Thursday, February 16, 2023

അന്ധവിശ്വാസം- തലച്ചോറും സമൂഹവും

 

  മതാത്മക വിശ്വാസങ്ങൾ സാമൂഹികമായി സമ്പ്രേക്ഷണം ചെയ്യപ്പെടുന്നവയാണ്. അത് പ്രകൃത്യാതീത സംഭവങ്ങളും സ്വരൂപങ്ങളും സത്യമാണെന്ന വിവക്ഷയാണ് ഉൾക്കൊള്ളാറ്.  അങ്ങനെ മതസംബന്ധിയായ വിശ്വാസങ്ങൾ  പ്രയോഗസിദ്ധിപരമായതും അനുഭവജ്ഞാത്താൽ തീർച്ചപ്പെടുത്തിയതുമായ വിശ്വാസങ്ങളിൽ നിന്ന് തുലോം വ്യത്യസ്തമാകുന്നു. പ്രയോഗസിദ്ധപരമായ വിശ്വാസങ്ങൾ ആധാരമാക്കുന്നത് ലോകം എങ്ങനെ വെളിവാകുന്നു എന്നതുമായി ബന്ധപ്പെടുത്തിയ കാര്യങ്ങളെയാണ്. പുതിയ തെളിവുകൾ ലഭ്യമാകുമ്പോൾ അവ നവീകരിക്കപ്പെടുന്നവയാണ്, അല്ലെങ്കിൽ ഭാവി സംബന്ധിയായ പ്രവചനങ്ങൾ സാദ്ധ്യമാവുന്ന തിയറികൾ ലഭ്യമാവുമ്പോഴും. എന്നാൽ മതാത്മക വിശ്വാസങ്ങൾ ഇങ്ങനെ പുതുക്കപ്പെടുന്നതല്ല. പുതിയ തെളിവുകളോ ശാസ്ത്രീയ സമർത്ഥനങ്ങളൊ അവയെ ബാധിയ്ക്കുന്നുമില്ല. അവ നിശ്ചിതവും വഴങ്ങാത്തതും കാർക്കശ്യസ്വഭാവമുള്ളതുമാണ്.  

  ഈ കാർക്കശ്യം മതതീവ്രവാദികളെ പ്രതിരോധത്തിനു പ്രേരിപ്പിക്കുന്നുണ്ട്. അവർക്കോ ആർക്കുമോ പരീക്ഷണങ്ങളാലോ തളിവുകൾ കൊണ്ടോ സാധൂകരിക്കാൻ വയ്യെന്നുള്ള അറിവ് അവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നത് തടയാനോ ആക്രമണസ്വഭാവത്തിലേക്ക് മാറിപ്പോവാനോ അവർക്ക് തുണയേറ്റുന്നു.ശാസ്ത്രചിന്തയോട് അവർക്ക് സമരസപ്പെടാനാവുന്നില്ല, അവരുടെ ലോകവീക്ഷണത്തിനു ഭീഷണിയുമാണെന്ന് കരുതുന്നു അവർ. 

 എന്നാൽ മതചിന്തകൾ മനുഷ്യപെരുമാറ്റത്തെ ഏറെ സ്വാധീനിക്കുന്നുണ്ട്. 8 ബില്ല്യൺ ആൾക്കാരുള്ള ലോകത്തിൽ ഏഴു ബില്ല്യണും എതെങ്കിലും ഒരു മതത്തിന്നെ പ്രമാണിതസമർത്ഥനം ചെയ്യുന്നവരാണ്. ഒന്ന് സ്പഷ്ടമാണ്, മതവിശ്വാസം മനുഷ്യചരിത്രത്തിൽ  നിലനിൽപ്പധികാരം ആസ്വദിച്ചു പോരുന്നതാണ്, അത് ഉടനെങ്ങും മാറ്റത്തിനു വിധേയമാകാനും പോകുന്നില്ല. എന്തുകൊണ്ട് എന്നത് ഒരു ചോദ്യമാണ്. 

  ഇവിടെയാണ് ശാസ്ത്രവും മതവിശ്വാസ്വുമായി യോജിപ്പിക്കേണ്ട ആവശ്യകത വന്നു ചേരുന്നത്.  മതത്തെ പഠിച്ചെടുക്കാൻ ശാസ്ത്രം ഉപയോഗിച്ചു തുടങ്ങിയിട്ട് അധികം നാളായിട്ടില്ല. മനുഷ്യസ്വഭാവമൂല്യങ്ങളെ പഠിച്ചെടുക്കാൻ മതബോധവും അതിൽ നിന്നുള്ള പരിചയങ്ങളും സഹായകമാകുന്നുണ്ട്. ശാസ്ത്രവും മതവും വിശ്വാസസംഹിതകളെ ആധാരമാക്കിയവ ആണ്. അവ  രണ്ടും ജീവിതത്തിനു  അർത്ഥവും ഉദ്ദേശവും ലക്ഷ്യവും തേടാനുള്ള ഉപാധികളാണു താനും. മതവിശ്വാസത്തെ, അല്ലെങ്കിൽ ഏതുതരം വിശ്വാസത്തേയും യുക്ത്യാനുശീലമല്ല എന്ന കുറ്റമാരോപിച്ച് തള്ളിക്കളനാവില്ല എന്നത് ഓർമ്മയിരിക്കേണ്ടതാണ്. വിശ്വാസങ്ങൾ പ്രകൃതിയെക്കുറിച്ച് ചില അറിവുകൾ സ്വായത്തമാക്കി വെയ്ക്കാൻ ആദിമകാലത്ത് നമ്മെ സഹായിച്ചിട്ടുണ്ട്. അതിജീവനത്തിനു അത് അത്യാവശ്യമായിരുന്നു താനും. പുല്ലിളകുന്നതു കണ്ടാൽ അതിനു പുറകിൽ കാറ്റോ കടുവയോ എന്ന് അറിയേണ്ടിയിരുന്നു, രക്ഷപെടുവാൻ വേണ്ടി. എന്നാൽ പിന്നീട് പുല്ലിളകുന്നത് ഹിംസ്രജന്തുവിൻ്റെ സൂചനയായി കൈക്കൊണ്ട് ഓടിപ്പോകാൻ പ്രേരിപ്പിച്ചിരുന്നു. ഇവിടെ യുക്തി നിബദ്ധമാകേണ്ടത് അത്യാവശ്യമല്ല. ഇത്തരം പ്രമാണനിർമ്മിതി ജീവിതത്തിൻ്റെ എല്ലാ സന്നിഗ്ദ്ധഘട്ടങ്ങളിലും സഹായവുമായി എത്തിയിട്ടുണ്ട്. ഒരോ ഗോത്രത്തിനും വ്യത്യസ്ത വിശ്വാസങ്ങളും ഉരുത്തിരിഞ്ഞു വന്നിരിക്കണം. ഇത് തൊട്ടിലിലെ കുഞ്ഞ് വരെ സ്വാംശീകരിച്ചിരുന്നു എന്നത് സത്യമാണ്, ഇന്നും ഒരു കുടുംബത്തിൻ്റെ/ സമൂഹത്തിൻ്റെ വിശ്വാസപ്രമാണവും പേറിയാണ് ഓരോ കുഞ്ഞും  വളരുന്നതു തന്നെ.പ്രകൃതിപ്രതിഭാസങ്ങളോ വിന്യാസങ്ങളോ യുക്തിഹീനമായോ യുക്തിസഹമായോ കയറിക്കൂടാൻ നമ്മുടെ തലച്ചോറ് എപ്പോഴും തയാറാണു താനും. ഇന്നും പരിണമിച്ചുകൊണ്ടിരിക്കുന്ന ഒരേ ഒരു അവയവമാണ് നമ്മുടെ മസ്തിഷ്ക്കം. 

  ശാസ്ത്രം മതബോധത്തെ പഠിയ്ക്കുമ്പോൾ

    ശാസ്ത്രം ഇന്ന് വിശ്വാസങ്ങൾ രൂപീകരിക്കപ്പെടുന്ന തലച്ചോറ് രീതികളെക്കുറിച്ച് കൂടുതൽ വിവരങ്ങളുമായി എത്തുകയാണ്. വികാരങ്ങളുടെ കേന്ദ്രങ്ങളും അവയെ നിയന്ത്രിക്കുന്ന സൂപ്പർ ബോസ് ഇടങ്ങളും നിശ്ചയിച്ചെടുക്കാൻ നൂതനവിദ്യകൾ ധാരാളമുണ്ട്. വിശ്വാസങ്ങൾ രൂപീകരിച്ചെടുക്കുന്നത് നെറ്റിയ്ക്ക് പുറകിൽ , കണ്ണിൻ്റെ ഉൾവശത്തിനു മേലെയായി സ്ഥിതി ചെയ്യുന്ന പ്രിഫ്രൊണ്ടൽ കോർടെക്സ്എന്ന ഇടത്താണ്. പുതിയ തെളിവുകൾ ലഭിയ്ക്കുന്നതനുസരിച്ച് പൊതുധാരണകളോ ആശയങ്ങളോ മാറ്റിയെടുക്കാൻ വഴക്കമോ അയവോ ഉള്ളതാണ് ഈ പ്രിഫ്രൊണ്ടൽ കോർടെക്സ്.  ഷിക്കാഗോയിലെ നോർത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ഒരു പഠനത്തിൽ മതപരമായി തീവ്രവിശ്വാസങ്ങളുള്ള, വിയെറ്റ്നാം യുദ്ധത്തിൽ പങ്കെടുത്തിരുന്ന നൂറിൽപ്പരം പട്ടാളക്കാരുടെ പ്രിഫ്രൊണ്ടൽ കോർടെക്സ് പരിശോധിച്ചപ്പോൾ ഈ ഇടത്തിനു ക്ഷതമേറ്റിരുന്നതായി നിരീക്ഷിക്കുകയുണ്ടായി. ഇവരെല്ലാം തീവ്രവിശ്വാസികളായി മാറപ്പെട്ടവരായിരുന്നു. വിശ്വാസങ്ങളെ മുറുകെപ്പിടിയ്ക്കാൻ ഇടവരുത്തി ഒരു വഴക്കത്തിനും സാദ്ധ്യമല്ലാതാക്കിയത് ഈ തലച്ചോറിടം അതിനു അനുവദിക്കാത്തതിനാലാണ്. മതതീവ്രവാദികളിൽ ഈ ഇടത്തിൻ്റെ പ്രവർത്തനം മാറപ്പെടുന്നതായി മറ്റ് പലേ നിരീക്ഷണങ്ങളുമുണ്ട്. തലച്ചോറിലെ മറ്റൊരിടമായ ടെമ്പൊറൽ ലോബ്ഇൽ ചുഴലി (epilepsy) ബാധിച്ചവർ തീവ്രമായ മതാത്മകതയിലേക്ക്   വഴുതിവീഴുന്നു എന്ന് തെളിവുകളുണ്ട് നേരത്തെ തന്നെ.ബോധജ്ഞാനത്തിൻ്റെ വഴക്കശീലം’ (cognitive flexibility) പുതിയ അറിവുകൾ ലഭിയ്ക്കപ്പെടുമ്പോൾ വിശ്വാസങ്ങൾ മാറ്റിയെടുത്ത് അതിജീവനത്തെ സഹായിക്കാൻ രൂപപ്പെടുത്തിയിട്ടുള്ളതാണ്. ഇതാണ് പാടേ മാറുന്നത് അന്ധവിശ്വാസികളിലോ മതതീവ്രവാദികളിലോ. ജനിതകപരമായ കാരണങ്ങളാലോ സമൂഹരീതികളുടെ സ്വാധീനത്താലോ ഈ പരിവർത്തനം സംഭവിക്കാവുന്നതാണത്രെ. 

  തലച്ചോറിലെ മറ്റൊരിടമായ പെരിഅക്വിഡക്റ്റൽ ഗ്രേ ( Periaqueductal gray, PAG) യും തീവ്രമതാത്മകതയ്ക്കും കടുത്ത വിശ്വാസങ്ങൾക്കും സ്വാധീനം ചമയ്ക്കുന്നുണ്ടത്രെ. ഈ പി എ ജിതലച്ചോറിൻ്റെ പിൻഭാഗത്ത് ഉള്ളിൻറ്റെ ഉള്ളിലാണ്, വേദനാക്രമീകരണം, പേടി പരുവപ്പെടുത്തൽ, പരോപകാരശീലം (altruism) ഇവയൊക്കെ നിജപ്പെടുത്താൻ സഹായിക്കുന്ന ഇടമാണ്. മതാത്മകതയും ആത്മീയതയും തലച്ചോറിൽ കുടിയേറാൻ ഈ ഇടം വഴിവെയ്ക്കുന്നു എന്ന് ഈ ഇടവുമായി ബന്ധപ്പെടുന്നതോ സ്വാധീനിക്കപ്പെടുന്നതോ ആയ ഇടങ്ങളിൽ ക്ഷതം പറ്റിയവരിൽ നടത്തിയ പരീക്ഷണങ്ങൾ തെളിയിക്കുന്നുണ്ട്. തലച്ചോർ ശസ്ത്രക്രിയക്കു ശേഷം മതാത്മകത മാറപ്പെട്ടവരുണ്ട്, ശസ്ത്രക്രിയ ചെയ്യപ്പെട്ട ഇടങ്ങൾ പി എ ജിയുമമായി ബന്ധപ്പെട്ടവയാണെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 

 എന്തുകൊണ്ട് തീവ്രവിശ്വാസങ്ങളിലേക്ക് വഴി മാറുന്നു?

   നേരത്തെ പരാമർശിച്ച cognitive flexibility വിശ്വാസങ്ങൾ മാറ്റിയെടുക്കാനും അതിജീവനത്തിനു സഹായിക്കാനും വഴി തുറക്കുന്നുണ്ട്. എന്നാൽ സമൂഹത്തിൻ്റെ സമ്മർദ്ദത്താൽ പലപ്പോഴും വിശ്വാസങ്ങൾ യുക്തിയ്ക്ക് അപ്പുറത്തേയ്ക്ക് ചലിയ്ക്കാൻ ഇട വരുന്നുണ്ട്. നമ്മുടെ വിശ്വാസങ്ങൾ കൊണ്ട് നമുക്ക് ചുറ്റുമുള്ള ലോകത്തിനു മാതൃകാരൂപം ചമയ്ക്കുകയല്ല, നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടി മെനഞ്ഞെടുക്കുകയാണ്. സമൂഹത്തിലെ അംഗമാണെന്ന് സ്വയം ധരിപ്പിക്കാൻ ഇട വരുത്തുന്നുണ്ട് ചിലപ്പോൾ. അത് പടർന്നു പിടിയ്ക്കുന്നു, ഇങ്ങനെ. ആറ്റുകാൽ പൊങ്കാല ഇതിനൊരുദാഹരണം മാത്രമാണ്.  വ്യവസായികവിപ് ളവം പാശ്ചാത്യരാജ്യങ്ങളിൽ പ്രകൃതിപ്രതിഭാസങ്ങളേയും അതിൻ്റെ നിയന്ത്രിതാവ് എന്ന ദൈവത്തേയും അതിരു വിട്ട് ആശ്രയിക്കുന്നതിനെ വിചിന്തനങ്ങൾക്കും യുക്താനുശീല ചിന്താപദ്ധതികൾക്കും വിധേയമാക്കി. തീവ്രവിശ്വാസങ്ങളിൽ നിന്നുള്ള അകൽച്ച ഇതോടെ സംഭവിക്കുകയാണുണ്ടായത്, അതുമൂലം ഒരു പരിധി വരെ അന്ധവിശ്വാസങ്ങളുടെ നിർമ്മാർജ്ജനം സാധിച്ചെടുക്കുകയും ചെയ്തു. എന്നാൽ ഏഷ്യൻ രാജ്യങ്ങളിൽ ഇങ്ങനെയൊരു പശ്ചാത്തലം ഉളവാകാത്തത് മനസ്സിനെ പാകപ്പെടുത്താനുള്ള അവസരം നഷ്ടമാക്കുകയായിരുന്നു. സമൂഹത്തിൻ്റെ അപചയം പലപ്പോഴും ആശങ്കൾക്ക് വഴിവെയ്ക്കുകയും കൃത്യമായ ഉത്തരം കിട്ടാനുള്ള സ്രോതസ്സുകൾ കമ്മിയായിരിക്കുകയും ചെയ്യുമ്പോൾ തലച്ചോറ് പ്രാകൃതമായ പരിചിന്തനങ്ങൾ പുറത്തെടുക്കുകയും അതിൽ ആശ്രയം കൊള്ളാൻ തയാറാകുകയും ചെയ്യുന്നു. അതിമൽസരസ്വഭാവമുള്ള സമൂഹം ഇതിനു ആക്കം കൂട്ടിയേക്കും, സ്വന്തം ഇടം നിജപ്പെടുത്താനാവാതെ പോകുമ്പോൾ അന്ധവിശ്വാസങ്ങൾ കൂട്ടിനു എത്തിയേക്കും. ഉത്തരങ്ങൾ തരാനാവാത്ത സമൂഹം യുക്തിചിന്തയിൽ നിന്ന് മാറി ഭ്രമാത്മകതയിലേക്ക് തലച്ചോറിനെ നയിച്ചേക്കും.   

          നമ്മുടെ അടിസ്ഥാനപരമായ വിശ്വാസങ്ങൾ വസ്തുതകളേയോ യുക്തിയേയോ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതല്ല. നമ്മുടെ പരിണമിച്ച സൈക്കോളജിബയോളജിസംസ്കാരം എന്നിവ രൂപപ്പെടുത്തിയതാണവ. ഇതിന്റെ പരിണിതഫലം നമ്മൾ കാണുന്നു-മതപരമായ, ജാതിപരമായ കാലുഷ്യങ്ങൾരാഷ്ട്രീയ സ്തംഭനങ്ങളും അഴിയാക്കുരുക്കുകളുംതെളിവുകളിൽ അടിസ്ഥാനപ്പെടാത്ത നീതി/ഭരണനയങ്ങൾ എന്നിങ്ങനെ. ഏറ്റവും മോശത്തരം ഇവയുടെ ആഴത്തിലുള്ള കാരണവേരുകൾ നമുക്ക് അദൃശ്യമാണെന്നതാണ്.   പരിചരണമോ സുരക്ഷയോ തരാത്ത ഭരണകൂടം പൗരനെ അന്ധാളിപ്പിക്കാൻ പര്യാപ്തമാണ്. സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ അന്ധവിശ്വാസങ്ങൾ വളരെ കുറവാണെന്നുള്ളതിൻ്റെ കാരണം സ്വാസ്ഥ്യം പ്രദാനം ചെയ്യുന്ന ഭരണകൂടമുണ്ടെന്നുള്ള പിൻബലമാണ്. അദൃശ്യശക്തി സ്വാസ്ഥ്യം പ്രദാനം ചെയ്യും എന്ന പ്രതീക്ഷ, വിധിയുടെ കരു മാത്രമാണെന്ന അറിവ്/തോന്നൽ അന്ധവിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നു. വ്യവസ്ഥകൾ/നീതിനിയമങ്ങൾ ബലഹീനമാകുമ്പോൾ മസ്തിഷ്ക്കം യുക്തിയിൽ നിന്ന് വേർപെട്ട് മറ്റ് പ്രതീക്ഷകളിൽ ആശയർപ്പിക്കുന്നു. 

           സമൂഹം മൊത്തം അന്ധവിശ്വാസജഡിലമായ ചര്യകളിൽ പങ്കെടുക്കുമ്പോൾ വിശ്വാസയോഗ്യത സ്ഥാപിക്കപ്പെടുകയാണ്,  തീർത്ഥാടനങ്ങൾ ലക്ഷക്കണക്കിനു മനുഷ്യരെ ആകർഷിക്കുന്നത്  ഇതോടൊപ്പം സമൂഹബന്ധങ്ങൾ സൃഷ്ടിയ്ക്കുന്ന സുഖാനുഭൂതിയും പ്രദാനം ചെയ്യപ്പെടുന്നു എന്നതിനാലാണ്. പലപ്പോഴും സമൂഹത്തിൻ്റേയോ സ്റ്റേയ്റ്റ് (ഭരണകൂടം) ൻ്റേയോ സംരക്ഷണം വേണ്ടത്രയില്ല എന്ന തോന്നലുകളും മതാത്മകത, അതുമാത്രമേ രക്ഷയ്ക്കെത്തുകയുള്ളൂ എന്ന സ്ഥിതിയിൽ എത്തിച്ചേക്കാം. മതാത്മകമോ അന്ധവിശ്വാസജന്യമോ ആയ ശുഭാപ്തിവിശ്വാസം  സമൂഹമോ ഭരണകൂടമോ നൽകുന്നതിലും കൂടുതൽ ആകുക എന്ന നിലയിലേക്ക് ഇത് നയിയ്ക്കും. യുക്തിരഹിതമായ സമൂഹപരിണതികളും നിയമങ്ങളും കൃത്യമായ ഉത്തരങ്ങൾ നൽകാത്തപ്പോൾ അന്ധവിശ്വാസങ്ങൾ ആശ്വാസവുമായി എത്തുകയാണ്. വാസ്തുദോഷമാണ് അതിജീവനം ദുഷ്ക്കരമാക്കുന്നത് എന്ന് വിശ്വസിച്ചു പോകുന്നത് ഇത്തരം പശ്ചാത്തലങ്ങളിലാണ്. സ്വജീവിതം മെച്ചപ്പെടാൻ നരബലിയാണ് പോം വഴി എന്ന് ചിന്തിച്ചു പോകുന്നതും. ഇലന്തൂരിലെ നരബലി മതാത്മകതയിൽ നിന്ന് പുറത്തു കടന്നതാണ്. അതിനു പ്രേരിപ്പിച്ച ആൾ ഒരു മുസ്ളീമും (ഇയാൾ വിശ്വാസി ആയിക്കൊള്ളണമെന്നില്ല, പണത്തിനു വേണ്ടി ചെയ്തതായിരിക്കും) ചെയ്തത് രണ്ട് ഹിന്ദുക്കളും കൊലചെയ്യപ്പെട്ട ഒരു സ്ത്രീ ക്രിസ്ത്യാനിയും ആയിരുന്നു. സമൂഹത്തിൽ ഉന്നതി നേടാൻ ഇത്തരം മർഗ്ഗങ്ങൾ സ്വീകരിക്കുന്നവരുടെ തലച്ചോറിടങ്ങൾ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും പ്രിഫ്രൊണ്ടൽ കോർടെക്സും പി എ ജി ബന്ധപ്പെടുന്ന ഇടങ്ങളും. 

ആഗോളഭീതികൾ ഏൽപ്പിക്കുന്ന ആഘാതങ്ങൾ മനുഷ്യനെ പ്രാക്തനവിശ്വാസങ്ങളിൽ അകപ്പെടുത്തി നിറുത്താൻ പര്യപ്തമാകുന്നതുമാണ്.  കോവിഡ് കഴിഞ്ഞ ശേഷവും അതിൻ്റെ ദുരന്തപ്രത്യാഘാതങ്ങളിൽ നിന്ന് വിമുക്തമാകുന്നതിനു മുൻപ് തന്നെ റഷ്യ ഉക്രൈനിനെ ആക്രമിക്കുന്നു, യുദ്ധം എന്ന അനാവശ്യത്തിൻ്റെ ഭീതിയുടെ നിഴലിൽ മനുഷ്യമനസ്സ് സ്വാസ്ഥ്യത്തിനും ആശ്രയത്തിനും ഉഴലേണ്ടി വരുന്നു. മതാത്മകതയുടെ സംഘർഷങ്ങൾ, പലപ്പോഴും ഭരണകൂടത്തിൻ്റെ അനുവാദത്തോടെ പ്രാവർത്തികമാകുന്നത്  ദുസ്സഹമാകുന്നു. സമൂഹനീതികൾ രക്ഷയ്ക്കെത്തുന്നില്ല എന്ന തോന്നൽ രൂഢമൂലമാകുന്നതോടെ യുക്തിചിന്തയ്ക്കപ്പുറമുള്ള അന്ധവിശ്വാസങ്ങൾ ഉത്തരവുമായെത്തും എന്ന് വൃഥാ പ്രതീക്ഷിക്കുന്നു.

 

 

 

 

 

 

1 comment:

Anonymous said...

തലച്ചോർ dissect ചെയ്തു കണ്ടെത്താനാകാത്ത ഇടമാണിത്.damage വരുത്തി പരീക്ഷണം നടത്താനുമാകില്ല. നീതി ന്യായ വ്യവസ്ഥ തനിക്കഭയമേകില്ല എന്നു ബോധ്യമാകുമ്പോൾ 'അവനു ദൈവം കൊടുത്തു കൊള്ളും'എന്നല്ലേ ആശ്വസിക്കാനാകൂ..