രംഗത്തു കളിയ്ക്കപ്പെടുന്നതു കാണുക എന്നതാണു പൊതുവേ തിയേറ്ററിന്റെ പ്രയോഗവിശേഷം. രംഗക്രിയകൾ ചിലപ്പോൾ കാണികളിലേക്ക് പടർന്നേക്കാം, പകർന്നേക്കാം, ബ്രെഹ്റ്റിന്റെ പരീക്ഷണങ്ങൾ പോലെ. ( http://www.theatredatabase.com/20th_century/bertolt_brecht_001.html ) എന്നാൽ രംഗവും കാണികളും ഇല്ലാതാവുകയും കാണികളും കളിയുടെ ഭാഗമാവുക എന്നായാലോ? Fuerza Bruta (Brute Force) എന്ന ധീരപരീക്ഷണം തിയേറ്റർ സങ്കൽപ്പത്തെ തകിടം മറിച്ചിരിക്കയാണ്. സ്റ്റേജിൽ തന്നെ പ്രേക്ഷകരും രംഗപ്രയോഗങ്ങളോടൊത്തു പെരുമാറി കളി കാര്യമാവുന്നതുപോലെ അനുഭവം സ്വരൂപിച്ചെടുക്കപ്പെടുന്ന അവസ്ഥയാണ് ബ്രൂട് ഫോഴ്സ് എന്ന സംഗീതനൃത്തനാടക (?)ത്തിൽ. സ്റ്റേജിൽ നിലയുറപ്പിച്ച നമ്മൾക്കും കളിയിൽ ഒരു ഭാഗമാവേണ്ടി വന്നേയ്ക്കും. ഭാഷയുടെ അധീനതയോ ബുദ്ധിപരമായി അനുവർത്തിക്കപ്പെട്ടേക്കാവുന്ന ആജ്ഞാനുകൂലതയോ ഭേദിക്കപ്പെടുകയാണിവിടെ. ഇന്ദ്രിയചോദനകളുടെ നിർദ്ദേശശക്തിയ്ക്ക് മനസ്സിനെ വശംവദനാക്കാനുള്ള ഇടം നിർമ്മിച്ചെടുക്കൽ. ബുദ്ധിപരമായ പ്രതിക്രിയയ്ക്ക് വന്നണയാൻ സമയം കൊടുക്കാതെ തൊട്ടുണർത്തപ്പെടുന്നതിന്റെ ആവേഗം അതിനെ അതിക്രമിക്കൽ. നാടകസങ്കൽപ്പങ്ങളിലെ പ്രേക്ഷക-പ്രേക്ഷ്യ അംശങ്ങളെ ഒന്നാക്കുക എന്ന ഉദ്ദേശം നിരാകരിച്ച് രണ്ടല്ലായിരുന്നു എന്ന് അനുഭവിപ്പിക്കുക. Brute Force ന്റെ വിസ്മയങ്ങൾ ഇതൊക്കെയാണ്.
അർജെന്റിനക്കാരുടേതാണ് നിർമ്മാണം. തിയേറ്റർ സത്യവും മിഥ്യയും വേർതിരിക്കാനാവാത്തതായിരിക്കണം എന്നു സ്ഥാപിച്ചെടുക്കുക കൂടിയാണ് ഇവരുടെ ഉദ്ദേശം. ഉപജ്ഞാതാവ് ഡിക്വി ജെയിംസ് (Diqui James) പരീക്ഷണങ്ങളും സർഗ്ഗാത്മകതയും ഇണക്കിച്ചേർക്കുന്നതിൽ പണ്ടേ നിഷ്ണാതനാണ്. സംഗീതസംവിധാനവും കമ്പോസിങ്ങും നിർവ്വഹിച്ച ഗാബി കെർപെൽ (Gaby Kerpel) എലെക്റ്റ്രോണിക്/പോപ് സൂക്ഷ്മേന്ദ്രിയത്വം ഗോത്ര പാരമ്പര്യങ്ങളും വാദ്യങ്ങളുടെ പുരാണതനിമയും നഷ്ടപ്പെടാതെ സംഗീതത്തിൽ നിബന്ധിക്കണമെന്നുള്ള ശാഠ്യക്കാരനാണ്. യന്ത്രങ്ങളും മറ്റ് സാങ്കേതികവിദ്യകളും കൈകാര്യം ചെയ്ത അലെജാന്ദ്രൊ ഗാർസിയ അതിസാഹസ പർവ്വതാരോഹണവിദ്യകൾ പണ്ടേ തിയേറ്ററിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്. സംഗീതജ്ഞനും പെർഫോരമറും ഇലെക്റ്റ്രോണീക് ടെക്നിക്കിൽ ബിരുദവുമുള്ള ഫാബിയോ ഡി അക്വില (Fabio D'Aquila) സംഘത്തിൽ ചേർന്നതോടെ സാങ്കേതികതയും സംഗീതവും ദൃശ്യപ്രകടനവും ഒരുമിച്ചുയിർക്കൊണ്ട് ‘ഫ്യുർസാ ബ്രുട’ സമ്പൂർണ്ണമികവിലെത്തി.
ഭാഷ നിർമ്മിക്കുന്ന അതിർവരമ്പുകളും ബൌദ്ധികകെട്ടുപാടുകളും തകർക്കുക എന്നത് ഇവരുടെ ലക്ഷ്യമായിരുന്നു. എന്നാൽ പ്രേക്ഷകരുടെ സംവേദനക്ഷമതയേയും ഇന്ദ്രിയാനുശീലനത്തിനേയും നേരിട്ട് തൊട്ടുണർത്താനുള്ള എല്ലാ ചേരുവകളും സജ്ജമാക്കി ഉപയോഗിക്കാനുമാണ് ധാരണ. തിയേറ്റർ ഒരു നിശ്ചിത സ്പേയ്സിലെ ആവിഷ്കാരമാണ്, ഭാഷ ഭൌതികവും ദൈഹികവും ആയതിനാൽ ശാരീരികമായി തൊട്ടറിയാനുള്ളതാണ് രംഗഭാഷയെന്നും പ്രേക്ഷകനുമൊത്തു ഒരേ സ്വപ്നം വിരചിച്ചെടുക്കാനുള്ളതായി തിയെറ്ററിനെ മാറ്റുക എന്നതും ഈ രംഗകലയുടെ ഉദ്ദേശമാണെന്നുമാണ് പ്രമാണം. പ്രേക്ഷകരെ അതിശക്തമായ മറ്റുനിയമങ്ങളുള്ള മേഖലയിൽ എത്തിയ്ക്കുക, ഇന്ദ്രിയങ്ങളുടെ സമ്മർദ്ദം ബോധത്തെ വശീകരിക്കുക, അതും തോന്നലുകളേയും ഭാവപ്രകർഷത്തേയും അത്യാവേഗത്താൽ മനസ്സിലെത്തിയ്ക്കുക, ഇതിനൊക്കെ ഇടം സൃഷ്ടിയ്ക്കുക, ഉദ്ദീപന (stimuluas) ത്തോടൊപ്പം തന്നെ മനോഭാവ-ചിത്തവൃത്തികൾ (emotions) പ്രാവർത്തികമാക്കുക ഇതൊക്കെയാണ് ഈ രംഗകലാപരീക്ഷണത്തിന്റെ ലക്ഷ്യ സങ്കൽപ്പ പരിസരങ്ങൾ. വിജ്ഞാപനപുസ്തികയിൽ പ്രഖ്യാപനം ഇങ്ങനെയാണ്:
Without translation. Without anesthesia. Brutally happy.
പ്രേക്ഷകരെ പരിപൂർണ്ണമായും ഇല്ലാതാക്കിക്കൊണ്ടാണ് ഇതൊക്കെ സാധിച്ചെടുക്കുന്നത്. വളരെ വലിയ സ്റ്റേജിൽ തന്നെയാണ് ഭരതമുനി വരച്ച കളത്തിലെ കാണികൾ നമ്മളല്ലെ കളിക്കാർ നമ്മളല്ലെ എന്ന സങ്കൽപ്പം വിരിയുന്നത്. ഓഡിറ്റോറിയത്തിലെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോൾ സ്റ്റേജിൽ കൂട്ടം കൂടി നിൽക്കുന്ന നമ്മുടെ ഇടയ്ക്കു നമ്മളുടെ സഹകരണത്തോടെ വിവിധ നാടകീയതകൾ സംഭവിപ്പിക്കുക എന്നതാണ് ടെക്നികിന്റെ അടിസ്ഥാനം. നേരിയ ഒരു കർടൻ സ്റ്റേജിനു അതിർത്തി ചമയ്ക്കുകയും മൂടൽമഞ്ഞുപ്രതീതി ഉളവാക്ക്കുകയും ചെയ്യുന്നതോടെ കാണികൾ കളിക്കാരായി മാറാനുള്ള മനോനിലതെളിയിച്ചെടുക്കുകയാണ്. ഒന്നരയാൾ പൊക്കമുള്ള ഒരു ചലിയ്ക്കുന്ന തെരുവീഥിയും അതിലൂടെ നിതാന്തമായി ഓടുന്ന ഒരാളുമാണ് നമ്മുടെ ഇടയിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത്. വലിയ ഒരു കൺവെയർ ബെൽറ്റാണു ചലിക്കുന്ന ഈ വീഥി സൃഷ്ടിക്കുന്നത്. കാണികളുടെ ഇടയിൽക്കൂടി ഈ തെരുവീഥി ചലിക്കുകയും വീഥിയിൽ ആൾക്കാർ തലങ്ങു ം വിലങ്ങും ഓടുകയും ചെയ്യുന്നുണ്ട്. അതേ വീഥി ഒരു റെസ്റ്റോറന്റ് ആയി മാറുകയും ഓട്ടക്കാരനെ അതിക്രമിച്ച് റെസ്റ്റോറന്റ് ഉപകരണങ്ങൾ ഓടി മറയുകയും ചെയ്യുന്നു. എതിരെ വരുന്ന അടഞ്ഞ കതകുകൾ തല്ലിപ്പൊളിച്ചാണ് ചിലപ്പോൾ ഈ ഓട്ടം. തകർന്ന കതകുകളുടെ ഭാഗങ്ങൾ നമ്മുടെ മേലും വന്നു വീഴുന്നതിനാൽ വസ്തുതാപരമാണ് ദർശനങ്ങൾ. തിരക്കുപിടിച്ച ജീവിതത്തിലെ പലായനങ്ങൾ എന്ന് സാധാരണ തിയേറ്റർ സങ്കൽപ്പങ്ങളനുസരിച്ച് വിവക്ഷിക്കമെങ്കിലും അത് സിംബോളിക് ആശയമായതിനാൽ നമുക്കിടയിൽ നടക്കുന്ന സംഭവം ആയാണു ദർശനവിധി. തെരുവിലെ ഓട്ടക്കാരൻ സ്വന്തം വീട്ടിലെത്തുകയും വീട്ടുപകരണങ്ങൾ മറികടന്നു പോവുകയും ഈ ഉപകരണങ്ങൽ നമ്മുടെ ഇടയിലൂടെയും നീങ്ങുകയും ചെയ്യുമ്പോഴാണ് കാണി-കളിക്കാർ വ്യത്യാസം തീർത്തും ഇല്ലാതായെന്ന ബോദ്ധ്യം ഉളവാകുന്നത്. പാട്ടുകാർ പ്രേക്ഷകർക്കിടയിൽ ഓടിയെത്തി സ്റ്റൈറോഫോം നിർമ്മിതമായ പെട്ടികൾ നമ്മുടെ തലയിലടിച്ച് പൊട്ടിച്ച് തൂവൽ സമാനമായ കുഞ്ഞു കടലാസുകഷണങ്ങൾ പാറിപ്പറപ്പിയ്ക്കുക ഒക്കെ ചില നേർക്കുനേർ വികൃതിപ്രയോഗങ്ങളാണ്.
അദ്വിതീയവും അനുപമവും ആയ തിയേറ്റർ പരിചയം ഉണർത്തിയെടുക്കാനുള്ള ആവേശമാണ് ഇത്തരം രംഗലീലാകുതൂഹലത്തിന്റെ അടിസ്ഥാനം. സ്റ്റേജിൽ നമ്മൾ എത്തപ്പെടുന്നതോടെ യവനിക വീഴുകയാണ് നമ്മെ അതിനുള്ളിലാക്കിക്കൊണ്ട്. അകം പുറം തിരിയൽ തന്നെ ഇത്. അണിഞ്ഞിരിക്കുന്ന കുപ്പായങ്ങൾക്കുമകത്ത് ശരീരസ്പർശിയായും കണ്ണുകൾക്ക് പുറകിൽ, അകമേ അകത്തു സ്പേയ്സ് ഉണ്ടാക്കിയും ആ സ്പേയ്സ് സ്വയം സമ്മാനിച്ച കലാപരിപാടി മുഹൂർത്തം ആണെന്ന് മനസ്സിലാകുകയും സമാന്തരസത്യം ആയി പ്രഖ്യാപിക്കാൻ വഴിയൊരുക്കപ്പെടുകയുമാണ്. അതീന്ദ്രിയസമാനവും സ്വർഗ്ഗികവും ആയ ഈ ആന്തരിക ഇടം വസ്തുതാപരം അല്ലെങ്കിലും ആത്യന്തിക സത്യം ആണെന്നു ധരിച്ചുപോകുന്ന യോഗ്യപ്രാപ്തിയിലെത്തിക്കുക ഉദ്ദേശമാണ്.. കാഴ്ചക്കാരൻ മനസ്സിലാക്കുകയാണ് അവന്റെ സ്വന്തം സംവേദനശീലത (sensibility) യ്ക്ക് നേർക്ക് സ്വയം ആഘാതം ഏൽപ്പിക്കുന്നുവെന്ന്. ഏകത്രിതവും വിശ്വൈകവുമായ സെൻസിബിലിറ്റി വന്നുചേരുകയാണ്. ജനം ഈ കളിയിൽ ചേരുകയല്ല, അവർ ഇതിന്റെ ഭാഗമാണ്.
ഇത്തരമൊരു രംഗസംവിധാനവും ക്രമപ്രക്രിയകളും അഭിനയനിയമിതികളും സ്വരൂപിച്ചെടുക്കാൻ വൻപിച്ച സന്നാഹങ്ങളാണ് ഒരുക്കപ്പെടുന്നത്. നർത്തകർ മാത്രമല്ല പർവതാരോഹണത്തിലും ജിംനാസ്റ്റ്ക്സിലും ട്രപ്പീസ് വിദ്യകളിലും നിപുണരായവരാണ് പങ്കെടുക്കുന്നത്. സംഗീതം ഒരു പ്രധാന രചനാത്മകവിധി ആയതിനാൽ ഗായകരും വാദ്യോപകരണ വിദഗ്ദ്ധരും കൂടെയുണ്ട്. പുക, മഞ്ഞ് നേരിയ ചാറ്റൽ മഴ, കാറ്റ് ഇവയൊക്കെ നിർമ്മിച്ചെടുക്കാനുള്ള വിദ്യകൾ വേറെ. ഒരു സ്വപ്നരംഗത്തിൽ നീലയും പർപിളും കടും നിറം കലർത്ത്തിയ കർടനുമേൽ തിരശ്ചീനമായി നൃത്തം ചെയ്യുന്ന സുന്ദരിമാർ വായുവിൽ പാറിനിന്നാണ് ഇതു ചെയ്യുന്നുവന്ന ഫാന്റസി തോന്നിപ്പിക്കും. അദൃശ്യമായ കമ്പിക്കയറുകളാണ് ഇവരെ വീഴാതെ സൂക്ഷിയ്ക്കുന്നത്. പാദചലനങ്ങൾ ഈ കർടനിൽ സൃഷ്ടിയ്ക്കുന്ന ആഴച്ചുളിവുകൾ പ്രത്യേക വെളിച്ചസംവിധാന വിദ്യകളോടെ സംഗീതത്തിനൊപ്പം ചലിച്ചുമാറുമ്പോൾ തീർച്ചയായും പ്രതലപരിമാണങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ ഉളവാകുന്ന മായക്കാഴ്ച്കൾ സ്വപ്നദർശന സമാനമാകുകയാണ്.
ചില ദൃശ്യങ്ങൾ ഇവിടെ കാണാം:
http://www.youtube.com/watch?v=_t-YMwrCpjI&feature=fvsr
സ്റ്റേജിൽ വെള്ളം എന്നും അസ്പൃശ്യമായ വസ്തുതയാണ്. നനഞ്ഞാൽ ഉണങ്ങുക എന്ന വിഷമം രംഗകലകളിൽ നിന്നും വെള്ളത്തെ അകറ്റി നിറുത്തുന്നു. എന്നാൽ വെള്ളത്തിന്റെ സുതാര്യതയും അതിന്റെ ചലനങ്ങൾ ഉളവാക്കുന്ന ഭംഗിയും ആത്യന്തികമായി കണങ്ങളായി വിഘടിക്കുകയും വീണ്ടും ഒന്നുചേരുകയും ചെയ്യാനുള്ള സാദ്ധ്യതകളും ദൃശ്യഭംഗി ചമയ്ക്കുന്നതിൽ അതിനുള്ള സ്ഥാനം ചൂഷണം ചെയ്യപ്പെട്ടിട്ടില്ല. ഈ സാദ്ധ്യതകളെ അതി ഗംഭീരമായാണ് ഫ്യുയർസാ ബ്രൂട ഉപയോഗിക്കുന്നത്. സ്റ്റേജിനു മുകളിൽ വിസ്താരമായി കെട്ടിയുയർത്തിയ സുതാര്യമായ് പ്ലാസ്റ്റിക് ഷീറ്റിന്മേലാണു ഈ ജലഭംഗി പ്രത്യക്ഷപ്പെടുത്തുന്നത്. ഒരു വിസ്താരമാർന്ന ഒരു പ്ലാസ്റ്റിക് ടാങ്ക് എന്നു വേണമെങ്കിൽ പറയാം ഈ ജലക്രീഡാ സംവിധാനത്തിനു. കാഴ്ച അടിയിൽ നിന്നായതിനാൽ ജലരേഖകൾ കൃത്യമായി കാണാം. ഈ ടാാങ്കിലെ വെള്ളത്തിൽ നീന്തുകയും നൃത്തം ചെയ്യുകയും ഉരുണ്ടുപിരണ്ടു കളിയ്ക്കുകയും ചെയ്യുന്ന സുന്ദരികൾ അതിലെ വെള്ളത്തിലുണ്ടാക്കുന്ന അഭികൽപ്പനകളും രൂപരേഖാവിന്യാസങ്ങളും കണ്ണഞ്ചിയ്ക്കുന്ന വെളിച്ച സംവിധാനത്തോടെയും സംഗീതക്കലവികളോടെയും അവാച്യമായ ഭാവനാബോധമാണ്പ്രദാനം ചെയ്യുന്നത്. പിന്നീട് സാവധാനം നമ്മുടെ മേലെയ്ക്ക് ഇറങ്ങി വരികയും തൊടാൻ പാകത്തിൽ നിലയുറപ്പിക്കുകയും ചെയ്യുമ്പോൾ ചലിയ്ക്കുന്ന വെള്ളവും ശരീരവിന്യാസങ്ങളും കൊണ്ട് ഇത്രയും ഡിസൈനുകൾ സാദ്ധ്യമാണോ എന്ന വിസ്മയത്തിനു അവകാശമുണ്ട്. സംഗീതത്തെ നൃത്തവുമായി ബന്ധിപ്പിച്ച് മൂർത്തരൂപം ധരിപ്പിക്കുന്നത് നിത്യക്കാഴ്ച ആണെങ്കിൽ ഇവിടെ ജലവിന്യാസങ്ങൾ എന്ന മറ്റൊരു പ്രതലവും സൃഷ്ടിച്ച് അലൌകികത്യ്ക്ക് മാറ്റുകൂട്ടപ്പെടുകയാണ്.
സംവാദാത്കമായ നാടകം (interactive play) പുതിയ സങ്കൽപ്പമല്ല. പ്രേക്ഷകനുമായി പങ്കുവയ്ക്കാവുന്ന പരസ്പരപ്രഭാവശൈലികളാണ് ഇവയിൽ ഉപയോഗിക്കപ്പെടാറ്. പക്ഷെ ഇവയിലൊക്കെ രംഗവും പ്രേക്ഷകനും വേർതിരിഞ്ഞാണിരിക്കുന്നത്. രംഗവാസിയുടെ ഔദാര്യം എന്ന നിലയ്ക്കാണ് അവർ പ്രേക്ഷകരുമായി നേരേ സംവദിക്കുന്നത്. എന്നാൽ ഇവിടെ രംഗത്തു തന്നെ അവരോടൊപ്പം പ്രേക്ഷകനും നിലയുറപ്പിക്കുന്നു എന്നതാണ് പ്രേക്ഷിതനുമായി അവനെ ബന്ധിപ്പിക്കുന്നത്. പ്രേക്ഷിതൻ വിടർത്തുന്ന ഭാവം പ്രേക്ഷകനിൽ രസം ഉളവാക്കുന്നു എന്ന സിദ്ധാന്തം സ്വൽപ്പം മാറ്റിമറിയ്ക്കപ്പെടുകയാണിവിടെ. രംഗകലയെ സംബന്ധിച്ചിടത്തോളം അപനിർമ്മിതിയാണിത് എന്ന് തോന്നാമെങ്കിലും ഭാവസ്ഫൂർത്തിയിൽ രസം അതിനോടു ചേരാൻ സാദ്ധ്യതയുണ്ട് എന്നത് കലാപരമാവുന്നില്ലെന്നില്ല. ഈ വിദ്യയുടെ സഫലപരീക്ഷണമാണ് യുദ്ധരംഗങ്ങളിലും മറ്റും കഥകളിയിൽ കാണാറ്. കാണികൾക്കിടയിലേക്ക് കഥ ഇറങ്ങി വരലിൽ. അനുഷ്ഠാന കലകളിൽ ഭക്തി ഉദ്ദീപിപ്പിക്കാൻ ഇതേ തന്ത്രങ്ങളാണ് ഉപയൊഗിക്കപ്പെടാറ്. ഭയ-വീര്യ- വിസ്മയങ്ങ്ങൾ സാമീപ്യം കൊണ്ട് അനുഭവിപ്പിക്കുക എന്ന കൌശലയുക്തി. കുമ്പോടക്കാരന്റെ കുടത്തിൽ നിന്നും ചിതറുന്ന മഞ്ഞൾ വെള്ളവും വെളിച്ചപ്പാടിന്റെ നെറ്റിയിൽ നിന്നും തെറിയ്ക്കുന്ന ചോരത്തുള്ളികളും പ്രേക്ഷകന്റെ/ഭക്തന്റെ ശരീരത്തിൽ വന്നു വീഴുമ്പോൾ ഈ യുക്തിയുടെ സാകല്യമാണ് തെളിയുന്നത്.
ഫ്യുയെർസ ബ്രൂട മറ്റൊന്നും സാധിച്ചെടുക്കുന്നുണ്ട്. പ്രേക്ഷകൻ ദൃശ്യനിർമ്മിതിയുടെ ഭാഗമാകുന്നു എന്നതിനാൽ രംഗത്തെ ഘടനാക്രമങ്ങൾ അപരിവർത്തിയും സ്ഥിരവും ആകുന്നില്ല എന്നത്. പ്രതിക്രിയ അനുസരിച്ച് അത് മാറിക്കൊണ്ടിരിക്കും. സ്വയം നവീകരിച്ചുകൊണ്ടിരിക്കുന്നതും നൈരന്തര്യമാർന്നതും ആകുന്നു ഈ ഷോ ഇക്കാരണത്താൽ. കൂടുതൽ സത്യവാദിയായി അവതരണത്തിലെ കാപട്യങ്ങൾ ഒഴിവാക്കപ്പെടുന്നു. സംവിധായകർ പറയുന്നതു പോലെ
The public does not take part, they form part. Injured. Celebrating.