Sunday, May 11, 2025

കാൽപ്പനിക അമ്മ, പരിണാമത്തിലെ അമ്മ

 

 


   ഏറെ ദിവ്യത്വം കൽപ്പിച്ചു നൽകപ്പെട്ടിട്ടുണ്ട് സാംസ്കാരികവ്യവഹാരത്തിലെ അമ്മയ്ക്ക്. പൊക്കിൾക്കൊടിബന്ധം എന്നത് ജൈവികമായ ഒരു തീവ്രാടുപ്പം സൃഷ്ടിയ്ക്കുകയാണെന്നും ഒരു മനുഷ്യനു ഏറ്റവും അടുത്ത ബന്ധം അമ്മയോടാണെന്നും  സ്ഥപിച്ചെടുക്കാൻ ഈ  physical structure സഹായിക്കുന്നുണ്ട്. ബന്ധങ്ങളുടെ മേന്മയുടെ തോത് അളന്നെടുക്കേണ്ടത് ആവശ്യമായി വരികയും ഈ ബന്ധം നിസ്തുലവും അദ്വിതീയവുമാണെന്ന് അങ്ങനെ എളുപ്പം തെളിയിക്കപ്പെട്ട് പരിപാവനത്വത്തിലേക്ക് കയറിയതാണ്  മനുഷ്യർ സങ്കൽപ്പിച്ചെടുത്ത മാതൃത്വം. 

  ദൈവങ്ങളെ അമ്മയായി കാണാനും ഇത് പ്രേരിപ്പിച്ചിട്ടുണ്ട്. പ്രകൃതി തന്നെ അമ്മ എന്നത് സർവ്വപ്രദായിനി എന്ന അനുഭവത്തിൽ നിന്ന് ഉടലെടുത്തതാകണം. പ്രകൃതി പോലെ ക്ഷണപ്രഭാചഞ്ചലമാണ് അമ്മ മനസ്സും എന്ന്  യുക്തി കണ്ടുപിടിയ്ക്കാൻ ഉഴറിയ മനുഷ്യമനസ്സ് കൽപ്പിച്ചെടുത്തിരിക്കണം. ഭാരതീയ അമ്മദൈവങ്ങൾ ഉഗ്രരൂപിണികളും കരാളവതികളും ആകുന്നതും ഈ പ്രകൃതിദർശനസമന്വയ  സവിശേഷതകൊണ്ടായിരിക്കണം. ജീവിയുടെ ഉദ്ഭവവും നിലനിൽപ്പും അമ്മദൈവങ്ങളുടെ നിയന്ത്രണത്തിലാണെന്നുള്ള സങ്കൽപ്പം അമ്മയുടെ പ്രതാപം പ്രോജ്വലിപ്പിക്കുന്നതുമാണ്. ഗർഭധാരണം, പ്രസവം എന്നതിലെ അദ്ഭുതങ്ങൾ നിർവ്വചിച്ചെടുക്കാൻ അമ്മദൈവങ്ങളുടെ വിദ്യകളാണവ എന്ന് സങ്കൽപ്പിച്ചാൽ മതി.  മുക്കാൽ പിള്ളയെ ഗർഭതി കൊല്ലും, മുഴുപ്പിള്ളയാകുമ്പൊ ഈറ്റതി കൊല്ലുന്നവളുമാണ് ആ അമ്മ,  അന്നു പിറന്നൊരിളമ്പിള്ളയെത്താൻ അമ്മാനമാടി രസിപ്പവളുമാണ് ഈ നിഷ്ഠൂര. അമ്മയുടെ ഔദാര്യത്തിൽ മാത്രം കുഞ്ഞ് ജീവനോടെ ഇരിയ്ക്കും എന്നത് ഭീതി ഉളവാക്കുന്നതാണ്. ഈ ഭീതിയിലൂടെ അമ്മ=ദൈവം എന്നത് രൂഢമൂലമാകുന്നു, അമ്മ ദൈവമായി മാറുന്നതും ദൈവം അമ്മയായി മാറുന്നതും ഒരുമിച്ച് സംഭവിക്കുന്നു. 

       ആവിഷ്ക്കാരങ്ങളുടെ വിസ്തൃതി അനുവദിക്കപ്പെട്ട് ദൈവത്തിനും ഒരു അമ്മയുണ്ട് എന്ന് പ്രഖ്യാപിക്കാം. ആദിയിൽ മാനവും ഭൂമിയും തീർത്തത് ദൈവമായിരിക്കാം, ആറാം നാളിൽ മനുഷ്യനെ തീർത്തത് ദൈവമായിരിക്കാം, പക്ഷേ ആ ദൈവത്തെ പെറ്റുവളർത്തിയത്, മുലപ്പാലൂട്ടിയത് അമ്മയാണ് എന്ന് പ്രഖ്യാപിച്ച് ദൈവസങ്കൽപ്പത്തിനും മുൻപ് അമ്മദൈവസങ്കൽപ്പം രൂഢമൂലമായെന്ന് കവികൾക്ക് ശഠിയ്ക്കാം, തെറ്റില്ല താനും. മാനുഷികമായതിൽ നിന്നൊക്കെ വിടുതൽ നൽകി അമേയവും അമൂർത്തവുമായ പ്രഭാപൂരത്തിൽ വിലയിക്കപ്പെടുമ്പോൾ അമ്മ ദാർശനിക മാനങ്ങളും കൈക്കൊള്ളുകയാണ്. എന്നാൽ ആദ്യമായി അമ്മ എന്ന പേരിൽ നോവെൽ എഴുതപ്പെടുമ്പോൾ പ്രായോഗികചിന്തക്കാരിയെ ആവിഷ്ക്കരിക്കാനാണു മാക്സിം ഗോർക്കി തുനിഞ്ഞത് എന്നത് ശ്രദ്ധിക്കേണ്ടതു തന്നെ. അപനിർമ്മാണത്തിന്റെ ഉദാഹരണമായി വാഴ്ത്തപ്പെട്ട ഈ കഥാപാത്രം അണ്ഡകടാഹം നിർമ്മിച്ചെടുത്ത ദൈവത്തിന്റെ അമ്മയല്ല, വെറും മനുഷ്യസ്ത്രീയാണ്. 

  ഇൻഡ്യയിൽ പൊതുബോധത്തിലെ അമ്മസ്വരൂപത്തിന്റെ പശ്ചാത്തലനിർമ്മിതി അമ്മദൈവങ്ങളുടെ സ്വാധീനവലയത്തിൽ പെട്ടുകൊണ്ടു തന്നെയാണ്. മതങ്ങളിലെ അമ്മ സാധാരണസമൂഹത്തിലെ അമ്മയുമായി താദാത്മ്യം പ്രാപിക്കുന്നതോടെ വിഗ്രഹവൽക്കരിക്കപ്പെട്ട അമ്മയ്ക്ക് ദൈനംദിനവ്യഹാരങ്ങളിൽ നിന്ന് അകൽച്ച പ്രഖ്യാപിക്കപ്പെട്ടു. തെക്കേ ഇന്ത്യയിൽ സ്ത്രീകളെ അമ്മ ചേർത്ത് വിളിച്ചാൽ അവർ ബഹുമാനിക്കപ്പെടുകയാണെന്ന് പ്രഖ്യാപിക്കാപിക്കാനുള്ള കരുത്ത് ഇങ്ങനെയാണ് നേടിയെടുക്കപ്പെട്ടത്. ഇങ്ങനെ അമ്മ വിളികൾക്ക് പ്രസിദ്ധിയാർജ്ജിച്ച തമിഴ്നാട്ടിലാണ്  ഏറ്റവും കൂടുതൽ പെൺശിശുഹത്യകൾ നടക്കുന്നത് എന്നത് വിരോധാഭാസമെന്ന് കരുതേണ്ട, അമ്മ എന്ന വിഗ്രഹം പെട്ടെന്നുടയുന്നതാണെന്ന  മുൻ കൂർ അറിവുള്ളതുകൊണ്ടാണ്.  മുഴുപ്പിള്ളയാകുമ്പോൾ ഈറ്റില്ലത്തിൽ വച്ച് കുഞ്ഞിനെക്കൊല്ലുന്ന അമ്മ ദൈവമായി തുണയുണ്ടായിരിക്കും എന്ന ലളിതയുക്തിയെക്കാൾ വിഷപ്പാൽ ഇറ്റിച്ച് കുഞ്ഞിനെക്കൊല്ലുന്നതിൽ സമൂഹം സൃഷ്ടിച്ഛ അതും ആണുങ്ങൾ സൃഷ്ടിച്ച- സ്ത്രീധനം എന്ന പ്രായോഗികപ്രശ്നം കണ്മുന്നിൽ പ്രത്യക്ഷപ്പെടുന്നതുകൊണ്ടാണെന്നുള്ളതും കൃത്യമായി മനസ്സിലാക്കിക്കൊണ്ടു തന്നെയാണ്. മാതൃത്വത്തോടോ സ്ത്രീയോടോ ഉള്ള മിനിമം ആദരവ് ഇല്ലാതെ പോകുന്നത്  അമ്മ എന്ന സംബോധന കൊണ്ട് മറയ്ക്കപ്പെടുന്നു.

സ്ത്രീയോടുള്ള ആദരവും അമ്മയോടുള്ള ആദരവും വേർപെടുന്നില്ലിവിടെ, ഹിംസാത്മകതയുടെ ഭാഗം തന്നെ ആയിപ്പെടുകയാണ്. അന്ന് പിറന്നൊരിളം പിള്ളയെ കൊല്ലുന്നത് അമ്മദൈവങ്ങളല്ല, പ്രത്യുത മാനുഷിക ചിന്തകളും പ്രായോഗികതയും മനസ്സിലേറ്റിയ അമ്മ തന്നെയാണ്. മതങ്ങളിലെ അമ്മ ആധുനികസമ്പദ്വ്യവസ്ഥയ്ക്കനുസരിച്ച് പെരുമാറുന്ന അമ്മയ്ക്ക് വഴിമാറുന്നു. 

 കാൽപ്പനിക അമ്മയെ ആർക്കാണ് വേണ്ടത്? 

  ബന്ധങ്ങളിലെ ഊഷ്മളത ഊർജ്ജം നിറയ്ക്കുന്ന തലച്ചോർ വയറിങ്ങാണു മനുഷ്യനുള്ളത്. ഹോർമോൺ ഫിസിയോളജിയും ഇതിനു സഹായകമാകുന്നുണ്ട്. ഇതിനുവേണ്ടിയുള്ള അന്വേഷണം സ്വാഭാവികമാകുന്നു അപ്രകാരം. ബന്ധങ്ങളിലെ ആശ്രയപരത ആധാരമാകുകയാണിവിടെ.  പരിപാലനവേളയിൽ ദൃഢീകരിക്കപ്പെട്ട അമ്മബന്ധം നിതാന്ത ഓർമ്മയായി മനുഷ്യരിൽ കുടി കൊള്ളും , തിരിച്ച് ഗർഭപാത്രത്തിൽ കയറി സുഷുപ്തിയിലാകുന്നത് കാവ്യാവിഷ്ക്കാരങ്ങളിൽ കടന്നു വരുന്നത് സ്വപ്നസാഫല്യസമമാണ്.  മനുഷ്യനെ അമ്മയുമായി ബന്ധിക്കാനുള്ള ത്വര ആക്കം കൂട്ടപ്പെട്ടത് കാൽപ്പനികചിന്താശേഷി അവനു ലഭ്യമായതുകൊണ്ടാണ്. പ്രായപൂർത്തിയായിക്കഴിഞ്ഞാൽ  വേറിട്ടു പോയി ഇണയുമായി ബന്ധപ്പെട്ടാലും അത് താൽക്കാലികമാണെന്ന് തീർച്ചയുണ്ട്, ഇണ പിന്നീട് മാറപ്പെടുന്നതുമാണ്.. ചിമ്പാൻസികളിൽ പ്രായപൂർത്തിയായ് ആണുങ്ങൾ ദീർഘകാലം കഴിഞ്ഞും അമ്മയെ കണ്ടെത്തിയാൽ മമത പുലർത്തുന്നതായി  ഇക്കാര്യ്യത്തിൽ വിശദപഠനം നടത്തിയ പ്രസിദ്ധ behaviour scientist  ജെയ്ൻ ഗുഡാൾ   (Jane Goodall)കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്.  ആനകളിലും ഇത് നിരീക്ഷിക്കപ്പെട്ടിടുണ്ട്.  കുടുംബവ്യവസ്ഥ നിലവിൽ വന്നതിനു ശേഷം അമ്മ, ഭാര്യ എന്നീ ദ്വന്ദങ്ങൾക്കിടയ്ക്ക് പെട്ടു പോകുകയാണ് ആണുങ്ങൾ. അമ്മായിയമ്മ എന്ന മറ്റൊരു സ്വഭാവരൂപം ഉടലെടുക്കുന്നത് പ്രായോഗികതലത്തിൽ ഭാര്യയ്ക്കാണ് ബുദ്ധിമുട്ട് ഉളവാക്കുന്നതെങ്കിലും മാനസികമായി ആണിനാണു പ്രശ്നം. അല്ലെങ്കിൽത്തന്നെ മാതൃഭാവത്തിൽ വ്യതിചലനം സ്വാഭാവികമായി സംഭവിയ്ക്കുന്നുമുണ്ട്.  പ്രായോഗിക അമ്മ തന്നെയാണ് മറ്റൊരിടത്തെ അമ്മായിയമ്മ. ഈ ദ്വന്ദവ്യക്തിത്വം ചിന്താക്കുഴപ്പത്തിലാക്കിയ ആണിനു കാൽപ്പനികമായ അമ്മയെ ആവശ്യമായി വരികയാണ്.  സർവ്വം സഹയായ, നിതാന്തവാൽസല്യവതിയായ അമ്മയെ  പ്രത്യേകിച്ചും ആണുങ്ങൾക്കാണു വേണ്ടത്. വിഗ്രഹവൽക്കരിക്കപ്പെട്ട അമ്മ അവനു ആശ്വാസമാണ്. നിത്യ മാതൃത്വം ഉദാരമായി സംഭാവന ചെയ്യുന്ന, സൗജന്യമായി ആലിംഗനം ചെയ്യുന്ന അമ്മമാരെ തേടുകയായി അയാൾ. പച്ചമനുഷ്യരായ അമ്മദൈവങ്ങൾ ആവിർഭവിക്കുകയായി, ആണുങ്ങൾ അവരെ നിലനിറുത്തുകയുമായി, മാത്രമല്ല  വിപണിയുടെ ഭാഗവുമായി മാറുന്നു നിത്യാനന്ദ നിർവ്വാണപ്രസാരിണി അമ്മമാർ. കലണ്ടർ ചിത്രങ്ങളെ വെല്ലു വിളിയ്ക്കും വിധം ദേവീവേഷം ധരിച്ച്  സ്വയം ദൈവമായി പ്രഖ്യാപിക്കുമ്പോൾ രണ്ട് സിദ്ധിലാഭങ്ങൾ ലഭിയ്ക്കുകയായി അവനു, അമ്മയും ദൈവവും.   അമ്മയായി, അമ്മ എന്നതിന്റെ തനിമ മനസ്സിലാക്കിക്കഴിഞ്ഞ സ്ത്രീയ്ക്ക് അത്രമാത്രം ഈ കാൽപ്പനിക അമ്മയെ ആവശ്യം വരുന്നില്ല. ആണുങ്ങളിൽ ഈ സ്വർത്ഥചിന്ത അടിയുറയ്ക്കുകയും മാതൃത്വം വിഗ്രഹവൽക്കരിക്കപ്പെടുന്നതിനു ആക്കം കൂട്ടുകയും ചെയ്യുന്നു. 

പരിണാമത്തിലെ അമ്മ 

  കാൽപ്പനിക അമ്മയുമായി വളരെ വ്യത്യസ്തമാണ് പരിണാമത്തിലെ അമ്മ. പരിണാമം നിഷ്ക്കർഷിക്കുന്നത് ജീവികളുടെ നൈരന്തര്യമാണ്, ഏറ്റവും അനുയോജ്യവരായവർ അതിജീവിക്കുന്ന വ്യവസ്ഥ. അതിനു സഹായിക്കാൻ ചെറുപ്രായത്തിൽ തുണയേറ്റുന്നവരാണ് അമ്മമാർ. എല്ലാ ജന്തുക്കളിലും പലേ തരത്തിൽ ഇത് പ്രായോഗികമാക്കപ്പെടുന്നു. അതുകൊണ്ട് ദിവ്യത്വം കൽപ്പിക്കേണ്ടതോ ആരാധിക്കപ്പെടേണ്ടതോ അല്ല മാതൃത്വം. ഏതു ഹിംസ്രജന്തുവും പ്രസവിച്ചു കഴിഞ്ഞാൽ സ്വന്തം കുഞ്ഞുങ്ങളുടെ അടുത്ത് സ്നേഹമസൃണകളും തരളിതഹൃദയവതികളും ആയിരിക്കും. ഒരു മുതല മറ്റ് ജന്തുക്കളെ നിഷ്ക്കരുണം കടിച്ചുകീറാൻ ഉപയോഗിക്കുന്ന, പേടിപ്പെടുത്തുന്ന പല്ലുകൾക്കിടയിൽ സ്വന്തം കുഞ്ഞുങ്ങളെ അതീവ ശ്രദ്ധയോടെ കൊണ്ട്നടക്കുന്നത് കാണാം.  അല്ലെങ്കിൽ ഒരു എലിയോ സിംഹമോ എങ്ങനെ അമ്മയായി പരിപാലിയ്ക്കുന്നുവോ അത്രയുമുള്ളു മനുഷ്യരിലെ അമ്മയുടെ പരിപാവനത്വം. 

  മുട്ടയിടുന്ന ജീവികളും വിരിഞ്ഞുവരുന്ന കുഞ്ഞുങ്ങളെ പരിപാലിക്കാറുണ്ട്, മൽസ്യങ്ങളിൽ മുതൽ ഇങ്ങോട്ട് പരിണാമവഴിയിൽ.  ചില മീനുകളുടെ ശരീരത്തിൽ നിന്ന് ഉറവയെടുക്കുന്ന മുലപ്പാലിനു സമാനമായ സ്രവങ്ങൾ മുട്ടവിരിഞ്ഞ കുഞ്ഞുങ്ങളെ അമ്മയുടെ ശരീരത്തിൽ പറ്റിത്തൂങ്ങാൻ പ്രേരിപ്പിക്കുന്നുണ്ട്. മറ്റു ചില മീനുകൾ സ്വശരീരത്തിലെ ചെറിയ അറകളിലോ വായിലോ കുഞ്ഞുങ്ങളെ കൊണ്ട് നടക്കാറുണ്ട്.    പക്ഷികളുടെ ശിശുപരിപാലനം സുവിദിതമാണ്. താൻപോരിമ നേടിക്കഴിഞ്ഞാൽ ഈ മഹിമയിയന്ന മാതൃത്വം ഇല്ലാതാകുകയാണ്, അടുത്ത തലമുറയ്ക്ക് അതിജീവനം സാദ്ധ്യമാക്കുക എന്നതേ മാതൃത്വത്തിന്റെ സാധുത ഉദ്ദേശിക്കുന്നുള്ളു. സസ്തനികൾക്ക് ഇത് ചിലപ്പോൾ നീണ്ടകാലം ആയിരിക്കാം. 

    അമ്മയാകൽ ഒരു അവകാശവും അധീശസ്വഭാവാധികാരവുമാണ് ചില സസ്തനികളിൽ. ഹയെന സംഘത്തെ നയിക്കുന്നത് ഏറ്റവും കരുത്തുള്ള ഹയെനപ്പെണ്ണാണ്. ഏറ്റവും മെച്ചപ്പെട്ടവനെ ബീജധാരണത്തിനു തെരഞ്ഞെടുക്കുന്നതും അവൾ തന്നെ. പ്രസവിക്കാനുള്ള അവകാശം ഇവൾക്കും മറ്റ് ചില ചുരുക്കം ഹയെനപ്പെണ്ണുങ്ങൾക്കും മാത്രമേ ഉള്ളു. വിഭവങ്ങൾ സ്വാംശീകരിക്കാനും ഇവർക്ക് പ്രത്യേക അവകാശമാണ്.  സമൂഹത്തിന്റെ അതിജീവനം സാദ്ധ്യമാക്കാനുള്ള ഏറ്റവും ഉചിതമായ മാർഗ്ഗങ്ങൾ നിക്ഷേപിക്കപ്പെടുകയാണ് മാതൃത്വത്തിൽ. തേനീച്ചക്കൂട്ടത്തിലെ രാജ്ഞിയ്ക്ക് ലഭിയ്ക്കുന്ന സൗകര്യലാഭങ്ങൾക്ക് സമാനമാണിത്. അതിജീവനത്തിനു വേണ്ടി നിജപ്പെടുത്തിയിട്ടുള്ള ഘടനാവിന്യാസങ്ങളുടെ ഒരു പ്രധാനകണ്ണി ആകുക എന്നത് പരിണാമനിയമം മാത്രമാണ്. മെച്ചപ്പെട്ട ജനിതക ഘടകങ്ങൾ അടുത്ത തലമുഋയ്ക്ക് കൈമാറുക എന്ന ലളിതകർത്തവ്യം മാത്രമേ ഉള്ളൂ മാതൃത്വത്തിനു എന്ന് വാദിച്ചാൽ മറുവാദങ്ങൾ അധികമില്ല. 

    മനുഷ്യരിലെ ശിശുസംരക്ഷണകാലം നീണ്ടതാണ്. ജീവികളിൽ സ്വയം പര്യാപ്തത നേടാൻ ഏറ്റവും കാലയളവ് ആവശ്യമായത് മനുഷ്യശിശുക്കൾക്കാണ്. എഴുന്നേറ്റ് നിൽക്കാൻ ഇത്രയും കാലതാമസമുള്ള മറ്റൊരു ജന്തുവില്ല. തലച്ചോറിന്റെ പല കേന്ദ്രങ്ങളും വളർച്ച പ്രാപിക്കുന്നത് പിറന്നതിനു ശേഷം ആദ്യ വർഷങ്ങളിലാണ്, പ്രത്യേകിച്ചും ചലനങ്ങളെ നിയന്ത്രിക്കുന്ന് motor cortex ഇനു. ഭാഷണകേന്ദ്രങ്ങളും സാവധാനം ഉണർന്നു വരുന്നവയാണ്. ഖരാഹാരം സാദ്ധ്യമല്ലാത്ത നിസ്സഹായജീവികൾ. അതുകൊണ്ട് പരാധീനതയിൽ നിന്ന് ഉളവാകുന്ന തീവ്രമായ ബന്ധനം നെടുനാളത്തെ ബന്ധത്തിനു വഴിതെളിയ്ക്കുന്നു.  ഈ പരാധീനതയുടെ ഓർമ്മശേഷിപ്പുകൾ സങ്കീർണ്ണമായി പരിണമിച്ച തലച്ചോർ സ്ഥിരം കൊണ്ടു നടക്കുമ്പോൾ മാതൃത്വം വിഗ്രഹവൽക്കരിക്കപ്പെടാനുള്ള സാദ്ധ്യതയേറുന്നു. ദൈവചിന്തയുടെ ആവിർഭാവത്തോടെ സംഭവിച്ചതാകണമിത്. 

  പത്തുമാസം ചുമന്ന് നൊന്ത് പ്രസവിച്ചതാണ് എന്ന അവകാശവാദം പരിണാമത്തിലെ അമ്മയക്ക് ഉയർത്താനാവില്ല. പത്തു മാസത്തിൽക്കൂടുതൽ ഗർഭധാരണകാലം ഉള്ള് മറ്റ് ജന്തുക്കൾ ഇതിനെ പ്രതിരോധിച്ചേയ്ക്കും. ആനകളുടെ ഗർഭകാലം രണ്ടു കൊല്ലത്തോളമാണ്. നൊന്ത് പ്രസവിയ്ക്കുക എന്നത് വാസ്തവത്തിൽ വളരെ പെട്ടെന്ന് പരിണമിച്ച് വികസം പ്രാപിച്ച തലച്ചോർ ലഭിച്ചതിനു കൊടുത്ത വിലയാണ്. കൂടുതൽ വിസ്താരമുള്ള മസ്തിഷ്ക്ക കോർടെക്സ് ഇനു ഇടം കിട്ടാൻ ധാരാളം മടക്കുകൾ നിർമ്മിച്ചെടുത്തെങ്കിലും ശരീരത്തെ അപേക്ഷിച്ച് വലിയ തലയോട്ടിയാണ് മനുഷ്യനുള്ളത്. അതിജീവനത്തിനുള്ള വിദ്യകൾ ചമച്ചെടുക്കാൻ സങ്കീർണ്ണമസ്തിഷ്ക്കം ആവശ്യമായി വന്നപ്പോൾ സംഭിവച്ചതാണിത്. തലയോട്ടി സ്വൽപ്പം വലുതായിട്ടുണ്ട്.   ഈ വലിപ്പത്തിനനുസരിച്ച് ഇടുപ്പെല്ലുകൾ സൃഷ്ടിയ്ക്കുന്ന, കുഞ്ഞിനു നൂഴ്ന്ന് പുറത്ത് കടക്കേണ്ട ദ്വാരം വലുതായിട്ടില്ല. പരിണാമം അത് ശരിയാക്കിക്കൊണ്ടിരിക്കുന്നതേ ഉള്ളു. രണ്ട് ഇടുപ്പെല്ലുകൾ കൂടിയോജിച്ച് തീർക്കപ്പെടുന്ന ത്രികോണ ഇടത്തിനു കൂടുതൽ പരപ്പും വികാസവുമുണ്ട് പുരുഷന്മാരുടേതിനേക്കാൾ സ്ത്രീകളിൽ. കുഞ്ഞിനു കടന്നു വരാൻ എളുപ്പം സൃഷ്ടിയ്ക്കാൻ വേണ്ടി. ഇനിയും അത് വികസിക്കേണ്ടിയിരിക്കുന്നു.  അതുകൊണ്ട് മനുഷ്യർക്ക് മാത്രമുള്ള താണ് പ്രസവവേദന. നൊന്ത് പ്രസവിക്കുക എന്നത് ത്യാഗത്തിന്റെ ലക്ഷണമൊന്നുമല്ല, പരിണാമ തൽക്കാലം നിഷ്ക്കർഷിച്ചിട്ടുള്ളത് മാത്രമാണെന്ന് സാരം. 

കടം വാങ്ങുന്ന മാതൃത്വം അഥവാ Allomaternal care

    പ്രസവിച്ചർ മാത്രം മാതൃത്വം എന്ന വിശിഷ്ടപ്ദവിയ്ക്ക് അർഹരാകണമെന്ന് നിർബ്ബന്ധമൊന്നുമില്ല ജന്തുലോകത്തിനു. ഹനുമാൻ കുരങ്ങുകളിൽ പലേ സീനിയർ സ്ത്രീകളും ശിശുപരിപാലനത്തിനു സന്നദ്ധരാണ്.  നീണ്ടവാലൻ കുരങ്ങുകളിൽ ഒരു സ്ത്രീ മാത്രം ഇതിനു ഒരുമ്പെടുകയാണ് പതിവ്. ആനകളിൽ അമ്മായിമാരും ചിറ്റമാരും മൂത്ത ചേച്ചിയുമൊക്കെ കുട്ടിയാനയ്ക്ക് പരിചരണം നൽകുക പതിവാണ്. ഇവരിൽ പ്രസവിച്ചവർ ഉണ്ടെങ്കിൽ മറ്റ് കുഞ്ഞുങ്ങൾക്ക് മുലയൂട്ടലും പതിവാണ്. സ്വന്തം ജനിതകവസ്തു ശാശ്വതീകരിക്കാനുള്ള തത്രപ്പാടിന്റെ ഭാഗമായിട്ട് ഇതിനെ കാണാം. അതുകൊണ്ടുതന്നെ പെൺശിശുക്കൾക്കാണ് ഈ പരിചരണം കൂടുതൽ കിട്ടാറ്. ചിമ്പാൻസികളിലും ചിലയിനം വവ്വാലുകളിലും ഇങ്ങനെ പങ്കുവയ്ക്കപ്പെടുന്ന മാതൃത്വം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സ്വന്തം അമ്മയോടെന്നവണ്ണം സ്നേഹാതിരേകബന്ധത്തിൽ പെട്ടു പോകാറുണ്ട് ചില ചിമ്പാൻസിക്കുട്ടികൾ.  ഗോത്രകാലം മുതലോ അതിനും മുൻപോ മനുഷ്യർ ശിശുപരിപാലനപ്രക്രിയ കുടുംബശ്രീ കൂട്ടായ്മയുടെ ഭാഗമാക്കിയിരുന്നു എന്നത് സത്യമാണ്. കൂട്ടുകുടുംബ വ്യവസ്ഥയിലും ഇത് പരിപാലിക്കപ്പെട്ടിരുന്നു. മാതൃത്വത്തിന്റെ നിർവ്വചനം ഇടുങ്ങിയതല്ല. 

    അച്ഛന്മാർ അമ്മമാരിൽ നിന്ന് ഈ കുത്തക ഏറ്റുവാങ്ങിയത് മനുഷ്യർക്ക് വളരെ മുൻപേ തന്നെ സംഭവിച്ചതാണ്. മുയൽ വർഗ്ഗത്തിൽപ്പെട്ട പ്രെയറി വോൾ ദാമ്പത്യജീവിതം നെടുനാൾ കാത്തു സൂക്ഷിയ്ക്കുന്നവരാണ്, അച്ഛന്മാർക്ക് വലിയ താൽപ്പര്യമാണ് കുഞ്ഞുങ്ങളെ താലോലിച്ചു വളർത്താൻ. ചിലയിനം കിളികളിൽ കുഞ്ഞുങ്ങളെ പാട്ട് പഠിപ്പിക്കുന്നത് അച്ഛന്മാരാണ്. വ്യാവസായിക വിപ്ലവത്തിനു ശേഷം. അമ്മമാർ ജോലി ചെയ്യുന്നവരാകുകയും കൂടുതൽ  അച്ഛന്മാർ പരിപാലനത്തിൽ പങ്കെടുക്കുകയും ചെയ്യുന്നത് പിന്നീട് വ്യാപകമാകുകയും ഇന്ന് മാതൃത്വം എന്നത് വിഘടീകരിക്കപ്പെട്ട് തുല്യ പങ്കാളിത്തത്തിൽ എത്തിനിൽക്കുന്നതു പോലെ മാറിയിട്ടുമുണ്ട്. താരാട്ടു പാടുവാൻ അമ്മയുണ്ടെങ്കിൽ താളം പിടിയ്ക്കുവാൻ അച്ഛനുണ്ട് എന്ന് മാത്രമല്ല ആ ബലിഷ്ഠ കയ്കൾ തൊട്ടിലാട്ടാനും പരിശീലക്കപ്പെട്ട് തരളിതമാക്കപ്പെട്ട് തുടങ്ങിയിരിക്കുന്നു. 

   മാതൃത്വം മനുഷ്യരുടെ പ്രത്യേക സിദ്ധി ആണെന്ന് തെറ്റിദ്ധരിച്ചവരാണ് അതിനെ ദൈവീകവും  ദാർശനികസിദ്ധിവിശേഷവുമായി കരുതിയത്.     ദൈവത്തിനു മുലപ്പാലൂട്ടുന്ന  കവിഭാവനയിലെ അമ്മ ഒരു മനുഷ്യസ്ത്രീ ആയിരിക്കണമെന്നില്ല. മൽസ്യമോ മുതലയോ ചിമ്പാൻസിയോ ആകാം.  ദൈവങ്ങൾ തന്നെ മൽസ്യവും കൂർമ്മവും വരാഹവുമൊക്കെ ആവുമ്പോൾ അവരുടെ അമ്മമാരും അങ്ങനെയൊക്കെ ആകണമല്ലൊ. എന്നാൽ പിറന്നു വീണ സ്വന്തം പെൺകുഞ്ഞിന്റെ വായിൽ വിഷം ഇറ്റിക്കുന്ന അമ്മമാർ ജന്തുകുലത്തിൽ ഇല്ല.

 

Biomechanics and Dynamics of the Pelvic Girdle - Physiopedia

 

  ആണിന്റേയും പെണ്ണിന്റേയും ഇടുപ്പെല്ലുകൾ നിർമ്മിയ്ക്കുന്ന ദ്വാരത്തിലെ വ്യത്യാസം.

No comments: