Monday, November 11, 2019

സർഗ്ഗാത്മകതയുടെ ഉണർവ്വിടങ്ങൾ




        സർഗ്ഗാത്മകതയുടെ കാതൽ തേടി ശാസ്ത്രജ്ഞർ അലയാൻ തുടങ്ങിയിട്ട് കാലമേറെയായി. അമൂർത്തമായ ഈ സവിശേഷതയ്ക്ക് സ്വരൂപം നിർവ്വചിക്കാൻ എളുപ്പമല്ല, മസ്തിഷ്ക്കം ഇത് എങ്ങനെ സാധിച്ചെടുക്കുന്നു എന്നത് ജ്ഞാനാത്മക (cognitive) ന്യൂറോബയോളജിയിലെ പ്രധാന പ്രഹേളികയുമാണ്. മനുഷ്യന്റെ മാത്രം സവിശേഷസ്വഭാവവും ആത്മപ്രകാശനപ്രക്രിയയുമായതുകൊണ്ട് അന്യജീവിപ്രതിരൂപങ്ങളിൽ (animal models) പഠനവും സാദ്ധ്യമല്ല. പ്രതിഷ്ഠിതമായ ബോധജ്ഞാനത്തിനുപരിയായി ഉയർന്നുപൊങ്ങാനുള്ള നിമിഷത്തിന്റെ കെട്ടുപൊട്ടിയ്ക്കലിനു തലച്ചോറിന്റെ എന്ത് ഉത്തേജകശക്തിയാണ് കാരണം എന്നത് അന്വേഷിക്കപ്പെട്ടുകൊണ്ടിരിക്കയാണ് ഇന്നും. എന്തുകൊണ്ട് ചിലർ മാത്രം സർഗ്ഗാത്മകശീലർ ആയിരിക്കുന്നു എന്നതിനും ചില കാരണങ്ങൾ ലഭിച്ചു തുടങ്ങതേ ഉള്ളൂ. എന്നാൽ സർഗ്ഗശക്തിയുമയി ബന്ധപ്പെട്ട ചില അടിസ്ഥാന ഘടകങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടു താനും-തലച്ചോറിന്റെ വലിപ്പം, ന്യൂറോസമ്പ്രേഷകവസ്തുക്കൾ, ബുദ്ധിവികാസം, വികാരപരത, വ്യക്തിപരമായ ചില സവിശേഷതകൾ എന്നിവയൊക്കെ.  
      സൗന്ദര്യബോധത്തിന്റെ (aesthetics) നിദർശനപരിണതിയാണ് കലകളും സാഹിത്യവും. സൗന്ദര്യബോധമാവട്ടെ അതിജീവനുമായി ബന്ധപ്പെട്ടിരിക്കുന്നുമുണ്ട്. അത് നമ്മുടെ തലച്ചോറു പരിണമിച്ച് ഉളവായതാണു താനും. സൗന്ദര്യബോധം ആവിർഭവിക്കുന്നതാകട്ടെ മസ്തിഷ്ക്കത്തിലെ മൂന്ന് ന്യൂറൽ വ്യവസ്ഥകളുടെ പരസ്പരബന്ധിതവലക്കണ്ണി (neuronal network) കളുടെ പ്രവർത്തനപരിണതിയായാണ്. ഈ മൂന്നു വ്യവസ്ഥകൾ  ഇവയാണ്: 1.വികാരങ്ങളും അവയുടെ മൂല്യാങ്കനവും (valuation) 2. സംവേദനവും അനുബന്ധ സംചാലകവും (sensory-motor) 3. അർത്ഥവും ജ്ഞാനവും (meaning-knowledge). സൗന്ദര്യദർശനം   ഉളവാക്കുന്ന അനുഭൂതി വികാരസാന്ദ്രമാണ്. തലച്ചോറിന്റെ പ്രതിഫലകേന്ദ്രം സമ്മാനിക്കുന്നതാണിത്. ഈ കേന്ദ്രം നിർണ്ണയിക്കുന്ന മൂല്യം വികാരത്തിന്റെ ഏറ്റക്കുറച്ചിലിനെ ബാധിയ്ക്കുന്നതാണ്. അതിജീവനത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ട ഈ വ്യവസ്ഥ  ( ഉദാഹരണത്തിനു ആഹാരത്തിന്റെ ചിത്രം) പിന്നീട് സമൂഹനിർമ്മിതിയുടെ അടിസ്ഥാനകരുക്കളിൽ ഒന്നുമായി (കലാദർശനം) യോജിപ്പിച്ചെടുത്തു. അതേപോലെ മുഖസൗന്ദര്യം എന്നത് ഇതിന്റെ ഒരു ഭാഗഭാക്കാകുകയും അത് വിലയിരുത്തപ്പെടുന്നത് ഒരു നിർവ്വഹണഭാഗവുമായി. ഇത് വികാരജന്യതയോട് ബന്ധിപ്പിക്കേണ്ടത് ആവശ്യവുമായി. സൗന്ദര്യമുള്ള ഒരു മുഖമോ കലാവിദ്യയോ  കാണുമ്പോൾ പ്രതിഫലകേന്ദ്രം ത്രസിക്കപ്പെടുകയായി, അനുസാരിയായി വികാരം രൂപപ്പെടുകയുമായി. എന്നാൽ കാഴ്ച്ച ഉളവാക്കുന്ന സംവേദനം ഉരുത്തിരിയുന്നത് തലച്ചോറിന്റെ മറ്റൊരു ഇടത്തിലാണ്. കാഴ്ച്ച സമ്മാനിക്കുന്ന പ്രതികരണങ്ങൾ മുന്നറിവുകളുമായി  മാത്രമല്ല മുൻ പരിശീലനങ്ങളും ഉള്ളിൽ ഉയിർക്കൊണ്ട സംസ്കാരവുമായും ബന്ധപ്പെട്ടുമിരിക്കുന്നു.  ന്യൂറോസൗന്ദര്യബോധം (neuroaesthetics) എന്നൊരു വിഭാഗം തന്നെ രൂപപ്പെട്ടു വരുന്നുണ്ട് ഇക്കാലത്ത്.  സർഗ്ഗശക്തിയുടെ ഭൗതിക ഇടങ്ങളെക്കുറിച്ചും വ്യാപാരവ്യവഹാരങ്ങളെക്കുറിച്ചും   വ്യക്തത കൈവരികയാണെന്നു സാരം.  
എന്തിനാണ് സർഗ്ഗാത്മകത?
     തലച്ചോറിന്റെ ഇടങ്ങളെ ത്രസിപ്പിച്ച് നിറുത്താൻ വേണ്ടി മനുഷ്യനിൽ ഉരുത്തിരിഞ്ഞ പ്രതിഭാസമാണ് സർഗ്ഗാത്മകത. വ്യക്തിക്കും സമൂഹത്തിനും അത് പരിതസ്ഥിതിയുമായി ഇണങ്ങാനും തദ്വാരാ അതിജീവനസഹായിയാകാനും അനുകൂലകമാണ്. ഈ ത്രാണി ഒഴിവാക്കിയിട്ട് മനുഷ്യപുരോഗതി സാദ്ധ്യമല്ല എന്നത് മനസ്സിലാക്കാൻ പ്രയാസമില്ല. സർഗ്ഗാത്മകതയുടെ സാമൂഹ്യവശവും സ്വഭാവവും  പ്രോൽസാഹിപ്പിക്കുന്നതിൽ പരിണാമവും പങ്കെടുത്തിട്ടുണ്ട്. . ജൈവ-സാമൂഹിക സമ്മർദ്ദങ്ങളാണത്രേ മനുഷ്യമസ്തിഷ്ക്കത്തിന്റെ പരിണാമം രൂപപ്പെടുത്തിയെടുത്തത്; അതിന്റെ വലിപ്പവും ആകൃതിയും ന്യൂറൊഅനാറ്റമിയും ന്യൂറോവ്യവഹാര (neurofunctional) സമാകൃതിയും സർഗ്ഗശക്തിയിയലുന്ന വിധത്തിലാണ് ക്രമീകരിക്കപ്പെട്ടത്. ഭാഷ ഉളവാകുന്നതിനു മുൻപേ തന്നെ പുതു ആവിഷ്ക്കാരങ്ങളാൽ സന്ദേശങ്ങൾ കൈമാറിയിരുന്നു. ശബ്ദവൈവിദ്ധ്യനിർമ്മിതിയിലൂടെ സംവേദനങ്ങൾ സാദ്ധ്യമാകുകയും ആവിഷ്ക്കാരങ്ങളാൽ അവ പാട്ടുകൾ ആയിത്തീരുകയും ചെയ്തിരിക്കണം. കല എന്നത് രൂപപ്പെട്ടത് അതിജീവനത്തിനു ഉതകുന്നത് എന്നത് അടിസ്ഥാനമാക്കിയാണ്. തലച്ചോറിന്റെ ചില ഭാഗങ്ങൾക്ക് ക്ഷതമേറ്റാലും ആവിഷ്ക്കാരസാദ്ധ്യതകൾ മിച്ചം നിൽക്കും എന്നത് പരിണാമത്തിൽ സർഗ്ഗാത്മകതയുടെ അത്യാവശ്യഘട്ടങ്ങൾ ഉൾച്ചേർന്നിരുന്നു എന്നതിന്റെ തെളിവ് തന്നെയാണ്. ഊർജ്ജത്തിന്റെ ചെലവ് ഏറ്റവും കുറഞ്ഞ വഴികളേ പരിണാമം പിൻതുണയ്ക്കാറുള്ളു; ന്യൂറോണുകൾ ഏറെ പ്രയത്നിക്കുന്ന സർഗ്ഗശക്തിയ്ക്ക് പരിണാമപിന്തുണ ഗംഭീരമായിട്ടാണ് ലഭിച്ചത് എന്നത് സാഹചര്യങ്ങളോട് പൊരുതി വിജയം നേടാൻ ഇത് അത്യാവശ്യമാണ് എന്നതുകൊണ്ട് തന്നെ. പ്രതീകാത്മകമായ സംവേദനങ്ങൾ മനുഷ്യനുമാത്രം അവകാശപ്പെട്ടതാണ്, ആദിമസമൂഹങ്ങൾ രൂപപ്പെട്ടപ്പോൾ തലച്ചോറിനു വലിപ്പവും സങ്കീർണ്ണതയും ഉളവായത് ഭാഷയും കലയും സാദ്ധ്യമാക്കിയ സംവേദനങ്ങളാലാണ്. കെട്ടുറപ്പും അതിജീവനവും പരിണിതഫലങ്ങളുമായി.

സർഗ്ഗശക്തിയെ ഉണർത്തുന്ന വികാരങ്ങൾ
         വികാരങ്ങളാണ് ചിന്തകളെ ഉദ്ദീപിപ്പിക്കുന്നത്. വിഭിന്നവും നൂതനവുമായ ചിന്തകളാണ് സർഗ്ഗശക്തിയുടെ ഉണർവ്വിനാധാരം. വികാരങ്ങൾ സാന്ദർഭികവും വ്യക്തിപരവുമായ മുന്നറിയിപ്പുകൾക്കും സർഗ്ഗാത്മകപ്രക്രിയകൾക്കും ഇടനില സൃഷ്ടിക്കുകയാണ്. വികാരങ്ങളുടെ പ്രകടനാത്മകത സാമൂഹ്യബോധം കെട്ടിപ്പടുക്കുന്നതിനു സഹായിക്കുകയും അതിജീവനത്തിനു സാദ്ധ്യതയേടുകയും ചെയ്യുന്നു. പ്രകടിപ്പിക്കാൻ സാധിക്കാതെ വരുന്ന വികാരങ്ങളാണത്രേ കലാരൂപങ്ങളും സാഹിത്യവുമായി ബഹിർസ്ഫുരിക്കുന്നത്. അല്ലെങ്കിൽ ഒരു നിശ്ചിതവികാരത്തിന്റെ സംവേദനശക്തി പതിന്മടങ്ങു പരിമാണാധിക്യത്തോടെ വിളംബരം ചെയ്യപ്പെടുകയാണ് കലാസാഹിതീ ആവിഷ്ക്കാരങ്ങളാൽ. ഏറ്റവും കൂടുതൽ ഗവേഷണം ചെയ്യപ്പെട്ടിട്ടുള്ളത് വികാരങ്ങളുടെ സ്വാധീനത്തെ ചുറ്റിപ്പറ്റിയാണ്. സർഗ്ഗശക്തിയും വികാരങ്ങളും തമ്മിൽ അഭേദ്യബന്ധമാണുള്ളതെന്ന് ധാരാളം പഠനങ്ങൾ പണ്ടേ തെളിയിച്ചിട്ടുണ്ട്. വികാരങ്ങളാണ് സർഗ്ഗാത്മകത നിർവ്വഹണത്തിന്റെ പിന്നിൽ എന്നത് ദാർശനികരുടെ അനുമാനമല്ല, ന്യൂറോബയോളജിസ്റ്റുകളുടെ അവകാശവാദങ്ങളാണ്.  ഇക്കാര്യത്തിൽ കൂടുതൽ കൃത്യതയും തെളിവുകളും വന്നുചേർന്നത് ആധുനിക സ്കാനിങ് വിദ്യകൾ ഉപയോഗിച്ച് ആവിഷ്ക്കാരവേളയിൽ തലച്ചോറിലെ ഇടങ്ങളിൽ വന്നുകൂടുന്ന ഉണർവ്വുകളോ മന്ദതയോ രേഖപ്പെടുത്താനാകും എന്ന് മനസ്സിലാക്കപ്പെട്ടപ്പോഴാണ്. ഇത്തരം പരീക്ഷണങ്ങൾ വികാരങ്ങൾ സർഗ്ഗാത്മകതയെ എങ്ങനെ ബാധിക്കുന്നു എന്നും തലച്ചോറിൽ എന്ത് അനുരണനങ്ങൾ സൃഷ്ടിയ്ക്കുന്നു എന്നും വിശദമായ അറിവുകൾ നേടിത്തരുന്നതിനോടൊപ്പം സർഗ്ഗശക്തിയുടെ മാനസികപരിസരങ്ങളുടേയും ഘടനാപരമായ പ്രക്രിയകളുടേയും സൂക്ഷ്മാംശങ്ങൾ കലയും സാഹിത്യവുമായി ഉയിർക്കൊള്ളുന്നതെങ്ങനെയെന്നും വിദിതമാക്കുന്നു

     ഊഷ്മളവികാരങ്ങളല്ല, സങ്കടകരവും നിരാശോന്മുഖവും ദൈന്യാന്വിതവുമായ ഭാവങ്ങളാണ് സർഗ്ഗശക്തിയ്ക്ക് കൂടുതൽ ഊടും പാവും നെയ്യുന്നത് എന്നത് അത്രവിചിത്രവിചാരമല്ല. ആത്മാവിനേറ്റ മുറിവുകളാണ് കലാരൂപങ്ങളായി പരിണമിച്ചെഴുന്നത് എന്നത് പുതിയ കാര്യവുമല്ല. കണ്ണീരിൽ ചാലിച്ചാണെഴുതിയത് എന്ന് സമ്മതിച്ചു തരുന്നത് സത്യം വെളിപ്പെടുത്തുന്നതാണ്. സ്വന്തം ചോരയിൽ മുക്കിയ ബ്രഷ് മെനഞ്ഞെടുക്കുന്നത് അതുല്യമായ ചിത്രമായിരിക്കും എന്നതിനു ചരിത്രസാക്ഷ്യങ്ങൾ ധാരാളമായുണ്ട്. കവികളേയും ഭ്രാന്തന്മാരേയും ഒരേ തളപ്പിൽ കെട്ടുന്നത് എല്ലാ സംസ്കാരങ്ങൾക്കും പരിചിതശീലമാണ്. വികാരങ്ങളുടെ വേലിയേറ്റങ്ങളിലാണ് കലാസൃഷ്ടികൾ പിറക്കുന്നത് എന്നത് വളരെ പഴക്കമുള്ള നിരീക്ഷണവുമാണ്. എന്നാൽ ഇന്ന് ന്യൂറോബയോളജി സാക്ഷ്യപ്പെടുത്തുന്നതും ഇതേ കാര്യമാണ്.

     അനുഭൂതികളാണ് വിവരങ്ങൾ തലച്ചോറിനു നൽകുന്നത്-വികാരവും സർഗ്ഗശക്തിയുമായുള്ള ബന്ധത്തിന്റെ കാതൽ നിർമ്മിച്ചെടുക്കുന്നത് ഈ പ്രക്രിയയാണ്.സന്തോഷനിർഭരമായ മനഃസ്ഥിതി സർഗ്ഗവൈഭവത്തിനു വഴിമരുന്നിട്ടെന്നിരിക്കാം പക്ഷേ തുടർപ്പണികൾക്ക് യത്നം ആവശ്യമായിരിക്കില്ല. അതുകൊണ്ട് സർഗ്ഗശക്തി വികാസം പ്രാപിച്ചെന്നിരിക്കില്ല. പ്രത്യുത ദൈന്യാനുഭൂതികൾ അതേ കൃത്യം  കൂടുതൽ ആവിഷ്ക്കാരപരതയോടേ  സൃഷ്ടിച്ചെന്നിരിക്കാം.          സങ്കട/വൈഷമ്യഭാവത്തോടെ അതിപ്രധാനമായ ഒരു കാര്യം ചെയ്യാനേൽപ്പിച്ചവർ സർഗ്ഗശക്തി കൂടുതൽ ഉപയോഗിച്ച് ചെയ്തു തീർക്കുമ്പോൾ സന്തോഷനിർഭരമായ വേളയിൽ ഈ പ്രഭാവം കുറഞ്ഞാണു കാണുന്നതെന്ന് ന്ന്യൂറോശാസ്ത്രജ്ഞർ നിരീക്ഷിച്ചിട്ടുണ്ട്.  ന്യൂറോടിക് ആയവരിൽ നടത്തിയ ചില പരീക്ഷണങ്ങൾ തെളിയിച്ചത് അവർക്ക് വൈഷമ്യമേറിയ അവസരങ്ങൾ സൃഷ്ടിയ്ക്കുമ്പോൾ കൂടുതൽ സർഗ്ഗാത്മകമായ പ്രവർത്തികൾ ചെയ്യാൻ സാധിക്കുന്നതായിട്ടാണ്. ആവിഷ്ക്കാരം ആവശ്യമെന്ന് തോന്നുന്ന കാര്യം ഫലവത്തായി ചെയ്യാൻ ഋണാത്മകവും സങ്കടകരവുമായ നിലയിലേക്ക് മനസ്സിനെ മാറ്റുന്നതായും നിരീക്ഷിക്കപ്പെടുന്നുണ്ട്. ഇവർ സർഗ്ഗശക്തി അധികതരമായി പ്രകടിപ്പിയ്ക്കുക മാത്രമല്ല അതിന്റെ സങ്കീർണ്ണമായ വിനിയോഗത്തിൽ ഔൽസുക്യം കാണിയ്ക്കുകയും ചെയ്യും. മനോവികാരനിയന്ത്രണമാണ് ആവിഷ്ക്കാരനിർവ്വഹണത്തിനോ പ്രദർശനത്തിനോ ഇടനില വഹിക്കുന്നത്. വികാരങ്ങളും സർഗ്ഗശക്തിയുമായി നേരിട്ടുള്ള ബന്ധമാണ് ഇത്തരം പരീക്ഷണങ്ങൾ തെളിയ്ക്കുന്നത്.

         ഭാവനിലകളും സർഗ്ഗാത്മകതയും തമ്മിലുള്ള ബന്ധം സങ്കീർണ്ണവുമാണ്. നല്ല അനുഭൂതികൾ ആവിഷ്ക്കാരത്തിനു വളം വയ്ക്കുന്ന സാഹചര്യങ്ങളുമുണ്ട്. എന്നാൽ നല്ല പ്രതികരണം ലഭിച്ചില്ലെങ്കിൽ ഇത് അർത്ഥവത്താകാതിരിക്കാനും സാദ്ധ്യതയുണ്ട്. അതീവസംഘർഷമനസ്സോ ദേഷ്യഭാവമോ ആവിഷ്ക്കാരപരതയെ തുണച്ചേയ്ക്കാം, സ്വച്ഛതയും നിർവ്വികാരതയും ഇതിനു തടയിട്ടേക്കാം. ചില പ്രത്യേകമാനസികനിലകളാണ്-ഉത്തേജിക്കപ്പെട്ടതോ പ്രവർത്തനനിരതമോ മന്ദീഭവിക്കപ്പെട്ടതോ ആവാം- സർഗ്ഗാത്മകതയിലേക്ക് വഴിതെളിയ്ക്കുന്നതെന്ന് സാരം. എന്നാൽ അതിസർഗ്ഗാത്മകതയുള്ളവരെല്ലാം മാനസികരോഗികൾ ആകണമെന്നില്ല. സർഗ്ഗശക്തിയ്ക്ക് പിന്തുണ നൽകുന്ന വികാരങ്ങളോ അനുഭൂതികളോ ഓരോർത്തർക്കും വ്യത്യസ്തമാകാൻ സാദ്ധ്യതയുമുണ്ട്. ആവിഷ്ക്കാരപരമായ ഒരു കാര്യസാദ്ധ്യത്തിനു സന്തോഷമോ സങ്കടമോ വികാരപരതയിൽ ചേർക്കണമോ എന്നതും വ്യക്തിപരമാണ്.

വിഷാദരോഗം, ഭ്രാന്ത്. സർഗ്ഗശക്തി
 പല ലോകപ്രസിദ്ധ എഴുത്തുകാർ, സംഗീതകാരന്മാർ, ചിത്രരചയിതാക്കൾ, ശാസ്ത്രജ്ഞർ ഒക്കെ വിഷാദരോഗികളോ ഭ്രാന്ത് ലക്ഷണക്കാരോ ഒക്കെയാണ് എന്നത് സുവിദിതമാണ്. വേറിട്ട ചിന്താഗതികളും കലാബോധങ്ങളും മലയാളസാഹിത്യത്തിൽ നിർമ്മിച്ചെടുത്ത ബഷീർ തന്നെ ഉദാഹരണം. തലച്ചോറിലെ കോർടെക്സ് എന്ന ഇടം കൂടുതൽ ഉത്തേജിതമായാൽ അത് നവചിന്തകൾക്കോ ആവിഷ്ക്കാരത്തിനോ സഹായകമാകില്ല, പ്രത്യുത ഈ കോർടെക്സ് ഉദാസീനമോ ഉൽസാഹരഹിതമോ  ആയ അവസ്ഥയിലാണെങ്കിൽ നവ ആവിഷ്ക്കാരങ്ങൾ നിർമ്മിച്ചെടുക്കാൻ താൽപ്പര്യം ഉളവാകുകയായി. ഇതിനു ഉപോദ്ബലകമാകുന്നത് എപിനെഫ്രിൻഎന്ന ന്യൂറോഹൊർമോൺ ആണെന്നാണ് നിഗമനം.  പുറത്തുനിന്നുള്ള സംവേദനങ്ങൾ, ശരീരത്തെ ഉണർത്തി നിറുത്താൻ പൊതുവേ പ്രായോഗികമായ കാര്യങ്ങൾക്കു വേണ്ടി ഉള്ളവ, പൊതുവേ സർഗ്ഗാതമകതയെ കുറയ്ക്കുന്നു എന്നതാണ് സത്യം. കേൾവി, കാഴ്ച്ച, മണം, സമ്മർദ്ദം, സ്പർശം മുതലായ സംവേദനങ്ങൾ നിരന്തരമായി അത്യൂർജ്ജത്തോടെ കിട്ടിക്കൊണ്ടിരിക്കുന്ന തലച്ചോറ് ആവിഷ്ക്കാരത്തിനു സന്നദ്ധമല്ല. അതുകൊണ്ടാണ് നോർ എപിനെഫ്രിൻ കുറയുമ്പോൾ രചനാത്മകതയിലേക്ക് തലച്ചോർ വഴിമാറുന്നത്.  മറ്റൊരു ന്യൂറോസമ്പ്രേഷകവസ്തുവായ സിറടോണിന്റെ അളവും ഇതിൽ ഭാഗഭാക്കാവുന്നുണ്ട്. എപിനെഫ്രിന്റെ അളവ് കുറയുകയാണ് വിഷാദരോഗികളിൽ. സിറടോണിന്റേയും. സർഗ്ഗാത്മകതയ്ക്ക് അവനവന്റെ ഉള്ളിലെക്കുള്ള കടന്നു നോട്ടം ആവശ്യമാണ്, നോർഎപിനെഫ്രിൻ ഇതിനെ അമർച്ച ചെയ്യും, കാരണം ആ രാസവസ്തുവിന്റെ പ്രയോഗോദ്ദേശം തന്നെ ബാഹ്യപ്രകടനങ്ങൾ കൊണ്ട് ശരീരത്തെ രക്ഷപെടുത്താൻ വഴി തേടുക എന്നതാണ്. ഈ രാസവസ്തുവിന്റെ അളവ് കുറയ്ക്കുന്ന മരുന്നുകൾ ആവിഷ്ക്കാരപരതയ്ക്ക് ആക്കം കൂട്ടുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. നോർഎപിനെഫ്രിൻ അനുരണങ്ങൾ ഉളവാക്കുന്നത് ന്യൂക്ളിയസ് സീറുലൻസ് (nucleus coerulance) എന്ന ന്യൂറോൺ കേന്ദ്രത്തിലാണ്.  അമിഗ്ദല, ഹിപ്പൊകാമ്പസ് എന്നീ വികാര/ഓർമ്മ കേന്ദ്രത്തിലേക്കും കോർടെക്സിലേക്കും തരംഗങ്ങൾ പായിക്കുന്ന കേന്ദ്രമാണിത്. അനുഭൂതികൾ തറയ്ക്കുന്ന ഇടങ്ങൾ ആവിഷ്ക്കാരവുമായി ബന്ധപ്പെടുകയാണ്.
 ഭ്രാന്ത്  (ഷ്കിസൊഫ്രീനിയ) സർഗ്ഗാത്മകതയ്ക്ക് തടസ്സം സൃഷ്ടിയ്ക്കുമെങ്കിൽ ബൈപോളാർഅസുഖം ഉള്ളവർക്ക് ആവിഷ്ക്കാരപരത കൂടുമത്രേ. തലച്ചോറിന്റെ ചില ഭാഗങ്ങൾക്ക് ക്ഷതം സംഭവിച്ച ശേഷം ചിലർ സവിശേഷചാതുര്യത്തോടെ ചിത്രരചനയിൽ ഏർപ്പെടുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഓർമ്മക്കുറവോ മറവിരോഗമോ (ഡിമെൻഷ്യ, ആൽസൈമേഴ്സ്) ബാധിച്ചവർ കൂടുതൽ സർഗ്ഗശക്തി പ്രകടിപ്പിക്കുന്നതായും തെളിഞ്ഞിട്ടുണ്ട്. ആത്മപ്രകാശനത്തിനുള്ള ആന്തരവിലക്കുകൾ അതിലംഘിക്കുകയാണ് ചില ന്യൂറോൺ വലയങ്ങൾ. കൂടാതെ തലച്ചോറിന്റെ ഇടത് ഭാഗം വലതു ഭാഗത്തെ നിയന്ത്രിക്കുന്നതിൽ അയവു വരുന്നതിനാൽ ആവിഷ്ക്കാരത്തിനു ഇടമൊരുക്കുന്ന വലതുഭാഗം കൂടുതൽ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുന്നതും മറ്റൊരു കാരണം ആകാം.സംസാരത്തിലൂടെയുള്ള സംവേദനങ്ങൾക്ക് ന്യൂനതകൾ വന്നുഭവിക്കുന്നതിനാൽ നഷ്ടപരിഹാരമായി സർഗ്ഗാവിഷ്ക്കാരത്തിലൂടെ സംവദിക്കാനുള്ള ത്വരയും ഇതിനു പിറകിലുണ്ട്.

സർഗ്ഗശക്തി എവിടെ? ഏതു കേന്ദ്രങ്ങളിൽ?
 തലച്ചോറിന്റെ ഏതു കേന്ദ്രങ്ങളിലാണ്  സർഗ്ഗാത്മകത ഉറവിടുന്നത് എന്നത് ന്യൂറോസയൻസിൽ ഒരു വെല്ലുവിളി ആയാണ് ഉദിച്ചുയർന്നത് എങ്കിലും സ്കാനിങ് വിദ്യകളും ന്യൂറോരസതന്ത്രപഠനങ്ങളും ചെറിയ ന്യൂറോകേന്ദ്രങ്ങളെ സൂക്ഷ്മതയോടെ നിരീക്ഷിക്കാനുള്ള മറ്റ് ഉപകരണങ്ങളും വിപ്ലവാത്മകമായ അറിവുകൾ നേടിത്തരികയാണ്. ബോധജ്ഞാനനിറവിന്റെ, സർവോപരി നിയന്ത്രണങ്ങളുടെ കേന്ദ്രമായ കോർടെക്സിലാണ് ആവിഷ്ക്കാരതന്ത്രങ്ങൾ നുരയുന്നത് എന്നത് തെളിയിക്കപ്പെട്ടു കഴിഞ്ഞു. പ്രത്യേകിച്ചും സർവ്വനിർവ്വഹണകേന്ദ്രമായ പ്രി ഫ്രൊണ്ടൽ കോർടെക്സ്-നെറ്റിയ്ക്ക് പുറകിലായി മസ്തിഷ്ക്കത്തിന്റെ മുൻ ഭാഗമാണിത്-ഇതിൽ പ്രധാനി തന്നെ. സർഗ്ഗശക്തിയുടെ അളവ് അനുസരിച്ച് ഈ ഇടങ്ങൾ ഉത്തേജിതമാകുന്നതോ മന്ദതയാർജ്ജിക്കുന്നതോ എന്നൊക്കെയുള്ള സ്പഷ്ട അറിവ് ആധുനിക സ്കാനിങ് വിദ്യകൾ രേഖീയമായി നമുക്ക് തരുന്നു.
    അളവ് കൽപ്പിക്കാൻ പ്രായേണ വിഷമതരമായ ഒരു പ്രതിഭാസമാണ് സർഗ്ഗശക്തി എങ്കിലും ആധുനിക സാങ്കേതിക വിദ്യകളുടെയും പരീക്ഷണാവിഷ്ക്കാരങ്ങളുടേയും സഹായത്തോടെ  ചില സാദ്ധ്യതകൾ തെളിയിച്ചു കൊണ്ടു വരുന്നുണ്ട്. രചനാവൈഭവം തെളിയിക്കുന്ന സമസ്യകൾ പരീക്ഷണാർത്ഥികൾക്ക് നൽകി അവയെ വിലമതിച്ച് സർഗ്ഗാത്മകതയുടെ ഏറ്റക്കുറച്ചിൽ ക്ളിപ്തപ്പെടുത്തുന്ന ശാസ്ത്രരീതികൾ ന്യൂറോബയോളജിസ്റ്റുകളും മനഃശാസ്ത്രജ്ഞരും ഒരുമിച്ച് വികസിപ്പിച്ചെടുത്തിട്ടുണ്ട്. Williams creativity aptitude test ഇന്ന് സാർവത്രികമായി ഉപയോഗപ്പെടുത്തുന്ന വിധിതന്ത്രമാണ്. വെല്ലുവിളികൾ, ഭാവന/സങ്കൽപ്പശക്തി, ഔൽസുക്യം. ജിജ്ഞാസ, സാഹസികത എന്നീ മണ്ഡലങ്ങളിലെ പ്രാവീണ്യമാണ് മൂല്യനിർണ്ണയം ചെയ്യപ്പെടുന്നത്. വികാരങ്ങൾ, അനുഭൂതികൾ എന്നിവ അനുഭവപ്പെടുമ്പോൾ  മേൽപ്പറഞ്ഞ മേഖലകളുടെ വിന്യാസം രേഖപ്പെടുത്തുകയും അതേ സമയം തലച്ചോറിന്റെ ഉത്തേജിതമാകുന്ന ഇടങ്ങൾ സ്കാനിങ് സംവിധാനങ്ങളാൽ നിജപ്പെടുത്തുകയും ചെയ്യുമ്പോൾ സർഗ്ഗശക്തിയുടെ ഉണർച്ചയിൽ വികാരങ്ങളുടെ പങ്ക് വിദിതമാകുകയാണ്.

       കുട്ടികൾക്ക് 10-12 വയസ്സാകുന്ന സമയത്താണ് സർഗ്ഗശക്തി വികാസം പ്രാപിക്കുന്നത്. വികാരങ്ങൾ നൽകുന്ന വിവരങ്ങൾ ഉൾക്കൊള്ളുന്നതിനോടൊപ്പം സൂക്ഷ്മസംവേദനക്ഷമത ഉൽക്കടമാകുന്ന സമയവുമാണിത്.  വികാരങ്ങൾ കൂടിയ തോതിൽ സർഗ്ഗശക്തിയെ ബാധിക്കുന്നുണ്ട് ഇക്കാലത്ത്.  അതിനാൽ ആവിഷ്ക്കാരങ്ങളും മസ്തിഷ്ക്കഘടനാനിർമ്മിതിയും തമ്മിലുള്ള ബന്ധങ്ങൾ നിരീക്ഷിക്കാൻ ഈ പ്രായത്തിലുള്ള കുട്ടികളിലുള്ള പഠനങ്ങൾ അത്യുചിതമാണ്.  വികാരനിയന്ത്രണത്തിനുള്ള ഇടങ്ങൾ-orbitofrontal cortex, അമിഗ്ദല, ഇൻസുല, ഹിപ്പോകാമ്പസ് ഒക്കെ-തീവ്രമായി ആവിഷ്ക്കാരക്ഷമതയെ ബാധിയ്ക്കുകയാണ്. ഈ പ്രായത്തിലുള്ള കുട്ടികളിലെ സർഗ്ഗശക്തി മേൽപ്പറഞ്ഞ Williams creativity aptitude test ഉപയോഗിച്ച് അളന്നെടുക്കുകയും അതോടൊപ്പം തലച്ചോറിന്റെ വിവിധഭാഗങ്ങളുടെ എം ആർ ഐ സ്കാനിങ് രേഖപ്പെടുത്തുകയും ചെയ്തപ്പോൾ വികാരവുമായി ബന്ധപ്പെട്ട ഇടങ്ങളാണ് പ്രാവർത്തികമായത് എന്ന് തെളിഞ്ഞു. എന്നാൽ അമിഗ്ദല, ഹിപ്പോകാമ്പസ് എന്നീ ഇടങ്ങളെ, അതും വലതുഭാഗത്തെ മാത്രം, മന്ദീഭവിപ്പിക്കുന്ന പ്രവർത്തനമാണ് ആവിഷ്ക്കാരസമയത്ത് കാണപ്പെട്ടത്. പേടിയെ കുറയ്ക്കുന്നതും സങ്കോചങ്ങളെ അകറ്റിനിറുത്തുന്നതുമായ ഫലങ്ങളാണ് ഇതുമൂലം സംഭവിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന ഉൾപ്രേരണ (impulsive behavior) യ്ക്ക് തടയിടാനാണ് നെറ്റിയ്ക്കു പുറകിലുള്ള പ്രി ഫ്രൊണ്ടൽ കോർടെക്സിനു താൽപ്പര്യം. ഇത് സാധിക്കാതെ വരുമ്പോഴാണ് സ്വാതന്ത്ര്യത്തോടേ ആവിഷ്ക്കാരാകാശത്തിലേക്ക് പറന്നുയരാൻ പ്രാപ്തി കൈവരുന്നത്.   വെല്ലുവിളികളെ നേരിടാനും സാഹസികതയ്ക്ക് തുണയേകുന്നതുമായ ഈ ഫലപ്രാപ്തി സർഗ്ഗചേതനയെ വർദ്ധമാനമാക്കുകയാണ്. അമിഗ്ദലയും ഹിപ്പോകാമ്പസും വികാരപരമായ രീതിക്രിയകൾ നടപ്പിലാക്കാൻ സഹായിക്കുന്ന ഇടങ്ങളുമാണ്, കൂടാതെ പഠിച്ചെടുക്കലിലും ഓർമ്മ നിലനിറുത്തുന്നതിലും ഇവയ്ക്ക് സുപ്രധാന പങ്കുമുണ്ട്. നേരേ മറിച്ച് ഉത്തേജിതമായ orbitofrontal cortex ഭാവന വിടർന്ന് വികസിക്കാൻ കളമൊരുക്കുകയാണ് എന്നു മാത്രമല്ല വികാരസംവേദനങ്ങളെ സമന്വയിപ്പിക്കുന്ന ജോലിയും ഏറ്റെടുക്കുകയാണ്. ഈ ഇടത്തിന്റെ വികാസം സംഗീതപരമായ  വികാരാധീനതയിൽ വ്യാപൃതമാവാനും സഹായകമാവുന്നതാണ്. ഇപ്രകാരം വികാരപരതയേയും ഭാവനയേയും കൂട്ടിയിണക്കി പ്രജ്ഞയെ നവനവോന്മേഷശാലീനമാക്കുമ്പോൾ അമിഗ്ദലയും ഹിപ്പോകാമ്പസും സാഹസികത (risk taking) യ്ക്കും വെല്ലുവിളികൾ ഏറ്റെടുക്കാൻ വേണ്ടിയും സജ്ജമാക്കപ്പെടുകയും സർഗ്ഗാത്മകത പ്രചണ്ഡമേഖലകളിലേക്ക് പടികയറുകയും ചെയ്യുന്നു.  

   എന്നാൽ കൃത്യമായ ഒരു ഇടം സർഗ്ഗശക്തിയ്ക്കു വേണ്ടി തലച്ചോറിൽ നിജപ്പെടുത്തിയിട്ടുണ്ട് എന്ന് തീരുമാനിക്കുന്നത് സാഹസമായിരിക്കും. പലേ വലയങ്ങൾ-തലച്ചോറിൽ വ്യാപിച്ചു കിടക്കുന്നവ പലരീതിയിൽ കെട്ടുപിണയുന്ന അദ്ഭുതപ്രവർത്തിയാണ് സർഗ്ഗശക്തി എന്നതു തന്നെ കാരണം. സംഗീതപരതയ്ക്കുള്ള വലയങ്ങളായിരിക്കില്ല ഭാഷണചാതുര്യത്തിന്റെ വലയങ്ങൾ, അല്ലെങ്കിൽ ചിത്രകലാപാടവത്തിന്റെ വലയങ്ങൾ. തലച്ചോറിന്റെ ഇടതും വലതും അർദ്ധഗോളങ്ങളിൽ ഇവ വിവിധതരമായി വ്യാപിച്ചു കിടക്കുന്നു. (ചിത്രം 4 നോക്കുക)

ന്യൂറോണുകളിൽ നിന്ന് ന്യൂറോണുകളിലേക്ക്-സമ്പ്രേഷകരുടെ ആവിഷ്ക്കാരങ്ങൾ

     ന്യൂറോസമ്പ്രേഷക വസ്തുക്കളാണ് തലങ്ങും വിലങ്ങും തലച്ചോറിൽ പായുന്ന  ന്യൂറോൺ ഹൈവേകളിൽ സംവേദനങ്ങൾ പാകുന്നത്.  ഒരു ന്യൂറോണിൽ നിന്ന് മറ്റൊരു ന്യൂറോണിലേക്ക് വിദ്യുച്ഛക്തി പായിക്കാൻ സഹായിക്കുന്ന രാസവസ്തുക്കളാണിവ. ഇവയിൽ പ്രധാനികളിൽ രണ്ടെണ്ണം ഡോപമീനും സിറടോണിനും ആണ്. പ്രതിഫലസന്തോഷം, അഡിക്ഷൻ, ശ്രദ്ധ, നിർബ്ബന്ധബുദ്ധി ഇവയുടെ ഒക്കെ നിയന്ത്രിതാവാണ്  ഡോപമിൻ. സർഗ്ഗശക്തിയുടെ പ്രധാന ഘടകങ്ങൾ ഡോപമീന്റെ പ്രവർത്തനത്തെ ആശ്രയിച്ചാണിരിക്കുന്നത്. പാർക്കിൻസൺസ് രോഗം ബാധിച്ചവരിൽ ഡോപമീൻ ന്റെ അളവ് കുറവാണ്. ഈ അസുഖം ബാധിച്ച കലാകാരന്മാരിൽ ഡോപമിൻ ചികിൽസയ്ക്കു ശേഷം അവരുടെ കലാപ്രകടനങ്ങൾ വർദ്ധമാനമാകുന്നതായി കണ്ടിട്ടുണ്ട്. ഡോപമീൻ അളവ് കൂട്ടുന്ന മരുന്നു കഴിച്ച ഒരു ചിത്രകാരൻ ചിത്രം വരച്ചെടുക്കുന്നതിലും സ്കെച്ച് ചെയ്യുന്നതിലും പതിവിൽ കൂടുതൽ മിടുക്ക് കാണിച്ചതായിട്ടുള്ള പഠനം ഉദാഹരണമാണ്. ചിലർ കൂടുതൽ പെയിന്റിങ്ങുകൾ വരച്ചുകൂട്ടുകയോ നൂതനസങ്കേതങ്ങൾ പ്രയോഗത്തിൽ വരുത്തുകയോ ചെയ്തു. കവിത എഴുതാത്തവർ ഈ ചികിൽസയ്ക്കുശേഷം ഗംഭീരകവിതകൾ എഴുതുന്നതായാണ് നിരീക്ഷണങ്ങൾ. ഇവിടെയും സങ്കോചങ്ങൾ അകന്നതിനാലാണ് ഈ കലാവാസനപ്രകടനം സാക്ഷാൽക്കരിക്കപ്പെടുന്നത്. തലച്ചോറിന്റെ മുൻ ഇതളും (frontal lobe) വശത്തെ ഇതളും ( temporal lobe) ഡോപമിനോടൊപ്പം ചില പ്രവർത്തികളിൽ ഏർപ്പെടുന്നതാണ് ഈ കലാവാസനത്വരയുടെ കാരണം എന്നാണ് ശാസ്ത്രനിഗമനം. സിറടോണിൻ എന്ന ന്യൂറോസമ്പ്രേഷകവസ്തുവിനും ഇതിൽ പങ്കുണ്ട്., പ്രത്യേകിച്ചും  ആവിഷ്ക്കാരത്തിൽ നിന്നുളവാകുന്ന ആത്മസംതൃപ്തി സിറടോണിന്റെ സംഭാനയാകാമെന്നതിനാൽ.

സംഗീതത്തിന്റെ ഉണർവ്വിടങ്ങൾ
സംഗീതാത്മകത ഏതൊക്കെ ഭാഗങ്ങളിലാണ് കുടികൊള്ളുന്നത് എന്നതിനു വ്യക്തമായ ചില അറിവുകൾ ലഭിച്ചിട്ടുണ്ട്. ഒരു നിശ്ചിത സംഗീത ഖണ്ഡം കേൽപ്പിച്ചിട്ട് അതനുസരിച്ച് പുതിയ സംഗീതം ആവിഷ്ക്കരിക്കനുള്ള നിർദ്ദേശം കൊടുക്കുകയും അവരുടെ തലച്ചോർ ഭാഗങ്ങൾ സ്കാനിങ്ങിനു  വിധേയമാക്കിക്കൊണ്ടിരിക്കുകയുമാണ് പരീക്ഷണപദ്ധതിയിലെ പ്രധാന ഭാഗം. സംഗീതോപകരണങ്ങളാൽ പുതുമ നിബന്ധിക്കാനും പരീക്ഷണത്തിൽ സംബന്ധിച്ചവർക്ക് സ്വാതന്ത്ര്യം നൽകി. ഇവരുടെ തലച്ചോറ് എം ആർ ഐ സ്കാനിങ്ങിനു വിധേയമാക്കി തലച്ചോറിന്റെ ഉണർവ്വിടങ്ങൾ ആലേഖനം ചെയ്യുക എന്നതാണ് പഠനം. ആവിഷ്ക്കാരസാദ്ധ്യതയുള്ള ജാസ് സംഗീതമാണ് ഇത്തരം പഠനങ്ങളിൽ നിബന്ധിക്കാറ്. സർഗ്ഗാത്മകത യുടെ തോത് നിർണ്ണയിക്കുന്നത് ജാസ് സംഗീതത്തിൽ പ്രാഗൽഭ്യം നേടിയ പ്രൊഫഷണൽ സംഗീതകാരായിരിക്കും. ഇത്തരം പഠങ്ങളിൽ നിന്ന് തെളിഞ്ഞത് തലച്ചോറിലെ ഗ്രേ മാറ്റെർഎന്നറിയപ്പെടുന്ന ഇടങ്ങളിൽ വ്യത്യാസമുണ്ടെന്നാണ്. പ്രത്യേകിച്ചും  ഓർമ്മകളുടേയും വികാരങ്ങളുടെയും കേന്ദ്രമായ ഹിപ്പൊക്കാമ്പസ്, കാഴ്ച്ചയെ വിശകലനം ചെയ്യുന്ന ഇടങ്ങളെക്കുറിച്ച് ബോധം തരുന്ന inferior temporal gyrus എന്നിവിടങ്ങളിൽ. ഈ ഇടങ്ങളിലെ gray matter ( ചാര നിറമുള്ള ഇടങ്ങൾ; മറ്റ് ഇടങ്ങൾ കൂടുതൽ വെളുത്തതാണ് white matter) ചെറുതാണ് സംഗീതം ആവിഷക്കരിക്കാൻ കഴിവുള്ളവരിൽ എന്നതാണ് ഇവയിൽ ഒരു പഠനത്തിലെ പ്രധാന കണ്ടുപിടിത്തം.ഇവിടങ്ങളിലെ ന്യൂറോണുകൾ വളരെ ഇടതൂർന്ന് അടുക്കിക്കെട്ടിയതിനാലാവാം ഈ ചുരുങ്ങൽ എന്നാണ് നിഗമനം.

 ടെമ്പൊറൽ ഗൈറസ്- എന്തുകൊണ്ട്?
     കാഴ്ച്ചയെ ഇടങ്ങളുമായി ബന്ധിപ്പിക്കുകയും അതുമൂലം ലഭിയ്ക്കുന്ന ബോധത്തെ  പ്രവൃത്തി/ചലനം/ചേഷ്ടകളുമായി ബന്ധിപ്പിക്കുകയുമാണ് ഈ ഭാഗത്തിന്റെ ധർമ്മം. സംഗീതാവിഷ്ക്കാരത്തിൽ സ്വരങ്ങൾ, അവയുടെ സമ്മിളിതങ്ങൾ, അവയുടെ ചലനാത്മകമായ വെളിവാക്കൽ ഒക്കെ സ്വരൂപിക്കാൻ സഹായിക്കുന്ന വേലയായിരിക്കണം ഈ ടെമ്പൊറൽ ഗൈറസിന്റെ കീഴ്ഭാഗത്തിന്റെ സംഭാവന. താളം, ടെമ്പോ എന്നിവയിൽ ആവിഷ്ക്കരിക്കാൻ പാടവമുള്ളവരുടെ സെറിബെല്ലം ഭാഗത്തെ ഗ്രേ മാറ്ററും ഘനവ്യാപ്തി (volume) യിൽ ചെറുതാണത്രേ. ചലനങ്ങളുടെ നിയന്ത്രണ ഇടമാണ് ഈ സെറിബെല്ലം.  വികാരങ്ങളെ ഉണർത്തിനിറുത്താൻ സഹായകമാകുന്ന മറ്റ് ഇടങ്ങളും ന്യൂറോൺ കൂട്ടങ്ങളാൽ സമ്പന്നമാണത്രെ സംഗീതാവിഷ്ക്കാരത്തിനു കഴിവുള്ളവരുടെ തലച്ചോറിൽ.

 വികാരസാന്ദ്രതയുടെ ന്യൂറോണുകൾ സംഗീതം രചിക്കുന്നു
        വികാരസംവേദനങ്ങൾ സംഗീതരചനയ്ക്ക് എങ്ങനെ  ഉപോൽബലകമാകുന്നുവെന്ന് ആധുനികന്യൂറോശാസ്ത്രം തെളിയിക്കാൻ ശ്രമിച്ചിട്ടുണ്ട്. സംഗീതം ആവിഷ്ക്കരിക്കുന്ന വേളയിൽ തലച്ചോറിലെ ഉത്തേജിതമാകുന്ന ഇടങ്ങൾ നേരത്തെ പഠനങ്ങൾക്ക് വിധേയമായിട്ടുണ്ട്. കോർടെക്സിന്റെ വിവിധഭാഗങ്ങളാണിവ. അതേസമയം കോർടെക്സിന്റെ മുകൾഭാഗത്ത് വശത്തായുള്ള DLPFC (dorsolateral prefrontal cortex എന്ന ഇടം) യും ചെവികൾക്ക് ഉള്ളിലായുള്ള ചില ഇടങ്ങളും നിർജ്ജീവമാക്കപ്പെടുകയും ചെയ്യുന്നുണ്ട്. മുഴുവനായും ആവിഷ്ക്കാരത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഈ ഇടങ്ങളെ നിർവ്വീര്യമാക്കുന്നത്.സർഗ്ഗശക്തി എന്നത് ഒരു കേന്ദ്രീകൃത മാനസികവ്യാപാരസമുച്ചയം അല്ല എന്നുള്ളതുകൊണ്ട് തീക്ഷ്ണവും തീവ്രവുമായ ഏകാഗ്രത ആവശ്യമാണ്. സ്വതന്ത്രമായ സംഗീതാവിഷ്ക്കാരവേളയിൽ ഈ നിർവ്വീര്യമാക്കൽ ഗാഢമായിരിക്കും, നിശ്ചിതസ്വരങ്ങളുൾക്കൊള്ളിച്ച്, പ്രത്യേകശ്രുതിയിൽ ആവിഷ്ക്കരിക്കുമ്പോൾ ഈ ഇടങ്ങൾ സ്വൽപ്പം ഉത്തേജിതമാക്കപ്പെടുന്നു എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സംഗീതാവിഷ്ക്കാരത്തെ വികാരങ്ങൾ എങ്ങനെ സ്വാധീനിക്കുന്നു, ഏതെല്ലാം ന്യൂറോൻ വലക്കണ്ണികൾ ഇഴചേർക്കപ്പെടുന്നു എന്നതിനെപ്പറ്റിയൊക്കെ വിശദമായ പരീക്ഷണങ്ങൾ ന്യൂറോളജി ലാബുകളിൽ നടത്തപ്പെടുന്നുണ്ട്. സ്വതന്ത്രാവിഷ്ക്കാരം സാദ്ധ്യതയുള്ള ജാസ് സംഗീതരീതിയാണ് ഇതിനു വേണ്ടി തെരഞ്ഞെടുക്കപ്പെടാറ്. പലതരം വികാരങ്ങൾ ജാസ് സംഗീതകാരന്മാരിൽ ഉളവാക്കിയിട്ട് അവർ ആവിഷ്ക്കരിച്ച സംഗീതത്തിന്റെ സ്വഭാവത്തേയും അവരുടെ തലച്ചോറിൽ ആ സമയത്ത് ഉളവായ ഉത്തേജന ഇടങ്ങളേയും കൃത്യമായി അടയാളപ്പെടുത്തുക എന്നത് ഈയിടെ നടന്ന ഒരു പ്രധാന പഠനമാണ്. സന്തോഷം ഉളവാക്കുന്നതരത്തിലുള്ള സംവേദനവേളയിൽ ആവിഷ്ക്കരിക്കപ്പെട്ട സംഗീതം മേജർ സ്കെയിൽ (സമ്പൂർണ്ണരാഗത്തിനു സമാനം)ഇൽ ചിട്ടപ്പെടുത്തിയതും ഗാഢതയിയന്ന സ്വരങ്ങളാൽ നിബിഡവും ആയിരുന്നു. സങ്കടകരമായ വേളയിലെ സംഗീതത്തിൽ ഇത്തരം ചമൽക്കാരങ്ങൾ തുലോം കുറവായിരുന്നു താനും. വികാരങ്ങളാണ് സർഗ്ഗശക്തിയെ നിയന്ത്രിക്കുന്നതെന്ന പ്രാചീനനിഗമനത്തിനു തെളിവുസാക്ഷ്യമാണ് ഈ പരീക്ഷണനിരീക്ഷണങ്ങൾ. സന്തോഷദായകവേളയിലെ സംഗീതാവിഷ്ക്കാരസമയത്ത്  മുകളിൽ പരാമർശിക്കപ്പെട്ട DLPFC എന്ന ഇടവും ഹിപ്പോകാമ്പസും നിർജ്ജീവമാക്കപ്പെട്ടതായി കാണപ്പെട്ടു. തലച്ചോറിന്റെ പാർശ്വ ഇതളിലെ  (lateral lobe) ചിലഭാഗം ഈ വേളയിൽ ഉത്തേജിതമാകുകയാണ്. ഇപ്രകാരം തലച്ചോറിന്റെ ഉത്തേജിതമാകുന്നതും നിർവ്വീര്യമാക്കപ്പെടുന്നതുമായ പലേ ഇടങ്ങളും മാറുന്ന വികാരവേളയിൽ സംഗീതാവിഷ്ക്കാരവുമായി-സർഗ്ഗശക്തിയുടെ അളവുകോൽ-ബന്ധപ്പെടുത്താനായി ന്യൂറോശാസ്ത്രജ്ഞർക്ക്. (ചിത്രം 3). പ്രാവർത്തികപരമായ ഒരു ന്യൂറോൺ നെറ്റ് വർക്ക് സർഗ്ഗാത്മകയ്ക്ക് ഉപോദ്ബലകമാകുന്നെന്നും ഈ വലക്കണ്ണികൾ നെയ്തെടുക്കാൻ സഹായിക്കുന്നത് വികാരങ്ങളുമാണെന്ന് തെളിയുകയാണ് ഇത്തരം പരീക്ഷണങ്ങളിലൂടെ.

സാഹിത്യം വഴിയുന്ന ന്യൂറോണുകൾ
         ഇതേ സാങ്കേതികതൾ ഉപയോഗിച്ച് സാഹിത്യാവിഷ്ക്കാരങ്ങൾ നെയ്തെടുക്കുന്ന ന്യൂറോൺ സംഘങ്ങൾ തലച്ചോറിന്റെ ഏതു ശീതളഛായാതലങ്ങളിൽ ആണെന്ന് നിജപ്പെടുത്താനായിട്ടുണ്ട്. പ്രഖ്യാപിതകവികൾ, കവിതാരചനയിൽ തീരെ പ്രാഗൽഭ്യമില്ലാത്തവർ എന്നിവരെയൊക്കെ ഉൾപ്പെടുത്തിയ ഈ പരീക്ഷണത്തിൽ കവിത രചിക്കുന്ന വേളയിലും  അത് പുനഃപരിശോധിച്ച് നവീകരിക്കുന്ന വേളയിലും സൂക്ഷ്മായ എം ആർ ഐ സ്കാനിങ്ങിനു തലച്ചോർ വിധേയമാക്കപ്പെട്ടു. പ്രക്രിയ (process),ഉൽപ്പന്നം (product), നൈപുണ്യം (expertise) എന്നീ മൂന്ന് ആവിഷ്ക്കാര മേഖലകളാണ് പരീക്ഷണപദ്ധതിയിൽ ഉൾപ്പെടുത്തിയത്. കവിത ആവിഷ്ക്കരിക്കപ്പെടുന്ന സമയത്ത്  MPFC (medial prefrontal cortex) എന്ന ഇടം ഊർജ്ജസ്വലമായപ്പോൾ DLPFC, IPS (intraparietal sulcus) പ്രിക്യൂനൈയസ് (precuneus) എന്നീ ഇടങ്ങൾ മന്ദീഭവിക്കപ്പെടുന്നതായി സ്കാനിങ് രേഖകൾ സൂചിപ്പിച്ചു. (ചിത്രം 1). എന്നാൽ ഭാഷയുടെ കേന്ദ്രങ്ങൾ ഉത്തേജിതമാക്കപ്പെട്ടു ഈ വേളയിൽ. വികാരങ്ങളുടെ കേന്ദ്രങ്ങളിലും (ഹിപ്പൊകാമ്പസ്, അമിഗ്ദല) ഉണർവ് അനുഭവപ്പെട്ടു. എന്നാൽ എഴുതിയ കവിത സംശോധന/പുനഃപരിശോധനാവേളയിൽ DLPFC, IPS ഇടങ്ങൾ കൂടുതൽ ജാഗ്രത്തും ക്രിയാത്മകവുമായി മാറി.  കവിത എഴുതുന്ന വേളയിൽ തഴക്കം വന്ന കവികളുടെ DLPFC, IPS ഇവയുടെ മന്ദീഭവനം തീവ്രമായിരുന്നു. (ചിത്രം 2)

      വിരസത ആവിഷ്ക്കാരത്തിനു സഹായിക്കുന്നു എന്നത് സത്യമാണ്. കൂടുതൽ ഊർജ്ജസ്വലമായ നൂറു നൂറുകാര്യങ്ങളിൽ വ്യാപരിക്കുന്ന തലച്ചോർ സർഗ്ഗാത്മകതയ്ക്ക് സജ്ജമല്ല. (ചിത്രം 4 കാണുക. ആവിഷ്ക്കാരപരതയേറുമ്പോൾ ന്യൂറോൺ വലയങ്ങൾ കുറയുകയാണ്). ഏകാന്തതയുടെ അപാരതീരങ്ങളിൽത്തന്നെയാണ് ആവിഷ്ക്കാരങ്ങൾ ഉടലെടുക്കാൻ സാദ്ധ്യത. എന്നാൽ മേൽപ്പറഞ്ഞതുപോലെ ചില സംഘർഷങ്ങൾ പിൻ തുണയ്ക്കുകയും ചെയ്യും. തലച്ചോറിന്റെ ഇടങ്ങൾ വ്യക്തമായി നിജപ്പെടുത്തലിൽ നിന്ന് മറ്റൊന്ന് മനസ്സിലാക്കാം: സർഗ്ഗാത്മകത പ്രവചിക്കാൻ സാധിച്ചേക്കും. ഈ ഇടങ്ങളുടെ വ്യവസ്ഥകൾ ജന്മനാ സ്ഥാപിക്കപ്പെടുകയാണെങ്കിൽ ജനിതക-പാരമ്പര്യ സ്വാധീനവും സാദ്ധ്യതകളാണ്. പക്ഷേ അനുകൂലപരിതസ്ഥിതിയും പരിചയവും സ്വന്തം സർഗ്ഗാത്മകതയെ സ്ഫുരിപ്പിച്ചെടുക്കാൻ അത്യാവശ്യമാണു താനും. പലപ്പോഴും പാരമ്പര്യത്തേക്കാൾ ഇത്തരം കാര്യങ്ങൾക്കായിരിക്കാം സ്വാധീനങ്ങൾ. കുട്ടികളിൽ നടത്തിയ പരീക്ഷണങ്ങൾ തെളിയിക്കുന്നത് മറ്റൊരാളുടെ ആവിഷ്കാരക്രിയകൾ കാണുന്നതോ ഭാവനയെ ഉദീപിപ്പിയ്ക്കുന്ന സിനിമയോ നാടകമോ കാണുന്നതോ ഒക്കെ സർഗ്ഗാത്മകതയ്ക്ക് പോഷകമാകാമെന്നാണ്. സ്വഭാവരീതികൾ, പ്രത്യേകിച്ചും സർഗ്ഗാത്മകയ്ക്ക് തുറസ്സു തേടുന്നവ, ജീവിതശൈലിയിൽ ഉൾപ്പെടുത്തുന്നത് കൂടുതൽ വിപുലമായ ആവിഷ്ക്കാരങ്ങളിലേക്ക് നയിയ്ക്കാം. കൂടുതൽ ഉപയോഗിക്കപ്പെടുകയാണെങ്കിൽ ദൃഢമാകുന്ന പേശികളെപ്പോലെ, എല്ലുകളെപ്പോലെ തലച്ചോറിലെ  സർഗ്ഗാത്മകവയറിങ്കളും കൂടുതൽ ദൃഢമാകുകയാണ്.  

സർഗ്ഗശക്തിയുടെ ജനിതകവഴികൾ
    പാരമ്പര്യമായിട്ട് കലാവിദ്യാപാടവം കുടുംബങ്ങളിൽ കാണപ്പെടുന്നു എന്നത് പുതിയ കാര്യമല്ല. പാട്ടുകാരെക്കുറിച്ച് പറയുമ്പോൾ തന്നെ ഒരു പതിവ് പോലെയാണ് പാരമ്പര്യസിദ്ധിയാണെന്ന് വിശേഷിപ്പിക്കുന്നത്. അതിശുദ്ധ ശ്രുതി (absolute pitch) എന്ന കഴിവ് ജനിതകമായി ലഭിയ്ക്കുന്നതിനു തെളിവുകൾ മാത്രല്ല അതിനു ഉപോദ്ബലകമായ ജീൻ നിശ്ചിത ക്രോമസോമിൽ കൃത്യമായിട്ട് അടയാളപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്. മറ്റൊരു സ്വരങ്ങളും താരതമ്യത്തിനു കേൾക്കാതെ ഒരു സ്വരം മാത്രം കേൾപ്പിച്ചാൽ അത് ഉടൻ തിരിച്ചറിയാനുള്ള കഴിവ് അതിശുദ്ധശ്രുതി എന്ന് അറിയപ്പെടുന്നു. പാട്ടുപാടാൻ കഴിവുള്ളവരിൽ അതിനു വഴിതെളിയ്ക്കുന്ന ജീനുകൾ പലതും നിജപ്പെടുത്തിയിട്ടുണ്ട്, അവ ജനിതകമായി സിദ്ധിക്കുന്നതാണെന്നും അസിന്നിഗ്ധമായി തെളിയിച്ചിട്ടുണ്ട്. ഇവ പലതും തലച്ചോറിലെ ന്യൂറോണുകളെ പല ക്രയങ്ങൾക്കും പ്രേരിപ്പിക്കുന്നവയണ്. കേൾവിയും അതുമായി ബന്ധപ്പെട്ട പ്രത്യക്ഷബോധം (perception), ബോധജ്ഞാനം, അതുമായി ബന്ധപ്പെട്ട നിർവ്വഹണ/ആവിഷ്ക്കാരങ്ങൾ, ഓർമ്മയുമായി ബന്ധപ്പെടുത്തൽ ഇങ്ങനെ ചില പ്രത്യേക ന്യൂറോൺ വ്യവഹാര ജീനുകളാണ് ആലാപനസിദ്ധിയ്ക്ക് കാതൽ ചമയ്ക്കുന്നത്. ഇവ പലതും അടുത്ത തലമുറയിലേക്ക് സംക്രമിക്കുന്നവയുമാണ്. UGT8, AVPR1A എന്നീ പേരുകളിൽ അറിയപ്പെടുന്ന ജീനുകൾ ഇവയിൽ പ്രധാനികളാണ്. ഇതിൽ AVPR1A ജീൻ പാട്ട് ഓർമ്മയിൽ സൂക്ഷിക്കാനും  സംഗീതപരത അറിഞ്ഞെടുക്കാനും പാട്ട് അനുഭൂതികളുമായി ബന്ധപ്പെടുത്താനും ഉതകുന്നതാണ്. മറ്റൊരു പഠനത്തിൽ നിന്നും തെളിഞ്ഞത് ഒന്നിച്ചുള്ള ഒരുകൂട്ടം ജീനുകൾ സംഗീതകാരന്മാരിൽ ഊർജ്ജസ്വലമാകുന്നു എന്നും ഇവ ന്യൂറോണുകളെ തമ്മിൽ ഘടിപ്പിക്കാനുതകുന്നവയും പിന്നീട് വിഘടിപ്പിച്ച് പുതിയ സമ്പർക്കങ്ങൾക്ക് ഉത്തേജിപ്പിക്കുന്നവയും ആണെന്നാണ്.

   വ്യക്തമാകുന്ന കാര്യങ്ങളിൽ ചിലത് ഇതാണ്: ന്യൂറോണുകളുടെ സമ്പർക്കപ്രക്രിയകളാണ് സർഗ്ഗശക്തിയുടെ ആധാരം. പുറമേ നിന്നുള്ള സംവേദനങ്ങൾ സൃഷ്ടിക്കുന്ന വികാരങ്ങൾ സ്വാധീനിക്കുന്നുണ്ട് ആവിഷ്ക്കാര പ്രജ്ഞ ഉണർന്നു വിലസുന്നതിനെ. എന്നാൽ ഇതിനോടൊപ്പം സവേദനങ്ങൾ കൊണ്ടുള്ള വികാരപരതയ്ക്കൊപ്പം അകമേ സ്വതവേ ഉളവാകുന്ന വികാരങ്ങളും ഓർമ്മകളും ഈ സർഗ്ഗശക്തി ഉരുത്തിരിയുന്നതുമായി ബന്ധപ്പെടുന്നുമുണ്ട്. മേൽപ്പറഞ്ഞ സംഗീതാവിഷ്ക്കാരവേളയിലും സമാനമായ പ്രക്രിയകളാണ് സമർത്ഥിക്കപ്പെടുന്നത്. വികാരങ്ങളുടെ ബഹിർസ്ഫുരണമാണ് കലാസൃഷ്ടികൾ എന്ന സാഹിത്യവിചാരത്തിനു ന്യൂറോശാസ്ത്രത്തിന്റെ പരീക്ഷണപദ്ധതികൾ തെളിവും ഗാഢതയും നൽകിയിരിക്കയാണ്. 

     സാഹിത്യവും  സംഗീതവും മറ്റു കലകളും സംസ്കാരചിഹ്നങ്ങളാണ്. വികാരങ്ങളുമായി അവ എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നതും വികാര-സംവേദന ക്രമീകരണങ്ങൾ സർഗ്ഗശക്തിയെ ഉദ്ദീപിപ്പിക്കുന്നതോ ഉപോൽബലകമാവുന്നതോ ആണെന്നും തലച്ചോർ പഠനങ്ങൾ സ്പഷ്ടമാക്കുമ്പോൾ സംസ്കാരനിർമ്മിതിയുടെ  കണികാശാസ്ത്രപരമായ  (molecular biological) സംസ്ഥാപനപദ്ധതികളാണ് തെളിഞ്ഞു വരുന്നത്. സൃഷ്ടിപരതയുടെ ശരീരസംശ്രയത്തിനു ഇന്നത്തെ ന്യൂറോബയോളജി പഠനങ്ങൾ പ്രത്യക്ഷപ്രമാണങ്ങൾ ചമയ്ക്കുകയാണ്. സർഗ്ഗശക്തി ശരീരത്തിന്റെ ആവശ്യകത എന്നമട്ടിൽ. കലയുടേയോ സാഹിത്യത്തിന്റേയോ സംഗീതത്തിന്റേയോ ആവിഷ്ക്കാരമൂലത്തെക്കുറിച്ചോ മൂല്യത്തെക്കുറിച്ചോ ഉള്ള നിരീക്ഷണങ്ങളിൽ ഈ ന്യൂറോപഠനങ്ങൾ ഉത്കൃഷ്ടവും പരമവുമായ വിനിയോഗങ്ങൾ വരും നാളുകളിൽ പ്രദാനം ചെയ്യും.
  അമൂർത്തതയുടെ തലച്ചോർ വെളിപാടുകൾ സംബന്ധിച്ച രഹസ്യങ്ങൾക്ക് വ്യക്തത വന്നുകൊണ്ടിരിക്കുന്നതേ ഉള്ളു. ന്യൂറോണുകളുടെ പ്രത്യേക സിദ്ധിയാണ് ഈ മായക്കാഴ്ച്ച നിർമ്മിച്ചെടുക്കുന്നതിനു പിന്നിൽ. ഇതിന്റെ പ്രതിഫലനം ആയിരിക്കണം കലാകാരന്മാർ ബഹിർഭവിപ്പിക്കുന്നത്. മസ്തിഷ്ക്കാലേഖനങ്ങൾ (brain imaging)ക്ക് പൂർവ്വാനുമാനം എന്ന പോലെ പിക്കാസോ ഒരിയ്ക്കൽ പറഞ്ഞു ഒരു ചിത്രത്തിന്റെ രൂപാന്തരീകരണം
ഫോടോഗ്രാഫുകൾ വഴി സംരക്ഷിച്ച് സൂക്ഷിക്കുന്നത് രസകരമായിരിക്കും. ഒരു സ്വപ്നം സാക്ഷാൽക്കരിക്കുന്നതിന്റെ തലച്ചോർ മാർഗ്ഗങ്ങൾ അതുവഴി കണ്ടെത്താൻ സാധിച്ചേയ്ക്കും.

References
1.Khalil R., Godde B. and Karim A. A. The link between creativity, cognition and creative drives and underlying neuaral mechanisms.Frontiers in Neural Circuits 13: 1-8 (2019)

2. Chattterjee A and Vartanian O. Neuroscience of aesthetics. Annals New York Acad. Sci. 1369: 172-194 (2016).

3. Zaidel D. W. Creativity, brain and art: biological and neurological considerations. Front. Neuroscience 8:1-9 (2014).

4. Xia Y, Zhuang K., Sun J., Chen Q., Wei D., Yang W. and Qiu J. Emotion-related brain structures associated with trait creativity in middle children. Neurosci. Lett. 658: 182-188 (2017).

5. Heilman K.M. Possible brain mechanisms of creativity. Arch. Clin. Neuropsy. 31: 285-296 (2016).

6. Liu S., Erkkinen M.G., Healy M. L., Xu Y., Sweet K. E., Cow H. M. and Braun A. R. Brain activity and connectivity during poetry composition: Toward a multidimensional model of the creative process. Human Brain Mapping 36:3351-3372 (2015).

7. Kaufman S. B. and Gregoire C. Wired to Create. Penguin Random House p. 242 (2016).
8.  McPherson M. J., Barrett F. S., Lopez-Gonzalez M., Jiradejvong P. and Limb C. J.        Emotional Intent Modulates The Neural Substrates Of Creativity: An fMRI study of emotionally targeted improvisation in Jazz musicians. Scientific Reports 6: e18460 (2016).
9. Jarvelia I. Genomics studies on musical aptitude, music perception and practice. Ann N Y Acad. Sci.1423:82-91 (2018)



ചിത്രം 1. കവിത ആവിഷ്ക്കരിക്കുമ്പോൾ തലച്ചോറിൽ ഉത്തേജകമാകുന്ന ഇടങ്ങൾ. ഇടതും വലതും പരിച്ഛേദങ്ങൾ. മഞ്ഞനിറമുള്ള ഇടങ്ങൾ കൂടുതൽ പ്രവർത്തനനിരതമാണ്.


ചിത്രം 2.  അതിനിപുണരായ കവികളുടേയും സാധാരണക്കാരന്റെയും തലച്ചോർ ഛേദങ്ങൾ -കവിതാരചനാവേളയിൽ. നിപുണകവിയുടെ തലച്ചോറിലെ (ചുവപ്പ് ബാറിനു മേലെ) ചില ഭാഗങ്ങൾ മാത്രം ഉത്തേജിക്കപ്പെടുന്നു.

Figure 3

  ചിത്രം 3. വികാരങ്ങളോട് ബന്ധപ്പെടുത്തി സംഗീതം രചിക്കപ്പടുമ്പോൾ ഉണരുന്ന ഇടങ്ങൾ. തൽച്ചോറിന്റെ ഉപരിതലചിത്രങ്ങൾ. സന്തോഷവേളയിൽ ജാസ് സംഗീതം ആവിഷ്ക്കരിച്ചപ്പോൾ തലച്ചോറിലെ ഇടങ്ങൾക്ക് വ്യത്യാസം കാണുന്നു. (positive തലച്ചോർ നോക്കുക).



ചിത്രം 4. സർഗ്ഗാത്മകതയുടെ വലയങ്ങൾ. താരതമ്യം. അതിസർഗ്ഗാത്മകമസ്തിഷ്ക്കവും (High-creative) ന്യൂനസർഗ്ഗാത്മകമസ്തിഷ്ക്കവും (Low-creative).  തലച്ചോറിലെ ഇടങ്ങൾ (പലനിറങ്ങളിൽ കൊടുത്തിരിക്കുന്നു) തമ്മിലുള്ള ബന്ധങ്ങളാണ് ഈ വലയങ്ങൾ. L, R =ഇടതും വലതും അർദ്ധഗോളങ്ങൾ. സർഗ്ഗശക്തിയ്ക്ക് ന്യൂറോൺ വലയങ്ങൾ കുറച്ചേ വേണ്ടിവരുന്നുള്ളു. 

Wednesday, November 6, 2019

സദാചാ‍രപ്പോലീസ് ഉണ്ടാകുന്നത്




       സമൂഹത്തിനു മിത്തുകളുണ്ട് ആണിന്റേയും പെണ്ണിന്റേയും സ്ഥാനങ്ങൾക്കും പെരുമാറ്റങ്ങൾക്കും തീർപ്പ് കൽ‌പ്പിക്കാൻ. കാലഘട്ടങ്ങളനുസരിച്ച് അവ മാറി മാറി വരും, ദേശഭേദങ്ങളാലും.  മിത്തുകൾ മൂല്യങ്ങൾ സൃഷ്ടിയ്ക്കുന്നു, ആ മൂല്യങ്ങൾക്ക് പിൻ തുണയേകേണ്ടിയവരാണ് കൽ‌പ്പിതരീതിയിൽ പെരുമാറേണ്ട ആണും പെണ്ണും എന്നാണ് സമൂഹവിധി. ഒരു ബൃഹുദ് വ്യവസ്ഥ (super order) വ്യാപനം ചെയ്യുന്ന വിധികൾ ആണ് ഈ മിത്തിന്റെ ആധാരം. ഭരണകൂടം പോലും ഇതിന്റെ പിടിയിൽ അമർന്നെന്നു വരാം. മാറ്റം വരണമെങ്കിൽ സമരം ചെയ്യേണ്ടി വരും-ചരിത്രം പ്രഖ്യാപിക്കുന്നു. ആഗോളീകരണത്തിന്റെ കാലത്ത് ഭരണകൂടം സ്വതന്ത്രവുമല്ല.  വ്യക്തിസ്വാതന്ത്ര്യത്തിനു ചട്ടക്കൂടു പണിയുന്നത് ഈ സൂപർ ഓർഡറിന്റെ ഘടകങ്ങളാണ്.. മിത്തുകൾ നിർമ്മിക്കപ്പെടുന്നത് ചരിത്രത്തിൽ നിന്നായതുകൊണ്ട്  പുരോഗമനസ്വഭാവം ഏറേ കാണാനിടയില്ല അവയിൽ, പുതിയ മിത്തുകൾ പകരം വയ്ക്കാൻ വരുന്ന വരെ.  സദാചാരം അതിലൊന്നാണ്.

      സദാചാരവീക്ഷണനിറഭേദങ്ങൾ ക്ഷണപ്രഭാചഞ്ചലമാണ്. അന്നന്നു കണ്ടതിനെ വാഴ്ത്തുന്നു മാമുനികൾ എന്ന പോലെ  പുരുഷത്വം സ്ത്രീത്വം, ലൈംഗികത ഒക്കെ  സമൂഹത്തിന്റെ പ്രതീക്ഷയുടെ ഫലപ്രാപ്തിയിലാണ് നിലനിൽക്കുന്നത്. കേരളത്തെ സംബന്ധിച്ച് ആൺ പെൺ വേഴ്ച്ചയുടെ സാമൂഹ്യാംഗീകാരം കാലാനുസൃതമായി മാറ്റപ്പെടുകയാണ്.  സ്ത്രീയ്ക്ക് പലപുരുഷന്മാരുമായി സംഗമം യഥേഷ്ടം സാദ്ധ്യമായിരുന്ന മരുമക്കത്തായം മാറിയിട്ട് അധികകാലം ആയിട്ടില്ല. എല്ലാം തികഞ്ഞ ആൺ, എല്ലാം തികഞ്ഞ പെൺ എന്നതിന്റെ നിർവ്വചനങ്ങളും അതതു കാലത്തെ മിത് സൃഷ്ടിക്കലിനൊപ്പം മാറിക്കൊണ്ടിരിക്കയാണ്. ഇത് ബയോളജി പരമായ ലിംഗത്വമായി ബന്ധപ്പെട്ടതല്ല. ഒരു എക്സ് ക്രോമൊസോമും ഒരു വൈ ക്രോമസോമും ഉള്ള, റ്റെസ്റ്റസ്റ്റിറോൺ ധാരാളമുള്ള ആണും രണ്ട് എക്സ് ക്രോമൊസോമുകളുള്ള, ഈസ്റ്റ്രൊജെൻ തുടിയ്ക്കുന്ന പെണ്ണും എന്ന അവിഛിന്നരൂപങ്ങളിൽ നിന്ന് വേറിട്ടതാണിത്.

  പൊതു ഇടങ്ങൾ ആരുടെ?
 
      സ്ത്രീയുടെ പ്രതിഛായ, സാംസ്കാരിക ഇനം അല്ലെങ്കിൽ വർഗ്ഗം എന്നതൊക്കെ  പല സമൂഹങ്ങളിലും മാറിയത് വിപ്ലവങ്ങളിലൂടെത്തന്നെയാണ്. വോട് ചെയ്യാനാവാത്ത, ഒരു ജഡ്ജിയാവാൻ വയ്യാത്ത, ഗവണ്മെന്റിന്റെ ഭാഗമാകാൻ കഴിയത്ത സാംസ്കാരിക വർഗ്ഗമായിരുന്നു സ്ത്രീ. ആരെ കല്യാണം കഴിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമില്ലാത്തവൾ, അധികം വിദ്യാഭ്യാസം നേടാൻ സാഹചര്യമില്ലാത്തവൾ, അഛനോ ഭർത്താവിനോ മാത്രം ഉടമസ്ഥവാകാശം ഉള്ളവൾ-അവൾക്ക് ഭൌതികമായതും അല്ലാതെയുമുള്ള ഇടങ്ങൾ സൃഷ്ടിയ്ക്കാൻ സമരങ്ങൾ വേണ്ടിവന്നിട്ടുണ്ട്. സമവർത്തിയായ  മിത്തുകൾ വ്യക്തിത്വവും സ്വാതന്ത്ര്യവും നിയന്ത്രിക്കുന്നു എന്നതിൽ നിന്നും പുറത്തു കടന്നത്  മാറ്റത്തിനു പിന്തുണ നൽകാൻ ഉദാരത കാണിച്ച സാംസ്കാരിക സംവിധാനത്തിനോട് മല്ല് പിടിച്ചുതന്നെയാണ്. പാശ്ചാത്യസമൂഹരീതികളെ അനുകരിച്ചു എന്നത് ഇന്ന് ഒരു കുറ്റമോ കുറവോ ആയി പരിഗണിക്കപ്പെടുന്നില്ല.

     പ്രണയം/ഇടപഴകൽ  ഈ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്.  പൊതു ഇടങ്ങളുടെ പ്രഥമാവകാശം  ആണുങ്ങൾക്കാണെന്നാണ് സമൂഹനീതിപ്രഘോഷണങ്ങൾ.  പെണ്ണ് ജോലിയെടുത്ത് ഉണ്ടാക്കിയ  സമൂഹഘടനകളും ചുറ്റുപാടുകളും ഇന്ന് നിരവധിയാണ്. കനകക്കുന്നിലെ പുൽത്തകിടിയും മറൈൻ ഡ്രൈവ് എന്ന ആധുനിക ഇടവും അവളുടെ വിയർപ്പിന്റേയും കൂടി ഫലമായി ഉരുത്തിരിഞ്ഞു വന്നതാണ്. ടെക്നോളജി കേരളത്തിൽ (മാത്രമല്ല ഇൻഡ്യയിൽ മുഴിവൻ) നിലനിറുത്തുന്നത് പെണ്ണ് രാത്രിയും ജോലി ചെയ്തിട്ടാണ്.   ഐ റ്റി മേഖലയിലും മറ്റ് കാൾ സെന്റർ/നെറ്റ് വർക്ക് മേഖലകളിലും അന്തരാഷ്ട്രബന്ധങ്ങൾ വ്യക്തിപരമായാണെങ്കിലും  ജോലിയുടെ ഭാഗമായിട്ട്  നിർമ്മിക്കുന്നവളാണ് ഭാരതീയ നാരി ഇന്ന്. പ്രാദേശിക മിത്തുകളിൽ നിന്ന് വിടുതൽ നേടിയവളാണ് അവൾ. സാമ്പത്തികഘടനയുടെ  അവിഭാജ്യഭാഗമായത് ഈ സ്വാതന്ത്ര്യത്തിനു പുറമേ കിട്ടിയ തുറസ്സാണ്. മറൈൻ ഡ്രൈവിലെ ചാരുബെഞ്ചുകളും കനകക്കുന്നിലെ പുൽത്തകിടികളും  അവൾക്കും  നേരിട്ട് അവകാശപ്പെട്ടതതാണ്.  അവയുടെ ഭൌതികവും ആന്തരികവും ആയ ഇടം അവളുടെ നിർമ്മിതി കൂടിയാണ്. അവിടെ എങ്ങനെ പെരുമാറണമെന്നതിന്റെ മര്യാദാവകാശങ്ങൾ തീരുമാനിക്കുന്നതിൽ അവളുടെ പങ്ക് അവഗണിക്കാനാവുന്നതല്ല..

സിനിമാ സ്ക്രീനിൽ നിന്ന് ജനമദ്ധ്യത്തിലേക്ക്

       കനകക്കുന്ന് വളപ്പിലാണ് പലപ്പോഴും പോലീസ് കമിതാക്കളെ സദാചാരച്ചൂരൽ വീശി  ആർഷഭാരതസംസ്കാരത്തൊഴുത്തിലേക്ക് പായിക്കുന്നത്. അധികം ദൂരെയല്ലാതെ സ്ഥിതിചെയ്യുന്ന  മ്യൂസിയം പാർക്ക് പ്രസിദ്ധമാണ്, സിനിമാ ഷൂടിങ്ങിനു.  ഒരു വൈരുദ്ധ്യമെന്നപോലെ പല ഭാഷകളിലേയും സിനിമകളിലെ നായികാനായകന്മാർ  കാമുകീ കാമുകർ ആയി ആടിപ്പാടി നടന്ന് കൈകോർത്ത് കെട്ടിപ്പിടിച്ച് പ്രണയം വെളിവാക്കാറുള്ള സ്ഥലം. പക്ഷേ ഒരിക്കലും സ്ക്രീനിൽ നിന്ന് ഇറങ്ങാൻ അവരെ സമ്മതിച്ചിട്ടില്ല, പ്രണയ്ചേഷ്ടകൾക്ക് അനിയന്ത്രിതസാഹചര്യമുള്ളവർ പൊതുസമൂഹത്തിലെ ഉദ്യാനങ്ങളിൽ വന്നു കയറാൻ  മതാനുസാരിയായ നിയന്ത്രണമുള്ള സമൂഹം അനുവദിച്ചില്ല.. കോവളത്ത് അറബിക്കടലൊരു മണവാളൻ പാടി നടക്കാനും കുമരകം കായലിലെ വള്ളത്തിൽ ഇവളെന്റെ മുറപ്പെണ്ണ് എന്ന് പ്രഖ്യാപിക്കാനും അവസരം കിട്ടുന്നത് വെള്ളിത്തിരയിലെ വിഭ്രമശരീരങ്ങൾക്ക് മാത്രം. ‘പ്രേമം’ സിനിമ കണ്ട് പ്രണയത്തിന്റെ ഉദാത്തതയെ വാഴ്ത്താം, പക്ഷേ പുറത്ത്  ഒരു റെസ്റ്റൊറന്റിൽ ജോർജ്ജിനേയും മലരിനേയും ഒരുമിച്ച് കണ്ടാൽ തല്ലിപ്പിരിക്കുകയാണ് വേണ്ടത് എന്നാണ്. ഈ കെട്ടുപാടിൽ നിന്നും പുറത്തിറങ്ങാൻ മോഹിക്കാത്ത ചെറുപ്പക്കാരില്ല.  ഒരേ ഒരു അവസരം കല്യാണ വീഡിയോ എടുക്കുമ്പോഴാണ്. പരസ്യമായി കൈ കോർത്ത് പിടിയ്ക്കാൻ ആലിംഗനബദ്ധരാകാൻ, മരം ചുറ്റി ഓടാൻ ഒരു ദിവസത്തേയ്ക്ക് സ്വാതന്ത്രം നൽകപ്പെടുകയാണ് നവ വധൂവരന്മാർക്ക്. കല്യാണ വീഡിയോകളിലെ ‘സിനിമാ അനുകരണം’ എന്ന് പുഛിച്ചു തള്ളപ്പെടുന്ന രംഗങ്ങളുടെ പശ്ചാത്തലം ഇതാണ്, അവ  സർവ്വസമ്മതിയാർജ്ജിക്കാൻ ഈ സ്വാതന്ത്ര്യമാണ് കാരണം. പൊതുസ്ഥലത്ത് പെണ്ണിനെ കോരിയെടുക്കാൻ അവസരം കൊടുക്കുന്നത് അധീശരൂപത്തിന്റെ പ്രതിനിധിയായ ക്യാമെറക്കാരനാണ്. പക്ഷേ ഈ ക്യാമെറാമാൻ അദൃശ്യനായെങ്കിൽ  പോലീസിനും സദാചാരപ്പോലീസിനും പണിയായി. കാരണം ‘ഞങ്ങൾ സ്റ്റാർട്-ആക് ഷൻ പറയുമ്പോൾ മാത്രം നിങ്ങൾ കൈ കോർത്താൽ മതി, ഞങ്ങൾ ‘കട്ട്’ പറയുമ്പോൾ വേർപെടുക‘ എന്നു നിർദ്ദേശിക്കുന്ന  സമൂഹ നിയമത്തിനു മുൻപിൽ ആണ് നവദമ്പതികൾക്ക് പെരുമാറേണ്ടത്. ക്യാമെറയുടെ മുൻപിൽ നിന്ന് ഓടിമാറി സ്വാതന്ത്ര്യം പ്രഖ്യാപിച്ചവരെ തെരഞ്ഞു പിടിച്ച് തല്ലുകയാണ്  സമൂഹ അധികാരി എന്ന ക്യാമെറാമാൻ പിന്നീട്.  വെറും മണിക്കൂറുകളുടെ സ്വാതന്ത്രമേയുള്ളു ഇവർക്ക്.   രണ്ടു ദിവസം കഴിഞ്ഞ് ബീച്ചിലോ പാർക്കിലോ ഇവർ ഒരുമിച്ചിരുന്നാൽ പോലീസ് തന്നെ വിവാഹസർടിഫിക്കേറ്റ് ചോദിക്കുന്ന സ്ഥിതിവിശേഷമാണ്. മിത്തുകളിൽ നിന്ന് പുറത്തുകടന്ന ആധുനിക സമൂഹങ്ങളിൽ ഒരിക്കലും നിലനിന്നിരുന്നില്ല ഈ സ്ഥിതിവിശേഷം. “കുടുംബത്തിൽ പിറന്നവർ”ഉം ഈ കല്യാണ വീഡിയൊ രംഗചിത്രീകരണത്തിൽ ഭാഗഭാക്കാകുന്നുണ്ട്, അത് തെളിയിക്കുന്നത് തുറസ്സായ ഇടങ്ങളിൽ പ്രണയികൾ ഒന്നിച്ചിരിക്കേണ്ടതാണ് എന്ന  വസ്തുതയ്ക്ക് അംഗീകാരം കിട്ടുന്നുണ്ടെന്നാണ്.

        ഈ സ്വാതന്ത്ര്യം  ലൈംഗികതാനിബദ്ധമാണെന്ന വൻ തെറ്റിദ്ധാരണയാണ് ഉളവായിട്ടുള്ളത്. പൊതുസ്ഥലത്തെ ചുംബനം ഒരു വെല്ലുവിളിയും പ്രസ്താവനയും കാഹളവും കൂടിച്ചേർന്നതാണ്. ലോകനീതിയെ പ്രാദേശികമായി വ്യാഖ്യാനിക്കാനുള്ള തത്രപ്പാടിന്റെ നിദർശനം ആണത്, കാപട്യത്തിനു നേരേ പിടിച്ച സത്യത്തിന്റെ കണ്ണാടിയുമാണത്.  ഉറക്കറയിൽ ചെയ്യേണ്ടത് പരസ്യമായി ചെയ്യാനുള്ള ഒരു ത്വരയും അതിന്റെ പിന്നിലില്ല.  മറൈൻ ഡ്രൈവിലെ കുടകൾക്ക് പിന്നിൽ ചുംബിക്കേണ്ടി വരുന്നത് ദയനീയതയാണ് പ്രകടമാക്കുന്നത്. റിബൽ ആകുന്നതിലെ ആത്മസംതൃപ്തിയ്ക്കപ്പുറം,  വെല്ലുവിളി ഏറ്റെടുത്തതിന്റെ ചാരിതാർത്ഥ്യത്തിനപ്പുറം, ലൈംഗികസംതൃപ്തി എത്രമാത്രം അത് നേടിക്കൊടുക്കുടുക്കുന്നുണ്ട് എന്നത് സംശയാസ്പദമാണ്. ഉമ്മ വയ്ക്കണമെങ്കിൽ കൂടുതൽ മറയുള്ളതും സുരക്ഷിതവുമായ ഇടങ്ങൾ നേടിയെടുക്കാൻ പ്രാപ്തരല്ല അവർ എന്ന് നിരീക്ഷിക്കുന്നത് പടു വിഢിത്തമാണുതാനും. വ്യക്തിസ്വാതന്ത്ര്യം എന്നത് ചെറുപ്പക്കാർക്ക് പണ്ടേ കിട്ടാക്കനിയും വിപ്ലവങ്ങളിൽക്കൂടെ നേടിയെടുക്കേണ്ടതും ആയിരുന്നു എന്നത് ചരിത്രം മലർക്കേ തുറന്നു പിടിച്ചിട്ടുള്ള വസ്തുതയാണ്. ആ സമരഫണ്ടിലേക്ക് ഒരു നാലണ എറിയുകയാണ് മറൈൻ ഡ്രൈവിലെ  കുടയ്ക്കു പിന്നിലുള്ളവർ.

       സദാചാരഗുണ്ടകൾക്കോ സദാചാര പോലീസിനോ സദാചാരം സംരക്ഷിക്കാനുള്ള ത്വര തീരെയില്ല എന്നതാണ് വിരോധാഭാസം.   തീവ്രസദാചാരലംഘനമായ ബാലപീഡനങ്ങളിൽ ഇടപെടാൻ സദാചാരപോലീസ്സിനു മാത്രമല്ല യഥാർത്ഥ  പോലീസിനു പോലും താൽ‌പ്പര്യമില്ല.  സ്കൂളുകളിൽ ഇതിനെ നേരിടാൻ സംവിധാനങ്ങളില്ല.  മറ്റ് ഗാർഹികപീഡനങ്ങളും സദാചാരസംരക്ഷകരെ അലോസരപ്പെടുത്തുന്നതല്ല. ബാലപീഡനങ്ങളെക്കുറിച്ച് അറിവുണ്ടെങ്കിലും  ആ വീടുകളിൽ കയറിച്ചെല്ലാൻ ഇവരാരും ധൈര്യപ്പെടുന്നില്ല. സദാചാരം ആകപ്പാടെ കുഴപ്പത്തിലായി എന്ന വ്യാജകാഹളം പൊതുബോധത്തെ പിടിച്ച് ഉലച്ചിരിക്കയാണ്. പെൺകുട്ടികളെ ചങ്ങലയ്ക്ക്കിട്ട് പൂട്ടണമെന്ന് വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു ഇതിൽ വിറങ്ങലിച്ചു പോയ മാതാപിതാക്കൾ. ഈ അങ്കലാപ്പ് പ്രഖ്യാപിക്കുന്ന “മുന്തിരിവള്ളികൾ തളിർക്കുമ്പോൾ”  എന്നമാതിരി സിനിമകൾ ചരിത്രപരമായി വീക്ഷിക്കേണ്ടതാണ്. ഹൈസ്കൂളിൽ പഠിയ്ക്കുന്ന  ഒരു പെൺകുട്ടിയെ സഹപാഠി ആൺകുട്ടിയോടൊപ്പം വീട്ടിൽ കണ്ടു എന്നതിനു അവളെ ആത്മഹത്യയിലേക്ക് നയിക്കുകയാണ് സദാചാരവാദികൾ ചെയ്തത്.   കോഴിക്കോടടുത്ത് ഒരു സ്ത്രീയുടെ വീട്ടിൽ രാത്രിയിൽ എത്തിയ ഒരാളെ തല്ലിക്കൊല്ലുകയാണുണ്ടായത്. Consenting adults  ആണെങ്കിലും അവർക്ക് മരണം വിധിക്കാൻ തങ്ങൾ പ്രാപ്തരാണെന്നും  അവർക്ക് മരണമാണ് ശിക്ഷ എന്നതും സദാചാരപ്പോലീസ് തീരുമാനിക്കുകയാണ്. കൊലപാതകം മേന്മയേറിയതാണെന്ന് തെളിയിക്കപ്പെടുകയാണിവിടെ, അത് സദാചാരധ്വംസനമാകുന്നില്ല. ഇത് ലൈംഗികതയുടെ പ്രശ്നമല്ല, തങ്ങൾക്കപ്പുറം സ്വാതന്ത്ര്യം എന്ന മാനസികമാത്സര്യത്തിന്റേയോ ആത്മസംഘർഷത്തിന്റേയോ പ്രശ്നമാണ്.   പൊതു ഇടങ്ങളിൽ ആര് എന്ത് ചെയ്യണം എന്നത് ഈ കപടകാവൽമാലാഖമാരുടെ തീരുമാനം ആവണം എന്ന് വാശി പിടിയ്ക്കുന്നത് അധികാരവും നിയന്ത്രണവും വിട്ടു പോകുന്നതിലെ ഭീതികൊണ്ട് മാത്രമാണ്..

സദാചാരപ്പോലീസും ഭരണകൂടവും

    മതാൽമ്മകമായ സംഘങ്ങൾക്കാണ്  വ്യക്തിസ്വാതന്ത്ര്യത്തെ  ഏറെ പേടി. “സേന” കൾ ധാരാളമുണ്ട് നമുക്ക്. പേരു സൂചിപ്പിക്കുനതു പോലെ ധ്വംസനത്തിനിറങ്ങിയവരാണിവർ. കൾട് രീതികൾ സ്വായത്തമാക്കിയ ഇൻഡ്യൻ രാഷ്ട്രീയ പാർടികളും ഇതോട് ചേരുന്ന സ്വഭാവവിശേഷങ്ങൾ പേറുന്നുണ്ട്. നിർവ്വഹണസംഹിതകൾ മെനഞ്ഞെടുത്തിരിക്കുന്നത് മതാൽമ്മകനിയന്ത്രണസ്വഭാവത്തോടെ ആണ്.  ഇടതായാലും വലത് ആയാലും വ്യക്തി അപ്രധാനം, പാർടി പ്രധാനം. വ്യക്തിക്ക് നിർമ്മലതയും പരിപാവനത്വവും പുണ്യശീലതയും കൽ‌പ്പിച്ചുകൊടുക്കുന്നത് ദൈവം എന്ന ശക്തിയ്ക്ക്  വെല്ല്ലുവിളിയാണ്. അതുകൊണ്ട് വ്യക്തി സ്വതന്ത്രനാകുന്നത് മതത്തെ താറുമാറാക്കും.   വികലമായിത്തീർന്ന രാഷ്ട്രീയപരതയേയും അതേ കാരണത്താൽ  അസ്വസ്ഥമാക്കും. സ്റ്റേറ്റ് അല്ലെങ്കിൽ ഭരണകൂടം പാവനമാണെന്നും അതിനെ ചോദ്യം ചെയ്യുന്നത് പാപമാണെന്നുമാണ് തൽക്കാലയുക്തി. സ്റ്റേറ്റിനു ചെറുത്തുനിൽക്കാൻ ഏറ്റവും ശക്തി കുറഞ്ഞ പ്രണയിതാകളെ ഇരകളാക്കുകയാണ് എളുപ്പം.  ഇന്ന് ഇൻഡ്യയിലെ ഒരു രാഷ്ട്രീയ പാർടിയും –ഇടതുപക്ഷം ഉൾപ്പടെ- ലൈംഗികതയേയും അതിലെ വ്യക്തിസ്വാതന്ത്ര്യത്തേയും അംഗീകരിക്കാൻ തയാറാവുകയില്ല. ശ്രേണീബദ്ധമായ കെട്ടിപ്പടുക്കലിനെ തകർത്തുകളയും അത്. സെക്സ് എന്നതിനെ നിരാകരിക്കുകയാണ് എളുപ്പം. സ്ത്രീലൈംഗിതകയെക്കുറിച്ചുള്ള പരിചിന്തനങ്ങൾ പ്രത്യേകിച്ചും തീണ്ടാപ്പാടകലെയാണ് രാഷ്ട്രീയപ്പാർടികൾക്ക്.  ഒളിവിലെ ഓർമ്മകളിൽ നിന്ന് ശേഖരിച്ചെടുത്ത കഥകൾ നാടകങ്ങളും സിനിമകളും ആയി ദൃശ്യപ്പെടുത്തിയ തോപ്പിൽ ഭാ‍സി പാർടിപ്രവർത്തകരുടെ  പ്രണയം ദൃശ്യവൽക്കരിച്ചത് മടിയില്ലാതെയാണ്.  അനുഭങ്ങൾ പാളിച്ചകളിൽ ഒളിവിൽ താമസിക്കന്ന ചെല്ലപ്പനു ഒരു പ്രണയിനിയെ (തകഴിയുടെ മൂലകഥയിൽ ഇല്ലാത്തത്) സമ്മാനിച്ചാണ് തോപ്പിൽ ഭാസി വസ്തുനിഷ്ഠതയ്ക്ക് ആക്കാം കൂടിയത്. ഇത് നിരാകരിക്കാനാണ് താൽ‌പ്പര്യങ്ങൾ. ഈ സത്യം വിളിച്ചോതിയ സക്കറിയയ്ക്ക് തല്ലു കിട്ടിയതു തന്നെ മിച്ചം. മുറിക്കുള്ളിൽ ചെയ്യേണ്ടത് തെരുവിൽ ചെയ്താൽ ജനങ്ങളെതിർക്കും എന്ന്  പിണറായി വിജയനും  ‘പരസ്യമായി എല്ലാം ചെയ്യാമെന്ന നിലയിലേക്ക് കാര്യങ്ങൾ പോകുന്നു‘ എന്ന് കോടിയേരി ബാലകൃഷ്ണനും  പ്രസ്താവിക്കേണ്ടി വന്നത് മാറുന്ന സമൂഹനീതിയെ ഭീതിയോടെ നോക്കിക്കാണുന്നു എന്നതുകൊണ്ടാണ്.  മറൈൻ ഡ്രൈവിൽ കമിതാക്കളെ ശിവസേനക്കാർ തല്ലിയപ്പോൾ പോലീസ് നോക്കി നിന്നതും യൂണിവേഴ്സിറ്റി കാമ്പസ്സിൽ പെൺകുട്ടികൾടൊപ്പം നിന്ന യുവാവിനെ തല്ലിച്ചതച്ചതും ഈ വീക്ഷണത്തിന്റെ പ്രത്യക്ഷങ്ങളാണ്. ആ ചൂരൽ ഭരണകൂടത്തിന്റെ കയ്യിൽ നിന്നും എത്തിയതാണെന്ന സത്യം ഭീതിദമാണ്.

   ഉദാരതയും വിശാലമനസ്കതയും അടിസ്ഥാനമാക്കീയ രാഷ്ട്രസംവിധാനവും നീതിനിർവ്വഹണ വ്യവസ്ഥയും കെട്ടിപ്പടുത്തിരിക്കുന്നത്  ഒരോ വ്യക്തിയ്ക്കും പവിത്രവും ദിവ്യവുമായ ഉൾക്കാമ്പ് ഉണ്ടെന്നും  അത്  അവിഭാജ്യവുംവും  അവ്യയവും  ആണെന്നുമുള്ള തീവ്രസങ്കൽ‌പ്പത്തിലാണ്. ഇതാണ് ധാർമ്മികതയുടേയും  നീതിശാസ്ത്രപരതയുടേയും  രാഷ്ട്രീയപരതയുടെയും ഉറവിടം എന്നാണ് മൌലിക സങ്കൽ‌പ്പം. ഈ മാനവതാവാദം (humanism) പോലും ഇന്ന്  ശാസ്ത്രത്തിന്റെ അതിവേഗജൈത്രയാത്രയാൽ വെല്ലുവിളിക്കപ്പെടുകയാണ്.  ഈച്ചയും പൂച്ചയും ചിമ്പാൻസിയും പോലെ മറ്റൊരു ജീവി മാത്രമാണ് മനുഷ്യൻ എന്നാണ് ബയോളജി തെളിയിക്കുന്നത്.  ഇവയിലെല്ലാറ്റിലും സ്വഭാവങ്ങൾ  ന്യൂറോൺ ബന്ധങ്ങളും ഹോർമോണുകളും ജീനുകളും തീരുമാനിക്കുന്നതാണ്, ആത്മാവിന്റെ സ്വാതന്ത്ര്യം എന്നൊന്ന് പ്രത്യേകിച്ച് ഇല്ലായത്രെ. എങ്കിലും വിശ്വമാനവൻ എന്ന സങ്കൽ‌പ്പത്തിനു ആക്കം കൂടി വരികയാണ്,  ഭരണകൂടങ്ങൾക്ക് തന്നെ ആഗോളമാനദണ്ഡങ്ങളേയും ആദർശങ്ങളേയും മാനിക്കാനും സംരൂപിയാക്കാനും സമ്മർദ്ദങ്ങൾ ഏറി വരികയാണ്. സാമ്പത്തിക നീക്കങ്ങളും സ്വഭാവവും, പരിസ്ഥിതിനയങ്ങൾ, നീതിനിർവ്വഹണം  ഇവയൊക്കെ കടന്നുകയറുകയാണ്, ഇവയെ അനുനയിച്ചുകൊണ്ടുമാത്രം ഭരണതന്ത്രങ്ങൾ രൂപീകരിക്കപ്പെടുകയുമാണ്.  പൊതുവായ ഒരു സംസ്കാരത്തിലേക്ക് അതിവേഗം സഞ്ചരിക്കുന്ന ഒരു ലോകമാണ് മുന്നിലുള്ളത്. വ്യക്തിസ്വാതന്ത്ര്യം മുൻതൂക്കമാക്കുന്ന സമൂഹനീതിയാണ് ഇതിന്റെ അടിസ്ഥാനം.  അമിതാസക്തി ആധാരമാക്കുന്ന (cultish) മതാൽമ്മകതയോ രാഷ്ട്രീയ  അവബോധങ്ങളോ ശ്രേണീബദ്ധവും വ്യക്തിവിരുദ്ധവും ആണ്. ഈ ശക്തികൾക്ക് പൊരുതേണ്ടി വരുന്നത് നിൽക്കക്കള്ളി ഇല്ലാതാവുന്നതുകൊണ്ടാണ്. ആഴത്തിൽ പതിഞ്ഞ വിശ്വാസങ്ങളും മിത്തുകളും സമൂഹനീതി നിർമ്മിയ്ക്കുന്ന ഇൻഡ്യയെ സംബന്ധിച്ച് ഈ വെല്ലുവിളി ഏറ്റെടുക്കുക എന്നത് അതിനോട് കലഹിച്ചുകൊണ്ടാണ്.  മതമൌലികവാദികൾ, അത് പരമ്പരാഗത മതങ്ങളോ രാഷ്ട്രീയമതങ്ങളൊ ആവട്ടെ,  പൊരുതിത്തോൽക്കേണ്ട പശ്ചാത്തലം  തന്നത്താനെ നിർമ്മിച്ചെടുക്കുകയാണ്.