Sunday, November 9, 2008

ഒബാമയും ഞാനും

ഒബാമയുമായുള്ള അടുപ്പം പറഞ്ഞ് വീരസ്യം നടിക്കാന്‍ സമയം ഇതാ സമാഗതമായി.
ഗാഢമായ മലയാളി ബന്ധമാണ് ഒബാമയ്ക്കുള്ളത്.  നേരത്തെ അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത  മലയാളി ഫിലിപ് കാലയിലിന്റെ മൂത്ത മകള്‍ ആന്‍ കാലയില്‍ പണ്ടേ ഒബാമയുടെ സഹപ്രവര്‍ത്തകയാണ്.  സൌത് ഏഷ്യന്‍ പോളിസി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റേയും ഏഷ്യന്‍ അമേരിക്കന്‍ ലീഡര്‍ഷിപ് കൌണ്‍സിലിന്റേയുമൊക്കെ തലപ്പത്താണ് ചരിത്രത്തില്‍ പി. എഛ്. ഡിയുള്ള ശ്രീമതി ആന്‍.  ഒബാമ ക്യാമ്പെയിന്‍ ഊര്‍ജ്ജിതപ്പെടുത്തുവാന്‍ ഇന്‍ഡോ അമേരിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ചതും ഇവര്‍ തന്നെ. ഒബാമയുടെ ഭരണക്രമീകരണങ്ങളില്‍ ആന്‍ കാലയില്‍ വലിയ പങ്കു വഹിക്കും.

പറഞ്ഞു വന്നത്.......ഒബാമയും ഞാനും എന്നല്ലെ? മൂന്നാലു കൊല്ലം മുന്‍പ് ഇന്‍ഡ്യന്‍ നെഴ്സസ് അസ്സൊസിയേഷന്‍ ഉല്‍ഘാടനം ചെയ്യാന്‍ വന്നത് ഒബാമയാണ്. ആന്‍ കാലയിലിന്റെ സ്വാധീനം വഴി.  ഉല്‍ഘാടനമഹോത്സവം കൊണ്ടാടുന്നത് ഞാന്‍ സ്ക്രിപ്റ്റെഴുതി സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന "The Nightingales" എന്ന മെഗാ സ്റ്റേജ് ഷോയോടെയാണ്. ഉല്‍ഘാടനപ്രസംഗത്തിനും നിലവിളക്കുകൊളുത്താനും തയാറായി സ്റ്റേജിനു വശത്തു നിന്ന ഒബാമയെ ശ്രദ്ധിക്കാതെ  നടീനട-നര്‍ത്തകരുടെ മേക് അപ്പിലും കോസ്റ്റ്യൂമിലും ലൈറ്റിങ്ങിലും  ഒക്കെ  വേവലാതിപൂണ്ടു നടന്ന എന്നെ വേണം പറയാന്‍!  ചരിത്രത്തിലേക്കു നടന്നു കയറി കൊള്ളിയാന്‍ മിന്നിക്കാന്‍ പോകുന്ന ആളാണെന്നു ആരറിഞ്ഞു? എന്റെ സ്റ്റേജ് ഷോ കുറച്ചൊരു നേരം കാണാന്‍ അദ്ദേഹമുണ്ടായിരുന്നു എന്നത് ഇപ്പോഴോര്‍ത്ത് ആനന്ദപുളകിതനാകുന്നു.

            ഒബാമ ഞങ്ങളുടെ യൂണിവെഴ്സിറ്റിയില്‍  Law School ഇല്‍ അദ്ധ്യാപകനായിരുന്നെങ്കിലും ക്യാമ്പസില്‍ കണ്ടിട്ടില്ല. പക്ഷെ ഭാര്യ മിഷേല്‍ ഈയിടെ വരെ ജോലി ചെയ്തിരുന്നത് ഞാന്‍ ജോലി ചെയ്യുന്ന മെഡിക്കല്‍ സ്കൂള്‍ കെട്ടിടത്തില്‍ തന്നെ. കഫെറ്റീരിയയില്‍ ട്രേയില്‍ സൂപ്പും ബേക്ഡ് പൊട്ടറ്റോയുമായി മുന്‍പിലോ പിന്നിലോ ക്യൂവില്‍ കാണാറുള്ളത് അവര്‍ തന്നെ. എന്റെ സഹപ്രവര്‍ത്തകന്‍ വിശ്വാസിന്റെ അപാര്‍ട്മെന്റ് കെട്ടിടത്തില്‍ സ്ഥിരമായി work out നു വരാറുണ്ട് ഒബാമ. ഒരു തവണ എലെവേറ്ററില്‍‍ കണ്ടതും ക്യാമ്പെയിനു ബെസ്റ്റ് വിഷസ് പറഞ്ഞു കൈ കൊടുത്തതും ഞാന്‍ തന്നെ!  മിനിയാന്ന് സിഗററ്റു വലിക്കാന്‍ പുറത്തിറങ്ങി ഒതുങ്ങിയ സ്ഥലം നോക്കിയ വിശ്വാസിനെ സെക്യൂരിറ്റിക്കാര്‍ ഓടിച്ചു വിട്ടു. ഒബാമ വരുന്നു!  തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിന്റെ പിറ്റേന്ന് രാവിലെ ഞാന്‍ സ്ഥിരം കാറോടിയ്ക്കാറുള്ള Hyde Park ലെ ഒരു റെസ്റ്റോറന്റിന്റെ മുന്‍പില്‍ വന്‍ ആള്‍ക്കൂട്ടവും റ്റി. വിക്കാരുടെ വാനുകളും. ഒബാമ ബ്രേക് ഫാസ്റ്റിനു വന്നിരിക്കുകയാണ്.  ഹൈഡ് പാര്‍ക്കിലെ 51st Street ലെ ഒബാമാ വീട്ടിനടുത്തു കൂടെ സ്ഥിരം പൊയ്ക്കൊണ്ടിരുന്ന എന്റെ വഴി ഇന്ന് സെക്യൂരിറ്റിക്കാര്‍ തിരിച്ചു വിടുന്നു. ജോലിയ്ക്കു പോകുന്ന വഴിയായ Lake Shore Drive ല്‍ ചീറിപ്പായുന്ന രണ്ട് കറുത്ത SUV കണ്ടാല്‍ മാറിപ്പോകാന്‍ കൂട്ടുകാര്‍ പറഞ്ഞു. ഒബാമാ വാഹനങ്ങളാണവ. മിനിയാന്ന് ഇതിനു മുന്‍പിലേക്കൊരുവന്‍ ഒന്നുമറിയാതെ ലെയിന്‍ മാറിക്കയറി, ഒരു മാതിരി കമാന്‍ഡോസ് പുറത്തുചാടി അയാളെ പിടി കൂടി.

            51st Street ലെ ഒരു ബാര്‍ബര്‍ ഷോപ്പില്‍ ആണു ഞാനും ഒബാമയും സ്ഥിരമായി തലമുടി വെട്ടിച്ചു കൊണ്ടിരുന്നത്! സത്യം! ആ ചുരുണ്ട മുടി ക്ലിക് ക്ലിക് എന്നു വെട്ടി വീഴ്ത്തിയ അരുമ കത്രിക തന്നെ എന്റെ തലയിലും....ഹോ രോമഞ്ചം! രോമാഞ്ചം!

Saturday, August 30, 2008

സിനിമ ക്വിസ്-വീണ്ടും

ഇതാ വീണ്ടും ഒരു മലയാള സിനിമാക്വിസ്.

ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്നവര്‍ക്ക് സര്‍വ്വരോഗനിവാരണി മാന്ത്രിക ഏലസ്സ് (സ്പോണ്‍‍സര്‍‌: പോത്തിങ്കാലാശ്രമം)


1. ഈ മലയാളം സിനിമയിലെ പാട്ടുകളില്‍ ഫ്ലൂട് ബിറ്റുകളെല്ലാം സാക്ഷാല്‍ ഹരിപ്രസാദ് ചൌരാസ്യയുടേതാണ്. ഏതു സിനിമ?

2. സ്വപ്നക്കൂടിലെ “ഇഷ്ടമല്ലെടാ എനിയ്ക്കിഷ്ടമല്ലെടാ” എന്നതില്‍ മലയാളസിനിമാപ്പാട്ടുകളില്‍ സാധാരണ കാണാത്ത ഒരു പുതുമ ഉണ്ട്. എന്താണ്?

3.’കോലക്കുഴല്‍ വിളി കേട്ടോ...” (നി വേദ്യം സിനിമ, എം ജയചന്ദ്രന്‍ സംഗീതം) അത്ര പഴയതല്ലാത്ത വേറൊരു പാട്ടുപോലെ തന്നെയാണ്. ആദ്യത്തെ ഓര്‍കെസ്ടേഷന്‍ പോലും. ഏതാണ് ആ പാട്ട്? (കുളു: ചിത്ര പാടിയത്)

4. ഈ പാട്ടില്‍ ചിത്രയുടെ കൂടെ കോറസ്സ് പാടുന്ന ഗ്രൂപ്പില്‍ സുജാതയുണ്ട്. എതു പാട്ട്? (മലയാളമല്ല)

5. ഈ പാട്ടില്‍ സുജാതയാണ് ഗായിക. ചിത്ര സുജാതയ്ക്കുവേണ്ടി ട്രാക് പാടിയവള്‍. ഏതു പാട്ട്?

6. എസ്. ജാനകിയും പി. സുശീലയും ഒന്നിച്ചു പാടുന്ന പാട്ട്?

7. യേശുദാസും കമുകറ പുരുഷോത്തമനും ഒന്നിച്ചു പാടിയ പാട്ട്?

8. യേശുദാസ് പാടി അഭിനയിച്ച നാലു പാട്ടുകള്‍?

9. പദ്മരാജന്റെ  ഏറ്റവും കൂടുതല്‍ സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ളത് ആരാണ്?

10. പദ്മരാജന്റെ തിരക്കഥകള്‍ ഏറ്റവും കൂടുതല്‍ സംവിധാനം ചെയ്തിട്ടുള്ളത് ആരാണ്?

11.    യേശുദാസ്-വിജയ് യേശുദാസ്
  പോലെ നാലു് അച്ഛന്‍/അമ്മ-മകന്‍/മകള്‍ പാട്ടുകാര്‍?

12. രവീന്ദ്രന് പാടിപ്പതിഞ്ഞ കര്‍ണാടകസംഗീത കീര്‍ത്തനങ്ങളെ പാട്ടില്‍ നിബന്ധിക്കാന്‍ അതീവ താല്‍പ്പര്യമുണ്ടായിരുന്നു. “മാമവ സദാ ജനനീ” എന്ന പല്ലവി ഒരു വളരെ പോപുലര്‍ പാട്ടിനിടയ്ക്ക് ഫ്ലൂടും ഓര്‍കെസ്ട്രയും കൂടി ചൊല്ലുന്നുണ്ട്. ഏതു പാട്ട്?

13. താഴെപ്പറയുന്ന സംഗീതസംവിധായകരുടെ യഥാര്‍ത്ഥ പേരുകള്‍ എന്താണ്?
    
    1.പുകഴേന്തി
    2. കീരവാണി
    3. ശ്യാം
    4. മോളി

14. താഴെപ്പറയുന്നവര്‍ക്ക് ‍ പൊതുവായുള്ള “പൈതൃകം” എന്താണ്?
    1. അമല്‍ നീരദ്
    2.ക്യാമറാമാന്‍ വേണു
    3. അശോകന്‍
    4. മല്ലിക സുകുമാരന്‍
     ‍

15. ഉള്ളടക്കം (മോഹന്‍ലാല്‍, അമല) വും ജയലളിതയും തമ്മില്‍ എന്തു സിനിമാ ബന്ധം?

16. ലോഹിതദാസ് സംവിധായകനാ‍ായി അഭിനയിച്ച രണ്ടു ചിത്രങ്ങള്‍?

17. ഈ പ്രസിദ്ധ ഹിന്ദി സിനിമാനടി ആദ്യം വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത് ഒരു മലയാളി പെണ്‍കുട്ടിയുടെ വേഷത്തിലാണ്. ആരാണിവര്‍?

18. സായികുമാര്‍ ആദ്യം അഭിനയിച്ച ചിത്രം?

19. “ഇടയ കന്യകേ പോവുക നീ”...ഈ പാട്ടുസീനില്‍ ആരാണ്?

20. മമ്മുട്ടിയും മോഹന്‍ ലാലും ഒന്നിച്ചഭിനയിച്ച രണ്ടു ഭദ്രന്‍ ചിത്രങ്ങള്‍?

21. “മാടമ്പി” മോഹന്‍ ലാലിന്റെ സ്വന്തം ‘കുടുംബ“ സിനിമയാണ്. എന്തുകൊണ്ട്?

22. താഴെപ്പറയുന്ന സിനിമകളുടെ കഥയ്ക്കു ആധാരമായ ചിത്രങ്ങള്‍‍?
   1. ഉദയനാണു താരം
    2.വിസ്മയത്തുമ്പത്ത്
    3. ഹലോ
    3. വിനോദയാത്ര

23. സംവിധായകനായും നടനായും പേരെടുത്ത ആള്‍ പണ്ട് ‘ഭക്തകുചേല’യില്‍ കുചേലന്റെ ചെറുപ്പകാലം അഭിനയിച്ചിരുന്നു. ആരാണിദ്ദേഹം?

24. പ്രസിദ്ധ കര്‍ണ്ണാടക സംഗീതജ്ഞ കമലാ കൈലാസനാഥന്റെ മകളുടെ മകള്‍ ഇന്ന് തമിഴിലും മലയാളത്തിലും തെളിഞ്ഞു നില്‍ക്കുന്ന നടിയാണ്. ആരാണ്?

25. കല്‍ക്കത്ത നഗരം സിനിമയില്‍‍ വരുന്ന രണ്ടു മലയാള ചിത്രങ്ങള്‍‍? (കല്‍ക്കത്ത ന്യൂസ് അല്ലാതെ)

26. ചേരും പടി ചേര്‍ക്കുകഎ. ബി. മുരളി                                     സ്വന്തമെവിടെ ബന്ധമെവിടെ
കത്തി                                                 ലളിത
തൊമ്മന്റെ മക്കള്‍                             ദേവരാജന്‍
 കൃഷ്ണ                                            നാടന്‍ പെണ്ണും നാട്ടുപ്രമാണിയും
പെരുന്ന ലീലാമണി                              വറുഗീസ് കാട്ടിപ്പറമ്പന്‍
പ്രസാദ്                                               പുനത്തില്‍ കുഞ്ഞബ്ദുള്ള
 പെരുവഴിയമ്പലം                                കനക
ദേവിക                                                സെല്‍മ ജോര്‍ജ്ജ്
 മോഹന്‍ ജോസ്                    ഹരിപ്പാട് സരസ്വതി അമ്മാള്‍
                                                         കഥകളി

Sunday, August 17, 2008

ശാന്ത പി. നായർ- തരളകണ്ഠം ഒരോര്‍മ്മ മാത്രം

             നാഴൂരിപ്പാട്ടുകൊണ്ട് നാടാകെ കല്യാണോത്സാഹം ഉണര്‍ത്തിയ പ്രിയഗായിക ജുലൈ 27 ന് ആരോരുമറിയാതെ ആരാരും കാണാതെ പാരിന്റെ മാറത്തു വിരിച്ച തൂമെത്തപ്പായ മറികടന്ന് വിഹായസ്സിലേക്ക് മറഞ്ഞു.ഇനി മഞ്ഞിന്റെ തട്ടമിട്ട ചന്ദ്രനും സുറുമയാല്‍ കണ്ണെഴുതിയ താരകളും അവര്‍ക്ക് നിതാന്തകൂട്ടുകാര്‍. പൂമുറ്റത്തു വിരിഞ്ഞ ഈ മുല്ലയ്ക്കു പൂമണമില്ലെന്നു ആരും പറഞ്ഞില്ല, ധാരാളം ദിവ്യഗാനസുഗന്ധം പാട്ടിഷ്ടപ്പെടുന്നവരുടെ മേല്‍ വാരിപ്പൂശുകയും ചെയ്തു. ശാന്ത പി. നായര്‍ എത്തേണ്ടതാമിടത്തെത്തി കിന്നരഗായികമാര്‍ക്കൊപ്പം വാസമായി.

            മലയാളസിനിമാഗാനങ്ങളുടെ ദിശാമാറ്റസൂചകങ്ങള്‍ അന്‍പതുകളില്‍ തന്നെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. ഗാനരചയിതാക്കളും സംഗീതസംവിധായകരും ഇക്കാല‍ത്ത് കൂട്ടത്തോടെ കുടിയേറിയെങ്കിലും ഒട്ടു ഗുരുതരമായ ഒരു സന്നിഗ്ധാവസ്ഥ ഉചിതഭാവവും ഊര്‍ജ്ജവും കൈമുതലായിട്ടുള്ള പാട്ടുകാര്‍ ഇല്ലായിരുന്നു എന്നതാണ്. പി. ലീല ഒഴിച്ചാല്‍ മറുനാട്ടീല്‍ നിന്നും കടം കൊണ്ട, അര്‍പ്പണബോധമില്ലാത്തവരുടെ ശബ്ദങ്ങളില്‍ തൃപ്തിപ്പെടുക മാത്രമായിരുന്നു സിനിമാപ്പാട്ടു കമ്പക്കാര്‍ക്കു നിവൃത്തി. സമ്മോഹനമായ ആലാപനശൈലിയും കമ്മി. ശാസ്ത്രീയസംഗീതത്തില്‍ പ്രാവീണ്യമുള്ള ഗായികമാര്‍ വന്നുപോയെങ്കിലും സിനിമാപ്പാട്ടുകള്‍ നിഷ്‍ക്കര്‍ഷിക്കുന്ന ഭാവവ്യഞ്ജകങ്ങളോ റേഞ്ചോ ഉച്ചാരണശുദ്ധിയോ വിരളമായാണ് ഇവരുടെ കൈമുതലായി കാണപ്പെട്ടത്. കേട്ടുമറന്ന നാടന്‍ ശീലുകളുടെ വിദൂരച്ഛായയുണര്‍ത്താന്‍ സംഗീതസംവിധായകന്‍ ശ്രമിച്ചാല്‍ അതു പകര്‍ന്നെടുക്കാന്‍ ഈ ഗായികമാര്‍ക്ക് തെല്ലും പ്രാവീണ്യവുമില്ലായിരുന്നു. തന്റെ നിഷ്കളങ്കാങ്കിതസ്വരവും സ്ഫുടം ചെയ്ത ആലാപനശൈലിയുമായാണ് തൃശൂരെ പ്രസിദ്ധ അമ്പാടി പൊതുവാള്‍ കുടുംബത്തിലെ ശാന്ത എന്ന വെളുത്തുമെലിഞ്ഞ പെണ്‍കുട്ടി ഇങ്ങനെ ഒഴിഞ്ഞിരുന്ന പീഠത്തില്‍ വന്നിരുന്നത്. പിന്നീട് മീട്ടിയ വീണാനാദവീചികള്‍ നാരായമൂര്‍ച്ചയോടെ മലയാളസിനിമാചരിത്രത്താളകളില്‍ വരഞ്ഞത് സ്വര്‍ണ്ണാക്ഷരങ്ങള്‍.......... ........

                 അതിതരളസ്വരവും കറകളഞ്ഞ ശൃതിശുദ്ധിയും തീരെ ആയാസരഹിതമായ ആലാപനവുമാണ് അന്‍പതുകളിലെ സിനിമകളില്‍ അവര്‍ അവിഭാജ്യഘടകമാകാനുള്ള കാരണങ്ങള്‍ .  ഒരു സിനിമയിലെ മിക്കപാട്ടും ശാന്ത പി നായര്‍ തന്നെ പാടുക എന്ന അപൂര്‍വ്വവിശേഷം മലയാളസിനിമായുടെ വളര്‍ച്ചാകാലഘട്ടത്തില്‍ വന്നുചേര്‍ന്നത് പാട്ടിന്റെ സൂക്ഷ്മമായ അനുഭവഭേദ്യതയ്ക്കും കാര്യമാത്രപ്രസക്തമായ ലക്ഷണയുക്തിയ്ക്കും ബലമേറ്റുകയായിരുന്നു. ഇത്രയും ശക്തമായ സാനിധ്യം ഒരു ഗായികയ്ക്കും അനുവദിച്ചു കൊടുക്കപ്പെട്ടിട്ടില്ല,പില്‍ക്കാലത്തും.‘തിരമാല’യില്‍ അഞ്ചു പാട്ട് (രണ്ട് ഡ്യൂയെറ്റ് ഉള്‍പ്പടെ) ‘കൂടപ്പിറപ്പി‘ല്‍ അഞ്ചുപാട്ട്, ‘അനിയത്തി‘യില്‍ മൂന്നു പാട്ട്,ചതുരംഗം’ത്തില്‍ നാലുപാട്ട്, ‘മുടിയനായ പുത്രന്‍‘- ഇല്‍ നാല്, ‘ലൈല മജ്നു‘- വില്‍ നാല് ഇങ്ങനെ എല്ലാ സംവിധായകരുടേയും ആദ്യനിഷ്കര്‍ഷ ഇവരുടെ സ്വരസൌഭഗത്തില്‍ത്തന്നെ സ്വന്തം കൊമ്പൊസിഷന്‍സ് പ്രകാശിപ്പിക്കുക എന്നതായിരുന്നു.’തുമ്പീ തുമ്പീ വാ വാ’ ,നാഴൂരിപ്പാലുകൊണ്ട്“, “പൂമുറ്റത്തൊരു മുല്ല വിരിഞ്ഞു“ ഒക്കെ ഹിറ്റായിതിന്റെ പുറകില്‍ ഇവരുടെ നിഷ്കളങ്കത കലര്‍ന്ന നിഷ്പത്തികളും നാടന്‍ശീലുകളുടെ സന്നിവേശം എന്നു തോന്നിപ്പിക്കാനുള്ള കൌശലവും അനായാസതദ്യോതകമായ നാദവിക്ഷേപങ്ങളുമാണ്. ഒരു പാട്ടിന്റെ ആസ്വാദ്യതയ്ക്കും കേള്‍വിക്കാരുടെ ഉള്‍‍ച്ചേരലിനും സംഗീതവിദഗ്ദ്ധര്‍ കല്‍പ്പിക്കുന്ന അനുപാതം രാഗത്തിനു 33, താളത്തിനു 33,പക്ഷെ ഭാവത്തിനു 34 എന്ന നിരക്കാണ്. പാട്ട് ആസ്വദിക്കാന്‍ രാഗമോ താളമൊ അറിഞ്ഞിരിക്കേണ്ട ആവശ്യമില്ല, അതില്‍ തെറ്റുകളുണ്ടെങ്കില്‍ അതും മനസ്സിലായെന്നു വരികില്ല.പക്ഷെ ഭാവത്തില്‍ കുറവോ പിഴയോ പറ്റിയാല്‍ പാട്ട് സ്വീകരിക്കപ്പെടുകയില്ല.എളുപ്പം കണ്ടുപിടിയ്ക്കപ്പെടും. ഇങ്ങനെ ഭാവമണയ്ക്കുന്നതില്‍ 33ഉം 34ഉം തമ്മിലുള്ള വ്യത്യാസം നിലനിര്‍ത്തിയവരാണ് ശ്രീമതി ശാന്ത. ഉചിതമായ ഭാവോന്മീലനത്തിനുള്ള പാടവം അവരെ സര്‍വ്വസമ്മതയാക്കി.‍ ‘തുമ്പീ തുമ്പീ വാ വാ‘ യിലെ “കരളുപുകഞ്ഞിട്ടമ്മ കവിളില്‍ നല്‍കിയൊരുമ്മ കരിവാളിച്ചൊരു മറുകുണ്ടായൊരു കാരിയമച്ഛനറിഞ്ഞോ‘ എന്ന വയലാര്‍ വരികള്‍ ഉള്ളില്‍ കനല്‍നീറ്റലാകുന്നത് ഇതേ കാരണത്താലാണ്. പി. ഭാസ്കരന്റെ ശാലീനതയാര്‍ന്നതും അക്ലിഷ്ടവുമായ ഗാനങ്ങളുടെ പ്രചാരവും പ്രസിദ്ധിയും അതേ ഗുണങ്ങള്‍ പാട്ടില്‍ കലര്‍ത്തിയെടുത്ത ശാന്തയുടെ ശബ്ദമാധുര്യബലത്താലായിരുന്നു എന്നത് ആ ഗാനരചയിതാവിന്റെ പ്രശസ്തിക്കും വഴിവച്ചിട്ടുണ്ട്.

               മലയാളത്തില്‍ ആദ്യമായി ലളിതഗാനങ്ങള്‍ പ്രചാരത്തിലായത് ശാന്ത പി നായര്‍ ആകാശവാണിയില്‍ പാടിയപ്പോഴാണ്. വെറും ഗാനങ്ങളെ ഭാവഗീതങ്ങളാക്കാനുള്ള സവിശേഷശക്തി ഇങ്ങനെ സ്വായത്തമാക്കിയതാണ് സിനിമാഗാനാലാപനത്തില്‍ പ്രയോഗിച്ചത്. കൂടാതെ സ്വതവേ ഉള്ള സ്നിഗ്ദ്ധസ്വരം ഓരോ ഗാനത്തേയും തെളിനീരുറവയുടെ നൈര്‍മ്മല്യവും മാധുര്യവുമുള്ളതാക്കി. കൂടപ്പിറപ്പിലെ “എന്തിനു പൊന്‍ കനികള്‍ കിനാവിന്‍ മുന്തിരി‍ വള്ളികളിൽ’ നുനുത്ത സ്വരത്തില്‍ സിദ്ധി കൊണ്ട് മിനുസമാക്കിയ നാദവെളിപാടില്‍ അനന്യസുന്ദരമായത് ഇതുകൊണ്ടാണ്. ചങ്ങമ്പുഴയുടെ രമണനിലെ പ്രസിദ്ധ ഭാഗം “എകാന്ത കാമുകാ നിന്റെ മനോരഥം ലോകാപവാദത്തിന്‍ കേന്ദ്രമായി” (ചിത്രം-രമണന്‍)))) ശോക നിരാശാ ഭാവത്തിന്റെ പൂര്‍ത്തീകരണമാണ്. ശാസ്ത്രീയസംഗീതത്തിലെ പരിചയവും സിദ്ധിയുമായിരിക്കണം നാടന്‍ശീലുകള്‍‍ നിറഞ്ഞ നീലക്കുയിലിലെ വ്യത്യസ്തമായ, ബിലഹരി രാഗത്തില്‍ ചിട്ടപ്പെടുത്തിയ “ഉണരുണരൂ ഉണ്ണിക്കണ്ണാ ശ്രീധരാ..’ പാടാന്‍ രാഘവന്‍ മാസ്റ്റര്‍ ശാന്തയെത്തെന്നെ ക്ഷണിക്കാന്‍ കാരണമായത്. ഈ പാട്ടിലെ “നളിനവിലോചന വാങ്ങുക നീയെന്‍ തരളഹൃയ നവനീതം” ഉയര്‍ന്നസ്ഥായിയില്‍ എടുക്കുമ്പോള്‍ ആധുനിക പാട്ടുകാരുടേതു പോലെ കര്‍ണ്ണപുടം കീറുന്ന നിലവിളി പോലാകുന്നില്ല. ക്രിസ്തീയ ഭക്തിഗാനങ്ങളും ഇവരുടെ കളകണ്ഠബഹിര്‍ഗ്ഗമനം കാത്തു കിടന്നു. മുടിയനായ പുത്രനിലെ “എത്രമനോഹരമാണവിടത്തെ ഗാനാലാപനശൈലി“ (ബാബുരാജ്) വാച്യാര്‍ത്ഥത്തില്‍ ഇവരുടെ പാടിന്റെ വിശേഷണവിസ്മയം തന്നെ. പ്രേമഗാനമോ പ്രാര്‍ത്ഥനാഗാനമോ ശോകഗാനമോ ഏതെങ്കിലും ആയിക്കൊള്ളട്ടെ സ്നിഗ്ധസ്വരം ഒരിക്കലും കൈവിട്ടുപോയിരുന്നില്ല. ഉയര്‍ന്നസ്ഥായിയിലെ ആലാപനം ഒരിക്കലും കൃത്രിമം ആണെന്നും തോന്നുകയില്ല. പാട്ടിനെ ലാവണ്യമധുരിമയിലും തരളഭാവദീപ്തിയിലും മുക്കി പൊന്‍ശോഭയണിയിച്ച് ആ വെളിച്ചത്തില്‍ പിന്നാലെ വരുവാനുള്ള വഴി എസ്. ജാനകിയ്ക്കും പി. സുശീലയ്ക്കുമൊക്കെ തെളിച്ചു കൊടുത്തതാണ് ശാന്ത പി. നായരുടെ ചരിത്ര നിയോഗം. ആലാപനത്തിലെ വള്ളുവനാടന്‍ ‘ചുവ’ മലയാളിത്തത്തിന്റെ പ്രസര‍ണം തന്നെ. മലയാളികളല്ലാത്ത ഗായികമാര്‍ ഉച്ചാരണസ്ഫുടത കൈവരിച്ചു എന്നുവരികിലും കെ. സുലോചനയ്ക്കോ ശാന്ത പി. നായര്‍ക്കോ ഉണ്ടായിരുന്ന സ്വാഭാവികത നഷ്ടപ്പെടുത്തി ഒരു generic ഉച്ചാരണശൈലി വന്നുചേരുകയാണ് പില്‍ക്കാലത്തുണ്ടായത്. ‘ഞാന്‍ നട്ട തൂമുല്ല നന്മയുടെ പൂമുല്ല (പാടാത്ത പൈങ്കിളി), ‘ഒരുകുലപ്പൂ വിരിഞ്ഞാല്‍ (ലൈല മജ്നു), ‘പൂവേ നല്ല പൂവേ (പാലാട്ടു കോമന്‍) ഒക്കെ മലയാളിത്തത്തിന്റെ താരള്യമധുരിമ തന്നെ കാതിലിറ്റിയ്ക്കുന്നു.

              പഴയതിനോടുള്ള അനാവശ്യ ഭക്തി കാരണമാകുന്നില്ല മലയാളി മറന്നുകളഞ്ഞ ചില പാട്ടുകളുടെ നാദകാന്തിയേയും ആകര്‍ഷണീയതയേയും അംഗീകരിക്കാന്‍........  .  മുടിയനായ പുത്രന്‍ (ബാബുരാജ്-പി. ഭാസ്കരന്‍)))}  ലെ “തേങ്ങിടല്ലെ തേങ്ങിടല്ലെ തേന്‍ കുയിലേ” ശോകത്തിന്റെ വെള്ളാരം ചില്ലുകള്‍ പൊട്ടിയൊഴുകിയ കണ്ണുനീര്‍ത്തുള്ളികള്‍ നാദങ്ങളായ് വന്നതു തന്നെ. ബാബുരാജിന്റെ വിസ്മയപ്രതിഭ ഊര്‍ജ്ജസ്വലമായതിന്റെ പാടുകള്‍‍ തിണര്‍ക്കുന്ന ഈ ഗാനം ഭാവതീവ്രതയും ശാന്തയുടെ ആലാപനവൈശിഷ്ട്യവും എങ്ങനെ ഒത്തിണങ്ങുന്നു എന്നതിന്റെ പാഠങ്ങള്‍ തുറക്കുന്നു.പഴയ ഗാനങ്ങള്‍‍ പൊടിതട്ടി ഗസല്‍ രൂപത്തില്‍ ആലപിയ്ക്കുന്ന പ്രവണത തെളിയുന്ന ഇക്കാലത്ത് ഈ ഗാനം അത്തരത്തില്‍ പ്രത്യക്ഷീകരിക്കാനുള്ള സംഭാവ്യത ഏറെയാണ്. ബാബുരാജ് മുന്‍പോട്ട് നീട്ടിയെറിഞ്ഞ വീചികള്‍. ഇതേ സിനിമയിലെ “എത്ര മനോഹരമാണവിടത്തെ ഗാനാലാപന ശൈലി” ശങ്കരക്കുറുപ്പിന്റെ കവിത മധുരസൌമ്യദീപ്തമായ ഗാനമായി മാറിയതാണ്.അതിഭാവുകത്വമില്ലാതെ, ഹമീര്‍കല്യാണിയുടെ അതിമന്ദ്ര അലയൊലി ആവാഹിച്ച് ശാന്തയുടെ മോഹിപ്പിക്കുന്ന ശബ്ദം ധാരാവഹിയാകുകയാണിവിടെ. വിദൂരതയിലെന്നപോലെ കേള്‍ക്കുന്ന ഓടക്കുഴല്‍ നാദം, അപ്പോഴപ്പോള്‍ വീണുടയുന്ന സിതാര്‍ക്കിലുക്കങ്ങൾ, പിയാനോയുടേതെന്ന പോലെ മുഴക്കങ്ങള്‍‍ ഇങ്ങനെ ഓര്‍ക്കെസ്ട്രേഷന്‍ അഗാധതാസൂചമാകുന്ന ഈ പാട്ടില്‍ അവരുടെ നാദക്കുളിര്‍മ്മ ഉറഞ്ഞുകൂടുന്നു.
  
           ശാന്തയുടെ യുഗ്മഗാനങ്ങളും ഏറെ പ്രശസ്തിയാര്‍ജ്ജിച്ചവ തന്നെ. കെ. എസ്. ജോര്‍ജ്ജിനോടൊപ്പം പാടിയ ‘വാസന്തരാവിന്റെ വാതില്‍ തുറന്നു വരും വാടാമലര്‍ക്കിളിയേ’(ദേവരാജന്‍---- --ചതുരംഗം) അന്നത്തെ ഹിറ്റു പാട്ടു തന്നെ. ‘അങ്ങാടീല്‍ തോറ്റു മടങ്ങിയ മുറിമീശക്കാരാ’ (കൂടപ്പിറപ്പ്) എ. എം. രാജയുമൊപ്പം. ‘മധുമാസമായല്ലൊ മലര്‍വാടിയില്‍’(പാടാത്ത പൈങ്കിളി) യും ‘സംഗീതമേ ജീവിതം‘ (ജയില്‍പ്പുള്ളി)ഉം കമുകറയോടൊപ്പം പാടിയ ഹിറ്റുകൾ.   മെഹബൂബിനോടൊപ്പം പാടിയവയില്‍ ‘പറയുന്നെല്ലാരും’ പോപ്പുലര്‍ ആയി.‘കന്യാമറിയമേ തായേ“ കുമരേശനോടൊപ്പവും. അബ്ദുള്‍ഖാദറിനോടൊപ്പം തിരമാലയില്‍ പാടിയ ‘പ്രണയത്തിന്‍ കോവിലില്‘‍ എന്ന പാട്ടിലെ ‘പൂജയ്ക്കു വരുമോ പൂജാരീ പൂമാല തരുമോ പൂക്കാരീ.... ‘ അക്കാലത്ത് ഒന്നു മൂളാത്തവരില്ല.‍ മറ്റു ഗായികമാരോടൊത്തുള്ള യുഗ്മഗാനങ്ങളും പാടിപ്പതിഞ്ഞിട്ടുണ്ട്. പി. ലീലയോടൊപ്പം‘അപ്പം വേണം അട വേണം’ 'ഇതാണു ഭാരത ജനനി', പൂവേ നല്ല പൂവേ.....’ അവസാനം ‘മുറപ്പെണ്ണി‘ല്‍ 'കടവത്തു തോണിയടുത്തപ്പോള്‍ പെണ്ണിന്റെ‘ എസ്. ജാനകിയോടൊപ്പം.

          സൌമനസ്യവും സമബോധവും നിറഞ്ഞൊഴികിയിരുന്നു ആ മനസ്സില്‍ നിന്നു. വര്‍ഷം 1962. ‘കാല്‍പ്പാടുകൾ‘ റെക്കോറ്ഡിങ് സമയം. എം. ബി ശ്രീനിവാസന്‍ ഒരു പുതിയ പയ്യനെ പാട്ടുപാടിയ്ക്കാന്‍ കൊണ്ടു വന്നിരിക്കുന്നു. ഒരു ശ്ലോകം ഈ ചെറുപ്പക്കാരന്‍ പാടിക്കഴിഞ്ഞു. ഇനി ഒരു ഡ്യൂവറ്റ് ആണ്, പെണ്ണിനെ കളിയാക്കുന്ന കോമഡിപ്പാട്ട്. റെക്കോറ്ഡിങ്ങിനു ഗായകനും ഗായികയും ഒരുമിച്ചു നിന്നു പാടുകയും വേണം അക്കാലത്ത്. പ്രശസ്ത ഗായികമാര്‍ക്ക് ഈ പുതുമുഖത്തോടൊപ്പം പാടാന്‍ മടി. എ. എം രാജയും കമുകറയും കത്തി നില്‍ക്കുന്ന കാലം. നിരാസം പരിചയിച്ചുകഴിഞ്ഞിരുന്ന ചെറുപ്പക്കാരന്‍ പടികളിറങ്ങാന്‍ ശ്രമിക്കവേ ഇതാ പിറകില്‍ നിന്നൊരു വിളി. ശാന്ത പി. നായര്‍ ക്ക് കൂടെപ്പാടാന്‍ സമ്മതമാണത്രെ! യേശുദാസന്‍ എന്ന ഈ പുതുപ്പാട്ടുകാരന്‍ അങ്ങനെ ആദ്യത്തെ പാട്ട് ഇവരോടൊപ്പം റെക്കോറ്ഡ് ചെയ്തു. അന്നത്തെ ഹിറ്റ് ഗായികയുടെ അനുഭാവത്തോടെ.‘അറ്റെന്‍ഷന്‍ പെണ്ണേ അറ്റെന്‍ഷന്‍‘ എന്ന പാട്ട് ഇദ്ദേഹത്തിന്റെ ആദ്യ മുഴുനീളപ്പാട്ടാണ്. അവസാനത്തെ ചരണം മാത്രം ശാന്തയും. “പട്ടാളക്കാ‍രനാം നിന്റെ മാരന്‍ പട്ടുപോലുള്ള സ്വഭാവക്കാരന്‍” എന്ന അനുപല്ലവി മലയാളികള്‍ പാടി നടന്നത് അതിലെ തമാശ കൊണ്ടൊന്നു മാത്രമായിരുന്നില്ല. ഈ പയ്യന് പിന്നെ പാട്ടു നിറുത്തേണ്ടി വന്നില്ല, കൂടെപ്പാടാന്‍ അവസരം കിട്ടുന്ന ഗായികമാര്‍ അത് അതിഭാഗ്യമെന്നും പുണ്യമെന്നും ഇന്നും കരുതുന്നു. എന്തും വിട്ടുകൊടുക്കുന്ന പ്രകൃതവും ഒതുങ്ങിയ സ്വഭാവരീതികളും ശാന്ത പി. നായരെ മത്സരങ്ങളിലേക്കു പായിക്കാതെ കാത്തു.‍ ആരോടും പൊരുതനില്ലാഞ്ഞതുകൊണ്ടു തോല്‍വിയും അവർക്ക് വന്നു പെട്ടില്ല. അറുപതുകളുടെ പകുതിയോടെ വെള്ളിത്തിരയില്‍ ഗായകരുടെ ലിസ്റ്റില്‍ അവരുടെ പേര്‍ കാണാതായി. എങ്കിലും ചെമ്മീനിലെ ‘കാണാപ്പൂ മീനിനു പോകണ തോണിക്കാരാ’ യില്‍ ഒരു കോറസ്സു പാട്ടുകാരിയായി ചേരാന്‍ ഇവര്‍ക്ക് യാതൊരു വിസമ്മതവുമുണ്ടായില്ല. അതിലെ ഒന്നു രണ്ടു വരികള്‍‍ മാത്രമാണ് ഇവരുടേത്.-‘നാടോടിപ്പാട്ടുകള്‍‍ പാടണ വാനമ്പാടീ...‘ പുറമേയുള്ള സൌന്ദര്യം അകമേയും സൂക്ഷിച്ചിരുന്ന ചുരുക്കം സെലിബ്രിറ്റികളില്‍ ഒരാളായിരുന്നു ശാന്ത പി. നായര്‍.

            സ്വരം നന്നായിരുന്നപ്പോള്‍ പാട്ടുനിറുത്തിക്കളഞ്ഞെങ്കിലും അത് പാട്ടുലോകത്തിനു വലിയ നഷ്ടമാണ് വരുത്തിവച്ചത്. നൂറോളം പാട്ടുകള്‍‍ (മാത്രം!)പാടി, 35-36 വയസ്സില്‍ അരങ്ങൊഴിഞ്ഞപ്പോള്‍ ഒരു സവിശേഷ സംഗീതധിഷണാവഴിയാണ് അടഞ്ഞത്. ഇല്ലാതായത് പാട്ടുകളുടെ എണ്ണപ്പെരുക്കങ്ങളില്‍ക്കൂടിയല്ലാതെ വളര്‍ത്തിയെടുത്ത പാരമ്പര്യം.അവസാന റെക്കോറ്ഡിങ്ങിനു ശേഷം നാല്‍പ്പതിപ്പരം വര്‍ഷങ്ങളാണ് സംഗീതലോകത്തിനു പുറത്ത് നിന്നുകളഞ്ഞത്. സ്വകാര്യജീവിതത്തില്‍ താനറിയാതെ വന്നുകയറിയ ദുരന്തങ്ങള്‍ ആയിരിക്കണം നേടിയെടുത്ത സിംഹാസനം മറ്റു ഗായികമാര്‍ക്ക് നീക്കിയിട്ടുകൊടുക്കാന്‍ നിമിത്തം.  കൂടാതെ സിനിമാമേഖലയില്‍ ഉള്ള യാഥാസ്ഥികവിശ്വാസങ്ങളും ഇവരെ അകറ്റി നിറുത്താന്‍ കാരണമായി. “ഉണരുണരൂ ഉണ്ണിക്കണ്ണാ’ പാടിയെടുത്ത പ്രശസ്തി മകള്‍ ലത മറ്റൊരു ഉണ്ണീകൃഷ്ണകീര്ത്തന‍ത്തില്‍ക്കൂടി (“കണ്ണിനും കണ്ണായ കണ്ണാ”- ചിത്രം:പ്രിയ, ബാബുരാജ്-യൂസഫലി കേച്ചേരി) നിലനിര്‍ത്തിയെന്നപോലത്ത ചെറിയ സന്തോഷങ്ങളില്‍ പരാതിക്കാരിയുടെ ഭാവങ്ങളില്ലാതെ ഈ ഏകാന്തപഥിക ശിഷ്ടജീവിതം സിനിമാശോഭയുടെ കണ്‍ വെട്ടത്തില്‍ പെടാതെ നീട്ടിയെടുക്കുകയായിരുന്നു. വയലാറിന്റെ ഗാനം സിനിമയില്‍ ആദ്യം പ്രകാശിതമാക്കിയതും ഏഴുരാത്രികളില്‍ “മക്കത്തുപോയ് വരും മാനത്തെ ഹാജിയാര്‍..’ സ്വയം കമ്പോസ് ചെയ്ത് സലില്‍ ചൌധരിയുടെ സ്വീകാര്യത വാങ്ങിയെടുക്കലും ഈ ഗായികയുടെ സംഗീതമേ ജീവിതം ശ്രുതി മധുര സംഗീതമേ ജീവിതം എന്ന സോദ്ദേശത്തിന്റെ അടയാളങ്ങൾ.       ശ്രീകുമാരന്‍ തമ്പിയുടെ സംഗീതചരിത്ര ടി. വി പരമ്പരയായ ‘സംഗീതയാത്രകൾ‘-ഇല്‍ മറ്റുള്ളവര്‍ക്കു നല്‍കാത്ത പ്രാധാന്യം ഇവര്‍ക്കു നല്‍കിയിരുന്നു എന്ന് അദ്ദേഹം അനുസ്മരിക്കുന്നു. “എല്ലാവരും എന്നെ മറന്നപ്പോള്‍ അനിയന്‍ മാത്രമേ ഓര്‍ത്തുള്ളൂ‘ എന്ന ചെറിയ വിമ്മിഷ്ടത്തില്‍ ‍മഹത്ഗായിക സ്വന്തം സ്ഥാനാന്തരണം ഒതുക്കിയെടുത്തു.

            ‘തേങ്ങിടല്ലെ തേങ്ങിടല്ലെ തേന്‍ കുയിലെ” പാടിയ ഗായിക‍ നെടുനാളാണ് സ്വന്തം കൂട്ടില്‍ താനേ തേങ്ങിയുറങ്ങിയത്. ചില ചെറിയ തേങ്ങലുകള്‍ ഇവിടെ വിട്ടും വച്ച് പറന്നും കഴിഞ്ഞു.

“എത്രമനോഹരമാണവിടത്തെ ഗാനാലാപനശൈലി....
നിഭൃതം ഞാനതു കേള്‍പ്പൂ സതതം നിതാന്ത വിസ്മയ ശൈലി
.......
അലതല്ലീടുകയാണധിഗഗനം വായുവിലീ സ്വരചലനം
അലിയിക്കുന്നൂ സിരകളെ ഈ സ്വരഗംഗാസരഭസഗമനം
പാടണമെന്നുണ്ടീരാഗത്തില്‍ പക്ഷേ സ്വരമില്ലല്ലൊ
പറയണമെന്നുണ്ടെന്നാലതിനൊരു പദം വരു‍ന്നീലല്ലൊ
പ്രാണനുറക്കെ കേണീടുന്നു പ്രഭോ, പരാജിത നിലയില്‍
നിബദ്ധമിഹ ഞാന്‍ നിന്‍ ഗാനത്തിന്‍ നിരന്തമാകിയ വലയില്‍
....
എത്രമനോഹരമാണവിടത്തെ ഗാനാലാപനശൈലി......”

Tuesday, July 22, 2008

‘മാതൃഭൂമി‘യില്‍ എന്റെ ബ്ലോഗ് പോസ്റ്റ്

മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് പുതുതായി തുടങ്ങിയ ‘ബ്ലോഗന’ എന്ന സെക്ഷന്‍ (ബ്ലോഗില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പോസ്റ്റുകള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്ന ഇടം)-ല്‍ എന്റെ ‘ഇരട്ടവാന്റെ ലിംഗപ്രതിസന്ധി’ എന്ന പോസ്റ്റ് വന്നിരിക്കുന്ന വിവരം അറിയിക്കാന്‍ സന്തോഷമുണ്ട്. ബ്ലോഗിന്റെ അപ്രതിഹതമായ സാന്നിദ്ധ്യത്തിന്റെ അംഗീകാരം.

കഴിഞ്ഞകൊല്ലം ഇവിടെ വന്നുകയറിയപ്പോള്‍ ഇത്രയ്ക്കൊന്നും വിചാരിച്ചില്ല. എഴുത്ത് ഒന്നാമതേ പരിചയമില്ലായിരുന്നു-ചില സ്റ്റേജ് ഷോകള്‍ക്ക് സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ടെന്നല്ലാതെ. എന്നെ ഇവിടെത്തന്നെ പിടിച്ചുനിറുത്തിയ നിങ്ങളെല്ലാവര്‍ക്കും ഇതാ അതീവ സന്തോഷത്തോടെ ഒരു കെട്ടിപ്പിടുത്തം! ബലമായി ഇവിടെ കൊണ്ടു വന്ന സിബു(വരമൊഴി)വിനെ പിന്നെ കണ്ടോളാം.

Monday, June 16, 2008

നായരീഴവ ക്രിസ്ത്യാനി പുലയ മുസ്ലീം നമ്പൂരി മഹാജന സഭ

കടലിലി നിന്നും കയറി വന്നവര്‍, മലയിറങ്ങി വന്നവര്‍ അങ്ങനെ കേരളത്തില്‍ കുടിയേറിയവര്‍ നിരവധി. വടക്കു നിന്നും ബ്രാഹ്മണര്‍ വന്നു, ഈഴവര്‍ ശ്രീലങ്കയില്‍ നിന്നും ‘ഏഴു കടലോടി വന്നു’ എന്നും പാടി നടക്കുന്നതിനിടയില്‍ ചില നമ്പൂരിമാര്‍ ഓടിപ്പോയി ക്രിസ്ത്യാനിയായെന്നു വേറെ വീരഗാഥകള്‍. പുലയര്‍ക്ക് രാജ്യാധികാരം വരെ ഉണ്ടായിരുന്നു എന്ന് ചരിത്രതെളിവുകള്‍. നായന്മാര്‍ അങ്ങു വടക്കു നിന്നും നാഗാരാധനയുമായി എത്തിയെന്ന് സാംസ്കാരിക ചരിത്രകാരന്മാര്‍ക്ക് തോന്നല്‍. ‘പറയി പെറ്റ പന്തിരുകുലം’ മിത്തോളജി യില്‍ ചരിത്രത്തിന്റെ ഒരു കണിക ലയിച്ചു കിടക്കുന്നുണ്ടോ എന്ന സംശയവും.

ആദിദ്രാവിഡര്‍ എന്നു വിശേഷിക്കപ്പെടുന്ന ഗോത്രവര്‍ഗ്ഗക്കാര്‍ ധാരാളമാണ് കേരളത്തില്‍, 34 ഓളം വരും ഈ ഗോത്രങ്ങള്‍. വളരെ പ്രാചീനവും പരിണാമപരമായി സംരക്ഷിക്കപ്പെട്ടവുരമായ ഇക്കൂട്ടരെ ഭാരതത്തില്‍ വേറെങ്ങും കാണാനില്ല. ആക്രമണങ്ങള്‍ക്കും പലായനങ്ങള്‍ക്കും വശംവദരായ വടക്കരെപ്പോലെ കലര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടില്ല ഇവര്‍ക്ക്. പ്രതിരോധത്തിനു തനതായ ദ്രവീഡിയന്‍ ഭാഷയും സഹായത്തിന്‍് എത്തിയിട്ടുണ്ടാവണം. അതുപോലെ കേരളത്തിലെ ഹിന്ദുക്കളുടേയും ക്രിസ്ത്യാനികളുടെയും മുസ്ലീമുകളുടെയും പരിണാമ ചരിത്രങ്ങളും ഭാരതത്തിലെ സമാന്തരവിഭാഗക്കാരുമായി വിഘടിച്ചു നില്‍ക്കുന്നു.നരവംശശാസ്ത്രജ്ഞന്മാര്‍ക്കും ചരിത്രകാരന്മാര്‍ക്കും മാത്രമല്ല മോളിക്യുലാര്‍‍ പരിണാമ ഗവേഷകര്‍ക്കും ഇഷ്ടപരീക്ഷണ കരുക്കളാണ് കേരള ജനത.

മനുഷ്യന്റെ ഉദ്ഭവവും ലോകപര്യടനവഴികളും വിപ്ലവകരമായി തെളിച്ചത് ഡി. എന്‍. എ. സീക്വെന്‍സ് പഠനങ്ങള്‍ ആണ്. അവന്റെ ചരിത്രം ഈ സീക്വെന്‍സുകളില്‍ കൊരുത്തു വച്ചാണ് നടപ്പ്. ഈ ഡി. എന്‍. എ കണ്ണികള്‍ ബന്ധങ്ങളുടെ കണ്ണികള്‍ കൂടിയാണ്. ഒരു ഗോത്രം മറ്റൊരു ഗോത്രവുമായി സങ്കലിച്ചാല്‍ സന്തതി പരമ്പര ആ കലര്‍പ്പിന്റെ അടയാളങ്ങള്‍ ഡി. എന്‍. എയില്‍ കോര്‍ത്തു വയ്ക്കും. കോര്‍ത്തു വയ്ക്കുകയല്ല, ചെറിയതോ വലുതോ ആയ ഡി. എന്‍. എ കണ്ണികള്‍ പൂര്‍വസ്മൃതിയുമായി വിളയാടും. വിഹിതമോ അവിഹിതമോ ആയ ബന്ധങ്ങളുടെ രഹസ്യ ഡയറികളുമാണ് ഈ നേരിയ ന്യൂക്ലിയോറ്റൈഡ് ശൃംഖല. കാരണം ഒരു സെറ്റ് ക്രോമൊസോം അച്ഛനില്‍ നിന്നും മറ്റേ സെറ്റ് അമ്മയില്‍ നിന്നും കിട്ടിയതാണ്. അത് പരിശോധിച്ചാല്‍ ‘എവിടെ നിന്നോ വന്നു ഞാന്‍’ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ചില മറുപടികള്‍ കിട്ടും. കേരളത്തിലെ നായര്‍-ഈഴവ-നമ്പൂതിര്‍-ക്രിസ്ത്യാനി-മുസ്ലീം ഡി. എന്‍. എ. തന്തുക്കള്‍ വെളിവാക്കുന്ന വാസ്തവങ്ങള്‍ അദ്ഭുതമല്ലെങ്കിലും സവര്‍ണ-അവര്‍ണ വ്യത്യാസങ്ങള്‍ സ്ഥിരപ്രതിഷ്ഠമാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന നമ്മെ അങ്കലാപ്പിലാക്കുകയാണ്. ‘ആരുവലിയവന്‍ ആരുചെറിയവന്‍’ എന്നത് വെറും സിനിമാപ്പാട്ടുവിസ്മയമല്ലെന്നും കെട്ടിമച്ചവിശ്വാസങ്ങളുടെ നേര്‍ക്ക് വലിച്ചെറിഞ്ഞ ചോദ്യമാണെന്നും മനസ്സിലാക്കുന്നത് അരോചകമാക്കും. ഗോത്രവര്‍ഗ്ഗങ്ങളും മറ്റു ജാതി-മതസഥരുമായുള്ള ബന്ധം ഈയിടെ നടത്തിയ പഠനങ്ങളില്‍ കൂടി വെളിപ്പെടുത്തുന്നത് അതിസാധാരണരാണ് നമ്മളൊക്കെയും എന്നാണ്. കലര്‍പ്പിന്റെ അയ്യരുകളി എന്നു പറഞ്ഞാല്‍ വാച്യാര്‍ത്ഥത്തില്‍ അതു ശരിയാകാനും സാധ്യതയുണ്ട്. ബ്രാഹ്മണ(നമ്പൂരിമാര്‍)രും ഈ സംഘക്കളിയില്‍ പങ്കു ചേര്‍ന്നിട്ടുണ്ട്.

പണ്ട് ഇഴ പിരിഞ്ഞ, ഇണചേര്‍ന്ന ഡി. എന്‍. എ മാലകള്‍ കണ്ണികള്‍ പരിശോധിയ്ക്കുപ്പെടുകയാണ് ഇന്ന് പരീക്ഷണശാലയില്‍. മനുഷ്യരുടെ ഒരു ജീനിനു പൊതുവേ ഒരു ഡി. എന്‍. എ സീക്വെന്‍സായിരിക്കുമെങ്കിലും ചില ജീനുകളില്‍ കണ്ണികളുടെ വിന്യാസത്തില്‍ നേരിയ മാറ്റം കാണാം. Polymorphism എന്ന് ലളിതമായി പറയാം ഈ പ്രതിഭാസത്തെ. രണ്ടു വ്യത്യസ്ത പോളിമോര്‍ഫിസമുള്ള അച്ഛനും അമ്മയ്ക്കും ഉണ്ടാകുന്ന സന്തതിയ്ക്ക് ഇരട്ട വ്യത്യസ്ഥത കാണും. എല്ലാ ജീനുകളും രണ്ടെണ്ണം വീതമുണ്ട് ജീവികളില്‍. അല്ലീല്‍ (allele)എന്നു വിളിക്കും ഈ ഇണകളെ. ചില ജീനുകള്‍ക്ക് പല അല്ലീല്‍ കാണപ്പെടാം. ജീനുകളുടെ നടുക്ക് വെറുതെ കിടക്കുന്ന ഡി. എന്‍.എ സീക്വെന്‍സു (introns)കളുടെ വ്യത്യാസം കാരണം ഇങ്ങനെ നിരവധി അല്ലീലുകള്‍ പെറുക്കിയെടുക്കാം. ഈ അല്ലീല്‍ സീക്വെന്‍സുകള്‍ ഓരോ ചെറു സമൂഹത്തിന്റേയും വ്യതസ്ത വ്യക്തിത്വം വ്യഞ്ജിപ്പിക്കുന (രഹസ്യ?) കോഡുകളാണ്. നിരവധി അല്ലീലുകള്‍ ഉള്ള ജീനുകളില്‍‍ അവയിലെ ഡി. എന്‍. എ സീക്വെന്‍സുകളാല്‍ സൃഷ്ടിക്കുന്ന ഈ ‘കോഡ്’ താരതമ്യം ചെയ്താല്‍ സമൂഹങ്ങളോ ജാതികളോ മതങ്ങളോ ആയി വേര്‍തിരിഞ്ഞവരുടെ ബന്ധങ്ങള്‍ ഊര്‍ത്തി വലിച്ചു പുറത്തിടാന്‍ പര്യാപ്തമാക്കും.അമ്മയില്‍ നിന്നും ലഭിച്ച മൈറ്റോക്കോന്‍ഡ്രിയല്‍ ഡി. എന്‍. എയും ഇത്തരം ബന്ധങ്ങളെ സൂചിപ്പിക്കും. അച്ഛനില്‍ നിന്നും കിട്ടിയ Y ക്രോമൊസോമിലും ഇത്തരം നിഗൂഢകണ്ണികള്‍ ചരിത്രരഹസ്യങ്ങളും പേറി ഇരിപ്പാണ്. ഇവയെല്ലാം നരവംശശാസ്ത്രത്തിന്റെ അദ്ഭുതാവഹമായ വിസ്മയങ്ങള്‍ മാത്രമായിരിക്കുന്നില്ല, സമൂഹ്യ-സാംസ്കാരിക ചരിത്രത്തിന്റെ ബലം പുനര്‍നിര്ണ്ണയിക്കപ്പെടുകയും വിശ്വാസങ്ങള്‍ക്ക് ആഘാതമേല്‍പ്പിക്കുകയും ചെയ്യുന്നു.

ഹുമന്‍ ല്യൂകോസൈറ്റ് ആന്റിജെന്‍ (Human leukocyte antigen- HLA) വിവിധ പൊപുലേഷനുകളുടെ ജനിതകശാസ്ത്രപഠനങ്ങള്‍ക്കും സാജാത്യ-വ്യത്യാസങ്ങളുടെ അടയാളമായും പരക്കെ ഉപയോഗിക്കപ്പെട്ടു വരുന്ന ഒരു ജീന്‍ ആണ്. മേല്‍പ്പറഞ്ഞ അല്ലീലുകള്‍ നിരവധി കാണപ്പെടുന്നതുകൊണ്ട് ഓരോ സമൂഹങ്ങളുടെ കൃത്യ അടയാളങ്ങളായി ഈ HLA അല്ലീലുകള്‍ വര്‍ത്തിക്കുന്നു. ജനിതക-നരവംശഗവേഷണങ്ങള്‍ക്കും ദേശാടനത്തിന്റേയും കലര്‍പ്പിന്റേയും വഴികള്‍ വരച്ചെടുക്കാനും HLA അല്ലീലുകളുടെ പഠനങ്ങള്‍ സഹായിക്കുന്നു. A, B, C എന്ന് വേര്‍തിരിക്കപ്പെട്ട പോളിമോര്‍ഫിസങ്ങളില്‍ കാണപ്പെടുന്ന അല്ലീലുകളുടെ വ്യത്യാസങ്ങള്‍ സാംസ്കാരികമായോ ജാതി-മതപരമായോ ഭാഷാപരമായോ വേര്‍തിരിഞ്ഞ അടരുകളെ ബന്ധപ്പെടുത്താനോ വെവ്വേറെ കള്ളികളിലാക്കാനോ ഉതകും. ഏകദേശം രക്ത ഗ്രൂപ് A, B, O എന്ന പോളിമോര്‍ഫിസം പോലെയാണ് HLA യുടെ A, B, C തരംതിരിവുകള്‍. ഒരു വ്യത്യാസം ഒരാളില്‍ ഇവ മൂന്നും കാണപ്പെടാന്‍ സാദ്ധ്യത ഉണ്ടെന്നുള്ളതാണ്. ഓരോ ഗ്രൂപ്പിലും ഡി. എന്‍. എ. കണ്ണികളുടെ അനുക്രമങ്ങളില്‍ ചെറിയ വ്യത്യാസങ്ങള്‍ കാണപ്പെടും. നേരത്തെ പറഞ്ഞ അല്ലീലുകള്‍ തന്നെ. വ്യത്യസ്ത അല്ലീലുകളുടെ ഡി. എന്‍. എ അനുക്രമം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്, ഈ അനുക്രമങ്ങള്‍ ലോകത്തെ മനുഷ്യവംശത്തിന്റെ ചെറിയ ഗ്രൂപ്പുകളില്‍ പോലും ഏത് അനുപാതത്തില്‍ കാണപ്പെടുന്നു എന്നു കണ്ടു പിടിച്ചിട്ടുമുണ്ട്. ഉദാഹരണത്തിനു HLA B യുടെ നിരവധി അല്ലീലുകളില്‍ ഏതൊക്കെയാണ് ഒരു പ്രത്യേക വംശത്തിലോ കുലത്തിലോ കൂടിയ ആവൃത്തി (frequency)യില്‍ കാണപ്പെടുന്നത് എന്നത് തീര്‍ച്ചയാക്കപ്പെട്ടിട്ടുണ്ട്. ഈ ഫ്രീക്വെന്‍സി പഠനങ്ങള്‍ ഇന്ന് നരവംശശസ്ത്രജ്ഞരുടെയും മോളിക്യുലാര്‍ ജനിതകശാസ്ത്രജ്ഞരുടെയും പ്രിയതരമായ വ്യാപാരമാണ്. കേരളത്തിലെ ആദിദ്രാവിഡരുടേയും പില്‍ക്കാലത്ത് ഉരുത്തിരിഞ്ഞ ജാതി-മതബന്ധങ്ങളുടേയും കൃത്യതരമായ നിര്‍വചനമാണ് HLA allele പഠനങ്ങള്‍ വഴി തെളിയിച്ചെടുക്കുന്നത്. സെന്റെര്‍ ഫോര്‍ ബയോടെക്നോളൊജി (തിരുവനന്തപുരം) യിലെ ഡോ. ബാനെര്‍ജിയും സഹഗവേഷകരും ((ആര്‍. തോമസ്, എസ്. ബി. നായര്‍, മൊയ്ന ബാനെര്‍ജി സംഘം) വെളിച്ചത്തെടുക്കുന്ന വസ്തുതകളാല്‍‍ കേരളത്തിലെ ജാതി-മത ബന്ധങ്ങള്‍ പുന:പരിശോധിക്കപ്പെടുകയാണ്.

ഗോത്രവര്‍ഗ്ഗക്കാരുടെ HLA അല്ലീലുകള്‍ നിര്‍ണ്ണയിച്ച് അവര്‍ തമ്മിലുള്ള സാജാത്യ-വൈജാത്യങ്ങള്‍ പഠിയ്ക്കുകയാണ് ഡോ. ബാനെര്‍ജിയും കൂട്ടരും ആദ്യം ചെയ്തത്. പണിയര്‍, മലമ്പണ്ടാരം, അടിയര്‍, കുറിച്യര്‍, കാണിക്കാര്‍, കാട്ടുനായ്ക്കര്‍, കുറുമര്‍ എന്നീ ആ‍ാദിദ്രാവിഡ ഗോത്രങ്ങളിലെ അല്ലീലുകള്‍ തരം തിരിയ്ക്കുകയും അതോടൊപ്പം ഗോത്രവര്‍ഗ്ഗക്കാരല്ലാത്ത മറ്റു കേരളീയര്‍ (Random nontribal Ddravidian group, RND)ഉടെ അല്ലീലുകളും പരിശൊധിക്കപ്പെട്ടു. ഗോത്ര-അഗോത്ര താരതമ്യത്താല്‍ ‍ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍:
1.ഗോത്രവര്‍ഗ്ഗക്കാര്‍ എല്ലാം ഒരു ഗ്രൂപ്പില്‍ പെടുത്താവുന്നവരാണ്, RND മറ്റൊരു ഗ്രൂപും. 2. ഗോത്രവര്‍ഗ്ഗക്കാരിലെ മിക്ക അല്ലീലുകളും കുറഞ്ഞ ഫ്രീക്വന്‍സിയിലെങ്കിലും RND ഗ്രൂപ്പില്‍ കാണപ്പെടുന്നുണ്ട്. 3. കുറിച്യര്‍ മാത്രം ഗോത്രവര്‍ഗ്ഗക്കാരില്‍ നീനും സ്വല്‍പ്പം വേറിട്ട് RND ഗ്രൂപ്പിനോടടുത്ത് നില്‍ക്കുന്നു. 4. ഗോത്ര വര്‍ഗ്ഗക്കാര്‍ മറ്റു ലോക ഗ്രൂപ്പുകളില്‍ നിന്നും വ്യത്യസ്തമായി നിലകൊള്ളുന്നു, RND ഗ്രൂപ് ഇന്‍ഡോ-യൂറോപ്യന്‍ വംശാവലിയുടെ അതിസ്വാധീനമുള്ള വടക്കെ ഇന്‍ഡ്യന്‍ ഗ്രൂപ്പിനോട് അടുത്ത് ഇടം തേടുന്നു.5. ദ്രവീഡിയന്‍ വംശാവലിയില്‍ പിന്നറ്റത്ത് നിലയുറപ്പിച്ചിരിക്കുന്നത് കുറുമരും മലമ്പണ്ടാരവും കാട്ടുനായ്ക്കരുമാണ്, ഇവരായിരിക്കണം ശുദ്ധദ്രവീഡിയന്‍ പിന്തുടര്‍ച്ചക്കാര്‍. 6. ദക്ഷിണഭാരതീയരില്‍ മാത്രം, ഉത്തരേന്ത്യയില്‍ കാണാത്ത അല്ലീലുകളുടെ സാന്നിധ്യം തെക്കു-വടക്ക് കലര്‍പ്പുകള്‍ ക്ക് അതിര്‍വരമ്പിടുന്നു. അഗോത്രവര്‍ഗ്ഗക്കാരായ മറ്റു കേരളീയര്‍ വടക്കന്‍ അല്ലീലുകളുടേ സ്വാധീനത്താല്‍ ‘ഗുപ്തദ്രാവിഡര്‍’‍ (Crypto-dravidians) എന്ന പേരിലാണ് ഇന്ന് അറിയപ്പെടുന്നത്.

അടുത്തതായി ഈ ഗവേഷകസംഘം ഗോത്രവര്‍ഗ്ഗക്കാരുടേയും മറ്റു മത-ജാതിക്കാരുടേയും (നായര്,ഈഴവ,നമ്പൂതിരി‍, മുസ്ലീം, സിറിയന്‍ ക്രിസ്ത്യന്‍) ഗോത്രവര്‍ഗ്ഗത്തില്‍ പെടാത്ത പുലയരുടേയും അല്ലീലുകളുമായി താരതമ്യം ചെയ്യാനാണ്‍ ഒരുമ്പെട്ടത്. ഗവണ്മെന്റ് ഓര്‍ഡിനന്‍സ് പ്രകാരം പുലയരെ ഗോത്രവര്‍ഗ്ഗക്കാരില്‍ നിന്ന്നും മാറ്റി പ്രതിഷ്ഠിച്ചിരുന്നു അന്‍പതുകളില്‍. അല്ലീലുകളുടെ കൊള്ളക്കൊടുക്കകഥകള്‍ ഇങ്ങനെ:

HLA-A
ഈ അല്ലീലുകള്‍ ഏറ്റവും കൂടുതല്‍ നായന്മാരില്‍ ആണ് കണ്ടെത്തിയത്. എന്നുവച്ചാല്‍ ഏറ്റവും വ്യാപകമായി സ്വീകരിക്കപ്പെട്ടിരിക്കുന്നു, പല ഗ്രൂപ്പുകളില്‍ നിന്നുമായി. ഏറ്റവും കുറവ് പുലയരില്‍ ആണ് കാണപ്പെടുന്നത്. ഏറ്റവും ഫ്രീക്വന്റ് ആയ അല്ലീല്‍ HLA-A 24 പുലയരിലും നമ്പൂതിരിമാരിലും ഒരു പോലെയാണ് (freqvency=0.25)നായന്മാരില്‍ 0.23, സുറിയാനി‍ ക്രിസ്ത്യാനികളില്‍ 0.27, ഈഴവരില്‍ 0.1, മുസ്ലീമുകളില്‍ 0.177 ഇങ്ങനെ പോകുന്നു. HLA-A02 ഈഴവരിലും മുസ്ലീമുകളിലും ആണ് ഏറ്റവും കൂടുതല്‍ ഫ്രീക്വസിയില്‍. A 23 ആകട്ടെ നായരിലും ഈഴവരിലും മാത്രം. A 29 നായന്മാര്‍ക്കു മാത്രം. പുലയരിലുള്ള ആറു അല്ലീലുകളും നമ്പൂതിരിമാരുള്‍പ്പെടെ എല്ലാവരിലുമുണ്ട്. A 33 നമ്പൂതിരിമാരില്‍ ഏറ്റവും കൂടുതല്‍ (ഫ്രീക്വസി 0.2). സുറിയാനി ക്രിസ്ത്യാനികളിലും ഈഴവരിലും മുസ്ലീമുകളിലും ഈ അല്ലീല്‍ 0.15 നോടടുത്ത്. എന്നാല്‍ പുലയരിലും നായന്മാരിലും തീരെ കുറവ് (0.063). നമ്പൂതിര്‍മാരില്‍ നിന്നും മറ്റു ജാതി-മതക്കാര്‍ സ്വീകരിച്ചതാകാം ഈ അല്ലീല്‍.

HLA-B
27 എണ്ണമുള്ളതില്‍ നായന്മാരില്‍ 19 ഉം കാണപ്പെടുന്നു. HLA-B 07 ഏറ്റവും കൂടുതല്‍ പുലയരിലും നമ്പൂതിരിമാരിലും (0.281, 0.288 ഫ്രീക്വന്‍സികള്‍). ഈഴവരില്‍ ഇത് വളരെ കുറവ്. നായന്മാരിലും മുസ്ലീമുകളിലും ഏകദേശം ഒരുപോലെ. കുറിച്യരില്‍ ഇതു കൂടുതലാണ്: 0.35 ഫ്രീക്വന്‍സി. B 40 ആണ് നമ്പൂതിര്‍മാരിലും പുലയരിലും ഒരൊപോലെ കൂടുതലായി കാണപ്പെടുന്ന ഒരു അല്ലീല്‍. B 14 സുറിയാനി ക്രിസ്ത്യാനികളില്‍ മാത്രം കാണപ്പെടുമ്പോള്‍ B 38 ഈഴവരില്‍ മാത്രം.സിറിയന്‍ ക്രിസ്ത്യാനികളിലും നമ്പൂതിരി‍മാരിലും മാത്രമായി കുറഞ്ഞ ഫ്രീക്വന്‍സിയില്‍ കാണപ്പെടുന്നു B 18. B 35 ആകട്ടെ സുറിയാനി ക്രിസ്ത്യാനികള്‍, ഈഴവര്‍, മുസ്ലീം, നമ്പൂതിരി എന്നിവരില്‍ ധാരാളം.

HLA-C
ആകെ 12 എണ്ണം പരിശോധിക്കപ്പെട്ടതില്‍ C 06 എല്ലാഗ്രൂപ്പിലും കാണപ്പെടുന്നുണ്ട്. Cw 04മുസ്ലീമുകളിലാണു കൂടുതല്‍, തൊട്ടു താഴെ സിറിയന്‍‍ ക്രിസ്ത്യന്‍ ,പിന്നെ നമ്പൂതിരി. ഈഴവരിലും പുലയരിലും ഇത് ഒരുപോലെ. സ്വല്‍പ്പം നായന്മാരിലും. Cw 07നായന്മാരില്‍ എറ്റവും കൂടുതല്‍, ഈഴവരിലും നമ്പൂതിരിമാരിലും പുലയരിലും ഏകദേശം ഒരുപോലെ ഫ്രീക്വെസി. ഗോത്രവര്‍ഗ്ഗക്കാരില്‍ കൂടുതല്‍ കാണപ്പെടുന്ന C 14 പുലയരിലും നായന്മാരിലും സുറിയാനി ക്രിസ്ത്യാനികളിലും ഏകദേശം ഒരുപോലെയാണ്.

കൂട്ടപ്പകര്‍ച്ച (Haplotypes)

രണ്ടോ മൂന്നോ അല്ലീലുകള്‍ ഒരു ഗ്രൂപ്പായി തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടാം. ഇതിന് 'haplotype' എന്നു പറയുന്നു. ഒരു അല്ലീല്‍ കൊണ്ടു മാത്രം ബന്ധപ്പെടുത്തുന്നതിനേക്കാള്‍ തീവ്രതയും അടുപ്പവുമാണ് രണ്ടോ അതിലധികമോ അല്ലീലുകള്‍ ഒരു ഗ്രൂപ്പായി കാണപ്പെടുന്ന രണ്ടു ജാതികളെ ബന്ധപ്പെടുത്തുന്നതില്‍. ഉദാഹരണത്തിനു HLA B യുടേയും C യുടേയും രണ്ടു നിശ്ചിത അല്ലീലുകള്‍ രണ്ടു കൂട്ടരില്‍ കാണുന്നുവെന്നാല്‍ അവ രണ്ടും കൂടുതല്‍ ജീന്‍ കൈമാറ്റത്തിനു വശംവദരായെന്നു സാരം. Bilocus haplotype എന്ന് ഇതിനു പേര്. ഉദാഹരണത്തിന് B 35 എന്ന അല്ലീലും C 14 എന്ന അല്ലീലും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്ന B 35 C 14 എന്ന ഹാപ്ലോറ്റൈപ് കാട്ടുനായ്ക്കരിലാണ് ഏറ്റവും കൂടുതല്‍ ഫ്രീക്വന്‍സിയില്‍ കാണപ്പെടുന്നത്. ഇതേ ഹാപ്ലോറ്റൈപ് ചെറിയ തോതിലെങ്കിലും നായര്‍-മുസ്ലീം-ഈഴവ-ക്രിസ്ത്യാനി-നമ്പൂതിരി മാരില്‍ കാണപ്പെടുന്നുണ്ട്. ആകെ 48 ഹാപ്ലോറ്റൈപ് പരിശോധിക്കപ്പെട്റ്റതില്‍ 29 എണ്ണം സുറിയാനിക്രിസ്ത്യാനികളിലും 27 എണ്ണം നമ്പൂതിരിമാരിലും 25 എണ്ണം നായന്മാരിലും 23 എണ്ണം മുസ്ലീമുകളിലും കാണുന്നു. ഇങ്ങനെ വാരി വിതറപ്പെട്ടവ പലതും ഒരേ തരം തന്നെയാണ്. കാട്ടുനായ്ക്കരില്‍ 23 ഉം കുറിച്യരില്‍ 22ഉം. B 61 C 14 കുറിച്യരൊഴിച്ച് എല്ലാ ഗ്രൂപ്പുകളിലുമുണ്ട്. B 35 C 04 എന്ന ഹാപ്ലോറ്റൈപ് കാണിക്കാരില്‍ കൂടുതല്‍ കാണുന്നു, ഇത് ഇതേ പടി സുറിയാനി‍ ക്രിസ്ത്യാനികളിലേക്ക് പകര്‍ന്നിട്ടുണ്ട്. മുസ്ലീമുകളും നമ്പൂതിരിമാരും ഇതു ലോഭമില്ലാതെ പിടിച്ചെടുത്തിട്ടുണ്ട്.ഈഴവരും നായന്മാരും സ്വല്‍പ്പം പിന്നില്‍. B 07 C 07 ആകട്ടെ നായര്‍-നമ്പൂതിരി-ഈഴവര്‍ എന്നിവരില്‍ നന്നായിട്ട് പ്രകടമാണ് , പുലയരില്‍ ഇത് കൂടുതലായി കാണപ്പെടുന്നുള്ളതിനാല്‍ അവരില്‍ നിന്നും സ്വംശീകരിച്ചതാകാന്‍ സാദ്ധ്യത. ഗോത്രവര്‍ഗ്ഗക്കാരിലേക്കു പകരാതെ നില്‍ക്കുന്ന ഹാപ്ലോറ്റൈപ് ആണ് B 44 C 07. B 7 A 24 നമ്പൂതിരിമാരില്‍ ഫ്രീക്വസി കൂടുതല്‍. മറ്റു നാട്ടുകാര്‍ ഇത് ഏറ്റുവാങ്ങിയിട്ടില്ല ഇതുവരെ. മൂന്നു അല്ലീലുകള്‍ ഒരുമിച്ച് (trilocus haplotype)പകര്‍ന്നതിന്റെ കണക്കുകള്‍ പുലയിരില്‍ നിന്നും സംക്രന്മിച്ച അല്ലീലുകളുടെ കഥകളാണ് ചൊല്ലിത്തരുന്നത്.( B 07 C 07 A 11). ചില മൂവര്‍ അല്ലീല്‍ക്കൂട്ടം ഗോത്രവര്‍ഗ്ഗക്കാരില്‍ നിന്നും ‘മേല്‍’ ജാതിയിലേക്ക് പകര്‍ന്നിട്ടേ ഇല്ല. B 40 C 14 A 24 എന്ന അല്ലീല്‍ക്കൂട്ടം തെക്കേ ഇന്‍ഡ്യക്കാരില്‍ മാത്രം കാണപ്പെടുന്നതാണ്. നമ്പൂതിര്‍മാരിലേക്ക് ഇത് ഇനിയും പടര്‍ന്നിട്ടില്ല. B 52 C 14 A 24 കൂട്ടല്ലീല്‍ ഗോത്രവര്‍ഗ്ഗക്കാരില്‍ മാത്രം, അതും കാട്ടുനായ്ക്കരില്‍ ഏറ്റവും കൂടുതല്‍ ഫ്രീക്ക്വസിയില്‍. ഈ അല്ലീല്‍കൂട്ടമായിരിക്കണം പ്രാചീനമായിരുന്ന ദ്രവീഡിയന്‍ പോപുലേഷനിലെ പ്രപിതാമഹന്മാരുടെ ഹാപ്ലോറ്റൈപ്.

ഈ ഇടകലശല്‍ വ്യാപകമ്മണെങ്കിലും ഗോത്ര-അഗോത്ര വര്‍ഗ്ഗങ്ങള്‍ ചില വ്യക്തിസ്വത്വങ്ങള്‍ കാത്തു സൂക്ഷിയ്ക്കുന്നുമുണ്ട്. HLA-A, B, C അല്ലീലുകളുടെ ഫ്രീക്വെന്‍സി വിശദമായ സ്റ്റാറ്റിറ്റിക്കല്‍ പഠനങള്‍ക്കും മറ്റു ലോക പോപുലേഷനുകളുമായി താരതമ്യവിശകലനങ്ങള്‍ക്കും വിധേയമാക്കിയപ്പോള്‍ തെളിഞ്ഞത് ഗോത്രവര്‍ഗ്ഗക്കാര്‍ ഒരു ഗ്രൂപ്പിലും മറ്റുജാതി-മതക്കാര്‍ ലോകപോപുലേഷനുമായി ബന്ധപ്പെട്ട മറ്റൊരു ഗ്രൂപ്പിലും ആണെന്നാണ്. രണ്ട് ‘cluster groups' ഉള്ളതില്‍ കുറിച്യര്‍ വേറിട്ടു നില്‍ക്കുന്ന ഗോത്ര വര്‍ഗ്ഗവും അതിനേക്കാള്‍ വലിയ മറ്റു ജാതി-മതക്കാരും. ഗോത്രവര്‍ഗ്ഗക്കാര്‍ കൃത്യമായ ദ്രവീഡിയന്‍ 'gene pool' നിലനിര്‍ത്തുന്നുണ്ടെങ്കില്‍ മറ്റുള്ള കേരളീയരുടെ gene pool-ല്‍‍ ദ്രവീഡിയനും ഇന്‍ഡോ‍ായൂറോപ്യനും ( (ബാലൊക്-പാകിസ്താന്‍,ബുറുഷോ-പാകിസ്താന്‍, കലാഷ്-പാകിസ്താന്‍, പഠാന്‍-പാകിസ്താന്‍, സിന്ധി-പാകിസ്താന്‍, വടക്കെ ഇന്‍ഡ്യന്‍) ഈസ്റ്റ് ഏഷ്യനും ( (സൌത് കൊറിയ,തായ് ലന്‍ഡ്, വുഹാന്‍-ചൈന) വ്യക്തമായ സ്വാധീനമുണ്ട്. ഈ സ്വാധീനം വടക്കെ ഇന്‍ഡ്യക്കാരുമായി അടുത്തു നിര്‍ത്തുന്നു. B 35 , C 04 എന്നീ അല്ലീലുകള്‍ കൂടുതല്‍ കാണപ്പെടുന്ന മെഡിറ്ററേനിയന്‍ (ഗ്രീക് ഏജിയന്‍, ഗ്രീക് അറ്റിക്ക , ഗ്രീക് സൈപ്രിയോട്സ്, വടക്കെ ഇറ്റലി, ടര്‍ക്കി) ജീന്‍ പൂളിന്റെ സ്വാധീനം ഏറ്റവും കൂടുതല്‍ കാണുന്നത് മുസ്ലീമുകളിലും സുറിയാനി ക്രിസ്ത്യാനികളിലുമാണ്. എന്നാല്‍ നായന്മാരിലുള്ള സ്വാധീനം വെസ്റ്റേണ്‍ യൂറോപ്യന്‍ (ബെല്‍ജിയം, എസ്സെന്‍-ജെര്‍മനി, ഓര്‍കിനി-സ്കോട് ലന്‍ഡ്, വടക്കെ അയര്‍ലന്‍ഡ്) ആണ്, B 07, C 07 എന്നീ അല്ലീലുകളുടെ ആധിക്യം കാരണം. എന്നാല്‍ ഈഴവരിലും നമ്പൂതിരിമാരിലും യൂറോപ്യന്‍, സെന്റ്രല്‍ ഏഷ്യന്‍ ( ഖാല്‍ക്ക-ഊല്‍ഡ്-റ്റ്സാറ്റന്‍- എന്നീ മംഗോള്‍ വര്‍ഗ്ഗം) ഈസ്റ്റ് ഏഷ്യന്‍ ( വുഹാന്‍-ചൈന, തെക്കന്‍ കൊറിയ, തായ് ലന്‍ഡ്) ജീന്‍ പൂളുകളുടെ സ്വാധീനം കാണുന്നുണ്ട്. രണ്ടു വ്യത്യസ്തമായ ദേശാടന കുടിയേറ്റ സംഭവങ്ങള്‍-കിഴക്കനും പടിഞ്ഞാറനുമായ വംശാവലികള്‍ -കടന്നു കയറിയതിന്റെ തെളിവ് കണ്‍പെട്ടിട്ടുണ്ടു താനും. ബാനെര്‍ജിയുടേയും കൂട്ടരുടേയും ലേഖനത്തില്‍ ഇങ്ങനെ: ‘It is evident from the HLA class I allelic and haplotypic frequencies that the Dravidian communities of Kerala have been influenced by the gene pools of different world populations during different time periods, giving rise to a unique and distinct population having crypto-Dravidian features'.

പറയി പെറ്റ പന്തിരുകുലം
ഈ പഠനങ്ങളില്‍ ശ്രദ്ധിക്കപ്പെടേണ്ടത് പറയിയുടെ/പുലയിയുടെ മക്കള്‍ നമ്മള്‍ എന്ന മിത്തിനോടടുത്ത് നില്‍ക്കുന്നു ഈ നിഗമനങ്ങള്‍ എന്ന രസാവഹമായ കണ്‍പാര്‍ക്കലാണ്. ഗോത്രവര്‍ഗ്ഗക്കാരല്ലാത്ത നായര്‍-ക്രിസ്ത്യാനി-ഈഴവ- മുസ്ലീം -നമ്പൂതിരി പ്രഭൃതികളുടെ പ്രപിതാമഹരുടെ സ്ഥാനം പുലയര്‍ക്കാണ്. അല്ലീലുകളുടെ വ്യാപനം ഇതാണ് സൂചിപ്പിക്കുന്നത്. വന്നുകയറുന്ന ജനസമൂഹങ്ങള്‍ക്ക് സങ്കലിയ്ക്കാന്‍ യോജ്യമായ സാമൂഹിക-സാംസ്കാരിക ഇഴയടുപ്പം പുലയരായിരിക്കണം സജ്ജമാക്കിയത്. സാവിത്രി-ചാത്തന്‍ സംഗമങ്ങള്‍ പദ്യഭാവനകളില്‍‍ മാത്രം ഒതുക്കേണ്ടതില്ല. സാമൂഹ്യകാരണങ്ങള്‍ക്ക് ഇത്തരം വിലയനങ്ങളില്‍ സാംഗത്യമുണ്ട്. ഗോത്രവര്‍ഗ്ഗങ്ങളില്‍ വേറിട്ടുനില്‍ക്കുന്നത് കുറിച്യരാണ്. അസ്ത്രവിദ്യ കൈമുതലായിട്ടുള്ള കുറിച്യര്‍ പ്രതിരോധത്തിനു നിയോഗിക്കപ്പെട്ടതായിയിരിക്കണം അവരുടെ സമൂഹത്തിനു വെളിയില്‍ നിന്നുള്ള വ്യാപനത്തിനു വഴിയൊരുക്കയത്. മറ്റ് ഇന്‍ഡോ-യൂറോപ്യന്‍ സമൂഹങ്ങളുമായി അടുപ്പം കാണിയ്ക്കുന്ന നായന്മാരുടെ ഉദ്ഭവം വടക്കുള്ള നേവാര്‍ (നേപാള്‍ താഴ്വരയിലെ)സമൂഹമായിരിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് ബാനെര്‍ജിയുടേയും കൂട്ടരുടെയും നിഗമനം. ഈഴവരുടെ ഉദ്ഭവം ദുരൂഹതയിലാണ്. ശക്തമായ കിഴക്കന്‍ യൂറോപ്യന്‍(ഭാരതത്തിനു കിഴക്കും മദ്ധേഷ്യയിലുമുള്ള ജനസമൂഹം) മൂലകങ്ങള്‍ അല്ലീലുകളുടെ താരതമ്യത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മംഗോള്‍ സമൂഹവുമായും ഈഴവരുടെ അല്ലീലുകള്‍ സാജാത്യം പ്രകടമാക്കുന്നുണ്ട്. ബുദ്ധമതായനുനായികള്‍ ഈ സ്ഥലങ്ങളില്‍ നിന്നും ശ്രീലങ്ക വഴി എത്തിച്ചേര്‍ന്നതോ എന്ന സംശയം ബാക്കി.നമ്പൂതിരിമാര്‍ക്കാകട്ടെ ഇന്‍ഡോ-യൂറോപ്യന്‍ കൂടാതെ മദ്ധ്യേഷ്യ, കിഴക്കന്‍ ഏഷ്യ എന്നീ ജീന്‍ പൂളുകളുടെ സ്വാധീനം‍ കാണാനുണ്ട്. ഭാരതത്തില്‍ പരക്കെയുള്ള ബ്രാഹ്മണര്‍ക്ക് പല ഉദ്ഭവ-ദേശാടനചരിത്രവും കുടിയേറ്റത്തില്‍ വൈജാത്യങ്ങളും കാണുന്നുണ്ടെന്നുള്ളത് സുവിദിതമാണ്. തമിഴ് ബ്രാഹ്മണര്‍ (അയ്യര്‍, അയ്യങ്കാര്‍) ഉമായി മലയാളി ബ്രാഹ്മണര്‍ അല്ലീലുകള്‍ പങ്കിടുന്നില്ല. മലബാര്‍ മുസ്ലീമുകള്ഉം സുറിയാനി ക്രിസ്ത്യാനികളും മെഡീറ്റെറേനിയന്‍ ജീന്‍ പൂളിന്റെ കലര്‍പ്പുള്ളവരാണ്. ബാനെര്‍ജിയും കൂടരും എഴുതുന്നു: “Although nontribal communities display greater Dravidian influence but genetic admixture with the Mediterranean, Western European, Central Asian and East Asian populations characterize their crypto-Dravidian features. Therefore it can be suggested that evolution of different caste groups and religious groups representing the non-tribal communities is through demic diffusion. The local progressive demes that displayed logistic growth such as Kurichya and Pulaya diffused with the immigrant communities. These local progressive communities evolved radially and over a period of time separated from the centroid to form independent communities."

ജനസമൂഹങ്ങളുടെ വ്യാപനവും കുടിയേറ്റവും കലര്‍പ്പും കൃത്യമ്മയി വിശകലനം ചെയ്യാന്‍‍ ഇന്ന് ഉപയോഗിക്കുന്ന മറ്റു തന്ത്രങ്ങളില്‍ y ക്രൊമൊസോമിലെ ഹാപ്ലോ ഗ്രൂപുകളും മൈറ്റൊക്കോണ്ഡ്രിയല്‍ ഡി. എന്‍. എ യിലെ ഹാപ്ലോഗ്രൂപുണ് പ്രധാനികള്‍. Y ക്രോമൊസോം അച്ഛനില്‍ നിന്നും ലഭിയ്ക്കുന്നതാണ്, അതിലെ ഹാപ്ലോ ഗ്രൂപ്പിന്റെ വ്യാപനം അടയാളപ്പെടുത്തുന്നത് ആണുങ്ങള്‍ വഴിയുള്ള കലര്‍പ്പിന്റെ വഴികളാണ്. ഒരു സമൂഹത്തിലേക്ക് വേഴ്ചയുമായി എത്തുന്ന ആണുങ്ങള്‍ അവരുടെ മുദ്ര അവിടെ പതിപ്പിയ്ക്കുകയാണ്. മൈറ്റൊക്കോന്‍ഡ്രിയല്‍ ഡി. എന്‍. എ ആകട്ടെ അമ്മയുടെ അണ്ഡംവഴി പകര്‍ന്നുവ്യാപിക്കുന്നതും അങ്ങനെ സ്ത്രീകളില്‍ നിന്നും പകര്‍ന്നു കിട്ടിയ ‘പൈതൃക‘ത്തിന്റെ സൂക്ഷ്മ കോഡുകളും. തലമുറകള്‍ കഴിഞ്ഞും ഇത്തരം വ്യാപനങ്ങള്‍ കണ്ടുപിടിക്കപ്പെടാം എന്നത് ശാസ്ത്രം മന:സാക്ഷിയുമായി ചെയ്യുന്ന ലീലാവിനോദം. ഭാരതത്തിലെ ഗോത്രവര്‍ഗ്ഗക്കാരിലും ഹിന്ദു ജാതികളിലും മാതൃ ജീന്‍ പൂള്‍ (മൈറ്റൊക്കോന്‍ഡ്രിയല്‍ ഡി. എന്‍. എ അടയാളപ്പെടുത്തുന്ന maternal gene pool) വന്‍ ശതമാനവും ഒരുപോലത്തവയാണ്, അവര്‍ ദ്രാവിഡരാകട്ടെ, ഇന്‍ഡോ-യൂറോപ്യന്‍ വംശാവലിയിലുള്ളവരാകട്ടെ. ‘ഏകാംബ പുത്രരാം കേരളീയര്‍’ എന്നു കവി പാടിയത് മൊത്തം ഭാരതീയര്‍ക്കും ബാധകമാക്കാം. എന്നാല്‍ y ക്രോമൊസോം പരമ്പര തെളിയിക്കുന്നത് വ്യത്യസ്ഥമായ വംശാവലികള്‍ വന്നുകയറിപ്പോയതിന്റെ കഥകളാണ്. കുടിയേറ്റത്തിനു വന്നവരിലെ ആണുങ്ങള്‍ നാടന്‍ പെണ്മണികളെ വശംവദരാക്കിയതിന്റെ ശേഷപത്രം. ദുഷ്യന്ത-ശകുന്തള മഹാകാവ്യങ്ങള്‍. പാടത്തെ ഉഴവുചാലില്‍ നിന്നും കിട്ടിയ സുന്ദരിക്കുട്ടിയെ പട്ടമഹിഷിയാക്കുന്ന താന്‍പോരിമകള്‍. മലയാളികളുടെ Y ക്രൊമൊസോം പഠനങ്ങള്‍ കൊടുക്കല്‍ വാങ്ങലിന്റേയും കലര്‍പ്പുകളുടേയും നിജസത്യങ്ങള്‍ക്കു വഴിതെളിച്ചേക്കും.

പക്ഷെ ശാസ്ത്രം മാജിക് തൊപ്പിയില്‍ നിനും പുറത്തെടുക്കുന്നത് അപ്രിയസത്യത്തിന്റെ വെണ്മുയലുകളെയാണ്. പുലയരുടേയും കുറിച്യരുടേയും ജീനുകളുമായാണ് നമ്പൂതിരി-നായര്‍ ക്രിസ്ത്യന്‍ മുസ്ലീം ഈഴവ പ്രഭൃതികള്‍ വിലസുന്നതെന്നതും ഈ ‘മേല്‍‍’ജാതിക്കാര്‍ ‘താഴേ‘യ്ക്കും സ്വന്തം ഡി. എന്‍. എ. വീരശൃങ്ഖലകള്‍ എടുത്തെറിഞ്ഞിട്ടുണ്ടെന്നും ഉള്ള സത്യങ്ങള്‍ ഇന്ന് കേരളത്തില്‍ കെട്ടിപ്പടുത്തിരിക്കുന്ന രാഷ്ട്രീയ-സാമൂഹ്യ-സാമുദായിക മൂലഭൂത വ്യവസ്തിതികള്‍ക് വേണ്ടതേ അല്ല. ഇതൊക്കെ അറിഞ്ഞെങ്കിലും അറിഞ്ഞില്ലെന്നു നടിയ്ക്കുകയാണ് ഇന്ന് നമ്മള്‍ക്കാവശ്യം. ഉലഞ്ഞുപോകുന്ന വ്യാജസ്വത്വം പിടിച്ചുനിറുത്താന്‍ ബാഹ്യപ്രകടങ്ങളേയും സൂചകങ്ങള്‍ എടുത്തണിയലിനേയും കൂട്ടുപിടിയ്ക്കുന്നു. നെടുകെ നാട്ടി നിറുത്തിയിട്ടുള്ള ഏണിയിലെ പടികള്‍ മായയാണെങ്കിലും സമൂഹത്തിന് അത് നിലനില്‍പ്പിന്റെ പ്രശ്നമാണ്, ആവശ്യവുമാണ്, ശാസ്ത്രം തണ്ട് ഊരി മാറ്റിയിട്ടൂം ഈ മായക്കോവണിപ്പടികള്‍ നിലനില്‍ക്കുന്നുവെന്ന് ബാലിശമായി ശഠിയ്ക്കുന്നു.

Reference:
1. Thomas R., Nair S. B., Banerjee M. A crypto-Dravidian origin for the nontribal communities of South India based on human leukocyte antigen class I diversity.
Tissue Antigens 68:225-234, 2006

2. Thomas R., Nair S. B., Banerjee M. HLA-B and HLA-C alleles and haplotypes in the Dravidian tribal populations of southern India. Tissue Antigens 64: 58-65, 2004

3. Thanseem I., Thangaraj K., Chaubey G., Singh V. J., Bhaskar L., Reddy B. M., Reddy A. G., Singh L. Genetic affinities among the lower castes and tribal groups of India: Inference from Y chromosome and mitochondrial DNA. BMC Genetics 7:42-53, 20006

കൂടുതല്‍ വായനയ്ക്ക്:

1. Sahoo S., Singh A., Himabindu G., Banerjee J., Sitalaxmi T., Gaikawad S., Trivedi R., Endicott P., Kivisild T., Metspalu m., Villems R., Kashyap V.K.
A prehistory of Indian Y chormosomes: Evaluating demic diffusion scenarios. Proc. Natl. Acad. Sci. USA 103: 843-848, 2006

2. Majumder P. A. People of India: Biological diversity and affinities. Evolutionary Anthropology 6:100-110. 1998

3. Bamshad M., Kivisild T., Watkins W. S., Dixon M. E., Ricker C. E., Rao B. B., Naidu J., Ravi Prasad B., V., Reddy P. G., Rasanayagam A., Papiha S., Villems R., Redd A. J., Hammer M. F., Nguuen S. V., Caroll M. L., Batzer M. A., Jorde L. B.
Genetic evidence on the origin of Indian caste populations. Genome Research 11:994-1004, 2001
4. റോബി കുര്യന്റെ ഈ പോസ്റ്റ്:
മൈറ്റൊകോണ്ഡ്രിയല്‍ ഡി. എന്‍. എ യുടെ അമ്മപാരമ്പര്യങ്ങളെപ്പറ്റി.
http://being-iris.blogspot.com/2008/03/blog-post_29.html

Sunday, April 6, 2008

"ഇടതോ വലതോ?” ഇരട്ടവാല‍ന്റെ ലിംഗപ്രതിസന്ധി

രണ്ടു ലിംഗങ്ങളുള്ള ഇരട്ടവാലന്‍ പ്രാണികള്‍ ഏതു ലിംഗമുപയോഗിക്കുന്നതെന്ന തീരുമാനം പരിണാമത്തിലെ ചില പ്രധാന വഴിത്തിരിവുകളിലേക്കു വെളിച്ചം വീശുന്നു


ഇരട്ടവാലന്‍ (Earwig)എന്ന പ്രാണിയില്‍ പല ജനുസ്സിനും രണ്ടു ലിംഗങ്ങളുണ്ട്, ഇടതും വലതുമായി. “വൈകിട്ടെന്താ പരിപാടി?” എന്നു മാത്രം ചോദിച്ചാല്‍ ഇവരുടെ ആശങ്ക തീരുകയില്ല. “ഇടതോ വലതോ” എന്ന ആശയക്കുഴപ്പവും ബുദ്ധിമുട്ടിച്ചേയ്ക്കും. എന്നാല്‍ അത്ര ആശങ്കയ്ക്കു വഴിയില്ലാതെ ഇവര്‍ തെരഞ്ഞെടുപ്പു നടത്തും; ഇത് ഇവരുടെ വിഷയലമ്പടത്തിന്റെ അനുഗതിയാണെന്നു കരുതുന്നതും ശരിയല്ല. പരിണാമത്തിന്റെ ഊടുവഴികളിലൂടെ സഞ്ചരിച്ച് സ്വരൂക്കൂട്ടിയ ചില സവിശേഷ പെരുമാറ്റ വിദ്യകള്‍ തെളിഞ്ഞു വിലസുകയാണ് ഇവരുടെ അതിപൌരുഷ കഥകളില്‍. ഇരട്ടവാലന്റെ ഇടതോ വലതോ ചോദ്യം ജനിതക-പരിണാമ ശാസ്ത്രഞ്ജരുടെ മുഖത്തേയ്ക്കാണ് ഇന്ന് എറിയപ്പെടുന്നത്.

ഇരട്ടവാലന്മാര്ക്ക് മാത്രമല്ല ഈ പതിവില്‍ക്കൂടുതല്‍ ആണത്തം. പല പാറ്റാവര്‍ഗ്ഗങ്ങള്‍, ചില ചെമ്മീന്‍, തുമ്പി, പലേ എട്ടുകാലികള്‍ ഒക്കെ ദ്വയലിംഗമൂര്‍ത്തികള് ആണ്. രണ്ടുലിംഗങ്ങളോടെ ജനിയ്ക്കുന്ന ചില എട്ടുകാലികളാകട്ടെ യൌവനകാല‍ത്ത് ചിന്താക്കുഴപ്പം വരാതിരിക്കാന്‍ ചെറുപ്പത്തില്‍ത്തന്നെ രണ്ടിലെ ഒരെണ്ണം സ്വയം സാപ്പിട്ട് സ്ഥലം വൃത്തിയാക്കും. രണ്ടെണ്ണമുള്ള പ്രാണിവര്‍ഗ്ഗങ്ങളില്‍ പലതിനും രണ്ടു വശത്തേയും ലിംഗങ്ങള്‍ ഒരേപോലെ ആയിരിക്കണമെന്നു നിര്‍ബ്ബന്ധവുമില്ല. ലൈംഗികാവയവങ്ങളുടെ വ്യത്യാസം കാരണം രൂപത്തില്‍ അസമ്മിതി (asymmetry) പ്രാണി (insect)വര്‍ഗ്ഗങ്ങളിലും എട്ടുകാലി (spider)വര്‍ഗ്ഗങ്ങളിലും കാണപ്പെടാറുണ്ട്.

ഇരട്ടവാലന്‍ന്മാരുടെ ബാഹ്യസ്വരൂപങ്ങളേയും പെരുമാറ്റരീതികളേയും ജനിതകശാസ്ത്രനിഷ്കര്ഷയോടെ പഠിച്ച് ഇവയിലെ ഓരോ കുടുംബത്തേയും നിശ്ചിത വകുപ്പുകളില്‍ പെടുത്താന്‍ തീരുമാനിച്ച ജപ്പാന്‍കാരന്‍‍ ശാസ്ത്രജ്ഞന്‍ കമിമുറ ഈയിടെ നടത്തിയ ചില നിരീക്ഷണങ്ങളും പരീക്ഷണങ്ങളും പുതിയ ചില തെളിവുകള്‍, പരിണാമത്തിലെ ചില കരുതലുകള്‍ക്ക് ഉപോദ്ബലമാകുകയാണ്. ഇരട്ടവാലന്മാരുടെ സ്വകാര്യജീവിതത്തിലെ മദനകേളീവിലാസകഥകള്‍ ആയി തള്ളിക്കളയാനൊക്കുകയില്ല ഈ ലിംഗതെരഞ്ഞെടുപ്പ് നടപടികള്‍. അവരുടെ സ്വഭാവദൂഷ്യത്തെ കളിയാക്കുന്നതിനും അപ്പുറത്താണ് കാര്യങ്ങള്‍. ഇവരുടെ ഇണചേരലിന്റെ ചില സൂക്ഷ്മാശങ്ങള്‍ അറിയേണ്ടത് ശാസ്ത്രജ്ഞരുടെ ആവശ്യമായി വാന്നിരിക്കുകയാണ്. ഇരട്ടവാലന്‍‍ മന്മഥകേളികളില്‍ നിന്നും ജീവപരിണാമശാസ്ത്രത്തിനും ധാരാളം പഠിച്ചെടുക്കാനുണ്ട്. ജന്തുലോകത്തില്‍ ബാഹ്യരൂപങ്ങള്‍ നിര്‍ണയിക്കുന്ന ജീനുകളുടെ പ്രവൃത്തി നിജപ്പെടുത്തല്‍ വരെ ഈ അതിവീരന്മാരുടെ ഇടതു-വലതു തെരഞ്ഞെടുപ്പിന്റെ സൂക്ഷ്മനിരീക്ഷണങ്ങളാല്‍ വെളിവാക്കപ്പെടാം. ആണ്‍പിറന്നവര്‍ അവരുടെ ലിംഗങ്ങളിലൊന്നെങ്കിലും ഇണചേരാന്‍ ‘റെഡി‘യാക്കി ഇരട്ടവാലുകള്‍ക്കിടയ്ക്ക് നീട്ടിവച്ചിരിക്കും, ഉപയോഗിക്കാത്ത മറ്റേ ലിംഗം ദേഹത്തോട് ചേര്‍ത്ത് മടക്കി വയ്ക്കും.രണ്ടെണ്ണമുള്ള കേമന്മാര്‍ ഇങ്ങനെ “ഇടതു റെഡി’ യോ “വലതു റെഡിയോ” ആയിയാണ് നടപ്പ്. എന്നാല്‍ എല്ലാ ഇരട്ടവാലന്മാരും ഇങ്ങനെ ഇരട്ടി മധുരക്കാരല്ല.പരിണാമശ്രേണിയില്‍ ആദ്യം ഭൂമുഖത്ത് എത്തിയവര്‍ക്കാണ് ഈ സൌഭാഗ്യം വന്നു വീണത്- ആണുങ്ങളായി പിറന്നോരെല്ലാം രണ്ടെണ്ണമുള്ളവരായിരുന്നു. പിന്നീട് വന്നവര്‍ ഒരെണ്ണം കൊണ്ട് തൃപ്തിപ്പെടുന്നവരാണ്. ഈ വിലാസലോലുപന്മാരെ പൊതുവേ മൂന്നായി തരം തിരിയ്ക്കാം:

1. പൂര്‍വികരായ രണ്ടു കുടുംബങ്ങള്‍. രണ്ടെണ്ണത്തിനുള്ള പുരുഷഭാഗ്യം സിദ്ധിച്ചവരാണ് ‍ ഈ ആമ്പ്രന്നോന്മാരെങ്കിലും ഇവര്‍ രണ്ടും റെഡിയാക്കിയല്ല നടപ്പ്.ആവശ്യം വരുമ്പോള്‍‍ ഏതെങ്കിലും ഒരെണ്ണം റെഡിയാക്കും.

2.മറ്റു മൂന്നു കുടൂംബങ്ങള്‍. ദ്വയലിംഗവീരന്മാരായ ഇവര്‍‍ സ്വല്‍പ്പം കൂടെ കരുതലുള്ളവരാണ്. രണ്ടെണ്ണത്തില്‍ ഏതെങ്കിലും ഒന്ന് റെഡിയാക്കിയാണ് നടപ്പ്. ഇവരില്‍‍ എടത്താടന്മാരും വലത്താടന്മാരും സജീവമായുണ്ട്.

3. പിന്നാലെ വന്ന ഒറ്റയാന്മാര്‍. ഇവര്‍ക്കു ഒന്നേയുള്ളൂ. രണ്ടുമൂന്നു കുടുംബങ്ങളുണ്ടെങ്കിലും എല്ലാം അടുത്ത ബന്ധുക്കളാണ്. ഒരേ തായ്‌വഴിയിലെ ബന്ധുക്കള്‍. ഒന്നല്ലെ ഉള്ളൂ, അത് വലതു തന്നെയാകട്ടെ എന്നായി ഇവരുടെ തീരുമാനം. ഇവരെല്ലാവരും മുകളില്‍പ്പറഞ്ഞകുടുംബങ്ങളിലെ (രണ്ടെണ്ണമുണ്ടെങ്കിലും) വലതു റെഡിയാക്കി നടക്കുന്നവരുടെ തായ്‌വഴിയാണെന്നതാണ് പ്രധാന കാര്യം.
ശ്രദ്ധിക്കപ്പെടേണ്ടത് ഇവ മേല്‍പ്പറഞ്ഞ ക്രമത്തില്‍, രണ്ടെണ്ണം റെഡിയല്ല, രണ്ടെണ്ണത്തില്‍ ഒന്നു റെഡി, ഒരെണ്ണം മാത്രം റെഡി എന്നിങ്ങനെ പരിണമിച്ചതാണെന്നുള്ളതാണ്. എന്നുവച്ചാല്‍ രണ്ടെണ്ണത്തില്‍ ഒന്നെങ്കിലും റെഡിയാക്കി വയ്ക്കുന്ന ഒരു ഘട്ടത്തില്‍ക്കൂടെ കടന്നുപോയിട്ട് വലതുമാത്രം റെഡിയാക്കി വയ്ക്കുന്ന അടുത്തഘട്ടവും കഴിഞ്ഞാണ് ഒരേഒരെണ്ണം അതും വലതു മാത്രം റെഡിയാക്കി നടക്കുന്നവരില്‍ എത്തിച്ചേര്‍ന്നത്. എന്നുവച്ചാല്‍ വലതുറെഡി ഒറ്റയാന്മാരുടെ പിതാമഹന്മാര്‍ രണ്ടെണ്ണമുണ്ടെങ്കിലും വലതുമാത്രം ഉപയോഗിച്ചിരുന്നവരാണ്. ഇടത് ഉപയോഗിക്കാത്ത കാരണവമാരുടെ തായ്‌വഴിപ്പയ്യന്മാര്‍ക്ക് ഇടത് ഇല്ലാതായ മട്ട്. വലതുതന്നെ ഉപയോഗിച്ച് പതിവായിപ്പോയവരുടെ സന്തതികള്‍ക്ക് ഇടത് ഭാഗത്തെ ejaculatory duct ഒക്കെ ലൊപിച്ച മട്ടാണ്.പതിവായി ഉപയോഗിക്കാത്ത ഒരു അവയവം ഉപയോഗശൂന്യമാകുന്ന പ്രവണത.

പരിണാമത്തിന്റെ സാധ്യതകള്‍ വിശകല്‍നം ചെയ്യാന്‍ ഈ നിരീക്ഷണങ്ങള്‍ അതിപ്രധാനമാണ്. ഉപയോഗം കൊണ്ട് ശരീരാവയങ്ങളില്‍ മാറ്റം വരുന്നത് നിത്യജീവിതത്തില്‍ നിന്നുള്ള ഉദാഹരണങ്ങളില്‍ നിന്നും വ്യക്തമാണ്. പെരുമാറ്റം കൊണ്ട് സ്വായത്തമാക്കിയ സ്വഭാവം അല്ലെങ്കില്‍ രൂപവ്യത്യാസം തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിന്റെ തെളിവാണ് ഈ പാരമ്പര്യക്രമം എന്നു സന്ദേഹം. ഒരുനൂറ്റാണ്ടിനു മുന്‍പു കോളിളക്കം സൃഷ്ടിച്ച “ബാല്‍ഡ്്വിന്‍‍ എഫ്ഫെക്റ്റ്” ഇതേകാര്യമാണ് പരിണാമത്തിന്റെ പോംവഴികളില്‍ ഒന്നായി ഉദ്ബോധിക്കാന്‍ ശ്രമിച്ചത്. “വലതു റെഡി”ക്കാര്‍ വലതു ലിംഗം ഉപയോഗിച്ച് പരിചയം വന്നതിനെ ജനിതകപരമായി പിടിച്ചെടുത്ത് സ്ഥിരമാക്കി.പിന്നീട് വന്ന ‘ഒന്നേ ഒന്ന്, വല‍തു മാത്രം’പയ്യന്മാര്‍ക്കു മുന്‍പുള്ള മിസ്സിങ് ലിങ്ക്.

ഈ മിസ്സിങ് ലിങ്ക് ഇരട്ടവാലന്മാര്‍ വലതുലിംഗം ഉപയോഗിക്കുന്നത് സ്വാഭാവികമായാണ്, ഒരു പഠിച്ചെടുക്കല്‍ പ്രക്രിയയിക്കൂടെ നേടുന്നതല്ല. എന്തെന്നാല്‍ ജനിച്ച് നാലുനാള്‍ കഴിയുമ്പോഴേയ്ക്കും തന്നെ ഇവര്‍ വലതു റെഡിയാക്കി വച്ചു തുടങ്ങും, ഇണ ചേരല്‍ അനുഭവത്തിനു മുന്‍പു തന്നെ. എന്നാല്‍ പെരുമാറ്റപരം കൂടിയാന്ണ് ഈ തെരഞ്ഞെടുക്കല്‍ തീരുമാനം. വല‍തു ലിംഗത്തിനു ചതവോ മുറിവോ പറ്റിയാല്‍ ഇടതു ഉപയോഗിക്കും.കമിമുറ പരീക്ഷണത്തിനു വേണ്ടി ഇവരിലെ വലതു ലിംഗം മുറിച്ചു മാറ്റി നോക്കി. ഇങ്ങനെ “ചെത്തി നടന്നവര്‍” അധികം താമസിയാതെ ഇടതുലിംഗം ഉപയോഗിക്കാന്‍ പരിശീലിച്ചു.

എന്തുകൊണ്ട് വലതുലിംഗം ഉപയോഗിക്കാനിഷ്ടപ്പെടുന്നവരെ പരിണാമവിധി തെരഞ്ഞെടുത്തു എന്നതിന് തല്‍ക്കാലം അറിവുസൂത്രങ്ങളൊന്നുമില്ല. ഇണചേരുമ്പോള്‍ ആണുങ്ങള്‍‍ ദേഹം സ്വല്‍പ്പം വലത്തേയ്ക്കു വളയ്ക്കേണ്ടി വരുന്നതുകൊണ്ട് വലതന്മ്മാര്‍ക്ക് എളുപ്പം സാധിക്കാവുന്ന വിദ്യ പരിപൂര്‍ണബീജസ്ഥാനന്തരണവും സങ്കലനവും സാദ്ധ്യമാക്കുന്നോ എന്നു സംശയിക്കണം. കമിമ്യുറ ഇതെപ്പറ്റി കൂടുതല്‍ പഠനങ്ങള്‍ നടത്തി വരുന്നു. ഇരട്ടവാല്ന്മാരിലെ ചില പെണ്ണുങ്ങള്‍ atavism- വിട്ടുകളഞ്ഞ പരിണാമദശ വീണ്ടും വന്നു ചേരല്‍- എന്ന പ്രതിഭാസത്തിനു ഉദാഹരണമാണെന്നും ഈയിടെ കമിമ്യുറ നിരീക്ഷിച്ചിട്ടുണ്ട്. വളരെ പണ്ടുകാലത്ത് ഈ പെണ്മണികള്‍ക്ക് ഒരേ ഒരു ബീജസംഭരണി (spermathecca)യേ ഉണ്ടായിരുന്നുള്ളു, പിന്നീട് രണ്ടെണ്ണമുള്ള കാമിനിമാര്‍ വന്നു. പരി‍ണാമചക്രം തിരിഞ്ഞപ്പോള്‍ ഒരു ബീജസംഭരണിയുമായി വീണ്ടും സ്ത്രീജനങ്ങള്‍ എത്തിത്തുടങ്ങി. ആണുങ്ങള്‍ ഒരുലിംഗം മാത്രം മതിയെന്നു വച്ചപ്പോള്‍ സ്മാര്‍ടായ പെണ്ണുങ്ങള്‍ ചെയ്ത ഒരു ‘അഡ്ജസ്റ്റ്മെന്റ്’ ആയിരിക്കുമോ ഇത്?

പെരുമാറ്റം ജനിതകസിസ്റ്റത്തില്‍ വരുത്തുന്ന പ്രഭാവങ്ങള്‍‍ പഠിയ്ക്കാന്‍ പ്രാണികളുടെ ലൈംഗികാവയവങ്ങളുടെ അസമ്മിതി (asymmetry) നിരീക്ഷണങ്ങള്‍ സഹായിക്കുന്നു. പ്രത്യേക സ്വഭാവവിശേഷങ്ങള്‍ കൊണ്ടുണ്ടാകുന്ന ബാഹ്യരൂപവ്യതിയാനങ്ങള്‍ പരിണാമത്തിന്റെ ഭാഗമാകുന്ന വിശേഷസന്ധികള്‍ പ്രാണിലോകത്തിന്റെ ലൈംഗികവൃത്തി വെളിവാക്കിത്തരുന്നു. ലൈംഗിക അസമ്മിതിയുടെ ആവശ്യകതയ്ക്ക് ഉപോല്‍ബലമാകുന്നത് മൂന്നു കാര്യങ്ങളാണ്. ഒന്ന് ഇണ ചേരുമ്പോഴുള്ള ശരീരസ്ഥാനനിയോജനം. രണ്ട് ഈ അസമ്മിതി ശരീരത്തിനു പ്രദാനം ചെയ്യുന്ന പ്രാവര്‍ത്തികനേട്ടങ്ങള്‍. മൂന്ന്, അകമേ ഉള്ള ലൈംഗികാവയവങ്ങള്‍ ഒന്നു മാത്രമോ ഒരു വശത്തുമാത്രമോ ആയിത്തീര്‍ന്നാല്‍ മറ്റു അവയവ്ങ്ങള്‍ നേടുന്ന ഇടവും അതുകൊണ്ട് അവയുടെ മെച്ചപ്പെട്ട പ്രവൃത്തിയും. ഇവയെല്ലാം അതിജീവനത്തിനുള്ള തെരഞ്ഞെടുപ്പുപ്രക്രിയയില്‍ സവിശേഷവും അധികതമവുമായ സ്വാധീനമണ്യ്ക്കുന്നു.

ഇരട്ടവാലനിലും എട്ടുകാലികളിലും മറ്റു പ്രാണിവര്‍ഗ്ഗങ്ങളിലും നടത്തുന്ന ലിംഗസ്വരൂപപഠനങ്ങള്‍‍ ശാസ്ത്രജ്ഞന്മാരെ ഹരം കൊള്ളിയ്ക്കുന്നുണ്ട്. പഠിയ്ക്കപ്പെടുന്ന സാമ്പിളിന്റെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള എളുപ്പം, റ്റാക്സോണൊമിയില്‍ ശേഖരിക്കപ്പെട്ടിട്ടുള്ള അറിവിന്റെ ബാഹുല്യവും വിസ്തൃതിയും, അസമ്മിതി പല പ്രാണികളിലും പരിണാമഘട്ടങ്ങളിലും ഒരേപോലെ കാണപ്പെട്ടിരിക്കുന്നു (convergent evolution-ബന്ധുക്കാരല്ലെങ്കിലും ഒരേ സ്വഭാവ-രൂപവിശേഷങ്ങള്‍ വന്നു ചേരല്‍) ഇവയൊക്കെയാണ് ഈ രതിക്രീഡകളെ പരീക്ഷണശാലകളിലെ സൂക്ഷ്മവിശകലനത്തിനു ഇടയാക്കുന്നത്. അടുക്കളക്കോണിലും പഴയപുസ്തകത്താളിനിടയിലും ഒതുങ്ങുന്ന ഈ ചെറുജന്മങ്ങള്‍ പരിണാമത്തിന്റെ മഹാരഹസ്യങ്ങള്‍ പേറി നടപ്പാണ്. അല്ലെങ്കില്‍ ആരു വിചാരിച്ചു ഇവരുടെ വഷള് കുസൃതിയായ‘ ഇന്ന് ഇടതോ വലതോ’ എന്ന പോലത്ത കളികള്‍ ആധുനിക ജനിതക ശാസ്ത്രത്തിനും പരിണാമ പാഠങ്ങള്‍ക്കും കളരിയാകുമെന്ന്.

References:
Kamimura Y. Right-handed penises of the earwig Labidura riparia (Insecta, Dermaptera, Labiduridae: Evolutionary relationships between structural and behavioral asymmetries. Journal of Morphology. 267: 1381-1389, 2006

Palmer, A. R. Caught right-handed. Nature, 444:689-692, 2006

Huber, B. A., Sinclair, B. J. and Scmitt M. The evolution of asymmetric genitalia in spiders and insects. Biological Reviews. 82:647-698, 2007

Kamimura Y. Possible atavism of genitalia in two species of earwig (Dermaptera), Proreus simulans (Chelisochidae) and Euborellia plebeja (Anisolabidasae). Arthropod Structure and Development.36:361-368, 2007

Saturday, February 16, 2008

Beginning of the Beginning-ഫ്യൂഷന്‍ സി. ഡി.കളിലെ വമ്പന്‍‍

Beginning of the Beginning
Golden Krithis
Vol 3
Universal Music India Pvt. Ltd. Mumbai. 2003
www.musicindia.com
Retail Prize: Rs. 150


“ഫ്യൂഷന്‍” എന്നത് ഭാരതീയസംഗീതത്തില്‍ നിര്‍വചിക്കാന്‍ എളുപ്പമല്ലാതെ ഏതു വലയത്തില്‍‍പ്പെടുത്തിയാലും വഴുതുന്ന ഒരു സംജ്ഞയാണ്. വിപണിയില്‍ ഇറങ്ങിയിട്ടുള്ള ഭാരതീയസംഗീതാലേഖന സഞ്ചയത്തില്‍‍ ഇതിന്റെ കൈവഴികള്‍ ഏറെയാണ്. രുചിഭേദമനുസരിച്ച് നിര്‍വചനവും മാറിമറിയും. ഒന്നില്‍ക്കൂടുതല്‍ സംഗീതശൈലികള്‍ ഒന്നിച്ചൊന്നാകുന്ന സവിശേഷതയാണെന്ന് സമ്മതിക്കുകയാണെങ്കില്‍ 2003 ല്‍ പുറത്തു വന്ന “The Beginning of the Beginning" തീര്‍ച്ചയായും മുന്‍പിലെത്തി കാതും മനസ്സും പിടിച്ചെടുത്ത് കീഴടക്കും. തികച്ചും വശ്യവും സമ്മോഹനവും പുതുമയാര്‍ന്നതുമാണ് ഈ സി. ഡി യിലെ കൂട്ടുനാദക്കലവികള്‍. വിശ്വമോഹന ഭട്ടും രൊണു മജുംദാരും ഔസേപ്പച്ചനും ബിക്രം ഘോഷും ശിവമണിയുമൊക്കെ ചേരുന്ന അപൂര്‍വ സംഗമം.

രവി ശങ്കറും യഹൂദി മെനുഹിനും കൂടിച്ചേര്‍ന്നൊരുക്കിയ “East Meets West" നമുക്ക് തുറന്നു തന്നതാണ് പുതിയ വഴി, ഭാരതീയ ഫ്യൂഷന്‍ സംഗീതത്തിലെ ചാലകം. അവരുടെ “സ്വരകാകളി” പോലത്ത ശ്രുതിവിജൃംഭിത പരീക്ഷണങ്ങള്‍ താളമേളക്കൊഴുപ്പിന്റേയും ശ്രവണസുഖത്തിന്റേയും നിദര്‍ശനങ്ങളാണ്. ആകാശവാണി, വിജയരാഘവ റാവുവിന്റേയും പ്രപഞ്ചം സീതരാമിന്റേയും വിവിധ ഭാരതീയ ഉപകരണങ്ങളുടെ നൂതനസങ്കലനം വാദ്യവൃന്ദം എന്ന പേരില്‍ പണ്ടേ പ്രക്ഷേപണം ചെയ്യുകയുണ്ടയിട്ടുണ്ട്. ഇന്നത്തെ പ്രേം ജോഷ്വായുടെ പല പരീക്ഷണങ്ങളും ഇതിന്റെ പിന്തുടര്‍ച്ച പോലെ കാണപ്പെടുന്നു. ചെറുപ്പക്കാര്‍ക്കിടയില്‍ വളരെ പ്രചാരമുള്ള തല്‍വീന്‍‍ സിങ്ങിന്റെ കൃതികളാവട്ടെ ഇലക്ട്രോണിക് പശ്ചാത്തലവും തബലയുടെ ഏകതാനവിന്യാസങ്ങളുമായി വേറിരു ദിശയില്‍ സഞ്ചാരമാണ്. കാരൈക്കുടി മണിയും വിക്കു വിനായകറാമും മറ്റും താളങ്ങളുടെ സങ്കീര്‍ണമേഖലകളില്‍ വ്യപരിച്ച് നൂതന ഭാവന പാട്ടുകേള്‍വിക്കാര്‍ സമക്ഷം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ശൈലീസങ്കരപരീക്ഷണങ്ങള്‍ക്ക് തയാറായിട്ടീല്ല. എന്നാല്‍ ശരത്-കാരൈക്കുടി മണി ടീമിന്റെ “അമൃതം” പോലുള്ള റിലീസുകള്‍ ഹൃദ്യമായ പുതുമയ്ക്ക് ധൈര്യപ്പെട്ടിട്ടുണ്ടെന്നത് വിസ്മരിക്കാവുന്നതല്ല. ഫ്യൂഷന്‍ എന്ന വിവക്ഷയില്‍ സാമ്പ്രദായികമായിട്ട് ഒരു കീര്‍ത്തനമോ കൃതിയോ അവതരിപ്പിച്ചിട്ട് പിന്നില്‍ പക്ഷിചിലയ്ക്കുന്നതോ മറ്റു ഇലെക്ട്രോണിക് ശബ്ദമോ നല്കി ഈ ജനുസ്സില്‍ കയറിപ്പറ്റാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. East-West-meet പദസംഘാതങ്ങള്‍ രവിശങ്കറിനെത്തന്നെ പിന്നീട് മടുപ്പിച്ചിരിക്കണം. ‘West Eats Meat' എന്നൊരു പ്രകാശനത്തിനു പേരിടനുള്ള സ്വാരസ്യം ഈ മനോഭാവമായിരുന്നില്ലെ എന്നു സംശയം. വെസ്ടേണ്‍ ഗാനം ഭാരതീയ ഉപകരണത്തിന്റെ വരുതിയിലാക്കുന്നത്‍ ഫ്യൂഷന്‍ എന്ന നിര്‍വചനത്തോടടടുത്തു നില്‍ക്കുന്നുണ്ടെങ്കില്‍ വീണ ഇ. ഗായത്രിയുടെ Wow Classical Instrumental Remix എന്ന സി. ഡി ലിസ്റ്റില്‍പ്പെടുത്താം. പല പ്രസിദ്ധ വെസ്റ്റേണ്‍ പാട്ടുകാരുടെ പാട്ടുകളും കര്‍ണാടകസംഗീതത്തിന്റെ ഛായയില്‍ വരുത്തനുള്ള സഫലശ്രമമാണിത്. സ്റ്റീവി വണ്ഡറിന്റെ “I just called to say I love you", മൈക്കിള്‍ ജാക്സന്റെ Heal the World ഒക്കെ ഗായത്രി അനായാസമായി വീണയില്‍ സന്നിവേശിപ്പിക്കുമ്പോള്‍ അരോചകത്വമോ നാടന്‍ മണ്ണില്‍ പറിച്ചു നട്ടതിന്റെ യുക്തിരാഹിത്യമോ അനുഭവപ്പെടുകയില്ല. എന്നാല്‍ ഇമ്മാതിരി ഒരുമ്പെടലുകള്‍ക്ക് ഒരു നിശ്ചിത ഓര്‍ക്കെസ്ട്രേഷന്‍ നിഷകര്‍ഷയോ വാദകരുടെ നിയോഗപ്പെടുത്തലില്‍ അനുഭവഭേദ്യമായ സീക്വന്‍സോ നിരീക്ഷിക്കാന്‍ പ്രയാസമാണ്.

ഇവിടെയാണ് "Beginning of the Beginning" എന്ന സി. ഡി വ്യത്യസ്തമാകുന്നത്. നിരവധി സംഗീതജ്ഞര്‍ കൂട്ടായി പ്രകമ്പനമൊരുക്കിയെടുത്തതാണ‍ ഈ കേള്‍വിക്കുളിര്‍. പ്രധാന വാദകരല്ലാതെ റിതം അറേഞ്മെന്റിനും സ്കോര്‍ നൊടേഷനും മ്യൂസിക് ഡിസൈനുമൊക്കെ ചുമതലക്കാരുണ്ട്. ഒരു സമഗ്ര ഓറ്കെസ്ട്രേഷന്‍ അണിനിരത്തല്‍. പാട്ടിന്റെ ഗതി അതുകൊണ്ടു തന്നെ വളവു തിരിവുകള്‍ സ്വാംശീകരിച്ച് ഒഴുകുകയാണ്.വെസ്റ്റേണ്‍ ഓര്‍കെസ്ട്ര നിഷ്കര്‍ഷ പോലെ വാദകരുടെ വ്യക്തിത്വത്തെക്കാള്‍ ഓറ്കെസ്ട്രായുടെ പ്രത്യക്ഷത്തിനു പ്രാധാന്യം നല്‍കുന്ന മുറ. വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നത് നിസ്സാരക്കാരല്ല. മോഹന വീണ വിശ്വമോഹന്‍ ഭ്ട്ട്. ഫ്ലൂട് രൊണു മജുംദര്‍. നാദസ്വരം മാമ്പലം എം. കെ. എസ് ശിവ. തബലയ്ക്ക് ബിക്രം ഘോഷ്. മൃദംഗം അനൂര്‍ അനന്തകൃഷ്ണ ശര്‍മ്മ. വയലിന്‍ സാക്ഷാല്‍ ഔസേപ്പച്ചന്‍ തന്നെ. ഡ്രംസിന്‍് മറ്റാരുമല്ല,ഇക്കാര്യത്തില്‍ ബഹുകേമന്‍ ശിവമണി. ജൈപാല്‍ രാജിന്റെ കീ ബോര്‍ഡും എല്‍. ശേഖറിന്റെ സോളോ ചെല്ലൊ (cello)യും. ഇതു കൂടാതെ വയലിനും വിയോലയ്ക്കും ചെല്ലോയ്ക്കും ഡബിള്‍ ബാസ്സിനും വേറെ വന്‍ സംഘവുമുണ്ട്. സ്കോര്‍ നൊടേഷനും കണ്ഡക്റ്റിങും കെ. ശങ്കര്‍.കണ്‍സെപ്റ്റ് ആന്‍ഡ് മ്യൂസിക് ഡിസൈന്‍ പി. ഘനശ്യാം എന്ന് സ്ലീവ് നോട്സില്‍ കാണുന്നതിനാല്‍ ഇദ്ദേഹമായിരിക്കണം ഇതിന്റെ സൂത്രധാരന്‍. ഒഴുക്കു തിരിച്ചു വിടുന്ന സംഗീതജ്ഞന്‍. അങ്ങനെയാണെകില്‍ അതീവ ബുദ്ധിയോടെയും ചാരുതയോടെയുമാണ് ഹംസധ്വനിയും നളിനകാന്തിയുമൊക്കെ മധുരദ്രവണലായനിയാക്കിയിരിക്കുന്നത്. സങ്കീര്‍ണതയില്ലാത്ത സംലയനം. നേരത്തെ തയാറാക്കിയ നിശ്ചിത നൊടേഷനില്‍ ഭാരതീയ ഉപകരണസംഗീതജ്ഞര്‍ വഴി തുടരുന്ന അപൂര്‍വവേള.അതും സഞ്ചാരങ്ങള്‍ കര്‍ണാടക- ഹിന്ദുസ്ഥാനി-പാശ്ചാത്യ വഴികള്‍ പിന്തുടര്‍ന്നു പുതുഭാവവും ഊര്‍ജ്ജസ്വലതയും ഉള്‍ക്കൊള്ളുന്ന നിഷ്കര്‍ഷാപൂര്‍വമുള്ള പ്രയോഗങ്ങള്‍. ഇതില്‍ ഒരു പ്രത്യേക ശൈലിയും എഴുന്നരുളുകയോ ഒരു വാദകനും പ്രാമുഖ്യം നിലവിലാക്കുകയോ അങ്ങനെയൊരു നിര്‍ബ്ബന്ധബുദ്ധി പ്രകടമാക്കുകയോ ചെയ്യുന്നില്ല എന്നതും പ്രത്യേകതയാണ്. തുടക്കം മുതല്‍ ഒടുക്കംവരെ ഒരു സംഘമായി നീങ്ങുന്ന അവതരണരീതി മറ്റു ഫ്യൂഷന്‍ സി. ഡികളില്‍ നിന്നും തികച്ചും വ്യത്യസ്തമാക്കുന്നു. രാഗച്ഛായ പ്രകടിപ്പിക്കാനുള്ള അതിരു കവിഞ്ഞ വ്യഗ്രത നിശ്ശേഷമാക്കപ്പെട്ടിരിക്കുനന്നു, സമഗ്രമായ അവതരണത്തിനു മുന്‍തൂക്കം നല്‍കിയിരിക്കുന്നു എന്ന കാര്യങ്ങളാല്‍ ‍ കേള്‍വി സുഖം ഏറെയാണ്. കീര്‍ത്തനങ്ങളുടെ ഭാവപ്രചുരിമ അശേഷവും നഷ്ടപ്പെടാതെ അതിനെ നവീന ഓര്‍ക്കെസ്ട്രേഷനില്‍‍ മുക്കിയുരുക്കിയിരിക്കുന്നു.

ആകെ അഞ്ചു ട്രാക്കുകളില്‍ മൂന്നെണ്ണമാണ് ഈ സിംഫണിചാതുര്യങ്ങള്‍‍ വിളമ്പുന്നത്. Beginning of the Beginning (ഹംസധ്വനിയില്‍ ‘വാതാപി ഗണപതിം), Listen to Me (നളിനകാന്തിയില്‍ “മനവി ആലകിഞ്ചരാദടെ”) പിന്നെ പിലു രാഗത്തിന്റെ വര്‍ണക്കാഴചകള് അവതരിപ്പിക്കുന്ന “Spectrum of Piloo" എന്നതും. മറ്റു രണ്ടു ട്രാക്കുകളും വിശ്വമോഹന്‍ ഭട്ടിനു വിട്ടുകൊടുത്തിരിക്കുന്നു,പരമ്പരാഗത രീതിയില്‍ ഭൈരവിയും ‘വൈഷ്ണവ ജനതോ‘യും വാദനം ചെയ്യാന്‍. മേല്‍പ്പറഞ്ഞ മൂന്നു ട്രാക്കുകളിലും ഓര്‍കെസ്ട്ര ആണ് പാട്ടിനെ നയിക്കുന്നത്.പലയിടത്തും സംഘം ചേര്‍ന്ന വയലിനും ചെല്ലൊയും കീബോറ്ഡിലെ നാനാതരം ഉപകരണങ്ങളും പ്രത്യേക സ്വരതാളങ്ങളിലൂടെ മെലഡിയെ പലയിടങ്ങളിലും എത്തിച്ച്ചേര്‍ക്കുകയാണ്.

നാദസ്വരത്തില്‍ മംഗളാവേശം പോലെ ഉയരുന്ന ഹംസധ്വനി ആലാപത്തോടെയാണ് തുടക്കം.ആചാരപ്രകാരമുള്ള വിഘ്നേശ്വരന്റെ ആശീര്‍വാദം തേടലല്ല ‘വാതാപി‘ വാദനം കൊണ്ടുദ്ദേശിക്കുന്നത്, Beginning of the Beginning എന്ന പേരു സൂചിപ്പിയ്ക്കുന്നതു പോലെ ഗംഭീരമായ തുടക്കമാണെന്ന വിളംബരമാണ്. തികച്ചും കര്‍ണടക ശൈലിയിലുള്ള ഈ ആലാപനം ഹിന്ദുസ്ഥാനി ശൈലിയില്‍ മോഹനവീണ ഏറ്റെടുക്കുന്നുണ്ട്. ഉണര്‍ത്തുപാട്ട് പ്രതീതിയുളവാക്കാന്‍ chimes/gongs മണിയടികള്‍. ആലാപനം പിന്തുടരുന്ന ഓടക്കുഴലിനു (1 min. 23 sec.) പിന്നില്‍ വെസ്റ്റേണ്‍ വയലിന്റെ അകമ്പടിയുണ്ട്. കീ ബോര്‍ഡില്‍ പിയാനോ സ്വരങ്ങള്‍ പടിപടിയായി ആരോഹണം ചെയ്ത് വീണ്ടും വീണ- വയലിന്‍- നാദസ്വരത്തിലെത്തുന്നു. 2 min 20 sec ല്‍ orchestrated violin ല്‍ രാഗഭാവം ഭാരതീയവും പാശ്ചാത്യവുമായ വാദനത്തില്‍ സഞ്ചരിക്കുകയാണ്. സഞ്ചാരങ്ങള്‍ ശ്രുതി താഴ്ത്തിയും ഉയര്‍ത്തിയും ആവര്‍ത്തിക്കുന്നു. കര്‍ണാടിക് ഛായയില്‍ മറ്റൊരു വയലിന്‍‍ സംഘം വ്യാപൃതരാവുന്നു, concerto രീതി പിന്തുടരുന്ന വാദ്യവൃന്ദത്തില്‍ തബലയും മൃദംഗവും ഇടകലരുന്നു. ഈ സ്വരസംയോഗങ്ങള്‍ തീവ്രതയാര്‍ന്ന് ഒരു വന്‍ ഓര്‍കെസ്ട്രയുടെ നടുവിലാണ് നമ്മള്‍ എന്ന പ്രതീതി ഉളവാക്കുന്നുണ്ട്. കര്‍ണാറ്റിക് വയലിനു വ്യത്യസ്തത അണയ്ക്കാ‍ന്‍ ഡ്രംസ് അകമ്പടി. 4m 05s ല്‍ തബലയുടെ നടകള്‍ക്കു അപ്പുറത്തും ഇപ്പുറത്തുമായി ചില staccato പ്രയോഗങ്ങള് (കൃത്യവും നിശിതവുമായി ഒരു സ്വരമോ വ്യത്യസ്ത സ്വര‍മോ വിട്ട് വിട്ട് പ്രയോഗിക്കുന്നതാണ് staccato). 4m 15s ലാണ് നാദസ്വരത്തില്‍ ‘വാതാപി’ പല്ലവി ആവിര്‍ഭവിക്കുന്നത്. മോഹനവീണയുമായി പല്ലവിയുടെ ആവര്‍ത്തനം സംഗതികള്‍ സഹിതം. മൃദംഗവും തബലയും മാറി മാറി. ഈ മെലഡിയ്ക്കു പിന്നില്‍ മന്ദ്രമായി ഉയര്‍ന്നു താഴുന്ന വയലിന്‍ സംഘത്തിന്റെ ഹാര്‍മണിയുണ്ടെന്നുള്ളത് വ്യത്യസ്തയുളവാക്കുന്ന സവിശേഷതയാണ്.5m 51s ല്‍ വെസ്റ്റേണ്‍ ശൈലിയില്‍ ആവര്‍ത്തനമുണ്ട്. അതിനു ശേഷം കീബോര്‍ഡിലെ ഹാര്‍മണി അകമ്പടിയോടെ ഓടക്കുഴല്‍. തബല-മൃദംഗം താളക്രമവിന്യാസങ്ങള്‍ക്ക്കു ശേഷം ഡ്രംസ് അകമ്പടിയോടെ മധുരതരമായി വയലിനില്‍ ചില സ്വരപ്പെടുത്തലുകള്‍. (6m 54s വരെ). ‘ഭൂതാദി സംസേവിത ചരണം“ നാദസ്വരത്തിലും വീണയിലും ആവര്‍ത്തിച്ചശേഷം “ഭൂത ഭൌതിക......” ആവര്‍ത്തനങ്ങള്‍ക്കു ശേഷം എല്ലാ വാദ്യവും ഒരുമിച്ച് ഒന്നുകൂടി ഉയര്‍ത്തി എടുക്കുന്നുണ്ട്. “വീതരാഗിണം......” എന്ന കല്‍പ്പനാസ്വരം വയലിന്‍+ഡ്രംസ്,നാദസ്വരം+മൃദംഗം,വീണ+തബല എന്നിങ്ങനെ സങ്കലിച്ച് മുന്നേറിയിട്ട് അവസാ‍നം മോഹനവീണയില്‍ ശൃതി ഒന്നു താഴ്ത്തി പൂര്‍ത്തീകരിക്കുന്നു. 8m 05s ല്‍ സ്വരസംയോഗങ്ങള്‍ ഉളവാക്കുന്ന പശ്ചാത്തലം അതിമധുരമാണ്. പാശ്ചാത്യവും ഭാരതീയവുമായ വയലിന്‍ ശൈലികളില്‍ ‍ ഇടകലര്‍ന്ന് ഹാര്‍മണൈസിങ് ഇണക്കിച്ചേര്‍ത്തിരിക്കുന്നു. സ്വരസംയോഗങ്ങളുടെ കയറ്റിറക്കങ്ങള്‍ ചാരുതയാര്‍ന്നവയാണ്. ഓടക്കുഴലില്‍ മെലഡി ഉണര്‍ത്തുമ്പോള്‍ ഉന്നത റേഞ്ചില്‍ ഹാര്‍മണി പ്രതിധവനിക്കുന്നു, ചിലപ്പോള്‍ മെലഡിയൊപ്പമോ അതില്‍ മേലെയോ എത്താനുള്ള വ്യഗ്രതയും ഇവിടെ കാണാം. Orchestrated violin പുതിയ ഗതിവിഗതികള്‍ തേടുന്ന പ്രതീതിയാണ് (8m 44s). 9m 26s ല്‍ staccato പ്രയോഗങ്ങള്‍ വീണ്ടും ഉണരുന്നു, ശേഷം വെസ്റ്റേണ്‍ നോട്സിലാണ് ഹംസധ്വനിയുടെ മുദ്രാസ്വരങ്ങള്‍ എഴുന്നുവരുന്നത്.‍9m 36s ല്‍ തരംഗരീതിയില്‍ ഉയര്‍ന്നു താണു പൊങ്ങുന്ന ഓര്‍കെസ്ട്ര നിശ്ചിത ശൈലിയില്‍ പെടുന്നില്ല എന്ന തോന്നല്‍ ഉളവാക്കുന്നു.9m 51s ല്‍ വീണ്ടും ഓര്‍കെസ്ട്ര ഗതിമാറുന്നു, ചില legatto (സ്വരങ്ങള്‍ വിട്ടു വിട്ടല്ലാതെ സൌമ്യമായി ഒന്നോടൊന്നു ചേരല്‍, staccatoയ്ക്കു വിപരീതമായി) സഹിതം.’പുരാകുംഭസംഭവം....’ നാദസ്വരം മാത്രമണെടുക്കുന്നത്. “പ്രണവസ്വരൂപം വക്രതുണ്ഡം‘ ആവര്‍ത്തനത്തിനിടയ്ക്ക് വെസ്റ്റേണ്‍ വയലിന്‍ പ്രയോഗമുണ്ട്. “കരാംബുജ പാശ ബീജാരൂപം....’വയലിന്‍+മൃദങ്ഗം ആവര്‍ത്തനത്തിനു ശേഷം നാദസ്വരവും ഓര്‍കെസ്ട്രയും ഒന്നിച്ച് ഏറ്റുപാടി, മോഹനവീണ ശ്രുതി താഴ്ത്തി അതാവര്‍ത്തിച്ച് ആ ചരണഖണ്ഡം വ്യത്യസ്തമാക്കുന്നു. സാമ്പ്രദായിക ഓര്‍കെസ്ട്ര അവസാനിപ്പിക്കുന്ന രീതിയില്‍‍ ഡ്രംസിലും സിംബത്സിലുമുള്ള പ്രയോഗത്തോടെ ആദിയില്‍ ഉണ്ടായ പ്രണവസ്വരൂപമായ നാദം ഹംസധ്വനിതരംഗമായി അവസാനിക്കുന്നു.


രണ്ടാം സംഗീതദ്രവണം നളിനകാന്തി രാഗത്തിന്റെ അഭൌമസൌന്ദര്യത്തെ തൊട്ടു തലോടി ഉണര്‍ത്തലാണ്. (Track 3). “Listen to me" എന്ന പേര്‍ അന്വര്‍ത്ഥമാകുന്നത് “മനവി ആലകിഞ്ചരാദടേ” (“മണവ്യാളകിഞ്ചരാ” എന്നു ചെമ്പൈയും മറ്റും പ്രചാരത്തിലാക്കിയ പാഠഭേദമുണ്ട്) എന്ന ത്യാഗരാജകൃതിയുടെ അപേക്ഷാഭാവം പിടിച്ചെടുത്തതിനാലാണ്. “എന്റെ അപേക്ഷ കേള്‍ക്കുന്നില്ലേ മനസ്സേ” എന്നതിന്റെ സാരം . കീ ബോര്‍ഡില്‍ രാഗത്തിന്റെ ചില സ്വരങ്ങള്‍‍ പൊടിതൂളിക്കൊണ്ടാണ് തുടക്കം. ആദ്യത്തെ 50 സെക്കന്റിലുള്ള ഇലെക്ട്രോണിക് ശബ്ദകോലാഹലങ്ങള്‍ സ്വല്‍പ്പം അരൊചകമുളവാക്കുന്നുണ്ട്, സംഗീതശില്‍പ്പത്തെ ബാധിക്കുന്നുണ്ട്. പക്ഷേ കീബോര്‍ഡില്‍ ‘മനവി ആലകിഞ്ചരാ എന്ന ചൊല്ലും(1m 15 s) തുടര്‍ന്നു വരുന്ന തനി പാശ്ചാത്യ നോട്സില്‍ നളിനകാന്തി വിരിയിക്കുന്നന്ന വയലിന്‍ ഓര്‍ക്കെസ്ടെഷന്നും ഈ അരോചകതയെ നിസ്സാരമാക്കുന്നു. ഹിന്ദുസ്ഥാനി ഫ്ലൂട് തബലയുടെ പിന്തുണയോടെ തുടക്കത്തിന്റെ കുളിര്‍മയേകുന്നു.2m 44s ല്‍ മധുരതരമായ കര്‍ണാറ്റിക് വയലിന്‍ വാദനത്തിനു വെസ്റ്റേണ്‍ ഹാര്‍മണിയുടെ അകമ്പടി. തബല‍/ഡ്രംസ് പകരുന്ന വിന്യാസങ്ങള്‍, 3m 15s ല്‍ നാദസ്വരത്തില്‍ പല്ലവി ആരംഭിയ്ക്കുന്നതില്‍ എത്തിയ്ക്കുന്നു. ഇതിനെ അനുഗമിയ്ക്കുകയാണ് മോഹന വീണ.കീര്‍ത്തനത്തിന്റെ അപേക്ഷാഭാവം മുഴുവന്‍ ആവര്‍ത്തനങ്ങളില്‍ ഉരുത്തിരിയുന്ന ‘സംഗതി‘കളില്‍ പ്രതിഫലിച്ചിരിക്കുന്നു. 5m 26s ല്‍ കര്‍ണാടിക് വയലിനു ശേഷം വരുന്ന ഓര്‍കെസ്ട്രേഷന്‍ വെസ്റ്റേണ്‍ രീതി ആണെങ്കിലും കീര്‍ത്തനത്തിന്റെ ഭാവം തെല്ലും ഉപേക്ഷിച്ചിട്ടില്ല. “ഘനുഡൈനി ശ്രീ രാമചന്ദ്രുനീ” എന്ന ആദ്യചരണം ആദ്യവരി നാദസ്വരതില്‍ എടുത്തതിനെ‍ (5m 52s) വയലിന്‍ ഓറ്കസ്ട്രേഷന്‍ പിന്തുണയ്ക്കുകയാണ്. ഈ ചരണാദ്യം മോഹനവീണ രാഗാലാപനയിലൂടെയാണ് വിസ്തരിക്കുന്നത്. പല്ലവിയുടെ ആവര്‍ത്തനം നാദസ്വരവും മോഹനവീണയും ഒരുമിച്ച്. പിന്നീടുള്ള ഫ്ലൂട് സ്വല്‍പ്പമേ ഉള്ളുവെങ്കിലും മധുരതരമാണ്. (8m 20s).ഓര്‍കെസ്ട്രാ സംഘം ഹാര്‍മണി ഉണര്‍ത്തുന്നത് പിയാനോസ്വരം ഉളവാക്കുന്ന മെലഡിയ്ക്ക് കൂട്ടു ചേരാനാണ്. “കര്‍മ്മകാണ്ഡമതാകൃഷ്ടുലൈ“ ചരണം നാദസ്വരത്തിനു ശേഷം മോഹനവീണ ആവര്‍ത്തിക്കാതെ ചില സ്വരസഞ്ചാരങ്ങളില്‍ കര്‍ണ്ണമധുരമാക്കപ്പെടുകയാണ്. തബല്യ്ക്കു പകരം പലപ്പോഴും ഡ്രംസ് പിന്തുണ. പാശ്ചാത്യ ഓര്‍കെസ്ട്രേഷന്‍ രീതിയില്‍ അവസാനിപ്പിക്കുന്നത് മോഹനവീണയുടെ സ്വനങ്ങള്‍ക്ക് തബലയും ഡ്രംസും സിംബല്‍സു സഹിതം കൂട്ടു ചെര്‍ന്നാണ്.

അവസാന ട്രാക്കായ “Spectrum of Piloo" അദ്ഭുതാവഹമായ ഗതിവിഗതികളും താളവിന്യാസങ്ങളും പിലു രാഗത്തിന്റെ നിംനോന്നതങ്ങളുടെ സൂക്ഷ്മമേഖലകള്‍ തേടിപ്പോകുന്ന അനുഭവവും ഒക്കെക്കൂടി സംഗീതധാരാസംഗമത്തിലെ മുങ്ങിക്കുളി തന്നെ. വെസ്റ്റേണ്‍ ഓറ്കെസ്ട്രേഷന്റെ പല സാദ്ധ്യതകളും ഉപയോഗിച്ചാണ് ഇതിലെ ഭാവപ്രകടനം. മോഹനവീണയ്ക്കോ നാദസ്വരത്തിനോ ഓടക്കുഴലിനോ അകമ്പടി സേവിക്കുന്നെന്ന മട്ടില്‍ ഉളവാക്കപ്പെടുന്ന ഹാര്‍മണി, മെലഡിയ്ക്കൊപ്പമോ അതിനു മുകളിലോ വര്‍ത്തിച്ചെന്നു വരും, ഊര്‍ജ്ജപ്രകരണം വഴി.‍അനുഭൂതി വിശേഷങ്ങള്‍ ഉണത്തിയെടുക്കുന്ന ജോലി പ്രധാന വാദകരുടെ മെലഡി മാത്രമല്ലാതെ ഓര്‍ക്കെസ്ട്രേഷന്റെ പ്രകടനവും ഏറ്റെടുക്കുന്നു. രാഗപ്രകാശനം ധുന്‍ ന്റേയും ഗസലിന്റേയും നാടന്‍പാട്ടിന്റേയും നേര്‍ഛായ വഴി തുറന്നെഴുമ്പോള്‍ വയലിനും ചെല്ലോയും വിയോലയും വെസ്റ്റേണ്‍ ഓറ്ക്കെസ്ട്രേഷന്റെ തനിമ വിടാതെ ഒപ്പം സഞ്ചരിക്കുന്നു. പേരു സൂചിപ്പിക്കുന്നതുപോലെ പിലു രാഗത്തിന്റെ വര്‍ണക്കാഴചകള്‍. സ്വല്‍പ്പം വിസ്തരിച്ചുള്ള ആലാപനം മോഹന വീണ മീട്ടിയെടുക്കുന്നതോടെയാണ് തുടക്കം. വരാന്‍ പോകുന്ന വന്‍തിരയിളക്കത്തിന്റെ സൂചനകളൊന്നുമില്ല. 3m 9s ലാണ് കീബോര്‍ഡിലെ സ്വനപ്പെടുത്തലോടെ ഫ്ലൂടിലുള്ള ചില ചെറു വിദ്യകളിലൂടെ തനതു‍ രാഗച്ഛയ വിടര്‍ത്തുന്നത്. പിന്നീട് (4m 21s-ല്‍) പ്രാരൂപികമായ വെസ്റ്റേണ്‍ ഓര്‍ക്കെസ്ട്രെഷന്‍ വയലിന്‍ സംഘത്തിനു പിയാനോ സ്വരങ്ങളോടെ അകമ്പടിയിടുന്നത് ഫ്ലൂട്ടിന്റെ മെലഡിയ്ക്കാണ്, harmonic chords മെല്ലെ നിര്‍മ്മിച്ചു വരികയാണ്. ചെല്ലോയുടെ മുഴക്കമുള്ള ധ്വനി (5m 20 s) ഗൌരവഭാവം അണച്ചതിനു ശേഷം ശക്തമായ ഓര്‍ക്കെസ്ട്ര സഞ്ചാരങ്ങള്‍ ഉണര്‍ന്നുയരുന്നു. ഇത്രയും നേരം മെലഡിയില്ല എന്നത് പ്രത്യേകതയാണ്. 6 m 46 s ല്‍ മോഹന വീണ പല്ലവിയുണര്‍ത്തുമ്പോള്‍ ചെല്ലോയും ബേസും ഒന്നിച്ച് താഴത്തെ ഒക്ടെവുകളില്‍ ആവര്‍ത്തിക്കുന്നുണ്ട്.(6 m 56s). ഇവിടം മുതല്‍ തബല ഊര്‍ജ്ജ്വസ്വലമാകുകയാണ്. ഓര്‍ക്കെസ്ട്ര അതിശക്തി പ്രാപിച്ച് മുന്‍പോട്ട് കുതിയ്ക്കുകയാണ്. ചടുലമായ സഞ്ചാരങ്ങള്‍. മോഹനവീണയുടെ മന്ദമായ മെലഡിയ്ക്ക് ദ്വന്ദമെന്നപോലെ വയലിന്‍ സംഘം ശീഘ്രതരമായി കുതിച്ചൊഴുകുന്നു. മെലഡിയോടൊപ്പമുള്ള അതിതീവ്രതയും ഈ ഓര്‍കെസ്ട്രല്‍‍ ഹാര്‍മണി ഉളവാക്കുന്നുണ്ട്. ഗതിവേഗം ആധിക്യം പൂണ്ട് ഒരു മൂര്‍ച്ഛന്യത്തിലെത്താനുള്ള ഒരുമ്പെടല്‍. 8 m40 s ല്‍ ഈ ആരോഹണശ്രമം ഒരു ഉത്തുംഗമേഖലയിലെത്തിച്ചേരുന്നു.

ഒരു ഗസല്‍ സ്വഭാവമുള്ള ഈണവുമായി എത്തുകയാണ് മോഹന വീണ 9 m 30 s ല്‍. പ്രണയലോലുപമായ അഭ്യര്‍ത്ഥനാഭാവം തുടിച്ചുനില്‍ക്കുന്ന ഈ പല്ലവിയുടെ ചരണം നാദസ്വരം ആവര്‍ത്തിക്കുന്നു. ഹിന്ദുസ്ഥാനി മട്ടില്‍ ഓര്‍ക്കെസ്ട്ര ഇതാവര്‍ത്തിക്കുന്നുണ്ട്.പിന്നീട് (12m 2 s ല്‍)നാദസ്വരത്തിനു പിന്നില്‍ ഓര്‍ക്കെസ്ട്ര ഉണര്‍ത്തുന്ന counter melody സൂക്ഷ്മഭാവനയുടേയും കേള്‍വിസുഖത്തിന്റേയും ഉദാഹരണം. ആവര്‍ത്തിച്ച് വരുന്ന ചില സഞ്ചാരങ്ങള്‍ polyphonic പ്രതീതി ഉളവാക്കുന്നു.ശേഷം ഹാര്‍മണിയുടെ ആവര്‍ത്തന ഫ്രെയ്സസ് സുഖകരമാണ്. ചെല്ലോയും കീബോര്‍ഡ് സ്വരങ്ങളും പ്രധാനമായി. മോഹന വീണയും വയലിന്‍ സംഘവുമായി ചില ഡയലോഗുകളുമുണ്ടിവിടെ.15 m 49 s ല്‍ മെലഡി ഏറ്റെടുക്കുന്നത് വയലിനാണെന്നത് പ്രധാനം, ചെല്ലോയുടെ അകമ്പടിയ്ക്ക് പ്രാമുഖ്യം. 16 m 18 s ലെ ചെല്ലോ-വയലിന്‍ ഡ്യൂഎറ്റ് തികച്ചും ഭാരതീയമാണ്, ഒരു പുതുമയ്ക്കുവേണ്ടി. തുടര്‍ന്ന് മറ്റൊരു ഈണവുമായി മോഹന വീണ എത്തുമ്പോള്‍ ഓര്‍ക്കെസ്ട്ര ആരോഹണ-അവരോഹണസ്വരങ്ങളിലൂടെ വഴി തേടുകയാണ്. ഇനിയും വാദ്യസംഘമാണ് രാഗവിഗതികള്‍ തീരുമാനിയ്ക്കുന്നത്. ഇവിടത്തെ ഗിറ്റാര്‍ ബിറ്റുകള്‍ അതിമനോഹരം തന്നെ. പിന്നീടുള്ള നാദസ്വരവായന പീലു രാഗത്തിന്റെ കര്‍ണാടകസംഗീത സമാനമായ കാപി രാഗത്തിലാണ്. ചില staccato പ്രയോഗങ്ങള്‍ നാദസ്വരത്തിനു പിന്നില്‍. അവസാനം ഒരു കച്ചേരിയുടെ പ്രതീതി ഉളവാക്കാനെന്നവണ്ണം അതിഗംഭീരമായ തനിയാവര്‍ത്തനത്തിലേക്കു തിരിയുകയാണ്, ബിക്രം ഘോഷും അനന്തകൃഷ്ണ ശര്‍മ്മയും ശിവമണിയും. തബലയും മൃദമ്ഗവും ഡ്രംസും പ്രകമ്പനം കൊള്ളിയ്ക്കുന്നത് മത്സരപ്രതീതിയില്‍ തന്നെ. താമസിയാതെ ചെല്ലോയുടെ മുഴക്കത്തോടെ, ഡ്രംസും സിംബത്സും അകമ്പടിയോടെ പതിവിനനുസൃതമായി ഓര്‍ക്കെസ്ട്ര കലാശിക്കുന്നു.

പിലുവിന്റെ നാലു വ്യത്യസ്ത സംഗീതഭാവനയാണ് Spectrum of Piloo എന്ന ഈ ട്രാക്കില്‍ ഉരുത്തിരിയുന്നത്. അതും വ്യത്യസ്ത താളങ്ങളില്‍ക്കൂടി.എന്നാല്‍ ഓര്‍ക്കെസ്ടേഷന്‍ സംഘവും സ്വന്തം മെലഡികള്‍ ഹിന്ദുസ്ഥാനി/കര്‍ണാടിക് മട്ടില്‍ ഉണര്‍ന്നുയര്‍ത്തുണ്ട്. വീണ- ഫ്ലൂട്-നാദസ്വരം വാദനം സാമ്പ്രദായികമായ ശൈലി നിലനിറുത്തുമ്പോള്‍ത്തന്നെ പാശ്ചാത്യ ഓര്‍ക്കെഷ്ട്രേഷന്‍ ഇതിനെ വെല്ലുവിളിക്കാനോ മറികടക്കാനോ ഒരുമ്പെടുന്നില്ല.വയലിന്‍ സംഘം പാശ്ചാത്യ ശൈലിയും ഭാരതീയശൈലിയും മാറിമാറി ആശ്ലേഷിക്കുന്നത് അസാമാന്യ നിഷ്ക്കര്‍ഷയോടും കൃത്യതയോടുമാണ്. മൂന്നു ട്രാക്കുകള്‍ക്കും ഇംഗ്ലീഷ് പേരുകളണെന്നുള്ളത് അന്വര്‍ത്ഥമാണ്. Beginning of the Beginning, Listen to Me, Spectrum of Piloo. ഈ ആംഗലേയവല്‍ക്കരണത്തെ സാധൂകരിക്കുന്നതാണ് ഇതിലെ ഓര്‍ക്കെസ്ട്രേഷന്‍ സംഘത്തിന്റെ ഭാവനാവിന്യാസങ്ങള്‍. ശൈലീസങ്കലനത്തിന്റെ ചൊരുക്കോ ഭാരതീയ സംഗീതശുദ്ധിയിലേക്കുള്ള കടന്നുകയറ്റമൊ ആയി തോന്നാതെയാണ് സമഗ്രലയം സ്വരൂപിച്ചെടുത്തിരിക്കുന്നത്. സിന്തസൈസര്‍ ഉളവാക്കുന്ന എലെക്ട്രോണിക് ശബ്ദങ്ങള്‍ പലയിടത്തും ശ്രദ്ധിക്കപ്പെടാമെങ്കിലും അവയൊന്നും സ്ഥായിയായ രസമാധുരിയില്‍ ചവര്‍പ്പുചേരുവയാകുന്നില്ല. ശ്രവണസുഖത്തിനു മുന്‍ തൂക്കം കൊടുത്തുകൊണ്ടുള്ള അവതരണം തന്നെയാണ് പ്രധാന ആകര്‍ഷണം. പാ‍ാശ്ചാത്യസംഗീതജ്ഞരുമായി സഹകരിച്ച് വിവിധ ഫ്യൂഷന്‍ പരീക്ഷണങ്ങള്‍ നിലവിലുണ്ടെങ്കിലും അവയിലെല്ലാം ഒരു കമ്പോസറുടേയോ കണ്ഡക്ടറുടേയോ അഭാവം പ്രകടമാണ്. പി. ഘനശ്യാം വിഭാവനം ചെയ്ത് സംവിധാനം ചെയ്ത ഈ സി. ഡി. അതുകൊണ്ടുതന്നെ അസാധാരണമാകുന്നു.

Tuesday, February 5, 2008

കഥ-തിരക്കഥ-സംഭാഷണം:എം. ടി യും ഞാനും മുഖാമുഖം

ശ്രീ എം. ടി. വാസുദേവന്‍ നായരുമായി ഞാന്‍ നടത്തിയ അഭിമുഖത്തിന്റെ സംക്ഷിപ്തം.നിശ്ചിത സമയത്തില്‍ തീര്‍ക്കേണ്ടി വരുമെന്ന പേടിയാല്‍ ചോദ്യങ്ങളില്‍ നിന്നും ചോദ്യങ്ങളിലേക്ക് ചാടുകയായിരുന്നു. അങ്ങനെയാകുമ്പോള്‍ ഒരു വിഷയത്തില്‍ തന്നെ ആഴത്തിലുള്ള പരിചിന്തനത്തിനു വകയില്ലല്ലൊ. കഥയുടെ കാതല്‍, തിരക്കഥയെഴുത്തിന്റെ കൌശലങ്ങള്‍, പിന്നെ മറ്റു ചിലതൊക്കെ സംഭാഷണം.


ഞാന്‍: കഥയുടെ ഡി. എന്‍ എ. എന്നൊരു പ്രയോഗം കേട്ടിട്ടുണ്ട്. ജീവിതത്തിലല്ലെ ഈ ഡി. എന്‍. എ. ചുറ്റിപ്പിരിഞ്ഞു കിടക്കുന്നത്?

എം. ടി: കഥ ജീവിതം തന്നെ. മലയാളത്തില്‍ പലപ്പോഴും കഥ എന്ന വാക്ക് ഉപയോഗിക്കുന്നത് തന്നെ നിത്യജീവിതത്തെ ബന്ധപ്പെടുത്തിയാണ്. അവ്ന്റെ കഥ കേട്ടൊ, അവന്റെ കഥ പറയാതിരിക്കുകയാണു ഭേദം, അയാളുടെ കഥ കഴിഞ്ഞു എന്നൊക്കെയുള്ള പ്രയോഗങ്ങള്‍. അങ്ങനെ കഥ ജീവിതം തന്നെയായി മാറുകയാണ്. അത് വെറും കെട്ടു കഥയല്ല. ജീവിതത്തിന്റെ സന്ധികളെപ്പറ്റി പറയുമ്പോള്‍ കഥ എന്ന വാക്ക് ഉപയോഗിക്കും. അനന്തമായ പരിണാമങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് ജീവിതം. അതില്‍ പുതിയ പുതിയ അലകളും ചുഴികളും മാറി മാറി വരും. അത് അന്വേഷിക്കുക എന്നതാണ് ഒരു കഥയെഴുത്തുകാരന്റെ ലക്ഷ്യം. അത് അയാള്‍ അന്വേഷിച്ചു കൊണ്ടേയിരിക്കും.

കാലം ആപേക്ഷികമാണെന്നു സിദ്ധാന്തം. കാലവുമായുള്ള ബന്ധം ഉറപ്പുവരുത്തുകയാണു ജീവിതം. കാലവുമായുള്ള പോരാട്ടം. ഇതൊക്കെയാണോ കഥയ്ക്കു പിന്നില്‍?

കഥ എന്നുപറഞ്ഞാല്‍ മാനുഷികമായ സന്ധി-പ്രതിസന്ധികളുടെ വിശകലനമാണ്. ഏതു കഥയെടുത്താലും അത് മനുഷ്യാവസ്ഥയുടെ ചിത്രീകരണം തന്നെയാണെന്നു കാണാം. മനുഷ്യാവസ്ഥയുടെ ആവിഷ്കാരം. എന്റെ മാത്രമല്ല ലോകത്തില്‍ എവിടേയും എഴുതപ്പെട്ടിട്ടുള്ള കഥകള്‍ നോക്കിയാലും ഈ ആവിഷ്കാരം കാണാം. ഇങ്ങനെയും സംഭവിക്കാമല്ലൊ, ഇങ്ങനെയും പെരുമാറാമല്ലൊ, ഇങ്ങനെയും പ്രതികരിക്കാമല്ലൊ എന്നൊക്കെ ഒരു അദ്ഭുതം, ഒരു ഉല്‍ക്കണ്ഠ ഒരു ആകാംക്ഷ ഉണ്ടാക്കിത്തീര്‍ക്കുന്നതാണ് കഥാസന്ധികള്‍. അങ്ങനെയുള്ള സന്ധികളാണ് എവിടെയും എഴുത്തുകാരുടെ വിഭവങ്ങളായി തീരുന്നത്.

ഏതു പാശ്ചാത്യപ്രവണത വന്നു കയറിയാലും മലയാളി സ്വന്തം സ്വാദില്‍ പിടിച്ചു നിന്നിട്ടില്ലെ? ഉത്തരാധുനികത വന്നു കയറിപ്പോയോ?

ഈ ഉത്തരാധുനികത എന്നതൊക്കെ ‍ ചില സൌകര്യത്തിനു വേണ്ടി നിരൂപകര് വിളിക്കുന്ന പേരാണ്. ആധുനികത, ഉത്തരാധുനികത എന്നതൊക്കെ ചില ചില കാലഘട്ടങ്ങളെ സൂചിപ്പിക്കാന് അവര്‍ ഉപയോഗിക്കുന്നു. ഇത് ഒരു അക്കാഡെമിക് എക്സൈര്‍സൈസ് മാത്രമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഒരു കഥയുടേയോ കവിതയുടേയോ ലേബല്‍ പ്രധാനമല്ല. അത് മോഡേണ്‍ ആണോ പൊസ്റ്റ്മോഡേണ്‍ ആണോ എന്നൊക്കെ നോക്കുന്നത്. ബഷീറിന്റെ കാര്യമെടുക്കുക. ഏകദേശം അറുപത് വര്‍ഷക്കാലം എഴുതിയിരുന്നു അദ്ദേഹം. അദ്ദെഹത്തെ നമ്മള്‍ ഏതിലാണു പെടുത്തേണ്ടത്? ആധുനികനോ? ഉത്തരാധുനികനോ? അദ്ദേഹം ഇതെല്ലാം എഴുതിയിട്ടില്ലെ? അങ്ങനെ ഒരു അക്കഡെമിക് എക്സൈര്‍സൈസിന്റെ പ്രാധാന്യമേ ഞാന്‍ കല്‍പ്പിക്കുന്നുള്ളു. ഉത്തരാധുനികതയുടെ ലേബല്‍ കിട്ടാന്‍ വേണ്ടി ഇന്ന രീതിയില്‍ എഴുതണമെന്ന് ഒരു എഴുത്തുകാരനും ചിന്തിയ്ക്കുകയില്ല. എഴുതിയാല്‍ അത് അപകടമായിത്തീരുകയും ചെയ്യും. അവനവന് എഴുതാന്‍ ഒരു ഉള്‍പ്രേരണയുണ്ടെങ്കില്‍ തന്റെ കയ്യില്‍ ഒരു വിഭവം, ഒരു അസംസ്കൃത പദാര്‍ത്ഥം വന്നുപെട്ടിട്ടുണ്ടെങ്കില്‍ അത് ഏറ്റവും ശക്തമായി സംവേദിപ്പിക്കാനുള്ള ഉപാധി കണ്ടെത്തുക എന്നതാണ്, അതിനാവശ്യമായ രൂപഘടന കണ്ടെത്തുക എന്നതാണ് കാര്യം. അതു വിശകലനം ചെയ്യുന്നവര്‍ സൌകര്യത്തിനു വേണ്ടി പൊസ്റ്റ്മോഡേണ്‍ അപ്പ്രോച് എന്നൊക്കെപ്പറയും. ഈ ലേബലിനെക്കായിലും പ്രാധാന്യം അതിലെ ഉള്ളടക്കമാണ്.‍ ‍


മിക്ക കൃതികളിലും അര്‍ഹത നിഷേധിക്കപ്പെട്ടവരെയും മോചനം കാംക്ഷിക്കുന്നവരേയും ചിത്രീകരിച്ചിട്ടുണ്ട്. പക്ഷെ അതിനു സമാന്തരമായി അതു പോലെ സ്ത്രീ കഥാ‍പാത്രങ്ങള്‍ കാണാറില്ല അധികം. പഞ്ചാഗ്നി സിനിമയിലെ കഥാപാത്രം, കുട്ട്യേടത്തി എന്നിവരൊഴിച്ചാല്‍?

അങ്ങനെയൊന്നുമില്ല.നമുക്കറിയാവുന്ന ചില ജീവിതഖണ്ഡങ്ങളെടുത്താണ് എഴുതുന്നത്.നമ്മുടെ മനസ്സിലേക്കു ചില കഥാപത്രങ്ങള്‍ കടന്നു വരും. നമ്മള്‍ കണ്ടൊ അറിഞ്ഞോ പരിചയമുള്ളവര്‍. സാദൃശ്യമുള്ള കഥാപാത്രങ്ങളെ നമ്മള്‍ സൃഷ്ടിയ്ക്കും. അതേസമയം സ്ത്രീകള്‍ക്കു പ്രാധന്യം നല്‍കുന്ന കഥകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്.ഉദാഹരണത്തിനു “കാഴ്ച’ പോലുള്ള കഥകള്‍. ചിലതൊക്കെ സ്ത്രീപക്ഷരചനകളാണോ എന്ന ചോദ്യവും വന്നിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ അത് നോക്കാറില്ല. തോന്നുന്നെങ്കില്‍ എഴുതും. നോവലുകളില്‍ വന്നത് ചില പ്രോടോടൈപ് ആണ്.നാട്ടില്‍ നടക്കുന്ന ചില സംഭവങ്ങളുമുണ്ട്. അസുരവിത്തിലെ ഗോവിന്ദന്‍കുട്ടി അങ്ങനെയൊരു പ്രോടൊഗണിസ്റ്റ് ആണ്, ഏകദേശം സമാനമായ ഒരു കഥാപാത്രം ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്നത് എഴുതുമ്പോള്‍ മന‍സ്സില്‍ ഉണ്ടായിരുന്നു. അങ്ങനെ ഡോമിനേറ്റ് ചെയ്യുന്ന കഥാപാത്രങ്ങള്‍ വന്നു കയറിയതിനാല്‍, അവര്‍ കൂടുതലും പുരുഷന്മാര്‍ ആയതിനാല്‍ അത്തരം കഥാപാത്രങ്ങള്‍ കൂടുതലായി. അമ്മ ഒരു കഥാ പാത്രമായി ധാരാളം ഞാന്‍ എഴുതിയിട്ടുണ്ടല്ലൊ. എന്റെ കഥയിലെ അമ്മ സങ്കല്‍പ്പത്തെക്കുറിച്ച് ചില സ്റ്റഡികളൊക്കെ വന്നിടുണ്ട്. ഒരു തരംതിരിവുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല.

സ്വാതന്ത്ര്യം കാംക്ഷിക്കുന്ന കഥാപാത്രങ്ങളില്‍ ആത്മപ്രകാശനം വന്നു കൂടിയിട്ടുണ്ടോ?

കുറച്ചൊക്കെ വന്നു കാണും. നീതി നിഷേധിക്കപ്പെടുക എന്നതാണ് പ്രപഞ്ചത്തിലെ ഏറ്റവും വലിയ ദുരന്തം.വിശപ്പൊ ഒന്നുമല്ല. നിഷ്കളങ്കത അംഗീകരിക്കപ്പെടതിരിക്കുക എന്നതാണ് മഹാദുരന്തം. അത് ശാശ്വതമായ സാര്‍വലൌകികമായ പ്രമേയമാണ്. അത് ഉപയോഗിക്കാന്‍ സൌകര്യമുള്ള സന്ദര്‍ഭങ്ങളിലൊക്കെ ഞാന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പിന്നെ സ്വാതന്ത്ര്യത്തിലുള്ള അഭിവാഞ്ഛ എല്ലാവരിലും ഉള്ളതാണ്. തനിയ്ക്കിഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാന്‍ പറ്റുന്നതാണ് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം. തനിയ്ക്കിഷ്ടപ്പെട്ട ജീവിതം തെരഞ്ഞെടുക്കല്‍. തൊഴില്‍ മാത്രമല്ല, സാഹചര്യങ്ങളെല്ലാം. അത് നിഷേധിക്കപ്പെടുമ്പോളുള്ള ധര്‍മ്മസങ്കടം എന്നും ഒരു പ്രമേയമാണ്-എല്ലാ എഴുത്തുകാര്‍ക്കും. എനിയ്ക്കും.

സെലിബ്രിറ്റീസ് അവരുടെ സ്വത്താണെന്ന് പൊതുജനത്തിനു ധാരണ വന്നു കയറാറുണ്ട്. വായനക്കാരെ അല്ലെങ്കില്‍ പൊതുജനത്തിനെ തൃപ്തിപ്പെടുത്തണമെന്ന് തോന്നിയിട്ടുണ്ടോ?

പൊതുജനമെന്തു വിചാരിക്കുന്നെന്നു കരുതി വേഷം കെട്ടാനൊന്നും നമുക്ക് സാധിക്കുകയില്ല. നമുക്കെന്തെങ്കിലും പറ്റിയാല്‍ ഒരുത്തനും തിരിഞ്ഞു നോക്കുകയില്ല. എന്നു പറയാന്‍ പറ്റുകയില്ല താനും. ഞാന്‍ ആശുപത്രിയില് ‍കിടന്നപ്പോള്‍ എന്നെ കാണാന്‍ എന്റെ പ്രിയപ്പെട്ട വായനക്കാര്‍ ധാരാളം വന്നിടുണ്ട്, എന്നെ ശുശ്രൂഷിക്കാന്‍ തയാറായി.അതു മറക്കുന്നില്ല. പൊതുവേ ഈ പൊതുജനം എന്നു പറയുന്നതിനു ഇതൊന്നും പ്രശ്നമല്ല. മരിച്ചുകഴിഞ്ഞാല്‍ മൂന്നു ദിവസം കണ്ണീരൊഴുക്കും. പത്രങ്ങളില്‍ വാര്‍ത്തകളും മറ്റു കാര്യങ്ങളും വരും. പിന്നെ അത് മറക്കും. പൊതുജനത്തിന്റെ മുന്നില്‍ നാടകം കളിയ്ക്കാനൊന്നും ഞാന്‍ തയാറല്ല. ഞാന്‍ എനിയ്ക്കു വേണ്ടിത്തന്നെയാണ് നില്‍ക്കുന്നത്.

ഞാനുദ്ദേശിച്ചത്, ഇംഗ്ലീഷില്‍ കഥകള്‍ വന്നിട്ടുണ്ട്, ഹോളീവുഡില്‍ സിനിമകള്‍ വന്നിട്ടുണ്ട്, എഴുത്തുകാരനെ തടവിലാക്കിയിട്ട് വായനക്കാരന്‍/വായനക്കാരി അവര്‍ക്കാവശ്യമുള്ളത് എഴുതിയ്ക്കുന്നതായി.....


ഇല്ല, ഇല്ല. ഇന്ന രീതിയില്‍ എഴുതണമെന്ന് ആര്‍ക്കും ഡിമാന്റ് ചെയ്യാന്‍ പറ്റുകയില്ല. മുന്‍പൊരു കാലഘട്ടത്തില്‍ എഴുത്തുകാരോട് സ്നേഹം ഭയങ്കരമായിട്ട് ഉണ്ടായിരുന്നു. ചങ്ങമ്പുഴയ്ക്ക് ക്ഷയരോഗം പിടിച്ച് ഇടപ്പള്ളിയില്‍ കിടക്കുകയാണെന്നറിഞ്ഞ് ആസാമിലൊക്കെ പട്ടാളത്തില്‍ ജോലി ചെയ്തിരുന്നവര്‍ ചെറിയ ചെറിയ മണി ഓര്‍ഡറുകള്‍ അയച്ചിരുന്നു. ആയിരക്കണക്കിനു മണി ഓര്‍ഡറുകള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി ഒരു ചെറിയ പോസ്റ്റ് ഓഫീസ് അവിടെ തുറക്കേണ്ടി വന്നു. അങ്ങനെ നമ്മളെ അമിതമായി സ്നേഹിക്കണമെന്നല്ല. നമ്മുടെ പുസ്തകം ഇഷ്ടമാണെങ്കില്‍ വായിച്ചോട്ടെ . അത്രേയുള്ളു.


സിനിമ ഒരു സ്വന്തം സൃഷ്ടി എന്ന നിലയ്ക്ക് എങ്ങനെ സംതൃപ്തി നല്‍കുന്നു? സാഹിത്യകൃതിയില്‍ നിന്നും കിട്ടുന്ന സംതൃപ്തി സിനിമയ്ക്കു നല്‍കാന്‍ പറ്റുമോ? സിനിമ ഒരു വ്യത്യസ്ത മീഡിയം ആയതിനാല്‍.

സിനിമ ഞാന്‍ യാദൃശ്ചികമായി എത്തപ്പെട്ട മേഖലയാണ്. മുന്‍പ്, 65ലോ 66ലോ മറ്റൊ എന്റെ ഒരു കഥ സിനിമയാക്കണമെന്നും ഞാന്‍ തന്നെ സ്ക്രിപ്റ്റ് എഴുതണമെന്നും ആവശ്യം വന്നപ്പോള്‍ ഒരു രസം തോന്നി അവരുടെ കൂടെ പ്രവര്‍ത്തിച്ചു. പിന്നെ കൂടുതല്‍ സ്ക്രിപ്റ്റുകളെഴുതി. ഞാന്‍ തന്നെ ചില സിനിമകള്‍ ചെയ്തു. എന്നെ സംബന്ധിച്ചിടത്തോളം ഒരു സാഹിത്യസൃഷ്ടിയില്‍ നിന്നും കിട്ടുന്ന ആഹ്ലാദം എനിയ്ക്കു സിനിമയില്‍ നിന്നും കിട്ടുകയില്ല. അതിന്റെ കാരണം എനിയ്ക്ക് കുറച്ച് ഏകാന്തതയും ഒരു പ്രമേയത്തിന്റെ ബീജവുമുണ്ടെങ്കില്‍ ഒറ്റയ്ക്കിരുന്ന് എഴുതിയുണ്ടാക്കാം. ആരെയും ആശ്രയിക്കേണ്ട കാര്യമില്ല.സിനിമ ഒരു സങ്കീര്‍ണമായ എന്നും അതിന്റേതായ തനിമയും സ്വത്വവും ഉള്ള കലാസൃഷ്ടിയാണ്, വളരെ ശക്തമായ കലാരൂപവുമാണ്. പകുതി ക്രിയേറ്റീവാണത്. ബാക്കി കാര്യങ്ങളൊക്കെ സാങ്കേതികത്വത്തേയും ഒരുപാട് കാര്യങ്ങളേയുമാശ്രയിച്ചാണിരിക്കുന്നത്. പലരുടേയും സ്വഭാവവിശേഷങ്ങള്‍, പണം മുടക്കിയ ആള്‍ക്ക് അതു തിരിച്ചു കിട്ടുമോ, ആള്ക്കാരില്‍ എത്തിച്ചേരുമോ എന്നെ ആശങ്കകള്‍ എന്നിങ്ങനെ. സാഹിത്യത്തില്‍ ഞാന്‍ തന്നെ എല്ലാം തീരുമാനിച്ചാല്‍ മതി.

ഒരേ സമയം സാഹിത്യവും സിനിമയും അയത്നലളിതമായി കൈകാര്യം ചെയ്തിട്ടുണ്ട്. സാഹിത്യം എഴുതുന്നതുപോലെയല്ലല്ലൊ തിരക്കഥ എഴുതുന്നത്. വളരെ visual sensibility ആവശ്യമുള്ളതാണിത്. എന്താണ് ഇതിന്റെ പിന്നിലുള്ള കൌശലം?

സിനിമയെ ആദ്യം മുതല്‍ക്കു പഠിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ മനസ്സിലാക്കിയത് സ്ക്രിപ്റ്റ് ഒരു പരിപൂര്‍ണസാഹിത്യമല്ല എന്നതാണ്.ഒരു കഥയെടുത്ത് സിനിമയുണ്ടാക്കാന്‍ തീരുമാനിച്ചാല്‍ നമ്മുടെ മനസ്സില്‍ ആ സിനിമ ഓടിച്ചെടുക്കാന്‍ സാധിക്കണം. അതിന്റെ ഓരൊ ഘട്ടത്തിലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുമെങ്കിലും മനസ്സില്‍ ഒരു ദൃശ്യവല്‍ക്കരണം വേണം. അതു ചെയ്യാന്‍ സാധിയ്ക്കുന്നതുകൊണ്ടാണ് എനിയ്ക്ക് സ്ക്രിപ്റ്റ് എഴുതാന്‍ സാധിയ്ക്കുന്നത്. ആ ദൃശ്യവല്‍ക്കരണം കുറച്ചൊക്കെ എന്റെ സാഹിത്യത്തിലും കാണാം.മനപൂര്‍വമല്ലത്. ഒരു ഇടവഴി വിവരിക്കുമ്പോള്‍ അപ്രതും ഇപ്രത്തും ഉള്ള ചെടികളും മരങ്ങളും മറ്റു ചില സൂക്ഷ്മതകളുമൊക്കെ ഞാന്‍ വര്‍ണിയ്ക്കാറുണ്ട്. ഒരു ഫോടോ ഫോകസ് പോലെ ചില ദൃശ്യങ്ങള്‍. അങ്ങനെ വിഷ്വലൈസ് ചെയ്യാനുള്ള പ്രവണത പല കൃതികളിലും കാണാം. സിനിമ ഒരു സാങ്കേതിക വിദ്യയാണെന്നും ഇതിനു വേറേ നിയമസാധ്യതകളുള്‍ലതാണെന്നും പിന്നീട് പഠിച്ചുവന്നതു കൊണ്ടും എനിയ്ക്കു സ്ക്രിപ്റ്റ് എഴുത്ത് സാദ്ധ്യമായി. പക്ഷെ ഞാന്‍ തന്നെ അറിയാതെ ,പണ്ട് എഴുതിയ കഥകള്‍ സിനിമയ്ക്കു പറ്റിയയാണെന്നു ചിലര്‍ പറയുമ്പോഴേ ഞാന്‍ അതിനെപ്പറ്റി ചിന്തിക്കാറുള്ളു. സാഹിത്യം എഴുതിക്കൊണ്ടിരിക്കുമ്പോള് ‍സിനിമാപരമായ യാതൊരു ചിന്തയും ഉണ്ടായിരുന്നില്ല.

നേരത്തെ പറഞ്ഞതുപോലെ ഒരു visual sensibility എങ്ങനെ വന്നു ഭവിച്ചു? ധാരാളം സിനിമകള്‍ കണ്ട പരിചയം കൊണ്ടാണോ?

ഇല്ല ഇല്ല. ഞാനൊരു സിനിമ കണ്ടത് എത്രയോ വൈകിയിട്ടാണ്. അന്ന് നാട്ടുമ്പുറത്ത് സിനിമയൊന്നുമില്ല. ഒരു പതിനഞ്ചു വയസ്സെങ്കിലും കഴിഞ്ഞിട്ടാണ് സിനിമ കാണുന്നത്. സിനിമയില്‍ എനിയ്ക്കു വലിയ കമ്പവുമില്ലായിരുന്നു. ഞാന്‍ നേരത്തെ പറഞ്ഞില്ലെ, യാദൃശ്ചികമായി എന്റെ ഒരു കഥ സിനിമ ആക്കുന്നു, അതിന്റെ കൂട്ടത്തില്‍ പ്രവര്‍ത്തിയ്ക്കുന്നു, സ്ക്രിപ്റ്റെഴുതുന്നു.പിന്നീട് ആണ് സിനിമയെപ്പറ്റി പഠിച്ചു തുടങ്ങിയത്. കിട്ടാവുന്ന പുസ്തകങ്ങള്‍ ഒക്കെ തേടിപ്പിടിച്ച് വായിച്ചു തുടങ്ങി. എനിയ്ക്ക് ഭാഗ്യം ഉണ്ടായത് പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില് ഗസ്റ്റ് ലെക്ചര്‍ ആയി വിളിച്ചപ്പോഴാണ്. അതൊരു നല്ല അവസരമായിരുന്നു. ലോകത്തിലുള്ള ക്ലാസിക്കുകളൊക്കെ കാണാന്‍ അവസരം കിട്ടി. അവരുടെ അടുത്തെങ്ങും എത്തിയിട്ടില്ലെങ്കിലും അവരുടെ രചനകളെ ആരാധിച്ചു കൊണ്ടു തന്നെ അതിനടുത്തെത്തുന്ന എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന തോന്നല്‍. അതെന്നെ സഹായിച്ചു.‍

ഒരു ദൃശ്യമാദ്ധ്യമം എന്ന മുന്‍ കരുതലോടെയാണല്ലൊ തിരക്കഥകള്‍ എഴുതുന്നത്. വളരെ വ്യത്യസ്തമായ സമീപനവും സംവിധാനശൈലിയും നറേഷന്‍ ട്രിക്കും കൈവശമുള്ള സേതുമാധവന്‍, പി. എന്‍. മേനോന്‍, ഐ. വി. ശശി, ഭരതന്‍ , വിന്‍സെന്റ്, ഹരിഹരന്‍ ഇങ്ങനെയുള്ളവര്‍ക്കുവേണ്ടി എഴുതുമ്പോള്‍ മനസ്സിലുള്ള വിഷ്വല്‍ സെന്‍സിബിലിറ്റി മാറ്റിയെഴുതണോ? എന്തെങ്കിലും കോമ്പ്രമൈസ്........


ഇല്ല ഇല്ല. അങ്ങനെയൊന്നും ചെയ്യാറില്ല. ഒരാളു വന്നു അയാള്‍‍ക്ക് സ്യൂടബിള്‍ ആയതെഴുതുന്നു , അങ്ങനെയില്ല. ഞാന്‍ എന്റേതായ രീതിയില്‍ എഴുതുന്നു, അതുകഴിഞ്ഞ് അവരുമായി ഇരുന്നിട്ട് വളരെ വിശദമായി ചര്‍ച്ചകള്‍ നടത്തും. ഞാനിതാണ് ഉദ്ദേശിച്ചത്, ഞാനിതാണ് മനസ്സില്‍ കാണുന്നത്....അതു മിക്കവാറും മനസ്സിലാക്കുന്നവരാണ് ഇപ്പറഞ്ഞ സംവിധായകര്‍ മുഴുവന്‍. ഇന്നാള്‍ക്ക് ഇന്ന സ്ട്രോങ് പോയിന്റ് ഉണ്ടെന്നു വിചാരിച്ച് ആ രീതിയില്‍ ഞാന്‍ ഒരിക്കലും ചെയ്തിട്ടില്ല.‍ചര്‍ച്ച ചെയ്യുമ്പോള്‍ ഇന്ന ഒരു സാധ്യത ഇന്നതില്‍ കാണുന്നു എന്നു പറയുമ്പോള്‍ അവരില്‍ നിന്നും നല്ല ഒരു പ്രതികരണം ഉണ്ടായിക്കഴിഞ്ഞാല്‍ തിരക്കഥയെഴുതുകയായി. അതെഴുതിക്കഴിഞ്ഞാലും പിന്നെ ഇരുന്നിട്ട് ധാരാളം ഡിസ്ക്കസ് ചെയ്യാറുണ്ട്. അവരൊക്കെ വളരെ കഴിവുള്ളവരാണ്. എന്റെ സങ്കല്‍പ്പങ്ങളും ദൃശ്യവല്‍ക്കരണങ്ങളും സ്വീകരിക്കാനുള്ള ഹൃദയവിശാലത ഉള്ളവരാണ് മിക്കവാറും എല്ലാവരും.

പക്ഷെ finished product നമ്മള്‍ ഉദ്ദേശിച്ചതിലും വ്യത്യാസമുള്ളതാകാന്‍ സാദ്ധ്യതയില്ലെ?

മാറും. കുറച്ചൊക്കെ മാറും. പക്ഷെ totality- സമഗ്രതയില്‍ വലിയ മാറ്റം ഉണ്ടാവില്ല. കാരണം അവരുടേതായ ചില പ്രത്യേകതകള്‍. ഉദാഹരണത്തിന് ഭരതനുമായി ഞാന്‍ ചെയ്ത വൈശാലി. ഭരതന്‍ നല്ല ക്രാഫ്റ്റ്സ്മാന്‍ ആണ്‍, നല്ല ചിത്രകാരന്‍. വൈശാലിയുടെ നിര്‍മ്മാണസമയത്ത് പലപ്പോഴും ഞാന്‍ കൂടെയുണ്ടായിരുന്നു. വര്‍ണ്ണങ്ങളോടുല്ല അമിതമായ അഭിനിവേശം കൊണ്ട്, പെയ്ന്റര്‍ ആയതുകൊണ്ടു ആവശ്യത്തില്‍ കൂടുതല്‍ നിറങ്ങള്‍ പ്രയോഗിച്ചു വൈശാലിയില്‍. ഇതൊന്നും എനിയ്ക്കത്ര തൃപ്തികരമായി തോന്നിയില്ല. അങ്ങനെ finished productല്‍ ഞാന്‍ സങ്കല്‍പ്പിക്കാത്ത കാര്യങ്ങള്‍ വന്നുകൂടിയിട്ടുണ്ട്. അത്രയും വര്‍ണ്ണ ശബളം ആക്കിയത് ഞാന്‍ ഉദ്ദേശിച്ചിട്ടില്ലെങ്കിലും അതൊക്കെ ഒരോരുത്തരുടേയും വ്യക്തിത്വം. ഞാന്‍ കുറ്റപ്പെടുത്തുകയല്ല. തെറ്റോ ശരിയോ എന്ന അര്‍ത്ഥത്തിലുമല്ല. പറഞ്ഞുവരുന്നത് ഫിനിഷ്ഡ് പ്രോഡക്റ്റില്‍ ചില മാറ്റങ്ങള്‍ കാണാമെന്നാണ്.

പക്ഷേ ഇതിലൊക്കെ മനസ്സറിഞ്ഞോ അറിയാതെയോ ഒരു സംവേദനം നടന്നതായിട്ടാണ് കാണുമ്പോള്‍ തോന്നുന്നത്.


അതെ അതെ. തുടക്കത്തില്‍ ഞങ്ങള്‍ ഇരുന്നു സംസാരിക്കുമെന്നു പറഞ്ഞല്ലൊ. പി. എന്‍. മേനോനുമായി ഞാന്‍ ചെയ്തിട്ടുള്ള ഓളവും തീരവും മലയാളചലച്ചിത്ര ചരിത്രത്തിലെ വഴിത്തിരിവാണെന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. ആ സ്ക്രിപ്റ്റ് എഴുതാന്‍ തുടങ്ങുന്നതിനു മുന്‍പു തന്നെ ഒരു മാസത്തോളം ഞങ്ങള്‍ വെറുതെ ഇരുന്നു സംസാരിച്ചിട്ടുണ്ട്. നിലമ്പൂര്‍ നിന്നും തടി വെട്ടിക്കൊണ്ടുവരുന്നവരുടേയും ചങ്ങാടത്തില്‍ പുഴയിലൂടെ കൊണ്ടു വരുന്നവരുടേയും ജീവിതത്തെപ്പറ്റിയുമൊക്കെ. അവിടെ നിന്നും തുടങ്ങി ഞങ്ങള്‍ ഒരു ധാരണയിലെത്തി. അതില്‍ നിന്നുമാണ് സ്ക്രിപ്റ്റ് ഉണ്ടായത്.നല്ല ധാരണയിലെത്തിക്കഴിഞ്ഞിട്ടേ സംവിധായകന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റുകയുള്ളു. ഞാനങ്ങനയേ ചെയ്തിട്ടുള്ളു താനും.

മലയാള സിനിമാ സാഹിത്യത്തില്‍ നിന്നും അകന്നല്ലൊ. വളരെ ചുരുക്കമായേ സാഹിത്യകൃതികള്‍ സിനിമയാകുന്നുള്ളു. നല്ല പ്രമേയങ്ങളില്ല, കരുത്തുറ്റ തിരക്കഥാകൃത്തുക്കളില്ല, ആസ്വാദനശേഷിയില്‍ മാറ്റം വന്നിരിക്കുന്നു ഇവയൊക്കെയാണോ കാരണങ്ങള്‍?


സാഹിത്യകൃതികളെ ആശ്രയിച്ച് സിനിമയുണ്ടാക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. സാഹിത്യത്തില്‍ മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു. നേരത്തെ ആദിമദ്ധ്യാന്തങ്ങളുള്ള നോവലുകളും കഥകളും ഉണ്ടായിരുന്നു. പുതിയ കാലഘട്ടത്തിലെ കഥകള്‍ ഒരു പ്ലോട് നെ ആധാരമാക്കിയിട്ടുള്ളവയല്ല, ഒരു പ്ലോട് പറയാവുന്ന രീതിയിലുള്ളവയല്ല. ചില ജീവിതചിത്രങ്ങളാണവ, അതുകൊണ്ട് പറ്റിയ കൃതികള്‍ വരുന്നില്ല എന്നത് കാരണങ്ങള്‍ ആരോപിക്കുന്നവരുടെ കാ‍്ഴ്ച്ചപ്പാടില്‍ ശരിയായിരിക്കാം. എന്നുവച്ച് സിനിമയ്ക്കു പറ്റണമെന്നു വച്ച് ആരും എഴുതിന്നില്ലല്ലൊ. എഴുതുന്നുണ്ടാവും.ഈ പറയന്നുതു മുഴുവന്‍ ശരിയല്ല. സിനിമയെ സംബന്ധിച്ചിടത്തോളം നോവലുകള്‍ വേണമെന്നില്ല. ചെറുകഥ മതി. സിനിമയുടെ ആചാര്യനായി ഞാന്‍ കരുതുന്ന ഹിച്കോക്ക് പറഞ്ഞിട്ടുള്ളത് ഏറ്റവും ഉചിതമായത് ചെറുകഥയാണെന്നാണ്. നോവല്‍ മുഴുവനായി സിനിമയാക്കാന്‍ പ്രയാസമാണ്. ഡോക്ടര്‍ ഷിവാഗോ സിനിമയാക്കുകയാണെങ്കില്‍ 65 മണിക്കൂറ് വേണ്ടി വരും. പിന്നെ തിരക്കഥാകൃത്തുക്കളുടെ കാര്യം. ഇല്ലെങ്കില്‍ അവരെ നമ്മള്‍ ഉണ്ടാക്കണം. ചെറുപ്പക്കാരായ നല്ല കഥാകൃത്തുക്കള്‍ക്ക് ഓറീയെന്റേഷന്‍ കൊടുക്കാം. ഞാന്‍ ബന്ധപ്പെട്ട സംഘടനായ മാക്ട 45 ദിവസം നീണ്ട ഒരു ക്യാമ്പ് ആലുവായില്‍ നടത്തിയിട്ടുണ്ട്. തിരക്കഥ, സംവിധാനം മുതലായവയുടെ ഓറിയെന്റേഷന്‍ ക്യാമ്പ്. അതില്‍ നിന്നും കുറെപ്പേര്‍ ഇപ്പോള്‍ സജീവമായി സിനിമാ രംഗത്തുണ്ട്. പക്ഷെ സ്ക്രീന്‍ പ്ലേ എഴുതുന്നതൊക്കെ പഠിപ്പിച്ചെടുക്കാന്‍ വയ്യ. How to Write a Screenplay എന്ന പുസ്തകങ്ങളൊന്നുമില്ല.എന്നാല്‍ ഒന്നുണ്ട്. പ്രസിദ്ധ സംവിധായകര്‍- ബെര്‍ഗ് മാന്‍, കുറോസോവ, അന്റോണിയോനി, ഫെല്ലിനി- ഇവരൊക്കെ സ്വന്തം സിനിമാസ്ക്രിപ്റ്റ് അവര്‍ തന്നെയാണ് എഴുതിയിട്ടുള്ളത്.‍

ആസ്വാദനനിലവാരത്തിലുണ്ടായ തകര്‍ച്ചയാണോ സാഹിത്യവും സിനിമയുമായി അകലാന്‍ കാരണം?


ആസ്വാദന നിലവാരം താഴ്ന്നെന്നു തോന്നുന്നില്ല. ഒരേ തരത്തിലുള്ളതു കൊടുത്തുകൊണ്ടിരുന്നാല്‍ ആളൂകളുടെ സംവേദനക്ഷമതയ്ക്കു വ്യത്യാസം വരും. വേറൊന്നും കിട്ടാനില്ല. വ്യത്യസ്തമായ ഒരു സിനിമാ നല്‍കിയാല്‍ അത് തീര്‍ത്തും നിഷേധിക്കുമെന്നു തോന്നുന്നില്ല. പക്ഷെ ആളുകളില്‍ ഒരു film culture സിനിമാ സംസ്കാരം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. കോളേജു നിലവാരത്തില്‍ തന്നെ തുടങ്ങണം ഇതിനുള്ള തയാറെടുപ്പുകള്‍. നല്ലതും ചീത്തയും തെരഞ്ഞെടുക്കാന്‍ ഉള്ള സംസ്കാരം കോളേജു ക്യാമ്പസുകളില്‍ നിന്നു തന്നെ ആരംഭിക്കണം. ഫിലിം സൊസൈറ്റികള്‍ വേണം. ഭാഗ്യവശാല്‍ ചിലതൊക്കെ തുടങ്ങിയിട്ടുണ്ട്. ഫിലിം അക്കാഡെമി വന്നതില്‍പ്പിന്നെ ക്ലാസിക്സ് ന്റെ ഫെസ്റ്റിവല്‍ ഒക്കെ തുടങ്ങി. ഫിലിം സൊസൈറ്റികള്‍ ഉണ്ടായിരുന്ന കാലം തിരിച്ചു പിടിയ്ക്കണം.


റ്റെലിവിഷന്റെ കടന്നുകയറ്റം വ്യാപകമായിട്ടുള്ളപ്പോള്‍ ഒരു തിരിച്ചു പോക്ക് സാദ്ധ്യമാണോ?

റ്റെലിവിഷന്‍ വന്നതുകൊണ്ട് സിനിമ മരിയ്ക്കുന്നില്ലല്ലൊ. സിനിമ വന്നപ്പോള്‍ നാടകം പോകുമെന്നായിരുന്നു പേടി. പക്ഷെ നാടകം നില നിന്നു. റ്റെലിവിഷന്‍ വന്നതുകൊണ്ട് സിനിമ കാണല്‍ കുറഞ്ഞിട്ടില്ല. പുസ്തകങ്ങള്‍ ഇല്ലാതാകുന്നില്ല. ഒരു പുസ്തകം വായനയില്‍ നിന്നും കിട്ടുന്ന അനുഭവം റ്റെലിവിഷനില്‍ നിന്നും കിട്ടുകയില്ല. ഒരു ദൃശ്യമാദ്ധ്യമത്തില്‍ നിന്നും കിട്ടുന്ന താല്‍ക്കാലിക വിനോദം അല്ല വായന കൊണ്ടു ലഭിക്കുന്നത്. റ്റെലിവിഷന്റെ കടന്നുകയറ്റം എന്നൊക്കെപ്പറയുന്നത് ശാശ്വതമല്ല. കടന്നുപോകുന്ന ചില പരിണാമ ഘട്ടങ്ങളാണിതൊക്കെ.

അതിനോടനുബന്ധിച്ച് ഒരു ചോദ്യം. മലയാളം ഒരു വ്യവഹാരഭാഷ മാത്രമായിത്തീരും എന്നൊരു പേടി നമ്മള്‍ക്കു വേണോ? പ്രത്യേകിച്ചും വായനയിലെ കുറവ്, ഇംഗ്ലീഷിന്റെ തള്ളിക്കയറ്റം ഇവ മൂലം?


ഇല്ല, തീര്‍ച്ചയായും ഇല്ല. കേരളത്തിലെ പ്രസാധനരംഗമെടുക്കുക. ഒരു ശാഖയായി തുടങ്ങിയവര്‍ പല ശാഖകളായി. പുസ്തകങ്ങളുടെ എണ്ണം കൂടുന്നുണ്ട്. സെയിത്സ് വര്‍ദ്ധിയ്ക്കുന്നു. ഭാഗ്യവശാല്‍ പുസ്തകപ്രകാശനം കൂടിവരികയാണ്. പ്രധാന പബ്ലിഷേഴ്സുമായിട്ട് എനിയ്ക്കു ബന്ധമുണ്ട്. അവരൊക്കെ പുതിയ ശാഖകളിടുകയാണ്. ഇനി മലയാളം പഠിയ്ക്കാത്ത മലയാളം പറയാനറിയാത്ത ഒരു തലമുറ വരുന്നെങ്കില്‍ പേടിയ്ക്കണം. ഇപ്പോള്‍ ഒന്നും പേടിയ്ക്കാനില്ല.


മലയാളി സമൂഹത്തിനു എന്താണ് സംഭവിച്ചതെന്ന് ഒരു വ്യാകുലതയുണ്ട്. ആത്മഹത്യകള്‍ പെരുകുന്നു, രാഷ്ട്രീയ ക്രൂരതയില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ വരെ കൈകാലുകള്‍ വെട്ടിയെറിയപ്പെടുന്നു, ആളുകള്‍ കൂട്ടത്തോടെ ആള്ദൈവങ്ങള്‍ക്കും ധ്യാനകേന്ദ്രങ്ങള്‍ക്കും അടിയറവു പറയുന്നു. മലയാളിക്ക് എന്താണ് സംഭവിച്ചത്?


ശരിയാണ്. എന്നെ അദ്ഭുതപ്പെടുത്തുന്ന കാര്യമാണിത്. ഒരു സംഭവം ഓര്‍ക്കുന്നു. തിരുവനന്തപുരത്ത് പദ്മതീര്‍ത്ഥക്കുളത്തില്‍ ഒരാള്‍ വേറൊരാളെ മുക്കിക്കൊല്ലുമ്പോള്‍ മുന്നൂറോളം പേര് നോക്കി നിന്നു, ഒരു കൌതുകക്കാഴ്ച കാണുന്നതു പോലെ. അതുകൊണ്ട് ആ ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ട്. മലയാളി മനസിനെന്തു പറ്റി? നമ്മള്‍ ഓരോരുത്തരും സ്വയം നമ്മോടും സമൂഹത്തോടും ചോദിക്കേണ്ട ‍ ചോദ്യങ്ങള്‍ തന്നെയാണ്. മനസ്സിനെ അസ്വസ്ഥമാക്കുന്ന പലതും സംഭവിക്കുന്നുണ്ട്. കൂട്ട ആത്മഹത്യകള്‍ ഉപഭോഗസംസ്കാരത്തിന്റെ പ്രതിഫലനമാണ്. അയല്പക്കക്കാരനുമായി മത്സരിക്കേണ്ടി വരുക. ചില പ്രോഡക്റ്റ്സിന്റെ പരസ്യം neighbor's envy എന്നൊക്കെയാണ്. അവനവന് എന്തു വേണമെന്ന് നിശ്ചയമില്ല. എന്തിനോ അപ്പുറത്തേയ്ക്കുള്ള നോട്ടമാണ്.കടക്കെണിയില്‍ വീഴുന്നു. അയല്പക്കവും കൂട്ടായ്മയും ഇല്ലാതാവുന്നു. പിന്നെ ആത്മഹത്യയായി.ഇതിന്റെ കൊടും ക്രൂരത നാളെ എന്തൊക്കെ ആയിത്തീരാവുന്ന കുട്ടികളേയും കൂട്ടിയാണ് ആത്മഹത്യ എന്നതാണ്. സാമൂഹ്യശാസ്ത്രജ്ഞര്‍ പഠിയ്ക്കേണ്ടതാണിത്. ജപ്പാനില്‍ വളരെയധികം പ്രചാരത്തിലായ ഒരു പുസ്തകം ഉണ്ട്. The Philosophy of Honest Poverty. അതിസമ്പത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് അതില്‍ പറയുന്നത് ഒരു മാതിരി ഗാന്ധിയന്‍ ഫിലോസഫിയാണ്. അവനവന്റെ ആവശ്യങ്ങള്‍ അറിഞ്ഞുകഴിഞ്ഞാല്‍ സമ്പന്നതയിലാണ് ജീവിക്കുന്നത്. അതാണ് honest poverty.

പ്രവാസികളായ ഞങ്ങള്‍ എങ്ങനെയാണ് സാംസ്കാരികമായ, സാമൂഹികമായ പ്രതിബദ്ധത കാത്തു സൂക്ഷിക്കേണ്ടത്? ഞങ്ങള്‍ക്ക് ഇങ്ങനെ ചോദ്യങ്ങള്‍ എറിയാനേ പറ്റു.

നിങ്ങള്‍ മലയാളം മറന്നിട്ടില്ല എന്നതും ചില സാഹിത്യസംബന്ധിയായ കൂട്ടായ്മകളുണ്ടെന്നുള്ളതും വളരെ നല്ല കാര്യമാണ്. ഞങ്ങള്‍ ചോദിക്കുന്നതുപോലെ നിങ്ങള്‍ക്കും ചോദിക്കാം എന്തു പറ്റി എന്ന്. വേറൊന്നും അതിനെപ്പറ്റിപറയാന്‍ പറ്റുകയില്ല.

ഇപ്പോഴത്തെ സാഹിത്യമോ മറ്റു കലാരൂപങ്ങളോ ഈ പ്രശ്നങ്ങളുമായി സംവദിക്കുന്നുണ്ടോ?

ഉണ്ട്. ഞങ്ങള്‍ ഇക്കാര്യങ്ങളില്‍ വളെരെ ഇന്‍ വോള്‍വ്ഡ് ആണ്. നന്മ എന്ന തൃശൂര്‍ കേന്ദ്രമായ സംഘടനയില്‍ അദ്ധ്യാപകര്‍, കന്യാസ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍ ഇവരൊക്കെ പണിചെയ്യുന്നുണ്ട്. ഉള്‍പ്രദേശങ്ങളിലൊക്കെ ഇവരുടെ പ്രവര്‍ത്തനം എത്തിച്ചേരുന്നുണ്ട്. ആല്‍ക്കഹോളിക്സ് അനോണിമസ് പോലെ ആളറിയാതെ സമീപിക്കാനുള്ള സംവിധാനമൊക്കെയുണ്ട്. ചെറിയ തോതില്‍ ഇങ്ങനെ ഒരു തടയണ ഇടാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍‍ നടത്തുന്നുണ്ട്.

വിദേശയാത്രകളില്‍ താല്‍പ്പര്യമുണ്ടെന്നു തോന്നുന്നു. പ്രവാസികളുടെ നൊമ്പരങ്ങള്‍ സ്വനപ്പെടുത്തിയ ‘ഷെര്‍ലോക്ക്’ പോലത്തെ കഥകള്‍ എഴുതിയിട്ടുണ്ട്. ഞങ്ങളുടെ ജീവിത പ്രതിസന്ധികള്‍ ഇനിയും കഥകള്‍ക്കു വിഷയമാകുമോ? ഈ യാത്രകളും അനുഭവങ്ങളും ജീവിതവീക്ഷണത്തെ വിപുലപ്പെടുത്തിയിട്ടുണ്ടോ?

യാത്രകള്‍ പണ്ടേ എനിയ്ക്കിഷ്ടമാണ്. ധാ‍ാരാളം ചെയ്തിട്ടുണ്ട്. എല്ലാ യാത്രകളില്‍ നിന്നും അനുഭവകഥകള്‍ ഉണ്ടാവണമെന്നില്ല. striking ആയി തോന്നുന്നത് ചിലപ്പോള്‍ കഥയാകും. ബോംബേയില്‍ ചെന്നിട്ട് ബോംബേ പശ്ചാത്തലമായി ചില കഥകള്‍ എഴുതിയിട്ടുണ്ട്. ഇവിടെ പലവട്ടം വന്നിട്ടുണ്ട്. എഴുപതു മുതല്‍ യു. എസില്‍ ഒരുപാട് തവണ. പക്ഷെ ഒരിക്കല്‍ മാത്രമേ ഒരു കഥയുടെ ബീജം മനസ്സില്‍ വന്നു വീണത്. അതാണ് ‘ഷെര്‍ലോക്ക്’.എന്തെങ്കിലുമൊക്കെ വീണു കിട്ടും എന്ന പ്രതീക്ഷയിലാണ് യാത്രകളൊക്കെ. ഞാന്‍ മനസ്സു കാത്തിരിക്കുന്നു, ആഗ്രഹിക്കുന്നു.

ഒരു വ്യക്തിപരമായ ചോദ്യമാണ്. താ‍ങ്കളെക്കുറിച്ച് മാധവിക്കുട്ടി ഒരിക്കല്‍ പറഞ്ഞിരുന്നു അമിതമായ വികാരസമ്മര്‍ദ്ദങ്ങള്‍ സഹിച്ചു ജീവിക്കാന്‍ കുറുക്കുവഴികള്‍ തേടാത്തവരുണ്ടോ എന്ന്. ജീവിതത്തില്‍ ശീലങ്ങളോ ദുശ്ശീലങ്ങളോ വികാരസമ്മര്‍ദ്ദം മൂലം വന്നു കൂടിയിട്ടുണ്ടോ?

അങ്ങിനെയൊന്നുമില്ല. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ ഞാന്‍ ധാരാളം കുടിച്ചിരുന്നു. കുറെക്കഴിഞ്ഞപ്പോള്‍ അതു നിറുത്തി. ഇതൊന്നും ഒന്നിനും പരിഹാരം അല്ല.


പുതിയ നോവല്‍, കഥ, സിനിമ.....?

ഒരു നോവലിന്റെ പണി തുടങ്ങി വച്ചിട്ടുണ്ട്. സമയം പ്രശ്നമാണ്, രണ്ടുമൂന്നു പ്രസ്ഥാനങ്ങളുമായി ബന്ധമുള്ളതുകൊണ്ട്. തുഞ്ചന്‍ മെമ്മോറിയല്‍, സാഹിത്യ അക്കാഡെമി ഇവയൊക്കെ. പിന്നെ വേറൊരു പ്രോജെക്റ്റ് വന്നു പെട്ടു. പഴയതുപോലെ ഉറക്കമൊഴിച്ചിരുന്ന് എഴുതാനൊന്നും പറ്റുകയില്ല. പിന്നെ മറ്റു സാദ്ധ്യതകള്‍, യാത്രകള്‍. ഇതൊക്കെ കഴിഞ്ഞാല്‍ പുസ്തകം തീര്‍ക്കാം എന്നു കരുതുന്നു. സിനിമ? ഇപ്പോഴൊന്നും ആലോചിട്ടില്ല.

Tuesday, January 29, 2008

മാതാ അമൃതാനന്ദമയിയും ഞാനും

മാതാ അമൃതാനന്ദമയിയുമായുള്ള എന്റെ അഭിമുഖത്തിന്റെ സാന്ദര്‍ഭിക വിവരണം.

വള്ളിക്കാവിലെ അമ്മ സ്ഥലത്തെത്തുമ്പോള്‍ ഇന്റെര്‍വ്യൂ ചെയ്യാനുള്ള ഏര്‍പ്പാടുകള്‍ ഞാന്‍ പലപ്പോഴും വാര്‍ത്ത വായനക്കാരനായും ഇന്റെര്‍വ്യൂവറായും മറ്റും വിവിധ വേഷങ്ങള്‍ കെട്ടാറുള്ള മലയാളം റ്റി. വി.സ്റ്റേഷന്‍ തകൃതിയില്‍ ചെയ്തുവച്ചു. പ്രൈവറ്റ് ഇന്റെര്‍വ്യൂ അമൃതാനന്ദമയി‍ ഒരിക്കലും നല്‍കാറില്ല. ഭക്തരെ സ്വീകരിക്കുമ്പോള്‍ തന്നെ അമ്മയുമായി സംഭാഷണത്തില്‍ ഇടപെടാം. ആശ്ലേഷാശീര്‍വാദങ്ങള്‍ ഇടമുറിയാന്‍ സമ്മതിയ്ക്കുകയില്ല അവര്‍. ബി. ബി. സിയ്ക്കോ എന്‍. ബി. സിയ്ക്കോ മറ്റു ലോകത്തിലെ വിഖ്യാത മീഡിയയ്ക്കോ പോലും ഇങ്ങനെയുള്ള അഭിമുഖമേ തരപ്പെടാറുള്ളു. ക്യാമ്പ് സംഘാടകര്‍ ആവശ്യപ്പെട്ടതനുസരിച്ച് ചോദ്യങ്ങള്‍ ഇ മെയിലായി നേരത്തെ അയച്ചു കൊടുത്തു. ഏഴോ എട്ടോ ചോദ്യങ്ങള്‍ മതി, സംഘാടകര്‍ നിര്‍ദ്ദേശിച്ചു. ഞാനൊരു ഭക്തനോ വിശ്വാസിയോ അല്ലാത്തതിനാല്‍ അമ്മയുടെ ഭക്തരായ സുഹൃത്തുക്കളോട് കാര്യങ്ങള്‍ അന്വേഷിച്ചു. ഒന്നോ രണ്ടോ നിമിഷം മാത്രം അമ്മയുമായുള്ള കൂടിക്കാഴ്ച ലഭിക്കാറുള്ള അവര്‍ അദ്ഭുതപ്പെട്ടു, മാതാ അമൃതാനന്ദമയിയെ ഇന്റെര്‍വ്യൂ ചെയ്യുകയോ? വിശ്വസിക്കാന്‍ പ്രയാസം. എങ്കിലും അഭിനന്ദനങ്ങള്‍ അറിയിച്ചു. അസൂയയുണ്ടെന്നു മറ്റു ചിലര്‍. ഒരു ഇന്റെര്‍വ്യൂവില്‍ അമ്മ എങ്ങനെ പെരുമാറുമെന്ന് അവര്‍ക്ക് അറിവില്ല. സാമീപ്യത്തില്‍ വിദ്യുത് തരംഗങ്ങള്‍ നമ്മിലേക്കു പ്രവഹിക്കുമെന്നും അവാച്യമായ ഊര്‍ജ്ജം നമുക്കനുഭവപ്പെടുവുമെന്നായി മറ്റു ചില സുഹൃത്തുക്കള്‍. അതുകൊണ്ട് സാധാരണ ഇന്റെര്‍വ്യൂകളില്‍ കൂടുതല്‍ മന:സാന്നിധ്യം വേണ്ടിവന്നേയ്ക്കുമെന്ന് ഞാന്‍ കരുതി.

സ്ഥലത്തെത്തിയപ്പോള്‍ ഞാന്‍ അമ്പരന്നു. ജനസഹസ്രം. തലേ ദിവസം മുതല്‍ ക്യൂ നില്‍ക്കുന്ന ഭക്തര്‍. ഭക്തരെ ആലിംഗനം ചെയ്യുന്നതിനിടയ്ക്കു തന്നെ ചോദ്യങ്ങള്‍ ചോദിക്കണം. സ്റ്റുഡിയോയിലെ പരിചയം പോര. സ്റ്റുഡിയോയ്ക്കു പുറത്തും ഇന്റെര്‍വ്യൂകള്‍ നടത്തിയിട്ടുണ്ടെങ്കിലും തുടക്കവും ഒടുക്കവുമൊക്കെ ഞാന്‍ നിശ്ചയിക്കാറാണ് പതിവ്. ഇവിടെ എപ്പോള്‍, എങ്ങനെ തുടങ്ങണമെന്നു പിടിയില്ല. സ്ഥിതിഗതികള്‍ കൃത്യവും നിയന്ത്രിതവുമാണ്. അവരുടെ സംഘത്തിലെ രണ്ടു ക്യാമെറമെന്‍, ഒരു അമേരിക്കനും ഒരു ജാപ്പനീസും അവരുടെ ക്യാമെറകളില്‍ വെവ്വേറെ നോക്കി എന്റെ പേര്‍ പറയാന്‍ നിര്‍ദ്ദേശിച്ചു. This is for our record. അവര്‍ പറഞ്ഞു. ആളുകള്‍ നിരനിരയായി വന്നു പോകുകയാണ്, അമ്മ ആലിംഗനം ചെയ്യുന്നു, ചെവിയില്‍ ആശ്വാസവചനങ്ങള്‍ ഓതുന്നു. പരിചാരികമാര്‍ പൂവും പ്രസാദവും നല്‍കി വിടുന്നു. അമ്മയോടൊപ്പം ഒരുവശത്ത് ഞാനും കുന്തിച്ചിരുന്നു. ശങ്കിച്ചു നില്ക്കുന്ന എന്നോട് പുറകില്‍ നില്‍ക്കുന്ന സ്വാമിജിമാര്‍ നിര്‍ദ്ദേശിച്ചു. തുടങ്ങിക്കോളൂ. അമ്മ തലകുലുക്കി സമ്മതം അറിയിച്ചു.

ചോദ്യങ്ങളടങ്ങിയ ഇ-മെയില്‍ കൈപ്പറ്റിയ സംഘാടകരെ ഒന്നും കാണുന്നില്ല. എന്നാല്‍ എനിയ്ക്കു ചില സ്വാതന്ത്ര്യങ്ങള്‍ കാണുമായിരിക്കുമല്ലൊ. അല്ലെങ്കിലും ചോദ്യങ്ങള്‍ നേരിടാതെ വഴുതാന്‍ സാദ്ധ്യതയുള്ളവ ചോദിക്കാനോ അത്തരം കാര്യങ്ങളിലേക്കു കടക്കാനോ എനിയ്ക്ക് പദ്ധതിയില്ലായിരുന്നു. അതുകൊണ്ട് ആദ്യത്തെ ചോദ്യം സ്വല്‍പ്പം കുസൃതി കലര്‍ന്ന ഇതുതന്നെ: “എപ്പോഴും ഒരു ചിരിയാണല്ലൊ. ഇതെവിടുന്നു വരുന്നു ഈ ചിരി? ഉള്ളിലും ചിരിയാണോ?” ഇതു കേട്ടതും അവര്‍ ആര്‍ത്തു ചിരിച്ചതും ഒന്നിച്ചായിരുന്നു. ഇത്തരം ഒരു ചോദ്യം ആരും അവരോട് ചോദിച്ചിട്ടില്ലെന്ന മട്ടില്‍. കുലുങ്ങിച്ചിരിച്ചപ്പോള്‍ പുറകോട്ട് ആഞ്ഞതിനാല്‍ ആലിംഗനം ചെയ്യാന്‍ നിന്ന ചെറുപ്പക്കാരനില്‍ നിന്നും പിടി വിട്ട പോലെയായി. “മോന്റെ ചിരി എവിടുന്നു വരുന്നു? കണ്ണാടിയില്‍ പോയി നോക്കിക്കേ എന്തു നല്ലതാ മോന്റെ ചിരി “എന്ന മറുപടിയാല്‍ എന്നെ നേരിട്ടു. ഇതോടെ ഞങ്ങള്‍ “ വണ്‍-ഓണ്‍ വണ്‍” എന്ന പോലത്തെ സ്ഥിതിയിലായ, രണ്ടു പരിചയക്കാരുടെ കുശലപ്രശ്നം എന്ന തലത്തിലേക്ക് നീങ്ങി. പിന്നെയങ്ങോട്ട് എളുപ്പമായി കാര്യങ്ങള്‍.ഇടതടവില്ലാതെ സംഭാഷണം. എല്ലാ വാചകവും “എന്റെ മോനേ” എന്നു തുടങ്ങിയാണ്. അവരിലെ സാധാരണ സ്ത്രീ എന്റെ മുന്നില്‍ അവതരിച്ച പോലെ തോന്നി. മാതാ അമൃതാനന്ദമയി വള്ളിക്കാവില്‍ നിന്നുള്ള സുധാമണിയമ്മ ആയി. ഈ പാട്ടൊക്കെ എങ്ങനെ പാടുന്നു, പഠിച്ചിട്ടുണ്ടോ എന്നതിനു തെല്ലു ക്ഷമാപണം കലര്‍ന്ന മറുപടി വിസ്മയിപ്പിച്ചു എന്നെ. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏതോ അദൃശ്യ ശക്തികള്‍ പ്രവഹിച്ച് ഇല്ലാത്ത കഴിവുകള്‍ ദൈവീകമായി ഉണ്ടായി വരുന്നതാണെന്നൊക്കെയാണ് ഗുരു/ഗോഡ്മെന്‍ സ്ഥാനീയര്‍ ഇന്റെര്‍വ്യൂകളില്‍ പറയാറ്. “എന്റെ മോനെ ഞാന്‍ വളര്‍ന്ന സ്ഥലത്ത് നല്ല ഒരു അമ്പലം പോലുമില്ലായിരുന്നു. ഞാനെവിടുന്നാ പാട്ടു പഠിയ്ക്കുന്നത്. മനസ്സില്‍ തോന്നിയത് പാടുന്നു. അത്ര തന്നെ”.‍അമ്മയുടെ വാക്കുകള്‍ക്ക് വിലയുള്ള കാലമാണെന്നും ബാലപീഡന (child abuse)ത്തിനെതിരെ സര്‍വ്വശക്തിയോടെയും നീങ്ങണമെന്നും എന്റെ അപേക്ഷ ഞാന്‍ നിരത്തി. ചോദ്യത്തിനു കൂടുതല്‍ വിശദീകരണത്തിനു‍ പുറകില്‍ നിന്നിരുന്ന സ്വാമിജിയെ നോക്കി. അദ്ദേഹം ബാലവേല എന്ന വാക്കാണ് പറഞ്ഞു കൊടുത്തത്. അതു കൊണ്ട് മറുപടിയും ബാലവേലയില്‍‍ ചുരുങ്ങിപ്പോയി. “പഷ്ണി (“പഷ്ണി” എന്ന നാടന്‍ വാക്കുതന്നെയാണ് അവര്‍ ഉപയൊഗിച്ചത്) കാരണമാ മോനേ കുഞ്ഞുങ്ങള്‍ ജോലി ചെയ്യേണ്ടി വരുന്നത്. ആദ്യം അവരുടെ പഷ്ണി മാറട്ടെ”. ഭക്തി, വിശ്വാസം, കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യ, മദ്യപാനശീലം ഇതൊക്കെ പിന്നെ അഭിമുഖവിഷയങ്ങളായി.

ഞാനുമായുള്ള സംഭാഷണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതു കൊണ്ടോ എന്തോ ആദ്യം ആശ്ലേഷിച്ച ഭക്തനെ വിട്ട് അടുത്തയാളെ സ്വീകരിച്ചില്ല അവര്‍. അങ്ങനെ എന്റെ അഭിമുഖം തീരുന്നതുവരെ അവിടെ എല്ലാം നിലച്ചതുപോലെയായി. ചെറുപ്പക്കാരന് ഇതില്‍പ്പരം സന്തോഷമുണ്ടായിട്ടില്ല എന്ന് പിന്നീട് പറഞ്ഞു. ആര്‍ക്കും ഇത്രയും നീണ്ട ആശ്ലേഷം കിട്ടാറില്ലല്ലൊ. സ്റ്റുഡിയോയില്‍ നിന്നും എനിയ്ക്കു കിട്ടിയ, ഇന്റെര്‍വ്യൂ റെക്കോര്‍ഡ് ചെയ്ത ഡി. വി. ഡി ‍ എന്നില്‍ നിന്നും വാങ്ങിയത് അയാള്‍ പൊന്നു പോലെ സൂക്ഷിച്ച് വച്ചിരിക്കുന്നു.

Saturday, January 26, 2008

എം. ടി. യും ഞാനും

നാലഞ്ചു കൊല്ലങ്ങള്‍ക്കു മുന്‍പു ശ്രീ എം.ടി. വാസുദേവന്‍ നായരുമായി നടത്തിയ ഒരു ഇന്റെര്‍വ്യൂവിന്റെ ഓര്‍മ്മക്കുറിപ്പ്.

ഭാരതീയ ഭാഷാകൃതികളുടെ ഇംഗ്ലീഷ് തര്‍ജ്ജിമകളെക്കുറിച്ചുള്ള സെമിനാറില്‍ പങ്കെടുക്കാന്‍ എം. ടി. ക്യാമ്പസില്‍‍ വന്നിട്ടുണ്ടെന്നറിഞ്ഞു. സ്ഥലത്തെ ഒരു പ്രാദേശിക മലയാള-റ്റെലിവിഷന്‍ ചാനലില്‍ വാര്‍ത്ത വായിക്കുകയും പ്രോഗ്രാം അവതരിപ്പിക്കുകയും സെലിബ്രിറ്റീസ്നെ ഇന്റെര്‍വ്യൂ ചെയ്യലും ഒക്കെ എന്റെ വിനോദങ്ങളില്‍ പെടാറുള്ളതുകൊണ്ട് അദ്ദേഹവുമായി ഒരു അഭിമുഖം തരപ്പെടുത്താന്‍ ആശിച്ചു. സെമിനാറില്‍ പങ്കെടുത്ത് ചില ചോദ്യങ്ങളൊക്കെ ചോദിച്ച് ഞാന്‍ മനപൂര്‍വം“നോട്ടപ്പുള്ളി“ യായി. കാപ്പി/ചായ കുടിയ്ക്കാനുള്ള ഇടവേളയില്‍ അദ്ദെഹവുമായി കുശലപ്രശ്നങ്ങളായി. ഇന്റെര്‍വ്യൂവിന് സമ്മതം. റ്റെലിവിഷന്‍ പ്രോഗ്രാം ഇന്‍ ചാര്‍ജ് സതീഷ് മേനോന്‍ (“ഭവം”‘ എന്ന അവാര്‍ഡ് സിനിമയുടെ സംവിധായകന്‍.ജ്യോതിര്‍മയിക്ക് കേന്രസര്‍ക്കാറിന്റെ സ്പെഷ്യല്‍ ജൂറി അവാര്‍ഡ് കിട്ടി ഭവത്തിലെ അഭിനയത്തിന്) ബാക്കി കാര്യങ്ങള്‍ ഏറ്റെടുത്തു. എം. ടിയ്ക്ക് എളുപ്പത്തിന് ദൂരെയുള്ള സ്റ്റുഡിയോയില്‍ പോകാതെ ക്യാമ്പസില്‍ തന്നെ ഇന്റെര്‍വ്യൂ നടത്താം. സ്ഥിരം ക്യാമെറാമാന്‍ അവധിയിലാണ്. സതീഷിന്റെ പരിശ്രമത്താല്‍ ഒരു പോളിഷ് സ്റ്റുഡിയോയിലെ ക്യാമെറാമാന്‍ വരാമെന്നു സമ്മതിച്ചു.

രാത്രിയില്‍ തന്നെ ഇന്റെര്‍വ്യൂവിനു ഒരു ഫോര്‍മാറ്റും ചോദ്യങ്ങളും എഴുതിയുണ്ടാക്കി. സ്വതവേ മിതഭാഷിയായ എം. ടി യില്‍ നിന്നും എന്തൊക്കെ പുറത്തെടുക്കാന്‍ പറ്റും? വേവലാതിയുണ്ട്. പിറ്റേന്ന് വൈകുന്നേരം എല്ലാവരും റെഡി. ക്യാമ്പസിലെ ഒരു ഹോടലിന്റെ റിസപ്ഷന്‍ സ്ഥലം വെടിപ്പാക്കി എടുത്തിട്ടുണ്ട് സതീഷ്. “പതിനഞ്ചു മിനുട്ടു വല്ലതും മതി” എം. ടി. പറഞ്ഞു. വളരെ നീണ്ട ചോദ്യാവലിയുമായി റെഡിയായ ഞാന്‍ എന്തൊക്കെ, ഏതൊക്കെ ചോദിക്കുമെന്ന കുഴപ്പത്തിലായി. കഥയെഴുത്തുകാരനോട് “കഥയുടെ ഡി. എന്‍. എ“ എന്ന വിഷയം തന്നെ ചോദ്യമായി തുടക്കമിട്ടു. പെട്ടെന്ന് വാചാലനായ അദ്ദെഹം മനം തുറന്നു സംസാരിച്ചു തുടങ്ങി. കഥയുടെ ഉറവ്, കഥകളിലെ സ്ത്രീ സാന്നിദ്ധ്യം, സിനിമയുമായുള്ള ബന്ധം,, സ്ക്രിപ്റ്റ് എഴുത്ത്, അങ്ങനെ എന്റെ ചോദ്യങ്ങളുമായി സംഭാഷണം മുറുകി. ചുളുവില്‍ അദ്ദേഹത്തിന്റെ പണ്ടത്തെ ചില ദുശ്ശീലങ്ങളെക്കുറിച്ച് ആരാഞ്ഞു. മദ്യപാനത്തെക്കുറിച്ച് തുറന്നു സംസാരിച്ചു. പതിനഞ്ചു മിനുട്ട് അനുവദിച്ചു തന്നിരുന്നത് ഒരു മണിക്കൂറ് ഇരുപതു മിനുട്ട് നീണ്ടു. ഇത് എന്റെ ചോദ്യങ്ങളുടെ രസം കൊണ്ടായിരുന്നു എന്ന് എന്റെ അഹങ്കാരം. അന്നു രാത്രിയില്‍ ഉറക്കം വരാതിരുന്നത് സന്തോഷം കൊണ്ടു മാത്രമാണെന്നു ഞാന്‍ തിരിച്ചറിഞ്ഞു.

പിറ്റേന്നും അദ്ദേഹത്തിന്റെ ചില്ലറ യാത്രകള്‍ക്കു ഞാന്‍ തന്നെ സാരഥി. പൊടുന്നനവേ നിശബ്ദത പിളര്‍ന്ന് നമ്മോട് വളരെ അടുപ്പത്തില്‍ സംസാരിക്കുമെന്നത് കൌതുകമായി. സാഹിത്യം, കല,സിനിമ,കഥകളി, സാമൂഹ്യപ്രശ്നങ്ങള്‍, മലയാളിയുടെ വിഹ്വലതകള്‍‍ എന്നിങ്ങനെ സംഭാഷണം പലപ്പോഴും കാടുകയറി. മലയാളികളുടെ കയ്യിലൊക്കെ ഓരൊ ഓടക്കുഴല്‍ ഉണ്ടെന്നും അത് ചങ്ങമ്പുഴ വച്ചു കൊടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. “ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍ പൊന്നോടക്കുഴലില്‍ വന്നൊളിച്ചിരുന്നു’ എന്നത് അതുകൊണ്ട് അന്വര്‍ത്ഥമാണെന്നും അഭിപ്രായപ്പെട്ടു. പിറ്റേന്നുള്ള ഒരു സമ്മേളനത്തില്‍ പ്രസംഗിച്ചത് ങങ്ങളുടെ സംഭാഷണ വിഷയങ്ങളെ ആസ്പദമാക്കിയതുകൊണ്ട് എന്റെ പേരു ആവര്‍ത്തിച്ചു വന്നുകയറീ. കൂടെ ചെറിയ ചില പുകഴ്ത്തലുകളും. സദസ്സിന്റെ കോണില്‍ “ഞാനാരാ മോന്‍“ എന്നു ഞെളിഞ്ഞു നില്‍ക്കാന്‍ ഞാനും.

പിറ്റേ ദിവസം അവസാനം കൂടിക്കാഴച്ചയ്ക്കു അദ്ദേഹം താമസിക്കുന്ന അപ്പാര്‍ട്മെന്റില്‍ ചെന്നു. കണ്ണടയ്ക്കിടയിലൂടുള്ള ആ ചുഴിഞ്ഞനോട്ടം സമ്മാനിച്ചിട്ട് പെട്ടെന്നു അകത്തേയ്ക്കു കയറിപ്പോയി. ഞാന്‍ അന്ധാളിച്ചു. താമസിച്ചു പോയോ? എന്നെ മറന്നു പോയോ? നേരത്തെ ഒരു സിനിമാ-സാഹിത്യകാരനില്‍ നിന്നും സ്വല്‍പ്പം താമസിച്ചതിനു വയറു നിറയേ ശകാരം കിട്ടിയത് ഓര്‍മ്മിച്ചു. അധികം താമസിയാതെ അദ്ദേഹം ഇറങ്ങിവന്നു ഒരു പുസ്തകം വച്ചു നീട്ടി, നിസ്സംഗഭാവം വെടിയാതെ. “ ഈ ഒരു കോപ്പിയേ കയ്യിലുള്ളു”. രണ്ടാമൂഴം! Author's copy എന്ന സീലടിച്ചത്! “സ്നേഹപുരസ്സരം” എന്നും
എന്റെ പേരും എഴുതിയതിനു താഴെ ചരിത്രപ്രസിദ്ധമായ ആ കയ്യൊപ്പും.

അന്നു രാത്രിയും ഉറക്കം വരാതിരിക്കാന്‍ എനിയ്ക്കു വേറേ കാരണമൊന്നും വേണ്ടി വന്നില്ല.

------------------------------------------------------------------
അടുത്തത്: മാതാ അമൃതാനന്ദമയിയും ഞാനും

Thursday, January 3, 2008

“കേളി”യില്‍ എന്റെ ലേഖനം

പ്രിയപ്പെട്ടവരെ:
ഈ ജനുവരിയിലെ ലക്കം “കേളി” എന്ന ദ്വൈമാസികയില്‍ എന്റെ “ഭരതനാട്യം-ഒരു ആധുനിക നൃത്തരൂപം” എന്ന ലേഖനം പ്രസിദ്ധീകരിച്ചു വരികയാണ്. കേരള സംഗീത നാടക അക്കാഡമിയുടെ പ്രസിദ്ധീകരണം ആണ് ‘കേളി’. ബ്ലോഗില്‍ എന്റെ ലേഖനം വായിച്ച ഒരു സാഹിത്യകാരന്‍ റെക്കമെന്റ് ചെയ്തതാണ്. പ്രിന്റ് മീഡിയത്തില്‍ ബ്ലോഗ് വരുന്നതിനെച്ചൊല്ലി കോലാഹലം ഉണ്ടെന്നറിയാം. എന്നെ സംബന്ധിച്ചിടത്തോളം ഇത് അംഗീകാരത്തിന്റെ ലക്ഷണം മാത്രമാണ്. കഴിഞ്ഞ ഏപ്രിലില്‍ എഴുത്തു പരിചയം അത്രയൊന്നുമില്ലാതെ വെറുതെ കയറി വന്നവനാണു ഞാന്‍. എന്നെ ഇത്രയും എത്തിച്ചത് നിങ്ങളെല്ലാവരുമാണ്. കമന്റുകളിലൂടെ പ്രോത്സാഹിപ്പിച്ചും കൂടുതല്‍ വായിച്ചും “ഇവിടെത്തന്നെ നിന്നോളൂ‘ എന്നു പറഞ്ഞ നിങ്ങളോട് എങ്ങനെയാണ് നന്ദി പറയുക? എന്നെ ബലമായി ഇവിടെക്കൊണ്ടു നിറുത്തിയ സിബു ജോണിയെ പ്രത്യേകം സ്മരിക്കുന്നു.

എന്റെ മറ്റൊരു ലേഖനം (“വാസന്തപഞ്ചമി നാളിലും സൂര്യകാന്തിയും”) വേറൊരു പ്രസിദ്ധീകരണം പരിഗണനയില്‍ എടുത്തിട്ടുണ്ട്. “പൂഞ്ഞാറില്‍ നിന്നുള്ള കാറ്റ്” എന്ന നീണ്ടകഥയും ആ വഴി സഞ്ചരിച്ചേക്കും.

എല്ലാ സുഹൃത്തുക്കള്‍ക്കും ഒന്നു കൂടി-നന്ദി