വിഷാദരോഗം (Depression) വളരെ സാധാരണമാണിന്ന് ലോകമെമ്പാടും. 17% ആൾക്കാർ
ഈ അവശത അനുഭവിക്കേണ്ടി വരുന്നുണ്ടത്രെ. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ
അസ്തമിക്കുന്ന,
പലേ ലക്ഷണങ്ങളുള്ള ഈ അസുഖം കൂടുതലായും സ്ത്രീകളിലാണ് കാണപ്പെടുന്നത്. ഏഴുലക്ഷം
പേരാണ് ഒരു വർഷം വിഷാദരോഗമൂർച്ഛയിൽ മരിയ്ക്കുന്നത്. വിഷാദരോഗം എന്ന പേര്
അന്വർത്ഥമല്ല, വെറും
വിഷാദമല്ല രോഗലക്ഷണം. ആത്മവിശ്വാസ ശോഷണം, ഉൽസാഹക്കുറവ് , ആത്മഹത്യാചോദന ഇവയൊക്കെ പലേ ലക്ഷണങ്ങളിൽ
ചിലതാണ്. അതുകൊണ്ടു തന്നെ
വളരെ സങ്കീർണ്ണമായ ഒരു മാനസികരോഗമാണിത്.
മനക്കട്ടിയില്ലാത്തവർക്കും ദുർബ്ബലർക്കും സംഭവിക്കുന്ന പ്രത്യേക അസുഖമാണിതെന്ന് വൻ
തെറ്റിദ്ധാരണയുണ്ട്, തലച്ചോറിൻ്റെ ഫിസിയോളജിയിലും ഘടനയിലും വരുന്ന
മാറ്റങ്ങളാണിതിനു കാരണമെന്ന് ധരിക്കേണ്ടിയിരിക്കുന്നു. കൃത്യമായി തലച്ചോറിൻ്റെ ഏതു ഭാഗത്തിൻ്റെ ക്ഷതമാണിതിനു
വഴിവെയ്ക്കുന്നതെന്ന് നിജപ്പെടുത്താനായിട്ടില്ല. സ്കാനിങ്ങ് കൊണ്ട് തലച്ചോറിലെ ചില മാറ്റങ്ങൾ
കണ്ടുപിടിയ്ക്കാൻ സാധിച്ചിട്ടുണ്ട് എന്നേയുള്ളു.
പലേ കാരണങ്ങൾ
കൊണ്ട് ഒരാൾക്ക് വിഷാദരോഗം വന്നു ഭവിച്ചേയ്ക്കാം: 1. തലച്ചോർ രാസതന്ത്ര മാറ്റങ്ങൾ- സെറൊടോണിൻ. ഡോപമീൻ, ഗ്ളൂടമേറ്റ് മുതലായ ന്യൂറോ സംവേദക
വസ്തുക്കളിൽ അസന്തുലിതാവസ്ഥ. 2. പാരമ്പര്യം- മാതാപിതാക്കൾക്കോ
കൂടപ്പിറപ്പുകൾക്കോ വിഷാദരോഗം ഉണ്ടെങ്കിൽ നിങ്ങൾക്ക് മൂന്നിരട്ടി സാദ്ധ്യതയാണ് ഈ
അസുഖം വരാൻ. 3. തീവ്രമായ മാനസികസംഘർഷങ്ങൾ-പ്രിയപ്പെട്ട ഒരാളുടെ
മരണം,
മാനസികാഘാതം, ഒറ്റപ്പെടൽ, ജോലി
നഷ്ടപ്പെടൽ, വിവാഹമോചനം, ജോലിയിൽ
നിന്ന് വിരമിക്കൽ ഇവയൊക്കെ. 4. പീഡനങ്ങൾ-ശാരീരികമോ, ലൈംഗികമോ
മാനസികമോ ആയവ. ചെറുപ്പകാലത്ത് ഇത് സംഭവിച്ചാൽ പിന്നീട് ഡിപ്രഷനിലേക്ക് വഴുതി
വീണേക്കാം. 5. നിരന്തരമായ വേദന, വിട്ടുമാറാത്ത അസുഖങ്ങൾ- ക്യാൻസർ, പ്രമേഹം, പാർക്കിൻസൺസ്
അസുഖം,
ഹൃദ്രോഗം ഇവയൊക്കെ. 6. ചില
മരുന്നുകൾ-മുഖക്കുരുവിനുള്ള ഒരു മരുന്ന് ഡീപ്രഷൻ ഉളവാക്കും. ചില ആൻ്റി വൈറൽ
മരുന്നുകളും. ലഹരിപദാർത്ഥങ്ങൾ, മദ്യം, ഇവയൊക്കെയും
ഡിപ്രഷനിലേക്ക് നയിക്കാൻ പ്രാപ്തമാണ്. 7. പ്രായം-
പ്രായമായവരിൽ കൂടുതലായി വിഷാദരോഗം കാണപ്പെടുന്നുണ്ട്. 8. ലിംഗഭേദം-സ്ത്രീകൾക്ക്
വിഷാദരോഗം വരാൻ ഇരട്ടി സാദ്ധ്യതയാണ്.
മേൽച്ചൊന്നവയൊക്കെ
തലച്ചോറിൽ ചില മാറ്റങ്ങൾ വരുത്തുമ്പോഴാണ് ‘ഡിപ്രഷൻ’ എന്ന്
പൊതുവേ വിളിയ്ക്കുന്ന അസുഖത്തിൻ്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നത്. ന്യൂറോണുകൾ തമ്മിൽ സംവദിക്കുന്ന പലേ ന്യൂറോ
ട്രാൻസ്മിറ്ററുകളിൽ ഒന്നായ സെറോറ്റോണിൻ ൻ്റെ അളവ് കുറയുന്നതുമൂലമാണെന്നായിരുന്നു
പരക്കെ ഉള്ള ശാസ്ത്രവിശ്വാസം. സെറൊടോണിൻ്റെ അളവ് കൂട്ടുന്ന പ്രോസാക് ലോകമെമ്പാടും
യഥേഷ്ടം ഉപയോഗിച്ചും വരുന്നുണ്ട്. രാസ അസന്തുലിതാവസ്ഥ
(chemical imbalance)യിലുള്ള മാറ്റങ്ങളാണ് വിഷാദരോഗത്തിനു പ്രധാന കാരണം എന്ന അടിസ്ഥാന
തിയറിയിലാണ് ഈ സമ്പ്രദായം കെട്ടിപ്പടുത്തിരിക്കുന്നത്.
എന്നാൽ കഴിഞ്ഞ വർഷം ലണ്ടൻ യൂണിവേഴ്സിറ്റി കോളെജിലെ ശാസ്ത്രജ്ഞർ
പ്രസിദ്ധീകരിച്ച ഒരു പഠനം പല ശാസ്ത്രതീരുമാനങ്ങളേയും അട്ടിമറിയ്ക്കാൻ പോന്നതായിരുന്നു.
ആയിരക്കണക്കിനു ശാസ്ത്രപഠനങ്ങൾ കമ്പ്യൂടറിൻ്റെ സഹായത്തോടെ പ്രത്യേക പ്രോഗ്രാമുകൾ
ഉപയോഗിച്ച് പരിശോധിക്കപ്പെടുകയായിരുന്നു ഡോ. മോൻക്രീഫിൻ്റേയും കൂട്ടരുടേയും
പഠനത്തിൽ. സെറൊടോണിൻ്റെ അളവ് കൃത്യമായി വിഷാദരോഗികളിൽ കുറയുന്നു എന്നതിനു
തെളിവില്ല എന്ന് അവർ പ്രഖ്യാപിച്ചു.
“The main areas
of serotonin research provide no consistent evidence of there being an
association between serotonin and depression, and no support for the hypothesis
that depression is caused by lowered serotonin activity or concentrations.” എന്ന്
വ്യക്തമാക്കി അവർ. “8 മില്ല്യൺ
ആൾക്കാർ കഴിക്കുന്ന മരുന്നിനു ഗുണം വല്ലതുമുണ്ടോ എന്ന് സംശയം” എന്ന് എഴുതി റ്റൈംസ് പത്രം ഞെട്ടൽ
സമ്മാനിച്ചു ലോകത്തിനു. Dr. Moncrief ഉം കൂട്ടരും ഇങ്ങനെ എഴുതാനും മറന്നില്ല: “ഈ റിവ്യൂ സൂചിപ്പിക്കുന്നതെന്തെന്നാൽ സിറടോണിൻ
സിദ്ധാന്തത്തെ ഉപോൽബലകമാക്കിയിട്ടുള്ള വമ്പിച്ച ഗവേഷണപരിശ്രമങ്ങളെല്ലാം ജൈവരസതന്ത്രപരമായ
അടിസ്ഥാനം ഡിപ്രഷനു ഉണ്ടെന്ന് അസന്നിദ്ധമായി തെളിയിക്കാൻ ഉതകിയിട്ടില്ല എന്നാണ്.
മറ്റ് പല ജൈവ അടയാളങ്ങൾ ( biomarkers)
നിശ്ചിതപ്പെടുത്തിയുള്ള ഗവേഷണങ്ങളും ഇതോട് ഒത്തു പോകുന്നവയാണ്.
ഡിപ്രഷൻ്റെ
സെറൊടോണിൻ സിദ്ധാന്തം പ്രയോഗസിദ്ധമായി സാധൂകരിക്കപ്പെട്ടിട്ടില്ല എന്ന് തുറന്നു
സമ്മതിയ്ക്കാൻ സമയമായിരിക്കുന്നു എന്ന് ഞങ്ങൾ സൂചിപ്പിയ്ക്കുന്നു”
പ്രോസാക് ഉൾപ്പടെ സെറൊടോണിൻ അളവ്
ക്രമീകരിക്കാൻ മരുന്നു കഴിച്ചുകൊണ്ടിരുന്നവരെ ഹതാശരാക്കാൻ പോന്നതായിരുന്നു ഈ
വിപ്ളവപ്രഖ്യാപനം. സെറൊടോണിൻ അളവ് കുറവ് അല്ലെങ്കിൽ മറ്റെന്താണ് ഡിപ്രഷനു
കാരണമെന്തെന്ന് അന്വേഷിക്കുകയായി സ്വാഭാവികപ്രതികരണമായി. അതു മാത്രമല്ല
പൊതുസംശയങ്ങൾ. സൈക്കോതെറാപ്പിയോ ചെറിയ രീതിയിൽ വിദ്യുഛക്തി
ഏൽപ്പിക്കുന്ന തെറാപ്പിയോ എങ്ങനെയാണ് ചികിൽസാപദ്ധതിയാകുന്നത് എന്നതും ചോദ്യമായി
അവശേഷിക്കുന്നു. ജെനെറ്റിക്സിൻ്റേയോ മാനസികസമ്മർദ്ദത്തിൻ്റേയോ പ്രഭാവം
മാനസികാരോഗ്യത്തെ എങ്ങനെ ബാധിയ്ക്കുന്നു എന്നതും നെല്ലും പതിരും
തിരിച്ചെടുക്കേണ്ടതുണ്ട്.
എന്നാൽ വിഷാദരോഗചികിൽസാരംഗം തകർന്നു എന്ന്
പറയാൻ വരട്ടെ എന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. പുതിയ മരുന്നുകൾ ഉൾപ്പടെ
ആധുനികപഠനങ്ങളുടെ ഫലമായി പലരീതിയിലുള്ള ചികിൽസാപദ്ധതികൾ ശുഭോദർക്കമായ രീതിയിൽ
തെളിഞ്ഞു വരുന്നുണ്ട്. തലച്ചോറിനു എന്തു സംഭവിക്കുന്നു എന്നത് പഠിച്ചെടുക്കാൻ നൂതന
സാങ്കേതികവിദ്യങ്ങൾ ലഭ്യമാണ്, ഡിപ്രഷനു
കാരണങ്ങൾ ഏവ എന്നതിനു കൂടുതൽ കൃത്യതയും വന്നണഞ്ഞു തുടങ്ങിയിട്ടുണ്ട്. ഡോ മോൻ ക്രീഫിൻ്റേയും
കൂട്ടുകാരുടെയും നിരീക്ഷണങ്ങൾക്കപ്പുറം ശാസ്ത്രം വളർന്നിട്ടുണ്ടെന്നും ഡിപ്രഷൻ ഒരു
ചികിൽസയുമില്ലാത്ത രോഗമല്ലെന്നും മറ്റ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു
കഴിഞ്ഞിട്ടുമുണ്ട്.
വിഷാദരോഗപ്രതിരോധികൾ (Antidepressants)-ചരിത്രം
1950 കളിൽ ക്ഷയരോഗത്തിനു ഉപയോഗിച്ച
ഐപ്രൊനിയാസിഡ് (Iproniacid)എന്ന മരുന്ന്
കഴിച്ചവർക്ക് സന്തോഷവും സ്വാസ്ഥ്യവും തോന്നിയതായി ശ്രദ്ധയിൽ പെട്ടിരുന്നു. ഈ
മരുന്ന് സെറൊടോണിൻ,
മറ്റ്
രണ്ട് ന്യൂറോട്രാൻസ്മിറ്ററുകൾ എന്നിവയെ വിഘടിപ്പിക്കുന്ന എൻസൈമിനെ തടയുന്നു എന്നത്
ഉടൻ കണ്ടു പിടിയ്ക്കപ്പെട്ടു. ഡിപ്രെഷനു ചികിൽസയായി ഉപയോഗിച്ചെങ്കിലും
പാർശ്വഫലങ്ങൾ- രക്തസമ്മർദ്ദം ഉയരുന്നു, കരൾ തകരാറുകൾ സംഭവിക്കുന്നു –ഗുരുതരമായതുകൊണ്ട് ഉപേക്ഷിക്കപ്പെട്ടു.
1950 കളുടെ അവസാനത്തോടെ അമിട്രിപ്റ്റിലിൻ, നോർപ്രാമിൻ മുതലായ സെറൊടോണിനെ തിരിച്ചു
പിടിയ്ക്കുന്ന തരം മരുന്നുകൾ ഉപയോഗത്തിൽ വന്നു തുടങ്ങി. പക്ഷേ ഇവയ്ക്ക് മറ്റ്
പ്രവർ ത്തനങ്ങൾ കൂടെ ഉള്ളതുകൊണ്ട് വേറെ
മരുന്നുകൾക്കുള്ള തേടൽ തുടരേണ്ടി വന്നു. 1960 കളിലാണ് വിഷാദരോഗം രാസ
അസന്തുലിതാവസ്ഥ ( chemical
imbalance)
യാലാണ് ഉടലെടുക്കുന്നത എന്ന ആശയം പ്രബലപ്പെട്ടത്. കുറഞ്ഞ രക്തസമ്മർദ്ദത്തിനുള്ള
ഒരു ചികിൽസ ലഭിച്ചവരിൽ ചിലരിൽ മനോവൈകാരികസ്ഥിതിയിൽ മാറ്റം കാണപ്പെട്ടു. ഇതോടൊപ്പം
അവരുടെ സെറൊടോണിൻ,
നോർഅഡ്രീനലിൻ, ഡോപമീൻ എന്നീ തലച്ചോറ് രാസവസ്തുക്കളിൽ കുറവ് കാണപ്പെടുകയും ഇവയിൽ
ചിലതിൻ്റെ അളവ് കൂട്ടാൻ ഉള്ള മരുന്നുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുകയും ചെയ്തു
1970കളിൽ സെറൊടോണിൻ്റെ അളവിലുള്ള കുറവാണ് ഡിപ്രെഷൻ എന്ന
ആശയം പ്രബലമായി, അതിൻ്റെ
അളവ് കൂട്ടുന്ന മരുന്നുകൾക്കുള്ള തിരച്ചിൽ ആവേശപൂർവ്വകമാകുകയും 1987 ഇൽ ‘ഫ്ളുവോക്സെറ്റിൻ’ എന്ന മരുന്നിനു അമേരിക്കയിൽ എഫ് ഡി
എ അനുമതി നൽകുകയും ചെയ്തു. സെറൊടോണിൻ കാർടൂണുകൾ
വരെ പ്രത്യക്ഷപ്പെട്ടു,
പോപ്
സംസ്കാരത്തിൽ മുഖ്യ ഇടം നേടി, ഈ ന്യൂറോട്രാൻസ്മിറ്റർ.
SSRI എന്ന സെറൊടോണിൻ ബൂസ്റ്റർ
ഒരു ന്യൂറോണിൽ
നിന്ന് മറ്റൊരു ന്യൂറോണിലേക്ക് സംവേദനങ്ങൾ അയയ്ക്കുന്ന ന്യൂറോട്രാൻസ്മിറ്ററുകളിൽ ഒന്നാണ് സെറൊറ്റോണിൻ. രണ്ടു ന്യൂറോണുകൾക്കിടയിലുള്ള ഈ സംവേദനാസ്ഥലിയ്ക്ക് “സിനാപ്സ്” എന്ന് പറയുന്നു.
ന്യൂറോട്രാൻസ്മിറ്ററുകൾ നീന്തിക്കടക്കേണ്ട വിള്ളലാണിത്. അക്കരെ എത്തി സന്ദേശം കൈമാറിയാലുടൻ ഈ ട്രാൻസ്മിറ്ററുകളെ ഉടൻ
തിരിച്ചെടുക്കുകയോ രണ്ടായി പകുക്കുകയോ ചെയ്യും.
സെറൊടോണിൻ്റെ കാര്യത്തിൽ ഈ
സംവേദനം കഴിഞ്ഞാലുടൻ ഇത് സ്രവിച്ച ന്യൂറോൺ അതിനെ
തിരിച്ചെടുക്കുകയാണ്. കാരണം
അധികസംവേദനങ്ങൾ ആവശ്യമില്ല എന്നതുകൊണ്ടു തന്നെ. ഒരു തവണ ഒരു സന്ദേശം മതി. ഈ തിരിച്ചെടുക്കൽ പ്രക്രിയ ഒരു എൻസൈമിൻ്റെ
പ്രവർത്തനത്താലാണ് നടപ്പാകുക. ഈ എൻസൈമിനെ നിർവ്വീരീകരിച്ചാൽ സിറടോണിൻ്റെ അളവ്
ന്യായമായും സിനാപ്സ് ഇടത്തിൽ കൂടുതലാകും. ഇങ്ങനെ ഈ എൻസൈം നിർവ്വീരീകരണം നടത്തുന്ന
തന്മാത്രകളെ “Selective
Serotonin Reuptake Inhibitor” അല്ലെങ്കിൽ ചുരുക്കത്തിൽ SSRI എന്ന് വിളിയ്ക്കുന്നു. പ്രൊസാക്
ചെയ്യുന്നത് ഇങ്ങനെ എൻസൈമിനെ നിർവ്വീരീകരിച്ച് തിരിച്ചെടുക്കലിനു തടയിട്ട് ന്യൂറോൺ-ന്യൂറോൺ സംവേദന ഇടങ്ങളിൽ സിറടോണിൻ്റെ സാന്നിദ്ധ്യം
ഉറപ്പാക്കുക എന്നതാണ്. പ്രൊസാക് മാത്രമല്ല മറ്റ് ചില മരുന്നുകളും ഇതു ചെയ്യുന്നു.
SSRI മരുന്നുകൾ ഇതിനു മുൻപത്തെ മരുന്നുകളേക്കാൾ
സ്വീകാര്യമായത് അവ എളുപ്പം സഹിക്കാവുന്നതും പാർശ്വഫലങ്ങൾ
കുറവുള്ളവയും ആയിരുന്നു എന്നതിനാലാണ്. SSRI പുതുതായി
കാര്യങ്ങൾ പഠിച്ചെടുക്കൽ പ്രക്രിയയെ (learning abilities) സഹായിക്കുന്നു, അതുമൂലം മാനസികനിലകളെ
മാറ്റിയെടുക്കാം എന്നും പഠനങ്ങൾ
തെളിയിച്ചിട്ടുണ്ട്. പക്ഷേ മൂന്നിലൊന്ന് വിഷാദരോഗികളിലേ ഈ SSRI മരുന്നുകൾ ഫലിക്കുന്നുള്ളു, എന്തുകൊണ്ട് ചിലരിൽ മാത്രം എന്നതിനു വിശദീകരണം തൽക്കാലം ഇല്ല.
പ്രൊസാക് (Prozac) ൻ്റെ സർവ്വസമ്മിതി
.
ഫ്ലുവോക്സെറ്റിൻ ‘ എന്ന മരുന്ന് പ്രൊസാക്’ (Prozac) എന്ന പേരിൽ വിപണിയിലെത്താൻ അധികം
താമസമുണ്ടായില്ല. കാരണം SSRI കളിൽ പ്രധാനി ആയിരുന്നു അത്.1990 കളോടെ പ്രൊസാക്
ജനസമ്മതി ആർജ്ജിക്കുകയും (അക്കാലത്ത് ടൈം മാഗസീൻ ‘രാവിലെ ഒരു കപ്പ് കാപ്പിയൊടൊപ്പം ഒരു പ്രൊസാക്കും
കഴിക്കുന്നു അമേരിക്കക്കാർ’ എന്ന് മുഖ
പേജിൽ എഴുതി) വിപണിമൂല്യം വർദ്ധിക്കുകയും സെറൊടോണിൻ ‘സന്തോഷദായക രാസവസ്തു ( happiness chemical) എന്ന
ഖ്യാതി നേടുകയും ചെയ്തു. ‘Listening to Prozac ‘ എന്നൊരു പുസ്തകം ന്യൂയോർക് ടൈംസിൻ്റെ ബെസ്റ്റ് സെല്ലർ ലിസിറ്റിൽ ഇടം പിടിച്ചു, അതേപടി നില നിന്നു പലേ മാസങ്ങളോളം.1990 കളുടെ അവസാനത്തോടെ ജനിതകപരമായ
ചില അറിവുകൾ ഈ രാസവസ്തു- അസന്തുലിതാവസ്ഥ ആശയത്തിനു ബലമേറിയ താങ്ങായി
പ്രത്യക്ഷപ്പെട്ടു. ഡിപ്രഷൻ ഉള്ളവരിൽ ഒരു പ്രത്യേക ജീനിൻ്റെ മാറപ്പെട്ട രൂപം (gene variant) കാണപ്പെടുന്നു
എന്നതായിരുന്നു അത്. ഈ ജീൻ നിർമ്മിക്കുന്ന എൻസൈം സെറൊടോണിനെ വളരെ പെട്ടെന്ന് അപ്രത്യക്ഷമാക്കുന്നു എന്നതു
ശരിയാണ്, അതുകൊണ്ട് അതായിരിക്കും
ഡിപ്രഷനു കാരണം എന്നത് താത്വികമായി ശരിയാണു താനും. പക്ഷേ പിന്നീടുള്ള പഠനങ്ങൾ ഇത് ശരിയായിരിക്കില്ല എന്നാണ് തെളിയിച്ചത്.
വിഷാദരോഗത്തിനു വഴിമരുന്ന് ഇടാൻ നൂറോളം ജീനുകൾ പ്രാപ്തരാണെന്നും അതിൽ പ്രധാനി അല്ല, അതിൽ ഉൾപ്പെടുന്നു പോലും ഇല്ല മേൽച്ചൊന്ന ജീൻ എന്നത് സെറൊടോണിൻ കുറവ്-ഡിപ്രഷൻ
പരികൽപ്പനയെ പൊളിച്ചെഴുതണമെന്ന പ്രഖ്യാപനവും ആയിരുന്നു. ഇതേ സമയത്ത്
പ്രൊസാക്കിൻ്റെ സ്വാധീനം വെറും സ്റ്റാർച് ഗുളിക കഴിക്കുന്ന ‘പ്ളസീബോ എഫെക്റ്റ് ( ഒരു മരുന്ന് ടെസ്റ്റ് ചെയ്യപ്പെടുമ്പോൾ പകുതി
രോഗികൾക്ക് വെറും സ്റ്റാർച് ഗുളികകൾ കൊടുക്കും, ഒരു
ഗുളിക കഴിച്ചു എന്ന മാനസികനിലയുടെ പ്രാഭവങ്ങൾ അറിയാൻ വേണ്ടി) ൻ്റെ അത്രയുമേ
ഉള്ളെന്ന് പല പഠനങ്ങൾ തെളിയിച്ചും കഴിഞ്ഞിരുന്നു. അത്തരം പഠനങ്ങളിൽ നിന്ന്
സ്വരൂക്കൂട്ടിയതാണ് മേൽച്ചൊന്ന ഡോ. മോൻക്രീഫ് നിഗമനങ്ങൾ. SSRI വകുപ്പിൽപ്പെട്ട ആൻ്റിഡിപ്രസൻ്റ്
മരുന്നുകൾ മൂന്നു മിനുട്ടികം പ്രാവർത്തികമാകുകയാണ്, പക്ഷേ ഫലം
പ്രത്യക്ഷമാകുന്നത് –അതും ചിലരിൽ
മാത്രം-ആഴ്ച്ചകൾക്കു ശേഷമാണ് എന്നത് കൃത്യമായ അനുമാനങ്ങൾ നിർമ്മിച്ചെടുക്കാൻ
വിലങ്ങുതടിയായി നിലകൊണ്ടു.
ഇപ്രകാരം രാസ അസന്തുലിതാവസ്ഥാ സിദ്ധാന്തം പാളിച്ചകളുള്ളതാണെന്നത്
സത്യമായി അംഗീകരിക്കപ്പെട്ടു. ഒരു പ്രധാന
പ്രശ്നം തലച്ചോറിനുള്ളിലെ സെറൊടോണിൻ അളവ് ഗണിക്കപ്പെടാൻ എളുപ്പമല്ല എന്നുള്ളതാണ്.
തൽച്ചോറിനു ചുറ്റുമുള്ള ദ്രാവകം (cerebrospinal fluid) ആണ് പരിശോധിയ്ക്കാൻ എളുപ്പം. ഈ
ദ്രാവകത്തിലും സെറൊറ്റോണിൻ്റെ അളവല്ല, അത് വിഘടീകരിച്ച ഉൽപ്പന്നമാണ് അളക്കാൻ
സാധിയ്ക്കുന്നത്. മിക്കവാറും പഠനങ്ങളിൽ ഈ വസ്തുക്കാളുടെ അളവ് ഡിപ്രഷൻ രോഗികളിൽ
ഗണ്യമായി കുറഞ്ഞ് കണ്ടിട്ടുമില്ല എന്നതാണ് ഡോ. മോൻ ക്രീഫ്റ്റും കൂട്ടരുടേയും
പഠനത്തിൽ നിന്ന് തെളിഞ്ഞത്. നേരത്തെ തന്നെ പലേ സൈക്കിയാട്രിസ്റ്റുകളും
അഭിപ്രായപ്പെട്ടിരുന്നു രാസ അസന്തുലിതാവസ്ഥാ സിദ്ധാന്തം അത്യന്തം ലളിതമാണെന്ന്, ഡിപ്രഷൻ പോലെ സങ്കീർണ്ണമായ
മാനസികപ്രശ്നത്തെ സമീപിക്കാൻ. എന്നാൽ പ്രൊസാക് പോലത്ത antidepressant മരുന്നുകൾ
തീരെ ഗുണമില്ലാത്തതാണെന്ന് പറയാൻ വരട്ടെ എന്ന് പലേ ഡോക്റ്റർമാർക്കും അഭിപ്രായമുണ്ട്.
പലേ ഡിപ്രഷൻ രോഗികളും ഇതിനു സാക്ഷ്യം വഹിയ്ക്കുന്നുമുണ്ട്; അവർക്ക് ഗുണം ചെയ്യുന്നുണ്ടെന്ന്
തീർപ്പ് കൽപ്പിക്കുന്നുമുണ്ട്.ഒരു മരുന്നല്ലെങ്കിൽ മറ്റൊന്ന് കാര്യസിദ്ധിയ്ക്ക്
ഉതകുന്നുണ്ടത്രെ. സെറൊടോണിൻ അളവിനെ ബാധിയ്ക്കുക അല്ലാതെ മറ്റ് പ്രവർത്തനങ്ങൾ
തലച്ചോറിൽ പ്രാവർത്തികമാകുന്നുണ്ടായിരിക്കണം എന്നൊരു അഭിപ്രായം പ്രബലമായുണ്ട്. സകലലക്ഷണങ്ങൾക്കുമുള്ള
ഒരു ഒറ്റമൂലി അല്ലെങ്കിലും ആൻ്റിഡിപ്രസൻ്റുകളുടെ പ്രയോഗസിദ്ധി
തള്ളിക്കളയാനാവില്ലത്രെ.
എന്നാൽ
സെറൊടോണിനും ഡിപ്രെഷനുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന പരീക്ഷണങ്ങളുണ്ട്
എന്നതു വിട്ടു കളയാൻ പറ്റുന്നതല്ല. നേരത്തെ വിഷാദരോോഗം ഉണ്ടായിരുന്നരിൽ അത്
ഭേദമായതിനു ശേഷം കൃത്രിമമായി സിറടോണിൻ അളവ് കുറച്ചാൽ വിഷാദസ്ഥിതി വീണ്ടും കൈവരുന്നതായി
നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
തലച്ചോറിലല്ലാതെ,
മറ്റിടങ്ങളിൽ
ന്യൂറോൺ-ന്യൂറോൺ സവേദന ‘സിനാപ്സു’കളിൽ സിറടോണിൻ അളവ്
പ്രൊസാക് പോലത്തെ മരുന്നുകൾ വർദ്ധിപ്പിക്കുന്നതായി തെളിഞ്ഞിട്ടുമുണ്ട്.
ഇത്തരം മാറ്റങ്ങൾ ചില തുടർപ്രവർത്തനങ്ങളാൽ ഡിപ്രഷൻ ലക്ഷണങ്ങളെ ന്യൂനീകരിച്ചേക്കാം, ആദ്യം തന്നെ സിറടോണിൻ്റെ അളവ്
കുറഞ്ഞതുകൊണ്ട് അസുഖം ഉണ്ടായതല്ലെങ്കിൽക്കൂടി എന്നൊരു നിഗമനവുമുണ്ട്. ചില റേഡിയോ
ആക്റ്റീവ് തന്മാത്രകൾ ഉപയോഗിച്ച് സ്കാനിങ്ങ് വഴികളിലൂടെ ഡിപ്രഷൻ ബാധിതരിൽ സിറടോണിൻ
അളവ് കുറയുന്നു എന്ന് കൃത്യമായി ഈയിടെ നിരീക്ഷിക്കപ്പെട്ടെങ്കിലും
സ്റ്റാറ്റിസ്റ്റിക് പ്രകാരം (17 രോഗികളിൽ മാത്രം) കൃത്യതയില്ല എന്ന കാരണത്താൽ ഈ
നിരീക്ഷണവസ്തുത തള്ളിക്കളയപ്പെടുകയും ചെയ്തു.
സെറൊടോണിൻ മാത്രമല്ല
സെറൊടോണിൻ
അളവ് കുറയുന്നത് മാത്രമായിരിക്കില്ല ഡിപ്രഷനു കാരണം എന്ന് പരക്കെ വിശ്വാസമുണ്ട്. SSRI
മരുന്നുകൾ ഫലപ്രദമാകാതെ പോയ കഥകൾ സൈക്കിയാട്രുസ്റ്റുകൾക്ക് പറയാൻ
ധാരാളമുണ്ട്. എന്നാൽ പലരിലും ഇത് ഫലിയ്ക്കുന്നുണ്ട് താനും. അത് സെറൊടോണിൻ്റെ അളവ്
കൂട്ടിയിട്ടായിരിക്കും എന്ന് തീർച്ചപ്പെടുത്തേണ്ടതില്ലത്രേ. ആ മരുന്നുകൾ
ട്രിപ്റ്റോഫാൻ എന്ന അമിനൊ ആസിഡ് (ഇത്
സിറടോണിൻ നിർമ്മിക്കാൻ നമ്മുടെ കോശങ്ങൾ ഉപയോഗിക്കുന്ന precursor ആണ്) ൻ്റെ അളവ് കൂട്ടുന്നുണ്ട്
രക്തത്തിൽ. ഉറക്കത്തിൻ്റെ ചാക്രികതയെ നിയന്ത്രിക്കുന്നതാണ് ട്രിപ്റ്റോഫാൻ. ഡിപ്രഷൻ
ഉളവാകുന്നതിൽ ഈ അമിനോ ആസിഡീനു പങ്കുണ്ടോ? ചോദ്യം നിലനിൽക്കുന്നു. വിഷാദരോഗത്തിൽ നിന്ന്
വിമുക്തമായിക്കൊണ്ടിരുന്ന പലരും ട്രിപ്റ്റോഫാൻ കുറഞ്ഞതോതിലുള്ള ഭക്ഷണക്രമം
സ്വീകരിച്ചാൽ വീണ്ടും വിഷാദത്തിലേക്ക് വഴുതിവീഴുമെന്ന് പഠനങ്ങൾ ഉണ്ട്. കുടുംബത്തിൽ
ജനിതകപരമായി വിഷാദരോഗത്തിനു സാദ്ധ്യതയുള്ളവരിലും ട്രിപ്റ്റോഫാൻ അളവ് കുറയൽ ഈ അസുഖം പ്രത്യക്ഷപ്പെടാൻ സാദ്ധ്യതയുളവാക്കുന്നുണ്ട്. ന്യൂറോണിൽ നിന്ന്
ന്യൂറോണിലേക്ക് സംവേദനങ്ങൾ പകരുന്ന മറ്റ് neurotransmitters ഇനും ഡിപ്രഷൻ ഉളവാക്കുന്നതിൽ പങ്ക് കൃത്യമായി
വെളിവാക്കപ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധാർഹമാണ്. ഓർമ്മ രൂപീകരണത്തിൽ പങ്കെടുക്കുന്ന ഗ്ളുടമേറ്റ്, ന്യൂറോൺ സംവേദനങ്ങളെ അമർച്ച
ചെയ്യുന്ന,
“ഫൈൻ
ട്യൂൺ’ ചെയ്യുന്ന ‘ഗാബാ’ (GABA ) ഇവയൊക്കെ ഇതിൽപ്പെടും. ആൻ്റി
ഡിപ്രസൻ്റുകൾ,
പ്രത്യേകിച്ചും SSRI കൾ ഇവയേയും ബാധിച്ചേക്കാം എന്ന് അനുമാനവുമുണ്ട്.
കുടലിലെ ബാക്റ്റീരിയകൾക്ക് നമ്മുടെ
മാനസികനിലയെ സ്വാധീനിക്കാൻ കെൽപ്പുള്ളവയാണ്. Morganella എന്ന ബാക്റ്റീരിയ യുടെ ആധിക്യവും വിഷാദരോഗവുമായി
ബന്ധമുണ്ടെന്ന് തെളിയിക്കുന്ന പഠനങ്ങളുണ്ട്.
ട്രിപ്റ്റൊഫാനും
സെറൊടോണിനും ചില ബാക്റ്റീയകളുടെ
പെരുമാറ്റത്തെ ബാധിക്കാൻ പോന്നവയാണ്, ഈ ബാക്റ്റീരിയ പുറപ്പെടുവിക്കുന്ന രാസവസ്തുക്കൾ
നീർവീക്കം ഉളവാക്കുകയും അത് ഡിപ്രഷനിലേക്ക് നയിക്കാൻ സാദ്ധ്യതയുണ്ടെന്നും
ശാസ്ത്രാഭിമതമുണ്ട്. മസ്തിഷ്ക്കവും കുടലും തമ്മിലുള്ള ബന്ധങ്ങൾ ഇപ്രകാരം
വിഷാദരോഗകാരണങ്ങളിലൊന്നായി കണക്കാക്കുന്ന സമയം വിദൂരമല്ല.
ജനിതകപരമായ സ്വാധീനങ്ങൾ
എല്ലാ വിഷാദരോഗസിദ്ധാന്തങ്ങളും ന്യൂറോട്രാൻസ്മിറ്ററുകളെ
പഴി ചാരിയുള്ളവയല്ല,
ചില
വില്ലന്മാർ ജനിതകസമൂഹത്തിൽ കാണപ്പെട്ടേയ്ക്കും. മാനസികപിരിമുറുക്കങ്ങളോ ജീവിതപരിസരങ്ങളും സന്നിഗ്ദ്ധാവസ്ഥകളും
മാത്രമായിരിക്കും വിഷാദരോഗത്തിനു പിന്നിൽ എന്ന വിചാരത്തെ മാറ്റിമറിയ്ക്കാൻ
പോന്നതായിരുന്നു ജനിതകസ്വാധീനപഠനങ്ങൾ. മനുഷ്യരുടെ ജീനോം (ആകപ്പാടെ ഉള്ള ജീനുകളുടെ
സംക്ഷിപ്തം )പരിശോധിക്കപ്പെട്ടപ്പോൾ വിഷാദരോഗാപായ സാദ്ധ്യതയുമായി ബന്ധപ്പെട്ട 200
ഓളം ജീനുകളാണ് തെളിഞ്ഞുവന്നത്. ഈ അപകടസാദ്ധ്യത ഉൽക്കടമാക്കിയേക്കാവുന്ന നൂറു
കണക്കിനു മറ്റ് ജീനുകളും ശ്രദ്ധയിലെത്തി.
ഇരട്ടകളെ ഉപയോഗിച്ചുള്ള പഠനങ്ങൾ തെളിയിച്ചത് ജെനെറ്റിക്സിനു വിഷാദരോഗാപായത്തിലേക്ക് നയിക്കുന്നതിൽ 40%
സാദ്ധ്യതയുണ്ട് എന്നാണ്. എന്നാൽ സൂചിക്കപ്പെട്ട ജീനുകളിൽ കൃത്യമായി ഡിപ്രഷനുമായ ബന്ധപ്പെടാവുന്നത് 5% മാത്രമാണെന്ന് തെളിഞ്ഞു പിന്നീട്. ഡിപ്രഷൻ
ജീനുകൾ തലച്ചോറിൽ കാണപ്പെട്ടാലും അത് ആ രോഗാവസ്ഥയിലേക്ക്
നയിക്കണമെന്നുമില്ല. മാത്രമല്ല ഈ ജീനുകൾ
ഏതെങ്കിലും വഴിയിൽ ഉണർന്നു വന്നാലേ വിഷാദരോഗം
പ്രത്യക്ഷപ്പെടുകയുള്ളു താനും.മാനസികനിലയെ ബാധിയ്ക്കുന്ന സാഹചര്യങ്ങൾക്ക് ഈ
ഉണർച്ചയിൽ പങ്കുണ്ടായേക്കാം. ഈ ജീനുകൾ വ്യത്യസ്ത രൂപാന്തരം ഭാവിച്ചവ ( gene variants) ആയിരിക്കാം
പലരിലും, അതുകൊണ്ട്
ഉറക്കമില്ലായ്മയോ മാനസികമോ ശാരീരികമോ ആയ പീഡനങ്ങളോ സമൂഹത്തിൽ ഒറ്റപ്പെട്ടു
പോകുന്നതോ പലരേയും പല രീതിയിലുമായിരിക്കും ബാധിയ്ക്കുന്നത്.
‘ ഉപരി ജനിതകം ’ (Epigenetics) എന്നൊരു പ്രതിഭാസമുണ്ട്. ഡി എൻ എയിൽ
സാഹചര്യങ്ങളും പരിതസ്ഥിതിയും ചില മാറ്റങ്ങൾ വരുത്താൻ പര്യാപ്തമാണ്, അത് ഡി എൻ യുടെ കെമിസ്ട്രി തന്നെ
സ്വൽപ്പം മാറ്റി മറിച്ചേക്കാം. ഇത് ജീനുകളുടെ ഉണർച്ചയേയോ പ്രവർത്തനത്തേയോ മാറ്റി
മറിക്കാൻ പോന്നതാണ്. (മിക്കവാറും CH3എന്ന മീതൈൽ ഗ്രൂപ് ആണു ചേർക്കാറ്, അതുകൊണ്ട് ‘മെതിലേഷൻ’ എന്ന് വിളിക്കപ്പെടുന്നു). ജനിതകത്തിനു മേൽ ചെലുത്തപ്പെടുന്ന പ്രാഭവം
എന്നതിനാൽ ‘എപിജെനെറ്റിക്’ എന്ന് പേര്. ഈ ഡി എൻ എ മാറ്റങ്ങൾ
അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടാനും സാദ്ധ്യതയുള്ളതാണ്. വിഷാദരോഗത്തിനു
ഇത്തരം ജീൻ മാറ്റങ്ങൾ കാരണമാകുന്നുവോ എന്ന പഠനങ്ങൾ നടന്നുകൊണ്ടിരിക്കയാണ്.
ന്യൂറോൺ
വിദ്യുത് കമ്പിവലകളിലെ (Neuronal wiring) വ്യത്യാസങ്ങൾ
ഗുരുതരമായ വിഷാദരോഗമുള്ളവരുടെ തലച്ചോറിലെ
വെളുത്ത ഭാഗത്ത് ( white
matter-ഞരമ്പ്
നാരുകൾ ധാരാളം ഉള്ള,
കൊഴുപ്പ്
നിറഞ്ഞ ഇടം) ന്യൂറോൺ ബന്ധങ്ങൾ കുറഞ്ഞതായി
കാണപ്പെട്ടിടുണ്ട്. ഈ വ്യത്യാസത്തിൻ്റെ കാരണങ്ങൾ വ്യക്തമല്ല ഇന്നും. വ്യക്തികൾ
തമ്മിൽ ന്യൂറോൺ-ന്യൂറോൺ ബന്ധങ്ങളിൽ വ്യത്യാസപ്പെടുന്നുണ്ട്, ഇത് തലച്ചോറിൻ്റെ പൊതുവായ പ്രവർത്തനത്തെ
സ്വാധീനിക്കുന്നുമുണ്ട്,
അതുകൊണ്ട്
ഡിപ്രഷൻ ഉളവാകുന്നതിൽ ഈ ഘടനാപരമായതും മസ്തിഷ്ക്കഫിസിയോളജിയെ ബാധിക്കുന്നതുമായ
വിന്യാസങ്ങൾക്ക് പങ്കുണ്ട് എന്ന് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. വിഷാദരോഗികളിൽ
ചികിൽസയ്ക്കു ശേഷം ഈ ന്യൂറോൺ ബന്ധങ്ങൾ മെച്ചപ്പെടുന്നതായിട്ടും നിരീക്ഷണങ്ങൾ
ഉണ്ട്. ന്യൂറോണുകൾ പലവ തമ്മിൽ ബന്ധങ്ങൾ നിർമ്മിച്ചെടുക്കുകയും വിട്ടുപോകുകയും
വീണ്ടും പുതിയ ബന്ധങ്ങൾ ഉളവാക്കുകയും ചെയ്യും, നിരന്തരം. ‘ന്യൂറോൺ രൂപവഴങ്ങൽ (neural plasticity)
എന്നറിയപ്പെടുന്ന ഈ പ്രതിഭാസമാണ് തലച്ചോറിനെ പുതിയ പ്രയോഗവിധിയിലേക്ക്
നയിക്കുന്നത്,
സ്വയം
നവീകരിക്കപ്പെടുന്നത്. ഡിപ്രഷൻ സംഭവിക്കുമ്പോൾ ന്യൂറോൺ ബന്ധങ്ങൾ കുറവാണെങ്കിൽ ഈ
വഴങ്ങൽ സാദ്ധ്യമല്ലാതെ വരികയും അത് ചിന്തയേയും സ്വാസ്ഥ്യ തോന്നലുകളെയും
ഋണാത്മകമായി ബാധിക്കുന്നു എന്നാണ് ഇപ്പോഴത്തെ ശാസ്ത്രാഭിമതം. Neural plasticity ഇന്ന് ഒരു ചൂടൻ വിഷയമാണ്-ഓർമ്മ, പഠിച്ചെടുക്കൽ ഒക്കെ ഈ പുതുക്കപ്പെടലിലൂടെയാണ്
സാധിയ്ക്കുന്നതത്രെ.
SSRI എന്ന സിറടോണിൻ ബൂസ്റ്റർ ന്യൂറോൺ രൂപവഴങ്ങലിനെ
ത്വരിതപ്പെടുത്തുന്നു എന്നാണറിവ്. തലച്ചോറിൽ വൈദ്യുത ഷോക്ക് അടിപ്പിക്കുന്ന
തെറാപ്പി യും ഈ പ്രതിഭാസത്തെ ഊർജ്ജവത്താക്കുന്നുണ്ടത്രെ. എലികളിലും മറ്റുമാണ്
കൂടുതൽ പരീക്ഷണങ്ങൾ നടത്തിയിട്ടുള്ളത് എങ്കിലും മനുഷ്യരിലും സമാന്തരമായ
പ്രതിഭാസങ്ങൾ നിരീക്ഷിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
പുതിയ ന്യൂറോണുകൾ നിർമ്മിച്ചെടുക്കാനും
ന്യൂറോണുകൾ കൂടുതൽ ശാഖകൾ നിർമ്മിച്ച് പലേ ന്യൂറോണുകളുമായി ബന്ധപ്പെടാനും ഉതകുന്ന
പ്രോടീനുകൾ നിശ്ചിതപ്പെടുത്തിയിടുണ്ട്. GDF11 എന്ന ഒരു വളർച്ചാ പ്രോടീൻ (growth factor) ഡിപ്രഷൻ
ലക്ഷണങ്ങളുള്ള എലികളിൽ ഇപ്രകാരം ന്യൂറോണൂകളെ പുതുക്കി എടുക്കുന്നതായി
തെളിഞ്ഞിട്ടുണ്ട്. ഡിപ്രഷൻ ബാധിച്ചവരുടെ രക്തത്തിൽ ഈ പ്രോടീനിൻ്റെ അളവ് തുലോം
കുറവാണത്രെ. തൽച്ചോറിലെ ഹിപ്പൊകാമ്പസ് എന്ന ഇടത്തിലാണ് ഈ പ്രോടീൻ കൂടുതലായി
ന്യൂറോണുകളെ ഉൽസാഹിപ്പിക്കുന്നത്. ഈ പ്രോടീൻ വിഷാദരോഗത്തിൻ്റെ ജൈവ അടയാള (Biomarker) മായെടുക്കനുള്ള സാദ്ധ്യതയുണ്ട്
എന്ന് പ്രവചിക്കപ്പെടുന്നു.
തലച്ചോർ നീർവീക്കം (Brain Inflammation) വിഷാദരോഗകാരണം?
ഒരു
മുറിവോ ചതവോ ഉണ്ടാകുമ്പോൾ നമ്മുടെ ശരീരം പ്രതിരോധാത്മകമായി പ്രതികരിക്കുന്നതാണ്
നീർവീക്കം (Inflammation).
മുറിവ്
പറ്റിയ സ്ഥലത്തേക്ക് അണുക്കളെ ചെറുക്കാൻ ഒരു യുദ്ധത്തിനു തയാറായി മറ്റ് ചില
രക്തകോശങ്ങളെത്തുന്നതും ക്ഷതമേറ്റ കോശങ്ങൾ ചില സന്ദേശവാഹകരാസവസ്തു
പുറപ്പെടുവിക്കുന്നതും ഇതിൻ്റെ ഭാഗമാണ്. ചില സ്രവങ്ങൾ അവിടെ വന്നുകൂടുന്നതിനാൽ ‘നീർവീക്കം’ എന്ന പേരു വീണു. പ്രതിരോധകോശങ്ങളുടെ
പൂണ്ടുവിളയാട്ട സ്ഥലമാണിത്. ചിലപ്പോൾ ഇതിനു പ്രചോദനമാകന്ന തന്മാത്രകൾ രകത്തിൽ
കലരുകയും ശരീരമാകമാനം വ്യാപിക്കുകയും ചെയ്തേക്കാം.
വിഷാദരോഗത്തിൽ രക്തത്തിൽ കൂടുതൽ
പ്രതിരോധകോശങ്ങൾ കണ്ടെന്നിരിക്കും. നീർവീക്കകാരണമായ രാസതന്മാത്രകൾ തലച്ചോറിൽ
എത്തപ്പെട്ടേയ്ക്കാം.. ചില വിഷാദരോഗികളുടെ രക്തത്തിൽ ഇത്തരം
പ്രതിരോധരാസവസ്ത്ക്കളിലൊന്നായ ‘സി- റിയാക്റ്റീവ് പ്രൊടീൻ” (
C-reactive
protein CRP
) കൂടുതൽ അളവിൽ കാണപ്പെടുന്നുണ്ട്. ഒപ്പം
ചിന്തിക്കാവുന്നത് ചില SSRI
യും മറ്റ് ആൻ്റി
ഡിപ്രസ്സീവ് മരുന്നുകളും നീർവീക്കത്തെ കുറയ്ക്കുന്നു എന്ന നിരീക്ഷണമാണ്. എന്നാൽ
ഡിപ്രഷനു അടിമപ്പെട്ട മൂന്നിൽ ഒന്ന് ആൾക്കാർക്കേ മുൻ ചൊന്ന CRP യുടെ അളവ് കൂടുന്നതായി കാണപ്പെട്ടിട്ടുള്ളു
എന്നത് നീർവീക്കം ഒരു പൊതു കാരണമല്ല എന്ന് സൂചിപ്പിക്കുന്നു.എങ്കിലും ആ
മൂന്നിലൊന്ന് ആൾക്കാർക്ക് നിലവിലുള്ള നീർവീക്ക നിർവ്വീരീകരണ മരുന്ന്
ഫലപ്രദമായേക്കും എന്ന സാദ്ധ്യത നിലനിൽക്കുന്നു.
ഇതോടൊപ്പം മറ്റ് ചില നിരീക്ഷണങ്ങൾ ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. വിട്ടുമാറാത്ത
നീർവീക്കം ( chronic inflammation ) അനുഭവിക്കുന്ന ലൂപസ് (lupus), ആമവാതം (Rheumatoid arthritis) രോഗികളിൽ
മിക്കവർക്കും
വിഷാദരോഗവുമുണ്ട് എന്നതാണത്. ചികിൽസയില്ലാത്ത, അനുദിനം ബലഹീനമാക്കുന്ന രോഗത്തിൻ്റെ പീഡകളാൽ
വിഷാദരോഗം ഉളവാകുന്നതായിരിക്കാം എന്ന് ചിന്തിക്കാം എങ്കിലും പലേ ശാസ്ത്രജ്ഞരും
നീർവീക്കം തന്നെയാണ് ഈ മാനസികാവസ്ഥയ്ക്ക് കാരണം എന്ന് വിശ്വസിക്കുന്നുണ്ട്. കൂടാതെ
മറ്റൊരു തെളിവു കൂടിയുണ്ട്: ചിരകാലമുള്ള കരൾ വീക്കം (chronic hepatitis) നേരിടാൻ
ഉപയോഗിക്കുന്ന ഒരു മരുന്ന് ശരീരത്താകമാനം വർദ്ധമാനമായ നീർവീക്കലക്ഷണങ്ങൾ
ഉളവാക്കുകയും ഡിപ്രഷൻ്റെ ലക്ഷണങ്ങൽ
കാണിച്ചുതുടങ്ങുകയും ചെയ്യുന്നു.
ശ്രദ്ധിക്കപ്പെടാതെ പോവുന്ന
നിരന്തര നീർവീക്കം (chronic inflammation ) ഡിപ്രഷനിലേക്ക് നയിക്കുന്നുണ്ടെങ്കിൽ ആ നീർവീക്കത്തിൻ്റെ ഉൽഭവസ്ഥാനവും കാരണങ്ങളും
കണ്ടു പിടിയ്ക്കേണ്ടിയിരിക്കുന്നു.ബാക്റ്റീരിയ ബാധ, ഉൽക്കടമായ മനഃക്ളേശം (stress) , കോവിഡ്-19 ഉൾപ്പെടെ വൈറസുകൾ ഒക്കെ
നീർവീക്കത്തിനു കാരണമാകാം. വൈറസ് കാരണമായുണ്ടാകുന്ന നീർവീക്കം നേരേ തലച്ചോറിൽ
എത്താൻ വരെ പ്രാപ്തമാണ്. നീർവീക്കത്തിനെ പ്രതിരോധിച്ച് വിഷാദരോഗത്തെ തടയണമെങ്കിൽ
ഇതിൽ ഏതാണു കാരണം എന്ന് കണ്ടുപിടിയ്ക്കേണ്ടിയിരിക്കുന്നു. നീർവീക്കത്തിനു മാത്രം
ചികിൽസിച്ചാൽ ഡിപ്രഷൻ മാറുമോ എന്നതിനു ഇതുവരെ തെളിവോ തെളിമയോ ലഭിച്ചിട്ടില്ല.
ഡിപ്രഷൻ കൊണ്ട് നീർവീക്കമോ നീർവീക്കം കൊണ്ട് ഡിപ്രഷനോ എന്നത് ഇന്നും
ചോദിക്കപ്പെടുന്ന ചോദ്യം തന്നെ.
കീറ്റമിൻ എന്ന പുതിയ മരുന്ന്
ബോധം
കെടുത്താനോ ശരീരഭാഗം മരവിപ്പിക്കാനോ ഉപയോഗിച്ചിരുന്ന മരുന്നാണ് കീറ്റമിൻ. അമേരിക്ക
വിയറ്റ്നാം യുദ്ധത്തിൽ ആഴത്തിൽ മുറിവേറ്റ പട്ടാളക്കാർക്ക് വേദനാശമനിയായി
ഉപയോഗിച്ചിരുന്നു. പിന്നീട് ഇത് ചെറുപ്പക്കാരുടെ
പ്രിയ ലഹരി മരുന്ന് ആയി മാറുകയും ചെയ്തു. വ്യത്യസ്തനായൊരു ബാലനാം കീറ്റമീനിനെ
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല എന്നതു തന്നെ.
2000 ആമാണ്ടിലാണ് കീറ്റമിൻ ഡിപ്രഷനു പറ്റിയ ചികിൽസയാണെന്ന് കണ്ടു
പിടിച്ചത്. പക്ഷേ ലഹരിയ്ക്ക് ഉപയോഗിക്കുന്ന ഡോസിലും വളരെ താണ അളവേ ഉപയോഗിക്കാവൂ. മറ്റ്
മരുന്നുകൾക്ക് ഫലം കിട്ടാൻ ആഴ്ച്ചകളെടുക്കുമ്പോൾ കീറ്റമിൻ മണിക്കൂറുകൾക്കകം ഫലം
കാണിച്ചു തരും എന്നതും പുതുമ ആയിരുന്നു. മറ്റ് ആൻ്റിഡിപ്രസൻ്റ് മരുന്നുകൾ
ഫലിയ്ക്കാത്തവർക്കും കീറ്റമിൻ ചികിൽസ ഫലപ്രദമാണെന്നും തെളിഞ്ഞു. സെറൊടോണിൻ
പോലെ ന്യൂറോൺ-ന്യൂറോൺ സംവേദനത്തിനുപയുക്തമാകുന്ന ‘ഗ്ളുട്ടമേറ്റ്’ എന്ന ന്യൂറോട്രാൻസ്മിറ്ററിൻ്റെ പ്രാഭവത്തെ ആണ്
കീറ്റമിൻ ബാധിയ്ക്കുന്നത്. ഗ്ളൂടമേറ്റ് ആകട്ടെ തലച്ചോറിൽ മൊത്തം
പ്രവർത്തനനിരതമാകുന്ന ന്യൂറോട്രാൻസ്മിറ്റർ ആണ്. GABA എന്ന മറ്റൊരു
ന്യൂറോട്രാൻസ്മിടറിൻ്റെ അളവും വർദ്ധമാനമാക്കുന്നുണ്ട് കീറ്റമീൻ. നിരന്തരമായ മാനസികസംഘർഷവും (stress ) മാനസിക ആഘാതങ്ങളും ഗ്ളൂടമേറ്റ്, ഗാബാ എന്നിവയുടെ പ്രവർത്തനങ്ങൾ
മന്ദീഭവിപ്പിക്കുകയാണ്.
തലച്ചോറിലെ
‘എക്സിക്യുടീവ്
സ്യൂറ്റ്’ ആയ പ്രി
ഫ്രൊണ്ടൽ കോർടെക്സ്,
ഓർമ്മയുടെയും,
ഒരു
കാര്യം മനസ്സിലാക്കി അതനുസരിച്ച് മനോനിലകൾ മാറ്റിയെടുക്കാനും പെരുമാറാനുമുള്ള
കഴിവ് പ്രദാനം ചെയ്യുക സാധിച്ചെടുക്കുന്നതുമായ കേന്ദ്രമായ ഹിപ്പോകാമ്പസ് എന്നിവടങ്ങളിലെ
ന്യൂറോണുകൾ ക്ഷയിച്ചു തുടങ്ങുകയും ചെയ്യുകയാണ്. കീറ്റമീൻ്റെ പ്രവർത്തവനങ്ങൾ ഇതിനു തടയിടാൻ
സഹായിക്കുകയാണ്.
ആശുപത്രിയിൽ
കുത്തിവെയ്പ് വേണ്ടി വരും കീറ്റമിൻ ചികിൽസയ്ക്ക്. പക്ഷേ കീറ്റമിൻ്റെ മറ്റൊരു
രൂപമായ ‘എസ്കീറ്റമീൻ’ മൂക്കിൽ ഇറ്റിയ്ക്കുന്ന തുള്ളിമരുന്നായിട്ട്
ഉപയോഗിക്കാം.
2019 ഇൽ
അമേരിക്കയിൽ ഇത് അംഗീകരിക്കപ്പെട്ടു. എസ്കീറ്റമീനു
മറ്റ് മെച്ചങ്ങളുമുണ്ട്,
ന്യൂറോൺ
സർക്യൂട്ടുകൾ മെച്ചപ്പെടുത്തും, സിനാപ്സുകൽ പുനർനിർമ്മിക്കാൻ സഹായിക്കും, അതുവഴി ന്യൂറോൺ-ന്യൂറോൺ ബന്ധങ്ങൾ
അർത്ഥവത്തും തീവ്രവും ആയി മാറും. പക്ഷേ
ചിലർക്ക് ഇത് മതിവിഭ്രമം ഉണ്ടാക്കുന്നതായി കാണപ്പെട്ടിട്ടുണ്ട്.
പ്രായമായവരിൽ അത്ര ഫലിക്കുന്നില്ല താനും. ഗ്ളുടമേറ്റ് പറ്റിപ്പിടിയ്ക്കുന്ന
സ്വീകരിണി ( Glutamate receptors) കളെ നിർ
വ്വീരമാക്കി,
അതിൻ്റെ
അളവ് കൂട്ടുന്ന ഓവെലിറ്റി (Auvelity) എന്നൊരു പുതിയ മരുന്ന് 2022 ഇൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്, ഗുളികരൂപത്തിൽ ആണിത് എന്നതാണ്
പ്രത്യേകത.
കീറ്റമീനും അതിൻ്റെ ബഹുരൂപങ്ങളും എങ്ങനെ വിഷാദരോഗത്തെ
ചെറുക്കുന്നു എന്നതിനു കൃത്യമായ അറിവുകൾ ലഭിച്ചു വരുന്നതേ ഉള്ളൂ. ഉള്ളിൽ ചെന്ന്
മണിക്കൂറുകൾക്കകം ഫലവത്തായതിൻ്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നു എന്നതുകൊണ്ട് മിക്കവാറും ഈ തന്മാത്രകൾ ഗ്ളുടമേറ്റ് സ്വീകരിണികളിന്മേൽ
പറ്റിച്ചേരുന്നു എന്ന് നിഗമനമുണ്ട്. എന്നാൽ എലികളിലും മറ്റും നടത്തിയ പരീക്ഷണങ്ങൾ
വെളിവാക്കുന്നത് കീറ്റമീൻ തലച്ചോറിൽ ചില പ്രോടീനുകൾ പ്രത്യേകിച്ചും brain derived neurotrophic factor (BDNF) വർദ്ധിച്ച
അളവിൽ നിർമ്മിച്ചെടുക്കാൻ കാരണമാകുന്നു എന്നാണ്. ഈ BDNF ന്യൂറോൺകൾക്ക് പുതിയ ശാഖകൾ നിർമ്മിച്ചെടുക്കാനും
കൂടുതൽ ന്യൂറോൺ-ന്യൂറോൺ ബന്ധങ്ങൾ സൃഷ്ടിയ്ക്കാനും പര്യാപ്തമാക്കുന്ന പ്രോടീൻ ആണ്.
മുൻ ചൊന്ന ‘ന്യൂറോൺ
വഴങ്ങൽ’ (neural plasticity) ത്വരിതമാക്കപ്പെടുന്നെന്ന് സാരം. സിറടോണിൻ/SSRI സിദ്ധാന്തത്തിനു സമാന്തരമായി
വിഷാദരോഗത്തിനുള്ള കാരണം വഴിതിരിയുന്നതിൻ്റെ ഉദാഹരണം കൂടിയായിരുന്നു കീറ്റമീനിൻ്റെ
ഈ പുതിയ ഉപയോഗസാദ്ധ്യത. കീറ്റമീൻ പ്രയോഗത്തിനു മറ്റൊരു ഗുണവും
സൂചിപ്പിക്കപ്പെടുന്നു: ആത്മഹത്യാചിന്ത വൻ രീതിയിൽ ഒഴിവാക്കപ്പെടുന്നു എന്നതാണത്.
കീറ്റമീൻ തലച്ചോറിൽ ഒന്നിലേറെ
രാസവിദ്യാപ്രവർത്തനങ്ങളിൽ ഇടപെടുന്നു എന്നാണ് അനുമാനം. നല്ല ഉറക്കം കിട്ടുന്നു
എന്നത് അതിലൊന്നാണ്. അവബോധം, ഗ്രഹണം (cognition) എന്നിവയും മെച്ചപ്പെടുന്നതായി
തെളിവുകളുണ്ട്. പക്ഷേ ഇതിനൊക്കെ എന്തു ഡോസ് ആണ് വേണ്ടതെന്ന് തീർച്ചപ്പെടുത്തി
വരുന്നതേ ഉള്ളു. കാരണം മരുന്നിൻ്റെ അളവ് സ്വൽപ്പം കൂടിയാൽ നേർ വിപരീതമായിരിക്കും
ഫലം. കീറ്റമീൻ ചികിൽസയിൽ ഇന്നത്തെ വെല്ലു വിളി ഓരോ ലക്ഷണത്തിനും എന്തു ഡോസ് ആണ്
വേണ്ടത് എന്ന് തിട്ടപ്പെടുത്തുന്നതാണ്. മറ്റ്
ചികിൽസകൾ ഫലിയ്ക്കാതെ വരുമ്പോൾ കീറ്റമീനിനെ സമീപിക്കുക എന്ന നിലപാടാണ് തൽക്കാലം. TRP (treatment resistant depression) എന്ന മാനസികനിലയിലെത്തുമ്പോൾ മാത്രം.
നീണ്ടുനിൽക്കുന്ന മാനസികസംഘരഷാവസ്ഥ ( stress) BDNF ൻ്റെ അളവ് കുറയ്ക്കുന്നതായിട്ട് പഠനങ്ങളുണ്ട്.
ഇത് ന്യൂറോൺ വഴങ്ങലിനെ ബാധിയ്ക്കുകയാണ്. ഇത് പഠിച്ചെടുക്കലി (learning)നെ ബാധിയ്ക്കുകയാണ്, പുതിയ കാര്യങ്ങൾ ചിന്തിച്ചെടുക്കാൻ
പറ്റാതെ പഴയ വിഷമതകൾ വീണ്ടും വീണ്ടും ഓർത്ത് വിഷാദരോഗത്തിലെത്തുന്നു. എലികളിൽ
നടത്തിയ പരീക്ഷണങ്ങളിൽ തെളിഞ്ഞത് stress കാരണം
ന്യൂറോൺ ശാഖകൾ കുറയുന്നു,
മറ്റ്
ന്യൂറോണുകളുമായി സംവദിക്കാനുള്ള ‘സിനാപ്സ്’ എന്ന ഭാഗങ്ങൾ അപ്രത്യക്ഷമാകുന്നു എന്നൊക്കെയാണ്.
കീറ്റമീൻ BNDF വഴി ഈ ലക്ഷണങ്ങളെ മാറ്റിമറിയ്ക്കുന്നുണ്ടത്രെ.
സൈക്കെഡെലിക് ചികിൽസകൾ
മായാവിഭ്രമം (Hallucination) ഉളവാക്കുന്ന ലഹരിവസ്തുക്കൾ ഇപ്പോൾ
മരുന്നുകളായി മാറിക്കൊണ്ടിരിക്കയാണ്. ‘മാജിക് കൂൺ (Magic mushroom) ഇൽ കണ്ടുവരുന്ന ‘സൈലോസൈബിൻ (psilocybin) സിറടോണിൻ സ്വീകരിണികളെ ഉത്തേജിപ്പിക്കുന്നുണ്ട്, ഡോപമീൻ അളവ് കൂട്ടുന്നുമുണ്ട്.
പ്രാഥമികമായ ചില ചികിൽസാപരീക്ഷണങ്ങളിൽ ഡിപ്രഷനു ഫലപ്രദമാണെന്ന് സൂചനയുണ്ട്. ‘ന്യൂറോൺ രൂപവഴങ്ങലിനെ’ പ്രൊൽസാഹിപ്പിക്കാനും കഴിവുണ്ട് ഈ
ലഹരിമരുന്നിനു. മറ്റൊരു സൈക്കെഡെലിക് ലഹരിവസ്തുവായ DMT
(dimethyltryptamine) തീവ്രമായ വിഷാദരോഗത്തിനു ഫലപ്രദമാണെന്ന് ഈയിടെ
തെളിഞ്ഞിട്ടുണ്ട്. തെക്കേ അമേരിക്കയിൽ അനുഷ്ഠാനപരമെന്നപോലെ മന്ത്രവാദികൾ
വിളമ്പുന്ന ലഹരിക്കഷായമായ “ആയാഹുഅസ്ക” (Ayahuasca) യിലെ പ്രധാന വസ്തു ഇതാണ്. ‘ ചക്രുണ (സൈക്കൊട്രിയ) എന്ന ചെടിയുടെ ഇലയും തണ്ടും മറ്റ്
ഇലകളോടൊപ്പം തിളപ്പിച്ചെടുത്ത് സ്വപ്നതുല്യമായ മതിവിഭ്രമം സൃഷ്ടിക്കുന്നതാണീ
മാന്ത്രികക്കഷായം. പലേ മനോരോഗങ്ങൾക്കും DMT പരീക്ഷിച്ചു നോക്കിയപ്പോൾ ആണ് ഡിപ്രഷനു ഫലപ്രദമെന്ന്
തെളിഞ്ഞത്. 20 മിനുട് മുതൽ ഒരുമണിക്കൂർ വരെ മാത്രമേ ഈ ചികിൽസയ് സമയം വേണ്ടൂ, സൈലോസൈബിനും മറ്റും വളരെ നീണ്ട പ്രയോഗവേളകൾ ആവശ്യമാണെന്നിരിക്കെ.
രണ്ടാഴച്ചത്തെ ചികിൽസ കൊണ്ട് മിക്കവരുടേയും വിഷാദരോഗം വിട്ടുകിട്ടി എന്നുള്ളതാണ്
പ്രത്യേകത.
ഈയിടത്തെ പഠനങ്ങൾ ഈ സൈക്കഡെലിക്ക് വസ്തുക്കളുടെ
പ്രവർത്തനത്തെക്കുറിച്ച് കൂടുതൽ അറിവുകൾ തന്നിട്ടുണ്ട്. സെറടോണിൻ്റെ സ്വീകരൈണീകളിൽ
ത്തന്നെയാണ് ഇവ,
പ്രത്യേകിച്ചും
ഡ് എം റ്റി പറ്റിപ്പിടിയ്ക്കുന്നത്. ന്യൂറോണൂകളുടെ ശാഖകൾ ( Dendrites) വിസ്തൃതമാകുകയും കൂടുതൽ ന്യൂറോൺ
ബന്ധങ്ങൾ സൃഷ്ടിയ്ക്കപ്പെടുകയും ഇതുമൂലം സംഭവിക്കുന്നു, മേൽച്ചൊന്ന neural plasticity
എന്ന പ്രതിഭാസം തന്നെ. സെറടോണിൻ ന്യൂറോണുകൾക്കുള്ളിൽ കയറി പ്രവർത്തിക്കുന്നില്ല
എന്നതു കൊണ്ട് ആ തന്മാത്രയുടെ പ്രവർത്തനവുമായി
ഡി എം റ്റിയുടെ പ്രവർത്തനത്തിനു ബന്ധമില്ല. ന്യൂറോണുകൾക്കുള്ളിൽ സെറടോണിൻ
സ്വീകരിണികൾ ഉണ്ട് എന്നതും പുതിയ അറിവാണ്, പലേ ചികിൽസാ സാദ്ധ്യതയകൾക്കും ഈ അറിവ്
വഴിവെയ്ക്കുകയാണ്. ‘സൈക്കെഡിലിക്” എന്ന വാക്ക് ക്ളിനിക്കുകളിൽ എത്തിയിരിക്കുകയാണ്.
തലച്ചോർ ഉത്തേജനചികിൽസ
മരുന്നുകൾ
കൊണ്ടുളള ചികിൽസ ഫലപ്രദമല്ലെങ്കിൽ മസ്തിഷ്ക്ക ഉത്തേജനം മറ്റൊരു പോംവഴിയാണ്. ഒരു മയക്കം ഉളവാക്കിയിട്ട് നേരിയ
തോതിലുള്ള വൈദ്യുതി ഒന്നോ രണ്ടോ മിനുട്ടുകൾ മാത്രം തലച്ചോറിലൂടെ കടത്തിവിടുകയാണ് ഈ
പ്രയോഗത്തിൽ. (Electro
Convulsive Therapy) വലിയ എൽക്ട്രിക് ഷോക്ക് അല്ല നൽകുന്നത്, ഒരു വിഷമവും അറിയാതെയാണിത്.
ആഴ്ച്ചയിൽ മൂന്നു തവണ എങ്കിലും ആവശ്യമാണ്, രണ്ടോ നാലോ ആഴ്ച്ചകൾ നീണ്ടുനിന്നേക്കാവുന്ന ഈ
ചികിൽസയ്ക്ക്. ചില പാർശ്വഫലങ്ങൾ ഉളവായേക്കാം, ചെറിയ വിഭ്രാന്തിയോ ഓർമ്മക്കുറവോ ഇടങ്ങൾ അറിയായ്കയോ ( disorientation) ഒക്കെ.
ആധുനിക ഉപകരണങ്ങൾ ഇവ കൂടുതൽ ലഘൂകരിച്ചിട്ടുണ്ട്. ഈ ഉത്തേജനത്താൽ മേൽ ചൊന്ന SSRI യുടെ അളവ് കൂടുന്നുണ്ടെന്നും
നിരീക്ഷണങ്ങൾ ഉണ്ട്. കാന്തികശക്തി
തലച്ചോറിൽ സമ്മാനിക്കുന്ന ട്രാൻസ് ക്രേനിയൽ ഉത്തേജനവും (Trans Cranial Stimulation)
നിലവിലുണ്ട്. തലയോട്ടിയിൽ പതിപ്പിച്ച ഒരു എൽക്ട്റോമാഗ്നെറ്റിക് ചുരുൾ
തലച്ചോറിലേക്ക് കാന്തിക പൾസുകൾ അയയ്ക്കുമ്പോൾ തലച്ചോറിലെ ഇടങ്ങൾ , പ്രത്യേകിച്ചു തോന്നലുകളെ
നിയന്ത്രിക്കുന്നവ ഉത്തേജിക്കപ്പെടുകയാണ്. പുതിയ ന്യൂറോൺ ബന്ധങ്ങൾ
നിർമ്മിക്കപ്പെടുന്നു എന്ന് അനുമാനമുണ്ട്. തലച്ചോറീൻ്റെ ഉള്ളിലേക്ക് ഇലക്ട്രോഡുകൾ നിക്ഷേപിച്ച് (implant) അവ വഴി കൃത്യമായ ഇടങ്ങൾ വൈദ്യുതി തരംഗങ്ങൾ
കൊണ്ട് ഉത്തേജിപ്പിക്കുന്ന deep brain stimulation ഇപ്പോൾ വിഷാദരോഗചികിൽസയ്ക്ക് പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.
തലച്ചോറിൽ നിന്ന് പുറപ്പെടുന്ന ഏറ്റവും നീളം
കൂടിയ ഞരമ്പ് ആയ ‘വേഗസ് നെർവ്’ ഉത്തേജിക്കപ്പെടുന്നതും ഇത്തരം
ചികിൽസാവിധികളിൽപ്പെടുന്നു. ആമാശയം, കുടൽ എന്നിവിടങ്ങളിൽ നിന്ന്
മസ്തിഷ്ക്കത്തിലേക്ക് സംവേദനങ്ങൾ അയയ്ക്കുന്നത് ഈ ഞരമ്പ് ആണ്. കുടലിലെ ബാക്റ്റീരിയ
തലച്ചോറിനെ സ്വാധീനിക്കുന്നതും വേഗസ് നെർവ് വഴിയാണ്.
സൈക്കോതെറാപ്പിയുടെ ഔചിത്യം
വിട്ടുകളയാവുന്നതല്ല. ‘സംഭാഷണ (Talk therapy) ‘കൗൺസെലിങ്ങ്’ എന്നൊക്കെ അറിയപ്പെടുന്നവ. വിഷാദരോഗം
ബാധിച്ചവർക്ക് പുതിയ ചിന്താപദ്ധതികളുടെ സാദ്ധ്യതകൾ തുറന്നു കൊടുക്കുകയും
പെരുമാറ്റരീതിയിൽ മാറ്റം വരുത്താൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതൊക്കെ ഇതിൽ
ഉൾപ്പെടുന്നു.ബോധജ്ഞാനപരമായ ആവേശങ്ങൾ ഉൾക്കൊള്ളാൻ തലച്ചോറിനെ പ്രേരിപ്പിക്കുകയാണ്
ഉദ്ദെശം. സുഹൃദ് ബന്ധങ്ങൾ നവീകരിച്ച് നിലനിർത്താനുള്ള ‘interpersonal therapy’യും ഫലപ്രദമാണത്രെ.
ഒരു കുടക്കീഴിൽ — ഡിപ്രഷൻ ഒരേ ഒരു അസുഖമല്ല
പരസ്പരബന്ധമുള്ള, എന്നാൽ പലേ തരത്തിലുള്ള അസുഖങ്ങളെ ഒന്നിച്ചാാക്കി
‘വിഷാദരോഗം/ഡിപ്രഷൻ’ എന്ന് വിളിയ്ക്കുന്ന രീതിയാണിപ്പോൾ, പലേ അസുഖങ്ങളെ പൊതുവേ ‘ക്യാൻസർ’ എന്ന് വിവക്ഷിക്കപ്പെടുന്നതുപോലെ.
ഓരോ ക്യാൻസറിനും വ്യത്യസ്ത ചികിൽസകൾ ഉള്ളതുപോലെ വിഷാദരോഗത്തിനും ഓരോ വ്യക്തിക്കും
കാരണങ്ങൾ അനുസരിച്ച് വ്യത്യസ്ത ചികിൽസകളും ആവശ്യമാണ്. ഒരേ ഒരു രാസവ്സ്തുവിൻ്റെ (സെറൊടോണിൻ
പോലെ) അളവ് കുറവ് കൊണ്ടല്ല ഡിപ്രഷൻ ഉളവാകുന്നത് എന്നത് തീർച്ചയാണ്. GABA , ഗ്ളൂടമേറ്റ് എന്നീ ട്രാൻസ്മിറ്ററുകൾക്കും
പങ്കുണ്ട് എന്ന് നേരത്തെ പരാമർശിച്ചു കഴിഞ്ഞു. പക്ഷേ പലപ്പൊഴും ലക്ഷണങ്ങൾ ഒരേ
പോലെയാണെന്നുള്ളത് സങ്കീർണ്ണവൽക്കരിക്കുകയാണ് മൂലകാരണം കണ്ടുപിടിയ്ക്കുന്നതിൽ.
തളർച്ച, ഉൽസാഹമില്ലായ്മ, വിശപ്പിൽ മാറ്റം, ഉറക്കമില്ലായ്മയോ ഉറക്കക്കൂടുതലോ , ആത്മഹത്യാതോന്നൽ ഒക്കെ പൊതുവായി
കാണുന്നെങ്കിലും അവ ഉളവാകുന്നത് പരിസ്ഥിതിപരമായും ജൈവീകപരമായും പലതും
സങ്കലിച്ചായിരിക്കണം. രാസ അസന്തുലിതാവസ്ഥ, ജനിതകം, തലച്ചോറ് ഘടനയും ന്യൂറോൺ
വിന്യാസങ്ങളും വഴങ്ങലുകളും (neural plasticity) ,നീർവീക്കം ഇവയൊക്കെ പലേ തോതിലും തീവ്രതയിലും പ്രബലതയിലും കാരണങ്ങൾ ആയേക്കാം. സ്ത്രീകളിൽ എന്തുകൊണ്ട് കൂടുതലായി
വിഷാദരോഗം കാണപ്പെടുന്നു എന്നതിൻ്റെ ചില പ്രാഥമിക അറിവുകൾ മാത്രമേ നമുക്ക്
ലഭിച്ചിട്ടുള്ളു. ജീനുകളുടെ ഉണർച്ചയേയും പ്രവർത്തനനിരതയേയും ബാധിയ്ക്കുന്ന ചില
പ്രത്യേകതരം ആർ എൻ എ ആണ് ഒരു കാരണം എന്ന് ഈയിടെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
വിഷാദരോഗത്തെ നിശ്ചിതപ്പെടുത്താൻ
ഒരു ജൈവ അടയാളം (Biomarker) കൃത്യമായി
ഇല്ല എന്നത് രോഗനിർണ്ണയവും ചികിൽസാനിർണ്ണയവും വിഷമകരമാക്കുന്നുണ്ട്. മറ്റ് പലേ
മാനസികാസുഖങ്ങൾക്കും ഒരു പ്രത്യേക പ്രോടീനിൻ്റെ അളവ് അല്ലെങ്കിൽ ഒരു ജീനിൻ്റെ
പ്രാഭവം
ജൈവ
അടയാളമായി നിജപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. പക്ഷേ പലേ കാരണങ്ങൾ, പലേ ലക്ഷണങ്ങൾ, പലേ കോശരസതന്ത്ര അപകർഷങ്ങൾ ഒക്കെ നിദാനമായ
വിഷാദരോഗത്തിനു ഇത് സാദ്ധ്യമാകുന്നത് വിഷമകരമാണ്. ഡിപ്രഷൻ ഒരു ബലഹീനതയാണെന്ന് തെറ്റായ സമൂഹവിധിയുണ്ട്.
ഒരു നിശ്ചിത തിയറി ഉണ്ടെങ്കിൽ ഈ അവമതി മാറപ്പെട്ടേയ്ക്കാം. മറ്റ് അസുഖങ്ങളെപ്പോലെ ഫിസിയോളജിയുടെ അപഭ്രംശം
അല്ലെങ്കിൽ ന്യൂറോണുകളുടെ വകതിരിവില്ലായ്മ ആയി ഗണിക്കപ്പെടേണ്ടതാണ് ഡിപ്രഷൻ. വയറ്റിൽ വേദന വരുന്ന പോലെ, കാലിൽ നീർക്കെട്ട് വരുന്ന പോലെ, മൈഗ്രെയ്ൻ വരുന്നപോലെ ഒരു ശാരീരിക ക്രമാന്തരണം
മാത്രമാണ് വിഷാദരോഗം.
ഇനി
അഞ്ചോ പത്തോ കൊല്ലങ്ങൾക്കു ശേഷം വിഷാദരോഗം ഒരേ ഒരു രോഗം എന്ന
നിലയ്ക്കല്ലായിരിക്കും നമ്മൾ വിവക്ഷിക്കുന്നത്. ഇതിനു വേണ്ടി
സൂക്ഷ്മഭേദങ്ങളെക്കുറിച്ച് വിശദമായ അറിവു കിട്ടേണ്ടിയിരിക്കുന്നു, കൃത്യമായി ന്യൂറോളജിയുടെ ലെൻസിലൂടെ
ഈ അസുഖത്തെ നോക്കിക്കാണേണ്ടിയിരിക്കുന്നു. തീർച്ചയായും ഒരേ ഒരു ചികിൽസ
നിശ്ചയിക്കപ്പെടുകയില്ല,
രോഗനിദാനനിർണ്ണയത്തിനു
വിവിധ ഉപാധികൾ പ്രായോഗികമാക്കുകയും അതു പ്രകാരം ചികിൽസാവിധാനങ്ങൾ രൂപീകരിക്കപ്പെടുകയും
ചെയ്തേക്കും. അത് ജ്ഞാനാത്മക
പെരുമാറ്റ (cognitive
behavioural) തെറാപ്പിയോ, ജീവിതശലീമാറ്റങ്ങളൊ ന്യൂറോക്രമീകരണമോ, ജനിതകപരമായ പ്രേരകശക്തിയെ
സ്വാധീനിക്കുകയോ,
സംഭാഷണ
തെറാപ്പിയോ മരുന്നോ ഇവയിൽ പലതിൻ്റേയും
സങ്കലനങ്ങളോ ആവാം,
അത്
തികച്ചും വ്യക്തിപരവും ആയിരിക്കും.
Reference
1. Duman, R. S., Sanacora G. and Krystal J. H. Altered connectivity in depression: GABA and glutamate neurotransmitter
deficits and reversal by novel treatments. Neuron 102, 75-90 2023
2. Donelly A. P. Combining
two approaches for treatment-resistant depression. Nature Mental Health 1: 3-9
2023
3. Wilson C. Rethinking depression. New Scientis 3422: 38-41
2023
4.Matveychuk, D, Thomas R. K. et al. Ketamine as an
antidepressant:overview of its mechanisms of action and potential predictive
biomarkers. Ther. Adv.in Psychopharmacology 10: 1-21, 2020
5. Moigneu, C., Abdellaoui. S., Ramos-Brossier M. et
al. Systemic GDF11 attenuates
depression-like phenotype in aged mice via stimulation of neuronal
autophagy Translational Psychiatry 13;
23-31, 2023
6. Issler, O., Van Der Zee, Y. Y.,
Ramakrishnan A et al. The long noncoding RNA FEDORA is a
cell type– and sex-specific regulator of depression. Sci. Advances 8: 71- 79,
2022
7. Hess, E. M and Gould T. D. Possible psychedelic
therapeutic mechanism. Nature,379: 642-643
2023