Monday, April 1, 2024

നിർമ്മിതബുദ്ധി ജയിക്കുന്നു, പക്ഷേ മാനുഷികതയോ?

 

 

      സമൂഹത്തിൻ്റെ ദൈനംദിന വ്യാപാരങ്ങളിൽ അഭൂതപൂർവ്വമായ വളർച്ചയാണ് സാങ്കേതികതയാൽ സംജാതമായിട്ടുള്ളത്. ഇൻ്റെർനെറ്റ്, നിർമ്മിതബുദ്ധി, ഓൺലൈൻ എന്നിവയുടെ ഒക്കെ പ്രയോഗക്ഷമതയും പ്രയുക്തമാക്കലും എല്ലാ തുറകളിലും അതിവേഗത സൃഷ്ടിച്ചിരിക്കുന്നു, ഇന്നു വരെ സാദ്ധ്യമല്ലാതിരുന്നത് സാദ്ധ്യമാവുന്നു. സാങ്കേതിക സൃഷ്ടിക്കുന്ന സത്യവും അസത്യവും ഇടകലർന്ന മായാവിഭ്രമത്തിൽ മനുഷ്യൻ നിർബ്ബന്ധിതനായി പെട്ടുപോവേണ്ടി വന്നിരിക്കുന്നു. മനുഷ്യകുലത്തിനു സമ്മാനിച്ചിരിക്കുന്ന സംഭാവനകൾ അതുല്യ ശക്തിയാർന്നതും കൃത്യതയുള്ളതും പ്രായോഗികതയിൽ മുന്നേറ്റങ്ങൾ സാധിച്ചെടുത്തതുമാണ് തീർച്ചയായും. അറിവ് എന്നുള്ളത് സർവ്വവ്യാപിയും സദാലഭ്യതയേറുന്നതുമായി മാറി, ചുറ്റുപാടുകളെക്കുറിച്ച് ബോധവാനാകാനും അതിനെ മാറ്റിമറിക്കാനും ലോഭമെന്യേ പ്രയോഗരീതികൾ സമ്മാനിച്ചിരിക്കുന്നു. സ്മാർട്മെഷീനുകൾ, ‘ബോട്കൾ (ചാറ്റ് ജി പി റ്റി പോലെ) മെഷീൻ പഠനങ്ങൾ ( machine learning ) നിർമ്മിതബുദ്ധി എന്നിവയൊക്കെ അതിവേഗതയും പരിഷ്ക്കൃതിയും പ്രഗതിശീലത്വവും കൂടുതലായി വ്യവഹാരങ്ങളിൽ ഉൾച്ചെർക്കപ്പെട്ടുകൊണ്ടിരിക്കയാണ് എന്നതിൽ തർക്കമില്ല താനും.

 പക്ഷേ മാനുഷികത എവിടെ ചോദ്യം അവശേഷിക്കുന്നു. യന്ത്രങ്ങൾ നമ്മെ ഭരിച്ചുതുടങ്ങിയിരിക്കുന്നു, അതിൻ്റെ സൗഭാഗ്യങ്ങൾ നിരസിക്കാൻ വയ്യാത്തതുമാണ്, പക്ഷേ ഒരു കാലത്ത് ഇതിൻ്റെ ദൂഷ്യവശങ്ങൾക്ക് നമ്മൾ അടിമപ്പെട്ട് പോകില്ലെ? നമ്മൾ നമ്മളല്ലാതാകില്ലെ? ചോദ്യം സംഗതമാണ്. 

     സാങ്കേതകതയുടെ മുന്നേറ്റങ്ങൾ സമൂഹത്തെ എന്നും തുണച്ചിട്ടുണ്ട് എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പ്രശ്നങ്ങൾ സംജാതമാകുമ്പോൾ പുതിയ നിയന്ത്രണങ്ങൾ, ശാസനങ്ങൾ, വ്യവസ്ഥകൾ, വിദ്യാജ്ഞാനങ്ങൾ എന്നിവയൊക്കെ സങ്കേതികതയുടെ കുറ്റവും കുറവും പരിഹരിക്കാനെത്തും. സ്വയം നിയന്ത്രിക്കുന്ന ഡിജിറ്റൽ വ്യവസ്ഥകൾ ദൈനന്ദിനജീവിതത്തിൽ അഴിയാത്ത ഇഴകൾ ചേർത്താലും ഈ കരുത്തേറിയ മേൽനോട്ടം ഇടപെടലുകൾ നടത്തിയിരിക്കും. പക്ഷേ ഇന്ന് അഭിവൃദ്ധിയുതകാൻ സാങ്കേതികതയെ പുൽകുമ്പോൾ തീരുമനങ്ങളെടുക്കാനും  വവനവനെ ഭരിക്കാനുമുള്ള സ്വാതന്ത്ര്യവും സാങ്കേതികയ്ക്ക്  പുറം പണിക്കരാറ് (ഔട്സോർസ്’) ഏല്പിച്ചുകൊടുക്കാൻ നിർബ്ബന്ധിതനാകുകയാണ് മനുഷ്യൻ. ഗവണ്മെൻ്റുകളും വ്യവസായങ്ങളും സമൂഹവ്യവസ്ഥകളും യന്ത്രനിയന്ത്രണത്തിൽ മാത്രമാകുന്നതിനെ പ്പറ്റി ഉൽക്കണ്ഠ പരക്കേ ഉളവാകുന്നുണ്ട്. ന്യായവിധികൾ ചമയ്ക്കാനും തീരുമാനങ്ങളെടുക്കാനും ഈ യന്ത്ര പ്രണാലികളുടെ സ്വാധീനത്തിലല്ലാതെ സാധ്യമാകുന്നില്ല എന്ന പേടിയുണ്ട്. അതുകൊണ്ട് മാനുഷികവ്യവഹാരങ്ങളുടെ ഭാവി എന്താണ് എന്ന ചോദ്യം അത്യാവശ്യമായി ചോദിക്കപ്പെടുന്നു. ഭാവിയിൽ സ്മാർട് മെഷീനുകളും ബോട്കളും നിർമ്മിതബുദ്ധി ശക്തി പകരുന്ന വ്യവസ്ഥകളും മനുഷ്യർക്ക് എളുപ്പം നിയന്ത്രിക്കാവുന്ന രീതിയിൽ രൂപകൽപ്പന ചെയ്യപ്പെടുമോ, അതും നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്ന സാങ്കേതിക തീരുമാനങ്ങളുടെ കാര്യത്തിൽ? ചോദ്യങ്ങൾ നിശിതമാണ്. 

   മനുഷ്യൻ എന്നാൽ എന്താണ് അർത്ഥമാകുന്നത്?

    നിർമ്മിതബുദ്ധിയുടെ ആൽഗോറിതങ്ങൾ വൈപുല്യമിയന്നതാണ്, വൈവിദ്ധ്യമേറിയതാണ്. മനുഷ്യനെ ഇത് വെല്ലുവിളിക്കുന്നുണ്ട് തീർച്ചയായും. അവൻ്റെ സ്വാതന്ത്ര്യത്തേയും രീതിവ്യവഹാരങ്ങളേയും കഴിവുകളെയും പേടിപ്പെടുത്തുന്നുണ്ട്. മനുഷ്യബുദ്ധിയേയും സാമർത്ഥ്യത്തേയും ത്രാണിയേയും മറികടന്നേയ്ക്കും അത്. പ്രത്യേകിച്ചും സങ്കീർണ്ണതീരുമാനങ്ങൾ എടുക്കുന്നതിൽ, യുക്തിചിന്തയും അനുമാനങ്ങളും കെട്ടിപ്പടുക്കുന്നതിൽ, പഠിച്ചെടുക്കുന്നതിൽ, സൂക്ഷ്മതയിയന്ന വിശകലനത്തിനും  പാറ്റേണുകൾ തിരിച്ചറിയുന്നതിനും ഉള്ള കഴിവുകളിൽ,  ഭാഷാപ്രയോഗങ്ങളിലും വിവർത്തനകുശലതയിൽ ഒക്കെ  നൈപുണ്യം നേടി മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്തേക്കും യന്ത്രങ്ങൾ. തീർച്ചയായും ആരോഗ്യരംഗത്ത്- ചികിൽസ, രോഗനിർണ്ണയം, പൊതുജനാരോഗ്യം ഒക്കെ- വൻ വിപ്ളവമാണ് സൃഷ്ടിച്ചിരിക്കുന്നത്. വിദ്യാഭ്യാസരംഗത്ത് വൻ കുതിപ്പുകൾക്ക് സാദ്ധ്യതയൊരുക്കുന്നു. സ്മാർട് സിസ്റ്റെമുകൾ വാഹനങ്ങളിലും കെട്ടിടങ്ങളും പാടത്തും യന്ത്രശാലകളിലും അതീവ മിടുക്കരായി വ്യവയഹാരങ്ങളിൽ ഏർപ്പെട്ട് മനുഷ്യർക്ക് സമയ/പണ ലാഭം പ്രദാനം ചെയ്യുന്നു. കൃത്യമായി ക്രമപ്പെടുത്തിയ ഭാവി ആഗതമാകുന്നു. പക്ഷേ മനുഷ്യൻ എന്ന സത്ത, അതിൻ്റെ ഉണ്മ എവിടെ എന്ന് ചോദ്യമാണ് ഇതിനുള്ളിൽ ഉരുത്തിരിയുന്നത്. നഷ്ടമാക്കപ്പെട്ട ഉണ്മ തിരിച്ചു പിടിയ്ക്കാൻ സാധിയ്ക്കുമൊ? സത്താനഷ്ടത്തിൻ്റെ പരിണിതഫലം എന്തൊക്കെ ആയിരിക്കും? യന്ത്രങ്ങൾ നിയന്ത്രിക്കുന്ന ലോകത്ത് ഒറ്റയാകുന്നവനെ ആരു തുണയ്ക്കും?  സമൂഹത്തിൽ അത് വിപത്തുകളുടെ സൃഷ്ടിയിലേക്ക് നയിക്കുകയില്ലെ? ‘ഹെർ’ (Her ) എന്ന ഹോളിവുഡ് സിനിമയിലേതുപോലെ കമ്പ്യൂട്ടറുകൾ സൃഷ്ടിയ്ക്കുന്ന മായാമനുഷ്യരെ സ്നേഹിച്ചു തുടങ്ങണമോ? അത് ആത്മനാശത്തിലേക്കല്ലേ വഴി വെയ്ക്കുന്നത്? ഭാവിയിലെ ചോദ്യങ്ങളല്ല, ഇവ ഇന്നു തന്നെ ഉള്ള ആശങ്കകളാണ്. 

  മനുഷ്യൻ ഒറ്റപ്പെട്ട ജീവിയല്ല. പ്രകൃതിയുടെ ഒരു ഭാഗം മാത്രം. മറ്റനേകം സ്പീഷീസുകൾ പോലെ മനുഷ്യൻ ഒരു സ്പീഷീസ് മാത്രം എന്ന് പോസ്റ്റ് ഹ്യൂമൻ ചിന്ത പ്രഖ്യാപിച്ചും കഴിഞ്ഞു. അവൻ്റെ സത്ത നിർമ്മിച്ചെടുക്കുന്നത് പ്രകൃതി, അതിലെ ജീവജാലങ്ങളും അചേതനങ്ങളും ഉൾപ്പെടെ, ഉൾച്ചേർത്താണ്. യന്ത്രങ്ങൾ ഗതി നിയന്ത്രിക്കുന്ന, യന്ത്രങ്ങളുടെ തീരുമാനങ്ങളെ അനുസരിക്കേണ്ടുന്ന വാതാവരണം ഈ രീതിയെ ഖണ്ഡിയ്ക്കുന്നതാണ്. മനുഷ്യൻ മാത്രം യന്ത്രങ്ങളാൽ ചലിക്കപ്പെടുന്നു, അവൻ്റെ മനസ്സും ശരീരവും സമൂലം എന്നത് പ്രകൃതിയിൽ അവൻ ഒറ്റപ്പെടാൻ ഇടയാകുകയാണ്. മനുഷ്യൻ എന്ന ഉണ്മ അപനിർമ്മിക്കപ്പെടുകയാണിവിടെ. ഇന്നോളം പരിചയപ്പെട്ടിട്ടില്ലാത്ത വേഗതയിലാണ് അവൻ്റെ ജീവിതചര്യകൾ. ഇത് മറ്റ് ജീവജാലങ്ങളുടെ ജൈവവേഗതയുമായി  വിഘടിക്കപ്പെട്ടതാണ്. ഞാൻ എവിടെ എന്ന ചോദ്യം ഒരിയ്ക്കലെങ്കിലും സ്വയം ചോദിക്കുകയാണെങ്കിൽ മനുഷ്യനു പെട്ടെന്ന് ഉത്തരം കിട്ടി എന്ന് വരികില്ല. നിർമ്മിതബുദ്ധി സൃഷ്ടിച്ച മായികലോകത്തിലാണവൻ. ഈ ഉൽക്കണ്ഠ അവനെ സമൂഹജീവിയായി നിലനിർത്തുന്നതിൽ വിഘാതം കൊണ്ടു ചേർത്തേയ്ക്കാം. അവൻ കാണുന്ന മറ്റൊരാളും ഇതേ ഉൽക്കണ്ഠയിലാണെന്നുള്ള അറിവ് ആ ആളുമായി സൗഹൃദം സ്ഥാപിക്കുന്നതിനു തടസ്സമിട്ടേയ്ക്കാം. നിർമ്മിതബുദ്ധിയുടെ ലോകം മനുഷ്യനെ വെറും വ്യക്തി മാത്രമാക്കി നില നിറുത്തിയേക്കാം. 

    വിശ്വാസങ്ങൾ വികലമാക്കപ്പെടുന്നു

  വിശ്വാസങ്ങൾ രൂപീകരിക്കപ്പെടുന്നത് ലോകത്ത് കിട്ടാവുന്ന ഒരു ചെറിയ ഉപവർഗ്ഗത്തിലുൾപ്പെടുന്ന വിവരങ്ങളിൽ നിന്നോ വസ്തുതകളിൽ നിന്നോ ആണ്. ഒരിയ്ക്കൽ ഈ വിശ്വാസം കൂടുതൽ ദൃഢതയേറുമ്പോൾ അത് മാറപ്പെടാതിരിക്കാനോ പുതുക്കിയെടുക്കപ്പെടാതിരിക്കാനോ മനസ്സ് വാശി പിടിയ്ക്കും. ഉത്പാദന നിർമ്മിതബുദ്ധി (പുതിയ കാര്യങ്ങൾ നിർമ്മിച്ചെടുക്കാൻ കഴിവുള്ള AI-generative AI) നിലവിലുള്ള വിവരങ്ങൾ, അവയുടെ മുൻവിധികളും പക്ഷപാതങ്ങളും  അവയെ ചുറ്റിപ്പറ്റി മെനഞ്ഞെടുത്ത വ്യാജപ്രമാണങ്ങളും ഒക്കെ ആധാരമാക്കിയാണ് പ്രദർശിതമാകുന്നത്. ഇത് വളരെ നിസ്സന്ദേഹതയിയന്നതോ വിശ്വാസം ഉറപ്പിക്കാവുന്നതോ ആയി അനുവാചകനു അനുഭവപ്പെടുകയാണ്. സത്യമെന്ന് ബോദ്ധ്യപ്പെടുത്താനുള്ള കഴിവ്   അത്രമാത്രമുണ്ട് നിർമ്മിതബുദ്ധിയ്ക്ക്. വളരെ ഹൈപ്കൂടിയതും (over-hyped ) സത്യബന്ധമില്ലാത്തതും അതിശയോക്തി പെരുപ്പിച്ചതുമായ ശേഷി അതിനെ മനുഷ്യനു സാധിക്കുന്ന യുക്തിക്കപ്പുറം പ്രതിഷ്ഠിക്കാനിടയാക്കുന്നു. ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ട പലേ generative AI കളും –Open AI യുടെ  GPT, ഗൂഗിളിൻ്റെ    Bard, OpenAI യുടെ DALL-E , Stable Diffusion, Midjourney ഇവയൊക്കെ പൊതുജനത്തിൻ്റെ തീവ്രശ്രദ്ധ ആകർഷിക്കപ്പെട്ടതും പരക്കെയുള്ള അംഗീകാരം നേടിയെടുക്കുകയും ചെയ്തിട്ടുള്ളതാണ്.എന്നാൽ ഈ മാതൃകകളൊക്കെ നിലവിലുള്ള പൊതുബോധങ്ങളിൽ നിന്ന് രൂപീകരിക്കപ്പെട്ടിട്ടുള്ളതാണ്. അവയിൽ ലൈംഗിക മുൻ വിധികൾ,(gender bias), വംശീയവും വർഗ്ഗപരവും  ആയ സ്റ്റീരിയോടൈപുകൾ (racial and class stereotypes) ഒക്കെ അടങ്ങിയിട്ടുണ്ട്. ഈ പ്രോഗ്രാമുകൾപരിശീലിക്കപ്പെട്ടത് ഇത്തരം പ്രതിലോമകരമായ വിവരങ്ങൾ അടങ്ങിയ ആധാരസാമഗ്രികളിൽ നിന്നാണ്. അരികുവൽക്കരിക്കപ്പെട്ടവരുടെ വിഭാഗമാണ് ഏറ്റവും കൂടുതൽ മുൻ വിധികളിൽ പെട്ടു പോകുന്നത്. ഇത്തരം generative AI യുടെ വാസ്തുവിദ്യയ്ക്ക് സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെട്ടതാണ്. പക്ഷേ ഈ നിർമ്മിതബുദ്ധിയുടെ പുറം പ്രദർശനം എന്തും ബോദ്ധ്യപ്പെടുത്തുന്ന രീതി കൈക്കൊള്ളുന്നതിനാൽ വിശ്വാസയോഗ്യമെന്ന തോന്നൽ ഉളവാകുന്നുണ്ട്. ഇവിടെ വികലവും വികൃതവുമായ വിശ്വാസങ്ങൾ ഉടലെടുക്കുകയായി.  മനുഷ്യരുടെ ചിന്താഗതികളിലും പരസ്പര വ്യവഹാരങ്ങളിലും പലപ്പോഴും അസന്നിഗ്ദ്ധത പ്രകടമാണെങ്കിലും (എന്നാണ് എനിക്ക് തോന്നുന്നത് എന്ന മട്ടിലുള്ള വെളിപ്പെടുത്തലുകൾ) generative AI നിശ്ചയദാർഢ്യമാണ് പ്രകടമാക്കുന്നത്, അത് സത്യമല്ലെങ്കിൽക്കൂടി. ഇത് സമൂഹത്തിൽ ശാശ്വതവൽക്കരിക്കപ്പെടുന്നു. 

   ജോലിയില്ലാത്തവരുടെ ലോകം

   പ്രസിദ്ധചരിത്രകാരനും ചിന്തകനുമായ യുവാൽ നോവ ഹരാരി ഈ വിഷയത്തെക്കുറിച്ച് പലപ്പൊഴും വാചാലനായിട്ടുണ്ട്. നിർമ്മിതബുദ്ധി ഏറ്റെടുത്ത ലോകക്രമത്തിൽ മനുഷ്യനു അധികമൊന്നും ചെയ്യേണ്ടതായി വരുന്നില്ല, ജോലി എന്നതിൻ്റെ ആവശ്യവും നിലനിൽപ്പും ഇന്നത്തെ സാമ്പത്തികക്രമത്തിൻ്റേതാണ്, അത് നശ്വരവുമല്ല. പണത്തിൻ്റെ മൂല്യത്തിൽ മാറ്റങ്ങൾ വരാൻ പോകുകയാണ്. ജോലി ചെയ്യാതെ ജീവിക്കാനുള്ള സാഹചര്യങ്ങൾ ഒത്തുവരാൻ സാധ്യതകളുണ്ട്. ഭരണകൂടം സമൂഹത്തിൻ്റെ ക്ഷേമവും ആയുരാരോഗ്യവും സംരക്ഷിക്കാൻ തുനിഞ്ഞിറങ്ങിയേക്കും. അല്ലെങ്കിൽ വളരെ പുതിയ, ഇപ്പോൾ ചിന്തിക്കാൻ കഴിയാത്ത സാമൂഹ്യ/സാമ്പത്തികക്രമങ്ങൾ ഉടലെടുത്തേയ്ക്കാം. രാജഭരണം മാത്രമുണ്ടായിരുന്ന മദ്ധ്യകാലഘട്ടത്തിൽ ആരെങ്കിലും ജനായത്തഭരണത്തെപ്പറ്റി പരാമർശിച്ചാൽ ആരും വിശ്വസിക്കില്ല എന്ന രീതിയിൽ. എന്നാൽ നിർമ്മിതബുദ്ധി സർവ്വപ്രചലിതമായി മേൽക്കൈ നേടുന്നതു വരെ ഇതിനുള്ള തയാറെടുപ്പുകളും പരിശീലനങ്ങളും വേണ്ടിയിരിക്കുന്നു. മാറ്റത്തിൻ്റെ കാലഘട്ടം തീർച്ചയായും പ്രയാസമേറിയതായിരിക്കും. വിഭ്രമത്തിനു ഇടയാകുന്ന വിധം. ഈ വിഭ്രാന്തിയേയും മാനസിക സംഘർഷങ്ങളേയും നേരിടാനുള്ള കരുക്കൾ നീക്കിയില്ലെങ്കിൽ വൻ സമൂഹത്തകർച്ച എന്ന വിപത്ത് സംഭാവ്യമത്രെ. പക്ഷേ പലേ ദുർഘട പരിണാമ ഘട്ടങ്ങളെ അതിജീവിച്ച മനുഷ്യൻ ഉയിർത്തെഴുനേൽക്കും എന്ന ശുഭാപ്തിവിശ്വാസം അസ്ഥാനത്തല്ല. വ്യവസായവിപ്ളവകാലത്തും അതിനു ശേഷം ഉടനെയും വൻ മാറ്റങ്ങളെ അഭിമുഖീകരിച്ച അനുഭവസമ്പത്ത് നമുക്കുണ്ടെന്നുള്ളത് ആശ്വാസകരമാണ്. ഇത്തവണ ആഗോളപരമായും നിശിതമായ ആഘാതപരമായും കൂടിയ പരിമാണം ഉൾച്ചേർന്നതായിരിക്കും എന്ന വ്യത്യാസമുണ്ട്. 

സർഗ്ഗശക്തി എവിടെ?

  ചാറ്റ് ജി പി റ്റി ഒന്നാന്തരം കവിതയെഴുതും, കഥ പറഞ്ഞുതരും  പുതിയ സിനിമയുടെ കഥയും സംഭാഷണവും ചമൽക്കാരപൂർണ്ണമായി ആവിഷ്ക്കരിക്കും.DALL-E  വരയ്ക്കുന്ന ചിത്രങ്ങൾ സാൽവദോർ ദാലിയെ വെല്ലുന്നതായിരിക്കും. മനോഹരഗാനം കമ്പോസ് ചെയ്യുന്ന ബോട്കൾ ഉണ്ട്. പക്ഷേ ഇവയൊന്നും പുതിയ ആവിഷ്ക്കാരങ്ങളല്ല. നിലവിലുള്ളവയെ പരിശോധിച്ച് അവയ്ക്ക് പുതിയ പകർപ്പുകൾ സമർത്ഥമായി സൃഷ്ടിക്കപ്പെട്ടതാണ്. വിയർപ്പൊ രക്തമോ അണിഞ്ഞ വിരലുകളാൽ എഴുതപ്പെട്ട കവിതകളൊ കഥകളൊ അല്ല. അനുഭവങ്ങളുടെ കണ്ണീർവീണ കടലാസിൽ എഴുതപ്പെട്ട വിങ്ങുന്ന വാക്കുകൾ അല്ല. ഭ്രാന്തിൻ്റെ മൂർച്ഛന്യതയിൽ വരയ്ക്കപ്പെട്ട ആ അനുഭവം പ്രോജ്വലിപ്പിക്കുന്ന ചിത്രങ്ങൾ അല്ല. ഉൽസാഹത്തിമിർപ്പിൻ്റെ പരമോന്നത മുഹൂർത്തത്തിൽ, വേദനയുടെ പരമകാഷ്ഠയിൽ കമ്പോസ് ചെയ്യപ്പെട്ട സംഗീതമല്ല. തനത് സർഗ്ഗശക്തിയുടെ ചൂടും ചൂരും ആത്മാവ് പകർന്നാണ് മനുഷ്യൻ ആ സവിശേഷതയിൽത്തന്നെ വിലയനം പ്രാപിച്ച് പരിണമിച്ച് ഇന്നോളം എത്തിയത്. സർഗ്ഗശക്തിയുടെ ന്യൂനീകരണം സമൂഹത്തിൻ്റെ പൊതു സൈക്കിനെ ബാധിയ്ക്കുന്നതാണ്, ആത്മശോഷണത്തിനു വഴിവെയ്ക്കുന്നതാണ്. സ്നേഹത്തിൻ്റേയും പ്രേമത്തിൻ്റേയും അനുകമ്പയുടെയും സഹാനുഭൂതിയുടെയും ആധാരമാണ് സർഗ്ഗാത്മകത, അതിൻ്റെ അഭാവം മാനുഷികതയുടെ നിലനിൽപ്പിനെത്തന്നെ ബാധിയ്ക്കുന്നതാണ്. പക്ഷേ ഒന്ന് ശ്രദ്ധിക്കേണ്ടതുണ്ട്: ആത്യന്തികമായി നിർമ്മിതബുദ്ധി നമുക്ക് കാണിച്ചു തരും എന്തൊക്കെ അതിനു ചെയ്യാൻ പറ്റുകയില്ല എന്നത്. അങ്ങനെ നമ്മൾ ആരെന്നും നമുക്ക് എന്താണ് പ്രദാനം ചെയ്യുവാൻ സാധിയ്ക്കുന്നത് എന്നും വെളിവാക്കിത്തരികയാണ്. 

  മനുഷ്യനെവിടെ?    

  മനുഷ്യൻ അടിയറവ് പറയേണ്ടി വരുമോ താമസിയാതെ?  പലേ ആശങ്കകളും അസ്ഥാനത്താണെന്ന് വാദിക്കുന്നവരുമുണ്ട്. കമ്പ്യൂടറുകൾക്ക് 10,000 വാക്കുകൾ ഒരു നിശ്ചിതസമയത്ത് കൈകാര്യം ചെയ്യാൻ സാധിയ്ക്കും.ഏകദേശം രണ്ടോ മൂന്നോ മില്യൺ ന്യൂറോണുകൾ ചെയ്യുന്ന പണി. മനുഷ്യമസ്തിഷ്ക്കത്തിൽ  ബില്ല്യൺ കണക്കിനാണ് ന്യൂറോണുകൾ. ഇവ തമ്മിൽ കെട്ടുപിണഞ്ഞ് വലയങ്ങൾ തീർക്കുന്നത് അപരിമേയമായ രീതിയിലാണ്. അതുകൊണ്ട് ഒരു സൂപർ കമ്പ്യൂടറിനും തലച്ചോറിനെ വെല്ലാൻ സാദ്ധ്യമല്ല. കമ്പ്യൂടറുകളാവട്ടേ വളരെ ലളിതമായ വലയങ്ങൾ സൃഷ്ടിക്കുന്നവ മാത്രമാണ്. പക്ഷേ സ്വയം തീരുമാനങ്ങളെടുക്കുന്ന യന്ത്രങ്ങൾ വന്നു കഴിഞ്ഞു.. ഇവയെ നിർബ്ബാധം അഴിച്ചു വിടുന്ന ഭരണാധികാരികളോ വ്യവസായ മേധാവികളോ  വികാരരഹിതരായ യന്ത്രങ്ങളെക്കൊണ്ട് മനുഷ്യരെ ഉന്മൂലനം ചെയ്യിച്ചേക്കുമെന്ന ഒരു  ഭീതി വേണമത്രെ.  ഇപ്പോൾത്തന്നെ AIykk വളരെ മാരകമായ വൈറസുകളെ നിർമ്മിക്കാനുള്ള മാർഗ്ഗങ്ങളുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. യുദ്ധത്തിനു വേണ്ടി നിർബ്ബാധം നരഹത്യ നടത്താൻ പ്രോഗ്രാം ചെയ്ത റോബോടുകൾ അനുസരണയില്ലാതെ അത് തുടർന്നാൽ വംശനാശത്തിലേക്ക് അത് നയിക്കും എന്ന് സൂചനകൾ നൽകുന്നവർ കുറവല്ല.

 

   

 

 

 

 

 

 

 

 

No comments: