Thursday, February 16, 2023

മമ്മുട്ടി-നടനനിർവ്വഹണത്തിൻറ്റെ Body Politics

 

   ശരീരത്തിൻ്റെ അരക്ഷിതാവസ്ഥകളാണ് അതിൻ്റെ രാഷ്ട്രീയത്തെക്കു റിച്ച്  നുമുക്ക് ബോദ്ധ്യം നൽകുന്നത്.  വേദന, അസുഖം, മരണം , മാനസികപ്രശ്നങ്ങൾ,മറ്റ് ആഘാതങ്ങൾ നായകൻറ്റേയോ നായികയുടേയൊ ജീവിതത്തെ ബാധിയ്ക്കുന്നത് സിനിമാപ്രമേയങ്ങളായി വിജയിക്കുന്നത് ഈ രാഷ്ട്രീയത അതിൽ ഉൾച്ചേർന്നതുകൊണ്ടാണ്. പ്രകൃതിയുടെ, വ്യക്തിയുടെ, ഭരണകൂടത്തിൻ്റെ ഇത്തരം ശരീരഇടപെടലുകൾ വെള്ളിത്തിരയിൽ ദൃശ്യപ്പെടുത്തുന്നത് നമുക്ക് തന്മയീഭവിച്ച് ഈ രാഷ്ട്രീയപരതയെപ്പറ്റി വിചിന്തനം കൊണ്ട് തൃപ്തിയടയാനാണ്. സുന്ദരമായ ശരീരങ്ങൾക്കോ മനസ്സിനോ ശ്ളഥം സംഭവിക്കുന്നത് കൂടുതൽ ആഘാതപരവുമാണ്.  സിനിമയിൽ നായാൻ്റേയോ നായികയുടേയോ ശരീരം തീവ്രവും ചൂഴ്ന്നി റങ്ങുന്നതുമായ നോട്ടത്തിനു വിധേയമോ അർഹമോആകുന്നതാണ്. അവരുടെ സൗന്ദര്യം സിനിമയിൽ പ്രധാനവുമാണ്. 

 . ‘’മമ്മുട്ടി സുന്ദരനല്ലഎന്ന് പണ്ട് സാഹിത്യവാരഫലത്തിൽ എം. കൃഷ്ണൻ നായർ എഴുതിയിട്ടുണ്ട്. മമ്മുട്ടി എന്നോളം സുന്ദരനല്ല എന്ന് വൈക്കം മുഹമ്മദ് ബഷീറും. മതിലുകൾ ഇൽ ബഷീ റിൻ്റെ വേഷം മമ്മുട്ടി ചെയ്യുന്നു എന്ന വാർത്ത കേട്ട് തമാശിച്ചതാണ് ബഷീർ. ഈ പരാമർശങ്ങൾക്ക്  പു റകിൽ അംഗീകാരം വാങ്ങിച്ചെടുക്കാൻ സൗന്ദര്യം തുണയായ നടനാണദ്ദേഹം എന്ന് പൊതുവിശ്വാസം നിലവിൽ ഉള്ളതു തന്നെയാണ്.   എന്നാൽ ആകാരസൗഷ്ഠവം മാത്രം വിജയങ്ങൾ നേടിത്തരുന്ന ഒരു മേഖലയല്ല സിനിമയുടേത്. വികാരവിക്ഷോഭങ്ങൾ പ്രകടിപ്പിക്കുമ്പോൾ വികൃതമായിപ്പോകാത്ത ഒരു മുഖം വേണമെന്നേ ഉള്ളു. സിനിമയിലെ നായകനുമായി തന്മയീഭവിക്കുന്നത് ആ ദൃശ്യമാദ്ധ്യമത്തിൻ്റെ  മാസ്മരികതയിൽ പെടുന്നതാകകൊണ്ട് സുന്ദരനായ നായകൻ പ്രേക്ഷകന്റെ അഹം ഭാവത്തെ പ്രോജ്ജ്വലിപ്പിക്കും തീർച്ചയായിട്ടും. നായകന്റെ തോൽവിയിൽ കലാശിക്കുന്ന മമ്മുട്ടി സിനിമകൾ പ്രേക്ഷകർ സഹൃദയം ഏറ്റുവാങ്ങിയത് അതിസുന്ദരനായ ഒരാൾക്ക് ജീവിതത്തിൽ വമ്പൻ പരാജയങ്ങൾ വന്ന് ഭവിക്കാമെങ്കിൽ നമ്മുടെ ദുരനുഭവങ്ങൾക്ക് അവയെല്ലാം സാധുത നൽകുന്നു എന്ന ആശ്വാസവിചാരമാണ്. അതുപോലെ  ത്രസിപ്പിക്കുന്ന ദൃഢശരീരപോലീസിൻ്റെ വിജയം ഉൾക്കൊണ്ട പ്രേക്ഷകർ  നിശ്ചേഷ്ടമായ ആ ശരീരം ദൃശ്യപ്പെടുത്തിയുള്ള സിനിമാ തുടക്കത്തിൽ (കരിയിലക്കാറ്റു പോലെ) ഞെട്ടിത്തെറിക്കും. കടൽത്തീരത്ത് പുഴവരിയ്ക്കുന്ന,  കൂണുകൾ മുളച്ചു പൊന്തുന്ന മൃതശരീരം ദൃശ്യപ്പെടുന്നത് ബീഭൽസമോ ഭയാനകമോ ആണ് (കുട്ടിസ്രാങ്ക്) .  അമ്മ കോരിത്തരുന്ന കഞ്ഞി വിഷമാണെന്ന റിയാതെ  സ്വീകരിച്ച് മരണത്തിലേക്ക് നീങ്ങുന്ന (തനിയാവർത്തനം), ക്യാൻസർ ബാധിച്ച് മൃതപ്രായനാകുന്ന (സുകൃതം)  മദ്യപാനത്തിനടിമപ്പെട്ട് ചോര ചർദ്ദിക്കുന്ന, ആ മമ്മുട്ടി   ശരീരം അത്ര വിലപ്പെട്ടതാണ് എന്ന തോന്നൽ സിനിമയുടെ വിജയത്തിനും പ്രധാനമാണ്.  അതിസമർത്ഥമായാണ് മമ്മുട്ടി ഈ സത്യം തന്റെ വിജയത്തിനായി ഒരുക്കിയെടുത്തത്. മുഖകാന്തിയോ ആകാരസൗഷ്ഠവമോ തനിക്കും കഥാപാത്രത്തിനുമിടയിൽ ചോരണങ്ങൾ നടത്താതിരിയ്ക്കാൻ പലപ്പോഴും ശ്രദ്ധ വയ്ക്കുകയും ചെയ്തു. പൊന്തൻ മാടയോ സൂര്യമാനസത്തിലെ പുട്ടുറുമീസോ മൃഗയയിലെ വാറുണ്ണിയോ  ഭാസ്കര പട്ടേലരോ  പ്രാഞ്ചിയേട്ടനോ മുഖസൗന്ദര്യം കൊണ്ട് ഫലിപ്പിച്ചെടുത്ത കഥാപാത്രങ്ങൾ അല്ലെന്നുള്ളത് സുവിദിതവുമാണ്.   

      സ്വന്തം ശരീരത്തെ ഇത്രമാത്രം ഒരുക്കി നിറുത്തിയ മറ്റൊരു നടനുണ്ടോ എന്ന് സംശയം. ഒതുക്കിയും നിറുത്തിയിട്ടുണ്ട്  ആ ശരീരത്തെ. ക്യാമെറയ്ക്ക് അനുരൂപപ്പെടുത്തിയെടുക്കുക-അഭിനയവും ശരീരവും- എന്നത് അത്ര എളുപ്പമായ കാര്യമല്ല. ക്യാമെറയ്ക്ക് മുന്നിലെ പെരുമാറ്റം സ്ക്രീനിൽ എന്ത് പ്രതിഫലിപ്പിക്കും എന്നത് കൃത്യമായി തിരിച്ചറിയുക എന്നത് സിനിമാ അഭിനയത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പാഠമാണ്. സംഭാഷണങ്ങൾ ഉരുവിടുന്നതിൽ ഭാവാത്മകത സന്നിവേശിക്കപ്പെട്ടതും ഇതുപോലെ തപസ്യാരീതിയിൽ അനുവർത്തിച്ച നിഷ്ഠകളുടെ പരിണതി ആയിരിക്കണം. മുഖമാംസപേശികൾ എത്രമാത്രം,എങ്ങനെ ചലിപ്പിക്കണം പ്രേക്ഷകനെ തെര്യപ്പെടുത്താൻ എന്നത് സ്വയം പഠിപ്പിച്ചിരിക്കണം. അതുകൊണ്ടാണ് കരിയിലക്കാറ്റു പോലെ യിൽ സ്റ്റേജിൽ ഇരുന്ന് പണ്ട് പീഡിപ്പിച്ച സ്ത്രീയെ കാണുമ്പോഴുള്ള മനോവിഭ്രാന്തി തന്മയത്വമാർന്നത്, തനിയാവർത്തനത്തിൽ സ്വന്തം അനുജത്തിയെ പെണ്ണൂ കാണാൻ വന്നവരോട് അയല്പക്കക്കാരനാണെന്ന് പറയുമ്പോഴുള്ള ദയനീയത ആന്തരസ്പർശിയായത്.  അവനവനെ  പഠിച്ചെടുക്കുക, അത് പ്രായോഗികമാക്കുക, ഇതൊക്കെ ആയിരിക്കണം മമ്മുട്ടിയുടെ നീണ്ടകാല സ്വീകാര്യതയുടെ പിന്നിൽ.   ഇങ്ങനെ ക്യാമെറയ്ക്കും വെള്ളിത്തിരയിലെ പ്രതിഛായയ്ക്കും വേണ്ടി  പാകപ്പെടുത്തിയ മൃദുചടുലവും അനുകൂലനീയവും ശാഠ്യമില്ലാതെ മയപ്പെടുത്താവുന്നതുമായ ശരീരം അതിന്റേതായ ഭാഷ നിർമ്മിച്ചെടുത്ത് കൂട് വിട്ട് കൂട് മാറുന്ന കളികളിൽ അയത്നലളിതമായി പങ്കെടുത്തു, അതിന്റെ പരിണിതപത്രമാണ് അൻപതുകൊല്ലത്തെ അനുസ്യൂതവിജയം. ഒരു കാലിന്റെ നീളക്കുറവ് പോലെയുള്ള ചില ശാരീരികവൈകല്യങ്ങൾ അതിസമർത്ഥമായാണ് ഒളിപ്പിക്കപ്പെട്ടത്.  ആകാരസൗഷ്ഠവത്തിന്റെ ആകർഷണീയത ഇതോടൊപ്പം കാഴ്ച്ചാശീലങ്ങളെ മെരുക്കി നിറുത്തുകയും ചെയ്തു. Screen presence എന്നത് താനേ വന്ന് ഭവിച്ചതല്ല, നൈസർഗ്ഗികമായ ചാതുരിയും അനുഷ്ഠാനപരമെന്നപോലെയുള്ള പരിപാലനവും പിന്നിലുണ്ട്. 

 ശരീരം- പ്രദർശിതവും അപ്രദർശിതവും 

  ഇപ്രകാരം സൂക്ഷ്മമായും അവധാനതയോടും കൂടി ക്യാമെറയ്ക്ക് അനുരൂപപ്പെടുത്തിയ ശരീരം കൂടുതൽ വഴക്കിയെടുത്തതാണ് മമ്മുട്ടിയുടെ കഥാപാത്രവൈപുല്യത്തിന്റെ സാദ്ധ്യതയിലേക്ക് വഴി തെളിച്ചത്. നീണ്ടുനിവർന്ന് വെറുതെ നിന്നാലും ആ ശരീരത്തിനു ഒരു ഭാഷ യും നിശ്ചിത രാഷ്ട്രീയവും ഉണ്ടെന്ന് പ്രഖ്യാപിക്കുന്നതരത്തിലേക്ക് ആ ശരീരം ഇണക്കിയെടുക്കപ്പെട്ടു. പോലീസ് വേഷം അദ്ദേഹത്തിന്റേയോ പ്രേക്ഷകരുടേയോ  ഇഷ്ടവേഷം എന്ന് വേർ തിരിക്കാനാവാതെ സമ്മിളിതമായി. വാൽസല്യനിധിയായ വെല്ല്യേട്ടൻമ്മാരോ ദാമ്പത്യത്തിന്റെ നിഗൂഢകളികളിൽ തോറ്റുപോകുന്ന ഭർത്താവോ പ്രേമനാടകങ്ങളിൽ ചതിക്കപ്പെട്ടു പോകുന്ന ചന്തുമാരോ കാമമോഹിതനായിച്ചമയുന്ന യൗവനയുക്തനോ ആർക്കു വേണ്ടിയും ആ ശരീരം വിട്ടു കൊടുക്കപ്പെട്ടു. അതേ സമയം സൂക്ഷ്മതയോടെ ആ ശരീരത്തിൽ കാലത്തിന്റെ അടയാളങ്ങൾ പതിയാതിരിക്കാൻ വ്യക്തിപരമായി കഠിനപ്രയത്നവും ഉൾച്ചേർത്തു. അതുകൊണ്ടാണ്  സ്വന്തം ശരീരഭാഷ വിവിധ കഥാപാത്രങ്ങളുടേതായി എളുപ്പം  മാറ്റിയെടുക്കാൻ സാധിച്ചത്.  പുരുഷശരീരത്തെ പ്രതിനിധീകരിക്കാനും അതിൻ്റെ രാഷ്ട്രീയത്തെ സമർത്ഥമായി ഉപയോഗപ്പെടുത്താനും മമ്മുട്ടിയ്ക്ക് ഇപ്രകാരം സാദ്ധ്യമായി.  

  ആദ്യസിനിമകളിലെ പ്രേമനായകവേഷങ്ങൾ, തൃഷ്ണയിലെപ്പോലെ, സാധാരണ ഇൻഡ്യൻ സിനിമാനായകരുടെ ഗതാനുഗതികത്വാഭിനയശീലങ്ങളിൽ വാർത്തെടുക്കപ്പെട്ടെങ്കിൽ ഉദാരമായ രീതികളിൽ പിന്നീട് സ്വശരീരത്തെ വിട്ടുകൊടുക്കുന്ന പ്രകൃതിയിലേക്ക് മാറ്റിയെടുത്തു, മമ്മുട്ടി. 1985 ഇൽ  പാടേ തല മൊട്ടയടിച്ച നായകനായി സ്വയം പ്രത്യകഷപ്പെടുത്തി  നിറക്കൂട്ട്ഇനു വേണ്ടിയും യാത്രയ്ക്കു വേണ്ടിയും. സുന്ദരമായ പ്രത്യക്ഷശരീരത്തിൻ്റെ അപനിർമ്മാണത്തിൻ്റെ ഉദാഹരണം പോലെ. നി റക്കൂട്ടിൽ മേൽ വസ്ത്രമില്ലാതെ, കട്ടിലിൽ കെട്ടിയിടപ്പെട്ട നിസ്സഹായനായിട്ടാണ് ആ ശരീരം പ്രദർശിക്കപ്പെട്ടത്. അതും സ്ത്രീകളാണ് ഈ നിരാലംബത സൃഷ്ടിച്ചിരിക്കുന്നത്. കഥാപാത്രസാക്ഷാൽക്കരത്തിനു അനാവൃതമായ ശരീരത്തെ വിട്ടുകൊടുക്കുന്നത് ഇവിടെ തുടങ്ങിയിരിക്കണം. യാത്രയിലെ നായകൻ്റെ നിസ്സഹായതയും ശരീരചലനങ്ങളിലൂടെയാണ് കൂടുതലും വ്യക്തമാക്കപ്പെട്ടത്. ഈ സമയത്ത് 150 ഓളം സിനിമകളിൽ അഭിനയിച്ച പരിചയം ഈ ഉദാരതയ്ക്ക് പിന്നിലുണ്ടായിരുന്നിരിക്കണം.

     1987 ഇൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ റിലീസ് ചെയ്യപ്പെട്ട ന്യൂ ഡെൽഹി‘ (ജൂലയ് 24) യും തനിയാവർത്തനവും (ഓഗസ്റ്റ് 15) വളരെ വ്യത്യസ്തമായ ശരീരഭാഷണങ്ങൾ ഉൾച്ചേർത്തവയാണ്. ന്യൂ ഡെൽഹിയിലെ അതി ശക്തനായ ജി കെ യുടെ നേർവിപരീതനാണ് തനിയാവർത്തനംഇലെ മാനസികനില നഷ്ടപ്പെട്ട പാവം ബാലൻ മാഷ്. ഈ രണ്ട് സിനിമകളുടേയും ഷൂടിങ് വേളകൾ ഇടകലശിയിട്ടുണ്ട്, പക്ഷേ അതി സൂക്ഷ്മതയോടെയാണ് സ്വശരീരത്തെ ഈ പകർന്നാട്ടത്തിൽ പങ്കെടുപ്പിക്കുന്നത്. പാലേരി മാണിക്യത്തിലെ മൂന്ന് മമ്മുട്ടിക്കഥാപാത്രങ്ങൾക്കും (അഹമ്മദ് ഹാജി, മക്കൾ ഖാലിദ്, ഹരിദാസ്) മൂന്ന് ശരീരഭാഷകളാണ്, അല്ലെങ്കിൽ സംഭാഷണം കൊണ്ടോ മുഖം കൊണ്ടോ അങ്ങനെ തോന്നിപ്പിക്കുന്നവയാണ്. 

 പൊന്തൻ മാടയിൽ ഒരു മുണ്ട് മാത്രമുടുത്ത് നിഷ്ക്കളങ്ക്നായ ഒരു ദളിതൻ്റെ ശരീരം നിർമ്മിച്ചെടുക്കപ്പെട്ടിട്ടുണ്ട്.  കമുകിൽ  കയറി അള്ളിപ്പിടിച്ചിരുന്ന് രണ്ടാം നിലയിലെ സായിപ്പിനെ നോക്കുന്നത് രസാവഹമായി അവതരിപ്പിച്ച അതേ ശരീരം തന്നെയാണ് ഗർവ്വും കാമവും ഉടലെടുത്ത ഭാസ്കരപട്ടേലരുടേതാക്കി മാറ്റിയെടുത്തത് (വിധേയൻ) . പട്ടേലർക്കും മേൽ വസ്ത്രങ്ങളില്ല ചിലപ്പോൾ.  അതേ ശരീരം കാമമോഹിതനും വീരാളിയും ആയ ചന്തുവിനു വേണ്ടി സ്വരൂപിച്ചെടുക്കുണ്ട്  (ഒരു വടക്കൻ വീരഗാഥ).    ആത്മപതനത്തിനു ശേഷം അവസാന രംഗത്ത് വരുന്ന  ചന്തുവിനു വേണ്ടി ഈ ശരീരം മയപ്പെടുത്തുന്നുണ്ട്, “ഈ ശരീരത്തെ തോൽപ്പിക്കാനാവില്ല മക്കളേഎന്ന് പ്രഖ്യാപിക്കുന്ന രീതിയിൽ. അതുകൊണ്ട് തന്നെയാണ് ആ ശരീരത്തെ സ്വയം നശിപ്പിക്കുന്നത്  തീക്ഷ്ണമായ ആഘാതോദ്ഗമകാരിയായി അനുഭവപ്പെടുന്നത്.  ഒരു തോർത്തു മാത്രം ഉടുത്ത മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി (പാലേരി മാണിക്യം) യുടെ ഉടൽ അഹങ്കാരത്തിൻ്റേയും അധീശത്വത്തിൻ്റേയും നിറഞ്ഞുകവിയുന്ന ആസക്തിയുടേയും കുടിയിരിപ്പിടമാണ്.   അഹമ്മദ് ഹാജിയുടെ അനാവൃതശരീരമല്ല  ചന്തുവിൻ്റെ അനാവൃതശരീരം. ഭാസ്ക്കരപട്ടേലരുടേയും.  ഇതേ ശരീരം അല്ല ആഢ്യത്തം തെളിയിക്കാൻ വേണ്ടി  പ്രത്യക്ഷപ്പെടുത്തുന്ന,മേൽവസ്ത്രമില്ലാത്ത നന്ദഗോപാൽ മാരാർക്ക് (നരസിംഹത്തിലെ അതിഥി വേഷം). മതിലുകളിലെ ഈ പ്രപഞ്ചത്തെ മുഴുവൻ സ്നേഹിക്കുന്ന ,അയഞ്ഞശരീരപ്രകൃതിയുള്ള ബഷീർ ആകാനും തന്ത്രങ്ങൾ മെനഞ്ഞെടുത്തിട്ടുണ്ട്.  മുന്നറിയിപ്പ് ഇലെ രാഘവൻ കയ്യ് അധികം അനക്കാത്ത ആള് ആണ്, ബലം പിടിത്തമുള്ള ചലനങ്ങളുമാണ് അയാൾക്ക്. എന്നാൽ പുഴുവിലെ കുട്ടനു തികച്ചും  വ്യത്യസ്തമാർന്ന ശരീരവിന്യാസങ്ങളാണ്.  പോലീസ് വേഷങ്ങൾക്ക് പ്രസിദ്ധിപെറ്റ ശരീരം പൊന്തൻ മാടയ്ക്ക് നിർബ്ബാധം വിട്ട് കൊടുക്കുന്നത് എളുപ്പവഴിയിൽ ആയിരുന്നു എന്ന് മാത്രമല്ല  പ്രതീതിജനകവും വിശ്വസനീയവും ആയി പ്രേക്ഷകർക്ക് അനുഭവപ്പെടുത്താനും ഇടയാക്കി.  Body is at once the contained and the container” എന്ന് പ്രമാണം.  ഒരേ പാത്രത്തിൽ വിവിധ ഉൾക്കൊള്ളൽ, ആ ഉൾക്കൊള്ളുന്നതെന്താണ് എന്നതനുസരിച്ച് പാത്രത്തിൻ്റെ സ്വരൂപം മാറുക-ചാതുര്യം തെല്ലല്ല ഈ വിദ്യയ്ക്ക് വേണ്ടത്. 

ആകാരസൗഷ്ഠവത്തിൻറ്റെ തമസ്ക്കരണങ്ങൾ

മുഖകാന്തിയും ശരീരകാന്തിയും പ്രകടമാക്കാതെയാണ്  പലപ്പൊഴും ഈ കൂടു വിട്ട് കൂടു മാറൽ മമ്മുട്ടി സാദ്ധ്യമാക്കിയത്.    പേരൻപ്ഇലെ അമുതവൻ വിലക്ഷണമായ ഒരു തൊപ്പിയും വെച്ച്  മ്ലാനവദനനായി മകളുടെ അതിജീവനത്തിനു പാടുപെടുന്നവനാണ്. തൊട്ടാൽ ചോരപൊടിയുന്ന മുഖംഎന്ന് ഏറ്റവും കൂടുതൽ മമ്മുട്ടിയെ മേയ്ക്കപ് ചെയ്തിട്ടുള്ള പട്ടണം  റഷീദ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആ മുഖവും ശരീരവും തോൽവി കൾ ഇടമുറിയാതെ വന്ന് ഭവിച്ച് നിസ്സഹായനായിപ്പോയ അച്ഛനായ  അമുതവൻ റ്റേതായി മാറ്റിയെടുക്കപ്പെടുന്നു. ആണത്തപ്രഘോഷണത്തിനു ഉദാത്തമായ ശരീരം പേറുന്നവനായിട്ടാണ് മിക്കപ്പൊഴും മമ്മുട്ടി അവതരിക്കപ്പെടാറെങ്കിലും അംബേദ്ക്കറോ പ്രാഞ്ചിയേട്ടനോ ഭൂതക്കണ്ണാടിയിലെ വിദ്യാധരനോ  ഈ സൗഷ്ഠവത്തിൻ്റെ ലാഞ്ഛന വന്നു ഭവിക്കാതിരിക്കാൻ  ശ്രദ്ധിച്ചിട്ടുണ്ട്. കൊച്ചുതെമ്മാടിയിലെ ശേഖരൻ മാസ്റ്ററെപ്പോലെ സൗമ്യശരീരഅദ്ധ്യാപകവേഷങ്ങൾ ഗ്ളാമർ വെടിഞ്ഞ്  കൈകാര്യം ചെയ്തിട്ടുമുണ്ട്. പൂമുഖപ്പടിയിൽ നിന്നെയും കാത്ത് ഇലെ ഡോക്റ്റർ ഐസക്കും അരയന്നങ്ങളുടെ വീട് ഇലെ രവീന്ദ്രനും ദൈന്യത മാത്രം മുഖമുദ്രയാക്കപ്പെട്ടവരാണ്, ഇൻസ്പെക്റ്റർ ബല റാമിൻ്റേയും പോരാളി ചന്തുച്ചേകവരു ടേയും തീക്ഷ്ണതയിൽ നിന്നുള്ള ഈ സങ്ക്രമണം അയത്നലളിതമായാണ് സാധിക്കപ്പെടുന്നത്. 

   വിദഗ്ധമായ സംഭാഷണചാതുരി പാത്രസൃഷ്ടിയിൽ ചേർക്കപ്പെട്ടത്  വൈവിദ്ധ്യമിയന്ന കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം സാദ്ധ്യമാക്കി എന്ന് മാത്രമല്ല അത് പ്രേക്ഷകരിലേക്ക് പകർത്താനും നിസ്സന്ദേഹമായി അവരെ ബോദ്ധ്യപ്പെടുത്താനും വഴി തെളിച്ചിട്ടുണ്ട്. അതിനാടകീയത ആവശ്യപ്പെടുന്നതാണ് ഇൻഡ്യൻ സിനിമാസന്ദർഭങ്ങൾ എന്നിരിക്കെ അതിനു അയവ് വരുത്തിക്കൊണ്ടാണ് മമ്മുട്ടിയുടെ പ്രവേശനം തന്നെ. ആദ്യകാലങ്ങളിൽ സത്യന്റെ അഭിനയശൈലികൾ മമ്മുട്ടിയിൽ കണ്ടെങ്കിൽ അത് ഒരു മേന്മ തന്നെയായി അംഗീകരിക്കപ്പെടേണ്ടിയിരിക്കുന്നു. കോടതി രംഗങ്ങൾ സാധാരണ പ്രേക്ഷകരെ ഹരം കൊള്ളിയ്ക്കുന്ന രീതിയിൽ അവതരിപ്പിക്കുമ്പോഴും ഒരു നിപാതം പോലെ അതിന്റെ പര്യവസാനം സ്വാഭാവികതയിലേക്ക് ഊർന്നിറങ്ങുന്നതാക്കാനും ശ്രദ്ധ വച്ചിട്ടുണ്ട്. ഇത്തരം കൃത്യമായ പഠിച്ചെടുക്കലുകൾ സ്വയം നവീകരിക്കാൻ അനുവദിക്കുകയും അത് ഉൾച്ചേർക്കാൻ ശ്രദ്ധിക്കുകയും ചെയ്തതുകൊണ്ടാണ് പ്രാഞ്ചിയേട്ടനെപ്പോലെ അവതരിപ്പിച്ചു ഫലിപ്പിക്കാൻ പ്രയാസമുള്ള കഥാപാത്രങ്ങൾ വിശ്വാസയോഗ്യത നേടിയെടുത്തത്. താൻ ഒരു ജന്മനാ നടൻ ( born actor) അല്ലെന്നും വർഷങ്ങളിലെ പരിശ്രമങ്ങൾ കൊണ്ട് നിർമ്മിച്ചെടുത്തതും സ്ഫുടം ചെയ്തതുമാണ് എന്ന്  ഈ നടൻ തന്നെ സമ്മതിച്ചിട്ടുണ്ട്. സംവിധായകൻ എന്താണ് ഉദ്ദേശിക്കുന്നത് എന്നത് കൃത്യമായി മനസ്സിലാക്കിയെടുക്കുന്നത് സിനിമാ അഭിനയത്തിന്റെ ട്രിക്കുകളിൽ ഒന്നാണ്. അത് സ്വാംശീകരിക്കപ്പെടുവാൻ ശരീരം എങ്ങനെ വിട്ടുകൊടുക്കണം എന്ന അറിവ് അത്ര എളുപ്പത്തിൽ ലഭിയ്ക്കുന്നതല്ല. 

  ഒരു നൂറ്റാണ്ടിന്റെ പകുതി, രണ്ടോ മൂന്നോ തലമുറ-തൃപ്തിപ്പെടുത്താൻ പ്രയാസമുള്ള കാലയളവും ഘടകങ്ങളും ആണിവ. സിനിമ ആവശ്യപ്പെടുന്ന രാഷ്ട്രീയപരത, കലാമൂല്യപരിസരം, ചരിത്ര-സമകാലീന ബന്ധങ്ങൾ ഇവയോടൊക്കെ സമരസപ്പെടുത്തിയെടുക്കപ്പെടേണ്ട ഉടലും മനസ്സും അതിനു സന്നദ്ധമാക്കി നിലനിറുത്തുക എന്നത് ക്ലിഷ്ടമാണ്. ഇത് സാദ്ധ്യമാക്കാൻ സ്വയം സമർപ്പിക്കുകയും  വഴങ്ങിക്കൊടുക്കുകയും ചെയ്താണ് മമ്മുട്ടി  സിനിമാലോകത്ത് സ്ഥിതപ്രജ്ഞനായി നിലനിന്നിട്ടുള്ളത്.   

 

 

 

 

No comments: