ശ്രേഷ്ഠവും ഗുണപൂർണ്ണവുമായ വിദ്യാഭ്യാസം സാർവ്വലൗകികമായി പ്രാപ്യമാക്കുന്നതാണ് ഇൻഡ്യയുടെ നിരന്തരമായ ഉയർച്ചയ്ക്കും, സാമ്പത്തികവളർച്ചയെ സംബന്ധിച്ചിടത്തോളം ആഗോളപരമായി നേതൃത്വത്തിലെത്താനും, സാമൂഹികനീതിയും സമത്വവും ശാസ്ത്രപുരോഗതി സാധിച്ചെടുക്കാനും ഉള്ള ഒരേ ഒരു താക്കോൽ എന്ന് പ്രസ്താവിച്ചുകൊണ്ടാണ് ദേശീയ വിദ്യാഭ്യാസപദ്ധതി ആരംഭിക്കുന്നത്. സാർവ്വദേശികമായ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസമാണ് വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനു തന്നെയും അഭിവൃദ്ധിയും ഔന്നത്യവും സംഭാവനചെയുന്നതെന്നും പ്രഖ്യാപിക്കുന്നുമുണ്ട് ആമുഖത്തിൽത്തന്നെ. ഇരുപത്തി ഒന്നാം നൂറ്റാണ്ടിൻ്റെ ആവശ്യകതകൾക്കനുസരിച്ച് ഉൽകൃഷ്ടമായ ഉന്നതവിദ്യാഭ്യാസം സാക്ഷാത്ക്കരിക്കാൻ ശ്രമിക്കേണ്ടത് ചിന്താശീലമുള്ള, സർഗ്ഗാത്മകത ഇയലുന്ന, മിതത്വപൂർണ്ണരായവരെ സൃഷ്ടിക്കാനായിരിക്കണം എന്നും കൃത്യമായി ധരിപ്പിക്കുന്നുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ഇതേ പദ്ധതിയുടെ തന്നെ പാഠപ്പുസ്തകങ്ങളിലെ ഉള്ളടക്കങ്ങളെക്കുറിച്ച് ആലോചിക്കേണ്ടത്. പരിണാമസംബന്ധിയായ എല്ലാ വിവരങ്ങളും 8,9 ക്ളാസുകളിലെ പുസ്ത്കങ്ങളിൽ നിന്ന് മാറ്റപ്പെട്ടിരിക്കയാണ്. മതപരമായ സ്ഥാപിതതാൽപ്പര്യങ്ങൾ കുട്ടികളിൽ രൂഢമൂലമാക്കാനുള്ള കുതന്ത്രത്തിൻ്റെ പ്രത്യക്ഷോദാഹരണം. ശാസ്ത്രത്തിനെതിരെയുള്ള ഒരു ആക്രമണം തന്നെ ഇത്. വിദ്യാഭ്യാസപദ്ധതി കാഴ്ച്ച വെയ്ക്കുന്ന ആശയങ്ങൾക്ക് കടക വിരുദ്ധവും.
പരിണാമത്തെപ്പറ്റിയോ അതിൻ്റെ
ഉള്ളടക്കത്തെപ്പറ്റിയോ, വിചിന്തനം ചെയ്ത് ഉരുത്തിരിച്ചെടുക്കുന്ന
ആശയങ്ങളെപ്പറ്റിയോ യാതൊരു അറിവുമില്ലാതെയാണ്
വിഡ്ഢിത്തമനസ്ഥിതിക്കാർ ഇത്തരം തീരുമാനങ്ങളെടുക്കുന്നത്. പരിണാമം എന്നാൽ
മനുഷ്യപരിണാമം എന്ന് മാത്രമേ ഈ അൽപ്പബുദ്ധികൾക്ക് മനസ്സിലായിട്ടുള്ളു എന്നതാണ്
സത്യം. മനുഷ്യർ കുരങ്ങിൽ നിന്ന്
പരിണമിച്ചു എന്നതിനു തെളിവൊന്നുമില്ലെന്നും ഒരിക്കലും അത് കണ്ടിട്ടില്ലെന്നും
പാശ്ചാത്യരാജ്യത്തു നിന്ന് ബിരുദവും എം ബി എ യും ഒക്കെ ലഭിച്ച ഒരു മന്ത്രിയാണ്
ഈയിടെ പ്രഖ്യാപിച്ചത്. അപ്പോൾ വിദ്യഭ്യാസ പോളിസി നിർമ്മാണത്തിൽ പങ്കുള്ളവർക്ക്
എത്രമാത്രം പ്രാഥമിക അറിവുണ്ടെന്ന് പരസ്യമായി തെളിയിക്കുന്നതായിരുന്നു ഈ
നിരുത്തരവാദപരമായ പരാമർശം..
പരിണാമം അക്കാദമിക വിചക്ഷണരക്ക് സംവാദത്തിനുള്ള സിദ്ധാന്തമല്ല. അത് ഇന്നത്തെ അതിജീവനതന്ത്രത്തിൻ്റെ ആധാരമാക്കപ്പെടുന്നതാണ്. കേവലം സിദ്ധാന്തം പോലുമല്ല അത്, തെളിയിക്കപ്പെട്ടതുമാണ്. പലേ ശാസ്ത്രങ്ങളുടെയും അടിസ്ഥാനതത്വവുമാണ് പരിണാമം. മനുഷ്യ പരിണാമം അതിൻ്റെ ഒരു ചെറിയ ഭാഗം മാത്രമേ ഉള്ളൂ. ജീവൻ്റെ ആവിർഭാവവും ജീവികൾ (സസ്യങ്ങളും ജന്തുക്കളും) എങ്ങനെ പരസ്പരം ബന്ധപ്പെട്ട്രിക്കുന്നു എന്നതും അവ നിർമ്മിച്ചെടുക്കുന്ന പരിതസ്ഥിതിയും എല്ലാം പരിണാമം ഇണക്കിയെടുക്കുന്നുണ്ട്. ഭൂമിയുടെ അന്തരീക്ഷം രൂപപ്പെട്ടതുതന്നെ സസ്യങ്ങൾ പരിണമിച്ചു വന്നപ്പോഴാണ്, അവ ഓക്സിജൻ പുറപ്പെടുവിച്ചപ്പോഴാണ്. അതനുസരിച്ചാണ് മറ്റ് പലേ ജീവികൾ ഉളവായത്. കാർബൻ ഡയോക്സൈഡ് ആവാഹിക്കുന്ന സസ്യങ്ങൾ ഭൂമിയിലെ കാർബണിൻ്റെ അളവ് കുറയ്ക്കുന്നതാണ്, കാർബൺ പാദമുദ്ര (carbon footprint)യുടെ സ്വാഭാവികനിയന്ത്രണത്തിൻ്റെ ആധാരം. അങ്ങനെ ഇത് ആഗോള താപനവുമായും ബന്ധപ്പെട്ടിരിക്കുന്നു.
വൈദ്യശാസ്ത്രം പുരോഗമിച്ചത്
തന്നെ പരിണാമത്തിൻ്റെ പ്രായോഗികവഴികൾ ആശ്രയിച്ചാണ്. പരിണാമചരിത്രം ആണ്
ആരോഗ്യപാലനത്തിൻ്റെ സൂചകങ്ങൾ നൽകുന്നത്. മ്യൂടേഷൻ എന്നത് പരിണാമത്തിൻ്റെ ആധാരമാണ്, പലേ
അസുഖങ്ങളും-ക്യാൻസർ ഉൾപ്പെടെ- ഇതു മൂലം വന്നു ഭവിക്കുന്നതാണ്. ഈ മ്യൂടേഷനുകളെ
നേരിടുന്നവയാണ് പലേ മരുന്നുകളും. വംശനാശം വന്ന മറ്റൊരു മനുഷ്യ സ്പീഷീസ് ആയ
നിയാൻഡർത്താൽ നമുക്ക് അതിജീവനപാഠങ്ങൾ
ഇന്ന് പ്രദാനം ചെയ്യുകയാണ്. നമ്മളിൽ കയറിക്കൂടിയ കുടലിലെ ബാക്റ്റീരിയകൾ ഇന്ന് നമ്മുടെ ഫിസിയോളജിയേയുംയും മസ്തിഷ്ക്ക പ്രവർത്തനങ്ങളേയും നിയന്ത്രിക്കുന്നു എന്നത് പരിണാമത്തിൻ്റെ സൂചകങ്ങളാണ്. തലച്ചോറാവട്ടെ ഇന്നും പരിണമിച്ചുകൊണ്ടിരിക്കയാണ്. വൈറസുകളുടെ ജീനുകൾ ഉപയോഗിച്ചാണ് സസ്തനികളിലെ മറുപിള്ള (പ്ളസെൻ്റ) പരിണമിച്ചു വന്നത്. കോവിഡ് വൈറസിൻ്റെ പരിണാമവും അതിൻ്റെ പ്രത്യാഘാതങ്ങളും നമ്മൾ നേരിൽ കണ്ട് അനുഭവിച്ചവരാണ്. പെട്ടെന്ന് പരിണമിച്ച ഈ വൈറസുകളെ നേരിട്ടത് പരിണാമത്തിൻ്റെ വഴികൾ നമ്മൾ നിർദ്ധാരണം ചെയ്ത് വെച്ചിട്ടുള്ളതിനാലാണ്. പരിണാമപാഠങ്ങൾ കുട്ടികൾ അവശ്യം അറിഞ്ഞിരിക്കേണ്ടതാണ്.
ഇത്തരം കാര്യങ്ങളെക്കുറിച്ച് തികച്ചും അജ്ഞരായവരാണ് ഭരണകൂടതലപ്പത്തുള്ളത് എന്നത് വിദ്യാഭ്യാസപുരോഗമനത്തെ കാംക്ഷിക്കുന്ന, പ്രായോഗികമാക്കാൻ ശ്രമിക്കുന്ന ഒരു രാജ്യത്തെ ആകെ പിന്നോട്ട് വലിയ്ക്കാൻ സാദ്ധ്യത ഉളവാക്കുന്നതാണ്. ഉന്നതവിദ്യാഭ്യാസം നേടിയവരും യൂണീവേഴ്സിറ്റി വൈസ് ചാൻസലർമാരിൽ പലരും പുരാണത്തിലെ ‘ശാസ്ത്രം’ യഥാർത്ഥ ശാസ്ത്രമാണെന്ന് വാശി പിടിക്കുന്നവരാണെന്ന് നാം അറിഞ്ഞിട്ടുള്ളതാണ്. ഇൻഡ്യൻ സയൻസ് കോൺഗ്രസ്സിൽ ആന്ധ്ര യൂണിവേഴ്സിറ്റി വൈസ് ചാൻസലർ മഹാഭാരതത്തിലെ കൗരവരുടെ ജനനം ആധുനികശാസ്ത്രസങ്കേതമായ ക്ളോണിങ്ങ് ഉപയോഗിച്ചാണെന്നും വിത്തുകോശങ്ങളെക്കുറിച്ച് (സ്റ്റെംസെൽസ്) ആയിരം കൊല്ലങ്ങൾക്ക് മുൻപ് അറിവുണ്ടെന്നും പ്രഖ്യാപിച്ച നാടാണിത്. പലേ ഐ ഐ റ്റികളും ഇത്തരം വിശ്വാസങ്ങളേന്തുന്ന വിദ്യാർത്ഥികളെക്കൊണ്ട് നിറയുന്നു, അവയുടെ ഔദ്യ്യോഗിക പ്രസിദ്ധീകരണങ്ങൾ പുരാണത്തെ അവലംബിച്ച പരമാബദ്ധങ്ങളാൽ നിറയുന്നു എന്നതും ദേശീയവിദ്യാഭ്യാസ നയങ്ങൾ പുതുക്കിയെടുക്കാൻ നിർദ്ദേശിക്കുന്നവർ കാണാതെ പോകുന്നു എന്നത് തദ് ഉദ്ദേശങ്ങളെ തകിടം മറിയ്ക്കാൻ പോന്നതുതന്നെയാണ്. വിദ്യാഭ്യാസ പദ്ധതി പ്രമാണത്തിൽ പലയിടത്തും ആർഷഭാരതസംസ്കാരവും ചരിത്രവും പഠിപ്പിച്ചെടുക്കേണ്ടതിൻ്റെ ആവശ്യകത നിഷ്ക്കർഷിക്കുന്നുണ്ട്. ഇത് പൊതുബോധത്തിൽപ്പെടുത്തേണ്ടതാണ്, സംശയമില്ല, പക്ഷേ സംസ്കൃത്ഗ്രന്ഥങ്ങൾ വഴി ഉദ്ബോധനം സാധിച്ചെടുക്കണമെന്ന് വാശി പിടിയ്ക്കുന്നുണ്ട് ചിലയിടങ്ങളിൽ. ബാണഭട്ടൻ്റെ കാദംബരി ഈ ഉദ്ബോധനപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നപോലുള്ള നിർദ്ദേശങ്ങൾ രാജ്യാന്തര യൂണിവേഴ്സിറ്റികളേയോ രാജ്യാന്തര വിദ്യാർത്ഥികളേയോ മാത്രമല്ല അമ്പരപ്പിക്കുന്നത്, വല്ലായ്മപ്പെടുത്തുന്നത്, ഉന്നതവിദ്യാഭ്യാസം തേടുന്ന ഇൻഡ്യൻ വിദ്യാർത്ഥികളെത്തന്നെ ആയിരിക്കും.
പക്ഷേ പാഠപ്പുസ്തകങ്ങളിൽ ഇത്തരം കാര്യങ്ങൾ നിബന്ധിക്കുന്നതോ ശാസ്ത്രസത്യങ്ങളും തത്വങ്ങളും ഒഴിവാക്കപ്പെടുന്നതോ ആത്മഹത്യാപരം തന്നെയാണ്. ഒരു ചെറിയകൂട്ടം ആൾക്കാരുടെ അജ്ഞതയും പിന്തിരിപ്പൻ ആലോചനാശീലങ്ങളും രാജ്യത്താകമാനം വിദ്യാർത്ഥികളെ ബാധിയ്ക്കുക എന്നത് ഒരു വിപത്തിൻ്റെ ലക്ഷണമായി കരുതേണ്ടതാണ്.
ദേശീയ
വിദ്യാഭ്യാസനയങ്ങൾക്ക് കടകവിരുദ്ധം
കരിക്കുലം പരമാവധി എല്ലാം അടങ്ങിയതാക്കുക (“Make curriculum more inclusive”) എന്ന് പ്രഖ്യാപിക്കുന്നുണ്ട് ദേശീയവിദ്യാഭ്യാസനയത്തിൽ. രാജ്യാന്തരവിദ്യാർത്ഥികളെ ഇൻഡ്യയിലേക്ക് ആകർഷിക്കാൻ സമൂലവും സമഗ്രവും വിശാലവും ആധുനികവും ആയ പാഠ്യപദ്ധതികൾ വിദ്യാഭ്യാസ സ്ഥപനങ്ങളുടെ മുഖമുദ്ര ആയിരിക്കും എന്ന് ഉറപ്പിച്ച് സ്ഥാപിക്കപ്പെടുന്നുമുണ്ട്. എന്നാൽ NCERT പുസ്തകങ്ങൾ സ്ഥാപിതതാൽപ്പര്യങ്ങളുടെ വികലാക്ഷരങ്ങളിൽ എഴുതപ്പെട്ടതാണ്. ഇൻഡ്യാ ചരിത്രത്തിൽ നിന്ന് ഭാഗങ്ങങ്ങൾ ഒഴിവാക്കുകയോ അസത്യങ്ങൾ ചേർക്കുകയോ ചെയ്തിട്ടുണ്ട്. സി ബി എസ് ഇ സിലബസ് പിന്തുടരുന്ന എല്ലാ സ്കൂളുകളും ഈ പുസ്തകമാണ് നിർബ്ബന്ധമായും പഠിക്കേണ്ടത്. വിദ്യാഭ്യാസപദ്ധതി പ്രത്യേകം നിർദ്ദേശിക്കുന്നുണ്ട് NCERT പുസ്തകങ്ങൾ ഉപയോഗിക്കപ്പെടണമെന്ന്. ഇൻഡ്യ ആകപ്പാടെ ഈ പുസ്തകങ്ങൾ മാത്രം ഉപയോഗിക്കുക എന്നത് ഒരു ജനതയെ മുഴുവൻ ഫാസിസ്റ്റ് തന്ത്രങ്ങളിൽ ഒതുക്കി നിറുത്തുന്നതിന്യ് തുല്യമാണ്. ‘ഭാരതീയ ശിക്ഷാ നീതി ആയോഗ്’ പാഠപ്പുസ്തകങ്ങൾ ‘ഭാരതീയവൽക്കരണം’ നടത്തി പുതുക്കി എടുക്കുമെന്ന് പണ്ടേ തീരുമാനം എടുത്തതാണ്. അതിൻ്റെ തലപ്പത്തിരുന്ന ദീനനാഥ് ബത്ര വെൻഡി ഡോണിഗറുടെ The Hindus- An Alternative History ‘ എന്ന പുസ്തകം നിരോധിച്ചു, എ. കെ രാമാനുജൻ്റെ ‘മുന്നൂറ് രാമായണങ്ങൾ’ ഡെൽ ഹി യൂണിവേഴ്സിറ്റി സിലബസ്സിൽ നിന്ന് ഒഴിവാക്കാൻ സമ്മർദ്ദം ചെലുത്തിയിരുന്നു ഇദ്ദേഹവും കൂട്ടരും. പരമമായ അറിവ് നിർമ്മിച്ചെടുക്കുന്നതു ഗവേഷണത്തിനും സമൂഹത്തിൻ്റെ ഉന്നമനത്തിനും സാമ്പത്തികാഭിവൃത്തിയ്ക്കും അത്യാവശ്യമാണെന്നും മറ്റ് രാജ്യങ്ങൾ ഇങ്ങനെ അഭിവൃത്തി പ്രാപിച്ചെന്നുമൊക്കെ വിസ്തരിക്കുന്നുണ്ട് ദേശീയ വിദ്യഭ്യാസ് പദ്ധതിയിൽ. (“17.1 Knowledge creation and research are critical in growing and sustaining a large and vibrant economy, uplifting society, and continuously inspiring a nation to achieve even greater heights. Indeed, some of the most prosperous civilizations (such as India, Mesopotamia, Egypt, and Greece) to the modern era (such as the United States, Germany, Israel, South Korea, and Japan), were/are strong knowledge societies that attained intellectual and material wealth in large part through celebrated and fundamental contributions to new knowledge in the realm of science as well as art, language, and culture that enhanced and uplifted not only their own civilizations but others around the globe.”)
ശാസ്ത്രത്തിലും കലകളിലും പുതിയ അറിവുകൾ കൊണ്ടു വരുന്നതിൻ്റെ ഗുണഗണങ്ങൾ ഊന്നിപ്പറയുന്നുമുണ്ട്. പക്ഷേ ഇടുങ്ങിയ ചിന്താഗതിയും ചരിത്രം മാറ്റിയെഴുതലും ശാസ്ത്രനിരാകരണവും ഒരു വശത്ത് തീവ്രമായി പരിപാലിക്കപ്പെടുമ്പോൾ അന്യരാജ്യ വിദ്യാർത്ഥികൾ ഇവിടെ വരുമെന്നും നമ്മുടെ വിദ്യാർത്ഥികൾ അന്യരാജ്യത്ത് ചെന്ന് വിജയശ്രീലാളിതരാകും എന്നൊക്കെ ഉറക്കെ പ്രഖ്യാപിക്കുന്നതിലെ മണ്ടത്തരം എളുപ്പം കണ്ടു പിടിയ്ക്കാവുന്നതാണ്.
വെൻഡി ഡോണിഗറുടെ ചരിത്രപഠന പുസ്തകം നിരോധിക്കപ്പെട്ട നാട്ടിൽ സ്വതന്ത്ര ചിന്തയും ഗവേഷണാത്മകതയും പരിപോഷിക്കപ്പെടുന്നതോ വിദ്യാർത്ഥികളുടെ ചിന്താശീലങ്ങളെ വളർത്തുന്നതോ ആയ പദ്ധതികൾ എങ്ങനെ പുഷ്ക്കലമാകുമെന്നത് ഇന്നത്തെ ചോദ്യമാണ്. പരിണാമം ഒഴിവാക്കുന്നത് ശാസ്ത്രത്തിൻ്റെ ഒരു വൻ മേഖല തന്നെ ഇല്ല എന്ന് വിദ്യാർത്ഥികളെ ബോദ്ധ്യപ്പെടുത്തുകയാണ്. ഗവണ്മെൻ്റ് തന്നെ പലരുടേയും വായടച്ചം പുസ്തകങ്ങൾ മാറ്റി എഴുതിച്ചും പുസ്തകങ്ങൾ നിരോധിച്ചും ചരിത്രത്തേയും കലയേയും അക്കഡെമിക് താൽപ്പര്യങ്ങളേയും ഹിംസിക്കുമ്പോൾ വിദ്യാഭ്യാസ പദ്ധതി വിഭാവനം ചെയ്യുന്ന ഉടോപ്യ എങ്ങനെ സംഭവിക്കാനാണ്? ഭാരതത്തിൻ്റെ പൗരാണീകത ചരിത്രകുതുകികൾക്ക് താൽപ്പര്യവിഷയമായേക്കാം ആഗോളപരമായി, പക്ഷേ മറ്റ് രാജ്യങ്ങൾ ഇതിൽ ശ്രദ്ധിക്കേണ്ടതില്ല. നമ്മുടെ വിദ്യാർത്ഥികൾക്ക് അപകർഷതാബോധമുണ്ടാക്കാനേ ഇത് വഴി വെയ്ക്കൂ എന്നത് നിശ്ചയമാണ്. .
കുട്ടികളുടെ
ഭാവി
വിദ്യാർത്ഥികളുടെ ഭാവി മാറ്റിമറിക്കാനും വഴിതെളിയ്ക്കുകയാണ് ശാസ്ത്രത്തിന്മേലുള്ള ഈ കൈകടത്തൽ. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് തുടർന്ന് പഠിയ്ക്കാത്തവർ മനുഷ്യപരിണാമത്തെപ്പറ്റി മാത്രമല്ല, ജീവജാലങ്ങൾ തമ്മിലുള്ളതും പ്രകൃതിയുമായുള്ളതുമായ സങ്കീർണ്ണ ബന്ധങ്ങളെയും കൊടുക്കൽവാങ്ങൽ പ്രക്രിയകളെപ്പറ്റിയും അറിയുന്നതേ ഇല്ല, അല്ലെങ്കിൽ അങ്ങിനെയൊന്ന് ഇല്ലാ എന്ന് തീർച്ചയാക്കുന്നവരായിരിക്കും. ഇന്ന് ജനസംഖ്യയിൽ ഒരു വൻ ഭാഗമാണ് കോളേജ് വിദ്യാഭ്യാസം ലഭിയ്ക്കാത്തവർ. കോളേജിൽ എത്തുന്നവർക്ക് പരിണാമം പഠിക്കാനോ അറിയാനോ അവസരങ്ങൾ കിട്ടിയേക്കാം.
ദേശീയവിദ്യാഭ്യാസ പദ്ധതിയിൽ ലോകത്തെ മറ്റ് ഏത്
വിദ്യാർത്ഥിയോടും കിടപിടിക്കത്തക്ക ധിഷണാശക്തിയും അറിവും ഉള്ള കുട്ടികളെ
ആയിരിക്കും ഇൻഡ്യ നിർമ്മിച്ചെടുക്കുന്നത് എന്നത് പലടത്തായി കൃത്യതയോടെ
സൂചിപ്പിച്ചിട്ടുണ്ട്. വികലമായ ചരിത്രം പഠിച്ചവർ,
ന്യൂനീകരിക്കപ്പെട്ട ശാസ്ത്രം പഠിച്ചവർ ഇത് എങ്ങനെ സാധിച്ചെടുക്കും എന്ന്
വിദ്യാഭ്യാസപദ്ധതി മെനഞ്ഞെടുത്തവർ ആലോചിച്ചില്ല എന്നത് അക്ഷന്തവ്യമായ തെറ്റു
തന്നെയാണ്. പരിണാമം പഠിയ്ക്കാത്തവർ ,അതിൽ
വിശ്വാസമില്ലാത്തവർ എങ്ങനെ ശാസ്ത്രജ്ഞരാകും? എങ്ങനെ നല്ല ഡോക്റ്റർമാർ ആകും? എങ്ങനെ
വിശാലവീക്ഷണവും ശാസ്ത്രമനോഭാവ ( scientific temper) വും
ഉള്ളവരാകും?
കോളേജ് ഘട്ടത്തിൽ കുട്ടികൾ ഏതായാലും പരിണാമം പഠിയ്ക്കുമെങ്കിലും തങ്ങളുടെ
വിശ്വാസങ്ങൾക്കെതിരെയുള്ള എന്തോ പ്രമാണമാണെന്ന തോന്നലിൽ അവരെത്തിയാൽ കുറ്റം പറയാൻ
വയ്യ. ഭരണകൂട സ്ഥാപിതതാൽപ്പര്യങ്ങളുടെ കൈകടത്തൽ അവിടെയും എത്രമാത്രമുണ്ടാവും എന്ന്
പ്രവചിക്കൻ വയ്യ. “
പരിണാമം അന്യരാജ്യ യൂണിവേഴ്സീകൾക്ക്
ഒരിക്കലും അനിഷ്ടവിഷയം അല്ല. അവർ ഈ ഭോഷ്ക് സ്വീകരിച്ചെന്നിരിക്കുകയില്ല .അവർ
ഇൻഡ്യയിൽ ശാഖകൾ തുറക്കുന്നത് വിദ്യാഭ്യാസപദ്ധതി വിഭാവനം ചെയ്യുന്നുണ്ട്, ഇപ്പോൾത്തന്നെ
അത് ചിലയിടങ്ങളിൽ സാധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അവർ ആവിഷ്ക്കരിക്കുന്ന കരിക്കുലത്തിൽ
നിയന്ത്രണം കൊണ്ടുവരാനോ ഭാരതീയപുരാണപ്രോക്തമായ വിഷയങ്ങളെ ശാസ്ത്രത്തിൽ
ഉൾക്കൊള്ളിക്കാനോ അവർ തയാറാകുകയില്ല എന്നത് നിശ്ചയമാണ്. വിദേശത്ത് നിന്ന്
വലിയതോതിൽ വിദ്യാർത്ഥികൾ ഇൻഡ്യയിൽ പഠിയ്ക്കാൻ വരും,
അതിനു പറ്റിയ രീതിയിലുള്ള
ആധുനികവിദ്യാഭ്യാസവും ബൗദ്ധികനിലവാരവും ഇവിടെ നിർമ്മിക്കപ്പെട്ടിരിക്കും എന്ന്
വിഭാവനം ചെയ്യുമ്പോൾ സ്ഥാപിതതാൽപ്പര്യങ്ങൾ കീറിയൊട്ടിച്ച ശാസ്ത്രവും ചരിത്രവും ആണ്
നമുക്ക് നൽകാനുള്ളത് എന്നറിയുന്ന വിദേശവിദ്യാർത്ഥി സ്ഥലം വിടുന്നതും ഭാവനയിൽ
കാണേണ്ടതാണ്.