ദൈവം എവിടെ? മതം, ആത്മീയത, വിശ്വാസം ഏതേതു തലച്ചോർ കോണുകളിൽ?
വിശ്വാസത്തെക്കുറിച്ച് ആധുനികന്യൂറോശാസ്ത്രം വെളിവാക്കുന്ന ചിത്രം സാമാന്യബുദ്ധി കൽപ്പിച്ചുനൽകിയ ധാരണകളെ തകിടം മറിക്കുന്നതാണത് എന്ന്
തെര്യപ്പെടുത്തുകയാണ്. വാസ്തവികം എന്ന് നമ്മൾ കരുതുന്ന പല പ്രധാനകാര്യങ്ങളും
വസ്തുതയുടേതോ വിവേകത്തിന്റേയോ ന്യായത്തിന്റേയോ പരിണതി അല്ല. വിശ്വാസം എന്ന മായാജാലത്തിന്റെ
ഉറവിടവും കുടിയിരിക്കുന്ന ഇടങ്ങളും മനസ്സിന്റെ ഉള്ളറകളിൽ വെളിച്ചം വീശി
പ്രകാശമാനമാക്കുകയാണ് ഇന്നത്തെ ന്യൂറോസയൻസ്.
വിശ്വാസങ്ങൾ നമ്മുടെ ജീവിതത്തിന്റെ മൗലികമായ അടിസ്ഥാനമാണ്, പക്ഷേ എന്തു വിശ്വസിക്കുന്നു, എന്തിനുവേണ്ടി
വിശ്വസിക്കുന്നു എന്നതിലേക്ക് കടക്കുമ്പോൾ നമുക്ക് വളരെക്കുറച്ച് നിയന്ത്രണങ്ങളേ
ഇക്കാര്യത്തിലുള്ളൂ എന്ന് മനസ്സിലാവുകയാണ്. പല ആകൃതിയിലും പ്രകൃതിയിലും വ്ശ്വാസങ്ങൾ
കടന്നു വരികയാണ്-നിസ്സാരവും എളുപ്പത്തിൽ സമർത്ഥിക്കാവുന്നതും ആയതു മുതൽ - ‘എന്റെ വിശ്വാസം
ഇന്ന് മഴ പയ്യും എന്നാണ്’-ആഴവും ദൃഢവുമായതും
തെളിയിക്കാൻ പ്രയാസമുള്ളതുമായതു വരെ-‘ദൈവം ഉണ്ട് എന്ന്
ഞാൻ വിശ്വസിക്കുന്നു’ –ഇതിൽ ഉൾക്കൊള്ളുന്നു. ഉണ്മയെക്കുറിച്ചുള്ള
പഠനസഹായിപ്പുസ്തകം വിശ്വാസങ്ങൾ എഴുതിത്തന്നത് നമ്മൾ കൊണ്ടു നടക്കയാണ്. പലതും സത്യമാണെന്ന്
നമ്മളെ തോന്നിപ്പിക്കുന്നതും ഇവ തന്നെ, അങ്ങനെ
അല്ലെങ്കിൽക്കൂടി. നമ്മൾ കാണും
സങ്കൽപ്പലോകം തന്നെയാണ് ഈ ഉലകം.വസ്തുനിഷ്ഠമായ യാഥാർത്ഥ്യങ്ങളെക്കുറിച്ചും ശരി-തെറ്റുകളെക്കുറിച്ചുള്ള ബോദ്ധ്യങ്ങളെക്കുറിച്ചും
നിരന്തരം സൂചനകൾ നൽകുന്നു അവ. തലച്ചോറു പണിപ്പെട്ടു ചെയ്യുന്ന വേല എന്നുമാത്രം
കരുതേണ്ട, ഏറ്റവും പ്രധാനമായ
പ്രവർത്തിയുമാണ്. മനുഷ്യമസ്തിഷ്ക്കം
പലപ്പൊഴും സംഘർഷത്തിലാണ്: വിവേകവും വിശകലനാത്മകതയും ശാസ്ത്രബോധവും ഉൾക്കൊള്ളുന്ന
ഇടങ്ങളും ഇവ തൊട്ടു തീണ്ടാത്ത, കാര്യകാരണയുക്തിയെ നിഷേധിക്കുന്ന
ഇടങ്ങളും തമ്മിൽ. ലക്ഷ്മിതരുവും മുള്ളാത്തയും മതി ക്യാൻസർ ചികിൽസയ്ക്ക്, മോഡേൺ മെഡിസിൻ മുഴുവൻ തട്ടിപ്പാണ്, പ്രതിരോധകുത്തിവയ്ക്ക് ദൈവനിഷേധമാണ് എന്നൊക്കെ
വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടെങ്കിലും ഒരു സമൂഹം എന്ന നില്യ്ക്ക്
സ്വാസ്ഥ്യത്തേയും അതിജീവനത്തേയും പരിപാലനത്തേയും ബാധിയ്ക്കുന്ന കാര്യങ്ങളായതിനാൽ
തലചച്ചോറിന്റെ ഈ കളികളുടെ പിന്നിലെ
ന്യൂറൊശാസ്ത്രം പഠിച്ചെടുക്കേണ്ടത് അത്യാവശ്യമായിത്തീരുകയാണ്.
ഏറ്റവും പൗരാണികമായ വിശ്വാസധാരയിൽ പ്രധാനമാണ്
മതാത്മകബോധം. സാധാരണ തലച്ചോർ പ്രവർത്തിയായ ബോധജ്ഞാനത്തിനും
പെരുമാറ്റനിയന്ത്രണത്തിനും അപ്പുറത്താണ് ഈ
മാനസികപദ്ധതി. ചരിത്രത്തിൽ ഈ ബോധോദയപ്രക്രിയയുടെ
കൃത്യമായ സ്ഥാനം വെളിവാക്കുന്നത് എളുമല്ല തന്നെ. 225,000 വർഷങ്ങൾക്കു
മുൻപേ ആദിമമനുഷ്യൻ ചില മതാത്മകാനുഷ്ഠാനങ്ങൾ ചെയ്തിരുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
എന്നാൽ സംഘടിത മതം എന്ന രീതിയിലുള്ള സമൂഹപെരുമാറ്റം തുടങ്ങിയിട്ട് ഏകദേശം 11,000 കൊല്ലങ്ങളേ ആയിട്ടുള്ളു. കാരണങ്ങൾക്കെല്ലാം കാരണമായ, പ്രപഞ്ചനിയന്താവായ, മനുഷ്യന്റെ വിധി നിർണ്ണയിക്കുന്ന, അവനു പ്രകൃത്യാതീത
ബലം നൽകുന്ന, ആത്മാവിനെ പുണരുന്ന ഒരു അദൃശ്യശക്തിയിലുള്ള
വിശ്വാസം അതിജീവനത്തിനു സഹായിക്കുന്ന പശ്ചാത്തലം ഒരുക്കിയിരുന്നോ എന്നത് പരിണാമചരിത്രകാർന്മാർക്ക്
മാത്രമല്ല മസ്തിഷ്ക്കശാസ്ത്രപഠിതാക്കൾക്കും വെല്ലുവിളിയേൽപ്പിക്കുകയാണ്. ക്ലിഷ്ടതകൾക്ക് സ്പഷ്ടതയെന്നവണ്ണം ദൈവവും
മതാത്മകതയുമൊക്കെ ന്യൂറോളജി പ്രതിഭാസങ്ങളാണെന്ന് തെളിയിക്കുന്നു ആധുനിക ശാസ്ത്രവഴികൾ.
ബോധജ്ഞാനത്തിന്റെ കുറുക്കുവഴികൾ തേടാനാണ് പരിണാമവഴികളിൽ നിർമ്മിച്ചെടുത്ത
തലച്ചോറ് നമ്മളോട് ആവശ്യപ്പെടുന്നത്.
മുൻ വിധികളും വിപ്രതിപത്തിയും
യുക്തിഹീനാഭിപ്രായങ്ങളും രൂപപ്പെടുന്നതിന്റെ പിന്നിൽ മസ്തിഷ്ക്കം കണ്ടുപിടിച്ച
എളുപ്പവഴികൾ രൂഢമൂലമായി പതിഞ്ഞുകിടക്കുന്നു. ചിന്തിക്കുക എന്നത് സമയവും പ്രയത്നവും
ആവശ്യപ്പെടുന്ന പദ്ധതിയാണ്, മുൻ വിധികൾ
അടിയന്തിരസന്ദർഭങ്ങളിൽ പ്രാചീനമനുഷ്യനു എളുപ്പം തീരുമാനങ്ങളിൽ എത്താൻ
സഹായിച്ചിരുന്നു. പക്ഷേ കാലം മാറി, പ്രകൃതി
കാൽക്കീഴിലായി, ചിന്താശക്തി പ്രബലപ്പെട്ടു, പക്ഷേ മസ്തിഷ്ക്കം ഇപ്പോഴും പഴയ ചില സാങ്കേതികതകളിൽ
അകപ്പെട്ടു ഉഴലുകയാണ്. പതിഞ്ഞുപോയ വിശ്വാസങ്ങൾ മാറ്റാൻ ഇന്നും തയാറല്ല നമ്മുടെ
പഴമനസ്സ്. അൽപ്പമാർഗ്ഗങ്ങൾ തേടാനുള്ള
പരിശീലനം ബോധജ്ഞാനം തന്നെ മസ്തിഷ്ക്കത്തിൽ ഏൽപ്പിച്ചിരിക്കുമ്പോൾ മറ്റൊരു പോം വഴി
നമുക്കില്ല. ശാസ്ത്രവും യുക്തിയും തലച്ചോറിനെ ആധുനികവൽക്കരിക്കുന്നതിനും മുൻപുള്ള
ഈ ചിന്തനമനനങ്ങൾ നവീകരിക്കുന്നത് ആവശ്യമായിത്തീർന്നിരിക്കുകയാണെങ്കിലും
ആധുനികസമൂഹത്തിനു അനുയോജ്യമായി പാകപ്പെട്ടു വരുന്നതേ ഉള്ളു. യുക്തിയും ന്യായവും
ചിന്താപദ്ധതികളിൽ പൂർണ്ണമായി ഉൾക്കൊള്ളിച്ചിട്ടുള്ള ജീവികളല്ല നമ്മൾ എന്നതാണു
സത്യം. അതീവ ബുദ്ധിയുള്ള, പഠിപ്പുള്ളവർ പോലും ചില ഭോഷ്ക്ക്
വിശ്വാസങ്ങൾ കൊണ്ടുനടക്കുന്നവരായി കാണപ്പെടുന്നത് ഇതിന്റെ ഭാഗമാണ്. വികാരവും
മുൻവിധികളും വ്യക്തിനിഷ്ഠമായ താൽപ്പര്യങ്ങളും സ്വരൂക്കൂട്ടിയ മനസ്സാണു
മനുഷ്യന്റേത്. പക്ഷപാതപരവും നീതിവിഹീനവുമായ
ജ്ഞാനധാരണകൾ നമ്മുടെ നിരീക്ഷണപാടവത്തേയും ന്യായനിർണ്ണയങ്ങളേയും അനുമാനങ്ങളെയും
ബാധിക്കുന്നതാണ്. വ്യക്തിപരതയും ആത്മവാദവും സങ്കലിച്ച മനസ്സ്
അന്ധവിശ്വാസത്തിലേക്കും മുൻവിധികളിലേക്കും ചായാൻ പാകപ്പെട്ടതാണ്, സ്വന്തം മനസ്സിനെ ബോധപൂർവ്വം യുക്തിവിചാരണ ചെയ്തില്ലെങ്കിൽ
അതിബുദ്ധിയുള്ളവർ പോലും ഇതിലേക്ക് വഴുതിപ്പോയേക്കും. ബഹിരാകാശത്തിലേക്ക്
സാറ്റലൈറ്റ് വിക്ഷേപിക്കുന്ന ശാസ്ത്രജ്ഞന്മാർ
അതിനു മുൻപ് മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി തേങ്ങാ ഉടയ്ക്കുന്നതും
തുലാഭാരം വഴിപാടു നടത്തുന്നതും അതിസാങ്കേതികതയിൽ വ്യാപരിച്ച് അന്നം തേടുന്ന
കമ്പ്യൂട്ടർ വിദഗ്ധർ പോലും വിവാഹത്തിനു മുൻപ് ജാതകം നോക്കുന്നതും മനുഷ്യമനസ്സിന്റെ തനത്
പഴമയിൽ നിന്ന് ബോധപൂർവ്വം വിടുതൽ നേടാത്തതുകൊണ്ടാണ്.
ബുദ്ധി എന്നത് ഉപഖണ്ഡങ്ങളാൽ കള്ളിതിരിയ്ക്കപ്പെട്ടതാണ് എന്നത്
മേൽപ്പറഞ്ഞ വിരോധാഭാസത്തിനു ഒരു കാരണമാണ്. ചില കാര്യങ്ങളിൽ ബുദ്ധിതീക്ഷ്ണതയും വിശ്ളേഷണാത്മക
വിചിന്തനാശക്തിയുമുള്ളവർ മറ്റു ചില
കാര്യങ്ങളിൽ ബാലിശ- ഭോഷ്കർ നിരയിലേക്ക് മാറുന്നതായി കാണുന്നത് ഇതുകൊണ്ടാണ്. ഒരു
തന്മാത്രാശാസ്ത്രജ്ഞൻ കണക്കിലോ ഫിസിക്സിലോ മിടുക്കൻ ആയിരിക്കണമെന്നില്ല. ഐൻസ്റ്റീൻ
ഫിലൊസഫിയിലോ രാഷ്ട്രീയതത്വസംഹിതയിലോ പ്രവീണൻ ആയിരിക്കണമെന്ന് നിർബ്ബന്ധം
പിടിയ്ക്കാൻ വയ്യല്ലോ. ഇവരിൽ ചിലർ
വാർദ്ധക്യരോഗപീഡകളാലോ മറ്റോ ആത്മീയതയിലെക്കു ചാഞ്ഞാൽ കഠിനവിശ്വാസികൾക്ക് അവരുടെ
നിരയിലേക്ക് ഒരാളെക്കൂടി ലഭിച്ചു എന്ന് ആഹ്ലാദം കൊള്ളാനുള്ള വകയായി. മറ്റൊന്നുള്ളത്
എത്ര ബുദ്ധിയുള്ളവരായാലും അവരുടെ
ബാല്യകാലത്ത് ഏറെ സ്വാധീനിച്ചവിശ്വാസപ്രമാണങ്ങൾ അവരെ പിൽക്കാത്ത്
പിടികൂടുമെന്നുള്ളതാണ്. ഒരു കേടുപാടും കൂടാതെ അവ സൂക്ഷിക്കപ്പെടും. തലച്ചോറിനു
അങ്ങനെയൊരു സ്വഭാവചായ് വ് ഉണ്ട്, ആ വിശ്വാസങ്ങൾക്ക്
കോട്ടം തട്ടാതെ അവയെ കാത്തുസൂക്ഷിക്കാൻ. സൂക്ഷ്മവും അപഗ്രഥനാത്മകവും വിമർശനപരവുമായ
ചന്താപദ്ധതികൾ പിൽക്കാലത്താണ് വളർച്ചാവികാസം നേടുന്നത്. അതിനും മുൻപേയുള്ള
വിശ്വാസങ്ങളെ തൂത്തെറിയാൻ പണി ഏറെയുണ്ട്.
അവനവനെ വിശ്വസിക്കാതിരിക്കാൻ മതം ബാല്യത്തിൽ തന്നെ നമ്മെ
പരിശീലിപ്പിക്കുന്നു. “ഹൃദയം ആണ് ഏറ്റവും വലിയ വഞ്ചകൻ” (The heart is
deceitful above all things”) എന്ന ബൈബിൾ വചനം യുക്തിവിചിന്തനത്തെ നമ്മൾ തന്നെ വിശ്വസിക്കരുതെന്ന്
ഉദ്ബോധിപ്പിക്കയാണ്, നമ്മുടെ ബുദ്ധിശക്തിയെ സംശയിക്കണമെന്ന് പഠിപ്പിക്കയാണ്.”അകക്കണ്ണ് തുറപ്പിക്കാൻ ആശാൻ ബാല്യത്തിലെത്തണം” എന്നത് കവികളുടെ ശുഭപ്രതീക്ഷ മാത്രമായി അവശേഷിക്കുന്നു.
ദൈവമാണ് തലച്ചോർ സൃഷ്ടിച്ചെങ്കിൽ ഒരു അറുവിലക്ഷണമായ
അവയവമാണ് തല്ലിക്കൂട്ടിയത്. പിശകുകളും മുൻവിധികളും നിറഞ്ഞ ഈ യന്ത്രം അറ്റകുറ്റപ്പണികൾക്കായി ദിവസവും എട്ടു
മണിക്കൂറോളം അടച്ചിടണം. ‘ഉറക്കം’ എന്ന് നമ്മൾ ഇതിനെ വിളിയ്ക്കുന്നു. തകരാറുകൾ വന്നുഭവിക്കാൻ
സാദ്ധ്യതകളേറെ, കമ്പനി തിരിച്ചുവിളിച്ച്
റിപ്പയർ ചെയ്യാൻ തയാറായതുപോലെ പ്രവർത്തനം. പക്ഷേ ഒരു സൂത്രം അങ്ങോർ പറ്റിച്ചു:
അദ്ദേഹത്തിനു കയറിക്കൂടിയിരിക്കാൻ ഒരു സ്ഥിരം സ്ഥലം ഒഴിപ്പിച്ചിട്ടു. ദൈവത്തിന്റെ
ആകൃതിയിൽ ഒരു മാളവുമായാണ് നമ്മൾ ജനിക്കുന്നതെന്ന് ബോധജ്ഞാനശാസ്ത്രജ്ഞർ. “God hole” എന്ന് ഓമനപ്പേർ. സഹജജ്ഞാനമാണത്. കുട്ടികൾ പോലും മതങ്ങളുടെ
പ്രകൃത്യതീതമോ അതീന്ദ്രിയമോ ആയ അവകാശങ്ങളിൽ എളുപ്പം വിശ്വസിച്ചു പോകുന്നത്
ഇതുകൊണ്ടാണ്. തീവ്ര നിരീശ്വരർ പോലും പ്രകൃത്യാതീത ആശയങ്ങളിൽ അൽപ്പം വിട്ടുവീഴ്ച്ച ചെയ്യാൻ
തയാറാകുന്നത്. ബോധജ്ഞാനത്തിന്റെ പരിണാമകാലത്ത്, സമൂഹവിസ്തൃതിയുടെ ആവശ്യകത അതിജീവനവുമായി ബന്ധപ്പെടുത്തേണ്ടി വന്നപ്പോൾ ദൈവം
ആവശ്യമായി കടന്നു വന്നതാകണം എന്നാണ് ശാസ്ത്രാഭിമതം. ദൈവം ഒരു ഉപോൽപ്പന്നമാണത്രേ.
ക്രമരൂപം (Patternicity)
വിശ്വാസയന്ത്രങ്ങളാണ് നമ്മുടെ
മസ്തിഷ്ക്കം . അതിജീവനത്തിനു ചില പ്രാഥമികവിശ്വാസങ്ങളെ പുണർന്നേ തീരൂ. ചില നിശ്ചിത
ക്രമരൂപങ്ങളാണ് നമ്മുടെ തലച്ചോർ ഓർമ്മയിൽ സൂക്ഷിക്കുന്നത്-ആഹാരസമ്പാദനത്തിനോ
വേട്ടമൃഗങ്ങളിൽ നിന്ന് രക്ഷപെടുന്നതിനോ. ഓരോ അനുഭവങ്ങളും ക്രമരൂപങ്ങളായി മനസ്സിൽ സൂക്ഷിക്കപ്പെടുകയാണ്, ഇത് മനുഷ്യർ മാത്രമല്ല മൃഗങ്ങളും പ്രാവർത്തികമാക്കുന്ന
വേലയാണ്. പുരാതനമനുഷ്യൻ ഇരതേടാൻ ഇറങ്ങുമ്പോൾ പുറകിൽ പുല്ലുകൾ അനങ്ങിയാൽ അത് തന്നെ
ആക്രമിക്കാൻ വെമ്പുന്ന മൃഗം ആണെന്നു ധരിക്കുകയും ഉടൻ വെറും കാറ്റ് മാത്രമാണെന്ന്
മനസ്സിലാക്കുകയും ചെയ്താൽ ഒരു ക്രമരൂപനിർമ്മിതിയുടേ പ്രാഥമിക പാഠം അവനു
കിട്ടുകയായി. വാസ്തവം അല്ലാത്തതിനെ സത്യമാണെന്നു ധരിക്കൽ. നിലവിലില്ലാത്ത
ക്രമരൂപം. എന്നാൽ പുല്ലിന്റെ ഇളക്കം കാറ്റു മൂലമാണെന്ന് വിശ്വസിക്കുകയും പക്ഷേ
അക്രമിമൃഗമോ വേട്ടമൃഗമോ ആയിരുന്നു എന്ന അറിവ് കിട്ടുകയും ചെയ്യുന്നത് സത്യമായ ഒരു
ക്രമരൂപം അറിയാതെ പോകലാണ്. പുല്ലിളക്കം എ യും മൃഗസാന്നിദ്ധ്യം ബിയുമാണെങ്കിൽ എയും
ബിയും (പൊട്ടുകൾ) ബന്ധിപ്പിച്ചുകൊണ്ടുള്ള ക്രമരൂപം മനസ്സിൽ തറയുകയായി.
പാറ്റേണിസിറ്റി എന്ന പ്രതിഭാസത്തിനോട് സമരസപ്പെടുകയാണ് തലച്ചോർ ഇവിടെ. പിന്നീട്
ഇത്തരം നിരീക്ഷണങ്ങളെ വിശദീകരിക്കാൻ എയും ബിയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു
പാറ്റേൺ തലച്ചോർ സൂക്ഷിക്കുയാണ്. ദൃശ്യങ്ങളുടേയോ സംഭവങ്ങളുടേയോ സങ്കീർണ്ണത അനുസരിച്ച്
കൂട്ടിയോജിപ്പിക്കേണ്ട ബിന്ദുക്കളുടെ എണ്ണം കൂടിയെന്നിരിക്കും “ചൂടുവെള്ളത്തിൽ വീണ പൂച്ച അനച്ചവെള്ളം കണ്ടാൽ പേടിയ്ക്കും” എന്ന പഴമൊഴീവ്യാഖ്യാനം തന്നെ ഇത്. ബന്ധപ്പെടുത്തിയുള്ള ഈ പഠിച്ചെടുക്കൽ (associative learning) അതിജീവനത്തെ തുണയ്ക്കും. പുല്ലിളക്കം മൃഗചലനം ആണെന്ന് ധരിക്കുകയാണ് ഇതിനെ
സഹായിക്കുന്നത്. മണ്ണിര മുതൽ മനുഷ്യൻ വരെ ‘വിശ്വാസം അതല്ലേ
എല്ലാം’ എന്നത് പരസ്യവാചകം
മാത്രമാണെന്ന് ധരിക്കുന്നവരല്ല. വിശ്വാസത്തിന്റെ അടിസ്ഥാനങ്ങൾക്ക് വേരുപാകലാണ്
സാദ്ധ്യതകളുടെ ബിന്ദുക്കളെ കൂട്ടിയോജിപ്പിക്കൽ. പരിണമിച്ച ക്രമരൂപവിശകലനയന്ത്രമാണ് മസ്തിഷ്ക്കം.
ഈ വിശകലനം പലപ്പോഴും
യുക്തിയുക്തമായിരിക്കണമെന്നില്ല. നൊടിനേരം കൊണ്ട് തീരുമാനങ്ങളെടുക്കേണ്ടി വന്നേയ്ക്കും
പലപ്പോഴും. പ്രത്യേകിച്ചും നമ്മുടെ പ്രപിതാമഹന്മാരുടെ ചുറ്റുപാടുകളനുസരിച്ച്.
എല്ലാ ക്രമരൂപങ്ങളും (പാറ്റേണുകൾ) യഥാതഥമാണെന്ന് മുൻ വിധിയെടുക്കത്തക്ക വിധത്തിലാണ്
തലച്ചോർ പരിണമിച്ചു വന്നത്. ആദിമമനുഷ്യർ തൽക്കാലാതിജീവനത്തിനു വിശ്വാസങ്ങളുറപ്പിച്ച
അതേ മസ്തിഷ്ക്കവുമായി നമ്മൾ ഇന്നും വ്യാപരിക്കുന്നു. പുല്ലിളക്കത്തിനു പിറകിൽ
ഹിംസ്രമൃഗമാണെന്നു നമ്മൾ തീർപ്പുകൽപ്പിക്കും, എല്ലാ വെള്ളവും
ചൂടുവെള്ളമാണെന്നു പൂച്ചയും. അതിജീവനത്തിനു ഈ തീരുമാനമാണ് മെച്ചം. ഇതിന്റെ കൂടെ
വന്നതാണ് അന്ധവിശ്വാസങ്ങളും മാന്ത്രികവിദ്യയിലുള്ള അർപ്പണബോധങ്ങളും. യുക്തിഹീനത
വിശ്വാസത്തിൽ എങ്ങനെ വന്നു എന്നല്ല ആലോചിക്കേണ്ടത് വിശ്വാസം തന്നെ
ഉരുത്തിരിഞ്ഞിരിഞ്ഞത് എങ്ങനെയെന്നാണ്. നിരന്തരം
മാറിക്കൊണ്ടിരിക്കുന്ന ചുറ്റുപാടുകൾക്കനുസരിച്ച് ജന്തുജാലങ്ങൾ മാറുമെങ്കിലും
പരിണാമം വളരെ സാവധാനം സംഭവിക്കുന്ന പ്രതിഭാസമാണ്; ജീനുകൾ ഇതനുസരിച്ച് വ്യതിയാനങ്ങൾക്ക് തയാറാകുമെങ്കിലും സമയമെടുക്കും ഇതിനു.
തലച്ചോർ പഠിച്ചെടുക്കും പലതും, വളരെപ്പെട്ടെന്ന്. പ്രകൃതിനിർദ്ധാരണം (natural selection) എല്ലാ വിശ്വാസങ്ങളെയും ഏറ്റെടുത്തു, വിചിത്രങ്ങളോ
സത്യാനുകൂലങ്ങളോ എന്നൊന്നും തരം തിരിയ്ക്കാതെ. കാര്യകാരണസഹിതം യുക്തിചിന്തയോടെ
വിശ്വസിക്കാൻ തലച്ചോറിനാവും. അതിനു തയാറെടുക്കുകയും ചെയ്യും.പക്ഷേ നിഗൂഢതയോ
ദുർഗ്രാഹ്യമായതോ ആയ വസ്തുതകൾ അതേ
തലച്ചോറിനെ ദൈവം പോലെ അഞ്ജതശക്തികളുടെ വഴിയേ പോകാൻ സന്നദ്ധമാക്കുകയും ചെയ്യും.
യുക്തിയ്ക്ക് വഴങ്ങാത്തതും തെറ്റാണെന്നു തെളിയിക്കാൻ പ്രാപ്തമല്ലാത്തതും
(ശാസ്ത്രയുക്തികൾക്ക് ശരിയാണെന്ന് തെളിയിക്കപ്പെടാൻ മാത്രമല്ല തെറ്റാണെന്ന്
തെളിയിക്കപ്പെടാനും ബാദ്ധ്യതയുണ്ട്) ആയ ഇതെല്ലാം അതിജീവനത്തിനു സഹായിക്കാൻ, ബോധജ്ഞാനങ്ങളെ ഉല്ലംഘിയ്ക്കാൻ പോന്നവയാണ്. ശാസ്ത്രത്തിനു യുക്തിയുമായി വരാൻ പറ്റാത്ത
ഇടങ്ങളിൽ ഈ ചിന്തകൾ നിറയ്ക്കാൻ വെമ്പിയിരിക്കയാണ് തലച്ചോർ. അല്ലെങ്കിൽ അതിനു
പരിശീലനം കൊടുക്കേണ്ടിയിരിക്കുന്നു, പരിണാമപരമായ ആ ഘട്ടത്തിലൂടെ കടന്നു പോവുകയായിരിക്കണം നമ്മളിപ്പോൾ.
മതത്തിന്റെ പരിണാമപരമായ വിശദീകരണത്തിനു മറ്റ്
രണ്ട് പണ്ഡിതവാദങ്ങളുമുണ്ട്. ഒരു അതിജീവനസഹായി ആയിരുന്നില്ല മതം, സൈക്കോളജി യന്ത്രത്തിന്റെ വെറും “‘ബൈ പ്രോഡക്റ്റ്” ആണത് എന്നൊരു ചിന്താഗതിയാണ് അതിലൊന്ന്. സാംസ്കാരികമായി
പകർന്നുതരപ്പെട്ട വിരുദ്ധാനുകൂലത (maladaptation) ആണ് മതം എന്ന് വാദിക്കുന്ന മറ്റൊരുകൂട്ടരുമുണ്ട്. ഈ മൂന്നു കൂട്ടരും മതത്തിന്റെ വിവിധവശങ്ങളെ ആണ് പരിശോധിക്കുന്നത് എന്നതാണ് ശരി. മൂന്നുഭാഗങ്ങളും
വിധിയാന്വണ്ണം ഒന്നിച്ചു ചേർക്കുമ്പോൾ ഒരു അർത്ഥസമ്പൂർണ്ണസ്വരൂപം കൈവരികയാണ്. ‘ബൈ പ്രോഡക്റ്റ് “തത്വം മതം എങ്ങനെ
ആദ്യമായി ഉരുത്തിരിഞ്ഞു എന്ന് സൂചിപ്പിക്കുമ്പോൾ മറ്റ് രണ്ട് തത്വങ്ങൾ -1.പരിതസ്ഥിതി
ഇണങ്ങൽ (adaptive) തത്വം 2. വിരുദ്ധാനുകൂലത തത്വം-
വിശദീകരിക്കുന്നത് ആദ്യനാൾ മുതൽ ഈ ചിന്താപദ്ധതി എങ്ങനെ നിലനിർത്തി, അതിജീവനത്തിനു വേണ്ടിയുള്ള
ഇണങ്ങലിൽ എത്രമാത്രം പങ്കുണ്ട് എന്നൊക്കെയാണ്.
എന്നാൽ ലോകസംസ്കാരത്തേയും
മനുഷ്യപുരോഗതിയേയും ഇന്നത്തെനിലയിൽ കൊണ്ടെ എത്തിച്ചത് വിശ്വാസങ്ങൾ ആണെന്നുള്ളത്
മറക്കേണ്ട. അവ ഇല്ലായിരുന്നെങ്കിൽ ശാസ്ത്രം ഇല്ലായിരുന്നു, കല ഇല്ലായിരുന്നു . അമ്പലങ്ങളില്ല, പള്ളികളില്ലാ,യുദ്ധങ്ങളില്ലാ, പ്രകൃതികീഴടക്കലില്ല. നിങ്ങൾ എന്തു തരം വിശ്വാസി ആയിരുന്നാലും
അവയില്ലാത്ത ജീവിതം ചിന്തിയ്ക്കാൻ പോലും സാദ്ധ്യമല്ല. വിശ്വാസങ്ങളാണ്, മറ്റെല്ലാത്തിനുമുപരി, നമ്മളെ മനുഷ്യരാക്കുന്നത്.
അവ സ്വാഭാവികമായിട്ട് വന്നു ചേരുന്നതാണ്, എത്ര വിചിത്രവും
വിലക്ഷണവുമാണെന്ന് ചിന്തിയ്ക്കാൻ നമ്മൾ ഒരുനിമിഷം നിൽക്കാറില്ല. “മനസ്സിനെ അപഗ്രഥിക്കുന്നതിൽ പ്രധാനപ്രശ്നം വിശ്വാസമാണ്” എന്ന് 1921 ഇൽ ബ്ർട്രാൻഡ് റസ്സൽ പറഞ്ഞുവച്ചത് തലച്ചോർ എന്ന വസ്തുവും മനസ്സ് എന്നതും എങ്ങനെ
ബന്ധിപ്പിക്കാം എന്നതിന്റെ ആശ്ചര്യദ്യോതകമാണ്. “Mind over matter” എന്ന പഴയ പ്രഹേളിക തന്നെ. പക്ഷേ ഇന്ന് ന്യൂറോസയൻസ് മസ്തിഷ്ക്കത്തിന്റെ ഉള്ളറകളിൽ വിശ്വാസം എവിടെ
എങ്ങനെ രൂപപ്പെടുന്നു എന്ന് ചിത്രങ്ങൾ സഹിതം കാണിച്ചു തരികയാണ്. ആധുനിക സാങ്കേതികവിദ്യകൾ ‘മനസ്സ്’ എന്നത് ഭൗതികമായി എവിടെയാണ്
എന്നത് വെളിവാക്കിത്തരുന്നത് വമ്പൻ പുരോഗതിയാണ്. പലേ വികാരങ്ങളുടെയും
ഉത്തേജകകേന്ദ്രങ്ങൾ കൃത്യമായി പറഞ്ഞു തരുന്ന സ്കാനിങ് വിദ്യകൾ നമുക്കുണ്ട്. വായിക്കുമ്പോൾ, ചിന്തിക്കുമ്പോൾ, പാട്ട് കേൾക്കുമ്പോൾ, കാണുമ്പോൾ, സംസാരിക്കുമ്പോൾ
ഒക്കെ തലച്ചോറിലെ ഏതെല്ലാം ഇടങ്ങൾ കർമ്മനിരതരാകുന്നു എന്ന വ്യക്തമാക്കുന്ന
ചിത്രങ്ങൾ പാഠപ്പുസ്തകങ്ങളുടെ താളുകളിൽ വരെ എത്തപ്പെട്ടിട്ടുണ്ട്.
ദൈവം എവിടെ? മണ്ണിൽ? വിണ്ണിൽ? തൂണിൽ? തുരുമ്പിൽ? അല്ലാ ന്യൂറോൺ സംഘങ്ങളിൽ
“മതാത്മകപ്രചോദനം മസ്തിഷ്ക്കത്തിലെ സങ്കീർണ്ണമായ
ഇലക്ട്രോകെമിക്കൽ പ്രകരണങ്ങൾ മാത്രമാണ്” എന്ന് ആധുനികദൈവശാസ്ത്രപ്രബുദ്ധൻ
റേസാ അസ്ലാൻ (Reza Aslan). ന്യൂറോസയൻസിനു പറയാനുള്ളതും
ഇതു തന്നെ. ചുരുക്കിപ്പറഞ്ഞാൽ ന്യൂറോണുകളിൽ നിന്ന് ന്യൂറോണുകളിലേക്ക് പായുന്ന വൈദ്യുതി
നിർമ്മിച്ചെടുക്കുന്ന വിചാരാധാരായന്ത്രങ്ങളിൽ ഒന്നാണ് ദൈവം എന്ന്. ശാസ്ത്രപരീക്ഷണങ്ങൾ
നടന്നിട്ടുള്ളത് പ്രാർത്ഥന, മന്ത്രം ചൊല്ലൽ, ധ്യാനം മുതലായ നടപടിസമയങ്ങളിൽ തലച്ചോറിലെ ഏതേത് ഭാഗങ്ങൾ
ഉണരുന്നു, ഉത്തേജിതമാകുന്നു എന്ന്
നിരീക്ഷിച്ചുകൊണ്ടാണ്. (ചിത്രം 1, ചിത്രം 2). ഓഡ്ബോൺ
യൂണിവേഴ്സിറ്റിയിലെ എലെക്ട്രിക്കൽ/കമ്പ്യൂട്ടർ എഞ്ചിനീറിങ് ഡിപാർട്മെന്റിലെ
ഗോപീകൃഷ്ണ ദേശ്പാണ്ഡേയും സംഘവും എം ആർ ഐ (MRI) പോലത്ത സ്കാനിങ്
വിദ്യകൾ കൊണ്ട് നിരീക്ഷിച്ചത് വിശ്വാസിയുടേയും ദൈവനിഷേധിയുടേയും തലച്ചോർ
ഉത്തേജനത്തിൽ വലിയ വ്യത്യാസമൊന്നുമില്ലെന്നാണ്. എന്നാൽ ഉത്തേജിക്കപ്പെട്ട കേന്ദ്രങ്ങളുടെ സംവേദനത്തിലാണു
വ്യത്യാസങ്ങൾ കണ്ടെത്തിയത്. പ്രകൃത്യാതീതശക്തി ദിവസേന സ്വന്തം ജീവിതത്തെ
സ്വാധീനിക്കുന്നു എന്ന് കരുതുന്നവരുടെ തലച്ചോറിൽ പേടിയുടെ കേന്ദ്രങ്ങൾ ഉണർന്നു
പ്രവർത്തിക്കുമ്പോൾ മതസിദ്ധാന്തങ്ങൾ വഴിയും വിശുദ്ധ/വേദഗ്രന്ഥങ്ങൾ വഴിയും മതാത്മകത ഉൾക്കൊ ള്ളുന്നവരിൽ ഭാഷ പഠിച്ചെടുത്ത് ഉപയോഗിക്കാനുള്ള
മസ്തിഷ്ക്കകേന്ദ്രങ്ങളാണ് ഉത്തേജിതമാകുന്നത്. മത/ദൈവവിശ്വാസികൾ
അല്ലാത്തവർ മതത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ കാഴ്ച്ച വഴി വിഭാവനം ചെയ്യുന്ന
പ്രതിബിംബങ്ങൾ ഉരുത്തിരിയുന്ന കേന്ദ്രങ്ങളാണ് ഉണരുന്നത്. ഇകാര്യത്തിൽ കൂടുതൽ കൃത്യത ലഭിച്ചു വരികയാണ്. ചുഴലിയും
ഷ്കൈസോഫ്രീനിയയും ബാധിച്ചവരിൽ പലർക്കും അതിതീവ്രമായ മതാത്മകത താനേ
തോന്നാറുള്ളതുകൊണ്ട് അവരുടെ തലച്ചോർ പഠനങ്ങളിൽ നിന്നും ചില
മതബോധ-മസ്തിഷ്ക്കകേന്ദ്രബന്ധങ്ങൾക്കുള്ള സൂചനകൾ ലഭിയ്ക്കുന്നുണ്ട്. തീവ്രവിശ്വാസികളായ
മോർമോൺ (Latter Day Saints ന്റെ ഒരു ശാഖ) മതക്കാരുടെ പ്രാർത്ഥനയിലും
ധ്യാനസമയങ്ങളിലും എം ആർ ഐ സ്കാനിങ് വഴി തലച്ചോർ പ്രവർത്തനങ്ങൾ നിരീക്ഷിച്ചപ്പോൾ
പ്രതിഫലം കൊണ്ട് സന്തോഷം നൽകുന്ന ഇടങ്ങളായ (reward centers) ന്യൂക്ളിയസ് അക്കുംബെൻസ് (nucleus accumbens), നെറ്റിക്കു പിറകിലുള്ള തലച്ചോർ ഇടമായ പ്രിഫ്രൊണ്ടൽ കോർടെക്സ് (prefrontal cortex) ഇവയൊക്കെ ഉത്തേജിതമാകുന്നതായി നിരീക്ഷിക്കപ്പെട്ടു. പ്രത്യേകിച്ചും ventromedial prefrontal cortex. (ചിത്രം 3 കാണുക) അമിതസുഖസന്തോഷവികാരത്തിനു ഉത്തരവാദിയാകുന്ന ഇടങ്ങൾ തന്നെ
ഇവ. പ്രണയം, സംഗീതം, സെക്സ്, മയക്കുമരുന്നുകൾ ഇവ
ഉത്തേജിപ്പിക്കുന്ന ന്യൂറോൺ കേന്ദ്രങ്ങളിൽത്തന്നെ ദൈവത്തെ തേടേണ്ടിയിരിക്കുന്നു
എന്നത് കൗതുകകരം തന്നെ. ന്യൂക് ളിയസ് അക്കുംബൻസ് പ്രത്യേകിച്ചും. ‘മതം മനുഷ്യനെ മയക്കുന്ന കറപ്പാണ്’ എന്ന പ്രസ്താവന ന്യൂറൊസയന്റിസ്റ്റുകളും ശരിവയ്ക്കുകയാണ്: കറപ്പിന്റെ
(opioid) സ്വീകരിണികൾ
നിറഞ്ഞിരിക്കുന്ന ഇടങ്ങളാണ് പ്രാർത്ഥന/ധ്യാന സമയത്തും ഉണരുന്നത്.തലച്ചോറിലെ ചില
ഇടങ്ങൾക്ക്- ചെവിക്കുറ്റിയ്ക്കുള്ളിലെ മസ്തിഷ്ക്കഭാഗ (temporal cortex) ത്തിനും പ്രിഫ്രൊണ്ടൽ കോർടെക്സിനും- ക്ഷതം പറ്റിയാൽ നിഗൂഢമായ ആദ്ധ്യാത്മിക ദർശനങ്ങൾ
അനുഭവപ്പെടുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
തലച്ചോറിൽ കൃത്യമായി ഒരിടം ദൈവത്തിനു വേണ്ടി ഒരുക്കിയിട്ടുണ്ടെന്ന് പറയാൻ
ഇന്ന് സാധിക്കുകയില്ലെങ്കിലും, പ്രതിഫലസന്തോഷം, പേടി, ഊഷ്മളവികാരങ്ങൾ ഇവയുടെ ഒക്കെ
ന്യൂറോൺ സങ്കേതങ്ങളിലായിരിക്കണം ഈ സാർവ്വലൗകികആശയം പ്രകമ്പനം കൊള്ളുന്നതെന്നാണ് ന്യൂറോശാസ്ത്രജ്ഞർ
കരുതുന്നത്. (ചിത്രം 1, 2). വികാരങ്ങളും അവയുടെ
കൃത്യമായ കേന്ദ്രങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന ആധുനിക സ്കാനിങ് വിദ്യകൾ
പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരാൻ അധികം സമയം
വേണ്ടി വരികില്ല.
ഡോപമീൻ
എന്ന ന്യൂറോസമ്പ്രേഷകവസ്തു തലച്ചോറിലെ സംവേദനങ്ങളിൽ, പ്രത്യേകിച്ചും പ്രതിഫലസന്തോഷോദ്ഗമനത്തിൽ പ്രധാനപങ്കു
വഹിക്കുന്നു. ഡോപമീൻ അസന്തുലിതാവസ്ഥ മതാത്മകപെരുമാറ്റവുമായി ബന്ധപ്പെട്ടതാണ്
(ചിത്രം 2). ഡോപമീന്റെ അളവു കുറയുന്ന പാർക്കിൻസൺ രോഗാവസ്ഥയിൽ മതപരമായ വിമുഖത
കാണാറുണ്ട്. ഈ വസ്തുവിന്റെ ഫിസിയോളജിയിലെ വ്യതാസങ്ങൾ ചിലരിൽ ദൈവസാന്നിദ്ധ്യം
അനുഭവപ്പെടുന്നതായി തോന്നാൻ ഇടയാക്കുന്നുണ്ട്. ദൈവം തലച്ചോറിലെ ന്യൂറോസമ്പ്രേഷകവസ്തുവായി
അവതരിയ്ക്കയാണെന്നു സാരം
വിശ്വാസത്തിനും അവിശ്വാസത്തിനും കേന്ദ്രങ്ങൾ
വ്യത്യസ്ത മസ്തിഷ്ക്കകേന്ദ്രങ്ങളാണ്
വിശ്വസിക്കുമ്പോഴും അവിശ്വസിക്കുമ്പോഴും ഊർജ്ജസ്വലമാകുന്നത്. വിശ്വാസം കൊള്ളുമ്പോൾ
മനസ്സിലുണരുണത് പുരികത്തിനു നേരേ പിറകിൽ, എന്നാൽ തലച്ചോറിൽ
നടുക്കായി സ്ഥിതി ചെയ്യുന്ന ഭാഗമാണ് (ventromedial prefrontal cortex) എന്ന് മേൽ പ്രസ്താവിച്ചു കഴിഞ്ഞു. അവിശ്വാസം തോന്നുമ്പോഴോ
തെറ്റായ പ്രമേയങ്ങളോ അഭിപ്രായമോ കേൾക്കുമ്പോഴോ കൂടുതൽ ഉള്ളിൽ ഉള്ള ‘ലിംബിക് സിസ്റ്റെം’ ആണ്
പ്രാവർത്തികമാകുന്നത്. വികാരങ്ങളുടെ, ഓർമ്മയുടെ, ഉണർച്ചയുടെ കേന്ദ്രമാണിത്. ഈ കേന്ദ്രത്തിന്റെ
മുൻഭാഗത്തുള്ള ‘സിൻഗുലേറ്റ് കോർടെക്സ് (cingulated cortex) ആണ് അവിശ്വാസപ്രമേയം പാസാക്കുന്നത്. വേദനയും
വെറുപ്പും ഉളവാക്കാനുള്ള ഇടം. ദുർഗ്ഗന്ധമോ ദുസ്സ്വാദോ നിരാകരിക്കുന്നതിനു സമാനമായ
പ്രതികരണം. എന്നാൽ അനിശ്ചിതമോ
തീർച്ചയില്ലാത്തതോ ആയ കാര്യങ്ങൾ ചിന്താക്കുഴപ്പം ഉളവാക്കുന്നതിനു ഒരുമ്പെടുന്നത് ഈ
സിൻഗുലെറ്റ് കോർടെക്സിന്റെ എറ്റവും മുൻ ഭാഗമാണ്. സംഘർഷങ്ങളെ മുൻ കരുതലോടെ
നിരീക്ഷിക്കാനും തെറ്റുകൾ കണ്ടുപിടിയ്ക്കാനും അതോടെ അറിവ് എന്നത് സ്വരൂപിക്കാനും
ചുമതലയുള്ള ഭാഗമാണിത്.
അഹന്തയുടെ ആധിക്യത്തോടെ മറ്റുള്ളവരെ
ചതിയ്ക്കാനും ചൂഷണം ചെയ്യാനും കൗശലസ്വാധീനത്താൽ തൻകാര്യങ്ങൾ
നേടാനും ഉണർന്നു പ്രവർത്തിക്കുന്ന ഇടവും പ്രിഫ്രൊണ്ടൽ കോർടെക്സിന്റെ മറ്റൊരിടമാണ്.
ഈ ഭാഗത്തിനു ക്ഷതമേറ്റാൽ സൽസ്വഭാവികളും മേൽപ്പറഞ്ഞ സ്വഭാവരീതികളിലേക്ക്
ചാഞ്ഞേയ്ക്കാം എന്ന് ന്യൂറോളജി ക്ളിനിക്കുകളിൽ നിന്നുള്ള വിവരങ്ങൾ തെളിയിക്കുന്നു.
തീവ്രവാദികൾക്ക് ഈ മസ്തിഷ്ക്കഭാഗം ഉത്തേജിക്കപ്പെട്ടതായിരിക്കാം എന്നാണ് ആധുനിക
നിഗമനം.
അറിഞ്ഞിട്ട് വിശ്വസിക്കുകയോ വിശ്വസിച്ചിട്ട്
അറിയുകയോ?
എല്ലാ വിശ്വാസങ്ങളും അറിവിനെ
അടിസ്ഥാനമാക്കിയാണ്, തെറ്റായാലും ശരിയായാലും. ഒരു
കാലത്ത് ഇക്കാര്യത്തിൽ കടുത്ത വിരുദ്ധതത്വങ്ങൾ ഫിലോസഫിക്കാരിൽ നടമാടിയിരുന്നു.
ഡെകാർടെ ( Rene Descartes) യുടെ വാദം ഇപ്രകാരമാണ്:
ആദ്യം അറിയുക, പിന്നെ അതിൽ വിശ്വസിക്കണോ
വേണ്ടയോ എന്ന് തീരുമാനിക്കുക എന്നതാണ് തലച്ചോറിന്റെ
രീതി. എതിരാളിയായ സ്പൈനോസ ( Baruch
Spinosa)യുടെ വാദമുഖം വിശ്വാസത്തിൽ വേരുറപ്പിച്ചാലേ ഒരു കാര്യം
അറിയാൻ പറ്റുകയുള്ളൂ എന്നായിരുന്നു. ആദ്യം വിശ്വാസം, പിന്നെ അറിവ് എന്ന്. ആധുനികശാസ്ത്രം പിന്താങ്ങുന്നത് സ്പൈനോസയുടെ വാദമാണ്. നമ്മുടെ
മസ്തിഷ്ക്കത്തിനു എന്തും സ്വീകരിക്കാനാണ് ഉൽസാഹം. ഉദാഹരണത്തിനു കുട്ടികളെ വിശ്വസിപ്പിക്കാൻ
എളുപ്പമാണ്. സംശയിക്കാനും അറിവിനെ ത്യജിക്കാനും
മനസ്സ് സമയമെടുക്കും, അതിനു സ്വൽപ്പം മെനക്കെടൽ
ആവശ്യമാണ്. 2008-2009 കളിൽ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ സാം
ഹാരിസും കൂട്ടരും നടത്തിയ പരീക്ഷണങ്ങൾ ഇക്കാര്യത്തിൽ ചില കൃത്യനിഗമനങ്ങളിൽ
എത്തിച്ചേരാൻ സഹായിച്ചു, തലച്ചോറിന്റെ
സൂക്ഷ്മപ്രവൃത്തികൾ രേഖപ്പടുത്തുന്ന സ്കാനർ ഘടിപ്പിച്ചവരോട് വിശ്വാസസംബന്ധിയായ
ചോദ്യങ്ങൾ ചോദിച്ച് ഏതു ഇടങ്ങളാണ് ഊർജ്ജസ്വലമാകുന്നത് എന്ന് കണ്ടു
പിടിയ്ക്കുകയായിരുന്നു ഉദ്ദേശം. സ്വന്തം വിശ്വാസത്തെ പിൻ തുണന്യ്ക്കുന്ന
ചോദ്യങ്ങളോടൊപ്പം പ്രി ഫ്രൊണ്ടൽ കൊർടെക്സ് ഉണർന്നു പ്രവർത്തിച്ചു. (ചിത്രം 4
നോക്കുക). സത്യമെന്ന്
വിശ്വസിക്കപ്പെടുന്നു എന്നു കരുതുന്ന ചോദ്യങ്ങൾ ചോദിച്ചപ്പോൾ മസ്തിഷ്ക്കം
മിക്കവാറും ‘നിശബ്ദ’മായിരുന്നു, യുക്തിവിചാരത്തിന്റേയും വികാരപരമായ പ്രതിഫല (emotional reward center) ത്തിന്റേയും കേന്ദ്രത്തിൽ
ചില സ്ഫുലിംഗങ്ങൾ നിർമ്മിക്കപ്പെട്ടെതൊഴിച്ചാൽ. എന്നാൽ അവിശ്വാസവും സന്ദേഹവും
ജനിപ്പിക്കുന്ന ചോദ്യങ്ങളുടെ പ്രതികരണം
ഗാഢമായ പര്യാലോചനയുടേതും തീരുമാനങ്ങൾ എടുക്കുന്നതുമായ തലച്ചോർ
കേന്ദ്രം ശക്തിയേറിയതും നീണ്ടതുമായ
ഉത്തേജനം പ്രകടിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. അവിശ്വസനീയത വേരുറപ്പിക്കാൻ
കൂടുതൽ പ്രയത്നം ആവശ്യമാണെന്ന് തെളിയുകയാണിവിടെ.
ഹാരിസ്സിന്റേയും കൂട്ടരുടേയും പരീക്ഷണഫലം സ്ഥിരീകരിച്ചത്
തലച്ചോറിന്റെ സാധാരണവും തനതായതുമായ സ്വഭാവം അറിവുകൾ നേരേ സ്വീകരിക്കുക എന്നതാണ്.
വിശ്വാസം എളുപ്പം വന്നുചേരും, സംശയത്തിനു പ്രയത്നമുണ്ട്.
പ്രായോഗികമായി ജീവിതസാഗരത്തിൽ നീന്താൻ ഇതൊരു സമർത്ഥ നയോപായകൗശലമല്ലെന്ന്
തോന്നുമെങ്കിലും പരിണാമത്തിന്റെ
വെളിച്ചത്തിൽ ഇതിനു സാധുതയുണ്ട്. പരിഷ്കൃതസൂക്ഷ്മജ്ഞാനം പ്രദാനം ചെയ്യുന്ന
ധാരണാശക്തിബോധം പരിണമിച്ചത് പ്രാകൃതമായ ലളിതമായ ഗ്രഹണശക്തികളിൽ നിന്നാണ്. അവ പലതും
മസ്തിഷ്കം സൂക്ഷിച്ചു വച്ചിട്ടുമുണ്ട്. വിമർശനമോ ഗുണദോഷനിരൂപണമോ കൂടാതെ പ്രാഥമിക
അറിവുകളെ അപ്പാടെ സ്വാംശീകരിക്കുക ഇതിലൊന്നാണ്. കണ്ണിനാൽ കാണ്മതെല്ലാം, കാതിനാൽ കേൾപ്പതെല്ലാം അറിവുകളും അതിലൂടെ വിശ്വാസങ്ങളും മസ്തിഷ്ക്കം
പകർന്നെടുക്കുകയാണ്. എന്നാൽ അമൂർത്തമോ നിഗൂഢമോ നിരാകാരമായതോ ആയ ആശയങ്ങൾ
ഉദ്ബോധകശക്തിയായി പ്രത്യക്ഷപ്പെടുമ്പോൾ ഇതേ തലച്ചോർ കുഴങ്ങിപ്പോവുകയാണ്.
ഹാരിസ് ഗ്രൂപിന്റെ പഠനങ്ങൾ മറ്റൊരു സൂചകവും
വെളിവാക്കി: വിശ്വാസം ഉളവാക്കുന്നതിൽ യുക്തിവിചാരത്തിനും വികാരം/ ഉണർച്ചയ്ക്കും
പങ്കുണ്ട്. കാണുന്നതും കേൾക്കുന്നതും മുഴുവൻ വിശ്വാസത്തിൽ എത്തണമെന്നില്ല.
മാജിക്കുകാരൻ ശരീരത്തെ രണ്ടായി മുറിക്കുന്നത് കണ്ട് നമ്മൾ അത് അപ്പാടെ
വിശ്വസിക്കാറില്ല. വായുവിൽ പൊന്തി നിറുത്തുന്നതു കണ്ട് ഫിസിക്സിന്റെ നിയമങ്ങളെ
മാന്ത്രികൻ ഖണ്ഡിയ്ക്കുന്നു എന്ന് വിചാരിക്കാറുമില്ല. തലച്ചോറിനു ആഘാതമേറ്റവർക്കും
മാനസികപ്രശ്നമുള്ളവർക്കും മിഥ്യാബോധവും മതിവിഭ്രമവും (delusion) ഉണ്ടാകാറുണ്ട്.
കാണുന്നതോ കേൾക്കുന്നതോ യുക്തിവിചാരത്തോടേ ഉൾക്കൊള്ളാൻ പറ്റത്തതിനാലാണിത്.
ചിലപ്പോൾ അവരുടെ പ്രാഥമിക ഗ്രഹണശക്തിയിൽ പാകപ്പിഴ കടന്നുകൂടിയതുമാകണം കാരണം. അവർ മരിച്ചവർ
ആണെന്ന് സ്വയം വിശ്വസിക്കുക, ഉറ്റവർ എല്ലാം പോയി, ആൾമാറാട്ടക്കാർ
വന്നു എന്നൊക്കെ വിശ്വസിച്ചേക്കും. ചിലർക്ക് കണ്ണാടിയിൽ കാണുന്ന പ്രതിബിംബം
സ്വന്തം ആണെന്ന് തിരിച്ചറിയാൻ പറ്റാതെ പോകാറുണ്ട്. കാഴ്ച എന്ന ഗ്രാഹകത്തോടൊപ്പം
വിചിന്തനം പ്രയോഗത്തിൽ വരാതെപോകുന്നതുകൊണ്ടാണിത്. നമ്മുടെ പഞ്ചേന്ദ്രിയബോധങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച്
വിശ്വാസമുറപ്പിക്കുകയാണ്. മസ്തിഷ്ക്കാഘാതം സംഭവിച്ചവർക്ക് ചിലപ്പോൾ
ഇതോടൊപ്പമുള്ള വികാരപ്രത നഷ്ടപ്പെട്ട് പോകാറുണ്ട്. “ഇന്നലെ കാണാൻ വന്ന സ്ത്രീ എന്റെ ഭാര്യയെപ്പോലിരുന്നു, പക്ഷേ എനിക്ക് ഒട്ടുമങ്ങ് തോന്നിയില്ല” എന്ന് അവർ പറഞ്ഞേക്കാം.
വിശ്വാസരൂപീകരണത്തിന്റെ സാധാരണ പ്രക്രിയ ഇതിനു സമാനമാണ്. ഇന്ദ്രിയങ്ങൾ
നൽകുന്ന സംവേദനങ്ങൾക്കൊപ്പം അബോധതലത്തിൽ നടക്കുന്ന പ്രതികരണങ്ങളും
കൂട്ടിയോജിപ്പിച്ച് ‘ശരി എന്ന തോന്നൽ’ വന്നടുക്കുകയാണ്-വിശ്വാസം വേരുറപ്പിച്ചു ഇവിടെ.
രണ്ടു
ഘട്ടങ്ങളിലായാണ് ഈ പ്രക്രിയ നടക്കുന്നത്-ഇന്ദ്രിയസംവേദനവും പിന്നെ ശരി തോന്നലും (feeling of rightness)- എന്നത് വിചിത്രവും അസംഭാവ്യവുമായ കാര്യങ്ങളിൽ ചിലർ
വിശ്വസിച്ചുപോകുന്നത് വ്യാഖ്യാനിക്കാൻ സഹായവുമായി എത്തുണ്ട്. നമ്മുടെ
ഇന്ദ്രിയബോധങ്ങൾ -കാഴ്ച്ച. കേൾവി, സ്പർശം, മണം, സ്വാദ്- എന്നിവകൊണ്ട്
അപഗ്രഥിക്കാനാകാത്ത കാര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ സ്വാഭാവികമായ വിശ്വാസശീലത
വഴിതെറ്റിപ്പോകും. “ന്യൂ യോർക്കിലെ വേൾഡ് ട്രെയ്ഡ് സെന്റെർ തകർത്തതിനു പിന്നിൽ
അമേരിക്കൻ ഗവണ്മെന്റ് തന്നെയാണ്” അല്ലെങ്കിൽ “താജ് മഹൽ ഒരു ഹിന്ദു ക്ഷേത്രമാണ്” ഒക്കെ ഉദാഹരണമാണ്.
മറ്റൊരു പ്രശ്നം “ശരി എന്ന തോന്നൽ” അങ്ങേയറ്റം തെറ്റുപറ്റത്തക്കതാണെന്നതാണ്. ഈ തോന്നലിനു
മൂന്ന് ഉറവിടങ്ങളുണ്ട്-നമ്മളിൽ വികാസം പ്രാപിച്ച സൈക്കോളജി, വ്യക്തിപരമായ ജൈവികവ്യത്യാസങ്ങൾ, നമ്മൾ അടുത്ത് ഇടപഴകി വച്ചുകൊണ്ടിരിക്കുന്ന സമൂഹം എന്നിവ.
നമ്മളിൽ ഉരുത്തിരിഞ്ഞ സൈക്കോളജിയുടെ പ്രാഭവത്തിനു ഉദാഹരണം മതം തന്നെ. ഏറ്റവും പ്രധാനപ്പെട്ട
വിശ്വാസപ്രസ്ഥാനമാണത്. പരിണമിച്ച സൈക്കോളജിയെ പ്രകാശമാനമാക്കുന്ന പ്രതിഭാസം. എല്ലാ
മതങ്ങൾക്കും സ്ഥിരം കഥാപാത്രങ്ങളുണ്ട്-പ്രകൃത്യാതീത ശക്തിപ്രതിനിധികൾ, മരണാനന്തരജീവിതം,ധാർമ്മികഘോഷണങ്ങൾ, അസ്തിത്വചോദ്യങ്ങൾക്ക് മറുപടികൾ ഇങ്ങനെ. ഉപോൽപ്പന്നതത്വം (byproduct theory) അനുസരിച്ച് പരിണാമകാലത്ത് മുകളിൽപ്പറഞ്ഞ
കാരണങ്ങളാൽ പ്രാഥമികമായ ബോധജ്ഞാനങ്ങളാൽ
മതം എന്ന പൊതുതോന്നൽ മനസ്സിൽ കുടിയിരുത്തപ്പെട്ടു. കാറ്റോ ഹിംസ്രജന്തുക്കളൊ
കാരണമല്ലാതെ പുല്ലുകളിളകിയാലും രക്ഷപെടാനുള്ള മാർഗ്ഗം മനസ്സ് പഠിച്ചു വച്ചു, അതിജീവനത്തിനു ഇത് സഹായിച്ചു കാണണം. ശക്തിപ്രതിനിധികളുടെ
ഉദ്ദേശവും പ്രയോജനവും എല്ലായിടത്തും കാണപ്പെടുന്നു എന്ന് തോന്നിത്തുടങ്ങി. ആകസ്മികവും ക്രമരഹിതവും ആയ വിശേഷങ്ങൾക്ക് എങ്ങുംനിറഞ്ഞ
അദൃശ്യശക്തി കാരണമായി ഭവിച്ചു. വിശ്ളേഷണാത്മകമായ തലച്ചോറിടങ്ങൾ പ്രതിഭാസങ്ങൾക്ക്
കാരണം കാണാതുഴറുമ്പോൾ ഉത്തരവുമായി ദൈവം എന്ന അദൃശ്യശക്തി പ്രത്യക്ഷപ്പെട്ടു. മറ്റു
ചില തലച്ചോർ കേന്ദ്രങ്ങൾക്ക് ആശ്വാസമായി. ഇങ്ങനെ മതം മുന്നോട്ട് വയ്ക്കുന്ന
അവകാശങ്ങൾ ആദ്യം തന്നെ സ്വീകരിക്കാൻ തലച്ചോറിനു വെമ്പൽ കൂടി. ആദ്യം ഈ പ്രഹേളികകൾ
മുന്നിലെത്തുമ്പോൾ-പ്രത്യേകിച്ചും കുട്ടികളായിരിക്കുമ്പോൾ-ഒരു മറുചോദ്യവും
ചോദിക്കാതെ ഉൾക്കൊള്ളാൻ പരിശീലിക്കപ്പെട്ടു. ശരി എന്നൊരു തോന്നൽ ഇതിന്റെ ഒരു
ഭാഗമായി വന്നുകൂടി. ക്രമരൂപങ്ങൾ
ദൈവസാന്നിദ്ധ്യമാണെന്ന തോന്നൽ അതിജീവനത്തിനു സഹായിച്ചു കാണണം. പിൽക്കാലത്ത്
സമൂഹക്രമങ്ങൾ രൂപപ്പെട്ടപ്പോൾ നിയന്ത്രണത്തിനും കൂട്ടായ്മനിലനിർത്താനും സംഘടിതമായി ഉപയോഗിച്ചതോടേ മതം ഉദയം ചെയ്തു.
‘ശരി തോന്നലി’നെ സ്വാധീനീക്കുന്ന രണ്ടാം ഘടകം നമ്മുടെ ബയോളജി തന്നെ.
കൂടുതൽ വ്യക്തിപരമാണിത്. നമ്മുടെ രാഷ്ട്രീയ/സാമൂഹ്യ ചായ് വുകളിലും വിചാരധാരകളിലും
ജീവശാസ്ത്രപരമായ കാരണങ്ങളുടെ സ്വാധീനം ഉണ്ടെന്നാണ് ആധുനിക ശാസ്ത്രാഭിമതം.
യാഥാസ്ഥിതികർ ഭീതിദമായ ചിത്രങ്ങളോടോ
വസ്തുക്കളോടോ പ്രതികരിക്കുന്നത് വിശാലമനസ്ക്കരെപ്പോലെയല്ല; ഫിസിയോളജി അളന്ന് ഈ വ്യത്യാസം കണ്ടു പിടിക്കാമത്രേ. അവരുടെ
ത്വക്കിന്റെ സംവേദനത്വം, കണ്ണിന്റെ ഇമ അടച്ചു
തുറക്കലിന്റെ വേഗം ഒക്കെ വ്യത്യാസപ്പെട്ടിരിക്കുന്നു. അവർക്ക് വെറുപ്പ്, അറപ്പ്, വിദ്വേഷം ഒക്കെ കൂടുതലായി
പ്രകടിപ്പിക്കാനുള്ള പ്രവണതയുണ്ട്, ഇതിനു
ജൈവശസ്ത്രപരമായ കാരണങ്ങൾ കണ്ടുപിടിച്ചു തുടങ്ങിയിട്ടുമുണ്ട്. . മിക്കപ്പോഴും
വിശ്വാസങ്ങൾ ധാർമ്മിക നിലപാടുകളു (moral positions) മായി ബന്ധപ്പെട്ടാണിരിക്കുന്നത്. വസ്തുനിഷ്ഠമായ വിശ്വാസങ്ങൾക്ക്
ചൂട്ടുമിന്നിക്കുന്നത് ധാർമ്മികത ആണെങ്കിൽ ധാർമ്മികത എവിടെ നിന്ന് വരുന്നു എന്നത്
ചോദ്യമാണ്. തീർച്ചയായും തലച്ചോറിൽ നിന്നല്ല.
നമ്മുടെ ധാർമ്മിക മതിപ്പുകളും തീർപ്പുകളും പെട്ടെന്നുള്ളവയും ഉള്ളുണർവ്
അല്ലെങ്കിൽ സഹജജ്ഞാനം കൊണ്ട് ഉറവിടുന്നവയാണ്. ആദ്യം പെട്ടെന്ന് ഒരു
തീർച്ചപ്പെടുത്തൽ പിന്നെ കാരണങ്ങൾ അന്വേഷിച്ചുകൊണ്ടു വരിക എന്ന രീതിയാണ് പലപ്പോഴും.’ ദേശീയപതാക കൊണ്ട് റ്റോയിലറ്റ് കഴുകുന്നത് ശരിയാണോ” എന്ന് ചോദിച്ചാൽ
പെട്ടെന്ന് ശരിയല്ല എന്ന ഉത്തരം വന്നേയ്ക്കും. എന്തുകൊണ്ട് ശരിയല്ല എന്ന് ചോദിച്ചാൽ
കാര്യകാരണവിശദീകരണം കിട്ടാൻ താമസിച്ചേക്കും. തന്റെ വിശ്വാസങ്ങളെ
ഊട്ടിയുറപ്പിക്കാനും ശരിയെന്ന് തെളിയിക്കാനും വാദമുഖങ്ങൾ ഉയർത്തപ്പെട്ടേയ്ക്കും.
കുറച്ചറിയുക, ഏറെ വിശ്വസിക്കുക എന്നതു
തന്നെ തലച്ചോറിന്റെ കളി.
നമ്മൾ
വളർന്ന സാംസ്കാരികമണ്ഡലത്തിനു ഏറെ സ്വാധീനിക്കാനുണ്ട് നമ്മുടെ വിശ്വാസത്തെ.
ജനിച്ചു വീഴുമ്പോഴെ പഞ്ചേന്ദ്രിയങ്ങൾ നൽകുന്ന അറിവുകൾ വഴി വിശ്വാസങ്ങൾ
കയറിക്കൂടുകയാണ്-വസ്തുക്കൾ താഴേയ്ക്ക് വീഴും എന്ന സാധാരണ അറിവു പോലത്തവ മുതൽ.
പിന്നെ അടുത്തിടപഴകുന്നവരുടെ വിശ്വാസങ്ങൾ നമ്മളിലും പകരുകയായി. കാര്യകാരണ,യുക്തിയുക്തം ഒന്നുമായല്ല ഇവ വേരുറപ്പിക്കുന്നത്. പിന്നെ
നമ്മൾ പ്രത്യേക ‘ഗോത്രം’ അനുസരിച്ചും വിശ്വാസങ്ങൾ രൂപപ്പെടുകയായി. ഇത് ജാതിയേയോ മതത്തേയോ ആശ്രയിച്ചിരിക്കുകയും
ചെയ്യും. തെളിവുകളുടേയോ ശരിയുടേയോ പക്ഷത്തായിരിക്കില്ല നമ്മൾ, ‘ശരി’യായിട്ടുള്ള
ഗോത്രത്തോടൊപ്പമായിരിക്കും. പ്രതിരോധ കുത്തിവയ്പ്പിനോടുള്ള എതിർപ്പ്, വാസ്തു സംബന്ധമായ ഭോഷ്ക്കുകൾ, ജാതകം നോക്കൽ ഒക്കെ നമ്മൾ ഉറ്റവരിൽ നിന്നും ഉൾക്കൊള്ളുന്ന വിശ്വാസങ്ങളാണ്.
ചുരുക്കത്തിൽ നമ്മുടെ സംസ്കാരം, ബയോളജി, സൈക്കോളജി എന്നിവയാലാണ്
വിശ്വാസപദ്ധതികൾ രൂപപ്പെട്ടു വരുന്നത്. പ്രായപൂർത്തി ആകുന്നതോടേ ഇവയുടെ
സ്വാധീനത്താൽ ന്യായാനുസാരമെന്ന് നമുക്ക് നിശ്ചയമുള്ളതും (ഇത് സത്യവും
വസ്തുനിഷ്ഠവും ആയിക്കൊള്ളണമെന്നില്ല) ആഘാതമേറ്റാലും ഉടൻ പൂർവ്വസ്ഥിതിയെ
പ്രാപിക്കുന്നതും ആയ ഒരു പറ്റം വിശ്വാസങ്ങൾ ആഴത്തിൽ വേരുറപ്പിച്ച് കഴിഞ്ഞു കാണും.
തമ്മിൽ അതിവിദഗ്ധമായി ബന്ധിപ്പിച്ചുള്ളതും ഉൾപ്പൊരുത്തം
നിലനിർത്തുന്നതുമായിരിക്കും ഇതിന്റെ ഘടകങ്ങൾ. യുക്തിസഹവും വിവേകജന്യവും
ബോധപൂർവ്വം തെരഞ്ഞെടുക്കുന്നുതുമല്ല ഈ വിശ്വാസസംഹിതകൾ. സ്വന്തമായുണ്ടാക്കിയ
ഗൈഡ്ബുക്കുമായി നടക്കുകയാണു നമ്മൾ. പുതിയ ആശയം അഭിമുഖീകരിക്കുമ്പോൾ നമ്മുടെ
ഉള്ളുറപ്പിനോട് അനുയോജ്യപ്പെടുത്താൻ ശ്രമിക്കും. പറ്റിയില്ലെങ്കിൽ ഉടൻ
തള്ളിക്കളയാൻ ശ്രമിക്കും. അല്ലെങ്കിൽ സ്വന്തം വിശ്വാസമാണ് ശരി എന്ന്
ഉറപ്പുവരുത്താൻ കൂടുതൽ കാരണങ്ങൾ തേടിപ്പോകും. പുരാണങ്ങൾ, മിത്തുകൾ, മതസംഹിതകൾ ഒക്കെ
ചികയുകയായി. വിമർശനാത്മകമായ ചിന്തകൾ
പിന്തിരിപ്പൻ ആശയങ്ങളെ പിൻ തള്ളും എന്ന് കരുതിയാൽ നടപ്പുള്ള കാര്യമല്ല. സംസ്കാരവും പൊതു സൈക്കും വിശ്വാസങ്ങളെ ബാധിയ്ക്കുന്നതിന്റെ
പരിണതി പല സമൂഹങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളിൽ പ്രകടമാണ്. കോടതി വിധി
അനുകൂലമാകാൻ വഴിപാട് കഴിക്കുന്നവരെ ഇൻഡ്യയിലാണു കാണുന്നത്. അതിസാങ്കേതികകലാവിദ്യയായ
സിനിമയ്ക്ക് തുടക്കമിടുമ്പോൾ പൂജ ചെയ്യുന്നതും
സിനിമ തുടങ്ങുന്നതിനു മുൻപ് ‘താങ്ക് ഗോഡ് ‘എന്ന് ടൈറ്റിലിൽ എഴുതിക്കാണിക്കുന്നതും മലയാളികൾ തന്നെ. ചുറ്റിയ
പാമ്പ് കടിച്ചേപോകൂ എന്ന രീതിയിൽ ആദ്യകാലവിശ്വാസങ്ങൾ ആഴത്തിൽ
വേരിറക്കിയിട്ടുള്ളതുകൊണ്ടാണ്. പ്രശസ്ത ന്യൂറോശാസ്ത്രജ്ഞൻ ഹാലിഗൻ പറയുന്നു:” സത്യം പറയട്ടെ, എന്റെ വിശ്വാസങ്ങൾ
ഞാൻ തെരഞ്ഞെടുത്തതല്ല, അവ എന്റെ കൂടെയുണ്ടെന്ന് ഞാൻ
അറിയുകയാണ്. പണിപ്പാടോടെ ഒരു തിരിഞ്ഞു നോട്ടത്തിൽ ഞാൻ ചോദിക്കുന്നു, ഈ വിശ്വാസം എന്നിൽ എങ്ങനെ ജനിച്ചു?”
തലച്ചോർ നെറ്റ് വർക്കുകൾ മതവിശ്വാസങ്ങളിൽ വ്യാപൃതരാക്കുന്നു
മേൽപ്പറഞ്ഞവിധം ‘വിശ്വസിക്കുക, എല്ലാം ശരിയാകും’ എന്നൊരു ധാരണയോട്
ഉൾച്ചേരാൻ തിടുക്കപ്പെടുന്ന മനസ്സ് സാവധാനം നമ്മളിൽ വളർന്നു വരികയാണുണ്ടായത്.
ദൈവവും പ്രകൃത്യാതീത പ്രതിഭാസങ്ങളും നമ്മൾക്ക് എപ്പൊഴും വിശ്വസിച്ച്
കൂടെകൊണ്ടുനടക്കാൻ പറ്റിയ തുണകളായി. എന്നാൽ യുക്തിയുടേയും വിശകലനത്തിന്റേയും ഇടങ്ങളും തലച്ചോറിൽ പ്രബലമായ ഇടങ്ങൾ
സ്ഥാപിച്ചെടുക്കുന്നുമുണ്ട്. മതാത്മകത വിശ്വാസങ്ങൾക്കും വിശകലനാത്മകമായ
ചിന്തകൾക്കും വെവ്വേറേ ‘നെറ്റ് വർക്’കുകളാണ് തലച്ചോറിലെ ന്യൂറോൺ കേന്ദ്രങ്ങൾ നിർമ്മിച്ചെടുക്കുന്നത്.
മതവും ശാസ്ത്രവും പണ്ടേയ്ക്കു പണ്ടേ തന്നെ സംഘർഷത്തിലാണ്; ഈ രണ്ട് നെറ്റ് വർക്കുകളും തമ്മിലുള്ളതാണത്. പഴയ ചരിത്രസന്ദർഭങ്ങൾ
(ഗാലിലിയോ ഉദാഹരണം) മുതൽ ഇന്നത്തെ ഇന്റെർനെറ്റ് വരെ ഈ സംഘർഷങ്ങളുടെ
മേച്ചിൽപ്പുറങ്ങളായി നമ്മൾ കണ്ടിട്ടുള്ളതുമാണ്. ധാർമ്മികബോധം, മതം, വിശകലനക്കഴിവ് എന്നിവ എങ്ങനെ
ബന്ധപ്പെട്ടിരിക്കുന്നു അല്ലെങ്കിൽ ബന്ധപ്പെടുന്നില്ല എന്ന
ക്ലിഷ്ടവിചാരത്തിനു ഉത്തരങ്ങൾ കിട്ടാൻ
എളുപ്പമല്ല. വേദാന്തികളും മനഃശാസ്ത്രജ്ഞരും മാത്രം കൈവച്ചിരുന്ന ഈ മേഖല
അനുമാനങ്ങളിൽ മാത്രം ക്ലിപ്ത പ്പെടുത്തിയതായിരുന്നു; ഇന്ന് ന്യൂറൊസയൻസും ആധുനികസ്കാനിങ് വിദ്യകളും ചില തീർപ്പുകൾ നമുക്ക് എത്തിച്ചു
തരുന്നുണ്ട്.
ഈ രണ്ട് നെറ്റ് വർക്കുകളെയും
കുറിച്ച് വിശദവും വിദഗ്ധവുമായ പഠനങ്ങൾ നടന്നു വരുന്നുണ്ട്. കെയ്സ് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ
പലേ ഡിപാർട്മെന്റുകളും സഹകരിച്ച് കൈകാര്യം ചെയ്ത ഗവേഷണം ഇക്കാര്യത്തിൽ ചില പുതിയ അറിവുകൾ വെളിച്ചത്ത് കൊണ്ടു
വന്നിട്ടുണ്ട്. ഫിലോസഫി
ഡിപാർട്മെന്റിനോടോപ്പം ന്യൂറോസയൻസ്, ന്യൂറോളജി, സൈക്കോളജി, ഓർഗനൈസേഷണൽ ബിഹേവിയർ, എത്തിക്സ് എന്നീ ഡിപാർട്മെന്റുകളും കൂടിച്ചേർന്നാണ്
വിപുലമായ ഗവേഷണപദ്ധതിയൊരുക്കിയത്. വൻ
തോതിൽ വിശ്വാസികളെയും
അവിശ്വാസികളേയും യുക്തിവാദികളേയും ഉൾപ്പെടുത്തിയ പഠനം. സമൂഹപെരുമാറ്റത്തിൽ താൽപ്പര്യമില്ലാത്ത
തലച്ചോറുള്ള ഓട്ടിസംകാരേയും പഠനത്തിൽ ഉൾപ്പെടുത്തി. സുപ്രധാനമായ കാര്യം ഈ
പഠനങ്ങളുടെ അടിസ്ഥാനങ്ങളിൽ ആധുനിക സ്കാനിങ് വിദ്യകൾ കൊണ്ട് നിജപ്പെടുത്തിയ
തലച്ചോറിടങ്ങളുടെ പ്രവർത്തനങ്ങളും ഉൾപ്പെടുത്തി എന്നതാണ്.
ആന്റണി ജാക്ക് എന്ന
ഗവേഷകന്റെ നേതൃത്വത്തിൽ നിർവ്വഹിച്ച ഈ വിപുലഗവേഷണത്തിനു അടിസ്ഥാനമാക്കിയത്
ഇന്നേവരെ സമാഹരിച്ച, വിശ്വാസം, കഠിനചിന്താപദ്ധതി എന്നിവയെപ്പറ്റിയുള്ള അറിവുകളാണ്. നമ്മുടെ
ന്യൂറൽ രൂപകൽപ്പന പരിണമിച്ചത് വിശകലനാത്മകചിന്തകളും ധാർമ്മിക ബോധവും തമ്മിൽ
ഇണങ്ങാത്ത വിധത്തിലാണ്. മതപരവും ആദ്ധ്യാത്മികപരവും ആയ ബോധങ്ങളും അപഗ്രഥനപരമായ
ചിന്തകൾക്ക് വിപരീതമാണ്. സാമൂഹികബോധം വിശകലനാത്മകബോധത്തിന്റെ ഭാഗമല്ല, അത് കൂടുതലും മതബോധവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. വിശകലനത്തിനു
ഒരുമ്പെടുന്ന തലച്ചോർ ദൈവത്തിൽ അവിശ്വസിക്കുന്നു, മതാത്മക/ആത്മീയവിശ്വാസങ്ങൾ സാമൂഹികവും വികാരപരവുമായ ബോധവുമായാണു
ബന്ധപ്പെട്ടിരിക്കുന്നത്. പലേ ഓടിസംകാർക്ക് വിശകലനബോധം കൂടുതലാണ്, സാമൂഹികബോധം കുറവും. ആണുങ്ങളിലും പെണ്ണുങ്ങളിലും ഇവ രണ്ടിന്റെ
ഏറ്റക്കുറച്ചിൽ വ്യത്യസ്തമാണ്. സാമൂഹികബോധം മതാത്മകബോധവുമായി ബന്ധപ്പെട്ടതാണു
താനും. ധാർമ്മികബോധത്തിനും (moral concern)
വിശകലനബോധത്തിനും (analytical thinking) രണ്ട് വ്യത്യസ്ത നെറ്റ് വർക്കുകളാണുള്ളത്.
തലച്ചോറിലെ ‘കോർടെക്സ്’ എന്ന ഇടത്തിൽ രണ്ടിടത്തായി
ഈ ബന്ധശൃംഖലകൾ നിലകൊള്ളുന്നു. വിശകലനങ്ങളിൽ വ്യാപൃതമാകുന്ന ഇടം TPN (task positive network) എന്നറിയപ്പെടുന്നു.
യുക്തിസഹമായ തർക്കവിതർക്കങ്ങൾ, കണക്കുകൂട്ടിയുള്ള, ഭൗതികമായ വിവേകബോധങ്ങൾ പോലെ യുള്ളവ പ്രത്യേകിച്ചും
സാമൂഹികമല്ലാത്ത ചിന്താപദ്ധതികൾ ഒക്കെയാണ് ഈ ന്യൂറോൺ വലക്കണ്ണിയുടെ
ഉത്തരവാദിത്തങ്ങൾ. നേരേ മറിച്ച് DMN (default mode network) എന്ന ന്യൂറോൺ കേന്ദ്രം സാമൂഹികവും വികാരപരവുമായ ബോധജ്ഞാനങ്ങളാൽ ഉത്തേജിതമാകുന്ന
ഇടമാണ്. ഈ DMNന്റെ അധികതരമായ ക്രിയാകലാപം സഹാനുഭൂതിയും
അനുകമ്പയും ഉളവാക്കാൻ പോന്നതാണ്. ധാർമ്മികതാൽപ്പര്യങ്ങൾ (moral concern) ഈ വലക്കണ്ണികളാൽ പ്രചോദിതമാണ്. സാമൂഹ്യബന്ധങ്ങൾ, അവയെ ഊട്ടിയുറപ്പിക്കുന്ന പെരുമാറ്റങ്ങൾ, ധാർമ്മികയുക്തിവിചാരങ്ങൾ ഒക്കെ ഈ ന്യൂറോൺ കേന്ദ്രത്തിന്റെ
ക്രിയാപരിണിതിയാണ്. ഈ കേന്ദ്രങ്ങൾ രണ്ടും പരസ്പരം ഇണങ്ങുന്ന രീതിയിലല്ല. TPN ഉത്തേജനത്തിൽ ആണെങ്കിൽ ഉടൻ DMN മന്ദതയാർജ്ജിക്കും. സാമൂഹികമല്ലാത്ത, വിശകലനമോ കണക്കുകൂട്ടലോ ആവശ്യപ്പെടുന്ന ബോധജ്ഞാനത്തിലേക്ക്
പ്രവേശിക്കുമ്പോൾ TPN ഉൽസാഹഭരിതമാകും എന്ന് മാത്രമല്ല DMN നെ പൂർണ്ണമായി
അടച്ചു കുറ്റിയിടുകയും ചെയ്യും.നേരേ മറിച്ച് സമൂഹകൂട്ടായ്മ നൽകുന്ന സംവേദനങ്ങൾ DMN നെ ഊർജ്ജസ്വലമാക്കുകയും
TPN നെ നിർവ്വീരീകരിക്കുകയും
ചെയ്യും. എം ആർ ഐ സ്കാനിങ് വിദ്യകൾ അസന്നിഗ്ധമായി തെളിയിച്ച് വരച്ചിട്ടുണ്ട് ഈ
മൽപ്പിടുത്തചിത്രങ്ങൾ. ഈ പഠനങ്ങൾ പ്രമാണീകരിക്കുന്നത് നമ്മൾ ന്യൂറോളജിപരമായി അതിനിയന്ത്രണത്തിനും
പരിമിതിയിലുമാണ്-ഒരേ സമയം ധാർമ്മികതാൽപ്പര്യങ്ങളും (moral concerns) വിശകലനചിന്തകളും (analytical thinking) ഒരുപോലെ മനസ്സിലുണരുകയില്ല.. ലൗകികജീവിത്തിന്റേയും
ആത്മീയതയുടെയും പരസ്പരവിരുദ്ധതയുടെ ഘടനാപരമായ, ന്യൂറോളജിപരമായ അടിസ്ഥാനമാണ് ഇവിടെ തെളിയുന്നത്.
ജാക്കും കൂട്ടരും നൂറുകണക്കിനു
വിശ്വാസികളേയും അവിശ്വാസികളേയും നാസ്തികരേയും തീവ്ര മതബോധമുള്ളവരേയും പഠനങ്ങളിൽ
പങ്കെടുപ്പിച്ചാണ് വിശ്വാസത്തിന്റേയും മതബോധത്തിന്റേയും യാന്ത്രികപ്രവർത്തനപദ്ധതികളുടെ
ന്യൂറൽ വിശദാംശങ്ങൾ സ്വരൂക്കൂട്ടിയത്. ഒരേസമയം മൂന്ന് ബോധജ്ഞാനങ്ങളുടെ ഘടനാരചനയാണ്
പരിശോധിക്കപ്പെട്ടത്-വിശകലനാത്മകത, ധർമ്മബോധം, സ്വന്തവും അന്യരോടുമുള്ള പെരുമാറ്റചിന്താബോധം (mentalizing) എന്നിവ. വിപുലമായ സ്റ്റാറ്റിസ്റ്റിക്സ് അപഗ്രഥനത്തിനു
ശേഷം വെളിവായത് ഇതൊക്കെയാണ്:
- ധർമ്മബോധവും
ദൈവവിശ്വാസം/പ്രപഞ്ചശക്തിവശ്വാസവും ദൃഢമായി ബന്ധപ്പെട്ടിരിക്കുന്നു. നേരത്തെ നിരീക്ഷിക്കപ്പെട്ട വിശകലന നെറ്റ്
വർക്-അവിശ്വാസം (analytical
mind-disbelief) എന്നീ സമന്വയഭാവം ശരിവയ്ക്കുന്നതാണിത്.
- സഹാനുഭൂതിചിന്തകൾ
മതബോധത്തിനും ആത്മീയതയ്ക്കും വഴികാട്ടി ആവുന്നുണ്ട്.
- സാമൂഹ്യബോധം
ആത്മീയ/മതചിന്തകൾക്ക് വഴികാട്ടി ആയേയ്ക്കാം.
- വിശകലനബോധം മത/ആത്മീയചിന്തകൾക്ക് തടയിടുന്നുണ്ട്, ഈ ചിന്തകൾ
പ്രാവർത്തികമാകുന്നത് ധാർമ്മികബോധത്തെ സ്വാധീനിച്ചാണ്.
- മറ്റുള്ളവരേയും
നമ്മളേയും അവരും നമ്മളും അറിയുന്നപോലെ അറിയുക എന്ന “മെന്റലൈസിങ്’ (mentalizing) പ്രതിഭാസം വിശ്വാസങ്ങൾ രൂപപ്പെടുന്നതിനെ
സ്വാധീനിക്കുന്നില്ല.
- അനുകമ്പയും ആർദ്രതയും ആധാരമായുള്ള ധാർമ്മികബോധം
ആത്മീയ/ദൈവചിന്തകളിലേക്ക് നയിക്കുന്നു.
- മത/ആത്മീയചിന്തകൾ perception of agency (എല്ലാത്തിനും
കാരണഭൂതനായ ശക്തിയെ അനുഭവപ്പെടുക)യുമായി നേർബന്ധം പുലർത്തുന്നു എന്ന തത്വം
നിരാകരിക്കപ്പെടുന്നു ഈ പഠനങ്ങളാൽ.
ശാസ്ത്രവും മതവും തമ്മിലുള്ള
പുരാണപ്രോക്തമായ വിരുദ്ധനിലപാടുകൾക്ക് വ്യക്തമായ ന്യൂറൊസയൻസ് വിശദീകരണങ്ങളാണിവ. TPN, DMN എന്നീ
നെറ്റ് വർക്കുകൾ ആധാരം. “വിശകലനാത്മകമായ തലച്ചോർ
നോക്കുമ്പോൾ വിശ്വാസം എന്നത് പരിഹാസ്യവും ബുദ്ധിശൂന്യവും എന്നായിട്ടാണ്
തോന്നുന്നത്” ആന്റണി ജാക്ക് പറയുന്നു. “മസ്തിഷ്ക്കത്തെപ്പറ്റി ഇതുവരെയുള്ള അറിവ് വച്ച്, ലളിത വിശ്വാസങ്ങൾ മുതൽ പ്രകൃത്യാതീതശക്തികളിലുള്ള വിശ്വാസം
വരെ വിശകലനസ്വഭാവത്തെ തള്ളിമാറ്റിയിട്ട് സ്ഥാനം പിടിയ്ക്കുകയാണ്, വർദ്ധമാനകമായ ഉൾക്കാഴ്ച സാമൂഹ്യബോധത്തിലും വികാരചിന്തയിലും
നിറയ്ക്കുവാൻ വേണ്ടി. ഭൗതികലോകത്തെപ്പറ്റി
, അതിന്റെ ഘടനയെക്കുറിച്ച്, മതത്തിനു ഒന്നും പറഞ്ഞു തരാനില്ല, അത് ശാസ്ത്രത്തിന്റെ ജോലിയാണ്. ശാസ്ത്രം നമ്മളെ അറിയിച്ചു
കൊണ്ടിരിക്കണം, നീതിശാസ്ത്രപരവും
ധാർമ്മികവുമായ യുക്തിവാദങ്ങൾ, പക്ഷേ ശാസ്ത്രത്തിനു
ധാർമ്മികത എന്തെന്നാണെന്ന് തീരുമാനിക്കാൻ പറ്റുകയില്ല. എന്നു മാത്രമല്ല
ജീവിതത്തിനു എന്തർത്ഥം, എന്ത് ലക്ഷ്യം, ഉദ്ദേശം എന്നു പറഞ്ഞുതരാനും പറ്റില്ല.” ആന്റണി ജാക്ക് തുടരുന്നു. പക്ഷേ അസ്വസ്ഥതയുളവാക്കുന്ന
ഉപസംഹാരത്തീർപ്പ് ഇതാണ്: നമ്മുടെ അടിസ്ഥാനപരമായ വിശ്വാസങ്ങൾ വസ്തുതകളേയോ
യുക്തിയേയോ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതല്ല. നമ്മുടെ പരിണമിച്ച സൈക്കോളജി, ബയോളജി, സംസ്കാരം എന്നിവ രൂപപ്പെടുത്തിയതാണവ.
ഇതിന്റെ പരിണിതഫലം നമ്മൾ കാണുന്നു-മതപരമായ,ജാതിപരമായ കാലുഷ്യങ്ങൾ, രാഷ്ട്രീയ സ്തംഭനങ്ങളും അഴിയാക്കുരുക്കുകളും, തെളിവുകളിൽ അടിസ്ഥാനപ്പെടാത്ത നീതി/ഭരണനയങ്ങൾ എന്നിങ്ങനെ. ഏറ്റവും മോശത്തരം ഇവയുടെ
ആഴത്തിലുള്ള കാരണവേരുകൾ നമുക്ക് അദൃശ്യമാണെന്നതാണ്.
എന്നാൽ ധാർമ്മികബോധത്തിൽ നിന്ന് ഉറവിടം കൊണ്ട മത/ആത്മീയബോധങ്ങൾ അതെല്ലാം വിട്ട്
ധ്വംസനത്തിനും സ്വന്തം മതത്തെത്തന്നെ ഇനം തിരിച്ച് പരസ്പരം കൊല്ലുന്നതും
എന്തുകൊണ്ട്? മതങ്ങൾ ഒഴുക്കിയ ചോരപ്പുഴകൾ
വമിച്ച തീക്ഷ്ണഗന്ധം ഇന്നും എമ്പാടും കാറ്റിലലയുന്നു. ആ ചോരയിൽ മുക്കിയാണ് ചരിത്രം
എഴുതപ്പെട്ടത് എന്ന് നമുക്കറിയാം. തലച്ചോറിലെ ദൈവഇടം മറ്റ് ഇടങ്ങളെ സ്വാധീനിക്കാതെ
പോകുന്നത് ഒരു കാരണമാണ്. എന്തെന്നാൽ ദൈവം ഇരിപ്പിടം ഉറപ്പിക്കുന്നതിനു വളരെ മുൻപേ
മസ്തിഷ്ക്കത്തിൽ വേരുറച്ച ചില അതിജീവനതന്ത്രാവശ്യങ്ങൾ ഗംഭീരമായി ഗാഢതയു ള്ളവയാണ്.
ഗോത്രസംസ്കാരം എന്ന പെരുമാറ്റവിശേഷം. ഇത് പണ്ടേ നമ്മളിൽ അടിഞ്ഞുകൂടിയതാണ്. ഏതു വിശ്വാസസംഹിതാവികാരങ്ങൾക്കും ഉപരിയാണ് “നമ്മുടേത്” “അവരുടേത്” എന്ന കടുംപിടുത്തവും തദനുസാരിയായ പെരുമാറ്റവും. പരിണാമം പണ്ട് വച്ചിട്ടുപോയ ജന്മവാസനയുടെ
ബാക്കിപത്രം. നമ്മുടെ പ്രപിതാമഹന്മാർ ആയിരക്കണക്കിനു വർഷങ്ങളാണ് ചെറിയ നാടോടി സംഘങ്ങളായി അലഞ്ഞുതിരിഞ്ഞത്. മറ്റുസംഘങ്ങളുമായി വിഭവങ്ങൾക്കുവേണ്ടി മൽസരിക്കുക എന്നത്
അതിജീവനത്തിനു അത്യാവശ്യമായിരുന്നു ഇക്കാലത്ത്. മൽസരിക്കാനും
പൊരുതിജയിക്കാനും പ്രാപ്തിയുള്ള അംഗങ്ങൾ
സംഘത്തിൽ ഉള്ളത് ഒരു ഗുണമാണ്, അത്തരം സംഘങ്ങൾക്ക്
അതിജീവനത്തിനു സാദ്ധ്യതയേറി. ഗോത്രസംസ്കാരം ഇപ്രകാരം പരിണാമം തെരഞ്ഞെടുത്തു. നമ്മൾ
ഒരു സ്പീഷീസ് ആണെങ്കിലും അനായാസമായും നൈസർഗ്ഗികമായും ചെറിയ സംഘങ്ങളായി താദാത്മ്യം
പ്രാപിക്കുന്നു, അതിൽ ഊറ്റം കൊള്ളുന്നു. ഗോത്രസംസ്കാരം
ഇന്ന് വിഭവാനുകൂല്യങ്ങൾക്ക് ആവശ്യമില്ലെങ്കിലും നമ്മുടെ പഴമനസ്സ് അത് വിട്ടുകളയാൻ
തയാറാകുന്നില്ല. മതബോധത്തിനുള്ള അതിജീവനസംഭാവനകളേക്കാൾ പതിന്മടങ്ങ് ആനുകൂല്യങ്ങളാണ്
ഗോത്രസംസ്കാരം പ്രദാനം ചെയ്തത് എന്നതിനാൽ അതിന്റെ
പ്രാഭവം ഗാഢമാണ്. പ്രബുദ്ധതാനിരാസമയമായ വംശീയശത്രുത ഇതിന്റെ പ്രതിഫലനം തന്നെ. നമ്പൂരിയും
നായാടിയും, സുന്നിയും ഷിയയും, സിറിയൻ കത്തോലിക്കനും ലാറ്റിൻ കത്തോലിക്കനും ഒക്കെ ‘ഞാനും’ ‘മറ്റവനു’മായി ചേരി തിരിയുന്നത് ന്യൂറോണുകൾ പണ്ട് സ്വാംശീകരിച്ച
ഗോത്രസംസ്കൃതി വിടാൻ മടിയ്ക്കുന്നതുകൊണ്ടാണ്. കെട്ടില്ലാത്തോർ, തമ്മിലുണ്ണാത്തോർ, ദൃഷ്ടിയിൽപ്പെട്ടാലും
ദോഷമുള്ളോർ ഒക്കെ ‘മറ്റവനെ’ തിരിച്ചറിഞ്ഞ് ഉള്ളിൽ പക പൊന്തിയ്ക്കുന്നു. വിഭവങ്ങൾക്കുവേണ്ടി
മൽസരം ആവശ്യമില്ല ഇക്കാലത്ത് എന്ന് ന്യൂറോണുകൾക്ക് അറിവുകിട്ടാൻ പരിണാമത്തിനു
ബഹുദൂരം പോകേണ്ടിയിരിക്കുന്നു.
തലച്ചോർ രൂപീകരിക്കാൻ ദൈവം സഹായിച്ചോ?
ഗോത്രങ്ങളെ നിലനിർത്താൻ തലച്ചോറിലെ വിശ്വാസ ഇടങ്ങൾ സ്വാധീനിക്കപ്പെട്ടത്
അവിടെ ദൈവം എന്ന അദൃശ്യശക്തിയെ
പ്രതിഷ്ഠിക്കാനും ഇടവരുത്തി . തിയറി ഓഫ്
മൈൻഡ് (മറ്റൊരാളുടെ തോന്നലുകളെക്കുറിച്ച്
നമുക്കുള്ള അറിവ്) പ്രകാരം നമ്മുടെ മനസ്സ് അറിയുന്ന മറ്റൊരു ശക്തി ഉണ്ടെന്ന തോന്നൽ
വളർത്തിയെടുക്കാൻ ഗോത്രനേതൃത്വങ്ങൾക്ക് എളുപ്പം കഴിഞ്ഞു. ഗോത്രങ്ങളെ ഒറ്റക്കെട്ടാക്കി നിലനിർത്താൻ ഈ
തോന്നലിനെ സംഘനേതൃത്വം ചൂഷണം ചെയ്തു. ബോധജ്ഞാനത്തിലൂടെ ഉരുത്തിരിഞ്ഞ
അജ്ഞാതശക്തിയുടെ സ്വാധീനം എല്ലാറ്റിലും ഉണ്ടെന്നുള്ള വിശ്വാസം ആവശ്യമായി വന്നു.
ഗോത്രസംസ്കൃതിയുടെ മൽസരപാരമ്പര്യം ദൈവങ്ങളിലേക്കും പടർന്നു കയറി. കൊല്ലാനും
കൊല്ലിക്കാനുമുള്ള അധികാരം ദൈവവുമായി പങ്കുവച്ചു. മതചര്യകൾ പിന്തുടരുമ്പോഴും
ധ്യാനത്തിലേർപ്പെടുമ്പോഴും തലച്ചോറിലെ ചില ഭാഗങ്ങൾ -ന്യൂക് ളിയസ് അക്യുംബൻസ്-ഊർജ്ജസ്വലമാകുന്നു
എന്ന് മേൽ വിവരിച്ച്ത് ഓർമ്മിക്കുക. കൂടുതൽ ഉപയോഗിക്കപ്പെടുന്നതനുസരിച്ച്
തലച്ചോറിലെ ന്യൂറോൺ കേന്ദ്രങ്ങൾ കൂടുതൽ വളർച്ചപ്രാപിക്കും എന്നത് നേരത്തെ
അറിയാവുന്നതാണ്. കൂടുതൽ സാമൂഹ്യസംഘങ്ങൾ ഉടലെടുത്തതോടെ മതാത്മകതയ്ക്കും അനുബന്ധമായ
ആചാരാനുഷ്ഠാനങ്ങൾക്കും ആക്കം കൂടി; ഇതിൽ ഉൾപ്പെട്ട
ന്യൂറോൺ കേന്ദ്രങ്ങൾ വികാസം പ്രാപിച്ചു എന്നാണ് ശാസ്ത്രനിഗമനം. തലച്ചോർ ചില
പെരുമാറ്റങ്ങൾ അനുവദിച്ചു, ഈ പെരുമാറ്റങ്ങൾ തിരിച്ച് തലച്ചോറിലെക്ക്
പ്രതിപുഷ്ടി (feedback) ചെയ്യപ്പെട്ടു. ഉദാഹരണത്തിനു തലച്ചോറിലെ മുന്നിതളുകൾ (frontal lobes-നെറ്റിക്ക് നേരേ പിറകിൽ) ഭാവി ആസൂത്രണത്തിനേയും
നിർബ്ബന്ധബുദ്ധ്യാ ചെയ്യുന്ന പെരുമാറ്റരീതികളേയും (compulsive behaviour) നിയന്ത്രിക്കുന്ന ഇടമാണ്, അതിനാൽ സംഘടിതമതത്തിലെ സാമൂഹിക ക്രമീകരണത്തേയും.
സ്ഥിരമാതിരിയിൽ അനുഷ്ഠിയ്ക്കുന്ന മതാത്മകസമൂഹപെരുമാറ്റം തലച്ചോറിലെ ഈ ഇടത്തെ
ശക്തിപ്പെടുത്തിക്കാണണം. ആൾക്കുരങ്ങുകളെ അപേക്ഷിച്ച് മനുഷ്യന്റെ മസ്തിഷ്ക്ക
മുന്നിതളുകൾ ഏറെ വികാസം പ്രാപിച്ചവയാണ്, ഒരു കാരണം ഇതായിരിക്കാം. സമൂഹം രൂപപ്പെട്ടത് പല
ഗോത്രങ്ങളുടെ സഹകരണത്തോടുകൂടിത്തന്നെയാണ് എന്നതും ഓർമ്മിക്കേണ്ടതാണ്. മസ്തിഷ്ക്കം ഇതിനനുസരിച്ച് മാറിമറിഞ്ഞിട്ടുണ്ട്. പ്രചരിക്കപ്പെടുന്ന മതാത്മകത ഒരു കാലത്ത്
ഗോത്രങ്ങൾ തമ്മിൽ സഹകരിക്കാൻ അനുവദിച്ചിട്ടുണ്ടാവണം.
മുൻ വിധികളിൽ പെടുത്തുന്ന
വിശ്വാസം
യാതൊരു പ്രയത്നവുമില്ലാതെ നമ്മളിൽ കയറിക്കൂടുന്ന
ചിന്താപദ്ധതികൾ പലപ്പോഴും
വഴിതെറ്റിക്കത്തക്കതായിർക്കും. തെറ്റായ മുൻവിധി (ബയസ്) കളിലേക്ക് നയിച്ച്
മറ്റുള്ളവരെക്കുറിച്ചോ മറ്റ് സമൂഹങ്ങളെക്കുറിച്ചോ ഹീനമായ വിശ്വാസങ്ങൾ വച്ചു
പുലർത്തിയേക്കാം മനുഷ്യമനസ്സ്. എന്താണങ്ങിനെ? “ നമുക്കെല്ലാം നമ്മുടെ മുൻ കൂർ വിധികൾക്കനുസരിച്ച്
ലോകം ഇണങ്ങിയനുസരിക്കണമെന്ന് തോന്നാൻ പ്രവണതയുണ്ട്. നേരേ മറിച്ചുള്ള
കാഴച്ചപ്പാടിനു കുറച്ച് പണി വേണ്ടിവരും ; ഈ ചിന്തയ്ക്കു മുൻപ്
മിക്കവരും മരിച്ചിട്ടുണ്ടാവും” എന്ന് ബെർട്രാൻഡ് റസ്സൽ.
വാട്സ് ആപ്പ് വഴി വരുന്ന മെസ്സേജുകൾ എളുപ്പം സ്വീകരിച്ച് അവ എല്ലാ
സുഹൃത്തുക്കളെയും അറിയിക്കാനാണു നമുക്ക് താൽപ്പര്യം, യുക്തി പരിശോധിച്ച് മെനക്കെടാൻ തലച്ചോർ തയാറല്ല. മില്ല്യൻ വർഷങ്ങൾ എടുത്ത് പരിണമിച്ച മസ്തിഷ്കമാണ്
നമ്മുടേത്,
ചിന്തിക്കുന്നതിനു സമയവും ഊർജ്ജവും ആവശ്യമാണ്. കുറുക്കുവഴികൾ തേടാനാണു പരിശീലനം എന്ന് നേരത്തെ
പ്രസ്താവിച്ചു കഴിഞ്ഞു. അന്യസംസ്ഥാനത്തൊഴിലാളിക്കൊണ്ട് ഗുണങ്ങളേറെയുണ്ടെങ്കിലും
അവർ നമ്മെ ചൂഷണം ചെയ്യുകയാണെന്ന് വിശ്വസിക്കാനാണു നമുക്കിഷ്ടം. ലോകത്തെല്ലായിടത്തും
ഇമിഗ്രന്റ്സിനോട് ഇതു തന്നെ വീക്ഷണം. സംവരണം എന്ന പദ്ധതികൊണ്ട് അതു ലഭിയ്ക്കാത്തവർ
നശിക്കുന്നു എന്ന് വിലയിരുത്താനാണു താൽപ്പര്യങ്ങൾ. മറ്റവന്റെ
ലാഭം നമ്മുടെ നഷ്ടം എന്ന സീറോ-സം (zero-sum bias) മുൻ വിധിയിൽ
തളച്ചിട്ടപ്പെട്ടതാണ് നമ്മുടെ ഓമന മസ്തിഷ്ക്കം. തുല്യമായ ലാഭവും (+) തുല്യമായ നഷ്ടവും
(-) കൂട്ടിയാൽ പൂജ്യം. ഒന്നു ചീയുമ്പോൾ മറ്റൊന്നിനു വളമാകുന്നുഎന്ന ലളിതയുക്തി. പ്രകൃതിവിഭവങ്ങളും
സാധനസമ്പത്തുകളും വിരളമായിരുന്ന കാലങ്ങളിൽ പരുവപ്പെടുത്തി എടുത്തതാണ് നമ്മുടെ
മസ്തിഷ്ക്കം. ആഹാരത്തിനും ഇണയ്ക്കും വേണ്ടി മൽസരിക്കേണ്ടി വന്നിരുന്ന കാലം.
ഒരുത്തനു കൂടുതൽ കിട്ടിയെങ്കിൽ മറ്റൊരുത്തനു കുറഞ്ഞുപോയതുതന്നെ. ഇന്ന് തുല്യതയ്ക്കുള്ള പലേ ഉപാധികളും ഉണ്ടെന്ന്
നമ്മളുടെ തലച്ചോർ പലപ്പൊഴും വിശ്വസിക്കാൻ വിസമ്മതിക്കുന്നു. പലപ്പോഴും ഈ
“ആകെ മൊത്തം പൂജ്യം’ എന്ന പദ്ധതി തിരിച്ചറിയാതെ പോകപ്പെടുന്നുണ്ട്. യൂറോപ്യൻ യൂണിയൻ വിട്ടു പോയാൽ 530
മില്ല്യൺ പൗണ്ട് ലാഭമുണ്ടാക്കുമെന്ന് ബ്രെക്സിറ്റ് ക്യാമ്പെയ്ൻ സമയത്ത് ആളുകളെ
വിശ്വസിപ്പിക്കാൻ സാധിച്ചത് ഉദാഹരണം. ട്രമ്പ് ‘മോശം ട്രെയ്ഡ്’ ഡീൽ’ എന്ന് മുറവിളി കൂട്ടിയതും ഈ സീറോ സം മുൻ വിധിയെ ചൂഷണം
ചെയ്താണ്. ഒബാമയുടെ കാലത്ത് വെള്ളക്കാർക്കെതിരെ മുൻ വിധിയുണ്ടെന്നും അവരുടെ
അവസരങ്ങൾ തട്ടിയെടുക്കപ്പെടുന്നു എന്നൊക്കെ ചിന്തകൾ പ്രചാരത്തിലായതും സീറോ സം ഇൽ
കുറ്റിയടിച്ച പ്രാകൃത മസ്തിഷ്ക്കത്തിന്റെ കളി തന്നെ. ന്യൂനപക്ഷത്തിനെതിരെ ഉള്ള
വിവേചനം കുറഞ്ഞാൽ ഭൂരിപക്ഷം വരുന്ന വെള്ളക്കാർക്കെതിരെ വിവേചനം കൂടുമെന്ന് സീറൊ സം
വിശ്വസിപ്പിക്കുന്നു. ദളിതർക്ക് ആനുകൂല്യങ്ങൾ കിട്ടിയാൽ സവർണ്ണർക്ക് അത്രയും
കുറഞ്ഞുപോകും എന്നും. സംവരണത്തെക്കുറിച്ചുള്ള പല വാദപ്രതിവാദങ്ങളും ഈ
പ്രതിഭാസത്തിന്റെ അനുരണനമാണ്. ഇന്ന് മതതാൽപ്പര്യങ്ങളും രാഷ്ട്രീയപ്രബോധനങ്ങളും ഈ “ആകെമൊത്തം പൂജ്യം” (‘സീറൊ സം’) വിശ്വാസത്തെ ചൂഷണത്തിനു
ഉപയോഗിക്കുന്നുണ്ട്. വിവേചനബുദ്ധിയോടെയുള്ള കാര്യവിചിന്തനത്തിനു
തടസ്സം സൃഷ്ടിയ്ക്കുകയാണു തലച്ചോറിന്റെ ഈ കീഴ്വഴക്കം.
പണ്ടു നമ്മൾ ചെറുപ്പത്തിൽ..........കുട്ടിക്കാലത്തെ സഹജാവബോധം
ശാസ്ത്രബോധത്തിനെതിരേ നമ്മുടെ കുട്ടിക്കാലത്തെ
അവബോധചിന്തകൾ പ്രതിരോധം ഉയർത്തിയെക്കാം, അത്രയ്ക്കാണതിന്റെ
ശക്തി. ചുറ്റുപാടുകളെപ്പറ്റിയുള്ള അവബോധം ഏറ്റവും യുക്തിയെന്ന് മനസ്സിനു
തോന്നുന്നതിൽ ആധാരപ്പെടുത്തുന്നു, അത്
ശാസ്ത്രീയമായിരിക്കണമെന്നില്ല. ഉദാഹരണത്തിനു വായു എന്നത് ഒരു വസ്തു (matter) ആണെന്ന് മനസ്സിലാക്കാറില്ല കുട്ടികൾ. മിത്തോളജികൾ
ധാരാളം കേൾക്കുന്ന ഇക്കാലത്ത് ചുറ്റുപാടുകളെക്കുറിച്ച് ഭാവനാപൂർണ്ണമായ വിശ്വാസങ്ങൾ
രൂഢമൂലമാകുന്നത് പിൽക്കാലത്തും ശാസ്ത്രബോധം കൊണ്ടും ചെറുക്കപ്പെടാൻ എളുപ്പമല്ലാതായിത്തീരുകയാണ്.
മതബോധങ്ങൾ ഇതിനു ആക്കം കൂട്ടുകയാണ്. ശരീരത്തേയും രോഗങ്ങളേയും ചികിൽസകളെയും പറ്റി തെറ്റായ
ധാരണകൾ ഉടലെടുത്തത് മാറ്റിയെടുക്കാൻ എളുപ്പമല്ല. സ്കൂളിൽ എത്തുമ്പോൾത്തന്നെ
ലോകവിധികളെപ്പറ്റി വേണ്ടത്ര ഭോഷ്ക്കും ചപ്പും ചവറും തലച്ചോറിൽ നിറച്ചിട്ടുണ്ടാവണം.
വിദ്യാഭ്യാസത്തിന്റെ-പ്രത്യേകിച്ചും ശാസ്ത്രവിദ്യാഭ്യാസത്തിന്റെ-ഉദ്ദേശം ഇവയെ
ഒക്കെ തൂത്തുവാരിക്കളഞ്ഞ് വെടിപ്പാക്കുകയാണ്. കാരണവും യുക്തിയും തെളിവും കൊണ്ട്
സമർത്ഥിക്കുന്ന ശാസ്ത്രം വിവരിച്ചു തരുന്ന പദ്ധതികളിൽ വിശ്വാസം
വളർത്തിയെടുക്കുകയാണ്. എന്നാൽ ഇതു പലർക്കും ഏശിയെന്നിരിക്കില്ല, പിന്നീട് ശാസ്ത്രജ്ഞരായവരിൽപ്പോലും ഭാഗികമായേ ഈ ചിന്താഗതികൾ
വേരുപിടിച്ചിട്ടുണ്ടാവൂ. നാട്ടുസിദ്ധാന്തങ്ങൾ
അമർത്താനോ ഇടിച്ചു തകർക്കാനോ തലച്ചോറിനു പറ്റിയേക്കും, പക്ഷേ സ്വൽപ്പം മിച്ചം നിന്നേയ്ക്കും. ലോകത്ത് വിഡ്ഢിത്തരത്തിനു പഞ്ഞമില്ലാത്തതിൽ
അദ്ഭുതമില്ല, വാട്സ് ആപ്പ് സന്ദേശങ്ങൾ
തെളിവ്.
സൈക്കോളജിസ്റ്റുകൾ പഠനങ്ങൾ നടത്തിയിട്ടുണ്ട്
ഇക്കാര്യത്തെ വിശദീകരിക്കാൻ വേണ്ടി. സഹജാവബോധത്തിനു മുകളിൽ ശാസ്ത്രയുക്തി
കടുപ്പത്തിൽ എഴുതാൻ പറ്റിയേക്കും, പക്ഷേ മുഴുവൻ
മായ്ച്ചു കളയാൻ പറ്റില്ല എന്നാണു നിഗമനം. അവബോധം തെറ്റായി സൂചിപ്പിക്കുന്ന വസ്തുത
ശാസ്ത്രപരമായി ശരിയാണെങ്കിൽ അത് മനസ്സിലാക്കിയെടുക്കാൻ തലച്ചോർ പണിപ്പെടുന്നതായിട്ടാണ്
നിരീക്ഷണം. തലച്ചോർ സ്കാൻ ചെയ്തു നടത്തിയ പരീക്ഷണങ്ങളും ഇതു തന്നെയാണ്
സൂചിപ്പിച്ചത്. തീവ്രമായി പണിയെടുക്കുന്ന തലച്ചോർ കേന്ദ്രങ്ങൾ സ്കാനിങ്ങിലൂടെ
വെളിവാക്കുന്ന വിദ്യകൾ ഇന്ന് സുലഭമാണ്. അവബോധത്താൽ തെറ്റും ശാസ്ത്രീയമായി ശരിയും
ആയ കാര്യങ്ങൾ -ഭാരം കൂടിയതും ഭാരം കുറഞ്ഞതുമായ രണ്ട് വസ്തുക്കൾ ഒരേ തോതിൽ
താഴേയ്ക്ക് പതിയ്ക്കും എന്നത്-വീഡിയീയിൽ കാണിച്ചപ്പോൾ തെറ്റ് കണ്ടുപിട്യ്ക്കുന്ന
തലച്ചോർ കേന്ദ്രങ്ങൾ കൂടുതൽ പ്രവർത്തനനിരതമാകുന്നതായാണു കണ്ടത്. അന്യോന്യം
മൽസരിക്കുന്ന രണ്ട് വിശ്വാസങ്ങളിൽ തീർപ്പ് കൽപ്പിക്കാനുള്ള പ്രയാസം
സൂചിപ്പിക്കുന്നു ഇത്. തലച്ചോറിലെ ഉന്നത നിർവ്വഹണകേന്ദ്രങ്ങൾ (Higher executive function centers) ഈ ജോലി ഏറ്റെടുക്കുകയാണ്. ഈ
കേന്ദ്രങ്ങളിൽ പാകപ്പിഴ പറ്റിയാൽ ബാല്യകാലഭോഷ്ക്കുകളിലെക്ക് മാത്രം വിശ്വാസങ്ങൾ
ചുരുങ്ങും-മിക്ക ആൽസൈമേഴ്സ് രോഗികളിലും ഇത് കാണപ്പെടുന്നുണ്ട്. ശാസ്ത്രയുക്തിയും
ചിന്തയും പണിപ്പെട്ട് സ്വരൂക്കൂട്ടിയെടുക്കുന്നതാണ്, എളുപ്പത്തിൽ കൈവിട്ടുപോകാനും ഇടയുണ്ട്. പെരുമയേറിയ ചികിൽസകൻ ആയിരുന്ന ഡോ.
ഹെഗ്ഡേ പിൽക്കാലത്ത് ആധുനിക വൈദ്യശാസ്ത്രത്തെ തള്ളിപ്പറയാൻ ഒരുമ്പെട്ടതും
പ്രകൃതിചികിൽസ മതിയെന്നു വെളിപാടുണർത്തിച്ചതും കഷ്ടിച്ച് നിർമ്മിച്ചെടുത്ത യുക്തി
കൈവിട്ടുപോയതിനാലാണ്. പരിണാമസിദ്ധാന്തത്തിന്റേയും മനുഷ്യനിർമ്മിതകാലാവസ്ഥാവ്യതിയാനത്തിന്റേയും
സാധുതയും പ്രാമാണികതയും ബാല്യചിന്തകളിൽ കുടുങ്ങിപ്പോയവരെ ബോദ്ധ്യപ്പെടുത്തുക
എളുപ്പമല്ല. ദുഷ്ടലാക്കുകളുള്ള മതബോധനങ്ങൾ ഈ ബാല്യചിന്തകൾക്ക് വളമിടുന്നത്
ഇൻഡ്യയെപ്പോലെ അന്ധവിശ്വാസാധിഷ്ടിതമായ സമൂഹത്തിൽ എളുപ്പമാണ്. വാക്സിനേഷനെതിരേ പൊരുതാൻ സന്നദ്ധമാക്കുന്നത് വിട്ടുപോകാൻ മടിയുള്ള, പൊരുതിത്തോൽപ്പിക്കാൻ പറ്റാത്ത അപരിഷ്കൃതബാല്യചിന്തകളും
കൂടിയാണ്.
മനോരഥമെന്നൊരു രഥമുണ്ടോ
ഭ്രമചിന്തകളിൽ അഭിരമിക്കാൻ
വെമ്പുന്നവരാണ് നമ്മൾ. ഇല്ലാക്കഥകൾ ഉണ്ടാക്കിയെടുക്കാൻ അതിസാമർത്ഥ്യമാണ്
തലച്ചോറിനു. നമ്മൾ അറിയുന്നു പോലുമില്ല പലപ്പോഴും. മറവിരോഗം (dementia) ബാധിച്ചവർ
ചില ഓർമ്മകൾ കൂട്ടിയോജിപ്പിക്കാൻ കഥകൾ
മെനഞ്ഞെടുക്കാറുണ്ട് എന്നത് മനസ്സിന്റെ സ്വാഭാവികവ്യാപാരമാണിതെന്ന്
തെളിയിക്കുന്നു. പുറം ലോകത്തു നിന്നും ലഭിയ്ക്കുന്ന വിവരങ്ങൾ നമ്മുടെ ഉള്ളറിവും വികാരങ്ങളുമായിട്ട്
സമരസപ്പെടുന്നില്ലെങ്കിൽ നമ്മൾ ഇല്ലാക്കഥകൾ-പലപ്പോഴും ഭ്രമാത്മകമായത്-
നിർമ്മിച്ചെടുക്കും. തലച്ചോറിന്റെ പ്രാഥമികസ്വഭാവം. ഒരു വാഖ്യാതാവ് ഒളിഞ്ഞിരിപ്പുണ്ട്
മനസ്സിന്റെ ഒരു കോണിൽ, പലഭാഗങ്ങളിൽ നിന്നുള്ള
വിവരങ്ങൾ ശേഖരിച്ച് നാം വെളിവും വെള്ളിയാഴ്ച്ചയും ഉള്ളവരാണെന്ന് തെര്യപ്പെടുത്താൻ.
സ്വതവേ പുറത്തെടുക്കാൻ പറ്റാത്ത അബോധമനഃക്കാര്യങ്ങൾ പൊക്കിയെടുത്ത് പുറമേ നിന്ന്
ലഭിച്ച വിവരങ്ങൾക്കിടയ്ക്ക് കൂട്ടിച്ചേർത്ത് കഥാഖ്യാനം രൂപീകരിക്കുകയാണ് മനസ്സ്. ഈ
അവബോധം പലപ്പോഴും തെറ്റാണെങ്കിലും നമുക്ക് തൽക്കാലതൃപ്തിയ്ക്ക് ഇത് കൂടിയേ തീരൂ. അപകടസമയത്ത് എങ്ങുനിന്നോ വന്ന് സഹായിച്ച
അപരിചിതൻ ഇഷ്ടദൈവം ഗുരുവായൂരപ്പൻ തന്നെ എന്ന് കരുതുന്നത് മനസ്സിനു ആശ്വാസമാണ്. വിശ്വാസങ്ങൾ
രൂപപ്പെടുത്തുന്ന, മേൽ വിവരിച്ച ഘടകങ്ങളുടെ പശ്ചാത്തലം
അനുസരിച്ചിരിക്കും ഈ കഥകളുടെ ഭാവുകത്വപരിസരം. വെള്ളിമൂങ്ങയും നാഗമാണിക്യവും ജ്യോതിഷവും
വാസ്തുവും ആൾദൈവവിസ്മയങ്ങളും ഈ കഥകളെ നിറം
പിടിപ്പിക്കുന്നുണ്ട്.
പരിണാമപരമായ
അടിസ്ഥാനങ്ങൾ ഇതിനു പിറകിൽ പണിയെടുത്ത് കല്ലുപാകിയിട്ടുണ്ട്. പുറംലോകത്തെക്കുറിച്ച്
വെളിവ് സ്വരൂപിക്കാൻ ശക്തമായ പ്രേരണ ഉള്ളാലെയുണ്ട്, ആഹാരം, ഇണതേടൽ ഇതിനൊക്കെയുള്ളപോലെ
ആർജ്ജവത്വം കലർന്നതാണിത്. നേരത്തെ വിവരിച്ച ക്രമരൂപം നിർമ്മിച്ചെടുക്കൽ ഇതിന്റെ
ഒരു ഭാഗമാണ്., സങ്കീർണ്ണലോകത്തിനു
നമ്മുടേതായ വ്യാഖ്യാനം കൊടുക്കൽ അതിജീവനത്തിനു അത്യാവശ്യമാണ്. ഈ സൂക്ഷ്മവ്യഗ്രത
മനുഷ്യമസ്തിഷ്ക്കത്തിനു അസാധാരണമായ സവിശേഷതകൾ സമ്മാനിച്ചു: എന്തും
അറിഞ്ഞെടുക്കാനുള്ള ഒടുങ്ങാത്ത ഔൽസുക്യം, ശാസ്ത്രം, കല എന്നിവ. നിലവിലുള്ള അറിവിനു നിരക്കാത്തതായ അനുഭവങ്ങൾ
മനസ്സിൽ സമീകരിക്കപ്പെടുന്നത് ഗംഭീരൻ ഭാവനകളാലാണ്. ദൈവവും മതവും ഇവയിൽ പ്രധാനപ്പെട്ടതാണ്. കാരണശക്തി തേടുന്ന മസ്തിഷ്ക്കം, ക്രമരൂപം തേടുന്ന മസ്തിഷ്ക്കം ഇവ രണ്ടും ദൈവവിശ്വാസം പോലെ തൃപ്തി തരുന്നവയാണ്. എന്നാൽ നമ്മെ എളുപ്പത്തിൽ
പൂർണ്ണ വിധേയരാക്കി, വിചിത്രവും വിലക്ഷണവും
യുക്തിവിരുദ്ധവും ആയ വിശ്വാസങ്ങൾക്ക് പൂർണ്ണവിധേയരാക്കുന്നുണ്ട് ഈ മാനസികപരിണിതി. അപസാമാന്യമായവകൾ (paranormal), പ്രകൃത്യാതീതശക്തികൾ, കപടസന്ധി പരികൽപ്പനകൾ (conspiracy theories), അന്ധവിശ്വാസങ്ങൾ, തീവ്രവാദം, മന്ത്രവാദ/മാന്ത്രികശക്തി
ഇവയൊക്കെ അസാമന്യബുദ്ധിശക്തി വികസിച്ച മസ്തിഷ്ക്കം തന്നെ സ്വയത്തമാക്കുകയാണ്.ഉത്തരം
കിട്ടാത്ത ചോദ്യങ്ങൾ അന്ധാളിപ്പിക്കുമ്പോൾ തലച്ചോറിലെ ന്യൂറോൺ സംഘങ്ങൾ
വരച്ചുകാട്ടുന്ന വർണ്ണചിത്രങ്ങളാണിവ. തൃപ്തി ലഭിയ്ക്കുന്നില്ലേ എന്ന് തിരിച്ചു
ചോദിക്കുകയാണവ.
കഥകൾ മെനയാതിരിക്കാൻ വയ്യ എന്നാണ്
തലച്ചോറിന്റെ തീരുമാനമെങ്കിലും നമുക്ക് ചെയ്യാവുന്നത് അവ അത്ര
വിചിത്രസങ്കലപ്പജടിലമല്ലാതാക്കാൻ പരിശീലിക്കുകയാണ്. വിശകലനാത്മക കേന്ദ്രത്തെ
ഉണർത്തിയെടുക്കേണ്ടത് ഇവിടെയാണ്. പെട്ടെന്ന് ഒരു തീർപ്പിലേക്ക് ചാടി വീഴാതിരിക്കുക, പ്രഥമതോന്നലുകളെ സ്വയം ചോദ്യം ചെയ്യുക, വ്യത്യസ്തവ്യാഖ്യാനങ്ങൾ പരിഗണിക്കുക ഒക്കെ യാഥാർത്ഥ്യത്തോട്
കൂടുതൽ സമരസപ്പെടാൻ സഹായിക്കും. ചപലവും ബാലിശവുമായ
മനസ്സിനെ അതേ മനസ്സിന്റെ മറ്റൊരുഭാഗം കൊണ്ട് നേരിടുക എന്ന തന്ത്രം. ആഴത്തിൽ
വേരോടിയ വിശ്വാസങ്ങൾക്ക് വിരുദ്ധമായ വിവരങ്ങൾ തേടിപ്പോയി അവ ഉൾക്കൊള്ളാൻ ശ്രമിയ്ക്കുന്നത്
അത്ര എളുപ്പമല്ലെങ്കിലും.
എന്നാൽ
യുക്തിമൂലകത്തിന്റേയോ വിവേകശക്തിയുടേയോ വിജയമല്ല ഇവിടെ. ധാർമ്മികമായ വാദപ്രതിവാദത്തിൽ നമ്മുടെ വിശ്വാസം മാറുകയാണ്. നമ്മുടെ
പുതിയ വിശ്വാസത്തിനു അനുയോജ്യമാക്കാൻ വസ്തുതകളെ വെട്ടി ആകൃതി മാറ്റിയെടുക്കാൻ
ശ്രമിക്കുകയാണ് തലച്ചോറിന്റെ എളുപ്പവഴി. ശാസ്ത്രചിന്ത വളർത്തിയെടുക്കാൻ
ശ്രമിക്കുകയും യുക്തി അന്വേഷിച്ച് നിജപ്പെടുത്താൻ ഒരുമ്പെടുകയും ചെയ്യുന്നത്
എല്ലാവർക്കും സാദ്ധ്യമായെന്നിരിക്കില്ല. നവോത്ഥാനത്തിലൂടെയും
വ്യാവസായികവിപ്ലവത്തിലൂടെയും കടന്നു പോയ പാശ്ചാത്യർക്ക് ഇത് എളുപ്പം സാധിച്ചെന്നിരിക്കും.
അതിസാങ്കേതികത എല്ലാ ചര്യകളെയും കീഴടക്കി എന്ന സത്യം സൃഷ്ടിക്കുന്ന സംഘർഷത്തിന്റെ
വേദന ജടിലമായ വിശ്വാസങ്ങളാൽ പടുത്തുയർത്തപ്പെട്ടിരിക്കുന്ന സാമൂഹ്യവ്യവസ്ഥ
നിബന്ധിച്ച ഇൻഡ്യയിൽ കൂടുതലായി അനുഭവപ്പെടുന്നു, പ്രത്യേകിച്ചും കേരളത്തിൽ. ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കപ്പെടുന്ന, ഉൽക്കട ഉപഭോഗാസക്തി പ്രകമ്പനം കൊള്ളുന്ന സമൂഹം സത്യനിരാസത്തിനു
ഉഴറുന്നു, യുക്തിയേയും
ശാസ്ത്രചിന്തയേയും വെല്ലുവിളിയ്ക്കാൻ പ്രാപ്തിയില്ലായ്മ ആശ്വാസത്തിനായി നേരത്തെ
പരാമർശിച്ച തലച്ചോരിലെ DMN കേന്ദ്രത്തിൽ ജേക്കബ് വടക്കുംചേരിമാർക്കും
മോഹനൻ വൈദ്യർമാർക്കും ഇടം നൽകുന്നു.
Reference
1.
Kapogiannis D, Deshpande G, Krueger F, Thornburg MP and
Grafman JH. Brain networks shaping religious belief. Brain Connect. 4: 70-79
2014
2.
Ferguson MA, Nielsen J, King JB, Dai L, Giangrasso M, Holman R, Korenberg JR and Anderson JS.
Reward, salience and attentional networks are activated by religious experience
in devout Mormons. Social Neuroscience
13: 104-116 2016
3.
Asp E, Ramachandran K and Tranel D. Authoritarianism,
religious fundamentalism, and the human prefrontal cortex. Neuropsychology 26:
414-421 2012
4.
Norenzayan A, Gervais WM. The origins of religious
disbelief. Trends in Cognitive Sciences 17: 20-25 2013
5.
Krauss, LM Faith and foolishness: When religious beliefs
become dangerous. Sci. American 303:
36-39 2010
6.
Zhong W., Cristofori I. ,
Wueger F and Grafman J. Biological and cognitive underpinnings of religious
fundamentalism. Neuropsychologica 100: 18-25 2017
7.
Gervais WM and Norenzayan A. Analytic thinking promotes
religious disbelief. Science 336: 493-496 2012
8.
Jack AI, Dawson AJ, Begany KL, Leckie RL, Barry KP,
Ciccia AH at al. fMRI reveals reciprocal inhibition between social and physical
cognitive domains. Neuroimage 66:
385-401 2013
9.
Fondevilla S. and Martin-Loeches M. Cognitive mechanisms
for the evolution of religious thought. Ann N Y Acad Sci. 1299:84-90 2013
10.
Harris, M, Kaplan JT, Curiel A, Bookheimer SY,Iacoboni M
and Cohen MS. The neural correlates of religious and nonreligious belief. PLoS
One 4:1-9 2009
11.
Cohen-Zimmerman S., Chau A., Krueger F., Gordon B and
Grafman J. Machiavellian tendencies increase folowing damage to left
dorsoventral prefrontal cortex. Neuropsychologica 107: 68-75 2017
12.
Jack AI, Friedman J P, Boyatzis RE and Taylor SN. Why do you
belive in God? Relationships between religious belief, analytical thinking,
mentalizing and moral concern. Plos One 11: e0155283 2016
13.
Lawton G. Beliefs-why do
we have them and how did we get them? New Scientist April 27, 2015
14.
Lawton G. Thoughtlessly thoughtless. New Scientist
236: 28-35 2017
15.
Shermer M. The Believing Brain St. Martin’s Press pp 385 2011
16.
Aslan R. God A
Human History Random House Publ.
pp 298 2017
ചിത്രം 1 ആത്മീയതയുടെടെ കേന്ദ്രങ്ങൾ. ഇവിടെയായിരിക്കണം ദൈവം കുടികൊള്ളുന്നത്.
ചിത്രം 2. ആദ്ധ്യാത്മികത അനുഭവപ്പെടുത്തുന്ന
ഇടങ്ങളും അവ തമ്മിലുള്ള ബന്ധങ്ങളും.
ചിത്രം 3. തീവ്ര ആരാധനയിലൂടെ ദൈവചൈതന്യം അനുഭവിക്കുമ്പോൾ തലച്ചോറിൽ
ഉത്തേജകമാകുന്ന ഇടങ്ങൾ. എം ആർ ഐ സ്കാനിങ് വഴി തലച്ചോറിന്റെ പരിഛേദങ്ങളിൽ ഇത്
കാണാനാവുകയാണ്. താഴത്തെ ഗ്രാഫിൽ ഇടതും വലതും തലച്ചോർ ഭാഗങ്ങളിലെ ഉണർവ്വ് രേഖപ്പെടുത്തിയിരിക്കുന്നു.
ചിത്രം 4. തീവ്രവിശ്വാസങ്ങൾ ഉണർത്തുന്ന തലച്ചോറിടങ്ങൾ. എം ആർ ഐ
സ്കാനിങ്-തലച്ചോർ പരിഛേദം. Ventromedial
prefrontal cortex, lateral occipital cortex, superior frontal gyrus എന്നീ ന്യൂറോൺ സംഘകേന്ദ്രങ്ങളാണ്
ഉത്തേജിക്കപ്പെട്ടത്.