MDMA മാരകമായ ഒരു ലഹരിവസ്തുവാണ്. പക്ഷേ ഇന്ന് മാനസികരോഗങ്ങൾക്കു ചികിൽസയായി മാറപ്പെടുകയാണ്. കഞ്ചാവ് പല രാജ്യങ്ങളിലും നിയമപരമാണ്, അഡിക്ഷൻ വരാത്ത തരത്തിലുള്ള കഞ്ചാവ് മരുന്നായി ഉപയോഗിക്കപ്പെടുന്നുണ്ട്. ലഹരിമരുന്നുകൾ തലച്ചോറിനെ പുനഃനിയോജനം ചെയ്ത് നവജീവൻ കൈവരുത്തുന്നുണ്ട്, പുതിയ വിവരങ്ങൾ സമാഹരിക്കാൻ പ്രാപ്തമാക്കുന്നുണ്ട്, ഇത് ശാസ്ത്രലോകത്തും ചികിൽസാ അംഗീകരിക്കപ്പെടുന്നുമുണ്ട്. ‘ഉഷ്ണം ഉഷ്ണേന ശാന്തി ‘ എന്ന പഴമൊഴി മാതിരി മസ്തിഷ്ക്കത്തെ പരുവപ്പെടുത്താൻ അതിനെ തീവ്രമായി ബാധിയ്ക്കുന്ന ഡ്രഗ്ഗുകൾ തന്നെ ഉപയോഗിക്കുക എന്ന വിചിത്രപ്രതിഭാസം. സൈക്കെഡെലിക് ഡ്രഗ്ഗുകൾ ദീർഘകാലമാറ്റങ്ങൾ പെരുമാറ്റത്തിലും പഠിച്ചെടുക്കലിലും ( behavior and learning ) വരുത്തുന്നു. മാനസിക അസുഖങ്ങൾക്ക് ചികിൽസയ്ക്കായി ഇവ ഉപയോഗിക്കപ്പെടാം എന്ന ആശയം നൂറ്റാണ്ടുകൾക്ക് മുൻപേ നിലവിലുണ്ടായിരുന്നെങ്കിലും പൊതുബോധത്തിൽ ഇത് ഉൾപ്പെടാൻ ഏറെ താമസിച്ചു. 2019 ഇൽ കീറ്റമിൻ ഒരു മരുന്നായി അംഗീകാരം നേടുന്നത് മസ്തിഷ്ക്കചികിൽസയിൽ വിപ്ളവാത്മകമായിരുന്നു.
കഞ്ചാവിൻ്റെ വകഭേദങ്ങൾ മരുന്നായി ഉപയോഗിക്കുന്നത് ഇന്ന് സാർവ്വലൗകികമായിട്ടുണ്ട് കഞ്ചാവിലെ അഡിക് ഷൻ ഉളവാക്കുന്ന രാസവസ്തുക്കൾ മാറ്റിയിട്ട് വേദനയ്ക്കും ഉറക്കം വരാനും മറ്റ് സ്വാസ്ഥ്യോദ്ദീപകവുമായ കാര്യങ്ങൾക്കും ഉപയോഗിക്കാനുള്ള CBD (cannabidiol) ഇന്ന് ഓൺ ലൈനിൽ നിർബ്ബാധം വിൽക്കപ്പെടുന്നുണ്ട്. ലഹരിയ്ക്കു വേണ്ടിത്തന്നെയുള്ള കഞ്ചാവ് ‘recreational drug’ എന്ന പേരിൽ ആർക്കും ലഭിയ്ക്കുന്ന കടകൾ അമേരിക്കൻ നഗരങ്ങളിൽ സ്ഥിരം കാഴ്ച്ചയായി മാറിക്കഴിഞ്ഞു. ലഹരി വസ്തുകളോടുള്ള സമീപനം വ്യക്തിപരമോ വിഷയപരമോ മാത്രമാണെന്നുള്ളതിൻ്റെ തെളിവാണ് കഞ്ചാവിൻ്റെ ഈ സാർവ്വലഭ്യത. ഒരു ലഹരിവസ്തുവിനെ സമൂഹോപകാരിയാക്കി മാറ്റിയെടുക്കാൻ സാധിക്കുമെന്ന ആദ്യസത്യകഥയാണ് കഞ്ചാവിൻ്റെ ഈ കൂടുവിട്ടു കൂടുമാറൽ. മുഖ്യധാരാസൈക്കിയാട്രി ഇന്ന് ലഹരിവസ്തുക്കൾ കൈകാര്യം ചെയ്യുകയാണെന്നത് ഒരു വിരോധാഭാസമായിത്തന്നെ തോന്നാം.
അതുപോലെയാണ് കുതിരകളെ മയക്കാൻ ഉപയോഗിക്കപ്പെടാറുള്ള കീറ്റമീൻ പിന്നീട് ഒരു ‘party drug’ ആയി മാറി. ഇന്ന് കീറ്റമീൻ ( വാസ്തവത്തിൽ അതിൻ്റെ ഒരു വകഭേദം) PTSD (Post traumatic stress disorder ) യ്ക്കും ഡിപ്രഷനുമുള്ള ഫലപ്രദമായ ചികിൽസാവിധിയാണ്. മാജിക് കൂണിലെ മായാവിഭ്രാന്തിയുളവാക്കുന്ന മയക്കുമരുന്ന് പ്രസിദ്ധിയാർജ്ജിച്ചതാണ്, ഇനി സൈലോസൈബിൻ എന്ന ആ ലഹരിവസ്തുവിനെ ക്ളിനിക്കിൽ കണ്ടേയ്ക്കാം, മര്യാദക്കാരനും ഊർജ്ജസ്വലനും ആയ മരുന്നായി. അമേരിക്കയിൽ ചില സംസ്ഥനങ്ങൾ ഈ മരുന്ന് നിയമാനുസൃതമാക്കിയിരിക്കുന്നു, യു എസ് ഗവണ്മെൻ്റ് അംഗീകരിച്ചിട്ടില്ലെങ്കിലും. മാരകലഹരികളെ മരുന്നുകളാക്കുന്ന തന്ത്രവിദ്യ ഇന്ന് മുഖ്യധാരാവിഷയവുമാവുന്നുണ്ട്.
മയക്ക്മരുന്ന് നിയന്ത്രണത്തിൻ്റെ ഭൂദൃശ്യങ്ങൾ
വ്യതിചലിച്ചുകൊണ്ടിരിക്കയാണ്,
ഗവേഷണങ്ങൾ
നിയമാനുസൃതമാക്കപ്പെട്ടുകൊണ്ടിരിക്കയാണ്. ന്യൂറോശാസ്ത്രജ്ഞർ, സൈക്കിയാട്രിസ്റ്റുകൾ, ഫാർമക്കോളജിസ്റ്റുകൾ, ബയോകെമിസ്റ്റുകൾ ഒക്കെ സധൈര്യം ഇന്ന് ഈ പഠനങ്ങളിൽ പങ്കാളികളാവുകയാണ്.
ഈ ലഹരിവസ്തുക്കൾ കോശപരമായും തന്മാത്രാപരമായും എങ്ങനെ പെരുമാറുന്നു, ഈ പ്രക്രിയകൾ മാനസികപ്രശ്നങ്ങളുടെ ലക്ഷണങ്ങളെ എങ്ങനെ കൈകാര്യം
ചെയ്യും എന്നതിലൊക്കെ നൂതന ആശയങ്ങൾ പ്രവഹിച്ചുകൊണ്ടിരിക്കയാണ്. ചികിൽസയുടെ
പരിപ്രേക്ഷ്യത്തിൽ ഈ ലഹരിമരുന്നുകളുടെ തന്മാത്രാപ്രക്രിയകൾ അത്ര സംഗതമല്ല.
ഫലപ്രദമായ തെറാപ്പിയ്ക്ക് ഈ തന്ത്രങ്ങൾ അറിഞ്ഞിരിക്കണമെന്നില്ല. പക്ഷേ
തെളിവുള്ളതും സുരക്ഷിതമായതും കൂടുതൽ ഫലപ്രദമായതും തീരെ മതിവിഭ്രമം
ഉണ്ടാക്കാത്തതും ( non- hallucinogenic) ആയ മരുന്നുകൾ ആവിഷ്ക്കരിച്ചെടുക്കാൻ ഈ
രാസവസ്തുക്കളെപ്പറ്റി വിശദമായ അറിവ് ഉണ്ടാകേണ്ടിയിരിക്കുന്നു. കൂടാതെ ഓരോ വ്യക്തിക്കും അനുസാരിയായ
ചികിൽസാതന്ത്രങ്ങൾ സ്വരൂപിച്ചെടുക്കാനും ഈ
മരുന്നുകളെക്കുറിച്ച് സമഗ്രമായ അറിവ് ആവശ്യമാണ്.
1990 നു ശേഷമാണ് സൈക്കെഡെലിക്
ലഹരിവസ്ത്ക്കളെക്കുറിച്ചുള്ള ഗവേഷണം ത്വരിതപ്പെട്ടത്. സൈക്കോഫാർമക്കോളജിയും ന്യൂറോ ഇമേജിങ്ങും
കൈകോർത്തപ്പോഴാണ് തലച്ചോറിനെ പരുവപ്പെടുത്താൻ ഈ വസ്തുക്കൾ തന്നെ ഉപയോഗിച്ചു കൂടെ
എന്ന ചോദ്യമുദിച്ചത്. വിഷാദരോഗികളുടെ ചില പ്രത്യേകതലച്ചോറ് ഭാഗങ്ങളുടെ പ്രവർത്തനം
മന്ദീഭവിച്ചു കണ്ടത്. മാജിക് കൂണിലെ സൈലോസൈബിൻ ഈ ഭാഗങ്ങളിൽ മാറ്റങ്ങളുണ്ടാക്കുന്നു
എന്ന് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ ഡോ. ഗ്രിഫിത്തും കൂട്ടരും
നിരീക്ഷിക്കുകയും ഈ ലഹരിവസ്തു ഒരു മരുന്നാക്കിമാറ്റാനുള്ള സാദ്ധ്യത ഉദയം
ചെയ്യുകയുമായിരുന്നു. 1992 ഇൽ ഡോ ഹെർമ് ലെയും മറ്റ് ഗവേഷകരും ‘മെസ്കലൈൻ’ എന്ന ലഹരിവസ്തു ഫലപ്രദമായ ചികിൽസയ്ക്ക് ഉപയോഗിച്ചു. ലഹരിവസ്തുക്കൾ
ശത്രുപാളയത്തിൽ നിന്ന് മിത്രങ്ങൾക്കൊപ്പം വാസമായി. സൈക്കെഡെലിക് ചികിൽസയ്ക്ക്
ആരംഭം കുറിയ്ക്കുകയായി ഇതോടെ. പക്ഷേ ഇവയെല്ലാം വിലക്കപ്പെട്ട ലഹരികൾ ആക കൊണ്ട് ഒരു
പിൻ തുടർച്ച ഉണ്ടായില്ല. എന്നാൽ ഇന്ന് ചികിൽസയ്ക്ക് മാത്രമല്ല
മസ്തിഷ്ക്കത്തിൻ്റെ
മാന്ത്രികപ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാനുള്ള ഉപകരണങ്ങളുമാവുകയാണ് മാരക
ലഹരി വസ്തുക്കൾ.
എന്താണ് ‘സൈക്കഡെലിക്” ?
തലച്ചോർ പ്രവർത്തനത്തെ മാറ്റിമറിച്ച് അതീന്ദ്രിയാനുഭൂതി പ്രദാനം ചെയ്യുന്ന ധാരാളം വസ്തുക്കൾ-പ്രധാാമായും സസ്യജന്യം- ലോകത്തെ എല്ലാ സംസ്കാരങ്ങളിലും നടപ്പുരീതിയാണ് എന്നത് സുവിദിതമാണ്. സസ്യങ്ങൾ പ്രതിരോധത്തിനു വേണ്ടി- അവയുടെ ഇലകൾ തിന്നുന്ന ജീവികളെ മയക്കാൻ- നിർമ്മിച്ചെടുക്കുന്നതാണിവ. കറപ്പും കഞ്ചാവും മെസ്കലൈനും ആയഹുവസ്കയും ഐബോഗൈനും മാജിക് കൂണുകളിലെ സൈലോസൈബിനും എല്ലാം ഈ ഗണത്തിൽ പെടുന്നവയാണ്. പലപ്പൊഴും ആചാരങ്ങളുമയി ബന്ധപ്പെട്ടാണ് ഇവയുടെ ഉപയോഗം. കീറ്റമീൻ. എൽ എസ് ഡി ( LSD Lysergic acid) എന്നിവയൊക്കെ ലാബിൽ നിർമ്മിച്ചെടുക്കുന്നവയാണ്. ചികിസാവിധികളായി ഇവയെ മാറ്റിയെടുക്കാം എന്ന ആശയം തലപൊക്കി വന്നിരുന്നു, എന്നാൽ 1970കളോടെ ലോകത്താകമാനം ഇവ നിരോധിക്കപ്പെടുകയും അങ്ങനെയൊരു സാദ്ധ്യത വിസ്മൃതിയിലാകപ്പെടുകയും ചെയ്തു. 2000 ത്തിനു ശേഷമാണ് കീറ്റമിൻ ക്ളിനിക്കൽ പരീക്ഷണങ്ങളിൽ ചേർക്കപ്പെടുന്നതും എം ഡി എം എ സാമ്പ്രദായികമായ സൈക്കിയാട്രിക് മരുന്നുകളിൽ ഉൾപ്പെടുത്താൻ സാധിക്കുന്നതുമാണെന്ന് തെളിയുന്നതും. ‘സൈക്കഡെലിക്’ എന്നത് ചരിത്രപരമായി മായാവിഭ്രാന്തിയുളവാക്കുന്ന ലഹരികളെ സൂചിപ്പിക്കാനുപയോക്കുന്ന വാക്കാണ്. LSD യും സൈലോസൈബിനും ഈ വകുപ്പിൽ പെടുന്നതാണ്, പൊതുവായി ഇവയ്ക്കുള്ള പ്രത്യേകത ന്യൂറോണുകളുടേ ഉപരിതലത്തിന്മേൽ ഉള്ള 5HT2A എന്ന സിറടോണിൻ സ്വീകരിണികളിന്മേൽ പറ്റിപ്പിടിയ്ക്കുന്നു എന്നതാണ്. പക്ഷേ ഈ നിർവ്വചനത്തിൽ കീറ്റമീനും ഐബോഗനും പെടുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇവയെല്ലാം ഗവേഷണപ്രബന്ധങ്ങളിലും പൊതുവ്യവഹാരങ്ങളിലും ‘സൈക്കഡെലിക്’ എന്ന വിശേഷണത്തോടെ ഉപയോഗിക്കപ്പെടുന്നുണ്ടു താനും. കഞ്ചാവിലെ റ്റെട്രാഹൈഡ്രൊകനാബൈനോൾ ചിലപ്പോൾ ‘സൈക്കഡെലിക്’ ഇൽ ഉൾപ്പെടുത്താറുമുണ്ട്. ഈ അയഞ്ഞ നിർവ്വചനം പലപ്പൊഴും കൃത്യമായി വ്യവസ്ഥപ്പെടാത്ത പരീക്ഷകദ്രവ്യങ്ങളും (reagents) പരീക്ഷണവിധികളും (protocol) ഒപ്പം ചേർന്ന് നിശ്ചിതമായ താരതമ്യം സാദ്ധ്യമല്ലാതാക്കുന്നുണ്ട്.. ചില പരീക്ഷണഫലങ്ങൾ പരസ്പരവിരുദ്ധമായി നിലകൊള്ളുന്നു എന്നത് സത്യമാണ്.
സൈക്കെഡെലിക് മരുന്നുകൾ- ഉപയോഗസാദ്ധ്യതകൾ
കഞ്ചാവ് ഒഴിച്ച് മറ്റൊന്നും ക്ളിനിക്കിൽ തെളിയിക്കാത്തവയാണ്, ഇതുവരെ. പലതും പരീക്ഷണഘട്ടം കടക്കുന്നതേ ഉള്ളു. പക്ഷേ സാദ്ധ്യമാവുന്ന ഉപയോഗങ്ങളെപ്പറ്റി ഗവേഷണങ്ങൾ ധാരാളമുണ്ട്, പലേ ഫലങ്ങളും മാനസികരോഗചികിൽസയ്ക്ക് അനുയോജ്യമെന്ന് തെളിഞ്ഞിരിക്കയാണ്. സാദ്ധ്യതകൾ ഇവയൊക്കെയാണ്:
- ചികിൽസാപ്രതിരോധിയായ
വിഷാദരോഗത്തിനു സഹായം.
കീറ്റമിൻ (എസ്കെറ്റമിൻ)
നേരത്തെ തന്നെ എഫ് ഡി എ ( FDA ) അനുമതി ലഭിക്കപ്പെട്ടതാണ് വിഷാദരോഗത്തിനു. മണിക്കൂറുകൾക്കകം
ഫലം തരുന്നതാണിത് എന്നത് ഒരു പ്രധാന പ്രത്യേകത തന്നെ.. മൂക്കിൽ സ്പ്രേ ആയി
ഉപയോഗിക്കപ്പെടുന്ന എസ്കീറ്റമിൻ (ഒരു വകഭേദം) മിനുടുകൾക്കകമാണ് പ്രവർത്തിച്ച്
ആശ്വാസമരുളുന്നത്. സൈക്കോതെറാപ്പിയോടൊപ്പമാണ് ഈ ചികിൽസ.
- മാനസികാഘാതശേഷം വരുന്ന
സംഘർഷങ്ങൾക്ക് (PTSD)
ഇപ്പോൾ MDMA ക്ളിനിക്കിൽ
പരീക്ഷിക്കപ്പെടുകൊണ്ടിരിക്കയാണ്, മൂന്നാം ഘട്ടം കഴിഞ്ഞിട്ടുണ്ട് പല ചികിൽസാകേന്ദ്രങ്ങളിലും. 2024 ജനുവരിയിൽ ഏഫ് ഡി എ യുടെ
അനുമതി ലഭിയ്ക്കും എന്നാണ് കണക്കുകൂട്ടൽ. വിഷാദരോഗത്തിനും ഫലപ്രദമാണ് എം ഡി
എം എ എന്നാണ് ആധുനിക നിരീക്ഷണം. സുരക്ഷിതമായതും സഹ്യമായതുമാണ് ഈ ചികിൽസ.
- അത്യാസക്തി (addiction) യ്ക്ക് ഫലപ്രദമായ
ചികിൽസയാണ് മാജിക് കൂണിലെ സൈലോസൈബിൻ. 2022 ഇലെ രണ്ട് പഠനങ്ങൾ ഇത് വ്യക്തമാക്കുന്നുണ്ട്.. മദ്യത്തിനും പുകവലിക്കുമുള്ള
ആസക്തികൾക്ക് തടയിടാൻ സൈലോസൈബിനു കഴിഞ്ഞു. സാധാരണയായുള്ള
സൈക്കോതെറാപ്പിയോടൊപ്പം ഈ ലഹരിമരുന്ന് ചെറിയ അളവിൽ നൽകിയാണ് ഈ ഫലം ലഭിച്ചത്.
മറ്റൊരു ലഹരിവസ്തുവായ “ഐബോഗെയ്ൻ” (പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു ചെടിയിൽ
നിന്നുള്ള ലഹരിവസ്തു) മദ്യാസക്തി കുറയ്ക്കാനുള്ള മരുന്നായി ഉപയോഗിക്കാമെന്നും
കണ്ടുപിടിയ്ക്കപ്പെട്ടിട്ടുണ്ട്. തെക്കേ അമേരിക്കയിൽ വ്യാപകമായി ഉപയോഗിക്കുന്ന
“ആയഹുവസ്ക’ എന്ന കഷായവും മദ്യം, കൊക്കൈൻ, പുകയില എന്നിവയുടെ ആസക്തി
കുറയ്ക്കാൻ ഉപയോഗിക്കാമത്രെ. വിഷാദരോഗത്തിനും ഫലിയ്ക്കുന്ന ചികിൽസയാണ് “ആയഹുവസ്ക’ എന്ന മാന്ത്രികലഹരി.
- മാരകമായ അസുഖത്തെ നേരിടുമ്പോഴുള്ള ദുരന്തദുസ്സഹതയ്ക്ക് ലഹരി വസ്തുക്കൾ. അന്തിമമായ ക്യാൻസർ വേളയിൽ മരണം അടുക്കുന്നു എന്ന തോന്നൽ ഉണ്ടാകുമ്പോൾ, ജീവിതം ദുരന്തമായിരിക്കുന്നു എന്നത് നിശ്ചയമാകുമ്പോൾ ലഹരിവസ്തുക്കൾ സഹായവുമായി എത്തുകയാണ്. ലഹരി എന്ന നില്യ്ക്കല്ല ചികിൽസ ഏന്ന് നിലയ്ക്ക്. സൈലോസൈബിൻ ഈ വേളയിൽ ഉപകാരമാവുകയാണ്. ഉൽക്കണ്ഠയും കടുനിരാശയും വിഷാദവും ഇളപ്പമുള്ളതാക്കാനും തെല്ല് ആശ്വാസത്തിനും. മറ്റ് സൈക്കെഡെലിക് വസ്തുക്കളും ഇപ്പോൾ ഈ ചികിൽസയ്ക്ക് പരീക്ഷിക്കപ്പെട്ട് വരുന്നുണ്ട്.
- ക്രമരഹിത ആഹാാരപ്രശ്നം (eating disorder) പരിഹരിയ്ക്കാൻ.
ഇന്ന് കൃത്യമായ ചികിൽസ ഇല്ല ഈ
മാനസികപ്രശ്നത്തിനു. ഇതോടൊപ്പം PTSD യും കാണപ്പെടുന്നുണ്ട്. ചെറിയ
അളവിലുള്ള MDMA സൈക്കോതെറാപ്പിയോടൊപ്പം നൽകുന്നത് ഒരു
ചികിൽസാവിധിയായി ക്രമപ്പെടുത്തപ്പെടുന്നുണ്ട് ഈയിടെ. പലപ്പൊഴും ക്രമരഹിത
ആഹാരരീതിയ്ക്ക് പിന്നിൽ അമിതോൽക്കണ്ഠയോ വിഷാദരോഗമോ അല്ലെങ്കിൽ മറ്റ്
ലഹരിവസ്തുക്കൾക്കടിമയാകലോ കാരണമായിട്ടുണ്ടാകാം, അതിനെ നേരിടാൻ MDMA
പോലത്തവ മരുന്നുകളായി താമസിയാതെ ആവിർഭവിച്ചേക്കും.
ഇന്ന് മിക്ക സൈക്കഡെലിക് ലഹരികളും നിരോധിക്കപ്പെട്ടവയാണ്, ചികിൽസയ്ക്കായി ഉപയോഗിക്കുന്നത് നിയമപരവുമല്ല.. കീറ്റമിനും എസ്കീറ്റമിനും മാത്രമേ അമേരിക്കയിൽ എഫ് ഡി എ അനുമതിയുള്ളവ ആയിട്ടുള്ളു. ചില സംസ്ഥാനങ്ങൾ സൈലോസൈബിൻ നിയമപരമാക്കാൻ ശ്രമിക്കുന്നുണ്ട്. ഡോക്റ്ററുടെ കർശനമായ നിരീക്ഷണത്തിൽ, സൈക്കോതെറാപ്പിയോടൊപ്പം മാത്രം ഉപയോഗിക്കേണ്ടവയാണ് ലഹരി നൽകാത്ത ഈ ലഹരിമരുന്നുകൾ.
സൈക്കഡെലിക്കുകളുടെ പ്രവർത്തനരീതി
ഒരേ വകുപ്പിൽ പെടുത്തിയിട്ടുണ്ടെങ്കിലും ഈ ലഹരിവസ്തുക്കൾ പലതരം ന്യൂറോണുകളെയും പല തന്മാത്രകളെയും ആണ് ബാധിക്കുന്നത്, അവ തമ്മിൽ താരതമ്യമുണ്ടായിരിക്കണമെന്നുമില്ല. LSD യും സൈലോസൈബിനും 5HT2A അല്ലാത്ത സ്വീകരിണികളിന്മേലും പറ്റിപ്പിടിയ്ക്കുന്നു, അവയുടെ സൈക്കിയാട്രിക് പ്രവർത്തനത്തിനു മറ്റ് ചില ഫിസിയോളജികൾ നിയുക്തമാക്കപ്പെടുന്നു. ഇത് ഒരു കീറാമുട്ടിപ്രശ്നം ആയി മാറുകയാണിപ്പോൾ. ഉദാഹരണത്തിനു കീറ്റമീൻ വിഷാദരോഗത്തിൻ്റേയും ദുരന്താനുസാരി സംഘരഷ ( PTSD)ത്തിൻ്റേയും ലക്ഷണങ്ങളെ ഉദാസീനമാക്കുന്നുണ്ട്. കീറ്റമീൻ പറ്റിപ്പിടിയ്ക്കുന്നത് ന്യൂറോണുകളുടെ ഉപരിതലത്തിലുള്ള NMDA എന്നൊരു സ്വീകരിണിമേലാണ്. ന്യൂറോണുകൾ തമ്മിലുള്ള ബന്ധങ്ങൾക്കും സംവേദനങ്ങൾക്കും വൈവിദ്ധ്യമണയ്ക്കുന്നതാണ് ഈ സ്വീകരിണികൾ. കീറ്റമീൻ ഇവയോട് ചേരുമ്പോൾ തുടക്കമിടുന്ന ഒരു നിര പ്രവർത്തനങ്ങൾ വിഷാദരോഗവുമായി ബന്ധമില്ലാത്തവ എന്ന് തെളിയീക്കപ്പെട്ടവയാണ്. ഇതിനു ഒരു വിശദീകരണം തൽക്കാലം ഇല്ല. കീറ്റമീൻ വിഘടിക്കപ്പെട്ട് അവയുടെ കഷണങ്ങൾ ഇപ്പോൾ അറിയാത്ത സ്വീകരിണികളിന്മേൽ പറ്റിപ്പിടിയ്ക്കുന്നുണ്ടോ എന്ന സംശയം നിലവിലുണ്ട്.കീറ്റമിൻ മേൽച്ചൊന്ന NMDA സ്വീകരിണികളിന്മേൽ കുരുക്കിൽ പെട്ട് തലച്ചോറിൻ്റെ ചില ഇടങ്ങളിലെ പ്രവൃത്തികൾ മന്ദീഭവിപ്പിക്കുന്നു എന്നൊരു പഠനം ഈയിടെ പുറത്തു വന്നിട്ടുണ്ട്.
എല്ലാ സൈക്കെഡെലിക് മരുന്നുകൾക്കും പൊതുവായി
ഒരു പ്രവർത്തനരീതി കണ്ടേയ്ക്കാം എന്നൊരു ആശയവും പ്രബലമാകുന്നുണ്ട് ഈയിടെ. സിറടോണിൻ
സ്വീകരിണികളിന്മേൽ അവയെല്ലാം പറ്റിപ്പിടിയ്ക്കണമെന്നില്ല. പ്രത്യുത തലച്ചോറിൽ
അടയാളസൂചനകൾ നൽകുന്ന
BDNF (brain derived neurotrophic factor) എന്ന പ്രോടീനിൻ്റെ സ്വീകരിണികളിന്മേൽ ഇവ ചെന്ന് ചേരുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ന്യൂറോൺ വളർച്ചയും അവയുടെ ‘റി വയറിങ്ങ്’’ ഉം പരിപൂർണ്ണതിയിൽ എത്തിക്കാൻ സഹായിക്കുന്നതാണീ പ്രോടീൻ.വിഷാദരോഗചികിൽസയ്ക്ക് ഉപയോഗിക്കുന്ന പ്രോസാക് ഈ സ്വീകരിണിമേലാണ് പറ്റിപ്പിടിയ്ക്കുന്നത്. എന്നാൽ സൈക്കെഡെലിക്ക് തന്മാത്രകൾ 1000 ഇരട്ടി ശക്തിയോടെയാണ് ഇവ മേൽ ചേർന്നിരിക്കുന്നത്. ഈ മരുന്നുകൾ മണിക്കൂറുകൾക്കകം ഫലം തരുന്നത് ഈ പ്രത്യേകതകൊണ്ടായിരിക്കണം എന്ന് നിഗമനം.
സൈക്കഡെലിക്കുകൾ മസ്തിഷ്ക്കം ‘റി വയർ’ ചെയ്യുന്നുവോ?
BDNF സ്വീകരിണികൾക്ക് മേൽ പറ്റിപ്പിടിയ്ക്കുന്നത് മാത്രമായിരിക്കില്ല സൈക്കഡെലിക്സിൻ്റെ പ്രവൃത്തിരീതി, തലച്ചോറിൻ്റെ ‘വഴങ്ങുന്ന സ്വഭാവം (plasticity) ത്വരിതപ്പെടുത്തുന്നു എന്ന് പലേ ശാസ്ത്രജ്ഞർക്കും വിശ്വാസമുണ്ട്. ന്യൂറോണുകൾ അവയുടെ ബന്ധങ്ങൾ പുതുക്കുകയും വിപുലീകരിക്കുകയും ശാഖോപശാഖകൾ വർദ്ധമാനമാക്കുകയും സംവേദനങ്ങൾ എമ്പാടും ചിതറിപ്പിക്കുകയും ചെയ്യുന്ന പ്രതിഭാസമാണിത്. ഒരു വിഷാദരോഗിക്ക് മരുന്നുകൾ മൂലം ഈ പ്രതിഭാസം ഉണർത്തപ്പെടുകയാണെങ്കിൽ അത് വളരെ ആശ്വാസകരമായിരിക്കും. എന്നാൽ ഇതിനു എല്ലാവരും സമ്മതിക്കുന്ന ഒരേ ഒരു പ്രക്രിയ ആധാരമാണെന്നുള്ള തെളിവുകൾ ഇനിയും ലഭിക്കേണ്ടീയിരിക്കുന്നു. മാനസികാസുഖങ്ങൾക്ക് ‘രാസ അസന്തുലിതാവസ്ഥ’ എന്ന നിർവ്വചനം മാറി ഇപ്പോൾ ‘പ്ളാസ്റ്റിസിറ്റി’ വ്യവഹാരത്തിൽ വന്നത് അത്ര തെളിവുകളോടെ അല്ല എന്നത് ചില ന്യൂറോശാസ്ത്രജ്ഞരെ അസന്തുഷ്ടരാക്കുന്നുണ്ട്. ഈ ‘വഴങ്ങൽ സ്വഭാവം’ ചിലപ്പോൾ കുഴപ്പങ്ങളുമുണ്ടാക്കിയേക്കാം. ഓടിസവും സ്കിറ്റ്സോഫ്രീനിയയും ഉളവാകുന്നത് ചിലപ്പോൾ ഈ ‘പ്ളാസിറ്റ്സിറ്റി’ പതിവിൽക്കവിഞ്ഞ് കൂടുതലാകുന്നതു കൊണ്ടാണത്രെ.കൊക്കൈനും ആംഫീറ്റമിനുകളും പ്ളാസ്റ്റിസിറ്റി ത്വരിതപ്പെടുത്തുണ്ട്, അവ ചികിൽസായോഗ്യവുമല്ല.
തലച്ചോറിൽ ആകപ്പാടെ വ്യാപിക്കുന്ന ‘വഴങ്ങൽ സ്വഭാവ’മല്ല, കൃത്യമായും നിശ്ചിതമായും പ്രത്യേക ഇടങ്ങളിൽ അല്ലെങ്കിൽ പ്രത്യേക വേളയിൽ സംഭവിക്കുന്ന ‘പ്ളാസിസിറ്റി’ യാണ് ഈ മരുന്നുകളുടെ പ്രാഭവം നിർണ്ണയിക്കുന്നത് എന്നൊരു ആശയവും പ്രബലമാണിപ്പോൾ. ന്യൂറോണുകൾ തമ്മിലുള്ള ബന്ധങ്ങളേയും സംവേദനങ്ങളെയും നിജപ്പെടുത്തി മാറ്റങ്ങൾക്ക് വിധേയമാകതെ സംരക്ഷിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഈ മരുന്നുകളുടെ., പ്രത്യേകിച്ചും കീറ്റമിൻ്റെ പ്രവൃത്തി എന്നൊരു ആശയം പൊന്തി വന്നിട്ടുണ്ട്. ചിലപ്പോൾ പുതിയ ഒരു സംവേദനവിന്യാസത്തിനു തുടക്കമിടുന്ന ഒരു ഹോർമോണോ ഒരു സന്ദേശമോ ഈ മരുന്നുകൾ ഊർജ്ജസ്വലമാക്കുന്നു എന്നതും ഒരു തന്ത്രമായിരിക്കാം.സാമൂഹികമായ ഒരു പെരുമാറ്റസംഭവമോ ഓർമ്മകളെ മാറ്റിമറിക്കുന്ന ഒരു ഇടപെടലോ കൂടുതൽ പ്രാഭവം ചെലുത്താൻ ഇത്തരം മരുന്നുകൾക്ക് കഴിവുണ്ടെന്ന് അവകാശപ്പെടുന്നു ചില ന്യൂറോസയൻ്റിസ്റ്റുകൾ. ഐബോഗെയ്ൻ, LSD, MDMA, കീറ്റമിൻ, സൈലോസൈബിൻ ഇവ നൽകപ്പെട്ട എലികൾ മറ്റ് എലികളുമായി കൂടുതൽ സ്നേഹപരരാകുകയും അവരോടൊപ്പം നിർബ്ബാധം ഉറങ്ങാൻ തയാറാകുന്നവരാകുകയും ആയി മാറിയത്രെ. സൈക്കഡെലിക്സ് ഒരു നിർണ്ണായക വേള (critical period) വീണ്ടും തുറക്കുകയും കുഞ്ഞ് എലികൾ സാമൂഹികപരതയും നല്ല തോന്നലുകളുമായി ബന്ധപ്പെടുത്താൻ പഠിച്ചെടുക്കുയും ചെയ്തുവത്രെ. സൈക്കഡെലിക്കുകൾ ഒരു “മാസ്റ്റർ താക്കോൽ’ പോലെ നിർണ്ണായകമായ വേളകളിൽ പ്രത്യേക സംവേദനങ്ങൾക്ക് വേണ്ടി ന്യൂറോൺ ബന്ധങ്ങൾ ത്വരിതപ്പെടുത്തുണ്ടാവണം. മരുന്നുകൾ മാത്രം പോരാ, സാമൂഹികമായ വാതാവരണം അനുയോജ്യമായി സൃഷ്ടിക്കുകയും വേണം എന്ന് ഈ പഠനങ്ങൾ തെളിയിക്കുന്നു.
മസ്തിഷ്ക്കത്തിലെ മേൽച്ചൊന്ന നിർണ്ണായകഘട്ടങ്ങൾ തുറന്നുവരാൻ സൈക്കെഡെലിക് മരുന്നുകൾ പ്രാപ്തരാകുന്നുവോ എന്ന് പരീക്ഷിക്കപ്പെടുകയാണിപ്പോൾ. മസ്തിഷ്കാഘാതത്തിനു ശേഷം ചലനശേഷി നഷ്ടപ്പെട്ടവരിൽ അത് വീണ്ടെടുക്കാൻ സൈക്കെഡെലിക്ക് മരുന്നുകൾ ഉപകാരപ്രദമായേക്കും എന്ന ആലോചനയുണ്ടിപ്പോൾ. കാഴ്ച്ചയോ കേൾവിയോ സ്പർശസംവേദനമോ നഷ്ടപ്പെട്ടവർക്കും അത് പുനരുജ്ജീവിക്കപ്പെടാൻ ഈ പദ്ധതി വഴിതുറന്നേക്കും എന്ന് പ്രതീക്ഷയുമുണ്ട്. MDMA യും സൈലോസൈബിനും PTSD ബാധിച്ചവരിൽ ദുരന്താനുഭവസംഘർഷത്തിൽ നിന്ന് വിമുക്തി നേടാൻ സഹായിച്ചേക്കും എന്ന് സൈകിയാട്രിസ്റ്റുകൾ ആശിക്കുന്നു. സൈക്കെഡെലിക് ചികിൽസ ഒരു നിശ്ചിത മാനസികപ്രശ്നത്തിൻ്റെ കാരണഭൂതരായ ജീനുകളിൽ മാറ്റങ്ങൾ വരുത്താൻ സാദ്ധ്യതയുണ്ട്. സൈക്കോതെറാപ്പിയ്ക്കും ഇത് സാദ്ധ്യമാണ്. തലച്ചോറിലെ ജീനുകൾക്ക് മാറ്റം വരുത്താൻ മരുന്ന് കഴിക്കണമെന്നില്ല. ഇപ്രകാരം സൈക്കെഡെലിക് മരുന്നുകളും സൈക്കോതെറാപിയും സങ്കലിച്ച് പുതിയ ചികിൽസാപദ്ധതികൾ ആവിഷ്ക്കരിക്കപ്പെട്ടേയ്ക്കാം.മരുന്നുകൾകൊണ്ട് മാത്രം ന്യൂറോൺ പ്ളാസ്റ്റിസിറ്റി ഉളവാക്കാൻ സാദ്ധ്യമാണെന്ന് തെളിഞ്ഞിട്ടുണ്ട്, സൈക്കെഡെലിക് മരുന്നുകൾ മായാവിഭ്രാന്തി ഉളവാക്കാത്ത ഡോസിൽ ഇത്തരം ന്യൂറോണൽ മാറ്റങ്ങൾ ഉളവാക്കുന്നുണ്ട്.
MDMA നിയമപരമാകുന്നതിലേക്ക് നീങ്ങുന്നു
അമേരിക്കയിൽ ‘MAPS’ (Multidisciplinary Association for Psychedelic Studies എന്നൊരു സംഘടന അവരുടെ മേൽനോട്ടത്തിൽ നടത്തിയ MDMA ക്ളിനിക്കൽ ട്രയലുകൾ -പതിനെട്ടോളം ഉണ്ട് ഇവ-മൂന്നാം ഘട്ടത്തിൽ എത്തിക്കഴിഞ്ഞു. 2023ഇൽത്തന്നെ എഫ് ഡി എ യ്ക്ക് അപേക്ഷ നൽകാൻ തയാറെടുക്കുകയണ്. തദനുസാരിയായി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ഇതിനു വേണ്ട നിയമനിർമ്മാണങ്ങൾ നടത്തിക്കഴിഞ്ഞു. ‘Psychedelic assisted therapy’ എന്നറിയപ്പെടും ഇത്. ഹെൽത് കെയർ ജോലിക്കാർക്കും രോഗികൾക്കും ഇൻസ്വറൻസ് കമ്പനികൾക്കും മാർഗ്ഗനിർദ്ദേശങ്ങൾ തയാറായിട്ടുണ്ട്. ഗവന്മെൻ്റ് ഗവേഷണസ്ഥാപനങ്ങൾക്ക് ഫണ്ടിങ്ങ് ഉദാരമാക്കിയിരിക്കുന്നു. ഫാർമസ്യൂടിക്കൽ കമ്പനികൾ മാർകെറ്റിങ്ങിനു തയാറാകുന്നു. 2023 ജൂണിൽ ഓസ്ട്റേലിയയിൽ MDMA നിയമപരമാക്കി, ഡോക്റ്റർമാർക്ക് ഈ സൈക്ക്ഡെലിക് മാനസികരോഗികൾക്ക് നിർദ്ദേശിക്കാൻ സ്വാതന്ത്ര്യവും ലഭിച്ചിരിക്കുന്നു.
കഞ്ചാവ് നിയമാനുസൃതമാക്കിയതിൻ്റെ അനുരണനങ്ങൾ ഇപ്പോൾ വ്യഥകൾ സൃഷ്ടിക്കുന്നുണ്ട്. ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യത വൻ തോതിൽ വർദ്ധമാനമായതിനാൽ. ന്യൂയോർക്കിൽ കഞ്ചാവ് അമിതോപയോഗത്താൽ ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്, മരണങ്ങളും സംഭവിക്കുന്നു. MDMA വളരെ മാരകമായ ഡ്രഗ് ആണ്, അത് സ്വതന്ത്രവും ഉദാരവുമാക്കുന്നത് വലിയ ഉത്തരവാദിത്തം തന്നെയാണ്.
References
- Reardon, S. The science behind
psychedelic therapy. Nature 623: 22-24 2023
- Editorial. Psychedelic medicine
and the clinical application of hallucinogens. The Lancet 66:1-2 2023
- O’Grady, C. No trip needed for
psychedelics to lift mood? Science 380: 899. 2023
- Schindler, E. A. D and D’Souza,
D. C. The therapeutic potential of psychedelics. Science 378:1051-1053 2022
- Reardon, S. What’s next for MDMA in psychiatry? Nature 616:428-430 2023
6. Reardon, S. Psychedelic drug MDMA moves closer to