Thursday, May 4, 2017

റ്റി എം കൃഷ്ണയുടെ പൊറമ്പോക്ക് ഇടപെടലുകൾ

          
 പൊറമ്പോക്കിലെ റ്റി എം കൃഷ്ണ


       വെല്ലുവിളികൾ ഉയർത്തുന്നത് പുതുമയൊന്നുമല്ല റ്റി എം കൃഷ്ണയ്ക്ക്. മദ്രാസിലെ കർണാടകസംഗീത സമൂഹത്തിലെ അപചയങ്ങൾ വലിച്ചു പുറത്താക്കി കലഹിക്കുന്നത് ധിക്കാരിയുടെ ലക്ഷണമായി എതിർവിചാരക്കാർ കരുതുന്നത് അദ്ദേഹത്തെ ശക്തനാക്കിയിട്ടേ ഉള്ളു. പ്രൊഫഷണൽ രംഗത്തെ പരാജയമാണ്, നിപുണസംഗീതജ്ഞൻ ആകാൻ പറ്റാത്തതിന്റെ ചൊരുക്കാണ് ഈ ധിക്കാരപ്പെരുമാറ്റത്തിന്റെ പിന്നിൽ എന്നൊക്കെ സ്ഥാപിതതാൽ‌പ്പര്യക്കാർ ആരോപിക്കുമ്പോൾ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് കാണപ്പെടുന്ന തിരക്കു തന്നെ മറുപടി. സംഗീതവ്യുൽ‌പ്പത്തിയുടെ ഉൽകൃഷ്ടതാസന്ദേഹമോ കച്ചേരിയുടെ ജനസമ്മതിയോ ഒന്നും അല്ല തന്റെ ഒറ്റയാൾപട്ടാളധ്വംസനത്തിനു കാരണം എന്ന് കൃഷ്ണ തെളിയിച്ചിരിക്കയാണ് അദ്ദേഹത്തിന്റെ “പൊറമ്പോക്ക്” വീഡിയോ ആൽബത്തിലൂടെ.  ‘കല സുഖസ്ഥലികൾക്കപ്പുറം‘ ( Art outside comfort zones)
 എന്ന പ്രചാരവക്യത്തിൽ വിശ്വസിക്കുന്ന ആളാണ്, ഇതിൽ കപടോപായത്തിന്റെ ലാഞ്ഛന ഇല്ല.

    . പരിസ്ഥിതിയുടെ വിനാശവും സ്മതുലിതാവസ്ഥാഭഞ്ജനവുമാണ് ഇന്ന് അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നത്. അത് കൃത്യമായി വെളിവാക്കപ്പെടുകയാണ് സന്ദേശം പരത്തുന്ന ഈ ആൽബത്തിലൂടെ. ഉപയുക്തമാക്കിയിരിക്കുന്നതോ തന്റെ തൊഴിലായ ശാസ്ത്രീയസംഗീതം പാടൽ. അതുതന്നെയാണ് സന്ദേശത്തിന്റെ ആർജ്ജവമൂല്യവും. ഇതൊരു പുതുമയാണ്. തന്റെ മുൻകാല വിപ്ലവോക്തിയ്ക്ക് സാധൂകരണവും. ഉദാത്തമായ കർണാടകസംഗീതം തന്നെ നികൃഷ്ഠഭൂമിയിൽ അലയുമ്പോൾ ആ വിരോധാഭാസം ശ്രദ്ധിക്കപ്പെടുക ഒരു ഉദ്ദേശമാണ്.

      കർണ്ണാടകസംഗീതം ഭക്തിയുടെ അംശം കലർത്തി മാത്രമേ  പ്രദാന-വ്യാഖ്യാനങ്ങൾ ചെയ്യപ്പെടാവൂ എന്നൊരു കടുംപിടിത്തം ഏറേ നാളായി നിലനിന്നുപോരുന്നതാണ്. കച്ചേരി പദ്ധതി രൂപപ്പെട്ടു വന്നപ്പോൾ ഇതിൽ തിരിമറിവുകൾ വന്നുവെങ്കിലും  അനുവാചകരും ഈ വാശിയിൽ സായൂജ്യം കൊള്ളാൻ വെമ്പുന്നവരാകയാൽ സമൂലമായൊരു മാറ്റത്തിനുള്ള സാദ്ധ്യത അപൂർവ്വമായി ഭവിച്ചു, പദങ്ങളും ജാവളികളും തില്ലാനയും ഇതിൽ സ്വൽ‌പ്പം മായം കലർത്തിയെങ്കിലും. ഹിന്ദുസ്ഥാനി സംഗീതം ഈ കെട്ടുപാടുകളൊന്നുമില്ലാതെ റൊമാന്റിക് ഭാവവുമായി പടർന്ന് പന്തലിച്ചതൊന്നും കർണ്ണാടകസംഗീതവളർച്ചയെ മുരടിപ്പിക്കുന്ന സ്വഭാവവും കൈവച്ചു നടന്നവർ അറിഞ്ഞില്ല, അല്ലെങ്കിൽ അങ്ങനെ നടിച്ചു. ഇവിടെയാ‍ണ് കൃഷ്ണയുടെ വീഡിയോ ആൽബത്തിന്റെ  വിപ്ലവവീര്യമൂല്യാങ്കനം കുറിക്കപ്പെടുന്നത്. കർണ്ണാടകസംഗീത്തെ അതിന്റെ എല്ലാ തനിമയോടും കൂടി ചെന്നൈയിലെ പൊറമ്പോക്കിൽ, ഭീതിദമായ പരിസ്ഥിതിവിനാശത്തിന്റെ ഇടത്തിൽ പ്രതിഷ്ഠിച്ചിരിക്കയാണ്. ആ സംഗീതരീതി എന്ത് അനുഭവതലം –ഭക്തിയോ ശൃംഗാരമോ –ദ്യോതിപ്പിക്കാനുദ്ദേശിച്ചിരുന്നുവോ അതിനു നേർ വിപരീതം.

  എന്നൂരിലെ പരിസ്ഥിതിനാശമാണ് ഗായകന്റെ ആകുലത. ഇത് വ്യാപകമായ ഒരു പ്രശ്നത്തിന്റെ ഭാഗം മാത്രം. “എന്നൂരിനെ തേച്ച് മുടിച്ച് ഉന്നൂരിലേ വരുവാർ..” എന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്. അതിരുകടന്ന വ്യവസായിക വിപ്ലവത്തിന്റെ വിപരീത ഫലം മാത്രമല്ല കോൺക്രീറ്റ് കെട്ടിടങ്ങൾ ജലാശയങ്ങളേയും അരുവികളേയും ഇല്ലാതാക്കിയ പ്രദേശവുമാണത്.. വ്യവസായപുരോഗതി സമ്മാനിച്ച തന്ത്രങ്ങളാലാണ് ഇന്നത്തെ ജീവിതചര്യകൾ  നിഷ്പ്പാദിതമാകുന്നതെങ്കിലും- ഈ വീഡിയോ ആൽബം തന്നെ ടെക്നോളജിയുടെ സംഭാവനയാണ്-മൃദുലവും കോമളവും ആയ പരിസ്ഥിതിയെ ഉന്മൂലനം ചെയ്തുകൊണ്ട് ജീവജാലങ്ങൾക്ക് ഭവിഷ്യത് കാലം നിർമ്മിക്കാൻ വയ്യ.      ‘പൊറമ്പോക്ക് ഊരുക്ക്, പൊറമ്പോക്ക് ഭൂമിക്ക്’“ എന്നണ് പ്രമാണം. അത് എനിക്കോ നിനക്കോ വേണ്ടി മാത്രമുള്ളതല്ല. എന്നാൽ എന്റേയും നിന്റേയും ഉത്തരവാദിത്തവുമാണത്. ഭൂമിയിലും ജന്തുജാലങ്ങളിലും ഒരേ സമയം കുടികൊള്ളുന്ന ഇടമാണ് പൊറമ്പോക്ക്. അതിനു  വസ്തുതാപരവും കാൽ‌പ്പനികവും ആയ സ്വരൂപങ്ങളാണ് നിശ്ചയിക്കപ്പെടുന്നത്, സമവർത്തിയായി.

      പഴയ പാട്ടിന്റെ ചൂരു മണക്കുന്നുണ്ട് ആസകലം. വരികൾ കബേർ വാസുകിയുടേതാണ്, സംഗീതം ആർ കെ ശ്രീരാംകുമാറിന്റേതും.  രതീന്ദ്രൻ പ്രസാദ് സംവിധാനം ചെയ്തതാണ് ദൃശ്യങ്ങളും അവതരണവും.   ഭാരതിയാർ രീതിയിലാണ് എഴുത്ത്. നമ്മോട് നേരിട്ടു സംവദിക്കുന്ന കൽ‌പ്പനാവിശേഷം. ഭാരതിയാർ ചോരചിന്താൻ വരെ തയാറാണെന്ന് തെര്യപ്പെടുത്തിയെങ്കിൽ  (“ഉൻ കണ്ണിൽ നീർ വഴിന്താൽ എൻ നെഞ്ചിൽ ഉതിരം കുറ്റ്രുതെടീ”)  ഇവിടെ നിശിതവും രൂക്ഷവും ആയ ചോദ്യങ്ങളാണ്, വൻ വിപത്തുകൾ മുൻപിൽ കാണിച്ചു തരികയാണ്.  പക്ഷേ ചെറിയ വരികൾ, വാക്കുകൾ ഒക്കെ ഉപയോഗിച്ചാണ് അവ വെളിവാക്കപ്പെടുന്നത്. ‘പൊറമ്പോക്ക് എനക്ക് ഇല്ല പൊറമ്പോക്ക് ഉനക്ക് ഇല്ല‘ എന്ന മട്ടിൽ.  വളർച്ചൈ വേലൈ വായ്പ് എല്ലാം വെട്ടിത്താക്ക് (ഒഴികഴിവ്) ആണ്, എല്ലാവരുടേയ്മായ സുന്ദര ഇടം കവർന്നെടുക്കപ്പെടുകയാണ്.  ദാർശനിക തലം പ്രത്യക്ഷവും അപ്രത്യക്ഷവുമായി വിളങ്ങുന്നുണ്ട്. പൊറമ്പോക്ക് സ്ഥലമോ വ്യക്തിയോ ആയിരിക്കാം.  സമുദായത്തിന്റെ പൊതുസ്വത്ത്, എല്ലാവരും പങ്കിടേണ്ടത് ആണ് പൊറമ്പോക്ക്.. എന്നാൽ ആരാണ് പൊറമ്പോക്ക് എവിടെയാണു പൊറമ്പോക്ക് എന്ന ചോദ്യം പലപ്പൊഴും സംഗതമായി പ്രത്യക്ഷപ്പെടുന്നു. നമ്മളിലെല്ലാം പൊറമ്പോക്ക് ഉണ്ട്. നമ്മൾ തന്നെ പൊറമ്പോക്ക് ആയിത്തീരും ചിലപ്പോൾ. മാനവീകരണം (anthropomorphism) ഭാവനയിൽ നിറച്ചാലേ പ്രത്യാഘാതത്തിന്റെ രൂക്ഷതയും കാഠിന്യവും ഉള്ളിൽ തട്ടൂ.                 എങ്ങനെയാണ് സാക്ഷാത്തും മാതൃകാനുസാരവുമായ വിവക്ഷ പൊറമ്പോക്ക് എന്ന വാക്കിനു –അത് ഒരു ഇടത്തേയോ വ്യക്തിയേയോ സൂചിപ്പിക്കാൻ ഉപയോഗിക്കപ്പെടുന്നത് ആയാലും-കൽ‌പ്പിച്ചരുളിയിരുന്നത് അധമവികൽ‌പ്പം പേറുന്നതും നിന്ദിതവും ഹീനവുമായി മാറിയന്നത് ക്രൂരമായ കയ്യേറ്റത്തിന്റെ ദൃഷ്ടാന്തം തന്നെ. ഭൂമിയെ അപമാനിതവും നീചവും ആയി വ്യാഖ്യാനിക്കുന്നത് നമ്മുടെ ഹൃദയത്തേയും ആ സമവൃത്തിയിൽ എത്തിയ്ക്കുന്ന ഏർപ്പാടാണ്. ഞാൻ വെറും പൊറമ്പോക്കായിരിക്കുന്നു നീയും പൊറമ്പോക്ക് ആയി- റ്റി എം കൃഷ്ണയ്ക്ക് ആശങ്കകളും ആവലാതികളും ഏറെയുണ്ട്.

     രാഗമാലികയിലാണ് ചിട്ടപ്പെടുത്തൽ, കച്ചേരിയുടെ ചിട്ടവട്ടങ്ങൾ പരിപാലിയ്ക്കുന്നുമുണ്ട്. ആനന്ദഭൈരവിയിൽ തുടങ്ങി സിന്ധുഭൈരവിൽ അവസാനിക്കുന്നു. ഇടയ്ക്ക് ബേഗഡ, ഹമീർ കല്യാണി, ദേവഗാന്ധാ‍രി, സാലഗ ഭൈരവി ഒക്കെ നിബന്ധിച്ചിട്ടുണ്ട്.  രാഗങ്ങളുടെ വ്യതിയാനം എളുപ്പമാക്കാനും ഉറപ്പിക്കാനും അതത് രാഗസ്വരങ്ങൾ പാടുന്നുണ്ട്, സാധാരണ രാഗമാലികകളുടെ അവതരണാനുസാരിയായി. ഇടയ്ക്ക് പല്ലവിയുടെ ആവർത്തനം വർജ്ജിച്ചിരിക്കുന്നു.  തുടക്കം സൌമ്യമായാണ്, ആനന്ദഭൈരവിയിൽ. സമാപ്തി രൂക്ഷതയോടെയാണ്, സിന്ധുഭൈരവിയുടെ ഊർജ്ജസ്വലത ലയിപ്പിച്ച്.  “നദികൾ ചുറ്റ്രിതാൻ നഗരം വളർന്തത്   ”   എന്ന ഭാഗം സുന്ദര മെലഡിയ്ക്ക് അനുയോജ്യമായ ഹമീർ കല്യാണിയിലാണ്. പരമമായ സത്യം സിന്ധുഭൈരവിയിലൂടെ ആണ് ഉണർന്നുയരുന്നത്.  ഉച്ചസ്ഥായിയിൽ ബലപൂർവ്വകമായി ചോദ്യം മുഖത്തെറിയാനും നിസ്സഹായത ദ്യ്യോതിപ്പിക്കാനും ഏറ്റവും ഉചിതമായത് സിന്ധുഭൈരവി  തന്നെ. ഞാൻ പൊറമ്പോക്കാണ്, നീയും അല്ലേ എന്ന ദീനവിലാപം ഈ രാഗത്തിൽ നഷ്ടസ്ഥലികളിൽ പ്രകമ്പനം കൊള്ളുമ്പോൾ, പുകക്കുഴലുകൾക്കു മുൻപിൽ, മലിനജലം ചീറിയൊഴുകുന്ന പൈപിനടുത്ത്, പ്രകൃതിയെ ലാക്കാക്കി പാടുന്ന ദൃശ്യത്തോടേ വീഡിയോ അവസാനിക്കുന്നു.   ഒരു ആഹ്വാന ഗാനത്തിൽ, പരിസ്ഥിതി ഉണർവ്വുണ്ടാക്കാൻ ഉള്ള ഒരു പാട്ടിൽ, ഈ ആവിഷ്ക്കാരം വിപ്ലവാത്മകം തന്നെ.

      ദൃശ്യങ്ങൾ കറുത്തതോ സെപിയ ടോണിലോ ആണ് രൂപകൽ‌പ്പന ചെയ്യപ്പെട്ടിട്ടുള്ളത്. സീനുകൾക്ക് നൈരന്തര്യം പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു. പല ഫ്രെയുമുകളും ഇന്റെർകട്ട് ചെയ്ത് ചേർത്തിരിക്കുന്നത് കാഠിന്യവും അസഹനീയതയും മനസ്സിൽ പറ്റാനാണ്.  ഭീതിദമായ പരിസ്ഥിതിനാശം ദ്യോതിപ്പിക്കൻ വൈഡ് ആൻഗിളുകൾ ധാരാളം. വിരസമായി നീണ്ടുപോകുന്ന പൈപ് ലൈനുകളിന്മേൽ ഇരിയ്ക്കുന്ന വയലിൻ വാദകനെ പ്രത്യക്ഷമാക്കിയും പുക വമിയ്ക്കുന്ന ഫാക്റ്ററിക്കുഴലുകൾ പശ്ചാത്തലത്തിലാക്കി മൃദംഗം വായിക്കുന്ന ഷോട്ടുകൾ ചിതറിച്ചും വിരോധാഭാസം ചമയ്ക്കുന്നുണ്ട്. ദുർഗ്ഗന്ധവും വിഷവാതകങ്ങളും ഗായകനേയും മൃദംഗം- വയലിൻ- ഗഞ്ചിറ വായനക്കാരേയും മാസ്ക് ധരിക്കാൻ പ്രേരിപ്പിച്ചിരിക്കുന്നു. വെറും വീഞ്ഞപ്പെട്ടി മേലാണ് ഇരിപ്പ്. അസ്വസ്ഥമാക്കുന്ന, തീവ്രവിഷാദം ഉളവാക്കുന്ന ദൃശ്യങ്ങൾ. അവിടെ പാട്ടിനു എന്തു പ്രസക്തി അവിടെ ശാസ്ത്രീയസംഗീതത്തിനു എന്ത് പ്രസക്തി ചോദ്യം സാർവ്വലൌകികമാണ്. കറുത്തവാനവും  ഫാകറ്ററിയിലെ ചാരം നിറഞ്ഞ മണ്ണും ദൂഷിതമായ വെള്ളവും കർണ്ണാടകസംഗീതത്തിന്റെ നഗരിയിൽ അത് പാടപ്പെടുന്നതിന്റെ പശ്ചാത്തലമാകുന്നത് പൊറുക്കാവതല്ല. അങ്ങോട്ട് വാദ്യങ്ങൾ ഉൾപ്പെടെ പറിച്ച് നട്ട് വലിയ ഐറണി സൃഷ്ടിച്ചിരിക്കയാണ്. അപ്പോ നീയും നാനും എന്ന കണക്ക്  എന്നാണു ചോദ്യം. പരസ്പരവൈരുദ്ധ്യവും വിരോധാഭാസവും നേർ രേഖയിൽ കൊണ്ടുവന്നിരിക്കയാണ്.

    പൊറമ്പോക്ക് വീഡിയോ  സമർത്ഥിക്കുന്നത് പലതാണ്. കർണ്ണാടകസംഗീതം  അതിന്റെ എല്ലാ തനിമയോടും കൂടി  വിപ്ലവസന്ദേശങ്ങൾ എമ്പാടും തൂകാൻ എളുപ്പം ഉപയുക്തമാക്കപ്പെടാം. അലങ്കരിച്ച രംഗമണ്ഡപത്തിൽ നിന്നിറക്കി, ലോഹവിഗ്രഹസാമീപ്യത്തിൽ നിന്നും ജീവവിഗ്രഹങ്ങളിൽ നിന്നും അടർത്തിയെടുത്താൽ അതിസാധാരണമാകും, സംവേദനപ്രാപ്തി നേടും.  ഭക്തി, ശൃംഗാരം മുതലയ സ്ഥിരഭാവങ്ങളിൽ നിന്നും അഴിഞ്ഞുവന്ന് തീവ്രതയും ഉത്ക്കടതയും സമ്മേളിപ്പിക്കാൻ പ്രയാസമുള്ളതല്ലെന്നുള്ളതിന്റെ തെളിവ്. ശാസ്ത്രീയസംഗീതം അവതരിപ്പിക്കാൻ പൊറമ്പോക്ക് ഭൂമി, അതും അത്യന്തം മനോവിഷമം ഉളവാക്കുന്നതാണെങ്കിലും  ഭാവാനുസൃതമായി അതിനുള്ള ഒരു ഇടം ആണ്.  നേരത്തെ തന്നെ കടൽത്തീരത്ത് ദളിതരോടൊപ്പം പാട്ടു പാടി കൃഷ്ണ ഈ വിപരീത സ്ഥാനാന്തരണത്തിനു  തുടക്കം കുറിച്ചിരുന്നു.  പലപ്പോഴും ക്ലാസിക്കൽ കലകൾ അനുഭവഭേദ്യമാകുന്നതിനു ക്ലിഷ്ടതകൾ വന്നുചേരുന്നത് അവതരണപശ്ചാത്തലം  ഉത്തരവാദി ആകുന്നതുകൊണ്ടായിരിക്കാം. നശിപ്പിച്ചിട്ട പ്രകൃതി ശാസ്ത്രീയസംഗീതത്തിനു പൃഷ്ഠഭൂമിക ചമയ്ക്കുമ്പോൾ  അതിനു ഒട്ടും ചേരുന്നതല്ല എന്ന അനുഭവം തീവ്രമായ അസ്വസ്ഥത ഉളവാക്കാൻ പോന്നതാണ്, ആ അസ്വസ്ഥത ഉദ്ദേശിച്ചതുമാണ്.

വീഡിയോ ഇവിടെ, യു ട്യൂബിൽ കാണാം, കേൾക്കാം:
https://www.youtube.com/watch?v=82jFyeV5AHM