Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Tuesday, June 7, 2016

ലീല, മാതംഗലീല, തളരുന്ന ലിംഗങ്ങൾ

     ‘ആന, ലീല, ആണിന്റെ അവശലീലകൾ’ എന്ന തലക്കെട്ടിൽ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ വന്ന ലേഖനം.

   ചിത്രം 1. കാനോൻ നിയമമനുസരിച്ച് ചെറുപ്പക്കാരന്റെ ഷണ്ഡത്വം പരിശോധിക്കുന്ന വേള. 13-)0 നൂറ്റാണ്ടിലെ ഫിന്നിഷ് പെയിന്റിങ്.

     രണ്ട് ആണത്തങ്ങളുടെ ഇടയ്ക്ക് പെട്ടുപോയവളുടെ കഥയാണ് ഉണ്ണി ആർ      ‘ലീല’യിലൂടെ  വരഞ്ഞത്. അവൾക്ക് അവിടെ ഒരു നിലപാട് എടുക്കേണ്ടി വരികയും ചെയ്യുന്നു. കുട്ടിയപ്പനാണ് പ്രധാനകഥാപാത്രമായി അവതരിക്കപ്പെടുന്നതെങ്കിലും കഥയുടെ പേര് ‘ലീല’ എന്നാണ്. അതുകൊണ്ട് ഇത് ലീലയുടെ കഥയാണ്. സ്ത്രീ അവളുടെ ലൈംഗികതയേയും സ്ത്രീത്ത്വത്തേയും എങ്ങനെ നേരിടുന്നു എന്നതിന്റെ വ്യംഗ്യഭാഷ്യം. ലൈംഗികത ന്യൂനീകരിക്കപ്പെട്ട നായകനെ മുൻ നിറുത്തി ആണ് കഥയിലെ ലീല തെളിയുന്നത്.

       ഉണ്ണി ആറിന്റെ തന്നെ തിരക്കഥയിൽ രഞ്ജിത് വികസിപ്പിച്ചെടുത്ത ചിത്രത്തിലെ കുട്ടിയപ്പൻ കഥയിലേക്കാളും കൂടുതൽ സങ്കീർണ്ണ മനോനില പേറുന്ന ആളാണ്. ആനുകാലികസംഭവങ്ങളേയും അവയുടെ രാഷ്ട്രീയവും മതപരവുമായ നിഹിതാർത്ഥങ്ങളേയും കുറിച്ച് രസികൻ ഡയലോഗുകൾ കമ്പോട് കമ്പ് വച്ച് കാച്ചുന്നവനും പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനെ ക്കുറിച്ച് വാചാലനാകുന്നവനുമായി  കുട്ടിയപ്പനെ രൂപപ്പെടുത്തിയിരിക്കുന്നത് അയാളുടെ  ചില ഭ്രാന്തൻ ചിന്തകൾക്കും ഫാൻറ്റസികൾക്കും ചാതുര്യം അണയ്ക്കാൻ മാത്രമല്ല അവയ്ക്ക് സാധുത നൽകാനുമാണ്. കുട്ടിയപ്പൻ ഒരു കാരിക്കേച്ചർ സ്വരൂപത്തിലേക്ക് വഴുതിപ്പോകാതെ രഞ്ജിത്തും ബിജു മേനോനും ശ്രദ്ധ വച്ചിട്ടുമുണ്ട്. ചെറുകഥയിലെ കഥാപാത്രത്തിൽ നിന്നും സിനിമയിലേക്ക് കടന്നപ്പോൾ കുട്ടിയപ്പന്റെ ബഹുവിധ ധാരണകളും അനുമാനനിരീ ക്ഷണങ്ങളും  വികസിതമാക്കിയത് കഥാസമാപ്തിയിലെ തീവ്രപരിണാമത്തിനു ഗാഢതയണയ്ക്കാൻ വഴിവയ്ക്കുന്നു.
  .
     കഥ പിള്ളേച്ചന്റെ കാഴ്ചപ്പാടിലാണ് അവതരിപ്പിച്ചതെങ്കിൽ സിനിമാക്കഥ നമ്മൾ സ്വൽ‌പ്പം അകന്നു നിന്ന് കാണുന്ന രീതിയിലാണ് വികാസം പ്രാപിക്കുന്നത്. കഥ തുടങ്ങുന്നത് പിള്ളേച്ചന്റെ സ്വപ്നത്തിലൂടെയാണ്, അതുകൊണ്ട് കഥാഗതികൾക്ക് ഭാവനയുടെ അലൌകികതയുണ്ട്. എന്നാൽ സിനിമയിൽ ക്യാമെറക്കണ്ണുകൾ നേരിട്ട് സംവദിച്ച് സാമൂഹികവും മാനസികവുമായ ഭൂനിലങ്ങൾ വെളിപാടാക്കുന്നു. കുട്ടിയപ്പന്റെ (ലീലയുടേയും) ശാരീരികവും മാനസികവുമായ നിലകളെ നിരീക്ഷിക്കാനും അവലോകനം ചെയ്യാനും സാദ്ധ്യതയിയന്ന ടെക്നിക്ക് ആണ് കൂടുതലും  നിയോജിതമാക്കിയിട്ടുള്ളത്.

     ധ്വജഭംഗം (erectile dysfunction) സംഭവിച്ചവനാണു കുട്ടിയപ്പൻ എന്ന് സിനിമയിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ അയാൾക്ക് സ്ത്രീകളുമായിട്ട് ബന്ധം വേണം താനും. സി. കെ.  ബിന്ദു എന്ന വേശ്യയെ മകളായിട്ട് കാണുന്ന സ്ഥിതിവിശേഷത്തിലാണ് അയാളുടെ തോന്നൽ എത്തിച്ചത്. ഉഷ എന്ന മറ്റൊരു ലൈംഗികതൊഴിലാളിയ്ക്കും വേഴ്ച്ചയേപ്പറ്റി ഒന്നും പറയാനില്ല, എണ്ണ തേച്ച് നൃത്തം ചെയ്യിപ്പിക്കുകയാണ് കുട്ടിയപ്പൻ.  തുണിക്കടയിൽ ജോലി ചെയ്യുന്ന പെൺകുട്ടിയെ ഉഷ തന്നെ മുൻപിൽ എത്തിച്ചെങ്കിലും കാശുകൊടുത്തു പറഞ്ഞയക്കുന്ന കുട്ടിയപ്പനു കാര്യസാധ്യത്തിനു ആക്രാന്തിയില്ല.  എന്നാൽ ലൈംഗികനിറവേറൽ അത്യാകുലത  (sexual performance anxiety) യാണ് അയാളെക്കൊണ്ട്  പലതും ചെയ്യിക്കുന്നത്. മലയാളിക്ക് ഇന്നുള്ള ആകുലതകളിൽ ഒന്ന് തന്നെ ഇത്.

ആണിടങ്ങൾ പിന്നെയും പിന്നെയും
         പെണ്ണിനെ തൃപ്തിപ്പെടുത്താൻ പറ്റുമോ എന്ന ആശങ്ക ആണിനെ തെല്ലല്ല ആശങ്കയിലും വ്യാകുലതയിലും ആക്കുന്നത്. തന്നെക്കാളും കൂടുതൽ ശമ്പളം വാങ്ങിക്കുന്നവൾ, തന്നെക്കാളും കൂടുതൽ അധികാരമുള്ള ജോലി ചെയ്യുന്നവൾ ഒക്കെ ആണിനെ ഉറക്കറയിൽ നിർവ്വീര്യമാക്കാൻ പര്യാപ്തമാക്കുന്നവയാണെന്ന് ഏവർക്കുമറിയാം. ഇത്തരം കാരണങ്ങളാൽ ഭാര്യയുമായി ലൈംഗികബന്ധം സാദ്ധ്യമാകാതെ വരുന്ന ഭർത്താക്കന്മാരുടെ കേസുകൾ മനഃശാസ്ത്രജ്ഞരുടെ ക്ലിനിക്കുകളിൽ നിത്യവ്യവഹാരമാണ്. മലയാളി ആണിനു ഇത് കൂടുതൽ അനുഭവപ്പെടേണ്ട കാരണങ്ങൾ ഏറെയുണ്ട്. പെണ്ണരശുനാട് എന്ന് പണ്ടേ കേൾവിയുള്ള നാട്ടിൽ  ആണിനു ലൈംഗികാപകർഷതാബോധം വന്നുക്കൂടിയെങ്കിൽ അദ്ഭുതമില്ല.  കാമാതുരയായ സ്ത്രീ മലയാളി സൈക്കിനേപ്പിച്ചിട്ടുള്ള ആഘാതം ചില്ലറയല്ല. അവളെ മരണത്തിനു തുല്യമായി പേടിക്കണം. വശംവദനായാൽ പിറ്റേന്ന് എല്ലും പല്ലും മാത്രമേ കാണുകയുള്ളു എന്ന യക്ഷി സങ്കൽ‌പ്പം കേരളത്തിൽ മാത്രം ഉടലെടുത്തതിന്റെ കാരണം വേറേ അന്വേഷിക്കേണ്ടതില്ല. മരുമക്കത്തായം സ്ത്രീകൾക്ക് അധികാരവും സ്വാതന്ത്ര്യവും കൽ‌പ്പിച്ചു കൊടുത്തതിന്റെ പാർശ്വഫലമായിരിക്കണം ഇത്. ഏറ്റവും കൂടുതൽ വിദ്യാഭ്യ്യസം നേടിയ സ്ത്രീകൾ കേരളത്തിന്റെ പ്രത്യേകതയാണ്.  കുടുംബം പുലർത്താൻ സ്ത്രീകൾ തന്നെ ദൂരദേശങ്ങളിൽ‌പ്പോയി ജോലി ചെയ്യാൻ തയാറായ സമൂഹചരിത്രം ലോകത്തൊരിടത്തും കാണാത്തതാണ്. മലയാളി ആണിനു ലഭിച്ച സൌജന്യങ്ങളാണിവ എങ്കിലും തന്റെ ലൈംഗികപ്രാപ്തിയെ ബാധിച്ചേക്കാൻ സാദ്ധ്യതയുള്ള സ്ഥിവിശേഷമാണിത്. ‘ പെണ്ണായ് ഞാനും വിറയ്ക്കുന്നില്ല ആണായ നിങ്ങൾ വിറയ്ക്കുന്നെന്തേ എന്ന് ചോദിച്ച ഉണ്ണിയാർച്ച മുതൽ , ക്യാപ്റ്റൻ ലക്ഷ്മിയോ അന്ന ചാണ്ടിയോ മൃണാളിനി സാരാഭായിയോ ഒക്കെ അവന്റെ വിജൃംഭ വികാരത്തിനു മുൻപിൽ  ചോദ്യഛിഹ്നങ്ങളായി പ്രത്യക്ഷപ്പെട്ട് തളർച്ചയിലേക്ക് നയിച്ചേക്കാം.

           സ്വന്തം ഇടങ്ങൾ സൃഷ്ടിച്ച്, ഒഴിവാക്കൽ പ്രതീതിയണച്ച് മനസ്സിനു ആശ്വാസം പകരുക എന്ന പോം വഴിയാണ് ആണുങ്ങൾ പലപ്പോഴും സ്വീകരിക്കുക.  ആണുങ്ങളുടേത് മാത്രമായ മദ്യപാനസദസ്സുകൾക്ക് പ്രാമുഖ്യമേറിയത് ലൈംഗികവെല്ലുവിളകളിൽ നിന്ന് തൽക്കാലവിടുതി ലഭിക്കാനും കൂടിയാണ്. പ്രായപൂർത്തിയായ സ്ത്രീകളും ഉൾപ്പെട്ട സംഘങ്ങളോ സദസ്സുകളോ ആണ്  മറ്റു രാജ്യങ്ങളിൽ ഇത്തരം മാനസികോല്ലാസങ്ങൾക്ക് രൂപീകരിക്കപ്പെടുക, ബിയറോ വൈനോ ആയിരിക്കും മുഖ്യപാനീയം.  എന്നാൽ മലയാളിയുടെ ആൺകൂട്ടായ്മകൾ ഇത്തരം അവസരങ്ങൾ സൃഷ്ടിക്കുന്നത് ലൈംഗികതാ ആശങ്കകൾ പരോക്ഷമായി കടിഞ്ഞാൺ വിടുന്ന തമാശകളോ ആൺകോയ്മ വിളയാടുന്ന രാഷ്ട്രീയ ഉപജാപകഥകളോ അശ്ലീലമായി അവതരിക്കപ്പെടാനും അതിലൂടെ ആവലാതികളും ഉത്ക്കണ്ഠകളും ഉന്മുക്തമാക്കപ്പെടാനുമാണ്. 

        ഏകമാത്രികവും  നിഷേധകവും  നിശ്ചിതസംഘപ്രവേശിതംമാത്രവുമായ  ഒരിടം മലയാളി ആണത്തം നിർമ്മിച്ചെടുത്തത്തിന്റെ ബ്രഹുത് ഉദാഹരണമാണ് ശബരിമല. ആണുങ്ങളുടെ ഉത്സവം എന്ന് വിശേഷിപ്പിക്കാവുന്ന, എന്നാൽ പുരുഷത്വത്തിന്റെ, ലൈംഗികതയെ നിഷേധിച്ചുകൊണ്ടുള്ള പ്രകടനത്തിന്റെ പ്രഘോഷണസ്ഥാനം തന്നെ പൊന്നമ്പലമേട്. ലോകത്തൊരിടത്തുമില്ല  ആണത്തത്തിന്റെ ഇത്രയും വലിയ പ്രഖ്യാപനവും വൻ ഒത്തുകൂടലും. പ്രസിദ്ധ ആന്ത്രോപോളജിസ്റ്റുകളായ ഓസെല്ലോ ദമ്പതികൾ ആണത്തത്തിന്റെ  ഈ ആത്യന്തികപ്രദർശനത്തെക്കുറിച്ച് വിശദമായി പഠിച്ച് അവലോകനം ചെയ്തിട്ടുണ്ട് (1).  എന്നാൽ അവർ വിട്ടുപോയ ഒരു കാര്യം കൂടി കൂട്ടിച്ചേർക്കേണ്ടിയിരിക്കുന്നു. തന്റെ ലൈംഗികതയെ ചോദ്യം ചെയ്യപ്പെടേണ്ടതല്ലാത്ത ഇടം കണ്ടുപിടിച്ച് സെക്സ് നിഷേധത്തിന്റെ ചര്യകളോടെ മലകൾ കയറി എത്തുമ്പോൾ ഉദ്ധാരണം ആവശ്യമില്ലാത്ത ദൈവം അവന്റെ എല്ലാ ലൈംഗിതവ്യഥകൾക്കും ശരണസ്ഥാനം ആകുകയാണ്.  ബ്രഹ്മചര്യം അല്ലെങ്കിൽ ലിംഗോദ്ധാരണന്യൂനതയാണ് അയ്യപ്പന്റെ ശക്തിസ്വരൂപമൂലം. തൊട്ടടുത്ത് കന്യകയായ  മാളികപ്പുറത്തമ്മയെ  പ്രതിഷ്ഠിച്ചുകൊണ്ട് ഒരു പ്രഖ്യാപനത്തിന്റെ നിലപാടാണ് ആനകേറാമല ആളുകേറാമലയിൽ വെളിപാടായുണരുന്നത്.     ലിംഗപ്പേടികൾ ഒന്നടങ്കം ഒഴിച്ചുകളയാനുള്ള പലായനത്തിന്റെ നിദർശനമാണ് കാനനശ്രീലകത്തോംകാരം തേടലിൽ തെളിയുന്നത്.  ലിംഗസ്വരൂപനായ ഒരു ദൈവത്തിന്റെ, പൊടുന്നനവേ ഉള്ള കാമോകുത്സുകതയിൽ ഉദ്ധാരണവും സ്ഖലനവും സംഭവിച്ച ഒരു ദൈവത്തിന്റെ മകൻ തന്നെയാണ് ഈ ദൈവം എന്ന മിത്തിൽ  വിരോധാഭാസത്തിൽ കുതിർന്ന നിരാകരണത്തിന്റെ അംശങ്ങൾ ഏറെ. പുരുഷപ്രജനനസംബന്ധിയായ അഭീഷ്ടസാദ്ധ്യതയും ഈ തീർത്ഥാടനത്തിനുണ്ട്. –മല ചവിട്ടിയാൽ ഒരു കുഞ്ഞുപിറന്നേക്കുമെന്നുള്ള വിശ്വാസം. അധികതരപുരുഷത്വം (hypermasculinization) നേടലിന്റെ  സായൂജ്യമാണിവിടെ എന്നാണ്  ഒസെല്ലോ ആന്റ് ഒസെല്ലൊയുടെ അനുമാനം. കുട്ടിയപ്പനും ശബരമലപ്പോക്കിന്റെ ചില ധാരണകളിൽ എത്താൻ ശ്രമിക്കുന്നുണ്ട്, കറുപ്പും കറുപ്പുമണിഞ്ഞ്. മലയ്ക്കുപോകാനാണോ എന്ന ചോദ്യത്തെ മറ്റൊരു സെക്സ് സിംബൽ ആയ മരിലിൻ മൺറോയുമായി ബന്ധപ്പെടുത്തിയ മറുപടിയാണ് അയാൾ നൽകുന്നത്. ഒരിക്കൽ വന്നേക്കാവുന്ന ലൈംഗികനിരാകരണം ഒരു തപശ്ചര്യയിലൂടെ അനുകരിച്ച് അതിനെ ഒഴിച്ചു മാറ്റാനുള്ള വ്രതാനുഷ്ഠാനവുമുണ്ട് മല ചവിട്ടുമ്പോൾ.  ഭക്തിയുടെ കരിമ്പടപ്പുതപ്പുകൾ ഏറെ പൊതിയണം ഈ ലിംഗപ്പേടിത്തണുപ്പിനെ ഒളിപ്പിക്കാൻ.

     ക്രിസ്തീയസഭകളുടെ ചരിത്രത്തിലും സംഭോഗനിപുണതയില്ലാത്ത ആണിനെ അവജ്ഞയോടെ തിരസ്കരിച്ചിരുന്ന രീതികൾ എമ്പാടും നിറഞ്ഞു നിൽക്കയാണ്. ലൈംഗികതയെക്കുറിച്ച് ചിന്തിക്കാൻ സഭകളെ പ്രേരിപ്പിച്ചതു തന്നെ സ്ത്രീകളുടെ കാമനയെ എങ്ങിനെ നേരിടണമെന്ന പേടികളാണ്. ഷണ്ഡത്വം ഏറ്റവും  ഭീതിജനകമായ അവസ്ഥയായി സഭകൾക്ക്. 12-)0 നൂറ്റാണ്ടിൽ ഗ്രാഷ്യൻ കാനോൻ നിയമങ്ങളനുസരിച്ച്  പ്രായപൂർത്തിയായ ആണിന്റെ ഉദ്ധാരണപ്രവീണത  പരസ്യമായി തെളിയിക്കേണ്ട കോടതികൾ വരെ ഉണ്ടായിരുന്നു.  പതിമൂന്നാം നൂറ്റാണ്ടിലെ ഈ  ഫിന്നിഷ് പെയിന്റിങ്ങിൽ ലിംഗോദ്ധാരണപ്രാപ്തി പരസ്യമായി പരിശോധിക്കപ്പെടുന്ന  സംഭ്രമപരവശനായ ഒരു കുട്ടിയപ്പനെ തെളിഞ്ഞുകാണാം..  (ചിത്രം 1)

      സ്വന്തം ലിംഗത്തിന്റെ വലിപ്പത്തെക്കുറിച്ച് ആകുലനാകാൻ ജീവശാസ്ത്രവും അവനെ പ്രേരിപ്പിക്കുന്നുണ്ട്. മറ്റ് ജീവികൾക്ക് പറ്റാത്ത പോലെ രണ്ടു കാലിൽ നിൽക്കുന്നവരാണ് മനുഷ്യർ. ഈ  ഇരുകാൽചര്യാരൂപം (bipedalism)  അവനു പരിണാമപരമായ പലേ  ആനുകൂല്യങ്ങളും പ്രയോജനങ്ങളും നൽകിയിട്ടുണ്ട്.  ചിമ്പാൻസികൾക്കോ ഗൊറില്ലകൾക്കോ ഇല്ലാത്ത, മനുഷ്യർക്കു മാത്രം ഉള്ള  പലേ കാര്യങ്ങളിലൊന്ന് നേർക്കുനേർ കണാവുന്ന ലിംഗവും യോനിയുമാണ്. ഏറ്റവും കരുത്തും ആരോഗ്യവുമുള്ള കുഞ്ഞുങ്ങളെ വേണമെന്നാണ് പെണ്ണിനെ പരിണാമനിയമങ്ങൾ പഠിപ്പിച്ചു വച്ചിട്ടുള്ളത്. മനുഷ്യരിൽ മാത്രമല്ല പലേ ജന്തുക്കളിലും. മനുഷ്യരിൽ വലിപ്പമുള്ളതും അതീവ ഉദ്ധരണശേഷിയുമുള്ള ലിംഗത്തോടാണ് പെണ്ണിനു പ്രിയം. ബീജം അണ്ഡനാളത്തിലെത്താൻ ഏറ്റവും പ്രയോജനപ്പെടുന്ന സാമഗ്രികൾ ഉള്ളവനെ മതി അവൾക്ക്  എന്നത് ജീവപ്രതിഭാസത്തിന്റെ ഒരു ചൈതന്യവശം മാത്രമാണ്.  ആണിനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവൾക്ക് ആധുനിക യുഗങ്ങൾ വരെ ഉണ്ടായിരുന്നു. എന്നാൽ ഗൊറില്ലകളിൽ ഈ സ്വാതന്ത്ര്യം ഇല്ല. ഗൊറില്ലാനേതാവ് ഒരു അന്തഃപുരം തന്നെ കൊണ്ടു നടന്ന് ആവശ്യമുള്ള ഗൊറില്ലപ്പെൺകൊടികളെ പ്രാപിക്കുകയാണ്. പെണ്ണിനു തെരഞ്ഞെടുപ്പ് സാദ്ധ്യമല്ലാത്തിനാൽ ലിംഗവലിപ്പം പ്രശ്നമേ അല്ല, ഗൊറില്ലാനേതാവിന്റെ ലിംഗം ചെറുതാണ്   ഉദ്ധരിച്ചാലും ഏകദേശം ഒന്നേകാൽ ഇഞ്ച് മാത്രം! മറ്റു ജന്തുക്കൾക്ക് ഗന്ധങ്ങളാണ് കാമോദ്ദീപനകാരണമെങ്കിൽ  മനുഷ്യരിൽ പ്രധാനമായും കാഴ്ചയാണ് ഈ ചോദനയ്ക്ക് ആക്കം കൂട്ടുന്നത്.  നേരേ കണ്ട്, വലിപ്പം നോക്കി തീരുമാനത്തിലെത്താൻ പെണ്ണിനു എളുപ്പമാണ്. തൃക്കാക്കരപ്പൂ പോരാഞ്ഞ് തിരുനക്കരപ്പൂ പോരാഞ്ഞ് അവൾ തിരുമാന്ധാംകുന്നിൽ എത്തുമ്പോഴേയ്ക്കും ആണുങ്ങൾ പലരും ബേജാറായിക്കഴിഞ്ഞിട്ടുണ്ടാവും.  ഈ തെരഞ്ഞെടുപ്പ് ആണുങ്ങളിൽ മത്സരബുദ്ധി ഉളവാക്കുകയും സ്വന്തം ലിംഗവലിപ്പത്തെയും ഉദ്ധരാണശേഷിയേയും കുറിച്ചുള്ള ആകുലത സ്ഥിരമാകുകയും ചെയ്തു. നഗ്നരായി അലഞ്ഞുതിരിഞ്ഞിരുന്ന കാലങ്ങളിൽത്തന്നെ കുട്ടിയപ്പന്മാർ ധാരാളമായി ആഫ്രിക്കൻ വനനിരകളിലെ കോട്ടയങ്ങളിൽ ‘ജോ വാദാ കിയാ വോ നിഭാനാ പഡേഗാ’ പാടി നടന്നിരുന്നു.
  
      പെണ്ണിനു അധികാരവും മേൽക്കോയ്മയും ഉന്നതവിദ്യാഭ്യാസം മൂലം ലഭിച്ച വിശിഷ്ടതയും ഈ ആകുലതെയെ പെരുപ്പിക്കുകയാണ്.  ഇതു മൂലം മലയാളിയ്ക്ക് അവന്റെ ലിംഗത്തെ ഏറെ പേടിയ്ക്കണം. അതിന്റെ നിശ്ചിതധർമ്മത്തിനു അവസരമൊരുക്കാൻ അക്കാണും മാമല വെട്ടി വയലാക്കിയേക്കും, ആയിരം വിത്തെറിയാണുള്ളതാണ് പിന്നെ.  കിളിന്തു പച്ചപ്പനന്തത്തകളെ തേടിപ്പോകുന്നതിന്റെ കാരണങ്ങൾ ഇവിടെ തെളിയുന്നു. ചെറുത്തുനിൽ‌പ്പുകൾ ഒഴിവാക്കാം, തന്റെ മേൽക്കൊയ്മ നിരുപാധികം സ്ഥാപിച്ചെടുത്ത് തന്റെ ലിംഗപ്പേടികളെ മറികടക്കാം. സൂര്യനെല്ലി, കിളിരൂർ, കവിയൂർ, പൂവരണി കേസുകൾ ഒക്കെ ഇങ്ങനെ സംഭവിക്കുന്നു.  ഇവിടെ എല്ലാം ഇരുപതു വയസ്സിൽ താഴെയുള്ള കുട്ടികളാണ് പുല്ലിംഗസംഭ്രാന്തിയ്ക്ക് ഇരയായത്. ഇവരെ എല്ലാം പ്രാപിച്ചവർ കല്യാണം കഴിച്ചവർ, മുപ്പതിനു മേൽ പ്രായമുള്ളവരാണ്. കുട്ടിയപ്പൻ തേടുന്നതും തളിർമേനിയെ ആണ്. ‘ഞാൻ മതിയോ‘ എന്ന് ഉഷ ചോദിയ്ക്കുന്നതിനു “ എന്റെ ഉഷേ ഇതു നല്ല കൊച്ചു പെമ്പിള്ളേരു വേണ്ട ഏർപ്പാടാ“ എന്നാണു മറുപടി. സൂര്യനെല്ലി കേസിൽ വിധിതീർപ്പ് ചെയ്ത ജഡ്ജി “അവൾക്ക് ഓടിപ്പോകാൻ വയ്യായിരുന്നോ” എന്ന് ചോദിച്ചതിന്റെ പിന്നിൽ പരിണാമം ഉദ്ധാരണപ്പേടി വഴി ആണിനു കൽ‌പ്പിച്ചു നൽകിയ നിസ്സഹായത ക്രൌര്യമായി വെളിപ്പെടുന്നതാണ്. തന്റെ ലിംഗത്തിനു വലിപ്പവും കട്ടിയും പോരെന്നു തോന്നിയാൽ കമ്പിപ്പാര പകരം കയറ്റി ആശ്വസിക്കാം ഉൽക്കണ്ഠാകുലനായ അവന്.
 
 മാതംഗലീല-കിട്ടിയോ?

     പാലകാപ്യമുനിയുടെ ഹസ്ത്യായുർവ്വേദത്തിന്റെ സംഗ്രഹമാണ്  തിരുമംഗലത്തു നീലകണ്ഠൻ  നമ്പീശന്റെ മാതംഗലീല. “ഗജശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം മാതംഗലീലയെക്കാൾ പ്രചുരപ്രചാരവും പ്രമാണീഭൂതവുമായ ഒരു ഗ്രന്ഥം കേരളത്തിലില്ല” എന്ന് 1500 കളിൽ രചിക്കപ്പെട്ട ഈ കൃതിയെപ്പറ്റി ഉള്ളൂർ. ആനകളെ പരിപാലിക്കുന്ന നിഷ്കർഷകളാണെങ്കിലും “ലീല” അല്ലെങ്കിൽ കളി എന്ന് കൂട്ടിച്ചേർത്തിൽ തെല്ല് സാരസ്യം ഇല്ലാതില്ല. കുട്ടിയപ്പനു മാതംഗലീലയെക്കുറിച്ച് അറിവുണ്ട്. അതിലെ കളി ആണ് ‘ലീല’.

     ലിംഗപ്പേടിയുള്ളവർക്ക് ആരാധിക്കാൻ അനുഗുണമിയന്ന പ്രതീകമാണ് ആന. സ്ഥിരം കാണുന്ന മൃഗങ്ങളിൽ ഏറ്റവും ലിംഗവലിപ്പം ഉള്ള ജീവി. ശരീരാനുപാതം അനുസരിക്കാതെ വളർച്ച നേടിയ സുരതാവയവം ഉണ്ട്. ഉദ്ധരിച്ച ലിംഗത്തിനു കാലുകളോളം തന്നെ നീളമുണ്ട്, ഒത്ത വണ്ണവും. സ്വൽ‌പ്പം നീണ്ടു നിൽക്കുന്നതു തന്നെ സുരതക്രിയ.  ഉദ്ധൃതമായ കൊമ്പുകൾക്കുമുണ്ട് ലിംഗപ്രതീതി.  കാമോത്സുകത ഭ്രാന്തോളമെത്തിക്കുന്ന മദപ്പാട്. ലൈംഗികതാദർശനത്തിന്റെ അപ്രച്ഛഹ്നവേഷം. മലയാളിയുടെ ജനനേന്ദ്രിയ ഉൽക്കണ്ഠകൾക്ക് തെല്ലല്ലാത്ത ശമനം നൽകി ഒരു പ്രതിരോധമെന്നോണം  എഴുന്നെള്ളിക്കാൻ പറ്റിയ ഈ വന്യജീവിയുടെ ആനത്തത്തിൽ ആണത്തം പ്രത്യാരോപിക്കപ്പെടുകയാണ്.   മലയാളിയുടെ വിശിഷ്യാ ഉള്ള ആനപ്രേമം- വെറും പ്രേമമല്ല, അവയെ പൊതുജന മദ്ധ്യത്തിൽ വാദ്യഘോഷങ്ങളോടെ പ്രദർശിപ്പിക്കുകയും വേണം-അവന്റെ ന്യൂനതകളുടെ കറുത്ത മറയാണ്. ഇതിലൊന്നും പെണ്ണാനകളെ ചേർക്കാറില്ല എന്നതിന്റെ സാധൂകരണം സരളവും സ്പഷ്ടവുമാണ്.  തന്റെ പോരായ്മകൾക്ക്  ക്ഷതിപൂരണമായി  ഉത്ഥിതമസ്തകവുമായി നിലകൊള്ളുകയാണ് ലീലാലോലുപനായ മാതംഗം. മാതംഗലീലയിലെ ‘ലീല’ സെക്സ് സൂചകമായിട്ടാണ് ഇവിടെ അവതരിക്കുന്നത്. കുട്ടിയപ്പൻ തേടുന്നത് ഈ ‘കളി’യ്ക്കുള്ള വസ്തുവഹകളാണ്: ആനയും ലീലയും. അതുകൊണ്ട് അവൾ പറയുന്നതിനു മുൻപ് തന്നെ പേരു ലീല എന്ന് ക്രമപ്പെടുത്തുന്നു കുട്ടിയപ്പൻ. ഈ പേര് മുൻകൂർ നിശ്ചയിക്കപ്പെട്ടതാണ് അയാളെ സംബന്ധിച്ചിടത്തോളം. അങ്ങനെ കഥയിൽ ആദ്യാവസാനം ലീല വിളങ്ങുകയാണ്.

       ദേവസ്സിക്കുട്ടിയുടെ ആനയ്ക്ക് ഈ കളിയിൽ സാംഗത്യമുണ്ട്. കിടങ്ങൂരെ ആനക്കാരൻ രാമപ്പണിയ്ക്കർ പറഞ്ഞ് കുട്ടിയപ്പനു മനസ്സിലായതാണിത്. ദേവസ്സിക്കുട്ടിയുടെ കെട്ടിയവളുടെ രഹസ്യക്കാരനെ കൊല്ലാൻ അയാൾ ആൺകാമപ്രതീകമായ ആനയെത്തന്നെയാണ് ഉപയോഗിക്കുന്നത്. ജാരനെ കൊല്ലാൻ മറ്റു മാർഗ്ഗങ്ങൾ ഇല്ലാഞ്ഞിട്ടൊന്നുമല്ല.  ഭാര്യ രഹസ്യക്കാരനെ തേടിപ്പോകുന്നത് തന്റെ “കുറവുകൾ” കൊണ്ടാണെങ്കിൽ അതേ കുറവിനെ അധികതമമാകുന്ന ആനപ്രതീകം തന്നെ മറുമരുന്ന്. കുട്ടിയപ്പന്റെ ആഗ്രഹപൂർത്തിയ്ക്ക് ഈ ആനയും ആനയുടമയും തന്നെ ഉചിതം എന്ന് രാമപ്പണിയ്ക്കർക്ക് നിശ്ചയമുണ്ട്, കുട്ടിയപ്പനും. പലേ ആനകളുള്ള സോമൻ നായർ ഒരിക്കലും സമ്മതിക്കാത്ത കാര്യം ദേവസ്സിക്കുട്ടിക്ക് എളുപ്പം പിടി കിട്ടുന്നുണ്ട്. തന്റെ ഉദ്ധാരണന്യൂനതകൾക്ക് ക്ഷതിപൂരണമായി അതിസ്ഥൂലലിംഗവാൻ ഒരു കണ്ണാടിപ്രതിരൂപമെന്നവണ്ണം മറുവശത്ത് ഉപസ്ഥിതനാകുമ്പോൾ തനിക്ക് പറ്റാത്തത് പറ്റുമെന്ന് തോന്നുക തന്നെ കുട്ടിയപ്പന്റെ ബോധന്യായം.  

  സ്ത്രീത്വത്തിന്റെ അപ്രകാശിതമുഖങ്ങൾക്ക് പൊന്നാട

        ഭോഗാസക്തിയ്ക്ക് ശമനം നൽകുന്നത് തൊഴിലായി സ്വീകരിച്ചവരോട് കുട്ടിയപ്പനു ബഹുമാനമാണ്.  ഇവർക്ക് പരസ്യമുഖം ഉണ്ടെന്നു വന്നാലും ‘വാങ്ങിക്കുന്നവർ‘ അദൃശ്യരാണ്. ഈ അസ്പഷ്ടം ദൃഷ്ടമാക്കുന്നത് കുട്ടിയപ്പന്റെ ഒരു വിനോദമായി പരിണമിക്കുകയാണ്.  പൊതുസ്വത്ത്നർത്തകി/മിസ്ട്രസ്/ വേശ്യമാർക്ക് മരണം മാത്രമാണ് ഇൻഡ്യൻ സിനിമയിൽ  (പാകീസ, അഗ്നിപുത്രി, ശങ്കരാഭരണം) വിധിക്കാറുള്ളത്. കല്യാണം കഴിക്കാൻ തയാറായ ആൾ കൊല്ലപ്പെട്ട് അവൾക്ക് പിന്നൊരു ജീവിതം നിഷേധിക്കപ്പെടുക മറ്റൊരു വിധിയാണ് ( ജലജ- വേണു നാഗവള്ളി അഭിനയിച്ച ഒരു സ്വകാര്യം).  അല്ലെങ്കിൽ ജയിലിൽ അടച്ച് പൊതുജീവിതം നിഷേധിക്കപ്പെടുക (പ്രിയ ഉൾപ്പടെ നിരവധി സിനിമകൾ) തന്നെ. മറ്റൊരു പോം വഴി അവൾ ഉന്നതകുലജാതയാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ട് മാത്രം സ്വീകരിക്കുക എന്ന ചടങ്ങ് നിബന്ധിക്കയാണ് (എങ്കിരുന്തോ വന്താൾ).   കുറിയേടത്ത് താത്രിയെ മുൻ നിറുത്തി പരികൽ‌പ്പന ചെയ്ത ‘പരിണയ’ ത്തിലെ നായികയ്ക്കും അന്തർജ്ജിതമായ ലൈംഗികതയോടുകൂടിയുള്ള സാധാരണ ജീവിതം സിനിമയുടെ അവസാനം നൽകപ്പെടുന്നില്ല. സ്വന്തം തൊഴിലിൽ നിന്നും റിട്ടയർ ചെയ്തവരെ വിളിച്ചു കൂട്ടി  പൊന്നാടയണിയിക്കുന്നത് കുട്ടിയപ്പൻ തന്നെ.  ചെങ്ങളം ഓമന, കുമരകം നളിനി എന്നിങ്ങനെ ‘ജെനെറിക്’ പേരുകളിൽക്കൂടിയാണ് അവരെ പ്രത്യക്ഷപ്പെടുത്തുന്നതെങ്കിലും നീണ്ടകാലം ഒരു സേവനം ചെയ്ത് വിരമിച്ചവർ എന്ന രീതിയിലാണ് അവതരണം. വിൽക്കുക-വാങ്ങുക എന്ന കച്ചവട ഘടന ആണെങ്കിലും വിൽക്കുന്ന/കൊടുക്കുന്ന ആൾ മാത്രം പ്രത്യക്ഷവും വാങ്ങിക്കുവർ അപ്രത്യക്ഷവുമാണ്. (അവൾ “കൊടുപ്പ്” ആണ് എന്നാണു പ്രയോഗം)  കാശുകൊടുത്തു യാത്രചെയ്യാനുള്ള വാഹനവും ആണ് അവൾ. ലീലയെക്കുറിച്ച് ദാസപ്പാപ്പി ‘ഓടാൻ വിടാൻ താൽ‌പ്പരമുണ്ടെന്നാ കേട്ടേ” എന്നാണു പറയുന്നത്. ലൈംഗികോത്ക്കണ്ഠയുള്ളവർക്ക് പരീക്ഷണങ്ങൾ നടത്തണമെങ്കിൽ ഇവരുടെ ഇടയിൽ നിന്നും ആരെയെങ്കിലും കണ്ടുപിടിയ്ക്കേണ്ടതുണ്ട് എന്നത് എല്ലാ കുട്ടിയപ്പന്മാരുടേയും വെല്ലുവിളിയാണ്.  പൊന്നാടയും പണവും നൽകി പൊതുജനസമക്ഷം ഇവരെ അവതരിപ്പിക്കാൻ അപാരധൈര്യം അതുകൊണ്ട് കുട്ടിയപ്പനുണ്ട്. ആക്ഷേപഹാസ്യരീതിയിലാണെങ്കിലും ഈ ആദരിക്കൽ ചടങ്ങ്  ഇൻഡ്യൻ സിനിമയെ സംബന്ധിച്ച് പുതുമയാണ്.

     ഒന്ന് “പോയാൽ“  തീരുന്നതേ ഉള്ളു നിങ്ങടെ വീറും പരാക്രമവും ഒക്കെ എന്ന് അതീവനാളത്തെ പരിചയമുള്ള ലൈംഗികത്തൊഴിലാളി –ചെങ്ങളം ഓമന (ശാന്തകുമാരി)- കുട്ടിയപ്പനെ ബോദ്ധ്യപ്പെടുത്തുന്നുണ്ട്.  സ്ഖലനത്തോടെ തളരുന്ന ആണിനു ബദലായി ബഹുഭാഗിയായ ഓർഗാസത്തിനു തയാറായാണു പെണ്ണ്.   ശരീരശാസ്ത്രപരമായ ഉത്തരവാദിത്തം ആരംഭിക്കുന്ന പ്രക്രിയയുമാണ് അവൾക്ക്,  ആനന്ദകരമായ നിമിഷങ്ങൾ  മാത്രമല്ല.  പരിണാമം ഏൽ‌പ്പിച്ച കൃത്യം ലഘുവായി ചെയ്തു കഴിഞ്ഞാൽ പൊടി തട്ടിപ്പോകാനുള്ളതേ ഉള്ളു ആണിനു. പുരുഷൻ തന്നെ നിർമ്മിച്ച കുടുംബവ്യവസ്ഥപ്രകാരമുള്ള ഉത്തരവാദിത്തങ്ങളൊന്നും സെക്സ് നൽകുന്ന പെണ്ണുങ്ങളോട് ആൺകുലത്തിനു വേണ്ടതില്ല എന്നതാണു സമൂഹനീതി.  ‘നിങ്ങൾ തന്നെ  പണ്ട് തുണി അഴിച്ചു മാറ്റി, ഇപ്പോൾ നിങ്ങൾ തന്നെ തുണി ഉടുപ്പിയ്ക്കുന്നു” എന്നതിനാൽ   നിരർത്ഥകമായ ചടങ്ങാണിത് എന്ന് കുമരകം നളിനി (വത്സലാ മേനോൻ) തെളിച്ച് പറയുന്നുണ്ട്. ആരെയെങ്കിലും രക്ഷപെടുത്താൻ നോക്കണമെന്ന് ഉപദേശിക്കുന്നതും മറ്റൊരു വേശ്യയാണ്. കുട്ടിയപ്പൻ പിന്നീട് ഇതിനു ശ്രമിക്കുന്നുമുണ്ട്. ഒരു വേശ്യയുടെ വാക്കിനു എന്തു വില എന്ന് ഈയിടെ സോളാർ കേസിലെ സരിതയെ ഭർസിച്ച് പറഞ്ഞത്  നമ്മുടെ കള്ളക്കളി എത്രയും പോകുന്നു എന്ന് വെളിവാക്കുന്നുണ്ട്. വേശ്യകളെ ആദരിക്കുന്നതിനെ എതിർക്കുന്ന രാഷ്ട്രീയക്കാരനു (സുധീഷ് കരമന) പോലീസും കൂട്ടിനുണ്ട്. ആ ചടങ്ങ് അവിടെ നിറുത്തി വയ്ക്കേണ്ടി വരുന്നു. കുറിയേടത്ത് താത്രിയുടെ വിചാരണ അവസാനിക്കുന്നതിനു മുൻപ് അത് നിറുത്തി വയ്ക്കാൻ നിർദ്ദേശം നൽകിയ നാടുവാഴിയുടെ യുക്തിയും ന്യായവും തന്നെ ഇവിടെയും. 

 ഷണ്ഡത്വം നിഷിദ്ധം

     നായകൻ ഷണ്ഡനാകാൻ സാദ്ധ്യമല്ല എന്നാണു ഇൻഡ്യൻ സിനിമാനീതി. നിന്റെ തിങ്കളാഴ്ചനോയമ്പിന്നു മുടക്കും ഞാൻ, ഇളനീർക്കുടമിന്നുടയ്ക്കും ഞാൻ എന്ന് പാടി അടിവയറിനു താഴത്തെ വിജൃംഭത്വം വിളംബരം ചെയ്യേണ്ടവനാണ് അയാൾ. ഗർഭധാരണപ്രദായകൻ ആയില്ലെങ്കിലും കുഴപ്പമില്ല,  കുട്ടികൾ ഇല്ലെങ്കിൽ എങ്ങനെയെങ്കിലും ‘അഡ്ജസ്റ്റ്’ ചെയ്യാം എന്നരീതിയിൽ കഥ വികസിപ്പിച്ചെടുക്കും.  എന്നാൽ ഹോളിവുഡ് സിനിമകളിൽ നിരവധിയാണ് ഇത്തരം കഥാപാത്രങ്ങൾ. ബോണി ആന്റ് ക്ലൈഡ് ഇൽ നായകനടൻ വാറൻ ബീറ്റി യാതൊരു മടിയുമില്ലാതെയാണ് ക്ലൈഡിനെ ഷണ്ഡനായി അവതരിപ്പിച്ചത്. അദ്ദേഹം ആവശ്യപ്പെട്ട് ചേർത്തതാണത്രേ ഈ നായകസ്വഭാവമാറ്റം. ‘ദി ബിഗ് ചിൽ’ ഇൽ  വില്യം ഹർട്,  ‘സെക്സ് ആന്റ് ദി സിറ്റി’ യിലെ ചില എപിസോഡുകളിലെ നായകൻ ഒക്കെ ലൈംഗികാപഭ്രംശം പേറുന്നവരാണ്. എന്നാൽ ഇൻഡ്യൻ സിനിമയിലെ നായകന്മാരെ ഇപ്പോഴും നാട്യശാസ്ത്രത്തിലെ ധീരോദാത്തനായകരൂപത്തിൽത്തന്നെ ബന്ധിപ്പിച്ച് നിറുത്തിയിരിക്കുകയാണ്.   മറ്റ് രാജ്യങ്ങളിലെ സിനിമകൾ പൊതുജനത്തിനു വേണ്ടി നിർമ്മിക്കപ്പെടുമ്പോൾ ഇൻഡ്യൻ സിനിമകൾ ഇന്നും ആണുങ്ങളുടെ മാത്രം കാഴ്ചയെ പ്രീണിപ്പിക്കലാണ് ലക്ഷ്യമിടുന്നത്. മോഹൻ ലാലും മമ്മുട്ടിയും വേണ്ടെന്നു വച്ച വേഷമാണത്രേ കുട്ടിയപ്പൻ. ഇത്തരം “പ്രശ്ന”മുള്ള കഥാപാത്രത്തെ നിരാകരിച്ചതിനു സ്വന്തം സിനിമാവഴികൾ തന്നെ ബാദ്ധ്യതയായിത്തീർന്നത് ഒരു പ്രധാന കാരണം ആയിരിക്കണം.  അവർ പ്രതിനിധീകരിച്ചിട്ടുള്ള, മലയാളി ആണത്തനിദർശനമായ നിരവധി കഥാപാത്രങ്ങൾ ഇല്ലായ്മ ചെയ്യപ്പെടും ഷണ്ഡനായ ഒരു വേഷത്തെ സ്വീകരിച്ചാൽ. (മലയാളസിനിമ വഴിമുട്ടുന്ന രീതികൾ നോക്കണേ!). ഭാര്യയിൽ താൽ‌പ്പര്യമില്ലാത്ത നായകൻ (“ഗംഗ പോയി ഉറങ്ങിക്കോളൂ” –നകുലൻ (സുരേഷ് ഗോപി)- മണിച്ചിത്രത്താഴ്) മൂലം മോഹങ്ങൾ വഴി തിരിഞ്ഞു പോയവളെ ക്രൂരമായ ആഭിചാരപ്രക്രിയയാൽ മര്യാദ പഠിപ്പിക്കുന്നതു കണ്ട് ഇന്നും കയ്യടിച്ചു കൊണ്ടിരിക്കുന്ന മലയാളി  തളരുന്ന പൌരുഷത്തെ മൂടിപ്പൊതിഞ്ഞു മറയ്ക്കാൻ  ഉദയം മുണ്ടുകൾ  പലയെണ്ണം ഉടുക്കേണ്ടിയിരിക്കുന്നു.

      മലയാളസിനിമയിൽ പ്രത്യുൽ‌പ്പാദനശേഷി ഇല്ലാത്ത നായകന്മാർ വളരെ വിരളമാണ്. 50 വർഷം മുൻപ് ഇറങ്ങിയ ‘കുട്ടിക്കുപ്പായം’ ഒഴിച്ച്. നായകനു ലിംഗോദ്ധാരണം സാദ്ധ്യമാണെങ്കിലും ബീജശേഷി കമ്മിയാണ്. അന്ന് പ്രേംനസീർ സധൈര്യം എടുത്ത വേഷമാണിത്.  സിനിമയുടെ കഥാവസ്തുവും ഇതോട് ബന്ധപ്പെട്ടതാണ്. മനഃശാസ്ത്രജ്ഞനായ എ റ്റി കോവൂറിന്റെ കേസ് ഡയറിയിൽ നിന്നും എടുത്ത കഥ സേതുമാധവൻ ‘പുനർജ്ജന്മം’ എന്ന പേരിൽ സംവിധാനം ചെയ്തിട്ടുണ്ട്. നായകനു മാതൃസ്ഥിരീകരണം ( mother fixation) ആണ്, ഭാര്യയുമായി വേഴ്ച സാദ്ധ്യമാവുന്നില്ല. എന്നാൽ വേലക്കാരിയുമായി സംഭാവ്യമാണ് താനും. ഈ മാനസികദുർഘടം ചികിത്സിച്ചു മാറ്റപ്പെടുന്നതായാണ് സിനിമാക്കഥ. മലയാറ്റൂർ രാമകൃഷ്ണന്റെ യക്ഷിയിൽ മുഖവൈരൂപ്യം മൂലം ആത്മവിശ്വാസം നഷ്ടപ്പെട്ടതിനാൽ  ലൈംഗികവേഴ്ച്ചയ്ക്ക് കഴിവില്ലാത്തവനായി മാറുകയാണ് നായകൻ.  സത്യൻ അന്ന് സങ്കോചമില്ലാതെ ഈ വേഷം ഏറ്റെടുത്തു. എന്നാൽ ഇത് നായകന്റെ കഴിവു കേടല്ലെന്നും യക്ഷിസ്വരൂപമുള്ള ഭാര്യയുടെ ഇടപെടലാണെന്നും ചിത്രീകരിച്ച് നായകന്റെ പക്ഷത്തു നിന്നും ഈ ഉത്തരവാദിത്തം മാറ്റപ്പെടുന്നുണ്ട്. ബാലചന്ദ്രമേനോന്റെ ‘ പ്രശ്നം ഗുരുതരം‘ ഇൽ നായകന്റെ ഷണ്ഡത്വം പ്രശ്നമായിട്ട് അവതരിക്കപ്പെടുന്നില്ല, പ്രത്യുത ഒരു അപകടശേഷം വന്നു പിണഞ്ഞ ശാരീരികാവസ്ഥ മാത്രമാണിത് എന്നും പ്രേമനാടകത്തിൽ നായകനു പങ്കില്ല എന്ന് തെളിയിക്കാനുള്ള പരിണാമഗുപ്തി മാത്രമാണെന്നും ആണ് കഥ. ഈ വെളിപ്പെടുത്തലോടെ സിനിമാ തീരുകയുമാണ്. ദശരഥത്തിലെ നായകന്റെ ബീജത്തിനു പ്രത്യുൽ‌പ്പാദനശേഷിയുണ്ടെങ്കിലും നായകൻ സ്ത്രീകളുമായുള്ള വേഴ്ച്ചയ്ക്കു തയാറാകാത്തത് എന്തുകൊണ്ടാണെന്ന് വെളിവാക്കുന്നില്ല. മോഹൻ ലാലിനു അക്കാലത്ത് ‘കഴിവുകേട്‘ ഉള്ള ഒരു കഥാപാത്രത്തെ വച്ചു കൊടുക്കുന്നത് മലയാളികൾക്ക് സങ്കൽ‌പ്പിക്കാൻ പോലും പറ്റുന്നതായിരുന്നില്ല താനും. കുട്ടിയപ്പനെ ‘ചികിത്സിച്ച്’ മാറ്റാൻ സിനിമ ശ്രമിക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.  തന്റെ ഷണ്ഡത്വം പരിപൂർണ്ണവും പരീക്ഷണങ്ങളാൽ മാറ്റപ്പെടുകയുമില്ലെന്ന അറിവ് അയാളെ കരയിക്കുന്നുണ്ട്. ഇൻഡ്യൻ സിനിമകളിൽ കാണാത്ത സീൻ.

     കുട്ടിയപ്പന്റെ മാനസികപ്രശ്നങ്ങൾ  ആയിരിക്കണം അയാളുടെ ധ്വജഭംഗത്തിനു കാരണം. ലിംഗഛേദനപ്പേടി (castration anxiety)  അയാളിൽ വളർന്നിട്ടുണ്ടാവണം (2).  ഇന്നും പ്രാമാണികത നിലനിൽക്കുന്ന ഈഡിപ്പസ് കോമ്പ്ലക്സ്, അഛൻ പ്രതിരൂപത്തെപ്പറ്റിയുള്ള ആശങ്കൾ, അച്ഛൻ പ്രതിരൂപത്തിന്റെ തിരോധാനം ഇവയൊക്കെ കുട്ടിയപ്പനെ ബാധിച്ചിട്ടുണ്ടാവണം.  ചെറുപ്പകാലത്ത് അച്ഛനുമായുള്ള ബന്ധങ്ങളിലെ ഉലച്ചിൽ “അച്ഛൻ തൃഷ്ണ” ( father hunger) യിൽ എത്തിയ്ക്കുകയും അത് പിൽക്കാലത്ത് മറ്റ് ബന്ധങ്ങളെ സ്വാധീനിക്കുകയും ഷണ്ഡത്വം വരെ എത്തിയേക്കാമെന്നുമാണ് ആധുനിക മനഃശാസ്ത്രനിഗമനങ്ങൾ (3). ജഡ്ജിയായിരുന്ന അഛനെ നിരാകരിച്ച് ബൊഹീമിയൻ ജീവിതരീതി സ്വാംശീകരിച്ച കുട്ടിയപ്പനു  അച്ഛൻ ഒരു വെല്ലുവിളി ആയിരുന്നിരിക്കണം. അപ്പനേയും അമ്മച്ചിയേയും അന്വേഷിച്ചതായി പറയേണ്ട എന്ന്  മാലാഖയായി വന്ന കുഞ്ഞമ്മയോട് പറയുന്നുണ്ട് അയാൾ. അച്ഛന്റെ കോട്ടും ടൈയുമണിഞ്ഞ് ആ പ്രതിരൂപത്തിൽ കയറിക്കൂടാൻ ശ്രമിക്കുന്നുമുണ്ട് അയാൾ ആ സമയത്ത്.  മരിച്ചു കിടക്കുന്ന അച്ഛനായി മാറാൻ ശ്രമിക്കുന്നുണ്ട് അയാൾ സി. കെ. ബിന്ദുവിന്റെ അടുക്കൽ. ഇക്കൂടെ അമ്മ സ്ഥിരീകരണ (mother fixation) ത്തിന്റെ ലാഞ്ഛനയുമുണ്ട് അയാളുടെ ലിബിഡോയെ തളർത്താൻ കാരണമായിട്ട്. ലീല  പാചകം ചെയ്ത ഇറച്ചിക്കറി അയാൾക്ക് അമ്മയോർമ്മയാണ് സമ്മാനിക്കുന്നത്, കാമിനിയുടെ നൈവേദ്യരുചി അല്ല. ഇതിനെ മറികടക്കാനുള്ള വഴികളാണ് അയാൾ അന്വേഷിക്കുന്നതും . ലീലയെ മകൾ രൂപത്തിൽ കാണുന്ന സംഭ്രാന്തിയും അയാൾക്കുണ്ടെന്ന് കഥയിൽ (“ഒരു കുഞ്ഞിനോടുള്ള വാത്സല്യം പോലെ അവളുടെ നെറുകയിൽ ഉമ്മവച്ചു”).

          മരണത്തെക്കുറിച്ച് ലഘുവും ലളിതവുമായ ധാരണകളാണു കുട്ടിയപ്പനു. അതിന്റെ ആപേക്ഷികത പലടത്തും അവതരിപ്പിക്കുന്നുണ്ട്, കുട്ടിയപ്പനു അത് പിടി കിട്ടി എന്ന മട്ടാണ്. സി. കെ. ബിന്ദുവിന്റെ മുൻപിൽ മരിച്ചു കിടക്കുന്നത് കുട്ടിയപ്പന്റെ നാടകം. അടക്കാൻ കൊണ്ടുപോയ  ചേട്ടൻ കള്ളുഷാപ്പിൽ വന്നിരിക്കുന്നത്, മരിച്ചു പോയ കുഞ്ഞമ്മ മാലാഖയായി വന്ന് സംവദിക്കുന്നത്, മരിച്ചവർ തിരിച്ചു വന്ന് സന്ദർശിക്കാറുള്ള ദേവസ്സിക്കുട്ടിയുടെ അമ്മച്ചിയുമായി മരിച്ചവൻ എന്ന രീതിയിൽ പെരുമാറുന്നത് ഒക്കെ സ്വതസ്സിദ്ധമായ തമാശുകൾക്ക് അപ്പുറം പോവുന്നവയാണ്. എന്നാൽ ലീലയുടെ ക്ഷിപ്രപരിണാമം അയാൾക്ക് പിടികിട്ടാതെ വരികയാണ്, മരണത്തിന്റെ ആപേക്ഷികതയെക്കുറിച്ച് ചില വൻ തിരിച്ചറിവുകൾക്ക് പ്രാപ്തനാവുകയാണ്.

ലീലയും ലീലയും

   സെക്സ് പ്രതീകത്തിന്റെ സാന്നിദ്ധ്യത്തിൽ അതിന്റെ സഹായത്തോടെ ഇണ ചേരൽ പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും കുട്ടിയപ്പനു ആദ്യമായി എന്തോ അധികതരമായ അനുഭൂതി ലഭിച്ചെന്നുവേണം കരുതാൻ. ആദ്യമായി ഒരു പെണ്ണിനെ കെട്ടിക്കോളാം എന്ന് തീരുമാനിക്കുന്നത് കുറച്ചെങ്കിലും വിജയസാദ്ധ്യത  അനുഭവപ്പെട്ടതുകൊണ്ടായിരിക്കണം. എന്നാൽ ഈ വിജയസാദ്ധ്യത അപ്പാടെ  വിരുദ്ധനിർണ്ണയരീതിയിൽ എത്തുകയാണ് ഉടൻ തന്നെ.

         ആന ഒരു മൃഗമാകുന്നു എന്ന് ദേവസ്സിക്കുട്ടിയുടെ ബുദ്ധിസ്ഥിരത ഇല്ലാത്ത അമ്മച്ചി വിളിച്ചു പറയുന്നുണ്ട്. അനധികൃതലൈംഗികതയുടെ നൃശസത തെളിയിക്കുന്ന സാക്ഷിമൊഴി തന്നെ ഇത്. സ്വന്തം അച്ഛന്റെ കുഞ്ഞിനെ ഗർഭത്തിൽ പേറേണ്ടി വന്നവളാണു ലീല.  സെക്സിന്റെ മൃഗീയത അനുഭവിച്ചു കഴിഞ്ഞവൾക്ക് ഇനി ഒരു വരണസ്വാതന്ത്ര്യമേ   ഉള്ളു. അതിനോട് ചേർന്നുകൊണ്ട് പകരം വീട്ടുക. ആണുങ്ങളാൽ നിഷ്ഠൂരമായി ഘടനാരചന നിർവ്വഹിക്കപ്പെട്ട സമൂഹനീതിയിൽ നിന്ന് വിടുതൽ നേടുന്ന ചെയ്തി.  സ്വന്തമായി ഒരു പേര് പേറാൻപോലും ഉള്ള സാമർത്ഥ്യമോ കുശലതയോ അവൾക്കില്ല എന്നാണ് പുരുഷതീരുമാനം. ഇതിനെ ഖണ്ഡിച്ചുകൊണ്ട്  നിർമ്മമമായ കൂറ്റൻ ലൈംഗികതയോടു ചേരുക, ശുദ്ധവും  അന്തർജ്ജിതവും പ്രകൃതിസ്ഥിതവുമായ ഭോഗത്തിൽ ലയിക്കുക- ഇതാണവളുടെ ഉത്തമവികൽ‌പ്പം. ഓർഗാസം എന്ന മരണം അല്ലെങ്കിൽ മരണം എന്ന ഓർഗാസം അനുഭവിക്കുക. ലീലയെ സംബന്ധിടത്തോളം ‘പൊളിറ്റിക്കലി കറക്റ്റ്’‘ എന്നതിനപ്പുറം ജൈവികതയും സ്ത്രീത്വത്തിന്റെ സ്വാഭാവിക അന്തർചോദന നൽകുന്ന ആർജ്ജവവും അല്ലാതെ മറ്റൊരു തെരഞ്ഞെടുപ്പ്  യഥോചിതം ആകാനില്ല. പ്രജനനപരമായി പെണ്ണിനു ലഭിക്കേണ്ടത് കുട്ടിയപ്പനു നൽകാനാവുമോ എന്ന സംശയവും ഉണ്ട്. മറുവശത്ത് എല്ലാ ശക്തിയോടെയും നിറുത്തിയ ആണത്ത/ലിംഗപ്രതീകം കുട്ടിയപ്പനു ഒന്നും പകർന്നു കൊടുത്തതുമില്ല. മാത്രമല്ല എന്തിനെ കുട്ടിയപ്പൻ ആധാരമാക്കാൻ ശ്രമിച്ചോ അതു തന്നെ തനിക്ക് എതിരായി തിരിഞ്ഞു എന്നതും അയാൾക്ക് അതിപ്രധാനമായ തിരിച്ചറിവുകൾ നൽകിക്കാണണം. അയാൾ നോക്കിനിൽക്കേ മൈഥുനികമായ വിശ്വാസങ്ങൾ അട്ടിമറിക്കപ്പെടുകയാണ്,  ലീല മാതംഗലീലയിലെ ലീലയോട് , ജൈവപരതയോടു ചേരുകയാണ്. “ഉപരിസുരതത്തിനു എന്നപോലെ  ലീലയിലേക്ക് തന്റെ ഭാരത്തെ ഇറക്കി  വച്ചു “എന്ന കഥയിലെ വാചകം മനുഷ്യരുടെ സുരതക്രിയാവിവരണമാണ്. ആനകൾ എന്നല്ല ഒരു സസ്തനിയും ഇണ ചേരുമ്പോൾ ‘ഉപരിസുരതം’ നടത്താറില്ല, പുറകിൽക്കൂടെയാണ് ലിംഗയോനീസംഗമം . (സിനിമയിൽ അതിയഥാർത്ഥവാദി ദൃഷ്ടികോണ (surrealaistic) ത്തിലൂടെ അവതരിപ്പിക്കേണ്ടിയിരുന്ന അവസാന രംഗങ്ങൾ  സ്പഷ്ടവും ചിത്രാത്മകവും (graphic) ആയി എന്നൊരു ദോഷമുണ്ട്).

    ബീജാവാപം ആൺകുലത്തിന്റെ അവകാശമാണ്, കുലം നിലനിറുത്തുന്നതിനു പ്രകൃതി ഘടിപ്പിച്ചു വിട്ടിരിക്കുന്ന വിദ്യയുമാണ്. കുട്ടിയപ്പനെക്കൊണ്ട് ഫാന്റസികളുടെ വലക്കണ്ണികൾക്ക് ഇഴചേർപ്പിക്കുന്നത് ഈ നിയമമാണ്. എന്നാൽ അതേ പ്രകൃതി പെണ്ണിനു ചില തെരഞ്ഞെടുപ്പുകൾ നടത്താനുള്ള സൌജന്യവും സൌകര്യവും നിബന്ധിച്ചിട്ടുണ്ട് എന്നത് പുരുഷകേന്ദ്രീകൃത സമൂഹം അറിയാതെ പോകയാണ്. അതുകൊണ്ടാണ് കുട്ടിയപ്പന്റെ ഭ്രമകൽ‌പ്പന വിപരീതഫലം ഉളവാക്കുന്നത്, ഇവിടെയാണ് കുട്ടിയപ്പൻ  കരഞ്ഞുപോകുന്നത്.  

     Reference:
        1. Osello, F and  Osello, C.  'Ayyappan Saranam': Masculinity and the Sabarimala                                  Pilgrimage in Kerala. The Journal of the Royal Anthropological Institute,  9: 729-754, 2003

         2. Verhaeghe, P. The Riddle of Castration Anxiety: Lacan beyond Freud. The      Letter. Lacanian Perspectives on Psychoanalysis. 6: 44-54, 1996

  1. McLaren, A.  Impotence A Cultural History.  University of Chicago Press  344 p, 2007

  1. Nodar, M. Impact of family dynamics on Narcissism and impotence: A commentary and implications for psychodynamic counselors. The Professional Counselor 2: 201-207, 2012

  1. Cohen, S and Hark I. R. (Ed) Screening the Male. Exploring Masculinities in Hollywood Cinema. Routledge Publications, 272 p, 1994.


  1. Wood, R. Hollywood from Vietnam to Reagan….and Beyond. Columbia Unversity Press, 363 p, 2003

Sunday, March 13, 2011

കരാറെഴുതുമ്പോൾ........

കരാറെഴുതുന്നതിൽ എനിക്കുള്ള ചില എക്സ്പീരിയൻസ് ഇവിടെ പങ്കുവയ്ക്കട്ടെ.

നാലഞ്ചുകൊല്ലത്തിനു ശേഷം ഇത്തവണ നാട്ടിലെത്തിയപ്പോൾ-
നെടുമ്പാശ്ശേരിയിൽ ഡ്രൈവർ കാറുമായി എത്തുമെന്നറിയിച്ചിരുന്നു. ആൾ എന്നെ കണ്ടുപിടിച്ചു. കാക്കനാട്ടെയ്ക്ക് വച്ചുപിടിച്ചു.

വെളുപ്പിനു ഏകദേശം നാലുമണി. പൊതുവേ നിശബ്ദമാണ് പ്രകൃതി.

ഡ്രൈവർ പാട്ടുപ്രിയനാണ്. സി ഡി പ്ലേയറിൽ കുത്തി.
ഇതാ വരുന്നു:
“മന്മനോ വീണയിൽ നീ ശ്രുതി ചേർത്തൊരൂ തന്ത്രികൾക്കാകവേ
തുരുമ്പുവീണൂ....”

“ഇതു വേണോ ചേട്ടാ ഈ കൊച്ചു വെളുപ്പാങ്കാലത്ത്”?-ഞാൻ

സോറി സാറേ”
അയാൾ ആ കുന്ത്രാണ്ടത്തിൽ മറ്റൊരു കുത്തു കുത്തി
“രാഗവും താളവും വേർപിരിഞ്ഞൂ
ഏതാണ്ടിലൊക്കെ കിഴുത്ത വീണൂ”

നാട്ടിൽ വെക്കേഷൻ അടിച്ചു പൊളിയ്ക്കാൻ വരുന്ന എന്റെ തുടക്കം ഇങ്ങനെ തന്നെ, ഇങ്ങനെ തന്നെ ആയിരിക്കണം.

“ വല്ല സുപ്രഭാതവും ഒക്കെ കേൾക്കേണ്ട സമയമല്ലേ ചേട്ടാ” ഞാൻ ഭക്തിമാർഗ്ഗത്തിൽ സഞ്ചരിച്ച് ആനന്ദതുന്ദിലനാകുന്നവനാണെന്ന ധാരണ വച്ചു നീട്ടി.
മറ്റൊരു കുത്ത് പ്ലേയറിൽ

“കണ്ണാ ആലിലക്കണ്ണാ പാലാഴിത്തിരയിൽ......
ഞാനൊരു കന്നിമുക്കുവപ്പെണ്ണ്
എന്റെ തോണിയിലേ പൊന്നു വേണോ പൊന്ന്....“

“ആ ഇതിരിക്കട്ടെ” ഞാൻ.
ഇതൊരു ഭക്തിഗാനമാണോ? ആങ്, പോട്ടെ. സ്വൽ‌പ്പം പുണ്യം കിട്ടുന്നെങ്കിൽ വേണ്ടെന്നു വയ്ക്കേട്ണ്ട.


ഡ്രൈവൻ പണ്ട് മദ്രാസിൽ സിനിമാഫീൽഡിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. സംഭാഷണം ആ വഴി തിരിഞ്ഞു.
“ഹോ എന്തെല്ലാം പുകിലുകൾ കണ്ടിട്ടൊണ്ട് സാറേ. ആ സീമ... സെറ്റിൽ ഐ വി ശശിയുമായുള്ള ചുറ്റിക്കളികളൊക്കെ അന്നേ ഞങ്ങൾ കണ്ടു പിടിച്ചതാ....പിന്നെ ഉണ്ണിമേരി..........”

“ഒരു ചായ കുടിയ്ക്കണം. ചായയിലും എൻഡോസൾഫാൻ കാണുവോ ചേട്ടാ?:-ഞാൻ ഒന്നു മാറ്റിപ്പിടിച്ചു.

അയാൾ ഉണ്ണിമേരിയെ വിട്ടു.എൻഡോസൽഫാൻ കലർത്തി ഡയലോഗിൽ.
ആശ്വാസം.

അളിയന്റെ വീട്ടിലെത്തി. സിനിമാപ്പാട്ടിലൊന്നും താൽപ്പര്യമില്ലാത്ത അളിയനോട് ഈ ഡ്രൈവറെ ആ കാരണത്താൽ പിരിച്ചുവിടാൻ പാടില്ലെന്ന് റെക്കമെൻഡ് ചെയ്തു.
ജെറ്റ് ലാഗ് കാരണം വൈകുന്നെരം തന്നെ ഉറങ്ങിപ്പോയി. എണീയ്ക്കുന്നത് വെളുപ്പിനെ മൂന്നരയ്ക്കാണ്.
അത്യാവശ്യമായി ഒരു ചായയെങ്കിലും കുടിയ്ക്കണം. അടുക്കള ഭാഗത്തേക്ക് നീങ്ങി. തേയില പഞ്ചസാര ഒക്കെ കണ്ടു പിടിച്ചാൽ ഉണ്ടാക്കിയെടുക്കാം. പാൽ ഫ്രിഡ്ജിൽ കാണുമല്ലൊ.
എവിടെയാ സ്വിച്ച്? നാട്ടിലെ സ്വിച്ചുകളൊക്കെ വയ്ക്കുന്നത് വല്ലയിടത്തുമൊക്കെയാണ്. ഇരുട്ടത്ത് തപ്പിപ്പിടിച്ച് ഒന്നു രണ്ടെണ്ണം ഞെക്കി. ഒന്നും നടക്കുന്നില്ല.

മൂന്നാമത്തെ സ്വിച്ച് ഞെക്കിയതോടെ ഒരു ഭൂകമ്പം ഉണ്ടായി. അതിഭയങ്കര ശബ്ദത്തോടെ അടുക്കളമുഴുവൻ കുലുങ്ങി. എന്തോ ഒക്കെ അരയുന്നു ഒടിയുന്നു ചിതറിത്തെറിയ്ക്കുന്നു. എന്തോ ഒരു വൻ സാധനം നീങ്ങിപ്പോകുന്നുണ്ട്. സർവ്വത്ര ഇരുട്ടാണെങ്കിലും ഗ്യാസ് സ്റ്റൌ കുലുങ്ങതു കാണാം.

ഞെക്കിയത് അരി അരയ്ക്കുന്ന യന്ത്രത്തിന്റെ സ്വിച്ചാണ്. ബാലൻസ് ഇല്ലാതെ അത് നിരങ്ങുകയാണ്. ചെറിയ സ്റ്റീൽ പാത്രങ്ങളും സ്പൂണുകളുമൊക്കെ അതിനുള്ളിൽ ഇട്ടു വച്ചിരുന്നു. വലിയ മെറ്റാലിക് ശബ്ദം കേൾക്കുന്നത് അത് എല്ലാം കൂടെ ഒടിഞ്ഞ് മുടിയുന്നതാണ്. സ്വിച്ചുകൾ പലതും ഞെക്കി. യന്ത്രം പൂർവ്വാധികം ശക്തിയിൽ.
അതിന്റെ വയറ് പിടിച്ചു വലിച്ചു നോക്കി. പ്ലഗ് ഊരി വരുന്ന ലക്ഷണമൊന്നുമില്ല. നാട്ടിലെ വയറിങ്ങല്ലെ, ഷോക്ക് അടിച്ചു മരിയ്ക്കുന്നതും എപ്പോഴാണെന്ന് അറിയത്തില്ല.
.

അളിയന്റെ ഉദ്യോഗത്തിന്റെ വശമനുസരിച്ച് വൻ സെറ്റപ്പാണ്. നാലുപാടും സെക്യൂരിറ്റിയുണ്ട്. ചെറിയ അനക്കത്തിനും ഓടി വരാൻ തയാറെടുത്തു നിൽക്കുന്നവർ. സത്യമായിട്ടും അതിലൊരുത്തന്റെ കയ്യിൽ ഒരു തോക്കുണ്ട്. ഞാൻ ശരിക്കും കണ്ടതാ. അവർ വന്നാൽ “അളിയാ ഇതു ഞാനാണെന്നേ, ഞാനാ അളിയാ ഇതു....’ എന്നൊക്കെപ്പറഞ്ഞാൽ എന്നെ കണ്ടിട്ടില്ലാത്ത അവർ “അളിയനോ? ഞങ്ങളൊക്കെ നിന്റെ അളിയന്മാരാടാ. ബയങ്കര സ്നേഹമാടാ നിന്നോട്“ എന്നു പറഞ്ഞ് വാത്സല്യത്തോടെ തരുന്നതൊക്കെ മേടിച്ചോണം. പിന്നെ അളിയൻ തന്നെ ആ ഇരുട്ടിലും ബഹളത്തിലും എന്നെ തിരിച്ചറിഞ്ഞെന്ന് വരില്ല. രാവിലെ കണ്ടപ്പോൾ പറഞ്ഞതു തന്നെ “കഷണ്ടിയൊക്കെ കേറിയപ്പോൾ ഇതു നീ തന്നെയാണോ എന്നു ഞാനോർത്തു” എന്നാണ്.

ചേച്ചി ഓടി വന്ന് ലൈറ്റ് തെളിച്ചു. സ്വിച്ച് ഓഫ് ചെയ്തു. ഷോക്ക് (ഇലക്ട്രിക്ക് ഷോക്കല്ല, മറ്റേ ഷോക്) കാരണം സോഫയിൽ വീണുപോയി.

അടുക്കളയിൽ സഹായിക്കുന്നവൾ പേടിച്ച് എത്തി. “എന്റെ ചേച്ചീ ഭൂമികുലുക്കവും കള്ളൻ കയറിയതും ഒരുമിച്ചാരുന്നെന്നാ ഞാൻ വിചാരിച്ചേ“ എന്നു പറഞ്ഞ് ഒരു മാതിരി കരച്ചിലായി.

പ്ലഗ് ലൂസാരുന്നതിനാൽ കൊട്ടുവടി കൊണ്ട് അടിച്ചുറപ്പിച്ച് ആന പിടിച്ചാലും ഊരാതെ വച്ചിരിയ്ക്കുകയാണെന്ന് ചേച്ചി എന്നെ സാന്ത്വനപ്പെടുത്തി. (മൂന്നാലു ദിവസത്തേയ്ക്കുള്ള ദോശയ്ക്കും ഇഡ്ഡലിക്കുമുള്ളത് അരച്ചു വച്ചിട്ടുണ്ടല്ലോ ചേച്ചീ എന്ന് പിന്നെച്ചോദിക്കാമെന്നു വച്ചു).

സെക്യൂരിറ്റിക്കാർ വന്നു. അളിയൻ കാര്യം വിശദീകരിച്ചു. അരി അരയ്ക്കുന്ന യന്ത്രം അറിയാതെ ഓൺ ആക്കിയതാണ്.
‘ഈ രാവിലെ മൂന്നരയ്ക്കണോ സാറേ അരിയരയ്ക്കുന്നത്?“ അവർക്ക് പിടി കിട്ടുന്നില്ല.

അളിയനു സ്വൽപ്പം തമാശയൊക്കെയുണ്ട്.
“അതേ, ഇങ്ങേരു അമേരിക്കേന്നു വന്നതാ. അവിടെ അരി അരയ്ക്കുന്ന സമയമാ ഇത്. അറിയാതെ ഓർത്തു പോയതാ”

അളിയനുമായി ഒരു കരാറെഴുതാൻ തീരുമാനിച്ചു.

1. രാവിലെ കാറ് കൊടുത്തു വിടുമ്പോൾ ശോകഗാന സി ഡി കൾ എടുത്തു മാറ്റണം.
2. അരിയരയ്ക്കുന്ന യന്ത്ര സ്വിച്ചനടുത്ത് ‘ ഇതു ഞെക്കിയാാൽ തേയില പഞ്ചസാര പാൽ ഇവയൊന്നും കിട്ടുകയില്ല‘ എന്ന് ഇരുട്ടത്തും തെളിയുന്ന ഫ്ലൂസറന്റ് മഷിയിൽ എഴുതി വയ്ക്കണം. .
(രാവിലെ മൂന്നരയ്ക്കു ഇതു ഞെക്കുന്നവനെ ജീവനോടെ വച്ചേക്കുകെല എന്ന് കരാർ മാറ്റിയെഴുതാൻ അളിയൻ ശ്രമിക്കുന്നു).

Thursday, July 23, 2009

സിമിത്തേരിക്കപ്പുറം, കാട്ടിൽ മരത്തിനു കീഴെ....

ഫ്യൂണറൽ ഹോമിൽ നിന്നും ഇറങ്ങിയപ്പോൾ അപ്പച്ചൻ സിമിത്തേരിയിലേക്ക് ഒന്നു കൂടെ പോയി. അതിനു പുറകിലുള്ള കാട് കുറേ നേരം നോക്കി നിന്നു. “എലിക്കുളത്തെ പാപ്പച്ചന്റെ റബർതോട്ടം പോലെ തന്നെയാ” എന്നു പറഞ്ഞതുകേട്ട് സ്റ്റാൻലി ചിരിച്ചു. “അപ്പച്ചാ ഈ നീളമുള്ള മരങ്ങൾ ഇവിടെയെല്ലാം ഉണ്ട്. ദേ ഇവിടുന്ന് പടിഞ്ഞാട്ടു പോയാൽ ഒരു സ്ഥലം മുണ്ടക്കയം മാതിരി തോന്നും”
“അതേ പിറ്റ്സ്ബർഗിലെ മുണ്ടക്കയം” അപ്പച്ചനും ചിരിച്ചു.


കാറെടുത്തു വളവു തിരിയുമ്പോൾ അപ്പച്ചൻ ചെറിയ സ്വരത്തിൽ ചോദിച്ചു. “ഇവിടെയാണോടാ എന്നേം അടക്കുന്നത്”?

“ഈ അപ്പച്ചൻ എന്നാ ഭാവിച്ചോണ്ടാ. ഇന്നലെയല്ലെ ഷുഗറൂം ഒക്കെ ചെക്ക് ചെയ്തത്? വല്യ കൊഴപ്പമില്ലെന്നല്ലെ ഡോക്ടർ പറഞ്ഞത്?” പിന്നെ അപ്പച്ചൻ ഒടനേ എങ്ങും പോകുന്ന ലക്ഷണമില്ല. ചാച്ചന്മാർ മൂന്നുപേര് നല്ല പയറുമണി പോലെയാ ഇരിക്കുന്നെ. പിന്നെയെങ്ങനെയാ അപ്പച്ചന്റെ ചാൻസു വരുന്നേ’

“എടാ എന്നാലും ഇവിടെ വന്നേപ്പിന്നെ എനിക്കൊരു ശ്വാസം മുട്ടലാ. “
സ്വരം താഴ്ത്തി-“ അന്നക്കുട്ടിയെ അടക്കിയതിന്റെ അടുത്തു മതി എന്നേം അടക്കാൻ”

“അപ്പച്ചനെ ഈ ഫ്യൂണറലിനൊന്നും കൊണ്ടു വരേണ്ടാരുന്നു“ റോസ്മേരിയ്ക് സ്വൽപ്പം നീരസം. “ ഞങ്ങടേം കൂടെ മനസ്സു വിഷമിപ്പിയ്ക്കുകയാ”

“സിമിത്തേരിയുടെ പൊറകിലെ ആ കാടൊണ്ടല്ലൊ അത് ശരിക്കും നമ്മടെ പള്ളി സിമിത്തേരിയ്ക്ക്കു പുറകിലുള്ള റബർ തോട്ടം പോലെയാ” അപ്പച്ചൻ നെടുവീർപ്പിട്ടു.

അന്നക്കുട്ടിയെ അടക്കിയ സിമിത്തെരിയ്ക്കു പിന്നിലെ റബർതോട്ടത്തിലേക്ക് അപ്പച്ചന്റെ മനസ്സ് തെന്നി നീങ്ങി. അവരെ അടക്കിയതിന്റെ മൂന്നാം ദിവസം തന്നെ ആ റബർ തോട്ടത്തിൽ ചുറ്റിപ്പറ്റി നടക്കാൻ തുടങ്ങി. ഒരു മരത്തിന്റെ ചുവട്ടിലിരുന്ന് അവരുടെ കല്ലറ വെറുതെ നോക്കിയിരിക്കും.

ആ നിമിഷം തന്നെ നാട്ടിലത്താൻ ഉൽക്കടമായ ഒരു ആഗ്രഹം അപ്പച്ചനിൽ മിന്നൽപ്പിണർ പോലെ പാഞ്ഞു. നാട്ടിലെത്തിയാലോ? അന്നക്കുട്ടിയുടെ കല്ലറ നോക്കിയിരിക്കുമോ? അന്നക്കുട്ടിയുടെ കല്ലറയ്ക്കടുത്തു തന്നെ തൂമ്പാകൾ ഉയർന്നു താഴുന്ന ദൃശ്യം അപ്പച്ചന് ഒരു നിമിഷം മനസ്സിൽ മിന്നി. മരിയ്ക്കാനുള്ള ആശ ഒരു ചെറിയ നടുക്കം പോലുമില്ലാതെ സ്വമേധയാ വന്നുകയറിയതിൽ അപ്പച്ചൻ ഒന്നു വിഭ്രാന്തിപ്പെട്ടു. തന്നെ അടക്കാൻ നാട്ടിലേക്കു കൊണ്ടുപോകാൻ സ്റ്റാൻലി തയാറാവുമോ? സ്റ്റാൻലിക്കു താൽപ്പര്യം ഉണ്ടെങ്കിലും റോസ്മേരി സമ്മതിയ്ക്കുമോ?

ഗ്രീൻ കാർഡിന്റെ കടലാസുകൾ ശരിയായി സ്റ്റാൻലി ടിക്കറ്റും അയച്ചപ്പോഴേ അപ്പച്ചനു സ്വല്പം പരിഭ്രാന്തി ആയതാണ്. അപ്പച്ചൻ ഇനി അമേരിക്കയിൽ സുഖവാസത്തിനല്ലേ പോകുന്നെ ഇനിയെന്നാ വെപ്രാളം എന്നു
എൽസി ചോദിച്ചത് കേട്ടില്ലെന്നു നടിച്ചു. അന്നക്കുട്ടിയുടെ ഒരു ഫോട്ടൊ തപ്പിയെടുത്ത് സ്റ്റുഡിയൊയിൽ കൊടുത്ത് എൻലാർജ് ചെയ്തെടുപ്പിച്ചു. സ്റ്റുഡിയോക്കാരൻ തെളിയാത്തഭാഗങ്ങളിൽ കരവിരുത് കാണിച്ച് അന്നക്കുട്ടിയുടെ സ്വതവേ വിഷണ്ണഭാവം മറ്റൊന്നാക്കി വികൃതിത്തരം ചെയ്തുകൂട്ടി. ദേഷ്യമാണോ സങ്കടമാണൊ മുഖത്ത് എന്നു പറയാൻ പറ്റാത്തവണ്ണം അന്നക്കുട്ടി ഫോട്ടോ നോക്കുന്നവരെ തെല്ലു അലോസരപ്പെടുത്തി. “ഫോടോ എടുക്കാൻ നേരത്തും കഴുവേറ്ട മകൾക്കൊന്നു ചിരിക്കാൻ തോന്നിയില്ല” എന്ന് അപ്പച്ചൻ ആ പടത്തോട് കയർത്തു. “അമ്മച്ചിയ്ക്ക് അല്ലേലും ഒണ്ടാരുന്നു ഒരു മൊകം കൂർപ്പിയ്ക്കല്“ എന്നു എൽസി. ശ്രീയേശുവിന്റെ രണ്ടു ചിത്രങ്ങൾക്കു നടുവിലാണ് സന്തോഷ് ഫോട്ടൊ വയ്ക്കാൻ സ്ഥലം കണ്ടുപിടിച്ചത്. ആണിയടിച്ചു തൂക്കിക്കഴിഞ്ഞപ്പോൾ യേശുവിന്റ് മുഖത്തേക്കാളും സ്വൽപ്പം മുകളിലായി അന്നക്കുട്ടിയുടെ മുഖം. “തമ്പുരാൻ കർത്താവിന്റെ ഒപ്പം ഇരിയ്ക്കുന്നോടീ നീയ്’ എന്നു പറഞ്ഞ് അപ്പച്ചൻ തന്നെ സ്റ്റൂളിൽ കയറി ഫോട്ടോ ഇളക്കൻ ശ്രമിച്ചപ്പോൾ എൽസി വന്നു തടയിട്ടു. “അപ്പച്ചനെന്തിനാ ഇപ്പൊ അതൊക്കെ ചെയ്യുന്നത്. സന്തോഷ് ചെയ്യുകേലേ അതൊക്കെ” എന്നവൾ. സന്തോഷ് വന്നു ഫോട്ടോ ഇളക്കിപ്രതിഷ്ഠിച്ചപ്പോഴെ അപ്പച്ചന് ഇരിക്കപ്പൊറുതി വന്നുള്ളു.

പിറ്റ്സ്ബർഗിലേക്ക് തിരിക്കുന്നതിന്റെ തലേന്ന് അന്നക്കുട്ടിയുടെ യാത്രയ്ക്കുവേണ്ടി പ്രത്യേകം കരുതിവാങ്ങിച്ച നേര്യത് കവണി അപ്പച്ചൻ തന്നെ എടുത്തുകൊണ്ടു വന്നു. നീളത്തിൽ ഞൊറിഞ്ഞ് പടത്തിന്റെ മുകളിൽ ഒരു നൂൽക്കമ്പി കെട്ടി ഉറപ്പിച്ച് ഫ്രെയിമിനു രണ്ടു വശത്തേയ്ക്കും ഒതുക്കിയിട്ടു. എൽസി നോക്കിനിന്നു കരയാനായപ്പോൽ “ഇതെന്തിനാ എന്റെ പെട്ടിയിൽ ഇനിയും വയ്ക്കുന്നേ ഇവിടെയാരിക്കും ഭംഗി” എന്നൊക്കെ ചാതുര്യം പറയാൻ ശ്രമിച്ചു അപ്പച്ചൻ. നെടുമ്പാശ്ശേരിയിലേക്കു പോകാൻ സന്തോഷ് കാറുമായി എത്തിയപ്പോഴും അപ്പച്ചൻ കവണിയുടെ ഞൊറിവുകൾ ഒന്നു കൂടി അടുക്കിയിട്ടേ ഇറങ്ങിയുള്ളു.

പിറ്റ്സ്ബർഗിലെ തണുത്തകാറ്റിൽ അപ്പച്ചന്റെ ദീർഘനിശ്വാസങ്ങൾ അലിഞ്ഞുപരന്നു. രാത്രിയിൽ ‘ഏഷ്യാനെറ്റ് കാണണ്ടെ അപ്പച്ചാ’ എന്നോ “അപ്പച്ചനു ഒരു ഡ്രിങ്ക് തരട്ടെ“ എന്നൊക്കെയോ സ്റ്റാൻലി ചോദിച്ചത് ഒഴിവാക്കിയ മട്ടായിരുന്നു അപ്പച്ചന്. ബെഡ്രൂമിൽ ജനലിൽ കൂടെ ഏറെ നേരം പുറത്തേയ്ക്കു നോക്കി നിൽക്കുന്നത് റോസ്മേരി ഒന്നു ശ്രദ്ധിച്ചിരുന്നു.

പാതിരാ കഴിഞ്ഞു നേരം കുറെ ആയിക്കാണും അപ്പച്ചൻ ബെഡ് റൂമിനു പുറത്ത് നേരിയ ഒരു കാൽപ്പെരുമാറ്റം കേട്ടു. കഞ്ഞിമുക്കി ഉണങ്ങിയ മുണ്ടിന്റെ കശകശ ശബ്ദം. ചാരിയിട്ടിരുന്ന വാതിൽ തുറന്നു. അന്നക്കുട്ടിയാണ്. അലക്കിത്തേച്ച മുണ്ടിന്റേയും ചട്ടയുടേയും വെളുപ്പ് കണ്ണഞ്ചിയ്ക്കുന്നു. ഫോട്ടോയിൽ താൻ ചാർത്തിയ കസവു കവണി ചുറ്റിയിരിക്കുന്നു.

“വന്നേ“ അന്നക്കുട്ടി അപ്പച്ചന്റെ കയ് പിടിച്ചു സാവധാനം മുന്നോട്ടാഞ്ഞു.
ഒരു സ്കൂൾകുട്ടി മാതിരി അപ്പച്ചൻ അനുസരിച്ചു. താഴേയ്ക്കുള്ള പടികളിറങ്ങി.

പുറത്തേയ്ക്കുള്ള വാതിൽ അന്നക്കുട്ടി തന്നെ ശബ്ദമുണ്ടാക്കാതെ തുറന്നു. അത്യാഹ്ലാദത്തോടെ അപ്പച്ചൻ പിന്തുടർന്നു. “എങ്ങോട്ടാടീ ഈ രാത്രിയില്” എന്നു ചോദിക്കാനാഞ്ഞെങ്കിലും വേണ്ടെന്നു വച്ചു. എന്നും തനിയെ നടക്കാൻ പോകുന്ന വഴികൾ. ഇന്ന് അന്നക്കുട്ടി കൂടെ. അപ്പച്ചന് ഉത്സാഹമായി.

“ഞാൻ നേരത്തെ വരാത്തതിന് എന്നോട് കെറുവൊണ്ടോ?’ അന്നക്കുട്ടി നടത്തത്തിനു വേഗത കുറച്ചില്ല.

“നീ വരുമെന്നു പോലും ഞാൻ വിചാരിച്ചില്ല” അപ്പച്ചന്റെ വാക്കുകളിൽ സന്തോഷം തിളങ്ങി. “അതെങ്ങനെയാ ഗ്രീൻ കാർഡു കിട്ടുന്നതിനു മുൻപു തന്നെ നിന്നെയങ്ങോട്ടു കെട്ടിയെടുത്തു”.

“ഗ്രീൻ കാർഡ്! ഹ ഹ ...” അന്നക്കുട്ടിയുടെ ചിരി സ്വൽപ്പം മുഴക്കത്തിലായിപ്പോയി.

ബ്രൂക് ഡെയിൽ റോഡും ഹിന്റെർലോങ് അവെന്യുവും കൂടിച്ചേരുന്നിടത്ത് അവർ ഒന്നു നിന്നു. ഇനിയുള്ള വഴികൾ അപ്പച്ചനു പരിചയമില്ല. അന്നക്കുട്ടി നിശ്ചയദാർഢ്യത്തോടെ റോഡു മുറിച്ച് നാലുവരിപ്പാതയായ ബ്രൂക്ഡെയിലിൽ കൂടെ നടന്നു തുടങ്ങി.

“നിനക്കീ വഴിയൊക്കെ അറിയാവോടീ? സ്റ്റാൻലി എപ്പഴും കാറിൽ ഒരു യന്ത്രം വച്ചാ വഴി കണ്ടു പിടിയ്ക്കുന്നത്. എന്നിട്ടും അവനു ചിലപ്പം വഴി തെറ്റും”

‘ അതോ എവിടെയാ എത്തേണ്ടത് എന്നൊരു തോന്നൽ അങ്ങു വന്നാൽ പിന്നെ ആ നേരേ അങ്ങോട്ടു നടന്നോണ്ടാൽ മതി” അന്നക്കുട്ടി നാടൻ യുക്തി നിരത്തി. “ഇച്ചിരൂടെ പെട്ടെന്നു നടക്ക് എന്റെ ഇച്ചായാ”

പാർക് അവെന്യുവും വുഡ്ലോൺ അവെന്യുവും കോട്ടേജ് ഗ്രൊവും പിന്നിട്ട് ഓക്കു മരങ്ങളും മേപ്പിൾ മരങ്ങളും ഇരുട്ടിനുമേൽ പിന്നെയും നീട്ടിയിട്ട നിഴലുകൾക്കിടയിലൂടെ തിടുക്കത്തിൽ അവർ നീങ്ങി. വല്ലപ്പൊഴും ഓടി മറയുന്ന കാറകൾക്ക് വഴി കൊടുക്കാൻ ഒരു ഒരു ജങ്ക്ഷനിൽ അവർ തെല്ലിട നിന്നു. കുസൃതിത്തം തൊട്ടുതേച്ച അന്നക്കുട്ടിയുടെ മൂക്കിനു വശത്തെ മറുക് ഇരുട്ടത്തും തിളങ്ങിയത് അപ്പച്ചൻ ശ്രദ്ധിച്ചു. അവരെ പൂണ്ടടടക്കം കെട്ടിപ്പിടിച്ചു. അന്നക്കുട്ടി അതിൽ ഒതുങ്ങിക്കൂടി നിന്നു. കാപ്പിപ്പൂവിന്റെ സുഗന്ധം അപ്പച്ചൻ ശ്വാസം വലിച്ച് ഉൾക്കൊണ്ടപ്പോൾ തെല്ല് ഉന്മത്തനായി. ആവേശം ഏറെച്ചെന്ന രാത്രിയുടെ ക്ഷീണത്തിനു വഴി മാറി. അന്നക്കുട്ടിയുടെ കയ്യും പിടിച്ച് നടത്തം തുടർന്നു.

സിമിത്തേരിയ്ക്കപ്പുറം കാട്ടിൽ കടന്നതോടെ അപ്പച്ചൻ വിളിച്ചു പറഞ്ഞു “അമ്പടീ നിന്റെ ഒരു സാമർത്യം! ഇങ്ങോട്ടു തന്നെ നീ കൊണ്ടുവന്നു” ഉറക്കെ ചിരിക്കാൻ അന്നക്കുട്ടി സമ്മതിച്ചില്ല. “ഒരു ചെത്തോം ഇല്ലാത്ത സ്തലമാ. ഇത്രേം ഒച്ച വേണ്ട.”

“ഇത്രേം നടന്നതല്ലെ എനിയ്ക്ക് ഇരിയ്ക്കണം” അപ്പച്ചൻ അന്നക്കുട്ടിയുടെ തോളിലേക്കു ചാഞ്ഞു.

“ദേ ഇവിടെത്തന്നെ” അന്നക്കുട്ടി ഒരു മരത്തിന്റെ കീഴെ കരിയിലകൾ മാറ്റി സ്ഥലം വെടിപ്പാക്കി. കാലുകൾ നീട്ടിയിരുന്നു. അൽപ്പം നനവുള്ളതെങ്കിലും നിലത്ത് അപ്പച്ചൻ ചുരുണ്ടു കൂടിക്കിടന്നു. അവർ അപ്പച്ചന്റെ തല സാവധാനം മടിയിൽ എടുത്തു വച്ചു.

“ഇച്ചിരെ തണുക്കുന്നുണ്ട്” അപ്പച്ചനിൽ ഒരു കുളിർ പാഞ്ഞു.

“ദേണ്ടെ പൊതപ്പിക്കാം.” അന്നക്കുട്ടി കസവു കവണി അഴിച്ച് ആകെ പുതപ്പിച്ചു. അപ്പച്ചൻ ഒരു നിർവൃതിയിലെന്നപോലെ മെല്ലെ കണ്ണുകളടച്ചു.

പിറ്റേന്ന് പോലീസും ചില സന്നദ്ധസേവാംഗങ്ങളും ഒരുപാടു മലയാളികളും വ്യാപകമായി തെരഞ്ഞതിനു ശേഷമാണ് അപ്പച്ചന്റെ ദേഹം കണ്ടുകിട്ടിയത്. സിമിത്തേരിയ്ക്കപ്പുറം കാട്ടിലെ മരത്തിനു കീഴെ പിണച്ചകൈകളീൽ തല വച്ച് ഉറങ്ങുന്ന മട്ടിൽ. മോർച്ചറിയിൽ വച്ച് പോലീസ് കസവു കവണി മടക്കി കൊടുത്തപ്പോൾ സ്റ്റാൻലിയും റോസ്മേരിയും പരസ്പരം നോക്കി, ഒരു ഞെട്ടൽ ഉള്ളിലൂടെ പാഞ്ഞു. കവണിയുടെ നടുക്ക് നൂൽക്കമ്പി കെട്ടിയിടത്തെ തുരുമ്പ് പുതുതായിത്തന്നെ അതിലുണ്ടായിരുന്നു.

തലേ ദിവസം പെട്ടെന്നു കവണി കാണാതെ പോയത്തിൽ ഒരു വെപ്രാളത്തിൽ ആയിരുന്നു എൽസി. സ്റ്റാൻലി വിളിച്ച് മരണവിവരം പറഞ്ഞപ്പോൾ കവണിയുടെ കാര്യം പറഞ്ഞതുമില്ല.

പക്ഷേ എൽസി വേറൊരു കാര്യം സ്റ്റാൻലിയോടും പറഞ്ഞില്ല. തലേന്നു രാത്രി കവണി കെട്ടിവച്ചിരുന്ന നൂൽക്കമ്പി അഴിഞ്ഞും കിടക്കുന്നല്ലൊ എന്നു കണ്ട് ഫോട്ടൊ സൂക്ഷിച്ചു നോക്കിയപ്പോൽ അവൾക്ക് തല ചുറ്റിപ്പോയി.

അമ്മച്ചി ഫോട്ടോയിൽ അതിമനോഹരമായി ചിരിക്കുന്നു.

Thursday, July 16, 2009

ഭഗവദ് ഗീത വീഴുമ്പോൾ

“വിളക്കു കൊളുത്തിയല്ലൊ ഇല്ലേ? എന്നാൽ ഭഗവദ് ഗീത വായിക്കാം”
അയാൾ ബാൽക്കണിയിലെ ചൂരൽ കസേരയിൽ ഇരിപ്പുറപ്പിച്ചു.  ഭാര്യ നേരേ മുൻപിൽ മറ്റൊരു കസേരയിൽ ഇരുന്നു. മഴപെയ്യാൻ പോകുന്നതിനു മുൻപായി വീശിയകാറ്റിലും അവർ വിയർത്തിരുന്നു. പെട്ടെന്നു വർദ്ധിച്ച ചങ്കിടിപ്പ് അവഗണിയ്ക്കണോ എന്നറിയാതെ  കുഴങ്ങി.

അടയാളം വച്ച പേജ് തുറന്നു, അയാൾ.
“അഥ കേന പ്രയുക്തോ യം പാപം ചരതി പൂരുഷഃ
അനിച്ഛന്നപി വാർഷ്ണേയ ബലാദിവ നിയോജിതഃ”

“മനസ്സിലാകുന്നുണ്ടോ നിനക്ക്” അയാൾ ഭാര്യയുടെ മേൽ ചോദ്യമെറിഞ്ഞ് പ്രൌഢി നടിച്ചു.

“എന്നു വച്ചാൽ , അർജ്ജുനൻ ചോദിച്ചു, വാർഷ്ണേയ, എന്തിനാലാണ് ഒരാൾ തനിയ്ക്കിഷ്ടമില്ലെങ്കിൽ‌പ്പോലും ബലാൽക്കാരേണയെന്നപോലെ പാപം ചെയ്യാൻ പ്രേരിതനാകുന്നത് എന്നാണ്.“
 പുറത്ത് ഇരുട്ടു കനത്തിരുന്നു. മങ്ങിയ ബാൽക്കണി വെളിച്ചത്തിലും അയാളുടെ നെറ്റിയിലെ ചന്ദനം ഒട്ടൊന്നു തിളങ്ങിയത് ഒരിളിഭ്യച്ചിരി പോലെ അവരിൽ വന്നു തറച്ചു.

മനസ്സിലായോ ഇല്ലയോ എന്നൊനും വെളിവാക്കാതെ നിശ്ചലയായി ഇരുന്നു അവർ.

അകത്ത് കിടപ്പുമുറിയിൽ  നിന്നും മകളുടെ നേർത്ത ഞരക്കം പോലും കേൾക്കുന്നില്ല എന്ന വിചാരം അമ്മ യിൽ വീണ്ടും ഒരു നടുക്കം സൃഷ്ടിച്ചു.  നേർമുകളിലെ സീലിങ്ങിലെ അദൃശ്യബിന്ദുവിൽ കണ്ണും നട്ട് മകൾ കിടന്നു. .  അടിവയറ്റിനും താഴെയുള്ള നീറ്റൽ ഇല്ലെന്നു സ്വയം ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചില്ല അവൾ. എട്ടാം ക്ലാസ് പാഠപ്പുസ്തകങ്ങളിലൊന്നും അച്ഛനു സമീപം മകൾ മകളല്ലാതെയാവുന്നതിന്റെ ശാ‍സ്ത്രമോ സാമൂഹ്യപാഠമോ ഹോം സയൻസ് വിദ്യകളോ ഇല്ലെന്നു അവൾ അറിഞ്ഞുകഴിഞ്ഞിരുന്നു. ആ സമയങ്ങൾക്ക് എന്ത് ആപേക്ഷികതയാണ് സിദ്ധാന്തങ്ങൾ കണ്ടുപിടിച്ചു തരുന്നത് എന്നു  പഠിയ്ക്കാനുള്ള പ്രായവും ആയിട്ടില്ല അവൾക്ക് എന്ന് മുന്നേ അറിവുണ്ടായിരുന്നു. വെറുതേ സീലിങ്ങിലുള്ള വെളുപ്പിൽ നോക്കി അവൾ കിടന്നു.

അയാൾ വായന  തുടർന്നു.
‘ധൂമേനാവ്രിയതേ വഹ്നിർ യഥാദർശോ മലേന ച
യഥോൽബേനാവൃതോ ഗർഭസ്തഥാ തേനേദമാവൃതം”

“പുക തീയിനെ എന്ന പോലെയും പൊടി കണ്ണാടിയെയെന്നപോലെയും ഗർഭാശയം ഭ്രൂണത്തെയെന്നപോലെയും ജീവാത്മാവിനെ വ്യത്യസ്തമായ അളവുകളിലുള്ള കാമം ആവരണം ചെയ്തിരിക്കുന്നു.”
“ഹ ഹ ഹ... ഈ മനുഷ്യരുടെ ഒരു കാര്യമേ. ആസക്തി വെടിഞ്ഞിട്ട് ഒരു കാര്യമുണ്ടോ?  പിന്നെ മലയാളികൾക്കിടയിൽ കൺസ്യൂമെറിസം കൂടുതലാണത്രെ. നീ അറിയുന്നുണ്ടായിരിക്കുമല്ലൊ.ഭഗവാൻ ശിക്ഷിക്കാതിരിക്കുമോ ഇവറ്റകളെയൊക്കെ? നാമം ജപം ഉള്ള എത്ര വീടുകളുണ്ട്? ഭഗവദ് ഗീത നമ്മളെപ്പോലെ കുറച്ചുപേർ മാത്രം വായിക്കുന്നതേ കാണുകയുള്ളു..” ഭക്തിപാരവശ്യങ്ങൾക്കിടയിൽ ചില യുക്തികളും കയറ്റാനായി അയാളുടെ ശ്രമം.


അവർ ഒരു നിമിഷം അയാളുടെ മുഖത്തു തന്നെ  കണ്ണു നട്ടു. പെട്ടെന്ന് ബാൽക്കണിയിലെ ബൾബണച്ചു. നേരെ ചെന്ന് അയാളുടെ കയ്യിലെ ഭഗവദ് ഗീത ഒറ്റ വലിയ്ക്കു പിടിച്ച് കയ്യിലാക്കി.

ഒരു ചെറിയ ബലപ്രയോഗത്തോടെ ബാൽക്കണിയിൽ നിന്നും താഴേക്ക് ഇട്ടു.

ഒരു പുസ്തകത്തിന്റേതല്ല,  ഭാരമുള്ള എന്തോ  വീണ ശബ്ദം ഏറ്റവും താഴത്തെ ഫ്ലാറ്റിലുള്ളവർ കേട്ടു. ഒരു നിലവിളിയും കേട്ടതായി ചിലർക്കു തോന്നി.

Friday, July 10, 2009

ഡെൽഹിയിൽ നിന്നും വന്ന മകൻ

ബലിക്കല്പുരയിൽ അവരെ കണ്ടപ്പോൾ ശാന്തിക്കാരൻ തെല്ലൊന്ന് വിസ്മയിച്ചു. ”ഇത്ര രാവിലെ എങ്ങനെയെത്തി? നടന്നു വരാൻ വഴിയില്ല”
"ഹേയ് നടന്നൊന്നുമല്ല.  ഈ കാലും വച്ച് എങ്ങനെ നടക്കാൻ.  ഡ്രൈവർ കൂടെയുണ്ട്” അവർ പറഞ്ഞു.

“അല്ലെങ്കിലും അന്നേൽ‌പ്പിന്നെ ഡ്രൈവ് ചെയ്യുകേലെന്ന് എനിക്കറിയാം” ശാന്തിക്കാരന്റെ ഈ പ്രസ്താവനയിൽ അവർ ഒന്നു പതറി. കേട്ടില്ലെന്നു മട്ടിൽ ശ്രീകോവിലിനു നേരെ തിരിഞ്ഞ് കണ്ണടച്ചു.  ഒരു നിമിഷത്തിനു ശേഷം സ്വരം ദൃഢീകരിച്ചു.
“മകൻ വന്നത് കണ്ടില്ലെ. ഇന്നലെ വന്നതേ ഉള്ളൂ. പിറന്നാളിനു തന്നെ എത്തി. ദേ ഞാൻ നിർബ്ബന്ധിച്ചാ അമ്പലത്തിലേക്കു കൊണ്ടു വന്നത്” അവർ ഒന്നു ചിരിക്കാനും  ശ്രമിച്ചു.

“അതു പിന്നെ എനിയ്ക്കറിയാൻ മേലേ. തൃക്കേട്ട. മീനമാസത്തിൽ. വഴിപാട് പതിവുള്ളതാണല്ലോ" അവർ സ്വൽ‌പ്പം മോടിയിൽ വസ്ത്രമണിഞ്ഞിട്ടുണ്ടെന്ന് ശാന്തിക്കാരൻ ശ്രദ്ധിച്ചു.

രഹസ്യം പറയുന്നപോലെ അവർ ശാന്തിക്കാരനൊട് അടുത്ത് നിന്നു പറഞ്ഞു. “ഇത്തവണ കല്യാണം ഉണ്ടുകേട്ടോ. ഇവൻ ഇങ്ങനെ നടന്നാൽ പോരല്ലൊ. പെണ്ണുകാണലിനു സമ്മതിച്ചിട്ടുണ്ട്. അമ്മയെ ഒന്നന്വേഷിക്കൽ ഉണ്ടൊ ഇവന്? അത്പോട്ടെ സ്വന്തം കാര്യം നോക്കുന്നുണ്ടോ? “

പിന്നെ പുറകോട്ട് തിരിഞ്ഞ് ചെറുതായി ചിരിച്ചുകൊണ്ട്  ഇത്രയും. “ജോലിയാണത്രെ ജോലി! ഇങ്ങനെയുമുണ്ടോ ഒരു ജോലി? ഡെൽഹിയിൽ എല്ലാരും ഇങ്ങനെയൊന്നുമല്ലെന്നേ“.

ശാന്തിക്കാരൻ മ്ലാനമായ മുഖം മറയ്ക്കാൻ ശ്രമിച്ചു. ധിറുതിഭാവിച്ച് അകത്തേയ്ക്കു പോയി.


     അടുത്ത അമ്പലത്തിലേക്കു പോകുന്ന വഴി പാലം കടന്നപ്പോൾ ഡ്രൈവർ ശ്രദ്ധിച്ചു. പാലത്തിന്റെ കൈവരി പൊളിഞ്ഞത് ഇനിയും അറ്റകുറ്റപ്പണി ചെയ്തിട്ടില്ല. പൊളിഞ്ഞ കോൺക്രീറ്റിൽ നിന്നും കമ്പികൾ വളഞ്ഞും തിരിഞ്ഞും എഴുന്നു നിൽക്കുന്നു. പുറകിലത്തെ സീറ്റിൽ അവർ സന്തോഷവതിയായിട്ടാണ് ഇരിപ്പ്. ഇങ്ങനെ ഈയിടെ എങ്ങും കണ്ടിട്ടില്ല.

    ഗണപതിയമ്പലത്തിലും ശാന്തിക്കാരൻ അവരെ കണ്ടതോടെ മകന്റെ പിറന്നാൾ ദിവസമാണെന്ന് ഓർമ്മിച്ചെടുത്തു. അവർക്ക് ഉത്സാഹം കൂടി. “ഇന്നു തന്നെ എല്ലാ അമ്പലങ്ങളിലും പോകണമെന്നു പറഞ്ഞ് രാവിലെ നിർബ്ബന്ധിച്ചാ ഇവനെ എഴുനേൽ‌പ്പിച്ചത്. ഡെൽഹിയിലാണെങ്കിൽ അത്ര നേരത്തെ ഉണർന്നെണീയ്ക്കുകേലെന്ന്!   ഇവിടെ വന്നാൽപിന്നെ ഞാൻ പറയുന്ന പോലെ കേൾക്കാതിരിക്കാൻ പറ്റുവൊ?. ഒന്നും പറയാതെ എന്റെ കൂടെ ഇങ്ങു പോന്നു.”

ശാന്തിക്കാരന് ഒന്നും പറയാനുണ്ടായിരുന്നില്ല.

“അല്ലെങ്കിലും മിണ്ടാട്ടം വളരെ കുറവാ ഈയിടെ അവന്” അവർ തന്നോടു തന്നെ പറഞ്ഞു.

ശാസ്താമ്പലത്തിൽ കൊച്ചുതിരുമേനിയെ കണ്ടതോടെ അവർക്ക് നിയന്തണം വിട്ടു. “കേട്ടൊ മധുക്കുഞ്ഞേ ഇവനോട് ഒന്നു പറയണേ. നിങ്ങളു ഒന്നിച്ചു പഠിച്ചവർ. വല്യ കൂട്ടുകാർ അല്ലാരുന്നോ? മധുക്കുഞ്ഞിനു മൂന്നുവയസ്സായ കുഞ്ഞു വരെ ആയി. ഇവനെ ഒന്നു കാണാൻ കിട്ടുന്നുണ്ടോ? അവന്റെ ഒരു ഡെൽഹിയും ജോലിയും. ഇങ്ങനെ വല്ലപ്പോഴും വരും. കല്യാണക്കാര്യം പറയുമ്പോൾ ഒന്നും മിണ്ടുകേം ഇല്ല. അല്ലെങ്കിൽ തന്നെ എന്നോട് വല്ലതും മിണ്ടുകേം പറയുകേം ചെയ്യുമോ ഇവൻ? ഇനി ഡെൽഹിയിൽ പരിചയക്കാരി ഉണ്ടെങ്കിൽ അതും ആയിക്കോട്ടെ.  എനിക്കു വിരോധമൊന്നും ഇല്ലെന്നേ. മധുക്കുഞ്ഞ് ഒന്നു ചോദിച്ചു നോക്കിയേ.“

പ്രസാദം നിറച്ച ഇലക്കീറ്‌ കൊടുത്തപ്പോൾ കൊച്ചുതിരുമേനി അവരുടെ കയ്യുകൾ അടക്കിപ്പിടിച്ചു. കണ്ണുകളിൽ തന്നെ നോക്കി. കരച്ചിൽ അടക്കാൻ വയ്യാതെ കൊച്ചുതിരുമേനി വശത്തേയ്ക്കു മുഖം തിരിച്ചു.

     പുറത്ത് കാത്തുനിന്ന ഡ്രൈവറോട് ഉച്ചത്തിൽ തന്നെ അവർ പറഞ്ഞു. “വേഗം പോകാം. സുബ്രഹ്മണ്യന്റെ അമ്പലത്തിൽ ഉച്ചപ്പൂജ കഴിയുന്നതിനു മുൻപു തന്നെ എത്തണം. വിഷ്ണുത്തിരുമേനിയ്ക്ക് അറിയാം ഞാനും മോനും ഇന്ന് എത്തുമെന്ന്. എന്നാലും വേഗം ചെല്ലണം”

“തിരുമേനിയേ ഞങ്ങളിങ്ങെത്തി കേട്ടൊ” ഉറക്കെപ്പറഞ്ഞുകൊണ്ടാണ് അകത്തെത്തിയത്. അകത്തു നിന്നും ഇറങ്ങിവന്ന പുതിയ ശാന്തിക്കാരൻ തന്നെ പരിചയമുള്ള ആരെങ്കിലുമായിരിക്കും എന്നു കരുതി  ചെറിയ ഒരു ചിരി വരുത്തി.

പുതിയ ശാന്തിക്കാരനെ കണ്ടിട്ടും അവർ ദൃഢത വിടാതെ പറഞ്ഞു “ തിരുമേനി പുതിയ ആളാ ഇവിടെ അല്ലേ? ഈ ദിവസം ഞങ്ങൾ എത്തുമെന്ന് വല്യതിരുമേനിക്ക് ആണെങ്കിൽ ശരിക്കും അറിയാം കേട്ടൊ. മോന്റെ പിറന്നാളാ ഇന്ന്. ദാ അവനാ കൂടെ. ഡെൽഹിയിൽ നിന്ന് ഇന്നലെ എത്തിയതേ ഉള്ളു. ഇങ്ങോട്ടു മാറി നിക്കടാ. തിരുമേനി നിന്നെ കണ്ടിട്ടേ ഇല്ലല്ലൊ”

     ശാന്തിക്കാരൻ ശരിക്കും അന്ധാളിച്ചു. ‘ ആരുടെ കാര്യമാ നിങ്ങൾ പറയുന്നത്? കൂടെ ആരുണ്ടെന്ന്?’ അയാളുടെ നോട്ടം അവരുടെ പുറകിലെ ശൂന്യത കടന്ന് പഴകിദ്രവിച്ച തിടപ്പള്ളിയുടെ പലകകൾ വരെ ചെന്നെത്തി.

അവർ ശരിക്കും പകച്ചു.  തുറിച്ചുപോയ കണ്ണുകൾ ശാന്തിക്കാരന്റെ മുഖത്തിനും അപ്പുറം പാഞ്ഞു. പെട്ടെന്നു പുറം തിരിഞ്ഞു. ഒരു ഓട്ടത്തിന്റെ വേഗതയിൽ പുറത്തെത്തി.

പാലം കടന്നപ്പോൾ അവിടെ നിറുത്താൻ ഡ്രൈവറോട് പറഞ്ഞു. പൊളിഞ്ഞ കയ്‌വരി ചേർന്ന് അവർ കണ്ണടച്ച് നിന്നു.  കയ്യിലെ ഇലക്കീറുകൾ മടക്കു നിവർത്തി താഴേയ്ക്ക് കുടഞ്ഞു.

താഴെ മണലിൽ അവിടവിടെയായി പൊന്തി നിന്ന ഒരു കാറിന്റെ തുരുമ്പിച്ച ലോഹക്കഷണങ്ങളിൽ ശർക്കരപുരണ്ട തേങ്ങാപ്പൂളും അതിന്മേൽ പറ്റിയ തുളസിയിലകളും ചെന്നു പതിച്ചു.

Thursday, July 2, 2009

ഇദം ന മമ

പൊളിഞ്ഞുതുടങ്ങിയ വീടിന്റെ പുറംകോണിലെ ചെടികൾക്കു പിന്നിൽ അവൻ ബൈക്ക് നിറുത്തി. പുറകിൽ നിന്നും അവളാണ് ആദ്യം ഇറങ്ങിയത്.
“ഒരു ഹോട്ടൽ മുറി കിട്ടാഞ്ഞിട്ടാണോ” അവൾക്ക് നീരസം.
‘ഇവിടെയാകുമ്പം ആരും അത്ര അറിയുകേലല്ലൊ“. അവൻ തോന്നിയ യുക്തി പ്രയോഗിച്ചു. പോക്കറ്റിലെ നോട്ടുകളിൽ തടവിയത് ഇരുട്ടത്തും അവൾ കാണുന്നുണ്ടെന്നു വിചാരിച്ചു.

അകത്ത് ഒരു മുറിയേ കുറച്ചു ഭേദമുള്ളു. ബാക്കിയൊക്കെ നനഞ്ഞൊലിച്ച് വൃത്തികേടായി കിടക്കുന്നു.
ചാരിക്കിടന്ന വാതിൽ തുറന്ന്‌ അവനും പിന്നാലെ അവളും.
“ഇവിടെ ഒരു കട്ടിൽ ഉണ്ടായിരുന്നല്ലൊ” അവൾ പിറുപിറുത്തു.
“ഇവിടെ വന്നിട്ടുണ്ട് അല്ലെ” കട്ടിലില്ലാത്തത് കുറവെന്ന ജാള്യത മറയ്ക്കാൻ അവൻ മറുചോദ്യമെറിഞ്ഞു.

“ഇവിടുന്ന് എടുത്തോണ്ടു പോകാൻ അതേ ബാക്കി ഒള്ളാരുന്നാരിക്കും.” അവൻ മെഴുകുതിരി കൊളുത്തി ഒരുകോണിൽ വച്ചു.

“എന്റെ ബാഗിൽ ഒരു ഷീറ്റ് ഉണ്ട്. അതു വിരിയ്ക്കാം” അവൾക്ക് സമ്മതമാകുമെന്ന ആശ അവന്.

“ഈ വൃത്തികെട്ട നിലത്ത്? ഒരു ഷീറ്റിന്മേൽ കിടക്കാനോ? എനിയ്ക്കു വയ്യ.‘ അവൾ എങ്ങോട്ടെന്നില്ലാതെ നോക്കി.
അവൻ ചുറ്റിനും ഒന്നു പരതി. ഒരു കോണിൽ കൂമ്പാരം കൂട്ടിയിരിക്കുന ഓലക്കെട്ടുകളിൽ നോട്ടം തറച്ചു. അതിബുദ്ധിമാനാണെന്ന തോന്നലിൽ ആഹ്ലാദം കൊണ്ടു. താളിയോലകളാണ്. ഈർപം കൊണ്ട് സ്വൽ‌പ്പം പതം വന്നിട്ടിട്ടുണ്ട്. വാരി മുറിയ്ക്കു നടുക്ക് ഇട്ടിട്ട് ഓരോന്നായി നിലത്ത് അടുപ്പിച്ച് നിരത്തി. നാലഞ്ചു വരികളായി.

ജനലിൽ കൂടെ വന്ന അരണ്ട വെളിച്ചത്തിൽ താളിയോലകളിലെ അക്ഷരങ്ങൾ ഒന്നു കണ്ണുചിമ്മിത്തുറന്നു.

അവൻ ബാഗിൽ നിന്നും ഷീറ്റ് എടുത്ത് ഓലനിരയുടെ മേൽ വിരിച്ചു. ഉടുപ്പഴിച്ച് മാറ്റി അതി്ൻമ്മേൽ ഇരുന്നു. ഒന്നു സംശയിച്ചു നിന്നിട്ട് അവൾ അടുത്തു വന്നു കിടന്നു.
“കുഴപ്പമില്ല. ഒരു മെത്തപ്പായയുടെ ഫീലിങ് ഉണ്ട്’ അവൾക്ക് സ്വൽ‌പ്പം ആശ്വാസം. അവൻ മെഴുകുതിരി ഊതിക്കെടുത്തി.

താഴെ താളിയോലകൾ ഞെരിഞ്ഞു, വിതിർന്നു. കുറച്ചു കഴിഞ്ഞ് ഒരു താളിയോല മറ്റൊരു താളിയോലയോട് സുഖാലസ്യസ്വരത്തിൽ പറഞ്ഞു:
“എപ്പോഴും അത് തന്നെ ഉരുവിട്ടോണ്ടിരിക്കേണ്ടായിരുന്നു”.

“ഏത്?”

“അതേയ്. ഇദം ന മമ.”

Tuesday, June 23, 2009

ബിഗ് ഫിഷ് സ്മാൾ ഫിഷ്

അച്ഛൻ ഗോവണിയിറങ്ങി വന്നതോടെ രാജൻ ചായ ഡൈനിങ് മേശയിൽ എടുത്തു വച്ചു. “ജെറ്റ് ലാഗ് മാറാൻ ഒരാഴ്ചയെങ്കിലും എടുക്കും”
“ഞാൻ നാലുമണ്യ്ക്കേ ഉണർന്നതാ. നിന്നെ ഉണർത്തെണ്ട എന്നു കരുതി” അമ്മ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു.രാജൻ അച്ഛന്റെ പാദങ്ങൾ കസേരയിൽ കയറ്റി വച്ചു. “നീര് ഇപ്പഴും ഉണ്ട് കുറച്ച്”

“ഷൂസ് ഇട്ടതുകൊണ്ടാ നീരു വന്നതെന്നാ നിന്റെ അച്ഛൻ പറയുന്നെ” അമ്മയുടെ സ്വരത്തിൽ കളിയാക്കൽ ധ്വനി ഉണ്ടോ എന്ന് അച്ഛൻ സംശയിച്ചു കഴിഞ്ഞു.“പിന്നെ ഞാൻ നാട്ടിൽ ഷൂസുമിട്ടല്ലെ നടന്നിട്ടുള്ളത്. ഈ പാന്റു തന്നെ കഷ്ടിച്ചാ വലിച്ചിട്ടോണ്ടു നടക്കുന്നേ”

അച്ഛൻ സ്വരം കടുപ്പിച്ചെന്നു കരുതി അമ്മ അകത്തേക്കു വലിഞ്ഞു. സ്വകാര്യം മാതിരി ശബ്ദം മയത്തിലാക്കി. ‘‘മോനേ, വിസാ കിട്ടിയ അന്നുമുതൽ എനും ബ്ലഡ് ഷുഗർ ചെക്കു ചെയ്തു തുടങ്ങിയതാ അച്ഛൻ. കാലു മുറിഞ്ഞാൽ ഭേദമാകുമോ എന്ന പേടിയുമായിട്ടു നടക്കുകാ ആളിപ്പോ”.

“ഇന്ന് ഷൂസ് ഇട്ടേ പറ്റുകയുള്ളു. ലാബിൽ സേഫ്റ്റി നിയമങ്ങൾ അനുസരിക്കണം. നിർബ്ബന്ധമാണ്.”രാജൻ ശ്രദ്ധിച്ചത് അച്ഛൻ പുരികം ചുളിച്ച് നെറ്റിയിൽ മടക്കുകകളുണ്ടാക്കി സ്ഥിരം ചോദ്യഭാവം കൈക്കൊള്ളുന്നുണ്ടോ എന്നാണ്.

“ഓ ഇട്ടേക്കാം. അതിന്റെ പേരിൽ നാണക്കേടു വേണ്ട”. മകന്റെ മേൽനോട്ടത്തിലുള്ള കെമിക്കൽ ലാബ് കാണാൻ അച്ഛന്റെ ഉത്സാഹം തെളിഞ്ഞുവന്നു. പേരുകേട്ട ഫാർമസ്യൂടിക്കൽ കമ്പനിയല്ലെ.

“അച്ഛനു ചട്ണി ഞാനുണ്ടാക്കാം. ഇന്ദു ഉണ്ടാക്കിയത് വേറെ വയ്ക്കാം. സ്വൽ‌പ്പം ഇഞ്ചിയും കൂടെ അരച്ചതാ അച്ഛനിഷ്ടം. എനിയ്ക്കറിയാം. കടുകു വറക്കുമ്പോൽ ചുവന്നുള്ളിയും മൂപ്പിക്കണം“. രാജൻ അടുക്കളയിലേക്കു നീങ്ങി. അമ്മ ചുണ്ടിൽ വന്ന ചിരി ഒതുക്കാൻ ശ്രമിച്ചു.തന്റെ ഇഷ്ടങ്ങൽ എന്നും വാശി പോലെ കൊണ്ടു നടന്നത് ഓർത്ത് അച്ഛൻ താഴേക്ക് നോക്കി ഇരുന്നു.

കൊച്ചുമോൻ പുസ്തകവുമായി എത്തി. “മുത്തച്ഛൻ വായിച്ചു തരട്ടെ മോന്?” “വേണ്ട, അച്ചൻ വായിച്ചാ മതി’ അവൻ കൊഞ്ചി.
“ഇവിടെ അച്ഛനും മോനും ഒരു സെറ്റാ. ഞാൻ വെറും കാഴ്ചക്കാരി “ ഇന്ദു ചെറുതായി ചിരിച്ചു.

മുൻപിൽ നിരന്ന ഇഡ്ഡലിയും ചട്ണിയും അച്ഛൻ ഒരു നിമിഷം നോക്കിയിരുന്നു. കടുകുമണികൾ എണ്ണമയത്തിൽ തിളങ്ങുന്നതതും മൂപ്പിച്ച കരിവേപ്പിലമടക്കുകളിൽ അവ ഒഴുകി നീങ്ങുന്നതും മൊരിഞ്ഞ ചുവന്നമുളക് നിശ്ചലം അടങ്ങിക്കിടക്കുന്നതും അച്ഛൻ വെറുതെ കണ്ടിരുന്നു. കൊച്ചുമോനെ മടിയിലിരുത്തി രാജൻ ഇഡ്ഡലി പൊട്ടിച്ചു കൊടുക്കുന്നു. കൊച്ചുമോൻ ചട്ണിയിൽ കഷണം മുക്കി വായിൽ വച്ച് “ശ്ശ്…” എന്ന് എരിവ് അഭിനയിക്കുന്നു. “ഇനി അച്ചൻ” രാജനും ഇഡ്ഡലികഷണം ചട്ണിയിൽ മുക്കി വായിൽ വച്ച് എരിവ് അഭിനയിച്ചു. “ശ്ശ്”..വീണ്ടും. ഒരൊ ‘ശ്ശ്’നും കൊച്ചുമോന്റെ കുടുകുടെ ചിരി.

അച്ഛൻ അതു മാത്രം കണ്ണിമയ്കാതെ നോക്കിയിരുന്നു. ചട്ണിയുടെ സ്വാദ് കൃത്യമായിരിക്കും എന്നു കണക്കുകൂട്ടി. തികട്ടിവന്ന വിമ്മിഷ്ടം എവിടെ ഒളിക്കെണമെന്നറിയാതെ ….

കൊച്ചുമോൻ താഴെയിട്ട പുസ്തകം എടുക്കാൻ രാജൻ കുനിഞ്ഞപ്പോഴാൺ അച്ഛൻ അതു ശ്രദ്ധിച്ചത്.ഇടതുകാലിന്റെ പുറകിൽ കണ്ണ മുതൽ മുട്ടിനു പുറകു വരെ നീണ്ട പാട്. അതെ അതു തന്നെ. ഒരു നീണ്ട മണ്ണിര കടിച്ചുകിടക്കുന്നതു പോലെ വികൃതമായത്. ഇത്രനാൾ കഴിഞ്ഞിട്ടും മാഞ്ഞില്ല?

രാജൻ കണ്ടു അച്ഛന്റെ കണ്ണുകൾ തന്റെ ആ മുറിപ്പാടിൽ ഉടക്കിയത്. പെട്ടെന്നു മുഖം തിരിച്ചു. മോന്റെ പുസ്തകത്തിൽ നോക്കുന്നെന്നു ഭാവിച്ചെങ്കിലും അതിശക്തമായി ഒരു ഒരു ശ്വാസം മുട്ടൽൽ വന്നതു പോലെ അറിഞ്ഞു. ഇരമ്പിവന്ന ഒരു ഉൾക്കാറ്റ് ദിശാബോധമില്ലാതെ അവിടെയും ഇവിടെയും തല്ലിയാർക്കുന്നത്ത് അടക്കാൻ ശ്രമിച്ചു. കൊച്ചുമോന്റെ പുസ്തകത്തിലെ പേജ് നോക്കി വായിക്കുന്നെന്ന തോന്നൽ വരുത്താൻ ശ്രമിച്ചു.

ബിഗ് ഫിഷ് സ്മാൾ ഫിഷ്
One fish, Two fish, Red fish, Blue fish
Black fish, Blue fish, Old fish, New fish
Some are old and some are new
Some are sad and some are glad
And some are very very bad
Why are they sad and glad and bad?
I do not know, go ask your dad.

ബിഗ് ഫിഷ് സ്മാൾ ഫിഷ്………
ബിഗ് ഫിഷ്....... സ്മാൾ ഫിഷ്..........

ബി. എസ്. സി ഫൈനൽ പരീക്ഷ എഴുതിയ രാജശേഖർ എസ്. മുഖത്തു സദാ ചോദ്യഭാവം മാത്രം കൊണ്ടുനടക്കുന്ന അച്ഛന്റെ മുൻപിൽ പരുങ്ങി നിന്നു. പുരികങ്ങൽ ചുരുക്കി നെറ്റിയിൽ ചുളിവുകൾ വരുത്തി തറച്ചു നോക്കുന്നത് രാജൻ സ്ഥിരം കാണുന്നതാണ്. എങ്കിലും ഒന്നു പതറി. തിയറി നന്നായിടെഴുതിയിട്ടുണ്ട്. അതിന്റെ ധൈര്യവുമുണ്ട്. ഇനി പ്രാക്റ്റിക്കൽ ഈ ആഴ്ച ഒരു ദിവസം.

പെട്ടെന്നാണ് അച്ഛന്റെ പോലീസുമുറ ചോദ്യം.

“എന്നാടാ പ്രാക്റ്റിക്കൽ പരീക്ഷ?”
കസേരയിൽ കയറി നിന്നു ബൾബു തിരിച്ച് എന്തോ അറ്റകുറ്റപ്പണി ചെയ്യുന്നു അച്ഛൻ. ചുറ്റിലും ഇലക്ട്രിക് വയറുകൾ വീണു കിടക്കുന്നു.
രാജൻ ഒരിക്കലും നേരിടേണ്ടതില്ലെന്നു കരുതിയ ചോദ്യം. ഈ ആഴ്ച എന്നോ ഒരു ദിവസമാണ്. അടുത്തയാഴ്ച ഹോസ്റ്റലിലെ കൂട്ടുകാരൊക്കെ പോയ് മറയുകയാണ്. എന്നും രാവിലെ പത്തുമണിയോടു കൂടി കോളേജിലെത്തുക, ടൌണിൽ കറങ്ങുക, കാശുണ്ടെങ്കിൽ ഹോട്ടലിൽ കയറുക, അല്ലെങ്കിൽ ഹോസ്റ്റലിൽ കൂട്ടുകാർ ഊണ് തരപ്പെടുത്തുക ഇങ്ങനെ പോകുന്നു അവസാന ദിവസങ്ങൾ. എന്നും രാത്രി പ്രാക്റ്റിക്കലിനുവേണ്ടി പഠിയ്ക്കുന്നതു കൊണ്ട് വേവലാതി ഇല്ല. ഹാ‍ൾ ടിക്കറ്റ് വിനോദിന്റെ മുറിയിൽ വച്ചിട്ടുണ്ട്. അതെയോ ബാബുരാജിന്റെ? ശ്രീധർ ബാലന്റെ മുറിയിൽ? പ്രാക്റ്റിക്കൽ പന്ത്രണ്ടു മണിക്കാണു തുടങ്ങുന്നതെന്നറിയാം. അവിടെയെത്തുമ്പോൾ കൂട്ടുകാർ പറയുമല്ലൊ. നേരേ കെമിസ്ട്രി ലാബിലെത്തിയാൽ മതി.

“നിന്നോടാ ചോദിച്ചത്. എന്നാ പ്രാക്റ്റിക്കൽ?”

ഈ ആഴ്ച ഒരു ദിവസം എന്ന സത്യം പറയേണ്ടി വന്നു.

“ഹാൾ ടിക്കറ്റ് എവിടെടാ?”

“ഹാൾ ടിക്കറ്റ് എവിടയാണെന്നാ ചോയിച്ചേ”
കലി ആവേശിച്ചു കഴിഞ്ഞു അച്ഛന്.

ബാക്കി സത്യവും പുറത്തു വന്നു.

“ഹാൾ ടിക്കറ്റ് വല്ലവന്റേം കയ്യിൽ കൊടുത്തിട്ട് നീ ഇവിടെ എന്നാ ചെയ്യുകാണെടാ.”. ഭ്രാന്തനായ അച്ഛൻ തന്റെ രണ്ടു തോളും പിടിച്ച് കുലുക്കി. “ഹാൾ ടിക്കറ്റ് കയ്യിലില്ലേടാ പട്ടിക്കഴുവേറീ” പിന്നെ കൊടും തെറി വാക്കുകൾ. ബാധ കയറി വിറയ്ക്കുന്ന അച്ഛന്റെ മുൻപിൽ ഒരിക്കൽ കൂടി രാജൻ പകച്ചു നിന്നു. അച്ഛന് കയ്യിൽ കിട്ടിയത് ഇലക്ട്രിക് വയറാണ്. അതു മടക്കിയെടുത്ത് ആഞ്ഞടിച്ചു. പലതവണ. ഒരു തവണ വള്ളി കാലിൽ ചുറ്റിപ്പിണഞ്ഞു ഊക്കോടെ വലിച്ചെടുത്തപ്പോൾ തൊലി പിളർന്നു കൊണ്ട്ടാണ് വള്ളി പാഞ്ഞത്. ഇടതുകാലിൽ കണ്ണ മുതൽ മുട്ടിനു പുറകുവരെ ഏങ്കോണിച്ച് നീണ്ട ഒരു മുറിവ്. പിന്നത്തെ അടിയൊക്കെ ചോരത്തുള്ളികൽ തെറിപ്പിച്ചുകൊണ്ട്. ഇറയത്തിന്റെ കോണിൽ കിടന്നതോർമ്മയുണ്ട്. രാത്രിയിൽ മുറിവു തുന്നിക്കെട്ടേണ്ടതല്ലെ എന്നൊക്കെയുള്ള അമ്മവിലാപങ്ങൾ എവിടെയുമെത്താതെ അലഞ്ഞു.

“ഞാനും വരുന്നുണ്ട് അച്ചാ അച്ചന്റെ ആപ്പീസിൽ” കൊച്ചുമോൻ കാലിൽ കെട്ടിപ്പിടിയ്ക്കുന്നു. പെട്ടെന്നു പുസ്തകം മടക്കി അവനുകൊടുത്തു.

“ഉടനെ ഇറങ്ങുകയായ്ണോ മോനേ?” അമ്മ ചോദിക്കുന്നു.
“അതേ. റെഡി ആയിക്കോളുക, പെട്ടെന്ന്. ഒരു മണിക്കൂറോളം ഡ്രൈവ് ഉണ്ട്.“

ഭിത്തിയ്ക്കു പകരം ചില്ലുകൾ കൊണ്ട് പണിതിട്ട കമ്പനിക്കെട്ടിടത്തിനു സുതാര്യതയല്ലെ കൂടുതൽ എന്ന് അച്ഛൻ വിസ്മയിച്ചു. അകത്ത് മകന്റെ ഡിപാർറ്റ്മെന്റിൽ ഡോക്ടർ രാജശേഖർ എസ്. ഡയറക്റ്റർ റിസേർച ആൻഡ് ഡെവലപ്മെന്റ് എന്നു കോറിയിട്ട പിച്ചളഫലകത്തിന്റെ മഞ്ഞപ്രകാശം നെറ്റിയിലെ രേഖകളിലെ ആഴങ്ങൾ നിറച്ചുമാച്ചു.

പ്രൊഡക്ഷൻ പ്ലാന്റ് എല്ലാം ചുറ്റിക്കണ്ട ആലസ്യം അച്ചനിൽ ഒരു മന്ദതകോരിയിട്ടു. പുറത്ത് നടകൾക്കു മുകളിൽ അച്ഛനും അമ്മയും പാർകിങ് ലോടിൽ നിന്നും രാജൻ കാറ് എടുത്തുകൊണ്ടുവരുന്നത് കാത്തു നിന്നു. ഒരു കോണിൽ മനോഹരമായ വെള്ളിക്കമ്പിവലപ്പെട്ടിയിൽ കമ്പനി വക പ്രസിദ്ധീകരണങ്ങൾ അടുക്കിവച്ചിരിക്കുന്നതിൽ ൽ അച്ചന്റെ നോട്ടം ചെന്നു പെട്ടു. തന്റെ പേര് പുറം കവറിൽ തന്നെ വലുതായി അച്ചടിച്ചിരിക്കുന്നത് കണ്ട് വിശ്വസിക്കാനാവാതെ എടുത്തു. ഇതെങ്ങനെ? നിവർത്തി നോക്കി. മകന്റെ പേർ വിസ്തരിച്ച് എഴുതിയിരിക്കയാണ് അവസാന ഇനിഷ്യൽ മുഴുവനാക്കുമ്പോൾ തന്റെ പേരു തന്നെ. മകനെ Employee of the Year ആയി പ്രഖ്യാപിച്ചിരിക്കുന്ന വാർത്തയാണ്. കാര്യക്ഷമതയ്ക്കുള്ള ഈ അവാർഡു വാങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ ഗവേഷകൻ. പടിയിറങ്ങുമ്പോൾ കടലാസുകൾ ചെറുതായി വിറച്ചു. അക്ഷരങ്ങൽ ഓടിക്കളിക്കുന്നെന്നതോന്നൽ വിഭ്രാന്തിയോ? ഇടതുകാലിലെ ഷൂസ് ചെറുതായി ഇളകി മാറി. ഒരു പടിയുടെ വക്കിൽ കാൽ തെന്നി കയ്‌വരിയിൽ പിടിച്ചിട്ടും താഴെ നടയുടെ കോണിൽ വീണു കഴിഞ്ഞു അച്ഛൻ. വശത്തുള്ള പൂച്ചെടികളുടെ മേലെ ചെരിഞ്ഞു കിടന്നു പോയ അച്ഛനെ പിടിച്ചെഴുനേൽ‌പ്പിക്കേണ്ടി വന്നു.

കാറിൽ വച്ചു അമ്മയാണു കണ്ടത്. മുട്ടിനു താഴെ പാന്റ് ചോരകൊണ്ടു നനയുന്നു. രാജൻ കാറു നിറുത്തി. ഇടതുകാലിൽ കണ്ണ മുതൽ മുട്ടിനു പുറകു വരെ ഏങ്കോണിച്ച് തൊലി നന്നായി കീറിയിരിക്കുന്നു. പൂച്ചെടി താങ്ങിനിറുത്താൻ നാട്ടിയ കമ്പി കൊണ്ടതാകണം.

കട്ടിലിൽ തലയിണകളിൽ ചാരിയിരിക്കുന്ന അച്ഛന്റെ മുറിവിൽ രാജൻ ആന്റിബയോടിക് ക്രീം പുരട്ടി. തന്റെ കണ്ണുകളിൽ തന്നെ പെട്ടുപോയ നോട്ടത്തിനു നനവുണ്ടായിരുന്നത് നീറ്റൽ കൊണ്ടല്ല എന്ന തോന്നൽ അച്ഛനുണ്ടെന്നു രാജനും അറിഞ്ഞു. കൊച്ചുമോൻ ഓടിവന്ന് കട്ടിലിൽ കയറാൻ ശ്രമിച്ചു.

“മോനെ മുത്തച്ഛനു ഉവ്വാവൂ ആണ്. ബുദ്ധിമുട്ടിയ്ക്കാതെ”

“അവൻ ഇവിടെ ഇരുന്നോട്ടെ സാരമില്ല” നീറ്റൽ സഹിക്കാതെ അച്ഛന്റെ സ്വരം കലമ്പിച്ചു.

“ഇവിടെയാണോ മുത്തച്ഛന്റെ ഉവ്വാവൂ?” അവൻ മുറിവിനുമുകളിൽ തൊട്ടു. അച്ഛൻ കൊച്ചുമോനെ വാരിയെടുത്ത് ചേർത്തു കിടത്തി.

കതകുചാരാൻ തിരിഞ്ഞ രാജൻ ഒരു നിമിഷം മുഖം തിരിച്ചു അച്ഛനെ നോക്കി.

അച്ഛൻ വ്യക്തമായി കണ്ടു.

രാജന്റെ കാലിലെ മുറിപ്പാട് അവിടെയില്ല.

Sunday, May 3, 2009

മദ്ധ്യവേനലവധിയായീ.........

എല്ലാ മദ്ധ്യവേനലവധിക്കാലത്തും ചന്ദ്രു വരും വീട്ടിൽ. 6C യിലെ ഞാനും 6A യിലെ രാമചന്ദ്രയ്യർ എന്ന ചന്ദ്രുവും അടുത്ത കൂട്ടുകാർ ആയത് എനിയ്ക്ക് വേറേ ആത്മാർത്ഥന്മാർ ഇല്ലാഞ്ഞിട്ടല്ല. പക്ഷേ സ്കൂളടച്ചപ്പോൾ നാലുകിലോമീറ്റർ ദൂരെയുള്ള ടൌണിൽ നിന്നും എന്റെ വീട്ടിൽ അവൻ പൊടുന്നനവേ എത്തിയപ്പോൾ അത്തവണത്തെ അവധിക്കാലം പൊടിപൊടിയ്ക്കാം എന്ന മനസ്സറിവിൽ സന്തോഷം കവിഞ്ഞു. അച്ഛൻ വക്കീലയ്യർ വല്ലയിടത്തും പോയപ്പോൾ നിന്നെ ഇവിടെ ഇറക്കിയതാണോ ചന്ദ്രൂ? അല്ല നിന്നെക്കാണാൻ തന്നെ എത്തിയതാ-അവൻ. പിന്നെ ഒന്നെങ്കിൽ അവൻ ഇവിടെ അല്ലെങ്കിൽ ഞാൻ അവിടെ എന്ന മട്ടായി. പുതുതായിക്കണ്ട തമിഴ് സിനിമയുടെ കഥ പറയുന്നതുമാത്രമാണെങ്കിലും മതി ഒരു ദിവസം പോകാൻ.

നീ തോട്ടിൽ ചാടുന്നോ? തോർത്തു ഞാൻ തരാം. തോട്ടിലേക്കു ചാഞ്ഞുകിടക്കുന്ന മുട്ടൻ മരക്കൊമ്പിന്മേൽ ക്കൂടെ ഓടി വെള്ളത്തിലേക്കു ചാടുക. നീന്തിക്കയറി നട കയറി പിന്നെയും ചാടുക. എന്റെ പുറകെ ചന്ദ്രുവും ചാടി. ഞാൻ നീന്തിത്തുടിയ്ക്കുമ്പോൾ അതാ കാണുന്നു ചന്ദ്രു കൈകാലിട്ടടിച്ച് മരണപരാക്രമം കാണിയ്ക്കുന്നു! വലിച്ചു കയറ്റി നടയിലിരുത്തി. ചുമച്ചു ഛർദ്ദിച്ചു വശം കെട്ട അവനോട് എനിയ്ക്ക് ദേഷ്യം വന്നു. നീന്താനറിയാൻ മേലെങ്കിൽ പറയേണ്ടെ? മൂന്നു ദിവസം കൊണ്ട് നീന്താനല്ലെങ്കിലും വെള്ളത്തിൽ പൊങ്ങിക്കിടക്കാ‍നെങ്കിലും വശമാക്കി. അതു കഴിഞ്ഞ് വയറു നിറെ ചക്കപ്പഴം തീറ്റ. ചിലപ്പോൾ ഒന്നുകൂടെ തോട്ടിൽ ചാടാൻ തോന്നും. ഒറ്റ ഓട്ടം.പിന്നെ ഒരു ചാട്ടം. മാമ്പഴം പിഴിഞ്ഞ് പാളയിൽ തേച്ച് വെയിലത്തുണക്കിയെടുക്കുന്ന മാമ്പഴത്തെര അവനു വേണ്ടി പ്രത്യേകം വച്ചിരിക്കും. “മദ്ധ്യവേനലവധി യായീ ഓർമ്മകൾ ചിത്രശാല തുറക്കുകയായീ…” ചന്ദ്രു നീട്ടിപ്പാടും. അവന്റെ വീട്ടിൽ ചെന്നാൽ വക്കീലയ്യർ പ്രത്യേകം നിഷ്കർഷിച്ചിട്ടുള്ള ഇംഗ്ലീഷ്- കണക്ക് പുസ്തകങ്ങളിലെ എക്സൈർസൈസ് ചെയ്തു തീർക്കാൻ ഉത്തരവാദിത്തമുണ്ട്. എനിയ്ക്കു മാർക്കു കൂടുതൽ കിട്ടാറുള്ളതുകൊണ്ട് ഈ ബോറടിപ്പരിപാടി ഞാൻ ഏറ്റെടുത്ത് ചന്ദ്രുവിനെ ഇമ്പ്രൂവ് ചെയ്യുക എന്നണ് വക്കീലയ്യരുടെ നിർദ്ദേശം.ഒരു ഉത്സവരാത്രി വളരെ വൈകി അവന്റെ മഠത്തിൽ ഉറങ്ങാൻ കിടന്ന നേരം എന്റെ ഒരു ഭംഗിയുമില്ലാത്ത വൃത്തികെട്ട തലയുടെ പുറകിലെ കൂർത്തഭാഗം തൊട്ട് “ഇതൊക്കെ ബുദ്ധി ആണോ” എന്ന് അവൻ ചോദിച്ചപ്പോൾ ഞാൻ ഉള്ളാലെ ചിരിക്കുകയായിരുന്നെന്ന് അവനറിഞ്ഞോ? ഏതായാലും അവധിക്കാലം ഇങ്ങനെ പഠിച്ചു തുലയ്ക്കാനുള്ളതല്ലെന്നു ഞങ്ങൾക്ക് തീർച്ചയുണ്ടായിരുന്നു. അതുകൊണ്ടല്ലെ ചന്ദ്രു എന്റെ വീട്ടിൽ മിക്ക ദിവസവും എത്തുന്നത്.

ഏഴാം ക്ലാസിലെ അവധിക്കാലവും ഇതു തന്നെ. നീന്തൽ പഠിച്ചതു കൂടാതെ അത്യാവശ്യം മരത്തിൽ കയരാനും ചന്ദ്രു പഠിച്ചെടുത്തു. “മദ്ധ്യവേനലവധിയായീ…’ അവൻ പാട്ടു തുടരും. എടാ അവധി പകുതിയായി. നിർത്ത് ചന്ദ്രൂ നിന്റെ ഈ പാട്ട്. അപ്പോൾ അവൻ തമിഴ് പാട്ടു പാടും. എന്നെ തോൽ‌പ്പിക്കാൻ.എന്റെ വെല്യേട്ടന്റെ കൂളിങ്ങ് ഗ്ലാസ് എടുത്ത് വച്ച് ശിവാജി ഗണേശൻ കളിച്ച് താഴെ വീണ് അതേൽ വിള്ളലുണ്ടാക്കിയത് നീയാണെന്ന സത്യം ഞാൻ പറയും എന്നതാണ് എന്റെ തുരുപ്പു ചീട്ട്. അവൻ ചിരിക്കുമ്പോൾ മുൻവശത്തെ വലിയ രണ്ടു പല്ല് മുഴുവൻ വെളിയിൽ വരുന്നത് എന്റെ തലയുടെ വൈകല്യത്തെ തുല്യപരിഹാരം ചെയ്യാനല്ലെ?

എട്ടാം ക്ലാസിലേക്കു കയറാൻ സ്കൂൾ തുറക്കുന്നതിനു ഒരാഴ്ച മുൻപാൺ അതു സംഭവിച്ചത്. ഞാൻ പഠിച്ചിരുന്ന ഗവണ്മെന്റ് സ്കൂൾ പോരാ, ഹൈ സ്കൂളിൽ ആകുമ്പോൾ ടൌണിലെ സെന്റ് തോമസിൽ പഠിയ്ക്കുന്നതാണു നല്ലതെന്ന് അച്ഛൻ തീരുമാനിച്ചു. പെട്ടെന്ന് ഒരു ദിവസം അച്ഛൻ എന്നെ സെന്റ് തോമസിൽ ചേർത്തതായി അറിയിക്കുകയാണ് ഉണ്ടായത്. ചന്ദ്രുവിനെ അറിയിക്കാൻ എനിയ്ക്ക് ടൌണിൽ പോകാൻ പറ്റിയില്ല. സ്കൂൾ തുറക്കുമ്പോൾ അവന്റെ സ്കൂളിൽ ഞാനില്ല! എനിയ്ക്ക് പരിഭ്രമം ആയി. ചന്ദ്രുവിനോട് ഇങ്ങനെ ചെയ്തത് ശരിയോ? എന്നാലും അവധിക്കാലത്തു കൂടാൻ എന്താ പ്രയാസം? പക്ഷെ സംഗതി കൈവിട്ടുപോയി. ടൌണിൽ വച്ച് പാട്ടുകാരൻ സഹദേവൻ വിവരം പറഞ്ഞു. സ്കൂൾ തുറന്ന ദിവസം ചന്ദ്രു കാര്യം അറിഞ്ഞു. വീട്ടിൽ പോയി കരഞ്ഞു ബഹളമുണ്ടാക്കി. ഉടൻ സെന്റ് തോമസ്സിലെക്കു മാറ്റുക. അല്ലെങ്കിൽ സ്കൂളിൽ പോകുന്നില്ല എന്നായി ചന്ദ്രു. കണിശക്കാരനും കാർക്കശ്യക്കാരനുമായ വക്കീലയ്യർ ക്ക് കനിയാൻ തോന്നി. അദ്ദേഹം ട്രാൻസ്ഫർ വാങ്ങിച്ചു കൊടുത്തു.

മൂന്നാലു ദിവസത്തിനകം ചന്ദ്രുവിനെ സെന്റ് തോമസിൽ കണ്ടപ്പോഴേ എന്റെ ശ്വാസം നേരേ വീണുള്ളു. പക്ഷെ അവൻ മിണ്ടുന്നില്ല. അസെംബ്ലിയ്ക്ക് ലൈൻ നിന്നപ്പോൾ 8C യിലായിരുന്ന ചന്ദ്രുവിന്റെ ക്ലാസ് ലൈൻ 8D യിലായിരുന്ന എന്റെ ലൈനിന്റെ അടുത്തുതന്നെ. ഞാൻ തിരിഞ്ഞ് അവനെ നോക്കിയപ്പോൾ വശത്തേക്കു മാറി മുഖം തിരിച്ചു. ഒരു ദിവസം എന്റെ ക്ലാസിൽ വന്ന് ഒരു എഴുത്ത് എന്റെ പുസ്തകക്കെട്ടിനിടയിൽ വച്ചിട്ടു പോയി. സ്നേഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ ഒരു എട്ടാം ക്ലാസുകാരന് ആവുന്ന വിധത്തിൽ എഴുതിപ്പിടിപ്പിച്ചിരിക്കുനു. മൂന്നാലു പേജു നിറയെ ചന്ദ്രുവിന്റെ മുഖം പോലെ ഉരുണ്ട അക്ഷരങ്ങൾ. ചിലടത്ത് സുഹൃത്ബന്ധത്തെ ചുറ്റിപ്പറ്റിയുളള ചില തമിഴ് ഡയലൊഗുകളുമുണ്ട്. അവസനം “ഇനി ഒരു മദ്ധ്യവേനലവധിക്കാലം വരുമോ?” എന്നെഴുതിയത് എന്നെ വല്ലായ്മപ്പെടുത്താൻ തന്നെ അല്ലെ? സ്കൂൾ വിട്ടപ്പോൾ ആ എഴുത്തുമായി ചന്ദ്രു വരുന്ന വഴിയിൽ കാത്തു നിന്നു. മുഖം കുനിച്ച് അവൻ മിണ്ടാതെ നടന്നകന്നു.

എട്ടാം ക്ലാസു കഴിഞ്ഞുള്ള മദ്ധ്യവേനൽ അവധിയ്ക്ക് ഞാൻ അവന്റെ വീട്ടിൽ ചെന്നു. വലിയ മിണ്ടാട്ടമില്ല. ചേച്ചി പാമ്പു കടിച്ചു മരിച്ചതിനാലായിരിക്കും ഈ വൈമുഖ്യം എന്നു ഞാൻ കരുതി. ആ അവധിയ്ക്ക് “ചന്ദ്രു വിനെ കാണുന്നില്ലല്ലൊ“ എന്ന് അമ്മ ഓർമ്മിപ്പിക്കുമ്പോൾ ഞാൻ മാറി നടന്നു. കഴിഞ്ഞ മൂന്നു കൊല്ലമായി വേറെ കൂട്ടുകാർ ഇല്ലാതിരുന്ന ഞാൻ ഏറെ വിഷമിച്ചു. തോട്ടിൽ ചാടാൻ ഉത്സാഹമില്ല.അവധിക്കാലം വെറും വിരസദിനങ്ങൾ.

ഒൻപതിലായപ്പോൾ സ്കൂൾ തുറന്ന് അധികം കഴിയാതെ തന്നെ ചന്ദ്രു എന്നെ കാണാൻ വന്നു. അവൻ പോവുകയാണ്. വീടൊക്കെ വിറ്റു. കുടുംബം മുഴുവൻ മദ്രാസിലേക്കു പറിച്ചു നടുകയാണ്. ചേച്ചിയുടെ മരണം, വക്കീലയ്യർക്കു പണ്ടത്തെപ്പോലെ കേസുകൾ കിട്ടുന്നില്ല, ആകെ വിഷമങ്ങൾ. മദ്രാസിൽ ചെന്നിട്ട് നീ എഴുത്തയക്കുമോ? ചോദിക്കാൻ തന്നെ എനിയ്ക്കു വിഷമം. ഇനി ഒരു മദ്ധ്യവേനലവധിക്കാലം വരുമോ? ഞാൻ ചോദിക്കേണ്ടതല്ലെ?

ആകസ്മികമായിട്ടാണ് യൂണിവേഴ്സിറ്റി കോളേജിൽ എം. എസ്സ്. സിയ്ക്കു പഠിയ്ക്കുന്ന എനിയ്ക്ക് ചന്ദ്രുവിന്റെ എഴുത്തു കിട്ടുന്നത്. ഞാൻ അവിടെയുണ്ടെന്ന് എങ്ങനെയോ അറിഞ്ഞത്രെ. മദ്രാസിൽ ചെന്നിട്ട് കൂടുതൽ പ്രശ്നങ്ങളിലേക്ക് കുടുംബം വഴുതി വീഴുകയാണ് ഉണ്ടായത്. വക്കീലയ്യർ താമസിയാതെ മരിച്ചു. പെട്ടെന്ന് ഒരു ജോലി തേടേണ്ടി വന്നു. കോളേജു പഠിത്തം മുടങ്ങി. “പഠിച്ചിരുന്ന കോളേജിനു മുൻപിൽ കൂടെ പോകുമ്പോൾ കരച്ചിലു വരുമെടാ” അവൻ എഴുതി. സ്വന്തം അഡ്രസ്സ് വച്ചിട്ടില്ല. അറിഞ്ഞുകൊണ്ട്? പോസ്റ്റൽ മുദ്രയിൽ നിന്നും അറിയാം, എഴുത്ത് മദ്രാസിൽ നിന്നും തന്നെ പോസ്റ്റ് ചെയ്തത്. എഴുത്തിന്റെ താഴെ വലിയ അക്ഷരങ്ങളിൽ “ മദ്ധ്യവേനലവധിയായീ ഓർമ്മകൾ ചിത്രശാല തുറക്കുകയായീ” എന്ന് എഴുതിയതു കണ്ട് എന്റെ നിയന്ത്രണം വിട്ടു.

വർഷങ്ങൾക്കു ശേഷമാണ് ചന്ദ്രുവിന്റെ അകന്ന ബന്ധുവായ നാരായണയ്യരെ കാണുന്നത്. മദ്രാസിൽ സ്ഥിരതാസക്കാരൻ.

“ ചന്ദ്രുവിന്റെ വിവരം വല്ലതുമുണ്ടോ? ഞാൻ ചോദിച്ചു.

“ചന്ദ്രുവൊ? അവൻ…...നേരത്തെ ..…പോയല്ലൊ”

നാരായണയ്യർ കണ്ണുകൾ ചുരുക്കി എന്നെ നോക്കി.

“ആത്മഹത്യ ആയിരുന്നു”

എനിയ്ക്കു ശിക്ഷ തന്നിരിക്കുന്നു അവൻ.

പണ്ടു വന്ന എഴുത്തിലെ ഒരു വാചകം അപ്പോഴാണ് എന്റെ മുൻപിൽ കൂടുതൽ മിഴിഞ്ഞു വന്നത്. ‘അന്നു മുങ്ങിച്ചാകാൻ പോയ എന്നെ നീ രക്ഷപെടുത്തിയില്ലെ? അതു വേണ്ടായിരുന്നു”

“മദ്ധ്യവേനലവധിയായീ
ഓർമ്മകൾ ചിത്രശാല തുറക്കുകയായീ…..“
ചന്ദ്രു എവിടെ ഇരുന്നോ പാടുന്നു.

Monday, November 19, 2007

തിരക്കഥയിലെ തിരുത്ത്

വീട് ആകപ്പാടെ പരിശോധിച്ച് തൃപ്തിയാകാന്‍ സംവിധായകന്‍ രാവിലെ തന്നെ ആ വീട്ടിലെത്തി. പുതിയ സിനിമയുടെ പ്രധാനപ്പെട്ട സീനുകളാണ് അന്ന് ചിത്രീകരിക്കേണ്ടിയിരിക്കുന്നത്.രണ്ടു ദിവസം മുന്‍പുതന്നെ വീടു സന്ദര്‍ശിച്ചതാണ്, പ്രൊഡക്ഷന്‍ അസിസ്റ്റന്റിനോടൊപ്പം. ഷൂടിങ്ങ് തുടങ്ങിക്കഴിഞ്ഞശേഷം മുടക്കുന്നത് തനിയ്ക്കൊട്ടും ഇഷ്ടമല്ലെന്നുള്ളത് യൂണിറ്റില്‍ എല്ലാവര്‍ക്കും അറിവുള്ളതാണ്. എങ്കിലും വിട്ടുപോയ എന്തെങ്കിലും നിശ്ചിതപ്പെടുത്താന്‍ തീരുമാനിച്ചാണ് രാവിലെ തന്നെ എത്തിയത്. ലൊക്കേഷനില്‍ വച്ചു സ്ക്രിപ്റ്റ് എഴുതുന്നതുപോട്ടെ സ്ക്രിപ്റ്റില്‍ മാറ്റം വരുത്താന്‍ പോലും സമ്മതിക്കാറില്ല താനെന്നു എല്ലാവര്‍ക്കുമറിയാമെന്നത് തെല്ല് അഹങ്കാരത്തോടെ ഓര്‍ത്തു.

വേലക്കാരിയാണെന്നു തോന്നുന്നു വാതില്‍ തുറന്നത്. അകം കൃത്യമായി വൃത്തിയാക്കി മോടി പിടിപ്പിച്ചിട്ടുണ്ട്. കലാസംവിധായകന് ഫ്രെയ്മിന്റെ വ്യാപ്തി അനുസരിച്ച് ചില്ലറ മാറ്റങ്ങള്‍ വരുത്താനുള്ളതേ ഉള്ളു. പ്രശസ്തനും സാംസ്കാരിക പ്രമുഖനുമായ വക്കീലിന്റെ വീട് ഇത്രയും ആര്‍ഭാടത്തോടെ കണ്ടില്ലെങ്കിലേ അദ്ഭുതമുള്ളു. അദ്ദേഹം പടികളിറങ്ങി വന്ന് കുശലമന്വേഷിച്ചു. സ്വര്‍ണരുദ്രാക്ഷത്തിന്റെ തിളക്കം പുഞ്ചിരിയിലും. പ്രൌഢിയും കുലീനത്വവും നിറഞ്ഞു കവിയുന്നു. വേറാരും വീട്ടീല്‍ വരികയില്ലെന്നും ഷൂട്ടിങിന് ഒരു ശല്യവുമുണ്ടാകില്ലെന്നും തെര്യപ്പെടുത്തി. അന്നത്തെ സീനിലുള്ള അച്ഛന്‍ കഥാപാത്രത്തെപ്പോലെ തന്നെയാണല്ലോ ഈ സ്വരൂപം എന്നൊരു തമാശച്ചിന്ത സംവിധായകനില്‍ ഊറിക്കൂടി. സമകാലികപ്രശ്നങ്ങളെ അതേപടി കൈകാര്യം ചെയ്യുന്ന കഥയില്‍ കേരളത്തിലെ സാമൂഹ്യപ്രശ്നങ്ങള്‍ ആഴത്തില്‍ നിരീക്ഷിക്കാറുള്ള കഥ-തിരക്കഥകൃത്ത് തന്റെ വൈദഗ്ദ്ധ്യം‍ ധാരാളം നിറച്ചിട്ടുണ്ട്. വര്‍ദ്ധിച്ചു വരുന്ന വിവാഹമോചനങ്ങള്‍ കഥയ്ക്ക് കാതലായ സാംഗത്യമുണര്‍ത്തുന്നു. വഴിവിട്ട വാത്സല്യവും ഉത്തരവാദിത്ത ബോധമില്ലായ്ന്മയും ചെറുപ്പത്തലമുറയെ യാഥാര്ത്‍ഥ്യങ്ങളില്‍ നിന്നും ഓടിമാറാന്‍ പ്രേരിപ്പികുന്നു. കൊഞ്ചിച്ചു വഷളാക്കപെട്ട പെണ്‍കുട്ടികള്‍. അവരുടെ ചെറുവാശികള്‍ക്ക് വഴിപ്പെടുന്ന അമ്മമാര്‍.ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന മലയാളസിനിമകള്‍ അധികമില്ലെന്നോര്‍ത്ത് സംവിധായകനില്‍ സംതൃപ്തിയുടെ ഉള്‍ച്ചിരി കിലുങ്ങി. അന്നു രാവിലെ എടുക്കേണ്ട ഷോട്ടുകള്‍ നിര്‍ണ്ണയപ്പെടുത്താന്‍ സ്ക്രിപ്റ്റ് എടുത്ത് പൂമുഖത്തെത്തി. വിവാഹമോചനം നേടുന്ന പെണ്‍കുട്ടിയെ ജീവിതയാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി അനുനയിപ്പിക്കുന്ന സീനാണ് അന്നെടുക്കേണ്ടത്.പൂമുഖത്ത് രാവിലെ വീശുന്ന വെയില്‍ തന്നെ ഉപയോഗിക്കാം, സാധാരണത്തത്തിനു വേണ്ടി. പുലരിയുടെ ദൃശ്യങ്ങള്‍ അനുകൂലസാഹചര്യത്തിന് മാറ്റുകൂട്ടാന്‍ ഉപയോഗിക്കാം. പൂമുഖത്തെ പടികള്‍ കയറി പെണ്‍കുട്ടീ വരുന്ന ഷോട്ടു മാത്രം മതി പുറത്ത്. പിന്നീട് അകത്ത് അച്ഛനും മകളും സോഫയിലിരുന്നുള്ള സംഭാഷണരംഗങ്ങള്‍. ആദ്യം ഫ്ലാറ്റ് ടോണില്‍ വെളിച്ചം വിനിയോഗിച്ച്, പെണ്‍കുട്ടിയുടെ മുഖം പ്രസന്നമാകുന്ന അവസാന‍ഭാഗങ്ങളില്‍ മാത്രം മതി കൂടുതല്‍ വെളിച്ചമുള്ള ലൈറ്റുകള്‍. ഒരേ ഒരു സിനിമയുടെ അനുഭവം മാത്രമേ ഉള്ളുവെങ്കിലും നായികനടി കഴിവുള്ളവളാണ്. ദൈന്യതയും സന്തോഷവും കൃത്യമായി മുഖത്തണിയാന്‍ പ്രയസമില്ല അവള്‍ക്ക്. അച്ഛന്റെ റോള്‍ പ്രഗല്‍ഭനായ സ്ഥിരം അച്ഛന്‍ വേഷക്കാരന്‍ തന്നെ. അദ്ദേഹം ചെറിയ ഡയലോഗ് ബിറ്റുമാത്രം പറഞ്ഞാല്‍ ‍മതി അത് അതേപടി പ്രേക്ഷകനില്‍ ചെന്നു തറയ്ക്കും. സംഭാഷണങ്ങള്‍ എല്ലാം ഉറക്കെത്തന്നെ ഷൂട് ചെയ്യുമ്പോള്‍ത്തന്നെ ഉച്ചരിക്കും സ്വാഭാവികതയ്ക്കു വേണ്ടി. ഡബ്ബിങ്ങ് സമയത്ത് അഡജസ്റ്റ് ചെയ്യാം എന്ന വാശിയൊന്നുമില്ല. മകളെ നിശിതമായി നേരിടുന്ന ഭാഗം ഉജ്വലമായിരിക്കും സംശയമില്ല.ചെറിയ പിണക്കങ്ങളളും പെണ്‍കൊഞ്ചല്‍ വാശിയും വിവാഹമോചനത്തിലൊന്നും എത്തിക്കേണ്ടതില്ലെന്ന ന്യായം തിരക്കഥാകൃത്ത് ഒന്നാന്തരമായ യുക്തിയിലാണ് മെനഞ്ഞെടുത്തിരിക്കുന്നത്.

പുറത്ത് ജെനെറേറ്ററുമായി ബസ് എത്തിയതും കേബിളുകള്‍ നീട്ടുന്നതും ഒന്ന് ശ്രദ്ധിച്ചശേഷം സംവിധായകന്‍ അകത്തേയ്ക്കു പോയി. അച്ഛനും മകള്‍ക്കുമുള്ള സോഫാകളുടെ അടുപ്പം കൃത്യമല്ലെ എന്നു ഒന്നുകൂടി ശ്രദ്ധിച്ചു. പെട്ടെന്നാണ് ഓടിവന്ന് ഒരു പെണ്‍കുട്ടി അവിടെ നിലയുറപ്പിച്ചത്. ദൈന്യതയും രോഷവും ഒരേപോലെ മുഖത്തെ ദോഷിപ്പിച്ചിട്ടുണ്ട്. ഒന്നു ചുറ്റും നോക്കിയശേഷം വേലക്കാരിയോട് ചോദിച്ചു” എന്താണിവിടെ?”
“കുഞ്ഞ് അറിഞ്ഞില്ലേ? സിനിമാ ഷൂട്ടിങ്ങാ, മൂന്നു ദിവസത്തെയ്യ്ക്ക്”
“അച്ഛന്‍ എവിടെ?”
“അടുക്കളയില്‍ ഉണ്ടല്ലൊ“.
അവള്‍ അതീവ ദേഷ്യത്തോടെ ഓടി അടുക്കളയില്‍ എത്തിയത് സംവിധായകന്‍ ശ്രദ്ധിച്ചു.
അച്ഛന്‍ അവളോട് ചൊദിച്ച വാചകം കേട്ട് സംവിധായകന്‍ ഞെട്ടി.
“ നീ അതിനു തന്നെ തീരുമാനിച്ചു അല്ലേ?’
സ്ക്രിപ്റ്റിലെ ആദ്യത്തെ ഡയലോഗ്!

“ഞാന്‍ തീരുമാ‍നിച്ചെന്നോ? അച്ഛന്റെ പണ്ടത്തെ ചെയ്തികളുടെ ബാക്കി”

അസാധാരനമായ വൈരാഗ്യസ്വഭാവം വാക്കുകളില്‍ നിഴലിക്കുന്നുണ്ട്. വേണ്ടതിലും കൂടുതല്‍ ഒച്ചയിലുമാണ് അവള്‍ ഇതു പറഞ്ഞ്ത്. കുഴപ്പമാകുമോ ദൈവമേ, സംവിധായകന്‍ ഓര്‍ത്തു. വീട്ടുകാര്‍ വഴക്കുണ്ടാക്കിയാല്‍ ഷൂട്ടിങ്ങിനെ ബാധിയ്ക്കും. പക്ഷെ തന്റെ സ്ക്രിപ്റ്റ് ഇവിടെ യഥാതഥമായി പുനര്‍ജ്ജനിക്കുകയാണോ എന്ന സന്ദേഹത്താല്‍ സംവിധായകന്‍ സംഭാഷണം ശ്രദ്ധിച്ചു.

“എന്നേക്കാളും വിശ്വാസം ആ സൈക്കിയാട്രിസ്റ്റിനെ അല്ലേ നിനക്ക്? അയാള്‍ കുടുംബം കലക്കുന്ന ദ്രോഹിയാണല്ലൊ.”

“അയാള്‍ അല്ല. പ്രായം ചെന്ന സ്ത്രീയാണ്. അച്ഛന്‍ സ്വാധീനിക്കുന്ന ഡോക്ടര്‍മാരുടെ സ്ഥലമായതുകൊണ്ട് മറ്റൊരു ഡോക്ടറെയാണ് കണ്ടത്. ഈയിടെ ജെര്‍മ്മിനിയില്‍ നിന്നും റിടയര്‍ ചെയ്തു വന്ന ഒരു പാവം തോന്നിപ്പിക്കുന്ന സ്ത്രീയാണ് ആ സൈക്കിയാട്രിസ്റ്റ്. ജെര്‍മ്മിനിയില്‍ കേട്ടിട്ടുള്ള ക്രൂരതകളേക്കാള്‍ ഞെട്ടിച്ചു എന്റെ കാര്യം”

“അപ്പോള്‍ എല്ലാം നീ പറഞ്ഞോ?“

“പറഞ്ഞെന്നു മാത്രമല്ല. രവിയെ ബോധ്യപ്പെടുത്തി, എന്റെ കാര്യം രക്ഷയില്ലെന്ന്. ഡിവോഴ്സ് പേപ്പെഴ്സ് ഞാന്‍ തന്നെ ഒപ്പിട്ട് രവിയ്ക്ക് കൊടുത്തപ്പോള്‍ പതിവു പോലെ കണ്ണു നനയിച്ച് പുറത്തേയ്ക്കു നോക്കി. ആദ്യം അടുത്തു കിട്ടുന്ന ആണിനോട് ഞാന്‍ പക പോക്കുന്നതാണ് എന്ന് സൈക്കിയാട്രിസ്റ്റ്‍ കട്ടായമായി പറഞ്ഞു. ഇനിയും ഞാന്‍ രവിയെ ഉപദ്രവിക്കാന്‍ തയാറല്ല.“

“എന്താണ് നീ പറഞ്ഞ്ഞു വരുനനത്? അതൊക്കെ നിന്നെ ഡിസിപ്ലിന്‍ ചെയ്യാന്‍ ചെയതതല്ലെ?”

“അതേ. അറിയാം. മൂന്നു വയസ്സില്‍ എന്തോ കുസൃതി കാണിച്ചതിന്‍ തുടയില്‍ പേനയുടെ നിബ് കുത്തിക്കേറ്റിയതിന്റെ ചെറിയ ഓര്‍മ്മയെ ഉള്ളു. ഡാന്‍സ് പ്രാക്റ്റീസ് ചെയ്യാത്തതിന് അലമാരിയില്‍ പൂട്ടിയിട്ടത് ചെറിയ ശിക്ഷ. അടിച്ച് ബോധം കെടുത്തുമ്പോള്‍ പിടിച്ച് മാറ്റാന്‍ വരുന്ന അമ്മയെ തൊഴിയ്ക്കുന്നത് എന്റെ സ്ഥിരം കാഴ്ച്ചയായി.ബാത്രൂമില്‍ തള്ളിയിട്ട് തലപൊട്ടിയത് വെറും അപകടമാണെന്ന് സ്കൂളില്‍ പറയാന്‍ പഠിച്ച നുണകളിലൊന്ന്. പേടി , പേടി മാത്രം കൊണ്ട്. മാര്‍ക്കു കുറഞ്ഞതുകൊണ്ട് വിരലുകള്‍ കതകിനിടയില്‍ വച്ചു ഞെരിക്കുന്നത് പത്തു വയസ്സുകാരിയെ മര്യാദ പഠിപ്പിക്കാനുള്ള എളുപ്പവഴി.പ്രശസ്ത വക്കീലിന്റെ മകള്‍, കുട്ടനാട്ടിലെ പ്രസിധ്ധ തറവാട്ടിലെ ഒരു സുന്ദരിയുടെ പുത്രി നഖത്തിനടിയില്‍ കയറ്റിയ സൂചിയുമായി പ്രാണവേദനയോടെ ഓടിയതും ഒക്കെ മേനോന്‍ ആന്റ് ജോണ്‍സണ്‍ ഗ്രൂപ്പിലെ പ്രമുഖ വക്കീലിന്റെ ഡിസിപ്ലിന്‍ നിയമാവലിപ്രകാരമായിരുന്നുവല്ലൊ.“

“പതുക്കെ . ആ സിനിമാക്കാരു കേള്‍ക്കും”

“ഇല്ല ആരും കേള്‍ക്കുകയില്ല. ഈ വീട്ടില്‍ ഞാന്‍ വിളിച്ചുകൂകിക്കരഞ്ഞതൊന്നും ആരും കേട്ടിട്ടില്ല. ഭയങ്കര വേദനയോടെ ഓടി നടന്നതൊന്നും ആരും കണ്ടിട്ടുമില്ല. അടുക്കള്യുടെ കോണില്‍ നിന്ന് ഏതു വേദനയാണ് ഇനിയെന്ന് ആലോചിക്കാന്‍ പോലും സമയം കിട്ടതെ കണ്ണിറുക്കിയടച്ച് വിറങ്ങലിക്കുമ്പോള്‍ ചുട്ടുപഴുത്ത സ്പൂണ്‍ തുടയില്‍ കരിഞ്ഞു കയറുന്നത് ആരാണ് കണ്ടിട്ടുള്ളത്?“

“മോളേ ഞാന്‍ എല്ലാ മാസവും ഗുരുവയൂര്‍ പോയി പാപപരിഹാരത്തിന് തൊഴുന്നുണ്ട്.”

“അറിയാം. രവിയോട് എനിക്ക് ഇതൊന്നും പറഞ്ഞാല്‍ പോര. കല്യാണത്തിനു ശേഷം രണ്ടാം ദിവസം തന്നെ ഞാന്‍ രവിയെ ഉപദ്രവിച്ചു തുടങ്ങി. ആണിനോടുള്ള പക പോക്കല്‍. എന്തിനു, വെറുതേ ഫാനിന്റെ സ്പീഡ് സ്വല്‍പ്പം കുറച്ചത് സഹിക്കാതെ ചാടി കയ്യേല്‍ പിടിച്ച് അട്ടഹസിച്ചു. അതൊരു തുടക്കം മാത്രം. കഴിഞ്ഞ രണ്ടു കൊല്ലത്തിനകം എന്തെല്ലാം ഭേദ്യങ്ങള്‍ ഞാന്‍ സഹിപ്പിച്ചു! എന്താണ്‍ രവീ എന്നെ തിരിച്ചു തല്ലാത്തത് എന്നു ചോദിച്ചാല്‍ മനസ്സു ശരിയല്ലാത്തവരെ ഉപദ്രവിക്കുന്നത് ശരിയല്ലെന്നാണ് പറയാറ്. പാട്ടൂം വയലിനും വീണയുമൊക്കെയായി നടന്ന പാലക്കാടന്‍ പയ്യന്റെ വിധി! സൈക്കിയാട്രിസ്റ്റിനെ കാണാമെന്നു ഞാന്‍ തന്നെ സജസ്റ്റ് ചെയ്തു. അത്ര എളുപ്പം മാറുന്ന പ്രതികാരമോഹല്ലെന്ന് ഡോക്ടര്‍. രവിയോട് രക്ഷപെട്ടോളാന്‍ പറഞ്ഞത് ഞാന്‍ തന്നെ. 'innocent divorcee' എന്നൊക്കെയുള്ള വിവാഹപ്പരസ്യം അടുത്തകൊല്ലം ഇടുന്നത് തല്‍ക്കാലം രവിയ്ക്ക് ദുര്യോഗമാണെങ്കിലും ഈ രണ്ടു കൊല്ലം ആ പാവത്തിന് മറക്കാന്‍ പറ്റിയേക്കും. പക്ഷേ എന്റെ കാര്യം...’

“നീ എന്തു ചെയ്യാന്‍ പോകുന്നു?”

“ഞാനോ? എന്തു ചെയ്യാനെന്നോ? കാണണോ?“

അവളുടെ കണ്ണിലെ തീക്കനല്‍ സംവിധായകന്‍ വ്യക്തമായി കണ്ടു. അവള്‍ ഒരു സ്റ്റൂളില്‍ ചാടിക്കയറി. ഫ്രിഡ്ജിനു വശത്തായി മുകളില്‍ ചെരിച്ചുറപ്പിച്ച വലിയ ഗുരുവായൂരപ്പന്‍ ചിത്രത്തിനു പുറകില്‍ ഭ്രാന്തമായ ആവേശത്തോടെ പരതി.കിട്ടിയ ഒരു വലിയ ചൂരല്‍ വടിയുമായി സ്റ്റൂളില്‍ നിന്നും ചാടിയിറങ്ങി. ചൂരല്‍ അച്ഛന്റെ നേരെ ആഞ്ഞു വീശി. അയാള്‍ അടുക്കളയുടെ കോണില്‍ പേടിച്ചൊതുങ്ങി. അവള്‍ ചൂരല്‍ അയാളുടെ മുഖത്തോടടുപ്പിച്ച് ആസകലം വിറച്ചു.

“ഇത് ഇവിടെത്തന്നെ ഉണ്ടാകുമെന്ന് എനിയ്ക്കറിയാമായിരുന്നു. വരഞ്ഞുപൊട്ടിയ തൊലിയുടെ മണം ഇപ്പോഴും ഇതിന്മേലുണ്ട്.അതൊന്നു മണത്തുനോക്കണം!. മണം കിട്ടുന്നുണ്ടോ? ഡിസിപ്ലിനിങ്ങിന്റെ മണം കിട്ടുന്നുണ്ടൊ വക്കീലേ?’

അവളുടെ ഭാവപ്പകര്‍ച്ചയില്‍ അന്ധാളിച്ച അയാള്‍ പകച്ചു നിന്നു. അവള്‍ പെട്ടെന്ന് സ്വര്‍ണരുദ്രാക്ഷമാലയില്‍ പിടുത്തമിട്ടു. വികൃതമായ ചിരി അയാളെ ഭയപ്പെടുത്തി.
“ഇത്, ഇതെനിക്കു വേണം.”
ഒറ്റ വലിക്കു മാല പൊട്ടിച്ചെടുത്തു.വടി അയാളുടെ മേല്‍ വലിച്ചെറിഞ്ഞ് കിതപ്പോടെ മാറി. പെട്ടേന്ന് തിര്ഞ്ഞ്നിന്ന് വിളിച്ചു പറഞ്ഞു ‘ അല്ലെങ്കില്‍ വേണ്ട”.

മാല അയാളുടെ നേര്‍ക്ക് വലിച്ചെറിഞ്ഞു. അയാളുടെ നെഞ്ചില്‍ തട്ടി മാല നിലത്തെ മാര്‍ബിള്‍ത്തറയില്‍ വീണ് ഒരു വികൃതാക്ഷരം പോലെ കിടന്നു.

ഉറക്കെ കരഞ്ഞുകൊണ്ട് അവള്‍ പുറത്തേയ്ക്ക് ഓടി മറഞ്ഞു.

സംവിധായകന്‍ പെട്ടെന്ന് പുറത്തെത്തി. വന്നു കയറിയ പ്രൊഡക്ഷന്‍ അസിസ്റ്റന്റിനോട് പറഞ്ഞു. “ഇന്ന് ഷൂട്ടിങ് ഇല്ല. പെട്ടെന്ന് എല്ലാവരോടും വിളിച്ച് പറയൂ.” പ്രൊഡക്ഷന്‍ അസിസ്റ്റന്റ് വെപ്രാളത്തോടെ സെല്‍ ഫോണില്‍ നമ്പരുകള്‍ പരതി.സ്ക്രിപ്റ്റ് കടലാസുകള്‍ മടക്കി ബാഗില്‍ വയ്ക്കുന്ന സംവിധായകനെ അദ്ഭുതത്തോടെ നോക്കി.

സംവിധായകന്‍ തിരക്കഥാകൃത്തിനെ വിളിച്ചു.
‘ഞാന്‍ ഉടനെ അങ്ങോട്ടു വരികയാണ്. പേനയും കടലാസും റെഡിയാക്കി ഇരിക്കുക“.

Sunday, November 4, 2007

സുഗാത്രിണി

സുഗാത്രിണിയുടെ ശരീരവും അവളും തമ്മില്‍ എന്നും വഴക്കാണ്. സുഗാത്രിണി രാവിലെ ജോലിയ്ക്കു പോകാനൊരുങ്ങുമ്പോള്‍ ശരീരം ഒരു തലവേദനയുമായെത്തും. ജോലിയിലാണെങ്കില്‍ ചിലപ്പോള്‍ കഠിനമായ പുറം വേദന വരുത്തും. “ശരീരമേ നിന്നെയങ്ങനെ വെളയാന്‍ വിടുന്നില്ല” എന്നു പറഞ്ഞ് വേദനസംഹാരികള്‍ കഴിയ്ക്കും. ശരീരം കുറച്ചു നേരത്തേയ്ക്കു അടങ്ങിയൊതുങ്ങി ഇരിക്കും.

ഒരു ദിവസം ശരീരം സ്വല്‍പ്പം വലിയ ഒരു സൂത്രപ്പണി ചെയ്തു. സുഗാത്രിണിയുടെ നട്ടെല്ലിലെ ഒരു ഡിസ്ക് സ്വല്‍പ്പം ഇളക്കി. സുഗാത്രിണിയുണ്ടോ വെറുതേ വിടുന്നു? ഒന്നാന്തരം ഡോക്ടറെ കണ്ട് സ്കാനിങ്ങ് ചെയ്യിച്ചു. സര്‍ജറി നിശ്ചയിച്ചു. പക്ഷേ സര്‍ജറിയ്ക്കു ശേഷം സുഗാത്രിണിയ്ക്ക് കൂടുതല്‍ പ്രശ്നം . നേരേ നടക്കാന്‍ പറ്റുന്നില്ല. വടിയും കുത്തി ഒരു വയസ്സി മാതിരി. ശരീരം കളിയാക്കി.” എന്നോട് കളിയ്ക്കരുതെന്ന് ഞാന്‍ അന്നേരേ പറഞ്ഞതാ“. വേറേ ഡോക്ടറെ കണ്ടു അവള്‍. ആദ്യത്തെ ഡോക്ടര്‍ക്ക് ചെറിയ ഒരു തെറ്റു പറ്റിയതാണ്. സ്കാനിങ് റിപോര്‍ട്ട് നോക്കിയതില്‍ സ്വല്‍പ്പം പിശകു പറ്റിയതിനാല്‍ സര്‍ജറി ചെയ്തപ്പോള്‍ നീങ്ങിപ്പോയി. വാസ്തവത്തില്‍ ഇതു ശരീരം ചെയ്ത പണി ആയിരുന്നു. സ്കാനിങ് സമയത് ശരീരം ആരുമറിയാതെ ഡിസ്ക് ഭാഗം സ്വല്‍പ്പം വശത്തേയ്ക്കു മാറ്റി. ഫിലിം റിസള്‍ട് അതുകൊണ്ട് തെറ്റാണ് കാണിച്ചത്. രണ്ടാം ഡോക്റ്റര്‍ പിന്നെയും സര്‍ജറി ചെയ്തു.

“ശരീരമേ നിനക്കെന്താണ് എന്നോടിത്ര ദേഷ്യം?“ സുഗാത്രിണി ചോദിച്ചു.

“ഞങ്ങള്‍ക്ക് മിക്ക പേര്‍ക്കും ഞങ്ങളെ കൊണ്ടു നടക്കുന്നവരെ ഇഷ്ടമല്ല. ഞങ്ങളോട് ഒട്ടൂം ദയ കാണിക്കാത്ത വേറൊരു ജന്തുവിമില്ല, മനുഷ്യരെപ്പോലെ.”

“ഞാന്‍ എന്താണ്‍ നിന്നോട് ചെയ്തത്? കൊല്ലങ്ങള്‍ക്കു മുന്‍പേ ഞാന്‍ നിന്നെ എത്ര കെട്ടിയെഴുന്നെള്ളിച്ചുകൊണ്ടു നടന്നിരുന്നു? അതില്‍ നീ മതിമറന്നിരുന്നല്ലൊ. ഈയിടെയല്ലേ പച്ചസ്സില്‍ക്കുസാരിയുടെ പളപളപ്പില്‍ നീ കുറേ വിളങ്ങിയത്? പച്ച നെക് ലേയ്സും പച്ചക്കമ്മലും ഇട്ട് കൂടുതല്‍ സുന്ദരിയാക്കാന്‍ നീ തന്നെയല്ലെ എന്നെ പ്രേരിപ്പിച്ചത്? എത്രെയെത്ര പാര്‍ടികളിലും കല്യാണാഘോഷങ്ങളിലും നിന്നെ പ്രദര്‍ശിപ്പിക്കാതെ പ്രദര്‍ശിപ്പിച്ചു? ഇതൊന്നും പോരേ?”

“നിന്റെ അല്ല നമ്മളുടെ ഭര്‍ത്താവിനു ഇപ്പോള്‍ എന്നെ വേണ്ട, നിന്നെ മാത്രം മതി. ഇതൊരു ചെറിയ കാരണം മാത്രമാണ് കേട്ടോ. അസൂയയല്ല. എനിയ്ക്ക് ചില ശക്തി പ്രദര്‍ശിപ്പിക്കാന്‍ തോന്നുകയാണ് ഇപ്പോള്‍. നിന്നോട് പൊരുതി ജയിക്കാനുള്ള തോനലും കൂടുതലാണ്. എന്താണോ.”

‘എനിയ്ക്കു മനസ്സിലായി. നമ്മുടെ ഭര്‍ത്താവിനെ ഞാന്‍ അറിയുന്നപോലെ........അല്ലെങ്കില്‍ വിട്ടുകള. എന്നോട് ജയിക്കാമെന്നു കരുതുന്നുണ്ടോ നീ? എന്റെ അമ്മയുടെ കാര്യം ഓര്‍ക്കുന്നില്ലെ? തൊണ്ണൂറ്റിരണ്ടമത്തെ വയസ്സിലും അമ്മാവന്മ്മാരെയൊക്കെ പേടിപ്പിച്ചു നിറുത്തിയിരുന്നല്ലൊ അവര്‍. “

“പോടീ അവിടുന്ന്. ഇങ്ങനെ പോയാല്‍ പ്രതികാഗ്നി കൊണ്ട് കാവേരിപൂമ്പട്ടണം ദഹിപ്പിച്ച കണ്ണകി എന്നൊക്കെ പഴം പുരാണോം കൊണ്ടു വരും നീ. നിനക്ക് ഈയിടെ അഹങ്കാരം കുറെ കൂടുതലാണ്”

അന്നു രാത്രി സുഗാത്രിണിയുടെ വലത്തെ കയ്യിലെ ഒരു പ്രധാന ടെണ്ഡണ്‍ ശരീരം വലിച്ചു പൊട്ടിച്ചു. രാവിലെ സുഗാത്രിണിയ്ക്ക് കയ്യനക്കാന്‍ മേല. ജോലിയ്ക്കു പോകാനും. ഡോക്ടറെ കണ്ടു. രണ്ടാഴ്ച്ചകം സര്‍ജറി. ആശുപത്രിക്കിടക്കയില്‍ വച്ച് ശരീരം പറഞ്ഞു:

“എന്നോട് കളിയ്ക്കരുതെന്ന് പറഞ്ഞതാ. നിന്റെ ജോലി പോകും താമസിയാതെ”

“എനിയ്ക്കു രണ്ടു മാസത്തെ വര്‍ക്കേഴ്സ് കോമ്പന്‍സേഷന്‍ കിട്ടും. എന്റെ പെര്‍ഫോമന്‍സില്‍ തൃപ്തിയുള്ള ബോസിന് ഇതൊന്നും പ്രശ്നമല്ല്. നീണ്ട വെക്കെഷന്‍ ഒന്നും ഞാന്‍ എടുക്കിന്നുല്ല. അടുത്തയാഴ്ച ഞാന്‍ ജോലിയില്‍ കയറുകയാണ്. എന്റെ മാനേജീരിയല്‍ കഴിവുകള്‍ മതി ബോസ്സിന്. നീ പൊട്ടിച്ച വലതു കയ്യ് തല്‍ക്കാലം ആവശ്യമില്ല”

ശരീരത്തിനു ദേഷ്യം വന്നു. കാലിലുണ്ടായിരുന്ന മുറിവില്‍ അനവധി ബാക്റ്റീരിയകളെ കയറ്റി വിട്ടു. അവയെ പെറ്റു പെരു‍കിപ്പിച്ചു. സുഗാത്രിണി ആന്റിബയോടിക്സ് കഴിച്ചു. അപ്പോള്‍ ശരീരം ആന്റിബയോടിക്സ് റെസിസ്റ്റന്‍സ് ഉള്ള ബാക്റ്റീരിയകളെ കൊണ്ടു വന്നു. സുഗാത്രിണി മന:ശക്തിയാല്‍ ഇമ്മ്യൂണിറ്റി കൂടുതലാക്കി, ബാക്റ്റീരിയകള്‍ തോറ്റു പിന്മാറി. ശരീരം പാങ്ക്രിയാസിന്റെ പ്രവര്‍ത്തനം മന്ദീഭവിപ്പിച്ചു. സുഗാത്രിണി ഡയബെറ്റിക്സ് ഗുളികകഴിച്ച് ഇന്‍സുലിന്‍ സന്തുലനം ച്യ്തു.

“എടീ ശരീരമേ, പൊട്ടിപ്പെണ്ണേ, ആധുനിക വൈദ്യശാസ്ത്രത്തെക്കുറിച്ച് നിനക്കൊരു ചുക്കും അറിയാന്‍ മേലല്ലൊ. നീ അധികം കളിയ്ക്കരുത്. പാങ്ക്രിയസു വരെ മാറ്റിവയ്ക്കല്‍ ഉടനടി നടന്നേയ്ക്കും. ഇപ്പോള്‍ തന്നെ ഇന്‍സുലിന്‍
‍പുറപ്പെടുവിക്കുന്ന ബീറ്റാ സെല്ലുകള്‍ നിക്ഷേപിക്കുന്ന തന്ത്രം ഫലിക്കുന്നുണ്ട്. കിഡ്നി കേടാക്കുന്ന നിന്റെ വിദ്യയൊന്നും ഇപ്പോള്‍ ഫലിക്കുകയില്ല. വേറെ കിഡ്നി എടുത്തു വയ്ക്കും. ഡയാലിസിസ് എന്ന വിദ്യ പണ്ടേ ഉണ്ട്. നീ എല്ലുപൊട്ടിച്ചാല്‍ സ്റ്റീല്‍ വച്ച് പിടിപ്പിക്കും. ഭ്രൂണത്തിന്റെ ജെനെറ്റിക് സ്വാഭാവം മാറ്റി പുതിയ ശരീരങ്ങള്‍‍ ഉണ്ടാക്കും. നിനക്ക് അത്ര കളിക്കാന്‍ പറ്റുകയില്ല പണ്ടത്തെപ്പോലെ. പിന്നെ സ്റ്റീഫന്‍ ഹോവ്ക്കിന്‍സിനെ പ്പറ്റി കേട്ടിട്ടില്ലെ നീ”

“അയ്യോ അയാളെപ്പറ്റി പറയാതെ. ഞങ്ങടെ ഇടയിലെ കരിങ്കാലിയാ അയാളുടെ ശരീരം. അങ്ങേരുടെ മനസ്സിനെ ഭരിക്കാന്‍ പറ്റാതെ വിട്ടു കളഞ്ഞ ദ്രോഹി. ചിലപ്പോള്‍ ദയ തോന്നി വിട്ടുകളഞ്ഞതാണെന്നു കരുതി ആശ്വസിക്കും ഞങ്ങള്‍. വോക്കല്‍ കോര്‍ഡു വരെ മരവിപ്പിച്ചിട്ടും....”

“അതൊക്കെ നിന്റെ പരാജയകഥകള്‍ക്ക് മുന്നോടിയാകുന്നില്ലെ?ഞാന്‍ അങ്ങനെ വിട്ടികൊടുക്കുന്ന പ്രകൃതക്കാരിയല്ലെന്നു ഇനിയും നിനക്ക് അറിയാന്‍ മേലേ?”

“ നീ നിന്റെ അല്ല നമ്മുടെ ഭര്‍ത്താവിന്റെ സഹായധൈര്യത്തില്‍ ഓരോന്നു പുലമ്പുകയാണ്. എന്റെ ഭംഗി കുറയുന്തോറും അദ്ദേഹം മാറിക്കൊണ്ടിരിക്കുകയല്ലെ?”

“എടീ ഭൂലോകവിഡ്ഢീ,നീ നട്ടെല്ലു പൊട്ടിച്ച് നമ്മള്‍ രണ്ടു മാസം കിടപ്പിലായിരുന്നപ്പോള്‍ നാലു നേരം കഞ്ഞി വച്ച് കോരിത്തന്നത് നിന്നോടു മത്രമുള്ള സ്നേഹമായിരുന്നെന്ന് നീ വിചാരിച്ചോ? എന്നെ പണ്ടു മുതലെ സ്നേഹിക്കയും ബഹുമാനിക്കയും ചെയ്യുന്നുണ്ടെന്ന് നിനക്കിനിയും പറഞ്ഞു തരണോ? പ്ലാസിറ്റ്ക് സര്‍ജറി ചെയ്ത് നിന്നെ നന്നാക്കണോ? മേയ്ക്കപ് കൂട്ടണോ? ഇതൊക്കെ ഞാന്‍ ചെയ്യുമെന്ന് വിചാരിക്കാതെ. നീ എന്നോടുള്ള വാശിക്ക് ഇത്രയൊക്കെ ചെയ്തിട്ടും നമ്മുടെ മോള്‍ മിടുക്കിയായി മെഡിക്കല്‍ കോളേജില്‍ പഠിക്കാന്‍ വരെ എത്തിയത് അദ്ദേഹത്തിന്റെ സ്നേഹം എന്ന ശക്തി ഒന്നു കൊണ്ടു മാത്രമാണ്. ഞാനൊരുത്തിയുടെ ധൈര്യവും.”

“ നിന്നെ പരീക്ഷിക്കാന്‍ ചെയ്തതാണ് എന്നൊക്കെ പറഞ്ഞ് രക്ഷപെടാനൊന്നും നോക്കുന്നില്ല. എന്നെ അവഗണിക്കുന്നെന്നു തോന്നിയിട്ടാണൊ ഞാനിതു ചെയ്യുന്നതെന്നും അറിയില്ല. എന്നാലും ‘ശരീരമാദ്യം ഖലു ധര്‍മ്മ സാധനം“ എന്നു കേട്ടിട്ടില്ലേ?

“അമ്പടീ നീ സംസ്കൃതോം പറഞ്ഞു തുടങ്ങിയോ? സംസ്കൃതം പാടിനടന്ന ചിലര്‍ ഉടലോടെ സ്വര്‍ഗ്ഗത്തിലേക്കു ‍ പോയിട്ടുണ്ടെന്നു കേട്ടിട്ടാണോ? അഴുക്കു വസ്ത്രം മാറി പുതിയ വസ്ത്രമുടുക്കുന്നതു പോലെ ശരീരത്തെ മാറി മാറി ഞങ്ങള്‍ സ്വീകരിക്കും. അല്ലെങ്കില്‍ ഒരു ജന്മം കഴിഞ്ഞ്, ക്രിസ്ത്യാനികളുടെ മാതിരി, മണ്ണില്‍ നിന്നു വന്നു, മണ്ണൊടു ചേരും. ഇതൊക്കെ അറിഞ്ഞിരിക്കുന്നതാ നല്ലത്. പിന്നെ നിനക്കൊരു പ്രധാന ന്യൂനതയുണ്ട്. സ്വപ്നം കാണാന്‍ പറ്റാതെ വരുന്നത്. നീ വെറുതെ ന്യൂറൊണുകള്‍ തമ്മില്‍ സന്ധിപ്പിക്കുന്നതേ ഉള്ളു. സ്വപ്നം കാണു‍ന്നത് ഞാന്‍ മാത്രമാണ്.”

“ഹ ഹ ഹ. ആരുടെ ശരീരത്തില്‍ കയറിക്കൂടാനാ‍ാ പ്ലാന്‍ അടുത്ത ജന്മത്തില്‍? എന്നേക്കാളും സുന്ദരിയുടെ മേലോ?”

“എടീ ഒരു മണ്ണിരയായി ജനിച്ചാലും എനിക്കു സന്തോഷമാണ്. ഡ്രൈവ് വേയില്‍ കാറെടുക്കുമ്പോള്‍ ചതഞ്ഞരഞ്ഞു ചത്തു പോകുന്ന മണ്ണിര. അനായാസേന മരണം. കര്‍ഷകരുടെ ബന്ധു എന്ന പേരും ഉണ്ട്. ഒരു സിംഹമായാലോ? ഹിമക്കരടി? പവിഴപ്പുറ്റ്? എന്റെ പോസ്സിബിലിറ്റികള്‍ അങ്ങനെ നീണ്ടും പരന്നും കിടക്കുന്നു.”

പിറ്റേന്ന് പാര്‍ക്കിങ് ലോടില്‍ വച്ച് സുഗാത്രിണി കാറ് പുറകോട്ട് എടുക്കുമ്പോള്‍ തലച്ചോറിന്റെ ചില ഭാഗം ശരീരം മന്ദീഭവിപ്പിച്ചു. കാറ് മറ്റൊരു കാറുമായി ഇടിച്ചതുപോലും സുഗാത്രിണി അറിഞ്ഞില്ല. ഇനി ഡ്രൈവ് ചെയ്യുന്നില്ലെന്നു അവള്‍ തീരുമാനിച്ചു. ബസ്സില്‍ ജോലിക്കു പോകാം . അല്ലെങ്കില്‍ ഭര്‍ത്താവ് കൊണ്ടെ വിടും. ഇവളെ തോല്‍പ്പിക്കാന്‍ പറ്റുന്നില്ലല്ലോ- ശരീരം വിചാരി‍ച്ചു. സുഗാത്രിണി വീടിനു പുറകില്‍ ചീരയും പടവലവും പച്ചമുളകും കൃഷി ചെയ്യാന്‍ ഭര്‍ത്താവിനെ സഹായിച്ചു. മകള്‍ വിനോദിനി വരുമ്പോള്‍ പതിവിന്‍ പടി അവള്‍ക്കിഷ്ടമുള്ള കൂട്ടാന്‍ വയ്ക്കുകയും വസ്ത്രങ്ങള്‍ അലക്കി തേച്ച് മടക്കിക്കൊടുക്കുകയും ഒരുമിച്ച് സിനിമാ കാണാന്‍ പോകുകയും ചെയ്തു.

ശരീരം പറ്റുന്ന പണികളൊക്കെ നോക്കി. രക്ഷയില്ല.

ഒരുദിവസം സുഗാത്രിണി ശരീരത്തെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഇത്രയും പ്രശ്നമുണ്ടാക്കിയ ഇവളെ എന്തിനു വച്ചോണ്ടിരിക്കണം? മുറിയില്‍ നിന്നും പുറത്തു കടക്കുന്ന സുഗാത്രിണിയോട് ശരീരം വിളിച്ചു ചോദിച്ചു. “അയ്യോ എന്നെ ഇങ്ങനെ ഇവിടെ ഇട്ടേച്ചു പോകുകയാണോ?”

“പിന്നെയല്ലാതെ? ഞാന്‍ ഈ വാതിലിനു കുറ്റി പോലും ഇടുന്നില്ല. ഞാനില്ലാതെ നീ ഇവിടുന്നു എണീറ്റു പോകുക പോലും ഇല്ല.”

“അയ്യോ എന്നെ തനിച്ച് വിടരുതേ’ ശരീരം കരയാന്‍ ശ്രമിച്ചു. പക്ഷെ കരച്ചില്‍ പുറത്തു വന്നില്ല.

“എടീ ശരീരമേ നീ അവിടെ കെട. ദേഹി ദേഹം വെടിഞ്ഞു എന്നൊക്കെ ഞങ്ങള്‍ ഇതിനു പറയുമെങ്കിലും മലയാളത്തില്‍ വളരെ നികൃഷ്ടമായ വാക്കാണ് നിനക്ക് ഉപയോഗിക്കുന്നത്. ശവം. നീയൊരു ശവം മാത്രമാണ് ഇപ്പോള്‍. നിന്നെ എന്തു ചെയ്യാന്‍പോകുകയാണെന്നും നീ അറിയുക. നിന്നെ കത്തിച്ചു കളയാന്‍ പോകുകാ. അത്ര തന്നെ. ഇപ്പോള്‍ കയറി വരുന്ന ബാക്റ്റീരിയകള്‍ അല്ലെങ്കില്‍ നിന്റെ മേല്‍ വിഭജിച്ച് ഇവിടെയൊക്കെ വൃത്തികേടാക്കും. അതിനു മുന്‍പു കത്തിയ്ക്കണം.

“അയ്യോ കത്തിയ്ക്കുകയോ? എന്നെ കത്തിയ്ക്കാനാണോ ഇത്രയും നാള്‍ കൊണ്ടു നടന്നത്? എന്നെ കത്തിയ്ക്കരുതേ നമ്മക്കിനിയും ഒരുമിച്ച് കഴിയാം”

“നിന്നെക്കൊണ്ട് ആര്‍ക്കെങ്കിലും ഗുണമുണ്ടോ? എന്നോടുള്ള വാശിക്ക് ന്നീ നിന്നെത്തന്നെ നശിപ്പിച്ചില്ലെ? നിന്റെ കിഡ്നി ആര്‍ക്കെങ്കിലും കൊടുക്കാന്‍ പറ്റുന്നതാണോ? കണ്ണു ദാനം ചെയ്യാന്‍ പറ്റുമൊ? റെറ്റിന നീ ബലഹീനമാക്കിയില്ലെ? ഹൃദയത്തിന്റെ വാല്‍വുകളും ക്ഷീണിപ്പിച്ചില്ലെ? നിന്നെക്കൊണ്ട് മണ്ണിനും ചുണ്ണാമ്പിനും കൊള്ളുകയില്ലതാക്കിയത് നീ തന്നെയാണ്. നീ കത്തി ചാമ്പലാക്. ഐ ഡോണ്ട് കെയര്‍ എ ബിറ്റ്“

ഇത്രയും പറഞ്ഞ് സുഗാത്രിണി താഴെ മാസിക വായിച്ചു കൊണ്ടിരുന്ന വിനോദിനിയുടെ അടുത്തെത്തി. “ ഞാന്‍ ഇനി നിന്നോടൊപ്പമാണ് താമസം”. വിനോദിനി ആദ്യം വാവിട്ടു നിലവിളീച്ചെങ്കിലും പിന്നെ സത്യം മനസ്സിലാക്കി സ്വസ്ഥചിത്തയായി.


ശവം ദഹിപ്പിക്കാന്‍ നേരത്ത് വിനോദിനി അചഞ്ചലയായിരുന്നു. എന്തൊരു ധൈര്യം! നാട്ടുകാര്‍ ഓര്‍ത്തു. ശവമൊക്കെ ധാരാളം കീറി മുറിക്കുന്ന ഡോക്ടരല്ലെ അതുകൊണ്ടാണ്, ചിലര്‍ പറഞ്ഞു.

Thursday, October 18, 2007

ചെമ്പരത്തി നടുന്നവര്‍

വീടു വാങ്ങിച്ച് കയറിത്താമസിക്കുന്നതിനു മുന്‍പു തന്നെ അയാള്‍ തീരുമാനിച്ചിരുന്നു. മുന്‍പില്‍ ധാരാളം ചെമ്പരത്തികള്‍ വച്ചു പിടിപ്പിക്കണം. ബാള്‍ടിമോറില്‍ എങ്ങനെയാ ചെമ്പരത്തി വളരുന്നത്, തണുപ്പുകാലത്ത് മഞ്ഞുവീഴുമ്പോള്‍ എല്ലാം ചത്തുപോകുകയില്ലെ എന്നു ഭാര്യക്കു സംശയം. തണുപ്പ് അതിജീവിക്കാന്‍ പ്രത്യേകം വികസിപ്പിച്ചെടുത്ത ചെമ്പരത്തികള്‍ മെയില്‍ ഓര്‍ഡര്‍ ചെയ്യാം. തണുപ്പുകാലത്ത് അവ വാടിപ്പോകുമെങ്കിലും പിന്നെ മാര്‍ച്ചു മാസത്തില്‍ വേരില്‍ നിന്നും പൊട്ടി മുളയ്ക്കും. പിന്നെ മൂന്നാലു മാസത്തേയ്ക്കേ ഈ പൂക്കാലം ഉള്ളുവെങ്കിലും അതു ധാരാളം മതി. പല തരത്തിലുള്ള പൂക്കള്‍ ഉള്ള ചെമ്പരത്തികള്‍ കിട്ടും. ചുവപ്പിന്റെ പല ഷേഡുകളില്‍ ഉള്ളത്, റോസ് നിറത്തിലുള്ളവ. അങ്ങിനെ. ചിലവയ്ക്ക് “വണ്‍ ഫുടര്‍’ എന്നാണ് പറയുക. പൂവിന്‍് ഒരടി വ്യാസം കാണും. അത്ര വലുതാണ്. ചെമ്പരത്തിക്കമ്പുകള്‍ക്ക് ഓര്‍ഡര്‍ കൊടുത്തിട്ട് വീടിനു മുന്‍പില്‍ കുറേ സ്ഥലം പുല്ലു മാറ്റി കിളച്ച് ഇഷ്ടികകള്‍ കൊണ്ട് അതിരു തിരിച്ചിട്ടു അയാള്‍.


നാട്ടില്‍ വീടിനു ചുറ്റും ചെമ്പരത്തിയാണ്. അച്ഛനും താനും കൂടെ വച്ചു പിടിപ്പിച്ചവ. പലതരം ചെമ്പരത്തികള്‍ കൊണ്ടു വന്ന് നടുകയായിരുന്നു അച്ഛന്റെ വിനോദം. വീടിനു ചുറ്റും കാടുപോലെയായപ്പോള്‍ അമ്മ സ്വല്‍പ്പം എതിര്‍ത്തു. പക്ഷെ അച്ഛന്‍ മണ്മറഞ്ഞതിനുശേഷം അമ്മ തന്നെ അവയെയെല്ലാം പരിപാലിച്ചു തുടങ്ങി. നാട്ടില്‍ ചെല്ലുമ്പോള്‍ ഓരോ ചെമ്പരത്തിയുടെയും മുന്‍പില്‍ നിന്നു താന്‍ നേരം കളയുന്നത് അമ്മ നനഞ്ഞ കണ്ണുകളോടെ നോക്കും. കുട്ടിക്കാലത്തെ അച്ഛനുമായുള്ള സംവേദനം പ്രധാനമായും ചെമ്പരത്തി നടീല്‍ പ്രക്രിയയില്‍ക്കൂടിയായിരുന്നു. കുഴികള്‍ കുത്തിക്കഴിഞ്ഞ് തന്നെ വിളിക്കും. കമ്പു നടുക്കു പിടിച്ചു കൊണ്ടിരിക്കുന്നത് താനാണ്. അച്ഛന്‍ ചുറ്റും മണ്ണിട്ടു കുഴി നികത്തും. മണ്ണ് അടിച്ചുറപ്പിക്കും. ആദ്യത്തെ കൂമ്പുകള്‍ വരുന്ന വരെ അച്ഛനു വേവലാതിയാണ്. കൂമ്പുകള്‍ വന്നാല്‍ ആരുടെ കൈപ്പുണ്യമാണെന്നൊരു വിവാദം ഉണ്ടാകാറുണ്ട്.

ചെമ്പരത്തി തഴച്ചു വളരുന്ന കാലിഫോര്‍ണിയയിലും തെക്കന്‍ സംസ്ഥാനങ്ങളിലും വീടുകള്‍ക്കു ഒരു മലയാളി ഛായയുണ്ടെന്നത് അയാളെ സന്തോഷിപ്പിച്ചിരുന്നു. പുതിയ വീടിനു മുന്‍പില്‍ ചെമ്പരത്തി എന്ന ഐഡിയ വന്നപ്പോഴെ ഭാര്യ ചിരിച്ചു. വീടു വാങ്ങിയതു തന്നെ ഇതിനല്ലെ എന്നായി അവള്‍. ബാക് യാര്‍ഡില്‍ അവള്‍ക്ക് പാവലിനും പടവലത്തിനും വെണ്ടയ്ക്കും സ്ഥലമുള്ളതുകൊണ്ട് നിങ്ങള്‍ ചെത്തിയോ മന്ദാരമോ കുറുമൊഴിയോ വളര്‍ത്ത്, പൂവ് ഞാന്‍ ചൂടിക്കോളാം എന്ന തമാശ നിലപാടെടുത്തു.


വേരുകള്‍ വളര്‍ന്ന ചെമ്പരത്തിക്കമ്പുകളുടെ പെട്ടി പോസ്റ്റ്മാന്‍ കൊണ്ടു വന്നത് വൈകിയിട്ടാണ്. അയാ‍ള്‍ എട്ടോളം കുഴികള്‍ കുഴിച്ചു. ഇന്നു തന്നെ എല്ലാം നടാന്‍ പറ്റുമൊ? സന്ധ്യയായല്ലൊ. രണ്ടെണ്ണം കുഴിയില്‍ വച്ചു മണ്ണു മൂടിയപ്പോള്‍ തന്നെ നേരം വൈകി. അപ്പോഴാണ് മോന്‍ ഓടിവന്നത്.
ഡാഡ്, ക്യാന്‍ ഐ ഹെല്പ്? അച്ഛാ ഞാന്‍ ചെയ്യാം. എന്നെക്കൂടെ കൂട്ട് അച്ഛാ. പ്ലീസ്. ഞാന്‍ മണ്ണു കോരിയിടാം അച്ഛാ.

മോന്‍ ഈ കമ്പു പിടിച്ചേ, ഞാന്‍ മണ്ണുകോരിയിടാം.

വേണ്ട, എനിയ്ക്ക് മണ്ണു കോരിയിടണം.

പോടാ. നിനക്കു ചെയ്യാവുന്ന പണിയൊന്നുമല്ലിത്. അകത്തു പോ.

മണ്ണു കോരിയിടുന്ന പണി എന്റേതാ എന്നു പറഞ്ഞ് അവന്‍ കരഞ്ഞു.‍ അകത്തേയ്ക്ക് ഓടി. രാത്രിയില്‍ സ്വല്‍പ്പം തേങ്ങിയാണ് ഉറങ്ങിയത്. ഭാര്യ പറഞ്ഞു.

ഈ ചെറിയ കാര്യത്തിന് എന്തിന് ഇത്രയും വാശി?

രാവിലെ അയാള്‍ ഉണര്ന്ന‍പ്പോള്‍ത്തന്നെ അവന്‍ ഉണര്‍ന്ന് റ്റി. വി. കാണുന്നുണ്ടായിരുന്നു. മോനെ വാരിയെടുത്ത് വെളിയിലെത്തി. ചെമ്പരത്തിക്കമ്പു അയാള്‍ കുഴിയില്‍ വച്ചു. മോന്റെ കയ്യില്‍ മണ്‍കോരി കൊടുത്തു. അവന്‍ സന്തോഷത്തൊടെ മണ്ണു കോരി കുഴി നിറച്ചു. പരിചയസമ്പന്നനെപ്പോലെ മണ്‍കോരിയുടെ മറുവശം കൊണ്ട് നിറഞ്ഞ മണ്ണ് അടിച്ചുറപ്പിച്ചു.

അയാള്‍ മോന്റെ മുഖത്ത് നോക്കിയും നോക്കാതെയും ക്ഷമാപണസ്വരത്തില്‍ പറഞ്ഞു:

ഇന്നലെ.... ഞാന്‍ അറിഞ്ഞില്ല.

Thursday, August 2, 2007

അവസാനത്തെ കൃഷ്ണന്‍

അവസാനത്തെ അദ്ധ്യായം എഴുതാന്‍ നന്ദന്‍ കമ്പ്യൂട്ടറിന്റെ മുന്‍പില്‍ ഇരുന്നു.

കഴിഞ്ഞ രണ്ടുമാസമായി യദുകുലത്തിന്റെ ചരിത്രം ഖണ്ഡശ ബ്ലോഗില്‍ എഴുതുന്നു. മിത്തോളജിയോട് തനിയ്ക്കുള്ള താല്‍പ്പര്യവും ചരിത്രാ‍ന്വേഷണത്വരയും കൂട്ടി യോജിപ്പിച്ച് വളരെ രസകരമായി എഴുതി വരുന്ന ഓരൊ അദ്ധ്യായവും ബ്ലോഗ് വായനക്കാര്‍ക്ക് ഏറെ പ്രിയംകരമായിരുന്നു. യാദവരേയും കൃഷ്ണനേയും ചുറ്റിപ്പറ്റിയുള്ള കഥകളോ തന്റെ എഴുത്തിന്റെ വൈഭവമോ മിത്തുകളില്‍ നിന്നും കാര്യ കാരണങ്ങള്‍ കണ്ടുപിടിക്കുന്നതിലുള്ള വിസ്മയാ‍നുഭൂതിയോ എന്താണ് വായനക്കാരെ വീണ്ടും ഈ ബ്ലോഗിലേക്കു വരാന്‍ പ്രേരിപ്പിച്ചതെന്ന് പറയാന്‍ വയ്യ. യദുകുലത്തിന്റെ നാശത്തിലേക്കു വഴി വച്ച സംഭവങ്ങള്‍‍ അതി ലളിതമായിരുന്നെന്നും യാദവരുടെ ഗര്‍വ്വും ബുദ്ധിഹീനതയുമായിരുന്നു അവരുടെ നാശത്തിന് കാരണമായതെന്നും എഴുതി ഫലിപ്പിക്കാന്‍ നന്ദന്‍ തന്റെ ധിഷണാശക്തി മുഴുവന്‍ പ്രയോഗിക്കാന്‍ തീരുമാനിച്ചിരുന്നു. നന്നെ വൈകിയങ്കിലും ജോലിത്തിരക്കിന്റെ ആലസ്യവും ക്ഷീണവും തെല്ലൊന്ന് മനസ്സിനെ ഉലച്ചിരുന്നെങ്കിലും എണ്ണിത്തിട്ടപ്പെടുത്തി, ഒഴുക്കു മുറിയാതെ മനസ്സില്‍ തിടം വച്ചു വച്ചിരിക്കുന്ന ലേഖനഗതി മനസ്സില്‍ നിന്നും മറയുന്നതിനു മുന്‍പേ വരമൊഴിയിലാക്കാന്‍ നന്ദന് തിടുക്കമുണ്ടായിരുന്നു.

പുറത്ത് തണുത്ത കാറ്റ് ദിശാബോധമില്ലതെ അല‍ഞ്ഞിരുന്നു. കമ്പ്യൂടര്‍ മോണിടറിന്റെ നീലവെളിച്ചം മുറിക്കു പുറത്തും ചെറിയ മാസ്മരികത വീശിയിട്ടു.പാതിരാത്രിയുടെ നിശബ്തയെ മിന്നാമിനുങ്ങുകള്‍ മാത്രം ഇരുള്‍ കീറി സ്വനപ്പെടുത്തി. കീബോര്‍ഡില്‍ ചലിയ്ക്കുന്ന വിരലൊച്ച മാത്രം എതൊ ഒരു പാട്ടിന്റെ താളം തെറ്റിയും തെറ്റാതെയും അടര്‍ന്നു വീണ പോലെ ചിലമ്പിച്ചു.

പഴക്കം ചെന്ന കഥയാണെങ്കിലും ഒരു നോവലിന്റെ അവസാനത്തെ പരിണാമഗുപ്തി തന്നെ തന്ത്രപൂര്‍വ്വം പ്രയോഗിച്ച് ബ്ലോഗ് വായനക്കാരെ തൃപ്ത്തിപ്പെടുത്തണമെന്ന് നന്ദന്‍ തീര്‍ച്ചയാക്കി.എന്തിനാണ് യാദവര്‍ അവനവനെത്തന്നെ ശത്രുവാക്കിയത്? മുന്‍ വിധി സമ്മാനിച്ചിട്ട ജനിതക ഘടകങ്ങള്‍ അവരറിയാതെ അവരെ നയിച്ചിരുന്നോ? അവരിലെ ജീവശാസ്ത്രത്തിന്റെ ഘടികാരം അവസാന മണിയും മുഴക്കാറായെന്ന് മുന്‍ കൂട്ടി അറിഞ്ഞിരുന്നൊ? അതീവതന്ത്രശാലിയായ ഭാഗവതകാരന്‍ സൂക്ഷ്മമായി കഥാഗതിയുടെ പാരസ്പര്യങ്ങള്‍ മെനഞ്ഞിട്ടും യാദവരുടെ തകര്‍ച്ച എന്തേ ചുരുങ്ങിയതും ലളിതവും പൊടുന്നനവേയും ആക്കി? ഇത്തരം ചോദ്യങ്ങളുടെ ഉത്തരം തേടാന്‍ ബ്ലോഗ് വായനക്കാരെ പ്രേരിപ്പിക്കണമെന്നു തന്നെ നന്ദന്‍ തീര്‍ച്ചയാക്കി. അവരുടെ ഇടയില്‍ വന്നു ചേര്‍ന്ന ആണ്‍-പെണ്‍ വ്യത്യാസമില്ലാതിരുന്ന ഒരു സ്വരൂപം എല്ലാത്തിനും കാരണമായിരുന്നോ? ഒരു നിമിത്തം മാത്രമോ? ആ സ്വരൂപത്തെ മുനിയുടെ മുന്നില്‍ കൊണ്ടു ചെന്നതും മുനിയെ കബളിപ്പിക്കാന്‍ ഇവള്‍ എപ്പോള്‍ പ്രസവിക്കും എന്ന വിഡ്ഢിച്ചോദ്യം ചോദിക്കാന്‍ വഴിവച്ചതും ആരുടെ പ്രേരണ? ഈ സ്വരൂപം ഒരു ലോഹദണ്ഡ് പ്രസവിക്കും നിങ്ങളുടെ നാശം അതു കൊണ്ടായിരിക്കും എന്ന ശാപം കേട്ടു പൊട്ടിച്ചിരിക്കാന്‍ മാത്രം വിഡ്ഢികളായത് ശ്രീകൃഷ്ണന്റെ വംശാവലി തന്നെയോ? യാദവര്‍ ലോഹദണ്ഡ് രാകിപ്പൊടിച്ച് കടലില്‍ കലക്കിയതും ആ കഷണങ്ങള്‍‍ എരകപ്പുല്ലുകളായി വളര്‍ന്നതും മൂര്‍ച്ചയേറിയ ഇലകളുള്ള എരകപ്പുല്ലുകള്‍ ആയുധമാക്കി അങ്ങോട്ടുമിങ്ങോട്ടും വെട്ടി മരിച്ച് വീണതും ഏതു ഗംഭീര പൈതൃകത്തിന്റെ നേര്‍വിപരീത ദയനീതയായിരുന്നു? ആ ലോഹദണ്ഡിന്റെ മിച്ചം വന്ന കഷണം പിടിപ്പിച്ച കൂരമ്പുകൊണ്ടു തന്നെ മരണം കൈവരിക്കാന്‍ എന്തുകൊണ്ട് തന്റെ അതുല്യ പ്രഭാവവും ബുദ്ധിശക്തിയും കര്‍മ്മചാതുര്യവും സാക്ഷാന്‍ കൃഷ്ണന്‍ തന്നെ വിട്ടു കൊടുത്തു? ആയിരമായിരം ആത്മാവുകളുടെ ജീവന്‍ന്മരണഭാഗധേയം നിശ്ചയിച്ചുറപ്പിച്ച ‘അഹം ബ്രഹ്മാസ്മി’‍ എന്തുകൊണ്ടു ഒരു വെറും വേടന്റെ ചെറിയ അമ്പിനാല്‍ അതി ലഘുവായ മരണനിമിത്തം തെരഞ്ഞെടുത്തു? യാദവരില്‍ വച്ച് യാദവനും യദുവംശകുലാധിപചന്ദ്രന്‍ എന്ന ഓമനപ്പേരില്‍ അനിയുന്നവനുമായ ത്രികാലജ്ഞാനി തന്റെ വംശത്തെ ഏത് മൂഢ നിമിഷത്തിലാണ് താഴേക്ക് തള്ളിയിട്ട് അവജ്ഞാപൂര്‍വം നടന്നു നീങ്ങിയത്? വെറും പുല്ലിന്‍‍ നാമ്പില്‍ ‍അവരുടേയും ചെറിയ ഇരുമ്പിന്‍ കഷ്ണം കൊണ്ട് തന്റെയും ജീവിതം ഒടുങ്ങട്ടെ എന്ന നിശ്ചയത്തിലെ യുക്ത്തിഭദ്രത എവിടെയാണ് ഗീതാകാരാ? ഉത്തരങ്ങള്‍ അടുക്കി വയ്ക്കാന്‍ വേണ്ട ഒരുക്കമെന്ന നിലയ്ക്കു ഒരു നിമിഷം ദൃഢശരീരനായി നന്ദന്‍ മോണിടറില്‍ ദൃഷ്ടിയുറപ്പിച്ചു.

എഴുത്തിന്റെ അനായാസത വെട്ടിത്തുറന്നെന്ന സംതൃപ്തിയില്‍ നന്ദന്‍ വെറുതെ മറ്റു ബ്ലോഗുകളിലെ കമന്റുകളൊന്നു നോക്കാമെന്ന് കരുതി കമന്റ് ലിസ്റ്റ് ചെയ്യുന്ന പേജ് കണ്മുന്‍പിലാക്കി. സ്ക്രീനിന്റെ നിറം ഒരു ശിഥില നിമിഷത്തെയ്യ്ക്ക് ചുവന്നു പോയത് നന്ദന്‍ കാര്യമായെടുത്തില്ല. പക്ഷെ തന്റെ ഒരഭിപ്രായം എഴുതിച്ചേര്‍ക്കാന്‍ നന്ദന്‍ കീബോര്‍ഡില്‍ വിരലുകള്‍ വച്ചപ്പോള്‍ തന്നെ കടും ചുവപ്പിന്റെ ഒരു പാളി സ്ക്രീനിന്റെ‍ മുകളില്‍ നിന്നും താഴേയ്ക്ക് നിരങ്ങിനീങ്ങിയത് നന്ദന്‍ തീര്‍ച്ചയായും ശ്രദ്ധിച്ചു. പലപ്പോഴും തന്റെ വിരലുകള്‍ കീബോറ്ഡിലേക്കു വലിക്കപ്പെടുന്നതു പോലെ തോന്നിയത് വൈകിയ രാത്രിയിലെ ഊര്‍ജ്ജന്യൂനം ആണെന്ന് ആശ്വസിച്ചു. പക്ഷെ കീബോര്‍ഡില്‍ വിരലുകള്‍ ചലിച്ചപ്പോള്‍ കീബോര്‍ഡാക്പ്പാടെ ഒന്നു കിടുങ്ങിയതെന്താണ്? സ്ക്രീന്‍ ഒരു സക് ഷ്ന്‍ കപ്പ് പോലെ തന്റെ മുഖത്തെ അതിലേക്ക് വലിച്ചടുപ്പിച്ചോ? കമ്പ്യൂടര്‍ ടവറും ഒന്നു അനങ്ങിയില്ലെ? നന്ദന്‍ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി. ഇല്ല ഭൂമികുലുക്കത്തിന്റെ ലക്ഷണമൊന്നുമില്ല. ജനല്‍ തുറന്നപ്പോള്‍ പാഞ്ഞുകയറിയ കാറ്റിന്‍് സ്വല്പം അസ്വാഭികമായ ആവേശം ഉണ്ടെന്നു തോന്നിയോ?

നന്ദന്‍ വായിച്ച പോസ്റ്റിന്റെ സ്വഭാവവും അതിനു പിന്നാലെ വന്ന ചില വികൃതമായ അഭിപ്രായങ്ങളും നേരിയ ഒരു ചൂടന്‍ അനുഭവം നന്ദനില്‍ ഉണര്‍ത്തി. പാഞ്ഞുകയറിയ കാറ്റ് അതിവേഗ മോഹാവേശം സ്വീകരിച്ച് മുറിയിലാകവേ കറങ്ങി. സാവധാനം കടലാസുകളേയും മാസികകളേയും പറത്തി. അവ എടുത്തുവയ്ക്കാനുള്ള ശ്രമത്തെ പരാ‍ാജയപ്പെടുത്തിക്കൊണ്ട് കാറ്റ് ഒരു ചുഴലിസ്വരൂപം കൈക്കൊണ്ട് നിലത്തു കിടന്നിരുന്ന ബെഡ് ഷീറ്റും ഷര്‍ട്ടും ചായക്കപ്പിനേയും ചെരുപ്പിനേയും സഹിതം മേലോട്ടുയര്‍ത്തി താഴെയിട്ടു, ദര്‍പ്പം ശമിച്ച മാതിരി മുറിയുടെ കോണില്‍ മുരണ്ട് നിലകൊണ്ടു. ഉള്ളില്‍ കിടുങ്ങിയ പേടിയെ ഇല്ല ഇല്ല എന്ന വാക്കുകളാല്‍ അടിച്ചൊതുക്കാന്‍ തോന്നിയത് വിഫലമായി. മോണിറ്ററിന്റേയും ടവറിന്റേയും ഉള്ളില്‍ നിന്നും അത്യന്തം പേടിപ്പെടുത്തുന്ന ആരവം കേള്‍ക്കാതിരിക്കാന്‍ നന്ദന്‍ സ്പീക്കര്‍ വോള്യം ഓഫ് ചെയ്തു. ആരവം ഉച്ചസ്ഥായിയിലേക്കു കുതിച്ചു കയറിയതു മാത്രം. ചീളുകളായി ചെവിയില്‍ മാത്രമല്ല ശരീരത്തിലെമ്പാടും തറച്ചു ഈ ആക്രന്ദനം. അതിയായ ക്ഷീണത്തിന്റെ ബാക്കിയായ ചഞ്ചലിപ്പാണൈതെന്നു കരുതി ശ്വാസം ആഞ്ഞുവലിച്ച് നന്ദന്‍ വീണ്ടും കൈവിരലുകള്‍ കീബോര്‍ഡിലേയ്ക്കു നീട്ടിയിട്ടു. മോണിടര്‍ സ്ക്രീനിന്‍് ‍ കടും ചുവപ്പുനിറം മാത്രം.

പെട്ടെന്ന് മോണിടര്‍ ഒന്ന്നു ചലിച്ചു. അതിന്റെ ഉള്ളില്‍ നിന്നും അരികുകളില്‍ ഈ‍ര്‍ച്ചവാളുള്ള എരകപ്പുല്ലിന്റെ നീളന്‍ നാമ്പുകള് ‍ചാട്ടുളി പോലെ പാഞ്ഞു നന്ദന്റെ തോളില്‍‍ പോറലുണ്ടാക്കിയിട്ടു തിരിച്ച് മോണീട്ടറില്‍ കയറി മറഞ്ഞു. ഇതു വിശ്വസിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ തെല്ലും സമയം നല്‍കാതെ മറ്റൊരു നീളന്‍ ഇലക്കൂട്ടവും പാഞ്ഞു പുറത്തേക്കു ചാടി.അതോടൊപ്പം മുഴുത്ത പുല്‍ വിത്തുകള്‍ മുറിയില്‍ എമ്പാടും ചിതറിയിട്ടു.നന്ദന്‍ നോക്കിനില്‍ക്കെ, നിമിഷങ്ങള്‍ക്കകം വിത്തുകള്‍ മുളച്ചുപൊട്ടി . മേശയുടെ മുകളിലും അലമാരിയുടെ മുകള്‍ത്തട്ടിലും സീലിങ് ഫാനിന്മേലും നാമ്പുകള്‍ അതിവേഗം വളര്‍ന്നു പൊങ്ങി. മൂര്‍ച്ചയുള്ള അരികുകള്‍ സ്വമേധയാ ഭിത്തിയില്‍ തട്ടി വിള്ളല്‍ സൃഷ്ടിച്ചതോടെ നന്ദന്‍ അവയെ പിഴുതു മാറ്റാന്‍ വൃഥാശ്രമം നടത്തി. കസേരയില്‍ വീണ്ടുമിരുന്ന നന്ദനു ചുറ്റും എരകപ്പുല്‍ നാമ്പുകല്‍ ജ്വലിക്കുന്ന ദാഹകോപങ്ങളോടെ ഊഴം കാത്തു നിന്നു. കീബോര്‍ഡില്‍ വിരലുകള്‍ വച്ചതും തന്റെ മുഖത്ത് ചെറുചൂടുള്ള എന്തോ തുള്ളികള്‍ വന്നു വീണെന്നു തോന്നിയതും ഒരുമിച്ചായിരുന്നു.ഇത്തവണ നന്ദന്‍ വ്യക്തമായി കണ്ടു സ്ക്രീനില്‍ നിന്നും ഒരു ഫൌണ്ടന്‍ പോലെ ചാമ്പിയ ചുടു ചോര! അത് എതിരെ ഭിത്തിയില്‍ അബ്സ്റ്റ്രാക്റ്റ് ചിത്രം വരച്ച് താഴേയ്ക്ക് ഒഴുകിയിറങ്ങ്നി.മുഖത്തു വന്നുവീണ ചോരത്തുള്ളികള്‍ വസൂരിക്കലകള്‍ പോലെ വികൃതരൂപം ആ‍ര്‍ജ്ജിച്ചു. കമ്പ്യൂടര്‍ ടവറില്‍ നിന്നും സി. ഡി വയ്ക്കുന്ന ഫലകം പലതവണ പുറത്തേയ്ക്കു ചാടി അകത്തു കയറി. ടവറിന്റെ നീളന്‍ ദ്വാരങ്ങളില്‍ നിന്നും രക്തം കിനിഞ്ഞിറങ്ങി കാര്‍പെറ്റിനെ നനച്ചു.

ഭ്രാന്തമായ ആവേശത്തോടെയാണ് നന്ദന്‍ കീബോര്‍ഡില്‍ വിരലുകള്‍‍ അമര്‍ത്തിയത്. സ്ക്രീന്‍ അതിവിഹ്വലമായ ഒരു ഉള്‍ക്കാഴ്ചയുണ്ടാക്കി ആ ഇമേജുകള്‍ മുറിയാകെ നിറച്ചു. അതിഭീകരവും പൈശാചികവും ആയ ദൃശ്യം നന്ദനെ വാവിട്ടു നിലവിളിക്കാന്‍ ശക്തനാക്കാതെ കണ്ണുകളെ ദൃഢീകരിച്ചു. മൂര്‍ചയേറിയ എരകപ്പുല്ലുകള്‍ കയ്യിലേന്തി പൈശാചികമായ മുഖങ്ങളോടെ നിഅരവധി സ്വരൂപങ്ങള്‍ സ്വന്തം കൂട്ടുകാരന്റേയോ ബന്ധുക്കാരന്റേയൊ മാംസം ചീന്തി‍, വെട്ടിക്കീറുകയാണ്. പലര്‍ക്കും മുഖത്തിനു പകരം ഭീകരങ്ങളായ കണ്ണൂകള്‍ മാത്രം. അവ ചോര തുടുത്ത മാംസഭാഗത് തുറിച്ചു നിന്നിരുന്നു. ആക്രന്ദനങ്ങളും അട്ടഹാസങ്ങളും ഉച്ചസ്ഥായിയില്‍ എത്താന്‍ മത്സരിച്ചു. പക മാത്രം വിജൃംഭിച്ച ശരീരങ്ങള്‍ നേരില്‍ ചീന്താന്‍ മറുസ്വരൂപങ്ങളെ അന്വേഷിച്ച് ഉഴറി നടന്നു. എരകപ്പുല്ലുകള്‍ വാശിയോടെ നന്ദന്റെ ദേഹത്ത് ചോര പൊടിയുന്ന വരകള്‍ കീറിയിട്ടു.

അതിഭീകരമായ ഒരുദൃശ്യം സ്ലോമോഷനില്‍ എന്നപോലെ നന്ദന്റെ ചേതനയെ സ്തംഭിപ്പിച്ചുകൊണ്ട് സ്ക്രീന്‍ വികസിപ്പിച്ചെടുത്ത പരിസരമാനങ്ങളില്‍ ഉരുത്തിരിഞ്ഞു.നിസ്സഹനായി നിലവിളിയ്ക്കുന്ന ഒരാളെ മറ്റൊരാള്‍ അമ്ര്ത്തി അമക്കുമ്പോള്‍ വേറൊരാള്‍ എരകപ്പുല്ലിന്റെ ഈര്‍ചവാളാല്‍ അയാളെ നെടുകേ വരഞ്ഞു. ചീന്തി പിളര്ന്ന ദേഹം ഒന്നനങ്ങി ഉയര്‍ന്നു പൊങ്ങി താഴെ വന്നപ്പോള്‍ ഹിംസരൂപി അതിനെ കെട്ടിപ്പിടിച്ചു വീണ്ടും പിളര്‍ന്നു. നന്ദന്‍ വാതില്‍ക്കലേയ്യ്കു ഓടിയതും വാതിലിനു മുന്‍പില്‍ ഊഴം കാത്തു നിന്നിരുന്ന എരകപ്പുല്‍ നാമ്പുകള്‍ അവനെ വരിഞ്ഞതും ഒന്നുച്ചായിരുന്നു. ഈര്‍ച്ചവാളുകള്‍ അവനെ ഊക്കോടെ മുന്‍പോട്ട് എറിഞ്ഞു. കീബോര്‍ഡില്‍ മുഖം തല്ലി വീണു തലപൊക്കിയപ്പോള്‍ സ്ക്രീനില്‍ നിന്നും നീണ്ട നഖമുള്ള ഒരു കൈ എരകപ്പുല്‍നാമ്പുകള്‍ സഹിതം അവ്ന്റെ കഴുത്തില്‍ നഖങ്ങള്‍ ആഴ്ന്നിറക്കി. തിരിച്ച് വലിച്ച് ചര്‍മ്മവും മാംസവും ചെറു കിടുക്കങ്ങളോടെ ആ കൈകളാക്കി സ്ക്രീനിലേക്കു മറഞ്ഞു. പുറകോട്ടു മറിഞ്ഞ നന്ദന്റെ മേല്‍ ആറു സ്പീകറുകളും അവയോടു ഘടിപ്പിച്ച കമ്പിവള്ളികള്‍‍ സഹിതം ഫണീനാഗങ്ങളായ് ഉയര്‍ന്നു പൊങ്ങി. പത്തികള്‍‍ അത്യാവേശത്തോടെ താഴെയ്ക്കു എറിഞ്ഞ് നന്ദന്റെ മേല്‍ വന്നു വീണു. നാഡീവ്യൂഹം അതിവേദന പ്രസരിപ്പിക്കുന്ന ദൌത്യം ഏറ്റെടുത്തു.മാംസം നുറുങ്ങുന്ന ആഘാതത്തില്‍ നന്ദന്‍ ഞരങ്ങി.കസേരയില്‍ പിടിച്ച് എണീയ്ക്കാന്‍ ശ്രമിക്കവേ കമ്പ്യൂടര്‍ ടവര്‍ നിരങ്ങി നീങ്ങി മുട്ടിനു താഴെ അതിശക്തമായി ഇടിച്ച് എല്ലു നുറുക്കി. പുളഞ്ഞു നിന്നിരുന്ന എരകപ്പുല്‍ നാമ്പുകള്‍ വീണ്ടും അവന്റെ ശരീരം ചീളാന്‍ തുടങ്ങി. സ്ക്രീനിനക്ത്തെയ്ക്കു പാഞ്ഞ്ചെന്നു ചോര നക്കിയെടുത്ത്ത് അവ ഊറ്റം കൊണ്ടു. ഹിംസയുടെ വിവിധ ഭീകരദൃശ്യങ്ങള്‍ പല മാനങ്ങളില്‍ തലങ്ങും വിലങ്ങും നന്ദന്റെ കണ്ണുകളില്‍ പ്രതിബിംബിച്ചു. അവ മുറിയില്‍ പല പ്രതലങ്ങല്‍ സൃഷ്ടിച്ച് സ്ക്രീനിനുള്ളിലും പുറത്തുമായി ഓടി നടന്നു.

നിശ്ചേതനങ്ങളായ കണ്ണുകല്‍ ഇപ്പോഴും കരിനീല വെളിച്ചം പരത്തുന്ന സ്ക്രീനിലെക്കു പതിപ്പിച്ച് കിടന്നിരുന്ന നന്ദന്റെ ചുറ്റും എരകപ്പുല്‍ നാമ്പുകള്‍ തൃപ്തിയോടെ പുളച്ച് നിന്നു. ചില നാമ്പുകള്‍ പരസ്പരം ചോരത്തുള്ളികള്‍ നക്കി തൃപ്തിയടഞ്ഞു. തണുത്തുറഞ്ഞ അവന്റെ ദേഹത്ത് ചാഞ്ഞു വീണ് പ്രേമപുരസരം തൂവത്സ്പര്‍ശം സമ്മാനിച്ചു.

പുറത്തു കാത്തുകിടന്നിരുന്ന കടല്‍ ഞണ്ടുകള്‍ സാവധാനം മുറിയിലേക്കു അരിച്ച് ഉനീങ്ങി. കണവകളും ചിപ്പികളും അത്യുത്സാഹത്തോടെ മേഞ്ഞ് വന്നു. മത്സ്യങ്ങള്‍ പ്രളയജലത്തിന്റെ ഉപ്പുരസം കൂട്ടി നവ മാംസം രുചിച്ചു. കടല്‍ സസ്യങ്ങളായി രൂപാന്തരം സംഭവിച്ച എരകപ്പുല്ലുകള്‍ ആയിരമായിരം കുമിളകള്‍‍ മേല്‍പ്പോട്ടു വിന്യസിപ്പിച്ച് പ്രകമ്പനം കൊണ്ടു.നിത്യതയുടെ അംശങ്ങള്‍ ആ കുമിളകള്‍‍ ഏറ്റു വാങ്ങി, കിലുക്കത്തോടെ മുകളിലേക്ക് പാറിപ്പൊങ്ങി.