായി, കോടതി അംഗീകരിക്കുകയും ചെയ്തു. അങ്ങനെ ആദ്യമായി ഡി എൻ എ കോടതി വ്യവഹാരങ്ങളിലും നീതിന്യായവ്യവസ്ഥയുടെ പുസ്തകത്താളുകളിലും ആദ്യമായി പ്രത്യക്ഷപ്പെട്ടു. 1986 ഇൽ ബലാൽസംഗത്തിനു ശേഷം വധിക്കപ്പെട്ട രണ്ടു പെൺകുട്ടികളുടെ ഘാതകൻ ആരാണെന്ന് കണ്ടുപിടിയ്ക്കാനും  ഡോ. ജെഫ്രീസിൻ്റെ സഹായം തേടി പോലീസ്. യഥാർത്ഥ കുറ്റവാളിയെ കണ്ടു പിടിയാക്കനും സാധിച്ചു. Genetic profiling എന്ന വാക്ക് പത്രങ്ങളിലും പൊതുവ്യവഹാരങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഇന്ന് ഡി എൻ എ ആണ് കുറ്റാന്വേഷണവ്യവസ്ഥയിലെ താരം. 

    ഡി എൻ എ ചില പ്രോടീനുകളുമായി ചേർന്ന് കട്ടിയുള്ള ചെറിയ നാരുകഷണങ്ങളായാണ് നമ്മുടെ കോശങ്ങളിലെ ന്യൂക്ളിയസിൽ കുടികൊള്ളുന്നത്. ക്രോമസോം എന്നറിയപ്പെടുന്നു ഇവ. മനുഷ്യർക്ക് ആകെ 46 ക്രോമസോമുകളുണ്ട്, അതിൽ 23 എണ്ണം അമ്മയിൽ നിന്നും 23 എണ്ണം അച്ഛനിൽ നിന്നും ലഭിച്ചതാണ്. ഇവയിൽ ഒരു ജോഡി  (X X, X Y) ലിംഗനിർണ്ണയത്തിനുള്ളതാണ്. ഈ ക്രോമസോമുകളിൽ പ്രാവർത്തികമായ ജീനുകൾ നിബന്ധിച്ചിരിക്കുകയാണ്, പക്ഷേ പ്രത്യേക കർത്തവ്യങ്ങൾ പേറാത്ത അടയാളങ്ങൾ (Exons) എന്ന് നിജപ്പെടുത്തിയ ചില ഇടങ്ങളുമുണ്ട്. മനുഷ്യരിൽ 92% ജീനുകൾക്കും എക്സോണുകളിൽ ചില പ്രത്യേക, ചെറിയ ഡി എൻ എ സീക്വെൻസുകൾ കാണപ്പെടുന്നു. പലതവണ ആവർത്തിച്ചു വരുന്നു ഈ ഒരേ സീകെൻസുകൾ. ചെറു ക്രമബദ്ധ ആവർത്തനങ്ങൾ (Short Tandem Repeats- STR) എന്നറിയപ്പെടുന്ന ഇവ പലർക്കും പല എണ്ണമാണ്. ചിലർക്ക് 5 STR  ഒരു ക്രോമസോമിൽ കണ്ടെങ്കിൽ മറ്റ് ചിലർക്ക്  ഇതേ ഇടത്ത് ഇതേ സീക്വൻസുള്ള 15 STR കണ്ടെന്നിരിക്കും. ഒരു കുടുംബത്തിലുള്ളവർക്ക് മിക്കപ്പോഴും ഒരേ പോലെയുള്ള STR കളാണ് കാണപ്പെടാറ്. ഇതിൽ ഒന്ന് അമ്മയിൽ നിന്നും മറ്റൊന്ന് അച്ഛനിൽ നിന്നും ലഭിച്ചതായിരിക്കും. ഉദാഹരണത്തിനു 7 ആമത്തെ ക്രോമസോമുകളിൽ (ഒന്ന് അമ്മയിൽ നിന്ന് മറ്റൊന്നു അച്ഛനിൽ നിന്ന് )ഉരേ ഇടത്ത് 5  STR അമ്മയിൽ നിന്ന് കിട്ടിയ ക്രോമസോമിൽ ഉണ്ടങ്കിൽ അച്ഛനിൽ നിന്ന് കിട്ടീയ ക്രോമസോമിൽ 15 STR കണ്ടേയ്ക്കാം. (ചിത്രം 1 നോക്കുക)    ഇങ്ങനെ ഓരോ വ്യക്തിയും ഈ STR പാറ്റേണുകളിൽ വ്യത്യസ്തരായിരിക്കും എന്നത് കൃത്യമായ തീർപ്പ് കൽപ്പിയ്ക്കലിനു സാദ്ധ്യതയുളവാക്കുന്നു.  

 

ചിത്രം 1. ചെറു ക്രമബദ്ധ ആവർത്തനങ്ങൾ (Short Tandem Repeats-STR). ഒരാൾക്ക് അമ്മയിൽ നിന്നും അച്ഛനിൽ നിന്നും കിട്ടിയ ജോഡി ക്രോമൊസോമുകളിൽ ഒരേ ഇടത്തിലുള്ള STR ഇലെ ആവർത്തനങ്ങൾ രണ്ടു പേരിൽ വ്യ്ത്യസ്തമായിരിക്കുന്നു. ഇവരുടെ കുട്ടികളിലും ഇതിൽ ഏതെങ്കിലും ഒന്ന് കാണപ്പെടും.

 

  ഒരാളുടെ ഡി എൻ എ രൂപരേഖ  (DNA profile) യിൽ  ആകെയുള്ള 23 ജോഡി ക്രോമസോമുകളിൽ 20 സൂചക ഇടങ്ങൾ (marker regions) നിജപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ ഓരോന്നിലും എത്ര ആവർത്തകങ്ങൾ ഉണ്ടെന്ന് തീരുമാനിക്കുമ്പോൾ ആ വ്യക്തിയുടെ കൃത്യമായ ഡി എൻ എ രൂപരേഖ വെളിവാകുന്നു.  ഉദാഹരണം ചിത്രം 2 ഇൽ കാണാം.  ചിത്രം 3 ഇൽ ഒരേ ക്രോമസോമിലെ രണ്ട് ഇടങ്ങളിലെ STR കളിലെ വ്യത്യാസം മൂന്നു പേരിൽ എങ്ങനെ കാണപ്പെടുന്നു എന്ന് വിശദമായി കാണാം. 

ചിത്രം 2. Short Tandem Repeats ഇടങ്ങൾ ഒരു വ്യക്തിയുടെ ക്രോമസോമുകളിൽ. ജോഡികളിലെ ഒരെണ്ണം വീതം മാത്രം കാണിച്ചിരിക്കുന്നു.   X, Y ക്രോമൊസോമുകൾ ലിംഗനിർണ്ണയത്തിനുള്ളതാണ്.

 

DNA Profiling | BioNinja

 

ചിത്രം 3. മൂന്നു പേരുടെ രണ്ട്  STR (short tandem repeats) ഇടങ്ങളിൽ ആവർത്തനങ്ങൾ എങ്ങനെ വ്യ്ത്യാസപ്പെട്ടിരിയ്ക്കുന്നു എന്ന് വ്യക്തമാക്കുന്നു. ഒരാളുടെ ക്രോമസോമിൽ രണ്ടിടത്ത് 7 ഉം 6 ഉം ആവർത്തനങ്ങൾ കാണുന്ന ഇടങ്ങൾ ഉണ്ടെങ്കിൽ മറ്റൊരാൾക്ക് ഇതേ ഇടങ്ങളിൽ 4ഉം 19 ഉം ആവർത്തനങ്ങൾ ആണ്. ആരാണ് അച്ഛൻ എന്നറിയാൻ കുട്ടിയുടെ ഇതേ STR  ഇടങ്ങളുമായി താരതമ്യപ്പെടുത്തിയാൽ മതി. അല്ലെങ്കിൽ ഒരു കുറ്റകൃത്യസ്ഥലത്തു നിന്ന് ലഭിച്ച ഡി എൻ എ സാമ്പിളിലെ STR സംശയിക്കപ്പെടുന്നവരുടെ STR ഉമായി താരതമ്യപ്പെടുത്തി ആരാണ് കുറ്റവാളി എന്ന് സ്ഥിരീകരിക്കാം.

.    ഇന്ന്  ശിക്ഷാവിധി ന്യായവ്യസ്ഥ (Criminal justice) കളിലും ഫോറെൻസിക് വിശകലനങ്ങൾക്കും മാത്രമല്ല പിതൃത്വ നിർണ്ണയത്തിലും അപകടസ്ഥലങ്ങളിൽ മൃതരായവരുടെ വ്യക്തിനിർണ്ണയങ്ങളിലും മനുഷ്യചരിത്രാന്വേഷണങ്ങളിലും അങ്ങനെ വിവിധ മേഖലകളിൽ ഈ ചെറു ക്രമബദ്ധ ആവർത്തനങ്ങൾ’ (STR) അപഗ്രഥനം വിപുലമായി ഉപയോഗിക്കപ്പെടുന്നു.പണ്ട് ദിവസങ്ങൾ എടുത്തിരുന്നു ഈ ഡി എൻ എ വിശ്ളേഷണത്തിനു എങ്കിൽ ഇന്ന് വളരെ തുച്ഛമായി ലഭിച്ച സാമ്പിളുകളിൽ നിന്ന്  മണിക്കൂറുകൾക്കകം STR വിവരങ്ങൾ ലഭ്യമാകും. പലേ വ്യക്തികളുടെ ഡി എൻ എ ഒരു സാമ്പിളിൽ ഉണ്ടെന്ന് വന്നാലും അവയൊക്കെ വേർതിരിച്ചറിയാൻ ഇന്ന് കമ്പ്യൂടർ സോഫ്റ്റ് വെയറുകൾ ഉണ്ട്. സംശയിക്കപ്പെടുന്ന ആളുടെ ഡി എൻ എ ലഭ്യമായില്ലെങ്കിലും ബന്ധുക്കളുടെ ഡി എൻ എ അപഗ്രഥനത്തിലൂടെ കുറ്റവാളിയെ നിജപ്പെടുത്താനും സാധിയ്ക്കും. അമേരിക്കയിലും ഇംഗ്ളണ്ടിലും ഒക്കെ വിശാലമായ ഡാറ്റാ ബേസുകളാണ് വ്യക്തികളുടെ ,പ്രത്യേകിച്ചും കുറ്റവാളികളുടെ ഡി എൻ എ വിവരങ്ങളുടേതായിട്ടുള്ളത്. പോലീസുനു പോലും ലഭ്യമല്ലാതെ രഹസ്യമായാണ് ഈ വിവരങ്ങൾ സൂക്ഷിക്കപ്പെടാറ്, ദുരുപയോഗത്തിനു സാദ്ധ്യതയേറുന്നതിനാൽ.

     സങ്കീർണ്ണമായ ഗണിതശാസ്ത്രസമീപനങ്ങളാണ് ഇന്ന് ഡി എൻ എ അപഗ്രഥനത്തിനു ഉപയോഗിക്കപ്പെടുന്നത്. ഒരു വ്യക്തിയുടെ ഡി എൻ എ ഡാറ്റാബേസ് വിവരങ്ങളിൽ നിന്ന് ആ ആളുടെ ആകൃതി/പ്രകൃതികൾ ഗണിച്ചെടുക്കാവുമന്നതാണ്. ജീനുകളുടെ വിന്യാസങ്ങളും സ്വഭാവങ്ങളും ഇത് വിദിതമാക്കും. കണ്ണിൻ്റെ നിറവും ആകൃതിയും, തൊലിയുടെ നിറം, പ്രായം ഇവയൊക്കെ ഡി എൻ എ അനാലിസിസ് പറഞ്ഞുതരും.

 ജീനോം രൂപരേഖ-Genomic Profiling: ക്യാൻസർ രോഗനിർണ്ണയത്തിനു്

    ക്യാൻസർ കോശങ്ങളുടെ ജീനുകളുടെ ഡി എൻ എയിൽ പ്രതേക മാറ്റങ്ങൾ കാണാവുന്നതാണ്. Biomarkers  എന്ന് വിളിയ്ക്കപ്പെടുന്നു അവ. നൂറുകണക്കിനു ഇത്തരം ബയോമാർക്കേഴ്സ്നിലവിലുണ്ട് ഇപ്പോൾ. ഡി എൻ എ പരിശോധന വഴി ഏതെങ്കിലും ക്യാൻസറിൻ്റെ ബയോമാർക്കർ നമ്മളിൽ സൂചകങ്ങളായി തെളിഞ്ഞു വരുന്നുണ്ടോ എന്നത് ഇന്ന് എളുപ്പമായ ഒരു പ്രക്രിയ ആയി മാറിക്കഴിഞ്ഞിരിക്കുന്നു 115 ഓളം ക്യാൻസർ ബന്ധപ്പെട്ട ജീനുകൾ കണ്ടുപിടിച്ചിട്ടുണ്ട്. ഈ ജീനുകളിൽ അപഭ്രംശങ്ങളുണ്ടോ എന്നറിയാൻ അവയുടെ ഡി എൻ എ സീക്വെൻസ് അറിയേണ്ടതുണ്ട്.  ക്യാൻസർ ഉണ്ടെന്ന് സംശയിക്കപ്പെടുന്ന അവയവത്തിൻ്റെ ഡി എൻ എ വിശ്ലേഷണത്തിലൂടെ കൃത്യമായി ഏതൊക്കെ ജീനുകൾക്കാണ് വ്യത്യാസങ്ങൾ സംഭവിക്കുന്നതെന്ന് അറിയാൻ കഴിയുന്നു. ഉദാഹരണത്തിനു ഒരാളുടെ ശ്വാസകോശാർബുദത്തിൽ  സംഭവിച്ചിരിക്കുന്ന ജീൻ മാറ്റങ്ങളായിരിക്കില്ല മറ്റൊരാളുടെ ഇതേ അർബുദത്തിൽ സംഭവിക്കുക. ചികിൽസാപദ്ധതികളും ഇതുകൊണ്ട് മാറപ്പെടേണ്ടിയിരിക്കുന്നു. അതിതീവ്രമായ ആവേഗത്തോടെയാണ് ഈ അപഗ്രഥനങ്ങൾ സാധിച്ചെടുക്കുക. ‘Next generation DNA sequencing’ എന്ന ഓമനപ്പേരിലാണ് ഈ വിശ്ളേഷണപദ്ധതി അറിയപ്പെടുന്നത്.

ഡി എൻ എ ബാർകോഡിങ്ങ്

   വിപണിയിലുള്ള ഒരു വസ്തുവിൻ്റെ വിവരങ്ങൾ, വിലയടക്കം അടങ്ങുന്നതാണല്ലോ ബാർകോഡുകൾ. അതുപോലെ ഒരു സ്പീഷീസിൻ്റെ അതിൻ്റെ മാത്രം- പ്രത്യേക ഡി എൻ എ സീക്വെൻസ് വിവരങ്ങൾ അടങ്ങിയതാണ് ഡി എൻ എ ബാർകോഡ്’. 400-800 വരെ ഡി എൻ എ കണ്ണികൾ മതി ഒരു സ്പീഷീസിൻ്റെ കയ്യൊപ്പ് പതിഞ്ഞ ബാർകോഡ് നിർമ്മിച്ചെടുക്കാൻ.  പുതിയ ഒരു ജീവിയേയോ ചെടിയേയോ കണ്ടാൽ വളരെ പെട്ടെന്ന് ബന്ധപ്പെട്ട സ്പീഷീസിൻ്റെ ബാർകോഡ് അവയിൽ ഉണ്ടോ എന്ന് പരിശോധിയ്ക്കാം. ഒരു പുതിയ ജീവിയുടേയും മുഴുവൻ ജീനോമും സീക്വെൻസ് ചെയ്തടുക്കെണ്ട, നിശ്ചിത ബാർകോഡ് അതിൽ ഉണ്ടോ എന്ന് പരിശോധിച്ചാൽ മതി. വളരെ സർവ്വപ്രിയമായ അസ്ട്രാപ്റ്റെസ്എന്ന ചിത്രശലഭം ഒരു സ്പീഷീസ് ആണെന്ന് കരുതിയിരുന്നു, നേരത്തെ, പക്ഷേ ഡി എൻ എ ബാർ കോഡിങ്ങ് അവയിൽ പലതിലും ചെയ്തപ്പോൾ 10 വ്യത്യസ്ത സ്പീഷീസുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് കണ്ടുപിടിച്ചു. ബാർകോഡ് താരതമ്യങ്ങൾ കമ്പ്യൂടർ പ്രോഗ്രാമുകൾ എളുപ്പം നടത്തിത്തരും. The International Barcode of Life (iBOL) 150 രാജ്യങ്ങളിൽ നിന്നുള്ള സഹകാരികളുമായി പ്രവർത്തിച്ച് പലേ സസ്യങ്ങളുടേയും ജന്തുക്കളുടെയും ബാർകോഡുകൾ നിർമ്മിച്ച് വരികയാണ്, ആറായിരത്തോളം പുതി യ സ്പീഷീസുകളെ കണ്ടു പിടിച്ചിട്ടുമുണ്ട്.

 

   വിവിധ സസ്യ-ജന്തുജാലങ്ങളുടെ ബാർകോഡുകൾ  Barcode of Life Data Systems (BOLD) database –ൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇത് ഒരു  റെഫറൻസ് ഗ്രന്ഥശാലപോലെയാണ്. ഡി എൻ എ ബാർകോഡിനോടൊപ്പം നിയുക്ത ജീവിയുടെ /സസ്യത്തിൻ്റെ ചിത്രങ്ങളും മറ്റ് വിവരങ്ങളും ലഭ്യമാകുന്നുണ്ട്.

 ആധാർ കാർഡ് എന്തിനു, ബാർകോഡു കാർഡുകൾ പോരെ?

   ഇപ്പോൾത്തന്നെ പലരാജ്യങ്ങളിലും വിസ്തൃതമായ ഡി എൻ എ വിവരങ്ങൾ പല മനുഷ്യരുടേതായിട്ട് സംഭരിക്കപ്പെട്ടിട്ടുണ്ട്. കൂടുതലും കുറ്റവാളികളുടേത് ആണെന്നേ ഉള്ളു. പലേ ലാബുകളും ആശുപത്രികളും രോഗികളുടെ ഡി എൻ എ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. 23 and Me പോലെത്ത , ഡി എൻ എ വിവരങ്ങൾ ശേഖരിച്ച്, നമുക്ക് വിവരിച്ചു തരുന്ന സ്ഥാപനങ്ങൾ ഇൻഡ്യയിൽത്തന്നെ ധാരാളം. നമ്മുടെ ഡി എൻ എ വിശദാംശങ്ങൾ പലയിടത്തും എത്തിക്കഴിഞ്ഞു,, നമ്മുടെ ചരിത്രവും ഭൂമിശസ്ത്രവും ഒക്കെ മറ്റുള്ളവരുടെ പക്കൽ ആയിക്കഴിഞ്ഞിരിക്കുന്നു രഹസ്യമിനിയൊന്നുമില്ല എന്ന് സാരം. അങ്ങനെയെങ്കിൽ  ഡി എൻ എ ബാർകോഡ് വഴി തിരിച്ചറിയൽ  (identification) നടപ്പാക്കാൻ ഭരണകൂടങ്ങൾ തീരുമാനിക്കാൻ സാദ്ധ്യതയില്ലെ?  അല്ലെങ്കിൽ ഡി എൻ എ വിവരങ്ങൾ അടങ്ങിയ QR codeകൾ നിങ്ങളുടെ ഐഡി കാർഡുകളിൽ പതിപ്പിച്ചു കാണാൻ സാദ്ധ്യതയില്ലെ?   തീർച്ചയായും ഉണ്ട്. ഒരു ആധാർ കാർഡിലോ ഡ്രൈവേഴ്സ് ലൈസെൻസിലോ ഉള്ളതിൽക്കൂടുതൽ എത്രയോ വിവരങ്ങൾ അതിൽ അടങ്ങിയിരിക്കണം! അച്ഛൻ /അമ്മ വിവരങ്ങളോ മതമോ ജാതിയോ ജനിച്ച ഇടമോ സംബന്ധിച്ച വിവരങ്ങളോ അപ്രസക്തമാക്കിക്കൊണ്ട് നിങ്ങളുടെ-നിങ്ങളുടെ മാത്രം STR വിവരങ്ങളും ജീനോം വ്യത്യസ്തതകളും നിങ്ങളുടെ ആകൃതി/പ്രകൃതികളും എല്ലാം അടങ്ങിയ ഒരു ബാർകോഡ് നിങ്ങൾക്ക് ഒരു പ്രത്യേക ഇടം സമ്പാദിച്ച് സ്ഥിരപ്പെടുത്തുകയാണ്. വ്യക്തിത്വത്തിൻ്റെ എല്ലാ തനിമയും അത് വിളിച്ചോതുന്നുണ്ടാവണം, സാർവ്വലൗകിക ലോകത്തിലെ ഒരു ഇടം ആയിരിക്കും താനും അത്. മറ്റു വ്യവസ്ഥകളൊ വ്യത്യാസങ്ങളോ തരം തിരിക്കാത്ത, മനുഷ്യൻ എന്ന സ്പീഷീസിലെ ഒരു പ്രത്യേക അംഗം എന്ന ഒരിടം. ലോകം മുഴുവൻ ഒരേ തരത്തിലുള്ള തിരിച്ചറിയൽ കാർഡുകൾ,നിങ്ങളുടെ മുഴുവൻ ജനിതകവും അടങ്ങിയ മൈക്രോ ചിപ് ഘടിപ്പിച്ചത്, ഒരു സത്യമായി മാറാൻ അധികം താമസമില്ല.