Sunday, October 25, 2015

അല്ലിയാമ്പൽക്കടവിലന്നരയ്ക്കു വെള്ളം--.ഗൃഹാതുരതയുടെ പടിഞ്ഞാറൻ കരിക്കിൻ വെള്ളം


    ലാളിത്യത്തിനു മലയാളികൾ കൊടുത്ത സമ്മാനമാണ് ‘അല്ലിയാമ്പൽക്കടവിൽ’ ന്റെ പൊതുസമ്മതി. ആർക്കും എളുപ്പം മൂളാവുന്ന പാട്ട് പെട്ടെന്ന് പ്രചുരപ്രചാരം നേടും എന്ന വസ്തുതയുടെ പ്രത്യക്ഷോദാഹരണം. കാൽ‌പ്പനികത മുറ്റി നിൽക്കുന്ന ആശയഘടനകളും നുനുത്ത ഭാവപരിസരങ്ങളും ഈ പാട്ടിനെ നിതാന്തമായ സ്വീകാര്യതയുടെ പുടവയണിച്ച് ആർക്കും എവിടെയും എപ്പോഴും പാടാവുന്ന പാട്ടാക്കി മാറ്റി.  നാടൻ സംഗീതാത്മകതയുടെ അളവുകോലുകൾ തൽക്കാലം മാറ്റി വച്ചാണ്  കേൾവിസുഖത്തിന്റെ, ആസ്വാദ്യതയുടെ പുരസ്കാരങ്ങൾ പാട്ടിനു വാരിക്കോരി നൽകിയത്.

 കവിതകളിലെ നഷ്ടപ്രണയത്തിന്റെ വിങ്ങലുകൾ മലയാളിയെ എക്കാലവും ലോഭിപ്പിച്ചിട്ടുണ്ട്.  ചങ്ങമ്പുഴ മലയാളി മനസ്സിൽ കുടിയേറിയതു മുതലുള്ള ചരിത്രം. അത് പാടാനുള്ളതാണെങ്കിൽ ബഹു കേമം.  ഈ വാതാവരണത്തിലേക്കാണ് എന്നും കാത്തിരുന്നതു പോലെ യേശുദാസ് തന്റെ ആകർഷക ശബ്ദവുമായി ഉള്ള വരവ്. ആവശ്യത്തിനു നൊമ്പരത്തിന്റെ ഇടർച്ച, പ്രേമലോലുപന്റെ  മൃദുസ്വരലാവണ്യം, ഇതോടൊപ്പം ശാസ്ത്രീയസംഗീതത്തിന്റെ പരിചരണാവിലാസലാഞ്ഛന,  വേണ്ടും വണ്ണം സ്പഷ്ടത  ആലാപനത്തിലെ നൂതനത്വം ഇവയുടെ എല്ലാം സമ്മിളിതസ്വരൂപം കോരിനിറയ്ക്കപ്പെട്ട കാൽ‌പ്പനികതാ ചക്കരക്കുടത്തിൽ കയ്യിട്ടു വാരാത്ത മലയാളികൾ ഇല്ലെന്നായി. മനോഹാരിത തുടിയ്ക്കുന്ന ഇമേജറികളുടെ സമ്മേളനവും കൂടിയായപ്പോൾ ഇത് എളുപ്പവുമായി. എന്നാൽ അത്ര മലയാളിത്തമൊന്നും ഈ പാട്ടിന്റെ ഘടനയിലോ സംഗീതനിബന്ധനയിലോ ഇല്ലെന്നുള്ളത് നമ്മളെ തെല്ലും ഏശിയില്ല.

       .സിനിമാപ്പാട്ടുകൾ പല ഘട്ടങ്ങളായാണ് അവസ്ഥാന്തരം നേടിയിട്ടുള്ളത്. ഒരു പാട്ടിന്റെ സ്വീകാര്യത അതതു കാലത്തെ പൊതുബോധത്തെ ആശ്രയിച്ചാണിരിക്കുന്നത്. അത് സംവദിക്കപ്പെടുന്നതിന്റെ പശ്ചാത്തലം സാമൂഹ്യ-രാഷ്ട്രീയ ചുറ്റുപാടുകളാലാണ് നിർമ്മിക്കപ്പെടുന്നത്.  പരിണാമപ്രക്രിയയുടെ ഘട്ടവിഭജനത്തിലൂടെ പാട്ടിന്റെ ചരിത്രം  പരിശോധിച്ചാൽ ഇതാണ് വെളിവാകുന്നത്. 1960 കളുടെ തുടക്കത്തിൽ തന്നെ മലയാളസിനിമാപ്പാട്ടുകൾ വഴിമാറുന്നതിന്റെ സൂചനകൾ വേണ്ടുവോളും ലഭ്യമായിരുന്നു. ആസ്വാദനശീലങ്ങളിൽ ഉണ്ടായ മാറ്റങ്ങളും സംഗീതസംവിധായകർ സ്വയം ആവിഷ്ക്കരിച്ച സ്വാതന്ത്ര്യബോധവും പ്രധാനമായും ഇതിന്റെ പിന്നിലുണ്ട്. 50 കളുടെ അവസാനത്തോടെ മലയാളി സൈക്ക് പുതുദർശനങ്ങളുടെ വെളിപാടുകളാൽ പുതുമയെ പുണരാൻ ആവേശം കൊണ്ടിരുന്നു.  കേരളസമൂഹം മാറ്റത്തിന്റെ ഒരു ഘട്ടത്തിലൂടെ കടന്നു പോകുകയായിരുന്നു അന്ന്. കമ്യൂണിസ്റ്റ് പാർടി അധികാരത്തിലെത്തുകയും  ഭൂനയ ബിൽ, വിദ്യാഭ്യാസ ബിൽ ഇവയൊക്കെ പ്രാവർത്തികമാക്കുകയും ചെയ്തത്  ഇത്തരം പരിവർത്തനത്തിനുള്ള പിന്നിലുള്ള ചില വിശേഷപ്രേരകങ്ങളായിരുന്നു. സാമ്പത്തികം മാത്രമല്ല ആവിഷ്കാരപരവും ധാർമ്മികവും ആയ മാറിമറിയൽ സമൂഹചേതനയെ  തിളക്കിയെടുക്കാൻ പര്യാപ്തമാക്കി. സ്വാസ്ഥ്യത്തിന്റെ  ചൂടും ചൂരും അനുഭവിക്കാമെന്നായ മലയാളിയുടെ പൊതു സമീപനങ്ങളിലും ഈ വിസർപ്പണത്തിന്റെ അനുരണനങ്ങൾ പ്രതിഫലിക്കപ്പെട്ടു. ആവിഷ്കാരത്തിന്റെ  മാത്രമല്ല ആസ്വാദനത്തിന്റേയും  സീമകൾ മാറ്റിക്കുറിക്കപെടുകയായിരുന്നു  ഈവണ്ണം. വ്യവസ്ഥിതിയുമായി പൊരുതുന്ന  പ്രമേയങ്ങൾ നാടകത്തിൽ നിന്നും അതേപടി സിനിമയിലേക്ക് വന്നു ഇക്കാലത്ത്. ഡോക്റ്റർ, പുതിയ ആകാശം പുതിയ ഭൂമി, മുടിയനായ പുത്രൻ എന്നിങ്ങനെ. കൊളോണിയലിസവുമായി ഇടയുന്ന ആശയങ്ങൾക്കും സാംഗത്യമേറി (വേലുത്തമ്പി ദളവ, പഴശ്ശി രാജാ). തൊഴിൽ മഹത്വത്തിന്റെ ആശയപ്രദാനം സിനിമാ വഴി എന്നതിന്റെ ഉദാഹരണമായിരുന്നു ‘വിയർപ്പിന്റെ വില.‘ പുരോഗമനപ്രസ്ഥാനങ്ങളൂടെ ഭാഗം തന്നെയായിരുന്ന ദേവരാജൻ, എം. ബി. ശ്രീനിവാസൻ, കെ. രാഘവൻ എന്നിവർക്ക് ഈ സ്വാതന്ത്ര്യം അവരുടെ കലാത്മകതയ്ക്ക് വിശാലത നൽകി  എന്നത് വിസ്മരിക്കാൻ പറ്റാത്തതാണ്.  ഹിന്ദിപ്പാട്ടുകളുടെ സ്വാധീനത്തിൽ നിന്നും പൂർണ്ണവിടുതൽ ദക്ഷിണാമൂർത്തി നേടിയതും 60 കളുടെ ആദ്യകാലങ്ങളിലാണ്. മൂടുപടത്തിലെ ചിലപാട്ടുകളിലൂടെ ബാബുരാജും ഈ സംഘത്തിൽ ചേർന്നതായി അപ്രഖ്യാപിതമായ പ്രഖ്യാപനം നടത്തി. നാടകഗാനങ്ങളുടെ ശീലുകളിൽ നിന്ന് ദേവരാജൻ വിമുക്തമാവുകയും ചെയ്തു.  കർണാടകസംഗീതകീർത്തനങ്ങളെ അതേപടി അനുകരിക്കാതെ രാഗങ്ങൾ പൊടിപ്പും തൊങ്ങലും ചാർത്തി പുതിയ രൂപത്തിൽ അവതരിച്ചു.   

    ഈ സ്വാതന്ത്യ്രം  സിനിമാപ്പാട്ടുകളെ സംബന്ധിച്ച് തനിമലയാളിത്തത്തിൽ നിന്നുള്ള വിടുതൽ കൂടി ആയിരുന്നു. നാടൻ ശബ്ദങ്ങളും ആലാപനരീതികളും പാട്ടിൽ നിന്നും പതുക്കെ പിൻ വാങ്ങി. കമുകറ പുരുഷോത്തന്റേയൊ ശാന്ത പി നായരുടേയോ  തനിമ അവശ്യപ്പെടാത്ത  ആസ്വാദനക്ഷമത മലയാളി കൈവരിച്ചു.   നൂറുശതമാനവും മലയാണ്മ തുടിച്ചു നിന്നിരുന്ന ശബ്ദത്തിനുടമ ആയിരുന്നെങ്കിലും കെ സുലോചന മറ്റു ചില കാരണങ്ങളാൽക്കൂടിയും രംഗത്ത് തുടർന്നതേ ഇല്ല.  മലയാളിത്തത്തിന്റെ ആലാപനനിർവ്വചനമായിരുന്ന കെ എസ് ജോർജ്ജ് രംഗം വിടാൻ നിർബ്ബന്ധിതനായി. മലയാളി അല്ലെങ്കിലും നമുക്ക്  താദാത്മ്യസമർത്ഥനത്തിനു സാധിക്കുന്നതായിരുന്നു എ. എം. രാജയുടെ ആലാപനപ്രകരണങ്ങൾ എന്നതിനാൽ അദ്ദേഹം പിടിച്ചു നിന്നു. പി. സുശീലയും എസ് ജാനകിയും കൂടുതൽ അച്ചടിഭാഷയോട് അടുത്തു നിൽക്കുന്നതും സൂക്ഷ്മതലത്തിൽ നാടൻ ഉച്ചാരണത്തിൽ നിന്നും അകന്നു നിൽക്കുന്നതുമായ ശൈലിയ്ക്ക് ഉടമകളായിരുന്നു. എന്നാൽ അസാധാരണ വശ്യതയും വൈദഗ്ദ്ധ്യവും ഇവരുടെ പാട്ടിനു പിന്തുണയുണ്ടായിരുന്നതിനാൽ മലയാളി രണ്ടിലൊന്ന് ആലോചിക്കാതെ ഇവരെ സ്വീകരിക്കയാണുണ്ടായത്.  ആലാപനത്തിനു ഒരു ദേശീയസ്വഭാവം ഇതോടെ കൈവന്നു.  സംഗീതസംവിധായകരുടെ ആലാപനശൈലിയുടെ സ്വാധീനം കൈവിട്ട്  യേശുദാസും ഈ സംഘത്തിൽ പങ്കു ചേരുകയാണുണ്ടായത്.  1963 ഇൽ ‘കണ്ണുനീർ മുത്തുമായ് ’  (നിത്യകന്യക-ദേവരാജൻ) പാടിക്കൊണ്ട് യേശുദാസ് ഇത് പ്രഖ്യാപിച്ചു.

            സാമൂഹ്യരാഷ്ട്രീയ സ്വാധീനങ്ങളാൽ പരുവപ്പെടുത്തിയെടുക്കപ്പെട്ട മലയാളി മനസ്സ് ഈ നൂതന തുറസ്സിലേക്ക് എളുപ്പം പ്രവേശിച്ചു.  കേരളാ മോഡൽ എന്ന് പിന്നീട് അറിയപ്പെട്ട വികസനപരിണതിവിശേഷം വിനോദോപാധികളിലേക്ക്  മനസ്സു കൂടുതൽ ചായ്ക്കാൻ അനുകൂല ചുറ്റുപാടുകൾ സംജാതമാക്കി എന്നതാണ് സത്യം. . കുടുംബത്തിലെ സദ്ഗുണസമ്പന്നനും സുന്ദരനും ആയെ ഒരു റൊമാന്റിക് ഭാവനയുമായി താദാത്മ്യം പ്രാപിക്കാൻ വെമ്പി നിന്നവന്  അനായാസേന തന്റെ ഇമേജ് സമ്മാനിച്ചു, പ്രേംനസീർ.   ഈ സമയത്ത് വീരേതിഹാസകഥയാണെങ്കിൽക്കൂടി നായകൻ പ്രേമതരളിതനാവാമെന്ന സൌജന്യവും വന്നു ഭവിച്ചു. (ഉണ്ണിയാർച്ച- പ്രേംനസീർ -‘അന്നു നമ്മൾ കണ്ടതിൽ‌പ്പിന്നെ അനുരാഗമെന്തെന്നു ഞാനറിഞ്ഞൂ‘)  ചെറിയ പട്ടണങ്ങളിലും അതുവഴി ഗ്രാമങ്ങളിൽ‌പ്പോലും ലഭ്യമായിത്തുടങ്ങിയതും  മാറിയ സമ്പദ് വ്യവസ്ഥകളാൽ പ്രാപ്യമായിത്തുടങ്ങിയതുമായ ടെറിലിൻ ഷറ്ട് തുണികൾ, കറുത്ത കണ്ണട, സുഗന്ധദ്രവ്യങ്ങൾ എന്നിങ്ങനെയുള്ളവ  ഈ പ്രേനസീർ സ്വരൂപത്തെ തന്നിലേക്കാവാഹിക്കുക എന്നത് എളുപ്പവുമാക്കിത്തീർത്തു. 1952 മുതൽ പ്രേം നസീർ സിനിമയിൽ ഉണ്ടെങ്കിലും ഇക്കാലത്താണ് വിലയനസാദ്ധ്യത വികാസം പ്രാപിച്ചത്.  യേശുദാസിന്റെ അംഗീകാരം ഈ പ്രതിഛായുമായി യോജിപ്പിക്കാൻ എളുപ്പവുമാക്കി, പരസ്പരപൂരിതവുമായിരുന്നു ഇത്. ഒരു സിനിമയിലെ പ്രധാന പാട്ട് ഗായികമാർ പാടുക എന്ന നില കൈവിട്ട് ഗായകനിലേക്ക്ക് അത് കൈമാറ്റപ്പെട്ടു. 62 ഇലെ ഭാര്യ യിൽ പി സുശീലയുടെ പാട്ടുകളാണ് വൻ ജനപ്രീതി നേടിയത്, 63 ഇലെ മൂടുപടം, അമ്മയെ കാണാൻ എന്നിവയിലൂടെ എസ് ജാനകിയാണ് ഹിറ്റ്മേകർ ആയത്. (തളിരിട്ട കിനാക്കൾ തൻ, ഉണരുണരൂ ഉണ്ണിപ്പൂവേ).  ഈ പശ്ചാത്തലത്തിലാണ് ‘താമസമന്തേ വരുവാൻ‘ എന്ന പാട്ടിന്റെ വൻ വിജയത്തെ കാണാൻ. യേശുദാസ് സോളൊ പാടിയ പാട്ടുകൾ ഇതിനു മുൻപത്തേവ ( കണ്ണുനീർ മുത്തുമായ്, ചൊട്ടമുതൽ ചുടല വരെ, ആകാശത്തിലെ കുരുവികൾ എന്നിവ ഒഴിച്ചാൽ) പോപുലർ ആയിരുന്നില്ല എന്നത് ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്. 1962-63 ഇൽത്തന്നെ ഭാര്യ, കണ്ണും കരളും, വിധി തന്ന വിളക്ക്, വേലുത്തമ്പി ദളവ,  അമ്മയെ കാണാൻ എന്നിവയിലെ യേശുദാസ് സോളോ ഗാനങ്ങൾ ശ്രദ്ധിക്കപ്പെടേണ്ടവയല്ലെന്ന് വിധി എഴുതപ്പെട്ടവയാണ്. 1964 ഇലെ ‘കറുത്ത പെണ്ണേ കരിങ്കുഴലീ’  (അന്ന -ദേവരാജൻ) ഉച്ചസ്ഥായിയിൽ, പതർച്ചയില്ലാതെ ഏകാഗ്രമായി പാടിഫലിപ്പിക്കാനുള്ള കഴിവിനെ പ്രഘോഷിക്കുന്നതാകയാൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എ. എം. രാജാ, കമുകറ, ഉദയഭാനു എന്നിവർക്ക് പ്രദാനം ചെയ്യാനാവാത്ത പലതും യേശുദാസിനു നൽകാനാവുമെന്നത് വലിയ ഒരു പരിണാമത്തിനാണു വഴി വച്ചത്.  യേശുദാസ്, യേശുദാസ് മാത്രം എന്ന ഉദ്ഘോഷണത്തിനു  പ്രകമ്പനം അരുളിയത് മേൽ‌പ്പറഞ്ഞ പാട്ടുകളോടൊപ്പം  ‘അഷ്ടമുടിക്കായലിലെ..’ (മണവാട്ടി) യും ‘കരയുന്നോ പുഴ ‘ (മുറപ്പെണ്ണ്-ചിദംബരനാഥ്) എന്നിവയുമാണ്. ആലാപനത്തിലെ താരള്യത്താലും ശുഭോദർക്കമായ ഭാവിപ്രയാണയത്തിന്റെ ആഹ്വാനം എന്ന ആശയപ്രസക്തിയാലും “ഇടയ കന്യകേ പോവുക നീ” എളുപ്പം സ്വീകരിക്കപ്പെട്ടു. തന്റെ ജൈത്രയാത്രയ്ക്കുള്ള തുടക്കത്തിന്റെ സൂചനകൾ ഈ പാട്ടിൽ (“ പോവുക നീ ഇടറാതെ കാലിടറാതെ”) അടങ്ങിയിരുന്നതിനാലും ‘ഇന്നല്ലെങ്കിൽ നാളെ കണ്ടെത്തും നീ മനുഷ്യപുത്രനെ‘ എന്ന വിപ്ലവസ്വാദുള്ള ഉദ്ഘോഷണമുണ്ടായിരുന്നതിനാലും  തന്റെ കരിയറിന്റെ മുഖമുദ്രയാക്കി  ഈ ഗായകൻ വീണ്ടും വീണ്ടും പാടിയത് മലയാളി സസന്തോഷം അംഗീകരിക്കുകയും ചെയ്തു.

           ഈ പശ്ചാത്തലത്തിലാണ് താമസിയാതെ 1965 ഇൽ പൊതുജനസമക്ഷം അവതരിക്കപ്പെട്ട “അല്ലിയാമ്പൽക്കടവിൽ” ന്റെ ജനപ്രിയതയുടെ വേരുകൾ അന്വേഷിക്കേണ്ടത്. അനായാസമായി ഏറ്റുപാടാൻ പറ്റുന്നത് എന്നത് സ്വീകാര്യതയുടെ പ്രധാനകാതലാണ്, അത് എളുപ്പം നിറവേറപ്പെടുന്നുമുണ്ട്. വെള്ളിത്തിരയിൽ പ്രേംനസീറിനെ കാണാതെതന്നെ അനുരാഗമെന്തെന്ന് അറിഞ്ഞവന്റെ തരളഹൃദയവുമായി താദാത്മ്യം പ്രാപിക്കൽ എളുപ്പമാക്കുന്ന യേശുദാസിന്റെ സ്വരഭംഗി തന്നെയാണ് നെഞ്ച് കരിക്കിൻ വെള്ളത്താൽ കുതിരാൻ ഇടയാക്കിയത്. അത് എല്ലാ സ്ഥായിയിലും-‘ മൂളിപ്പാട്ട് പാടിവന്ന മുളം തത്തമ്മേ’ എന്ന ഉച്ചസ്ഥായിയിലും പല്ലവിയുടെ ആദ്യഭാഗത്തെ താഴ്ന്ന സ്ഥായിയിലും –പ്രകമ്പനം കൊള്ളിയ്ക്കാനുള്ള വൈദഗ്ധ്യം യേശുദാസിന്റെ പക്കൽ ഉണ്ടായിരുന്നു താനും. കമുകറയ്ക്കോ എ. എം. രാജയ്ക്കൊ പറ്റാത്ത രസാനുവിഷ്ടത. സ്വച്ഛവും സ്പഷ്ടവും ലളിതവുമായ താളനിബന്ധനയും ആകർഷണവിദ്യയിൽ പങ്കു ചേരുന്നുണ്ട്.  പ്രധാനമായും പി. ഭാസ്കരൻ വരച്ച അലംകൃതചിത്രങ്ങളാണ്  റൊമാന്റിക് ഭാവനയുടെ പൂമുഖത്ത് ചില്ലിട്ടു വച്ച് മാലചാർത്തപ്പെട്ടത്. മുഖത്ത് താമരക്കാട് പൂക്കുന്നതും  നെഞ്ചിൽ അനുരാഗക്കരിക്കിൻ വെള്ളം നിറയുന്നതും കൊതുമ്പു വള്ളം ഉണ്ടായിട്ടുപോലും മോഹിപ്പിച്ച പെണ്ണിനു വേണ്ടി നീന്തിത്തന്നെ ചെന്ന് താമരപ്പൂ പൊട്ടിയ്ക്കുന്നതും  ഒക്കെ കൽ‌പ്പനാകാലം കൺകളിൽ കൊളുത്തിയ കർപ്പൂരദീപപ്രഭ ചൊരിഞ്ഞു നിൽക്കാൻ പര്യാപ്തമായിരുന്നു. ഗൃഹാതുരത്വം അടരുകളായാണ് കാവ്യഗാത്രത്തിൽ വർണ്ണപ്പൂഞ്ചേല ചുറ്റിപ്പടർത്തുന്നത്. അകന്നു പോയ പ്രണയിനിയോടാണ് നായകന്റെ  സങ്കീർത്തനവിലാപം. ആളൊഴിഞ്ഞകൂട്ടിൽ വിരഹത്തിന്റെ മധുരനൊമ്പക്കാറ്റ് തന്നെയാണ് വീശുന്നത്.  നഷ്ടവസന്തത്തിൻ തപ്തനിശ്വാസം തന്നെ പാട്ട്. ആമ്പൽക്കടവും കൊതുമ്പുവള്ളം തുഴഞ്ഞതും താമരപ്പൂ പറിച്ചു സമ്മാനിച്ചതും എല്ലാം വിദൂരസ്മരണകൾ മാത്രമായി മാറിയിരിക്കുന്നതിൽ വേദന തെല്ലല്ല നായകന്.
സിനിമാപ്പാട്ടിൽ ഇത് പുതുമയൊന്നുമല്ലെങ്കിലും മേൽ‌പ്പറഞ്ഞ പ്രത്യേകതളാണ് പാട്ടിനു സർവ്വസമ്മതി നേടിക്കൊടുത്തത്. പി ഭാസ്കരൻ തന്നെ ‘കായലരികത്ത് വലയെറിഞ്ഞപ്പോൾ..’ ഇൽ പാടിയതും സാദൃശ്യമുള്ള വസ്തുതകളാണ്. ഇപ്പോൾ നാ‍യകനോടൊപ്പം ഇല്ലാതായ പ്രണയിനിയോടുള്ള അഭ്യർത്ഥന. ‘അനുരാഗക്കരിക്കിൻ വെള്ളം’ പോലെ ചില്ലറത്തമാശയോഗങ്ങൾ ആ പാട്ടിലുമുണ്ട്. കരളിനുരുളിയിൽ എണ്ണകാച്ചുന്നതും ഞരമ്പുകൾ കമ്പൊടിഞ്ഞ ശീലക്കുടയുടെ കമ്പി പോലെ വലിഞ്ഞതും ഒക്കെ. എന്നാൽ സാമ്യങ്ങൾ അവിടെത്തീരുന്നു.  ‘കായലരികത്ത് ..’ഒരു യുവകോമളൻ -ശബ്ദത്താലും സിനിമയിലെ സീനിൽ വരുന്ന വ്യക്തി യായും-  പാടുന്ന പാട്ടല്ല. അത് ഒരു അവ്യക്ത കഥാപാത്രത്തിന്റെ ഉറവിടമാണ്. പ്രിയതമയോടുള്ള യാചനയ്ക്ക് വിരഹനൊമ്പരത്തേക്കാൾ ഫലിതപ്രതീതിയാണ്. നാടൻ മാപ്പിളപ്പാട്ട് ആയതുകൊണ്ട് സാർവ്വലൌകികവുമല്ല.  ഇതേ ആശയസംവാഹനം നടത്തുന്ന, പി ഭാസ്കരന്റെ തന്നെ “പണ്ട് പണ്ട് പണ്ടു നിന്നെക്കണ്ട നാളയ്യാ”  (രാരിച്ചൻ എന്ന പൌരൻ) അല്ലിയാമ്പൽക്കടവിൽ നിന്നും വളരെ ദൂരെയാണ്.  ‘പൊൻ വിളക്കിൽ തിരി കൊളുത്തേണം, പിന്നിപ്പോയ പട്ടുറുമാൽ തുന്നിത്തരേണം എന്നൊക്കെ അർത്ഥനാസാമ്യം ഉണ്ടെങ്കിലും. മെഹ്ബൂബിന്റെ ശബ്ദവും ആലാപനവും യേശുദാസിന്റേതുമായി താരതമ്യ വുമില്ല. അങ്ങനെ നാടൻ ശബ്ദം, ഈണം, മറ്റ് തരം തിരിവുകൾ എന്നിവയുടെ ബാദ്ധ്യതകൾ ഒന്നും പേറാതെ നൂതനവും എന്നാൽ  വ്യാപകവും സർവ്വഗതവുമായ ലക്ഷണാകൃതികൾ  ‘അല്ലിയാമ്പൽക്കടവിൽ‘ ഇനു അവിളംബസമ്മതി നേടിക്കൊടുത്തു.

60 കളിലെ നായകൻ -അതോടൊപ്പം മലയാളിയും- ഇതു പാടുമ്പോൾ ഒരു മോഹം നിറവേറുകയായിരുന്നു. സുവിധാദായകവും പ്രേമതരളിതവുമായ ഒരു ഭൂതകാലം തനിക്ക് ഉണ്ടെന്നുള്ളത്. ഭൂതകാലത്തെ വർണ്ണാഭവും  സ്വാന്തനാഭരിതവും ആയി ചിത്രീകരിച്ച്-അത് സത്യം എല്ലെങ്കിൽക്കൂടി- മാനസികതൃപ്തി നേടൽ തത് കാലത്തും ഇനി വരാൻ പോകുന്ന കാലത്തും  സുരക്ഷയും സ്വാസ്ഥ്യവുമാണ് പ്രദാനം ചെയ്യുക. ഒരേ സമയം ഭൂതകാലത്തിലെ താരള്യവും അനുഭാവപൂർണ്ണതയും ഭാവിയിലെ പ്രത്യാശസംരക്ഷണയുമായി കൂട്ടിയോജിപ്പിക്കാൻ ഉതകുന്നതാണ് ഇവ. പൂർവ്വകാലസ്മൃതികൾ ഭാവിസുരക്ഷയുടെ മൺകുടത്തിൽ ശേഖരിക്കപ്പെടുന്ന നാണയത്തുട്ടുകളാണ്. സിനിമാപ്പാട്ടുകൾ അല്ലാതെ മറ്റൊരു ജനപ്രിയപാട്ടുകളും ഇല്ലാത്ത ജനതയ്ക്ക്  ഇത്തരം പാട്ടുകളിലൂടെ നിർമ്മിച്ചെടുക്കുന്ന ഭാവനാലോകം  ഒഴിഞ്ഞതോ ഇരുണ്ടതോ ആയ കോണിടങ്ങളിൽ  പ്രകാശനിർഭരതയും പ്രസാദാതകത്വവും ചൊരിയുകയാണ്. ‘കായലരികത്ത് വലയെറിഞ്ഞപ്പോൾ..’ ഉം ചെറിയ തോതിലെങ്കിലും ഈ ദൌത്യം നിറവേറുന്നുണ്ട്.  ഏതു വേദിയിലും എപ്പോഴും ആർക്കും പാടാവുന്ന പാട്ട് എന്ന നിലക്ക്  ‘അല്ലിയാമ്പൽക്കടവിൽ .ഇനു നില നിൽ‌പ്പ് വന്നു ഭവിച്ചത് ഇക്കാരണം കൊണ്ടു കൂടിയാണ്. ഗൃഹാതുരതയ്ക്ക് നിർവ്വചനം എന്ന നിലയ്ക്ക് നിർമ്മിച്ചെടുത്ത ലൌഡ് സ്പീക്കർ എന്ന സിനിമാ ആധാരപ്പെടുത്തിയിരിക്കുന്നത് ഈ  പാട്ടിന്റെ അദ്ധ്യാരോപണമൂല്യത്തിലാണ്    പ്രവാസികളുടെ എല്ലാ നൊമ്പരങ്ങളും അലിയിച്ച  ഈ കരിക്കിൻ വെള്ളം  അവർ മെല്ലെ നൊട്ടിനുണച്ചുകൊണിരിക്കുന്നതിനാൽ ഈ പാട്ട് ഇനിയും പാടപ്പെടും.

ജോബ് ഈ പാട്ട് ചിട്ടപ്പെടുത്തിയ്രിക്കുന്നത് വെസ്റ്റേൺ അനുക്രമവികാസ സമ്പ്രദായത്തിലാണ്. നിലവിലുള്ള ശീലങ്ങളെ അട്ടിമറിച്ചുകൊണ്ട് ഓർക്കെഷ്റ്റ്രേഷൻ ചമച്ചിരിക്കുന്നത് കൃതഹസ്തനായ പി. എസ്. ദിവാകറും. വാതിൽ‌പ്പുറക്കാഴകളിൽ കൂടി കഥപറയാൻ ഒരുമ്പെട്ട,  നായക-നായികാസങ്കൽ‌പ്പങ്ങൾക്ക് വെല്ലുവിളി ചമച്ച  പി എൻ മേനോന്റെ വിപ്ലവപ്രസ്താവനയുമായിരുന്നു ‘റോസി’ എന്ന സിനിമ. ഒന്നിനൊന്ന് വ്യത്യസ്തമായതും നൂതനത്വം കലർന്നതുമാണ്  ഈ സിനിമയിലെ മറ്റുപാട്ടുകളും. ഭാവദീപ്തി അമര്യാ‍ദിതമായി പ്രസരിപ്പിക്കുന്ന ശബ്ദസൌഭാഗ്യം യേശുദാസിന്റെ സ്വന്തം എന്ന് നിശ്ചയമുള്ളിടത്തോളം കാലം മറ്റൊരു ഗായകൻ ‘അല്ലിയാമ്പൽ ‘പാടി ഫലിപ്പിക്കുമെന്ന് കരുതാൻ വയ്യ.   ഒരേപോലെ ചിട്ടപ്പെടുത്തിയ രണ്ടു വരികളായാണ് പല്ലവി പ്രത്യകഷപ്പെടുന്നത്. ‘അല്ലിയാമ്പൽ’‘’എന്നുതുടങ്ങുന്ന വരിയ്ക്കും ‘നമ്മളൊന്നായ്..’  എന്നു തുടങ്ങുന്ന വരിയ്ക്കും ഒരേ ട്യൂൺ ആണ്.   ‘നമ്മുടെ നെഞ്ചിലാകെ അനുരാഗ’ ഒരു പഞ്ച് ലൈൻ പോലെ ഉയർന്ന സ്ഥായിയിൽ. ചരണങ്ങൾ രണ്ടും ഒരേ പോലെ ചിട്ടപ്പെടുത്തിയവയാണ്, മൂന്നാം വരി ഉയർന്ന സ്ഥായിയിൽ എന്ന പതിവിൻ പടി തന്നെ. എന്നാൽ രണ്ടാം ചരണം സ്വൽ‌പ്പം വ്യത്യാസപ്പെടുത്തിയിട്ടുണ്ട്. ‘കാടു പൂത്തല്ലോ എന്നതും അടുത്ത വരിയും ആവർത്തിക്കുന്നുണ്ട്. ‘കാലമായില്ലെ എന്റെ കൈപിടിച്ചീടാൻ’ എന്ന പ്രധാന ആശയത്തിനു ബലാഘാതം അണയ്ക്കാനെന്നവണ്ണം. യാചനയ്ക്ക് ദൈന്യതാപരിവേഷം ചാർത്താൻ ‘ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തൂ..” എന്ന ഭാഗം മന്ദ്രമായി ആവർത്തിക്കുന്നുണ്ട്. ആദ്യചരണത്തിന്റെ അവസാന വരിയായ ‘കണ്ടു നിൻമുഖത്തുമറ്റൊരു താമരക്കാട്’ എന്നതും ആവർത്തിക്കുന്നുണ്ടെങ്കിലും ‘ആളൊഴിഞ്ഞ കൂട്ടിലെന്തേയുടെ ആവർത്തനം ഭാവമാറ്റത്തോടെയാണ് യേശുദാസ് അവതരിപ്പിക്കുന്നത്. ശാസ്ത്രീയസംഗീതത്തിന്റെ അംശങ്ങളായ ഗമകപ്രയോഗങ്ങൾ പൂർണ്ണമായും വർജ്ജിച്ചിരിക്കയാണ്. പക്ഷേ യാതൊരു കുറവും അനുഭവിപ്പിക്കാതെ അനായാസമായി ആലപിക്കുന്ന യേശുദാസിന്റെ മാന്ത്രികസ്വരമാണ് പരിപൂർത്തിയണയ്ക്കുന്നത്. എല്ലാ വരികളും അത്യന്തസുന്ദരമായി ചെറിയ പ്രയോഗങ്ങളാൽ ഘടിപ്പിച്ചിട്ടുണ്ട് പി. ഭാസ്കരൻ. ഇത് പാട്ടിനു നൽകുന്ന താളചാരുത അപൂർവ്വമാണ്. ‘അന്ന്’ (നമ്മളൊന്നായ്..’ ഇനു മുൻപ്) ‘അപ്പോൾ ‘(താഴെ ഞാൻ. ഇനു മുൻപ്) ‘പിന്നെ‘,  ‘പെണ്ണേ’,  ‘ഇന്നും   എന്റെ’ ‘അന്ന്,  ‘ഇന്നീ‘  എന്നിങ്ങനെ രണ്ടക്ഷരവാക്കുകളാണ് ഇവ. പ്രാസനിബന്ധനയ്ക്കുവേണ്ടി ദീർഘാക്ഷരങ്ങളിൽ തുടങ്ങുന്ന എല്ലാ വരികൾക്കും മുൻപ് പ്രത്യക്ഷപ്പെടുകയാണിവയെല്ലാം. ദ്രാവിഡ      വൃത്തങ്ങളിലുള്ള നാടൻ ശീലുകളിൽ നിന്നും കടംകൊണ്ട കാവ്യസങ്കേതങ്ങളാണിവ.

അക്കോർഡിയൻ മന്ദ്രമായി ഒഴുക്കുന്ന മാധുര്യമാർന്ന ബിറ്റ് ആണ് പാട്ടിനു തുടക്കം. ഇതേ വർഷം ഇറങ്ങിയ മറ്റൊരു ജനപ്രിയ പാട്ടിന്റെ തുടക്കവും അക്കോർഡിയൻ ആണെന്നുള്ളത് കൌതുകകരം തന്നെ-‘മാണിക്യവീണയുമായെൻ’  പിന്നീട് ഗിറ്റാർ ഉണർത്തുന്ന താളത്തിനുശേഷം വയലിൻ സംഘം ഒരു മെലഡി തന്നെ സൃഷ്ടിയ്ക്കുകയാണ്. സൂക്ഷ്മതലത്തിൽ ഈ സ്വരസംഘാതം ഉണർത്തുന്ന ട്യൂൺ തന്നെയാണ് പാട്ടിന്റെ ആധാരം എന്ന് കാണാവുന്നതാണ്.  പല്ലവി കഴിഞ്ഞ് വരുന്ന ഗിറ്റാർ ബിറ്റ്, അതുതന്നെ മറ്റൊരു ശൃതിയിൽ ആവർത്തിക്കുന്ന വയലിൻ ഇവ രണ്ടും മനോഹരമാണ്. വയലിൻ സ്ഥായി ഉയർത്തിയാണ് അവസാനിപ്പിക്കുന്നത്. ഇത് “താമരപ്പൂ എന്ന് തുടങ്ങുന്ന ഭാഗത്തിനോട് സമരസപ്പെട്ട് പോകുന്നു. വയലിൻ പ്രയോഗങ്ങൾ എല്ലാം തന്നെ പാട്ടിന്റെ ട്യൂണിനോട് ചേർന്നു പോകുന്നതും പാട്ടിനു ബലമേറിയ ചട്ടക്കൂട് നൽകുന്നതും ആണെന്ന രീതിയിലാണ് നിർമ്മാണരീതി.  ഇത് ‘കാടുപൂത്തല്ലോ..കൈപിടിച്ചീടാൻ..’ എന്ന് പാടിക്കഴിഞ്ഞ് വരുന്ന വയലിൻ ആചരണം (ഇത് ഒരു അപാര പ്രയോഗം തന്നെ!) ശ്രദ്ധിച്ചാൽ കൂടുതൽ തെളിയുന്നതാണ്. ‘’താമരപ്പൂ നീ’ കാടുപൂത്തല്ലോ ‘എന്നിവ നൽകുന്ന ട്യൂൺ തന്നെയാണ് വയലിൻ വെളിവാക്കുന്നത്. എന്നാൽ ഇത് വെറും ആവർത്തനം എന്നു തോന്നാത്ത വിധത്തിലാണെന്നുള്ളതാണ് പ്രയോഗവൈശിഷ്ട്യം. 2.23 യിലെ വയലിൻ പ്രയോഗത്തിനു ശ്രുതി സ്വൽ‌പ്പം മാറിയ ചെല്ലോ പ്രയോഗവുമുണ്ട് അകമ്പടിയായി. ഓർക്കേഷ്ട്രെഷൻ അതി സൂക്ഷ്മമായാണ് വ്യാപനം ചെയ്തിട്ടുള്ളത് എന്നതിന്റെ തെളിവാണിത്. ചിലയിടത്ത് വോക്കലിനു പുറകിൽ കൌണ്ടർ മെലഡി പോലെ വയലിൻ സംഘം സഞ്ചരിക്കുന്നുണ്ട്. അപൂർവ്വമായി അക്കോറ്ഡിയനും.  ‘അരയ്ക്കു വെള്ളം’ എന്നതിലെ ‘വെള്ളം‘ തീരുമ്പോഴും ‘കൊതുമ്പുവള്ളം‘ എന്നതിലെ ‘വള്ളം‘ തീരുമ്പോഴും അതികൌശലം എന്ന് വിശേഷിപ്പിക്കാവുന്ന വയലിൻ ബിറ്റുകളുടെ നിബന്ധനം ഓർക്കെഷ്റ്റ്രേഷൻ ചെയ്ത പി. എസ്. ദിവാകർ അസാമാന്യനാണെന്ന് തെളിയിക്കുന്നു. വോക്കലിനു പിന്നിലേക്ക് ലയിച്ചു തീരുന്ന തരത്തിലാണ് ഈ നുനുത്ത പ്രഹർഷണം മെല്ലെ ഒഴുകിയകലുന്നത്. പാട്ടിനു അലൌകികമായ അനുഭൂതി പ്രദാനം ചെയ്യുന്നത് ഇത്തരം പ്രയോഗങ്ങളാണ്. അനുപമമായ ലയം ആണ് ഈ പാട്ടിനു എന്നതാണ് ആകരഷകശക്തി. ഇതിനു ഉപോദ്ബലകമാകുന്നത് ഗിറ്റാർ- വയലിൻ പ്രയോഗങ്ങൾ തന്നെ. അപൂർവ്വമായിട്ടേ മലയാളം പാട്ടുകളിൽ ഇപ്രകാരം വെസ്റ്റേൺ ഒർക്കെഷ്ട്രേഷൻ സൃഷ്ടിയ്ക്കുന്ന ലയഭംഗി തെളിയാറുള്ളു എന്നത് സത്യമാണ്.

തബലയില്ലാതെ പാട്ടോ?

താളവാദ്യങ്ങൾ കൊണ്ടുപിടിച്ച് ടെമ്പോ ചമയ്ക്കുന്ന കാലത്ത് അവയൊന്നുമില്ലാതെ സൂപ്പർ ഹിറ്റായ പാട്ടാണ്  ‘അല്ലിയാമ്പൽക്കടവിൽ’. അതും തബലയിൽ വൻ പ്രയോഗങ്ങൾ നിർബ്ബന്ധമായും ഉൾച്ചേർക്കുന്ന ദേവരാജന്റെ പ്രതാപ കാലത്ത്. തബലയോ മൃദംഗമോ അല്ലെങ്കിൽ ബോംഗോസ് പോലത്തെ ഡ്രംസോ അകമ്പടി ചേർക്കാതെ ഒരു പാട്ടും ഇറങ്ങാറില്ല അക്കാലത്തും പിൽക്കാലത്തും. ക്രിസ്തീയ ഭക്തിഗാനങ്ങൾ മാത്രമാണ് താളവാദ്യങ്ങളില്ലാതെ സിനിമാപ്പാട്ടുകളിൽ പ്രത്യക്ഷപ്പെടുക. ദേവരാജൻ കനിഞ്ഞ  അപൂർവ്വസൌജന്യം  ‘നിത്യവിശുദ്ധയാം കന്യാമറിയമേ‘ യിൽ കാണാം.  അതുപോലെ ‘സമയമാം രഥത്തിൽ ഞാൻ’ഇലും.  എം എസ് വിശ്വനാഥന്റെ ‘സത്യനായകാ മുക്തിദായകാ....‘ ദക്ഷിണാമൂർത്തിയുടെ “അദ്ധ്വാനിക്കുന്നവർക്കും’   ബാബുരാജിന്റെ ‘കന്യാതനയാ.”ഒക്കെ മറ്റ് ഉദാഹരണങ്ങൾ. ‘സത്യനായകാ’യുടെ പിന്നീടു വന്ന വേർഷസിനു (ഉദാ;മർക്കോസ്) തബല ചേർത്തിട്ടുണ്ട്, അത് ഒരു കുറവാണെന്ന കരുതലിൽ!  ജോബിന്റെ തന്നെ ‘ഞാനുറങ്ങാൻ പോകും മുൻപായ്’, കെ രാഘവന്റെ  ‘ദൈവത്തിൻ പുത്രൻ ജനിച്ചൂ‘  ഇവയിലൊക്കെ ബോംഗോസോ തബലയോ ഉണ്ട്.  ‘അല്ലിയാമ്പൽ .’ഇൽ റിഥം ഗിറ്റാർ ഏകതാനമായി നൽകുന്ന താളം മാത്രമേനിബന്ധിച്ചിട്ടുള്ളു.  ഇത് വളരെ ലളിതമായ വിന്യാസത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നതും. വെസ്റ്റേൺ സംഗീതരീതിയായ ‘വാൽറ്റ്സ്’ (Waltz)  ന്റെ പ്രയോഗങ്ങളോട് അടുത്തു നിൽക്കുന്നു ഇത്.  Waltz രീതി കുറച്ചുകൂടി തെളിഞ്ഞ് പ്രയോഗിച്ചിട്ടുണ്ട് ജോബ്/പി. എസ്. ദിവാകർ ഇതേ സിനിമയിൽ. ‘കണ്ണിലെന്താണ്..’ എന്ന എൽ. ഈശ്വരിയുടെ പാട്ടിൽ. ഇതിനും മുൻപ് ബാബുരാജ്  Waltz കൃത്യമായിട്ട് ഉപയോഗിച്ചിട്ടുണ്ട്. ഭാർഗ്ഗവീനിലയത്തിലെ ‘പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു..’ ഇൽ.. താളവാദ്യങ്ങളുമില്ലാതെ.  ഇതിന്റെ സമാന്തര വേർഷനായ ‘പൊട്ടാത്ത പൊന്നിൻ..ഇൽ തബല ചേർത്തിട്ടുണ്ട്. അതിനും മുൻപ് വ്യക്തമായി എം. ബി ശ്രീനിവാസൻ “താമരത്തുമ്പീ വാ വാ” ഇൽ വ്യക്തമായി വാൽറ്റ്സ് നിബന്ധിച്ചിട്ടുണ്ടെന്നത് മറക്കുന്നില്ല. ‘അല്ലിയാമ്പൽ..ന്റെ മറ്റൊരു പ്രത്യേകത കൃത്യമായ വെസ്റ്റേൺ പ്രയോഗങ്ങളുടെ ഏകാഗ്രത നിലനിർത്താൻ ഫ്ലൂട് പാടേ വർജ്ജിച്ചിരിക്കുകയാണെന്നുള്ളതാണ്. ഓടക്കുഴലിന്റെ മധുരകാൽ‌പ്പനികത്വം അത്യാവശ്യമാ‍ണ്  രാഗപാരവശ്യം നിറയ്ക്കാൻ എന്ന പൊതുധാരണയെ പൊളിയ്ക്കുകയാണിവിടെ.  ഇതേ പ്രണാലിയിൽ തീർത്ത ‘മാണിക്യവീണയുമായെൻ.’ ഇൽ ഫ്ലൂട് പ്രയോഗങ്ങളുടെ ധാരാളിത്തം ഉണ്ടെന്നുള്ളത് ശ്രദ്ധിക്കുക.

 ചിട്ടപ്പെടുത്തലിൽ മലയാളരീതികൾ ഒന്നും നിബന്ധിക്കാതെ തനി മലയാളിത്തം പ്രസരിപ്പിക്കുന്ന പാട്ട് ഒരുക്കാൻ ഒരുമ്പെട്ട  ജോബിനും പി. എസ്. ദിവാകറിനും നിപുണതയും സൂക്ഷ്മബുദ്ധിയും മാത്രമല്ല അപാര ധൈര്യവുമുണ്ട്. 


Friday, June 26, 2015

“പെണ്ണാളേ പെണ്ണാളേ ……” സങ്കീർണ്ണമായ സംഘഗാനം

     സിനിമാസംഗീതത്തിൽ  ഒരു  ആഘാതമെന്നപോലെ നവഭാവുകത്വം അണച്ചതാണ് ചെമ്മീൻ സിനിമയിലെ പാട്ടുകളുടെ ചരിത്രസാംഗത്യം.  കടലിലെ ഓളം പോലെ കരളിലെ മോഹവും അടങ്ങുകില്ലോമനേ എന്ന പ്രണയസത്യം അതിലെ ആലാപനത്തിന്റെ ഭാവതാരള്യത്താൽ  സംത്രാസപ്പെടുത്തിയെങ്കിൽ  തബലയുടെ   നടകളോടൊപ്പം അനുവാചകഹൃദയവും തുടികൊട്ടിപ്പോകുന്ന താളമേളം സംക്രമിപ്പിച്ച  ‘കടലിന്നക്കരെ പോണോരേ” പ്രേമസാക്ഷാത്ക്കാരക്കൊതി നാവിലൂറിച്ചു. പ്രണയഗാനങ്ങളുടെ സ്വാഭാവികമായ ആകർഷണലയം  ഈ പാട്ടുകളുടെ ലോകപ്രിയതയ്ക്കും സർവ്വമാന്യതയ്ക്കും പിന്നിലുണ്ടാകാമെന്നത്  തർക്കസംഗതമൊന്നുമല്ല.   എന്നാൽ ഒരു സിനിമയിലെ സംഘഗാനങ്ങൾ മറ്റുഗാനങ്ങൾക്കൊപ്പമോ അതിലപ്പുറമോ ആസ്വാദ്യതയും ജനപ്രീതിയും നേടുന്നത് ആദ്യമായാണ്.  ‘ചാകര കടപ്പുറത്തിനു ഉത്സവമായ്’ യും “പെണ്ണാളേ പെണ്ണാളെയും“   ജനസമ്മതി ആർജ്ജിച്ചു എന്ന് മാത്രമല്ല  സാംസ്കാരികതലങ്ങളിൽ വരെ പ്രവേശിച്ച്  നമ്മളെ വിടാതെ പിടി കൂടിയിട്ടുമുണ്ട്. നാടകാംശം കലർന്ന നൃത്താവതരണമായി ഇന്നും രംഗവേദികളിൽ ഈ പാട്ടുകൾ പ്രത്യക്ഷപ്പെടുന്നു. അതിസങ്കീർണ്ണമായ ഘടന ഒളിപ്പിച്ചതാണ് “പെണ്ണാളേ   പെണ്ണാളേ…“ ന്ന സത്യം അറിയാതെ പോകുന്നത് പരമ ലാളിത്യത്തിന്റെ ആവരണങ്ങളാൽ പുതപ്പിച്ചാണ് പാട്ട് നമ്മളിലെത്തിച്ചത്  എന്നതു കൊണ്ടാണ്. സലിൽ ചൌധരിയും വയലാറും  ഒത്തുചേർന്ന   സമർത്ഥ  കള്ളക്കളി.  മലയാള സിനിമാ സംഘഗാനങ്ങളിൽ ഇത്രയും ജടിലഘടന ഉൾച്ചേർന്ന മറ്റൊരു പാട്ട് ഉണ്ടോ എന്ന് സംശയമാണ്.

       അരയത്തിപ്പെണ്ണ് പെഴച്ചു പോയാൽ  അരയനെ കടലമ്മ കൊണ്ടുപോകുമെന്ന , കഥയുടെ യുക്തിപ്രദാന  സ്രോതസ് തന്നെയാണ് ഈ പാട്ട്. കഥാസൂചന എന്ന ദൌത്യം പേറുന്നതിനാൽ സിനിമയിൽ ഈ പാട്ടിനു മുഖ്യതയേറുന്നുണ്ട്, കറുത്തമ്മയുടെ മാനസികസംഘർഷം വരച്ചു കാ ട്ടാൻ ഉപയുക്തമാകുകയുമാണ്. പുറംകടലിലേക്ക്  തുഴയുന്നവരുടെ ആശങ്കളും കരയിൽ കാവലു വേണമെന്ന് സ്വയം തീരുമാനിക്കുന്ന സ്ത്രീകളുടെ വിഹ്വലതകളും പിഴച്ചുപോകാനുള്ള സാദ്ധ്യതകളും  ഒക്കെക്കൂടി സങ്കലിച്ച് പാടുന്ന പാട്ടിന്റെ ഘടന മൊത്തം സിനിമയുടെ  ഘടന തന്നെ സ്വാംശീകരിച്ചിരിക്കുന്നതായി വരുന്നു. ആണുങ്ങളുടേയും പെണ്ണുങ്ങളുടേയും ഗായസംഘങ്ങൾ മാറി മാറി പാടി ഈ അന്തർഗ്രഹണം വെളിവാക്കുന്നു.

    രൂപപരമായും ഘടനാപരമായും  സാമ്യതകളില്ലാത്ത പാട്ടാണ് “പെണ്ണാളേ പെണ്ണാളേ കരിമീൻ കണ്ണാളേ കണ്ണാളേ”.  മൂന്നു പാട്ടുകൾ ഘടിപ്പിച്ച് ചേർത്ത പാട്ട് എന്നു പറയുന്നതിൽ തെറ്റില്ല. മൂന്നു വിഭിന്ന ട്യൂണുകൾ. പെണ്ണാളിനെ സംബോധന ചെയ്യുന്ന ഒന്ന്, അരയത്തിയുടെ കഥ പാടുന്ന മറ്റൊന്ന്, ഒരു നല്ല കോരു താ കടലമ്മേ എന്ന് അർത്ഥിക്കുന്ന ആണുങ്ങളുടേത് മൂന്നാമത്തേത്. ഇവ തമ്മിൽ ഇട കലശി ഒന്നിച്ചാക്കി ഒരു പാട്ടുപോലെ തോന്നിപ്പിച്ചതാണു സംഗീതസംവിധായകന്റെ വിജയം.  സംഘഗാനങ്ങളുടെ സ്ഥിരം ചേരുവകളോ  ഘടനാരീതിയോ  ക്രമാനുഗതിയോ  കഴിവതും ഒഴിവാക്കിയാണ് പാട്ട് മെനഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ അപാരമായ ഛലകപടതകൾ തലങ്ങും വിലങ്ങും വാരി വിതറിയിട്ടുമുണ്ട് സലിൽ ചൌധരി.

    ഒരു പ്രധാന ഗായകനോ ഗായികയോ നയിക്കുന്ന പാട്ടിൽ ആദ്യം പാടി അവതരിപ്പിക്കുന്ന ഈരടി ആവർത്തിക്കുന്ന സംഘം എന്ന രീതിയിലാണ് സംഘഗാനങ്ങൾ നിർമ്മിച്ചെടുക്കാറ്‌. സിനിമയുടെ സന്ദർഭമനുസരിച്ച് പല ട്യൂണുകൾ നിബന്ധിക്കപ്പെടാറുമുണ്ട്.  അതിനിടയ്ക്ക് തിരിച്ച് പല്ലവിയുടെ ആവർത്തങ്ങൾ പ്രതിഷ്ഠിക്കപ്പെടുകയുമാണ് പതിവ്.  ഗായക-ഗായിക സംഘങ്ങൾ സംഭാഷണത്തിലോ സംവാദത്തിലോ ഏർപ്പെടുന്നതാണ് ഘടനയിലുള്ള ചില രൂപാന്തരങ്ങളിൽ ഒന്ന്. അതനുസരിച്ച് ഒന്നിടവിട്ട് ക്രമമായി പുരോഗമിക്കുകയായിരിക്കും പാട്ട്. ധീരമായ ചില പരീക്ഷണങ്ങൾ ഘടനയിൽ നിബന്ധിച്ചത് 1954 ഇൽ തന്നെ, നീലക്കുയിലിൽ. “ജിഞ്ചകം താരോ ജിഞ്ചകം താരോ’ യിൽ. പല്ലവി അല്ലാതെ മറ്റ് ഈരടികൾ ഇടയ്ക്ക് നിബന്ധിക്കുകയും അത് തന്നെ മാറിയ ലിറിക്സോടെ ആവർത്തിച്ച് പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട് കെ രാഘവൻ ഈ പാട്ടിൽ. “പുഞ്ചവയൽ കൊയ്തല്ലോ കൊഞ്ചടി കൊഞ്ചടി’ എന്ന ട്യൂൺ ‘പു തുമഴത്തെളി വീണല്ലോ, പൂമരങ്ങള് പൂത്തല്ലൊ ’ എന്നിങ്ങനെ പുനരുക്തിപ്പെടുന്നതും അവ തന്നെ  മേൽ/ കീഴ് സ്ഥായിയിൽ ഗായക/ഗായിക സംഘങ്ങൾ ആവർത്തിക്കുന്നതും  ചില ഈരടികൾ കാലം മുറുകി ഏറ്റുപാടപ്പെടുന്നതും ഒക്കെ പരീക്ഷിക്കപ്പെട്ട  പാട്ടായിരുന്നു ‘ജിഞ്ചകം താരോ’.  എങ്കിലും പിന്നീട് ഇത്തരം ഘടനാവിന്യാസ സ്വരൂപ നിബന്ധനം എന്തു കൊണ്ടൊ നമ്മുടെ സിനിമാ ഗാനങ്ങളിൽ  അധികം പ്രത്യക്ഷപ്പെട്ടില്ല. വെസ്റ്റേൺ അവതരണരീതികളും നാടൻ ഈണങ്ങളുടെ ചടുലമിശ്രണങ്ങളും  നിബന്ധിച്ച് നൂതന രൂപഘടനകൾ  ആവിഷ്ക്കരിക്കാൻ എം. ബി. ശ്രീനിവാസൻ ശ്രദ്ധിച്ചത് വിസ്മരിക്കുന്നില്ല. ‘വേനൽ’ ഇലെ  ‘കാരി കിക്കിരി  കോത വെള്ളാട്ടി‘ ഒരു ഉദാഹരണം മാത്രം.

       രണ്ടു  ഈണങ്ങൾക്ക്  ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ടും പ്രമാണിതമാകിക്കൊണ്ടുമാണ്  ‘പെണ്ണാളേ പെണ്ണാളേ യുടെ തുടക്കം. ‘പെണ്ണാളേ പെണ്ണാളേ കരിമീൻ കണ്ണാളേ കണ്ണാളേ ’   എന്നതും കന്നിത്താമര പ്പൂമോളെ എന്നതുമാണ് ഇവ രണ്ടും..  ഈ രണ്ടു ട്യൂണുകളും വീണ്ടും പാട്ടിൽ പ്രത്യക്ഷപ്പെടുന്നു എന്നതുകൊണ്ട്  ഇവയെ പല്ലവി (refrain) എന്ന് തന്നെ വിവക്ഷിക്കാം.  ഹിന്ദുസ്ഥാനി ആലാപന രീതിയിൽ ഇത്തരം വിദ്യകൾ പതിവാണ്.  ഉദാഹരണത്തിനു  ‘ആത്മാവിൽ തൊട്ടു വിളിച്ചത് പോലെ‘ എന്നതും ‘കണ്ണിൽ പൂങ്കവിളിൽ’ എന്നതും തുല്യപ്രാധാന്യം കൈ വരിക്കുന്നതാണല്ലൊ. (രഘുനാഥ് സേഠ്-ആരണ്യകം) .  ‘കന്നിത്താമരപ്പൂമോളെ‘  ഉടൻ ആവർത്തിക്കുന്നത് ലിറിക്സിനു മാറ്റം വരുത്തി ‘കടലു തന്നൊരു മുത്തല്ലോ ‘ എന്നും ‘കുളിരു കോരണ മുത്തല്ലോ‘ എന്നിങ്ങനെയാണ്.  അതുപോലെ ‘ഏലേലം തോണിയില്.’ എന്നത്  ‘പെണ്ണാളേ പെണ്ണാളേ..’യുടെ ഈണം തന്നെ. ഇപ്രകാരം ആദ്യത്തെ ഖണ്ഡം രണ്ടു ഈണങ്ങളുടെ തിരിമറിവുകൾ നിറഞ്ഞതാണെന്ന് വ്യക്തം.  ഇവ രണ്ടും രണ്ടാമത് പ്ര ത്യക്ഷമാകുന്നത് വേർതിരിക്കാനെന്നവണ്ണം ആൺ സംഘത്തിന്റെ  “തന്തന തന്തന തന്താന” നിബന്ധിച്ചിട്ടുണ്ട് ഇടയ്ക്ക്.   ഇവ രണ്ടും  രണ്ടാം ചരണ (‘പണ്ടോരു മുക്കുവൻ..’ ഖണ്ഡം)ത്തിനു ശേഷം പ്രത്യക്ഷപ്പെടുന്നുണ്ട്. ‘അരയൻ തോണിയിൽ പോയാലേ’  ‘കന്നിത്താമര…‘ യുടെ ഈണവും ‘നിന്നാണേ എന്നാണേ ..’ ‘പെണ്ണാളേ പെണ്ണാളേ’ യുടെ ഈണവും ത ന്നെയാണ്.  ഇവിടെ ആദ്യത്തെ ക്രമം മറിച്ചിട്ടിട്ടുണ്ടെന്നതും കൌതുകകരമാണ്. ‘പെണ്ണാളേ’ യുടെ ഈണമല്ല ആദ്യം വരുന്നത്. ‘കന്നിത്താമര ‘ യുടേതാണ്. അവസാനത്തെ ഖണ്ഡമായ  ‘പണ്ടോരു മുക്കുവൻ. കടലമ്മ കൊണ്ടു പോയി” കഴിഞ്ഞും  ‘കന്നിത്താമരപ്പൂമോളെ‘  ട്യൂൺ ‘കണവൻ തോണിയിൽ പോയാലേ ‘ ആയി പ്രത്യകഷപ്പെടുന്നുണ്ട്.  . വേർതിർക്കപ്പെട്ട രണ്ടു  ട്യൂണുകൾ  വ്യത്യസ്തതയോടെ എന്നാൽ തിരിമറിവോടെ  ആവർത്തിക്കപ്പെടുമ്പോൾ സങ്കീർണ്ണത ഏറുകയാണ്.

ഈ ബന്ധങ്ങൾ അടയാളപ്പെടുത്തിയ ചിത്രം കാണുക. ഒരേ ഈണങ്ങൾ  നിബന്ധിച്ച വരികളെ നേർരേഖകളാൽ ബന്ധിപ്പിച്ചിരിക്കയാണ്.

    രണ്ടു ഗായകസംഘങ്ങൾ വെവ്വേറേ അവതരിപ്പിക്കുന്ന ഖണ്ഡങ്ങളായാണ് ചരണങ്ങൾ അവതരിക്കപ്പെടുന്നത്., ഗായകരുടേയും ഗായികമാരുടേതും. ഇവ തന്നെ ഒരു ഖണ്ഡം എന്ന സമൂർത്തത കൈവരിച്ച് അതേ പടി ആവർത്തിക്കപ്പെടുന്നുണ്ട് പാട്ടിന്റെ രണ്ടാം പകുതിയിൽ..  ഒരോന്നിനും വ്യത്യസ്ത ഈണങ്ങളും അതിനാൽ വ്യത്യസ്ത താളഘടനയുമാണ് നൽകിയിരിക്കുന്നത്. എന്നാൽ ഈ മിശ്രണവേല   പാട്ടിന്റെ ഒഴുക്കിനെ തെല്ലും  ബാധിയ്ക്കുന്നില്ല.  വടക്കൻ പാട്ടിന്റെ ഛായയിൽരൂപീകരിച്ച  ‘മാനത്തു പറക്കണ ചെമ്പരുന്തേ…‘ .യും ‘മാനത്തു കണ്ടതും മുത്തല്ല.’എന്നീരണ്ടു ഖണ്ഡങ്ങൾക്കും സാധാരണ സംഘഗാനങ്ങളുടെ വിന്യാസനിർബ്ബന്ധങ്ങൾ കാണാം- പ്രധാനഗായകൻ ചൊല്ലിക്കൊടുക്കുന വരി സംഘം ഏറ്റു ചൊല്ലുക എന്നരീതി. ശ്രദ്ധിക്കേണ്ടത് ഈ വരികൾക്കു പിന്നിൽ ഏകദേശം ഹാർമണൈസിങ് വിദ്യ പോലെ “ആ……’ എന്ന് മറ്റൊരു സംഘം പാടുന്നതിനാൽ വിരസതയ്ക്ക് തെല്ലും സാവകാശമില്ല എന്നതാണ്.  എന്നാൽ  പി. ലീല നയിക്കുന്ന ഗായികമാരുടെ സംഘം രണ്ടു ചരണങ്ങൾ അവതരിപ്പിക്കുനത് മറ്റൊരു രീതിയിലാണ്. ഒരു കഥപറച്ചിലിന്റെ സ്വഭാവവും ആവേഗവും  സ്വായത്തമാക്കി അതനുസാരിയായി ഗായികാസംഘം വരികൾ ആവർത്തിക്കുന്നില്ല, അവസാനത്തെ വരികൾ ഒഴിച്ച്.  ‘അരയത്തിപ്പെണ്ണ് തപസ്സിരുന്ന് അവനെ കടലമ്മ കൊണ്ടു വന്ന്’ എന്നതും, രണ്ടാമത്തെ ചരണഖണ്ഡത്തിൽ  ‘അവനെ കടലമ്മ കൊണ്ടു പോയി’ എന്നതും മാത്രമാണ് സംഘം  പാടുന്നത്.  എന്നാൽ പാട്ടിന്റെ സംകേന്ദ്രിത വ്യാഖ്യാനവൃത്തന്തമായ  “അരയൻ തോണിയിൽ പോയാ‍ലേ  അവനു കാവലു നീയാണേ..‘ യും  “നിന്നാണേ എന്നാണെ കണവൻ  അല്ലേലിക്കര കാണൂല്ലാ’“ എന്ന ഭാഗവും സംഘം ഒന്നിച്ച് ഉച്ചസ്ഥായിയിൽ പാടി ഉറപ്പിക്കുകയാണ്.  ആദ്യചരണ ഖണ്ഡത്തിലെ “നിന്നാണേ എന്നാണേ .‘ എന്ന ഭാഗം രണ്ടാം തവണ ഒഴിവാക്കിയിരിക്കുകയാണ്. കണവനെ കടലമ്മ കൊണ്ടു പോയ സ്ഥിതിയ്ക്ക്  ആ താക്കീതിനു ശേഷം ‘അല്ലേലിക്കര കാണൂല്ല’ എന്ന് പറഞ്ഞുറപ്പിക്കേണ്ടതില്ല എന്നത് യുക്തിയും ന്യായവും തന്നെ. പാട്ടിന്റേയും കഥയുടേയും സാരാംശങ്ങൾ മനസ്സിലാക്കിത്തന്നെ  സലിൽ ചൌധരി  ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. 

       ഗാനത്തിന്റെ അർഥതലങ്ങൾക്ക് ഉപയുക്തവും യഥോചിതവുമായാണ് താളവാദ്യനിബന്ധനം.  പഴയ നാടൻ ശീലുകളെ ഒർമ്മിപ്പിക്കുന്ന “പണ്ടൊരു മുക്കുവൻ മുത്തിനു പോയി‘ എന്നു തുടങ്ങുന്ന രണ്ടു ഖണ്ഡത്തിനും ഉടുക്കിന്റെ മുഴങ്ങുന്ന പശ്ചാത്തലമാണ്. സലിൽ ചൌധരിയ്ക്ക് പ്രിയതരമാർന്ന “തദ്ധിനധിം” എന്ന താളഖണ്ഡമാണിവിടെ പ്രയോഗം. ഇതേ നട തബല ആവർത്തിക്കുന്നത് പിന്നിൽ കേൾക്കാം.  ഇങ്ങനെ സൌമ്യപ്രതീതി ചമച്ചതിനു ശേഷം  ഊർജ്ജം കൂട്ടുവാനെന്ന മട്ടിൽ താള വാദ്യങ്ങളും നടകളും മാറുകയാണ്  ‘അരയൻ തോണിയിൽ പോയാലേ അവനു കാവലു നീ വേണം’’ എന്നതിലേക്കുള്ള സംക്രാന്തിയിൽ.  സൌമ്യത  വിട്ട്, ഡോലക്കിന്റേയും തബലയുടേയും പ്രകമ്പനസാന്നിദ്ധ്യത്തിലാണ് ഈ പ്രഖ്യാപനം.

            ഈ ഘടനാവൈവിദ്ധ്യം പാട്ടിനെ ഉടച്ചുകളയാതെ ഒരു ഉടൽ മാത്രമാക്കുന്ന സംയോജനാവിശേഷത്തിലാണ് ജീനിയസ് ആയ കമ്പോസറുടെ കൈമിടുക്ക് പ്രകടമാകുന്നത്. ഓർക്കെഷ്ട്രേഷന്റെ സാജാത്യങ്ങളും താളവാദ്യങ്ങളുടെ സമരൂപതയും ഈ  ഏകീഭാവനിർമ്മിതിയ്ക്ക്  സഹായിച്ചിട്ടുണ്ട്. മാത്രമല്ല ആദ്യവും അവസാനവും വരുന്ന ‘തന്തന തന്തന തന്താന‘  പോലത്തെ പ്രയോഗങ്ങളും  ഒരേ ഒരു പാട്ട് എന്ന ധാരണ   ഉളവാക്കുന്നതിനോടൊപ്പം  അഖണ്ഡതയും ഏകത്രിതരൂപവും നൽകുന്നു.


Friday, March 27, 2015

നായകസങ്കൽ‌പ്പത്തെ തകർത്ത കുട്ടിക്കുപ്പായം

“ഹീറോ” അല്ലാത്ത നായകനേയും യാഥാസ്ഥിതികത്വത്തിൽ നിന്നും പുറത്തു കടക്കുന്ന നായികയേയും അവതരിപ്പിച്ച കുട്ടിക്കുപ്പായം റിലീസ് ആയിട്ട് 51 വർഷം തികഞ്ഞു.

       പുരുഷനിർമ്മിതമായ ചട്ടക്കൂടുകൾക്കകത്ത് ഞെരിയുന്ന സ്ത്രീയെ ചിത്രീകരിച്ച് സഹാനുഭൂതി സൃഷ്ടിച്ച് കാശാക്കി മാറ്റുന്നത് ഇൻഡ്യൻ സിനിമയുടെ പൊതു സ്വഭാവമാണ്.  ആണധികാരത്തിന്റെ കാർക്കശ്യത്തിൽ ഞെരിഞ്ഞുതകരുന്ന ഇത്തരം സ്ത്രീകഥാപാത്രങ്ങൾക്ക് അനാഥാലയം, കോൺവെന്റ്, ആതുരശിശ്രൂഷ ഒക്കെ പോരാഞ്ഞ് മരണവുമാണ് സാധാരണ വിധിക്കപ്പെടാറ്  നായകൻ ഒരിക്കലും ശിക്ഷിക്കപ്പെടാറോ മരണം ശിക്ഷയായി അയാൾക്ക് വന്നുകൂടാറുമില്ല. അയാൾ “ഹീറോ’ എന്ന് പേരു ചൊല്ലിവിളിക്കപ്പെടുന്ന മാസ്മരികപ്രഭാവത്തിന്നു മുൻപിലേ നിൽക്കാവൂ.. അയാളുടെ സംരക്ഷണ കിട്ടാത്ത സ്ത്രീകൾ അശരണകളായി ജീവിതം ഒടുക്കണമെന്നാണ് സിനിമാ നിയമങ്ങൾ അനുശാസിക്കുന്നത്. ഇത്തരം നെഞ്ഞൂക്കും കായബലവും ആത്മവിശ്വാസവും സിനിമയിലെ ആണുങ്ങളുടെ അധികാരമാണ്.   അതിനു വശംവദരായ സ്ത്രീകൾക്ക് കഷ്ടപീഡകൾ  വന്നുഭവിച്ചെങ്കിൽ “ദുഷ്ടനാം ദുർവ്വിധി” മൂലമാണെന്ന് തീർപ്പ് കൽ‌പ്പിച്ച് ആണുങ്ങൾ ആശ്വസിക്കുകയാണു പതിവ്. ആണത്തത്തിന്റെ  ഇത്തരം ചില മൂല്യങ്ങളിലാണ് ഇൻഡ്യൻ സിനിമയുടെ അടിസ്ഥാനം കെട്ടിപ്പടുക്കാറ്, ലോകസിനിമയിൽ ഇതു പല തലങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നെങ്കിലും. 1960 കളിൽ ഈ പൊതുധാര മലയാള സിനിമയും സ്വായത്തമാക്കിയപ്പോൾ മുസ്ലീം യാഥാസ്ഥിതികത്വം കൂടുതൽ സൌജന്യങ്ങൾ ഇത്തരം കഥകൾക്ക് വഴിത്തിരിവുകൾ സമ്മാനിക്കുകയും മുസ്ലീം സ്ത്രീകളുടെ യാതന എളുപ്പമുള്ള വിൽ‌പ്പനച്ചരക്കാകുകയും ചെയ്തിട്ടുണ്ട്. കുപ്പിവള, സുബൈദ, ഖദീജ, ഉമ്മ എന്നിങ്ങനെ ഒരു നിര സിനിമകളാണ് ചുരുങ്ങിയ കാലഘട്ടത്തിൽ പ്രേക്ഷകരിൽ കണ്ണീരൊലിപ്പിക്കാൻ  മെലോഡ്രാമയുടെ റീലുകൾ ചുരുളഴിച്ചത്.. കണ്ണീർക്കടലിൽ നീന്തിത്തുടിയ്ക്കുന്ന മാപ്പിളപ്പെണ്ണിനു അല്ലാഹു മാത്രമാണ് അഭയം എന്ന് പറഞ്ഞു കൊടുക്കുകയായിരുന്നു ഉത്തരവാദിത്തതതിൽ നിന്നും ഒഴിഞ്ഞു മാറുന്ന ആണധികാരകേന്ദ്രങ്ങൾ.

             സിനിമാനായകരുടെ പ്രധാന കർത്തവ്യം പെണ്ണിനെ സ്വന്തമാക്കി അവളെ ഗർഭവതി ആക്കുക എന്നതാണ്. ഇതിൽ രണ്ടിലും അയാൾ വിജയിക്കണം എന്നത് ഉത്തരവാദിത്തവുമാണ്. ജന്തുകുലത്തിന്റെ സഹജസ്വഭാവങ്ങളാണിവ എന്ന് കണക്കാക്കിയാലും സിനിമയിൽ ഇത് സവിശേഷമായി പ്രതിപാദിച്ചിരിക്കണം. ഭാര്യ ഗർഭവതിയാണെന്ന് പ്രഖ്യാപിക്കുന്ന സീനിൽ ആനന്ദതുന്ദിലനാകുന്ന നായകനെ പ്രത്യക്ഷപ്പെടുത്തുന്നത് ഇൻഡ്യൻ സിനിമയിൽ ഇന്നും പ്രധാന സീനാണ്. ലൈംഗികത(സെക്സ്) യും പ്രജനന (reproduction)  രണ്ടും രണ്ടാക്കിയ മനുഷ്യകുലത്തിന്റെ സാംസ്കാ‍ാരികപരിണാമമൊന്നും സിനിമാക്കാരെ ഏശിയിട്ടില്ല ഇതുവരെ.  പൌരുഷത്തിന്റെ പ്രശ്നമാണ്, അത് തെളിയിച്ചേ പറ്റൂ.  സ്വന്തം ലൈംഗികതയിൽ വരുന്ന അപഭ്രംശത്തിനു കാരണക്കാരി ഭാര്യ തന്നെയാണെന്ന് കുറ്റം ചുമത്തി അവളെ കൊന്നുകളയാൻ തിടുക്കപ്പെടുന്ന നായകനെ “യക്ഷി” യിൽ നാം കണ്ടിട്ടുണ്ട്. എന്നാൽ ഗർഭവതിയാക്കിയശേഷം അവളെ വിട്ടുകളയാനുള്ള സൌജന്യം അയാൾക്ക് എപ്പോഴും നൽകപ്പെട്ടിട്ടുണ്ട്, ധാരാളം സിനിമകളിൽ കഥയുടെ വഴിത്തിരിവ് ഈ ഉദാരതയിലാണ് നിർമ്മിച്ചെടുക്കാറ്‌. 

            ജീവികളുടെ നൈരന്തര്യത്തിന്റെ നിദാനമാണ് ഗർഭധാരണം.  മനുഷ്യകുലത്തിൽ സ്ത്രീയുടെ ആവശ്യവും ഉത്തരവാദിത്തവും അവകാശവുമാകുന്നു അത്.  കുടുംബവ്യവസ്ഥയിൽ ഭർത്താവാണ് ഇതിനു ചുമതല. ഭർത്താവ് ഈ ചുമതല കയ്യൊഴിയുകയോ അതിനു കഴിവില്ലാതെ വരികയോ ആയാൽ  ഊർവ്വരതാനുപേക്ഷികമായി മറ്റൊരാളെ സ്വീകരിക്കേണ്ടത്  ജീവധർമ്മം ആണ്, പല സമൂഹങ്ങളിലും ഇതിനുള്ള പോംവഴികൾ ഉരുത്തിരിഞ്ഞിട്ടുണ്ടെന്ന്  ഈയിടെ പെരുമാൾ മുരുകൻ പറഞ്ഞു തന്നിട്ടുള്ളതുമാണ്. പുരുഷവന്ധ്യതയുടെ അംഗീകരണവും  ഗർഭധാരണത്തിന്റെ പോംവഴികളും പരിശോധിക്കു കയാണ് കുട്ടിക്കുപ്പായം, “പെരുമാൾ മുരുകനിസം” വരെ എത്തിയിട്ടില്ലെങ്കിലും. അൻപത്തൊന്നു കൊല്ലങ്ങൾക്ക് മുൻപത്തെ  അതിധീരമായ ആശയവിക്ഷേപണം തന്നെ ഇത്.  സിനിമയിലെ നായകനു അജയ്യത തന്നെ കൽ‌പ്പിച്ചുകൊടുക്കുന്ന രീതിയ്ക്ക് വിപരീതം നിർമ്മിച്ചെടു ത്ത് പുരുഷകേന്ദ്രീകൃതമായ സമൂഹത്തിൽ  പുരുഷവന്ധ്യതയ്ക്ക് ഇതരമാർഗ്ഗസാദ്ധ്യതകൾ ആരായുന്നെന്ന മട്ടിലാണ് പ്രമേയഗതി. നായകന്റെ ഉൽ‌പ്പാദനശേഷിക്കുറവിനു  തീവ്രത കൂട്ടാൻ രണ്ടു നായികമാരും ഗർഭം ധരിക്കുന്നത്  അയാളാൽ അല്ല എന്ന് വ്യക്തമാക്കപ്പെടുന്നുണ്ട്.  കൂടാതെ  ഇൻഡ്യൻ സിനിമ അനുശാസിക്കുന്ന സ്ത്രീ സങ്കൽ‌പ്പത്തിൽ നിന്നും വിടുതി നേടിയ കഥാപാത്രത്തെ തുന്നിച്ചേർത്തിട്ടുമുണ്ട്  ഈ കുപ്പായത്തിന്റെ കസവായി.

             കുടുംബവ്യസ്ഥ ഉരുത്തിരിഞ്ഞതു തന്നെ സ്വത്ത് കൈമാറ്റപ്പെടുവാൻ സ്വന്തം ബീജത്തിൽ നിന്നും ഉടലെടുത്ത അടുത്ത തലമുറ വേണമെന്ന് നിർബ്ബന്ധബുദ്ധിയിൽ അധിഷ്ഠിതമായാണ് എന്ന് സൊഷ്യോളജി ചരിത്രകാരന്മാർ ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. സിനിമയിൽ ഇത് നായകന്റെ പൌരുഷവുമായി ബന്ധപ്പെടുത്തുമ്പോൾ യുക്തിയും ബലവും ഏറുകയാണ്. കുടുംബം എന്ന ചട്ടക്കൂടിനകത്തു കയറിപ്പറ്റാൻ താൽ‌പ്പര്യമില്ലാത്ത നായകനും ആരിലെങ്കിലും ഒരു കുഞ്ഞ് ഉണ്ടായേ തീരൂ  എന്ന് ദശരഥം പോലത്തെ സിനിമകൾ ഉദാഹരിച്ചിട്ടുണ്ട്. തന്റെ സ്വത്തിനു ഒരു അവകാശി വേണമെന്ന് തുറന്നു പറയുന്ന, അനൂർവ്വരത പേറുന്ന എഴുപതുകാരൻ കാമുകന്റെ ഗർഭം പേറുന്നവളെ സ്വീകരിക്കാൻ തിടുക്കം കാട്ടുന്നുമുണ്ട് ( ‘ത്രിവേണി’ യിലെ ദാമോദരൻ മുതലാളി). ഇങ്ങനെയൊരു ഉദ്ദേശമോ സ്വാർത്ഥലാഭമോ ഇല്ലാത്ത നായകൻ മറ്റൊരാളാൽ ഗർഭം ധരിച്ചവളെ സ്വീകരിക്കണമെങ്കിൽ  തുലോം മന്ദബുദ്ധി ആയിരിക്കണം (അടിമകളിലെ പൊട്ടൻ വേലക്കാരൻ). വില്ലൻ ബലാത്സംഗം ചെയ്ത പ്രാണപ്രേയസിയെ സ്വീകരിക്കുന്നത് നായകന്റെ ഉദാരതയും സൌമനസ്യവുമാണെന്ന് കൊട്ടിഘോഷിക്കുന്നതാണ് സിനിമയുടെ അധികതമാംശം (നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ). എന്നാൽ പ്രതിനായകനാൽ ഗർഭവതി ആയവളെ സ്വീകരിക്കുന്ന ഒരു നായകനെ ഇതുവരെ സിനിമകളിൽ കണ്ടിട്ടില്ല എന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഗർഭപാത്രത്തിന്റെ ഉടമസ്ഥൻ തന്നെ ചിലപ്പോൾ നായകൻ ആയിരിക്കാറുണ്ട് (തിരക്കഥ). പകരം വീട്ടലിന്റെ നിഷ്ഠൂരത  പെണ്ണിനെ ഗർഭവതിയാക്കുന്ന ഉദ്യമത്തിലും കാണാം (ഇതാ ഇവിടെ വരെ).

    ഇന്നും ഇൻഡ്യൻ കുടുംബവ്യസ്ഥയുടെ ഭാഗമായി നിലനിൽക്കുന്ന, ഗർഭം പേറുകയാണ് സ്ത്രീയുടെ പ്രധാനധർമ്മം എന്ന ധാരണാപരിസരത്തിലാണ് കുട്ടിക്കുപ്പായത്തിലെ കഥ വികസിക്കുന്നത്. കല്യാണരാത്രിയുടെ വികാരോഷ്മള അനുഭൂതികൾ പുളകം കൊള്ളിയ്ക്കുമ്പോൾ തന്നെ നായിക സുബൈദ ‘ ആരും കാണാത്ത കണ്മണിയേ വായോ” എന്നു പാടി കുഞ്ഞിനു ഉടുപ്പ് തയ്ച്ചു തുടങ്ങുകയാണ്.  എന്നാൽ  വിവാഹം കഴിഞ്ഞിട്ട് കൊല്ലം നാലായിട്ടും സുബൈദ ഗർഭിണിയാകാത്തതിൽ ഭർത്താവ് ജബ്ബാറിനേക്കാൾ ജബ്ബാറിന്റെ അമ്മ ബിയ്യാത്തുമ്മയക്കാണ് ആധി.  ഒരു മരിച്ച വീടു പോലെയാണ്, കുടുംബം ഹലാക്കായിപ്പോകും എന്നൊക്കെയാണ് ബിയ്യാത്തുമ്മയുടെ പരാതികൾ.. ദാമ്പത്യബന്ധത്തെ കൂട്ടിയിണക്കുന്ന പൂം പൈതലാകുന്ന പൊൻ കണ്ണി യില്ലാതെ  പൊന്നിൻ കിനാവുകൾ പൊലിയുന്നു എന്നൊക്കെയാണ് ജബ്ബാറിന്റെ വിലാപങ്ങൾ. പക്ഷേ കുഞ്ഞില്ലെങ്കിലും അവളെ സ്നേഹിച്ച് ഒരുമിച്ച് കഴിയാനാണ് അയാൾക്കിഷ്ടം. സുബൈദ സ്വയം ഒഴിഞ്ഞുപോകാൻ തീരുമാനിച്ചപ്പോൾ അയാൾ എതിർക്കുന്നുമുണ്ട്. പക്ഷേ  ബിയാത്തുമ്മയുടെ ചതി ഇതിലുണ്ടെന്ന് അയാൾ അറിയുന്നുമില്ല. അവരുടെ നിർബ്ബന്ധം സഹിക്കവയ്യാതെയണ് സുബൈദ ഇതിനു വഴങ്ങിയത്.   ബിയ്യാത്തുമ്മ നേരത്തെ വിചാരിച്ചപോലെ ബന്ധുക്കാരിയായ സഫിയയെ ജബ്ബാർ വിവാഹം കഴിയ്ക്കുകയാണ് പോംവഴി.  സുബൈദ പോയതോടെ അതിനു വഴിപ്പെടുന്ന ജബ്ബാറിനു പുരോഗമനേച്ഛുവായ സഫിയ ഭാരം തന്നെ. വഴക്കിട്ട് വീട്ടിൽ പോയ അവൾ തിരിച്ചു വരുന്നത്  തന്റെ കാമുകൻ റഷീദിൽ നിന്നും ഗർഭിണിയായിട്ടാണ്.. മറ്റൊരു വിവാഹം കഴിച്ച സുബൈദ ഗർഭിണി ആണെന്നറിഞ്ഞ ജബ്ബാർ ഡോക്ടറെ കണ്ടപ്പോൾ അറിഞ്ഞത് താൻ വന്ധ്യനാണെന്നാണ്. അതറിഞ്ഞ ദിവസം തന്നെയാണ് സഫിയയുടെ ഗർഭം പേറൽ ആഘോഷിക്കപ്പെടുന്നത്  ബിയ്യാത്തുമ്മ നിജസ്ഥിതി അറിയാതെ ആനന്ദാനുഷ്ഠാനം തന്നെ ചെയ്യുകയാണ്.  അയാളുടെ പതനം പൂർത്തിയായെന്ന് ജബ്ബാറിനു ഇതോടെ പിടികിട്ടുകയാണ്. രണ്ടു സ്ത്രീകളാണ് അയാളെ ചതിച്ചിരിക്കുന്നത്; ഒന്ന് ഉമ്മയും മറ്റേത് രണ്ടാം ഭാര്യയും.. കള്ളത്തരം പിടിക്കപ്പെട  സഫിയ തെല്ലും കൂസാതെ യാണ് തന്റെ വീട്ടിലേക്ക് ഓടിപ്പോകുന്നത്. മാപ്പപേക്ഷിക്കാൻ സുബൈദയെ തേടിയലയുന്ന ജബ്ബാറിനു അവളുടെ കുഞ്ഞിനെ മരണത്തിൽ നിന്നും രക്ഷപെടുത്തേണ്ട നിയോഗമാണ് വന്നു ഭവിക്കുന്നത്. ഒരു കുഞ്ഞിനു ജീവൻ നൽകാൻ  പ്രതീകാത്മകമായി പ്രാപ്തനാകുകയാണ് അയാൾ എന്നത് ഒരു പാഠാന്തരമായി കണക്കാക്കുന്നതിൽ തെറ്റില്ല.

            വന്ധ്യത്വം ഒരു സിനിമാ നായകനു സംഭവിക്കനേ പാടില്ല  എന്ന കടുംപിടുത്തത്തിൽ നിന്നും ഏറേ അകലെയാണ് കുട്ടിക്കുപ്പായത്തിലെ നായകനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. തന്റെ ‘കഴിവുകേട്” അയാൾ തുറന്നു സമ്മതിക്കുന്നുമുണ്ട്. 1960 കളിലെ സിനിമയിൽ  നായകന്റെ ‘ആണത്ത‘ത്തിലെ കുറവ്’ പ്രമേയമാകുക എന്നത് തികച്ചും  വിപ്ലവാത്മകമാണ്. അതും നായകസങ്കൽ‌പ്പങ്ങൾക്ക് അനുയോജ്യനായി വാർത്തെടുക്കപ്പെട്ട പ്രേംനസീർ എന്ന നടൻ ചെയ്യുന്ന വേഷത്തിനു. ഗർഭധാരണത്തിന്റെ കുടുംബനീതി പരിശോധിക്കപ്പെടുന്നത് നായകന്റെ രണ്ടു ഭാര്യമാരുടെ മാതൃത്വശേഷി വിളംബരം ചെയ്യുന്നതിലൂടെയാണ്.  മകന്റെ സന്താനോത്പാദന ശക്തി  അളക്കപ്പേടേണ്ടതല്ല എന്ന തിരിച്ചറിവോടെ മരണത്തെ പുൽകുന്ന അമ്മയും ഇതിന്റെ മറുപുറമാണ്. ഗർഭധാരണം ജൈവികമായ ഒന്ന് മാത്രമാണെന്നും അതിനു  നായകൻ വേണ്ടെന്നും  വെറും വിശ്വാസം മാത്രമാണെന്നും സിനിമ വിളിച്ചു പറയുകയാണ് .ഇതു   വ്യക്തമാക്കപ്പെടുന്നത്  വിരോധാഭാസചിത്രീകരണം വഴിയാണെന്നുള്ളത് രസാവഹം തന്നെ. നായകന്റെ കഴിവുകേടിനെ പരിവർദ്ധിതമാക്കാനെന്നവണ്ണം ഊർവ്വരതയുടെ മൊത്തം ആഘോഷമാണ് സിനിമ. ഒരു കുഞ്ഞിന്റെ കാതുകുത്തുകാല്യാണവും ഒരു പാട്ടിലൂടെ അവതരിപ്പിക്കുന്നുണ്ട് ഉമ്മയ്ക്കും ബാപ്പയ്ക്കും ആയിരമായിരം ഉമ്മയും കൊണ്ട് വരാൻ പോകുന്ന കുഞ്ഞിനെപ്പറ്റി  പാട്ടും  പരപുരുഷന്റെ ഗർഭം പേറുന്നവളെ (അതറിയാതെ ആണെങ്കിലും) വാഴ്ത്തി പരിചരിക്കുന്ന രംഗങ്ങളും ഒക്കെ ഇതിനു ആക്കം കൂട്ടുകയാണ്.  ഇതിനും ഉപരി  സുബൈദയ്ക്ക് വന്ധ്യത്വം കൽ‌പ്പിച്ച യാഥാസ്ഥിതികത്വത്തെ കളിയാക്കാൻ എന്ന മട്ടിൽ മറ്റൊരു ആഘോഷവും നടക്കുന്നു-അവളുടെ ഗർഭധാരണം. “വിരുന്നു വരും  വിരുന്നു വരും പത്താം മാസത്തിൽ“ എന്ന പാട്ടിലൂടെ ഇത് സാധിച്ചെടുക്കുന്നു.  രണ്ടു നായികമാരുടേയും ഗർഭധാരണത്താൽ നായകന്റെ വൻ ബാദ്ധ്യത ഒഴിവാക്കപ്പെടുകയാണ്.. കടും പിടുത്ത വിശ്വാസങ്ങളൂടെ ബലിയാട്  സാധാരണ സ്ത്രീകളാണ് എന്ന സിനിമായുക്തിക്ക് വിപരീതമായി നായികയിൽ നിന്നും ഇത് നായകനിലേക്ക് സ്ഥാനാന്തരണം ചെയ്യുകയാണ്.

            നായകന്മാർക്ക്  കുറ്റസമ്മതം നടത്തണമെങ്കിൽ പൊട്ടിക്കരഞ്ഞുകൊണ്ടോമനേ ഞാൻ എന്റെ കുറ്റങ്ങൾ സമ്മതിയ്ക്കാം എന്നോ മറ്റോ പാടിത്തീർത്താൽ മതി.  ഈ  ഏറ്റുപറച്ചിൽ ഒക്കെയും  പ്രണയത്തിന്റേയോ കുടുംബഭദ്രതയുടേയോ വീണ്ടെടുപ്പിനു വേണ്ടിയുള്ളതും കർതൃസ്ഥനത്ത് തിരിച്ചെത്താനുദ്ദേശിച്ചുള്ളതും ആകുകയാണു പതിവ്. കുട്ടിക്കുപ്പായത്തിലെ നായകനു ഇത്തരം ഉദ്ദേശഭാരങ്ങളൊന്നുമില്ല; നിരുപാധികമാണ് അയാൾ ആദ്യഭാര്യയോട് മാപ്പു ചോദിക്കുന്നത്. സ്വന്തം കുറവുകൾ  അറിയാതെ  അവളുടെ മേൽ പഴിചുമത്തി എന്നുള്ള പരിതാപമായാണ് ഇത് പുറത്തു വരുന്നത്. ഒരേ സമയം പല ഭാര്യമാരെ പുലർത്തുന്നവർക്കു വേണ്ടി ഒരു പൊതുമാപ്പും നായകൻ അവളോട് ചോദിക്കുന്നുണ്ട്.  “ അവനവന്റെ കുറവുകൾ മനസ്സിലാക്കാതെ ഒരേ സ്മയം പല സ്ത്രീകളെ വിവാഹം കഴിച്ച്  അവരെ നരകയാതന അനുഭവിപ്പിക്കുന്ന എത്രയോ പുരുഷന്മാർ ഇന്ന് ജീവിച്ചിരിക്കുന്നു. എന്റെ ജീവിതം അവർക്കൊക്കെ ഒരു പാഠമായെങ്കിൽ ഞാൻ സംതൃപ്തനാണ്” എന്ന് ജബ്ബാർ തുറന്നു സമ്മതിയ്ക്കുകയാണ്.   ഒരു അനന്തരാവകാശിക്കു വേണ്ടി ഇത്തരം കടും കയ് ചെയ്യ്നവരേയും ലിസ്റ്റിൽ പെടുത്തുന്നുണ്ട് അയാൾ. സ്വയം ശിക്ഷ എന്നോണം മരണം സർവ്വാത്മനാ കൈവരിക്കുകയുമാണ് നായകൻ.

            ബഹുഭാര്യാത്വത്തിന്റെ  ദുഷ്ടതയും അനീതിയും വെളിവാക്കാൻ  സിനിമ  മറ്റൊരു വിധത്തിലും ഉദ്യമിക്കുന്നുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്, പരിഹാസ രൂപേണ ആണെങ്കിലും.   ഒരു കാരിക്കേച്ചർ പോലെ നിർമ്മിക്കപ്പെട്ട കഥാപാത്രമായ കല്യാണ ബ്രോക്കർ  അവറാൻ മൊല്ലാക്കയ്ക്ക്  അഞ്ചു ഭാര്യമാരാണ്. ഇതിൽ പലരിലും ധാരാളം കുട്ടികൾ. അവരിൽ ആരുടേയും സംരക്ഷണച്ചുമതല ഏൽക്കാതെ ഒളിച്ചു നടക്കുന്ന ആളാണയാൾ. മറ്റു ഭാര്യമാരോ അവരുടെ കുട്ടികളൊ കഷ്ടപ്പെടുത്തുന്ന ദുർസ്ഥിതിയിൽ നിന്നും രക്ഷപെടാൻ കിണഞ്ഞു ശ്രമിക്കുകയാണ് മൊല്ലാക്ക.. ഇതൊന്നും വേണ്ടിയിട്ടു ചെയ്തതല്ല എന്നൊരു കുറ്റസമ്മതം അയാൾ നടത്തുന്നുണ്ട്. സമൂഹനീതിയ്ക്കൊപ്പം പെരുമാറിയതാണ്, മനസ്സാക്ഷിക്കുത്ത് ഉണ്ട് എന്ന വ്യംഗ്യം വായിച്ചെടുക്കാം ഈ പ്രസ്താവനയിൽ നിന്നും. ഒരു മാപ്പുസാക്ഷിയെ ദൃശ്യപ്പെടുത്താനുള്ള ചെറുതെങ്കിലും കൃത്യമായ ഉദ്യമമാണ് സിനിമയുടേത്.

               സുബൈദയ്ക്ക് നേർവിപരീത സ്വഭാവമുള്ളവളും  തന്റെ ചുറ്റുപാടുകൾ സ്വയം സൃഷ്ടിച്ചെടുക്കാൻ താൽ‌പ്പര്യമുള്ളവളും ആയിട്ടാണ്  സഫിയയെ ചിത്രീകരിച്ചിരിക്കുന്നത്.  ഇഷ്ടമില്ലാ ത്ത വിവാഹബന്ധത്തോടുള്ള രോഷം തുറന്നു തന്നെ അവൾ പ്രകടമാക്കുന്നുണ്ട്. ബിയ്യാത്തുമ്മയുടെ യാഥാസ്ഥിതിക ചിന്താഗതികളോട് ഏറ്റുമുട്ടുന്നുമുണ്ട് അവൾ. കാച്ചിയും തട്ടവും മാറ്റി പലപ്പോഴും സാരിയുടുത്ത് പ്രത്യക്ഷപ്പെടാൻ ധൈര്യം കാട്ടുന്നുണ്ട്  സഫിയ.  ഭർത്താവിന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് പോയ അവൾ തിരിച്ചെത്തുന്നത്  പൂർവ്വകാമുകനിൽ നിന്ന് ഗർഭം ധരിച്ചുമാണ്.  ഭർത്താവ് ഉള്ളപ്പോൾ തന്നെ കാമുകനിൽ നിന്നു ഗർഭം ധരിക്കുന്നവൾക് കഠിന ശിക്ഷയാണ് ഇൻഡ്യൻ സിനിമ വിധിക്കേണ്ടത്.  മലയാള സിനിമയിൽ അതും മുസ്ലീം സാമുദായിക കഥയിൽ ഇങ്ങനെയൊരു കഥാപാത്രത്തെ സൃഷ്ടിക്കാൻ മൊയ്തു പടിയത്തും കൃഷ്ണൻ നായരും 60 കളിൽ കാണിച്ച ധൈര്യം ചില്ലറയല്ല. ജബ്ബാറിനോട് ഇടയേണ്ടി വന്നപ്പോൾ സ്വന്തം വീട്ടിലേക്ക് ഓടിപ്പോയ അവളെ ബാപ്പ പുറത്താക്കി കതകടച്ചെങ്കിലും സിനിമ അവൾക്ക് ശിക്ഷാവിധികൾ ഒന്നും നടപ്പാക്കുന്നില്ല. പുരുഷവന്ധ്യതെയെക്കുറിച്ച് അറിവില്ലാതെ പോയ  ബിയ്യാത്തുമ്മയ്ക്ക് മരണവും സുബൈദയ്ക്ക് സുരക്ഷിത ജീവിതവും നിശ്ചയിച്ച സിനിമ സഫിയ എന്ന തന്റേടിയെ പിൻ തുണയ്ക്കുന്നതായിട്ടാണ് അനുഭവപ്പെടുന്നത്. അവളൂടെ ബാപ്പ കതകടച്ചു വെളിയിലാക്കിയെങ്കിലും  കാമുകൻ റഷീദ് ഗർഭിണിയായ അവളെ സംരക്ഷിക്കുമെന്ന തൽക്കാലയുക്തിയ്ക്ക് ഇടം കൊടുക്കുന്നുണ്ട് സിനിമ.

             ഒരുകാലത്ത് വരെ ഹോളിവുഡ് സിനിമകളിൽ പോലും തെറ്റ് ചെയ്ത സ്ത്രീയ്ക്ക് ശിക്ഷ വിധിക്കുന്നതായി സ്ക്രിപ്റ്റിൽ ഉൾക്കൊള്ളിച്ചിരിക്കണം എന്നത് എഴുതപ്പെട്ട നിയമം ആയിരുന്നു എന്നതോർക്കുമ്പോൾ  51 വർഷം മുൻപ് നിർമ്മിക്കപ്പെട്ട ഒരു സിനിമയിൽ ഇത്തരം സ്ത്രീകഥാപാത്രത്തെ സൃഷ്ടിച്ചെടുത്ത   സംവിധായകനും കഥാകൃത്തും  ഒരു വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു എന്നത് അംഗീകരിക്കേണ്ടി വരുന്നു.


Tuesday, March 10, 2015

സ്വവർഗ്ഗാനുരാഗം ജൈവപരമാണ്, ഭ്രൂണത്തിന്റെ തീരുമാനമാണ്


        സ്വവർഗ്ഗലൈംഗികാഭിമുഖ്യം (homosexuality) പ്രകൃതിവിരുദ്ധമാണെന്ന പരക്കെയുള്ള വിശ്വാസം വേരോടിയത് ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്ത് സത്യം കണ്ടുപിടിയ്ക്കുന്നതിനു ചരിത്രപരമായ വിരോധവും അനിച്ഛയും  തടസ്സം നിന്നതു കൊണ്ടാ‍ണ്. ജന്തുക്കളിൽ പരക്കെ കാണപ്പെടുന്ന ഈ പ്രതിഭാസം തമസ്കരിക്കനാണ് മതം അനുശാസിക്കുന്നത്. ആധുനികശാസ്ത്രം മാത്രമാണ് ഇത് ജൈവപരമാണെന്ന സത്യത്തിനു കൂട്ടുള്ളത്.  93 സ്പീഷീസ് പക്ഷികളിലും(ആൽബറ്റ്രോസ് പക്ഷികളിൽ പ്രത്യേകിച്ചും) ഡോൾഫിനുകൾ, പെൻ ഗ്വിനുകൾ  എന്നിവയിലും ആടുകളിലും വെള്ളക്കീരികളിലും ഒക്കെ കാണപ്പെടുന്നു സ്വവർഗ്ഗാഭിമുഖ്യം.  100 ഓളം പ്രാണി (insect) സ്പീഷീസുകൾ,  എട്ടുകാലികൾ ഒക്കെ ഗേ സ്വഭാവം വ്യക്തമായി കാണിക്കും. ഹോർമോൺ പ്രവർത്തനങ്ങളും തലച്ചോറിന്റെ രൂപപ്പെടുത്തലും ന്യൂറോണുകളുടെ വിനിമയവിന്യാസങ്ങളുമൊക്കെയാണ് ആൺ-പെൺ ലൈംഗികാഭിമുഖ്യങ്ങളേപ്പോലെ സ്വവർഗ്ഗാനുരാ‍ഗസ്വഭാവത്തേയും ഒരേപോലെ നിയന്ത്രിക്കുന്നത്. മസ്തിഷ്കവും ഹോർമോണുകളും കൂടെ രൂപപ്പെടുത്തുന്ന ഈ ആഭിമുഖ്യങ്ങളെ ‘അസുഖം’ (disorder) ‘പ്രവർത്തനക്കേട്’ (dysfunction) എന്നൊക്കെ പേരു ചൊല്ലി വിളിയ്ക്കുന്നത് ശാസ്ത്രാനുസാരിയായി ശരിയല്ല താനും. ‘പ്രകൃതി’ എന്താണെന്ന് ഇക്കാര്യത്തിൽ പിടിപാടില്ലാത്തതുകൊണ്ടാണ്  ‘പ്രകൃതിവിരുദ്ധം’എന്ന വാക്ക് ഇതോടനുബന്ധിച്ച് ഉരുത്തിരിഞ്ഞത്.
               
                1970 കൾ വരെയും പൊതുധാരണ ഒരു കുഞ്ഞ് ലൈംഗികത ഇല്ലാതെ പിറന്നു വീഴുന്നു എന്നും പിന്നീട് സാമൂഹിക ശിഷ്ടാചാരങ്ങളാൽ ആൺ സ്വഭാവമോ പെൺ സ്വഭാവമോ തെരഞെടുക്കുന്നു എന്നുമായിരുന്നു. എന്നാൽ സാങ്കേതികവിദ്യകൾ പുരോഗമിച്ചതോടേ തലച്ചോറിന്റെ സൂക്ഷ്മഭാഗങ്ങളെക്കുറിച്ച് പഠിയ്ക്കാൻ പലേവിധം സ്കാനിങ് ഉപകരണങ്ങൾ ഉപയുക്തമാകുകയും ഇവ തന്നെ ഉപയോഗിച്ച് അനാറ്റമി മാത്രമല്ല പ്രവർത്തനപരവും നിർവ്വഹണപരവും ആയ അറിവുകൾ നേടാമെന്നും വന്നുകൂടി. ന്യൂറോ അനാറ്റമി എന്നൊരു ശാസ്ത്രവിഭാഗം തന്നെ ഉരുത്തിരിയുകയും ഹോർമോണുകളുടെ മസ്തിഷ്കപ്രവർത്തനത്തെപ്പറ്റി കൂടുതൽ വിശദാംശങ്ങൾ വെളിവാ‍കുകയും ചെയ്തതോടെ ലൈംഗികതയെക്കുറിച്ചുള്ള അറിവിൽ വിപ്ലവം സംജാതമാകുകയും ചെയ്തു. ലൈംഗികതയിലെ ജനിതകസ്വാധീങ്ങൾ, ഭ്രൂണവളാർച്ചാകാലത്തെ തലച്ചോർ രൂപീകരണവും ഘടനാവിശിഷ്ഠീകരണവും, ലൈംഗികവ്യക്തിത്വനിർണ്ണയത്തിലെ ക്രമക്കേടുകളുടെ പൊരുളുകൾ ഇവയെക്കുറിച്ച് ക്രമാതീതമായ അറിവുകളാണ് ശാസ്ത്രപഠനങ്ങൾ സമ്മാനിച്ചത്.  ലൈംഗികാഭിമുഖ്യം സ്വയം തെരഞ്ഞെടുത്ത ജീവിതരീതി അല്ലെന്നും  ബലതന്ത്രങ്ങളാൽ അതു മാറ്റാമെന്ന ധാരണ പൊളിയുകയുകയും സ്ഥിരവും അപരിവർത്തനീയവുമായ കാര്യക്രമനിർണ്ണയം ഭ്രൂണാവസ്ഥയിൽ തന്നെ നടപ്പിലാകുകയാണെന്നുമുള്ള സത്യം ഇങ്ങനെ വെളിവായി. സാമൂഹ്യപരിസ്ഥിതി ലൈംഗികവ്യക്തിത്വത്തേയോ ലൈംഗികചോദനയുടെ അഭിവിന്യാസത്തേയോ ബാധിയ്ക്കുന്നതായി തെളിവുകൾ ഒന്നുമില്ലെന്നത് വാസ്തവം മാത്രമാണ്.  ഈ സത്യം അറിയാനോ മനസ്സിലാക്കാനോ തെല്ലും താൽപ്പര്യമില്ലാത കടുംപിടുത്തങ്ങളിൽ ഉറച്ചു നിൽക്കുകയാണ് ഇൻഡ്യയിലെ പൊതുസമൂഹം.


ആണും പെണ്ണും എത്ര വ്യത്യാസം?

        പെണ്ണിനു രണ്ടെണ്ണമുണ്ട്, ആണിനു ഒരെണ്ണമേ ഉള്ളു എന്താണ് എന്ന മട്ടിലുള്ള സ്കൂൾ കുട്ടിച്ചോദ്യത്തിനുത്തരം പോലെയാണ് ആൺ-പെൺ തിരിയലിലെ ക്രോമസോമുകളുടെ കാര്യവും.  പെണ്ണ് എന്നതിൽ രണ്ടു ണയും ആൺ എന്നതിൽ ഒരു ണ യും എന്ന മട്ടിൽ പെണ്ണിനു രണ്ട്  X ക്രോമൊസൊമുകളും ആണിനു ഒരു X ക്രോമസോമുവുമാണുള്ളത്, ലിംഗഭേദത്തിനായി. ആണുങ്ങൾക്ക് രണ്ടാം Xനു പകരം ഒരു Y ആണുള്ളത്. ഇതിൽ X ക്രോമൊസോം അമ്മയിൽ നിന്നും Y ക്രോമൊസോം അച്ഛനിൽ നിന്നും ലഭിയ്ക്കുന്നവയാണ്.  ഈ Y ക്രോമൊസോമിലാണ് ആണത്തമുണ്ടാക്കുന്ന ജീനുകൾ. എന്നാൽ അത്ര ജീനുകൾ ഒന്നുമില്ലെന്നു വേണം പറയാൻ, പ്രധാനമായും ഒരു ജീനേ ഉള്ളു. Sex determining region (SRY) എന്ന മാസ്റ്റർ ജീൻ.  മറ്റു ചില ജീനുകളെ ഉണർത്തിയെടുക്കാനുള്ള കെല്പുള്ള നിയന്ത്രണാധികാരി. XY ക്രോമൊസോമുകൾ ഉണ്ടായിരുന്നാൽ മാത്രം പോര, ഈ ജീനിന്റെ സമ്മതവും പ്രവർത്തനവും വേണം വൃഷണവും ബീജവാഹിനിക്കുഴലുകളും ലിംഗവും ഒക്കെ നിർമ്മിച്ചെടുക്കാൻ; അതിനുള്ള  അധികാരസ്ഥാപനവുമാണ് ‘എസ് ആർ വൈ’.  എന്നുവച്ചാൽ ജനിതകപരമായി  XY ക്രോമൊസൊമുകൾ ഉണ്ടായിരുന്നാൽ മാത്രം ആണാകുകയില്ല, ഈ ജീൻ പ്രാ‍വർത്തികമായിരിക്കുകയും വേണം എന്ന് ചുരുക്കം.  പ്രധാനമായും Sox9 എന്നൊരു ജീനിനെ ആണ് ഈ ‘സ്രി’ ജീൻ ഉത്തേജിപ്പിക്കുന്നത്.  Sox9 ആവട്ടെ ഉടൻ ആണുങ്ങളുടെ ലൈംഗികാവയവങ്ങൾ നിർമ്മിച്ചെടുക്കാൻ genital bud (ലിംഗമുകുളം) സ്ഥലത്തെ കോശങ്ങൾക്ക് നിർദ്ദേശം കൊടുക്കുകയായി.  

ഉള്ളിലെ ആണിനെ അടിച്ചമർത്തി പെണ്ണാകണം
                ‘സോക്സ്9‘ ജീൻ കുറഞ്ഞതോതിൽ ആൺ ഭ്രൂണത്തിലും പെൺ ഭ്രൂണത്തിലും ഉണർന്നിരിക്കും. ഈ ജീനിനെ ഉറക്കിയില്ലെങ്കിൽ പെൺഭ്രൂണം പതുക്കെ ആണത്തം ആർജ്ജിച്ചേക്കാൻ വഴിയുണ്ട്. അതുകൊണ്ട് പെൺഭ്രൂണങ്ങൾ ഈ സോക്സ്9 ഇനെ കൈകാര്യം ചെയ്യാൻ മറ്റൊരു ജീനിനെ രംഗത്തിറക്കും. FOXL2 എന്ന വമ്പത്തി ജീനിനെ. FOXL2 ന്റെ ജോലി തന്നെ സോക്സ്9 ഇനെ അടിച്ചമർത്തുകയാണ്. ഇങ്ങനെ ചെയ്തില്ലെങ്കിലോ അണ്ഡാശയമാകാൻ തയാറെടുത്തു നിൽക്കുന്ന കോശങ്ങളെല്ലാം പതുക്കെ ബീജവാഹിനിക്കുഴലുകളും ലിംഗവുമൊക്കെ ഉണ്ടാ‍ാക്കിയെടുക്കാൻ തുടങ്ങും. അങ്ങനെ ഉള്ളിൽ വെമ്പുന്ന ആണത്തത്തെ അടിച്ചമർത്തിയാണ് പെൺഭ്രൂണങ്ങൾ തനിയ്ക്കുതാൻപോരിമ സൃഷ്ടിച്ചെടുക്കുന്നത്. FOXL2  ന്റെ നോട്ടം വിട്ടുപോയാൽ ആണായിമാറിയെങ്കിലോ എന്ന സ്ഥിതിവിശേഷം. അണ്ഡാശയ കോശങ്ങൾ നിരന്തരമായി ഫോക്സ് എൽ 2 ജീനിനെ ഉണർത്തി നിറുത്തും പിൽക്കാലങ്ങളിലെല്ലാം. എങ്ങാനും FOXL2 വിന്റെ അളവ് കുറഞ്ഞോ, പെണ്ണത്തം കൈവിടുകയായി. ഈ ജീൻ നിർവ്വീകരിക്കപ്പെട്ട  പെണ്ണെലിക്കുഞ്ഞുങ്ങളിൽ നടത്തിയ പരീക്ഷണഫലം കൌതുകകരമാണ്. അണ്ഡാശയ കോശങ്ങളെല്ലാം മാറി വൃഷണസ്വരൂപം കൈവരിച്ച് പുരുഷഹോർമോൺ ആയ ടെസ്റ്റെസ്റ്റെറോൺ പുറപ്പെടുവിച്ചും തുടങ്ങി.   ഈസ്റ്റ്രൊജെൻ എന്ന പെൺഹോർമോണിന്റെ സ്വീകരണി (estrogen receptor) യും ഫോക്സിനെ ഇതിനു സഹായിക്കുന്നുണ്ട്. ഈസ്റ്റ്രൊജെൻ അളവ് കുറയുന്ന  ആർത്തവവിരാമം (മെനോപോസ്) വേളയിൽ ചില സ്ത്രീകൾക്ക് ആണത്തം വന്നുപോകുന്നത് ഇക്കാരണത്താലാണ്. Wnt 4 എന്ന മറ്റൊരു ജീനും അണ്ഡാശയരൂപീകരണത്തെ സ്വാധീനിക്കുന്നുണ്ട്.  ആണത്തത്തിലേക്ക് തിരിയാൻ ശ്രമിക്കുന്ന കോശങ്ങളെ വഴി തിരിച്ചു വിടുക ഈ ജീനിന്റെ പ്രധാന ധർമ്മമാണ്. ഈ ജീനിനു അപഭ്രംശം സംഭവിക്കുകയാണെങ്കിൽ  ഭാഗികമായി  ലിംഗപരതയിൽ തിരിമറിവു സംഭവിക്കും.

        എന്നാൽ രണ്ട് X ക്രോമൊസോമുകൾ ഉണ്ടെന്ന് വച്ച് പെണ്ണായിരിക്കണമെന്ന് നിർബ്ബന്ധമില്ല. മേൽ‌പ്പറഞ്ഞ SRY ജീൻ ആണ് ആണത്തമുളവാക്കുന്നതെന്ന് പറഞ്ഞു കഴിഞ്ഞല്ലൊ. ചില സാഹചര്യങ്ങളിൽ  രണ്ട് X ക്രോമോസോമുകൾ ഉള്ളവർ തികച്ചും ആണ് ആയി രൂപാന്തരപ്പെടാറുണ്ട്.  Y ക്രോമൊസോമിന്മേൽ ഉള്ള   SRY ജീൻ ചിലപ്പോൾ  X ക്രോമൊസോമിലേക്ക് മാറ്റപ്പെടാറുണ്ട്. ഇത് സംഭവിക്കുന്നത് സാധാരണ ഗതിയിൽ ക്രോമൊസോമുകൾ തമ്മിൽ ആലിംഗനബദ്ധരായി ചില കൊടുക്കൽ വാങ്ങൽ പ്രക്രിയ നടക്കുമ്പോഴാണ്. ബീജവും അണ്ഡവും ഉണ്ടായി വരുന്ന സമയത്ത് ഒരേ തരത്തിലുള്ള ക്രോമൊസോമുകൾ തമ്മിൽ കെട്ടുപിണഞ്ഞ് പരസ്പരം ഭാഗങ്ങൾ കൈമാറാറുണ്ട്. കുഞ്ഞുങ്ങൾ മാതാപിതാക്കളെപ്പോലെ യുള്ള ജനിതക സംവിധാനത്തിൽ നിന്നും മാറ്റപ്പെടുവാനാണിത്.  Y ക്രോമൊസോം ഇങ്ങനെ എക്സ് ക്രോമൊസോമുമായി കെട്ട് പിണഞ്ഞ് SRY  ജീൻ ചിലപ്പോൾ എക്സ് ക്രോമൊസോമിൽ കൂടിച്ചേരും. ആ എക്സ് ക്രോമൊസൊം ലഭിയ്ക്കുന്ന പെൺകുഞ്ഞ് ആണായിട്ടാണ് വളരുക. എസ് ആർ വൈ ജീൻ ആണ് ആക്കി മാറ്റും. എന്നാൽ ജനിതകപരമായി രണ്ട് എക്സ് ക്രോമൊസോമുമുണ്ട് താനും.  ഇതുപോലെ  വൈ ക്രോമൊസോമിലെ  SRY മ്യൂടേഷൻ വഴി നിർവ്വീകരിക്കപ്പ്ട്ടു പോയാലോ XY എന്ന ക്രോമൊസോം സജ്ജീകരണം ഉള്ളയാൾ പെണ്ണായിട്ടാണു വളരുക.  ഈ SRY പ്രോട്ടീൻ ചെറിയ അളവിൽ ഉദ്പ്പാദിക്കപ്പെടുന്നെങ്കിൽ ആണോ പെണ്ണോ എന്ന് നിജപ്പെടുത്താൻ പറ്റാത്ത ലൈംഗികാവയവങ്ങൾ ഉണ്ടായിരിക്കും. ക്രോമൊസോമിന്റെ നിജപ്പെടുത്തൽ  കൃത്യമല്ല, ഒന്നോ രണ്ടൊ ജീനുകളുടെ ഉണർവ്വിനെ ആശ്രയിച്ചിരിക്കുന്നു ആൺ/പെൺ  തിരിയൽ എന്നു സാരം. ഒളിമ്പിക്സിൽ ഇപ്പോൾ ആൺ- പെൺ നിശ്ചിതപ്പെടുത്തുന്നതിനു ക്രോമൊസോം ഘടനാനിരീക്ഷണം നിറുത്തിയിരിക്കയാണ് ഇതു കാരണം.  

                ആൺ/പെൺ ഉരുത്തിരിയൽ കോശസംബന്ധമായോ മോളിക്യുലാർ ബയോളജിപരമായോ നോക്കിയാൽ അത്ര വ്യത്യാസപ്പെട്ടതല്ല, ഒരു തിരിമറിവു മതി എന്നു പറയുന്നതിൽ തെറ്റില്ല. പ്രായപൂർത്തിയായ ലൈംഗികാവയവങ്ങൾക്ക് ഇഷ്ടരൂപത്തിൽ വാർത്തെടുക്കാൻ തക്കവണ്ണമുള്ള ഉദാരത സാദ്ധ്യമാണ്. ഒന്നിനുമേൽ ഒന്നായി അടരുകൾ പരസ്പരം വ്യാപിപ്പിക്കുന്ന വ്യവസ്ഥകളാണ് ആൺ പെൺ തീരുമാനത്തിന്റെ പിന്നിൽ. ഭ്രൂണവളർച്ചാസമയത്ത് ഈ  പാരസ്പര്യത്തിന്റെ  തെരെഞ്ഞെടുപ്പുവഴികൾ ആൺ വഴിയോ പെൺ വഴിയോ എന്ന തീരുമാനത്തിൽ എത്തുകയാണ്. എന്നാൽ വളർച്ചയെത്തിക്കഴിഞ്ഞാൽ ചില പിന്തുണനൽകുന്ന ദൃഢീകരണങ്ങൾ ഇല്ലാതെ പോവുമ്പോൾ ഒരു പ്രോട്ടീന്റെ അളവിലുള്ള മാറ്റങ്ങൾ  മതിയാവും ഒരു വലിയ മാറ്റിമറിക്കലിനു. ഒരാൾ ആണാണെന്നതോ പെണ്ണാണെന്നതൊ കല്ലിൽ എഴുതിയ നിയമമല്ല, ചെറിയ ഒരു സ്വിച്ച് മതി മാറിമരിയാൻ. ഓന്തു വർഗ്ഗത്തിൽ‌പ്പെട്ട ചില ജീവികൾ അന്തരീക്ഷത്തിലെ താപനില അനുസരിച്ച് ആണായോ പെണ്ണായോ മാറാറുണ്ട്. ഒരു നിശ്ചിത പോപുലേഷനിൽ പെണ്ണുങ്ങളുടെ തോത് കുറഞ്ഞുപോയാൽ ചില ആണുങ്ങൾ പെണ്ണായി മാറുന്നതും ഇത്തരം ജീവികളിൽ കാണാറുണ്ട്.  


ഹോർമോണുകൾ ലൈംഗികത നിർണ്ണയിക്കുന്നു

ൺ-പെൺ നിജപ്പെടുത്തൽ (Sex determination) ക്രോമൊസോമുകൾ (SRY ജീൻ ഉദാഹരണം) വഴി ആണെങ്കിൽ ആൺ-പെൺ ഉരുത്തിരിയൽ (sex differentiation)   ഹോർമോണുകളുടെ ജോലിയാണ്.  XY ക്രോമൊസോമുകൾ ആൺകുഞ്ഞാണെന്നുള്ള തീരുമാനം എടുത്തുകഴിഞ്ഞു, ഇനി ഇത് പ്രാവർത്തികമാക്കണമെങ്കിൽ ഹോർമോണുകൾ ഉത്തേജനം കൊടുക്കണം, പിന്നെ ഈ വ്യവസ്ഥ നിലനിർത്തുകയും വേണം.  SRY ജീൻ ഒരു തീരുമാനത്തിലെത്താത്തിരിക്കുന്ന  ലൈംഗികമുകുളങ്ങളെ  വൃഷണങ്ങളാകും. വൃഷണങ്ങൾ താമസിയാതെ പുരുഷഹോർമോൺ ആയ ടെസ്റ്റൊസ്റ്റിറോൺ സ്രവിക്കും.   മറ്റൊരു ഹോർമോൺ ഗർഭാശയം, ഗർഭനാളം ഇവയൊക്കെ ആയി മാറാൻ തയാറെടുത്തു നിൽക്കുന്ന മുള്ളേറിയൻ ഡക്റ്റിനെ ഇല്ലാതാക്കും. SRY യുടേ അഭാവത്തിൽ, Wnt 4 എന്ന ജീൻ പെൺ വഴിയിലേക്ക് ഭ്രൂണത്തെ തിരിച്ചാൽ   ലൈംഗിക മുകുളം, മുള്ളേറിയൻ ഡക്റ്റ് ഇവയൊക്കെ ഗർഭാശയം,  അണ്ഡാശയം, യോനി ഒക്കെ നിർമ്മിച്ചെടുകുകയായി.. അണ്ഡാശയങ്ങൾ പുറപ്പെടുവിക്കുന്ന ഈസ്റ്റ്രൊജെൻ എന്ന സ്റ്റീറോയിഡ്  ഹോർമോൺ ആണ് ഇതിനാധാരം. ഈ മാറിമറിയലിനു പിന്നിൽ ശരീരത്തിലെ മറ്റുഭാഗങ്ങളിലെ കോശങ്ങളിലെ ജീനുകളും അണിനിരക്കും.

ലൈംഗികവ്യക്തിത്വവും  ലൈംഗികാഭിമുഖ്യ   നിജപ്പെടുത്തലും ( Gender identity and gender orientation)

        ലൈംഗികവ്യക്തിത്വം (gender identity) ഒരാള്ക്ക് അനുഭവപ്പെടുന്ന ലിംഗപരത ആണ്.  ശരീരഘടന (അനാറ്റമി) എന്തായാലും ആണാണെന്നോ പെണ്ണാണെന്നോ എന്ന തോന്നലുകളാണിത്. മിക്കവാറും ക്രോമൊസോം പരമായ (XX പെണ്ണ് , XY ആണ്) വ്യക്തിത്വം തന്നെയായിരിക്കും ലൈംഗികവ്യക്തിത്വവും. ജനിയ്ക്കുമ്പോൾ നിശ്ചയിക്കപ്പെട്ട ലിംഗപരത തന്നെ ആയുഷ്ക്കാലം മുഴുവൻ ലൈംഗികവ്യക്തിത്വമായി  അനുവർത്തിക്കുകയാണ് പതിവ്. എന്നാൽ ലൈംഗിക ക്രമീകരണം അല്ലെങ്കിൽ നിജപ്പെടുത്തൽ  (gender orientation) ഇതിൽ നിന്നും വ്യത്യസ്തമാണ്-  അത്  പെരുമാറ്റമാണ്, ആരോടാണ് അഭിനിവേശം തോന്നുന്നത് എന്നതാണ്. എതിർലിംഗതത്പരതയോ സ്വലിംഗതത്പരതയോ ഉഭയലിംഗതത്പരത (hetero-, homo- or bisexual) യോ ഒക്കെ ഇതിൽ‌പ്പെടും.അതുപ്രകാരം പെൺ ലിംഗ വ്യക്തിത്വം (female gender identity) ഉള്ള ഒരാൾക്ക് ആണത്തമുള്ള ലിംഗ പെരുമാറ്റം (masculine gender behaviour) വന്നു കൂടാം. ലൈംഗികവ്യക്തിപരത –ആ‍ൺ/പെൺ തോന്നൽ- വളർച്ചയിൽ കാര്യമായ പങ്കു വഹിക്കുന്നു, ‘ഞാൻ പെണ്ണ്/ഞാൻ ആണ്‘ എന്ന തോന്നലിലും അന്യരുമായുള്ള ബന്ധങ്ങളിലും. ലൈംഗികവ്യക്തിത്വവും അത് നിർദ്ദേശിക്കുന്ന കർത്തവ്യങ്ങളും  കഠിനമായി സമൂഹഘടകങ്ങളുടെ  നിയന്ത്രണത്തിലാണ്. ആരുമായാണ് ലൈംഗികബന്ധം പുലർത്തുന്നത് എന്നത് സമൂഹ-കുടുംബ –മതപരനിയന്ത്രണത്തിലാണ്.

ആണോ പെണ്ണോ-തലച്ചോർ തീരുമാനിക്കട്ടെ.

                വ്യക്തിത്വവും പെരുമാറ്റവും ന്യൂറോളജിക്കൽ ഫലമാണ്, അനിവാര്യമായി തലച്ചോറിന്റെ കളി തന്നെ. ശരീരഘടന (അനാറ്റമി) അനുസരിച്ച് ആണാണെന്നു വച്ച്  ഒരാൾ മുഴുവനും ആണായിരിക്കണമെന്നില്ല എന്ന് നേരത്തെ പറഞ്ഞു.  തലച്ചോറും അതിനനുസരിച്ചു ക്രമപ്പെടുത്തി വരണം.  ലിംഗാവയവങ്ങൾ (ലിംഗം,വൃഷണം ആണിനു; അണ്ഡാശയം,യോനി പെണ്ണിനു) നിർമ്മിച്ചെടുക്കുന്നത് മേൽ‌പ്പറഞ്ഞ എസ് ആർ വെ അല്ലെങ്കിൽ Wnt 4 ജീനിന്റെപ്രഭാവത്താൽ ഭ്രൂണം രണ്ടാം മാസം പിന്നിടുന്നതോടെയാണ്. മൂന്നു മാസം ആകുമ്പോൾ രൂപീകരിക്കപ്പെട്ട വൃഷണം ടെസ്റ്റസ്റ്റെറോൺ ഹോർമോൺ ഉദ്പാദിപ്പിച്ചു തുടങ്ങി തലച്ചോറിൽ പ്രവർത്തനം തുടങ്ങുകയാണ്. ഒരു ആൺ തലച്ചോറ് രൂപീകരിച്ചെടുക്കാൻ. മുകളിൽ വിവരിച്ചതു പോലെ ജീനുകൾ പെൺ രൂപീകരണമാണ് തീരുമാനിക്കുന്നതെങ്കിൽ അണ്ഡാശയങ്ങളും അനുബന്ധക്കുഴലുക ളുമൊക്കെ നിർമ്മിച്ചെടുക്കുന്നു, ടെസ്റ്റസ്റ്റെറോൺ ഉദ്പാദിപ്പിക്കുന്നുമില്ല. തൽച്ചോറ് പെൺ രൂപീകരണത്തിലേക്ക് തിരിയും.  ജീനുകളുടെ നിയന്ത്രണം ആദ്യവും തലച്ചോറിന്റെ മാറ്റം മാസങ്ങൾക്കു ശേഷവും നടക്കുന്നതിനാൽ ഇവ രണ്ടും പ്രത്യേക നിയന്ത്രണങ്ങളിലാണ്. രണ്ടും രണ്ടു തരത്തിലാവാനും മതി.  പിറന്നുവീഴുമ്പോൾ ലൈംഗികാവയവങ്ങൾ പൂർണ്ണരൂപത്തിലിലാണെന്നു വച്ച് തലച്ചോറ് ഇതിനനുസരിച്ച് മാറിയിരിക്കണമെന്നില്ല. അപ്പോൾ പൂർണ്ണമായും ആണോ പെണ്ണോ അല്ലാ എന്നു വരും. നിങ്ങൾക്ക് പരിപക്വമായ ലിംഗവും  പെരുപ്പിച്ച മസിലുകളും ഉണ്ടാവാം പക്ഷേ തലച്ചോറ് തികച്ചും ആണത്തമാർന്നതല്ലാതിരിക്കാൻ സാദ്ധ്യതയുണ്ടെന്നർത്ഥം.

സുപ്രധാനമായ മൂന്നു കാര്യങ്ങൾ:

1. XX, XY ക്രോമൊസോമുകൾ വഴി  ആൺ- പെൺ തീരുമാനമായ ശേഷം ലച്ചോർ രൂപീകരണം (പെരുമാറ്റ നിയന്ത്രണം ഉൾപ്പടെ) ഭ്രൂണാവസ്ഥയിൽ കഴിയുന്നു. 2 ലൈംഗികാഭിമുഖ്യ നിശ്ചിതപ്പെടുത്തൽ .. (gender or sexual orientation) ഇക്കാലത്ത് നടപ്പിലാകുന്നു. പിന്നീട് മാറ്റമില്ലാതെ . ഈ ആഭിമുഖ്യം തലച്ചോറിൽ ഹോർമോണുകളുടെയും ജീനുകളുടേയും സ്വാധീനം മൂലം ഉടലെടുക്കുന്നതാണ്.. 3. ലൈംഗിക വ്യക്തിത്വം ക്രോമൊസോമുകളുടേയും  ഹോർമോണുകളുടേയും സ്വാധീനം വഴി ഉരുത്തിരിയുന്നതാണ്. വളർത്തിയെടുക്കലിലും ഇതിനു പങ്കുണ്ട്  തലച്ചോറിലെ  ന്യൂറോണുകളുടെ സ്ഥലവിന്യാസങ്ങളും പ്രവർത്തനങ്ങളും ലൈംഗിക പങ്കാളി തെരഞ്ഞെടുപ്പ് (mate selction) ബാധിയ്ക്കും. സൂക്ഷ്മമായ വ്യത്യാസങ്ങൾ ആരോടാണ് ലൈംഗികാഭിനിവേശം എന്നത് മാറ്റി മറിയ്ക്കും, വ്യക്തിത്വം ആണാണോ പെണ്ണാണൊ എന്നതുമായി ഇതിനു അത്ര വലിയ ബന്ധമില്ലാത്ത രീതിയിൽ.

തലച്ചോറിന്റെ ലിംഗമാറ്റം

        പുറമേപ്രത്യക്ഷപ്പെടുന്ന ശരീരഘടന മാത്രമല്ല ആണും പെണ്ണുമായുള്ള വ്യത്യാസങ്ങൾ.  സൂക്ഷ്മതരമായ വിഭിന്നതകളും അസമാനതകളും ശരീരശാസ്ത്ര  പരമായും മാനസികമായും ദർശിക്കപ്പെടാം. അസുഖങ്ങൾ പിടിപെടാനുള്ള സാദ്ധ്യതകൾ, മരുന്നുകളുടെ ചയാപചയക്രമങ്ങൾ  ഇവയൊക്കെ ഭിന്നമാണ് ആണിനും പെണ്ണിനും. . അതുപോലെ തന്നെയാണ് തലച്ചോറും ചില പ്രവർത്തനങ്ങളും. സ്ഥലം (സ്പെയ്സ്) സംബന്ധിച്ച ബോധം ആണുങ്ങൾക്ക് വ്യക്തമായിട്ടുള്ളപ്പോൾ പെണ്ണുങ്ങൾക്ക് ആ അറിവ് കുറവാണ്. എന്നാൽ ഭാഷ പഠിച്ചെടുക്കാനും അത് ഒഴുക്കോടെ ഉപയോഗിക്കാനുമുള്ള ചാതുര്യം പെണ്ണുങ്ങൾക്കാണ് കൂടുതൽ. മാനസികഭാവം, സ്തോഭം, ഇവയൊക്കെ സ്വാധീനിക്കുന്ന സിറടോണിൻ ന്റെ അളവും പ്രവർത്തനവും ഒക്കെ വ്യത്യാസപ്പെട്ടിരിക്കും ആണുങ്ങളിലും പെണ്ണുങ്ങളിലും. വികാരപരമായ ഓർമ്മ നന്നായിട്ടുണ്ട് സ്ത്രീകൾക്ക്.  ഘടനാപരമായിട്ടും സൂക്ഷ്മമായ വ്യത്യാസങ്ങളുണ്ട് ആൺ തലച്ചോറും പെൺ തലച്ചോറുമായി. ഹൈപോതലാമസ്, അമിഗ്ദല, ഹിപ്പോകാമ്പസ്, മസ്തിഷ്ക കാണ്ഡം (brain stem) ഇവയിലെ ന്യൂറോണുകളുടെ വിന്യാസം ഒക്കെ വെവ്വേറെയാണ് ആണിലും പെണ്ണിലും.
    ആൺ തലച്ചോർ രൂപീകരിക്കപ്പെടുന്നത് ഉദാഹരണമായെടുക്കാം. ഏകദേശം 4 മാസം ആകുന്ന ഭ്രൂണത്തിലാണ്  ആൺ ഹോർമോൺ ആയ റ്റെസ്റ്റസ്റ്റെറോൺ അളവ് കൂടുതലായി മസ്തിഷ്കത്തിൽ പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് പിറന്ന ശേഷം മൂന്നുമാസം വരെ ഈ ഹോർമോണിന്റെ അളവ് കൂടുതൽ ആയി കാണാം.  ഈ ഹോർമോണിന്റെ ‘സ്വീകരണി ( റിസെപ്റ്റർ)  യും ഇതിന്റെ പ്രയോഗത്തിൽ പങ്കാളിയാണ്. ഈ രണ്ടു കാലയളവിലും തലച്ചോറിന്റെ ഭാഗങ്ങൾ ആണായി നിശ്ചിതപ്പെടുത്തുകയാണ്, ഘടനാപ്രമാണത്തോടെയും സർക്യൂട്ടുകൾനിർമ്മിച്ചും.  പിന്നീട് കൌമാരക്കാലത്ത് ഈ ഘടനകൾക്ക് ആക്കം കൂട്ടപ്പെടുകയാണ്, ആൺ പെരുമാറ്റത്തിനും മറ്റ് ആണത്തത്തിനും ദൃഢീകരണം ലഭിയ്ക്കുകയാണ്. ഭ്രൂണാവസ്ഥയിലെ ഹോർമോണുകൾ (androgens) ടെ സ്വാധീനം പിന്നീട് തിരിച്ചാക്കപ്പെടുവാൻ പറ്റാത്ത വിധത്തിൽ തലച്ചോറിനെ മാറ്റുകയാണ്.  പ്രത്യോൽ‌പ്പാദനത്തെ നിയന്ത്രിക്കുന്ന മറ്റ് ഹോർമോണുകളും തലച്ചോറിന്റെ ആൺ-പെൺ നിജപ്പെടുത്തലുകളിൽ ഭാഗഭാക്കാവുന്നുണ്ട്. പെൺ തലച്ചോറും ഇങ്ങനെ ചില നിശ്ചിതപ്പെടുത്തലുകളിലൂടെ കടന്നു പോവും. പിന്നീടുള്ള ലൈംഗികതയെ ഇങ്ങനെ തീരുമാനിക്കുകയാണ് ഭ്രൂണത്ത്ന്റെ മസ്തിഷകം.

        ലൈംഗികാഭിമുഖ്യത്തിന്റെ കാര്യത്തിൽ തലച്ചോർ ഇക്കാലത്ത് ചില തീരുമാനങ്ങൾ എടുക്കുകയാണെന്നതിന്റെ വ്യക്തമായ തെളിവ് CAH (Congenital Adrenal Hyperplasia) എന്ന അസുഖം ബാധിച്ചവരിൽ നിന്നാണ് ലഭിച്ചിട്ടുള്ളത്.  ഭ്രൂണാവസ്ഥയിലെ ഹോർമോണുകളുടെ സ്വാധീനം മൂലം ലൈംഗികാഭിമുഖ്യം മാറപ്പെടുന്നതിനെക്കുറിച്ച് വ്യക്തമായ അറിവുകളാണ് CAH ബാധിച്ചവരിൽ നടത്തിയ പഠനങ്ങൾ ശാസ്ത്രലോകത്തിനു സമ്മാനിച്ചത്.  XX ക്രോമൊസോമുകളുള്ള, പെണ്ണായിത്തേരേണ്ട  കുഞ്ഞിന്റെ പെൺ ഹൊർമോണുകളുടെ  നിർമ്മാണരീതി പുരുഷഹോർമോൺ നിർമ്മാണരീതിയുമായി കൂടിക്കുഴയുന്ന സ്ഥിതിയാണിത്.    ടെസ്റ്റോസ്റ്റെറോൺ എന്ന പുരുഷ ഹോർമോൺ കൂടുതലായി ഉദ്പാദിക്കപ്പെടുകയാണ് ഈ ഭ്രൂണങ്ങളിൽ.  ഈ സ്ഥിതിയിൽ ജനിയ്ക്കുന്ന പെൺകുഞ്ഞുങ്ങൾക്ക് ഏകദേശം ആൺകുഞ്ഞുങ്ങളുടെ ബാഹ്യരൂപം കാണപ്പെടും, ലിംഗവൃഷണങ്ങൾ സഹിതം. ഇത് ശസ്ത്രക്രിയ വഴി ക്രമീകരിക്കാമെങ്കിലും ഇവർ സ്വവർഗ്ഗ ലൈംഗികാഭിമുഖ്യമുള്ളവർ (ലെസ്ബിയൻസ്) ആയിത്തീരുകയാണ് പതിവ്.  XY ക്രോമൊസോമുകളുള്ള, ആണാകേണ്ട ഭ്രൂണം, ആൺ ഹോർമോണുകളുടെ സ്വീകരിണികളുടെ അഭാവം നിമിത്തം പെൺ  സ്വരൂപങ്ങളായി ജനിക്കാറുമുണ്ട്.  (androgen insensivity syndrome).  ഇവരുടെ തലച്ചോറ് പെണ്ണത്തമാർന്നതിനാൽ പിൽക്കാലത്ത് ഇവർക്ക് ആണുങ്ങളോട് തന്നെയായിരിക്കും  താൽപ്പര്യം. XY  ക്രോമൊസോമുള്ള, ആൺ കുഞ്ഞാവേണ്ട ഭ്രൂണം ലിംഗ-വൃഷണങ്ങൾ വളർന്നു തുടങ്ങിയിട്ടും തലച്ചോറ് പൂർണ്ണമായും ആണായി മാറിയില്ലെങ്കിൽ അവർ ദ്വി ലിംഗവ്യക്തി (ട്രാൻസ് സെക്ഷുവൽ trans sexual) ആയിത്തീരും. മാനസികമായും സമൂഹപെരുമാറ്റപരമായും അവർ പെണ്ണുങ്ങളായിരിക്കും.

ഉഭയലിംഗത്വം (Transsexuality)  അല്ല സ്വവർഗ്ഗാ‍ഭിമുഖ്യം(  Homosexuality)

                ക്രോമൊസോം നിജപ്പെടുത്തിയ ലൈംഗികത ( XX, XY)യ്ക്കനുസരിച്ച് തലച്ചോറു മാറിയില്ലെങ്കിൽ ശരീരഘടന്യ്ക്കു നേരേ എതിരായി മനസ്സ് ലൈംഗികത നിശ്ചയിക്കും. ആണിന്റെ രൂപഘടന നൂറുശതമാനമുണ്ടെങ്കിലും കഠിനമായി പെണ്ണ് ആണെന്നു തോന്നുക അല്ലെങ്കിൽ നേരേ മറിച്ച് –ഇതാണു ഉഭയലൈഗികത. ഇൻഡ്യയിലെ ഹിജഡകൾ ഇതിനു ഉദാഹരണമാണ്. ഇത് പലർക്കും ദുസ്സഹമായ അനുഭവം ആയതുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയയും ഹോർമോൺ ചികിത്സയും ആവശ്യമായി വരും. എന്നാൽ സ്വവർഗ്ഗാനുരാഗിയ്ക്ക് ഇത്തരം വിഭ്രാന്തികളൊന്നുമില്ല-അവർ  ആൺ തന്നെ അല്ലെങ്കിൽ  പെണ്ണു തന്നെ എന്ന തോന്നലുള്ളവരായിരിക്കും. മിക്കവർക്കും ലൈംഗികാഭിമുഖ്യത്തിൽ മാത്രമേ വ്യത്യാസം കാണപ്പെടുകയുള്ളു.. എന്നാൽ ചുരുക്കം ചിലർ ‘പെണ്ണത്തം’ (effeminate) കലർന്നവർ  ആണെന്നുള്ളത് മറക്കുന്നില്ല.  ഭ്രൂണത്തിൽ വ്യാപരിക്കപ്പെടുന്ന നിർണ്ണായകമായ ചര്യകളാൽ ലൈംഗികത നിശ്ചയിക്കപ്പെട്ടു പോയവരെ   അവരുടേതായ കുറ്റം കൊണ്ടല്ലഞ്ഞാട്ടും ‘ആണും പെണ്ണും കെട്ടവൻ” എന്നൊക്കെ നികൃഷ്ടപ്പേരുകൾ  വിളിച്ച്  സമൂഹം  താഴ്ത്തിക്കെട്ടുകയാണ്.  എല്ലാ സമൂഹങ്ങളിലും ഈ കാഴ്ച്ചപ്പാട് രൂഢമൂലമാണെന്ന് കരുതേണ്ട- സമോവ യിൽ ഇവരെ ഫാഫഫൈൻ (fa’fafine-“സ്ത്രീയനുരൂപി”) എന്നാണ് വിളിയ്ക്കാറ്, കുടുംബത്തിന്റെ ശുഭസൂചനയാണ് ഈ ജന്മങ്ങൾ.  സമൂഹത്തിൽ അവർക്ക് നാണക്കേടില്ലാത്ത സ്ഥാനവും നൽകും.

         ഹോർമോണുകൾ ലൈംഗികാഭിമുഖ്യം നിജപ്പെടുത്തുന്നതിന്റെ സൂക്ഷ്മവിവരങ്ങൾ ലഭിച്ചത് എലികളിലും മറ്റു ജന്തുക്കളിലും നടത്തിയ പരീക്ഷണങ്ങളിൽ നിന്നാണ്.   ആൺ വെള്ളക്കീരികളിൽ (ferret)  ഭ്രൂണാവസ്ഥയിലോ ജനിച്ചുടൻ തന്നെയോ ആൺഹോർമോണുകളുടെ അളവ് മാറ്റപ്പെടുകയാണെങ്കിൽ അവയുടെ ലൈംഗികപങ്കാളി തെരഞ്ഞെടുപ്പ് മാറപ്പെടുന്നതായി ഒന്നിലേറെ പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. എലികളിലും തത്തുല്യമായ പരീക്ഷണങ്ങൾ, ഭ്രൂണത്തിന്റെ ഹോർമോൺ അളവുകൾ മാറ്റപ്പെടുത്തുന്ന തരത്തിലുള്ളവ പിൽക്കാലത്തെ ലൈംഗികതയെ ബാധിയ്ക്കുന്നതായി കണ്ടിട്ടുണ്ട്.  ടെസ്റ്റെസ്റ്റെറോൺ അളവു മാറ്റുന്ന ലെട്രിസോൾ എന്ന രാസവസ്തു ഗർഭകാലത്തെ എലികളിൽ പ്രയോഗിച്ചാൽ  ആൺ എലിക്കുഞ്ഞുങ്ങൾ  സ്വവർഗാഭിമുഖ്യം ഉള്ളവയയായി മാറുന്നുണ്ട്. ഗർഭകാലത്ത് മാതാവിനുണ്ടാകുന്ന സംഘർഷാവസ്ഥ (stress)  ഭ്രൂണത്തെ ബാധിയ്ക്കുകയും പിറന്ന ശേഷം ലൈംഗികതയിൽ മാറ്റം കാണപ്പെടുകയും ചെയ്യുന്നുണ്ട്, എലികളിൽ.  മുട്ടനാടുകളിൽ ലൈംഗികാഭിനിവേശം നിർണ്ണയിക്കുന്ന തലച്ചോറിന്റെ സൂക്ഷ്മഭാഗത്തിന്റെ വലിപ്പം ഭ്രൂണാവസ്ഥയിൽ തീരുമാനിക്കപ്പെടുന്നതാണ്. ഹോർമോൺ പ്രഭാവത്താൽ സംഭവിക്കുന്ന ഈ വലിപ്പമാറ്റം ലൈംഗികപങ്കാളിയെ തെരഞ്ഞെടുക്കുന്നതിൽ നിർണ്ണായകപങ്ക് വഹിക്കുന്നുമുണ്ട്.

   തലച്ചോറ് രൂപീകരണം- ജീനുകൾക്കും പങ്ക്ക്ക്
        ഹോർമോണുകൾ മാത്രമല്ല ഭ്രൂണാവസ്ഥയിൽ 50 ഓളം ജീനുകൾ തലച്ചോറിൽ ഉണരുകയാണ്, ആൺ-പെൺ വ്യത്യാസങ്ങളോടെ.   XX, XY ക്രോമൊസോമുകളിന്മേൽ ഉള്ള ചില ജീനുകൾക്കും ഇതിൽ സംഭാവനയുണ്ട്. ഈ ജീനുകൾ ന്യുറൽ വളർച്ച, ലിംഗപരമായ പെരുമാറ്റങ്ങൾ എന്നിവയെ സ്വാധീനിക്കും.  തലച്ചോറ് ആൺ-പെൺ വ്യത്യാസങ്ങളോടെ രൂപീകരിക്കപ്പെട്ടു വരുന്നത് വൃഷണ-അണ്ഡാശയ ഹോർമോണുകളുടെ പ്രാഭവത്തിൽ നിന്നും ഉയിർക്കൊണ്ട് ജീനുകളുടെ സ്വാധീനത്തിൽ ആകുകയാണ്. ഇത് ലൈംഗികവ്യക്തിത്വത്തേയും നിജപ്പെടുത്തലിനേയും ബാധിയ്ക്കും.  നേരത്തെ വിവക്ഷിച്ച  SRY ജീനിനു തലച്ചോറിലെ ചില എൻസൈമുകളെ നിയന്ത്രിക്കാൻ പറ്റുന്നുണ്ട്.  ഉദാഹരണത്തിനു മാനസിക സംഘർഷം നിയന്ത്രിക്കാനുള്ള കഴിവ് ആണിനും പെണ്ണിനും വേറിട്ടാണ്,  ആണുങ്ങളിലെ SRY ജീൻ ചില എൻസൈമുകളിൻമ്മേൽ നിയന്ത്രണം ഏൽ‌പ്പിക്കന്നതാണു കാരണം. നേരത്തെ ലൈംഗികാവയവങ്ങൾ ഉരുത്തിരിയാൻ തീരുമാങ്ങൾ എടുത്ത അതേ SRY ജീനാണ് പിന്നീട് തലച്ചോറിലെ ന്യൂറോണുകളെ നിയന്ത്രിക്കാനും ഒരുമ്പെടുന്നത്!

       തോന്നലുകൾ, പെരുമാറ്റം, ആസക്തികൾ , കയ്യേറ്റസ്വഭാവം ഇവയൊക്കെ തലച്ചോറിന്റെ  പ്രവൃത്തിഫലം ആയിരിക്കുന്നതു പോലെ തന്നെയാണ് ലൈംഗികാഭിമുഖ്യവും. ക്രോമൊസോമുകളുടെ എണ്ണത്തിൽ വ്യത്യാസങ്ങൾ വന്നിരിക്കുന്ന  (X ഓ  Y ഓ കൂടുതൽ കാണുക അല്ലെങ്കിൽ ഒന്ന് ഇല്ലാതെ വരിക എന്ന പ്രതിഭാസം) വരിൽ പെരുമാറ്റത്തിലും മനോവികാരങ്ങളിലും വിലക്ഷണതകൾ  കാണാറുണ്ട്.   ആൺ-പെൺ എന്നത് കറുപ്പും വെളുപ്പും പോലെ വിപരീതങ്ങളല്ല, ഹോർമോണുകളും അസംഖ്യം ജീനുകളും കൂടി സങ്കീർണ്ണമായി നിർമ്മിച്ചെടുക്കുന്ന അവസ്ഥയാണ് അല്ലെങ്കിൽ പരിണിതിയാണ്. ആൺ അല്ലെങ്കിൽ പെണ്ണ് ആയിരിക്കുക എന്നത് അതുകൊണ്ട് ഒരു വർണ്ണരാജി (സ്പെക്ട്രം) യുടെ അങ്ങേയറ്റവും ഇങ്ങേയറ്റവും എന്നാണ് പരിഗണിക്കേണ്ടത്. ഇതിനിടയ്ക്ക് വരുന്ന അസംഖ്യം നിറങ്ങളിൽ ഒന്നാണ് നാം. പരിപൂർണ്ണമായും പുരുഷനോ പരിപൂർണ്ണമായും  സ്ത്രീയോ ആയിരിക്കണമെന്നില്ല, ഒരു നീണ്ടനിര അംശങ്ങൾ ധാരാളമുണ്ടെന്നതിനാൽ. ലൈംഗികാഭിമുഖ്യത്തേയും ഇണയെ തെരഞ്ഞെടുക്കലിനേയും ബാധിയ്ക്കുന്നത് ഈ സൂക്ഷ്മാംശങ്ങളിലെ വ്യത്യാസങ്ങളാണ്.   ഈ സങ്കീർണ്ണവ്യവസ്ഥയിലെ സ്വാഭാവികമായ ചെറിയ മാറ്റങ്ങൾ ലൈംഗികാഭിമുഖ്യത്തെ ബാധിക്കുന്നതിന്റെ സാദ്ധ്യതകൾ ഇപ്രകാരം തെളിഞ്ഞുവരികയാണ്.

രതിസുഖസാരേ പാടുന്ന ഹൈപോതലാമസ്
 കാമമോഹങ്ങളുടെ കുടീരം ഹൈപോതലാമസ് എന്ന മസ്തിഷ്കഭാഗമാണ്.
തലച്ചോറിന്റെ ഉള്ളിന്റെയുള്ളിൽ എന്നാൽ സ്വൽ‌പ്പം താഴെയായിട്ട് കാണപ്പെടുന്ന ന്യൂറോൺകേന്ദ്രമാണ് ഹൈപോതലാമസ്. വിശപ്പ്, ഉറക്കം/ജാഗ്രത, ശരീരതാപനില, ജലാംശക്രമീകരണം, മാനസികപിരിമുറുക്കം എന്നിവയുടെ ഒക്കെ നിയന്ത്രണകേന്ദ്രമാണിത്. ഇതേ ഹൈപോതലാമസിന്റെ ഒരു ഭാഗമാണ് ലൈംഗികാഭിമുഖ്യം നിയന്ത്രിക്കുന്നതും. മേൽ‌പ്പറഞ്ഞ ഓരോന്നിനും ഒരു സംഘം ന്യൂറോണുകൾ ഉൾച്ചേർന്ന ‘ന്യൂക്ലിയസ്’ നിജപ്പെടുത്തിയിട്ടുണ്ട്. ഭാഷാനൈപുണ്യവും ബോധ ജ്ഞാനസംബന്ധിയായ കാര്യങ്ങളും സ്ത്രീകളിലും പുരുഷന്മാരിലും വേറീട്ടാണ്. ഇവയുടെ നിയന്ത്രണസ്ഥാനവും ഹൈപൊതലാമസിനടുത്തുള്ള ‘ആന്റീരിയർ കമ്മീഷർ’ എന്നുള്ള ന്യൂറോൺ സംഘരൂപമാണ്. കാമോദ്ദീപനവേളയിൽ ഉത്തേജിതമായി പ്രവർത്തനനിരതമാകുന്ന അമിഗ്ദല, ഹിപ്പോകാമ്പസ് അനുബന്ധഭാഗങ്ങൾ ഒക്കെ ഹൈപോതലാമസിന്റെ ചുറ്റുപാടു തന്നെ നിലയുറപ്പിച്ചിരിക്കുന്നു. മറ്റു മൃഗങ്ങളിൽ ഗന്ധം ലൈംഗികോദ്ദീപനത്തിനു കാരണമാകുന്നെങ്കിൽ മനുഷ്യരിൽ വെറും കാഴ്ച്ച മാത്രം മതി ഇതിനു. ഹൈപോതലാമസ് അല്ലാതെ തലാമസ്, കോർടെക്സിന്റെ ചില ഭാഗങ്ങൾ ഒക്കെ ഉണരുകയായി കാമക്കാഴ്ചകളാൽ.   പ്രാണനാഥൻ നൽകിയ പരമാനന്ദരസത്തിന്റെ ആധാരം ഹൈപോതലാമസ് തന്നെ. പ്രേമതാമരയ്ക്ക് കന്ദം സമർപ്പിക്കുന്ന കാമദേവനും.

        മനുഷ്യമനസ്സിന്റെ രൂപവും സ്വഭാവവും പ്രവൃത്തിയും മൂല്യനിർണ്ണയം ചെയ്യാനുള്ള പ്രാപ്തി ക്രമാതീതമായ മാറ്റത്തിനു വിധേയമായിട്ടുണ്ട് കഴിഞ്ഞ കുറേ വർഷങ്ങളായി. ഉദാഹരണത്തിനു കാന്തികാനുകമ്പന പ്രതിരൂപവിധി (Magnetic Resonance Imaging- MRI) പഠനങ്ങൾ  ഘടനയോ സ്വരൂപമോ മാത്രമല്ല ശരീരക്രിയകളെ (physiology) യും വിശ്ലേഷണം ചെയ്യാൻ ഉതകുന്നുണ്ട്. നിശ്ചിത തന്മാത്രകൾ പ്രത്യേക കോശകലകളിൽ പടരുന്നതും പരക്കുന്നതും പിന്മാറുന്നതും അതിന്റെ തോതും മൂല്യാങ്കനവും ചയാപചയവും ഒക്കെ MRI വിശദമായി വെളിവാക്കും. PET (Positron Emission Tomography) സ്കാനിങ്  ആകട്ടെ സൂക്ഷ്മതരമായ സ്ഥാനങ്ങളുടെ ത്രിമാനചിത്രങ്ങളോടൊപ്പം ചയാപചയത്തിന്റെ അളവുകൾ വരെ കാട്ടിത്തരാൻ പ്രാപ്തമാണ്. ആകൃതിക്കണക്കുകളും ത്രിമാനസ്വരൂപവിവരങ്ങളും വെളിവാക്കുന്നതിനോടൊപ്പം  തലച്ചോറിലെ ന്യൂറോൺ സംഘങ്ങളുടെ വ്യത്യാസങ്ങൾ പ്രകാശനം ചെയ്യുകയുമാണ് ഇത്തരം സാങ്കേതിക വിദ്യകൾ. Computational neuroanatomy എന്നൊരു ശാസ്ത്രവിഭാഗം തന്നെ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്, മസ്തിഷ്കത്തിന്റെ മായജാലപ്രവർത്തനങ്ങൾ വിശ്ലേഷണം ചെയ്യപ്പെടുവാനായിട്ട്. ലൈംഗികതയും തലച്ചോറിന്റെ പ്രവർത്തങ്ങളും തമ്മിലുള്ള ബന്ധം ഇത്തരം പഠനങ്ങളാലാണ് പൂർത്തീകരിക്കപ്പെടുന്നത്.

 സ്വവർഗ്ഗ ലൈംഗികാഭിമുഖ്യം-തലച്ചോറിന്റെ സൂക്ഷ്മതലങ്ങളുമായി ബന്ധം

     1991 ഇലാണ് ആദ്യമായി സ്വവർഗ്ഗാഭിമുഖ്യം തലച്ചോറിന്റെ ഘടനാ സ്വാധീനത്തിലാ‍കാ‍ൻ സാദ്ധ്യതയുണ്ടെന്നും  സാമൂഹികമോ സ്വയം തെരഞ്ഞെടുത്ത ജീവിതരീതി (life style choice) അടിസ്ഥാനപ്പെടുത്തിയ കാരണങ്ങളാലോ  ആയിരിക്കില്ലെന്നുമുള്ള നിഗമനം ശാസ്ത്രലോകം സമ്മാനിച്ചത്. ഏറ്റവും പ്രബലമായ ‘സയൻസ്’ ജേണലിൽത്തന്നെയാണ് ലിവേ എന്ന ശാസ്ത്രജ്ഞന്റെ ഈ പഠനം പ്രസിദ്ധീകരിക്കപ്പെട്ടത്.  ഹൈപോതലാമസിലെ ലൈംഗികാഭിമുഖ്യം നിയന്ത്രിക്കുന്ന ന്യൂക്ലിയസ് ഹോമോ ആണുങ്ങളിൽ എങ്ങനെ  വ്യത്യസ്ഥമായിരിക്കുന്നു എന്നതായിരുന്നു പ്രധാന നിരീക്ഷണം  അതിനും ഒരുകൊല്ലം മുൻപ് തലച്ചോറിലെ ‘ക്ലോക്ക്“ ആയ   SCN (suprachiasmatic nucleus)നു ലൈംഗികപങ്കാളിയെ തെരഞ്ഞെടുക്കലിനു (mate selection)  സ്വവർഗപ്രേമികളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നൊരു വസ്തുതയും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ലോകമെമ്പാടുമുള്ള മത-പിൻ തിരിപ്പൻ സമൂഹ സ്വാധീനങ്ങളാൽ ശാസ്ത്രജ്ഞന്മാർ പോലും അറച്ചു നിന്നിരുന്ന ഈ “പ്രശ്നം” പഠിക്കാൻ നിരവധി പരീക്ഷണശാലകൾ താമസിയാതെ മുന്നോട്ടിറങ്ങി. ടെസ്റ്റെസ്റ്റെറോണിന്റെ പ്രവർത്തനങ്ങളെ മാറ്റിമറിയ്ക്കുന്ന ഇടപെടൽ നടത്തിയ എലിയുടെ ഭ്രൂണാവസ്ഥയിൽ  ഈ SCN ന്റെ വലിപ്പം കൂടിയതായും പിറന്ന ശേഷം ഹോമോസെക്ഷ്വൽ സ്വഭാവരീതികൾ പ്രകടിപ്പിച്ചതായും കണ്ടെത്തിയത് ഇത്തരം പരീക്ഷണങ്ങളിലൊന്നായിരുന്നു.  തലച്ചോറിന്റെ മറ്റുഭാഗങ്ങളൊക്കെ ആൺ-പെൺ നിജപ്പെടുത്തലുകൾ കൃത്യമായി അനുഷ്ഠിക്കപ്പെട്ടാലും ഹൈപോതലാമസിലെ ചില ഭാഗങ്ങളുടെ സൂക്ഷ്മവിന്യാസക്രമവ്യതാസമാണ് പ്രധാനമായും ലൈംഗികാഭിനിവേശത്തെ നിയന്ത്രിക്കുന്നത് എന്ന നിഗമനത്തിനു ആക്കം കൂട്ടപ്പെടുകയായിരുന്നു ഇത്തരം പരീക്ഷണങ്ങളാൽ.  ഹൈപോതലാമസ്   ലൈംഗികാഭിംഖ്യത്തെ നിയന്ത്രിക്കുന്നു എന്ന അറിവ് നേരത്തെ തന്നെ ആടുകളിലെ ലൈംഗികരീതികൾ പഠിച്ച ശാസ്ത്രഞ്ജന്മാർക്ക് അറിവുള്ളതായിരുന്നു. മുട്ടനാട് (ram) 10%  സ്വവർഗരതിക്കാരാണ്. ആടുവളർത്തൽക്കാർക്ക് ഇതു പണ്ടേ അറിയാം. ജന്തുക്കളിൽ ഏറ്റവും കൂടുതൽ സ്വവർഗ്ഗപ്രേമികളെ കാണുന്നത് ആടുകളിലാണ്. കാമവിജൃംഭിതയായ പെണ്ണാടുകൾ ഇവരുടെ മുൻപിൽ വന്നു നിന്ന് യാചിച്ചാലും ഈ “ഗേ” ആടുകളുടെ കണ്ണ് മറ്റേ സുന്ദരൻ മുട്ടനാടുകളിലാണ്. ഇവരുടെ തലച്ചോറ് പഠനങ്ങൾ മനുഷ്യരുടെ  ലൈംഗിക മനോ വ്യാപാരങ്ങൾ അറിയാൻ ഉതകിയിട്ടുണ്ട്.   ഹൈപോതലാമസിലെ ന്യൂക്ലിയസ്  ovine SDN or oSDN( മൃഗങ്ങളിൽ ലൈംഗിക പങ്കാളിയെ തെരഞ്ഞെടുക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് ഈ ഭാഗമാണ്) ആണിനും പെണ്ണിനും രണ്ടു വലിപ്പത്തിലാണ്.   പെണ്ണാടുകളെ ഇഷ്ടമുള്ള മുട്ടനാടിനു ഈ  oSDN വലുതാണ്, “ഗേ” ആടുകളേക്കാൾ.  പെണ്ണാടിനും ഇത് ചെറുതാണ്.  ഭ്രൂ‍ണാവസ്ഥയിൽ 60 ദിവസം ആകുമ്പോൾ തന്നെ ഈ ഭാഗം വ്യതിരിക്തമായിത്തുടങ്ങും; 135 ദിവസം ആകുമ്പോഴേയ്ക്കും ഈ വലിപ്പവ്യത്യാസം ദൃഢീകരിക്കപ്പെടുകയുമാണ്. പ്രധാനമായും ടെസ്റ്റസ്റ്റിറോൺ എന്ന ഹോർമോണിന്റെ പ്രാഭവമാണിത്.  ഹൈപോതലാമസിന്റെ മുൻഭാഗത്തെ മൂന്നാമത്തെ ന്യൂക്ലിയസ് INAH-3 എന്ന പേരിൽ അറിയപ്പെടുന്നു.  മനുഷ്യരിൽ  INAH-3 (Interstitial Nucleus of the Anterior Hypothalamus-3)  ആടുകളുടെ oSDN    നു സമമാണ്. റീസസ് കുരങ്ങുകളിലും എലികളിലും ഇതിനു സമാനമായ  INAH  ലൈംഗിക പെരുമാറ്റത്തെ നിയന്ത്രിക്കുന്നു എന്നത് ദൃഢീകരിക്കപ്പെട്ടിട്ടുണ്ട്.   മനുഷ്യരിൽ, ആടുകളുടെ oSDN  പോലെ  INAH-3 യ്ക്ക് വലിപ്പവ്യത്യാസമുണ്ട് ആണിനും പെണ്ണിനും. ആണുങ്ങൾക്ക് വലിപ്പക്കൂടുതലുണ്ട് ഇതിനു. ഹോമോ ആണുങ്ങളുടെ  INAH-3  സ്ത്രീകളുടേതു മാതിരിയാണ്, ചെറുതാണ്.   പെണ്ണ് ‌‌à ആണ് ലിംഗമാറ്റം വേണ്ടി വന്നവരുടേ INAH-3 ആണുങ്ങളുടേതു മാതിരിയാണ്.   ഈ നിരീക്ഷണങ്ങൾ പിന്തുണയ്ക്കുന്നത് ഭ്രൂണാവസ്ഥയിൽ രൂപീകരിക്കപ്പെടുന്ന INAH-3 യുടെ സ്വരൂപവ്യത്യാസം സ്വവർഗ്ഗ ലൈംഗികതയിലേക്ക് നയിച്ചേക്കാം എന്ന നിഗമനത്തെയാണ്.

   സ്വവർഗ്ഗാഭിമുഖ്യക്കാരിൽ വ്യത്യാസം കാണപ്പെടുന്ന മറ്റൊരു മസ്തിഷ്കഭാഗമാണ് അമിഗ്ദല. മനോവികാരവുമായി ബന്ധപ്പെട്ട ഓർമ്മകൾ, തീരുമാനങ്ങൾ, നീണ്ടകാല ഓർമ്മകൾ ഇവയൊക്കെ നിയന്ത്രിക്കുന്ന ചെറുഭാഗം. MRI, PET   എന്നീ സ്കാനിങ് വിദ്യകൾ ഉപയോഗിച്ച് അമിഗ്ദല യുടെ സമ്മിതി (symmetry) യും ന്യൂറോൺ ശൃംഖലകളുടെ വ്യവഹാരക്രിയകളും പഠിയ്ക്കപ്പെട്ടിട്ടുണ്ട്. സ്വവർഗ്ഗാഭിമുഖ്യ ആണുങ്ങൾക്ക് ഏറേക്കുറെ സ്ത്രീകളുടേതുമാതിരിയാണ് അമിഗ്ദല, അതേ പടി സ്വവർഗ്ഗാഭിമുഖ്യ സ്ത്രീകൾക്ക് സാധാരണ ആണുങ്ങളുടേതും. അമിഗ്ദലയുടെ ഗോളാർദ്ധവ്യാപ്തി ഹോമോ ആണുങ്ങൾക്കും ഹെറ്റെറോ പെണ്ണുങ്ങൾക്കും ഒരേപോലെയാണ്, ഹെറ്റെറോ ആണുങ്ങൾക്കും ഹോമോ പെണ്ണുങ്ങൾക്കും വലതുഭാഗം സമതുലിതമല്ല.  ഹോമോ ആണുങ്ങൾക്ക് ഇടതു അമിഗ്ദലയിൽ നിന്ന് കൂടുതൽ ന്യൂറോൺ ബന്ധങ്ങൾ ഉളവാകുന്നെങ്കിൽ സ്ത്രീകളിലും അതുപടി കാണുന്നു. ലെസ്ബിയനുകളിൽ വലത് അമിഗ്ദലയിൽ നിന്ന്  ന്യൂറോൺ ബന്ധങ്ങൾ ഉളവാകുന്നത് സാധാരണ ആണുങ്ങളിൽ കാണുന്നപോലെയാണ്. അമിഗ്ദലയോട് അനുബന്ധിച്ച മറ്റൊരു സൂക്ഷ്മഭാഗമായ BSTc (Bed nucleus of stria terminalis-central)   –ഇതും ലൈംഗികപെരുമാറ്റത്തെ ബാധിയ്ക്കുന്ന ഭാഗമാണ്- ആണ്àപെണ്ണ് ലിംഗമാറ്റം സംഭവിച്ചവരുടേത് പെണ്ണുങ്ങളുടേത് പോലെയാണ്.  എന്നു വച്ചാൽ  ആൺ സ്വരൂപം ആണെങ്കിലും പെണ്ണ് ആണെന്ന തോന്നൽ ഉളവാക്കുന്നതിൽ  BSTc യ്ക്ക് ഒരു പങ്കുണ്ടെന്നും ഇത് തലച്ചോർ രൂപീകരണസമയത്ത് സംഭവിച്ചതു തന്നെ എന്നും സാരം. അമിഗ്ദലയോട് അനുബന്ധിച്ച് കാണപ്പെടുന്ന ‘ആന്റീരിയർ കമ്മീഷർ’

 ഹോമോ ആണുങ്ങളിലും സ്ത്രീകളിലും വലിപ്പക്കൂടുതൽ  ഉള്ളതാണ്.  ഈ ഭാഗത്തിനു ഗന്ധങ്ങൾ തിരിച്ചറിയൽ,  സഹജജ്ഞാനം (instinct), ലൈംഗികപെരുമാറ്റം  ഒക്കെ നിയന്ത്രണത്തിൽ പങ്കുള്ളതാണ്.

 

            ലൈംഗികാഭിമുഖ്യവുമായി നേർബന്ധം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത ചില ഭാഗങ്ങളിലും ലിംഗഭേദ വ്യതിരിക്തത കണ്ടിട്ടുണ്ട്.  ഒരേ പോലെയുള്ള രണ്ടു ഭാഗങ്ങളാണു തലച്ചോറിനു. ഇവ രണ്ടിനേയും ഒന്നിച്ച് ചേർത്തു നിറുത്തുന്ന ഭാഗമാണ് കോർപസ് കലോസം. ഇതിന്റെ സ്വരൂപത്തിലും സൂക്ഷ്മഘടനയിലും  വ്യത്യാസങ്ങളുണ്ട് ആണിലും പെണ്ണിലും. ഈ ചെറുഭാഗത്തിലെ ‘ഇസ്ത് മസ്’ എന്നറിയപ്പെടുന്ന ഭാഗത്തിന്റെ വിസ്തൃതി പെണ്ണുങ്ങളിൽ സ്വൽ‌പ്പം കൂടുതലാണ്.  സ്വവർഗ്ഗാഭിനിവേശക്കാരിലും  ഇതേ ഭാഗത്തിനു വലിപ്പക്കൂടുതൽ ഉള്ളതായിട്ടാണു കാണപ്പെടുന്നത്. ആണായിപ്പിറന്നെങ്കിലും പെൺ തോന്നലുകൾ ഉള്ളവരിൽ (നേരത്തെ വിവരിച്ച trans sexuals)  ഈ ഭാഗം പെണ്ണുങ്ങളുടേത് പോലെയാണ്. ശാസ്ത്രജ്ഞരുടെ നിഗമനം കോർപസ് കലോസം/ഇസ്ത് മസ് സ്വരൂപം ‘മാനസിക ലൈംഗികത’ (മെന്റൽ സെക്സ്) യുമായി ബന്ധപ്പെട്ടിരിക്കുന്നു, ക്രോമസോമും മറ്റും നിശ്ചയിക്കുന്ന ലിംഗപരത അല്ല എന്നാണ്. ഇസ്ത് മസ് ഭാഗത്തിനു ലൈംഗികാഭിമുഖ്യവുമായി ബന്ധം കണ്ടേയ്ക്കാം എന്നാണ് അനുമാനം. മറ്റൊരു വ്യത്യാസം ഭാഷാവലയങ്ങളെ സംബന്ധിച്ചുള്ളതാ‍ണ്.  തലച്ചോറിന്റെ ഇരുഭാഗങ്ങളിലുമായി സ്ഥിതി ചെയ്യുന്നു ഭാഷ പഠിച്ചെടുക്കാനും പ്രയോഗിക്കാനുമുള്ള കഴിവുകളുടെ ആസ്ഥാനം. ഹോമോ ആണുങ്ങൾക്കും ഹെറ്റെറോ പെണ്ണുങ്ങൾക്കും ഈ ഇരുഭാഗങ്ങൾ ഒരുപോലെ കാണപ്പെടുന്നു, എന്നാൽ ഹെറ്റെറോ ആണുങ്ങളുടെ ഇരുഭാഗങ്ങളും വ്യത്യസ്തമാണ്. കോർടെക്സിന്റെ ഗാഢത (cortical thickness) യും , പ്രത്യേകിച്ച് കാഴച്ചയെ നിയന്ത്രിക്കുന്ന ഇടങ്ങളിൽ ഇതേപോലെ ഹോമോ ആണുങ്ങളിലും ഹെറ്റെറോ സ്ത്രീകളിലും നേർമ്മയേറിയതാണ്, സാ‍ാധാരണ ആണുങ്ങളുടേതിനേക്കാൾ.

പട്ടിക  നോക്കുക. സ്വവർഗ്ഗാഭിമുഖ്യമുള്ളവരുടെ മസ്തിഷ്കഭാഗങ്ങൾ ,പ്രധാനമായും ലൈംഗികാഭിമുഖ്യത്തെ ബാധിയ്ക്കുന്നവ എതിർവർഗ്ഗാഭിമുഖ്യക്കാരിൽ നിന്നും എങ്ങിനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് എളുപ്പം മനസ്സിലാക്കാം.

        ലൈംഗികാഭിമുഖ്യവും തലച്ചോറിന്റെ ഘടനാ-പ്രവർത്തന വിന്യാസങ്ങളുമായി ബന്ധിപ്പിക്കുന്ന നിരവധി നിരീക്ഷണങ്ങൾ ആധുനികസാങ്കേതിക വിദ്യകൾ ലഭ്യമാക്കുന്നുണ്ട്.   ഉത്തേജനസമയത്തു തന്നെ തലച്ചോറിന്റെ കൃത്യമായ ഇടങ്ങളിൽ നടക്കുന്ന മാറ്റങ്ങൾ പഠിയ്ക്കാൻ പറ്റും എന്നതാണ് MRI, PET മുതലായ വിദ്യകളുടെ ഗുണങ്ങൾ. ഇണയുടെ ഗന്ധത്താൽ ആകർഷിക്കപ്പെടുക ജന്തുകുലത്തിൽ സാധാരണയാണ്. സംഭോഗതൃഷ്ണ ഉദ്ദീപിപ്പിച്ച് പ്രജനനത്തിനു സഹായിക്കുകയാണ് വിയർപ്പിൽക്കൂടി സ്രവിക്കപ്പെടുന്ന ‘ഫെറോമോൺ’ എന്ന ഈ വസ്തുവിന്റെ ധർമ്മം. മനുഷ്യരിൽ ആണുങ്ങളിൽ കണ്ടുവരുന്ന ഫെറോമോൺ സ്ത്രീകളിൽ ഉത്തേജനം നൽകുന്നു, ഹൈപോതലാമസ് ആണ് ഉത്തേജനത്തിന്റെ അടയാളം. ഇതേ ഫെറോമോൺ ഹോമോ ആണുങ്ങളുടെ ഹൈപോതലാമസും ഉത്തേജിക്കപ്പെടുന്നതായി കണ്ടു പിടിച്ചിട്ടുണ്ട്. എന്നാൽ ഇതേ ഫെറോമോൺ  ഹൊമോ പെണ്ണുങ്ങളുടെ ഹൈപോതലാമസിൽ ഒരു മാറ്റവും ഉളവാക്കിയില്ല.   ലൈംഗിക ഉദ്ദീപനസമയത്ത് ഹൈപോതലാമസിനെക്കൂടാതെ, തലാമസ്, അമിഗ്ദല കോർടെക്സ്  ഈ ഭാഗങ്ങളിലെ ന്യൂറോണുകളും  ത്വരിതപ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ട്. ഉദ്ദീപനസമയത്ത് എതിർവർഗ്ഗ-സ്വവർഗ്ഗ ലൈംഗികതക്കാർ വ്യത്യാസമില്ലാതെ  ഇവയിലെ ചില ഭാഗങ്ങൾ ഉത്തേജിതമാക്കും, സ്വവർഗ്ഗ ലൈംഗികതക്കാർക്ക് മറ്റു ചില പ്രത്യേകസൂക്ഷ്മഭാഗങ്ങൾ കൂടി സക്രിയമാകുന്നതായും കാണപ്പെട്ടിട്ടുണ്ട്.    ഈ പഠനങ്ങളിൽ നിന്നുള്ള നിഗമനം ഇതാണ്: സ്വവർഗ്ഗമോ എതിർ വർഗ്ഗമോ ആകട്ടെ, ലൈംഗികാഭിമുഖ്യം ജീവവിജ്ഞാനപരമായി പ്രവർത്തികമാക്കുന്നത്  ഒരേപോലെയാണ്. ഇതിനു ഉപോദ്ബലകമാകുന്ന ന്യൂറൽ വലയങ്ങൾ നിർമ്മിക്കപ്പെടുന്ന്ത് ഭ്രൂണാവസ്ഥയിലും.


തലച്ചോറിന്റെ ഭാഗം
Hetero
ആണ്
Hetero
പെണ്ണ്
Homo
ആണ്

ഹൈപോതലാമസ് SCN
ചെറുത്
വലുത്
വലുത്

INAH-3
വലുത്
ചെറുത്
ചെറുത്

ആന്റീരിയർ കമ്മീഷർ
ചെറുത്
വലുത്
വലുത്

ഇസ്ത് മസ് (കോർപസ് കലോസം)
ചെറുത്
വലുത്
വലുത്

ആൺ ഫെറോമോൺ പ്രതികരണം
ഇല്ല
ഹൈപോതലാമസിൽ
തീക്ഷ്ണം
ഹൈപോതലാമസിൽ തീക്ഷ്ണം

അമിഗ്ദല സർക്യൂടുകൾ
ഇടതു നിന്നും
വലതു നിന്നും
വലതുനിന്നും

അമിഗ്ദല സമ്മിതി


പെണ്ണുങ്ങളുടേത് മാതിരി

    
       
        പ്രത്യേകം ശ്രദ്ധിക്കേണ്ടത് സ്വവർഗ്ഗലൈംഗികാഭിമുഖ്യം ഉള്ളവരുടെ തൽച്ചോറ് മറ്റുള്ളവരുടെ തലച്ചോറു പോലെ ആണെങ്കിലും  കൂടുതലായും ലൈംഗികാഭിനിവേശത്തെ നിയന്ത്രിക്കുന്ന ഭാഗത്തിനാണു  സൂക്ഷ്മവ്യത്യാസങ്ങൾ ഉള്ളത് എന്നാണ്. MRI വഴി ലഭിച്ച വിവരങ്ങൾ പ്രകാരം  കോർപസ് കലോസത്തിന്റെ ആകൃതി സൂചിപ്പിക്കുന്നത്  ക്രോമസോമുകൾ നിയോഗിക്കുന്ന ലൈംഗികതയല്ല, പ്രത്യുത ലൈംഗിക വ്യക്തിത്വം ആണ് എന്നാണ്.  ന്യൂറോ അനാറ്റമി വിശദീകരിക്കുന്ന സൂക്ഷ്മതരമായ ഇടങ്ങൾ ലൈഗികാഭിനിവേശത്തെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതിനു വ്യക്തമായ വ്യാഖ്യാനങ്ങൾ ഇപ്പോൾ ലഭിച്ചിട്ടില്ലെങ്കിലും  ഇവ തെളിയിക്കുന്നത് മസ്തിഷ്കം വ്യത്യസ്തമായ ഹോർമോൺ പ്രഭാവങ്ങളെയാണ് ഭ്രൂണാവസ്ഥയിൽ നേരിടുന്നതെന്നാണ്. ഈ സൂക്ഷ്മ ഇടങ്ങൾ വ്യത്യസ്തത കൈവരിക്കുകയും  ഇണയെ തെരഞ്ഞെടുക്കന്നതിന്റെ കാര്യത്തിൽ ചിലതീരുമാനങ്ങൾ എടുക്കപ്പെടുകയുമാണെന്നുള്ളത്  യുക്തിയുക്തം അംഗീകരിക്കപ്പെട്ടിരിക്കയാണ്.

ലൈംഗികാഭിമുഖ്യം— പാരമ്പര്യഘടകങ്ങൾ
        സ്വവർഗ്ഗലൈംഗികത ചില ജീനുകളുടെ പ്രഭാവത്താൽ വന്നുകൂടുന്നതാണെന്നും പാരമ്പര്യമായി ലഭിയ്ക്കുന്നതാണെന്നും ഒരു വാർത്ത  ശാസ്ത്രപിന്തുണയോടെ പ്രചരിക്കുകയും ലോകത്തെമ്പാടുമുള്ള ഗേ ആൾക്കാർ ’താങ്ക് യു ഫോർ യുവർ ജീൻ, മോം’ ( അമ്മേ ,നിങ്ങളുടെ ജീനിനു നന്ദി) എന്ന പ്രസ്താവനയെ പുണരുകയും ഗേ സമൂഹം ടീ ഷർടുകൾ ഇട്ടു നടക്കുകയും ചെയ്തിട്ടുണ്ട്, ഒരു കാലത്ത്. 1993  ഇൽ ഡീൻ ഹാമർ എന്ന ജനിതകശാസ്തജ്ഞൻ  എക്സ് ക്രോമൊസോമിന്റെ ഒരു സൂക്ഷ്മഭാഗവും  ആൺ സ്വവർഗ്ഗലൈംഗികതയും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടു പിടിച്ചത് ഇങ്ങനെ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കുകയായിരുന്നു. ഒന്നോ രണ്ടോ ജീനുകൾ വഴി മാത്രം ഗേ സ്വഭാവം വന്നുചേരുകയാണെന്നുള്ള ഈ നിഗമനം ഒരു അതി ലഘൂകരണം ആണെന്നു ശാസ്ത്രലോകവും നിലപാടെടുത്തു. ഈ പരീക്ഷണങ്ങൾക്ക് കുറേ വർഷങ്ങളോളം പിൻ തുടർച്ച ഇല്ലാതെ പോയതും “ഗേ ജീൻ” എന്ന നിഗമനത്തിനെ തളർത്തിക്കളയുകയായിരുന്നു.  എന്നാൽ  തലച്ചോർ രൂപീകരണത്തിൽ എക്സ്, വൈ ക്രോമൊസോമുകളിന്മേൽ ഉള്ള ജീനുകളുടെ പങ്ക് സുവിദിതമായതിനാൽ ജീനുകളുടെ സ്വാധീനം  തള്ളിക്കളയാൻ വയ്യ എന്നതു പൊതുവേ അംഗീകരീക്കപ്പെട്ടിരുന്നു.

        പാരമ്പര്യഘടകങ്ങളുടെ സ്വാധീനത്തെപ്പറ്റി മറ്റു ചില വഴികളിലും പരീക്ഷണങ്ങൾ നടന്നു പോന്നു ഇക്കാലത്ത്. ഇരട്ടകളിൽ നടത്തിയ ചില പരിശോധനകൾ  സ്വവർഗ്ഗപ്രേമം പാരമ്പര്യഘടകങ്ങളാൽ തീരുമാനിക്കപ്പെടുന്നു എന്ന നിഗമനത്തെ പ്രോത്സാഹിപ്പിക്കാൻ ഉതകുന്നതായിരുന്നു. ഒരേ അണ്ഡത്തിൽ നിന്നും വേർപിരിഞ്ഞുണ്ടായ ഇരട്ടകൾ രണ്ടു വ്യത്യസ്ഥ സാഹചര്യങ്ങളിൽ വളർന്നാലും ഒരേ പോലെ സ്വവർഗ്ഗാഭിമുഖ്യമുള്ളവരായി കാണപ്പെടുന്നത് ഇവരിൽ രൂഢമൂലമായ ജനിതകഘടങ്ങൾ കാരണമാണെന്നാണ് നിഗമനം.എന്നാൽ ഇത്തരം പഠനങ്ങളിലെ സ്ഥിതിവിവരക്കണക്കുകളിലെ അപാകതകൾ ഏറെ വിവാദങ്ങൾക്ക് വഴിവച്ചതിനാൽ ഇത്തരം പരീക്ഷണസംരഭങ്ങൾ  കൂടുതൽ ചോദ്യങ്ങളാണു ശേഷിപ്പിച്ചത്.  ജന്തുക്കളിൽ നടത്തിയ ചില പരീക്ഷണഫലങ്ങളും ജനിതകസ്വാധീനത്തോട് ചായ്‌വ് പുലർത്തുന്നവയാണ്. എലികളിൽ പ്രജനനപരമായ ഒരു ജീൻ ഇല്ലാതാക്കിയപ്പോൾ പെണ്ണെലികൾക്ക് ആൺ എലികളോടല്ല, പെൺഎലികളോട്  തന്നെ സംഭോഗതാൽപ്പര്യം ഉളവായതായി പഠനങ്ങൾ ഉണ്ട്.   

      ചില കുടുംബങ്ങളിൽ സ്വവർഗ്ഗലൈംഗികത കൂടുതൽ കാണപ്പെടുന്നുമുണ്ട്. ഗേ ആയ ആണുങ്ങളുടെ അമ്മയുടെ ബന്ധുക്കാർ ആയ ആണുങ്ങളിലും ഗേ സ്വഭാവം കാണപ്പെടുന്നുണ്ട്.  നേരത്തെ വിവരിച്ച പോലെ ആണുങ്ങളിലെ  X  ക്രോമൊസോം  അമ്മയിൽ നിന്നും ലഭിയ്ക്കുന്നതാകയാൽ ആ  ക്രോമൊസൊമിൽ  എന്തെങ്കിലും ജനിതഘടകങ്ങൾ ഉണ്ടോ എന്ന ചോദ്യം ന്യായമാണെന്നു കരുതാം. തന്മാത്രാ‍വിജ്ഞാനീയവും  സ്റ്റാറ്റിറ്റിക്സും ഇഴചേർത്തുകൊണ്ടുള്ള അപഗ്രഥനങ്ങൾ കാണിച്ചു തന്നത് X  ക്രോമൊസോമിന്മേൽ ചില നിശ്ചിത അടയാളങ്ങൾ പതിഞ്ഞുകിടപ്പുണ്ടെന്നാണ്.  X  ക്രോമസോമിന്റെ ഒരു നിശ്ചിതഭാഗമായ  q28 ലാണ് ഈ ജനിതക കയ്യൊപ്പ്. 1993   ഇൽ ആദ്യമായി രേഖപ്പെടുത്തപ്പെട്ട ഈ ജീൻ ബന്ധം 2014 ഇൽ വിപുലവും വിശ്വസനീയവുമായ പഠനങ്ങളിൽ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.   സ്വവർഗ്ഗാഭിമുഖ്യമുള്ള 409 ജോഡി  ചേട്ടാനിയന്മാരുടെ  ക്രോമൊസോം പഠനങ്ങൾ തെളിയിച്ചത്  X ക്രോമോസോമിലെ  q28 ഭാഗത്തും  ക്രോമൊസോം 8 ന്റെ നടുഭാഗത്തും ഇവരിൽ മാത്രം കാണപ്പെടുന്ന  ഡി എൻ എ ഘടനാസംവിധാനങ്ങൾ ഉണ്ടെന്നാണ്.  ക്രോമൊസോം 10 ഇലും ഇതേ പടി ചില ജനിതകരേഖകൾ ഗേ സ്വഭാവവുമായി ബന്ധപ്പെട്ട് പതിഞ്ഞു കിടപ്പുണ്ട്.  അമേരിക്കൻ സൊസൈറ്റി ഓഫ് ഹ്യൂമൻ ജെനെറ്റിക്സ് നടത്തിയ ഒരു വിപുലമായ പഠനത്തിനു ശേഷം ശാസ്ത്രജ്ഞർ– ഈ ഗവേഷകസംഘവും  X ക്രോമൊസോം, ക്രോമൊസൊം 8 എന്നിവയിലെ ചില പ്രത്യേകസൂക്ഷ്മഭാഗങ്ങൾ ഗേ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന്  സ്ഥിരീകരിച്ചിരുന്നു-  അനുമാനിച്ചത് ഇപ്രകാരമാണ് : “ഞങ്ങളുടെ നിരീക്ഷണങ്ങൾ,  പഴയവയുമായി ബന്ധപ്പെടുത്തിയ സന്ദർഭത്തിൽ, സൂചിപ്പിക്കുന്നത്  ഈ ക്രോമൊസോമുകളുടെ  നിശ്ചിത ഇടങ്ങളിലെ ജനിതകവ്യതിയാനങ്ങൾ  ആണുങ്ങളുടെ ലൈംഗികാഭിമുഖ്യം  നിജപ്പെടുത്താൻ സഹായകമാകുന്നു എന്നാ‍ണ്”. ലോകപ്രശസ്തിയാർജ്ജിച്ച സയൻസ് ജേണൽ “ഗേ ജീനിനു പുതിയ സമർത്ഥനം” (New support for ‘gay gene’) എന്നൊരു കുറിപ്പ് എഴുതുക വരെ ഉണ്ടായി ഈയിടെ. സ്വവർഗ്ഗലൈംഗികാഭിമുഖ്യം തീരുമാനിക്കപ്പെടുന്നതിൽ ഒരു ഘടകം മാത്രമായിരിക്കാനേ ജനിതകസ്വാധീനം ഉപയുക്തമായിരിക്കയുള്ളു എന്നാണ് ശാസ്ത്രലോകത്തിന്റെ അഭിമതം എങ്കിലും നാം പിറന്നുവീഴുന്നതിനു മുൻപു തന്നെ കാമമോഹതാൽ‌പ്പര്യങ്ങൾക്ക് തീർപ്പുകൾ കൽ‌പ്പിച്ച്  കഴിഞ്ഞിരിക്കുന്നു എന്നതിനു ഉറപ്പേറുകയാണ്.


മറ്റ് സ്വാധീനങ്ങൾ-കൂടുതൽ ചേട്ടന്മാർ?

        കൂടുതൽ ആണുങ്ങളുള്ള കുടുംബത്തിൽ പിന്നെ ഉണ്ടാകുന്ന ആൺകുഞ്ഞ് സ്വവർഗ്ഗ ലൈംഗികാഭിമുഖ്യം പ്രകടിപ്പിക്കും എന്ന് ചില നിരീക്ഷണങ്ങൾ നിലവിലുണ്ട്. ഉദാഹരണത്തിനു മൂന്നോ നാലോ ആൺകുഞ്ഞുങ്ങളുള്ള സ്ത്രീയ്ക്ക് പിന്നീടുണ്ടാകുന്ന ആൺകുഞ്ഞിനാണ് ഇതു സംഭവിക്കാൻ സാദ്ധ്യത. ഒരോ ആൺകുഞ്ഞിനേയും ഗർഭം ധരിയ്ക്കുമ്പോഴും  ഭ്രൂണത്തിന്റെ ചില പ്രോടീനുകൾ കാരണം പ്രതിരോധശക്തി (ഇമ്മൂണിറ്റി) പ്രതികരണം മാറുകയും അമ്മയുടെ രക്തത്തിൽ ഉളവാകുന്ന ചില ആന്റിബോഡികളുടെ അളവ് കൂടുകയും ചെയ്യുന്നു. ഇത് മിക്കവാറും ആൺഭ്രൂണത്തിലെ   Y  ക്രോമൊസോം  ബന്ധിതമാണെന്നാണ് അനുമാനം. തലച്ചോറിന്റെ ലിംഗവ്യതിയാനത്തെ സ്വാധീനിക്കുന്ന ടെസ്റ്റസ്റ്റെറോൺ അളവ് നിയന്ത്രിക്കുന്നത്  Y ക്രോമൊസൊമിലെ ജീൻ ആണെന്ന് നേരത്തെ വിശദമാക്കിയിട്ടുണ്ടല്ലൊ.  അങ്ങിനെ കുറെ ആൺകുഞ്ഞുങ്ങളെ ഗർഭം ധരിക്കുന്നതനുസരിച്ച് ഈ ആന്റിബോഡിയുടെ അളവ് കൂടുകയും  പിന്നെ ഉണ്ടാകുന്ന ആൺഭ്രൂണത്തെ ഈ ആന്റിബോഡി  സ്വാധീനിക്കുകയും ലൈംഗികാഭിനിവേശം നിയന്ത്രിക്കുന്ന തലച്ചോർ ഭാഗത്ത് മാറ്റമുണ്ടാവുകയും ചെയ്യുന്നു. അങ്ങിനെ ആ ആൺകുഞ്ഞ് സ്വവർഗ്ഗാനുരാഗി ആകാനുള്ള സാദ്ധ്യത വർദ്ധിക്കുകയണ്.. വലതു കയ്ക്കോ ഇടതു കയ്ക്കോ കൂടുതൽ സ്വാധീനം എന്നതുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. കയ്യുടെ സ്വാധീനം ഭ്രൂണാവസ്ഥയിൽ തീരുമാനിക്കപ്പെടുന്നതാണ്, തലച്ചോറിന്റെ ന്യൂറോൺ സർക്യൂട്ടുകളുടെ വളർച്ചാവിന്യാസമനുസരിച്ച് എന്നത് സ്ഥിരീകരിക്കപ്പെട്ട വസ്തുതയാണ്.  ആൺകുട്ടികളുടെ ജനനാനുക്രമം അനുസരിച്ച് ഗേ ആകുന്ന കുട്ടികൾ വലതുകയ് സ്വാധീനമുള്ളവരാണ്. ഈ വസ്തുത സൂചിപ്പിക്കുന്നത്  തലച്ചോറിന്റെ വളർച്ചാസമയത്തു തന്നെ സ്വവർഗ്ഗലൈംഗികത തീരുമാനിക്കപ്പെടുന്നു എന്നതാണ്.. ജൈവപരമായതും ഭ്രൂണത്തിൽ നടക്കുന്നതുമായ  കാരണങ്ങൾ സ്വവർഗ്ഗലൈംഗികതയ്ക്ക് അടിസ്ഥാനമായേക്കാമെന്നതിനുള്ള തെളിവുകൾ പലനിരീക്ഷണസ്രോതസ്സുകളിൽ നിന്നുമാണ് ലഭിയ്ക്കപ്പെടുന്നത്.

ഉപരിജനിതകം
        പ്രബലമായിക്കൊണ്ടിരിക്കുന്ന മറ്റൊരു സിദ്ധാന്തം സ്വവർഗ്ഗലൈംഗികതയ്ക്ക് ആധാരം ‘ഉപരിജനിതകം’ (epigenetics) ആയി ലഭിയ്ക്കുന്ന പരിണാമങ്ങളാണെന്നുള്ളതാണ്. സാഹചര്യപരമോ പരിസ്ഥിതിപരമോ ആയുള്ള സ്വാധീനങ്ങളാൽ ഡി എൻ എ യിൽ വരുത്തപ്പെടുന്ന മാറ്റങ്ങൾ പിന്തുടർന്നുപോകാനുള്ള സാദ്ധ്യതകൾ ഉണ്ടെന്നുള്ളതാണ് ഈ സിദ്ധാന്തത്തിനു ആധാരം. ഇരട്ടകളിൽ നടത്തിയ ചില നിരീക്ഷണങ്ങൾ ഇതിനു ഉപോദ്ബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരേ അണ്ഡത്തിൽ നിന്നും ഉയിർക്കൊണ്ട ഇരട്ടകളിൽ ഒരാൾ മാത്രം  ഗേ ആയിരിക്കുന്ന അവസ്ഥ ധാരാളം കാണപ്പെടുന്നുണ്ട്. ഇവരുടെ ജനിതകഘടന ഒരേപോലെ ആയിരിക്കേണ്ടതാണ്; അങ്ങനെയാണെങ്കിൽ ഈ വ്യത്യാസം എങ്ങനെ ഉണ്ടായി എന്നതാണു ചോദ്യം. ഈ ഭ്രൂണങ്ങളിൽ ഒരെണ്ണത്തിനു മാത്രം ഡി എൻ എ യിൽ  ഗർഭപാത്രത്തിലെ സാഹചര്യങ്ങളനുസരിച്ച്  രാസപരമായ മാറ്റങ്ങൾ വരികയും ചില ജീനുകൾക്ക് പ്രവർത്തനരാഹിത്യമോ പ്രവർത്തനക്കുറവോ വന്നു ഭവിക്കുകയും ചെയ്താൽ ആ വ്യക്തി തന്റെ സഹ ഇരട്ടയിൽ നിന്നും ശാരീരശാസ്ത്രപരമായോ മാനസികമായോ വ്യതിയാനമുള്ള ആളായിത്തീരാം.  ഡി എൻ എ യിൽ വരുന്ന സൂക്ഷ്മമായ മാറ്റങ്ങൾ സ്വവർഗ്ഗലൈംഗികതയ്ക്ക് സാദ്ധ്യതയേറ്റുന്നു എന്ന പൊതുനിഗമനം ജനിതകസ്വാധീനത്തെയാണ് സൂചിപ്പിക്കുന്നത്. നാഷണൽ ജിയോഗ്രാഫിക്കിന്റെ ഒരു യു ട്യൂബ് വീഡിയോ ഇതിന്റെ ലളിതവിവരണം നൽകുന്നുണ്ട്.  വിശദമായ പഠനങ്ങളും സൂക്ഷ്മമായ നിരീക്ഷണങ്ങളും യുക്തിയുക്തങ്ങളായ സ്റ്റാറ്റിസ്റ്റിക്ക് അപഗ്രഥനങ്ങളും ഇക്കാര്യത്തിൽ ശാസ്ത്രലോകം സമ്മാനിക്കേണ്ടതുണ്ട്.

        ഗർഭകാലത്തു  കഴിയ്ക്കുന്ന ചില മരുന്നുകൾ പ്രത്യേകിച്ചും ഗർഭഛിദ്രം ഒഴിവാക്കാൻ കഴിക്കുന്ന  ഡി. ഇ. എസ് (diethylstilbesterol) പോലുള്ളവ ഭ്രൂണത്തിന്റെ തലച്ചോറ് രൂപീകരണത്തെ ചെറുതായി ബാധിച്ച് ആ കുഞ്ഞുങ്ങൾ സ്വവർഗ്ഗലൈംഗികതക്കാരായി മാറാൻ സാദ്ധ്യതയുള്ളതായും നിരീക്ഷണങ്ങൾ ഉണ്ട്.  ഡി. ഇ. എസ് ന്റെ സ്വാധീനം മൂലം ചില കുഞ്ഞുങ്ങൾ ട്രാൻസ്ജെൻഡെർ    ആയിത്തീരുന്നതായും പഠനങ്ങൾ ഉണ്ട്.  ഗർഭകാലത്ത് നിക്കോറ്റിൻ, ആംഫീറ്റമീൻ മുതലായ രാസവസ്തുക്കൾ കഴിയ്ക്കുകയോ തൈറോയിഡ് ഹോർമോണിന്റെ അളവിൽ മാറ്റങ്ങൾ ഉണ്ടാവുകയോ മാനസിക സമ്മർദ്ദങ്ങൾക്ക് വശംവദരാവുകയോ ഒക്കെ   ഭ്രൂണത്തിന്റെ ലൈംഗികാഭിമുഖ്യത്തെ ബാധിക്കാൻ ഇടയുണ്ട്.

     ലിംഗപരതയുടെ പശ്ചാത്തലത്തിൽ  തലച്ചോറിന്റെ വ്യതിയാനങ്ങളേയും വ്യത്യാസങ്ങളേയും പറ്റിയും  ഭ്രൂണാവസ്ഥയിൽ ഉരുത്തിരിഞ്ഞു വരുന്നതിനെപ്പറ്റിയും  വിശദമായ വിവരങ്ങൾ ലഭ്യമായിട്ടുണ്ടെങ്കിലും കൃത്യമായി ഇവയെല്ലാം എങ്ങനെ പ്രാവർത്തികമാക്കുന്നു, പ്രത്യേകിച്ചു ന്യൂറോ അനാറ്റമിയുടെ  സംലക്ഷണങൾ ഏവ, ലൈംഗികാഭിമുഖ്യത്തെ ഇവ എങ്ങനെ സ്വാധീനിക്കുന്നു  എന്നതിനെക്കുറിച്ചെല്ലാം  വ്യക്തവും തർക്കയുക്തവുമായ അറിവുകൾ ഇനിയും നേടാനുണ്ട്. ഉദാഹരണത്തിനു ഹൈപോതലാമസിന്റെ സൂക്ഷ്മഭാഗങ്ങൾ എങ്ങനെ ലൈംഗികതയെ നിയന്ത്രിക്കുന്നു, മാറപ്പെട്ട ന്യൂറോൺ വലയങ്ങൾ എങ്ങനെ സ്വവർഗ്ഗലൈംഗികത പ്രാവർത്തികമാക്കുന്നു എന്നതിനൊക്കെ വിശദീകരണം ശാസ്ത്രലോകം കെട്ടിപ്പടുക്കേണ്ടതുണ്ട്.  സ്വവർഗ്ഗലൈംഗികത നിയന്ത്രിക്കുന്ന ജീനുകൾ  ഏതെന്നും എങ്ങനെ പ്രകാശിതമാകുന്നു എന്നും അറിയേണ്ടതുണ്ട്. ന്യൂറോസൈക്കോളജി, മോളിക്യുലാർ ബയോളജി, ജനിതകശാസ്ത്രം ഇവ തമ്മിലുള്ള പാരസ്പര്യം ലൈംഗികതയുടെ വെളിച്ചത്തിൽ വിശദമാക്കപ്പെടാനുമുണ്ട്.  സ്വവർഗ്ഗാഭിമുഖ്യവും ഹൈപോതലാമസിന്റെ ഘടനാവ്യതിയാനവും തമ്മിൽ ആദ്യമായി ബന്ധിപ്പിച്ച ലിവേ പിന്നീട് ഇങ്ങനെ എഴുതി: "Yes, we have a choice in life, to be ourselves or to conform to someone else's idea of normality, but being straight, bisexual or gay, or none of these, is a central part of who we are, thanks in part to the DNA we were born with."


References:

1.Gross, L. 2006. Male or female? Depends on dose. Plos Biol. 4: e211

2. Bao AM, Swaab DF. 2010. Sex differences in the brain behavior and neuropsychiatric disorders. Neuroscientist 16: 550

3. Ngun TC, Ghahramani N, Sabnchez FJ, Bocklandt S,  and Vilain E.  2011.The genetics of sex differences n brain and behavior.  Front Neuroendocrinology 32:227

4. Swaab DF, 2008. Sexual orientation and its basis in brain structure and function. Proc Nat Acad Sci. 105: 10273

5. Savic I, Lindstrom, P. 2008. PET and MRI show differences in cerebral asymmetry and functional connectivity between homo- and heterosexual subjects.  Proc Natl. Acad Sci.  105: 9403

6. LeVay, S.1991. A difference in hypothalamic structure between heterosexual and homosexual men. Science 253: 1034  

7. Swaab DF, Hofman MA. 1990. An enlarged suprachiasmatic nucleus in homosexual men.  Brain Res 537: 141

8. Alexander BM, Skinner DC, and Roselli CE. 2011. Wired on steroids: sexual differentiation of the brain and its role in the expression of sexual partner preference. Front  Endocrinology  2: 1

9. Hines, M. 2011.  Prenatal endocrine influences on sexual orientation and on sexually differentiated childhood behavior. Front Neuroendocrinol.  32: 170

10. Berenbaum SA, Beltz AM. 2011.  Sexual differentiation of human behavior: Effects of prenatal and pubertal organizational hormones. Front  Neuroendocrinology  32: 183

11. Roselli CE, Stormshak F. 2009. Prenatal programming of sexual partner preference: the ram model.  J Neuroendocrinol. 21: 359

12. Hu, S., Xu D, Peterson B, Wang Q, He X, Hu J, Xu X, Wei N, Long D, Huang M, Zhou, W, Zhang M, Xu Y. 2013. Association of cerebral networks in resting state with sexual preference of homosexual men: A study of regional homogeneity and fnctional connectivity. Plos One 8: e59426

13. Wolstenholme JT, Rissman EF, Bekiranov S. 2013. Sexual differentiation in the developing mouse brain: contributions of sex chromosome genes. Genes Brain and Behavior 12: 166, 2013

14. Hines, M. 2010. Sex-related variation in human behavior and the brain.. Trends in Cognitive Sciences 14 : 448

15. Wilson, G, Rahman Q. 2008. Born Gay: The Psychobiology of Human Sex Orientation, Peter Owen Publishers; 2nd edition.

16. Abe C, Johansson E, Allzen E, Savic I. 2014. Sexual orientation related differences in cortical thickness in male individuals. Plos One 5: e114721

17.  Garcia-Falgueras A, Swaab DF.2010. Sexual hormones and the brain: an essential alliance for sexual identity and sexual orientation. Endocr Dev.17:22   

18. Sanders AR, Martin ER, Beecham GW, Guo S, Dawood K, Rieger G, Badner JA, Gershon ES, Krishnappa RS, Kolundzija AB, Duan J, Gejman PV, Bailey JM. 2014.  Genome-wide scan demonstrates significant linkage for male sexual orientation. Psychol Med. 17:1

19. Servick K. 2014. New support for ‘gay gene’. Science 346: 902

20. Hamer D, Copeland P. 1994. The Science of Desire-The search for the Gay gene and the Biology of behavior.  Simon and Schuster Publishing, New York

21. You Tube video: National Geographic Explains the Biology of Homosexuality – Epigenetics   https://www.youtube.com/watch?v=H831wTEkSFE

 

          
Fig. 1.

 ലച്ചോറിന്റെ താഴെ നിന്നുള്ള കാഴ്ച- MRI സ്കാനിങ്. ഇടതും വലതും അമിഗ്ദല.
HeM-ഹീറ്റെറോ ആണ്,  HeW- ഹീറ്റെറോ പെണ്ണ്,   HoM- ഹോമോ ആണ്,  HoW- ഹോമോ പെണ്ണ്.  

Figure 2.  Results of ReHo shown as a comparison of KCC maps between homosexual and heterosexual groups in the resting state (two-sample t-test; p<0.05, corrected).

   MRI ചിത്രങ്ങൾ-തലച്ചോറിന്റെ വിവിധ ഭാഗങ്ങൾ. ജാഗ്രതാന്യൂറോൺ സംഘങ്ങളുടെ ഭാഗങ്ങൾക്ക് നിറം കൊടുത്തിരിക്കുന്നു.










Figure 1.  Regional homogeneity (ReHo) in the resting state, shown as maps of Kendall’s coefficient of concordance (KCC) within the homosexual group (A) and heterosexual group (B) (one-sample t-test; p<0.05, with multiple correction).   ലച്ചോറിന്റെ MRI സ്കാനിങ്ങ് ചിത്രങ്ങൾ. A. ഹെറ്റെറോ ആണ്  B. ഹോമോ ആണ്