Monday, May 1, 2023

ഉറുമ്പുകൾ ഉദ്യാനപാലകർ ആകുന്നത്

    ആ ഉറുമ്പുകളെ കൊല്ലേണ്ട. പൂച്ചെടികൾ നട്ടു വളർത്തുന്നവരാണവർ. സത്യമാണ്. ചിലതരം ഉറുമ്പുകൾ വിത്തുവിതരണം ചെയ്യുന്നവരാണ്, പകരം ആഹാരം കിട്ടും അവർക്ക്. 

     പഴങ്ങളുടെ അതിമധുരതരവും മാംസളവുമായ ഭാഗം അതിനകത്തെ വിത്ത് ദൂരെ നിക്ഷേപിക്കപ്പെടാനുള്ള ട്രിക്ക് ആണ്. പക്ഷികളും സസ്തനികളും മറ്റും പഴം തിന്നിട്ട് വിത്ത് മിക്കവാറും മരത്തിൽ നിന്ന് ദൂരെ അറിയാതെ നിക്ഷേപിക്കുന്നു. വിത്തു വിഴുങ്ങിയാലും അത് കേടു കൂടാതെ വിസർജ്ജ്യത്തിലൂടെ പുറത്തു വരും, ഇങ്ങനെ വിത്തു വിതരണം സാധിച്ചെടുക്കുന്നു. ഇതുപോലെ ചില ചെടികളുടെ വിത്തുകൾക്ക് ഉറുമ്പുകൾക്ക് തിന്നാൻ നീണ്ട ഒരു ഭാഗം സജ്ജമാക്കിക്കൊടുത്തിരിക്കുന്നു. വിത്തിനോടൊപ്പം സജ്ജമാക്കിയിരിക്കുന്ന എലൈയോസോം’ (Elaiosome)എന്ന ഭാഗം അവർക്ക് ഇഷ്ടമാണ്. എന്ന് മാത്രമല്ല, ഉറുമ്പുകളുടെ തലയേക്കാൾ വലിപ്പമുള്ള വിത്തുകൾ വലിച്ചുകൊണ്ട് പോകാനും ഈ എലൈയൊസോംസഹായിക്കുന്നു. ട്രില്ലിയംവകുപ്പിൽപ്പെട്ട ചെടികളാണ് കൂടുതലായും ഈ സ്വാദിഷ്ടമായ എലൈയൊസോംഉറുമ്പുകൾക്കു വേണ്ടി നിർമ്മിച്ചെടുക്കുന്നത്. 

    യൂറോപ്പിലേയും വടക്കെ അമേരിക്കയിലേയും വന്മരക്കാടുകളിലും ആസ്ട്രേലിയയിലെ വരണ്ട വനമേഖലയിലും തെക്കേ ആഫ്രിക്കയിലെ പൊന്തക്കാടുകളിലും വിത്തിനേക്കാൾ ഇത്തരം സ്വാദിഷ്ടമായ പൊറ്റകൾആണ് ചിലയിനം ഉറുമ്പുകൾക്കിഷ്ടം. ഈ കൈപ്പിടിഉപയോഗിച്ച് ഉറുമ്പുകൾ വിത്തുകൾ വലിച്ചുകൊണ്ടു പോയി  മാളത്തിൽ അവയുടെ കുഞ്ഞുങ്ങൾക്ക് കൊടുക്കുയാണ്. പോഷകം ധാരാളമുണ്ട് മാസളമായ ഈ  കൈപ്പിടിയിൽ. മിച്ചം വരുന്ന വിത്തുകൾ ഉറുമ്പുകൾ മാളത്തിനു വെളിയിൽ കൊണ്ടെ കളയുകയാണ്, അവിടെ അവ പൊട്ടി മുളയ്ക്കുന്നു. അങ്ങനെ ചെടിയിൽ നിന്നും ദൂരെ വിത്തുകൾ എത്തുകയാണ്. പലേ ഉറുമ്പിന്മാളങ്ങൾ ഉള്ളതുകൊണ്ട് എല്ലായിടത്തും വിത്തുകൾ വ്യാപിക്കുകയാണ്. ചില മാളങ്ങൾക്ക് ഉള്ളിൽത്തന്നെ എച്ചിൽക്കുഴികൾഉണ്ട്. അവിടെയും വിത്തുകൾ മുളയ്ക്കും. അങ്ങനെ സ്വന്തം ഉദ്യാനങ്ങൾ ഉറുമ്പുകൾ നിർമ്മിച്ചെടുക്കുകയാണ്, അത് അവരുടെ ഉദ്ദേശമല്ലെങ്കിൽക്കൂടി. 

   ഇതിൽക്കൂടുതൽ ചില ബന്ധങ്ങളുമുണ്ട് ട്രില്ലിയം വിത്തുകളും ഉറുമ്പുകളുമായി. ഈ ഉദ്യാനപാലക ഉറുമ്പുകളുടെ ചില സ്പീഷീസുകളിലുള്ളവ ബാക്റ്റീരിയകളേയും പൂപ്പലിനേയും നിർമ്മാർജ്ജനം ചെയ്യുന്ന സ്രവങ്ങൾ ഉളവാക്കാറുണ്ട് സ്വന്തം ശരീരവും കൂടെയുള്ളവരുടെ ശരീരവും വൃത്തിയായും അണുബാധയേൽക്കാതെയും സൂക്ഷിക്കാനാണിത്. ഉറുമ്പുകളെ ആകർഷിക്കാൻ എലൈയോസോമുകൾ ഫിറ്റ് ചെയ്ത വിത്തുകളുള്ള കാട്ടിഞ്ചി (wild ginger), രക്തമൂലി (Bloodroot), ദ്വിപത്ര (Twinleaf) എന്നിവ ഈ ഉറുമ്പുകളെ മറ്റൊരു കാര്യത്തിനും ഉപയോഗിക്കുന്നു.  ഈ ചെടികളുടെ വിത്തുകളിന്മേൽ സാധാരണ പൂപ്പലോ ബാക്റ്റീരിയകളൊ പൊതിയാറുണ്ട്, അതുകാരണം വിത്തുകൾ ചീഞ്ഞുപോകാറുണ്ട്. എന്നാൽ അണുനാശിനിസ്രവമുള്ള ഉറുമ്പുകൾ ഇവയുടെ വിത്തുകളെ എലൈയോസോംഇൽ പിടിച്ച് വലിച്ച് കൊണ്ടുപോകുമ്പോൾ ഉറുമ്പുകളുടെ സ്രവങ്ങൾ വിത്തുകളെ അണുവിമുക്തമാക്കുകയാണ്, സ്രവങ്ങൾ പൂപ്പലും ബാക്റ്റീരിയയും ഇല്ലാതാക്കുകയാണ്. വിത്തുകൾ ഇതുമൂലം കൂടുതൽ നാൾ കേടു കൂടാതിരിക്കുകയും ആരോഗ്യമുള്ള തൈകൾ വളരുകയും ചെയ്യുന്നു. ഉറുമ്പുകളാൽ ലഭിയ്ക്കുന്ന മറ്റൊരാനുകൂല്യം. 

     ഈ ഉറുമ്പുകളുടെ പെരുമാറ്റങ്ങളെപ്പറ്റി വിശദമായ ശാസ്ത്രപഠനങ്ങളാണ് നടന്നു വരുന്നത്. ഇവ ചില വിത്തുകളെ അവഗണിയ്ക്കുകയും മറ്റ് ചില വിത്തുകളിൽ കൂടുതൽ താൽപ്പര്യം കാണിയ്ക്കുന്നതായും നിരീക്ഷണങ്ങൾ ഉണ്ടായി. പരീക്ഷണങ്ങൾ തെളിയിച്ചത് ഒരു പ്രത്യേക കൊഴുപ്പ് തന്മാത്രകൾ (Oleic acid) കൂടുതലായുള്ള വിത്തുകളെ ഈ ഉറുമ്പുകൾക്ക് ഏറേ പ്രിയം ആണെന്നാണ്. ഈ ഒലീക് ആസിഡ് നമ്മുടെ രക്തത്തിലെ മെച്ചമായ കൊഴുപ്പ്-പ്രോടീൻ ൻ്റെ   (HDL-High Density Lipoprotein)അളവ് കൂട്ടാൻ പര്യാപ്തമാണ്, ഏറ്റവും നല്ല കൊഴുപ്പ് ആണ്. ഒലീക് അസിഡിനോടൊപ്പം മറ്റ് ചില അവശ്യ തന്മാത്രകളും എറ്റവും കൂടുതലുള്ള ട്രില്ലിയം വിത്തുകളെ ആണ് ഈ ഉറുമ്പുകൾ തേടിപ്പിടിയ്ക്കുന്നത്. ശരിക്കും ഒലീക് ആസിഡിൻ്റെ സ്വാദ് അറിഞ്ഞ ഉറുമ്പുകൾ! 

  ഉറുമ്പുകളെ കൊല്ലരുത്! 

       ആവാസവ്യവസ്ഥ (Ecosystem) സന്തുലനം ചെയ്യുന്നതിൽ ഈ ഉറുമ്പുകൾ അതിപ്രധാന പങ്കാണ് വഹിയ്ക്കുന്നത്. വെട്ടിത്തെളിച്ച കാടുകൾ വീണ്ടും പുനർജ്ജനിക്കുമ്പോൾ ഈ ഉറുമ്പുകളുടെ എണ്ണം കുറയുന്നതായിട്ടാണ് നിരീക്ഷണം.  വെട്ടിത്തെളിയ്ക്കപ്പെടുമ്പോൾ ചീയുന്ന സസ്യഭാഗങ്ങൾക്കായി മണ്ണിരകൾ കൂടുതലായി എത്തപ്പെടുകയും അവർ വീണുകിടക്കുന്ന ഇലകളുടെ അടരുകൾ ഇല്ലാതാക്കുകയും ഉറുമ്പുകൾക്ക് അതിജീവനം അസാദ്ധ്യമായിത്തീരുകയും ചെയ്യുന്നു. പുനർജ്ജനിക്കുന്ന കാടുകളിൽ അടിക്കാട് സസ്യങ്ങൾ കുറയാൻ ഈ ഉറുമ്പുകളുടെ അഭാവം കാരണമാകുന്നു.വെട്ടിത്തെളിയ്ക്കപ്പെട്ട കാടുകളുടെ പുനരുജ്ജീവനചരിത്രം ഇപ്രകാരം സങ്കീർണ്ണമാണ്., ഉറുമ്പുകൾ പ്രകൃതിയിൽ സ്വാഭാവികത കൈവരുത്തുന്നതിൽ പ്രാധാന്യം നേടുന്നു എന്നൊക്കെയാണ് അനുമാനം. വടക്കെ അമേരിക്കയിൽ വെട്ടിത്തെളിയ്ക്കപ്പെട്ടിട്ട് തളിർത്തു വരുന്ന രണ്ടാം ഘട്ട കാടുകളിൽ  (Secondary forests) ‘അഫീനൊഗാസ്റ്റെർഎന്ന ഉദ്യാനപാലക ഉറുമ്പുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി കാണപ്പെട്ടു. 70% വരെ ട്രില്ലിയം വിത്തുകൾ എമ്പാടും വിതറുന്ന ഒരേ ഒരു ജീവികളായ ഈ ഉറുമ്പുകൾ ചില്ലറ ജീവികളല്ല എന്നതിനു  തെളിവ്. രണ്ടാം ഘട്ട കാടുകളിൽ നിലത്തു വീഴുന്ന ഇലകൾ കുറവ്, ചീയുന്ന തടികൾ ഇല്ല എന്നതൊക്കെ ഉറുമ്പുകളുടെ എണ്ണം കുറയാൻ കാരണം.  ചില ഒച്ചുകൾ കൂടുതലായി എത്തി വിത്തുകളിന്മേലുള്ള എലൈയൊസോംതിന്നു തീർക്കുന്നതും ഉറുമ്പ് കുടുംബങ്ങളെ ബാധിയ്ക്കുകയാണ്. ഉറുമ്പുകളും സസ്യങ്ങളും തമ്മിലുള്ള ഈ പാരസ്പര്യം അങ്ങനെ ആവാസവ്യവസ്ഥയുടെ അടിസ്ഥാനം ആകുന്ന വേളയാണിത്.വെറുതെ കാൽക്കീഴിൽ അരച്ചോ വിഷം തളിച്ചോ കൊല്ലാനുള്ളവയല്ല ഉറുമ്പുകൾ, നമ്മുടെ പരിസ്ഥിതിയുടെ കാവൽക്കാരാണവർ എന്ന് ഓർമ്മയിരിക്കേണ്ടതാണ്.