Saturday, June 10, 2023

ന്യൂറോവായന-പഴയ പുസ്തകം, പുതിയ വായന

 

  അക്ഷരങ്ങൾ വാസ്തവത്തിൽ ചിത്രങ്ങളാണ്. രണ്ട് അക്ഷരങ്ങൾ അടുത്തടുത്ത് വരുമ്പോൾ ഒരു ആശയമുളവാക്കുന്ന വാക്ക് ആകുന്നു അത്. തലച്ചോർ കൽപ്പിച്ചെടുക്കുന്നതാണ് ആ ആശയം. സാമൂഹ്യ-സാംസ്കാരികപശ്ചാത്തലങ്ങളും ഓർമ്മയും അറിവും ഒക്കെ സങ്കലിച്ച് ഉളവാകുന്നതാണത്. അതുകൊണ്ട് വായിച്ചെടുക്കുമ്പോൾ ഒരേ വാക്ക് പലർക്കും പല ആശയങ്ങളുടെ ഉറവിടം ആയിരിക്കാം. വായിച്ചറിയുക എന്നത് മനുഷ്യമസ്തിഷ്കം പരിണാമ വേളയിൽ, ആധുനികമായി നിർമ്മിച്ചെടുത്തതാണ്.  പലേ കേന്ദ്രങ്ങളും ഒരുമിച്ചുണർന്ന് തമ്മിൽ സംവദിച്ച് അക്ഷരങ്ങൾക്ക് അർത്ഥം കൽപ്പിച്ചെടുക്കുന്ന മായാവിദ്യ. രീരത്തിൻറ്റെ ഒരു ഭാഗം തന്നെ ഈ ആലോചനാകേന്ദ്രം. വായനയും അർത്ഥപൂർത്തിയും   ഉടലറിവ്   എന്ന് വിളിയ്ക്കപ്പെട്ടാൽ അത് തികച്ചും യുക്താനുശീലമാണ്. വായന അങ്ങനെ ജീവശാസ്ത്രപരമായ വ്യവഹാരമായി നിശ്ചിതപ്പെടുകയാണ്. 

  സാഹിത്യം എന്നത് അനുവാചകൻ്റെ മസ്തിഷ്ക്കത്തിൽ ഉളവാകുന്ന ആശയപ്രപഞ്ചത്തിൻറ്റെ ആകെസ്വരൂപമാണ്. ഒരു ഭാഷയിലെ സാഹിത്യം മറ്റൊരു ഭാഷയിൽ അതായിരിക്കണമെന്നില്ല. ജൈവപരമാകുമ്പോൾ അത് വ്യക്തിപരവുമാകുകയാണ്. ഭാഷാശാസ്ത്രത്തിൻറ്റെ ഘടനയും വ്യവഹാരനിയമങ്ങളും പലേ ഭാഷകൾക്കും പലതാണ്.  പക്ഷേ തലച്ചോർ വിശ്ളേഷണം ചെയ്തെടുക്കുന്നതിൻറ്റെ ആന്തരികഘടനകൾ ഒന്നു തന്നെ. ശ്രദ്ധിക്കപ്പെടേണ്ട ഒന്നുണ്ട്: വായനയിലൂടെ ഊറിവരുന്ന ആശയങ്ങളും നിർമ്മിക്കപ്പെടുന്ന വികാരപ്രപഞ്ചങ്ങളും പലേ സ്വാധീനങ്ങളാൽ മാറ്റിമറിയ്ക്കപ്പെടാവുന്നതാണ്.  സാഹിത്യം എന്നത് മനസ്സ് സൃഷ്ടിച്ചെടുക്കുന്ന മായിക വ്യവഹാരം മാത്രമാണെങ്കിലും അതിജീവനത്തിനു ഭാവന ആവശ്യമാണെന്ന രീതിയിലാണ് മനുഷ്യമസ്തിഷ്ക്കം പരുവപ്പെടുത്തപ്പെട്ടിരിക്കുന്നത്. 

        ഭാരതത്തിലെ രസസിദ്ധാന്തങ്ങളും കാവ്യമീമാംസാപാഠങ്ങളും ആഴത്തിലുള്ള അപഗ്രഥനരീതികൾക്ക് പുകഴ് പെറ്റതാണ്. ഉദാഹരണത്തിനു ധ്വന്യാലോകം രചയിതാവിൻറ്റേയും അനുവാചകൻറ്റേയും മാനസികനിലകളെ കണക്കിലെടുത്തുകൊണ്ട് വിരചിക്കപ്പെട്ടതും പാശ്ചാത്യസാഹിത്യത്തിനു അന്യമായ സിദ്ധാന്തങ്ങൾ ഉൾക്കൊള്ളുന്നതുമാണ്. എന്നാൽ അച്ചടിയന്ത്രം കണ്ടുപിടിയ്ക്കുകയും വായന സാർവ്വജനീനമാവുകയും ആശയരൂപീകരണത്തിൽ വൈവിദ്ധ്യങ്ങൾ വന്നണയുകയും ചെയ്തപ്പോൾ  സിദ്ധാന്തങ്ങൾ പുനഃപരിശോധിയ്ക്കപ്പെടേണ്ട നീതിന്യായങ്ങൾ ഉരുത്തിരിയുകയും ചെയ്തു. തലച്ചോർ വായനയെ സ്വാംശീകരിക്കുന്നതിനെക്കുറിച്ച് പുതിയ അറിവുകൾ ലഭിയ്ക്കുന്നതനുസരിച്ച് ഈ സംഹിതകൾക്ക് മാറ്റം കൈവരേണ്ടതാണ് എന്ന ആവശ്യം സ്വാഭാവികമായി രൂപപ്പെട്ടു. ആധുനികശാസ്ത്രവും മസ്തിഷ്ക്കവ്യാപാരങ്ങളുമായി ബന്ധിക്കപ്പെട്ട് അദ്ധ്യോതാവിൻറ്റെ മനോനിലകളെ സാഹിത്യം എങ്ങനെ ബാധിയ്ക്കുന്നു എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. ജൈവശാസ്ത്രത്തെ മുൻ നിറുത്തി ആധുനികതയിലേക്ക് എങ്ങനെ കടന്നുചെല്ലാം എന്നതിൻറ്റെ ഗഹനപരിശോധനയാണ്   പി എം ഗിരീഷിൻ്റെ ഈ പുസ്തകം.  ബോധജ്ഞാനപരമായ സാഹിത്യവിമർശനത്തിനു ഒരു ആമുഖവുമാണിത്, പാശ്ചാത്യസംഹിതകളോട് ചേർന്ന് പോകുന്ന വിധം ദേശീയദർശനത്തെ എങ്ങനെ പരുവപ്പെടുത്താം എന്നതിൻറ്റെ ഉദാഹരണവുമാണ്.  ഈ ആശയത്തെശരീരത്തിൽ നിന്ന് അർത്ഥം ഉരുവപ്പെടുന്നുഎന്ന് അതിലളിതമായി ചുരുക്കിയെടുത്ത് പ്രഖ്യാപിക്കുകയാണ് ലേഖകൻ. 

     അറിവിനു ആധാരം ഉടലാണ്എന്ന് പല വാദമുഖങ്ങളിലൂടെ തെളിയിക്കുന്നുണ്ട് ഭാഷാശാസ്ത്രനിപുണനായ ഗിരീഷ്. തലച്ചോറിൻറ്റെ  ബോധജ്ഞാനപരമായ കഴിവുകൾ (cognitive ability) കൊണ്ട് വായനയിലൂടെ സിദ്ധിക്കുന്ന അനുഭൂതിയ്ക്ക് പുതിയ നിർവ്വചനങ്ങൾ ചമയ്ക്കപ്പെടുകയാണ്. സാഹിത്യം എന്നത് എന്താണെന്നുള്ള നിർവ്വചനങ്ങളും ഇതോടെ മാറപ്പെടുകയാണ്. മിത്തുകളും പുരാവർത്തങ്ങളും പോലും വീണ്ടും ഈ പാശ്ചാത്തലത്തിൽ വായിക്കപ്പെടേണ്ടിയിരിക്കുന്നു, അന്വയിക്കപ്പെടേണ്ടിയിരിക്കുന്നു. ഇത് വിപ്ളവാത്മകമായ ഒരു മാറ്റമാണ് സൃഷ്ടിയ്ക്കുന്നത്. ലേഖകൻ ഗംഭീരമായിത്തന്നെ അടയാളപ്പെടുത്തിയിരിക്കുന്നു ഈ നവപ്രജ്ഞാസാകല്യം. ന്യൂറോവായനഎന്നത് പ്രചലിതമാകേണ്ടിയിരിക്കുന്നു എന്നതിൻറ്റെ സൂചകം. ന്യൂ റോസൗന്ദര്യശാസ്ത്രത്തിൻറ്റെ അടിസ്ഥാനത്തിൽ രസസിദ്ധാന്തത്തെ പുനർവായിക്കേണ്ട കാലഘട്ടം ആസന്നമായിരിക്കുന്നുഎന്ന്  74 ആം പേജിൽ കൃത്യമായ പ്രസ്താവനയുള്ളത് ശ്രദ്ധാർഹമാണ്. ന്യൂറോശാസ്ത്രത്തിലെ കണ്ണാടി ന്യൂറോൺപ്രഭാവം ഉദാഹരണമായെടുത്തുകൊണ്ട് ഇന്ദ്രിയസംവേദനം സാഹിത്യസൃഷ്ടിയുടെ ആധാരമാകുന്നതെങ്ങിനെ എന്ന് അന്വേഷിക്കുന്നുമുണ്ട്. ബോധജ്ഞാനത്തിൻറ്റെ സവിശേഷവ്യവഹാരമാണ് സാഹിത്യം എന്നത് ആധുനിക എഴുത്തുകാരെ മുൻ നിറുത്തി- മേതിൽ രാധാകൃഷ്ണനും വി. കെ. എന്നും ഇന്ദു മേനോനും ഉൾപ്പെടെ-പരിശോധിയ്ക്കപ്പെടുന്നുമുണ്ട്. 

        വായനയുടെ സംതൃപ്തി അതിനാൽ ഉളവാകുന്ന വികാരങ്ങളുമായി ബന്ധപ്പെട്ടതാണ്. വികാരോത്തേജനം എങ്ങനെ മസ്തിഷ്ക്കത്തിൻ്റെ പ്രവൃത്തിയാകുന്നു എന്നതും അതിൻറ്റെ ന്യൂറോശാസ്ത്രവും ലളിതമായി വിശദീകരിക്കുന്നുണ്ട് ലേഖകൻ. ലക്ഷകങ്ങൾ എങ്ങനെ ഇന്ദ്രിയസംവേദനത്തിൻറ്റെ  അടിസ്ഥാനമാകുന്നു  എന്നത് ഉദാഹരണസഹിതം വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. ഒരു നീണ്ട പട്ടിക തന്നെ നിർമ്മിച്ചെടുത്തിട്ടുണ്ട് ലേഖകൻ ഇതിനു വേണ്ടി. മലയാളത്തിലെ ഭാഷാശാസ്ത്രഗ്രന്ഥങ്ങളിൽ  അപൂർവ്വമാണ് ഇത്തരം പഠനങ്ങൾ. മനസ്സും ശരീരവും ഒന്നാണെന്ന പുതിയ ശാസ്ത്രവെളിപ്പെടുത്തലിൻറ്റെ പശ്ചാത്തലത്തിൽ സാഹിത്യം വീക്ഷിക്കേണ്ടതും പുനർവായനകൾ നടത്തേണ്ടതുമുണ്ട്. കാഴ്ച്ച, നിറഭേദങ്ങൾ, രുചി ഇവയുടെ മസ്തിഷ്ക്കവ്യവഹാരങ്ങളും എഴുത്തുമായുള്ള ബന്ധം, വായനയേയും അറിവിനേയും സ്വാധീനിക്കുന്ന വൃത്തികൾ ഒക്കെ ലേഖകൻ വിദഗ്ധമായി അവതരിപ്പിക്കുന്നു. 

സാഹിത്യാന്തരീക്ഷം സൃഷ്ടിയ്ക്കുന്ന മസ്തിഷ്ക ആന്ദോളനങ്ങൾ 

ബോധജ്ഞാന ശാസ്ത്രപഠനങ്ങൾ താരതമ്യേന ആധുനികമാണ്, പ്രലോഭിപ്പിയ്ക്കുന്ന ശക്തിയാർന്നതാണത്. വായനയും ആശയഗ്രസനവും തമ്മിൽ ബന്ധിപ്പിക്കാൻ നൂതന വഴികൾ വെട്ടിത്തുറന്നതുമാണ്. പക്ഷേ സാഹിത്യം എന്നതിൻറ്റെ ആധാരമായ ഭാവന  മനുഷ്യമനസ്സിൻറ്റെ ഉപയോഗയോഗ്യതയുമായി നേർബന്ധം സ്ഥാപിക്കപ്പെട്ടതാണ്, പരിണാമവഴികളിൽ അവശ്യം വന്നുഭവിച്ചതുമാണ്. മസ്തിഷ്ക്കവ്യവഹാരങ്ങൾ പഠിച്ചെടുക്കുമ്പോൾ സാഹിത്യപരമായ അന്വേഷണങ്ങൾ സംഗതമാകുകയാണ്.           സാഹിത്യപഠനങ്ങൾ ബോധജ്ഞാനത്തെക്കുറിച്ച് അറിവുകൾ സമാഹരിയ്ക്കാൻ പര്യാപ്തമാണെന്നർത്ഥം. പി. എം ഗിരീഷ് പലേ വഴികൾ തേടുന്നുന്നുണ്ട് ഈ സാധൂകരണത്തിനു.   

      നിറങ്ങൾ പലേ ജീവികൾക്കും ആകർഷകമാണ്.  ബാക്റ്റീരിയയ്ക്കു പോലും. പച്ചനിറം പ്രകാശസംശ്ളേഷണ (photosynthesis) ത്തിനു  ആവശ്യകമല്ലാത്തതിനാൽ  ഒരു സ്പെക്ട്രത്തിൽ മറ്റ് നിറങ്ങളുള്ളിടത്തേയ്ക്ക് മാറിപ്പോകും അവ.  പൂക്കളിൽ നിന്ന് തേൻ ശേഖരിക്കുന്ന പ്രാണികൾക്ക് വേണ്ടി തലച്ചോറിൽ നിബന്ധിച്ചിട്ടുള്ള ഒരു  തന്ത്രമാണ് നിറങ്ങളോടുള്ള അഭിനിവേശം. പരിണാമം വിട്ടുകളയാതെ മനുഷ്യരിലും അവശേഷിപ്പിച്ചിട്ടുണ്ട് ഈ സ്വഭാവം. ഏഴുനിറങ്ങൾ വിടർത്തുന്ന മഴവില്ല് ആഹ്ളദോപാധിയാണ്. സാഹിത്യത്തിൽ  ഇത്രമാത്രം വൈവിദ്ധ്യസങ്കൽപ്പനങ്ങൾ നിറച്ച മറ്റൊരു ഇന്ദ്രിയസംവേദനം ഉണ്ടോ എന്ന് സംശയം.  നിറം-ഒരു ന്യൂറോവായനഎന്നാണ് മൂന്നാം അദ്ധ്യായത്തിൻറ്റെ പേരു തന്നെ. തികച്ചും ആധുനികമായ പരിചയപ്പെടുത്തൽ. നിറങ്ങളും വികാരങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, വികാരങ്ങൾ എങ്ങനെ ഇന്ത്യൻ രസസിദ്ധാന്തത്തിൻറ്റെ അടിസ്ഥാനമായിരിക്കുന്നു , ഇതിൻറ്റെ ഘടനയിൽ നിറങ്ങൾ എങ്ങനെ ഉൾക്കൊള്ളിച്ചിരിക്കുന്നു എന്നൊക്കെ വിശദമായ ചർച്ചകൾ കടന്നു വരുന്നുണ്ടിവിടെ. ന്യൂ റോസൗന്ദര്യശാസ്ത്രത്തിൻറ്റെ അടിസ്ഥാനത്തിൽ രസസിദ്ധാന്തത്തെ പുനർവായിയ്ക്കേണ്ട കാലഘട്ടം ആസന്നമായിരിക്കുന്നുഎന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നുമുണ്ട് ലേഖകൻ. 

         പലേ സാഹിത്യകൃതികളും ലേഖകൻ പഠനവിധേയമാക്കുന്നത്  ഇത്തരം വാതാവരണത്തിൻറ്റെ പശ്ചാത്തലത്തിലാണ്. ആധുനികകൃതികളെ എങ്ങനെ  ഗാഢമായ ന്യൂറോവായനയ്ക്ക് പാത്രമാക്കാം എന്ന വിശദാന്വേഷണമാണ് നാലാം അദ്ധ്യായം മുതൽ. രോഗഭാഷ എന്നൊന്ന് ഉണ്ടെന്നും രോഗവും സാഹിത്യഭാവനയുമായി നേർബന്ധം സ്ഥാപിക്കപ്പെടുന്നത് എങ്ങനെയെന്നും വിശദമാക്കപ്പെടുന്നുണ്ട്. കഥയിലെ രാഷ്ട്രീയം ജ്ഞാനമാതൃകകൾ ആവുന്നതും ആനന്ദിൻറ്റെ കാത്തിരിപ്പ് എങ്ങനെ ബാഹ്യാർത്ഥസൂചകമായി വൈവിദ്ധ്യമിയന്ന മാനസികചമൽക്കാരങ്ങൾ സൃഷ്ടിയ്ക്കുന്നു എന്നും വിദിതമാക്കപ്പെടുന്നു. ഇന്ത്യൻ രസസിദ്ധാന്തം ഇവിടെ സംഗതവും സഹായകവുമാകുന്നുണ്ട്.  ഉടലറിവ് അറിവുടലായി മാറുന്ന വേളഎന്ന് ലേഖകൻ സൂചിപ്പിക്കുന്നത് ഖദീജ മുംതാസിൻറ്റെ ബർസയുടെ ന്യൂറോവായനയിലൂടെ ആണ്. ജ്ഞാനമാതൃക എന്നാൽ നമ്മുടെ അനുഭവങ്ങളെ ആവിഷ്ക്കരിക്കുന്ന ന്യൂറൽ ഘടനയാണെന്ന്  ബാലചന്ദ്രൻ ചുള്ളിക്കാടിൻറ്റെ താതവാക്യം പരിശോധിച്ച് സമർത്ഥിക്കുന്നു. ബിംബലക്ഷകംതലച്ചോർ സ്വയം കബളിക്കപ്പെടുന്ന പ്രവൃത്തിപരിണതിയാണ്, വി എഛ് നിഷാദിൻറ്റെ കഥകളുടെ വായന ഉദാഹരണവുമാണ്. ദേവദാസ് വി. എം. ൻറ്റെ ചെപ്പും പന്തും ഫാൻറ്റസിയും മാജിക്കും കലർത്തി എഴുതപ്പെട്ട നോവലാണ്. ഭ്രമാത്മകത നിർമ്മിതിയാണ് ആഖ്യാനത്തിൻറ്റെ കാതൽ. പാട്ടും കവിതയും രാഷ്ട്രീയവും ചെന്നൈ നഗരത്തിൻറ്റെ ഭൗമതലവിന്യാസങ്ങളും ഇഴചേർന്ന് മായാജാലം ഉളവാക്കുന്നത് വിഭ്രാന്തിജനകമാണ്,ന്യൂറോണുകൾക് തീർച്ചയായും പണി കൊടുക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ തനിമ പലേ വൃത്തങ്ങളാണെന്നും ഈ വൃത്തങ്ങൾ വിട്ടും വിടാതെയും വർത്തിക്കുന്നു എന്നും ലേഖകൻ സൂചിപ്പിക്കുന്നുണ്ട്. ഓരോ നിമിഷവും അപ്രത്യക്ഷമായതിൻറ്റേയും പ്രത്യക്ഷമായതിൻറ്റേയും സമന്വയങ്ങളാകുന്നുഎന്ന് സമർത്ഥനം.  ചെപ്പും പന്തും വ്യത്യസ്തങ്ങളായ, വൈയക്തികമായ ആസ്വാദനങ്ങൾക്ക് സാദ്ധ്യതയിയന്നതാണ്. തലച്ചോർ പ്രവർത്തനങ്ങൾ പലർക്കും പല രീതിയിലാണ്. മുൻ ചൊന്നതുപോലെ ഓർമ്മ, അറിവ്, പഠിച്ചെടുക്കൽ, ഇന്ദ്രിയസംവേദങ്ങളോടുള്ള പ്രതികരിക്കൽ, അനുഭവങ്ങൾ ഒക്കെ സ്വരൂപിച്ചുകൂട്ടി നിർമ്മിച്ചെടുക്കുന്നതാണ് അതിൻ്റെ പ്രവൃത്തികൾ. പലേ വായനകൾ സാധ്യമാവുന്നത് ഇങ്ങനെയാണ്. അന്വയിച്ചെടുക്കാൻ പ്രയാസം സൃഷ്ടിക്കുന്ന ചെപ്പും പന്തും കഥാഘടനയെ ലേഖകൻ ആധുനികവായനയിലൂടെ ഇഴ പിരിച്ചെടുക്കുന്നു. 

       രേഖാചിത്രങ്ങൾ ഉപയോഗിച്ച് സാഹിത്യപഠനങ്ങൾക്ക് വിശദീകരണം ചമ്യ്ക്കുന്ന രീതി ഇൻഡ്യൻ നിരൂപണങ്ങളിലും ആസ്വാദനങ്ങളിലും അപൂർവ്വമാണ്. പ്രത്യേകിച്ചും മലയാളത്തിൽ.  ഈ പ്രക്രിയ ധാരാളമായി ഉപയോഗിക്കുന്നു ലേഖകൻ എന്നത് ശുഷ്കമായ നിരൂപണാഖ്യാനത്തിനു നവോന്മേഷം പകരുന്നതാണ്. പട്ടികകളും കള്ളികൾ തിരിച്ച വിവരവിഭാഗങ്ങളും  ധാരാളമായുണ്ട്. രേഖാചിത്രങ്ങൾ സങ്കീർണ്ണാഖ്യാനങ്ങൾ ലളിതമാക്കുന്നുണ്ട്. ഒരു ഭാഷാശാസ്ത്ര പുസ്തകത്തിൽ തലച്ചോറിൻറ്റെ വിവിധഭാഗങ്ങളുടെ ചിത്രങ്ങൾ കാണുക എന്നത് ഗതാനുഗതികത്വത്തെ ഭേദിക്കുന്നതാണ്, ജീവശാസ്ത്രവുമായി പ്രത്യേകിച്ചും ന്യൂറോസയൻസുമായി ബന്ധപ്പെട്ട് തന്നെ സാഹിത്യാവിഷ്ക്കാരങ്ങളെ സമീപിക്കാനുള്ള കീഴ്വഴക്കം നിർമ്മിച്ചെടുക്കാനുള്ള ആഹ്വാനവുമാണിത്. മാറിവരുന്ന സിദ്ധാന്തങ്ങളോട് സമരസപ്പെടേണ്ടതിൻറ്റെ ആവശ്യകത വ്യക്തമാക്കുകയാണ് ഈ പുസ്തകത്തിലെ ഓരോ അദ്ധ്യായവും.

 

    

 

 

 

 

 

1 comment:

Anonymous said...

താല്പര്യമുണര്‍ത്തുന്ന ആഖ്യാനം